Skip to main content
Srishti-2022   >>  Poem - Malayalam   >>  ധരണി സുന്ദരി

ധരണി സുന്ദരി

പുലർകാല ഭൂവിൻ ഭംഗിയെ 

സ്വാഗതമരുളുംപോൽ മഞ്ഞണി- 

ഞ്ഞണി നിരന്നു നിൽപ്പൂ മലനിരകൾ. 

 

ഇളംവെയിലിൻ സുവർണ്ണകിരണങ്ങളാം 

ചമയംപൂശി പുഞ്ചിരി തൂകി, 

പുതുപുലരിയെ വരവേൽപ്പൂ ഭൂമി. 

 

പവിഴംകണക്കെ തിളങ്ങുമാറ്‌  

മഞ്ഞിൻമുത്തുക്കൾ ചൂടി, 

പുഞ്ചിരി തൂകി നിൽപ്പൂ സുന്ദരപുഷ്പങ്ങൾ. 

 

പുതുപുലരി തൻ സൗന്ദര്യം കണി- 

കാണ്മതിന്നായി മധുരഗാനങ്ങളാൽ പാടി- 

യുണർത്തും കോകിലങ്ങൾ. 

 

പച്ചവിരിച്ചാരണ്യത്തിൻ ഭംഗി നുകർന്ന് 

കാറ്റിൽ പാറിപ്പറക്കുമൊരു തൂവെള്ള- 

പ്പുടവപോൽ ഒഴുകിപോം കാട്ടരുവികൾ. 

 

ശാന്തമാം നിദ്രയെ ഭഞ്ജിച്ചുദിച്ചുയർന്ന 

പ്രഭാതകിരണങ്ങളേറ്റ് ഉന്മേഷവതിയായി 

ആനന്ദനൃത്തമാടിക്കളിപ്പൂ സാഗരത്തിരമാലകൾ. 

 

ഹരിതാഭയാൽ വിളങ്ങിയിരുന്നൊരാ- 

രണ്യത്തിൻ പച്ചപ്പെൻ ഭൂവിൽ നിന്നകലവേ, 

ആ ഭംഗിയിനിയെന്നുമുണ്ടാമോ.

Srishti-2022   >>  Poem - Malayalam   >>  ഏഴു വർണ്ണങ്ങളെ തിരഞ്ഞ്..

ഏഴു വർണ്ണങ്ങളെ തിരഞ്ഞ്..

മിഴി നീർ തുള്ളികളായി വീഴാൻ

കാർമേഘത്തെ വിളിക്കുന്ന കാറ്റ്,

വർണ്ണാഭമായ പകൽ വെളിച്ചത്തെ മങ്ങിപ്പിച്,

സൂര്യനെ സന്ധ്യ ഛായയിൽ പരിഹസിക്കുന്നു.

 

മഴ, മുറിക്കുള്ളിൽ വീക്ഷിക്കുന്നവർക്ക്

നനുത്ത സ്പർശമായിരിക്കാം,

എന്നാൽ ചിലർക്ക് ജീവിതയുദ്ധത്തിലെ

മറ്റൊരു വിലങ്ങു തടി.

 

അമ്മയായ പ്രകൃതിയെ മഴയിലൂടെ,

നീ കരയുകയാണോ!

അതോ നിന്റെ അനുസരണയില്ലാത്ത

ഈ മക്കളോടുള്ള ആക്രോശമോ.

 

കൊട്ടാരത്തേയും കുടിലിനെയും

ഒരുപോലെ ആലിംഗനം ചെയുന്ന

മഴയുടെ സമത്വത്തെ ഞാൻ

പ്രണയിക്കുന്നു.

 

എന്നാലും, പ്രിയപ്പെട്ട മഴയെ നീ പോകു!

മഴവില്ലിന്റെ നിറങ്ങളാൽ ജ്വലിക്കുന്ന ആകാശം നമ്മുക്ക് കാണാം. ആ, ഏഴുവർണ്ണങ്ങളിൽ നിന്നും

എന്റെ സ്വപ്നങ്ങൾക്കു നിറമേകണം.

Srishti-2022   >>  Poem - Malayalam   >>  തോണി

Moona Hannah Eipe

UST Kochi

തോണി

പാഞ്ഞെത്തും ചെറുമീനുകളെ തലോടിയൊഴുകും 

ഈ ചെറുപുഴയുടെ തീരത്തവിടൊരു ചെറുതോണി 

തരളമാം തിരകളിൻ അകമ്പടിയോടു വന്നടുത്തു.

 

വഞ്ചിയൂന്നും തുഴകളിൻ കരംപിടിക്കുമെൻ തോണി ക്കാരനൊപ്പം മുങ്ങിനിവർന്നൊരു ഉദയത്തിൽ 

മെഴുകിട്ടുരച്ചൊരെൻ മേനിയോ മിന്നിത്തിളങ്ങി.

 

തെളിനീർതടത്തിൽ വിടരുമാമലർമൊട്ടുകളെല്ലാം 

മെല്ലെയൊരു കുസൃതി ചിരിത്തൂവിപ്പുണർന്നുവൊ

കൂട്ടുവന്ന ഇളം തെന്നല്ലിന്റെ കുളിരിനെയും.

 

മഴപൊഴിക്കുമി സായന്തനത്തിൽ തുഴകൾ പാടും പാട്ടിനൊപ്പം ആടിത്തിമിർത്തൊഴുകിയൊഴുകി കടവത്തെത്തി ചെറുതോണിയുടെ കൊഞ്ചലും.

 

നിലാത്തിരിപടർത്തും തിങ്കളിൻ ചെരുവിലോടിമറയും നീലപ്പിലികളെ കണ്ടുകണ്ടങ്ങു മയങ്ങുമെൻമടിയിലെ 

തോണിക്കാരനെ പൊതിഞ്ഞു ഒരുപിടികിനാക്കൾ .

 

കിഴക്കുദിക്കും ദീപത്തെ മറച്ചു അന്നൊരു പുലരിയിൽ

ഇരുണ്ടുകൂടും മേഘപാളികളിൽ നിന്നടരും മിന്നൽ

പ്പിണരുകളിൻ പ്രഹരമേറ്റു പിടഞ്ഞു തോണിക്കാരൻ.

 

തുഴകളൂന്നാൻ കരങ്ങളെത്തേടി പുഴയിൽ ഞെരിയും

തോണിയൊ നുരകുത്തിപ്പെയ്യും മഴയിൽ ദിശതെറ്റി ആടിയുലഞ്ഞു ഒഴുകിയകന്നു എവിടെയ് ക്കൊ.

