Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഷൻ്റോയുടെ അച്ഛൻ

ഷൻ്റോയുടെ അച്ഛൻ

" എടാ .. ഓർമയുണ്ടോ? " ഈ ചോദ്യം കേട്ടാണ് ഞാൻ മുഖം തിരിഞ്ഞു നോക്കുന്നത്.

ഒരു പ്രായം ആയ ആൾ ആണ് മുന്നിൽ നിൽക്കുന്നത്. മുഖം കണ്ടിട്ട് നല്ല പരിചയം തോന്നുന്നു. പക്ഷെ ആരാണ് എന്ന് പെട്ടെന്ന് ഓർത്തെടുക്കാൻ പറ്റിയില്ല.

" നീ ഇപ്പൊ എവിടെയാ, ഇപ്പൊ കാണാരേ ഇല്ലല്ലോ?" പരിചിത ഭാവത്തിൽ സംസാരിക്കുന്ന അയാളുടെ ശൈലി ശ്രദ്ദിച്ചപ്പോൾ ആണ് എനിക്ക് ആളെ പിടി കിട്ടുന്നത്.

"ഷാന്റോയുടെ അച്ഛൻ."

"ഞാൻ ഇപ്പൊ എറണാകുളത്തു ആണ്. ആഴ്ചയിലെ നാട്ടിൽ വരാറുള്ളൂ"

"നീ അപ്പൊ മൈസൂർ നിന്നു പൊന്നോ"

"അയ്യോ, അവിടുന്നു പൊന്നിട്ട് 10 കൊല്ലം കഴിഞ്ഞു"

"ഓഹ് ഞാൻ അറിഞ്ഞില്ല, മുൻപ് എപ്പോഴോ അച്ഛനെ കണ്ടപ്പോ നീ മൈസൂർ ആണെന്ന് പറഞ്ഞു. വർഷങ്ങൾ എന്തു വേഗം ആണല്ലേ കടന്നു പോവുന്നെ."

"ശരിയാ" ഞാൻ പറഞ്ഞു.

അതു കേട്ട് പുള്ളി കുറച്ചു സമയം മിണ്ടാതിരുന്നു. എന്നിട്ട് തുടർന്നു.

"നീ അറിഞ്ഞല്ലോ അല്ലെ. ഞങ്ങൾക്ക് ഇപ്പൊ ഒരു മോളുണ്ട്"

"ആ ഉവ്വ, എനിക്കറിയാം" ഞാൻ പറഞ്ഞു.

" അറിഞ്ഞല്ലേ.. നന്നായി. നാളെ അവൾക്ക് രണ്ടു വയസ് ആകും. ചെറിയ രീതിയിൽ ഒരു പരിപാടി നടത്താം എന്നു കരുതി. അതിനു കുറച്ചു സാധനങ്ങൾ വാങ്ങാൻ വന്നതാ. എന്നാ ഞാൻ അങ്ങോട്ട് നീങ്ങാട്ടെ..." അതു പറഞ്ഞു പുള്ളി സാധങ്ങൾ എടുക്കാൻ ആയി നീങ്ങി അകന്നു.

പുള്ളി പറഞ്ഞതിൽ എനിക്ക് എന്തോ ഒരു പിശക് തോന്നി. എന്തോ ഒരു പൊരുത്തക്കേട്. പുള്ളി രണ്ടു വയസ് എന്നാണോ അതോ 20 വയസു എന്നാണോ പറഞ്ഞത് എന്നൊരു സംശയം.

കടയിൽ ബില്ല്‌ അടച്ചു, വണ്ടി എടുത്തു നീങ്ങുമ്പോഴിമ എന്തോ ഒരു അസ്വസ്ഥത മനസിൽ നിഴലടിച്ചിരുന്നു. പുള്ളി പറഞ്ഞത് മനസിൽ തിരിഞ്ഞു മറഞ്ഞു കിടന്നു.

സ്കൂൾ കാലഘട്ടത്തിൽ എനിക്ക് ഉണ്ടായിരുന്ന ഏറ്റവും അടുത്ത സുഹൃത്ത് ആണ് ഷാന്റോ. പ്ലസ് ടു പഠനം ഒരുമിച്ച് ആയിരുന്നു. ഷാന്റോയുടെ മാതാപിതാക്കൾ സർക്കാർ ഉദ്യഗസ്ഥർ ആണ്. ഷാന്റോ ഒറ്റപുത്രൻ ആയിരുന്നു. അതു കൊണ്ട് കൂടുതൽ സ്നേഹം മാതാപിതാക്കൾ കൊടുക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.

