Skip to main content
Srishti-2022   >>  Short Story - Malayalam   >>  പെയ്തൊഴിയാതെ

Anandh R

Dinoct Solutions

പെയ്തൊഴിയാതെ

എങ്ങും മഴ തിമിർത്തു പെയ്യുകയാണ്. പാടവും പറമ്പുമെല്ലാം നിറഞ്ഞു കവിഞ്ഞു. അമ്പലത്തിലെ തിടപ്പള്ളിയിൽ ചാരിയിരിക്കുമ്പോൾ ഞാൻ ഓർത്തു , എന്റെ മനസ്സിന്റെ വിങ്ങൽ തന്നെയാണല്ലോ ഈ മഴയായി ആർത്തലക്കുന്നത്. അങ്ങനെയിരിക്കെയാണ് വാരസ്യാരുടെ വരവും പുറകെ ഒരു ചോദ്യവും, എന്താ , ദിവാസ്വപ്നം കാണുകയാണോ ? ഉച്ചപൂജ ആയിരിക്കണു. പെരുമഴയായതുകൊണ്ട് ആരുമില്ല തൊഴാൻ. ഞാൻ പതിയെ എഴുന്നേറ്റു നടന്നു. ഭഗവാനെ ഉറക്കാൻ സമയമായി. മഴ അല്പം ശമിച്ചിരിക്കുന്നു. ഇടയ്ക്ക എടുക്കാൻ തുടങ്ങിയപ്പോഴാണ് ആ കൊലുസ്സിന്റെ ശബ്ദം കേട്ടത്. പതിവുപോലെ അവൾ തന്നെയായിരുന്നു. ഇതുപോലെ ഒരു മഴയത്താണ് ആദ്യമായി കണ്ടത്. എങ്ങനെയോ അടുത്തു. പക്ഷേ ഇന്നത്തോടെ എല്ലാം അവസാനിക്കുകയാണ്. അവൾ നേരെ എന്റടുത്തു വന്നു പറഞ്ഞു, ഞാൻ നാളെ പോവും. ഇനി ഒരിക്കലും........മുഴുമിപ്പിക്കാൻ അവൾക്കായില്ല. കേൾക്കാൻ എനിക്കും ആവുമായിരുന്നില്ല. ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ടും വെറുതെ മോഹിച്ചു. മനസ്സ് ചിലപ്പോഴൊക്കെ അങ്ങനെയാണ്. കുറേ ഉയരങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകും. അവസാനം പടുകുഴിയിലേക്ക് എടുത്തെറിയും. ഭഗവാനെ തൊഴുതു ചുറ്റമ്പലത്തിനു വലം വെക്കുമ്പോൾ മഴവെള്ളത്തിൽ പതിഞ്ഞു അവളുടെ കാല്പാടുകൾ മാഞ്ഞു തുടങ്ങിയിരുന്നു. നടയ്ക്കൽ എത്തി തൊഴുത്തിട്ടു പറഞ്ഞു, എന്നാൽ ഞാൻ പോട്ടെ , അടുത്ത മഴ വരുന്നു. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് എനിക്ക് കാണാമായിരുന്നു. കൊലുസ്സിന്റെ ശബ്ദം പതിയെ അകന്നു തുടങ്ങിയിരുന്നു. ഒപ്പം അവളും. ഉടനെ വലിയ ഒരു ശബ്ദത്തോടെ നടയടഞ്ഞു. ഭഗവാനേ, എന്റെ ആഗ്രഹങ്ങൾക്കുമേൽ നീ വാതിൽ കൊട്ടിയടച്ചുവല്ലോ, എങ്കിലും നിന്നെ ഉറക്കാൻ പാടാതെ വയ്യ. ദൂരേന്നു ഒരു മഴ ഇരച്ചുവരുന്നുണ്ടായിരുന്നു. എന്റെ മനസ്സിലും. ഞാൻ ഇടയ്ക്കയിൽ പാടിത്തുടങ്ങി.

 

നീലകണ്ഠാ മനോഹരേ ജയാ.....

നീലകഞ്ചാ വിലോചനേ ജയാ .....

നീലകുന്തളഗാലസങ്കട

ബാലചന്ദ്ര വിഭൂഷണേ ജയാ........ 

Srishti-2022   >>  Short Story - Malayalam   >>  വിശപ്പ്

Surya C G

UST

വിശപ്പ്

ഉമ്മറത്ത് പെയ്യുന്ന പേമാരിക്കു പോലും തണുപ്പിക്കാനാകാത്ത വിധം ഉള്ളിൽ തീയെരിയുന്നു. പനിച്ചു കിടന്ന ദിവസങ്ങളത്രയും മുഴുപ്പട്ടിണി തന്നെയായിരുന്നല്ലോ..! ഇനിയും കിടന്നു പോയാൽ മരിച്ചു പോകുക തന്നെ ചെയ്യും. തനിക്കു വേണ്ടി ജോലി ചെയ്യാൻ മറ്റാരാണുള്ളത്?

 

      ഇച്ഛ പോലെ തന്നെ ഫോണിൽ പൊടുന്നനെ നോട്ടിഫിക്കേഷൻ മുഴങ്ങി. നെല്ലുശ്ശേരിയിൽ നിന്നൊരാൾ ചിക്കൻ ബിരിയാണി ഓർഡർ ചെയ്തിരിക്കുന്നു. ദൂരം നന്നേ കൂടുതലാണ്. എന്നിരുന്നാലും ഇനിയും ഇങ്ങനെ കിടന്നു പോയിക്കൂടാ!

 

     കട്ടിലിൽ പിടിച്ചിരുന്നു ഒരു നെടുവീർപ്പോടെ യൂണിഫോമും തൊപ്പിയും ധരിച്ച് അവൻ ഇറങ്ങി. ഒരു റൈൻകോട്ട് വാങ്ങുക എന്നത് വളരെ നാളത്തെ ആഗ്രഹമാണ്. പക്ഷെ വിശക്കുന്ന വയറിനു കൂടുതൽ പ്രാധാന്യം ഭക്ഷണം ആണല്ലോ..

 

    ഹോട്ടലിൽ നല്ല തിരക്കുണ്ട്. നന്നേ പനിക്കുന്നും ഉണ്ട്. കണ്ണുകളടച്ചു അവൻ വരാന്തയിൽ ഇരുന്നു. അര മണിക്കൂർ പിന്നിടുന്നു. അപ്പോഴാണ് കോൾ വന്നത്.

 

"ഒരു ചിക്കൻ ബിരിയാണി കഴിക്കണമെങ്കിൽ എത്ര നേരം കാത്തിരിക്കണം! കളക്ട് ഇറ്റ് ഫാസ്റ്റ് ആൻഡ് കം!"

 

"ഓക്കേ മാഡം."

 

നെഞ്ചിടിക്കുന്നുണ്ട്! തെല്ലൊരാശ്വാസം പോലെ ബിരിയാണി തയ്യാറായി. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ബിരിയാണി വാങ്ങുമ്പോൾ അവൻ ഒരു നിമിഷം കണ്ണുകളടച്ചു!

'നറുനെയ്യിൻറ്റെ ഭ്രാന്ത് പിടിപ്പിക്കുന്ന ഗന്ധം!'

 

പെട്ടെന്ന് തന്നെ ബിരിയാണി വാങ്ങി ബാഗിൽ തിരുകി അവൻ സ്കൂട്ടർ എടുത്ത് തിരിച്ചു. മഴ തോർന്നിട്ടില്ല. ഓരോ ഇടവഴിയിലും ഓരോ മണമാണ്...

സുഗന്ധദ്രവ്യങ്ങളത്രയും കൊതിയൂറുന്ന ബസ്മതി അരിയിൽ പൊതിഞ്ഞു കിടക്കുന്ന ഗന്ധം..

ഏറെ നേരം പാകം ചെയ്ത മസാലയിൽ ചിക്കൻ കഷണങ്ങൾ പാകപ്പെടുത്തിയെടുത്ത ഗന്ധം..

ഇപ്പോൾ ദം പൊട്ടിച്ചെടുത്ത ബിരിയാണിചെമ്പിൻറെ തടുക്കാനാകാത്ത സുഗന്ധം!

 

വിറയ്ക്കുന്ന പനിയും, തോരാത്ത മഴയും, ഭ്രാന്തമായ സുഗന്ധങ്ങളും!

 

"മാഡം.. ലൊക്കേഷൻ എത്തിയിട്ടുണ്ട്. ഒന്ന് പുറത്തേക്ക് വരാമോ?"

 

"എന്തിന് ?? ഒരു മണിക്കൂറായി ഓർഡർ ചെയ്തിട്ട്! അതിനി നിങ്ങൾ തന്നെ കൊണ്ട് പൊയ്‌ക്കോ!"

 

"മാഡം പ്ളീസ്! ഹോട്ടലിൽ തിരക്ക് കാരണമാണ്. എന്റെ ശമ്പളത്തെ ബാധിക്കും!"

 

"ഐ ഡോണ്ട് വാണ്ട് ടു ഹിയർ യുവർ എക്സ്പ്ലനേഷൻസ്. ബൈ!"

 

തളർന്ന് സ്കൂട്ടറിൽ തെല്ലു നേരം ഇരുന്നതിനു ശേഷം ഒരു വിങ്ങലോടെ അവൻ തിരിച്ചു.

പനിച്ചു തളരുന്ന ശരീരവും, വിശന്നു മങ്ങുന്ന കാഴ്ചയും..

 

കാഴ്ച വീണ്ടും വീണ്ടും മങ്ങുകയാണ്. ഈ പ്രപഞ്ചമത്രയും തന്നെയും പേറി ഈ തിരക്കേറിയ റോഡിലൂടെ ഒഴുകുന്നു! കാഴ്ച തീർത്തും മങ്ങിയിരിക്കുന്നു.. ഇരമ്പുന്ന ആൾക്കൂട്ടത്തിന്റെ സ്വരം! ചിതറിത്തെറിച്ച നറുനെയ്യിന്റെ സുഗന്ധം! അവസാനശ്വാസത്തിൽ ആ സുഗന്ധമേന്തി തെല്ലു നോവേറിയ പുഞ്ചിരിയോടെ ആ കണ്ണുകളടഞ്ഞു.

Srishti-2022   >>  Short Story - Malayalam   >>  ഫസ്റ്റ് ഡേറ്റ്

Pranav Harikumar

Infosys

ഫസ്റ്റ് ഡേറ്റ്

ക്യാനഡക്കാരി പെണ്ണിന്റെയും കൊച്ചിക്കാരൻ പയ്യന്റെയും ഫസ്റ്റ് ഡേറ്റിങ്ങാണിന്ന്.
പയ്യൻ പ്രസ്തുത സ്ഥലത്തെ പ്രധാന പത്രത്തിന്റെ ജേർണലിസ്റ് കം കോളമിസ്റ്റ്.
പെണ്ണ് കേരളത്തെ സ്നേഹിക്കുന്ന പാവം ക്യാനഡക്കാരി. വളക്കൂറുള്ള പ്രസ്തുത രാജ്യത്ത് പഠിപ്പും പണിയും ചെയ്യാൻ വിധിക്കപെട്ടവൾ .
പരസ്പരമുള്ള ആദ്യ കണ്ടുമുട്ടലും ആദ്യ ഡേറ്റിംഗും ഒരുമിച്ചാകുന്നു എന്ന എക്സ്ക്ലൂസിവിറ്റി കൂടിയുണ്ട് ഈ ദിവസത്തിന്.
സർവ്വോപരി പണച്ചാക്കും,പാലാക്കാരിയുമായ  "സലോമി മിഷേൽ അൽഫോൻസോ" എന്ന തന്റെ കടുത്ത  ആരാധികയെ കാണാൻ പയ്യനും ,
"പി.കെ " എന്ന നാമത്തിൽ പ്രശസ്തിയാർജ്ജിച്ച   രാഷ്ട്രീയ നിരീക്ഷകനും  വർത്തയ്ക്കപ്പുറം വായനക്കാരന്റെ ചിന്തകൾക്ക് തീകൊളുത്താൻ പൊട്ടൻഷ്യലുമുള്ള  ജേര്ണലിസ്റ്റിനെ കാണാൻ പെണ്ണും കഴിഞ്ഞ ഒരു മാസമായി തയ്യാറെടുക്കുകയായിരുന്നു.

രാവിലെ  കൃത്യം  ഒമ്പതിന്  തന്നെ  പെൺകിളി  കൊച്ചിയിൽ പറന്നിറങ്ങി .
പുറം കവാടത്തിനരികിലായി രണ്ടു ചിരിക്കുന്ന കണ്ണുകൾ അവൾക്ക് സ്വാഗതം പറയുന്നുണ്ടായിരുന്നു .
'പി.കെ' എന്ന് ഉറക്കെ വിളിച്ച്  അവൾ  അവന്റെ അരികിലെത്തി .
ആദ്യം തന്നെ പ്രസാധകനെ അടിമുടി നോക്കി ഒരു കാനേഡിയൻ ആലിംഗനം വെച്ചുകൊടുത്തു.
പി.കെ  സന്തോഷപൂർവം അത്  കൈപറ്റി .
സൊ.. ഹൌ വാസ് ദി  ജേർണി ? ഈസ് എവെർത്തിങ് ഗുഡ് ??..
പി.കെ  യുടെ ഗതികേടിന്റെ  ആംഗലേയം അവൾക്ക് ദഹിച്ചില്ല.
നോക്കൂ  പി.കെ ..ഈ വൃത്തികെട്ട ഭാഷയുടെ വീർപ്പുമുട്ടലിലാ ഞാൻ നിന്നെ കാണാനും ,നാട് കാണാനും വന്നത് .
എനിക്ക് നിന്നിൽ നിന്ന് കേൾക്കേണ്ടത് നിന്റെ മലയാളമാ ..എന്നെ നിന്നിലേക്കടുപ്പിച്ച   മലയാളം .
ചെറിയൊരു ഞെട്ടലിൽ അത് കേട്ടെങ്കിലും വലിയൊരു ദീര്‍ഖനിശ്വാസത്തില്‍ ആംഗലേയം എന്ന വലിയ ഭാരം പി.കെ  മനസ്സിൽ നിന്നിറക്കി.
ഇന്നേദിവസം തന്റെ വായിൽ നിന്ന് അവൻ പുറത്ത് ചാടില്ലെന്നു  സലോമിക്ക് ഉറപ്പുകൊടുത്തു .
ഇരുവരും വചനത്തിനു തിരിയിട്ട്   പുറത്തേക്കിറങ്ങി .
പി.കെ ..ആദ്യമെങ്ങോട്ട് ? സലോമി ചോദിച്ചു .
ക്യാനഡയെ അപേക്ഷിച്ചു കൊച്ചിയിൽ   ആരെയും മോഹിപ്പിക്കുന്ന ഒരുപാട് കാഴ്ചകളുണ്ടെന്നു കേട്ടിട്ടുണ്ട് ! അവൾ കൂട്ടിച്ചേർത്തു .

തലേന്ന് കൊച്ചി വേഴ്സസ് കാനഡ എന്ന തലകെട്ടിൽ നടത്തിയ റിസർച്ച് മെറ്റീരിയൽസ് നിരത്താൻ പി.കെ-യുടെ വായ  കൊതിച്ചു .
ആമുഖമായി പഠിച്ചു  വെച്ച  " കൊച്ചി കണ്ടവന് അച്ചി വേണ്ടാന്നുള്ള "  പഴമൊഴി മുഴുവനായും പി.കെ  വിഴുങ്ങി .
കാരണം ,എത്ര മെനക്കെട്ടാലും  ഇവളെ  തന്റെ അച്ചി ആക്കണമെന്ന് അയാൾ അതിനകം മനസ്സിൽ ഉറപ്പിച്ചു  കഴിഞ്ഞിരുന്നു .
പി കെ ടാക്സിക്ക് കൈ കാണിച്ചു.
ഇരുവരും അടങ്ങിയ ടാക്സി എയർപോർട്ട് റോഡ് ബേദിച്ച്  പെരിഗ്രിന്‍ ഫാൽക്കനെ  അനുസ്മരിപ്പിക്കും വിധം പറന്നു .
സൈഡ് വിൻഡോയിലൂടെ ചൂട് കാറ്റ് മുഴവനായും അവളുടെ മുഖത്ത്  വന്നു പതിച്ചു .
അവളുടെ മുഖം തിളങ്ങി .അവളുടെ  മുടിയിലൂടെ ആ കാറ്റിന് ജീവന് വെക്കുന്നത് പി.കെ കണ്ടു .

 
അടിക്കുമെന്നു 90 ശതമാനം ഉറപ്പുള്ള ഒരു ബമ്പർ ടിക്കറ്റ് എടുക്കുന്ന ലാഘവത്തോടെ  പി.കെ  സലോമിയെ  പാട്ടിലാക്കാനുള്ള  എല്ലാ വിദ്യകളും തന്നാലാവും വിധം പ്രയോഗിച്ചു .
മതം തനിക്കൊരു വിഷയമേ അല്ലെന്ന ലൈനിൽ ആദ്യം തന്നെ മലയാറ്റൂര്‍ പള്ളിയിലേക്ക് വെച്ച് പിടിച്ചു .
അവിടുന്ന് നേരെ പ്രണയ ഭാവം വിടർത്തി  സുഭാഷ് പാർക്കിലൂടെ ഐസ്ക്രീമും നുണഞ്ഞുകൊണ്ടൊരു   വലം വെയ്പ്പ്.
ഉച്ചയൂണ് ഗ്രാൻഡ് ഹോട്ടലിൽ ബുക്ക് ചെയ്തു (ഒട്ടും കുറച്ചില്ല) .സ്വതവേ അറുപിശുക്കനായ പി.കെ  ഭക്ഷണ കാര്യത്തിൽ കാശ് ഏതെല്ലാം വിധവും പറപ്പിക്കും .
സലോമിക്ക്  സ്പെഷ്യൽ  ദം ബിരിയാണി , പി.കെ  തന്റെ പ്രിയ ഭക്ഷണം പൊറോട്ടയും ബീഫിലും അഭയം പ്രാപിച്ചു  .
കാര്യം ഡേറ്റിംഗ് ലഞ്ച് ഒക്കെ തന്നെ പക്ഷെ , ഓർഡർ ചെയ്‌ത ഐറ്റംസ് ടേബിളിൽ വന്നാൽ പിന്നെ അവനെ അകത്താക്കും വരെ  നോ ഡിസ്കഷൻ .അതാണ് പി.കെ യുടെ ശാപ്പാട്ട് നിയമം.
യുദ്ധം തുടങ്ങി .സലോമി ബിരിയാണിയുടെ മണവും ഗുണവും വേർതിരിക്കുമ്പോളേക്കും പി.കെ മുന്നിലെ പൊറോട്ടയെ പിച്ചി ചിന്തി എടി പിടിന്നു  ബീഫിൽ  കുളിപ്പിച്ചു  ശാപ്പിട്ടു കളഞ്ഞു .
പ്ലേറ്റ് അപ്പടി ക്ലീൻ .കൃത്യം കണ്ട സലോമി മനസ്സറിഞ്ഞു   ചിരിച്ചു .

ഉച്ചതിരിഞ്ഞു ഒരു ചരിത്ര ക്ലാസ്സെന്നവണ്ണം ഇന്തോ - പോര്‍ട്ടുഗീസ് മ്യൂസിയം സന്ദർശിക്കാനായിരുന്നു  സലോമിയുടെ താല്പര്യം.ഉറക്ക ചടവോടെ ആണെങ്കിലും കലർപ്പില്ലാത്ത പോർട്ടുഗീസ്-കൊച്ചി ചരിത്ര ബന്ധങ്ങൾ പി.കെ  വിവരിച്ചു.
ഉച്ചതിരിഞ്ഞുള്ള ഉശിരൻ ചായ മറൈന്‍ ഡ്രൈവിലാക്കി.
കാനേഡിയൻ കടൽ കണ്ടു മരവിച്ച അവളെ ഫോര്‍ട്ട് കൊച്ചി ബീച്ച്  കാണാൻ  വിളിക്കുമ്പോൾ ചെറിയൊരു ചളിപ് പി.കെ  യ്ക്ക് തോന്നിയെങ്കിലും  അറബിക്കടലിന്റെ റാണി തന്നെ കാത്തോളുമെന്നു   പി.കെ പ്രത്യാശിച്ചു  .
സലോമി പി.കെ യുടെ കൈ പിടിച്ചു കടലിന്റെ ആഴങ്ങളിലേക്ക് നടന്നു .
തീരത്തെ  കാഴ്ചകൾ അവളെ ആഴത്തിൽ  സ്വാധീനിക്കുന്നതായി പി.കെ  യ്ക്ക് അനുഭവപെട്ടു .
അവൾ സൂര്യനെ നോക്കി കരഞ്ഞു .
ഈ സൂര്യൻ ഈ ആഴങ്ങളിൽ പതിക്കുന്ന വരെയേ എനിക്കീ മണ്ണിൽ ആയുസൊള്ളു ..
അതെന്ത് വർത്തമാനമാ ..? പി.കെ  അധികാരത്തോടെ ചോദിച്ചു .
 കാര്യം ഒരു വിദേശ മലയാളി തന്നെയാ നീ ..എങ്കിലും നിന്റെ സ്വാതത്ര്യമല്ലേ നിന്റെ ജീവിതം .
കുടുംബക്കാർ നാട്ടിലേക്ക് ഇല്ലെങ്കിൽ വേണ്ട ..നിനക്കു ഇവിടെ വന്നു ജീവിച്ചൂടെ. പി.കെ  അവളുടെ കണ്ണീരൊപ്പി .
"ഒരു പെണ്ണിനെ സംബദ്ധിച്ച്  എല്ലാ  സ്വാതന്ത്ര്യത്തിനും  ഒരു പകൽ മാത്രമല്ലെ ആയുസ്സ് ? ?" സലോമി ചോദിച്ചു
പി.കെ ഒന്നും മിണ്ടിയില്ല .
ഫ്ലൈറ്റിനു സമയം ആകുന്നു നമ്മുക്ക് തിരിക്കാം ..സലോമി വിങ്ങികൊണ്ട് പറഞ്ഞു.

ഇരുവരും മനസ്സില്ലാമനസ്സോടെ  ടാക്സിയിൽ കയറി .
കൊറേ നേരം പരസ്പരം ഒന്നും മിണ്ടിയില്ല ..അവളുടെ ആ ചോദ്യത്തിന് മുന്നിൽ  പി.കെ ആകെ അണഞ്ഞ മട്ടായി. തന്നെ ഇഷ്ടപ്പെട്ടോ ? എന്ന് പോലും ചോദിക്കാൻ മുതിരാനാവാത്ത  ഒരു മാനസികാവസ്ഥ.
ഒരുപക്ഷെ ഒരു ഒത്തുചേരലിനപ്പുറം  ഫസ്റ്റ് ഡേറ്റിംഗ് എന്നതുകൊണ്ട് അവൾ ഒന്നും ഉദ്ദേശിച്ച കാണില്ലേ ..എന്ന സംശയത്തിലായി അയാൾ .
സൂര്യൻ അതിനകം ആഴങ്ങളിലേക്ക്  പതിച്ചിരുന്നു  .ഇരുട്ട്  അവന്റെ കണ്ണിലേക്ക് ആഴ്ന്നിറങ്ങി .
ആദ്യമായി  നേരിൽ കാണുമ്പോൾ ചോദിക്കാൻ വെച്ചൊരു ചോദ്യമുണ്ട് .സലോമി പി.കെ യോടായി പറഞ്ഞു.
വലിയ ഭാരമുള്ള ചോദ്യമാണോ ? പി.കെ  ചിരി ഉയർത്തി.
പേടിക്കണ്ട ! ഈ ടാക്സിക്ക് താങ്ങാൻ പറ്റുന്ന ഭാരമേ കാണു .
പി.കെ  മേലോട്ട് തലയെറിഞ്ഞ് ഒറക്കെ ചിരിച്ചു .
കേൾക്കട്ടെ ..ആ ഭാരിച്ച ചോദ്യം !
നല്ല രാഷ്ട്രീയ സാമൂഹിക നിരീക്ഷകൻ ,എഴുത്തിലൂടെ ഒരുപാട് പേരെ സ്വാധീനിക്കാൻ കെൽപ്പുള്ള ഒരാൾ ഇതിലെല്ലാം ഉപരി ഞാൻ പി.കെ  എന്ന  സാധാരണക്കാരനെ  അടുത്തറിഞ്ഞപ്പോൾ..  
ശരിക്കും ഒരു പാഷൻ  കൊണ്ട് ഇതിനു പുറകെ ഇറങ്ങി തിരിച്ച ഒരാളായിട്ട് എനിക്ക് പി.കെ യെ  തോന്നിയിട്ടേ.. ഇല്ല.
സത്യമായിട്ടും  ഈ ഫീൽഡ് ആഗ്രഹിച്ചു വന്നതാണോ ? എന്താ ഇതിനു പുറകിൽ ഉള്ള ഒരു തീ ?

വെറും ഒരു  കോളമിസ്റ്റിന്റെ  ആരാധിക മാത്രമല്ല തനിക്കൊപ്പം യാത്ര ചെയ്യുന്നത് , എവിടെയൊക്കെയോ  ഇവൾക്കെന്നെ മനസിലായിരിക്കുന്നു.
മുഴുവനായും പിടി കൊടുത്താൽ ആ നിമിഷം  തന്റെ അന്ത്യം .പി.കെ സ്വയം പറഞ്ഞു .


എന്തുമാവട്ടെ കള്ളം പറയാൻ അയാൾക്ക് തോന്നിയില്ല !

കേട്ടോ സലോമി ... എന്റെ അച്ഛൻ  ഒരു  മണ്ടനായ ജനപ്രതിനിധിയുടെ രാഷ്ട്രീയ ഉപദേശകനായിരുന്നു .ആ മണ്ടന്  കാലക്രെമേണ ബുദ്ധി വെച്ചപ്പോൾ  അച്ഛന്റെ പണി തെറിച്ചു .പാർട്ടി മാറി ജോലി തേടാൻ അച്ഛനൊട്ടു പോയതുമില്ല . അങ്ങനെ പൊട്ടി പാളീസായ അച്ഛനെ കണ്ടു രാഷ്ട്രീയം പഠിച്ച ആളാണ് ഞാൻ .
പിന്നെ ,പണമില്ലായിമയുടെ ആ പൊതുബോധമാണ് നേരത്തെ ചോദിച്ച ..ആ.... തീ !
സലോമി കരുതുംപോലെ നേരായ  ഒരു പത്രപ്രവർത്തക ജീവിതമല്ലെനിക്കുള്ളത് .20 ശതമാനം സത്യവും ,50 ശതമാനം കള്ളവും 30 ശതമാനവും ഭാഗ്യവും കൊണ്ട് മാത്രമാ എന്റെ ഓരോ ദിവസവും  മുന്നോട്ട് പോകുന്നത് .
നീ കുറച്ച്  മുന്നേ പറഞ്ഞ ആ  'പകലിന്റെ സ്വാതന്ത്ര്യം ' .അത് ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാൻ ഭാഗ്യം കിട്ടിയിട്ടില്ലാത്ത വെറുമൊരു  സാധാരണക്കാരൻ മാത്രമാ ഞാൻ .
ഒരു ആരാധികയോടുള്ള കുറ്റസമ്മതമല്ല. ഈ തൊഴിൽ ആഗ്രഹിച്ചു ചെയുന്നതല്ല!! വല്ലാത്തൊരു ഗതികേടിന്റെ വയറ്റിപ്പാടാണ് എനിക്ക് പത്രമെഴുത്ത് .
അവളുടെ  കണ്ണുകളിൽ അയാളുടെ മുഖം ആഴത്തിൽ പതിഞ്ഞു.
എയർപോർട്ടിന്  മുന്നിൽ ടാക്സി  ബ്രേക്ക് ഇട്ടു നിർത്തി .
സലോമി മനസ്സ് നിറഞ്ഞു ആശ്വാസത്തിന്റെ കരങ്ങൾ അവനിലേക്ക്‌ നീട്ടി .
നിർവികാരനായി അയാൾ അവൾക്ക് യാത്ര പറഞ്ഞു .
പി.കെ തന്റെ പെർഫോമൻസിനുള്ള മാർക്ക് പ്രതീക്ഷിച്ചു മാത്രം തുടങ്ങിയ  ഈ ദിവസം അവസാനിക്കുന്നത്   വിലമതിക്കാനാവാത്ത എന്തെക്കെയോ മുല്യങ്ങളോട് കൂടിയാണെന്ന സത്യം അയാൾ തിരിച്ചറിയുന്നു.
"പൊരുത്തം മാത്രമല്ല ജീവിതം" എന്ന പിറ്റേന്നത്തെ  പത്രത്തിന്റെ എഡിറ്റോറിയൽ കോളം അത് സാക്ഷ്യപ്പെടുത്തി.

Srishti-2022   >>  Short Story - Malayalam   >>  കരിഞ്ഞവൾ

Prasad TJ

PIEDISTRICT

കരിഞ്ഞവൾ

അവൾ അന്ന് 

കൗമാരം അവൾക്കു നൽകിയതു അച്ചടക്കവും നിശബ്ദകളും മാത്രം...കൂടെ കരിഞ്ഞവൾ എന്ന വിളിയും.... ഞങ്ങൾക്ക് വായ്നോക്കി രസിക്കാൻ ഒരുപാടു സുന്ദരികളും ന്യുജെൻസ്റ്റാറുകളും   ഉള്ളപ്പോൾ അതിനിടയിൽ വായ്നോട്ടത്തിന്റ രസം കളയാൻ ഓരോന്നു വന്നോളും, ഓരോ കരിഞ്ഞവളുമാർ.....
വല്ലാണ്ട് കറുത്ത ഇത്തരം പെൺകുട്ടികൾ, പ്രത്യേകിച്ച് ഈ ഫാഷനൊന്നും തൊട്ടുതീണ്ടാത്തവർ,വായ്നോക്കികളുടെ രസം കളയുമെനാണവരുടെ പരാതി.... കറുത്തു കരിഭൂതം പോലെ ഇരിക്കുന്ന ഇവളെയൊക്ക കാണുന്നതെ, കലിയായിരുന്നു.......

കോളേജ്

ചരിത്രമുറങ്ങുന്ന മതിൽക്കെട്ടുകൾ, അവകാശസമരങ്ങൾ അലയടിച്ച മണൽത്തരികൾ,പ്രണയിനികൾക്കു അഭയം നല്കിയ തണൽ മരങ്ങൾ, കൗമാരം യൗവ്വനത്തിനു വഴിമാറിയ സ്വപ്നങ്ങൾ.....
അന്ന് കോളേജിൽ ചങ്ക് ബ്രോസ് കുറച്ചു പേർ ഉണ്ടായിരുന്നു, പിന്നെ കാണാൻ കൊള്ളാവുന്ന ചില പെൺകുട്ടികളോട് സൗഹൃദം സൂക്ഷിച്ചിരുന്നു..... അതിലൊരുത്തിയെ പ്രണയിക്കുകയും ചെയ്തിരുന്നു... പിന്നെ ചില ബൈക്ക് ടീംസ് ന്റെ കൂടെ കറങ്ങിയടിക്കാനും നല്ല രസമായിരുന്നു........
സുന്ദരിമാരെ മാത്രം ധ്യാനിച്ചിരിന്നു ക്ളാസ് ശ്രദ്ധിക്കാതെ ഉഴപ്പിനടക്കുന്നവരും ക്ലസ്സിലിരുന്നു ദിവാസ്വാപ്പ്നങ്ങൾ കാണുന്നവരും ധാരാളം,പ്രണയം തന്നെയായിരുന്നു പ്രധാന വികാരം ,പിന്നെ ചില സെലിബ്രറ്റികളോടുള്ള അതിരുകവിഞ്ഞ ആരാധനയും ,ഭാവിയിൽ ഒരു ബൈക്ക് റേസിംഗ് ടീമിന്റെ ക്യാപ്റ്റൻ ആകണമെന്നായിരുന്നു ആഗ്രഹം.ഒടുവിലൊരുനാൾ അലിഞ്ഞലിഞ്ഞില്ലാതായൊരു  പകലിന്റെ  അത്മനൊമ്പരങളെ സാക്ഷിയാക്കി, ഒരു  കാലഘട്ടത്തിന്റെ  കഥകളും  യൗവ്വനത്തെക്കുറിച്ചുള്ള  സങ്കല്പങളും പങ്കുവെച്ചു  ഞങ്ങൾ വിടചൊല്ലിയപ്പോൾ, കണ്ടുനിന്ന മദിരാശിമരങ്ങൾ വരെ യാത്രാമൊഴിയേകി വിതുമ്പി .......

ഞാൻ ഇപ്പോൾ

നാട്ടിൽ ചെറിയൊരു ജോലിയുമായി കഴിഞ്ഞു കൂടുന്നു,അതിനിടയ്ക്കാണ് അമ്മയുടെ ഓപ്പറേഷൻ,നല്ലൊരു  തുക ആദ്യമേ കെട്ടിവെയ്ക്കണം ,ബാക്കി പിന്നെ വേറെയും തുക വേണം .....ചോദ്യചിന്ഹം പോലെ നീണ്ടു കിടക്കുന്ന കുറേ ചോദ്യങ്ങൾ ......ഞാനും അച്ഛനും അതിന്റെ ഓട്ടത്തിലാണ് ...പലരോടും കടം വാങ്ങിയതും വീട് വിറ്റതും ഒക്കെക്കൂടി കുറച്ചു ആയിട്ടുണ്ട് ,പ്ക്ഷേ ഇനിയും വേണം  



വാട്സാപ്പ് 

കണ്ട അണ്ടനും അടകോടനും വരെ ഇപ്പോൾ വാട്സാപ്പും ഫേസ്ബുക്കുമുണ്ട് , ഏതൊരു ശരാശരി മലയാളിയെയും പ്പോലെ സ്കൂൾ, കോളേജ് വാട്സാപ്പ് ഗ്രൂപ്പുകളിലൊക്കെ നമ്മളുമുണ്ട് ..പക്ഷെ പ്രേത്യേകിച്ചു ഗുണമൊന്നും ഇല്ല ,ചിലർ ടിക്ക്ടോക് ഇട്ടു വെറുപ്പിക്കലാണ് ,പൂർവവിദ്യാർത്ഥി വാട്സാപ്പ് ഗ്രൂപ്പുകൾ പോലീസിന് തലവേദനയാകാൻ തുടങ്ങിയെന്നു പത്രത്തിൽ വാർത്ത വരെ വന്നു, ആദിവസി പെണ്‍കുട്ടി   വിശപ്പ്‌ സഹിക്കാതെ   ആത്മഹത്യ ചെയ്ത് സംഭവത്തെക്കാൾ സിനിമാനടിയുടെ അവിഹിതകഥകളുടെ വാർത്തയ്ക്കു കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ചാനലുകളും ഫേസ്ബുക് ഗ്രൂപ്പുകളും ഉള്ള ഈ കാലത്തു കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടല്ലോ .......
'പാലാരിവട്ടം ബഡ്ഡീസിൽ' മോസപ്പനും കൂട്ടരും തകർക്കുന്ന സമയങ്ങളിൽ ഞാനും കൂടാറുണ്ട് , പാലാരിവട്ടത്തെ ഒരു തട്ടുകടയിൽ സ്ഥിരമായി ഭക്ഷണം കഴിക്കാൻ വരുന്നവരുടെ ഗ്രൂപ്പാണിത്, ചെറിയൊരു ഗുണ്ടാനേതാവാണെങ്കിലും മോസപ്പൻ ആള് അടിപോളിയാണ് ... മോസപ്പനും പിള്ളേരും വോയിസ് മെസ്സേജുകളുമായി അരങ്ങുതകർക്കുമ്പോൾ വീണ്ടും ആ തട്ടുകടയുടെ ഒരു സ്പെഷ്യൽ ഫീലിംഗ് ,തട്ടുകട എന്നും മലയാളിക്കു ഒരു പ്രത്യേക വികാരമാണ് ...അത് ആസ്വദിച്ചവർക്കു നന്നായി അറിയാം ,എന്റെ സ്ഥിതിയറിഞ്ഞു മോസപ്പൻ വിളിച്ചിരുന്നു,കാര്യങ്ങളറിഞ്ഞപ്പോൾ അവർ പിരിച്ചെടുത്ത ആയിരം രൂപ അയച്ചു തന്നിരുന്നു ,   

കിഷോറിന്റ ഇടപെടൽ മൂലം പഴയ ബാച്ചിന്റെ വാട്സാപ്പ് ഗ്രൂപ്പ് വഴി അമ്മയുടെ ഓപ്പറേഷന്റെ കാര്യമൊക്കെ ഒരുമാതിരി എല്ലാവരും അറിഞ്ഞിട്ടുണ്ട്.....
പക്ഷേ നോ റിസൾട് .... അഞ്ചാറ് കൊല്ലമായില്ലേ അതുകൊണ്ടാകും പിന്നെ എല്ലാരും ഭയങ്കര ബിസിയല്ലേ ........ ചിലർ വാട്സാപ്പിൽ സന്ദേശങ്ങൾ അയച്ചു തന്നു സമാധാനിപ്പിച്ചു...

ഒരാൾ മാത്രം

പക്ഷെ ഒരാൾ മാത്രം സഹായിക്കാൻ വന്നു, രണ്ടു മൂന്നു തവണ ഫോൺ വിളിച്ചു അന്വേഷിച്ചശേഷം അമ്മയെ കാണാൻ വരാമെന്നു പറഞ്ഞു...ഒപ്പം കുറച്ചു പണം തരാമെന്നും പറഞ്ഞു....
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നു പറയുന്നതുപോലെ, അന്ന് ആരും ശ്രദ്ധിക്കാതെ വിട്ടുകളഞ്ഞ സൗഹൃദം.... ശ്രീലക്ഷ്മി... ആ കരിഞ്ഞവൾ.... ഒരു ആവശ്യം വന്നപ്പോൾ സഹായിക്കാൻ വന്നതു അവൾ മാത്രം.. ദൈവമേ അന്ന് ഇതുപോലെ എത്രയോ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോയിട്ടുണ്ട്.......
നമുക്കന്നു സുന്ദരികോതകളെ മാത്രമല്ലേ പിടിക്കു.... സ്വൽപ്പം വിരൂപയായ ഇന്ദിരാമിസ്സിനെയൊക്ക കളിയാക്കി കളിയാക്കി കൊന്നിട്ടുണ്ട്... ഹ്ഹോ

അവൾ ഇന്ന്

ആശുപത്രിയിൽ അമ്മയോടൊപ്പം കുറച്ചധികം സമയം ചിലവഴിച്ച ശേഷം, ഒരു പൊതി ഉണ്ണിയപ്പം അമ്മയ്ക്ക് സമ്മാനിച്ചശേഷം അവൾ എഴുന്നേറ്റു, ഞാൻ തന്നെ ഉണ്ടാക്കിയതാ എന്നുപറഞ്ഞു കൊണ്ട് ഒരെണ്ണം അമ്മയുടെ വായിലേക്ക് സ്നേഹത്തോടെ വെച്ചുകൊടുക്കാനും അവൾ മറന്നില്ല, യാത്ര പറയും മുൻപേ ഒരു പതിനായിരം രൂപ എന്റെ കയ്യിൽ ഏൽപ്പിച്ചു....

ഇടയ്ക്കു പുറത്തേയ്ക്കു നടക്കുമ്പോൾ എന്നോട് പറഞ്ഞിരുന്നു.... ആദ്യം രണ്ടു മൂന്ന് കൊല്ലം സെയിൽസ് ഗേൾ ആയൊക്കെ ജോലി ചെയ്തിരുന്നു.... പിന്നെ അതിനിടയിൽ പി. സ്. സി. കോച്ചിങ്ങിന് പോയി ഒടുവിൽ ഒരു ജോലി കിട്ടി... കഴിഞ്ഞ രണ്ടു കൊല്ലമായി സർക്കാർ ജോലിക്കാരിയാണ്..... അതുകൊണ്ട് പേടിക്കേണ്ട എന്റെ കയ്യിൽ കുറച്ചു പണം ഒക്കെയുണ്ട്.... എന്തെങ്കിലും അത്യാവശ്യം വന്നാൽ പറയണം.......

ഹോ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച സൗഹൃദങ്ങളെ മാപ്പ്..... പ്രതീക്ഷകൾ കൈവിടാതെ, ദിശാസൂചികകൾ നോക്കി മുന്നോട്ടുള്ള വഴി കണ്ടുപിടിക്കാൻ സഹായകമായേക്കാവുന്ന ഒരു വെളിപാട് കൂടി.....
പഴയ കോളേജ്മേറ്റ്സിന്റെ വാട്സ്ആപ് ഗ്രൂപ്പ് ഒന്നെടുത്തു നോക്കി...
ആരോ ഒരു തരികിട ടിക് ടോക് മെസ്സേജ് ഇട്ടിട്ടുണ്ട്.... അതിനു പുച്ഛഭാവത്തിൽ കിഷോറിന്റെ ഒരുഗ്രൻ കമന്റ് "നിന്റെ അച്ഛനാടാ പറയുന്നത്, ഇനി ഇതാവർത്തിക്കരുത് "


ഈ ലോകം 


രാവിലത്തെ പത്രവാര്‍ത്തകളില്‍നിന്നു നമ്മളെ  തുറിച്ചുനോക്കുന്ന ലോകം,
യുദ്‌ധവും ശീതസമരങ്ങളും വിദ്വേഷവും പീഡനങ്ങളും പട്ടിണിമരണങ്ങളും  
നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ഈ ലോകം,സ്നേഹിക്കാന്‍ മറന്നുപോയ
ലോകത്തിനൊരു ഉണര്‍ത്തുപാട്ടായ്,ദേവാംഗനമാരുടെ മൂളിപ്പാട്ടുപ്പോലെ ഒഴുകിവരുന്ന പരിശുദ്‌ധമായ ഈ സ്നേഹം,ആന്നു വിലകൽപ്പിക്കാതെ വിട്ടുകളഞ്ഞ ഈ സ്നേഹം,
ഇതുപോലുള്ള ഒരു സുഹൃത്തിനെയായിരുന്നു ആദ്യമേ കൂട്ടുകൂട്ടേണ്ടതു,ഈ  സ്നേഹമായിരുന്നു ആദ്യം തിരിച്ചറിയേണ്ടിയിരുന്നത്‌.ഇതുപ്പോലുള്ള കുറച്ചുപേർ മാത്രം മതി ഈ ലോകം നന്നാവാൻ .

