Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഓടി തീർക്കുന്ന ജീവിതങ്ങൾ

Abdulla Harry

UST Global Trivandrum

ഓടി തീർക്കുന്ന ജീവിതങ്ങൾ

“ See Mister Farhan you are not giving proper answers for any of the questions , you have completed your engineering before 2 years and have not done anything since then ,we are very sorry to inform you, we don’t think you will be suitable for us , Best of luck .” ചോദ്യങ്ങൾ ചോദിച്ചവരിൽ ഒരാൾ ഇതും പറഞ്ഞു ഫർഹാൻറ്റെ കൈകളിലേക്ക് അവൻറ്റെ ഫയൽ തിരിച്ചു നൽകി . ഫർഹാൻ അവർ ആരുടേയും മുഖത്തു നോക്കാതെ തൻറ്റെ കാലുകളിലേക്കു നോക്കി ഇരിക്കുകയായിരുന്നു . ഈ മാസം ഇത് തൻറ്റെ പതിമൂന്നാമത്തെ ഇൻറ്റർവ്യൂ ആണ് , ആദ്യത്തെ 5 -6 എണ്ണത്തിൽ തനിക്കു അറിയാവുന്ന ഉത്തരങ്ങൾ എല്ലാം ആത്മവിശ്വാസത്തോടെ എല്ലാവരുടെയും മുഖത്തു നോക്കി തന്നെ ആയിരുന്നു അവൻ പറഞ്ഞുകൊണ്ടിരുന്നത് ,പിന്നെയുള്ളതിൽ അവൻ്റെ നോട്ടം അവരുടെ ടൈകളിലേക്കും റൂമിലെ മറ്റു വസ്തുക്കളിലേക്കും മാറി ,മുന്നോട്ടു പോകുംതോറും ഒന്നും നേടാൻ കഴിയാത്ത അപമാനഭാരത്താൽ നിലത്തേക്ക് തല താഴ്ത്തി ഇരിക്കും അവൻ , അങ്ങനെ അത് ഒരു പതിവായി മാറി .ഒന്നിനും കൊള്ളാത്ത തന്നെ ചുമന്നു നടക്കുന്ന കാലുകളോട് അവൻ പുച്ഛമായി തുടങ്ങി .അറിയാവുന്ന ഉത്തരങ്ങൾ കൂടി പറയാൻ കഴിയാതെ തന്നിലെ അപകർഷതാബോധം കൂടി കൂടി വന്നു .ഇന്നത്തെ ഇൻറ്റർവ്യൂ ആ തിരിച്ചറിവിന്റെ എരിതീയിലേക്കു എണ്ണ ഒഴിക്കുകയാണ് ചെയ്‌തത്‌ .

വീട്ടിലേക്കു കേറി ചെല്ലുമ്പോൾ തൻ്റെ വരവും കാത്തിരിക്കുന്ന ഇമ്മച്ചിയെ അവൻ കണ്ടു , ഇൻറ്റർവ്യൂ എന്തായി എന്ന അർത്ഥത്തിൽ അവർ അവനെ നോക്കി ,അവൻ ഒന്നും പറയാതെ തൻറ്റെ മുറിയിലേക്ക് നടന്നു പോയി . ഈ മാസം ഇത് ഒരുപാട് കണ്ടത് കൊണ്ട് ഇമ്മച്ചിക്കു കാര്യം മനസിലായി . കൂടുതൽ ചോദ്യങ്ങൾ ഒന്നും നേരിടാൻ വയ്യാത്തത് കൊണ്ട് റൂമിലേക്ക് കേറുന്ന വഴിയേ ഫർഹാൻ വാതിൽ അടച്ചാണ് മുറിയിലേക്ക് കയറിയത് , തൻറ്റെ കൈയിൽ ഉള്ള ഫയൽ വലിച്ചെറിഞ്ഞു അവൻ ബെഡിൽ കിടന്നു . വീട്ടിനുള്ളിലെ നിശ്ശബ്ദതക്കിടയിൽ തൻറ്റെ തലയ്ക്കു മീതെ കറങ്ങുന്ന ഫാനിൻറ്റെ ശബ്ദം അവന് കേൾക്കാമായിരുന്നു . പണ്ട് താൻ ഏറെ ആസ്വദിച്ച വീട്ടിലെ ഈ നിശബ്ദത ഇപ്പോൾ അവനെ ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു .അടുക്കളയിൽ നിന്ന് ഇമ്മച്ചി എന്തോ പുലമ്പുന്നത് കേൾക്കാം , എന്താണെന്നു അവനു വ്യക്തമല്ല . ഇൻറ്റർവ്യൂ കഴിയുന്ന എല്ലാം ദിവസങ്ങളിലും താൻ എങ്ങനെ ഇവിടം വരെ എത്തി എന്ന് ഫർഹാൻ ആലോചിക്കും , മുമ്പ് എടുത്ത ഏതേലും തീരുമാനങ്ങളിൽ എന്തെങ്കിലും ഒന്ന് മാറ്റം വരുത്തിയിരുന്നെങ്കിൽ താൻ ഈ ദുരവസ്ഥയിൽ നിന്ന് രക്ഷപെടുമായിരുന്നോ , ആർക്കറിയാം .

