Rahul K Pillai
Oracle India Pvt Ltd
അന്ന
മലയാള മനോരമ പത്രത്തിൽ പണ്ട് സ്വർണ തംബോല എന്നൊരു ഗെയിം ഉണ്ടായിരുന്നു.... അതിൽ സ്വർണ നാണയം സമ്മാനം കിട്ടിയ ഒരു പെൺകുട്ടിയുടെ ഫോട്ടോ അതിനടുത്ത ലക്കം ബാലരമയിൽ ഒരു ഫുൾ പേജിൽ പ്രിന്റ് ചെയ്ത് വന്നു.. അന്ന് ഞാൻ സ്കൂളിൽ പോയത് ആ ബാലരമയും കൊണ്ടാണ്.. ഫസ്റ്റ് ഇന്റർവെൽ ടൈമിന് ക്ലാസ്സിന്റെ വരാന്തയിൽ ഇട്ട് എല്ലാവരും നോക്കി നിൽക്കെ ഞാൻ ആ ബാലരമ കത്തിച്ച് കളഞ്ഞു, കൂട്ടിന് എന്റെ ചങ്ക് ഫ്രണ്ട്സും... കത്തി തീരാത്ത ഭാഗം നിലത്തിട്ട് ചവുട്ടി അരച്ചു, ക്ലാസ്സിനകത്തേക്ക് കൊണ്ട് വന്ന് ഫുട്ബോൾ പരുവമാക്കി തട്ടി കളിച്ചു.. ഇതെല്ലാം കണ്ടു കൊണ്ട് ദേഷ്യം കടിച്ചമർത്തി ഒരു ഭാവ വ്യത്യാസവുമില്ലാതെ അവളും ക്ലാസ്സിൽ ഉണ്ടായിരുന്നു - സ്വർണം നേടിയവൾ - എന്റെ ബാല്യകാലത്തെ ഏറ്റവും വലിയ ശത്രു - "അന്ന ജോർജ്" !!
പതിനാറു വർഷങ്ങൾക്ക് ഇപ്പുറം, കഴിഞ്ഞ ആഴ്ച അവൾക്ക് ഞാൻ വാക്ക് കൊടുത്തു - നമ്മുടെ കഥ ഞാൻ എഴുതാം.. ഒരു സ്കൂൾ ഒന്നടങ്കം പ്രണയമാണെന്ന് സംശയിച്ച, ചുവരെഴുത്തുകൾ വീണ, സംഘട്ടനങ്ങൾ നടന്ന നമ്മുടെ കഥ..
"നമ്മൾ പ്രണയിതാക്കളല്ല, അത്രമേൽ മാറി നാം" !!
അവനവന്റെ അമ്മ പഠിപ്പിക്കുന്ന സ്കൂളിൽ പഠിക്കുന്ന ഒട്ടു മിക്ക എല്ലാ കുട്ടികളും അച്ചടക്കത്തിന് പേര് കേട്ടവരായിരിക്കും.. ഒരു പക്ഷേ ജന്മനാ അല്ലെങ്കിൽ പോലും നിർബന്ധിത പരിവേഷം കൊണ്ട് അച്ചടക്ക പൂരിതമായി പോയ ഒരു സ്കൂൾ ജീവിതമായിരുന്നു എനിക്കും..."ടീച്ചറിന്റെ മോൻ" - ചാർത്തികിട്ടിയ ആ 'പട്ടം' ഇറക്കാനും തുപ്പാനും വയ്യാതെ കൊണ്ട് നടക്കേണ്ടി വരുന്നത് കുറച്ചൊക്കെ ബുദ്ധിമുട്ടാണ് .. !
