Skip to main content
Srishti-2022   >>  Poem - Malayalam   >>  പ്രണയത്തിന്റെ കൊലപാതക കുറിപ്പ്

പ്രണയത്തിന്റെ കൊലപാതക കുറിപ്പ്

 

ഇന്നലെ പെയ്ത രാത്രി മഴയോട് കൂടി പ്രണയം മണ്ണടിഞ്ഞു പോയത്രേ.

പ്രണയത്തിനിപ്പോൾ പരാതിയും പരിഭവങ്ങളുമില്ല,

നിറവും സുഗന്ധവുമില്ല...

മൊട്ടിട്ടു പോയ പ്രണയത്തിനൊക്കെയും

രക്തത്തിന്റെയും എരിഞ്ഞ മാംസത്തിന്റെയും ഗന്ധം മാത്രം.

 

ഞരമ്പുകൾ മുറിഞ്ഞു രക്തമൊഴുകി,

കൈകൾ തളർന്നു,

ശ്വാസം വിലങ്ങി കണ്ണുകളുന്തി,

വൃക്കകളുടഞ്ഞു, കരളു കരിഞ്ഞു,

ആമാശയമെരിഞ്ഞു, പാദങ്ങൾ വിറച്ചു

പ്രണയം മണ്ണിനടിയിലേക്കു കൂപ്പു കുത്തി.

മരിച്ചപ്പോളത്രേ അറിഞ്ഞത്, പ്രണയത്തിനു ഹൃദയമില്ലായിരുന്നു,

തലച്ചോറ് കാലങ്ങൾക്കു മുന്നേ മരവിച്ചു പോയിരുന്നു എന്ന്.

 

ഒന്നുറക്കെ നിലവിളിക്കാൻ തൊണ്ട തുറക്കേ

ചുറ്റിനും കോമരം കെട്ടിയാടുന്നു കത്തിയും തോക്കും വിഷവും പെട്രോളുമാസിഡും പിന്നെയൊരു തൂക്കു കയറും.

മരവിച്ച ഓർമ്മകളിലരികിലിരുന്നു തലോടിയ മർമ്മരങ്ങൾക്കു

മുലപ്പാലിന്റെ മണം...

വാത്സല്യത്തിന്റെ ഗദ്ഗദം കൊരുത്ത ചുണ്ടുകളിൽ കൈവിട്ടു പോയ സ്മൃതികളുടെ നിഴലനക്കം...

 

അടക്കം പറച്ചിലുകളിൽ ഉയരുന്ന സ്വരമെല്ലാം കർണപുടങ്ങളിൽ

തട്ടി പ്രതിധ്വനിച്ചതും

അത്തിമരത്തിലിരുന്നൊരു ഹൃദയം ഉറക്കെ വിളിച്ചു പറഞ്ഞു

പ്രണയം മരിച്ചതല്ല, കൊന്നതത്രെ ....

പശിയിൽ വിഷം കലർത്തി പുഞ്ചിരിച്ചു കൊണ്ട് കഴുത്തറുത്തു കൊന്നതത്രേ...

Srishti-2022   >>  Poem - Malayalam   >>  ഇനിയീ കൊറോണയും മാഞ്ഞു പോകും ...!  

ഇനിയീ കൊറോണയും മാഞ്ഞു പോകും ...!  

ഒരു പ്രളയകാലം കടന്നു പോയി ,
ഒരു ചുഴലി രോദനം കെട്ടു പോയി ,
ഒരു നിപ്പ വന്നെന്റെ നാടിനെ വിഴുങ്ങവെ-
ഒരുമയാൽ കൈ കോർത്തു മുന്നേറി നാം .
 
ഇനിയീ കൊറോണയും മാഞ്ഞു പോകും 
ഈ ദുരിത കാലവും യാത്രയാകും 
ഇവിടെ നാമൊന്നായി വീണ്ടുമുണരും 
അതിജീവനത്തിന്റെ കഥകൾ പാടും .
 
അരികത്തു നിൽക്കുന്ന പ്രിയരോടെല്ലാം 
കൈമെയ് അകലം പാലിച്ചിടാം 
ഒരു മുഴം തുണി വേണ്ട ,മാസ്ക് പോരെ 
ഇരു ശ്വാസബന്ധങ്ങൾ അകലെയാകും 
ഈ മഹാമാരിയും വിട്ടു പോകും 
 
തുപ്പരുതെ ..,നിങ്ങൾ തോറ്റു പോകും 
കൈ കഴുകു നിങ്ങൾ , കൊറോണ പോകും .
പല കൈകൾ ചേരുന്ന ചങ്ങല കണ്ണികൾ 
പൊട്ടിച്ചെറിഞ്ഞത് തോൽക്കാനല്ല ....
കൈകോർത്തു നിൽക്കുന്ന നല്ലൊരു നാളേക്കായി 
കൈവിട്ടു നിന്നിടാം ,പോരാടിടാം ...  