ഇമ്മച്ചി അവനോടു എപ്പോഴും പറയുന്ന ഒരു കാര്യം ഉണ്ട് , എല്ലാ കാലത്തും ജീവിതം ഒരു ഓട്ടമത്സരം പോലെ ആണ് , ജയം കാണണമെങ്കിൽ ജയം ആഗ്രഹിച്ചു മുന്നോട്ടു ഓടണം , സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ പിന്നിലേക്ക് നോക്കി അതിനെ കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല , ഓടുക തന്നെ വഴി , ഒന്ന് വിശ്രമിക്കാൻ നേരമില്ല , ഈ സമയം കൊണ്ട് കൂടെ ഉള്ളവർ എല്ലാം വളരെ മുന്നിൽ ആയിക്കാണും പിന്നെ സങ്കടപ്പെട്ടിട്ടു കാര്യമില്ല , ജയിക്കണേൽ നമ്മൾ ആമ ആയിട്ട് കാര്യമില്ല ഉറങ്ങാത്ത മുയൽ ആയിട്ടും കാര്യമില്ല എതിരാളികളെ ഓടി തോല്പിക്കുന്ന ചീറ്റപുലി ആകണം എന്നാലേ എന്തേലും കാര്യമുള്ളൂ . ആദ്യമായി അവൻ ഈ വാക്കുകൾ കേൾക്കുന്നത് എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ഒരു വർഷത്തേക്ക് ബ്രേക്ക് എടുത്താലോ എന്ന അവൻറ്റെ ആലോച്ചന വീട്ടിൽ അറിയിക്കുമ്പോഴാണ് .ഇമ്മച്ചിക്കു ഒരിക്കലും ഉൾകൊള്ളാൻ പറ്റാത്ത ഒരു തീരുമാനം ആയിരുന്നു അത് , കൂടെ പഠിച്ചവരിൽ 5 -6 പേർക്ക് കോളേജ് തീരും മുന്നേ ജോലി ആയവർ ഉണ്ട് , ഈ ഒരു കൊല്ലം കഴിയുമ്പോൾ പിന്നെയും കൂടെയുള്ളവർ ജോലി കിട്ടി പോകും ഇതെല്ലം ആയിരുന്നു ഇമ്മച്ചിയുടെ പേടികൾ . ഇമ്മച്ചി അവൻറ്റെ ആ തീരുമാനത്തെ ഒരു വിധത്തിലും അംഗീകരിച്ചില്ല .അതൊന്നും ഫർഹാൻ കാര്യമാക്കിയില്ല , അവന് അവൻറ്റെതായ കാരണങ്ങളുണ്ടായിരുന്നു . ഇത് വരെ അവൻ പഠിച്ചതും ജീവിച്ചതും മറ്റുള്ളവർ പറയുന്നത് കേട്ടിട്ടായിരുന്നു ,ചെറുപ്പത്തിൽ തനിക്ക് നേരെ വന്നിരുന്ന വലുത് ആകുമ്പോൾ ആര് ആകാനാ ആഗ്രഹം എന്ന ചോദ്യത്തിന് മറ്റുള്ളവരുടെ ഉത്തരം കേട്ട് ഒരുപാട് കഥകൾ എഴുതണം എന്നും അതിലൂടെ ലോകം കീഴടക്കണം എന്നുള്ള അവൻറ്റെ ആഗ്രഹം അവൻ പുറത്തു പറഞ്ഞിരുന്നില്ല,പറയാൻ ധൈര്യം വന്നില്ല . ആഗ്രഹിക്കുമ്പോൾ നല്ലവണം സമ്പാദിക്കാൻ പറ്റിയ എന്തേലും ജോലി അല്ലെ ആഗ്രഹിക്കണ്ടത് എന്നായിരുന്നു ചോദ്യം , ഒരു ജോലിയുടെ കൂടെ ഹോബി ആയി ചെയ്യാവുന്നത് അല്ലേ ഈ എഴുത്തു എന്നാണ് അവനു ചുറ്റിലും ഉള്ളവർ അവനോടു പറഞ്ഞത് .

പത്താം ക്ലാസ്സിൽ ഫുൾ A + കിട്ടിയത് കൊണ്ട് മെഡിക്കൽ എൻട്രൻസ് കോച്ചിങ്നു പോയാൽ നന്നായിരിക്കുമെന്ന ഇമ്മച്ചിയുടെയും കുടുംബക്കാരുടെയും നിർബന്ധത്തിൽ ആ വഴിക്കു പോയി . തന്നെ കൊണ്ട് കഴിയില്ല എന്ന് ആദ്യ മാസം കഴിഞ്ഞു പറഞ്ഞപ്പോഴും ആദ്യമൊക്കെ ഇങ്ങനെ തന്നെയാ ,പിന്നെ ആ ട്രാക്കിൽ ആവും എന്നതായിരുന്നു ഉത്തരം . അവനെക്കാൾ ഒക്കെ ജീവിതം കണ്ട ആൾകാർ അല്ലെ ഈ പറയുന്നത് സംഗതി ശരിയാകും എന്ന പ്രത്യാശയിൽ അവൻ മുന്നോട്ടു പോയി ,ഒടുവിൽ ഇത് ചെന്ന് അവസാനിച്ചത് 6 ലക്ഷത്തിനു അപ്പുറമുള്ള നാണംകെട്ട റാങ്കിലും ,ആ നാണക്കേടിൽ നിന്ന് കര കേറാൻ തന്നെ റിപീറ്റിനു അയച്ചു ഡോക്ടർ ആക്കി എല്ലാവരുടെയും മുന്നിൽ നിർത്തുമെന്ന ഇമ്മച്ചിയുടെ വാശിയിലുമാണ് . തന്നോട് ഈ കാര്യം ഒന്നും ചോദിക്ക പോലും ചെയ്യാതെ അവിടെ അടുത്തു കോച്ചിങ്നു ചേർക്കുകയും ചെയ്തു .അത് കൊണ്ടൊന്നും റാങ്കിൽ വലിയ മാറ്റമുണ്ടായില്ല . ഈ കഷ്ടകാലത്തു അവൻ കുറച്ചു സമാധാനവും ധൈര്യവും നൽകിയത് ഗൾഫിലുള്ള വാപ്പച്ചിയുടെ വാക്കുകൾ ആയിരുന്നു .”നീ നിൻറ്റെ ഇഷ്ടം പോലെ ചെയ്യ് എന്തിനും ഞാൻ ഉണ്ട് കൂടെ” എന്ന് വാപ്പച്ചി അവനോടു പറഞ്ഞു ,വാപ്പച്ചി ഗൾഫിൽ നിന്നാണ് ആ വാക്കുകൾ പറഞ്ഞതെങ്കിലും തൻറ്റെ അടുത്ത് നിന്ന് തന്നെ കെട്ടിപിടിച്ചു പറയും പോലൊരു സുഖം ആ വാക്കുകളിൽ നിന്ന് കിട്ടിയിരുന്നു .

