Skip to main content
Srishti-2022   >>  Article - Malayalam   >>  ഭരണഘടനയും വിശ്വാസങ്ങളും

Sujith M S

UST Global

ഭരണഘടനയും വിശ്വാസങ്ങളും

ഭരണഘടനയും വിശ്വാസങ്ങളും 

       ജാതി ,മത, വൈവിധ്യങ്ങൾക്കു പേര് കേട്ട നാടാണ് ഇന്ത്യ. നാനാത്വത്തിൽ ഏകത്വം കാത്തു സൂക്ഷിക്കുന്ന രാജ്യം. അത് നില നിർത്താൻ ഇന്ത്യൻ നിയമ വ്യവസ്ഥ വഹിക്കുന്ന പങ്ക് ചെറുതല്ല. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും  അതിന്റേതായ കാലങ്ങളിൽ നിയമാനുസൃതം നിർത്തലാക്കിയ നാടാണ് നമ്മുടേത്. എങ്കിൽ തന്നെയും വിശ്വാസ തടവറയിൽ പെട്ട് നില  നിന്ന് പോകുന്ന അനേകം ആചാരങ്ങൾ ഉണ്ട്. അത്തരം ആചാരങ്ങൾ നിയമാനുസൃതം നിർത്തലാക്കുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികളും ചെറുതല്ല.  അത്തരം ഒന്നാണ് ശബരിമലയിലെ സ്ത്രീ പ്രവേശനവും ആയി ബന്ധപ്പെട്ടു ഇപ്പോൾ കേരളത്തിൽ അരങ്ങേറുന്ന പ്രശ്നങ്ങൾ. ഇന്ത്യയിൽ എവിടെയും നടപ്പാക്കേണ്ട ഏതൊരു നിയമത്തെയും നിർവചിക്കാനുള്ള പരമാധികാരം ഭരണഘടനാപരമായി സുപ്രീം കോടതിയിൽ അധിഷ്ടിതമാണ്. അത് നടപ്പിലാക്കാൻ സർക്കാർ സംവിധാനങ്ങൾ ബാധ്യസ്ഥരുമാണ്. 

ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇന്ത്യ. 

     ചരിത്രം പരിശോധിച്ചാൽ നിയമം മൂലമോ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടോ ഇല്ലാതായ ഒട്ടനവധി അനാചാരങ്ങൾ കാണാൻ കഴിയും. ഇന്ത്യയിൽ നില നിന്നിരുന്ന ഏറ്റവും പ്രാകൃതവും മനുഷ്യത്യ രഹിതവുമായ ആചാരം ആയിരുന്നു സതി. 1829 -ൽ ബ്രിട്ടീഷ് ഗവണ്മെന്റ് സതി നിരോധിച്ചു. ശൈശവ വിവാഹം അത്തരത്തിൽ ഒന്നാണ്. കന്യാദാനം പോലുള്ള അനാചാരങ്ങൾ നില നിന്നിരുന്ന നാട് ഒട്ടേറെ  നവോത്ഥാന വഴികളിലൂടെ നടന്നാണ് ഇവിടെയെത്തിയത് എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. എങ്കിൽ തന്നെയും വർഷങ്ങൾ പഴക്കമുള്ള ആചാരങ്ങൾ ഭരണഘടനയും, നിയമ വ്യവസ്ഥയും കൊണ്ട്  നിരോധിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാ കാലത്തും നില നിന്നിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. സതി നിർത്തലാക്കുമ്പോൾ അത് ആചാരത്തിന്റെ ഭാഗം ആണെന്നും തടയാൻ ആവില്ലെന്നും ആയിരുന്നു ഹിന്ദു മത മൗലിക വാദികളുടെ നിലപാട്. 

ജെല്ലിക്കെട്ടും സുപ്രീം കോടതിയും. 

അയ്യായിരം വർഷത്തോളം പഴക്കമുള്ള ഒരു കായിക ഇനമാണ് ജെല്ലിക്കെട്ട്. പൊങ്കൽ ഉത്സവത്തോടു അനുബന്ധിച്ചു തമിഴ് നാട്ടിൽ നടന്നു വരുന്ന പ്രധാന ആചാരങ്ങളിൽ ഒന്ന്. 2016  -ൽ സുപ്രീം  കോടതി ജെല്ലിക്കെട്ട് നിരോധിക്കുകയും തുടർന്ന് തമിഴ്നാട് ഇന്നോളം കാണാത്ത വിധത്തിൽ പ്രക്ഷോഭങ്ങൾ ഉണ്ടാവുകയും ചെയ്തു. ഒടുവിൽ തമിഴ്നാട് ഗവണ്മെന്റ് വിധിക്കെതിരെ ഭേദഗതി വരുത്തുകയും ജെല്ലിക്കെട്ട് താത്കാലികമായി നിലനിർത്തുകയും ചെയ്തു. അതി ക്രൂരമായി കാളകൾ  പീഡിപ്പിക്കപ്പെടുന്ന ഒരു വിനോദമാണ് ജെല്ലിക്കെട്ട്. അത് നിയമം മൂലം തുടച്ചു മാറ്റപ്പെടേണ്ടതിനു പകരം വൈകാരികമായി അതിനെ സമീപിക്കുകയും പ്രക്ഷോഭങ്ങൾ ഉടലെടുക്കുകയും ചെയ്യുകയാണ് ഉണ്ടായതു. അത്തരം സമീപനങ്ങൾ ആദ്യമോ അവസാനമോ എല്ലാ എന്നതാണ് വസ്തുത. 

നവോത്ഥാന വഴിയിലെ കേരളം 

   എണ്ണിയാലൊടുങ്ങാത്ത അനാചാരങ്ങൾ വാണിരുന്ന നാടാണ് കേരളം. ഒരു വലിയ വിഭാഗത്തിന് ക്ഷേത്ര പ്രവേശനവും ആരാധനാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. അക്ഷരം പഠിക്കുവാനുള്ള സ്വാതന്ത്ര്യവും, സഞ്ചാര സ്വാതന്ത്ര്യവും അടക്കം നിഷേധിക്കപ്പെട്ടിരുന്നു. പിന്നോക്ക ദളിത് വിഭാഗങ്ങൾക്ക് മാനുഷിക പരിഗണന പോലും നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലം. അവർണനു ക്ഷേത്ര മതിൽക്കെട്ടിനകത്തു കൂടി പോലും നടന്നു കൂടെന്നുള്ള ആചാരത്തിനെതിരായി വൈക്കം സത്യാഗ്രഹവും, അവർണനു ക്ഷേത്ര ദർശനം ഇല്ലാത്തതിന് എതിരായി കെ കേളപ്പൻ, എ കെ ഗോപാലൻ, കൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഗുരുവായൂർ സത്യാഗ്രഹവും നടന്ന മണ്ണാണ് കേരളം. തൊട്ടു കൂടായ്മയും തീണ്ടലും നില നിന്ന് കാലത്തു അരുവിപ്പുറത്തു ശിവനെ പ്രതിഷ്ഠിച്ചു കൊണ്ട്, വിപ്ലവത്തിന്റെ തീജ്വാലകൾ  പടർത്തിയ നവോത്ഥാന നായകൻ ആയിരുന്നു ശ്രീനാരായണ ഗുരു. "ഞങ്ങളുടെ കുട്ടികളെ പഠിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാടത്തു ഞങ്ങൾ പണിക്കിറങ്ങില്ല" എന്ന് സമരം പ്രഖ്യാപിച്ച അയ്യൻ‌കാളി സഞ്ചാര സ്വാതന്ത്രത്തിനു വേണ്ടി നടത്തിയ വില്ലു വണ്ടി സമരത്തിന്റെ 125 -ആം വാർഷികം ആഘോഷിക്കുകയാണ് കേരള ജനത.. നവോത്ഥാന പാതയിൽ നടന്നു കൊണ്ട് ഇന്ത്യയ്ക്കു തന്നെ മാതൃക ആയ ചരിത്രമാണ് കേരളത്തിനുള്ളത്. 

ശബരിമലയും സുപ്രീംകോടതിയും.

       നവോത്ഥാന പാതയിൽ മുന്നേറുന്ന കേരളത്തിലും പിന്നോട്ട് നയിക്കുന്ന ആചാരങ്ങൾ ഇപ്പോളും നിലനിൽക്കുന്നു എന്നതാണ് വസ്തുത. ശബരിമല അമ്പലത്തിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീം കോടതി വിധി, സമത്വം ആഗ്രഹിക്കുന്ന , ഇന്ത്യൻ നീതി വ്യവസ്ഥയിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും സ്വീകാര്യം ആകേണ്ടതാണ്. സംഘ പരിവാർ പോലുള്ള തീവ്ര ഹിന്ദു സംഘടനകൾ പോലും ആദ്യ ഘട്ടത്തിൽ അംഗീകരിച്ച ഒരു വിധിയാണ് ശബരിമലയിലെ സ്ത്രീപ്രവേശം. രാഷ്ട്രീയ ലാഭത്തിനു വേണ്ടി വിശ്വാസികളെ മറയാക്കി ഒരു പറ്റം ആളുകൾ അക്രമം അഴിച്ചു വിടുകയാണ് ചെയ്യുന്നത്. .ആചാരങ്ങൾ കാലാനുസൃതം പുതുക്കി പണിയേണ്ടുന്നവയാണ്. പന്ത്രണ്ടു വർഷത്തോളം നീണ്ടു നിന്ന വാദ പ്രതിവാദങ്ങൾക്കും വിവാദങ്ങൾക്കും ശേഷം  2018 സെപ്റ്റംബർ മാസം 28 -ആം തീയതി ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ട് ഉത്തരവായി. മതത്തിൽ വിശ്വസിക്കാനും മതം ആചരിക്കാനും ഉള്ള അവകാശത്തിൽ ലിംഗ വിവേചനം സാധ്യമല്ല എന്ന് ഭരണഘടന നിർദ്ദേശിക്കുന്നു. ഭരണഘടനയുടെ പതിനാലാം വകുപ്പ് എല്ലാ വ്യക്തികൾക്കും തുല്യ അവകാശം നൽകുന്നു.ശബരിമലയിൽ പത്തിനും അന്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ കയറരുത് എന്നുള്ളത് ഭരണഘടനയുടെ അടിസ്ഥാന തത്വത്തിനു തന്നെ എതിരാണ്. അസത്യങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിച്ചു കൊണ്ടൊരു ജനതയെ കോടതിക്കും ഭരണഘടനക്കും എതിരെ തിരിക്കാനായും, ആ വഴിയിലൂടെ വരുന്ന രാഷ്ട്രീയ ലാഭത്തിൽ കണ്ണ് നട്ടും ഹിന്ദു വർഗീയ വാദികൾ കേരളത്തിൽ നടത്തുന്ന നാടകമാണ് ശബരിമല വിധിക്കെതിരായ സമരം. 

                                                            നൂറ്റാണ്ടുകളുടെ പഴക്കമുള്ള അനാചാരങ്ങളെ തുടച്ചെറിയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത ആണ്. നവോത്ഥാന പാത വെട്ടി വരുന്നത് ആചാര ലംഘനത്തിലൂടെ തന്നെയാണ്. ഭരണഘടന നൽകുന്ന ആനുകൂല്യങ്ങൾ ആചാരങ്ങളുടെ പേരിൽ അനുവദിക്കാതിരിക്കുക എന്നുള്ളത് ഒരു ജനാതിപത്യ രാജ്യത്തിന് ഭൂഷണമല്ല.  ഏതൊരു നിയമത്തെയും  വ്യാഖാനിക്കുകയും അത് നില നിൽക്കുമോ എന്നും തീരുമാനിക്കുള്ള പരമാധികാരം ഭരണഘടനാപരമായി നിഷിപ്തമായിരിക്കുന്ന കോടതികൾ അത് ചെയ്യട്ടെ.  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ എക്കാലവും അങ്ങനെ നില നിൽക്കണം എന്ന് വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികൾ ഭരണഘടനയ്ക്കും, കോടതി വിധികൾക്കും വില കൽപ്പിക്കുകയും നാടിനെ  പിന്നോട്ടടിക്കുന്ന അനാചാരങ്ങൾക്കു ചെവി കൊടുക്കാതെ ഇരിക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കാം.

Srishti-2022   >>  Article - Malayalam   >>  കേരള പുനർനിർമ്മാണത്തിൽ പുതു സാങ്കേതിക വിദ്യയുടെ പങ്ക്

Reji Thomas

Speridian

കേരള പുനർനിർമ്മാണത്തിൽ പുതു സാങ്കേതിക വിദ്യയുടെ പങ്ക്

കേരള പുനർനിർമ്മാണത്തിൽ പുതു സാങ്കേതിക വിദ്യയുടെ പങ്ക്
കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന് നാം സാക്ഷികളായല്ലോ. ആ സാഹചര്യ ത്തെ അതിജീവിക്കാൻ കേരളം ജനത ഒറ്റകെട്ടായി അഹോരാത്രം പ്രയത്‌നിച്ചു എന്നത് ശ്‌ളഘനീയമാണ്. എന്നാൽ കഴിഞ്ഞ 50 വർഷം കൊണ്ട് നേടികൊടുത്തതിന്റെ 75% വികസനവും കൃഷിയും സമ്പത്തും നഷ്ടപ്പെട്ടു എന്നതാണ് ദു:ഖകരമായ യാഥാർത്ഥ്യം. ഈ ഒരു സാഹചര്യത്തിൽ നിന്നും മുമ്പുണ്ടായിരുന്ന കേരളമായി മാറ്റപ്പെടുത്തുവാൻ പണം മാത്രം പോരാ അനേകം ആളുകളുടേയും , സാങ്കേതിക വിദ്യയുടേയും പിൻ ബലം കൂടിയേ തീരൂ.
ഇന്നത്തെ കാലത്ത് ഇന്റർനെറ്റ് വഹിക്കുന്ന പ്രാധാന്യം എടുത്ത് പറയേണ്ടതാണ്. ഓൺലൈനായി കാര്യങ്ങൾ അിറയാം വാർത്ത വിനിമയത്തെ ഇത് തൊരുതപ്പെടുത്തി രക്ഷാപ്രവർത്തനങ്ങളിലും നാം ഇത് കണ്ടതാണ്. ഇന്റർ നെറ്റ് ഇല്ലായിരുന്നു എങ്കിൽ അത് ഒരു സ്ഥലത്തു നിന്നും ക്രമീകരിക്കുവാൻ വളരെ പാട് പെട്ടേനെ.
തുടർന്നുള്ള പുനർനിർമ്മാണത്തിലും ഇന്റർനെറ്റിന് വളരെ കാര്യങ്ങൾ ചെയ്യാൻ കഴിയും. ഉദാഹരണത്തിന് ഓൺലൈയിൻ പണമിടാപാടുകൾ. അതുപോലെ വികസനങ്ങൾ ക്രമീകരിക്കുന്നതിനും തിട്ടപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.
മഴമാപിനികൾ കൂടുതൽ സുസജ്ജമാക്കണം എന്നാൽ നമുക്ക് വേണ്ട മുൻ കരുതലുകൾ ചെയ്യാൻ കഴിയും. ഉരുൾപൊട്ടൽ വരുവാൻ സാദ്ധ്യത ഉള്ള സ്ഥലങ്ങൾ കണ്ട് പിടിക്കാനുള്ള സാങ്കേതിക വിദ്യകൾ ലഭ്യമാണ്. അത് പ്രയോജനപ്പെടുത്തണം.
പാലങ്ങളും കെട്ടിടങ്ങളും മെച്ചപ്പെട്ട രീതിയിൽ പണിയുവാനുള്ള മാർഗ്ഗ രേഖകളും രൂപകൽപ്പനകളും ചെയ്യുവാൻ എൻജിനിയറിംഗ് രംഗത്തെ നൂതന സങ്കേതിക വിദ്യകൾ ആവിഷ്‌കരിക്കണം. കംമ്പ്യൂട്ടറെസേഷൻ ൽ കൂടെ ചിലവ് ചുരുക്കി എന്നാൽ കാര്യക്ഷമത കൂട്ടാൻ പറ്റിയ പലമാർഗ്ഗങ്ങളും ഉണ്ട്. അത് പ്രയോജനപ്പെടുത്തണം.
ഗൂഗിൾ സെർച്ചിൽ കൂടെ പ്രധാനപ്പെട്ട തകർച്ചകൾ പഠിക്കാം. ഇതിലൂടെ നമുക്ക് എങ്ങനെ പ്രധാനപ്പെട്ട നിർമ്മാണങ്ങൾ നടത്താമെന്നും പരാജയപ്പെട്ടാൻ സാദ്ധ്യതയുള്ള നിർമ്മാണ രീതികൾ ഏവ എന്ന് മനസ്സിലാക്കാവുന്നതാണ്.
ജലസ്‌ത്രോസുകളുടെ ഷട്ടറുകളുടെ പ്രവർത്തന തകരാറാണ് ചിലയിടങ്ങളിൽ ജലത്തിന്റഒഴിക്കിനെ ക്രമീകരിക്കുവാൻ കഴിയാതെ പോയത് എന്ന് അിറഞ്ഞു. ആയതിനാൽ ഷട്ടറുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സാങ്കേതിക വിദ്യ ഉപയോഗിക്കുവാൻ സാധിക്കും.
ഈ-മെയിലും, വാട്ട്‌സാപ്പും, ഫെയിസ് ബുക്കും എല്ലാം തന്നെ പുനർ നിർമ്മാണത്തെ ഊർജ്ജിതപ്പെടുത്തും എന്നതിൽ സംശയമില്ല. നമ്മുടെ നാടിന്റെ പുനർനിർമ്മാണത്തിനായി നമ്മുടെ കഴിവും സാങ്കേതിക വിദ്യയും ഉപയോഗിക്കാം.

Srishti-2022   >>  Article - Malayalam   >>  പരിസ്ഥിതി സംരക്ഷിക്കാനുള്ള ഒരു സംസ്കാരം എങ്ങനെ ഉണ്ടാക്കി എടുക്കാം

പരിസ്ഥിതി സംരക്ഷിക്കാനുള്ള ഒരു സംസ്കാരം എങ്ങനെ ഉണ്ടാക്കി എടുക്കാം

"ചൊട്ടയിലെ ശീലം ചോടല വരെ"

"ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം"

 

ഈ പഴം ചൊല്ലുകൾ നമ്മെ ഓർമ്മിപ്പിക്കുന്നത് എന്തെന്നാൽ ചെറുതിലെ നമ്മൾ എന്ത് ശീലിക്കുന്നുവോ ആ ശീലങ്ങൾ എത്ര വളർന്നാലും നമ്മെ വിട്ടു പോവില്ല.ആയതിനാൽ ഏതൊരു സംസ്കാരവും ഒരു തലമുറയെ ശീലിപ്പിക്കണമെങ്കിൽ അത് അവരുടെ അടിസ്ഥാന വിദ്യാഭ്യാസം മുതൽ അല്ലെങ്കിൽ അതിനും മുന്നേ അവരുടെ വീടുകളിൽ നിന്നും തുടങ്ങേണ്ടതുണ്ട്.

 

കുട്ടികൾ ഇപ്പോഴും അനുകരണം ശീലം ഉള്ളവരാണ്.അതുകൊണ്ടു അവരെ എന്തെങ്കിലും ശീലിപ്പിക്കാനുള്ള എളുപ്പ വഴി, ആദ്യം നമ്മൾ അത് ചെയ്തു കാണിക്കുക എന്നതാണ്.ഈ മാർഗം പിന്തുടരുക വഴി നമ്മുടെ തലമുറയും അടുത്ത തലമുറയും നമ്മൾ ശീലിപ്പിക്കാൻ ശ്രമിക്കുന്ന സംസ്കാരത്തിന്റെ പിന്തുടർച്ചക്കാരവും.

 

വീടിന്റെ പുറത്തേക്കു പോകുമ്പോൾ ഒരു സ്റ്റീൽ കുപ്പിയിൽ വെള്ളം കരുതിയാൽ പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം വാങ്ങി ഉപയോഗിക്കേണ്ടി വരില്ല.

