Skip to main content
Srishti-2022   >>  Short Story - Malayalam   >>  സൈക്കിളും കുറെ കുഞ്ഞോർമ്മകളും

സൈക്കിളും കുറെ കുഞ്ഞോർമ്മകളും

 

ഇത്തവണ സ്കൂൾ അടക്കുമ്പോൾ നമുക്ക് എന്റെ നാട്ടിലേക്ക് പോകാം എന്ന് ഹരി പറഞ്ഞപ്പോൾ ഞങ്ങൾക്ക് പോകണ്ടാ നാട്ടിലേക്ക് ഇതായിരുന്നു ഭാര്യയും മക്കളും ഉൾപ്പടെ എല്ലാരുടേം മറുപടി. 

"പിന്നെ എങ്ങോട്ട് പോവാനാണ്?" എന്ന ചോദ്യത്തിന് ഡൽഹിയും ബാംഗ്ലൂരുമുൾപ്പടെ ഇന്ത്യൻ നഗരങ്ങളും വിദേശ രാജ്യങ്ങളും ആണ് അവർ മുന്നോട്ട് വെച്ചത്.

 

കഴിഞ്ഞ കുറെ വർഷങ്ങളായി വേനലവധിക്കാലത്ത് പല തിരക്കുകളും വരുന്നത് കൊണ്ട് ഒരുമിച്ചൊരു ദീർഘയാത്രയോ അവധിക്കാലം ചെലവിടലോ ഒന്നും നടന്നിരുന്നില്ല. ഇത്തവണ എല്ലാം ഒത്തു വരുമെന്ന് കണക്കു കൂട്ടിയപ്പോൾ ആണ് പോകുന്ന സ്ഥലങ്ങളേക്കുറിച്ച് തർക്കം ഉടലെടുത്തത്. അയാളെ സംബന്ധിച്ചിടത്തോളം തന്റെ കുട്ടിക്കാലത്തേക്കുള്ള ഒരു ഓർമ്മ പുതുക്കൽ വല്ലാതെ മനസ്സിൽ ആഗ്രഹിച്ചതായിരുന്നു, ഒരുപക്ഷെ തീർത്ഥാടനം പോലെ അയാൾ ആഗ്രഹിച്ച ഒന്ന്! പക്ഷേ ഭാര്യയും, മക്കളും, ഭാര്യയുടെ മാതാപിതാക്കളും ഒക്കെ മറിച്ചുള്ള അഭിപ്രായക്കാരായിരുന്നു. ഒടുവിൽ മോനൊരു പുതിയ സൈക്കിളും ബാക്കി എല്ലാവർക്കും അവർ പറയുന്ന ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ട് വിവിധ സ്ഥലങ്ങളിലേക്ക് യാത്രയും ആവാം എന്ന ഒത്തു തീർപ്പു വ്യവസ്ഥയിൽ അവർ അയാളുടെ നാട്ടിലേക്ക് പോകാം എന്ന ധാരണയിലെത്തി.

 

മകന് വേണ്ടി സൈക്കിൾ ഷോപ്പിൽ ചെന്ന് വില ചോദിക്കുമ്പോഴായിരുന്നു ഇത്രയും വിലയുള്ള സൈക്കിളുകൾ ഉണ്ടെന്നും ഒരുപാട് പ്രത്യേകതകൾ അവക്കൊരോന്നിനുമുണ്ടെന്നും ഹരി മനസ്സിലാക്കിയത്. വിലകൂടിയ ഒരെണ്ണത്തിന് വാശി പിടിക്കുന്ന മകനിലൂടെ അയാൾ തന്റെ കുട്ടിക്കാലം ഓർത്തു പോയി.

 

ഇപ്പോൾ ഓർക്കുമ്പോൾ കൗതുകവും ചിരിയും സങ്കടവുമൊക്കെ തോന്നുന്ന കുഞ്ഞോർമ്മകൾ... ഒറ്റക്കുട്ടി ആണെങ്കിൽ പോലും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി തീരെ മെച്ചമല്ലാത്തതിനാൽ കളിപ്പാട്ടങ്ങളൊക്കെ സങ്കല്പവും സ്വപ്നവും മാത്രമായിരുന്നു. എങ്കിലും ചിലത് കാണുമ്പോൾ ഉള്ളിൽ മോഹം തോന്നുമല്ലോ! അങ്ങിനെ മോഹിച്ച ഒരു കളിപ്പാട്ടമായിരുന്നു #ഉജാലവണ്ടി