വാപ്പച്ചി എപ്പോഴും ഇത് പോലെ തന്നെ എന്ത് വേണേലും ചെയ്തോ ഇമ്മയെ വല്ലാതെ വിഷമിപ്പിക്കരുത് അത് ഒരു പാവം ആണെന്ന് ഇടയ്ക്കു പറയും .തൻറ്റെ ഏതു ഇഷ്ടത്തിനും സപ്പോർട്ട് ആണ് , വ്യക്തമായി ഒരു ലക്‌ഷ്യം ഇല്ലാത്തത്ത് കൊണ്ട് വാപ്പച്ചിക്ക് അങ്ങനെ ഒന്നും നോക്കാതെ തന്നെ സപ്പോർട്ട് ചെയ്യേണ്ട ഒരു അവസ്ഥ വന്നിട്ടില്ല . ജേർണലിസം അല്ലേൽ സിനിമ പഠിച്ചാലോ എന്ന ഒരു ആഗ്രഹം മനസ്സിൽ വന്നപ്പോഴേക്കും ഇമ്മച്ചി അത് മുളയിലേ നുള്ളി കളഞ്ഞു . ഇതിനെ കുറിച്ച് അറിയാൻ ഇമ്മ ചോദിച്ചവർ എല്ലാം അവരോടു പറഞ്ഞത് കേട്ട് പേടിച്ചു പോയ അവർ ഫർഹാന്‌ മുന്നിൽ വച്ച ഒരേ ഒരു കണ്ടീഷന് ഇതാണ് , “ആദ്യം ഒരു പ്രഫഷണൽ ഡിഗ്രി കമ്പ്ലീറ്റ് ചെയ്യ് എന്നിട്ടു നിനക്ക് ഇഷ്ടമുള്ളത് പഠിച്ചോ “. കേട്ടപ്പോൾ തെറ്റില്ലാത്ത ഒരു ഐഡിയ ആയി ഫർഹാന്‌ അത് തോന്നി .എന്നാ പിന്നെ എഞ്ചിനീയറിംഗ് ആയിക്കോട്ടെ എന്ന് അവനും കരുതി , ഇത് എടുത്താൽ വേറെ ഏതു ഫീൽഡിലേക്കും പോകാം അങ്ങനെ ഒരു ഗുണവും ഉണ്ട് ,അങ്ങനെ പോയ ഒരുപാട് തിരക്കഥാകൃത്തുക്കളെയും നോവലിസ്റ്റുകളെയും അവൻ അറിയാം .

വാപ്പയോടു ഫോണിൽ കാര്യങ്ങൾ അറിയിച്ചപ്പോൾ പതിവ് മറുപടി തന്നെ .”നീ നിൻറ്റെ ഇഷ്ടം പോലെ ചെയ്യ് “.അടുത്തുള്ള എഞ്ചിനീയറിംഗ് കോളേജിൽ അന്ന് ഏതു ബ്രാഞ്ചിൽ ആണോ സീറ്റുള്ളത് അത് തന്നെ എടുക്കാം എന്ന് തീരുമാനിച്ചു , ഇമ്മച്ചിയുടെ മനസ്സ് എങ്ങാനും മാറിയാലോ ,പിന്നെയും റിപീറ്റിനു പോകേണ്ടി വന്നാലോ ..

mbbs പോലെ സീറ്റ് കിട്ടാൻ കടിയും പിടിയും കൂടേണ്ട ആവശ്യം ഒന്നും വന്നില്ല . ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിലും , ഇലെക്ട്രിക്കൽ എനിജിനീറിങ്ങിലും ആവശ്യത്തിൽ കൂടുതൽ സീറ്റ് ഉണ്ടെന്നു മാനേജ്മെൻറ്റ് അറിയിച്ചു . കുറച്ചു കമ്മ്യൂണിക്കേഷൻ കൂടി കിടക്കട്ടെ എന്ന് കരുതി ECE തന്നെ എടുത്തു .സബ്ജെക്റ്റുകളും അവനും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ ഒരേ വേവ് ലെങ്ങ്തിൽ ഒന്നും അല്ലായിരുന്നെങ്കിലും എല്ലാ പേപ്പറുകളും തട്ടിയും മുട്ടിയും കറക്റ്റ് സമയത്തു തന്നെ പാസ് ആവാനും കാര്യങ്ങൾ എല്ലാം നീറ്റ് ആയി തീർക്കാനും അവൻ ശ്രദ്ധിച്ചിരുന്നു .കോളേജിലെ 4 വർഷങ്ങൾ കളിയും ചിരിയുമെല്ലാം ആയി അടിപൊളിയായിട്ടു തന്നെയാണ് പര്യവസാനിച്ചതും .

കോളേജിലെ ആരവങ്ങളും കൂടെ ഉള്ള കൂട്ടുകാർ എല്ലാം മെല്ലെ അകന്നു പോയി തുടങ്ങിയപ്പോൾ ആണ് ആണ് ഫർഹാന്‌ തനിക്കു ഇനി മുന്നോട്ടു എന്ത് ചെയ്യണം എന്ന കാര്യത്തിൽ ഒരു അന്തവും കുന്തവും ഇല്ലായിരുന്നു എന്ന കാര്യം മനസിലാക്കുന്നത് . മനസ്സിൽ ഒരു വഴി സ്വപ്നം കണ്ടിട്ട് പല വഴികളിലൂടെയാന്നെകിലും അത്യാവശ്യം കുറച്ചു സമയം എടുത്തിട്ട് ആയാലും താൻ ആഗ്രഹിച്ച ആ വഴിയിൽ എത്താം എന്ന് സ്വപ്നം കണ്ടു ,ഒടുവിൽ എത്തി ചേരേണ്ട വഴി മറന്നു പോയ ഒരു യാത്രകാരൻറ്റെ അവസ്ഥ ആയിരുന്നു അവനു . നിറയെ കഥകൾ എഴുതി ലോകം തന്നെ കിഴടക്കണം എന്ന തീരുമാനം എടുത്ത ഒരുവനിൽ നിന്ന് ഡോക്ടർ ആകാനുള്ള പഠനവും അതിൽ പരാജയപെട്ടു എഞ്ചിനീറിങ്ങിൽ എത്തിയ അവനു ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം ഇല്ലായിരുന്നു . ഇമ്മച്ചിയോടു ചോദിച്ചാൽ എഞ്ചിനീറിങ്ങിൽ ഇനി എന്തേലും Phd എടുത്തു കഥകൾ എഴുതാൻ പറയും .

