Skip to main content
Srishti-2019   >>  Short Story - Malayalam   >>  വാർദ്ധക്യം

വാർദ്ധക്യം

Written By: Indu V.K.
Company: IBS

0

Vote.

മൊബൈൽ അലാറത്തിന്റെ ശബ്ദം കേട്ട് പകുതി മുറിഞ്ഞ ഉറക്കത്തിൽ നിന്ന് ചാടിയെണീറ്റു. സമയം അഞ്ചര. പതിവു  പോലെ, അടുത്തു കിടന്ന മകളേയും ഭർത്താവിനേയും  വിളിക്കാതെ ശബ്ദം ഉണ്ടാക്കാതെ ഇരുട്ടത്ത് തപ്പിത്തടഞ്ഞ് കുളിമുറിയിലേക്ക്  വേച്ച് വേച്ച് നടന്നു. വെളിച്ചമിട്ട് അകത്തു കയറി. കണ്ണാടിയിലേക്ക് നോക്കി. യാന്ത്രികമായി, പാതിയടഞ്ഞ മിഴികൾ കൊണ്ട് ബ്രഷും പേസ്റ്റുമെടുത്തു. രണ്ടു തവണ ബ്രഷ് പല്ലിൽ ഉരച്ചപ്പോൾ ഉറക്കം തലയിൽ നിന്നിറങ്ങി പോയി. കണ്ണാടിയിലിപ്പോൾ മുഖം കൂടുതൽ വ്യക്തമായി കാണാം. കണ്ണുകൾ കുഴിയിലേക്കിറങ്ങി. അലങ്കോലപ്പെട്ട മുടിയിഴകൾ വായയിൽ ബ്രഷ് കടിച്ചു പിടിച്ച് കൈകൾ കൊണ്ട് തൂർത്ത് കെട്ടി. തൊട്ടപ്പോൾ തന്നെ കൂടെ പോന്ന മുടിക്കെട്ട് കൈയ്യിലും തറയിലുമായി എന്നെ നോക്കി ചിരിച്ചു. കാലം വഴിതെറ്റി വന്ന് ചാർത്തിയ വെള്ളക്കറ മുടിയിൽ നിറയെ പറ്റിയിരുന്നു. മനസ്സിനും ശരീരത്തിനും വാർദ്ധക്യം ബാധിച്ചു തുടങ്ങിയിരിക്കുന്നു.

 

അപ്പോഴാണ് പറ്റിപ്പോയ അമളിയോർത്തത്. ഇന്ന് ഞായറാഴ്ചയാണ്. കഴിഞ്ഞ ആഴ്ച നാട്ടിൽ പോകാൻ വച്ച അലാറം കെടുത്താൻ മറന്നു. ശ്ശെ ഉളള ഉറക്കവും പോയി. പതുക്കെ അവിടെ നിന്നിറങ്ങി അപ്പുറത്തെ മുറിയിലെ ലൈറ്റിട്ടു. മൊബൈൽ കയ്യിലുണ്ടല്ലോ. അറിയുന്നതും അറിയാത്തതുമായ കുറേ എഴുത്തുകാരുടെ കൃതികൾ മുന്നിലൂടെ ഒഴുകി പോയി. ഇടയ്ക്ക് കണ്ണു കലങ്ങി, ഇടയ്ക്ക് ചിരിച്ചു, ഇടയ്ക്ക് മനസ്സ് പ്രണയാർദ്രമായി... ജനൽ പാളിയിലൂടെ സൂര്യ രശ്മികൾ പതുക്കെ അരിച്ചിറങ്ങാൻ തുടങ്ങി... മരംകൊത്തി ജനാലയിൽ വന്ന് കൊട്ടി വിളിച്ചു. അവളുടെ പ്രതിബിംബം കണ്ട് കൊക്കുരുമിയതാണോ? അതോ ആട്ടിപ്പായിച്ചതോ? അറിയില്ല.

