Skip to main content
Srishti-2022   >>  Short Story - Malayalam   >>  അമ്മയറിയാതെ

Hridya KT

UST Global

അമ്മയറിയാതെ

ഉത്സവത്തിന് ഏഴ് തിരിയിട്ട് കത്തിച്ച വിളക്കിനെക്കാൾ ശ്രീത്തം വിളങ്ങുന്ന ആ മുഖം എല്ലാവരും കൊതിയോടെ ആണ് നോക്കാറ്... തറവാട്ടമ്മ...90 കഴിഞ്ഞെങ്കിലും ശ്രീലകത്തെ ഭഗവതി തോറ്റു പോവുന്ന സൗന്ദര്യം... ആ ശോഭ കൂട്ടുന്നത് ജന്മനാ കിട്ടിയ സൗന്ദര്യം മാത്രമല്ല,ഒരു കാലത്ത് അവർ അനുഭവിച്ച ത്യാഗത്തിന്റെയും, കഷ്ടതങ്ങളുടെയും പുണ്യം... അനുഭവത്തിലൂടെ ആർജിച്ച അറിവ്...

 

 മക്കളെല്ലാവരും എന്നും അവരോടൊപ്പം ജീവിച്ചു.... ദേവിയെപ്പോലെ ആരാധിച്ചു.... സ്വന്തം ജീവിതം മക്കൾക്കു വേണ്ടി കഷ്ടപ്പെട്ട അവരെ എങ്ങനെ നോക്കിയാൽ മതിയാവും....!!!

 

എല്ലാവർക്കും കണ്ണിലുണ്ണിയാണെങ്കിലും ഇളയ മകൻ കേശവനുണ്ണിക്ക് അമ്മയോട് ഇഷ്ടക്കൂടുതലായിരുന്നു.... അവൻ എപ്പോളും പറയും "അമ്മ എന്റെയാ ". കേശവനുണ്ണിക്ക് വണ്ടി ഒരു ഭ്രമം ആയിരുന്നു... ജോലിചെയ്യുന്ന കാശു കൂട്ടി വെച്ച് വണ്ടി വാങ്ങണം എന്നവൻ സ്വപ്നo കണ്ടു... എന്നിട്ട് വേണം അമ്മയെയും കൊണ്ട് ഗുരുവായൂർ പോവാൻ....

 

ഇടയ്ക്കാണ് അമ്മയ്ക്ക് ചിത്ത ഭ്രമം തുടങ്ങിയത്.. രാത്രി മുഴുവൻ ഉറക്കമില്ലാതെ ഉച്ചത്തിൽ നിലവിളികൾ.... ഇഷ്ടപ്പെട്ടു ഓരത്തു കൂടിയാവരെല്ലാം ഓരോന്നായി അകലം വെച്ചു... എല്ലാവർക്കും മടുത്തു.... നാട്ടുകാർക്കും മതിയായി...

 

"കേശവനുണ്ണി.. ഞങ്ങളെല്ലാം കുടുംബമായിട്ട് ജീവിക്കുന്നവരാണ്... നീ ഇവരെയും കൊണ്ട് എവിടെക്കെങ്കിലും പോവൂ... കുട്ടികളൊക്കെ പേടിച്ചു കരയുന്നു... " മൂത്ത ചേട്ടനാണത് പറഞ്ഞത്. "ഞാൻ ഒറ്റയ്ക്കു എന്ത് ചെയ്യാനാണ് ചേട്ടാ " കേശവനുണ്ണിക്ക് ഒന്നും മനസ്സുലായില്ല..

നീയല്ലേ പറയാറ് "അമ്മ നിന്റെയാണെന്ന് "?

 

കേശവനുണ്ണി അവസാനം കാത്തു വെച്ച കാശിനു ആഗ്രഹിച്ച വണ്ടി വാങ്ങി. അമ്മയെയും കൊണ്ട് ഗുരുവായൂർ ക്ക് യാത്ര പുറപ്പെട്ടു... ഇടയ്ക്ക് നിറ കണ്ണുകളോടെ അമ്മയെ നോക്കി. ഇരുട്ടിന്റെ മറവിൽ ഒളിച്ച ഓർമകളിൽ എവിടെയോ നോക്കി അവർ ഇപ്പോളും എന്തെല്ലാമോ സംസാരിക്കുന്നുണ്ടായിരുന്നു...

 

അവൻ അമ്മയോട് അവസാനമായി പറഞ്ഞു "അമ്മേ നമുക്ക് നമ്മൾ മാത്രമേ ഉള്ളു... നമ്മളത് തിരിച്ചറിയാൻ വൈകി എന്നെ യുള്ളൂ... സമാധാനമായി ജീവിക്കാൻ നമ്മളെ ആരും സമ്മതിക്കില്ല.... നല്ല കാലത്ത് വാഴ്ത്തി പാടിയവരെല്ലാം എന്റെ അമ്മയെ പരിഹസിക്കുന്നു.. അടുത്തു വരുമ്പോൾ അറയ്ക്കുന്നു.. ഇതൊന്നും എനിക്ക് താങ്ങാനാവില്ല അമ്മേ....ഞാനീ ജീവിതത്തിൽ ഒന്നേ ആഗ്രഹിച്ചുള്ളൂ.. അത് നടന്നു... നമ്മളോടെ തീരട്ടെ എല്ലാം "

 

എതിരെ വന്നൊരു ലോറിയിലേക്ക് കാർ തെന്നി നീങ്ങി... അപ്പോളും പുറം ലോകത്തിന്റെ പ്രഹസനങ്ങൾ അറിയാതെ, ഒരു കാലഘട്ടത്തിന്റെ മുഴുവൻ വിയർപ്പും തോളിലേറ്റി ആ അമ്മ നിഷ്കളങ്കമായി പുഞ്ചിരി ക്കുന്നുണ്ടായിരുന്നു.. ചെയ്തു കൂട്ടിയ പുണ്യമെല്ലാം കേശവനുണ്ണി യിലൂടെ അവർക്കു തിരിച്ചു കിട്ടുന്നുണ്ടായിരുന്നു...

Srishti-2022   >>  Short Story - Malayalam   >>  ഭ്രാന്തി

Jayakrishnan M

UST Global

ഭ്രാന്തി

സമയം രാവിലെ ഒന്പതുമണിയായിട്ടുണ്ടാവും സാരിയുടെ കോന്തലകൊണ്ടു തലമൂടിയ ഒരു സ്ത്രീയാണ് കണ്ണൂർ സബ്ജയിലിന്റെ മുന്നിൽ റെജിസ്റ്ററിൽ പേര് എഴുതുന്നത്. അഞ്ജന വർമയെ കാണാനാണ് വന്നിരിക്കുന്നത്. ജയിൽ നമ്പർ 9 തടവുപുള്ളിയെ വിളിക്കാനായി രാജമ്മ മാഡത്തെ ഏർപ്പാടാക്കിയിട്ടുണ്ട് . അഞ്ജന വിസിറ്റിംഗ് റൂമിൽ എത്തിയിട്ടുണ്ട് . അഞ്ജനയുടെ അമ്മയാണ് വന്നിരിക്കുന്നത്. കുറെ സമയം തന്റെ മകളെ തന്നെ നോക്കി നിന്നിട്ടു അവർ തിരിഞ്ഞു നടന്നു. കണ്ണിലെ കണ്ണുനീരൊക്കെ വറ്റിപ്പോയിട്ടുണ്ടാവണം. ഒരു തുള്ളി പോലും കാണാനില്ല. കരഞ്ഞു മടുത്ത കണ്ണ് , വിളറിവെളുത്ത മുഖം. അഞ്ജനയും തന്റെ നിർവികാരമായ മുഖഭാവത്തിൽ തന്റെ സെൽ ലക്ഷ്യമാക്കി തിരിച്ചു നടക്കുകയാണ്. ജയിലിനോട് തൊട്ടടുത്തായി ഒരു കാവ് ഉണ്ട് , ചിലദിവസങ്ങളിൽ അവിടെ തെയ്യം തുള്ളൽ ഉണ്ടാവാറുണ്ട്. അതിന്റെ കാലിലെ തളയുടെ ശബ്ദവും ചിലപ്പോഴൊക്ക അഞ്ജനയെ അസ്വസ്ഥയാക്കാറുമുണ്ട്. ഇന്ന് ജയിലിൽ സ്ത്രീ സുരക്ഷാ കാമ്മീഷന്റെ നേതൃത്വത്തിൽ കലാപരിപാടികളും മറ്റുമായിരുന്നു. എല്ലാം കഴിഞ്ഞു സഹതടവുകാരോക്കെ മയക്കത്തിലേക്ക് നീങ്ങിയപ്പോഴും ഇന്ന് കോലം തുള്ളൽ ഇല്ലായിരുന്നിട്ടു കൂടി അവൾക്കു ഉറങ്ങാൻ കഴിയുന്നില്ല. വിദൂരതയിൽ ജയിലിന്റെ വലിയ മതിലിനോട് ചേർന്നു സ്ട്രീറ്റ്‌ലൈറ്റിൽ ഈയാംപാറ്റകൾ വട്ടമിട്ടു പറക്കുന്നുണ്ട്. ചെവിയോർത്താൽ ഒരു കുഞ്ഞിറ്റിന്റെ കരച്ചിൽ കേൾക്കാം. വിശന്നിട്ടു കരയുന്നതാണെന്നു ഉറപ്പാണ്. ജയിലിലേക്ക് അവളെ കൊണ്ടുവന്നപ്പോൾ തന്നെ ജയിലിന്റെ മതിലിനോട് ചേർന്ന ഒരു കുടിലിൽ ഒരു ഭ്രാന്തിയെ അവൾ കണ്ടിരുന്നു. അവൾക്കു ആരോ സമ്മാനിച്ച കുട്ടി ആയിരിക്കാം, വിശന്നു കരയുന്നുണ്ടാകുക. മൂന്നു വർഷമായി അഞ്ജനയുടെ അച്ഛനും അമ്മയും പിരിഞ്ഞു താമസിക്കുന്നവരാണ്. എന്താണ് കാരണം എന്ന് അവൾക്കു ഇപ്പോഴും അറിയില്ല . വളരെ സന്തോഷമായി കഴിഞ്ഞവർ എന്തിനാണ് പെട്ടെന്ന് പിണങ്ങിയത് എന്ന് അവൾ അവളോട്‌ തന്നെ പലപ്പോഴും ചോദിച്ചുകൊണ്ടിരുന്നു. അമ്മയോട് ചോദിച്ചാൽ കരച്ചിൽ അല്ലാതെ ഒന്നും ഉണ്ടാക്കാവില്ല എന്നവൾക്കറിയാം . അതുകൊണ്ടു ചോദിക്കുകയും ഇല്ല . വിശിഷദിവസങ്ങളായ പിറന്നാൾ, ഓണം, വിഷു ഒക്കെ വരുംപോൾ അവളും അനിയനും അച്ഛനെ കാണാൻ പോകാറുണ്ട്. അച്ഛൻ ഇപ്പോഴും താമസിക്കുന്നത് വൃദ്ധസദനം എന്ന് വിളിക്കാവുന്ന ഒരു സ്ഥലത്താണ്. പെൻഷൻ ഉള്ളതുകൊണ്ട് അച്ഛന് അതിനുള്ള വക കണ്ടെത്താൻ പ്രയാസവുമില്ല. ഞങ്ങളുടെ ചെലവ് നടത്താനുള്ള പൈസ ഇപ്പോഴും അച്ഛൻ തരാറുണ്ട്. അമ്മയും ഗവണ്മെന്റ് പ്രെസ്സിൽ പ്രൂഫ് റീഡർ ആണ്. ഇതുകൊണ്ടൊക്കെ ജീവിതത്തിൽ ഒരു പ്രയാസവും അനുഭവിക്കാതെയാണ് അവൾ വളർന്നത്. വളരെ സന്തോഷകരമായ ജീവിതം. അന്ന് കൊണ്ടോട്ടി പാലത്തിന്റെ അടുത്തുള്ള ഗവണ്മെന്റ് മലയാളം മീഡിയം സ്കൂളിൽ ആണ് അവളും അവളുടെ അനിയൻ അജിത്തും പഠിച്ചിരുന്നത്. എട്ടാം ക്ലാസ്സിലാണ് അഞ്ജന പഠിക്കുന്നത് അനിയൻ നാലാം ക്ലാസ്സ്‌സിലും. മിക്കവാറും വീട്ടിൽ പുട്ടും കടലയും അല്ലെങ്കിൽ പുട്ടും പഴവും ആയിരിക്കും. അന്നും പതിവുപോലെ അവൾ സ്കൂളിലേക്ക് പോയി. സ്കൂളിലേക്കുള്ള നടത്തത്തിൽ അനിയനും അവളും ഒരുപാട് സംസാരിച്ചുകൊണ്ടാണ് പോകുന്നത്. എന്താണെന്നറിയില്ല അവൾക്കു ഇന്ന് അനിയനോട് സംസാരിക്കാനോ,, എന്തിനു സ്കൂളിൽ പോകാൻ പോലും മടി. സ്കൂളിലെത്തി ഡെസ്കിൽ മുഖം പൊത്തി അവൾ കിടന്നു. പ്രാർത്ഥനക്കായി ഫസ്റ്റ് ബെൽ അടിച്ചപ്പോഴാണ് തൊട്ടുപുറകിൽ ഇരിക്കുന്ന കൂട്ടുകാരി അവളുടെ വെളുത്ത ചുരിദാറിലെ ചുവന്ന കറ കണ്ട് അവളെ അറിയിച്ചത്. അമ്മയുടെ തിരക്കുകൊണ്ടാവണം ഇതിനെ കുറിച്ചൊന്നും അവൾക്കറിയില്ലായിരുന്നു. സ്കൂളിലെ ടീച്ചർ അവളെയും അനിയനെയും കൊണ്ട് വീട്ടിൽ വന്നു അമ്മയെ കാര്യം ധരിപ്പിച്ചു. ഇത്രയും നാൾ അവളും, അനിയനും, അമ്മയും മാത്രമാണ് അവിടെ ഉണ്ടായിരുന്നത് . പക്ഷെ അവളിലേക്ക്‌ ഹോർമോൺ എന്നൊരു പുതിയ ആൾ കൂടി എത്തിയ വിവരം പതിയെ അവൾ മനസിലാക്കി. കുട്ടിയിൽ നിന്നും ഒരു സ്ത്രീയിലേക്കു ഉള്ള മാറ്റം ഉൾകൊള്ളാൻ കഴിയാവുന്നതിനും അപ്പുറമായിരുന്നു. നമ്മുടെ എല്ലാം ജീവിതത്തിൽ ഒരു കുഞ്ഞു സ്ലിപ് ഉണ്ടാവാറുണ്ട് . ഒരു നിമിഷത്തേക്കെങ്കിലും. അതുപോലെ അവൾക്കും ഉണ്ടായി. നമ്മളാരും ആഗ്രഹിച്ചിട്ടല്ല തെറ്റിവീഴുന്നത് . പക്ഷെ അതിന്റെ അനന്തരഫലം അതി രൂക്ഷമായിരിക്കും. പ്രത്യേകിച്ചും സ്ലിപ് ഉണ്ടാവുന്നത് മനസിനാണെങ്കിൽ വളരെ പ്രയാസകരം ആയിരിക്കും. എല്ലാ മാസവും ഈ ദിവസങ്ങളിൽ അവൾക്കു നല്ല രീതിയിൽ മൂഡ്‌സ്വിങ് ഉണ്ടാകാൻ തുടങ്ങി. അപ്പോഴൊക്കെ വലിയ ശബ്ദങ്ങൾ , രൂക്ഷഗന്ധങ്ങൾ ഇവയൊക്കെ അവളെ ഭ്രാന്തിക്ക് സമമാക്കി. അമ്മയാണെങ്കിൽ അതിനെ വലിയ കാര്യമാക്കി എടുത്തിട്ടുമില്ല. അവളോട്‌ കയർത്തു പറയാറുണ്ട് ഞങൾ പെണ്ണുങ്ങൾക്കെല്ലാം ഇതൊക്കെ ഉള്ളതാണ് നിനക്ക് മാത്രം എന്താണ് ഇത്ര അഹങ്കാരം എന്നൊക്കെ. മാസത്തിൽ അഞ്ചു ദിവസങ്ങളിൽ അവൾ സ്ഥിരമായി സ്കൂളിൽ വരാതെയായി, വരാൻ പറ്റാതെയായി എന്ന് വേണം കരുതാൻ. നമ്മുടെ നാട്ടിലെ പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും ഇതൊക്കെ ഇപ്പോഴും നാണക്കേടല്ലേ, മറ്റുള്ളവരുടെ അടുത്ത് പറയാനും അതിന്റെ സൊല്യൂഷൻ കണ്ടെത്താനും. ആ അമ്മയും വിശ്വസിച്ചു, ഒരു കല്യാണവും കുഞ്ഞും കുടുംബവും ഒക്കെയാകുംപോൾ ഇതൊക്കെ അങ്ങ് മാറുമെന്ന്. നമ്മുടെ നാട്ട്ടിൽ എല്ലാത്തിനും ഉള്ള സൊല്യൂഷൻ ആണല്ലോ കല്യാണം. അങ്ങനെ ഈ അമ്മയും കാത്തിരുന്നു മോൾക്ക്‌ പതിനെട്ടു വയസ്സാകാൻ. അവൾ പഠിക്കാൻ മിടുക്കിയായിരുന്നു . പത്താം ക്ലാസ് ഫുൾ A+ കൂടി പാസ്സായി , അവിടെ തന്നെയുള്ള +2 ക്ലാസ്സിൽ അഡ്മിഷനും കിട്ടി. പക്ഷെ മുൻപേ പറഞ്ഞ സ്ലിപ് ഇപ്പോഴും നല്ല രീതിയിൽ ഉണ്ട്. ആ സമയങ്ങളിൽ അമ്മയ്ക്കും അനിയനും അവളുടെ അടുത്ത് പോകാൻ കൂടി ഭയമാണ് . അമ്മയും അനിയനും ഒക്കെ ശബ്ദം കുറച്ചു സംസാരിക്കാൻ പഠിച്ചു . വലിയശബ്ദങ്ങൾ ഉണ്ടായാൽ അത് ഒഴിവാക്കാൻ അവർ കഠിനമായി പരിശ്രമിക്കാനും തുടങ്ങി. എലിയെ കൊല്ലാൻ ഇല്ലം ചുടുന്ന ഒരു അവസ്ഥ. നാട്ടുകാരൊക്കെ അവരുടെ ശത്രുക്കൾ ആയി . അവർക്കു അവരുടെ കാറിന്റെ ഹോൺ മുഴക്കനോ അവരുടെ കുട്ടികൾക്ക് ഉറക്കെ ഒന്ന് കരയാനോ പറ്റാത്ത അവസ്ഥ . അടിയന്ദിരവസഥ കാലത്തെ പോലെയുള്ള നിയമം നടപ്പിലാക്കാനുള്ള ഒരു നെട്ടോട്ടം. നാട്ടിലൊക്കെ അവരെ എല്ലാവരും ഇന്ദിരാഗാന്ധി എന്ന് വിളിക്കാൻ തുടങ്ങി. പതിയെ പതിയെ അവളുടെ പഠിത്തത്തെയും ഇത്തരം പ്രശനങ്ങൾ ബാധിക്കാൻ തുടങ്ങി. +2 ജയിക്കാൻ അവൾക്കു കഴിഞ്ഞില്ല. അപ്പോഴും അമ്മക്ക് കല്യാണം എന്നൊരു സൊല്യൂഷൻ ഉള്ളതുകൊണ്ട് മുന്നോട്ടുപോയി. ഡിഗ്രി ഒന്നും ചെയ്യാൻ നിന്നില്ല , വീട്ടുജോലിയൊക്കെ നന്നായി അവളെ പഠിപ്പിച്ചു. അങ്ങനെ അമ്മയുടെ മനസിലുള്ള ഒരു പെൺകുട്ടിയായി അവൾ മുന്നോട്ടുപോയി. ഇന്ന് അവളുടെ കല്യാണമാണ്, അമ്മയുടെ കണ്ണിൽ അവളുടെ എല്ലാ പ്രശനങ്ങളും മാറുന്ന ദിവസം. അച്ഛനും വന്നിട്ടുണ്ട് . താമസം പക്ഷെ അച്ഛന്റെ അനിയന്റെ വീട്ടിൽ ആണ്. എണ്ണൂറു ആൾക്കാരെങ്കിലും ഉണ്ടാവണം കല്യാണത്തിന്. കൊടുത്ത നൂറു പവനും എല്ലാവരും കാണുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ 'അമ്മ ഇടക്കിടെ മാലയൊക്കെ ഓർഡറിൽ ഇടുന്നുണ്ട്. പയ്യൻ PWD ഓഫീസിലെ ജീവനക്കാരൻ ആണ്. എല്ലാം ഭംഗിയായി നടന്നതിന്റെ സന്തോഷത്തിൽ 'അമ്മ ഒരു ചെറു കണ്ണീരോടെ മകളെ യാത്രയാക്കി. അങ്ങനെ പതിയെ പതിയെ ഒരു നല്ല കുടുംബിനിയായി അവളുടെ യാത്ര തുടങ്ങി.
Srishti-2022   >>  Short Story - Malayalam   >>  ലേഡീസ് ഒൺലി അഥവാ നോക്കുകുത്തി...

ലേഡീസ് ഒൺലി അഥവാ നോക്കുകുത്തി...

ലേഡീസ് ഒൺലി അഥവാ നോക്കുകുത്തി...

അങ്ങു കിഴക്കൻ ചക്രവാളത്തിൽ സൂര്യന്റെ പൊൻകിരണങ്ങൾ... ഹൊ ഇത്രയും എഴുതിപിടിപ്പിക്കാൻ എന്തൊരു കഴ്ട്ടമാ , തലപുകയുന്നു ഇങ്ങനെയുള്ള കലാസൃഷ്ടിയെ നമിക്കണം. അയ്യോ ടൈം പോകുന്നു ഇന്ന് നേരത്തെ എത്തേണ്ടതാണ് , ക്ലയന്റ് വിസിറ് അല്ലെ ലേറ്റ് ആയാൽ പണി പാലും വെള്ളത്തിൽ കിട്ടും. ലീവ് എടുക്കണമെന്നുണ്ട് പക്ഷെ പറ്റില്ലല്ലോ.!

 അടിവയറ്റിൽ  എന്തൊരു വേദനയാ, എല്ലാ മാസവും ഉള്ളതല്ലേ എന്ന് സമാധാനിക്കാം , പക്ഷെ വേദന വേദന തന്നെയാ , ആരോടെങ്കിലും പറഞ്ഞു ആശ്വസിക്കാം എന്ന് വച്ചാൽ ഒരു പുഛം കലർന്ന ഭാവത്തിൽ ഇതൊക്കെ സാധാരണയല്ലേ ! ഇതിൽ എന്തിരിക്കുന്നു  , എന്ന മറു ചോദ്യവും .

സമയം പോകുന്നു ,ബസ് നേരത്തെ എടുക്കാതിരുന്നാൽ നല്ലതു , ഹേയ് അങ്ങനെ സംഭവിക്കാൻ ചാൻസ്  5 % പോലുമില്ല . KSRTC ആണേലും നേരത്തെ സ്റ്റാൻഡിൽ എത്തും പക്ഷെ ഇവനെ അങ്ങനെ പോകാൻ നമ്മുടെ സതേൺ റെയിൽവേ സമ്മതിക്കില്ല - ട്രെയിൻ വന്നാലേ ബസ് പോഗു , ഇന്നും അങ്ങനെ ആയാൽ മതിയായിരുന്നു . ഈശ്വരാ വേഗം ഇറങ്ങിയില്ലേൽ ബസ് മിസ്സാകും , രണ്ടു ബസ് കയറിയാൽ മാത്രമേ തമ്പാനൂർ എത്തു . ഇന്ന് എന്താ ഇത്ര തിരക്ക് ഇവർക്കൊക്കെ വേറെ ബസിൽ കയറിയാൽ പോരെ.? ഞാൻ കയറുന്ന ബസിൽ തന്നെ കയറണൊ.? ലേറ്റ് ആകുന്നല്ലോ PRS , കിള്ളിപ്പാലം കടന്നു കിട്ടിയാൽ ഭാഗ്യം . ഈ ട്രാഫിക് പോലീസ് എന്തെടുക്കയാ.? ഒന്ന് കടത്തി വീടു പ്ലീസ് .! ഞാൻ ഇവിടെ നിന്ന് തുള്ളിയിട്ടു  കാര്യമില്ല റോഡ് ബ്ലോക്ക് അല്ലെ .? അയ്യോ ദൈവമേ ഈ ട്രാഫിക് ബ്ലോക്ക് ഉടനെ മാറ്റണേ , അല്ല ഈ സമയത്ത് ദൈവത്തെ വിളിക്കാമോ.? ബ്ലോക്ക്ഡ് ലിസ്റ്റിൽ ഉള്ളതാണോ അറിയില്ല ബ്ലോക്ക്ഡ് ലിസ്റ്റോ അല്ലയോ ഇപ്പോഴത്തെ ആവശ്യം എന്റേതാ , ആവശ്യക്കാരന് ഔച്ചിത്ത്യമില്ല .

എന്തായാലും ട്രാഫിക് ബ്ലോക്ക് കുറയുന്നുണ്ട് ദൈവത്തിന്റെ കഴിവോ? അതോ ട്രാഫിക് പോലീസിൻറെ മിടുക്കോ.?ഏതായാലും തമ്പാനൂർ എത്താറായി , അയ്യോ ദേ ബസ് കിടക്കുന്നു , അതിനുള്ളിലേക്ക് കയറാനുള്ള തിരക്കാണല്ലോ .? Nagercoil -Trivandrum  passenger വന്നതിന്റെ ലക്ഷണമാ ഈ കാണുന്നത് , എല്ലാവരും പാർക്കിലേക്കാ , ഇവരെ കയറ്റാനല്ലേ ബസ് വരുന്നത് തന്നെ .ട്രെയിൻ ലേറ്റ് ആയാൽ ബസും ലേറ്റ് ആകും .പക്ഷെ ട്രെയിൻ ഇന്ന്  ട്രെയിൻ ലേറ്റ് ആളാണെന്നു തോന്നുന്നു , അതല്ലേ എനിക്ക് ബസ് കിട്ടിയത് .

അയ്യോ സീറ്റ് ഫുൾ ആയല്ലോ.! ഇന്ന് നിൽക്കേണ്ടി വരുമോ .? മഹാകഷ്ടമാ നല്ല വേദനയും , മറ്റു ശാരീരിക പ്രയാസങ്ങളും ഒണ്ട് . എല്ലാ സീറ്റിലും പുരുഷ കേസരിമാർ നിറഞ്ഞിരിക്കുന്നു , കുറച്ചു ലേഡീസ് സീറ്റ് ഉണ്ടല്ലോ അതോ .? അതിലും ഇവർ തന്നെ . എങ്ങനെ മാറാൻ പറയും.? ഇവന്മാർക് വായിക്കാൻ അറിയില്ലേ .?
ലേഡീസ് ഒൺലി എന്ന് എഴുതി വച്ചിട്ടുണ്ടല്ലോ അതിൽ എന്തിനെ കയറി ഇരിക്കുന്നത് .? ലേഡീസിനെ കണ്ടാൽ കണ്ട ഭാവം പോലുമില്ല എവിടെയൊക്കെയോ നോക്കി ഇരിക്കുകയായ . ഇവന്മാർ ബസിനു പുറത്താണെങ്കിലോ കണ്ണ് മുഴുവൻ ലേഡീസിന്റെ പുറത്തും .ഇപ്പോൾ എന്തൊരു ഡീസെന്റ് . കണ്ടക്ടർ വരട്ടെ വരട്ടെ അയാളോട് പറയാം ഇവന്മാരെ ഒന്ന് എഴുനേൽപ്പിക്കാൻ . ഒന്ന് ഇരുന്നാൽ മതിയായിരുന്നു .

കണ്ടക്ടർ എവിടെ.?കാണുന്നില്ലാലോ ഇനി അയാൾ കയറിയില്ലെ .? ടിക്കറ്റ് ടിക്കറ്റ് .... ആ അയാൾ വരുന്നുണ്ട് . ഒരു ടെക്നോപാർക്  ടിക്കറ്റ് കിട്ടി , " ചേട്ടാ ലേഡീസ് സീറ്റല്ലേ  ഒന്ന് എഴുനേൽക്കാൻ പറയൂ ",എവിടെ.? അയാൾ " ലേഡീസ് സീറ്റിൽ നിന്നും മാറി കൊടുക്ക് " എന്ന ഡയലോഗ്  പറഞ്ഞിട്ട് പോയി . ആചാര വേദി മുഴങ്ങി എന്നല്ലാതെ ആരും എഴുന്നേറ്റില്ല , ആരും ആ ഡയലോഗ് കേട്ടതുമില്ല , കേട്ടാലും എഴുന്നേൽക്കില്ല . ലേഡീസ് സീറ്റ് ഉണ്ടെകിൽ എന്താ .? അതു ഇപ്പോൾ ജന്റ്സ്  സീറ്റ് ആയി...

സമയം 9.45 ബസ് അങ്ങനെ പാർക്കിൽ എത്തി ഞാനും ആയ പുരുഷ കേസരിമാരും ഇറങ്ങി ,ഇപ്പോൾ ബസ് ഏകദെശം കാലി ആയി , എസ്‌പെഷ്യലി ലേഡീസ് സീറ്റ് അതിൽ  ആരുമില്ല . ഇനി ഞാൻ അതിനെ നീക്കിയിട്ടു എന്ത് കാര്യം .?, ആനവണ്ടി ദൂരേക്ക് പോയി മറയുന്നു പിന്നെ ആ കാലി സീറ്റുകളും , അതിന്റെ യാത്ര ആറ്റിങ്ങലിലേക്കു തന്നെയാ കണ്ടാലറിയാം ,ബോര്ഡിലുണ്ടല്ലോ .? ശരി ഇനി ലിഫ്റ്റിന് വേണ്ടി വെയിറ്റ് ചെയാം , ദേ ലിഫ്റ്റ് വന്നു, ക്ലയന്റ്  വന്നോ  എന്തോ.? 

Srishti-2022   >>  Short Story - Malayalam   >>  വികൽപം

Vineetha Anavankot

Infosys

വികൽപം

'നന്ദാ......'

 

ചെമ്പകമണമുള്ള ആ ഉച്ചനേരത്തെ സുഖമയക്കത്തിൽനിന്ന് അയാൾ പിടഞ്ഞെഴുന്നേറ്റു. പാതിയും മുഴുവനുമെഴുതി ചുരുട്ടിയെറിഞ്ഞ ഇളംനീല കടലാസുകഷ്ണങ്ങളും ചിന്തകൾക്ക് ഊർജ്ജംപകർന്ന മൺകാപ്പിക്കപ്പുകളും കടന്ന് ശബ്ദത്തിന്റെ ഉറവിടംതേടി നന്ദൻ നടന്നു...

 

ഇലഞ്ഞിപ്പൂക്കൾ വീഴുന്ന നടുമുറ്റത്തെ ക്യാൻവാസിനരികിൽ നിറങ്ങൾ ചിതറിക്കിടന്നിരുന്നു. വരച്ചു പൂർത്തിയാക്കിയ സ്ത്രീരൂപം ആരോ ശ്രദ്ധാപൂർവം താഴെയെടുത്തുവെച്ചിരിക്കുന്നു. മറ്റാരും വരാനില്ലാത്ത അവിടെ ഇതെല്ലാം ആരുചെയ്യുന്നു എന്നോർത്തു പക്ഷേ, അയാൾ തെല്ലും പതറിയില്ല.

' ഇന്നെങ്കിലും എനിക്ക് നേരിൽ കാണണം.ഇതെന്തിനാണിങ്ങനെ..?' അയാൾ ചോദിച്ചു. പതിവുപോലെ നിശ്ശബ്ദതയായിരുന്നു മറുപടി.

 

ദിവസങ്ങൾ ഓടിയുമിഴഞ്ഞും പൊയ്‌ക്കൊണ്ടിരുന്നു. സ്വപ്നങ്ങളിൽമാത്രംവരുന്ന ആ നീണ്ടുവിടർന്ന കരിമഷിപടർന്ന കണ്ണുകളും, ജ്വലിക്കുന്ന നീലക്കല്ലുമൂക്കുത്തിയും, അതിവശ്യതതുളുമ്പുന്ന പുഞ്ചിരിയും 'നന്ദാ..' എന്നുമാത്രമുള്ള ഒറ്റവിളിയിൽ വീടകങ്ങളിലും മുല്ലപ്പൂക്കൾ കൊഴിഞ്ഞുവീണ മുറ്റത്തും ഉറക്കമുണരുമ്പോൾ ഉള്ളംകൈനിറയെ കാണുന്ന പാലപ്പൂക്കളിലും ഒതുങ്ങിനിന്നു...

                            ****

അന്നായിരുന്നു അയാൾ തന്റെ സ്വപ്നരൂപത്തെ ഒരായിരാമത്തെയാവർത്തി വരച്ചുതീർത്തത്. ഇത്രനാളുകളും ചേർക്കാൻമറന്ന രണ്ടു വെള്ളിക്കൊലുസുകൾ അവളുടെ കാൽപാദങ്ങളിൽ നാഗങ്ങളെപ്പോലെ പറ്റിച്ചേർത്തുവച്ചത്. വീണ്ടും നിലാവും നക്ഷത്രങ്ങളുംവന്ന് അതിസുഖദമായൊരു നിദ്രയിലേക്ക് അയാളെ കൂടെക്കൊണ്ടുപോയത്.

 

പതിവു വിളിയിൽ പിറ്റേന്നെഴുന്നേൽക്കുമ്പോൾ സമയം ഉച്ചയോടടുക്കാറായിരുന്നു. 

'യക്ഷികളായാൽ ഒരു നേരവും കാലവും ഒക്കെ വേണം. രാത്രിയുടെ അന്ത്യയാമങ്ങളിലോ കടലിൽനിന്ന് തണുത്തകാറ്റൊഴുകുന്ന വൈകുന്നേരങ്ങളിലോ പെരുമഴപെയ്യുന്ന പുലർകാലത്തോ ഒക്കെയാ സാധാരണ യക്ഷികള് വരിക. ഇവിടെയുണ്ടൊരാൾ.. ഉച്ചയ്‌ക്കൊക്കെ വന്നു വിളിക്കുന്നു!! ഇന്നും ശബ്ദംമാത്രം കേൾപ്പിച്ചു പോകാനല്ലേ.. ഞാൻ വിളികേട്ടു. ഇനി പൊയ്ക്കോളൂ..' എന്നുപറഞ്ഞു നന്ദൻ പതിയെ എഴുന്നേറ്റു കുളക്കടവിലേക്കു നടന്നു.

 

ഇളംവെയിലത്തു മുങ്ങിക്കുളിക്കാൻ രാവിലത്തേതിലും സുഖമാണല്ലോ എന്നോർത്ത് മുങ്ങിനിവർന്നപ്പോൾ ആദ്യം കണ്ണിൽപ്പെട്ടത് ചുവന്നമണികൾകോർത്ത പാദസരം മയങ്ങുന്ന പൂപോലത്തെ കാൽപാദങ്ങളാണ്. അവിശ്വസനീയതയിൽ മിഴികളുയർത്തിയ അയാളുടെ മുന്നിൽ ഒരു പൊട്ടിച്ചിരിയോടെ നീലക്കല്ലുമൂക്കുത്തിയിട്ട ആ ദേവതാരൂപമിരുന്നു.

 

'ഓഹ്..ഇപ്പോൾ പ്രത്യക്ഷയാവാൻ തോന്നാനുംമാത്രം എന്താണുണ്ടായതാവോ' എന്ന് ചോദിച്ചുകൊണ്ട് തലതുവർത്തിക്കൊണ്ടയാൾ അവൾക്കരികിലിരുന്നു. 

 

'ഇത്രനാളും എവിടെയായിരുന്നു എന്റെ പാദസരം? ഇന്നലെയത് നീ തന്നു, ഇന്ന് ഞാൻ വന്നു...' എന്ന് അവളും. 

 

' നിന്റെയൊരുകാര്യം എന്റെ നീലിക്കുട്ടി... ഈ നന്ദാ എന്ന് ഇടയ്ക്കിടെ വിളിക്കുമ്പോ ഇതേപ്പറ്റി ഒരുവാക്ക് പറഞ്ഞുകൂടായിരുന്നോ.. എന്തായാലും നീ വാ..' എന്നുപറഞ്ഞു അവളെയും വിളിച്ചുകൊണ്ടായാൾ വീട്ടിലേയ്ക്കു നടന്നു.

 ചെന്നുനിന്നത് നടുമുറ്റത്തെ തുളസിത്തറയ്ക്കരികിൽ. 

 

'കണ്ണിൽ മഷിയെഴുതി പൊട്ടു തൊട്ടു വളകിലുക്കി നടന്നാൽമാത്രം പോരാ.. കുഞ്ഞുതുള്ളികൾ ഇറ്റുവീഴുന്ന ആ പനങ്കുലയിലേ ദാ ഇതുകൂടി വേണം..'എന്നുപറഞ്ഞു അവളുടെ മുടിയിഴകളിൽ ഒരു തുളസിക്കതിർ ചൂടിക്കുമ്പോൾ പണ്ടെങ്ങോ കൈവിട്ടുപോയ പ്രിയപ്പെട്ട കൂട്ടുകാരിയെ തിരിച്ചുകിട്ടിയ സന്തോഷത്തിരയിളക്കമായിരുന്നു അയാളുടെ കണ്ണുകളിൽ..

 

കൂടിയിരുന്നു കുന്നോളം വർത്തമാനങ്ങൾപറഞ്ഞും വെയിൽചായുന്ന നേരത്തു ജനലരികിൽനിന്നു മുടികോതുന്ന അവളെയുംനോക്കി മനംനിറയെ പാട്ടുകൾ പാടിയും ആ സ്വപ്നനിമിഷങ്ങളിൽ ജീവിക്കുകയായിരുന്നു അയാൾ..

 

'ഇന്നെനിക്ക് ഇരിങ്ങോൾ കാവിലെ വിളക്കുകാണണം' എന്നുപറഞ്ഞു കരിംപച്ച കസവുനേര്യതുംചുറ്റി പാലയ്ക്കാമാലയുമണിഞ്ഞു ഒരുങ്ങിനിന്ന അവളെയുംകൂട്ടി പോകുമ്പോൾ നടക്കുന്നതൊന്നും മിഥ്യയാവരുതേയെന്നയാൾ പ്രാർത്ഥിച്ചു. കാവിലെ വിളക്കുതൊഴുത് ചീവീടുകൾപാടുന്ന കാട്ടിലൂടെ രാവേറെ ചെല്ലുവോളം ഒരുനൂറ്‌ മിന്നാമിനുങ്ങുകളെക്കണ്ടുനടന്നു അവർ.

 

പാലപൂത്ത മണമൊഴുകിവരാൻതുടങ്ങിയത് പെട്ടന്നായിരുന്നു. ഇവിടെയെങ്ങും പാലമരമില്ലല്ലോ എന്നോർത്തുകൊണ്ടിരുന്ന അയാളുടെ മനസ്സറിഞ്ഞെന്നപോലെ 'ഞാനുള്ളിടത്തു പാലപൂക്കില്ലേ നന്ദാ..' എന്നുചോദിച്ചുകൊണ്ട് അവൾ അയാളെ കൈപിടിച്ചുകൊണ്ടുപോയത് ആകാശത്തോളം ഉയരമുള്ള, നിലാവത്തു നിറയെ തൂവെള്ളപ്പൂക്കൾ പൂത്തുതിളങ്ങിനിൽക്കുന്ന മരത്തിനടുത്തേയ്ക്കായിരുന്നു. ആ ഭംഗിയിൽ മനസ്സുകുളിർന്നു നിന്നുവെങ്കിലും സംശയത്തോടെ അടുത്തനിമിഷം അയാൾ അവളോട് ചോദിച്ചു. 

'നിനക്ക് പോകാറായി അല്ലെ...?'

 

'ഇല്ല....'

പെട്ടന്നായിരുന്നു അവളുടെ മറുപടി.

'ശ്ശെടാ അത്രവേഗം പോകാൻമാത്രം ദുഷ്ടയൊന്നും അല്ല ഞാൻ....

എത്രസമയം കഴിഞ്ഞാണു പോവുകയെന്നും എനിക്കറിയില്ല.... ശരിക്കും ഈ നിമിഷംപോലും എന്റെകയ്യിലില്ല പൂർണ്ണമായും.....'

 

'മതി മതി.... എനിക്കൊന്നും അറിയണമെന്നില്ല.... ഒരു നിമിഷമെങ്കിലത്രയുംകൂടെ നിന്നെ അധികം കിട്ടുമ്പോഴുള്ള ഈ സന്തോഷംമാത്രം മതിയെനിക്ക്.... ' 

 

                       ****************

ഇടവമാസത്തിലെ ഒരു സന്ധ്യയായിരുന്നു അത്...  അന്തരീക്ഷം പതിയെ ഇരുണ്ടുതുടങ്ങിയിരിക്കുന്നു.... അല്പം നേരത്തെതന്നെ പോയി അടുത്തുള്ള സർപ്പക്കാവിൽ വിളക്കുംവച്ചു വരികയായിരുന്നു അവൾ.  പുളിയിലക്കരമുണ്ടുടുത്തു  മുടി തുമ്പുകെട്ടി നെറ്റിയിൽ മഞ്ഞൾക്കുറിമാത്രം വരച്ചു കൊടിവിളക്കുമായി നടന്നുവരുന്ന അവളെയും കണ്ടുകൊണ്ട് ഒരു മൂളിപ്പാട്ടുമായി നന്ദൻ  പൂമുഖത്തേയ്‌ക്ക്‌ നടന്നുകയറി.... 

 

അതു കാത്തുനിന്നെന്നപോലെ അടുത്തനിമിഷം മഴ തകർത്തുപെയ്യാൻതുടങ്ങി. മഴയെത്തുംമുൻപേ അകത്തേയ്ക്ക് ഓടിക്കയറിയ അവളെയുംകൂട്ടി അയാൾ പോയത് ആ എട്ടുകെട്ടിന്റെ മുകൾനിലയിലേക്കായിരുന്നു. ചെമ്പകത്തിന്റെ മണംനിറച്ചൊഴുകിവന്ന കാറ്റുമേറ്റ് മുഖത്തേക്ക് ചിന്നിച്ചിതറുന്ന മഴയുംകൊണ്ട് അവിടെയിരിക്കാൻ എന്തുരസമാണെന്നോ....  ഇടയ്ക്കിടെ കാതടപ്പിക്കുന്ന ഇടിയും  നിലത്തിറങ്ങിവരുമോയെന്നു തോന്നുന്ന മിന്നലും.... തൊട്ടടുത്തിരുന്ന് ഉറക്കെ  സംസാരിച്ചാൽപോലും ഒന്നും  കേൾക്കാൻപറ്റാത്തത്രയും തിമിർത്തുപെയ്യുന്ന മഴ....!

 

കുറേയെറെനേരം കഴിഞ്ഞപ്പോൾ മഴ കുറഞ്ഞുകുറഞ്ഞു നനഞ്ഞ കാറ്റുമാത്രം ബാക്കിയായി. അയാൾ പാടിത്തുടങ്ങി.. 