 

ഈയൊരു തീരത്തടിഞ്ഞു മണ്ണിന്റെ മടിത്തട്ടിൽ

ഏകമായി നിശ്ചലമായൊരുതൊട്ടാവാടി തണ്ടുപോൽ 

വാടിത്തളർന്നു തുഴകളും പുഴയുടെതുടിപ്പറിയാതെ.

 

 നിശബ്ദതയിൽ വിങ്ങിയുറങ്ങിയ രാവോ എതിരെറ്റു പുലരിയുടെ മൗനത്തെ ഒരു ചെറുതേങ്ങലോടെ

പുഴയുടെ ഓളങ്ങളും വ്യഥയിലാണ്ടു മുങ്ങിതാഴ്ന്നു.

 

മാനം വിടർത്തും നിറങ്ങൾക്കൊപ്പം പൂക്കൾ വിടർത്തും മോഹവുമായി പ്രണയത്തിൻ കുളിരിൽ

മയങ്ങി എന്നേക്കുമായി മുങ്ങിത്താഴാനായി കാത്തിരിക്കുന്നുയി ചെറുതോണിയും 

Srishti-2022   >>  Poem - Malayalam   >>  നന്മമരം

Raji Chandrika

Finastra Solutions

നന്മമരം

ഞാനും നീയും പകുത്തിട്ട മണ്ണിൽ

ഞാനും നീയും മതിൽ തീർത്ത മണ്ണിൽ

"നമ്മൾ" എന്നൊരു മരം വളർന്നെങ്കിൽ

അടിയുറച്ച വേരുകൾ പടർന്നിറങ്ങി

അതിർവരമ്പുകൾ തകർന്നെങ്കിൽ

അരിഞ്ഞിടാനാകാത്ത ശിഖരങ്ങൾ വിടർത്തി

അതു തണലായ്‌ നിറഞ്ഞെങ്കിൽ

ജാതിയും മതവും നിറവുമില്ലാതതിൽ

മാറിടും ഋതുക്കൾ വസന്തങ്ങളായെങ്കിൽ

ഒന്നാണ് നമ്മളെന്നോർത്തോർത്തു പാടുവാൻ

കുന്നോളം പക്ഷികൾ ചേക്കേറിയെങ്കിൽ

കൊടികൾ പറക്കാതെ, കാവികൾ തൂങ്ങാതെ

അവിടേയും ഇവിടേയും കൈപ്പത്തി പതിയാതെ

അരിവാളിൻ മൂർച്ചയിൽ നീരുപൊടിയാതെ

കടപുഴകി വീഴാതതു കാടായ്‌ വളർന്നെങ്കിൽ

ഞാൻ ഞാനായിരുന്നെങ്കിൽ നീ നീയായിരുന്നെങ്കിൽ

നാം നാമായി നന്മതൻ നാൻപായിരുന്നെങ്കിൽ

കാട് കാടായിരുന്നെങ്കിൽ നാട് നാടായിരുന്നെങ്കിൽ

നാടിനും കാടിനും നാം കാവലാളായെങ്കിൽ…

Srishti-2022   >>  Poem - Malayalam   >>  അവളടയാളങ്ങൾ

SREESHA T. S

Infosys

അവളടയാളങ്ങൾ

അവളിടങ്ങളിൽ നിന്നും

അവളുടെ അടയാളങ്ങൾ കുഴിച്ചെടുക്കണം.

ചരിത്രഗവേഷകയ്ക്ക് സന്തോഷമായി

ഇഷ്ടവിഷയം; നല്ല മാർക്കും കിട്ടും.

 

എവിടൊക്കെ തിരയണം?

ഊണിലും ഉറക്കത്തിലും ഒരേ ചിന്ത.

അടുക്കളയിൽ കാണാതിരിക്കില്ല.

കറികളിലെ അനുപാതക്കണക്കുകളിൽ,

കണക്കുമാഷിന്റെ പ്രിയശിഷ്യ പുതിയ സമവാക്യം കണ്ടെത്തിയിട്ടുണ്ടാകും.

രസതന്ത്രം ക്ലാസ്സിൽ ടെസ്റ്റ് ട്യൂബുകൾ കാണുമ്പോൾ,

കണ്ണുകൾ വിടർന്നിരുന്നവൾ

അടുക്കളയെ മറ്റൊരു പരീക്ഷണശാലയാക്കിയിട്ടുണ്ടാകുമെന്നുറപ്പാണ്.

പ്രഷർ കുക്കർ, മിക്സി, വാഷിങ് മെഷീൻ തുടങ്ങി

അവളടയാളങ്ങളില്ലാത്തൊരിടം കാണില്ല തീർച്ച.

കുഞ്ഞുങ്ങളുടെ പാട്ടിൽ, കുപ്പായങ്ങളിൽ, പുസ്തകങ്ങളിൽ

അവളിരുന്ന് ചിരിയ്‌ക്കുന്നുണ്ടാവും.

 

പക്ഷെ എവിടെയും കാണുന്നില്ലല്ലോ!

അവളടയാളങ്ങൾ എവിടെയും ഇല്ലെന്നോ?!

ചരിത്രഗവേഷക ക്ഷീണിതയായി.

അവളെ അടയാളപ്പെടുത്താത്ത അവൾ,

ചിന്തിക്കാനേ പറ്റുന്നില്ല.

 

ഒരു ചിത്രത്തിൽ നിന്നും അടുത്ത ചിത്രത്തിലേക്ക് ,

ഒരു നിറത്തിൽ നിന്നും അടുത്ത നിറത്തിലേക്ക് ,

ഒഴുകി നീങ്ങുന്ന അവളെ കാണുന്നവർ പോലും

അറിയാതെ ചിത്രം വരച്ചു പോകും.

വാക്കുകൾക്ക് ഇത്രയും മനോഹാരിതയോ?

അവളെ കേട്ടപ്പോൾ സംശയിച്ചിരുന്നു.

എന്തിനാ പെണ്ണെ നീയിങ്ങനെ

ആർത്തിയോടെ പുസ്തകം വായിക്കുന്നേ?

മറുപടിയായി അവൾ തന്നത് ഒരു നനുത്ത ചിരി മാത്രം.

ചുവന്ന ചൊവ്വയെ അവൾ അഗാധമായി പ്രണയിച്ചിരുന്നുവെന്നു

അറിഞ്ഞത് അവളുടെ കല്യാണത്തിന്റന്ന് മാത്രമാണ്!

 

ഗവേഷണം എവിടെയുമെത്തിയില്ല.

ചരിത്രഗവേഷക ക്ഷീണിതയായി.