പട്ടത്തണ്ടിലോ, ശീമക്കൊന്നയുടെ വടിയിലോ ഉജാലക്കുപ്പി വെച്ച് പിടിപ്പിച്ചു, പഴയ സ്ലിപ്പർ ചെരുപ്പുകൾ വട്ടത്തിൽ മുറിച്ചുണ്ടാക്കുന്ന വണ്ടി! അന്ന് അത് കയ്യിലുള്ളത് ഒരു ഗമയാണ്... ഇന്നത്തെപ്പോലെ വീഡിയോ ഗെയിമോ ടിവിയോ ഒന്നുമില്ല, അതുകൊണ്ട് ഈ വണ്ടി ഓടിക്കുന്നവർ ഒക്കെ ഓരോ ബസിന്റെ പേരൊക്കെ വെച്ച് അതാണെന്ന് ഭാവിച്ചാണ് കളിക്കാറ്. ചിലർ ഇതിൽ ഓഡിയോ കാസറ്റിന്റെ ശീലയൊക്കെ മുറിച്ചു തൂക്കും, അപ്പൊ ആഡംബര വണ്ടിയായി! വീട്ടിൽ നിന്നും എല്ലാരുമെത്തുന്ന അമ്പലപ്പറമ്പ് വരെ ഇതോടിച്ചു കൊണ്ട് വരുന്നവരോട് ആരാധനയും ചെറിയൊരു അസൂയയും ഒക്കെ തോന്നിയിട്ടുണ്ട്. ഉണ്ടാക്കിത്തരാൻ ആളില്ലാത്തത് കൊണ്ടും നിർമിക്കാൻ ആവശ്യമായ സാധന സാമഗ്രികൾ ഇല്ലാത്തത് കൊണ്ടും (ഉജാല വീട്ടിൽ വാങ്ങാറേ ഇല്ല. പറമ്പില്ലാത്തത് കൊണ്ട് തെങ്ങോ, ശീമക്കൊന്നയോ ഇല്ല, ചെരിപ്പ് മിക്കവാറും കേടാവും വരെ ഉപയോഗിക്കുന്നത് കൊണ്ട് വെട്ടാനുള്ള ചെരിപ്പുമില്ല!) അത് അങ്ങിനെ കിടന്നു. കുറെയേറെ നാൾ ആഗ്രഹിച്ചു കൊതി കൊണ്ട് ആരുടെയോ വണ്ടി വാങ്ങി രണ്ടു തവണ അവിടെ ഓടിച്ചപ്പോൾ ആണ് അമ്മയുടെ കണ്ണിൽ പെടുന്നത്! അന്ന് മധുരച്ചീരയുടെ ഒരു കമ്പ് പൊട്ടും വരെ അമ്മയുടെ തല്ലു കിട്ടി. തന്റെ കൊതിയും ദയനീയാവസ്ഥയും കണ്ടാവണം ആരാണെന്നു പേര് വ്യക്തമാക്കാതെ ഒരു നാൾ രാവിലെ വീടിനു മുന്നിൽ ഇത്തരമൊരു വണ്ടി കൊണ്ട് വെച്ചത്. മറ്റൊരാളുടെ സാധനം എടുക്കരുത് എന്ന് പറഞ്ഞു അമ്മ അത് പുറത്തിട്ടത്തോടെ ആ ആഗ്രഹവും മനസ്സിൽ നിന്ന് എടുത്തു കളഞ്ഞു.

 