ഈ ആശയകുഴപ്പത്തിന് ഒരു ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിൽ ആണ് അവൻ ഒരു വർഷം ബ്രേക്ക് എടുക്കാൻ തീരുമാനിച്ചത് .പതിവ് പോലെ വാപ്പയുടെ സപ്പോർട്ട് കൂടെ ഉണ്ടായിരുന്നു , ആ സപ്പോർട്ടിലും കൂടിയാണ് അവന് വീട്ടിൽ പിടിച്ചു നിൽക്കാൻ സാധിച്ചത് .ഈ സമയം കൊണ്ട് മനസ്സിലുള്ള കുറച്ചു സിനിമ കഥകളും ചെറുകഥകളും എഴുതണം എന്നായിരുന്നു പ്ലാൻ . പിന്നീടുള്ള ദിവസങ്ങളിൽ കഥകൾ എഴുതാനായി ഏകാഗ്രതയോടെ മുറിക്കുള്ളിൽ ഇരിക്കുന്ന ദിവസങ്ങൾ ആയിരുന്നു . ഒന്ന് രണ്ടു നല്ല കഥകളും മനസ്സിലെ സിനിമ കഥ രൂപപ്പെട്ടു വരുമ്പോഴേക്കും , ഇമ്മച്ചിയുടെ ഭീഷണിയുടെ സ്വരം നിറഞ്ഞ ഓർമ്മപ്പെടുത്തലുകൾ എത്തിതുടങ്ങി അധികം സമയം ഒന്നും ഇങ്ങനെ ഇരിക്കാം എന്ന് കരുതണ്ട ,ഇവിടെ ഒന്നും ശരിയായില്ലെങ്കിൽ കുവൈറ്റിലുള്ള മാമൻറ്റെ സൂപ്പർമാർക്കറ്റിലേക്കു സൂപ്പർവൈസർ ആയി പറഞ്ഞു വിടും എന്നും ഓർമിപ്പിച്ചു . തൻറ്റെ കൂടെ ഉള്ള ബാക്കിയുള്ളവരും ജോലി കിട്ടി പോകുന്നതിൻറ്റെ ടെൻഷൻ ആയിരുന്നു അത് എന്ന് ഫർഹാൻ തിരിച്ചറിഞ്ഞിരുന്നു .പിന്നീടുള്ള എല്ലാ ദിവസവും ഈ ഓർമ്മപ്പെടുത്തലുകൾ ആയിരുന്നു, അത് വേണ്ടായെങ്കിൽ കൂടെ ഉള്ളവർ ചെയ്ത പോലെ പ്രോഗ്രാമിങ് പഠിച്ചു നാട്ടിലെ ഏതേലും കമ്പനിയിൽ കയറിപ്പറ്റാൻ ഇമ്മച്ചി അവനോടു പറഞ്ഞു .എന്ത് വന്നാലും പ്രോഗ്രാമിങ് പഠിക്കാൻ എന്നെ കൊണ്ട് വയ്യാ എന്ന് അവൻ തീർത്തു പറഞ്ഞു . ഒരു വർഷം കഴിയുമ്പോഴേക്കും എങ്ങും എത്താത്ത കുറച്ചു കഥകളും പൂർത്തിയാക്കാൻ പറ്റാത്ത തിരക്കഥകളും മാത്രമേ കൈയിൽ ഉണ്ടായിരുന്നുള്ളു . ഓരോ ദിവസം കഴിയുംതോറും എന്തെങ്കിലും ഒക്കെ ചെയ്യാൻ പറ്റുമെന്ന ആത്മവിശ്വാസം കുറഞ്ഞു കുറഞ്ഞു വന്നു , ഒരേ സമയം തൻറ്റെ എഴുത്തും ജോലിയുടെ കാര്യങ്ങളും നോക്കാനുള്ള ശ്രമം തുടങ്ങി , രണ്ടിടത്തേക്കും ഒരേ പോലെ മനസ്സിനെ കൊണ്ടുവരാൻ ശ്രമിച്ചിട്ട് ഒരു സ്ഥലത്തും മനസ്സ് എത്തിയില്ല ,അവന്റെ മനസ്സ് നിറയെ ചോദ്യങ്ങളും അത് ഉണ്ടാക്കുന്ന വീർപ്പുമുട്ടലുകളും ആയിരുന്നു .

ഇമ്മച്ചി പറയും പോലെ ജീവിച്ചാ ഇപ്പോൾ എന്താ കുഴപ്പം , പ്രോഗ്രാമിങ് പഠിച്ചു നല്ല കമ്പനിയിൽ കേറീട്ടുള്ള ശമ്പളം വച്ച് സമാധാനത്തോടെ ജീവിച്ചൂടെ അപ്പോഴും എഴുതാൻ ആഗ്രഹം ഉണ്ടെങ്കിൽ ഒഴിവു സമയങ്ങളിൽ അത് ചെയ്യാമല്ലോ .എല്ലാവരും ജോലിക്കു പോകുന്നതല്ലേ പിന്നെ തനിക്കും അത് പോലെ ചെയ്താ എന്താ . ഇമ്മച്ചി പറയും പോലെ വാപ്പക്ക് പ്രായം ആയി വരികയല്ലേ ,അവനു താഴെയുള്ള രണ്ടു പെങ്ങന്മാർക്കും അനിയനും താങ്ങായി നിൽക്കണ്ടത് അവനല്ലേ , വാപ്പക് ആഗ്രഹം കാണില്ലേ അവിടുത്തെ പണി ഒക്കെ മതിയാക്കി നാട്ടിൽ വന്നു എല്ലാവരുടെയും കൂടെ സമയം ചിലവഴിക്കാൻ , ഇനി അങ്ങനെ ഒരു ആഗ്രഹം ഉണ്ടോ എന്ന് ചോദിച്ചാ തന്നെ വാപ്പച്ചി അത് പറയുകയും ഇല്ല , അല്ലെങ്കിൽ തന്നെ ഇതൊക്കെ ചോദിക്കാൻ നിൽക്കണോ മൂത്ത മകൻ എന്ന നിലയിൽ താൻ അറിഞ്ഞു ചെയ്യണ്ടത് അല്ലെ ഇതൊക്കെ . അവൻറ്റെ മനസ്സ് നിറയെ ഈ വിധം ചോദ്യങ്ങൾ ആയിരുന്നു . ഈ ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്തുന്നിതിനിടയിൽ ഇതിൻറ്റെ മറുചോദ്യങ്ങൾ അവനെ അലട്ടും .