ഹൈ സ്‌കൂൾ കാലഘട്ടത്തിന്റെ തുടക്കത്തിൽ ആണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മിക്സ് ചെയ്ത് ക്ലാസ് നടത്തുന്ന രീതി ഞങ്ങളുടെ സ്കൂളിൽ കൊണ്ട് വന്നത് .. അത് വരെ രണ്ട് ഷിഫ്റ്റുകളായിട്ട് ആയിരുന്നു ക്ലാസുകൾ , രാവിലെ ബോയ്സിനും ഉച്ചയ്ക്ക് ഗേൾസിനും.. തൊട്ടപ്പുറത്തെ എൽ പി സ്കൂളിലെ ടീച്ചറിന്റെ മോൾ ഉച്ചയ്ക്കത്തെ ബാച്ചിൽ ഉണ്ടെന്നും, പഠിക്കാൻ മിടുക്കിയാണെന്നും ഒക്കെയുള്ള കഥകൾ കുറേ നാളായി കേൾക്കാൻ തുടങ്ങിയിരുന്നു.. അതുവരെ കേട്ടറിഞ്ഞതിനേക്കാൾ വലിയ സത്യമാണെന്ന് അറിയിച്ചാണ് "കലപിലകൂട്ടം" ക്ലാസിലെത്തിയത് .. ഞങ്ങളിൽ പല ആൺപിള്ളേർക്കും ഈ മിക്സിങ് അത്ര അങ്ങോട്ട് രസിച്ചില്ലെങ്കിലും, പതുക്കെ പതുക്കെ അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു.. പറഞ്ഞു വന്നത് പൊക്കം കുറഞ്ഞ, തീരെ വണ്ണമില്ലാത്ത, ആകെ കൂടി അടയ്ക്കാ കുരുവി പോലെയുള്ള കലപില കൂട്ടത്തിന്റെ ലീഡറിനെ കുറിച്ചാണ് - നേരത്തെ പറഞ്ഞ അതേ ടീച്ചറിന്റെ മകൾ .. വേണേൽ ഒറ്റ നോട്ടത്തിൽ ഒരു പ്രണയം ഒക്കെ തോന്നിയെന്ന് വരാം .. പിന്നെ ഞാൻ ഒരു ടീച്ചറിന്റെ മകൻ, അവളൊരു ടീച്ചറിന്റെ മകൾ .. രണ്ടു പേരും നന്നായിട്ട് പഠിക്കുന്നവർ , അപ്പൊ സെറ്റ് ആയി, വേറെന്ത് വേണം? .... ഇങ്ങനൊക്കെ നിങ്ങൾ കരുതിയെങ്കിൽ തെറ്റി .. പ്രണയമെന്നല്ല ഒരു മണ്ണാങ്കട്ടയും തോന്നിയില്ല എനിക്ക്, വന്നു കേറിയതോ മുളകുപൊടിയിൽ മൂക്കിപ്പൊടി മിക്സ് ചെയ്ത പോലത്തെ ഒരു ഐറ്റവും ..
സുഹൃത്തുക്കളായി നടക്കണം എന്നൊരു അജണ്ട ഞങ്ങൾ രണ്ടു പേർക്കും ഒട്ടും ഉണ്ടായിരുന്നില്ല, എന്താണെന്നറിയില്ല ആദ്യം മുതലേ ശത്രുതയും മത്സരവും ഒക്കെ തന്നെയാണ് ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നത്.. പഠന കാര്യത്തിലും ഇതര കാര്യങ്ങളിലും എന്നും വഴക്കും തല്ലും മാത്രം എന്ന രീതി ശത്രുതയെ അതിന്റെ പാരമ്യത്തിൽ എത്തിച്ചിട്ടുണ്ടായിരുന്നു.. ഒടുവിൽ സ്കൂളിലെ ടീച്ചർമാർ വരെ അറിയുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു.. സ്റ്റാഫ് റൂമിലെ സംസാരങ്ങൾ അമ്മ പറഞ്ഞ് എനിക്കറിയാമായിരുന്നു, "അന്നയും രാഹുലും എന്ത് പിള്ളേരാണ്, രണ്ടും അങ്ങോട്ടും ഇങ്ങോട്ടും വിട്ടുകൊടുക്കില്ല, ഇങ്ങനെയും ഉണ്ടോ വിരോധം" എന്നൊക്കെയുള്ള ഡയലോഗുകൾ നിത്യ സാധാരണം ആയിരുന്നു ...