 

പെട്ടെന്ന് കയ്യിലിരുന്ന് മൊബൈൽ പാടാൻ തുടങ്ങി, അമ്മയാണ്.

 

"ടീ, നീയെന്താ പതിവില്ലാതെ ഇത്ര നേർത്തെ ഓൺലൈൻ?"

 

"ഒന്നുമില്ലമ്മാ, നേർത്തേ എണീറ്റു.... അമ്മയെന്താ രാവിലെ ??"

 

"വെറുതെ, ഞാൻ ഇന്നലെ അയച്ച ഗുഡ് നൈറ്റ് മെസേജ് നീ കണ്ടോ നോക്കാൻ കേറിയതാ നെറ്റിൽ. അപ്പോളാ ഓൺ ലൈൻ കണ്ടേ. എന്തേലും വിഷമം ഉണ്ടോന്ന് പേടിച്ചു. "

 

"ഒരു വിഷമവുമില്ല.... " അപ്പോഴേക്കും കണ്ണു നിറഞ്ഞു. ഇതാണീ കണ്ണിന്റെ കുഴപ്പം. സ്നേഹം വന്നാലും സന്തോഷം വന്നാലും കരച്ചിൽ വന്നാലുമിങ്ങനെ നിറഞ്ഞൊഴുകും. ഒരു കാര്യവുമില്ലെന്നേ.

 

"ടീ, വല്യച്ഛന്റെ അമ്മയ്ക്ക് സുഖമില്ല. ഞങ്ങളങ്ങോട്ട് പോകുന്നുണ്ടിന്ന്. "

 

" ആണോ? ഞാനുമുണ്ട്." അമ്മ അതിശയിച്ചു പോയിട്ടുണ്ടാവും. ഓരോ സ്ഥലങ്ങളിലും പോകുമ്പൊ പറയാറുണ്ട്, പക്ഷെ നിർബന്ധിക്കാറില്ല. ശനിയും ഞായറും നല്ല പണിയാവും വീട്ടിൽ. എവിടേലും പോയാൽ എല്ലാം അവതാളത്തിലാവും. പക്ഷെ അമ്മൂമ്മ എനിക്കൊത്തിരി ഇഷ്ടമായിരുന്നു.

 

വർഷങ്ങൾക്ക് മുമ്പ് വല്ല്യമ്മയുടെ മകളുടെ കുഞ്ഞിനെ ശുശ്രൂഷിക്കാൻ വന്നതാണീ അമ്മൂമ്മ. ഞങ്ങളുടെ വീടിനടുത്താണ് അവർ താമസിച്ചിരുന്നത്. കോളേജിലായിരുന്നു അന്നു ഞാൻ. വൈകിട്ട് വീട്ടിൽ വന്ന് ബാഗ് വച്ച് നേരെ ചേച്ചീടെ വീട്ടിൽ പോകും. പറയുന്ന കേൾക്കുമ്പോൾ നിങ്ങൾ വിചാരിക്കും നല്ല ദൂരമുണ്ടെന്ന്. ഞങ്ങളുടെ വീട്ടിൽ നിന്ന് കാലെടുത്ത് വച്ചാൽ ചേച്ചീടെ വീട്. പോക്കെന്തിനാന്നോ? വാവേടെ കൂടെ കളിക്കാൻ. മുകളിലത്തെ നിലയിൽ ആണ് അവർ വാടകയ്ക്ക് താമസിച്ചിരുന്നത്. ഞങ്ങളുടെ കാൽ പെരുമാറ്റം കേട്ടാൽ ഒന്നര വയസ്സുള്ള അവൻ ഓടി വരും. ഓടിയെത്തും മുന്നേ ഒറ്റച്ചാട്ടമാണ്. പൊതുവേ പെൺകുഞ്ഞുങ്ങളെ മാത്രം ഇഷ്ടമായിരുന്ന ഞങ്ങൾ ചേച്ചി അനിയത്തിമാർക്ക് ആൺകുഞ്ഞുങ്ങളെ  ഇഷ്ടമാക്കിയത് അവനാണ്. അവൻ മാത്രമായിരുന്നില്ല അവിടെ എനിക്ക് പ്രിയപ്പെട്ടത്. അമ്മൂമ്മയുടെ നാട്ടുവർത്തമാനങ്ങളും നാടൻ പാട്ടുകളും. ആഹാ നല്ല വരിക്ക മാങ്ങയുടെ മാധുര്യമുളള നാടൻ പാട്ടുകൾ താളത്തിൽ അമ്മൂമ്മ കൈകൊട്ടി പാടിത്തരും. പിന്നെ അവന് കൊടുക്കാൻ വച്ചിരിക്കുന്ന ബിസ്ക്കറ്റൊക്കെ കഴിച്ചങ്ങനെ ഇരിക്കും. വിളക്കു കൊളുത്താൻ നേരം അമ്മ വിളിക്കും വരെ അവിടെ തന്നെ. ബാൽക്കണിയിൽ അവനേയും കളിപ്പിച്ചങ്ങനെയിരിക്കും. ഞങ്ങൾ കുഞ്ഞായിരുന്നപ്പോൾ അമ്മൂമ്മമാരൊന്നും കൂടെയുണ്ടായില്ല. അതു കൊണ്ട് തന്നെ ഒരു അമ്മൂമ്മയുടെ സ്നേഹം ശരിക്കും ആസ്വദിക്കുകയായിരുന്നു ഞങ്ങൾ.

