Skip to main content
Srishti-2022   >>  Article - Malayalam   >>  കലാസൃഷ്ടികളിലെ ആവിഷ്കാരസ്വാതന്ത്ര്യം

Akhil Ponnappan

Navigant India Pvt Ltd

കലാസൃഷ്ടികളിലെ ആവിഷ്കാരസ്വാതന്ത്ര്യം

മനുഷ്യ സമൂഹത്തിൽ  കലയുടെയും കലാകാരന്റെയും പ്രാധാന്യമെന്താണ്?  അതുമല്ലെങ്കിൽ ആവശ്യകത എന്താണ്?  ഡോക്ടർമാർ, എഞ്ചിനീയർമാർ,  കൃഷിക്കാർ, ശാസ്ത്രജ്ഞർ   അങ്ങനെ  നീളുന്ന എല്ലാ വിഭാഗക്കാർക്കും അവരിൽ  അധിഷ്ഠിതമായ ധർമ്മം എന്താണെന്നു  വ്യക്തമായി വിശദീകരിക്കുവാൻ സാധിക്കും. സമൂഹത്തിൽ  അവർക്കുള്ള സ്ഥാനം,  അവരുടെ കർമ്മം എന്താണെന്നു  വിശദീകരിക്കുവാൻ സാധിക്കുന്ന ഒന്ന് തന്നെയാണ്. എന്താണ് കലാകാരന്റെ ധർമ്മം? അവന്  സമൂഹത്തിൽ ചെയ്യുവാൻ  ഉള്ളത് എന്താണ്? വളരെ എളുപ്പത്തിൽ വിശദീകരിക്കാൻ കഴിയുന്ന ഒന്നല്ല അത്.  മനുഷ്യരെ ഒരുമിച്ചു നിർത്തുക എന്നുള്ളത്  തന്നെയാവണം  കലയുടെയും,   കലാകാരന്റെയും ധർമ്മം. അതും നന്മയിലൂടെ തന്നെ ആവണം. ആവിഷ്കാരം എന്നത് കലാകാരന്റെ അവകാശം ആണ് അതിനുള്ള അയാളുടെ സ്വാതന്ത്ര്യം ആരാലും നിഷേധിക്കപ്പെടേണ്ട ഒന്നല്ല.

                  ഇപ്പോഴുള്ള രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തെ നല്ലരീതിയിൽ തന്നെ ചോദ്യം ചെയ്യുന്നുണ്ട്. ഒരിക്കലും അധികാരത്തിൽ ഇരിക്കുന്നവരുടെ സ്തുതി പാടകർ ആകേണ്ടവരല്ല കലാകാരൻമാർ. പണ്ട് രാജഭരണകാലം മുതൽക്കേ കണ്ടു പോരുന്ന ഒരു കാര്യം തന്നെയാണിത്. തെറ്റെങ്കിൽ തെറ്റ് ചൂണ്ടിക്കാട്ടി സമൂഹത്തെ നന്മയിലേക്ക് നയിക്കേണ്ടവർ തന്നെയാണ് അവർ. കലാകാരനേയും അയാളുടെ കലാസൃഷ്ടികളേയും  ഭയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടലുകൾ ധാരാളമായി നടക്കുന്ന ഒരു സമയമാണിത്. തെറ്റിനെ ചൂണ്ടിക്കാണിക്കുവാനുള്ള  കലാകാരന്റെ ധർമ്മത്തെ തന്നെയാണ് ഇങ്ങനുള്ള ഇടപെടലുകൾ ഇല്ലാതാക്കുന്നത്. രാഷ്ട്രീയ അടിമത്വം മൂലം ശബ്ദിക്കേണ്ടിടത്തു ശബ്ദിക്കാതിരിക്കുന്നതും കലാകാരന്റെ പരാജയം തന്നെയാണ്.

                 സാമൂഹിക മാധ്യമങ്ങളുടെ ദുർവിനിയോഗം കലാസൃഷ്ടികളെ നല്ലരീതിയിൽ തളർത്തുന്ന  ഒരു സാഹചര്യം ആണ് ഇന്നുള്ളത്. എത്ര മഹാനായ കലാകാരന്റെ കലാസൃഷ്ടി ആണെങ്കിലും അതിനെ പറ്റി അഭിപ്രായം രേഖപ്പെടുത്തുക എന്നുള്ളത് ഏതൊരു സാധാരണക്കാരനും വളരെ എളുപ്പം സാധിക്കുന്ന കാര്യമാണ്. ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും ധാരാളമുണ്ട്. ഇഷ്ടപ്പെട്ട കലാസൃഷ്ടിയോടുള്ള ആദരവും, പ്രോത്സാഹനവും മറ്റുള്ളവർ കാൺകേതന്നെ പ്രകടിപ്പിക്കുവാൻ സാധിക്കുന്നതിന്റെ സംതൃപ്തി ഏതൊരു കലാ ആസ്വാദകനും സന്തോഷം നൽകുന്ന ഒന്ന് തന്നെയാണ്. മറുവശത്തു മഹത്തായ കലാസൃഷ്ടി ആണെങ്കിലും, അല്ലെങ്കിലും അതിനെ വിമർശിക്കുക എന്നുള്ളതാണ്. ഇതിൽ തന്നെ രണ്ട് തരം വിമർശനങ്ങൾ ആണ് കണ്ട് വരുന്നത്. കലാസൃഷ്ടിയെ മനസിലാക്കി, അതിലെ പോരായ്മകളെ ചൂണ്ടിക്കാട്ടി വസ്തുനിഷ്ടമായി അതിനെ വിമർശിക്കുക. ഇങ്ങനുള്ള വിമർശനങ്ങളെ ഒരിക്കലും തള്ളിക്കളയുവാൻ സാധിക്കില്ല. അത് ഒരിക്കലും ആവിഷ്കാരസ്വാതന്ത്ര്യത്തെ ഹനിക്കുന്നുമില്ല. പ്രസ്തുത കലാസൃഷ്ടിയെ മനസിലാക്കി, പഠനം നടത്തി ചെയ്യുന്ന ഇതുപോലുള്ള വിമർശനങ്ങൾ കലാകാരനെ തന്റെ സൃഷ്ടികളിൽ കൂടുതൽ ശ്രദ്ധചെലുത്തുവാൻ ഉപകരിക്കും എന്നതിൽ സംശയമില്ല. രണ്ടാമത്തേത് കലാസൃഷ്ടിയെ പൂർണമായും മനസിലാക്കാതെ അതിനെ നിഷ്കരുണം വിമർശിക്കുക എന്നുള്ളതാണ്. തന്റെ കാഴ്ച്ചപ്പാടുകൾക്കു ദഹിക്കാത്ത സൃഷ്ടികൾ ആവാം അത്. കാഴ്ചപ്പാടുകൾ എന്ന് പറയുമ്പോൾ അതിൽ രാഷ്ട്രീയ ചിന്തകൾ, മതപരമായ കീഴ്‌വഴക്കങ്ങൾ, ജീവിതശൈലികൾ അങ്ങനെ പലതും കടന്ന് വരാം. ഇങ്ങനുള്ള പ്രതികരണങ്ങൾ പലപ്പോഴും വികാരപരമായതുതന്നെയായിരിക്കും. പല കമന്റ്‌ ബോക്സുകളിലും അസഭ്യ വർഷം തന്നെ കാണുവാൻ സാധിക്കും. അത് ഇന്നിന്റെ ഒരു രീതിയായി മാറിക്കഴിഞ്ഞു. എത്ര വലിയ കലാകാരൻ ആയാലും അയാളെ അസഭ്യം പറയുവാനുള്ള സ്വാതന്ത്ര്യം ആണ് സമൂഹമാധ്യമങ്ങൾ ജനങ്ങൾക്കു നൽകിയിരിക്കുന്നത്. ഇത് തീർച്ചയായും കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തെ ഖണ്ഡിക്കുന്നതും, ആസ്വാദകന്റെ അല്ലെങ്കിൽ കപട ആസ്വാദകന്റെ അനാവശ്യ  സ്വാതന്ത്ര്യത്തെ വളർത്തുന്നതും ആയ കാര്യമാണ്.

