നൂലുകെട്ട് മുതൽ നരബലി വരെ
ഒരു കുട്ടി ജനിക്കുന്നു. അതിനും എത്രയോ മുന്നേ തന്നെ അവളുടെ മതവും ജാതിയും അവൾ വിശ്വസിക്കേണ്ടുന്ന കല്പിത കഥകളും പിന്തുടരേണ്ടുന്ന ആചാരങ്ങളും നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു!
ഒന്ന് ആലോചിച്ചുനോക്കൂ, എത്ര മാത്രം അന്ധവിശ്വാസങ്ങളുടെ നടുവിലേക്കാണ് ആ കുഞ്ഞു പിറന്നു വീഴുന്നത്!
വളരുന്ന ഓരോ ഘട്ടത്തിലും ആചാരങ്ങളുടെ പേരിൽ ഓരോരോ കെട്ടുകൾ അവളിൽ വീഴുകയായി.
നൂലുകെട്ടിൽ നിന്നും തുടങ്ങാം നമുക്ക്.
പണ്ട്, കലണ്ടറുകൾക്കും മുൻപ്, കുഞ്ഞ് ജനിച്ച ദിവസം ചന്ദ്രൻ ആകാശത്ത് ഏത് നക്ഷത്രത്തിനാടുത്തണോ, ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും അതേ സ്ഥാനത്ത് വരുമ്പോൾ അരയിൽ ഒരു നൂല് കെട്ടുന്നു. ഏതാണ്ട് 28 ദിവസമാണ് ചന്ദ്രന് ഭൂമിയെ ഒരു തവണ വലം വയ്ക്കാൻ വേണ്ട സമയം. ചന്ദ്രൻ ഓരോ ചക്രം പൂർത്തിയക്കുമ്പോഴും നൂലിൽ ഓരോ കെട്ടിടുന്നു. അന്ന് കുഞ്ഞിന്റെ പ്രായം കണക്കക്കാനുള്ള ഒരു ഉപാധിയായാണ് അങ്ങനെ ചെയ്തത്. എന്തിനാണെന്ന് പോലും അറിയാതെ ഇന്ന് നമ്മൾ കലണ്ടർ നോക്കി അത് ചെയ്ത് നിർവൃതിയടയുന്നു.
ഇന്നത്തെ പല മതാചാരങ്ങളുടേയും ആഘോഷങ്ങളുടേയും ഉത്ഭവം തേടിപ്പോയാൽ ആകാശത്തെ നക്ഷത്രങ്ങളുടെയും സൂര്യചന്ദ്രന്മാരുടെയും ചലനങ്ങളിൽ എത്തി നിൽക്കുന്നത് കാണാം. പണ്ടു കാലത്ത് കാലഗണനയ്ക്ക് അവയെ അത്രയധികം ആശ്രയിച്ചിരുന്നു. ആകാശഗോളങ്ങളെ നോക്കിയുള്ള കാലഗണണ കൃത്യവുമായിരുന്നു താനും. പക്ഷേ, അതിനു മനുഷ്യരുടെ ഭാവി ജീവിതത്തെ നിർണയിക്കാനുള്ള കഴിവുണ്ട് എന്ന് വിശ്വസിപ്പിക്കുന്ന തെറ്റായ വഴിയിലേക്ക് ഒരു വിഭാഗം സഞ്ചരിച്ചതോടെ കാര്യങ്ങൾ കൈവിട്ട് പോയി.
കേരളീയ ജനത സാക്ഷരരാണ്. അവർക്ക് എഴുതാനും വായിക്കാനും അറിയാം. കേരളീയ ജനത വിദ്യാഭാസമുള്ളവരാണ്. അവർക്ക് ബിരുദവും ബിരുദാനന്തര ബിരുദവും കിട്ടാക്കനിയല്ല. പക്ഷേ, ശാസ്ത്രബോധത്തിന്റെ കാര്യം വരുമ്പോൾ നമ്മൾ ഒത്തിരി പിന്നിലേക്ക് പോവുന്നു. എന്തിനെന്നറിയാതെ അന്ധമായി, വളരെ സ്വാഭാവികമായി, ഒട്ടുമിക്ക വിശ്വാസങ്ങളെയും പിന്തുടരുന്നു.
നമ്മുടെയൊക്കെ നിത്യജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കുറച്ചു സന്ദർഭങ്ങളെ നമുക്ക് സങ്കൽപ്പിച്ചു നോക്കാം.