 

Srishti-2022   >>  Short Story - Malayalam   >>  ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലെ മുറി

ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലെ മുറി

ജനലഴികളിലേക്കു മുഖം ചേർത്തു അന്നാമ്മ മഴത്തുള്ളികളെ ചുംബിച്ചു .മണ്ണിന്റെ മണം അന്നമ്മയുടെ നാസാരന്ദ്രങ്ങളിലേക്കു പടർന്നു കയറി , ആ മഴയും മണ്ണിന്റെ മണവും അന്നമ്മയെ ജോണിച്ചന്റെ ഓർമകളിലേക്ക് യാത്രയാക്കി . ഒരു മഴക്കാലത്താണ് ജോണിച്ചന്റെ കൈയും പിടിച്ചു മാളിയേക്കൽ തറവാടിലേക്ക് കയറി വന്നത് .ജോണിച്ചന്റെ ആദ്യ ഭാര്യ എന്തോ ദീനം വന്നു ചത്തു പോയ ഒഴിവിലേക്ക് രണ്ടാനപ്പാണ് അന്നമ്മയെ പിടിച്ചു കൊടുത്തത് .അന്നമ്മയ്ക്കും , അന്നമ്മയുടെ അമ്മച്ചിക്കും ആദ്യം ജോണിയോട് എതിർപ്പ് ആയിരുന്നെങ്കിലും ജോണിയുടെ കരവലയത്തിൽ  അന്നമ്മ സുരക്ഷിതത്വം അനുഭവിക്കുന്നു എന്ന തിരിച്ചറിവിൽ ഇരുവർക്കും ജോണി പ്രിയങ്കരനായി മാറി. ജോണിയുടെ ആദ്യ ഭാര്യയുടെ മകനായ ആറുവയസുകാരൻ ജിമ്മിക്ക് അന്നാമ്മച്ചിയെ ജീവനായിരുന്നു , അന്നമ്മയ്ക്കും അങ്ങിനെ തന്നെ .ജീവിതം മനോഹരമായ തീരങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു .അന്നമ്മയ്ക്കും ജോണിക്കും ജിമ്മിയെ കൂടി ചേർത്തു മക്കൾ നാലായി. രണ്ടു പെണ്ണും രണ്ടാണും .എല്ലാവരെയും കുടുംബങ്ങളാക്കി വാർധക്യ ജീവിത്തത്തിലേക്കു കടക്കവേ ആണ് ജോണിക്കു ദൈവവിളി വന്നതും അന്നമ്മ ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലേക്ക് പറിച്ചു നട്ടതും.

ജിമ്മിയെ മൂവർക്കും വലിയ പിടുത്തമില്ലായിരുന്നു എങ്കിലും ജോണിച്ചനെ പേടിച്ചു ആരും അവനോടു മുഖം കറുപ്പിക്കാറില്ലായിരുന്നു , മലവെള്ള പാച്ചിലിലിൽ വീടും കൂടും നഷ്ടപ്പെട്ട ഒരു അനാഥ പെങ്കൊച്ചിനെ ജിമ്മി മിന്നു കെട്ടിയതോടെ അവരൊക്കെ ഒളിഞ്ഞും തെളിഞ്ഞും അവനെ ഓരോന്ന് പറയാൻ തുടങ്ങി , ജോണിച്ചനെ വിഷമിപ്പിക്കാതിരിക്കാൻ ഒന്നും കണ്ടില്ലെന്നു വച്ച് നടന്ന ജിമ്മിയോടു അന്നമ്മയ്ക്കു ഒരു പടി വാത്സല്യം കൂടുതലാണ് ,എന്നും ...!

ജോണിച്ചൻ പോയതോടെ എല്ലാവരും ചേർന്ന് ജിമ്മിയെയും പുറത്താക്കി , മൂവർ സംഘം കണക്കു പറഞ്ഞപ്പോൾ വർഷത്തിൽ നാല് മാസം വീതം അന്നമ്മച്ചി പങ്കുവയ്ക്കപ്പെട്ടു, ജോണിച്ചനെ  ഒന്ന് കാണാൻ അന്നമ്മയുടെ മനസ്സ് വല്ലാതെ കൊതിക്കുമ്പോഴെല്ലാം ഇടവഴിയിൽ അപ്പന്റെ തനിപ്പകർപ്പായ ജിമ്മിയുടെ തലവെട്ടം തെളിഞ്ഞു കാണാറുണ്ട് ,അത് കൊണ്ട് മാത്രം ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലെ മുറി അന്നമ്മച്ചിക്ക് ഒരുപാട് ഇഷ്ട്ടമാണ്. ലൂക്കയും കുടുംബവും ഞായറാഴ്ച്ച പള്ളിക്കു പോകുന്ന സമയം നോക്കി ജിമ്മി വരാറുണ്ട്, അമ്മച്ചിക്ക് ഇഷ്ടപ്പെട്ട പാലപ്പവും സ്റ്റൂവും  കൊണ്ട്..വാരി കഴിപ്പിച്ചു അന്നമ്മച്ചിയുടെ വയറും മനസ്സും നിറയുന്നത് നോക്കി അവനിരിക്കുന്നതു കാണുമ്പോൾ അന്നമ്മച്ചിക്ക് ജോണിച്ചൻ മരിച്ചിട്ടില്ലെന്ന് തോന്നും ...ആ വൃദ്ധ അവനെ വാരിപ്പുണർന്നു ഒരുപാട് കരയും , പഴയ കഥകളൊക്കെ അവനോടു പറഞ്ഞു സ്വയം സന്തോഷിക്കും ...

വെള്ളിയിഴകൾ സമൃദ്ധിയുടെ അടയാളമാണെന്നു അന്നമ്മയുടെ കുട്ടി നര നോക്കി ജോണിച്ചൻ പറയാറുണ്ടായിരുന്നു. പ്രായമായപ്പോൾ വെള്ളിയിഴകൾ  എല്ലാവർക്കും ബാധ്യത ആണെന്ന് അനുഭവത്തിലൂടെ അന്നമ്മച്ചി പഠിച്ചു. പങ്കുവയ്ക്കലും ബാധ്യത ആണെന്ന് പെൺമക്കൾക്ക് തോന്നിയതോടെ മാളിയേക്കൽ തറവാടിന്റെ ഉടമസ്ഥനായി അന്നമ്മച്ചിയുടെ രക്ഷാകർത്താവ് .മാളിയേക്കൽ തറവാടെന്ന പേര് ആരുമിപ്പോൾ പറയാറില്ല , ലൂക്കയുടെ വീട്. അന്നമ്മച്ചിയും അങ്ങിനെ പറഞ്ഞു പഠിച്ചിരിക്കുന്നു .