 

അപ്പോഴേക്കും രാത്രി നല്ലവണ്ണം വൈകി. മുല്ലപൂക്കുന്ന നേരമായി. അവൾ അയാളുടെ പാട്ടുംകേട്ടുകൊണ്ട് പതിയെ താഴെയിറങ്ങിപ്പോയി ഇലഞ്ഞിമരത്തിൽപ്പടർന്ന വള്ളിയിലെ മുല്ലമൊട്ടുകൾ പൊട്ടിച്ചുതുടങ്ങി. കൂടെ അയാളും....

 

അനിവാര്യവിരാമംമറന്നു സ്വച്ഛമായൊഴുകിത്തുടങ്ങിയിരുന്ന അവർക്കുമേൽ എങ്ങുനിന്നെന്നില്ലാതെ ഒരുനിമിഷത്തിൽ ആഞ്ഞുവീശിയ കാറ്റിൽ മുല്ലവള്ളികളും ഇലഞ്ഞിയും ആടിയുലയേ നിലത്തിറങ്ങാൻ മടിച്ചുനിന്ന മഴത്തുള്ളികളും പൊഴിഞ്ഞുവീഴാറായ പൂക്കളും മറ്റൊരു വർഷംതീർത്തു......

 

               ———-—————————

Srishti-2022   >>  Short Story - Malayalam   >>  കനകച്ചിലമ്പ്

Chitra Chandran

Infosys

കനകച്ചിലമ്പ്

ചെമ്പട്ടു ചേല. അതിലെ ഒറ്റവിരല്‍ തങ്കക്കസവ് തിങ്കള്‍ക്കല പോലെ തിളങ്ങി. കാലില്‍ കനകച്ചിലമ്പ്. വജ്രങ്ങള്‍ മിന്നുന്ന ഒഡ്യാണം. രത്നശോഭയുള്ള കാപ്പും, കുണ്ഡലങ്ങളും, കണ്ഡശ്ശരവും ആ സൂര്യശോഭക്കു മുന്നില്‍ നിഷ്പ്രഭമായി തോന്നി. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ തേജസ്സ്..ഞെട്ടി ഉണരുമ്പോള്‍ അമ്പലത്തില്‍ നിന്ന് ശംഖനാദം മൂന്നാം വട്ടം മുഴങ്ങുകയായിരുന്നു. സമയം മൂന്നര. 'അമ്മേ..മഹാമായേ..' മനസ്സു കൊണ്ട് ദേവിയെ സാഷ്ടാങ്കം വണങ്ങി എഴുന്നേറ്റു. 


അമ്പലത്തില്‍ നിന്ന് മണിയൊച്ച കേള്‍ക്കുന്നു. തിരുമേനി നട തുറക്കുകയാണു. മീനച്ചൂടുള്ള രാത്രിയുടെ അവസാനം തണുപ്പിന്റെ തലോടലുമായി എത്തിയ ബ്രാഹ്മമുഹൂര്‍ത്തം. പതിയെ അമ്പലക്കുളത്തിലേക്ക് നടന്നു.
കുളക്കടവില്‍ ആളനക്കം കേള്‍ക്കാം. നോക്കുമ്പോള്‍ ശ്രീധരന്‍ ആണു.
ശ്രീധരാ..മേളക്കാരൊക്കെ സമയത്തിനു എത്തുവല്ലോ ല്ലേ. ഇന്നലെ രാവിലെയാണു എല്ലാരും വീടെത്തിയെ എന്ന് കുട്ടന്‍ പറയണുണ്ടായി'
'ഹ്മും..അതെ.എന്നാലും ഉച്ച ആവുമ്പഴക്കും എത്തും എല്ലാരും. അവിടെ മുടിയേറ്റ് കേമായിട്ടോ. അച്ഛനെ പോലെ തന്നെ കേമാവണ്ട് മകന്റേം.'
'ഭഗവതീടെ അനുഗ്രഹം.പാരമ്പര്യായി കിട്ട്യ നിയോഗാണു. അത് ഒരു സുകൃതമായി  കൊണ്ട് നടക്കാന്‍ പറ്റണത് ആ ദേവീകടാക്ഷം കൊണ്ട് മാത്രാണു ശ്രീധരാ. കുട്ടനു അതുണ്ട്.'
'ഹ്മും..ഞാന്‍ അമ്പലത്തില്‍ ണ്ടാവും' എന്ന് പറഞ്ഞ് ശ്രീധരന്‍ നടന്നു.

മുങ്ങി നിവര്‍ന്നപ്പോള്‍ തണുപ്പ് മനസ്സിലേക്കും അരിച്ചിറങ്ങിയിരുന്നു.ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത..അത് ആലോചിക്കുംതോറും ഉള്ളില്‍ ഒരു പെരുപ്പാണു. സന്ദോഷത്തിന്റെയോ അതോ ആശങ്കയുടെയോ?..അറിയുന്നില്ല. കാലങ്ങളായി തുടര്‍ന്നു പോരുന്ന ആചാരാനുഷ്ഠാനത്തില്‍ ഇന്ന് ഒരു താളു കൂടി ചേരും. ഇന്ന് ഭഗവതിയുടെ മുടിയേറ്റുന്നത് തന്റെ മകള്‍ ദുര്‍ഗ്ഗയാണു.
ഓര്‍മ്മയിലോ, പറഞ്ഞ് കേട്ട പാരമ്പര്യത്തില്‍ എങ്ങുമോ ഇങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. ചിട്ടയും ശുദ്ധിയും നോക്കി ദേവിയുടെ മുന്നിലെ വിളക്ക് കെടാതെ കാക്കുന്നതില്‍ മാത്രം ഒതുങ്ങി നിന്നു തറവാട്ടിലെ പെണ്‍കുട്ടികള്‍. ദുര്‍ഗ്ഗയിലൂടെ അതിന്ന് മാറുകയാണു.
തുടക്കത്തില്‍ എതിര്‍പ്പുകള്‍ അനവധി ഉണ്ടായിരുന്നു. തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാന്‍ പ്രേരിപ്പിച്ചത് ചെയ്യുന്നത് തെറ്റല്ല എന്ന ധൈര്യവും, താങ്ങായത് അടിയുറച്ച വിശ്വാസവും. കൂടെ മുറ തെറ്റാത്ത നിഷ്ഠകളോടുള്ള ദുര്‍ഗ്ഗയുടെ അര്‍പ്പണ ബോധവും.
കുളി കഴിഞ്ഞ് പൂജാമുറിയില്‍ എത്തുമ്പോഴേക്കും ദുര്‍ഗ്ഗ വിളക്ക് കൊളുത്തിക്കഴിഞ്ഞിരുന്നു. ഭഗവതിയുടെ മുന്നിലെ പീഠത്തില്‍ കനകച്ചിലമ്പ്. തൊട്ട് തൊഴുതു. ഏഴു തിരിയിട്ടു കത്തുന്ന വിളക്കിന്റെ ശോഭയില്‍ ലളിതാസഹസ്രനാമത്തിന്റെ ശീലുകള്‍ ശ്രീത്വത്തോടെ ഉതിര്‍ന്ന് വീണു.
സിന്ദൂരാരുണ വിഗ്രഹാം..ത്രിനയനാം.മാണിക്യമൗലിസ്ഫുരത്
-താരാനായഖശേഖരാം..സ്മിതമുഖീം..
-----------
പകലിനു നീളം കുറവാണെന്ന് തോന്നി. മണി മൂന്നായെന്ന് അറിഞ്ഞത് ശ്രീധരന്‍ എത്തിയപ്പോഴാണു.
അമ്പലത്തിലേക്ക് ഇറങ്ങേണ്ട സമയമായിരിക്കുന്നു. ദുര്‍ഗ്ഗയെ വിളിക്കാന്‍ തുടങ്ങിയപ്പോഴേക്കും അവള്‍ എത്തിക്കഴിഞ്ഞിരുന്നു. കെടാവിളക്ക് കൊളുത്തി ഭഗവതിയെ നമസ്കരിച്ച് ഇറങ്ങിയ അവള്‍ കാലില്‍ തൊട്ട് തൊഴുതപ്പോള്‍ നിറഞ്ഞത് ഒരു അച്ഛന്റെ കണ്ണുകള്‍ മാത്രമായിരുന്നില്ല..ഒരു ഗുരുവിന്റെ മനസ്സും കൂടെ ആയിരുന്നു.

കൊട്ടിയറിയിക്കല്‍ രാവിലെ കഴിഞ്ഞിരുന്നു. തിരുമേനി ശ്രീകോവിലില്‍ നിന്ന് കൊടിവിളക്ക് കത്തിച്ച് തന്നത് ദേവിയെ മനസ്സില്‍ ധ്യാനിച്ച് വാങ്ങി വിളക്ക് കൊളുത്തി. കളമെഴുത്ത് തുടങ്ങും മുന്‍പ് ഉള്ള ചടങ്ങ്.

അഞ്ചു വര്‍ണ്ണങ്ങളില്‍ ഭഗവതിയുടെ കളം വിരിഞ്ഞു. കറുപ്പിനു വൈക്കോല്‍ക്കരി. വെളുപ്പും മഞ്ഞയും കിട്ടാന്‍ അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും. ഉണങ്ങിയ വാകയില പൊടിച്ച് പച്ചയും, മഞ്ഞള്‍പ്പൊടിയില്‍ ചുണ്ണാമ്പ് ചേര്‍ത്ത് ചുവപ്പും. വിളക്കുകളുടെ ദീപ്തശോഭയില്‍ കടുംചായത്തില്‍ ഭഗവതിയുടെ രൂപം - എട്ട് കൈകളുള്ള , വാളും ചിലമ്പും ത്രിശൂലവും കപാലവും പിടിച്ച രുദ്ര.

കളത്തിനു ചുറ്റും വിളക്ക് കത്തിച്ച് പൂജിച്ചു. ശേഷം ദേവീസ്തുതിയാണു. കേശാദിപാദവും പാദാദികേശവും വര്‍ണ്ണന കഴിഞ്ഞ് മുഖം ഒഴികെ കളം മായ്ച്ച് ദുര്‍ഗ്ഗ എഴുന്നേറ്റു. കളത്തിലെ വിളക്കില്‍ നിന്ന് കൊടിവിളക്ക് കത്തിച്ച് ചുട്ടികുത്താനായി അണിയറയിലേക്ക് ദുര്‍ഗ്ഗയോടൊപ്പം നടക്കുമ്പോള്‍ മനസ്സിനു എന്തോ വല്ലാത്ത ഒരു കനം.
---------
മുടി അണിഞ്ഞ് അതില്‍ ചെത്തിപ്പൂ ചൂടി, ചുട്ടി കുത്തി ഉടുത്തുകെട്ടുമായി ദുര്‍ഗ്ഗ വന്നു. അരങ്ങ് കേളിക്ക് തുടക്കം കുറിച്ച് കൊണ്ട് നാലു തിരിയിട്ട അരങ്ങുവിളക്ക് കത്തി. വന്ദന ശ്ലോകത്തിനു ശേഷം ശിവ നാരദ സംവാദം കഴിഞ്ഞ് ദേവിയുടെ എഴുന്നള്ളത്ത്. നര്‍മ്മത്തിന്റെ മേമ്പൊടിയുമായി കൂളിയായി ഇറങ്ങിയത് കുട്ടനാണു. ഭഗവതിയുടെ പടപുറപ്പാട് ആയിരുന്നു പിന്നെ. അഹങ്കാരം മൂത്ത് സ്ത്രീയാല്‍ വധിക്കപ്പെടാന്‍ ശാപം കിട്ടിയ ദാരികന്‍ എന്ന അസുരനെ നാലു ദിക്കും കൂടിയ പ്രപഞ്ച്മാകുന്ന ആട്ടക്കളരിയില്‍ ഒടുവില്‍ കാളിയായി രൂപം പൂണ്ട ദേവി വധിച്ചു. അഹങ്കാരത്തിന്റേയും അജ്ഞതയുടേയും പതനം എന്ന പ്രപഞ്ച സത്യം വിളിച്ചോതിക്കൊണ്ട്.
മനസ്സിലും ശരീരത്തിലും ഭഗവതിയെ ആവാഹിച്ചുകൊണ്ട് ദുര്‍ഗ്ഗ ചൊല്ലിയാടുന്നത് നിറകണ്ണുകളോടെ നോക്കി നിന്നു. ഇല്ല..തനിക്ക് തെറ്റിയിട്ടില്ല. ജന്മാന്തരങ്ങളുടെ സുകൃതം  കൊണ്ട് കിട്ടിയ പാരമ്പര്യത്തിന്റെ ഇനിയുള്ള കണ്ണിയാവാന്‍, കുട്ടനെപ്പോലെ ഇനി ദുര്‍ഗ്ഗയും. ഇതില്‍ കൂടുതല്‍ ഇനി എന്താണു വേണ്ടത്? അമ്മേ...മഹാമായേ......

ആട്ടക്കലാശത്തില്‍, മേളത്തിന്റെ മൂര്‍ദ്ധന്യതയില്‍ അപ്പോള്‍ കണ്ടത് തങ്കക്കസവു മിന്നുന്ന ചെമ്പട്ട് ചേല. സര്‍വാലങ്കാര വിഭൂഷിതയായി കാലില്‍ കനകച്ചിലമ്പ് അണിഞ്ഞ് ആയിരം സൂര്യചന്ദ്രന്മാരുടെ ശോഭയോടെ ദേവി. മനസ്സിന്റെ വെറും തോന്നലാണോ എന്ന ചിന്തക്ക് വിരാമമിട്ടുകൊണ്ട് ആ മുഖം ഇന്ന് വ്യക്തമായി കണ്ടു.ആദ്യമായും..അവസാനമായും....
---------
 

മുടി ഉഴിഞ്ഞു കഴിഞ്ഞ് ദക്ഷിണ വാങ്ങി വന്ന ദുര്‍ഗ്ഗ കണ്ടത് കുറുപ്പിന്റെ നിശ്ചല ശരീരമാണു. ആ മുഖത്ത് പക്ഷേ അവാച്യമായ ഒരു ശോഭയുണ്ടായിരുന്നു. ഉപാസനാമൂര്‍ത്തിയുടെ കാല്‍ക്കല്‍ മോക്ഷം കിട്ടിയ ദേഹിയുടെ നിർവൃതി ...  

Srishti-2022   >>  Short Story - Malayalam   >>  പ്രതിബിംബങ്ങൾ

Jophin Vargheese

UST Global

പ്രതിബിംബങ്ങൾ

പ്രതിബിംബങ്ങൾ

"എൻ്റെ കണ്ണാ എന്താ  ഈ പെയ്ത്..ഞങ്ങടെ കഞ്ഞികുടി മുട്ടിക്കല്ലേ"
തകർത്തു പെയ്യുന്ന മഴയെ നോക്കി  വിഷാദം നിഴലിട്ട മിഴികളോടെ അമ്പല മുറ്റത്തേക്ക് നോക്കി ദേവകിയമ്മ പറഞ്ഞു .ഇല പൊഴിഞ്ഞ കൊന്നയിൽ നനഞ്ഞു കുതിർന്നു ഇരുന്ന ഒറ്റകാലൻ കാക്ക ദേവകിയമ്മയെ നോക്കി കരയുന്നുണ്ടായിരുന്നു .
ശ്രീകോവിലി ലേക്കുള്ള പടിയിലെ തൂക്ക് വിളകിൽ ദീപാരാധനയ്ക് ഉള്ള എണ്ണ ഒഴിച്ചു കൊണ്ട് മഴയുടെ താളവും കേട്ടു നിന്ന തിരുമേനി ചോദിച്ചു
"എന്താ ദേവകിഅമ്മേ  ഭഗവാനോട് എന്താ ഒരു പരിഭവം പറച്ചിൽ"
തുലമാസമഴയെ പ്രാകികൊണ്ട്
അമ്പലകോണിൽ കൈകൂപ്പി നിന്നുകൊണ്ട് ദേവകി പറഞ്ഞു
"കണ്ടില്ലേ തിരുമേനി.. എന്നു തുടങ്ങിയതാ  .. ഏതോ നാശത്തിനു പെയ്യുന്ന പോലെ ഉണ്ട്"
ദേവകിയുടെ കണ്ണുകളിൽ ഭയം  ഓടി കളിക്കുന്നത് തിരുമേനി കണ്ടു.
ഇന്നലെ ദീപാരാധന തൊഴാൻ  തൈശെരി തമ്പുരാനും വിദേശത്തെ മകളും വന്നിട്ടുണ്ടാരുന്നു.ഇന്നലെ ആകട്ടെ ഭഗവാൻ്റെ  കഴുത്തിൽ ചാർത്താൻ പൂമാല ഉണ്ടായിരുന്നില്ല.ആകെ ഉണ്ടായിരുന്ന മയിൽപീലിക്കു  കൂട്ടായി എവിടെ നിന്നോ  ദേവകി പറിച്ചു  കൊണ്ടുവന്ന തുളസി കതിർ മാത്രം. ഭഗവാന് അതിൽ ഒരു കുറവ് തോന്നിയില്ലെങ്കിലും തമ്പുരാന് അതത്ര പിടിച്ചില്ല.ദേവകിക്ക്  വേണ്ടുവോളം ശകാരം കിട്ടിയെന്നു  മാത്രല്ല വല്ലപ്പോഴും  കൊച്ചുതമ്പുരാട്ടി അമ്പതോ നൂറോ  കൊടുക്കുക പതിവായിരുന്നു.എന്നാൽ ഇത്തവണ അതും മുടങ്ങി 
"ഈ പേമാരിക്ക്  എവിടെ പോയി ഞാൻ പൂ പറിക്കും ഉള്ള പൂവൊക്കെ അഴുകിയിട്ടുണ്ടാവും.തിരുമേനിക്ക് അറിയാവുന്നതല്ലേ എൻ്റെ  കാര്യം,ഈ അമ്പലത്തീന്ന്   കിട്ടുന്ന പടച്ചോറുണ്ട് കഴിയുന്നതാ ഞാനും എൻ്റെ  കുട്ടിയും.അവൻ്റെ  സൂക്കേട്  മാറ്റാൻ ഉള്ള ചിലവ് താങ്ങാൻ ഉള്ള ശേഷി എനിക്ക്  ഇല്ല. എങ്ങനെലും രണ്ടു വയർ കഴിഞ്ഞു പോണം.എൻ്റെ കണ്ണടയുന്ന വരെ ഞാൻ നോക്കും എൻ്റെ കുഞ്ഞിനെ  അതു കഴിയുമ്പോ കണ്ണൻ ഉണ്ടാവുമല്ലോ അവനു കൂട്ടായി"
ദേവകി നെടുവീർപ്പിട്ടു. 

മനസിൻ്റെ താളം എന്നപോലെ ഇടിയും കൊല്ലിയാനും ആഞ്ഞു  അടിച്ചു കൊണ്ടിരുന്നു.ഒന്നിനേയും  വകവെക്കാതെ പൂക്കൊട്ടയും  എടുത്തുകൊണ്ട് ദേവകി നടന്നു.
ഒരു പരിശോധനക്ക് എന്നവണ്ണം ആകണം അന്നും ഉച്ച പൂജക്ക്‌  തൊഴുവൻ തമ്പുരാൻ എത്തിയിരിക്കുന്നു.ഇന്ന് ക്ഷേത്രത്തിൽ അഞ്ചാറ്  പേര് എത്തിട്ടുണ്ട് ഒരു അർച്ചന എങ്കിലും  കാണാതിരിക്കില്ല എന്ന സന്തോഷം തിരുമേനിടെ മുഖത്തു തുടിച്ചു നിന്നു .
പൂജക്ക്‌  ശേഷം  വെള്ളചോറു പാത്രത്തിലേക്ക് ആക്കി കൊണ്ട് ഇരുന്ന ദേവകിയെ നോക്കി   തമ്പുരാൻ പുച്ഛത്തിൽ ചോദിച്ചു .
"എന്താ ദേവകിയമ്മേ  കണ്ണൻ്റെ  മാല അത്ര പോരല്ലോ,നാട്ടിലെങ്ങും പൂക്കൾ  ഇല്ലാണ്ട് ആയോ.ഒരു കാര്യം അങ്ങോട്ട് മനസ്സിലാക്കുക.നിങ്ങൾക്ക് ഒരു സഹായം ആകുമല്ലോന്ന്  കരുതിയ ഈ ജോലി നിങ്ങൾക്ക് നൽകിയത്.. എന്നെ കൊണ്ട് അത് ഇല്ലാണ്ട് ആക്കല്..വേറെ ആളെ കിട്ടാതോണ്ട്  അല്ല .നിങ്ങൾക്കും ആ ബുദ്ധിമാധ്യം ഇല്ലാത്ത നിങ്ങടെ കുട്ടിക്കും  ഒരു സഹായം ആകുമെല്ലോ എന്നു കരുതിയ..എന്താ ദേവകിക്ക് മനസ്സിലാകുന്നുണ്ടോ"
"അറിയാം തമ്പുരാനെ.. എല്ലാം വേണ്ടപോലെ ചെയ്തോളാം"
വെള്ള ചോറ് പാത്രത്തിൽ നിന്ന് താഴെ പോകാതെ അവർ മുറുക്കി പിടിച്ചു.

തമ്പുരാൻ തിരികെ മടങ്ങിയതും നിറ കണ്ണോടെ ദേവകി കണ്ണനെ നോക്കി കൈകൂപ്പി നിന്നു.കണ്ണുകൾ വിഗ്രഹത്തിൽ ആയിരുന്നെങ്കിലും മനസ്സ് വീട്ടിലെ കട്ടിലിൽ കിടക്കുന്ന കണ്ണന്റെ അടുക്കൽ ആയിരുന്നു.
എന്നും അവൾക്ക് പ്രാർത്ഥിക്കുവാൻ ഒരേ കാര്യങ്ങൾ ആരുന്നു.
"എന്റെ കണ്ണാ എന്നും ഈ വൃദ്ധയുടെ പ്രാർത്ഥന കേട്ടു നീ മടുത്തുവോ കണ്ണാ. എനിക്ക് എന്നും ഓർക്കുവാൻ ൻ്റെ  ഉണ്ണിടെ കാര്യങ്ങൾ അല്ലെ ഉള്ളു.നിനക്കു വഴിപാടായി  നൽകുവാൻ എൻ്റെ  കയ്യിൽ ഒന്നുമില്ല..ഈ കൈ കൊണ്ട് നിനക്കു മാല കിട്ടി തരുന്നത് അല്ലാതെ ഒരു ഗതിയും ഇല്ലാത്തവൾ  ആണ് ഞാൻ.എന്നും ഈ രണ്ടു കൈകൾ കൂപ്പിനിൽകാനേ  എനിക്ക് കഴിയു"
മാടപ്പുരയിലെ സവിത്രിയും കാവിനത്തേക്കാതിലെ അമ്മിണിയും കുശലം ചോദിക്കാൻ എന്നവണ്ണം ദേവകിയുടെ പക്കൽ എത്തി.
"ആഹ് ദേവകീ നാളെ വീട് വരെ ഒന്നു വരുക..ൻ്റെ  പഴയ മുണ്ട് ഞാൻ എടുത്തു  മാറ്റിവെച്ചി ട്ടുണ്ട്..അത്ര മുഷിഞ്ഞിട്ടോന്നും  ഇല്ലട്ടോ .. കുട്ടികൾ വന്നപ്പോൾ പുത്തൻ  കുറെ വാങ്ങിയേ.. അപ്പോ പിന്നെ പഴയതൊക്കെ വെക്കാൻ സ്ഥലം വേണ്ടേ.. എന്താ ചെയ്യാ..ആഹ് അതൊക്കെ പോട്ടെ നിൻ്റെ  ചെക്കന് തീരെ വയ്യണ് എന്ന് 
വൈദ്യര് പറഞ്ഞല്ലോ "

"ഉവ്വ് തമ്പുരാട്ടി ..തീരെ വയ്യ  കടുത്ത ചുമ ആണ്..വൈദ്യര് പറഞ്ഞത് എത്രയും  വേഗം ആശുപത്രിയിൽ കൊണ്ടുപോകണം  എന്നാണ്"

"ആഹ്..അല്ലേലും ബുദ്ധിവളർച്ച ഇല്ലാത്ത കുട്ടിയല്ലേ  ..അതിനോ ചിൽകിത്സയില്ല.ഇന്നാ ഇതു വെച്ചോളുണ് "
സാരി തുമ്പിൽ കെട്ടിവെച്ച 20 രൂപ നോട്ട് എടുത്ത് ദേവകിക്ക്  നേരെ നീട്ടിക്കൊണ്ട് അവർ പറഞ്ഞു.
കിട്ടുന്നതെല്ലാം ശേഖരിച്ചു വെക്കുന്ന ഉറുമ്പിനെ പോലെ അവൾ അത് മടിയിലെ മുണ്ടിലേക്ക് തിരുകി വെച്ചു
" ആഹ് ദേവകി.. കുറച്ച മുളക് ഉണക്കിയത് ഇരുപ്പുഉണ്ട് നാളെ സമയം പോലെ വന്നൊന്നു പൊടിച്ചു തരണം"
എല്ലാം അനുസരിച് മാത്രം ശീലം ഉള്ള ദേവകി അതും മൂളി കേട്ടു.
വീട്ടിലേക്ക് മടങ്ങാൻ തുടങ്ങിയ ദേവകി  കയ്യിൽ ഇരുന്ന വെള്ള ചോറിൽ കുറച്ചെടുത്തു ഒരു വട്ട ഇല പറിച്ചു ചോറ് അതിൽ ആക്കി  താഴേക്ക് വെച്ചു .നനഞ്ഞു കുതിർന്നു ഇരുന്ന ഒറ്റകാലൻ കാക്ക അവിടേക്കു പറന്ന് വന്ന് ഇരുന്നു .

പെട്ടെന്ന് പടിഞ്ഞാറേ നടയിൽ നിന്നു ഒരു ചെക്കൻ ഓടി വന്നു പറഞ്ഞു
" ദേവകി അമ്മേ നിങ്ങളുടെ ചെക്കൻ വീണ്ടും  ആ പൊട്ട കുഴിലേക്ക് പോകുന്നു,തടയാൻ ചെന്നവരുടെ കൈ കടിച്ചു പൊട്ടിച്ചിരിക്കുന്നു "
"എൻ്റെ കണ്ണാ എന്താ ഈ കേൾക്കുന്നേ .."
നിലവിളിച്ചു കൊണ്ട് ദേവകി ഓടി എത്തിയപ്പോഴേ ക്കും കുഴിയുടെ മുകളിലേ പാലത്തിൽ കുട  ചൂടി നീന്നുകൊണ്ട് ആർത്തു വിളിച്ചു രസിക്കുന്ന  ജനകൂട്ടത്തെ  ആണ് കണ്ടത് .കണ്ണാ എന്നു വിളിച്ചു കൊണ്ട് അവൾ ഓടി അടുക്കൽ എത്തുമ്പോൾ കണ്ടത്  ആഴത്തിലേക്ക് കാൽ ഇട്ടു ആട്ടികൊണ്ട ഇരിക്കുന്ന തൻ്റെ  ജീവനെ ആണ്. . 

അവൾ ഓടി ചെന്ന് അവനെ കെട്ടി പിടിച്ചു .അവന് ചുറ്റും എന്നത്തേയും പോലെ ഒരു മഞ്ഞ ശലഭം പറക്കുന്നുണ്ടായിരുന്നു ,അവൻ ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി .അവൻ അവരെ കുളത്തിൻ്റെ  നടുക്കേക്ക്  കൈ ചൂണ്ടി കാണിച്ചു.അവന്  എന്നും ഇഷ്ടമുള്ള ആകാശത്തെ മേഘങ്ങളുടെ പ്രതിബിംബം കുളത്തിൽ പ്രതിഭലിച്ചു കിടക്കുന്നു .ആ ചിത്ര ശലഭം ദേവകി അമ്മയെ ഒന്ന് വട്ടം ചുറ്റി കുളത്തിന് നടുവിലേക്ക് പറന്നു പോയി .അവൻ കൈ ആഞ്ഞു അതിൻ്റെ പിന്നാലെ പോകാൻ ശ്രമിച്ചു .ഒരു തേങ്ങലോടെ അവർ അവനെ മുറുക്കി പിടിച്ചു മാറോട് അണച്ചു .

"ദേവകി അമ്മേ നിങ്ങടെ ഈ സൂക്കേട് പിടിച്ച ചെക്കൻ്റെ  ശല്യം കൂടുന്നുണ്ട്. നാട്ടുകാർക്കു ഒന്നും ഇവിടെ ജീവിക്കേണ്ട.കഴിഞ്ഞ ആഴ്ച അല്ലെ ഇവൻ കിഴക്കേ  പാടത്തെ ഞാറു പിഴിതെറിഞ്ഞത്. പിന്നെ നമ്മുടെ  അങ്കണവാടി യിലെ പിള്ളേർക് കൊടുക്കാൻ വെച്ച ഉപ്പുമാവിൽ വെള്ളം കോരി ഒഴിച്ചത്.എത്ര നാളെന്ന് വെച്ചാ  ഇങ്ങനെ സഹിക്കുക. കാണുന്നവർ എന്നോടാണീ വന്നു പറയുന്നത്.എത്ര വട്ടം  ഞൻ പറഞ്ഞതാ ചങ്ങലക്ക് ഇടണം എന്നു."
വാർഡ് മെമ്പർ സുഗതന്റെ ശകാരം ഉച്ചത്തിൽ ആയി 

"എന്നും ഇടാറുള്ളതാണ് മെമ്പറെ , ഇന്നലെ കാലിൽ ചങ്ങല ഇട്ടത്തിൻ്റെ   മുറിവ് പഴുത്തു തുടങ്ങിയിരുന്നു കൂടെ  നല്ല പനിയും   ഉണ്ടായിരുന്നു . അതൊന്ന് ഉണങ്ങാൻ വേണ്ടിയാ ഇന്ന് ഇടാഞ്ഞത്. ഈ പ്രാവിശം കൂടി ഒന്നു മാപ്പാക്കണം. വേറെ വഴി ഇല്ലാത്തതു കൊണ്ടാണ്" 
അവരുടെ ശബ്ദം ഇടറി .അവർക്ക്‌  മുഖം  കൊടുക്കാതെ മെമ്പർ ആരോടോ സംസാരിക്കാൻ തുടങ്ങി .
ദേവകി അവനെ ചേർത്ത് പിടിച്ചു ആൾക്കൂട്ടത്തിനു ഇടയിലൂടെ നടന്നു .അവൻ ആകാശത്തിലെ മേഘ തുണ്ടിലേക്കു  നോക്കി .
"അമ്മേ ,പൂമ്പാറ്റ എന്ന് പറഞ്ഞു "
അവർ നോക്കിയപ്പോഴേക്കും തെക്കൻ കാറ്റു അടിച്ചു മേഘത്തെ ചിതറിച്ചിരുന്നു .ചിതറിയ മേഘ കൂട്ടങ്ങൾക്കു താഴെ കൂടെ അമ്മയും മകനും കൂടി നടന്ന് അകന്നു .

പുലർച്ചെ നിർമാല്യത്തിന്  മുന്നേ അമ്പലം അടിച്ചു വൃത്തിയാക്കി പൂമാലയും കെട്ടി  ഊട്ടുപുര പടിയിൽ ഇരുന്ന് കൃഷ്ണനാമം ജപിച്ചു, തിരുമേനിടെ വരവും കാത്തിരുപ്പ് ദേവകിക്ക്  പതിവ്  ആയിരുന്നു.
മഞ്ഞപട്ടും  ചുറ്റി മയിൽപ്പീലി അഴകോടെ  കഴുത്തിലെ സ്വർണ മാലയുടെ കൂടെ താൻ കെട്ടിയ തുളസി കതിർ മാലയും കിടക്കുന്നത് കണ്ടു തൊഴുതു നിന്ന ദേവകി ഓർത്തു.
"കണ്ണാ ,വിലമതിക്കുവാൻ പറ്റാത്ത വണ്ണം ചന്തമേറിയ ഈ പൊന്നിൻ മാല ഉള്ളപ്പോൾ എന്തിനാ നിനക്കു ഈ ദേവകിയുടെ തുളസി മാല.വെറുതെ ആ പൊന്നിൻ്റെ  ശോഭ കൂടി മറക്കുകയേ ഉള്ളു ഈ മാല..  "
ദേവകി കൃഷ്ണന്റെ മുഖത്തേക്ക് നോക്കി ,കണ്ണൻ തന്നെ നോക്കി ഒന്ന് ചിരിച്ചുവോ ,ചിരിക്കുമ്പോൾ എൻ്റെ കുട്ടിയുടെ മുഖം ആണല്ലോ കണ്ണന്  എന്ന് ഓർത്തു ദേവകിയുടെ മുഖത്തു ഒരു ചിരി വിടർന്നു പതിയെ  കൊഴിഞ്ഞ് വീണു .
ഉച്ച പൂജ കഴിഞ്ഞു ഒരു നടപ്പാണ് വീട്ടിലേക്ക്, അമ്പലത്തിലെ ചോറു കൊണ്ടുപോയി അവനു കൊടുക്കണം അതുകഴിഞ്ഞു നാട്ടിലേ വല്യ വീടുകളിൽ പണിക്ക്  പോകും അവിടുന്ന് മടങ്ങുമ്പോൾ വല്ലതും കിട്ടും അതും കൊണ്ട് വീണ്ടും വീട്ടിലേക്ക് പിന്നെ വൈകുന്നേരം പൂവും പറിച് വീണ്ടും അമ്പലത്തിലേക്ക്.

അന്നേദിവസം ദേവകിക്ക് മുന്നേ തിരുമേനി എത്തിയിരുന്നു.മുഖത്തു നല്ല സന്തോഷം ഉണ്ടാരുന്നു. മൂളി പാട്ടൊക്കെ പാടി ദീപരാധനക്ക് ഉള്ള ഒരുക്കം ആയിരുന്നു.

"തിരുമേനി ഇന്ന് നേരത്തെ ആണല്ലോ.."
അത്ഭുതത്തോടെ ചോദിച്ച  ദേവകിയെ നോക്കി തിരുമേനി പറഞ്ഞു

"ദേവകി അമ്മേ .. നമുക്ക് ഇന്ന് താഴെ കാവിലെ സന്ധ്യപൂജയ്ക്ക് ഉള്ള ക്ഷണം വന്നിട്ടുണ്ട്..ഇവിടുന്ന് കിട്ടുന്നത് കൊണ്ട് എന്ത് അകാൻ ആണ്  ..വെറുതെ മുന്നിൽ വരുന്ന മഹാലക്ഷ്മിയെ കണ്ടില്ല എന്ന്  നടിക്കാൻ പറ്റില്ലല്ലോ   അതുകൊണ്ട് ഞാൻ ആ പൂജ അങ്ങു  ഏറ്റു, ഇവിടുത്തെ കാര്യങ്ങൾ ഇച്ചിരി മുന്നേ തീർത്താൽ മതിയെല്ലോ.."

"തിരുമേനി.. തമ്പുരാൻ അറിഞ്ഞാൽ കോപിക്കില്ലേ.."
"അറിയാൻ വഴി ഇല്ല.. ദേവകി അമ്മായിട്ട് അറിയിക്കേണ്ട. വൈകുന്നേരം വടകേടുത്തു നിന്ന്  കുറച്ച എണ്ണ കൊണ്ട് തരും. അതു വാങ്ങി വെക്കണം.എന്നിട്ട് അമ്പലം പൂട്ടി താക്കോൽ ഇല്ലത്തു വന്ന്  എന്നെ ഏൽപ്പിക്കുക.എന്നെ ഇനി തമ്പുരാൻ  തിരക്കിയാൽ ദേഹസ്വസ്ഥതാ കൊണ്ട് ദീപാരാധന കഴിഞ്ഞു ഉടൻ പോയി എന്ന് പറഞ്ഞാൽ മതി"

എല്ലാം മൂളി കേട്ടുകൊണ്ട് ദേവകി നിന്നു.ഒന്ന് ശങ്കിച്ച നിന്ന ശേഷം .
"തിരുമേനി.. ചെക്കന് തീരെ വയ്യണ്ട ആയിരിക്കുന്നു.നാളെ പുലർച്ചെ ആശുപത്രി വരെ ഒന്നു പോണം തിരുമേനി ടെ കയ്യിൽ വല്ലതും ഉണ്ടാകുമോ ഒരു സഹായത്തിനു"
"ദേവകി അമ്മക്ക്  അറിയാവുന്നതല്ലേ ഈ അമ്പലത്തിലെ വരുമാനം,വല്ലപ്പോഴും  ഒരു അർച്ചനയോ  ഒരു ജപമോ  വല്ലതും കിട്ടയാൽ ആയി,ആ ഇന്നൊരു നല്ല ദിവസം ആയി നീ ചോദിച്ചും പോയില്ലേ "
 മടിയിൽ നിന്നു എടുത്ത 50 രൂപ  അവരുടെ കയ്യിലേക്ക് ഇട്ടു കൊടുത്തു .
"തിരുമേനി ഇത് കൊണ്ട് എന്ത് അകാൻ ആണ്,തമ്പുരാനോട് പറഞ്ഞു എന്തെങ്കിലും കൂടി "
"നടപ്പില്ല ദേവകി അമ്മേ ,അല്ലേ തന്നെ നിങ്ങക്ക്  അമ്പല കാര്യത്തിൽ വേണ്ട ശ്രദ്ധ ഇല്ല എന്നൊരു അനിഷ്ടം ഉണ്ട് താനും , അല്ല ദേവകിഅമ്മേ  നാളെ പുലർച്ചെ ഗണപതിഹോമം ഉണ്ട്.. അപ്പോ പിന്നെ ഇവിടെ സഹായത്തിനു ആരാ ഉണ്ടാകുക ...ആഹ് സാരല്ല കാവിലെ കേശവനെ  ഞാൻ വിളിച്ചുകൊള്ളാം "
ദേവകി അമ്മ എല്ലാം മൂളി കേട്ടു .
അങ്ങനെ സന്ധ്യ വിടരും മുന്നേ ദീപാരാധന കഴിഞ്ഞു ശ്രീകോവിലെ വിളക്കും കെടുത്തി ധൃതിയിൽ വിഗ്രഹത്തിലെ  മാലകളും മാറ്റി ചവറ്റുകുട്ടയിൽ   ഇട്ടു .ദേവകി അമ്മയുടെ തുളസി കതിർ മാലയോടൊപ്പം  കണ്ണൻ്റെ സ്വർണ മാലയും കൂടെ പോന്നത് തിരുമേനി കണ്ടില്ല താനും  . 
നടപൂട്ടി താക്കോൽ ദേവകിയെ ഏല്പിച്ചു തിരുമേനി മടങ്ങി.
നിലത്തെ എണ്ണ വീണ പാടുകൾ തുടച്ചു, ചവറ്റുകുറ്റയിലെ ചവറും  കൊണ്ട് തെക്കേവശത്തെ കാവിന് അപ്പുറം  ഉള്ള കുഴിയിൽ കൊണ്ട് ഇട്ടു തിരികെ വഴുമ്പോഴേ ക്കും എണ്ണയും കൊണ്ട് ആൾ എത്തിയിരുന്നു.
"ദേവകി അമ്മേ  .. തിരുമേനി എവിടെ .. നടനേരത്തെ അടച്ചോ "
" തിരുമേനിക്ക് ഒരു വയ്യായ്മ പൂജ കഴിഞ്ഞു ഇപ്പോ അങ്ങോട്ട് പോയീ ഉള്ളു.എണ്ണ വാങ്ങി വെക്കാൻ എന്നോട് പറഞ്ഞു"
കള്ളം പറയാൻ വഴങ്ങാത്ത നാവു എവിടെയൊക്കെയോ തപ്പി തടഞ്ഞു 
എണ്ണയും വാങ്ങി ഉള്ളിലേക്ക് വെച്ചു അമ്പലവും പൂട്ടി താക്കോൽ ഇല്ലത്തു 
 ഏല്പിച്ചു തിരികെ വീട്ടിലേക്ക് നടന്നു കയറി ഉറക്കെ വിളിച്ചു

"കണ്ണാ.. അമ്മേടെ കണ്ണൻ എവിടെ .."
എന്ന ചോദ്യത്തിന്   അവനെക്കാൾ മുന്നേ അവൻ്റെ കാലിൽ കിടക്കുന്ന ചങ്ങല വിളി കേൾക്കും .
 കടുത്ത ചുമയുടെ അകമ്പടിയിൽ അമ്മയുടെ വിളി കേൾക്കുമ്പോൾ അവന്റെ ചങ്ങലകൾ കിലുങ്ങുo.. അവനും ആ വിളിക്ക് കാതോർത്തു ഇരുപ്പായിട്ടുണ്ടാവും.ചെറിയ ജനവാതിലിൽ കൂടി കാണുന്ന  ആകാശത്തെ മേഘങ്ങളിൽ അവൻ ആനയെയും ,പൂച്ചയെയും ,അച്ഛനെയും എല്ലാം കണ്ടെത്തും .മേഘങ്ങൾ അവൻ്റെ മുന്നിൽ രൂപം മാറി വരും .അവ അവൻ്റെ മുന്നിൽ നൃത്തം വെക്കും ,മഴയോട് കൂടി ഉള്ള ഇടിനാദം അവന് സംഗീതം ആകും ,മിന്നൽ വെളിച്ചും അവൻ്റെ കണ്ണുകളിൽ തട്ടുമ്പോൾ അവൻ ഉന്മാദത്തോടെ കൈ കൊട്ടും .ഇരുട്ട്‌ വീണ നാലു ചുവരുകൾക്കുള്ളിൽ അവന് മേഘങ്ങൾ പുതിയ ലോകം വരച്ചു കൊടുക്കുമ്പോൾ മഴ നനഞ്ഞു കുതിർന്നു വീണ  ഭിത്തിയിൽ അവൻ അവരെ കോറിയിടും.അപ്പോഴും ഒരു മഞ്ഞ ശലഭം അവന്  ചുറ്റും പറന്ന് കൊണ്ടേ ഇരിക്കും . 

 ചിമ്മിനി വെട്ടത്തിൽ ഭക്ഷണവും കഴിച്ചു.മഴ കൊണ്ട് ചോർന്ന ഒലിച്ചു വീണ വെള്ളവും തുടച്ചു അവൻ്റെ  അടുത്തു  പോയി തലോടികൊണ്ട്  ദേവകി അമ്മ  ഇരുന്നു.ചുമ കഠിനം ആയിരിക്കുന്നു ,ശ്വാസം എടുക്കാൻ അവൻ നന്നേ കഷ്ടപെടുന്നുണ്ട്.നന്നായി പനികുന്നും ഉണ്ട് .ദേവകി മുറ്റത്തിറങ്ങി പനി കൂർക്ക ഇലയെടുത്തു വെള്ളം തിളപിച്ചു അതിൽ മുക്കിയ തുണി അവൻ്റെ നെറ്റിയിൽ നനച്ചു ഇട്ടു .അവനെ നെഞ്ചോട് ചേർത്ത് ഇരുത്തി നെറ്റിയിൽ ഉമ്മവെച്ചു ,നനഞ്ഞ തുണിയിൽ കൂടി അവൻ്റെ നെറ്റിയിലെ പനി  ചൂട് അവർ അറിഞ്ഞു . 
"കണ്ണാ നാളെ പുലർച്ചെ നമുക്കു ആശുപത്രിയിൽ പോകാം.. നാളെ എല്ലാം ശെരിയാകും.ൻ്റെ  കുട്ടി ഉറങ്ങിക്കൊള്ളു.." അവൻ ഒരു ചിരിപോലും നൽകാതെ ഉച്ചത്തിൽ ചുമച്ചുകൊണ്ട കണ്ണടച്ചു ആകാശത്തേക്ക് നോക്കി  കിടന്നു. തണുപ്പ് കാലത്തേക്ക് ഉറുമ്പുകൾ തീറ്റ ശേഖരിച്ചു വെക്കും പോലെ അവൾ ശേഖരിച്ചു വെച്ചതൊക്കെ ഇത്തിരി വെളിച്ചത്തിൽ നുള്ളി പെറുക്കി എടുത്ത് തലയുണയുടെ അടിയിലേക്ക് വെച്ചു കണ്ണുകൾ അടച്ചു കിടന്നുകൊണ്ട് പുറത്തെ ഇടിമുഴക്കവും കേട്ടുകൊണ്ട് എങ്ങാനൊക്കെയോ ആ രാത്രി കഴിച്ചു കൂട്ടി .

