Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഒരു ട്രെയിൻ യാത്രയുടെ ഓർമ്മയ്ക്ക്

SHERIN MARIAM PHILIP

Envestnet Trivandrum

ഒരു ട്രെയിൻ യാത്രയുടെ ഓർമ്മയ്ക്ക്

ട്രെയിൻ പുറപ്പെടുവാനുള്ള ഹോൺ മുഴങ്ങി. ഇപ്പോഴും ഉള്ളിലേക്ക് കയറാനുള്ള ആളുകളുടെ തിക്കും തിരക്കും. റിസർവേഷൻ ആഴ്ചകൾക്കു മുന്നേ ചെയ്താൽ പോലും ടിക്കറ്റ് കിട്ടാത്ത അവസ്ഥ. ഒടുവിൽ ഞെങ്ങി ഞെരങ്ങി ഹരി ഉള്ളിൽ കയറി. ഓരോ സ്റ്റേഷൻ കഴിയും തോറും അവൻറെ നിൽപ്പ് കൂടുതൽ അകത്തേക്കായി. ഒരു സീറ്റിനോട് ചേർന്ന് അവൻ നിന്നു. ജനലിനു പുറത്ത് വേഗത്തിൽ ഓടുന്ന കാഴ്ചകൾ തുറന്ന കണ്ണുകളിൽ യാതൊരു ചലനവും സൃഷ്ടിച്ചില്ല. മറിച്ച്, മനസ്സിന്റെ ജനലുകൾ ഓർമ്മകളുടെ തെമ്മാടിക്കുഴിയിലേക്ക് യാത്രയായി....

അറിവ് വെച്ച കാലം മുതൽ പട്ടിണിയും ദുരിതങ്ങളും മാത്രം. കൂലിപ്പണിക്ക് പോയി വരുന്ന അച്ഛനും അമ്മയും എത്ര അരിഷ്ടിച്ച് ജീവിച്ചാലും ഒടുവിൽ കടം എന്ന വാക്കിൽ തന്നെ അഭയം കണ്ടെത്തുന്നു. ബാല്യകാലത്തിൽ ഏറ്റവും കൂടുതൽ ഭീതിപ്പെടുത്തിയ വാക്കുകളിൽ ഒന്ന്.. "കടം". സർക്കാർ സ്കൂളും ഉച്ചക്കഞ്ഞിയും അറിവിന്റെ ദാഹവും വിശപ്പിന്റെ വിളിയും അടച്ചപ്പോൾ നിറഞ്ഞ സ്വപ്നങ്ങൾ കണ്ട് കഷ്ടപ്പെട്ട് പഠിച്ച് നേടിയ വിജയങ്ങൾ. ഒന്നാം സ്ഥാനവും റാങ്കും നേടിയെടുത്തെങ്കിലും ഒരിക്കലും ഭാഗ്യം തന്നെ തുണച്ചില്ല. സ്ഥിരമായ ജോലി ഇന്നും ഏതോ ലോകത്ത് മറഞ്ഞിരിക്കുന്നു. അടുത്തുള്ള ധനകാര്യ സ്ഥാപനത്തിലെ തുച്ഛമായ ശമ്പളവും കുട്ടികളെ ട്യൂഷൻ പഠിപ്പിച്ചു കൈയ്യിൽ വരുന്ന വരുമാനവും അന്നത്തിനും വീട്ടുചിലവിനും കഷ്ടിച്ചു തികയുമെന്നായി. എന്നാൽ കഠിനമായ അധ്വാനം അച്ഛനമ്മമാരുടെ ആരോഗ്യത്തിൽ വെള്ളി വീഴ്ത്തിയപ്പോൾ ജീവിതത്തിൻറെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നന്നേ പാടുപെട്ടു.

