SREEJITH K S
Fakeeh Technologies
മഴ
ഇന്നും ആ കുഞ്ഞു മനസ്സ് വേദനിച്ചിട്ടുണ്ടാകും. പക്ഷെ എന്ത് ചെയ്യാനാണ്. തനിക്കു കിട്ടുന്ന തുച്ചമായ വരുമാനം, അത് മാത്രമാണിന്നു തന്റെയും മകന്റെയും ആശ്വാസം.
ചില കാര്യങ്ങളിൽ കുഞ്ഞിനോട് പോലും ദേഷ്യപ്പെടുന്നു.
എല്ലാ കുഞ്ഞുങ്ങളും നല്ല ഉടുപ്പും നിറമുള്ള കുടകളും മറ്റുമായി സ്കൂളിൽ വരുമ്പോൾ അവന്റെ മനസ്സു അങ്ങനെ ഒന്ന് ആഗ്രഹിച്ചത് അവന്റെ തെറ്റല്ല. എന്നാലും താൻ പറയുന്ന പരാധീനതകൾ അവന്റെ കുഞ്ഞു മനസ്സ് ഉള്‍ക്കൊള്ളാൻ തയ്യാറാകുന്നു. എന്നും മഴയത്ത് തന്റെ കൂടെ സ്കൂളിലേക്ക് പോകുമ്പോൾ അവൻ പറയും,
"അമ്മെ അടുത്ത മഴക്കാലത്ത് നമുക്ക് നല്ല നിറമുള്ള ഒരു കുട വാങ്ങണം "
ഉറപ്പായും അമ്മ വാങ്ങി തരാം" , നടക്കില്ലെന്നു അറിയാഞ്ഞിട്ടല്ല,
പക്ഷെ ഈ പ്രായത്തിൽ മുതിർന്നവർ പറയുന്ന ഇത്തരം ചില വാക്കുകളാണല്ലോ കുഞ്ഞുങ്ങൾക്കാശ്വാസം.
ഇവിടെ തന്റെ മകന് ധൈര്യം തന്റെ ഈ വാക്കുകൾ മാത്രമാണ്.
കിട്ടുന്ന ശമ്പളത്തിൽ നിന്നും മിച്ചം വച്ച് ഒരു കുട വാങ്ങണമെന്ന് കരുതിയിട്ടു ഇതുവരെ നടന്നില്ല.
ഇന്ന് സ്കൂളിൽ നിന്നും വന്നപ്പോൾ മുതൽ ഈ ചിന്തയിലാണ് ദേവു.
അവന്റെ അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് നാല് വര്ഷം കഴിഞ്ഞു.
തന്നെയും മോനെയും പോന്നു പോലെ നോക്കണം എന്ന ചിന്ത മാത്രമായിരുന്നു എപ്പോഴും. അതിനു വേണ്ടി എത്ര കഷ്ടപ്പെടാനും ഒരുക്കവുമായിരുന്നു അദ്ദേഹം. പക്ഷെ വിധി ഞങ്ങൾക്കായി കാത്തു വച്ചത് മറ്റൊന്നായിരുന്നു. താൻ അച്ഛനാകുന്നു എന്നറിഞ്ഞപ്പോൾ തുടങ്ങി കുഞ്ഞിനു വേണ്ട ഒരുക്കങ്ങൾ. ഒരു പക്ഷെ ആരൊക്കെയോ അത് കണ്ടു, കണ്ണ് വെച്ചതാകാം . ഞങ്ങളുടെ കുഞ്ഞിനു അവന്റെ അച്ഛന്റെ സ്നേഹം അനുഭവിച്ചു കൊതി തീരും മുന്‍പേ....
"എന്താ ഇന്നും പതിവ് ആലോച്ചനയാണോ ചേച്ചി?" പെട്ടന്നാണ് ബോധം വന്നത്.
ചോദിച്ചത് മാളു ആയിരുന്നു.
സ്കൂളിൽ നിന്ന് വന്നിട്ട് അതുപോലെ വരാന്തയിൽ നില്‍ക്കുകയായിരുന്നു.
മഴയത്ത് നിന്നും കയറി വന്നിട്ട്, നിന്നിരുന്നിടമെല്ലാം നനഞ്ഞു..
