ഞാനീ കഥയുടെ സാക്ഷിയാണു. ഈ കഥയുടെ എഴുത്തുകാരനെ എനിക്കടുത്തറിയാം. എന്നാലാ കഥാപാത്രം സുകുമാരനെയിതുവെരെ ഒരുപിടിയും കിട്ടിയിട്ടുമില്ല. കഥ തുടങ്ങുന്നതേയുള്ളു. നിങ്ങളോടൊപ്പം ഞാനും കഥ വായിക്കുകയാണു. വഴിയിലെവിടെയെങ്ങിലും നിങ്ങളാ സുകുവിനെ തിരിച്ചറിഞ്ഞാൽ അപ്പോൾതന്നെ എനിക്കും പറഞ്ഞുതരിക.
സാക്ഷിയായതു കൊണ്ടു കഥയിലുടനീളം എന്നെ നിങ്ങൾക്കുകാണാം. നമുക്കിടക്കു സംസാരിച്ചിരിക്കാം. എഴുത്തുകാരനെ ശല്യപ്പെടുത്താതെ, അയാൾ കഥ എഴുതട്ടെ.
ഞാനും എഴുത്തുകാരനും വളരെ മുൻപേ ആത്മബന്ദം സ്ഥാപിച്ചവരാണു. ചിന്തിക്കാനും നിരൂപിക്കാനും കഥയിലിടയ്ക്കു ഇടപെടാനും എന്നെ അനുവദിച്ചിട്ടുമുണ്ടു. എന്റെ അതീന്ദ്ര കഴിവുകളോടു അയാൾക്കു വല്യ മമതയാണു. എന്നാലയാളുടെ വിളി എനിക്കു തീരെപിടിച്ചിട്ടില്ല, ‘ഭൂതം.!!!’ ഇത്ര സൌന്തര്യവും സൌരഭ്യവുമുള്ള എന്നെ ഭൂതമെന്നു.! ചോദിച്ചാൽ പറയും ഇന്ത്യ ഒരു ജനാതിപത്യ രാജ്യമാണു, എഴുത്തുകാരന്റെ തൂലികക്കു വിലങ്ങിടാനാകില്ലെന്നു...!
നമ്മുടെ വിഷയം സുകുമാരന്റെ കഥയാണു. എഴുത്തുകാരൻ എന്നോടായി പറഞ്ഞൊരു രഹസ്യമുണ്ടു. ഈ കഥയുടെ രഹസ്യം.! അയാളെന്നെ വിശ്വസിചു സാക്ഷിയാക്കിയതുതന്നെ അതിനാണു. രഹസ്യങ്ങൾ സൂക്ഷികാനുള്ള എന്റെ കഴിവിൽ തൃപ്തനായിക്കൊണ്ടു. രഹസ്യം സൂക്ഷിക്കുന്നവൻ, അങ്ങനെയൊന്നുണ്ടുണ്ടെന്നു പറയുബോഴാണു അയാൾ രഹസ്യങ്ങൾ സൂക്ഷിക്കുവാൻ അർഹനാകുന്നതു. ആകാംഷജനിപ്പിചു,ചുറ്റും ആളെകൂട്ടുകയാണു രഹസ്യസൂക്ഷിപ്പുകാരന്റെ ഉത്തരവാദിത്വം. എന്നാലയാൾ അതെന്തെന്നു മാത്രം ഒരിക്കളും വെളിപ്പെടുത്തുകയില്ല. ഇവിടെ എഴുത്തുകാരന്റെ ഈ സാക്ഷി ഭൂതം നിങ്ങളെ കൈവിടുകയില്ല. ഞാനാ രഹസ്യം കഥയുടെ ഒടുവിൽ പറയാം. എഴുത്തുകാരനറിയാതെ...!
എഴുത്തുകാരന്റെ കഥയുടെ ഇടമാണു നമ്മളീ അപഹരിക്കുന്നതു. അയാൾ എഴുതട്ടെ. നിങ്ങൾ വായിക്കൂ.. ഞാൻ സാക്ഷിയാകാം.
““സ്ഥലത്തെപ്പറ്റി ഏകദേശധാരണതയയുള്ളൂ,മാത്രവുമല്ല നല്ല
മഴക്കാറുമുള്ളതിനാൽ നേരത്തേ തന്നെ ഇറങ്ങി. ഫാക്ട് * ഏരിയ വിട്ടപ്പോഴേക്കും അന്തരീക്ഷം അല്പം തെളിഞ്ഞിരുന്നുവെൻകിലും വെളിച്ചത്തിനു സന്ധ്യയുടെ ക്ഷീണം വന്നിരുന്നു. മെട്രോയുടെ പണിനടക്കുന്നതു കാരണം കല്ലൂരാകെ പൊടിപടർന്നും റോഡുകൾ ഇടുങ്ങിയും കിടന്നു. ഇടത്തോട്ടു സൂചനാ ബോർഡ് കണ്ടു തിരിഞ്ഞെൻകിലും ഇനിയുമെത്രയെന്നു നിശ്ചയമുണ്ടായിരുന്നില്ല. ചുവരിൽ പേരുകണ്ടു അകത്തേക്കു സ്കൂട്ടർ ഓടിചു കയറിയപ്പോഴും ഉറപ്പില്ലായിരുന്നു.
