Trip( ട്രിപ്പ്)
നാമം : noun
അർത്ഥം: സഞ്ചാരം,യാത്ര,മയക്കം,തള്ളിയിടുക, ഭ്രമാത്മകത, വിഭ്രാന്തി,തട്ടിവീഴൽ,ആകസ്മികപതനം, വീഴാന്പോകുക, കാലിടറി വീഴുക
-------------------------
കറുത്ത മുഖത്ത് എടുത്തുകാണിക്കുന്ന തുറിച്ച കണ്ണുകളും ചോരച്ചുവപ്പുള്ള ചുണ്ടുകളും. ചുണ്ടിൻ്റെ കോണിൽ നിന്നും ഇറ്റുന്നത് ചോരയോ, അതോ മുറുക്കാൻ്റെ നീരോ? ഞാനയാളുടെ നോട്ടം അവഗണിക്കാൻ ശ്രമിച്ചു. എതിർവശത്തെ ബസ്സ്റ്റോപ്പിലെ ബംഗാളി-ബിഹാറിമാരുടെ കൂട്ടത്തിൽ ഏറ്റവും കുറിയവൻ, ഏറ്റവും ഇരുണ്ടവൻ. അവരിൽ പെടാത്തതു പോലെ ഒരുത്തൻ. അവൻ അവിടെ വന്നു നിന്നപ്പോൾ മുതൽ എന്തെന്നില്ലാത്ത ഒരസഹ്യത. ചുവന്ന നാവു നീട്ടി ഒലിച്ചിറങ്ങിയതു വടിച്ചെടുക്കുന്നു. ഞാൻ വീണ്ടും മുഖം തിരിച്ചു. സുരക്ഷക്കെന്നോണം പള്ളിയുടെ മിനാരത്തിനടുത്തേക്കു നടന്നു. ബഷീറിനെ ഒന്നു കൂടി ഫോൺ ചെയ്തു. എത്തുന്നതേയുള്ളുപോലും. പള്ളിയുടെ മുന്നിൽ നിൽപ്പുണ്ടെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു.
ബാഗ് തോളിൽ നിന്നുമെടുത്ത് ഒരു കവചം പോലെ മുന്നിൽ പിടിച്ചു. പുറത്തെ അറയുടെ പരിചിതമായ മുഴുപ്പിലൂടെ വിരലോടിച്ചു - ചെറിയൊരാശ്വാസം തോന്നി. ഒരാത്മരക്ഷ. ഇപ്പോളതിൻ്റെ ആവശ്യമില്ലെന്നറിയാം - എന്നാലും ഡോക്ടറു പറഞ്ഞതനുസരിച്ച് ഒരു 'പ്രികോഷൻ'.
ഇപ്പോൾ പിൻവശത്ത് ചില നോട്ടങ്ങൾ വന്നുകുത്തുന്നതു പോലെ. തിരിഞ്ഞു നോക്കാൻ കെൽപ്പു തോന്നുന്നില്ല. ചൂട്. വെയിലൊന്നുമില്ല. എന്നാലും ഒരു ഉരുക്കം. വിയർത്തുകുതിർന്ന ഷർട്ട് പുറത്തോട് ഒട്ടിയിട്ടുണ്ട്. ഉള്ളിൽ ബനിയനിടേണ്ടതായിരുന്നു. മറക്കാത്തതാണ്. സമയം എത്രയായി? നാശം വാച്ചും മറന്നിരിക്കുന്നു. ഈയിടെയായി മറവികളാണ്. അതുണ്ടാകുമെന്നു ഡോക്ടർ പറഞ്ഞിരുന്നു, ഉണ്ടായാൽ പരിഭ്രമിക്കരുതെന്നും. എന്നാലും പരിഭ്രമിക്കാതിരിക്കാൻ ആവുന്നില്ല. വിയർപ്പിന് ആക്കം കൂടുന്നു.
കളിയാക്കുന്നതു പോലെ പിന്നിൽ നിന്നും ഒരു പൊട്ടിച്ചിരി. പിറകിലെ സ്റ്റോപ്പിൽ നിൽക്കുന്ന സ്കൂൾപ്പിള്ളേരാണ്. ഞാൻ ഇല്ലാത്ത വാച്ചിൽ സമയം നോക്കിയതിനോ, അതോ എൻ്റെ ഷർട്ടു വിയർത്തൊട്ടിയതിനോ ചിരിക്കുന്നത്? ഛെ, ഞാനെന്തൊക്കെയാണീ ചിന്തിച്ചു കൂട്ടുന്നത്. അവരെന്നെ കാണുന്നതു പോലുമുണ്ടാകില്ല.
ഫോണിൽ സമയം നോക്കി. ഒമ്പതര ആകുന്നു. ബഷീർ പറഞ്ഞ സമയം ആവുന്നതേയുള്ളൂ. ഇത്ര നേരത്തെ വരേണ്ടായിരുന്നു. എന്തു ചെയ്യാൻ, ശീലമായിപ്പോയി.
തലേന്നു രാത്രി ബഷീർ ഒരുപാടു നിർബന്ധിച്ചിട്ടാണ് ഞാൻ ഇറങ്ങിത്തിരിച്ചത്. ഒരു യാത്രപോകാനുള്ള മാനസികാവസ്ഥയല്ലെന്നു വാദിച്ചു നോക്കിയെങ്കിലും ഈ മാനസികാവസ്ഥ മാറ്റാൻ ഒരു യാത്ര നല്ലതാണെന്ന പ്രതിവാദത്തിനു കീഴടങ്ങി. ഒന്നിച്ചു ജോലിക്കു ചേർന്നവരിൽ ഏറ്റവും ഇഴയടുപ്പം ബഷീറിനോടാണ്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഒരുപാടു സഹായിച്ചിട്ടുണ്ട് - അതിൻ്റെ ഒരു കടപ്പാട്. പറ്റില്ലെന്നു പറയാൻ തോന്നിയില്ല.
ഹോൺമുഴക്കം ചിന്തകളിൽ നിന്നും ഉണർത്തി.
"ഇങ്ങനെ റോട്ടിൽ നിന്നു സ്വപ്നം കാണല്ലേടോ. വടിച്ചെടുക്കേണ്ടി വരും." കറുത്ത എസ് യു വിയിൽ നിന്നും തല പുറത്തേക്കിട്ട് വിപിൻ കളിയാക്കി.
പിൻഡോർ തുറന്നു നീങ്ങിയിരുന്നു സ്ഥലമുണ്ടാക്കിത്തന്നു ബഷീർ. ശ്രീനാഥാണു സാരഥി. എല്ലാവരും ബാച്ച്മേറ്റ്സ് - പക്ഷേ ഇപ്പോൾ എല്ലാവരും പല വഴിയ്ക്കാണ്.
"ഇപ്പോ എങ്ങനെയുണ്ട്, മാൻ? ഓൾ ഓക്കെ? " ഇരുന്നതും പിൻതിരിഞ്ഞ് വിപിൻ്റെ ചോദ്യം. മദ്യത്തിൻ്റെ മണം. രാവിലെത്തന്നെ തുടങ്ങിയിരിക്കുന്നു. 'അസുഖമൊക്കെ മാറിയോ, ഞങ്ങളെ കുഴപ്പത്തിലാക്കുമോ' എന്ന ധ്വനി.
"അവനിപ്പോ ഓക്കെയാണ്" ബഷീറിൻ്റെ ഇടപെടൽ.