"ഇനി ഇത് കൂടെ ഒന്ന് തുടച്ചു കളയാതെ......... അല്ലാ മഴയും പോയോ.....എന്നും അതെ എന്റെ കുഞ്ഞിന്റെ മനസ്സ് വേദനിപ്പിക്കാ൯ ഈ നശിച്ച മഴ കൃത്യമായി പെയ്യും."
"മതി മതി ചേച്ചി ഇറങ്ങാൻ നോക്ക്." മാളുവും ഞാനും ഒന്നിച്ചാണെന്നും ഓഫീസിലേക്ക് പോകുന്നത്.
അടുത്ത വീട്ടിലെയാണെങ്കിലും സ്വന്തം അനിയത്തിയെപ്പോലെയായിരുന്നു അവൾ.
ജീവിതം വരുന്ന വഴിയെ പോട്ടെ. എങ്ങനെയും നമ്മൾ അതിനെ നേരിടണം.തളരരുത്. എവിടെയും. ആരുടെയും മുന്നില്‍ തോല്‍ക്കരുത്. ഇതൊക്കെയാണ് മാളുവിന്റെ പ്രമാണങ്ങൾ. അതുകൊണ്ട് എന്ത് പറഞ്ഞാലും തിരിച്ചൊന്നും ദേവു പറയില്ല. അനുസരിക്കും.
മാളുവിന്റെ ശകാരത്തിനു മറുത്തൊന്നും പറയാതെ അകത്തേക്ക് പോയപ്പോൾ അറിയാതെ മോനെ ഓര്‍ത്തു.
പെട്ടന്ന് ബാഗും എടുത്തു പുറത്തു വന്നു. വീട് പൂട്ടി, താക്കോൽ പതിവ് പോലെ ബാഗിൽ വച്ചു.
നടന്നു ഞങ്ങൾ കവലയിലേക്കു എത്തി , ഇന്ദിര ഗാന്ധിയുടെ ഒന്നാം ഓര്മ ചരമ വാർഷികം ആയതു കൊണ്ട് അവിടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തുന്നു .
"ഇന്ന് ആ ബസ് കിട്ടുമോ ആവോ, ഈ ചേച്ചിയാ എന്നും എന്റെ സമയം കൂടി കളയുന്നത്.
ഇനി മുതൽ ആലോചിക്കാനുള്ളത് രാത്രി തന്നെ തീർത്തു വച്ചേക്കണം. ഇല്ലെങ്കിൽ ഞാൻ നേരത്തെ അങ്ങ് പോകും. കാത്തു നില്ക്കാൻ ഞാനുണ്ടാകില്ല."
ഇവൾക്കിതെന്നും എന്നോട് പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ലേ....മനസ്സിൽ പറഞ്ഞു.
ഉറക്കെ പറഞ്ഞാൽ അവളെന്നെ നോക്കി ഭാസ്മമാക്കും.
എന്തും പറയുമെങ്കിലും, എന്നെ കൂട്ടാതെ ഇത് വരെ അവൾ പോയിട്ടില്ല.
അമ്മ മരിച്ചതിൽപ്പിന്നെ അച്ചനാണവൾക്കെല്ലാം. വയ്യാത്തത് കൊണ്ട് അച്ഛൻ പുറത്തു ജോലിക്കൊന്നും പോകുന്നില്ല. അത്യാവശ്യം വീട്ടു ജോലികൾ ചെയ്തു കൊടുക്കും. അവർ അടുത്തുള്ളതാണ് തന്റെയും ഏറ്റവും വലിയ ആശ്വാസം.
ബസ്സ് കണ്ടാലെ മാളുവിനു സമാധാനമാകൂ.
ബസ് സ്റ്റോപ്പില്‍ ഉള്ള കടയിലെ ചേട്ടനോട് എന്നും ചോദിക്കണം,
ചേട്ടാ ഞങ്ങളുടെ ബസ് പോയോ?".
നിനക്കെന്നും ആ ചേട്ടനോട് മിണ്ടാനല്ലേ ഈ ചോദ്യം എന്ന് പറഞ്ഞു ഞാൻ കളിയാക്കും.
സമയത്ത് തന്നെ ഞങ്ങളെത്തി. ഒരേ സ്റ്റോപ്പിലാണ് രണ്ടു പേരും ഇറങ്ങുന്നത്.