പുലർച്ചെ അമ്പലം തുറക്കുവാൻ കേശവൻ,  തിരുമേനിടെ കൂടെ എത്തിയിരുന്നു .മണി അടിച്ചു നട  തുറന്ന് ഉള്ളിൽ  കയറിയ തിരുമേനി ആ ചെറുവെട്ടത്തിൽ ഒന്നു ഞെട്ടി നിന്നു. വിഗ്രഹത്തിന് ചുറ്റും തിരഞ്ഞു പുറത്തേക്ക് ഓടി വന്നു നോക്കുമ്പോൾ കേശവൻ്റെ  കൂടെ തമ്പുരാനും ഉണ്ട്.

" തമ്പുരാനേ.. കണ്ണൻ്റെ  കഴുത്തിലെ സ്വർണ മാല കാണുവാൻ ഇല്ല"

" എന്താ ഈ പറയുന്നേ തിരുമേനി..നന്നായി അവിടൊക്കെ ഒന്നു നോക്കുക.. എന്തായാലും  ഇപ്പോ പുലർച്ചെ  ആരും ശ്രീകോവിലിൽ കയറില്ലലോ.. തിരുമേനി അല്ലെ ഇവിടുത്തെ കാര്യങ്ങൾ എല്ലാം നോക്കുന്നെ."

പരിഭ്രാന്തിയോടെ നിന്ന തിരുമേനി തലകുനിച്ചു പറഞ്ഞു" തമ്പുരാൻ എന്നോട് പൊറുക്കണം. ഇന്നലെ പെട്ടന്ന് ഒരു വല്ലായ്മ തോന്നിയത് കാരണം ഞൻ താക്കോൽ ദേവകി അമ്മേ ഏല്പിച്ചിരുന്നു.. എണ്ണ കൊണ്ടുവരുന്നത് വാങ്ങി ഉള്ളിൽവെച്ചു  താക്കോൽ തിരികെ കൊണ്ടു ഏൽപ്പിക്കാൻ പറഞ്ഞിരുന്നു."
 
കേശവൻ  അകത്തു നോക്കിയിട്ടു 
"തമ്പുരാനെ പുറത്തു നിന്ന് ആരും കയറിയ ലക്ഷണം ഇല്ല ,തിരുമേനി ഇന്നലെ നേരത്തെ പോകുകയും ചെയ്തല്ലോ ,ഞാൻ എണ്ണ കൊണ്ട് കൊടുക്കുമ്പോൾ ദേവകി മാത്രമേ  ഈ പരിസരത്തു ഉണ്ടായിരുന്നുള്ളു "

"എന്നിട്ട് ദേവകി എവിടെ .. എടി ദേവകി" 
ഉച്ചത്തിൽ തമ്പുരാൻ വിളിച്ചു
" അവരുടെ കുട്ടിക് സുഖമില്ലാത്തത്കൊണ്ട് ഇന്ന് വരില്ല എന്ന്  പറഞ്ഞിരുന്നു.അതുമാത്രമല്ല ഇന്നലെ എന്നോട് കുറച്ചു  പണം ആവിശ്വപ്പെട്ടിരുന്നു .. എൻ്റെ  കയ്യിൽ അത്ര ഒന്നും ഇല്ലാരുന്നു. ..ഇനി അവര് വല്ല ബുദ്ധി മോശവും "
തിരുമേനി പറഞ്ഞു ഒഴിഞ്ഞു 
കേട്ട പാതി തമ്പുരാൻ നിന്ന് വിറക്കാൻ തുടങ്ങി .
"വരു.. ഇപ്പോ തന്നെ ആ കള്ളിയെ  പിടിക്കണം. അമ്പല മുതൽ കട്ട് സുഖിക്കാം എന്ന് കരുതി കാണും ." എല്ലാവരും വേഗത്തിൽ ദേവകിയുടെ വീട്ടിലേക്ക് നടപ്പായി .
.
വീടും പൂട്ടി മകൻ്റെ  കൈ പിടിച്ചു പട്ടണത്തിലെ ആശുപത്രിയിലേക്ക് ഇറങ്ങാൻ തുടങ്ങിയ  ദേവകി കണ്ടത്  മുന്നിൽ  കോപിച്ചു ഇളകി മറിയുന്ന  ഒരു ജനക്കൂട്ടത്തെ  ആയിരുന്നു.

" അമ്പലത്തിലെ കൃഷ്ണന്റെ സ്വർണ മാല എവിടെ"
 ഉച്ചത്തിൽ തമ്പുരാൻ്റെ  ചോദ്യം കേട്ട് വിറച്ചുനിന്ന ദേവകി പതറി കൊണ്ട് ചൊദിച്ചു
" തമ്പുരാനേ.. മാലയോ..എനിക്  അറില്ല"
"മുഖത്തു നോക്കി കള്ളം പറയുന്നുവോ..ഇന്നലെ തമ്പുരാൻ മടങ്ങി കഴിഞ്ഞ നീ മാത്രമേ അവിടെ ഉള്ളായിരുന്നു .അതിനു ശേഷം ആണ് ആ  മാല കാണാതെ പോയത്.നീ അവിടെ നിക്കുന്നത് കേശവൻ കണ്ടതും ആണ് വെറുതെ സമയം കളയാതെ മാല ഇങ്ങെടുക്ക്."
" തമ്പുരാനേ ഞാൻ സത്യം ആണ് പറയുന്നേ.. ഞാൻ എടുത്തിട്ടില്ല.തിരുമേനി ഒന്നു പറയു ഞാൻ എടുത്തിട്ടില്ല..
ഭഗവാന്റെ മാല ഞാൻ മോഷിടിക്കാനോ .. ഒരിക്കലും ഇല്ല "
" കാശിനു ആവശ്യം  ഉണ്ടെന്ന് കരുതി മോഷ്ടിക്കണമായിരുന്നു ദേവകി അമ്മേ.. അത്രക്ക് അത്യാവിഷം ആയിരുന്നേൽ തമ്പുരാനോട് ചോദിച്ചാ  പോരായിരുന്നോ .. വല്ലതും കൈ തന്നു സഹായിക്കില്ലേ .. ഇത്  ഇത്തിരി കൂടി പോയി"
 തമ്പുരാനേ ഒന്നു പുകഴ്ടിത്തി ദേവകിയോടെ തിരുമേനി കയർത്തു 
" അയ്യോ ൻ്റെ  കുഞ്ഞാണെ  സത്യം.. ഞൻ എടുത്തിട്ടില്ല.. ഞാൻ കള്ളം പറയില്ല.."
ആൾ കൂട്ടം ശബ്ദം വെച്ച് തുടങ്ങി .വഴിയിലും മുറ്റത്തും നിന്ന ചിലർ കള്ളി മാല കൊടുക്കടി എന്ന് ആക്രോശിക്കാൻ  തുടങ്ങി .
അപ്പോഴും അവർ തമ്പുരാൻ്റെ  കാൽക്കൽ വീണ് പറയുന്നുണ്ടായിരുന്നു അവർ എടുത്തിട്ടില്ല എന്ന് .പക്ഷെ അവരുടെ നിലവിളി  ആൾക്കൂട്ടത്തിന്റെ ആക്രോശങ്ങൾക്കിടയിൽ  അലിഞ്ഞു ചേർന്നു .
അവന് ചുറ്റും അപ്പോഴും ആ മഞ്ഞ ശലഭം പറക്കു ണ്ടായിരുന്നു .ആകാശത്തേക്ക് നോക്കി ഇരുന്ന അവൻ്റെ കണ്ണിൽ മേഘം അച്ഛന്റെ രൂപം പൂണ്ട് നിന്നു  ,അവൻ ചിരിച്ചു കൊണ്ട് അത് നോക്കി ഇരുന്നു .

ജനകൂട്ടം പെരുകാൻ തുടങ്ങി,കൂടെ ആക്രോശങ്ങളും ,
ഇതിനിടയിൽ മെമ്പർ വന്ന് തമ്പുരാനോട് പറഞ്ഞു .
ജനം വല്ലാതെ ഇളകി ഇരിക്കുന്നു ,ഇനി ഇവരെ എങ്ങനെ ഇ വിടെ നിർത്തിയാൽ എന്തങ്കിലും സുംഭവിച്ചാൽ നമ്മൾ മറുപടി  വരും ,ഇങ്ങനെ പോയാൽ ശെരി ആവില്ല  നമുക്ക് ഇവളെ പോലീസ് ഇത് ഏല്പിക്കാം"
"മെമ്പർ എന്താന്ന് വെച്ചാ ചെയ്യേ ,എങ്ങനെ ആണെങ്കിലും ഭഗവാൻ്റെ  മാല കിട്ടണം അത്രയേ ഉള്ളു എനിക്കും ഇ കൂടി ഇരിക്കുന്നവർക്കും,വിശ്വാസികൾ ഇളകിയാൽ പിന്നെ  അറിയാല്ലോ ,പിടിച്ചാ കിട്ടില്ല  "
അത് ഞാൻ വേണ്ട പോലെ ചെയ്യാം എന്ന് പറഞ്ഞു മെമ്പർ ഫോൺ ചെയുന്നു.
ദേവകി ആരെങ്കിലും ഒന്ന് സഹായിക്കുമോ എന്ന് കരഞ്ഞു കൊണ്ട് ചുറ്റും നടന്നു .പലരുടെയും മുന്നിൽ പോയി യാചിച്ചു.പുറം പണിക്കു നിക്കുന്ന വീട്ടിലെ സാവിത്രിയുടെ മുന്നിൽ അവർ പോയി കൈ കൂപ്പി നിന്നു .

"എൻ്റെ മാല ആണെങ്കിൽ ഞാൻ അങ്ങ് പോട്ടെന്നു വെച്ചേനെ  ദേവകിയെ ,ഇതിപ്പോ ഭഗവാൻ്റെ  ആയി പോയില്ലേ "
ഈർഷ്യയോടെ പറഞ്ഞു.
ദേവകി മുകളിലേക്ക് നോക്കി കരഞ്ഞു കൊണ്ട് തമ്പുരാൻ്റെ  കാൽക്കലേക്കു വീണു .തമ്പുരാൻ അവളെ നോക്കി ദേഷ്യത്തോടെ പല്ല് ഇറുമ്മി .

 

മഴ ചാറാൻ തുടങ്ങി,തറയിലേക്ക് വീണ വെള്ള തുള്ളികൾ മണ്ണിനൊപ്പം ഉയർന്നു പൊങ്ങി മണ്ണിൽ അമർന്നു കിടന്ന ദേവകിയുടെ കയ്യിലേക്ക് ചാടി കയറാൻ തുടങ്ങി .

ഒരു ജീപ്പിൻ്റെ  ഇരമ്പലിൽ ദേവകി കണ്ണ് ഉയർത്തി നോക്കി .ചെമ്മണ്ണ് നിറഞ്ഞ മുറ്റത്തെക്കു ജീപ്പ് കയറി ,ടയറിന്റെ അടിയിൽ പെട്ട തുളസി ചെടി ഞെരിഞ്ഞു അമർന്നു .
"ദേവകി പോലീസ് വന്നു ,നീ എടുത്തെങ്കിൽ അത് ഇപ്പോ കൊടുത്തേക്ക് ,അവർ എങ്ങനെയൊക്കെ ചോദ്യം ചെയ്യും എന്ന് അറിയാല്ലോ "
മെമ്പർ പറഞ്ഞു 
" ദേവകി പട്ടിണി കിടന്നിട്ടുണ്ട് ,എന്നിട്ടും മോഷിടിച്ചിട്ടില്ല മെമ്പറെ നിങ്ങളും കൂടി ഞങ്ങളെ കൈ വിടല്ലേ "

ദേവകി അവസാന പ്രതീക്ഷയോടെ നോക്കി.

"ങും ,നിങ്ങൾ എടുത്തില്ല എന്ന് എനിക്കും അറിയാം,പക്ഷെ ജനകൂട്ടം ഇളകി ഇരിക്കുവാ,എനിക്ക് എന്ത് ചെയ്യാൻ കഴിയും,ജനക്കൂട്ടം ആണ് ഇപ്പോൾ തീരുമാനിക്കുന്നത് ശരിയും തെറ്റും പ്രത്യകിച്ചു വിശ്വാസത്തിന്റെ കാര്യത്തിൽ"

എന്നും പറഞ്ഞു മെബർ പോലീസിനെ നോക്കുന്നു .

അവർ വന്ന് വലിച്ചിഴച്ചു ദേവകിയെ ജീപ്പിനുള്ളിലെക്ക് കയറ്റുന്നു .അപ്പോഴും ആൾകൂട്ടം കള്ളി കള്ളി എന്ന് ഉറക്കെ വിളിക്കുണ്ടായിരുന്നു.
അവർ പുറത്തേക്കു നോക്കി നിലവിളിക്കുന്നു .
"ൻ്റെ കുട്ടി ഒറ്റക്കായി പോകുമേ ,സാറെ സത്യമായും ഞാൻ എടുത്തിട്ടില്ല ,സാറെ എൻ്റെ കുട്ടി അവന്   ഒന്ന് ആശുപത്രിയിൽ കാണിച്ചിട്ട് ഞാൻ എവിടെ വേണമെങ്കിലും വരാം " 

കോരി ചൊരിയുന്ന മഴയയുടെ ശബ്ദത്തിൽ അവരുടെ നിലവിളി  ജീപ്പിന്റെ ശബ്ദടൊപ്പം ചേർന്ന് ഇല്ലാതായി

 

എല്ലാവരും പിരിഞ്ഞു പോയി ,ഒറ്റക്ക്  ഇരിക്കുന്ന കൊച്ചിനെ നോക്കി തിരുമേനി ഒന്ന് നിന്നു ,എന്നിട്ട് മുകളിലേക്ക് നോക്കി തല കുനിച്ചു  നടന്ന് അകന്നു .അവന്  ചുറ്റും പറന്ന് കൊണ്ട് ഇരുന്ന മഞ്ഞ ശലഭം അവൻ്റെ കയ്യിൽ വന്ന് ഇരുന്നു .അവൻ അതിനെ നോക്കി ചിരിച്ചു .


മഴയ്ക്ക് ലേശം പോലും കുറവുണ്ടായില്ല ,പോലീസ് സ്റ്റേഷൻ വരാന്തയിൽ ഇരുന്ന ദേവകി അമ്മ ദൂരേക്ക്‌ നീണ്ടു നിവർന്ന് കിടക്കുന്ന റോഡിൻറെ അറ്റത്തേക്ക് ആരുടെയോ വരവ്  പ്രതീക്ഷിച്ചപോലെ  നോക്കി കൊണ്ട് ഇരുന്നു ,കണ്ണ് നിറഞ്ഞു അവരുടെ കാഴച്ചകളെ മറച്ചു . .
പോലീസുകാരുടെ ഓരോ ചോദ്യത്തിനും എന്റെ കുട്ടി എവിടെ,  ഒന്ന് ഇവിടെ എൻ്റെ  കൂടെ എത്തിക്കുമോ എന്ന് പുലമ്പി കൊണ്ട് ഇരുന്നു .


കനത്ത മഴ നേർത്ത തുള്ളികൾ ആയി രൂപാന്തരം പ്രാപിച്ചു .
മഞ്ഞ ശലഭം അവന് മുന്നിൽ പറന്നു നടന്നു ,അവൻ അതിൻ്റെ കൂടെ നടന്ന് കൊണ്ടേ ഇരുന്നു ,ആകാശത്തു കറുത്ത മേഘങ്ങൾ രൂപങ്ങൾ മാറി മാറി സ്വീൿരിച്ചു .മഞ്ഞ ശലഭത്തിനൊപ്പം പൊട്ട കുളത്തിലെ വെള്ളത്തിലേക്ക് നടന്ന്  ഇറങ്ങിയപ്പോൾ അവൻ തണുപ്പ് അറിഞ്ഞില്ല.അവൻ്റെ കണ്ണുകൾ വെള്ളത്തിൻ്റെ  അടിയിൽ മഞ്ഞ ശലഭത്തെ തിരഞ്ഞു കൊണ്ട് ഇരുന്നു .


പെട്ടെന്ന് ഒരു വെള്ളിടി വെട്ടി പോലീസ് സ്റ്റഷന്റെ മുന്നിൽ നിന്ന ഇലക്ട്രിക്ക് പോസ്റ്റിൽ നിന്ന്  തീ ഉയർന്നു .ഒരു നിമിഷം ഞെട്ടി ഉണർന്ന ദേവകി കണ്ടത് പുതു മഴയിൽ പുതു ജന്മം എടുക്കുന്ന ഈയലുകൾ പറന്നു പൊങ്ങുന്നതാണ് .പറന്നു പൊങ്ങിയ ഈയലുകൾക്കൊപ്പം ആകാശത്തിലെ കറുത്ത മേഘങ്ങൾ നൃത്തം വെക്കുന്നതായി അവർക്കു തോന്നി . പറന്ന് പൊങ്ങിയ ഈയലുകൾ ചിറകറ്റ് വെള്ളത്തിലേക്ക് വീഴാൻ തുടങ്ങി ,ഇതിന് ഇടയിൽ എവിടെ നിന്നോ പറന്ന് വന്ന മഞ്ഞ ശലഭം ചിറക് അടിച്ച് അവരുടെ കയ്യിൽ വന്ന് ഇരുന്നു .....! 

Srishti-2022   >>  Short Story - Malayalam   >>  ഫ്ലാഷ്ബാക്ക്

ഫ്ലാഷ്ബാക്ക്

ഫ്ലാഷ്ബാക്ക്

ഓഫീസിലെ ആദ്യ നാളുകൾ . ആദ്യമൊക്കെ  ഭയങ്കര സന്തോഷമായിരുന്നു. AC ഉള്ള ഓഫീസ്,  സ്വന്തമായി ഒരു കമ്പ്യൂട്ടർ, ചക്രമുള്ള കറങ്ങുന്ന  കസേര. പിന്നെ എന്ത് വേണം?. ഒരു  കാര്യം  കൂടി  ഉണ്ടായിരുന്നെങ്കിൽ.. ഞാൻ  എന്റെ കറങ്ങുന്ന കസേരയിൽ നിന്നും  ഓഫീസ് മൊത്തം ഒന്ന് കണ്ണ് കറക്കി നോക്കി. ഇല്ല ..എന്റെ സൈസിന് പറ്റിയതിനൊന്നും നിലവിൽ ഇല്ല. വേണ്ടാ..എല്ലാംകൂടി ഒരുമിച്ച് കിട്ടിയാൽ അതിലൊരു ത്രില്ലില്ല. പക്ഷേ, പയ്യെ പയ്യെ പണികൾ കിട്ടി തുടങ്ങി.തട്ടിയും മുട്ടിയും ഗൂഗിളിനോട്  ചോദിച്ചും അറിഞ്ഞും ഓരോ പണിയും ചെയ്ത്  തീർത്തു. ധനുഷ്ന്റെ 'യാരടി നീ മോഹിനി' സിനിമയിൽ അവൻ ഒരു നൈറ്റ് മൊത്തം ഇരുന്ന് ഒരു ടാസ്ക്  ചെയ്ത തീർക്കുന്ന ഒരു സീൻ ഉണ്ട്.നയൻ‌താര രാവിലെ വരുമ്പോ  ധനുഷ്  കൊറേ പേപ്പർ ഒക്കെ കാണിച്ചു അവളെ ഞെട്ടിക്കണ സീൻ. ഞാൻ ഇവിടെ ആരെ ഞെട്ടിക്കാൻ??.. ആരേലും ഇണ്ടെങ്കിൽ തന്നെ ഞെട്ടിക്കാൻ എനിക്ക് അറിയില്ലല്ലോ.പടത്തിലെ സീനൊക്കെ വെറും നുണ, ശുദ്ധ നുണ. അങ്ങനെ എല്ലാ ടാസ്ക് ഉം ഒരു കാപ്പിയും കുടിച്ചോണ്ട് ഒറ്റ രാത്രികൊണ്ട് ചെയ്ത തീർക്കാനൊന്നും പറ്റത്തില്ല.അല്ലെങ്കിൽ പിന്നെ ഞാൻ വല്ല രജനികാന്തോ ധനുഷോ ആകണം. ഓഫീസ് ഭയങ്കര സൈലന്റ് ആയിരിക്കുമ്പോ പലപ്പോഴും എന്റെ ഉള്ളിലെ സൈക്കോ പറയാറുണ്ട്. "ഏതെങ്കിലും ഒരു ലൈവ് സെർവർ പൊട്ടിക്കട...അപ്പോ ഒച്ചപ്പാടും ബഹളവും നല്ല രസമായിരുക്കുന്ന"...അമ്മാതിരി ഉൾവിളികൾ ഞാൻ ഗൗനിക്കാറില്ല.പലപ്പോഴും കോഡുകൾ കുത്തി നിറഞ്ഞു കിടക്കുന്ന മോണിറ്ററിലേക്  ഒന്നും മനസിലാകാതെ മണിക്കൂറുകൾ നോക്കിയിരുന്നിട്ടുണ്ട്. ഒരു നാൾ..എന്താ ചെയ്യണ്ടതെന്നും  ,എങ്ങനെയാ ചെയ്യണ്ടതെന്നും  അറിയാത്ത ഒരു പണി കിട്ടി നിൽക്കുന്ന  സമയം. എന്തോ എവിടെയൊക്കെയോ കുറേ തകരാറുണ്ട്.അങ്ങനെയല്ല,  എന്തോ എവിടെയോ കുറച്ചൊക്കെ ശരിയാണ്.ഇതാണെങ്കിൽ ചെയ്ത് തീർക്കേണ്ട സമയം കഴിഞ്ഞു. കഴിഞ്ഞോ കഴിഞ്ഞോന്ന്  ചോദിച് ഇടക്ക് ഇടക്ക്‌ മെസ്സേജ് വരുന്നുണ്ട്. പുട്ട് കുറ്റിയിൽ നിന്നും പുട്ട് തള്ളി പുറത്തിറക്കുന്നത് പോലെ സിമ്പിൾ ആയിരുന്നേൽ വേഗം ചെയ്ത് കൊടുക്കാമായിരുന്നു. ഇതിപ്പോ ഇണ്ടാകുന്നത് പുട്ടാണോ ദോശയാണോന്ന് അറിയാത്ത അവസ്ഥ.ഒരു  അവസാന  ശ്രമം എന്ന രീതിയിൽ ഞാൻ എന്റെ മോണിറ്ററിലേക്  സൂക്ഷിച്ചു നോക്കി .പല പല വർണ്ണങ്ങളിൽ  വാക്കുകൾ കുനു കുനാന്ന്  കിടക്കുന്നു. ഒരുമാതിരി പൂക്കളൊക്കെ  തീരെ  പൊടിക്  അറിഞ്ഞു വാരി വലിച്ച് ഒരു ബ്ലാക്ക്  ബോർഡ്  ഇട്ടാൽ എങ്ങനെ ഇരിക്കും..അത്  പോലെ ..അതിന്റെ  ഇടയിൽ  ചോദ്യ  ചിന്ഹവും , അന്ധാളിക്കണ  ചിന്ഹവും  ഒകെ  കാണാം.എന്തോ സംസ്‌കൃത ശ്ലോകം പോലെ ഖണ്ഡം ഖണ്ഡമായി കിടക്കുന്ന പോലെ. മൊത്തത്തിൽ  കാണാൻ എന്തോക്കെയോ ഒരു ഭംഗിയുണ്ട് . പക്ഷേ, എനിക്കെന്തോ അത്രക്ക് ആസ്വദിക്കാൻ തോന്നിയില്ല. വേണേൽ  അതിന്റെ  മുൻപിൽ ഇരുന്നു ഒരു ചിന്തിക്കുന്ന സെൽഫിയെടുക്കാൻ കൊള്ളാം....എന്തൊക്കെ  ചെയ്തിട്ടും ERROR പോകുന്നില്ല ...

എന്ത് ചെയ്യാനാ ഞാനിപ്പോ  ഇത്  തുറന്ന്  വെച്ചേക്കുന്നേ ? 

എനിക്ക് അറിഞ്ഞൂടാ .....

എന്ത്  ചെയ്തപ്പോളാ ERROR  വന്നത് ?.

അതും  എനിക്ക്  അറിഞ്ഞൂടാ....

ഇനിയിപ്പോ  എന്ത് ചെയ്യാനാ പോണേ?.

സത്യമായും  അതും  എനക്കറിഞ്ഞൂടാ ....

തനിക്  കൊറച്ചു മണ്ണ്  വാരി തിന്ന് ഇറങ്ങി ഓടികൂടെടോ ?? ഞാൻ  എന്റെ  മനസ്സിനോട്  സ്വയം ചോദിച്ചു  പോയി . ആദ്യം  ERROR ശരിയാക്കാം..ബാക്കി പിന്നെ . ഈ  ഇരിക്കുന്ന  സാധനം  വല്ല  ചെക്കൻ  ആയിരുന്നേൽ  ചന്തിക്  രണ്ടു പെട കൊടുത്ത് നന്നാവടാന്ന്  പറഞ്ഞ് നന്നാക്കാമായിരുന്നു. ഇതൊരുമാതിരി  കമ്പ്യൂട്ടർ ആയി പോയി. ചിലപ്പോഴൊക്കെ ഹാങ്ങ്‌ ആയിരിട്ടിരിക്കണ കാണുമ്പോൾ ചാടി ഒരു ചവിട്ട് കൊടുക്കാൻ തോന്നും.എന്ത്  ചെയ്യാൻ?.. ചോറ് തരുന്ന സാധനമായി  പോയി.എന്ത്  വിഷമാണ്  മണി  ഇതിൽ നീ  കുത്തിവെച്ചത് ?..ഞാൻ  വീണ്ടും  കോഡ്  പരതി. കുറേ  വരികളിലായി  നീണ്ടു  നിവർന്ന്  കിടക്കുന്ന  കോഡ്. ഒന്നും കൃത്യമായിട്ട് അങ്ങ് മനസിലാകുന്നില്ല. കുറേ നേരം നോക്കി ദേഷ്യം വന്നിട്ട്  ബൈജുനെ വിളിച്ചു രണ്ടു തെറി പറഞ്ഞു. തിരിച്ചും രണ്ടു തെറി കേട്ടപ്പോൾ ചെറിയ ഒരു ആശ്വാസം. മനസ് ശാന്തമാക്കി സമാധാനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തീരുമാനിച്ചു. വാഷ്‌റൂമിൽ പോയി മുഖം കഴുകി,  താഴെ പോയി ഒരു കട്ടനടിച്ചു. തിരിച്ചു വന്നു നടുവ് നേരെ നിവർത്തിയിരുന്നു. ശാന്തമായിട്ടിരിക്കാൻ "വിണ്ണൈത്താണ്ടി വരുവായ" പടത്തിലെ ബിജിഎം ജൂക്ക്ബോക്സ്, ഹെഡ്സെറ്റിൽ പ്ലേ ചെയ്തു. കോഡ് മൊത്തത്തിൽ ഒരു പോസ്റ്റ്മോർട്ടം  ചെയ്യാൻ  തീരുമാനിച്ചു . പതുക്കെ പതുക്കെ ഓരോന്നും നോക്കി .ഒരു  കാര്യം  ഉറപ്പാണ്.എന്റെ  അനധികൃതമായ  കൈ  കടത്തലുകൾ മൂലം ഇത് മൊത്തത്തിൽ പിഴച്ചി രിക്കുന്നു .കൂടോത്രം ചെയ്ത് വീട്ടിൽ  കുഴിച്ചിട്ട  മൊട്ട പോലെയുള്ള  ഒരു  സാധനത്തെ,  അവസാനം  ഞാൻ  അതിന്ന്  തപ്പി  കണ്ടുപിടിച്ചു . കണ്ടപാടെ  അതിനെ  അങ്ങ്  ശൂന്യമാക്കി. മൗസിനെ തൊട്ടും  കീബോർഡിനെ തലോടിയും ഓരോന്നായി  ശരിയാക്കി .നീണ്ട പോരാട്ടത്തിന്  ഒടുവിൽ  ഞാൻ  അതിനെ   വൃത്തിയായി  ടെസ്റ്റർ  ഇന്  സമർപ്പിച്ചു . ടെസ്റ്റർ ...സിമ്പിൾ ആയിട്ട്  പറയുവാണേൽ  നമ്മൾ  ഉണ്ടാക്കുന്ന ഒരു ചിക്കൻ കറി  രുചിച്ചു നോക്കി അതിൽ ഉപ്പുണ്ടോ എരിവിണ്ടോന്നൊക്കെ  പറയുന്നയാൾ ...പക്ഷേ ഒരിക്കലും അത് ശരിയാക്കില്ല.. ശരിയാക്കാൻ പാടില്ല...ഈ  ചിക്കൻ  കറിയ്ക്ക്  സാമ്പാറിന്റെ മണമില്ല..., എരിവ്  ഉള്ളത്  കൊണ്ട്  മധുരം  അറിയാൻ  പറ്റണില്ല...എന്നൊക്കെയുള്ള  തികച്ചും  ന്യായവും  ലോജിക്  തുളുബുന്നതുമായ  വിമര്ശനങ്ങൾ ഉന്നയിച്ചു 

. അവിടെയൊക്കെ കറിയ്ക്  എരിവ് ലേശം കൂടുതൽ വേണമെന്ന്  പറഞ്ഞത് കൊണ്ടാണല്ലോ, അങ്ങനെ ചെയ്തപ്പോ ഉപ്പു  കൂടി സാമ്പാറിന്റെ മണവും , പഞ്ചാരടെ  മധുരവും കിട്ടാതെ പോയതെന്ന് വിനീതമായി  അവരെ പറഞ്ഞു ബോധിപ്പിച്ചാൽ മതി. മൗനം കലർന്ന വാക്ക് തർക്കങ്ങൾക്കും, ചാറ്റിങ്  കശപിശകൾക്കും  ഒടുവിൽ ചില അറ്റകുറ്റപണികൾ ഒക്കെ ചെയ്ത് അവരെ തൃപിതിപ്പെടുത്തി.എല്ലാം കഴിഞ്ഞപ്പോ വൈകി. രാത്രിയായി. ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി യമുന  ബിൽഡിങിന്റെ താഴെയെത്തി. അപ്പുറത്തെ സൈറ്റിലെ ബംഗാളികളൊക്കെ പണി കഴിഞ്ഞ് വീട്ടിൽ  പോയിട്ടുണ്ടാകണം .ഞാൻ ബിൽഡിങ്ങിൽ  നിന്നും  മെയിൻ ഗേറ്റിലേക്  നടന്നുനീങ്ങി.ഹെഡ്സെറ്റിൽ  "മെല്ലിനമേ മെല്ലിനമേ" പാട്ട്. പാട്ടും കാറ്റും നിലാവും നിശബ്ദതയും ആസ്വദിച് രാത്രിയിൽ നടക്കാൻ നല്ല രസമാണ്.  എന്തോ അറിയില്ല ഞാൻ ചുമ്മാ തിരിഞ്ഞ് സ്ലോമോഷനിൽ യമുന  ബിൽഡിങ്ങിലേക്  നോക്കി . ഒരു വലിയ ഒറ്റ  കളർ  ഉള്ള  റൂബിക്ക്സ് ക്യൂബിനെ നടുവിൽ നിന്ന് ചെരിച്ചു  വെട്ടി കമഴ്ത്തി വെച്ച്, അതിനെ രണ്ടു തൂണ്  ചെരിച്ചു താങ്ങി വെച്ചേക്കുന്നേ  പോലത്തെ  ഒരു കെട്ടിടം . യമുന ബിൽഡിങ്.എപ്പോഴും ആ തൂണിന്റെ  മുകളിൽ കയറിട്ട് ശൂന്ന്.. തെന്നി താഴെ വരാൻ തോന്നും.കറുത്ത ആകാശത്തിൽ വെളുത്ത  ചന്ദ്രനും പിന്നെ യമുനയും. എന്തൊരു ഭംഗിയാണ്.വൈകിട്ട് ചുവന്ന ആകാശത്തിന്റെ ഒപ്പം കാണാൻ മറ്റൊരു ഭംഗിയാണ്. യമുന സുന്ദരിയാണ്. ഭംഗിയിൽ നിന്നും ശ്രദ്ധ അറിയാതെ മാറി.പല നിലകളിലും  ഇപ്പോളും  ലൈറ്റ്  കത്തുന്നുണ്ട് . ആ ലൈറ്റിൽ കത്തിയമരുന്ന  എത്രെയെത്ര  യൗവനങ്ങൾ!!..എന്റെ യൗവനവും അതിൽ  എരിഞ്ഞു ചാമ്പലാകുമോ !!?....ടി വി സീരിയൽ പരസ്യത്തിൽ ചോദിക്കുന്ന പോലെയുള്ള ചോദ്യങ്ങൾ എന്റെ മനസിലൂടെ കടന്നു പോയി.  ഒരു ഫിലിം കഥ എഴുതണം ..ഡയറക്ടർ  ആകണം ..മണി രാജി വെക്ക് ...വെക്ക്  മണി  ..വെക്ക് ...ഞാൻ ഒന്നും നോക്കിയില്ല. ചൂടാറും മുൻപേ  അമ്മയെ  ഫോൺ  ചെയ്തു . യൗവനം , മുതലാളിത്തം , 4 ചുവരിൽ , സിനിമ , ലക്ഷ്യം  എന്നൊക്കെ  പറഞ്ഞുള്ള  ഒരു  വമ്പൻ  പഞ്ച് ..പഞ്ച്  ആണ്  ഉദ്ദേശിച്ചത് ...അവസാനം  ജോലി  നിർത്താൻ  പോകുവാന്നുള്ള ഒരു ഫുൾ സ്റ്റോപ്പും. അമ്മ  ഒന്നും  മിണ്ടുന്നില്ല ..ഫോണ്ണിൽ  നിന്നും  കട്ട്  ചെയ്ത ശേഷം കേൾക്കുന്ന  "ട്ടു  ട്ടു" ശബ്ദം മാത്രം കേട്ടു.. ഞാൻ വീണ്ടും വിളിച്ചു. ബാക്കി  പഞ്ച്  അടിക്കാൻ  ഡീപ് ബ്രീത്  എടുത്ത് വരുവായിരുന്നു. പെട്ടെന്ന് അച്ഛന്റെ  ശബ്ദം...."തിന്നിട്ട്  എല്ലിന്റെ  ഇടയിൽ  കയറിയാൽ  പലതും  തോന്നും "....ഈ  തവണ  ഞാൻ  അച്ഛനെ  "ട്ടു  ട്ടു" ശബ്ദം  കേൾപ്പിച്ചു ..ഒരു  സെക്കന്റ്  മിന്നായം  പോലെ  കോളേജ്  കഴിഞ്ഞു,  ടെക്നോപാർക്കിൽ ജോലി കിട്ടുന്ന സമയം വരെയുള്ള  കാര്യങ്ങൾ  കടന്ന്  പോയി .അറബിക്കഥയിലെ ശ്രീനിവാസന്റെ ഗൾഫിലെ ആദ്യ നാളുകൾ പോലെയുള്ള ഒരു മിനി ഫ്ലാഷ്ബാക്ക്. തിരിച്ചു  ഒന്നൂടെ  ഞാൻ ബിൽഡിങ്ങിലേക് നോക്കി ..അപ്പോ എന്താണെന്ന്  അറിഞ്ഞൂടാ  അതിന്റെ  ഉള്ളിൽ  അത്ര വലിയ  എരിച്ചിലൊന്നും  എനിക്ക് അപ്പൊ തോന്നിയില്ല .വീണ്ടും  ഹെഡ്സെറ്റ് ബാക്  ഇൻ  ആക്ഷൻ.ഈ  തവണ പാട്ട് .."അടി റാക്കമ്മ കയ്യെ തട്ട് "......."ട്ടും ട്ടും ട്ടട  ട്ടടട  ടാങ്".... 

Srishti-2022   >>  Short Story - Malayalam   >>  മോഹം

Anish Chandran

UST Global

മോഹം

മോഹം

സമയം രാവിലെ 10 മണിയോടടുക്കുന്നതേയുള്ളൂ എങ്കിലും മീനച്ചൂടിന്റെ തീക്ഷ്ണതയിൽ മണ്ണിൽ നിന്നും ഉയർന്നുപരന്ന ഉഷ്ണവായൂപ്രാവാഹം വിദൂരതയിലെ ദൃശ്യങ്ങളെ നൃത്തം ചെയ്യിച്ചു തുടങ്ങിയിരുന്നു. അമ്പലനടയിലേക്ക് നീളുന്ന ടാറിട്ട റോഡിലൂടെ പതിയെ ഒരു കാർ ക്ഷേത്രത്തിന്റെ ഓരം പറ്റിനിൽക്കുന്ന പൂജാസാധനങ്ങൾ വിൽക്കുന്ന കടയുടെ മുന്നിലായി നിന്നു. യൗവ്വനത്തിന്റെ മധ്യകാലത്തിൽ എത്തി നിൽക്കുന്ന ഒരു പുരുഷനും കൂടെ ഒരു കൊച്ചുപെൺകുട്ടിയും കാറിൽനിന്ന് പൊള്ളുന്ന വെയിലിലേക്കിറങ്ങി. വിഷാദത്തിന്റെ കരിനിറം ഇരുവരുടെയും മുഖത്തു വല്ലാതെ പ്രകടമായിരുന്നു. കടക്കാരിയായ വൃദ്ധയോട്‌ എണ്ണയും,മാലയും മറ്റും എടുക്കാൻ പറഞ്ഞ ശേഷം പോക്കറ്റിൽനിന്നും ഒരു സിഗരറ്റ് എടുത്തുകൊളുത്തി അയാൾ കടയുടെ പുറത്തേയ്ക്കിറങ്ങി.

 

അമ്പലത്തിന്റെ വലിയ കൽപ്പടവുകളിൽ വീണ് വേനൽ കത്തിയമരുന്നതിന്റെ ധൂളിപോലെ ആവി പൊങ്ങുന്നുണ്ടായിരുന്നു. അപ്പോഴാണ് പടവുകളുടെ താഴെ വെറും നിലത്ത് ഭിക്ഷാംദേഹിയായ ഒരു ബാലികയെ അയാൾ കണ്ടത്. ജീർണിച്ച്‌ പിഞ്ചിയ കുപ്പായമണിഞ്ഞ് നിഷ്കളങ്കത തുളുമ്പിനിൽകുന്ന ഒരു കൊച്ചു പൈതൽ. ഏറിയാൽ പത്തോ പതിനൊന്നോ വയസ് പ്രായം. കളിച്ചുതിമിർക്കേണ്ട ബാല്യം ഈ വെയിലിൽ ഉരുകിത്തീർക്കുന്നതിന്റെ വ്യഥയോർത്ത് അൽപം പണമെടുത്ത് മകളുടെ കൈയ്യിൽ കൊടുത്തുകൊണ്ടു പറഞ്ഞു "നീന, ഇത് ആ കുട്ടിക്ക് കൊടിത്തിട്ടു വരൂ". വേദനകൾ ഒളിഞ്ഞിരിക്കുന്ന ഒരു ശരീരവും പറിയെന്നോണം അവൾ പതിയെ നടന്ന് പണമായാചക പാത്രത്തിലിട്ടു.

 

"വളരെ നന്നായി സർ", കടക്കാരിയുടെ ശബ്ദം കേട്ട് അയാൾ തിരിഞ്ഞുനോക്കി. "ദിക്കേതെന്നോ, ദേശമേതെന്നോ അറിയാതെ വർഷങ്ങൾക്ക് മുൻപ് ഈ അമ്പലനടയിൽ വന്നു കയറിയ ഒരു ഭ്രാന്തിപെണ്ണിൻ്റെ ഒക്കത്തിരുന്ന ജീവൻ്റെ തുടിപ്പാണിവൾ, 'മുത്ത്'. ഇവളുടെ അമ്മ കഴിഞ്ഞ മാസം ഒരു വാഹനാപകടത്തിൽ മരിച്ചു. അമ്മയുടെ മരണമൊന്നും ഈ കുഞ്ഞിന് എപ്പോഴുമറിയില്ല. അവൾ എന്നും അമ്മയേകാത്ത് ഇവിടെയിരിക്കും. അമ്പലത്തിലെ പ്രസാദവും കഴിച്ച്‌ ഈ കടമുറിയിൽ എന്നോടൊപ്പം ഉറങ്ങി അങ്ങനെ കഴിയുന്നു". വളരെ ദൈന്യതയോടെ അയാൾ ആ കുട്ടിയെ നോക്കുമ്പോൾ പണം നൽകിയതിന്റെ കൃതാർത്ഥതയും സന്തോഷവും മുറ്റിനിന്ന ഒരു ചിരി അവൾ അയാൾക്കു സമ്മാനിച്ചു.

 

പൂജാസാധനങ്ങൾ വാങ്ങി മകളുടെ കൈ പിടിച്ച് ക്ഷേത്രത്തിനുള്ളിലേക്ക് കയറിയവർ തിരികെ ഇറങ്ങുമ്പോൾ ഉച്ചശീവേലിക്ക് ശേഷം നട അടച്ചിരുന്നു. ചുട്ടുപൊള്ളുന്ന പടവുകൾക്ക് താഴെ അമ്പലവീഥിയെ പൂർണമായും വിജനമാക്കി ജനം അവരവരുടെ കൂരയുടെ തണലിലേക്ക് ചേക്കേറിയിരുന്നു. അപ്പോഴും കടയുടെ മുന്നിലെ ഇത്തിരി തണലിൽ ആ അനാഥബാല്യം ഇരിപ്പുണ്ടായിരുന്നു.

 

പടവുകളിറങ്ങി മെല്ലെ ആ കുട്ടിയുടെ അടുത്തുചെന്നു, "മുത്തേ, നീയെന്റെ കൂടെ വരുന്നോ, നല്ല ഉടുപ്പും കളിപ്പാട്ടവും, മാലയും വാങ്ങിത്തരാം". ബാല്യത്തിന്റെ നിഷ്കളങ്കതയോടെ അവൾ അയാളെ നോക്കി. തൻ്റെ മകളെ ചൂണ്ടി അയാൾ തുടർന്നു "നിനക്കും അവളെപ്പോലെ ആവണ്ടേ, എൻ്റെ കൂടെവരൂ. വൈകുന്നേരം ആവുമ്പോളേക്കും തിരികെ വിടാം". അയാൾ അവൾക്കു നേരെ കൈ നീട്ടി. അപരിചിതത്വത്തിൻ്റെ ആശങ്ക അവളെ പിന്നോട്ട് വലിച്ചെങ്കിലും ബാല്യത്തിൻ്റെ മോഹങ്ങൾക്ക് അതിനെ അതിജീവിക്കാനുള്ള ശക്തിയുണ്ടായിരുന്നു. നീട്ടിയ കൈ പിടിച്ച്‌ പാതി മനസ്സോടെ അവൾ കാറിൽ കയറി. മൂവരുമായി കാർ മെല്ലെ നീങ്ങിതുടങ്ങി.