"ഓക്കെയല്ലെങ്കിലും നമ്മൾ ഓക്കെയാക്കും, അല്ലേ മുത്തേ?" ഡ്രൈവിംഗ് സീറ്റിലേക്കു തിരിഞ്ഞ് വിപിൻ്റെ ചോദ്യം. ശ്രീനാഥിൻ്റെ മുഖത്ത് അനിഷ്ടം. അതു വിപിൻ്റെ കുഴഞ്ഞ സംസാരത്തോടുള്ളതല്ല, മറിച്ച് എന്നോടുള്ളതാണെന്ന് എനിക്കറിയാമായിരുന്നു. അവൻ്റെ സ്ഥിരം കമ്പനിക്കാരെല്ലാം അവസാനനിമിഷം കാലു മാറിയപ്പോൾ ആളെത്തികയ്ക്കാൻ വേണ്ടിയാണ് എന്നെക്കൂട്ടേണ്ടിവന്നതെന്ന് എനിക്കറിയാമായിരുന്നു - ബഷീറിൻ്റെ സംസാരത്തിൽ നിന്നും മനസ്സിലായതാണ്. 'ഫ്ലൈറ്റ് റിസ്ക്' ആയ ഒരാളെ കൂടെക്കൂട്ടാൻ ബഷീറിന് ശ്രീനാഥിൻ്റെ കാലുപിടിക്കേണ്ടി വന്നിട്ടുണ്ടാകാം. എന്തായാലും ഞാൻ ഒരു 'ലാസ്റ്റ് ഓപ്ഷനാ'ണ്.
റിയർ വിൻഡോയിലൂടെ എതിരെയുള്ള ബസ്സ്റ്റോപ്പിലേക്കൊന്നു പിൻതിരിഞ്ഞു നോക്കി. ചുവന്ന നാവുള്ള 'ബംഗാളിക്കുട്ടിച്ചാത്തൻ' എന്നെത്തന്നെ നോക്കി നിൽക്കുന്നു. എസ് യു വി മുന്നോട്ട് ഉരുളുകയാണ്. ഈശ്വരാ, അവനെൻ്റെ നേരെയാണോ ഈയോടി വരുന്നത്. നാക്കുനീട്ടി വാതുറന്ന് ചുവന്ന ദ്രാവകവും തെറിപ്പിച്ച്.. പെട്ടെന്ന് അവനെ മറച്ചു കൊണ്ട് ഒരു പ്രൈവറ്റ് ബസ്. അതു ബ്രേക്കിടുന്ന ശബ്ദം കാറിൻ്റെ കണ്ണാടിക്കൂടിനകത്തുവരെ മുഴങ്ങി.
കുഴപ്പമാണ്.
"അയ്യോ ആരെയോ വണ്ടി തട്ടിയെന്നാ തോന്നണെ."
"അല്ലേലും ഇവൻമാരെന്നാ വരവാ ഈ വരണേ." വർഷങ്ങൾക്കു ശേഷമാണ് ശ്രീനാഥിൻ്റെ ശബ്ദം ഞാൻ കേൾക്കുന്നത്.
"നിക്കണ്ടാ. അല്ലെങ്കിലേ ലേറ്റാ. "
-----------
ആ അപകടത്തിൽ ഇടപെടാതെ തുടർന്ന യാത്ര രണ്ടു മണിക്കൂർ പിന്നിട്ടിരുന്നു. ലഘു ഭക്ഷണത്തിനും മൂത്രശങ്ക തീർക്കലിനും ഫോട്ടോ എടുപ്പിനുമായി ഇടയ്ക്കു നിർത്തി. ബഷീറും ശ്രീനാഥും മാറിമാറി ഡ്രൈവു ചെയ്തു. വിപിൻ ഒരു കുപ്പി ഫിനിഷ് ചെയ്തു. അതിനിടെ ചൂടുള്ള വാർത്തകൾ കൈമാറ്റം ചെയ്യപ്പെട്ടു. കമ്പനികളിൽ നിന്നും കമ്പനികളിലേക്കുള്ള കൂടുമാറ്റങ്ങളും അതിൻ്റെ മെച്ചങ്ങളും പ്രശ്നങ്ങളുമാണു കൂടുതലും ചർച്ചചെയ്യപ്പെട്ടത്. എന്നോട് ആകെ ചോദിക്കപ്പെട്ടത് 'മെഡിക്കൽ ലീവ് തീർന്നോ', 'എന്നാണു തിരിച്ചു ജോയിൻ ചെയ്യുന്നത്' തുടങ്ങിയ ചോദ്യങ്ങളായിരുന്നു. അതും വിപിനാണു ചോദിച്ചത്. ബഷീറിന് അതിൻ്റെ ഉത്തരങ്ങളറിയാമായിരുന്നു, ശ്രീനാഥ് അതറിയാൻ താൽപര്യം കാണിച്ചതുമില്ല.
മല കയറുന്തോറും തണുപ്പ് വണ്ടിയ്ക്കകത്തേക്ക് അരിച്ചു കയറിക്കൊണ്ടിരുന്നു. കഴിഞ്ഞ മൂന്നുനാലു മാസം കൊണ്ടു പരിചിതമായ അസുഖകരമായ തണുപ്പ്. മരുന്നിൻ്റെയും ആൻ്റിസെപ്റ്റിക്കിൻ്റെയും ഫ്ലോർ ക്ലീനറുടെയും കൊതുകുതിരിയുടേയും മണമുണ്ടോ ഈ തണുപ്പിന്? പരിചിതമായ ഒരു കയറ്റം കൂടി കയറി. റോഡു വക്കിൽ രണ്ടു മാലാഖമാർ ചിറകു വിരിച്ചു പിടിച്ചു സ്വാഗതമോതുന്ന കമാനം. ഇരുവശത്തും ബുഷ് വച്ചു പിടിപ്പിച്ച ചരൽ പാകിയ വഴി. അതു ചെന്നെത്തുന്നത് എവിടെയെന്ന് എനിക്കറിയാം. അവിടെ എന്നെ രണ്ടു മൂന്നു തവണ വന്നു സന്ദർശിച്ച ബഷീറിനുമറിയാം. വണ്ടി ആ മതിൽക്കെട്ടിനെ മറികടന്ന് അടുത്ത കയറ്റം കയറിയപ്പോൾ 'ബ്ലോക്ക് സി' എന്നെഴുതിയ കെട്ടിടം മാത്രം മൈനാകം പോലെ ഉയർന്നു വരുന്നതായി എനിക്കു തോന്നി. ഞാൻ കണ്ണടച്ചിരുന്നു. മുന്നിലിരുന്ന ശ്രീനാഥ് വണ്ടിയോടിച്ചിരുന്ന ബഷീറിനോട് 'ഇവിടെയല്ലേ' എന്നു ചോദിച്ചതും ബഷീർ അതേയെന്നു തലയാട്ടുന്നതും കൂടുതൽ ചോദ്യങ്ങൾ കൈകൊണ്ട് വിലക്കുന്നതും കണ്ടു. രണ്ടാളും എന്നെ പാളിനോക്കുന്നത് പാതികണ്ണടവിൽ ഞാനറിഞ്ഞു. 'എന്താളിയാ' എന്നു ചോദിച്ചു പകുതിബോധത്തിലായിരുന്ന വിപിൻ ആ സംഭാഷണത്തിൽ പങ്കെടുക്കാനെത്തിയെങ്കിലും 'പിന്നെപ്പറയാം' എന്നു മന്ത്രിച്ച് ശ്രീനാഥ് അവനെ പിൻസീറ്റിലേക്കു തന്നെ ചായ്ച്ചുകളഞ്ഞു.
വണ്ടി തൻ്റെ ജോലിഭാരത്തെപ്പറ്റി പ്രതിഷേധിക്കാൻ തുടങ്ങിയതും ഞാൻ മയക്കത്തിലേക്കു വീണു.
----------
കറുത്തമുഖത്തു തുറിച്ചകണ്ണുകളും ചുവന്നനാവും നീട്ടി അയാൾ. ഇത്തവണ വായിൽ നിന്നും ഒഴുകുന്നതു ചോരതന്നെ. കണ്ണാടിയ്ക്കപ്പുറത്തു നിന്നും അയാൾ വാപിളർന്നു. ഞാൻ പേടിച്ചു കരഞ്ഞു…
ഞെട്ടി ഉണരുമ്പോൾ വണ്ടി നിർത്തിയിട്ടിരിക്കുന്നു. ആ തണുപ്പിലും വെട്ടിവിയർത്തിരിക്കുന്നു. കണ്ണാടിയ്ക്കപ്പുറം ആ ബംഗാളിയില്ല. പകരം ഒരു ലോട്ടറിക്കാരൻ. 'നാളെ നറുക്കെടുപ്പാണ് സാറെ. എടുക്കട്ടെ ഒരെണ്ണം?' എന്നു ചോദിക്കുന്നു. ഞാനൊഴികെ എല്ലാവരും പുറത്തുണ്ട്. മുന്നിലെ മാടക്കടയിൽ നിന്നും ചായ വാങ്ങുന്നുണ്ട്. ബഷീർ ഒരു കപ്പ്കൊണ്ടു വന്നു തന്നു. പകുതി കുടിച്ചു. വിപിൻ ഒരു ടിക്കറ്റു വാങ്ങി. ശ്രീനാഥ് വൃഥാ പിന്തിരിപ്പിക്കാൻ നോക്കി. പരാജയപ്പെട്ടു.
