Amal K Soman
AO Technologies Trivandrum
നിള
പലപ്പോഴും അവളങ്ങനെ ആണ് പ്രതീക്ഷിക്കാതെ ഇരിക്കുമ്പോൾ ആയിരിക്കും ചിണുങ്ങിക്കൊണ്ടുള്ള ആ വരവ്. സ്ഥിരം പല്ലവിതന്നെ ...! കാണുമ്പോഴുള്ള സ്നേഹം മാത്രമേ ഉള്ളൂ, ആരെയും അന്വേഷിക്കുകയും വേണ്ട അറിയുകയും വേണ്ട ... എന്നൊക്കെ പറഞ്ഞുകൊണ്ട് കാതിൽ ഒരു വർഷത്തേക്ക് കേൾക്കാനുള്ള പരാതി മുഴുവനും പൊതിഞ്ഞു കെട്ടിയാണ് വരവ്.
പണ്ടപ്പും പരാതിയും ഇങ്ങനെ പറയുവാൻ സ്വാതന്ത്ര്യമുള്ള മറ്റൊരാൾ ജീവിതത്തിൽ ഇല്ലാത്തതിൻ്റെ സകല അധികാരവും ഉപയോഗിച്ച് കൊണ്ടാവും അവൾ താഴേക്കാവിലെ വീട്ടിലേക്ക് വരിക. അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതത്തിലേക്ക് നടന്നു കയറിയ നല്ലൊരു സുഹൃത്ത്. ലൈബ്രറിയിൽ നിന്നും ഉടലെടുത്ത വെറുമൊരു സുഹൃത്ത് ബന്ധം എപ്പോഴോക്കെയോ ആയി കാലം അഴത്തിലൂട്ടി ഉറപ്പിക്കുകയായിരുന്നു. ഞാനവളെ നിളയെന്ന് വിളിച്ചു. പരിചയപ്പെട്ട നാളിൽ അവൾ നൽകിയ അനുവാദമാണ് ഇഷ്ടമുള്ള പേര് നൽകി വിശേഷിപ്പിച്ചുകൊള്ളാൻ….!
നിളയിൽ നിന്നുമാണ് ഞാൻ എന്നെ മനസ്സിലാക്കിതുടങ്ങുന്നത്, മദ്യവും സിഗരറ്റും മനം മടുപ്പിച്ചു തുടങ്ങിയ നാളുകളിലാണ് ഒരു ബ്രേക്ക് വേണമെന്ന് തോന്നി അങ്ങാടിപ്പുറത്തെ ലൈബ്രറിയിൽ ഒരു അക്കൗണ്ട് തുടങ്ങിയത്. ലൈബ്രറി എന്ന് പറയുമ്പോൾ നല്ല പ്രായം ചെന്ന ഒരു കെട്ടിടമാണ് ടൗണിന്റെ ഒത്ത നടുക്ക് ഗീവർഗീസ് പുണ്യാളനെയും നോക്കി അതവിടെയെങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പ്രെസ്സിലെ ജോലി കഴിഞ്ഞ് കഴിവതും നേരത്തെ ലൈബ്രറിയിലെ ഒരു മൂലയിൽ പുസ് തകങ്ങളിലേക്ക് മറയുകയാണ് പതിവ്.
ഒരു ധനുമാസപ്പകലിൽ തെരുവ് നായ കണക്കെ ഒരു ലക്ഷ്യ ബോധമില്ലാതെ എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞു നടന്നിട്ട് ഇനിയെങ്ങോട്ട് എന്ന ചോദ്യം മനസിലുയർന്നപ്പോഴാണ് ലൈബ്രറി മനസ്സിലേക്ക് വന്നത്, ലൈബ്രറിയിൽ എത്തിയപ്പോൾ കണ്ണിൽ ഒരു സോഡാകുപ്പി ഗ്ലാസും അവിടെ ഇവിടെയായി നരച്ച രോമങ്ങൾ എത്തി നോക്കുന്ന താടിയുമായി നിൽക്കുന്ന ലൈബ്രറിയൻ അജയേട്ടനോട് ഒരു സലാം പറഞ്ഞു ബുക്കും എടുത്ത് സ്ഥിരം മൂലയിലേക്ക് ഒതുങ്ങാനായി ചെന്നപ്പോഴാണ് പരിചയമില്ലാത്ത മുഖം സാവധാനം പുസ്തകത്തിൽ നിന്നും മുഖമുയർത്തി പതിയെ സംശയത്തോടെ നോക്കി, ആ വിടർന്ന കണ്ണുകളിലേക്ക് നോക്കി എന്തെങ്കിലും പറയുന്നതിന് മുൻപേ അജയേട്ടൻ ചോദിച്ചു ... എന്താ അനി ഇന്ന് സ്ഥലം പോയോ..?! ഒരു ദീർഘ നിശ്വാസത്തിൽ മറുപടി കൊടുത്തുകൊണ്ട് തെല്ലിട ഞാൻ മാറിയിരുന്നു. പുസ്തകം കയ്യിലെടുത്തപ്പോഴേ ചോദ്യം വന്നു ഇവിടെ സ്ഥിരം വരുന്നതാണോ എന്ന്… തലയിട്ടികൊണ്ട് അതെ എന്ന് പറഞ്ഞു. സമയം കടന്നു പോയതറിഞ്ഞില്ല, അജയേട്ടനോട് യാത്ര പറഞ്ഞ് അയ്യപ്പേട്ടന്റെ കടയിൽ നിന്ന് ഭക്ഷണവും വാങ്ങി താഴെകാവിലേക്ക് ബസ് കയറി.