പ്ലസ് ടു പരീക്ഷക്ക് ഒരാഴ്ച മുമ്പ് ഞാനും ഷാന്റോയും ട്യൂഷന് പോവാതെ മാസ് തീയേറ്ററിൽ സിനിമ കാണാൻ പോയി. അത് വീട്ടിൽ അറിഞ്ഞത് ആണ് പ്രശ്നങ്ങൾക്ക് തുടക്കം. അതു കഴിഞ്ഞു ഷാന്റോയുടെ വീട്ടിൽ പോയപ്പോൾ അവർ എന്നെ ഒരു മയം ഇല്ലാതെ ആണ് ചീത്ത പറഞ്ഞത്. അതോടെ ഷാന്റോയുടെ വീട്ടിലേക്ക് ഉള്ള എന്റെ പോക്ക് കുറഞ്ഞു.

പിന്നീട് ഷാന്റോയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയത്തു ഒരു ഇക്കിളി സിനിമ കണ്ടതും പിടിക്കപ്പെട്ടു. അതോടെ പിന്നെ ഞാൻ അങ്ങോട്ട് പോയിട്ടെ ഇല്ല.

ഡിഗ്രി ഒരുമിച്ചു പഠിക്കണം എന്നു ഞങ്ങൾക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അതിനു സാധിച്ചില്ല. ഷാന്റോ ബാഗ്ലൂരും, ഞാൻ കോയമ്പത്തൂരും ആണ് ഡിഗ്രി പഠിച്ചത്. പ്ലസ് ടു കഴിഞ്ഞതിനു ശേഷം നാലോ അഞ്ചോ തവണ ആണ് ഷാന്റോയെ കണ്ടിട്ടുള്ളത്.

പിന്നീട് ബിരുദ പഠനത്തിന്റെ അവസാന വർഷം ഷാന്റോ ഒരു ബൈക്ക് അപകടത്തിൽ ബാംഗ്ലൂര് വച്ചു മരണപെട്ടു എന്നാണ് അറിയുന്നത്.

ശവസംസ്‌കാര ചടങ്ങുകൾക്ക് ഞാൻ വീട്ടിൽ പോയിരുന്നു. എന്റെ ജീവിതത്തിലെ ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല എന്ന് ഉറപ്പാണ്.

പിന്നീട് കേൾക്കുന്നത്, ഷാന്റോയുടെ മാതാപിതാക്കൾ ഒരു പത്തു വയസുകാരിയെ ദത്തെടുത്തു എന്നാണ്.

ഇന്ന് വരെ ഞാൻ ആ പെണ്കുട്ടിയെ കാണാൻ പോലും ശ്രമിച്ചിട്ടില്ല എന്തു കൊണ്ട് ആണെന്ന് എനിക്ക് ഇന്നും അറിയില്ല.

അവൾ പഠിക്കാൻ മിടുക്കി ആണെന്ന് 'അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.

ഇപ്പൊ പുള്ളി രണ്ടു വയസ് എന്ന് പറഞ്ഞത് എന്നെ വളരെ ആശയ കുഴപ്പത്തിൽ ആണ് എത്തിച്ചത്. എന്തു കൊണ്ടായിരിക്കും അങ്ങിനെ പറഞ്ഞത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. അതു തന്നെ അല്ല. കുട്ടികളുടെ പിറന്നാൾ ആഘോഷത്തിന് വേണ്ട സാധങ്ങൾ ആയിരുന്നു പുള്ളിയുടെ കയ്യിൽ കണ്ടത്.

ഞാൻ അമ്മയോട് തല്ലു പിടിച്ചു പിണങ്ങി നിൽക്കുന്ന സമയം. എനിക്ക് ഈഗോ കൂടുതൽ ആയതു കൊണ്ട് ആവണം, സംസാരിച്ചിട്ട് രണ്ടു ദിവസം ആയിരുന്നു.

എന്തായാലും ഈഗോ ഒക്കെ കളഞ്ഞു ഇതിനെ കുറിച്ചു അമ്മയോട് ചോദിക്കാൻ തീരുമാനിച്ചു.