അവൻറ്റെ വാപ്പയും ഇമ്മയും ജീവിക്കും പോലെ ആണോ ജീവിതം ജീവിച്ചു തീർക്കേണ്ടത് , എത്രയോ ആളുകൾ ആഗ്രഹിച്ച ജീവിതം അല്ല തെരെഞ്ഞെടുക്കുന്നത് , അത് പോലെ ഉള്ള എത്രയോ സുഹൃത്തുക്കളെ അവനു തന്നെ അറിയാം ,ഇമ്മച്ചി പറയും പോലെ മത്സരത്തിൽ തോറ്റു പോകാണ്ടിരിക്കാൻ ആകും . ആരാകും ഇമ്മച്ചിയെ ജീവിതം ഒരു മത്സരം ആയി കാണാൻ പഠിപ്പിച്ചിട്ടുണ്ടാകാ , ഇമ്മാമാ ആകും അവർക്കു അവരുടെ ഇമ്മ ആകും , തലമുറകൾ ആയി ഇങ്ങനെ തന്നെ ആവും ,കൂട്ടത്തിലെ ഒരാൾ പോലും മാറി ചിന്തിച്ചു കാണില്ലേ .ഇതിൻറ്റെ ഒക്കെ ആരംഭം എവിടെ നിന്നായിരിക്കും . ഫർഹാൻറ്റെ മനസ്സിലെ അന്ത്യമില്ലാത്ത സംശയങ്ങൾ ആയിരുന്നു ഇതൊക്കെ .അന്നന്നത്തെ അന്നം കണ്ടെത്താൻ കഷ്ടപെട്ടിരുന്ന മനുഷ്യർക്കെല്ലാം ജീവിതം ഒരു മത്സരം ആയി തോന്നി കാണണം , അന്ന് എന്തെങ്കിലും ആസ്വദിക്കാനോ ഒന്ന് വിശ്രമിക്കാനൊ നിന്നിരുന്നെങ്കിൽ തൻറ്റെ അന്നം വേറെ ആരുടെ എങ്കിലും കൈകളിൽ എത്തുമായിരുന്നേനെ. ആഗ്രഹങ്ങളുടെ പിന്നാലെ ഓടുന്ന സാധാരണകാരൻറ്റെ വീട്ടിൽ അരി എത്തില്ല എന്ന് തലമുറകളായി നമ്മളെ പഠിപ്പിക്കുന്നത് നമുക്ക് മുന്നേ ഉണ്ടായിരുന്ന തൻറ്റെ എന്തെങ്കിലും ആഗ്രഹങ്ങൾ നടക്കാത്ത അതിൻറ്റെ നഷ്ടബോധത്തിൽ ജീവിച്ചിരുന്ന ഇനി താൻ വിചാരിച്ച പോലെ തൻറ്റെ കാര്യങ്ങൾ നടന്നില്ലെങ്കിലും ഇനി വരാൻ പോകുന്ന തൻറ്റെ മക്കൾക്ക് ഇങ്ങനെ ഒരു അവസ്ഥ വരുത്തില്ലെന്ന് അവർ തീരുമാനിച്ചത് കൊണ്ട് കൂടിയാകണം . തോറ്റു പോകുമെന്ന ആ പേടി കൂടിയാകും അവർ ഇങ്ങനെ കൈമാറി കൊണ്ടിരിക്കുന്നതും .താനും തോറ്റു പോയവൻ ആണോ .ഈ ചിന്തകളിൽ നിന്നെല്ലാം അവനെ ഉണർത്തിയത് ഇമ്മച്ചിയുടെ ഭക്ഷണം കഴിക്കാനുള്ള വിളി ആയിരുന്നു .

മുറിക്കുള്ളിൽ നിന്ന് ഇറങ്ങി ഡൈനിങ് ടേബിളിൽ വന്നിരുന്ന അവൻറ്റെ അടുത്ത് വാപ്പച്ചിയും വന്നിരുന്നു . വാപ്പച്ചി നാട്ടിൽ എത്തിയിട്ട് രണ്ടു മാസത്തോളം ആയി . അവിടത്തെ ഫാക്ടറിയിലെ പണി വാപ്പച്ചിയെ ശാരീരികമായി ഏറെ തളർത്തിയിരുന്നു . ഒരു ദിവസം ജോലി കഴിഞ്ഞെത്തി തീരെ വയ്യാതെ വന്നപ്പോൾ ആശുപത്രിയിൽ കൊണ്ട് പോയി . ഇനി ജോലി ചെയ്യാനുള്ള ആരോഗ്യമില്ല എന്ന് ഡോക്ടർമാർ വിധി എഴുതി . വാപ്പച്ചി കുറച്ചു കാലം കൂടി പിടിച്ചു നിൽക്കാം എന്നാണ് കരുതിയത് , എന്നാ ഇത് അറിഞ്ഞ ഇമ്മ അവിടെ നിൽക്കാൻ സമ്മതിച്ചില്ല നാട്ടിലേക്കു ഉടനെ വരാൻ പറഞ്ഞു . അല്ലെങ്കിലും ഇനിയെങ്ങോട്ടാ , ആ മനുഷ്യനിപ്പോ പ്രായം 56 ആയി , ജീവിതത്തിൻറ്റെ ഒരു നല്ല ഭാഗം അവിടെ ചെലവഴിച്ചു തീർത്തു, വയ്യായ്ക വന്നില്ലായിരുന്നെകിൽ ഇനിയും ഈ കുടുംബത്തെ നോക്കിയിരുന്നെനെ . വല്ലാത്തൊരു ജീവിതം തന്നെ . തളരുവോളം പണി എടുക്കുക ശേഷം പിന്നെ തന്റെ ജീവിച്ചിരിക്കുക എന്ന പണി തീരുന്നതു വരെ ഒരു തളർച്ചയോടെ ജീവിച്ചു തീർക്കുക ,തന്നെ കൊണ്ടൊക്കെ ഇങ്ങനെ ജീവിക്കാൻ ഒരിക്കലും സാധിക്കില്ല എന്ന് ഫർഹാൻ ഉറപ്പിച്ചു .