അവളെ അടയാളപ്പെടുത്താത്ത അവൾ,

ഓർക്കുമ്പോൾ പേടി തോന്നുന്നു.

 

ഒരു അടയാളമെങ്കിലും ബാക്കി വെക്കാതെ അവൾക്ക്

ഇവിടുന്നു പോകാൻ കഴിയില്ല, എനിയ്ക്കുറപ്പാണ്.

അവസാനമത് കണ്ടെത്തി.

 

വികൃതമായ അക്ഷരങ്ങളിൽ,

എഴുതാൻ മറന്നവളെ പോലെ,

പറയാൻ മറന്നവളെ പോലെ,

വരയ്ക്കാൻ അറിയാത്തവളെ പോലെ,

അവൾ കോറിയിട്ട വാക്കുകളത്രയും

അവളടയാളങ്ങൾ തന്നെ!

 " ശ്വാസം മുട്ടുന്നു

ഒന്നിനും കൊള്ളില്ലത്രേ

ചൊവ്വാദോഷം...പ് ഫ ..."

 

അവശേഷിച്ച അവളടയാളങ്ങളിനി

അവൾക്കേറെ പ്രിയപ്പെട്ട ചുവന്ന ചൊവ്വയിലായിരിക്കുമോ?!!!

Srishti-2022   >>  Poem - Malayalam   >>  വരവ്

Sreejith SM

H&R Block

വരവ്

 

നീ വിടരും നിന്നിലായി ഞാനും എന്റെ സ്വപ്നങ്ങളും

അകലെയാണെകിലും അരികത്തിരുന്നൊരു സ്വപ്നമേകുവാൻ

അകതാരിൽ ഞാനും നിനക്കൊരു തുണയാകും.

 

പാഴ് മോഹമാണെന്നറിഞ്ഞിട്ടും പല വാക്ക് മൊഴിഞ്ഞിട്ടും

പാഴ് ചിന്തയായ് മുറവിളി കേട്ടിട്ടും

പലതുണ്ട് മനസ്സിൽ ഇന്നും നിന്നോട് മൊഴിയുവാൻ.

 

ബാക്കിയുള്ളരാ വാക്കുകളത്രയും ക്ഷണികമാകുന്നു

കൂട്ടികുറിക്കുന്ന ഓരോ വാക്കിലും നോക്കിലും

മൗനമത്രയും മറുചിരി എന്നിലേക്കൊതുക്കുന്നു.

 

വരുന്നുണ്ടെന്ന് പറയാതെ പറയുമ്പോഴും

വരവില്ലെന്ന് വായ് മൊഴി കേട്ടിട്ടും

വരവെന്ന വാക്ക്

വിരിവെച്ച ചിതയായ് പിന്നെയും എന്നെ നോക്കുന്നു.

 

എണ്ണിത്തീർക്കാൻ ദിനങ്ങളില്ലത്രയും

പോയതൊക്കെയും പോയകാലത്തിന്റെ ചിന്തകളല്ലെന്ന്

ആക്രോശിക്കുവാൻ എനിക്ക് കഴിയുനില്ലതാനും.

 

 

ഒടുവിൽ വറ്റിവരണ്ട സ്വപ്നങ്ങളായി, വറുതിയിലാഴ്ത്തുന്ന ചിന്തയായി

വരവ് എന്ന വാക്ക് ഞാൻ സ്വീകരിച്ചു.

മരണമെന്ന് ആരൊക്കെയോ പറയുന്നുണ്ട് പോലും

ഒരു പിടി നല്ല വക്കും ഒരു ചെറു പുഞ്ചിരിയും കൂട്ടായി.

 

ഇനി നമുക്കുറങ്ങീടാം അരികിലായി തന്നെ

ബാക്കി വെച്ചൊരാ നാളുകളത്രയും,

വരവ് എന്ന ശയ്യയിൽ  നിശ്ചലമായ്..........!!!

Srishti-2022   >>  Poem - Malayalam   >>  ഓർമ്മ

Bijesh Kumar

TCS

ഓർമ്മ

 

മഞ്ഞകസവണിഞ്ഞ പാടവരമ്പിൽ

മഞ്ഞണിഞ്ഞ വാകമരച്ചോട്ടിൽ

സൂര്യബിംബം നാണിച്ചുനിൽക്കുമ്പോൾ

താരകമലരുകളെത്തി നോക്കി.

 

ചാന്ദ്രശോഭയാൽ നിറഞ്ഞൊഴുകുമാ കൊച്ചാറിൻ

കളകളരവം നിറഞ്ഞൊരാസന്ധ്യയിൽ

താളംമീട്ടിയാപ്പരൽ മീനുകളോടിയൊളിച്ചു.

 

ഞാനുമെന്നോമലും നടന്നകന്നാവരമ്പിൽ

മൗനംപ്പൂകി മരച്ചില്ലകൾ.

മുല്ലമണിപ്പൂക്കളാൽ നിറഞ്ഞാകാശത്തെ നോക്കി

അദ്ഭുതസ്തബ്ദനായെന്നുണ്ണി കണ്ണുകൾചിമ്മിയടച്ചു.

 

കേരനിരകളാലലംകൃതമായാ പാതയിൽ

കരിമ്പനകൾതൻ നിഴലുകളെന്നുണ്ണിയെ ഭയാശങ്കനാക്കി.

നടവഴിക്കകലെ ഗോപുരവാതിലിൽ 

ശംഖനാദമുയർന്നപ്പോൾ

ഒരായിരം വവ്വാലുകൾ ചിതറിയോടി.

 

അതുകണ്ടെനുണ്ണി ആശ്ചര്യത്താലാകാശത്തേക്കെത്തിനോക്കി.

ഒരാത്മഗദമായ് നിഴലുകൾക്കുമ്മവച്ചു.

അനന്തമായാപ്രപഞ്ചത്തിൻ വൈവിധ്യതയിലദ്ഭുതം കൂറിയവനുറങ്ങി.

 

Srishti-2022   >>  Poem - Malayalam   >>  നമ്മുടെ ഭൂമി

Soumya Xavier

UST Kochi

നമ്മുടെ ഭൂമി

അയ്യോ പാവം, കഷ്ടമീ കാലം,

നമ്മുടെ നെഞ്ചിൻ നോവാണ് ഈ ഭൂമി! 