തനിച്ചാവുക എന്തെന്ന് തിരിച്ചറിയുന്നത് മറുപാതി നഷ്ടമാകുമ്പോൾ ആണത്രേ, ആ ഒഴിവു ഒരു വലിയ വിടവായി അവസാന ശ്വാസം വരെയും കൂടെ കാണും.ഇരുട്ടിലെ ദീർഘനിശ്വാസങ്ങൾക്കും തേങ്ങലുകൾക്കും ആ മറുപാതിയുടെ മണം ആയിരിക്കും , മരണം കാത്തു കിടക്കുന്ന ജീവനുകൾക്കു ആകെയുള്ള ആശ്വാസമാണ് ആ മണം .

Image removed.



ആദ്യത്തെ ആണ്ട് നാടടക്കം വിളിച്ചു കൂട്ടി മക്കൾ കെങ്കേമമാക്കി. ജിമ്മി മാത്രം അപ്പന്റെ കുഴിമാടത്തിൽ അന്നമ്മച്ചിയേയും കൂട്ടി പോയി വൈകും വരെ കാവലിരുന്നു ഓർമ്മകൾ അയവിറക്കി. ആണ്ടുകളൊന്നും ഓർക്കാൻ അന്നമ്മച്ചിക്കിപ്പോൾ കഴിയുന്നില്ല .ആണ്ട് നാലായെന്നും പള്ളിയിൽ പോയി അപ്പനെ കണ്ടെന്നും എന്നോ ഒരിക്കൽ ജിമ്മി പറഞ്ഞ ഓർമ മാത്രം അന്നമ്മച്ചിയുടെ മനസ്സിൽ എവിടെയോ ഉടക്കി കിടന്നു .
മനുഷ്യ വാസമുള്ള വീടാണിതെന്നു തോന്നാറേ ഇല്ല. ലൂക്ക തന്നെ എന്നേ മറന്നിരിക്കുന്നു.അമ്മച്ചി എന്ന ആദ്യത്തെ കൺമണിയുടെ വിളി കേൾക്കാൻ അന്നമ്മയുടെ മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ടെങ്കിലും ലൂക്ക അതറിയാറേ ഇല്ല.അമ്മച്ചിയെ നോക്കാനുള്ള ബാധ്യത ലൂക്കയ്ക് ആണെന്ന് പറഞ്ഞു റബേക്കയും മരിയയും ചേർന്നാണ് ഒരു ദിവസം അന്നമ്മയെ കൊണ്ട് ലൂക്കയുടെ വീട്ടിലാക്കിയത് . പിന്നീടങ്ങോട്ട് പെണ്മക്കളുമില്ല ,മകനുമില്ല ...

 മനസ്സ് വിചാരിക്കുന്നിടത്തു കൈയും കാലും എത്താറില്ല , എത്ര ദിവസം കൂടുമ്പോൾ ആണ് കുളിക്കുന്നതെന്നു പോലും ഓർമയില്ല ,വാതിലിനിടയിലൂടെ കടന്നു വരുന്ന ആഹാരം നിറച്ച പാത്രങ്ങൾ ആണ് ഇപ്പോൾ വിരുന്നുകാർ. രാത്രികളിൽ എപ്പോഴോ ലൂക്ക വന്നു വാതിൽ തുറന്നു അന്നമ്മച്ചിക്കു ജീവനുണ്ടെന്നു ഉറപ്പു വരുത്തി പോകാറുണ്ട്. മനുഷ്യരുടെ സംസാരങ്ങൾക്കും കുഞ്ഞുങ്ങളുടെ ചിരികൾക്കുമായി ഇടയ്ക്കൊക്കെ ആ വാതിൽ പകുതി തുറന്നു അന്നമ്മച്ചി കാതോർക്കാറുണ്ട്. വാർദ്ധക്യവും ,വൈധവ്യവും ഒന്നിച്ചു പിടികൂടുമ്പോൾ നൊന്തു പെറ്റ മക്കളൊക്കെ അന്യരാകും. നിറങ്ങളൊക്കെ പിന്നെ മനസ്സിലേക്കൊതുങ്ങി മരണം കാത്തു കഴിയും .വളർത്തുമക്കൾ ഒന്നുകിൽ വാലാട്ടി നായ്ക്കളോ അല്ലെങ്കിൽ വന്യമൃഗങ്ങളോ ആകാറാണ് പതിവ് .ജിമ്മി പക്ഷെ ഇത് രണ്ടുമല്ല , ജോണിച്ചനാണവൻ, വാത്സല്യത്തിന്റെയും, കരുതലിന്റെയും നിറകുടമാണവൻ .ജിമ്മി വരുമ്പോൾ ആണ് ലോകം ഉണ്ടെന്നും ഇന്നൊരു ഞായറാഴ്ച ആണെന്നും ആ വൃദ്ധ തിരിച്ചറിയുന്നത് .