               ചതിയനായ ചന്തുവിനെ മലയാളിയുടെ വീരനായകനാക്കി ആവിഷ്കാരസ്വാതന്ത്ര്യത്തെ വേറൊരു തലത്തിലേക്ക് എത്തിച്ചു കാണിച്ചു തന്നു എം ടി എന്ന മഹാനായ എഴുത്തുകാരൻ. അന്ന് മുതൽ ചന്തു മലയാളിയുടെ നായകൻ ആണ്. ആവിഷ്കരണത്തിലെ ഈ വ്യത്യസ്തത ജനങ്ങൾ മനസ്സറിഞ്ഞു  സ്വീകരിക്കുകയും ചെയ്തു. ഇത് സംഭവിച്ചത് ഇന്നെങ്കിൽ  ചെറിയൊരു വിഭാഗം ആളുകളെങ്കിലും വിമർശനങ്ങളുമായി എത്തിയേക്കാം. അത് ഇന്നിന്റെ ഒരു ട്രെൻഡ് ആയി മാറിക്കഴിഞ്ഞു. മഹത്തായ സൃഷ്ടികളെ വിമർശിക്കുമ്പോൾ തങ്ങൾ അതിലും മഹാന്മാരായി എന്നുള്ള തെറ്റിദ്ധാരണ കൊണ്ടാവാം. അതുമല്ലെങ്കിൽ ഭൂരിഭാഗം ആളുകളും നല്ലതെന്നു പറയുന്നതിനെ വിമർശിച്ചുകൊണ്ട് ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടിയും ആവാം. വിമർശനം എന്നത് കലാകാരന് അർഹിക്കുന്ന ബഹുമാനം കൊടുത്തുകൊണ്ട് തന്നെ രേഖപ്പെടുത്തണം എന്നുള്ള ഔചിത്യബോധം നഷ്ടപ്പെട്ടു വരുന്നതും കാണുന്നുണ്ട്. 

                       മറ്റൊരു വശം നോക്കുകയാണെങ്കിൽ ആവിഷ്കാരസ്വാതന്ത്ര്യം എന്നത് അതിരു കടക്കേണ്ട ഒന്നല്ല. കലാകാരന് നിയന്ത്രണമില്ലാതെ എന്തും വിളിച്ചു കൂവുവാനുള്ള സ്വാതന്ത്ര്യം ആവരുത് ആവിഷ്കാരസ്വാതന്ത്ര്യം എന്നത്. പൊതു സ്ഥലത്ത് അസഭ്യം പറയുന്നത് പോലെ ആകരുത് ഒരിക്കലും കലാസൃഷ്ടികൾ. അതുപോലെ തന്നെ കലാകാരന് മാത്രം ദഹിക്കുന്നതും, ആസ്വദിക്കാൻ സാധിക്കുന്നതും മാത്രമായ കലാസൃഷ്ടികൾ ഒരിക്കലും പൂർണതയുള്ള സൃഷ്ടികൾ എന്ന് പറയുവാൻ സാധിക്കില്ല. അത് ആസ്വാദകന്റെ മനസുമായി സംവേദിക്കുമ്പോൾ മാത്രമേ പൂർണ്ണത  കൈവരിക്കൂ. അങ്ങനെ വരുമ്പോൾ ഇവിടെ കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യതോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് പ്രേക്ഷകന്റെ ആസ്വാദനവും. നന്മയിൽ മാത്രം അധിഷ്ഠിതമായിരിക്കണം കലാസൃഷ്ടികൾ എന്ന് വാശി പിടിക്കുവാനും ആസ്വാദകന് ഒരിക്കലും സാധിക്കില്ല. നന്മയും തിന്മയും ഒരുപോലുള്ള ഈ കാലഘട്ടത്തിൽ കലാസൃഷ്ടികളിൽ ഇത് രണ്ടും കയറി വരിക തന്നെ ചെയ്യണം. എന്നിരുന്നാലും ഒരു കഥാകൃത്ത്‌ പറയുന്നത് ദുഷ്ടന്റെ കഥയെങ്കിൽ, ആ ദുഷ്ടനെ പോലെ ആകരുത് ഒരിക്കലും നമ്മൾ എന്ന ഒരു സന്ദേശം അതിൽ ഉണ്ടാവണം. അത് തന്നെയാണ് കലാകാരന്റെ സാമൂഹികപ്രതിബദ്ധത. കരയിപ്പിക്കുന്ന,  അല്ലെങ്കിൽ സങ്കടം നിറഞ്ഞ ഒരു കഥയാണ് പറയുന്നതെങ്കിൽ, മനുഷ്യമനസ്സിലെ സ്നേഹം, കരുണ, സഹാനുഭൂതി മുതലായ വികാരങ്ങളെ ഉണർത്തിഎടുക്കുന്നത് തന്നെയാവണം അത്.

              ആവിഷ്കാരസ്വാതന്ത്ര്യം എന്നത് കലാകാരന്റെ അവകാശമാണെങ്കിൽക്കൂടിയും ആ ഒരു സ്വാതന്ത്ര്യത്തിന് അച്ചടക്കത്തിന്റെ അതിർവരമ്പ് കൂടി ആവശ്യമാണ്. അങ്ങനെങ്കിൽ ഒരു ആസ്വാദകന് നെറ്റി ചുളിക്കാതെ തന്നെ അത് ആസ്വദിക്കുവാൻ സാധിക്കും. സാമൂഹികപ്രതിബദ്ധ ഉള്ളതും, സ്വാതന്ത്ര്യത്തെ ഹനിക്കാത്തതും, അതോടൊപ്പം അതിർവരമ്പുകളെ ഭേദിക്കാത്തതും, അനാവശ്യ ചർച്ചകൾക്കു സ്ഥാനമില്ലാത്തതുമായ നല്ല നല്ല സൃഷ്ടികൾ വീണ്ടും വീണ്ടും ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