ഞാൻ അമ്മയോട് പോയി കാര്യം പറഞ്ഞു. ഞാൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ കലി തുള്ളി നിന്നിരുന്ന 'അമ്മ കാര്യം കേട്ടതോടെ ശാന്ത ആയി.

" നീ ചുറ്റുപാടും നടക്കുന്നത് ഒന്നും അറിയുന്നില്ലേ.?" അത് ചോദിക്കുമ്പോൾ അമ്മയുടെ മുഖത്തു നിരാശ ആയിരുന്നു.

എനിക്ക് അതിയായ അരിശം വന്നു. "ഉപദേശിക്കാൻ നിൽക്കാതെ 'അമ്മ കാര്യം പറയ്"

"അതല്ലേ പറഞ്ഞു കൊണ്ടിരിക്കുന്നെ, നീ സമാധാന പെടു" അമ്മക്കും ദേഷ്യം വന്നു.

കാര്യം എന്താണ് എന്നറിയേണ്ടത് കൊണ്ട് ഞാൻ മിണ്ടാതിരുന്നു.

'അമ്മ തുടർന്നു. " അവർ ദത്തെടുത്ത പെണ്കുട്ടി ഒരു അന്യ മതസ്ഥാനയ ഓട്ടോകാരന്റെ കൂടെ ഓടി പോയി"

"നന്നായി, അടിപൊളി" ഞാൻ പറഞ്ഞു.

" ഇപ്പൊ ആ പെണ്കുട്ടി സ്വത്ത് വേണം എന്ന് പറഞ്ഞു വീട്ടിൽ വന്നു ബഹളം ഉണ്ടാക്കാറുണ്ട്"

"അവരാണെങ്കിൽ ഒന്നും കൊടുക്കില്ല, ധന സഹായം ഒക്കെ ചെയ്യാറുണ്ട്. പക്ഷെ സ്വത്ത് ഒന്നും കൊടുക്കില്ല എന്നാ പറയുന്നെ."

"അപ്പൊ ഏതാ ഈ രണ്ടു വയസുള്ള പെണ്കുട്ടി, വീണ്ടും ധത്തെടുത്തോ?" ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു.

"അത് അവർ വീണ്ടും പ്രസവിച്ചു"

"എന്തു, ഈ വയസാൻ കാലത്തോ" ഞാൻ ചോദിച്ചു.

"അന്ന് അവർക്ക് 67 വയസ് ഉണ്ടായിരുന്നു. എന്തോ ചികിത്സ ഒക്കെ നടത്തി ആണ് അത് ചെയ്തത്. കുട്ടി നല്ല ആരോഗ്യം ഉള്ള മിടുക്കി ആണ്"

ഞാൻ ഒന്നും മിണ്ടാതെ നിന്നു.

" ആ പെണ്കുട്ടി ഓടി പോയ വാശിയിൽ ചെയ്തത് ആവണം. അവരുടെ കാല ശേഷം കുട്ടിയെ നോക്കാൻ ആരെയോ ഇപ്പൊ ഏർപാടാക്കിയിട്ടുണ്ട് എന്നൊക്കെ കെട്ടു."

അതൊക്കെ കേട്ട് ഞാൻ മിണ്ടാതെ നിന്നു. പണ്ട് ട്യൂഷന് പോവാതെ സിനിമക്ക് പോയപ്പോൾ, എന്നെ ചീത്ത പറഞ്ഞതിന് ഞാൻ ഷാന്റോയുടെ അച്ഛനെ ഒരുപാട് മനസിൽ തിരിച്ചു ചീത്ത പറഞ്ഞിട്ട് ഉണ്ട്. അതിൽ എനിക്ക് വിഷമം തോന്നി.

ഒരു പാട് പഴയതും പുതിയതും ആയ കാര്യങ്ങൾ മനസിനെ കലുഷിതമാക്കി.

എന്തായാലും ഞാൻ അതോടെ പതിനാല് വർഷങ്ങൾക്ക് ശേഷം ഷാന്റോയുടെ വീട്ടിൽ പോവാൻ തീരുമാനിച്ചു.. അവന്റെ കുഞ്ഞനിയത്തിയുടെ വിളിക്കാത്ത പിറന്നാളിന് സദ്യ ഉണ്ണാൻ