Skip to main content
Srishti-2022   >>  Short Story - Malayalam   >>  തിരോധാനം

Elsamma Tharian

UST Global Trivandrum

തിരോധാനം

ആ പരിസരത്തെ വീടുകളിലെ കുട്ടികളൊക്കെ പോകുന്ന ഒരു ഇടത്തരം എയ്ഡട് സ്കൂളിൽ തന്നെയാണ്

അഞ്ചാം ക്ലാസ്സുകാരനായ വിനുവും പോയത്. പോകാനും വരാനും ചെറുതും വലുതും ആണും പെണ്ണുമൊക്കെയുള്ള ഒരുപാട് കൂട്ടങ്ങൾ അങ്ങനെ ഉണ്ടെങ്കിലും വിനുവിനെ ആരുംതന്നെ തങ്ങളുടെ കുട്ടത്തിൽ കൂട്ടുന്നതായി അവന് തോന്നിയിട്ടില്ല. അങ്ങനെ വലിയ ബുദ്ധിയുള്ള മിടുക്കരുടെ കൂട്ടത്തിൽ അവൻ അംഗീകരിക്കപ്പെട്ടിരുന്നില്ല. ഒന്നുകിൽ പഠിക്കാൻ ബുദ്ധിയുണ്ടെന്ന് നാലാളെ ബോധിപ്പിക്കണം, അല്ലേൽ ഉഴപ്പാനുള്ള ധൈര്യവും തല്ലിനും തെറിക്കുമുള്ള തൊലിക്കട്ടിയുമെങ്കിലും വേണം. ഇതിപ്പോ ഒന്നാമനുമല്ല ഒടുക്കത്തവനുമല്ലാത്ത ഒരുതരം സാധാ ഇനം ജീവി. ഉണ്ടോന്ന് ഹാജറെടുത്താൽ ഉണ്ട് എന്നാൽ ശരിക്കും കണ്ടവരൊട്ട് ഇല്ലതാനും. ഇനി ഇല്ലേലും, അയ്യോ കണ്ടില്ലല്ലോന്ന് ഒരുത്തനും ചോദിക്കില്ല.

പഠിപ്പികളുടെ കൂട്ടത്തിൽ വലിഞ്ഞുകയറാൻ ഒരിക്കൽ ഒരു ശ്രമം നടത്തി. ബുദ്ധിയുള്ള കൂട്ടമായതുകൊണ്ട് ബുദ്ധിയില്ലാത്തവൻ്റെ വിവരക്കേട് പെട്ടന്ന് തിരിച്ചറിഞ്ഞു. അവഗണനയുടെ ഭാരം പുസ്തകസഞ്ചിയേക്കാൾ കൂടുതലായപ്പോൾ അവൻ ആ കൂട്ടിൽ നിന്ന് പുറത്തുചാടി.

പഠിച്ചു നന്നാവാമെന്നുള്ള ആഗ്രഹം പാതിവഴിയിൽ ഉപേക്ഷിച്ച് പുതിയ മാർഗ്ഗങ്ങളാലോചിച്ച് പിറ്റേന്നും സ്കൂളിലേയ്ക്കുള്ള നടപ്പ് തുടർന്നു. ദുർനടപ്പായതുകൊണ്ട് തന്നെ നിയമങ്ങൾക്കൊന്നും വഴങ്ങിക്കൊടുക്കാതെ രണ്ടടി മുന്നോട്ട് പിന്നെ ഇടത്തോട് വലത്തോട്ട് അങ്ങനെ തോന്നിയയിടത്തോട്ടൊക്കെ വളഞ്ഞുതിരിഞ്ഞ അവൻ്റെ വഴികൾക്ക് മാത്രം നീളക്കൂടുതലായിരുന്നു. അങ്ങനെ ഇഴഞ്ഞുനീങ്ങുന്നതിനിടയിൽ

സ്കൂളിലേക്കുള്ള അവസാനത്തെ പിള്ളേരുകൂട്ടവും അവനെ പിന്നിലാക്കി മുന്നേറി.

ഇത്തിരിപ്പോന്ന വലിയ കലാകാരന്മാരൊക്കെ ഉള്ളതായിരുന്നു ആ കൂട്ടം. എങ്ങനെയെങ്കിലും ആ അവസാന കുട്ടത്തിൽ എങ്കിലും കയറിപ്പറ്റണമെന്ന തീവ്രമായ ആഗ്രഹം അവനിലെ കലാകാരനെ പുറത്തെടുത്തു.

'താൻ എന്താ അത്ര മോശാണോ, ഇവരെക്കാൾ നന്നായി കൊട്ടും പാട്ടുമൊക്കെ ചെയ്തേനെ തന്നെയും ഇതൊക്കെ പഠിക്കാൻ വിട്ടിരുന്നെങ്കിൽ'.

ഒരു കുഞ്ഞു സ്വകാര്യ അഹങ്കാരം അങ്ങനെ അവനിലും മുളപൊട്ടി.

കൈ വീശി വീശി നടന്ന വിനുവിൻ്റെ മനോഗതമറിഞ്ഞ സഹയാത്രി പുസ്തകസഞ്ചി ആടിക്കുലുങ്ങിച്ചിരിച്ചു നിലത്തുവീണു. പുസ്തകങ്ങളും അവൻ്റെ മനസ്സിനൊത്ത് പെരുമാറി, മണ്ണിനെ നമസ്കരിച്ചു. ഒരുതരം ദക്ഷിണ വയ്പ്പ്, ഭൂമിദേവിക്ക്. എന്നും വിനുവിൻ്റെ വിരലുകളുടെ തലോടലൽ തെരു തെരെ ഏറ്റുവാങ്ങുന്ന ചോറ്റുപാത്രത്തിന് പക്ഷേ കാര്യങ്ങൾ അതങ്ങനെയല്ല. വീഴ്ച്ചയുടെ ആഘാതം താങ്ങാനായില്ല, അത് പേടിച്ച് തൂറിപ്പോയി. പുസ്തകങ്ങളിലൊക്കെ പറ്റി, തൊടാൻ അറപ്പായി, ആകെ അങ്കലാപ്പായി. വിനുവിന് കരയണമെന്നുണ്ട് പക്ഷേ കാണാനാളില്ലാത്തവൻ കരഞ്ഞിട്ടെന്തിനാ !!