ആ ഞായറാഴ്ച്ച അപ്പന്റെ ആണ്ട് കൂടിയായിരുന്നു എന്ന് ജിമ്മി പറയുമ്പോൾ അന്നമ്മച്ചിക്കെന്തോ സന്തോഷം തോന്നി .അപ്പന് പ്രിയപ്പെട്ട പോത്ത് വരട്ടിയതും കരിമീൻ പൊള്ളിച്ചതും താറാവ് ഉലർത്തിയതും കള്ളൊഴിച്ചുണ്ടാക്കിയ അപ്പവും , ബിരിയാണിയും ചേർത്തു ഒരു വലിയ വിഭവ സമൃദ്ധമായ തീൻമേശ തന്നെ ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലെ മുറിയിൽ ജിമ്മി അന്നമ്മയ്ക്കായി ഒരുക്കി. കഴിഞ്ഞ ദിവസങ്ങളിൽ  മുറിയിലേക്ക് വിരുന്നുകാർ എത്തിനോക്കാൻ മറന്നത് കാരണം അന്നമ്മയ്ക്കു അന്ന് നല്ല വിശപ്പ് തോന്നിയിരുന്നു.ലൂക്ക കുടുംബസമേതം ഭാര്യയുടെ അനിയത്തിയുടെ കൊച്ചിന് മാമോദീസ ചടങ്ങിന് പോയേക്കുന്ന കാരണം അന്ന് പതിവിലും കൂടുതൽ നേരം ജിമ്മി അന്നമ്മയോടൊപ്പം ഇരുന്നു.അവരുടെ വെള്ളിയിഴകളിൽ തലോടിയും ,ആ കവിൾത്തടങ്ങളിൽ അരുമയായി മുത്തം വച്ചും ആ മകൻ അന്നമ്മയ്ക്കു പരമാനന്ദമേകി.അന്നമ്മ ഉറങ്ങി എന്ന് ഉറപ്പു വന്ന ശേഷം ജിമ്മി തിരികെ യാത്രയായി .

പുലർച്ചെ എവിടെയോ കോഴി കൂവുന്ന ശബ്ദം കേട്ടാണ് അന്നാമ്മ കണ്ണ് തുറന്നത്. കണ്ണ് തുറന്നു നോക്കുമ്പോൾ മുന്നിലുണ്ട് ജോണിച്ചൻ.
"എന്നതാടി അന്നാമ്മേ , നിനക്കൊന്നു കുളിച്ചു സുന്ദരിയായി ഇരുന്നു കൂടെയോ ,കണ്മഷി ഒന്നും എഴുതാതെ കണ്ണൊക്കെ കുഴിഞ്ഞു പോയല്ലോടി, പോയി കുളിച്ചു സുന്ദരിയായി വാടി അന്നാമ്മേ ..." അതും പറഞ്ഞു ജോണിച്ചൻ വഷളൻ ചിരി ചിരിച്ചു , ജോണിച്ചൻ അങ്ങനെ ചിരിച്ച പുലരികളിലാണ് ലൂക്കയും , മരിയയും ,റബേക്കയും പിറന്നത്. അത് ഓർത്തതും അന്നമ്മയ്ക്കു ചിരിയടക്കാൻ കഴിഞ്ഞില്ല. അന്നമ്മയുടെ തേങ്ങലുകൾ മാത്രം കേട്ട് പരിചയിച്ച ആ ചുവരുകൾക്ക് അവരുടെ ചിരിയുടെ മണികിലുക്കം ഒരു പുതിയ അനുഭൂതി ആയിരുന്നു.

ഓർമകൾക്ക് വല്ലാത്ത ശക്തിയാണ് , മരണക്കിടക്കയിലേക്കു വലിച്ചെറിയാനും , ജീവിതത്തിലേക്ക് തിരികെ വിളിക്കാനും ഓർമ്മകൾ തന്നെ ധാരാളം .അന്നമ്മയ്ക്കെന്തോ പുതിയ ഉന്മേഷം കിട്ടിയ പോലെ.അവർ കട്ടിലിനടിയിൽ നിന്നും തകരപ്പെട്ടി വലിച്ചു നീക്കിയെടുത്തു ,ജോണിച്ചന്റെ ഓർമകളുറങ്ങുന്ന ആ പെട്ടി അന്നമ്മ തുറന്നു .ചുവപ്പിൽ വെള്ള പൂക്കളുള്ള ഫുൾ വായൽ സാരി..ആദ്യമായി ജോണിച്ചൻ വാങ്ങിക്കൊടുത്ത സാരി.പ്രായം വീണ്ടും എൺപത്തിയൊന്നിൽ നിന്നും പതിനെട്ടിലേക്കു പോയ പോലെ .

പെട്ടെന്ന് തന്നെ അന്നമ്മ  കുളിച്ചു സുന്ദരിയായി ജോണിച്ചൻ വാങ്ങിക്കൊടുത്ത സാരിയുമുടുത്തു കണ്മഷിയും എഴുതി ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലുള്ള മുറിയിലെ പൊടിപിടിച്ചു മാറാല കെട്ടിയ  കണ്ണാടിയിലേക്കു നോക്കി ..ആ മാറാല കെട്ടിനിടയിലൂടെ അന്നാമ്മ തന്റെ മുഖം വർഷങ്ങൾക്കു ശേഷം ഒന്ന് കൂടി കണ്ടു . പിന്നെ ഒരു നേർത്ത ചിരിയോടെ,നാണത്തോടെ അന്നമ്മ കട്ടിലിലേക്ക് നോക്കി, ജോണിച്ചൻ ഒരു വശം ചരിഞ്ഞു തന്നെ നോക്കി വഷളൻ ചിരി ചിരിക്കുന്നുണ്ട്. അന്നമ്മ ജോണിച്ചനരികിലേക്ക് കിടന്നു ..അയാളുടെ കരവലയത്തിൽ മിഴികൾ കൂമ്പി ഒരു താമരയിതൾ പോലെ ....