നാട്ടിൽ വന്നതിനു ശേഷം അവനോടു അയാൾ കാര്യമായി ഒന്നും സംസാരിച്ചിരുന്നില്ല , എന്നും കാര്യങ്ങൾ അന്വഷിക്കും . വയ്യായ്കയുടെ ക്ഷീണം ഇപ്പോളും അയാളിൽ ഉണ്ടായിരുന്നു . താൻ കോളേജ് കഴിഞ്ഞു ഉടനെ ജോലിയിൽ കയറിയിരുന്നെങ്കിൽ വാപ്പക്ക് ഈ അവസ്ഥ വരുമായിരുന്നോ എന്ന് അവൻ ഇടയ്ക്കു ഇങ്ങനെ ചിന്തിക്കും . പിന്നെ പിന്നോട്ട് നോക്കീട്ടു കാര്യമില്ല എന്ന ഇമ്മച്ചിയുടെ ഉപദേശം ആലോചിക്കും .ഇമ്മച്ചിയുടെ മുന വച്ചുള്ള ഓര്മപെടുത്തലുകൾ സഹിക്കാതെ 5 മാസത്തെ നെറ്റ്‌വർക്കിങ് കോഴ്സ് ചെയ്തു ജോലി നോക്കുന്നതിനു ഇടയിൽ ആണ് വാപ്പച്ചി നാട്ടിൽ എത്തിയെ . അന്നേ കുവൈറ്റിലേക്ക് പാക്ക് ചെയാൻ നിന്ന ഇമ്മച്ചിയോടു നാട്ടിൽ തന്നെ ഈ സമയം കൊണ്ട് ജോലി മേടിക്കാം എന്ന് പറഞ്ഞത് ഫർഹാനാണ് .അങ്ങനെ ആണ് പ്രോഗ്രാമിങ് പഠിക്കാൻ അവൻ തുടങ്ങിയത് .ഒരു വിധം എല്ലാം കമ്പനികളും സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരെ നോക്കുന്നുണ്ട് . കുവൈറ്റിൽ പോയി കഷ്ടപെടുന്നതിനെകാൾ നല്ലതു നാട്ടിൽ നിന്ന് കഷ്ടപെടുന്നതാണ് എന്ന് അവന് തോന്നി . അല്ലെങ്കിലും അങ്ങനെ ആണെലോ നാട് വിട്ടു പോകണ്ട ഒരു അവസ്ഥ വരുമ്പോൾ നമ്മൾ നാട്ടിൽ എങ്ങനേലും പിടിച്ചു നിൽക്കാൻ നോക്കും അത് പോലെ തന്നെ ഫർഹാനും ,എങ്ങനെ എന്നോ എന്തെന്നോ അവൻ നോക്കിയില്ല നാട്ടിൽ നിൽക്കണം അത്ര മാത്രം മതിയായിരുന്നു അവനു ..

പിന്നെയുള്ള രണ്ടു മാസങ്ങൾ കൊണ്ട് രണ്ടു വർഷത്തെ കാര്യങ്ങൾ പഠിക്കാനുള്ള ഓട്ടത്തിൽ ആയിരുന്നു , അത്രയും ഗാപ് ഉള്ളത് കൊണ്ട് കമ്പനികളും നമ്മളിൽ നിന്ന് അത്ര അറിവ് പ്രതീക്ഷിക്കും .ഓരോ ഇൻറ്റർവ്യൂകൾ അറ്റൻഡ് ചെയ്യുംതോറും അവൻറ്റെ ഇമ്മച്ചി അവനോടു പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നു അവന് ബോധ്യമായി തുടങ്ങി . ഈ ഓട്ടത്തിൽ അവൻറ്റെ കൂടെ ഉണ്ടായിരുന്നവരെല്ലാം അവനെക്കാൾ ഏറെ മുന്നിലാണ് . സ്റ്റാർട്ട് ചെയ്യും മുന്നേ തന്നെ അവൻ മത്സരത്തിൽ നിന്ന് പുറത്തായിരുന്നു . രണ്ടു വർഷത്തെ ഗ്യാപ്പും രണ്ടു മാസത്തെ അറിവുമുള്ള ഒരു ക്യാൻഡിഡേറ്റിനെ ഒരു കമ്പനിക്കും ആവശ്യം ഇല്ലായിരുന്നു . ഇനിയെന്തു എന്നൊരു ചോദ്യം അവന് മുന്നിൽ ഇങ്ങനെ നെഞ്ചും വിരിച്ചു നിൽപ്പുണ്ടായിരുന്നു .