Srishti-2022   >>  Short Story - Malayalam   >>  പരേതന്‍

പരേതന്‍

പരേതന്‍

അവന്‍ ഗാഢ നിദ്രയിലായിരുന്നു.ആരൊക്കെയോ അവന്റെ ചുറ്റിനും ഇരിക്കുന്നുണ്ട്.അവരുടെ വാഹനം മെല്ലെ യാത്ര തുടരുകയാണ്.ഇടയ്കെപ്പോഴോ തന്റെ ശുഭ്ര വസ്ത്രത്തില്‍ കണ്ണീരിന്റെ നനവ് തട്ടുന്നത് പോലെ അവന് തോന്നി.അപായത്തിന്റെ ശബ്ദം മുഴക്കി പൊയ്ക്കൊണ്ടിരുന്ന ആ യാത്ര ഒടുവില്‍ അവന്റെ വീട്ടുമുറ്റത്ത് അവസാനിക്കുകയാണ്.അവന്‍ അപ്പോഴും മയക്കത്തിലാണ്.നിലവിളികളോടെ അവന്റെ കൊച്ചു വീട് അവനെ വരവേല്‍ക്കുകയാണ്.എന്തോ വിശേഷം ഉള്ള മട്ടിലാണ്.എല്ലാരും ഇണ്ടല്ലോ.ശങ്കരേട്ടനും ചിറ്റയും സുമിത്രേച്ചിയും അപ്പൂസും മാളുവും അങ്ങനെ പലരും ഉണ്ടായിരുന്നു.മുന്‍പ് ചേച്ചിയുടെ വേളിയ്ക്കായിരുന്നു ഇങ്ങനെ ഒരു ഒത്തുകൂടല്‍.അന്ന് എന്ത് സന്തോഷായിരുന്നു എല്ലാര്‍ക്കും.കളിയും ചിരിയും പാട്ടുമൊക്കെയായി ഞങ്ങള്‍ കുട്ട്യോളെല്ലാം കൂടി ഒരു മേളമായിരുന്നു അന്ന്.പക്ഷേ ഇതിപ്പോ എന്താ ആര്‍ക്കും ഒരു സന്തോഷമില്ലാത്തെ..

               പലരും കരയുന്നുണ്ടായിരുന്നു.അവന്‍ അമ്മയെ അവിടൊക്കെ നോക്കി.അമ്മയ്ക്ക് ചുറ്റുമിരുന്ന്  ഒരുപാട് പേര്‍ എന്തൊക്കെയോ പറയുന്നുണ്ട്.ചിലരെന്തോ കുടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.പക്ഷെ ലോകം മുഴുവനും ദാനമായി തന്നാലും തനിക്ക് നഷ്ടമായതിന് പകരമാവില്ല എന്ന മട്ടില്‍ എന്തൊക്കെയോ ഓര്‍ത്ത് കിടക്കുവായിരുന്നു അമ്മ.എല്ലാരും വരിവരിയായി അവന്റെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു.പലരും മനസ്സില്ലാമനസ്സോടെ അവന്റെ മുഖത്തേയ്ക് നോക്കി.ഇതെന്താ ആരും എന്നെ നോക്കി ചിരിക്കാത്തത്??ആര്‍ക്കും എന്നെ അറിയില്ലേ?അവനൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.എന്തായാലും എല്ലാരെയും കാണാമല്ലോ ഇന്ന് ...പറഞ്ഞു തീര്‍ന്നില്ല.ദേ വരുന്നു എന്റെ കൂട്ടുകാര്‍.എല്ലാരുമുണ്ട്.അവരെ കണ്ട പാടെ ചാടി എഴുന്നേല്‍ക്കാന്‍ തോന്നി അവന്.പക്ഷെ യമന്റെ നീരാളി പിടിത്തം പോലെ എന്തോ തന്നെ കീഴ്പ്പെടുത്തിയിരിക്കുന്നതായി അവന് തോന്നി...

              എന്നെ എന്തിനാ ഈ തുണി കൊണ്ട് മൂടിയിരിക്കുന്നെ...അവന്‍ അവരോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.പക്ഷെ അതാര്‍ക്കും കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന് അവന് മനസ്സിലായി.അപ്പൂസ് ഒരു ബലൂണും കൊണ്ട് നടക്കുന്നുണ്ടായിരുന്നു.അവന്‍ അത് വീര്‍പ്പിച്ച് കിട്ടാന്‍ വേണ്ടി എന്റെ അടുത്ത് വന്നു.അവന്റെ ഭാഷയില്‍ അവനെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.ഞാന്‍ ആ ബലൂണിനായി കൈനീട്ടി.എനിക്ക് അത് പിടിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.തെന്നി മാറുന്നത് പോലെ.ഒടുവില്‍ അവനെന്നെ കൂടുതല്‍ സ്നേഹിക്കാന്‍ വരുന്നത് കണ്ട് ചിറ്റ അവനെ എടുത്തു കൊണ്ട് പോയി.എന്താണെന്നറിയില്ല,എനിക്ക് അന്നേരം വല്ലാത്തൊരു സങ്കടം പോലെ.അപ്പൂസിനെന്നും ബലൂണ്‍ വീര്‍പ്പിച്ച് കൊടുക്കുന്നത് ഞാൻ ആയിരുന്നല്ലോ .ഇപ്പോ അതിനു കഴിയാതെ വന്നപ്പോള്‍ എന്തോ ഉണ്ടായത് പോലെ എനിക്ക് തോന്നി.അതേ എനിക്കെന്തോ സംഭവിച്ചിരിക്കുന്നു.ഞാനിപ്പോള്‍ ഉറങ്ങുകയാണ്.ഇന്ന്  ഞാന്‍ ഈ ലോകത്തില്ല.മരണം എന്നെ കീഴടക്കിയിരിക്കുന്നു.എന്റെ ഹൃദയം നിശ്ചലമാണ്.എന്നെ വെള്ളതുണി കൊണ്ട് മൂടിയിരിക്കുകയാണ്.എല്ലാരും ഇന്നൊരുമിച്ച് 

കൂടിയത് എനിക്ക് യാത്ര പറയാനാണ്.ഞാനിപ്പോള്‍ തേജസ്സും ഓജസ്സും നഷ്ടപ്പെട്ട വെറുമൊരു മാംസക്കഷ്ണം മാത്രമാണ്...

         ഓരോരുത്തരായി വന്നു പോയിക്കൊണ്ടിരുന്നു. നന്നാവാന്‍ വേണ്ടിയാണെങ്കിലും ചൂരല്‍ കഷായം കൊണ്ട് എന്നെ ഒരുപാട് വേദനിപ്പിച്ചിടുള്ള ഗോപി മാഷ്...നടക്കാനാവില്ലെങ്കിലും വേച്ചു വേച്ചു  എനിക്ക് യാത്ര പറയാന്‍ വന്ന തെക്കേലെ പാറുത്തളള.ഷാരത്തെ നാരായണിയേച്ചി..അങ്ങനെ പലരും വന്നു പോയി.കാണുമ്പോഴൊക്കെ അല്പം ഗർവോടെ ആണെങ്കിലും  സ്നേഹം കാണിക്കാറുണ്ടായിരുന്ന മേനോന്‍ അങ്കിള്‍ന്റെ സ്വന്തം കൈസര്‍..അവനും വന്നിരുന്നു..മിണ്ടാപ്രാണി ആയിട്ടും അവനെന്റെ യാത്രയയപ്പ് എങ്ങനെ അറിഞ്ഞോ ആവോ...ആശ്ചര്യം തന്നെ..