പ്രാർത്ഥനയുടെ ഫലമോ കഷ്ടപ്പാടിന്റെ നിറമോ ഒടുവിൽ പൂനെയിലെ ഒരു വലിയ കമ്പനിയിൽ നിന്നും വിളിയെത്തി. അങ്ങോട്ടുള്ള യാത്രയാണിത്. പുലർച്ചെ ട്രെയിനിൽ കയറിയതാണ്."ഏയ് താങ്കൾക്ക് ഇരിക്കണ്ടേ... സീറ്റ് ഉണ്ടല്ലോ. എന്താണ് ഇരിക്കാത്തത്". ആ ശബ്ദം എൻറെ ചിന്തകളുടെ കടിഞ്ഞാൺ പൊട്ടിച്ചു നേരെ തിരിഞ്ഞു നോക്കിയപ്പോൾ ഒരു പെൺകുട്ടി. ഇരു നിറം. പക്ഷേ അവളുടെ കണ്ണുകൾക്ക് എന്തൊരാഴം. ധാരാളം കഥകൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് പോലെ. "ഹലോ......" ഞാൻ അവളെ ഒന്നൂടെ നോക്കി. "അതേ മാഷേ താങ്കളോടാണ് ഈ ചോദിക്കുന്നത്. ഇരിക്കാൻ ഉദ്ദേശമില്ലേ. കുറെ നേരമായല്ലോ ഈ നിൽപ്പ് തുടങ്ങിയിട്ട്. അടുത്ത സ്റ്റേഷനിൽ വീണ്ടും തിരക്കാകും. പിന്നെ ഈ സീറ്റ് ഉണ്ടാവില്ല. വേണമെങ്കിൽ വന്നിരിക്ക്."

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. പുലർച്ചെ ഒപ്പം കണ്ട പലരും അവിടെയില്ല. ഞാൻ മാത്രം ഇങ്ങനെ നിൽക്കുന്നു. ഓർമ്മകളുടെ ഒരു ശക്തിയെ...... കാലങ്ങൾക്കും ചുറ്റുപാടിനും സമയത്തിനും അപ്പുറം അവ സഞ്ചരിക്കുന്നു. ആ കുട്ടിയുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചിട്ട് അവൾക്ക് അഭിമുഖമായി ഞാൻ ഇരുന്നു.

എന്തോ പരിചിതഭാവം എന്നപോലെ ഞാൻ അവളോട് ചോദിച്ചു; "എവിടെക്കാണ്"? "പൂനെ". നിറഞ്ഞ ചിരിയോടെയുള്ള മറുപടി. ഓ, അപ്പോൾ എനിക്കൊരു കൂട്ടായി. മനസ്സിൻറെ ഭിത്തികൾ ആ ശബ്ദത്തിനെ സൃഷ്ടിച്ചുവെങ്കിലും നാവിൻ തുമ്പിൽ യാതൊരു ചലനവും ഉണ്ടായില്ല. എന്തോ പിൻവലിക്കുന്നത് പോലെ. കണ്ണുകൾ അടച്ച് യാത്ര തുടർന്നു. വാട്ടിയ ഇലയുടെ മണം മൂക്കിലേക്ക് അടിച്ചപ്പോഴാണ് സ്ഥലകാല ബോധം വീണത്. അതെ.. ഉച്ചയായിരിക്കുന്നു. വിശപ്പിൻറെ വിളി തന്നെയും തേടി എത്തിയിരിക്കുന്നു. പക്ഷേ കയ്യിൽ ഭക്ഷണപ്പൊതിയുമില്ല, പണവുമില്ല. ഉള്ള വിശപ്പിനെ കടിച്ചു പിടിച്ചിരുന്നപ്പോൾ വീണ്ടും ആ ചിരി എനിക്കായി ഭക്ഷണം നീട്ടി. ആത്മാവിമാനം പിറകോട്ട് വലിച്ചു. പക്ഷേ അതിനേക്കാൾ വലുതായിരുന്നു വിശപ്പ് എന്ന സത്യം.