Srishti-2022   >>  Short Story - Malayalam   >>  സുമിത്ര

സുമിത്ര

പ്രണയത്തിന്റെ ദേവതയ്ക് മണ്ണിൽ മരണമുണ്ടോ?

ആവർത്തിച്ചാവർത്തിച്‌ ഒരേ ചോദ്യം മനസ്സിന്റെ ഇടനാഴിയിൽ, വിദൂരതയിൽ കേൾക്കുന്ന അവ്യക്തമായ ഗാനത്തിന്റെ പ്രകമ്പനം പോലെ, അലയായി അലയായി മനസ്സിന്റെ കോട്ടകളെ തഴുകി തഴുകി നിന്നിരുന്നു.

അറുപതിനോടടുക്കുന്നു അയാൾക്ക്. കാഴ്ച്ചയ്ക് പഴയ വ്യക്തതയില്ല. എങ്കിലും കണ്ണെടുക്കാതെ, ഇമകൾ വെട്ടാതെ, ദൂരെ അവളുടെ ശരീരവും നോക്കി, ഊന്നുവടിയിൽ വിരലുകൾ ഇടയ്ക്കിടയ്ക്ക് മുറുക്കി, ആത്മാവിന്റെ ആന്തരിക സ്പന്ദനത്തിൽ മാത്രം ലയിച്ച്, കൂടെയുണ്ടായിരുന്ന ഭാര്യയെപോലും മറന്ന്, കണ്ണുകൾ അവളിലേക്ക് മാത്രം തിരിച്ച്, ശാന്തമായി അയാൾ ആ മരപ്പലകയാൽ നിർമിക്കപ്പെട്ട ബെഞ്ചിൽ ഇരുന്നിരുന്നു.

നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങളുടെ പ്രണയവിരാമം പേറി, കത്തിച്ചു വച്ച ചിരട്ട വിളക്കുകൾക് നടുവിൽ, പൂക്കളാൽ അലങ്കരിക്കപ്പെട്ടു അവൾ കിടന്നിരുന്നു. അതിജീവിക്കപ്പെടുന്ന എല്ലാ പ്രതിബന്ധങ്ങളുടെയും അവസാനമാണ് മരണം. ഇനിയൊരു കൂടിച്ചേരൽ ഉണ്ടാകില്ല. അവൾ ഇനി മുഖത്തു നോക്കില്ല, ചിരിക്കില്ല, പരിഭവം നടിക്കില്ല. എന്നെന്നേക്കും എന്നന്നേക്കുമായി പ്രപഞ്ചത്തിന്റെ ഏതോ കോണിലേക്ക്‌ ഒളിച്ചോടിയിരിക്കുന്നു. അയാളെ ഒറ്റയ്ക്കാക്കി. ഓർമകളുടെ ഒരു തടവുകാരനാക്കി.

ഭാര്യ ഇടയ്ക്കിടയ്ക്ക്  അയാളെ നോക്കിയിരുന്നു, പിന്നെ വിദൂരതയിലേക്കും.അവളുടെ ആത്മാവും ചുട്ടുപൊള്ളുന്നുണ്ടാകണം. തന്റെ ഭർത്താവിന്റെ ഈ പ്രണയിനി ഇങ്ങനെ മരിച്ചു കാണാൻ വളരെ മുൻപേ അവൾ ഒരുപാട് ആഗ്രഹിച്ചിരുന്നു. തനിക്കു മാത്രം വിധിക്കപ്പെട്ട മുതലിനെ തന്നെക്കാളേറെ അനുഭവിച്ചിരുന്ന ആ ആത്മാവിനെ അവൾ ഒരുപാട് ശപിച്ചിരുന്നു.

ഇരുവരുടെയും സമാഗമത്തിന്റെ ആദ്യവർഷങ്ങളിൽ തന്നെ ഭാര്യ ദേവിക ആ രഹസ്യം കണ്ടുപിടിച്ചിരുന്നു. ചോദ്യം ചെയ്യലുകൾക് സ്ഥിരം വേദി ആയി അവരുടെ കുടുംബം മാറിയിരുന്നു. ഒന്നിനും അയാൾ മറുപടി പറഞ്ഞിരുന്നില്ല. നിത്യം കരച്ചിലും ബഹളവും പിന്നെ ബന്ധുക്കളുടെ ശകാരങ്ങൾക്ക് പാത്രനായി അയാൾ ഒന്നും മിണ്ടാതെ ആ വീട്ടിൽ നിന്നും പലപ്പോഴും പുറത്തേക്കിറങ്ങിപ്പോയിരുന്നു.

“നിങ്ങളുടെ ആരാ അവൾ? എന്നെക്കാളും എന്താ അവൾ നിങ്ങൾക്കു കൂടുതൽ തരുന്നെ?”

കരച്ചിലിന്റെ അകമ്പടിയോടെ സ്ഥിരം അരങ്ങേറാറുള്ള ചോദ്യം. മറുപടി അയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടു അയാൾ ഒന്നും മിണ്ടിയിരുന്നില്ല. കാലം പഴകുംതോറും ദേവിക ആ സത്യം അംഗീകരിച്ചു ജീവിക്കേണ്ടതായ ആവസ്ഥാന്തരത്തിലേക് മനസ്സിനെ മാറ്റിയെടുത്തു. കാരണം തന്റെ ചോദ്യത്തിനുള്ള ഉത്തരങ്ങൾ അയാളുടെ പക്കലും ഇല്ല എന്നു അവൾക്കു മനസ്സിലായിരുന്നു.

അതു തികച്ചും സത്യമായിരുന്നു. വെറും കണ്ടുമുട്ടലിൽ തുടങ്ങിയ ബന്ധം പിന്നീട് കാന്തങ്ങളെ പോലെ പരസ്പരം ആകർഷിക്കപ്പെടുന്ന പ്രണയമെന്ന വികാരത്തിന്റെ ജനനമായി എപ്പോഴോ മാറിയിരുന്നു. ദിനംപ്രതി കണ്ടുമുട്ടലുകളുടെ ദൈർഘ്യവും എണ്ണവും വർദ്ധിച്ചുകൊണ്ടിരുന്നു. പിന്നീട്‌ സമയവും കാലവും അവരെ സ്വാധീനിക്കാത്തതു പോലെയായി. പ്രപഞ്ചത്തിൽ അവർ മാത്രമായതു പോലെ തോന്നിക്കപ്പെടുന്ന കൂടിച്ചേരലുകൾ.

ഒരുവിൽ ഒരുനാൾ രതീതീരത്താടിതളർന്നു, ശരീരമാസകലം വിയർത്തു കുളിച്ച് , അയാളുടെ നെഞ്ചിലെ രോമങ്ങളിൽ വിരലുകൾ കൊണ്ടു കളംവരയ്ക്കുമ്പോൾ അവൾ ചോദിച്ചു.

“ദേവിക എന്നെ ശപിക്കുന്നുണ്ടാവും, അല്ലെ? ഞാൻ അവളോട്‌ ചെയ്യുന്ന ഈ തെറ്റ്‌ ആവർത്തിച്ചു കൊണ്ടേയിരുക്കുന്നതിന്?”

കളംവരച്ചു കൊണ്ടിരുന്ന വിരലുകളെ കോർത്തു ഹൃദയത്തോട് ചേർത്തു വച്ചു ഞാൻ.

“നീയല്ലലോ സുമിത്രേ, ബന്ധങ്ങളും ബന്ധനങ്ങളും എന്നോടല്ലേ.. അതിന്റെ കെട്ട് പൊട്ടിച്ചതും നിന്നെ ചേർത്തു പിടിച്ചതും ഞാനല്ലേ? ഇതു തെറ്റാണെങ്കിൽ ശിക്ഷ ഞാൻ അനുഭവിച്ചുകൊള്ളാം. പക്ഷെ എന്റെ ജീവൻ ത്യജിച്ചിട്ടായാൽ പോലും ഇന്ന്‌ ഈ തെറ്റു തിരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.”

അതിനവൾ മറുപടിയൊന്നും പറഞ്ഞില്ല. മുഖം എന്റെ കഴുത്തിനോട് ഒന്നുകൂടി ചേർന്നു. വിരലുകൾ എന്റെ ഹൃദയത്തിൽ വിശ്രമിച്ചു.

മരണവീട്ടിൽ ആളുകൾ കൂടുംതോറും പലരും അയാളെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ആദ്യം സ്വകാര്യങ്ങളായി, പിന്നെ ചെറു ചിരികളും പരിഹാസവുമായി, കുത്തുവാക്കുകളും ശാപങ്ങളുമായി.

“ഇതു മറ്റേ ആളാ, ഇവരുടെ…”

“ ആഹാ, ഭാര്യയും കൂടെ ഉണ്ട്, ഇവർക്കിതൊന്നും അറിയില്ലേ ആവോ?”

“വയസ്സായിട്ടും കിളവന്റെ പൂതി തീർന്നില്ലന്നാ തോന്നുന്നെ. മുഖത്തെ ആ വിഷമം കണ്ടോ?”

എല്ലാം കണ്ടും കേട്ടും വളരെ ശാന്തനായി അയാൾ ഇരുന്നു. ഒരിക്കൽ സുമിത്ര ഒരു മഴയത്ത് പുറത്തുനിന്നും അരിച്ചകത്തേക്കു കാറ്റിനാൽ തള്ളപ്പെടുന്ന വെള്ളതുള്ളികളിൽ ഭയന്ന് അയാളോട് ചേർന്നു നിന്നിരുന്നപ്പോൾ, വഴിയിലൂടെ ഒരു മരണവണ്ടി ശവവുമേന്തി പോകുന്നുണ്ടായിരുന്നു. അതിൽ നോക്കി അവൾ അയാളോട് പറഞ്ഞു.

“എനിക്കാദ്യം മരിക്കണം”

അയാൾക്കു ചിരി വന്നു.

“അതെന്തേ”

ചിരിക്കുന്ന മുഖത്തേക്ക് അവൾ നോക്കി. വല്ലാത്ത ഒരു വികാരഭാവമായിരുന്നു അവളുടെ മുഖത്ത്.

“നിങ്ങളുടെ മരണം അറിഞ്ഞു ഞാൻ വരികയാണെങ്കിൽ, അവസാനമായി നിങ്ങളുടെ മുഖം ഒന്നു കാണാൻ ദേവികയും ബന്ധുക്കളും എന്നെ അനുവദിക്കില്ല. അവർ അസഭ്യം പറയും, എന്നെ തള്ളിപ്പുറത്താകും. ആ വേദന എനിക്ക് താങ്ങാൻ പറ്റില്ല. മരണത്തെക്കാൾ ഞാൻ ഭയക്കുന്നത് അതിനെയാണ്.”

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. തന്റെ കണ്ണുകളിലും പൊടുന്നനെ പൊട്ടി മുളച്ച നനവ്‌ അവൾ അറിയതിരിക്കാൻ അയാൾ അവളുടെ മുഖത്തെ നെഞ്ചോടു ചേർത്തുപിടിച്ചു. പക്ഷെ ആ ഹൃദയമിടിപ്പിൽ അവൾക്കു മനസ്സിലായി, അയാളുടെ ഹൃദയം എത്രത്തോളം വിങ്ങുന്നുണ്ടായിരുന്നു എന്നു. രണ്ടു കൈകളും കോർത്തു അവൾ അയാളെ വാരിപ്പുണർന്നു.

പിന്നീടൊരിക്കൽ മുല്ലപ്പൂ ചൂടി പിറന്നാൾ ദിവസം അമ്പലദർശനം കഴിഞ്ഞു ആൽമരച്ചുവട്ടിൽ ഇരുന്നപ്പോൾ അയാൾ ഒരു മോതിരം അവൾക്കു നേരെ നീട്ടി. അതിൽ നിന്നു കണ്ണെടുക്കാതെ തന്നെ അവൾ ചോദിച്ചു.

“നിങ്ങൾക്കിതെന്നെ അണിയിക്കാൻ പറ്റുമോ? ഭഗവാന്റെ മുന്നിൽ വച്ച്”

ചന്ദനം പൂശിയ നെറ്റി ചുളുങ്ങിയത് സംശയം കൊണ്ടാണെന്നു മനസ്സിലാക്കിയ അയാൾ അവളുടെ കൈകൾ കോരിയെടുത്തു മോതിരവിരലിൽ അതു മെല്ലെ അണിയിച്ചു. കുറേ നേരം അവൾ അതിലേക്കു തന്നെ നോക്കിയിരുന്നു.

“ഇങ്ങനെ ഒന്നു അണിയുവാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു, എല്ലാവരുടെയും മുന്നിൽ വച്ചു, പുടവയൊക്കെ ചുറ്റി, നിങ്ങളെ എന്റേതു മാത്രമായി കാണാൻ.. പിന്നെ തോന്നും എന്തൊരു ദുരാഗ്രഹമാണ് എന്റേത് എന്ന്.”

അവൾ അയാളുടെ കൈകൾ കോർത്തുപിടിച്ചു തന്റെ വയറോട് ചേർത്തു. തല തോളിൽ ചാരി വിശ്രമിച്ചു.

“ഇങ്ങനെ കിടന്നു കണ്ണുകൾ അടയ്ക്കുമ്പോൾ ഞാൻ കരുതും ഇവ ഇനി ഒരിക്കലും തുറക്കാതിരുന്നെങ്കിൽ എന്ന്‌”

അയാൾക്കു അരിശം വന്നു.

“എന്താ ഈ ദിവസം ഇങ്ങനെയൊക്കെ പറയുന്നേ? മരിക്കാൻ കൊതിയായോ നിനക്ക്?”

നേർത്ത പുഞ്ചിരിയോടെ അവൾ അയാളുടെ മുഖത്തേക്കു നോക്കി.

“ഇല്ലടോ, എനിക്ക് തന്നെ കണ്ടു കൊതി തീർന്നിട്ടില്ല. ഈ മടിയിൽ തല വച്ചുറങ്ങി മതിയായിട്ടില്ല. തന്റെ ശരീരത്തിന്റെ ഗന്ധം എന്റേതു മാത്രമാകുന്ന  രാത്രികൾ മതിയായിട്ടില്ല. അതു കഴിയുമ്പോൾ ആലോചിക്കാവുന്നതാണ്”

തെല്ലു നിരാശയോടെ അയാൾ പറഞ്ഞു.

“നിന്നെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.”

തീവ്രതയേറിയ സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, പ്രണയത്തിന്റെ ആലിംഗനങ്ങളിൽ മുഴുകി അങ്ങനെ ഒരുപാട് നാൾ. അയാളെ അവൾ ഒറ്റയ്ക്കാക്കി ഈ ദീർഘ നിദ്രയിൽ അഭയം പ്രാപിക്കുന്നതുവരെ. രാവുകൾ, പകലുകൾ, ശരീരവും മനസ്സും കോർത്തുപിടിച്ചു, നാഗങ്ങളായി ഇണ ചേർന്ന്, ആത്മാവിൽ അന്യോന്യം ലയിച്ച് ജീവിച്ചു നീക്കിയ വർഷങ്ങൾ. ഓർമകൾ വരിയെറിഞ്ഞ മഞ്ചാടികുരുക്കൾ പോലെ മനസ്സിന്റെ അടിത്തട്ടിൽ കിടന്നിരുന്നു. അതെല്ലാം പെറുക്കിയെടുത്ത ഒരു കുട്ടിയായി അയാൾ.

ഒടുവിൽ ആ സമയവും ആഗതമായി.

“എനിക്കൊന്നു കാണണം”

ആരോടിന്നില്ലാതെ പറഞ്ഞുകൊണ്ട് അയാൾ എണീറ്റു. വേച്ചു വേച്ചു ഊന്നുവടിയിൽ ഭാരം മുഴുവനും അർപ്പിച് പതിയെ നടന്നടുത്തു അവളിലേക്ക്. ശക്തിയുണ്ടായിരുന്നില്ല, ആത്മാവിനും മനസ്സിനും ശരീരത്തിനും. കുഴഞ്ഞുവീഴാനായ് ചെരിഞ്ഞപ്പോൾ ആരോ താങ്ങി. രണ്ടു കൈകൾ ചേർത്തു നെഞ്ചിൽ ചാരി നിർത്തി അയാളെ പതുക്കെ പതുക്കെ നടത്തിച്ചു. പാളിയൊന്നു നോക്കിയപ്പോൾ ദേവികയാണ്. ദുഃഖം നിഴലിച്ച ആ മുഖം ഒരമ്മയപോലെ അയാളെ നടത്തിച്ചു സുമിത്രയുടെ അരികിൽ ഇരുത്തി.

“അവസാനം നീ ജയിച്ചു അല്ലെടോ?”

തൊണ്ടയിടറി ഗദ്ഗദമായി അയാളുടെ വായിൽ നിന്ന് വീണ വാക്കുകൾ. രണ്ടു കൈകൾ കൊണ്ട് അവളുടെ മുഖം കോരി അയാൾ ആ ചുണ്ടുകളിൽ തന്റെ ചുണ്ടു ചേർത്തു. തടയാനായി ആരൊക്കെയോ ഓടിയടുത്തുവെങ്കിലും ഭാര്യ ദേവിക അവരോട് മാറി നിൽക്കാൻ പറഞ്ഞു.

“അദ്ദേഹംചുംബിക്കട്ടെ. അവൾക്കു എന്നും നിത്യശാന്തി ഉണ്ടാകട്ടെ.”

പിന്നീട് കത്തിയമരുന്ന അവളുടെ ശരീരവും കണ്ടുനിന്നപ്പോൾ പുകച്ചുരുളുകളുടെ ഇടയിലൂടെ മുല്ലപ്പൂവും ചൂടി, നെറ്റിയിൽ കളഭക്കുറി തൊട്ടു, അയാൾ കൊടുത്ത മോതിരവും ഇട്ടു അവൾ നോക്കി ചിരിക്കുന്നു. കൈകൾ വീശി അന്ത്യയാത്ര നൽകുന്നു.

“പ്രണയിനീ, പോയി വരൂ. അധികനാൾ ഈ വിരഹം ഉണ്ടാകില്ല. നിന്റെ കാലടിപ്പാടുകൾ പിന്തുടർന്നു ഞാനുമെത്തും. അനന്തതയുടെ, അമരത്വത്തിന്റെ സുന്ദരമായ ആ ലോകത്തേക്ക്”

ശുഭം….

Srishti-2022   >>  Short Story - Malayalam   >>  ബ്ലൂ ടീഷർട്ട്

Dileep Perumpidi

TCS

ബ്ലൂ ടീഷർട്ട്

സമയം രാത്രി 8. വലിയ ഗേറ്റിലൂടെ ഉള്ളിലേക്ക് കയറിവരുന്ന യൂബർ ടാക്സി നാല് വലിയ കെട്ടിടങ്ങൾ അടങ്ങിയ ഫ്ലാറ്റ് സമുച്ചയത്തിലെ മൂന്നാമത്തെ കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തു . പിന്നിലെ സീറ്റിൽ നിന്നും 3 പെണ്കുട്ടികൾ പുറത്തോട്ടിറങ്ങി . അവരിലൊരാൾ  വളരെ വേഗത്തിൽ കെട്ടിടത്തിലേക്ക് നീങ്ങി. ബാക്കി രണ്ടുപേർ അവർക്ക് പുറകിലായി നടന്നു . ടാക്സിയിൽ മുന്നിലെ സീറ്റിലിരുന്ന രമ്യ പയ്മെന്റ്റ് ഓക്കെ  എന്ന് ഉറപ്പു വരുത്തി അവർക്കു 3 പേർക്കും പുറകിലായി നടന്നു.  

സമയം 8 അല്ലെ ആയിട്ടുള്ളു . ഇവൾ ഇത് എങ്ങോടാ ഓടുന്നെ . രമ്യ മുന്നിൽ നടക്കുന്ന ജെസ്നിയോടും ആര്യയോടുമായി ചോദിച്ചു  .

നിനക്ക് വല്ല കാര്യോം ഉണ്ടാർന്നോ  നൈറ്റ് ഷിഫ്റ്റ്  ഉള്ള ഒരുത്തിയെ നിർബന്ധിച്ച് കൊണ്ടുവരാൻ . ജെസ്നി തിരിഞ്ഞു നോക്കി രമ്യയോട് പറഞ്ഞു 

അതും നല്ല ഒന്നാന്തരം പടമായിരുന്നാലോ .  ആര്യ സർക്കാസം കൂട്ടിച്ചേർത്തു .

ആദ്യം നടന്ന മേഘ അപ്പോഴേക്കും ലിഫ്റ്റിനുമുന്നിൽ സ്ഥാനം പിടിച്ചിരുന്നു . പിന്നിൽ വരുന്ന മൂന്നു പേരോടും ആയി വേഗം വരാൻ ആംഗ്യം കാണിച്ചു . അവരും ലിഫ്റ്റിനുമുന്നിൽ എത്തി .

അതെ,  നിനക്ക്  9 നല്ലേ ക്യാബ്  ഇനിയും സമയം ഉണ്ട് . രമ്യ മേഘയോട് പറഞ്ഞു.

ഉവ്വ് ഇനി ഫ്രഷായി ഭക്ഷണം കഴിച്ച് വരുമ്പോളേക്കും ക്യാബ് പോകും ...താഴോട്ട് വന്നുകൊണ്ടിരിക്കുന്ന ലിഫ്റ്റ് അക്ഷമയോടെ നോക്കികൊണ്ട് മേഘ പറഞ്ഞു .

ഹോ പോയാൽത്തന്നെ ഇപ്പൊ എന്താ  കുറച്ച് ലേറ്റ്  ആയ ആകാശം ഒന്നും ഇടിഞ്ഞു വീഴുല്ലലോ  . രമ്യ മേഘയെ നോക്കാതെ പറഞ്ഞു

 നിന്നോട് ഞാൻ പറഞ്ഞതല്ലേ നാളെ പോവാം,  ഇന്നാണെ ഞാനില്ലാന്ന്. എന്നിട്ട്....ബാക്കി ഞാൻ റൂമിൽ ചെന്നിട്ട് തരാം. ലിഫ്റ്റിലേക്ക് കേറാൻ വേറെയും ആളുകൾ നിൽക്കുന്നത് കണ്ട് മേഘ ശബ്ദം കുറച്ചുകൊണ്ട് പറഞ്ഞു   

ലിഫ്റ്റ് താഴെ ഓപ്പൺ ആയി . എല്ലാരും ലിഫ്റ്റിലേക്ക് കയറി . ലിഫ്റ്റ്  നേരെ മുകളിലോട്ട് നീങ്ങി 12 ത്ത്   ഫ്ലോറിൽ വന്ന്  ഒരു മുരൾച്ചയോടെ ഡോർ തുറന്നു  .  അവർ നാലുപേരും പുറത്തോട്ടിറങ്ങി .

 

നീയെന്താ  നുഴഞ്ഞുകേറി വരുന്നപോലെ നേരെ നടന്നാൽ പോരെ ?  ആര്യ ജെസ്നിയോട് ചോദിച്ചു  

അതല്ല ആ ചെറുക്കനെ തട്ടേണ്ട എന്ന കരുതി ചെരിഞ്ഞ് കടന്നത് ...അല്ലാതെ ഞാൻ അവനേം തള്ളിക്കൊണ്ട് പുറത്തിറങ്ങണമായിരുന്നോ ? 

അവന്മാർ മുൻപിൽ അല്ലാർന്നോ .... നീ ലിഫ്റ്റിന്റെ ബാക്കീന്ന് മുന്നോട്ട് നടക്കാൻ തുടങ്ങുമ്പോ ഉള്ള കാര്യമാ ചോദിച്ചേ? ആര്യ ചോദിച്ചു 

അത് തന്നെ എന്റെ ലെഫ്റ്റിൽ ഒരു ബ്ലൂ ടീഷർട്ട്  ഇട്ട് ചെറുക്കൻ നില്കുന്നുണ്ടാരുന്നില്ലേ ? അവന്റെ ഷോൾഡർ തട്ടണ്ടാ എന്ന് വെച്ചാ ചെരിഞ്ഞ് നടന്നത് . അതിനിപ്പോ നിനക്കെന്താ ? ജെസ്നി ദേഷ്യം മറച്ചുവെക്കാതെ പറഞ്ഞു  

നിന്റെ ലെഫ്റ്റിൽ ഞാൻ അല്ലാർന്നോ ? നിനക്ക് വട്ടായോ ? ആര്യ ചോദിച്ചു 

എനിക്കല്ല . നിനക്കാ  വട്ട് . നിനക്കും എനിക്കും ഇടയിൽ ലെഫ്റ്റ് മൂലയിൽ ഒരു പയ്യൻ നിന്നില്ലേ അവന്റെ കാര്യമാ ഞാൻ പറയുന്നേ ? ജെസ്നി പറഞ്ഞു 

 

നിങ്ങൾ  സമയം കളയാതെ വാതിൽ തുറക്ക്   ...ഫ്ലാറ്റിന്റെ മുൻപിൽ അക്ഷമയായി നിന്ന  മേഘ പറഞ്ഞു .

 

അങ്ങനെ നമുക്കിടയിൽ ആരും ഉണ്ടായിരുന്നില്ലലോ ....  താക്കോൽ  ഹാൻഡ്ബാഗിൽ നിന്നും മേഘ്ക്ക് നേരെ  നീട്ടികൊണ്ട്  ആര്യ ജെസ്നിയെ നോക്കി പറഞ്ഞു

 

മേഘ വാതിൽ തുറന്ന് റൂമിലേക്കു നീങ്ങി . 

 

നിനക്കെന്താ കാഴ്ചപോയോ  ആര്യ ?  ജെസ്നി ചോദിച്ചു 

എന്റെ കാഴ്ചക്കല്ല കുഴപ്പം നിന്റെ തലക്കാ  .  ടീ രമ്യ നിന്റെ ഹീറോന്റെ പടം കണ്ട് ഇവളുടെ ഫ്യൂസ് പോയീന്നാ തോന്നുന്നേ ?

എന്താ മക്കളെ പ്രശനം ...നിങ്ങൾ രണ്ടും കൊറേ നേരമായാലോ ? രമ്യ ചോദിച്ചു 

ഇവളുടെ അടുത്ത് നമ്മൾ ആരും കാണാത്ത ഏതോ ഒരു ബ്ലൂ ടിഷർട്ട് കാരൻ ലിഫ്റ്റിൽ ഉണ്ടായിരുന്നത്രെ ... ആര്യ ചിരിച്ചുകൊണ്ട് പറഞ്ഞു .

എടീ രമ്യ  ലിഫ്റ്റിന്റെ ബാക്ക് ലെഫ്റ്റ് കോർണറിൽ ഒരു ബ്ലൂ ടി ഷർട്ട് ഇട്ട് ഒരാൾ നിന്നിരുന്നിലെ .  പരിഭ്രമം മറക്കാതെ ജെസ്നി ചോദിച്ചു 

നാല് ഗയ്‌സ് നമ്മുടെ മുൻപിൽ അല്ലെ നിന്നിരുന്നേ? എന്റെ ബാക്കിൽ നീയല്ലേ ഉണ്ടായിരുന്നെ . പിന്നെ സൈഡിൽ  ആര്യ.  നിന്റെ റൈറ്റിൽ മേഘ .  രമ്യ വിശദീകരിച്ചു 

നിങ്ങൾ  വെറുതെ എന്നെ കളിപ്പിക്കല്ലേ കേട്ടോ ...ഞങ്ങൾ  3 പേര് ഉണ്ടായിരുന്നു  ലാസ്റ്റ് റൗ യിൽ .  ലിഫ്റ്റിൽ കേറുമ്പോൾ അയാൾ ആണ് ആദ്യം കയറിയത് .

ഞാൻ കണ്ടതാണലോ നീ ആദ്യം കയറുന്നത് ...ഇതിപ്പോ ആരാ ബ്ലൂ ടീഷർട്ട് ചേട്ടൻ ഇവൾക്ക് മാത്രം കാണാൻ പറ്റുന്നത് ....രമ്യ ചിരി അടക്കാതെ തുടർന്നു ...ആര്യേ ലാലേട്ടന്റെ ഒരു ഫിലിം ഇല്ലേ നയൻതാരയെ ലാലേട്ടന് മാത്രം കാണാൻ പറ്റുന്നത് ... ഇനിയിപ്പോ അങ്ങനെ വല്ലോം ആണോ?

സത്യം നിങ്ങൾ രണ്ടാളും ശ്രദ്ധിച്ചുകാണില്ല അവിടെ ഒരാൾ ഉണ്ടാരുന്നു ... വെറുതെ കളിയാക്കാതെ ഒന്ന് ആലോചിച്ച് പറ .... ജെസ്നി ഇടറിയ സ്വരത്തിൽ പറഞ്ഞു

ഐ ഡി കാർഡും കഴുത്തിലിട്ടുകൊണ്ട്  മേഘ റൂമിൽ നിന്നും പുറത്തേക്ക് വന്നു 

ആ എന്ന പിന്നെ ഇവളോടുംകൂടി ഒന്ന് ചോദിച്ചേക്കാം...നമ്മൾ ലിഫ്റ്റിൽ വന്നപ്പോൾ ഏറ്റോം ബാക്‌സൈഡിൽ ജെസ്നിയുടെ "വാമ" ഭാഗത്തായി ഒരു ബ്ലൂ ടീഷർട്ടിട്ട ചേട്ടനെ നീ കണ്ടാർന്നോ  ... രമ്യ ചിരി പുറത്തുവിടാതെ അടക്കി പിടിച്ചുകൊണ്ട് ചോദിച്ചു 

ഗയ്‌സ് മുഴുവനും മുൻപിൽ അല്ലാരുന്നോ ബാക്കിൽ നമ്മൾ മാത്രമല്ലെ ഉണ്ടാർന്നുള്ളൊ ... ഞാൻ പോട്ടെ ... ഫുഡ് കഴിക്കാൻ നിന്ന ശെരിയാവൂലാ ... മേഘ പുറത്തോട്ട് നീങ്ങി 

മോളെ അപ്പൊ നീ പേടിക്കണ്ട അവൾ കണ്ടിട്ടില്ല.  ബ്ലൂ ടിഷർട്ട് ചേട്ടൻ നിനക്ക് തന്നേ ....രമ്യയും ആര്യയും അടക്കിവെച്ച ചിരി സോഡാകുപ്പി പൊട്ടിച്ച കണക്കെ വാരി വിതറി

ഒന്ന് നിർത്തുന്നുണ്ടോ ....എന്താ സംഭവിക്കുന്നെ എന്ന് മനസിലാകാതെ നിൽകുവാ ഞാൻ ...അപ്പോഴാ ....കുറച്ച നേരം ഒന്ന് മിണ്ടാകാതിരിക്കാമോ ....പരിഭ്രമവും സങ്കടവും അടക്കാനാകാതെ  ജെസ്നി നെറ്റിയിൽ കൈ വെച്ചു . 

ആര്യാ രമ്യയോട്  മിണ്ടണ്ട എന്ന ആംഗ്യം കാട്ടി. അവർ രണ്ടും രമ്യയുടെ റൂമിലോട്ട് പോയി .

 

 

ആര്യ ജെസ്നിയുടെ റൂമിലെ ലൈറ്റ് ഓൺ ചെയ്തു കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന ജെസ്നി .

ആര്യ അവളുടെ അരികിൽ ഇരുന്നു 

ജെസ് ഡിന്നർ കഴിക്കാൻ വാ സമയം 10 ആയി ...

നിങ്ങൾ കഴിച്ചോ ...കണ്ണ് തുടച്ചുകൊണ്ട് മുഖത്തു നോക്കാതെ ജെസ്നി മറുപിടി പറഞ്ഞു .

അയ്യേ ഇപ്പോഴും കരയുവാന്നോ . രമ്യ ....ഇങ്ങോട്ടൊന്ന് വന്നേ ......

രമ്യ അവിടേക്ക് ചെന്നു  

നീ അത് വിട്ടുകള . ഞങ്ങൾ തമാശ പറഞ്ഞതല്ലേ ...നീ അതൊക്കെ സീരിയസ് ആക്കണോ  .... രമ്യ പറഞ്ഞു 

അതല്ല ...അപ്പൊ ഞാൻ മാത്രം കണ്ടത് ആരെയാണ് ....അതാലോചിച്ചാണ് 

അത് ...അത് നിനക്ക് തോന്നിയതാവും ...എന്തെങ്കിലും ആലോചിച്ച് നിന്നപ്പോൾ തോന്നിയതാവും ... നീ അത് വിട്ടുകള .

അല്ല അങ്ങനെ ഒരാൾ ഉണ്ടായിരുന്നു .....എനിക്കുറപ്പാണ് ...

അത്...രമ്യ പറഞ്ഞു തുടങ്ങിയപ്പോളേക്കും  ആര്യ പിന്നിൽ നിന്നും നിർത്താൻ ആംഗ്യം കാണിച്ചു ...എന്നിട്ട് തുടർന്നു . ചിലപ്പോ ഉണ്ടായിരുന്നിരിക്കാം നമ്മൾ രണ്ടാളും ശ്രദ്ധിച്ചുകാണില്ല ... അതായിരിക്കും രമ്യ ...ജെസ് നീ വാ നമുക്ക് കഴിക്കാം ....

ഇല്ല നിങ്ങൾ രണ്ടാളും അങ്ങിനെ ഒരാളെ കണ്ടിട്ടില്ല... എനിക്കറിയാം .. ഇതിപ്പോ എന്നെ സമാധാനിപ്പിക്കാൻ പറയുവാ ...

അതെന്തെങ്കിലും ആകട്ടെ ......നീ വെറുതെ അത് തന്നെ പറയാതെ... ഭക്ഷണം കഴിക്കാൻ നോക്ക്  ...രമ്യ ജെസ്നിയുടെ കൈ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു . 

ഇതെന്താണെന്ന് അറിഞ്ഞിട്ടേ എനിക്ക് മനസമാധാനം കിട്ടു ... ഇപ്പൊ എനിക്ക് വിശക്കുന്നില്ല .. നിങ്ങൾ കഴിച്ച് കിടന്നോ ... ജെസ്നി മൂടിപ്പുതച്ച് കിടന്നുകൊണ്ട് പറഞ്ഞു .

 

 

സമയം രാവിലെ 8 കഴിഞ്ഞിരിക്കുന്നു . ആര്യ രമ്യയുടെ റൂമിലേക്ക് ചെന്ന് അവളെ വിളിച്ചുണർത്തി 

ടീ രമ്യ എണീക്ക് ....ജെസ്നു പനിക്കുന്നുണ്ട് . നിന്റേൽ ടാബ്ലറ്റ് എന്തെങ്കിലും ഉണ്ടോ ?

രമ്യ എണീറ്റ് ബാഗിൽ നിന്നും ഒരു ടാബ്‌ലെറ്റ് സ്ട്രിപ്പ് തപ്പിയെടുത്ത് ഡേറ്റ് കഴിഞ്ഞതല്ലെന്ന് ഉറപ്പുവരുത്തി .

ഇത് നല്ല ഡോസുള്ളതാണ്... അവളാണേ ഇന്നലെ ഒന്നും കഴിച്ചിട്ടും ഇല്ല .... എന്തേലും കഴിപ്പിച്ചട്ട് കൊടുക്കാം 

ഒന്ന് ബഹളം വെക്കാതെ പോ രണ്ടും ....മനുഷ്യൻ ഒന്ന് കിടന്നേ ഉള്ളൂ .... നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വന്ന കിടക്കുന്ന മേഘയുടെ അലർച്ച അവരെ പെട്ടന്ന് പുറത്തോട്ട് നയിച്ചു .

 

അവർ രണ്ടുപേരും ജെസ്നിയുടെ റൂമിൽ എത്തി . രമ്യ അടുത്ത് വന്ന് നെറ്റിയിൽ തൊട്ടുനോക്കി . 

ആ ചെറിയ ചൂടെ ഉള്ളൂ ...ആര്യയോട് പറഞ്ഞുകൊണ്ട്  തുടർന്നു . ടീ ജെസ്നി നീ എണീറ്റ്  എന്തെങ്കിലും കഴിക്ക് . എന്നിട്ട് ഈ ഗുളിക കഴിക്കാം . 

നിങ്ങൾ കഴിച്ചോ ...എനിക്ക് വിശപ്പില്ല ... കണ്ണുകൾ പാതി തുറന്ന് പറഞ്ഞ് തിരിഞ്ഞ് കിടന്നു 

ശെടാ  ഇതിപ്പോ നമ്മളോട് ഇത്രേം വാശി തോന്നാൻ എന്താ ... ആര്യ ചോദിച്ചു 

നിങ്ങളോട് വാശിയൊന്നും ഇല്ല .... ഇതിപ്പോ എന്റെ സ്ഥാനത്ത് നിങ്ങൾ ആണെങ്കിൽ ഒന്ന് ആലോചിച്ച് നോക്കിക്കേ ... ജെസ്‌നി  പറഞ്ഞു നിർത്തി 

ഓക്കേ ... നിനക്ക് ഇന്നലെ ലിഫ്റ്റിൽ ഉണ്ടായ സംഭവം എന്താണെന്ന് അറിയണം അത്രയല്ലേ ഉള്ളോ ? രമ്യ ചോദിച്ചു 

അതെ ...എന്താ വഴി ? ജെസ്നി ചോദിച്ചു 

കുറച്ച് നേരത്തെ ആലോചനക്ക് ശേഷം രമ്യ പറഞ്ഞു.  ഒരു വഴിയുണ്ട് ...നീ  ആദ്യം വന്ന് ഭക്ഷണം കഴിച്ച് ഈ ഗുളിക കഴിക്ക് . എന്നിട്ട് ശെരിയാക്കാം 

അത് പറ്റില്ല ...എന്താ പ്ലാൻ എന്ന് പറ ...എന്നിട്ട് കഴിക്കാം 

ദേ ഡ്രാമയെറക്കാതെ വന്ന് കഴിച്ചോ അല്ലെ എന്റ്റേന്ന് നല്ല കിഴുക്ക് കിട്ടും . ആര്യ ഭീഷണിമുഴക്കി 

നിൽക്ക് ..ഞാൻ പ്ലാൻ പറയാം. ലിഫ്റ്റിന്റെ മുൻപിൽ നിന്നായിരുന്നു പയ്യന്മാർ ഇല്ലേ അവന്മാരോട് ചോദിക്കാം . അതിലൊരുത്തൻ എന്റെ കൂടെ വർക്ക് ചെയ്യുന്നവന്റെ  ഫ്രണ്ട് ആണ് . രമ്യ പറഞ്ഞു 

എന്നാ അവനെ വിളിക്ക് .. ഇപ്പോൾ തന്നെ നമ്പർ വാങ്ങി നമുക്ക് വിളിച്ച് നോക്കാം .. ജെസ്നി തിരക്കുകൂട്ടി 

അവന്മാരൊന്നും എഴുന്നേക്കുന്ന സമയം ആയില്ല .  ഞാൻ ഒരു വാട്സാപ്പ്  വോയിസ് ഇട്ടുവെക്കാം. നീ ഇപ്പോൾ കഴിക്കാൻ വാ

 

 

സമയം  കടന്നുപോയി . രമ്യ  ജെസ്നിയുടെയും  ആര്യയുടെയും റൂമിലേക്ക് കയറിവന്നു.

നമ്പർ കിട്ടിയിട്ടുണ്ട് ...ഞാൻ വിളിക്കാൻ പോകുവാണ് .

ജെസ്നിയും  ആര്യയും  രമ്യയുടെ ഫോണിന്റെ  അടുത്തോട്ടു  ചെവി കൂർത്തു . രമ്യ നമ്പർ ഡയല് ചെയ്തു 

ആ ആദർശ്‌ അല്ലെ ഞാൻ രമ്യ,  ജോബിന്റെ കൂടെ വർക്ക് ചെയ്യുന്നതാണ് ...ആ  ... അതെ .. നിങ്ങളുടെ ഫ്ലാറ്റിന്റെ താഴെ ഉള്ള നിലയില ....ഒരു കാര്യം ചോദിക്കാനായിരുന്നു ...

വെള്ളം വരുന്നില്ലലെ ഫ്‌ളാറ്റിൽ ....അതാണോ ... ആദർശ് ചോദിച്ചു .

ആ ..അതല്ല ... അത് .. ഒരു കാര്യം ചെയ്യാമോ  ... ഒന്ന് ഗ്രൗണ്ടിലോട്ട്  വരാമോ ...? ആ  ഒരു 15 മിനുറ്റിൽ എത്താം.... രമ്യ ഫോൺ കട്ട് ചെയ്തു.

നിനക്ക് കാര്യം ചോദിക്കാര്നില്ലേ .  ജെസ്നി ചോദിച്ചു 

ഫോണിലൂടെ ചോദിച്ച് ശെരിയാവൂല്ല .. നേരിട്ട് സംസാരിക്കാം ....പിന്നെ  സൂക്ഷിച്ചും കണ്ടും ഓക്കേ പറയണം ....ഇവന്റെ  കൂട്ടുകാരൻ ജോബ് എന്ന് പറഞ്ഞ മൊതലുണ്ടല്ലോ.... കഥയടിച്ചിറക്കാൻ ബഹുമിടുക്കനാ.  ഓഫീസിലൊക്കെ  ഇല്ലാത്തത് കണ്ട് പേടിച്ചു എന്നൊക്കെ പറഞ്ഞുനടക്കും.  

അവർ  15  മിനുറ്റിൽ  ഇറങ്ങി . ലിഫ്റ്റിനടുത്ത്  വന്നപ്പോൾ  ജെസ്നി  പിന്നോട്ട്  വലിച്ചു .