      അങ്ങനെ ആ യാത്രയയപ്പ് ചടങ്ങ്  അതിന്റെ അവസാന നിമിഷങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.അവന്‍ ആരെയോ തിരയുന്നുണ്ടായിരുന്നു.ഇല്ല.വന്നിട്ടില്ല .അവള്‍ മാത്രം വന്നിട്ടില്ല.എന്താ വരാത്തെ?എന്നെ കാണേണ്ടന്ന് കരുതിയിട്ടുണ്ടാവോ..അതോ എന്നെ ഇങ്ങനെ കാണാന്‍ കഴിയാഞ്ഞിട്ടാകുവോ..ആവോ...എനിക്കറിയില്യ ...പക്ഷെ അവസാനമായി അവളെ ഒന്നു  കാണണമെന്നു നല്ല മോഹമുണ്ടായിരുന്നു.അല്ല,ഇനിയെന്റെ യാത്രയയപ്പ് അറിഞ്ഞിട്ടുണ്ടാവില്ലെ?? അങ്ങനെ ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങള്‍ മനസ്സിലൂടെ കടന്നു പോയി....

        എന്നെ കൊണ്ട് പോകാനുള്ള സമയം അടുത്ത് കൊണ്ടിരുന്നു.അവരെന്നെ കുളിപ്പിക്കാന്‍ പോവുകയാണെന്ന്  തോന്നുന്നു...തറവാട്ടു കുളത്തില്‍ മീനുകളെ ഓടിച്ചു ആടിത്തിമിര്‍ത്ത് നീന്തി രസിച്ച ആ നാളുകള്‍ അവനോര്‍ത്തു...ഇതിപ്പോ എള്ളെണ്ണയും തുളസിയും ചന്ദനവും ഒക്കെയായി ഒരു പ്രത്യേക തരം കുളിയാണല്ലോ...

     അങ്ങനെ കുളി കഴിഞ്ഞു.എന്നെ അവര്‍ ഒരീര്‍പ്പമുള്ള തുണിയില്‍ പൊതിഞ്ഞു.കാണാന്‍ ഒട്ടുമിഷ്ടമില്ലാത്ത കാഴ്ചയാണെങ്കിലും എനിക്ക് പണ്ട് അത് പല തവണ കാണേണ്ടി വന്നിട്ടുണ്ട് .പക്ഷെ ഇത്ര വേഗം ഞാനും അത് പോലെയാകുമെന്ന് കരുതിയിരുന്നില്ല.എല്ലാരും ചേര്‍ന്ന് എന്നെ എടുത്തു കൊണ്ട് പോയി.പ്രാര്‍ഥന മന്ത്രങ്ങള്‍ എങ്ങും മുഴങ്ങി.കൂടെ അപശകുനം പോലെ നിലവിളികളും.കൈസര്‍ അസാധാരണമായി എന്തോ ശബ്ദമുണ്ടാക്കി.ചിലപ്പോള്‍ എനിക്ക് യാത്ര  പറഞ്ഞതാകും.കണ്‍മറയുന്നത് വരേ ഞാനെന്റെ കൊച്ചു വീട്ടിലേയ്ക്ക് നോക്കുന്നുണ്ടായിരുന്നു.ഒരു പുതിയ കോള്‍ ഒത്തുലോ എന്ന മട്ടില്‍ ഒരു കറുമ്പന്‍ ബലിക്കാക്ക എന്റെ യാത്രയിലേക്ക് ഒളിഞ്ഞു നോക്കി.പിന്നീട് എന്റെ കാഴ്ചകളില്‍ നിന്ന്  എല്ലാം മറഞ്ഞു.എനിക്കെന്തോക്കെയോ സംഭവിക്കുന്ന പോലെ.ഞാനെവിടെയോ എത്തപ്പെട്ടിരിക്കുന്നു.ഈശ്വരന്റെ കോടതിയാകും..അല്ലേ..

       പിന്നീടുള്ളതൊന്നും ഓര്‍ക്കന്‍ എനിക്ക് കഴിയുന്നില്ല..ഒരു നക്ഷത്രമായി വന്ന്  നിങ്ങളോടിതൊക്കെ പറയാന്‍ കഴിഞ്ഞത് തന്നെ എന്റെ ഒരു ഭാഗ്യമല്ലെ..അപ്പോ ഞാന്‍ പൊയ്ക്കൊട്ടെ.. പോകാന്‍ സമയമായി..ഇനി നാളെ രാത്രി കാണാം..എന്ന്  നിങ്ങളുടെ  സ്വന്തം പരേതന്‍...

Srishti-2022   >>  Short Story - Malayalam   >>  സുവർണയുഗം

Akhil Ponnappan

Navigant India Pvt Ltd

സുവർണയുഗം

സുവർണയുഗം

ഈ ട്രെയിൻ സഞ്ചരിക്കുന്നത് വളരെ പതുക്കെയാണ്, എത്തേണ്ടിടത്തു എത്തിച്ചേരുവാൻ എന്തോ മടിയുള്ളതുപോലെ. യാത്രക്കാരെല്ലാവരും അക്ഷമരാണ്, ഞാനും. നല്ല തിരക്കുണ്ട്, ജനറൽ കംപാർട്മെന്റ് ആയതുകൊണ്ടാകുമോ? ഏയ് അതല്ല, എ സി  കോച്ചിലും സ്ലീപ്പറിലുമൊക്കെ തിരക്കുണ്ട്. എനിക്കിരിക്കാൻ സൈഡ് സീറ്റ്‌  തന്നെ കിട്ടി. ജനാലയിലൂടെ പുറത്തുള്ള കാഴ്ചകൾ ആസ്വദിക്കുന്നത് എനിക്കെപ്പോഴും ഇഷ്ടമുള്ള കാര്യമാണ്. പക്ഷെ തികച്ചും ദുസ്സഹമായതും, കാണുവാൻ തീരെ താല്പര്യമില്ലാത്തതുമായ കാഴ്ചകൾ ആണ് കുറച്ച് സമയമായി കണ്ടുകൊണ്ടിരിക്കുന്നത്. ആകെ ഒരു മടുപ്പ് അനുഭവപ്പെടുന്നു, എങ്കിലും നയനമനോഹരങ്ങളായ  കാഴ്ചകൾക്ക് വേണ്ടി ഞാൻ കാത്തിരുന്നു. 