അതും വാങ്ങി കഴിച്ച് യാത്ര തുടർന്നു കൊണ്ടേയിരുന്നു. ഒടുവിൽ ധൈര്യം സംഭരിച്ചു ഞാൻ ചോദിച്ചു. "തന്റെ പേര് എന്താണ്?". "ഞാൻ ഗായത്രി". എൻറെ പേര് എന്ത് എന്ന മറു ചോദ്യം ഞാൻ പ്രതീക്ഷിച്ചു. പക്ഷേ അത് ഉണ്ടായില്ല. ചോദിക്കാത്തത് കൊണ്ടാവാം അങ്ങോട്ട് കയറി പറഞ്ഞു," ഞാൻ ഹരി". അതിനും ചിരി മാത്രം ഉത്തരം. നിമിഷങ്ങളുടെ നിശബ്ദതയെ കീറിമുറിച്ച് ഒടുവിൽ അവളുടെ ചോദ്യം എത്തി. "എവിടെക്കാണ്?" "പൂനെ, ഒരു ജോലിയുടെ ഇൻറർവ്യൂ ഉണ്ട്". "ഞാൻ അവിടെ നേഴ്സിങ് പഠിക്കുകയാണ്". ആ സംസാരം നീണ്ടു ...... രാത്രിയുടെ യാമങ്ങൾ കഥപറച്ചിലുകൾ ആയി. ദാരിദ്ര്യത്തിന്റെ നിറമുള്ള എൻറെ കഥയുടെ താളുകൾ മടങ്ങിയപ്പോൾ അവൾക്ക് പറയാനുണ്ടായിരുന്നത് സ്വാതന്ത്ര്യം ഇല്ലായ്മയുടെ വേലിയേറ്റങ്ങൾ ആണ്.

അളവറ്റ പണവും സ്വത്തുക്കളും അവളുടെ സന്തതസഹചാരികൾ ആയിരുന്നു. പക്ഷേ ഒരിക്കൽ പോലും സ്വാതന്ത്ര്യം അറിയാൻ അവർക്ക് സാധിച്ചില്ല. പഠിക്കുന്ന നേഴ്സിങ് കോഴ്സ് പോലും അച്ഛൻറെ ഇഷ്ട്ടം. നൃത്തത്തെ സ്നേഹിച്ച ചിലങ്കയുടെ താളത്തിൽ ശ്വാസത്തെ നിയന്ത്രിക്കാൻ ആഗ്രഹിച്ച അവളുടെ ഇഷ്ടങ്ങൾക്ക് മുകളിൽ "വേഗം ജോലി കിട്ടുമല്ലോ, അതുകൊണ്ട് നേഴ്സിങ് മതി" എന്ന അച്ഛൻറെ വാക്കുകൾ ഇടിത്തി പോലെ പതിച്ചു. പഠിക്കാൻ അത്ര മിടുക്കി അല്ല എന്ന വിശേഷണം അച്ഛൻറെ വാക്കുകൾ വീട്ടുകാർ തന്നെ ഉറപ്പിച്ചു. ദൂരെയാണെങ്കിലും പേരിൽ മുന്തിയ കോളേജിൽ പഠനവും റെഡിയായി. അങ്ങനെ ഒരു ജീവിതം. ശരീരം കൊണ്ട് ദൂരെയാണെങ്കിലും നിയന്ത്രണത്തിന്റെ നൂലുകൾ ഇന്നും അച്ഛൻറെ കയ്യിൽ ഭദ്രം.