അതെ  നമുക്ക്  സ്റ്റെയർകേസ്  വഴി താഴോട്ടിറങ്ങാം 

ഓഹോ ... ഇനി എന്നും  ഇങ്ങനാണോ .... 12th ഫ്ലോർ  വരെ  ഇറങ്ങലും  കേറലും  ആയിരിക്കുമല്ലേ  ... ആര്യ കളിയാക്കികൊണ്ട് പറഞ്ഞു. സ്റ്റെയർ കേസ് വഴി ഗ്രൗണ്ടിൽ എത്തിയപ്പോഴേക്കും ആദർശ് അവിടെ വെയിറ്റ് ചെയുന്നുണ്ടാർന്നു.

 

ഹായ് ആദർശ് ...   രമ്യ പറഞ്ഞു  തുടങ്ങി 

ഹായ് രമ്യ .  എന്താ  പ്രോബ്ലം

ആ  ഇത് ജെസ്നി ... ഇത്  ആര്യ ....ഞങ്ങൾ  12 എ യിലാണ് താമസം ...നിങ്ങൾ  എത്രപേരുണ്ട്  ഫ്‌ളാറ്റിൽ ?

ഞങ്ങൾ  5 പേരുണ്ട് ... 13 സി  യിലാണ് ... എന്തുപറ്റി .

ആലോചിച്ചു  നിന്ന  രമ്യയോട്  ജെസ്നി  ചോദിക്കാൻ  ആംഗ്യം  കാണിച്ചു .

അരുൺ 29 വയസ്  വിശാഖം , വിമൽ 30 വയസ്സ്  തൃക്കേട്ട ,  സിജോ 27 വയസ്സ്  ആർ സി ..ആരെ  പറ്റിയാ അറിയേണ്ടത് ....നിങ്ങളുടെ ചുറ്റിത്തിരിയൽ കണ്ടപ്പോൾ തന്നെ മനസിലായി കല്യാണ  കാര്യം ആണെന്ന് ...ആദർശ്  ചിരിച്ചുകൊണ്ട്  പറഞ്ഞു

 

അതല്ല ....  ഇന്നലെ  വൈകീട്ട്  ലിഫ്റ്റിൽ  നമ്മൾ ഒരുമിച്ചല്ലേ  കേറിയത് .. അപ്പൊ നിങ്ങൾ റൂം  മേറ്റ്സ് 5 പേരും ഉണ്ടാർന്നില്ലേ ? രമ്യ  ചോദിച്ചു 

ഇല്ലല്ലോ ... ഞങ്ങൾ നാലുപേരെ ഉണ്ടാർന്നുള്ളൊ വിമൽ  നാട്ടിൽ പോയേക്കുയാണ് .

അപ്പൊ നിങ്ങളുടെ കൂടെ  ഒരു ബ്ലൂ ടീഷർട്ട്  ഇട്ട ഒരാൾ ഉണ്ടാർന്നില്ലേ ? രമ്യയുടെ ആലോചനക്കിടയിൽ ജെസ്നി സംശയം അടക്കാനാകതെ ചോദിച്ചു .

ബ്ലൂ ടീഷർട്ട് ....അതെനിക്ക് ഓർമയില്ല ....വെയിറ്റ്  ഞങ്ങൾ  ഇന്നലെ  ബീച്ചിൽ വെച്ച് സെൽഫി എടുത്തായിരുന്നു ....മൊബൈലിൽ ഫോട്ടോ  എടുത്ത്  നോക്കികൊണ്ട്  ആദർശ് തുടർന്നു ....ഇല്ലല്ലോ  നോക്കിക്കേ ... പിക്  അവർക്കു  3 പേർക്കും നേരെ നീട്ടി .. എന്നിട്ട്  3  പേരുടെയും  നോട്ടം  നിരീക്ഷിച്ചു ... ഇത്   അരുൺ , ഇത്  സിജോ , ഇത്  ധ്യാൻ  ഹിന്ദിക്കാരനാ അവനെ വിട്ടേക്ക് .. പിന്നെ  ഞാൻ 26  വയസ്സ് ... അരുൺ ചിരിച്ചുകൊണ്ട് പറഞ്ഞു 

 നമ്മളുടെ  കൂടെ   ബ്ലൂ  ടീഷർട്ട് ഇട്ട  ഒരാളുകൂടെ കേറിയില്ലേ  ലിഫ്റ്റിന്റെ പിന്നിൽ ...ജെസ്നി  തുറന്ന് ചോദിച്ചു .

ഇല്ലല്ലോ ..... ലിഫ്റ്റിൽ ഞങ്ങള് നാല് പേരും പിന്നെ നിങ്ങൾ 3 പേരും  അല്ലെ ഉണ്ടായിരുന്നത്  ... ആ നിങ്ങളുടെ  കൂടെ ഒരു  ഗേൾ കൂടെ ഇല്ലായിരുന്നോ 

ആ  അതെ  അവൾ ഞങ്ങളുടെ റൂം മേറ്റ് ആണ് ...രമ്യ ആലോചനയിൽ മുഴുകി  കൊണ്ട് പറഞ്ഞു .

അതെ എന്താ പ്രശ്നം ... ലവ് / മാര്യേജ്  അങ്ങനെ വല്ലതും ആണോ ?  ആദർശ്  ചോദിച്ചു 

അതെ ... ഞങ്ങളുടെ ഒരു ഫ്രണ്ടിന് വേണ്ടിയർന്നു ... പക്ഷെ ഇവരാരും അല്ല ... വേറെ  ഒരാൾക്കാണ് ... ഞങ്ങൾ  തെറ്റി  നിങ്ങളുടെ റൂം  മേറ്റ് ആണോ എന്ന് വിചാരിച്ചു . ആര്യ  ഒരു വിധത്തിൽ  പറഞ്ഞൊപ്പിച്ചു 

ഹോ ഓക്കെ .... എന്തേലും  അന്വേഷിക്കാൻ  ഉണ്ടേൽ  പറഞ്ഞാ മതി ...ആദർശ് മുഖത്തെ സന്ദേഹം മുഴുവൻമാറാതെ ലിഫ്റ്റിലേക്ക്  നീങ്ങി ... പിന്നാലെ  രമ്യയും ആര്യയും നടന്നു... ജെസ്നി അനങ്ങാതെ സ്റൈർക്കസിലേക്ക് ആംഗ്യം കാണിച്ചു.

ഇന്നത്തെ  ഫിറ്റ്നസ്  മതിയെടി ... ഇങ്ങോട്ട്  വാ ... ഒറ്റക്ക്  കോണി കേറുന്നതിലും  നല്ലതല്ലെ ഒരുമിച്ച്  ലിഫ്റ്റിൽ പോകുന്നത് ...അല്ലെ   ആദർശിന്റെ  ശങ്കയുള്ള മുഖത്തേക്ക് നോക്കി  ഒരു ചിരി  ഫിറ്റ് ചെയ്യാൻ ശ്രമിച്ചുകൊണ്ട് രമ്യ പറഞ്ഞു.

ആ ഭീഷണി ഫലിച്ചു ...ജെസ്നി  പാതി  മനസ്സോടെ ലിഫ്റ്റിന്റെ  വാതിലിനോട്  ചേർന്ന്  തിരിഞ്ഞു നോക്കാതെ നിന്നു .

 

നിനക്ക് സത്യം  സത്യമായി ചോദിച്ചാൽ എന്താ ?  വാതിൽ  തുറന്ന്  ഫ്ലാറ്റിലേക്ക്  കയറിയതും ജെസ്നി ദേഷ്യത്തോടെ  രമ്യയോട് ചോദിച്ചു 

അതെ എനിക്ക്  നിന്നെപ്പോലല്ല ... ഓഫീസിൽ അത്യാവശ്യം ബ്രേവ് ലേഡി ഇമേജ് ഓക്കേ ഉള്ളതാ... വെറുതെ ഇല്ലാത്തൊരു കാര്യത്തെ പറ്റി  ചോദിച്ച് എന്റെ ഇമേജ് കളഞ്ഞാൽ ശരിയാകൂല്ല ... നിനക്ക്  അറിയാനുള്ളതൊക്കെ  അറിഞ്ഞല്ലോ ... അവിടെ ഒരു ബ്ലൂ ടിഷർട്ടും  ഉണ്ടായിരുന്നില്ല .. അവന്മാർ നാലുപേർ  എന്റെ മുന്പിലാ  നിന്നിരുന്നേ ... എനിക്ക്  എല്ലാം  കൃത്യാമായി  കാണാം... ജെസ്നിയെ ഒളിഞ്ഞു നോക്കികൊണ്ട് പറഞ്ഞു 

ശേ ... അപ്പൊ  ഞാൻ  കണ്ടത്  എന്താ ?

ഇനി ഇതിനെ പറ്റി ഇവിടെ സംസാരം ഇല്ല .... അസംബ്ലി ഡിസ്‌പെർസ്‌ .. ആര്യ പറഞ്ഞുകൊണ്ട് റൂമിലേക്ക് പോയി.  

വൈകീട്ട്  5 മണി.  ബണ്ണും ചായയും കഴിച്ചുകൊണ്ടിരിക്കുന്ന  മേഘ .

ഇതിനാണോ  ഇന്നലെ രാത്രി മുതൽ നീ  ബഹളം വെച്ചതും പനി പിടിച്ച് കിടന്നതും ....കൊള്ളാം ....കിളിപോയി ഇരിക്കുന്ന സമയത്ത് അങ്ങനെ ഇല്ലാത്തത് പലതും കാണും . ... നീയൊക്കെ നൈറ്റ് ഷിഫ്റ്റ് ജോബ് ആയിരുന്നേൽ ഇതൊക്കെ സ്വാഭാവികം ആയി എടുത്തേനേ .... മേഘ ചിരിച്ചുതള്ളികൊണ്ട് പറഞ്ഞു .

എടി  ഇതങ്ങനെയല്ല .... എന്റെ  മുന്നിൽ ഇപ്പോൾ  നീ ഇരിക്കുന്നത് പോലെ തന്നെ എന്റെ തൊട്ടപ്പുറത്ത് ഒരാൾ ഉണ്ടായിരുന്നു ....നീയൊന്ന് ആലോചിക്ക് നമ്മൾ രണ്ടുപേരും ലിഫ്റ്റിൽ കേറുന്നതിനു മുൻപ് അയാൾ ലിഫ്റ്റ് പ്രെസ്സ് ചെയ്ത് മുന്നോട്ട് പോയത് ഓർക്കുന്നില്ലേ.

 വെറുതെ ഇതുതന്നെ പറഞ്ഞ് പേടിപ്പിക്കാതെ ...കേൾക്കുമ്പോൾ തന്നെ എന്തോപോലെ .... ദേ ഒരു കാര്യം ....നൈറ്റ് ഷിഫ്റ്റ്  കഴിഞ്ഞ് വന്ന് ഞാനാണ്  ഈ റൂമിൽ  വൈകീട്ട് വരെ ഒറ്റക്ക് നിൽക്കേണ്ടത് . പ്ളീസ്  എന്റെ ഉള്ള ഉറക്കംകൂടെ കളയല്ലേ  .... മേഘ പരാതി ബോധിപ്പിച്ച് എന്തോ ജപിച്ചു

 

ഇത് കേട്ടുകൊണ്ട് രമ്യയും ആര്യയും അവർക്കടുത്തേക്ക് വന്നു .

ടീ ജെസ് നിന്നോടല്ലേ ഇതിവിടെ ഇനി സംസാരിക്കരുത് എന്ന് പറഞ്ഞത് ...ആര്യ ദേഷ്യത്തോടെ പറഞ്ഞു 

ഇവൾ ഈ സംസാരം നിർത്തണേൽ അവൾക്ക് ഒരു ഉത്തരം കിട്ടണം ...നമുക്ക് ഒരു സൈക്കോളജിസ്റിനെയോ മറ്റോ കണ്ടാലോ ? മേഘ പറഞ്ഞു 

എനിക്ക് മനസ്സിന് സുഖമില്ല എന്നാക്കുവാണോ നിങ്ങൾ എല്ലാരും കൂടി ...ജെസ്നി പ്രകടമായ  നിസ്സഹായതയോടെ  ചോദിച്ചു 

അവൾ പറഞ്ഞതിലും കാര്യമുണ്ട്  സൈക്കോളജിസ്റ് ആകുമ്പോൾ ഇതിന്റെ റീസൺ വ്യക്തമായി പറഞ്ഞുതരും .. അപ്പോൾ പിന്നെ നിനക്ക് ടെൻഷനും ഉണ്ടാകില്ല . രമ്യ പറഞ്ഞു .

എന്ന പിന്നെ ഇപ്പോൾ തന്നെ ഇറങ്ങിയാലോ ... ഇവൾ ഇത് തന്നെ പറഞ്ഞോണ്ടിരുന്ന ശെരിയാകില്ല ...ആര്യ പറഞ്ഞു 

എന്ന അങ്ങനെ ...എനിക്ക് ഇതിനു ഉത്തരം  കിട്ടിയാമതി .  നല്ല സൈക്കോളജിസ്റ് ആരാ ഉള്ളത് ?  ജെസ്നി ചോദിച്ചു 

ഞാൻ  ഗൂഗിളിൽ ഒന്ന് നോക്കട്ടെ .... രമ്യ സെർച്ച് ചെയ്യാൻ തുടങ്ങിയതും ഫോൺ ബെല്ലടിച്ചു 

എന്താ ആദർശ് ?  ഇപ്പോഴോ? ... ഞങ്ങൾ  ഒരു സ്ഥലം വരെ പോകാൻ നില്കുവായിരുന്നു 

... ഓക്കേ ...ഇപ്പോൾ താഴോട്ട് വരാം ...

നേരത്തെ സംസാരിച്ച കാര്യത്തെപ്പറ്റി എന്തോ സംസാരിക്കാൻ. നമ്മൾ 4 പേരോടും ഇപ്പോൾ താനേ താഴോട്ട് വരാൻ .. രമ്യ ബാക്കി  3 പേരോടുമായി പറഞ്ഞു 

ആ കല്യാണം റെഡിയാക്കികാണും ..ആര്യ ചിരിച്ചുകൊണ്ട് പറഞ്ഞു .

 

 

അവർ നാലുപേരും ഗ്രൗണ്ട് ഫ്ലോറിൽ കാത്തുനിന്നു ...അല്പസമയത്തിനകം ആദർശും റൂംമേറ്റ്സ്  3 പേരും കോണിയിലൂടെ ഇറങ്ങിവന്നു.

ഒരുകാര്യം ചോദിക്കാനായിരുന്നു ....നേരത്തെ നമ്മൾ സാറ്റർഡേ വൈകീട്ട് 8 നു ലിഫ്റ്റിൽ കയറിയ കാര്യം സംസാരിച്ചല്ലോ... അപ്പോൾ ഒരു ബ്ലൂ ടീഷർട്ട് ഇട്ട ആളുടെ കാര്യം പറഞ്ഞില്ലേ.... അതെന്താ ചോദിക്കാൻ ...? ആദർശ് ചോദിച്ചു

നിങ്ങൾ ഇത് ചോദിക്കാൻ കാരണം എന്താ .... ജെസ്നി ആകാംഷയടക്കാനാകാതെ തിരിച്ച് ചോദിച്ചു .

അത് ... രാവിലത്തെ സംഭാഷണം ഞാൻ വെറുതെ ഇവന്മാരോട് പറയുവായിരുന്നു ....വേറെ  ആരോടും പറഞ്ഞിട്ടില്ലാട്ടോ ..ആദർശ്  തുടർന്നു .... അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ചെറിയ കൺഫ്യൂഷൻ .... അന്ന്  ലിഫ്റ്റിൽ നമ്മൾ 8 പേരല്ലാതെ ഒരു ആൾകൂടെ ഉണ്ടായിരുന്നു എന്ന് അരുൺ ഉറപ്പിച്ച് പറയുന്നു . എന്നാൽ അങ്ങനെ ഒരാളെ ഞങ്ങൾ 3 പേരും കണ്ടിട്ടില്ല 

രമ്യയും ആര്യയും മേഘയും അന്താളിപ്പോടെ  ജെസ്നിയെ നോക്കി ... ജെസ്നിയുടെ മുഖത്ത് കുറെ സമയത്തിന് ശേഷം നേരിയ ആശ്വാസം നിഴലിച്ചു . ഇപ്പോൾ എങ്ങനെയുണ്ട് എന്ന ഭാവത്തിൽ അവൾ തിരിച്ചും ഒരു നോട്ടം വെച്ചു കൊടുത്തു  .

സത്യം പറായാം അത് തന്നെയാണ് ഞങ്ങളുടെയും പ്രശ്നം ....ജെസ്നി മാത്രം ഒരു ബ്ലൂ ടീ ഷർട്ട് ഇട്ട ആളെ കണ്ടു . പക്ഷെ ഞങ്ങൾ 3 പേരും അങ്ങനെ ഒരാളെ കണ്ടിട്ടില്ല .  ഇത് പറഞ്ഞാൽ ആദർശ് കളിയാക്കിയെങ്കിലോ എന്ന കരുതിയാണ് ഞങ്ങൾ കല്യാണആലോചന ആണെന്ന് കള്ളം പറഞ്ഞത് ...ഒരു നിമിഷ നേരത്തെ ആശ്ചര്യം കലർന്ന ആലോചനക്ക് ശേഷം രമ്യ ചോദിച്ചു . അരുൺ  കണ്ടത്  എന്താണ് ?

ഞങ്ങള് ഈ വാതിലിലൂടെ ഗ്രൗണ്ട് ഫ്ലോറിലേക്ക് വളരെ പതുക്കെയാണ് നടന്ന് വന്നുകൊണ്ടിരുന്നത് .  ഞാൻ റൈറ്റിലായിരുന്നു നടന്നത് . ഏതാണ്ട്  വാതിൽ കടന്ന ഉടനെ അയാൾ  എന്നെ  പാസ് ചെയ്ത്‌ കടന്നുപോയി . ലിഫ്റ്റിന്റെ മുൻപിലേക്ക് നീങ്ങികൊണ്ട്  അരുൺ തുടർന്നു .  ലിഫ്റ്റ് ഓപ്പൺ ആകുന്നതിന് മുൻപ് അയാൾ റൈറ്റ് സൈഡിൽ ആണ് നിന്നിരുന്നത്  എന്നാണ് ഓർമ .

അതെ  എന്റെയും റൈറ്റ്  സൈഡിൽ ....എന്നിട്ട്  അയാൾ ആണ് ആദ്യം ലിഫ്റ്റിലേക്ക്  കയറിയത് . കയറുന്നതിനു മുൻപേ ഏതോ ഒരു ബട്ടൺ കിക്ക്‌ ചെയ്തു .  എന്നിട്ട് പിറകിൽ ലെഫ്റ്റ് മൂലയിൽ നിന്നു . ഞാൻ അയാളുടെ  റൈറ്റിൽ ആയി . അയാളുടെ മുൻപിൽ ആയി ആര്യ . എന്നിട്ട് 12  എത്തിയപ്പോൾ അയാളെ  തട്ടാതെ  ഞാൻ ചെരിഞ്ഞിറങ്ങി . അതിനാണ്  ഇവൾ  എന്നെ കളിയാക്കിയത് . ജെസ്നി ആര്യയെ നോക്കികൊണ്ട് അതുവരെ ഇല്ലാത്ത വ്യക്തതയിലും കോൺഫിഡൻസിലും തുടർന്നു  . അപ്പോഴാണ്  ഞാൻ മാത്രമേ അയാളെ കണ്ടിട്ടുള്ളൂ എന്ന് മനസിലാക്കിയത് .

എല്ലാവരും ഒരു മിനുട്ടുനേരം സ്തബ്ധരായി ജെസ്നിയെ തന്നെ നോക്കിയിരുന്നു .

12 ത്ത്  ഫ്ലോറിൽ നിന്നും ലിഫ്റ്റ് പോയിട്ട് പിന്നെ എന്താ ഉണ്ടായത് .. രമ്യ അരുണിനെ നോക്കി ചോദിച്ചു .

ഞങ്ങൾ 13 ത്തിൽ ഇറങ്ങി . അയാൾ ബാക്കിൽ ഉണ്ടായിരുന്നു എന്നുറപ്പാണ് .  14 ത്ത്  പ്രെസ്സ്ഡ്  ആയിരുന്നു . എന്നാൽ ഇവരാരും അങ്ങനെ ഒരാളെ കണ്ടിട്ടില്ല എന്ന്  ഇന്ന് സംസാരിച്ചപ്പോളാണ് മനസിലായത് .

സൊ നമ്മൾ 8 പേരിൽ 2 പേർ അയ്യാളെ കണ്ടിരിക്കുന്നു .....എന്തായിരിക്കാം  ചിലർക്ക് മാത്രം കാണാൻ പറ്റുന്നത് ? ആദർശ് അവനവനോടോ മറ്റുള്ളവരോടോ  ആയി ചോദിച്ചു...

മനസ്സിന് കട്ടിയില്ലാത്തവർക്കാണ്  ഇങ്ങനെ പ്രേതങ്ങളെ കാണാൻ പറ്റുന്നത് എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് . ആര്യ പറഞ്ഞു 

അപ്പോഴേക്കും പ്രേതം ആണെന്ന് ഉറപ്പിച്ചോ ? രമ്യ ചോദിച്ചു 

പിന്നെ  അതല്ലാതെ എന്താണ് ?  ജെസ്നിയാണ് അതിന് മറുപിടി പറഞ്ഞത് .

നമുക്ക് ഇതെന്താണെന്ന് അറിയണം അല്ലെങ്കിൽ ആർക്കും സമാധാനം കിട്ടില്ല . ആദർശ് പറഞ്ഞു .

അതെ . പക്ഷെ എങ്ങനെ അറിയും എനിക്ക് ഒരു ബ്ലൂ ടീഷർട്ട് മാത്രേ ഓര്മയുള്ളു . അരുണിന് അയാളുടെ മുഖം ഓർമ്മയുണ്ടോ ? ജെസ്നി ചോദിച്ചു 

ഇല്ല ...ഞാൻ അയാളുടെ മുഖത്തേക്ക് നോക്കിയിരുന്നു പക്ഷെ . എന്റെ ഓർമ്മയിൽ  മുഖം  രെജിസ്റ്റർ  ചെയ്തിട്ടില്ല   . ഏതാണ്ട് നമ്മുടെയൊക്കെ പ്രായം ഉള്ള ഒരാൾ എന്നാണ് എനിക്ക് തോന്നിയത് 

നമുക്ക്  ഈ ലിഫ്റ്റിന്റെ മുന്നിലുള്ള സിസിടിവി  ചെക്ക്‌ ചെയ്തുടെ ? രമ്യ ചോദിച്ചു . 

അതിന് നമ്മൾ പലരേം ഈ സംഭവം കൺവിൻസ്‌ ചെയ്‌യേണ്ടി വരും . എന്നാലും ഞാൻ  കെയർ ടേക്കർനോട് ഒന്ന് സംസാരിച്ച് നോക്കട്ടെ 

അവർ അവിടെ നിന്നും പിരിഞ്ഞ് പോയി .

 

 

പിറ്റേന്ന് വൈകീട്ട് ഓഫീസിൽ  നിന്നും  വൈകീട്ട് 7 മണിയോടെ  രമ്യ തിരിച്ചെത്തി. . മെയിൻ ഹാളിൽ ചിന്തയിൽ മുഴുകിയിരിക്കുന്ന ജെസ്നി . 

ഇവൾ ഇപ്പോഴും കിളിപോയിരിക്കുവാണോ ...രമ്യ  ഫോണിൽ കുത്തികൊണ്ടിരുന്ന ആര്യയോട് ജെസ്നിയെ ചൂണ്ടി പറഞ്ഞു .

ഞാൻ ഒരു 10  തവണയെങ്കിലും പറഞ്ഞതാ വേറെ എന്തേലും ചിന്തിക്കാൻ ...ആരോട് പറയാൻ ആര് കേൾക്കാൻ 

ഞാൻ ഇന്ന് രാവിലെ തൊട്ട് കൊറേ ആൾക്കാരെ കണ്ടു ഓഫീസിലും ഇങ്ങോട്ട് വരുന്ന വഴിയിലും ഓക്കേ . അതിൽ ഇനി ആരൊക്കെ മരിച്ചവരായിരിക്കും . ജെസ്നി വിദൂരതയിലേക്ക് നോക്കി പറഞ്ഞു 

ഇവളിത് എന്തൊക്കെയാ പറയുന്നേ . ആര്യ ഹെഡ്‍ഫോൺ എടുത്ത് ചെവിയിൽ കുത്തികൊണ്ട് പറഞ്ഞു 

മൊബൈൽ റിങ് കേട്ട് രമ്യ ഫോൺ അറ്റൻഡ് ചെയ്തു ....

ആണോ ... ഓക്കെ ....ഇപ്പൊ  വരാം ....

ആദര്ശാണ് വിളിച്ചത് . ...സി സി ടി വി ഫുറ്റേജ്  കിട്ടിയിട്ടുണ്ട് . ഇപ്പോൾ ചെന്നാൽ കാണാം . 

 

അവർ താഴെ ഓഫീസ് റൂമിൽ എത്തുമ്പോഴേക്കും ആദർശും റൂം മെറ്റസും  അവിടെ എത്തിയിരുന്നു . അവരുടെ കൂടെ കെയർ ടേക്കറും ഉണ്ടായിരുന്നു .

സാറ്റർഡേ 8 ന് ശേഷം എന്നല്ലേ പറഞ്ഞേ ...ഇവിടുന്ന് പ്ലേ ചെയാം ... കെയർ ടേക്കർ വീഡിയോ പ്ലേ ചെയ്തു .

എല്ലാവരും ഇമവെട്ടാതെ സ്ക്രീനിലേക്ക് നോക്കി നിന്നു .  

ദേ നിങ്ങൾ ലേഡീസ് നാലുപേർ വരുന്നു ....ദേ  ഇവന്മാർ വരുന്നു ... ദാ  ലിഫ്റ്റ് വന്നു ... ഇല്ലലോ ഇതിൽ നിങ്ങൾ എട്ടുപേരെ ഉള്ളോ....വേറെ ആർക്കേലും എന്തേലും കാണുന്നുണ്ടോ ? കെയർ ടേക്കർ അവരെ എല്ലാരേയും നോക്കി. അരുണിനേയും  ജെസ്നിയെയും ബാക്കിയുള്ളവർ തുറിച്ചുനോക്കി ...രണ്ടുപേരും ഇല്ലെന്ന് തലയാട്ടി 

അവർ എല്ലാം ഓഫീസിന് പുറത്തേക്ക് നടന്നു 

 

എന്തായാലും അയാൾ പോയത് 14 ത്ത് ഫ്ലോറിലോട്ടല്ലേ . നമുക്ക് അവിടെ ഉള്ളവരോട് ഒന്ന് അന്വേഷിച്ചാലോ ? രമ്യ പറഞ്ഞു 

അതുംകൂടി  ഒന്ന് ട്രൈ ചെയ്തേക്കാം   ആദർശ് പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി വരുന്ന കെയർ ടേക്കരോട്  ചോദിച്ചു  . ചേട്ട  14 ത്ത് ഫ്ലോറിൽ എത്രെ ഫ്ലാറ്റ്സ് ഒക്കുപൈഡ് ആണ് ?

രണ്ടെണം 14 സി  യും 14 ഇ യും .. ഒരു കാര്യ,കാര്യം ...അവരോടൊക്കെ ചെന്ന് ചോദിക്കുമ്പോൾ  സൂക്ഷിച്ച് വേണം . പ്രേതകഥ പോലെ പറയരുത് . മനസിലായല്ലോ ?

അവർ  തലയാട്ടി ...മനസില്ല മനസോടെ ലിഫ്റ്റിൽ കയറി നേരെ 14 ത്ത് ഫ്ലോർ സെലക്ട് ചെയ്തു . ലിഫ്റ്റ്  പതിവിലും വേഗത കുറഞ്ഞതായി അവർക്ക്  തോന്നി ,പതിയെ  ഒപേറാ മ്യൂസിക്  ശബ്ദത്തോടെ ഡോർ ഓപ്പൺ ആയി.  അവർ ഓരോരുത്തരും ശബ്ദമുണ്ടാക്കാതെ പുറത്തോട്ടിറങ്ങി . അവിടത്തെ നിശബ്ദത ഭീതിക്ക് ആക്കം കൂട്ടുന്നതായി അനുഭവപ്പെട്ടു . അവർ ആദ്യം 14 സി യിലോട്ടാണ് ചെന്നത് .  രമ്യ കാളിങ് ബെല്ലടിച്ചു .

50 വയസിനോടടുത്ത ഒരാൾ വാതിൽ തുറന്നു .

സർ ഞാൻ രമ്യ . താഴെ 12  എ യിൽ  താമസിക്കുന്നു . ഒരു കാര്യം ചോദിക്കാനായിരുന്നെ . ഇവിടെ ആരൊക്കെ താമസം ഉണ്ട് ?

ഞാനും ഭാര്യയും .. എന്തുപറ്റി ?

സാറിന്റെ മക്കളോ മറ്റോ  ഈ സാറ്റർഡേ എങ്ങാനും ഇങ്ങോട്ട് വന്നിരുന്നോ ?

ഇല്ലലോ . എനിക്ക് ആകെ ഒരു മകൾ ആണ് ഉള്ളത് .  അവൾ ചെന്നൈയിൽ എഞ്ചിനീയറിംഗ് പഠിക്കുകയാണ് . എന്താ കാര്യം ?

സാറ്റർഡേ ഇവിടെ നമ്മുടെ  കെട്ടിടത്തിൽ ഒരു അപരിചിതൻ  വന്നോ എന്നൊരു സംശയം . കള്ളനോ മറ്റോ ആണോ അതോ ഇവിടെ ഉള്ളവരുടെ ബന്ധുക്കളോ മറ്റോ ആണോ  എന്നറിയാനായിരുന്നു 

ഇല്ല ഇവിടെ ആരും വന്നിട്ടില്ല .

അപ്പുറത്തെ ഫ്ലാറ്റിൽ  ചെറുപ്പക്കാർ ആരെങ്കിലും വന്നതായോ  താമസിക്കുന്നതായോ അറിയാമോ ? 14 ഇ  ചൂണ്ടിക്കൊണ്ട് ആദർശ് ചോദിച്ചു .

ഇല്ല. അവിടെ കുറുപ്പ് സാറും ഫാമിലിയും ആണ് താമസം .  ഇപ്പൊ അടുത്തൊന്നും അങ്ങനെ ആരെയും കണ്ടിട്ടില്ല .

അവർ 14 ഇ യിലോട്ട് നീങ്ങി .... കോളിങ് ബെൽ റിങ്ങിൽ  കുറുപ്പ് സാർ വാതിൽ തുറന്നു . 

എന്താ കുട്ടികളെ എന്താ പ്രശനം ?  കുറുപ്പ് സാർ സ്നേഹം കലർന്ന ചിരിയോടെ ചോദിച്ചു

സാർ ഇവിടെ പുതിയതാണല്ലെ ... രമ്യ ചോദിച്ചു

അതെ ഒരു മാസം ആയിട്ടുള്ളു ഇങ്ങോട്ട്  വന്നിട്ട്  

ഹോ ഓക്കെ  . ഞങ്ങളൊക്കെ താഴെ താമസിക്കുന്നവരാണെ . രമ്യ പറഞ്ഞു 

ഹോ ആണോ ...  .നിങ്ങൾ കയറിവരു ..എല്ലാരും ഇരിക്ക് ...  കഴിക്കാൻ എടുക്കാൻ എന്ന പോലെ കുറുപ്പ് സാർ ഭാര്യയെ നോക്കി . അവർ  അകത്തോട്ട് പോയി ... വന്നവർ എല്ലാവരും അവിടവിടങ്ങളിലായി ഇരിപ്പുറപ്പിച്ചു .

അയ്യോ സാർ വേണ്ട . ഞങ്ങൾ ഒരു കാര്യം ചോദിയ്ക്കാൻ വന്നതാ ... നമ്മുടെ ബിൽഡിങ്ങിൽ സാറ്റർഡേ  ഒരു തെഫ്റ്റ് നടന്നോ എന്നൊരു സംശയം .  ഒരു സസ്‌പെക്റ്റിനെ ഐഡന്റിഫൈ  ചെയ്തിട്ടുണ്ട്. അത് ഇവിടത്തെ ആരുടേങ്കിലും റിലേറ്റീവ്സ് ആണോ എന്നറിയാൻ  വന്നതാ .  സാറ്റർഡേ ഇവിടെ പരിചയക്കാർ ആരെങ്കിലും  വന്നായിരുന്നോ? ആദർശ് ചോദിച്ചു  

ഹോ . ഞാൻ ഇപ്പോളാ അറിഞ്ഞത്  കേട്ടോ. സാറ്റർഡേ ഇവിടെ ആരും വന്നില്ല  . മകളുടെ ഫ്രണ്ട്സ് കുറച്ചുപ്പേർ വന്നായിരുന്നു . അത് പക്ഷെ.... ലാസ്റ്റ് വീക്ക് ആയിരുന്നു .  നിധി ... കുറുപ്പുസാർ മകളെ വിളിച്ചു .

മോൾടെ  ഫ്രണ്ട്‌സ്  ലാസ്റ്റ് ടുസ്‌ഡേ അല്ലെ വന്നത് ?

അതെ ...കുറുപ്പുസാറിന്റെ പുറകിലായി വന്നു നിന്ന് നിധി മറുപിടി പറഞ്ഞു  .

ലാസ്റ്റ് സാറ്റർഡേ  14 ത്ത് ഫ്‌ളോറിലോ മറ്റോ അപരിചിതർ  ആരെങ്കിലും കണ്ടായിരുന്നോ . ആദർശ്‌  നിധിയോടും കുറുപ്പുസാറിനോടും ആയി ചോദിച്ചു .

രണ്ടുപേരും ഇല്ലെന്ന് തലയാട്ടി  

അപ്പോഴേക്കും കുറുപ്പുസാറിന്റെ ഭാര്യ കൂൾഡ്രിങ്ക്‌സ്  ടീപ്പോയിൽ കൊണ്ടുവച്ചു.

ഇതൊന്നും വെണ്ടാർന്നു ഈ സമയത്ത് ... രമ്യ  പറഞ്ഞുകൊണ്ട് ഒരു സീപ്പെടുത്തത്  തുടർന്നു . ആന്റി സാറ്റർഡേ ഇവിട പരിചയമില്ലാത്ത ആരെങ്കിലും കണ്ടായിരുന്നോ ?

ഇല്ലെന്ന് അവരും തലയാട്ടി 

എല്ലാവരുടെയും മുഖത്ത് മ്ലാനത പരന്നു. രമ്യ ചുറ്റും നോക്കി ഇറങ്ങാമല്ലേ. എന്ന മട്ടിൽ എണീക്കാൻ ശ്രമിച്ചതും .ജെസ്നി അവളുടെ ചെവിയിൽ ചോദിച്ചു  പുള്ളിയോട് ആരെങ്കിലും കണ്ടോന്ന് ചോദിക്കുന്നില്ലേ ...

അവളുടെ ഒതുക്കി ചൂണ്ടിയ വിരൽ തുമ്പത്ത്  ഒഴിഞ്ഞൊരു സോഫ കണ്ട്  രമ്യ ചോദിച്ചു നീ ആരുടെ കാര്യമാ പറയുന്നേ ....

ബ്ലൂ ടിഷർട്ട് സോഫയിൽ ...ഉള്ളിലെ വിറയൽ മാറാതെ  അരുൺ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു .  എല്ലാരുടെയും നോട്ടം  അരുണിന്റേയും ജെസ്നിയുടെയും കാഴ്ചയെ പിന്തുടർന്ന് ശൂന്യമായ സോഫയിൽ  വന്നിടിച്ചു .

എന്തുപറ്റി എന്താ എല്ലാരും വല്ലാതിരിക്കുന്നെ ... കുറുപ്പ് സാറിന്റെ ചോദ്യം  രാമ്യയെ  മനസ്സാനിധ്യം വീണ്ടെടുക്കാൻ  സഹായിച്ചു .  മുഖത്തെ ഭീതിയും പരിഭ്രവും മറച്ചുകൊണ്ട് അവൾ ചോദിച്ചു . ഇവിടെ നിങ്ങൾ 3 പേരും അല്ലെ  ഉള്ളോ  ?

 

അതെ ..കുറുപ്പ് സാർ മറുപിടി പറഞ്ഞു 

നിധിക്ക് സിബിലിങ്സ് ? രമ്യ ചോദ്യം പകുതിയിൽ നിർത്തി .

കുറുപ്പുസാർ മൗനം അണിഞ്ഞു . ഭാര്യയുടെ കണ്ണുകൾ നനഞ്ഞു .

നിധി പറഞ്ഞു ചേട്ടൻ മരിച്ചിട്ട് ഒരു വര്ഷം കഴിഞ്ഞു .

ജെസ്നിയുടെ കണ്ണുകളിൽ നീല നിറമുള്ള കൂരിരുൾ നിറഞ്ഞുകവിഞ്ഞു .

Srishti-2022   >>  Short Story - Malayalam   >>  ഏകാന്തതയുടെ മണലാഴി

ഏകാന്തതയുടെ മണലാഴി

ഉഷ്ണക്കാറ്റേറ്റുള്ള പകൽ യാത്രയും അതിലുപരി ഹൃദയത്തെ പറിച്ചെടുക്കുന്ന പോലുള്ള വ്യഥയും ചേർന്നുണ്ടാക്കിയ ക്ഷീണത്താൽ കിടന്നയുടനുറക്കത്തിലമർന്ന തൃലോക് നാഥിനെ പാതിരാത്രിയിലെ

പ്പോഴോ ഉപേക്ഷിച്ച് നിദ്രാദേവി കടന്നു കളഞ്ഞു. ത്രിലോകിന്റെ നേത്രാ ന്തരപടലത്തിൽ, ഇരുളിലും റാമിന്റെ പ്രതിഛായ പതിഞ്ഞു. റാം അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് നാലു വർഷങ്ങൾ പിന്നിടുമ്പോൾ ത്രിലോ കിന്റെ ഒരു ചെറുവിരലനക്കം പോലും റാമിനെ ബോധ മണ്ഡലത്തിലേക്കു ണർത്തുവാൻ മാത്രം ഗാഢമായിരുന്നു അവർക്കിടയിലെ ആത്മ                            ബന്ധം. അയാളുടെ ഇടം കൈത്തലം അവന്റെ മുതുകിലൂടെ മുൻ കാലുകളുടെ മുകളിലേക്കും അവിടെ നിന്ന് കഴുത്തിലേക്കും തഴുകി. റാം സ്നേഹത്താൽ തലകുനിച്ച്, മുഖം അയാൾക്കരികിലേക്ക് നീട്ടി. അയാൾ ഇരു കൈകൾ കൊണ്ടും അവന്റെ മുഖത്തെ ഒരു കൊച്ചു കുട്ടിയെയെന്ന പോലെ  ചേർത്തു പിടിച്ചു. അവന്റെ നെറ്റിത്തടത്തിൽ അയാൾ തന്റെ ചുണ്ടുകൾ ചേർത്തു.അയാളുടെ ഹൃദയത്തിൽ നിന്നും പൊട്ടിയൊഴുകിയ നീരുറവ മിഴിനീർ ചാലുകളായി.

 

                       ആ രാത്രിയുടെ ബാക്കിയിൽ ഉണർന്നിരുന്ന ത്രിലോകിന്റെ മനസ്സിലൂടെ മടങ്ങി വരാത്ത കാലത്തിന്റെ മായാത്ത കാഴ്ചകൾ മദ്യത്തിൽ നിന്നും നുരയെന്ന പോലെ പതഞ്ഞു പൊങ്ങി.നന്നേ ചെറുപ്പം മുതൽ തന്റെ പിതാവ് കൈലാഷ് നാഥിനൊപ്പം, വലിയ ഒട്ടകകൂട്ടങ്ങളെയും തെളിച്ച് ഹനുമൻഗറിൽ നിന്നും ദിവസങ്ങൾ നീണ്ട യാത്ര പുഷ്കറിൽ വന്നവസാനിക്കു ന്നതും , ബഹുവർണ്ണങ്ങളിൽ കുളിച്ചു നിൽക്കുന്ന പുഷ്ക്കറിലെ തെരുവോ രക്കാഴ്ചകളെ അദ്ഭുതക്കണ്ണുകൾ ഒപ്പിയെടുക്കുന്നതും,തങ്ങളുടെ ഒട്ടകങ്ങളെ വില പറഞ്ഞ് വിൽക്കുന്നതും, പുതിയവയെ വിലപേശി വാങ്ങുന്നതും ഒടുവിൽ കാർത്തിക പൂർണ്ണിമയിൽ പുഷ്കറിലെ സ്നാനഘട്ടങ്ങളിൽ ഒന്നിൽ മുങ്ങി നിവർന്ന് , വീണ്ടും ഒരു വർഷത്തേക്കുള്ള കർമ്മചിന്തകളുമായി പിൻവാങ്ങു ന്നതും എല്ലാം .

 

                     യാത്ര തുടങ്ങിയതിന്റെ ആറാം പകൽ അവർ പുഷ്കറിൽ എത്തി ച്ചേർന്നു. ലോകത്തുള്ള എല്ലാ പാതകളും പുഷ്കറിലേക്ക് നീണ്ടു. ഒട്ടകക്കൂട്ടങ്ങൾ, കുതിരകൾ, ഈ ലോകത്തെ മുഴുവൻ ജനങ്ങൾ, നാടൻ കലാകാരന്മാർ, കച്ചവട ക്കാർ, എല്ലാവരുടെയും കാലുകൾ ചലിക്കുന്നതും, എല്ലാ ചക്രങ്ങളും ഉരുളുന്ന തും ഒരേ ദിശയിലേക്ക് തന്നെ. ശബ്ദായമാനമായ അന്തരീക്ഷം.