                    നാലുപേർക്ക് മാത്രം ഇരിക്കുവാൻ സാധിക്കുന്ന നീളത്തിലുള്ള  സീറ്റിൽ ആറു പേർ ഞെരുങ്ങി ഇരിക്കുന്നുണ്ട്. ഒരാൾ ഇരിക്കേണ്ട സൈഡ് സീറ്റുകളിൽ രണ്ടു പേർ വീതമുണ്ട്. ഈ യാത്ര വളരെ ബുദ്ധിമുട്ട് തന്നെ, ഞാൻ മനസ്സിൽ ഓർത്തു. കൂടെ യാത്ര ചെയ്യുന്നവരെയെല്ലാം ഞാൻ ശ്രദ്ധിക്കുവാൻ തുടങ്ങി,  ആരുടെയും മുഖത്ത് ആശ്വാസത്തിന്റെയോ, സന്തോഷത്തിന്റെയോ ഒരംശം പോലും കാണുവാൻ സാധിക്കുന്നില്ല. ഞാൻ കാണുന്നില്ലെങ്കിൽ പോലും ഒരല്പമെങ്കിലും ചൈതന്യമുള്ളതു എന്റെ മുഖത്ത് മാത്രമാണെന്നെനിക്കു തോന്നി. വളരെ ബുദ്ധിമുട്ടി സീറ്റിൽ ചാരി നിന്നിരുന്ന ഒരു വൃദ്ധൻ സീറ്റിൽ ഇരിക്കുന്ന യുവതിയോട് ചോദിച്ചു "ഏത് സ്റ്റേഷനിൽ ആണ് ഇറങ്ങുന്നത്? " ചോദ്യം കേൾക്കാത്ത മട്ടിൽ നിസ്സംഗഭാവത്തിൽ ഇരുന്ന ആ യുവതി ഒരല്പസമയത്തിനു ശേഷം മറുപടി പറഞ്ഞു    "സുവർണയുഗം " വൃദ്ധന്റെ മുഖത്ത് നിരാശ പടരുന്നത് കണ്ടു. അതെ, അയാൾക്കും ഇറങ്ങേണ്ടത് അവിടെത്തന്നെയാണ് സുവർണയുഗത്തിൽ. യുവതിയുടെ മറുപടി യാത്രക്കാരിലെല്ലാവരിലും പലതരത്തിലുള്ള ഭാവമാറ്റമാണ് സൃഷ്ടിച്ചത്.  ചിലർ മന്ദഹസിച്ചു, ചിലർ കുശുമ്പോട് കൂടി അവരെ നോക്കി, മറ്റു ചിലർക്ക് പരിഹാസഭാവം. ഇതിൽനിന്നൊക്കെ എനിക്കൊരുകാര്യം വ്യക്തമായി, ഇവർക്കെല്ലാവർക്കും പോകേണ്ടത് സുവർണയുഗത്തിലേക്കാണ്,  എനിക്കും. 

                     യുവതിയുടെ മറുപടി ഈ യാത്രയുടെ ഭാവം തന്നെ മാറ്റിയിരിക്കുന്നു. എല്ലാവരെയും ഒരേ നൂലിൽ കോർത്തിണക്കിയത്  പോലെ. എന്തിനാണ്  എല്ലാവരും സുവർണയുഗത്തിലേക്ക്  പോകുന്നത്. ഓരോരുത്തർക്കും പറയുവാൻ കഥകളുണ്ട്,  ദുരന്ത കഥകൾ എല്ലാവരും അവരവരുടെ കഥകൾ പറഞ്ഞു കഴിയുമ്പോഴേക്കും ട്രെയിൻ സുവർണയുഗത്തിൽ എത്തിയേക്കാം. കഥകൾ പറയുവാൻ എല്ലാവരും വെമ്പൽ കൊള്ളുന്നുമുണ്ട്. ആര് ആദ്യം തുടങ്ങുമെന്നുള്ള സംശയം മാത്രം. കുറച്ചു സമയം നീണ്ട നിശബ്ദതയ്ക്കൊടുവിൽ   വൃദ്ധൻ തന്റെ കഥ പറഞ്ഞു തുടങ്ങി, ആരോടെന്നില്ലാതെ. തന്റെ കഥ പറഞ്ഞു കഴിയുമ്പോൾ സഹതാപം തോന്നി ഇരിക്കാൻ ഒരു സീറ്റ്‌ തനിക്കു കിട്ടിയേക്കാം എന്ന ഒരു സ്വാർത്ഥ മോഹം അയാൾക്കുണ്ടെന്നു എനിക്ക് തോന്നി. സമൂഹനന്മയുടെ പ്രതീകങ്ങൾ ആകേണ്ട കുറച്ച് യുവാക്കൾ തന്റെ മകളെ പിച്ചി ചീന്തി, അതും തന്റെ കണ്മുന്നിൽ വച്ച്. പ്രതികാരം ചെയ്യുവാനുള്ള കഴിവ് ഇല്ലായിരുന്നു. നീതിക്കായി പോരാടി പരാജയപ്പെട്ടു. അവളുടെ നീതിക്ക് വേണ്ടി മുറവിളികൂട്ടി സമൂഹസാക്ഷി അവളെ വീണ്ടും പലതവണ ബലാത്സംഗം ചെയ്തു. ഒന്നും മാറിയില്ല, നീതി അകന്നു നിന്നു. വികൃത ജീവിതം അവസാനിപ്പിച്ച് അവൾ പോയ്‌ മറഞ്ഞു. ഇതായിരുന്നു വൃദ്ധന്റെ കഥയുടെ സാരം. അയാൾ കരയുന്നുണ്ട്.                                                            വൃദ്ധന്റെ ജീവിതകഥ വല്യ പുതുമ ഇല്ലാത്ത സർവസാധാരണമായ ഒരു കഥ പോലെയാണ് എനിക്ക് തോന്നിയത്. എനിക്ക് മാത്രമല്ല, എല്ലാ യാത്രക്കാർക്കും അങ്ങനെ തോന്നിയിരിക്കണം. അതുകൊണ്ടായിരിക്കാം അയാൾക്ക് സീറ്റ്‌ കിട്ടാതിരുന്നത്. വൃദ്ധന്റെ മകൾക്ക് നീതി കിട്ടുവാൻ ഞാൻ എന്റെ സോഷ്യൽ മീഡിയ സൈറ്റിൽ വാദിച്ചിരുന്നു, ഒരുപാട് എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിൽ കൂടി. അതിലും വലിയൊരു സഹായം എനിക്കയാളോട് ചെയ്യാനില്ല. അതുകൊണ്ട്തന്നെ ഞാൻ സീറ്റ്‌ മാറികൊടുത്തില്ല.

                        അടുത്ത ഊഴം ആരുടേത്? നിസംഗ ഭാവത്തിൽ ഇരിക്കുന്ന ആ യുവതിയിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ പോയത്, അവർ സംസാരിക്കുമോ, അവരുടെ കഥ അവർ പറയുമോ?, എല്ലാവർക്കും ആകാംഷയായി. ഏവരുടെയും ആകാംഷയ്ക്കു അറുതി വരുത്തി കൊണ്ട് അവർ സംസാരിച്ചു തുടങ്ങി, അവർ അവരുടെ കഥ പറയുകയാണ് . ലാളിച്ച്, ഓമനിച്ചു  കൊതി തീരും മുൻപ് അവരുടെ പൊന്നോമനയെ ആരോ കവർന്നു കൊണ്ടുപോയി.   വർഷങ്ങളോളം  അവനെ തേടി അലഞ്ഞു. ഒരു ഫലവും ഉണ്ടായില്ല. തന്റെ ഓമനകുഞ്ഞിന്റെ മുഖത്ത് ഇന്ന് ചിരി ഉണ്ടാകുമോ, അവൻ കരയുകയായിരിക്കുമോ, ദുസഹമായ വേദന അവനെ തളർത്തിയിരിക്കുമോ,  അതോ അവൻ ഈ ഭൂമിയിൽ നിന്നും വിട പറഞ്ഞിട്ടുണ്ടാകുമോ? ഒന്നും അറിയില്ല. തന്റെ മകനെ തന്നിൽ നിന്നും അകറ്റിയ പിശാച് ബാധിച്ച  മനുഷ്യരെ എന്നും ശപിച്ചു കൊണ്ട് ഒരു ജീവശ്ചവമായ്  അവർ ജീവിക്കുന്നു. ഇവരുടെ കുട്ടിയുടെ മുഖം ഞാൻ കണ്ടിരിക്കുമോ? ഓർമയില്ല, ഒരുപാട് കുട്ടികളുടെ മുഖം പലർക്കും അയച്ചു കൊടുത്തിട്ടുണ്ട്. ഇവരെയും ഞാൻ സഹായിച്ചിട്ടുണ്ടാവും. 