'ആരെങ്കിലും കണ്ട് നാണക്കേടാകുന്നതിന് മുമ്പ് എല്ലാം കൂടി വാരിക്കൂട്ടി വിട്ടിലേക്ക് തിരിച്ച് പോയാലോ ? സ്കൂളിൽ പോകാതിരിക്കാൻ മനപ്പൂർവ്വം ചെയ്തതാന്ന് പറഞ്ഞ് അമ്മ തല്ലും. വയറ്റുവേദന, തൂറാൻമുട്ടൽ, കാലുളുക്കി ഞൊണ്ടിനടപ്പ്, ഇതൊക്കെ മടക്കയാത്രയ്ക്കുള്ള ഓരോരോ കാരണങ്ങളാണ്. ഇതും അക്കൂട്ടത്തിലൊന്നായേ അമ്മ കാണു. അതിലും ഭേദം യാത്ര സ്കൂളിലേക്ക് തന്നെ.' അവൻ മുന്നോട്ട് തന്നെ നടന്നു.

എത്തിയപ്പോഴേയ്ക്കും അസമ്പിള്ളി തുടങ്ങി, ഇനിയിപ്പോ റ്റീച്ചറുടെ അനുമതി വാങ്ങിവേണം ക്ലാസ്സിൽ കയറാൻ. നെഞ്ചിടിപ്പ് കൂടുന്നു, മുട്ടിടിക്കുന്നു മുള്ളാൻമുട്ടുന്നു. അസമ്പിള്ളി കഴിഞ്ഞു വരുന്നവരെ വരവേൽക്കാനെന്നോണം ക്ലാസ്സുമുറിയുടെ വാതിലിനോട് ചേർന്ന് പുറത്തായി തലകുനിച്ച് നിലയുറപ്പുച്ചു. പല പല ക്ലാസ്സുകാര് നിരനിരയായി വരാന്തയിലൂടെ നടന്നുപോകുന്നു. വായടച്ച് ചിരിച്ചവരും വാ തുറന്ന് ചിരിച്ചവരും ചെവിയിൽ പയ്യെ കൂകിയും തോണ്ടിയുമൊക്കെ നടന്നവരും ആരും തന്നെ അവൻ്റെ ചങ്കിടിപ്പ് മാത്രം കേട്ടില്ല. രണ്ടായിരത്തോളം വരുന്ന കുട്ടികൾ തിങ്ങിഞെരിഞ്ഞു നടക്കുന്നയിടത്തും ഒരുത്തന് തീർത്തും ഒറ്റപ്പെട്ടിരിക്കാൻ ഇത്രയുമിടം തന്നെ ധാരാളം!

എല്ലാവരും ക്ലാസ്സിൽ കയറി, പിന്നാലെയായി റ്റീച്ചറും കയറി. അറവുശാലയിലെത്തിയ പശുവിൻ്റെ കണക്കേ തല ഒന്ന് ക്ലാസ്സിലോട്ട് വലിച്ചുനീട്ടി കെഞ്ചി.

"കേറിക്കോട്ടെ റ്റീച്ചറേ...; ഞാൻ ഇങ്ങോട്ട് വന്നോണ്ടിരുന്നപ്പോ എൻ്റെ കാല് തെന്നി... '

ബലിമൃഗം നല്ല ഇനമാണെങ്കിലെ ഫലമുള്ളു എന്ന വകതിരിവുള്ള റ്റീച്ചറായിരുന്നകൊണ്ട് കൂടുതൽ ഒന്നും പറയാതെ ഒന്നു മുരണ്ടു

"കേറിപ്പോടാ..."

ആ ഒറ്റ വാക്കിൽ പ്രശ്നം തീർന്നു.

ആകെ ഒരു പുളിച്ച മോരിൻ്റെയും കാബേജിൻ്റെയും മണം. ഇരിപ്പിടങ്ങൾ റോൾ നമ്പർ അനുസരിച്ചാണ്. കൂട്ടത്തിൽ ബെഞ്ചിലിരിക്കുന്നവർക്ക് സഹിക്കാതെ വേറെ വഴിയില്ല.

"അയ്യേ, എന്തു നാറ്റാ നിന്നെ, എന്നെ തൊട്ടാ ഞാൻ പറഞ്ഞുകൊടുക്കും." തൊട്ടടുത്തിരിക്കുന്ന ഹതഭാഗ്യൻ തോമസ് ആക്രോശിച്ചു. അതുകേട്ട് അവൻ്റെ അപ്പുറത്തെ മിനിമോളോന്ന് വിനുവിനെ എത്തിനോക്കി. സ്കൂളിൽ അവനെ കണ്ടുവെന്ന് അവന് തോന്നുന്ന ചുരുക്കം ചിലരിലൊരാളാണ് മിനിമോള്. വലിയ ഇണക്കമോ പിണക്കമോ ഒന്നുമില്ലേലും കളിയാക്കാറില്ലാന്നൊരു തോന്നൽ. അതൊരു ആത്മവിശ്വാസത്തിൻ്റെ വീണ്ടെടുപ്പുകൂടിയാണ്. കാര്യം പിടികിട്ടാതെ അവളും പയ്യെ തല നേരയാക്കി റ്റീച്ചറെ നോക്കി തിരിഞ്ഞിരുന്നു. അതോടെ അന്ന് അവിടെയും ആശ്വസിക്കാനൊന്നുമില്ലെന്ന് ബോധ്യമായി.

ആ ക്ലാസ്സ് അങ്ങനെ കഴിഞ്ഞു. അടുത്തത് സാമൂഹ്യപാഠം. ഈ പാഠം അങ്ങനെ ഇരുന്നു കേട്ട ചരിത്രം കുറവാണ്. വാളെടുത്താൽ പിന്നെ കൊന്നിട്ടേ ഉറയിലിടൂന്ന് തീർപ്പുകൽപ്പിച്ചിറങ്ങിയ ജാൻസി റാണിയാണ് വരാൻ പോകുന്നത്. വിനുവിന് മാത്രമായൊരു ഭയപ്പാടില്ല ഇവിടെ. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ചോദിക്കുന്നു, പറയുന്നു, പഠിച്ചതും പഠിക്കാത്തതും പങ്കുവെയ്ക്കുന്നു. കൊടുക്കാനും വാങ്ങാനുമൊന്നുമില്ലാത്തവൻ കൈയ്യിലെ അടിപ്പാടുകൾ തിരുമ്മുന്നു. സർവ്വ വിചാരവികാരകങ്ങളോടും കൂടി തന്നെ അവൻ നിർവികാരത അഭിനയിച്ചിരുന്നു.