പരീക്ഷകൾ കഴിഞ്ഞ് പേപ്പർ ക്ലാസ്സിൽ കൊണ്ട് വരുന്ന പല ടീച്ചേഴ്സിനും ഞങ്ങൾ പിള്ളേരെക്കാൾ ടെൻഷൻ ആയിരുന്നു.. രാഹുലിന് മാർക്ക് കൂടുതലും അന്നയ്ക്ക് കുറവും ആണെങ്കിൽ പ്രശ്നമാണ്.. അവളുടെ ബുദ്ധിയുടെ ആഴവും അളവും ഞാൻ അറിഞ്ഞത് അങ്ങനെ ഒരു പരീക്ഷ പേപ്പർ കിട്ടിയ ദിവസമാണ് .. എന്നേക്കാൾ ഒന്നോ രണ്ടോ മാർക്ക് കുറവായിരുന്നു അന്ന് അവൾക്ക്.. എന്നോട് വന്ന് പേപ്പർ ഒന്ന് തരുമോ എന്ന് ചോദിച്ചു .. പൊതുവെ "മണ്ടൻ" ആയിരുന്ന ഞാൻ പേപ്പർ കൊടുത്തു, ഒരു റൗണ്ട് തിരിച്ചും മറിച്ചും നോക്കിയിട്ട് എന്റെ പേപ്പറും കൊണ്ട് അവൾ ടീച്ചറിന്റെ അടുത്തേക്ക് പോകുന്നത് ഞാൻ കണ്ടു, ടീച്ചർ എന്തോ വെട്ടും തിരുത്തും നടത്തി പേപ്പർ എനിക്ക് തിരിച്ച് കിട്ടുമ്പോൾ എന്റെ ഒന്നോ രണ്ടോ മാർക്കിൽ ഓട്ട വീണിട്ടുണ്ടായിരുന്നു.. സംഭവം എന്റെ ടോട്ടൽ മാർക്കിൽ ടീച്ചറിന്റെ കണക്കു കൂട്ടൽ തെറ്റി പോയത് അവൾ കൊണ്ട് പോയി വെട്ടി തിരുത്തിച്ചതാണ്.. എന്റെ മാർക്ക് കുറച്ച് അവളുടെ മാർക്കിനൊപ്പം എത്തിച്ചപ്പോൾ എവറസ്റ്റ് കീഴടക്കിയ പോലെ പേപ്പർ വലിച്ച് എന്റെ നേരെ എറിഞ്ഞിട്ട് അവൾ പോവുന്നുണ്ടായിരുന്നു.. ഏതാണ്ട് "പ്ലിങ്ങിയ" അവസ്ഥയിൽ മണ്ടനായ ഞാനും !!!!!!
അതിനു ശേഷം പിന്നെ പല പരീക്ഷക്കും ഇത് പോലെ പേപ്പർ ചോദിച്ച് വന്നിട്ടുണ്ടെങ്കിലും ഞാൻ കൊടുത്തില്ല, ചിലപ്പോ വേറെ ചില സഖിമാർ വഴിയും പേപ്പർ റിക്വസ്റ്റ് വന്നു കൊണ്ടിരുന്നു, ഒന്ന് രണ്ട് വട്ടം ആ റൂട്ട് വഴിയും എന്റെ മാർക്കുകൾ തേയ്ക്കപ്പെട്ടിട്ടുണ്ട് - എത്ര കിട്ടിയാലും പഠിക്കാത്ത ഞാൻ !!!