“Café Pa..pa..’papaya”. ജയ് ആണു papaya എന്നു പൂരിപ്പിചതു. ഹെല്മറ്റൂരി ചപ്പിയമുടി നിവർത്തുംബോഴേക്കും അവൻ ആകാശത്തേക്കുതുറന്ന, ഭംഗിയായ മുറ്റത്തേക്കു നടന്നു കഴിഞ്ഞിരുന്നു. സുകുമാരൻ നിന്നിടത്തിനു മുകളിൽ വള്ളിപ്പടർപ്പിൽ വയലറ്റ് കോളാംബിപൂക്കൾ വിടർന്നു നിന്നിരുന്നു...
സുകുമാരൻ ‘ജയ്’യെ തലയാട്ടി വിളിചുകൊണ്ടു ആ കെട്ടിടത്തിന്റെ പ്രധാന വാതലിലേക്കു നടന്നു. പുറത്തെ നോട്ടീസ് ബോർഡിൽ ‘ താഴ്വരയുടെ സംഗീതം, താവോ ദർശനം: ഷൗകത്ത്** എന്നു എഴുതി ഒരു താടിരൂപത്തിന്റെ ചിത്രവും ചേർത്തിട്ടുള്ളൊരു പോസ്റ്റ്ർ പതിച്ചിരുന്നു. ആശ്വാസം, ഇതുതന്നെ ഇടം.
അകത്തു നിരത്തിയിരുന്ന മേശക്കരികിലെ കസേരകളിൽ ആളുകൾ എന്തൊക്കെയോ കഴിച്ചും കുടിച്ചും വർത്തമാനം പറഞ്ഞിരിക്കുന്നു. വിളക്കുകളുടെ വെളിചം നിയന്ത്രിച്ചും പോപ്പ് സംഗീതവും ശീതളിനിയുടെ തണുപ്പുംകൊണ്ടു ഉള്ളം ഹൃദ്യമായിരുന്നു. നിരത്തിയിരുന്ന മേശകളിലെല്ലാം ആളുകളാണു. സുകുമാരനും ജയ്യും കൂടി പുറകിലെ സോഫാകോച്ചിലേക്കു ചെന്നിരുന്നു.
Café Papaya എന്നെഴുതിയ T shirt ഇട്ട ഒരുവൻ എന്തെൻകിലും വേണമോയെന്ന മട്ടിൽവന്നു മെനുകാർഡ് നീട്ടി.
“അല്ല, ഞങ്ങൾ പ്രോഗ്രാമിനു വന്നതാണു” സുകുമാരൻ പറഞ്ഞു. “ഹോ..സാർ പ്രോഗ്രാം 6 മണിക്കുതന്നെ തുടങ്ങും.” ഒന്നു തിരിഞ്ഞുനോക്കി “ഇവരൊക്കെ ഇപ്പോൾതന്നെ ഇറങ്ങുമെന്നുകൂടി പറഞ്ഞു ചിരിചു.” പ്രതീക്ഷിക്കാത്ത ഭവ്യത ആ ചെറുപ്പക്കാരൻ തങ്ങളോടു കാട്ടുന്നതായി സുകുവിനുതോന്നി. പോകും മുൻപു “എന്തെൻകിലും വേണമോസാർ” എന്നവൻ പിന്നെയും തിരക്കി. ഒന്നും കഴിക്കാൻ പദ്ധതിയില്ലായിരുന്നിട്ടും മെനുകാർഡ് കയ്യിൽ വാങ്ങി വെറുതേ മറിചു. മെനു കാർഡിൽ നിന്നും തെറ്റി ആളുകൾ കഴിക്കുന്നതെന്തൊക്കെയെന്നു ചുമ്മാ നോക്കി.
“എനിക്കൊരു ഓറഞ്ഞ് ജൂസ്” ജയ്യാണു പറഞ്ഞത്. “എനിക്കൊരു ചായ മതി” സുകു പറഞ്ഞു. കൂടുതൽ വിടർന്നൊരു ചിരിസമ്മാനിചു ആ പയ്യൻ ഉള്ളിലേക്കു നടന്നു പോയി.
മുറിയിലാകെ കറുത്ത ചായം എഴുന്നു നിന്നുവെൻകിലും അതിന്റെ ഉള്ളിൽ വെള്ളപൂശിയ ഒരു ഭാഗമുണ്ടു. ആ മുറിയുടെ ഹൃദയം അതാണെന്നു തോന്നി..
നാനാ ഭാഷകളിൽ സ്നേഹമെന്നും സമാധാനമെന്നും സന്തോഷമെന്നും നമ്മൾ ഒന്നാണെന്നും ഒരു മരമായി വളർന്നു വിരിഞ്ഞു നില്പ്പുണ്ടു അതിനുള്ളിൽ. സുകു ആ മരത്തിന്റെ തണലിലേക്കു കണ്ണുനട്ടിരുന്നു... അതിനിടയിൽ ജയ്യുടെ കണ്ണുകൾ പരതികണ്ടെത്തിയ ലൈബ്രറിയിലേക്കവൻ എഴുന്നേറ്റു നടന്നു. സുകു എന്നാൽ മരത്തണലിൽ ചില്ലകളിലേക്കു കാണ്ണോടിചു അവിടെ തന്നെയിരുന്നു...
ജയ് പോയപ്പോഴേക്കും തൊട്ടടുത്ത മേശക്കരികിലിരുന്നവർ എഴുന്നേറ്റു പോയി. വെയിറ്റർ പയ്യന്മാർ സാധനങ്ങൾ കൊടുക്കുകയും മേശകൾ വൃത്തിയാക്കുകയും ചെയ്തുകൊണ്ടിരുന്നു...
പെട്ടെന്നാണുആ മേശയിലേക്കു രണ്ടു പെൺകുട്ടികൾ വന്നിരുന്നത്. സുകു ആദ്യം ശ്രദ്ധിച്ചതേയില്ല.