 

ആശ്രയ ഹോസ്പിറ്റൽ എന്നെഴുതിയ ഒരു ചെറിയ ആശുപത്രി മുറ്റത്താണ് കാർ പിന്നെനിന്നത്. പിന്നിലെ ഡോർ തുറന്ന് കുട്ടികളോടായ് പറഞ്ഞു "നിങ്ങൾ രണ്ടുപേരും പുറത്തേക്ക് വരൂ, നമുക്കിവിടെ ഒരാളെ കണ്ടശേഷം ഹോട്ടലിൽ പോയി വല്ലതും കഴിക്കാം". പുറത്തേയ്ക്കിറങ്ങിയ കുട്ടികളുടെ കൈ പിടിച്ച് ആശുപത്രിയുടെ ഉള്ളിലേക്കയാൾ നടന്നു.

 

നീളൻ വരാന്തയിലൂടെ നടക്കുമ്പോഴും മുത്തിന് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല. തൻ്റെ ആരാണ് ഈ ആശുപത്രിയിൽ കിടക്കുന്നത്? ഇനി അമ്മയെങ്ങാനും ഈ ആശുപത്രിയിലായിരിക്കുമോ? അറിയില്ല, അവൾക്ക് ആ ചോദ്യങ്ങൾ അയാളോട് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ധൈര്യമില്ലാത്തതിനാൽ മിണ്ടാതെ കൂടെ നടന്നു.

 

ഇടനാഴിയുടെ അറ്റത്തെ കസേരകളിൽ കുട്ടികളെ ഇരുത്തി അയാൾ ഡോക്ടറുടെ മുറിയിലേക്ക് കയറി. അമ്മ ഇവിടെ ഉണ്ടാകുമോ, എപ്പോൾ വരും എന്നെലാമുള്ള ചിന്തകൾ ആ കുരുന്നിന്റെ ഉള്ളിൽ സന്തോഷവും ആകാംഷയും നിറച്ചു.

 

ഈ സമയം മുറിയിൽ ഏതോ മാഗസിൻ വായിച്ചുകൊണ്ടിരുന്ന ഡോക്ടർ ആഗതനെ ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്തു. "വരണം മിസ്റ്റർ മനോജ്, എന്തൊക്കെയുണ്ട് വിശേഷങ്ങൾ. താങ്കളുടെ മകൾക്ക് ഹൃദയം നൽകാൻ പറ്റിയ donors നെ ആരെയെങ്കിലും കിട്ടിയോ". ഒരു നെടുവീർപ്പിനുശേഷം മന്ദഹാസത്തോടെ അയാൾ പറഞ്ഞു "ഒരാളുണ്ട് ഡോക്ടർ, ഹൃദയതാളം തെറ്റിയ എൻ്റെ മകൾക്കു ഹൃദയംനൽകാൻ ഒരാൾവന്നിട്ടുണ്ട്". വായിച്ചുകൊണ്ടിരുന്ന മാഗസിൻ താഴെവച്ച് വളരെ ഗൗരവത്തോടെ ഡോക്ടർ ചോദിച്ചു "ഇനി ഇതും അവൾക്കു പറ്റില്ലെങ്കിൽ എന്തുചെയ്യും". മുഖത്തേ മന്ദഹാസം തെല്ലൊന്നുമാഞ്ഞു. ഒരുനിമിഷത്തെ മൗനത്തിനുശേഷം തൻ്റെ ഷർട്ടിന്റെ കീശയിൽനിന്നും ഒരു കടലാസെടുത്ത് ഡോക്ടർക്കുനീട്ടി "ഈ ലിസ്റ്റിലെ ആർക്കെങ്കിലും ചേരുമോയെന്നു നോക്കിപ്പറയൂ, എല്ലാവരും അവയവങ്ങൾക്കായി പണവുമായി കാത്തിരിക്കുന്നു". ഒരു ചെറുചിരിയോടെ ഡോക്ടർ ആ ലിസ്റ്റിലൂടെ കണ്ണോടിച്ചു.

Srishti-2022   >>  Short Story - Malayalam   >>  നറുക്കെടുപ്പ്

നറുക്കെടുപ്പ്

നറുക്കെടുപ്പ് 

പുറത്തു നല്ല മഴയുണ്ട് . വാതിൽ തുറന്ന് അയാൾ കുറെ നേരം മുറ്റത്ത് ചെളി നിറയുന്നത് നോക്കി നിന്നു . പിന്നെ പതിയെ മുണ്ട് മടക്കി പടിയിലേക്കിരുന്നു. കാൽ ചെളിയിൽ തൊടാതെ ഉയർത്തി വച്ച് മുട്ടിനിടയിൽ മുഖം പൂഴ്ത്തി കുന്തിച്ചിരുന്നു . ആകാശത്തുനിന്നും പുറപ്പെട്ടു വരുന്ന മഴത്തുള്ളികൾ ഭൂമിയിലെ ചെളിയോട് സംഗമിച്ചു് അവരിലൊരാളായിമാറി അവരോടൊപ്പം ഒഴുകി പോകുന്നു. ഭാഗ്യം തുണയ്ക്കാത്ത മഴത്തുള്ളികൾ . കടലിലോ കായലിലോ പുഴയിലോ നദിയിലോ വീഴാൻ യോഗമില്ല . ഈ വീട്ടുമുറ്റത്തെ ചെളിയിൽ വീഴാനാണ് യോഗം. ചെളി തെറിച്ചു കാലിലേക്ക് വീഴുന്നുണ്ട്. അയാൾ കാൽ ഒന്നുകൂടി ശരീരത്തിലേക്ക് അടുപ്പിച്ചു . മഴ നേർത്തു വരുന്നു . ഇപ്പോൾ വീഴുന്നത് നിർഭാഗ്യരിൽ നിർഭാഗ്യരായ മഴത്തുള്ളികളാണ്. സ്ഥൂല ശരീരവുമായി വേച്ചു വേച്ചു അവ ചെളിയിൽ മുങ്ങി. മഴ നിന്നു. ചെളിവെള്ളം നിശ്ചലമായി കിടന്നു . അയാൾ നിവർന്നിരുന്നു .

 

'ആ ചെളിയെല്ലാം ചവുട്ടി ഇങ്ങു കേറ്റിയേക്കരുത്. എനിക്ക് വയ്യ തൊടക്കാൻ.' 

ഭാര്യ കട്ടനുമായി  വന്നതാണ് .

 

അയാൾ ചന്തിനിരക്കി പുറകിലേക്ക് നീങ്ങിയിരുന്നു .

 

'ഇത്തിരി ടൈൽസ് വാങ്ങി മുറ്റത്തിടാൻ എത്ര നാളായി പറയുന്നു. ഇതിപ്പോ മഴ പെയ്താൽ അടുക്കള മുഴുവൻ ചെളിയാണ്.'

 

കട്ടനും വടയും പടിയിൽ വച്ചുകൊണ്ടു അവർ പറഞ്ഞു. വരാന്തയിലെ ചോരുന്ന ഓടിനു താഴെ വച്ചിരുന്ന പാത്രം അല്പം കൂടെ മുന്നോട്ടു നീക്കി വച്ച് അവർ അകത്തേക്കുപോയി. ഒരു വർഷമായി ജോലിക്കു പോകാത്ത ഗൃഹനാഥൻ, അന്ന് മുതൽ അരിയും സാധനങ്ങളും പറ്റുപറഞ്ഞു വാങ്ങുന്ന ഭാര്യ, എങ്കിലും അങ്കലാപ്പ്  മുറ്റത്തു  ടൈൽസ് ഇല്ലാത്തതിനെച്ചൊല്ലി. സ്ഥിരം മണ്ടൻ ചിരിയോടെ അയാൾ ഒരു ദീർഘനിശ്വാസം പുറപ്പെടുവിച്ചു.

 

വടയെടുത്തു ഒരു ചെറിയ കഷ്ണം മുറിച്ചു അയാൾ മുറ്റത്തെ ചെളിയില്ലാത്ത ഭാഗത്തേക്കെറിഞ്ഞു. ഒരു കാക്ക പറന്നു വന്ന് വിശ്വാസമില്ലാത്തമട്ടിൽ അയാളെ തലചരിച്ചു നോക്കി. അയാളും തലചരിച്ചു നോക്കി. ആ കഷ്ണം കൊത്തിയെടുത്തു് കാക്ക പറന്നുപോയി. അല്പസമയത്തിനകം വാർത്തയറിഞ്ഞമട്ടിൽ രണ്ടു മൂന്നു കാക്കകൾ കൂടെയെത്തി. അയാൾ ഒരുകഷ്ണം വടകൂടെ എറിഞ്ഞുകൊടുത്തു. അതു താഴെവീഴുന്നതിനുമുമ്പുതന്നെ കൂട്ടത്തിൽ സമർത്ഥൻ കൊത്തിയെടുത്തു പറന്നു. അവൻ്റെ പുറകെ ബഹളം വച്ചുകൊണ്ടു ബാക്കിയുള്ളവ വട  തട്ടിയെടുക്കാൻ പാഞ്ഞു. കൂടുതൽ കാക്കകൾ മുറ്റത്തേക്ക് വന്നു . അപ്പോഴേക്കും അയാൾ കാഴ്ചകൾ കണ്ടു വട മുഴുവനും കഴിച്ചു കട്ടനിലേക്കു  കടന്നിരുന്നു. കാക്കകളുടെ ബഹളം ഉച്ചത്തിലായി. അയാൾ പെട്ടന്ന് എഴുന്നേറ്റു അകത്തേക്ക് കയറി .

 

വരാന്തയിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്നു . പ്രതീക്ഷവറ്റി കാക്കകൾ പിൻവാങ്ങിയപ്പോൾ അയാൾ ഷർട്ടും എടുത്തിട്ട് പുറത്തേക്കിറങ്ങി. ഭാര്യ വരാന്തയിലെ നിറഞ്ഞ പാത്രത്തിലെ വെള്ളംകളഞ്ഞു അവിടം തുടക്കുകയായിരുന്നു. ചെരുപ്പിട്ട് അയാൾ മുറ്റത്തിറങ്ങിയയുടൻ അവർ വാതിലടച്ചു് അകത്തേയ്ക്കു പോയി. ജോലിക്കൊന്നും അല്ലല്ലോ , കവലയിലേക്കല്ലേ. അതിനു ഇത്രേം പ്രതികരണം മതി. മുറ്റത്തുനിന്ന് കുറച്ചുനേരം അയാൾ നനഞ്ഞു വിറച്ചുനിൽക്കുന്ന മരങ്ങളുടെ മുകളിലേക്ക് നോക്കി . ചില്ലയിലിരുന്ന കുറച്ചു കാക്കകൾ അയാളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

 

കവലയിലെത്തിയപ്പോൾത്തന്നെ  അരക്കാൽ മൊയ്തു പ്രത്യേകമായ ആവേശത്തോടെ അയാളെ കൈവീശിക്കാണിച്ചു. കവലയിൽ ലോട്ടറി വില്പനയാണ് മൊയ്തുവിൻ്റെ തൊഴിൽ. അറയ്ക്കൽ കുടുംബത്തിലെ കണ്ണിയാണ് താനെന്നു ഉറച്ചു വിശ്വസിച്ചിരുന്ന മൊയ്തു അവസരം കിട്ടുമ്പോഴൊക്കെ അതു  സ്ഥാപിക്കാൻ ശ്രമിച്ചും പോന്നു. പ്രമേഹരോഗത്തിൻ്റെ മൂർദ്ധന്യത്തിൽ വലതുകാൽ മുട്ടിനു താഴെവച്ചു മുറിക്കപ്പെട്ട അറയ്ക്കൽ മൊയ്തു പിന്നീട് അരക്കാൽ മൊയ്തുവായി മാറി. കാലു പോയതോടെ അറയ്ക്കൽ മാഹത്മ്യവും നിന്നു. ചിത്രകാരനാകേണ്ട താൻ ഈ ബ്രഷല്ല പിടിക്കേണ്ടതെന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് മൊയ്തുവായിരുന്നു. പെയിന്റ്‌ പണി  നിറുത്തി സർഗാത്മക കഴിവുകൾ ചിതലരിക്കാതെ നോക്കാൻ ഉപദേശിച്ച മൊയ്തു . ആദ്യം നാടുകാണാൻ ഇറങ്ങിയ സായിപ്പിനും മദാമ്മക്കും തെയ്യവും തൃശ്ശൂർപ്പൂരവും നെറ്റിപ്പട്ടംകെട്ടിയ ആനയും ഒക്കെ സർവ്വസമ്പാദ്യങ്ങളും ചാലിച്ച നിറങ്ങളിൽ മുക്കി വരച്ചുകൊടുത്തു. ഒടുവിൽ സർഗാത്മകത ഉണരാൻ സമ്മതിക്കാതെ വിശപ്പ് പിടിമുറുക്കിയപ്പോൾ ഭാര്യ സമയോചിതമായി ബ്രഷ് എടുത്തു തോട്ടിലെറിഞ്ഞു. തന്നെയും തൻ്റെ കലയേയും അപമാനിച്ച ഭാര്യയോടുള്ള പ്രതികാരമെന്നോണം അയാൾ അന്നുമുതൽ പണിക്കുപോകാതെയായി. അപ്പോഴും മൊയ്തു മാത്രം കൈവിട്ടില്ല . നല്ലകാലം വരുമെന്ന് ഉറപ്പു നൽകി അയാൾ എല്ലാ ആഴ്ചയും ഒരു ലോട്ടറി തന്നു. അമ്മായിയച്ഛൻ കുഞ്ഞിന് പാലുവാങ്ങാൻ കൊടുക്കുന്ന കാശെടുത്തു അയാൾ മൊയ്തുവിനു കൊടുത്തുപോന്നു.

 

അടുത്തെത്തിയപ്പോൾ മൊയ്തു വർദ്ധിച്ച ആവേശത്തോടും നീരസത്തോടെയും പറഞ്ഞു , 'ഒരു ഫോൺ വാങ്ങിക്കൂടെ സുധാകരാ തനിക്ക്. ഈ മഴ മാറിയിട്ട് ആരെയെങ്കിലും അങ്ങോട്ട് വിടാനിരിക്കുവായിരുന്നു ഞാൻ .'

 

'എന്താ മൊയ്തു, എന്താ പറ്റ്യേ'

 

'തനിക്ക് ലോട്ടറിയടിച്ചെടോ!! ഓണം ബമ്പർ രണ്ടാം സമ്മാനം, അമ്പത് ലക്ഷം രൂപ'. ഒറ്റശ്വാസത്തിൽ പറഞ്ഞിട്ട് മൊയ്‌തു ചിരിയുടെയും ആവേശത്തിന്റെയും ഇടയിൽപെട്ട ഭാവത്തോടെ അയാളുടെ മുഖത്തുതന്നെ നോക്കി നിന്നു . അയാൾ അനങ്ങിയില്ല. ശ്വാസം എടുക്കുകയോ ഇമ വെട്ടുകയോ ചെയ്തില്ല. അനങ്ങിയാൽ ഈ സ്വപ്നത്തിൽ നിന്നുണർന്നാലോ. മൊയ്തു അയാളെ പിടിച്ചൊന്നു കുലുക്കി .

 

'ഞാൻ പറഞ്ഞില്ലെടോ തനിക്ക് നല്ല കാലം വരുമെന്ന്. പിന്നെ കമ്മീഷൻ മാത്രം തന്ന് എന്നെ ഒതുക്കരുത്. താൻ പോയി ആ ടിക്കറ്റിങ് എടുത്തോണ്ട് വാ. പെട്ടെന്ന്‌ '

 

അപ്പോഴേക്കും സംഭവമറിഞ്ഞു അയാൾക്കുചുറ്റും ആളുകൾ കൂടിത്തുടങ്ങി . ചിലർ ഫോട്ടോ എടുക്കാൻ തുടങ്ങിയപ്പോൾ അയാൾ ധൃതിയിൽ തിരികെ നടന്നു .

 

ഗേറ്റ് കടന്ന് അയാൾ മുറ്റത്തെത്തി മരത്തിലേക്ക് നോക്കി . കാക്കകൾ പോയിരിക്കുന്നു . പടിയിൽ ചെരുപ്പൂരിയിട്ട് അയാൾ വാതിലിൽ മുട്ടി. വാതിൽതുറന്ന് മുഖത്തുനോക്കാതെ അകത്തേക്ക് പോകുന്ന ഭാര്യയോട് അയാൾ വിളിച്ചു പറഞ്ഞു.

'ഓണം ബമ്പർ അടിച്ചു . അമ്പതുലക്ഷം രൂപ'

 

ഇടിവെട്ടേറ്റതുപോലെ നിൽക്കുന്ന ഭാര്യയുടെ മുഖത്ത് അയാൾ നിർവികാരമായി നോക്കിനിന്നു. സദാ അനിഷ്ടത്തോടെ കൂടിയിരുന്നിരുന്ന പുരികങ്ങൾ അയഞ്ഞു, കണ്ണുകൾ വിടർന്നു, ചുണ്ടിലെ ചിരി രണ്ടു കാതുകളിലും മുട്ടി. ഒൻപതു വർഷമായി കൂടെക്കഴിഞ്ഞ മുഖമായിരുന്നില്ല അത്. പെട്ടെന്നവർ സുന്ദരിയായതുപോലെ അയാൾക്ക്‌ തോന്നി. ബാക്കിയൊക്കെ അയാൾ പ്രതീക്ഷിച്ചിരുന്നതുപോലെത്തന്നെ നടന്നു. ശ്രീനിവാസൻ്റെ കഥയിലെ ശ്യാമളയെപ്പോലെ അവർ കോഴിയെ മുട്ടയിടിക്കാനും പാൽച്ചായ ഉണ്ടാക്കാനും മീൻവാങ്ങാനുമൊക്കെ ഓടി നടന്നു . കറിവേപ്പില വാങ്ങാനെന്ന വ്യാജേന അയൽവീടുകളിൽ പോയി വാർത്തയെത്തിച്ചു . അമ്മായിയച്ഛനും അളിയനും കുടുംബവും നിമിഷങ്ങൾക്കുള്ളിൽ എത്തിച്ചേർന്നു . ആള് കൂടിയപ്പോൾ വീടിനകത്തെ വായുസഞ്ചാരം കുറഞ്ഞതുകൊണ്ടു അയാൾ മുറ്റത്തേക്കിറങ്ങിനിന്നു . കൈയിലെന്തെങ്കിലും ഉണ്ടോയെന്ന് എത്തിനോക്കിയിട്ട് ഒരു കാക്ക ഇലകൾക്കിടയിലേക്കു നീങ്ങിയിരുന്നു .

 

വിവിധതരം നിക്ഷേപങ്ങളുടെ ക്ലാസ്സിനിടയിൽ നാവുകഴച്ചു അളിയൻ വെള്ളം കുടിക്കാനായി അടുക്കളയിലേക്കു പോയി. വീടിനുമുന്നിലെ വഴിയിൽ കാൽപ്പെരുമാറ്റം കൂടുന്നു . ആരൊക്കെയോ അയാളുടെ മുറ്റത്തേയ്ക്ക് കടന്നു . ക്യാമറ കണ്ടിട്ടാകണം ഭാര്യ ഒരു ഷർട്ടുമെടുത്തു ഓടി വന്നു അയാളെ ഇടീച്ചു . പത്രക്കാർ കുറച്ചധികം പേരുണ്ട്. ക്യാമറാമാൻ സതീഷിനൊപ്പമുള്ള ഗിരീഷിനെയും വിവേകിനോപ്പമുള്ള ഗോവിന്ദിനെയും ആരുടെയൊക്കെയോ ഒപ്പമുള്ള ആരെയൊക്കെയോ അയാൾ ടീവീയിൽ  കണ്ടതോർക്കുന്നു. ഫോണും പൊക്കിപ്പിടിച്ചു മറ്റുചിലരും എത്തിയിട്ടുണ്ട് . അവർ ഫോണിനെ നോക്കി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ചില ഫോണുകൾ നീളമുള്ള കമ്പിൽ പട്ടംകണക്കെ കോർത്തു നിർത്തിയിരിക്കുന്നു . ആരും പരസ്പരം സംസാരിക്കുന്നില്ല . എല്ലാവരും ഫോണിനെ നോക്കിയാണ് സംസാരിക്കുന്നത് . ചിലർ അകത്തുകയറി ഭാര്യയുടെയും പടം എടുക്കുന്നുണ്ട്. പെട്ടെന്ന് ഒരുങ്ങിയതുകൊണ്ടു കഴുത്തിൽ അധികമിരുന്ന പൗഡർ അമ്മായിയമ്മ സാരിതുമ്പുകൊണ്ട് തുടച്ചു കൊടുത്തു. മൂക്കളയൊലിപ്പിക്കുന്ന കുഞ്ഞിനേയും വെറുതെ വിട്ടില്ല. മറ്റുചിലർ പൊക്കിപിടിച്ച ഫോണുമായി അയാളുടെ അടുത്തുവന്നു പേരും ജോലിയുമൊക്കെ ചോദിച്ചു. ആരും പക്ഷെ മുഖത്തുനോക്കാത്തതെന്തുകൊണ്ടെന്നു അയാൾക്ക് മനസ്സിലായില്ല . അയാൾ മനുഷ്യൻ്റെ മുഖത്ത് നോക്കണോ ഫോണിൻ്റെ മുഖത്ത് നോക്കണോ എന്നറിയാതെ കുഴങ്ങി.

 

ചെറിയ ക്യാമറക്കാരെ തള്ളിമാറ്റി പത്രക്കാർ മുന്നിലേക്ക് വന്നു .

'മിസ്റ്റർ സുധാകരൻ, താങ്കൾ ഈ പണം എങ്ങനെ ചിലവഴിക്കാനാണ് പോകുന്നത് '

 

അളിയൻ്റെ ഉപദേശം ഓർത്തുകൊണ്ട് പറഞ്ഞു,

'ഇൻവെസ്റ്റ് ചെയ്യാനാണ് ആലോചിക്കുന്നത് '

 

'മുഴുവൻ പണമോ?'

 

അങ്ങനെയല്ലേ അളിയൻ പറഞ്ഞത് . അയാളോർത്തു .

 

'അതെ '

 

'അപ്പോൾ ഈ പണം താങ്കൾ സമൂഹനന്മക്ക് ഉപയോഗിക്കില്ല എന്നാണോ?'

 

ക്യാമറാമാൻ സതീഷിനൊപ്പമുള്ള ഗിരീഷ് തലചരിച്ചു് അയാളെ തറപ്പിച്ചുനോക്കി .

 

'കുറച്ചുതുക വേണേൽ അതിനു ഉപയോഗിക്കാം' അയാൾ സംശയിച്ചുകൊണ്ട് പറഞ്ഞു.

 

ഉത്തരം തീർന്നയുടൻ കറുത്ത നീണ്ട മൈക്കുമായി ഗിരീഷ് തിരിഞ്ഞു ക്യാമറയോട് പറഞ്ഞു,

 

'ഇതാണ് ഇന്നത്തെ നമ്മുടെ സമൂഹത്തിൻ്റെ അവസ്ഥ. സഹജീവികൾക്ക് ഉപകാരം ചെയ്യാൻ കണക്കുനോക്കുന്നവർ . വെറുതെ കിട്ടിയ പൈസ പോലും സ്വാർത്ഥതയോടെ കൈക്കലാക്കുന്നവർ. ഒരു നേരത്തെ ആഹാരം ഇല്ലാത്ത, കിടക്കാൻ കിടപ്പാടം ഇല്ലാത്ത, രോഗികൾ നിറഞ്ഞ നമ്മുടെ സമൂഹത്തിൽ നോക്കുകുത്തി പോലെ നിൽക്കുകയാണ് മിസ്റ്റർ സുധാകരൻ. ഇവരാണ് നമ്മുടെ സമൂഹത്തിൻ്റെ ശാപം. നന്മ എന്ന വാക്കുപോലും ഇങ്ങനെയുള്ളവരുടെ നിഘണ്ടുവിലില്ല. ക്യാമറാമാൻ സതീഷിനൊപ്പം ഗിരീഷ് .' സുരേഷ് ഗോപി സിനിമയിലെ ഡയലോഗ് പോലെ തോന്നിച്ച വാക്കുകളുടെ മഴവെള്ളപ്പാച്ചിൽ തീർന്നപ്പോൾ ക്യാമറ അയാളുടെ നേർക്കുതിരിഞ്ഞു. ഒരു വിഡ്‌ഢിച്ചിരിയോടെ അയാൾ ക്യാമറയിലേക്ക് നോക്കിനിന്നു.

 

ആളുകൾ പോയും വന്നും ഇരുന്നു. വീമ്പുപറച്ചിലിനിടയിൽ ഭാര്യ അയാളെ പാടെ മറന്നുപോയിരുന്നു. ദാഹിച്ചു വലഞ്ഞു പടിയിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ മൊയ്തു അരക്കാലും തൂക്കി ഗേറ്റ്കടന്നുവന്നു.

 

'താനെന്തു കുന്തമാണ്‌ പത്രക്കാരോട് പറഞ്ഞത്. ആളുകളാകെ ഇളകിയിരിക്കുവാണ്. പാവങ്ങൾക്ക് ഉപകാരം ചെയ്താൽ നന്മ കിട്ടുമെങ്കിൽ താൻ കുറച്ചു ചിലവാക്കെടോ. ഇത്രേം പൈസയില്ലേ കൈയിൽ.'

 

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായി ഉത്തരം പറയുന്നതിനു മുൻപ് തന്നെ പൊക്കിയ ഫോണുകളുമായി പിന്നെയും കുറേപേർ വന്നു. തലചരിച്ചു അവർ ഫോണിനോടായി ക്ഷോഭിച് എന്തൊക്കെയോ പറയുന്നുണ്ട്.

'കണ്ണിൽച്ചോര വേണം ചേട്ടാ. കിട്ടിയതൊന്നും കൊണ്ട് പോകാൻ പറ്റൂല .'

 

'ചാകുമ്പോ വെള്ളം തരാൻ ആരും കാണില്ല ഇങ്ങനെയുള്ളവന്മാർക്ക്.'

 

 ഞാനും കൂടെ ഫോണിൽ കാണുന്ന വിധത്തിൽ എല്ലാവരും മുന്നിൽ തന്നെ വന്നുനിൽക്കുന്നുണ്ട്. അവർക്കിടയിലൂടെ ഒരുവിധത്തിൽ മൊയ്തു എന്റെയടുത്തെത്തി എന്നെ വീടിനകത്തേക്ക് കൂട്ടികൊണ്ടുപോയി.

 

'നമുക്ക് കിട്ടിയ കാശ് നമ്മളെന്തിന് വല്ലവന്മാർക്കും കൊടുക്കണം. ഇവന്മാരൊക്കെ ആരാ ' ഭാര്യ ക്ഷോഭിച്ചു .

 

'ഇപ്പൊ ഇങ്ങനൊക്കെയാണ് ചേച്ചി. ഫോൺ കൈയിൽ ഉണ്ടെങ്കിൽ എന്തും വിളിച്ചുപറയുന്ന കൊറേയവന്മാർ. സ്വന്തം തന്തേം തള്ളേം നോക്കാത്തവന്മാരാകും ഇവനൊക്കെ . അവന്മാർക്ക് വൈറൽ ആവാനുള്ള തന്ത്രങ്ങൾ '. 

അളിയൻ പുതുലോകത്തിൻ്റെ രീതികൾ പറഞ്ഞുകൊടുത്തു.

 

സംഭാഷണം നടക്കുന്നതിൻ്റെ ഇടക്കെപ്പോഴോ അയാൾ മുറിയിൽ കയറി കട്ടിലിൽ കിടന്നു. സമൂഹനന്മ, സഹായഹസ്തം, കുറച്ചു പുതിയ ഇടപാടുകൾ പഠിച്ചു. കാക്കകൾ ഉറങ്ങിക്കാണും . അയാൾ കണ്ണുമിഴിച്ചു ഉത്തരത്തിൽ നോക്കിക്കിടന്നു .

 

വെളിച്ചം വീണുതുടങ്ങിയപ്പോൾ തന്നെ അയാൾ എഴുന്നേറ്റു. കുളിച്ചു് പ്രഭാതകർമങ്ങൾ കഴിഞ്ഞു നനച്ചതും പക്ഷെ തേക്കാത്തതും ആയ ഷർട്ടിട്ടു തയ്യാറായി. അലമാരയിൽ വച്ചിരുന്ന ലോട്ടറി ടിക്കറ്റ് എടുത്തു പോക്കറ്റിലിട്ടു. തോട്ടിൽ എറിഞ്ഞതിൽ വെള്ളത്തിൽ വീഴാതെ തോട്ടിനരികിലെ പുല്ലിൽ കിടന്ന ഒരു ചെറിയ ബ്രഷ് അയാൾ ഭാര്യ കാണാതെ കണ്ണാടിക്കു പിന്നിൽ ഒളുപ്പിച്ചിരുന്നു. അതെടുത്തു പോക്കറ്റിൽ ടിക്കറ്റിനടുത്തായിയിട്ട്  വാതിൽ തുറന്ന് പടിയിൽ വന്നിരുന്നു. അകത്തുനിന്നും അമ്മായിയച്ഛൻ്റെ കൂർക്കംവലി താളത്തിൽ മുഴങ്ങികേൾക്കുന്നുണ്ട്. വെളിച്ചം നല്ലോണം പരന്നു. മുറ്റത്തുനിറയെ ചെളിയിൽ പതിഞ്ഞ കാൽപ്പാടുകൾ, പല വലിപ്പത്തിൽ പല ആകൃതിയിൽ. കാക്കകളുടെ നേരിയ ബഹളം കേട്ടുതുടങ്ങി. ഭാര്യ പാൽചായയുമായിവന്നു.

 

'ആ ചന്ദനനിറത്തിലുള്ള ഷർട്ട് മതിയാർന്നു. അതാണ് ക്യാമറയിൽ ഭംഗി '

 

അവർ അടുക്കളയിലേക്കുപോയി .

 

അയാൾ ചായയെടുത്തു ഇടത്തേകൈയിൽ പിടിച്ചു. പോക്കറ്റിൽ നിന്ന് ടിക്കറ്റെടുത്ത് വലത്തേ കൈയിലും. ടിക്കറ്റ് ചായയിൽ നല്ലോണം കുതിർത്തെടുത്തു. പൊടിഞ്ഞുപോകുന്നതിനു മുൻപ് ചായ താഴെവച്ചു്, ടിക്കറ്റ് കഷ്ണങ്ങളായി മുറിച്ചു. കാക്കകളുടെ ബഹളം കൂടി. അയാൾ അവയെ നോക്കി ചെളിയുടെ മുകളിലേക്ക് ആ കഷ്ണങ്ങൾ എറിഞ്ഞുകൊടുത്തു. നാനാഭാഗത്തുനിന്നും കാക്കകൾ ആർത്തിയോടെ പറന്നെത്തി കഷ്ണങ്ങൾക്കായി കൊത്തുകൂടുന്നത് നോക്കി അയാൾ കുനിഞ്ഞിരുന്നു.

Srishti-2022   >>  Short Story - Malayalam   >>  ഗുരുദക്ഷിണ

ജിനീഷ് കുഞ്ഞിലിക്കാട്ടിൽ

Allianz Technology

ഗുരുദക്ഷിണ

ഗുരുദക്ഷിണ

ഫോണടിക്കുന്നത് കേട്ടാണ് ഉറക്കമുണര്‍ന്നത്. ടേബിളില്‍ ചാര്‍ജ് ചെയ്യാനിട്ടിരുന്ന മൊബൈല്‍ തപ്പിപ്പിടിച്ച് ചെവിയോര്‍ത്തപ്പോള്‍ അങ്ങേ തലയ്ക്കല്‍ പെണ്‍മൊഴി. മൊബൈല്‍ കമ്പനീന്നാണ് . പ്രാകി കൊണ്ട് അത് കട്ട് ചെയ്ത് വീണ്ടും തലയിണക്കിടയില്‍ മുഖം പൂഴ്ത്തി. ഉറക്കം പോയിരിക്കുന്നു. ഇനി ഉറങ്ങാന്‍ കഴിയില്ല. മുറ്റത്ത് വീണ് കിടന്ന പത്രത്തില്‍ നനവ് പടര്‍ന്നിരുന്നു. തലേന്ന് രാത്രി മഴ പെയ്തിരിക്കുന്നു. മുറ്റത്ത് അങ്ങിങ്ങായി വെള്ളം കെട്ടികിടക്കുന്നുണ്ട്. വീടിന്‍റെ ഓരത്ത്   ഈയ്യാംപാറ്റയുടെ അവശേഷിപ്പുകള്‍. ചിലതിന് ജീവനുണ്ട്. ചിറകില്ലാതെ അവ കിടന്ന് വിറയ്ക്കുന്നത് കാണാം. ചാവും കാത്ത് കിടക്കകയാണ്.

പത്രം വായിക്കാവുന്ന സ്ഥിതിയിലല്ല. താളുകള്‍ അപ്പാടെ നനഞ്ഞ് ഒട്ടിയിരിക്കുന്നു. ബലം പ്രയോഗിച്ചാല്‍ ചിലപ്പോള്‍ ആകെ നാശകോശമാകും. ഉള്‍പ്പേജുകളിലെ നാട്ടുവര്‍ത്തമാനത്തിനും ചരമപ്പേജിനും നനവ് പറ്റിയിട്ടില്ല. ചരമപ്പേജില്‍ നോക്കുന്ന ശീലം ഇപ്പോള്‍ ഇല്ല.ഒട്ടുമിക്ക പേപ്പറുകളിലും ചരമപ്പേജുകള്‍ കളര്‍ഫുള്‍ ആണ്.ജീവിതയാതനകളില്‍ കറുപ്പിന്‍റേയും വെളുപ്പിന്‍റേയും മേലങ്കി അണിയാന്‍ നിര്‍ബന്ധിതരായവര്‍ മരണശേഷമെങ്കിലും വരണഭയണഞ്ഞിരിക്കുന്നു. നനഞ്ഞ പത്രം ശ്രദ്ധയോടെ നിവർത്തി പാതാമ്പുറത്ത് വച്ച് പ്രതിഷ്ഠിച്ചു. അടുപ്പിലെ ചൂടേറ്റ് അവ താനേ ഉണങ്ങിക്കോളും. റൂമിൽ  പുസ്തകങ്ങളും വാരികകളും ചിതറികിടക്കുന്നു. കഴിഞ്ഞയാഴ്ച തപാലിൽ വന്ന മാഗസിനുകളൊന്നും തന്നെ പൊട്ടിച്ച് നോക്കാൻ  സമയം കിട്ടിയിട്ടില്ല. മേശപ്പുറത്ത് ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന നോവലിന്റെ താളുകൾ . ചുരുട്ടി പന്താക്കിയ മഷി പടർന്ന കടലാസു തുണ്ടുകൾ ഫാനിന്റെ കാറ്റിനനുസരിച്ച് താഴെ  താളബോധമില്ലാതെ ഉരുണ്ടുകളിക്കുന്നു. എല്ലാം ഒന്നു വൃത്തിയാക്കണം. എത്രനാളായി വിചാരിക്കുന്നു. എല്ലാദിവസവും ഉറക്കം വിട്ടെഴുന്നേൽക്കുമ്പോൾ ഇതുതന്നെയല്ലേ താൻ  ഒർക്കാറ്. ചിന്തിക്കാനും ആലോചിക്കാനും എന്തായാലും  നികുതി ചോദിക്കാത്തത്തു ഭാഗ്യം. അല്ലെങ്കിൽ  തന്നെപ്പോലുള്ളവരുടെ അവസ്ഥ എന്തായേനെ.....ഫേസ്ബുക്ക് തുറന്ന് നൊട്ടിഫിക്കേഷനിൽ വിരലമർത്തി. പൊറത്തിശ്ശേരി ന്യൂസ് പേജിൽ പരിചയമുള്ള ഒരു മുഖം. മനസിൽ ഒരു കൊളളിയാൻ  മിന്നി. ആരോ പോസ്റ്റ് ചെയ്ത ദേവകി ടീച്ചറുടെ ചിത്രത്തിന് താഴെ അനുശോചന പ്രവാഹങ്ങൾ.  ഇരുപത്തിരണ്ട് വര്ഷങ്ങൾക്ക് മുന്പ് ടീച്ചർ ജോലിയിൽ നിന്നും വിരമിച്ചതാണ്. ഇപ്പോഴിതാ സ്വന്തം ജീവിതത്തിൽ  നിന്നും  അവധി  എടുത്തു പോയിരിക്കുന്നു . പലതും ഓർമയിലങ്ങനെ തികട്ടി വരികയാണ്. അന്നത്തെ സംഭവങ്ങൾ,കൂട്ടുകാർ ,പരീക്ഷകൾ ,വിനോദയാത്രകൾ .. അങ്ങനെ പലതും .... ഒന്നുപോയി കണ്ടാലോ എന്നാലോചിച്ചു . കാര്യമില്ല.. ഇത് മൂന്നുനാല് ദിവസം മുൻപു പോസ്റ്റ് ചെയ്തതാണ് .എല്ലാംകഴിഞ്ഞിട്ടുണ്ടാകും.ടീച്ചറെ യാത്രയയക്കാൻ മാഷുമ്മാരും ,ടീച്ചർമ്മാരും ,പൂർവ വിദ്യാർഥികളുൾപ്പെടെ ഒരുപാടാളുകൾ വന്നിട്ടുണ്ടാകും . ഞാൻ  മാത്രമായിരിക്കും ചിലപ്പോൾ ......

 

 

എത്ര ജന്മം കഴിഞ്ഞാലാണ് ടീച്ചറോടുള്ള കടപ്പാട്  തീരുക?. താൻ ടീച്ചറോടും കുടുംബത്തോടും ചെയ്ത തെറ്റുകളൊക്കെയും ടീച്ചർ  പൊറുത്തുവെന്ന് പറഞ്ഞാലും എല്ലാം കാണുന്ന ഈശ്വരൻ പൊറുക്കുമോ?

ഇല്ല.. ഒരിക്കലുമില്ല. ചെയ്ത തെറ്റിന് ഒരു ന്യായീകരണവും എനിക്കു പറയാൻ  കഴിയില്ല. അന്നങ്ങനെയൊക്കെ സംഭവിച്ചു എന്നുവേണേൽ സമാധാനപ്പെടാം. അ ത്ര തന്നെ. എന്റെ ഉള്ളിലെ കലാകാരനെ കണ്ടെത്തിയതും തുടർന്ന് പഠിക്കാനുമുള്ള സഹചര്യമുണ്ടാകി തന്നതും ടീച്ചറായിരുന്നു. എന്നിട്ടോടുവിൽ ഞാൻ ടീച്ചറോട് ചെയ്തതെന്താണ്.. ഇല്ല.. എല്ലാം മറന്ന് ക്ഷമിച്ചൂന്നൊക്കെ ടീച്ചറന്നു പറഞ്ഞെങ്കിലും തെറ്റ് തെറ്റല്ലതാകുന്നില്ലല്ലോ. അതിനു ഞാൻ  ശിക്ഷയേൽക്കേണ്ടവാനാണ്. ഉമിത്തീയിൽ വെന്ത്  നീറി പിടയുന്ന മനസ്സിനെ ഉരുവം ചെയ്തെടുക്കാൻ  ഞാൻ പെടുന്ന പാടെനിക്കേ അറിയൂ .ടീച്ചറുടെ ഒരേയൊരു മകളായിരുന്നു ഞാൻ കാരണം........   വിപ്ലവം തലയ്ക്കു പിടിച്ചപ്പോൾ മറ്റൊന്നുമെപ്പോൾ ഓർത്തില്ല.എടുത്തു ചാട്ടത്തിന്റെ  നാളുകൾ...

 

ടീച്ചറുടെ വീട്ടിലേക്കു കയറി ചെല്ലുമ്പോൾ  അധികമാളുകളെ അവിടെ കാണാൻ കഴിഞ്ഞില്ല. മുമ്പത്തെ പോലെ ഇപ്പോഴും  ടീച്ചർ വന്നു തന്നെ അകത്തേക്ക് വിളിക്കുമെന്ന് വെറുതെ ആഗ്രഹിച്ചു പോയിമുറ്റത്തെ തുളസിത്തറയിൽ കരിന്തിരി കത്തുന്നു.കാറ്റിലാടുന്ന മഴനൂലുകൾ ദേഹം മുഴുവൻ നനച്ചുകളഞ്ഞു. അകത്തേക്ക് കയറണോ എന്നുസംശയിച്ചു നിൽക്കുമ്പോൾ ആരോ അവിടേക്കു വന്നു. ആരാ? എവിടുന്നാ? ടീച്ചറ് പഠിപ്പിച്ചതായിരിക്കുമല്ലേ? കയറിയിരിക്കുന്നില്ലേ? കനത്ത മൗനത്തിൽ  ചാലിച്ച മൗനമായിരുന്നു എല്ലാത്തിനും മറുപടി. തിടം വച്ച കണ്ണീരിനെ മറയ്ക്കാനാവാതെ ഞാനവിടെ നിന്നും ഇറങ്ങി നടന്നു. അപ്പോൾ പെയ്ത മഴയിൽ ഞാനെന്റെ  കണ്ണീരിനെ അലിയിച്ചു കളഞ്ഞു.

Srishti-2022   >>  Short Story - Malayalam   >>  മാറാല

Abhilash Kunjukrishnan

Allianz

മാറാല

മാറാല

"ആലുവ - ഒണ്‍ ടിക്കറ്റ് പ്ലീസ്..!"

 

06-ഡിസംബര്‍-1997 

 

ചുവന്ന മഷിയില്‍ പഞ്ച് ചെയ്യപ്പെട്ട തീയതി.

 

ജോലാര്‍പേട്ട് യളഗിരികുന്നിന്‍റെ താഴ്വാരമാണ്. ഭംഗിയുള്ള സ്റ്റേഷന്‍. നനുത്ത കാറ്റത്ത് മഞ്ഞുകണങ്ങള്‍ പൊഴിക്കുന്ന ആസ്ബറ്റോസ് മേല്‍ക്കൂരകള്‍ മേഞ്ഞ നീളന്‍ പ്ലാറ്റ്ഫോമുകള്‍. മഞ്ഞു വീണ മേല്‍ക്കൂരയില്ലാത്ത മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ പാതിരാ ചന്ദ്രന്‍ പ്രതിബിംബിച്ചു. 

 

ട്രെയിന്‍ വന്നു നിന്നു. 

 

അധികം തിരക്കില്ല എന്ന് തോന്നിച്ച ട1 കോച്ച്.

 

"വേഗം വരൂ.... പെരുമ്പാവൂരെത്തീട്ടോ....! "

 

കോച്ചിലേയ്ക്കു കയറുമ്പോള്‍ ഏറെ വൃദ്ധമായ ഒരു ശബ്ദം എതിരേറ്റു.