മാളു മറ്റൊരു ഓഫീസിലാണ്. "ചേച്ചി ഇന്ന് ഉച്ചക്ക് വരണേ, കാണാം." പറഞ്ഞിട്ട് മാളു പോയി.
ഒരു ചെറിയ ഓഫീസ് ആയിരുന്നു ദേവുവിന്റെത്. വിരലിലെണ്ണാവുന്ന സഹപ്രവര്‍ത്തകർ മാത്രം. എങ്ങനെയും ഒന്ന് വൈകുന്നേരമായാൽ മതി എന്ന് വിചാരിച്ചാണ് എന്നും തന്റെ ജോലി. ഈ ഓഫീസിലെ അന്തരീക്ഷം അത്ര പിടിക്കുന്നില്ല.എന്നാലും വരാതെ നിവൃത്തിയില്ലല്ലോ.
ഓരോന്ന് ആലോചിച്ചിരുന്നു ജോലി ചെയ്യുമ്പോൾ പെട്ടെന്ന് ആകാശത്ത് കാർമേഘം ഉരുണ്ടു കൂടി.
"ഇന്നും നല്ല മഴയ്ക്ക് സാധ്യതയുണ്ട്."പ്യൂൺ പറഞ്ഞു."അതെ".
പെട്ടന്നാണ് മാനജേരുടെ മുറിയിൽ നിന്നും ബെൽ അടിച്ചത്.
"എവിടെയെങ്കിലും ഇരിക്കുന്നത് കണ്ടാൽ ഉടനെ അങ്ങേരു തുടങ്ങിക്കോളും". പറഞ്ഞത് മുഴുമിപ്പിക്കാതെ പ്യൂണ്‍ പോയി.
ഒരു പാവം മനുഷ്യനാണ്. സകുടുംബം സുഖമായി കഴിയുന്നു. വയസു അൻപത്തിയഞ്ചു ആയിക്കാണും.
ഇതുവരെ മോശമായി ഒരു നോട്ടം പോലും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഓഫീസിൽ ആകെ സംസാരിക്കുന്നത് അദ്ദേഹത്തോടാണ്. അത് പോലും മോശം കണ്ണ് കൊണ്ട് കാണുന്ന മറ്റു രണ്ടു സ്ത്രീ സഹപ്രവര്‍ത്തകരോട് ദേവു അധികം ഇടപെടാറില്ല. തന്റെ ജോലി തീർത്തു സമയത്ത് തന്നെ ഇറങ്ങും. അതാണ് പതിവ്.
നല്ല സന്തോഷത്തോടെയാണ് പ്യൂൺ തിരിച്ചു വന്നത്.
"ദേവു, ശമ്പളം വാങ്ങിക്കാനാണ് വിളിച്ചത്, ചെല്ലാൻ പറഞ്ഞിട്ടുണ്ട് "
മാനജേരുടെ റൂമിൽ ചെന്ന് ശമ്പളവും വാങ്ങി സീറ്റിൽ വന്നിരുന്നു.
എന്നിയപ്പോ ശെരിക്കും സങ്കടം വന്നു. മോന് വയ്യത്തപ്പോ എടുത്ത ലീവും കഴിച്ചു കുറച്ചു മാത്രമാണ് കൈയിൽ കിട്ടിയത്.
മോനൊരു കുട……….. അത് ഈ മാസവും നടക്കില്ല. മോന്റെ ഫീസും പലചരക്കും എല്ലാം ഇതില്‍ ഒതുക്കണം.
അപ്പോൾ പുറത്തു മഴ തകർത്തു പെയ്യുകയായിരുന്നു.....
"ഈ നശിച്ച മഴ വീണ്ടും വന്നോ!" അറിയാതെ പറഞ്ഞു പോയി.
മോനെപ്പറ്റി ഓർത്താൽ അപ്പൊ കണ്ണ് നിറയും.എല്ലാം ശെരിയാകും.
സമയം എത്ര പെട്ടന്നാണ് പോയത്.
ശമ്പളം കിട്ടിയാൽ ഉച്ചക്ക് ഇറങ്ങണമെന്ന് മാളു നേരത്തെ തന്നെ പറഞ്ഞിരുന്നു. മാനേജര്‍ സമ്മതിക്കുകയും ചെയ്തു.
ഊണ് കഴിച്ച ഉടനെ ഇറങ്ങി. അപ്പോഴേക്കും മഴയും മാറിയിരുന്നു. എന്തായാലും മഴ പോയി.