-----
ഇരുപതു കോടി അടിച്ചാലുള്ള നികുതിയും മിച്ചത്തിൻ്റെ വീതംവയ്പും നീക്കിവയ്പും അങ്ങനെ കണക്കുകളുടെ മനക്കോട്ട ബാക്കിയുള്ള വഴിയിൽ വിപിൻ വിസ്തരിച്ചു. ടാർ റോഡ് പതിയെ മണ്ണുറോഡായി, പോകെപ്പോകെ അതു കല്ലു റോഡായി. അവസാനം ഒരു പുൽപ്പരപ്പിൽ വന്നു നിന്നു. ഒരു കുന്നിൻമുകൾ അടിച്ചു പരത്തി അതിൽ പടുത്ത രണ്ടു കെട്ടിടങ്ങളും അതിനു മുന്നിലൊരു നീന്തൽക്കുളവും. അതായിരുന്നു ആ വാരാന്ത്യം അടിച്ചുപൊളിക്കാൻ ശ്രീനാഥ് ഏർപ്പാടാക്കിയ റിസോർട്ട്. ഞങ്ങളായിരുന്നു ആകെയുള്ള 'കസ്റ്റമേഴ്സ്'. നടത്തിപ്പുകാരൻ ജോസഫ് ചേട്ടൻ ബഷീറിനെയും എന്നെയും വന്നു പരിചയപ്പെട്ടു. ബാക്കി രണ്ടാളും ഇടയ്ക്കിടയ്ക്കു വന്നു പോകുന്നതാണെന്നു സൂചന കിട്ടി.
ഉച്ചയാകാറായിട്ടും നനുത്ത മഞ്ഞു തങ്ങിനിൽക്കുന്ന അന്തരീക്ഷം. വന്നിറങ്ങിയപ്പോൾ തന്നെ അട്ടയുടെ ആക്രമണം. ചെരുപ്പിലൊക്കെ കട്ടച്ചോര. നനഞ്ഞ പുല്ലിൽ നിന്നും മാറി നടക്കുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു.
ചെന്നപാടെ വിപിനും ശ്രീനാഥും പൂളിൽ ഇറങ്ങി. കുപ്പികളും ഗ്ലാസുകളും അനുസാരികളും കരയിൽ നിരന്നു. വിപിൻ എന്നെയും ബഷീറിനെയും പൂളിലേക്കു ക്ഷണിച്ചു. ഞാൻ കാലുകൊണ്ടു വെള്ളത്തിൻ്റെ താപനില അളന്നു. അന്തരീക്ഷത്തെ വച്ചു നോക്കുമ്പോൾ ഒരിളം ചൂടുണ്ട്. പരിചിതമായ, അസുഖകരമായ ഒരു ചൂട്. ആശുപത്രിയിലെ ബാത്ത്ടബ്ബ്. യൂക്കാലിയുടെ മണം. ഞാൻ കാൽ വലിച്ചു.
വെയിലു മൂത്തു തുടങ്ങിയപ്പോൾ കുന്നിനു ചുറ്റുമുള്ള പുകമഞ്ഞ് പതുക്കെ തിരശ്ശീല പോലെ വകഞ്ഞു മാറിത്തുടങ്ങി. തിരശ്ശീലയ്ക്കു പിന്നിൽ മറ്റൊരു കുന്ന്. അതിനു മുകളിൽ മേഞ്ഞു നടക്കുന്ന കന്നുകാലികൾ. പച്ചനിറം അടിച്ച ഒരു കെട്ടിടം. അതൊരു ശവകുടീരമാണെന്നു ജോസഫുചേട്ടൻ പറഞ്ഞു തന്നു. ഉച്ചഭക്ഷണം കഴിഞ്ഞു നടക്കാൻ പോകുമ്പോൾ അടുത്തു കാണാമെത്രേ. ആൾപ്പൊക്കമുള്ള പുല്ലുകൾക്കിടയിലൂടെ രണ്ടു മൂന്നുപേർ മലയുടെ തുഞ്ചത്തേക്കു കയറുന്നു. ഉച്ചവെയിലേറ്റു മയങ്ങുന്ന ഒരു രാക്ഷസൻ്റെ തലപോലെ ആ കുന്ന്. പേൻപോലെ അരിച്ചുകയറുന്ന ശല്ല്യക്കാർ കാരണം ആ തലയൊന്നു മൊത്തത്തിൽ അനങ്ങിയതുപോലെ. കാറ്റടിച്ചപ്പോൾ തോന്നിയതാകാം.
ഉച്ചഭക്ഷണം പൊടിപൊടിച്ചു. 'കഴിഞ്ഞതവണ മാൻ ഉണ്ടായിരുന്നു' എന്നു ചിക്കൻകാലു ചവച്ചിറക്കുന്നതിനിടയിൽ വിപിൻ ഓർത്തെടുത്തു. 'അതു മാനല്ല സാറെ, കൂരാൻ ആയിരുന്നു.' എന്നു ജോസഫുചേട്ടൻ തിരുത്തി. മാൻ പോലെ ഇരിക്കും, പക്ഷേ ഒരു വലിയ മുയലിൻ്റെ വലിപ്പമേ കാണൂ. മുയലിനെപ്പോലെ അത്ര എളുപ്പം പിടി തരില്ല. ഇറച്ചിയ്ക്കു പക്ഷേ നല്ല ടേസ്റ്റാണെന്നൊക്കെ വിശദീകരിച്ചു. ബഷീറിനും എനിക്കും ജോസഫ്ചേട്ടനും ഓരോ പെഗ് വീതം നീട്ടപ്പെട്ടു. മരുന്നു കഴിക്കാനുണ്ടെന്നു പറഞ്ഞ് ഞാൻ നിരസിച്ചു.
മരുന്നിൻ്റെ കാര്യം പറഞ്ഞപ്പോഴാണ് രാവിലത്തേതു കഴിച്ചില്ല എന്നോർമ്മ വന്നത്. റൂമിലേക്കു ചെന്നു ബാഗിൻ്റെ മുഴച്ചു നിന്ന പുറത്തെ കള്ളി തുറന്നു. ഛെ! അതു വെറും സ്ട്രെപ്സിൽസ് ആയിരുന്നു. ഞാനെടുത്തു വച്ചതായിരുന്നല്ലോ. എല്ലാ അറകളും പരിശോധിച്ചു. ബാഗിലുള്ളതെല്ലാം കട്ടിലിലേക്കു കുടഞ്ഞു. തുണികളൊക്കെ പരതി. അതെല്ലാം വീണ്ടും അകത്തു കയറ്റി. ആ തണുപ്പത്തും നിന്നു വിയർക്കാൻ തുടങ്ങി. മറന്നു പോയതാണോ. എൻ്റെ അന്ധാളിപ്പു കണ്ട് പിന്നിൽ ബഷീർ. ബഷീറിനു പിന്നിൽ ശ്രീനാഥ് - ഫോണിൽ നോക്കുന്നതു പോലെ നിൽപാണ്, പക്ഷേ ശ്രദ്ധ എന്നിൽത്തന്നെ.