നിങ്ങളുടെ വീട്ടിൽ ഒന്നിനു പുറകെ ഒന്നായി പ്രശനങ്ങൾ എന്നു കരുതുക. രോഗം, സാമ്പത്തിക പ്രശനങ്ങൾ, ജോലിപ്രശ്നങ്ങൾ.. ആർക്കും ഒരു സമാധാനം ഇല്ല.
വീട്ടിൽ വന്നൊരു ബന്ധു പറയുന്നു നിങ്ങളുടെ പറമ്പിലെ ആ പാലമരം കാരണമാണ് ഇതൊക്കെ, അതു വെട്ടിയാൽ പ്രശ്നം തീരുംന്ന്..
അതുകേട്ട് നിങ്ങൾ 'അത് വെറുമൊരു മരമല്ലേ, അവിടിരുന്ന് പ്രകാശസംശ്ലേഷണം നടത്തിക്കോട്ടെ' എന്നു വിചാരിക്കുമോ അതോ വെട്ടിമാറ്റിയാൽ പ്രശ്നങ്ങൾ തീരുമെങ്കിൽ തീരട്ടെ എന്നു കരുതി പാലമരം വെട്ടുമോ?
വെട്ടി എന്ന് വിചാരിക്കൂ.
അവിടെ വളർന്നിരുന്ന ഒരു മരം ഇല്ലാത്തയപ്പോൾ രോഗം മാറിയില്ല, സമ്പത്ത് മെച്ചപ്പെട്ടില്ല.. എല്ലാം പഴയതു പോലെ തന്നെ. അപ്പോൾ അയൽക്കാരി പറയുന്നു, പറമ്പിൽ ആ മൂലയ്ക്ക് ഒരു കരിമ്പന ഇല്ലേ, അത് കൊണ്ടാവും ഇങ്ങനെയൊക്കെയെന്ന്. അതു വെട്ടിയാലേ സമൃദ്ധി വരൂ എന്ന്. നിങ്ങൾ ആ ഒരു സാധ്യത കൂടി പരിഗണിച്ച് കാശു കൊടുത്ത് ആളെ ആക്കി അത് വെട്ടിക്കളഞ്ഞ് നോക്കുമോ അതോ അതൊരു മരമല്ലേ, അതവിടെ നിന്ന് പോയാൽ എങ്ങനെ പ്രശനങ്ങൾ മാറാനാണ് എന്ന് സ്വന്തം യുക്തി ഉപയോഗിച്ച് ചിന്തിച്ചു നോക്കുമോ?
അതു പോട്ടെ.. പത്രത്തിൽ വാരഫലം വായിച്ച് 'ധനനഷ്ടം, മാനഹാനി' കണ്ട് 'ആഹാ, ഇതു ശരിയാണല്ലോ' എന്നു വിചാരിക്കുമോ അതോ, ഇതൊക്കെ അത് വായിച്ചു നോക്കുന്ന എല്ലാവരുടെ കാര്യത്തിലും സംഭവിക്കാൻ സാധ്യത കൂടുതലുള്ള പൊതുവായ ചില കാര്യങ്ങൾ മാത്രമാണെന്ന് മനസ്സിലാക്കുമോ?
അതും പോട്ടെ.
കല്യാണം കഴിക്കാൻ തെരഞ്ഞെടുക്കുന്ന അപരിചിതൻ നല്ല ആളാവാൻ അവരോട് മിണ്ടുന്ന മുന്നേ തന്നെ അയാളോ നിങ്ങളോ ആയി ഒരു ബന്ധവും ഇല്ലാത്ത ഒരു ജ്യോത്സ്യന്റെ അടുത്ത് പോയി ജാതകം നോക്കിച്ച്, ചൊവ്വാദോഷം ഉള്ളത് കൊണ്ട് അത് ഇല്ലാത്ത പുരുഷനെ കല്യാണം കഴിച്ചാൽ അയാള് പെട്ടെന്ന് തട്ടിപ്പോവും എന്ന് ജ്യോത്സൻ പറഞ്ഞത് കേട്ട് പേടിച്ച്, ഇനി അത് കൊണ്ട് ഭാവി തുലയ്ക്കണ്ട, ഒത്തു വരുന്നത് തന്നെ കഴിച്ചേക്കാം എന്ന് തീരുമാനിക്കുമോ, അതോ പത്തുകോടി കിലോമീറ്റർ അപ്പുറമുള്ള ചൊവ്വാ ഗ്രഹം - മംഗൾയാൻ പോയി ചുറ്റി ഫോട്ടോ എടുത്ത, നാസയുടെ പേടകങ്ങൾ ഇറങ്ങി പാറയും മണ്ണും ശേഖരിച്ച് പഠിക്കുന്ന ചൊവ്വാ ഗ്രഹം- നിങ്ങളുടെ ബന്ധങ്ങളിലോ ആയുസ്സിലോ ഒരു മാറ്റവും ഉണ്ടാക്കുന്നില്ലെന്ന് സാമാന്യ ബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കുമോ?
