Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഉപദേശി

Sujith Dan Mammen

UST Global Trivandrum

ഉപദേശി

വാരാന്ത്യ അവധിക്കു നാട്ടിൽ ചെന്നപ്പോൾ തന്നെ മുറ്റത്തു ക്ലോസപ്പ് പുഞ്ചിരിയുമായി ദിവാകരൻ അമ്മാവൻ നില്കുന്നു.

"ആ ...ഈ വഴിയൊക്കെ അറിയാമോ ?"

അമ്മാവൻ രാവിലെ തന്നെ ചൊറിയാൻ തയാറായി ആണ് നിൽപ്പ്.

"അതെന്താ അമ്മാവാ..ഇത് എൻ്റെ വീടല്ലേ..തിരക്കായതോണ്ട് ഇടക്കെ വരൂ എന്ന് വെച്ച് വഴി ഒന്നും മറന്നിട്ടില്ല."

അമ്മാവൻ ഒരു വലിയ തമാശ കേട്ടത് പോലെ ചിരിച്ചു

" അല്ല ...സാവിത്രിയേച്ചി ഇവിടെ ഒറ്റയ്ക്കാണ്..ആ ബോധം വല്ലതും നിനക്കുണ്ടോ? ഈ വീട്ടിൽ നിന്ന് ബസ് പിടിച്ചു ജോലിക്കു പോയി വന്നാൽ നിനക്കും നല്ലതല്ലേ? വാടക കൊടുക്കണ്ട, വീട്ടിലെ ഭക്ഷണം കഴിക്കാം , നീ ഇങ്ങനെ ഒരു മണ്ടൻ ആയല്ലോ "

രാവിലെ അഞ്ചു നിമിഷം താമസിച്ചു ജോലിക്കു ചെന്നാൽ "ഇറങ്ങാനുള്ള ശുഷ്‌കാന്തി കേറാൻ ഇല്ലല്ലോ രമേഷാ" എന്ന ബോസ്സിന്റെ വാചകം എൻ്റെ ചെവിയിൽ മുഴങ്ങി.

"അമ്മെ ഒരു ചായ " എന്ന് പറഞ്ഞു ഞാൻ അകത്തേക്ക് കയറി.

"ആ..നീ വന്നോ ? നീ വരുമെന്ന് പറഞ്ഞപ്പോൾ ദിവാകരൻ നിന്നെ കണ്ടിട്ടേ പോകൂ എന്ന് ഒറ്റ വാശി." 'അമ്മ മെല്ലെ ഒരു ഗ്ലാസിൽ ചായയുമായി വന്നു.

"അമ്മാവൻ പെട്ടെന്ന് പോകുമോ?"

"അമ്മാവൻ അങ്ങനെ പെട്ടെന്നൊന്നും പോവില്ല." മുറ്റത്തു നിന്ന അമ്മാവൻ വായു വേഗത്തിൽ അകത്തേക്ക് വന്നു.

പെട്ടെന്നു മൊബൈൽ ബെൽ അടിച്ചു.

കൂടെ ജോലി ചെയ്യുന്ന സൗമ്യ ആണ് . ഇന്നലെ ഒരു ഫയൽ അയക്കാം എന്ന് പറഞ്ഞത് തിരക്കിൽ മറന്നു, അതിനാവും.

"ആരാ ഈ സൗമ്യ? ഗേൾ ഫ്രണ്ട് ആണോടാ ? അച്ഛനെ പോയിട്ടുള്ളൂ ..ഞങ്ങൾ ഉത്തിരവാദിത്തപെട്ടവർ ഒക്കെ ഇവിടെ തന്നെ ഉണ്ട് കേട്ടോ. പ്രായം ആകുമ്പോഴേ ഞങ്ങൾ ഒരു പെണ്ണിനെ അങ്ങ് കണ്ടു പിടിച്ചു തരും കേട്ടോ .."

അമ്മാവൻ സ്വന്തം തമാശ ആസ്വദിച്ച് ചിരിച്ചു..എൻ്റെ പെരുവിരൽ മുതൽ ദേഷ്യം അരിച്ചു കയറി..ഫോൺ എടുത്തു ഒരു മൂലയ്ക്ക് മാറി നിന്നു. സൗമ്യ നല്ല ദേഷ്യത്തിൽ ആയിരുന്നു..

