Skip to main content
Srishti-2022   >>  Short Story - Malayalam   >>  സാന്ദ്രസ്വപ്നം

Divya Rose R

Oracle India

സാന്ദ്രസ്വപ്നം

അവൾ വീണ്ടും കയ്യിലെ വാച്ചിൽ സമയം നോക്കി. മണി രണ്ടു കഴിഞ്ഞിരിക്കുന്നു. നല്ലതു പോലെ ഉറക്കവും വരുന്നുണ്ട്. പക്ഷെ ഉറങ്ങാൻ ഇപ്പോൾ പേടി ആണ്. കഴിഞ്ഞ മൂന്നു മാസങ്ങൾ ആയി ഒന്ന് സമാധാനമായി ഉറങ്ങിയിട്ട്. എന്നും കുറെ സ്വപ്‌നങ്ങൾ. ചിലപ്പോൾ നല്ല സന്തോഷമുള്ള സ്വപ്‌നങ്ങൾ. ചിലപ്പോൾ നെഞ്ച് പറിക്കുന്ന പോലെ വേദനിപ്പിക്കുന്ന സ്വപ്‌നങ്ങൾ. ചിലപ്പോൾ മുഴുവൻ നിഗൂഡത ഉള്ള സ്വപ്‌നങ്ങൾ. എത്രയോ രാത്രികളിൽ അവൾ ഞെട്ടി ഉണർന്നു അലറി വിളിച്ചിരിക്കുന്നെന്നോ. ബാക്കി ഉള്ളവരുടെ ഉറക്കം കൂടി കളയാൻ ഓരോന്ന് വന്നിട്ടുണ്ട് എന്ന പഴിയും കേട്ട് ആ ഹോസ്റ്റൽ റൂമിൽ എത്രയോ രാത്രികൾ അവൾ പേടിച്ചും കരഞ്ഞും തീർത്തിട്ടുണ്ടെന്നോ. എന്താണ് ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഇവൾ സാന്ദ്ര. അനാഥാലയത്തിൽ വളർന്ന ഇവൾക്കു സ്വന്തം എന്ന് പറയാൻ ആരും ഇല്ല. പൊതുവെ ആരോടും അധികം സംസാരിക്കാത്ത ആളായത് കൊണ്ട് സുഹൃത്തുക്കളും അങ്ങനെ ഇല്ല. എല്ലാം സ്വയം സഹിച്ചു ഇനിയും വയ്യ. മതിയായി.

അങ്ങനെ ഇരിക്കെ,സാന്ദ്ര പഠിപ്പിക്കുന്ന കോളേജിൽ ഒരു സെമിനാർ എടുക്കാൻ പ്രശസ്തനായ ഒരു സൈക്കിയാട്രിസ്റ് എത്തി. അദ്ദേഹത്തിന്റെ പ്രസംഗം എല്ലാവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഡോക്ടർ നാഥ്. പേരിൽ തന്നെ ഉണ്ട് ഒരു ഗമ. സെമിനാറിന്റെ അവസാനം ചോദ്യങ്ങൾ ചോദിക്കാൻ ഉള്ള അവസരം ഉണ്ടായിരുന്നു. എല്ലാവരുടെയും ചോദ്യങ്ങൾ പേപ്പറിൽ എഴുതി ഒരു ബോക്സിൽ ഇട്ടു. അക്കൂട്ടത്തിൽ സാന്ദ്രയും അവളുടെ സംശയങ്ങൾ എഴുതി ഇട്ടു. ഡോക്ടർ ഓരോ ചോദ്യം എടുക്കുമ്പോളും, അവളുടെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടേ ഇരുന്നു. പക്ഷെ വിധി അവളെ അവിടെയും തോൽപ്പിച്ചു.അവളുടെ ചോദ്യം ഡോക്ടർ എടുത്തില്ല. അതിനുള്ളിൽ തന്നെ സമയം കഴിഞ്ഞു പോയി. അതുകൊണ്ടു തന്നെ ഡോക്ടർ അദ്ദേഹത്തിന്റെ ഫോൺ നമ്പർ എല്ലാവർക്കുമായിട്ടു പറഞ്ഞു കൊടുത്തിട്ടാണ് വേദിയിൽ നിന്നും പോയത്.