ലൂക്കയും കുടുംബവും തിരിച്ചെത്തുമ്പോഴേക്കും പിറ്റേ ദിവസം രാത്രി ആയിരുന്നു , താനറിയാതെ ജിമ്മി ഞായറാഴ്ചകളിൽ വരുന്നത് അയാൾക്കറിയാമായിരുന്നു. താനില്ലാത്ത ദിവസങ്ങളിൽ ജിമ്മി അമ്മച്ചിയെ നോക്കാറുണ്ടെന്ന ഉറപ്പിന്മേലാകണം അന്നമ്മയുടെ മുറിയിലേക്കുള്ള രാത്രി നോട്ടത്തിനു ലൂക്കയ്ക്കു താല്പര്യം തോന്നിയില്ല. ലൂക്കയ്ക്കെന്തോ അന്നമ്മയെ തീരെ ഇഷ്ടമല്ല , അപ്പന്റെ മകനായ ജിമ്മിച്ചനോട് കാണിക്കുന്ന വാത്സല്യം അന്നമ്മയ്ക്കു തന്നോടില്ലെന്ന തോന്നലാകണം അതിനു കാരണം , കാരണങ്ങളും കാര്യങ്ങളും നികത്താൻ മിന്നു കെട്ടലോടെ ലൂക്ക മറന്നു പോയിരിക്കുന്നു , അതോടൊപ്പം മനപ്പൂർവം അയാൾ അന്നമ്മച്ചിയെ മറക്കുകയായിരുന്നു. രണ്ടാം നിലയിലെ തെക്കേ അറ്റത്തെ മുറിയിലേക്ക് നോക്കി ഒരു ദീർഘ നിശ്വാസവും നൽകി ലൂക്ക തിരിഞ്ഞു നടന്നു .
**********
പതിവ് തെറ്റിച്ചു കൊണ്ട് വാതിൽക്കൽ നിൽക്കുന്ന ജിമ്മിയെ കണ്ടതും ലൂക്കയ്ക്ക് വല്ലാതെ ദേഷ്യം തോന്നി .ലൂക്ക എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ അയാളെ തട്ടി മാറ്റി ജിമ്മി രണ്ടാം നിലയിലെ മുറിയിലേക്ക് ഓടി .പടപടാ മിടിക്കുന്ന ഹൃദയത്തോടെ അവൻ ആ വാതിൽ തുറന്നു . ചുവപ്പിൽ വെള്ള പൂക്കളുള്ള സാരിയും ചുറ്റി ഒരു വശം ചരിഞ്ഞു കിടന്നുറങ്ങുന്ന അന്നമ്മയെ അവൻ തൊട്ടു നോക്കി, പിന്നെ ഒരു ഞെട്ടലോടെ നിലവിളിയോടെ അവൻ രണ്ടടി പുറകിലേക്ക് നീങ്ങി .തണുത്തു മരവിച്ച അന്നമ്മച്ചിയേയും കോരിയെടുത്ത് ജിമ്മി പടികളിറങ്ങുന്നതു കണ്ട ലൂക്ക തളർന്നു മരവിച്ചു തറയിലേക്ക് വീണു .അന്നമ്മച്ചിയേയും കൊണ്ട് ജിമ്മി തനിക്കരികിലേക്കു നിറകണ്ണുകളോടെ നടന്നടുക്കുന്നതു കണ്ട ജോണിച്ചന്റെ മരിച്ച ഹൃദയം ഉറക്കെ തേങ്ങി , ആ കണ്ണുനീർത്തുള്ളികൾ മഴയായി അന്നമ്മച്ചിയേയും ജിമ്മിയെയും നനയിച്ചു ...മണ്ണിന്റെ മണം..അന്നമ്മച്ചിക്കു കുളിരു കോരിയെന്നു തോന്നുന്നു,അവരുടെ വരണ്ട ചുണ്ടിൽ എവിടെ നിന്നോ ഒരു പുഞ്ചിരി വന്നു നിറഞ്ഞ പോലെ...

Srishti-2022   >>  Article - Malayalam   >>  പുര നിറഞ്ഞ പെണ്ണ്

പുര നിറഞ്ഞ പെണ്ണ്

***" ഇങ്ങനെ കിടന്നു ചിരിച്ചു മറിഞ്ഞു തൊണ്ട തുറന്നോ, പെണ്ണാണ് എന്ന ബോധം വേണ്ടേ.നാളെ വേറൊരു വീട്ടിൽ പോകേണ്ടവൾ ആണെന്ന ബോധമില്ല.വായടച്ചു സംസാരിക്കെടി "

"ഉറക്കെ ചിരിച്ചാലോ, ഉച്ചത്തിൽ സംസാരിച്ചാലോ പെണ്ണ് പെണ്ണല്ലാതെ ആകുമോ ?ഇങ്ങനെ പിറന്ന വീട്ടിൽ തന്നെ അവഗണനയുടെ ടേപ്പ് ഒട്ടിക്കപ്പെട്ട പെണ്ണ് മറ്റൊരു വീട്ടിലെ തടവറയെക്കുറിച്ചു നിങ്ങളോടു എങ്ങിനെ സംസാരിക്കാൻ ആണ് ?"