 

ആരുടെ മടിയിൽ കാലൂന്നി നിന്നുവോ,

ആ നെഞ്ചു പിളർക്കും നമ്മുടെ ചെയ്തികൾ; 

 

ഊട്ടി വളർത്തി നമ്മെ ഈ ഭൂമി, 

വെള്ളവും വായുവും ജീവനും നൽകി; 

 

തീയേറ്റു പുകയേറ്റു വിഷമേറ്റു വാടി,

നമ്മെ പോറ്റുവാൻ പാവമീ അമ്മ; 

 

ഞാനും നീയും നമ്മളെല്ലാവരും, 

ചേർന്നു നിർമ്മിച്ചതി നോവിന്റെ താളം; 

 

ചിന്തയില്ലാത്തവർ ചിന്തിപ്പാൻ ഇനിയും,

വൈകരുതരുതേ താമസമിനിയും; 

 

ധാത്രിതൻ കരുതലിൻ തണലൊന്നു മങ്ങിയാൽ,

ഓർക്കണേ മനുജനു ക്ലേശം സുനിശ്ചയം; 

 

ഒന്നു പിണങ്ങിയാൽ കലിയൊന്നു തുള്ളിയാൽ,

ജീവനും മാർഗ്ഗവും പോകുമെന്നോർക്കണേ; 

 

കരുണയും കരുതലും സമയവും നൽകി, 

ഈ ഭൂമിയെ ജീവനായി കരുതി മുന്നേറാം; 

 

നമ്മുടെ ഭൂമി, പാവമീ ഭൂമി, 

നമ്മുടെ നെഞ്ചിൻ തുടിപ്പായി തീരണം!

 

Srishti-2022   >>  Poem - Malayalam   >>  ഒരു വേനൽ മരമാകുമ്പോൾ

Sreejamol N S

UST Kochi

ഒരു വേനൽ മരമാകുമ്പോൾ

ഒരു വേനൽ മരമാകുമ്പോൾ

മഞ്ഞിനെയെന്ന പോലെ

കനൽ പുതയ്ക്കുമ്പോഴും

പുഞ്ചിരി പടർത്തണം

 

ഒരൊറ്റ വേരിനെ ആഴ്ത്തി വയ്ക്കണം

ഭൂമിയുടെ നെഞ്ചിലെ തെളിനീരുറവയിലെയ്ക്കു

കത്തിപ്പടരുമ്പോഴും

പൊള്ളി അടരുമ്പോഴും

ഇലകളും ശാഖകളും

കരിഞ്ഞു വീഴുമ്പോഴും

ഉള്ളിൽ കാത്തു വയ്ക്കണം

പ്രാണന്റെ പച്ചപ്പ്‌ .

 

സ്വപ്നങ്ങളിൽ ചേർത്ത് പിടിക്കണം

കാടനക്കങ്ങൾ,

ഇലത്തണുപ്പ്,

ചില്ലകളിൽ കിളിപ്പാട്ടുകൾ,

പൊത്തുകളിൽ അണ്ണാറക്കണ്ണന്മാർ,

നീലാകാശം തൊടാൻ കൊതിയിൽ

നാണിച്ചു ചുവക്കുന്ന തളിരുകൾ,

മഴത്തുള്ളികളിലേയ്ക്കു മൊട്ടുകളുടെ പൂത്തുലയൽ,

രാവിനെയാകെ ഭ്രമിപ്പിച്ചു

കാറ്റിൻ കൈകളിലേറി യാത്ര പോകുന്ന പൂമണം,

ചില്ലകളിലൊരു തേനീച്ചക്കൂട്,

വേരുകൾക്കിടയിലൊരു പാമ്പിൻ പടം,

പലവർണ്ണ തുമ്പികളുടെ

പ്രകടനപ്പറക്കൽ,

ഇലക്കുമ്പിളിൽ

നനഞ്ഞു കുതിർന്നൊരു ചന്ദ്രൻ.

 

വേനൽ മരമല്ലേ

തണലോ ,തണുപ്പോ കൊതിക്കരുത്‌

ചേർത്തു പിടിക്കണം

ഉറവ വറ്റാത്ത സ്വപ്നങ്ങളുടെ ചെപ്പിനെ മാത്രം

Srishti-2022   >>  Poem - Malayalam   >>  വര

Nishad Narayanan

Aspire Systems Kochi

വര

ആരോ വരച്ചു എൻ മുന്നിലായൊരു വര

ആരാലും കാണാത്തൊരദൃശ്യമാം കുറുവര

എന്നു തെളിഞ്ഞു എൻ കൺമുന്നിലീ വര

മായ്ച്ചിടാൻ പാടുപെടുന്നൊരീ തലവര

 

ആൺ കൂട്ടരൊത്തു ഞാൻ കൂട്ടുകൂടുന്നത്

നാട്ടിലുള്ളോരെല്ലാം സാക്ഷ്യപ്പെടുത്തണ- 

മെന്നൊരു ചിന്ത മനസ്സിൽ നിറച്ചിട്ടു

എത്രകാലം ഞാൻ താണ്ടണമീ വര 

 

ഒറ്റക്കെനിക്ക് പറക്കണമെന്നൊരു 

ചിന്തയിൽ ഞാനെന്റെ ചിറകു തുഴയുവാൻ

തുനിയുന്ന നേരത്തെൻ തൂവൽ കരിച്ചിടും

ചുറ്റിലായുള്ളോർ തൻ കണ്ണിലെ തീവര

 

പാതിരാ മുട്ടുന്നതിൻ മുൻപ് തന്നെ ഞാൻ

കൂടണയേണമെന്നെന്നെ പഠിപ്പിച്ച

അലിഖിത നിയമത്തിനെന്നു തടയിടും  

അന്നെന്റെ മുന്നിലായ് തെളിയുമെൻ നേർവര

 

 

Srishti-2022   >>  Poem - Malayalam   >>  അരങ്ങ്

Saranya T Pillai

QBURST TECHNOLOGIES PVT LTD

അരങ്ങ്

പുലരിപ്പുതപ്പിച്ച

തൂമഞ്ഞിൻ തൂവെള്ള

കതിരോന്റെ ശോഭയിൽ

പൊൻവർണമായി.

പൊന്നിൻ മിഴിച്ചെപ്പിൽ

ആകാശത്തൂവെള്ള

നീലിച്ച വാനപ്പരവതാനി.

കാറെത്തും കോളെത്തും,

പലതുള്ളി മഴവെള്ളം

പെരുമഴ പാഞ്ഞെത്തും,

ഇടയിലായി മഞ്ഞവെയിൽ

മിന്നിക്കും മഴവില്ലിൻ

ശോഭ വേറെ തന്നെ.

നിറയെ ഹരിതാഭ

നിറയുന്ന കണ്ണിൽ

മങ്ങാത്ത കുളിരോർമ

മാഞ്ഞിടാതെ.