അല്പം വൈകിയിട്ടും റ്റീച്ചർ എത്താത്തതിനാൽ ആശ്വാസത്തിൻ്റെ നുറുങ്ങുവെട്ടം പലരുടെയും മുഖത്ത് പ്രകാശം പരത്തിത്തുടങ്ങിയിരിക്കുന്നു. മിടുക്കുതെളിയിക്കാൻ കച്ചകെട്ടി വന്ന ജോത്സനയ്ക്ക് മാത്രം പക്ഷേ മ്ലാനത !

ഒമ്പതിലും പത്തിലും പഠിപ്പിക്കുന്ന, കണ്ടാൽ ഗൗരവക്കാരനായ കൊമ്പൻ മീശയുള്ള മാത്യൂസ് സാറ് ദാ വരുന്നു പകരക്കാരനായി. കാട്ടുകോഴിക്കെന്തു സംക്രാന്തി, വിനുവിന് മാത്രം അപ്പോഴും ഒരു ഭാവഭേദവുമില്ല.

പൊടിമീശയ്ക്കൊപ്പം ഹുങ്കും മുളപൊട്ടുന്ന പ്രായക്കാരെ കൈകാര്യം ചെയ്യുന്ന സാറിന് ഈ മുക്കാൽമണിക്കൂറ് പക്ഷേ നേരമ്പോക്കിൻ്റെതാണ്. പിള്ളേരെ മൊത്തമായൊന്ന് നോക്കി. പിന്നെ പ്ലാസ്റ്റിക്ക് വള്ളി കെട്ടിയ പഴയ മരകസേരയിൽ ചാരിക്കിടന്നു. മുന്നിലുള്ള മേശയുടെ അടിയിലെ ഒടിയാറായ താങ്ങ് കോലിൽ കാലിന്മേൽ കാലും കയറ്റി ആഞ്ഞു കുലുക്കി വിശ്രമമാരംഭിച്ചു. സർവ്വത്ര മൗനം.

പിന്നെ പെട്ടന്ന് ഒരു പ്രകോപനവുമില്ലാതെ തലപൊക്കി ഒരു ചെറു കടംകഥ പിള്ളേർക്കുനേരെ വീശി എറിഞ്ഞു. "നോക്കട്ടെ, കൂട്ടത്തിലാരാ മിടുക്കരെന്ന് ."

മിടുക്കന്മാരൊക്കെ പരാക്രമം കാട്ടിയെങ്കിലും അങ്ങ് തെളിയിക്കാൻ പറ്റിയില്ല. വിനു അതിനൊട്ട് മുതിർന്നുമില്ല. നിലംപൊത്താൻ കാത്തിനിൽക്കുന്ന സാറിൻ്റെ മുഴുത്തു മുഷിഞ്ഞ കാലുകളിലാണവൻ്റെ ശ്രദ്ധ. എല്ലാവരും തോൽവി സമ്മതിച്ച് പിൻവാങ്ങിയിട്ടും സമയം പിന്നേയും ബാക്കിയായി. സാറ് പയ്യെ എഴുന്നേറ്റ് മേശപ്പുറത്തു കിടന്ന മുറിചോക്കെടുത്ത് ബോർഡിലൊരു പടം വരച്ചു. രണ്ടു മൂന്ന് ഗോണിപ്പടികൾ അങ്ങോട്ടുമിങ്ങോട്ടും കിടത്തിയും ചാരിയുമൊക്കെ വച്ചിരിക്കുന്നതിനിടയിലെ കളങ്ങൾക്കുള്ളിൽ ചില അക്കങ്ങളങ്ങനെ വിതറിയിട്ടു.

"അക്കങ്ങളാവർത്തിക്കാതെ എങ്ങോട്ട് കൂട്ടിയാലും ഒരേയുത്തരം കിട്ടാൻ ഒഴിഞ്ഞ കളങ്ങളിൽ അക്കങ്ങളിടണം."

സാറ് കളിയുടെ നിയമം പറഞ്ഞു. ക്ലാസ്സിന് ആകെ ഒരുണർവായി, ഒറ്റയ്ക്കും കൂട്ടമായും ശ്രമങ്ങൾ തുടങ്ങി. എഴുതുന്നു, കൂട്ടുമ്പോൾ തെറ്റുന്നു, മായ്ക്കുന്നു, പരസ്പരം ഒളിപ്പിക്കുന്നു, സന്തോഷിക്കുന്നു, സങ്കടപ്പെടുന്നു, അങ്ങനെ സർവ്വ ഭാവങ്ങളും ആ നാലു ചുമരുകൾക്കുള്ളിൽ നടമാടാൻ തുടങ്ങി. പെൻസിലും പേപ്പറും പോലുമെടുക്കാൻ മടിതോന്നിയ വിനു മാത്രം വെറുതെ ബോർഡിലെ പടത്തിലേക്ക് മിഴിച്ചുനോക്കിയിരുന്നു.

''കിട്ടിപ്പോയി... "

അപ്രതീക്ഷിതമായി ശബ്ദമുണ്ടാക്കി കൈപൊക്കിയവനെ കണ്ടപ്പോൾ മിടുക്കന്മാർക്ക് ആശ്വാസമായി. പിന്നെ കൂട്ടച്ചിരിയായി, പരിഹാസമായി. അമളി പറ്റിയ വിനു തലതാഴ്ത്തി ചമ്മൽ മറക്കാനുള്ള ശ്രമത്തിലായി.

"നീ ഇങ്ങ് വാടാ, നിൻ്റെ പേരെന്നാ." സാറ് വിളിച്ചു.

"വിനു; ഞാൻ പെട്ടന്ന് ഉത്തരം കിട്ടീന്ന് തോന്നിയപ്പാ അറിയാതെ പറഞ്ഞുപോയതാ.." കരച്ചിലടക്കിപ്പിടിച്ച് വിനു സാറിൻ്റടുത്തു വന്നു പറഞ്ഞു.