 

ആഹാരം കേടാകാതിരിക്കാനുള്ള രാസവസ്തുക്കൾ ചേർത്ത് പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു വരുന്ന ആഹാര പദാർത്ഥങ്ങൾ ഒഴിവാക്കുക വഴി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏറെ കുറെ ഒഴിവാക്കാം.ആരോഗ്യവും സംരക്ഷിക്കാം.ഇതിനു പകരം പറമ്പിൽ കാണുന്ന നെല്ലിക്ക,പേരക്ക,മാങ്ങാ,ചക്ക തുടങ്ങിയ കായ്കനികൾ ഭക്ഷിക്കാൻ ശീലിക്കണം.

 

ജന്മ ദിനങ്ങളിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മിഠായികൾ സ്കൂളിൽ കൊടുത്തു വിടുന്നതിനു പകരം നാടൻ പലഹാരങ്ങളോ പ്രകൃതി വിഭവങ്ങളോ കൊടുത്തു വിടാനാണ് ഇന്ന് സർക്കാർ സ്കൂളുകൾ പ്രോത്സാഹിപ്പിക്കുന്നത്.അതുപോലെ ആ ദിവസം ഓരോ പുതിയ മരങ്ങൾ സ്കൂളിലും വീട്ടിലും നട്ടാൽ അത് പരിസ്ഥിതിക്ക് ഒരു മുതൽ കൂട്ടായേനെ.

പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും കുട്ടികളെ പിന്തിരിപ്പിച്ചിട്ടു തെങ്ങോല,ചിരട്ട,പ്ലാവില,മണ്ണ്,പച്ചിലകൾ ഇവയൊക്കെ കളിക്കോപ്പുകൾ ആക്കാൻ കുട്ടികളെ പ്രേരിപ്പിക്കണം.വീടുകളിലും പ്ലാസ്റ്റിക് പാത്രങ്ങൾ,കവറുകൾ,കുപ്പികൾ ഇവയുടെയൊക്കെ ഉപയോഗം കുറയ്ക്കണം.

 

പരിസ്ഥിതി സംരക്ഷണത്തിൽ നേരിടുന്ന ഒരു മുഖ്യ വെല്ലുവിളിയാണ് മാലിന്യ സംസ്കരണം.നമുക്ക് വേണ്ടാത്തത് വലിച്ചെറിയുക എന്ന ശീലം വേരോടെ പുഴുതെറിയേണ്ട കാലം അതിക്രമിച്ചു.ആയതിനാൽ ജൈവ -അജൈവ മാലിന്യങ്ങൾ വേർതിരിച്ചു നിർമാർജ്ജനം ചെയ്യണം.ജൈവ മാലിന്യങ്ങൾ സസ്യങ്ങൾക്ക് വളം ആക്കുകയും അജൈവ മാലിന്യങ്ങൾ സർക്കാരിന്റെ മാലിന്യ നിർമ്മാർജ്ജന വിഭാഗത്തിന് കൈമാറുകയും ചെയ്താൽ നല്ലൊരു പരിധി വരെ പരിസ്ഥിതിയെ സംരക്ഷിക്കാം.

 

ചുരുക്കി പറഞ്ഞാൽ, പരിസ്ഥിതി സംരക്ഷണത്തിനുള്ള എളുപ്പ മാർഗം നമ്മൾ പരിസ്ഥിതിയുമായി ഇഴുകി ചേർന്ന് ജീവിക്കുക എന്നതാണ്.നമ്മൾ അങ്ങനെ ചെയ്താൽ വരും തലമുറയും അതു പോലെ ചെയ്യും.

Srishti-2022   >>  Article - Malayalam   >>  പരിസ്ഥിതി സംരക്ഷിക്കാനുള്ള ഒരു സംസ്കാരം എങ്ങനെ ഉണ്ടാക്കിയെടുക്കാം

Mini M Thomas

PIT solutions

പരിസ്ഥിതി സംരക്ഷിക്കാനുള്ള ഒരു സംസ്കാരം എങ്ങനെ ഉണ്ടാക്കിയെടുക്കാം

പരിസ്ഥിതി സംരക്ഷിക്കാനുള്ള ഒരു സംസ്കാരം എങ്ങനെ ഉണ്ടാക്കിയെടുക്കാം.

 

“ പുഴയെ ഊറ്റി മണലെടുത്ത് വിറ്റ് വിറ്റ്,

മണലൂറ്റി പുഴ കെട്ടി പുഴ തന്നെ ഇല്ലാതായാൽ,

നാട് കേറി ചെന്ന് ചെന്ന് കാടുവെട്ടി തിന്നുതീർത്താൽ,

മരവുമില്ല മൃഗവുമില്ല കാട് തന്നെയില്ലാതായാൽ,

വണ്ടി തിങ്ങി തിങ്ങി റോഡ് മുഴുവൻ നിറഞ്ഞ് നിന്നാൽ,

യന്ത്രങ്ങൾ ഞരങ്ങി മൂളി നാട് മുഴുവൻ പുക നിറച്ചാൽ,

ശ്വാസമില്ലാതായാൽ,ഒരു ചെറിയ കാറ്റുപോലും വീശാതായാൽ,

വെള്ളമില്ലാതായാൽ, ഒരു കുഞ്ഞു മഴപോലും പെയ്യാതായാൽ,

കുറെയേറെ കഷ്ടപ്പെടും

നമ്മളൊക്കെ കഷ്ടപ്പെടും”

ഊരാളി എന്ന സംഗീത ബാൻഡിന്റെ ഈ ഗാനം ഇരുകൈകളും നീട്ടിയാണ് യുവത്വം ഏറ്റുവാങ്ങിയത് . ദുരന്തം വിതച്ച പ്രളയത്തെ അതിജീവിക്കുന്ന കേരളത്തിനുള്ള ഒരു ഓർമ്മപ്പെടുത്തലായിരുന്നു ഈ ഗാനം. മണ്ണും മലയും കാടും ജലവും അന്യമാക്കി , വികസനത്തിന്റെ പാതയിലേക്ക് ബഹുദൂരം കുതിക്കുന്ന ഓരോ മനുഷ്യനുമുള്ള മുന്നറിയിപ്പ് .

           പ്രളയം !! കേരളജനത ഇന്നും ഞെട്ടലോടെയാണ് ഈ ദുരന്തത്തെ ഓർക്കുന്നത് . നേടിയതൊക്കെ അന്യമായിപ്പോയ ദുരന്തഭൂമിയായി കേരളം മാറാൻ അധികദിവസങ്ങളൊന്നും വേണ്ടി വന്നില്ല. തോരാതെ പെയ്ത മഴയേയും, നിറഞ്ഞു കവിഞ്ഞ നദികളെയും നിയന്ത്രിക്കാൻ കഴിയാതെ മനുഷ്യർ നിഷ്ക്രിയരായിപോയ ദിനങ്ങൾ. ഇതൊരു മുന്നറിയിപ്പ് മാത്രം എന്ന് നമ്മെ പഠിപ്പിക്കാൻ തക്ക രീതിയിൽ വന്ന മഴ മാറി, നദികൾ അടങ്ങി, സൂര്യൻ തെളിഞ്ഞു. ഓരോ മനുഷ്യരും ജീവിതത്തിലേക്ക് തിരിച്ചുവരുവാൻ ഇപ്പോഴും കഷ്ടപ്പെടുന്നു. ഇനിയും ഇതുപോലൊരു ദുരന്തം താങ്ങാൻ കേരളത്തിന് കഴിയുമോ എന്ന് സംശയമാണ്. കേരളത്തിന് സംഭവിച്ചത് ഒരു ഉദാഹരണം മാത്രം. സ്ഥലകാലമില്ലാതെ നാളെ ഭൂമിയിൽ എവിടെയും ഇത്തരം പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കപ്പെടാം. ഭൂമിയോട് ചെയ്യുന്ന ഓരോ ക്രൂരതയ്ക്കും ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന ഭയം പരിസ്ഥിതി സംരക്ഷണത്തിനുള്ള ഒരു തുടക്കമാവട്ടെ .

          വളർന്നുവരുന്ന തലമുറയാണ് ഭൂമിയുടെ നിലനിൽപ്പ്. ഏതൊരു സംസ്കാരത്തിന്റെയും വിത്ത് പാകേണ്ടത് ഇളം മനസ്സുകളിലാണ്. വരും തലമുറകൾ പരിസ്ഥിതി സംരക്ഷകരാകണമെങ്കിൽ, ഇന്നത്തെ തലമുറ നമ്മുടെ മണ്ണിനെയും മരത്തെയും നദികളെയുമൊക്കെ സ്നേഹിക്കാനും സംരക്ഷിക്കാനും പരിശീലിക്കണം. ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് ഭയപ്പെടുത്തുന്ന വിദ്യാലയങ്ങൾ, അശ്രദ്ധമായി വലിച്ചെറിയുന്ന ഓരോ പേപ്പർ കഷണങ്ങൾക്കും പിഴ ഈടാക്കണം. ഭൂമിയെന്നത് പക്ഷിമൃഗാദികളും , മരവും, പുഴയും, കാടും, മഴയും ഒക്കെയുള്ളതാണെന്ന തിരിച്ചറിവ് ഓരോ കുഞ്ഞുഹൃദയങ്ങളിലും ഉണ്ടാകണം.
ആഗോളതാപനവും, വരൾച്ചയും, മലിനീകരണവും വനനശീകരണവുമൊക്കെ പുസ്തകത്താളുകളിലെ അധ്യായങ്ങളായി മാറിയത് കൊണ്ട് മാത്രം വിദ്യാർഥികൾ പരിസ്ഥിതി സംരക്ഷകരാകില്ല. സ്വന്തം വീടുകളിൽ അവർക്ക് പാലിക്കാൻ തക്ക മാതൃകകൾ ഉണ്ടാവണം. പ്ലാസ്റ്റിക് കത്തിക്കാത്ത അമ്മൂമ്മയെയും, വൈദ്യുതി പാഴാക്കാത്ത അച്ഛനേയും, പരിസരങ്ങൾ വൃത്തിയാക്കുന്ന അമ്മയേയുമൊക്കെ ഓരോ കുട്ടിയും കണ്ട് വളരണം. പാഠപുസ്തകങ്ങളിലെ പരിസ്ഥിതി സംരക്ഷണപാഠങ്ങൾ പരീക്ഷകളിൽ ജയിക്കാനുള്ള ഒരു ഉപാധിയായി കണ്ട് ഹൃദിസ്ഥമാക്കുന്നത്കൊണ്ട് നമ്മുടെ പ്രകൃതി നിലനിൽക്കില്ല. അക്ഷരങ്ങൾ പ്രവർത്തികളായി ഉടലെടുക്കാൻ ശരിയായ പ്രവർത്തനശൈലി വീടുകളും വിദ്യാലയങ്ങളും കൈക്കൊള്ളണം.

വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകളും വിദ്യാഭ്യാസസ്ഥാപനങ്ങളും പരിസ്ഥിതിദിനത്തിൽ നടത്തുന്ന വൃക്ഷത്തൈ വിതരണവും, വൃക്ഷത്തൈ നടീലും ഗാന്ധിജയന്തി ദിനത്തിലെ ശുചീകരണ പ്രവർത്തനങ്ങളും ഏറെ ശ്ലാഘനീയമാണ് . ഒക്ടോബർ 2 ന്റെ സേവനവാരവും , ജൂണ് 5 ലെ വൃക്ഷത്തൈ നടീലും കൊണ്ട്‌ മാത്രം ഭൂമി സംരക്ഷിക്കപ്പെടില്ല. നട്ട മരങ്ങളെ മാത്രമല്ല, വളർന്നുവരുന്ന ഓരോ ചെറുനാമ്പുകളെയും സംരക്ഷിക്കുവാൻ കഴിയുന്ന മനസ്സും,  മണ്ണിനെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറയ്ക്കാനുള്ള തന്റേടവുമൊക്കെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാണ് .

        ഇന്നത്തെ നദികൾ, മാലിന്യങ്ങളുടെ കൂമ്പാരങ്ങളാണ് . മലിന്യനിർമാർജനത്തിനുള്ള ശരിയായ സംസ്കരണമാർഗങ്ങൾ നമ്മുടെയിടയിൽ നടപ്പാക്കാത്തിടത്തോളം കാലം നദികളും റോഡരികുകളും മാലിന്യകേന്ദ്രങ്ങൾ തന്നെയായിരിക്കും . ജനനായകർ, ഗവണ്മെന്റ് അധികാരികൾ ഇത്തരം വിഷയങ്ങളിൽ പഠനം നടത്തുകയും ഓരോ വീടുകളിലെയും മാലിന്യ നിർമാർജനത്തിനുള്ള വഴികൾ കണ്ടെത്തുകയും വേണം.വനനശീകരണം, മാലിന്യനിർമാർജനം, പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം,വായു മലിനീകരണം, വയൽനികത്തൽ തുടങ്ങി ഭൂമിക്ക് ഭാരം നൽകുന്ന എല്ലാ പ്രവർത്തനങ്ങളെയും പൂർണമായി നീക്കം ചെയ്യാൻ സാധിക്കണം.  പണചിലവ് കുറച്ച് ജീവിക്കാനുള്ള വഴികളാണ് മനുഷ്യർ തിരയുന്നത്. മാലിന്യനിർമാർജനത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഒരു രൂപപോലും ചെലവില്ലാതെ , പ്ലാസ്റ്റിക്കുകൾ കത്തിക്കാനും മാലിന്യങ്ങൾ വഴിയിലേക്ക് വലിച്ചെറിയാനും നാം മടിക്കാത്തത്. മറ്റുമാർഗങ്ങൾ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ വീടുകളിലെ പ്ലാസ്റ്റിക്കുകൾ കത്തിക്കുകയല്ലാതെ നിർവാഹമില്ല. മാലിന്യങ്ങൾ പുഴകളിലേക്ക് വലിച്ചെറിയുന്നത് തന്നെയാണ് മനുഷ്യർക്ക് ഏറ്റവും പണക്കുറവുള്ള പണി. പ്ലാസ്റ്റിക്

കത്തിക്കാതെയും മാലിന്യങ്ങൾ വലിച്ചെറിയതെയുമിരിക്കണമെങ്കിൽ, അവ നിർമാർജനം ചെയ്യാനുള്ള വഴികളും മുൻപിൽ തുറന്നിടണം.അപ്രസക്തമായ വിഷയങ്ങളെച്ചൊല്ലി ഭരണപക്ഷങ്ങളും പ്രതിപക്ഷങ്ങളും തമ്മിൽ തല്ലുമ്പോൾ, എല്ലാത്തിനേക്കാളും വലുത് നാം ചവിട്ടി നിൽക്കുന്ന മണ്ണും ശ്വസിക്കുന്ന വായുവുമാണെന്ന സത്യം വിസ്മരിക്കരുത് .

 

          കെട്ടിപ്പെടുത്തുന്ന ബിസിനസ്സ് സാമ്രാജ്യമല്ല , കാലിനടിയിലെ മണ്ണാണ് വലുത് എന്ന് ചിന്തിക്കാൻ കഴിയുന്ന സമൂഹമായി നാം മാറണം . പച്ചപ്പ് തേടി വിവിധരാജ്യങ്ങളിൽനിന്ന് നമ്മുടെ നാടുകളിൽ കടന്നുവരുന്നവർ നമുക്കൊരു പ്രതീക്ഷയാണ് . പണത്തെക്കാൾ വലുതാണ് , ഹരിതാഭമായ അന്തരീക്ഷം എന്ന സന്ദേശമാണ് അവർ നമുക്ക് പകർന്ന് തരുന്നത്. അപ്പോൾ പരിസ്ഥിതി സംരക്ഷിക്കുന്ന സംസ്കാരം നാം വളർത്തിയില്ലെങ്കിൽ, നഷ്ടപ്പെടുന്നത് ഹരിതാഭമായ നമ്മുടെ നാടിനെയാണ്.  ലോകം വികസനത്തിന്റെ പാതയിലാണ്. ശാസ്ത്രസാങ്കേതിക വിദ്യയുടെ കടന്നുകയറ്റം ലോകത്തെ മുഴുവൻ ഒരു കുടക്കീഴിൽ ആക്കിയിരിക്കുന്നു. വ്യാവസായിക വികസനങ്ങളോടൊപ്പം പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനങ്ങൾക്ക് പ്രാധാന്യം കൊടുത്താൽ രാഷ്ട്രീയ എതിർപ്പുകളും സമരങ്ങളും ഒരു പരിധിവരെ നമുക്ക് ഇല്ലാതാക്കാം. തണൽ വിരിയ്ക്കുന്ന മരങ്ങൾ നിറഞ്ഞ പാർക്കുകളുടെ നിർമാണം, നമ്മുടെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാണ്. എതിർപ്പുകൾ അധികമില്ലാതെ നടപ്പിലാക്കാൻ കഴിയുന്ന ഇത്തരം സംരംഭങ്ങൾക്ക് നാം ഊന്നൽ കൊടുക്കണം.

        ഒരു വ്യക്തിയുടെ നല്ല സ്വഭാവമാണ് നല്ല സംസ്കാരത്തെ വാർത്തെടുക്കുന്നത്. പ്രളയംപോലെയുള്ള വലിയ ദുരന്തത്തെ നേരിട്ടപ്പോൾ സാക്ഷികളായത് വളർന്നുവരുന്ന ഒരു തലമുറകൂടിയാണ്. നമ്മുടെ ചെയ്തികളാണ് , ഇത്തരം പ്രകൃതിദുരന്തങ്ങളുടെ കാരണമെന്നും പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണെന്നുമുള്ള ബോധവൽകരണം എല്ലാ അധ്യാപകരും മാതാപിതാക്കളും കുട്ടികൾക്ക് നൽകണം. ദുരന്തത്തെ ഭയന്നിട്ടെങ്കിലും പ്രകൃതിയെ സ്നേഹിക്കാൻ അവർ പഠിക്കട്ടെ. പരിസ്ഥിതി സംരക്ഷണം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകട്ടെ. വഴിയരികിൽ വലിച്ചെറിയുന്ന ഓരോ മിട്ടായികവറുകൾ പോലും നമ്മുടെ തെറ്റായ സംസ്കാരത്തെയാണ് ചൂണ്ടിക്കാണിക്കുന്നത് എന്ന് മറക്കാതിരിക്കാം.

         റെഡ് ഇന്ത്യൻ തലവൻ അമേരിക്കൻ പ്രസിഡന്റിന് എഴുതിയ കത്തിൽ ഇപ്രകാരം പറയുന്നു :
“ഭൂമി മനുഷ്യരുടേതല്ല , മനുഷ്യൻ ഭൂമിയുടേതാണ് . രക്തം മനുഷ്യരെ ബന്ധിപ്പിക്കുന്നപോലെ എല്ലാ വസ്തുക്കളും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യൻ ജീവന്റെ വല നെയ്യുകയല്ല, അവൻ അതിലെ ഒരു ഇഴ മാത്രമാണ്. ആ വലയിൽ അവൻ എന്ത് ചെയ്താലും, അതവനോട് തന്നെ ചെയ്യുകയാണ് .” ഈ ഭൂമി നമ്മുടെ സ്വന്തമല്ല. നമ്മുടെ പൂർവികരിൽ നിന്ന് നാം കടം വാങ്ങി, വരും തലമുറയ്ക്ക് കൈമാറേണ്ട സ്വത്താണ് ഭൂമി . പരിസ്ഥിതി സംരക്ഷിക്കാനുള്ള സംസ്കാരം നാം രൂപപ്പെടുത്തിയില്ലെങ്കിൽ നാം നഷ്ടമാക്കുന്നത് , നാളത്തെ തലമുറയ്ക്ക് കൈമാറേണ്ട വിലയേറിയ സമ്പത്താണ്. ഇനിയുമൊരു പ്രളയം താങ്ങാൻ കേരളത്തിന് സാധ്യമായി എന്ന് വരില്ല. അഥവാ അങ്ങനെ സംഭവിച്ചാൽ ഊരാളിയുടെ ഗാനം അർത്ഥവത്താകും. നമ്മളൊക്കെ ഒരുപാട് കഷ്ടപ്പെടും.നമ്മൾ മാത്രമല്ല നമ്മുടെ ഭാവി തലമുറയും. ഭൂമി എന്ന വിലയേറിയ സ്വത്തിനെ നമുക്ക് സംരക്ഷിക്കാം. വളർന്നുവരുന്ന ഇളം തലമുറ നല്ല വായു ശ്വസിക്കട്ടെ. മലിനപ്പെടാത്ത വെള്ളം അവർ കുടിക്കട്ടെ. പരിസ്ഥിതി സംരക്ഷണം നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാക്കാം.