 

                     നവമിക്ക് ഇനി രണ്ടു നാൾ കൂടി ബാക്കി. വിലപേശലുകളും കച്ചവട ങ്ങളും തുടങ്ങിക്കഴിഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് തരിശായി കിടന്നിരുന്ന ആ മണൽ മൈതാനത്ത്,മഴയത്ത് പൊട്ടി മുളച്ച കൂണുകൾ പോലെ ആയിരക്കണ ക്കിന് കൂടാരങ്ങൾ ഉയർന്നു കഴിഞ്ഞു. അതിലൊന്ന് തൃലോകിന്റേതായി രുന്നു.നഗരമാകെ നിറങ്ങളിൽ മുങ്ങി, ഒരുങ്ങിയിറങ്ങിയ നവോഢയെ പോലെ പ്രശോഭിച്ചു.മേള മൈതാനത്തിന്റെ മറ്റൊരു ഭാഗത്ത് ഭീമൻ ചക്രങ്ങളും, യന്ത്ര ഊഞ്ഞാലുകളും, യന്ത്ര ക്കുതിരകളും രാവിനെ പകലാക്കി.

              

                    ഒട്ടകവണ്ടികളിൽ നിറച്ചു കൊണ്ടു വന്നിരുന്ന പാത്രങ്ങളും, ധാന്യ ങ്ങളും, വസ്ത്രങ്ങളും എല്ലാം തൃലോകും  മൂത്ത മകൻ ആഞ്ജനേയും രണ്ടാമൻ ഭോലാറാമും, മരുമകൻ ശിവറാമും മറ്റുള്ളവരും ചേർന്ന് കൂടാരത്തിലേക്ക് എടുത്തു വച്ചു. കൂടാരത്തിന് പുറത്ത് മടക്ക് നിവർത്തിയ രണ്ടു ചൂടിക്കട്ടിലുകൾ നിരത്തിയിട്ടു. കാലങ്ങളായുള്ള ഒരു സമ്പ്രദായം. സമ്പ്രദായം മാത്രമല്ല, ഇത് അവരുടെ ജീവിതമാണ്.

 

                  കുറച്ചു നേരത്തിനകം തൃലോക് നാഥിന്റെ ഭാര്യ അംബാദേവി അവരുടെ ഒട്ടകങ്ങൾക്കായുള്ള  ഗോതമ്പും മറ്റു ധാന്യങ്ങളും പ്രത്യേക അനു പാതത്തിൽ ചേർത്ത് പാകപ്പെടുത്തിയ പ്രത്യേക ഭക്ഷണവുമായി വന്നു. അവ അവരുടെ എല്ലാ ഒട്ടകങ്ങൾക്കുമായി വീതിച്ച് അവയുടെ പാത്രങ്ങളിലാക്കി കൊടുത്തു.

 

ചൂടിക്കട്ടിലിൽ കിടന്നു വിശ്രമിക്കുകയായിരുന്ന തൃലോക് പതുക്കെ റാമിനരികിലേക്ക് നീങ്ങി. അതാണല്ലോ അയാളുടെ ശീലം.

 

            ത്രിലോക് അവനെ പാൽ നുകരുന്ന കുഞ്ഞിനെ അമ്മയെന്ന പോലെ തലോടിക്കൊണ്ടിരുന്നു.റാം ആ തലോടൽ ആസ്വദിക്കുന്നുണ്ടായിരുന്നു.

 

             ത്രിലോക്  തലോടൽ  ഒന്ന്  നിർത്തിയപ്പോൾ അവൻ തീറ്റയും നിർത്തി.  " ഖാവോ ബേട്ടാ... ഖാവോ" യെന്ന് തൃലോക് വീണ്ടും തലോടി.

      

           തൃലോകിന്റെ മുഖത്ത് വ്യഥകൾ തീർത്ത ഭൂപടം വ്യക്തമായിരുന്നു. അയാൾ കടന്നു വന്ന വഴികളുടേയും അനുഭവങ്ങളുടേയും അടയാളങ്ങൾ നെറ്റിത്തടങ്ങളിലും കൺകോണുകളിലും കവിൾ ത്തടങ്ങളിലും  ജരകളായി പതിഞ്ഞു കിടന്നു. അയാൾ ധരിച്ചിരുന്ന വെളുത്ത അങ്കോർഖയും ധോത്തിയും പഴക്കത്താൽ നരച്ച മഞ്ഞ നിറമുള്ളതായി മാറിയിരുന്നു. അയാളുടെ തലയുടെ ഇരട്ടി വലുപ്പമുള്ള,വർണ്ണാഭമായ തലേക്കെട്ടിന്റെ ഭാരം പോലും എല്ലിച്ച ആ ശരീരത്തിന് താങ്ങാനാവുന്നതിനും അപ്പുറമാണെന്ന് തോന്നി.ചുട്ടുപൊള്ളുന്ന വരണ്ട മണലിലൂടെ കാലങ്ങൾ സഞ്ചരിച്ചു എന്നതിന് അയാളുടെ വിണ്ട് കീറിയ ഉപ്പൂറ്റികൾ സാക്ഷി.പഴക്കത്താൽ പതിഞ്ഞതും ദ്വാരങ്ങളുള്ളതുമായ വില കുറഞ്ഞ തുകൽ ചെരുപ്പുകൾ അയാളുടെ പാദങ്ങളോട് പൊരുത്തപ്പെടാതെ നിന്നു.

                തൃലോക്റാമിന്റെ സഹധർമിണി റൊട്ടിയും ദാലും സബ്ജിയും പാകം ചെയ്യുന്ന തിരക്കിലായിരുന്നു. അവരുടെ മരുമകളായ കഞ്ചനും മകൾ ആര്തി യു  ,  അവരെ  സഹായിക്കുന്നുണ്ടായിരുന്നു.

                 തൃലോക് അത്താഴം കഴിച്ചെന്ന് വരുത്തി ഉറങ്ങാൻ കിടന്നു. രാവേറേ ച്ചെന്നിട്ടും ഉറങ്ങാൻ പറ്റാതെ കൂടാരത്തിൽ വിരിച്ച കനം കുറഞ്ഞ മെത്തയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ത്രിലോകിനെ ശ്രദ്ധിച്ച അംബാദേവി തന്റെ, ഞരമ്പുകൾ തെളിഞ്ഞു നിൽക്കുന്ന  ചുളിഞ്ഞ കൈത്തലം കൊണ്ട് അയാളുടെ ചുമലുകൾ ആഞ്ഞു കുലുക്കി " എന്താണ് ഉറക്കത്തെ കെടുത്തുന്ന ചിന്ത"യെന്ന് ആരാഞ്ഞു.  

 

                " നമ്മുടെ മോളെ ക്കുറിച്ച്"

" നിങ്ങൾ പേടിക്കാതെ. അവൾ സുരക്ഷിതയാണല്ലോ. സാധ്ന മാമിയെന്നാൽ അവൾക്ക് ജീവനാണ്."

 അൽക്കയെ കുറിച്ചുള്ള ഓർമ്മകൾ അയാളുടെ ഒരോ കോശങ്ങളിലൂടെയും ഇരമ്പിപ്പാഞ്ഞു.

" അവൾ എത്ര മിടുക്കിയായിരുന്നു. എന്തിനാ ഇങ്ങനെ ഒരു ഗതി അവൾക്ക് കൊടുത്തത്. ഹേ... ഭഗവാൻ"" എന്ന് ത്രിലോക് പരിതപിച്ചു.

" ഓപ്പറേഷൻ നടത്തിയാൽ എല്ലാം ശരിയാകും എന്നല്ലേ ഡോക്ടർ പറഞ്ഞത്....  ആ വാക്കുകൾ ഭഗവാന്റേതാണ്..നിങ്ങൾ അവ വിശ്വസിക്കൂ." എന്നവർ ആശ്വസിപ്പിച്ചു.

   " എല്ലാം നടക്കും..... പക്ഷെ..." എന്നിങ്ങനെ തൃലോക് അർദ്ധോക്തിയിൽ നിർത്തി.

" നമുക്ക് നമ്മുടെ അൽക്കയല്ലേ വലുത്....??? എന്ന് തൃലോകിന്റെ മനസ്സ് കൃത്യമായി വായിച്ചെടുത്ത് അംബാദേവി ചോദിച്ചു." ഇന്നത്തെ ഉറക്കം കെടുത്തിയിട്ടോ നാളെ ഉണരാതിരുന്നിട്ടോ ഭൂമി ഉരുളാതിരിക്കില്ല; സൂര്യനുദിക്കാതെയും...." എന്ന്  അംബാദേവി ദാർശനികയായി.

 

            മേള മൈതാനം കൺ തുറന്നത് നിറച്ചാർത്തുകൾക്കിടയിലേക്കാണ്. അങ്കോർഖയും ധോത്തിയും ധരിച്ച്, വലുപ്പമുള്ള തലപ്പാവുകൾ ചൂടി,കൈയിൽ നീളൻ ചൂരൽ വടികളേന്തി ഒട്ടകങ്ങളെ ആജ്ഞാനുസൃതം ചലിപ്പിക്കുന്ന വൃദ്ധരും ചെറുപ്പക്കാരും പകിട്ടാർന്ന ഖാഗ്രയും ചോളിയും ധരിച്ച് ഓഡ് നിയാൽ ശിരസ്സു മറച്ച സ്ത്രീകളും, ചെമ്പിച്ച മുടി അലസമായി പാറിക്കിടക്കുന്ന കുട്ടികളും , ഒരു പിടി മണൽ വാരി മുകളിലേക്കെറിഞ്ഞാൽ ഒരു തരി പോലും താഴെയെത്താത്ത വണ്ണം മൈതാനത്ത് നിറഞ്ഞു കഴിഞ്ഞു.

 

               റാമിന്റെ നീളമുള്ള കഴുത്തിൽ പല നിറങ്ങളിലുള്ള മുത്തുകൾ കൊരുത്തെടുത്ത മാലകൾ അയാൾ അണിയിച്ചു. റാം അത് ഇഷ്ടപ്പെടുന്നത് പോലെ തലകുലുക്കി.കാൽ മുട്ടുകൾക്ക് മുകളിലായി ചരടിൽ കെട്ടിയ കിലുങ്ങുന്ന മണികൾ അലങ്കാരങ്ങളായി ശോഭിച്ചു. പാദ ചലനങ്ങൾക്കാപ്പം താളം തുള്ളുന്ന ചിലങ്കകളും കെട്ടിയ റാം" ഖൂബ് സൂരത്താണ്".

 

                ഒരു  മദ്ധ്യവയസ്ക്കനും മകനെന്ന് തോന്നിപ്പിക്കുന്ന  ചെറുപ്പക്കാരനും വന്ന് റാമിനെ കണ്ടു. മറ്റ് ഒട്ടകങ്ങളെ കണ്ടിട്ടും അവർക്ക് റാമിലാണ് താത്പര്യം ജനിച്ചത്.

              

               തൃലോക് പറഞ്ഞു. യേ മേരാ ബേട്ടാ... യേ ഖൂബ് സൂരത്ത് ഹേ, ബുദ്ധിമാൻഹേ ഔർ പ്യാരാ ഭീ ഹേ".അവൻ സുന്ദരനാണ്, ബുദ്ധിമാനാണ്, സ്നേഹധനനാണ്. റാമിനെ വർണ്ണിക്കാൻ തൃലോകിന് ഭാഷാജ്ഞാനം പോരാതെ വന്നു.

 

                അവന്റെ നീണ്ട കഴുത്ത് നോക്കൂ...., ചെറുതും കൂർത്തതുമായ കർണ്ണങ്ങൾ നോക്കൂ, ഉരുണ്ട കണ്ണുകളും, ചെറിയ വാലും നിങ്ങൾ കാണുന്നില്ലേ.... വർണ്ണന നീണ്ടു.

 

   " ഒക്കെ ശരി തന്നെ. വിലയെത്രയെന്ന് പറയൂ".

   "അറുപതിനായിരം".

 

   " അത് കുറച്ചു കൂടുതലല്ലേ"

 

  " അമ്പതിനായിരം വരെ പറഞ്ഞിട്ട് കൊടുത്തില്ല." തൃലോക് ഈ പറഞ്ഞത് ഒരു നുണയായിരുന്നു. ആ അച്ഛനും മകനും പിന്നെ അവിടെ നിന്നില്ല.

 

            പലരും വില ചോദിച്ചു വന്നെങ്കിലും എല്ലാരും വില കൊണ്ടടുക്കാതെ പിന്തിരിയുകയാണുണ്ടായത്.

 

             തൃലോകും സംഘവും അവിടെയെത്തിച്ചേർന്നതിന്റെ രണ്ടാം ദിവസ മാണ് സമ്പന്നൻ എന്ന് ഒറ്റ നോട്ടത്തിൽ തോന്നിപ്പിക്കുന്ന ഒരാളും ശിങ്കിടിയും വന്നത്. അയാൾ പകിട്ടാർന്ന വിലയേറിയ വസ്ത്രങ്ങൾ ധരിച്ചിരുന്നു. പട്ടിന്റെ തലപ്പാവ് വച്ചിരുന്നു. അയാൾ അമൂല്യങ്ങളായ രത്നങ്ങൾ പതിച്ച സ്വർണ്ണാ ഭരണങ്ങൾ അണിഞ്ഞിരുന്നു. വൃത്തിയായി താടിരോമങ്ങൾ ക്ഷൗരം ചെയ്ത മുഖത്ത്, മീശ പിരിച്ച് വച്ചിരുന്ന അയാൾ പാൻ മസാല ചവച്ചു കൊണ്ടിരുന്നു.

 

     തൃലോക് നാഥ്, റാം ഒഴികെയുള്ള മറ്റു ഒട്ടകങ്ങളെയാണ് ആദ്യം അയാൾക്ക് പരിചയപ്പെടുത്തിയത്." യേ നഹീ.... മുഛെ വോ വാലാ ചാഹിയെ" അയാളുടെ ചൂണ്ടുവിരൽ റാമിനു നേരെയായിരുന്നു.

 

         " ഉസ്കാ കീമത് ഹേ ഏക് ലാഖ്"

 

അയാൾ കട്ടിയുള്ള പുരികങ്ങൾ ഉയർത്തി, നാവിനാൽ പാൻമസാലയെ കവിളിലേക്കൊതുക്കി മുഖമൊന്നുയർത്തി അമർത്തിമൂളുകയല്ലാതെ മറുപടി പറഞ്ഞില്ല.

 

   അന്നേ ദിവസം കനിഷ്ക് എന്നു പേരായ ഒരു ഒട്ടകത്തെ തൃലോക് മുപ്പതി നായിരം  രൂപയ്ക്ക് വിറ്റഴിച്ചു. ഇരുട്ട് വ്യാപിച്ചു. ആരാവല്ലി മലനിരകൾ പ്രൗഢഗംഭീരമായി ഉയർന്നു നിന്നു.

 

           കൂടാരത്തിനുള്ളിൽ അംബാദേവിയും മകളും മരുമകളും ഭക്ഷണം പാകം ചെയ്യുന്ന തിരക്കിൽ മുഴുകിയിരുന്നു. തൃലോക് നാഥ് കൂടാരത്തിന് പുറത്ത് തന്റെ ചൂടിക്കട്ടിലിൽ ചിന്തകളിൽ മുഴുകിയിരിക്കുന്നത് അംബാ ദേവി തന്റെ പണികൾക്കിടയിലും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഭക്ഷണത്തിന് ശേഷം തൃലോക് നാഥും അംബാദേവിയും കോസടി വിരിച്ച് കിടന്നു വെങ്കിലും അയാൾക്ക് ഉറങ്ങാനായില്ല. അയാൾ അസ്വസ്ഥനായിരുന്നു.

 

             " നിങ്ങൾ എന്താണ് ചിന്തിക്കുന്നത്.'' അംബാദേവിക്ക് അയാളുടെ മനസ്സറിയാമെങ്കിലും തുടർന്നു" ഞാൻ നേരത്തേ ശ്രദ്ധിച്ചിരുന്നു. റൊട്ടിയും നിങ്ങൾക്കേറെ ഇഷ്ടപ്പെട്ട സബ്ജിയും കഴിക്കുമ്പോഴും , നിങ്ങളുടെ മനസ്സിൽ വേറെയെന്തൊക്കെയോ ആയിരുന്നു.

 

               " കുഛ് നഹി"

" നിങ്ങളെന്തിനാ റാമിന് ഒരു ലക്ഷം പറഞ്ഞത്? അതല്ലെ ആ സമ്പന്നൻ പോയത്.?""

 

" അയാളെ കണ്ടാലറിയാം.... അയാൾ സമ്പന്നനാണ്... അയാൾക്ക് റാമിനെ അത്രയേറെ ഇഷ്ടപ്പെട്ടിരിക്കുന്നു. അയാൾ ഇനിയും വരുമെന്നുറപ്പാണ്. അതു കൊണ്ടാണ് ഞാൻ വില കൂട്ടി പറഞ്ഞത്."

 

അംബാദേവി അവിശ്വാസത്തോടെ അയാളെ നോക്കി.

തൃലോക് തുടർന്നു." ഇത്രയും തുക കിട്ടിയാലേ അൽക്കയുടെ ഓപ്പറേഷന്റെ ചെലവുകൾക്ക് ശേഷവും ബാക്കിയാവൂ. അടുത്ത മേള വരെ കഴിച്ചു കൂട്ടണ്ടേ?"

 

    പട്ട് തലപ്പാവു വച്ച വില കൂടിയ വസ്ത്രങ്ങൾ ധരിച്ച ആ സമ്പന്നനെ തൃലോ കിന് അപ്പോഴും കൺമുമ്പിൽ കാണാമായിരുന്നു." അയാൾ ഇനി വരരുത് എന്ന് തൃലോക് മനസാ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.അതിനു വേണ്ടി തന്നെയാണയാൾ വില കൂട്ടി പറഞ്ഞതും.

 

                     ഉറക്കം വരാതെ കിടന്ന തൃലോക് കൂടാരത്തിന് വെളിയിലേക്ക് നടക്കുമ്പോൾ അംബാദേവിയുടെ കൂർക്കം വലി മുഴങ്ങുന്നുണ്ടായിരുന്നു. മറ്റു ഒട്ടകങ്ങൾക്കൊപ്പം റാമും നിന്നുറങ്ങുകയായിരുന്നു. റാമിന്റെ ശരീരത്തിലൂടെ അയാളുടെ പരുപരുത്ത വിരലുകൾ തലോടി. ആ വിരലുകൾ അവന്റെ മുഖത്തേക്ക് നീങ്ങി. അവന്റെ നെറ്റിമേൽ അയാൾ ചുണ്ടുകൾ ചേർത്തു. അശ്രുകണങ്ങൾ ഇറ്റു വീണു റാമിന്റെ മുഖത്തെ നനുത്ത രോമങ്ങൾ തൃലോകിന്റെ കണ്ണുനീരാൽ നനഞ്ഞു. റാം തൃലോകിന്റെ മുഖത്തേക്ക് നോക്കി. അവൻ മുഖം അയാളുടേതിനോടടുപ്പിച്ചു. തൃലോക് ഗദ്ഗദ കണ്ഠനായി.

" റാം ബേട്ടാ.... നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല."

 

 റാം എല്ലാം മനസ്സിലാക്കുന്ന പോലെ തലയാട്ടുകയും അയാളുടെ കവിളിൽ മുഖമുരുമുകയും ചെയ്തു. എത്രയോ നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.

 

                     അയാൾ അംബാദേവിയുടെ ഉറക്കത്തെ കെടുത്താതെ അരികിൽ ചെന്നു കിടന്നു. അവർ അയാൾക്കനഭിമുഖമായി ചരിഞ്ഞു കിടന്ന് കൂർക്കം വലിച്ചു കൊണ്ടിരുന്നു.

 

          മണിക്കൂറുകൾ പിന്നെയും പിന്നിട്ടു. നിറമുള്ള പ്രഭാതത്തിലേക്ക് എല്ലാരും കണ്ണ് തുറന്നു. മൈതാനം വീണ്ടും മുഖരിതമായി. ഒട്ടകത്തെ വിൽക്കാനും വാങ്ങാനും വന്നവരുടെ തിരക്കുകൾ. കല്ലുകൾ കൂട്ടിവച്ചു ണ്ടാക്കിയ അടുപ്പ് കത്തിക്കുന്നതിനായി ഒട്ടകത്തിന്റെ കാഷ്ഠം ശേഖരി ക്കുന്നവർ ഒരു ഭാഗത്ത്, ഒട്ടകത്തിന് തിന്നാനായി ആരിവേപ്പില തലച്ചുമടായി കൊണ്ടുവരുന്നവർ മറുഭാഗത്ത്. അന്നും ആ മൈതാനത്ത് എത്രയോ കച്ചവടങ്ങൾ നടന്നു.

 

                ദിവസങ്ങൾ വീണ്ടും കഴിഞ്ഞു. മേള മൈതാനം ഏകദേശം ഒഴിഞ്ഞു തുടങ്ങി. പറ്റം പറ്റമായി ആളുകൾ ഒഴിഞ്ഞു പോയ് തുടങ്ങി.

 

               തൃലോക് റാമും മകൻ ആഞ്ജനേയും ചൂടിക്കട്ടിലിൽ ഇരുന്നു. അവർ വിൽക്കാൻ കൊണ്ടുവന്ന ഒട്ടകങ്ങളിൽ റാം ഒഴികേ എല്ലാത്തിനേയും  വിറ്റഴിച്ചു.

 

                 " ബാപ്പൂ..... ഇനി നമ്മൾ കാത്തിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. കച്ചവട മൊക്കെ ഏകദേശം കഴിഞ്ഞിരിക്കുന്നു" ഒഴിഞ്ഞു തുടങ്ങിയ മൈതാനത്തേക്ക് നോക്കി ആഞ്ജനേയ്  പറഞ്ഞു.

 

                  " നാളത്തെ ഒരു ദിവസം കൂടി കാത്തിട്ട് നമുക്ക് തിരിക്കാം." അടുത്ത ഒരു ദിവസം കൂടി കഴിഞ്ഞു കിട്ടിയാൽ റാമിനെ പിരിയേണ്ടി വരില്ലല്ലോ എന്ന് തൃലോക് ഉള്ളാലേ ആശ്വസിച്ചു.

                 " പക്ഷെ, ബാപ്പു.. അൽക്കയുടെ ചികിത്സയുടെ ചെലവ് നമ്മൾ എങ്ങനെ കണ്ടെത്തും"

          " അതിനൊക്കെ നമുക്ക് വേറെ വഴി കാണാതിരിക്കില്ല" യെന്ന് തൃലോക് പറയുമ്പോഴും അയാളുടെ ഉള്ളിൽ അതേ ചോദ്യം അലയടിക്കുന്നുണ്ടാ യിരുന്നു.

 

                       വർഷങ്ങൾക്ക് മുൻപ് പിതാജി പറഞ്ഞ വാക്കുകൾ അയാളുടെ കാതുകളിൽ അപ്പോൾ മുഴങ്ങി " ഒട്ടകങ്ങൾ നമുക്ക് കച്ചവടച്ചരക്കുകളാണ്. അവയെ ഒരിക്കലും ഹൃദയത്തിൽ പിടിച്ചിരുത്തരുത്. ഇന്നല്ലെങ്കിൽ നാളെ നമുക്ക് അവയെ പിരിയേണ്ടിവരും."

 

                 റാമിന്റെ തൊട്ടിയിൽ ചനയും ഗോതമ്പും ചേർത്ത അവന്റെ പ്രിയ ഭക്ഷണം വലം കൈ കൊണ്ട് ഇളക്കി യോജിപ്പിച്ച്, റാമിന്റെ മുന്നിലേക്ക് നീക്കി വച്ച ശേഷം അംബാ ദേവി തൃലോകിന് അരികിലായി വന്നിരുന്നു.

" ഇനിയിപ്പോ ആരു വരാനാ...." ആളൊക്കെ ഒഴിഞ്ഞല്ലോ "എന്നവർ പരിതപിച്ചു." നിങ്ങൾ വില കൂട്ടി പറഞ്ഞതു കൊണ്ടല്ലേ വന്നയാൾ മടങ്ങിയത്?" എന്നവർ പരിഭവിച്ചു.

 

                  ഉറക്കമന്യമായ ഒരു രാത്രി കൂടി പിന്നിട്ടു. മടങ്ങാം എന്നു തന്നെ അവർ തീരുമാനിച്ചു. മകളുടെ ചികിത്സക്കാവശ്യമായ തുക കണ്ടെത്താനായില്ല യെന്ന ആധി മനസ്സിലുള്ളപ്പോഴും റാമിനെ പിരിയേണ്ടി വന്നില്ലല്ലോയെന്നതിൽ അയാൾ സ്വകാര്യമായി ആശ്വസിച്ചു. ആഞ്ജനേയും ശിവറാമും ചേർന്ന് ഒട്ടക വണ്ടികളിൽ പാത്രങ്ങളും, വസ്ത്രങ്ങളടങ്ങുന്ന ചണത്തിന്റെ സഞ്ചികളും, കോസടികളും, എന്നു വേണ്ട അവർ കൊണ്ടുവന്ന എല്ലാ സാധനങ്ങളും ഒതുക്കി വച്ചു. മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന ആ സംഘം നാലു ഒട്ടക വണ്ടികളിലായി യാത്ര തുടങ്ങിക്കഴിഞ്ഞു. മേള മൈതാനത്തിൽ അങ്ങിങ്ങായി കാണുന്ന ചിലരൊഴിച്ചാൽ ഏറെക്കുറെ ശൂന്യമായിരുന്നു. ലക്ഷക്കണക്കിന് ആളുകളും ഒട്ടകങ്ങളും നിറഞ്ഞു നിന്ന മൈതാനത്ത് അവശേഷിപ്പുകൾ മാത്രം.

 

                      തൃലോകിന്റെ പേരമകൻ നയിച്ചിരുന്ന ഒട്ടകവണ്ടിയിൽ പുറം തിരിഞ്ഞിരുന്ന തൃലോകിന്റേയും അംബാദേവിയുടേയും കണ്ണുകളിൽ മരുഭൂമിയുടെ ഏകാന്തത നിഴലിച്ചു. അവർക്ക് മുമ്പേ പോയ വണ്ടികൾ ഏറേ ദൂരം മുന്നിലായി കഴിഞ്ഞിരിക്കുന്നു. വണ്ടി ആടിയും ഉലഞ്ഞു നീങ്ങി ക്കൊണ്ടിരുന്നു. മേള മൈതാനം അങ്ങു ദൂരെ ഒരു മഞ്ഞപ്പരവതാനി വിരിച്ചതു പോലെ കാണപ്പെട്ടു. അതിൽ പൊട്ടു പോലെ ഒരു ചെറിയ രൂപം. ഒന്നല്ല രണ്ട് രൂപങ്ങൾ. തൃലോക് കണ്ണുകൾ ഇറുക്കി, കൈപ്പത്തി കൊണ്ട് കണ്ണിനു മേൽ മറ പിടിച്ച് സൂഷ്മമായി വീക്ഷിച്ചു. ആ രൂപങ്ങൾ വലുതായി വരുന്നു. അവ അടുത്തേക്ക് വരുകയാണ്. അയാളുടെ കണ്ണുകളിൽ പതിഞ്ഞ അവ്യക്ത ബിംബങ്ങൾക്ക് വ്യക്തത കൈവന്ന് തുടങ്ങിയിരുന്നു.ആ രൂപങ്ങൾ പൊടി പറത്തിക്കൊണ്ട്  തങ്ങളുടെ അടുത്തേക്ക് കുതിച്ചു കൊണ്ടിരുന്നു. തൃലോകിന്റെ മനസ്സിൽ അകാരണമായ ഒരു ഭയം ജനിച്ചു.

 

                രണ്ടു കുതിരപ്പുറത്തായി പാഞ്ഞു വന്ന രണ്ടു പേർ തൃലോകിന്റെ ഒട്ടകവണ്ടിയെ തടസ്സപ്പെടുത്തി ക്കൊണ്ട് മുന്നിലായി നിലയുറപ്പിച്ചു.

 

  " നിൽക്കൂ ഭായി" എന്ന് പറഞ്ഞ് കൊണ്ട് രണ്ടു ദിവസം മുമ്പു വന്ന ആ സമ്പന്നൻ കുതിരപ്പുറത്ത് നിന്ന് ചാടിയിറങ്ങി. മുറുക്കി ചുവപ്പിച്ച പല്ലുകൾ വെളിവാകും വിധം അയാൾ ചിരിച്ചു. അയാളുടെ മോതിരങ്ങളിലെ രത്നങ്ങൾ അസ്തമന സൂര്യന്റെ കിരണങ്ങളേറ്റ് വെട്ടിത്തിളങ്ങി , ചുരുട്ടിവച്ചിരുന്ന നീളൻ മീശ, ഇടംകൈവിരലുകളാൽ അയാൾ ഒന്നു കൂടി ചുരുട്ടി. കീശയിൽ നിന്നും അയാൾ നോട്ടു കെട്ടുകൾ പുറത്തെടുത്തു." യേ... ഏക് ലാഖ് ദസ് ഹജാർ...... ദസ് ഹജാർ തോ ജ്യാദാ ഹേ" എന്ന് അയാൾ ധാരാളിത്തത്തിന്റെ ചിരി ചിരിച്ചു.

 

              ഉയരാൻ മടിച്ചു  നിന്ന തൃലോകിന്റെ വലം കരം പിടിച്ചുയർത്തി അതിൽ അയാൾ നോട്ടുകെട്ടുകൾ വച്ചു കൊടുത്തു. അപ്പോഴേക്കും അവരുടെ മുന്നിലായി നീങ്ങിയിരുന്ന ആഞ്ജനേയിന്റേയും ശിവറാമിന്റെയും വണ്ടികൾ ദൃശൃഗോചരമല്ലാതായിരുന്നു. തൃലോകിനു പിന്നാലെ അംബാ ദേവിയും വണ്ടിയിൽ നിന്നു ഇറങ്ങി നിന്നിരുന്നു. വണ്ടിയെ നിയന്ത്രിച്ചിരുന്ന, ആഞ്ജനേയിന്റെ പുത്രൻ ഋഷഭ്, റാമിന്റെ കഴുത്തിൽ നിന്നും വണ്ടിയിലേക്ക് ബന്ധിച്ചിരുന്ന കയറുകൾ അഴിച്ചു മാറ്റി.റാമിന്റെ  കഴുത്തിലെ കടിഞ്ഞാൺ സ്വന്തം കൈകളാലാക്കിയ ധനികൻ കറ പിടിച്ച പല്ലുകൾ ദൃശ്യമാകും വിധം ചുവക്കെച്ചിരിച്ചു.

 

                റാം ഇല്ലാത്ത ആ വണ്ടിയുടെ അരികിൽ തൃലോകും അംബാദേവിയും നിന്നു. കൃഷ്ണമണിക്കു ചുറ്റും വെളുത്ത വലയങ്ങളുള്ള കണ്ണുകളിൽ മിഴിനീർ കണങ്ങൾ ഒരു മറ തീർത്തു. അയാൾ കണ്ണുകൾ ഇറുകെ പൂട്ടി. അപ്പോഴേക്കും ഋഷഭ് തങ്ങളുടെ സംഘത്തിൽ നിന്നും മറ്റൊരു ഒട്ടകത്തെ കൊണ്ടുവന്ന് വണ്ടിയിൽ പൂട്ടിയിരുന്നു. വണ്ടിയിൽ കയറാൻ മടിച്ചു നിന്ന തൃലോകിനെയും അംബാദേവിയെയും ഋഷഭ് നിർബന്ധിച്ചു കയറ്റി. മരുഭൂമിയിലൂടെ അവരുടെ വണ്ടി യാത്ര തുടർന്നു. തൃലോകിന്റെ കണ്ണുകൾ അപ്പോഴും റാമിലായിരുന്നു.

 

                   റാമിൽ നിന്നും തൃലോക് അകന്നു കൊണ്ടിരുന്നു. ധനികൻ അപ്പോൾ റാമിന്റെ പുറത്ത് കയറിയിരിക്കുകയായിരുന്നു.റാം ധനികന്റെ ആജ്ഞകളെ ചെറുത്തു തോറ്റു. അവർ എതിർദിശയിൽ യാത്ര ആരംഭിച്ചു. അയാളുടെ കുതിര അവരോടൊപ്പം ചെറിയ വേഗത്തിൽ ഓടിക്കൊണ്ടി രുന്നു. തൃലോകിന്റെ കണ്ണുകളിൽ റാം ഒരു ബിന്ദുവായ് മാത്രം മാറി. ഏതാനും നിമിഷങ്ങൾക്കകം ശൂന്യം,... മണലാഴി മാത്രം. ഏകാന്തതയുടെ മണലാഴി.

Srishti-2022   >>  Short Story - Malayalam   >>  ചാച്ചി

Annu George

TCS

ചാച്ചി

രണ്ടാഴ്ച കാലത്തേയ്ക്ക് വീട്ടിൽ നിന്ന് ജോലി ചെയ്താൽ മതി എന്ന ലീഡിൻ്റെ വാക്ക് കേട്ട് പെട്ടിയും കിടക്കയും സിസ്റ്റവും വാരിക്കെട്ടി വീട്ടിലേയ്ക്ക് വന്ന മാർച്ച് മാസത്തിലെ ഒരു വെള്ളിയാഴ്ച ഓർമ്മയിൽ തെളിയുന്നു. രണ്ടാഴ്ച മൂന്നായി, മൂന്ന് നാലായി… അങ്ങനെ പോയി പോയി ഒരു കൊല്ലത്തോടടുക്കാറായി.

ജോലിസ്ഥലങ്ങൾ വീട്ടിലേയ്ക്ക് പറിച്ചു നട്ടതിൽ പിന്നെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിൽ നിർവൃതി അടയുന്ന പുതുയുഗ മനുഷ്യനെ പറ്റി പലയിടത്തും വായിച്ച് കേട്ടു. പക്ഷേ എന്തുകൊണ്ടോ ഈ ചിന്ത എൻ്റെ തൊണ്ടയിൽ കുടുങ്ങി അകത്തോട്ടോ പുറത്തോട്ടോ എന്നില്ലാതെ എന്നെ വല്ലാതെ പ്രയാസപ്പെടുത്തുന്നു.കോളുകളുടെയും മീറ്റിങ്ങുകളുടെയും ഇടയിൽ ജോലികളത്രയും ‘രാവിലെ’ ‘രാത്രി’ എന്നുള്ള സമയരേഖകൾ ഭേദിച്ച് ആകെ അലങ്കോലപ്പെട്ട് കിടക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ തിങ്കൾ മുതൽ വെള്ളി വരെയുള്ള ഓഫീസ് ജീവിതത്തിൽ നിന്നൊരല്പം ആശ്വാസം കിട്ടുന്നത് വാരാന്ത്യങ്ങളിലാണ്. ആഴ്ചാവസാനമുള്ള ഈ അവധി ദിവസങ്ങളിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങളുടെ

കുറിപ്പെഴുതിയിടാറുണ്ട്. പതിവ് ശനിയാഴ്ചകൾപ്പോലെ തയ്യാറാക്കിയ കുറിപ്പ് കയ്യിലെടുത്തപ്പോഴാണ് ചുവന്ന വൃത്തത്തിൽ ‘ചാച്ചി’ എന്ന് കുറിച്ചിട്ടിരുന്നത് കണ്ടത്.

ചാച്ചി എൻ്റെ വല്യപ്പനാണ്. ചെറുപ്പം മുതലേ എൻ്റെ സർവ്വ തല്ലുകൊള്ളിത്തരത്തിനും കൂട്ട് നിൽക്കുന്ന എൻ്റെ അപ്പൻ്റെ അപ്പൻ. കർക്കശക്കാരനായ വല്യപ്പൻ എന്ന പതിവ് സങ്കല്പങ്ങളിൽ നിന്ന് മാറി, എന്തും പറയാവുന്ന ഒരു

കൂട്ടുകാരനെപ്പോലെയായിരുന്നു ചാച്ചി .സ്ക്കൂൾ വിട്ട് വരുന്ന എന്നെ നിറപുഞ്ചിരിയോടെ കാത്ത് നിൽക്കുന്നതുമുതൽ, ഒരോ മണിക്കൂറിലുമുള്ള ഇന്ത്യാവിഷൻ വാർത്തയ്ക്കു മുൻപ് റിമോട്ടിനു വേണ്ടിയുള്ള തല്ല് വരെ – ചാച്ചിയെക്കുറിച്ച് പറയാൻ ഒരുപാടാണ്.

അടുത്തിടയ്ക്കുണ്ടായ ഒരു വീഴ്ചയ്ക്ക് ശേഷം ചാച്ചി കിടപ്പാണ്. ഇടയ്ക്ക് ചാച്ചി ഉറക്കെ വിളിക്കാറുണ്ട്. തിരക്കിൻ്റെയിടയിൽ പലപ്പോഴും ആ വിളി മറക്കാറാണ് പതിവ്.

ജോലി കഴിയുമ്പോഴേയ്ക്കും രാത്രി ആയിട്ടുണ്ടാവും. പിന്നെ പകലെപ്പോഴെങ്കിലും ഒരു നേർച്ച പോലെ പോയി വന്നാലെ ഉള്ളു. തിരക്കുകളൊക്കെ ഒതുക്കി തിരിച്ചു ചെല്ലുമ്പോൾ മറന്നുപോയ മുഖങ്ങളിൽ ഞാനുമുണ്ടാവുമോ എന്നെനിക്ക് പലപ്പോഴും പേടി തോന്നാറുണ്ട്. ഓർമ്മകൾ അസ്തമിച്ച താഴ്‌വരയിൽ പേരില്ലാത്ത മുഖങ്ങളിൽ ഒന്ന് മാത്രമായി ഞാനും മാറിയെങ്കിലോ..?

ഞാൻ പതിയെ ചാച്ചിയുടെ മുറിയിലേക്ക് പോയി. ഉറക്കമാണ്. രാത്രിയിലൊട്ടും ഉറങ്ങിയിട്ടില്ല എന്ന് കെയർ ഗീവർ ചേട്ടൻ പറഞ്ഞു. കുറച്ചുനേരം ഞാൻ ചാച്ചിയെ നോക്കി നിന്നു. ആകെ ക്ഷീണിച്ചുപോയി. കണ്ണുകൾ പാതിയിലേറെ അടഞ്ഞിരിക്കുന്നു. തൊലി ചുക്കിചുളിഞ്ഞിരുന്നു. ഉറക്കമെങ്കിലും ഇടത് കൈ ചെറുതായി വിറയ്ക്കുന്നുണ്ട്.

ചെറുപ്പത്തിൽ പോലീസ് വണ്ടി തടഞ്ഞ, പിറകേ നടന്ന് അമ്മച്ചിയെ കല്യാണം കഴിച്ച ഒരു ഇരുപതുകാരനെന്ന പൂർവ്വകാലം ചാച്ചിയ്ക്ക് ഉണ്ടായിരുന്നു എന്ന് ചിന്തിക്കാനേ വയ്യ. 5 വർഷം മുൻപ് വരെ കൊടിയും പ്ലാവും കേറി നടന്നിരുന്ന എഴുപതുകാരനും ഇന്നത്തെ ചാച്ചിയിൽ എവിടെയും ബാക്കിയുള്ളതായി തോന്നുന്നില്ല. ഒരു പക്ഷേ നാളെ ഞാനും നിങ്ങളും ഭൂതകാലത്തിന്റെ ഒരു തരി പോലും ശേഷിക്കാതെ പുതിയ ആരെങ്കിലും ആയി മാറില്ല എന്നാര് കണ്ടു?.

ജീവിതം കാലപൂർണ്ണതയിൽ ഒരു ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണെന്നെനിക്ക് തോന്നി. ഒന്നിനും ഉത്തരങ്ങളില്ല. കൂടുതൽ കൂടുതൽ ചോദ്യങ്ങൾ മാത്രം. ചാച്ചിയ്ക്കെങ്കിലും ഉത്തരങ്ങൾ കിട്ടിയിട്ടുണ്ടാവുമോ? അതോ ഒരിക്കലും കിട്ടില്ല എന്ന് മനസ്സിലാക്കി പാതി വഴിയിൽ ചോദ്യങ്ങൾ അവസാനിപ്പിച്ചിരിക്കുമോ?

എന്നെ എൻ്റെ ചിന്തകളിൽ നിന്നുണർത്തിക്കൊണ്ട് ചാച്ചി കണ്ണ് തുറന്നു. ഞാൻ ചിരിച്ചുക്കൊണ്ട് ഒരു ഗുഡ് മോർണിങ് പറഞ്ഞു. പ്രയാസപ്പെട്ടെങ്കിലും ഒരു ചെറുപുഞ്ചിരിയോടെ പതിഞ്ഞ സ്വരത്തിൽ ചാച്ചിയും ഒരു ഗുഡ് മോർണിങ് പറഞ്ഞു. ഇപ്പോഴും ആ ചിരി മാത്രം മാറിയിട്ടില്ല.

