Skip to main content
Srishti-2022   >>  Poem - Malayalam   >>  ദേശാടനക്കിളികൾ

ദേശാടനക്കിളികൾ

പൂരങ്ങളില്ല ആരവങ്ങളില്ല

ആളൊഴിഞ്ഞൊരാ തീരത്തെൻ

ഓർമ്മ തൻ വീടുറങ്ങുമ്പോൾ

ഇവിടെയീ മറുകരയിൽ

കൊഴിഞ്ഞുപോയ യവ്വനത്തിന്റെ

ജരാനരകളിൽ തലോടുമ്പോൾ

ഉള്ളിലൊരു വിങ്ങലു മാത്രം

 

കൊതിച്ചിരുന്നു ജീവിക്കാൻ

കിതച്ചു നീങ്ങിയ നാടിനപ്പുറം

പറക്കുവാൻ പോലും ഓർത്തിരുന്നില്ല

ഒഴുക്കിനൊപ്പം നീന്തിയപ്പോൾ

എതിർത്തു വന്നൊരാ രാഷ്ട്രീയ കോമരങ്ങളും

വെറുപ്പിനപ്പുറം അറപ്പു തോന്നിയ

നോട്ടങ്ങളും മികച്ചെന്തെന്നു ചോദിച്ചാൽ

അവിച്ചു വച്ച സർക്കാർ പണിയും

നടപ്പിലാകാതെ കൂനിച്ച നടുവിന്

ഇടയ്ക്കിടെ ഊന്നൽ നൽകിയ പാതകളും

ചിറകുവിടർത്തി പറന്നകലാൻ മനസ്സു വെമ്പി

 

വരവേറ്റൊരാ നാടെന്നെ

നോട്ടങ്ങളില്ലാതെ നാട്യങ്ങളില്ലാതെ

പകലന്തിയെതെന്ന് ആസ്വദിച്ചു

തെരുവോരങ്ങളിലെ കിനാക്കൾ

കാണുവാൻ പതിയെ സ്വപ്നം

കാണുവാൻ ഇരു കൈകൾ

കോർത്തിണക്കി മുന്നേറുവാൻ...

 

എങ്കിലും എവിടെയോ കാലിടറിപ്പോയി

തൊലിയുടെ പേരിൽ മരവിച്ചു പോയ

ശരീരത്തിന്റെ ഹൃദയത്തിലേക്ക്

ആ ഇളനീർ കാറ്റേൽക്കുവാൻ കൊതിക്കുന്നുവെങ്കിലും

കൂട്ടമായി കിളികൾ പറന്നടുക്കുന്നതിനാൽ

ഒറ്റപ്പെടലിന്റെ വേദന പുണരാൻ

ഇനിയൊരു മടക്കമില്ല.

Srishti-2022   >>  Poem - Malayalam   >>  രാത്രിയോട്

രാത്രിയോട്

പകൽ രാത്രിയോടുര ചൊല്ലുന്നുണ്ടാം   

 നിശീഥിനി നീയെത്ര ധന്യ

പഴുത്ത പത്രങ്ങൾ പൊഴിവതു കാണാതെ ,

 കാഴ്ചയില്ലാതീ ലോകത്തെക്കാണാതെ,

പ്രകൃതിതൻ നെടുവീർപ്പറിയാതെ,

നിർവ്വാദനായിരിക്കുന്നതല്ലോ ഭാഗ്യം.

 

ഭ്രാന്തമാമന്തരീക്ഷത്തിലെ കണങ്ങൾ

കത്തിജ്വലിക്കുന്ന നേരത്ത്

കാണാതെ നടിച്ചു കണ്ണടക്കുമ്പോഴും

ജ്വാലതൻ ചൂടേറ്റുരുഗുമീ പകൽ,

മാനവർത്തന്നന്ധതയോർത്താകുലപ്പെടാനും

വേണമല്ലോ പകലിനും ത്രാണി...

 

വിലക്കപ്പെട്ട കനിയിലുടലെടുത്ത വെളിച്ചവും ,

കലികാല കോലാഹല മോക്ഷണങ്ങളും

പകലിൻ്റെ ഭീതിയിലകപ്പെടുന്നുണ്ടാവും,

വെണ്ണിലാവായ് നിശയറിയുന്നീ പകലിൻ പ്രകാശം ,

അറിയത്തതായിനിയുമുണ്ടെന്നറിയതെ

ലോകത്തെയുറക്കുന്നതോ നിസ്സംഗമായ് .

 

പെറ്റുവീഴുന്ന പിഞ്ചോമനകളെ ഭീമമാം

കയ്യിലിട്ടു ചീന്തുന്നതീ പകൽ കാണുന്നു

ചിറകൊടിഞ്ഞു കീഴെ പതിക്കുന്ന കിളിയെ

ചുട്ടുതിന്നുന്നതുമീ പകൽ വെട്ടത്തിൽ,

വീണ്ടുമീ പകലുരുവിടുന്നു രാവിനോടായ്‌, 

 നിശീഥിനി നീയെത്ര ധന്യ

Subscribe to Sesame Software Solutions