  ***"വയസ്സ് 20 കഴിഞ്ഞില്ലേ, കെട്ടിക്കാറായില്ലേ ?, ഇനിയും വച്ചോണ്ടിരുന്നാ ചന്തമൊക്കെ  പോകും, പിന്നെ ചെറുക്കനെയും കിട്ടൂല "

"20 അല്ലെ ആയുള്ളു, കല്യാണ പ്രായം 20 ആണെന്ന് നിയമം ഒന്നും വന്നില്ലല്ലോ...അവിടിരുന്നോട്ടെ, ഇനി പുതിയ ഒരുത്തൻ ജനിച്ചു വന്നു കെട്ടേണ്ട കാര്യം ഇല്ലല്ലോ.ഉള്ള ചന്തമൊക്കെ  മതി"

***"ഇതിപ്പോ എന്തു പഠിപ്പ് ആണ്, വയസ്സു 27 ആയി, ഇനിയും പഠിക്കാൻ എന്തിരിക്കുന്നു ?കൂടെയുള്ളതുങ്ങളൊക്കെ കെട്ടി പിള്ളേരും ആയി "

"വിദ്യാഭ്യാസത്തിനു പ്രായപരിധി ഒന്നും തീരുമാനിച്ചിട്ടില്ല, പഠിക്കട്ടെ, ജോലി വാങ്ങട്ടെ, സ്വന്തം കാലിൽ നിൽക്കട്ടെ. എന്നിട്ടു ആലോചിക്കാം ബാക്കി"

**"ജോലി വാങ്ങി കുറെ കാശു സമ്പാദിച്ചിട്ട് എന്തിനാ ? പെണ്ണുങ്ങൾ ജോലിക്കു പോയി ചിലവ് നടത്തേണ്ട കാര്യമൊന്നും ഞങ്ങടെ കുടുംബത്തിൽ ഇല്ല"

"കാശ് ഉണ്ടാക്കി ചിലവ് നടത്തുന്നതിന് പെണ്ണെന്നും ആണെന്നും വേർതിരിവിന്റെ ആവശ്യം ഒന്നുമില്ല. പെണ്ണ് ജോലിക്കു പോയാലുടനെ തകരുന്ന പാരമ്പര്യം ആണെങ്കിൽ ആ പാരമ്പര്യം അങ്ങു തച്ചുടച്ചു കളഞ്ഞേക്ക്"

***"വീട് നോക്കി ഭർത്താവിനെയും മക്കളെയും നോക്കി അടങ്ങി ഒതുങ്ങി ജീവിക്കുന്ന പെണ്ണാണ് ഒരു മാതൃകാ യുവതി.പെണ്ണിനെ അങ്ങിനെയാണ് വളർത്തേണ്ടത്.ജോലിക്ക് പോകുന്ന പെണ്ണിന് എവിടെയാ ഇതിനൊക്കെ സമയം"

"ജോലിക്കു പോകുന്ന പെണ്ണുങ്ങളും വീടും കുടുംബവും നോക്കുന്നുണ്ട് ഹേ..വീടിനെ കുളിപ്പിച്ചു lizol മുക്കി,ഭർത്താവിനെ എണീപ്പിച്ചു റെഡിയാക്കി ഒരുക്കി ഓഫീസിൽ വിട്ട്, അമ്മായി അമ്മയ്ക്ക് പാദസേവ ചെയ്തു, മക്കളുടെ ആവശ്യങ്ങൾ നോക്കിയെടുത്തു, സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും മറന്നു വേലക്കാരിയെ പോലെ ജീവിച്ചാൽ മാത്രമെ നല്ല യുവതി ആകുമെങ്കിൽ ആ certificate എന്റെ മകൾക്ക് വേണ്ട.സ്വന്തമായി നിലനിൽപ്പും വ്യക്തിത്വവുമുള്ള ഒരു യുവതിയായി എന്റെ മകൾ വളർന്നാൽ മതി"

***"അല്ലെങ്കിലും കയ്യിൽ നാലു കാശു വന്നാൽ പെൺപിള്ളേർക്ക് അഹങ്കാരമാ. പിന്നെ ആണുങ്ങളെ അനുസരിക്കാൻ അവൾക്കൊക്കെ വലിയ മടി ആയിരിക്കും"

"ഈ പറയുന്നത് കുറെ മൂത്തു നരച്ച അമ്മച്ചിമാർ അല്ലിയോ, വീട്ടിൽ കുത്തിയിരിക്കുന്ന അമ്മച്ചിമാർക്കൊക്കെ അല്ലേലും നാലു കാശു സമ്പാദിക്കുന്ന പെണ്ണുങ്ങളോട് വലിയ കെറുവ് തന്നാ.അതു അവിടെ തന്നെ വച്ചിരുന്നോ.ആണുങ്ങളെ അനുസരിച്ചു ജീവിക്കണം എന്നൊരു ചൊല്ല് വേണ്ട, നല്ലതു പറയുന്നത് ആണായാലും പെണ്ണായാലും അതു പരസ്പരം മനസ്സിലാക്കിയാണ് അനുസരിക്കേണ്ടതും അവഗണിക്കേണ്ടതും"

***"നമ്മള് പെണ്ണുങ്ങൾ എല്ലാം സഹിക്കാനും ക്ഷമിക്കാനും പഠിക്കണം.നാളെ മറ്റൊരു വീട്ടിൽ ജീവിക്കേണ്ടവൾ ആണ്,അവിടത്തെ ചിട്ടകൾക്ക് അനുസരിച്ചു നടക്കേണ്ടവൾ ആണ്.കെട്ടിച്ചു വിട്ട വീടാണ് നിന്റെ വീട്, ജീവിത കാലം മുഴുവനും ജീവിക്കേണ്ട വീട്"

"തീർന്നില്ലേ...അടക്കവും ഒതുക്കവും കൊണ്ടു അവളിലെ പെണ്ണിനെ നിങ്ങൾ കൊന്നു കളഞ്ഞില്ലേ,കീ കൊടുക്കുന്ന പാവയായി ജീവിക്കാൻ അല്ലെ ഈ ക്ലാസ് കൊണ്ടു നിങ്ങൾ അവളെ പ്രാപ്തയാക്കിയത്..സഹനത്തിന്റെ ഒടുവിൽ രക്ഷപ്പെട്ടു വരാൻ സ്വന്തം വീട് പോലും ഇല്ലെന്നു നിങ്ങൾ അവളോട് പറയാതെ പറഞ്ഞു അവളെ ഒരു അന്യ ആക്കിയില്ലേ..മരണം അവളുടെ ഒരേ ഒരു ഓപ്ഷൻ ആക്കി മാറ്റിയില്ലേ നിങ്ങൾ.."

