Skip to main content
Srishti-2022   >>  Short Story - Malayalam   >>  നൽനിമിഷങ്ങൾ

Vineetha Anavankot

Infosys

നൽനിമിഷങ്ങൾ

 

'എന്റെ മീറ്റിങ് തീർന്നൂട്ടോ'

 

മാധവിന്റെ ഫോണിൽ ധ്വനിയുടെ മെസ്സേജ് വന്നു.

 

'ഓക്കേ. ഞാൻ കാൾ കഴിഞ്ഞതും ഇറങ്ങും. നീ ഇറങ്ങിക്കോ.കുട്ടേട്ടനും തുളസിയേച്ചിയും അവിടെ നിന്നെ നോക്കിയിരിക്കുന്നുണ്ടാവും. ഞാൻ ഒന്നൂടെ വിളിച്ചോർമ്മിപ്പിച്ചിരുന്നു ഇന്നലെ. എന്നാലും ഒന്നു ശ്രദ്ധിച്ചേക്കണേ. കുളപ്പടവിലെല്ലാം നല്ല പായൽ കാണും. ആ ഇടിഞ്ഞുവീണ പടവിൽ ഒരു കല്ലു കൊണ്ടിട്ടേക്കാൻ പറഞ്ഞോ. അടുക്കളയിൽ കുറച്ചു ഉണങ്ങിയ വിറകുകീറിവച്ചതും കൂടെ ഇട്ടേക്കാൻപറയണേ. പലചരക്കു സാധനങ്ങളുടെ ലിസ്റ്റ് ഞാനിന്നലെ കൊടുത്തിട്ടുണ്ട്. വാങ്ങിവച്ചുകാണും. പച്ചക്കറികൾ ഞാൻ വരുമ്പോ കൊണ്ടുവരാം. എന്റെ തൈരും ചോറും തേങ്ങാച്ചമ്മന്തിയും ഇലയടയും മറക്കല്ലേട്ടോ കുട്ടീ...

 

കടവത്തു തോണി കാണുമോ എന്തോ ! 

 

ആഹ് പിന്നേ... അല്ലെങ്കിൽ വേണ്ട, അതു നീ അവിടെപ്പോവുമ്പോ കണ്ടാൽമതി.’

 

തന്റെ ഫോണിൽ വന്ന മാധവിന്റെ നീണ്ട മറുപടി വായിച്ചു പുഞ്ചിരിച്ചുകൊണ്ട് ധ്വനി മറുപടി ടൈപ്പ്‌ ചെയ്തു.

 

'ഓഹ് എന്റമ്മേ എല്ലാം ഞാൻ നോക്കിക്കോളാം. ഇതെത്രാമത്തെ തവണയാ ഒക്കേം ഓർമിപ്പിക്കണേ? ഞാൻ ഇറങ്ങുവാണുട്ടോ. കം സൂൺ..'

 

മറുപടി അയച്ച് കമ്പ്യൂട്ടർ ഷട്ട് ഡൌൺ ചെയ്ത് അന്നത്തെ ജോലികൾ തീർത്ത ആശ്വാസത്തിലും, മാസങ്ങൾക്കുശേഷം മാധവിന്റെ നാട്ടിലേക്ക് പോകുന്ന സന്തോഷത്തിലും ധ്വനി ഓഫീസിൽ നിന്ന് ഇറങ്ങി. 

 

 

 

പുറംനാടുകളിൽ ജനിച്ചുവളർന്നിട്ടും മലയാളത്തോടുള്ള സ്നേഹം ഒന്നിപ്പിച്ച രണ്ടു യുവ ഐടി പ്രൊഫഷണലുകൾ ആണ് മാധവും ധ്വനിയും. തൊഴിൽസംബന്ധമായ ഒരു മീറ്റിങ്ങിൽവച്ചു കണ്ടുമുട്ടി സുഹൃത്തുക്കളായവർ. നാലു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായി കൊച്ചിയിൽ വന്നു സ്ഥിരതാമസമാക്കി, അവിടെ രണ്ടു കമ്പനികളിൽ ജോലിനോക്കുന്നു ഇരുവരും. കവിതകളെയും , യാത്രകളെയും, മഴയെയും, ഭക്ഷണത്തെയും, കാല്പനികതയെയും, തങ്ങളെയും, സുഹൃത്തുക്കളെയും മനംനിറഞ്ഞുചേർത്തുപിടിക്കുന്നവർ. രാജ്യാന്തര യാത്രകളും, സുഹൃദ്‌സംഗമങ്ങളും, ജോലിത്തിരക്കും മാറ്റിവച്ച് ഇടയ്ക്കവർ ഒരൊളിച്ചോട്ടം നടത്താറുള്ള സ്ഥലമാണ് മാധവിന്റെ പാലക്കാട്ടെ കൊച്ചുഗ്രാമം. 

 

നേരത്തെയും വേഗവും എത്താനുള്ളതിനാൽ ധ്വനി കാറെടുത്ത് ഉച്ചതിരിഞ്ഞതും പുറപ്പെട്ടു. സന്ധ്യയ്ക്കുമുൻപേ വീട്ടിലെത്തിയ ധ്വനിയെയും കാത്തിരിക്കുന്നണ്ടായിരുന്നു മാധവ് പറഞ്ഞതുപോലെതന്നെ കുട്ടേട്ടനും തുളസിയേച്ചിയും. മാധവിന്റെ വീട്ടിലുള്ളവർക്ക് അത്യാവശ്യം അകത്തും തൊടിയിലും വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നത് ഇവരാണ്. മാധവിന്റെ കുടുംബം ഇന്നാട്ടിലുണ്ടായിരുന്ന കാലംതൊട്ടേ അവരുമായി അടുപ്പമുണ്ടായിരുന്നവർ. കുട്ടന്റേയും തുളസിയുടെയും കുട്ടിക്കാലവും അവരുടെ അച്ഛനമ്മമാരും മുത്തശ്ശിയുമെല്ലാം വീട്ടിൽ നിറഞ്ഞുനിന്നിരുന്ന ദിവസങ്ങളും, ഓണം - വിഷുക്കാലങ്ങളും അങ്ങനെ ഒരു നൂറു വിശേഷങ്ങളും എന്നും മാധവിന്റെ അച്ഛന്റെ പ്രിയപ്പെട്ട നാട്ടുവർത്തമാനങ്ങളാണ്.

 

"ആ... കുട്ടി എത്തിയോ. അപ്പൂട്ടൻ(മാധവ് നാട്ടിലെല്ലാവർക്കും അപ്പുവാണ്) കുറച്ചുമുമ്പുംകൂടെ വിളിച്ചതേയുള്ളൂ, കുട്ടി നേരത്തെ പുറപ്പെട്ടിട്ടുണ്ട്, ഉടനെ എത്തുംന്നുംപറഞ്ഞ്."

 

"വഴീലോക്കെ ബ്ലോക്കായിരുന്നു തുളസിയേച്ചി, സ്കൂളുവിടണ സമയോം പിന്നെ വെള്ളിയാഴ്‌ചേം, ഒന്നും പറയണ്ട തിരക്ക്!"

 

"നല്ല ക്ഷീണാണ്ടാവൂലോ കുട്ടിക്ക്, ദാ ഈ ശർക്കരക്കാപ്പി കുടിച്ചിട്ട് പോയൊന്ന് മുങ്ങിക്കുളിച്ചിട്ട് വന്നോളൂ. കുളപ്പുരയിൽ ഞാൻ ഒരൂട്ടം കൊണ്ട്‌വെച്ച്ണ്ട്. അപ്പൂട്ടൻ പ്രത്യേകം വിളിച്ചുപറഞ്ഞതാ."

 

ചേച്ചി തന്ന ചൂടു കാപ്പിയുംകുടിച്ച് ബാഗുകൾ കൊണ്ട്‌ മുകൾനിലയിലെ അവരുടെ മുറിയിൽവെച്ച് തന്റെ പ്രിയപ്പെട്ട ചുവന്നകര മുണ്ടും നേര്യതും തുവർത്തുമെല്ലാമെടുത്ത് ധ്വനി കുളപ്പടവിലേക്കു നടന്നു. സമയം സന്ധ്യയാകാറായിരുന്നു. 

 

കുഞ്ഞായിരുന്നപ്പോൾ, വീട്ടുമുറ്റത്തേക്കിട്ട ചാരുകസേരയിൽ തന്നെയും നെഞ്ചിൽകിടത്തി സന്ധ്യാസമയത്ത് ആകാശം നിറഞ്ഞുപറക്കുന്ന പക്ഷികളെക്കാണിച്ച് 'അവരൊക്കെ വീട്ടിൽപ്പൂവ്വാട്ടോ' എന്നു പറഞ്ഞുതരാറുള്ള ഉണ്ണിമാമയാണ് ധ്വനിയുടെ എറ്റവും പ്രിയപ്പെട്ട സന്ധ്യാ ഓർമ്മ. 

 

എന്തിനെക്കുറിച്ചും ഗൃഹാതുരത്വം നിറഞ്ഞ ഒരോർമ്മയെങ്കിലും പറയാനുണ്ടാവും തനിക്കും മാധവിനും, തങ്ങളെ അടുപ്പിച്ചതിൽ അതൊരു പ്രധാന കാരണമായിരുന്നു, എന്നുമെല്ലാം ചിന്തിച്ചുകൊണ്ട് കുളത്തിലേക്ക് നടന്നെത്തി ധ്വനി. 

 

കഴിഞ്ഞതവണ വന്നപ്പോൾ പായലുനിറഞ്ഞ് പടവുകളിളകിക്കിടന്ന കുളം ഇപ്പോൾ ഭംഗിയായി പടുത്തുവെച്ചിരിക്കുന്നു. തെളിഞ്ഞ ഇളംപച്ച നിറമുള്ള തണുത്തജലത്തിൽ കുറച്ചുനേരം കാലിട്ടിളക്കി കുളത്തിനുചുറ്റുമുള്ള മരങ്ങളെയും ആകാശവുംനോക്കി വെറുതെയിരുന്നപ്പോഴാണ് തുളസിയേച്ചി പറഞ്ഞിരുന്നകാര്യം അവൾക്ക് ഓർമവന്നത്. ഇത്തിരി കറ്റാർവാഴയും നെല്ലിക്കയും കറിവേപ്പിലയും കഞ്ഞുണ്ണിയും ഒക്കെയിട്ടു കാച്ചി അമ്മയുണ്ടാക്കി അയച്ചുതന്ന എണ്ണ അല്പമെടുത്ത് നീണ്ട മുടിയിഴകളിൽപുരട്ടി നെറുകയിൽ മസ്സാജ് ചെയ്തുകൊണ്ട് അവൾ കുളപ്പുരയിലെ കുഞ്ഞുമുറിയിൽ ചെന്നുനോക്കി. 

 

അവിടെയതാ ഒരു വാഴയിലയിൽ നിറയെ കസ്തൂരിമഞ്ഞൾ അരച്ചുവച്ചിരിക്കുന്നു. എന്നോ ഏതോ ഓർമ്മകളിൽനിന്നെടുത്തുപറയുന്ന പൊട്ടും പൊടിയും കൂട്ടിവെച്ച് അപ്രതീക്ഷിതമായി അതു കണ്മുന്നിലെത്തിച്ചുതരുന്ന മാധവ് അവൾക്കെന്നും ഒരത്ഭുതമായിരുന്നു. അവനോളം സർപ്രൈസുകൾ കൊടുത്തു സന്തോഷിപ്പിക്കാൻ ധ്വനിക്കൊരിക്കലും കഴിഞ്ഞിരുന്നില്ല. തന്റെ എറ്റവും പ്രിയപ്പെട്ട മീറ്റിംഗ് ബൈപ്രൊഡക്ട് എന്നവൾ പകുതികളിയായും പകുതി കാര്യമായും വിളിക്കാറുണ്ടവനെ.

 

 "ഞാനുംകൂടി കൂട്ടത്തിൽകൂടിയാൽ മാഡത്തിനതൊരു ബുദ്ധിമുട്ടാകുമോ?" പെട്ടന്നായിരുന്നു അവളുടെ തൊട്ടുപിറകിൽനിന്നും ആ ചോദ്യം. 

 

"മാധവ്!! നീയിതെപ്പോവന്നു ?!? മീറ്റിംഗ് ഇത്രവേഗം കഴിഞ്ഞോ ? എന്നോടൊരു വാക്കു പറഞ്ഞിരുന്നെങ്കിൽ നമുക്കൊരുമിച്ചു വരാമായിരുന്നല്ലോ. ശ്ശൊ! ഞാനാണെങ്കി ഒറ്റയ്ക്കു ഡ്രൈവ് ചെയ്തു ബോറടിച്ചാ വന്നെ. നീയുണ്ടായിരുന്നെങ്കിൽ നിന്റെ പാട്ടൊക്കെകേട്ടു അതിലും വലുതൊന്നും വരാനില്ലാന്ന് വിചാരിച്ചു ഞാനിങ്ങു പറപ്പിച്ചെത്തിയേനെ"

 

 

 

"പോടീ ദുഷ്ടത്തി. എന്റെ ഭാര്യയെ ഒന്ന് സർപ്രൈസ് ചെയ്യാം, വയനാടൻ മലനിരകളിൽ നിന്നും കഷ്ടപ്പെട്ട് ഹാൻഡിപിക്ക് ചെയ്തെടുത്ത, ശ്ശെ കുഴിച്ചെടുത്തു കൊണ്ടുവന്ന കസ്തൂരിമഞ്ഞളൊക്കെക്കണ്ട് ഇമ്പ്രെസ്സ്ഡ്‌ ആയിനിൽകുന്ന അവൾടെ കൈയിൽന്ന് ഒരു നല്ല ഉമ്മയോ ഹഗ്ഗോ ഒക്കെ കിട്ടുംന്ന്പറഞ്ഞു ഓടിവന്ന ഞാനിപ്പോ ആരായി !! മൂരാച്ചി! അവളൊന്നും തന്നില്ലാന്നുമാത്രമല്ല എന്നെ ബോറനെന്നുവരെ വിളിച്ചിരിക്കുന്നു!ഇത് ഈ മാധവ് സഹിക്കില്ല! ഞാൻ പോണു! ആ പാവം തുളസിയേച്ചിക്ക് മാത്രേ എന്നോട്സ്നേഹോള്ളൂ. എന്റെ ഇലയട വേവുന്ന മണംകൂടെ കേട്ടില്ലാന്നു നടിച്ച് ഇങ്ങോട്ടേയ്ക്കോടിവന്ന എനിക്കിതുതന്നെ വേണം!!!!”

 

 

"അയ്യയ്യോ ചൂടാവല്ലേ എന്റെ കുട്ടീ... ഞാനൊരു തമാശ പറഞ്ഞതല്ലേ.. എന്നോടുള്ള ഇഷ്ടം ഇങ്ങനെ ഇവിടെനിറഞ്ഞുകവിഞ്ഞുനിൽക്കാണെന്നു എനിക്കറിഞ്ഞൂടെ.." മാധവിന്റെ നെഞ്ചിൽ പതിയെ അടിച്ചുകൊണ്ടു ധ്വനിപറഞ്ഞുനിർത്തി. അതുപറയുമ്പോൾ അവളുടെ കണ്ണിലുണ്ടായ സ്നേഹത്തിന്റെ മിഴിനീർത്തിളക്കം മാത്രം മതിയായിരുന്നു അവന്‌. അവളെചേർത്തുപിടിച്ചു നെറ്റിയിലൊരുമ്മകൊടുത്തുകൊണ്ട് മുഖത്തും കയ്യിലും മഞ്ഞൾതേച്ചുകൊടുത്തു മാധവ്. 

 

"എന്റെ ധ്വനിക്കുട്ടി ഒന്നൂടെ സുന്ദരിക്കുട്ടി ആവ്വ്വല്ലോ. ദേവീ! എന്നെ കാത്തോളണേ. ഇവളുടെ ഫാൻസിന്റെ ബഹളത്തിൽനിന്നും ഈയുള്ള പാവത്തിന്റെ പ്രണയത്തിനെ എന്നും ഒരു...അല്ല ഒരു പത്തുനൂറ് പടി മുകളിൽവെച്ചേക്കണേ!!"

 

പോടാ പോടാ..നിന്നെയൊക്കെ ഉണ്ടല്ലോ! എന്നുപറഞ്ഞു ചിരിച്ചുകൊണ്ട് പടവിലേക്കോടിപ്പോയി വെള്ളത്തിലേക്കൂളിയിട്ടു ധ്വനി. മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ്മനൽകിയ ഒരുമണിക്കൂർനീണ്ട ഒരസ്സൽ കുളിക്കുശേഷം രണ്ടുപേരും കരയ്ക്കുകയറിത്തുവർത്തി.

 

"ഇന്നും ചുവപ്പിലാണല്ലോ എന്റെ കുട്ടി. എനിക്ക് ഏറ്റോം ഇഷ്ടമുള്ള നിറം ആയോണ്ട് പറയല്ലട്ടോ, പക്ഷെ എന്റെധ്വനിക്ക് ചുവപ്പിൽ ഒരു പ്രത്യേ...ക ഭംഗിയാ. കാവിലെ ഭഗവതി എന്നൊക്കെ ആളോള് പറയണത്തില് കാര്യമില്ലാതില്ലാതില്ല മോളേ..!!!"

 

"നീ ഇന്നെന്നെ വല്ലാതെയങ്ങു സുഖിപ്പിക്കുന്നുണ്ട് കേട്ടോ മോനെ മാധവാ. എന്താ ഉദ്ദേശം?"

ദുരുദ്ദേശം ഒന്നുമില്ലെന്റെ ധ്വനിക്കുട്ടിയേ. വെറും പ്രേമം!! അത്രേള്ളൂ. അതുമാ...ത്രം! എന്നുപറഞ്ഞ് അവളുടെ നെറ്റിയിൽ തന്റെ നെട്ടിമുട്ടിച്ചു വലതുകൈ കൊണ്ട് ധ്വനിയെയും ചേർത്തുപിടിച്ചുകൊണ്ട് മാധവ് വീട്ടിലെത്തി.

 

'ആ എത്തിയോ! എനിക്കറിയായിരുന്നു കുളിതുടങ്ങിയാൽ രണ്ടാളും അത്രവേഗോന്നും കരയ്ക്കുകയറില്യാന്ന്. അടേടെ രണ്ടാമത്തെ എട് ഞാൻ ഇത്തിരി വൈകിയേ അടുപ്പത്തുകയറ്റീള്ളു. ദാ എടുത്തോണ്ട് വരണു. ഇരിക്കൂകുട്ട്യോളെ' എന്നും പറഞ്ഞു തുളസിയേച്ചി അടുക്കളയിലോട്ടുപോയി ഒരു പ്ലേറ്റിൽ ആവിപറക്കുന്ന ഇലയടയുംകൊണ്ട് തിരിച്ചെത്തി. 

 

 

അതിങ്ങെത്തേണ്ടതാമസം പ്ലേറ്റോടെ മുന്നിലേക്കെടുത്തുവെച്ചു കഴിപ്പുതുടങ്ങി മാധവ്. 

 

ആഹാ.. ഉം...എന്നൊക്കെയുള്ള സന്തോഷപ്രകടനങ്ങളും ആംഗ്യങ്ങളും കാണിച്ചുള്ള അവന്റെ ഭക്ഷണംകഴിക്കൽകാണേണ്ട കാഴ്ചയാണ്. ഉണ്ടാക്കിക്കൊടുക്കുന്നവരുടെ കണ്ണും മനസ്സും നിറയും. വാക്കുകളിലൂടെയും പ്രവർത്തിയിലൂടെയും മറ്റുള്ളവർക്ക് സന്തോഷം പകരാൻ ഒരു പ്രത്യേക കഴിവാണ് മാധവിന്. ചെന്നുകയറുന്നിടംമുഴുവൻ സ്വന്തമാക്കിമാറ്റുന്നൊരു മാജിക്.

 

അവന്റെ സുഹൃദ്‌വലയം ഒരിക്കലും പ്രതീക്ഷിക്കുന്ന വൃത്തത്തിനകത്തു നിൽക്കില്ല. ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരോടും ക്യാന്റീനിലേയും സെക്യൂരിറ്റിയിലെയും ഹൌസ്കീപ്പിംഗിലെയും ആളുകളോടും നാട്ടിലെയും കുടുംബത്തിലെയും സകല പ്രായക്കാരോടും ഉള്ള അവന്റെ സൗഹൃദങ്ങളും ഇടപെടലുകളും ധ്വനി എന്നും അഭിമാനത്തോടെയും സന്തോഷത്തോടെയും ഓർക്കാറുള്ളവയാണ്. എങ്ങനെയാണ് ഒരാൾക്കിങ്ങനെ എല്ലാവരുടെയും പ്രിയപ്പെട്ടവനാകാൻ കഴിയുക!

 

മാധവിന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം 'ഓർമ്മകൾ' ആണ്. അവിടെയാണവൻ ജീവിക്കുന്നത്. പഴയതും പുതിയതുമായ സംഭവങ്ങളെയും ആളുകളെയും രുചികളെയും അത്രമേൽ ചേർത്തുപിടിക്കുന്നൊരാൾ. എന്തൊരുകാര്യം പറഞ്ഞുതുടങ്ങിയാലും അതിനോടുകൂടാൻ അവനൊരു ഓര്മക്കാര്യം കാണും. സ്നേഹംനിറച്ചു വളർത്തിയെടുത്ത ഒരു കുഞ്ഞായതുകൊണ്ടാവും. 

 

പുറംനാട്ടിലെ സ്കൂൾദിനങ്ങൾ എണ്ണി നാട്ടിലെത്താൻ കൊതിച്ചുകൊതിച്ചിരുന്നതും മുത്തച്ഛന്റെ സഹായിയായികൃഷിയിടത്തിലും വീട്ടിലും കുട്ടിക്കാരാണവർ ആയി വിലസിയ കാലവും ഒരു നൂറാവർത്തി പറഞ്ഞാലും മതിയാവില്ലവന്. മേമമാരുടെയും അമ്മാവന്റെയും കണ്ണിലുണ്ണിചെറുക്കൻ. പഠിപ്പിക്കാൻ വീട്ടിലെത്തുന്ന ആശാന്റെ കണ്ണുവെട്ടിച്ച് കട്ടിലിനടിയിൽ ഒളിച്ചിരുന്ന് പിടിക്കപ്പെടുമ്പോൾ വലിയവായിൽ കരയുന്ന കുസൃതി. കൂട്ടിക്കൊണ്ടുപോയി പൊറോട്ടയും ബീഫും കഴിപ്പിച്ച് അവസാനം വീട്ടിൽവന്നെല്ലാവരോടും പറഞ്ഞുകളിയാക്കിയതോർത്ത് അമ്മാവനോടിപ്പോഴും പരിഭവിക്കുന്ന, കയ്യില്ലാത്ത വെള്ളബനിയനും ട്രൗസറുമിട്ടാദിവസങ്ങളിൽത്തന്നെ ഓടിനടക്കുന്ന കുറച്ചൂടെ വളർന്ന ചെറുക്കൻ. മുത്തച്ഛന്റെ കൂടെ വലിയ ആളായിനടക്കാൻ അച്ഛനമ്മമാരുടെ അടുത്തുനിന്നും സോപ്പിടലുകൾനടത്തി അമ്മവീട്ടിലേക്കെത്തുന്ന പ്രിയപ്പെട്ട പേരക്കുട്ടി. തിരിച്ചു ട്രെയ്‌നിൽപ്പോകാൻനേരം കരഞ്ഞുകരഞ്ഞ് അമ്മയെയും കരയിച്ച് യാത്രമുഴുവനും അടുത്തവരവിന്‌ ദിവസം നോക്കിവയ്ക്കുന്ന മുത്തച്ഛൻകുട്ടി. മുത്തച്ഛൻ എന്ന ഒറ്റ ശബ്ദത്തിൽ ഇന്നും എന്നും കണ്ണുനിറയുന്ന അദ്ദേഹത്തിന്റെ ജീവനുണ്ണി...

                        ***************

 

 

ചുണ്ടിൽ മധുരം പുരളുന്നതറിഞ്ഞാണ് ധ്വനി ചിന്തകളിൽനിന്നുണർന്നത്. നോക്കുമ്പോ അട പൊട്ടിച്ചു തന്റെ വായിൽ വച്ചുതരികയാണ് മാധവ്."ദേ ഇനി രണ്ടെണ്ണംകൂടിയെ ബാക്കിയുള്ളു. വേണെങ്കി വേഗം കഴിച്ചോ. അവസാനം തുളസിയേച്ചിയോടു പോയി ഏഷണികൂട്ടാനാണെങ്കി ഉണ്ടല്ലോ!!!"

 

 

"ഉയ്യോ രണ്ടെണ്ണമോ!! മനുഷ്യന്മാർക്ക് ഇങ്ങനേം ഉണ്ടോ ഒരു കൊതി? അതും പത്തുമിനിറ്റോണ്ട് എട്ട് അട ഒക്കെ കഴിക്കുകാന്നു പറയുമ്പോ... ഞങ്ങടെ നാട്ടിലൊക്കെ ഇതിനു ആർത്തീന്നാ പറയുക!"

കിട്ടിയ തക്കത്തിന് ധ്വനി അവനെ നന്നായിട്ടൊന്നു വാരി. 

 

 

'ഓ അതിപ്പോ ആർത്തിക്ക് എല്ലായിടത്തും അതുതന്നെയാ പറയാ. വേണെങ്കി കഴിച്ചിട്ടുപോയി കൈ കഴുകുപെണ്ണെ. പിന്നെ നടക്കാൻപോവുമ്പോ വിളിച്ചില്ലാ പറഞ്ഞില്ലാന്നൊന്നും പറഞ്ഞു വന്നേക്കരുത്' എന്നുപറഞ്ഞു മാധവ് എഴുന്നേൽകാനൊരുങ്ങി. 

 

 

'പള്ളീൽപ്പോയി പറഞ്ഞാൽമതി. ഞാനൂണ്ട്. ഞാനും ഉണ്ടേ...' എന്ന് കൂവിവിളിച്ചുകൊണ്ട് ബാക്കിവന്ന അടക്കഷ്ണം വായിൽ കുത്തിക്കയറ്റിക്കൊണ്ട് ഓടി ധ്വനി. 

"പതുക്കെ ഓടു നീ. ഞാൻ ഉമ്മറത്ത് കാണും." 

മനോരാജ്യം തുടങ്ങിയാൽ പിന്നെ ഭൂമികുലുങ്ങിയാലും അറിയില്ല! മാധവ് ഊണുമുറിയിൽനിന്നു പുറത്തേക്കു നടക്കുമ്പോൾ ചിരിച്ചുകൊണ്ട് പിറുപിറുത്തു. 

 

മാധവ് കുട്ടേട്ടന്റെയും തുളസിയേച്ചിയുടെയും കൂടെ നാട്ടുവർത്തമാനങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത് കേട്ടുകൊണ്ടാണ് ധ്വനി വന്നത്. ആഴ്ചയിലൊരിക്കൽ അവരെവിളിച്ച് ഒരു മണിക്കൂറെങ്കിലും സംസാരിക്കുമെങ്കിലും നേരിട്ടുകണ്ടാൽ ഇവിടുത്തെ കാക്കയുടെയും പൂച്ചയുടെയും വരെ വിശേഷങ്ങൾ അറിയാതെ അവരെ വിടില്ല കക്ഷി. വന്നുവന്ന് മാധവിന്റെ അച്ഛനോടും അമ്മയോടും ഉള്ളതിനേക്കാൾ അവർക്കടുപ്പം മകനോടായി.

 

'ആഹാ! കുട്ടി ടോർച്ചും കുടയുമൊക്കെയായി തയ്യാറായല്ലോ. വാ പോകാം എന്നാൽപ്പിന്നെ, വൈകിക്കണ്ട. ഭക്ഷണം ആവുമ്പോൾ അടച്ചുവെച്ച് വീട് പൂട്ടിയിറങ്ങിക്കോളൂട്ടോ ചേച്ചി. ഞങ്ങൾ കറക്കമൊക്കെ കഴിഞ്ഞുവരാൻവൈകും.' മാധവ് പറഞ്ഞു. 

'മഴവരും പെട്ടന്നെത്തിയേക്കണംന്ന് പറയിണ്ല്യ. അത് ലക്ഷ്യംവെച്ചാണല്ലോ ഈ പോക്കുതന്നെ. പോയിട്ടുവാ.' ചിരിച്ചുകൊണ്ടവർ പറഞ്ഞു. 

                    *****************

 

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങളാണ് മുറ്റത്തുനിന്ന് താഴേക്കുനീളുന്ന പടിക്കെട്ടുകൾക്കപ്പുറം. അങ്ങകലെ കല്ലടിക്കോടൻ മലനിരകളും ഇടയ്ക്കുള്ള തോടുകളും ചെറിയ പാറക്കെട്ടുകളുമൊക്കെയായി നല്ല ഭംഗിയാണ് കാണാൻ. കുറച്ചുനേരം നടന്നാൽ പാടത്തിനു നടുവിലായി ശിവപാർവ്വതിമാർ പ്രതിഷ്ഠയായിട്ടുള്ള ഒരു അമ്പലമുണ്ട്. അരികിലൊരു കുളവും. ആ ക്ഷേത്രപരിസരത്തുനിന്ന് ആകാശത്തുകണ്ടിട്ടുള്ള പൂർണ്ണചന്ദ്രനാണ് താൻ ജീവിതത്തിൽ ഇതുവരെ കണ്ടതിൽ വച്ചേറ്റവും മനോഹരമായകാഴ്ച എന്നാണ് മാധവ് പറയുക. പൗർണ്ണമിരാവിൽ അവിടെപ്പോയങ്ങനെ ഇളംകാറ്റേറ്റു നിൽക്കുമ്പോൾ നമുക്കുംതോന്നിപ്പോകുമത്. 

 

"നീലരാവിലിന്നു നിന്റെ താരഹാരമിളകി 

സോമബിംബ കാന്തിയിന്നു ശീതളാംഗമേകി   

പാർവ്വതീപരിണയയാമമായ് 

ആതിരേ ദേവാംഗനേ

കുളിരഴകിൽ ഗോരോചനമെഴുതാനാണയൂ..."

 

ശ്രുതിമധുരമായി പാടിക്കൊണ്ട് ധ്വനിയുടെ കൈ തന്റെ കൈയ്യിൽ കോർത്തുപിടിച്ചു മാധവ് ക്ഷേത്രത്തിനുവലംവച്ചു. ജോലിയുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിശേഷങ്ങളും തങ്ങളുടെ ഭാവിയും സ്വപ്നങ്ങളും ലോകകാര്യങ്ങളുമെല്ലാം സംസാരിച്ചുകൊണ്ട് കുറേനേരം അവിടെയിരുന്നും പാടവരമ്പത്തുകൂടെ നടന്നും അവർ മണിക്കൂറുകൾ ചിലവഴിച്ചു. ഒടുവിൽ മഴചാറിത്തുടങ്ങിയപ്പോൾ കൃഷിനോക്കുവാൻവേണ്ടി കെട്ടിവെച്ച ഏറുമാടങ്ങളിലൊന്നിലേക്കു കയറി കാലുകൾരണ്ടും മഴതൊടാൻവിട്ട് ഇനിയൊന്നും പരസ്പരംപറയാനില്ലാതെ മനസ്സുനിറഞ്ഞു രാത്രിമഴയുടെ ശബ്ദംമാത്രം ശ്രവിച്ചുകൊണ്ടവർ ഇരുന്നു. 

                           ***********

'നിനക്കോർമയുണ്ടോ മാധവ്, നമ്മൾ പരിചയപ്പെടുന്നത് ഒരു മഴക്കാലത്താണ്.' കുറേനേരം കഴിഞ്ഞപ്പോൾ മൗനംഭഞ്ജിച്ച്‌ പതിഞ്ഞ സ്വരത്തിൽ ധ്വനി പറഞ്ഞുതുടങ്ങി. "ആദ്യമായി നമ്മളൊരുമിച്ച് ഭക്ഷണംകഴിക്കാൻ പുറത്തുപോയ അന്ന് ഇടിവെട്ടിപ്പെയ്ത ആ മഴയെ, ഫുഡ്‌കോർട്ടിന്റെ നാലാൾപ്പൊക്കമുള്ള ഗോപുരത്തിന്താഴെനിന്നു നോക്കിയപോലെ എനിക്കത്രയും നമ്മളെക്കുറിച്ചു പ്രിയപ്പെട്ടതായി ഒരു ദൃശ്യം വേറെയില്ല. 

 

എന്തൊരു കാറ്റായിരുന്നു അന്ന് ! 

എന്നത്തേയുംപോലെ മറ്റുള്ളവർ മാറിനിൽക്കുമ്പോഴും ഞാൻ അടുത്തുപോയിനിന്നു കണ്ടാസ്വദിക്കാറുള്ള എന്റെ മഴക്കാലങ്ങളിലേക്ക് കൈകോർത്തുപിടിച്ച് ഇനിമുതൽ നീയുമുണ്ടാകണം എന്നെനിക്ക് വല്ലാതെ തോന്നിപ്പോയത് അന്നായിരുന്നു. എങ്ങനെയാ ഇനിയും പറയേണ്ടതെന്ന് അറിയില്ലെനിക്ക്. ചിത്രകാരിയല്ലാതിരുന്നിട്ടും ഒരായിരംതവണ കോറിവരച്ചിട്ടുണ്ട് ഞാൻ ആ രാത്രിയെയും മഴകണ്ട നമ്മളെയും. "

 

 

തിരിച്ചൊന്നും പറയാതെ തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടുകൂടി ധ്വനിയെ ചേർത്തുപിടിച്ചുകൊണ്ട് മാധവ്ചോദിച്ചു. 'നാളെ തിരുവാതിരയല്ലേ, അമ്പലത്തിൽ കഥകളിയും ഉണ്ടെന്നുകേട്ടു. പോവണ്ടേ നമുക്ക്?'

 

 

'പിന്നേ! വേണം, എത്രനാളായി ഒരു തിരുവാതിരയ്ക്ക് വീട്ടിലുണ്ടായിട്ട്. സ്കൂൾകാലം കഴിഞ്ഞിട്ട് പിന്നെ ഓർമയിൽപോലും ഇല്ല അങ്ങനെയൊരു സമയം. നല്ല ഭർത്താവിനെക്കിട്ടാൻ, നെടുമംഗല്യം ഉണ്ടാകുവാൻ എന്നതിനേക്കാളൊക്കെയുപരി തിരുവാതിരനോയമ്പ്‌ ആ ഭക്ഷണങ്ങളുടെയും തിരുവാതിരക്കളിയുടെയും ഇഷ്ടംപോലെ മുറുക്കാൻകിട്ടുന്ന വെറ്റിലയുടെയും അണിഞ്ഞൊരുങ്ങി നടക്കുന്നതിന്റെയുംപേരിൽ ഇഷ്ടപ്പെടുന്ന വേറെയും ആളുകൾ ഉണ്ടാവുമായിരിക്കും..ല്ലേ?' എന്ന് ചോദിക്കുന്ന അവളുടെ മുഖഭാവംകണ്ട്‌ മാധവിന് ചിരിയാണ് വന്നത്. 

 

 

"ഓഹോ! ഇതിനാണപ്പോ 'നീർമാതളം പൂത്തകാലത്തെ'യും, 'ഒരു ദേശത്തിന്റെ കഥ'യിലെയും, 'അഗ്നിസാക്ഷി'യിലെയും ഒക്കെ തിരുവാതിരാഘോഷം കുട്ടി റിപ്പീറ്റടിച്ചു വായിക്കണേ! ഇതിനെപ്പറ്റിയൊക്കെ വർഷാവർഷം നീ ചോദിക്കുന്നതുംകേട്ട് കുട്ടിക്കാലത്ത് പുലർച്ചെ ചൂട്ടുംപിടിച്ച് കുളത്തിലേക്ക് തുടിച്ചുകുളിക്കാൻ ഓപ്പോൾമാർക്ക് കമ്പനിപോണ കാര്യൊക്കെ പറഞ്ഞുതന്ന എന്റച്ഛൻ ആരായി?!!!"

 

"ഹിഹി. അതൊക്കിങ്ങനെ കേൾക്കാൻ ഒരു രസമല്ലേ മോനേ..! ഇനി ഇതൊന്നും കൊണ്ടുപോയി കൊളുത്തിക്കൊടുത്ത് എൻ്റെ കഥയിൽ പാറ്റയിടരുത് കേട്ടോ?"

'ശരി ശരി വാ, നമുക്ക് പോവാം. മഴതോർന്നു.' മാധവ് ചർച്ചയാവസാനിപ്പിച്ചുകൊണ്ട് എഴുന്നേറ്റു. അല്ലാതെ ഇനിയും തുടർന്നുപോയാൽ അത് ആരോഗ്യത്തിനു ഭീഷണിയാണെന്ന് വിചാരിച്ചിട്ടൊന്നും അല്ല!

 

പാടവരമ്പത്തുമുഴുവൻ നല്ല വഴുക്കലുണ്ടായിരുന്നതുകൊണ്ട് സാവധാനം ആണവർ വീട്ടിലേക്കു നടന്നെത്തിയത്. വീട്ടുമുറ്റത്തെത്തിയതും നല്ല ഉഗ്രൻ വാസന അവരെ നേരെ മുല്ലപ്പന്തലിലേക്കു നയിച്ചു. കഴിഞ്ഞതവണത്തെ വരവിനു രണ്ടുപേരുംകൂടി വച്ചുപിടിപ്പിച്ചതാണ് പലതരത്തിലുള്ള ചെമ്പരത്തികളും റോസ്, കാശിത്തുമ്പ, കിഴക്കൻപനിനീർ, അരളി, ഒട്ടുമാവ്, ഇത്യാദികളടങ്ങിയ ഉദ്യാനവും, പ്രധാന ആകർഷണമായ മുല്ലപ്പന്തലും. പേരറിയാച്ചെടികൾ ചുറ്റിലും ഭംഗിയിൽ വെട്ടിനിരത്തിയ കിണറുമുണ്ട് ഒരരികത്ത്.

 

മുകൾഭാഗം ചില്ലുകൊണ്ടുമറച്ച പന്തലിനകത്ത് മനോഹരമായ കൊത്തുപണികളുള്ള ഒരു മരയൂഞ്ഞാലും വച്ചിട്ടുണ്ട് ധ്വനി. നിലാവുകണ്ടുകൊണ്ട് കിടക്കാനാണത്രെ. ആളുടെ വായനാ/എഴുത്തുപുര എന്നുവേണമെങ്കിലും ചുരുക്കിവിളിക്കാം അതിനെ. 'ഒടുക്കത്തെ പോസിറ്റിവിറ്റി തരുന്ന സ്ഥലം' എന്നൊരു ബോർഡും വച്ചിട്ടുണ്ട് കക്ഷി.

ആ പിന്നെ, പാട്ടുകേൾക്കാൻവേണ്ടി മൊബൈൽഫോണോ റേഡിയോയോ അങ്ങനെയൊന്നും ഇവിടേയ്ക്ക്കൊണ്ടുപോകാറില്ല. അതിനുപകരമാണല്ലോ നമ്മുടെ കഥാനായകൻ ഉള്ളത്. ആൾക്കാണെങ്കിൽ അതിനകത്തുകയറിയാൽ പിന്നെ ഭോജരാജാവിന്റെ കഥയിലെ ബ്രാഹ്മണനെപ്പോലെയാണ്. സ്വിച്ചിട്ടപോലെപാട്ടുവരും!

 

'അധരം മധുരം മകരന്ദഭരം 

കോമളകേശം ഘനസംഗാശം

മൗനാചരണം മതിയിനി സുമുഖേ 

അണയൂ സഖി നീ കുവലയനയനേ

സാമാനസഞ്ചാരിണീ 

സരസീരുഹ മധുവാദിനീ..."

...................................................

...................................................

...................................................

....................................................

 

കാവടിയാടുമീ കൺതടവും

നിൻറെ കസ്തൂരിചോരുമീ കവിളിണയും

മാറിലെ മാലേയ മധുചന്ദ്രനും 

നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി 

താമരപ്പൂവിരൽ നീ തൊടുമ്പോൾ 

തരളമെൻ സ്വപ്നവും തനിത്തങ്കമായ്...' 

 

അങ്ങനെയൊരുനൂറുപാട്ടുകളുടെ വരികളിലൂടെ നീങ്ങിനീങ്ങി ആ രാത്രിയും പുലർന്നിരുന്നു.

                                                                                                                          ************

 

നേരം വെളുത്തുതുടങ്ങി, എനിക്ക് തിരുവാതിര കുളിച്ച് അമ്പലത്തിൽപ്പോണം എന്നും പറഞ്ഞ് വേഗം തിരിച്ചുവീടെത്തി ഒരുങ്ങാൻകയറിയ ധ്വനിയെയും കാത്ത് കുളിച്ചു റെഡി ആയി ഉമ്മറത്തെ തൂണുംചാരിയിരിപ്പാണ് മാധവ്. പച്ചയും സ്വർണ്ണനിറവും ഇടകലർന്ന കരയുള്ള മുണ്ടും നേര്യതും ഉടുത്ത് നാഗപട മാലയും അണിഞ്ഞുവന്ന ധ്വനിയെ നോക്കിയിരിക്കവേ അവൾതന്നെ പണ്ടെഴുതിയ വരികൾ ആണ് മാധവ്നു ഓർമവന്നത്. 

 

 

 

‘നിർമ്മാല്യം തൊഴണം,

 

ആ പൂമേനിയിൽ ചാർത്തിയൊരു മാലയെനിക്കുതരുമെങ്കിൽ...

 

വെണ്ണനിവേദ്യം കഴിപ്പിക്കണം,

 

ഒരു കുഞ്ഞായിമാറി ഒറ്റയിരിപ്പിനു പഞ്ചസാരപ്രസാദംകൂട്ടി കഴിക്കാനാവുമെങ്കിൽ...

 

കളഭം വാങ്ങണം,

 

നിന്റെ തണുത്ത നെറ്റിയിൽ ഗോപിക്കുറി ചാർത്താനാവുമെങ്കിൽ...

 

അടിപ്രദക്ഷിണം ചെയ്യണം,

 

ചാറ്റൽമഴയുണ്ടാവുമെങ്കിൽ...

 

 

 

കൃഷ്ണനാട്ടം കാണണം,

 

ഉണ്ണിക്കണ്ണൻ ഇടയിലൂടോടിക്കളിക്കുമെങ്കിൽ...

 

കാൽകഴയ്ക്കുവോളം അമ്പലത്തിനകം നടക്കണം,

 

കൈപിടിച്ച് കൂടെ നീയുണ്ടെങ്കിൽ...

 

 

 

മുല്ലപ്പൂ വാങ്ങണം,

 

നീൾമുടിയെ നീയണിയിക്കുമെങ്കിൽ...

 

അതികാലേ മഞ്ഞുകൊള്ളണം,

 

പാർത്ഥസാരഥിയെക്കാണാൻ പോരുമെങ്കിൽ...'

 

 

 

 

 

"അതേയ്, അപ്പോ ഞാൻ മാത്രം അല്ല ഇവിടെ കണ്ണുതുറന്നിരുന്നു സ്വപ്നം കാണുന്നത്. ഇതൊന്നു നേരിട്ടുകാണാൻ ഇന്നുതന്നെ അവസരം തന്ന ദൈവമേ നീ വലിയവനാണ്!" 

 

ധ്വനിയുടെ കളിയാക്കൽ കേട്ട് ചിന്തകളിൽനിന്നുണർന്ന മാധവ് അവളുടെ തലയ്ക്കൊരു കിഴുക്കുംകൊടുത്ത് അസ്സലായിട്ടുണ്ടെന്ന് കൈകൊണ്ട് ആംഗ്യംകാണിച്ച് അവളെയുംകൂട്ടി അവരിന്നലെപ്പോയ പാടത്തിനു നടുവിലെ അമ്പലത്തിലേക്ക് നടന്നു. തിരുവാതിരയായതു കൊണ്ട് അവിടെയിന്ന് വിശേഷമായിരുന്നു. പരിചയക്കാർ ഒരുപാടുപേരെ കണ്ടും സംസാരിച്ചും കുറച്ചുനേരം അവരവിടെ ചിലവഴിച്ചു. തിരിച്ചുവന്നു തുളസിയേച്ചിയുടെ തിരുവാതിര സ്‌പെഷ്യൽ റവ ഉപ്പുമാവും, പഴവും, കൂവ വിരകിയതും കഴിച്ച് കുട്ടേട്ടൻ വെട്ടിക്കൊടുത്ത ഇളനീരുംകുടിച്ചുകഴിഞ്ഞപ്പോഴേ ധ്വനിയുടെ തിരുവാതിരയുടെ പ്രധാന ലക്‌ഷ്യം നിറവേറി! 

 

                                  *****

 

തുളസിയേച്ചി ഉച്ചഭക്ഷണം ശെരിയാക്കുന്നതുവരെ മുകളിലെ വായനാമുറിയിൽ പഴയ ആൽബങ്ങളും പുസ്തകങ്ങളും നോക്കിക്കൊണ്ടിരിപ്പായിരുന്നു മാധവും ധ്വനിയും. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന, കാണാൻകൗതുകമുള്ള ചില പാത്രങ്ങളും, പെട്ടകം മുതലായ സാധനങ്ങളുമൊക്കെ ഭംഗിയായി ആ മുറിയിലവർ സൂക്ഷിക്കുന്നും ഉണ്ട്. മാധവിന്റെ മുത്തശ്ശിക്ക് എംബ്രോയ്ഡറിയിൽ വലിയ കമ്പമായിരുന്നു. ഒഴിവുസമയങ്ങളിൽ മുത്തശ്ശി വെള്ള പരുത്തിത്തുണിയിൽ പല നിറങ്ങളുള്ള നൂലുകളാൽ ചെയ്ത പല തുന്നൽപ്പണികളും പിന്നീട് വീട്ടിലെ തലയിണകളുടെ കവർ ആയും മേശവിരികളായും പരിണമിച്ചിരുന്നു. തറവാട്ടിൽ സ്ഥിരമായി ആരും നിൽക്കാത്തതിനാൽ അവയെല്ലാം ഇപ്പൊ വായനാമുറിയിലെ പെട്ടകങ്ങളൊന്നിൽ നിധിപോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് മാധവ്. ധ്വനിയുടെ തറവാട് വർഷങ്ങൾക്കുമുമ്പേ വിറ്റ് മാതാപിതാക്കളും അവരുടെ സഹോദരങ്ങളും മക്കളുമെല്ലാം ലോകത്തിന്റെ പലഭാഗങ്ങളിൽ താമസമാക്കിയതുകൊണ്ട് മാധവിന്റെ തറവാടിനോട് ഒരു പൊടിക്ക് ഇഷ്ടം കൂടുതലുണ്ട് ധ്വനിക്ക്. അതുകൊണ്ടുതന്നെ രണ്ടുപേരുടെയും കുട്ടിക്കാലത്തെ പ്രിയപ്പെട്ട സാധനങ്ങളും ഈ വായനാമുറിയിൽത്തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. 

 

 

 

പണ്ടത്തെ ആൽബങ്ങളിലൂടെ കണ്ണോടിക്കുമ്പോഴാണ് ധ്വനി, അവളുടെ കളിക്കൂട്ടുകാരുമൊത്ത് ഒരു വീടിന്റെമുന്നിൽ നിൽക്കുന്ന ഫോട്ടോ കണ്ടത്. ഫോട്ടോയുടെ ഒരറ്റത്ത് വലിയ പശുത്തൊഴുത്തും അതിലെ പൈക്കളെയുംകാണാം. പെട്ടന്ന് ധ്വനി മാധവിനോട് ചോദിച്ചു. 'നിനക്ക് ഈ ഫോട്ടോയിൽ ഉള്ളവരെ അറിയാം, പക്ഷെ ഈ സ്ഥലത്തെപ്പറ്റി ഞാൻ ഒന്നും പറഞ്ഞിട്ടില്ലാന്ന് തോന്നുന്നു അല്ലേ?' ആ ഫോട്ടോ കുറച്ചുനേരം സൂക്ഷിച്ചുനോക്കിയിട്ട് ശെരിയാണ് എന്ന ഭാവത്തോടെ ഇരിക്കുന്ന മാധവിനോട് ധ്വനി പറഞ്ഞുതുടങ്ങി. 'ഇതാണ്‌ ‌നന്ദിനിച്ചേച്ചിയുടെ വീട്. ചെറുപ്പത്തിൽ ഞാൻ ഒരുപാട് കളിക്കാൻപോകാറുണ്ടായിരുന്ന സ്ഥലം ആണ്. നീ ദാ നമ്മൾ അവിടെ മഞ്ചാടിക്കുരു നിറച്ചുവെച്ചിരിക്കുന്ന ലോട്ട കണ്ടോ? അതു പണ്ടുപയോഗിച്ചിരുന്നത് ചേച്ചിയുടെ വീട്ടിൽനിന്ന് പാലുവാങ്ങിവരാൻ ആയിരുന്നു. 

 

 

 

വെക്കേഷന് നാട്ടിൽവരുമ്പോൾ ഞാനായിരുന്നു സ്ഥിരം മേമയുടെ കൂടെ പാൽ വാങ്ങാൻ നന്ദിനിച്ചേച്ചീടെ വീട്ടിൽപോവാറുണ്ടായിരുന്നത്.

 

എന്നും വൈകീട്ടൊരു മൂന്നുമൂന്നരയാവുമ്പോ ഞങ്ങൾ പോവും.

 

 

 

നിറയെ പശുക്കളുള്ള അവരുടെ വീട്ടിലേക്ക് പോവാൻതന്നെ ഭയങ്കര ആവേശമായിരുന്നു എനിക്ക്. വൈക്കോൽകൂനയിൽനിന്ന് ഇത്തിരി വയ്ക്കോലെടുത്ത് പേടിച്ചുപേടിച്ചു തൊഴുത്തിന്റെ മുന്നിൽച്ചെന്നു പൈക്കൾക്കുനീട്ടും ഞാൻ. 

 

അവരതിന്റെ മറ്റേയറ്റത്തു കടിച്ചാൽപ്പിന്നെ ശക്തിയിൽവലിച്ച് ഒറ്റയടിക്കങ്ങു ശാപ്പിടും!

 

അതിനുമുൻപേ വേഗം കൈ മാറ്റിക്കോണം.

 

 

 

ചാണകം കൊണ്ടിടുന്ന ഒരു വലിയ കുഴിയുണ്ടവിടെ. മാടന്റെ അടുത്തു ഒടിവിദ്യ പഠിക്കാൻപോയ ശിഷ്യനെക്കൊണ്ട് പുഴുക്കൾനിറഞ്ഞ ചാണകവെള്ളം കുടിപ്പിച്ച ഐതിഹ്യമാലയിലെ കഥയാണ് എനിക്കതുകാണുമ്പോൾ എപ്പോഴും ഓർമ്മവരിക.