"നീ എന്നാടാ, അതിനടിയിലൊളിച്ചിരുന്ന് ചോറുണ്ടോ? നിന്നെ ആകെ കറി നാറുന്നല്ലോ?"

ഒരു പത്തുവയസ്സുകാരന് താങ്ങാവുന്നതിൻ്റെ പരിധി കഴിഞ്ഞു. അവൻ കരഞ്ഞുപോയി. വാക്കുകൾ മുറിഞ്ഞ് വീണ്, ചത്ത് മരവിച്ച്.

"നിനക്ക് തോന്നിയ അക്കങ്ങൾ അതിലെഴുതിക്കേ നീ, ഞാനൊന്ന് കാണട്ടെ". ചോക്ക് നീട്ടിയിട്ട് സാറ് പയ്യെ പറഞ്ഞു. ആർക്കും മുഖം കൊടുക്കാതെ ബോർഡിലേക്ക് നോക്കാൻ കിട്ടിയ അവസരം അവനും ഒരു ആശ്വാസമായി.

കുറച്ചുനേരം അനങ്ങാതെ നിന്നു; മിഴിച്ചു നോക്കി, പിന്നെ എന്തൊക്കെയോ എഴുതിനിറച്ച് ചോക്ക് തിരിച്ചു കൊടുത്ത് ശിക്ഷ ഏറ്റുവാങ്ങാൻ തലകുനിച്ചു. ബോർഡിലൊന്ന് കണ്ണോടിച്ച കണക്കുമാഷിൻ്റെ ചുണ്ടിലൊരു ചിരി വിടർന്നു.

"ആറിലും ഏഴിലും പോലും ഇത്ര പെട്ടന്ന് ആരും ഇതിന് ഉത്തരം പറഞ്ഞില്ലെടാ. നീ മിടുക്കനാ. കഴിഞ്ഞ പരീക്ഷയ്ക്ക് നിനക്ക് കണക്കിനെത്ര മാർക്കാ?"

"13"

"എത്രേല് ?"

" 50 ല് "

"അപ്പോ നീ ശരിക്കും മിടുക്കൻ തന്നാ. അടുത്ത പരീക്ഷയ്ക്ക് 50 വാങ്ങീട്ട് സ്റ്റഫ് റൂമില് വന്ന് എൻ്റെ കൈയ്യീന്ന് ഒരു സമ്മാനം വാങ്ങിക്കോണം, കേട്ടോടാ.. ഇപ്പോ ഇതേ ഉള്ളെടാ, വെച്ചോ." പോക്കറ്റിൽ നിന്ന് പച്ച പൊതിയുള്ള ചെറിയ രണ്ടു പ്യാരി മിഠായി എടുത്തു അവൻ്റെ ഷർട്ടിൻ്റെ പോക്കറ്റിലിട്ടുകൊടുത്തു.

ദുർഗന്ധമവനെ പെട്ടന്ന് വിട്ടൊഴിഞ്ഞ പോലെ;

കണ്ണുകൾ പ്രകാശിക്കാൻ തുടങ്ങി. മിന്നാമിനുങ്ങിൻ്റ നുറുങ്ങുവെട്ടം പോലൊന്ന് അവനും കാണാൻ തുടങ്ങി. അപമാനം പയ്യെ ആത്മവിശ്വാസത്തിനായി വഴിമാറി.

ഒരു ഇടവേളക്കായി ബെല്ലടിച്ചു! എല്ലാം പഴയപടി, മണ്ടർ മണ്ടരായും മിടുക്കർ മിടുക്കരായും തുടർന്നു. വിനു മാത്രം പെട്ടന്ന് ചുവടു മാറ്റിയിരിക്കുന്നു.

മണ്ടനെ ബുദ്ധിമാനാക്കി മാറ്റിയ മഹാനാണ് താന്നെന്നറിയാതെ മാത്യൂസ് സാറും മടങ്ങി.

ഇടവേളയിൽ എല്ലാം മറന്നവൻ പറന്നു നടന്നു. ആർക്കും അവനെ പിന്നെ നാറിയില്ല.

"നീയിതെങ്ങനെ കണ്ടുപിടിച്ചു? നിനക്കപ്പോ ശരിക്കും നന്നായി പഠിച്ചുടെ, സാറ് പറഞ്ഞല്ലോ നല്ല ബുദ്ധിയാന്ന്." മിനിമോൾടെ കുശലമന്വേഷണം വിനുവിൻ്റെ ആത്മവിശ്വാസത്തെ ആളിക്കത്തിച്ചു.

"ഉം, അടുത്ത പരീക്ഷയ്ക്ക് 50 ൽ 50 വാങ്ങണോന്ന് സാറ് പറഞ്ഞതല്ലേ, അപ്പോ വാങ്ങാതെ പറ്റില്ലല്ലോ" അവൻ്റെ വാക്കുകൾക്ക് വല്ലാത്തൊരു തീക്ഷണയുണ്ടായിരുന്നു.

ഇടവേള കഴിഞ്ഞ് പിന്നെയും ക്ലാസ്സ്റ്റീച്ചർ( ശാന്ത റ്റീച്ചർ) തന്നെ എത്തി. രണ്ടാഴ്ച കൂടുമ്പോ ക്ലാസ്സിൽ ലൈബ്രറി പുസ്തകം വിതരണം ചെയ്യുന്ന പതിവുണ്ട്. വായനശീലമുള്ളവർക്കും, ഉണ്ടെന്ന് കാണിക്കേണ്ടവർക്കും എണീറ്റു വന്ന് റ്റീച്ചർ കൊണ്ടുവന്ന പുസ്തകക്കൂട്ടത്തിൽ നിന്ന് ഏതെങ്കിലുമൊരെണ്ണം പേരും നാളുമൊക്കെ എഴുതിക്കൊടുത്ത് എടുക്കാം. വായിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞാൽ മടക്കികൊടുക്കണമെന്നതാണ് നടപ്പ് രീതി.