പച്ചപ്പ് മങ്ങാത്ത നമ്മുടെ ഭൂമിക്കായി നമുക്കുണരാം, അതിജീവിക്കാം, പ്രവർത്തിക്കാം.

Srishti-2022   >>  Article - Malayalam   >>  ആചാരാനുഷ്ഠാനങ്ങളും ഇന്ത്യൻ ഭരണഘടനയും

Sajith Joseph K

Experion Technologies

ആചാരാനുഷ്ഠാനങ്ങളും ഇന്ത്യൻ ഭരണഘടനയും

ആചാരാനുഷ്ഠാനങ്ങളും ഇന്ത്യൻ ഭരണഘടനയും

----------------------------------------------------------------------

ആചാരങ്ങളും അനുഷ്ഠാനങ്ങളും എന്തു തന്നെയായാലും അത് ഭരണഘടനക്കുള്ളിൽ തന്നെ നിൽക്കണം. അതായതു ഇന്ത്യൻ ഭരണഘടനക്കുള്ളിൽ നിൽക്കുന്ന ആചാരങ്ങൾ മാത്രം മതി ഇന്ത്യൻ പൗരന് എന്ന് സാരം.

 

അതങ്ങനെ തന്നെയേ ആകാൻ പാടുള്ളു താനും. എന്നിരുന്നാലും ചില കാര്യങ്ങൾ പ്രാധാന്യം അർഹിക്കുന്നു. ആചാരങ്ങളുടെ വ്യാപ്തിയും അതിൽ ഭരണഘടന ഇടപെട്ടാൽ ഉണ്ടാകാവുന്ന പരിണിത ഫലങ്ങളും നോക്കണം.  ആചാരാനുഷ്ഠാനങ്ങളിൽ യുക്തിയുടെ അളവുകോൽ വച്ച് ഇടപെടുന്നതു തന്നെ യുക്തി രഹിതമാണ്‌. അതായതു വിശ്വാസപരമായ കാര്യങ്ങളിൽ ഇടപെടുമ്പോൾ ഒരു വകതിരിവ് കാണിക്കേണ്ടതുണ്ട്.

 

ഉദാഹരണമായി നമ്മുടെ വീടിനടുത്തു ഒരു പ്രത്യേക തരം മതവിശ്വാസികൾ ഉണ്ടെന്നു കരുതുക. അവരുടെ വിശ്വാസം അനുസരിച്ചു ചില പ്രത്യേക ദിവസങ്ങളിൽ പ്രത്യേക യാമങ്ങളിൽ ജനിക്കുന്ന കുട്ടിയെ ദൈവത്തിനു ബലി അർപ്പിക്കേണ്ടതുണ്ടെന്നും അവർ അങ്ങനെ ചെയ്യുന്നുണ്ടെന്നും കരുതുക. നിങ്ങൾ ഒരു വിശ്വാസിയോ അവിശ്വാസിയോ മറ്റാരുമോ ആകട്ടെ, ഇതിൽ ഇടപെടുക തന്നെ വേണം. കാരണം അവിടെ ഒരു കുറ്റ കൃത്യം നടന്നിരിക്കുന്നു. എന്ത് വില കൊടുക്കേണ്ടി വന്നാലും ഇത് നിർത്തലാക്കുക തന്നെ വേണം.

 

ഇനി മറ്റൊരു കാര്യം പരിഗണിക്കാം. ഒരു കൂട്ടം വിശ്വാസികൾ ഒരു പ്രത്യേക സ്ഥലത്തു ഒരു പ്രതിഷ്ഠ വച്ചാരാധിക്കുന്നു. 20 നും 30 നും ഇടയിൽ പ്രായം ഉള്ളവർക്കേ അവിടേക്കു പ്രവേശനം ഉള്ളു. അല്ലാത്തവർ പ്രവേശിച്ചാൽ അവിടുത്തെ പ്രതിഷ്ഠയുടെ ചൈതന്യം നഷ്ടപ്പെടുമെന്നവർ ഉറച്ചു വിശ്വസിക്കുന്നു. ഇവിടെ ഒരു 18 വയസ്സ് കാരന് കയറാൻ ആഗ്രഹം തോന്നുന്നു. ഒരു സപ്പോർട്ടിനായി അവൻ പൊതു സമൂഹത്തെ സമീപിക്കുന്നു. ഇവിടെ എന്താവണം നമ്മുടെ നിലപാട് ? പോകേണ്ടവർ പോകട്ടെ എന്ന് പറയാനൊക്കുമോ? ഇല്ലെന്നു തന്നെ പറയേണ്ടി വരും.

 

ഒരു വിശ്വാസിക്കോ അവിശ്വാസിക്കോ ഇത്തരം സാഹചര്യങ്ങളിൽ ഏതു മതത്തോടും തിരുത്തലുകൾ നിർദേശിക്കാവുന്നതാണ്. പക്ഷെ തീരുമാനം അവരുടേതാവണം. അവർ അംഗീകരിച്ചില്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ആശയങ്ങൾ എല്ലാം സമന്വയിപ്പിച്ചു മറ്റൊരു മതം തുടങ്ങാൻ സ്വാതന്ത്ര്യം ഉണ്ടല്ലോ? നിങ്ങൾ ആണ് ശരിയെങ്കിൽ അത് കാലം തെളിയിക്കും. ക്രിസ്തുവും ബുദ്ധനുമെല്ലാം ചെയ്തത് മറ്റൊന്നല്ല. അതല്ലാതെ അവിടെ പോയി പ്രശ്ങ്ങൾ ഉണ്ടാക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണം അല്ല. 

 

ഉദാഹരണമായി നിങ്ങൾ ഫുട്ബോൾ കളിയ്ക്കാൻ പോയപ്പോൾ കൈമുട്ട് കൊണ്ട് കൂടെ ഗോൾ അടിക്കാൻ അനുവദിച്ചാൽ നല്ലതാണല്ലോ എന്ന് നിങ്ങൾക്ക് തോന്നുന്നു. ഈ നല്ല ആശയം നിങ്ങൾ ഫുട്ബാൾ അധികൃതരുമായി പങ്കു വക്കുന്നു. അവർ അത് അംഗീകരിച്ചാൽ നല്ലതു. ഇല്ലെങ്കിൽ നിങ്ങൾ കൈമുട്ട് കൊണ്ട് ഗോൾ അടിക്കാൻ പറ്റുന്ന മറ്റൊരു കളി ഉണ്ടാക്കണം അത് വിജയിപ്പിച്ചു കാണിക്കണം. അതല്ലേ നല്ലത്? അതല്ലേ മര്യാദ? അല്ലാതെ മാന്യമായി പോകുന്ന ഒരു കളിയെ ബലമായി പരിഷ്കരിച്ചു നശിപ്പിക്കുന്നത് വ്യക്തികൾക്കോ സമൂഹത്തിനോ ഗുണം ചെയ്യുമോ?

 

ഇന്ത്യയിലെ പരമോന്നത കോടതി അവിടെ എത്തിയ തെളിവുകളുടെയും വാദങ്ങളുടെയും അടിസ്ഥനത്തിൽ ഒരു വിധി പ്രസ്താവിച്ചാൽ അതനുസരിക്ക്കാനുള്ള ബാധ്യത ഓരോരുത്തർക്കും ഉണ്ട്. ആ വിധി നടപ്പിലാക്കാൻ ഭരിക്കുന്ന സർക്കാരുകൾക്ക് ബാധ്യത ഉണ്ട്. എന്നിരുന്നാലും ഒരു വലിയ വിഭാഗം ജനങ്ങൾ സ്ഥിതി ഗതികൾ കൈവിട്ടു പോകുന്ന രീതിയിലേക്ക് പ്രതിഷേധവുമായി മുൻപോട്ടു പോയാൽ അത് ഫലപ്രദം ആയി കൈകാര്യം ചെയ്യാനുള്ള വിവേകം ഒരു ഭരണാധികാരി കാണിക്കുകയും വേണം. കാരണം ഇത് നാനാത്വങ്ങളുടെ ഇന്ത്യ ആണ്. ഇന്ത്യൻ പൗരന്മാരിൽ വിവരം കൂടിയവരും കുറഞ്ഞവരും ഉണ്ട്. പ്രകോപനം ഉണ്ടാക്കുന്നവരും സമാധാന പ്രിയരും ഉണ്ട്. എല്ലാവരെയും ഒരുപോലെ മുന്നോട്ടു നയിക്കുന്നവരത്രെ നല്ല ഭരണാധികാരികൾ. അതിനു പ്രാപ്തി ഇല്ലാത്തവർ കഴിവുള്ള മറ്റൊരു നേതൃത്വത്തിന് വഴി മാറട്ടെ.

Srishti-2022   >>  Article - Malayalam   >>  സിനിമയും സ്ത്രീയും

സിനിമയും സ്ത്രീയും

സിനിമയും സ്ത്രീയും 
--------------------------

സിനിമ കാണുന്നത് മനുഷ്യന് ഒരുപാട് ആനന്ദങ്ങൾ നൽകുന്നു, മറ്റെല്ലാ കലകളേയുംകാൾ കൂടുതൽ. സാഹിത്യം, സംഗീതം, അഭിനയം, ചിത്രകല, നൃത്തം, ഫോട്ടോഗ്രഫി, ചിത്രസംയോജനം ഇവയുടേയെല്ലാം ഒപ്പം  സാങ്കേതികവിദ്യയും ഉൾപ്പെട്ട ഒരു സമ്മേളനമാണത്. കൂടാതെ, ‘കാലാതീതമായ’ ഒരു കലാമൂല്യം അതിനുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഇക്കാലത്തും, “ബാറ്റിൽഷിപ്പ് പൊട്ടംകിൻ“ പോലുള്ള നിശബ്ദ സിനിമകളും  ചാർളി ചാപ്ലിൻ സിനിമകളും,  ആദ്യകാല ക്ലാസിക്ക് സിനിമകളും നമുക്ക് ഇപ്പോഴും കണ്ടുരസിക്കാൻ പറ്റുന്നത്  കലാമൂല്യം കൊണ്ടാണ്. ബോധപൂർവ്വം സ്ക്രീനിൽ കാണിക്കപ്പെടുന്ന കാഴ്ച്ചകൾ പ്രേക്ഷകനിലേക്ക് സംവഹിച്ചാണ് സിനിമ അതിന്റെ ധർമ്മം നിർവഹിക്കുന്നത്. കാഴ്ച്ചയുടേയും (ചലച്ചിത്രം : അനേകം നിശ്ചലചിത്രങ്ങൾ അനിസ്യൂതമായി കാണിക്കുന്നത് ചലനം എന്ന മിഥ്യാധാരണ സൃഷ്ടിക്കുന്നു) മനോവ്യാപാരങ്ങളുടേയും തന്മയീഭാവത്തിന്റേയും (സിനിമാകൊട്ടക എന്ന ഇരുട്ടുമുറി, അതിലെ ഏകാന്തത) ഒരു കൂട്ടുൽപ്പന്നം. അനേകം അനേകം പിന്നണി പ്രവർത്തകരുടെ പ്രയത്നം അതിൽ കടന്നുവരുന്നു. കഥ രൂപപ്പെടുന്നതുമുതൽ പ്രദർശിപ്പിക്കപ്പെടുന്ന ഹാളിലെ അന്തരീക്ഷം വരെ സിനിമയെ സ്വാധീനിക്കുന്നു. സിനിമക്ക് ഒരേ സമയം കല, തൊഴിൽ, വ്യവസായം എന്നീ രൂപങ്ങളിൽ നിലനിൽക്കപ്പെടേണ്ടതുണ്ട്. വൻ മുടക്കുമുതൽ, പണലാഭം, താരമൂല്യം എന്നിവയെല്ലാം സിനിമാവ്യവസായത്തിന്റെ ബഹുമുഖങ്ങൾ. അഭിനയിക്കുന്ന നടീനടന്മാർ കഥാപാത്രങ്ങളെ ഉൾക്കൊള്ളാനുള്ള ഉപകരണങ്ങൾ ആണെന്നിരിക്കിലും പ്രേക്ഷകരുടെ കാഴ്ച്ചയെ സ്വാധീനിക്കുന്നതിൽ അവർ വലിയ പങ്കുവഹിക്കുന്നു. സമാന്തര സിനിമ, കച്ചവട സിനിമ,  പൊരുത്തപ്പെട്ട സിനിമ എന്നിങ്ങനെ സിനിമയിൽ വകഭേദങ്ങളും നിലനിൽക്കുന്നു. 

പുരുഷന്റെ സാമ്പ്രദായിക നോട്ടങ്ങൾക്കും മനോവ്യാപാരങ്ങൾക്കും അടിമപ്പെട്ടതാണ് സിനിമയും ചിത്രകലയും.  സിനിമയാണ് അതിന്റെ ഭാരവും വൈകല്യവും താങ്ങേണ്ടിവരുന്ന പ്രധാന മാധ്യമസരണി. ക്യാമറയുടെ നോട്ടം ഇതു വെളിപ്പെടുത്തുന്നു. ക്യാമറ സത്യം പറയുന്നത് യന്ത്രം ഉപയോഗിക്കുന്നയാൾ സത്യം ഒപ്പിയെടുക്കുമ്പോഴാണ്. കാഴ്ച്ചയുടെയും കാണുന്നതിലെ ആനന്ദവും ആണ് സിനിമയുടെ വിപണനമൂല്യം. കാണിക്കപ്പെടുന്നതിനെ പകർത്തിവയ്ക്കുക മാത്രമാണു ക്യാമറ ചെയ്യുന്നത്.  ക്യാമറക്കുപിന്നിൽ പുരുഷനായിരിക്കുന്നിടത്തോളം അത് അവന്റെ കാഴ്ച്ചകളേയേ പകർത്തൂ. പുരുഷതൃഷ്ണകളെ സംതൃപ്തിപ്പെടുത്തുന്നതിനെ മാത്രമേ അവനു പ്രസക്തമെന്നു തോന്നൂ. കാഴ്ച്ചയുടെ അടിമയാണു പുരുഷൻ. സ്ത്രീ ശരീരമാണ് അവന്റെ കാമനകളെ തൃപ്തിപ്പെടുത്തുന്ന പ്രധാന കാഴ്ച്ച വസ്തു. ഇത് അവന്റെ ലൈംഗിക ചോദനയുമായി ബന്ധപ്പെട്ടിരിക്കുന്നു. പരസ്യത്തിലും, വിപണിയിലും, മറ്റ് മാധ്യമങ്ങളിലും ചിത്രകലയിലുമെല്ലാം സ്ത്രീശരീരത്തിന്റെ പ്രയോഗങ്ങൾക്ക് പ്രാധാന്യം വരാൻ കാരണം,  വിപണിയിലെ പ്രധാന വിൽപ്പനച്ചരക്ക് പുരുഷന്റെ കാമനയാണെന്നുള്ളതാണ്. മനുഷ്യനിൽ മറ്റുപല ജീവജാലങ്ങളിലുമെന്ന പോലെ, പുരുഷപ്രകൃതിയിൽ ലൈംഗികാസക്തി കൂടിയിരിക്കുന്നു. പണത്തിനേയും സമ്പത്തിനേയും കയ്യടക്കുന്തോറും ഇത് അധികരിച്ചുമിരിക്കും. ക്രിക്കറ്റുകളിക്കും മറ്റു കളികൾക്കും കൊഴുപ്പുകൂട്ടാനും ( ചീർ ഗേൾസ്) , ഉന്നതപദവിയിലുള്ള മന്ത്രിമാരെയും മറ്റും  സ്വീകരിക്കാനും (താലപ്പൊലി) സ്ത്രീകളെ നിയോഗിക്കാറില്ലേ? വിമാനക്കമ്പിനികൾ കുറച്ചുവസ്ത്രം നൽകി എയർഹോസ്റ്റസ്സുമ്മാരെ അയക്കുന്നു. ഇവരോടൊപ്പമുള്ള പുരുഷസ്റ്റൂവാർട്ടുകൾ കോട്ടും സൂട്ടുമിട്ടാണുവരുന്നത്. കാഴച്ചയാണ് പുരുഷന്റെ ആസക്തി. അതിലെ സ്ത്രീവിരുദ്ധത സിനിമയിൽ മാത്രമായി ഒഴിവാക്കപ്പെടുന്നില്ല. പക്ഷേ സ്ത്രീവിരുദ്ധം എന്നാൽ ജനാധിപത്യവിരുദ്ധം കൂടിയാണ്. അതായത് ഭരണഘടനാ വിരുദ്ധം. അധികാരവും പണവും പുരുഷനു ഒപ്പമുള്ളിടത്തോളം കാലം സ്ത്രീവിരുദ്ധത തുടരുമായിരിക്കും. അത് ഇല്ലാതായി കഴിഞ്ഞാൽ മാറും. അത്തരം നന്മകൾ പുതിയതലമുറയിൽ കാണുന്നുണ്ട്.

സിനിമയും സ്ത്രീയും എന്ന വിഷയത്തിനു ഒരുപാടു മാനങ്ങളുണ്ട്. ലോകസിനിമയിലോ, ഇന്ത്യൻ സിനിമയിലോ, മലയാളസിനിമയിലോ ഒരേ രൂപത്തിലാണോ സ്ത്രീകൾ പ്രതിനിധാനം ചെയ്യപ്പെടുന്നത്? സ്ത്രീപക്ഷ സിനിമകൾ എന്നുവിളിക്കേണ്ടുന്നത് സ്ത്രീ കേന്ദ്രകഥാപാത്രമായ സിനിമകളെയാണോ? അതോ സ്ത്രീകളുടെ ജീവിതവും ചിന്തയും പ്രതിനിധാനം ചെയ്യുന്ന “സീക്രട്ട് സൂപർസ്റ്റാർ“( അമീർ ഖാൻ) പോലുള്ള  സിനിമകളെയാണോ? മലയാളത്തിലെ ന്യൂജെൻ സിനിമകൾ, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്ക് സാക്ഷിയും , റ്റേക്ക് ഓഫ്   പോലുള്ളവ നിഷ്പക്ഷമായ സമീപനം പുലർത്തുന്നു. അതേസമയം 1990 മുതൽ 2014 വരെ പുറത്തുവന്ന്, താരരജാക്കന്മാർക്കുവേണ്ടി തിരക്കഥ രചിച്ച പല മലയാളസിനിമകളും സ്ത്രീവിരുദ്ധതയുടേയും അന്തമില്ലാത്ത പുരുഷാധിപത്യത്തിന്റേയും കഥകളാണു പറയുന്നത്. ( ഹിറ്റ്ലർ, നരസിംഹം, മീശ മാധവൻ, ആറാം തമ്പുരാൻ, ദേവാസുരം, രാവണപ്രഭു, ദി കിംഗ് :- പട്ടിക ധാരാളം) . സ്ത്രീകളുടെ മേൽ തട്ടിക്കയറുന്നതും അവരെ നിലയ്ക്കു നിർത്തുന്നതും സിനിമയിലെ ജനപ്രിയ മസാലച്ചേരുവകൾ! സാഹിത്യത്തിലും നാടകവേദിയിലും മാറ്റങ്ങളുണ്ടാവുമ്പോഴും മലയാളസിനിമ പുറം തിരിഞ്ഞുതന്നെ നിൽക്കുന്നു. ‘ദംഗൽ, സീക്രട്ട് സൂപർസ്റ്റാർ, പിങ്ക് , ലിപ്സ്റ്റിക് അണ്ഡർ മൈ ബുർക്ക, ഇംഗീഷ് വിംഗ്ലിഷ്, ക്യൂൻ' മുതലായ ഹിന്ദി സിനിമകളുടെ നിലവാരത്തിൽ മലയാളത്തിൽ ‘ടേക്ക് ഓഫ്”മാത്രമേയുള്ളൂ. (ക്യൂൻ സിനിമയുടെ സംവിധായകൻ #മിടൂ അപവാദത്തിൽ പെട്ടു എന്നു കേൾക്കുന്നു.)