 

 

 

പൈക്കൾ അധികവും തൊഴുത്തിനകത്തായിരിക്കും. ഇടയ്ക്ക് പൈക്കിടാവോ അമ്മപ്പശുവോ പുറത്തുമരക്കുറ്റിയിൽകെട്ടിയ നിലയ്‌ക്കോ അല്ലെങ്കിൽ അഴിച്ചുവിട്ടിരിക്കുകയോ ആവും. അപ്പോഴാ എറ്റവും പേടി. നന്ദിനിച്ചേച്ചി കയറിന്റെ ഒരറ്റംപിടിച്ച് പൈക്കളെ മാറ്റിത്തന്നാലും അപ്പുറത്തേക്ക് കടന്നുകിട്ടുന്നതുവരെ സമാധാനമുണ്ടാവില്ല. ഒരിക്കലിങ്ങനെ കടക്കുന്നതിനിടയിൽ മൂക്കിനകത്ത് ഈച്ചപോയിട്ട് പാവം പയ്യൊന്നു തുമ്മി. ഒറ്റച്ചാട്ടത്തിനാ ഞാൻ അപ്പുറത്തെത്തിയേ! ദൂരെനിന്നു കണ്ടുരസിക്കാനായിരുന്നു എനിക്കെന്നും ഇഷ്ടം. 

 

ഞങ്ങളോട് വർത്തമാനം പറഞ്ഞുകൊണ്ടുതന്നെ വേഗം അപ്പോൾക്കറന്ന ആ ഇളംചൂടുള്ള പാൽ ലോട്ടയിലോ തൂക്കുപാത്രത്തിലോ ആക്കിത്തരും ചേച്ചി. പിന്നെ അതു തുളുമ്പിപ്പോവാതെ വീട്ടിലെത്തിക്കാനുള്ള തത്രപ്പാടാണ്.

 

 

 

അതൊക്കെക്കഴിഞ്ഞിട്ടിപ്പോൾ വര്ഷങ്ങളെത്രയോ ആയി. ആ വീട്ടിലിപ്പോ ഏറെക്കുറെ ആളില്ലാതെയായി. തൊഴുത്തിലും തിരക്കൊഴിഞ്ഞു. ഈ ഫോട്ടോയിൽക്കാണുന്ന നമ്മുടെ സിദ്ധിന്റേം പാപ്പൂന്റേം അമ്മാവന്റെ ക്യാമറയിൽ എടുത്ത ഫോട്ടോ ആണിത്. ഒരു വേനലവധിക്ക് അവരെല്ലാവരും വന്നപ്പോ എടുത്തത്.' ആവേശത്തോടെ ധ്വനി പറഞ്ഞുനിർത്തി. അപ്പോഴേക്കും ഉച്ചഭക്ഷണത്തിനായി തുളസിയേച്ചിയുടെ വിളിയുംവന്നിരുന്നു. 

 

'കഥകേട്ട് മനസ്സുനിറഞ്ഞു, ഇനി ഭക്ഷണംകഴിച്ച് വയറുനിറയ്ക്കാം'. മാധവിന്റെ വാക്കുകൾകേട്ട് ധ്വനി ചിരിച്ചുകൊണ്ട് അവന്റെകൂടെ താഴേക്കുപോയി. 

 

 

 

എട്ടങ്ങാടി അഥവാ അസ്സൽ തിരുവാതിരപ്പുഴുക്ക് ഉണ്ടാക്കിവെച്ചിരുന്നു തുളസിയേച്ചി. അതും സൂചിഗോതമ്പ് കഞ്ഞിയും കൂട്ടി ഒരു പിടിപിടിച്ചു വിശദമായി വെറ്റിലയും മുറുക്കി രണ്ടാളും. മാധവിനില്ലാത്ത ശീലമായിരുന്നു മുറുക്ക്. ധ്വനിക്കാണെങ്കിൽ അത്‌ അമ്മമ്മയുടെ ഓർമ്മയും. പുകയില ഉപയോഗിക്കാതെ വെറ്റിലയും പാക്കറ്റിൽകിട്ടുന്ന അടക്കയും ഒരിത്തിരി ചുണ്ണാമ്പുംകൂട്ടിയുള്ള മുറുക്ക് ധ്വനിയുടെ ഇഷ്ടപ്പെട്ട പരിപാടിയാണ്. ആണ്ടിലും അമാവാസിക്കും ഇതുപോലെ ഉള്ള ഏതെങ്കിലും അവസരങ്ങളിലോ, കല്യാണങ്ങൾക്കോ ചെയ്യുമെന്നേയുള്ളു എന്നുമാത്രം. മാധവും ഒരു ഓളത്തിനങ്ങു കൂടെക്കൂടും ഇപ്പോൾ. 

 

 

 

ഇന്നുംകൂടെയേ മാധവും ധ്വനിയും തറവാട്ടിലുണ്ടാകൂ. നാളെ ഉച്ചകഴിഞ്ഞ് കൊച്ചിയിലേക്ക് തിരിച്ചുപോകും. ഇന്ന് രാത്രിയിലത്തെ കഥകളിയാണ് ഈ വരവിലെ അവരുടെ അവസാനത്തെ കലാപരിപാടി. തലേന്ന് ഒരിത്തിരിപോലും ഉറങ്ങിയിട്ടില്ലാത്തതുകൊണ്ട് രണ്ടുപേർക്കും ഉറക്കം വരുന്നുണ്ടായിരുന്നു. അതുകൊണ്ട് 'വെറ്റിലമുറുക്കു കഴിഞ്ഞാലൊരു ഉച്ചയുറക്കം. അതെനിക്ക് നിർബന്ധാ!'ന്നും പറഞ്ഞുകൊണ്ട് രണ്ടാളുകൂടെപോയി നല്ലൊരുറക്കം അങ്ങുറങ്ങി!!! 

 

                               ******

എഴുന്നേറ്റപ്പോൾ വൈകീട്ട് ഏഴുമണിയായെങ്കിലും രണ്ടുപേരും ഉഷാറായിരുന്നു. കുളിച്ചു റെഡിയായി അത്താഴവുംകഴിച്ച് അവർ വീണ്ടും അമ്പലത്തിലേക്ക് നടന്നു. പണ്ടുകാലങ്ങളിലൊക്കെ ഇവിടങ്ങളിൽ തിരുവാതിരനാൾ പുലരുവോളം കൈകൊട്ടിക്കളി അഥവാ തിരുവാതിരക്കളി ഉണ്ടാകുമായിരുന്നു. ചുറ്റുപാടുമുള്ള വീടുകളിലെ സ്ത്രീകളും പെൺകുട്ടികളും വലിയ മുറ്റങ്ങളുള്ള തറവാടുകളിൽ ഒത്തുകൂടിയിരുന്നു. കാലംകടന്നുപോകെ എല്ലാം കുറഞ്ഞുവന്നു. ഇപ്പോൾ ചിലയിടത്ത് അമ്പലങ്ങളിൽ അല്ലെങ്കിൽ സാംസ്കാരികകേന്ദ്രങ്ങളിൽ തിരുവാതിര ആഘോഷങ്ങൾ നടക്കുന്നുണ്ട്. ധ്വനിയും മാധവും അമ്പലത്തിലെത്തിയതും തിരുവാതിരക്കളി തുടങ്ങി. പണ്ടത്തെ കലോത്സവ ഓർമ്മകൾ അയവിറക്കി വിടർന്ന കണ്ണുകളോടെ എല്ലാംകാണുന്ന ധ്വനിയെ മാധവ് ഒരു ചിരിയോടെ നോക്കി. ഇപ്പോഴും ഓഫീസിൽ ഓണാഘോഷം ഉണ്ടെങ്കിൽ തിരുവാതിര കളിക്കാനുള്ള ഒരവസരവും പാഴാക്കാറില്ല കക്ഷി. 

 

 

 

ഇന്ന് കഥകളിയുണ്ടെന്നറിയിക്കാൻ സന്ധ്യയ്ക്കുമുന്പേ കേളികൊട്ടുണ്ടായിരുന്ന്നെങ്കിലും ഉറങ്ങിപ്പോയതുകൊണ്ട് ധ്വനിയും മാധവും അതു കേട്ടില്ലായിരുന്നു. തിരുവാതിരക്കളി കഴിഞ്ഞ് അല്പംകഴിഞ്ഞതും അരങ്ങുകേളി തുടങ്ങി. പാർവ്വതീപരിണയം തന്നെയായിരുന്നു ഇന്നത്തെ കഥ. കഥകളിയുടെയും മറ്റു ക്ഷേത്രകലകളുടെയും കടുംനിറങ്ങളോടും നിലവിളക്കിന്റെ വെളിച്ചത്തോടും ധ്വനിക്ക് ഭയങ്കര അഭിനിവേശമാണ്. ഫോട്ടോഗ്രാഫിയിൽ ചെറിയ താല്പര്യമുള്ളതുകൊണ്ട് ഇത്തരത്തിലുള്ള ചിത്രങ്ങളുടെ ഒരു ശേഖരംതന്നെയുണ്ട് ആൾക്ക്.  

 

പുലരുവോളം കളി കണ്ടും ഇടയ്ക്ക് നാട്ടിലെ പ്രിയപ്പെട്ടവരോട് പരിചയം പുതുക്കിയും നിറഞ്ഞ നിലാവുള്ള ആ തിരുവാതിര രാത്രിയും അവർ അവരുടെ പ്രിയപ്പെട്ട ദിവസങ്ങളിലൊന്നാക്കിമാറ്റി...

 

                                 ******

 

കഥകളി കഴിഞ്ഞ് തിരിച്ചെത്തി നേരെ ഉറങ്ങാൻപോയ രണ്ടാളും ഉച്ചക്ക് 12 മണിക്കാണ് പിന്നെയുണർന്നത്. തിരിച്ചുപോകുമ്പോൾ വാഹനമോടിക്കേണ്ടതായതുകൊണ്ട് തുളസിയേച്ചി അവരെ വിളിച്ചുണർത്താനുംപോയില്ല. 

 

 

 

'എന്തായാലും ഇത്തവണത്തെ വരവ് എന്നത്തേക്കാളും ഭംഗിയായി. കൃത്യമായി ശനിയാഴ്ചതന്നെ തിരുവാതിരവരാനും, കഥകളി കഴിഞ്ഞ് ഞായറാഴ്ച റസ്റ്റ് എടുക്കാനും, തിരിച്ച് ഡ്രൈവ് ചെയ്തുപോകാനും എല്ലാം നല്ല പാകം!' മാധവും ധ്വനിയും മുകളിൽനിന്നും ഇതും പറഞ്ഞുകൊണ്ട് ഇറങ്ങിവരുന്നത് കേട്ടുകൊണ്ട് ഉച്ചഭക്ഷണം മേശയിൽ നിരത്തിവയ്ക്കുകയായിരുന്നു തുളസിയേച്ചി. 

 

'ശെരിയാണ് ട്ടോ. ഞാനും അതന്നെ ആലോചിച്ചേയുള്ളു ഇപ്പൊ. ഇപ്രാവശ്യം എല്ലാംകൊണ്ടും നന്നായി. ദാ കഴിക്കാനിരുന്നോളു. പുഴമീൻ കിട്ടീണ്ട് ഇന്ന്. വറക്കേം ചെയ്തു കൂട്ടാനുംണ്ടാക്കി. വായോ'

 

അവർ പറഞ്ഞു.

 

 

 

ആനന്ദലബ്ധിക്കിനി എന്തുവേണം!! മാധവും ധ്വനിയും വയറു പൊട്ടുന്നതുവരെ കഴിച്ചു. ചേച്ചിയും കുട്ടേട്ടനുംകൂടെ കൂടിയപ്പോൾ പിന്നെ പറയുകേംവേണ്ട.

 

 

 

കഴിച്ചുകഴിഞ്ഞ് രണ്ടുപേരും ഇറങ്ങാൻ തയ്യാറായി താഴേക്കുവന്നു. എന്നത്തേയുംപോലെ അന്നും മാധവിന് നൂറായിരം കാര്യങ്ങളുണ്ടായിരുന്നു പറഞ്ഞേൽപ്പിക്കാൻ. എല്ലാതവണയും കേൾക്കുന്നതായിട്ടും തുളസിയേച്ചിയും കുട്ടേട്ടനും എല്ലാറ്റിനും ചിരിയോടെ മറുപടിയും കൊടുക്കുന്നുണ്ട്. പറയുന്ന മാധവിനും സന്തോഷം, കേൾക്കുന്ന അവർക്കും സന്തോഷം. 

 

 

 

കാരണം, അടുത്തതവണയും ഒരുപിടി അവധി ദിവസങ്ങളിൽ കുറെയേറെ നൽനിമിഷങ്ങൾ സമ്മാനിയ്ക്കാൻ 

 

അവരുടെ മാധവും ധ്വനിയും ഇവിടേക്കോടിവരുമെന്ന് അവർക്കെല്ലാവർക്കുമറിയാം.

Srishti-2022   >>  Short Story - Malayalam   >>  ബഹുമാനക്കുറവ്

ബഹുമാനക്കുറവ്

 

പച്ചയായ സത്യം തുറന്നു പറയാൻ കണ്ണാടിയോളം സത്യസന്ധനായ ഒരാളെ വേറെ കിട്ടില്ല. മറ്റുള്ളവർ നമ്മുടെ മുഖത്തെ പറ്റിയും മുടിയെ പറ്റിയും എന്തൊക്കെ പറഞ്ഞാലും കണ്ണാടി നോക്കി ഉറപ്പു വരുത്തിയാലെ നമ്മൾ അത് 100% വിശ്വസിക്കൂ.. എന്നെ സംബന്ധിച്ചിടത്തോളം കണ്ണാടിക്ക് മറ്റൊരു ഉപയോഗം കൂടിയുണ്ട്. 

 

എനിക്ക് പ്രതികരിക്കാൻ കഴിയാത്ത അവസരങ്ങളിൽ ഞാൻ പ്രതികരിക്കേണ്ട വ്യക്തിയെ മനസ്സിൽ ധ്യാനിച്ച് കണ്ണാടിയിലുള്ള എന്നോട് തന്നെ ആ വ്യക്തിയോട് പറയേണ്ട ഡയലോഗ് നേരെ കേറി പറയും. മറുപടി പോലും പറയാൻ കഴിയാതെ വരുന്ന സന്ദർഭങ്ങൾ എന്നെ പോലെ അന്തർമുഖരായവർ ഇത് പോലെ ചെയ്യാറുണ്ട്. മുഴുവൻ പറഞ്ഞു കഴിയുമ്പോൾ കിട്ടുന്ന മനഃ സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല . മിക്കവാറും ഈ ഡയലോഗ് നമ്മുടേതായ രീതിയിൽ മാറ്റങ്ങൾ വരുത്താറുമുണ്ട്. 

 

ഞാൻ പത്താം ക്ലാസ് പഠിച്ച സ്‍കൂളിൽ നടന്ന സംഭവം ഇന്നും ഞാനോർക്കാറുണ്ട്. അന്ന് ഒരു ടീച്ചറോട് പറയാൻ ബാക്കി വെച്ച എൻ്റെ മറുപടി പിന്നീട് പലപ്പോഴും എൻ്റെ വീട്ടിലെ കണ്ണാടിയോട് പറയാറുണ്ട്. സംഭവം ഇതാണ്.

 

പത്താം ക്ലാസ് മോഡൽ പരീക്ഷയുടെ സമയം. ഡിസംബർ മാസത്തിലായിരുന്നു ആദ്യത്തെ മോഡൽ പരീക്ഷ. മൊത്തം അഞ്ചു വിഷയങ്ങൾ.. ജനുവരിയിലെ രണ്ടാമത്തെ മോഡൽ പരീക്ഷയ്ക്ക് മുന്നേ ഒരു 15 ദിവസത്തെ വെക്കേഷൻ.. ആ വെക്കേഷൻ കുറെ പേര് അവരുടെ 'അമ്മ വീട്ടിലും കസിൻസിൻറെ വീട്ടിലൊക്കെ പോകുവാൻ പ്ലാൻ ഇട്ടപ്പോൾ ഞങ്ങൾ 7 , 8 പേര് ആളൂർ എന്ന സ്ഥലത്തു ഒരു യുവജന ക്യാമ്പ് പോകാൻ തീരുമാനിച്ചു. അഞ്ചു ദിവസത്തെ ക്യാമ്പ്.. ഭക്ഷണവും താമസവും എല്ലാം ചേർത്ത് വെറും 150 രൂപയ്ക്ക് ഞങ്ങൾ രജിസ്റ്റർ ചെയ്തു. അവസാനത്തെ പരീക്ഷ എഴുതുന്ന ഞങ്ങളുടെ പരീക്ഷ ഹാളിലേക്ക് ഒരു നോട്ടീസുമായി സ്‍കൂളിലെ പ്യൂൺ വന്നു. നോട്ടീസിൻ്റെ ഉള്ളടക്കം ഇതാണ് 

 

"എല്ലാ കുട്ടികളും സ്കൂളിൽ ഇന്ന തീയതികളിൽ നടക്കാൻ പോകുന്ന മൂന്നു ദിവസത്തെ പേഴ്സണാലിറ്റി ടെവേലോപ്മെന്റ്റ് ക്ലാസ്സിൽ നിർബന്ധമായി പങ്കെടുക്കണം.. ഫീസ് 300 രൂപ കൊണ്ട് വരേണ്ടതാണ്.."

 

നോട്ടീസ് വന്നപ്പോൾ ഞങ്ങൾ ഒന്ന് ഞെട്ടി.. കാരണം ആ മൂന്ന് ദിവസമാണ് ഞങ്ങൾ ക്യാമ്പിനു പോകാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്.. രണ്ടു പരിപാടിയും ഒരേ ദിവസങ്ങളിൽ വന്നു. 

 

ഒരു മാസം മുന്നേ പള്ളിയിലെ അച്ചൻ പറഞ്ഞു രജിസ്റ്റർ ചെയ്തതാ യുവജന ക്യാമ്പ് .. 

 

150 രൂപയുടെ അഞ്ചു ദിവസത്തെ താമസവും ഭക്ഷണവും ആണോ അതോ 300 രൂപയുടെ മൂന്ന് ദിവസത്തെ ചായയും ബിസ്കറ്റും കഴിക്കണോ.. ഒടുവിൽ ക്യാമ്പിന് പോകാൻ തീരുമാനിച്ചു..

 

ആ തീരുമാനം തെറ്റാണെന്നു ഞങ്ങൾക്ക് തോന്നിയില്ല.. കാരണം ഞങ്ങൾ ഇന്നേ വരെ കാണാത്ത അത്ര അടിപൊളി പരിപാടി ആയിരുന്നു. ഗ്രൂപ്പ് പരിപാടികളും , പാട്ടും , ഡാൻസും , ആക്ഷൻ സോങ്ങും പിന്നെ കുറെ നല്ല ചേട്ടന്മാരെയും ചേച്ചിമാരേയും പരിചയപെട്ടു.. 2 ദിവസം കഴിഞ്ഞപ്പോൾ ധ്യാന കേന്ദ്രത്തിലേക്ക് എൻ്റെ അമ്മയുടെ കാൾ വന്നു.. 

 

"മോനെ അജി.. സ്‍കൂളിന്ന് വിളിച്ചിട്ടുണ്ടായി.. എന്തോ പേഴ്സണാലിറ്റി ക്ലാസ്സിന് പങ്കെടുക്കാത്തത് കൊണ്ട് പത്താം ക്ലാസ് പരീക്ഷ എഴുതിക്കില്ല എന്ന് പറഞ്ഞു.. നീ വേഗം അവിടെ നിന്ന് പോര്.." 

 

ഞാനങ്ങു ഷോക്ക് ആയി പോയി. ഒരു ക്ലാസിനു പങ്കെടുക്കാത്തത് കൊണ്ട് സി.ബി.എസ്.സി പരീക്ഷ എഴുതിക്കാതിരിക്കാൻ പറ്റുമോ എന്ന് ചിന്തിച്ചു.. ഇതേ പോലെ എൻ്റെ കൂടെ ഉള്ള കൂട്ടുകാർക്കും സ്കൂളിൽ നിന്നും വിളി വന്നു..

 

രാത്രി ഞങ്ങൾ എല്ലാവരും ക്യാമ്പിലെ അച്ചനോട് ആലോചിച്ചു.. ഒടുവിൽ ക്യാമ്പ് വിട്ടു സ്കൂളിലേക്ക് പോകാൻ തീരുമാനിച്ചു. ഞങ്ങൾ സ്കൂളിൽ എത്തിയപ്പോൾ 80 ശതമാനം കുട്ടികളും ഇതിനു വന്നില്ല എന്ന് മനസിലായി. 

സ്കൂളിൻറെ അകത്തേക്ക് ചെന്ന് കയറിയപ്പോൾ ഞങ്ങളെ കടിച്ചു തിന്നാൻ നിൽക്കുന്ന പത്താം ക്ലാസ്സിലെ മൂന്ന് ക്ലാസ് ടീച്ചർമാര്.. 

 

"നോട്ടീസിൽ IMPORTANT എന്ന് കൃത്യമായി പറഞ്ഞതല്ലേ .. പിന്നെന്താ ക്യാമ്പിന് പോയെ.. "

" IMPORTANT പറഞ്ഞെങ്കിലും അത്രയ്ക്ക് IMPORTANT ആണെന്ന് മനസിലായില്ല "

" ഓ .. ഇനിയിപ്പോ ഡിക്ഷണറി നോക്കി IMPORTANT ൻറെ MEANING ഒക്കെ പഠിപ്പിക്കണമല്ലോ.."

 

ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല.. അമ്മ വീട്ടിലും കസിൻസിൻറെ വീട്ടിലൊക്കെ പോയവർ ഞങ്ങൾക്ക് മുന്നേ ടീച്ചർമാരുടെ കയ്യിൽ നിന്ന് കിട്ടാനുള്ളത് കിട്ടി "വയറ്" നിറഞ്ഞു ദൂരെ ഞങ്ങളെ നോക്കുണ്ടായിരുന്നു..  

 

അൽപ സമയം കഴിഞ്ഞ് പ്രിൻസിപ്പാളിന്റെ റൂമിലേക്ക് ചെല്ലാൻ ഞങ്ങളോട് പറഞ്ഞു. 

 

 "വേഗം ഫീസ് അടച്ച് ക്ലാസ്സിൽ കയറണം.. ബാക്കി ക്ലാസ് കഴിഞ്ഞിട്ട് പറയാം.. " പ്രിൻസിപ്പാൾ കൂടുതൽ ഒന്നും പറഞ്ഞില്ല  

 

ആദ്യത്തെ ദിവസം മുടങ്ങിയാലും ഫീസിന് കുറവില്ലായിരുന്നു.. 300 മുഴുവനും ഞങ്ങൾ അടച്ചു.. 

 

വൈകീട്ട് അന്നത്തെ ക്ലാസ് കഴിഞ്ഞു ആദ്യത്തെ ദിവസം വരാതിരുന്ന ഞങ്ങളെ എല്ലാവരെയും വിളിപ്പിച്ചു.. 

 

പ്രിൻസിപ്പാൾ പറയാൻ ഇരുന്നതെല്ലാം കൂടി ഒരുമിച്ചങ്ങ് പറഞ്ഞു..

 

"ഇന്നലെ First Day വളരെ കുറച്ചു പേരെ വന്നുള്ളൂ.. അത് കൊണ്ടാ നിങ്ങളെ വീട്ടിലേക്ക് ഇന്നലെ തന്നെ വിളിച്ചത്.. എന്ത് കൊണ്ടാണ് ഇ ങ്ങനെ ചെയ്തത്.. സ്കൂളിലിനു ഒരു വിലയും ഇല്ലേ.. നിങ്ങൾ എല്ലാവരും നന്നായി കാണാൻ വേണ്ടിയാണു ഞങ്ങൾ ഇത് പോലെ ഓരോ ക്ലാസുകൾ ഇവിടെ നടത്തുന്നത്.. പിന്നെ നിങ്ങൾ കരുതുന്നുണ്ടാവും.. ഫീസ് കിട്ടാൻ വേണ്ടി ആണ് ഞങ്ങൾ ഇത് ചെയ്തത് എന്ന്.. നിങ്ങളുടെ കൂട്ടത്തിൽ ഉള്ള 

 ആരോ ഒരാൾ അത് പറയുന്നത് ഞാൻ ഇവിടെ കേട്ടു.. അത് നിങ്ങൾ പറയാൻ പാടില്ല.. നിങ്ങൾ സ്വന്തമായി അധ്വാനിച്ച പൈസ അല്ലല്ലോ.. വീട്ടുകാർ തരുന്ന പൈസ അല്ലെ.. അപ്പോൾ പൈസയെ പറ്റി സംസാരിക്കരുത്.. ഇനി മേലാൽ ഇങ്ങനെ ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പു തന്നു നിങ്ങള്ക് എല്ലാവർക്കും പോകാം"

 

തിരിച്ചു പറയാൻ മനസ്സിൽ മറുപടി ഉണ്ടെങ്കിലും ഒന്നും അപ്പോൾ പറയാൻ തോന്നിയില്ല.. 

മൂന്ന് ദിവസത്തെ ക്ലാസ് കഴിഞ്ഞു ഞങ്ങൾ വീണ്ടും ക്യാമ്പിലേക്ക് പോയി .. ക്യാംപിന്റെ അവസാനത്തെ ഒത്തു ചേരൽ കഴിഞ്ഞു ഞങ്ങൾ എല്ലാവരും വീട്ടിലേക്ക് മടങ്ങി..

 

അന്ന് ആ ടീച്ചറോട് പറയാൻ വെച്ച മറുപടി പല വട്ടം പല ദിവസം കണ്ണാടിയോട് പറഞ്ഞു.. ആ മറുപടിയോടെ ഈ ഓർമ്മക്കുറിപ്പ് അവസാനിപ്പിക്കാം.

 

"ടീച്ചറെ.. ഞങ്ങളാരും സ്വന്തമായി അധ്വാനിക്കാറില്ല.. ഞങ്ങൾ എല്ലാവരും വീട്ടുകാരുടെ പൈസ ഉപയോഗിച്ച് തന്നെയാണ് ഇവിടെ പഠിക്കണെ .. ടീച്ചർ പറയണം ഇവിടെ എത്ര വിദ്യാർത്ഥികൾ സ്വന്തമായി അധ്വാനിച്ച പൈസ കൊണ്ട് പഠിക്കുന്നു.. ഞങ്ങളുടെ വീട്ടുകാരുടെ പൈസയിൽ ഞങ്ങൾക്ക് എന്താ ഉത്തരവാദിത്വം ഇല്ലേ.. ടീച്ചർക്ക് ഒരു മോനുണ്ടല്ലോ.. അവൻ തോന്നിയ പോലെ പൈസ ചിലവാക്കിയാൽ ടീച്ചർ സമ്മതിക്കുമോ.. പിന്നെ വീട്ടുകാരെ വിളിച്ചു പത്താം ക്ലാസ് പരീക്ഷ എഴുതിക്കാൻ പറ്റില്ല എന്ന് പറയുന്നത് എവിടെത്തെ ന്യായം ആണ്.. സി ബി എസ് ഇ ബോർഡ് പറയുന്നുണ്ടോ ഇങ്ങനെ ക്ലാസ് നടത്തണം എന്ന്.. ഇല്ലല്ലോ.. സി ബി എസ് ഇ ബോർഡിലുള്ള മറ്റു സ്കൂളുകളിൽ ഇതില്ലലോ.. ഇങ്ങനെ ഒരു കാര്യം നടക്കുണ്ടെന്നു ബോർഡിനെ അറിയിച്ചാൽ സ്കൂളിനാണ് നാണക്കേട്.. പിന്നെ 300 രൂപ കിട്ടാനാണ് ഇങ്ങനെ ഒക്കെ എന്നോക്കെ ചെയ്തത് എന്ന് ഞങ്ങൾക്ക് നല്ല പോലെ അറിയാം.. അതിൽ ഒരു തർക്കവും വേണ്ട.. ഇങ്ങനെ ഉള്ള ക്ലാസ് വെക്കുമ്പോൾ ആദ്യം ക്ലാസ് ടീച്ചർമാരെ കൊണ്ട് ഇതിന്റെ പ്രാധാന്യം പറയാനുള്ള മര്യാദ കാണിക്കാൻ ശ്രദിക്കണം.. അത് ചെയ്യാതെ ഒരു ചെറിയ കടലാസ്സിൽ IMPORTANT ആണെന്ന് പറഞ്ഞാൽ ഞങ്ങൾ വിശ്വസിക്കണോ.. ENGLISH SPEAKING IMPORTANT ആണെന്ന് പറഞ്ഞു ഒരു നോട്ടീസ് ഉണ്ടാലോ.. എത്ര പേര് അത് പാലിക്കുന്നുണ്ട്.. ടീച്ചർ പോലും ഞങ്ങളോട് മലയാളം അല്ലെ പറയണേ.. അത് കൊണ്ട് കൂടുതൽ പറയാൻ നിൽക്കണ്ട .. ഓർത്തു വെച്ചോ ടീച്ചറെ ഐ ആം ഔട്സ്പോക്കൻ "

Srishti-2022   >>  Short Story - Malayalam   >>  ദൈവത്തെ വിൽക്കുന്നവർ

ദൈവത്തെ വിൽക്കുന്നവർ

 

 ഒരിക്കൽ രാഘവൻ മാഷ് കളിയായി പറഞ്ഞു "നിനക്ക് ദൈവത്തെ വിൽക്കൽ ആണല്ലോ പണി." ഡോമിനിക് അത് കേട്ട് ചുമ്മാ ചിരിച്ചതെഉള്ളു . രാഘവൻ മാഷ് അങ്ങനെയാണ് കാണുമ്പോൾ അങ്ങനെയൊക്കെ എന്തെങ്കിലും കളിപറയും. ഒരർത്ഥത്തിൽ മാഷ് പറഞ്ഞത് ശരിയാണ് ഡോമിനിക്കിന്റെ കടയിൽ നിറച്ചും ദൈവങ്ങളാണ്. മരത്തിലും മെഴുകിലും, പ്ലാസ്റ്റിക്കിലും, ലോഹത്തിലും മൊക്കെ തീർത്ത ദൈവങ്ങളുടെ രൂപങ്ങൾ. തേജസ്സോടെ അനുഗ്രഹം ചൊരിഞ്ഞു നിൽക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങൾ,അവ പലവലിപ്പത്തിൽ പല നിറങ്ങളിൽ മനോഹരമായ ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്നു. ക്രിസ്തുവും, കൃഷ്ണനും മുത്തപ്പനും പിന്നെ നിരവധി പുണ്യാളൻമാരുമൊക്കെ നിറഞ്ഞുനിൽക്കുന്നു. എന്തായാലും ക്രിസ്തീയ ദൈവങ്ങൾക്ക് ആണ് അവിടെ ഭൂരിപക്ഷം, കട മാതാവിന്റെ പള്ളിയുടെ മുന്നിലായതിനാലാവാം അത് . ചിത്രങ്ങളും രൂപങ്ങളും മാത്രമല്ല മതചിഹ്നങ്ങൾ ആലേഖനം ചെയ്ത മോതിരങ്ങളുടെയും കരവളയങ്ങളുംടെയും മാലകളുടെയും ഒരു നല്ലശേഖരം തന്നെ അവിടെയുണ്ട്. കൊന്തയും കഴുത്തിലണിയുന്ന മുത്തുമാലയും, രൂപങ്ങൾക്ക് ചാർത്തുന്ന തുണി കൊണ്ടും പ്ലാസ്റ്റിക്കിലും തീർത്ത വലിയ മാലകളും അവിടെ ഉണ്ട്. വിശേഷദിവസങ്ങളിൽ പൂക്കളിൽ തീർത്ത മാലകളും അവിടെ വിൽക്കാറുണ്ട്. മാതാവിൻറെ മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചാൽ ഏത് ആഗ്രഹവും സാധ്യമാകും എന്നാണ് അവിടുത്തെ വിശ്വാസം.എല്ലാ ദേശത്തുനിന്നും ജാതി മത ഭേദമന്യേ വിശ്വാസികൾ അവിടെ എത്തിയിരുന്നു. മാതാവിന്റ രൂപക്കൂടിനു മുന്നിൽ തെളിയിക്കാനുള്ള മെഴുകുതിരി വാങ്ങാനാണ് ഏറ്റവും കൂടുതൽ ആളുകൾ കടയിൽ വരുന്നത്. പള്ളിയിൽ എത്തുന്ന വിശ്വാസികൾക്ക് പ്രാർത്ഥനാ കർമ്മങ്ങൾക്ക് വേണ്ട എല്ലാം സാധനങ്ങൾ വാങ്ങാൻ ഉള്ള അവിടുത്തെ ഏക ആശ്രയമാണ് പള്ളിക്ക് മുന്നിലുള്ള ഡോമിനിക്കിന്റെ ആ കൊച്ച് കട.

 

വളരെ വർഷങ്ങൾക്ക് മുൻപാണ് ഡോമിനിക്കും ഭാര്യ മറിയവും ആ നാട്ടിൽ എത്തുന്നത്. അങ്ങ് കിഴക്ക് മലയോ രത്താണ് ഡോമിനിക്കിന്റെ സ്വന്തം നാട്. അപ്പന്റെ മരണശേഷം സഹോദരങ്ങളുമായുണ്ടായ അസ്വാരസ്യങ്ങളാണ് നാട് ഉപേക്ഷിച്ച് ഇവിടേക്ക് വരുന്നതിന് കാരണമായത്. അന്ന് രാത്രി മറിയവുമായി ബസ്സിൽ കയറി നഗരത്തിലേക്ക് ടിക്കറ്റ് എടുക്കുമ്പോൾ എങ്ങനെയും ഒരു നല്ല ജീവിതം കെട്ടിപ്പെടുക്കണം,മറിയത്തിന്റെ ഉദരത്തൽ വളരുന്ന തന്റെ കുട്ടിയെ നന്നായി വളർത്തണം എന്നൊക്കെ ഉള്ള ചിന്തയായി രുന്നു മനസ്സ് നിറയെ.. നഗത്തിൽ എത്തി എന്ത് ചെയ്യണ മെന്നോ ആരെ കാണമെന്നോ അറിയില്ല. നിലാവ് അവധി എടുത്ത ആ സിസംബർ രാത്രിപോലെ തന്നെ ഇരുണ്ടതായിരുന്നു ഡോമിനിക്കിനു മുന്നിലുള്ള വഴികളും. മേഘ കെട്ടുകൾ താഴെക്കിറങ്ങിവന്ന പോല കനത്ത കോട ആ മലയോരത്തെ ആകെ മൂടിയിരിക്കന്നു. കോടമഞ്ഞ് വകഞ്ഞ് മാറ്റിക്കൊണ്ട് ബസ്സ് ചുരമിറങ്ങാൻ തുടങ്ങി. നീറിപുകയുന്ന ചിന്തകൾ കാരണം അവന്റെ ഉറക്കം എവിടെയോ പോയ്‌ മറഞ്ഞു . തുറന്നു പിടിച്ച അവന്റെ കണ്ണുകൾ ബസ്സിന്റെ ജനാലയിലൂടെ ഇരുട്ടിലേക്ക് ഊളിയിട്ടു..

 

ആകാശം ചുവപ്പിച്ചു കൊണ്ട് സൂര്യൻ പതുക്കെ തല ഉയർത്തി. ഡോമിനിക്ക് നല്ല ഉറക്കത്തിലാണ്. ബസ്സിന്റെ ജനാലയിൽ ചാരിയാണ് ഉറക്കം ; മറിയം അവന്റെ തോളിൽ ചാഞ്ഞ് ഉറങ്ങുന്നു.ബസ്സിന്റെ ചനലങ്ങൾക്ക് അനുസരിച്ച് ഇരുവരും ചെറുതായി ഉലയുന്നുണ്ട്... ഉറക്കമുണർന്ന് ഡോമിനിക്ക് പുറത്തേക്ക് കണ്ണോടിച്ചു. ചെറു കെട്ടിടങ്ങളും വീടുകളും വന്ന് അകന്നു പോകുന്നു. അകലെയായി ഒരു പള്ളി കാണാം. അതിനു മുന്നിലുടെയാണ് പാത പോകുന്നത്.

പള്ളിയുടെ മുകളിലായി ഇരു വശങ്ങളിലേക്കും കൈ ഉയർത്തി അനുഗ്രഹം ചൊരിഞ്ഞു നിൽക്കുന്ന നിൽക്കുന്ന മേരി മാതാവിന്റെ വലിയ പ്രതിമ കാണാം, അത് തന്റെ കാഴ്ചയേട് അടുത്തു കൊണ്ടിരുന്നു. സൂര്യപകാശം മാതാവിന്റെ ശിരസ്സിന്റെ മറനീക്കി ഡോമിനിക്കിന്റെ മുഖത്തേക്ക് പതിച്ചു. മാതാവിന്റെ നെറുകിൽ നിന്നും അനുഗ്രഹം തന്നിലേക്ക് പതിക്കുന്നതായി അയാൾക്ക് തോന്നി. ഡോമിനിക്ക് മറിയത്തിന്റെ കൈ പിടിച്ച് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. ഇതുവരെ തന്റെ മുന്നിൽ ഉണ്ടായിരുന്ന ഇരുട്ട് അകന്നു മാറി, മുന്നിൽ പ്രതീക്ഷയുടെ പുതിയ വെളിച്ചം നിറയുന്നത് അയാൾ കണ്ടു. ബാഗും മറ്റ് സാധനങ്ങളുമായി അവർപള്ളിക്കടുത്തുള്ള ബസ്റ്റോപ്പിൽ ഇറങ്ങി.

 

 

കുറച്ച് കടകൾ മാത്രമുള്ള ഒരു ചെറു കവല. അവിടുന്നു നശത്തിലേക്ക് കുറച്ച് ദൂരം മാത്രമേ ഉള്ളൂ. നാഗരികത തുടങ്ങുന്നത് അവിടെ നിന്നാണ് എന്നു പറയാം.റോഡിനു അഭിമുഖമായി നിൽക്കുന്ന പള്ളി, പള്ളിയേയും റോഡിനേയും വേർതിരിക്കാൻ അതിരുകൾ ഒന്നും തന്നെയില്ല . പള്ളിയുടെ വലതു ഭാഗത്ത് വിശാലമായ പറമ്പ് ഒന്നും ചെയ്യാതെ കിടക്കുന്നു.

 

പള്ളിയിൽ അപ്പോൾ പ്രഭാത കുർബാന നടക്കുകയാണ്. വളരെ കുറച്ച് പേർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.

  പെട്ടിയും ബാഗുമൊക്കെ ഒരു വശത്ത് ഒതുക്കി വച്ച ശേഷം അവർ പ്രാർഥനാ മുഖരിതമായ പള്ളിയുടെ അകത്തളത്തിലേക്ക് കടന്നു പ്രാർത്ഥനയിൽ പങ്ക് കൊണ്ടു.

 

പ്രാർത്ഥന കഴിഞ്ഞ ശേഷം അച്ചൻ അൾത്താരയിൽ നിന്നും പുറത്തിറങ്ങി.

ഏറെ പ്രതീക്ഷയോടും ഉള്ളിൽ നിറയെ ആകുലതയോടും കൂടി ഡോമിനിക്കും മറിയവും അച്ചന്റെ അടുത്തേക്ക് നടന്നു.

 

തോമസ് എന്നായിരുന്നു അച്ചന്റെ പേര്.

അധികം ഉയരമില്ലാതെ അൽപം തടിച്ച പ്രകൃതം. മീശയും താടിയും വടിച്ചിരിക്കുന്നു. ശരീരത്ത് പ്രായമായി തുടങ്ങുന്നതിന്റെ ലക്ഷണങ്ങൾ കാണാം തലയിലെ മുടിയെല്ലാം കൊഴിഞ്ഞിരിക്കുന്നു. വശങ്ങളിലും പിന്നിലും അൽപം ബാക്കി ഉണ്ട്. അതിൽ പലതും നരച്ചു തുടങ്ങിയിരിക്കുന്നു.

 

ഒരു പുഞ്ചിരിയോടെ അച്ചൻ അവരെ വരവേറ്റു. അച്ചനോട് അവർ സ്തുതി പറത്തു.പിന്നെ തങ്ങളുടെ കാര്യങ്ങളൊക്കെ അച്ചനോട് പറത്തു. അച്ചൻ ശാന്തമായി എല്ലാം കേട്ടു. സഹായം തേടി തന്റെ അടുത്ത് എത്തിയ അവരെ നിരാശരാക്കാൻ അദ്ദേഹത്തിൽ കഴിഞ്ഞില്ല.വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാമെന്ന് അച്ചൻ ഏറ്റു.

 

" നിങ്ങൾ വല്ലതും കഴിച്ചോ " അച്ചൻ അവരോട് ചോദിച്ചു.

 "ഇല്ല" ഡോമിനിക്ക് മറുപടി പറഞ്ഞു.

ഫാദർ കപ്യാരെ വിളിച്ചു ഭക്ഷണത്തിനുo വിശ്രമത്തിനും ഉള്ള ഏർപ്പാട് ചെയ്തു.

 

ബാഗും പെട്ടിയും ഒക്കെ എടുത്തു അവർ കപ്യാരുടെ പിന്നിൽ നടന്നു.നടക്കുന്നവഴി ഡോമിനിക് പള്ളിയുടെ മുകളിലേക്ക് നോക്കി ഒരു ചെറു പുഞ്ചിരിയോടെ അനുഗ്രഹം ചൊരിഞ്ഞു നിൽക്കുന്ന മാതാവ് തങ്ങളെ കരവലയങ്ങൾ കൊണ്ട് ചേർത്തു പിടിക്കുന്നതായി അവന് തോന്നി .

 

അവിടെ പള്ളി മാത്രമല്ല ഉണ്ടായിരുന്നത്. പള്ളിയോടു ചേർന്ന് വിശാലമായ തെങ്ങിൻ തോപ്പും ,തെങ്ങിൽ തോപ്പ് കഴിഞ്ഞുള്ള പറമ്പിൽ ഒരു കന്നുകാലിഫാമും ഉണ്ട് . പിന്നെ പള്ളിക്കടുത്തായി ഒരു സ്കൂളും, നഗരത്തിലേക്ക് പോകുന്ന വഴിയിൽ കോളേജും ഉണ്ട് .ഇതെല്ലാം പള്ളിയുടെ കീഴിലുള്ളതാണ്.ഇതിന്റെയെല്ലാം മേൽനോട്ടവും ചുമതലയും പള്ളിയിലെ അച്ചനാണ്.

 

 

 രാഘവൻ മാഷിന്റെ വീടിനടുത്തായി ഒഴിഞ്ഞുകിടക്കുന്ന ഓട് മേഞ്ഞ ഒരു ചെറിയ ഒരു വീടുണ്ട് . അത് ഡോമിനിക്കിനും കുടുംബത്തിനും അച്ചൻ തരപ്പെടുത്തി കൊടുത്തു. മാഷിന്റെ ഒരു ബന്ധുവിന്റെ വകയായിരുന്നു ആ വീട്.ഓട് മേഞ്ഞ മേൽക്കൂരയുള്ള രണ്ടു മുറികളും ഒരു അടുക്കളയും പിന്നെ ഒരു ചെറിയ മുറ്റവും ഉള്ള ഒരു കൊച്ചു വീട്. വീട്ടിൽനിന്ന് നേരെ ഇറങ്ങുന്നത് ഇടവഴിയിലേക്കാണ്. ആ ഇടവഴിയിലൂടെഅല്പസമയം നടന്നാൽ ചെന്നെത്തുന്നത് പള്ളിയുടെ മുന്നിലൂടെ പോകുന്നറോഡിലേക്കാണ്

 

ഡോമിനിക്കിന്റെ

 വീടിനോട് ചേർന്നാണ് രാഘവൻ മാഷിൻറെ വീട്. മാഷ് ആ നാട്ടിലെ ഒരു പ്രമാണിയും പൊതുപ്രവർത്തകനുമൊക്കെയാണ്. നാട്ടിലെ എല്ലാ നല്ല കാര്യങ്ങൾക്കും മാഷ് മുന്നിൽ ഉണ്ടാകും.മാഷിനെ നാട്ടുകാർക്കെല്ലാം വലിയ കാര്യമാണ്. എല്ലാവരോടും സ്നേഹത്തോടും സൗഹാർദ്ദത്തോടും കൂടിയാണ് അദ്ദേഹം ഇട പെട്ടിരുന്നത്. രാഘവൻ മേനോൻ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. ചില പ്രമാണിമാർ അങ്ങനെയാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. എന്നാൽ മാഷിന് ആ വിളി അത്ര ഇഷ്ടമായിരുന്നില്ല .അവിടുത്തെ സർക്കാർ സ്കൂളിലെ അധ്യാപകനാണ് അദ്ദേഹം.മാഷിന് ഭാര്യയും രണ്ട് പെൺകുട്ടികളുമാണ് ഉള്ളത് .ഒരാൾ കോളേജിൽ പഠിക്കുന്നു . മറ്റേയാൾ വിവാഹം കഴിഞ്ഞ് ടൗണിലാണ് താമസം.

 

ഡോമിനിക്കും മറിയവും വാടക വീട്ടിലേക്ക് താമസം മാറി . കൈയ്യിലുള്ള കുറച്ചു കാശുകൊണ്ട് അത്യാവശ്യം വീട്ടുസാധനങ്ങൾ ഒക്കെ അവർ വാങ്ങി. ഡോമിനിക്ക് ഫാമിലും തെങ്ങും തോപ്പിലും ഒക്കെയായി ജോലി ചെയ്തു ജീവിക്കാനുള്ള വക കണ്ടെത്തി . ഡോമിനിക്കും മറിയവും അവിടെ ഒരു പുതിയ ജീവിതം തുടങ്ങി.

 

വൈകാതെ ഡോമിനിക്കിനും മറിയത്തിനും ഒരു പെൺകുഞ്ഞ് പിറന്നു.മകളുടെ മുഖം ആദ്യമായി കണ്ടപ്പോൾ ഡോമിനിക്കിന് മനസ്സിൽ തെളിഞ്ഞുവന്നത് മാതാവിൻറെ കരുണയുള്ള മുഖമായിരുന്നു.കുഞ്ഞിന് പേരിടാൻ ഡോമിനിക്കിനു കൂടുതലൊന്നും ചിന്തിക്കേണ്ടി വന്നില്ല. അവർ അവൾക്ക് മേരി എന്ന് എന്ന്പേരിട്ടു. പരിമിതികൾ ഏറെയുള്ള ആ കൊച്ചു വീട്ടിൽ മേരി വളർന്നു . ആ വീടും നാടും പള്ളിയും പ്രാർത്ഥനകളും ഒക്കെ അവളുടെ ജീവിതത്തിൻെറ ഭാഗമായി.

 

ഡോമിനിക്ക് തന്റെ ഒഴിവുസമയങ്ങൾ പള്ളിയിലെ കാര്യത്തിനായി ചിലവഴിച്ചു . അച്ചനെയും കപ്യാരെയും പള്ളിയിലെ കാര്യങ്ങളിൽ സഹായിച്ചു. പള്ളിയിൽ ആഘോഷങ്ങൾ സഘടിപ്പിക്കുന്നതിനും ചടങ്ങുകൾ ഒരുക്കുന്നതിനും മെല്ലാം പള്ളിയിലെ ഒരാളെപ്പോലെ തന്നെ അയാൾ അവിടെ ഉണ്ടായിരുന്നു. വിഷമഘട്ടത്തിൽ അഭയം തന്ന പള്ളിയോടുള്ള കടപ്പാട്എന്നും ഡോമിനിക്കിന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഡോമിനിക്കിന്റെ എല്ലാ കാര്യങ്ങൾക്കും താങ്ങായി പള്ളിയും അച്ചനും എന്നും ഉണ്ടായിരുന്നു.അങ്ങനെ ഡോമിനിക്കിന്റെ കുടുംബവും അവരുടെ ജീവിതവും പള്ളിയുമായി പരസ്പരം ഇഴപിരിയാത്ത ഒരു ബന്ധമായി വളർന്നു.

 

പള്ളിയോട് ചേർന്ന് കട തുടങ്ങുക എന്ന ആശയം ആദ്യമായി പറയുന്നത് അച്ചനാണ്.

അങ്ങനെയൊന്നും ചിന്തിക്കാൻ ഡോമിനിക്കിന് ആകുമായിരുന്നില്ല . അച്ചൻ സ്ഥലം മാറി ദൂരേക്ക് പോവുകയാണ് . അതിനുമുമ്പ് തങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം അ ച്ചനുണ്ടായിരുന്നു. ആരുമല്ലാത്ത തങ്ങളോട് കാണിക്കുന്ന സ്നേഹവും കാരുണ്യവും ഓർത്ത് ഡോമിനിക്കിന്റെ കണ്ണ് നിറഞ്ഞു.

 

പള്ളിയുടെ മുന്നിലായി റോഡിനോട് ചേർന്ന് പെട്ടിക്കട പോലെ തോന്നിക്കുന്ന തടികൊണ്ടു തീർത്ത ഒരു ചെറിയ കട തുറന്നു. അവിടെ മെഴുകുതിരിയും കൊന്തയും, കുരിശും, കർത്താവിന്റെയും , മാതാവിൻറെയും രൂപങ്ങളും ചിത്രങ്ങളുമെല്ലാം അവിടെ വിൽപ്പനച്ചരക്കായി നിരന്നു. ഡോമിനിക്കിന്റെ കട വിശ്വാസികൾക്ക് ഒരു സഹായമായി. ജോലിയില്ലാത്ത സമയങ്ങളിൽ ഡോമിനിക്കും അല്ലാത്തപ്പോൾ മറിയവും അവിടത്തെ കച്ചവടക്കാരായി .

തോമസ് അച്ചൻ അങ്ങ് ദൂരെ മലയോരത്തെ ഇടവകയിലേക്ക് സ്ഥലം മാറിപ്പോയി. അച്ചന്റെ സ്ഥലം മാറ്റം ഡോമിനിക്കിനേയും കുടുംബത്തെയും വല്ലാതെ ദുഃഖത്തിലാഴ്ത്തി. 

 

റോയ് അച്ചനാണ് പള്ളിയിലെ പുതിയ വികാരി.അദ്ദേഹം വളരെ ചെറുപ്പമായിരുന്നു. അച്ചനും സ്നേഹവും കരുണയും ഉള്ള ഒരാളായിരുന്നു.എങ്കിലും ഡോമിനിക്കിന് തോമസ് അച്ചനെയായിരുന്നു പ്രിയം.