പെട്ടന്ന് ബുദ്ധിമാനായി സ്ഥാനകയറ്റം കിട്ടിയ വിനുവെങ്ങനെ പുതിയ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറും ! ജീവിതത്തിൽ ആദ്യമായി അവനതിൽ നിന്നു ഒരു പുസ്തകമെടുത്തു. കാഴ്ച്ചയിൽ ശക്തിമാന്മാർക്കും ബുദ്ധിമാന്മാർക്കുമുള്ളതെന്ന തോന്നൽ ജനിപ്പിച്ച ഒരെണ്ണം തന്നെ. 'The Three Musketeers'.

അന്നത്തെ മടക്കയാത്രയിൽ അവന് ആരും കൂട്ട് വേണമെന്ന് തോന്നിയില്ല. മനസ്സുനിറയെ മാത്യുസ് സാറാണ്. പിന്നെ 50/50 ഉം. ഇന്ന് വേഗത്തിലാണ് നടപ്പ്. വീട്ടിലെത്തി ചോറ്റുപാത്രം തുറന്നുപോയി പട്ടിണിയായതിൻ്റെ പങ്കുകൂടി വെട്ടിവിഴുങ്ങി.

"ആ പുസ്ത്തോങ്ങളെടുത്ത് കഴുകി പുറത്തുവക്കെടാ, നാറ്റം പോട്ടെ." ചെയ്തുകൊടുക്കാൻ ഭാവിക്കാതെ അമ്മ പറഞ്ഞ് അങ്ങ് പോയി.

അന്ന് അതിനോടവന് മടുപ്പ് തോന്നിയില്ല. എല്ലാം പുറത്തേയ്ക്ക് കൊട്ടിയിട്ടു. ചായയിൽ മുക്കിയ ബിസ്ക്കറ്റ് പോലെ 'The Three Musketeers' ൻ്റെ രണ്ടു തുമ്പുകൾ മോരിൽ കുതിർന്ന് വളഞ്ഞുതുടങ്ങിയിരിക്കുന്നു. എല്ലാമൊന്നും കഴുകാൻ കൂട്ടാക്കിയില്ലെങ്കിലും അവനത് കഴിയുന്ന പോലെ വൃത്തിയാക്കി ഉണക്കാൻ വച്ചു.

സന്ധ്യയായി. ആരും പറയാതെ അവൻ കണക്കു പുസ്തകം പഠിക്കാൻ തുറന്നു. വിചാരിച്ച പോലെ എളുപ്പമല്ല കാര്യങ്ങൾ. ഒന്നും മനസ്സിലാകുന്നില്ല. കുറേ കാണാതെ പഠിക്കാനും ശ്രമിച്ചു. എങ്കിലും അവൻ ശ്രമമുപേക്ഷിച്ചില്ല, മാത്യൂസ് സാറിൻ്റെ പ്രചോദനം അത്ര ആഴത്തിലേക്കായിരുന്നു വിത്തു പാകിയത്.

ദിവസങ്ങളും ആഴ്ച്ചകളും നീങ്ങി. ലൈബ്രറി പുസ്തകം മടക്കിവാങ്ങാനും പുതിയതു കൊടുക്കാൻ ശാന്ത റ്റീച്ചറെത്തി. പതിവില്ലാത്ത പണി എങ്ങനെ ഓർക്കാൻ! വിനുവത് മറന്നു. മോര് കഴുകിക്കളഞ്ഞ് ഉണക്കാൻ വച്ചിട്ട് പിന്നെ എടുത്തിട്ടേയില്ല. അതിനും കിട്ടി ചെറിയ ശകാരം.

"നാളെ ഉച്ചയ്ക്ക് സ്റ്റാഫ് മുറിയിൽ കൊണ്ടെത്തിച്ചേക്കണം." റ്റീച്ചറുടെ ശബ്ദത്തിൽ ഗൗരവം മുഴച്ചു നിന്നു.

പറഞ്ഞപോലെ പിറ്റേന്ന് പുസ്തകവുമായി സ്റ്റാഫ് മുറിയിലെത്തി. ഉച്ചയൂണ് കഴിഞ്ഞ ഇടവേളയാണ്. അദ്ധ്യാപകരെല്ലാം വട്ടം കൂടിയിരുന്ന് അന്താക്ഷരി കളിക്കുന്നു. വിനുവിൻ്റെ കണ്ണുകൾ ആദ്യം തിരഞ്ഞത് മാത്യൂസ് സാറിനെയാണെങ്കിലും അവിടെ കണ്ടില്ല. സാറ് പിന്നേയും ആർക്കോ മിഠായി കൊടുക്കാൻ പോയിക്കാണുമോ ! സോളി റ്റീച്ചറുടെ മേശപ്പുറത്ത് ചാരി നിന്ന് പാട്ടു പാടുന്ന ശാന്ത റ്റീച്ചർക്ക് വിനുവിൻ്റെ അപ്പോഴത്തെ വരവ് ദഹിച്ചില്ല.

"എന്താടാ ?"

"ഇത് തിരിച്ച് തരാൻ വന്നതാ റ്റീച്ചറെ"

"എൻ്റെ മേശപ്പുറത്ത് വച്ചേച്ച് പൊക്കോ" റ്റീച്ചറ് പിന്നേയും പാട്ടിലേയ്ക്ക് കടന്നു. മാത്യൂസ് സാറിനെ കാണാൻ കിട്ടിയ അവസരം പാഴായതിൽ അവനും സങ്കടം വന്നു.

പുജയ്ക്ക് മൂന്നും ശനിയും ഞായറും കൂട്ടി അഞ്ചുദിവസത്തെ ഒരു അവധി അടുത്തു വരുന്നു. അന്ന് ശാന്ത റ്റീച്ചർ ഹാജറെടുത്തതിനു ശേഷം, മൂന്ന് പേരുകൾ വായിച്ചു.

" ബിനോയ് മോഹൻ, വിനു വിജയൻ, സൂസൻ കുര്യൻ, നിങ്ങള് മൂന്ന് പേരും നാളെ തന്നെ ലൈബ്രറി പുസ്തകം 50 പൈസ ഫൈനടക്കം കൊണ്ടുവരണം. പൂജയ്ക്ക് പോകുന്നതിന് മുമ്പ് ലൈബ്രറിയിൽ ഏൽപ്പിച്ചില്ലൽ ഫൈൻ ഇനിയും കൂടും."