“ഇനി എന്താ നിൻറ്റെ അടുത്ത പരിപാടി “ പാത്രത്തിലേക്ക് ഇഡ്ഡ്ലി ഇട്ടു കൊണ്ടിരിക്കുമ്പോൾ ഇമ്മച്ചി അവനോടു ചോദിച്ചു . “കുറച്ചു ഇൻറ്റർവ്യൂകൾ ഉണ്ട് അടുത്ത മാസം അതിൽ ഏതെങ്കിലും ഒന്ന് കിട്ടും “. അവൻ ആരുടേയും മുഖത്തു നോക്കാതെ പറഞ്ഞു , താൻ കള്ളം പറയുകയാണെന്ന് എങ്ങാനും ഇമ്മച്ചിക്കു മനസിലായാലോ . “ഉം “ ഇമ്മച്ചി അത് കേട്ട് മൂളി . ഇമ്മച്ചിയുടെ നോട്ടത്തിൽ നിന്ന് രക്ഷപെടാൻ തൻറ്റെ മുഖം തിരിച്ച ഫർഹാൻറ്റെ കണ്ണുകൾ പോയത് തനിക്കു എതിരെയുള്ള ഷെൽഫിലേക്കാണ് അതിനുള്ളിൽ ഉള്ള ഫോട്ടോകളിലേക്കാണ് . അവൻറ്റെ വാപ്പ അവരുടെ നിക്കാഹിനു മുമ്പ് എടുത്ത കുറച്ചു ഫോട്ടോസ് ആണ് . ഇപ്പോഴത്തെ ക്യാമെറകളിൽ എത്രയോ ടെക്നോളോജികൾ ഉണ്ടായിട്ടും ഇത്രയും മനോഹരമായ ഫോട്ടോകൾ അവൻ ഇത് വരെ കണ്ടിട്ടില്ല . ഇമ്മച്ചി ഏറ്റവും സുന്ദരിയായി കാണപ്പെട്ടിരുന്നത് വാപ്പച്ചിയുടെ ഫോട്ടോകളിൽ ആണ് . ഇത്രയും മനോഹരമായ ഫോട്ടോസ് എടുത്തിരുന്ന വാപ്പച്ചി പെട്ടെന്ന് ഒരു ദിവസം എന്തേ ഫോട്ടോകൾ എടുക്കുന്നത് നിർത്തി എന്ന് അവൻ ഇടയ്ക്കു ആലോചിക്കാറുണ്ട് .

ഒരിക്കൽ അവൻ കുട്ടിയായിരിക്കെ അലമാരയിലെ പഴയ സാധനങ്ങൾക്കിടയിൽ വാപ്പച്ചിയുടെ ആ പഴയ ക്യാമറയും അവൻ കണ്ടു , ആവേശത്തോടെ അവൻ അത് കൈകളിൽ എടുത്തു വാപ്പച്ചിയുടെ അടുത്തേക്ക് ഓടിച്ചെന്നു തൻറ്റെ ഫോട്ടോ എടുക്കാമോ എന്ന് ചോദിച്ചു . ആ ക്യാമറ കൈകളിലേക്ക് വാങ്ങി അയാൾ ഒരു നിമിഷം അതിലേക്കു ഒന്ന് നോക്കിയിട്ട് അത് കേടാണെന്നും തിരിച്ചു കൊണ്ട് വച്ചോ എന്ന് പറഞ്ഞു അവനു തന്നെ കൊടുത്തു . അന്ന് അത് വിശ്വസിച്ചുവെങ്കിലും പിന്നീട് വലുതായി കഴിഞ്ഞു ആ ക്യാമറ ഒന്നും കൂടി കൈകളിൽ എത്തുമ്പോഴാണ് കേടായതു ക്യാമറ അല്ലെന്നു അവൻ മനസിലായത് .

“ഇനി നീ തീരുമാനിക്കും പോലെ നടക്കില്ല കാര്യങ്ങൾ “, ഫർഹാൻ ഇത് ശ്രദിക്കാതെ ഭക്ഷണം കഴിക്കാൻ ശ്രമിച്ചു , ഇമ്മ അവനോടായി തുടർന്നു “നിനക്ക് നിൻറ്റെ താഴെ ഉള്ളവരെ കുറിച്ച് ബോധമുണ്ടോ ഈ കുടുംബം എങ്ങനെയാ കഴിഞ്ഞു പോകുന്നെ എന്ന് ധാരണ ഉണ്ടോ ,അറിയാവുന്നവരുടെ ഒക്കെ അടുത്തിന്നു കടം വാങ്ങിയാ ഇവിടെ രണ്ടറ്റം മുട്ടിക്കുന്നേ ഇനി അത് നടക്കില്ല . അത് കൊണ്ട് ഞാനും വാപ്പയും ഒരു തീരുമാനം എടുത്തു .നീ അടുത്ത മാസം മാമൻറ്റെ അടുത്തേക്ക് പോകാന്നു . ടിക്കറ്റ് ഞങ്ങൾ എടുത്തിട്ടുണ്ട് “.ഇതും പറഞ്ഞു ഇമ്മച്ചി അകത്തേക്ക് എണീച്ചു പോയി . ഫർഹാൻ ഒരു നിമിഷം വാപ്പയെ നോക്കി , അയാൾ അവനു മുഖം കൊടുക്കാതെ ഭക്ഷണം കഴിക്കുകയായിരുന്നു .അയാളുടെ ,മുഖത്തെ നിസഹായാവസ്ഥ അവനു കാണാം ആയിരുന്നു , അവൻറ്റെ മുഖത്തെ നിരാശ അയാൾക്കും . രണ്ടു പേർ ഒന്നും മിണ്ടാതെ ബാക്കിയുള്ളത് കഴിച്ചു തീർത്തു .