 

"ഒന്ന് പിടിച്ചേക്കൂ മോനേ... വയ്യായ്കയുള്ള ആളാ.." 

 

പിന്നാലെ ഒരു സ്ത്രീ ശബ്ദവും. 

 

കൈവിടര്‍ത്തി വഴിതടഞ്ഞുകൊണ്ട് അല്പം ബലമായി അയാളുടെ കയ്യില്‍ പിടിച്ച് ഉള്ളിലേയ്ക്കു നടന്നു.  കാലിയായിരുന്ന സൈഡ് സീറ്റില്‍ ബാഗ് നീക്കി ഞാന്‍ ആ അമ്മയ്ക്കു അഭിമുഖമായി ഇരുന്നു. 

 

കമ്പാര്‍ട്ട്മെന്‍റിനകത്ത് യളഗിരിക്കുന്നിനെ തൊട്ടുരുമ്മി വരുന്ന നേരിയ തണുപ്പ്.

 

ഡൈ ചെയ്ത തലമുടി മാടിയൊതുക്കി, കഴുത്തിലെ ചാര നിറമുള്ള ഷാള്‍ ശരിയാക്കി, കൈപ്പത്തികള്‍ പിന്നിലേയ്ക്കൂന്നി അദ്ദേഹം ലോവര്‍ ബര്‍ത്തിലേയ്ക്കു ചാഞ്ഞു. 

 

എഴുപത്തിയാറിനു മേല്‍ തോന്നിക്കില്ല. 

 

നോട്ടത്തില്‍ ഒരു റിട്ടയേര്‍ഡ് ഗവണ്‍മെന്‍റുദ്യോഗസ്ഥന്‍റെ ആഢൃത്വം കാണാനുണ്ട്. 

 

അലസമായി ചുറ്റിയ കസവുകരയുള്ള കോട്ടണ്‍ സാരിയാണ് ഭാര്യയുടെ വേഷം. 

 

വീണ്ടും ചാടിയെണീറ്റ അയാളെ അവര്‍ ശബ്ദമൊതുക്കി ശകാരിച്ചു. 

 

"ദെന്താദ് കാണിക്ക്ണേ ?"

 

"അവിടെ കിടക്കൂ... കിടക്കൂന്നേ...."

 

"ഭാനൂ.... ആലുവ എത്തീട്ട്വോ"  അദ്ദേഹം പരവശപ്പെട്ടു.

 

"ഇല്ല്യാ... ആലുവയ്ക്ക് ഇനിയുമുണ്ട്."

 

അവര്‍ സ്വല്പം ശുണ്ഠിയോടെ അയാളെ കിടത്താന്‍ ശ്രമിച്ചു. 

 

ഉറക്കത്തിന്‍റെ പല തലങ്ങള്‍ പിന്നിട്ട ആരുടേയോ കൂര്‍ക്കം വലി ഏതോ ബര്‍ത്തില്‍ ഉയര്‍ന്നു. 

 

കണ്ണ് കൊണ്ട് ഞാന്‍ അവരുടെ ബദ്ധപ്പാടളക്കുന്നു എന്ന് തോന്നിയപ്പോള്‍ അവര്‍ പറഞ്ഞു തുടങ്ങി. 

 

"കൊറച്ച് കാലായി ഓര്‍മ്മക്കുറവ് തൊടങ്ങീട്ട്.... യാത്ര ചെയ്യുമ്പ്ളാ പെട്ആ. ഒരിക്കല്‍ ഞാന്‍ നല്ലോണം പെട്ടു. "

 

അവര്‍ വൃദ്ധന്‍റെ വലതു കൈ തലോടി. 

 

എന്നിട്ട് ചോദിച്ചു. 

 

"മോന്‍ എങ്ങോട്ടേയ്ക്കാ ?"

 

"ആലുവയ്ക്ക്.."

 

"ഞങ്ങളും ആലുവയ്ക്കാ... വീട് പെരുമ്പാവൂര്. 

 

എനിക്ക് രണ്ട് പെണ്‍കുട്ട്യോളാണേയ്"  

 

"മൂത്തവള്‍ മദ്രാസിലാ..... കല്‍പ്പാക്കം.... ഇളയവള്‍ നാട്ടിലും. 

 

ഇപ്പോ മൂത്തോള്‍ടുത്ത്ന്ന് മടങ്ങ്േ.”

 

 

 

മുകള്‍ ബര്‍ത്തില്‍ ആരോ ചുമച്ച് പുതപ്പ് വലിച്ച് തിരിഞ്ഞു കിടന്നു.

 

 

 

"അപ്പോ ആലുവയിലെവിടെയാ..........?"

 

അവരുടെ ശബ്ദം കിണറ്റില്‍ വീണ തൊട്ടിപോലെ മുഴങ്ങുന്നതായിരുന്നു. 

 

അതിനൊരു താളവുമുണ്ട്.

 

"വീടു പാലക്കാടാ.....ആലുവയില്‍ ഒരു കല്യാണത്തിന് പോവ്വാണ്."

 

"രാത്രി ഉറങ്ങിക്കോളുമോ..?”  ഞാന്‍ അദ്ദേഹത്തിനു നേരേ കണ്ണയച്ചു. 

 

”ഉം..... ചെലപ്പ കുഴപ്പല്ല്യാ...."

 

ഭാരമിറക്കി വെയ്ക്കുന്ന പോലെ കുറേ ശ്വാസമെടുത്ത് അവര്‍ തുടര്‍ന്നു.

 

"കഴിഞ്ഞ തവണ ഞാന്‍ ശരിക്കും പെട്ടു".

 

എടയ്ക്കെങ്ങാണ്ട് എറങ്ങി പോയി.... ഏതോ സ്റ്റേഷനില്..... 

 

ചായ കുടിക്കാനാരുന്നൂത്രേ.......

 

ഞാന്‍ ഈറോഡിറങ്ങി പരാതി കൊടുത്ത് പ്രയാസപ്പെട്ടു വീട്ടിലെത്ത്യപ്പ... ദേ ചാരു കസേരയിലിരുന്ന് ഉറങ്ങുന്നു...”

 

വേദന കലര്‍ന്ന നര്‍മ്മത്തോടെ അവരതോര്‍ത്തു പുഞ്ചിരിച്ചു.

 

ടി.ടി.ഇ പുറകിലെത്തി.

 

ബര്‍ത്ത് ഒപ്പിക്കണം. കയ്യിലുള്ള സാദാ ടിക്കറ്റ് കാണിച്ച് കാര്യം പറഞ്ഞപ്പോള്‍

 

"ഇന്ത കോച്ചില്‍ കാലി ഇല്ലെ സാര്‍... നീങ്ക ട3 യിലെ ഉക്കാറുങ്ക. I will come there “ എന്ന് ടിടിഇ.  

 

ബാഗ് എടുത്ത് എണീറ്റപ്പോള്‍ ആ അമ്മ നേര്‍ത്ത ചിരിയോടെ തലയാട്ടി.

 

ട3യിലെ ഒഴിഞ്ഞ സൈഡ് ലോവര്‍ ബര്‍ത്തില്‍ ഞാന്‍ ബാഗും ചാരിക്കിടന്നു.

 

തൊണ്ണൂറ്റിരണ്ടില്‍ ബി.ടെക് കഴിഞ്ഞ് ബാംഗ്ലൂരില്‍ വിവിധ കമ്പനികളില്‍ ചേക്കേറിയത് ഇന്നലെ കഴിഞ്ഞപോലെ. മഡിവാള മാരുതിനഗര്‍ റോഡിലെ രണ്ട് മുറി വീട്ടിലെ താമസം ഹോസ്റ്റല്‍ ദിനങ്ങളുടെ പുനരാവര്‍ത്തനങ്ങളായി. അച്ഛന്‍റെ പെട്ടെന്നുള്ള മരണശേഷം അമ്മയുടെ നിരന്തര സമ്മര്‍ദ്ദം കൂടിയപ്പോള്‍ ആണ് അരുണ്‍ സൈറ്റില്‍ ആവാന്‍ തീരുമാനിച്ചത്. കൂട്ടത്തിലെ ആദ്യത്തെ കല്ല്യാണം. 

 

കൂടെ താമസിക്കുന്നവരെല്ലാം തലേന്നേ തിരിച്ചു.

 

പ്രോജക്റ്റ് റിലീസുായിരുന്നതു കൊണ്ട് അവരോടൊപ്പം കൂടാന്‍ കഴിഞ്ഞില്ല.

 

അടുത്ത റൂമിലെ സെല്‍വരാജാണ് ജോലാര്‍പേട്ട്ന്ന് രാത്രി പന്ത്രമേുക്കാലിന് ആലപ്പി എക്സ്പ്രസ് ഉണ്ട്ന്ന പറഞ്ഞത്.

 

വേണു എല്ലാര്‍ക്കും ആലുവ ഠൗണില്‍ തന്നെ മുറി ശരിയാക്കിയിട്ടുണ്ട്.

 

അവന്മാര്‍ ഇന്ന് ഫുള്‍ ഫോമിലാകും.

 

ബാഗ് തലേയ്ക്കലേയ്ക്കു നീക്കി ഉറങ്ങാനുളള വട്ടം കൂട്ടുമ്പോള്‍ വെറുതെ മനസ്സിലേയ്ക്ക് ആ വൃദ്ധ ദമ്പതികള്‍ കടന്നു വന്നു.

 

ഗതിവേഗം കുറച്ച തീവണ്ടി സേലം പ്ലാറ്റ്ഫോമില്‍ നിര്‍ത്തി. 

 

പുറത്തെ ടി സ്റ്റാളില്‍ നിന്ന് ഇളയരാജയുടെ ‘ആഗായ വെണ്ണിലാവേ...’ !

 

ഇടയ്ക്കിടെ ഓര്‍മ്മ നഷ്ടമാകുന്ന ട1 ലെ ആ മനുഷ്യന്‍ അന്നിവിടെയാകുമോ ചായകുടിക്കാനിറങ്ങിയത് ?

 

പകലത്തെ ജോലിഭാരവും യാത്രാക്ലേശവും കണ്ണുകളെ ക്ഷീണിപ്പിച്ചു.

 

എപ്പോഴോ ഉറക്കം പിടിച്ചു.

 

..............

 

...............

 

വലിയൊരു കുലുക്കവും പൊട്ടിത്തെറിയും അനുഭവിച്ചുകൊണ്ടണ് പിന്നെ കണ്ണു തുറന്നത്.

 

നേരം വെളുത്തിരുന്നു.

 

ശബ്ദം കേട്ടതെവിടെനിന്നാണെന്ന് അമ്പരക്കുമ്പോള്‍ എല്ലാവരും പ്ളാറ്റ്ഫോമിലൂടെ ഓടുന്നു.

 

കോച്ചിനകത്തും പരിഭ്രാന്തമായ ചലനങ്ങള്‍

 

"എന്താ.......?

 

എന്താണ് സംഭവിച്ചത്...?"

 

ആരോടെന്നില്ലാതെ ചോദിച്ചു.

 

"ബോംബ്...... ബോംബ് പൊട്ടിയതാ.........ട1ലാണ്......”

 

ആ മരണപ്പാച്ചിലിനിടയില്‍ തെറിച്ചു വീണ ഉത്തരം.

 

പുറത്തു കനത്ത പൊടിപടലം.

 

അവ്യക്തമായ മുഖങ്ങള്‍.......

 

രൂപങ്ങള്‍...........

 

അമര്‍ന്നുതാണ പൊടിപടലങ്ങള്‍ക്കിടയിലൂടെ ചൂടു ചായ ഊതിയാറ്റാതെ നുകരുന്ന തലേന്നത്തെ വൃദ്ധന്‍റെ ചുണ്ട്കള്‍.

 

വിറയലില്ലാത്ത കൈകള്‍..........

 

അതേ ചാരനിറമുള്ള ഷാള്‍..........

 

അപ്പോള്‍ ആ അമ്മ........!!?”

 

അറിയാതെ വാച്ചിലേക്കു നോക്കി.

 

സമയം 7.30 AM

 

06-ഡിസംബര്‍- 1997

 

പശ്ചാത്തലത്തില്‍ അനൗണ്‍സറുടെ പെണ്‍ശബ്ദം 

 

“തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു".

Note:    06- ഡിസംബര്‍- 1997, തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ബോംബ് സ്ഫോടനമാണ് ഈ കഥയ്ക്ക് അവലംബം.

Srishti-2022   >>  Short Story - Malayalam   >>  ലോപമുദ്രയുടെ അർച്ചന

Sreelekshmi U

Tata Elxsi

ലോപമുദ്രയുടെ അർച്ചന

ലോപമുദ്രയുടെ അർച്ചന

കപിലൻ ഇരുട്ടിനെയും വന്യമൃഗങ്ങളെയും വകവയ്ക്കാതെ ആ ഘോരവനത്തിലൂടെ മുന്നോട്ടു നടന്നു.അവൻ്റെ തോളിൽ തളർന്നു കിടക്കുകയാണ് ലോപമുദ്ര.അവൾ ഇന്ന് പതിവില്ലാത്തത്ര സന്തോഷവതിയാണ്.കാരണം,അവൾ ആഗ്രഹിച്ചതൊക്കെ കപിലൻ ഇന്ന് സാധിച്ചു കൊടുത്തു.ശുദ്ധ  വായു ശ്വസിക്കണം,പിന്നെ കാടും,മലയും,പുഴയുമൊക്കെ ഒന്ന് കാണണം.അതായിരുന്നു അവളുടെ ആഗ്രഹം.എല്ലാം കൺകുളിർക്കെ കണ്ട് തിരികെ പോകാൻ ഒരുങ്ങവെയാണ് മുള്ളു കൊണ്ട് ലോപമുദ്രയുടെ കാലിൽ രക്തം പൊടിഞ്ഞത്.നടക്കാൻ ക്ലേശമുണ്ട് എന്ന് അറിഞ്ഞമാത്രയിൽ തന്നെ കപിലൻ അവളെ തൻ്റെ തോളിലേക്ക് എടുത്തിട്ടു .

എത്രയോ കാലങ്ങൾ കൂടിയാണ് അവളുടെ ശരീരത്തിൽ ഒരു മനുഷ്യൻ്റെ സ്പർശനമേൽക്കുന്നത്.ലോപമുദ്രയുടെ ഓർമ്മകൾ അവളുടെ ബാല്യത്തിലേക്ക് സഞ്ചരിച്ചു.

ഹിമേരുസാനുക്കളുടെ താഴ്വാരത്തുള്ള ബിലേശ്വർ എന്ന ഗ്രാമത്തിലാണ് ആ സുന്ദരിയായ പെൺകുട്ടി ജനിച്ചത്.ആ നാടിൻ്റെ കണ്ണിലുണ്ണിയായിരുന്നു അവൾ.എല്ലാരോടും ബഹുമാനവും സ്നേഹവും,വേദത്തിലും മന്ത്ര തന്ത്രങ്ങളിലും ചെറു പ്രായത്തിലെ അഗാധമായ ജ്ഞാനം,മറ്റുകുട്ടികളിൽ നിന്നും തികച്ചും വ്യത്യസ്തയായിരുന്നു അവൾ.

ലോപമുദ്രയ്ക് പന്ത്രണ്ട് വയസ്സ് തികഞ്ഞ കൊല്ലം,സന്തോഷം മാത്രം നിറഞ്ഞുനിന്ന ബിലേശ്വറിൽ നിർഭാഗ്യം വന്നു ഭവിച്ചു.നിറഞ്ഞൊഴുകിയ ബിലേശ്വറിലെ പുഴകൾ വറ്റിവരണ്ടു.ഇലകൾ കരിഞ്ഞുണങ്ങി.വരണ്ടുണങ്ങിയ ബിലേശ്വറിൽ ദാഹജലത്തിനായി പോലും ജനങ്ങൾ വലഞ്ഞു.
തങ്ങൾക്കുണ്ടായ ഈ  മഹാവിപത്തിൻ്റെ കാരണമറിയാൻ ഗ്രാമത്തലവനും മറ്റുള്ളവരും ജ്യോതിഷപണ്ഡിതനെ പോയി കണ്ടു. ജ്യോതിഷ പണ്ഡിതൻ ഏറെ നേരം ധ്യാനിച്ച ശേഷം,ഗ്രാമീണരെ തൻ്റെ കണ്ടെത്തൽ അറിയിച്ചു.

 

ബിലേശ്വറിൽ കുടിയിരിക്കുന്ന ദേവി ഒരു പുത്രിക്കായി വല്ലാതെ ആഗ്രഹിക്കുന്നു.അത് ലഭിക്കാത്ത ദുഃഖത്തിൽ നോവുന്ന ദേവിയുടെ ശാപമാണത്രെ ഈ വരൾച്ച.എന്നാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരവുമുണ്ട്."ഈ ഗ്രാമത്തിൽ നിന്നും ദേവിക്ക് ഒരു മകളെ സമർപ്പിക്കണം.ദേവിയോളം ചൈതന്യവതിയും സുന്ദരിയുമായ ഒരു പെൺകുട്ടി.വേദങ്ങളിലും ശാസ്ത്രത്തിലും നൈപുണ്യം ഉള്ളവൾ.",അദ്ദേഹം പറഞ്ഞു.

 

അത് കൊണ്ട് തന്നെ  ജനങ്ങൾക്ക് അധികം അലയേണ്ടി വന്നില്ല.


ലോപമുദ്രയെ തന്നെ അവർ തിരഞ്ഞെടുത്തു .വൈകാതെ അവളുടെ മാതാപിതാക്കളെ കണ്ട് അവളുടെ നിയോഗം ഇതാണെന്നു ബോധ്യപ്പെടുത്തി.ദുഖമുണ്ടായെങ്കിലും അവർ ഭക്തിയോടെ ആ തീരുമാനം അംഗീകരിച്ചു.പിറ്റേന്ന് പുലർച്ചെ,ലോപമുദ്രയെ ദേവിയുടെ ക്ഷേത്രനടയിൽ കൊണ്ട് പോയി സമർപ്പിച്ചശേഷം,മാതാപിതാക്കൾ സ്വന്തം ഗൃഹത്തിലേക്ക് തിരികെ പോയി.

ക്ഷേത്രത്തിലെ പ്രധാന പൂജാരി,അവളുടെ ദേഹത്ത് പനിനീരും പ്രസാദങ്ങളും അർപ്പിച്ചു,പൂജകൾ നടത്തി.അമ്പരന്നു പോയ ലോപമുദ്ര തൻ്റെ
അമ്മയെ കണ്ണുകൾ കൊണ്ട് തിരഞ്ഞു.കാണാഞ്ഞപ്പോൾ വാ പിളർന്നു കരഞ്ഞു.പൂജയ്ക്കു ശേഷം അവളെ കുറേപേർ ചേർന്നു തൊട്ടപ്പുറത്തുള്ള ചെറിയ ഒരു മുറിയിൽ അടച്ചു.പൂജയ്ക്കു നേദിച്ച പഴവും ചോറും അവിടെ പാത്രങ്ങളിൽ നിറച്ചിരുന്നു.വിശപ്പും ദാഹവും സഹിക്കാൻ വയ്യാതെ വന്നപ്പോൾ അവൾ ആ ഭക്ഷണം കഴിച്ചു,പിന്നീട് ഇരുട്ടിനോട് തോൽവി സമ്മതിച്ചു കിടന്നുറങ്ങി.തുടർന്നുള്ള നാളുകളിളിലും ഇത് തന്നെയാകും തൻ്റെ ദിനചര്യ എന്നവൾ അന്ന് തിരിച്ചറിഞ്ഞില്ല.

പിറ്റേന്ന് ഉണർന്നപ്പോൾ ,സ്‌നാനത്തിനായി പൂജാരി അവളെ പറഞ്ഞയച്ചു.അത് കഴിഞ്ഞു ചുവന്ന പട്ട് ധരിച്ചു വന്ന അവളെ ദേവിയുടെ തൊട്ടു താഴെ ആയി ഒരു പീഠത്തിൽ ഇരുത്തി.ബിലേശ്വറിലെ ദേവീപുത്രിയായി അഭിഷേകം ചെയ്‌തു .

ഒരു വിസ്മയം പോലെ, അടുത്ത ദിവസം തന്നെ ബിലേശ്വറിൽ മഴ പെയ്‌തു .ദിവസങ്ങൾക്കുള്ളിൽ,ബിലേഷ്വറിനെ വരൾച്ച വിട്ടൊഴിയുകയും ചെയ്‌തു .ഗ്രാമത്തലവൻ അത് ദേവിയുടെ അനുഗ്രഹമായി കരുതി.ലോപമുദ്രയോ,തൻ്റെ കണ്ണുനീര് കൊണ്ടാണ് ദിഗ്‍രി നദി നിറഞ്ഞത് എന്ന് വിശ്വസിച്ചു.

അത്രകണ്ട് ഒറ്റപ്പെടൽ ആയിരന്നു അവൾക്കു.പ്രാതൽ മുതൽ അത്തായം വരെ അവൾ ഒറ്റയ്ക്കായിരുന്നു.ഇരുട്ടിലും വെളിച്ചത്തിലും അവൾ ഒറ്റയ്ക്കായിരുന്നു.അമ്പല നടയിൽ ദിനവും പ്രാർത്ഥിക്കാനായി ഏറെ ആളുകൾ വന്നുകൊണ്ടേയിരുന്നു.അവർ അവളെ ബഹുമാനത്തോടെ നോക്കി,പ്രത്യാശയോടെ പ്രാർത്ഥിച്ചു.സ്വന്തം ദുഖങ്ങളും ആഗ്രഹങ്ങളും പിറുപിറുത്തു ഗ്രാമീണർ ലോപമുദ്രയെ ശ്വാസംമുട്ടിച്ചു.എന്നാൽ അവർക്ക്,അവളോട് ഒരു അനുകമ്പയും തോന്നിയിരുന്നില്ല. തൊട്ടു മുകളിൽ ഇരുന്ന ദേവി വിഗ്രഹം ഒരു കൽപ്രതിമ മാത്രം ആണെന്ന് പതിയെ അവളുടെ മനസ്സിന് തോന്നിത്തുടങ്ങി,അവിടെ നിന്നും അവൾക്ക് രക്ഷപെടണമായിരുന്നു.പക്ഷെ അവൾ എപ്പോഴും കാവൽക്കാരാൽ ചുറ്റപ്പെട്ടിരുന്നു.
 

അങ്ങനെയിരിക്കെ, ഒരുനാൾ ലോപമുദ്രയുടെ മാതാവ് ദേവി ദർശനത്തിനായി ക്ഷേത്രത്തിൽ എത്തി.ലോപമുദ്രയുടെ ചുണ്ടുകൾ സന്തോഷം കൊണ്ടും സ്നേഹം കൊണ്ടും വിറച്ചു,കണ്ണുകൾ നിറഞ്ഞൊഴുകി.പക്ഷെ ആ അമ്മ മകളെ നോക്കി,കണ്ണുകൾ അടച്ച് പ്രാർത്ഥിക്കുക മാത്രമാണ് ചെയ്തത്.

 

ആ കാഴ്ച്ച കണ്ടതോടെ, അവൾക്കു അവിടെ നിന്നും രക്ഷപെടാനുള്ള ആഗ്രഹം അവസാനിച്ചു.

അതിനു ശേഷം പത്തു വർഷങ്ങൾക്കിപ്പുറം,ഇന്നാണ് അവൾക്കു വീണ്ടും ജീവിതത്തോട് ഒരു മോഹം വരുന്നത്.

ലോപമുദ്ര ഓർമകളിൽ നിന്നും ഉണർന്ന,അവൾ വീഴാതിരിക്കാനായി,കപിലനെ മുറുകെ പിടിച്ചു.

കപിലൻ ക്ഷേത്രത്തിലെ പുതിയ കാവൽക്കാരൻ ആണ്.ആദ്യമായി ദർശിച്ച മാത്രയിൽ തന്നെ അവൾ ഒരു ദേവിയുടെയും പുത്രിയല്ല എന്ന് കപിലന് തോന്നി.അയാൾ അനുകമ്പയോടെ അവളെ നോക്കി.ആദ്യമായി സംസാരിച്ചപ്പോൾ തന്നെ,അവൾ വെറുമൊരു സാധാരണ യുവതിയാണെന്ന് അയാൾക്കു ബോധ്യപ്പെട്ടു.അവർ സുഹൃത്തുക്കൾ ആയി.തൻ്റെ ആഗ്രഹങ്ങൾ ഓരോന്നായി ലോപമുദ്ര കപിലനെ അറിയിച്ചു.അയാൾ അത് ഓരോന്നും സ്നേഹത്തോടെ നിറവേറ്റി കൊടുത്തു.

ഇന്നിതാ, കാട് കണ്ട ശേഷം അവളെ തോളിൽ ചുമന്നു തിരികെ നടക്കുന്നു.വർഷങ്ങൾ കൂടിയാണ് അവൾക്ക് ഒരു മനുഷ്യൻ്റെ സ്പർശനമേൽക്കുന്നത്.അയാളുടെ തോളിൽ ചാഞ്ഞു കിടന്നു കൊണ്ട് തന്നെ ലോപമുദ്ര തൻ്റെ മറ്റൊരാഗ്രഹം അറിയിച്ചു.

ദൈവപുത്രിക്ക് മനുഷ്യസഹജമായ വികാരങ്ങൾ നിഷിദ്ധമത്രെ.അനുഗ്രഹാശിസ്സുകൾ ചൊരിയാൻ മാത്രമുള്ളതാണത്രേ  ദൈവപുത്രി.എങ്കിലും അവൾ അയാളുടെ കരപരിലാളനം ആഗ്രഹിച്ചു.അയാൾ സന്തോഷത്തോടെ അവളുടെ ആവശ്യം സ്വീകരിച്ചു.

നേരംപുലരാറായപ്പോളാണ് അവർ തിരികെ ക്ഷേത്രത്തിൽ എത്തിയത്.കുറച്ചു കാലം രഹസ്യമായി,ആ സ്നേഹബന്ധം തുടർന്നു.പക്ഷെ ലോപമുദ്രയുടെ ശരീരത്തിന് അധികനാൾ ആ രഹസ്യം സൂക്ഷിക്കാനായില്ല.

ലോപമുദ്രയുടെ ഗർഭവിവരം നാടാകെ പരന്നു.ഗ്രാമത്തിലെ ജനങ്ങൾ ലജ്ജിതരായി.

ഒടുവിൽ ജ്യോതിഷപണ്ഡിതൻ അറിയിച്ചു ."കന്യകാത്വം നഷ്ട്ടപെട്ട ലോപമുദ്രയിൽ ഇനി ദേവി ചൈതന്യമില്ല.ഗ്രാമത്തിൻ്റെ ചട്ടങ്ങൾ തെറ്റിച്ച ലോപമുദ്രയെയും കപിലനെയും നാടുകടത്തണം ."

പക്ഷെ ആ ഗർഭത്തിൽ ജനിക്കുന്നത് ഒരു പെൺകുഞ്ഞാണെങ്കിൽ അവളെ അടുത്ത ദൈവപുത്രിയാക്കുന്നതാണ് യോജ്യമായ തീരുമാനമെന്നും ജ്യോതിഷപണ്ഡിതൻ ഗ്രാമീണരെ അറിയിച്ചു.കുഞ്ഞു ജനിക്കുന്നതുവരെ കപിലനെയും  ലോപമുദ്രയെയും തടവിൽ പാർപ്പിക്കാനും തീരുമാനമായി .

മാസങ്ങൾ കടന്നുപോയി.ഒടുവിൽ ലോപമുദ്രയ്ക് കുഞ്ഞു പിറന്നു.സുന്ദരിയായ ഒരു പെൺകിടാവ് .

ഗ്രാമത്തിലെ ജനങ്ങൾ ആ വാർത്തയിൽ സന്തോഷിച്ചു.ലോപമുദ്രയുടെ പാപത്തിന് ദേവി കണ്ട പരിഹാരം എന്ന് നാട്ടുകാർ പറഞ്ഞു.

ഈ തീരുമാനത്തിൽ തെല്ലു ദുഃഖം പോലും ലോപമുദ്ര പ്രകടിപ്പിച്ചില്ല,ആ ഗ്രാമവും അവിടുത്തെ വിശ്വാസങ്ങളും അവളെ നാളുകൾക്കു മുമ്പുതന്നെ ഒരു കല്ലാക്കി മാറ്റിയിരുന്നു.

ദേവിയുടെ തിരുനടയിൽ കുഞ്ഞിനെ സമർപ്പിച്ച ശേഷം,ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ലോപമുദ്ര നടന്നകന്നു.മലയും പുഴയും താണ്ടി, അവളും കപിലനും,മറ്റൊരു നാട്ടിലേക്ക് യാത്ര തിരിച്ചു.

ലോപമുദ്ര അർച്ചനയായി സമർപ്പിച്ച ആ ശിശുവിനെ,ഗ്രാമത്തലവൻ തൻ്റെ കൈകളിൽ എടുത്തുപൊക്കി,പീഠത്തിലേക്കു വയ്ക്കാൻ ആഞ്ഞു.

പക്ഷെ ആ പിഞ്ചുശരീരം തണുത്ത്‌ മരവിച്ചിരുന്നു .ശ്വാസം നിലച്ചിരുന്നു .വായിൽ ചോര പൊടിഞ്ഞിരുന്നു.

അതെ,ലോപമുദ്ര ദേവിക്ക് അർച്ചനയായി നൽകിയത് മറ്റൊരു ദേവപുത്രിയെ അല്ല.പകരം തണുത്ത് ഉറഞ്ഞ ഒരു ശവശരീരം ആയിരുന്നു.
 

സ്നേഹം തൊട്ടു തീണ്ടിയിട്ടില്ലാത്ത,അന്ധവിശ്വാസത്തിൻ്റെ പല്ലക്കിലേറി നടന്നിരുന്ന ആ നാടിനെയും,നാട്ടുകാരെയും സഹിക്കാൻ ഒരു ശവത്തിനു മാത്രമേ കഴിയു എന്ന് ലോപമുദ്ര അടിയുറച്ചു വിശ്വസിച്ചത് പോലെ !!

Srishti-2022   >>  Short Story - Malayalam   >>  പോണ്ടിച്ചേരി - ഒരു തേപ്പു കഥ

Vinod Narayanan

ZAFIN SOFTWARE

പോണ്ടിച്ചേരി - ഒരു തേപ്പു കഥ

പോണ്ടിച്ചേരി - ഒരു തേപ്പു കഥ

"എടീ ശവമേ" എന്ന അലർച്ച കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. നോക്കുമ്പോൾ ഫ്ലാറ്റിലെ സഹമുറിയൻ ലോകത്തുള്ള സകല തെറികളും ചറപറാന്നു വിളിക്കുന്നു. ഇന്നത്തെ ദിവസം 'കോഞ്ഞാട്ടയായല്ലോ ദൈവേ' എന്ന് മനസ്സില് വിചാരിച്ചിട്ടാണ് "എന്താടാ ഇത്ര കിടന്നു കാറാൻ" എന്ന് അവനോടു ചോദിച്ചത്. "അവൾ, ആ പിശാച്  %$#@@*" എന്നൊക്കെയേ കേക്കാനുള്ളൂ, കാര്യം പറയണില്ല. "പറഞ്ഞു തുലക്കെടാ തെണ്ടീ" എന്ന് പറഞ്ഞപ്പോഴാണ് അവൻ ഒന്ന് തണുത്തത്!

 

"അവൾ പോണ്ടിച്ചേരിക്ക് പോയെടാ, അവള് പോയി". "എന്നിട്ട് നീയെന്താടാ ഇവിടെ? നീ പോയില്ലേ, അലാറം വെക്കാൻ ഞാൻ പറഞ്ഞതെല്ലേ, അടുത്ത ബസ്സിനു നീയും പൊക്കൊ", ഞാൻ പറഞ്ഞു. ഒരു തെറി കൂടെ കേട്ടു! അവള് പോയത് അവന്റെ കൂടെയാടാ, അവന്റെ കൂടെ!

 

ഓഹോ, അതാണ്‌ കാര്യം, അവൾ 'മെറീന' ആണെന്ന് മനസ്സിലായി, അവൻ ആരാണാവോ? 'ഡാ മെജോ, നീ കാര്യം പറയെടാ' (നമുക്കിവനെ മെജോ എന്ന് വിളിക്കാം, മണ്ടൻ എന്നാ വിളിക്കെണ്ടെങ്കിലും!). "അവള്, അലെക്സിന്റെ കൂടെ പോയെടാ". ഇപ്പൊ സംഗതി പിടികിട്ടി, ഇവൻ ഇവന്റെ കാമുകി എന്ന് കരുതി 'കുറുങ്ങി' നടക്കണ 'ക്ടാവാണ്' അലെക്സിന്റെ കൂടെ പോയത് , അതും പോണ്ടിച്ചേരിക്ക്!

 

"എന്നാലും അതെങ്ങനെ ശെരിയാവും, അവര് മുട്ടൻ ഉടക്കായിരുന്നൂലോ,   അവള് അവനെക്കുറിച്ച് എന്നോട് പോലും വന്നു പരാതി പറഞ്ഞിണ്ടായില്ലോ" - ഞാൻ പറഞ്ഞു. "അവള് വേളാങ്കണ്ണിക്ക് ഫാമിലി ആയിട്ട് പോവാണ് എന്നും പറഞ്ഞിട്ടാണല്ലോ ഇന്ന് ലീവ് വേണം എന്ന് പറഞ്ഞെ", അവനാണെങ്കിൽ ഇന്നലെ സന്ധ്യക്കാണ്‌ 'ഗ്രാന്റ്പാ' മരിച്ചൂന്നോ, സീരിയസ് ആണുന്നോ ഒക്കെ പറഞ്ഞു പോയത്" ഞാൻ പറഞ്ഞു നിർത്തി.

 

"നീ പറഞ്ഞതൊക്കെ ഞാൻ സമ്മതിച്ചു, അപ്പൊ ഈ ഫോട്ടോല് കാണണത്  എന്താ", ഞാൻ അവന്റെ മൊബൈലില് നോക്കി, അലെക്സും മേറീനേം കൈ കോർത്ത്‌ പിടിച്ചു നടക്കണ ഫോട്ടോ, "കൊള്ളാം, ഇത് കലക്കീണ്ട്ട്ടാ" ഞാൻ അറിയാതെ പറഞ്ഞു, മെജോ വീണ്ടും 'അന്യഗ്രഹ ജീവി'കളുടെ ഭാഷ സംസാരിച്ചു!

 

"അല്ലാ, നിനക്കിതെവിടുന്നാ കിട്ടിയേ" ഞാൻ ചോദിച്ചു, "നമ്മടെ രാജേഷ്‌, അവൻ അയച്ചതാ" -മെജോ. "അവനിതെവിടെന്നു കിട്ടിയാവോ? - ഞാൻ "പോണ്ടിച്ചെരീന്നന്നെ, അവൻ ഹണിമൂണ്‍ ആഘോഷിക്കാൻ അവടെപ്പോയിരിക്യല്ലേ"-മെജോ

 

രാജേഷ്‌ പഴയ സഹപ്രവർത്തകനാണ്, നമ്മടെ കമ്പനി മാറി 2 മാസം ആയെ ഉള്ളൂ, കല്യാണം കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു.

അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ, കൊള്ളാം!

 

"നീ അവളെ വിളിക്കെന്ന്"- ഞാൻ പറഞ്ഞു. "അവൾ എടുക്കണില്ല" - മെജോ.

"എന്നാ ഒരു മെസ്സേജ് അയക്ക്" - അതൊക്കെ അയച്ചു, മറുപടി ഇല്ല.

"നീ എന്ത് മെസ്സേജാ അയച്ചേ" - ഞാൻ

"Good Morning ! Have a nice day! wer  r  u  now  "എന്ന് അവൻ പറഞ്ഞു.

എന്നാ ഞാനൊരു  മെസ്സേജ് അയക്കാം. മറുപടി വരോന്നറിയാല്ലോ, ഞാൻ പറഞ്ഞു. മേജോടെ മോബൈലീന്നു ഞാൻ ഒരു മെസ്സേജ് അയച്ചു. "we  r  in  obron  mall, do you  want  something?

'ബീപ്, ബീപ്', വന്നു, വന്നു മറുപടി വന്നു!

"Sorry, I am in church", പിന്നെ കുറച്ചു സാധനങ്ങളുടെ ലിസ്റ്റ്!

"നീ അയച്ച മെസ്സേജ് അല്ലെ നീ തന്നെ വാങ്ങിക്കൊടുത്താ മതി" - മെജോ.

"നിന്റെ ഫോണ്‍, നിന്റെ മെസ്സേജ്, നിന്റെ കാമുകി, എനിക്കെന്തു കാര്യം?" ഞാൻ.

----------------------------------------------------------------------------------------------------

അടുത്ത 'വർക്കിംഗ്‌ ഡേ', ലീവും ഓഫും ഒക്കെ കഴിഞ്ഞു എല്ലാരും എത്തി, മെറീന ഒഴിച്ച്.  "അലെക്സിനെ മാനേജര് വിളിക്കിണ്ട്",ദീപു വന്നു പറഞ്ഞു.

ഞങ്ങൾ പുള്ളീനെ 'ഗോബിമാമൻ' എന്നാണ് വിളിക്കാറ്.

"എന്ത് കുരിശാണാവോ?" എന്നും പറഞ്ഞു അവൻ പോയി.

അമ്പോ! എന്തൊരു പുണ്യാളൻ! കൂടെ നടക്കണ മേജോക്കിട്ടന്നെ പണി കൊടുത്തിട്ടാണ് ഇവന്റെ നടപ്പ്.

 

അടുത്ത സീൻ 'ഗോബിമാമന്റെ' ക്യാബിനിലാണ്.

"ഗുഡ്  മോർണിംഗ്  , അലക്സ്‌!"

"ഗുഡ്  മോർണിംഗ്  , സർ"

"നിന്റെ ഗ്രാന്റ്പാ എങ്ങനെയിരിക്കുണു" - ഗോബി.

"സുഖായിരിക്കുണൂ സാർ" - അലക്സ്‌.

"അപ്പൊ ആള് മരിച്ചെങ്കിലും സുഖത്തിനു കുറവൊന്നുല്ലാ , അല്ലെ?" - ഗോബി

 

'പ്ലിംഗ്!' അലക്സ്‌ ക്ലീൻബൗൾഡ്!

 

ഇപ്പൊ പഞ്ചാബി ഹൗസിലെ 'ഹരിശ്രീ അശോകനെ'പ്പോലെ അലെക്സും 'N.F. വർഗീസിനെ'പ്പൊലെ ഗോബിയും ഇരിക്കുന്നു!

 

2 ദിവസ്സായിട്ടു ഇടയ്ക്കിടെ 'പപ്പാ വിളിക്കുന്നു', 'പപ്പാ വിളിക്കുന്നു'  എന്നും പറഞ്ഞു പല തിരക്കുള്ള മീറ്റിങ്ങിന്റെ ഇടെന്നു പോലും അലക്സ്‌ മുങ്ങാറുണ്ടായിരുന്നു . ഷിഫ്റ്റ്‌ മൊബൈലിൽ വരെ 'Alex 's  pappa' എന്നും പറഞ്ഞു ആ നമ്പർ സേവ് ചെയ്തിണ്ടായി!

 

സംഗതി ഇത്രേയുള്ളൂ! മെറീന നേരത്തെ തന്നെ ലീവ് എടുത്തിരുന്നു, അലെക്സിനാണെങ്കിൽ അങ്ങനെ അത്ര പെട്ടെന്ന് ലീവ് കിട്ടില്ല, കാരണം അവന്റെ പണികൾ പലതും 'ക്രിട്ടിക്കൽ' ആണ്! അതും പോരാഞ്ഞിട്ട് 'ഗോബി' ഫ്രൈഡേ ലീവും ആണ്, അപ്പൊ നേരായ വഴീലു നടക്കില്ല എന്നത് ഉറപ്പല്ലേ! അതോണ്ട് മുന്നേ പറയാതെ ഇടക്കിടക്ക് എന്തോ 'പ്രശ്നം വരാൻ പോണു' എന്ന ഒരു ഫീൽ 'build -up' ചെയ്യായിരുന്നു ആശാൻ. വ്യാഴാഴ്ച ഉച്ചക്ക് അലക്സ്‌ പുറത്തു പോവുന്നു, ഷിഫ്റ്റ്‌ മൊബൈലിൽ 'Alex 's  pappa' വിളിക്കുന്നു.

 

"അവന്റെ മൊബൈൽ എടുക്കുന്നില്ലാന്നും, ഗ്രാന്റ്പാ സീരിയസ് ആയി ഇരിക്യാണ്, ഇവനെ കാണണം എന്ന് പറയുന്നൂന്നും ഇനി 3-4 മണിക്കൂർ ആണ് ഡോക്ടർമാർ സമയം പറഞ്ഞതെന്നും" അറിയിക്കുന്നു.

 

പിന്നത്തെ സീനിൽ അലക്സ്‌ തിരിച്ചു വരുമ്പോൾ 'ഗോബി' അടുത്തു ചെല്ലുന്നു, വീട്ടിലേക്കു പൊക്കോളാൻ പറയുന്നു. 'നിറകണ്ണുകളോടെ' അലക്സ്‌ പോകുന്നു, ഇതൊക്കെ ആയിരുന്നു ലാസ്റ്റ് വീക്ക്‌ 'സർപ്രൈസുകൾ'

 

ഷിഫ്റ്റ്‌ മൊബൈൽ മാനെജേരുടെ കൈയിൽ ഇരിക്കുമ്പോൾ വന്ന വിളീം, മൊത്തത്തിൽ അവന്റെ ഭാവാഭിനയവും ഒക്കെ കണ്ടപ്പോൾ 'അറബീം ഒട്ടകോം പി.മാധവൻ നായരും' എന്ന പടത്തിലെ ലാലിൻറെ ക്ലൈമാക്സിലെ എക്സ്പ്രെഷൻ പോലെ തോന്നിയെങ്കിലും ഞങ്ങൾ അത് വിട്ടതായിരുന്നു.

 

അങ്ങനെ ഫ്രൈഡേ അലെക്സിനു ലീവ് കൊടുത്തോണ്ട് 'ഗോബി' ഓഫീസിൽ വരുന്നു, ഉച്ച കഴിഞ്ഞു പോകാൻ ഇരിക്കെ മേജോയെ 'ഗോബി' വിളിക്കുന്നു, അതെ സമയത്ത് തന്നെ ഷിഫ്റ്റ്‌ മൊബൈലിൽ 'Alex 's  pappa' വിളിക്കുന്നു, അത് 'ഗോബി' കാണുന്നു. മെജോ കാൾ അറ്റൻഡ് ചെയ്തതും 'ഗോബി' വാങ്ങുന്നു.

 

ചെവിയിൽ വെച്ചപ്പൊ കേട്ടത് ഇങ്ങനെ "എന്തായിടാ അലെക്സെ? ആ മണ്ടനെ പറ്റിച്ചു ലീവ് ഒപ്പിച്ചെടുത്തോ? എന്റെ വിളി കൊണ്ട് ഗുണണ്ടായാ?"

"പിന്നെ പിന്നെ ഇപ്പോഴാ ഗുണണ്ടായെ', നീയിങ്ങട് വാട്ടോ, എന്നിട്ട് നേരിട്ട് പറയാ"  - ഗോബി.