 

മേരി പഠിക്കാൻ വളരെ മിടുക്കിയായിരുന്നു. അവൾ എല്ലാവർക്കും വളരെ പ്രിയങ്കരി ആയിരുന്നു.അവളുടെ കുട്ടിത്തം തുളുമ്പുന്ന സംസാരം കേട്ടിരിക്കാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്. ആറാം ക്ലാസ്സിൽ ആനി ടീച്ചർ ആയിരുന്നു അവളുടെ ക്ലാസ് ടീച്ചർ.

 മേരിയുടെ അമ്മയുടെ നാട്ടുകാരി കൂടിയാണ് ടീച്ചർ . ഇടയ്ക്കൊക്കെ ടീച്ചർ മേരിയുടെ വീട്ടിൽ വരും. മറിയവുമായി കുറെ നേരം സംസാരിച്ചിരിക്കും.ടീച്ചറുടെ അമ്മയും മറിയവും പഴയ കൂട്ടുകാരികളാണ് .നല്ലവണ്ണം പഠിച്ച് ആനി ടീച്ചറെ പോലെ വലിയ ആളാകണം എന്ന് അമ്മ എപ്പോഴും മേരിയോട് പറയുമായിരുന്നു. ടീച്ചറെ കൂടുതൽ അടുത്തറിഞ്ഞപ്പോഴാണ് ഒരു ടീച്ചർ ആകണമെന്നുള്ള 

എന്ന ആഗ്രഹം മേരിയുടെ ഉള്ളിൽ നാമ്പിട്ടത്.

 

 

 

അവിചാരിതമായിരുന്നു മറിയത്തിന്റെ മരണം . അപ്പോൾ മേരി എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു . നിയന്ത്രണം തെറ്റി വന്ന ലോറി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു .ചിതറി തെറിച്ച ദൈവങ്ങളുടെ രൂപങ്ങൾക്കിടയിൽ രക്തത്തിൽ കുളിച്ച് മറിയത്തിന്റെ ജീവനറ്റശരീരം നിശ്ചലമായി കിടന്നു .

 

മറിയത്തിന്റെ മരണത്തിൻറ ആഘാതത്തിൽ നിന്നും കരകയറാൻ ഡോമിനിക്കിനും മേരി ക്കും ഏറെ നാൾ വേണ്ടി വന്നു .അതിനുശേഷം മേരിയിൽ ഉണ്ടായ മാറ്റങ്ങളാണ് ജീവിതത്തിലേക്ക് മടങ്ങിവരാൻ ഡോമിനിക്കിന് ധൈര്യം പകർന്നത് . അവൾ അമ്മയുടെ ജോലികൾ ഓരോന്നായി പതിയെ ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി . വീട്ടുജോലികളിൽ എന്നും അമ്മയുടെ സഹായിയായിരുന്നു അവൾ. ആ വീട്ടിൽ ജീവിതം പതിയെ നാമ്പെടുത്തു. ഡോമിനിക്ക് പഴയപോലെ ജോലിക്ക് പോകാൻ ആരംഭിച്ചു. 

 

മേരി കൂടുതൽ പക്വതയുള്ള ഒരു പെൺകുട്ടിയായി മാറി. അവൾ പുലർച്ചെ എഴുന്നേറ്റ് വീടും പരിസരവും വൃത്തിയാക്കും പിന്നെ പാചകത്തിനായി അടുക്കളയിലേക്ക് പോകും .അടുക്കളയിൽ ഒരുവശത്ത് എഴുതാനും വായിക്കാനും ഉള്ള സൗകര്യം ചെയ്തു.പാചകത്തിനിടയിൽ കിട്ടുന്ന ഇടവേളകൾ അവൾ പഠനത്തിനായി വിനിയോഗിച്ചു . പഠിച്ച് നല്ല മാർക്ക് വാങ്ങി ജോലി സമ്പാദിച്ച് ഒരു നിലയിൽ എത്തണം. പരിമിതികളിൽ നിന്ന് കരകയറണം...

ഇതോക്കെയായിരുന്നു അവളുടെ ആഗ്രഹം.

 

നാളുകൾക്ക് ശേഷം ഡോമിനിക്ക് കട വീണ്ടും തുറന്നു. പള്ളിയുടെ മുൻവശത്ത് നിന്ന് മാറി ഇടതുവശത്തുള്ള കവാടത്തിനടുത്തായാണ് കട ഒരുക്കിയത്. അതിനുശേഷം ഡോമിനിക്ക് വേറെ ജോലിക്ക് പോകുന്നത് നിർത്തി. മുഴുവൻ സമയവും കടയിലെ കാര്യങ്ങൾ നോക്കാൻ തുടങ്ങി .

 

കാലം കടന്നുപോയി. ഇപ്പോൾ മേരി പ്ലസ്ടു പരീക്ഷ പാസായി. നല്ല മാർക്ക് ഉണ്ട്.നല്ല മാർക്ക് കിട്ടുമെന്ന്അവൾക്ക് ഉറപ്പായിരുന്നു.അവൾ മാതാവിൻറെ മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചതാണ്. അതിന് അവൾ ദൈവത്തിനു നന്ദി പറഞ്ഞു.ഏതെങ്കിലും ഒരു സയൻസ് വിഷയത്തിൽ ബിരുദമെടുക്കണം എന്നാണ് അവളുടെ ആഗ്രഹം. മേരിക്ക് നല്ല മാർക്കുണ്ടെങ്കിലും കോളേജിൽ മെറിറ്റിൽ സയൻസ് വിഷയങ്ങളിൽ പ്രവേശനം കിട്ടാൻ കുറച്ച് ബുദ്ധിമുട്ടാണ്.എങ്കിലും അടുത്തുള്ള എല്ലാ കോളേജിലും അവൾ അപേക്ഷ അയച്ചു. കൂട്ടത്തിൽ പള്ളിവക കോളേജിലേക്കും അയച്ചു. 

 

പള്ളിയുടെ വക കോളേജ് അവിടുന്ന് വളരെ അടുത്താണ്. പക്ഷേ അവിടെ പ്രവേശനം കിട്ടാൻ ബുദ്ധിമുട്ടാണ്. എങ്കിലും റോയ് അച്ചനെ നേരിട്ട് കണ്ട് കാര്യം പറഞ്ഞു. അച്ചനാണ് ഇപോഴത്തെ കോളേജിന്റെ അധികാരി. വഴിവിട്ട് ഒന്നും ചെയ്യാൻ പറ്റില്ലെങ്കിലും എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ ചെയ്തു തരാമെന്ന് റോയ് അച്ചൻ വാഗ്ദാനം നൽകി .

എന്തായാലും അടുത്തുളള ഏതെങ്കിലും കോളേജിൽ പ്രവേശനം കിട്ടുമെന്ന് മേരിക്ക് വിശ്വാസമുണ്ടായിരുന്നു . അവൾ മാതാവിൻറെ മുന്നിൽ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചിരുന്നു. എങ്ങനെയും അത് മാതാവ് നടത്തി തരുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. മുൻപ് പലവട്ടം അത് അവൾക്ക് അനുഭവമുള്ളതാണ് .ശുഭാപ്തി വിശ്വാസത്തോടെ മേരി കാത്തിരുന്നു .

 

കോളേജുകളിൽ പ്രവേശനം തുടങ്ങി. ഇതുവരെ ഒരു കോളേജിൽ നിന്നും യാതൊരു അറിയിപ്പും ലഭിച്ചില്ല . മേരിയുടെ പ്രതീക്ഷകൾ മങ്ങുന്നതായി അവൾക്ക് തോന്നി . അവൾ പള്ളിയിൽ പോയി വീണ്ടും മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചു . 

 

കോളേജുകളിൽ ക്ലാസുകൾ തുടങ്ങി എല്ലായിടത്തും പ്രവേശനം ഏകദേശം പൂർത്തിയായി . മേരിയുടെ പ്രതീക്ഷകൾ അസ്തമിച്ചു.അവളുടെ നിരാശയിൽ എല്ലാരും പങ്കുചേർന്നു . അവളെ ആശ്വസിപ്പിച്ചു . വേറെ ഏതെങ്കിലും വിഷയത്തിൽ സമാന്തരമായി ബിരുദം എടുക്കുന്നതിനെ കുറിച്ച് ആയി അവളുടെ ചിന്തകൾ .

 

അന്ന് ഒരു ബുധനാഴ്ചയായിരുന്നു . വൈകുന്നേരം മേരിയെയും ഡോമിനിക്കിനെയും റോയ് അച്ചൻ പള്ളിമേടയിലേക്ക് വിളിപ്പിച്ചു. അവർ അച്ചനെയും കാത്ത് സ്വീകരണ മുറിയിൽ ഇരുന്നു. വൈകാതെ അച്ചൻ അവിടേക്ക് കടന്നുവന്നു . 

 

അവർ സ്തുതി പറഞ്ഞു 

 

"ഞാൻ വിളിപ്പിച്ചത് മേരിയുടെ അഡ്മിഷന്റെ കാര്യം പറയാനാണ്. ഫിസിക്സ് ബാച്ചിൽ ഒരു ഒഴിവ് വന്നിട്ടുണ്ട് . പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റാണ് . സീറ്റിൽ പ്രവേശനം കിട്ടിയ കുട്ടി വേറെ കോളേജിൽ അഡ്മിഷൻ കിട്ടിപോയി. ഇതുവരെ ആയിട്ടും ആരും സീറ്റിൽ ജോയിൻ ചെയ്തിട്ടില്ല . ഈ അവസ്ഥയിൽ മാനേജ്മെന്റിന് ആ സീറ്റ് മറ്റ് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാം...

 

മേരിക്ക് ആ സീറ്റിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടോ? " 

 ചെറുപുഞ്ചിരിയോടെമേരിയുടെ മുഖത്തേക്ക് നോക്കി 

 

സന്തോഷം കൊണ്ട് മേരിയുടെ മുഖം വികസിക്കുന്നത് അച്ചൻ കണ്ടു.

 

"എന്നാൽ തിങ്കളാഴ്ച വന്ന് അഡ്മിഷൻ എടുത്തോളൂ .. ഞാൻ പ്രിൻസിപ്പാളിനെ വിളിച്ച് പറഞ്ഞേക്കാം "

 

" സർട്ടിഫിക്കറ്റുകൾ ഒക്കെ എടുക്കാൻ മറക്കരുത് " അച്ചൻ ഓർമിപ്പിച്ചു .

 

അച്ചനോട് നന്ദി പറഞ്ഞ് ഡോമിനിക്കും മേരിയും അവിടെ നിന്ന് ഇറങ്ങി.

മേരിയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു . എന്തോ നേടിയ ഒരു അനുഭൂതി. പള്ളിമുറ്റത്ത് എത്തിയപ്പോൾ അവൾ ആകാശത്തേക്ക് നോക്കി. നക്ഷത്രങ്ങൾ കൂടുതൽ പ്രകാശത്തോടെ മിന്നിത്തിളങ്ങുന്നതായി അവൾക്ക് തോന്നി. ഇരുകരങ്ങളും വിടർത്തി അനുഗ്രഹം ചൊരിഞ്ഞു നിൽക്കുന്ന മാതാവിന്റെ രൂപത്തെ നോക്കി അവർ നന്ദി പറഞ്ഞു . മാതാവിന്റെ കരവലയം തങ്ങളെ സംരക്ഷിച്ചു നിർത്തുന്നതായി അവൾക്ക് തോന്നി. ആ സന്തോഷം എല്ലാരോടും പങ്കുവെക്കാൻ അവളുടെ മനസ്സ് വെമ്പി.അമ്മയുണ്ടായിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് കവിളത്ത് ചുംബിക്കാമായിരുന്നു പക്ഷേ അവിടെ ഒരു ശൂന്യത മാത്രം....അമ്മയെ കുറിച്ചുള്ള ചിന്തകൾ അവളുടെ കണ്ണിനെ ഈറനണിയിച്ചു.

 

അന്ന് അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. കോളേജിൽ പോകുന്നതിനെക്കുറിച്ചായിരുന്നു അവളുടെ ചിന്തകൾ . ഇനി കുറച്ചു ദിവസങ്ങളെ ഉള്ളൂ, കുറെ കാര്യങ്ങൾ ചെയ്യാനും ഉണ്ട്. വസ്ത്രങ്ങൾ വാങ്ങണം,ബാഗ് വാങ്ങണം, പുസ്തകങ്ങൾ,ചെരുപ്പ് അങ്ങനെ കുറേയുണ്ട്.പിറ്റേന്ന് ഈ സന്തോഷം അവൾ കൂട്ടുകാരോടൊക്കെ പങ്കുവെച്ചു എല്ലാവരും അവളുടെ സന്തോഷത്തിൽ പങ്കുചേർന്നു

 

 

മേരിയുടെ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഒരു ദിവസം കഴിഞ്ഞ് റോയ് അച്ചൻ അവരെ മേടയിലേക്ക് വിളിപ്പിച്ചു. അച്ചന്റെ മുഖത്ത് വ്യസനം നിഴലിച്ചിരുന്നു.കുറച്ചുനേരത്തേക്ക് അച്ചൻ ഒന്നും മിണ്ടിയില്ല; പിന്നെ പതുക്കെ പറഞ്ഞു തുടങ്ങി

 

"ആ സീറ്റിലേക്ക് പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട ഒരു കുട്ടി വന്നു സംവരണ സീറ്റല്ലേ? നിയമപരമായി സീറ്റ് അവർക്ക് കൊടുത്തേ പറ്റൂ"..

 

മേരി സ്തബ്ധയായി എല്ലാം കേട്ടുനിന്നു.

 സങ്കടം അണപൊട്ടിയെങ്കിലും അത് കണ്ണീരായി ഒഴുകി ഇറങ്ങാൻ അവൾ അനുവദിച്ചില്ല .

കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല.

 

"വിഷമിക്കേണ്ട ദൈവം ഒരു വഴികാണിച്ചു തീരും "

"പ്രാർത്ഥിക്കുക ...

  ദൈവം കൈവിടില്ല" അച്ചൻ അവരെ ആശ്വസിപ്പിച്ചു.

 

അവിടെ നിന്ന് ഇറങ്ങി ,നീറുന്ന മനസ്സുമായി അവർ വീട്ടിലേക്ക് നടന്നു .പരസ്പരം ഒന്നും മിണ്ടാൻ അവർക്ക് ആയിരുന്നില്ല . മറിയത്തിന്റെ മരണത്തിനുശേഷം വീണ്ടും ആ കൊച്ച് വീട് ദുഃഖത്തിലായി.

മേരിയുടെ വിതുമ്പലിന്റെ ഏങ്ങലുകൾ അവളുടെ കൊച്ചു മുറി ക്കുള്ളിൽ ഒതുങ്ങി.

മുറിയുടെ ചുമരിൽ തൂക്കിയിട്ട ദൈവങ്ങളെല്ലാം അവളെ ദുഃഖത്തോടെ നോക്കി നിന്നു.മേരിയുടെ കൊച്ചു സ്വപ്നങ്ങൾ എല്ലാം അവിടെ കെട്ടടങ്ങി..

 

 

പിറ്റേന്ന് ഡോമിനിക്ക് തന്റെ കട തുറന്നു . സന്ധ്യ ആയപ്പോൾ രാഘവൻ മാഷ് അതുവഴി വന്നു.

"എന്തൊക്കെയുണ്ട് ഡോമിനിക്ക് വിശേഷങ്ങൾ"

 രാഘവൻ മാഷ് ചോദിച്ചു.

ഏറെ നാളുകൾക്ക് ശേഷമാണ് രാഘവൻ മാഷ് കടയിലേക്ക് വരുന്നത്.

 

"ഇങ്ങനെ പോകുന്നു മാഷേ ...." സന്തോഷം മുഖത്ത് വരുത്തി ഡോമിനിക്ക് മറുപടി പറഞ്ഞു.

 

"റോയ് അച്ചനെ ഒന്ന് കാണണം. കണ്ടിട്ട് വന്ന് സംസാരിക്കാം"

.രാഘവൻ മാഷ് മേടയിലേക്ക് പോയി.

 

മാഷ് എല്ലാവരുമായും കുറെ സംസാരിക്കും. തുടങ്ങിയാൽ നിർത്തില്ല..

ജോലിയിൽ നിന്ന് വിരമിച്ച ശേഷം

രാഘവൻ മാഷ് മകളുടെ കൂടെ ടൗണിലാണ് താമസം . ഇവിടത്തെ വീട് ഇപ്പോൾ പൂട്ടിക്കിടക്കുകയാണ് . ഇടയ്ക്ക് വന്ന് വൃത്തിയാക്കിയിട്ട് പോകും. ഇപ്പോൾ കുറെ നാളായി ഇങ്ങോട്ട് വന്നിട്ട് .

 

കുറേനേരം കഴിഞ്ഞ് മാഷ് വന്നു ഡോമിനിക്കിനോട് സംസാരം തുടങ്ങി.

 

" മകളുടെ മകൻറെ ഒരു കാര്യവുമായി വന്നതാണ് ...അവൻ പ്ലസ്ടു കഴിഞ്ഞു. പഠിക്കാൻ വളരെ ഉഴപ്പാണ് ....

മാർക്കൊക്കെ കുറവാണ് ...

അവൻ്റെ കോളേജ് അഡ്മിഷൻ കാര്യവുമായി വന്നതാണ്...

 പള്ളിവക കോളേജില്ലേ... അവിടെ തന്നെ ... 

  

മകൾക്ക് ഒരേ നിർബന്ധം... മകൻ സയൻസ് തന്നെ പഠിക്കണമെന്ന്.. ഭാഗ്യത്തിന് ഇവിടെ തന്നെ ഒരു സീറ്റ് കിട്ടി ...

അടുത്തായല്ലോ അല്ലേ ?

 

സംവരണ സീറ്റ് ആണ് ... ആ

വിഭാഗത്തിൽ ആരും വരാത്തതുകൊണ്ട് കിട്ടി .....

5 ലക്ഷം ഡൊണേഷൻ കൊടുക്കേണ്ടി വന്നു....

 

 ഇന്ന് രാവിലെയാണ് അച്ചൻ വിളിച്ച് കൺഫോം ചെയ്തത്....

 എന്നാ പിന്നെ കൈയോടെ വന്നുകാര്യങ്ങൾ ഒരു തീരുമാനമാക്കാം എന്ന് കരുതി പോന്നതാ..." 

 

 

സങ്കടവും ദേഷ്യവും അടക്കാനാവാതെ, ഇതെല്ലാം കേട്ട് നിൽക്കാനേ ഡോമിനിക്കിന് കഴിഞ്ഞുള്ളൂ. പിന്നെ മാഷ് പറഞ്ഞതൊന്നും ശ്രദ്ധിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. ഞെട്ടൽ പുറത്ത് കാണിക്കാതെ കൃത്രിമമായ ചെറു ചിരി മുഖത്ത് വരുത്തി അയാൾ എല്ലാം കേട്ടു. ടൗണിലേക്കുള്ള ബസ് വന്നപ്പോൾ യാത്ര പറഞ്ഞ് രാഘവൻ മാഷ് പോയി.പണത്തിനുവേണ്ടി അച്ചൻ തങ്ങളോട് ഇങ്ങനെ ചെയ്യുമെന്ന് അയാൾക്ക് വിശ്വസിക്കാൻ ആകുമായിരുന്നില്ല. സോമിനിക്ക് പള്ളിയുടെ മുകളിൽ നിൽക്കുന്ന മാതാവിൻറെ രൂപത്തെ നോക്കി.മനുഷ്യന്റെ തീരുമാനങ്ങളുടെ മുന്നിൽ നിസ്സഹായമായി നോക്കിനിൽക്കുന്ന ദൈവത്തെ അയാൾ കണ്ടു.

 

 

മകളെ എങ്ങനെയും പഠിപ്പിക്കണം .പണം കൊടുത്തോ ദൂരെയുള്ള കോളേജിൽ അയച്ചോ ഇഷ്ടമുള്ള കോഴ്സ് പഠിപ്പിക്കണം. അന്ന് രാത്രി ഡോമിനിക്കിന്റെ ചിന്തകൾ അതായിരുന്നു. എങ്ങനെയും കുറെ പണം സംഘടിപ്പിക്കണം. ഡോമിനിക്ക് വീട്ടിലെത്തി. മേരിയോട് അറിഞ്ഞതൊന്നും അയാൾ പറഞ്ഞില്ല.

 

നാളെ ഞായറാഴ്ചയാണ്, കൂടാതെ പള്ളിയിലെ ഒരു വിശേഷ ദിവസം കൂടിയാണ്. രാവിലെ തന്നെ പ്രാർത്ഥനാ കർമ്മങ്ങളും ആഘോഷങ്ങളും മറ്റു ചടങ്ങുകളും തുടങ്ങും. അതിരാവിലെ തന്നെ കട തുറന്നാൽ നല്ല കച്ചവടം ലഭിക്കും അയാൾ കണക്കുകൂട്ടി.

 

 

ഡോമിനിക്ക് അതിരാവിലെ എഴുന്നേറ്റ് പള്ളിയിലേക്ക് നടന്നു . 

 

വിശേഷ ദിവസത്തെ വരവേൽക്കാൻ ആയി പള്ളി പൂക്കൾ കൊണ്ടും ദീപങ്ങൾ കൊണ്ടും മറ്റ് അലങ്കാര വസ്തുക്കൾ കൊണ്ടും മനോഹരമാക്കിയിരിക്കുന്നു.

 

ഡോമിനിക്ക് തൻ്റെ കട തുറന്നു...

 

പള്ളിയുടെ കവാടങ്ങൾ വിശ്വാസികൾക്കായി മലർക്കെ തുറക്കപ്പെട്ടു..

 

 

ഡോമിനിക്ക് തൻറെ കച്ചവട വസ്തുക്കൾ കച്ചവടത്തിനായി തയ്യാറാക്കി. 

കടയുടെ തട്ടിൽ മാതാവും യേശുവും കൃഷ്ണനും പുണ്യാളന്മാരല്ലാരും നിരന്നു...

 

അച്ചനും പരിവാരങ്ങളും അൾത്താര പ്രാർത്ഥനാ കർമ്മങ്ങൾക്കായി തയ്യാറാക്കി.

പള്ളിയിലേക്ക് ആളുകൾ എത്തിത്തുടങ്ങി..

 

ഡോമിനിക്കിന്റെ കടയിൽ ആളുകൾ നിരന്നു തുടങ്ങി ...

 

പള്ളിയിൽ അച്ചൻ പ്രാർത്ഥനാ സൂക്തങ്ങൾ ചൊല്ലാൻ തുടങ്ങി. വിശ്വാസികൾ പള്ളിയിലേക്ക് ഇരച്ചു ....

 

ഡോമിനിക്ക് തന്റെ കടയിലേക്ക് ആളുകളെ മാടി വിളിച്ചു കൊണ്ടിരുന്നു...

 

 

അച്ചൻ സ്നേഹത്തെ കുറിച്ചും, കാരുണ്യത്തെ കുറിച്ചും , സഹാനുഭൂതിയെക്കുറിച്ചും ജീവിതത്തിൽ അത് പ്രാവർത്തികമാക്കേണ്ടതിന്റെ ആ വിശ്യകതയേ കുറിച്ചും ഉച്ചത്തിൽ വിശ്വാസികളെ ഉത്ബോധിപ്പിച്ചു....

പള്ളിമുറ്റം വിശ്വാസികളെ കൊണ്ടും ആഡംബര വാഹനങ്ങളെ കൊണ്ടും നിറഞ്ഞു...

 

ഡോമിനിക്ക് തൻറെ കടയിലെ കച്ചവട വസ്തുക്കളുടെ ഗുണഗണങ്ങൾ വർണ്ണിച്ചു...

 

അച്ചന്റെ പ്രാർത്ഥന ഉച്ചസ്ഥായിലായി ...

 

പള്ളിയിലെ കാണിക്കവഞ്ചികൾ നിറഞ്ഞു കൊണ്ടിരുന്നു...

 

 

ഡോമിനിക്ക് പള്ളിക്കകത്തേക്ക് നോക്കി. പള്ളിയിലും തന്റെ കടയിലും ഏറെ സമാനതകൾ അയാൾ കണ്ടു .. വ്യത്യാസം അകത്ത് വിശ്വാസവും പുറത്ത് ഭൗതിക ബിംബങ്ങളും.

 

ഡോമിനിക്കിന്റെ കടയിൽ ആളുകൾ തിക്കി തിരക്കി തുടങ്ങി..

 

കർത്താവും മാതാവും കൃഷ്ണനും പുണ്യാളന്മാരുമോമൊക്കെ ചൂടപ്പം പോലെ വിറ്റുപോയി..

 

അവിടമാകെ ദൈവ വിൽപന പൊടിപൊടിച്ചു...

...

Srishti-2022   >>  Short Story - Malayalam   >>  സൈക്കിളും കുറെ കുഞ്ഞോർമ്മകളും

സൈക്കിളും കുറെ കുഞ്ഞോർമ്മകളും

 

ഇത്തവണ സ്കൂൾ അടക്കുമ്പോൾ നമുക്ക് എന്റെ നാട്ടിലേക്ക് പോകാം എന്ന് ഹരി പറഞ്ഞപ്പോൾ ഞങ്ങൾക്ക് പോകണ്ടാ നാട്ടിലേക്ക് ഇതായിരുന്നു ഭാര്യയും മക്കളും ഉൾപ്പടെ എല്ലാരുടേം മറുപടി. 

"പിന്നെ എങ്ങോട്ട് പോവാനാണ്?" എന്ന ചോദ്യത്തിന് ഡൽഹിയും ബാംഗ്ലൂരുമുൾപ്പടെ ഇന്ത്യൻ നഗരങ്ങളും വിദേശ രാജ്യങ്ങളും ആണ് അവർ മുന്നോട്ട് വെച്ചത്.

 

കഴിഞ്ഞ കുറെ വർഷങ്ങളായി വേനലവധിക്കാലത്ത് പല തിരക്കുകളും വരുന്നത് കൊണ്ട് ഒരുമിച്ചൊരു ദീർഘയാത്രയോ അവധിക്കാലം ചെലവിടലോ ഒന്നും നടന്നിരുന്നില്ല. ഇത്തവണ എല്ലാം ഒത്തു വരുമെന്ന് കണക്കു കൂട്ടിയപ്പോൾ ആണ് പോകുന്ന സ്ഥലങ്ങളേക്കുറിച്ച് തർക്കം ഉടലെടുത്തത്. അയാളെ സംബന്ധിച്ചിടത്തോളം തന്റെ കുട്ടിക്കാലത്തേക്കുള്ള ഒരു ഓർമ്മ പുതുക്കൽ വല്ലാതെ മനസ്സിൽ ആഗ്രഹിച്ചതായിരുന്നു, ഒരുപക്ഷെ തീർത്ഥാടനം പോലെ അയാൾ ആഗ്രഹിച്ച ഒന്ന്! പക്ഷേ ഭാര്യയും, മക്കളും, ഭാര്യയുടെ മാതാപിതാക്കളും ഒക്കെ മറിച്ചുള്ള അഭിപ്രായക്കാരായിരുന്നു. ഒടുവിൽ മോനൊരു പുതിയ സൈക്കിളും ബാക്കി എല്ലാവർക്കും അവർ പറയുന്ന ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ട് വിവിധ സ്ഥലങ്ങളിലേക്ക് യാത്രയും ആവാം എന്ന ഒത്തു തീർപ്പു വ്യവസ്ഥയിൽ അവർ അയാളുടെ നാട്ടിലേക്ക് പോകാം എന്ന ധാരണയിലെത്തി.

 

മകന് വേണ്ടി സൈക്കിൾ ഷോപ്പിൽ ചെന്ന് വില ചോദിക്കുമ്പോഴായിരുന്നു ഇത്രയും വിലയുള്ള സൈക്കിളുകൾ ഉണ്ടെന്നും ഒരുപാട് പ്രത്യേകതകൾ അവക്കൊരോന്നിനുമുണ്ടെന്നും ഹരി മനസ്സിലാക്കിയത്. വിലകൂടിയ ഒരെണ്ണത്തിന് വാശി പിടിക്കുന്ന മകനിലൂടെ അയാൾ തന്റെ കുട്ടിക്കാലം ഓർത്തു പോയി.

 

ഇപ്പോൾ ഓർക്കുമ്പോൾ കൗതുകവും ചിരിയും സങ്കടവുമൊക്കെ തോന്നുന്ന കുഞ്ഞോർമ്മകൾ... ഒറ്റക്കുട്ടി ആണെങ്കിൽ പോലും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി തീരെ മെച്ചമല്ലാത്തതിനാൽ കളിപ്പാട്ടങ്ങളൊക്കെ സങ്കല്പവും സ്വപ്നവും മാത്രമായിരുന്നു. എങ്കിലും ചിലത് കാണുമ്പോൾ ഉള്ളിൽ മോഹം തോന്നുമല്ലോ! അങ്ങിനെ മോഹിച്ച ഒരു കളിപ്പാട്ടമായിരുന്നു #ഉജാലവണ്ടി

പട്ടത്തണ്ടിലോ, ശീമക്കൊന്നയുടെ വടിയിലോ ഉജാലക്കുപ്പി വെച്ച് പിടിപ്പിച്ചു, പഴയ സ്ലിപ്പർ ചെരുപ്പുകൾ വട്ടത്തിൽ മുറിച്ചുണ്ടാക്കുന്ന വണ്ടി! അന്ന് അത് കയ്യിലുള്ളത് ഒരു ഗമയാണ്... ഇന്നത്തെപ്പോലെ വീഡിയോ ഗെയിമോ ടിവിയോ ഒന്നുമില്ല, അതുകൊണ്ട് ഈ വണ്ടി ഓടിക്കുന്നവർ ഒക്കെ ഓരോ ബസിന്റെ പേരൊക്കെ വെച്ച് അതാണെന്ന് ഭാവിച്ചാണ് കളിക്കാറ്. ചിലർ ഇതിൽ ഓഡിയോ കാസറ്റിന്റെ ശീലയൊക്കെ മുറിച്ചു തൂക്കും, അപ്പൊ ആഡംബര വണ്ടിയായി! വീട്ടിൽ നിന്നും എല്ലാരുമെത്തുന്ന അമ്പലപ്പറമ്പ് വരെ ഇതോടിച്ചു കൊണ്ട് വരുന്നവരോട് ആരാധനയും ചെറിയൊരു അസൂയയും ഒക്കെ തോന്നിയിട്ടുണ്ട്. ഉണ്ടാക്കിത്തരാൻ ആളില്ലാത്തത് കൊണ്ടും നിർമിക്കാൻ ആവശ്യമായ സാധന സാമഗ്രികൾ ഇല്ലാത്തത് കൊണ്ടും (ഉജാല വീട്ടിൽ വാങ്ങാറേ ഇല്ല. പറമ്പില്ലാത്തത് കൊണ്ട് തെങ്ങോ, ശീമക്കൊന്നയോ ഇല്ല, ചെരിപ്പ് മിക്കവാറും കേടാവും വരെ ഉപയോഗിക്കുന്നത് കൊണ്ട് വെട്ടാനുള്ള ചെരിപ്പുമില്ല!) അത് അങ്ങിനെ കിടന്നു. കുറെയേറെ നാൾ ആഗ്രഹിച്ചു കൊതി കൊണ്ട് ആരുടെയോ വണ്ടി വാങ്ങി രണ്ടു തവണ അവിടെ ഓടിച്ചപ്പോൾ ആണ് അമ്മയുടെ കണ്ണിൽ പെടുന്നത്! അന്ന് മധുരച്ചീരയുടെ ഒരു കമ്പ് പൊട്ടും വരെ അമ്മയുടെ തല്ലു കിട്ടി. തന്റെ കൊതിയും ദയനീയാവസ്ഥയും കണ്ടാവണം ആരാണെന്നു പേര് വ്യക്തമാക്കാതെ ഒരു നാൾ രാവിലെ വീടിനു മുന്നിൽ ഇത്തരമൊരു വണ്ടി കൊണ്ട് വെച്ചത്. മറ്റൊരാളുടെ സാധനം എടുക്കരുത് എന്ന് പറഞ്ഞു അമ്മ അത് പുറത്തിട്ടത്തോടെ ആ ആഗ്രഹവും മനസ്സിൽ നിന്ന് എടുത്തു കളഞ്ഞു.

 

പിന്നീട് ഒരിക്കൽ നാട്ടിൽ ഒരു കൂട്ടുകാരന്റെ വീട്ടിൽ മുച്ചക്ര സൈക്കിൾ കണ്ടു, പഴയ ഓർമ്മകൾ ഉള്ളത് കൊണ്ട് നോക്കി കൊതി തീർക്കുകയും ചെയ്തു. പിന്നീട് തിരുവനന്തപുരത്ത്‌ വന്നപ്പോൾ ഒരു ബന്ധുവീട്ടിൽ ഇതേ സാധനം കണ്ടു. താനത് കണ്ടതും ആരാധനാ പൂർവ്വം നോക്കിയതും അവരും കണ്ടു. അതെടുത്തുപയോഗിക്കാൻ അവർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു, അമ്മയുടെ സമ്മതം ആയിരുന്നു അന്ന് തന്റെ ആവശ്യം. ബന്ധുക്കൾ ആയതുകൊണ്ട് അമ്മ എതിർത്തില്ല, കണ്ണുകൊണ്ട് സമ്മതം എന്ന് പറഞ്ഞു. എങ്കിലും രണ്ടു തവണ ആ ചെറിയ റൂം വലം വെച്ച് നിർത്തി. നമ്മുടേതല്ലാത്ത ഒന്നെന്ന ബോധം എങ്ങിനെയോ മനസ്സിൽ വന്നു കാണണം! ഒരു വർഷം കഴിഞ്ഞു അതേ സൈക്കിൾ കൊണ്ട് പോകാൻ അവർ പറഞ്ഞപ്പോൾ, ആദ്യമൊക്കെ വേണ്ടെന്നു പറഞ്ഞെങ്കിലും എന്റെ മോഹവും, പുതിയതൊന്നും വാങ്ങാൻ കഴിയില്ലെന്നുള്ള ബോധ്യവുമാവണം അമ്മയെയും അച്ഛനെയും അത് സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. പത്രക്കടലാസ് കൊണ്ടുള്ള ഉടുപ്പിട്ട് പൊതിഞ്ഞു ട്രെയിനിൽ കയറ്റി വീട്ടിലെത്തും വരെ ഹൃദയം സന്തോഷം കൊണ്ട് തുള്ളുകയായിരുന്നു, വീട്ടിലെത്തി ചവിട്ടാൻ തുടങ്ങിയ ആദ്യ നിമിഷം അത് തീർന്നു! മുൻ ചക്രത്തിനോട് ചേർന്നുള്ള സ്ക്രൂ ഊരിപ്പോയതാണ്! അച്ഛൻ നോക്കിയപ്പോൾ ആ സ്ക്രൂ അതിന്റെ ശരിയായ സ്‌ക്രൂ അല്ല! വിറകിന്റെ ചീള് എടുത്തു പേപ്പറിൽ പൊതിഞ്ഞും ആണി പേപ്പറിൽ പൊതിഞ്ഞുമൊക്കെ 3-4 കൊല്ലം അതുപയോഗിച്ചു. അഞ്ചിൽ പഠിക്കുമ്പോൾ പോലും അതിൽ കയറി ഓടിക്കാറുണ്ടായിരുന്നു. അത്രക്കായിരുന്നു അതിനോട് മോഹം! മച്ചിൻപുറമായിരുന്നു സ്ഥിരം കളിത്തട്ട്. അതിനു പുറകിൽ ഗോപാൽ കർപ്പൂരത്തിന്റെ കവറിലെ ഗുരുവായൂരപ്പന്റെയും മറ്റു ദൈവങ്ങളുടെയും പടമൊട്ടിച്ചും, എവിടെ നിന്നോ കിട്ടിയ കേടായ കാസ്സറ്റിൽ നിന്ന് ശീല എടുത്തു ഹാന്റിലിൽ കൊരുത്തും താൻ തന്റെ ആഡംബര വണ്ടിയാക്കി. ഒടുവിൽ മറ്റൊരു കുഞ്ഞിന് അത് കൊടുക്കുമ്പോൾ അച്ഛനോട് കുറെ പറഞ്ഞു പരിചയത്തിലുള്ള ആരോ വഴി പാകമായ സ്ക്രൂ കൂടി ഇട്ടു കൊടുത്തു... ഇന്നോർക്കുമ്പോൾ എത്ര കുഞ്ഞു കുഞ്ഞു മോഹങ്ങളാണ് അക്കാലത്ത് ഉണ്ടായിരുന്നത് എന്ന് ഒരു ചെറു പുഞ്ചിരിയോടെ അയാൾ ഓർത്തു.

 

ഒടുവിൽ ആ ദിവസം വന്നെത്തി. എല്ലാരുമൊത്തൊരുമിച്ചു അയാളുടെ നാട്ടിലേക്ക് പോകുന്ന നാൾ. യാത്രക്കിടയിൽ ഇഷ്ട ഭക്ഷണമായ മസാലദോശ കഴിക്കുമ്പോൾ ചെറുപ്പത്തിൽ ഇത്തരമൊരു അവസരത്തിനായി കാത്തിരുന്നത് ഹരിയുടെ മനസ്സിലെത്തി. അന്നൊക്കെ വർഷത്തിൽ ഒന്നോ രണ്ടോ തവണ ട്രെയിൻ യാത്രയിൽ പോകുമ്പോൾ അച്ഛനോട് പറഞ്ഞു വാങ്ങാറുള്ള കട്ലറ്റ് മാത്രമായിരുന്നു പുറത്തുനിന്നു കിട്ടുന്ന ഭക്ഷണം. ഐസ്ക്രീം ഒക്കെ ആഡംബര വസ്തു ആയിരുന്നു അയാളെ സംബന്ധിച്ചിടത്തോളം. തന്റെ പ്രിയപ്പെട്ട 4 കൂട്ടുകാരോടൊത്ത് കൊല്ലപ്പരീക്ഷ കഴിയുന്ന നാളിൽ അതിയായ ആഹ്ലാദത്തോടെയും എന്നാൽ ആരെങ്കിലും കാണുമോ എന്ന് ഭയന്നും ഐസ്ക്രീം കഴിച്ചത് ഇന്നലെയെന്ന പോലെയാണ്. ഓരോ വർഷം ഓരോ ആളുകളുടെ ചിലവ് എന്ന ധാരണയിൽ തന്റെ ഊഴം വന്നപ്പോൾ അതിനുള്ള കാശ് ഒപ്പിക്കാൻ പെട്ട പാട് ചില്ലറയെന്നുമായിരുന്നില്ല എന്ന് ആലോചിച്ചപ്പോൾ ചിരി അടക്കാൻ കഴിഞ്ഞില്ല ഹരിക്ക്.

 

നാട്ടിലെത്തി താൻ വളർന്ന വീടും പരിസരവുമൊക്കെ കാണുമ്പോൾ ഓരോന്നും മക്കൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ അയാളുടെ ഹൃദയം സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു, എന്നാൽ ബാക്കിയുള്ളവർക്കൊന്നും അതിൽ അത്ര പുതുമയുള്ളതായി തോന്നിയില്ല. തിരുവാതിരക്ക് മുത്തിയും ചോഴിയും വരുന്ന കഥയും, വിഷുവിനു ആനയില്ലാത്ത ഉത്സവം നടക്കുന്നതും ജനുവരി മാസത്തിലെ അയ്യപ്പൻ വിളക്കും, നവരാത്രിക്കാലവും തന്റെ വീട്ടില് കൂട്ടുകാരോത്തുള്ള കളികളും ഒക്കെ അയാളുടെ മനസ്സിൽ ഒന്നിന് പുറകെ ഒന്നായി തെളിഞ്ഞു കൊണ്ടിരുന്നു. ആ പഴയ കുട്ടിയുടെ കൗതുകത്തോടെ അയാൾ അവയോരൊന്നും മനസ്സിന്റെ തിരശീലയിൽ കണ്ടു കൊണ്ടിരുന്നു. കൊച്ചു കൊച്ചു ആഗ്രഹങ്ങൾ മാത്രമുള്ള അവയോരൊന്നും നടന്നു കിട്ടുമ്പോൾ ഉള്ളിലുണ്ടാവുന്ന നിറവ് ഇന്ന് കൈനിറയെ പണവും പദവിയും ഉണ്ടായിട്ടും കിട്ടുന്നില്ലല്ലോ എന്നോർത്തപ്പോൾ ഹരി അതിശയിക്കുകയും ചെയ്തു.

 

"സ്വപ്നലോകത്തു നിന്ന് ഇറങ്ങി വന്നാൽ അടുത്ത പരിപാടികൾ നോക്കാമായിരുന്നു" ഈ വാചകമാണ് അയാളെ ചിന്തയിൽ നിന്നും ഉണർത്തിയത്. "നിങ്ങടെ ഗൃഹാതുരത്വമൊക്കെ കഴിഞ്ഞെങ്കിൽ തിരിച്ചു പോകാമായിരുന്നു, മറ്റന്നാൾ ഡൽഹിക്ക് പോകാനുള്ളതാണ് - ഭാര്യയായിരുന്നു അത്.

 

"പോകാം - ഓർമകളിലൂടെ സഞ്ചരിക്കാൻ എന്റെ കൂടെ നിങ്ങളൊക്കെ വന്നല്ലോ, സന്തോഷം" - ഹരി പറഞ്ഞു നിർത്തി. ഹരിയുടെ ഉള്ളിലപ്പോഴും ഓർമകളുടെ കടലിരമ്പുന്നുണ്ടായിരുന്നു...

Srishti-2022   >>  Short Story - Malayalam   >>  ആമി

Sooraj Jose

EY Trivandrum

ആമി

 

‘എനിക്ക് കൊതി ആയിരുന്നു നിന്നോട് സംസാരിക്കുവാൻ. എന്നിൽ നിന്നും ഇറങ്ങി തിടുക്കത്തിൽ എങ്ങോട്ടോ പോകുന്ന വാക്കുകൾ. കൂടെ ഓടി എത്താൻ പണിപ്പെടുന്ന നീയും. ഇടയിൽ ഒന്ന് നിന്ന്, നിന്നെയും കൂട്ടി ഇത് വരെ അറിയാത്ത വഴികളിലൂടെ അവ നടന്നു. ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച്, തമാശകളായി ചിരിപ്പിച്ച്, ഇല്ലാ കഥകൾ പറഞ്ഞ് അത്ഭുതപ്പെടുത്തി, അങ്ങനെ ആ യാത്ര തുടർന്നു. ഇടയിൽ എപ്പോഴെങ്കിലും നിന്റെ വാക്കുകൾ കൂട്ട് വരാതായാൽ, എന്റെ വാക്കുകൾ തനിച്ചായാൽ, അവ ചിന്തകളുടെ ഇരുട്ടിൽ ശ്വാസം മുട്ടി മരിക്കും. നീ പിണങ്ങി പോയാൽ ഞാൻ വീണ്ടും ഊമ ആകും എന്ന ഭയത്തിനാൽ പറയാതെ ഒളിപ്പിച്ചു വച്ച വാക്കുകൾ, അതിൽ നിന്നോടുള്ള എന്റെ പ്രണയവും ഉണ്ടായിരുന്നു.’ 

 

അവൾ പതിയെ ആ വാക്കുകളിലൂടെ വിരൽ ഓടിച്ചു.        

 

“ആമി, എടീ ആമിയെ”     

 

വായിച്ചുകൊണ്ടിരുന്ന ഡയറി മടക്കി ടേബിളിൽ വച്ച് അവൾ ബെഡ്റൂമിലേക്ക് തിടുക്കത്തിൽ നടന്നു. തൂവെള്ള നിറത്തിലുള്ള കർട്ടനുകൾ മൂടിയ ജാലകത്തിന് അഭിമുഖമായി വീൽ ചെയറിൽ മധ്യവയസ്കനായ ഒരാൾ ഇരിക്കുന്നു. കാൽ മുട്ടിന് തൊട്ട് താഴെ ആയി നിൽക്കുന്ന ചാര നിറമുള്ള ട്രൗസറും ഇളം പച്ച ടീ ഷർട്ടും വേഷം. അയാളുടെ ശ്വാസോച്ഛ്വാസത്തിന്റെ പതിഞ്ഞ ശബ്ദത്തെ ഭഞ്ജിച്ചുകൊണ്ട് അവളുടെ കാലൊച്ച കേട്ടു. പിൻതിരിഞ്ഞ് നോക്കാതെ തന്നെ അയാൾ ആജ്ഞ കലർന്ന ശബ്ദത്തിൽ പറഞ്ഞു 

 

“ആമി, ആ കർട്ടൻ മാറ്റ്”

 

ഇളം തവിട്ട് നിറമുള്ള നെയിൽ പോളിഷ് ഇട്ട അവളുടെ വിരലുകൾ കർട്ടൻ വിരിപ്പ് വലത്തെ അരികിലേക്ക് മാറ്റി. അയാൾ കൗതുകത്തോടെ പുറത്തെ കാഴ്‌ചകൾ കാണുന്നു. ആകാശം മറച്ചുകൊണ്ട് ചുറ്റും ഉയർന്ന് നിൽക്കുന്ന ഫ്ളാറ്റുകൾ. അയാൾ തിരിഞ്ഞ് നോക്കിയതും കാര്യം മനസ്സിലായ അവൾ വീൽ ചെയർ ജനലിനോട് അടുപ്പിച്ചു. തല എത്തിച്ച് താഴേക്ക് നോക്കിയ അയാളുടെ കാഴ്‌ചയിൽ ഭൂമിയിൽ പൊട്ട് പോലെ മനുഷ്യർ. എതിർ ഫ്ലാറ്റിൽ നിന്നും പൊടുന്നനെ കേട്ട ഡ്രില്ലിങ് മെഷിന്റെ ശബ്ദത്തിൽ അയാൾ ഞെട്ടി പിന്നിലേക്ക് മാറി. ആശ്വസിപ്പിക്കുവാൻ എന്നവണ്ണം അയാളുടെ നര കയറി തുടങ്ങിയ തല മുടിയിൽ ആർദ്രമായി തലോടിക്കൊണ്ട് അവൾ പറഞ്ഞു.    

 

“അവര് ബാൽക്കണിയിൽ ഇരുമ്പിന്റെ നെറ്റ് അടിക്കുന്നതാ, പ്രാവ് കേറാതിരിക്കാൻ”

 

“പ്രാവ് വന്നാൽ എന്താ ?”  

 

അയാൾ ഒരു കൊച്ച് കുഞ്ഞിനെപ്പോലെ നിഷ്കളങ്കമായി ചോദിച്ചു. 

 

“തൂറി മെനക്കേടാക്കും”

 

ആ ഉത്തരത്തിൽ തൃപ്തനല്ലായിരുന്നിട്ടും അയാൾ പതിയെ തല കുലുക്കി. ഒരു നെടുവീർപ്പോടെ ബെഡിൽ ഇരുന്ന് പിന്നിലേക്ക് കുത്തിയ അവളുടെ കൈ വിരലുകൾ നനവ് അറിഞ്ഞു. ഈർഷ്യയോടെ കൈ പിൻവലിച്ച അവൾ അൽപ്പനേരം കൂടി അയാളെ നോക്കി ഇരുന്ന ശേഷം എഴുന്നേറ്റ്, മൂത്രം മണക്കുന്ന ആ വിരിപ്പ് മാറ്റി, അതുമായി പുറത്തേക്ക് പോകുന്നു. അയാൾ അപ്പോഴും ജനാലക്ക് അപ്പുറത്തെ കാഴ്ചകളിൽ മുഴുകി ഇരിക്കുന്നു.      

 

 

അയാളുടെ അഴുക്കുകൾ പേറുന്ന തുണികൾ നിറഞ്ഞ ബാസ്‌ക്കറ്റിൽ നിന്നും അവയെല്ലാം പെറുക്കി ഇട്ട്, കൊഴുത്ത ഡിറ്റര്ജന്റ് ഉം ഒഴിച്ച് അവൾ വാഷിങ് മെഷീൻ ഓൺ ചെയ്തു. ഓവർ ലോഡ് ആയതിന്റെ ദേഷ്യത്തിൽ എന്ന വണ്ണം ആദ്യം ഒന്ന് മുരണ്ടെങ്കിലും ചെറിയൊരു വിറയലോടെ ആ യന്ത്രം ജോലി തുടങ്ങി. ടേബിളിൽ നിന്നും അയാളുടെ ഡയറി എടുത്തുകൊണ്ട് വന്ന അവൾ സോഫയിൽ കാല് നീട്ടി ഇരുന്ന് വായന തുടർന്നു.                      

 

‘എല്ലാ പ്രണയങ്ങളും ആകസ്മികമായ കണ്ട് മുട്ടലുകൾ ആണ്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ തണൽ മരങ്ങളുടെ കീഴിലായി ബർത്ത് ഡേ ആഘോഷിക്കുന്ന സുഹൃത്തുക്കൾക്കിടയിൽ, വഴിയരികിൽ പാർക്ക് ചെയ്തിരിക്കുന്ന സ്കൂട്ടിയുടെ പിൻ സീറ്റിൽ വച്ച് കേക്ക് കട്ട്‌ ചെയ്യുന്ന പെൺകുട്ടി. ആ വഴി വന്ന പരിചിതർക്കും അപരിചരക്കുമെല്ലാം അവൾ നിറഞ്ഞ ചിരിയോടെ കേക്ക് നൽകുന്നു. അസ്തമയ സൂര്യന്റെ ചുവപ്പിന് പതിവിലും ഏറെ അഴകുണ്ടായിരുന്ന ആ സായാഹ്നത്തിൽ എന്റെ കണ്ണിലും ഹൃദയത്തിലും ആഴത്തിൽ പതിഞ്ഞ മുഖം, അത് നീ ആയിരുന്നു ആമി. 