ഞാൻ (സാക്ഷി): “നിങ്ങൾ കേട്ടല്ലോ രണ്ടു പെൺകുട്ടികൾ വന്നിരുന്നിട്ടു സുകു ശ്രദ്ധിചില്ലാപോലും...അവനും നമ്മുടെ എഴുത്തുകാരനെ പോലെ നൈരാശ്യം പിടിച്ചിരിക്കയാണോ.. ആദ്യം ശ്രദ്ധിചില്ലെന്നല്ലേ പറഞ്ഞുള്ളു.. ബാക്കി കാണട്ടെ.”
വീണ്ടും മൂന്നുപേർ കൂടി കടന്നുവന്നു. പ്രായത്തെ നരകൊണ്ടു വെളുപ്പെടുത്തിയവർ. അവർക്കായി കസേരകൾ ഒഴിഞ്ഞിട്ടെന്നപോൽ ആ പെൺകുട്ടികൾ എഴുന്നേറ്റു സുകു ഇരുന്ന സോഫയുടെ ഒരുഭാഗത്തേക്കു വന്നിരുന്നു. മുഖം പരസ്പരമുടക്കിയതിനാൽ ഒരു ചിരിയേവരിലും വിരിഞ്ഞു...
“പ്രോഗ്രാമിനു വന്നതാണോ.?” ഒരു പെൺകുട്ടി ചോദിചു.
“അതെ”. എന്നുമാത്രം സുകു പറഞ്ഞു.
അവനേറെ ആറ്റുനോറ്റു വളർത്തികൊണ്ടു വന്ന ബന്ദങ്ങൾ പലതും, ഒടുവിൽ സമ്മാനിചു കടന്നുപോയതു വേദനമാത്രമായിരുന്നു. ഒരോ പുതിയ ബന്ദങ്ങളേയും അവനിപ്പോൾ അത്രമേൽ സംശയത്തേടെയാണു നോക്കിയിരുന്നത്. സത്യതിൽ, പുതിയ ബന്ദങ്ങളോടു അവനു ഭയമായിരുന്നു.
ഞാൻ: “മനുഷ്യൻ എന്തിനാണു പറയുന്നതെല്ലാം സത്യപെടുത്തുന്നതു.? ഈ സുകു എഴുത്തുകാരനേക്കാൾ കഷ്ടപെട്ട ഉയിരാണല്ലോ..!!!”
“എവിടെന്നാ.?” ആ പെൺകുട്ടി വീണ്ടും ചോദിചു.
ആ ചോദ്യത്തിന്റെ ഉത്തരത്തിനായി ഒരു ചിന്ത തെല്ലുനേരം അവന്റെയുള്ളിൽ നിന്നുവെങ്ങിലും,ഒടുവിൽ “തിരുവനന്തപുരം” എന്നുപറഞ്ഞു സോഫായിലൊന്നുനിവർന്നിരുന്നു...
ആ പെൺകുട്ടിയുടെ പുരികവും കണ്ണും ഉയർന്നു എന്തോയെന്നു കേൾക്കാൻ ബാക്കിയായതു പോലെ നിന്നു. സുകു അതുകൂടി പൂരിപിച്ചുകൊടുത്തു.
“ട്രിവാന്ദ്രം ആണു വീടു. പക്ഷെ ഇപ്പോൾ ഫാക്റ്റിൽ എൻജിനീയർ ട്രയ്നിയായി ജോലി നോക്കുന്നു.”
ആ പെൺകുട്ടി വീണ്ടും ചിരിചു.
“എന്താപേരു?”
സുകുമാരൻ പേരുപറഞ്ഞു. “അവിടെയോ?”
“ഞാൻ പല്ലവി. ഇതെന്റെ സുഹ്രുത്തു നീതു.”
എഴുത്തുകാരൻ ഡയറിയുടെ താളുമറിചു. പിന്നേടുള്ള കുറേതാളുകൾ അവിടെയുണ്ടായിരുന്നില്ല. ബ്ലയ്ഡ് വെചു അവമുറിചു മാറ്റപ്പെട്ടതായി കണ്ടു. എഴുത്തുകാരൻ അസ്വസ്തനായിക്കൊണ്ടു ശേഷിക്കുന്ന താളുകൾ മറിചുകൊണ്ടേയിരുന്നു.
ഇതിപ്പോൾ എന്താണു നടക്കുന്നതു. എഴുത്തുകാരന്റെ മുഖം ഒട്ടും സുഖകരമല്ല. നിങ്ങളല്പ്പം സമയം തരൂ. ഞാൻ എഴുത്തുകാരനുമായൊന്നു സംസാരിക്കട്ടെ.