നനയാതെ പോകാമല്ലോ. എന്ന് മനസിലോര്‍ത്തു.
പെട്ടന്ന് ചെന്നില്ലെങ്കിൽ മാളു വഴക്ക് തുടങ്ങും. വേഗം എല്ലാം ഒതുക്കി ഇറങ്ങി.
ശമ്പളം കിട്ടിയാൽ എന്തെങ്കിലുമൊക്കെ വാങ്ങിക്കാനുണ്ടാവും അവള്‍ക്ക്.
പതിവുള്ള കടയിൽകയറി എല്ലാം വാങ്ങി.
ഒരു ഹോര്‍ലിക്ക്സ് വാങ്ങി , മോന് കൊടുക്കുന്ന വിശേഷപ്പെട്ട ഒരു കാര്യം അത് മാത്രമാണ്.
കടയിൽ നിന്നിറങ്ങുമ്പോൾ ആരോ മാളുവിനെ പുറകിൽ നിന്നും വിളിച്ചു. അവള്‍ക് ആളെ പെട്ടന്ന് മനസിലായില്ലെങ്കിലും പേരെടുത്തു വിളിച്ചപ്പോ ആരാണെന്നു ശ്രദ്ധിച്ചു . ആരോ കാറിൽ നിന്നിറങ്ങി. ഒരു പെണ്‍കുട്ടിയായിരുന്നു.
"നീയെന്താ ഇവിടെ? എത്രനാളായി കണ്ടിട്ട് "
മാളു അവളെ കണ്ടു വല്ലാതെ ആശ്ചര്യത്തോടെ ചോദിച്ചു.
“ഞാൻ നിന്നെ കാണാൻ വേണ്ടി വന്നതാണ്. ഒരു അത്യാവശ്യമുണ്ട്. വീട്ടിൽ പോയിരുന്നു. അച്ഛനാണ് പറഞ്ഞത് ഇവിടെ കാണുമെന്ന്."
“എന്താ കാര്യം?. നീയെന്താ വല്ലാതെ” നല്ല അടുപ്പമുള്ളത് പോലെയാണ് മാളു സംസാരിച്ചത്.
"എനിക്ക് നിന്റെ ഒരു സഹായം വേണം മാളു.ഇവിടെ നിന്നെയല്ലാതെ എനിക്ക് വേറെ ആരെയും അറിയില്ല.അതാ ഞാന്‍ നിന്റെ അടുത്തേക്ക് തന്നെ വന്നത്"
അവർക്കിടയിൽ പെടേണ്ട എന്ന് കരുതി ദേവു മാറി നിന്നു.
കോളേജിൽ പഠിക്കുമ്പോൾ മാളു എല്ലാവർക്കും പ്രിയങ്കരിയയിരുന്നു. വന്ന കുട്ടിയുടെ സംസാരത്തിൽ നിന്നും അവർ തമ്മിലുള്ള അടുപ്പം മനസ്സിലായി ദേവുവിന്.
അവർ എന്തോ കാര്യമായിട്ട് പറയുന്നുണ്ട്. ഇടയ്ക്കാ കുട്ടി കണ്ണ് തുടക്കുന്നുണ്ട്. കാര്യം അറിയാൻ ഒരു തിരക്കു തോന്നി ദേവുവിന്.
"ചേച്ചീ" മാളു വിളിച്ചു.
"എന്താ മാളു"
"ഇതെന്റെ കൂട്ടുകാരി ലേഖ. കോളേജില്‍ ഒരുമിച്ചുണ്ടായിരുന്നതാ. ഇപ്പൊ ബാംഗ്ലൂർ വര്‍ക്ക് ചെയ്യുന്നു. വീട് ഇവിടെ അടുത്താ."
"എന്താ മാളു പ്രശ്നം?
എന്തോ വല്ലാതിരിക്കുന്നല്ലോ ഈ കുട്ടി?"
"അതെ ചേച്ചി. ഇവള്‍ക്കൊരു ആവശ്യം വന്നു. സഹായിക്കാ൯ ആരുമില്ല. ചേച്ചി അച്ഛനോട്‍ പറഞ്ഞാൽ മതി. ഞാൻ ഇവളുടെ കൂടെ ഹോസ്പിറ്റൽ വരെ ഒന്ന് പോകട്ടെ."