കൊഴിയുന്നു പത്രങ്ങൾ,

കൊഴിയുന്നു പൂക്കൾ,

വെയിലേറി ചൂടാറി വിയർപ്പിറ്റി,

തളിർക്കുന്നു പുതുജീവൻ,

വിരിയുന്നു പൂമൊട്ട്,

വിരിയുന്നു വസന്തം,

വീശുന്നു പൂമണം എങ്ങുമെങ്ങും.

ഇലകൾ ചിരിയ്ക്കുന്നു,

കിളികൾ ചിലയ്ക്കുന്നു,

പകൽക്കാഴ്ച പിന്നെയും

നീണ്ടുതന്നെ...

മൂവന്തി ചോക്കുന്നു-

വന്തിയ്ക്കു ചെങ്കനൽ

ചെപ്പിലൊതുങ്ങുന്നു

പകലിന്റെ വേവുകൾ,

വേഷങ്ങൾ, വർണങ്ങൾ.

സന്ധ്യ കനക്കുന്നു,

കരിമ്പടം വീശി വിരിയ്ക്കുന്നു.

അരങ്ങത്തു രാവെത്തി

കൂട്ടിനായി ചന്ദ്രനും

നിലാവും താരകങ്ങളും.

മാറുന്നു വർണങ്ങൾ,

മാറുന്നു നേരങ്ങൾ,

മാറുന്നു വേഷങ്ങൾ,

മാറുന്നു മാറുന്നു

അരങ്ങത്തു

കാഴ്ചകൾ പിന്നെയും.

 

 

Srishti-2022   >>  Poem - Malayalam   >>  കാഴ്ചപ്പാടുകൾ

Surya Mary Easo

Infosys

കാഴ്ചപ്പാടുകൾ

 

മാറണം... മനുഷ്യൻ മാറണം

ചിന്തകൾ ... അവന്റെ ചിന്തകൾ മാറണം..

കാഴ്ചപ്പാടുകൾ .. നമ്മുടെ കാഴ്ചപ്പാടുകൾ മാറണം..

മാറണം.. നമ്മൾ മാറണം.

 

മനുഷ്യനെ മനുഷ്യനായി കാണണം..

ലോകമേ തറവാട് എന്നുള്ള ചിന്തയിൽ വളരണം

മനുഷാ നിൻ ചിന്തകൾ മാറണം.

മനുഷാ നിൻ കാഴ്ചപ്പാടുകൾ മാറണം.

 

അനാഥരെ സ്വന്തസഹോദരനായി കാണണം..

പ്രകൃതിയെ സ്നേഹിക്കണം.. കരുതണം..

മനുഷാ നിൻ ചിന്തകൾ മാറണം.

മനുഷാ നിൻ കാഴ്ചപ്പാടുകൾ മാറണം.

 

സഹോദരന്റെ വേദന സ്വന്ത വേദന ആകണം..

സഹോദരന്റെ ദുഃഖങ്ങൾ, സ്വദുഃഖങ്ങൾ ആയി മാറണം..

മനുഷാ നിൻ ചിന്തകൾ മാറണം.

മനുഷാ നിൻ കാഴ്ചപ്പാടുകൾ മാറണം.

 

പരസ്പരം തമ്മിൽ തല്ലാതെ, ജീവിതങ്ങൾ തെരുവിൽ തീരാതെ..

വളർത്തണം , വളരണം ഒരു പുതു തലമുറ

മനുഷാ നിൻ ചിന്തകൾ മാറണം.

മനുഷാ നിൻ കാഴ്ചപ്പാടുകൾ മാറണം.

 

കൊടിയുടെ നിറത്തിന് പേരിൽ , തലകൾ കൊയ്യാതെ..

മതത്തിന്റെ പേരിൽ, പരസ്പരം വഴക്കടിക്കാതെ..

മനുഷാ നിൻ ചിന്തകൾ മാറണം.

മനുഷാ നിൻ കാഴ്ചപ്പാടുകൾ മാറണം.

 

ദേവാലായങ്ങൾക്കായി പോരടിക്കാതെ..

സ്ത്രീപുരുഷ സമത്വങ്ങൾക്കായി മുറവിളി കൂട്ടാതെ..

മനുഷാ നിൻ ചിന്തകൾ മാറണം.

മനുഷാ നിൻ കാഴ്ചപ്പാടുകൾ മാറണം.

 

അതിർത്തി തർക്കങ്ങൾക്കായി, നഷ്ടപെടുത്തല്ലേ സ്നേഹം..

നഷ്ടപെടുത്തുന്ന ഓരോ ബന്ധവും നാളെ നിനക്ക് വേദനായി മാറിടും..

'ഇന്നു വരും നാളെ പോകും ' പണത്തിനു പിന്നാലെ പായാതെ.

ഇനിയെങ്കിലും ജീവിക്കു, ഒരു മനുഷ്യനായി..

 

മാറണം... മനുഷ്യൻ മാറണം

ചിന്തകൾ ... അവന്റെ ചിന്തകൾ മാറണം..

മാറണം.. നമ്മൾ മാറണം..

കാഴ്ചപ്പാടുകൾ .. നമ്മുടെ കാഴ്ചപ്പാടുകൾ മാറണം..

 

Srishti-2022   >>  Poem - Malayalam   >>  വേര്

Arun Dev C

SurveySparrow

വേര്

പുസ്തകം പിടിക്കേണ്ട

കൊച്ചുകൈകളിൽ

അമിതവിശ്വാസമാം സഞ്ചാരിയെ

എന്നിലെന്തിനടിചേപ്പിച്ചു?ഞാൻ ആഗ്രഹിക്കാത്ത കാറ്റിന്റെ

ഓളങ്ങളിലേക്... അതിന്റെ

സംഹാരപതർച്ചകളിലേക്ക്‌,

വീണ്ടും വീണ്ടും ഞാൻ പിൻവാങ്ങിയപ്പോഴും

സമൂഹം എന്നെ ചേർത്തുപിടിച്ചു..ഞാൻ കാണാൻ കൊതിക്കാത്ത

ദിക്കുകളിലേക് ആ തോണി നീങ്ങി...

ഞാൻ ഇഷ്ടപെടാത്ത ഗ്രന്ഥങ്ങളിലൂടെയും ..