എഴുത്തുകാരൻ ആകെ പിരിമുറുക്കത്തിലാണു. ജീവിതത്തോടും പുതുമയോടുമുള്ള കൌതുകമാണു അയാളെയാ മേശക്കരികിൽ പിടിചിരുത്തിയതു. ഒരു വരി പിറക്കുന്നതിനു മുന്നിലെ ആലോചന, അതിനു തൊങ്ങലുകൾ പിടിപ്പിക്കുന്നതിനു മുൻപു അയാളുടെയുള്ളിലെ ഭാവനാഘടികാരം എത്രവട്ടം ചുഴലികൾ തീർത്തിരിക്കണം. എഴുത്തുകാരൻ എഴുത്തിൽ അർദ്ദനഗ്നനാണു. എഴുത്തുചൂടു അയാളെ സദാ വിയർപ്പിൽ കുതിർക്കുന്നു. അതിതീവ്രമായ ഭാരം കെട്ടിവലിക്കും പോലെ ഹൃദയത്തിലും തലചോറിലും കുരുക്കിട്ടു, അയാൾ തന്റെ വിരൽതുബിലെ പേനയിലൂടെ കുതറിയിടുന്ന വാക്കുകൾ എത്ര നാഴിയയുടെ ചിന്താഭാരമാണു പേറുന്നതു. ചിലപ്പോളയാൾ അതൊക്കെയും നിസ്സാരമായ ഒരുവര കുറുകേപായ്ച്ചു വിഭലമാക്കികളയും. എനിക്കറിയാം, അതിൽ പലതും എന്നെ പുളകമണിയിച്ചിട്ടുള്ള വരികളാണു. കുറുകെയുള്ള വരകൾതീർത്ത ജയിലിൽ നിത്യതടവുകാരായി പുറത്തിറങ്ങാതെ മരിചുപോകുന്ന ഉന്മയുടെ വരികൾ...
ഇന്നയാൾ സുകുമാരന്റെ കഥയെഴുതാനിരുന്നതാണു. ആ മുറിയിൽ എഴുത്തുകാരൻ താമസം തുടങ്ങിയിട്ടു അധികമായിട്ടില്ല. ഫാക്ടിൽ AOCP**** ട്രയ്നിയായി വന്നതാണു. മഹാരാജാസിൽ പടിക്കുക എന്ന ആഗ്രഹമാണു ഇഷ്ട് വിഷയം സാഹിത്യമായിട്ടും കെമിസ്ട്രി എടുത്തു പടിച്ചതു. ആ കലാലയത്തിൽ പടിക്കുന്നകാലത്താണു, മാതൃഭൂമിയുടെ ‘കോളേജ് മാഗസ്സിൻ’ ഭാഗത്തു ഒരു കഥ പ്രസിദ്ധീകരിചു വന്നതും. പിന്നെയും എഴുതി. പക്ഷെ, പിന്നേടൊരിക്കലും എവിടെയും പ്രസിദ്ധീകരിചുവന്നില്ല. തന്നിലെ എഴുത്തുകാരന്റെ കഴിവു ക്ഷയിചുവോ എന്നയാൾ ചിന്തിചു, തന്റെയുള്ളിൽ തന്നെ പലയിടത്തുമലഞ്ഞു. ഉള്ളിലെവികാരങ്ങളേയും ചിന്തകളേയും അയാൾ നിരന്തരം പകർത്തുന്ന ശീലം മാത്രം നിർത്താതെ തുടർന്നു. കോളേജുകഴിഞ്ഞു വീട്ടുകാരുടെ നിർബന്ദമാണു ഒടുവിൽ ഫാക്റ്റിൽ കയറാൻ തീരുമാനിച്ചതു.
ഫാക്ട് മൈതാനത്തിനു കിഴക്കുഭാഗതുള്ള കോട്ടേസിലെ ഒരു മുറി എഴുത്തുകാരനും സുഹൃത്തും ചേർന്നെടുത്താണു താമസം. വൈപ്പിൻകാരൻ സുഹൃത്തു അപൂർവമായേ ആ മുറിയിൽ തങ്ങാറുള്ളു. എഴുത്തുകാരനെന്ന സ്വപ്നജീവിക്കു ഏകാന്തത സമ്മാനിചു അവൻ വീട്ടിലേക്കു പോകും.
മുൻപു താമസിച്ചയാൾ ഉപേക്ഷിച്ചുപോയ സാധനങ്ങളുടെ കൂട്ടത്തിൽ മേശക്കകത്തുകിടന്ന ഒരു ഡയറിയിൽ നിന്നാണു എഴുത്തുകാരൻ വായിക്കപെട്ട ആ ഭാഗം കിട്ടിയതു.
മന:പൂർവം കീറിമാറ്റിയപോലെ ആ ഡയറിയിൽ കുറെയേറെ താളുകൾ കാണ്മാനില്ല. അവിടെയവിടെയായ് കുറേ ഈരടികളും ചെറുകവിതകളും കുറുപ്പുകളും ഉണ്ടെൻകിലും പ്രധാനഭാഗമെന്നു തോന്നിക്കുന്ന ഏറിയ പേജുകളും നഷ്ടപെട്ടിരിക്കയാണു.
എന്നാലാ താളുകളിൽ മറന്നുവെചപോൽ ഓർമയുടെ ഒരു തുണ്ടു എഴുത്തുകാരൻ കണ്ടെടുത്തു. ആ ഡയറിത്താളിൽ വരചിട്ടപോൽ ഉണങ്ങി കറപടർത്തി പറ്റിചേർന്നിരുന്ന ഒരു കോളാബിപ്പൂവ്. എഴുത്തുകാരനതെടുത്തു തന്റെ മൂക്കിനോടടുപ്പിച്ചു. കരിഞ്ഞിട്ടില്ലാത്ത ഒരു പ്രണയത്തെ അയാളാ ഗന്ദത്തിൽ നിന്നുതിരിചറിഞ്ഞു, ഞാൻ സാക്ഷി.
“എന്തോ എനിക്കുപലപ്പോഴും ഈ എഴുത്തുകാരുടെ ഭാഷ മനസ്സിലാവുകയില്ല”: ഞാൻ
എഴുത്തുകാരൻ അടുത്തതാളിലേക്കു നീങ്ങി. ശേഷിക്കുന്ന താളുകളിൽ നിന്നു ബാക്കിയറിയാൻ എനിക്കും കൊതിയായി.