പാന്റ് വലിച്ചു കേറ്റിയിട്ടുകൊണ്ട് ഒരു പുഴുങ്ങിയ ചിരി ചിരിച്ചു ടിക്കറ്റ് നൽകാൻ വന്ന രമേശൻ എടുത്ത വായ്ക്കു കുശലം ചോദിച്ചതു രേണുകയെ പറ്റിയായിരുന്നു സുഖമായിരിക്കുന്നു എന്ന് മറുപടി ഒറ്റവാക്കിലൊതുക്കി മറ്റുള്ളവയെ എല്ലാം ഒഴിവാക്കി പുറത്തേക്ക് നോക്കിയിരുന്നു. കാലം തെറ്റി എവിടെയോ മഴപെയ്യുന്നു എന്നൊരു തോന്നൽ ..! വണ്ടിയിരച്ചു തുടങ്ങിയതും കാറും കോളും കൊണ്ട് ആകാശം മാറിത്തുടങ്ങി വിൻഡോ ഷീറ്റ് മൂടിയിട്ടതും കുത്തിയൊലിച്ചുകൊണ്ട് ഓർമകളും ആ മഴയിൽ....
രമേശൻ തട്ടിവിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്. സ്റ്റെപ്പിൽ നിന്നും വെള്ളക്കെട്ടൊഴിവാക്കിക്കൊണ്ട് ചാടിയിറങ്ങി ബസ് സ്റ്റോപ്പിൽ കയറിയതും, നശിച്ച മഴ യാതൊരുവിധ ദയവുമില്ലാതെ ഉറഞ്ഞു തുള്ളുകയായിരുന്നു. പിച്ചും പേയും പറഞ്ഞുകൊണ്ട് ആരെയൊക്കെയോ മനസ്സിൽ ചീത്ത വിളിച്ചുകൊണ്ടു ഒരു മൂലയിലേക്കു മാറി നിന്ന് നനഞ്ഞു കുതിർന്ന കൈകൾ കൊണ്ട് തലയിലെ വെള്ളം കുടഞ്ഞുകൊണ്ട് നിൽക്കുമ്പോൾ ആണ് ബസ്റ്റോപ്പിൽ മറ്റൊരാൾ കൂടെയുണ്ടെന്ന ബോധ്യം വന്നത്. തല മെല്ലെ ചെരിച്ചുകൊണ്ട് നോക്കിയപ്പോൾ ഞാൻ കാണുന്ന കാഴ്ച.... സ്വയം പുണർന്നുകൊണ്ട് തന്നിലേക്ക് അലിഞ്ഞു ചേരുന്ന മഴത്തുള്ളികളെ കണ്ണുകളടച്ചു മുഖം തെല്ലൊന്നു പൊക്കി വിടർന്ന പുഞ്ചിരിയോടെ അകമഴിഞ്ഞാസ്വദിക്കുകയാണവൾ ഇതുപോലെ മഴയെ ഒരാൾ ആസ്വദിക്കുന്നത് ഞാൻ കണ്ടിട്ടില്ല, കാപ്പിപ്പൊടി കളറുള്ള ഷിഫോൺ സാരിയിൽ അവൾ കൊച്ചു സുന്ദരിയായിരുന്നു കാറ്റിൽ അവളുടെ സാരി മെല്ലെ പറക്കുന്നുണ്ടായിരുന്നു. ഒരു സംശയമുനയിൽ ഞാൻ വിമ്മിഷ്ടത്തോടെ ചോദിച്ചു ലൈബ്രറിയിൽ ഉണ്ടായിരുന്ന...! മുഴവനാക്കും മുൻപേ മുഖത്തേക്ക് പറ്റിക്കിടന്ന മുടി ഒതുക്കിക്കൊണ്ട് " അതെ," എന്നൊരു മറുപടിയും തന്നുകൊണ്ടവൾ ഒരു നേർത്ത മൗനത്തിനു ശേഷം പറഞ്ഞു "അമ്മയുടെ വീട് ഇവിടെയാണ് ഇവിടേയ്ക്ക് വരുമ്പോൾ ഇടക്കു ലൈബ്രറിയിൽ വരും... അനി എന്നാണല്ലേ പേര്..?", "അതെ.." എന്ന് ഞാനും, എങ്ങനെ മനസിലായി എന്ന് ചോദിക്കേണ്ടതായി തോന്നിയില്ല കാരണം അജയേട്ടൻ പേരും ജാതകവുമെല്ലാം വിളിച്ചു ചോദിച്ചത് അടുത്ത ദേശത്തെ ആൾക്കാർ വരെ കേട്ടിട്ടുണ്ടാകും. എന്താണ് പേരെന്ന് ചോദിച്ചപ്പോൾ.. കുസൃതി കലർന്ന സ്വരത്തിൽ എന്തിനാ എന്ന് ചോദിച്ചുകൊണ്ടവൾ ഇഷ്ടമുള്ള പേര് വിളിച്ചോളൂ എന്ന് പറഞ്ഞു... നിളയിലേക്കുള്ള യാത്ര അവിടെ തുടങ്ങുകയായിരുന്നു...!