 

തരണം ചെയ്യാൻ ബുദ്ധിമുട്ടികൊണ്ടിരുന്ന വിഷാദ രോഗത്തിന്റെ ലക്ഷണം എന്ന പോലെ പ്രതീക്ഷകളൊക്കെ അസ്തമിച്ച്, ആരോടും സംവദിക്കാൻ താല്പര്യമില്ലാതെ ഏകാകി ആയിരുന്ന ഞാനാണ് റോഡ് മുറിച്ച് കടന്ന് വന്ന് ‘ഹാപ്പി ബിർത്ത് ഡേ’ എന്നും പറഞ്ഞ് നിനക്ക് നേരെ കൈ നീട്ടിയത് എന്നത് ഇന്നും അവിശ്വസനീയമായി തോനുന്നു. ഒരു അപരിചിതന്റെ ആശംസ കേട്ടപ്പോൾ നിന്റെ കണ്ണിൽ വിരിഞ്ഞ അത്ഭുതം, കവിളിലേക്ക് വീണ് കിടന്ന ചുരുണ്ട മുടിയിഴകൾ പിന്നിലേക്ക് മാറ്റി ഇടത് കൈ കൊണ്ട് ഒരു കഷ്ണം കേക്ക് എനിക്ക് സമ്മാനിക്കുമ്പോഴും മായാതെ നിൽപ്പുണ്ടായിരുന്നു. ‘ഇതല്ല, ആ പൂ വച്ച പീസ്’ എന്ന് തമാശയായി പറഞ്ഞ് ഞാൻ വീണ്ടും കൈ നീട്ടിയപ്പോൾ ആ കൗതുകം മാറി ഒരു പുഞ്ചിരി ആയതും പിന്നീട് അതൊരു പൊട്ടിച്ചിരി ആയി മാറിയതും…’

 

വാഷിങ് മെഷിൻ അതിന്റെ ജോലി പൂർത്തീകരിച്ചു എന്നതിന്റെ സൂചകമായി അലാറം മുഴക്കുന്നു. കണ്ണ് നീരിന്റെ നനവുള്ള ചെറു ചിരിയോടെ അവൾ ഡയറി മടക്കി വച്ച് എഴുന്നേറ്റു. ബാൽക്കണിയിൽ ഡ്രെസ്സുകൾ വിരിച്ചിടുന്നതിന് ഇടയിൽ ബെഡ്‌റൂമിൽ നിന്നും വീണ്ടും ഉച്ചത്തിലുള്ള വിളി കേട്ടു 

“ആമീ”

 

താൻ വന്നത് അറിയാതെ, അല്ലെങ്കിൽ അറിഞ്ഞതായി ഭാവിക്കാതെ ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുന്ന അയാളോടായി അവൾ ചോദിച്ചു   

 

“എന്താ ?”

 

മറുപടി ഒന്നും ഉണ്ടാകാതിരുന്നപ്പോൾ അവൾ ഒരൽപ്പം ഉച്ചത്തിൽ സംസാരിക്കുന്നു 

 

“ബോർ അടിക്കുന്നുണ്ടോ. വായിക്കാൻ ബുക്ക് ഏതേലും തരട്ടെ ?”

 

അയാൾ ‘വേണ്ട’ എന്ന രീതിയിൽ തല ആട്ടി. ശേഷം പതിയെ തല തിരിച്ച് അവളോടായി പറഞ്ഞു.   

 

“ആമി, നമുക്ക് വീട്ടിൽ പോകാം”

 

അവൾ സഹാനുഭൂതിയോടെ അയാൾക്ക്‌ അരികിലേക്ക് ചേർന്ന് നിന്നു. 

 

“ഇതല്ലേ വീട് ?”

 

അയാൾ ആ മുറി മുഴുവൻ കണ്ണോടിച്ച് ‘അത് ശെരിയാണ്’ എന്ന രീതിയിൽ തലയാട്ടി എങ്കിലും നിരാശയോടെ പിറുപിറുത്തു 

 

“ചെറുതായി പോയി”

 

അവൾ അയാളുടെ മുടിയിഴകളിൽ തലോടികൊണ്ട് ചോദിച്ചു  

 

“കിടക്കണോ ?”

 

ക്ഷീണിച്ച കണ്ണുകൾ ആയാസപ്പെട്ട് തുറന്ന് കൊണ്ട് അയാൾ പറഞ്ഞു 

 

“വേണ്ട”       

 

“എന്നാൽ ഞാൻ പോയ്കോട്ടെ ?”

 

അൽപനേരം കാത്ത് നിന്നിട്ടും ഇനി അയാളിൽ നിന്നും മറുപടി ഒന്നും വരില്ല എന്ന് മനസ്സിലാക്കിയ അവൾ ചുരിദാറിന്റെ കാൽ തെറുത്ത്‌ കയറ്റി വച്ച്, കുനിഞ്ഞ്, കട്ടിലിന് അടിയിലെ അറയിൽ നിന്നും വാക്വം ക്ളീനർ പുറത്തെടുത്തു. മുറിയിൽ അവിടവിടായി കിടന്നിരുന്ന കടലാസ് കഷ്ണങ്ങളും മേശയുടെ കീഴിലായി കിടന്ന ഒരുകഷ്ണം ബ്രെഡും, അതിൽ പൊതിഞ്ഞിരുന്ന ഒരു പറ്റം ഉറുമ്പുകളെയും അത് വിഴുങ്ങി. ഭക്ഷണം കഴിച്ച പ്ളേറ്റുകൾ എടുത്ത് മുറിയിൽ നിന്നും പുറത്തേക്ക് പോകുന്ന അവളെ നോക്കി അയാൾ ഇരിക്കുന്നു. 

 

അടുക്കളയിൽ വാഷ് ബെയ്‌സണിൽ കൂട്ടി ഇട്ടിരുന്ന പാത്രങ്ങളോടൊപ്പം അവൾ കൊണ്ടുവന്ന പ്ലേറ്റുകളും ഡിഷ് വാഷറിൽ വച്ച് അത് ഓൺ ചെയ്ത ശേഷം ഹാളിലേക്ക് വന്ന അവൾ വീണ്ടും അയാളുടെ ഡയറി എടുത്ത് വായന തുടർന്നു. 

 

ആക്‌സമികമായി സംഭവിച്ച ആദ്യ കാഴ്‌ചയ്‌ക്ക്‌ ശേഷം അവർ പരസ്പരം അറിഞ്ഞും അറിയാതെയും പലവട്ടം കണ്ടു, ഒരുമിച്ച് ഒരുപാട് ദൂരങ്ങൾ സഞ്ചരിച്ചു. ഒരു മടക്കയാത്രയിൽ, പിരിയുന്നതിന് തൊട്ട് മുൻപ് ഹൃദയത്തിൽ നിന്നും നാവിലേക്ക് വന്ന വാക്കുകളെ പൂർണ്ണമായും വിഴുങ്ങാൻ അയാൾക്കായില്ല, അയാൾ ആമിയെ പ്രൊപ്പോസ് ചെയ്തു. ‘നമ്മൾ പരിചയപെട്ടിട്ട് കുറച്ചല്ലേ ആയുള്ളൂ, ഇപ്പഴേ എങ്ങനാ ഒരു തീരുമാനം പറയാ’ എന്നതായിരുന്നു അയാളുടെ പ്രണയാഭ്യർഥനയ്ക്ക് ഉള്ള അവളുടെ ആദ്യ മറുപടി. എന്നാൽ അധികം വൈകാതെ തന്നെ ഒരു ചുംബനത്തിലൂടെ അവൾ തന്റെ തീരുമാനം വെളിപ്പെടുത്തി. 

 

മെട്രോ റെയിലും കോഫീ ഷോപ്പും സിനിമാ തീയേറ്ററുകളുമെല്ലാം അവരുടെ ഇഷ്ടം അറിഞ്ഞു. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നക്ഷത്രങ്ങളെ സാക്ഷിയാക്കി ഇരുവരും ഒന്നായി. നിറയെ സ്വപ്നങ്ങളുമായി അവർ ഒരുമിച്ച് ജീവിച്ച് തുടങ്ങി.

 

വായിച്ചു തീർക്കുന്ന ഓർമ്മകളോടൊപ്പം അവളുടെ കവിളിൽ ചിരിയും കണ്ണീരും പടർന്നു. മുന്നോട്ടേക്ക് പോകും തോറും എഴുത്തിന് വ്യക്തത കുറഞ്ഞ് വരുന്നു.  

 

“ആമി”

 

മുറിയിൽ നിന്നും അയാൾ വീണ്ടും വിളിക്കുന്നു. അകത്തേക്ക് കയറി വരുന്ന അവളെ നോക്കി അയാൾ ഒരു പരാതി എന്നവണ്ണം പറഞ്ഞു. 

 

“ആമി, എനിക്ക് വിശക്കുന്നു”

 

അവൾ ഒരു കുട്ടിയോട് എന്ന പോലെ എടുത്ത് ചോദിച്ചു 

 

 

“ശെരിക്കും ? നമ്മള് കുറച്ച് മുന്നേ അല്ലെ ബ്രെക് ഫാസ്റ്റ് കഴിച്ചേ ?”

 

 

അയാൾ ദയനീയമായി അവളെ നോക്കി 

 

 

“ആണോ ? ഞാൻ മറന്ന് പോയി”

 

പൂർണ്ണമായും അവളിൽ ദൃഷ്ടി ഉറപ്പിച്ചിരുന്ന അയാളുടെ കാഴ്‌ചയെ മറച്ചുകൊണ്ട് കണ്ണുനീർ പൊടിഞ്ഞു.  

 

“ആമി, എന്നെ ഒന്ന് കെട്ടി പിടിക്കാവോ ?”

 

അയാൾക്ക് അരികിലായി മുട്ട് കുത്തി നിന്ന അവൾ അയാളെ പ്രണയാർദ്രമായി ആലിംഗനം ചെയ്തു. അയാൾ ഇടറുന്ന ശബ്ദത്തോടെ ചോദിച്ചു     

 

“ഞാൻ നിന്നെയും മറന്ന് പോകുമോ ആമി ?”

 

കണ്ണുനീരാൽ നനഞ്ഞ അയാളുടെ കവിളിൽ അവൾ ഗാഡമായി ചുംബിച്ചു. 

 

ഏതാനും മണിക്കൂറുകളോ ഒരു രാത്രിയോ കൂടെ കിടക്കാൻ വിളിക്കുന്നവരുടെ സ്നേഹമേ അവൾ മുന്നേ അറിഞ്ഞിരുന്നുള്ളു. എനിക്ക് നിന്നെ ഇഷ്ടമാണെന്നും ഞാൻ നിന്നെ കല്ല്യാണം കഴിക്കട്ടെ എന്നുമെല്ലാം അതിൽ പലരും ചോദിച്ചിട്ടുണ്ട്. ആദ്യമൊക്കെ അത് കേൾക്കുമ്പോൾ വലിയ സന്തോഷമായിരുന്നു. ആ വാക്കുകളെ വിശ്വസിച്ച് പുതിയൊരു ജീവിതം വരെ അവൾ സ്വപ്നം കണ്ടിട്ടുണ്ട്. രതി അവസാനിക്കുന്നിടത്ത് തീരുന്ന പ്രണയമേ ഏത് പുരുഷനും തന്നോടുളളു എന്ന് മനസ്സിലാക്കി തുടങ്ങിയപ്പോൾ മുതൽ പ്രണയം എന്ന വാക്കിനോട് തന്നെ പുച്ഛം ആയി. എന്നാൽ ഇപ്പോൾ ഇയാളെയും പ്രണയത്തെയും അവൾ ഇഷ്ടപെടുന്നു. മറവി മൂടിയ ഒരാളുടെ മനസ്സിലെ അവസാനത്തെ ഓർമ്മ ആയി, ആമി ആയി എന്നും ജീവിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് കൊതിക്കുന്നു.                 

 

അയാളുടെ ഓർമ്മകൾ സൂക്ഷിച്ചിരിക്കുന്ന പുസ്തകം ഹാളിലെ സോഫയിൽ തുറന്ന് വച്ചിരിക്കുന്നു. എത്ര പരതിയാലും അതിൽ അയാൾക്ക് ആമിയെ നഷ്‌ടമായ കഥ ഉണ്ടാവില്ല. കാരണം അത് എഴുതുന്നതിന് മുൻപേ അയാളുടെ ഓർമ്മകൾ പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു.

Srishti-2022   >>  Short Story - Malayalam   >>  പൊരുത്തപ്പെടാൻ ആവാത്ത യാഥാർത്ഥ്യങ്ങൾ

Priyanka K M

INSIDESAPHANA

പൊരുത്തപ്പെടാൻ ആവാത്ത യാഥാർത്ഥ്യങ്ങൾ

                                               

മേൽപ്പാലത്തിനു മുകളിൽ കുറച്ചു നേരം അയാൾ നിന്നു, പിന്നെ ഒട്ടും താമസിച്ചില്ല അയാൾ താഴെ പുഴയിലേക്ക് എടുത്തുചാടി.ഒരു കുഞ്ഞു മരത്തടി പോലെ അയാൾ പുഴയിൽ ഒഴുകിക്കൊണ്ടേയിരുന്നു. പുഴയുടെ ആഴങ്ങളിൽ അയാൾ നിരവധി തവണ മുങ്ങിത്തപ്പി എങ്കിലും മലിനജലം അയാൾ ഒട്ടും രുചിച്ചില്ല.എല്ലും തോലുമായ അയാളുടെ ശരീരം പുഴയ്ക്കു ഒട്ടും ഭാരം അല്ലായിരുന്നു.പുഴയുടെ കുത്തൊഴുക്കും ഇളംകാറ്റും അയാളെ മുന്നോട്ട് നയിച്ചു കൊണ്ടേയിരുന്നു…… യാത്രയിൽ എങ്ങോ കുറ്റിച്ചെടികൾ അയാളെ പിടിച്ചുനിർത്തി……. കൂട്ടം കൂടിയ ജനങ്ങൾ അയാളെ അത്ഭുത ജീവിയെപ്പോലെ എത്തി നോക്കി…… അയാളിൽ ശേഷിച്ചിരുന്ന സ്വർണമോതിരം അപ്പോഴേക്കും ആരോ അടിച്ചുമാറ്റി. ആംബുലൻസിൽ സിൽ യാത്ര ചെയ്യുമ്പോൾ പുഴയുടെ അത്ര ശാന്തത അയാൾക്ക് ലഭിച്ചിട്ടുണ്ടാവില്ല. വീട്ടിലെ തിരി വിളക്കിനു മുന്നിൽ അയാളെ കിടത്തി,പിന്നെ നേരെ മരക്കഷ്ണങ്ങൾ ക്ക് , ആരോ തീകൊളുത്തി, തീ ആളിപ്പടർന്നു.

 

                      ചൂട് അസഹനീയമായപ്പോൾ അയാൾ ചാടി എഴുന്നേറ്റു കണ്ണുതിരുമ്മി സ്വിച്ച് ബോർഡിലേക്ക് നോക്കി. 'ഫാൻ ഓൺ ആണല്ലോ… ഓ,…ഇതെന്താ രാവിലെ തന്നെ പവർകട്ട് തുടങ്ങിയോ?' അയാൾ പിറുപിറുത്തു.

 

                      സമയം പത്തുമണി… ചൂട് അകറ്റാനായി അയാൾ പുറത്തേക്കിറങ്ങി, ഒട്ടും രക്ഷയില്ല ഇല്ല ചൂടുകാറ്റ് തന്നെ… ജീവിത പ്രശ്നങ്ങളുടെ പ്രതിസന്ധികളുടെ കൊടും ചൂടിൽ നിന്നു മരണം എന്ന തണുത്ത കയത്തിലേക്ക് മുങ്ങിത്താഴാൻ അയാൾ കൊതിച്ചു. ആഴിയുടെ ആഴങ്ങളിൽ ചെന്നു ജീവിതത്തിന് നങ്കൂരമിടാൻ ആയി പാലത്തിനു മുകളിൽ കേറി, താഴേക്ക് നോക്കിയപ്പോൾ മണൽ കൂമ്പാരവും മാലിന്യങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ വറ്റി വരണ്ട പുഴ അയാളെ നോക്കി ചിരിച്ചു.

 

                   വിഷാദ ഭാവത്തിൽ അയാൾ തിരിച്ചു നടന്നു പിന്നിലൂടെ പാഞ്ഞു വന്ന ലോറി മുന്നിലൂടെ പോയ കാറിനെ ഇടിച്ചുതെറിപ്പിച്ചപ്പോഴും, രക്തത്തിലൂടെ ചവിട്ടി നടന്നപ്പോഴും, അയാൾക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായില്ല…. അയാളുടെ മനസ്സ് അത്രയ്ക്ക് കല്ലിച്ചു പോയിരുന്നു.

 

                   തൻറെ ജീവിതം പരാജയങ്ങളുടെ കൂമ്പാരം ആണെന്ന് എന്ന് അയാൾക്ക് തോന്നി തുടങ്ങി…. ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയപ്പോൾ പരാജയം…..

 

                       വേദന കൂടാതെ എളുപ്പം ആത്മഹത്യ ചെയ്യണം എന്ന ചിന്ത യാകണം അയാളെ അടുത്തുള്ള ബുക്ക് ഷോപ്പിലേക്ക് പോവാൻ പ്രേരിപ്പിച്ചത്. ബുക്ക് ഷോപ്പിൽ ചെന്ന് ആത്മഹത്യ 101 വഴികൾ ബുക്ക് അന്വേഷിച്ചു….. ബുക്ക് എടുത്തു കൊടുക്കാൻ ഇരുന്നവൻ അന്തംവിട്ടു…. എങ്കിലും പഠിച്ച വാചകം അവൻ പറഞ്ഞു 'സോറി സാർ ഇന്നില്ല അടുത്തയാഴ്ച വരും.'

 

                   അവിടെ നിന്നിറങ്ങി അയാൾ റോഡിന് നടുവിലൂടെ കയറി നടന്നു…… ഹോണടി ശബ്ദവും വാഹനങ്ങളും കാണാനില്ല…. ഹർത്താൽ ആണെന്ന് പിന്നീട് അയാൾക്ക് ബോധ്യപ്പെട്ടു.

 

                   വീട്ടിലെത്തിയപ്പോൾ വല്ലാത്ത ഒരു ആവേശം അയാൾക്ക് അനുഭവപ്പെട്ടു. കത്തിയെടുത്ത് കൈത്തണ്ട മുറിച്ചു,പലതവണ. വാർന്നു പോകുന്ന തൻറെ രക്തത്തെ നോക്കി അയാൾ പുഞ്ചിരിച്ചു.

 

                       മരണത്തോടടുക്കുംതോറും ജീവിതത്തെ കുറിച്ച് അയാൾ ഓർത്ത് കൊണ്ടേയിരുന്നു…. ജീവിതയാത്രയിൽ എന്നേക്കുമായി മാഞ്ഞുപോയ അച്ഛനെയും, അമ്മയെയും, ഭാര്യയും ഉപരി തന്നോട് വഴക്കിട്ട് പോയ തൻറെ ഏക മകനെ കുറിച്ച് അയാൾ കൂടുതൽ ചിന്തിച്ചു….. അയാളുടെ ബോധം മറയാൻ തുടങ്ങിയിരുന്നു….. പതിവില്ലാതെ ആരോ അന്ന് വാതിലിൽ മുട്ടി………. ആരോ 'അച്ഛാ അച്ഛാ' എന്നു വിളിക്കുന്ന പോലെ അയാൾക്ക് തോന്നി……… വാതിൽ തുറക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അയാൾക്ക് അതിനു സാധിച്ചില്ല.

 

                   മരണത്തിൻറെ തണുത്ത പുതപ്പ്നേക്കാൾ ജീവിതത്തിനെ, അതിൻറെ ചൂടിനെ പുണരുവാൻ അയാൾ ആഗ്രഹിച്ചു.

Srishti-2022   >>  Short Story - Malayalam   >>  വേരുകൾ തേടി

വേരുകൾ തേടി

 

കിളികളുടെ കളകള നാദം കേട്ടുകൊണ്ടാണ് അരുൺ ഉറക്കമെണീറ്റത്. സമയം ആറേകാൽ കഴിഞ്ഞിരിക്കുന്നു.തലേന്ന് രാത്രിയിലാണ് അവൻ അവിടെയെത്തിയത്, തൻ്റെ തറവാട്ടിൽ. വർക്ക് ഫ്രം ഹോം തുടങ്ങിയപ്പോൾ മുതൽ അച്ഛൻ്റെ നിർബന്ധം കലശലായി.

"മോനേ, കുറച്ചു ദിവസം തറവാട്ടിൽ പോയി നിൽക്കൂ. എത്ര നാളായി ഞാൻ പറയുന്നു!"

 

ഒരു പക്കാ ഗ്രാമത്തിലാണ് അച്ഛൻ്റെ തറവാട്.

"അതൊന്നും ശരിയാവില്ല അച്ഛാ! നെറ്റ്‌വർക്ക് പോലും കിട്ടില്ല. പിന്നെ എങ്ങനെ ജോലി ചെയ്യും?" അരുൺ നെറ്റി ചുളിച്ചു.

 

ഒടുവിൽ അച്ഛൻ്റെ നിർബന്ധത്തിനു വഴങ്ങി, ഒരാഴ്ച നിൽക്കാനായി വന്നതാണിവിടെ. ഇപ്പോൾ തറവാട്ടിലെ കാര്യങ്ങൾ നോക്കാനായി ശങ്കരൻ ചേട്ടൻ മാത്രമാണുള്ളത്. സ്വന്തം വീടുപോലെയാണ് ശങ്കരന് ഇവിടം. രാത്രിയിൽ തന്നെ അയാൾ സാധനങ്ങളെല്ലാം അരുണിൻ്റെ മുറിയിൽ എത്തിച്ചിരുന്നു.

 

ചായ കുടിയൊക്കെ കഴിഞ്ഞ് അരുൺ പതിയെ വെളിയിലേക്കിറങ്ങി. കാറ്റത്ത് കൊഴിഞ്ഞു കിടക്കുന്ന ഇലകളുടെയും പൂവുകളുടെയും മുകളിലൂടെ അവൻ പതിയെ നടന്നു.

"ചുറ്റും നല്ല കാടാണല്ലോ... എത്തിയപ്പോൾ നല്ല ഇരുട്ടായതിനാൽ ഒന്നും നേരെ കണ്ടിരുന്നില്ല." അരുൺ ചിന്തിച്ചു.

 

"ഞാനൊന്ന് നടന്നു വരാം ശങ്കരേട്ടാ... 11 മണിക്കാണ് മീറ്റിംഗ്. അതിനു മുൻപിങ്ങ് എത്താമല്ലോ!"

 

"മോന് ഈ വഴികളൊന്നും അത്ര നിശ്ചയമുണ്ടാവില്ല. വർഷങ്ങൾക്കു മുൻപ് ഇവിടെ വന്നതല്ലേ! ഞാനും വരാം." ശങ്കരൻ പറഞ്ഞു.

 

പോകുന്ന വഴിയിലെല്ലാം ആളുകൾക്ക് അരുണിനെ പരിചയപ്പെടുത്തുകയായിരുന്നു ശങ്കരൻ. "ങേ! നമ്മുടെ വടക്കേടത്തെ മാധവനദ്ദേഹത്തിൻ്റെ മോനാണോ ഇത്.. ശിവ!ശിവ! വിശ്വസിക്കാനാവാണില്ല്യാല്ലോ" നാണിയമ്മ മൂക്കത്ത് വിരൽ വച്ചു. പല്ലില്ലാത്ത മോണ കാട്ടി അവർ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ചിരിച്ചു. കാണുന്നവർക്കെല്ലാം അരുണിനെ കണ്ടപ്പോൾ അത്ഭുതം തന്നെയായിരുന്നു. ശങ്കരൻ വഴിയിലുള്ള എല്ലാവരോടും കുശലാന്വേഷണം നടത്തി നടക്കുകയാണ്. അരുണിനെന്തോ വല്ലായ്മ തോന്നി."ഹോ! ഈ അച്ഛൻ്റെ ഒരു കാര്യം.. ഇങ്ങോട്ട് വരണ്ടായിരുന്നു." പൊതുവെ അന്തർമുഖനായിരുന്ന അരുൺ ചിന്തിച്ചു.

 

വയലോരത്തിലൂടെ അവർ രണ്ടാളും നടന്നു. വിശാലമായ വയൽ പ്രദേശം. പ്രഭാത കിരണങ്ങൾ മഞ്ഞുതുള്ളികളാൽ ആർദ്രമായ പുൽനാമ്പുകളെയും വയൽപ്പൂവുകളെയും തൊട്ടു തഴുകുന്നു. പച്ചപ്പട്ടുടുത്ത് നിൽക്കുന്ന സുന്ദരിയെ പോലെ വയൽ വളരെ മനോഹരിയായിരിന്നു. തലേന്നത്തെ ചെറു മഴയിൽ ആർദ്രമായ മണ്ണിന് പഴമയുടെ കുളിരോലുന്ന സുഗന്ധമുണ്ടായിരുന്നു. കൊയ്ത്തുകാലമായതിനാൽ ധാരാളം കർഷകർ വയലിലുണ്ട്.

 

"എത്രയെത്ര തരം പക്ഷികളാണിവിടെ!" അരുൺ പറഞ്ഞു.

"പിന്നില്ലേ! ഇവിടെ എല്ലാത്തരം പക്ഷികളും ഉണ്ട് മോനെ. ഓലേഞ്ഞാലി, മാടത്ത, ആറ്റക്കുരുവി, കരിയിലക്കിളി അങ്ങനെ എത്രയോ വിധം... ചില പ്രത്യേക കാലങ്ങളിൽ വിവിധ തരം ദേശാടന പക്ഷികളെയും കാണാം. ഒരു ദേശത്തു നിന്ന് മറ്റൊരു ദേശത്തേക്കു യാത്ര ചെയ്യുന്ന അവയുടെ ഇടത്താവളമാണ് ഈ വയലുകൾ. കുറച്ചു വിശ്രമിച്ച ശേഷം അവ അവയുടെ ലക്ഷ്യസ്ഥാനത്തേക്കു പറന്നു പോകും." ശങ്കരൻ പറഞ്ഞു. അവരെ കണ്ട് ഒരു കൂട്ടം കൊക്കുകൾ പേടിച്ചു പറന്നുപോയി.

 

"പല പക്ഷികളുടെയും പേര് ഞാൻ മറന്നു പോയി ശങ്കരേട്ടാ!"

 

"മോൻ ചെറുപ്പത്തിലേ ഡൽഹിക്ക് പോയതല്ലേ? പിന്നെ ഇതിനെയൊക്കെ എങ്ങനെ ഓർക്കാനാ! എന്നാലും ഇടയ്ക്കെങ്കിലും ഒന്നു വരാമായിരുന്നു!"

അതിന് അരുൺ മറുപടി ഒന്നും പറഞ്ഞില്ല.

 

ശങ്കരൻ നടത്തത്തിൻ്റെ വേഗത കൂട്ടിത്തുടങ്ങി. അരുൺ അൽപ്പം ക്ഷീണിച്ചു തുടങ്ങിയിരുന്നു.

 

"മോൻ ഇത്ര പെട്ടെന്ന് ക്ഷീണിച്ചോ?"

 

"അല്പം ക്ഷീണിച്ചു ശങ്കരേട്ടാ"

 

"ഉം! ഞാനീ ചിങ്ങത്തില് 70 തികഞ്ഞു" ശങ്കരൻ ചെറു ചിരിയോടെ പറഞ്ഞു.

 

"എൻ്റെ ജോലി അങ്ങനെയല്ലേ! ചില ദിവസങ്ങളിൽ മാത്രമാണ് വ്യായാമം ചെയ്യാൻ തന്നെ സമയം കിട്ടുന്നത്." അരുൺ പറഞ്ഞു.

 

അവർ വീണ്ടും മുന്നോട്ട് നടന്നു. ഇരുവശത്തും വീടുകൾ കണ്ടു തുടങ്ങി. വീട്ടുമുറ്റത്ത് സ്ത്രീകൾ മുറ്റമടിക്കുന്ന തിരക്കിലാണ്.

"വീടുകളുടെ പരിസരമെല്ലാം എത്ര ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു." അരുൺ മനസ്സിലോർത്തു.

 

"മോനറിയ്യ്വോ! ഇവിടെയെല്ലാം പണ്ട് പുഴയായിരുന്നു. എൻ്റെ കുട്ടിക്കാലത്ത് ഈ പുഴയിലൂടെ വള്ളത്തിൽ പോവുമായിരുന്നു. മീൻ പിടുത്തമായിരുന്നു പ്രധാന വിനോദം അക്കാലത്ത്. എന്തു മാത്രം മീനുകളുണ്ടായിരുന്നെന്നോ! വരാൽ, കാരി, മൊഴി ഇങ്ങനെ പലതും. ഒരിക്കൽ മീൻ പിടിച്ചാൽ പിന്നെ ഒരാഴ്ചയോളം സുഭിക്ഷമാണ്."

 

അരുണിന് വിശ്വസിക്കാനായില്ല.

"ഇവിടെ പണ്ട് പുഴയായിരുന്നെന്നോ? അതെങ്ങനെ? അവിശ്വസനീയം തന്നെ!"

അടുത്ത് കണ്ട ചെറിയ തോട്ടിലേക്ക് അവൻ എത്തി നോക്കി. "ഇവിടെ മീനുകളെയൊന്നും കാണുന്നില്ലല്ലോ?"

 

ശങ്കരൻ പറഞ്ഞു. "കൃഷിയിറക്കുന്ന സമയം കീടങ്ങളെ നശിപ്പിക്കാനായി മരുന്ന് തളിക്കാറുണ്ട്. അങ്ങനെ കുറെ ആയപ്പോൾ ധാരാളം മീനുകൾ നശിച്ചുപോയി."

 

"ഓ! അത് കഷ്ടമായിപ്പോയല്ലോ!"

 

"ഇപ്പോൾ ഈ തോടുകളുടെ ഇരുവശവും പതിയെ മണ്ണിട്ട് നിരത്തുന്നത് കണ്ടില്ലേ! പതിയെ പതിയെ ഇവിടെയെല്ലാം പുതിയ വീടുകൾ വരും! പിന്നെ അവറ്റകൾ എവിടെ കഴിയാനാ!" ശങ്കരൻ പറഞ്ഞു നിർത്തി.

 

ദിവസങ്ങൾ കഴിയുന്തോറും തൻ്റെ നാടും ഒരു നഗരമായി മാറുകയാണെന്ന നഗ്നസത്യം അരുൺ മനസിലാക്കി.

 

അവർ രണ്ടുപേരും വഴിയിൽ കണ്ട താമരപൊയ്കയുടെ ഭംഗി ആസ്വദിച്ചു കൊണ്ട് നടന്നു. നോക്കെത്താ ദൂരത്തോളം താമരപ്പൂക്കളും ആമ്പൽപ്പൂക്കളും നിറഞ്ഞു നിൽക്കുന്നു. അവ തന്നെ നോക്കി പുഞ്ചിരിക്കുന്നതായി അരുണിന് തോന്നി.

 

തൊട്ടടുത്തായി ഒരു പള്ളി നല്ല പ്രൗഢിയോടെ നിൽക്കുകയാണ്. പള്ളിമേടയിൽ മണി മുഴങ്ങിയപ്പോൾ വലിയൊരു കൂട്ടം വെള്ളരിപ്രാവുകൾ പറന്നു പൊങ്ങി.

അടുത്തായി തന്നെ ഒരു അമ്പലവും ആൽത്തറയുമുണ്ട്. വർഷങ്ങളായി നിലകൊള്ളുന്ന മാമല പോലെ ആ ആൽമരം അവിടെ പടർന്നു പന്തലിച്ചു നിൽക്കുന്നു. അതിൻ്റെ എല്ലാ ചില്ലകളിലും പക്ഷികൾ കൂടു കൂട്ടിയിട്ടുണ്ട്. സ്കൂളിലേക്ക് പോകുന്ന കുട്ടികൾ അതിൻ്റെ വേരുകളിൽ തൂങ്ങിക്കളിക്കുന്നുണ്ടായിരുന്നു.

 

"ഇവിടെ എല്ലാവരും ഒരുപോലെയാണ്. പൂരവും വേലയും പള്ളിപ്പെരുന്നാളും എല്ലാം ഞങ്ങൾക്കെല്ലാം ആഘോഷമാണ്. ഉള്ളവർ ഇല്ലാത്തവർക്ക് കൊടുക്കുന്നത് ഇവിടെ പതിവാണ്. പാവപ്പെട്ടവരാണെങ്കിൽ കൂടിയും വീട്ടിലാരെങ്കിലും ആവശ്യങ്ങളുമായി വന്നാൽ അവർക്കുള്ളതും എങ്ങനെയെങ്കിലും കരുതും. ഏതെങ്കിലും ഒരു കുടുംബത്തിൽ കൃഷിയുടെ വിളവെടുപ്പ് നടന്നാൽ അന്ന് അയൽക്കാർക്കും നാട്ടുകാർക്കും സുഭിക്ഷമാണ്."

 

"ആഹാ! കൊള്ളാമല്ലോ" അരുൺ പറഞ്ഞു.

 

പിന്നെ കുറെ നേരം അവർ ഒന്നും മിണ്ടിയില്ല. ഇരു വശങ്ങളിലും മാറി മാറി വരുന്ന കാഴ്ചകൾ അരുൺ ആസ്വദിച്ചു കൊണ്ട് നടന്നു. കാടും, മേടും, തോടും, പുഴയും, കുന്നുകളും, താഴ്വാരങ്ങളും അങ്ങനെ പലതും മാറി മാറി വന്നു. കേര കേദാര വൃക്ഷലതാദികളാൽ സമ്പുഷ്ടമായ ആ നാട് അരുണിനെ വളരെയേറെ ആകർഷിച്ചു. മുറിവിൽ പച്ചമരുന്ന് വയ്ക്കുമ്പോൾ സുഖപ്പെടുന്നതുപോലെ അവിടെയുള്ള പച്ചപ്പ് അവൻ്റെ മനസ്സിലെ മുറിവുകൾ സുഖപ്പെടുത്തി തുടങ്ങിയിരുന്നു.

 

തിരികെ തറവാട്ടിൽ എത്തിയപ്പോൾ അരുൺ നന്നേ ക്ഷീണിച്ചിരുന്നു. എന്നാൽ അവൻ്റെ മനസ്സിൽ നിറയെ സന്തോഷമായിരുന്നു.പിന്നെ എല്ലാ ദിവസവും ശങ്കരേട്ടൻ്റെയൊപ്പം പ്രഭാതസവാരി അവൻ ശീലമാക്കി. വളരെ പെട്ടെന്ന് അവിടെയുള്ള ആളുകളുമായി അടുത്തു. ഒരാഴ്ച താമസിക്കാൻ വന്ന അവൻ ആഴ്ചകളോളം അവിടെ കഴിഞ്ഞു. ദിവസവും പുതിയ വിസ്മയങ്ങൾ അവൻ്റെ നാട് അരുണിനായി സൂക്ഷിച്ചു വച്ചിരുന്നു.

 

ഓഫീസിൽ നിന്ന് "ബാക് ടു വർക്ക്" മെയിൽ വന്ന അന്ന് അരുൺ വളരെ സങ്കടത്തിലായി.

 

ബഹുനിലക്കെട്ടിടത്തിൻ്റെ പടികൾ നടന്ന് കയറുമ്പോൾ അവൻ്റെ കാലുകൾ അറിയാതെ വിറയ്ക്കുന്നുണ്ടായിരുന്നു. പ്രവാസികളുടെ മനസ്സിൽ സ്വന്തം നാടിനെ കുറിച്ചുള്ള വേദന എന്താണെന്ന് ആദ്യമായി അരുൺ മനസ്സിലാക്കി.

പ്രകൃതി രമണീയവും പ്രശാന്ത സുന്ദരവും നന്മകളാൽ നിറഞ്ഞതുമായ തൻ്റെ നാട്ടിലേക്കുള്ള മടക്കത്തിനായി പ്രതീക്ഷയോടെ അരുണിൻ്റെ ഹൃദയം ഒരു വേഴാമ്പലിനെപ്പോലെയായി. രണ്ട് മാസത്തിലൊരിക്കലെങ്കിലും വരാം എന്ന് ശങ്കരേട്ടന് കൊടുത്ത വാക്ക് അവൻ്റെ മനസ്സിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു. അത് ഒരു തീരുമാനമായി, തിരിച്ചറിവായി മനസ്സിലുറപ്പിച്ചു കൊണ്ട് അവൻ തൻ്റെ എ സി റൂമിലെ കറങ്ങുന്ന കസേരയിൽ വിലയം പ്രാപിച്ചു........

Srishti-2022   >>  Short Story - Malayalam   >>  ജയന്തീസ് സൺസ് വെഡ്ഡിങ്ങ്

MANJULA K.R

Toonz media

ജയന്തീസ് സൺസ് വെഡ്ഡിങ്ങ്

 

പത്രം വായിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, ജനലിലൂടെ ഒഴുകിവരുന്ന കാറ്റേറ്റ് ശ്രാവന്തി ഒന്ന് മയങ്ങി പോയി.ചാരുകസേരയിൽ കിടക്കുന്ന ശ്രാവന്തിയുടെ ശരീരത്തിലേക്കു പത്രത്താളുകൾ അമ്മയോടൊട്ടി ക്കിടക്കുന്ന കുഞ്ഞിനെ പോലെ ചേർന്ന് കിടന്നു.മയക്കത്തിൻ്റെ ആലസ്യത്തി ലേക്ക് വഴുതി വീണ ശ്രാവന്തിയുടെ കാതുകളിൽ മൊബൈലിൻ്റെ റിങ്ങ് ടോൺ മുഴങ്ങിയതും അവർ ഒരു ഞെട്ടലോടെ ഉണർന്ന് ടീപോയിൽ ഇരുന്ന മൊബൈ ൽ കയ്യിലെടുത്തു. സാധാരണ മകളാണ് ഈ സമയത്ത് ഫോൺ വിളിക്കാറ്. രാവിലെ മക്കളെ സ്കൂളിലും ഭർത്താവിനെ ഓഫീസിലേക്കും യാത്രയാക്കി, അവൾ ഓഫീസിൽ എത്തുമ്പോ സമയം ഒമ്പതരയാകും. മകളുടെ വിളി പ്രതീക്ഷിച്ച് നോക്കുമ്പോ പരിചിതമല്ലാത്ത ഒരു നമ്പർ.ശ്രാവന്തി കോളെടു ക്കാൻ മടിച്ചു. ഫോൺ ശബ്ദം നിലച്ചു. ശ്രാവന്തി വീണ്ടും പത്രത്താളുകൾ നിവർത്തി. വീണ്ടും ഫോൺ റിങ് ചെയ്യുന്നു. ശ്രാവന്തി ഇത്തവണ ഫോൺ എടുത്ത് ചെവിയോട് ചേർത്തു. മറുതലയ്ക്കൽ നിന്നും" ജയന്തിയാണ്, ജയന്തിദാസ്". ശ്രാവന്തിക്ക് ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല. ജയന്തിദാസിൻ്റെ സുന്ദരമായ മുഖവും രൂപവും മനസ്സിലേക്കോടിവന്നു.കൂടെ പത്തിരുപത് കൊല്ലം മുമ്പത്തെ ഓർമ്മകളും.

 

  "എൻ്റെ മോൻ്റെ കല്യാണമാണ് അടുത്ത മാസം 8 ാം തീയതി. നീ വന്നേ പറ്റൂ, ഒരൊഴിവും പറയരുത്." ജയന്തിയുടെ ശബ്ദത്തിന് ഇപ്പോഴും യൗവനമാണ്.

 

പോകാൻ സാധിക്കുമെന്ന് ഒരുറപ്പും ഇല്ലെങ്കിലും ശ്രമിക്കാമെന്ന് ശ്രാവന്തി മറുപടി കൊടുത്തു. കല്യാണ ഒരുക്കങ്ങളുടെ തിരക്കിലായതിനാൽ ജയന്തി സംസാരം കാര്യമാത്രമായി ഒതുക്കി. "എന്തായാലും ഞാൻ നിന്നെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്തേക്കാം... നമ്മുടൊപ്പം കോളേജിൽ ഉണ്ടായിരുന്ന എല്ലാരും തന്നെ വരുന്നുണ്ട്. കോഴിക്കോട് ന്ന് ഇങ്ങ് വരാൻ നിനക്ക് കൂട്ട് സുഷമയും ഉണ്ടാകും."

 

ശ്രാവന്തി വീണ്ടും പത്രത്താളു നിവർത്തി ചാരുകസേരയിലേക്ക് ചാഞ്ഞു.കണ്ണുകൾ പത്രത്താളുകളിലെ അക്ഷരക്കൂട്ടങ്ങളിലൂടെ, കൂട്ടം തെറ്റിയ ചെമ്മരിയാട്ടിൻ കുട്ടിയെ പോലെ അലഞ്ഞു . മനസ്സ് പിടികൊടു ക്കാതെ ഓടിയകന്നു. " ജയന്തിയും ശ്രാവന്തിയും ഒരുമിച്ച് കോളേജിൻ്റെ ഇടനാഴികളിലൂടെ നടന്നു .ഇരുവരും അന്ന് ബോട്ടണി ഡിപ്പാർട്ട്മെൻ്റിലെ ലെക്ചറർമാരായിരുന്നു. തണൽ വീഴ്ത്തി നിൽക്കുന്ന വൻമരങ്ങൾ തലയുയർത്തി നിൽക്കുന്ന വിശാലമായ കാമ്പസ്.പഠിച്ചിരുന്ന അതേ കോളേജിലേക്ക് ഒരധ്യാപികയായി വരാൻ കഴിഞ്ഞതും ആദ്യമായി ക്ലാസ്സ് മുറിയിലേക്ക് കാലെടുത്തു വച്ചതും .... അതൊക്കെ ഓർക്കുമ്പോ ഇപ്പോഴും കുളിര് കോരുന്നു. മൊബൈൽ ഫോണിലെ നോട്ടിഫിക്കേഷൻ ശബ്ദം ഉയർന്നപ്പോൾ അക്ഷരങ്ങളിലൂടെ വെറുതെ അലഞ്ഞിരുന്ന കണ്ണുകൾ , ഫോണിലേക്ക് ശ്രദ്ധിച്ചു ജയന്തി ആഡഡ് ശ്രാവന്തി ടു ദ് ഗ്രൂപ്പ്" ജയന്തീസ് സൺസ് വെഡ്ഡിങ്ങ്".

 

             ഗ്രൂപ്പിലെ പാർട്ടിസിപ്പൻ്റ്സ് ആരൊക്കെയെന്ന് നോക്കുമ്പോൾ ശ്രാവന്തിയിൽ ഒരു കുട്ടിയുടെ കൗതുകം ഉയിരെടുത്തു. എല്ലാവരുടേയും പ്രൊഫൈൽ പിക്ച്ചേർഴ്സ് ഒക്കെ എടുത്ത് നോക്കിയ അവർ മടിയിൽ നിന്നും പത്രം എടുത്ത് മാറ്റി കണ്ണുകൾ അടച്ച് മനോരാജ്യത്തിൽ മുഴുകി.

 

     ബോട്ടണി ഡിപ്പാർട്ട്മെൻ്റിലെ തൻ്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ജയന്തിദാസ്.പി.ജി. പഠനകാലത്ത് ഹോസ്റ്റലിൽ റൂംമേറ്റ് ആയിരുന്ന സുഷമയാണ് മറ്റൊരു സുഹൃത്ത്. സുഷമ കെമിസ്ട്രി ഡിപ്പാർട്ട്മെൻ്റി ലായിരുന്നു. അന്നൊക്കെ കാൻറീനിൽ ഇവർ മൂവരും ഒപ്പമിരുന്നാണ് ഊണു കഴിച്ചിരുന്നത്. സുഷമ കൊണ്ടു വരുന്ന രസികൻ അച്ചാറിൻ്റെയും ചമ്മന്തിയുടേയും രുചി ഇപ്പോഴും നാവിലൂറുന്നു. ജയന്തിയുടെ നല്ലസ്സൽ കൊടംപുളിയിട്ടു വച്ച മീൻ കറി. വായിൽ കപ്പലോടിക്കാനുള്ള വെള്ളമൂറുമായിരുന്നു.

 

   ഒരു ദിവസം ഉണ്ണാനിരിക്കുമ്പോൾ എതിരെയുള്ള മേശയ്ക്കരികിൽ ഒരു ചെറുപ്പക്കാരൻ പയ്യൻ. അറിയാതെ ആ പയ്യനിൽ നോട്ടം ഉടക്കിപ്പോയി. യാദൃശ്ചികമായി അയാളുടെ ദൃഷ്ടിയും ശ്രാവന്തിയുടെ കണ്ണുകളിലുടക്കി. ഒരുൾവലിവോടെ ശ്രാവന്തിനോട്ടം പിൻവലിച്ചു.

