Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഫിഷ് ബൗൾ

ഫിഷ് ബൗൾ

കിടപ്പുമുറിയിൽ ഞരങ്ങിയും മൂളിയും വ്യസനിച്ചു ഫാൻ കറങ്ങുന്നുണ്ടായിരുന്നു. ഓരോ ഞരക്കവും ഹൃദയത്തിൽ നിന്നെന്ന പോലെ അവളെ വീർപ്പു മുട്ടിച്ചു. എപ്പോഴോ ഓൺ ചെയ്തിരുന്ന ടിവി ആരോടെന്നില്ലാതെ സംസാരിച്ചു കൊണ്ടേയിരുന്നു. ചിതലരിച്ചു തുടങ്ങിയ കട്ടിലിനടിയിൽ നിന്നും മനസ്സ് മടുപ്പിക്കുന്ന കരാകരശബ്ദത്തോടെ അവൾ ഒരു പെട്ടി വലിച്ചെടുത്തു. മരുന്നുകൾ തീർന്നു തുടങ്ങിയിരിക്കുന്നു.

തലയിണയുടെ അടിയിൽ നിന്നും ഫോൺ പരതി അവൾ ആരെയോ വിളിച്ചു.

"ഡോക്ടർ, മരുന്ന് തീരാറായി. എനിക്ക് ഒരു മാറ്റവും തോന്നുന്നില്ല. എന്താ വേണ്ടതെന്ന് എനിക്കറിയില്ല."

"സീ, റീച്ചിങ് ഔട്ട് ഫോർ ഹെല്പ്, അത് തന്നെ വല്യ കാര്യമാണെന്ന് മനസിലാക്കൂ. മരുന്ന് ഞാൻ കുറിച്ച് തരാം. എന്തെങ്കിലും പെറ്റ്സ് നെ കൂടെ വാങ്ങിയാൽ നന്നായിരിക്കും. ലൈക് എ ഫിഷ് ഓർ സംതിങ്."

നാനാവർണങ്ങൾ മിന്നിമറയുന്ന മനോഹരമായ മീനുകൾ. തമ്മിൽ ഒതുക്കം പറഞ്ഞും കലപില കൂട്ടിയും അവ അങ്ങിങ്ങായി തെന്നി മാറുന്നു. എത്ര മനോഹരമായ കാഴ്ചയാണ്..!

"എന്താ വേണ്ടത്?"

"ഇതിൽ ഒന്ന് വേണം. ഏറ്റവും ഭംഗിയുള്ള ഒന്ന്. അതിനെ വളർത്താൻ ഭംഗിയുള്ള ബൗൾ വേണം."

"ഇവനാണ് ഇതിൽ ഏറ്റവും സുന്ദരൻ. പക്ഷെ വില അല്പം കൂടുതലാ."

"അത് സാരമില്ല. ഇത് തന്നെ എടുത്തോളൂ."

ഒരു ഗ്ലാസ്സെടുത്തു അയാൾ അതിനെ പിടിക്കാൻ ശ്രമിക്കുമ്പോൾ ഓരോ തവണയും അത് കുതറി മാറിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു വിധം അയാൾ അതിനെ പിടിച്ചു ഒരു കൊച്ചു ബൗളിൽ ഇട്ടു. തിളങ്ങുന്ന കണ്ണുകളോടെ അവൾ അതിനെ ഏറ്റു വാങ്ങി.

സ്ഥാനം തെറ്റി കിടക്കുന്ന പുസ്തകങ്ങൾ, കർട്ടനുകൾ ഇട്ടു മൂടിയ ജനലുകൾ.., അരണ്ട വെളിച്ചം പരന്നു കിടന്ന ആ മുറിയിൽ ഒരു കോണിൽ അവൾ ആ ബൗൾ വച്ചു. ഒരു നിമിഷം വാലാട്ടി തെന്നി നീന്തുന്ന മീനിനെ നോക്കി നിന്നു. പിന്നീട് ഫോൺ എടുത്ത് വീണ്ടും ഡയൽ ചെയ്തു.

"മരുന്ന് വാങ്ങി. മീനിനെയും. എനിക്കൊന്നിനും കഴിയുന്നില്ല ഡോക്ടർ. ഈ ഏകാന്തത എന്നെ കൊല്ലുകയാണ്...!"

അപ്പോഴും വയലറ്റ് നിറമുള്ള ആ സുന്ദരൻ മീൻ ബൗളിന്റെ ഭിത്തികളിൽ നാലുപാടും തട്ടി കുതറിമാറാൻ ശ്രമിക്കുകയായിരുന്നു. ഇരുണ്ട ആ മുറി അതിന്റെ തിളക്കം മായ്ച്ചു കളഞ്ഞിരുന്നു.