 

പിന്നീട് അവർ താമസം മാറി. വല്ല കല്ല്യാണങ്ങൾക്കും കണ്ടാലായി. എവിടെ വച്ച് കണ്ടാലും കുശലം ചോദിക്കും. ചുണ്ടുകൾ കവിളിലോട്ടടുപ്പിച്ച് ശ്വാസം വലിച്ചെടുക്കുമ്പോലെ മുത്തം തരും. വെറ്റിലയുടെ നറുമണം കവിളിൽ ബാക്കി വയ്ക്കുന്ന മുത്തങ്ങളിന്ന് അന്യം നിന്നു പോയെന്നു തോന്നുന്നു.

 

"ഇപ്പൊ ആരേയും ഓർമ്മയില്ലെന്ന്..."

 

കാറിലിരിക്കുമ്പോൾ അമ്മ പറഞ്ഞു.

 

" ഉം.... " ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ കാറിന്റെ ചില്ലുകളിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.

 

പണ്ട് ഓണാവധിക്കാലത്ത് വന്നിട്ടുള്ള വീടാണ്. ഓലമേഞ്ഞ പഴയ വീട്. മുറ്റത്ത് നിറയെ മാവുകൾ. അന്ന് ഞങ്ങൾ കുളത്തിൽ പോയി കുളിച്ചു. രാവിലേ വഴി നീളെ നടന്ന് പൂവുകൾ ശേഖരിച്ച് ചാണകം മെഴുകിയ തറയിൽ അത്തമിട്ടു. പേരയ്ക്കയും, മാങ്ങയും, ചാമ്പയ്ക്കയുമൊക്കെ കഴിച്ചു. പിന്നെ അമ്മൂമ്മയുടെ സ്പെഷ്യൽ നെല്ലിക്ക അച്ചാറ്. ഇതൊക്കെ സിറ്റിയിൽ ജനിച്ചു വളർന്ന ഞങ്ങൾക്ക് എന്നും മനസ്സിൽ സൂക്ഷിക്കാവുന്ന ഓർമ്മകളായിരുന്നു.

 

" ഇതു കഴിഞ്ഞുള്ള അടുത്ത വളവ്. " കൂടെയുണ്ടായിരുന്ന വല്ല്യമ്മ വഴി പറഞ്ഞു.

 

"വഴിയാകെ മാറി. " കാറോടിച്ചിരുന്ന അച്ഛൻ പറഞ്ഞു.

 

" വീടും..." വീടിനു മുന്നിലെത്തിയപ്പോൾ ഞാൻ കൂട്ടി ചേർത്തു. പഴയ വീടിന്റെ സ്ഥാനത്ത് പുത്തൻ കെട്ടിടം.