സാന്ദ്രക്കു കിട്ടിയ ആകെ ഉള്ള കച്ചിത്തുരുമ്പായിരുന്നു ആ ഫോൺ നമ്പർ. പക്ഷെ എങ്ങനെ വിളിക്കുമെന്നോ എന്ത് പറയണമെന്നു അവൾക്കു അറിയില്ലായിരുന്നു. പല രീതികളിൽ അവളുടെ അവസ്ഥ പറഞ്ഞു നോക്കി എപ്പോഴോ അവൾ അറിയാതെ ഉറങ്ങി പോയി. സ്വപ്നാ.... സ്വപ്നാ.... എണീക്കു സ്വപ്ന... കണ്ണ് തുറക്ക് സ്വപ്നാ... ഹേമന്ത് സ്വപ്നയുടെ നിർജീവമായ ശരീരത്തിനടുത്തിരുന്നു തേങ്ങി തേങ്ങി കരഞ്ഞു.. സ്വപ്നാ... പോകല്ലേ സ്വപ്നാ... അയാളുടെ കരച്ചിൽ കേട്ട് കൂടി നിന്നവരും അറിയാതെ കരഞ്ഞു പോയി. എല്ലാവരുടെയും കരച്ചിലിന്റെ ശബ്ദം കൂടി കൂടി വന്നു. സാന്ദ്ര അലറി വിളിച്ചു ഞെട്ടി എണീറ്റു. അവളുടെ സ്വപ്നങ്ങളിൽ എന്നും വരുന്ന സ്വപ്ന. അത് വേറെയാരും അല്ല. താൻ തന്നെ ആണെന്ന് അവൾക്കറിയാം. തന്നെ പോലെ തന്നെ... പക്ഷെ സ്വപ്ന കൂടുതൽ സുന്ദരി ആണ്.. കൂടുതൽ സൗകര്യങ്ങളോടെ ജീവിക്കുന്നവൾ ആണ്. തന്റെ ഭാവി ആണോ സ്വപ്നം ആയി കാണുന്നത്? അറിയില്ല. സാന്ദ്രക്കു അവളുടെ തല പൊട്ടിത്തെറിക്കുന്ന പോലെ തോന്നി. അവൾ പുസ്തകം എടുത്തു അന്നത്തെ തീയതി എഴുതി, കണ്ട സ്വപ്നം വള്ളിപുള്ളി തെറ്റാതെ എഴുതി വച്ചു. ഇനിയും ഇത് സഹിക്കാൻ വയ്യ. നാളെ തന്നെ ഡോക്ടർ നാഥിനെ കാണണം എന്നവൾ തീരുമാനിച്ചു.

അടുത്ത ദിവസം രാവിലെ തന്നെ സാന്ദ്ര ഡോക്ടർ നാഥിന്റെ നമ്പറിലേക്കു വിളിച്ചു. രണ്ടു പ്രാവശ്യം വിളിച്ചിട്ടും ആരും എടുത്തില്ല. നിരാശയോടെ അവൾ ഒരിക്കൽ കൂടി വിളിക്കാൻ തീരുമാനിച്ചു. എടുത്തത് ഒരു സ്ത്രീ ആണ്. അവർ ഡോക്ടറിന്റെ അസിസ്റ്റന്റ് ആണെന്നും ഒരാഴ്ച കഴിഞ്ഞു ഹോസ്പിറ്റലിലേക്ക് വന്നു കണ്ടോളാനും അവർ പറഞ്ഞു. സാന്ദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്തിനാണ് ദൈവം തന്നോട് മാത്രം ഇങ്ങനെ. ഒരാഴ്ച കൂടി വയ്യ. ആത്മഹത്യ ചെയ്താലോ? ഇങ്ങനെ ജീവിക്കുന്നതിലും ഭേദം അതല്ലേ? പക്ഷെ അതിനുള്ള ധൈര്യം പോലും തനിക്കില്ലെന്ന് അവൾക്കു അറിയാമായിരുന്നു. അടുത്ത ഏഴു ദിവസങ്ങൾ അവൾക്കു ഏഴു വർഷങ്ങൾ പോലെ തോന്നി. ഒന്ന് കണ്ണടക്കാൻ തന്നെ പേടി തോന്നി. കണ്ണടക്കുമ്പോൾ ജീവനില്ലാത്ത കിടക്കുന്ന സ്വപ്ന ആയിരുന്നു മുന്നിൽ.