"ഞാൻ അന്ന് അത് റ്റീച്ചർടെ മേശപ്പുറത്ത് വച്ചതാ." വിനു ചാടി എണീറ്റ് പറഞ്ഞു.

'' എന്ന് ? പഠിക്കത്തുമില്ല, പിന്നെ നുണയും പറയുന്നോടാ ? പുസ്തകമില്ലേൽ അതിൻ്റെ കാശു കൂടി കൊണ്ടുപോരെ." ശാന്ത റ്റീച്ചറുടെ ശാന്തഭാവമില്ലാത്ത ഉത്തരം അവനെ ഞെട്ടിച്ചു.

വീട്ടിൽപ്പോയി പറയുന്ന ചിത്രം അവൻ്റെ മസ്തിഷ്കത്തെ മരവിപ്പിച്ചു. സാമൂഹ്യപാഠം ജാൻസി റാണിയുടെ അടിയൊക്കെ എത്ര നിസ്സാരം ! കാശ് കിട്ടാൻ പോകുന്നില്ലെന്ന് മാത്രമല്ല തോൽക്കുമ്പോൾ കിട്ടുന്നതിൻ്റെ പത്തിരട്ടി ശിക്ഷ ഉറപ്പാണ് ഫൈൻ കൊടുക്കാൻ അച്ഛനോട് കാശ് ചോദിച്ചാൽ. അതിനുള്ള ധൈര്യം അവനാർജ്ജിച്ചിട്ടില്ല. പിന്നെ പുസ്തകം ! അത് കൊടുത്തൂന്ന് ഇനി എങ്ങനെ സ്ഥാപിക്കും. റ്റീച്ചറുടെ കയ്യിലില്ലെങ്കിൽ പിന്നെ അതെവിടപ്പോയി, എന്തുചെയ്യും ! വിനു ആകെ തകർന്നു പോയി.

അച്ഛൻ്റ ഭയങ്കരഭാവങ്ങളുള്ള അലർച്ച അവൻ്റെ ആമാശയത്തിൻ്റെ ഭിത്തികളിൽ തട്ടി തലച്ചോറിൽ പ്രതിധ്വനിച്ചു. ഇടവേളയ്ക്ക് ബെല്ലടിച്ചതും അവൻ സ്റ്റാഫ്മുറിയിലേക്ക് ഓടി. പതിവില്ലാത്തിsത്ത് പോകുന്ന സഭാകമ്പമുണ്ടെങ്കിലും വേറെ മാർഗ്ഗമില്ല. അവൻ ശാന്തറ്റീച്ചറുടെ മേശക്കരികിലെത്തി വിങ്ങിപൊട്ടി

"ഞാൻ തന്നായിരുന്നു പുസ്തകം, സത്യായിട്ടും തന്നതാ. ഇവിടാ വെച്ചേ."

"നീ തന്നെ നോക്ക് അവിടെങ്ങാനുമുണ്ടോന്ന്."

പേടിച്ചു കൈവിറയ്ക്കുന്നുണ്ടെങ്കിലും മേശപ്പുറത്ത് അട്ടിയിട്ട നോട്ടുബുക്കുകൾക്കിടയിലും മുകളിലും താഴെയുമൊക്കെ അവൻ വാളേന്തി നിൽക്കുന്ന 'The Three Musketeers' നെ തിരഞ്ഞു. റ്റീച്ചർ അവൻ്റെ നിഷ്ഫല ശ്രമത്തെ മൗനമായി നോക്കിക്കണ്ടുനിന്നു. അവൻ്റെ വിശ്വാസം അവനെ രക്ഷിക്കട്ടെന്ന് കരുതിയാവും!

"ഇവിടെയില്ല" വിനു വിതുമ്പി

"നീ വീട്ടിൽ പോയി ഒന്നൂടെ നോക്ക്, എവിടേലും മറന്നു വെച്ചിട്ടുണ്ടാവും". ശാന്തറ്റീച്ചറുടെ ശാന്ത സ്വരം വിനുവിന് ആശ്വാസമായില്ല.

"ഉം, ഞാൻ നോക്കാം. പക്ഷേ, എത്ര രൂപയാ പുസ്തകത്തിന് ?"

"ഏതാ പുസ്തകം?"

''ദി ത്രീ മുസ്ക് റ്റീർസ് "

"എന്തിനാടാ കുറച്ചേ? നിനക്ക് Sherlock Holmes എടുക്കായിരുന്നില്ലേ, ഇപ്പോ തന്നെ കണ്ടുപിടിച്ചേനേലോ ! "

റ്റീച്ചറുടെ പരിഹാസം മനസ്സിലാക്കാനുള്ള പരിജ്ഞാനം ഇല്ലാതിരുന്നതുകൊണ്ട് അവർ ചിരിച്ചുമില്ല കരഞ്ഞുമില്ല.

''നിനക്ക് വല്ല മലയാളവുമെടുത്താ പോരാലേ, പേരു പോലും പറയാൻ അറിയാത്ത ഇംഗ്ലീഷ് തന്നെ വേണം! എന്നിട്ട് വായിച്ചോടാ നീ ? "

''മ്ച്ചും."

''നിൻ്റെ അപ്പന് ഇതിതുമാത്രം കാശ് ഒണ്ടോടാ, ഇതിനൊക്കെ കൊണ്ടുപോയി കളയാൻ?"

റ്റീച്ചർ എണീറ്റ് സ്റ്റാഫ് മുറിയുടെ മുലയ്ക്കിരിക്കുന്ന അലമാരയിൽ നിന്ന് നീണ്ട് നിവർന്ന രണ്ടു മൂന്ന് പുസ്തകങ്ങളെടുത്ത് തിരിച്ചും മറിച്ചും നോക്കി. തുറന്നുകിടന്ന അലമാരപ്പാളികൾക്ക് ഉള്ളിലേയ്ക്ക് അവൻ്റ കണ്ണുകൾ ഏറെ പ്രതീക്ഷയോടെ വാളേന്തി നിൽക്കുന്ന മുവരെ തിരഞ്ഞുകൊണ്ടിരുന്നു

ഹരിച്ചും ഗുണിച്ചും നോക്കി റ്റീച്ചർ പറഞ്ഞു.