"എന്താടാ" എന്ന ബഷീറിൻ്റെ ചോദ്യത്തിന് ഉത്തരം പറയാതെ നടന്നു - ജോസഫു ചേട്ടനും വിപിനും സംസാരിച്ചു നിൽക്കുന്നിടത്തേക്ക്. പുൽപ്പരപ്പ് ഒഴിവാക്കാനായില്ല, അട്ട കയറും ഉറപ്പ്. കാലിപ്പോൾ തന്നെ ചൊറിഞ്ഞുതുടങ്ങിയിട്ടുണ്ട്. പിന്നിൽ നിന്നും ബഷീറിൻ്റെയും ശ്രീനാഥിൻ്റെയും സംഭാഷണം അപ്പോൾ വീശിയ കാറ്റു കൊണ്ടു വന്നു തന്നു.
"ഇവനെ മല കയറാൻ കൊണ്ടുപോണോ?"
"അല്ലാതെ ഇവിടെ നിർത്തീട്ടു പോകുന്നതു സേഫാണോ?"
"നിന്നെ പറഞ്ഞാമതീലോ. തലയ്ക്കു സുഖമില്ലാത്തതിനെയൊക്കെ.."
"പതുക്കെപ്പറ അവൻ കേൾക്കും."
"ഇത്ര ദൂരത്തൂന്നോ. നോ ചാൻസ്"
എന്തായാലും കേൾക്കാനുള്ളതു കേട്ടു. ഇതും ഇതിനപ്പുറവും കേൾക്കേണ്ടിവരും എന്നറിഞ്ഞു കൊണ്ടു തന്നെയാണു വന്നത്.
ജോസഫു ചേട്ടൻ നയിച്ചു. ഞങ്ങൾ പിറകെ നടന്നു. ഇടയ്ക്കിടയ്ക്ക് തണുത്ത കാറ്റ് ജാക്കറ്റിൻ്റെ കഴുത്തു,കൈ കവാടങ്ങളിൽ വന്നു മുട്ടിവിളിച്ചു തോറ്റുപിൻമാറിപ്പോയി. ജാക്കറ്റിൻ്റെ സിപ്പർ കഴുത്തുവരെ എത്തിയിട്ടില്ലേ എന്ന് ഉറപ്പുവരുത്തിക്കൊണ്ടിരുന്നു.
റിസോർട്ടിൻ്റെ ഗേറ്റു കടന്നതും വനംവകുപ്പിൻ്റെ മുന്നറിയിപ്പു ബോർഡുകൾ. 'നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കയ്യിൽ തന്നെയാണ്, സൂക്ഷിച്ചും കണ്ടും നടന്നോളൂ' എന്നു രത്നച്ചുരുക്കം.
പെട്ടെന്നു വഴിയരികിലെ പൊന്തകളിൽ നിന്നും ഒരനക്കം. ചെടികളെ ഉലച്ചുകൊണ്ട് എന്തോ ഓടി വരുന്നതു പോലെ. വിപിനായിരുന്നു പൊന്തകൾക്കടുത്തു നിന്നത്. 'മാറിക്കോ' എന്നു പറയാനാകുന്നതിനു മുൻപേ വിപിനെ തട്ടിയിട്ട് ഒരു രൂപം വഴിയിലേക്കു ചാടി. നാലു കാലിൽ നിന്ന് ചുര മാന്തി. തലയിൽ വളഞ്ഞു കൂർത്ത കൊമ്പുകൾ. അതൊരു കലമാനായിരുന്നു - ഒരാൾപൊക്കം. എന്തോ കണ്ട് വിരണ്ടു വന്നതായിരിക്കണം.
വിപിൻ പിടഞ്ഞെണീക്കാൻ നോക്കുന്നുണ്ടായിരുന്നു - ജോസഫ് ചേട്ടൻ അവനെ സഹായിക്കാനും. നെറ്റിപൊട്ടിയിട്ടുണ്ട്.
ഒരു പട്ടിയുടെ കുര അടുത്തു വരുന്നുണ്ടായിരുന്നു. അതു കേട്ടാവണം മാൻ വീണ്ടും വിപിനടുത്തേക്കു നീങ്ങി. അതിൻ്റെ കൊമ്പുകൊണ്ടൊന്നു വരഞ്ഞാൽ മതി...
എന്നെ എന്താണ് ആവേശിച്ചതെന്നറിയില്ല. ഞാൻ വിപിൻ്റെയും കലമാനിൻ്റെയും ഇടയിൽ ചാടിയതും കയ്യിൽ തടഞ്ഞ ഭാരമുള്ളതെന്തോയെടുത്ത് വീശിയതും ഒന്നിച്ചായിരുന്നു. 'ക്രാക്ക്' എന്നൊരു ശബ്ദംകേട്ടു. കലമാൻ വലിയൊരു ശബ്ദത്തോടെ മറിഞ്ഞു വീണു. ഞാൻ കിതയ്ക്കുന്നതിനിടെ ചുറ്റും സ്തബ്ധരായി നിൽക്കുന്ന ബാക്കിയുള്ളവരെക്കണ്ടു. ഒരു മിന്നായം പോലെ ദൂരെ നിന്നും പാഞ്ഞു വരുന്ന ഒരു കറുത്ത നായേയും അതിനു പിന്നിൽ ഓടിവരുന്ന രണ്ടു മൂന്നു പെൺകുട്ടികളേയും കണ്ടു. എൻ്റെ കാൽക്കൽ ചോരയിറ്റുന്ന നാവു നീട്ടി അതിൻ്റെ അവസാന ശ്വാസമെടുക്കുന്ന മാനിനെ ഒന്നു നോക്കി. എൻ്റെ തൊണ്ടയിൽ നിന്നും ഒരലർച്ച പുറത്തു വന്നു....
"എന്താടാ എന്തു പറ്റി" ബഷീറായിരുന്നു.
ഞാൻ ചുറ്റിനും നോക്കി. ഞങ്ങളിപ്പോഴും റിസോർട്ടിൻ്റെ കോമ്പൗണ്ടിനുള്ളിലാണ്. ഗേറ്റ് ഇനിയും ഒരുപാടു ദൂരെയാണ്. സ്വപ്നം കണ്ടതാണോ?
ശ്രീനാഥ് സംശയത്തോടെ നോക്കുന്നു. എല്ലാ നോട്ടങ്ങളും എന്നിലേക്ക്. ഞാൻ എന്തു പറയണമെന്നറിയാതെ കുഴങ്ങി. എന്നെ രക്ഷപ്പെടുത്താനെന്നവണ്ണം ഫോൺ ബീപ് ചെയ്യുന്നു. ബാറ്ററി തീർന്നിട്ടുണ്ട്.
"അതു പിന്നെ... ഫോൺ ഓഫായിപ്പോയി. മോളിൽ ചെന്നിട്ടു ഫോട്ടോ എടുക്കാൻ..." ഞാൻ പറഞ്ഞൊപ്പിച്ചു.
"ഓ അത്രേയൊള്ളോ.. നീയെൻ്റെ ഫോണെടുത്തോടാ മുത്തേ... " വിപിൻ്റെ ഓഫർ. ബഷീറിൻ്റെ മുഖത്ത് ആശ്വാസം. ശ്രീനാഥ് ഇപ്പോഴും വിശ്വസിച്ചിട്ടില്ല.
ജാള്യത കാരണം ഞാൻ കുറച്ചു മുന്നോട്ടു നടന്നു ജോസഫുചേട്ടൻ്റെ കൂടെക്കൂടി. "ഫോറസ്റ്റുകാരുടെ മുന്നറിയിപ്പുബോർഡൊക്കെ ഉണ്ടല്ലേ. മാനോടുന്ന പ്രദേശമാണെന്നൊക്കെ.." ആ കുശലാന്വേഷണം വേണ്ടെന്നെനിക്കു അപ്പോൾ തോന്നിയില്ല.
"ഉണ്ട് സാറെ. സാറിവിടെ വന്നിട്ടുണ്ടോ നേരത്തെ? നമ്മൾ അങ്ങോട് എത്തുന്നതേയുള്ളൂ. ബോർഡുണ്ടെന്നേയുള്ളൂ. ഞാനിതേവരെ മാനിനെ ഒന്നും കണ്ടിട്ടില്ല. "
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
കുറച്ചു ചെന്നപ്പോഴേക്കും വഴിയരികിൽ ഞാൻ നേരത്തേ സ്വപ്നം കണ്ട അതേ ബോർഡുകളും പൊന്തയും.