ഞങ്ങൾക്ക് രണ്ടു പേർക്കും അന്നൊന്നും ഒരു സ്പെഷ്യൽ ട്യൂഷനും ഉണ്ടായിരുന്നില്ല, ഞാൻ ഇടയ്ക്ക് ലോയലിലും സ്റ്റുഡന്റസ് സെന്ററിലും (നാട്ടിലെ ട്യൂഷൻ സെന്ററുകൾ ആണ്) ഒക്കെ പോയിട്ടുണ്ടെങ്കിലും സ്ഥിരമായി എങ്ങും ഉറച്ച് നിന്നിരുന്നില്ല. എന്റെ ഓർമയിൽ അന്ന ട്യൂഷൻ സെന്ററുകളിൽ ഒന്നും പോയിട്ടില്ല.. പത്താം ക്ലാസ്സിലാണെന്ന് തോന്നുന്നു, ഞാൻ സ്കൂളിൽ വച്ച് ഒരു കാര്യം ശ്രദ്ധിച്ചത്.. ഇന്റർവെൽ സമയത്ത് അന്ന, സുമി, ജൂലി ടീം എന്തൊക്കെയോ എഴുതുന്നു, പഠിക്കുന്നു.. കുറെ ദിവസം സ്ഥിരമായി ഇത് കണ്ടപ്പോൾ ഞാൻ എന്റെ ചാര സംഘടനയെ രംഗത്ത് ഇറക്കി, ഞെട്ടിപ്പിക്കുന്ന ആ സത്യം മനസിലാക്കി.. അവർക്ക് 3 പേർക്കും അന്നയുടെ വീട്ടിൽ വച്ച് സദാശിവൻ സാർ മാത്‍സ് ട്യൂഷൻ എടുക്കുന്നുണ്ടെന്ന്.. കണക്കിന്റെ ഉസ്താദ് ആണ് സദാശിവൻ സർ.. KSRTC യിൽ ആണ് ജോലി എങ്കിലും ട്യൂഷൻ ആണ് മെയിൻ.. നാട്ടിൽ അന്നും ഇന്നും അറിയപ്പെടുന്ന ഏറ്റവും നല്ല കണക്ക് ട്യൂട്ടർ, അത് സദാശിവൻ സർ തന്നെയാണ് ... സാറിന്റെ ഹോംവർക്കുകൾ ആണ് ലവൾ ക്ലാസ്സിൽ ഇരുന്ന് ചെയ്ത് തീർക്കുന്നത്. ഞാനറിഞ്ഞാൽ പിന്നെ അത് ക്ലാസ് മൊത്തം അറിഞ്ഞത് പോലെയാണല്ലോ, സംഭവം പബ്ലിക് ആക്കി.. എങ്കിലും പത്താം ക്ലാസ്സിൽ സ്കൂൾ ഫസ്റ്റ് വാങ്ങാൻ വേണ്ടി അവളുടെ മുൻപിലും പിന്നിലും സൈഡിലും ഒക്കെയായി ഓടിക്കൊണ്ടിരുന്ന എനിക്ക് ആ സ്പെഷ്യൽ ട്യൂഷൻ പരിപാടി അത്ര അങ്ങട്ട് സഹിച്ചില്ല. പിന്നീടങ്ങോട്ട് പല വഴിക്കു നിന്നുള്ള ശുപാർശകൾക്കും, ഫോളോ അപ്പിനും, ഫോൺ വിളികൾക്കും എല്ലാം ഒടുവിൽ രണ്ടാഴ്ചയ്ക്കകത്ത് ആ മൂവർ സംഘത്തിന്റെ ട്യൂഷൻ ക്ലാസ്സിലേക്ക് (അന്നയുടെ വീട്ടിൽ) എന്റെ മാസ്സ് എൻട്രി ഉണ്ടായി, സാറിന്റെ നാലാമത്തെ സ്റ്റുഡന്റ് - ആ ക്ലാസ്സിലെ ഏക ആൺകുട്ടി !!!!