"എന്തായാലും എന്നോട് കൂടെ പറയു മാളു." ദേവു ചോദിച്ചു.
"ചേച്ചി ഇവളുടെ സഹോദരൻ ഹോസ്പിറ്റലിൽ ആണ്. ഇവര്‍ ബാംഗ്ലൂര്‍ നിന്നും വന്ന വണ്ടി ആക്‌സിഡന്റിൽ പെട്ടു. നല്ല പരിക്ക് ഉണ്ടായി ആരും കാണാത്ത കിടന്നു കൂറേ അധികം രക്തം പോയി .പെട്ടന്ന് തന്നെ ബ്ലഡ് വേണമെന്ന് ഡോക്ടർ പറഞ്ഞു. ബ്ലഡ് ബാങ്കിൽ നിന്നും സെയിം ഗ്രൂപ്പ് കിട്ടിയില്ല. ഇനി ആരെങ്കിലും തരാൻ തയ്യാറായാലെ കാര്യം നടക്കു. അമ്മയും ഇവളും മാത്രമേ ഒള്ളു. അമ്മയാണെങ്കില്‍ അകെ മോശമായ അവസ്ഥയിലാണ്. പറയാൻ വേറെ ആരുമില്ല. ഞാനും കൂടെ പോയാലെ കാര്യം നടക്കു. അച്ഛനോട് ചേച്ചി പറഞ്ഞാൽ മതി."
അവർ കാറിൽ കയറാൻ തുടങ്ങി. അപ്പോഴാണ് ദേവു ഓർത്തത്, ബ്ലഡ് ഗ്രൂപ്പ് ചോദിച്ചില്ല..
"മാളു..ഏതാ ബ്ലഡ് ഗ്രൂപ്പ്?"
പെട്ടന്ന് മാളു തിരിഞ്ഞു നിന്നു.
ലേഖയാണ് മറുപടി പറഞ്ഞത്..
"AB നെഗറ്റീവ് ."
ദേവുവിന് വല്ലാത്ത സന്തോഷം തോന്നി.
"മാളു അവിടെ നില്ക്. ഞാനും വരുന്നു". ദേവു ഓടി കാറിൽ കയറി.
"ഇത് നേരത്തെ പറയണ്ടേ. എന്റെയും ഇതു തന്നെയാ."
ലേഖയുടെ മുഖം സന്തോഷം കൊണ്ട് വികസിക്കുന്നത് പോലെ തോന്നി.
അവർ നേരെ ഡോക്ടർടെ അടുത്തെത്തി. എല്ലാം വളരെ വേഗത്തിൽ തന്നെ നടന്നു.
സമയം ഏകദേശം 4 .30 കഴിഞ്ഞു. അപ്പോഴാണ് മോന്റെ കാര്യം ഓര്‍ത്തത്. സ്കൂള്‍ വിട്ടു കാണും. മോൻ തന്നെ കാണാതെ പേടിക്കും. മാളുവിനോട് കാര്യം പറഞ്ഞു.
പോയിട്ട് നാളെ വരാമെന്ന് പറഞ്ഞു ഞങ്ങൾ ഇറങ്ങി.
എന്ത് പറയണമെന്നറിയാതെ നിന്ന ലേഖ ഓടി അടുത്ത് വന്നു. "ചേച്ചി എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്ത് തന്നാലും മതിയാവില്ല. എന്നാലും ഇതിരിക്കട്ടെ."
അവൾ ദേവുവിന്റെ കൈയിലേക്ക് കുറച്ചു നോട്ടുകൾ വച്ച് കൊടുത്തു.
"ഞാൻ ഇത് ചെയ്തത് പകരം ഒന്നും പ്രതീക്ഷിച്ചല്ല. ഇത് കുട്ടി കൈയിൽ വച്ചോളു. ഇവിടെ ഇനിയും ആവശ്യം വരും."
"ഇല്ല. ഇത് ചേച്ചിക്കുള്ള പ്രതിഫലം അല്ല. എന്റെയും കുടുംബത്തിന്റെയും സന്തോഷത്തിന് ഇത് വാങ്ങണം.
"ചേച്ചി ഇതവളുടെ സന്തോഷമാണ്. വാങ്ങിയില്ലെങ്കിൽ അവൾക്കു വിഷമമാകും " ലേഖയുടെ കൂടെ മാളുവും പറഞ്ഞു.