------------------
കുന്നു കയറാൻതുടങ്ങി. കയറ്റത്തിൻ്റെ ഏകദേശം പകുതിയെത്തിയപ്പോൾ ദൂരെ നിന്നും കണ്ട പച്ചനിറമുള്ള ആ ശവകുടീരമെത്തി. രാജാവിൻ്റെ കൊട്ടാരം സൂക്ഷിപ്പുകാരൻ്റേതായിരുന്നെത്രേ. അയാളുടെ പേരിലാണ് ഈ സ്ഥലം പോലും അറിയപ്പെടുന്നത് എന്നത് പുതിയ അറിവായിരുന്നു. ഫലകത്തിൽ എഴുതിവയ്ച്ചതു പഴക്കം കൊണ്ടു മാഞ്ഞുപോയെങ്കിലും ജോസഫ്ചേട്ടൻ അച്ചടിഭാഷയിൽ അതെല്ലാം പറഞ്ഞു തന്നു. അൽപമെങ്കിലും അതൊന്നും രസിക്കാതിരുന്നത് ശ്രീനാഥിനു മാത്രമായിരുന്നു.
അങ്ങനെ നടന്നും ഓടിയും കിതച്ചും ഫോട്ടോയെടുത്തും ആളുയരത്തിൽ പുല്ലുവളർന്നയിടത്തെത്തി. രാക്ഷസൻ്റെ മുടി. അവിടെ പുല്ലുവളരാത്ത ചെറിയ പാറകളുള്ള ഭാഗത്ത് രണ്ടു പെൺകുട്ടികൾ വിശ്രമിക്കുന്നുണ്ടായിരുന്നു. പെട്ടെന്നു ഞങ്ങളെക്കണ്ട അന്ധാളിപ്പിലാകണം ആരെയോ പേരുചൊല്ലി വിളിച്ച് അവർ എഴുന്നേറ്റു പോകാനൊരുങ്ങി.
"ഞങ്ങളെക്കണ്ടിട്ടാണോ..? ഈസി ഈസി.. " വിപിൻ അതിലൊരു കുട്ടിയോടു പറഞ്ഞു.
"വരുന്നോ മോളിലേക്ക്" ഒരു മയവുമില്ലാതെ ശ്രീനാഥ് ചോദിച്ചു. 'ഇല്ലെ'ന്ന് തലയാട്ടി രണ്ടാളും താഴേക്കു നടക്കാൻ ശ്രമിച്ചെങ്കിലും അവൻ കൈനീട്ടി വഴിതടഞ്ഞു. രണ്ടു പെൺകുട്ടികളും മുന്നോട്ടുപോകാനാവാതെ കുഴങ്ങി നിന്നു.
"വാന്നേ, ബിയറൊക്കെയുണ്ട്. നമുക്ക് മോളിൽ ചെന്നിട്ടു ചിൽ ആവാം" ശ്രീനാഥ് അടുത്തേക്കു ചെന്നതും ഒരു കുട്ടി കരച്ചിലിൻ്റെ വക്കിലെത്തി.
"സാറേ, വിട്ടേക്ക്" ജോസഫുചേട്ടൻ ഇടപെട്ടു.
അതിനിടയിൽ മുന്നിൽ നിന്നും ഒരു കുര കേട്ടു. ഇടതൂർന്ന പുല്ലുകൾക്കിടയിൽ നിന്നും കറുത്ത ഒരു നായും അതിനു പിന്നാലെ വേറൊരു പെൺകുട്ടിയും. നായ ശ്രീനാഥിനെ നോക്കി മുരണ്ടു. അവൻ പോലുമറിയാതെ അവർക്കു വഴിമാറി നിന്നു കൊടുത്തു. മുന്നിൽ നായും പിറകിൽ ആ മൂന്നു പെൺകുട്ടികളുമായി ആ കൂട്ടം കുന്നിറങ്ങിപ്പോയി. പോകുന്നതിനിടയിൽ അതിലൊരാൾ ഞങ്ങളെ കത്തുന്ന ഒരു നോട്ടം നോക്കി.
"ഇവിടെ അടുത്തൊരു എഞ്ചിനിയറിംഗ് കോളേജുണ്ട്. അവിടത്തെ പിള്ളേരാണ്." ജോസഫുചേട്ടൻ ആരോടെന്നില്ലാതെ പറഞ്ഞു.
സ്വപ്നത്തിൽ കണ്ട നായും പെൺകുട്ടികളും തന്നെയാണോ ഇപ്പോൾ ഞങ്ങളെ കടന്നു പോയത്? മരുന്നു കൊണ്ടു വരേണ്ടതായിരുന്നു.
------
കുന്നിൻ്റെ തുഞ്ചത്തു കയറി ആരോടെന്നില്ലാതെ ആക്രോശിച്ചും സെൽഫികളെടുത്തും ഒന്നിച്ചു നിശബ്ദതയിലാണ്ടും മടുത്തപ്പോൾ തിരിച്ചിറങ്ങി. ഞങ്ങളുടെ താവളമെത്തിയപ്പോഴേക്കും ഇരുട്ടു വീണു തുടങ്ങിയിരുന്നു.
അത്താഴത്തിനു മുൻപ് അടുത്ത റൗണ്ട് കുപ്പികൾ പൊട്ടി. ഞാനൊഴിച്ച് എല്ലാവരും നീന്തൽക്കുളത്തിലിറങ്ങി. എന്നെ തൽക്കാലത്തേക്കു മറന്ന് അവർ അവരുടെ ലോകത്ത് ഒതുങ്ങി.
കോടമഞ്ഞ് തിരിച്ചു വന്നുതുടങ്ങിയിരുന്നു. കുറച്ചു മുൻപ് കയറിയിറങ്ങിയ എതിർവശത്തുള്ള ആ കുന്ന് പതിയേ കാഴ്ചയിൽ നിന്നും മറഞ്ഞു.
ഞാനതും നോക്കി കുറേനേരമിരുന്നു. കാറ്റ് ഒരുപാടു കഷ്ടപ്പെട്ട് മഞ്ഞിൻ തിരശ്ശീലയെ നീക്കും. ചെറിയ നിലവെളിച്ചത്തിൻ്റെ കീറിൽ ആ കുന്നു ദൃശ്യമാകും.വീണ്ടും മറയും. കുന്നിന് ഉറങ്ങുന്ന രാക്ഷസനോടുള്ള സാദൃശ്യമേറി വരുന്നു.
ഇടയ്ക്കെപ്പോഴോ ആ കുന്നു കണ്ണു തുറന്നതുപോലെ. നല്ല ഉറക്കം വരുന്നുണ്ട്, അതായിരിക്കാം. ഞാൻ കണ്ണു ചിമ്മി മിഴിച്ചു. അല്ല അതു കണ്ണു തുറന്നിരിപ്പാണ്, തീക്കണ്ണുകൾ - എന്നെയാണു നോക്കുന്നത്. ആരെങ്കിലും കുന്നുമ്പുറത്തു തീകൂട്ടിയതാണോ. നേരത്തെക്കണ്ടപോലെ സ്വപ്നം ആണോ? സ്വപ്നമല്ല, തോന്നൽ. വിഭ്രാന്തി. അല്ല തോന്നലല്ല. ഞാൻ കണ്ണിറുക്കിയടച്ചു. നീന്തൽക്കുളത്തിലുള്ളവരോട് അങ്ങോടു നോക്കാൻ പറഞ്ഞാലോ. നിലാവൊന്നു മറഞ്ഞെങ്കിൽ. അങ്ങോടു നോക്കാൻ പേടിയാവുന്നു. ഞാൻ വാതിൽപ്പടിയിൽ ഇരുന്നു.
'ഏയ്' ആരോ സംസാരിക്കുന്നു. എൻ്റെ തലയ്ക്കകത്ത്.
'ആരാ?'