സാർ പൊതുവെ നല്ല സ്ട്രിക്റ്റ് ആയതു കൊണ്ടും, ഡെയിലി അടി കൊള്ളുന്നത് കൊണ്ടും ഞങ്ങൾക്ക് ആ ക്ലാസ്സ്മുറിയിൽ ഒരുപാട് നാൾ ശത്രുക്കളായി തുടരാൻ പറ്റിയില്ല. ശത്രുവിന്റെ ശത്രു മിത്രം എന്ന ആധാരത്തിൽ ഊന്നി പതുക്കെ ഞങ്ങളുടെ കോമൺ ശത്രുവായ സാറിന്റെ അടിയിൽ നിന്ന് ഒഴിവാകാനുള്ള ശ്രമങ്ങൾക്ക് ഇടയിൽ എപ്പോഴോ ഞങ്ങളിൽ ഒരു സൗഹൃദം മുള പൊട്ടി - രണ്ടു വർഷത്തോളമായി തുടർന്ന കടുത്ത ശത്രുതയൊക്കെ എവിടെയോ പതുക്കെ അലിയാൻ തുടങ്ങിയിരുന്നു... സാറിന് വരാൻ പറ്റാത്ത ദിവസങ്ങളിൽ 3 പെൺകുട്ടികളും അവരുടെ ഇടയിലെ കൃഷ്ണൻ ആയ ഞാനും കൂടി അന്നയുടെ വീട്ടിൽ ആർത്തുല്ലസിച്ചു നടന്നിരുന്നു.. ക്യാമറയും ഫോണും ഒക്കെ പോപ്പുലർ ആവുന്നതിനു മുന്നേ ഉള്ള കാലമായതിനാൽ പലതിനും തെളിവില്ലെന്നേ ഉള്ളു - 3 ഉം കൂടി എന്നെ ഒരു ദിവസം മേക്ക് അപ്പ് ഒക്കെ ഇട്ട് പെണ്ണായി ഒരുക്കിയതിനുൾപ്പെടെ !!!!!!
പക്ഷേ സ്കൂളിൽ ഞങ്ങളെ കാത്തിരുന്നത് വേറെ കഥകൾ ആയിരുന്നു.. അന്നയുടെ വീട്ടിലെ തകർപ്പൻ അനുഭവങ്ങൾ ഒന്നും ഞങ്ങൾ സ്കൂളിൽ അത്ര പരസ്യമാക്കിയിരുന്നില്ലെങ്കിലും രണ്ടു രണ്ടര വർഷമായി കണ്ട ശത്രുത കാണാതെ വന്നപ്പോൾ ആർക്കൊക്കെയോ സഹിച്ചില്ല.. അന്നയുടെ ഫോട്ടോ ക്ലാസ്സിലിട്ട് കത്തിച്ച രാഹുൽ ഇപ്പോൾ അവളോട് കമ്പനി ആയത് സ്കൂളിലെവിടൊക്കെയോ പുതിയ കഥകൾ സൃഷ്ടിച്ചു.. പ്രശ്‍നം സീരിയസ് ആയത് സ്കൂൾ കെട്ടിടത്തിൽ പലയിടത്തും വലിയ ഹാർട്ട് ഷേപ്പിന്റെ ഉള്ളിൽ കരിക്കട്ട കൊണ്ട് വരച്ച "രാഹുൽ + അന്ന" ചിത്രങ്ങൾ പ്രത്യക്ഷപെട്ടപ്പോഴാണ്...നിങ്ങൾക്ക് അറിയാം, മറ്റേ അമ്പൊക്കെ ഉള്ള പടമില്ലേ? അത് തന്നെ..