“Author PerumalMuruhan is dead. He is no God. Hence he will not resurrect. Hereafter only
P. Murugan, a teacher will live. “
“ഒരു കവി മരിചിരിക്കുന്നു. ദൈവമല്ലാത്തതിനാൽ ഉയർത്തെഴുന്നേൾക്കുന്നില്ല.” എഴുത്തുകാരൻ നിശബ്ദനാകുംബോൾ സാധാരണക്കാരന്റെ ശബ്ദമാണു നിലച്ചുപോകുന്നതു. അവന്റെ പ്രതിരേധമാണു കീഴ്പ്പെട്ടുപോകുന്നതു. ഇനിയും ആളുകൾ നിശബ്ധരാക്കപ്പെടും...
സ്വതന്ത്രചിന്തകരായ വിദ്ധ്യാർത്തികൾ, ബുദ്ധിജീവികൾ, എഴുത്തുകാർ എന്നിവരെ അവർക്കു ഭയമാണു, അവരെക്കൂടി മൌനത്തിലാഴ്ത്തി സ്വന്തം അജൻടകൾ ജനങ്ങൾക്കുമേൽ അടിചേല്പ്പിക്കയാണു ഗൂഡസംഘങ്ങളുടെ ലക്ഷ്യം. സമീപ ഭൂതകാലചരിത്രം അതാണുകാട്ടിത്തരുന്നതു. നരേന്ദ്ര ധബോല്ക്കറേയും, എം എം കല്ബുർഗിയേയും നമ്മെപ്പോലുള്ള വിദ്ധ്യാർത്തികളേയും കൊന്നൊടുക്കുകയും നിശബ്ദരാക്കപ്പെടുകയും, രാഷ്ട്ര ഭരണഘടനതന്നെ കാർന്നു തിന്നുകയുമാണവർ. ഈ സവർണ്ണഹൈന്ദവ മേലാളന്മാരുടെ കെട്ടിമാറാപ്പുകൾക്കു താളം പിടിക്കാൻ ഭരണകർത്താക്കളും കൂടെക്കൂടുന്നതാണു ഇന്ത്യയുടെ എറ്റവും വല്യദുരന്തം,ജനാതിപത്യത്തിൽ വിശ്വസിക്കുന്ന സാധാരണക്കാരന്റെ ഭയം, പരാജയം.
എം.ഫ് ഹുസൈനും തസ്ളീമയും നാടുകടത്തപ്പെട്ട ഇന്ത്യയുടെ അസഹിഷ്ണത മുൻപേ ബോദ്ധ്യപെട്ടിട്ടുള്ളതാണു. സത്യസന്ധമായ അറിവുകൊണ്ടേ ഇതിനെ പ്രതിരോധിക്കാനാകൂ. ആ പ്രതിരോധം എന്നിൽ നിന്നു നമ്മളോരോരുത്തരിൽ നിന്നും തുടങ്ങട്ടെ, പരക്കട്ടെ...
സമൂഹത്തിൽ ആശയങ്ങളും അതുണ്ടാക്കുന്ന ചിന്തകളുമാണു മാറ്റങ്ങൾക്ക്, വിപ്ലവങ്ങൾക്ക് തിരികൊളുത്തിയിട്ടുള്ളതു...
എന്റെ ആയുധം ഈ അക്ഷരങ്ങളാണു. എന്റെ ബ്ലോഗിലും എഫ്ബി**യിലുമായി എഴുതുന്നതും പ്രചരിക്കുന്നതിനും ഇന്നു വായനക്കാർ ഏറെയുണ്ടു. ഞാനും പലരേയും പിൻപറ്റുന്നവനാണു. എഫ്ബിയിലെ തുറന്ന കൂട്ടായിമകൾ, ഞാനുൾപ്പെടെ നേതൃത്വം കൊടുക്കുന്ന അത്തരം പേജുകൾ, അവ മുന്നോട്ടു വെക്കുന്ന ആശയങ്ങളിൽനിന്നു ആർജവമുൾക്കൊണ്ടു ഇന്ത്യയിലെംബാടുമുള്ള വിദ്യാർത്ഥികൾ, യുവാക്കൾ, ചിന്തകർ അതിൽ അങ്ങമായികൊണ്ടിരിക്കുന്നു. നമ്മുടെ പ്രതിരോധം തുടങ്ങിക്കഴിഞ്ഞു.
“പാപിയല്ലാത്ത ഈ ജനം,
കല്ലെറിഞ്ഞു കൊന്നാലും ശരി,
അവസാന ശ്വാസവരെയെൻ നാവു-
ഉറക്കെ ശബ്ദിചു കൊണ്ടിരിക്കും,
മനുഷ്യത്വം നഷ്ട്ടപെട്ട മനുഷ്യനും,
ആത്മീയത കളവുപോയ മതങ്ങൾക്കുമെതിറരെ.
..............................................................................................
എഴുത്തുകാരൻ ദീർഘമായൊന്നു നിശ്വസിചു. കണ്ണുകൾ ആ ഡയറിത്താളുകളിൽ ഇറക്കിവെചു കുറേനേരം ചലനമറ്റിരുന്നു. അയാളുടെ മിഴികൾപോലും 34 സെക്കൻസ് ഇമവെട്ടിയിരുന്നില്ല: ഞാൻ സാക്ഷി.