പിന്നീട് ഒരിക്കൽ നാട്ടിൽ ഒരു കൂട്ടുകാരന്റെ വീട്ടിൽ മുച്ചക്ര സൈക്കിൾ കണ്ടു, പഴയ ഓർമ്മകൾ ഉള്ളത് കൊണ്ട് നോക്കി കൊതി തീർക്കുകയും ചെയ്തു. പിന്നീട് തിരുവനന്തപുരത്ത്‌ വന്നപ്പോൾ ഒരു ബന്ധുവീട്ടിൽ ഇതേ സാധനം കണ്ടു. താനത് കണ്ടതും ആരാധനാ പൂർവ്വം നോക്കിയതും അവരും കണ്ടു. അതെടുത്തുപയോഗിക്കാൻ അവർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു, അമ്മയുടെ സമ്മതം ആയിരുന്നു അന്ന് തന്റെ ആവശ്യം. ബന്ധുക്കൾ ആയതുകൊണ്ട് അമ്മ എതിർത്തില്ല, കണ്ണുകൊണ്ട് സമ്മതം എന്ന് പറഞ്ഞു. എങ്കിലും രണ്ടു തവണ ആ ചെറിയ റൂം വലം വെച്ച് നിർത്തി. നമ്മുടേതല്ലാത്ത ഒന്നെന്ന ബോധം എങ്ങിനെയോ മനസ്സിൽ വന്നു കാണണം! ഒരു വർഷം കഴിഞ്ഞു അതേ സൈക്കിൾ കൊണ്ട് പോകാൻ അവർ പറഞ്ഞപ്പോൾ, ആദ്യമൊക്കെ വേണ്ടെന്നു പറഞ്ഞെങ്കിലും എന്റെ മോഹവും, പുതിയതൊന്നും വാങ്ങാൻ കഴിയില്ലെന്നുള്ള ബോധ്യവുമാവണം അമ്മയെയും അച്ഛനെയും അത് സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. പത്രക്കടലാസ് കൊണ്ടുള്ള ഉടുപ്പിട്ട് പൊതിഞ്ഞു ട്രെയിനിൽ കയറ്റി വീട്ടിലെത്തും വരെ ഹൃദയം സന്തോഷം കൊണ്ട് തുള്ളുകയായിരുന്നു, വീട്ടിലെത്തി ചവിട്ടാൻ തുടങ്ങിയ ആദ്യ നിമിഷം അത് തീർന്നു! മുൻ ചക്രത്തിനോട് ചേർന്നുള്ള സ്ക്രൂ ഊരിപ്പോയതാണ്! അച്ഛൻ നോക്കിയപ്പോൾ ആ സ്ക്രൂ അതിന്റെ ശരിയായ സ്‌ക്രൂ അല്ല! വിറകിന്റെ ചീള് എടുത്തു പേപ്പറിൽ പൊതിഞ്ഞും ആണി പേപ്പറിൽ പൊതിഞ്ഞുമൊക്കെ 3-4 കൊല്ലം അതുപയോഗിച്ചു. അഞ്ചിൽ പഠിക്കുമ്പോൾ പോലും അതിൽ കയറി ഓടിക്കാറുണ്ടായിരുന്നു. അത്രക്കായിരുന്നു അതിനോട് മോഹം! മച്ചിൻപുറമായിരുന്നു സ്ഥിരം കളിത്തട്ട്. അതിനു പുറകിൽ ഗോപാൽ കർപ്പൂരത്തിന്റെ കവറിലെ ഗുരുവായൂരപ്പന്റെയും മറ്റു ദൈവങ്ങളുടെയും പടമൊട്ടിച്ചും, എവിടെ നിന്നോ കിട്ടിയ കേടായ കാസ്സറ്റിൽ നിന്ന് ശീല എടുത്തു ഹാന്റിലിൽ കൊരുത്തും താൻ തന്റെ ആഡംബര വണ്ടിയാക്കി. ഒടുവിൽ മറ്റൊരു കുഞ്ഞിന് അത് കൊടുക്കുമ്പോൾ അച്ഛനോട് കുറെ പറഞ്ഞു പരിചയത്തിലുള്ള ആരോ വഴി പാകമായ സ്ക്രൂ കൂടി ഇട്ടു കൊടുത്തു... ഇന്നോർക്കുമ്പോൾ എത്ര കുഞ്ഞു കുഞ്ഞു മോഹങ്ങളാണ് അക്കാലത്ത് ഉണ്ടായിരുന്നത് എന്ന് ഒരു ചെറു പുഞ്ചിരിയോടെ അയാൾ ഓർത്തു.

 