"രമേഷാ..ആ ഫയൽ നീ അയച്ചില്ലല്ലോ.അത് കിട്ടാത്തത് കൊണ്ട് എൻ്റെ പണിയും ഇന്നലെ നടന്നില്ല..നീ അത് തിങ്കളാഴ്ച എങ്കിലും തരുമോ ?"

"തരാം..ഇന്നലെ വേറെ കുറെ പണികൾ വന്നോണ്ടാ..ശെരി ആക്കാം"

ദിവാകരൻ അമ്മാവൻ മാനത്തു പറക്കുന്ന കാക്കയുടെ എണ്ണം എടുക്കുന്ന പോലെ ജനലരികിൽ നിന്നു പുറത്തേക്കു നോക്കുന്നുണ്ടെങ്കിലും ചെവിയും ശ്രദ്ധയും എന്നിൽ തന്നെ ആണെന്ന് മനസ്സിലായി.

ഞാൻ ഫോൺ വെച്ചപ്പോൾ തന്നെ അമ്മാവൻ എത്തി..

"പ്രെശ്നം വല്ലതും ഉണ്ടോടാ ? വേണേൽ ഞാൻ ഇടപെടാം..നിനക്ക് എന്തും എന്നോട് പറയാം കേട്ടോ "

അമ്മാവനോട് പറയുന്നതും മലയാള മനോരമ പത്രത്തിൽ പരസ്യം ഇടുന്നതും ഒരു പോലെ ആണല്ലോ എന്ന് പറയാൻ തോന്നി എങ്കിലും ഒന്നും പറഞ്ഞില്ല..

"സാവിത്രിയേച്ചിയെ ..കുറച്ചു ചൂട് വെള്ളം ഇങ്ങു എടുത്തോ ..വല്ലാത്ത ദാഹം.."

ഇത്രയും പറഞ്ഞു അമ്മാവൻ പത്രവും എടുത്തു ഇറയത്തെ ചാരുകസേരയിൽ ഇരുപ്പായി.

"പെണ്ണ് ചെറുക്കന് ജ്യൂസ് കൊടുത്തു കൊന്നെന്നു..രമേഷാ ജ്യൂസ് ഒന്നും ആരുടെയും കൈയിൽ നിന്നു വാങ്ങി കുടിക്കല്ലേ.."

അമ്മാവൻ വിടുന്ന മട്ടില്ല..

"രമേശാ.." അടുക്കളയിൽ നിന്നു അമ്മയുടെ വിളി വന്നു

അകത്തേക്ക് ചെന്നതും 'അമ്മ തിളക്കുന്ന വെള്ളം ഒരു ഗ്ലാസ്സിലേക്കു മാറ്റുക ആയിരുന്നു..

"എടാ ഇതൊന്നു രണ്ടു മിനിറ്റ് കഴിഞ്ഞു അമ്മാവന് കൊടുക്കണേ.."

"ആ കൊടുത്തേക്കാം ..അമ്മാവൻ ഇന്ന് എന്താ ഈ വഴിക്കു ?"

"നിന്നോട് പറഞ്ഞില്ലേ ?"

"എന്ത് പറയാൻ?"

'അമ്മ മെല്ലെ ചിരിച്ചു

"ദേ അമ്മെ..ഒന്നാമതേ അമ്മാവന്റെ ചൊറി കാരണം ഇവിടെ മനുഷ്യൻ വട്ടായി ഇരിക്കുവാ..എന്തുവാ കാര്യം?"

"എടാ അമ്മാവന്റെ മോളില്ലേ..ഗ്രീഷ്മ..അവളെ നിനക്ക് കല്യാണം ആലോചിക്കാനാ അമ്മാവൻ വന്നത്..നിന്നെ ഇപ്പോൾ കാണാൻ എങ്ങനെ ഉണ്ടെന്നു അറിയാനാ കാത്തു നിന്നത്..നിന്റെ പുതിയ ഫോട്ടോ അവർ ഏതാണ്ട് ഇൻസ്റ്റോയോ ഓൺലൈനോ എന്തോ കണ്ടപ്പോൾ തോന്നിയത്രേ നിനക്ക് നല്ല ജോലി ഒക്കെ ആയി..ഇനി കല്യാണം നടത്താലോ എന്ന്.."