വിളിച്ചത് അലെക്സിന്റെ ഫ്രണ്ട് മനോജായിരുന്നു. അവൻ ഷിഫ്റ്റ്‌ മൊബൈൽ നമ്പർ അലെക്സിന്റെ വേറെ നമ്പർ ആണെന്ന് വിചാരിച്ചോണ്ട് ഇണ്ടായ മണ്ടത്തരം ആയിരുന്നു അത്. അവനും 3 ദിവസ്സായിട്ടു പനി പിടിച്ച് ലീവാണ്!

 

അപ്പത്തന്നെ മാനേജർ മനോജിനെ വിളിച്ചു. എന്താ കാര്യം എന്ന് ചോദിച്ചപ്പോ അവൻ പറഞ്ഞു, "ഇടക്കിടക്ക് ഇങ്ങനെ വിളിക്കണം, ലീവ് ഒപ്പിക്കാനാണ് എന്നേ പറഞ്ഞുള്ളൂ, വേറെ ഒന്നും അറിയില്ലാന്ന്". അലെക്സിന്റെ ഫോണ്‍ സ്വിച്ച് ഓഫ്‌! മേജോക്ക് മനസ്സിലായി, സംഗതി എന്തോ തരികിടപ്പരിപാടി ആണെന്ന്, പക്ഷെ അത് അവനു തന്നെ ഉള്ള പണിയാണെന്ന് ഇപ്പോഴല്ലേ മനസ്സിലായത്!

--------------------------------------------------------------------------------------------------

 

"അപ്പൊ നീ പറഞ്ഞതൊക്കെ നുണയായിരുന്നു അല്ലേ, *******  ?" - ഗോബി

അലക്സ്‌ നാവു ഇറങ്ങിയ മട്ടിൽ ഇരിപ്പാണ്. "എവടെപ്പോയതാ?", മിണ്ടാട്ടമില്ല, "നിന്നോടാ ചോദിച്ചത്?" - ഗോബി

"പോണ്ടിച്ചേരി" - അലക്സ്‌

"ആരുടെ കൂടെ" - ഗോബി

"ഫ്രണ്ട്സ്" - അലക്സ്‌

"ഉം, പൊക്കൊ, ഞാൻ ഇനി നോക്കിക്കോളാം, കേട്ടോ"- ഗോബി.

 

അലക്സ്‌ ഇറങ്ങി. "എടാ തെണ്ടീ, നീ അവളേം കൊണ്ടാണല്ലേ പോണ്ടിച്ചേരിക്ക് പോയത്? നിനക്കറിയില്ലേ എനിക്കവളെ ഇഷ്ടാണെന്ന്?"  മേജോക്ക് ദേഷ്യവും, സങ്കടവും അടക്കാൻ വയ്യാതായിക്കഴിഞ്ഞു.

അലക്സ്‌ അപ്പൊ പറഞ്ഞു, "നിനക്കറിയോ മെറീന എങ്ങനെയാ ഇവിടെ വന്നതെന്ന്? ഞാൻ 'റഫറൽ' അയച്ചിട്ടാണ്, ഞങ്ങൾ പഴയ ചെന്നൈ ഫ്രണ്ട്സ് ആണ്"  മെജോ കണ്ണ് തള്ളി നിൽക്കുമ്പഴാണ്, മനോജ് "ആ അത് പോട്ടെ അവടത്തെ കഥ പറ" എന്ന് പറയണത്!

അലക്സ്‌ അപ്പഴാ മനോജിനെ കണ്ടത്, "എടാ തെണ്ടീ! നീ കാരണാണ് ഇതൊക്കെ എല്ലാരും അറിഞ്ഞത്‌", നിനക്കിനി കഥ വേണമല്ലേ കഥ"!

അപ്പോഴാണ്‌ ആ ശബ്ദം "വിടളിയാ, നീ പറ" - ഞങ്ങൾ ഞെട്ടി, കാരണം ആ ശബ്ദം മേജോയുടെ ആയിരുന്നു!

 

"ഒന്നുണ്ടായില്ല" - അലക്സ്‌, ആ ശബ്ദത്തിൽ ലേശം നിരാശ.

രണ്ടര ദിവസം നിങ്ങൾ മാത്രം അവിടെ, എന്നിട്ട് ഒന്നുണ്ടായില്ല, ഇത് ഞങ്ങൾ വിശ്വസിക്കണം അല്ലേ? - കോറസ്!

"ഡാ സത്യം, ഞങ്ങൾ കുറെ നേരം ബീച്ചിൽ കറങ്ങി, ഫുഡ്‌ കഴിച്ചു, ഷോപ്പ് ചെയ്തു, ബിയർ അടിച്ചു, പിന്നെ റൂമിലെത്തി"

എന്നിട്ട്...?കോറസ്!

'ഒന്നുണ്ടായില്ല', "റൂമിലെത്തിയതും എന്ത് പറ്റീ എന്നറിയില്ല, പിന്നെ കണ്ണ് തുറക്കുമ്പോൾ നേരം വെളുത്തതാ കാണണേ" - അലക്സ്‌.

"പ്ഫ!, നിനക്ക് പറയാൻ വയ്യെങ്കി വേണ്ട!" മെജോ ആണ്!

 

"എന്നിട്ട് അവളെവിടെ? മെറീന? അവളിതു വരെ വന്നില്ലേ? നിങ്ങൾ ഒരുമിച്ചല്ലേ വന്നത്?" - കോറസ്!

അത് പിന്നെ, അവള്... - അലക്സ്‌.

എന്താടാ? - കോറസ്!

അല്ലടാ, ഞായറാഴ്ച അവളുടെ ഒരു കസിൻ അവിടെ വന്നു, അവള് കണ്ടു. പേടിച്ചു. എന്നോട് മാറി നിന്നോളാനും പറഞ്ഞു, പിന്നെ അവൾ വിളിക്കാം എന്ന് പറഞ്ഞു, അപ്പൊ ഞാൻ ഇങ്ങു പോന്നു" - 'ബെസ്റ്റ് കണ്ണാ ബെസ്റ്റ്!' അവൾ നിന്നേം മണ്ടനാക്കീന്നാണ് തോന്നണത്, എല്ലാരും പറഞ്ഞു.

 

ഇവൻ പറയുന്നത് മുഴുവൻ വിശ്വസിക്കാനും ബുദ്ധിമുട്ടാണ്, ആ നടക്കട്ടെ... എല്ലാരും അവരവരുടെ സീറ്റിലേക്ക് പോവുമ്പോ അലെക്സിനു SMS. മെറീനടെ!

 

"താങ്ക്സ്, അലക്സ്‌. ഇറ്റ്‌ വാസ് എ നൈസ് ട്രിപ്പ്‌! താങ്ക്സ് ഫോർ മേക്കിംഗ് ഇറ്റ്‌ എ ബിഗ്‌ സക്സെസ്സ്, ഐ ഹാവ് സെൻറ് യു എ ഡീറ്റൈൽട്‌  ഇ-മെയിൽ & സം ഫോട്ടോസ് ടൂ" എന്ന്!

  

എല്ലാരും കൂടെ വീണ്ടും അലെക്സിനെ ചാമ്പാൻ പോയി, അപ്പോഴാ മെജോ പറഞ്ഞെ "നമുക്ക് മെയിൽ ആദ്യം നോക്കാ"ന്നു. മെയിൽ ഓപ്പണ്‍ ചെയ്തതും മെറീനയും, വേറൊരു ചെറുപ്പക്കാരനും കൂടി റിംഗ് എക്സ്ചേഞ്ച് ചെയ്യുന്ന ഫോട്ടോയും, വെഡ്ഡീങ് ഡ്രെസ്സിൽ നിക്കണ ഫോട്ടോയും ഒക്കെ വന്നു!

 

അലക്സ്‌ കാറ്റ് പോയ ബലൂണ്‍ പോലെ നിക്കാണ്, വാ പൊളിച്ച്!

"ഇതവനാ, ഇതവനാ" - അലക്സ്‌

എവൻ? - ഞങ്ങൾ

"അവൾ കസിൻ എന്ന് പറഞ്ഞവൻ!" - അലക്സ്‌.

 ഹ! ഹ! ഹ! ഹ! ഹ!, മെജോ ചിരിക്യല്ല, അട്ടഹസിക്യാർന്നു! ....പണി പാലും വെള്ളത്തിൽ കിട്ടീ മോനെ! 'ഫ്രണ്ട്സ്' സിനിമേലെ ശ്രീനിവാസന്റെ ചിരി!

 

മെയിലിൽ എഴുതിയിരിക്കുന്നു, ' അലക്സിനു ഒരുപാട് നന്ദിയുണ്ട്, ഇത് എന്റെ എല്ലാമെല്ലാം ആണ്, ജീവിതമാണ്, ആൽബിൻ എന്നാണ് പേര്. ഞങ്ങൾ കുഞ്ഞുനാൾ മുതലുള്ള പരിചയം ആണ്. ആൽബിനു ജോലി കൊച്ചിയിൽ ആയി, ഞാൻ ചെന്നൈലും ആയിരിക്കുമ്പോഴാണ് ഞാൻ അലെക്സിനെ പരിചയപ്പെടണത്. എനിക്ക് കൊച്ചിക്ക് വരണായിരുന്നു, അത് നടന്നു. വീട്ടുകാർ സമ്മതിക്കാത്തോണ്ട് രജിസ്റ്റർ ഓഫീസിൽ വെച്ചു കല്യാണം നടത്തി. എന്നാലും പള്ളീൽ വെച്ച് നടത്താനുള്ള മോഹം കൊണ്ടാണ് പോണ്ടിച്ചേരിക്ക് വന്നത്! ആകെ കൈയിൽ കാശില്ലാത്ത സമയം ആയോണ്ട് വേറെ വഴി ഒന്നും കണ്ടില്ല, അപ്പോഴാണ്‌ അലക്സ്‌ വിളിച്ചത്. ഞാൻ ആൽബിനൊട്  പറഞ്ഞിട്ട് തന്നെയാണ് വന്നത്, ഒരാളുടെ ചെലവ് കുറയൂല്ലോ! പിന്നെ രാത്രി, ഞാൻ ബിയർ ഒഴിച്ച് തന്നത് ഓർമയില്ലേ, അതിൽ 2 സ്ലീപ്പിങ്ങ് പിൽസ് കൂടെ ഇട്ടിണ്ടായിരുന്നു, നമ്മടെ അടുത്ത മുറിയിൽ ആൽബിനും ഉണ്ടായിരുന്നു!

ഇന്നലെ ഞങ്ങൾ ആഗ്രഹിച്ച പോലെ പള്ളിയിൽ ഒരിക്കൽ കൂടെ കെട്ടി. പിന്നെ ഞാൻ ഈ കൈയിൽ ഇട്ടിരിക്കണ റിംഗ് ഒക്കെ അലെക്സിന്റെ കാശാണ്, കുറച്ച ഡ്രെസ്സും, വീട്ടുസാധനങ്ങളും ഒക്കെ വാങ്ങീട്ടുണ്ട്. അലെക്സിന്റെ ക്രെഡിറ്റ്‌ കാർഡ്‌ എന്റെലാണ്! ഞാൻ അത് കൊറിയർ അയച്ചു തരാംട്ടോ, ഈ മാസം വല്യ ബിൽ ആയിരിക്കും :-)

 

മന:പ്പൂർവം പറ്റിച്ചതല്ല കേട്ടോ, വേറെ വഴിയില്ലായിരുന്നു, കുറച്ച് കാശൊക്കെ ആവുമ്പോ തിരിച്ചു തരാം. അലക്സിനു അത്യാവശ്യം ഉണ്ടാവില്ലാന്നറിയാം. എനിക്ക് ആൽബിന്റെ കമ്പനിയിൽ തന്നെ ജോലി കിട്ടി, ഞാൻ ഇനി അങ്ങോട്ട്‌ വരുന്നില്ല, ജോലി രാജി വെച്ച കാര്യം 'ഗോബി'ക്കറിയാം.

എല്ലാരോടും സോറി ഉണ്ട്ട്ടോ, മജോനോടും പറയണം. ഞാൻ ഒരു മോശം കുട്ട്യാണെന്ന് വിചാരിക്കല്ലേ!

 

 "പൊളിച്ചു മോനെ പൊളിച്ചു" - മെജോ.

"അപ്പൊ എനിക്കും കിട്ടീല്ല, നിനക്കും കിട്ടീല്ല, ഒരു മൂന്നാമൻ വന്നു അവളെ അടിച്ചോണ്ട് പോയി അല്ലെ" - മെജോ.

മമ്മൂട്ടിയുടെ "മേഘം" ക്ലൈമാക്സ്! - കോറസ്.

അന്തരീക്ഷം ശോകമൂകം! എല്ലാവരും മെറീനയുമായുള്ള 'റിലെഷന്റെ' ആഴം അളക്കുകയാണ്!

ഞാൻ പറഞ്ഞു, 'അല്ലേലും പോണ്ടിച്ചേരി അത്ര പോരാ, നമുക്ക് ഗോവക്ക് പോകാം' - കൂട്ടച്ചിരി!!!

ശുഭം!

Srishti-2022   >>  Short Story - Malayalam   >>  പണം പ്രധാനം

Nisha K P

Infosys Limited

പണം പ്രധാനം

പണം പ്രധാനം

ഇത് കേരളത്തിലെ  ഒരു കടലോരഗ്രാമം. രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തിൽ  കാര്യമായി കേടുപാടുകൾ ഒന്നും സംഭവിച്ചില്ലെങ്കിലും  അതേ  വർഷത്തെ ശബരിമല വിധിയിൽ അല്പസ്വല്പം വിള്ളലുകൽ സംഭവിച്ച ചില കുടുംബങ്ങളുൾപ്പെട്ട  ഗ്രാമം. അത്തരം ഒരു ഇടത്തരം കുടുംബത്തിലെ ഗൃഹനാഥനാണ്  റിട്ടയേർഡ്  ബാങ്കുദ്യോഗസ്ഥനും  യുക്തീശ്വരവാദിയുമായ  രാഘവൻ സാർ.  യുക്തീശ്വരവാദം  എന്നാൽ   രാഘവൻ സാറിന്റെ നിർവചനപ്രകാരം  യുക്തിയും  ഈശ്വരവിശാസവും പരസ്പരവിരുദ്ധമല്ലെന്നും ,  രണ്ടിനും ഒരു സമ്മേളനബിന്ദു ഉണ്ടെന്നും ഉള്ള  തത്വം. രാഘവൻ സാറിന്റെ ഭാര്യയും , അദ്ദേഹത്തിൻറെ  അതേ ബാങ്കിൽ  തന്നെ ഉദ്യോഗസ്ഥയും  ആയ രമാദേവിയാകട്ടെ ,  കാര്യമായ യുക്തിവിശകലനത്തിനു  മുതിരാതെ ഒട്ടുമിക്ക പരമ്പരാഗത  ആചാരങ്ങളും അതേപടി പിന്തുടരുന്ന ഒരു സാധാരണ സ്ത്രീയും.  നവോത്ഥാനവാദികളുടെ ഭാഷയിൽ പറഞ്ഞാൽ 'കുലസ്ത്രീ'.

ശബരിമല വിധി ഒരു സാധാരണ  മലയാളി കുടുംബത്തിൽ എങ്ങനെ വിള്ളലുകൾ സൃഷ്ടിച്ചു എന്നതിന്റെ  ഒരു  ബാഹ്യതല  വിശദീകരണം  മാത്രമാണ്  മേല്പറഞ്ഞവ . "സന്തുഷ്ട കുടുംബങ്ങൾ എല്ലാം ഒന്നിനോടൊന്നു സദൃശം, എന്നാൽ  അസന്തുഷ്ട കുടുംബങ്ങൾ ഓരോന്നും അതിന്റേതായ രീതിയിൽ അസന്തുഷ്ടം" എന്ന് ടോൾസ്റ്റോയ്  പറഞ്ഞത് പോലെ അന്തർധാരകൾ ഓരോ കുടുംബത്തിലും വ്യത്യസ്തവും. രാഘവൻ സാറിന്റെ കാര്യമെടുത്താൽ തന്നെ  , വിരമിക്കാൻ ഇനിയും അഞ്ചു വർഷം  ബാക്കിയുള്ള  ഭാര്യക്കു ലഭിക്കാൻ പോവുന്ന പദവികളെ പറ്റി അദ്ദേഹത്തിന്  ചില അസൂയ കലർന്ന  വ്യാകുലതകളില്ലാതില്ല. ശമ്പളവും പെൻഷനും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ യുക്തിയില്ലെന്നു അറിഞ്ഞിട്ടും, മാസാദ്യം ഭാര്യയുടെ അക്കൗണ്ടിൽ വരുന്ന ഭീമമായ തുക രാഘവൻ സാറിനെ ചെറുതല്ലാത്ത രീതിയിൽ  അസ്വസ്ഥനാക്കുന്നുണ്ട്. അതിന്റെ ഒരു ചെറുതല്ലാത്ത അഹങ്കാരം രമാദേവിക്കും ഉണ്ട്. കാരണം, വർഷങ്ങളോളം നീണ്ട ബാങ്കിങ് ജീവിതത്തിൽ നിന്ന് അവരിരുവരും പഠിച്ചത്  ഒരേ പാഠം  - പണം വരും , പോവും, എങ്കിലും പണം പ്രധാനം. അതെ,  "money  matters". ഇതേ പാഠം അച്ഛനമ്മമാരിൽനിന്നും സ്വയമേവയും പഠിച്ച , ശുഭ എന്ന ഒരു മകൾ കൂടിയുണ്ട് ആ കുടുംബത്തിൽ. ഐടി പാർക്കിൽ അടുത്തിടെ ജോലിയിൽ പ്രവേശിച്ച ശുഭ,  സ്വന്തം കാലിൽ നിൽക്കുന്നതിന്റെ  അഹങ്കാരം അറിഞ്ഞു തുടങ്ങുന്നതേയുള്ളൂ.

 റിട്ടയർ ചെയ്ത് ഏതാണ്ട് ഒരു വർഷത്തിന് ശേഷമാണ്  രാഘവൻ സാർ ,  വിരസത അകറ്റാനെന്ന  വ്യാജ്യേന,  ധനസമ്പാദനത്തിൽ തുലനത  വരുത്താമെന്ന പ്രതീക്ഷയിൽ, ഭാര്യയുമായി  വാതുവെപ്പ് കളി തുടങ്ങുന്നത്. അതായത്  ഏതാണ്ട് മൂന്നു വർഷം മുമ്പ്. അടുത്ത വീട്ടിലെ അച്ചടക്കക്കാരിയായ കോളേജ്   വിദ്യാർത്ഥിനിയുടെ   ഒളിപ്രേമം  കണ്ടുപിടിച്ചുകൊണ്ടായിരുന്നു , രാഘവൻസാറിൻറെ ആദ്യത്തെ  വാതുവെപ്പ് വെല്ലുവിളി. ഒളിച്ചോടുമെന്നു രാഘവനും  ഇല്ലെന്നു രമയും. ദിവസം മുഴുവൻ വീട്ടിലിരിക്കുന്ന രാഘവൻ സാർ വേണ്ടത്ര രഹസ്യ വിവരങ്ങൾ ഇതിനെപ്പറ്റി ചോർത്തിയിരുന്നതിനാൽ  അയാളുടെ  വാദം തന്നെ ശരിയായി വന്നു.  അയാൾ കണക്കുകൂട്ടിയതു പോലെ,  തോൽവി സംഭവിച്ച രമാദേവി തന്നെ അടുത്ത വാതുവെപ്പിന് മുന്കയ്യെടുത്തു. അങ്ങനെ ജയിച്ചും തോറ്റും  അവർ രാഷ്ട്രീയം , അയല്പക്കകാര്യം   എന്ന് വേണ്ട,  മഴ പെയ്യുമോ ഇല്ലയോ എന്നതിന് വരെ വാതുവെപ്പ്  നടത്തി. അച്ഛനോടും , അമ്മയോടും സമദൂരം പാലിക്കുന്ന മകൾ ശുഭ, തന്റെ ഒരു അനുമാനം  വെച്ച് ജയസാധ്യത ആർക്കാണോ , അയാളുടെ ഭാഗം  ചേർന്ന്  പോന്നു . ജയിച്ചു കിട്ടുന്ന തുകയിൽ  നിന്നും ഒരു ചെറിയ പോക്കറ്റ് മണി എന്നത്  മാത്രമായിരുന്നു അവളുടെ ആവശ്യം.
 
 അങ്ങനെ ആ കുടുംബം നിർദോഷമായി അനുഷ്ഠിച്ചുകൊണ്ടിരുന്ന പന്തയക്കളിക്ക്  ഒരു ഗുരുതരമായ മാനം  വന്നത് ശബരിമല വിധിയെ തുടർന്നാണ് . പടി പടിയായി  ഉയർത്തിക്കൊണ്ടുവന്നിരുന്ന പന്തയപ്പണത്തിൽ തന്നെ  പൊടുന്നനെ ഒരു കുതിച്ചുകയറ്റം ആണ് ഉണ്ടായത്.  പന്തയത്തുക രമാദേവിയുടെ  മാസശമ്പളത്തിന്റെ നേര്പകുതിയായി നിശ്ചയിച്ചു. സുപ്രീം കോടതി വിധിയുടെ ആധികാരിതയിലും ഇടതുപക്ഷ സർക്കാരിൻറെ  നിശ്ചയദാർഢ്യത്തിലും  ഉറച്ച വിശ്വാസമുണ്ടായിരുന്ന  രാഘവൻ സാർ വാദിച്ചത് ചെറുപ്പക്കാരായ സ്ത്രീകൾ പതിനെട്ടാം പടി കയറിയിരിക്കുമെന്ന്. അയ്യപ്പന്റെ ശക്തിയിലും, ഭക്തരും , അല്ലാത്തവരും ആയവരുടെ സമരമുറയിലും വിശ്വാസമുണ്ടായിരുന്ന രമാദേവി വാദിച്ചത്  സ്ത്രീകൾ പതിനെട്ടാം പടി  കയറില്ലെന്നും. ഈ കാര്യത്തിൽ വ്യക്തമായ അഭിപ്രായം ഇല്ലാതിരുന്ന  മകൾ പൊതുവെയുള്ള സ്ഥിതിഗതികൾ വിലയിരുത്തി അമ്മയുടെ പക്ഷം ചേർന്നു പരാജയം ഏറ്റുവാങ്ങുകയും  ചെയ്തു.

ആ പന്തയത്തിന്റെ  ക്ഷീണം മാറ്റാനായിട്ടാണ് , പുനഃപരിശോധനാ വിധി വന്നപ്പോൾ മകൾ തന്നെ  അടുത്ത വാതുവെപ്പിന് മുൻകയ്യെടുത്തത്.

 "അച്ഛാ , വിധി സ്റ്റേ ചെയ്തില്ലല്ലോ. നമുക്ക് രണ്ടാൾക്കും കൂടി ശബരിമലക്ക് പോയാലോ."  മകളെയും കൊണ്ട് ഒരു   സംഘർഷഭൂമിയിലേക്കു പോകാനുള്ള ധൈര്യം അച്ഛനുണ്ടായിരുന്നില്ല. മാത്രവുമല്ല , മാറിയ രാഷ്ട്രീയ സാഹചര്യം അനുസരിച്ചു സർക്കാരിന്റെ പിന്തുണ ഉണ്ടാവുമെന്ന  വിശ്വാസവുമില്ലായിരുന്നു.
 
 " അച്ഛൻ വാതു  വെക്ക് . പ്രശ്നം ഉണ്ടായാൽ ഞാൻ വേറെ വഴി കണ്ടിട്ടുണ്ട്" , അച്ഛൻറെ ആശയക്കുഴപ്പം മനസിലാക്കിയ മകൾ ഒന്നുകൂടി നിർബന്ധിച്ചു. മകൾക്ക് ഈയിടെയായി കുറച്ചു ബുദ്ധി കൂടിയിട്ടുണ്ടെന്ന് ഏതാണ്ടൊരു തോന്നൽ  ഉള്ള അച്ഛൻ  ഒരു പരീക്ഷണത്തിന് മുതിരാൻ തന്നെ തീരുമാനിച്ചു.

"രമേ , ഈ വിധി സ്റ്റേ  ചെയ്യാത്ത സ്ഥിതിക്ക് ഞാൻ ശുഭയെ  കൂട്ടി  മലക്ക്  പോയാലോ?"

"പിന്നേ , അവൾ നിങ്ങളെപ്പോലെ   ഈശ്വരവിശ്വാസം ഇല്ലാത്ത കൂട്ടത്തിലല്ല , അവൾ വരില്ല."  മകളുടെ ഈശ്വരവിശ്വാസത്തെ പറ്റി വേണ്ടത്ര ആത്മവിശ്വാസം ഇല്ലാതിരുന്നിട്ടും അവർ അങ്ങനെ തന്നെ പറഞ്ഞു.

"എന്തായാലും അവൾ നിന്നെപ്പോലെ മണ്ടിയല്ല . അവൾ  വരും,പതിനെട്ടാം പടി കയറുകയും ചെയ്യും. ബെറ്റ്  വെക്കാം"

ആചാരലംഘനത്തിനു മകൾ മുതിരില്ലെന്ന ദൃഢവിശ്വാസത്തിൽ അമ്മ വാതുവെപ്പിന് സമ്മതം മൂളി. പന്തയത്തുകയുടെ മൂല്യം വീണ്ടും ഇരട്ടിച്ചു. രമാദേവിയുടെ  ഒരു   മാസത്തെ ശമ്പളത്തിനു തത്തുല്യമായ  തുക.തുകയുടെ പകുതി തനിക്കെന്ന് ശുഭ അച്ഛനുമായി രഹസ്യധാരണയിൽ എത്തി. ഇതൊന്നും അറിയാത്ത അമ്മ ,ശാസിച്ചും , അപേക്ഷിച്ചും , കേണും, ഈശ്വരകോപത്തെ പറ്റി ബോധവത്ക്കരിച്ചും , മകളെ പിന്തിരിപ്പിക്കാൻ ആവതു ശ്രമിച്ചു എങ്കിലും, അവൾ രണ്ടും കല്പിച്ചു കെട്ട്  നിറച്ചു .  

എന്തായാലും കാര്യങ്ങൾ   ശുഭ പ്രതീക്ഷിച്ചതു  പോലെ തന്നെ  നീങ്ങി  - 'നിലക്കലി'ൽ തടഞ്ഞു നിർത്തി പരിശോധന,  ഉപരോധം, മീഡിയ കവറേജ് , പോലീസ് ഉപദേശം അങ്ങനെ എല്ലാം. ടിവി ചാനലുകൾ വഴി വിവരമറിഞ്ഞ്  അമ്മ തന്നെ വിളിക്കുന്നതു  വരെയും  അവൾ   ഭക്തരും , പോലിസും ,മാധ്യമങ്ങളും ആയുള്ള തർക്കം തുടർന്നു. അമ്മ ഫോണിൽക്കൂടി തിരിച്ചുവരാൻ  ഉള്ള അപേക്ഷ തുടർന്നെങ്കിലും ശുഭ ഒരു പാറ പോലെ നിന്നു.  ഒടുവിൽ അമ്മ വാതുവെപ്പിൽ നിന്ന് പിൻവാങ്ങി.  പന്തയത്തുക മുഴുവനും   ലഭിക്കണമെന്ന  വ്യവസ്ഥയിൽ അച്ഛനും ശുഭയും കെട്ടിറക്കി.

 ദിവസങ്ങൾക്കു ശേഷം ഒരു വാരാന്ത്യത്തിൽ , ശുഭ,  തന്റെ അഞ്ചു ദിവസത്തെ പ്രവൃത്തിദിനങ്ങളുടെ ക്ഷീണം അകറ്റാൻ മൊബൈൽ ഫോണിലും സാമൂഹ്യമാധ്യമങ്ങളിലും  വിശ്രമിക്കവേ  , രമാദേവി ശുഭയുടെ മാറ്റത്തെ കുറിച്ചുള്ള ആകുലതകൾ ഭർത്താവിനോട് പങ്കുവെച്ചു.

 " അവൾക്കിപ്പോ തന്റേടം  കുറച്ച് കൂടുതലാ.ആര് വിചാരിച്ചു ശബരിമല പോവാനൊക്കെ ഇറങ്ങി പുറപ്പെടുംന്ന്. എനിക്ക് പേടിയാവുന്നു , ഇനി നാളെ പബ്ബ് തുടങ്ങിയാൽ അവൾ അവിടേം പോവില്ലേ ."

"ഏയ് , അവൾ എന്റെ മോളാ. അവൾ അങ്ങനെ ഒന്നും പോവില്ല." തന്റെ സ്വന്തം ചെറുപ്പകാലത്തെ   സുന്ദരവിസ്‌മൃതിയിൽ പൂഴ്ത്തി രാഘവൻമാസ്റ്റർ പ്രഖ്യാപിച്ചു.

"ആ  ഹാ , അവളുടെ മാറ്റം നിങ്ങൾ വല്ലതും അറിയുന്നുണ്ടോ? അവൾ പബ്ബിൽ പോവും, ബെറ്റ് ഉണ്ടോ "

"ശരി ബെറ്റ്".  പെട്ടെന്നൊരു ആവേശത്തിന്  പന്തയം ഏറ്റെങ്കിലും,അടുത്ത നിമിഷം അയാളുടെ കണ്ണുകൾ  മൊബൈൽ ഫോണിൽനിന്ന് ഇടങ്കണ്ണിട്ട് നോക്കുന്ന മകളുടെ കണ്ണുകളിൽ ഉടക്കി.

"ഇതൊന്നും ശരിയാവില്ല, നീ എന്തറിഞ്ഞിട്ടാ  .. ഇവളെ വെച്ചുള്ള ഒരു ബെറ്റും വേണ്ട" അയാൾ രോഷാകുലനായി.

 "അച്ഛാ , അങ്ങനെ ഒരു നിയമം ഇതുവരെ ഇല്ലല്ലോ. ബെറ്റിന്ന് പിന്നാക്കം വെച്ചാൽ  പൈസ മുഴുവൻ കൊടുക്കണം ന്നു അറിയാലോ . പിന്നെ നാണക്കേടും " മകളുടെ സ്വരത്തിലെ പരിഹാസം അയാൾക്കത്ര രസിച്ചില്ല.

" ആ, ഇനി പിന്നാക്കമില്ല.. "  സ്വല്പം ഗൗരവത്തിൽ തന്നെ ഇത് പറയുമ്പോൾ, അയാളുടെ ആത്മഗതം ഇതായിരുന്നു. ' ഇല്ല , സദാചാര പോലീസ് വരാതിരിക്കില്ല.'

Srishti-2022   >>  Short Story - Malayalam   >>  രക്ത - 'ബന്ധന'ങ്ങളുടെ നവരസങ്ങൾ

Meera Radhakrishnan

UST Global

രക്ത - 'ബന്ധന'ങ്ങളുടെ നവരസങ്ങൾ

രക്ത - 'ബന്ധന'ങ്ങളുടെ നവരസങ്ങൾ

 

 

ഹാസ്യം

 

തൂണിലും തുരുമ്പിലും പ്രാർഥനകളും മുറജപങ്ങളും മുഖരിച്ചുകൊണ്ടിരിക്കുന്നു. ഡെറ്റോൾ മണം മൂക്കിൻത്തുമ്പിലൂടെ ഇരച്ചു കയറിയിട്ടും വികാരനിർഭരരായി വഴിയേ പോകുന്നവരെയും വരുന്നവരെയും തങ്ങളുടെ ദയനീയത നിഴലിച്ച മുഖം ആകാംക്ഷയോടെ പൊന്തിച്ചുനോക്കി. ആസ്പത്രി!

 

ലേബർറൂമിന്റെ കവാടത്തിനരികെ വല്യമ്മമാരുൾപ്പടെ തടിച്ചു കൂടിയിട്ടുണ്ട്.കുടുംബത്തിലെ ഇളമുറ സന്തതിപരമ്പരയുടെ കന്നി വസന്തത്തെ കൈനീട്ടി വാങ്ങാൻ എത്തിയതാണ്. "ള്ളേ ...ള്ളേ.." കരച്ചിൽ കേട്ട് അതിയായ ആകാംക്ഷയിൽ അവർ ചില്ലുകൂട്ടിലൂടെ ഏറുകണ്ണിട്ടുനോക്കി.അതാ നേഴ്സ് ആ ചോരക്കുഞ്ഞിനെ കവാടം തുറന്നു എടുത്തുകൊണ്ടു വന്നെത്തി. "ലക്ഷ്മിക്ക് സുഖപ്രസവമാണ്. നല്ല ചുന്ദരി പെൺകുട്ടി.." പൊടുന്നനെ ആകാംക്ഷ മൂത്തിരുന്ന വല്യമ്മമാരുടെ മുഖത്തെ പുച്ഛഭാവവും, നീട്ടാൻ ഒരുങ്ങിയ കൈകളുടെ പിൻവലിവുമെല്ലാം ഇനിയും തുടയ്ക്കാൻ വിട്ടുപോയ ആ ചോരക്കുഞ്ഞിൻറെ കുഞ്ഞിക്കാലിൽ പറ്റിപ്പിടിച്ച ഒരു തുള്ളി രക്തം - പുച്ഛിച്ചു തള്ളപ്പെട്ട ഹാസ്യം എന്ന ഭാവത്തിൻറെ പ്രതീകമായി തൻറെ ജൈത്രയാത്ര ആരംഭിച്ചു.

 

അത്ഭുതം

 

"അമ്മേടെ അമ്മുക്കുട്ടി പിച്ച പിച്ച നടന്നേ.."

 

അമ്മുക്കുട്ടിയെ നടത്താൻ കിണഞ്ഞു പരിശ്രമിക്കുക ആണ് ലക്ഷ്മി. ഒന്നര വയസ്സായി.ഈ പ്രായത്തിലുള്ളവരൊക്കെ ഓടിക്കളിക്കുന്നു എന്നാണു ലക്ഷ്മിയുടെ പരിഭവം. പെൺകുഞ്ഞു ആയതുകൊണ്ടാവാം ആരും ആ പരിഭവം ഗൗനിക്കുന്നതേയില്ല. രണ്ടും കൽപ്പിച്ചു അവൾ പടിവാതിൽക്കൽ തൊട്ടു നടത്തിക്കുകയാണ്. 'പ്ധിം'! "അയ്യോ മോളെ.." ലക്ഷ്മി ഓടിവന്നപ്പോഴേക്കും കുഞ്ഞിക്കൈ എവിടെയോ താങ്ങി എണീറ്റ് ദേ പിച്ച പിച്ച വരുന്നു. അമ്മുക്കുട്ടി അവളുടെ കാൽമുട്ടിലെ മുറിപ്പാടിൽ ഒളിച്ചിരുന്ന പൊടിച്ചോര തോണ്ടിയെടുത്തു അത്ഭുതം കൂറി ലക്ഷ്മിയെ എടുത്തു കാട്ടിയപ്പോൾ ആ പൊടി ചോരയുടെ അത്ഭുതമെന്ന വേഷവും രംഗമൊഴിഞ്ഞു.

 

 

ഭയാനകം

 

ലക്ഷ്മിയുടെ പരാതികൾ അപ്പാടെ അമ്മുക്കുട്ടി അങ്ങ് തീർപ്പുകല്പിച്ചു. ഇപ്പൊ ആള് ഒരിടത്തു അടങ്ങാണ്ടായിരിക്കുന്നു

 

"അമ്മുക്കുട്ടീ..ശോ എവിടേ എന്റെ കുട്ടി, പറമ്പിലൊന്നും ഇങ്ങനെ കളിക്കല്ലേ. ഇങ്ങു വായോ.."

 

പൊടുന്നനെ നിലവിളിച്ചു ഓടിയെത്തിയ അമ്മുക്കുട്ടി കാലിലെ മുറിവ് കാട്ടി വാവിട്ടു കരച്ചിലായി. ഇക്കുറി ഭയപ്പാടിന്റെ വേഷമണിഞ്ഞു വന്ന ആ ചോരത്തുള്ളികൾ ലക്ഷ്മിയെ ഭീതിയിലാഴ്ത്തി.

 

"ഈശ്വരാ.. എന്താ ഈ കാണണെ.. കണ്ടിട്ട് പാമ്പിൻറെ ആണെന്ന് തോന്നുന്നല്ലോ. ആരേലും ഒന്ന് ഓടി വരണേ".

 

 

നിലവിളി കേട്ട് ഓടിക്കൂടിയ ജനം തിരക്കിട്ടു അവരെ ആസ്പത്രിയിലെത്തിച്ചു.ഏതോ വീഴചയിൽ പറ്റിയ ഒരു നിസ്സാര പരിക്കാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചപ്പോൾ മാത്രമാണ് ലക്ഷ്മിയുടെ ശ്വാസം നേരെ വീണത്.

 

ബീഭത്സം

 

കാലചക്രം ഉരുണ്ടു നീങ്ങി.

 

"അമ്മെ ദെ ചോരാ.."

 

കുളിമുറിയിൽ നിന്നും അമ്മുക്കുട്ടിയാണ്. ലക്ഷ്മി ഓടിച്ചെന്നു.എന്നിട്ടു ഉള്ളിലെ ആന്തലുകളൊന്നും പുറത്തു കാട്ടാതെ ഒരു പുഞ്ചിരി ഒട്ടിച്ചു പുറത്തു വന്നു ടെലിഫോൺ എടുത്തു ആരെയൊക്കെയോ വിളിക്കുന്നു. ഏതാനം മണിക്കൂറിനുള്ളിൽ എത്തിച്ചേർന്നവർ ഒരു ചടങ്ങിന് എന്നവണ്ണം ഓരോ ലഡ്ഡുവും ജിലേബിയും അമ്മുക്കുട്ടിക്ക് നീട്ടി. കാരണവർ ആണ് സമ്മാനിച്ചത്. പരിഹാസം ഉണ്ടെങ്കിലും, കാരണവർ സ്ഥാനം ആർക്കും വിട്ടുകൊടുക്കാൻ തയാറാവാത്ത കൂട്ടങ്ങൾ. സംഭവം എന്താണെന്ന് മനസിലാവാതെ അന്തം വിട്ടു നിന്ന അമ്മുക്കുട്ടിയോടു ഒരു കാരണവർ പറഞ്ഞു.

 

 

 

"അമ്മുക്കുട്ടി ഇനി കുട്ടി അല്ല ട്ടോ. ഇപ്പോ വല്യ പെൺകുട്ടിയാണ്. ഇനി കുട്ടിക്കളി ഒന്നും വേണ്ട."

 

"ങേഹേ..ങേഹേ..ഞാൻ കുട്ടി തന്നെയാ.!"

 

അമ്മു ചിണുങ്ങി കൊണ്ട് കാരണവർക്ക് രണ്ടു ഇടിയും കൊടുത്തു ഓടിമറഞ്ഞു.പെട്ടെന്നായിരുന്നു ആ ആക്രോശം!

 

"ഹയ്,എന്താ ഈ കുട്ടി കാട്ടിയെ.? തൊട്ടു തീണ്ടി എല്ലാം അശുദ്ധമാക്കീല്ലോ. എന്താ ലക്ഷ്മി നാലാം പക്കം വരെ ഒരു മുറീന്ന് അനങ്ങാൻ പാടില്ലാന്നു ഇവൾക്ക് പറഞ്ഞു കൊടുത്തില്ലേ നീയ്?"

 

ഈ ആക്രോശം കേട്ട് കിടുകിടാ വിറച്ച അമ്മുക്കുട്ടി ആദ്യമായി ആ രക്തത്തിന്റെ ബീഭത്സവേഷം അടുത്തുകണ്ടു.

 

കരുണം

 

അമ്മുവിൻറെ ജീവിതത്താളുകൾ പിന്നെയും മറിഞ്ഞു മറിഞ്ഞു കൗമാരത്തിലെത്തിനിന്നു.ബഹുമിടുക്കിയാണ് പഠിക്കാൻ. പെൺകുട്ടി ആയതിൻറെ പേരിൽ കുടുംബത്തിൽ നിന്നും തങ്ങൾ ഇറക്കപ്പെട്ടു വാടകവീട്ടിലായിട്ടു ഇന്നേക്ക് 20 വര്ഷം.

 

നിസ്സഹായ അവസ്ഥയുടെ ഭാവങ്ങൾ പലതും കണ്ടത് കൊണ്ടാവണം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പലതിലും സജീവമാണ്. ഈയടുത്തു സ്കൂൾബസ് മറിഞ്ഞു പരിക്കേറ്റ കുട്ടികൾക്ക് അടിയന്തിരമായി രക്തദാനം ചെയ്യാൻ മുന്നിട്ടിറങ്ങിയത് അതുകൊണ്ടാവണം. കാരണം ആ സിറിഞ്ചിലെ അവളുടെ രക്തം കാരുണ്യത്തിന്റെ പ്രതീകമായിരുന്നു.

 

 

ശൃംഗാരം

 

ആസ്പത്രിയിൽ നിന്നും തിരിച്ചു വീട്ടിൽ എത്തിയപ്പോൾ തന്നെ പണ്ട് ആക്രോശിച്ച കാരണവരെ കണ്ടു എന്തോ പന്തികേട് അവൾ മണത്തു.പെണ്ണുകാണൽ തന്നെ.! കാരണവർ എല്ലാം പറഞ്ഞുറപ്പിച്ചു വന്നിരിക്കുകയാണ്. ആർക്കും ചോദ്യവുമില്ല, പറച്ചിലുമില്ല. ചെറുക്കനെ നേരെ കണ്ടത് പോലും അവൾ ഓർക്കുന്നില്ല.നിശ്ചയം ആയി, സാരി എടുക്കുന്നു, സ്വർണം എടുക്കുന്നു, കുറി അടിക്കുന്നു,ക്ഷണിക്കുന്നു,. കോലാഹലം തന്നെ.

 

ആരും അവളുടെ കാര്യം അന്വേഷിക്കുന്നേയില്ല.അന്വേഷിക്കാത്തത് അല്ല, നാവു പൊന്തിക്കാൻ ഭയമാണ് എല്ലാവര്ക്കും എന്നതാണ് സത്യാവസ്ഥ.

 

അങ്ങിനെ കാരണവർ കൂട്ടിയടിച്ചു പറഞ്ഞുറപ്പിച്ച സ്ത്രീധനത്തിന്റെ പേരിൽ ആ കല്യാണം ഗംഭീരമായി പൊടിപൊടിച്ചു.

 

"എത്ര പെട്ടെന്നാണ് താൻ ഒരു ഭാര്യ ആയത് !?" അവളുടെ ഉള്ളിലെ ആന്തൽ കത്തിപടർന്നു.

 

രണ്ടുനാൾ കഴിഞ്ഞു ആവേശത്തോടെ വീട്ടിൽ പോകാനൊരുങ്ങുമ്പോൾ കിടക്കയിലാണ്ടുപോയ രണ്ടു ചോരത്തുള്ളികൾ ശൃംഗാര ഭാവത്തോടെ അവളെ നോക്കിയപ്പോൾ , ഒറ്റ രാത്രികൊണ്ട് തന്റെ കന്യകാത്വം പിച്ചിച്ചീന്തിയതിന്റെ അവശേഷിപ്പ് ആണല്ലോ എന്ന് നിസ്സഹായയായി ഓർത്തെടുത്തു കൊണ്ട് ആ ശൃംഗാര ഭാവത്തെ ഒരു ഞെട്ടലോടെ അവഗണിച്ചു മുഖം വെട്ടിതിരിച്ചുകൊണ്ട് നടന്നകന്നു. അപ്പോഴും ആ ഭാവം അവളെ നോക്കി ഊറിച്ചിരിച്ചുകൊണ്ടിരുന്നു.