Srishti-2022   >>  Short Story - Malayalam   >>  പരിസ്ഥിതി

Srijith Kail

Infosys

പരിസ്ഥിതി

ഞാൻ കൃഷ്ണൻ.കുരുക്ഷേത്ര ഭൂമിയിലാണ്.യുദ്ധത്തിന്റെ അവസാന ദിവസം.
ഗാന്ധാരി
എന്റെ ശബ്ദം കേട്ടിട്ടാവണം അവൾ പുറത്തിറങ്ങിയത്.. നിറവയറാണ്.അതെ കഴുത്തോളം എത്തിയിരിക്കുന്നു വയർ.ശരിയാണ് അവൾ നൂറു പുത്രൻമാർക്ക് ജന്മം കൊടുക്കേണ്ടവളല്ലെ. അപ്പോൾ വയർ ഇത്രയെങ്കിലും ഉണ്ടായില്ലെങ്കിലല്ലേ അതിശയം. അവൾക്ക് ശ്വാസം മുട്ടുന്നുണ്ടോ? അതോ.. അതെനിക്കാണോ.. ഉള്ളൊന്നു കാളി.. കവിളിൽ ചെറിയൊരു തണുപ്പ് അനുഭവപ്പെട്ടു.. അവൾ പുഞ്ചിരിച്ചു.. ഞാൻ തലകുനിച്ചു.. തിരിഞ്ഞ് നടന്നകന്നു.
അംബ
എനിക്കിപ്പോൾ ദീഷ്മരുടെ രൂപ സാദൃശ്യം..രാത്രിയിലെ ബസ്സിലാണ്.അവൾ തനിച്ചാണ്. അവരുടെ കയ്യിൽ ആയുധമുണ്ട്.കമ്പിപ്പാരയാണെന്ന് തോന്നുന്നു.കൊത്തിനുറുക്കുന്ന ശബ്ദം കേൾക്കാം. എനിക്ക് ആയുധമുണ്ട്. എന്റെ മുഷ്ടി ഉയർന്നതേ ഇല്ല. ഞാൻ ബന്ധനസ്ഥനാണ്.
കുന്തി
കുലവധുവായിരുന്നു.ഹസ്തിനപുരം വിട്ട് പോവാനാവില്ല. ഇപ്പോൾ ദാസി ആക്കപ്പെട്ടിരിക്കുന്നു. ചൂളം വിളി അടുത്തടുത്ത് വരുന്നു. ആളൊഴിഞ്ഞ കമ്പാർട്ട്മെന്റ്. അവൾ തനിച്ചാണല്ലൊ.. അവനെന്തോ കുറവുകളുണ്ടെന്ന് തോന്നുന്നു. നിലവിളിയോ ചൂളം വിളിയോ.. തിരിച്ചറിവില്ലാതായിരിക്കുന്നു. കുരുവംശത്തെ മുഴുവൻ വിദ്യ അഭ്യസിപ്പിച്ച ഗുരു ആയിട്ടെന്താ..നാം ബന്ധനസ്ഥനാണല്ലൊ.. അപ്പോൾ എനിക്ക് കരുണ കാണിക്കേണ്ടതില്ല. കർമ്മം ചെയ്യേണ്ടതില്ല.
ദ്രൗപതി
യുദ്ധ നിയമങ്ങൾ പഠിച്ചിരിക്കണമല്ലൊ.യുദ്ധഭൂമിയിലെ കുടിലിലാണ് താമസം. പഞ്ചപാണ്ഡവരുടെ ഭാര്യയാണെന്നത് ശരിയാണ്. എങ്കിലും അടച്ചുറപ്പില്ലാത്ത കുടിലിൽ ഉറങ്ങണ മെങ്കിൽ മിനിമം ഒരു പെൻ ക്യാമറയെങ്കിലും വേണം.ദുശ്ശാസനൻ എപ്പോഴാ വരുക എന്നറിയില്ലല്ലോ. തലക്കിഴിൽ തുരുമ്പിച്ച വാക്കത്തിയും എടുത്തുവെച്ചു.ആദ്യം കേശഭാരത്തിൽ തന്നെ പിടിച്ചു വലിച്ചു ദുശ്ശാസനൻ. നിലവിളി കേട്ടിട്ടും അനങ്ങിയില്ല, ദീഷ്മർ, ഗുരു ദ്രോണർ, പാണ്ഡവരിലാരും..
യുധിഷ്ഠിരൻ ധർമ്മജ്ഞാനിയാണ്..
യുദ്ധം അവസാനിച്ചിരിക്കുന്നു. പട്ടാഭിഷേകത്തിനു ശേഷം ഇവിടെ ധർമ്മം സ്ഥാപിക്കപ്പെടുമ്പോൾ നീതിന്യായം തിരിച്ചുവരും. പാഞ്ചാലി വിവസ്ത്രയായി സഭയിൽ തന്നെ ഉണ്ട്.
കൃഷ്ണൻ
ഞാനിപ്പോൾ വനവേടനെ കാത്തു നിൽക്കയാണ്.

Srishti-2022   >>  Short Story - Malayalam   >>  കാഴ്ചകൾ

Angel M S Raj

Cognizant

കാഴ്ചകൾ

പ്രഭാതത്തിൽ ആ ഫ്ളാറ്റിലെ ഒൻപതാം നിലയിലെ തന്റെ മുറിയിൽ ആയിരുന്നു മീര. ഒരു ദീർഘനിശ്വാസത്തോടെ അവൾ ഓർത്തു, ഇവിടെ ഇരുന്നാൽ ചുറ്റുമുള്ള എല്ലാ കാഴ്ചകളും ജാലകത്തിലൂടെ കാണാം. തൊട്ടടുത്തായി വലിയ ഒരു പാടം ആണ്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഈ മുറിയാണ് മീരയുടെ ലോകം. അവൾ ചുറ്റും നോക്കി. വയലിൽ തലേന്നത്തെ മഴയിൽ വെള്ളം നിറഞ്ഞിരിക്കുന്നു. രണ്ടു ദിവസം മുൻപ് ആ വയലിൽ നിറയെ ചെടികൾ ആയിരുന്നു. എന്നാൽ ഇന്ന് രാവിലെയാകട്ടെ ചെടികളെല്ലാം വെള്ളത്തിൽ മുങ്ങിപ്പോയിരിക്കുന്നു. പക്ഷെ രണ്ടു ദിവസത്തിനകം അവ വെള്ളത്തിന്റെ മുകളിലൂടെ അതിശക്തിയായി  വളർന്നു വരുന്ന കാഴ്ചകൾ മീര മനസ്സിൽ കണ്ടു. മീര കുറച്ചു നാളുകളായി ഈ കാഴ്ചകളെല്ലാം നോക്കി ജാലകവാതിലിന്റെ അടുത്തുള്ള കട്ടിലിൽ തന്നെയാണ്. ഒരു വർഷമായി അവൾക്കു പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. അജ്ഞാതമായ രോഗം ബാധിച്ച് അവളുടെ കാലുകൾ തളർന്നു പോയിരുന്നു.
          പെട്ടെന്നാണ് മുറിയിലേക്ക്  അമ്മ കടന്നു വന്നത്. മീരയെ കൂടാതെ അമ്മയും  അവളുടെയൊപ്പമുണ്ട്. അവളുടെ വിഷാദം നിറഞ്ഞ മുഖം കണ്ടു അമ്മയ്ക്കും സങ്കടമായി. "മോളേ, നേരം നന്നായി വെളുത്തു. നിനക്ക് വിശക്കുന്നില്ലേ?".
          "എനിക്ക് ഇപ്പോൾ വേണ്ടമ്മേ!" അവൾ പറഞ്ഞു. അവളുടെ വിഷമങ്ങൾ അറിയാമായിരുന്ന അമ്മ പിന്നെ ഒന്നും പറയാൻ നിന്നില്ല. "എങ്കിൽ അൽപ സമയം കഴിയട്ടെ. ഞാൻ വരാം." അമ്മ മുറിയിൽ നിന്നും പോയി. ഒരു പൂമ്പാറ്റയെ പോലെ പാറി നടന്നിരുന്ന മകളെക്കുറിച്ചോർത്തു അമ്മ നെടുവീർപ്പിട്ടു.
                  മീര വീണ്ടും പുറത്തേക്കു നോക്കിയിരുന്നു. ആരും ഇല്ലാതിരിക്കുന്ന സമയം അവളുടെ  ആശ്വാസം വായനയും പിന്നെ ജനാലയിലൂടെ ഉള്ള ഈ നയനാനന്ദകരമായ കാഴ്ചകളുമാണ്. മഴ കഴിഞ്ഞതിനു ശേഷം ഇപ്പോൾ ആകാശം നന്നായി തെളിഞ്ഞിരിക്കുന്നു. പക്ഷികൾ പല തരം ശബ്ദങ്ങൾ ഉണ്ടാക്കി പറക്കുന്നു. രണ്ടു ദിവസത്തെ നിർത്താതെയുള്ള മഴയിൽ ആ പാവങ്ങളുടെ ചിറകുകൾ നനഞ്ഞൊട്ടിയിരുന്നിരിക്കാം. എന്നാൽ ഇന്ന് അവ നല്ല സന്തോഷത്തിലാണ് എന്ന് മീരക്ക് തോന്നി. ചില കുഞ്ഞു പക്ഷികൾ ഫ്ലാറ്റിന്റെ ഒൻപതാം നിലയുടെയും മുകളിലൂടെ ആണ് പറക്കുന്നത്. സാധാരണ ഈ കുഞ്ഞു പക്ഷികളൊന്നും ഇത്രയും ഉയർന്നു പറന്നു കാണാറില്ല. എന്നാൽ ഇന്ന് അവ കൂടുതൽ ശബ്ദമുണ്ടാക്കി ഉയർന്നു പറന്നുല്ലസിക്കുകയാണ്. മീരയ്ക്ക് അവയെ കണ്ടപ്പോൾ ഉള്ളിൽ അല്പം സന്തോഷം തോന്നി.

തനിക്കും ഇങ്ങനെ ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ ലോകം മുഴുവനും പറന്നു നടക്കാമായിരുന്നു. അവൾ മനസ്സിലോർത്തു. ഒരു വിമാനത്തിൽ ഇരുന്നു പോകുന്നത് പോലെ... വീടുകൾ ചെറിയ തീപ്പെട്ടി കൂടുകൾ പോലെയും ആളുകൾ കുഞ്ഞു ഉറുമ്പുകളെ പോലെയും തോന്നുമായിരുന്നു. കുറച്ചു നേരം അവൾ തന്റെ ഭാവനയിൽ അങ്ങനെ പറന്നു നടന്നു.
"മോളേ.." പെട്ടെന്നാണ് അമ്മ വിളിച്ചത്. അവൾ തന്റെ ഭാവനയിലെ ചിറകുകൾ കൊഴിഞ്ഞു വീണതറിഞ്ഞു വീണ്ടും വിഷാദമഗ്നയായി.
                      അന്ന് വൈകുന്നേരം ആയപ്പോൾ വീണ്ടും നല്ല മഴ തുടങ്ങി. തന്റെ ചേട്ടന്റെയും ചേച്ചിയുടെയും ഒപ്പം മഴ നനഞ്ഞു കളിച്ചതും പേപ്പർ ബോട്ട് ഉണ്ടാക്കിയതും എല്ലാം അവൾ ഓർത്തു. ഇപ്പോഴോ... ഒന്ന് അനങ്ങുവാൻ പോലുമാകാതെ താനിങ്ങനെ....... അവളുടെ മിഴികൾ നിറഞ്ഞൊഴുകി.
       സാധാരണ ഇത്രയും കാറ്റുണ്ടാവാറില്ല. മീര പുറത്തേക്കു നോക്കി. എന്നാൽ ഈ കാറ്റിൽ വലിയ പക്ഷികളും ഇലകളും വരെ കാറ്റിന്റെ ദിശയിൽ പറക്കുകയാണ്. അതിനിടയിൽ തീരെ ചെറിയ ഒരു കുഞ്ഞിക്കിളി കാറ്റിന്റെ എതിർ ദിശയിലേക്കു പറക്കുന്നു. "ഇതെങ്ങനെ ഇവൾക്ക് സാധിക്കുന്നു?" മീര അത്‍ഭുതപ്പെട്ടു. സാമാന്യം ഒരു വലിയ പക്ഷിക്ക് പോലും ഈ കാറ്റിനെ അതിജീവിക്കാൻ കഴിയില്ല. മഴയത്തു എത്രയും പെട്ടെന്ന് തന്റെ കൂട്ടിലെത്തിച്ചേരാൻ ദൈവം ഈ കുഞ്ഞിക്കിളിയെ സഹായിക്കുന്നതാണ്. മീര മനസ്സിൽ ഉറപ്പിച്ചു. "ഓ! എന്റെ ദൈവമേ... നീ എന്നെ കാണുന്നില്ലേ? ഞാൻ എത്ര ദിവസങ്ങളായി ഈ കിടക്കയിൽ ആയിരിക്കുന്നു. നീ ഒരു നിമിഷം എന്റെ വേദനകൾക്കും ആശ്വാസം നല്കില്ലേ?..." അവൾ മനസ്സിൽ അകമഴിഞ്ഞ് ഈശ്വരനോട് പ്രാർത്ഥിച്ചു. പെട്ടെന്നാണ് നിദ്രാദേവി അവളെ തഴുകിയത്....

ഒരു സുന്ദരിയായ മാലാഖയെ പോലെ ഉള്ള ഒരു പെൺകുട്ടി. "അവളും തന്നെ പോലെ കാലുകൾ തളർന്നു കിടക്കുകയാണോ?" മീര അവളെ സൂക്ഷിച്ചു നോക്കി. ആ പെൺകുട്ടി അവളെ സ്നേഹപൂർവ്വം നോക്കി. "നീ എന്തിനാണ് ഇത്രയും വിഷമിക്കുന്നത്? എപ്പോഴും സന്തോഷമായിരിക്കണം. നീ ഇന്ന് രാവിലെ വയലിൽ കണ്ട ചെടികൾ രണ്ടു ദിവസത്തിനകം ശക്തിയായി വളർന്നു വെള്ളത്തിന്റെ മുകളിൽ വരുമെന്ന് നീ ചിന്തിച്ചില്ലേ? അത് അപ്രകാരം വളരുകയും ചെയ്യും. ആ കിളിക്കുഞ്ഞു കൂടണയാനായി നിഷ്പ്രയാസം കൊടുങ്കാറ്റിലൂടെ പറന്നു പോയത് കണ്ടില്ലേ? പ്രകൃതിയിലെ കാഴ്ചകൾ  പലതും ഇങ്ങനെ നോക്കി മനസിലാക്കേണ്ടതുണ്ട്. ദൈവം ഈ ചെറിയ പക്ഷികളെയും പുല്ലിനെയും പോലും സംരക്ഷിക്കുന്നുവെങ്കിൽ, നിന്നെ അതിലേറെ സ്നേഹിക്കുന്നു. നീ നിന്റെ കട്ടിലിൽ നിന്ന് എണീറ്റ് നടക്കാൻ ശ്രമിക്കൂ. ദൈവം നിനക്ക് അതിനുള്ള ശക്തി തരും. താൻ പാതി ദൈവം പാതി എന്ന് നീ കേട്ടിട്ടില്ലേ? നിന്റെ മനോധൈര്യം ഒരിക്കലും ഉപേക്ഷിക്കരുത്. നിന്റെ ഹൃദയം വിജയം കൈവരിക്കും നിശ്ചയം!!!" ആ പെൺകുട്ടി മീരയെ സ്നേഹപൂർവ്വം ആശ്ലേഷിച്ചു. പെട്ടെന്ന് മീര തന്റെ ഉറക്കത്തിൽ നിന്നും ഉണർന്നു. അവൾക്കു വിശ്വസിക്കാനായില്ല. എന്താണ് സംഭവിച്ചത്? ആരാണ് ഇപ്പോൾ തന്നെ കാണാൻ വന്നത്? ദൈവം അയച്ച ഒരു മാലാഖ ആയിരുന്നോ അവൾ? മീരയ്ക്ക് നടന്നതെല്ലാം ഒരു സ്വപ്നം പോലെ തോന്നി. എന്നാൽ അവളുടെ ഉള്ളിൽ ഒരു ദൃഢനിശ്ചയം ഉടലെടുത്തിരുന്നു. തന്റെ ശോഭനമായ ഭാവിയിലെ കാഴ്ചകളിലേക്ക് അവൾ ഉറ്റുനോക്കി.....

Srishti-2022   >>  Short Story - Malayalam   >>  അടക്കം

Rohith K A

TCS

അടക്കം

എട്ടുമണി സീരിയലിൽ പട്ടുസാരിയുടുത്ത വീട്ടുകാരി ഏതോ അവിഹിത കഥ പറയുന്നതിനിടയിൽ പെട്ടെന്നൊരു ഇടവേള വന്നു. ടി വി യിൽ  'ചാവറ' മാട്രിമോണിയുടെ പരസ്യമെത്തി. ഫോണും തോണ്ടി കഷ്ടകാലത്തിന് അന്നേരം സോഫയിൽ കാലു നീട്ടി കിടക്കാൻ തോന്നിയ അന്നമോളെ വീട്ടുകാർ ഒന്നിച്ച് ഒന്ന് തുറിച്ചു നോക്കി.

"ഇക്കൊല്ലം ഇരുപത്തെട്ടാവും. ഇനിയും വെച്ച് നീട്ടിക്കൂടാ. എടാ അന്തോണി, നിനക്ക് വല്ല വിചാരോം ഉണ്ടോ..? തന്തപ്പടിയാണ് പോലും. പെണ്ണ് മൂത്ത് നരച്ചു." വല്യമ്മച്ചി കലി കൊണ്ടു. അപ്പനത് ഉള്ളിൽ കൊണ്ടു.
"കേട്ടാ തോന്നും ഞാൻ പറയാത്ത കേടാന്ന്. എന്റെ കൊച്ചേ, മനസ്സിൽ ആരേലും ഉണ്ടേല് അതിങ്ങ് പറ. അല്ലേല് ഇങ്ങനെ ഒഴിഞ്ഞ് മാറാതെ ആ കാര്യം അപ്പന് ഇങ്ങ് വിട്ട് താ. മണി മണി പോലത്തെ നസ്രാണിച്ചെക്കന്മാർ ഈ മുറ്റത്ത് ക്യൂ നിക്കും."
കോളേജിൽ പഠിക്കുന്ന കാലത്തെ ദിവ്യ പ്രേമം അവസാനത്തെ കൊല്ലം വീട്ടിൽ പറഞ്ഞതിന്റെ പുകില് അന്ന ഒന്ന് ഓർത്തപ്പോഴേക്കും അപ്പൻ ഫോണിൽ ചാവറ മാട്രിമോണി ഡൗൺലോഡ് ചെയ്ത് കഴിഞ്ഞിരുന്നു.
നായികയുടെ മകളുടെ യഥാർഥ അച്ഛൻ ആരാണെന്ന സസ്പെൻസ് ബാക്കിയാക്കി സീരിയൽ കഴിയുമ്പോഴേക്കും കല്യാണ മാർക്കറ്റിലെ ഉൽപ്പന്നങ്ങളുടെ ലിസ്റ്റിലേക്ക് അന്നയും രംഗപ്രവേശം ചെയ്തു:
അന്ന ആന്റണി, 27 Years, 5'8" , RC സിറിയൻ ക്രിസ്ത്യൻ, B.E. കമ്പ്യൂട്ടർ സയൻസ്.

രമ്യയും അപർണയും ഇതറിഞ്ഞാൽ തല്ലിക്കൊല്ലും! കല്യാണംന്ന് കേട്ടാ തന്നെ പുച്ഛിക്കും. മാട്രിമോണീന്ന് കൂടി പറയുമ്പോ... വരുന്ന ശനിയാഴ്ച വാഗമണിൽ ഒന്നിച്ചു കൂടുന്നുണ്ട്. അപ്പോൾ പറയാം. അമ്മച്ചിക്ക് അവരുടെ പേരു കേൾക്കുന്നതേ കലിപ്പാണ്.
"അതിറ്റുങ്ങളാണ് എന്റെ കൊച്ചിനെ കൊണ്ട് കളയുന്നത്.. അതെങ്ങനെയാ, അഴിച്ച് വിട്ടേക്കുവല്ലേ വീട്ടീന്ന്. പെൺപിള്ളേരായാ ഇച്ചിരി അടക്കോം ഒതുക്കോം വേണം. ഇവിടുള്ളവളോട് കൂടെ പോണ്ടാന്ന് പറഞ്ഞാ എന്റെ മെക്കിട്ട് കേറാൻ വരും. മാതാവേ...!"

ഇന്നലയേ വീട്ടിൽ നിന്ന് ഇറങ്ങിയ അവരു രണ്ടും ഏതെങ്കിലും കാട്ടുമുക്കിൽ കുറ്റിയടിച്ച് ആർമാദിക്കുന്നുണ്ടാവും!

"ഞാൻ നിനക്കൊരു ആമ്പൽപ്പൂവിറുത്തു തരട്ടേ?!" കുളത്തിൽ കഴുത്തോളം മുങ്ങി അപർണ ചോദിച്ചു.
രമ്യ ഒരു കള്ളച്ചിരിയോടെ കരയ്ക്കിരുന്ന് അവളെ നോക്കി : "അയ്യടാ.. പൂവ് നീ തന്നെ വെച്ചാ മതി; എനിക്കേയ്, കൂമ്പി നില്ക്കുന്ന ആമ്പലിന്റെ മൊട്ടാ ഇഷ്ടം! അത് ഇരുട്ടത്ത് വന്ന് ഞാൻ തന്നെ പറിച്ചോളാം.. മോളിങ്ങ് കേറി വന്നേ!"

അന്ന് ഉച്ചക്ക് അന്ന മല കേറി.
വൈകുന്നേരം മൂവരും മൊട്ടക്കുന്നിന്റെ മേലെ വട്ടത്തിലിരുന്നു.
"ഒന്ന് രണ്ടെണ്ണം കൊള്ളാം. ഈ ഹൈറ്റാണ് പ്രശ്നംന്നേ. എന്നേക്കാൾ പൊക്കമില്ലാത്തെ ഒന്നും വീട്ടിൽ സമ്മതിക്കുകേല"
" എന്നാപ്പിന്നെ വല്ല ജിറാഫിനേം കൊണ്ട് കെട്ടിക്കാം" രമ്യ ആർത്തു ചിരിച്ചു.
"ഹാ ബെസ്റ്റ്! കാലത്ത് ബോഡിഷെയ്മിങ് എഫ് ബി പോസ്റ്റ്, വൈകീട്ട് ഇമ്മാതിരി ഡയലോഗ്." അപർണ എന്നും #ഇരയോടൊപ്പം ആണ്!

"ബ്ലഡി ഫൂൾസ്! നമ്മൾ സബ്ജക്ടിൽ നിന്നും വഴുതിമാറുന്നു. എന്റെ കാര്യത്തിൽ മര്യാദക്ക് ഒരു തീരുമാനം ആക്കിത്താ. അല്ലെങ്കി വീട്ടുകാര്  ഏതെങ്കിലും കോന്തനെ പിടിച്ച് തലേൽ കെട്ടി വെക്കും." അന്ന അവരെ തിരികെ കൂട്ടി വന്നു.
"എന്റെ പൊന്നന്നാമ്മോ... ഈ കെട്ടെന്ന് പറേന്ന തന്നെ ഒരു കെട്ട ഏർപ്പാടാ.. പിന്നെ മാട്രിമോണി. രണ്ട് ഫോട്ടോ, ഹൈറ്റും വെയ്റ്റും, കാസ്റ്റും സബ്കാസ്റ്റും അതിന്റെ ചോടെ വല്ലോം ഉണ്ടേൽ അതും, മേമ്പൊടിക്ക് ഇച്ചിരി കുടുംബ പുരാണം, എടങ്കണ്ണിട്ട് ആനുവൽ ഇൻകം. എന്നാത്തിനാ?! ഫോർ സെലക്റ്റിങ്ങ് എ ലൈഫ് പാർട്ണർ!"

"ഹാ.. വെറുതേയല്ല, നിങ്ങടെ കൂടെയാണെന്ന് പറഞ്ഞാ വീട്ടീന്ന് വിടാത്തെ." അന്നക്ക് അരിശം വന്ന് മൂക്ക് ചുവന്നു.
"പൊട്ടത്തീ, നീ ഇത്തവണേം വീട്ടിൽ പറഞ്ഞാ..! "
"പറയാതെ പിന്നെ. എറണാകുളം പോവുന്നൂന്ന് കള്ളം പറഞ്ഞ് അമ്മയുടെ ഉമ്മയും മേണിച്ച് ചിരിച്ച് കളിച്ച്  വീട്ടീന്ന് ഇറങ്ങി ഇഷ്ടുള്ളോർടെ കൂടെ ട്രിപ് അടിക്കാൻ എനിക്ക് നിങ്ങടെ അത്ര സ്കിൽ ഇല്ലല്ലോ." അന്നയ്ക്ക് അവരോട് അസൂയ തോന്നി.
അപർണ ആശ്വസിപ്പിച്ചു: "അങ്ങനെയല്ല പെണ്ണേ.. വീട്ടുകാർക്ക് ഇതൊന്നും ഇഷ്ടപ്പെടാൻ പോന്നില്ല. വയസ്സ് കാലത്ത് അവരെ പറഞ്ഞ് കൺവിൻസ് ചെയ്യുന്നതിനും ഒരു ലിമിറ്റ് ഇല്ലേ.. അവരോട് സ്നേഹം ഇല്ലാത്തോണ്ടോ അവർക്ക് നമ്മളോട് എന്തെങ്കിലും വിരോധം ഉള്ളതോണ്ടോ അല്ല. അവരെ കുറ്റം പറഞ്ഞ് അടി ഉണ്ടാക്കി വെഷമിപ്പിക്കുന്നതിനേക്കാ നല്ലത് ഇങ്ങനെയല്ലേ..?. അമ്മക്കുള്ളത് അമ്മക്ക്; നമ്മക്ക് തോന്നുന്നത് തോന്നുന്നവർക്ക്!  ഇന്നത്തെ കാലത്ത് സന്തോഷം വേണോ, രണ്ട് ലൈഫ് ജീവിക്കണം! ജീവിതം മൊത്തം സ്റ്റാറ്റസും സ്റ്റോറിയും ആക്കി നാട്ടുകാർക്ക് നക്കാൻ ഇട്ട് കൊടുക്കാണ്ട് നിന്നാ മതി.. തെണ്ടികൾ!"

രാത്രി അവർ കള്ളു കുടിച്ചു. നക്ഷത്രങ്ങളെ നോക്കി കിടന്ന് ആകാശത്തേക്ക് പുക തുപ്പി. അന്നയ്ക്ക് കയ്ച്ചു. അന്ന ചുമച്ചു.  തനിക്ക് ആസ്വദിക്കാൻ കഴിയാത്ത സ്വാതന്ത്ര്യത്തിന്റെ നടുവിലിരുന്ന് അന്ന നെടുവീർപ്പിട്ടു.

തിരിച്ച് വീട്ടിലെത്തിയ അന്നയുടെ ചിന്തയിലാണ്ട മുഖം കണ്ട്  അമ്മ വിജയഭാവത്തിൽ പറഞ്ഞു: 'അപ്പഴേ പറഞ്ഞതാ അവരുടെ കൂടെ പോണ്ടാന്ന്'.

സ്വാതന്ത്ര്യത്തിന്റെ വേനലേറ്റ് അവൾക്ക് പൊള്ളി. തന്റേത് മാത്രമായ ഒരു കാല്പനിക ലോകത്തിന്റെ കുഞ്ഞു തിരമാല കാലിൽ തഴുകി ആശ്വസിപ്പിച്ചു. എങ്ങനെയാണ് താനൊരു പങ്കാളിയെ കണ്ടെത്തേണ്ടതെന്ന മാനദണ്ഡങ്ങൾ ആലോചിച്ച് തല പെരുകി. തീരത്ത്, പെട്ടെന്ന് തനിച്ചായ പോലെ.

അപ്പനും അമ്മക്കും ആലോചിക്കാൻ അധികം തലപുകയ്ക്കേണ്ടി വന്നിരുന്നില്ല.
"അഞ്ചടി എട്ടിഞ്ച്. പോര. രണ്ടാളും നിൽക്കുമ്പോൾ ചെക്കന്റെ ചുമലിന്റെ അത്ര വരണം. അതാ അതിന്റെ കണക്ക്. "
" ഇത് വേണ്ട. ഇത്തിരിക്കൂടി തടി വേണം "
" നെറം പോര. കാണുമ്പോ ഒരു മാച്ച് വേണ്ടേ?"
" ഈ പ്രൈവറ്റ് ജോലി ഒന്നും നമ്പാൻ ഒക്കത്തില്ലന്നേ.. എപ്പോ പറഞ്ഞു വിടുമെന്ന് ആർക്കറിയാം!"
ആരുമറിയാതെ നാട്ടിൽ അന്വേഷണങ്ങൾ വന്നു. "ഞങ്ങള് അടുത്തറിയാവുന്ന ആൾക്കാരല്ലിയോ.. നല്ല അടക്കമൊള്ള കൊച്ചാ.."

അടുക്കിപ്പെറുക്കിയുള്ള തിരച്ചിലുകൾക്കൊടുക്കം ഒത്ത ഒരെണ്ണം അങ്ങ് വന്നു. ആറടിപ്പൊക്കം. സ്റ്റേറ്റ് ബാങ്കിൽ ഓഫീസർ. ഫേസ്ബുക്ക് തപ്പിക്കണ്ടുപ്പിടിച്ച് സ്ക്രോൾ ചെയ്ത് ഭൂമിക്കടിയിലെത്തി. ആളിച്ചിരി പുരോഗമനം ഒക്കെ പറയുന്ന കൂട്ടത്തിലാ.. വല്യ തരക്കേട് ഇല്ലായിരിക്കും. പണ്ട് ബാസ്കറ്റ് ബോൾ ടീം ക്യാപ്റ്റനൊക്കെയായിരുന്നു. ഇപ്പോ ഇച്ചിരി വയറുണ്ട്. മുടി കുറച്ച് പോയിട്ടുണ്ട്. അത് സാരമില്ലെന്നേ. ഇന്നിപ്പോ ആർക്കാ നേരാംവണ്ണം മുടിയുള്ളേ!

പുതിയ കിയ സെൽടോസിൽ പെണ്ണ് കാണാൻ വന്നു. ഒറ്റയ്ക്കുളള സംസാരത്തിൽ കുട്ടിയുടെ കരിയർ പ്ലാൻസിനെ കുറിച്ചും ഗവൺമെന്റ് എക്സാംസ് എഴുതുന്നതിനെ കുറിച്ചും ചോദിച്ചു. 'പണ്ടത്തെപ്പോലെ അല്ലല്ലോ; നമുക്ക് കുറച്ച് നാൾ പുറത്തൊക്കെ ഒന്ന് കറങ്ങി അത്യാവശ്യം പരിചയം ആയിക്കഴിഞ്ഞ ശേഷം ബാക്കി ആലോചിക്കാം'  എന്ന തീരുമാനത്തിൽ പിരിഞ്ഞു.

രണ്ട് സിനിമയും മൂന്ന് നാല് കറക്കവും അഞ്ചാറ് ഡിന്നറും  കഴിഞ്ഞപ്പോൾ സംഭവം സെറ്റായി. ഇനിയെന്തിനാ വലിച്ചു നീട്ടുന്നേ. വീട്ടുകാർ ഒന്നു കൂടി ഒന്ന് ആലോചിച്ചപോലെ വരുത്തി അടുത്ത മാസം അവസാനം മനസ്സമ്മതം അങ്ങ് ഉറപ്പിച്ചു.

പിന്നെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് ആയി, പെട്ടെന്ന് പൊട്ടി വീണ വിശുദ്ധ പ്രേമത്തിന്റെ ഈരടികൾ നാലാളെ കേൾപ്പിക്കാനുള്ള വെമ്പലായി, ബോഡി ഫിറ്റാക്കിയെടുക്കാനുള്ള തത്രപ്പാടായി, ഡ്രസ്സ് എടുക്കലായി, മേക്കപ്പായി, മനസമ്മതമായി, മിന്നുകെട്ടലായി, ഫോട്ടോസ് കൊണ്ട് ഫീഡ് നിറച്ച് നിർവൃതിയടഞ്ഞു.

കല്യാണം കൂടിക്കഴിഞ്ഞ് രമ്യയും അപർണയും ഈ വർഷത്തെ മഞ്ഞുവീഴ്ച തുടങ്ങിയതറിഞ്ഞ് വടക്കോട്ട് വച്ചു പിടിച്ചു. അവളെ ഒന്നു കൊതിപ്പിച്ചു കളയാം എന്നു കരുതി അവിടുന്ന് വീഡിയോ കോൾ ചെയ്തെങ്കിലും എടുത്തില്ല.
"പുതുമണവാട്ടിയല്ലേ... നേരം കാണില്ല ."

ഏത് മല മുകളിൽ പോയാലും ഇപ്പോൾ ഓഫീസ് കൂടെ വരും. വർക്ക് ഫ്രം ഹോം തുടങ്ങിയ ശേഷം ലീവ് എടുക്കാതെ യാത്ര പോവാം എന്നൊരു സൗകര്യം കൂടി വീണുകിട്ടി. മലമുകളിലെ തണുപ്പിൽ ഓഫീസ് ലാപ്ടോപ് തുറന്നു വച്ചു പണിയെടുക്കുമ്പോൾ, എന്തുകൊണ്ട് തങ്ങൾക്ക് ഇന്ത്യാ മഹാരാജ്യത്തെ ഐടി പ്രൊഫഷണൽ പെണ്ണുങ്ങൾക്ക് മാത്രമായി ഇവിടെയിരുന്നു പണിയെടുക്കാൻ പാകത്തിന് ഒരു ഫെസിലിറ്റി തുടങ്ങിക്കൂടാ എന്ന് ആലോചിച്ചു. എത്ര കാലംന്ന് വച്ചാ അടങ്ങിയൊതുങ്ങി വീട്ടിൽ കൂടാനാവുക! രണ്ട് ജീവിതങ്ങളുടെ ലക്ഷ്വറി, എല്ലാവർക്കുമില്ലല്ലോ!

യാത്ര കഴിഞ്ഞ് തിരിച്ചെത്തി ദിവസം കുറേ കഴിഞ്ഞിട്ടും അന്നക്കുട്ടിയുടെ മിണ്ടാട്ടമില്ല.
"കല്യാണം കഴീമ്പോ എല്ലാരും മാറുന്ന പോലെ ഇവളും മാറിപ്പോയോ ഇനി?! മെസ്സേജിനു റിപ്ലൈ ഇല്ല, ഫോൺ വിളിച്ചാൽ എടുക്കുന്നില്ല.. പക്ഷേ ആളു ആക്ടീവ് ആയി ഉണ്ട് താനും. ഇന്നലെ ഭർത്താവിന്റെ വീട്ടിലെ വകയിലെ ആരുടേയോ കൊച്ചിന്റെ ബർത്ത്ഡേയ്ക്ക് സ്റ്റാറ്റസ് ഇട്ടു കണ്ടതാണല്ലോ.."
" ഓൺലൈൻ ഉണ്ടല്ലോ.. ഇപ്പോ ശരിയാക്കിത്തരാം." രമ്യ നല്ല രണ്ട് മലയാളം തെറി അയച്ചു കൊടുത്തു. അപർണ അതിലെ സ്ത്രീവിരുദ്ധത ചികഞ്ഞെടുത്തു.
അടുത്ത നിമിഷം മറുപടി വന്നു : " Don't use bad words like these "
"ഏഹ്! എന്നാ കാണണല്ലോ!"  രമ്യ തിരിച്ച് വിളിച്ചു. വാട്ട്സ്ആപ്പ് കോൾ എടുത്തത് അയാളായിരുന്നു. അവൾ കുളിക്കുകയാണെന്ന് പറഞ്ഞു. അപ്പോൾ... തങ്ങൾ അവളുടെ ഫോണിലേക്ക് അയച്ച മെസേജ് വായിച്ചതും.. മറുപടി തന്നതും... ഓർത്തിട്ട് ഓക്കാനം വന്നു.

പിറ്റേന്ന് രണ്ടു പേരും അവളെ കാണാൻ അയാളുടെ വീട് തേടിപ്പിടിച്ച് ചെന്നു. ആളാകെ മാറിയിരിക്കുന്നു. മുന്നിൽ നില്ക്കുന്നത് അത്രയും കാലം അവർ കണ്ട തങ്ങളുടെ കൂട്ടുകാരിയല്ലെന്ന് തോന്നി. വല്ലാത്ത ഒരു അകൽച്ച.  കരച്ചിലടക്കിപ്പിടിച്ച ചിരി. അയാളുടെ ശബ്ദത്തിന് അധികാരത്തിന്റെ കനം. അവളുടെ വാക്കുകൾക്ക് അനാവശ്യമായ വിധേയത്വം.

അവളുടെ ഫോൺ കേടായി പോലും. അതുകൊണ്ട് സിം കാർഡ് ഭർത്താവിന്റെ ഫോണിലാണത്രെ. "കുറച്ചു കാലം ഇങ്ങനെ പോട്ടേന്നു വെച്ചു. ഡ്യുവൽ ആപ്സ് വച്ച് വാട്ട്സ്സാപ്പ് ആക്കീട്ടിണ്ട് ... "

"എന്നാലും... അതൊരു ശരിയായ ഇതല്ലല്ലോ..!" തിരിച്ചു വന്ന ശേഷം രമ്യ പറഞ്ഞു. അടുത്ത  പിറന്നാളിന് നേരത്തേയുള്ള സമ്മാനമെന്ന് പറഞ്ഞ് അവർ അവൾക്ക് ഫോൺ വാങ്ങിക്കൊടുത്തു. പിന്നെയാണ് വിശേഷങ്ങൾ  അറിയാൻ തുടങ്ങിയത്.  
കാര്യങ്ങൾ അത്ര പന്തിയല്ല. ഫോൺ കേടായതല്ല; അയാൾ എറിഞ്ഞു പൊട്ടിച്ചതാണ്. ഫോൺ നോക്കി ഇരിക്കുന്ന കണ്ടാൽ ദേഷ്യം വരും. ആരെങ്കിലും വിളിച്ചാൽ, മെസേജ് അയച്ചാൽ, ആരാണ് എന്തിനാണ് എന്നെല്ലാം വിശദമായി അറിയണം. ആൺ സുഹൃത്തുക്കൾ വിളിച്ചാൽ സംശയമാണ്.  അവിഹിതം ആരോപിക്കുക വരെ ചെയ്തു.
രമ്യയേയും അപർണനയേയും ഇപ്പോൾ അയാൾക്ക് ഇഷ്ടമല്ല. അവർ വീട്ടിൽ ആദ്യമായി പോയന്നു രാത്രി വഴക്കു കേട്ടു. അവരുടെ പ്രൊഫൈലുകൾ അരിച്ചു പെറുക്കി വഴിവിട്ട ആൺ ബന്ധങ്ങൾ ആരോപിച്ചു. കല്യാണത്തിനു മുന്നേ അന്നയും അതുപോലെ ആയിരുന്നെന്നും തന്നെ ചതിക്കുകയാണെന്നുമുളള നിഗമനത്തിൽ എത്തിച്ചേർന്നു. രണ്ടാമത് കാണാൻ പോയന്ന് രാത്രി അടിപൊട്ടി.  ഇനി അവരോട് വരരുതെന്ന് പറയാൻ പറഞ്ഞു. കോൺടാക്ട് ബ്ലോക്ക് ചെയ്യാൻ പറഞ്ഞു.

പുരുഷമേധാവിത്വത്തെ മുടിനാരിഴ കീറി വിമർശിച്ചെഴുതാറുള്ള രണ്ടു പേരും അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു.  

"അയാൾക്ക് എത്രയും പെട്ടെന്ന് ഒരു പ്രൊഫഷണൽ കൗൺസിലിംഗ് ഏർപ്പാടാക്കണം" അപർണ പറഞ്ഞു. രമ്യക്ക് അരിശം പെരുത്തു കയറി : "This is a clear case of mental and physical abuse.  പോലീസിൽ complaint ചെയ്യണം. വനിതാക്കമീഷന് പരാതി കൊടുക്കണം."

അന്നയ്ക്ക് പേടിയായി. വേണ്ടെന്ന് പറഞ്ഞു. ഇനിയും അയാളുടെ അടുത്തു നില്ക്കരുതെന്ന് പറഞ്ഞു, കേട്ടില്ല. വീട്ടിൽ ഒന്നും  അറിയിച്ചും ഇല്ല; വീട്ടുകാർ വിഷമിക്കരുതല്ലോ.. ഒരിക്കലും ആഗ്രഹിക്കാതിരുന്ന ഒരു രീതിയിൽ ഇപ്പോൾ അവളും രണ്ട് ജീവിതങ്ങൾ ജീവിച്ചു തുടങ്ങിയിരിക്കുന്നു - അടക്കത്തോടെ.. ഒടുക്കത്തോടെ..


പിറ്റേന്ന് അപർണയും രമ്യയും നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ ബോധിപ്പിച്ചു. വയസ്സൻ പോലീസുകാരൻ അവരെ അടിമുടി നോക്കി. " മക്കളേ.. എനിക്കുമുണ്ട് ഈ പ്രായത്തിലുള്ള ഒരു മോള്.. ഭർത്താവിന്റെ വീട്ടിൽ സുഖമായി കഴിയുന്നു. കുടുംബം ആവുമ്പോ കുറച്ചു പൊട്ടലും ചീറ്റലും ഒക്കെ കാണും... കുറച്ചൊക്കെ എല്ലാരും അഡ്ജസ്റ്റ് ചെയ്യണ്ടേ.. ആ പെണ്ണിന് അത് ഓകെ ആണെങ്കിൽ നിങ്ങൾ ഇടപെട്ട് ആ ബന്ധം വഷളാക്കണോ...?"
രണ്ടു പേർക്കും ദേഷ്യവും സങ്കടവും വന്നു. പോലീസുകാരൻ പരുങ്ങി " അല്ല.. ഞാൻ പറഞ്ഞെന്നേ ഉള്ളൂ. എന്തായാലും അന്വേഷണം ഉണ്ടാവും. മക്കള് പേടിക്കണ്ട."
സ്വന്തം കൂട്ടുകാരിയുടെ ജീവിതത്തിൽ ഒരു ആവശ്യം വന്നപ്പോൾ അമ്പേ പരാജയപ്പെട്ടുപോയ പോലെ ഫേസ്ബുക്കിലെ വിപ്ലവകാരികൾ ഇരുന്നു. വനിതാകമ്മീഷൻ ഇടപെടുമോ  അതോ 'അനുഭവിച്ചോളാൻ' പറയുമോ എന്നോർത്ത് പരാതി കൊടുക്കാൻ അവർ ആ നിമിഷം അധൈര്യപ്പെട്ടു. ജനാധിപത്യത്തിനും നിയമവ്യവസ്ഥയ്ക്കും മുന്നിൽ അപമാനിതരായെന്നോർത്ത് അവളവളോട് തന്നെ ദേഷ്യം തോന്നി.

ഇപ്പോൾ പരാജയപ്പെട്ടാൽ ജീവിതത്തിനു തന്നെ അർത്ഥം നഷ്ടമായെന്ന് വരും.  വാക്കുകൾ ശക്തമാണ്. ഒരേ മനസ്സുകൾ ഒന്നിക്കുമ്പോൾ മനുഷ്യത്വവും ശക്തമാണ്. പോലീസ് സ്റ്റേഷനിലെ അനുഭവം വിവരിച്ച് അന്ന് രാത്രി തന്നെ ഫേസ്ബുക്കിൽ വിശദമായൊരു പോസ്റ്റിട്ടു. അങ്ങനെ വിട്ടുകൊടുക്കാൻ ആവില്ലല്ലോ. ഇവിടെ എല്ലാവർക്കും ജീവിക്കണ്ടേ..