മനസ്സിലായാൽ തന്നെയും സ്വന്തം ജീവിതത്തിൽ ആ അറിവ് പ്രയോഗിക്കാൻ ഉള്ള ധൈര്യം കാണിക്കുമോ അതോ പിന്നെയും ഒരു വിശ്വാസത്തിന്റെ മാത്രം പുറത്ത് അടുത്ത ആളുടേയും അടുത്ത് ജാതകം ചോദിക്കുമോ?
നരബലി വാർത്തയിൽ നിങ്ങൾ ഞെട്ടിയില്ലേ.. ഇപ്പോഴും ആ ഞെട്ടലിന്റെ ബാക്കി മനസ്സിലുണ്ടോ അതോ സൗകര്യപൂർവം മറന്നു കളഞ്ഞോ..?
ഇനി പറയൂ, കേരളത്തിൽ ശാസ്ത്രബോധം വളരണമെങ്കിൽ നമ്മൾ തുടങ്ങേണ്ടത് നരബലിയിൽ ഞെട്ടലർപ്പിച്ചു കൊണ്ടാണോ, സ്വന്തം ജീവിതത്തിൽ ധൈര്യമായി യുക്തിപൂർവമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണോ?
സാക്ഷര കേരളത്തിൽ വളരെ സാധാരണമായ ചില അന്ധവിശ്വാസങ്ങളെ ശാസ്ത്രത്തിന്റെ പിൻബലത്തിൽ ഒന്ന് അപഗ്രഥിച്ച് നോക്കാം.
ചൊവ്വാദോഷത്തിന്റെ കാര്യം മുകളിൽ പറഞ്ഞല്ലോ. എന്താണ് ചൊവ്വാ ദോഷം? കുട്ടി ജനിക്കുന്ന സമയത്ത്, ഏത് രാശിയിലാണ് ചൊവ്വാ ഗ്രഹം കാണുന്നത് എന്നു നോക്കുന്നു. സൂര്യൻ ഉദിക്കുന്ന സമയത്തു അസ്തമിക്കുന്ന രാശിയിൽ ആണെങ്കിൽ ഏഴാം ഭാവത്തിൽ ചൊവ്വ! എന്താണ് രാശി? ആകാശത്ത് കാണുന്ന നക്ഷത്രങ്ങളെ കൂട്ടി യോജിപ്പിച്ച് നമ്മൾ ഭാവനയിൽ സങ്കൽപ്പിച്ച രൂപങ്ങൾ. യഥാർത്ഥത്തിൽ എത്രയോ പ്രകാശവർഷങ്ങൾ അകലെയുള്ള നക്ഷത്രങ്ങൾ. നമ്മൾ ചൊവ്വയെ നോക്കുമ്പോൾ പിന്നിൽ ദൂരെ കാണുന്ന നക്ഷത്രക്കൂട്ടത്തിലാണ് ചൊവ്വ എന്ന് പറയുന്നു. ചൊവ്വ സൗരയൂഥത്തിലെ ഗ്രഹമാണ്. സൂര്യൻ കഴിഞ്ഞാൽ ഏറ്റവും അടുത്ത നക്ഷത്രം തന്നെ നാല് പ്രകാശ വർഷം അകലെയാണ്. അതായത്, അവിടെനിന്ന് പ്രകാശം ഇവിടെയെത്താൻ തന്നെ നാല് വർഷം വേണം! രസമെന്തെന്ന് വച്ചാൽ, മറ്റൊരു ദിശയിൽ നിന്ന് ചൊവ്വയെ നോക്കുകയാണെങ്കിൽ അതിന്റെ പിറകിൽ കാണുന്ന രാശി മറ്റൊന്നാവും.