എഴുത്തുകാരൻ ആ രാത്രി എറെ അസ്വസ്ത്തനായിരുന്നു. മുറിയിലങ്ങോട്ടുമിങ്ങോട്ടും ആലോചനയിൽ നടന്നു.. ഒരാൾ ചിന്തിക്കുന്നതു, അതു പൂർണ്ണമായും മനസ്സിലാക്കാൻ മനുഷ്യനിനിയും സാധ്യമല്ലലോ... ഭൂതമായ എനിക്കതും വായിക്കാം. ഞാനതുകണ്ടു, ഏറെ വ്യാകുലപ്പെട്ടു. അതു നിങ്ങളോടു പറയുക നിർവാഹമില്ല. മറ്റൊരു രഹസ്യമായതും എന്റെയുള്ളിൽ കുടിയേറി.
പിറ്റേന്നു വൈകുന്നേരം മുറിയിൽ വന്നപ്പോഴേക്കും എഴുത്തുകാരൻ പരിക്ഷീണിതനായി കണ്ടു. ഇന്നു ഫാക്ട്ടിലെ പല എൻജിനിയേഴ്സിന്റെ- യടുത്തും സുകുമാരൻ എന്ന യുവാവിനേയും, ജയ് എന്ന പയ്യനേയുംപറ്റി തിരഞ്ഞുപരാചയപ്പെട്ടാണു വന്നിരിക്കുന്നതു. പേരുകൾ അയാൾ കള്ളം ചമച്ചതാകാം... വ്യക്തിവിവരങ്ങൾക്കുമേൽ ഒരു മറ അയാൾ മനപ്പൂർവം തീർത്തിട്ടുള്ളതായ് എഴുത്തുകാരനു തോന്നി. രഹസ്യങ്ങൾ ഒരു വല്യ പ്രതിരോധം തന്നെയാണു
എന്തോ ആവശ്യമെന്നുപറഞ്ഞു നാട്ടിലേക്കുപോയ ഒരു ആന്ദ്രയുവാവു പിന്നെ മടങ്ങി വന്നിട്ടില്ലെന്ന ഒരു വിവരംമാത്രം സംശയിക്കത്തരത്തിൽ ലാബ്ഹെഡ് അശോകൻ സാറിൽ നിന്നുകിട്ടി. ആ പയ്യന്റെ പേരുകൃത്യമായി ഒർമിക്കുന്നില്ലെൻകിലും അയാൾക്കു വിക്കുള്ളതായി സാർ പറയുന്നു. ഒരു ദിവസം ഊണു കഴിഞ്ഞു പുറത്തുനില്ക്കുംബോൾ, കയ്യിന്നുവീണതെന്തോ കുനിഞ്ഞെടുത്തു നിവർന്നപ്പോൾ തുറന്നുകിടന്ന ജനൽപ്പാളിയിൽ തട്ടി തല മുറിഞ്ഞൊരുയുവാവിനെ സാർ ആണു ഫസ്റ്റ്എയ്ട് റൂമിലേക്കു കൊണ്ടുപോയതു. അന്നു സാർ അയാളോടു സംസാരിചിട്ടുണ്ടു. രാഹുലെന്നോ മറ്റോയാണു പേരെന്നു സാറിന്റെ ഒർമയിൽ നിന്നു പറഞ്ഞു, എന്നാൽ അതും ഉറപ്പല്ല. അതേ...അയാളുടെ കാര്യം ആർക്കും ഒരുറപ്പുമില്ല.
എഴുത്തുകാരന്റെയുള്ളിൽ ആശങകൾ നിറഞ്ഞു പൊങ്ങി. അയാളെപറ്റിയുള്ള അവ്യക്തമായ വിവരങ്ങൾ, എങ്ങുമെത്താത്ത അനേഷണങ്ങൾ, ഡയറിക്കുറിപ്പുകൾ, ചിന്തകൾ, അയാളുടെ പ്രണയം എല്ലാം അയാളെകാര്യമായി ബാധിക്കുന്നതായി തോന്നി.
എന്നും വൈകുന്നേരങ്ങളിൽ മുറിയിൽ വന്നശേഷം, കുളിചു ഫാക്ടിന്റെ മൈതാനത്തുപോയിരുന്നു ഫുട്ബാൾകളി കാണുകായാണു അയാളുടെ പതിവു. ഇന്നു കുളിചുവന്നു വീണ്ടും മേശക്കരികിലെ കസേരയിലേക്കാണയാൾ വീണിരുന്നത്. അയാളന്നു തലതോർത്തികണ്ടില്ല. വെള്ളം മുടിയിഴകളിലൂടെ ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു. മൂന്നു തുള്ളികളാണു ആദ്യം താഴെ വീണത്: ഞാൻ സാക്ഷി.
സുകുമാരന്റെ ഡയറിയിലേക്കുതന്നെ അയാൾ നീങ്ങി, “സുകുവിന്റെ ഡയറി ..” അങ്ങനെ പറയാമോയെന്നറിയില്ല. എന്തിനേയും മനുഷ്യനൊരുപേരിട്ടല്ലേ മതിയാകൂ.
ശേഷിച ചില താളുകളിലേക്കു എഴുത്തുകാരൻ വീണ്ടും മനസ്സിരുത്തി.