ഏത് മഹാന്റെ പണി ആണെന്ന് അറിഞ്ഞിരുന്നില്ല, എങ്കിലും സ്കൂളിലെ കുട്ടികൾക്ക് പാടി നടക്കാൻ ഒരു പുതിയ പ്രണയ കഥ ആയിരുന്നു അത്, രണ്ട് ശത്രുക്കൾ പ്രണയിച്ച കഥ !!! ആദ്യം കുറച്ച് കാലം അതുമായിട്ട് അഡ്ജസ്റ്റ് ചെയ്യാനും ടീച്ചർമാരെ ഫേസ് ചെയ്യാനും കുറച്ച് കഷ്ടപ്പെട്ടു ഞങ്ങൾ, പതുക്കെ സാറിന്റെ അസൗകര്യം കാരണം ഞങ്ങളുടെ ട്യൂഷനും ഇല്ലാതെയായി.. സ്കൂൾ കാലഘട്ടത്തിന്റെ അവസാന കാലം അങ്ങനെ ഒരു മിക്സഡ് ഇമോഷൻസിൽ അങ്ങ് കടന്നു പോയി.. എങ്കിലും ഞാൻ അവളുടെ വീട്ടിലും അവൾ എന്റെ വീട്ടിലും ഒക്കെ ഇടയ്ക്ക് വന്നിരുന്നു, ഒരിക്കൽ പോലും പ്രണയത്തിന്റെ ഒരു കണിക പോലും എന്റെയോ അവളുടെയോ പെരുമാറ്റത്തിൽ ഉണ്ടായിട്ടില്ല, എന്റെ ഉള്ളിൽ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ......... ഞാൻ പുതിയ കള്ളങ്ങൾ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു !!!!
ഒരുപാട് പ്ലാനിംഗ് ഒന്നും ഇല്ലായിരുന്നു എങ്കിലും പ്ലസ്ടുവിനും ഞങ്ങൾ പുതിയ സ്കൂളിൽ ഒരേ ക്ലാസ്സിൽ തന്നെ വന്നു പെട്ടു.... ഞങ്ങളുടെ പഴയ ഹിസ്റ്ററി ഒന്നും അറിയുന്ന ആരും ആ ക്ലാസ്സിൽ ഉണ്ടായിരുന്നില്ല... പക്ഷേ അവളോടുള്ള ആ അടുപ്പം അത് പോലെ മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് ആ പുതിയ സ്കൂളിൽ കഴിഞ്ഞില്ല എന്നതാണ് സത്യം.. അവിടെ ഞാൻ പുതിയ സുഹൃദ് ബന്ധങ്ങൾ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു, ഇന്ന് കൂടെ ഇല്ലാത്ത ഒരുപാട് പാഴ് ബന്ധങ്ങൾ !!! ശരിക്കും പറഞ്ഞാൽ അമ്മയുടെ സ്കൂളിന്റെ പുറത്തേക്ക് വന്ന ഞാൻ കൂടു തുറന്ന് വിട്ട കിളി പോലെയായിരുന്നു.. ചുറ്റും എപ്പോഴും കൂട്ടുകാർ - സ്ഥായി അല്ലെന്ന് അന്ന് തിരിച്ചറിയാതെ പോയ കുറെ കൂട്ടുകാർ.. ഞാൻ തിരക്കിട്ട് കൂട്ട് കൂടി നടക്കുമ്പോഴും ഒറ്റപ്പെട്ടു പോയ അവളെ ഒരിക്കൽ പോലും ഞാൻ ശ്രദ്ധിച്ചില്ല.. അധികം ആരോടും കൂട്ട് കൂടാതെ, ഒറ്റയ്ക്ക് ഒതുങ്ങി പോയ, പഠിത്തത്തിൽ ഉഴപ്പി തുടങ്ങിയ അന്നയെ കണ്ടിട്ടും പലപ്പോഴും ഒഴിഞ്ഞു മാറി പോയിട്ടുണ്ട് ഞാൻ.. പലപ്പോഴും ക്ലാസ്സിൽ അവൾ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്.. ഒരിക്കൽ എപ്പോഴോ പോയി ഞാൻ സമാധാനിപ്പിച്ചിട്ടുമുണ്ട്, പക്ഷേ ഒന്ന് കൂടിരിക്കാനോ, അവളുടെ വിഷമം തിരക്കാനോ ഞാൻ സമയം കണ്ടെത്തിയിട്ടില്ല.. കൊച്ചേ, ഇന്നിത് എഴുതുമ്പോൾ നീ ഇരുന്ന സീറ്റും യൂണിഫോമും നിന്റെ കലങ്ങിയ കണ്ണും നോട്ടുബുക്കും ഒക്കെ എന്റെ കണ്ണിന്റെ മുന്നിൽ അങ്ങനെ വന്ന് നിൽക്കുന്നുണ്ട്, ഒരൽപ്പം കണ്ണുനീര് എന്റെ കാഴ്ച മറയ്ക്കുന്നതൊഴിച്ചാൽ എനിക്ക് അതെല്ലാം കാണാം ... !!!!!