അതെ..... തന്റെ ജീവിതം ഒരു പട്ടം പോലെ തന്നെയാണ്. ദൂരെ നിന്ന് നോക്കുന്ന ഒരാൾക്ക് അതിർവരമ്പുകൾ ഇല്ലാത്ത ആകാശത്തിൽ പാറിപ്പറക്കുന്ന പട്ടം പോലുള്ള തന്നെ മാത്രമേ അറിയൂ. പക്ഷേ നിയന്ത്രണം മുഴുവനും നൂലുമായി താഴെ നിൽക്കുന്ന അച്ഛൻറെ കയ്യിൽ ആണെന്ന് മാത്രം. നിലപാടുകൾ പ്രഖ്യാപിക്കുന്ന പെൺകുട്ടി കുടുംബത്തിൽ പിറക്കാത്തതാണെന്ന ന്യായശാസ്ത്രം. എൻറെ വിശാലമായ ആഗ്രഹങ്ങൾ നിയന്ത്രണങ്ങളുടെ ചില്ലക്കൂട്ടിൽ അടച്ചിട്ടതിന്റെ പ്രതിഫലം "നല്ല കൊച്ച്" എന്ന ഒരു വിലയുമില്ലാത്ത സ്വഭാവ സർട്ടിഫിക്കറ്റ്. അത്രയും പറഞ്ഞു തീർന്നപ്പോൾ കണ്ണുകളിൽ നിന്നും അടർന്ന അശ്രു മുത്തുകൾ യാതൊരു നിബന്ധനയുമില്ലാതെ തന്നെ കേട്ട ഒരാളോടുള്ള നന്ദിയായിരുന്നു. പൂനെ റെയിൽവേ സ്റ്റേഷനിൽ അവരുടെ യാത്ര അവസാനിച്ചു.

---------------------------------------------------------------------------------------------------------

പൂനെ നഗരത്തിലെ തിരക്കുള്ള പ്രഭാതത്തിൽ അകലെ ചിലങ്കയുടെ ചിലമ്പൽ കേൾക്കാം. മറാത്തി പേരുകളുടെ ഇടയിൽ മലയാളി തനിമ വിളിച്ചോതുന്ന ഒരു ഫ്ലാറ്റ്. പേര് "ഹരിഗായിത്രി". ഹിന്ദി അക്ഷരമാലയിലും കേരളീയത മണക്കുന്ന പേര്. അവിടെ അനേകം കുട്ടികൾക്ക് നൃത്തം അഭ്യസിപ്പിക്കുന്ന ഗായത്രി, അല്ല ഡോക്ടർ ഗായത്രി. നൃത്തത്തിൽ പി എച്ച് ഡി നേടി അനേകം വേദികളിൽ നടന വൈഭവം തീർക്കുന്ന നർത്തകി. ബിസിനസ് ന്യൂസ് കണ്ടുകൊണ്ട് ഹരിയും. അതെ... ഹരിയും ഗായത്രി ഇന്ന് ഒന്നാണ്.

ഗായത്രി സ്വന്തമായി എടുത്ത ആദ്യത്തെ തീരുമാനം, തൻറെ ജീവൻറെ പാതിയെ സ്വയം തിരഞ്ഞെടുത്തു. ആദ്യത്തെ എതിർപ്പുകളെല്ലാം കാലത്തിൻറെ കുത്തൊഴുക്കിൽ മാഞ്ഞു. ഇന്ന് ഹരി ഗായത്രിയുടെ കുടുംബത്തിന് മരുമകൻ അല്ല മറിച്ച് മകൻ തന്നെയാണ്. കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ പോസ്റ്റ് ഹരിയുടെ ആത്മാർത്ഥതയുടെയും അർപ്പണമനോഭാവത്തിന്റെയും സമ്മാനം. ഇവരുടെയും സ്നേഹത്തിന്റെ അടയാളമായി രണ്ടു പെൺമക്കൾ. അവർക്ക് പറക്കാം... യാതൊരു വേലികെട്ടുകളും നിയന്ത്രണങ്ങളും ഇല്ലാതെ... സ്വതന്ത്രമായി...... കാരണം അവർക്ക് പറക്കാൻ വഴി ഒരുക്കുന്നത് തുറന്ന മനോഭാവമുള്ള മാതാപിതാക്കൾ ആണ്. അതെ........ചെറിയ മാറ്റങ്ങളാണ് വലിയ തീരുമാനങ്ങളുടെ അടിസ്ഥാനം.