“...അന്നവളെക്കാണുബോൾ ആദ്യപ്രണയത്തിന്റെ നഷ്ടം എന്നെ പൂർണ്ണമായും ഒറ്റപ്പെടുത്തിയിരുന്നു. ഇനിയില്ലെന്നറിഞ്ഞിട്ടും ഉണ്ടാകണമെന്നാശിക്കുകയും, അതുളവാക്കുന്ന ശൂന്യത, അതിങ്ങനെ തൊട്ടടുത്തു വായുപോലും കയറാൻമടിചു പ്രേതാത്മാവുപോലെ നിലകൊള്ളുന്നതായി സുകുമാരനു തോന്നി. ആ ശൂന്യത നികത്താൻ ആർക്കും കഴിയില്ലെന്നു നിനച്ചിരിക്കുംബോഴാണു യോഗാത്മമായ ആ അന്തരീക്ഷത്തിൽവെച്ചവൾ കടന്നുവന്നതു. പിരിയുംബോൾ ആ പുതുമഴയിൽ നനഞ്ഞുകൊഴിഞ്ഞ കോളാബിപൂക്കളിലൊന്നവൾ കയ്യിലെടുത്തു താലോലിച്ചു, പുഞ്ചിരിച്ചു തന്നിലേക്കു നോക്കിയ ആ നോട്ടം... തിരകെ നടക്കുബോൾ അലസമായെന്നപോൽ സുകുമാരന്റെ സ്കൂട്ടറിന്റെ സീറ്റിലേക്കു വെചു പോയതെന്തിനായിരുന്നുവെന്നിപ്പോളവനു തീർച്ചയാണു.
“പ്രണയത്തിന്റെ പനിനീർപുഷ്പം, അതൊരു ഋതുകാലം മാത്രമല്ല പൂക്കുന്നതും സുഗന്ദം പരത്തുന്നതും മധുവൂറുന്നതും, വർണ്ണങ്ങൾ നിറയ്ക്കുന്നതും. അതു വരും ഋതുകാലങ്ങളിലും തളിരിടുകയും പുഷ്പിക്കുകയും ഉള്ളിൽ നിറയുകയും ചെയും. പ്രണയിതാക്കളുടെ ഒരോ ഹൃദയസ്പന്ദനങ്ങളിലുമതു പുനർജനിക്കുകയും ചക്രവാളസീമകൾക്കപ്പുറം, അതിന്റെ സൌരഭ്യം പരക്കുകയും ചെയ്യും.””
എഴുത്തുകാരൻ പുംജിരിക്കുന്നതായി കണ്ടു. ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുവന്ന പ്രത്യാശയുടെ ആ ചിരി എനിക്കപരിചതമായിരുന്നു. എന്നാലിന്നു ആ സൌരഭ്യം ഞാനുമുൾക്കൊള്ളുന്നു.
എഴുത്തുകാരൻ ആവേശപൂർവം പിന്നെയും താളുകൾ മറിചു. അയാൾ പ്രതീക്ഷിചതല്ല അവിടെകണ്ടതെന്നു അയാളുടെ സംഗീർണമായമുഖം വ്യക്തമാക്കി.
പുറത്തു ഒരൂക്കൻ ഇടിവെട്ടി. എഴുത്തുകാരന്റെ ഹൃദയത്തിലുമതൊരു പ്രകംബനമുണ്ടാക്കി. അയാളെഴുന്നേറ്റു കതകുതുറന്നു. പുറത്തു ആദ്യമഴക്കു കാത്തുനില്കുന്ന കൊച്ചിയിലെ ചെടികളും മണ്ണും മനുഷ്യനും, അപ്പുറത്തെങ്ങോ അറബിക്കടലും.!
ആദ്യം മാനം നനഞ്ഞു. പിന്നെ മണ്ണും. ഇടവപ്പാതി കൊയ്തെടുത്ത നെല്മണികൾ തുള്ളികളായി ചൊരിഞ്ഞിറങ്ങി.
ഹാ..നിങ്ങളിതു ശ്രദ്ധിചുവോ എഴുത്തുകാരനോടൊത്തുകൂടി എനിക്കുമിതാ നല്ലഭാഷ കൈവന്നിരിക്കുന്നു. എനിക്കിതാ ഉള്ളിൽ സന്തോഷം: ഞാൻ സാക്ഷി.
നനഞ്ഞ മണ്ണും ഫാക്റ്റിന്റെ പരിസരം നിറഞ്ഞുള്ള രസചണ്ടികളും ചേർന്നു അഴുകിയ ഒരു ഗന്ദം അവിടെയാകെ നിറിഞ്ഞു. ദുസ്സഹമായപ്പോൾ എഴുത്തുകാരൻ അകത്തുകയറി കതകടിച്ചു. വീണ്ടും കസേരയിലേക്കുതന്നെ വന്നിരുന്നു. മഴയിൽ നനയാത്ത, തോർത്താത്ത മുടിയിൽ ഈർപ്പമപ്പോഴും നിന്നു. അതിൽ 21 മുടിനാരുകൾ ഉയർന്നു നിന്നിരുന്നു: ഞാൻ സാക്ഷി.
അടയാളം വെചിരുന്ന ആ താളിലേക്കു എഴുത്തുകാരന്റെ ശ്രദ്ധ വീണ്ടും നീങ്ങി.
“....സുകുമാരന്റെ 3 ഫെയ്സ്ബുക്ക് പോസ്റ്റുകൾ കഴിഞ്ഞ ദിവസം തന്റെ ചുവരിൽ നിന്നു മാറ്റം ചെയ്യപ്പെട്ടു. ആശയങ്ങളെ അധികാരം കൊണ്ടു തടയിടുംബോൾ പ്രതിരോധത്തിന്റെ ചുവരുകൾ ഇനിയും ഉയരണം, അതിൽ നിശേധിക്കപ്പെടുന്നവനും അടിചമർത്തപ്പെട്ടവനും കൈതാങ്ങും, ജനാതിപത്യത്തെ രാഷ്ട്രസ്നേഹത്തിന്റെ പേരിൽ അട്ടിമറിക്കുന്ന സംഘങ്ങൾക്കെതിരെയുള്ള ഉറച്ച മറുപടികളുമായിമാറണം. അതിനു ഇലക്ട്രോണിക്ക് ജാലകങ്ങൾ വിട്ടു സമൂഹത്തിലേക്കു ഇറങ്ങിയേതീരൂ.. കൂടുതൽ ക്യാബസുകളിലേക്കും തെരുവിലേക്കുമതു വളർന്നുകഴിഞ്ഞു, തിരിചറിഞ്ഞുകഴിഞ്ഞു...