ഞാൻ വെറുക്കുന്ന മിഥ്യകളിലൂടെയും ..ആഞ്ഞുവീശുന്ന കാറ്റിനോട് ഞാൻ കേണു

മാഞ്ഞിരുന്ന മരണത്തെപോലും

ഞാൻ ആരാധിച്ചു

 എന്നിട്ടും ആരും തുഴയാതെ തന്നെ

എന്നിൽനിന്നും അടുത്ത തലമുറയിലേക്

അത് നീങ്ങി തുടങ്ങി..ശൈശവം യൗവനത്തിലേക്ക്‌ -

യൗവനം വാർധക്യത്തിലേക്കും

ചേക്കേറുമ്പോൾ...

സമയം ആഗതമായിരിക്കുന്നു മനുഷ്യാ..

നമുക്ക് മാറിചിന്തിക്കുവാൻ..

Srishti-2022   >>  Poem - Malayalam   >>  അമ്മ

Sindhu Ashok Kumar

Envestnet Trivandrum

അമ്മ

 

പാതി കൂമ്പിയ മിഴികളിലെ

സ്വപ്നമായിരുന്നതിതാരോ

ഇരുൾ മൂടിയ ദിനരാത്രങ്ങളിൽ

ഒപ്പമിരുന്നതിതാരോ

തളർന്നു പോയ വഴികളിൽ

താങ്ങായിരുന്നതിതാരോ

 

മുളക് തേച്ച മുറിവുകളിൽ

തൊട്ട് തലോടിയതിതാരോ

മൗനം വിഴുങ്ങിയ മാത്രകളിൽ

സ്വരമായിരുന്നതിതാരോ

പുഴു അരിച്ച ചിന്തകളിൽ

പുഞ്ചിരി തൂകിയതിതാരോ

 

കരഞ്ഞു കലങ്ങിയ കൺകളിൽ

അഗ്നി നിറച്ചതിതാരോ

ഒന്നിലുമേതിലും തളരരുതെന്നു

കാതിൽ ഓതിയതിതാരോ

ആശിച്ചതെല്ലാം നേടാമെന്ന്

പറഞ്ഞു പഠിപ്പിച്ചതിതാരോ

 

പക്വത ഇല്ലാത്ത പ്രായത്തിൽ

പിഴച്ചു പോയ പരാക്രമങ്ങളിൽ

പഴി പറയാതിരുന്നതിതാരോ

വാതിലുകളെല്ലാം അടഞ്ഞപ്പോൾ 

മനസ്സിന്റെ മണിവാതിൽ

എനിക്കായ് തുറന്നിട്ടതിതാരോ

  

ജീവിത പാതയിലെന്നും

വെളിച്ചമായിരുന്നതിതാരോ

എനിക്കായി എന്നും ജീവന്റെ പാതി

പകുത്തു നൽകിയതിതാരോ

മുപ്പത്തിമുക്കോടി ദൈവങ്ങളുമല്ല

അമ്മയായിരുന്നു അത് അമ്മ.

Srishti-2022   >>  Poem - Malayalam   >>  തിരിഞ്ഞോട്ടം

George Manamel

UST Trivandrum

തിരിഞ്ഞോട്ടം

കുറവുകളേറെ തിരിഞ്ഞൊരു കാലമെന്നറിഞ്ഞു ഞാൻ നിനയ്ക്കുന്നു തിരികെനടക്കണം

 

പിഴവിൻറെ വളവുകളതെല്ലാം തിരഞ്ഞവിടൊരുവട്ടമെങ്കിലും പതറാതെനിൽക്കണം

 

കരുത്തിൻറെ ചുമരിൽ ഞാൻ കരുതാതെ കോറിയ കപടതകളൊക്കെയും കഴുകിക്കളയണം

 

കരണീയമെന്തെന്നതറിയാതെ കാലുഷ്യം കലർത്തിയ ചിന്തയിൽ തിരിച്ചറിവേകണം

 

പതിരുകൾ മാത്രമെന്നറിഞ്ഞു ഞാൻ പരതിയപ്പാടത്തിന്നോരത്തെ പടവുകളുടയ്ക്കണം

 

മാറ്റമുൾക്കൊള്ളാതെയിനിയും നിലകൊള്ളും താന്പോരിമതൻറെ മതിലുകളിടിക്കണം

 

അലിവാർത്തിരമ്പിയ പുഴകളുടെ നദികളുടെ ഗതിയതു തടഞ്ഞൊരാ തടയണമുറിയ്ക്കണം

 

നേരിന്റെ കാണാനേർവഴികൾ തടുത്തോരാ കൂർത്തമുൾവേലികൾ ചുവടേ തകർക്കണം

 

അന്നിരുളിൻറെ തീരാക്കയങ്ങളിൽ തരംപാർത്ത യക്ഷഗന്ധർവ്വൻമാർ മറഞ്ഞുവോ അറിയണം

 

നിലാവെള്ളിശകലങ്ങൾ ദിനം കാത്തു പരതിപ്പിടഞ്ഞൊരാ വഴികളിൽ നിർഭയം നടക്കണം

 

കാഴ്ചമറച്ചു വെയിൽ കാണാതിടംകൊണ്ട കാർമേഘപാളികൾ ചുരന്നുവോ അറിയണം

 

കണ്ണുനീർപുഴയിൽ ഞാൻ തുഴയാനൊരുക്കിയ കടലാസുതോണികൾ നനഞ്ഞുവോ നോക്കണം

 

വിളവിന്റെ കാലത്തു വീതുളിയെറിഞ്ഞു മുറിച്ചൊരാ ചില്ലകൾ തളിർത്തെങ്കിൽ കാണണം

 

തണലേകാനപ്പോഴും മടിയൊട്ടുമില്ലെങ്കിൽ തിരികെ ഞാൻ ചെല്ലുമ്പോൾ വിയർപ്പൊന്നകറ്റണം

 

നേർത്ത നൊമ്പരത്തിന്റെയുൾക്കാമ്പുകൾ തൊട്ടു തഴുകിത്തലോടിയാ മുറിവുകളുണക്കണം

 

വീര്യം തികയാതെ വിഷംവീണ്ടുമിറ്റിച്ചു നീലിച്ച ചുണ്ടിൽ തേൻതുള്ളികൾ പകരണം

 

ചീറിത്തിമിർത്തൊരെൻ പൊയ്യാട്ടക്കഥകളിൽ കാമ്പില്ലായിരുന്നെന്നു കാറിക്കരയണം

 

നെഞ്ചകം നീറ്റിയ മോഹഭംഗങ്ങളതിലൊന്നിനു പോലും കഥയില്ലെന്നു പറയണം

 

നുണകളുടെ ചതികളുടെ കാണാപ്പുറങ്ങളിൽ കരുനീക്കമാർക്കെന്നു കണ്ടൊന്നറിയണം

 