                   ഭ്രാന്തിയെ പോലെ തോന്നിക്കുന്ന, പിച്ചും പേയും പറയുന്ന ഒരു സ്ത്രീ അവിടെ ഇരിപ്പുണ്ട്. സ്വന്തം കഥ പറയുവാനുള്ള മാനസികനില അവർക്ക് ഇല്ലെന്ന് തോന്നി. അവരുടെ കഥ മറ്റാരോ പറയുന്നുണ്ട്. ലഹരി മരുന്നിന്  അടിമപ്പെട്ടിരുന്ന അവരുടെ മകൻ അടുത്ത വീട്ടിലെ കുട്ടിയെ കൊന്ന് തിന്നു. ഹോ.. എന്ത് വിചിത്രമായ കാര്യമാണിത്. ഞാൻ ഓർക്കുന്നു, ഈ വാർത്ത ഞാൻ ന്യൂസ്‌ പേപ്പറിൽ വായിച്ചിരുന്നു. ഈ സ്ത്രീ തന്നെയാണ് തന്റെ മകനെ പോലീസിൽ ഏല്പിച്ചതും. മനുഷ്യൻ മനുഷ്യനെ കൊന്ന് തിന്നുന്ന അവസ്ഥയിലേക്ക് ഭൂമി എത്തിച്ചേരുമോ?  ഇതുപോലുള്ള ഒറ്റപെട്ട കാര്യങ്ങൾ ഇപ്പോ സംഭവിച്ചെങ്കിൽ നാളെ അത് സർവ്വസാധാരണമായേക്കാം. അങ്ങനൊരു കാലം എത്തിച്ചേരുന്നതിനു മുൻപേ സുവർണയുഗത്തിലേക്കു ട്രെയിൻ കയറാൻ തോന്നിയത് ഉചിതമായി എന്നെനിക്കു തോന്നി. 

             ഈ കഥകൾ എന്നെ മുഷിപ്പിക്കുന്നു. നല്ലതൊന്നും കേൾക്കുന്നില്ല. നല്ല അനുഭവം പറയാനുള്ളവരാരും ഈ ട്രെയിനിൽ കയറാൻ ഇടയില്ല. അതുകൊണ്ട് തന്നെ ആ പ്രതീക്ഷ വേണ്ട. വീണ്ടും ജനാലയിലൂടെ പുറം കാഴ്ചകളിൽ സന്തോഷം കണ്ടെത്താൻ ഞാൻ ശ്രമിച്ചു.  ഉള്ളിൽ കേട്ടുകൊണ്ടിരിക്കുന്ന കഥകൾക്കും പുറത്തെ കാഴ്ചകൾക്കും വല്ലാത്ത ഒത്തൊരുമ. അവിടെയും നല്ലതൊന്നും ഇല്ല. ട്രെയിനിന്റെ സ്പീഡ് ഒരല്പം കൂടിയിട്ടുണ്ട്,  ആശ്വാസം. എന്റെ എതിർ സീറ്റിൽ ഇരിക്കുന്ന പെൺകുട്ടികളെ ഞാൻ ശ്രദ്ധിച്ചു തുടങ്ങി. ഒരാൾ സുന്ദരിയാണ്. ചുറ്റും ഒരു ലോകമുണ്ടെന്നറിയാതെ അവൾ തന്റെ മൊബൈൽ ഫോണിൽ മാത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. രണ്ടാമത്തെ പെൺകുട്ടി അവശയാണ്, അവളുടെ മൂക്കിലൂടെ ഒരു ട്യൂബ് ഇട്ടിട്ടുണ്ട്. മാറാരോഗത്തിനു വേണ്ടിയുള്ള മരുന്നുകൾ അവളുടെ മുടിയും സൗന്ദര്യവും കാർന്നെടുത്തിരിക്കുന്നു. അവളുടെ ചികിത്സാസഹായത്തിനുള്ള അക്കൗണ്ട് നമ്പർ കിട്ടിയിരുന്നെങ്കിൽ ഞാനത് എന്റെ ധനികരായ സുഹൃത്തുകൾക്ക് അയച്ചു കൊടുത്തേനെ. സുന്ദരിയായ പെൺകുട്ടിയെ ഞാൻ ഒന്നുകൂടി ശ്രദ്ധിച്ചു. ഇപ്പോഴാണ് മനസിലാകുന്നത്, അവൾ അവളെതന്നെയാണ് മൊബൈൽ ഫോണിൽ തിരയുന്നത്. ചതിച്ചത് കാമുകനോ, അതോ ആൺസുഹൃത്തോ? അറിയില്ല, എങ്കിലും ഒന്ന് വ്യക്തമാകുന്നു, വിശ്വാസവഞ്ചന തകർത്തുകളഞ്ഞത് അവളുടെയും അവളുടെ കുടുംബത്തിന്റെയും ജീവിതം തന്നെയാണ്. 

          പെൺകുട്ടികളുടെ അടുത്തായി ഇരിക്കുന്ന മനുഷ്യൻ കുറച്ച് സമയമായി ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നുണ്ട്. ഇയാൾ സന്യാസിയാണോ? അതോ ഭ്രാന്തനോ? കാഴ്ച്ചയിൽ സന്യാസിയെപോലെ, പക്ഷെ ചേഷ്ടകൾ ഭ്രാന്തന്റേതും. പറയുന്ന കാര്യങ്ങളോ ഒന്നും മനസിലാകുന്നുമില്ല. വല്യ തത്വങ്ങൾ പോലെ തോന്നുന്നു, അതോ മണ്ടത്തരങ്ങൾ ആണോ? ട്രെയിൻ കയറിയപ്പോൾ മുതൽ എനിക്ക് തോന്നിയ സംശയമാണ്. എല്ലാവർക്കും ഈ സംശയം ഉണ്ടെന്നു തോന്നുന്നു. കഥകൾ തുടർന്നുകൊണ്ടിരിക്കുന്നു, അതിനിടയിൽ ആണ് ഈ സന്യാസിയുടെ ഭ്രാന്ത്‌ പറച്ചിൽ. ഇവിടുള്ള എല്ലാവരും ഇപ്പോൾ ഒരദൃശ്യ ക്യുവിൽ ആണ്, തങ്ങളുടെ കഥ പറയുവാനുള്ള ഊഴവും കാത്ത്. 