എട്ടാം ദിവസം രാവിലെ സാന്ദ്ര തന്റെ പുസ്തകവുമായി ഡോക്ടർ നാഥിന്റെ ആശുപത്രിയിലേക്ക് പോയി. ഒരു സൈക്കിയാട്രിസ്റ്റിന്റെ മുറിക്കു മുന്നിൽ തന്നെ ആരും കാണേണ്ട എന്നോർത്ത് അവൾ തന്റെ ഷാൾ കൊണ്ട് മുഖം മറച്ചു വച്ചു. അൽപ്പ സമയത്തെ കാത്തിരിപ്പിനൊടുവിൽ ഡോക്ടർ എത്തി. നേഴ്സ് മുറിയിൽ നിന്ന് പുറത്തു വന്നു ഉറക്കെ വിളിച്ചു സാന്ദ്ര.. സാന്ദ്ര ആരാണ്. സാന്ദ്ര ഞെട്ടി എണീറ്റ് നഴ്‌സിന്റെ അടുത്തേക്ക് ഓടി ചെന്ന് പറഞ്ഞു, പതുക്കെ വിളിക്കൂ.. ആരെങ്കിലും കേൾക്കും. നേഴ്സ്നു അൽപ്പം ദേഷ്യം തോന്നിയെങ്കിലും, ഒരു സൈക്കിയാട്രിസ്റ്റിനെ കാണാൻ വരുന്ന ആളെ സമൂഹം നോക്കി കാണുന്ന രീതി ആലോചിച്ചപ്പോൾ ചിരിച്ചു കൊണ്ട് സാൻഡ്രയെ മുറിയിലേക്ക് കൊണ്ട് പോയി. പുസ്തകം ഡോക്ടറിന്റെ കയ്യിൽ കൊടുത്തിട്ടു അവൾ തല കുനിച്ചിരുന്നു പറഞ്ഞു, എല്ലാം ഞാൻ കണ്ട സ്വപ്‌നങ്ങൾ ആണ്. എനിക്കിതിൽ നിന്നും ഒരു മുക്തി വേണം. അവൾ തല കുനിച്ചു തന്നെ ഇരുന്നു.

ഡോക്ടർ പുസ്തകത്തിലെ ഓരോ സ്വപ്നവും ശ്രെദ്ധയോടെ വായിച്ചു. ആദ്യത്തെ മൂന്നു സ്വപ്‌നങ്ങൾ വായിച്ച ശേഷം അദ്ദേഹം സാന്ദ്രയോടു ചോദിച്ചു, 'സ്വപ്നയെ കുട്ടി അറിയുമോ?' ഒരു ഞെട്ടലോടെ സാന്ദ്ര ഡോക്ടറുടെ മുഖത്തു നോക്കി. സാന്ദ്രയുടെ മുഖം കണ്ട ഡോക്ടർ അതിലും വലിയ ഞെട്ടലോടെ ഇരുന്ന കസേരയിൽ നിന്നും ചാടി എണീറ്റു. പതിഞ്ഞ ശബ്ദത്തിൽ അദ്ദേഹം സാൻഡ്രയെ നോക്കി വിളിച്ചു... "മോളെ... സ്വപ്ന മോളെ..." എന്താണ് സംഭവിക്കുന്നതെന്ന് സാന്ദ്രക്കു മനസിലായില്ല. അവൾ പതുക്കെ എണീറ്റ് ഡോക്ടറോട് പറഞ്ഞു. ഞാൻ സാന്ദ്ര ആണ്. സ്വപ്ന എന്റെ സ്വപ്നത്തിൽ വരുന്ന എന്റെ അതെ രൂപസാദൃശ്യം ഉള്ള സാങ്കൽപ്പിക വ്യക്തി ആണ്. ഡോക്ടർ പതുക്കെ കസേരയിൽ ഇരുന്നു. അല്പനേരത്തെ മൗനം കഴിഞ്ഞു അദ്ദേഹം സാന്ദ്രയോടു സംസാരിക്കുവാൻ തുടങ്ങി.

