Skip to main content
Srishti-2022   >>  Poem - Malayalam   >>  കടലാഴങ്ങൾ

കടലാഴങ്ങൾ

അതേ കടലാഴങ്ങൾ...

വീണ്ടെടുത്തതും

നഷ്ടപ്പെടുത്തിയതും

ഇതേ ആഴങ്ങളിലായിരുന്നു...

രാവിന്റെ അന്ത്യത്തിൽ

ഇടമുറിയാതെ പെയ്ത ഇടവപാതിയിൽ

കനം കുറഞ്ഞു കുറഞ്ഞു വന്ന

കരിമ്പട്ടിൽ

നേർത്തു വരുന്ന നിന്റെ പാട്ടു

തേടിയിറങ്ങിയതായിരുന്നു ഞാൻ

ചെന്നെത്തിയതോ 

നീയിറങ്ങിപ്പോയ അതേ കടൽക്കരയിൽ

ഉപ്പുകാറ്റേറ്റ് നീറുന്നുണ്ടായിരുന്നു

ഓരോ മുറിവും

അലക്ഷ്യമായ് പാറിയ മുടിയിഴകൾ

പോലും വേദനിപ്പിച്ചു

പാദങ്ങളിൽ പറ്റിയടരുന്ന

മണൽത്തരികൾ

നഷ്‍ടങ്ങളിൽ അവസാനത്തതേതായി...

പുലരും മുൻപേ കണ്ടെത്തണം

ശേഷം 

ആഴങ്ങളിൽ കാത്തിരിക്കുന്നവളുടെ

കാലുപിടിച്ചു മാപ്പിരക്കണം

വിടുവിക്കുവാനാകാതെ

മുറുകികിടക്കുന്ന

കണ്ണികളിൽ നിന്നും മോചനം ആവശ്യപ്പെടണം

മറ്റൊരു ജന്മത്തിലേക്കുള്ള

തുടർച്ചയെന്ന പോലെ

നീയാകണം എന്റെ അവസാനം

Subscribe to HODO MEDICAL INFORMATIC SOLUTIONS PVT. LTD