"അമ്പത്തിയേഴ് രൂപ അമ്പതു പൈസ."

ഇത്തിൽ കണ്ണി ചുറ്റിപ്പിടിച്ച തൈമാവ് കണക്കെ അവൻ ഞെരിഞ്ഞമർന്നു. റ്റീച്ചറാണ് പുസ്തകം കളഞ്ഞതെന്ന് പറയണമെന്നുണ്ടായിരുന്നു, പക്ഷേ പറ്റിയില്ല. എല്ലാ സത്യങ്ങളും ഉറക്കെ പറയാൻ പാടില്ലെന്ന് അനുഭവം അവൻ പണ്ടേ പഠിപ്പിച്ചു കാണണം! സ്വയം രക്ഷപ്പെടാനുള്ള വഴികളെല്ലാമടഞ്ഞു. വീട്ടിൽ പറയാനുള്ള ധൈര്യമില്ല മോഷ്ടിക്കാനായുള്ള കലയുമില്ല, കഴിവുമില്ല. ഉത്തരമില്ലാത്ത ചോദ്യവുമായി അവൻ പയ്യെ ക്ലാസ്സിലേയ്ക്ക് മടങ്ങി. രണ്ടാഴ്ച്ച മുമ്പ് തന്നെ ചതിച്ച ചോറുപാത്രത്തോട് അവനും വെറുപ്പ് തോന്നി. തൊട്ടുമില്ല, തലോടിയുമില്ല; വിശപ്പവനറിഞ്ഞുമില്ല.

പൂജയ്ക്ക് സ്കൂള് പൂട്ടി. പുസ്തകം തൊടാതെ കളിക്കാനുള്ള സ്വാതന്ത്ര്യകാലം. വിനു മാത്രം പക്ഷേ പുസ്തകകൂട്ടങ്ങളിലും പഴയപെട്ടികളിലും പത്രക്കൂട്ടത്തിനിടയിലുമൊക്കെയായി തപ്പിതിരഞ്ഞു നടന്നു, ഇനി റ്റീച്ചർ പറഞ്ഞപോലെ അവൻ തന്നെ എവിടേലും മറന്നു വെച്ചതാണോന്ന്, ഒരാഗ്രഹമങ്ങനെ ഇല്ലാതെയുമില്ല. ഇതിനിടയിൽ മറ്റൊന്നുകൂടി കളഞ്ഞുപോയി. അതവനറിഞ്ഞുമില്ല. കണക്കിന് 50/50 എന്ന വലിയ സ്വപ്നം !

ആ ദിനങ്ങളിലെ രാത്രികാലങ്ങളിൽ അവൻ്റെ ചിന്തകൾക്ക് കാവൽ കിടന്നത് ഒരു വശത്ത് റ്റീച്ചറും പുസ്തകത്തിൻ്റെ കാശും മറുവശത്ത് അച്ഛനും അടിയും. വശങ്ങളിലേക്ക് നോക്കാതെ കണ്ണുകൾ ഫാനിൽ നിലയുറപ്പിച്ച് അവൻ ഉണർന്നിരുന്ന് ഉറങ്ങി.

അഞ്ചുദിവസമെങ്ങനെയോ പോയി. പാഴായിപ്പോയി. അവൻ്റെ നിശ്ശബ്ദത പിടിക്കപ്പെട്ടു. അമ്മയ്ക്കു മുന്നിൽ ഒരുപാട് നേരം പിടിച്ചുനിൽക്കാനായില്ല. അമ്മയെ കെട്ടിപ്പിടിച്ചവൻ വാവിട്ട് കരഞ്ഞു.

"സാരില്ലാട, അച്ഛനോട് പറയാതെ നടക്കോന്ന് മ്മക്ക് നോക്കാടാ."

തലേന്നത്തെ വഴക്കിലും അപ്പനുമമ്മയ്ക്കുമിടയിൽ ഇടം നേടിയ പത്തു രൂപയുമായി തുലനം ചെയ്യുമ്പോൾ അമ്പത്തിയേഴ് രൂപ അമ്പതു പൈസ അത്ര നിസ്സാരമല്ല. അമ്മ അടുക്കളയിലേയ്ക്ക് നടന്നു, കൂടെ അവനും. അടുപ്പ് വച്ചിരിക്കുന്ന തിണ്ണക്കു താഴെ വിറകു കൂട്ടിയിട്ടിരിക്കുന്നിടത്തേയ്ക്ക് അമ്മ കുനിഞ്ഞുകയറി പഴയ ഓട്ടപ്പാത്രത്തിൽ കൈയ്യിട്ടു, കിട്ടിയതുമായി തിരിച്ചുപൊങ്ങി. അമ്മയേക്കാൾ വേഗത്തിൽ വിനുവത് എണ്ണിതിട്ടപ്പെടുത്തി. മുപ്പത്തിമൂന്ന് രൂപ. ദയനീയത അവൻ്റെ കണ്ണുകളിൽ നിഴലിച്ചു.

അമ്മ പ്രതീക്ഷ കൈവിട്ടിട്ടില്ല. അരിപാത്രത്തിൻ്റെ അടിയിലായി പേപ്പറിൽ പൊതിഞ്ഞു സൂക്ഷിച്ച സമ്പാദ്യവും പുറത്തെടുത്തു. എല്ലാം കൂടി കൂട്ടിയിട്ടും രണ്ടു രൂപ പിന്നെയും കുറവ്. ഇനി എല്ലാം അമ്മ ശരിയാക്കിക്കോളുമെന്ന് അവൻ ആശ്വസിച്ചു, വഴികളടഞ്ഞതിൽ പക്ഷേ അമ്മയ്ക്ക് വേദന ബാക്കിയായി.

"വേറെ വഴിയില്ലെടാ, നീ അച്ഛനോട് ഒരു നോട്ടുപുസ്തകം തീർന്നെന്ന് പറഞ്ഞ് നാളെ രണ്ടു രൂപ തരാമോന്ന് ചോദിക്ക്. നമ്മുക്കിതല്ലേയുള്ളെടാ പൊന്നേ. തന്നില്ലേൽ രണ്ടുരൂപ പിന്നെ തരാന്ന് റ്റീച്ചറോട് പറഞ്ഞുനോക്ക്." കൈട്ടിപ്പിടിച്ചൊരുമ്മകൊടുത്തിട്ട് അമ്മ പറഞ്ഞു. അമ്മയുടെ ആലിംഗനം അവന് പ്രാണവായുവായി.