ആ രാത്രി സംഭവബഹുലമായിരുന്നു. പോസ്റ്റ് കണ്ട് അടുത്തതും അല്ലാത്തതുമായ സുഹൃത്തുക്കൾ വിളിച്ചു. പോലീസ് സ്റ്റേഷനിലെ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. കൊടുത്ത പരാതിയെക്കുറിച്ച് അന്വേഷിച്ചു. പോസ്റ്റ് വളരെ വേഗം ഒരുപാട് ഷെയർ ചെയ്യപ്പെട്ടു. അറിയുന്നതും അല്ലാത്തതുമായ ആക്ടിവിസ്റ്റുകൾ ബന്ധപ്പെട്ടു. അന്നയെ വിളിച്ചപ്പോൾ പതിവുപോലെ രാതി ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പാതിരാത്രിയോടടുപ്പിച്ച് പ്രതീക്ഷിക്കാത്തൊരു കോൾ വന്നു. പോലീസ് മേധാവിയായിരുന്നു. ഇന്നുണ്ടായ അനുഭവത്തിനു ക്ഷമ ചോദിച്ചു. ആ പോലീസുദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുമെന്നും പരാതിക്കുമേൽ നാളെത്തന്നെ തുടർനപടികൾ ഉണ്ടാകുമെന്നും ഉറപ്പ് തന്നു.
പിന്നെയുമൊരു വിളി വന്നു. അത് അന്നയുടെ അമ്മയായിരുന്നു. സംഭവം ആരോ അവരെ അറിയിച്ചിരിക്കുന്നു. പോസ്റ്റിൽ പറഞ്ഞ പരാതിയിലെ പെൺകുട്ടി അന്നയാണോ എന്ന് ദൈന്യതയോടെ ചോദിച്ചു. പിന്നെ പൊട്ടികരഞ്ഞു. നിങ്ങൾ കൂട്ടുകാർക്ക് അവരോട് ഒരു വാക്ക് പറയാമായിരുന്നെന്നും നാളെ രാവിലെ അവളെ വീട്ടിലേക്ക് കൂട്ടികൊണ്ടു വരുമെന്നും അന്നയുടെ അപ്പൻ പറഞ്ഞു.

എടുത്തു ചാടിയ ചുഴിയിലെ പ്രക്ഷുബ്ദത രമ്യയും അപർണയും പ്രതീക്ഷിച്ചതിനേക്കാൾ വലുതും ശക്തിയുള്ളതുമായിരുന്നു. രാവിലെ വരെ പിടിച്ചു നില്ക്കാൻ അവർ ആവുന്ന പോലെ നീന്തി. ചെയ്തത് തെറ്റായിപ്പോയോ.. അപക്വമായിപ്പോയോ.. അവിവേകമാണോ.. അന്നയ്ക്ക് നാളെ ഈ കൊടുകാറ്റിനെ ചങ്കുറപ്പോടെ നേരിടാനാവുമോ... അവൾ തങ്ങളെ തള്ളിപ്പറയുമോ..


നേരം പുലർന്നത് ഞെട്ടലോടെയാണ്. രണ്ടു പേരും അന്നയുടെയടുത്തേക്ക് നിലവിളിച്ചു കൊണ്ട് പാഞ്ഞു. കേട്ടതൊന്നും സത്യമാവരുതേ.. പക്ഷേ, കഴിഞ്ഞ രാത്രി തന്നെ അതു സംഭവിച്ചു കഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പുകളുണ്ടായിരുന്നില്ല. പള്ളിയും പാരാവാരവുമുണ്ടായില്ല. സമ്മതം ചോദിച്ചില്ല. പരുക്കനായൊരു കുടുക്കുമാല കഴുത്തിൽ വീണുകഴിഞ്ഞിരുന്നു.  മരണത്തിന്റെ മിന്നുകെട്ടലിന് അതിഥികൾ ആവശ്യമില്ലല്ലോ...

വീടിനു ചുറ്റും കൂടിയ ആൾക്കൂട്ടത്തിൽ പോലീസുകാരും രാഷ്ട്രീയക്കാരും ചാനലുകാരും കുടുംബക്കാരുമുണ്ടായിരുന്നു. ബോഡി പോസ്റ്റ്മാർട്ടത്തിനു കൊണ്ടുപോയി. അവളുടെ അപ്പന്റേയും അമ്മയുടേയും നിലവിളി ദൂരെ നിന്നു കേൾക്കാം.
പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നപ്പോൾ മരണകാരണം ആന്തരിക രക്തസ്രാവമാണെന്ന് കണ്ടെത്തി. ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളയുടുപ്പിട്ട് ഒരു മാലാഖയെപ്പോലെ അന്ന തിരിച്ചെത്തി. അവൾക്കായുള്ള ശവപ്പെട്ടി വന്നു. നിവർന്നു നിന്നാൽ അതിന്റെ തോളോളം വരുമവൾ. അതാണ് അതിന്റെയൊരു കണക്ക്. തനിക്കു വേണ്ടി ഒഴിഞ്ഞു കിടന്ന ആ പെട്ടിയിൽ, ആദിരാത്രിയിൽ ഒരുക്കിവച്ച പട്ടുമെത്തയിലെന്ന പോലെ അവൾ കിടന്നു. ചുറ്റും കുടുംബക്കാരും ഇടവകക്കാരും കൂടി. ചടങ്ങുകളെല്ലാം നടന്നു.  അവൾക്കു വേണ്ടി പണിതീർത്തതുപോലെയുള്ള പെട്ടി. അതിനൊത്ത ഒരു കുഴി. അവളേക്കാൾ ഇത്തിരി നീളം,  ഒത്ത വീതി. ജീവിതത്തിലെന്നപോലെ മരണത്തിലും ഒരേ കാണികൾക്ക് മുന്നിൽ അന്ന ഒതുക്കത്തോടെ അടക്കം ചെയ്യപ്പെട്ടു.
ആൾക്കൂട്ടത്തിൽ നിന്ന് ആരോ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: "നല്ല അടക്കമൊള്ള കൊച്ചായിരുന്നു..."

Srishti-2022   >>  Short Story - Malayalam   >>  നേർകാഴ്ച്ച

Priyanka K M

Rimit Payments Pvt Ltd

നേർകാഴ്ച്ച

 മഴ പെയ്തുകൊണ്ടേയിരുന്നു, കാറ്റിനും ഒരു കുറവും ഉണ്ടായിരുന്നില്ല. അനു തൻറെ സ്കൂട്ടി മരത്തിനടിയിൽ നിർത്തി തൻറെ റെയിൻകോട്ട് എടുത്തിട്ടു. പുഴയിൽ വെള്ളം നിറഞ്ഞു നിൽക്കുന്നത് കാണാനുള്ള ആവേശം അവളെ അപ്പോൾ തന്നെ വണ്ടി എടുക്കാൻ പ്രേരിപ്പിച്ചു. വഴിയിലെവിടെയോ ഉയരത്തിൽ ഉണ്ടായിരുന്ന ഒരു ഫ്ളക്സ് ഇളകി അവളുടെ സ്കൂട്ടിയിൽ പതിച്ചു.

ആശുപത്രിയിൽ കിടക്കയിൽ അവൾ പതിയെ ചാരിയിരുന്നു. പുറത്തേക്ക് നോക്കിയപ്പോൾ പുറത്തേക്കും അകത്തേക്കും ആയി വരുന്ന ആംബുലൻസുകൾ, കണ്ണീരണിഞ്ഞ വേദനയണിഞ്ഞ പല മുഖങ്ങൾ..... പതിവില്ലാത്ത പല ചിന്തകളിലേക്കും അവൾ കടന്നു. മനുഷ്യൻറെ അശ്രദ്ധകളും ആവശ്യങ്ങളും വരുത്തിവെക്കുന്ന ദുരന്തങ്ങൾ അവളുടെ മനസ്സിനെ വരിഞ്ഞുമുറുക്കി. തനിക്ക് ഉണ്ടായ അപകടം തൻറെ പിഴവ് അല്ല എന്ന് അവൾ പിറുപിറുത്തു.

ആശുപത്രിയിൽ  അപ്പോഴേക്കും കുറച്ചു ബന്ധുക്കൾ എത്തിയിരുന്നു ചിലർ അഭിപ്രായ പ്രകടനങ്ങളും നടത്തി. നിനക്ക് അപ്പൊ യാത്ര ചെയ്യേണ്ട കാര്യം എന്തായിരുന്നു? ഇത്ര മഴയും കാറ്റും ഉള്ളപ്പോൾ യാത്ര ഒഴിവാക്കിക്കൂടെ? 18 വയസ്സ് ഒന്നും വണ്ടി ഓടിക്കുവാൻ ഉള്ള പ്രായമല്ല തുടങ്ങി നിരവധി ചോദ്യങ്ങളും അഭിപ്രായപ്രകടനങ്ങളും. അപകടം പറ്റി എന്ന് കേട്ടപ്പോൾ ഓടി വന്ന ബന്ധുക്കൾ ഫ്ലക്സ് വില്ലൻ ആയതിനെ അതിനെ പറ്റി മിണ്ടിയതുമില്ല. പക്ഷേ വേറൊരു ബന്ധു അവളെ ഉപദേശിച്ചു, ‘റോഡിലൂടെ വണ്ടി ഓടിച്ചു പോകുമ്പോൾ പല കെണികളും ഉണ്ടാകും അവനവൻ ശ്രദ്ധിക്കണം’.

അനു അന്തംവിട്ടു . 'ഞാനിതെങ്ങനെ ശ്രദ്ധിക്കാനാണ്', അവൾ തിരിച്ചു ചോദിച്ചു. ആ ചോദ്യം ആ ബന്ധുവിന് പിടിച്ചില്ല എന്ന് തോന്നുന്നു, അവർ വിഷയം മാറ്റി, പോകാൻ നേരത്ത് ഒരു കുത്തലും, ‘തന്നിഷ്ടം കൂടുതലുള്ള കുട്ടികളായാൽ ഒന്നും ചെയ്യാൻ പറ്റില്ല’.

അനു കിടക്കയിൽ നിവർന്നു കിടന്നു അന്ന് രാവിലെ അവൾ വൈകിയാണ് എഴുന്നേറ്റത് നല്ല മഴ പെയ്യുന്നത് കണ്ടപ്പോൾ വീട്ടിൽ മടിച്ചിരുന്നതാണ് ആണ്. ഇടയ്ക്കെപ്പോഴോ മഴ തോർന്നു അപ്പോഴാണ് പുഴയിൽ വെള്ളം കൂടിയ കാര്യം സുഹൃത്ത് വിളിച്ചു പറയുന്നത് ഉടനെ സ്കൂട്ടി എടുത്തു ഇറങ്ങി. ഇതാദ്യമല്ല ഇങ്ങനെ പോകുന്നത് ഏകദേശം പുഴയുടെ അടുത്ത് വീടുള്ള സുഹൃത്തിൻറെ കൂടെ പുഴയിൽ പോകുന്നത് തന്നിഷ്ടം കാണിക്കൽ ആണെങ്കിൽ ആയിക്കോട്ടെ എന്ന് അവൾ പതിയെ പറഞ്ഞു.

അച്ഛൻ ആശുപത്രിയിലേക്ക് അപ്പോൾ കടന്നുവന്നു. അമ്മ അച്ഛനോട് പറഞ്ഞു ' രാവിലെ ഒറ്റയ്ക്ക് വണ്ടി എടുത്തു പുഴ കാണാൻ പോയതാ എത്ര തവണ പോണ്ട എന്ന് പറഞ്ഞു കേൾക്കാനുള്ള ഭാവമില്ല അനുവിന് അവിടെ പോയി സെൽഫി എടുക്കാൻ ആവും സെൽഫി എടുക്കുമ്പോൾ ഉണ്ടായ എത്ര അപകടങ്ങളാണ് കേൾക്കുന്നേ പുഴയിൽ വെള്ളം കൂടിയ സമയമല്ലേ പുഴയിൽ നല്ല ഒഴുക്കും ഉണ്ട്' അമ്മ തുടർന്നുകൊണ്ടേയിരുന്നു.

            അച്ഛൻ അവളുടെ അടുത്തിരുന്നു അവളുടെ മുടിയിൽ തലോടി. അവൾ ചോദിച്ചു, ‘അച്ഛനും ഇതൊക്കെ തന്നെയാണോ പറയാനുള്ളത്?’. 'ഇപ്പൊ എങ്ങനെയുണ്ട്', അച്ഛൻ ചോദിച്ചു.

ഇത്ര നേരമായി അച്ഛൻ മാത്രമേ ഇത് എന്നോട് ചോദിച്ചുള്ളൂ അവൾ മറുപടി പറഞ്ഞു. അച്ഛൻ ചിരിച്ചു. അമ്മ വിട്ടുകൊടുത്തില്ല 'നിൻറെ അച്ഛൻ ഇപ്പൊ വന്നേയുള്ളൂ അപ്പോ ഇതൊക്കെ ചോദിക്കും'.

അച്ഛൻ തുടർന്നു, ഡോക്ടറെ കണ്ടിരുന്നു ഇന്ന് തന്നെ ഡിസ്ചാർജ് ആകും. ആശുപത്രിയിൽ വൈകുന്നേരം വരെ തള്ളിനീക്കാൻ അവൾ പാടുപെട്ടു തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ അവൾ വഴിയിൽ ഫ്ലക്സുകൾ  എണ്ണി ‘8’.

രണ്ടു നാളുകൾക്കുശേഷം അനുവിന് സീനിയർ ചേട്ടൻറെ ഫോൺ കോൾ വന്നു ,'അനു അല്ലേ കോളേജ് ടെക് ഫെസ്റ്റ് സമയത്ത് തൻറെ ഡിസൈനിലുള്ള കഴിവ്ഞങ്ങൾ കണ്ടതാണ് ആണ്. എൻറെ ചേട്ടന് ഒരു കമ്പനി ഫ്ലക്സ് ഡിസൈൻ ചെയ്യാൻ കൊടുത്തിട്ടുണ്ട്   ചേട്ടന് തിരക്കായത് കൊണ്ട് അത് ചെയ്യാൻ പറ്റില്ല തന്നെ അത്  ഏൽപ്പിക്കട്ടെ’.

'ഓക്കേ' എന്നായിരുന്നു അനുവിൻറെ മറുപടി. അത് ഡിസൈൻ ചെയ്തു കൊടുത്താൽ കിട്ടുന്ന കുറച്ചു പൈസ ആയിരുന്നു അവളുടെ മനസ്സ് നിറയെ.

Srishti-2022   >>  Short Story - Malayalam   >>  ബന്ധമോക്ഷം

ബന്ധമോക്ഷം

ആ ഒരു ചോദ്യം കേട്ട് ആദ്യം ഞാൻ പകച്ചു പോയി!

അത് ചോദിച്ചപ്പോൾ അയാളുടെ ബട്ടണുകൾ മുറുകി പൊട്ടിത്തെറിക്കാൻ തുടങ്ങുന്ന വയറു കുലുങ്ങുന്നത് ഞാൻ കണ്ടു . ഇരട്ടത്താടിയ്ക്കിടയിലെവിടെ നിന്നോ കാള അമറുന്നത് പോലെയുള്ള അട്ടഹാസം പ്രവഹിക്കുന്നത് ഞാനറിഞ്ഞു.  

ഒരു കത്തിയെടുത്ത് അയാളുടെ ചീർത്ത പള്ളയിൽ കുത്തിയിറക്കി കൊല്ലണം എന്നുപോലും തോന്നിപ്പോയി.

 എന്റെ ആത്മാഭിമാനത്തിന്റെ പുറത്തിരുന്നാണ് അയാൾ അട്ടഹസിക്കുന്നത് . 

എന്നിലെ ന്യുറോണുകൾ അപമാനം കൊണ്ട് അലറിക്കരഞ്ഞു . ചെറുത് രണ്ടെണ്ണം കട്ടിലിൽ കിടന്ന് ചിരിച്ച് മറിയുന്നു .. 

ഒരു നീണ്ട പുനരാലോചനയ്‌ക്കൊടുവിൽ എനിക്ക് വെളിപാടുണ്ടായി . !

തലയ്ക്കു പിന്നിൽ വട്ടത്തിൽ എൽ ഈ ഡീ ബൾബ് തെളിഞ്ഞു !! 

കുറെ കൊല്ലങ്ങളായി ഇങ്ങനെ ഒരു ഉദ്യമത്തിന് മുതിർന്നിട്ട് . 

ആ നിലയ്ക്ക് , അപമാനവും കുറ്റപ്പെടുത്തലുകളും മറന്ന് , ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ് എന്ന് എനിക്കും തോന്നി. 

 ഫലം എന്താകുമെന്ന് ഉറപ്പുണ്ടെങ്കിലും ...

 വല മൂടി   കിടന്ന പഴയ ഓറഞ്ച് സൂര്യന്റെ പടമുള്ള തുരുമ്പിച്ച ഇൻസ്ട്രുമെന്റ് പെട്ടി തുറന്ന്, പെൻസിലുകളെടുത്ത് ചിന്തേരിട്ടു .

HB ,3B,6B, 8B ,10B ..

ഒരു കുന്ത മുന പോലെ അവയെല്ലാം കൂർത്ത് വരുന്നത് കണ്ട എന്റെ ഓർമ്മകൾ കുറെ നാൾ പിന്നിലേക്ക് സഞ്ചരിച്ചു ...

ജീവിതം ഒരുമാതിരിയൊക്കെ തകർന്ന് തുടങ്ങിയപ്പോഴാണ്  , ആഗ്രഹിച്ച  പണിയെടുക്കാൻ കഴിയാതെ , ഇംഗ്ലീഷ് അക്ഷരമാലയുടെ മൂന്നാമത്തെ അക്ഷരത്തിന്റെ പുള്ളിയും  വള്ളിയും പഠിച്ച്  ,ജനിച്ച  നാട് വിട്ട് , അന്തപുരിയിലേക്കു വന്നത് ..ലോക്കലി തിരോന്തോരം !

കിഴക്കേകോട്ടയിലെ ആസാദ് ഹോട്ടലിലെ ബിരിയാണി തിന്നിട്ട്  , പുറത്തിറങ്ങി   കൈ ഒന്ന് മണപ്പിച്ചു നോക്കി.. ബിരിയാണിയിലെ  കുഴഞ്ഞ നെയ്യിന്റെയും ചിക്കനിലെ  മസാലയുടെയും ഗന്ധം മാത്രം .. അവൾ പോയിട്ടുണ്ടാകുമോ ??

ഈ വിരലുകളിൽ  നിന്നും , എന്റെ ന്യൂറോണുകളിൽ നിന്നും .. 

ഞാൻ വേഗം ഹോസ്റ്റൽ പിടിക്കുന്നു  , ബാഗിൽ  പൊട്ടിക്കിടന്ന ഭൂതകാലത്തിന്റെ ഭൂതകാലം പുറത്തെടുക്കുന്നു..

HB ,3B ,6B ,8B ,10B... 

വരയ്ക്കാൻ ഒരു മോഡലിനെ വേണമല്ലോ . മുഖങ്ങൾക്കു  നേരെ ഒന്നും കുറുകെ മൂന്നും വരകൾ ചേർത്ത് പ്രൊപ്പോഷൻ ശെരിയാക്കി വരയ്ക്കുന്ന വിദ്യ കുറുപ്പ് മാഷാണ് പഠിപ്പിച്ചു തന്നത് . മനുഷ്യശരീരത്തിന് ആകമാനം ഒരു അനുപാതമുണ്ടത്രെ . അങ്ങനെ  അനുപാതം  വരുന്നവരെയാണ് മോഡലാക്കേണ്ടത്. 

അതവളായിരുന്നല്ലോ !..എല്ലാം   നശിപ്പിച്ച മോഡൽ !..എന്നിലൊരു വിറ പടർന്നു തുടങ്ങി .

അവളുടെ മുഖത്തിന്റെ അനുപാതമായിരുന്നു എന്നെ  ആകർഷിച്ചത് . എല്ലാം കൃത്യം , കറുത്ത് അഴകൊത്ത പുരികം , നീണ്ട മൂക്ക് , വിടർന്ന കണ്ണ് .കൃത്യമായ ഘടനയിൽ ചുണ്ട്കൾ , നുണക്കുഴികൾ. ആകെയൊരു സൗന്ദര്യത്തിന്റെ മൂടാപ്പ് ...

വിരലിൽ നിന്നും ബിരിയാണിയുടെ മണം  മാറുന്നതിനും മുൻപ് ഞാൻ പെൻസിലെടുത്ത് ചുര മാന്തി കറുപ്പിച്ചു , അടുത്ത് കിടക്കുന്ന തമിഴൻ കുരുപ്പിനോട് കാണാൻ കൊള്ളാവുന്ന  ഒരു പെണ്ണിന്റെ പടം എടുത്ത് തരാൻ  പറഞ്ഞു .

അവൻ എടുത്തു പൊക്കി കാട്ടിയത് , ഏതോ തമിഴ് വാരികയിൽ വന്ന  സണ്ണി ലിയോണിന്റെ മുഖചിത്രം.. 

'ആ.. ബെസ്ററ് !' ഞാൻ മനസ്സിൽ പറഞ്ഞു. 

‘നിന്നെ തോൽപ്പിക്കാൻ മികച്ചത് ഇവൾ  തന്നെ' - എന്റെ നെഞ്ചിൽ ആത്മരോഷം പുകഞ്ഞു !

പിന്നൊന്നും ആലോചിച്ചില്ല , 

ഞാൻ വരച്ചു തുടങ്ങി , ദീർഘവൃത്താകൃതിയിലുള്ള മുഖം,  അതിനു നേരെയും കുറുകെയും വരകൾ , മുഖത്തേക്ക് വീണുകിടക്കുന്ന മുടിയിഴകൾ , കാമോദ്വിപിതമായ കണ്ണുകൾ , എല്ലാം ഒത്തു വരുന്നുണ്ട് . 

പടം വരച്ചിട്ട് ഞാനാ തമിഴന്  കൊടുത്തു , 

' എന്നണ്ണെ ഇത് ? അക്കാന്ന് ചൊല്ലി  യാരെത്താൻ വരഞ്ചത്? , ഇത് എങ്ക രസികർ മൻഡ്രതൂക്ക് എവളോ പെരിയ അവമാനം!' , അവൻ കെറുവിച്ചു  ബാത്റൂമിലേക്കു പോയി .. 

എന്തിനാണോ എന്തോ ?

ഞാൻ പടത്തിലേക്കു ഒന്ന് പാളി  നോക്കി , ഞെട്ടി !- 

അവിടെ , അവൾ , ചിരിച്ചു കൊണ്ട് .. ദൈവീകാനുപാതത്തിൽ ..

ശവമേ! നീ പോയില്ലേ !

എന്റെ രോഷാഗ്നിയിൽ കയ്യിലെ ബിരിയാണി മണം ആവിയായി പോയി . 

'സീ മിസ്റ്റർ ബാലു , ഇതൊരു തരം ഒബ്സെഷൻ ആണ് , നിങ്ങളെ കളഞ്ഞിട്ടു പോയ നിങ്ങളുടെ മോഡലായിരുന്ന കാമുകിയോടുള്ള ഒരുതരം ഒബ്സെഷൻ ' - വെടിപ്പുള്ള മേശപ്പുറത്ത്  കയ്യൂന്നി, കട്ടിക്കണ്ണാടിക്കിടയിലൂടെ എന്നെ നോക്കി , അജിത്ത്  ശ്യാമലാൽ ത്രിവേദി എന്ന അർദ്ധ ഗോസായി ഡോക്ടർ നല്ല വെണ്ണ തൂവുന്ന മലയാളത്തിൽ പറഞ്ഞു വെച്ചു.

അയാളാണ് പാതകി .. എന്റെ മനസ്സിൽ വേണ്ടാത്ത ആശയങ്ങളുടെ തീവിത്ത് പാകിയ ദുഷ്ടൻ ! 

നിങ്ങൾക്കറിയാം ആളെ .. 

ഓർഹാൻ പാമുക്! 

ഒരു ചിത്രം കണ്ണടച്ച് വരയ്ക്കാവുന്നത്ര ശീലമാകുന്നിടത്തോളം വരയ്ക്കാൻ  പറഞ്ഞ അതേ  പാമുക് ! 

'അവരത്രെ ദൈവത്തിന്റെ ചിത്രം വരക്കാർ  !'

എത്ര തവണയാണ് അത് വീണ്ടും വീണ്ടും വായിച്ചത് ..

എത്ര തവണയാണ് അവളെ വീണ്ടും വീണ്ടും  വരച്ചത് ..

 താളുകളുടെ പരുപരുത്ത പ്രതലത്തിൽ കൂർത്ത ഈയക്കോൽ ഉരസുന്ന ശബ്ദം മാത്രം.ആ ശബ്ദത്തിൽ രതിമൂർച്ഛ നേടിയവനെ പോലെ ഞാൻ വരച്ചു കൊണ്ടേയിരുന്നു ..

അവളുടെ ഓരോ മുടിയിഴകളും എനിക്ക് മനഃപാഠമാകുന്നത് വരെ , അവളുടെ ഓരോ അഴകളവും എന്റെ വിരലുകൾക്ക് ഹൃദ്യസ്ഥമാകുന്നത്  വരെ .

 എത്ര ചിത്രങ്ങൾ ..?? നൂറോ ? അഞ്ഞൂറോ ? ആയിരമോ ? എനിക്ക് കണക്കില്ലായിരുന്നു ..ഭ്രാന്തമായി അവളെ മാത്രം ഞാൻ വരച്ചു കൊണ്ടിരുന്നു .. മൂന്നു വർഷത്തോളം ..

എന്റെ വിരലുകൾ അവളെ മാത്രം വരയ്ക്കാൻ വഴങ്ങി , കണ്ണ് കെട്ടി വിട്ടാലും  കൃത്യമായി കൂടണയുന്ന പ്രാവുകളെ പോലെ  , എന്റെ വിരലുകൾ അവളെ വരച്ചുകൊണ്ടിരുന്നു . 

' നിങ്ങള്ക്ക് മറ്റൊന്നും വരയ്ക്കാൻ കഴിയുന്നില്ലേ .. ?' 

ഞാൻ തലക്കു കൊടുത്തിരുന്ന കയ്യുയർത്തി ത്രിവേദിയെ  രൂക്ഷമായൊന്നു നോക്കി .

 അയാൾ തന്റെ നോട്ട് പാഡിൽ നിന്നും ഒരു താൾ വലിച്ചു കീറി , എനിക്ക് തന്നു . ചുവരിലെ കലണ്ടറിലെ വെള്ളം കുടിക്കുന്ന ഒട്ടകത്തിന്റെ രൂപം വരയ്ക്കാൻ പറഞ്ഞു . 

ഞാൻ വരച്ചു തുടങ്ങി , കാക്കയെ പോലെ തല ഇടത്തേക്കും വലത്തേക്കും ചരിച്ചും ഇടംകണ്ണിട്ടു നോക്കിയും വരച്ചു.

കുറച്ചു സമയത്തിന് ശേഷം പാതി വരച്ച അവളുടെ മുഖം ഞാൻ അയാളുടെ മുന്നിലെ  മേശപ്പുറത്തേക്കു  ഇട്ടു കൊടുത്തു  .

അത്ഭുതത്തോടെ അതിലേക്കു നോക്കിയിട്ട് അയാൾ ചോദിച്ചു 

' ആ ചിത്രം തന്നെയാണോ  ശ്രമിച്ചത് ?' 

അയാളെ ഞാൻ കൊല്ലാതെ വിട്ടു! 

'നമ്മുടെ ശരീര ഭാഗങ്ങളെ കൊണ്ട്  ഓരോന്ന് ചെയ്യിക്കുന്നത് ബ്രെയ്നിൽ നിന്നും ശരീരത്തിലെ പല ഭാഗത്തേക്കും സഞ്ചരിക്കുന്ന ന്യുറോണുകളാണ് . നിങ്ങളുടെ ന്യുറോണുകൾക്കു എന്തെങ്കിലും തകരാറുകൾ സംഭവിച്ചിട്ടുണ്ടോ എന്നറിയണം ' 

അവൾ എന്റെ ന്യൂറോണുകളിലൂടെ സഞ്ചരിച്ച് , ബുദ്ധിയുടെ നിഗൂഢമായ കോണിൽ നിന്ന് വശ്യമായി പുഞ്ചിരിക്കുന്നു . 

' എറങ്ങിപ്പോടി , നാശമേ ' ഞാൻ പേപ്പർ കീറിയെറിയുന്നതിനിടെ അലറുന്നത് കേട്ട ബാത്റൂമിലിരുന്ത തമിഴ് പയല് അന്തം വിട്ടു . 

'ഇങ്ങള് പടങ്ങളൊക്ക വരക്കാറുണ്ടെന്നു ഇന്റെ ഏട്ടൻ പറഞ്ഞാർന്നു ..ഓര്ക്ക് കുറുപ്പ്  മാഷെയൊക്കെ അറിയാന്ന് ..'

നമ്രമുഖിയായി നിന്ന പെണ്ണ് , തള്ള വിരലിന്റെ  നഖം കൊണ്ട് മേശപ്പുറത്ത് ചുരണ്ടിക്കൊണ്ടു പറഞ്ഞു . എന്റെ പെണ്ണ്  കാണലാണ് ചടങ്ങ് . 

ചെക്കന് തിരുവനന്തപുരത്തു IT പണിയാണ് എന്ന് ബ്രോക്കർ പറഞ്ഞത് കൊണ്ട് മാത്രം നടക്കുന്ന ചടങ്ങാണ് . ടെക്‌നോപാർക്കെന്നു പറഞ്ഞാ ഏതാണ്ട് റിസർവ് ബാങ്ക് പോലുള്ള ഒരു മുട്ടൻ കമ്പനിയാണെന്നും,  IT പണിയെന്നു പറഞ്ഞാ ഒരുമാതിരി  കിണറ്റിൽ നിന്നും കാശ് കോരുന്ന ജോലിയാണെന്നുമാണ്  ഞങ്ങളുടെ നാട്ടിലൊക്കെ  പൊതുവെയുള്ള കരക്കമ്പി . 

' ചേട്ടൻ വേറെന്തൊക്കെ  പറഞ്ഞു ?' ഞാൻ ചോദിച്ചു

' ഇങ്ങള് ആളോൾടെയൊക്കെ  പടം വരക്കുവോ ?'അവൾ മുഖമുയർത്താതെ ചോദിച്ചു 

ഞാനിരുന്ന് വിയർത്തു. എന്റെ തലയിൽ നിന്നും ബിരിയാണിയുടെ  ആവി പറന്നു!  

'ഇന്റെ പടം വരക്കാവോ ?'

ഒരു ചോദ്യം ! ഒരൊറ്റ ചോദ്യം  - ഞാൻ സർവ ശക്തിയും ചോർന്നത് പോലെ കസേരയിൽ ഇരുന്നു. നീണ്ട പുരികക്കൊടി , വിടർന്ന കണ്ണുകൾ , ദിവ്യാനുപാതം .. എന്റെ പാവം പിടിച്ച ന്യുറോണുകൾ .. വഞ്ചകി !

' എന്റെ കൊച്ചെ , ഞാനൊരു പെണ്ണ്മായിട്ട് ഇഷ്ടത്തിലായിരുന്നു . ഇഷ്ടം കൂടീട്ട്  അവളെന്നെ ഇട്ടിട്ടു പോയി . എനിക്കിപ്പോ ആരെ വരച്ചാലും അവൾടെ പടമെന്നെ വരുന്നേ .അത് കൊണ്ട് പടം  വരയ്ക്കാൻ പറയരുത് . എന്തോ  സൈക്കളോജിക്കൽ കൊഴപ്പമാണ് !' - ഞാൻ ആശയറ്റവനെ പോലെ പറഞ്ഞു . 

തക്കാളിയുടെ വില കേട്ടത് പോലെ  അവൾ ഒന്ന് അന്ധാളിച്ചു  നിന്നു . എന്നിട്ടു പതിയെ അവിടെ നിന്നും പോയി . 

(ബ്രോക്കറിന് തല്ലു കിട്ടാത്തത് അയാളുടെ പൂർവികർ ചെയ്ത നന്മ . )

' ചെക്കന്  മുൻപ് പ്രേമമുണ്ടാർന്ന് എന്നത് നമ്മള് ഷമിച്ചേനെ , ഇതിപ്പ പ്രാന്ത് കൂടെ !' കീറിയ ബെനിയന്റെ ഓട്ടയിൽ വിരലിട്ട് പെണ്ണിന്റെ തന്ത വെളിപ്പെട്ടു . 

' ഡെയ് , യെവൻ കൊള്ളാം കേട്ടാ ' എന്റെ വര കണ്ട് പണ്ട് നമ്മുടെ നാട്ടിൽ അഡ്വെർടൈസിങ് കമ്പനി നടത്തിയിരുന്ന പാൽകുളങ്ങര രായണ്ണൻ പറഞ്ഞു ' നമ്മടെ ജൗളിക്കട പരസ്യത്തിന് ഒരു മോഡലിനെ വരയ്ക്കാൻ പറഞ്ഞപ്പ നിമിഷ നേരം കൊണ്ടല്ലേ ലവൻ ഒരു കലക്കൻ പെണ്ണിന്റെ പടം വരച്ചു തീർത്തത് . യെവൻ എന്റെ കൂട നിക്കട്ട് , ചില്ലറ വല്ലോം നമ്മക് കൊടുക്കാം ' 

പടം കണ്ട നാട്ടുകാർ നേരെ ചെന്ന് കാര്യം ബോധിപ്പിച്ചു . ചെക്കന് മെന്റലാണ് ! പെണ്ണിന്റെ കുടുംബക്കാർ വല്ലതും  കണ്ടാൽ പിന്നെ അടി വരുന്ന വഴി കാണില്ല !. 

' ഷെടേയ് .. ഇങ്ങനെ ഒരു സൂക്കേടോ ..' രയണ്ണൻ കിളിർത്തു പൊന്തിയ ചുരുണ്ട താടി തടവി പറഞ്ഞു . 'ചെക്കനെ വല്ല ഡോക്ടറെയും കാണിക്കാൻ  പാടില്ലാരുന്നാ ?' 

ഞാനൊരുമാതിരി മലം പോകാൻ ബുദ്ധിമുട്ടുള്ളുവനെ പോലെ  അയാളെ നോക്കി. 

വീണ്ടും ഗോസായി വൈദ്യൻ ..

' ശ്രമിക്കു .. ഇനിയും ശ്രമിക്കൂ ' അയാൾ പറഞ്ഞു ' നിങ്ങളുടെ ചിന്തകൾ മുഴുവനും നിങ്ങൾ വരയ്ക്കാൻ പോകുന്ന ചിത്രത്തിലേക്ക് കേന്ദ്രീകരിക്കു , മറ്റൊന്നിനെ പറ്റിയും ചിന്തിക്കാൻ അപ്പോൾ നിങ്ങള്ക്ക് കഴിയില്ല എന്നതാണ് സത്യം !' 

ഇത്തവണ, മാസം മാറിയ കലണ്ടറിലിരുന്ന മൂങ്ങ എന്നെ നോക്കി കണ്ണു മുഴപ്പിച്ചു .

ഞാൻ പഴയ ദൂരദർശനിൽ റിലേയ്ക്ക് മുന്നേ വരുന്ന പലനിറമുള്ള ചിത്രത്തിന്റെ നടുവിലെ അമ്പിനെ കണ്ടത് പോലെ ഏകാഗ്രനായി ! മറ്റൊന്നും ശ്രദ്ധിക്കാതെ , ആലോചിക്കാതെ ,  മൂങ്ങയുടെ കണ്ണുകളിലേക്കു തന്നെ ഞാൻ എന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു, വരച്ചു തുടങ്ങി .

 അതങ്ങനെ കറുപ്പഴകിൽ എന്നെ നോക്കി മിനുങ്ങി . വരച്ചു വന്നപ്പോൾ , വിടർന്ന കണ്ണുകളുള്ള മറ്റൊരു മൂങ്ങയുടെ മിഴികൾ ! 

ഞാൻ ദേഷ്യത്തിൽ  പെൻസിലിന്റെ മുന കുത്തിപ്പൊട്ടിച്ചു .

' ഹേ , ദേഷ്യപ്പെടാതിരിക്കൂ , നിങ്ങളുടെ അബോധമനസ്സിൽ നിന്നും ആ പെൺകുട്ടിയുടെ ചിത്രം മായ്ച്ചു കളയുകയാണ് വേണ്ടത് . ഓരോ തവണ നിങ്ങൾ വരയ്ക്കാൻ പെൻസിൽ  എടുക്കുമ്പോഴും അവളാണ് നിങ്ങളുടെ മുന്നിലിക്കുന്നതു എന്നാണ് നിങ്ങളുടെ ബ്രെയിൻ ചിന്തിക്കുന്നത് . അത് അബോധത്തിലൂടെ ഒഴുകി നിങ്ങളുടെ വിരലുകളെ സ്വാധീനിക്കുന്നു, ഒരു റിഫ്ലക്സ്‌ ആക്ഷൻ പോലെ !' 

'  പുറത്തു കടക്കാനുള്ള വഴി പറ ഡോക്ടറെ , നിന്ന് കഥാപ്രസംഗം നടത്താതെ   !' 

 ' ശ്രമിക്കുക! വീണ്ടും വീണ്ടും വീണ്ടും ശ്രമിക്കുക , നമുക്ക് പല മെത്തേഡുകളും പരീക്ഷിച്ചു നോക്കാം..’

ആറ് മാസത്തോളം അതങ്ങനെ തുടർന്നു , എനിക്കവളെ മറക്കാനോ , വേറൊരു പടം വരയ്ക്കാനോ സാധിച്ചില്ല. ഡോക്ടറുടെ ' മെത്തേഡുകളൊക്കെ ' ഒരു വിധം നനഞ്ഞ  പടക്കം പോലെയായി .

' അടുത്ത ആഴ്ച മുതൽ നമുക്ക് ന്യുറോപതിക്കു ട്രീറ്റ്മെന്റ്  ശ്രമിച്ചു നോക്കാം .. നമുക്ക് ശെരിയാക്കാമെന്നേ ..' 

പിന്നെ ഞാൻ അങ്ങോട്ട് പോയില്ല . 

എന്റെ ദുരന്ത കഥ കേട്ട് രായണ്ണൻ പറഞ്ഞു . 

' നീ തിരുവനന്തപുരത്തോട്ടു വാടേ , എല്ലാം മറക്കാൻ പറ്റിയ ബെസ്‌റ് സ്ഥലമല്ല , നീ ബി ടെക് പഠിച്ചവനല്ലേ , പിന്നെന്തരിന് പടം വര എന്നും പറഞ്ഞ് ജീവിതം കളയണത് ?, നല്ല ശമ്പളോം കിട്ടും .' കാശ് നാഥനെ മനസ്സാ വണങ്ങി, പെൻസില് പൂട്ടി വെച്ചു , ഇഷ്ടമില്ലാത്ത പണിയെടുക്കാൻ പത്മനാഭസ്വാമിയുടെ  മണ്ണിലേക്ക് ബസ്സിറങ്ങി  . അണ്ണൻ തന്നെ താമസവും ശെരിയാക്കി തന്നു , കുളത്തൂരിന് അടുത്തോരു ഹോം സ്റ്റേ . ഒരു നാഗര്കോവില്ക്കാരൻ കുരുപ്പിന്റെ കൂടെ . 

വര മറക്കാൻ പാളയം , കിഴക്കേക്കോട്ട , കവടിയാർ , കഴക്കൂട്ടം, ബാൽരാമോരം എന്ന് വേണ്ട സകലമാന സ്ഥലങ്ങളിലും പോയി ബിരിയാണി തിന്നു . വരയും തലവരയും മാറിയില്ല .

 

അപ്പഴാണ് മറ്റവൻ വന്നത് !.. ഏത് !..മറ്റവനേ ... കോവിഡ് !

പിന്നെ വർക് ഫ്രം ഹോം , ഇന്റർനെറ്റ് റീചാർജ് , സ്‌കൈപ്പ് കാൾ , പകലുറക്കം , സാലറി കട്ട് ,സാനിറ്റൈസർ എല്ലാം കൂടെ വന്നു . 

'ഇനി ഈ നശിച്ച നാട്ടിലേക്കില്ലാട്ടോ ' എന്നും പറഞ്ഞ് പണ്ട് ജർമനിയിലേക്ക്  കുടിയേറിപ്പോയ അച്ഛന്റെ സഹോദരിയും ഭർത്താവും  കൂടെയുള്ള രണ്ടു കുരുത്തം കെട്ട പിള്ളേരും, ജീവനും വാരിപ്പിടിച്ച്, സർക്കാരിന്റെ കയ്യും കാലും പിടിച്ച് , ' കേരളം .. കേരളം .. കേളികൊട്ടുയരുന്ന' പാട്ടൊക്കെ  പാടി,

' മേരാ ഭാരത് മഹാൻ !' ഡയലോഗ് ഒക്കെ പറഞ്ഞ്, നാട്ടിലേക്ക് കെട്ടി എടുത്തത് . 

ക്വാറന്റീൻ കഴിഞ്ഞ് വീട്ടിൽ വന്ന് എന്റെ കഥയൊക്കെ അറിഞ്ഞപ്പോ ചിരി നിറുത്താൻ  വയ്യ . രണ്ടു ചെറിയ കുരിപ്പുകളാണേൽ  കട്ടിലിൽ കിടന്നു ചിരിച്ചു മറിയുന്നു 

- കുറച്ചു ഒതളങ്ങാ നീര് പിഴിഞ്ഞ്, നാരങ്ങാ വെള്ളത്തിൽ കലക്കി , നല്ല ഉപ്പിട്ട് കൊടുത്തു കൊല്ലണം രണ്ടിനേം ! ഞാൻ മനസ്സിൽ കരുതി 

' ഡോ താനാ കുട്ടീടെ പടം ഒന്ന് വരച്ചേ . കാണട്ടെ തന്റെ സ്വപ്ന സുന്ദരിയെ ..നമ്മളാരും കണ്ടിട്ടില്ലാലോ !' മാമൻ വയറു കുലുക്കി പറഞ്ഞു . 