പിഞ്ചുകാലടികൾ പിഴച്ചുവീഴാൻ കൂർത്തകന്മുനകളാരങ്ങു പാകിയെന്നറിയണം

 

പിൻകാലടികളിലൊന്നുപോലും ഒട്ടുമിടറാതെ വിറയാതെ ചവിട്ടിത്തികയ്ക്കണം

 

ഇനിയും മരിക്കാൻ വിധിയില്ലാതോർമകൾ വഴിയരികിൽ പുഴുവരിച്ചുണ്ടെങ്കിൽ നീക്കണം

 

ജീർണ്ണിച്ചു മണ്ണായ് മറയേണ്ട ബോധ്യങ്ങൾ നരകിച്ചു കാണുകിൽ സംസ്കരിച്ചീടണം

 

കാക്കതീണ്ടാത്തൊരാ ബലിച്ചോറുരുളകൾ മനസ്സിന്റെ ഓരത്തു വീണ്ടും ഒതുക്കണം

 

അരവയറിന്നവധിമുടക്കാൻ പാഞ്ഞോടിച്ചെന്നച്ഛൻറെ കാലൊച്ച കാത്തൊന്നു നിൽക്കണം

 

അമ്മക്കുമാത്രം വിളമ്പാനറിയുമാ തണലിന്റെ മടിയിലെ മണമൊന്നു മുകരണം

 

എന്നും ദഹിക്കാതെ ശേഷിച്ചിടാനായാ മണ്ണിൽ നിന്നൊരുതരി വായിൽ നിറയ്ക്കണം

 

തലമുറകൾ തളിരിട്ടു പടരാനൊരുക്കിയപ്പടിവാതിലിൽ ഒരു പൊൻതിരിയെരിക്കണം !

 

**ഭൂതകാലത്തിൽ സംഭവിച്ചുപോയ പിഴവുകളൊക്കെയും ഒരു അവസരം കിട്ടിയിരുന്നെങ്കിൽ തിരുത്താമായിരുന്നു എന്ന് നാം പലപ്പോഴും ആഗ്രഹിക്കാറുണ്ട്. ഒരു തിരിച്ചു പോക്ക് അസാധ്യമാണെങ്കിലും, കഴിഞ്ഞുപോയ പല സന്ദർഭങ്ങളും അതിലും മികച്ചതായി കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിലപ്പോഴെങ്കിലും ഓർക്കാറുമുണ്ട്. ഒരു "തിരിഞ്ഞോട്ടം" സാധ്യമായിരുന്നെങ്കിൽ ... 

 

Srishti-2022   >>  Poem - Malayalam   >>  നാന്‍ പെറ്റ മകനെ

Krishna Chandran K R

Saasvaap Techies Pvt Ltd

നാന്‍ പെറ്റ മകനെ

നാന്‍ പെറ്റ മകനെ'യെന്ന് -

നിലവിളിക്കുന്നോരമ്മെ

നിന്‍ മകനെന്‍റെയുമശ്രുപൂജ.

അമ്മയെന്നൊരു പൊരുളുണ്ടെന്നിലും

കൊന്നവന്‍റെ അമ്മയാണങ്കിലും.

 

പുത്രദുഖത്തിലും ഭവതി

അമ്മയില്‍ സായുജ്യമല്ലോ

പുത്രനിരിക്കുബോഴുമെന്നില്‍

ഒരമ്മ പിടഞ്ഞു മരിക്കുന്നു.

 

നല്ല വാക്കുകളോതികൊടുത്തുഞാനെങ്കിലും

ഏതോ ഭ്രാന്തമാം നിമിഷത്തിലവൻ...

അന്ധമാം തടവറയിൽ പാപിയാമെന്മകൻ

കിടന്നുഴലുമ്പോൾ

 

നാന്‍ പെറ്റ മകനെ'യെന്നു വിളിച്ചു -

കരയുവാന്‍ പോലുമാവാതെ

ഒരമ്മയെന്നില്‍ പിടഞ്ഞു മരിക്കുന്നു...

Srishti-2022   >>  Poem - Malayalam   >>  മുറിഞ്ഞ തൂവൽശേഖരം

Shine Shoukkathali

EY Kochi

മുറിഞ്ഞ തൂവൽശേഖരം

ഗവേഷകന്റെ തൂവൽശേഖരത്തിൽ

വിചിത്രമായതൊന്നുമില്ല;

എല്ലാ പക്ഷികളുടെയും  

അടുക്കിപ്പെറുക്കിയ  

ഓരോ തൂവലുകൾ മാത്രം.

 

മയിൽപീലിയും കാക്കത്തൂവലും  

ഇഴ ചേർന്ന ശേഖരം;

കൂട്ടത്തിൽ അപൂർവ്വമായ

ഫീനിക്‌സ് പക്ഷിയുടെ തൂവലും .

 

തലനാരിഴ കീറി

തൂവലുകൾ പരിശോധിച്ചവർ  

ലാബിലെന്ന പോലെ;

ചുമരിൽ തൂക്കിയ

സാലിം അലി സാക്ഷി.

 

മയിൽപീലിക്കൊപ്പം

കാക്കത്തൂവൽ ?

ഗവേഷകന്റെ മകൻ

മുറുമുറുത്തു.

 

ഇപ്പോളിവിടെ കാക്കകളില്ല.

പലായനം ചെയ്ത  

കാക്കകൾ ഇട്ടേച്ചു പോയ

തൂവലുകൾ മാത്രം!

 

 

Srishti-2022   >>  Poem - Malayalam   >>  എന്താണ് ശരി?

Surya C G

UST Trivandrum

എന്താണ് ശരി?

 

തുളസിത്തറയിൽ തിരി തെളിച്ചൊരാ-

മുത്തശ്ശി ഉമ്മറത്ത് വന്നെന്നോട്,

"ത്രിസന്ധ്യനേരം മയങ്ങുന്ന കന്യക

നാടിനും വീടിനും ശാപം!"

 

എന്താണ് ശരി?

 

ആർത്തവനേരം സ്വാമിയാം അച്ഛനെ

തേടി നടന്നപ്പോൾ അമ്മ എന്നോട്,

"പാടില്ല സ്വാമിയെ തൊട്ടു തീണ്ടുവാൻ,

മഹാപാപം! അശുദ്ധം!"

 

എന്താണ് ശരി?

 

യാത്രക്കിറങ്ങുമ്പോളാ കരിമ്പൂച്ച

പാഞ്ഞത് കണ്ടെൻ അച്ഛൻ,

"ഇനിയിന്നു വേണ്ട, ഈ നശിച്ച

നേരം ആപത്തു സുനിശ്ചിതം!"