***"സ്ത്രീധനം ആയിട്ടൊന്നും വേണ്ട.പെണ്ണിനെ മാത്രം മതി.നിങ്ങളുടെ മകൾക്ക് എന്തു കൊടുക്കണം എന്നു നിങ്ങൾക്ക് തോന്നുന്നുവോ അതു കൊടുക്കാം.ഞങ്ങള് ഒറ്റമോളെ കെട്ടിച്ചു വിട്ടപ്പോ ആകെ 50 പവനും 10 സെന്റ് സ്ഥലവും ഒരു കാറും മാത്രമേ കൊടുത്തുള്ളു, അവളുടെ ചെക്കൻ വീട്ടുകാർ ഒന്നും ചോദിച്ചിട്ടല്ല,ഞങ്ങടെ മോൾ അല്ലേ..... പിന്നെ നാട്ടുനടപ്പ് അനുസരിച്ചു ചെയ്യണ്ട ചിലതൊക്കെ ഇല്ലേ .സദ്യയ്ക്ക് ഒരു കുറവും വരരുത് എന്ന ഒറ്റ നിബന്ധന മാത്രമേ ഞങ്ങൾക്കുള്ളൂ..."

"അടിപൊളി ...ധർമക്കല്യാണം അല്ലെ..സ്ത്രീധനം ചോദിച്ചില്ല,പകരം സ്വന്തം മകൾക്ക് കൊടുത്തത്തിൽ നിന്നും ഒട്ടും കുറയരുത് എന്നു പറഞ്ഞു വച്ചു.നാട്ടുനടപ്പുകൾ ഓർമിപ്പിച്ചു. എന്തിനാണ് ഈ സ്ത്രീധനവും നാട്ടുനടപ്പും ?കല്യാണം പെൺവീട്ടുകാരുടെ ബാധ്യതയും ആൺവീട്ടുകാരുടെ അവകാശവും അല്ല, മറിച്ചു തലമുറകൾ പരിപാലിക്കപ്പെടാൻ ഇരു കൂട്ടരുടെയും ആവശ്യമാണത്. ചിലവുകൾ പരസ്പരം പങ്ക് വച്ചു ഉള്ളത് കൊണ്ട് കൂട്ടിക്കെട്ടി പണത്തിന്റെ ധൂർത്ത് കാണിക്കാതെ കല്യാണം നടത്തിക്കൂടെ ?ഒരു പെൺകുഞ്ഞിനെ കഴുകനും പരുന്തിനും കൊടുക്കാതെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കുന്നതും പോരാഞ്ഞ് ജീവിതകാലം മുഴുവനും അവൾക്കു സ്ത്രീധനം എന്ന പേരിൽ ജാമ്യം കൊടുക്കണമെങ്കിൽ പിന്നെ എന്തിനു വിവാഹം കഴിപ്പിക്കണം ?"

***"എനിക്ക് ഒറ്റ മോൾ ആണ്.ഞാൻ ഉണ്ടാക്കിയതൊക്കെ അവൾക്കാണ് .500 പവൻ ഇട്ടു അണിഞ്ഞൊരുങ്ങി ആർഭാടം ആയി തന്നെ കല്യാണം നടത്തണം"

"നിങ്ങളുടെ ആർഭാടം കാരണം ലോണെടുത്തു മുടിഞ്ഞു കല്യാണം നടത്തേണ്ടി വരുന്ന ദരിദ്ര്യവാസി എന്നൊക്കെ നിങ്ങൾ പുച്ഛിക്കുന്ന പാവങ്ങളുടെ അവസ്ഥയോ ?ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ കല്യാണം നടത്തുന്ന കാലം എന്നൊന്ന് സ്വപ്നം കണ്ടു തുടങ്ങിക്കൂടെ ? രണ്ട് വ്യക്തികളിലൂടെ 2 കുടുംബങ്ങൾ കൂടിച്ചേരുന്നതിന് 200 പവനും 20000 പേർക്ക് സദ്യയും കൊടുക്കേണ്ട കാര്യം ഇല്ല എന്നു ഉറപ്പിച്ചൂടെ ??"

*******        ********         ********         *********           *********

കുട്ടി പെണ്ണായാലും ആണായാലും വിവരവും,വിദ്യാഭ്യാസവും ,വിവേകവും പകർന്നു നൽകി വ്യക്തിത്വമുള്ള സ്വയം പര്യാപ്തരായ വ്യക്തികളായി അവരെ വളർത്തിക്കൊണ്ടു വരേണ്ടതാണ് നമ്മുടെ ഉത്തരവാദിത്വം എന്നു മാതാപിതാക്കൾ ആദ്യം തിരിച്ചറിയുക. അടക്കവും ഒതുക്കവുമുള്ള പെണ്ണ്, മറ്റൊരു വീട്ടിൽ പോയി ജീവിക്കേണ്ടവൾ, എല്ലാം സഹിക്കേണ്ടവൾ, കുടുംബ ഭദ്രതയ്ക്കായി സ്വപ്നങ്ങൾ ത്യജിക്കേണ്ടവൾ തുടങ്ങിയ ബാധ്യതയുടെ ലേബലുകൾ ഓർമ വയ്ക്കുമ്പോൾ മുതൽ അടിച്ചേല്പിച്ച് ഒരു പെൺകുട്ടിയെ  സ്വയം മൂല്യമില്ലാത്തവളായി മാറ്റാതിരിക്കുക.