പിന്നെ എന്തിനാവും പണ്ടുള്ളവർ ചൊവ്വയെ ഭയന്നത്? അന്ന് ഈ അറിവുകളൊന്നും ഇല്ലല്ലോ. അപ്പോൾ ചൊവ്വ എന്നാൽ ആകാശത്ത് കാണുന്ന ഒരു ചുവന്ന കുത്ത്. എത്ര ദൂരം ആന്നെന്നറിയില്ല, എന്താണെന്നറിയില്ല. ഇന്ന് നമുക്കറിയാം, ചൊവ്വയുടെ ചുവന്ന നിറത്തിന് കാരണം ഇരുമ്പിന്റെ ഓക്സൈഡ് ആണെന്ന്. എന്നിട്ടും നമ്മൾ ചൊവ്വയെ ഭയക്കുന്നു.
സ്വന്തം ഭാവി അറിയാനുള്ള മനുഷ്യൻറെ ജിജ്ഞാസ ചൂഷണം ചെയ്യപ്പെടുകയാണ് ഇവിടെ.
മറ്റൊരു രീതിയിൽ ചിന്തിക്കാം.
ചൊവ്വാദോഷവും ജാതകവും ജ്യോത്സ്യവും അടിസ്ഥാനമാക്കുന്നത് ഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് ആണല്ലോ. ഗുരുത്വ സമവാക്യങ്ങൾ വച്ച് കണക്കുകൂട്ടി നോക്കിയാൽ അറിയാം, ദൂരെ ദൂരെയുള്ള ഗ്രഹങ്ങൾ ചെലുത്തുന്നതിനെക്കാൾ ഗുരുത്വബലം ജനന സമയത്തു അടുത്തുള്ള നഴ്‌സോ കട്ടിലോ മേശയോ കുട്ടിയിൽ ചെലുത്തുന്നുണ്ട് എന്ന്.
ഇനി വല്ല ബലവും ചെലുത്തുന്നുണ്ട് എന്ന് കരുതിയാൽ തന്നെ ജനിക്കുന്ന സമയത്തിനു എന്താണ് പ്രസക്തി. അമ്മയുടെ വയറ്റിൽ ഉണ്ടാകുമ്പോഴും അതേ ബലങ്ങൾ കുട്ടിയിൽ ഉണ്ടല്ലോ!
അമേരിക്കയിലും ആഫ്രിക്കയിലും ഉള്ള അനേകം ആളുകളുടെ ജീവിതത്തിൽ ഒരു സ്വാധീനവും ചെലുത്താതെ ഇന്ത്യ എന്ന രാജ്യത്തെ ഒരു പ്രത്യേക വിഭാഗം ആളുകളിൽ മാത്രം ഇവ സ്വാധീനം ചെലുത്തുന്നത് എന്തുകൊണ്ടാണ് എന്ന ആലോചിച്ച് നോക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.
ജോത്സ്യന്മാരുടെ കണക്കിൽ പിന്നീട് കണ്ടെത്തിയ യുറാനസും നെപ്പറ്റിയൂണും ഇല്ല കേട്ടോ! മാത്രമല്ല, അവിടെ സൂര്യനും ചന്ദ്രനും ഭൂമിയെ ചുറ്റുന്ന ഗ്രഹങ്ങളാണ്!
ഇത്രയും ഇപ്പോൾ വായിച്ചിട്ടും മനസ്സിലായിട്ടും ശരിയാണെന്ന് ബോധ്യപ്പെട്ടിട്ടും അടുത്ത അവസരത്തിൽ മുഹൂർത്തവും ജാതകവും നോക്കാൻ പോകുന്നതിനെയാണ് ശാസ്ത്രബോധമില്ലായ്മ എന്ന് പറയുന്നത്! അത് നമ്മൾ ഉണ്ടാക്കിയെടുക്കുക വരെ ചെയ്യണം. അത് വരെ ഈ സമൂഹത്തിൽ ഐശ്വര്യം വരാൻ ബലി നടത്തും. വീട് കെട്ടിയാൽ ഹോമം നടത്തും. ആവശ്യത്തിൽ അധികം വിദ്യാഭ്യാസ യോഗ്യത ഉള്ളവർ പോലും റോക്കറ്റ് വിക്ഷേപിക്കുമ്പോൾ പൂജ നടത്തും.
സാക്ഷരത ഇത് വായിക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നു. നല്ലത്. പക്ഷേ, Scientific Temper ഉള്ള ഒരു സമൂഹം ഇവിടെ ഉണ്ടാവണമെങ്കിൽ വ്യക്തികൾ എന്ന നിലയിൽ നമ്മുടെ ഉള്ളിൽ നിന്നു തന്നെ നവീകരണം തുടങ്ങിയേ പറ്റൂ.