(ദിയാളുടെ ചീന ഭരണിയിലേക്കാണ് ഞാൻ ആദ്യം കത്തിയിറക്കണം എന്ന് പറഞ്ഞത് നിങ്ങള്ക്ക് ഇപ്പൊ മനസ്സിലായിട്ടുണ്ടാവും   എന്ന് വിശ്വസിക്കുന്നു !)

ഞാൻ സംശയത്തോടെ നോക്കി , കുറെ കാലമായി കാണും ഏതെങ്കിലും ഒരു പടം വരച്ചിട്ട് ,ഇപ്പൊ പെൻസിലിന്റെ കൂർത്ത മുന കാണുന്നത് തന്നെ എന്റെ ന്യുറോൺ കുഞ്ഞുങ്ങൾക്ക് പേടിയാണെന്ന് വെച്ചോ !.

ഇതിപ്പോ അവളെ തന്നെ വരയ്ക്കാൻ പറയൂമ്പോ ..ആദ്യം ഒന്ന് പകച്ചെങ്കിലും , പിന്നീട് ബോധോദയം വന്നപ്പോ ചിന്തിച്ചു  ,  ഒന്ന് ശ്രമിച്ചു നോക്കാവുന്നതാണ് .

ഇതിൽ കൂടുതൽ എന്ത് വരാനാണ് !

ഞാൻ പെൻസിലൊക്കെ ചെത്തിയൊരുക്കി .. ഡ്രോയിങ് ബുക്കെടുത്തു .. 

എല്ലാവരും എന്റെ ന്യൂറോണുകളിലേക്കു പടർന്നിറങ്ങിയ സർപ്പ സുന്ദരിയുടെ  അഭൗമ സൗന്ദര്യം കാണാൻ ചുറ്റിനും നിരന്നു .. എല്ലാ കണ്ണുകളിലും ആകാംഷ ..

ഞൻ വരച്ചു തുടങ്ങി .. ഒരു വര .. കുറുകെ മൂന്നു വരകൾ ..ദീർഘ വൃത്തം ..ഇനി ...?

ഒന്നുമില്ല ! ശൂന്യം ! ങേ !!

അവളുടെ പുരികം , കണ്ണുകൾ , ചുണ്ടുകൾ .. എല്ലാം .. എല്ലാം മറന്നു . 

ഞാനിരുന്നു വിയർത്തു . 

ഞാൻ ചുറ്റിനും നോക്കി .. അവളെ ഞാൻ മറന്നു .. 

മൂങ്ങയെയും പട്ടിയെയും വരച്ചപ്പോൾ യാന്ത്രികമായി ചലിച്ച വിരലുകൾ അവളുടെ ചിത്രം വരയ്ക്കാൻ മാത്രം മടിച്ചു നിന്നു ..

എന്റെ ബോധമനസ്സേ .. ന്യൂറോണുകളെ ... ഞാൻ ചാടി എഴുന്നേറ്റു . ആർക്കെമിഡിയസിനെ പോലെ ഞാൻ സന്തോഷത്തോടെ അലറിക്കൊണ്ട് പുറത്തേക്കു ഓടി ..

എല്ലാവരും സംശയത്തോടെ പരസ്പരം നോക്കി ..ആർക്കും ഒന്നും മനസ്സിലായില്ല !

എന്റെ ബന്ധമോക്ഷം ! 

പീസ് ഔട്ട് !

Srishti-2022   >>  Short Story - Malayalam   >>  സ്പന്ദനം

സ്പന്ദനം

അധികമാരുംതന്നെ അപ്പോളാ കടപ്പുറത്തുണ്ടായിരുന്നില്ല. ഭൂമിയും ആകാശവുമൊരുപോലെ ശാന്തമാകാൻ തുടങ്ങിയിരുന്നു.സന്ധ്യയിലെ കുങ്കുമം മെല്ലെമാഞ്ഞു തുടങ്ങിയിരുന്നു. പുറംകടലിലേക്ക് പോകാനായി വലയും സജ്ജമാക്കിക്കൊണ്ട് മൂന്നാല് പേരങ്ങു ദൂരെ നിൽക്കുന്നത് കാണാം. അവരോരോരുത്തരുടേയും മനസ്സിൽ കടലുമായി മല്ലിടുന്ന തങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന പെറ്റമ്മയേയും, നല്ലപാതിയെയും, തിരയിൽ കളിച്ചുതിമിർത്ത് മണലിൽ കൊട്ടാരങ്ങൾ തീർക്കുന്ന കുഞ്ഞുങ്ങളുടെയും മങ്ങിയ ചിത്രങ്ങൾ ഒരു മിന്നൽ പോലെ കടന്നുപോയിട്ടുണ്ടാവണം.... 

 

നാല് പാദങ്ങൾ തീരത്തുകൂടി പഞ്ചരമണലിനെ ആലിംഗനം ചെയ്ത് മുന്നോട്ടു നീങ്ങുന്നുണ്ടായിരുന്നു. തീരത്തെ ദ്രവിച്ചു തുടങ്ങിയ പഴയ ചാരുബെഞ്ചിൽ അവരിരുവരും ഇരുന്നു.... പ്രദോഷത്തിലേക്ക് തുറന്നുപിടിച്ച നയനങ്ങളോടെയുള്ള രണ്ടു ശിലപോലെ എത്രനേരമങ്ങനെ ഇരുന്നൂ എന്നറിയില്ല.നിമിഷങ്ങളേറെ പിന്നിട്ടിരിക്കുന്നു..ഇരുട്ട് വീഴാറായി. മാനം കറുത്തുതുടങ്ങിയിരുന്നു... അയാളുടെ മുഖഭാവം അതേപടി പകർത്തും പോലെ. നര വീണ കൺപീലികൾക്കിടയിൽ എവിടെയോ ഈർഷ്യ തളംകെട്ടിക്കിടന്നു. 

എപ്പോഴോ അവിടെ നേരിയ മഴ പെയ്തിട്ടുണ്ടാവണം.ബെഞ്ചിന് പുറകെ തങ്ങളിലേക്ക് ചാഞ്ഞു നിന്ന ചെറുമരത്തിലെ ചില്ലയിൽ നിന്ന് മഴത്തുള്ളികൾ വീഴ്ത്തി ഒരു കാറ്റു കടന്നുപോയി. അത് ഹൃദയത്തിന്റെ ആഴത്തിലെവിടെയോ സ്പർശിച്ചതുകൊണ്ടാവണം അയാളുടെ കണ്ണുകളിൽനിന്ന് കണ്ണീർ ഊർന്നിറങ്ങി. സുമ കാണാതെ അയാളത് മുണ്ടിന്റെ കോന്തലകൊണ്ട് ഒപ്പിയെടുത്തു.കടലിരമ്പുന്ന ശബ്ദത്തിലും അയാൾക്ക് നിശബ്ദത കണ്ടെത്തി.. ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് അയാളുടെ വിറങ്ങലിച്ച ചുണ്ടുകൾ പയ്യെ ചലിച്ചു.

 

"അവനും നമ്മോട് തീരെ ഇഷ്ടല്ല്യാലെ സുമതിയേ ?തെക്കിനീലോ പത്തായത്തിലോ ഒരു കീറപ്പായും തലോണിയും തന്നാച്ചാലും മതിയാർന്നു. ആർക്കും ശല്യണ്ടാക്കാതെ കഴിഞ്ഞേനല്ലൊ ? "

 

വായുവിലപ്പോൾ രൂപംകൊണ്ട അസ്വാസ്ഥ്യം ഉളവാക്കിയ ഒരുതരം വീർപ്പുമുട്ടലവർ തിരിച്ചറിഞ്ഞു. 

 

" ഇഷ്ടല്ല്യാന്നാരാ പറഞ്ഞെ ?നോക്കൂ, ശ്രീകുട്ടന് സ്നേഹല്ലാഞ്ഞിട്ടാ ?വല്യ ശമ്പളക്കാരനല്ലേ ?തിരക്കല്ലേ എപ്പളും. ബാലുമോനേംകൂടി ലാളിക്കാറില്ല അവനിപ്പോ. പിന്നെ അവനെനോക്കാൻ ഉഷമോള് തന്നെ ധാരാളം. ഇതിനെടേല് മ്മ്‌ടെ കൈവേദനേം കാല്കഴപ്പിന്റെമൊക്കെ പിറകേയോടാൻ അവർക്കെവിടെയാ നേരം ?.... പിന്നെ.... പിന്നെ അതിലും നല്ലതല്ലേ മ്മ്‌ളെ അവിടെകൊണ്ടാക്കിയത്.മോന്റടുത്ത് നിന്നപ്പോളുള്ള ആ ഒരു മരവിപ്പ് മാറീലെ ?അവിടെ ഇലഞ്ഞിയ്ക്കലാകുമ്പോ രാഘവൻ നായരും ഗോപാലേട്ടനും ഗോപിയും പദ്മിനിയും സുഹ്‌റാബിയും അന്നമ്മ ടീച്ചറുമൊക്കെയില്യേ.. ?

ബെഞ്ചിൽനിന്നെഴുന്നേറ്റ് തിരിച്ചുനടക്കുമ്പോ കല്ലിൽത്തട്ടി വീഴാനാഞ്ഞ സുമയെ വാരിപിടിച്ചുകൊണ്ട് അയാളവളുടെ മുഖത്തേക്ക് 'സൂക്ഷിക്കരുതോ?'എന്നർത്ഥം വച്ചൊന്ന് നോക്കി. അവർ കിതയ്ക്കുന്നുണ്ടായിരുന്നു . ആഴിയിലേയ്ക്കാഴുന്ന സൂര്യന്റെ അവസാന രശ്മിയും പാതയിലൂടെ നടന്ന അവർക്ക് വഴി കാട്ടി.

 

ഒരു കടലിനെ വറ്റിക്കാൻപോന്നത്രയും കനലെരിയുന്നുണ്ട് മനസ്സിൽ.ഒരു ഗ്രാമത്തെ ചുഴറ്റിയെറിയാൻപോന്ന കാറ്റു ചങ്കിൽ ആഞ്ഞടിക്കുന്നുണ്ടെങ്കിലും പുറമെ സ്വസ്ഥയായിരുന്നു അവർ.... പ്രസന്നവതിയായിരുന്നു സുമ..... തുടർന്ന് നടക്കുമ്പോൾ തന്നെ തോളോടൊപ്പം പിടിച്ച ആ മനുഷ്യന്റെ മുഖം കണ്ടിട്ടാവണം, അവൾ ചോദിച്ചു, 

 

"നോക്കൂ, എന്നോട് പിണക്കാ ?മോനെക്കാണാൻ കൊത്യാവണൂന്നല്ലേ പറഞ്ഞുള്ളു. അവൻ മ്മളെ അവിടാക്കിയോണ്ടുള്ള ശുണ്ഠിയാ ?സാരല്യ മാഷേ... മ്മ്‌ടെ കുട്ട്യല്ലേ അവൻ ?നമ്മളല്ലാണ്ടാരാ അവനോടു ക്ഷമിക്ക്യാ ?....ശരീ.... !!മ്മക്ക് നമ്മളില്ലേ ?വേറെ ആരും വേണ്ട.... ! "

 

പറഞ്ഞുതീരുമ്പോഴേയ്ക്കും സുമയുടെ കണ്ണു കലങ്ങിയിരുന്നു...കവിളിലൂടൂർന്നിറങ്ങിയ കണ്ണീർതുള്ളിയെ ഇരുകൈകളുംകൊണ്ട് തുടച്ചുകൊണ്ട് ചുളിവ് വീണ അവരുടെ നെറ്റിമേല് അയാൾ ഒന്നമർത്തി ചുംബിച്ചു. ഒരായിരം സന്ധ്യയെ ആവാഹിച്ച കുങ്കുമ ചുവപ്പാ നെറ്റിയിലയാൾ കണ്ടു. അന്തിചുവപ്പിൽ ചാലിച്ച സുമയുടെ രൂപം.. അതേ... സുമക്കുട്ടി .. താനെപ്പോഴോ ആ പേര് വിളിച്ചായി ഓർക്കുന്നു. തന്നോടൊപ്പം കളിച്ചുവളർന്ന സുമക്കുട്ടിയുടെ പഴയചിത്രം മനസിലൊരു മിന്നായംപോലെ വരച്ചുചേർത്തു...

 

 തന്റെ കളിക്കൂട്ടുകാരി.. 

താനാദ്യമായി പ്രണയം കൈമാറിയവൾ... 

തന്റെ പതിനേഴാം വയസ്സിൽ ഒറ്റവരെയൊക്കെ ദൈവം നേരത്തെ വിളിച്ചപ്പോഴും തന്നോടൊപ്പം ഉണ്ടായിരുന്നവൾ... 

തനിക്കു വേണ്ടി കാത്തിരുന്നവൾ... 

ഒടുവിലൊരുനാൾ മറ്റൊരുവന്റെ താലിച്ചരട് കഴുത്തിലണിയേണ്ടി വരുമെന്നറിഞ്ഞിട്ട് പെറ്റവരെ ഉപേക്ഷിച്ചു തന്നോടൊപ്പം ഇറങ്ങിവന്നവൾ...

തൊടുവിരൽകൊണ്ട് തന്നെ സിന്ദൂരരേഖയായ് നെറ്റിയിലണിഞ്ഞവൾ.... 

അസ്ഥിനുറുങ്ങുന്ന വേദനയോടെ എനിക്കെന്റെ പൊന്നോമനയെ സമ്മാനിച്ചവൾ.... 

ജീവിതത്തിൽ സന്തോഷം മാത്രം പകുത്തുനല്കിയവൾ... 

 

ഭൂതകാല സ്‌മൃതിയിൽ ലയിച്ചുപോയ പാവം വൃദ്ധൻ അപ്പോൾ മാമ്പള്ളിയിലെ പിടിവാശിക്കാരനായിരുന്ന പതിനഞ്ചുകാരനായി മാറിയിരുന്നു.

 

" പണ്ട് കാവില് വച്ചാരും കാണാതെ തന്ന കൽമണിമാലയെവിടെ?? "

 

ജീവിതത്തിലെപ്പോഴോ തനിക്കന്യമായതീർന്ന ആ കണ്ണുകളിലെ തിളക്കം അവളപ്പോൾകണ്ടു. ഓര്മകളിൽനിന്ന് മടങ്ങിവന്നയാൾ അവരെനോക്കി ചിരിച്ചു... 

 

അത് ദിനാന്തനെയും ഉഷസ്സാക്കിമാറ്റുന്ന ഒന്നായിരുന്നു.. അമാവാസിയെയും പൗർണ്ണമിയാക്കി മാറ്റുന്നതായിരുന്നു... 

അപ്പോഴേയ്ക്കും അയാളുടെ ശബ്ദം മധ്യകാലത്തെ ഗംഗാധരൻമാഷിന്റെ ഗാംഭീര്യം വീണ്ടെടുത്തിരുന്നു. ഏറെ നാളായി ഗോപനം ചെയ്യപ്പെട്ടിരുന്ന ഒരു വലിയ രഹസ്യം വെളിപ്പെടുത്തുംപോലെ അയാളവരുടെ ചെവിയിൽ മന്ത്രിച്ചു. 

 

" നിന്റെ ഈ പുഞ്ചിരിയാണെന്നെ എന്നും ശാന്തനാക്കിയിട്ടുള്ളത്. എന്റെ ചുറ്റുമുള്ള ഈ പ്രപഞ്ചം തന്നെ നിശ്ചലമായി എന്നുതോന്നിയപ്പോഴും നിന്റെ പുഞ്ചിരിയാണെന്നെ സ്വപ്നം കാണിച്ചത്... "

 

അയാളവരുടെ കൈകളിൽ മുറുകെ പിടിച്ചു. അതിനു കാലങ്ങളുടെ നൈർമല്യവും , പഴമയുടെ ഗന്ധവും, പ്രണയത്തിന്റെ സുരക്ഷിതത്വവുമുണ്ടായിരുന്നു. സ്മൃതിയിലാണ്ടുപോയ മനസ്സിനെ താല്പര്യമില്ലാതിരുന്നിട്ടും അവർ തിരികെ വിളിച്ചു. 

 

"നോക്കൂ, സമയം ഇരുട്ടിയിരിക്കുന്നു. പിണക്കമെല്ലാം മറക്കൂ..ശ്രീകുട്ടൻ മ്മ്‌ടെ മോനല്ലേ, അവൻ തെറ്റുചെയ്താൽ പൊറുക്കേണ്ടത് നമ്മളല്ലേ.. 

അവനെ കാണാൻപോണ്ടേ ? ഓർമയില്ലേ ?മുൻപ് ബാലുമോൻ അച്ചച്ചന്റെ നെഞ്ചിലല്ലേ ഉറങ്ങീരുന്നേ.. അച്ചമ്മേടെ കൈയിന്നല്ലേ ഉണ്ടിട്ടുള്ളെ... അവനൊരുപാട് വളർന്നിരിക്കണൂ. ഇക്കൊല്ലം പത്തിലാ.. കണക്കു വല്ല്യ പ്രയാസാണ്. ഉഷമോളേപ്പളും പറയും...... "

 

അങ്ങുദൂരെ ചക്രവാളത്തിലെയ്ക്കയാൾ കണ്ണൂന്നി. പക്ഷെ അതിന്റെ സീമകൾ അനർവചനീയമായിരുന്നു.. അതിന്റെ അനന്തതയിൽ അയാളുടെ ശബ്ദം വീണ്ടും.. 

 

" ഉം.. കണക്ക്... ശ്രീകുട്ടനും അതുതന്നാണ് തെറ്റാറുണ്ടായിരുന്നതും.. "

 

ധ്രുവങ്ങളിൽഒറ്റപ്പെട്ടു കിടന്ന പരിഭവത്തെ ഒരുമിച്ചു ചേർത്ത സംതൃപ്തിയോടെ സന്തോഷത്തോടെ അവർ നടന്നു... 

 

ആകാശം മുട്ടെ ഉയരമുള്ള വീടിന്റെ കവാടത്തിനുമുന്പിൽ സന്ധ്യ മയങ്ങീയിരുന്നു. മുറ്റത്തു ലൈറ്റുണ്ട്. കയറിച്ചെല്ലുമ്പോൾ തന്റെ ചാരുകസേരയിൽ മലർന്നുകിടന്നെന്തോ വായിക്കുന്ന ശ്രീകുമാറിനെ അയാൾ ചൂണ്ടികാണിച്ചു. ഒന്നും മിണ്ടാതെ തെല്ലു ഭയത്തോടെ അവരിരുവരും ഉള്ളിലേയ്ക്ക് കയറിച്ചെന്നു.

 

- - - - - - - - - - - - - - - - - - - - - - -

 

പതിവ്തെറ്റിയ ഈർഷ്യയോടെ ചായയ്ക്ക് വേണ്ടി അയാളലറി. 

 

  "ഉഷേ......... !! "

 

പഠനമലോസരപ്പെട്ട പരിഭവത്തോടെ ബാലു പൂമുഖത്തേയ്ക്ക് വന്നു. ഈറനണിഞ്ഞ കണ്ണുകളോടെ അവൻ ശ്രീകുമാറിനെ നോക്കി.ശേഷം മെല്ലെ പറഞ്ഞു. 

 

" ഒച്ചവയ്ക്കാതിരിക്കൂ അച്ഛാ, 

അമ്മ അച്ഛാച്ഛന്റേം അമ്മമ്മേടേം അസ്ഥിതറേല് തിരി കൊളുത്താൻ പോയിരിക്ക്യാ....!!"

Srishti-2022   >>  Short Story - Malayalam   >>  ചെയ്യാൻ മടിച്ചു നിന്ന കുഞ്ഞു കുഞ്ഞു തെറ്റുകൾ

Preji Kumar KP

Citrus Informatics

ചെയ്യാൻ മടിച്ചു നിന്ന കുഞ്ഞു കുഞ്ഞു തെറ്റുകൾ

എടീ നീ എന്താണ്‌ വല്ലാതിരിക്കുന്നത്?
നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് എന്നെ നീ... എടീ എന്നൊന്നും വിളിക്കരുതെന്ന്...

അപ്പോൾ എന്നെ നീ... എന്ന്‌ വിളിച്ചതോ?
അത്... ന്നെ വിളിച്ചത് കൊണ്ടല്ലേ...

എന്നാൽ... സ്‌ത്രീ... പറയൂ... എന്താണ്‌ വല്ലാതിരിക്കുന്നത്?
ഒന്നുമില്ല പുരുഷൂ...

എന്നാലും ഒരു വല്ലായ്മ മറഞ്ഞിരിക്കുന്നുണ്ട്?
മറഞ്ഞിരിക്കുന്നത് കണ്ടു പിടിക്കാൻ വന്നതാണോ പുരു...

ഏയ്... മുഖത്ത് ഒരു പ്രസാദകുറവ് കണ്ടത് കൊണ്ട് ചോദിച്ചതാ?
അങ്ങനൊന്നും ഇല്ല... ഒരു മിസ്സിംഗ്‌...

എന്നെയാണോ?
പോടാ... പൊട്ടാ...

ദേ വീണ്ടും ടാ... ന്ന്?
ഒന്ന് പോടാ ചെക്കാ...

അപ്പോൾ ശെരി... പോകട്ടെ... നിനക്ക് വേറെ പ്രശ്നം ഒന്നും ഇല്ലല്ലോ ല്ലേ?
എല്ലാം ok ആണ്. എന്നാലും ഒരു മടുപ്പ്...

ഹസ്ബൻഡ്മായി വഴക്കിട്ടോ?
ഏയ്... വൺ ഓഫ് ദി ബെസ്റ്റ് ഫാമിലി മാൻ, ഫ്രണ്ട് ആൻഡ്‌ ലവ് ലി പേഴ്സൻ...

പിന്നെ...മോൾക്ക് എന്തേലും അസുഖം?
ഒരു കുഴപ്പവും ഇല്ലാതിരിക്കുന്ന മോളോ...
പോ... പുരുഷാ...

എന്തേലും ഫാമിലി പ്രോബ്ലം?
ഏയ് അതൊന്നുമല്ല...

പിന്നെന്താണ് സ്‌ത്രീരത്നം?
ചെയ്യാൻ മടിച്ചു നിന്ന കുഞ്ഞു കുഞ്ഞു തെറ്റുകൾ...

കുഞ്ഞു കുഞ്ഞു തെറ്റുകളോ?
അന്ന് ചെയ്യാൻ മടിച്ച കാര്യങ്ങളൊക്കെ ചെയ്യേണ്ടിയിരുന്നു എന്ന്‌... ഇപ്പോൾ മിസ്സ്‌ ചെയ്യുന്നു...

അതെന്ത്?
സ്കൂളിൽ പഠിക്കുന്ന സമയത്ത് എന്റെ പിന്നാലെ സൈക്കിളിൽ വന്നോണ്ടിരുന്ന അവനോടു,.. എപ്പോഴെങ്കിലും അവനെ ഇഷ്ടമായിരുന്നു... എന്നൊന്ന് പറയേണ്ടതായിരുന്നു...

അവൻ വന്ന് പറഞ്ഞില്ലേ?
ഞാൻ സ്കൂളിൽ നിന്നും വരുന്ന വഴി അവൻ സൈക്കിളിൽ വന്ന് നിന്നിട്ട് ഇറങ്ങി എന്നോട് എന്തോ പറയാനായി ഞാൻ നടന്ന് വരുന്ന വഴിയുടെ അപ്പുറത്തെ സൈഡിൽ നിൽക്കും. അവൻ ഇപ്പോൾ എന്റെ അടുത്തേക്ക്... വരും!!! വരും!!! എന്ന ഭാവത്തിൽ റോഡ് ക്രോസ്സ് ചെയ്യാനായി നില്ക്കും. വരില്ല...

അതെന്താ?
ഒരു ധൈര്യകുറവ് ആയിരിക്കാം. ഞാൻ ബസ് കേറാൻ വരുമ്പോൾ അവിടെ എവിടെയെങ്കിലും സൈക്കിളിൽ വന്ന് നിൽക്കും. ബസ് പുറപ്പെട്ടു കഴിയുമ്പോൾ ആളെ കാണില്ല. 3-4 കിലോമീറ്റർ വേണം സ്കൂളിനടുത്തുള്ള സ്റ്റോപ്പിൽ എത്താൻ. ബസ് ഇറങ്ങുമ്പോഴേക്കും അവൻ ഞാൻ പോകുന്ന വഴിയിൽ സൈക്കളുമായി നോക്കി നിൽപ്പുണ്ടാവും. വൈകുന്നേരവും ഇത് പോലെ വന്ന് നിൽക്കും. തിരിച്ച് ബസ് ഇറങ്ങുമ്പോഴും അവിടെ കാണും...

കുറെ കഷ്ടപ്പെട്ടല്ലോ പാവം?
അതേ... ഞാൻ പോകുന്ന സ്ഥലങ്ങളിലൊക്കെ അവൻ വരും...

എവിടൊക്കെ?
അമ്പലത്തിൽ, സ്കൂൾ ഫെസ്റ്റിവൽ, വീടിന്റെ ചുറ്റുവട്ടം.

വീടിന്റെ അടുത്ത് വരുമോ?
കൊള്ളാം. വരുമോ എന്നോ... റോഡ് സൈഡിൽ ആണല്ലോ എന്റെ വീട്. വൈകുന്നേരം തിണ്ണയിൽ വിളക്ക് കത്തിച്ചു വെച്ച് നാമം ചൊല്ലുന്ന സമയം, അവൻ സൈക്കിളിൽ റോഡിലൂടെ എന്നെ ഒളിഞ്ഞു നോക്കി നോക്കി പോകും...

കൊറേ കാലം പിറകിനു നടന്നോ?
അവസാനം ഞാൻ കാണുന്നത് സ്കൂളിൽ പോകുന്ന വഴി  കൈയിൽ ഒരു കാർഡ് മായി വന്ന് നിന്നതാ...

കാർഡോ?
ക്രിസ്മസ് കാർഡ് ആയിരുന്നു എന്ന്‌ തോന്നുന്നു. അന്നെങ്കിലും അത് തന്നിട്ട് അവൻ എന്നോട്  "ഐ ലവ് യു" എന്ന്‌ പറയും...അല്ലേൽ ആ കാർഡിൽ എഴുതിയെങ്കിലും വെച്ച് തരുമെന്ന് കരുതി. പക്ഷെ അന്നും അവന് റോഡ് ക്രോസ്സ് ചെയ്ത് വരാൻ കഴിഞ്ഞില്ല. അവൻ നല്ല അസ്വസ്ഥൻ ആയിരുന്നു...

പിന്നെ കണ്ടിട്ടില്ലേ?
ഇല്ല...

ഒരിക്കലും?
കണ്ടു!!! കണ്ടു!!! ഒരു വട്ടം കൂടി...

എവിടെ?
പത്രത്തിൽ...

റാങ്ക് കിട്ടിയ വല്ല വാർത്തയിലും ആവും?
ഞാൻ പൊയ്ക്കൊണ്ടിരുന്ന എന്റെ സ്കൂളിനടുത്ത് ഒരു കുളം ഉണ്ട്. അവിടെ നീന്തൽ പഠിക്കാൻ പോയതാ. കൂടെ ആരൊക്കെയോ ഉണ്ടാരുന്നു. എല്ലാരും പോയിട്ടും അവൻ പോയില്ല. അവന് അപസ്മാരം ഉണ്ടാരുന്നു. കുളത്തിന്റെ നടുക്കിലേക്ക് നീന്തി പോയപ്പോൾ അപസ്മാരം വന്നു. മരിച്ചു. ആ വാർത്ത ന്യൂസ്പേപ്പറിൽ വന്നപ്പോൾ ആണ് അവനെ അവസാനം കണ്ടത്...

അയ്യോ പാവം!!! നിനക്ക് വിഷമം വന്നോ?
പിന്നീട് എന്നും സ്കൂളിൽ നിന്നും വരുന്ന വഴി ആ കുളത്തിന്റെ അടുത്ത് കുറച്ച് നേരം നോക്കി നിൽക്കും...

നിനക്ക് അത്രയ്ക്ക് ഇഷ്ടമാരുന്നോ അവനെ?
അവൻ എന്നെ കാത്ത് നിന്നിരുന്ന റോഡിന്റെ വശത്ത് കൂടി കടന്ന് പോകാൻ ഞാൻ എന്ത് പാട് പെട്ടിട്ടുണ്ടെന്ന്  അറിയുമോ... അവിടെ നിന്ന് ഉറക്കെ ഉറക്കെ അലറി കരയണമെന്ന്  തോന്നാറുണ്ട്. എന്നും കണ്ണ് നിറഞ്ഞ് കൊണ്ടാണ് അത് വഴി പോകുന്നതും വരുന്നതും...

അപ്പോൾ നിനക്ക് വേറെ വഴി പൊക്കൂടാരുന്നോ?
അവൻ അവിടെ തന്നെ സൈക്കിളുമായി എന്നെ നോക്കി നിപ്പുണ്ട് എന്ന്‌ ആശ്വസിച്ചു കൊണ്ട് അവന് വേണ്ടി ഞാൻ ആ വഴി തന്നെ നടന്നു. അത്രക്കെങ്കിലും ചെയ്യേണ്ടേ.

അപ്പോൾ ഇതാരുന്നോ നിന്റെ വിഷമം?
ചെയ്യാൻ മടിച്ചു നിന്ന കുഞ്ഞു കുഞ്ഞു തെറ്റുകൾ...

ഇനി ഏതാണ് അടുത്ത കുഞ്ഞു തെറ്റ്?
പ്ലസ് ടു വിന് കൂടെ പഠിച്ച കൂട്ടുകാരന്റെ അടുത്തെങ്കിലും ഇഷ്ടമാണെന്നു പറയേണ്ടതാരുന്നു...

അവനും നിന്നോട് ഇഷ്ടമാണെന്നു പറഞ്ഞില്ലേ?
അവൻ ആദ്യമേ വന്ന് പറഞ്ഞു. ഇഷ്ടമാണെന്ന്...

പിന്നെ നീയെന്താ അവനെയെങ്കിലും ഇഷ്ടമാണെന്ന് പറയാഞ്ഞത്?
എനിക്ക് അവനോട് അത്രയ്ക്ക് ഇഷ്ടമൊന്നും ഇല്ലാരുന്നു. പിന്നെ മറുപടിയൊന്നും പറഞ്ഞില്ല. പക്ഷെ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് അവന്റെ ബൈക്കിന്റെ പിറകിൽ കേറി ഇരുന്ന് ബീച്ചിൽ പോകേണ്ടതാരുന്നു... കൈകൾ കോർത്ത്‌ പിടിച്ചു കടൽ തീരത്ത് കൂടി നടക്കേണ്ടതാരുന്നു... നടന്ന് ക്ഷീണിച്ചു കഴിയുമ്പോൾ കടൽ തീരത്തിരുന്നു അവന്റെ തോളിൽ തല ചായിച്ചിരിക്കേണ്ടതാരുന്നു. അവനോടൊപ്പം ഐസ്ക്രീം പാർലറിൽ പോകണമായിരുന്നു. സിനിമക്ക് പോകണമായിരുന്നു. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണമായിരുന്നു. ഉമ്മ കൊടുക്കണമായിരുന്നു...

മതി!!! മതി!!! ഇതാണോ നിന്റെ വിഷമം?
ചെയ്യാൻ മടിച്ചു നിന്ന കുഞ്ഞു കുഞ്ഞു തെറ്റുകൾ...

ഇനി എന്താണാവോ?
ബുള്ളറ്റ് ഓടിക്കേണ്ടതാരുന്നു...

ലോറി മതിയായിരുന്നു... വേറൊന്നും വേണ്ടേ?
ഇറുകിയ ജീൻസും, ടീ ഷർട്ടും ഇട്ട് കൊണ്ട്, ബുള്ളറ്റ് ഓടിച്ചു ഓടിച്ചു നല്ല തിരക്കുള്ള ബിവറേജിൽ മുന്നിൽ കൊണ്ട് നിർത്തിയിട്ട് ക്യൂ നിൽക്കാതെ മുന്നിൽ കേറി ഒരു ചിൽട് ബിയർ വാങ്ങി, അവിടെ വെച്ച് തന്നെ കടിച്ചു തുറന്ന്, പകുതിയോളം കുടിച്ചിട്ട് ബാക്കി അവിടെ നിൽക്കുന്ന ആർക്കെങ്കിലും കൊടുത്തിട്ട്, തിരിച്ച് ബുള്ളറ്റിൽ കേറി സ്പീഡിൽ ഓടിച്ചു പോകണമായിരുന്നു...

ചെറിയ ആഗ്രഹം തന്നെ... ഇതാണോ വിഷമം?
ചെയ്യാൻ മടിച്ചു നിന്ന കുഞ്ഞു കുഞ്ഞു തെറ്റുകൾ...

ഇതൊക്കെ പഴയ കുഞ്ഞു തെറ്റുകൾ ആയിരുന്നല്ലോ, ഈ അടുത്ത കാലത്തുള്ള ചെയ്യാൻ മടിച്ചു നിന്ന കുഞ്ഞു തെറ്റ് വല്ലതും ഉണ്ടോ?
ആരോടും പറയാതെ ദൂരത്തെവിടേക്കെങ്കിലും പോകണം...

ദൂരെ... എന്ന്‌ പറഞ്ഞാൽ?
ഊട്ടി...

ഒറ്റക്കോ?
അതേ...

ആരോടും പറയാതെ?
അതേ...

എത്ര ദിവസം?
3 ദിവസം

പൈസ ഉണ്ടോ?
കുറച്ച് മിച്ചം പിടിച്ചു വെച്ചിട്ടുണ്ട്...

എങ്ങനെ പോകും?
ബസിന് പോകും

ഒരു ദിവസം തന്നെ കാണാതാകുമ്പോൾ മൊബൈലിൽ വിളിക്കില്ലേ? അന്വേഷിക്കല്ലേ?
മൊബൈൽ എടുക്കുന്നില്ലല്ലോ... കാണാതാകുമ്പോൾ അന്വേഷിക്കട്ടെ...

ഫോട്ടോ ഒക്കെ വെച്ച് ഷെയർ ചെയ്യില്ലേ എഫ് ബി യിലും, വാട്സ്ആപ്പിലും ഒക്കെ?
അങ്ങനെങ്കിലും എന്നെ പത്ത് പേരറിയട്ടെ...

എന്നിട്ട് അവിടെ ഊട്ടിയിൽ ചെന്നിട്ട്?
ലേക്കിലും, ഗാർഡനിലും, കുതിരപ്പുറത്തും, ഷൂട്ടിംഗ് പോയിന്റിലും, മറ്റ് എല്ലാ പ്രധാന സ്ഥലത്തും പോകും...

സൂയിസൈഡ് പോയിന്റിൽ പോകില്ലേ?
അവിടെ ലാസ്റ്റ് പോകണം...

പിന്നെ?
ഊട്ടിയിൽ ഒരു നല്ല ഹോട്ടലിൽ മുറിയെടുക്കും...

എന്നിട്ട്?
ബിയർ ഓർഡർ ചെയ്ത് വരുത്തും...

സിഗരറ്റ് വേണ്ടേ?
ഓഹ്... മറന്നു... അത്... കൊണ്ട് വരുന്ന ചേട്ടന്റെ കൈയിൽ നിന്നും വാങ്ങും...

ക്യാമ്പ് ഫയർ ഇല്ലേ?
പിന്നില്ലാതെ... ചിൽട് ബിയർ നുണഞ്ഞും, സിഗരറ്റ് വലിച്ചിട്ട്, വയറു നിറച്ചും ഫുഡ്‌ കഴിച്ചിട്ട്, ക്യാമ്പ് ഫയറിലെ പാട്ടിനൊത്ത് ഡാൻസ് കളിക്കും...

അമ്മേ കാണാതെ... മോള്... കരയില്ലേ?
മോള്... എന്റെ മോള്... മോള് കരയരുത്... അതും ഞാൻ കാരണം... അപ്പോൾ പിന്നെ ഊട്ടി വേണ്ടാ...

ഊട്ടി അല്ലേൽ പിന്നെ ഏത് സ്ഥലം?
വീടിന്റെ അടുത്ത് എവിടെങ്കിലും...

മാളിലോ, പാർക്കിലോ മറ്റോ?
അവിടെ ഒറ്റയ്ക്ക് പോകാൻ പറ്റില്ലല്ലോ... മോള് വഴക്കുണ്ടാക്കും...

മോള് സ്കൂളിൽ പോകുമ്പോൾ?
രാവിലെ നടക്കില്ല, അടുക്കളയിൽ തിരക്കായിരിക്കും...
വൈകുന്നേരം അവര് വരുന്നതിനു മുൻപ് പോയി വരണം...

അങ്ങനെ പറ്റിയ സ്ഥലം ഏതാണ്?
വീടിനടുത്ത് ഒരു അമ്പലം ഉണ്ട്... അവിടെ പോകാം... നാളെ തന്നെ പോകാം... മോള് രാത്രിയിൽ ഇടക്ക് ഉണർന്നു കരയുന്നുണ്ട്. ഒരു ചരട് ജപിച്ചു കെട്ടിയേക്കാം...
 

(ബെഡ് റൂമിലെ ഒരു സൈഡിലുള്ള അലമാരയുടെ ഒരു പാളിയിലെ കണ്ണാടിയിൽ നോക്കിയിരുന്ന് സംസാരിച്ചു കൊണ്ടിരുന്ന അവൾ, നെറ്റിയിൽ ഒട്ടിച്ചിരുന്ന വലിയ കറുത്ത വട്ട പൊട്ട് ഇളക്കി, കണ്ണാടിയിൽ കാണുന്ന അവളുടെ പ്രതിബിംബത്തിന്റെ നെറ്റിയിലേക്ക്  നേർക്കു ഒട്ടിച്ചിട്ട്, ഉറങ്ങി കിടക്കുന്ന ഭർത്താവിന്റെയും, മോളുടെയും അരികിൽ കിടക്കുന്നു. അമ്മയുടെ സാമിപ്യം അറിഞ്ഞ മോള് അമ്മയെ കെട്ടിപ്പിടിച്ചു കിടക്കുന്നു.)

Srishti-2022   >>  Short Story - Malayalam   >>  അധരക്കച്ച

Shine Shoukkathali

EY

അധരക്കച്ച

“He wears a mask, and his face grows to fit it.” - George Orwell, Shooting an Elephant

നരച്ച മുഖക്കച്ചകൾ കൂട്ടിയിട്ട് തീ കൊടുത്തപ്പോൾ വൈറസുകൾ കൂട്ടത്തോടെ ചത്തിട്ടുണ്ടാകുമെന്ന് ശോകം കെട്ടിത്തൂക്കിയ പിരടിക്ക് കൈ കൊടുത്ത് ശങ്കരൻ  ദീർഘശ്വാസം വലിച്ചു. ചിതറിയ നാളിലെ മാസ്ക്കുകൾ കേവലം മുഖാവരണങ്ങൾ മാത്രമല്ല മറിച്ച് കെട്ട കാലത്തിൻറെ അടയാളം കൂടിയാണെന്ന കഴിഞ്ഞ ദിവസത്തെ പ്രഭാഷണത്തിലെ പരാമർശം കൊള്ളിയാൻ പോലെ മിന്നി.

വാങ്ങുന്ന മാസ്‌ക്കുകൾ ഒന്നും തന്നെ മക്കൾക്ക് പിടിക്കുന്നില്ല.

ഡിസ്കൗണ്ടിൽ വാങ്ങിച്ച മാസ്ക്ക് മക്കൾക്ക് ഇഷ്ടപ്പെടാതിരിക്കാൻ കാരണങ്ങൾ പലതുമുണ്ടാകാം. സൗന്ദര്യം അളക്കാനുള്ള സൗന്ദര്യമാപിനി കൈവശം ഇല്ലെങ്കിലും അച്ഛൻ വാങ്ങിയ മാസ്ക്ക് നിലം തുടയ്ക്കാൻ കൊള്ളാമെന്ന കുട്ടികളുടെ ഉത്തരത്തിൽ എല്ലാം അടങ്ങിയിരുന്നു. ഏതു തരം വേണമെന്ന ചോദ്യത്തിന് വ്യത്യസ്ത മറുപടികളാണ് ലഭിച്ചത്.

മൂത്ത മകൾക്ക് വെള്ള പശ്ചാത്തലത്തിൽ വയലറ്റ് പൂക്കൾ നിറഞ്ഞത്.

രണ്ടാമത്തെ മകന് സ്പൈഡർമാൻ ചിത്രമുള്ളത്.

ഇളയ മകൾക്ക് ബാർബി ചിത്രമുള്ളത്.

ഭാര്യക്ക് മഴവില്ലിൻ നിറമുള്ളത്.

ഓഡർ എടുക്കുന്ന ഹോട്ടൽ സപ്ലയറെ പോലെ അയാൾ വിവരങ്ങൾ  മനസ്സിൽ കുറിച്ചു. മാസ്ക്ക് വീട്ടിൽ തന്നെ നിർമിക്കാമെന്ന നിലപാട് അവർ ചെവിക്കൊണ്ടില്ല.

പെർഫെക്ഷൻ ഉണ്ടാകില്ല പോലും.

മാസ്ക്കിന് കൊറോണയെ പ്രതിരോധിക്കാനുള്ള  ധർമ്മത്തിന് പുറമെ അഭിമാനത്തെ പോളിഷ് ചെയ്യാനുള്ള ഉത്തരവാദിത്തവുമുണ്ട്; പ്രത്യേകിച്ച് ദുരഭിമാനികളായ ചിലരുടെ.

അവരുടെ കാൽപനിക സൗന്ദര്യബോധത്തെ ഉൾക്കൊള്ളാൻ തക്കവണ്ണം മൂഡിലല്ല അയാൾ. അച്ഛന് കലാബോധം പണ്ടേയില്ലായെന്ന മൂത്ത മകളുടെ പരാമർശം അമ്മയും ശരി വച്ചു.