 

 

രൗദ്രം

 

അടുക്കി വെച്ച ബാഗുമായി വീട്ടിൽപോകുന്ന സന്തോഷത്തിൽ മുറിക്കു പുറത്തെത്തിയപ്പോൾ ചോദ്യചിഹ്നമായി നിൽക്കുന്ന ഭർതൃ വീട്ടുകാരെ കണ്ടു തെല്ലു അന്ധാളിച്ചു. കാര്യമെന്തെന്നു ആരാഞ്ഞപ്പോൾ

 

"സ്ത്രീധനം കിട്ടാനുള്ളത് ഇനിയും ഉണ്ടല്ലോ, അത് വേഗം എത്തിക്കാൻ വീട്ടിൽ വിളിച്ചു പറ, എന്നിട്ട് മതി അവളുടെ വീട്ടിൽ പോക്ക്"

 

എന്ന് പറഞ്ഞു പാഞ്ഞടുത്തു.

 

പിന്നീടങ്ങോട്ടുള്ള ദിനങ്ങൾ നിശബ്ദ പീഡനങ്ങളിൽ നിന്നും ശബ്ദ പീഡനങ്ങളിലേക്കുള്ള നരകയാത്ര ആയിരുന്നു. ഈ യാത്രയിൽ അമ്മുവിനും മാതാപിതാക്കളെയും വെച്ച് കച്ചവടം പറഞ്ഞുറപ്പിച്ച കാരണവരുടെ പൊടി പോലും ആ ഏഴയലത്തു കണ്ടില്ല. പിന്നീടുള്ള ശബ്ദ പീഡനങ്ങൾ അവൾ വീട്ടിൽ പറയാതായി.എന്തിനാണ് മാതാപിതാക്കളെ സങ്കടപ്പെടുത്തുന്നത് എന്ന കരുതി ആവണം. എല്ലാം ഒന്നും മിണ്ടാതെ ഒരു മൂലക്ക് സഹിച്ചു ദിനരാത്രങ്ങൾ തള്ളി നീക്കി.

 

എന്നാൽ ഒരിക്കൽ ഇതേ കാര്യത്തിന്റെ പേരിൽ നിഷ്കരുണം ഭർതൃവീട്ടുകാർ അവളെ തള്ളിയിട്ടപ്പോൾ പക്ഷെ അവിടെ പൊലിഞ്ഞു പോയത് ഒരു ജീവനായിരുന്നു! രക്തം വാർന്നു ഗർഭം അലസി ചുവരിലെ ഒരു മൂലക്ക് തളർന്നു കിടക്കുമ്പോൾ പാതി അടഞ്ഞ കണ്ണിൽ അവൾ കണ്ടു അവളുടെ വാർന്നൊലിച്ച രക്തം രൗദ്ര ഭാവത്തിന്റെ അവശിഷ്ടമായി തളം കെട്ടി കിടക്കുന്നത്.

 

 

വീരം

 

നരകയാതനകൾ ലവലേശം കുറയാതെ കാലം കഴിയുംതോറും അവൾക്ക് കൂടുന്നതായി തോന്നി തുടങ്ങി. ആവതിയില്ലാത്ത നിസഹായരായ മാതാപിതാക്കളെ ഓർത്തു മാത്രം തള്ളി നീക്കിയ ജീവിതം പക്ഷെ ഒരു വലിയ പടുകുഴിയിൽ ചെന്നെത്തിയപോലെ അവൾക്ക് തോന്നി. വീട്ടുതടങ്കലിലായ തനിക്ക് നേരാംവണ്ണം ഭക്ഷിക്കാൻ കൂടി കിട്ടാതായപ്പോൾ അവൾക്ക് ജീവിതയാത്രയുടെ മറ്റേഅറ്റം അടുത്ത് കാണാൻ കഴിഞ്ഞു തുടങ്ങി.

 

പൊടുന്നനെ അവൾ സ്തബ്ധനായി അല്പനേരം അങ്ങനെ നിന്ന് ചിന്തിച്ചു.

 

"ഏതായാലും ഞാനെന്ന പാഴ്‌മരം ഇന്നോ നാളെയോ ഒടിഞ്ഞു വീഴും, പിന്നെ എന്തിനു ഞാൻ ഇവർക്ക് മഴു എടുത്തു വെട്ടി വീഴ്ത്താൻ വേണ്ടി കാത്തിരുന്നു അവസരം കൊടുക്കണം?"

 

അടുത്ത് കണ്ട മൂർച്ചയേറിയ വസ്തുകൊണ്ട് കൈത്തണ്ടയിൽ വരഞ്ഞപ്പോഴും അതിൽ നിന്നും വാർന്നൊലിചിറങ്ങുന്ന രക്തം കണ്മുന്നിൽ കണ്ടിട്ടും അവൾക്ക് എന്തെന്നില്ലാത്ത, ഇതുവരെയുമില്ലാത്ത ഒരു ശൗര്യമായിരുന്നു. ആ രക്തതുള്ളികൾ വീര ഭാവത്തിൽ തളം കെട്ടികിടക്കുന്നപോലെ അവൾക്ക് തോന്നി.

 

 

ശാന്തം

 

അങ്ങിനെ ഒരു പാഴ്ജന്മമെന്ന് മുദ്ര കുത്തപ്പെട്ട ആ സാധു കടപുഴകി വീണപ്പോഴും മുക്കിളിലൊരാൾ എവിടെ നിന്നോ പുഞ്ചിരിച്ചുകൊണ്ട് മന്ത്രിച്ചു..

 

"ഇത് നിന്റെ മോചനമാണ് കുട്ടീ .."

 

അവൾ ഉയർന്നുപൊന്തിയ തന്റെ മോചനയാത്രയുടെ പാതിവഴിയിൽ നിന്ന് പിന്തിരിഞ്ഞൊന്നു നോക്കിയപ്പോൾ വാർന്നൊലിച്ച ആ ചോരക്കളം തികച്ചും ഇപ്പോൾ ശാന്തമായിരുന്നു. കാരണം ആ രക്തചോല ഇപ്പോൾ ശാന്ത ഭാവത്തിനുടമയായി പരിണമിച്ചു കഴിഞ്ഞിരുന്നു. എന്തെന്നാൽ അവയും ഇപ്പോൾ മോചനയാത്രയിൽ ആണ് - രക്തത്തുള്ളിയുടെ ജൈത്രയാത്ര ഇവിടെ പര്യവസാനിക്കുമ്പോൾ നവരസങ്ങളുടെ അവസാന വേഷമായ ശാന്തവും അരങ്ങൊഴിയുകയാണ്.!

 

Srishti-2022   >>  Short Story - Malayalam   >>  ചതുരമുല്ല

ചതുരമുല്ല

ചതുരമുല്ല

പുഞ്ചിരി വിടരാൻ നന്നേ ബുദ്ധിമുട്ടുള്ള ഒരിടം... കണ്ണുനീരിന്റെ നനവ്‌ പടർന്ന വരാന്ത....നെടുവീർപ്പിന്റെ ..വിയർപ്പിന്റെ.. മരുന്നിന്റെ.. മനം മടുപ്പിയ്ക്കുന്ന ഗന്ധം.. വെള്ള കോട്ട് ധരിച്ചു കുറെ മനുഷ്യർ... അവരെ കാത്തു നിസ്സംഗമായ നോട്ടം ദൂരത്തു നട്ടിരിക്കുന്ന കുറെ പേരും...മാലാഖമാരെന്നു വിളിക്കപ്പെടുന്ന ആരുടെയും മുഖത്തു ആർദ്രമായ ഒരു ഭാവവും കണ്ടില്ല...

കൂടെ ആശുപത്രിയിൽ പോകാൻ മാത്രം ബന്ധം വളർന്നത് എങ്ങനെ ആയിരുന്നു...എപ്പോഴാണ് അവരോടു ഇത്ര ആത്മബന്ധം വളർന്നത്.. അറിയില്ല...ചിലപ്പോൾ പറഞ്ഞു തീരാത്ത വിശേഷങ്ങൾ ക്ഷമയോടെ കേൾക്കാൻ മനസ്സ് കാണിച്ച ഏകാന്തതയുടെ വിശുദ്ധയോട് തോന്നിയ ആകാംഷയാകാം...

വഴി തെറ്റുന്നത് നല്ലതാണ്.. അങ്ങനെ ഒരിക്കൽ വഴി മാറി നടന്നെത്തിയത് ഒരു മഹാ അത്ഭുതത്തിനെ കണ്ടു മുട്ടാൻ ആയിരുന്നോ...പണ്ടെങ്ങോ സ്വപ്നങ്ങളിൽ കണ്ടു മറന്ന ഒരു മുഖം...കാട് കയറിയ മുറ്റത്തെക്ക് കഷ്ടിച്ചു കാലു വെക്കാൻ മാത്രം ഇടുങ്ങിയ വഴി...അറിയാതെ ചെന്ന് കയറുന്ന വഴികളോടു.. അതിന്റെ അവസാനം എന്താണെന്നു അറിയും വരെയുള്ള നെഞ്ചിലെ ഭാരം...വാക്കുകളിൽ വിവരിക്കാൻ വയ്യാത്ത ഭയം..ഏറെ ത്രസിപ്പിക്കുന്ന കുറെ വികാരങ്ങൾ...

വെള്ളിമുടികളുടെ കനത്ത കെട്ടുകൾ അവർക്ക് ഒരു അലങ്കാരം ആയിരുന്നു.. വിളറി വെളുത്ത.. ചുളിവിൽ വിയർപ്പിന്റെ ചാലു തീർത്ത ഒട്ടിയ കവിളും...കഴുത്തിലെ ഉയർന്ന എല്ലുകളും ദാരിദ്ര്യം വിളിച്ചു പറയുന്നു...

എന്തിനു വന്നു എന്ന് പോലും ചോദിക്കാതെ വീട്ടിലെക്ക് അവർ വിളിച്ചപ്പോൾ വഴി തെറ്റി വന്നതാണെന്ന് പറഞ്ഞു തിരികെ മടങ്ങാൻ എന്തു കൊണ്ട് ഓർത്തില്ല...അകത്തു കയറിയപ്പോൾ ഒരു പഴയ കോവിലകത്തെ ഓർമകൾ പോലെ.. എന്തൊക്കെയോ ദൃശ്യം..

എന്താണ് ആ തമ്പുരാട്ടി എന്നോട് പറഞ്ഞത്.. പറഞ്ഞു തീരാത്ത വിശേഷങ്ങൾ...ഇടയ്ക്കു മിഴി നിറക്കുന്ന... ഇടക്ക് ആർത്തു ചിരിക്കുന്ന എന്റെ തമ്പുരാട്ടിയമ്മ... ഏറെ സംസാരിക്കുന്നത് മോശമായി പറഞ്ഞിട്ടുണ്ട് ഒരുപാട് 'സുഹൃത്തുക്കൾ '...സംസാരിച്ചു തുടങ്ങുമ്പോൾ ഞാൻ എന്നെ മറന്നു സന്തോഷിക്കുന്നു.. അത് മനസ്സിലാക്കിയ വളരെ കുറച്ചു പേരിൽ ഒരാളാണ് തമ്പുരാട്ടിയമ്മ... ഇടയ്ക്കു ഞാൻ ചോദിക്കാറുണ്ട്.."എന്നെ കേട്ടു മടുത്തോ? ".നിശബ്ദത ഒരു ഭൂതതുല്യം പിന്തുടരുന്ന തമ്പുരാട്ടിയമ്മ പുഞ്ചിരിക്കും അന്നേരം..അതു കാണുമ്പോൾ ഒരു നിർവൃതി ആണ്...

തമ്പുരാട്ടിയമ്മയെ കൊണ്ട് ഡോക്ടർനെ കാണാൻ വരുമ്പോൾ കുറെ ചിന്തകൾ ഉള്ളിൽ പൊങ്ങിമറിഞ്ഞു...എന്റെ ആരാണ് അവർ.. ഒരു ബന്ധവും സങ്കല്പിച്ചു അതിന്റെ ഭംഗി പോകണ്ട...

ചിന്തയുടെ കുന്നു കയറി കിതക്കുമ്പോൾ തമ്പുരാട്ടിയമ്മയെ ശ്രദ്ധിച്ചു...മൂലയിൽ ഇരിക്കുന്ന ചതുരമുല്ല ചെടി... നിറയെ ചോരനിറമുള്ള പൂക്കൾ.. എന്താണ് തമ്പുരാട്ടിയമ്മക്ക് അതിൽ ഇത്ര ശ്രദ്ധ ഊന്നൽ...

ഒരു വശം ഉണങ്ങി തുടങ്ങിയിട്ടുണ്ട്.. കരിഞ്ഞു വാടിയ പൂക്കൾ ഉതിർന്നു വീഴാൻ കാത്തിരിക്കുന്നു... അതേ ചെടിയിൽ ചോരനിറമുള്ള പൂക്കളും...അതിൽ നിന്നു മുഖം തിരിച്ചു തമ്പുരാട്ടിയമ്മയുടെ മുഖത്തു നോക്കി.. നിലാവ് പോലെയുണ്ട്...

ഒരു വശത്തു അനാഥത്വം.. മറുവശത്തു ഒരുപാട് സ്നേഹമുള്ള ഒരു ജന്മം...ചതുരമുല്ല പൂക്കൾ പോലെ തമ്പുരാട്ടിയമ്മ പുഞ്ചിരിച്ചു... ഞാനും..ജീവിതം ഇങ്ങനെയാണ്...ഒരു വശത്തു തളിർക്കും.. മറുവശത്തു കൊഴിയും..

Srishti-2022   >>  Short Story - Malayalam   >>  ഭിക്ഷക്കാരൻ

Sibin Koshy

IBS Software

ഭിക്ഷക്കാരൻ

ഭിക്ഷക്കാരൻ

ഒരു നീണ്ട ക്യൂവിൽ വെച്ചാണ് ഞാൻ ആദ്യമായി അയാളെ കണ്ടത്.. ബിവറേജ് ക്യൂ ഒന്നുമല്ല.. ഏറെനാളുകൾക്കു ശേഷം റിലീസായ ഒരു സൂപ്പർസ്റ്റാർ പടത്തിന്റെ ടിക്കറ്റിനു വേണ്ടിയുള്ള ക്യൂ. അയാളെ ശ്രദ്ധിക്കാൻ ഒരു കാരണമുണ്ടായിരുന്നു.. ഒരേയൊരു കാരണം..എനിക്ക് മാത്രമല്ല, ക്യൂവിൽ നിൽക്കുന്ന മറ്റുള്ളവർക്കും ടിക്കറ്റ് കൗണ്ടറിലുള്ളവർക്കും പടം കഴിഞ്ഞിറങ്ങുന്നവർക്കുമെല്ലാം അയാളെ ശ്രദ്ധിക്കാനുള്ള ഒരേയൊരു കാരണം..അത്  അയാൾ ഒരു പിച്ചക്കാരൻ ആണെന്നതായിരുന്നു.. അതെ.. നല്ല ഒന്നാന്തരമൊരു പിച്ചക്കാരൻ.. പതിറ്റാണ്ടുകൾക്ക് മുമ്പെപ്പോഴോ വെള്ളം കണ്ടേക്കാവുന്ന മുഷിഞ്ഞു കീറിപ്പറിഞ്ഞ ഷർട്ടും പാന്റുമാണ് വേഷം.. എണ്ണമയമില്ലാതെ പാറിപ്പറന്നു കിടക്കുന്ന ചെമ്പൻ മുടിയും താടിയും.. ഒരു തുണിക്കടയുടെ പേരുള്ള പ്ലാസ്റ്റിക് സഞ്ചിയുണ്ട് കൈയിൽ.. ഒറ്റനോട്ടത്തിൽ ഒരു ഭ്രാന്തനെപ്പോലെ തോന്നുമെങ്കിലും അങ്ങനെയല്ല എന്ന് പെട്ടെന്നു തന്നെ മനസിലായി.. ക്യൂവിൽ നിൽക്കുന്ന മറ്റുള്ളവർ അയാളുമായി കൃത്യമായി ഒരു അകലം പാലിച്ചു നില്ക്കാൻ  നന്നേ കഷ്ടപ്പെട്ടിരുന്നു.. 'ഓരോന്ന് ഇറങ്ങിക്കോളും', 'എവിടാണോ ഇരിക്കാൻ പോകുന്നത് ' തുടങ്ങിയ അടക്കംപറച്ചിലുകൾ കേട്ടുകൊണ്ട് അയാളുടെ കുറച്ചു പിന്നിലായി ഞാൻ നിന്നു.. എന്റെ മുമ്പിലുള്ള ആൾക്കാരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു.. ഒടുവിൽ പിച്ചക്കാരൻ ടിക്കറ്റ് കൗണ്ടറിനു മുമ്പിലെത്തി. അയാൾ സഞ്ചിയിൽ നിന്നു കുറച്ചു പത്തു രൂപാ നോട്ടുകളെടുത്തു നീട്ടിയപ്പോൾ കൗണ്ടറിലിരുന്നയാൾ 'പോ' എന്നു ആംഗ്യം കാണിച്ചു.. അയാൾ പോകാൻ കൂട്ടാക്കാതെ  ആ പൈസ വീണ്ടും നീട്ടി.. ഇത്തവണ അയാളെ അവിടെ നിന്നോടിക്കാൻ മുൻപന്തിയിൽ നിന്നത് അയാളുടെ പിന്നിൽ നിന്നവരായിരുന്നു.. ഒരാൾ അയാളെ പിടിച്ചു തള്ളുകയും ചെയ്തു.. അന്നേരം ആദ്യമായി ആ ക്യൂവിൽ നിന്നയാൾ പുറത്തേക്കു പോയി. പക്ഷെ വിട്ടു കൊടുക്കാൻ അയാൾ  തയാറായില്ല.. 'എനക്ക് ഇന്ത പടം പാക്കണം' എന്ന് കട്ടായം പറഞ്ഞു അയാൾ വീണ്ടും ക്യൂവിലേക്കിടിച്ചു കയറി.. എന്നാൽ ഇത്തവണ പ്രശ്നം കുറച്ചു ഗുരുതരമായി.. ഒരാൾ അയാളുടെ കരണത്താഞ്ഞടിച്ചു..അടിയുടെ ശക്തിയിൽ ഒന്നു കറങ്ങി ആ സാധു മനുഷ്യൻ തറയിലിരുന്നു പോയി..ആ ഇരിപ്പ് കുറച്ചു നേരം തുടർന്നു..കൈയിലിരുന്ന സഞ്ചിയും അയാളുടെയടുത്തു തന്നെ വീണു..ഇത്രയൊക്കെയായപ്പോൾ എന്റെ സമനില തെറ്റുകയും ഉള്ളിലുള്ള സഹജീവിസ്നേഹം ഉണരുകയും ചെയ്തു. ഒരു തെറ്റും ചെയ്യാത്ത ഒരുത്തനെയാണ് പട്ടിയെപ്പോലെ കുറച്ചു 'മാന്യന്മാർ' തല്ലുന്നത്. ഞാൻ അവരുടെയടുത്തേക്കു ചെന്നു. 

"എന്താ ചേട്ടാ പ്രശ്നം?" അവിടെ നിന്ന ഒരു മാന്യനോട് ഞാൻ ചോദിച്ചു.. 

"താൻ ഈ ക്യൂവിൽ ഉണ്ടായിരുന്നതല്ലേ.. താൻ കണ്ടതല്ലേ ഈ തെണ്ടിയുടെ അഹങ്കാരം?" അയാൾ എന്നോട് കയർത്തു.. 

ഞാനും വിട്ടു കൊടുത്തില്ല. "ഞാനെല്ലാം കണ്ടതാണ്.. ഈ പാവത്തിനെ തല്ലാൻ മാത്രം എന്താണ് പ്രശ്നമെന്നാണ് ഞാൻ ചോദിച്ചത്." അന്നേരം അയാൾ ഒന്നും മിണ്ടിയില്ല.. ഞാൻ കൗണ്ടറിലിരിക്കുന്നവനോട് ചോദിച്ചു. "അയാൾക്കെന്താ നിങ്ങൾ ടിക്കറ്റ് കൊടുക്കാത്തത്? അയാൾ പൈസ തന്നില്ലേ?"

തീയറ്റർ ജീവനക്കാരൻ പറഞ്ഞു. "കണ്ട പിച്ചക്കാരനെയൊന്നും പടം കാണിക്കാൻ ഒക്കുകേല". 

"താൻ ഇവിടെ എഴുതി വെച്ചിട്ടുണ്ടോ ഇയാൾ പടം കാണാൻ പാടില്ലെന്ന്?. പൈസ തരുന്നവർക്ക് ടിക്കറ്റ് തരാനല്ലേ താനിവിടെ ഇരിക്കുന്നത്.. "

ടിക്കറ്റുകാരൻ ഒന്നയഞ്ഞു. "സാറേ ഇയാളെ കേറ്റിയാൽ ബാക്കിയുള്ളവര് പ്രശ്നമുണ്ടാക്കും..സാറ് കണ്ടതല്ലേ എല്ലാം.."ബാക്കിയുള്ളവർ വീണ്ടും ഓരോന്ന് പറഞ്ഞു തുടങ്ങി..പിച്ചക്കാരൻ പയ്യെ എഴുന്നേറ്റു വന്നു കൗണ്ടറിനടുത്തു തന്നെ നിലയുറപ്പിച്ചു.

"എടോ അയാൾക്ക് ഏതേലും ഒരു മൂലയ്ക്ക്  ഒരു സീറ്റ് കൊടുക്കേടോ.. ഞാൻ ഉത്തരവാദിത്തം ഏൽക്കുന്നു". എന്തോർത്തിട്ടാണെന്നറിയാതെ ഞാൻ അവിടെ വെച്ച് പ്രഖ്യാപിച്ചു.. ടിക്കറ്റുകാരൻ മനസില്ലാമനസോടെ 'പോയി തുലയാൻ' പറഞ്ഞു കൊണ്ട് പൈസ വാങ്ങിച്ചു  പിച്ചക്കാരന് ടിക്കറ്റ് കൊടുത്തു.. മറ്റുള്ളവരുടെ പ്രതിഷേധം കുറച്ചു അടക്കം പറച്ചിലിൽ ഒതുങ്ങിപ്പോയി. അങ്ങനെ രംഗം കുറച്ചു ശാന്തമായി..പിച്ചക്കാരൻ മറ്റുള്ളവരെപ്പോലെ തീയേറ്ററിനുള്ളിലേക്കു പോയി..ഞാൻ ഒരു ചായയും വാങ്ങി സിനിമാ പോസ്റ്ററും നോക്കി കുറച്ചു നേരം നിന്നതിനു ശേഷം ഉള്ളിലേക്കു കയറി..തീയേറ്ററിലെ ഇരുട്ടിലൂടെ ടിക്കറ്റിലെ സീറ്റ് നമ്പർ നോക്കി ഞാൻ നടന്നു.. കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ എന്റെ സീറ്റ് കണ്ടെത്തി ഞാൻ അതിലിരുന്നു.. അപ്പോഴേക്കും പടം തുടങ്ങിയിരുന്നു..ഞാൻ പതിയെ അതിൽ മുഴുകിയിരുന്നു..ഇടയ്ക്കിടെ മൂക്കിലേക്കടിച്ചു കയറിയ ഒരു ദുർഗന്ധം ആദ്യമൊന്നും ഞാൻ കാര്യമാക്കിയില്ല.. എന്നാൽ സമയം മുമ്പോട്ട് നീങ്ങുന്തോറും, ആ ദുർഗന്ധത്തിനു യാതൊരു കുറവുമുണ്ടാകുന്നില്ല എന്ന് ഞാൻ മനസിലാക്കി.. ഞാൻ ചുറ്റുപാടുമൊന്നു സസൂക്ഷ്മം നിരീക്ഷിക്കാൻ തുടങ്ങി.. ഒടുവിൽ ഞാനാ സത്യം മനസിലാക്കി.. എന്റെ തൊട്ടടുത്തിരിക്കുന്നത് അയാളാണ്.. ആ പിച്ചക്കാരൻ.. ടിക്കറ്റ് കൗണ്ടറിലിരുന്നവൻ അയാൾക്ക് ഒരു മൂലയിലുള്ള സീറ്റ് കൊടുക്കുകയും അതിനു തൊട്ടടുത്തുള്ള സീറ്റ്  എനിക്കും തരികയും ചെയ്തു.നന്നായിരിക്കുന്നു.. ആ ഒരു നിമിഷം കൊണ്ട് എന്റെ മനസിലെ സഹജീവിസ്നേഹം പമ്പ കടന്നു.. വർഷങ്ങളായി വൃത്തിയാക്കാതെ കിടന്ന ഒരു ഓടയിലിറങ്ങിയിരുന്നു സിനിമ കാണുന്ന പോലെയാണ് എനിക്കനുഭവപ്പെട്ടത്.. തീയേറ്ററിലെ സാമാന്യം ശക്തിയേറിയ AC കാര്യങ്ങൾ കുറച്ചു കൂടി വഷളാക്കി..ഈ അവസ്ഥ എന്റെ തിയേറ്റർ അനുഭവത്തെ കാര്യമായിത്തന്നെ ബാധിക്കുമെന്നായപ്പോൾ എന്റെ മുമ്പിൽ രണ്ടു വഴികൾ തെളിഞ്ഞു.. 

 

ഒന്ന് - തീയേറ്ററിൽ നിന്നിറങ്ങിയോടുക 

രണ്ട് - ഉള്ളിൽ എവിടെയെങ്കിലും ഒഴിഞ്ഞ സീറ്റുകളുണ്ടോ എന്ന് തപ്പിയിട്ട് അവിടെയിരിക്കുക

 കൂടുതൽ പ്രായോഗികമായതു എന്ന നിലക്ക് ഞാൻ രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു..രാത്രിയിൽ ചൂട്ടും കത്തിച്ചു വഴിയിൽ പാമ്പുണ്ടോയെന്നു നോക്കി നടക്കുന്നത് പോലെ മൊബൈലിൽ ടോർച്ചും തെളിച്ചു ഒരൊഴിഞ്ഞ സീറ്റും തപ്പി ഞാൻ നടന്നു.. കുറെ നേരത്തെ തിരച്ചിലിനൊടുവിൽ തിരശീലയിലുള്ള സിനിമാ താരങ്ങളെ ഏറ്റവും അടുത്തു കാണാൻ സൗകര്യമുള്ള, തീയേറ്ററിലെ ആദ്യ വരിയിൽ ഒരു സീറ്റു കണ്ടെത്തി അതിലിരുന്നു...ശക്തമായ കഴുത്തുവേദനയെ തൃണവല്ഗണിച്ചു കൊണ്ട് രണ്ടര മണിക്കൂറോളം 45 ഡിഗ്രി ചെരിഞ്ഞു നോക്കിക്കൊണ്ടിരിക്കുമ്പോഴും ഒരു സഹജീവിയോടു കരുണ കാണിച്ച ചാരിതാർഥ്യമായിരുന്നു മനസ്സിൽ. ഞാൻ ഇരുന്നതിനു ശേഷം കുറേപ്പേർ കൂടി ഓടി വന്നു എന്റെ കൂടെ ആദ്യ വരിയിലിരുന്നു. അവരും പിന്നിൽ എന്നോടൊപ്പമിരുന്നവരാണെന്നു ഞാൻ വെറുതെ അനുമാനിച്ചു..സാധാരണയായി ഒരു ബോറൻ സിനിമയാണ് കാണുന്നതെങ്കിൽ മറ്റു പല കാര്യങ്ങളെക്കുറിച്ചും ആലോചിക്കാനുള്ള അവസരം എനിക്ക് ലഭിക്കാറുണ്ട്.. ഇടക്കെപ്പോഴോ അങ്ങനൊരവസരം കിട്ടിയപ്പോൾ ഞാൻ പഴയൊരു സംഭവമോർത്തു.. ആദ്യമായി ജോലിയിൽ കയറിയ കാലം.. ശമ്പളം കിട്ടിയതിനു ശേഷമുള്ള ആദ്യ നാളുകളിൽ രാജാവിനെപ്പോലെയും മാസാവസാനം അഷ്ടിക്കു വകയില്ലാതെ ദിവസങ്ങൾ തള്ളിനീക്കാൻ പാടുപെടുന്ന ഏതൊരു ജോലിക്കാരനെയും പോലെയുള്ള ജീവിതം..ഇനിയുമുണ്ട് രണ്ടു മൂന്ന് ദിവസം കൂടി, അടുത്ത ശമ്പളം കിട്ടാൻ.. ഒരു രാത്രി കൈയിലുള്ള വെറും നാൽപ്പതു രൂപയുമായി ഞാൻ പുറത്തേക്കിറങ്ങി..മടിശീലക്കു കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ എന്ന പ്രമാണത്തിൽ വിശ്വസിച്ചു കൊണ്ട് വഴിയോരത്തുള്ള ഒരു തട്ടുകടയിൽ നിന്ന് കഴിക്കാൻ ഞാൻ തീരുമാനിച്ചു.. നാല് ദോശ ഓർഡർ ചെയ്തു... ഒരു ഡബിൾ ഓംലെറ്റ് കഴിക്കാനുള്ള അടങ്ങാത്ത ആഗ്രഹത്തെ ഞാൻ ചവിട്ടിയൊതുക്കി.. ആ പൈസക്ക് നാളെയും വന്നു നാല് ദോശ കഴിക്കാമെന്നു മനസിനെ പറഞ്ഞു സമാധാനിപ്പിച്ചിട്ടു  ദോശയിലേക്കു ഞാൻ കുറച്ചു സാമ്പാറും ചമ്മന്തിയുമൊഴിച്ചു പയ്യെ കഴിച്ചു തുടങ്ങി.. അൽപനേരം കഴിഞ്ഞപ്പോൾ എന്റെ തോളിൽ ആരോ തട്ടുന്നതായി തോന്നി.. അതെ... തോന്നലല്ല.. ഒരു ചെറിയ ചെക്കൻ.. ഒരു നിക്കർ മാത്രമാണ് വേഷം.. കണ്ണുകളിൽ ദൈന്യത.. 'വിശക്കുന്നു' എന്നവൻ ആംഗ്യം കാണിച്ചപ്പോൾ ഞാനൊന്നാലോചിച്ചു..ഇന്ന്  ഓംലെറ്റ് വാങ്ങാതെ നാളേക്ക് ദോശ വാങ്ങാൻ സൂക്ഷിച്ചു വെച്ച കാശേയുള്ളൂ കൈയിൽ.. അതെടുത്താൽ.... ? ഒന്നു കൂടി ചിന്തിച്ചപ്പോൾ എന്റെ സഹജീവിസ്നേഹം ഉണർന്നു..ഇന്നീ കുരുന്നു വയറു നിറയുന്നതല്ലേ നാളത്തെ ദോശയെക്കാളും സംതൃപ്തി നൽകുന്നത്.. പിന്നെ ഒന്നും ആലോചിച്ചില്ല.. തട്ടുകടക്കാരനോട് "ചേട്ടാ ഇവന് 4 ദോശ കൊടുക്ക് " എന്ന് പറഞ്ഞു.. പയ്യൻ ആർത്തിയോടെ അയാളുടെ അടുത്തേക്ക് ചെന്നു.. അയാൾ സംശയത്തോടെ എന്നെ ഒന്ന് നോക്കി.. ഞാൻ അയാളോട് വീണ്ടും പറഞ്ഞു "അവന്റെ പൈസ ഞാൻ തന്നേക്കാം.. ചേട്ടൻ ദോശ കൊടുക്ക്. " ഇത്തവണ അയാൾ അനുസരിച്ചു.. ചെക്കന് ദോശ കിട്ടി.. അവൻ എന്റെയടുത്തു വന്നിരുന്നു.. ആക്രാന്തത്തോടെ ദോശ കഴിക്കുന്ന അവനെ വാത്സല്യത്തോടെ നോക്കി  "എന്താ നിന്റെ പേര് " എന്ന് ഞാൻ  ചോദിച്ചതും ചെക്കൻ തട്ടുകടക്കാരന് നേരെ തിരിഞ്ഞു "ചേട്ടാ ഒരു ഡബിൾ ഓംലെറ്റ്"എന്ന് പറഞ്ഞതും ഒരുമിച്ചായിരുന്നു.. ഞെട്ടിത്തരിച്ചു പോയ എന്നെ കുറച്ചു കൂടി ഭീകരാവസ്ഥയിലേക്കു തള്ളിയിട്ട് ചെക്കൻ അവന്റെ പോക്കറ്റിൽ നിന്ന് ഒരിരുപതു രൂപയുടെ നോട്ടെടുത്തു കടക്കാരന് കൊടുത്തിട്ട് ഓംലെറ്റിന് വേണ്ടി കാത്തു നിന്നു.. ഞാൻ സമർത്ഥമായി കബളിക്കപ്പെട്ടു എന്നെനിക്കു മനസിലായി.. ദോശ കൊടുക്കാൻ പറഞ്ഞപ്പോഴുള്ള കടക്കാരന്റെ ആ നിസ്സംഗതയുടെ അർഥം എനിക്കന്നേരമാണ് പിടി കിട്ടിയത്.. പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു.. ഞാൻ ദോശ കഴിച്ചു തീർത്തതും, ചെക്കന്റെയും കൂടി ചേർത്ത് കടക്കാരന് പൈസ കൊടുത്തതും ചെക്കന്റെ മുഖത്തേക്ക് രൂക്ഷമായൊന്നു നോക്കി അവിടുന്ന് സ്ഥലം വിട്ടതുമെല്ലാം.. വളരെക്കാലം മുമ്പത്തെ ആ സംഭവത്തിന്റെ 

ഓർമയിൽ നിന്നുണർന്നപ്പോഴും അറുപതു കഴിഞ്ഞ സൂപ്പർസ്റ്റാർ സ്‌ക്രീനിൽ ഇരുപതുകാരിയോടൊപ്പം  ആടിത്തിമിർക്കുന്നുണ്ടായിരുന്നു.. സിനിമ കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ ഒരു വിഐപി ക്കു അകമ്പടിക്കാർ എന്ന പോലെ പിച്ചക്കാരനിൽ നിന്ന് കൃത്യമായ അകലം പാലിച്ചു മറ്റുള്ളവർ നടക്കുന്ന കാഴ്ച കണ്ടു.. അന്നേരം എനിക്കൊരു കൗതുകം തോന്നി.. അയാളെ കുറച്ചു നേരം ഒന്നു പിന്തുടർന്നാൽ എങ്ങനെയിരിക്കും.. ഞാൻ തീരുമാനിച്ചു.. തീയേറ്റർ പരിസരത്തു നിന്ന് എല്ലാവരും റോഡിലേക്കെത്തി.. ബാക്കിയുള്ളവർ പല വഴിക്കു തിരിഞ്ഞെങ്കിലും ഞാൻ പിച്ചക്കാരന്റെ വഴിയേ നടന്നു.. അയാൾ ഒരു പ്രത്യേക താളത്തിൽ ഒരേ വേഗതയിൽ നടന്നു നീങ്ങുകയാണ്.. ചുറ്റുമുള്ള തിരക്കുകളൊന്നും അയാളെ ബാധിക്കുന്നേയില്ല.. സമയം നീങ്ങുകയാണ്..  അയാൾ നാട്ടിലെ പഴയ ബസ് സ്റ്റാന്റിലെത്തി.. അവിടെയൊരു കടത്തിണ്ണയിലിരുന്ന മറ്റു ചില പിച്ചക്കാരുടെയടുത്തേക്കു ഇയാൾ നടന്നു. അവരുടെയടുത്തെത്തി എന്തോ സംസാരിച്ചതിന് ശേഷം അവരുടെയിടയിൽ നിന്നു നാലഞ്ചു വയസു തോന്നിക്കുന്ന ഒരു കുട്ടിയേയും എടുത്തു കൊണ്ട് അയാൾ നടന്നു.. ഞാൻ വീണ്ടുമെന്റെ പിന്തുടരൽ തുടർന്നു... അയാളുടെ ആ നടപ്പ് അധികം നീണ്ടു നിന്നില്ല.. ഒരു ചെറിയ ചായക്കടയുടെ മുമ്പിൽ അതവസാനിച്ചു.. അയാൾ തന്റെ സഞ്ചിയിൽ നിന്നൊരു പ്ലാസ്റ്റിക് ഗ്ലാസ്സെടുത്തു.. അതിൽ ചായ വാങ്ങിയിട്ട് കുഞ്ഞിനേയും കൊണ്ടൊരു മരത്തണലിലിരുന്നു..അയാൾ കാണാതെ ഞാനും സമീപത്തു നിലയുറപ്പിച്ചു..ആ കുഞ്ഞിനെക്കൊണ്ട് ചായ കുടിപ്പിക്കുന്നതിനിടയിൽ അയാൾ ഞങ്ങൾ ഒരുമിച്ചു കണ്ട സിനിമയുടെ കഥയും പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.. എന്തു കൊണ്ടയാൾ ആ കുഞ്ഞിനെ തീയേറ്ററിലേക്ക് കൊണ്ടു വന്നില്ല എന്ന ചോദ്യത്തിനുത്തരവും എനിക്കപ്പോൾ തന്നെ കിട്ടി.. ഇരു കൈകളും കൊണ്ട് ആ ചായഗ്ലാസ്സിൽ മുറുകെപ്പിടിച്ചു കൊണ്ട് അയാളുടെ കഥയും കേട്ട് ദൂരെ എവിടേക്കോ നോക്കിയിരിക്കുന്ന ആ കുരുന്നു കണ്ണുകൾക്ക് കാഴ്ചയുടെ തിളക്കമുണ്ടായിരുന്നില്ല.. ചായ തീർന്നപ്പോൾ പിച്ചക്കാരൻ തന്റെ കഥ പറച്ചിലും നിർത്തി.. ഗ്ലാസ്സെടുത്തു സഞ്ചിയിലിട്ടു കുഞ്ഞിനേയുമെടുത്തെഴുന്നേറ്റപ്പോൾ അയാൾ എന്നെ കണ്ടു.. തിയേറ്ററിൽ വെച്ച് കണ്ട പരിചയമൊന്നും ഞാനാ കണ്ണുകളിൽ കണ്ടില്ല.. "കൊഴന്തക്കു സാപ്പിടവേണം.. യെതാവത് കൊടുങ്കയ്യാ" ഒരു പിച്ചക്കാരന്റെ പതിവു പല്ലവി അയാളെന്നോടും ആവർത്തിച്ചു.. 

"ഇവന്റെ അമ്മാ എങ്കെ ?" അറിഞ്ഞിട്ടു പ്രത്യേകിച്ച് കാര്യമിന്നുമില്ലെങ്കിലും ഞാൻ ചോദിച്ചു.. 

"ഈരണ്ടു വർഷത്തുക്കു മുന്നാടി യെരന്തു പോച്ചു സാർ" 

ഞാൻ പിന്നെയൊന്നും ചോദിയ്ക്കാൻ നിന്നില്ല..കൈയിലുണ്ടായിരുന്ന കുറച്ചു കാശെടുത്തയാൾക്കു കൊടുത്തിട്ടു ഞാൻ നടന്നു.. ചെറിയൊരു ചാറ്റൽമഴ പെയ്തു തുടങ്ങിയിരുന്നു..മുഖത്തേക്കു വീഴുന്ന മഴത്തുള്ളികൾ പോലെ ഒരു പിടി ചിന്തകൾ എന്റെ ഉള്ളിലേക്ക് ചിന്നിച്ചിതറി വീണു. 'അയാൾ പറഞ്ഞതൊക്കെയും കള്ളമായിരിക്കാം.. ചിലപ്പോ ഏതെങ്കിലും വീട്ടിൽ നിന്നു തട്ടിയെടുത്തു കൊണ്ടു വന്നു കണ്ണു കുത്തിപ്പൊട്ടിച്ചു പിച്ചക്കിരുത്തിയതാവാം.. പോട്ടേ.. ഞാനെന്തിനതിനെക്കുറിച്ചോർത്തു ബേജാറാവണം..എനിക്ക് ഭിക്ഷക്കു വേണ്ടി കൈ നീട്ടാൻ ദൈവങ്ങളും ആരാധനാലയങ്ങളും ആൾദൈവങ്ങളും, മുതലാളിമാരും ബാങ്കുകളും എ ടി എമ്മുകളും ഗവണ്മെന്റ് ഓഫീസുകളും രാഷ്ട്രീയക്കാരുടെ വീട്ടു വരാന്തകളുമുള്ളപ്പോ ഞാനെന്തിനീ പിച്ചക്കാരനെക്കുറിച്ചോർക്കണം, അവന്റെ കൈയിലുള്ള കണ്ണുകാണാത്ത കുഞ്ഞിനെക്കുറിച്ചോർക്കണം...'

അയാൾ നടന്നു നീങ്ങി...

Srishti-2022   >>  Short Story - Malayalam   >>  ജനുവരി 23

Rahul K Pillai

Oracle India

ജനുവരി 23

ജനുവരി 23

വൈകുന്നേരത്തെ സ്ഥിരം ചായ കുടി നേരം. റോഡ് സൈഡിൽ കിടന്ന എന്റെ കാറിന്റെ മുന്നിൽ ജീപ്പ് കൊണ്ടു നിർത്തി എസ് ഐ ഇറങ്ങി കടയിലേക്ക് വന്നു.. ലക്ഷ്യം ഞാൻ ആണെന്ന് എന്റെ മുന്നിലെത്തി അയാൾ "പോകാം രാഹുലേ" എന്ന് പറയും വരെ മനസ്സിലായിരുന്നില്ല...

"എന്താ സാറെ കാര്യം? " ദേഷ്യം വിനയത്തിൽ ഒളിപ്പിച്ചെന്റെ ചോദ്യം !

ചെറുപ്പത്തിന്റെ തിളപ്പ് ഒന്നും അധികം ഇല്ലാത്ത ആ മനുഷ്യൻ സമാധാനത്തോടെ പറഞ്ഞു "രാഹുൽ വാ, കുറച്ച് സംസാരിക്കാനുണ്ട്. സ്റ്റേഷനിൽ പോകണം"

കുറ്റങ്ങളൊന്നും ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യത്തിനാൽ സമ്മതം മൂളി.. പകുതി കുടിച്ച ചായ ഗ്ലാസ് കുമാർ അണ്ണന്റെ കയ്യിൽ കൊടുക്കുമ്പോൾ ആ കട മുഴുവൻ മൗനം തളം കെട്ടി നിന്നു.. പിന്നണിയിൽ ഏതോ റേഡിയോ ഗാനവും...

"സർ, ഞാനെന്റെ വണ്ടിയുടെ പാർക്ക് ലൈറ്റ് ഒന്ന് ഓഫ് ചെയ്തിട്ട് വരട്ടെ? "

"വേണ്ട, ആ താക്കോൽ ഇങ്ങ് തന്നേരെ.. വണ്ടി കോൺസ്റ്റബിൾ അങ്ങ് സ്റ്റേഷനിൽ എത്തിക്കും"

ആ ഒരൊറ്റ ഡയലോഗിൽ അപകടം മണത്തു, ജീവിതത്തിൽ ആദ്യമായി പോലീസ് ജീപ്പിൽ !! പിറകിൽ അധികമാർക്കും കൈ മാറാത്ത എന്റെ വണ്ടിയുമായി ആ കോൺസ്റ്റബിളും !!