'പേടിച്ചോ? കണ്ണുപൂട്ടിയിരിക്കാതെ. ഇതു ഞാൻ തന്നെ'
'ഇല്ല. ഇതു തോന്നലാണ്.' ഞാൻ കാൽമുട്ടുകൾക്കിടയിൽ തലതിരുകി ആ ശബ്ദത്തെ തടയാൻ ശ്രമിച്ചു.
ഇല്ല അതെൻ്റെ തലയോട്ടിയ്ക്കുള്ളിലാണു മുഴങ്ങിയിരുന്നത്. 'അല്ല. തോന്നലല്ല. തനിക്കു മാത്രേ എന്നെക്കാണാൻ പറ്റൂ.'
'പോ'
'ഞാൻ പറയുന്നതു ചെയ്താൽ പോയിത്തരാം.'
'എന്താ വേണ്ടത്?'
'കൂടെയുള്ളവൻമാരുടെ ജീവൻ. അതു തന്നാൽ പൊയ്ക്കോളാം.'
'അയ്യോ... ഇല്ല. നടക്കില്ല. പോ. പൊയ്ക്കോ.'
'ഹഹ. എന്നാ താൻ ഒന്നും ചെയ്യണ്ട. ഇനിയും ഇങ്ങോട്ടു വരവുണ്ടാകുമല്ലോ. ഞാനെടുത്തോളാം. ' പിന്നെ നിശബ്ദത.
.....
ഉണർന്നിരിക്കുകയാണ്. പക്ഷേ കണ്ണു തുറക്കാനാവുന്നില്ല. വല്ലാത്ത ക്ഷീണം. വീണ്ടും സ്വപ്നമോ. എപ്പോഴാണു വന്നു കിടന്നത്? ഓർമ്മയില്ല.
അടുത്തു നിന്നും കൂർക്കംവലി കേൾക്കാം. വിപിനാവണം.മുറിയിൽ ലൈറ്റുണ്ട് കൺപോളകളിൽ വന്നു കുത്തുന്നു. ആരെങ്കിലും കൊണ്ടുവന്നു കിടത്തിയതാണോ? ഞാൻ കുഴപ്പം വല്ലതും ഉണ്ടാക്കിയോ?
കാൽപ്പെരുമാറ്റം.
"ഇവനെപ്പോ വന്നുകിടന്നു. " ശ്രീനാഥിൻ്റെ ശബ്ദം
"ആര് വിപിനോ? അവൻ രണ്ടു റൗണ്ടു കഴിഞ്ഞതും ഫ്ലാറ്റായി. " ബഷീറിൻ്റെ ശബ്ദം.
"വിപിനല്ല. " എന്നെയാണ്.
"ഓഹ്.. അവനു മരുന്നു കഴിക്കാൻ ഉണ്ടാവും. എന്തൊക്കെയോ വലിച്ചുവാരിത്തിന്നുന്നതു കണ്ടു. പിന്നെ ഉറക്കം വരുന്നെന്നും പറഞ്ഞ് ഇറങ്ങി." എപ്പോൾ? അത്താഴം കഴിച്ചതുപോലും ഓർമ്മയില്ല.
"പതുക്കെ സംസാരിക്ക്. അവനെ എണീപ്പിക്കണ്ട.."
"അവൻ മരുന്നു കഴിച്ചാൽ പിന്നെ ഒന്നും അറിയില്ല. നല്ല ഉറക്കമായിരിക്കും. ഇനി ഒരു നാലഞ്ചു മണിക്കൂറ് നോക്കണ്ട"
"എനിക്കൊരു സിഗററ്റു വേണം. നിൻ്റെ കയ്യിലുണ്ടോ."
"തീർന്നല്ലോ. വിപിൻ്റെ ബാഗിൽ കാണും."
"നോക്കി. കണ്ടില്ല. ഇവനെ വിളിച്ചുനോക്കട്ടെ. അളിയാ വിപിനെ.. മൂടിപ്പൊതച്ചു സുഖിച്ചുകെടക്കാതെ വാടേ. അടുത്ത റൗണ്ട് റമ്മി കളിക്കാം." പുതപ്പു മാറ്റുന്ന ശബ്ദം.
"അയ്യോ ഇതെന്താ ഇവൻ്റെ മേത്ത്. ചോര.."
"ഈ മറ്റവൻ ആപ്പിളു ചെത്താൻ കത്തിയും കൊണ്ടു നടന്നപ്പോഴേ ഞാൻ എടുത്തു മാറ്റിയതായിരുന്നു. ചതിച്ചോ? എടാ വിപിനേ എണീക്ക്" കുന്നിൻപുറത്തു വളർന്നു നിന്നിരുന്ന ആപ്പിളുകൾ വിപിൻ പറിച്ചുകൊണ്ടുവന്നതും അതു ചെത്താൻ കത്തി ഏർപ്പാടാക്കിയതും ആ ചുമതല എന്നെ ഏൽപ്പിച്ചതും ഓർമ്മ വന്നു - ആ കത്തി ശ്രീനാഥ് എൻ്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങിയതും. പക്ഷേ എപ്പോൾ?
"വിപിനേ.." ബഷീറിൻ്റെ ശബ്ദത്തിൽ പരിഭ്രമം.
"ഈ പ്രാന്തനെയൊന്നും കൊണ്ടുവരണ്ടാന്നു പറഞ്ഞതാ ഞാൻ.."
വിപിൻ്റെ ഞരക്കം കേട്ടു. ഉണരുന്നു.
"ഹോ ബോധമുണ്ട്. ആശ്വാസം. അളിയാ നിൻ്റെ ദേഹത്തു മുഴുവൻ ചോര."
"അയ്യോ" എന്നു പറഞ്ഞു വിപിൻ ചാടി എഴുന്നേറ്റെന്നു മനസ്സിലായി.
"നാശം. ഇത് അട്ട കടിച്ചതാ. ദേഹം മുഴുവനും ഉണ്ടല്ലോ. നീയാ ബാത്ത്റൂമിൽ ചെന്നു കഴുകി വാ. ഡെറ്റോൾ ഇരിപ്പുണ്ട്. "
താമസിയാതെ ബാത്ത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടു.
"ഞാൻ അങ്ങു വല്ലാതായിപ്പോയി."
"എന്തേ, കുത്തിമലത്തിയെന്നു കരുതിയോ?"
"അല്ല ഇവൻ്റെ കണ്ടീഷൻ…. ശരിക്കും ഇവനെന്താ പറ്റിയേ?" ശ്രീനാഥിൻ്റെ ചോദ്യം.
"ഓഹ്. ആസ് യൂഷ്വൽ വർക് പ്രഷർ. സ്ട്രെസ്സ്. "
"അയ്യേ അതിനാണോ? നമ്മളൊക്കെ ഇതെന്തോരം കണ്ടിരിക്കുന്നു. ഞാനൊക്കെയാണെങ്കി പോട്ട് പുല്ലെന്നു പറഞ്ഞ് ഇറങ്ങിപ്പോരും"
"അതു നമ്മൾ. ഇവൻ അങ്ങനെയാണോ? മാനേജറെ തല്ലാൻ ചെന്നെന്നോ തല്ലിയെന്നോ ഒക്കെ കേട്ടു. ശരിക്കും ഒരു മെൽറ്റ്ഡൗൺ. കമ്പനി തന്നെയാണ് ഇവനെ ട്രീറ്റ്മെൻ്റിനു വിട്ടത്. നാലു മാസം. ഓഫ് ദ ഗ്രിഡ്. "
"നമ്മളു വരുമ്പൊ കണ്ട ആ ഹോസ്പിറ്റൽ..."
"ആ.. അവിടെത്തന്നെ. ഇപ്പൊ ആളൊന്നു നോർമലായിട്ടുണ്ട്. മെഡിക്കേഷനിലാണ് എന്നാലും."
"ഹും. നോർമല്.."
സംഭാഷണത്തിൽ വിപിനും കൂടി പങ്കുചേർന്നപ്പോഴേക്കും എനിക്കു വീണ്ടും ഉറക്കം വന്നു.