നാളെ ജയന്തിക്കു ടിക്കറ്റ് എടുത്തിരിക്കയാണു, ഹൈദ്രാബാദിലേക്കു. അവിടെ യൂണിവേഴ്സിറ്റിതലത്തിൽ ഇപ്പോൾ നമ്മുടെ സംഘടനക്കു വേരുകൾ ഉണ്ടു. ന്യൂനപക്ഷത്തിന്റെ വേർതിരിവും അടിചമർത്തലും തെക്കിനേക്കാൾ ഇന്ത്യയുടെ മുകളിലേക്കുള്ള പാതകളിലാണുഏറുന്നത്. ഒരു കീഴ്ജാതിക്കാരനുണ്ടാകുന്ന അവഗണന എന്തുമാത്രമാണെന്നു ജീവിതം കൊണ്ടെനിക്കു ബോദ്ധ്യപ്പെട്ടിട്ടുള്ളതാണു.
നഷ്ട്ടപ്പെട്ടതൊക്കെ വീണ്ടും സീമകളില്ലാതെ തന്നുനിറച്ച പ്രിയപ്പെട്ടവളെക്കൂടിയൊന്നും അറിയിക്കുന്നില്ല... ഒരു യാത്രികന്റെ മടങ്ങിവരവു തീർത്തും അനിശ്ചിതത്വം മാത്രമാണു.
ഈ 233 നബർ മുറി എനിക്കൊരിക്കലും മറക്കാനാകില്ല. ഞാനിവിടെ ജീവിച്ചിരുന്നു എന്നതിനു തെളിവായി എന്തെൻകിലും ശേഷിപ്പിക്കണമല്ലോ.! എന്റെ ഡയറിക്കുറിപ്പുകൾ ഇവിടെ ഉപേക്ഷിക്കുന്നു. ഇനിയൊരിക്കലും പ്രകാശിതമാകാൻ ഇടയില്ലാത്ത കവിതകളും ചിന്തകളും കൂടെക്കൂട്ടുന്നു. എഴുത്തുകാരനാകാൻ കൊതിച്ച എനിക്കിനിയെന്തെന്നു തീർച്ചയില്ല. എവിടെയായാലും ജീവിക്കണം, സ്വന്തം അസ്ഥിത്വവും ചിന്തയും പണയം വെക്കാതെ. അതിനെതിരെ ഉയരുന്ന ആക്രോഷങ്ങല്ക്കെതിരെ പോരാടിക്കൊണ്ടു. എന്നെങ്ങിലും ഞാൻ...”
ഇല്ലാ...ആ താളിനപ്പുറം പിന്നെ ഒന്നും ശേഷിചിരുന്നില്ല... എഴുത്തുകാരൻ നിശബ്ദനായി കസേരയിലേക്കു ചാഞ്ഞിരുന്നു. “ഞാൻ...” ചുണ്ടുകൾ ആ ശബ്ദം അവ്യക്തമായി ഉച്ചരിക്കുന്നതായി തോന്നി. അയാളെന്തോപറയാൻ തുടങ്ങുകയായിരുന്നു...
“ടക് ടക്..” പുറത്തു കതകിലാരോ ശക്തിയായിമുട്ടുന്ന ശബ്ദം. എഴുത്തുകാരനൊപ്പം ഞാനും ഞെട്ടിത്തരിചു പോയി. ഡയറി കൈയിൽനിന്നു താഴേക്കൂർന്നുവീണു. വീണ്ടുമാ ശബ്ദം കേട്ടു. പുറത്തു വീണ്ടും ശക്തമായൊരു ഇടിവെട്ടി. മഴയിൽ കുതിർന്നാ ശബ്ദം വിക്കുന്നതായി തോന്നി... ഞാൻ സാക്ഷി.!
സമർപ്പണം: ചിന്തയും ഭാവനയുമുള്ള സർഗാത്മഹൃദയങ്ങളായ നിങ്ങൾക്ക്. പിന്നിട്ട കാലത്തിന്റെ ഒർമയെന്നപോൽ ഞാനെന്ന ഭൂതം നിങ്ങളോടൊപ്പമെന്നുമുണ്ടു; തൊട്ടുമുൻപു വായിചു നിർത്തിയ നിമിശത്തിന്റെ അവകാശിയായി. വായന ചിന്തക്കു വഴിമാറി നിങ്ങളുടെയുള്ളിൽ വിരിയുന്ന ഭാവനയാൽ കഥപൂർത്തിയാകുംബോഴാണു എഴുത്തുകാരന്റെ ജോലി പൂർണ്ണമാകുന്നതു. അങ്ങന്നെ നിങ്ങളിൽതന്നെയാ എഴുത്തുകാരൻ പുനർജ്ജനിക്കുന്നു,അതേ നിങ്ങൾതന്നെയാണു എന്റെ യഥാർത്ഥ യജമാനൻ, എഴുത്തുകാരൻ.
നമ്മുടെയീ കഥയുടെ രഹസ്യവും ഞാനാരോടും പറയുകയില്ല. വാക്ക്. ഞാൻ നിത്യ സാക്ഷി.