 

എന്താണ് ശരി?

 

ജാതകം നോക്കി തലകുനിച്ചു

ജ്യോൽസ്യൻ എന്റെ പ്രിയപ്പെട്ടവരോട്,

ചൊവ്വാദോഷം! ഇനിയീ ജന്മം

വിവാഹം കഠിനം! മുജ്ജന്മപാപം!

 

എന്താണ് ശരി?

 

തേടിയിറങ്ങി ഞാനെൻ ശരികളെ

അന്ധമാം മൂടുപടങ്ങളെ ഛേദിച്ചു

തേടിയിറങ്ങി ഞാൻ മാറ്റങ്ങങ്ങളെ

എന്നിലെ ഞാൻ എന്നോട്, "ഞാനാണ് ശരി!"

Srishti-2022   >>  Poem - Malayalam   >>  യാത്ര

Sithara Sanish

SE-Mentor Solutions

യാത്ര

 

നിഴലുകൾ നൃത്തം ചെയ്യുന്ന നിലാവിൽ അങ്ങകലെ നിന്നും

തഴുകി വീശുന്ന കുളിർക്കാറ്റിൽ

ആരോ പുരട്ടിയ

ചന്ദനത്തൈലത്തിൻ സുഗന്ധം...

 

നടുമുറ്റത്തെ കോലായിൽ

പണ്ടേ ഇരുപ്പുറപ്പിച്ചു

പിത്തളപാത്രത്തിൽ

തെറിച്ചു വീഴുന്ന മഴത്തുള്ളികൾ-തുള്ളിക്കളിക്കുന്ന

താളത്തിൽ ലയിച്ചു,

ഞാനാ മരക്കട്ടിലിൽ കിടക്കവേ...

 

എന്നെ കൊണ്ട് പോകാനുള്ള 

സമയം അടുത്തുവോ

അതിനെ ഓർമ്മപ്പെടുത്തികൊണ്ടു നാഴികമണി അടിച്ചുവോ...

ആയുസ്സിൻ അവസാന നാഡിമുറിക്കുവാൻ

വാളോങ്ങിയെത്തുന്നിതാ കാലൻ ആരാച്ചാരുടെ വേഷത്തിൽ...

 

ചുമരിലെ നാഴികമണിയിലെ

സൂചിയുടെ ചലനവും 

എന്റെ ഹൃദയത്തിന്റെ സ്പന്ദനവും

ഒരേ താള ബോധത്തോടെ

തുടിക്കുമ്പോൾ...

 

ആരോ പാരായണം ചെയ്യുന്ന

മഹത് ഗ്രന്ഥത്തിന്

അർത്ഥപുഷ്ടമായ വരികളുടെ ആഴങ്ങളറിയാൻ ആശിച്ചുവോ...

 

വിട പറയുന്നത് കേൾക്കാൻ കൊതിക്കയാണോ

പലരുമെന്നരികിൽ

പകലിലും പാതിരാവിലും...

 

കിടപ്പുമുറിയുടെ തറയിൽ

കണ്ണീർ വറ്റി കലങ്ങിയ കണ്ണുകളിൽ

ചേതനയറ്റുപോയൊരു മനസ്സുമായി

വിതുമ്പുന്ന അധരങ്ങൾ

പറഞ്ഞുതീർക്കാനാകാത്ത ഗതകാലത്തിൻ നൊമ്പരമൂറും സ്മരണകളിലൂടെ

പാഞ്ഞു പോകുന്നുവോ...

 

സമയമെത്തുമ്പോൾ

എന്നരികിൽ മഞ്ചലുമായി

വന്ന മാലാഖമാർ

എന്നാത്മാവുമേറ്റി 

അനന്ത വിഹായസ്സിലെങ്ങോ

പറന്നുയരുന്നതും കാത്തിരിക്കെ...

 

വടക്കേ മുറ്റത്തെ മാവിന്റെ

കാതലായ ചില്ലകളാരോ വെട്ടി മുറിക്കുന്നുവോ...

 

പറമ്പിന്റെ തെക്കേമൂലയിലാരോ ഒരുക്കുന്ന ചിതയിലേക്കെന്റെ ദേഹമെടുക്കുമ്പോൾ

പൊട്ടിക്കരയുനാരുമില്ലേ...

അന്ത്യകർമ്മങ്ങൾ നിറവേറ്റിയെന്നാത്മാവിനു

ശാന്തി പകരുവാനാരുമില്ലേ...

Srishti-2022   >>  Poem - Malayalam   >>  ഭീഷണവസ്തു

Umesh C U

Katzion Koch

ഭീഷണവസ്തു

നിറവേറ്റി പല കടമകൾ ദൗത്യങ്ങളേറെ,

അറിവുകളുമില്ലിനി നൽകാൻ, ജീവനുമില്ല ഓജസുമില്ല.

 

അലസമായ് അലയുന്നിനി ആകാശഗംഗയിൽ,

അഴുകുന്നില്ല പഴകുന്നില്ല മായുന്നില്ലിനി.

 

ദൂരങ്ങൾ താണ്ടിയെത്രയും ഇങ്ങെത്താൻ,

അത്രയും താണ്ടണം കൂടണയാൻ.

 

ധരയാം മടിത്തട്ടിലിടമില്ലിനി എറിയാൻ,

കുമിയുന്നൊരു കുന്നായ് മലയായിനി ഇവിടെ.

 

ജയിക്കുന്നതാരിനി ശാസ്ത്രമോ? അഹന്തയോ?

ആരവങ്ങൾ കരഘോഷങ്ങളെല്ലാം മാഞ്ഞു,

ആശങ്കകൾ മാത്രമായിനി.

 

ഉയരങ്ങൾ താണ്ടിയ അറിവിന്റെ പ്രതീകമേ,

ഇപ്പോൾ നീ വെറും ഭീഷണവസ്തു

 

**ആയിരത്തിലേറെ കൃത്രിമ ഉപഗ്രഹങ്ങൾ പല കർത്തവ്യങ്ങളുമായി ഭൂമിയെ വലം വെയ്ക്കുന്നു. ഓരോ കൃത്രിമ ഉപഗ്രഹങ്ങളുടേയും കാലാവധി കഴിയുമ്പോൾ അവയ്ക്ക് എന്ത് സംഭവിക്കും? എന്ന് നമ്മൾ ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. ഈ വിഷയം ആസ്പദമാക്കി രചിച്ച കവിതയാണ് ഭീഷണവസ്തു.

 

 

Subscribe to srishti 2022