മലയാളസിനിമയെ ആധാരമാക്കി ചിന്തിക്കാം. 

സ്ത്രീകൾക്കു സ്വാതന്ത്ര്യം കൂടുതലുള്ള , ധാരാളം സ്ത്രീകൾ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന, ഹോളിവുഡ്ഡിലും #മീടു വിൽ കുരുങ്ങി വിറക്കുന്നത് നമ്മൾ കാണുന്നു. ഇത്തവണ സാഹിത്യത്തിനുള്ള നോബൽ സമ്മാനം മാറ്റിവയ്ക്കാൻ കാരണവും #മീടു തന്നെ. മാധ്യമങ്ങളിലും ബോളിവുഡ്ഡിലും ഇത് കൊടുങ്കാറ്റുകൾ സൃഷ്ടിക്കുമ്പോൾ, കേരളത്തിൽ, സധൈര്യം മുന്നോട്ടുവന്ന് കൊച്ചിയിലെ ലൈംഗികാക്രമണത്തെ പുറത്തുപറഞ്ഞ നടിയേയും കൂട്ടുകാരികളേയും ഒറ്റപ്പെടുത്താനാണ് ഇവിടത്തെ സിനിമാലോകം തയ്യാറായിരിക്കുന്നത്. മലയാളിസമൂഹത്തിൽ  മറ്റൊരു പ്രവണത കൂടിയുണ്ട്. ഇരയെക്കാൾ, കുറ്റവാളിയോടൊപ്പം നിൽക്കാനുള്ള  പ്രവണത.  (മലയാളി സമൂഹം പുരോഗതിയിൽ വല്ലാത്ത ഇരട്ടത്താപ്പു രൂപങ്ങളാണ് കാഴചവയ്ക്കുന്നത്. പ്രളയശേഷം ശബരിമല എന്നതുപോലെ. നടൻ ദിലീപിനും ബിഷപ്പ് ഫ്രാങ്കോ മുളക്കലിനും ജാമ്യം നൽകിയതുപോലെ. വിദ്യാഭ്യാസമുണ്ടെങ്കിലും, മലയാളി കാലഹരണപ്പെട്ട അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും പിന്തുടരും. തൊഴിലും വിദ്യാഭ്യാസവും നേടിയ സ്ത്രീകളുണ്ടെങ്കിലും പീഡനങ്ങൾക്കും ബലാത്സംഗങ്ങൾക്കും കേരളം ഒന്നാമത്.  മനുഷ്യ വികസനത്തിൽ രാജ്യത്ത് മുന്നിലെങ്കിലും ആളൊഹരി വരുമാനത്തിൽ കുറവ്. ) പീഡനക്കാര്യം പുറത്തുപറഞ്ഞ നടിക്കും അവളോടൊപ്പം നിന്നവർക്കും ( പാർവതി, റീമാ കല്ലിംഗൽ, പത്മ പ്രിയ, രേവതി) സിനിമയിൽ അവസരങ്ങൾ ഇല്ലാതായപ്പോൾ, പീഡകനും അയാളുടെ കൂട്ടാളികൾക്കും പിറകേ ഇപ്പോഴും ഫാൻസ് അസ്സോസിയേഷനുകൾ. അവർക്കു പുതിയ അവസരങ്ങൾ, സിനിമകൾ. ജാമ്യത്തിലിറങ്ങിയ നടന്റെ സിനിമകൾ ആഘോഷിക്കപ്പെടുന്നു. കേരളത്തിലെ നിനിമാവ്യവസായം  മുഴുവനും ഒറ്റ മാഫിയാ സംഘമാണോ എന്ന് ഇവിടത്തെ ചിന്തിക്കുന്ന സ്ത്രീകൾക്കു തോന്നിപ്പോകും!

ലൈംഗിക അധികാരശ്രേണിയിൽ വൈജാത്യങ്ങളുള്ള ഒരു സമൂഹത്തിൽ, സക്രിയനായ പുരുഷനും വിധേയയായ സ്ത്രീക്കുമാണ് സ്വീകാര്യത. കാഴ്ച്ചയുടെ അധികാരി പുരുഷനാണ്. വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും,  കാണപ്പെടാനും പ്രദർശിപ്പിക്കാനുമുള്ള വസ്തുക്കളായി സ്ത്രീകൾ തരം താഴ്ത്തപ്പെടുന്നു. (Loraa Mulvay : Visual pleasure and narrative cinema, 1975) . ഐറ്റം ഡാൻസും ആട്ടവും പാട്ടും  കഥയോട് ഒരു ബന്ധവും ഇല്ലാത്ത കുത്തി തിരുകലുകളും ആഖ്യാനസിനിമയിൽ പതിവാണല്ലോ. അവയവങ്ങളുടെ ക്ലോസപ്പുകൾ, ശരീരമനക്കലുകൾ, അല്പവസ്ത്രങ്ങൾ എന്നിവ കച്ചവടസിനിമയുടെ പ്രത്യേകതകൾ. ഒരിക്കലും നൃത്തം ചെയ്യുന്ന പുരുഷനെ അല്പവസ്ത്രനായോ വിവസ്ത്രനായോ സിനിമയിൽ കണ്ടിട്ടില്ല.  ഒരു പുരുഷനും വിവസ്ത്രനായ പുരുഷനെ കാണാൻ ആഗ്രഹിക്കുന്നുമില്ല. ഒരു ബാക്ഡ്രോപ് ആയി സ്ത്രീ ശരീരങ്ങളാണ് പല ഐറ്റം നംബറുകളിലും കാണുക. (പുരുഷന്റെ കാമാർത്തിയല്ലേ ഇവിടെ പണമുണ്ടാക്കാനായി ഉപയോഗിക്കപ്പെടുന്നത്?). പിതൃമേധാവിത്വമാർന്ന നമ്മുടെ വ്യവസ്ഥിതിയിലെ ആൺ നോട്ടങ്ങളും ആൺ ആരാധനകളുമാണ് സിനിമയുടെ പ്രധാന വിപണനലക്ഷ്യങ്ങൾ.  അവിടെ സ്ത്രീശരീരങ്ങളും മാടമ്പിത്തരങ്ങളും അശ്ലീലപ്രയോഗങ്ങളുമൊക്കെയാണ്  അസംസ്കൃതവസ്തുക്കൾ. അതിലാണ് ഈ വ്യവസായം നിലനിൽക്കുന്നത്. മസാല എന്നു വിളിക്കുന്ന അടി, പിടി, സെക്സ്, അധോലോകം മുതലായവ. വിപണിയാഗ്രഹിക്കുന്നത് വിൽക്കപ്പെടുന്നു. ഇതിൽ ലോകസിനിമപോലും വ്യത്യസ്തമല്ല.

മറ്റൊരു സമൂഹത്തിലും ഇല്ലാത്തവണ്ണം വീരാരാധനയും താരാരാധനയും ഇന്ത്യൻ സമൂഹത്തിന്റെ പ്രത്യേകതകൾ. നടീനടന്മാർ രാഷ്ട്രീയക്കാരാവുകയും അവർക്ക് സ്വീകാര്യതയും നീണ്ട അധികാരകാലവും  കിട്ടുകയും ചെയ്യുന്നു. തങ്ങളുടെ ജീവിത വിഹ്വലതകളെ കെട്ടിയിടാനുള്ള നങ്കൂരങ്ങളായാണ് ചെറുപ്പക്കാർ സിനിമയേയും സിനിമാതാരങ്ങളേയും കാണുന്നത്. താരത്തിന്റെ തിരശ്ശീല ജീവിതം തന്റെ ജീവിതമായി കാണുന്നു. കഥാപാത്രത്തിന്റെ  വിജയം തന്റെ വിജയമായും. താരത്തിന്റെ കഥയിലേക്ക് തന്നെത്തന്നെ പ്രേഷണം ചെയ്യുന്നു. സമൂഹത്തോടുള്ള കാഴ്ച്ചപ്പാടും മാനസികനിലയും ഏറെക്കുറേ ഉറപ്പുള്ളതായ പാശ്ചാത്യ യുവത്വവും മാനസികനിലയും, കാഴ്ചപ്പാടും വഴങ്ങുന്ന രീതിയിലുള്ള ഇന്ത്യൻ യുവത്വവും തമ്മിൽ ഏറേ വ്യത്യാസമുണ്ടെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ ഒസേല്ലേമാർ ചുണ്ടിക്കാണിക്കുന്നുണ്ട്. (Malayali young men and their movie heroes :  Caroline & Filippo Osella, SOAS & University of Sussex. April 2002). 

തൊഴിലിടത്തിലെ മാന്യത ഒരിക്കലും സൂക്ഷിക്കാത്ത കുപ്രസിദ്ധി സിനിമാവ്യവസായത്തിനുണ്ട്. താരപരിവേഷമനുസരിച്ച് മാന്യത മാറിക്കൊണ്ടിരിക്കും. കാസ്റ്റിംഗ് കൌച്ചും, #മീടൂ ഒക്കെ നമ്മളിപ്പോഴല്ലല്ലോ അറിഞ്ഞു  തുടങ്ങുന്നത്. പണ്ടേ, സിനിമാ ഫീൽഡിലുള്ള സ്ത്രീകൾ തേവിടിശ്ശികൾ എന്നാണു വയ്പ്പ്. നടിയുടെ ശരീരം, അവൾ കഥാപാത്രമാക്കി കാസ്റ്റ് ചെയ്യുന്നതുകൊണ്ട്, പൊതുസ്വത്താണെന്ന ധാരണ.  പക്ഷേ അതിത്ര പരസ്യമായി പുറത്തുവരുന്നത് കൊച്ചിയിലെ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷമാണ്. വളരെ മാന്യൻ‌മാരെന്ന് സമൂഹം കരുതുന്നവരിൽ നിന്നുപോലും ദുരനുഭവങ്ങൾ സ്ത്രീകൾ പറഞ്ഞു കഴിഞ്ഞു. മൂത്രപ്പുര  സൌകര്യം പോലുമില്ലാത്ത  സിനിമാ സെറ്റുകളും, ഷൂട്ടിംഗ് ലൊക്കേഷനുകളും. സ്ത്രീകൾക്ക്  ലൊക്കേഷനുകളിൽ താമസ സൌകര്യം അനുവദിക്കാൻ മടിച്ച് അവരെ ജോലിക്കെടുക്കാതിരിക്കുന്ന മാനേജർമാർ. സംവിധായികമാരായാലും എഡിറ്റർമാരായാലും, ഛായാഗ്രാഹകരായാലും എല്ലാം ഒരുപോലെ.  അവസരം നൽകുകയില്ല. സംരക്ഷണവും ചിലവും അധികമാകുമെന്ന് ഭയന്ന് ജോലി നൽകുകയില്ല, എത്ര പ്രഗൽഭരായാലും.  

പൊതുഇടങ്ങളും പണവും കൈയ്യടക്കി വച്ചിരിക്കുന്നത്  പുരുഷാധിപത്യ മൂല്യങ്ങൾ ആണ്. പൊതുഇടത്തിൽ സിനിമാ കാണാനായി പണം മുടക്കുന്ന പ്രധാനപ്രേക്ഷകൻ പുരുഷനാണ്. സിനിമയുണ്ടാക്കാനായി പണം മുടക്കുന്നതും പുരുഷനാണ്. സിനിമക്ക് കഥയും, കഥക്ക് തിരക്കഥയും, തിരക്കഥക്ക് സംവിധാനവും ഛായാഗ്രഹണവും സംയോജനവും എല്ലാം പുരുഷന്മാർ തന്നെ നിർവഹിക്കുന്നു. സാഹിത്യം, സംഗീതം, നൃത്തം എന്നീ കലാരൂപങ്ങളിൽ നിന്നു വ്യത്യസ്തമായി സിനിമയെ നിയന്ത്രിക്കുന്നതും ഈ പ്രത്യേകത തന്നെ. ഇന്ത്യൻ സിനിമയിൽ ഒരു മഹാശ്വേതാ ദേവിയോ, എം.എസ്. സുബ്ബുലക്ഷ്മിയോ , മൃണാളിനി സാരാബായിയോ ഇനി ജനിക്കാനിരിക്കുന്നതേയുള്ളൂ. ക്യാമറക്കു പിന്നിൽ അവർ - സ്ത്രീകൾ വന്നിട്ടില്ല, അധികമായി. അഞ്ജലി മേനോനും ബീനാ പോളും വിധു വിൻസെന്റുമെല്ലാം അടുത്തകാലത്തു മാത്രം കേട്ടു തുടങ്ങിയ പേരുകൾ.  

മലയാള സിനിമയിൽ ചിന്തിക്കേണ്ട മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്. മഞ്ജു വാര്യര്‍ എന്ന പ്രതിഭാധനയായ അഭിനേത്രി ഒരുനീണ്ട ഇടവേളക്കു ശേഷം അഭിനയരംഗത്തേക്ക് തിരികെ വന്നതിനൊപ്പം  ചേര്‍ത്തു വായിക്കേണ്ട അനേകം കാര്യങ്ങളുണ്ട്.  സര്‍ഗ്ഗശേഷിയുള്ള സ്ത്രീകളുടെ ശവപ്പറമ്പാണോ കുടുംബം? കുടുംബജീവിതവും കലാപ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകാന്‍ സ്ത്രീകള്‍ക്ക് സാധിക്കയില്ലേ? എന്തുകൊണ്ട് “ചാരിത്ര്യവിശുദ്ധി” എന്ന മിഥ്യ സ്ത്രീകള്‍ക്കു മാത്രം ബാധകമാവുന്നു? എന്തുകൊണ്ട് വീട്ടിലേക്കോടിപ്പോയ ഈ നടികളുടെ ഭര്‍ത്താക്കന്മാര്‍ സിനിമാരംഗത്ത് ഇപ്പോഴും തുടരുന്നു? എന്തുകൊണ്ട് ശോഭന, നീനാ പ്രസാദ്, ലതാമങ്കേഷ്ക്കര്‍, ഗായത്രി (ഗായിക) , പത്മാ സുബ്രഹ്മണ്യം മുതലായവര്‍ കുടുംബം നിര്‍മ്മിക്കുന്നതില്‍ നിന്നും വിട്ടുനിന്ന് തങ്ങളുടെ കലാസപര്യയില്‍ മുഴുകുന്നു?  ഒരു പക്ഷേ, സ്ത്രീകളുടെ സര്‍ഗ്ഗപ്രസരത്തിന്റെ ഊര്‍ജ്ജം താങ്ങാന്‍ കുടുംബത്തിനു ശേഷിയില്ലാ‍ത്തതാവുമോ കാരണം? ഗംഗാപ്രവാഹത്തെ  താങ്ങാന്‍ സാക്ഷാല്‍ പരമശിവന്‍ തന്നെ വരണമല്ലോ. എന്നാല്‍ എന്തുകൊണ്ട് നടി, നര്‍ത്തകി, ഗായിക, ഇവര്‍ക്കെല്ലാം തങ്ങളുടെ പ്രൊഫഷനില്‍ തുടരുന്നത് പ്രയാസമാകുന്നു? ഒരു നടനും കല്യാണം കഴിച്ചു എന്ന കാരണം കൊണ്ട് അഭിനയം നിര്‍ത്തുന്നില്ല. ചാന്‍സ് കിട്ടാതിരിക്കുന്നുമില്ല. അറുപതു കഴിഞ്ഞാലും മകളുടെ പ്രായമുള്ള ചെറുപ്പക്കാരുമായി അഭിനയിക്കാം .  എന്നാല്‍ വിശുദ്ധിയേയും കളങ്കഭീതിയെയും കുറിച്ചുള്ള വേവലാതികള്‍ സമൂഹത്തിനു സ്ത്രീകളുടെ കാര്യത്തില്‍  കൂടുതൽ ഉണ്ട്.

മറ്റൊന്ന് , മലയാള സിനിമയില്‍  അഭിനേത്രികളേയുള്ളു, അവര്‍ക്കിടയില്‍ താരങ്ങളില്ല. സൂപ്പര്‍ താരങ്ങള്‍ ഒട്ടുമില്ല. ഇവിടെ നടിയുടെ അഭിനയശേഷിക്ക് എന്തു പ്രസക്തി? ഐറ്റം ഡാന്‍സില്‍ ആടിപ്പാടാനും, വിവസ്ത്രയാവാനും  അഭിനയശേഷി വേണമെന്നില്ലല്ലോ. എന്തൊകൊണ്ടാണ് നടന്മാരെ നമുക്കു മടുക്കാത്തത്? നിത്യഹരിത നായകനെപ്പൊലെ ഒരു നിത്യഹരിത നായിക വരാത്തതെന്ത്? മമൂട്ടി, മോഹന്‍ലാല്‍, തുടങ്ങി തമിഴ് നടന്‍ വിജയ്നു വരെ കേരളത്തില്‍ ഫാന്‍‌സ്  അസ്സോസിയേഷനുകള്‍ ഉണ്ട്.  താരസിനിമയുടെ ലക്ഷണമാണ്, എതിര്‍ താരത്തിന്റെ ഫാന്‍സ് അസ്സോസിയേഷന്റെ കൂക്കല്‍. താരരാജാവ് വെള്ളിത്തിരയിലേക്ക് വരുമ്പോള്‍ കയ്യടി. അനുയായികള്‍  തീയേറ്റര്‍ മുഴുവനും ബുക്ക് ചെയ്ത് മറ്റാരെയും സിനിമ കാണാന്‍ അനുവദിക്കാതിരിക്കുക. പുരുഷ മേധാവിത്തമുള്ള വന്‍ കുടുംബകഥകളാണ് താരസിനിമകളിലെ പ്രമേയം. താരരാജാക്കന്മാര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ സ്ത്രീകളായ സഹകഥാപാത്രങ്ങളുടെ മേല്‍ മെക്കിട്ടു കയറുകയും അവരെ അടക്കി ഭരിക്കയും ചെയ്തുകൊണ്ട്, പ്രേക്ഷകന് ഗൂഢമായ ആനന്ദം നല്‍കുന്നു.  ആഢ്യത്തം നിറഞ്ഞ അകത്തളങ്ങള്‍, പ്രമാണിയായ കുടുംബനാഥന്‍ ‍, പൂണൂല്‍, ആന, അമ്പാരി, പ്രശ്നം വയ്പ്പ്.. അങ്ങനെ നിത്യ ജീവിതത്തില്‍ നിന്നകന്ന അഭ്രകാഴ്ച്ചകള്‍. ഇവക്ക് ഓഛാനിച്ച് നില്‍ക്കുന്ന സ്ത്രീകളും കുട്ടികളും മറ്റു പ്രജകളും. (ന്യൂ ജെൻ സിമിമകളിൽ മാറ്റം വരുന്നത് അശ്വാസമേകുന്നു).