"ശെരി, ഇതാ ഇത് ഞാൻ എടുക്കുന്നു. ഇത്ര മാത്രം. നൂറ് രൂപ. ഇത് മതി."
ബാക്കി പണം തിരികെ കൊടുത്തു. മാളുവിനെയും കൂട്ടി ഇറങ്ങി.
മനസ്സിൽ തെളിഞ്ഞ മുഖം, ആ മുഖത്തിന് പതിവിലേറെ തിളക്കമുണ്ടായിരുന്നു.
അതെ തന്റെ മോ൯. ഇന്ന് അവനേറ്റവും സന്തോഷിക്കും. മാളുവിനെയും കൂട്ടി നേരെ ഒരു കടയിൽ കയറി. നല്ല നിറങ്ങളുള്ള ഒരു കുട വാങ്ങി.
ദേവുവിന് അടക്കാനാവാത്ത സന്തോഷം തോന്നി. "മാളു സമയം 4.45 കഴിഞ്ഞു.
നല്ല മഴക്കാറുണ്ട് നീ നടന്നോളു. ഞാൻ മോനെ വിളിച്ചിട്ട് വരാം"
“ശെരി ചേച്ചി”
മാളു വീട്ടിലേക്കു പോയി. ദേവു നേരെ സ്കൂളിലേക്ക് നടന്നു.
മഴയ്ക്ക് മുന്‍പേ സ്കൂളിൽ എത്തണം. ഓടിയാണോ താന്‍ പോകുന്നതെന്ന് അവൾക്ക് തോന്നി. എത്രയും പെട്ടന്ന് മോനെ കാണണം. ചെല്ലുമ്പോൾ മോന്‍ മറ്റു കുട്ടികളുടെ കൂടെ കളിക്കുകയാണ്. ദേവുവിനെ കണ്ടതും അവന്‍ ബാഗ് എടുത്തു ഓടി വന്നു.
"അമ്മയെന്താ വൈകിയത്. ഞാന്‍ കുറെ നേരമായി നോക്കി നില്‍ക്കുന്നു."
"അമ്മ ഒരു സ്ഥലം വരെ പോയി. മോനൊരു സാധനം വാങ്ങാന്‍.കാണണ്ടേ എന്താണെന്നു"
"ഉം എന്താ അമ്മെ?"
ദേവു പേപ്പർ ബാഗിൽ നിന്നും കുട എടുത്തു. അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നു.
"ഹായ് !!!!!!!! നല്ല കുട.ഇതെവിടുന്നാ അമ്മെ?"
"മോന് വേണ്ടി അമ്മ വാങ്ങിയതാ. ഇഷ്ടമായോ"
"ഇഷ്ടമായല്ലോ.അമ്മെ ഞാൻ ഇത് നിവർത്തി നോക്കട്ടെ?"
"നിവർത്തിക്കോ"
ആരോടും ഒന്നും ചോദിക്കാതെയും പറയാതെയും മഴ പെയ്യാ൯ തുടങ്ങി. മോ൯ കുട നിവർത്തി മഴയത്ത് കളിക്കുന്നു.
ഇന്നാദ്യമായി മഴ പെയ്തപ്പോള്‍ ദേവു മനസ്സില്‍ പറഞ്ഞു.
"പെയ്തു കൊള്ളൂ........................ഇനി പെയ്താൽ ഞാൻ നിന്നെ വഴക്ക് പറയില്ല. കാരണം ഇപ്പൊ എന്റെ മോനും നിന്നെ ഇഷ്ടമാണ്. ആരെക്കാളും ഞാനും നിന്നെ സ്നേഹിക്കുന്നു"....അവളുടെ കണ്ണിൽ നിന്നും വീണ കണ്ണുനീർ ആ മഴയിൽ അലിഞ്ഞില്ലാതായി....
"അയ്യോ അമ്മ കുടയെടുക്ക്. നനയുന്നു.എന്റെ കുടയില്‍ ഞാൻ അമ്മയെ കയറ്റില്ല."
ആ സന്തോഷത്തിൽ അതിലേറെ സന്തോഷിച്ച് അവളും മോനോടൊപ്പം കുടയില്ലാതെ നടന്നു ...