--------
നീന്തൽകുളത്തിലെ തിരയിളക്കം കേട്ടാണ് കണ്ണുതുറന്നത്. നേരം വെളുത്തിട്ടില്ല. എല്ലാവരും നല്ല ഉറക്കമാണ്.
വീണ്ടും വെള്ളം ഇളകുന്ന ശബ്ദം. അല്ല എന്തോ വെള്ളം വലിച്ചു കുടിക്കുന്നതു പോലെ. ഒരു ഓട്ടോമാറ്റിക് പമ്പാണ് പൂളിലെ വെള്ളം ഇടയ്ക്കു മാറ്റുന്നതെന്നു പറഞ്ഞു കേട്ടിരുന്നു. അതിൻ്റെ പമ്പ്ഹൗസ് അടുത്തു തന്നെ ഉണ്ടായിരുന്നു താനും. ചിലപ്പോൾ ആ ശബ്ദം ആയിരിക്കും.
തണുത്ത കാറ്റു ചൂളംകുത്തുന്നുണ്ട്. ചില്ലു ജനാലകളെല്ലാം അപ്പുറത്തെന്തെന്നറിയാനാകാത്തവിധം തണുത്തുറഞ്ഞിരിക്കുന്നു. വീണ്ടും വെള്ളം വലിച്ചെടുക്കുന്ന ശബ്ദം. കാൽപ്പെരുമാറ്റം. മനുഷ്യനല്ല. എന്തോ ജീവി.
ശ്വാസമടക്കി കിടന്നു. ഇപ്പോൾ തിരയിളക്കമില്ല. കാൽപ്പെരുമാറ്റം മാത്രം. കനത്ത കാൽവയ്പുകളോടെ ഒരു വലിയ നിഴൽ എനിക്കു മുന്നിലൂടെ ജനാലയ്ക്കപ്പുറത്തുകൂടെ കടന്നുപോയി.
ഞാൻ കണ്ണുമിഴിച്ചു തന്നെ നേരം വെളുപ്പിച്ചു.
---------
"ആനയോ? പോടെ. സ്വപ്നം കണ്ടതായിരിക്കും. ഈ കുന്നിൻമുകളിലാണോ ആന. " ബഷീറിനോടു മാത്രമേ സംഭവം പറയാനാകുമായിരുന്നുള്ളൂ. പക്ഷേ വിചാരിച്ചപോലെതന്നെ അവനതു തട്ടിക്കളഞ്ഞു.
ജോസഫുചേട്ടനും തൻ്റെ പത്തു പന്ത്രണ്ടു കൊല്ലത്തെ അനുഭവജ്ഞാനം കൊണ്ട് എൻ്റെ വാദങ്ങളെ ഖണ്ഡിച്ചു. ഇത്രയും ഉയരത്തിൽ ആന കയറിവരില്ലെന്നും ഇനി അഥവാ അങ്ങനെ വല്ലതും നടന്നിട്ടുണ്ടെങ്കിൽ അതു പമ്പ്ഹൗസിൻ്റെയും കോടയുടേയും ചെയ്തികളാണെന്നും പറഞ്ഞ് എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
-----------
പ്രാതൽ കഴിഞ്ഞ് ചെറിയൊരു ട്രെക്കിംഗ് കൂടി. ഒരു പ്രഭാതനടത്തം. കെട്ടിറങ്ങിയിട്ട് അതുകൂടി വേണമെന്നു വിപിനു നിർബന്ധമായിരുന്നു. തലേന്നു കയറിയ എതിർവശത്തെ കുന്നുതന്നെ.
രാക്ഷസൻ!
തലേന്നത്തെ കാര്യങ്ങളോർത്തപ്പോൾ അറിയാതെ ഒരു ഉൾക്കിടിലം. ഇനിയൊരു മലകയറ്റം വേണ്ടെന്നു എല്ലാവരോടുമായി പറഞ്ഞു നോക്കി. കേൾക്കുന്ന മട്ടില്ല. പിന്നെ കാലുവേദനയാണെന്നു പറഞ്ഞു പ്രതിഷേധിച്ചു നോക്കി. 'ഇന്നലെ പോയ വഴിയല്ല സാറെ. അതിനേക്കാൾ എളുപ്പമുള്ള വഴിയാ. വലിയ കയറ്റമില്ല' എന്നൊക്കെ പറഞ്ഞ് ജോസഫുചേട്ടൻ കൂടി നിർബന്ധിച്ചപ്പോൾ വഴങ്ങി.
----------
തലേന്നു നടന്ന പുൽപ്പരപ്പിലൂടെയല്ല കുന്നുകയറിയത്. ഇത്തവണ മൊത്തം പാറക്കെട്ടുകളായിരുന്നു. ഒരു പാറയിൽ നിന്നും മറ്റൊന്നിലേക്ക് ചാടിയും ചാടാൻ പറ്റാത്തതിൽ അള്ളിപ്പിടിച്ചു കയറിയും കുന്നിൻ്റെ മുകൾഭാഗമെത്താറായി. കാറ്റത്തു മുടിയിഴകളാടി രാക്ഷസൻ്റെ തല.
അങ്ങോട്ടു നോക്കാൻ ശക്തിയില്ലാഞ്ഞ് തിരിഞ്ഞു നോക്കി - കയറിവന്ന വഴിയേ. ബാക്കി മൂന്നാളും കയറി വരുന്നതേയുള്ളൂ. പരിചയസമ്പന്നനായ ജോസഫുചേട്ടൻ എൻ്റെ അടുത്തു നിന്നു കിതയ്ക്കുന്നുണ്ട്. എളുപ്പവഴിയാണു പോലും.
അടിവാരം തെളിഞ്ഞു കാണാം. അപ്പുറത്തെ മലയിലൂടെ വെട്ടിയ റോഡിൽ നിറയെ വണ്ടികൾ. അവ ഉറുമ്പരിക്കുന്നതു പോലെ കയറ്റം കയറുന്നു.
കുറച്ചപ്പുറത്തുള്ള പാറക്കെട്ടുകൾക്കിടയിൽ എന്തൊക്കെയൊ തുള്ളിച്ചാടുന്നത് അപ്പോഴാണു ശ്രദ്ധിച്ചത്. മുയലാണെന്നാണ് ആദ്യം കരുതിയത്. അല്ല അതു ചെറിയ മാനുകളായിരുന്നു. മുയലിനോളം വലിപ്പമുള്ള മാനുകളോ? വീണ്ടും മായക്കാഴ്ച്ചകളോ? സ്വപ്നമാണോ? ഞാൻ ഇപ്പോഴും ഉറക്കമാണോ. ജോസഫു ചേട്ടൻ കാണാതെ കൈവിരലെടുത്തു കടിക്കാൻ ഒരുങ്ങിയതാണ് - ഉണരാൻ.
"കൂരാനാണു സാറേ"
"എന്താ?"
"ഞാനിന്നലെ പറഞ്ഞില്ലേ കൂരാൻ. നല്ല കിടിലൻ ഇറച്ചിയാ." ഞാൻ ഇല്ലെന്നു കരുതിയ, തുള്ളിച്ചാടുന്ന ചെറിയ മാനുകളുടെ കൂട്ടത്തിലേക്കു ചൂണ്ടി ജോസഫുചേട്ടൻ പറഞ്ഞു.
അപ്പോഴേക്കും മൂവർ സംഘവും ഒപ്പമെത്തി. കൂരാൻകൂട്ടത്തിൻ്റെ ചിത്രങ്ങൾ വിപിൻ തുരുതുരാ പകർത്തി.
------
രാക്ഷസൻ്റെ തലമുടിനാരുകൾക്കിടയിലൂടെ ഞങ്ങൾ നടന്നു. വല്ലാത്ത അസ്വസ്ഥത. ജോസഫുചേട്ടൻ ആ പാറക്കെട്ടുകളുടെ പ്രത്യേകതയെപ്പറ്റി പ്രസംഗിച്ചു കൊണ്ടിരുന്നതൊന്നും തലയിൽ കയറിയില്ല. ഒരു കാറ്റു കൂടി കടന്നുപോയി. ജാക്കറ്റിൻ്റെ കഴുത്തു തുറന്നു കിടന്നിരുന്നു. ഉള്ളു തരിച്ചുപോയി.