ഫാന്‍സ് അസ്സോസ്സിയേഷനുകളുടെ രസതന്ത്രം നോക്കുക. എല്ലാത്തിലും അംഗങ്ങള്‍ ചെറുപ്പക്കാരായ പുരുഷന്മാരാണ്. തൊഴില്‍ പരമായും സാമ്പത്തികമായും ഉയര്‍ന്ന ശ്രേണിയിലുള്ളവര്‍ ഫാന്‍സ് അസ്സോസിയേഷനുകളിലില്ല. സ്ത്രീകള്‍ക്ക്  ഇവയില്‍ പൊതുവേ അംഗത്വം  ഇല്ല. ( ഈയ്യിടെ 2018ലെ വെള്ളപ്പൊക്കകാലത്ത് മഞ്ജു വാര്യർ ഫാൻസ് അസ്സൊസ്സിയേഷൻ പ്രവർത്തിക്കുന്നു എന്നു കണ്ടിരുന്നു.) ഈ അസ്സോസിയേഷനുകള്‍ താരത്തിന്റെ പേരില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നു.   എതിര്‍ ലിംഗത്തില്‍പ്പെട്ടവരോട് സ്നേഹമോ സൌഹൃദമോ നമ്മുടെ യാഥാസ്ഥിതിക സമൂഹം അനുവദിച്ചിട്ടീല്ല. അതുകൊണ്ടുതന്നെ സ്ത്രീകളെ അംഗീകരിക്കാന്‍ പുരുഷന്മാര്‍  വിമുഖരുമാണ്. ഒരു കാരണവുമില്ലതെ പുരുഷന്മാര്‍ക്ക് സ്വാഭാവിക സൌഹൃദങ്ങള്‍ പ്രയാസം.  താരാരാധന അവരുടെ സൌഹൃദക്കൂട്ടായ്മക്ക് കാരണമാവുന്നുണ്ട്. അതേസമയം സ്വന്തമായി തൊഴിലെടുത്തും കുടുംബം പുലര്‍ത്തിയും,  ചിന്തിച്ചും, സൌഹൃദങ്ങളില്‍ മുഴുകിയും  ഇക്കാലത്തെ സ്ത്രീകള്‍ മുന്നേറുന്നു ആ ജൈത്രയാത്രക്ക് സിനിമയിലൂടെയെങ്കിലും  തടയിടാന്‍ കഴിയട്ടെ എന്ന സമൂഹ മനസാക്ഷിയുടെ ആഗ്രഹമാണ് ഈ താര സിനിമകളും ഫാന്‍സ് അസ്സോസ്സിയേഷനുകളും വെളിപ്പെടുത്തുന്നത്. യഥാര്‍ഥ ജീവിതത്തില്‍ പുരുഷ മേല്‍ക്കോയ്മയുടെ പ്രാധാന്യം കുറഞ്ഞു വരുമ്പോഴും, പൊതുഇടങ്ങളില്‍ സ്ത്രീകള്‍ പണ്ടത്തെക്കാളേറെ കടന്നുവരുമ്പോഴും, പോപ്പുലര്‍ സിനിമക്ക് ഇതൊന്നും വിഷയമേ അല്ല. (മഞ്ജുവിനുവേണ്ടി എഴുതുന്ന തിരക്കഥകൾ “ഹൌ ഓൾഡ് ആർ യൂ : മാറുന്നുണ്ട്.) സമൂഹത്തില്‍ പൊതുവിലും, സിനിമയില്‍ രൂക്ഷമായും ഉള്ള പുതിയ പുരുഷാധിപത്യ പ്രവണതകളുടെ പ്രത്യക്ഷങ്ങള്‍ മാത്രമാണിവ. കേരളത്തിലെ സ്ത്രീകള്‍ വിദ്യാസമ്പന്നകളാണെന്നത്  ശരി. സിനിമയെന്ന മാധ്യമത്തില്‍ അവള്‍ പ്രതിനിധീകരിക്കപ്പെടുന്നത്  ബുദ്ധിയോ വകതിരിവോ ഇല്ലാത്ത ‘ഫെതര്‍ ഹെഡ്” (ഒരുങ്ങി ചമഞ്ഞ സുന്ദരിക്കോത ) ആയിട്ടാണ്.

റീമ കല്ലിംഗലും സംയുക്ത വർമ്മയും  ഒന്നും അഭിനയശേഷിയില്‍ പിന്നിലല്ല. എന്നാല്‍ വിവാഹം നടിയുടെ ജീവിതത്തിനു തിരശീലയിടുന്നു.  ഒരു നടിക്ക് ദീര്‍ഘകാലം മലയാളസിനിമാ അഭിനയരംഗത്ത് തുടരണമെങ്കില്‍ അവര്‍ ചെയ്യുന്നത് നായികാവേഷമാവരുത് . ലളിതയേയും സുകുമാരിയേയും നോക്കുക. അമ്മ വേഷങ്ങളും സഹനടി വേഷങ്ങളുമാവാം. അല്ലെങ്കില്‍ വിവാഹമോചനം നേടി തിരികെ അഭിനയരംഗത്തേക്ക് വരാം, ഉര്‍വശിയെപ്പോലെ, കാവ്യയെപ്പോലെ.  ഉടല്‍ പുറത്തുകാണുന്ന, സ്പര്‍ശിച്ച് അഭിനയിക്കുന്ന രംഗങ്ങള്‍ ഭതൃമതികള്‍ക്ക് വിലക്കാണ്. പണ്ട്, സീമ, ജയഭാരതി, ഷീല മുതലായവര്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. നമ്മുടെ സമൂഹം സ്ത്രീ പദവിയില്‍ അതിവേഗം പിന്നാക്കം പൊയ്ക്കോണ്ടിരിക്കുന്നുവെന്ന് സിനിമയെന്ന ഈ മുഖ്യധാരാ മാധ്യമം വെളിവാക്കുന്നു.  വിവാഹിതരായ നടന്മാര്‍ മറ്റു നടികളുമായി ആടിപ്പാടുന്നത് സമൂഹം അംഗീകരിക്കുന്നു.  നടനു നഷ്ടപ്പെടാത്തത് എന്താണ് നടിക്കു നഷ്ടപ്പെടാനുള്ളത്? ഭതൃമതിയായിക്കഴിഞ്ഞാല്‍, അഭിനയിക്കാനായി അന്യപുരുഷന്‍ സമീപിക്കുന്നത് പാപമാണ് എന്ന വികല സങ്കല്‍പ്പം. അതിസുന്ദരിയും ഭതൃമതിയും ആയിരുന്ന പഴയകാല ഹിന്ദി നടി വഹീദാറഹ്‌മാന്‍ ‍, തന്റെ ചലച്ചിത്രങ്ങള്‍ മക്കള്‍ കാണുന്നത് ഇഷ്ടപ്പെട്ടിരുന്നില്ലത്രെ. അമ്മ മറ്റൊരു പുരുഷനോടൊപ്പം ആടിപ്പാടുന്നത് മക്കള്‍ക്ക് സഹിച്ചില്ലെങ്കിലോ? മമ്മൂട്ടി, മോഹൻലാൽ , ജയറാം ഇവരുടെയെല്ലാം കുടുംബത്തിലും ഇതേ പ്രശ്നങ്ങള്‍ ഉണ്ടാവാറില്ലെ?. അവര്‍ക്കുമുണ്ടല്ലോ മക്കളും മരുമക്കളും!

ഉടലുകളല്ല, സ്ത്രീ എന്ന് തെളിയിച്ച അഭിനേത്രികള്‍ മലയാളത്തില്‍ എത്രയോ  ഉണ്ട്! എതാണ്ട്  1980തു കളിലാണ് ഏപ്രില്‍ പതിനെട്ടിലൂടെ ശോഭനയും, മുന്താണെ മുടിച്ച് എന്ന തമിഴ് സിനിമയില്‍ കൂടി ഉര്‍വശിയും, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ പൂര്‍ണിമയും വെള്ളിത്തിരയിലേക്ക് വന്നത്. പിന്നീടുവന്ന മഞ്ജുവും മീരാ ജാസ്മിനും, സംയുക്തയും കരുത്തുള്ള കഥാപാത്രങ്ങളെ  നമുക്കു നല്‍കിയിട്ടില്ലെ? എത്ര കഥാപാത്രങ്ങളെ ശ്രീവിദ്യ അനശ്വരമാക്കി! നടന്മാരെപ്പോലെ നടികള്‍ നീണ്ട കാലയളവ് അരങ്ങില്‍ നിറഞ്ഞുനിലക്കുന്നില്ല. അതുകൊണ്ടുതന്നെ താരപരിവേഷം അവര്‍ക്കു ലഭിക്കുന്നില്ല. ആരും അവര്‍ക്ക് സ്തുതി പാടുന്നില്ല. അതുകൊണ്ട് അവര്‍ക്ക് സൂപ്പര്‍താര പദവി ലഭിക്കാറില്ല.  അതായത്, നടന്‍ 25 മുതല്‍ 50 വയസ്സുവരെ ചെറുപ്പക്കാരനായി, നായകനായി  അഭിനയിക്കുമ്പോള്‍, വിവാഹം, പ്രസവം എന്നീ ജൈവ ഉത്തരവാദിത്തങ്ങള്‍ നടിയെ രംഗത്തുനിന്ന് നിഷ്ക്കാസനം ചെയ്യിക്കുന്നു. ( ഹിന്ദി സിനിമയിലെ കജ്ജോള്‍, ഐശ്വര്യാ റായ് എന്നിവര്‍ക്കൊന്നും ഈ മലയാളി ശാഠ്യങ്ങള്‍ ബാധകമല്ല. വിവാഹിതരായിട്ടും അമ്മയായിട്ടും ഐശ്യര്യയും കജ്ജോളും അഭിനയം തുടരുന്നു.)

പ്രേക്ഷകര്‍ക്കുമടുത്തിട്ടാണോ ഈ ഒരോ നടികളും  അഭിനയരംഗത്തുനിന്നും വിരമിച്ചത്? അല്ലേയല്ല.  നടി എന്ന നിലയില്‍ ഒന്നും ചെയ്യാനില്ലാത്ത സിനിമകള്‍ ഉണ്ടാ‍വാത്തതിന് ആരാണ്  ഉത്തര വാദികള്‍? കലാമൂല്യമുള്ള സിനിമകളില്‍ മാത്രമാണ് അഭിനേതാവിന് എന്തെങ്കിലും ചെയ്യാനുള്ളത്. കലാമൂല്യമുള്ളവക്ക് വിതരണക്കാരെയും തീയേറ്ററും ലഭിക്കീല്ലാ എന്ന ചിന്തയാണ് അതില്‍ മുതല്‍മുടക്കാന്‍ നിര്‍മാതാ‍ക്കളെ പിന്തിരിപ്പിക്കുന്നത്ത്. എങ്കിലും, നല്ല സിനിമ ഓര്‍മ്മിക്കപ്പെടുന്നത് അതിലെ കലാംശം കൊണ്ടാണ്.  പ്രേക്ഷകന്‍  നടിയുടെ ഉടലിനെയും നടന്റെ വ്യക്തിത്തത്തേയും ആരാധിക്കുന്നു.

സിനിമയും സ്ത്രീകളും എന്ന ഈ വിഷയത്തിൽ നടൻ മമ്മൂട്ടിയുടേയും നടി പാർവതിയുടേയും കാര്യം തന്നെ എടുക്കാം. 

അഭിനയശേഷിയുടെ കാര്യത്തിൽ നടി പാർവതിയുമായി ഒരു തരത്തിലും താരതമ്യം ചെയ്യാൻ കഴിവില്ലാത്ത ഒരാളാണു മമ്മൂട്ടി. പാർവതിയുടെ ഓരോ കഥാപാത്രങ്ങൾക്കും ഓരോ മുഖഛായയാണ്.ഓരോ ശരീരഭാഷയാണ്. കാഞ്ചനമാലയല്ല റ്റേക്ക് ഓഫിലെ സമീറ. ബാംഗ്ലൂർ ഡെയ്സിലെ സാറയല്ല ചാർലിയീലെ റ്റെസ്സാ. ചിത്രം കണ്ട് അത്ഭുതപ്പെടും, ഇത് പാർവതി തന്നെയോ എന്ന്. ഇത് വെറും അഭിനയമല്ല. അതാണു പരകായ പ്രവേശം. (രണ്ടാംനിര നടന്മാരായ തിലകൻ, ജഗതി, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ഇവരോടൊക്കെതാരമ്യം ചെയ്താൽ മമ്മൂട്ടി അഭിനയ ശേഷിയിൽ പിന്നിലാണ്.)

മമ്മൂട്ടി കഴിഞ്ഞ 40 വർഷമായി സിനിമയിൽ സജ്ജീവമായുണ്ട്. ഒരൊറ്റ ശരീരഭാഷ മാത്രം പ്രകടിപ്പിക്കുന്ന ഒരു നടൻ! ഡയലോഗ് നന്നായി പറയും. (രാജമാണിക്യം). പോലീസ് ഓഫീസർ, സി.ബി.ഐ ഓഫീസർ തുടങ്ങിയ റോളുകൾ നന്നായി ചെയ്യും. പഴശ്ശി രാജാ, വീരഗാഥ ചന്തു ഇത്തരം വേഷങ്ങളും ചേരും. മൂന്ന് ദേശീയ അവാർഡുകളും അനേകം സംസ്ഥാന അവാർഡുകളും കിട്ടിയെന്നതു ശരിതന്നെ. സൂപ്പർ താരമെന്നതും ശരിതന്നെ. പക്ഷേ കഥാപാത്രങ്ങൾക്ക് വൈവിധ്യം ഇല്ല. (ഡാനി, പൊന്തന്മാട, മതിലുകൾ ഇവയൊക്കെ നോക്കുക). തിരക്കഥാകാരൻ എഴുതിക്കൊടുക്കുന്ന സ്ത്രീ വിരുദ്ധമായ ഡയലോഗുകൾ വെള്ളം തൊടാതെ കാച്ചാൻ കാശുവാങ്ങുന്നയാൾ. അത് അഭിനയിച്ചു ഫലിപ്പിച്ച് ഭാര്യക്കും മക്കൾക്കും ചിലവിനു കൊടുക്കുന്നയാൾ. സാമൂഹ്യബോധവും ഉത്തരവാദിത്തവും ഇല്ലാത്ത നടൻ. ക.സ.ബ. (2016) യിൽ മഹാരഷ്ട്രക്കാരിയായ പൂനം പഥക് എന്ന ഐ.പി.എസ്. ഓഫീസറുടെ മുന്നിലേക്ക് സിഗററ്റ് വലിച്ചുകൊണ്ട് കടന്നു വരികയാണു മമ്മൂട്ടിയുടെ രാജൻ സക്കറിയാ. ഇവിടെ പുകവലിക്കാൻ പാടില്ലെന്ന് അവർ പറയുന്നു. ( പൊതുസ്ഥലങ്ങളിൽ സിഗരറ്റുവലി കുറ്റകൃത്യമാണ്. അതു നടപ്പിലാക്കേണ്ട പോലീസ് കഥാപാത്രം കുറ്റകൃത്യം ചെയ്യുന്നു. നമ്മുടെ സിനിമയിലെ ധാർമ്മികത!) ഉന്നത പദവിയുള്ള തന്റെമുന്നിൽ സല്യൂട്ട് ചെയ്യാൻ മറന്നത് എന്തുകൊണ്ട് എന്ന് പൂനം ചോദിക്കുമ്പോൾ സിഗററ്റ് ചുമരിൽ കുത്തിക്കെടുത്തി അവരുടെ കയ്യിൽ വച്ചുപിടിപ്പിച്ച് ‘ഇത് എവിടെയെങ്കിലും കൊണ്ടുപോയി കള’ എന്നു രാജൻ സക്കറിയാ. ദേഷ്യം വന്ന പൂനം "Fuckyou" എന്നു പറയുന്നു. "നോക്കാം" എന്നു പറഞ്ഞ് തിരിയുന്ന രാജൻ സക്കറിയാ. “What?" എന്നു പൂനം. തിരിച്ചു വന്ന് സക്കറിയാ പൂനം പഥക്കിന്റെ അരക്കെട്ടിലെ ബെൽറ്റിൽ കൈ കടത്തിക്കൊണ്ട് പറയുന്നു, “I will make it up to you. And I bet, you will walk wrong for a week." അധികാരത്തിലിരിക്കുന്ന സ്ത്രീയോട് കീഴ്ജീവനക്കാരനായ പുരുഷന്റെ പെരുമാറ്റം ഇതാണ്, ഇങ്ങനെയാണ്. ഇതാണു സിനിമാ നൽകുന്ന മാതൃക. ബലാത്സംഗം ചെയ്യുമെന്നു തന്നെയാണ് അയാൾ ഉദ്ദേശിച്ചത്.

ഇപ്പോൾ അനേകം സ്ത്രീകൾ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളിൽ ജോലിചെയ്യുന്നുണ്ട്. കളക്ടറും, ചീഫ് സെക്രട്ടറിയും ഡി.ജി.പിയും പ്രോജക്റ്റ് മാനേജറും, ഡയറക്ടറുമൊക്കെ ആയി ഇന്ന് സ്ത്രീകളുണ്ടാവും. ഒപ്പം കീഴ്ജീവനക്കാരായി എത്രയോ പുരുഷന്മാർ ജോലിചെയ്തുകൊണ്ടിരിക്കുന്നു. ഇപ്പോൾ പ്രതിരോധവകുപ്പുമന്ത്രി ഒരു വനിതയാണ്. വിദേശവകുപ്പു മന്ത്രിയും വനിതയാണ്. ഇങ്ങനെയാണോ ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന ഒരു വനിതയോട് പുരുഷന്മാർ പെരുമാറേണ്ടത്? അതാണോ  ക.സ.ബ സിനിമ നൽകുന്ന സന്ദേശം? അതു പുറത്തു പറഞ്ഞതാണോ പാർവതിക്കുനേരെ ട്രോളുകളിളക്കി ആൺകോയ്മ ചന്ദ്രഹാസമിളക്കുന്നത്? വീട്ടകം വിട്ട് പുറത്തുവരുന്ന സ്തീകളെ ഭയപ്പെടുത്തി ഓടിക്കുക്കുക. അതാണ് പരിഭ്രാന്തമായി പുരുഷന്മാർ ഒന്നടങ്കം ചെയ്തുകൊണ്ടിരിക്കുന്നത്. 

സമൂഹത്തിനു നിലനില്‍ക്കാന്‍ കുടുംബവും രാഷ്ട്രീയവും കൃഷിയും സാങ്കേതികവിദ്യവും മാത്രം പോരാ. കലയും സിനിമയും സാഹിത്യവും സംഗീതവും നടനവും എല്ലാം വേണം. സമൂഹം നിരന്തരം പുനർനിർമ്മിച്ചുകൊണ്ടിരിക്കണം. സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ പ്രതിഭാനുഗ്രമുള്ളവര്‍ എല്ലാം സമൂഹത്തിന്റെ സമ്പത്താണ്. എല്ലാവര്‍ക്കും വളരാനും വികസിക്കാനുമുള്ള അവസരമുണ്ടാവണം.

Srishti-2022   >>  Article - Malayalam   >>  ഇന്ത്യൻ ഭരണഘടനയും ആചാര അനുഷ്ഠാനങ്ങളും

ഇന്ത്യൻ ഭരണഘടനയും ആചാര അനുഷ്ഠാനങ്ങളും

ഇന്ത്യൻ ജനാധിപത്യത്തിൻറെ അടിസ്ഥാന ഘടകം എന്നത്  ഇന്ത്യൻ ഭരണഘടനയാണ്. ഇന്ത്യൻ ഭരണഘടന നിർമ്മിക്കപ്പെട്ടിട്ടുള്ളത് തന്നെ മാനുഷികമൂല്യങ്ങൾക്ക് പരിഗണന കൊടുത്തുകൊണ്ടാണ്. ഇന്ത്യൻ ഭരണഘടന ഓരോ പൗരനും അവൻറെ വിശ്വാസങ്ങളെ സംരക്ഷിക്കുവാനും അവകാശങ്ങളെ നേടിയെടുക്കുവാനും ഉള്ള അധികാരം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഇന്ത്യൻ ജനാധിപത്യം ഇത്രയും ശക്തമായി ഇന്നും നിലനിൽക്കുന്നത്. ഭരണഘടന പൗരന് ആവശ്യമുള്ള എല്ലാവിധ അധികാരങ്ങളും അവകാശങ്ങളും നൽകിയിട്ടുണ്ടെങ്കിലും മാനവികതയ്ക്ക് ആണ് മുൻതൂക്കം കൊടുക്കുന്നത്.