 

ടൈയിൽസ്സിട്ട തറയിലൂടെ അകത്ത് കടന്നു. അവിടെ കട്ടിലിൽ കിടക്കുകയാണ് അമ്മൂമ്മ. തൊട്ടടുത്ത് മകൻ കിടപ്പുണ്ട്. വല്ല്യച്ഛന്റെ സഹോദരൻ. ഞങ്ങളെ കണ്ടതും മാമനെണീറ്റു.

 

" ഞാൻ അടുത്തു തന്നെ കിടക്കും, ഇല്ലേൽ എവിടേലും തന്നെയെണീറ്റു നടക്കും. കണ്ടില്ലേ, തലയിലെ പാട്? കണ്ണു നേരെ കാണാൻ വയ്യ."

 

അമ്മൂമ്മ പതുക്കെ എണീറ്റിരുന്നു. നരച്ച മുടി പറ്റേ വെട്ടിയിരിക്കുന്നു. രാവിലെ കുളിച്ച് ചന്ദനക്കുറി ഇട്ടു ചിരിച്ചു കൊണ്ട് നിൽക്കുന്ന അമ്മൂമ്മയുടെ രൂപം മനസ്സിൽ വന്ന് പോയി.

 

"ആരാന്ന് മനസ്സിലായോ അമ്മൂമ്മേ? " ചുക്കിച്ചുളിഞ്ഞ കൈക്കുള്ളിൽ എന്റെ കൈ തിരുകി ഞാൻ ചോദിച്ചു.

 

എന്റെ ചോദ്യത്തിനുത്തരം പറയാതെ എന്റെ മോളോട് ചോദിച്ചു.

 

" നിന്റെ പേരെന്താ? പാട്ടു പാടാനറിയാമോ?"

 

"പാടു പാടി ഉറക്കാം ഞാൻ...." നല്ല ഈണത്തിൽ പാട്ടു അമ്മൂമ്മ പാടി നിറുത്തി. അവിടെയിരുന്ന എല്ലാവരുടേയും മനസ്സൊന്നു കുളിർത്തു.

 

ആറ്റിയെടുത്ത ചായ ഞങ്ങളോടൊപ്പം ഒത്തിരി നിർബന്ധിച്ചപ്പോൾ കുടിച്ചു.

 

"കട്ടി ഭക്ഷണം കഴിക്കാറേ ഇല്ല." മാമൻ പറഞ്ഞു.

 

ഞാനടുത്ത് ചെന്ന് താടിയിൽ പിടിച്ച് ചോദിച്ചു.. "എന്നെ ഓർമ്മയില്ലല്ലേ. നമ്മളായിരുന്നില്ലേ കൂട്ട് ." ഒന്നും മിണ്ടാതെ തലയാട്ടിയിരുന്നു. കാലു തൊട്ട് നെറുകയിൽ വച്ച് അവിടെ നിന്നിറങ്ങി.

 

തിരികെ പോരുമ്പോൾ വെള്ളി മുടികൾ കാറ്റിനൊപ്പം നൃത്തം വയ്ക്കുന്നുണ്ടായിരുന്നു. എന്റെ അവസാന കാലത്ത് എന്റെ ഓർമ്മകളിൽ വിതുമ്പുന്ന ആരെങ്കിലുമുണ്ടാകുമോ? ആരുടെയെങ്കിലും മനസ്സിൽ നനുത്ത ഓർമ്മകളിലിടം പിടിക്കാനെന്തെങ്കിലുമുണ്ടോ എന്റെ ജീവിതത്തിൽ? ഉണ്ടാകുമായിരിക്കും അല്ലേ? പറഞ്ഞില്ലേ എന്റെ കണ്ണുകൾക്ക് എന്തോ പ്രശ്നമുണ്ട്. വീണ്ടും നിറഞ്ഞൊഴുകുന്നു.

Comment