എൻ്റെ ഓർമ്മകൾ ഒരു ഏഴു വര്ഷം പിന്നിലേക്ക് പാഞ്ഞു. ഗ്രീഷ്മയും ഞാനും അന്ന് ഒരു കോളേജിൽ ആണ് പഠിക്കുന്നത്..ഒരിക്കൽ ഞാൻ അവളോട് ചിരിച്ചു സംസാരിച്ചു എന്ന് പറഞ്ഞു അമ്മാവൻ അവളെ വഴക്കു പറഞ്ഞു.."അവന്റെ പഞ്ചാര കേട്ട് ഇളിച്ചോണ്ടു നിക്കണ്ട..കടം കയറിയ കുടുംബമാ..ഇവനെ ഒന്നും അടുപ്പിക്കണ്ട..അകന്ന ബന്ധമാ എന്ന് കരുതി പാമ്പിനെ തോളിൽ ഇടേണ്ട "

കാലത്തിന്റെ ഒരു മാറ്റമേ..കടങ്ങൾ തീർത്തു സ്ഥിര വരുമാനം ആയപ്പോൾ ബന്ധുക്കൾ ഒക്കെ തല പൊക്കി തുടങ്ങി

"നീ എന്തുവാടേ നിന്നു ദിവാസ്വപ്നം കാണുന്നെ? " അമ്മയുടെ ശബ്ദം എന്നെ പെട്ടെന്നു ഞെട്ടിച്ചു

"എയ് ഒന്നുമില്ല..ഞാൻ അമ്മാവന് പെട്ടെന്നു വെള്ളം കൊടുക്കട്ടെ "

ഞാൻ വെള്ളവുമായി ചെന്നപ്പോൾ അമ്മാവൻ പത്രത്തിന്റെ അകം താളുകൾ ഇരുത്തി വായിക്കുക ആയിരുന്നു..

"ഇതെന്താ അമ്മാവാ നാളെ പരീക്ഷ ആണോ ?"

അമ്മാവൻ മെല്ലെ പത്രം താഴ്ത്തി..

"അതെന്താടാ അങ്ങനെ ഒരു ചോദ്യം ?"

"അല്ല അമ്മാവന്റെ ശ്രദ്ധ കണ്ടു ചോദിച്ചതാ ..അമ്മാവൻ എന്തോ ആലോചന ഒക്കെ കൊണ്ട് വന്നു എന്ന് കേട്ടല്ലോ "

അമ്മാവന്റെ മുഖത്തു തെല്ലൊരു ജാള്യത വന്നു..

"ആ...അത് അമ്മാവന്മാർ ആകുമ്പോൾ കുറച്ചു ഉത്തരവാദിത്തം ഒക്കെ കാണിക്കും ..ഗ്രീഷ്മക്കു എൻ്റെ അതെ സ്വഭാവം ആണ്.അവൾ ആകുമ്പോൾ ഇവിടെ സാവിത്രിയേച്ചിക്ക് ഒരു കൂട്ടും ആകും..അവൾക്കു ഇവിടെ അടുത്തുള്ള കോളേജിൽ ആണ് ഇപ്പോൾ ജോലി കിട്ടിയേക്കുന്നെ..നിനക്കും ഇവിടുന്നു പോയി വരാലോ ."

ദേഷ്യം എന്തോ തികട്ടി വന്നപ്പോൾ ഞാൻ പറഞ്ഞു : " കടം കയറി നട്ടം തിരിഞ്ഞപ്പോൾ ഒരു കുമ്മാവനെയും ഈ വഴി കണ്ടിട്ടില്ല..മിണ്ടാതെ വന്ന വഴി വിട്ടോണം..പ്രായത്തിന്റെ ബഹുമാനം ഞാൻ തന്നിട്ടുണ്ട്..ഇനി ചൊറി വർത്തമാനവും കൊണ്ട് ഈ വഴി എങ്ങാനും വന്നാൽ ചൂട് വെള്ളം എടുത്തു ഞാൻ മുഖത്തു ഒഴിക്കും..അപ്പോൾ അമ്മാവൻ ഇന്ന് തന്നെ പോകുവല്ലേ..ഈ വെള്ളം അങ്ങ് കുടിക്കു.."

ഞെട്ടി നിൽക്കുന്ന അമ്മാവന്റെ കൈയിലേക്ക് ഗ്ലാസ്സ് നൽകി പോകുമ്പോൾ ചെയ്തത് ശെരിയോ തെറ്റോ എന്നല്ല..കുറെ പഴ ഓർമ്മകൾ ആണ് മനസ്സിൽ മിന്നി മാഞ്ഞത് .