 

പല മതത്തിൽ ഉൾപ്പെടുന്ന ജനവിഭാഗങ്ങളുടെ രാജ്യമായ ഇന്ത്യയിൽ ഓരോ മതക്കാരുടെയും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും തമ്മിൽ വളരെയധികം വൈരുധ്യമുണ്ട്. മതവിഭാഗങ്ങളുടെ ആചാരങ്ങൾക്ക് ഒരുപക്ഷേ വളരെയധികം കാലപ്പഴക്കം ഉണ്ടുതാനും. മതങ്ങളിലെ വൈരുദ്ധ്യം പോലെതന്നെ നമ്മുടെ സമൂഹത്തിലും പലതരത്തിലുള്ള ജനസമൂഹങ്ങൾ ഉണ്ട്.  ചിലരാകട്ടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മുറുകെപ്പിടിക്കുന്നവർ. മറ്റുചിലരാകട്ടെ ഇതിനെയെല്ലാം എതിർക്കുന്ന ഒരു കൂട്ടം.  ഇനി ഈ രണ്ട് കൂട്ടത്തിലും പെടാത്തവർ ആകട്ടെ ചിലതിനെ ഒക്കെ അനുഷ്ഠിക്കുകയും ചിലതിനെ എതിർക്കുകയും ചെയ്യുന്നവർ. രാഷ്ട്രീയപാർട്ടികൾ ആകട്ടെ ആവശ്യാനുസരണം ഈ ജനവിഭാഗങ്ങളെ ഉപയോഗിക്കുകയും ചെയ്യുന്നു . ഇവിടെയെല്ലാം പ്രതിസന്ധിയിലാകുന്നത് ഭരണഘടനയും നമ്മുടെ നീതിന്യായവും ആണ്.ആചാരാനുഷ്ഠാനങ്ങൾ എല്ലാംതന്നെ അനുവദിക്കുമ്പോൾ അവയിലെ ദുരാചാരങ്ങളെ എതിർക്കുകയും വേണം ,ഫലം എന്തായാലും ജനരോഷം!

 

ഉദാഹരണത്തിന് സതി- സതി നിർത്തലാക്കിയപ്പോൾ അനുകൂലിച്ചവരും പ്രതികൂലിച്ചവരും ഉള്ള നാടാണിത് .ഈ രണ്ടുകൂട്ടർക്കും ഭരണഘടനയെ പ്രതിയാക്കാം. സതി  വിശ്വാസമാണ് എന്ന് പറയുമ്പോൾ തന്നെ അത് അനാചാരവും ആണ്. ഇവിടെ ഭരണഘടനയെ പ്രതി ചേർക്കുന്നവർ ചിന്തിക്കേണ്ടതുണ്ട്.  ആവശ്യത്തിന് വിദ്യാഭ്യാസവും ചിന്താശേഷിയുമുള്ള സമൂഹമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ ഭരണഘടന അനുവദിക്കുന്നത് എല്ലാം തന്നെ ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതും അനുഷ്ഠിക്കേണ്ടതും പൗരന് കടമയാണ്. കാരണം ഭരണഘടന എല്ലാ സമൂഹത്തിനും വേണ്ടിയാണ് മതങ്ങൾ പറയുന്ന ആചാരങ്ങൾ ആകട്ടെ ഒരു പ്രത്യേക ജനവിഭാഗത്തിനു വേണ്ടിയും. ഭരണഘടന പ്രാധാന്യം നൽകുന്നത് പൗരനാണ്. അല്ലാതെ ഒരു പ്രത്യേക വിഭാഗത്തിനോ ലിംഗ ബോധത്തിൻറെ അടിസ്ഥാനത്തിലോ അല്ല. ഭരണഘടന തോൽക്കുന്നത് ജനങ്ങളും ഭരണാധികാരികളും അതിൻറെ അന്തസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കാത്തതുകൊണ്ടാണ്. ആചാര-അനുഷ്ഠാനങ്ങൾ ശരിയായവയ്ക്ക് എന്നും പൗരന് സംരക്ഷണം ലഭിക്കും എന്നാൽ തെറ്റായവ തിരുത്തേണ്ടതു തന്നെയാണ്. ഇതിനെല്ലാം വേണ്ടത് ചിന്താ ശേഷിയും കഴിവുമുള്ള ഒരു സമൂഹത്തിനെ യാണ്.

 

ശബരിമല വിഷയത്തിൽ രോഷം കൊള്ളുന്നവരോട് ഒരു കാര്യം മാത്രമാണ് പറയുവാനുള്ളത് ഈശ്വരന് ഭക്തൻറെ സംരക്ഷണം ആവശ്യമില്ല .എന്നാൽ മനുഷ്യന് മനുഷ്യൻറെ സംരക്ഷണം ആവശ്യമുണ്ട്.

Srishti-2022   >>  Article - Malayalam   >>  സ്ത്രീയും സിനിമയും

Lakshmi M Das

Allianz Technology

സ്ത്രീയും സിനിമയും

അരനൂറ്റാണ്ടിലേറെയായ്  സമൂഹത്തിന്റെ  പ്രത്യയശാസ്ത്രപരമായ താത്പര്യങ്ങളുടെയും അധികാരാബന്ധങ്ങളുടെയും സ്ഥാപനവത്ക്കരണത്തിനായുള്ള  ജനപ്രിയ  മാധ്യമമായി  സിനിമ പരിണമിച്ചിരിക്കുന്നത്  കൊണ്ട്  തന്നെ , സാമൂഹികമായ  മാറ്റങ്ങൾ  സിനിമയെയും  , തിരിച്ചും  ,വ്യക്തമായ  തലത്തിൽ  സ്വാധീനം  ചെലുത്തുന്നുണ്ടെന്നത്  ഒരു  യാഥാർഥ്യമാണ് . സിനിമക്കുള്ളിൽ  പ്രവർത്തിക്കുന്നവരുടെയും  ,അത്  കാണുന്ന പ്രേക്ഷക  സമൂഹത്തിന്റെയും  പൊതുബോധം  പൊരുത്തപ്പെടുമ്പോളാണല്ലോ  ഒരു  ജനപ്രിയ  സിനിമ  ഉണ്ടാകുന്നതു .അതുകൊണ്ടു  തന്നെ  സ്രഷ്ടാവിന്റെയും  ഉപഭോക്താവിന്റെയും  സാമൂഹികമായ  കാഴ്ച്ചപ്പാടുകൾ  ഒരു  സിനിമയുടെ , അത്  വഴി  സിനിമാലോകത്തിന്ടെ  തന്നെ  കാഴ്ചപാടായ്  മാറുകയാണ്  പതിവ് .പുരുഷകേന്ദ്രികൃതമായ  ഒരു  സമൂഹത്തിൽ  ഉണ്ടായ  സിനിമകൾ  എത്രത്തോളം  സ്ത്രീപക്ഷം  ആയിരുന്നെന്നും , അവ  ഏതു  രീതിയിൽ സ്വീകരിക്കപ്പെട്ടു  എന്ന്  മനസിലാക്കുന്നതിന് ആദ്യം  ഇംഗ്ലീഷ് സിനിമയെ  നിരീക്ഷിക്കാം .

 

സ്ത്രീപക്ഷ സിനിമകൾ ഹോളിവുഡിൽ :

 

ഇന്ന്  ഏറെ  തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന  ഫെമിനിസം  എന്ന  ആശയം ,അതിന്റെ    പ്രാരംഭ  കാലഘട്ടത്തിൽ  ഹോളിവുഡ്   സിനിമകളിൽ  ശക്തമായ  സ്വാധീനം  ചെലുത്തിയിരുന്നു  എന്ന്  വേണം  മനസിലാക്കാൻ . 1934 lil ഹേസ്  നിയമങ്ങളുടെ  ചട്ടക്കൂടിൽ  ഒതുങ്ങി  നിന്ന  ഇംഗ്ലീഷ്  സിനിമയ്ക്കു  മുൻപ്   തന്നെ  ശക്തമായ  സ്ത്രീ  കഥാപാത്രങ്ങൾ  ഇംഗ്ലീഷ്  സിനിമയിൽ  ഉണ്ടായിട്ടുണ്ട് .'നോര്മ  ഷെയറെർ  ' The Divorcee' എന്ന  ചിത്രത്തിൽ അവതരിപ്പിച്ച  പരസ്ത്രീ  ബന്ധം   പുലർത്തി  ചതിക്കുന്ന  ഭർത്താവിനോട്   അതെ  നാണയത്തിൽ  പകരം  വീട്ടുന്ന  ഭാര്യയുടെ  കഥാപാത്രം  , ആ  കാലത്ത്   അമേരിക്കൻ   ജനതയ്ക്ക്  ഉൾകൊള്ളാവുന്നതിൽ  അപ്പുറത്തായിരുന്നു . പല  കത്തോലിക്ക  ദേവാലയങ്ങളും   ഷെയറെർടെ  ചിത്രങ്ങൾ  കാണുന്നതിൽ  നിന്ന്  പിൻവാങ്ങണം  എന്ന്  ആഹ്വനം  ചെയ്ക  പോലും  ഉണ്ടായി .ഒരേസമയം  ലിംഗവിവേചനവും  വർഗവിവേചനവും  നേരിട്ട്  ഹോളിവുഡിൽ  ശക്തമായ  സാന്നിധ്യമായ  കറുത്തവർഗകാരിയാ  നടിയാണ്  Hattie McDaniel.' The Lion in winter ' പോലുള്ള  സിനിമകളിൽ  ശക്തമായ  സ്ത്രീ  കഥാപാത്രങ്ങൾ  ചെയ്ത  Katherine Hepburn, നടി മാത്രം  അല്ല  ഓസ്കാർ  ലഭിച്ച  ചിത്രത്തിന്റെ  നിർമാതാവും  ആയിരന്നു .
ഇത്തരത്തിൽ  ശക്തമായ  സ്ത്രീ  കഥാപാത്രങ്ങൾ  അഭ്രപാളിയിൽ  വിരിയിച്ച  ഹോളിവുഡ്  സിനിമയിൽ  തന്നെ  വെറും  സെക്സ്  സിംബൽ   ആയി  കണക്കാക്കപെട്ട  സ്ത്രീ  കഥാപാത്രങ്ങൾക്കും  കുറവില്ലായിരുന്നു . ചില  അഭിനേത്രികൾ  ഈ  vamp പ്രതിച്ഛായയിൽ  നിന്നും  പുറത്തു  വരാൻ  കഴിയാത്ത  തക്കവണ്ണം  തളച്ചിടപ്പെടുകയും  ചെയ്തു . ആധുനിക  കാലഘട്ടത്തിലെ  ഹോളിവുഡ്  സിനിമയിൽ  അമാനുഷികത്വത്തിന്റെ  ചിറകിൽ  ഏറി  ആരാധകരുടെ  ഹൃദയങ്ങൾ   കീഴടക്കിയ  ‘Wonder Women’ , ‘Black Widow’  ‘ Hermione’ പോലുള്ള  കഥാപാത്രങ്ങൾ  മാറ്റി  നിർത്തിയാൽ , ജീവിതഗന്ധികളായി  ശ്കതമായ  സ്ത്രീ  കഥാപാത്രങ്ങൾ  എത്രത്തോളം  ഉണ്ട്  എന്ന്  സംശയിക്കേണ്ടി  ഇരിക്കുന്നു .


ഇന്ത്യൻ  സിനിമയിലെ സ്ത്രീ


ലോകത്തിൽ  ഏറ്റവും  അധികം  സിനിമകൾ  പ്രതി  വര്ഷം  പുറത്തിറങ്ങുന്ന  ഇന്ത്യൻ  സിനിമയിലേക്ക്  കടക്കുമ്പോൾ  ആദ്യം  ഹിന്ദി  ചിത്രങ്ങളിൽ   നിന്ന്  തുടങ്ങാം .ഇന്ത്യൻ   സിനിമയിൽ   വിവിധ  സാങ്കേതിക  മേഖലകളിൽ  ഒരളവു വരെ എങ്കിലും സ്ത്രീ സാന്നിധ്യം കാണാവുന്നത്   ഹിന്ദി  സിനിമ രംഗത്താണ്   . സംവിധാനവും  , നിർമാണവും   മുതൽ  ചിത്ര  സംയോജനം   , ഛായാഗ്രഹണം  പോലുള്ള  തികച്ചും  സാങ്കേതികത്തികവ്  പുലർത്തണ്ടേ മേഖലകളിലേക്കും  സ്ത്രീകൾ  കടന്നു  വരുന്നു  എന്നത്  തീർത്തും  പ്രതീക്ഷാവഹമായ  ഒരു  മുന്നേറ്റമാണ് .
ഹിന്ദി  സിനിമയുടെ  ചരിത്രത്തിൽ  സ്ത്രീ  പ്രധാനമായ  കഥാപാത്രങ്ങൾ  പരിശോധിക്കുമ്പോൾ  , ‘Mother India’ എന്ന  ചിത്രത്തിലെ  നർഗിസിന്റെ   കഥാപാത്രത്തെ  മാറ്റി  നിർത്താൻ  ഒരിക്കലും  സാധിക്കില്ല .കുടുംബത്തിന്  നേരിടേണ്ടി  വന്ന  കൊടും  കഷ്ടതകളിലും  മനസ്  മടുക്കാതെ   ഉറച്ചു  നിന്ന  ഈ  കഥാപാത്രം ,ശക്തമായ  സ്ത്രീത്വത്തിന്റെ  മുഖം  ആയി  ആണ്  കണക്കാക്കപെടുന്നത് . കൊള്ളക്കാരനായ  സ്വന്തം  മകനെ  കൊല്ലുമ്പോൾ 
 അവർ  അവരുടെ  മാതൃത്വത്തിനും  മുകളിൽ  കണ്ടത്  ആദർശങ്ങളെ  ആണ് എന്ന് തെളിയുന്നു  . ശബാന  അസ്‌മി  ,Arth എന്ന  ചിത്രത്തിൽ  അവതരിപ്പിച്ച  വീട്ടമ്മയായ  കഥാപാത്രത്തിന്  വിവിധ  തലങ്ങൾ   ഉണ്ട് .ജീവിതത്തിൽ  നേരിടേണ്ടി  വന്ന  ചതിക്കും  ദുരനുഭവങ്ങൾക്കും   ഒടുവിൽ  അവർ  സ്വയം  ഉയർത്തെഴുനേൽക്കുന്നതു  ഒരു   സ്ത്രീയുടെ  പകരം  വയ്ക്കാനില്ലാത്ത   മനഃശക്തിക്കു  ഉദാഹരണമാണ് . Guide എന്ന  ചിത്രത്തിൽ  വഹീദ  റഹ്മാൻ  അവതരിപ്പിച്ച  കഥാപാത്രം  തന്റെ   ഏറ്റവും  വല്യ  ആഗ്രഹമായ  നർത്തകിയ്യാകുന്നതിനു  വേണ്ടി  നേരിടുന്ന  ദുരനനുഭവങ്ങളും , അതിനെല്ലാം ഒടുവിലും  അവർ  തന്റെ   അഭിനിവേശത്തിൽ  നിന്ന്  പിന്മാറാതെ  അത്  നേടിയെടുക്കുന്നതിലും  സ്ത്രീയുടെ  പോരാട്ട  വീര്യം  തെളിഞ്ഞു  നിൽക്കുന്നു .

 

നായകൻറെ നിഴലിൽ

80 കളുടെ  അവസാന  പാദത്തോടെ  നായക  പ്രാധാന്യമുള്ള സിനിമകളുടെ  അതിപ്രസരത്തിൽ  , ശക്തമായ  നായികാ  കഥാപാത്രങ്ങൾ   കാര്യമായി  ഉണ്ടായില്ല  എന്ന്  പറയേണ്ടി  വരും . ഹിന്ദി  സിനിമകൾ  പ്രധാനമായും  പ്രണയ  സിനിമകളും  ആക്ഷൻ  ചിത്രങ്ങളൂം  ആയി  തരം  തിരിക്കപ്പെട്ട  ആ  കാലഘട്ടതയിൽ  നായകന്റെ  നിഴൽ  മാത്രം  ആയി  ഒതുങ്ങിയവരോ   പ്രണയത്തിനു  വേണ്ടി  മാത്രം  ശബ്ദം  ഉയർത്തുന്നവരോ  ആയി  നായികാ  കഥാപാത്രങ്ങൾ  ഒതുങ്ങി .ഇതിൽ  രണ്ടിലും  പെടാത്ത  ഒരു  വിഭാഗം , അൽപ  വസ്ത്രധാരികളായി  നൃത്തം  ചെയുന്ന  മാദക  സുന്ദരികളായ  നടികൾ  ആണ് .ഇവരുടെ  കഥാപാത്രങ്ങൾക്കു  പലപ്പോളും  ഒരു  പേര്  പോലും  ഉണ്ടാകണം  എന്നില്ല .സ്ത്രീ  ശരീരത്തെ  വെറും  ഉപഭോഗ  വസ്തുവായി  തരംതാഴ്ത്തുന്ന  തരത്തിലുള്ള  ഇത്തരം  കഥാപാത്രങ്ങൾ  ഇന്നും  പല  ചിത്രങ്ങളിലും  കാണാം  എന്നത്  തികച്ചും  പരിതാപകരം  ആണ് .

ഉയർത്തെഴുനേൽപ്പ്‌

എന്നാൽ  ഈ  കാലഘട്ടത്തിനു  ശേഷം  ഒട്ടനവധി  ശക്തമായ  സ്ത്രീ  കഥാപാത്രങ്ങൾ  ഹിന്ദി  ചിത്രങ്ങളിൽ  ഉണ്ടായി .ആധുനിക  സ്ത്രീയുടെ  പ്രശ്നങ്ങൾ   കൈകാര്യം  ചെയ്യാൻ  ചിത്രങ്ങൾ  തയ്യാറായി   എന്നും  ഒരു  വസ്തുതയാണ് . പിങ്ക്  എന്ന  ചിത്രം  മുന്നോട്ടു  വയ്ക്കുന്ന  ഒരു  ശക്തമായ  ആശയം  ഉണ്ട് . ഒരു  സ്ത്രീയുടെ  സമ്മതത്തിന്റെ   വില , പലപ്പോഴും  സമൂഹം  അംഗീകരിക്കാൻ  മടി  കാണിച്ചിട്ടുള്ള  ഇത്തരം  പ്രമേയങ്ങളെ  വളരെ  ശക്തമായി  മുന്നോട്ടു  വച്ച  സിനിമകൾ ഹിന്ദിയിൽ  ഉണ്ടായി . ചെറു  പ്രായത്തിൽ  ഒരു  പെൺകുട്ടി  ഏറ്റവും  സുരക്ഷിത  എന്ന്  അവകാശപ്പെടുന്ന  വീട്ടിൽ  വച്ച്  അനുഭവിക്കേണ്ടി  വന്ന  പീഡനം  വളർന്നിട്ടും  അവളുടെ  മനസ്സിൽ  മായാത്ത  മുറിവായി  നില്കുന്നു  എന്നും , അതിൽ  നിന്നും  ശക്തമായി  പുറത്തു  വരാനും  എല്ലാം  തുറന്നു  പറയാനും  അവൾക്കു  കഴിയുന്നു  എന്നും  വിവരിക്കുന്ന  Highway എന്ന  ചിത്രത്തിൽ  ആലിയ  ഭട്ടിന്റെ  കഥാപാത്രം ഒരു ഉത്തമ ഉദാഹരണമാണ് . ഭർത്താവിന്റെ  കൊലപാതകത്തിന്  പകരം  വീട്ടാൻ  എത്തുന്ന  വിദ്യ  ബാലന്റെ  കഹാനിയിലെ  കഥാപാത്രവും , ഗ്രാമത്തിൽ  തന്റെ  അപകർഷതാ  ബോധത്തിന്റെ  ചങ്ങലകൾ  പൊട്ടിച്ചെറിഞ്ഞു  ലോകം  കാണാനിറങ്ങുന്ന കങ്കണയുടെ  Queen ഇലെ  കഥാപാത്രവും  അവയിൽ  ചിലതു  മാത്രം .