ചവിട്ടി നിന്ന മണ്ണ് ഒന്നിളകിയോ? ഇല്ല, തോന്നലാണ്.
'ഞാൻ പറഞ്ഞില്ലേ, നമ്മൾ വീണ്ടും കാണുമെന്ന്..' തലയ്ക്കുള്ളിൽ വീണ്ടും ആ ശബ്ദം.
ഞാൻ ചുറ്റിനും നോക്കി. എല്ലാവരും കലപിലാ സംസാരത്തിലാണ്.
'ഞാൻ പറഞ്ഞില്ലേ, നിൻ്റെ കൂട്ടുകാരെയെല്ലാം ഞാൻ കൊണ്ടുപോകുമെന്ന്.. ദാ എല്ലാരെയും ഒന്നു കൂടി കണ്ടോളൂ.' ആ ശബ്ദം വീണ്ടും.
ശ്രീനാഥ്. വിപിൻ. ബഷീർ. അവരെന്തൊക്കെയോ പറഞ്ഞു വലിയ ചിരിയിലാണ്.
ശ്രീനാഥ് ആകെ ചിരിച്ചു മറിഞ്ഞ് പിറകിലെ പുൽപ്പടർപ്പിലേക്കു ചാഞ്ഞതും ജോസഫ് ചേട്ടൻ എന്തോ വിളിച്ചു പറഞ്ഞു കൊണ്ട് അയാളെ തടയാൻ ശ്രമിക്കുന്നതും കണ്ടു.
'ദാ കണ്ടോ. ഒരാളെ ഞാൻ ജീവനോടെ വിഴുങ്ങാൻ പോകുന്നു. '
ഇല്ല, ഞാനുള്ളപ്പോൾ അതിനു സമ്മതിക്കില്ല. ഇനി ഇതും ഒരു തോന്നലായാലും അല്ലെങ്കിലും.
---------
"അല്ലേലും അങ്ങനെയൊരു കിണറ്. അതും അവിടെ. ആരെങ്കിലും വിചാരിക്കുവോ?" വിപിൻ
"ഞാൻ നേരത്തേ പറഞ്ഞതല്ലേ സാറേ ഈ വഴി അൽപം റിസ്കാന്ന്.. ഇങ്ങനെ രണ്ടു മൂന്നു പൊട്ടക്കിണറുണ്ട്, ഈ കയറ്റത്ത്. ഈ പുല്ലിങ്ങനെ വളർന്നുനിക്കണ കാരണം ആരും ശ്രദ്ധിക്കില്ല. " ജോസഫുചേട്ടൻ വിശദീകരിച്ചു. അങ്ങനെയൊരു 'റിസ്കു'ള്ള കാര്യം അങ്ങേരു പറഞ്ഞതായി എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാനായില്ല.
ശ്രീനാഥ് നിലത്തു കുമ്പിട്ടിരിപ്പാണ്. കയ്യിലും കാലിലും ചെറിയ പോറലുണ്ടെന്നതൊഴിച്ചാൽ കാര്യമായ പരിക്കൊന്നുമില്ല. പക്ഷേ ആളു ശരിക്കും വിരണ്ടിട്ടുണ്ട്. ബഷീർ അവൻ്റെ അടുത്തു തന്നെ നിൽപ്പുണ്ട്.
"എന്നാലും സാറിൻ്റെ ധൈര്യം സമ്മതിക്കണം. കൂട്ടുകാരനെ രക്ഷിക്കാൻ അങ്ങെടുത്തു ചാടുവല്ലായിരുന്നോ കിണറ്റിലോട്ട്. " ജോസഫുചേട്ടൻ്റെ വാക്കുകളിൽ എന്നോടുള്ള മതിപ്പ്. ശ്രീനാഥിൻ്റെ കണ്ണുകളിൽ ജീവൻ രക്ഷിച്ചതിനുള്ള നന്ദി.
ശ്രീനാഥിനെ വലിച്ചുകയറ്റുന്നതിനിടെ പിടുത്തം കിട്ടിയ മുരിക്കു പോലുള്ള ആ മരത്തിൽ നിന്നും എൻ്റെ കയ്യിൽ തറച്ച വലിയ മുള്ളുകൾ പിഴുതു മാറ്റാൻ ജോസഫുചേട്ടനും കൂടി.
"സാറേ, പോകുന്നതു വരെ കൂട്ടുകാരുടെ മേലെ ഒരു കണ്ണുവേണെ. സാറാകുമ്പോ വിശ്വസിച്ചേൽപ്പിക്കാം. ഇപ്പോത്തന്നെ സാറില്ലാരുന്നെങ്കിൽ എന്തായേനെ?" അയാൾ മറ്റുള്ളവർ കേൾക്കാതെ എൻ്റെ ചെവിയിലോതി.
--------
അങ്ങനെ ട്രിപ്പ് അവസാനിച്ചു.
ഉച്ചയൂണും കഴിഞ്ഞ് ഇറങ്ങാൻ നേരം മൂന്നു നാലു പാക്കറ്റ് ചായപ്പൊടിയുമായി ജോസഫുചേട്ടൻ എത്തി. വാടകയും ചേട്ടനുള്ള നല്ലൊരു ടിപ്പും കൊടുത്തു വണ്ടിയിൽ കയറുമ്പോഴാണ് ചേട്ടനതു പറയുന്നത്. "സാറു പറഞ്ഞതു ശരിയാ.. പുലർച്ചെ ആന കയറിയിറങ്ങിട്ടുണ്ട്. പമ്പ്ഹൗസിനപ്പുറത്ത് പിണ്ടം കിടപ്പുണ്ടായിരുന്നു."
--------
മലയിറങ്ങുമ്പോൾ ആരുമൊന്നും മിണ്ടുന്നില്ലായിരുന്നു. ശ്രീനാഥും ഞാനും പിൻസീറ്റിലായിരുന്നു. എന്നോടുള്ള അകൽച്ച ഒരൽപം വിട്ടൊഴിഞ്ഞ മട്ടായിരുന്നു.
ഇറക്കങ്ങൾ. ഒരോ ഇറക്കത്തിലും എടുത്ത തീരുമാനത്തിന് ഉറപ്പു കൂടിവന്നു.
എനിക്കു പരിചിതമായ ഒരു വളവെത്താറായപ്പോൾ വണ്ടിയോടിച്ചിരുന്ന ബഷീറിനോടു പറഞ്ഞു "ഞാൻ ഇവിടെയിറങ്ങും. ഇവിടുത്തെ അച്ചനെ കാണാനുണ്ട്. അതു കഴിഞ്ഞു ബസിനു പൊയ്ക്കോളാം." അതൊരു നുണയായിരുന്നു.
മാലാഖമാർ കാവൽനിൽക്കുന്ന കമാനത്തിനു മുൻപിൽ വണ്ടി നിന്നു. എല്ലാവരോടുമായി യാത്രപറഞ്ഞു.
വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ ശ്രീനാഥ് ചോദിച്ചു "ഞങ്ങളു വരണോ?"
ഞാൻ ഒന്നു ചിരിക്കുക മാത്രം ചെയ്തു. ഇരുവശത്തും ബുഷ് വച്ചു പിടിപ്പിച്ച ചരൽ പാകിയ വഴിയിലൂടെ നടന്നു. എസ് യു വി ഞാൻ കാണാമറയത്താകുന്നതുവരെ കാത്തു കിടന്നു കാണും. അല്ലെങ്കിൽ സമയം പാഴാക്കാതെ അപ്പോൾ തന്നെ പോയിക്കാണും. എന്തെങ്കിലുമാകട്ടെ.
ചരൽവഴി പിരിയുന്നിടത്തു ഞാൻ നിന്നു. 'അഡ്മിഷൻ, ബ്ലോക്ക് സി' എന്നെഴുതി അമ്പടയാളമിട്ട ഭാഗത്തേക്കു തിരിഞ്ഞു.