 

        അടുത്ത ദിവസം ശ്രാവന്തിയുടെ കണ്ണുകൾ അവനു വേണ്ടി പരതുന്നുണ്ടായിരുന്നു. ജയന്തിയും സുഷമയും അവളെ കളിയാക്കാ തിരുന്നില്ല." രണ്ടു പിള്ളേരുടെ അമ്മയാണ്... എന്നിട്ടും ഒരു ചെറിയ പയ്യനെക്കണ്ടപ്പോ.... ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. അയാൾ പുതിയതായി ജോയിൻ ചെയ്ത ഹിന്ദി ലെക്ചററാണ്. അധികം പ്രായമൊന്നുമില്ല

 

" ഛേ. നീ തമാശ മതിയാക്ക് . വളരെ പരിചിതമായൊരു മുഖം... എങ്ങോ കണ്ട് മറന്നത് പോലെ

 

         മറ്റൊരു ദിവസം ശ്രാവന്തി കാൻറീനിൽ ഒരു ചായ ഓഡർ ചെയ്ത് കാത്തിരിക്കയായിരുന്നു. എതിരെയുള്ള മേശയ്ക്കരികിൽ അയാൾ വന്നിരുന്നു. അവരുടെ കണ്ണുകൾ തമ്മിൽ കഥ പറഞ്ഞു

 

ശ്രാവന്തി ആ മുഖത്തേയ്ക്ക് ഉറ്റുനോക്കി. അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.. അവൾ അവൻ്റെ മേശക്കടുത്തേക്ക് ചെന്നു. അവനെതിരെയിരുന്നു. "മാഡം, ഏത് ഡിപ്പാർട്ട്മെൻ്റിലാണ്?" ഖനമുള്ളതെങ്കിലും വിനയം നിറഞ്ഞ ശബ്ദം

 

" ഞാൻ ബോട്ടണി ഡിപ്പാർട്ട്മെൻ്റിലാണ്. കഴിഞ്ഞ പതിനാറ് വർഷമായി ഇവിടെ പഠിപ്പിക്കുന്നു"

 

അയാൾ പറഞ്ഞു തുടങ്ങി" ഞാൻ പ്രഫുൽ. ഹിന്ദി ഡിപ്പാർട്ട്മെൻ്റിൽ കഴിഞ്ഞയാഴ്ച ജോയിൻ ചെയ്തു. മലയാളിയാണെങ്കിലും യു.പിയിലായിരുന്നു ഇതുവരെ. " ശ്രാവന്തി അവൻ്റെ മുഖത്ത് നോക്കി ഇമവെട്ടാതെയിരുന്നു

 

  പെട്ടെന്ന് ഉടലെടുത്ത അവരുടെ ഗാഢമായ സുഹൃത്ത് ബന്ധത്തെ മറ്റുള്ളവർ വിചിത്രമായാണ് കണ്ടത്. അവരുടെ മക്കളേക്കാൾ ഏഴോ എട്ടോ മാത്രം വയസ്സു കൂടുതലുള്ള ഒരു പയ്യനുമായി ഇതെന്ത് ഫ്രണ്ട് ഷിപ്പ്

 

ചുരുങ്ങിയ ദിവസങ്ങൾക്കകം തന്നെ സംസാരപ്രിയനായ പ്രഫുൽ അവനെ കുറിച്ച് വളരെയേറെ കാര്യങ്ങൾ പറഞ്ഞു. പ്രഫുല്ലിൻ്റെ കുട്ടിക്കാലത്തെ ഒരനുഭവം അവൻ പങ്കു വച്ചപ്പോൾ ശ്രാവന്തി ശരിക്കും അദ്ഭുതപ്പെട്ടു.ഒരിക്കൽ അവധിക്കാലത്തു നാട്ടിൽ വന്നപ്പോൾ, കൂട്ടുകാർ ചേർന്ന് കുട്ടിയും കോലും കളിക്കുകയും , ദൂരെ തെറിച്ചു വീണ കുട്ടി അന്വേഷിച്ചു ചെന്ന് കൈതച്ചെടികൾക്കിടയിൽ കൈയിട്ടതും, കൈയ്യിൽ ഒരു തണുപ്പ് അനുഭവപ്പെട്ട് കൈവലിച്ച്, നോക്കിയപ്പോൾ തൊട്ടത് ഒരു അണലിപ്പാമ്പാണെന്ന് തിരിച്ചറിഞ്ഞതുമായ കഥ. അന്ന് ജീവനും കൊണ്ട് താനും അഷറഫ് എന്ന കൂട്ടുകാരനും ഓടി രക്ഷപെട്ടത് പറഞ്ഞ് അവൻ അന്നും ദീർഘനിശ്വാസ മുതിർത്തു

 

 പ്രഫുലിൻ്റെ കുട്ടിക്കാലത്തൊക്കെ കുട്ടികൾ ഇങ്ങനെയുള്ള കളികൾ ഒക്കെ കളിക്കുമായിരുന്നോ എന്ന് ശ്രാവന്തി അതിശയിച്ചു ഏകദേശം ആ കാലത്തൊക്കെയാണ് കേബിൾ ടിവിയൊക്കെ പ്രചാരത്തിലായിത്തുടങ്ങു ന്നത്. കുട്ടികൾ ടിവിക്കു മുന്നിൽ ഏറെ സമയം ചിലവഴിക്കാൻ ഇഷ്ടപ്പെട്ടിരുന്ന കാലം. ശ്രാവന്തിയോർത്തു.. ഇത് ഒരു പക്ഷേ അവൻ്റെ അച്ഛന്റെയോ അമ്മയുടേയോ അനുഭവങ്ങൾ കേട്ടത്, അവൻ അവൻ്റേതായി പറയുന്നതായിരിക്കാം. പക്ഷെ, പെട്ടെന്നാണ് ശ്രാവന്തിയുടെ മനസ്സിലേക്ക് ഞെട്ടലോടെ ഒരോർമ്മ കടന്നു വന്നത്

 

ഒരിക്കൽ ശ്രാവന്തിയുടെ ഏറ്റവും അടുത്ത കളിക്കൂട്ടുകാരനായിരുന്ന കിഷോറിന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. അവൻ അന്ന് ഒറ്റയ്ക്കായിരുന്നു കുട്ടിയും കോലിൻറേം കമ്പ് തേടിപ്പോയത്. അവൻ പാമ്പിനെക്കണ്ട് ഭയന്നോടി വന്ന് തന്നോടാണ് ആ അനുഭവം പങ്കു വച്ചത്. ഒരേ അനുഭവം... വളരെ യാദൃശ്ചികമായി തോന്നി അവൾക്ക്. അവൾ അദ്ഭുതത്തോടെ പ്രഫുല്ലിൻ്റെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ വീണ്ടും സിരകളിലുടെ ഒരു വൈദ്യുത ചലനം .കിഷോറിൻ്റെ അതേ ഛായ. അയൽപക്കക്കാരായ കുട്ടികളും തൻ്റെ ചേട്ടനും അനുജനും ബന്ധുക്കളായ കുട്ടികളും കൂടി മൊത്തം 7 - 8 കുട്ടികൾ ഉണ്ടാകും മദ്ധ്യവേനൽ അവധിക്കാലത്ത് കളിക്കാൻ. തന്നേപ്പോലെ തന്നെ കിഷോറും അവധിക്കാലത്ത് അമ്മ വീട്ടിൽ വരുന്നതാണ്. വർഷത്തിൽ രണ്ടു മാസം മാത്രം കാണുകയും കൂടെ കളിക്കുകയും ചെയ്തവർ. കുറേ കുട്ടികൾ ഉണ്ടായിരുന്നെങ്കിലും തനിക്ക് ഏറ്റവും അടുപ്പം കിഷോറുമായിട്ടായിരുന്നു, കിഷോറിന് തന്നോടും ഒരു പ്രത്യേക മമത ഉണ്ടായിരുന്നു

 

 കിഷോറിന്റെ അതേ മുഖഛായ ,ശ്രാവന്തി ഒന്നും മിണ്ടാതെ പ്രഫുല്ലിന്റെ മുഖത്തേക്ക് നോക്കിയിരുന്നു . "മാഡം ..എന്തോ ചിന്തയിലാണെന്നു തോന്നുന്നല്ലോ .പ്രഫുല്ലിന്റെ ശബ്ദം ശ്രാവന്തിയെ ചിന്തകളിൽ നിന്നും ഉണർത്തി.പ്രഫുൽ ശ്രാവന്തിയെ നോക്കി ചിരിച്ചു."ഏതു ലോകത്തായിരുന്നു മാഡം ..എവിടൊക്കെയോ പോയി വന്നല്ലോ.ശ്രാവന്തി അവന്റെ നിരയൊത്ത പല്ലുകൾ ശ്രദ്ധിച്ചു .എല്ലാ പല്ലുകളും നിരയൊത്തു ഇരിക്കുമ്പോൾ മേൽച്ചുണ്ടിനെ കുറച്ചു പുറത്തേക്കു തള്ളിച്ചു കൊണ്ട് നിൽക്കുന്ന ഒരു കോമ്പല്ല് .പല്ലിളകുന്ന പ്രായത്തിൽ കൃത്യ സമയത്തു പറിച്ചുകളഞ്ഞില്ലെ ങ്കിൽ പല്ലു കോന്ത്രമ്പല്ല് ആകും എന്ന് 'അമ്മ പറയാറുള്ളത് ഓർത്തു."നീ കിഷോറിന്റെ പല്ലു കണ്ടിട്ടില്ലേ .."ശ്രാവന്തിക്ക് ഇത് വളരെ യാദൃശ്ചികമായി തോന്നി .പ്രഫുല്ലിനു കിഷോറിന്റെ ഛായ മാത്രമല്ല ആ കോന്ത്രമ്പല്ല് പോലും അത് പോലെ ...പക്ഷെ എങ്ങനെ ?എന്തോ നിഗൂഢത ഒളിഞ്ഞിരിക്കുന്നത് പോലെ

 

അന്നുറങ്ങാൻ കിടക്കുമ്പോഴും ശ്രാവന്തിയുടെ ചിന്തകളിൽ പ്രഫുൽ പറഞ്ഞ ഓരോ കാര്യങ്ങൾ നിറഞ്ഞു നിന്നു .പ്രഫുല്ലും കൂട്ടുകാരും ഒരിക്കൽ ഒളിച്ചു കളിക്കുമ്പോൾ അവന്റെ അനുജത്തി വലിയ ചെമ്പിൽ കയറി ഒളിച്ചതും ഒടുവിൽ എണീക്കാൻ പറ്റാതെ കരഞ്ഞപ്പോൾ ,അവൻ അവളെ വേദനിപ്പിക്കാതെ മടക്കിവച്ച കാലുകൾ അതെ അവസ്ഥയിൽ വച്ച് കൊണ്ട് അവളെ പൊക്കിയെടുത്ത കഥയും ഓർത്തു.ഇതു പോലെ ഉള്ള അനുഭവം തന്റെ കൂട്ടിക്കാലത്തും ഉണ്ടായിട്ടുണ്ട്.തന്റെ വീടിനു അടുത്തുള്ള പറമ്പിൽ വെള്ളം നിറക്കാൻ കൊണ്ടുവച്ച ഒരു വല്യ പാത്രത്തിനുള്ളിൽ കയറി ഒളിച്ചിരിന്നതും ,എഴുന്നേൽക്കാൻ കഴിയാതിരുന്ന തന്നെ കിഷോർ തന്റെ കക്ഷത്തിലൂടെ കൈ കോർത്ത് പിടിച്ചു എഴുന്നേൽപ്പിച്ചതും ഇന്നലത്തെ പോലെ ഓർമകളിൽ തെളിഞ്ഞു നിൽക്കുന്നു.പക്ഷെ രണ്ടു വ്യത്യസ്ത സ്ഥലങ്ങളിൽ രണ്ടു കാലഘട്ടത്തിൽ ജീവിച്ച രണ്ടു വ്യക്തികൾക്ക് എങ്ങനെ ഒരേ അനുഭവങ്ങൾ തന്നെയുണ്ടാകും.വളരെ വിചിത്രമായി തോന്നുന്നു

 

കിഷോറിന് ഒരു മകനുണ്ടായിരുന്നെങ്കിൽ പ്രഫുല്ലിന്റെ അതേ പ്രായമായിരിക്കും.പക്ഷെ അത് അസംഭാവ്യമായ കാര്യമല്ലേ.കിഷോറിനു 14 ഉം തനിക്കു 12 ഉം വയസ്സുള്ള കാലം.നീണ്ട മധ്യവേനൽ അവധിക്കാലം. തിമിർത്തു കളിച്ചു,അവധി തീരാൻ ഇനി രണ്ടോ മൂന്നോ ദിവസം മാത്രം .ആറേഴു കുട്ടികൾ ചേർന്ന് ഒളിച്ചു കളിക്കുന്നു.സമയം സന്ധ്യയോടടുത്തു. തൊഴുത്തിന് പിന്നിലും പൊന്തക്കാടുകൾക്കിടയിലും വന്മരങ്ങൾക്കു പിന്നിലും ഒളിച്ചു നിന്നിരുന്ന എല്ലാരേയും കണ്ടുപിടിച്ചു.കിഷോറിനെ മാത്രം കണ്ടുകിട്ടിയില്ല.അല്ലെങ്കിലും കിഷോർ അങ്ങനെയാ...ആരും വിചാരിക്കാത്ത ഇടങ്ങളിൽ ആയിരിക്കും ഒളിക്കുക..ഇതെവിടെ പോയൊളിച്ചു..ഇനി വീട്ടിലേക്കു തിരിച്ചു പോയി കാണുമോ എന്നൊക്കെ ചിന്തിച്ചു. .ഇരുൾ വീണു തുടങ്ങിയത് കൊണ്ട് ഓരോ കുട്ടികളായി തിരിച്ചു പോയി.ശ്രാവന്തി ...എന്ന് അവളുടെ 'അമ്മ നീട്ടി വിളിച്ചപ്പോൾ അവൾ പറമ്പിലൂടെ ഓടി മുളങ്കമ്പുകൾ കൊണ്ട് കെട്ടിയ വേലിയിൽ ഇടയ്ക്കു പട്ടിക കൊണ്ടുണ്ടാക്കിയ ചെറിയ പടി തുറന്നു അവൾ വീട്ടിലേക്കു ഓടി കയറി

 

കുളി കഴിഞ്ഞു വിളക്ക് വച്ച് നാമം ജപിച്ചു കൊണ്ടിരുന്നപ്പോഴാണ് കിഷോറിനെ അന്വേഷിച്ചു അവന്റെ 'അമ്മ വന്നത് .താനത് കേട്ടു ഭയന്നു . കിഷോറിന്റെ മാമനും തന്റെ അമ്മാവന്മാരും ചേർന്ന് അവനെ അന്വേഷി ച്ചിറങ്ങി .താനും ചേട്ടനും വീടിന്റെ ഉമ്മറത്ത് നോക്കി നിന്നു . ആദ്യം ഒന്നിച്ചായിരുന്ന ടോർച്ചു വെളിച്ചം പിന്നീട് പലവഴി തിരിയുന്നതും ദൂരേക്ക് പോയി കാണാതാവുന്നതും കണ്ടു.ഭയന്ന് കരഞ്ഞു കിടന്നു, എപ്പോഴോ ഉറങ്ങിപ്പോയി.അടുത്ത ദിവസം ഉണർന്നപ്പോഴും കിഷോറിനെ കണ്ടെത്താ നായില്ല എന്ന വാർത്തയാണ് അറിഞ്ഞത്.കൂടെ കളിച്ചിരുന്ന സുഹൃത്തായ പ്രദീപൻ പറഞ്ഞു കിഷോർ തോട്ടിലേക്ക് ചാഞ്ഞു നിൽക്കുന്ന കശുമാവിൽ ഒളിക്കാൻ വേണ്ടി കയറുന്നതു കണ്ടു എന്ന്.കിഷോർ മരത്തിൽ നിന്നും തോട്ടിലേക്ക് വീണു ഒഴുകി പ്പോയി എന്ന വാർത്ത പെട്ടെന്ന് പരന്നു.പക്ഷെ സത്യാവസ്ഥ എന്തായിരുന്നു എന്ന് ആർക്കും അറിയില്ല.മരിച്ചുവെങ്കിൽ ശരീരം കണ്ടുകിട്ടണ്ടെ.ശ്രാവന്തിക്ക് അവൻ ഒഴുകി എവിടെയോ എത്തി രക്ഷപെട്ടു ജീവിക്കുന്നുണ്ട് എന്ന് വിശ്വസിക്കാനാണിഷ്ടം.അതിനടുത്ത ദിവസം മധ്യവേനൽ അവധി കഴിയുന്നതോടു കൂടി അച്ഛൻ വന്നു അവളെയും അമ്മയെയും കൂട്ടികൊണ്ടുപോയി.

 

അത്രയേറെ കളിച്ചു രസിച്ച ആ അവധിക്കാലം പക്ഷെ ഒരിക്കലും ഉണങ്ങാത്ത ഒരു മുറിപ്പാടും ബാക്കിയാക്കിയാണ് കഴിഞ്ഞു പോയത്.കിഷോറിന്റെ 'അമ്മ മകനില്ലാതെ ആ അവധിക്കാലം കഴിഞ്ഞു തിരിച്ചു പോയി കാണും.അടുത്ത വര്ഷം താൻ വയസ്സറിയിച്ചു വല്യ കുട്ടിയായി എന്ന് ഒരു ന്യായം പറഞ്ഞു മധ്യവേനൽ അവധിക്കു 'അമ്മ വീട്ടിലെ താമസം രണ്ടു ദിവസത്തിൽ ഒതുക്കി.ആ രണ്ടു ദിവസത്തിൽ കളിയ്ക്കാൻ പോലും തന്നെ വിട്ടില്ല.കിഷോറിന്റെ അമ്മ പിന്നെ വീട്ടിലേക്കു വന്നിട്ടില്ല എന്ന് വല്യമ്മയും അമ്മൂമ്മയും ഒക്കെ അമ്മയോടുള്ള സംസാരത്തിനിടയിൽ പറയുന്നത് കേട്ട്,മനസ്സിലെ വിഷമം ആരോടും പറയാനാകാതെ ശ്രാവന്തി എല്ലാം ഉള്ളിലൊതുക്കി. കാലം കുറേ കടന്നുപോയപ്പോൾ കിഷോറിന്റെ തിരോധാനത്തെ കുറിച്ച് ആരും ചിന്തിക്കാതായി.  

 

ചിന്തയുടെ തേരോട്ടത്തിനിടയിൽ എപ്പോഴോ ശ്രാവന്തി ഉറങ്ങിപ്പോയി .ഉണർന്നപ്പോൾ ആദ്യം ചെയ്തത് അടുത്തിരുന്ന മൊബൈൽ ഫോൺ എടുത്തു നോക്കുകയാണ്.ജയന്തി ആഡഡ് പ്രഫുൽ ടു ദി ഗ്രൂപ് ജയന്തീസ് സൺസ് വെഡ്‌ഡിങ് .ശ്രാവന്തി പ്രഫുല്ലിന്റെ പ്രൊഫൈൽ പിക്ചർ എടുത്തു നോക്കി.അവന്റെ ഫോട്ടോക്ക് പകരം ,ഒരു ഓം, അതിനു ചുറ്റും രണ്ടു വൃത്തങ്ങളും മാത്രം .സാധാരണ മക്കളുടെ മെസ്സേജസ് മാത്രം നോക്കുമാ യിരുന്ന ശ്രാവന്തി ഇപ്പോൾ വെഡ്‌ഡിങ് ഗ്രൂപ്പിന്റെ അപ്ഡേറ്സ് നോക്കാൻ തുടങ്ങിയിരിക്കുന്നു. ഓരോരുത്തരായി തംപ്സ് അപ്ഉം ഐ ആം കമ്മിങ് ഫോർ ദി വെഡ്‌ഡിങ് എന്ന മെസ്സേജസ് ഉം ഇടാൻ തുടങ്ങി.പ്രഫുൽ കൂടി വരുന്നുണ്ട് എന്നറിഞ്ഞ ശ്രാവന്തി കല്യാണത്തിന് പോകാൻ തീരുമാനിച്ചു.

 

ശ്രാവന്തിയെ സാധാരണത്തേതിൽ നിന്നും വ്യത്യസ്തയായി വളരെ സന്തോഷവതിയായി കണ്ടപ്പോൾ മകൻ ചോദിചു "എന്ത് തോന്നി.ഇങ്ങനെ മിടുക്കി യായിരിക്കാൻ?ഇന്ന് എന്ത് അദ്‌ഭുതമാണ് സംഭവിച്ചത്?ശ്രാവന്തി കൂട്ടുകാരിയുടെ മകന്റെ കല്യാണത്തിന് പോകുന്നു എന്ന് കേട്ടപ്പോൾ മകന് വളരെ സന്തോഷമായി.റിട്ടയര്മെന്റിനു ശേഷം അമ്മയെ എപ്പോഴും ഒരു ക്ഷീണഭാവത്തോടെ മാത്രമേ അവൻ കണ്ടിട്ടുള്ളൂ." വൗ .ഗ്രേറ്റ് അമ്മാ. എത്ര നാള് കൂടിയാണ് 'അമ്മ ഒരു ചടങ്ങിന് പോകാൻ തീരുമാനിക്കുന്നത്"

 

     "നീ അറിഞ്ഞോ ...പ്രഫുൽ വരുന്നുണ്ട്."

 

 "ഹോ...'അമ്മ ഇനിയും പ്രഫുല്ലിന്റെ നിഗൂഢതകൾ മറന്നില്ലേ ..വീണ്ടും സത്യം തേടിയുള്ള യാത്രയാണോ?"ഇത്രയും പറഞ്ഞു മകൻ ഓഫീസിൽ ലേക്ക് തയാറായി പോയി കഴിഞ്ഞപ്പോൾ ,അവൾ വീണ്ടും മനോവ്യാപാരത്തിൽ മുഴുകി.

 

                          പ്രഫുൽ പഠിച്ചു വളർന്നത് ഉത്തർപ്രദേശിലെ ബറേലിയിൽ ആണ് പഠിച്ചത്. പക്ഷെ എന്ത് കൊണ്ടോ അവനു കേരളത്തോട് ,അതിയായ സ്‌നേഹമായിരുന്നു.അവന്റെ അച്ഛൻ പറഞ്ഞറിഞ്ഞ കേരളത്തോടുള്ള സ്നേഹം.അങ്ങനെയാണ് പഠനം എല്ലാം കഴിഞ്ഞപ്പോൾ അവൻ ഇവിടെ കോളേജിൽ ജോലിക്കപേക്ഷിച്ചതും ഹിന്ദി ലെക്ചറർ ആയി ജോയിൻ ചെയ്തതും .സംസാരപ്രിയനായിരുന്ന പ്രഫുൽ ബറെയ്‌ലിയെ കുറിച്ച് അവിടത്തെ ജീവിതത്തെ കുറിച്ച് ഒക്കെ യാത്രകളിഷ്ടപ്പെടുന്ന, വായനയിഷ്ട പ്പെടുന്ന ശ്രാവന്തിയോട് സംസാരിച്ചിരുന്നു.ബറെയ്‌ലി മഹാഭാരത കാലഘട്ട ത്തിലെ പാഞ്ചാലരാജധാനിയുടെ തലസ്ഥാനമായിരുന്നെന്നും പാഞ്ചാലിയുടെ ജന്മസ്ഥലമായിരുന്നെന്നും ഉള്ള അറിവ് ശ്രാവന്തിക്ക് പുതുതായി രുന്നു.എപ്പോ ഴെങ്കിലും ബറേലിയിൽ ചെല്ലുമെങ്കിൽ,അവിടത്തെ പ്രശസ്തമായ ക്ഷേത്രങ്ങ ളിൽ കൊണ്ടുപോകാം എന്നും പുരാതന ഹിന്ദി കവിയായിരുന്ന തുളസീ ദാസിന്റെ ആലയമായിരുന്ന തുളസീമഠത്തിൽ കൊണ്ടുപോകാമെന്നും അവൻ പറഞ്ഞിരുന്നു,ഹിന്ദു പുരാണങ്ങൾ അനുസരിച്ചു രാമായണ കർത്താവായ വാല്മീകിയുടെ പുനർ ജന്മമായിരുന്നു തുളസീദാസ് എന്നും .

 

        "പ്രഫുൽ....പുനർജന്മത്തിലൊക്കെ വിശ്വസിക്കുന്നുണ്ടോ?ശ്രാവന്തി അദ്‌ഭുതപ്പെട്ടു .

 

        "ഉണ്ട്,ഉണ്ടല്ലോ.വിശ്വാസം എന്നല്ല...അത് സത്യമാണല്ലോ."

 

      " ഇക്കാലത്തൊക്കെ ഇത് ആര് വിശ്വസിക്കും?എന്ത് തെളിവ് ആണ് ഉള്ളത്.ചില കെട്ടുകഥകൾ അല്ലാതെ?

 

         "തെളിവുകൾ അല്ല അനുഭവങ്ങൾ ആണ് ഒരാളെ വിശ്വസിപ്പിക്കുകയും അവിശ്വസിപ്പിക്കുകയും ഒക്കെ ചെയ്യുന്നത്.എന്ന് പറഞ്ഞു അവൻ ചിരിച്ചു.

 

         അവന്റെ നിരയൊത്ത പല്ലുകൾക്കിടയിൽ നിരതെറ്റിയിരിക്കുന്ന ആ ഒരു പല്ല് അവളെ കിഷോറിന്റെ ഓർമയിലേക്ക് കൊണ്ടുപോയി ...പുനർജ്ജന്മം ....എന്നൊന്നുണ്ടോ..... ഇനി പ്രഫുൽ കിഷോറിന്റെ............അവൾ ആത്മഗതം ചെയ്തു.

 

ശനിയും ഞായറും കഴിഞ്ഞു തിങ്കളാഴ്ച കോളേജിൽ എത്തിയപ്പോൾ പ്രഫുൽ ലീവിട്ടു യു പി യിൽ പോയതായി അറിഞ്ഞു.തന്നോട് വെള്ളിയാഴ്ച കുറെയേ റെ നേരം സംസാരിച്ചിട്ടും ഇങ്ങനെയൊരു യാത്രയുടെ കാര്യം പറയാഞ്ഞ തെന്തു എന്നവൾ ചിന്തിച്ചു.

 

അവന്റെ സഹമുറിയൻ പയ്യന് ചിക്കെൻ പോക്സ് വന്നുവെന്നും, പ്രഫുല്ലിനു ശരീരത്തിൽ ഒന്ന് പൊങ്ങിയപ്പോൾ ആർക്കും സംശയത്തിന് ഇട കൊടുക്കും മുമ്പ് അവൻ സ്ഥലം വിട്ടു എന്നും മറ്റുള്ളവർ പറഞ്ഞു അറിഞ്ഞു. അവൻ രണ്ടോ മൂന്നോ ആഴ്ച കഴിയുമ്പോൾ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പോയി രണ്ടു മാസങ്ങൾ കഴിഞ്ഞിട്ടും അവൻ തിരികെയെത്തിയില്ല.

 

     പരീക്ഷകൾ കഴിഞ്ഞു അവധിക്കാലമായതോടെ ,സാധാരണത്തേതു പോലെ ഒരു യാത്ര പ്ലാൻ ചെയ്യാം എന്ന് ഭർത്താവ് പറഞ്ഞപ്പോൾ ,ശ്രാവന്തി "നമുക്ക്‌ ഇപ്രാവശ്യം കാൺപൂരിലെ എന്റെ ചേട്ടന്റെ വീട്ടിലേക്കു പോയാലോ എന്ന് ചോദിച്ചതിന് പിന്നിൽ മറ്റു ഉദ്ദേശങ്ങളും ഉണ്ടായിരുന്നു. കാൺപൂർ എത്തി ചേട്ടന്റെ കുടുംബത്തോടൊപ്പം ഒരാഴ്ച ചെലവഴിക്കുകയും അവരോടൊപ്പം അവിടെ ഉള്ള സ്ഥലങ്ങൾ ഒക്കെ സന്ദർശിക്കുകയും ചെയ്തു.ഇതിനിടയിൽ,നാത്തൂനേ കൂട്ടു പിടിച്ചു പ്രഫുൽ പറഞ്ഞ മേൽവിലാസം തേടി പോകുകയും ചെയ്തു.കോളേജിന്റെ ഓഫീസിൽ നിന്നും സംഘടിപ്പിച്ച പ്രഫുൽ ന്റെ ലാൻഡ് ഫോൺ നമ്പറിൽ പലവട്ടം വിളിച്ചു നോക്കിയെങ്കിലും ,റിങ് ചെയ്തതല്ലാതെ മറുതലക്കൽ ആരും ഫോൺ എടുത്തില്ല.നാത്തൂന് ഭാഷ കൈകാര്യം ചെയ്യാൻ അറിയാമായിരുന്നത് കൊണ്ട് അല്പം എളുപ്പമായി കാര്യങ്ങൾ.അവൻ പഠിച്ചിരുന്ന ക്രൈസ്റ്റ് ചർച്ച് കോളേജ് കണ്ടു.അവിടെ നിന്നും അല്പം മുന്നോട്ട് നീങ്ങി വലത്തോട്ടു വളവു തിരിഞ്ഞു നൂറു മീറ്ററോളം മുന്നോട് പോയപ്പോൾ ചന്ദൻ മാർഗ് എന്നെഴുതിയ ഒരു പഴയ ബോർഡ് കണ്ടു.ചന്ദൻ മാർഗിലൂടെ മുന്നോട്ട് പോകുമ്പോൾ ഒരു പഴയ അപ്പാർട്മെന്റ്സ് കണ്ടു.ഓട്ടോയിൽ നിന്നും കുനിഞ്ഞു നോക്കി വായിച്ചു ജ്യോതി അപ്പാർട്മെ ന്റ്സ്.അതെ ഇത് തന്നെ..അതിന്റെ രണ്ടാം നിലയിലെ പതിനൊന്നാം നമ്പർ ഫ്ലാറ്റിന്റെ കാളിങ് ബെൽ അടിച്ചു കാത്ത് നിൽക്കുമ്പോൾ പലതരം ചിന്തകൾ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. മൂന്നുനാലു തവണ ബെൽ അടിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ 12 -ആം നമ്പർ ഫ്ലാറ്റിന്റെ ബെൽ അടിച്ചു.പ്രായ മായ ഒരു സ്ത്രീ ഡോർ തുറന്നു ചോദ്യരൂപേണ തുറിച്ചു നോക്കി.നാത്തൂൻ അവർക്കുള്ള മറുപടി എന്നോണം "യെ ഫ്ലാറ്റ് മേം കോയി നഹി ഹേ ക്യാ "എന്ന് ചോദിച്ചതിന് "കെഹും ഉഹാം നാ രഹേലാ " എന്ന് ഭോജ്‌പുരിയിൽ മറുപടി പറഞ്ഞു.എന്റെ മുഖഭാവം കണ്ടപ്പോൾ പറഞ്ഞത് മനസ്സിലായില്ല എന്ന് മനസ്സിലാക്കിയ അവർ "യഹാ കോയി നഹി റഹ്താ ഹേ ...ദോ തീൻ സാൽ സെ "എന്ന് പറഞ്ഞു കൊണ്ട് വാതിൽ അടച്ചു.

 

രണ്ടു മൂന്നു വര്ഷമായിട്ടു ആരും ഇല്ലെന്നോ....ഇതെന്ത് കഥ.

 

 നിനക്ക് സ്ഥലം തെറ്റിയതായിരിക്കാം.അവന്റെ വീട് മറ്റെവിടെയോ ആയിരിക്കും എന്ന് പറഞ്ഞു നാത്തൂൻ പടികൾ ഇറങ്ങി തുടങ്ങി.

 

        "ഇവർ പുതിയ താമസക്കാര് ആയിരിക്കും,അവർക്കു അറിയാത്തതായിരിക്കാം എന്ന് ശ്രാവന്തി ആശ്വസിക്കാൻ ശ്രമിച്ചു.

 

      കോളേജ് തുറന്നിട്ട് ഒരാഴ്ച ആയിരുന്നു.യാത്ര കഴിഞ്ഞു വന്നു രണ്ടു ദിവസം വിശ്രമിച്ചു വീണ്ടും കോളേജിൽ ചെന്നപ്പോൾ ജയന്തി പറഞ്ഞു ..."നീ എവിടെ പോയി ..പ്രഫുൽ വന്നിരുന്നു..അവൻ ഈ ജോലി രാജി വച്ചു .റിലീവ് ചെയ്തു പോയി .ഹൈദരാബാദ് ലെ ഒരു കോളേജിലേക്കാണ് ഇനി എന്നാണ് പറഞ്ഞത്.നിന്നെ അന്വേഷിച്ചിരുന്നു".

 

                    രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോൾ യൂണിവേഴ്സിറ്റികൾ ചേർന്ന് ഒരു നാഷണൽ ലെവൽ ലിറ്റററി ഫെസ്റ്റിവൽ നടത്തുന്നത് അറിഞ്ഞു . ശ്രാവന്തിയുടെ കോളേജിൽ നിന്ന് ഇംഗ്ലീഷ് ഹിന്ദി വിഭാഗക്കാർ മത്സരിക്കു ന്നുണ്ട് .സംഭവം നടക്കുന്നത് ഹൈദരാബാദിലും.തന്റെ ഡിപ്പാർട്മെന്റ് ബോട്ടണി ആണെങ്കിലും ഭാഷ അധ്യാപകരുടെ കൂടെ ശ്രാവന്തിയും പ്രിൻസിപ്പലിന്റെ അനുവാദം എടുത്തു യാത്രയിൽ ഒപ്പം കൂടി.ശ്രാവന്തി ക്കുറപ്പുണ്ടായിരുന്നു,ഹിന്ദി മഹാവിദ്യാലയ ജൂനിയർ കോളേജിലെ അധ്യാപകാരുടെ കൂടെ സാഹിത്യം ഇഷ്ടപ്പെടുന്ന പ്രഫുല്ലും കാണുമെന്ന്. അവിടെ മത്സരങ്ങൾക്കും വർക്ഷോപ്പുകൾക്കും ആയി എത്തുന്ന എല്ലാ കോളേജുകളിൽ നിന്നും വന്നവർക്കും മുറികൾ സൗകര്യം ചെയ്തിരുന്നു . ശ്രാവന്തി ഹിന്ദി അധ്യാപികയോടൊപ്പം അവിടെ ഒക്കെ നടന്നു കണ്ടു. കൂട്ടത്തിൽ നല്ലകുണ്ട്ടയിലെ ഹിന്ദി ജൂനിയർ കോളേജ് ലെ വിദ്യാർത്ഥി സംഘത്തെ അന്വേഷിക്കുകയായിരുന്നു ലക്‌ഷ്യം.ഏറെ നേരത്തെ ശ്രമത്തിനു ശേഷം ആ കോളേജിലെ ഒരു വിദ്യാർത്ഥിയെ കണ്ടുമുട്ടി.ആ കുട്ടിയിൽ നിന്നും കഴിഞ്ഞ ദിവസം പ്രഫുൽ സർ വന്നിരുന്നെന്നും ,എന്നാൽ കുട്ടികളുടെ ചാർജ് മറ്റൊരു അധ്യാപകനെ ഏൽപ്പിച്ചു കഴിഞ്ഞ ദിവസം തന്നെ മടങ്ങി എന്നും അറിയാൻ കഴിഞ്ഞു.ആ കുട്ടിയോട് പ്രഫുൽനെ കുറിച്ച് കൂടുതൽ ചോദിച്ചപ്പോൾ ,മാം പറയുന്ന സർ തന്നെയാണോ എന്ന് തനിക്ക് അറിയില്ലെന്നും റൂം ലേക്ക് വന്നാൽ സർ ന്റെ ഒരു ഫോട്ടോ ഉണ്ടെന്നും അത് കാണിക്കാം എന്നും പറഞ്ഞു.

 

ആ ഫോട്ടോയിലേക്കു നോക്കിയ ശ്രാവന്തിക്ക് അപരിചിതത്വം തോന്നി. അല്ല.ഇതല്ല.പക്ഷെ ഹിന്ദി ടീച്ചർ തറപ്പിച്ചു പറഞ്ഞു..."ഇത് തന്നെയാണ് നമ്മുടെ കോളേജിൽ ഉണ്ടായിരുന്ന പ്രഫുൽ..നോക്ക്...മുഖത്തു ചിക്കൻ പോക്സിൻറെ പാടുകൾ...അവിടന്നു പ്രഫുൽ പോയത് ചിക്കൻ പോക്സ് വന്നപ്പോഴാണല്ലോ ....അത് കാരണമാണ് ശ്രാവന്തിക്ക് വ്യത്യാസം തോന്നുന്നത്."ശ്രാവന്തി മറുപടി ഒന്നും പറയാതെ മുറിയിലേക്ക് തിരിച്ചു.

 

മനസ്സിൽ വീണ്ടും പഴയ കുട്ടിക്കിഷോറിന്റെ ഓർമ്മകൾ തിക്കിത്തിരക്കി. അന്ന് ഒരു പക്ഷെ താൻ കിഷോറിനെ കാണുന്നില്ലെന്ന് വിളിച്ചു കരഞ്ഞി രുന്നെങ്കിൽ ,കിഷോറിനെ കണ്ടെത്താൻ സാധിച്ചേനെ.അന്ന് 'അമ്മ വിളിച്ചപ്പോൾ താൻ ഒളിച്ചു കളിച്ചതും കിഷോറിനെ കാണുന്നില്ല എന്നതും പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ കിഷോർ ഈ ലോകം വിട്ടു പോകില്ലാ യിരുന്നു.കിഷോറിന്റെ തിരോധാനത്തിനു താൻ ഒരു കാരണം ആയി എന്നത് ഒരു തീരാദുഖമായി. .പക്ഷെ കിഷോർനെ പറ്റി പിന്നീടു ഒരു അറിയിപ്പും കിട്ടാത്തിടത്തോളം അവൻ എവിടെയോ ജീവിച്ചിരിക്കുന്നു എന്ന് തന്നെ ശ്രാവന്തി വിശ്വസിച്ചു.

 

    മനോരാജ്യത്തിൽ കഴിഞ്ഞ ശ്രാവന്തി വാട്സ്ആപ് നോട്ടിഫിക്കേഷൻ ശബ്ദം കേട്ടാണ് വീണ്ടും ഉണർന്നത് .ഇനി രണ്ടു ദിവസം കൂടിയേ കല്യാണത്തിന് ബാക്കിയുള്ളൂ.പഴയ കോളേജ് സുഹൃത്തുക്കളിൽ പന്ത്രണ്ട് പേര് വരുന്നുണ്ട്. അപ്പോഴേക്കും അവളുടെ മകൻ കടന്നു വന്നു.'അമ്മ പുതിയ സാരി ഒന്നും എടുത്തില്ലേ ?മറ്റന്നാളല്ലേ കല്യാണം?

 

       ഓ..പുതിയതൊന്നും വേണ്ട.ഒന്ന് പോണം ..എല്ലാരേം ഒന്ന് കാണണം.പ്രഫുലിനേം കാണാമല്ലോ എന്ന സന്തോഷം.

 

    കല്യാണ തലേന്ന് സന്ധ്യയോടെ തന്നെ സുഷമയുടെ കൂടെ ശ്രാവന്തി ഗുരുവായൂരിൽ എത്തി ജയന്തി നേരത്തെ ബുക്ക് ചെയ്ത മുറിയിൽ താമസിച്ചു.അന്ന് രാത്രി പത്തു മണിയോടെ ആണ് പ്രഫുൽ എത്തുന്നത് എന്ന് ഗ്രൂപ്പിൽ നിന്നും അറിയാൻ കഴിഞ്ഞു.ഗ്രൂപ്പിൽ നിന്നും നമ്പർ കിട്ടിയെങ്കിലും നേരിട്ട് കാണുന്നതിന്റെ ഒരു പുതുമ ഒട്ടും ചോർന്നു പോകാതിരിക്കാൻ ,മനപ്പൂർവം വിളിക്കാതിരുന്നു.

 

             അടുത്ത ദിവസം ഏകദേശം ഒൻപതു മണിയോടെ ശ്രാവന്തി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി.ദൂരെ നിന്ന് തന്നെ ഒരാൾ പുറം തിരിഞ്ഞു നിന്ന് മറ്റാരോടോ സംസാരിക്കുന്നത് കണ്ടു ..ശ്രാവന്തി പ്രഫുൽ എന്ന് വിളിച്ചതും ആള് തിരിഞ്ഞു നോക്കി.അൽപാപ്പമായി വെള്ളവരകൾ വീണ തലമുടി,വയസ്സ് നാൽപതു ആയിട്ടുണ്ടാകും,ശ്രാവന്തിക്ക് പ്രിയപ്പെട്ട പ്രഫുൽ....അവർക്കു അവൻ മകനായിരുന്നോ ...അനുജൻ ആയിരുന്നോ..

 

         വർഷങ്ങൾക്കു മുമ്പ് പറയാതിരുന്ന ഒരു കഥ കൂടി അന്ന് പ്രഫുൽ ശ്രാവന്തിക്കായി പറഞ്ഞു .അവന്റെ അച്ഛന്റെ പേര് കിഷോർ എന്നാണ്,കേരളത്തിലെ ഒരു ഗ്രാമത്തിൽ കുട്ടിക്കാലം ചിലവഴിച്ചിരുന്ന കിഷോർ.മധ്യവേനൽ അവധിക്കാലത്ത് 'അമ്മ വീട്ടിൽ അവധിക്കാലം ചിലവഴിക്കാൻ പോയതും മരത്തിൽ കയറിയതും,മരത്തിൽ നിന്നും പിടി വിട്ടു താഴെ തോട്ടിൽ വീണു ഒഴുകി പ്പോയതും ,എങ്ങനെയോ ഭാഗ്യം കൊണ്ട് മാത്രം ഏതോ കര പറ്റിയതും,ആരുടെയൊക്കെയോ കരുണയാൽ വീട്ടിൽ എത്തിപ്പെട്ടതും ആയ കഥ.അപ്പോഴേക്കും കിഷോറിന്റെ അച്ഛന് യു പിയിൽ ജോലിയായതിനെ തുടർന്ന് കുടുംബം യു പി യിലേക്ക് പറിച്ചു നടപ്പെട്ടിരുന്നു.പിന്നീട് കിഷോർ ആരുടെയൊക്കെയോ സഹായത്താൽ അവന്റെ കുടുംബത്തിൽ എത്തിപ്പെട്ടു.അതവന്റെ പുനർജന്മമായിരുന്നു എന്ന് തന്നെ പറയാം. 

 

ശ്രാവന്തിയുടെ കണ്ണുകളിൽ ആയിരം പൂത്തിരികൾ ഒന്നിച്ചു വിരിഞ്ഞു.ഉള്ളം നിറഞ്ഞു.വലിയൊരു ഭാരം ഇറക്കി വച്ച് രാത്രി അവർ സ്വസ്ഥമായി ഉറങ്ങി.

 

അന്ന് വൈകിട്ട് ശ്രാവന്തിയുടെ മകൻ പ്രഫുല്ലിനെ വിളിച്ചു."താങ്ക്സ് സൊ മച്ച് പ്രഫുൽ സർ "എന്റെ അമ്മക്ക് ഒത്തിരി സന്തോഷമായി. കിഷോറിന്റെ തിരോധാനത്തിന് അമ്മയാണ് കാരണക്കാരി എന്ന ഒരു കുറ്റബോധത്താൽ ആ മനസ്സിന് എന്നും ഒരു നീറൽ ആയിരുന്നു.അത് കൊണ്ട് തന്നെയാണ് സർ നെ കണ്ടപ്പോൾ കിഷോർ ന്റെ ഛായ തോന്നിയതും കിഷോറിന്റെ മകനാണ് താങ്കൾ എന്നും ഒക്കെ ഉള്ള തോന്നൽ ഉണ്ടായത്.ഒത്തിരി നന്ദി.

 

ഇറ്റ് സ് മൈ പ്ലഷർ .എബൗ ഓൾ ഇട്സ് ഫോർ മൈ ശ്രാവന്തി മാം .

Thankyou.

Srishti-2022   >>  Short Story - Malayalam   >>  വളപ്പൊട്ടുകള്‍

Pramod Chandran

IBS

വളപ്പൊട്ടുകള്‍

 

കാറിന്റെ ഡാഷ് ബോര്‍ഡില്‍ സമയം നോക്കി, മൂന്നു മണി കഴിഞ്ഞിരിക്കുന്നു. Asiana Dreams Pub and Dance Bar എന്ന ബോര്‍ഡ്‌ എന്റെ കണ്ണില്‍ നിന്നും മാഞ്ഞിരുന്നു . കഴിഞ്ഞ രണ്ടു വര്‍ഷമായി എന്റെ ജീവിതത്തിന്റെ ഭാഗമാണ് ആ Pub. കാറിലെ രൂക്ഷമായ മദ്യത്തിന്റെ ഗന്ധം എന്നെ മത്തു പിടിപ്പിച്ചില്ല. ആ ഗന്ധം എന്റെ സിരകളെ ത്രസിപ്പിച്ചില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി അത് എന്റെ ഗന്ധമാണ് . രാത്രിയില്‍ വിരിയാന്‍ തയ്യാറായി നില്‍ക്കുന്ന മുല്ലമൊട്ടുകളുടെ സുഗന്ധം ഞാന്‍ ചെറുപ്പത്തില്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഏതൊരു പെണ്‍കുട്ടിയെയും പോലെ ആ പൂവുകള്‍ ഇറുത്തെടുത്തു ഞാന്‍ മുടിയില്‍ ചൂടിയിരുന്നു . “എന്തു ചന്തമാ എന്റെ കുട്ടിയെ കാണാന്‍ “.. അമ്മമ്മ പലപ്പോഴും എന്റെ സൌന്ദര്യത്തെ പുകഴ്ത്തിയിരുന്നു. മുല്ലയും പിച്ചിയും കനകാംബരവും മൊട്ടിട്ടു നിന്നിരുന്നഒരു പഴയ നായര്‍ തറവാടായിരുന്നു എന്റേത്. വസന്തത്തിന്റെ വരവറിയിച്ചു കൊണ്ട് വിരിയുന്ന ആ പൂക്കള്‍ തൊടിയിലേക്ക്‌ എന്നെ മാടി വിളിച്ചിരുന്നു. എന്നാല്‍ ഇന്ന് എന്റെ ശരീരത്തിന് മദ്യത്തിന്റെ രൂക്ഷമായ ഗന്ധമാണ്. ആ ഗന്ധം എന്നെ സന്തോഷിപ്പിക്കുകയില്ല, ദുഖിപ്പിക്കുകയും.

 

സമൂഹത്തിന്റെ ഭാഗമാകാന്‍ ഞാന്‍ ഏറെ ആഗ്രഹിക്കുന്നു. പക്ഷെ സമൂഹം എന്നെ ഒരു വേശ്യയെ എന്ന പോലെ അകറ്റി നിര്ത്തുന്നു. Pub ല്‍ മദ്യം വിളമ്പുന്നതും വേശ്യാവൃത്തിയും ഒരുപോലെയാണ് എന്ന അവര്‍ കരുതുന്നു. ആ ചിന്തകളെ ഒഴിവാക്കാന്‍ ഞാന്‍ ശ്രമിച്ചില്ല. പക്ഷെ ഒരു വേശ്യയല്ല എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ വഴി പിഴച്ചിട്ടില്ല എന്ന് പറയാന്‍, നെഞ്ചില്‍ കൈ വച്ച് കൊണ്ട് പറയാന്‍ എനിക്കും കഴിയില്ല. മദ്യക്കുപ്പികളുടെയും മദ്യ ലഹരിയുടെയും ഇടയില്‍ എനിക്കെപ്പോഴോ അതെല്ലാം നഷ്റെപ്പെട്ടിരിക്കുന്നു. ബാറില്‍ മദ്യം വിളംബുന്നവള്‍ക്ക് എന്തു പാതിവൃത്യം അല്ലെ ?ആ ചോദ്യം ഞാന്‍ എന്നോട് തന്നെ പലപ്പോഴും ചോദിച്ചിരുന്നു. … ഉത്തരം അറിയാമെങ്കില്‍ കൂടി.

 

എന്റെ ജീവിതം ഒരു തരത്തില്‍ എന്റെ തന്നെ തെരെഞ്ഞെടുപ്പാണ്. വിധി എന്ന രണ്ടക്ഷരത്തെ പഴിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ഇത് എന്റെ വിധിയല്ല. എന്റെ പാളിപ്പോയ തെരെഞ്ഞെടുപ്പാണ്. അച്ഛനമ്മമാരുടെ തീരുമാനത്തിന് ചെവി കൊടുക്കാതെ എന്റെ തീരുമാനം ഞാന്‍ എന്നില്‍ തന്നെ അടിച്ചേല്‍പ്പിച്ചു.. ആ വിവാഹത്തിനും, പ്രിയതമന്റെ കാരണമെന്തന്നരിയാത്ത തിരോധാനത്തിനും ശേഷം ഈ ജോലിയും എന്റെ ഒരു തെരഞ്ഞെടുപ്പായിരുന്നു. പക്ഷെ ആ തീരുമാനത്തിലും ഞാന്‍ ഒട്ടു പാശ്ചാത്തപിച്ചില്ല. താങ്ങ് നഷ്ടപ്പെട്ട അബലയുടെ അവസാന പിടിവള്ളിയായി മാന്യതയുടെ മുഖം മൂടി ഇല്ലാത്ത എന്റെ ജോലി., ബാറില്‍ മദ്യം വിളമ്പുന്ന ജോലി.

 

പാതിരാത്രി വരെ നീളുന്ന ആഘോഷമാണ് pub ല്‍ എന്നും. മദ്യ ലഹരിയില്‍ പാടുകയും ചുവടു വക്കുകയും ചെയ്യുന്ന യുവാക്കള്‍. പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കുന്ന കമിതാക്കള്‍. ജീവിതാസ്വാദനതിന്റെ പുതിയ തലങ്ങള്‍ തേടുന്ന മധ്യ വയസ്കര്‍. കാതടപ്പിക്കുന്ന സംഗീതം. എന്റെ മനസ്സിന്റെ പ്രതിഫലനം എന്ന പോലെ അരണ്ട വെളിച്ചം. രാത്രിപുലരുവോളം തുടരുന്ന ഈ ആഘോഷങ്ങള്‍ക്ക് വേദി ഒരുക്കലാണ് എന്റെ ജോലി. ഒഴിയുന്ന മദ്യ ഗ്ലാസ്സുകളിലേക്ക് മദ്യം പകരുമ്പോള്‍ പലരുടെയും നോട്ടം എന്റെ യുവത്വതിലേക്കായിരുന്നു. ആ യുവത്വം ഒരു വില്പന ചരക്കാണ് എന്ന് ഞാന്‍ തിരിച്ചറിയുന്നു. ശരീരം ഒരു പ്രദര്സന വസ്തുവാണ് എന്നും. എന്റെ ശരീര വടിവുകള്‍ കാണിക്കുന്ന വസ്ത്രങ്ങള്‍ മാത്രം തെരഞ്ഞെടുക്കാന്‍ ഞാന്‍ നിര്ബന്ധിതയായിരീക്കുന്നു. ശരീരത്തെ തുളച്ചു കയറുന്ന നോട്ടങ്ങളെ പുഞ്ചിരിയോടെ ഞാന്‍ നേരിടുന്നു… ഉള്ളില്‍ അമര്‍ഷം പുകയുംബോളും

 

വിജനമായ പാതയിലൂടെ കാര്‍ അതിന്റെ ലക്ഷ്യ സ്ഥാനത്തേക്ക് പാഞ്ഞു കൊണ്ടിരുന്നു. ചാവാലി പട്ടികള്‍ ഇണയുടെ പുറകെ ഉള്ളിലൊളിപ്പിച്ച കാമം പ്രകടിപ്പിക്കാതെ ഓടിക്കൊണ്ടിരുന്നു. മറ്റു യുവതികളെപ്പോലെ രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഞാന്‍ ഭയപ്പെടുന്നില്ല. ഇരുളിന്റെ മറയില്‍ ഡ്രൈവര്‍ എന്നെ അപായപ്പെടുതുമെന്നു ഞാന്‍ ഭയപ്പെടുന്നില്ല. നഷ്ടപ്പെടുവാന്‍ മറ്റൊന്നും ഇല്ലാതവള്‍ക്ക് പ്രാന ഭയം അല്ലാതെ മറ്റൊന്നും ഉണ്ടാവില്ലല്ലോ.

 

കാറിന്റെ ഗ്ലാസ്‌ തുറന്ന് ശുദ്ധവായു ശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. പുതിയ ജോലി എന്റെ യഥാര്‍ത്ഥ പേര് പോലും എനിക്ക് അന്യമാക്കിയിരിക്കുന്നു. തൃശ്ശൂരിലെ ഗ്രാമ പ്രാന്തങ്ങളില്‍ വിദ്യാലക്ഷ്മി ആയിരുന്ന ഞാന്‍ ഇനന്‍ വിറ്റിയാണ്. താമസിയാതെ എന്റെ ഓര്‍മകള്‍ക്കും വിദ്യാലക്ഷ്മി അന്യയാകും. എന്റെ മാതാപിതാക്കള്‍ക്ക് ഞാന്‍ അന്യയായപോലെ. ആ ഓര്‍മകള്‍ക്ക് മേല്‍ എന്റെ പുതിയ ജീവിതത്തിന്റെ കാല്‍പ്പാടുകള്‍ പതിക്കും. ഉണങ്ങാത്ത മുറിവുകള്‍ തീര്‍ക്കും, ആഹ്ലാദത്തിന്റെ നനുത്ത മഞ്ഞു തുള്ളികളും. അവയുടെ തണുപ്പിനുള്ളില്‍ ഒരു കമ്പിളി പുതപ്പിനുള്ളില്‍ എന്നാ പോലെ ഒതുങ്ങി കൂടാനാണ് എന്റെ ആഗ്രഹം.

 

ഒരു പുരുഷന്റെ സംരക്ഷണത്തിന്റെ ചൂടിനായി ഞാന്‍ ആഗ്രഹിക്കുന്നു. പബില്‍ സ്ഥിരം സന്ദര്ശകനായിരുന്ന റോബര്‍ട്ട്‌ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളില്‍ ഞാന്‍ എന്റെ സംരക്ഷകനെ കണ്ടിരുന്നു. പക്ഷെ എന്റെ ശരീരത്തിന്റെ ഗന്ധം മടുത്തപ്പോള്‍ ആ സന്ദര്ശനം നിലച്ചു. പിന്നീടറിഞ്ഞു റോബര്‍ട്ട്‌ എന്ന പേര് പോലും വ്യാജമായിരുന്നു എന്ന്. നിര്‍വികാരത മാത്രമായിരുന്നു എന്റെ പ്രതികരണം. ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ ആകുലപ്പെടുതുന്നില്ല. കാലത്തിന്റെ ഒഴുക്കില്‍ എന്റെ യൌവനം എനിക്ക് നഷ്ടമാകും. ഇതളുകള്‍ കൊഴിഞ്ഞ ഒരു പുഷ്പം പോലെ ഞാന്‍ സൌന്ദര്യം നഷ്ടപ്പെട്ടു എന്റെ ജോലിയില്‍ അയോഗ്യയാവും. രാതിര്യുടെ ആഘോഷങ്ങളില്‍ നിന്ന് ഞാന്‍ ഒഴിവാക്കപ്പെടും. ജീവിക്കാന്‍ തന്നെ അ യോഗ്യയാവളെ സമൂഹം പുച്ഛത്തോടെ ആട്ടിപ്പായിക്കും. പക്ഷെ അപ്പോളും പുതിയ ഒരു തെരഞ്ഞെടുക്കല്‍ എനിക്ക് ആവശ്യമായി വരും. തോല്‍ക്കാതിരിക്കാനുള്ള ഒരു തെരഞ്ഞെടുപ്പ്

 

പക്ഷെ ഈ ആരവങ്ങളെ ഞാന്‍ ഇഷ്ടപ്പെടുന്നില്ലേ?? നശിച്ചു എന്ന് സ്വയം മനസ്സിലാക്കിയിട്ടും വീണ്ടും വീണ്ടും ശരിയാണെന്ന് ഞാന്‍ കരുതുന്ന തെറ്റുകളിലേക്ക് , എന്റെ ശരികളിലേക്ക് ഞാന്‍ യാത്ര തുടരുക തന്നെ ചെയ്യും.സന്ധ്യ മയങ്ങുമ്പോള്‍, ഇരുട്ടിന്റെ കമ്പളത്തില്‍ ഭൂമി മയങ്ങുമ്പോള്‍, ആര്‍ഭാട പൂര്‍ണമായ വസ്ത്രം ധരിച്ച്, ചുണ്ടില്‍ ചായം തേച്, തിളയ്ക്കുന്ന യൌവ്വനങ്ങള്‍ക്കൊപ്പം ചുവടു വക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആഗ്രഹത്തേക്കാള്‍ അതെന്റെ ജീവിതമാണ്‌ purse ല്‍ നിറയുന്ന നോട്ടുകെട്ടുകള്‍ ആ അരണ്ട വെളിച്ചത്തിലേയ്ക്കു എന്നെ സ്വാഗതം ചെയ്യുന്നു.