 

മലയാള സിനിമയിലെ സ്ത്രീയുടെ സ്ഥാനം

 

പോരാട്ടങ്ങൾ

മലയാള  സിനിമയിലേക്ക്  കടക്കുകയാണെങ്കിൽ  സ്ത്രീകൾ  തങ്ങളുടെ  അവകാശങ്ങൾ  നേടിയെടുക്കുന്നതിനായ്  ശക്തമായ  പോരാട്ടം  നടത്തുന്ന കാലഘട്ടനമിതു .സ്ത്രീകൾക്കായി  ശബ്ദം  ഉയർത്തുന്നവർ  ഒറ്റപെടുന്നതും  അവരുടെ  ആവശ്യങ്ങൾക്ക്  കേൾവിക്കാരില്ലാത്തതും  ആയ  ഒരു  സാഹചര്യത്തിൽ  അവകാശങ്ങൾ  നേടിയെടുക്കാൻ  ചിലരെങ്കിലും  ഒരു  പോരാട്ടത്തിനായി  ഇറങ്ങി  തിരിച്ചിരിക്കുന്നത്  ശ്രദ്ദേയം  ആണ് .സിനിമയുടെ  ആഖ്യാനത്തിന്റെ  സൂക്ഷമ  രാഷ്ട്രീയത്തെ  നിയന്ത്രിക്കുന്നത്  സമൂഹത്തിൽ  നിലനിൽക്കുന്ന  പുരുഷകേന്ദ്രികൃത  വ്യവസ്ഥകൾ  ആണ്  എന്ന്  ഒരു  തിരിച്ചറിവ്  ഉണ്ടാക്കുന്ന  രീതിയിൽ  ഉള്ള  സംഭവ  വികാസങ്ങൾ  ആണ്  പലപ്പോഴും  മലയാള  സിനിമയിൽ  ഉണ്ടായി കൊണ്ടിരിക്കുന്നത് .

 

ചരിത്രത്തിലൂടെ

മലയാള  സിനിമ  ചരിത്രം  പരിശോധിക്കുകയാണെണെങ്കിൽ   അഭിനയ  രംഗത്തും  ഗാനാലാപന  രംഗത്തും  ഉള്ള  ചിലർ  ഒഴിച്ചാൽ  കാര്യമായ  സ്ത്രീ  പങ്കാളിത്തം  ആദ്യകാലങ്ങളിൽ   ഇല്ലായിരുന്നു .എന്നാൽ  അഭ്രപാളിയിൽ   ശക്തമായ  സ്ത്രീ  കഥാപാത്രങ്ങൾ  ഈ  കാലഘട്ടത്തിലും  മലയാള  സിനിമയ്ക്കു  ഉണ്ടായിരുന്നു .നീലക്കുയിൽ  മുതൽ .തുലാഭാരം  എന്ന  ചിത്രത്തിൽ   ശാരദയ്ക്ക്  ദേശിയ  പുരസ്‌കാരം  നേടി  കൊടുത്ത  നായികാ  കഥാപാത്രം , കള്ളിച്ചെല്ലമ്മ   പോലുള്ള  നിരവധി  ശക്തമായ  സ്ത്രീ  കഥാപാത്രങ്ങൾ  ആ  കാലഘട്ടത്തിൽ  മലയാള  സിനിമയിൽ  ഉണ്ടായി .

 

ഹിന്ദി  സിനിമയിൽ  എന്ന  പോലെ  മലയാളത്തിലും   ഒരു  കാലത്തു  മീശപിരിച്ചുള്ള  അമാനുഷികരായ  നായക  കഥാപാത്രങ്ങൾ  അരങ്ങു  വാണപ്പോൾ , അവരെ  ആരാധിക്കാനും , അവരാൽ  രക്ഷിക്കപ്പെടാനും   വേണ്ടി  മാത്രമുള്ളവരായി  സ്ത്രീ  കഥാപാത്രങ്ങൾ .നായകന്  കാലു  മടക്കി  തൊഴിക്കാൻ  വേണ്ടി  കൂടെ  ആണ്  നായികാ  എന്ന്  ഒരു  മടിയും  കൂടാതെ  വിളിച്ചു  പറയാൻ  സിനിമയും  അത്  കേട്ട്  കയ്യടിക്കാൻ  പ്രേക്ഷകരും  തയ്യാറായി  .ഇതിനടയിൽ മലയാള സിനിമയിൽ ഉണ്ടായ ഒരു മാറ്റമാണ് 'ഇക്കിളി ചിത്രങ്ങൾ' എന്ന ഓമന പേരിൽ അറിയപ്പെട്ടിരുന്ന  സിനിമകൾ .സദാചാര പ്രസംഗത്തിൽ എന്നും മുന്നിൽ ഉള്ള മലയാളി തലയിൽ മുണ്ടിട്ടു തീയേറ്ററുകളിൽ പോയി കണ്ടു വിജയിപ്പിച്ച ഇത്തരം ചിത്രങ്ങൾ സ്ത്രീ ശരീരത്തെ വെറും ഒരു ഉപഭോഗ വസ്തുവായി ചിത്രീകരിക്കുന്നവയായിരുന്നു.

 

എന്നാൽ  ഇതിനിടക്കും  , അതിനു  ശേഷവും  മലയാളത്തിൽ  എക്കാലത്തെയും ശക്തരായ  സ്ത്രീ  കഥാപാത്രങ്ങൾ  സൃഷ്ടിക്കപ്പെടുകയുണ്ടായി .സ്ത്രീ  ശാക്തീകരണത്തിന്റെ  വ്യത്യസ്തമായ  ഒരു  താളം   മടി  കൂടാതെ  കൈകാര്യം  ചെയ്ത  ചിത്രമായിരുന്നു  22 Female Kottyam.അതിലെ  ടെസ്സ  എന്ന  കഥാപാത്രം  തന്നെ  ചതിച്ചവരോട്  പകരം   ചോദിക്കുമ്പോൾ  ഓരോ  സ്ത്രീയും  അവളെ  ബഹുമാനിക്കുന്ന  പുരുഷനും  കയ്യടിച്ചത്ത്  ഹ്ര്യദയത്തിൽ  നിന്നായിരുന്നു . മനസിൽ  എന്നും  ഒരു  വിങ്ങൽ  ആയി  നിലകൊള്ളുന്ന  സ്ത്രീ  കഥാപാത്രങ്ങളും  മലയാള  സിനിമ  പ്രേക്ഷകർക്കായി  സമ്മാനിച്ചു് . 5 സുന്ദരികൽ എന്ന  ചിത്രത്തിൽ  അവസാന  സീനിൽ സൈക്കിളിയിൽ  ഇരുന്നു  പോകുന്ന  ആ  കുഞ്ഞു  പെൺകുട്ടിയുടെ  മുഖം  എത്രയോ  മാതാപിതാക്കളുടെ  ഉറക്കം കെടുത്തിട്ടുണ്ടാവാം .അതുപോലെ തന്നെ   'സക്കറിയയുടെ  ഗർഭിണികൾ ' എന്ന  ചിത്രത്തിൽ  സനുഷ  അവതരിപ്പിച്ച  കഥാപാത്രം .ആ  കഥാപാത്രത്തിന്റെ  പിന്നിലെ  കഥയെന്താണെന്നു  ചിത്രത്തിന്റെ  അവസാനം  വെളിപ്പെടുമ്പോൾ  നമുക്ക്  അവളോട്  തോന്നുന്നത്  സ്നേഹമാണോ . സഹതാപമോ , ആദരവാണോ  എന്ന്  പറയാൻ  പ്രയാസമാണ് .കണ്ണെഴുതി  പൊട്ടും  തൊട്ടു   എന്ന  ചിത്രം  മഞ്ജു വാര്യരുടെ മാത്രം  അല്ല  മലയാള സിനിമയുടെ  തന്നെ  ഏറ്റവും  ശക്തമായ  സ്ത്രീ  കഥാപാത്രങ്ങളിൽ  ഒന്നായിരുന്നു .

 

ഇത്തരത്തിൽ  ശക്തമായ  ഒട്ടനവധി  സ്ത്രീ  കഥാപാത്രങ്ങൾ  മലയാള  സിനിമയിൽ  ഉണ്ടാകുന്നുണ്ട് .Take off,How old are you, ഉദാഹരണം  സുജാത ,ഒഴിമുറി , കളിമണ്ണ്  പോലുള്ള  ചിത്രങ്ങൾ  അവയുടെ  നിരയിൽ  പുതിയതാണ് .സ്വാഭാവികമായ  ആഖ്യാനശൈലി  കൊണ്ടും  , യാഥാർഥ്യത്തോട്   അടുത്ത്  നിൽക്കുന്ന  അവതരണം  കൊണ്ടും  എന്നും  മറ്റു  ഇന്ത്യൻ  സിനിമകളിൽ  നിന്ന്  വേറിട്ട്  നിൽക്കുന്ന  മലയാള  സിനിമയ്ക്കു  സാധിച്ചിട്ടുണ്ട് .അത്  കൊണ്ട്  തന്നെ   ശക്തമായ  സ്ത്രീ  കഥാപാത്രങ്ങൾ  ഇനിയും  മലയാള  സിനിമയിൽ  ഉണ്ടാകും  എന്ന്  പ്രത്യാശിക്കാം .

 

മറ്റു ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങൾ


നായകന്റെ  മാത്രം  സിനിമയായി   പലപ്പോഴും  കണക്കാക്കപ്പെടുന്ന  ചിത്ത്രങ്ങളായിരുന്നു  ഇവ .എന്നാൽ  ഇതിൽ  നിന്നും  പ്രകടമായ  ഒരു  മാറ്റം  തമിഴ്  സിനിമ  രംഗത്ത്  അടുത്തകാലത്തായി  നമുക്ക്  കാണാൻ  സാധിക്കും .തമിഴ്  സിനിമ  രണ്ടായി  തരം  തിരിഞ്ഞിരിക്കുന്നു .മാസ്സ്  സിനിമയും  യാഥാർഥ്യത്തോട്  അടുത്ത്  നിൽക്കുന്ന  സാധാരണക്കാരന്റെ  സിനിമയും .രണ്ടിനും  പ്രേക്ഷകർ  ഉണ്ട്   എന്നതാണ്  ശ്രദ്ദേയം .മാസ്സ്  Super hero ചിത്രങ്ങൾക്കിടിയിലും   മുത്തഴകും (പരുത്തിവീരൻ )   സുബ്ബു്വും ( ആരണ്യ  കാണ്ഡം ),യാമിനിയും (മയക്കം  എന്ന ) ,നീലാംബരിയും (പടയപ്പാ) എല്ലാം  ശക്തമായ  സ്ത്രീ  സാന്നിധ്യമായി  നിലകൊള്ളുന്നതും  അത്  കൊണ്ടാകാം .സ്ത്രീ  പക്ഷത്തു  നിന്ന്  ചിന്തിക്കുന്ന  'ഇരൈവി '  പോലുള്ള  ചിത്രങ്ങൾ  തമ്മിൽ  ഉണ്ടാകുന്നു  എന്നത്  ഒരു  നല്ല  സൂചനയാണ് .

കന്നഡ  ,തെലുങ്കു  ചിത്രങ്ങളിൽ  തമിഴിൽ  ഉള്ളത്  പോലുള്ള  ഒരു  സമാന്തര  ശ്രേണി  അത്ര  തന്നെ  സജീവമായി   കാണാൻ  കഴയില്ല  എങ്കിലും  'മുങ്ങിന  മനസ്സ് ' , 'അരുന്ധതി ', 'ബാഗ്മതി' പോലുള്ള  ചില  ചിത്രങ്ങൾ  പതിവ്  നായക ആരാധന  വിട്ടു  സ്ത്രീ  പ്രാധാന്യം  നൽകിയിട്ടുള്ള  സിനിമകൾ  ആണ് .

 

ക്യാമറക്കു പിന്നിലെ സ്ത്രീ  സാന്നിധ്യം

 

ഇന്ത്യൻ  സിനിമയിൽ  സ്ത്രീകൾ  അധികം  കടന്നു  വരാതിരുന്ന  മേഖലകളിൽ  പോലും  ഇന്ന്  സ്ത്രീ  സാന്നിധ്യങ്ങൾ  ഉണ്ട്  എന്നത്  പ്രശംസനീയമായ  വസ്തുതയാണ് .അപർണ  സെൻ ,ദീപ  മെഹ്ത  ,കൊങ്കണ  സെൻ , ,അഞ്ജലി  മേനോൻ ,രേവതി  എന്നിവർ  സംവിധാന  മേഖലയിൽ  തങ്ങളുടേതായ  സ്ഥാനം  ഉറപ്പിക്കുമ്പോൾ , സാങ്കേതിക  മേഖലയിൽ സ്ത്രീ  സാനിധ്യം  താരതമേന്യ  കുറവാണു .ശർമിഷ്ഠ  റോയ്  ( കലാ സംവിധാനം ),അഞ്ജലി   ശുക്ല (ഛായാഗ്രഹണം ),അർഘ്യ കമൽ ,ബീന  പോൾ (ചിത്ര സംയോജനം )ഭാനു  ആദിത്യ (വസ്ത്രലങ്കാരം ) എന്നിവർ  ഈ  മേഖലയിൽ  പ്രാവീണ്യം  തെളിയിച്ച  വളരെ  ചുരുക്കം  സ്ത്രീകൾ  ആണ് .എന്തുകൊണ്ടോ  സ്ത്രീകൾ  ഇന്നും  ക്യാമറയുടെ  പിന്നിലുള്ള  സിനിമ  മേഖല  തങ്ങളുടേതല്ല  എന്ന  ധാരണ  വച്ച്  പുലർത്തുന്നുണ്ട്  .ഈ  ധാരണ  മാറി  സിനിമയുടെ  എല്ലാ  മേഖലകളിലും  സ്ത്രീകൾ  സജീവമായി  രംഗത്ത്  വരാൻ  സ്ത്രീകൾക്ക്  ജോലി  ചെയ്യാൻ  ഉള്ള  സാഹചര്യം  സിനിമയിൽ   ഉണ്ടാകണം .

 

പ്രത്യാശയുടെ പുതു വെളിച്ചം

 

സമീപ  കാലത്തു  ഉണ്ടായ  'Mee too' campaigin   ഭാഗമായി  സിനിമ  രംഗത്ത്  ഉള്ള  എത്രയോ  സ്ത്രീകൾ  തങ്ങളുടെ  ദുരനുഭവങ്ങൾ   പങ്കു   വക്കുക  ഉണ്ടായി .സ്ത്രീകൾക്ക്  സുരക്ഷിതമായി  ജോലി  ചെയ്യാൻ  ഉള്ള  സാഹചര്യം  മറ്റേതൊരു  മേഖലയിലും  എന്ന  പോലെ  സിനിമയിലും  ഉണ്ടായാൽ  മാത്രമേ  കൂടുതൽ  സ്ത്രീകൾ  ഈ  രംഗത്തേക്ക്  കടന്നു  വരികയുള്ളു .ഇതിനായി  കൂട്ടായ  ഒരു  പരിശ്രമമാണ്  ആവശ്യം .സ്ത്രീകളുടെ ഉന്നമനത്തിനായി സമൂഹത്തിൽ ഒട്ടനവധി പരിഷ്കരണങ്ങൾ നടക്കുന്ന ഈ കാലയളവിൽ തത്തുല്യമായ ഒരു പ്രതിഫലനം വെള്ളിത്തിരയിലും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. അത് വഴി സ്ത്രീകൾക്ക് ക്യാമറക്കു മുന്നിലും പിന്നിലും സുരക്ഷിതരായി ജോലി ചെയ്തു വിലയേറിയ സംഭാവനകൾ നല്കാൻ കഴിയുന്ന  ഒരു നല്ല നാളേക്കായുള്ള കാത്തിരുപ്പു നമുക്ക് തുടരാം

Srishti-2022   >>  Article - Malayalam   >>  ജനാധിപത്യ റിപ്പബ്ലിക്കിലെ വിശ്വാസ സംരക്ഷണം

ABIN JACOB

QBURST TECHNOLOGIES

ജനാധിപത്യ റിപ്പബ്ലിക്കിലെ വിശ്വാസ സംരക്ഷണം

ജനാധിപത്യ റിപ്പബ്ലിക്കിലെ വിശ്വാസ സംരക്ഷണം

 

“ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ളിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാർക്കെല്ലാം: സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും; ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമത്വവും; സംപ്രാപ്തമാക്കുവാനും; അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട്  സാഹോദര്യം പുലർത്തുവാനും; സഗൗരവം തീരുമാനിച്ചിരിക്കയാൽ; നമ്മുടെ ഭരണഘടനാ നിർമ്മാണസഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.”

 

നൂറായിരം വ്യത്യസ്ത മാനുഷിക വികാരങ്ങളെ ആവാഹിച്ച് ഭാരതം എന്ന ചട്ടക്കൂടിൽ ഒതുക്കുന്ന ഈ വാക്കുകൾ മറ്റൊരു ജനതയ്ക്കും അവകാശപ്പെടാനാവാത്ത സുരക്ഷയും ബഹുമാനവും ഓരോ ഭാരതീയനും പ്രദാനം ചെയ്യുന്നു. ജാതിക്കോമരങ്ങൾ നിറഞ്ഞു തുള്ളിയ രാജഭരണക്കാലത്തെ വേദപ്രമാണങ്ങളിൽ നിന്നും സമത്വത്തിന്റെ ഈ ജനാധിപത്യസംഹിതയിലോട്ടുള്ള ദൂരം നൂറ്റാണ്ടുകളുടെ അടിമത്തവും അവകാശലംഘനങ്ങളുമായിരുന്നു. സ്വാതന്ത്ര്യം എന്ന അടങ്ങാത്ത മോഹം മനസ്സിൽ താലോലിച്ച ഭരണഘടനാ ശില്പികൾക്ക് നവഭാരതത്തിന്റെ തലക്കുറി എഴുതുവാൻ മഷി പകർന്നത് അടിച്ചമർത്തപ്പെട്ട വലിയൊരു സമൂഹത്തിന്റെ രക്തചൊരിച്ചിലായിരുന്നു. വർണ്ണക്കടലാസുകളിൽ ചേരാത്ത ആ വാക്കുകൾ രചിക്കപ്പെട്ടത് അവരുടെ ശവകൂടീരങ്ങൾക്കു മീതെയും.

 

കശ്മീർ മുതൽ കന്യാകുമാരി വരെ നിറഞ്ഞു നിൽക്കുന്ന വിഭിന്നങ്ങളായ സംസ്കാരങ്ങളെ ഉൾക്കൊള്ളുക എന്നത് തന്നെയാവും ഭരണഘടനാ ശിൽപ്പികൾ നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി. എന്നിരുന്നാലും ഭാരതത്തിന്റെ അന്തസ്സത്ത ഈ വൈവിധ്യത്തിലാണെന്ന ബോധ്യത്തോടെ ഓരോ പൗരന്റേയ്യും വിശ്വാസവും അവ ആചരിക്കുവാനുള്ള അവകാശവും എക്കാലവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് അവർ നിർദ്ദേശിച്ചു. ഒപ്പം തുല്യതയും നീതിയും പരമപ്രാധാന്യത്തോടെ അവതരിപ്പിക്കുകയും ചെയ്തു. ശതകോടി ഭാരതീയരുടെ അനുഗ്രഹാശ്ശിസുകളോടെ നിലവിൽ വന്ന ഭരണഘടന ഇന്ന് നമ്മുടെ മുന്നേറ്റത്തിന്റെ നട്ടെല്ലായി വർത്തിക്കുന്നു.