             ഈ കഥകൾ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു, കൂട്ടത്തിൽ സന്യാസിയുടെ ഭ്രാന്ത് പറച്ചിലും. ഹെഡ് സെറ്റ് ചെവിയിൽ വച്ച് ഞാൻ കണ്ണടച്ചിരുന്നു. പ്രകൃതിയും, നന്മയും, സ്നേഹവും, കരുണയുമൊക്കെ കടന്ന് വരുന്ന നല്ലൊരു ഗാനം. നല്ല കാവ്യഭാവന, വളരെ നല്ല ഈണവും. ഇതെന്നെ സന്തോഷിപ്പിക്കുന്നുണ്ട്, കുറച്ച് സമയത്തേക്കെങ്കിലും. ട്രെയിനിന്റെ ശബ്ദം ശല്യം ചെയ്യുന്നുണ്ടെങ്കിലും ഞാനത് ആസ്വദിച്ചു,  ചെറുതായൊന്നു മയങ്ങി. 

ശക്തമായി വീശിയ കാറ്റിന്റെ ശബ്ദത്തിൽ ഞാൻ ഞെട്ടി ഉണർന്നു. എന്താണ് സംഭവിച്ചത്? ഞാൻ ചുറ്റും നോക്കി. ഒന്നും സംഭവിച്ചില്ല, കാറ്റ് വീശിയതാണ്  എന്ന് എന്റെ തൊട്ടടുത്ത് ഇരിക്കുന്ന യുവാവ് പറഞ്ഞു. ഞാൻ വീണ്ടും സ്വബോധത്തിലേക്ക് വന്നു. യുവാവ് എന്നെ നോക്കുന്നുണ്ട്, കണ്ണുകളിൽ ദയനീയ ഭാവം. എന്താണ് ഇയാളുടെ കഥ? അയാളത് പറയുവാൻ തുടങ്ങുകയാണോ? ഏയ് അല്ല, ഞാൻ ഉറങ്ങിസമയത്ത് അയാളത് പറഞ്ഞു കഴിഞ്ഞിരുന്നു. 

                 ഹെഡ് സെറ്റ് മാറ്റിവച്ച്‌ ഞാൻ വീണ്ടും പുറത്തെ കാഴ്ചകൾ ശ്രദ്ധിച്ചുതുടങ്ങി. ട്രെയിൻ ഇഴഞ്ഞു നീങ്ങുകയാണ്, അതിയായ നിരാശ തോന്നി. ഒരൽപ്പം വേഗത കൂടിയിരുന്നെങ്കിൽ, ഞാൻ ആഗ്രഹിച്ചു പോയി. വറ്റി വരണ്ട കൃഷിസ്ഥലങ്ങൾ ആണ് പുറത്ത് കാണുന്നത്. ഇവിടൊരു മഴ പെയ്തിരുനെങ്കിൽ, വെറുതെ ഞാൻ ആശിച്ചു. ഒരു മഴ പെയ്‌തിട്ടു കാര്യമില്ല, അത് ചൂട് ദോശക്കല്ലിൽ വെള്ളത്തുള്ളി വീഴുന്നത് പോലെയേ ആകൂ . അത്രയ്ക്കും തീവ്രമാണ് വരൾച്ച. അവിടവിടെയായി വട്ടം കൂടി ഇരുന്നു പ്ലാസ്റ്റിക് തിന്ന് വിശപ്പടക്കുന്ന പട്ടിണിക്കോലങ്ങളായ കുട്ടികളെ കാണാം. അവർക്ക് ഭക്ഷിക്കുവാൻ കായ്കനികൾ ഇല്ല. മനുഷ്യൻ അനശ്വരമാക്കി സൃഷ്ടിച്ചെടുത്ത പ്ലാസ്റ്റിക് മാത്രം. കുറച്ച് മാറി ഒരാൾക്കൂട്ടം കാണുന്നുണ്ട്. ബോർവെൽ താഴ്ത്തി കുറച്ച് വെള്ളം കണ്ടെത്തിയതിന്റെ ആഘോഷമാണതെന്ന് യാത്രക്കാരിൽ  ആരോ പറയുന്നത് കേട്ടു. കണ്ടെത്തിയ വെള്ളത്തിനുവേണ്ടിയുള്ള യുദ്ധം അവിടെ തുടങ്ങുന്നതിനു മുൻപേ ട്രെയിൻ അവരെ കടന്ന് പോയ്കഴിഞ്ഞു. ഞാൻ ഇരിക്കുന്നതിന്റെ എതിർവശത്തുള്ള ജനാലയിലൂടെയുള്ള കാഴ്ചകൾ എന്താണെന്ന് അറിയുവാൻ ഞാനൊന്ന് എത്തി നോക്കി. വളരെ പണിപ്പെട്ടുകൊണ്ട്. നിൽക്കുന്ന ആളുകൾ കാഴ്ച്ച മറയ്ക്കുന്നുണ്ട്. അവർക്കിടയിലൂടെ ആ ജനലിലൂടെ ഉള്ള കാഴ്ച്ച ഞാൻ  കണ്ടു. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനാവുന്നില്ല. അവിടെ പ്രളയമാണ്, മഹാപ്രളയം. ആളുകൾ മുങ്ങി മരിക്കുന്നു, കുറച്ച് പേർ നീന്തി രക്ഷപെടാൻ ശ്രമിക്കുന്നു. ഇതെന്ത് വിരോധാഭാസമാണ്. ഒരുവശത്ത് വരൾച്ച, മറുവശത്ത് പ്രളയം, ഇതിനിടയിലൂടെ ആണ് എന്റെ ഈ ട്രെയിൻ സഞ്ചരിക്കുന്നത്. അതിവിചിത്രമായ ഈ കാഴ്ച്ച ഉൾക്കൊള്ളുവാൻ എനിക്ക് കുറച്ച് സമയം വേണ്ടി വന്നു. ഒടുവിൽ ഞാൻ മനസിലാക്കി, ഈ രണ്ട് പാളങ്ങൾ തമ്മിൽ കാലങ്ങളുടെ അന്തരമുണ്ടെന്ന്. സമാന്തരങ്ങളായ രണ്ട് ദുരന്തങ്ങളുടെ ഇടയിലൂടെ ട്രെയിൻ ഇഴഞ്ഞു നീങ്ങുന്നു. എന്റെ ഭീതി വർധിച്ചു തുടങ്ങി. പുറംകാഴ്ചകൾ ഭീകരതയുടെ              മൂർദ്ധന്യത്തിൽ എത്തി നിൽക്കുന്നു. അകത്ത് അലയടിക്കുന്ന കഥകളും അതുപോലെ തന്നെ. അതിജീവനം ഇനി അതികഠിനം തന്നെ.