 

ജീവിതത്തിന്റെ ഊഷരതയില്‍ വസന്തം വിരിയിക്കാന്‍ ആ നോട്ടുകെട്ടുകള്‍ എന്നെ സഹായിച്ചേക്കാം . ഒരിക്കല്‍ ആടിപ്പാടുന്ന മധ്യ വയസ്കരില്‍ ഒരാള്‍ സംരക്ഷണത്തിന്റെ ഒരു കൈതാങ്ങ് എനിക്ക് നേരെ നീട്ടിയേക്കാം. അയാള്‍ എന്റെ ജീവിതത്തില്‍ വസന്തം വിരിയിചെക്കാം. ആ വസന്തത്തിനു വേണ്ടി ഞാന്‍ കാത്തിരിക്കാം. . ഒരു പൂക്കാലം എന്റെ ജീവിതത്തില്‍ ഉണ്ടാകുമോ?

 

 കാര്‍ ചെറിയ ശബ്ദതോടെ “Mary’s Ladies Hostel” എന്ന ബോര്‍ഡ്‌ സ്ഥാപിച്ച gate നു മുന്‍പില്‍ നിന്നു. ഇറങ്ങിക്കോളൂ എന്ന ഭാവത്തില്‍ ഡ്രൈവര്‍ എന്നെ നോക്കി. ഞാന്‍ വാതില്‍ തുറന്നു പുറത്തിറങ്ങി. ശക്തിയായി ഡോര്‍ അടച്ചു. ആ ശക്തിയില്‍ ‍ എന്റെ കയ്യിലെ കറുത്ത വള ഉടഞ്ഞു. വളപ്പൊട്ടുകള്‍ ചെറിയ ശ ബ്ദതോടെ റോഡില്‍ വീണു. കാര്‍ സ്പീഡില്‍ ഓടിച്ചു പോയി. ഞാന്‍ ആ കറുത്ത വളപ്പോട്ടുകളിലേക്ക് നോക്കി കുറച്ചു നേരം നിന്നു. അവ തിരികെ ചെര്‍ക്കനാവാത്ത ജീവിത ബന്ധങ്ങളെ ഓര്‍മിപ്പിച്ചു.

Srishti-2022   >>  Short Story - Malayalam   >>  ഉറുമ്പുകളെ തിന്നുന്ന ലാപ്ടോപ്

Rohith K.A

TCS

ഉറുമ്പുകളെ തിന്നുന്ന ലാപ്ടോപ്

 

"നിനക്കറിയാമോ, ഉറുമ്പുകൾക്ക് സ്വന്തം ഭാരത്തിന്റെ ഇരുപത് ഇരട്ടി ചുമ്മക്കാൻ കഴിയുംന്ന്!" ബസ്സിറങ്ങി ഇൻഫോപാർക്കിന്റെ ഗേറ്റ് കടന്ന് ഓഫീസിലേക്ക് നടക്കുമ്പോൾ ആന്റപ്പൻ പറഞ്ഞു.

 

"അപ്പോ.. 80 കിലോ ഉള്ള ഒരു മനുഷ്യൻ 800 X 2 = 1600 കിലോ ചുമടെടുക്കുന്ന പോലെ. അമ്പോ!" ജോർജ്‌ അമ്പരപ്പോടെ ഒന്നു ചിരിച്ചു. "ലീഡ് കേൾക്കണ്ട. പിടിച്ച് നമ്മടെ ടീമിലിട്ട് അതുങ്ങളെ പണിയെടുപ്പിച്ച് കൊന്നു കളയും!" ജോർജ് പറഞ്ഞത് സത്യമാണെന്ന് ആന്റപ്പനും തോന്നി.

 

ചുമലിൽ ലാപ്ടോപ് ബാഗിന്റെ ഭാരം താങ്ങി അവർ വേഗത്തിൽ നടന്നു.

 

ആന്റപ്പനേയും ജോർജിനേയും പോലെ ഒരുപാട് പേർ ആ ഇടനാഴിയിലൂടെ വരിവരിയായി ബാഗും തൂക്കി നടന്നു. ചുവപ്പും ചാരനിറവും ഇടവിട്ടുള്ള ഇന്റർലോക്കുകൾ ഒരറ്റത്തത്തു നിന്നും മറ്റേയറ്റത്തേക്ക് മുറിച്ചു കടക്കുകയായിരുന്ന ഉറുമ്പുകൾ, അവരുടെ ഫോർമൽ ഷൂസിന്റെ അടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞു ചത്തു.

 

****

 

-ഫെയർവെൽ പാർട്ടി-

 

ഇന്ന് പ്രത്യാശയുടെ ഈ ഓഫീസിലെ അവസാനത്തെ പ്രവൃത്തി ദിവസമാണ്. അവൾക്ക് കാനഡയിൽ നിന്നും ഒരു നല്ല ജോബ് ഓഫർ ലഭിച്ചിരിക്കുന്നു. പോവട്ടെ. പോയി രക്ഷപ്പെടട്ടെ. ഒരു ടീം ലഞ്ചിനും ടീം ഔട്ടിങ്ങിനും വരെ സ്കോപുണ്ടായിരുന്ന ഫെയർവൽ പാർട്ടി ഒരു കേക്ക് കട്ടിങ്ങിലും ലഡു വിതരണത്തിലും ഒതുങ്ങിപ്പോയത് മാത്രമാണ് സങ്കടം.

അതിനെക്കുറിച്ച് ചോദിച്ചാൽ അവൾ പറയും: "ഞാനേയ്, ഇവിടുത്തെ ജോലിക്കാരിയാ, മഹാറാണിയല്ല! പോവാനുള്ള ടിക്കറ്റ് വരെ കടം വാങ്ങി എടുത്തേക്കുവാ. പുതിയ കമ്പനിയിലെ ആദ്യത്തെ സാലറി കിട്ടിക്കോട്ടെ, എല്ലാം സെറ്റാക്കാം." 

 

ആന്റപ്പനപ്പോൾ നാല് കൊല്ലമായി പണിയെടുത്തിട്ടും മുപ്പതിനായിരം കടക്കാത്ത തന്റെ മാസശമ്പളത്തെക്കുറിച്ചോർക്കും. അത് കണ്ട് ഒഴിഞ്ഞുമാറിപ്പോവുന്ന മാട്രിമോണി പ്രൊപോസലുകളെക്കുറിച്ചോർക്കും. ഹോം ലോണിനെക്കുറിച്ചും വീട്ടുകാരുടെ കടങ്ങളെക്കുറിച്ചും ഓർക്കും. മറുപടി കിട്ടാത്ത പ്രമോഷൻ മെയിലുകളെക്കുറിച്ചോർക്കും.

 

 

പരിപാടിയെല്ലാം കഴിഞ്ഞ് എല്ലാവരും ആറു മണിക്കത്തെ ക്ലയന്റ് മീറ്റിങ്ങിന് തയ്യാറായി ലാപ്ടോപിനു മുന്നിലേക്ക് തിരിച്ചു പോയപ്പോഴാണ് നിലത്ത് വീണു കിടക്കുന്ന ലഡുവിന്റെ കുഞ്ഞു കഷ്ണത്തിൽ ഉറുമ്പുകൾ പൊതിഞ്ഞിരിക്കുന്നത് പ്രത്യാശ ശ്രദ്ധിച്ചത്.

"എന്നാലും ഇവറ്റകൾ എങ്ങനെ ഈ പതിനഞ്ചാം നിലയിലെത്തി?"

" ഒരിത്തിരി മധുരത്തിന് വേണ്ടി പാടുപെട്ട് ഇത്രേം മേലെ കേറി വന്നതാവും."

"എന്നാലും..!" അവൾ അവ പോകുന്ന വഴി പിന്തുടർന്നു. അതവസാനിച്ചത് ആന്റപ്പന്റെ ലാപ്ടോപിലാണ്. ചെകിളകൾ പോലുള്ള വിടവുകളിലൂടെ ഉറുമ്പുകൾ ലാപ്ടോപിനുള്ളിലേക്ക് കയറിപ്പോയി.

 

****

 

- ലാപ്ടോപിനുള്ളിലെ ഉറുമ്പുകൾ-

 

ഉറുമ്പുകൾ ആന്റപ്പനൊരു തലവേദനയായി മാറി. ഇന്നലെ ചെയ്ത വർക്കിന്റെ റിസൽട്ട് ഡെലിവറി മാനേജരെ കാണിക്കാൻ ലാപ് തുറന്നപ്പോൾ അതാ കീ ബോർഡിന്റെ വിടവുകൾക്കിടയിലൂടെ ഉറുമ്പുകൾ ഇറങ്ങി വരുന്നു.

 

"Antony, you shouldn't be irresponsible like this. It's client laptop. You have to take care of it."

 

പതിയെ പതിയെ ലാപ്ടോപ്, ബൂട്ടാവാൻ കൂടുതൽ സമയമെടുക്കുക, ഇടയ്ക്ക് പ്രതികരിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങളും കാണിച്ചു തുടങ്ങിയിരുന്നു. എന്ത് ചെയ്യും? മൂന്ന് അപ്രൂവൽ മെയിലുകൾക്ക് ശേഷം സർവീസ് സെന്ററുമായി ബന്ധപ്പെട്ട് നോക്കി. 

"Sorry Sir. ഉറുമ്പുകൾ കാരണമുണ്ടാകുന്ന തകരാറുകൾ ഞങ്ങളുടെ സർവീസ് പോളിസിയുടെ പരിധിയിൽ വരുന്നില്ല. മാത്രമല്ല, ഇത് വാരന്റിയെ ബാധിക്കുകയും ചെയ്യും."

 

 

ഉറുമ്പുകൾ കുഞ്ഞുകുഞ്ഞു ഉണ്ടകൾ തലയിൽ ചുമന്ന് ലാപ്ടോപിൽ നിന്നും ഇറങ്ങി വന്നു.

"നമ്മക്കേയ്, കൊറച്ച് ഉറുമ്പുപൊടി മേണിച്ച് അകത്തേക്ക് ഇട്ടു കൊടുത്താലോ?!" ഐഡിയ പറഞ്ഞ ജോർജിനെ പരുഷമായി നോക്കി ആന്റപ്പൻ ആവുന്നത്ര പണിയെടുപ്പിച്ച് ലാപ്ടോപിനെ ചൂടുപിടിപ്പിച്ചു.

 

 ഹെഡ്ഫോൺ ജാക്കിലൂടെ ഇറങ്ങി വരുന്ന ഉറുമ്പുകളെ ഹെഡ്സെറ്റ് കുത്തി കൊന്നു. 

 

ഇടവേളകളിൽ ചായ കുടിക്കാൻ പോകുമ്പോൾ ആന്റപ്പന്റെ ഷർട്ടിൽ ഉറുമ്പുകൾ തൂങ്ങി നിന്നു. പാൻട്രിയിലെത്തിയതും പഞ്ചാരപ്പാത്രത്തിലേക്ക് എടുത്തു ചാടി.

 

ഒരിക്കൽ, ചായ കുടിക്കാൻ പൂതി തോന്നിയ ഒരുറുമ്പ് വർക്ക് ഡസ്കിൽ കൊണ്ടു വച്ചിരുന്ന ചായക്കപ്പിൽ വലിഞ്ഞു കയറി. വക്കിലിരുന്ന് കപ്പിലേക്ക് തലനീട്ടി നക്കിക്കുടിക്കുന്നതിനിടയിൽ മൂക്കും കുത്തി ചായയിൽ വീണു പോയി. അതു കണ്ട ആന്റപ്പൻ ദേഷ്യത്തോടെ അതിനെ വിരലിലെടുത്ത് ദൂരേക്ക് തെറിപ്പിച്ചു. 

 

"അവിടിരുന്നോട്ടെടാ. ഉറുമ്പിനെ തിന്നാൽ കണ്ണിന്റെ കാഴ്ച കൂടും." മുഖത്ത് നിന്നും കണ്ണടയെടുത്തു മാറ്റി ജോർജ് പറഞ്ഞു.

" അതെങ്ങനെയാ കാഴ്ച കൂടുന്നെ?"

"ആവോ..! ചെലപ്പോ ഉറുമ്പിന് ഭയങ്കര കാഴ്ചശക്തിയായതു കൊണ്ട് പറയുന്നതാവും "

" അതിനു ഉറുമ്പിന് കണ്ണുണ്ടോ?"

" ഇല്ലേ?!"

 

****

 

- ഉറുമ്പിന്റെ കണ്ണ് - 

 

യു എസ് ബി പോർട്ടിലൂടെ വലിഞ്ഞു കയറി അകത്തു ചെന്ന ഒറ്റക്കൊമ്പനുറുമ്പിനെ കുറുമ്പി പരിഭവത്തോടെ നോക്കി. "എന്നാ പറ്റിയതാ?"

" ഒന്നും പറയണ്ടെന്റുവ്വേ! ആ ചായ പാത്രത്തിൽ വീണതാ" എന്നും പറഞ്ഞ് ഒറ്റക്കൊമ്പൻ പ്രൊസസർ ഫാനിന്റെ മുകളിൽ പോയി മുറുകെ പിടിച്ചിരുന്നു. ചൂടുകാറ്റിൽ ചായ പെട്ടന്നുണങ്ങി. 

 

പിന്നെയവർ വിശേഷങ്ങൾ പറഞ്ഞ് കൊമ്പ് കോർത്തു നടന്നു. ഹീറ്റ് സിങ്കിന് അരികിലൂടെ, മദർ ബോർഡിൽ അടുക്കിവച്ച നീളൻ വരകളിലൂടെ, മുരണ്ടു കൊണ്ടിരിക്കുന്ന ഹാർഡ് ഡിസ്കിന് മുകളിലൂടെ.. 

 

ഹെഡ്സെറ്റ് ജാക്കിനടുത്തെത്തിയപ്പോൾ അവർ ഒരു നിമിഷം നിന്നു. കഴിഞ്ഞ ചൂടുകാറ്റടിച്ച ദിവസം, തങ്ങളുടെ മുന്നിൽ വച്ചാണ് എട്ടു കൂട്ടുകാർ ഇവിടെ ചതഞ്ഞരഞ്ഞു മരിച്ചു വീണത്. ധീരരക്തസാക്ഷികളേ, നിങ്ങൾക്ക് അഭിവാദ്യങ്ങൾ. പെട്ടെന്നുണ്ടായ ചോരത്തിളപ്പിൽ ഒറ്റക്കൊമ്പൻ റാമിലേക്ക് വലിഞ്ഞ് കയറി ഒരു നീളൻ വര കടിച്ചു മുറിച്ചു. പിറകേ വന്ന കുറുമ്പി തന്റെ ആറു കൈകാലുകളും കൊണ്ട് അവനെ കെട്ടിപ്പിടിച്ചു. ഒറ്റക്കൊമ്പൻ തണുത്തു.

 

"വാ.. നമുക്ക് കുറച്ച് പഞ്ചാര തിന്നിട്ട് വരാം." ആന്റപ്പൻ കസേരയിൽ നിന്നുമിറങ്ങുന്ന ശബദം കേട്ട് ഉറുമ്പുകൾ ധൃതിയിൽ പുറത്തേക്കിറങ്ങി. അള്ളിപ്പിടിച്ച് കഫറ്റേരിയയിലേക്ക് പോയി. ഷർട്ടിന്റെ തുഞ്ചത്ത് നിന്നും പാത്രത്തിലേക്ക് പതിയെ ഊർന്നിറങ്ങി. 

 

"നമുക്ക് ഇവിടെത്തന്നെ താമസിച്ചാൽ പോരേ?" 

"കുറുമ്പീ! ഉറുമ്പുദോഷം പറയരുത്... നമ്മൾ ഇത്രയും കഷ്ടപ്പാട് സഹിച്ച് ഇവിടെ വരെ വന്നത് എന്തിനാണെന്ന് നീ മറന്നോ?"

 

ആന്റപ്പന്റെ ചുമലിലിരുന്ന് തിരികെ ലാപ്ടോപ്പിലേക്ക് പോവുമ്പോൾ ഒറ്റക്കൊമ്പൻ പാതിയൊടിഞ്ഞ തന്റെ ഇടത്തേ ആന്റിന പയ്യെ ഒന്നനക്കി. ഒരായിരം തലമുറ ഉറുമ്പുകൾ വരിവരിയായി തന്റെ പിന്നിലുണ്ടെന്ന് അവന് തോന്നി. ഓരോന്നോർത്ത് അവന്റെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു. ഉറുമ്പുകൾക്കും കണ്ണുകളുണ്ട്. നൂറുകണക്കിന് കുഞ്ഞുകുഞ്ഞു കണ്ണുകൾ ചേർന്നുണ്ടായ വലിയ കണ്ണുകൾ...

 

****

 

- വെൽഫെയർ പാർട്ടി -

 

ഇന്റർലോക്കിനു മുകളിൽ മരിച്ചു കിടന്നവരെ ഒരു കൂട്ടം ഉറുമ്പുകൾ ചുമന്നുകൊണ്ടുവന്നു. 

"നോക്ക്... ഇത് ഇന്ന് മാത്രം മരിച്ചു വീണവർ."

ചോണനുറുമ്പിന് കാര്യഗൗരവം മനസ്സിലായി. " ഇന്നു തന്നെ സമ്മളനം വിളിക്കണം."

 

ഇടവഴിക്കരികിലെ ചെമ്പരത്തിച്ചെടിയുടെ കൊമ്പിൽ, പുളിയുറുമ്പിന്റെ കൂടിനു മുന്നിൽ അവർ ഒത്തു ചേർന്നു. അഖില കേരള ഉറുമ്പ് വെൽഫെയർ പാർട്ടി നേതാവ് സംസാരിച്ചു തുടങ്ങി: "മനുഷ്യന്മാർ.. തൂഫ്... അവർക്ക് നമ്മളെക്കുറിച്ച് ഒരു ചുക്കുമറിയില്ല.." കൂടിനിന്നവർ കൈയും കാലുമടിച്ചു. " ഇതിനെതിരെ നമ്മൾ തിരിച്ചടിക്കും. ശക്തമായി തിരിച്ചടിക്കും. മനുഷ്യന്മാരെ തോൽപ്പിക്കാൻ എളുപ്പമാണ്. പ്രത്യേകിച്ചും വയറും ചാടി ബാഗും തൂക്കി ഇതിലേ നടന്ന് കൂടുകയറുന്ന ഇവറ്റകളെ. അവർക്ക് ഇല്ലാത്തതും നമ്മൾക്ക് ഉള്ളതുമായ ഒരു സാധനമുണ്ട് - യൂണിയൻ! അതാണ് നമ്മുടെ ശക്തി. അത് മാത്രമാണ് നമ്മുടെ ശക്തി. 

 

ഇനി നമ്മുടെ കൂട്ടത്തിലെ ഒരുത്തനെ തൊടാൻ ധൈര്യപ്പെടുന്നവൻ ആരാണോ, അവനാണ് നമ്മുടെ ആദ്യത്തെ ഇര. അവന്റെ ജീവിതം മൊത്തമിരിക്കുന്നത് പുറത്തു തൂക്കിയ ബാഗിനകത്തെ പെട്ടിക്കുള്ളിലാണ്. അതിന്റെ ഉള്ളിൽ കേറിപ്പറ്റി അവന്റെ ആപ്പീസ് നമ്മൾ പൂട്ടിക്കണം.

ഈ വിപ്ലവം നയിക്കാൻ പോവേണ്ടത് കട്ടുറുമ്പോ പുളിയുറുമ്പോ അല്ല. കൂട്ടത്തിലെ കുഞ്ഞന്മാർ ഇറങ്ങട്ടെ. കണ്ണിൽപ്പെടാതെ കയറിപ്പറ്റാൻ അവർക്കാണ് മിടുക്ക്. അപ്പോ എങ്ങനാ, നമ്മളിറങ്ങുവല്ലേ?"

 

ഉറുമ്പുകൾ ഒന്നടങ്കം മുദ്രാവാക്യങ്ങൾ മുഴക്കി.

"ഉറുമ്പോൾടെ ഐക്യം സിന്ദാബാദ്.. "

"പുളിയുറുമ്പ് വിജയൻ സിന്ദാബാദ്."

 

****

 

- വല നെയ്യുന്നവർ -

 

ഡിപ്ലോയ്മെന്റ് തീയ്യതി അടുക്കുംതോറും ചെയ്യേണ്ടുന്ന പണിയും കേൾക്കേണ്ട ചീത്തയും കൂടിക്കൂടിവന്നു. അന്നന്നത്തെ പണി ചെയ്തു തീർക്കാതെ ലോഗ് ഓഫ് ചെയ്യാൻ ആവാതെ കറങ്ങുന്ന കസേരയിലെ ഇരിപ്പ് നീണ്ടുനീണ്ടുപോയി. ഇവിടെ സൂര്യനസ്തമിക്കുമ്പോൾ യു.എസ് ലെ ക്ലയന്റ് ഉണരുന്നു. ഭൂമിയുടെ മറ്റേയറ്റത്തു നിന്നുമിട്ട ഒരു ചൂണ്ടയുടെ കൊളുത്താണ് തന്റെ മുന്നിലിരിക്കുന്ന ലാപ്ടോപ്പെന്ന് ആന്റപ്പനു തോന്നി. 

 

ചുറ്റുമുള്ളവരെല്ലാം പോയിട്ടും മിക്ക ദിവസങ്ങളിലും ആന്റപ്പന് ഓഫീസിൽ ഇരിക്കേണ്ടി വന്നു. കീബോർഡിൽ അമർത്തിയമർത്തി വിരലുകൾ വേദനിച്ചു. പതിവ് നേരം കഴിഞ്ഞിട്ടും ലാപ്ടോപ് ഓഫാകാത്തതു കൊണ്ട് ഉറുമ്പുകൾ പുറത്തുവന്ന് അയാളെ നോക്കി. അയാളും നിസ്സംഗതയോടെ ഉറുമ്പുകളെ നോക്കി. അവറ്റകളെപ്പോലെ ആറു കൈയുകളുണ്ടായിരുന്നെങ്കിൽ എടുത്താൽ പൊങ്ങാത്ത ഈ ഭാരം താങ്ങാൻ തനിക്കായേന്നേ എന്നയാൾക്ക് തോന്നി. രാത്രി വൈകി എപ്പോഴോ അവിടെയിരുന്നു മയങ്ങിപ്പോയി. ലാപ്ടോപ് പെട്ടെന്ന് അയാളുടെ കൈകൾക്കു മീതേ "ഠപ്പേ"ന്ന് അടഞ്ഞു. ഞെട്ടിയുണർന്ന് ആന്റപ്പൻ വേദനിക്കുന്ന കൈകൾ വലിച്ചെടുത്തു. ബാക്കി ഇനി നാളെ നേരത്തേ വന്ന് ചെയ്ത് തീർക്കാം എന്നു തീരുമാനിച്ച് ബാഗുമെടുത്ത് പുറത്തേക്ക് നടക്കുമ്പോൾ, ആ കെട്ടിടം വലിയൊരു ലാപ്ടോപാണെന്ന് ആന്റപ്പന് തോന്നി. താനൊരു ഇരുകാലിയുറുമ്പും..

 

പിന്നെയും പല രാത്രികളിൽ പലവട്ടം ലാപ്ടോപ് വിരലുകൾക്ക് മീതേ പിന്നേയുമടഞ്ഞു. തലപ്പത്ത് നിന്നുള്ള യാചിച്ചു കിട്ടിയ അപ്രൂവൽ മെയിലുകൾക്ക് ശേഷം ഒരു ശനിയാഴ്ച സർവീസ് സെന്ററിലേക്ക് പുറപ്പെട്ടു. താൻ പകൽ വെളിച്ചത്തിൽ പുറലോകം കാണുന്നത് ദശാബ്ദങ്ങൾക്കു ശേഷമാണെന്ന് ആന്റപ്പനു തോന്നി. 

 

"Hinge ന് കുഴപ്പമൊന്നുമില്ലല്ലോ സർ. അങ്ങനെ പെട്ടെന്ന് അടയുന്നുമില്ലല്ലോ.. നോക്ക്.."

 

കുഴപ്പമില്ലെങ്കിൽ നല്ലത്. അയാൾക്ക് കടലുകാണാൻ തോന്നി പുതുവൈപ്പ് ബീച്ചിലേക്ക് പോയി. തീരത്ത് കൂടി വെറുതേ കുറേ നേരം നടന്നു. ആകാശവും കടലും മണലും മനുഷ്യരും ആയി താൻ ഒരുപാട് അകന്നുപോയിരിക്കുന്നു. 

 

അവിടെക്കണ്ട കുടിലിനു പുറത്തിരുന്ന് വലനെയ്യുന്ന അപരിചിതയായ ഒരു വൃദ്ധയോട് വെറുതേ കുശലം ചോദിച്ചു. പിരിയാൻ നേരം അവരു പറഞ്ഞു : "എനിക്കറിയാവുന്നതിൽ കാശു കിട്ടുന്ന ഒരേയൊരു പണി ഈ വല നെയ്യലാ.. ആട്ടെ.. മോന് എന്താ ജോലി?" 

വിയർത്ത് കുതിർന്ന ചേറു പുരണ്ട വെള്ള കോളറ നേരെയാക്കി ആന്റപ്പൻ പറഞ്ഞു: "ഞാനൊരു വെബ് ഡവലപ്പറാണ് അമ്മച്ചീ.. ഈ കമ്പ്യൂട്ടറിന്റെ ഒക്കെ പണി..."

തിരിച്ചു നടക്കുമ്പോൾ അയാളോർത്തു, തനിക്കറിയാവുന്നതിൽ കാശുകിട്ടുന്ന ഒരേയൊരു ജോലിയും ഇതു മാത്രമല്ലേ..

 

****

 

- ഉറുമ്പുകളെ തിന്നുന്ന ലാപ്ടോപ് -

 

"പ്രത്യാശയുടെ കാര്യമറിഞ്ഞോ?" പതിനഞ്ചാം നിലയുടെ ബാൽക്കണിയിൽ നിന്ന് ചായ കുടിക്കുമ്പോൾ ജോർജ് ചോദിച്ചു.

" ഇല്ല.. എന്ത് പറ്റി?"

"കാനഡയിലെത്തി ജോയിൻ ചെയ്ത് മൂന്നാം ദിവസം 'മെറ്റ' അവളെയടക്കം ആ ബാച്ചിലെ എല്ലാവരെയും പിരിച്ച് വിട്ടത്രേ..."

"അതെവിടുത്തെ പരിപാടിയാ.."

"ഇവിടുത്തെ പരിപാടി.. സാമ്പത്തിക മാന്ദ്യം വരുന്നുണ്ടെന്നാ കേട്ടെ.. വല്യ വല്യ കമ്പനികളെല്ലാം ആൾക്കാരെ കൂട്ടമായി പിരിച്ച് വിടുന്നുണ്ട്.. ഇറങ്ങിപ്പോവാൻ പറഞ്ഞാൽ പൊക്കോണം.. നമുക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലല്ലോ.." 

 

ഇല്ല.. ആരുമില്ല.. ആന്റപ്പന് ഭയം തോന്നി. വലിയ വലിയ ശീതീകരിച്ച ചില്ലു കൂടുകൾക്കുള്ളിൽ തമ്മിലറിയാതെ ഒറ്റപ്പെട്ടുപോയ ജന്മങ്ങൾ...

ബാൽക്കണിയുടെ അറ്റത്ത് പിടിപ്പിച്ച കട്ടിയുള്ള ചില്ലിന്റെ മേലെയിരുന്ന് ഒരു ഉറുമ്പ് ആന്റപ്പനെ നോക്കി. ആയാൾ വിരലുകൾ കൊണ്ട് അതിനെ കെട്ടിട്ടത്തിന്റെ പുറത്തേക്ക് തട്ടിത്തെറിപ്പിച്ചു. പതിനഞ്ചാം നിലയിൽ നിന്നും താഴെ വീണാൽ ഉറുമ്പ് മരിക്കുമോ?

 

അന്ന് ക്ലയന്റ് കോളിന് മുന്നേ തന്നെ ധൃതിപ്പെട്ട് എല്ലാ പണിയും ചെയ്തു തീർത്തു. ഇന്നെങ്കിലും നേരുത്ത പോയി സമാധാനത്തിൽ കിടന്നുറങ്ങണം. എന്നിട്ടും പക്ഷേ ഒരു കാര്യവുമില്ലാതെ ചീത്ത കേൾക്കേണ്ടി വന്നു. "Plese complete this by today EOD" എന്നും പറഞ്ഞ് സന്ധ്യക്ക് പുതിയൊരു പണിയും തന്നു. ആന്റപ്പന് വല്ലാത്ത സങ്കടം വന്നു. എല്ലാവരോടും ദേഷ്യവും വെറുപ്പും തോന്നി. ചെയ്തിട്ടും ചെയ്തിട്ടും തീരാത്ത പണി. രാത്രി ഒറ്റയ്ക്ക് ലാപ്ടോപിന് മുന്നിൽ കുമ്പിട്ടിരുന്നു കരഞ്ഞു. ലാപ്ടോപിലെ വെളിച്ചം പതിയെ മങ്ങുന്നത് കണ്ണീരിനിടയിലൂടെ അവ്യക്തമായി കാണാം. കണ്ണു തുറന്നപ്പോഴേക്കും അത് പൂർണമായും കെട്ടിരുന്നു. എന്തൊക്കെ ചെയ്തിട്ടും സ്ക്രീനിൽ പിന്നെ വെളിച്ചം വന്നില്ല. ആന്റപ്പൻ കീബോർഡിനു മുകളിലേക്ക് മോഹാലസ്യപ്പെട്ട് വീണു.

 

"Mission Success!" ഉറുമ്പുകൾ മദർബോർഡിനുമുകളിൽ ആനന്ദനൃത്തം ചവിട്ടി.

"ഇനി നമുക്ക് അഭിമാനത്തോടെ തിരിച്ച് പോകാം."

 

വരിവരിയായി അവർ നിന്നു. കീബോർഡിന്റെ വിടവിലൂടെ പുറത്തു കടക്കാൻ തുനിഞ്ഞപ്പോൾ അതെല്ലാം അടഞ്ഞുകിടക്കുന്നു. വക്കുകളിലെ ചെകിളകളും അടിവശത്തെ വിടവുകളും സകല പോർട്ടുകളും അടഞ്ഞു കിടക്കുന്നു. പുറത്തു നിന്നും ഒരു തുള്ളി വെളിച്ചം പോലും അകത്തു കടക്കുന്നില്ല. പ്രൊസസർ ഫാൻ അതിന്റെ പരമാവധി വേഗത്തിൽ നിർത്താതെ തിരിയുന്നു. ഹീറ്റ് സിങ്കുകൾ ചുട്ടുപഴുത്തു. ഉറുമ്പുകൾ എന്തു ചെയ്യണമെന്നറിയാതെ ഒന്നിച്ചു നിന്നു. ഒറ്റക്കൊമ്പൻ കുറുമ്പിയെ തിരഞ്ഞു. ഇല്ല. ഇതിനകത്ത് അവളില്ല. സഹിക്കാൻ പറ്റാത്ത ചൂടിൽ ചുറ്റുമുള്ളവർ കുഴഞ്ഞുവീഴുന്നു. തന്റെ ശേഷിക്കുന്ന കൊമ്പ് ഒരറ്റത്തു നിന്നും ഉരുകിയൊലിക്കുന്നത് വേദനയേക്കാളും കഠിനമായ നിസ്സഹായതയോടെ അവൻ നോക്കി നിന്നു.

 

അവസാനത്തെ ഉറുമ്പും മരിച്ചു കഴിഞ്ഞെന്ന് ഉറപ്പാക്കിയ ശേഷം ലാപ്ടോപ് ഒരു ദീർഘശ്വാസം ഉള്ളിലേക്കെടുത്തു. മുഖത്ത് മെല്ലെ ഒരു നീല വെളിച്ചം തെളിച്ചു. പിന്നെ, ഒരു ഞൊടിയിടയിൽ തന്റെ പിളർന്ന വായ അതിശക്തമായി അടച്ചു. അതിന്റെ പ്രകമ്പനത്തിൽ ആ വലിയ കെട്ടിടമാകെ വിറച്ചു.

 

പതിനഞ്ചാം നിലയുടെ മുകളിൽ നിന്നും തോഴോട്ട് വീണ കുറുമ്പിക്ക് പാതി വഴിക്ക് വച്ച് പെട്ടെന്ന് രണ്ട് ചിറകുകൾ മുളച്ചുവന്നു. കാലങ്ങൾക്ക് ശേഷം പുതിയൊരു ഭൂമിയിലേക്ക് അവൾ പതുക്കെ പറന്നിറങ്ങി. അരികിലെ ഇടനാഴിയിലൂടെ പുതിയ ഒരു കൂട്ടം മനുഷ്യർ ചുമലിൽ ബാഗും തൂക്കി കടന്നു പോയി. അതിൽ ഒരു ബാഗ് പാതി തുറന്നു കിടക്കുന്നു. ആ വിടവിലൂടെ അതേ പഴയ ലാപ്ടോപ് നീലപ്പലുകൾ കാട്ടി അതിതീക്ഷ്ണമായി പുറത്തേക്ക് നോക്കി പതുക്കെ ഒരു ചിരി ചിരിച്ചു.. കുറുമ്പിയുടെ നൂറു കുഞ്ഞു കണ്ണുകളും ഒന്നിച്ച് നിറഞ്ഞുപോയി.

Srishti-2022   >>  Short Story - Malayalam   >>  വിശപ്പും,അവകാശവും

Anoop Rajan

IBS

വിശപ്പും,അവകാശവും

                                

"അമ്മേ ! എനിക്ക് വിശക്കുന്നു .എന്തെകിലും കഴിക്കാൻ താ !" .അച്ചു സ്കൂളിൽ നിന്ന് വരുന്ന വഴിയാണ് .തന്റെ പുതിയ സൈക്കിൾ അച്ചുവിന് വളരെ ഇഷ്ടമായിരുന്നു. ,അതിന്റെ "ട്രിം ട്രിം" ബെൽ ശബ്ദമാണ് അവനു ഏറ്റവും ഇഷ്ടം.അച്ചു വേഗം വീടിന്റെ ഉള്ളിലേക്കു കേറി മേശപ്പുറത് കഴിക്കാൻ ഇരുന്നു.                                                        

 "ഇന്നും ദോശയാണോ? എനിക്ക് വേണ്ട!" അച്ചുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു ."ഇന്ന് കൂടി മോൻ ഇത് കഴിക്കു,നാളെ അമ്മ അച്ചുവിന് കുറെ പലഹാരങ്ങൾ ഉണ്ടാക്കി തരാം ".അമ്മ അവനെ ആശ്വസിപ്പിക്കാൻ ശ്രെമിച്ചു.    

 "എനിക്ക് ഈ നശിച്ച ദോശ വേണ്ടെന്നു പറഞ്ഞില്ലെ! "

അച്ചു ദേഷ്യത്തിൽ എണീറ്റ്,ദോശ വെച്ചിരുന്ന പ്ലേറ്റ് നിലത്തേക്കു വലിച്ചു എറിഞ്ഞ ശേഷം വീടിന്റെ ഉമ്മറത്തേക്ക് നടന്നു.

 

നിലത്തു വീണത് ഇനി ആര് കഴിക്കാനാണ് ? നിലമാണെങ്കിൽ പൊടി പിടിച്ചു കിടക്കുകായാണ്, അമ്മക്കാണെങ്കിൽ നല്ല നടു വേദന കാരണം അടിച്ചു വാരാനും പറ്റിയിട്ടില്ല.

അച്ചുവിന്റെ അച്ഛന് ഇതൊന്നും അന്യൂഷിക്കാൻ സമയമില്ല, വീട്ടിൽ എന്ത് നടക്കുന്നു എന്ന് പോലും അറിയാത്ത വ്യെക്തി ഒരു ദോശയെ പറ്റി എന്ത് പറയാൻ?  

 

മകനെ ഒരു കഷ്ടപ്പാടും അറിയിക്കാതെയാണ് വളർത്തിയത് . ഒരു പക്ഷെ ഇത് അവന്റെ കുറ്റമലായിരിക്കും,അവൻ കുട്ടി അല്ലെ..അമ്മ ചിന്തിച്ചു.

 

പൊടി പിടിച്ചു കിടക്കുന്ന ആ തറയിൽ..ആ ദോശ അങ്ങനെ കിടന്നു..

ആർക്കും വേണ്ടാതെ....

 

 

"അമ്മേ ഇന്നും പണി ഇല്ല. കുഞ്ഞാവേക്കുള്ള പാൽ രാമേട്ടന്റെ കടയിൽ നിന്ന് ഞാൻ വാങ്ങി വരം.ഇന്നലത്തെ പണിയുടെ കുറച്ച കാശ് ബാക്കി ഉണ്ട്." 

ചിന്നൻ അവന്റെ അമ്മയോട് പറഞ്ഞു.

അച്ചുവിന്റെ വീടിന്റെ അടുത്തുള്ള ഒരു ചേരിയിലാണ് ചിന്നന്റെ വീട് . വീട് എന്ന് പറയാൻ പറ്റുമോ എന്നറിയില്ല , ഒരു കുടിൽ.

"കുഞ്ഞാവ നല്ല ഉറക്കമാണല്ലെ അമ്മേ? അവൾ എണീറ്റാൽ നല്ല വിശപ്പായിരിക്കും, ഞാൻ കടയിൽ പോയി വേഗം പാൽ വാങ്ങിച്ചിട്ടു വരാം.."

പുറത്തേക്ക് ഇറങ്ങിയ ചിന്നൻ അവന്റെ മുഷിഞ്ഞ ഷർട്ടിലെ കീശയിൽ ഒന്ന് തപ്പി.കുഞ്ഞാവക്ക് വേണ്ടതെലാം വാങ്ങണം.

തന്നെ കൊണ്ടാവുന്ന പോലെ അവരെ നോക്കണം. .അച്ഛൻ എവിടെയാണെന്നു പോലും അറിയില്ല,ചിന്നന് അതിൽ വിഷമവുമില്ല,കാരണം കള്ളു കുടിച്ചു വീട്ടിൽ വന്നു ഭാര്യയെയും,മക്കളേയും തല്ലുന്ന അച്ചന്മാരെ അവൻ ഒരുപാട് കണ്ടിട്ടുണ്ട്, അതിലും നല്ലതു അങ്ങനെ ഒരാൾ ഇണ്ടാവാതെ ഇരികുന്നതല്ലേ?

 

തനിക് ആരോഗ്യമുണ്ട്,ഏതു ജോലിയും ചെയ്യാനുള്ള ഒരു മനസും, പിന്നെ ആരെ പേടിക്കാൻ ? അമ്മയെ നന്നായി നോക്കണം,കുഞ്ഞാവയെ പഠിപ്പിക്കണം!

ഈ കാര്യത്തിൽ കടകാരൻ രാമേട്ടനാണ് ചിന്നന്റെ ഹീറോ! രാമേട്ടൻ തന്റെ മക്കളെ പൊന്നു പോലെ നോക്കുന്നത് ചിന്നൻ കണ്ടിട്ടുണ്ട്.

രാമേട്ടൻ എപ്പോഴും പറയും -" പഠിച്ഛ് വളരണം,പഠിക്കാനുള്ള അവകാശം എലാവർക്കും ഉള്ളതാണ്! "

കുഞ്ഞാവയെ എന്തായാലും പഠിപ്പിക്കണം ..ചിന്നൻ മനസ്സിൽ ഉറപ്പിച്ചു!

 

അച്ചുവിന്റെ വീടിന്റെ മുമ്പിലൂടെയാണ് ചിന്നന് പോവേണ്ടത്.

അച്ചു തന്റെ വീടിന്റെ ഉമ്മറത്ത് നിന്ന് കളിക്കുകായായിരുന്നു. അപ്പോഴാണ് ഗേറ്റിന്റെ സൈഡിൽ ആരോ നിന്ന് പരുങ്ങുന്നതു അച്ചുവിന്റെ ശ്രെദ്ധയിൽ പെട്ടത്. അച്ചു ചെന്ന് നോക്കിയപ്പോൾ ഗേറ്റിന്റെ സൈഡിലെ വേസ്റ്റ് കുട്ടയിൽ നിന്ന് ദോശ എടുക്കാൻ നോക്കുന്ന ചിന്നനെയാണ് കണ്ടത്.

"ഏയ് നീ ആരാ ? എന്തിനാ ഈ വേസ്റ്റ് നീ എടുക്കുന്നത് ?" അച്ചു ചോദിച്ചു . പെട്ടെന്ന് അച്ചുവിനെ കണ്ടപ്പോൾ ചിന്നൻ ഒന്നു ഭയന്നു, അച്ചുവിന്റെ പുറകിൽ അവന്റെ അമ്മയും നിൽക്കുന്നുണ്ടായിരുന്നു .

 

"രാത്രിയിലേക് എന്തെങ്കിലും കഴിക്കാൻ ഉണ്ടോ എന്ന് നോക്കിയതാ. എന്റെ വീട്ടിൽ അമ്മയും, ഒരു വാവയും മാത്രമേ ഉള്ളു , ദാ അവിടെയാണ് ഞങ്ങളുടെ വീട്. 

ഈ ദോശ... ഞാൻ എടുത്തോട്ടെ ?"

 

അച്ചു തലയാട്ടി.വേസ്റ്റ് കുട്ടയിൽ കിടന്ന കവറിലെ ദോശ എടുത്ത് ചിന്നൻ വേഗം നടന്നു.

നേരം സന്ധ്യയായിരുക്കുന്നു.

 

അച്ചു അവന്റെ അമ്മയെ നോക്കി .അവന്റെ കണ്ണുകൾ നിറയുന്നത് അവന്റെ അമ്മ കണ്ടു .

അന്ന് കുറേ നാളുകൾക്കു ശേഷം, അച്ചു അവന്റെ അമ്മയേ കെട്ടിപിടിച്ചു. ..കെട്ടിപിടിച്ചു കരഞ്ഞു ..

 

അടുത്ത ദിവസം ചിന്നൻ പതിവ് പോലെ എണീറ്റ വായെയും മുഖവും കഴുകി പുറത്തേക് ഇറങ്ങാൻ നിൽക്കവേ, ഒരു പാക്കറ്റ് അവന്റെ കുടിലിന്റെ മുമ്പിൽ കാണാൻ ഇടയായി.ചിന്നൻ മേലേ പാക്കറ്റ് പൊട്ടിച്ചു നോക്കി . അന്ന് വരെ അവൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു അത് . അവൻ സന്തോഷം കൊണ്ട് ഉള്ളിലേക്കോടി.

 

"നല്ല തൂശനിലയിൽ പൊതിഞ്ഞ ദോശയും ചമ്മന്തിയും ".

 

കുറച്ചു ദൂരെ ഒരു സൈക്കിളിന്റെ "ട്രിം ട്രിം" ഉച്ച ചിന്നൻ കേട്ടു.

 

 

"അമ്മേ ! എനിക്ക് വിശക്കുന്നു !! " ചിന്നൻ സന്തോഷം കൊണ്ട് അലറി.

 

അടുത്ത ദിവസം ദോശയുടെ കൂടെ ഒരു പാക്കറ്റ് കൂടി ചിന്നന് കിട്ടി . പൊട്ടിച്ചു നോക്കിയപ്പോൾ ഒരു ബാഗും,കുറച്ചു പുസ്തകങ്ങളും.

ചിന്നൻ ആ പുസ്തകങ്ങൾ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു.സന്തോഷം കൊണ്ടും കരച്ചിൽ വരുമെന്നു അന്ന് അവനു മനസിലായി .

 

**** ശുഭം***

" പഠിച്ചു വളരണം,പഠിക്കാനുള്ള അവകാശം എലാവർക്കും ഉള്ളതാണ്! "

 

Srishti-2022   >>  Short Story - Malayalam   >>  തോറ്റം കഥ

Vineesh Remanan

RubySevenStudios

തോറ്റം കഥ

 

പ്രകാശന്‍റെ ഒരു ദിവസം തുടങ്ങുന്നത് ചൂട് കട്ടന്‍ റം ഒഴിച്ച് ഒറ്റ വലിക്കു കുടിച്ചു കൊണ്ടാണ് എന്നിട്ട് നീട്ടി ഒരു ഊതലാണ്.അപ്പോള്‍ സമയം അഞ്ചു മണിയായിക്കാണും ഒരു കാ‍ജാ ബീ‍ഡി കൂടി കത്തിച്ചു പതുക്കെ സൈക്കിളുമായി വീട്ടില്‍ നിന്ന് ഇറങ്ങും. അപ്പോള്‍ അവിടെ ആരും ഉണര്‍ന്നിട്ടുണ്ടാവില്ല.

.

 

പ്രകാശൻ കുറെ ദൂരം സൈക്കിൾ ഉരുട്ടിയെ പോകുള്ളൂ. അതിന് ശേഷം മാത്രമേ സൈക്കിൾ ചവിട്ടുന്നു. രണ്ട് കാജാ ബീഡിയുടെ ദൂരം ആണ് സൈക്കിൾ ഉരുട്ടിയുള്ള നടത്തം.

 

 

പാല് വാങ്ങാനായി പോകുന്ന സ്ത്രീകളുടെ കലപില ശബ്ദങ്ങൾക്കിടയിൽ നിന്നും പ്രകാശന്‍റെ ഉണർത്തുപാട്ട് പൊങ്ങി നിൽക്കും. പ്രകാശൻ സൈക്കിൾ ചവിട്ടി തുടങ്ങിയാൽ പിന്നെ ഒറ്റപ്പാട്ടാണ്. സിനിമാപ്പാട്ട് ആണെങ്കിലും വരികളിൽ പ്രകാശന്‍റെ ഇടപെടലുകൾ ഉണ്ടാകും

 

 

രണ്ട് വശവും വളർന്നു മാനം മുട്ടി നിൽക്കുന്ന കവുങ്ങിൻ തോട്ടത്തിന്‍റെ നടുവിലൂടെയുള്ള ചെറിയ പാതയിലൂടെ സൈക്കിൾ നീങ്ങി കൊണ്ടിരുന്നു. കൂടെ പാട്ടും.

 

 

ആ പാത അവസാനിക്കുന്നിടത്തു ചെറിയ ഒരു കുടിൽ ഉണ്ട് കുടിലിന്‍റെ ഓരം ചേർന്ന് നാരായണൻ മൂപ്പൻ പ്രകാശനെയും കാത്തു നിൽപ്പുണ്ട്

 

 

നാരായണൻ മൂപ്പനെ കണ്ടപാടെ പ്രകാശൻ ആഞ്ഞു ഒന്നു കൂവി, കൂ................. യ്………സ്ഥിരമായി ഉള്ള സിഗ്നലാണ്

 

 

പ്രകാശൻ, സൈക്കിളിന്‍റ വേഗത കുറച്ച് നാരായണൻ മൂപ്പരുടെ അടുത്തായി കൊണ്ട് നിർത്തി. സൈക്കിൾ സ്റ്റാൻഡിൽ വെക്കാൻ ശ്രമിക്കുന്നു. എത്ര ശ്രമിച്ചിട്ടും സ്റ്റാൻഡിൽ ഇരിക്കാത്ത സൈക്കിൾ ഉരുട്ടി, അടുത്ത് നിൽക്കുന്ന കവുങ്ങിൽ ചാരി വെക്കുന്നു.

 

 

നാരായണൻ മൂപ്പൻ... ടാ പ്രകാശാ. എത്ര നാളായിടാ ആ സ്റ്റാൻഡ് കേടായിട്ട്? നിനക്ക് ഒന്ന് നന്നാക്കിക്കൂടെ. പ്രകാശൻ അത് കേട്ട ഭാവം നടിക്കാതെ അരയിൽ നിന്ന് ഒര് കുപ്പി എടുത്തു ഒറ്റ മോന്തൽ ആണ്. എന്നിട്ട് ആഞ്ഞു ഒര് തുപ്പലും

 

 

നാരായണൻ മൂപ്പൻ പ്രകാശനെ നോക്കി പതുക്കെ കൈ ഉയർത്തി 'ഹും എന്ന ഒരു മൂളലോടുകൂടി കുപ്പി കൊടുത്തു നാരായണൻ മൂപ്പൻ ഒരു കവിൾ കുടിച്ചിറക്കി ചുമക്കാൻ തുടങ്ങി. കുപ്പി പിടിച്ചുവാങ്ങി വയ്യെങ്കിൽ എന്തിനാ രാവിലെ തന്നെ അടിച്ചു കേറ്റാൻ നിൽക്കുന്നെ എന്ന് പറഞ്ഞ് പ്രകാശൻ കുടിലിനകത്തേക്ക് കയറി പോയി.

 

 

കുടിലിനകത്തു ഒരു മൂലയ്ക്ക് പഴുത്ത അടക്ക കൂട്ടി ഇട്ടിരിക്കുന്നു പുറത്തു നിന്ന് അരിച്ചിറങ്ങുന്ന വെളിച്ചം അടക്കകളെ സ്വർണ നിറമുള്ളതാക്കി

 

 

അവിടെ ഇരുന്ന മൺകലത്തിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം മുക്കി കുടിച്ചതിന് ശേഷം പ്രകാശൻ ഷർട്ട് ഊരി പകുതി അടഞ്ഞു കിടന്ന കതകിന്റെ മുകളിലേക്കു ഇട്ടു. അപ്പോഴേക്കും നാരായണൻ മൂപ്പന്‍റെ പ്രകാശോ ... എന്ന ഒരു നീട്ടി വിളി വന്നു 'ഹ്മ് ‘ എന്ന ഒരു മൂളലോട് കൂടി അവിടെ ചാരി വെച്ചിരുന്ന വെട്ടുകത്തിയുമായി പ്രകാശൻ വെളിയിലേക്ക് ഇറങ്ങി

 

 

ഇന്ന് കൊണ്ട് തീരുമോ നാരായണനച്ചോ

 

 

നീ ഇന്നലെ നൂറ് എണ്ണത്തിൽ കയറാം എന്ന് പറഞ്ഞിട്ട് അറുപതു എണ്ണം കേറീട്ടു ഇപ്പോ വരാമെന്നു പറഞ്ഞിട്ട് ദാ ഇന്ന് രാവിലെയാ നിന്നെ കാണുന്നെ.

 

 

ഇന്നലെ ഒന്നാം തിയതി ആണ് എന്ന് ഞാൻ മറന്നു പോയി നൂറ് എണ്ണത്തിൽ കയറിട്ടു. ആറുമണി ആകുമ്പോൾ ചെന്നാലേ സാധനം തീർന്നു പോകും രാജന്‍റെ അടുത്ത്.

 

 

മൂന്ന് ദിവസത്തിനുള്ളിൽ മൊത്തം അടക്കയും കയറ്റി വിടണം എന്നാണ് ദിവാകരൻ മൊതലാളി പറയണത് പ്രകാശാ.. 