"സാന്ദ്ര... നിന്റെ സ്വപ്നങ്ങളിൽ വന്നു നിന്റെ ഉറക്കം കെടുത്തുന്ന സ്വപ്ന വെറും സാങ്കല്പിക വ്യക്തി അല്ല. സ്വപ്ന... സ്വപ്ന എന്റെ മകളാണ്. സ്വപ്ന മാത്രമല്ല. സാന്ദ്രാ... നീയും എന്റെ മകൾ ആണ്." സാന്ദ്രക്കു തന്റെ കാതുകളെ വിശ്വസിക്കാൻ പറ്റിയില്ല. ഇനി താൻ സ്വപ്നം കാണുന്നതാണോ? അവൾ സ്വയം ഒന്ന് നുള്ളി നോക്കി. അല്ല സ്വപ്നമല്ല. സാന്ദ്ര ഉള്ളിൽ തിരയടിക്കുന്ന സങ്കടത്തോടെ പറഞ്ഞു. "സാറിനു എന്തോ തെറ്റ് പറ്റി. ഞാൻ ഒരു അനാഥയാണ്." ഡോക്ടർ നാഥ് പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു. " അല്ല മോളെ... നീ അനാഥയല്ല. നിനക്ക് അച്ഛനും അമ്മയും ഒരു പെങ്ങളും... എല്ലാവരും ഉണ്ട്." സാന്ദ്ര പൊട്ടിക്കരഞ്ഞു. അവൾ വിതുമ്പി വിതുമ്പി പറഞ്ഞു, "എല്ലാവരും ഉണ്ടായിട്ടു പിന്നെ ഞാൻ എങ്ങനെ അനാഥയായി.." ഡോക്ടർ നാഥ് അവളുടെ അടുത്ത് പോയി, കൈകൾ രണ്ടും പിടിച്ചു പറഞ്ഞു, "നീയും സ്വപ്നയും ഇരട്ടകുട്ടികളായിരുന്നു. നിങ്ങൾ ജനിച്ചു മൂന്നു മാസമായപ്പോൾ ബോംബെയിൽ നിന്നും നാട്ടിലേക്ക് വരികയായിരുന്നു. നമ്മൾ വന്ന ട്രെയിൻ ആക്സിഡന്റ് ആയി. ചെറിയ പരിക്കുകളോടെ സ്വപ്നയേയും സരസ്വതിയെയും.... സരസ്വതി, നിന്റെ അമ്മയാണ്... " ഡോക്ടർ കണ്ണുകൾ തുടച്ചു തുടർന്നു, "സ്വപ്നയേയും സരസ്വതിയെയും ചെറിയ പരിക്കുകളോടെ കിട്ടി. എത്ര അന്വേഷിച്ചിട്ടും നിന്നെക്കുറിച്ചു ഒരു അറിവും കിട്ടിയില്ല. ഒടുവിൽ നീ മരിച്ചു പോയി എന്ന് എല്ലാവരും വിശ്വസിച്ചു." ഡോക്ടർ കരഞ്ഞു കൊണ്ട് പറഞ്ഞു. "നീ എന്റെ മകൾ ആണെന്ന് തെളിയിക്കാൻ എനിക്ക് മറ്റൊന്നും വേണ്ട. സ്വപ്നയും നീയും... നിങ്ങൾ ഐഡന്റിക്കൽ ട്വിൻസ് ആണ്." സാന്ദ്രക്കു ഇതെല്ലം ഒരു സ്വപ്നം പോലെ തോന്നി. കണ്ണുകൾ തുടച്ചു ഇടറിയ ശബ്ദത്തിൽ അവൾ ചോദിച്ചു, "സ്വപ്ന?". ഡോക്ടർ പതുക്കെ എണീറ്റ് ജനലിന്റെ അരികിൽ പോയി നിന്നു. സാന്ദ്രയുടെ മുഖത്തു നോക്കി അത് പറയാൻ അദ്ദേഹത്തിന് ആവുമായിരുന്നില്ല. "സ്വപ്ന പോയി മോളെ... നമ്മളെ ഒക്കെ വിട്ടു സ്വപ്ന പോയി... മൂന്നു മാസങ്ങൾക്കു മുൻപ് നടന്ന ഒരു കാർ അപകടത്തിൽ അവൾ പാരലൈസ്ഡ് ആയി. കിടപ്പായിരുന്നു." "മൂന്നു മാസങ്ങൾക്കു മുൻപാണ്, സ്വപ്നയെ എന്റെ സ്വപ്നത്തിൽ ഞാൻ കണ്ടു തുടങ്ങിയത്." സാന്ദ്ര ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു. ഡോക്ടർ വീണ്ടും അവളുടെ അടുത്ത് ചെന്നിരുന്നു. "മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾക്കും അപ്പുറം എന്തൊക്കെയോ ഉണ്ടല്ലോ മോളെ... അവൾ... സ്വപ്ന.. ശരീരം തളർന്നു കിടന്ന അവൾ ചിലപ്പോൾ മനസ്സ് കൊണ്ട് നിന്നോട് സംസാരിച്ചതാകും... നിന്റെ സ്വപ്നങ്ങളിലൂടെ... കാണണമെന്ന് കൊതിച്ചിട്ടുണ്ടാകും... അറിയില്ല... എനിക്കറിയില്ല... ഒരു മകളെ കിട്ടിയപ്പോൾ മറ്റൊരു മകളെ എനിക്ക് നഷ്ട്ടമായല്ലോ." ഡോക്ടർ സാൻഡ്രയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