"മൂന്നാലു പ്രാശ്യായില്ലേ നിൻ്റെ സഞ്ചി പൊട്ടണു; ആ ലില്ലിയെക്കൊണ്ട് ക്രിസ്മസ്സ് വരുമ്പോ ഒരു പുതിയ സഞ്ചി വാങ്ങാൻ വെച്ചതാടാ. ഇനി തച്ചാലും അത് നിക്കാൻ പാടാ. സാരില്ല, ഈ വർഷം കൂടി ഇങ്ങനങ്ങ് പോട്ടെ. നീ ഇത്തിരികൂടി സൂക്ഷിച്ച് ഉപയോഗിച്ചാ മതി."

അനുകൂലമായൊരു സാഹചര്യം കണ്ട് വിനു അച്ഛനോട് നോട്ട് പുസ്തകം തീർന്ന കഥ തൻമയത്തത്തോടെ അവതരിപ്പിച്ചു. പ്രതീക്ഷിച്ചത്ര പുകിലുണ്ടാകാതെ കാര്യം നടന്നു. ഇത്രയും പുസ്തകങ്ങൾ വാങ്ങി എഴുതി പഠിച്ചിട്ടും ഉത്തരക്കടലാസിലെ അക്കങ്ങളുടെ വലിപ്പക്കുറവ് ഒരു പ്രശ്നമാണ്. എന്തായാലം തൽക്കാലത്തെ പ്രശ്നമതല്ലല്ലോ.

ആശനിരാശകളുടെ ഊഞ്ഞാലിൽ ഉയർന്നും താഴ്ന്നും വിനു ആ അവധി തളളിനീക്കി. തിങ്കളാഴ്ച്ച രാവിലെ സ്കൂളിലെത്തി, 57 രൂപ 50 പൈസ കൈമുതലോടെ. പുസ്തകം കണ്ടുകിട്ടിയെന്നു പറയുന്ന റ്റീച്ചറുടെ മുഖം, പിന്നെ അമ്മയുടെ സമ്പാദ്യത്തിലേയ്ക്ക് രണ്ടു രൂപ കൂടി കൊടുത്ത് പുതിയ സഞ്ചിയും അമ്മയുടെ ഒരുമ്മയും വാങ്ങുന്ന സ്വപ്നം അവനെ കൊതിപ്പിച്ചു.

ആദ്യം ചെന്നത് സ്റ്റാഫ് മുറിയിലേയ്ക്കാണ്. ചെറിയൊരവധിയുടെയും വിശ്രമത്തിൻ്റെയും ശേഷിപ്പെന്നോണം റ്റീച്ചറുടെ മുഖം സ്വസ്ഥവും ശാന്തവുമായ നിലപാടുകളിൽ സ്ഥിരത കൈവരിച്ച പോലെ, അവനെ കണ്ടതും

"അവധിയൊക്കെ നന്നായി കളിച്ചു രസിച്ചോടാ നീ? "

റ്റീച്ചറുടെ മുഖം അവൻ്റെ പ്രതീക്ഷകൾക്ക് ചിറക് നൽകി.

"എന്താടാ രാവിലെ?"

"ആ കാണാതെ പോയ ലൈബ്രറി പുസ്തകം... "

''കിട്ടിയല്ലേ ? ഞാൻ പറഞ്ഞില്ലേ അത് വീട്ടിലെവിടേലും കാണുമെന്ന്. ഇവിടെ വെച്ചാ ഒന്നും അങ്ങനെ കാണാതെ പോവില്ല, ഇവിടെ തന്നെ ഇരിക്കും. അതല്ലെ ഞാൻ ഉറപ്പിച്ച് പറഞ്ഞത് വീട്ടിൽ പോയി നോക്കാൻ."

റ്റീച്ചർ സ്വന്തം അസ്തിത്വത്തിന് അടിവരയിട്ട് ചോദ്യവും ഉത്തരവും പറഞ്ഞു കഴിഞ്ഞിരിക്കുന്നു.

നിശ്ശബ്ദതയേക്കാൾ അനുയോജ്യമായ മറ്റൊരു ചോദ്യം അവനിലും അവശേഷിച്ചില്ല.

''പുസ്തകത്തിൻ്റെ കാശ് തരാൻ വന്നതാ..." വിനു വിതുമ്പി.

തൻ്റെയും അമ്മയുടെയും ജീവിതം വാരിക്കൂട്ടി അവൻ റ്റീച്ചറുടെ മേശപ്പുറത്ത് വച്ചു. അവരത് എണ്ണിത്തിട്ടപ്പെടുത്തി പുസ്തകത്തിൽ രേഖപ്പെടുത്തി റസീതും കൊടുത്തു.

അവൻ്റെ കണ്ണിലും മനസ്സിലും ഇരുട്ട് വീണു. മാത്യൂസ് സാറിനെ കാണണമെന്ന് അന്നവന് തോന്നിയില്ല, അങ്ങോട്ട് നോക്കിയുമില്ല. സാറ് ആളിക്കത്തിച്ച തീ പയ്യെ കെട്ട് കനലുകൾ തണുത്തുതുടങ്ങിയിരുന്നു. പിന്നീടങ്ങോട്ട് സ്റ്റാഫ് മുറി എന്നത് നഷ്ടകണക്കുകളുടെ പുസ്തകങ്ങൾ മാത്രം സൂക്ഷിക്കുന്ന ഇടമായി. പുതുമഴയിൽ പൊട്ടിമുളച്ച കൂണുകൾ കണക്കേ വിനുവിൻ്റെ സ്വപ്നങ്ങൾക്കും അല്പായുസ്സായി, അവ ചീഞ്ഞഴുകാൻ തുടങ്ങിയിരിക്കുന്നു. അവൻ ബുദ്ധിമാനിൽ നിന്ന് മണ്ടനിലേക്കുള്ള മടക്കയാത്രക്ക് ചുവടുകൾ വച്ചു നീങ്ങി, ഒറ്റയ്ക്ക്.

 

Image removed.

2You and Vineeth Chandran