              പുറം കാഴ്ചകളിൽ നിന്നും ശ്രദ്ധ തിരിച്ച്, കഥകൾക്കും ചെവി കൊടുക്കാതെ ഞാൻ കണ്ണടച്ചിരുന്നു "മോനെന്തിനാണ് ഈ ട്രെയിനിൽ കയറിയത്? "ചോദ്യം എന്നോടാണ്. ചോദിച്ചതാരെന്ന് വ്യക്തമല്ല, എങ്കിലും ഞാൻ കണ്ണു തുറന്നില്ല. കേൾക്കാത്ത ഭാവത്തിൽ ഇരുന്നു. വ്യക്തമായ ഒരുത്തരം എനിക്കില്ല. കേട്ടു മടുത്തു, കണ്ടു മടുത്തു, ദുരന്തത്തിലേക്ക് ഒരു തലമുറയെ സൃഷ്ടിച്ചു വിടുവാൻ മനസും വരുന്നില്ല. ഒടുവിൽ ഈ ട്രെയിനിൽ ഞാനും കയറി. ശബ്ദം പുറത്തു വന്നില്ല എന്നുറപ്പു  വരുത്തി, പറഞ്ഞത് മനസ്സിൽ തന്നെ. അദൃശ്യ ക്യൂ കഴിഞ്ഞിരിക്കണം,  കുറച്ചു സമയമായി  അതിൽ ഞാൻ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടാവാം ചോദ്യം എന്റെ നേർക്കും വന്നത്.

"നിങ്ങൾ എന്തിനാണ് സുവർണ യുഗത്തിലേക്ക് പോകുന്നത്?" കണ്ണടച്ചാണ് ഇരുന്നതെങ്കിൽക്കൂടിയും ചോദ്യം സന്യാസിയോടാണെന്ന് എനിക്ക് മനസിലായി. അയാളുടെ ഉത്തരം കേൾക്കുവാൻ എല്ലാവർക്കും അതിയായ ആകാംഷ ഉണ്ടായിരുന്നു. ഇത്രയും സമയം ഭ്രാന്ത് പുലമ്പി കൊണ്ടിരുന്ന സന്യാസി അല്പം ഗൗരവ സ്വരത്തിൽ പറഞ്ഞു തുടങ്ങി. 

"ഞാൻ എങ്ങോട്ടും പോകുന്നില്ല. ഈ തീവണ്ടി എങ്ങും എത്തുവാനും പോകുന്നില്ല "ഇതു കേട്ടതും എല്ലാവരിലും നിരാശ പടർന്നന്നിട്ടുണ്ടാവും. കണ്ണടച്ചു കൊണ്ടു തന്നെ ഞാൻ അയാളുടെ വാക്കുകൾ ശ്രദ്ധിച്ചു. "ഇതൊരു യുഗാന്ത്യമാണ്. ഈ യുഗത്തിലെ ഒരു പുൽനാമ്പ് പോലും അടുത്ത യുഗത്തിൽ ഉണ്ടാവില്ല. സർവനാശത്തിനു ശേഷം മാത്രമേ പുതുയുഗപിറവി ഉണ്ടാവു. നന്മയുടെയും,  സമ്പൽ സമൃദ്ധിയുടെയും ഉച്ഛസ്ഥായി സങ്കല്പമായ സുവർണയുഗമെന്നത്  ഒരു സ്ഥലമല്ല, അതൊരു കാലമാണ്. അതിലേക്ക് എത്തിച്ചേരുവാനുള്ള ശക്തി മനുഷ്യ നിർമിതമായ ഈ വണ്ടിക്ക്    ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഭൂമിയുടെ ആയുസ്സ് കുറയ്ക്കുന്ന കണ്ടുപിടുത്തങ്ങൾ ഇനിയും നടത്തുക. സർവനാശത്തിനായി കാത്തിരിക്കുക."

                              അയാൾ പറഞ്ഞു നിർത്തിയതും ആരോ കെട്ടി വലിച്ചു നിർത്തിയത് പോലെ ട്രെയിൻ നിന്നതും ഒരുമിച്ചായിരുന്നു. ശക്തമായി മുന്നോട്ടാഞ്ഞത് കൊണ്ട് അറിയാതെ ഞാൻ കണ്ണുകൾ തുറന്നു പോയി. സന്യാസി ധ്യാനത്തിലെന്നപോലെ ഇരിക്കുന്നു. എല്ലാവരും വല്യ ദേഷ്യത്തിലാണ്, കുറച്ചുപേർ നിരാശയിലും. കുറച്ചു സമയം നീണ്ട നിശബ്ദതയ്ക്കു ശേഷം ഒരാൾ വിളിച്ചു കൂവി "ഭ്രാന്തൻ". ഇത്രയും ആളുകളുടെ പ്രതീക്ഷകൾ നശിപ്പിച്ച ഇയാൾ സന്യാസിയല്ല, ഭ്രാന്തൻ തന്നെയാണ് എനിക്കും തോന്നി, 'വികൃത സത്യത്തിന്റെ മുഖമുള്ള ഭ്രാന്തൻ.' 

നിരാശയിലും ദേഷ്യത്തിലും എല്ലാവരും ഭ്രാന്തൻ സന്യാസിയെ കുറ്റപ്പെടുത്തുവാനും, വഴക്കു പറയുവാനും തുടങ്ങി. ധ്യാനത്തിൽ എങ്കിൽ കൂടി അയാൾ മന്ദഹസിക്കുന്നുണ്ട്. പ്രതീക്ഷയറ്റു നിൽക്കുന്ന ഈ ട്രെയിൻ ഇനി നീങ്ങുമോ? ഏവരിലും ആശങ്ക പടർന്നു. "എല്ലാം ഈ സന്യാസി വരുത്തി വച്ചതാണ് "ഒരു സ്ത്രീ പുലമ്പുന്നത് കേട്ടു. എല്ലാവരേയും ആവേശത്തിൽ ആഴ്ത്തി കൊണ്ട് ട്രെയിനിന്റെ ഹോൺ  ശബ്ദം കേട്ടു, ട്രെയിൻ  പതിയെ നീങ്ങി തുടങ്ങി. യാത്രക്കാരിൽ ഉണ്ടായ ആവേശം ഉൾക്കൊണ്ടിട്ടെന്നപോലെ ട്രെയിൻ പൂർവാധികം വേഗത കൈവരിച്ചു. പുറം കാഴ്ചകൾ   ഇപ്പോൾ അവ്യക്തമാണ്.എങ്കിലും വരൾച്ചയുടെ തീവ്രത കുറഞ്ഞത് പോലെ തോന്നി, മുഖത്ത് തണുത്ത കാറ്റ് അടിക്കുന്നുണ്ട്.  ഹെഡ്സെറ്റ് കാതിൽ തിരുകി കൊണ്ട് ഞാൻ വീണ്ടും കണ്ണടച്ചിരുന്നു. നന്മയുടെ പാട്ടുകൾ വീണ്ടും കാതിൽ കേട്ടു തുടങ്ങി. ചെറുതായൊന്നു മയങ്ങാം. ഈ മയക്കത്തിനൊടുവിൽ ഉണരുന്നത് സുവർണ യുഗത്തിൽ ആയിരിക്കണം എന്ന ആഗ്രഹത്തോടെ. എങ്കിലും ഉപബോധമനസിലെവിടെയോ ഭ്രാന്തസന്യാസിയുടെ വാക്കുകൾ അലയടിച്ചുകൊണ്ടിരുന്നു.....

Subscribe to Navigant India Pvt Ltd