 

 

എങ്കിൽ ദിവാകരൻ മൊതലാളിയോട് വന്നു കയറാൻ പറ നാരായണൻ അച്ചോ.... പ്രകാശൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

 

മ്മ്.. മ്മ്... ഈ നാട്ടിൽ നിന്നെ പോലെ മരത്തിൽ കയറാൻ വേറെ ആൺപിള്ളേർ ഇല്ലാത്ത കൊണ്ടാ മൊതലാളി, നിന്നെയും എന്നെയും ഈ കവുങ്ങിൻ തോട്ടം ഏല്പിച്ചു നീ പറയുന്ന പൈസയും തരുന്നേ..

 

 

ആ അപ്പോൾ നമ്മൾ പറയുന്നതും ഇടക്ക് ഒക്കെ കേള്‍ക്കണ്ടായോ നാരായണനപ്പോ……..

 

 

എന്ന് പറഞ്ഞു പ്രകാശൻ കവുങ്ങിൻ തോട്ടത്തിന്‍റെ ഓരം ചേർന്ന് നടന്നു 

 

 

കവുങ്ങിൻ ഓലകളുടെ ഇടയിൽ നിന്നും സൂര്യപ്രകാശം താഴെ നിഴൽ ചിത്രം തീർത്തു. അതിനിടയിലൂടെ നാരായണൻ മൂപ്പനും പ്രകാശനും നടന്നു പോകുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലാസ്സിക് ചിത്രങ്ങളുടെ ഫ്രെയിമുകളെ ഓർമിപ്പിച്ചു.

 

 

പ്രകാശൻ അനായാസം കവുങ്ങുകളിലേക്ക് ഓടി കയറുന്നത് നാരായണൻ മൂപ്പൻ നോക്കി നിന്നു.

 

 

ഒരു കവുങ്ങിൻ നിന്നും അടുത്ത കവുങ്ങിലേക്ക് പ്രകാശൻ ചാടുകയായി തോന്നില്ല. പറക്കുക തന്നെയാണ്.

 

 

ഓരോ കവുങ്ങിൽ നിന്നും പഴുത്ത അടക്കകൾ അടർത്തി താഴേക്കു ഇടും നാരായണൻ മൂപ്പരുടെ ചുറ്റും പഴുത്ത അടക്കകൾ കൊണ്ട് നിറയും. നിഴൽച്ചിത്രങ്ങൾക്ക് നടുവിൽ ചുറ്റും പഴുത്ത അടക്കകളുമായി മുകളിലേക്കു നോക്കിനിൽക്കുന്ന നാരായണൻ മൂപ്പരെ ഇടക്ക് ഒന്ന് നോക്കി ഒരു പാട്ടും മൂളി അടുത്ത കവുങ്ങിലേക്ക് പറക്കും

 

 

ഇരു വശങ്ങളും വലിയ ചിറകുകൾ ഉള്ള ഒരു പക്ഷി ഒരു കവുങ്ങിൽ നിന്നും അടുത്ത കവുങ്ങിലേക്കും അതിനടുത്തതിലേക്കും പറന്നു പോകുന്നതായി ആണ് നാരായണൻ മൂപ്പർക്ക് തോന്നിയത്. ചുറ്റും വന്നു വീഴുന്ന പഴുത്ത അടക്കകൾക്ക് നടുവിൽ പ്രകാശനെയും നോക്കി അങ്ങനെ നിന്നു

 

 

നാരായണനച്ചോ…….എന്ന് വിളിച്ചു കൊണ്ട് പ്രകാശൻ കവുങ്ങിൽ നിന്നു താഴേക്കു പറന്നിറങ്ങി ഈ അടക്ക ഒന്നും പെറുക്കില്ലേ. എന്ത് സ്വപ്നം കണ്ട് നിൽക്കുകയാ??

 

 

 നാരായണൻ മൂപ്പർ ഒരു സ്വപനത്തിൽ നിന്നു ഉണർന്നപോലെ...ആ നീ 

 

 

ഇറങ്ങിയോ ?? ആ എനിക്കെ ആല്‍ത്തറ മൂട്ടില്‍ മൈക്ക് ഒന്ന് കെട്ടി 

 

കൊടുക്കാൻ പറഞ്ഞിരുന്നു. നാളെ തോറ്റം പാട്ട് തുടങ്ങുകയല്ലേ എന്ന പറഞ്ഞ് സൈക്കിളിന്‍റെ അടുത്തേക്ക് നടന്നു.

 

 

സൈക്കിൾ ചവിട്ടി പോകുമ്പോഴും പ്രകാശന്‍റെ വലിയ ചിറകുകൾ പതിയെ ഒതുക്കി വെച്ചിട്ടും റോഡിലേക്ക് മുടി കിടക്കുന്നതായി നാരായണൻ മൂപ്പര്‍ക്ക് തോന്നി.

 

 

നാരായണന്‍ മുപ്പര്‍ പതുക്കെ താഴെ ഇരുന്ന് ഒരു അടക്ക എടുത്ത് മടിയിൽ വെച്ചു.

 

 

നാരായണനച്ചോ………… എന്ന് വിളിച്ചുകൊണ്ടു ഒരാൾ ഓടിവന്നു. അണക്കുന്നുണ്ടായിരുന്നു 

 

 

അതിനിടയിൽ അയാള് പറഞ്ഞു 

 

 

പ്രകാശൻ ആലിന്‍റെ മുകളിൽ നിന്നും താഴെ വീണു ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഗുരുതരം ആണെന്നാ പറയുന്നേ.

 

ദേവിയെ ചതിച്ചോ,നാരായണൻ മൂപ്പരുടെ കരച്ചിൽ കവുങ്ങില്‍ ഓലകളിലേക്ക് ഒരു കാറ്റ് പോലെ……………

 

 

 

പ്രകാശന് പിന്നെ ചിറകു മുളക്കുന്നത് നാരായണൻ മൂപ്പര് കണ്ടിട്ടില്ല. അതിന് മുൻപും പിൻപും

 

 

ഇപ്പോൾ ഒരേ കിടപ്പാണ് പ്രകാശൻ

 

 

സംസാരിക്കാൻ പറ്റും കൈകളും ചലിക്കും ഒരു ചിറകു മുറിഞ്ഞ

 

ചിത്രശലഭത്തെ പോലെ…………….. 

 

 

ആ മുറിയിൽ വരുന്ന പല്ലികളും പാറ്റകളും മാത്രം സ്ഥിരം കാഴ്ചക്കാരായി മാറി നാരായണൻ അച്ഛൻ വന്നിട്ട് ആറു മാസത്തോളം ആയി. എന്താ വരാത്തത് എന്ന് പ്രകാശൻ ആരോടും ചോദിച്ചിട്ടും ഇല്ല ആരും പറഞ്ഞിട്ടും ഇല്ല.

 

 

പ്രകാശന് ഇടക്ക് എഴുന്നേറ്റ് ഓടണം എന്ന് തോന്നും അതിന്‍റെ അവസാനം ഒരു തുള്ളി കണ്ണീരിൽ അവസാനിക്കും

 

 

എന്നെങ്കിലും ഈ മുറിയിൽ നിന്നു ഇറങ്ങി ഓടുക തന്നെ ചെയ്യുമെന്ന് പ്രകാശൻ വിശ്വസിച്ചിരുന്നു.

 

 

ഈ ഭൂമിയിൽ പ്രകാശനും ഈ മുറിയും മാത്രമേ ഉള്ളു എന്ന് വിചാരിച്ച് ഇടക്ക് ചിരിക്കും.

 

 

ചുമരിൽ ഒരു കലണ്ടർ അതിനിടയിൽ നിന്നു ഒരു പല്ലി പുറത്തേക്കു വന്നു. പുറത്തിരുന്ന ഒരു പ്രാണിയെ പിടിച്ചു കലണ്ടറിന്‍റെ അടിയിലേക്ക് തന്നെ ഓടി പോകുന്നത് കണ്ട് പ്രകാശൻ ആ കലണ്ടറിലേക്ക് തന്നെ നോക്കി കിടന്നു

 

 

എങ്ങനെ എങ്കിലും ഒന്ന് ഉറങ്ങിയാൽ മതി എന്ന് വിചാരിച്ചിട്ട് ഉറങ്ങാൻ കഴിയാതെ പ്രകാശൻ ആസ്വസ്ഥൻ ആയി കിടന്നു. ചെറിയ ഉറക്കത്തിൽ നിന്നും വീണ്ടും ഞെട്ടിയുണർന്നു. എവിടെന്നോ ഒരു പാട്ട് ചെവികളിലേക്ക് വന്നു ഓർമകളുടെ വേഗതകളെ ഉണർത്തിയപോലെ പ്രകാശൻ ആ പാട്ട് വ്യക്തമായി കേൾക്കാൻ ചെവി കോർപ്പിച്ചു .. ആൽത്തറമൂട്ടിൽ നിന്നു ഉയരുന്ന തോറ്റം പാട്ടായിരുന്നു അത്.

 

 

പ്രകാശനു എഴുനേല്‍ക്കാന്‍ തോന്നി,

 

 

പ്രകാശൻ പതുക്കെ കൈകൾ താഴെ അമർത്തി തല മുന്നിലേക്കു ആഞ്ഞു

 

 

അപ്പോഴാണ് താൻ കട്ടിലിൽ അല്ല കിടക്കുന്നത് എന്ന് മനസിലായത് എപ്പോഴോ കട്ടിലിൽ നിന്നു താഴെ വീണിരിക്കുന്നു. എങ്ങനെ? പ്രകാശനു ഓർമ്മകളെ നിരത്തി വെക്കാൻ കഴിഞ്ഞില്ല. വീണ്ടും എഴുന്നേൽക്കാൻ ഒരു ശ്രമം. പതുക്കെ തലയുടെ മാഗം പൊക്കി കൈകൾ പുറകിലേക്ക് കുത്തി ഒരു ചുണ്ടൻവള്ളം കിടക്കുന്നപോലെ കുറെ അങ്ങനെ ഇരുന്നു. കാലുകൾ പതുക്കെ ആട്ടി നോക്കി അപ്പോൾ തള്ള വിരലുകൾ പതുക്കെ വിറച്ചു വീണ്ടും തല കുറച്ച് കൂടി ഉയർത്തിയപ്പോൾ പ്രകാശൻ കമിഴ്ന്നു വീണു ആദ്യമായി കമിഴ്ന്നു വീഴുന്ന കുട്ടികളെ പോലെ ആയിരുന്നു അത്

 

 

പിന്നെ ഒരു വയസുള്ള കുട്ടിയെ പോലെ തന്നെ പിച്ച വെച്ച് ,പിച്ച് വെച്ച് കതകിന്‍റെ അടുത്തെത്തി. പാതി അടഞ്ഞ കതകിൽ പിടിച്ച് പ്രകാശൻ മുറ്റത്തേക്ക് നോക്കി ഒരു കുട്ടിയപോലെ പതിയെ മുറ്റത്തേക്ക് ഇറങ്ങി ചുറ്റും ഇരുട്ടാണ് ഇപ്പോൾ തോറ്റം പാട്ട് നന്നായി കേൾക്കാം. പ്രകാശൻ റോഡിലേക്ക് ഇറങ്ങി ആൽത്തറമൂട് ലക്ഷ്യം വെച്ച് നടന്നു. പ്രകാശന്‍റെ നടത്തതിന്‍റെ വേഗത കൂടി. ഇപ്പോൾ നാരായണൻ മൂപ്പർ കണ്ടാൽ പ്രകാശന്‍റെ ആ വലിയ ചിറകുകൾ കാണാൻ കഴിഞ്ഞനെ തോറ്റം പാട്ടിന്‍റെ

 

 ശബ്ദം മുറുകി മുറുകി വന്നു.

 

 

"വെള്ളമുണ്ട് കൊണ്ട് വെച്ചും കൊണ്ട

 

ഒര് ഭാഗത്തേക്ക് മാറി നിന്നപ്പോഴ്

 

നാരായണരു വാഴുന്ന നല്ല അച്ഛന്

 

മൂഹൂർത്തച്ചാർത്ത് കൈയിൽ എടുത്തും കൊണ്ടേ വടക്കം കൊല്ലം പാലകരെ…………….

 

കുറെ ആളുകൾ എന്തൊക്കെയോ പറഞ്ഞ് കൊണ്ട് പ്രകാശന്‍റെ വീട്ടിലേക്കു നടന്നുകൊണ്ടേയിരുന്നു.... 

 

 

പ്രകാശന്‍റെ വീട്ടിൽ അവിടവിടെയായി ട്യൂബ് ലൈറ്റുകൾ തെളിഞ്ഞു....

Srishti-2022   >>  Short Story - Malayalam   >>  കറ

Vishnulal Sudha

Envestnet Trivandrum

കറ

 

ചിരപരിചിതമായൊരു വേദനയുടെ നെടുവീർപ്പിൽ ആലസ്യം കുടഞ്ഞകറ്റി രേണുക ഉണർന്നു. ഉള്ളിലെ നനവും പുറത്തെ കറയും കഴുകി വിരിച്ച്, ദൂരെ മറനീക്കി പുറത്തു ചാടുന്ന പ്രകാശകണങ്ങളെ സജല മിഴികളാൽ പുൽകി, നനഞ്ഞ അലക്കു കല്ലിൻമേൽ അവൾ അമർന്നിരുന്നു. തട്ടിച്ചിതറി അകന്ന് പോകുന്ന നിദ്രയുടെ ശേഷിപ്പുകൾ കറുത്തിരുണ്ട് കണ്ണുകൾക്ക് ചുറ്റും പറ്റിപ്പിടിച്ചിട്ടുണ്ട്. മലമുകളിലെ ഒഴിഞ്ഞൊരു മൂലയിൽ ആരും തേടിവരാനില്ലാത്ത തന്റെ ഉടലിന്റെ ഇപ്പോഴത്തെ അവസ്ഥ രേണുകയ്ക്ക് തന്നെ വല്യ നിശ്ചയമില്ല. കണ്ണാടിയിൽ തന്റെ മുഖം കണ്ട നാളുകൾ ഓർത്തെടുക്കാൻ പറ്റാത്തത്ര ദൂരെ പോയി മറഞ്ഞിരിക്കുന്നു. ഖാദറിക്കാന്റെ കടയിൽ സാധനങ്ങളെടുത്തു കൊടുക്കാൻ നിൽക്കുമ്പോൾ ആദ്യമൊക്കെ പല കണ്ണുകളും തന്റെ മുലയും അരയും അളന്ന് തിട്ടപ്പെടുത്തുന്നത് രേണുക അറിഞ്ഞിട്ടുണ്ട്. പലരെയും തന്നിലേക്ക് വലിച്ചടുപ്പിക്കാൻ അവൾ ഒരുപാട് മോഹിച്ചിട്ടുമുണ്ട്. എന്നാൽ അവൾക്കതിന് കഴിഞ്ഞില്ല. ഇന്ന് പലരും നോക്കാറുകൂടിയില്ല. അതിൽ ഇപ്പോൾ വല്യ വിഷമവുമില്ല. യാഥാർത്ഥ്യവുമായി എന്നേ താദാത്മ്യപ്പെട്ടു കഴിഞ്ഞു. ഇപ്പോൾ ചുറ്റും വിരസത തളം കെട്ടി കിടക്കുന്നു. അതിൽ പോങ്ങു തടിപോലെ ശരീരം ഒരു കാറ്റിന്റെ ഉന്തലിൽ തെന്നി നീങ്ങി മർമ്മരങ്ങൾ തീർക്കാൻ വെമ്പുകയാണ്. നിശ്ചലം.

ചുവന്നു തെറിച്ച രശ്മികൾ മഞ്ഞിച്ചു പിന്നെ പതിയെ വെളുപ്പു പറ്റി. ചിന്തയുടെ കൂരമ്പുകൾ കുത്തിക്കയറി സമയം പിറകിലെവിടെയോ ഉടഞ്ഞു വീഴുന്നത് രേണുക അറിഞ്ഞിരുന്നില്ല. കാലിലെ നനവ് തുടച്ചു മാറ്റി അവൾ അകത്തേക്ക് നടന്നു. പൂക്കാൻ മറന്നൊരു മൂവാണ്ടൻ മാവിൽ ഓടിയും ചാടിയും അവിടവിടിരുന്ന് കലഹം കൂട്ടുന്ന അണ്ണാറക്കണ്ണന് കൂട്ടിനെന്ന പോലെ ഒരു ബലിക്കാക്ക കരഞ്ഞു തുടങ്ങി. 

“എനിക്കും വിരുന്നുകാരോ!” രേണുകയുടെ ചുണ്ടിൽ ഒരു മന്ദസ്മിതം മൂരി നിവർന്നു. 

ഉള്ളിലെ പിടച്ചിലിന്റെ ശബ്ദത്തെ കൂട്ടുപിടിച്ച് ഗതകാലങ്ങൾ സ്മരണയുടെ മുഖംമൂടി ചൂടി അവളിൽ പെയ്തിറങ്ങി. ഇരുപതു വർഷങ്ങൾക്ക് മുൻപ് തന്റെ പതിനാറാം വയസ്സിൽ ശുഹൈബിൽ നിന്നാണ് ആദ്യമായി അവളാ സുഖം അറിയുന്നത്. പേടിച്ചരണ്ട മുഖവുമായി മൂസാക്കാന്റെ കളപ്പുരയ്ക്കു പിന്നിൽ ഒളിച്ചിരുന്ന ശുഹൈബിന്റെ വിറയാർന്ന കൈകളിൽ ഇറുകെ പിടിച്ച് അവയെ തന്റെ മാറിലേക്ക് വഴികാട്ടി, അവന്റെ നനഞ്ഞ ചുണ്ടുകൾ തന്നിലേക്ക് വലിച്ചടുപ്പിക്കുമ്പോൾ അവൾ ഉന്മാദത്തിന്റെ മറ്റൊരു വാതിൽ തുറക്കുകയായിരുന്നു. ഒരുപാട് പേര് വിരുന്നുകാരായി വീണ്ടും ആ വാതിൽ കടന്നു വന്നു. തന്നെ വാരി പുണരുന്ന കൈകളിൽ വല്ലാത്തൊരു സുരക്ഷിതത്വം അനുഭവിച്ചിരുന്നത് കൊണ്ടാകണം ജനിപ്പിച്ച പുരുഷൻ തന്നെ അമ്മയെ ചവിട്ടി കൊന്ന് കുളത്തിലിട്ടപ്പോഴോ ഇരുപത് വയസാകും മുന്നേ ഒരു വീട്ടിൽ ഒറ്റപ്പെട്ട് പോയപ്പോഴോ അവൾ തെല്ലും ഭയന്നില്ല. പണത്തിന്റെയും ശുക്ളത്തിന്റെയും ഗന്ധം കൊണ്ടവൾ മാളിക പണിഞ്ഞു. അവളെ കാണുവാൻ മാത്രമായി കൊടി വെച്ചതും വെയ്ക്കാത്തതുമായ ആഡംബര വണ്ടികൾ ആ മാളികയിൽ വന്നു പോയി. ഒറ്റപ്പെടാൻ അവൾക്ക് നേരമില്ലാതായി. 

പുറത്തു കേട്ട ശബ്ദം തൊടുത്ത ഞെട്ടലിൽ ഓർമ്മയുടെ തേരിൽ നിന്നും അവൾ താഴേക്ക് പതിച്ചു. അവൾക്ക് നൊന്തു. മാറിലെ കീറ തുണികൊണ്ടു വേദന തുടച്ചു മാറ്റി അവൾ പുറത്തേക്ക് വന്നു. മെലിഞ്ഞു നീണ്ട് കുറ്റിത്താടിയുമായി മുന്നിൽ പുഞ്ചിരിച്ച് നിൽക്കുന്ന സുമുഖനെ അവൾ വേഗം തിരിച്ചറിഞ്ഞു. രവി. അവളുടെ ചുണ്ടുകൾ വിറയാർന്നു. തിരിച്ചറിവിന്റെ ആഘാതം തീർത്ത ചുഴിയിൽ അവൾ നിലയില്ലാതെ കൈകാലുകളിട്ടടിക്കാൻ തുടങ്ങി. രവിയുടെ ശക്തമായ കരങ്ങൾ അവളെ താങ്ങി വലിച്ചു കയറ്റി.

“നീ ഇവിടെ വരരുതായിരുന്നു.” രേണുക വിതുമ്പി.

“ഞാൻ വരില്ലെന്ന് നീ വിശ്വസിച്ചിരുന്നോ?”

രവിയുടെ ആ ചോദ്യം അവളിൽ തുളച്ചു കയറി. ഒരുപക്ഷെ അവൾ ഇനിയവനെ കാണുകയില്ലെന്ന് വിശ്വസിച്ചിരുന്നു.

രവി അധ്യാപകനാണ്. ആറ് വർഷങ്ങൾക്ക് മുന്നെയാണ് ആദ്യമായി രവിയെ കാണുന്നത്. തളർന്നു മാറിക്കിടന്ന ഏതോ ഒരു യാമത്തിൽ അവൻ അവളോട് പ്രണയം യാചിച്ചു. ഉടലിനു മുകളിൽ ഒന്നും നൽകാനില്ലാത്ത ദരിദ്രയാണവളെന്ന് അവനു മനസ്സിലായിരുന്നില്ല. അവനിലെ പൗരുഷം പ്രണയമായി അവളിൽ പെയ്തിറങ്ങിയപ്പോൾ ആദ്യമായി അവൾക്ക് തണുത്തു. ശബ്ദമടഞ്ഞു. അവൾ മൗനിയായി. ഒരു പുരുഷന്റെ കരവലയത്തിനുള്ളിൽ സ്വയം തളച്ചിടാൻ അവൾക്ക് സമ്മതമല്ലായിരുന്നു. ദീർഘമായ നിശബ്ദത അവരെ അകറ്റി. അവൻ നീട്ടിയ ജീവിതം അപ്പുപ്പൻ താടി പോലെ പറന്ന് കാറ്റിലൂടെ ഒഴുകി വിഹായസ്സിലെവിടെയോ മറഞ്ഞു. അവൻ നൽകിയ ഓർമ്മ തുണ്ടുകൾ കണ്ണുനീരിന്റെ ധ്വംസനമേറ്റ് ചുവന്ന് മഞ്ചാടി മണികളായ് ഓർമ്മയുടെ ചെപ്പിൽ സുരക്ഷിതമായി. 

“നീ ഇപ്പോൾ എല്ലാം മതിയാക്കിയെന്നു ഞാനറിഞ്ഞു. പക്ഷെ ഈ ഒരവസ്ഥയിൽ…”

“തീരെ പ്രതീക്ഷിച്ചില്ലല്ലേ.” അവന്റെ വാക്കുകൾ മുഴുമിപ്പിച്ച് പരിഹാസം നിറഞ്ഞ പുഞ്ചിരിയുമായി അവൾ മുഖം തിരിച്ചു. രവി കണ്ണുകൾ താഴ്ത്തി.

“കൂടെ കൂട്ടാൻ വന്നതാണോ?” അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി.

“അല്ല.” അവൻ നിർവികാരമായി പറഞ്ഞു.

“നന്നായി. അല്ലെങ്കിൽ നിന്റെ സഹതാപത്തിന്റെ ചൂളയിൽ ഞാൻ എരിഞ്ഞില്ലാതായേനെ.” അവൾ അവനെ നോക്കി ദീർഘ നിശ്വാസമിട്ട് അകത്തേക്ക് പോകാനൊരുങ്ങി.

“ഞാൻ ചായ എടുക്കാം.” അവൾ ധൃതി കൂട്ടി.

“എനിക്ക് നിന്നെ ഒന്നൂടെ അറിയണം. നിന്നെക്കാൾ നല്ലൊരുവളെ എനിക്ക് പിന്നെ കിട്ടിയിട്ടില്ല.” രവിയത് പറയുമ്പോൾ അവന്റെ കണ്ണുകൾ താഴ്ന്നു തന്നെയിരുന്നു. 

രേണുക കണ്ണുകളുയർത്തി അവനെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും ചുണ്ടിൽ പുഞ്ചിരി അണിയാൻ അവൾ വിഫല ശ്രമം നടത്തി. കുറെ നേരം രണ്ടുപേരും മൗനിയായി തുടർന്നു. 

“നീ പോ രവി. ഇനി ഇവിടെ വരരുത്.” ഉള്ളിലെ വിതുമ്പലിനു മുകളിലായി ഗൗരവത്തിന്റെ മൂടുപടം ചൂടി രേണുക ശബ്‌ദിച്ചു.

രവി കണ്ണുകളുയർത്തി അവളെ നോക്കി. അവന്റെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഝടുതിയിൽ ചാടി എഴുന്നേറ്റ അവൻ തന്റെ ഇരുകൈകളും കൊണ്ട് അവളുടെ കൈയിലും കഴുത്തിലും പിടി മുറുക്കി അവളെ ഭിത്തിയോട് ചേർത്തു. അവന്റെ കണ്ണുകൾ ചുവന്നു. അവൻ ചുണ്ടുകൾ അവളുടെ ചെവിയോട് ചേർത്തു.

“ഒരിക്കൽ പോകാൻ പറഞ്ഞപ്പോൾ ഒഴിഞ്ഞു പോയവനാണ് ഞാൻ. ഇന്നെന്നെ പറഞ്ഞു വിടരുത്.” ശബ്ദം താഴ്ത്തി അവളുടെ കാതുകളോട് മാത്രം പറഞ്ഞ ആ വാക്കുകളിൽ ഭയാനകമായ വികാരങ്ങളുടെ ശേഷിപ്പ് ഒളിച്ചിരുന്നു.

രേണുകയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ കണ്ണുകൾ ഇറുക്കിയടച്ച് ചുണ്ടുകൾ അമർത്തി കടിച്ച് വേദന നുണഞ്ഞു. കിതപ്പിൽ ഹൃദയം വഴിതെറ്റി ഓടനാരംഭിച്ച നിമിഷത്തിൽ അടഞ്ഞ ശബ്ദത്തിൽ അവൾ മുരണ്ടു.

“എനിക്ക് വേദനിക്കുന്നു രവി.”

അവൻ കുറച്ചു നേരം കൂടി അങ്ങനെ തന്നെ നിന്നു. എന്നിട്ടു പതിയെ പിൻവാങ്ങി. ശിഥിലമായ ഉടലോടെ അവൾ തളർന്നു താഴെ ഇരുന്നു. അവൾ വിതുമ്പി കരഞ്ഞു. രവി അവളെ തന്നെ നോക്കി കുറെ നേരമിരുന്നു. സ്വന്തം ചെയ്തികളിൽ അമർഷം തോന്നിയത് കൊണ്ടാകണം അവൻ കൈ വിരലുകൾ വാതിലിന്റെ മടക്കിനിടയിൽ വെച്ച് ആഞ്ഞടച്ചത്. വലത്തേ കൈയിലെ മൂന്നു വിരലുകൾ ചതഞ്ഞു രക്തം ചീന്തി. രവി കണ്ണുകളടച്ച് ആ വേദന ആസ്വദിച്ചു. ശബ്ദം കേട്ട് തലയുയർത്തി നോക്കിയ രേണുക മുന്നിലെ കാഴ്ച കണ്ട് നടുങ്ങി. അവൾ അലറി കരഞ്ഞു കൊണ്ട് അവന്റെ കൈകൾ എടുത്ത് മാറോടു ചേർത്ത് ചുംബിക്കാൻ തുടങ്ങി. ശേഷം ആ കൈകൾ മാറിൽ താങ്ങി അലറി കരഞ്ഞു.

“എനിക്ക് നിന്നെ വേണം രേണുക. ഞാൻ അത്രയ്ക്ക് ആശിച്ചു പോയി.” രവി അവളെ ചുംബിച്ചു.

“എനിക്കതിനു പറ്റില്ല രവി.” അവൾ അവന്റെയടുത്തു നിന്നും തെന്നി മാറി.

“പക്ഷെ എന്ത് കൊണ്ട്?” രവിയുടെ ശബ്ദം ഉയർന്നു.

എല്ലാം രവിയോട് പറയണം. അവൻ അറിയണം. ദീർഘ നേരത്തെ നിശ്ശബ്ദതയ്ക്കൊടുവിൽ ഇരുൾ നീക്കി ഒരു കടങ്കഥ പുറത്തു വന്നു.

അഞ്ചു വർഷങ്ങൾക്ക് മുന്നേ, കൃത്യമായി പറഞ്ഞാൽ രവി തന്റെ ജീവിതത്തിൽ നിന്നും നടന്നു നീങ്ങിയിട്ട് ആഴ്ചകൾ മാത്രം പ്രായമായ ഒരു ദിവസം. മാസമുറയ്ക്ക് സമയമാകും മുന്നേ തന്നിൽ നിന്നും ഒലിച്ചിറങ്ങിയ ചുവപ്പു അന്നവളെ തെല്ല് അത്ഭുതപെടുത്തിയിരുന്നു. ഏഴ് ദിവസം കൊണ്ട് തീരേണ്ട ഒഴുക്ക് പത്തും പതിനഞ്ചും ദിവസം നീണ്ടപ്പോൾ അവൾ ചെറുതായി ഭയന്നു. ആശുപത്രിയിൽ പോയെങ്കിലും ചുവപ്പിന്റെ തുടക്കം എവിടാണെന്ന് അവർക്ക് മനസിലായില്ല. മാസമുറയല്ല. ക്യാൻസറോ മറ്റസുഖങ്ങളോ ഒന്നും കണ്ടെത്താനായില്ല. ഉള്ളിൽ നിന്നും പോകുന്ന രക്തം ഏതോ അക്ഷയ പാത്രത്തിൽ നിന്നും ചോർന്നുകൊണ്ടേയിരുന്നു. വിദഗ്ധർ പലരും നോക്കി അവലോകന യോഗം കൂടി ഒടുവിൽ പരാജയം സമ്മതിച്ചു. രേണുകയുടെ അവസ്ഥ അവളുടെ സാമ്പത്തിക സ്രോതസ്സുകളെ വല്ലാതെ ബാധിച്ചു. അറിയാവുന്ന പണി ചെയ്യാൻ പറ്റാതായി. മറ്റൊരു പണിയും അവൾക്ക് അറിയില്ല. മരുന്നിനും ചികിത്സയ്ക്കും മറ്റുമായി പണം ഒരുപാട് ചിലവായി. അവളിലേക്ക്‌ പ്രയാണം ചെയ്തിരുന്ന വിരുന്നുകാർ അവളെ എന്നെന്നേക്കുമായി ഉപേക്ഷിച്ചു. ഒടുവിലവൾ തീരാ നോവും ചോരുന്ന ഉള്ളുമായി ഇവിടെ തളയ്ക്കപ്പെട്ടു.

പറഞ്ഞു കഴിയുമ്പോൾ അവളുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു.

“നിനക്കിനി ഒരിക്കലും എന്നെ…” അവൾക്കു വാക്കുകൾ മുഴുമിപ്പിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

വിടർന്ന കണ്ണുകളുമായി ഏതോ യക്ഷിക്കഥ കേൾക്കുന്ന അമ്പരപ്പോടെ അവളെ നോക്കി നിൽക്കുകയായിരുന്നു രവി. അവന്റെ കണ്ണുകൾ വിടർന്നു. ചുണ്ടുകളിൽ മന്ദഹാസം പടർന്നു. അവൻ അവളുടെ കൈയിൽ ആഞ്ഞു പിടിച്ചു. അവൾ എതിർത്തില്ല. കാറിന്റെ മുൻ സീറ്റിലേക്ക് അവളെ വലിച്ചു കയറ്റുമ്പോൾ കലങ്ങിയ കണ്ണുകളുമായി നിസ്സഹായതയോടെ അവൾ അനുസരിച്ചു.

വണ്ടി ചെന്നു നിന്നത് ഒരു രണ്ടു നില വീട്ടിലായിരുന്നു. രവിയുടെ വീട്. അവൻ അവളുടെ കൈയിൽ മുറുകെ പിടിച്ച് അവളെയും കൊണ്ട് വീടിനു മുകളിലേക്കോടി. ഏറ്റവും മുകളിൽ, മട്ടുപ്പാവിൽ, അവൻ അവളെയും കൊണ്ട് ചെന്നു നിന്നു. അവിടെ കണ്ട കാഴ്ച്ച അവളെ സ്തംഭിപ്പിച്ചു. മട്ടുപ്പാവിലെ അയയിൽ നിറയെ ചുവന്ന കറ പറ്റിയ അടിവസ്ത്രങ്ങൾ. രേണുക രവിയെ നോക്കി. അവൾ ചിരിച്ചു. പൊട്ടിച്ചിരിച്ചു. അവരുടെ കാലുകൾക്കിടയിൽ അപ്പോഴും ചുവന്നൊരു നനവ് ബാക്കിയുണ്ടായിരുന്നു.

Srishti-2022   >>  Short Story - Malayalam   >>  ശകടം

Neeraj PS

EY Kochi

ശകടം

 

പോകാൻ നേരമായി, ശകടം സ്റ്റാർട്ട് ആക്കി...

 

ഹൊ ഇന്ന് നിറയെ ആളാണല്ലോ, ഏതായാലും നല്ല ദിവസം തന്നെ!

 

എല്ലാവരും കയറിയോ എന്ന് നോക്കുവാനായി പിൻ ഭാഗത്തേക്ക് ചെന്നപ്പോൾ അതാ ബൈക്കിൽ ചീറിപ്പാഞ്ഞു വരുന്നു ഒരു ഫ്രീക്കൻ.

 

കയറികോട്ടെ? ഫ്രീക്കൻ ചോദിച്ചു

 

"പിന്നെന്താ, ധൈര്യമായി കയറിക്കോ. ഒരു ഹെൽമെറ്റ് ഒക്കെ വെച്ച് ബൈക്ക് ഓടിച്ചൂടെ??"

 

"അതേ, തലയിൽ 800 രൂപയുടെ സ്റ്റൈലിങ് ആണ് ബ്രോ, ഹെൽമെറ്റ് ഒക്കെ വെച്ചാൽ ആകെ കപൂർ ആകും!" ഫ്രീക്കനു ഇഷ്ടപ്പെട്ടില്ല.

 

"ശരി ശരി, വേഗം കയറ്, പോകാൻ നേരം ആയി" ഞാൻ ധിറുതി പിടിച്ചു.

 

അപ്പോഴാണ് ഞാൻ തെല്ലൊന്ന് അത്ഭുതപ്പെട്ടത്,

 

"അല്ലാ, ഇത് നമ്മുടെ സഖാവല്ലേ?? നേരത്തെ ആണല്ലോ സഖാവേ..."

 

സഖാവ്: "എടോ, ഇന്നലെ നല്ല തിരക്കായിരുന്നു. ഇലക്ഷൻ പ്രചരണം ഉള്ളതുകൊണ്ടാണ് ഞാൻ ഈ ഓണം കേറാമൂലയിലേയ്ക്കു വന്നത്. എല്ലാ വീട്ടിലും കയറിയിറങ്ങി പല്ലിളിച്ചു കാട്ടി മടുത്തു ഇരിക്കുബോഴാണ് ഒരു ഭയങ്കര മഴ വന്നത്. ഉരുൾപൊട്ടൽ ഒക്കെ എന്താണെന്ന് ഇന്നലെയാണ് കണ്ടത്. രണ്ടു പേരെയെങ്കിലും രക്ഷിക്കാൻ പറ്റിയത് തന്നെ ഒരു വെല്ല്യകാര്യമായി തോന്നുന്നു! ഇതുകാരണം ഞങ്ങളുടെ പാർട്ടി തന്നെ ഇപ്രാവശ്യം ജയിക്കും എന്ന് ഉറപ്പാണ്. പക്ഷേ ഒരുപാട് കാര്യങ്ങൾ നേരത്തെ തന്നെ ചെയ്തിരുന്നുവെങ്കിൽ...." സഖാവ് അല്പം മൗനമായി ഒരു നെടുവീർപ്പിട്ടു.

 

അങ്ങനെ വണ്ടി നീങ്ങി തുടങ്ങി..

 

"അങ്കിളേ, ഈ വണ്ടി നല്ല സ്പീഡിൽ പോകുമോ?" മുൻ സീറ്റിൽ തന്നെ ഇടംപിടിച്ച മനുമോൻ ആണ് ചോദിച്ചത്.

 

"പിന്നേ, ഞാൻ ഒരു എക്‌സ്പർട് അല്ലേ, നല്ല സ്പീഡിൽ തന്നെ പോയേക്കാം. കാഴ്ചകൾ ഒക്കെ കണ്ട് ഇരുന്നോ." മനുമോനോടു ഒരു വാത്സല്യം ഒക്കെ തോന്നി.  

 

തൊട്ടു പിന്നിലെ സീറ്റിൽ ഭാസ്കരനും ഗോപാലനും ആണ് ഇരിക്കുന്നത്. ഇവർ തമ്മിലുള്ള കശപിശ ഇന്നാട്ടിൽ മുഴുവൻ പാട്ടാണല്ലോ. വീട്ടുമുറ്റത്തെ കിണർ ആണ് പ്രശ്നം. ആർക്കാണ് അതിൽ നിന്നുള്ള വെള്ളത്തിന് അവകാശം എന്നുള്ളതാണ് തർക്കം.

 

തൽക്കാലം രണ്ടു വീട്ടുകാരും കൂടെ കിണർ ഉപയോഗിക്കാൻ ആണ് പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ SI വിധിച്ചത്. എങ്കിലും തർക്കം തുടർന്നുകൊണ്ടിരുന്നു.

 

"അല്ലാ, നിങ്ങൾ ഇപ്പൊ വല്ലൃ സ്നേഹത്തിലായോ? അതെങ്ങനെ സംഭവിച്ചു? ഞാൻ അത്ഭുതപ്പെട്ടു.

 

"ഹ ഹ ഹ, ഇന്നലെയും ഞങൾ തമ്മിൽ വഴക്കുണ്ടായിരുന്നല്ലോ...വഴക്കു മൂത്ത് കയ്യാങ്കളിയായി ഞങൾ രണ്ടുപേരും കൂടെ വീണത് ആ കിണറ്റിലെക്കാണ്." ഭാസ്കരൻ തുടർന്നു..

 

"താണ ജാതിക്കാരായ ഞങൾ വീണു കിണർ അശുദ്ധമായി എന്നാണിപ്പോൾ ഞങ്ങളുടെ വീട്ടുകാർ പോലും പറയുന്നത്! അങ്ങനെ രണ്ടു വീട്ടുകാരുടെയും വെള്ളംകുടി മുട്ടി.

 

പിന്നെ ഞങ്ങളുടെ തർക്കത്തിനു എന്ത് പ്രസക്തി!" രണ്ടുപേരും കൂടെ ഒരു ചിരി പാസാക്കി.

 

ബദ്ധ ശത്രുക്കൾ ഒരുമിച്ചിരുന്ന് ചിരിക്കുന്നത് കാണാൻ തന്നെ ഒരു കുളിർമ.

 

അങ്ങനെ യാത്ര തുടർന്നുകൊണ്ടിരുന്നു...

 

പിന്നിലെ സീറ്റിൽ നോക്കിയപ്പോൾ ആണ് തമാശ. അവിടെ ഇരിക്കുന്നത് നമ്മുടെ ഇടവകയിലെ കുര്യാക്കോസ് അച്ചനും സ്ഥലത്തേ പ്രധാന മോഷ്ടാവായ പെരുച്ചാഴി മാത്തപ്പനും.

 

ഇവിടുത്തെ പള്ളി ഒഴിച്ച് സകല വീടും സ്ഥലവും പെരുച്ചാഴിക്ക് സുപരിചിതമാണ്. ഇവനെ ഒന്ന് ഉപദേശിക്കാൻ അച്ചൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കിട്ടാത്ത സുവർണ്ണാവസരം ആണ് ഇന്ന് കിട്ടിയിരിക്കുന്നത്.

 

"നീ എന്തിനാടാ മോനേ ആ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ മോഷ്ടിച്ചു നടക്കുന്നത്?"

 

"എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട്, എന്നല്ലേ അച്ചോ പറയുന്നത്" പെരുച്ചാഴി ഒരു തഗ് ഡയലോഗ് അങ്ങ് പാസ്സാക്കി!

 

"മറ്റുള്ളവരുടെ സ്വത്ത് ഒരിക്കലും മോഹിക്കരുത് എന്നാണ്"

 

അച്ചൻ വിടുന്ന ലക്ഷണം ഇല്ല!

 

"സ്വന്തം അധ്വാനം കൊണ്ട് നേടിയ സ്വത്ത് എന്നും നിനക്ക് അവകാശപ്പെട്ടതായിരിക്കും എന്ന് അച്ചൻ തന്നെ അല്ലേ ആൾക്കാരെ പഠിപ്പിക്കുന്നത്?" പെരുച്ചാഴി കട്ടക്ക് തന്നെ നിൽകുവാണ്.

 

അങ്ങനെ അവരുടെ തർക്കം നീണ്ടു പോയികൊണ്ടിരുന്നു...

 

"അങ്കിളെ, അങ്കിളിനു ഈ കൊമ്പൻ മീശ നല്ല ചേർച്ച ഉണ്ട്" മനുമോനാണ്...

 

"ആരേലും ഒക്കെ അലമ്പ് കാണിച്ചാൽ ഒന്ന് വിറപ്പിക്കണ്ടേ, അതിനാണ് ഇതുവച്ച് നടക്കുന്നത്...ഹ ഹ ഹാ..."

 

എൻ്റെ വയർ കുലുക്കി ചിരി മനുമോന് വല്ലൃ ഇഷ്ടമായി, അവൻ വന്നു എൻ്റെ വയറിൽ കയറി ഇരിപ്പായി..

 

 

 

"ബ്രോ, ഈ കൊമ്പൻ മീശയോക്കെ പഴയ ഫാഷൻ ആണ്, നമുക്ക് ഒരു ബുൾഗാൻ അങ്ങ് ഫിറ്റ് ചെയ്താലോ?" പിന്നിൽ നിന്നും നമ്മുടെ ഫ്രീക്കൻ ആണ്..

 

"എടാ കലേഷേ, നിൻ്റെ ബാർബർ ഷോപ്പിൻ്റെ ഉൽഘാടനത്തിനല്ലേ നീ ഹെൽമെറ്റ് പോലും ഇല്ലാതെ ചീറിപ്പാഞ്ഞു വന്നത്? നിൻ്റെ ഉദ്ദേശം എനിക്ക് മനസ്സിലായി, എന്നോട് തന്നെ വേണോടാ നിൻ്റെ ഈ മാർക്കറ്റിംഗ്...!"

 

വണ്ടിയിലെ ചിരിക്കിടയിൽ ഫ്രീക്കൻ തുടർന്നു,

 

"അല്ലാ, ബ്രോയ്ക്ക് എല്ലാവരുടെയും പേരും, ഞങ്ങളുടെ ഈ ചെറിയ നാട്ടിലെ കുട്ടികളെ വരെ അറിയാമല്ലോ, ബ്രോൻ്റെ പേര് എന്താണ്? അത് അറിഞ്ഞാൽ പിന്നെ ഈ ബ്രോ വിളി ഒന്ന് അവസാനിപ്പിക്കാമായിരുന്നു..."

 

"എൻ്റെ പേരോ, ഹ ഹ ഹാ, എനിക്ക് അങ്ങനെ പ്രത്യേകിച്ച് പേര് ഒന്നും ഇല്ലെടാ...പിന്നെ, എന്നെ കണ്ടിട്ട് പോലും ഇല്ലാത്ത ആളുകൾ എന്നെ "കാലൻ" എന്നൊക്കെ വിളിക്കാറുണ്ട്..!!"

 

വണ്ടിയിൽ ഒരു നിശ്ശബ്ദത പരന്നു....

 

പിന്നാലെ ഒരു കൂട്ട പൊട്ടിച്ചിരി....

 

യാത്ര തുടർന്നു കൊണ്ടേയിരുന്നു...

 

ശരിക്കും ശുഭം!

Srishti-2022   >>  Short Story - Malayalam   >>  Nov 7,2022-എന്റെ ഡയറിക്കുറിപ്പ്, എന്റേം

Mohammad Ayoobkhan

Cognizant Technology Solutions

Nov 7,2022-എന്റെ ഡയറിക്കുറിപ്പ്, എന്റേം

 

രാവിലെ അലാറം അടിക്കുന്ന മുന്നേ ഇന്ന് അവൾ ഞെട്ടി എണീറ്റു, എന്നെ പോലെ ചത്ത് കിടന്ന ക്ലോക്കിലെ സമയം കണ്ടവൾ കോഴിക്കൂട്ടിലേക്ക് ഓടി , തന്റെ കൂവാൻ മറന്ന പൂവനെ തേടി . കോഴിക്കൂടും കോഴികളും സേഫ് ആർന്നു ഇവൾടെ ഓട്ടം കണ്ട് കൂട്ടത്തിലെ കറുമ്പൻ (ബോഡി ഷെയ്മിംംഗ് ആവുമോ ? ഹാ എന്തായാലും ഇരിക്കട്ടെ ) നേരം വെളുക്കാണ്ട് ഞങ്ങൾ കൂവാറില്ല എന്ന കമന്റ് പാസ്സാക്കി അടുത്ത് നിന്ന പെടയെ നോക്കി കുറുകി

 

ഇത് കണ്ടും കേട്ടും നിന്ന എന്റെെ കെട്ട്യോൾ ഒരു നെടുവീർപ്പിട്ടു, ആ ദീർഘ നിശ്വാസത്തിൽ ബാറ്ററി മാറി ഇടാൻ മറന്ന എന്നെ അവൾ ഒരു നിമിഷം നിറകണ്ണുകളോടെ ഓർത്തു കാണണം ഇല്ലേൽ അജ്ജാതി ഒരു തുമ്മൽ ഞാൻ തുമ്മില്ല , പിന്നേ ഇത് വായിക്കുമ്പോ നിങ്ങൾ കരുതും ഞാൻ എന്തോ അന്ധവിശ്വാസി ആന്നൊക്കെ , അത്രെക്കൊന്നുമില്ല പക്ഷെ നമ്മളെ കുറിച്ച് ഒരാൾ ഓർക്കുമ്പോളോ സംസാരിക്കുമ്പോളോ കാതങ്ങൾക്ക് അപ്പുറം നമ്മൾ ഇരുന്നാലും അറിയാണ്ട് തുമ്മി പോകും അതൊരു നാട്ടു നടപ്പാണ് അല്ലേൽ ജിന്നിന്റെ ടെലിപതി ആവാനും ചാൻസ് ഉണ്ട് ! just like വിശന്നിരിക്കുന്ന ആളുടെ മുന്നിലിരിന്നു കൊതിപ്പിക്കുന്ന രീതിയിൽ ഭക്ഷണം കഴിച്ചാൽ വയറിനു പണി കിട്ടുന്നേ പോലെ

 

പിന്നെ ഇന്ന് തിങ്കളാഴ്ച ആണല്ലോ അത് കൊണ്ട് as usual കിങ്ങിണിനെ എണീപ്പിക്കാൻ നല്ല പണിപ്പെട്ടു .

ടിഫിൻ പൊതിയാൻ പേപ്പർ തപ്പി അവൾ കൊറേ അലഞ്ഞു ബില്ല് പേപ്പർ കുറേ ഉണ്ടെങ്കിലും അത് വെച്ച് ചോറ് പൊതിയാൻ പറ്റില്ലല്ലോ ..

വായിക്കാൻ ആളില്ലാത്തത് കൊണ്ടാണ് പത്രം നിർത്തിയത് എന്ന് പറഞ്ഞാ സഹധർമ്മിണി സമ്മതിക്കുല്ല, അവൾ പറയുന്നത് കേട്ടാൽ നമ്മുടെ നക്കാപിച്ച ൈപസ കിട്ടിയിട്ട് വേണം മാമ്മൻ മാപ്പിളയുടെ വീട്ടിൽ അടുപ്പ് കത്തിക്കാൻ എന്ന് തോന്നും 

 

"മതി മതി നിങ്ങൾ ടെ കഥ പറച്ചിൽ ബാക്കി എനിക്ക് കുറച്ച് എഴുതാൻ ഉണ്ട് " 

 

" ഓക്കെ ഇന്നാ "

 

കിങ്ങിണിയെ സ്കൂളിലാക്കി വരും വഴി എപ്ലത്തേം പോലെ ശ്രീധരന്റെ പൂക്കടയിൽ കേറി ഒരു മുഴം മുല്ലപ്പൂ വാങ്ങി , തിങ്കളാഴ്ചത്തെ പതിവ് തെറ്റിക്കല്ലല്ലോ പക്ഷേ അവിടെ തിണ്ണയിൽ ഇരുന്ന ഒന്നിന്റ നോട്ടവും ശരിയായിരുന്നില്ല ഒരു മതത്തിന്റേയും അകമ്പടിയില്ലാണ്ട് ഒരുമിച്ച് ജീവിക്കാൻ താലി നമ്മൾ ഒഴിവാക്കിയപ്പോ അതിവന്മാർക്ക് ഏത് തരത്തിലാണ് നമ്മളെ ഇങ്ങനെ നോക്കാനുള്ള ഒരു ലൈസൻസ് ആയെതെന്ന് എനിക്ക് മനസ്സിലായില്ല 

വാങ്ങിയ പുവ് അങ്ങേരെ കൊണ്ട് ചൂടിക്കാണ്ട് ഞാൻ ചൂടിയാ പിന്നെ അടുത്ത പ്രശ്നത്തിന് വേറെ കാരണം

വേണ്ടല്ലോ  

ലാസ്റ്റ് തവണ ഇതിന്റെ പേരിൽ 3 ദിവസമല്ലേ മിണ്ടാതെ നടന്നത് ഇതൊക്കെ ഓർത്ത് ഞാൻ സെമിത്തേരിയിൽ അങ്ങേരെ കാണാൻ കേറിയപ്പോ കണ്ട കാഴ്ച എനിക്ക് നല്ല വിഷമമുണ്ടാക്കി (3)

 

മുല്ലപ്പു മാത്രമാണ് ഇഷ്ടമെന്ന് എന്ന് എന്നോട് പറഞ്ഞിട്ടുള്ള അങ്ങേര് റോസക്കുട്ടിയുടെ ഖബറിടത്തിൽ ആരോ വെച്ചിട്ട് പോയ റോസാ പുഷ്പങ്ങൾ പെറുക്കി എടുക്കുന്നു 

 

" മതി നാടകം സത്യം ഞാൻ തന്നെ പല തവണ പറഞ്ഞതാണ് അന്നിട്ടും അവൾ കള്ളം ഡയറിയിൽ കോരി നിറക്കുവാ . ഞാനല്ലേ എഴുതി തുടങ്ങിയത് ഞാൻ തന്നെ അവസാനിപ്പിക്കാം "

 

ഞാൻ പെറുക്കി കൂട്ടിയ പനിനീർ പുഷ്പങ്ങൾ അത്രയും നീ തന്നിരുന്ന മുല്ലപ്പൂവിന് പകരം നല്കാൻ മാത്രം ആയിരുന്നു 

 

" Soo Romantic ഇത് ഒന്നുടെ കേൾക്കാൻ തോന്നി "

"അതെനിക്കും മനസ്സിലായ് " 

 

എന്റെ ഡയറിക്കുറിപ്പ്, എന്റേം

 

Srishti-2022   >>  Short Story - Malayalam   >>  നാല് കാശും കുഴിയിലെ ഒരു പിടി മണ്ണും.!

