Ranjith R
Practicesuite Kochi
അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും
അന്ധവിശ്വാസം ദൈവവിശ്വാസം എങ്ങനെയാണ് രണ്ടും രണ്ടായി നിർവചിക്കുക. മുൻവിധികളില്ലാതെ യുക്തിപൂർവമായി ആലോചിച്ചാൽ രണ്ടും ഒന്നു തന്നെയാണ്. ഈ അഭിപ്രായം തികച്ചും ആപേക്ഷികമാണ്. പക്ഷെ പുറമെ സമ്മതിക്കാൻ മടിയുള്ള സത്യം തന്നെയാണിത്. അതുകൊണ്ട് തന്നെ സമൂഹം എപ്പോഴും ഇതിനെ രണ്ട് തട്ടിലയാണ് നിർത്താൻ താല്പര്യപ്പെടുന്നത്. സാക്ഷരത എന്ന വാക്കിന്റെ പൂർണാർത്ഥം ഉൾക്കൊണ്ട് പറഞ്ഞാൽ കേരളത്തിൽ അന്ധവിശ്വാസം ഒട്ടും തന്നെയില്ല എന്നു പറയേണ്ടിവരും. പക്ഷെ അന്ധവിശ്വാസത്തിൽ കേരളം മുൻപന്തിയിൽ തന്നെയാണ് എന്നുള്ളതാണ് വസ്തുത. എങ്ങനെയാണ് അത് സംഭവിക്കുന്നത്?. എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള കഴിവിലൂടെ നമ്മളോരോരുത്തർക്കും ധാരാളം അറിവ് കിട്ടുന്നുണ്ട്. അതുപോലെ തന്നെ നമ്മുടെ ജീവിത അനുഭവങ്ങളിൽ നിന്നും ഓരോ വ്യത്യസ്ത അറിവ് നമ്മൾ നേടുന്നുണ്ട്. പക്ഷെ ഈ അറിവ് എങ്ങനെ നമ്മൾ ഉൾകൊള്ളുന്നു അല്ലെങ്കിൽ അത് എങ്ങനെ പ്രവർത്തികമാക്കുന്നു എന്നതിലാണ് ഒരു വ്യക്തിയുടെ വളർച്ച.
ഓരോ വ്യക്തിയും എങ്ങനെയാണ് ഒരു അറിവ് ഉൾകൊള്ളുന്നത് എന്നുള്ളത് വ്യത്യസ്തമാണ്. ഒരുപാട് പുസ്തകങ്ങൾ വായിച്ചതുകൊണ്ടോ ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായതുകൊണ്ടോ വ്യത്യസ്ത ജീവിത അനുഭവങ്ങളിലൂടെ കടന്ന് വന്നവരായതുകൊണ്ടോ ഒരാൾ മികച്ച വ്യക്തി ആവുന്നില്ല. അയാൾ അന്ധവിശ്വാസങ്ങൾക്ക് അതീതവുമാവുന്നില്ല. തന്റെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നുണ്ടാവുന്ന അറിവുകളിൽ നിന്നുതന്നെ മികച്ച വ്യക്തികൾ ഉണ്ടാവുന്നുമുണ്ട്. അന്ധവിശ്വാസങ്ങൾ അവരുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകുന്നുമുണ്ട്. തനിക് കിട്ടുന്ന അറിവുകളിൽ എന്ത് ഉൾക്കൊള്ളണം എന്ത് തിരസ്കരിക്കണം എന്ന് തീരുമാനിക്കുന്നത് അവനവൻ തന്നെയാണ്. സാക്ഷരതയെ ഒരിക്കലും അന്ധവിശ്വാസത്തിന്റെ അളവുകോലായി കണക്കാക്കാൻ പറ്റാത്തത് അതുകൊണ്ടാണ്. അജ്ഞതയിൽ നിന്നുണ്ടായിരുന്ന അന്ധവിശ്വാസങ്ങളിയിരുന്നു പണ്ട്. പിന്നെ അതിനെ മതങ്ങളോട് ചേർത്ത് വെച്ച് പ്രാർത്ഥനയും ആചാരങ്ങളുമാക്കി മാറ്റി. അതുകൊണ്ടുതന്നെ ഇന്നത് അത്ര എളുപ്പം തച്ചുടക്കാൻ പറ്റാത്ത നമ്മളടങ്ങുന്ന സമൂഹത്തിന്റെ ഭാഗമാണ്. എല്ലാ ശാസ്ത്രീയമായ അറിവുകൾ ഉണ്ടായിട്ടും ഇന്നും നമ്മൾ പലത്തിനെയും ചോദ്യം ചെയ്യാതിരിക്കുന്നത് ഇതുകൊണ്ടാണ്.
ഒരു വശത്ത് നമ്മൾ സയൻസിലൂടെ പുതിയ അറിവുകൾ നേടുകയും മറ്റൊരു വശത്ത് അന്ധവിശ്വാസം കാലാനുസൃതമായ മാറ്റങ്ങളോടുകൂടി വളരുകയും ചെയ്യുന്നു. ഇന്ന് അജ്ഞതയല്ല അന്ധവിശ്വാസങ്ങൾക്ക് കാരണം. അന്ധവിശ്വാസത്തെ മറികടക്കാനുള്ള അറിവുകൾ കേരളത്തിലെ ഭൂരിഭാഗം വ്യക്തികളും ഉണ്ട്. പക്ഷെ അത് നമ്മൾ ഉൾക്കൊണ്ട് പ്രവർത്തിക്കാറില്ല എന്ന് മാത്രം. ഇതിനുള്ള ഉദാഹരണമാണ് ഈ അടുത്ത് നടന്ന അതിക്രൂരമായ അന്ധവിശ്വാസങ്ങളിലൊന്നായ നരബലി. അതിലേർപ്പെട്ടവർ സമൂഹത്തിലെ സാധാരണ വ്യക്തികൾ തന്നെയാണ്. സമൂഹത്തിലെ മറ്റ് വിഷയങ്ങളിൽ സാധാരണമായി തന്നെ ഇടപെടാറുള്ള വ്യക്തികൾ തന്നെയാണ് അവർ. അജ്ഞതയല്ല അവരെ അസാധാരണരാക്കിയത്, മറിച്ച് സ്വാർത്ഥ താല്പര്യങ്ങൾ എളുപ്പത്തിൽ നേടാൻ വേണ്ടി ഏത് ക്രൂരതയും ചെയ്യാനുള്ള മനുഷ്യന്റെ മനസാണ്.