ഇന്ന് അന്നയ്ക്ക് ഒരു മോളുണ്ട് - അവളുടെ ഫോട്ടോ കാണുമ്പോൾ എനിക്ക് ആ യൂണിഫോമിട്ട എന്റെ സ്കൂളിലെ ശത്രുവിനെ തന്നെയാണ് ഓർമ വരാറുള്ളത്.. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് അവളെന്ന് തിരിച്ചറിയാൻ എനിക്ക് കുറെ സമയം വേണ്ടി വന്നു, പക്വത പാകപ്പെടുത്തി എടുത്ത എന്റെ ബോധ മണ്ഡലങ്ങൾക്ക് നന്ദി !! ഇന്നെന്റെ ഏറ്റവും നല്ല സുഹൃത്തും സപ്പോർട്ടും ഒക്കെ അവൾ തന്നെയാണ്...
"എടാ ഇനി നാട്ടിൽ വരുമ്പോൾ നമുക്ക് രണ്ടു പേർക്കും കൂടി സ്കൂളിൽ പോകണം, കുറച്ച് നേരം അവിടൊക്കെ നടക്കണം, നീ കൊണ്ട് പോകുവോ?" ഈ ചോദ്യം ഞാൻ കുറെ നാളായി അവളിൽ നിന്ന് കേൾക്കുന്നുണ്ട്.. കൊണ്ട് പോകാം എന്ന് ആവർത്തിച്ച് ഞാൻ പറയാറുമുണ്ട് .. പലപ്പോഴും എനിക്കും തോന്നാറുണ്ട്, ആ സ്കൂളിന്റെ ഓരോ കോണിലും അവളുടെ കൂടെ പോയി നടക്കണമെന്ന്... പ്രണയിച്ചില്ലെങ്കിലെന്താ, ഒരു കുന്ന് നിറയെ ഓർമ്മകളുണ്ട് ഞങ്ങൾ രണ്ടാൾക്കും അവിടെ !!
വീണ്ടും ചെല്ലുമ്പോഴും ആ ചുമരെഴുത്തുകൾ അവിടെ ഉണ്ടായിരുന്നെങ്കിൽ !!
വാൽക്കഷ്ണം:-
"എടീ നിന്റെ കഥ ഞാൻ സൃഷ്ടി മത്സരത്തിന് അയക്കട്ടേ?, നിനക്ക് സമ്മതം അല്ലെ?" ഇന്നലെ ഞാൻ അവളോട് ചോദിച്ചു..
"അതിനു അത് ത്രില്ലെർ ഒന്നുമല്ലല്ലോ, അത് ക്ലിക്ക് ആവുമോ ?"
"ഇന്നേവരെ ഞാൻ ഒരു എഴുത്തും ഇത്രേം ഹൃദയത്തിൽ തട്ടി എഴുതിയിട്ടില്ല, അത്കൊണ്ട് ഇത് തന്നെ മതി.." എന്ന് ഞാൻ മറുപടി പറയുമ്പോൾ, 16 വർഷങ്ങളായി നിധി പോലെ സൂക്ഷിച്ചു വച്ചൊരു കരിക്കട്ട എന്നെ വല്ലാണ്ട് നോക്കുന്നുണ്ടായിരുന്നു.... !!