ഒടുവിൽ ആ ദിവസം വന്നെത്തി. എല്ലാരുമൊത്തൊരുമിച്ചു അയാളുടെ നാട്ടിലേക്ക് പോകുന്ന നാൾ. യാത്രക്കിടയിൽ ഇഷ്ട ഭക്ഷണമായ മസാലദോശ കഴിക്കുമ്പോൾ ചെറുപ്പത്തിൽ ഇത്തരമൊരു അവസരത്തിനായി കാത്തിരുന്നത് ഹരിയുടെ മനസ്സിലെത്തി. അന്നൊക്കെ വർഷത്തിൽ ഒന്നോ രണ്ടോ തവണ ട്രെയിൻ യാത്രയിൽ പോകുമ്പോൾ അച്ഛനോട് പറഞ്ഞു വാങ്ങാറുള്ള കട്ലറ്റ് മാത്രമായിരുന്നു പുറത്തുനിന്നു കിട്ടുന്ന ഭക്ഷണം. ഐസ്ക്രീം ഒക്കെ ആഡംബര വസ്തു ആയിരുന്നു അയാളെ സംബന്ധിച്ചിടത്തോളം. തന്റെ പ്രിയപ്പെട്ട 4 കൂട്ടുകാരോടൊത്ത് കൊല്ലപ്പരീക്ഷ കഴിയുന്ന നാളിൽ അതിയായ ആഹ്ലാദത്തോടെയും എന്നാൽ ആരെങ്കിലും കാണുമോ എന്ന് ഭയന്നും ഐസ്ക്രീം കഴിച്ചത് ഇന്നലെയെന്ന പോലെയാണ്. ഓരോ വർഷം ഓരോ ആളുകളുടെ ചിലവ് എന്ന ധാരണയിൽ തന്റെ ഊഴം വന്നപ്പോൾ അതിനുള്ള കാശ് ഒപ്പിക്കാൻ പെട്ട പാട് ചില്ലറയെന്നുമായിരുന്നില്ല എന്ന് ആലോചിച്ചപ്പോൾ ചിരി അടക്കാൻ കഴിഞ്ഞില്ല ഹരിക്ക്.

 

നാട്ടിലെത്തി താൻ വളർന്ന വീടും പരിസരവുമൊക്കെ കാണുമ്പോൾ ഓരോന്നും മക്കൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ അയാളുടെ ഹൃദയം സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു, എന്നാൽ ബാക്കിയുള്ളവർക്കൊന്നും അതിൽ അത്ര പുതുമയുള്ളതായി തോന്നിയില്ല. തിരുവാതിരക്ക് മുത്തിയും ചോഴിയും വരുന്ന കഥയും, വിഷുവിനു ആനയില്ലാത്ത ഉത്സവം നടക്കുന്നതും ജനുവരി മാസത്തിലെ അയ്യപ്പൻ വിളക്കും, നവരാത്രിക്കാലവും തന്റെ വീട്ടില് കൂട്ടുകാരോത്തുള്ള കളികളും ഒക്കെ അയാളുടെ മനസ്സിൽ ഒന്നിന് പുറകെ ഒന്നായി തെളിഞ്ഞു കൊണ്ടിരുന്നു. ആ പഴയ കുട്ടിയുടെ കൗതുകത്തോടെ അയാൾ അവയോരൊന്നും മനസ്സിന്റെ തിരശീലയിൽ കണ്ടു കൊണ്ടിരുന്നു. കൊച്ചു കൊച്ചു ആഗ്രഹങ്ങൾ മാത്രമുള്ള അവയോരൊന്നും നടന്നു കിട്ടുമ്പോൾ ഉള്ളിലുണ്ടാവുന്ന നിറവ് ഇന്ന് കൈനിറയെ പണവും പദവിയും ഉണ്ടായിട്ടും കിട്ടുന്നില്ലല്ലോ എന്നോർത്തപ്പോൾ ഹരി അതിശയിക്കുകയും ചെയ്തു.

 

"സ്വപ്നലോകത്തു നിന്ന് ഇറങ്ങി വന്നാൽ അടുത്ത പരിപാടികൾ നോക്കാമായിരുന്നു" ഈ വാചകമാണ് അയാളെ ചിന്തയിൽ നിന്നും ഉണർത്തിയത്. "നിങ്ങടെ ഗൃഹാതുരത്വമൊക്കെ കഴിഞ്ഞെങ്കിൽ തിരിച്ചു പോകാമായിരുന്നു, മറ്റന്നാൾ ഡൽഹിക്ക് പോകാനുള്ളതാണ് - ഭാര്യയായിരുന്നു അത്.

 

"പോകാം - ഓർമകളിലൂടെ സഞ്ചരിക്കാൻ എന്റെ കൂടെ നിങ്ങളൊക്കെ വന്നല്ലോ, സന്തോഷം" - ഹരി പറഞ്ഞു നിർത്തി. ഹരിയുടെ ഉള്ളിലപ്പോഴും ഓർമകളുടെ കടലിരമ്പുന്നുണ്ടായിരുന്നു...