Jishnu R Chandran

Xerox Technologies

നാല് കാശും കുഴിയിലെ ഒരു പിടി മണ്ണും.!

 

ഡിസംബർ മാസത്തിലെ മഞ്ഞിൻ്റെ അകമ്പടിയോടെ കിഴക്ക് സൂര്യൻ എത്തിക്കഴിഞ്ഞിരുന്നു. അയൽവക്കത്തെ വീട്ടിലെ മോളി ആൻ്റിടെ "എൻ്റെ സുബിനേ, നിനക്ക് ഈ നാട്ടിൽ നിക്കാതെ വെളിയിൽ എവിടേലും പോയിക്കൂടെ. നല്ല പ്രായത്തിൽ നാല് കാശ് ഉണ്ടാക്കികൂടെ. നീ ഞങ്ങടെ സൂസിയെ കണ്ട് പഠിക്ക്" എന്ന സ്ഥിരം പല്ലവിയിൽ നിന്നും ഒഴിവാകാൻ വേണ്ടി അവർ മുറ്റത്തില്ലാത്ത നേരം നോക്കി അവൻ പതുക്കെ ഇറങ്ങി. 

 

 

മദ്ധ്യ തിരുവിതാംകൂറിലെ ഏതൊരു യുവാവും യുവതിയും കേൾക്കുന്ന ഈ ചോദ്യം ഏത് കാലത്ത് നിക്കും എന്ന ചിന്തയോടെ പൊട്ടി പൊളിഞ്ഞ ടാറിട്ട റോഡിലൂടെ വീടിനടുത്ത് നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ദൂരമുള്ള മൈതാനത്തേക്ക് പതിവ് പോലെ സുബിൻ നടന്നു. കോവിഡ് കാലത്ത് തുടങ്ങിയ ഈ ശീലം ഇതിനോടകം പതിവായിക്കഴിഞ്ഞിരുന്നു. ആരോഗ്യവും ഉന്മേഷവും തരുന്ന ഈ ചെറിയ വ്യായാമത്തിന് സുബിന് കൂട്ടായി കുറച്ച് പേരുമുണ്ടായിരുന്നു. എഴുപതിനോടടുത്ത ഒരു ഭാര്യാഭർത്താക്കന്മാരായിരുന്നു അതിലെ സ്ഥിരം കൂട്ടുകാർ. എൽസിയും പീറ്ററും.!

 

 

മക്കൾ വിദേശത്തുള്ളതിനാൽ മകൻ്റെ പ്രായമുള്ള സുബിനുമായി അവർക്ക് നല്ലൊരു ആത്മബന്ധം ഇതിനോടകം വന്നിരുന്നു.

 

അങ്ങനെയിരിക്കെ, സുബിന് അത്യാവശ്യമായി തൻ്റെ ജോലി സ്ഥലമായ എറണാകുളത്തേക്ക് പോകേണ്ടി വന്നു. കോവിഡ് കാരണം ഒരു വർഷത്തിലേറെയായി വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന എല്ലാവരെയും തിരിച്ച് കൊണ്ട് വരുന്നതിൻ്റെ ഭാഗമായി ഒരാഴ്ച ഓഫീസിൽ വരാൻ പറഞ്ഞിരിക്കുകയാണ്. വാക്സിൻ സർട്ടിഫിക്കറ്റും മാസ്കും മറ്റ് സ്ഥാവര ജംഗമ വസ്തുക്കളുമൊക്കെ എടുത്ത് സുബിൻ പോയിട്ട് തിരിച്ച് വന്നു.

 

അങ്ങനെ ഒരാഴ്ചത്തെ നഗരജീവിതത്തിൻ്റെ മടുപ്പ് മാറ്റാൻ പിറ്റെ ദിവസം തന്നെ പതിവ് യാത്രക്ക് സുബിൻ പോയി. എന്നാൽ അന്നവൻ ഒറ്റയ്ക്കായിരുന്നു. എൽസിയേയും പീറ്ററേയും കണ്ടില്ല. നടത്തത്തിൻ്റെ തുടക്ക കാലത്ത് പത്തിരുപത് പേരുണ്ടായിരുന്നത് കാലക്രമേണ ചുരുങ്ങി വന്നുകൊണ്ടിരുന്നു. അതിനാൽ അത്ര അത്ഭുതമൊന്നും അവന് തോന്നിയില്ല. മാത്രമല്ല എൽസി അർബുദബാധിതയായിരുന്നതിനാൽ ഇടക്കിടക്ക് ചെക്ക്-അപ്പ് കാരണം ഇങ്ങനെയുള്ള അസാന്നിധ്യങ്ങൾ പതിവായിരുന്നു.

 

 

അങ്ങനെ വീണ്ടും ഒരാഴ്ച കഴിഞ്ഞു ഒരു ദിവസം പീറ്റർ മാത്രം നടക്കാൻ വന്നു. കടുത്ത മരുന്നുകളുടെ ക്ഷീണത്തിലാവാം എൽസി വരാത്തത് എന്ന അടിസ്ഥാനത്തിൽ സുബിൻ ചോദിച്ചു.

 

 

"ആ, അച്ചായാ കുറെ നാളായല്ലോ കണ്ടിട്ട്. അമ്മാമ്മ എന്തിയെ".

 

സ്വതവേ നല്ല സന്തോഷവാനായി ഉത്സാഹത്തോടെ സംസാരിക്കുന്ന പീറ്റർ ഒന്ന് മൂളുക മാത്രം ചെയ്തു .

 

"എന്താ അച്ചായാ, എന്നാ പറ്റി". സുബിൻ സാഹചര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കി ചോദിച്ചു.

 

നിന്ന നില്പിൽ പീറ്റർ പൊട്ടിക്കരഞ്ഞു. വിശന്ന് കരയുന്ന പിഞ്ചു കുഞ്ഞുങ്ങളെ പോലെ.!!

 

സുബിന് എന്താണ് കാര്യമെന്നോ, എന്ത് ചെയ്യണമെന്നോ മനസിലായില്ല. അരോഗ്യദൃഢഗാത്രനായ മുൻ പ്രവാസിയുടെ അടുത്ത് നിന്ന് ഇങ്ങനൊരു പ്രതികരണം അവൻ പ്രതീക്ഷിച്ചിരുന്നില്ല.

 

 

കരയുന്ന പീറ്ററിൻ്റെ തോളത്ത് തട്ടി സമാശ്വസിപിച്ച് കൊണ്ട് അവൻ ചോദിച്ചു.

 

"എന്താ അച്ചായാ, എന്താ ഉണ്ടായേ. അമ്മാമ്മക്ക് എന്തെങ്കിലും ബുദ്ധിമുട്ട്??"

 

കഷ്ടപ്പെട്ട് നിയന്ത്രിച്ച കരച്ചിലിൻ്റെ ഇടയിലൂടെ ചെറിയൊരു ശബ്ദത്തിൽ പീറ്റർ പറഞ്ഞു, "അവള് പോയെടാ"..!

 

 

ചെറിയൊരു ഞെട്ടലിൽ സുബിൻ എന്ത് പറയണം എന്നറിയാതെ നിന്നു.

 

 

അർബുദം ബാധിച്ചിരുന്നെങ്കിലും വളരെ സന്തോഷവതിയും മാനസികമായി യാതൊരു തളർച്ചയും ഇല്ലാതെയും തൻ്റെ ജീവിതത്തിൻ്റെ എല്ലാ നിമിഷങ്ങളും രസിച്ച് ആഘോഷിച്ചും ദൈവവിശ്വാസത്തോടെയും പ്രസരിപ്പോടെയും ജീവിച്ചിരുന്ന എൽസിക്ക് ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു വിയോഗം, കുറച്ച് നാളത്തെ പരിചയം കൊണ്ട് തന്നെ, സുബിനെ വളരെ വിഷമത്തിലാക്കി.

 

 

"പോട്ടെ അച്ചായാ, നമ്മൾക്ക് ചെയ്യാൻ പറ്റുന്നതെല്ലാം നമ്മൾ ചെയ്തില്ലേ, വിഷമിക്കാതെ. അമ്മാമ്മ മരിക്കുന്നവരെ അവർക്ക് വേണ്ട എല്ലാ കാര്യങ്ങളും അച്ചായൻ ചെയ്തില്ലേ, ഒരു അല്ലലും അറിയിക്കാതെ എല്ലായിടത്തും കൊണ്ട് പോയി, വേണ്ട ചികിത്സയും മറ്റും കൊടുത്തില്ലെ. എനിക്ക് ഉറപ്പാണ്, ഇങ്ങനെ ഒരു ഭർത്താവിനൊപ്പം ജീവിച്ച സന്തോഷത്തിലായിരിക്കും അമ്മാമ്മ കണ്ണടച്ചത്". 

 

കരച്ചിലിൻ്റെ ഇടയിൽ പീറ്ററിൻ്റെ കണ്ണിലെ ആശ്വാസം കണ്ട് സുബിൻ തുടർന്നു..

 

"വിഷമം ഉണ്ടാകും, ഈ ചെറിയ കാലത്തെ പരിചയം കൊണ്ട് എനിക്ക് തന്നെ സങ്കടമുണ്ട്. അപ്പോ പിന്നെ അച്ചായൻ്റെ കാര്യം എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷെ, അമ്മാമ്മയുടെ സ്വഭാവം വെച്ച് അവരുടെ മരണശേഷം അവർ ചെയ്ത നല്ല കാര്യങ്ങളും പുള്ളിക്കാരിയോടൊപ്പം ചിലവഴിച്ച നല്ല നിമിഷങ്ങളും മാത്രം എല്ലാവരും ഓർക്കണം എന്നായിരിക്കും മരണത്തിലും അവർ ആഗ്രഹിക്കുന്നത്. "

 

 

പീറ്റർ ശാന്തനാകുന്നത് സുബിൻ കണ്ടൂ. യാഥാർഥ്യം തിരിച്ചറിഞ്ഞ് കണ്ണ് തുടയ്ക്കുന്ന പീറ്ററെ കെട്ടിപിടിച്ച് അവൻ തുടർന്നു.

 

"അങ്ങനെയുള്ള അമ്മാമ്മയെ നമ്മൾ ഒരു പുഞ്ചിരിയോടെ ഓർക്കണം എന്നാണ് എൻ്റെ മനസ്സ് പറയുന്നത്. അമ്മാമ്മയുടെ മരണം അച്ചായനെ എത്രത്തോളം വിഷമിപ്പിക്കുന്നു എന്നെനിക്ക് മനസ്സിലാകും. ഞാൻ പറഞ്ഞത് ഏതെങ്കിലും തരത്തിൽ ആ വിഷമം കൂട്ടിയെങ്കിൽ എന്നോട് ക്ഷമിക്കണം".

 

ആ സാഹചര്യത്തിൽ കുറച്ച് ആശ്വാസമെങ്കിലും ക്രൂരമായ പരമാർത്ഥം പറഞ്ഞ് തീർത്ത് സുബിൻ പീറ്ററിനെ നോക്കി.

 

അത്താണി കണ്ട ചുമട്ടുകാരനെപ്പോലെ പീറ്റർ സന്തോഷവാനായി.

 

വർഷങ്ങളുടെ അമേരിക്കൻ ജീവിതം പഠിപ്പിച്ച ശീലത്തിൽ പീറ്റർ പറഞ്ഞു. "താങ്ക്യൂ.. താങ്ക്യൂ വേരി മച്ച്,സുബിൻ.!"

 

"എന്തിനാ അച്ചായാ, ഇതിനൊക്കെ പോയി…" സുബിനെ മുഴുമിക്കാൻ അനുവദിക്കാതെ പീറ്റർ തുടർന്നു.

 

"എനിക്ക് രണ്ട് മക്കളുണ്ടെന്ന് നിനക്ക് അറിയാമല്ലോ. രണ്ട് പേരും അമേരിക്കയിലാണ്. പക്ഷെ സ്വന്തം അമ്മ മരിച്ചിട്ട് അവർക്ക് വരാൻ പോലും സമയമുണ്ടായില്ല. നേരത്തെ പ്ലാൻ ചെയ്ത യൂറോപ്പ് ട്രിപ്പിന് പോയി പോലും. അത് കാൻസൽ ചെയ്താൽ കുറെ പൈസ നഷ്ടം ആണത്രെ. അമ്മയുടെ കുഴിയിലെ ഒരു പിടി മണ്ണിന് യൂറോപ്യൻ ട്രിപ്ൻ്റേ വില ഇല്ലല്ലോ.!!"

 

സ്തബ്ധനായി നിന്ന സുബിൻ്റെ തലയിൽ കൈ വെച്ച് കണ്ണിൽ നോക്കി പീറ്റർ തുടർന്നു. 

 

"എൻ്റെ മക്കളിൽ നിന്നു ഞാൻ കേൾക്കാൻ ആഗ്രഹിച്ചതാണ് മോനെ നീ പറഞ്ഞത്. നന്നായി വരട്ടെ.!"

 

തിരിച്ച് കാറിലേക്ക് നടക്കുമ്പോൾ പീറ്റർ ആരോടെന്നില്ലാതെ പറഞ്ഞു…

 

"മക്കളേ പണത്തിൻ്റെ പുറകെ പോകാൻ മാതാപിതാക്കൾ തന്നെയാണ് പഠിപ്പിക്കുന്നത്.. അപ്പോ പിന്നെ പണത്തിൻ്റെ പുറകേ പോയതിനു അവരെ കുറ്റം പറയാനും പറ്റില്ല…!!!" 

 

എന്ത് ചെയ്യണം എന്നറിയാതെ നിന്ന സുബിനെ കൈ കാണിച്ച് തൻ്റെ വെള്ള മാരുതിക്കാറിൽ പീറ്റർ ദൂരേക്ക് പോയി…

 

"നീ ഇങ്ങനെ വെറുതെ ഓരോന്ന് ആലോചിച്ച് തെക്ക് വടക്ക് നടന്നോ.."

 

കേട്ട കാര്യങ്ങളെ കുറിച്ചുള്ള ഗാഢമായ ചിന്തയിൽ നിന്നും മോളി ആൻ്റിയുടെ ഈ ചോദ്യമാണ് സുബിനെ വീട്ടിലെത്തിയ ബോധത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത്. രാവിലെ ചോദിക്കാൻ പറ്റാത്ത സ്ഥിരം ചോദ്യം ഒരു പതിവ് പോലെ വീണ്ടും മോളി ആൻ്റി ചോദിച്ചു.

 

"എൻ്റെ സുബിനേ, നിനക്ക് ഈ നാട്ടിൽ നിക്കാതെ വെളിയിൽ എവിടേലും പോയിക്കൂടെ. നല്ല പ്രായത്തിൽ നാല് കാശ് ഉണ്ടാക്കികൂടെ. നീ ഞങ്ങടെ സൂസിയെ കണ്ട് പഠിക്ക്".

 

 

സൂസി പറഞ്ഞ് കേൾക്കാൻ ആഗ്രഹിക്കുന്നത് ഇവരോടും താൻ തന്നെ പറയേണ്ടി വരുമോ എന്ന ആലോചനയിൽ മറുപടിയൊന്നും പറയാതെ ഒരു ചെറു ചിരിയോടെ സുബിൻ തൻ്റെ വീട്ടിലേക്ക് കയറികൊണ്ട് പറഞ്ഞു.

 

"അമ്മേ..ചായ.."

Srishti-2022   >>  Short Story - Malayalam   >>  കുട്ടേട്ടന്റെ പക

കുട്ടേട്ടന്റെ പക

 

ഈ കഥയോ കഥ പരിസരമോ മറ്റുള്ളവരുമായി സാമ്യം ഉള്ളതായി തോന്നുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ചിന്ത വൈകല്യമാണെന്ന് സ്വയം തിരിച്ചറിയണമെന്ന് ഈ അവസരത്തിൽ അറിയിക്കുന്നു.

 

*******

 

 

 

 

കൂരാകൂരിരിട്ട്.......കോരിച്ചൊരിയുന്ന മഴയിൽ ഒരു യുവതിയും യുവാവും പോലീസ് സ്റ്റേഷനിലേക്ക് നടന്നടുക്കുന്നു. കണ്ണിൽ ഒരല്പം ഭയത്തോടും സങ്കടത്തോടും അവൾ പോലീസിന് മുന്നിൽ പരാതി ബോധിപ്പിച്ചു. ദിവസങ്ങളായി തന്നെ ഫോണിൽ വിളിച്ചു ശല്യപെടുത്തുന്ന ഒരാളെ പറ്റി അവൾ പേടിയോടെ പരാതി നൽകി.കൂടെ വന്ന ചേട്ടൻ കുട്ടന്റെയും കണ്ണിൽ നിസ്സഹായത നിഴലിച്ചിരുന്നു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഹെഡ് കോൺസ്റ്റബിൾ കേശവപിള്ള സാറിനൊരു സംശയം.....

 

"അല്ല ആരാ ഇപ്പോ ഈ വിളിക്കുന്നത്?????"

 

 

കുട്ടൻ അത്ഭുതംത്തോടെ കേശവപിള്ളയെ നോക്കി!!!

 

"അത് അറിയാനാണല്ലോ സാറേ ഞങ്ങൾ ഇവിടെ വന്നത്...."

 

 

"ആണല്ലേ.... അല്ല ആളുടെ ഫോട്ടോയോ മറ്റോ ഉണ്ടെങ്കിൽ കണ്ടു പിടിക്കാൻ എളുപ്പമായിരുന്നു" കേശവൻ പിള്ള സ്ഥിരം പോലീസ് ഡയലോഗ് കാച്ചി.

 

 

" അതു വല്ലോം കിട്ടിയിരുന്നേൽ ഞാൻ ഇതുവരെ വരുമായിരുന്നോ സാറേ, ഞാൻ തന്നെ അവന്റെ കൃമികടി തീർക്കത്തില്ലേ " കുട്ടൻ തന്റെ മുളക്കാത്ത മീശ ഒന്ന് പിരിക്കാൻ നോക്കി അരിശത്തോടെ പറഞ്ഞു.

 

 

ആളുടെ ഫോട്ടോയോ അഡ്രെസ്സോ മറ്റുമായി വന്നാൽ കേസ് എടുക്കാം എന്ന കേശവൻപിള്ളയുടെ മറുപടിക്ക് മുന്നിൽ തീഷ്ണമായ ഒരു നോട്ടം സമ്മാനിച്ചു കൊണ്ട് കുട്ടൻ അനിയത്തിയെയും കൊണ്ട് പുറത്തേക് ഇറങ്ങി.

 

 

കുട്ടന്റെ കണ്ണിലെ തീഷ്ണതയിൽ ലോകം നശിക്കാതിരിക്കാനാകണം ആ സമയം ആകാശത്തു നിന്നും മഴ ഭൂമിയിലേക്ക് പൊഴിയാൻ തുടങ്ങി.

 

 

എങ്കിലും കുട്ടേട്ടന്റെ കണ്ണിലെ തീചൂളയിൽ വെന്തുരുകുന്ന പകയുടെ കനൽ അണക്കാനുള്ള ശക്തി മഴക്ക് ഇല്ലായിരുന്നു. കണ്ണിലെ തീഗോളം വെന്തുരുകുന്നത് നമുക്ക് കാണാം

 

 

 

ആഴ്ചകൾ കടന്നു പോയ സങ്കടത്തിൽ തൊട്ടുപിറകെ മാസങ്ങളും കടന്നു പോയി... മാസങ്ങൾ കടന്നു പോയാൽ എന്തായാലും വർഷങ്ങളും കടന്നു പോകമാണല്ലോ, ആയതിനാൽ തന്റേതല്ലാത്ത കാരണത്താൽ കുട്ടേട്ടന് 2 വയസ് കൂടി..

 

 

അതെ കുട്ടേട്ടന് പിരിച്ചു വെക്കാൻ പാകത്തിന് മീശ വളർന്നിരിക്കുന്നു. കട്ടി മീശയുടെ വളർച്ചയിൽ തലയുടെ മുടിയുടെ തളർച്ച കുട്ടേട്ടൻ മറന്നിരിക്കുന്നു. എന്നാൽ ഇന്നും കുട്ടേട്ടന് മറക്കാൻ പറ്റാത്ത ഒരു കാര്യമുണ്ട്, ആ unknwon നമ്പർ... അതിനെ പറ്റി ആലോചിക്കുമ്പോൾ കുട്ടേട്ടന്റെ കണ്ണിലെ പകയുടെ അഗ്നി ആഞ്ഞു ജ്വലിക്കും....

 

പതിവ് പോലെ ഇന്നും കുട്ടേട്ടൻ ഫോൺ കയ്യിലെടുത്തു.... ആ നമ്പറിലേക്ക് കാൾ ചെയ്തു. കാൾ എടുത്ത വ്യകതി സംസാരിക്കുന്നില്ല.................കുട്ടേട്ടാനും സംസാരിക്കുന്നില്ല..................എങ്ങും നിശബ്ദത...............നിശബ്ദതയെ ദൃഡവത്കരിച്ചു കൊണ്ട് കുട്ടൻ പറഞ്ഞു.....

 

" IAM WAITING"

 

 

കഴിഞ്ഞ രണ്ടു വർഷമായി ഈ ഒരു ചടങ്ങ് നടക്കാതെ കുട്ടേട്ടന്റെ ജീവിതം ആരംഭിക്കാറില്ല. പറയുന്ന ആൾക്കും കേൾക്കുന്ന ആൾക്കും ഉളുപ്പില്ലാത്തതു കൊണ്ട് എന്നും ഒരു iam waiting ആ മുറിയിൽ അനാഥ പ്രേതം പോലെ അലഞ്ഞു കൊണ്ടിരിക്കും......

 

 

അങ്ങനെ കാലങ്ങൾ കടന്നു പോകവേ ആണ്ടിലും ചങ്രാന്തിക്കും ഫേസ്ബുക്കിൽ കേറുന്ന കുട്ടേട്ടന് ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു കിടക്കുന്നു... അതും ഒരു പെൺകുട്ടിയുടെ റിക്വസ്റ്റ്.

 

മാധുരി ശർമ!!!!!!!

 

ചാറ്റ് ചെയ്തു തുടങ്ങിയ കുട്ടേട്ടൻ ഞെട്ടി പോയി സ്വന്തം അമ്മക്കും അച്ഛനും എന്തിന് ഏറെപറയുന്നു ഇനി ഭാവിയിൽ വരാൻ പോകുന്ന ഭാര്യക്ക് വരെ ഉണ്ടാകാൻ സാധ്യതയില്ലാത്ത സ്നേഹവും കരുതലും ചാറ്റിലൂടെ ആ ശർമ്മയുടെ മകൾ കുട്ടേട്ടന്റെ നേരെ വാരി വിതറി.മാത്രവുമല്ല കഴിഞ്ഞ മാസം കുട്ടേട്ടൻ ബീച്ചിൽ പോയപ്പോൾ പോസ്റ്റ്‌ ചെയ്ത തന്റെ ഫുട്ബാൾ പോലുള്ള കുടവയർ ഫോട്ടോ കണ്ട് തന്നെ കാണാൻ സൽമാൻ ഖാനെ പോലെ ഉണ്ടെന്നും പറഞ്ഞ ആ മനസിലെ നിഷ്കളങ്കത കുട്ടേട്ടനെ വല്ലാതെ ആകർഷിച്ചു കഴിഞ്ഞിരിക്കുന്നു.

 

 

കുട്ടേട്ടാനും സംശയം വരേണ്ട കാര്യമില്ല, കാരണം ഒരു മാസം മുൻപ് എടുത്ത ആ കുട്ടിയുടെ അക്കൗണ്ടിൽ അതെ ദിവസം തന്നെ 10 ഫോട്ടോ upload ചെയ്തിട്ട് ഉണ്ട്. കൂടാതെ അതിനൊക്കെ 10 ലൈക്കും ഉണ്ട്.

ഇതൊന്നും പോരാതെ ബാംഗ്ലൂരിൽ ജനിച്ചു വളർന്നു അവിടെ തന്നെ പഠിച്ചു ജോലി ചെയുന്ന കുട്ടിക്ക് നല്ല അടിപൊളി ആയി ഇംഗ്ലീഷ് ഗ്രാമറും സ്പെല്ലിങ്ങും തെറ്റിച്ചു പറയാനും സാധിക്കുന്നുണ്ട്... പിന്നെ കുട്ടേട്ടന് സംശയിക്കേണ്ട ആവശ്യമേ വരുന്നില്ലല്ലോ........

 

 

ചാറ്റിങ്ങിലൂടെ കുട്ടേട്ടനെ കെയർ ചെയ്യുന്നതിൽ തൃപ്തയല്ലാത്ത ആ കുട്ടി കുട്ടേട്ടന്റെ വാട്സ്ആപ്പ് നമ്പർ ആവശ്യപ്പെടുകയും എന്നാൽ അത്രയും കെയർ ആവശ്യമില്ലാത്ത കുട്ടേട്ടൻ തന്നേക്കാൾ കൂടുതൽ കെയർ കിട്ടാൻ യോഗ്യനും വെമ്പൽ കൊള്ളൂന്നവനുമായ കുട്ടേട്ടന്റെ കയ്യിലെ ആ unknown number തന്റെ നമ്പർ ആണെന്നും പറഞ്ഞു ശർമ്മയുടെ മകൾക്ക് കുട്ടേട്ടൻ കൈമാറി!!!!!!

 

 

 

ദിവസങ്ങൾ കൊഴിഞ്ഞു പോയി... നമ്പർ വാങ്ങി അന്നുപോയ ശർമ്മയുടെ മകൾ ഇന്നാണ് കുട്ടേട്ടനെ മെസ്സേജ് അയക്കുന്നത്.മെസ്സേജ് തുറന്ന് നോക്കിയ കുട്ടേട്ടൻ ഞെട്ടി തരിച്ചു പോയി. തന്റെ നാട്ടിലെ 80 കളിലെ വസന്ത കുമാരൻ പുഷ്കരൻ ചേട്ടൻ പുഷ്പിച്ചു നിക്കുന്ന ഫോട്ടോസും വിഡിയോസും.............

 

 

കൂടാതെ ഒരു മെസ്സേജും " മിസ്റ്റർ കുട്ടൻ നിങ്ങളുടെ ഈ ഫോട്ടോസും വിഡിയോസും ലീക് ആകേണ്ടെങ്കിൽ ഞങ്ങൾക് അമ്പതിനായിരം രൂപ തരണം. "

 

 

ഇന്നത്തെ പിള്ളേർ കള്ളും കഞ്ചാവും കുടിച്ചിട്ട് അമ്മേം പെങ്ങളേം തിരിച്ചറിയില്ല എന്ന കവലയിൽ കിടന്ന് ഘോര ഘോരം പ്രസംഗിക്കുന്ന പുഷ്കരൻ ചേട്ടന്റെ മുഖം കുട്ടേട്ടന്റെ മനസിലേക്ക് വന്നു.താൻ വര്ഷങ്ങളായി തേടികൊണ്ടിരുന്ന unknown number ൻറെ ഉടമ ഇതാ സകല മറയും നീക്കി തന്റെ മുന്നിൽ.

 

 

അത്രയും കാലത്തെ അടക്കി വെച്ചിരിക്കുന്ന തെറികളെല്ലാം ഒറ്റയടിക്ക് ആ ശർമ്മയുടെ മകളുടെ ഇൻബോക്സിലേക്ക് ടൈപ്പ് ചെയ്ത് അയച്ചു കൊണ്ട് അവസാനം കുട്ടൻ പറഞ്ഞു....

 

" നീ കൊണ്ട് പോയി അപ്‌ലോഡ് ചെയ്യടി പുല്ലേ ".....

 

സുരേഷ് ഗോപി പടങ്ങളുടെ ബിജിഎം കുട്ടേട്ടന്റെ മനസ്സിൽ അലയൊലികളായി തങ്ങി.....

 

" വെയിറ്റ് ആൻഡ് സീ " എന്ന അവളുടെ റിപ്ലൈക്ക് അല്പം സാവധാനത്തിൽ കുട്ടൻ മറുപടി നൽകി

 

 

Iam Waitingg..............

 

 

ദിവസങ്ങൾ കടന്നു പോയി. ഒരു സുപ്രഭാതത്തിൽ ഏതോ കേട്ടുകേൾവി പോലുമില്ലാത്ത ഒരു സിഖിന്റെ മകളുടെ ഐഡി യിൽ നിന്നും കുട്ടേട്ടന് ഒരു മെസ്സേജ് വന്നു. അതൊരു വെബ്സൈറ്റ് ലിങ്ക് ആയിരുന്നു. നമ്മുടെ പുഷ്കരൻ മാമന്റെ വീഡിയോ ഇന്റർനാഷണൽ ലെവലിൽ വൈറൽ ആയതായിരുന്നു ആ ലിങ്കിൽ. ലിങ്കിൽ കണ്ട കാഴ്ച കുട്ടേട്ടൻറെ കണ്ണിലെ പകയുടെ കനൽ അണക്കാൻ കെല്പുള്ളതായിരുന്നു.

 

 

" ഞങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കും "

 

എന്ന സിഖിന്റെ മകളുടെ മറുപടിക്ക് കുട്ടേട്ടന് സന്തോഷ സൂചകമായി കണ്ണീരിൽ കുതിർന്ന മറുപടി അയച്ചു

 

" നന്ദി കുട്ടി, വളരെയധികം നന്ദി "..

 

 

ശെടാ ഇതെന്ത് തൈര് എന്ന് കരുതിയാകണം സിഖിന്റെ മോൾ വന്നവഴിയേ ബ്ലോക്ക്‌ ചെയ്ത് വണ്ടി വിട്ടു.

 

കുട്ടേട്ടൻ എണീറ്റ് കണ്ണാടിക്ക് മുൻപിൽ വിജയശ്രീലളിതനായി നിന്നു. കുട്ടേട്ടന്റെ മനസ്സിൽ ലാലേട്ടന്റെ ഡയലോഗ് ഉയർന്നു വന്നു.

 

" ezekiel 25:17 പഴയ നിയമം. കൊള്ളരുതാത്തവർ തങ്ങളുടെ സ്വാർത്ഥത കൊണ്ടും ക്രൂരത കൊണ്ടും നീതിമാന്മാരുടെ പാതയെ എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കുന്നു. ഈ അന്ധതയുടെ താഴ്വരയിൽ നിന്നും നീതിമാനെ കരയകയറ്റുന്നവൻ അനുഗ്രഹീതനാകുന്നു.കാരണം അവൻ സത്യമായും അവന്റെ സഹോദരങ്ങളുടെ രക്ഷകനും വഴിതെറ്റിയ കുഞ്ഞാടുകളുടെ വഴികാട്ടിയുമാണ്.അതിനാൽ എന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശനി പാദം പോലെ ഞാൻ പ്രഹരമേൽപിക്കും. എന്റെ പകയിൽ നീറിയോടുങ്ങുമ്പോൾ അവരറിയും ഞാൻ അവരുടെ ഒരേയൊരു രാജാവായിരുന്നുവെന്ന്.............

 

ഒരേയൊരു രാജാവ് '"".

 

ലാലേട്ടന്റെ ഇത്രേം വല്യ ഡയലോഗ് പറയാനുള്ള മാസ്സ് ഒന്നും താൻ ചെയ്തിട്ടില്ല എന്ന് മനസിലാക്കിയ കുട്ടേട്ടൻ വീണ്ടും കണ്ണാടിയിലേക്ക് നോക്കി. മമൂട്ടിയെ മനസ്സിൽ ആവാഹിച്ചു കൊണ്ട് പറഞ്ഞു.

 

 

" പക അത് വീട്ടാനുള്ളതാണ് കാർന്നോരെ "

 

 

ആഹാ അന്തസ്,, അല്ലേലും ഷോർട് മാസ്സ് ഡയലോഗ്കൾക്കു മമ്മൂക്ക തന്നെയാണ് ബെസ്റ്റ്.

 

തന്റെ പകയുടെ കനൽ കെട്ടടങ്ങിയ സന്തോഷത്തിൽ തുള്ളിച്ചാടികൊണ്ട് കുട്ടേട്ടൻ വെളിയിലേക്ക് പോയി.

 

ശുഭം

Srishti-2022   >>  Short Story - Malayalam   >>  പോസ്റ്റ് ബോക്സ്

Kiran Poduval KK

H&R Block

പോസ്റ്റ് ബോക്സ്

ഫ്ലാറ്റ് ജീവിതത്തിലെ ചില ശനിയാഴ്ച തുടങ്ങുന്നതുതന്നെ രാവിലെ പത്തുമണിക്ക് ശേഷമായിരിക്കും.

 

കൂടെയുള്ള ആരും ഇല്ലെങ്കിൽ പിന്നെ അതിലും വൈകും.ഏഴുപേരോടൊന്നിച്ചു ഈ ഫ്ലാറ്റിൽ താമസിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടാകുന്നു.

 

ആരുമില്ലാത്ത ദിവസം നേരത്തെ എഴുന്നേറ്റിട്ടിപ്പോ എന്ത് ചെയ്യാനാണ്.?

 

രാവിലെ അടുത്തുള്ള ഹോട്ടലിൽ നിന്നും എന്തെങ്കിലുമൊക്കെ കഴിക്കും.പിന്നെ നേരെവന്നു ടി.വി കാണും അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ വായിക്കും.

 

ഇപ്പോൾ മഞ്ഞവെയിൽ മരണങ്ങൾ രണ്ടാം വായനയാണ്. എന്ത് അച്ചടക്കത്തോടെയാണ് അതിലെ സന്ദർഭങ്ങൾ അടുക്കിവച്ചിരിക്കുന്നത്.ആസ്വാദനത്തെ ഒട്ടുംതന്നെ ബാധിക്കാതെ ഇന്നിനെയും ഇന്നലെയെയും എഴുത്തുകാരൻ ചേർത്തുവച്ചിരിക്കുന്നു. ഒരു കത്തിൽനിന്നും തുടങ്ങിയ കഥപറച്ചിൽ.

 

കത്തും, എഴുത്തും എന്നും എന്റെ പ്രീയപെട്ടവയാണ്

 

എപ്പോഴും ഓർക്കാറുണ്ട് കത്തുകളിലൂടെ പ്രണയിക്കണമെന്ന്. മറുപടി കാത്തിരിക്കുമ്പോൾ നെയ്തുകൂട്ടുന്ന സ്വപ്‌നങ്ങൾ, കാത്തിരിപ്പിനൊടുവിൽ പഴയ ഹീറോ പെന്നിന്റെ മഷിയുടെ മണമുള്ള അക്ഷരങ്ങൾ വായിച്ചുകിട്ടുന്ന സുഖം.. അതൊരു അനുഭൂതിയാണ്..

 

ഇതൊക്കെയും വായിച്ചറിഞ്ഞതാണ്, അനുഭവിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല.

 

കത്തെഴുതാനുള്ള മോഹം കൊണ്ട് ഒരിക്കൽ ഹൈദരാബാദിൽ പഠിക്കുന്ന സുഹൃത്തിനു ഒരു കത്തയച്ചിട്ടുണ്ട്. എന്റെ ആഗ്രഹം അറിവുള്ളതുകൊണ്ട് അവനും മറുപടിയായി നീട്ടിവലിച്ചെഴുതിയ ഒരു കത്ത് തിരിച്ചയച്ചു.

 

കാലത്തിന്റെ മാറ്റങ്ങൾ, ചില നനുത്ത മഞ്ഞുപോലെയുള്ള മോഹങ്ങൾക്ക് വിലങ്ങുതടിയായതുപോലെ.

 

ഇന്നും കത്തുകളിലൂടി പ്രണയിക്കുന്നവരുണ്ടാകുമോ..?

 

വായന തുടർന്നുപോകുന്നതിനിടയിൽ എപ്പോഴോ ജോണി ഫ്ലാറ്റിലേക്ക് വന്നു. ആരുമില്ലന്നറിഞ്ഞപ്പോൾ അവനും ഒന്ന് ചടച്ചു.

 

ജോണിയുടെ ഇങ്ങനെയുള്ള അപ്രദീക്ഷിതമായ വരവുകളിലാണ് ഞങ്ങൾ ഇവിടെയുള്ള മിക്കസ്ഥലങ്ങളും കണ്ടിരുന്നത്.

 

കടൽകാണിപ്പാറയിലെ ന്യൂ ഇയർ സെലിബ്രേഷൻ മുതൽ ആഴിമലയിലെ വൈകുന്നേരങ്ങൾവരെ അങ്ങനെ സംഭവിച്ചവയാണ്.

 

പക്ഷെ എവിടേലും പോകണമെങ്കിൽ എല്ലാവരും വേണം. പരസ്പരം തമാശകൾ പറഞ്ഞും,കളിയാക്കിയും ചിലവഴിക്കുന്ന നിമിഷങ്ങളാണ് ഇന്നും മനസ്സിലെ ഏറ്റവും പ്രീയപ്പെട്ട മുഹൂർത്തങ്ങൾ.

 

എന്തായാലും ഉച്ചക് ഭക്ഷണം കഴിക്കാൻ ഇറങ്ങണം , ആ വഴിക്കു എങ്ങോട്ടെങ്കിലും പോകാമെന്നൊക്കെ പറഞ്ഞിറങ്ങി.

 

നേരെ ചെന്ന് ഭക്ഷണം കഴിച്ചു.

 

പുറത്തു നല്ല ചൂടാണ്.സൂര്യൻ കനൽകട്ടപോലെ കത്തുകയാണ്.യാത്ര കാറിലാണെങ്കിലും ചൂടിന്റെ കാഠിന്യം പുറത്തോട്ടു നോകുമ്പോൾത്തന്നെ അറിയാവുന്നതാണ്.

 

നേരെ ജോണിയുടെ വീട്ടിലേക്കാണ് പോയത്.

 

രണ്ടുമാസങ്ങൾക്കു മുൻപേ 'അമ്മ ഹോസ്പിറ്റലിൽ ആയിരുന്നപ്പോ അവിടെ ഒന്ന് ചെന്നതാണ് പിന്നെ പോയിട്ടില്ല.

 

വീട്ടിൽ എല്ലാം പതിവുപോലെ തന്നെ. ജോണിയുടെ അച്ഛൻ എന്തോ വായിക്കുകയാണ്. ഒരുപാട് വായനയും എഴുത്തും ചിന്തകളുമൊക്കെ ഉള്ള ആളാണ് അച്ഛൻ. അതികം സംസാരിക്കാത്ത പ്രകൃതം.

 

അമ്മയാണെങ്കിൽ നേരെ തിരിച്ചും, സംസാരിച്ചുകൊണ്ടേയിരിക്കും.എന്നെ പെട്ടന്ന്പിടികിട്ടിയില്ലെങ്കിലിം. ഒന്നു പറഞ്ഞപ്പോഴേക്കും ആളെ അമ്മക്കു മനസിലായി.

 

കുടിക്കാനെന്തെങ്കിലും എടുക്കാമെന്നും പറഞ്ഞു 'അമ്മ അടുക്കളയിലേക്കും. ഫ്ലാറ്റിൽ നില്കുവാനുള്ള തുണിയും മറ്റും എടുക്കാൻ ജോണി അവന്റെ റൂമിലേക്കും പോയി.

 

ഒരു നിമിഷത്തേക്കുള്ള ഏകാന്തത മാറ്റാൻ ഞാൻ അവിടെയുള്ള ചിത്രങ്ങളും പുസ്തകങ്ങളും ഒക്കെ നോക്കി നിൽക്കുമ്പോഴാണ് മേശക്കു മുകളിൽ കുറെ പേപ്പറുകൾ കെട്ടിവച്ചു ഒരു തിരക്കഥപോലെ തോന്നിക്കുന്ന ഒന്ന് കണ്ടത്. അതിൽ എന്തക്കയോ എഴുതിയിരിക്കുന്നുമുണ്ട്.

 

വായനയോടുള്ള കമ്പംകൊണ്ടോ അതെന്താണെന്നു അറിയാനുള്ള ആകാംശ കൊണ്ടോ ഞാനതെടുത്തു മറിച്ചുനോക്കാൻ തുടങ്ങി.

 

'അമ്മ അപ്പോഴേക്കും അടുക്കളയിൽ നിന്നും ഓടിവന്നു ആ കെട്ടു എന്റെ കയ്യിൽ നിന്നും വാങ്ങി.

 

അതെടുത്തു ഷെൽഫിൽ ഭദ്രമായി പൂട്ടിവച്ചു.

 

എന്നാലും അതെന്താണെന്നു അറിയാനുള്ള കൗതുകത്തിൽ ഞാൻ അമ്മയോട് ചോദിച്ചു.

 

ചെറിയ ഒരു പുഞ്ചിരിയോടെ 'അമ്മ പറഞ്ഞു "അത് ഞാനും എന്റെ ഭർത്താവും സംസാരിച്ച കാര്യങ്ങളാണെന്ന്"

 

മനസിലായില്ല എന്ന ഭാവത്തിൽ ഞാൻ അമ്മയെ നോക്കി.

 

'അമ്മ സുഖമില്ലാതെ കുറച്ചുനാൾ ഹോസ്പിറ്റലിലും പിന്നെ വീട്ടിലും ബെഡ്‌റെസ്റ് ആയിരുന്നു.

 

വീട്ടിലേക്കുവന്ന സമയത്തു 'അമ്മ കിടക്കുന്നതിന്റെ അരികിലായി ഒരു കസേര ഇട്ടു അതിൽ ഒരു റൈറ്റിംഗ് ബോർഡ് വച്ചായിരുന്നു അച്ഛൻ വായിക്കുകയും,എഴുതുകയൊക്കെയും ചെയ്തിരുന്നത്.

 

അമ്മയ്ക്കു മിണ്ടാനും പറയാനും അച്ഛനല്ലാതെ വേറെ ആരും തന്നെ ഇല്ല.

 

അച്ഛനാണെങ്കിലോ അരികിൽത്തന്നെ സദാസമയവും ഉണ്ടാകുമെങ്കിലും ഒന്നും മിണ്ടുകയുമില്ല.

 

അങ്ങിനെ 'അമ്മ അച്ഛനോട് സംസാരിക്കാനായി കണ്ടത്തിയ ഒരു മാർഗമായിരുന്നു ഈ എഴുത്തു.

 

'അമ്മ ഒരു പേപ്പറിൽ എന്തെങ്കിലും എഴുതി 'അച്ഛന് കൊടുക്കും. അച്ഛൻ അത് വായിച്ചു മറുപടി എഴുതി തിരിച്ചുകൊടുക്കും.അങ്ങിനെ ദിവസം മുഴുവനും , രണ്ടുമാസം വരെയും അവർ ഇങ്ങിനെ എഴുതി സംസാരിച്ചുവെന്ന്.

 

 

 

പറയാൻ മടിയുള്ള കാര്യങ്ങൾ ഒരു നാണത്തോടെ എഴുതി കൊടുത്തു പ്രേമിച്ചിരുന്ന കമിതാക്കളെപോലെയൊക്കെ അപ്പോ അവരെ എനിക്ക് തോന്നി.

 

ആ എഴുതിയതൊക്കെയും കെട്ടിവച്ചതാണ് ആ പേപ്പറുകൾ.

 

എന്തൊരു ക്യൂട്ട് ആണല്ലേ എന്ന് ചിന്തിച്ചുനില്കുമ്പോഴാണ് ജോണി അവന്റെ സാധനങ്ങളുമായി പുറത്തേക് വന്നത് .

 

എനിക്ക് അതൊക്കെയും ഒന്ന് വായിക്കാൻ തരുമോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.പക്ഷെ എന്തോ അതിൽ ഒരു ശരിയില്ലായ്മ തോന്നി. അഥവാ ഞാൻ ചോദിച്ചാലും 'അമ്മ തരില്ലാനുള്ളത് എനിക്ക് ഉറപ്പായിരുന്നു.

 

'അമ്മ ഉണ്ടാക്കികൊണ്ടുവന്ന തണുത്ത ജ്യൂസും കുടിച്ചു ഞങ്ങളിറങ്ങി.

 

തിരിച്ചുള്ള യാത്രയിലൊക്കെയും എന്റെ ചിന്ത അവരെന്തായിരിക്കും സംസാരിച്ചെതെന്നായിരുന്നു.

 

ചിലപ്പോ അവരുടെ പ്രണയത്തെ കുറിച്ചായിരിക്കും.അല്ലെങ്കിൽ അവർ നടത്തിയിട്ടുള്ള യാത്രകളെ പറ്റി ,അതുമല്ലെങ്കിൽ ജീവിതത്തിലെ ആവലാതികളെക്കുറിച്ചു.

 

 

ജോണിയോട് ചോദിച്ചാലോ അവൻ അത് എപ്പോഴെങ്കിലും വായിച്ചിട്ടുണ്ടോയെന്നു? വേണ്ട...!

 

 അവരുതമ്മിൽ സംസാരിച്ചത് അവരുടെ മാത്രം സ്വകാര്യതകളായി അങ്ങനെതന്നെ ഇരിക്കട്ടെ...!

 

'അമ്മ പിന്നീട് എപ്പോഴെങ്കിലും വായിക്കാനായി സൂക്ഷിച്ചുവച്ചതായിരിക്കും. പറഞ്ഞ വാക്കുകൾ മറന്നു പോകുന്ന കാലത്തു പറഞ്ഞതൊക്കെയും ഓർത്തെടുക്കാൻ.

 

തിരിച്ചു ഫ്ലാറ്റിലെത്തി ജോണി നേരെ ടി.വി യിൽ ഇപ്പോ നടക്കുന്ന ഏതോ ഫുട്ബോൾ മാച്ചിലേക് തിരിഞ്ഞു.

 

പകുതിക്കു വായിച്ചു വച്ച പുസ്തകത്തിലേക്ക് ഞാനും.

Srishti-2022   >>  Poem - Malayalam   >>  എന്റെ വഴിത്താരയിൽ

എന്റെ വഴിത്താരയിൽ

 

വിട്ടുകളയാൻ കഴിയാതെ ഇരുന്നിട്ടും

 വിധിയെ പഴിച്ചത്, നിനക്കു വേണ്ടി ആയിരുന്നു.

പിരിയുമ്പോൾ ആ കണ്ണുകളിൽ ഞാൻ    

 കണ്ട തിളക്കമാണ്, ഇന്നും എന്നെ ഏറെ വേദനിപ്പിക്കുന്നത്.

   

തിരിഞ്ഞു നോക്കാതെ നടന്നകന്നിട്ടും

ഇന്നും ഓർമകളിൽ ഞാൻ നിന്നെ തിരയാറുണ്ട്.

മാറ്റങ്ങൾ മാത്രമുള്ള ഈ ലോകത്ത്

ഒരുപാട് വട്ടം മാറ്റിനിർത്തപ്പെട്ടവരാണ് നാം.

 

 ഇന്നലെകളെ കുറിച്ച് എഴുതാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല

എന്റെ നാളെകൾ ശൂന്യം ആയതു കൊണ്ട്

പോയി മറഞ്ഞ സ്വപ്നങ്ങൾ തേടിയുള്ള യാത്രയല്ല,

 ആ വേദനയാണ് ഞാൻ ആസ്വദിക്കുന്നത്.  

       

 പറയാൻ കാത്തിരുന്നിട്ടും, മടിച്ച പലതും

 ഓർക്കുമ്പോൾ ഒരു സുഖമുള്ള നോവാണ്.

നടന്നകന്ന വഴികളിലൂടെ തിരിഞ്ഞു നടക്കാനല്ല

ഇനിയും കാണാത്ത കാഴ്ചകളിലേക്കാണ് ഈ യാത്ര.

Srishti-2022   >>  Poem - Malayalam   >>  പ്രണയത്തിന്റെ കൊലപാതക കുറിപ്പ്

പ്രണയത്തിന്റെ കൊലപാതക കുറിപ്പ്

 

ഇന്നലെ പെയ്ത രാത്രി മഴയോട് കൂടി പ്രണയം മണ്ണടിഞ്ഞു പോയത്രേ.

പ്രണയത്തിനിപ്പോൾ പരാതിയും പരിഭവങ്ങളുമില്ല,

നിറവും സുഗന്ധവുമില്ല...

മൊട്ടിട്ടു പോയ പ്രണയത്തിനൊക്കെയും

രക്തത്തിന്റെയും എരിഞ്ഞ മാംസത്തിന്റെയും ഗന്ധം മാത്രം.

 

ഞരമ്പുകൾ മുറിഞ്ഞു രക്തമൊഴുകി,

കൈകൾ തളർന്നു,

ശ്വാസം വിലങ്ങി കണ്ണുകളുന്തി,

വൃക്കകളുടഞ്ഞു, കരളു കരിഞ്ഞു,

ആമാശയമെരിഞ്ഞു, പാദങ്ങൾ വിറച്ചു

പ്രണയം മണ്ണിനടിയിലേക്കു കൂപ്പു കുത്തി.

മരിച്ചപ്പോളത്രേ അറിഞ്ഞത്, പ്രണയത്തിനു ഹൃദയമില്ലായിരുന്നു,

തലച്ചോറ് കാലങ്ങൾക്കു മുന്നേ മരവിച്ചു പോയിരുന്നു എന്ന്.

 

ഒന്നുറക്കെ നിലവിളിക്കാൻ തൊണ്ട തുറക്കേ

ചുറ്റിനും കോമരം കെട്ടിയാടുന്നു കത്തിയും തോക്കും വിഷവും പെട്രോളുമാസിഡും പിന്നെയൊരു തൂക്കു കയറും.

മരവിച്ച ഓർമ്മകളിലരികിലിരുന്നു തലോടിയ മർമ്മരങ്ങൾക്കു

മുലപ്പാലിന്റെ മണം...

വാത്സല്യത്തിന്റെ ഗദ്ഗദം കൊരുത്ത ചുണ്ടുകളിൽ കൈവിട്ടു പോയ സ്മൃതികളുടെ നിഴലനക്കം...

 

അടക്കം പറച്ചിലുകളിൽ ഉയരുന്ന സ്വരമെല്ലാം കർണപുടങ്ങളിൽ

തട്ടി പ്രതിധ്വനിച്ചതും

അത്തിമരത്തിലിരുന്നൊരു ഹൃദയം ഉറക്കെ വിളിച്ചു പറഞ്ഞു

പ്രണയം മരിച്ചതല്ല, കൊന്നതത്രെ ....

പശിയിൽ വിഷം കലർത്തി പുഞ്ചിരിച്ചു കൊണ്ട് കഴുത്തറുത്തു കൊന്നതത്രേ...

Subscribe to srishti 2022