അങ്ങനെ അവന് പോകാനുള്ള ആ ദിവസം വന്നെത്തി , വീട്ടിൽ നിന്ന് പടിയിറങ്ങുന്ന ആ അവസാനനിമിഷങ്ങൾ അവൻ ചെലവഴിക്കാൻ തീരുമാനിച്ചത് വാപ്പച്ചിയുടെ അടുത്ത് ഇരുന്നാണ് .കട്ടിലിൽ വിശ്രമിക്കുന്ന വാപ്പച്ചിയുടെ കൈകൾ പിടിച്ചു അതിനു അടുത്തായി അവൻ ഇരുന്നു , അവർ പരസപരം ഒന്നും സംസാരിച്ചില്ല , പറയാൻ ഒന്നുമില്ലാഞ്ഞിട്ടല്ല ഇതാണ് നല്ലതു എന്ന് തോന്നി രണ്ടാൾക്കും . ഇമ്മച്ചിയും മാമനും മറ്റു കുടുംബക്കാരും തിരക്കിട്ടു അപ്പുറത്തു പെട്ടി പാക്ക് ചെയ്യുന്നുണ്ടായിരുന്നു . എല്ലാ സാധനങ്ങളും പാക്ക് ചെയ്തെന്നു ഉറപ്പു വരുത്തി ഇമ്മ അവർ രണ്ടു പേരുമുള്ള മുറിയിലേക്ക് കടന്ന് വന്നു. “പാസ്സ്പോർട്ടും ടിക്കറ്റും ഒക്കെ നിൻറ്റെ ആ സൈഡ്ബാഗിൽ എടുത്തു വച്ചില്ലേ “ ഫർഹാനെ നോക്കി അവർ ചോദിച്ചു . ഫർഹാൻ ഉണ്ടെന്നു അർത്ഥത്തിൽ തലയാട്ടി , പിന്നെ മുഖം തിരിച്ചു . “ എനിക്ക് അറിയാം നിനക്ക് എന്നോട് നല്ല ദേഷ്യം കാണുമെന്ന് , നിൻറ്റെ തന്നെ നല്ലതിന് വേണ്ടിയാ ഞാൻ ഇത് ചെയ്യുന്നേ , നിനക്ക് അത് പിന്നെ മനസിലാകും , നീ ഈ പറയും പോലെയല്ല ജീവിതം , അത് ഇത്രയും കാലം ജീവിച്ച ഞങ്ങൾക്കറിയാം . നാളെ നിനക്ക് ഒരു കുടുംബവും കുട്ടികളും ഒക്കെ ആകുമ്പോൾ ഞാൻ ഈ പറയുന്നത് മനസിലാകും “. ഇമ്മച്ചി ചിരിച്ചു കൊണ്ട് അവനോടു പറഞ്ഞു. “ എൻ്റെ മക്കളേ ഞാൻ ഈ ഓട്ടത്തിന് വിടില്ല , അവരെ അവരുടെ ഇഷ്ടത്തിന് വിടും “. ഫർഹാൻ ആ പറഞ്ഞ കാര്യം അവൻറ്റെ വാപ്പ മാത്രമേ കേട്ടുള്ളൂ , അവൻ അവൻ്റെ മനസ്സിൽ പറയുന്ന ഒരു കാര്യം പോലെ അത്ര പതുക്കെയാണ് അത് പറഞ്ഞത് . മാമൻ ഇവർ ഉണ്ടായിരുന്ന മുറിയിലേക്ക് കടന്ന് വന്നു ഇറങ്ങാൻ സമയം ആയെന്നു അവരെ ഓർമ്മിപ്പിച്ചു . ഫർഹാൻ വാപ്പച്ചിയോടു യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങി .

മുറിയിൽ നിന്ന് പുറത്തിറങ്ങും മുമ്പ് ഫർഹാൻ വാപ്പ കിടക്കുന്നിടത്തേക്കു ഒന്ന് തിരിഞ്ഞു നോക്കി ,നിസ്സഹായാവസ്ഥയും നിരാശയും കലർന്ന ഒരു പുഞ്ചിരിയോടെ തന്നെ കൈ വീശി യാത്ര അയക്കുന്ന വാപ്പച്ചിയെ അവൻ കണ്ടു .എന്തായിരിക്കും ആ ചിരിയുടെ അർഥം ,താൻ ഇതുവരെ ഓടി കൊണ്ടിരുന്ന റിലേയുടെ ബാറ്റൺ അവൻ കൈമാറേണ്ടി വന്ന നിസ്സഹായാവസ്ഥ ആലോചിചതാകുമോ , അല്ലെങ്കിൽ പണ്ടൊരിക്കൽ ഇതിൽ നിന്ന് എല്ലാം കുതറി മാറാൻ ശ്രമിച്ചു പരാജയപ്പെട്ട് തൻറ്റെ അടുത്ത തലമുറയും അതിലേക്കു ഇറങ്ങി ചെല്ലുന്നത് കാണേണ്ടി വരുന്ന ഒരാളുടെ കുറ്റബോധം നിറഞ്ഞ ചിരിയാന്നോ , അല്ലെങ്കിൽ ഒരു പക്ഷെ ഈ ചിരി ഒരു തിരിച്ചറിവിൻറ്റെ ചിരി ആകാം , പണ്ടൊരിക്കൽ തൻറ്റെ വാപ്പയിൽ കണ്ട ഇതേ ചിരിയുടെ അർഥം ഒരു പക്ഷെ ഇന്ന് ആകും അയാൾക്ക്‌ മനസിലായി കാണുക . ആർക്കറിയാം ഈ ചോദ്യത്തിൻറ്റെ ഉത്തരം എന്നെങ്കിലും തനിക്കു കിട്ടുമോ , അല്ലെങ്കിൽ തൻറ്റെ ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ കൂട്ടത്തിലെ മറ്റൊരു ചോദ്യം ആയി മാറുമോ ഇതെന്ന്, എന്തായാലും ഒരു കാര്യം അവൻ മനസിലാക്കിയിരുന്നു അവൻറ്റെ ജീവിതം തന്നെയാകും എന്തായാലും ഇതിനുള്ള ഉത്തരം .

ഒരു നാൾ ഈ മത്സരത്തിൽ നിന്ന് വിട്ടു നില്ക്കാൻ പറ്റുമെന്നും തൻറ്റെ അടുത്ത തലമുറയെ ഇതിൽ നിന്ന് മോചിപ്പിക്കാം എന്ന പ്രത്യാശയോടെയും ഫർഹാൻ ആ വീട് വിട്ട് ഇറങ്ങി.തനിക്കു ഉണ്ടായ സ്റ്റാർട്ടിങ് ട്രബിൾ മറന്നു ഒരു ചീറ്റ പുലിയെ പോലെ കുതിച്ചു പായാൻ .….……………..,.....................................