 

ഭാരതത്തിന്റെ നവോത്ഥാന ചരിത്രം പരിശോധിക്കുമ്പോൾ, ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന പ്രമാണങ്ങളെ ആധാരമാക്കി ദുരാചാരങ്ങളും പലവിധ വിവേചനങ്ങളും തരംതിരിച്ച് തുടച്ചു നീക്കിയ ജനനായകരുടെ നാമങ്ങൾ പല താളുകളിലും കാണാം. അവരുടെ പിന്നിൽ ഉറച്ചുനിന്നിരുന്ന ബഹുജന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പങ്കും വിസ്മരിക്കാവുന്നതല്ല. എന്നാൽ കാലം ചെല്ലുന്തോറും, അധികാരത്തുടർച്ചയ്ക്ക് ഏതാനും  പ്രാദേശിക വോട്ടുബാങ്കുകളെ ഏകോപിപ്പിച്ചാൽ മാത്രം മതിയെന്ന കണ്ടെത്തൽ രാഷ്ട്രീയ പാർട്ടികളെ മത മേലാളന്മാരുടെ ചരടുപ്പാവകളാക്കിതീർത്തു. തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ നിയന്ത്രണത്തിനതീതമായി സ്വയംഭരണ സ്ഥാപനങ്ങളായി മതങ്ങൾ മാറി. രാഷ്ട്രീയ പാർട്ടികൾ വർഗ്ഗീയതയ്ക്ക് ചൂട്ട് പിടിച്ച് അധികാരകേന്ദ്രങ്ങൾ കയ്യടക്കിയ്യപ്പോൾ പെരുകി വരുന്ന ദുരാചാരങ്ങൾ കണ്ടില്ലെന്നു നടിച്ചു. മതേതര റിപ്പബ്ലിക്കായ ഇന്ത്യ മതങ്ങളുടെ റിപ്പബ്ലിക്കായി മാറി.

 

ബാല്യകാലം തൊട്ട് പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രാർത്ഥനകളിലും അഭിരമിച്ച് കഴിയുന്ന ഭാരതീയരുടെ രക്തത്തിൽ മാതൃസ്നേഹം പോലെ അലിഞ്ഞു ചേർന്നിട്ടുള്ളതാണ് വിശ്വാസവും. പഴകുംത്തോറും വീര്യം കൂടുന്ന ആ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന മതനേതൃത്വം, ദൈവത്തെപ്പോലും വെറുമൊരു മതനേതാവാക്കുന്നു. വാമൊഴിയായോ വരമൊഴിയായോ തലമുറകൾ കൈമാറിപ്പോരുന്ന ആചാരങ്ങളിലെ ശരിതെറ്റുകളെ വേർതിരിച്ചു വിശ്വാസികളെ ബോധ്യപ്പെടുത്താതെ അവ ഓരോന്നും ശിരസ്സാവഹിക്കേണ്ട ആജ്ഞകളായി തെറ്റിദ്ധരിപ്പിക്കുന്നു. സ്വകാര്യാവശ്യങ്ങൾക്കുപ്പോലും ഭരണകൂടവുമായി വിലപേശാൻ വിശ്വാസികളെ ദുരുപയോഗപ്പെടുത്തുന്നു. അടിസ്ഥാന മില്ലാത്തതും മനുഷ്യന് ഹാനികരവുമായ പല ആചാരങ്ങളും അനുഷ്ഠാനങ്ങളും സമൂഹത്തിന്റെ നന്മയെ കരുതി ഭരണകൂടത്തിന്റെ ഒപ്പം നിന്ന് നിയന്ത്രിക്കേണ്ട മതനേതാക്കൾ ഇന്ന് വർഗ്ഗീയവാദികളായി തരം താഴുന്നു. ഭരണഘടനാ അനുശാസിക്കുന്ന ആരാധനാസ്വാതന്ത്ര്യത്തെക്കുറിച്ച്   എന്നും വാചാലരാകുന്നവർ സ്വന്തം വിശ്വാസാചാരങ്ങൾ മറ്റൊരുവന്റെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമായി ചൂണ്ടിക്കാട്ടപ്പെടുമ്പോൾ ഭരണഘടനയെത്തന്നെ തള്ളി പറയുന്നത് നിലപാടുകളിലെ അവരുടെ ഇരട്ടത്താപ്പ് വെളിവാക്കുന്നു.

 

വിശ്വാസങ്ങളെ വ്രണപ്പെടുത്തി നിഗൂഡമായ അജണ്ടകൾ നടപ്പാക്കാനുള്ള ശ്രമങ്ങളിൽ കോടതികളും പലപ്പോഴും നിസ്സഹായമായ ഉപകരണമായിത്തീരുന്നു. തെളിവുകളെ ആധാരമാക്കി പ്രവർത്തിക്കുന്ന കോടതി സംവിധാനങ്ങളിൽ വാക്കുകളാൽ വ്യാഖ്യാനിക്കാൻ കഴിയാത്ത വിശ്വാസങ്ങളും എഴുതപ്പെടാത്ത കീഴ് വഴക്കങ്ങളും പരാജയപ്പെടുമെന്നതിൽ അത്ഭുതമില്ല. പക്ഷേ ഒരു മഹാഭൂരിപക്ഷത്തെ ബാധിക്കുന്നതാണെങ്കിൽ ഹർജ്ജിയുടെ പിന്നിലുള്ള താല്പര്യങ്ങളും അടിയന്തരമായി വിധിക്കേണ്ട ആവശ്യകതയും ജനഹിതവും പരിശോധിക്കുന്നത് നീതിപീഠത്തിന്റെ ശോഭ വർധിപ്പിക്കും. രാജ്യത്തിന്റെ ഭരണസംവിധാനത്തിൽ നിക്ഷിപ്ത താൽപര്യങ്ങളില്ലാത്ത ഒരേയൊരു തലം കോടതികളായതിനാൽ നാട്ടിൽ അരാജകത്വം സൃഷ്ടിക്കുവാനുള്ള ഗൂഡശ്രമങ്ങൾ തിരിച്ചറിയുവാനും ചെറുക്കുവാനും കോടതികൾക്ക് സാധിക്കും.

 

രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുന്ന ഭരണകൂടത്തിന് മാത്രമേ ഭരണഘടനയോട് ചേർന്ന് നിന്ന് വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുവാനും ആചാരങ്ങളെ ക്രമപ്പെടുത്തുവാനും ദുരാചാരങ്ങളെ തുടച്ചു നീക്കുവാനും സാധിക്കുകയുള്ളൂ. പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തിലോ മാർഗദർശികളാലോ പരാമർശിക്കപ്പെടാതെ പോയ പല സവിശേഷ സാഹചര്യങ്ങളിലും സംയമനത്തോടെ എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്ത് നയപരമായി നീതി നടപ്പാക്കുന്നതിലാണ് ഒരു ഭരണാധികാരിയുടെയ്യും സർക്കാരിന്റെയ്യും ഭരണനിപുണത വെളിവാകുന്നത്. അപ്പോഴാണ് ജനങ്ങൾക്ക് ഉദ്യോഗസ്ഥ ഭരണത്തിന്റെയ്യും ജനാധിപത്യ ഭരണത്തിന്റെയ്യും വ്യത്യാസം വ്യക്തമാകുന്നത്. മറിച്ച് വ്യക്തിപരമായ നിലപാടുകൾ ഒറ്റപ്പെടുന്ന വിഭാഗങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ നാട്ടിൽ അരാജകത്വം സൃഷ്ടിക്കുകയും വർഗ്ഗീയവാദികൾക്കത് കലാപത്തിന് തിരി കൊളുത്താൻ തീപ്പന്തം കൈമാറുന്നതിന് തുല്യവുമാവും.

 

രാഷ്ട്രീയ തൊഴിലാളികളുടെയ്യും സാമുദിയിക ദല്ലാളന്മാരുടെയ്യും ആജ്ഞാനുവർത്തികളായ ചിന്താശേഷിയില്ലാത്ത ഒരു വലിയ വിഭാഗം ജനങ്ങൾ ഏതു നടപടിയുടെയും ആക്കം കൂട്ടുന്നു.  നേതാക്കന്മാരുടെ സ്വാർത്ഥതാല്പര്യങ്ങൾ നടപ്പിലാക്കുവാൻ പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിച്ച് അന്ധവിശ്വാസങ്ങൾ കുത്തിനിറച്ച് ജനങ്ങളെ ദാരിദ്ര്യത്തിൽ നിലനിർത്തുന്ന സംവിധാനം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ശക്തമായി പ്രവർത്തിക്കുന്നു. ദുരാചാരങ്ങളെ എതിർക്കുന്നവരുടെ ശ്രദ്ധയിൽ പലപ്പോഴും ഇത്തരം പരമ്പരാഗത ‘ആചാരങ്ങൾക്ക്’ സ്ഥാനമില്ല.

 

നവോത്ഥാനം ഒരു തുടർപ്രക്രിയ ആണ്. കാലഹരണപ്പെട്ട നിയമങ്ങളും കീഴ് വഴക്കങ്ങളും മാറേണ്ടിയിരിക്കുന്നു. എന്നാൽ അത് വിശ്വാസത്തെ സംബന്ധിച്ചാവുമ്പോൾ ഓർക്കേണ്ടത് കാലപ്പഴക്കം ആചാരങ്ങളുടെ തീവ്രത കൂട്ടുന്നു എന്നുള്ളതാണ്. വേണ്ടത് ദുരാചാരങ്ങളെ തിരിച്ചറിയുവാനുള്ള സൂചകങ്ങളാണ്. ഒരുപക്ഷേ ഭരണഘടനയിലെ നിർവചനങ്ങൾക്കാണ്ടുമാത്രം ആചാരങ്ങളെ വേർതിരിക്കുവാൻ സാധിച്ചെന്നു വരില്ല. ഭരണഘടനയുടെ ന്യൂനതയായി അതിനെ കാണുന്നതിനു പകരം മാനുഷിക വികാരങ്ങളുടെ തുറന്ന വിഹായസ്സിനെ അക്ഷരങ്ങളിലേക്ക് പകർത്തുന്നതിലുള്ള പരിമിതിയായി കണക്കാക്കുന്നതാണുചിതം. അതിനാൽ മറ്റൊരുവന്റെ സ്വാതന്ത്ര്യവും സ്വൈര്യജീവിതവും ഹനിക്കാത്തിടത്തോളവും വിശ്വാസികൾ സുരക്ഷിതരായിരിക്കുന്നിടത്തോളവും ആചാരങ്ങൾ ആചരിക്കപ്പെടട്ടെ. മറിച്ച് സംഭവിക്കുമ്പോൾ സമൂഹത്തിൽ എല്ലാ തലങ്ങളിലുമുള്ള ചർച്ചകൾക്കും ശരിയായ ബോധവൽക്കരണത്തിനും ശേഷം ദുരാചാരങ്ങൾ അവസാനിക്കട്ടെ. അത്തരത്തിൽ.. വാഴട്ടെ.. നമ്മുടെ ഭരണഘടന നിർവചിക്കുന്ന ജനാധിപത്യ റിപ്പബ്ലിക്ക് !

Srishti-2022   >>  Article - Malayalam   >>  ഇത് നമ്മുടെ ലോകം

Amrutha Paul P

Infosys Limited

ഇത് നമ്മുടെ ലോകം

ഇത് നമ്മുടെ ലോകം   

 

നമ്മൾ എല്ലാവരും ഒരിക്കലെങ്കിലും പ്രകൃതി ഭംഗി ആസ്വദിച്ചിട്ടുണ്ടാവും .പുലർകാലേ ഉണരുമ്പുമ്പോൾ പളുങ്കുപോലെ ഒഴുകുന്ന പുഴയും അതിലെ തിളങ്ങുന്ന വെള്ളാരം കല്ലുകളും , അതിനടുത്തുള്ള പച്ച പുൽ നിറഞ്ഞ കുഞ്ഞു മല നിരകളും , ഏഴു നിറങ്ങളാൽ  അലംകൃതയായ മഴവില്ലു നമ്മളെ നോക്കി പുഞ്ചിരിക്കുന്നതും സ്വപ്‌നം  കണ്ടു എഴുന്നേക്കുന്നതിനെ പറ്റി ആലോചിക്കൂ .ആ ദിവസം എത്ര സുന്ദരമായിരിക്കും .

 

 പക്ഷെ ആ പ്രഭാതത്തിൽ സ്വപ്‌നം  തന്ന ഉന്മേഷം നമ്മുടെ വീടിനു പുറത്തോട്ട് ഇറങ്ങുമ്പോൾ തന്നെ അവസാനിക്കുന്നു .വഴികളിൽ കൂട്ടി ഇട്ട മാലിന്യങ്ങള് ,ഈച്ചകളും കൊതുകുകളും ഓടി നടന്നു രോഗം പടർത്തുന്ന അഴുക്കു ചാലുകളും , കറുത്ത പുക കൊണ്ട് നിറഞ്ഞ ആകാശവും. നമ്മുടെ സുന്ദര സ്വപ്നത്തിൽ നിന്ന് എത്ര അകലെയാണ് ഇന്നത്തെ ഭൂമി.എങ്ങനെയാണ് ഈ ലോകം ഇത്ര മാറിയത് .നമ്മളൊന്ന് തിരിഞ്ഞു നോക്കേണ്ട സമയം തന്നെ ഒത്തിരി വൈകിയിരിക്കുന്നു .

 

 സംസ്കാരങ്ങൾക്കും ആചാരങ്ങൾക്കും പേര് കേട്ടവരാണ്  നമ്മൾ കേരളീയർ . ശരീരത്തിന്റേയും മനസ്സിന്റെയും ശുന്ധി നമ്മുടെ ആചാരങ്ങളുടെയും ദിനചര്യയുടെയും ഭാഗം തന്നെയാണ്.പക്ഷെ നമ്മുടെ അമ്മയായ ഭൂമി ദേവിയെ കാത്തു സൂക്ഷിക്കാൻ നമ്മൾ എല്ലാരും മറന്നു പോയി .വീട് വൃത്തിയാക്കി മാല്യങ്ങളൊക്കെ റോഡിലേക്ക്  തള്ളുന്നു.ഞാൻ , എൻ്റെ വീട് , അതിലേക്ക് മാത്രം ഒതുങ്ങുന്ന സ്വാർത്ഥത അല്ലെ നമ്മളെ ഇങ്ങനെയൊക്കെ ചെയ്യാൻ പ്രേരിപ്പിക്കുന്നത് .ഈ ലോകം ഇന്നത്തെ  മനുഷ്യന് മാത്രം സ്വന്തല്ല. ഇത് കിളികളുടെയും മൃഗങ്ങളുടെയും നാളത്തെ തലമുറക്കും അവകാശപ്പെട്ടതാണ് .എത്രയോ ജീവജാലങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങളാൽ ചത്തൊടുങ്ങുന്നു. 

 

മനോഹരങ്ങളായ സൗധങ്ങൾ കെട്ടി പെടുക്കാനുള്ള മനുഷ്യന്റെ വ്യഗ്രതയിൽ , മണൽ വാരലും വയൽ നികത്തലും മൂലം  വറ്റി വരണ്ടു ഭൂമി ദേവി യുടെ കണ്ണ് നീര് ചാലുകൾ ഓർമിപ്പിക്കും വിധം ഒഴുകുന്ന പുഴകളെ നിങ്ങൾക്ക് എങ്ങനെ അവഗണിക്കാൻ പറ്റുന്നു.ദാഹജലം കിട്ടാതെ കരയുന്ന കുഞ്ഞുങ്ങളുടെ മുഖം എത്ര സങ്കടപെടുത്തുന്നത് ആണ്.

 

നാമൊന്നു നമുക്കൊന്ന് എന്നുള്ള ആപ്തവാക്യം നമുക്കെല്ലാം സുപരിചിതമാണല്ലോ. ഇതിനു കേരളീയ കുടുംബങ്ങളിൽ കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ടെങ്കിലും വാഹനങ്ങളുടെ എണ്ണം കൂടി കൂടി വരുന്നുണ്ട്. വീട്ടിലെ ഓരോ അംഗങ്ങൾക്കും  രണ്ടോ മൂന്നോ വാഹനങ്ങൾ . ഇവയൊക്കെ പുറന്തള്ളുന്ന  പുക ,നയന മനോഹരമായ  നീലാകാശത്തിന്നു കറുപ്പ് വ്യാപിപ്പിക്കുന്നു.ഇവിടെ വില്ലൻ നമ്മുടെ സുഖലോലുപത ആണ്.

ഇങ്ങനെ എത്രയോ മലിനീകരണ പ്രശ്‌നങ്ങൾ .കേരളത്തിലെ  ഹർത്താൽ നടത്തിപ്പുകാരോട് ഒരിക്കല്ലെങ്കിലും എനിക്ക് സ്നേഹം തോന്നിയുട്ടുള്ളത് ഈ വിഷയത്തിലാണ്. അത്രയെങ്കിലും കുറച്ച പുക അല്ലെ അന്തരീക്ഷത്തിലെത്തു. നന്ദി സഖാക്കളെ !!!

 

 

 

മാറ്റേണ്ടത് നമ്മുടെ ചിന്താ രീതികളാണ്. ഈ ലോകം മറ്റുള്ളവർക്കും കൂടി നാം കാത്തു സൂക്ഷിക്കണം എന്ന ബോധ്യം നമ്മളിൽ എല്ലാവരിലും ഉടലെടുത്താൽ ഇനിയെങ്കിലും നമുക്ക് ബാക്കിയുള്ള പ്രകൃതിയെ  സംരക്ഷിക്കാനാകും.നീലാകാശവും പച്ച  കടലും ചുവന്ന ഭൂമിയും അന്വേഷിച്ചു ഒത്തിരി ദൂരം പോകേണ്ടി വരില്ലാ. എല്ലാം നമ്മുടെ ചുറ്റിലുമുണ്ടാവും .

 

പക്ഷെ എങ്ങനെ ??? പരാചയങ്ങളിൽ നിന്നും തോല്‌വികളിൽ നിന്നും ആണ് മനുഷ്യർ ഏറ്റവും കൂടുതൽ പഠിക്കാറു .നമ്മൾ നേരിട്ട ഏറ്റവും വലിയ  പ്രശ്‌നം  ആണ് പ്രളയം .ശീലങ്ങളെ മാറ്റി എടുക്കണം. ഒരു മഹാ പ്രളയത്തെ ഒത്തൊരുമിച്ചു നേരിട്ടവരാണ് നമ്മൾ .അതെ ഒത്തൊരുമ കൈ വിടാതെ , ഈ സുന്ദര ഭൂമിയെ നമുക്ക് തിരിച്ചു പിടിക്കാം.നാം നന്നായാൽ കുടുംബം നന്നാവും , കുടുംബം നന്നായാൽ സമൂഹവും.

 

നമ്മുടെ വിദ്യാഭ്യാസത്തിൻെ ഒരു ഭാഗമാകട്ടെ പരിസര ശുചികരണം .ഓരോ ദിവസോം അതിനു വേണ്ടി കുട്ടികൾക്ക് കുറച്ചു സമയം കൊടുക്കാം . നമ്മുടെ ആരാധാനാലയങ്ങളുടെ പ്രേവേശനത്തിനു ഇനി മനുഷ്യർ ആയിരിക്കുന്ന ചുറ്റുപാടിന്റെ വൃത്തിയും ഒരു മാനദണ്ഡമാകട്ടെ , അതൊരു ആചാരമായി മാറട്ടെ . ഐ.ടി. കമ്പനികൾക്കും മാസത്തിലൊരിക്കലെങ്കിലും ഇതിനു സമയം കണ്ടെത്താം.ഒരുമിച്ചുള്ള പ്രവൃത്തികൾ  ആവേശേകരമാണ് .വൃത്തിയുള്ള നാട് , നമ്മുടെ അഭിമാനമാവട്ടെ .

Subscribe to Article - Malayalam