സ്റ്റേഷനിലെത്തി നേരെ എസ് ഐയുടെ മുറിയിലേക്ക്. മാന്യമായ പെരുമാറ്റം, ഇരിക്കാനൊരു കസേരയും !! എന്താണ് നടക്കുന്നതെന്ന് ഒരെത്തും പിടിയും കിട്ടാത്തതിനാൽ ഒന്നും മിണ്ടിയില്ല, ചോദിച്ചതുമില്ല. പോക്കറ്റിൽ ഫോൺ കിടപ്പുണ്ട്, എടുത്ത് ഒന്ന് സൈലന്റ് ആക്കിയാൽ കൊള്ളാമെന്നുണ്ട്, പക്ഷെ ചെയ്തില്ല...

"അപ്പൊ രാഹുലേ, എന്തിനാ കൊണ്ടു വന്നേ എന്ന് മനസിലായല്ലോ അല്ലേ?"

"ഇല്ല സർ, എന്താണ് കാര്യം?"

"ആ അത് പോട്ടെ, കഴിഞ്ഞ 23ആം തീയതി രാത്രി വെൺപാലവട്ടത്ത് നടന്നതൊക്കെ ഒന്ന് പറഞ്ഞേ, കേൾക്കട്ടെ.."

ജനുവരി 23 ബുധനാഴ്ച, മറ്റൊരു ദുരന്ത ദിനം.. ജോലി കഴിഞ്ഞ് വീട്ടിലെത്തിയതാരുന്നു, എന്തിന്റെയൊക്കെയോ പേരിൽ വഴക്കിട്ടു, അടിയും ഇടിയും പാത്രം തല്ലിപ്പൊട്ടിക്കലും ഒക്കെ തകൃതിയായി നടന്നു... ഒടുവിൽ എപ്പോഴോ ജയം തേടി നടത്തിയ നാദ സരസ്വതിയിൽ എന്റെ പഴയ കാമുകിയുടെ പേരു കേട്ടു !! ആ പേരു കേട്ടാൽ സകല ഞരമ്പുകളും ഇന്നും വലിഞ്ഞു മുറുകും, മദപ്പാട് വിട്ട ആനയെപ്പോലെ ഞാൻ ശാന്തനാകും.. പിന്നെ മദം പൊട്ടുക എന്റെ മനസിലാവും !! അങ്ങനൊരു മാനസിക മദപ്പാടിലാണ് അന്നും വണ്ടിയെടുത്ത് അപ്പോൾ തന്നെ വീട്ടിൽ നിന്ന് ഇറങ്ങിയത്... കുറേ ദൂരം പോയി എവിടെയോ നിർത്തി ഇരുട്ടിൽ നോക്കി ഓർമകളെ കണ്ണീരിനൊപ്പം ഒഴുക്കി കളഞ്ഞു... ഏതാണ്ട് അര മണിക്കൂറിനൊടുവിൽ മനസ്സ് ശാന്തമാക്കി തിരിച്ചു പോയി...

വെൺപാലവട്ടത്തെ ഏതോ ഉൾഭാഗം ആണെന്ന് ഗൂഗിൾ മാപ്സ് പറഞ്ഞു തന്നു.. വന്ന വഴിയേ പതുക്കെ തിരിച്ചു പോയി തുടങ്ങി...

അര കിലോമീറ്ററിനപ്പുറം ഒരു വളവിൽ റോഡരികിലായി ഒരാൾ കിടക്കുന്നത് കണ്ടു. അടുത്തായി തെറിച്ചു പോയ ചെരുപ്പും സൈക്കിളും കണ്ടപ്പോൾ ഏതോ ആക്സിഡന്റ് ആണെന്ന് മനസിലായി.. അയലത്തൊക്കെ വീടുകളുണ്ടെങ്കിലും ആരും സംഗതി അറിഞ്ഞതായി തോന്നുന്നില്ല.. വണ്ടി ഒതുക്കി ഞാൻ ഇറങ്ങി ചെന്നു, മധ്യ വയസ്കനായ ഒരാൾ, വ്യക്തമല്ലാതെ എന്തോ സംസാരിക്കുന്നുണ്ട്, അബോധത്തിലാണ്, രക്തം കുറേ പോയിട്ടുമുണ്ട് ... വേറൊന്നും നോക്കിയില്ല, അയാളെ ഒരു വിധത്തിൽ ചുമന്ന് കാറിന്റെ പിറകിൽ കിടത്തി.. റോഡിൽ പോയി അയാളുടെ മൊബൈൽ ഉണ്ടോയെന്നു തപ്പി, കുറച്ചു മാറി കിടന്ന ചെരുപ്പിൽ നിന്ന് അതും കിട്ടി.. നേരെ കിംസിന്റെ എമർജൻസി സെക്ഷനിലേക്ക്.. അയാളെ ഐ സി യൂ വിലേക്ക് കൊണ്ടു പോയി.. അയാളുടെ ഫോണിലെ നമ്പറുകൾ തപ്പി മകനെ വിവരം അറിയിച്ചു.. 10 മിനിറ്റിനുള്ളിൽ അവരെത്തി... ആഗ്രഹിച്ചില്ലെങ്കിലും അർഹിച്ച നന്ദി വാക്യങ്ങൾ എന്നോട് അവർ പറഞ്ഞു... തലയുടെ സ്കാൻ ചെയ്യണമെന്ന് ഡോക്ടർ പുറത്ത് വന്നു പറഞ്ഞു. കിംസിലെ ഭീമമായ ചിലവുകളെ ഓർത്ത് അയാളെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ വീട്ടുകാർ തീരുമാനിച്ചു... അയാളുടെ മകന്റെ ഫോൺ നമ്പറും വാങ്ങിച്ച് ഞാൻ അവിടുന്ന് ഇറങ്ങി... വീട്ടിൽ വന്ന് ആ രാത്രിയിൽ തന്നെ വണ്ടി വൃത്തിയാക്കി സീറ്റിലെ രക്ത കറയും കഴുകി കളഞ്ഞു... ആ രാത്രി പുലരുമ്പോഴേക്കും വീട് ശാന്തം, നശിച്ച ഇന്നലെയുടെ ഓർമ്മകൾക്ക് ഇടയിലും ചെയ്തൊരു സദ് പ്രവൃത്തിയുടെ നിർവൃതി മാത്രം നിറഞ്ഞു നിന്നിരുന്നു...

"ഇത്രേ നടന്നുള്ളു രാഹുൽ?" എസ് ഐയുടെ ചോദ്യം ഇത്തവണ കുറേക്കൂടി മൃദു ശബ്ദത്തിൽ ആയിരുന്നു...

"അതെ സർ"..മറുപടിയിൽ തൃപ്തനായ രീതിയിൽ എസ് ഐ തുടർന്നു...

"രാഹുൽ, അയാളുടെ പേര് മോഹനൻ, വെൺപാലവട്ടം സ്വദേശി ആണ്.. ചാക്കയിൽ ഒരു കടയിലാണ് ജോലി. ജനുവരി 31 വ്യാഴാഴ്ച അയാൾ മരിച്ചു !! അന്നത്തെ ആക്സിഡന്റിൽ തല പോസ്റ്റിൽ ഇടിച്ചതിന്റെ ആഘാതം ആണ് മരണ കാരണം. മെഡിക്കൽ കോളേജിൽ ആയിരുന്നു മരിക്കുമ്പോൾ, സംഭവം കേസ് ആയിട്ടുണ്ട് ... "

"ഓഹ്, ഞാൻ അറിഞ്ഞില്ല സർ, അന്ന് ഞാൻ അയാളെ എടുത്തു കൊണ്ടു പോകുമ്പോഴേക്കും കുറേ ബ്ലഡ് പോയിട്ടുണ്ടായിരുന്നു.. തലയ്ക്കു സ്കാൻ വേണമെന്ന് കിംസിലെ ഡോക്ടർ പറഞ്ഞിരുന്നു ..കഷ്ടം !"

"അന്ന് രാഹുൽ അയാളെ കണ്ടിടത്തേക്ക് വരുമ്പോൾ ഏതെങ്കിലും വാഹനങ്ങൾ ആ റോഡ് വഴി പോയതായി ഓർക്കുന്നുണ്ടോ? "

"ഇല്ല സർ, അവിടെങ്ങും ഒരാളെ പോലും ഞാൻ കണ്ടതായി ഓർക്കുന്നില്ല, ആ പ്രദേശത്ത് CCTV ക്യാമറ ഒന്നുമില്ലേ സർ? ഉണ്ടെങ്കിൽ അത് നോക്കിയാൽ പോരേ? "

അയാൾക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല,

"രാഹുൽ, മോഹനന്റെ തല ഇടിച്ച പോസ്റ്റിൽ തന്നെ ക്യാമറ ഉണ്ടായിരുന്നു, അതു കൊണ്ടാണ് രാഹുൽ ഇപ്പോൾ ഇവിടെ എന്റെ മുന്നിൽ ഇരിക്കേണ്ടി വന്നത് "

നിയന്ത്രണം വിട്ട മനസ്സുമായി ആക്സിലേറ്റർ ചവുട്ടി താഴ്ത്തി ഞാൻ അന്ന് അങ്ങോട്ട് പോയ പോക്കിൽ ആ പാവം മനുഷ്യന്റെ സൈക്കിളിന്റെ പിറകിൽ ഒന്ന് തട്ടിയത് എനിക്കിന്നും ഓർമയില്ല... സത്യത്തെ റെക്കോർഡ് ചെയ്ത CCTV ദൃശ്യങ്ങൾ എസ് ഐ എനിക്ക് കാണിച്ച് തരുമ്പോഴേക്കും പ്രതീക്ഷയറ്റു പോയിരുന്നു... ഒരു പാവം മനുഷ്യന്റെ ജീവനെടുത്ത മാനസിക വിഭ്രാന്തിയുടെ ഓർമ്മകൾ അലയടിച്ചു... എന്നെ കാത്തിരിക്കുന്ന ഇരുണ്ട മുറിയുടെ സിനിമാ ആവിഷ്കാരങ്ങൾ ഓർമ വന്നു... നാളെ വന്നിട്ട് ചെയ്യാം എന്ന് മാറ്റി വച്ച് പോന്ന കാര്യങ്ങൾ ഓർമ വന്നു.. പ്രിയപ്പെട്ടവരെ ഓർമ വന്നു!!

ഒടുവിൽ, നാളെ എന്തെന്ന് അറിയാത്തവന്റെ മാനസിക വൈകാരിതയിൽ കണ്ണിൽ പടർന്ന ഇരുട്ടിൽ മൗനം ഭുജിച്ച് ഞാൻ തല കുനിച്ചു !!!!!!!

 

(സാങ്കല്പികം മാത്രം)

Srishti-2022   >>  Short Story - Malayalam   >>  ജാതകം

Vineesh Puttanisseri

Oracle India

ജാതകം

ജാതകം

രാത്രി ..

വിജനമായ റോഡിലൂടെ ഒരു യുവാവ് കാർ ഓടിച്ചു പോകുന്നു. അദ്ദേഹം ഏതാനും മാസങ്ങൾക്കു മുൻപ് നടന്ന കാര്യങ്ങൾ വെറുതെ മനസ്സിൽ ഓർത്തു.

ഇരുമ്പു ഗോവണി കയറി ജ്യോൽസ്യൻ രാമകൃഷ്ണ പണിക്കർ എന്ന നെയിം ബോർഡ് വെച്ച റൂമിലേക്ക് എത്രയോ തവണ പല പല ജാതക കുറിപ്പുകളുമായി കയറിയിറങ്ങിയിരിക്കുന്നു .

നിലവിളക്ക് കത്തിച്ചു വെച്ച രാശിപലകക്കു മുന്നിൽ ഇരുന്നു കൊണ്ട് ജാതകക്കുറിപ്പുകൾ തമ്മിലുള്ള ചേർച്ച യും പൊരുത്തവും പരിശോധിക്കുന്ന പണിക്കരുടെ മുന്നിൽ വെച്ച് ചേരാത്ത കുറിപ്പ് റൂമിൽ കൂട്ടിയിട്ടിരിക്കുന്ന കടലാസു കൂട്ടത്തിലേക്കു വലിച്ചെറിഞ്ഞു എത്രയോ തവണ അവിടെ നിന്നും ഇറങ്ങി പോന്നിരിക്കുന്നു.

കലണ്ടറിൽ നിന്നും എത്രയോ താളുകൾ അടർത്തിയെടുത്തു ചവറ്റുകുട്ടയിലേക്കു വലിച്ചെറിഞ്ഞിരിക്കുന്നു .തന്റെ റൂമിലെ കടലാസ്സു കൂനയുടെ വലിപ്പം കൂടി കൂടി വന്നു കൂട്ടത്തിൽ പണിക്കരുടെ മുറിയിലും ചേരാത്ത കുറിപ്പുകൾ കുമിഞ്ഞു കൂടി .

പടിഞ്ഞാറു ഭാഗത്തു നിന്നാണ് മംഗല്യ യോഗം “ പണിക്കർ ഉവാച..

പടിഞ്ഞാറു ഭാഗത്തു ഇനി അറബിക്കടൽ കൂടിയേ ബാക്കിയുള്ളൂ .. യുവാവ് മനസ്സിൽ പറഞ്ഞു .

എല്ലാം പെട്ടെന്നായിരുന്നു . ജാതകം ചേർന്നതും കല്യാണം കഴിഞ്ഞതും എല്ലാം ..

പിന്നീട് എന്താണ് തന്റെ ജീവിതത്തിൽ സംഭവിച്ചത് .. ആർക്കാണ് തെറ്റ് പറ്റിയത് ..

യുവാവ് കാർ ന്റെ AC യുടെ തണുപ്പ് കുറച്ചു കൂടി കൂട്ടി ..

ഇതേ സമയം പണിക്കർ റൂമിന്റെ മൂലയിൽ കൂട്ടിയിട്ടിരിക്കുന്ന ജാതകകുറിപ്പുകൾ എല്ലാം ചാക്കിൽ കയറ്റുന്ന തിരക്കിൽ ആയിരുന്നു . പൊരുത്തപ്പെടാതെ പോയ ഒരു ചാക്ക് തലക്കുറികൾ ..

യുവാവിന്റെ കാർ ഒരു വിജനമായ സ്ഥലത്തു എത്തി നിന്നു .

പണിക്കർ കാറുമായി അതേ സ്ഥലത്തു എത്തുന്നു. ചാക്കിലെ കുറിപ്പുകൾ അവിടെ നിക്ഷേപിച്ചു പണിക്കർ കാറിൽ കയറി പോകുന്നു . യുവാവ് പണിക്കർ കാണാതെ മറഞ്ഞു നിക്കുന്നു .. അദ്ദേഹം ചവറുകൂനയിലേക്കു വലിച്ചെറിഞ്ഞു പോയ കുറിപ്പുകളിൽ പാതി തന്റെ സംഭാവന ആയിരിക്കണം യുവാവ് മനസ്സിൽ ഓർത്തു ..

കാറിന്റെ ഡിക്കിയിൽ നിന്നും ഒരു യുവതിയുടെ മൃതശരീരം പൊക്കിയെടുത്തു അതേ ചവറു കൂന ലക്ഷ്യമാക്കി നടക്കുമ്പോൾ യുവാവ് മനസ്സിൽ പറഞ്ഞു ..”പത്തിൽ എട്ടു പൊരുത്തം .. ദീർഘമാംഗല്യം .. ദിനം പൊരുത്തം , ഗണം പൊരുത്തം , രാശി പൊരുത്തം …”

Srishti-2022   >>  Short Story - Malayalam   >>  സൗണ്ട് ഓഫ് സൈലന്‍സ്

Abhishek S S

Acsia Technologies

സൗണ്ട് ഓഫ് സൈലന്‍സ്

സൗണ്ട് ഓഫ് സൈലന്‍സ്

പനയന്‍ചിറ അമ്പലം ചുറ്റി, ആ ചൂട്ട് വെളിച്ചം നടന്നു നീങ്ങി. സര്‍ക്കാര്‍ മതില്‍ വളപ്പിലെ പെന്‍ഡുലം പോലെ നിന്നാടിയ ഓലച്ചൂട്ടില്‍ നിന്ന് രണ്ടടി പൊക്കത്തില്‍ ചെറു കൊള്ളിയാന്‍ പോലെ ഒരു സാധൂ ബീഡി കത്തിയെരിയുന്നുണ്ടായിരുന്നു.. തവളക്കുളത്തിനു വടക്കായി, വെള്ളത്തില്‍ തൊട്ടു തൊട്ടില്ല എന്നനിലയില്‍ ചാഞ്ഞു നിന്ന പുന്നമരത്തിന് അടുത്തെത്തിയതും ഓലച്ചൂട്ട് കെട്ടു. തക്കം കിട്ടുമ്പോഴൊക്കെ, നിലാവത്തുള്ള ചന്ദ്രന്‍റെ ഒളിച്ചു കളി മായ്ച്ചു കളയാന്‍ നാലഞ്ചു ചീവീടുകള്‍ മത്സരിക്കുന്നുണ്ടായിരുന്നു. വീടെത്താന്‍ അര ഫര്‍ലോങ്ങ്‌ കഷ്ടിയാണ്. മഴമേഘങ്ങളില്‍ രമിച്ച നിലാവിന് ജനിച്ച ഇരുട്ട്, അയാളുടെ വഴിമുടക്കാന്‍ അശക്തയായി തോന്നിച്ചു. അടുത്ത ബീഡി, ചൂട്‌ മാറാത്ത ഇരുണ്ട ചുണ്ടത്ത് ചേര്‍ത്ത് അയാള്‍ നടന്നു. ഇരുട്ടിന്, കുളിച്ച് ഈറനോടെ മുടിയുടക്കെടുക്കാന്‍ പണിപ്പെടുന്ന കൊയ്ത്തുകാരിപ്പെണ്ണിന്‍റെ മണമാണ് എന്ന ഏതോ പൈങ്കിളി നോവലിസ്റ്റിന്‍റെ കണ്ടെത്തലിനെ പറ്റിയോര്‍ത്തു ചിരിച്ച് അയാള്‍ പതിയെ നടന്നു. ഒരു ചെറിയ നീര്‍ക്കോലി വണ്ടന്‍പായല്‍ക്കൂട്ടത്തിനിടയിലൂടെ ഒന്ന് പാളി നോക്കി, ‌‍ഒരു സിലോപ്യ മീനിനെ നുണഞ്ഞ്, ചേറ് തൊപ്പി കെട്ടിയ അന്തിത്തല വെള്ളത്തിലേക്ക് പൂഴ്ത്തി. ആ കുളവരമ്പിലെ അപ്പോഴത്തെ കാലൊച്ചക്ക് ഒറ്റ അവകാശിയേ ഉണ്ടായിരുന്നുള്ളൂ. അഞ്ചടി ഉയരക്കരനായ ഭാര്‍ഗവന്‍ പിള്ള മാത്രം.

 

ഭാര്‍ഗവേട്ടന് മൂക്കിന്‍റെ പാലത്തിന്‍ തുമ്പിലാ കോപം. ഇടക്കൊരിക്കല്‍ പനയന്‍ചിറ വിറപ്പിച്ചിരുന്ന റൌഡി വാസുവിന്‍റെ ചെവിക്ക് താഴെ ഒന്ന് പൊട്ടിച്ചതായി ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. അതില്‍പ്പിന്നെ ചന്തയില്‍ ചെന്ന് പതിവ് പടി പിരിക്കാന്‍ പോലും വാസു ചെന്നിട്ടില്ല എന്നും നാട്ടുകാര് പറഞ്ഞു നടപ്പുണ്ട്. എഴുത്ത് കച്ചേരി പിരിഞ്ഞ് അച്ഛന്‍ എത്തിയ ലക്ഷണമില്ല. ഇറയത്ത് മുനിഞ്ഞ് കത്തുന്ന മയില്‍ വിളക്കില്‍ തലയിടിച്ച്‌, യുദ്ധം തോറ്റത് പോലെ വണ്ടുകള്‍ നിലത്ത് വീണു കിടപ്പുണ്ട്. മണ്ണില്‍ നിന്നാണ് മഴ പെയ്യുന്നത് എന്നത് പോലെ തോന്നിപ്പിക്കും വിധം ഈയാം പാറ്റകള്‍ വീണ്ടും വീണ്ടും കിളിര്‍ത്ത് വന്നു കൊണ്ടേയിരുന്നു. ‘ഇനിയെങ്ങാനും അച്ഛന്‍ വന്നിട്ടുണ്ടേലോ?’ അയാളൊന്നു പകച്ചു. ബീഡി കളഞ്ഞ്, ഒന്ന് രണ്ട് വട്ടം കാറിത്തുപ്പി, ഒറ്റമുണ്ടിന്‍റെ മേന്തലപ്പുകൊണ്ട് കിറി തുടച്ച്, അയാള്‍ നടന്ന് വീടടുത്തു. ഇറയപ്പടിയിലെ അരണ്ട വെളിച്ചത്തില്‍ നിഴലുണ്ടാക്കി, എന്തോ പൊതിഞ്ഞു വന്ന കടലാസ്സു കഷ്ണത്തിലെ ഏതോ ചെറുകഥ വായിക്കുന്ന തിരക്കിലായിരുന്നു സഹോദരിമാര്‍. ഭാര്‍ഗവേട്ടന്‍റെ തലവട്ടം കണ്ടതും നാലും നാല് കോണിലേക്ക് ചിതറിയോടി. അയാള്‍ മുറ്റത്ത്‌ വന്ന് നിന്ന് ചീറി. കണ്ണുപൊട്ടിപ്പോകും വിധം ശകാരിച്ചു. “ഓരോന്നിനേം ഓരോടത്തായി പറഞ്ഞു വിടേണ്ടതാ... ത്രിസന്ധ്യ നേരത്ത്..അതും പൂമുഖപ്പടിയില്‍ ഇരുന്ന് തന്നെ വേണം നോവല്‍ വായന......കേറിപ്പൊക്കോണം..”. അത് പറഞ്ഞ് തുടങ്ങുന്നതിന് മുന്‍പ്‌ തന്നെ അയാളുടെ ചേച്ചിമാരും അനുജത്തിമാരും മറപ്പുരയിലും മറ്റുമായി ഓടിയൊളിച്ചു. മുന്നോട്ടാഞ്ഞ് പടുതിരി കത്തിയ വിളക്കിലെ തിരിയൊന്ന് നീട്ടിച്ച്, എണ്ണപ്പാട നെറുകന്തലയില്‍ തുടച്ചു. കാലില്‍ തടഞ്ഞ ഒഴിഞ്ഞ മൊന്ത കൈയ്യിലെടുത്തപ്പോഴേക്കും ഇളയത്‌ ഓടിച്ചാടി മുന്നിലേക്ക്‌ വന്നു. മൊന്ത നിറയെ വെള്ളമൊഴിച്ച് കുലുങ്ങിച്ചിരിച്ച് അവള്‍ ഉള്ളിലേക്ക് പോയി. ചിരിച്ച്, ചേച്ചിമാരുടെ മുന്നില്‍ ചെന്ന് കൈ തുറന്നു. എണ്ണ കുതിര്‍ത്ത മനോരമ പത്രത്തിന്‍റെ ഒരു ചെറിയ താള്‍. അതില്‍ വലിഞ്ഞു തുടങ്ങാത്ത രണ്ട് പരിപ്പുവടകള്‍. മൊരിഞ്ഞ വടപ്പരിപ്പ്, പുറത്ത് കേള്‍ക്കാത്ത ചെറു ചിരികളില്‍ അമര്‍ന്ന്, നാല് വയറുകളിലേക്കായി ഊര്‍ന്നിറങ്ങി.

 

ഏഴാം കൊല്ലവും വസ്തുതര്‍ക്ക വ്യവഹാരം നീണ്ടുപോകും എന്ന വാര്‍ത്തയുമായാണ് അച്യുതന്‍ പിള്ള വീടെത്തിയത്. കച്ചേരിയില്‍ നിന്ന് നേരത്തെ ഇറങ്ങിയെന്നും കോടതിയില്‍ ആയിരുന്നു എന്നും അച്ഛന്‍ ഭാര്‍ഗവേട്ടനോട് പറഞ്ഞു.

 

“രാവിലെ കുടിച്ച പാല്‍ച്ചായക്ക് നല്ല കടുപ്പമായിരുന്നു നീലിപ്പിള്ളേ”.

 

ഭാര്യയോടെന്നവണ്ണം അതും പറഞ്ഞ്, ചിരിച്ച മുഖത്തോടെ തന്നെ അച്യുതന്‍ പിള്ള അടുക്കള ലക്ഷ്യമാക്കി നടന്നു. കൊല്ലങ്ങളായി ഭാര്‍ഗവേട്ടന്‍റെ അച്ഛന്‍ നടത്തുന്ന കേസാണത്, ഒരു പേര്‍ഷ്യാക്കാരന്‍ കയ്യേറിയ നിലം. അത് പിന്നെയും നീളുന്നു. പക്ഷെ അതിന്‍റെ ഭാവവ്യതിയാനങ്ങള്‍ വീട്ടിലാരും അറിയണ്ടാ എന്നനിലയില്‍ അച്യുതന്‍ പിള്ള ഒരു കോപ്പ കഞ്ഞി മൊത്തി. ഉണക്കിയ നാരങ്ങാ ചേര്‍ത്ത് ബാക്കി വന്ന ഒന്ന് രണ്ടു വറ്റും ചുണ്ട് ചേര്‍ത്തു. രാവിലത്തെ ചായക്ക്‌ ശേഷം ആ വയര്‍ സ്വീകരിക്കുന്ന ആദ്യത്തെ ആഹാര കണമായിരുന്നിരിക്കാം അത്. ഇതു മനസിലാക്കിയെന്നവണ്ണം, ചെറുതായി നനഞ്ഞ കണ്ണുകള്‍ തുടച്ച്, അച്ഛനെ കാണിക്കാതെ ഭാര്‍ഗവേട്ടന്‍ ഇരുട്ടത്തേക്ക് മാറി. അച്യുതന്‍ പിള്ള, ചുണ്ടില്‍ തോര്‍ത്ത്‌ ഒപ്പി, നിഴലുണ്ടാക്കാത്ത ആ ഇരുട്ടിന്‍റെ ഇങ്ങേത്തലയ്ക്കല്‍ നിന്ന് പതിയെ ഇങ്ങനെ ചോദിച്ചു-

 

“ടാ.. നിന്നെ പറ്റി ചിലത് കേട്ടുല്ലോ? വിപ്ലവ കല്യാണമാണോ ഉദ്ദേശം? സിക്സ്ത് പാസ്സായ നിന്നെ നാട്ടില്‍ തന്നെ നിറുത്തിക്കാം എന്ന് വച്ചത് എനിക്ക് വിനയായോ? നിന്‍റെ കൂടപ്പിറപ്പുകളില്‍ ഒരാളെ മാത്രേ കെട്ടിച്ചു വിടാന്‍ അച്ഛന് പറ്റിയിട്ടുള്ളൂ....ബാക്കി മൂന്ന് പേര്....അറിയാല്ലോ അല്ലെ?”

 

അതൊരു പരാതി പറയലായോ ശകാരിക്കലായോ ഭാര്‍ഗവേട്ടന് തോന്നിയില്ല. അയാള്‍ അച്ഛനോട് ചേര്‍ന്ന് നിന്നു. അയാള്‍ പറയാറുള്ളത് പോലെ, അച്ഛന്‍റെ വിയര്‍പ്പിന്‍റെ സുഖമുള്ള മണം മൂക്കിനുള്ളില്‍ പതിഞ്ഞ് നിന്നു. “ഇല്ലച്ഛാ... ഫാക്ടറിയിലെ കുട്ടിയാ... ഭര്‍ത്താവ് മരിച്ചിട്ട് കൊല്ലം രണ്ടായി... അവരും നമ്മുടെ ആള്‍ക്കാര് തന്നെയാ...അല്ലാതെ വിപ്ലവമല്ല!.. അവളുടെ ജാതക ദോഷം കാരണമാ എന്നാ പലരും പറഞ്ഞത്‌... അങ്ങനെ ഉള്ള ഒരു കൊച്ചിനെ ആരാ അച്ഛാ ഇനി?..” പിന്നെ സംസാരിച്ചത് നാല് കണ്ണുകളായിരുന്നു. തൊട്ടടുത്ത്‌ നിന്നിരുന്ന നേന്ത്ര വാഴയുടെ നിഴല്‍ പെട്ടെന്ന്‍ മാഞ്ഞത് പോലെ. ഇപ്പോള്‍ അച്ഛന്‍റെ മണം ഭാര്‍ഗവേട്ടന് മൂക്കിന്‍റെ തുമ്പത്തായിരുന്നു. തോളില്‍ വീണ നാലഞ്ചു തുള്ളി കണ്ണുനീര്‍, അച്യുതന്‍ പിള്ള മേല്‍തോര്‍ത്ത്‌ കൊണ്ട് ഒപ്പി അടുത്ത നിലാവെട്ടം വീഴുന്നതിന് മുന്നേ വീടിനകം പറ്റി.

 

ആഴ്ചകള്‍ക്കുള്ളില്‍ അച്ഛന്‍റെ സമ്മതത്തോടെ തന്നെ, നാണിയേടത്തിയുടെ ജാതക ദോഷത്തെ ഭാര്‍ഗവേട്ടന്‍ മൂന്ന് കുരുക്കില്‍ കുണുങ്ങി നിന്ന പച്ചമഞ്ഞള്‍ കൊണ്ട് വരിഞ്ഞു കെട്ടി. ആ കെട്ട് ഒരു ആയുസ്സിന്‍റെ കൂട്ടായിരുന്നു. തെക്കന്‍ തിരിവിതാംകൂറിന്‍റെ കാവിപ്പടയും ആലപ്പുഴ ചുറ്റിയുള്ള മഞ്ഞപ്പടയും ഇന്ത്യന്‍ കോഫി ഹൗസ്‌ ഭരിക്കുന്ന കാലം. ഭാര്യാ ഗൃഹേയുള്ള പരമസുഖത്തിനിടയില്‍ ചില ബന്ധുജനങ്ങളുടെ അമിത വാല്‍സല്യ പ്രകടനങ്ങളെ മുന്‍നിറുത്തി ഭാര്‍ഗവേട്ടന്‍ പഴയ സര്‍ട്ടിഫിക്കറ്റെല്ലാം വാരിയെടുത്ത് മധ്യപ്രദേശിന് വിട്ടു. അവിടെ എട്ട് മാസം. ഉഴുന്നുവടയുടെ മൊരിപ്പ് പോരാന്നു പറഞ്ഞ് അന്നത്തെ ഒരു മാനേജര്‍ എന്തോ ശകാരിച്ചു. അരച്ച് വച്ചിരുന്ന ബാക്കി ഉഴുന്ന് മൊത്തമായി മാനേജരുടെ തല വഴി കമഴ്ത്തി രായ്ക്കുരാമാനം കള്ളവണ്ടി കയറി.

 

പിന്നെ രണ്ട് മൂന്ന് കൊല്ലം, സ്ഥിരവരുമാനമില്ലാതെ തള്ളി നീക്കി. പഴയ കശുവണ്ടി ഫാക്ടറിയിലെ കണക്കപ്പിള്ള തസ്തികയിലേക്ക് തിരികെ കയറാന്‍ സാധിച്ചില്ല. പകരം കിട്ടിയത് വാച്ച്മാന്‍ ഉദ്യോഗം. വര്‍ഷങ്ങള്‍ പലത് കൊഴിഞ്ഞു വീണു. വയറു മുറുക്കി കെട്ടി, സമ്പാദിച്ച കാശ് കൊണ്ട് ഭാര്‍ഗവേട്ടന്‍ രണ്ട് പെണ്മക്കളേയും കെട്ടിച്ച് വിട്ടു. നാലഞ്ചു മാസങ്ങള്‍...ഇന്ദിരാ ഗാന്ധിയുടെ ശവസംസ്കാര ചടങ്ങിന്‍റെ തത്സമയം കേട്ട്, ഉമ്മറത്തിരുന്നു മയങ്ങിയ അച്യുതന്‍ പിള്ള, പേര്‍ഷ്യക്കാരനോട് കേസ് പറഞ്ഞു ജയിച്ച പറമ്പിലെ ഒരു ചെറു പ്ലാവായി മാറാന്‍ ഒരു രാത്രിയേ വേണ്ടി വന്നുള്ളൂ. നീലിപ്പിള്ള വിശ്രമം കൊള്ളുന്ന മണ്ണിനടുത്ത് തന്നെ ആറടി മണ്ണ്, കോലന്‍ മാത്തന്‍ കോരി മാറ്റി.

 

സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ അങ്ങോട്ടേക്ക് പോകാറുണ്ടായിരുന്നു. സമുദായക്കൂറ് കാണിച്ചു നടന്നിരുന്ന പ്രമാണിമാരുടെ എതിര്‍പ്പിന് പുല്ലുവില കൊടുക്കാതെ, പട്ടിണിക്കോലമായ ഈ പുലയ ചെക്കന് ഓണത്തിനും വിഷുനും കിട്ടുന്ന ബോണസ് തുകയില്‍ ഒരു പങ്ക് മാറ്റി വച്ചിരുന്നു ഭാര്‍ഗവേട്ടന്‍. ഒരു മഞ്ഞക്കോടിയോ ഒരുടുപ്പോ അങ്ങനെ എന്തെങ്കിലും. ഭാര്‍ഗവേട്ടന്‍ മക്കള്‍ക്ക് വേണ്ടി കൊണ്ടു വന്നിരുന്ന പറോട്ടയിലും കോഴിച്ചാറിലും പലപ്പോഴും ദൈവം എന്‍റെ പേരും എഴുതിച്ചേര്‍ത്തിരുന്നു. പൊറോട്ട നെടുകെ കീറിയിട്ട് അതിലേക്ക് ചാറ് ഇറ്റിക്കും. ചുറ്റിപ്പറ്റി നില്‍ക്കുന്ന നാണിയേട്ടത്തിക്ക് പരിപ്പ് വടയും പതിവായിരുന്നു. അതും കഴിഞ്ഞ്, പൂവിതറിയത് പോലെ കായ്ച്ചു നില്‍ക്കുന്ന ഇരട്ടപ്ലാവിന് ചുവട്ടിലേക്ക് ഒരു പോക്കാണ്. നീണ്ട പതിനേഴ് കൊല്ലത്തെ കേസ് പറച്ചിലിനൊടുവില്‍ വിധിയായ ഇരുപത്തിനാല് സെന്റിന്‍റെ ഒരു കോണില്‍ അച്യുതന്‍ പിള്ളയും നീലിയമ്മയും ഉറങ്ങുന്ന ഇരട്ട പ്ലാവ്. നട്ടപ്പോള്‍ അത് രണ്ട് തൈകള്‍ ആയിരുന്നുവെന്നും ഭാര്‍ഗവേട്ടന്‍ പറയാറുണ്ട്. പിന്നെപ്പോഴോ ഒന്നായെന്നും. അതിന് ചുറ്റും ഒന്ന് മണ്ടി നടന്ന് മാനം നോക്കി ഏതോ തമിഴ്‌ പാട്ട് പാടാറുണ്ട് അയാള്‍. അപ്പോളൊക്കെയും നല്ല നാടന്‍ വാറ്റിന്‍റെ മണമായിരുന്നു ഭാര്‍ഗവേട്ടന്.

 

“അകത്തെന്തേലും ചെന്നാലെ നിങ്ങള്‍ക്ക്‌ സ്നേഹം വരോള്ളോ മനുഷ്യാ...”.

 

അതും പറഞ്ഞ് നാണിയേടത്തി അവിടെയെത്തുമ്പോഴേക്കും കെട്ടു പിണഞ്ഞു കിടക്കുന്ന, മേല്‍പൊന്തിയ വേരില്‍ കെട്ടിപ്പിടിച്ച് ഭാര്‍ഗവേട്ടന്‍ ഒന്നാമുറക്കം കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു. ഇടക്ക് ബോധം തെളിയുമ്പോള്‍ പ്ലാവിന്‍ ചുവട്ടിലെ വീതികൂടിയ വേര് നോക്കി അയാള്‍ പറയുമായിരുന്നു- “അച്ഛാ, അച്ഛന്‍ പറഞ്ഞത് പോലെ കുടുംബം ന്ന് വച്ചാല്‍ ഈര്‍ക്കിലി ചൂല് പോലെ തന്നെയാ.....അച്ഛനും അമ്മയും ഉള്ളപ്പോള്‍ ഈര്ക്കിലികള്‍ എല്ലാം ഒറ്റ നൂല്‍ക്കെട്ടിനുള്ളില്‍ തന്നെ ഉണ്ടായിരുന്നു...ഇപ്പോഴിപ്പോള്‍ കെട്ടിയിടാന്‍ നോക്കിയാല്‍ തന്നെയും പലതായി പിരിഞ്ഞു വീഴാനെ ഈര്‍ക്കിലികള്‍ക്ക് സമയമുള്ളൂ....”.

 

ബന്ധുജനങ്ങളോടുള്ള സങ്കടം ജീവിച്ചിരിക്കുന്നവരോട് അയാള്‍ പറഞ്ഞില്ല. പ്ലാവിന്‍ വേരുകള്‍ ഒരിക്കലും അത് കേട്ടതായി നടിച്ചതും ഇല്ല. ഇന്നിപ്പോള്‍ കൊല്ലം പത്തു പതിനഞ്ചു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ തവണ ലീവിന് ഞാന്‍ അവിടെ പോയിരുന്നു. കുളം വറ്റിച്ച്, പിള്ളേര്‍ കാല്‍പ്പന്തു കളിക്കുന്നുണ്ടായിരുന്നു. ആ പഴയ തറവാട് അവിടെ ഇല്ല. മുന്‍തൂണ് ചിതല്‍ തിന്ന് വീഴാറായി നില്‍പ്പുണ്ട്. ഉമ്മറത്ത്‌ കരിമ്പടം കയറിയ ചാരുകസേരയില്‍ എല്ലുന്തിയ ഒരാള്‍ കിടപ്പുണ്ട്. പുരികം ഒരു നേര്‍ത്ത ചന്ദ്രക്കല പോലെ തോന്നിച്ചു. നെഞ്ചില്‍ വടുക്കള്‍ കളം തീര്‍ത്തിട്ടുണ്ട്. ഇരുകാലുകളും വെടിച്ചു കീറിയ നിലയിലാണ്. പേര് പറഞ്ഞ് ഞാന്‍ ഉമ്മറപ്പടിയില്‍ ഇരുന്നു. നാണിയേടത്തി ഞങ്ങളുടെ സംഭാഷണം കേട്ടെന്ന വണ്ണം പുറത്തേക്ക് വന്നു. ആകെയുള്ളത് ഇച്ചിരി കഞ്ഞി വെള്ളമാണെന്നും പറഞ്ഞ് ഇച്ചിരി കടുമാങ്ങാച്ചാര്‍ ചേര്‍ത്ത് എനിക്ക് നേരെ നീട്ടി.

 

“പഴയ പ്രതാപം ഒക്കെ പോയി... വീണൂന്ന് തോന്നി തുടങ്ങിയാല്‍ പിന്നെ ഇങ്ങനെയാ... ചട്ടമ്പിയെ തല്ലിയ ഭാര്‍ഗവനിപ്പം മുണ്ട് ഉടുക്കണേല്‍ ഒരാള്‍ സഹായം വേണം.. പലപ്പോഴും മുണ്ട് നനയണത് പോലും അറിയാറില്ല ഞാന്‍....ആഴ്ച്ചേല് രണ്ട് നാള്‍ വയറ്റീന്ന് പോകും... പോയാല്‍ പിന്നെ രണ്ട് നാള്‍ സ്വര്‍ഗമാ...മൂന്നാം നാള്‍ മുതല്‍ പിന്നെയും കാത്തിരിപ്പാ....ആദ്യാദ്യമൊക്കെ ചില ഗുളികകള്‍ വാങ്ങിയിരുന്നു... പിന്നെ നാണിയോട് ഞാനാ വേണ്ടാന്ന് പറഞ്ഞത്... എന്‍റെ നാറ്റം അവള്‍ക്കിപ്പോള്‍ ഒരു ശീലമായി.... “ ഭാര്‍ഗവേട്ടന്‍ ഒന്ന് ചിരിച്ച് നാണിയേടത്തിയെ നോക്കി. അവര്‍ കണ്ണ് തുടച്ചു അകത്തേക്ക് പോയി. ഭാര്‍ഗവേട്ടന്‍റെ തലയ്ക്ക് മുകളിലായി, വെള്ളം നനഞ്ഞ് മഷി മാഞ്ഞ നിലയില്‍ ഒരു തടി ഫ്രെയിമിനുള്ളില്‍ അച്യുതന്‍ പിള്ളയും നീലിയമ്മയും ചിരി തൂകി ഇരിപ്പുണ്ട്.

 

നാണിയേടത്തി പോയി എന്നുറപ്പ് വരുത്തി, അയാള്‍ പതിയെ എന്നോടായി ചോദിച്ചു- “നിനക്ക് മുഷിയില്ലേല്‍ ഒരു പത്ത് രൂപ തരാവോ? എത്രേന്നു വച്ചാ മക്കളോട് കൈ നീട്ടണേ? പെമ്മക്കളായിപ്പോയില്ലേ... എങ്ങനാ അവരോട്.... അല്ല.. എത്ര തവണയാ....”.

 

നാളിതു വരെ ഒരാളോടും അയാള്‍ കൈനീട്ടിയതായി അറിവില്ല. അയാളെക്കൊണ്ട് അത് മുഴുമിപ്പിക്കാന്‍ എന്‍റെ മനസ് അനുവദിച്ചില്ല. വാര്‍ധക്യം ഒരു അഭയമാണെന്നും വിശ്രമമാണെന്നും മാത്രമേ ഞാന്‍ അറിഞ്ഞിരുന്നുള്ളൂ.. ആരോടും ഒന്നും ആവശ്യപ്പെടാതെ ആരോടും ഒന്നും പറയാനില്ലാതെ, ചിലര്‍. പ്രതിഫലനങ്ങളില്‍ പ്രകൃതിയുടെ കനിവ് മാത്രം പ്രതീക്ഷിക്കുന്നവരും ഏറെയുണ്ടെന്ന് തോന്നിച്ച നിമിഷങ്ങള്‍. വാചാലതയുടെ പൂര്‍ണത മൗനമാണ്. സാന്ത്വന വാക്കുകള്‍ കടം കൊള്ളാന്‍ ഞാന്‍ നന്നേ പണിപ്പെട്ടു. പറയാനായി ഒന്നുമില്ല. കഷ്ടനഷ്ടങ്ങളുടെ കണക്കെടുപ്പ് തീരുന്നത് ഒരു തെങ്ങിന്‍തൈയിലോ, പ്ലാവിന്‍ തൈയിലോ മാത്രമാണെന്ന് മനസ്സ്, തലച്ചോറിനോട് ആണയിട്ട് പറഞ്ഞ നിമിഷങ്ങള്‍. ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കരുതിയ അന്പതിന്‍റെ നോട്ടും ചേര്‍ത്ത്, പാന്റ്സില്‍ നിന്ന് പേഴ്സ് എടുത്ത് ഉമ്മറത്ത്‌ വച്ച് ഞാന്‍ തിരിഞ്ഞു നോക്കാതെ നടന്നു.

Subscribe to Short Story - Malayalam