വിവാഹം ജീവിതത്തിലെ ഒരു ആവശ്യം മാത്രമാണെന്നും രണ്ടു കുടുംബങ്ങളും ചേർന്നു നടത്തേണ്ട -പരസ്പര ധാരണയിലും വിശ്വാസത്തിലും പടുത്തുയർത്തേണ്ട ഒരു ബന്ധമാണിതെന്നും നാം മനസ്സിലാക്കണം.സ്ത്രീധനവും സമ്പത്തും കണക്കു പറഞ്ഞു ആരുടെയും കഴുത്തറുക്കാതിരിക്കണം. ഇഷ്ടമില്ലാത്തിനോട് NO പറയാനും ഇഷ്ടമുള്ള കാര്യങ്ങളെ നേരായ രീതിയിൽ തിരഞ്ഞെടുത്തു മുന്നേറാനും നമ്മുടെ പെണ്മക്കളെ പ്രാപ്തരാക്കണം.

ഉത്തമയായ മരുമകൾ എന്നാൽ ഭർത്താവിന്റെ അടിച്ചുതളിക്കാരിയായും, അമ്മായി അമ്മയുടെ അടുക്കളകാരിയായും, അലാറം വച്ചു ഉറക്കം എണീറ്റു അടിമയെപ്പോലെ നിങ്ങളുടെ നിയമങ്ങൾ അനുസരിച്ചു ജീവിക്കേണ്ട പാവ അല്ലെന്നു എല്ലാ ആണ്മക്കളുടെയും അമ്മമാർ തിരിച്ചറിയുക. മരുമകൾ രാവിലെ ഉറക്കമെണീറ്റ് കുളിച്ചൊരുങ്ങി നിങ്ങൾ പറയുന്ന പോലെ മകന്റെ കാര്യങ്ങളും വീട്ടുകാര്യങ്ങളും നോക്കി (അടങ്ങി ഒതുങ്ങി)ജീവിക്കുന്നത് അമ്മായി അമ്മയെയോ ഭർത്താവിനെയോ ഭയന്നല്ല, തന്നെ കഷ്ടപ്പെട്ടു വളർത്തി വലുതാക്കിയ വീട്ടുകാരെ ഓർത്തും തന്റെ കണ്ണു നനയുന്നത് അവരുടെ ഹൃദയത്തിൽ നിന്നും ചോര പൊടിയുന്നതിനു സമം ആണെന്നും അവൾ വിശ്വസിക്കുന്നതു കൊണ്ടാണെന്നു നിങ്ങൾ തിരിച്ചറിയുക.

ആണായാലും പെണ്ണായാലും അവർ വ്യക്തികളാണ് .സ്വന്തമായി ആഗ്രഹങ്ങളും, പ്രതീക്ഷകളും ഉള്ള, ജീവിതത്തെ കുറിച്ച് സ്വന്തമായി കാഴ്ചപ്പാടുകളുള്ള സ്നേഹവും, ബഹുമാനവും ഒപ്പം സ്വയം ഒരു സ്പേസും  ആഗ്രഹിക്കുന്ന വ്യക്തികൾ .

സ്വീകരണമുറി ആണിനും അടുക്കള പെണ്ണിനും തീറെഴുതി കൊടുത്ത ആചാരങ്ങളെ മറക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് നാം തിരിച്ചറിയുക.ആണ്മക്കളെയും പെൺമക്കളെയും വേർതിരിവുകളില്ലാതെ വളർത്താനും , വിദ്യാഭ്യാസത്തിനൊപ്പം വിവേകം പകർന്നു നൽകാനും നമുക്ക് കഴിയണം.

വാൽകഷ്ണം :-

*** കണക്കു പറഞ്ഞു വാങ്ങുന്ന എച്ചികളെയും, ചോദിക്കുന്നതിന്റെ ഇരട്ടി കൊടുക്കുന്ന പണമാക്രികളെയും, തനിക്കു സ്വർണവും പണവും തന്നു ആർഭാടപൂർവം കല്യാണം നടത്തേണ്ടത് അച്ഛന്റെ കടമയാണെന്ന് വിശ്വസിക്കുന്ന കൂപമണ്ഡൂകങ്ങളായ പെൺമക്കളെയും ,ഭാര്യയുടെ സ്ത്രീധനം കൊണ്ടാണ് തനിക്കു വീടും കാറും ഉണ്ടാകേണ്ടത്  എന്ന് ആഗ്രഹിക്കുന്ന പോങ്ങന്മാരായ ഭർത്താക്കന്മാരേയും, പോക്കില്ലെങ്കിലും കടം വാങ്ങി മുടിഞ്ഞും ലോണെടുത്തും മകളെ കെട്ടിക്കേണ്ടത് തന്റെ ഉത്തരവാദിത്വം ആണെന്ന് വിശ്വസിക്കുന്ന പാവം പാവം അച്ഛനമ്മമാരെയും ,ഹോസ്റ്റലിലെ വാർഡനേക്കാൾ ഭീകര ജീവിയായാൽ മാത്രമേ അമ്മായി വാല്യൂ കിട്ടു എന്ന് കരുതുന്ന അമ്മായി അമ്മമാരെയും നല്ല ചൂരലെടുത്തു നാല് കൊടുത്ത് നന്നാക്കിയാൽ ഒരു വിധം സ്ത്രീധന പ്രശ്നങ്ങളൊക്കെ ഒഴിഞ്ഞു കിട്ടും 

Subscribe to Sequoia Applied Technologies