ഡോക്ടർ നാഥ് സാന്ദ്രയെയും കൂട്ടി വീട്ടിലേക്കു ചെന്ന്. അവളെ കണ്ട എല്ലാവരും അത്ഭുതപ്പെട്ടു. എല്ലാവരും കരഞ്ഞു കൊണ്ട് പരസ്പരം കെട്ടിപ്പിടിച്ചു നിന്ന്. സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാതെ... പെട്ടെന്നൊരു കുഞ്ഞിന്റെ കരച്ചിൽ കേട്ട് സാന്ദ്ര ഞെട്ടി തിരിഞ്ഞു നോക്കി. ഒരു കുഞ്ഞുമോൾ... ഉറക്കത്തിൽ നിന്നും എണീറ്റ് വന്നതാണ്... സാൻഡ്രയെ കണ്ടതും അവൾ ഓടി ചെന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു... സാൻഡ്രയെ നോക്കി അവൾ ചോദിച്ചു... "'അമ്മ എവിടെ പോയതാ... എന്നെ വിട്ടിട്ടു? ഇനി എങ്ങും പോവല്ലേ... എപ്പോം എന്റെ കൂടെ തന്നെ ഇരിച്ചനെ..." സാന്ദ്രക്കു സങ്കടം അടക്കാൻ കഴിഞ്ഞില്ല. സാന്ദ്ര മോളെ കെട്ടിപ്പിടിച്ചു പറഞ്ഞു... "ഇല്ല മോളു.. അമ്മ ഇനി എവിടേം പോവില്ല".