"ഒരു ദിവസം ഞാൻ കൊറോണ വന്ന് ചത്താ നിനക്ക് സന്തോഷാകും. അത് വരെ ഈ കളി നടക്കും."

ഗത്യന്തരമില്ലാതെ അയാൾ പുറത്തേക്കിറങ്ങി. ഭാര്യയുമായി തല്ല് കൂടി തീവണ്ടി പ്ലാറ്റഫോമിൽ കിടന്ന് ഉറങ്ങുമ്പോൾ മരണത്തിലേക്ക് വഴുതി വീണ റഷ്യൻ ഇതിഹാസം ലിയോ ടോൾസ്റ്റോയി എവിടെ നിന്നോ മനസ്സിലേക്ക് ഓടി വന്നു. ഒരു പക്ഷെ അത്തരത്തിലുള്ള വിധിയായിരിക്കും തന്നെ കാത്തിരിക്കുന്നതെന്ന് അയാൾ ഭയപ്പെട്ടു.  

കടയിൽ എതിരേറ്റത് പരിചയമുള്ള സ്റ്റാഫ് കണ്ണൻ.

"ചാര നെറള്ള മാസ്‌ക്കൊന്നും കുട്ടികള്ക്ക് പറ്റിയില്ല. ഡിസൈനുള്ള കൊറച്ചെണ്ണം എടുക്ക്. നോക്കട്ടെ."

ഏതൊരു സുന്ദരമുഖവും അണിയാൻ വെമ്പൽ കൊള്ളുന്ന ഡിസൈനർ മാസ്കുകൾ.

ചതുരക്കള്ളികൾ  നിറഞ്ഞത്.

പുള്ളികൾ നിറഞ്ഞത്.

കടുത്ത വർണ്ണങ്ങളുള്ളത്.

മിനുസമുള്ളത്.

മടക്കുകളുള്ളത്.

അങ്ങനെ പോകുന്നു ലിസ്റ്റ്. അയാൾ തിടുക്കത്തിൽ വർണ്ണപ്പൊലിമയുള്ളവ  തെരഞ്ഞെടുത്തു. കണ്ണൻ മൂകനായി.

"ന്താ കണ്ണാ. ന്റെ സെലെക്ഷൻ പോരാന്നുണ്ടോ."

"പുതിയ സംഗതി വന്നു. കാലം മാറി."

മാസ്ക്കിൽ മുഖം പ്രിൻറ് ചെയ്യുന്ന പുതിയ സാങ്കേതിക വിദ്യയെ പറ്റി വിവരിച്ചപ്പോൾ ശങ്കരന്റെ മുഖത്ത് സന്തോഷം പ്രസരിച്ചു.

"ഒരെണ്ണത്തിന് ഇരുനൂറ്.  വാങ്ങിയില്ലെങ്കി രണ്ട് ദിവസം കഴിഞ്ഞാ പിള്ളേര് ചേട്ടനെ വീണ്ടും കടേല്ക്ക് പറഞ്ഞുവിടും."

"ഫാഷൻ ഒക്കെ കൊള്ളാം. കൊറോണ വരാതെ നോക്കിയാ മതി."

അൽപം കഴിഞ്ഞു വരാമെന്ന് പറഞ്ഞുകൊണ്ട് കൂട്ടുകാരൻ  ശിവന്റെ കയ്യിൽ നിന്ന് ആയിരം രൂപ കടം വാങ്ങാനായി  ശങ്കരൻ സ്ഥലം കാലിയാക്കി. മരുന്നിനാണെന്ന് നുണ പറയുമ്പോൾ അയാളുടെ തൊണ്ടയിടറി.

അഞ്ചു ദിവസം കഴിഞ്ഞപ്പോൾ  മുഖം പ്രിൻറ് ചെയ്ത മാസ്‌ക്കുകൾ  അയാളെ തേടിയെത്തി. മൂത്ത മകൾ ഓരോന്നായി പരിശോധിച്ചു.

"അച്ഛന്റെ മാസ്ക്കിലെ ഫോട്ടോ ഏതാ. വേറെ ആളുടെ."

മകൾ പറഞ്ഞത് ശരി തന്നെയെന്ന് അയാൾക്ക് ബോധ്യമായി. പരിചയമില്ലാത്ത ഏതോ ഒരുത്തന്റെ മുഖം. പരസ്‌പരം മാറിക്കാണും.

ഭാഗ്യത്തിന് മുഖം മാത്രമേ മാറിയിട്ടുള്ളൂ. ആത്മാവ് മാറിയിട്ടില്ല. അധികം താമസമില്ല. അതും മാറും. ഇല്ലെങ്കിൽ മാറ്റും.

“പോയി മാറ്റാനൊന്നും വയ്യ. ഒരിക്കൽ  മാറിയതല്ലേ. മാത്രല്ല ഉപയോഗിച്ചതാന്ന് കരുതും.“

ഭാര്യ കയർത്തു.

"എന്തെങ്കിലും പണ്ടാറം ചെയ്യ്. വല്ലോന്റേം മോന്തേം വച്ച് നടക്കാൻ നാണമില്ലേ."  

ഭാര്യയ്ക്ക് തന്റെ മുഖത്തിനോട് ഇത്രയും താത്പര്യമുണ്ടെന്ന വസ്തുത ശങ്കരന് പുതിയ അറിവായിരുന്നു. തന്റെ ഒരു മുഖങ്ങളും അവൾ ആസ്വദിച്ചിട്ടില്ല. ഒരു കാലത്തും.

പ്രണയ മുഖമായാലും സൗഹൃദ മുഖമായാലും മാനുഷിക മുഖമായാലും.  

മാറിപ്പോയ മാസ്ക്ക് ധരിച്ച് ശങ്കരൻ പുറത്തേക്ക് പോയി. അൽപം കഴിഞ്ഞപ്പോൾ ഒരു സംഘം ആളുകൾ പിന്തുടർന്നു. അയാൾ ഭയചികിതനായി ചുറ്റുപാടും നിരീക്ഷിച്ചു.

വഴിയിൽ ആരുമില്ല.

സംഘത്തലവൻ മറ്റംഗങ്ങളോട് ഇതവൻ തന്നെയെന്ന് സൂചിപ്പിച്ചു. തേടിക്കൊണ്ടിരിക്കുന്നയാളെ  ഓർമിപ്പിക്കുന്ന മുഖം. തലവൻ കത്തിയെടുത്തു.

"ഇവനെ ഇപ്പൊ തീർക്കണം. അല്ലെങ്കി കാശിന്റെ ബാക്കി പകുതി കിട്ടില്ല."

"ആശാനേ. അവൻ തന്നെയല്ലേ. മാസ്ക്ക് കാണുമ്പോ അങ്ങനെ തന്നെ."

തലവൻ അതെയെന്ന് തലയാട്ടി മുണ്ട് വളച്ച് കുത്തി വീണ്ടും ശങ്കരന്റെ പിറകിൽ നടന്നു. ഒരു സ്ത്രീ കുട്ടിയുമായി കടന്ന് പോകുന്നത് കണ്ടപ്പോൾ കത്തി അരയിൽ തിരുകി. വീണ്ടും ആരുമില്ലായെന്ന് മനസ്സിലായപ്പോൾ കത്തി പുറത്തേക്കെടുത്തു. വളവ് തിരിയുന്നതിന് മുൻപ് കുത്താനായി തയ്യാറായപ്പോഴാണ് കണ്ണൻ ശങ്കരന്റെ നേർക്ക് വന്നത്.

"സാമുവലിന്റെ മാസ്‌ക് അഴിച്ച് തരണം. ഇതാ ചേട്ടന്റെ മാസ്ക്ക്."

തന്റെ യഥാർത്ഥ മുഖം പ്രിൻറ് ചെയ്‌ത മാസ്ക്ക് അയാൾ ആവേശത്തോടെ അണിഞ്ഞു. ഇപ്പോഴാണ് ചേട്ടൻ ചേട്ടനായതെന്ന് കണ്ണൻ കമന്റ് പാസാക്കി.

"മാസ്ക്കിൽ ചിരിക്കണ മുഖമാണെങ്കിലും മുഖത്ത് അങ്ങനെ വല്യ സന്തോഷമൊന്നുമില്ലടോ. ഇതിന്റെ കാശന്നെ കടം വാങ്ങിയതാ."

" പ്രശ്നങ്ങൾ മാറിയിട്ട് ചിരിക്കാൻ കഴിയില്ല."

ഒപ്പമുള്ളവർ സാമുവലിനെ പോയി നോക്കാമെന്ന് ഉണർത്തി. ശങ്കരൻ തലനാരിഴയ്ക്ക് കൊലപാതക മരണത്തിൽ നിന്ന് രക്ഷപ്പെട്ടു.

ചില യാദൃച്ഛിക സന്ദർഭങ്ങൾ ജീവിതകാലം മുഴുവനും വേട്ടയാടുമെന്ന് തലവന് ബോധ്യമായി. അയാൾ തന്റെ അമളിയോർത്ത് കത്തി അരയിൽ തിരുകി തലയ്ക്ക് കൈവച്ചു.

ശങ്കരൻ തന്റെ സ്വത്വം തിരികെ കിട്ടിയ ആവേശത്തിൽ നടപ്പിന്റെ വേഗത കൂട്ടിയെങ്കിലും പുതിയകാലത്തെ മാറ്റങ്ങളെ പറ്റി പിറുപിറുത്തു.

ജീവിതക്ലേശങ്ങൾ മൂലം ചിരിക്കാൻ കഴിയാത്തവരും  ചിരിക്കുന്ന മുഖമൂടി ധരിച്ച് നടക്കണമെന്ന തിട്ടൂരം അസഹനീയം. കപട സദാചാരങ്ങൾക്ക് വെള്ളവും വളവുമേകുന്ന പരിഷ്‌ക്കാരങ്ങൾ. മാസ്ക്ക് ധരിക്കാൻ വയ്യ എന്ന് അയാൾ ഉറപ്പിച്ചു.

ചാറ്റൽമഴ പൊടിഞ്ഞു തുടങ്ങി. മാസ്ക്ക് ഓടയിലേക്ക് വലിച്ചെറിഞ്ഞു. പോലീസിനെ കണ്ടപ്പോൾ എന്തോ ഓർത്ത മട്ടിൽ പോക്കറ്റിൽ നിന്ന് തൂവാലയെടുത്ത് മുഖം മറച്ചു. എന്നിട്ട് മൂളിപ്പാട്ട് പാടി നീങ്ങി.

രോത്തെ ഹുവേ ആതേ ഹേ സബ്... ഹസ്താ ഹുവാ ജോ ജായേഗാ.

ഇടിവെട്ടിയപ്പോൾ കുടയുമായി വന്ന ഭാര്യ അതിവേഗത്തിൽ അയാളിലേക്ക് നടന്നുകൊണ്ടിരുന്നു.

ഇത്രയും നാൾ കാണാതിരുന്ന ഭർത്താവിന്റെ പല മുഖങ്ങളും അവർക്ക് ഇപ്പോൾ കാണാൻ കഴിയുന്നുണ്ട്. പ്രണയ മണ്ണിൽ കുഴച്ച രൂപത്തിൽ മുകളിലേക്ക് വളഞ്ഞു നിൽക്കുന്ന ചിരി കൊത്തിവെച്ചിരിക്കുന്നു.

പ്രിയതമന്റെ അധരക്കച്ച അഴിച്ചു മാറ്റി ചുംബിക്കണം. അധരങ്ങളിൽ മധുരം വിതറണം.

മറ്റൊരാളുടെ മുഖം തെറ്റി പ്രിൻറ് ചെയ്ത മാസ്ക്കിലെ ചിത്രം ഓർത്തെടുക്കാൻ ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടാമത്തെ നോട്ടത്തിൽ മുഖാവരണമില്ലാത്ത ഭർത്താവിനെ ദൂരെ നിന്ന് തന്നെ അവർ തിരിച്ചറിഞ്ഞു.

"ഏതെങ്കിലും മുഖം  മതി. ഇല്ലെങ്കിലും വേണ്ട. മതി ചേട്ടാ അലഞ്ഞു തിരിഞ്ഞു നടന്നത്. കൊറോണ വരും."

കൊറോണയാണെങ്കിലും വണ്ടികളുടെ പ്രവാഹം അനിയന്ത്രിതം. മാസ്ക്കില്ലാത്ത ഭർത്താവിന്റെ ചുണ്ടുകളിൽ ചുംബിക്കാൻ അവർ തിടുക്കം കൂട്ടി. ട്രാഫിക്ക് സിഗ്നലിനെ ഭേദിച്ച് നടപ്പിന് വേഗത കൂട്ടി.  

പെട്ടെന്നാണ് അത് സംഭവിച്ചത്. എന്താണെന്ന് മനസ്സിലാക്കാൻ അവർക്ക് സ്വന്തം മാസ്ക്ക് ഊരേണ്ടി വന്നു. ശങ്കരൻ നിലത്ത് കിടക്കുന്നു.

ഒരു ട്രെയിലർ ഇടിച്ച് വീഴ്ത്തിയതാണ്. ചെളി പുരണ്ട ടയറുകൾ മുഖത്തിലൂടെ കയറിയിറങ്ങി.

ഭാര്യ നിലവിളിച്ചു കൊണ്ട് പാഞ്ഞു. മാസ്ക്കില്ലാതെ ഓടി വരുന്ന സ്ത്രീയെ ജനം ഭയത്തോടെ നോക്കി. ഡബിൾ ലെയറുള്ള മൂന്ന് മാസ്‌ക്കുകൾ ധരിച്ച ഒരു മധ്യവയസ്ക്കനാണ് കൂടുതൽ രോഷം പ്രകടിപ്പിച്ചത്.

ഭാര്യ നിലത്ത് കിടക്കുന്ന ശങ്കരന്റെ ഛിന്നഭിന്നമായ മുഖത്ത് കെട്ടിയ കീറിയ വെള്ളത്തൂവാല  പൊക്കി നോക്കി. ചോര തളം കെട്ടിയ മുഖം കണ്ടിട്ട് മനസ്സിലാകുന്നില്ല. അധരങ്ങൾ മാത്രം ചുംബനം ഏറ്റുവാങ്ങാനായി ഒരു കേടും കൂടാതെ അത് പോലെ ബാക്കി നില്പുണ്ട്.

മുഖമില്ലാത്ത ആത്മാവ് എല്ലാ മുഖമൂടിയും അഴിച്ച് വച്ച് ഉറങ്ങുകയാണ്.

Srishti-2022   >>  Short Story - Malayalam   >>  കുറ്റവും ശിക്ഷയും

Nipun Varma

UST Global

കുറ്റവും ശിക്ഷയും

സാറേ ഞാനല്ല എന്ന് പിന്നേം പറയണമെന്നുണ്ടേലും ഔസേപ്പ് മിണ്ടീല്ല. വെറുതെ എന്നാത്തിനാ ഇനീം അടി മേടിക്കണേന്നേ.

ഇത്രേം നേരം കേട്ടോണ്ടിരുന്ന പുളിച്ച തെറീം, പോലീസ് ജീപ്പിൻറെ മനം മറിക്കണ ഒടുക്കത്തെ പാച്ചിലും, അപ്പുറത്തും ഇപ്പുറത്തും ഒട്ടി ഇരിക്കണ പോലീസുകാരുടെ അവിഞ്ഞ വിയർപ്പ് മണോം ഒന്നിച്ചു കേറി ഔസേപ്പിന് നല്ലോണം ഒന്ന് ഓക്കാനിക്കാൻ വന്നു. കേറി വന്ന ഓക്കാനത്തിനെ കൈ കൊണ്ട് വായ പൊത്തി ഔസേപ്പ് ഓടിച്ചു അകത്തോട്ടു തന്നെ പറഞ്ഞു വിട്ടു.

 

“കേരളത്തെ ഇളക്കി മറിച്ച മീനടം ടോണി വധക്കേസ് നിർണായക വഴിത്തിരിവിലേക്കോ? കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച ചില രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ ശ്രീ  മീനടം ടോമിയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഏറ്റുമാനൂർ സ്വദേശിയായ താഴമ്പത്താൽ ഔസേപ്പിനെ ഇന്ന് ഉച്ചയ്ക്ക് പോലീസ് അറസ്റ്റ് ചെയ്‌തു. കേരളത്തിൻറെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ശ്രീ മീനടം ടോമിയുടെ കൊലപാതകം ഏവരെയും ഞെട്ടിച്ച ഒന്നായിരുന്നു. ഇവിടെ കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്തു മീഡിയയും പൊതുജനങ്ങളും കൂട്ടം കൂടിയിരിക്കുകയാണ്. പ്രതിയെന്നു സംശയിക്കപ്പെടുന്ന ഔസേപ്പിനെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യാനാണ് ഇന്നിവിടെക്കു കൊണ്ട് വരുന്നത്. നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. മറ്റു വിശദശാംശങ്ങൾ എത്രയും വേഗം അറിയാൻ കഴിയും എന്ന് കരുതുന്നു. ഇനി ഏതു നിമിഷവും പോലീസ് സംഘം ഇവിടെ എത്തിച്ചേരാം. മലയാളി വിഷന് വേണ്ടി തത്സമയ വിവരങ്ങളുമായി ക്യാമറാമാൻ രാജേഷിനൊപ്പം ചന്ദ്രകുമാർ…”

ചന്ദ്രൻ പറഞ്ഞു നിർത്തിയതും ക്യാമെറയിൽ നിന്ന് കയ്യെടുത്ത് രാജേഷ് അടുത്ത സിഗരറ്റ് പോക്കറ്റിൽ നിന്ന് എടുത്തു. അപ്പോഴാണ് ജീപ്പിൻറെ ശബ്‌ദം പിന്നിൽ നിന്ന് കേട്ടത്.

 

താനൊരു വല്യ പുള്ളിയാണെന്ന് ഔസേപ്പിന് തോന്നി. ഘടാഘടിയന്മാരായ മൂന്നാലു പോലീസുകാര് ചുറ്റിനും. ആറടിക്കു മേലെ പൊക്കത്തിൽ ചുറ്റും മതില് കെട്ടിയ കണക്കു നിന്ന അവന്മാരുടെ നടുക്ക് ഔസേപ്പിന്റെ അഞ്ചടി നാലിഞ്ചിൻറെ മെലിഞ്ഞ ശരീരം വെറും അശുവായിരുന്നു. എന്നാലും ഇത്രേം ആൾക്കൂട്ടം കണ്ടപ്പോ ഔസേപ്പ് ഒന്ന് കിടുങ്ങി. പിന്നങ്ങോട്ട് എന്നാ നടന്നേ എന്ന് ഔസേപ്പിന് ഒരു ഓർമയുമില്ല. ഘടാഘടിയന്മാര് പട്ടിക്കുഞ്ഞിനെ തൂക്കിയെടുക്കണ കണക്ക് അങ്ങേരെ പൊക്കി അകത്തു ഒരു മുറീക്കേറ്റി. ഇടയ്ക്കു ആരാണ്ടൊക്കെ ഞോണ്ടുവോ തട്ടുവോ തെറി വിളിക്കുവോ ഒക്കെ ചെയ്‌തു. കൊറേ മുദ്രാവാക്യം വിളീം ഇതിൻറെ എടേല് കേട്ടു. മൊത്തത്തിൽ ഔസേപ്പ് ആ മുറിക്കകത്തു കേറുമ്പഴേക്ക് കിളി പോയ അവസ്ഥേലായിരുന്നു.

 

"വിജയൻ സാറേ...വിജയൻ സാറേ." സനീഷിൻറെ വിളി കേട്ട് വിജയന് ചൊറിഞ്ഞു വന്നു.

"എന്നാടാ കോപ്പേ.." വിജയൻ മുരണ്ടു.

"സാറേ, വല്യ പുള്ളിയെയാ കൊണ്ട് വന്നേക്കണേ അല്ലെ?"

വിജയൻ ചുമ്മാ ഒന്നിരുത്തി മൂളി.

"എന്നാലും അയാളെ കണ്ടാ അങ്ങിനെ ഒന്നും തോന്നൂല്ലല്ലോ." സനീഷിനു സംശയം തീരണില്ല.

"നീ മിണ്ടാണ്ട് നിക്കാൻ നോക്ക്. വല്യ സാറുമ്മാരു വരാറായി. ചവിട്ടി പിടിച്ചു നിന്നോ. കൊറേ സല്യൂട്ട് വേണ്ടി വരും.”

പറഞ്ഞു തീർന്നില്ല. ബൂട്ടിന്റെ ചടപടാ ശബ്‌ദങ്ങളും അതിൻറെ പുറത്തു കേറി കുറെ ഏമാന്മാരും ഇടനാഴീക്കൂടി പാഞ്ഞു വന്നു. എസ് പി ഏമാൻ, സർക്കിളദ്ദേഹം, പിന്നെ കണ്ടു പരിചയമില്ലാത്ത വേറെ കുറെ ഏമാന്മാരും കൂടി മുറിക്കകത്തോട്ടു കേറിയതും സനീഷ് പിന്നേം ചൊറിയാൻ തൊടങ്ങി.

"വിജയൻ സാറേ.. ശെരിക്കും അയാളാണോ മറ്റവനെ കാച്ചിയത്?"

"ആർക്കറിയാം. ഈ ചത്തവൻ ഏതാ മുതലെന്നറിയാവോ? ഇല്ലാത്ത കയ്യിലിരിപ്പൊന്നുമില്ലാരുന്നു.”

“അതാ സാറേ ഞാൻ ചോദിച്ചേ, ഈ ടോമിയൊക്കെ ഇയാള് കൂട്ടിയാ കൂടുവോ?” അകത്തേക്ക് കൈ കാണിച്ചോണ്ട് സനീഷ് ചോദിച്ചു.

“എടാ അത് ചോദിക്കാനല്ലേ അകത്തോട്ടു എല്ലാം കൂടെ കേറിയേക്കണേ. നീ മിണ്ടാണ്ട് നിന്നേ.”

വിജയൻ സാർ ശ്വാസം പിടിച്ചു കുടവയർ ഉള്ളിലേക്കാക്കി പാറാവിന് ഇത്തിരി കടുപ്പം കൂട്ടി.

 

കിളി പോയിരുന്ന ഔസേപ്പിന് കാതടച്ചു ഒരു പൊട്ടീരും കൂടെ കിട്ടിയപ്പോ പൂർത്തിയായി. കണ്ണിൻറെ മുന്നീക്കൂടെ പൊന്നീച്ച പറക്കുന്ന കണ്ടങ്ങിനെ ഇരിക്കുമ്പോ അങ്ങ് ദൂരേന്നു സൈറൺ കൂവുന്ന പോലെ ഒരു തെറി കേട്ടു. തലയൊന്നു കുലുക്കി നേരെ നോക്കിയപ്പോ എസ് പി ഏമാൻ ഇരിക്കുന്നു മുമ്പിൽ.

"എഡോ നാനാ ചെയ്തേ എന്ന് താനാ സമ്മതിച്ചു. വെർതെ ഏന്തിനാ പർശനം ഉണ്ടക്കണേ."

കൊച്ചു പിള്ളേര് കൊഞ്ചുന്ന പോലെ അങ്ങേരുടെ പെറുക്കി പെറുക്കിയുള്ള മലയാളം കേട്ടിട്ട് ഔസേപ്പിന് ചിരി വന്നു.

ആ ചിരി മുഴുവൻ നിക്കുന്നേനു മുന്നേ സാറേ ഞാനല്ല എന്ന് പറഞ്ഞു കഴിഞ്ഞതും വേണ്ടാരുന്നു എന്ന് ഔസേപ്പിന് തോന്നി. അടുത്ത് നിന്ന ഘടാഘടിയൻറെ അടുത്ത വീശിനു ഔസേപ്പ് കസേരയുടെ മോളീന്ന് താഴെ വീണു.

 

“പട്ടാപ്പകൽ തൻറെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്ന നിലയിൽ ടോമിയെ കണ്ടത് അടുത്ത സുഹൃത്തും സാമൂഹികപ്രവർത്തകയുമായ ലിസി കുഞ്ഞുമോനാണ്. നെഞ്ചിൽ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണ് മരണകാരണമായി പോസ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. സി സി ടി വി ദൃശ്യങ്ങളിൽ നിന്നും പൊലീസിന് നിർണായക തെളിവുകൾ ലഭിച്ചതായാണ് വിവരം.” ചന്ദ്രൻ പറഞ്ഞു നിർത്തി കാമറ കട്ട് ചെയ്‌തു എന്ന് ഉറപ്പാക്കിയിട്ടു ശ്വാസം വിട്ടു.

"എടാ ഇത് തന്നെയല്ലെ തിരിച്ചും മറിച്ചും രാവിലെ മുതലേ പറയണേ? കേട്ട് കേട്ട് എനിക്ക് മടുത്തു." രാജേഷ് തല ചൊറിഞ്ഞു കോട്ടുവായിട്ടു.

"എൻറെ ചേട്ടാ ഈ മീനടം ടോമിയുടെ കദന കഥ, നേതാക്കന്മാരുടെ ഞെട്ടൽ രേഖപ്പെടുത്തൽ, ഭാര്യയുടെ കരച്ചിൽ, പോലീസിന്റെ അനാസ്ഥ ഇതൊക്കെ നമ്മൾ കൊടുത്തു കഴിഞ്ഞു. പിന്നെ അയാളെക്കുറിച്ചു ഉള്ളതൊക്കെ ഇപ്പൊ വിളിച്ചു പറയാൻ പറ്റൂല്ലേന്നേ. ആള് വല്യ പുള്ളിയാരുന്നു. എല്ലാ പാർട്ടികൾക്കും ഒരു പോലെ വേണ്ടപ്പെട്ടവൻ. അത് കൊണ്ട് കൈ വിട്ടൊന്നും പറയാൻ പറ്റൂല്ല." ചന്ദ്രൻ തൻറെ നിസ്സഹായതയെ എടുത്തു വലിച്ചു പുറത്തേക്കിട്ടു.

"എന്നാ പിന്നെ ആ ഔസേപ്പിന്റെ കഥ മാന്തിയെടുക്ക്. അയാളെ ആർക്കും വേണ്ടല്ലോ."

"അതല്ലേ പ്രശ്‌നം. അയാള് ഒരു മണകൊണാഞ്ചൻ. ഇത് വരെ കേസൊന്നുമില്ല പേരിൽ. ഒരു തല്ലു കേസ് പോലുമില്ല. ആള് ടോമിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു. ഭാര്യ മരിച്ചു. പിള്ളേരൊന്നുമില്ല. അങ്ങേരു ഒരു ഒറ്റത്തടിയാ. പെട്ടാൽ ആർക്കു ചേതം. ഇച്ചിരി മസാല കേറ്റാനുള്ള സ്കോപ്പില്ലെന്നേ."

“അപ്പൊ അത് വച്ച് പിടിച്ചാലോ? നീതി നിഷേധം, ഇര, അന്യായം ആ ഒരു ലൈൻ?”

“നിക്ക് സമയമായിട്ടില്ല. കാര്യങ്ങൾ പോണ പോക്ക് നോക്കട്ടെ. അയാളുടെ ചരിത്രം മാന്താൻ നമ്മടെ റെജി എറങ്ങീട്ടൊണ്ട്. പിന്നെ കേരളാ ടൈംസും, വാർത്താകേരളവും ആ ലൈൻ തന്നെയാ പിടിക്കണേ എന്ന് കേട്ടു. റെജി ആയ കൊണ്ട് വേറെ ആര് പൊക്കുന്നതിനു മുന്നേ അങ്ങേരുടെ ചരിത്രോം ഭൂമിശാസ്ത്രോം എല്ലാം നമ്മള് പൊക്കും. റെജിയുടെ ബോംബ് കിട്ടുന്നു നമ്മൾ നേരെ പൊട്ടിക്കുന്നു. അത് വരെ ഇപ്പൊ പൊട്ടും ദേ പൊട്ടാൻ പോണൂ."

 

“എടോ അവനെന്തേലും കഴിക്കാൻ മേടിച്ചു കൊടുത്തേക്ക്.” പോണ പോക്കിന് ഒരു ഓർഡർ സർക്കിളദ്ദേഹം വിജയന് നേരെ എറിഞ്ഞു. എല്ലാരും ഇറങ്ങി പോണ പോക്കിന് എസ് പി ഏമാൻറെ ഫോൺ അടിച്ചു. അങ്ങേരു ഫോണും എടുത്തു യെസ് സർ പറഞ്ഞോണ്ട് സ്പീഡ് കൂട്ടി നടന്നു.

"മന്ത്രിയായിരിക്കും. എന്താ അല്ലെ?" സനീഷ് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചോണ്ടു പറഞ്ഞു.

"നീ ഇങ്ങു വന്നേ." വിജയൻ സനീഷിനേം വിളിച്ചു അകത്തേക്ക് കേറി.

മുറിയുടെ മൂലയ്ക്ക് മലന്ന് കണ്ണും തുറിച്ചു കിടന്ന ഔസേപ്പിൻറെ നോട്ടം വിജയൻ സാറിൻറെ കപ്പടാ മീശേൽ ചെന്ന് നിന്നു.

"കർത്താവേ" എന്ന് വിളിച്ചോണ്ട് ഔസേപ്പ് ഞരങ്ങി.

സനീഷ് വേഗം മുമ്പോട്ടു ചെന്ന് പതുക്കെ ഔസേപ്പിനെ പിടിച്ചെണീപ്പിച്ചു മൂലയിൽ ചാരിയിരുത്തി. മേശപ്പുറത്തിരുന്ന വെള്ളത്തിൻറെ കുപ്പി എടുത്തു കൈയിലേക്ക് കൊടുത്തു. ഇതൊക്കെ കണ്ടിട്ടും അനങ്ങാതെ നിക്കണ വിജയൻ സാറിൻറെ നേരെ നോക്കി ഒതുക്കത്തിൽ ഒരു പുച്ഛം എറിയാനും സനീഷ് മടിച്ചില്ല.

“നീയേ വേഗം പോയി ആ തങ്കച്ചൻറെ കടേന്ന് കഴിക്കാൻ എന്നേലും മേടിച്ചോണ്ടു വന്നേ, വേഗം. സാറുമ്മാരു വരുന്നേനു മുന്നേ വേണം. ഞാൻ ഇവിടെ നിക്കാം.” വിജയൻ സാർ മുരണ്ടു.

താനെന്തൊരു മനുഷ്യനാടോ എന്ന ഭാവത്തിൽ വിജയൻ സാറിനെ നോക്കി നിന്ന സനീഷിനെ നോക്കി സാറിൻറെ മീശേം സാറും കണ്ണുരുട്ടി. പിറുപിറുത്തു കൊണ്ട് സനീഷ് വേഗം സ്റ്റാൻഡ് വിട്ടു.

പതുക്കെ വാതിലടച്ചിട്ട് വിജയൻ ഔസേപ്പിന്റെ അടുത്തേക്ക് ചെന്നു.

"ഔസേപ്പേട്ടാ."

ഔസേപ്പേട്ടൻറെ കണ്ണീന്ന് രണ്ടു ചാല് കണ്ണീര് തിടുക്കത്തിൽ ഒട്ടിയ കവിൾ വഴി താഴേക്കു പോന്നു നരച്ച താടിയിൽ കേറി കെട്ടിപ്പിടിച്ചു സംശയിച്ചങ്ങനെ കിടന്നു.

“വി..വിജയാ....” ഔസേപ്പ് ഞരങ്ങി.

 

“All we have is till tomorrow morning. Come on, get to work. I need results. Get going.” എസ് പി ഏമാന്റെ ആംഗലേയ ഭീഷണി രണ്ടു കയ്യും നീട്ടി മേടിച്ചു ആസനത്തിൽ തീ കത്തിയ ഭാവത്തിൽ ബാക്കി ഏമാന്മാര് മുറീന്ന് പുറത്തേക്കു ചാടി.

ചോദ്യം ചെയ്യൽ കലാപരിപാടി തുടരാൻ നാല് ഘടാഘടിയന്മാർ ഔസേപ്പിനെ ലക്ഷ്യമാക്കി പാഞ്ഞു. ഘടന്മാർ അകത്തേക്ക് കേറിയ ഊക്കിൽ വിജയൻ പുറത്തേക്ക് തെറിച്ചു.  സമയം കളയാതെ ഘടന്മാർ ഔസേപ്പിൻറെ ഇടുങ്ങിയ നെഞ്ചത്തു അടുത്ത റൌണ്ട് വെടിക്കെട്ട് തുടങ്ങി.

ഔസേപ്പിന്റെ കർത്താവേ വിളി മുറീടെ പുറത്തിറങ്ങി അവിടേം ഇവിടേം വട്ടം കറങ്ങി കർത്താവിനെ കാണാതെ അന്തിച്ചു നിന്നു. കാര്യം കർത്താവാണേലും മുന്നും പിന്നും നോക്കാതെങ്ങിനാ പോലീസുകാരുടെ മുന്നിച്ചെന്നു കേറിക്കൊടുക്കണേ? പഴേ കാലം വല്ലോമാണോ. ഗതികെട്ട് ഒടുക്കം ആ വിളി പുറത്തു നിന്ന വിജയൻ സാറിൻറെ ചങ്കത്ത് കേറി ഒന്ന് കൊളുത്തി വലിച്ചേച്ചും റസ്റ്റ് ഇൻ പീസായി.

 

“ഈ ടോമിക്ക് കൊറേ എടപാടൊണ്ടാരുന്നെന്നെ. പല വല്യ ടീമിൻറേം ബിനാമി ആയിരുന്നു ഇവൻ. ഹ അല്ലേ പിന്നെങ്ങനാ നാല് ചക്രത്തിന് വെട്ടാനും കുത്താനും നടന്നവൻ ഇരുട്ടി വെളുത്തപ്പം വല്യ പാർട്ടിയാകണേ? ഇതവമ്മാർക്ക് ആവശ്യം തീർന്നപ്പോ അങ്ങ് തീർത്തതാ. എന്നിട്ടു കയ്യീ കിട്ടിയവനെ പ്രതിയാക്കുവല്ലേ.”

പൊറോട്ടേം കറീം പൊതിയുന്നതിന്റെ എടേല് ആ കറിയെക്കാളും എരിവുള്ള ന്യൂസിട്ടു തങ്കച്ചൻ ഒന്ന് കൊഴച്ചു. കടേൽ ഇരുന്ന സ്ഥിരം ചായകുടിക്കാര് വായും പൊളിച്ച് ആ വർത്തമാനം ചൂടോടെ വിഴുങ്ങി.

പൊലീസുകാരെ താങ്ങുന്ന വർത്തമാനമാണേലും താൻ മനസ്സിൽ കണ്ടത് തങ്കച്ചൻ മാനത്തു ഫ്ളക്സ് അടിച്ചു തൂക്കണ കണ്ട് എന്നാ പറയണമെന്നറിയാൻ മേലാണ്ടു സനീഷ് നിന്ന് പരുങ്ങി.

“നോക്കിക്കോ ഇന്ന് ഇരുട്ടി വെളുക്കുമ്പോ ആ പാവത്തിനെ കൊണ്ട് കുറ്റം സമ്മതിപ്പിക്കും. എന്നിട്ട് തെളിവെടുപ്പായി, വിചാരണയായി, അമ്മേടെ പതിനാറായി...പാവം അയാടെ കാര്യം പോക്കായി." തങ്കച്ചൻ സനീഷ് നിക്കെത്തന്നെ അങ്ങ് കത്തിക്കേറി. അല്ലേലും തങ്കച്ചനെത്ര പോലീസിനെ കണ്ടതാ. ഇന്നലെ വന്ന മീശ കുരുക്കാത്ത ഈ ചെക്കനൊന്നും തങ്കച്ചന് തണ്ടിയല്ല.

"മതി മതി..." എന്ന് ആരും കേക്കാതെ പിറുപിറുത്തു സനീഷ് പൊറോട്ടപ്പൊതീം കൈയിൽ പിടിച്ചു വേഗം സ്ഥലം വിട്ടു.

നേരം പാതിരായായിട്ടും ഒരു സ്‌കൂപ്പ് കിട്ടാതെ റെജി നെട്ടോട്ടം ഓടുന്നതിന്റെ എടേൽ മൂന്നാലു വട്ടം ഫോൺ അടിച്ചു. സഹി കേട്ടപ്പോ ബൈക്ക് ഒതുക്കി റെജി ഫോൺ എടുത്തു ഒരു  ഹലോ എറിഞ്ഞു.

"റെജീ, വിജയനാ." അപ്പുറത്തൂന്ന് വിജയൻ സാറിന്റെ തൊണ്ട മുക്രയിട്ടു.

"സാറേ, പറ, നമക്ക് പറ്റിയ സ്പെഷ്യൽ വല്ലോമുണ്ടോ?" റെജി ത്രില്ലടിച്ചു.

"പറ്റിയ ഒരു സാധനം ഉണ്ട്, നീ ഞാൻ പറയണ പോലെ വീശണം, പറ്റുവോ?"

"ഏറ്റു സാറേ, എവിടെ എപ്പോ എന്ന് മാത്രം പറഞ്ഞാ മതി. ബാക്കി ഞാനേറ്റു."

 

“മീനടം ടോമി വധക്കേസിൽ പുത്തൻ വഴിത്തിരിവ്. പ്രതിയെന്നു സംശയിക്കപ്പെടുന്ന താഴംപത്താൽ ഔസേപ്പിൻറെ  മുൻകാല ചരിത്രം വിരൽ ചൂണ്ടുന്നത് രാഷ്ട്രീയ കൊലപാതകത്തിന്റെ സാധ്യതകളിലേക്കോ? പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പല പരിപാടികളിലും താഴംപത്താൽ ഔസേപ്പിന്റെ സാന്നിധ്യത്തിന് തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. ഇതോടൊപ്പം ചില നേതാക്കന്മാരുടെ കൂടെയുള്ള ചിത്രങ്ങളും മലയാളി വിഷന് കിട്ടിയിട്ടുണ്ട്. ഇത് ഒരു മലയാളി വിഷൻ എക്സ്ക്ലൂസീവ്. ക്യാമറാമാൻ രാജേഷിനൊപ്പം ജില്ലാ പോലീസ് ആസ്ഥാനത്തു നിന്ന് ചന്ദ്രകുമാർ.”

പാതിരായ്ക്ക് റെജി വഴി ചന്ദ്രൻറെ കൈയിൽ എത്തിയ സ്‌കൂപ്പ് ഉറക്കം തൂങ്ങി ഇരുന്ന ബാക്കി ചാനലുകാരെയും ചവിട്ടി ഉണർത്തി. ഒന്ന് തണുത്തു വന്ന മീനടം ടോമി കേസ് പിന്നേം കേറി വെട്ടി തിളച്ചു.

അകത്തു ഔസേപ്പ് ടോമിയെ കൊന്ന കുറ്റം രണ്ടു കയ്യും നീട്ടി സ്വന്തം നെഞ്ചത്തേക്ക് കെട്ടി വച്ച് ഘടന്മാരോട് കുമ്പസാരിച്ചു. വേണേൽ കർത്താവിനെ കുരിശിൽ കേറ്റിയ കുറ്റം വരെ സമ്മതിക്കാമേ എന്നും പറഞ്ഞു രണ്ടും കയ്യും നീട്ടി തൊഴുതു ഔസേപ്പ് മലന്നു കിടന്നു.

ഏപ്പിച്ച പണി മെനയ്ക്കു ചെയ്‌തതിന്റെ അഭിമാനോം ഉരുട്ടിക്കേറ്റി ഘടാഘടിയന്മാർ നേരെ എസ് പി ഏമാനെ കാണാൻ പുറപ്പെട്ടു.

 വല്യ ഏമാന്മാരും അവരുടെ തോളത്തെ നക്ഷത്രങ്ങളും കൂടി ഇടിച്ചു കുത്തി മുറിക്കകത്തു കൂടി നിന്നു. അകത്തേക്ക് തല നീട്ടിയ ഘടന്മാരോട് തൽക്കാലം പുറത്തു നിക്കാൻ സർക്കിളദ്ദേഹം ആംഗ്യം കാണിച്ചു.

“The higher-ups don’t want this to be a political circus. High stakes are involved. And the bloody media somehow is making this into a shit-fest. Too dangerous a path to pursue.” എസ് പി ആംഗലേയത്തിൽ കുറെ ഒക്കെ ഏമാന്മാരോടും ബാക്കി തന്നോട് തന്നെയും എന്ന പോലെ പിറുപിറുത്തു.

 

“വിജയൻ സാറേ, സാറേ…” സനീഷ് പിന്നേം ചൊറിഞ്ഞു തുടങ്ങി.

“എന്നാടാ.”

“ഇങ്ങേരു രക്ഷപെടാൻ എന്നേലും വഴിയൊണ്ടോ?”

“കർത്താവ് കനിയണം മോനെ, അല്ലാതെ വേറെ ഒരു വഴീമില്ല”

 

എന്നാ പറ്റിയതാന്നു ചോദിച്ചാൽ ഔസേപ്പിന് ഒരു പിടീമില്ല.

"കണ്ണും കൈയുമൊന്നും പറഞ്ഞാ കേക്കാത്ത പ്രായമായി സാറേ, ഇനി വളയം പിടിക്കണത് ശെരിയാവൂല്ല" എന്നു പറഞ്ഞപ്പോ ടോമിസാറ് മനസറിഞ്ഞു തന്ന കൊറേ കാശും മേടിച്ച് വീട്ടി വന്നു കെടന്നൊറങ്ങിയതാ. കണ്ണ് തൊറപ്പിച്ചത് കൊറേ പോലീസുകാരാ. സാറിനേതാണ്ട് പറ്റിയെന്നും അത് ചെയ്‌തെന്ന് വേഗം സമ്മതിക്കാനും പറഞ്ഞു തെറീം ഇടീം തൊഴീം കുരിശേക്കേറ്റോം കഴിഞ്ഞു മൂന്നാം ദെവസം കൊണ്ട് പോയ പോലെ ആഘോഷമായിട്ടല്ലേലും വിജയൻ സാർ തിരിച്ച് ജീപ്പെ കേറ്റി വീടിൻറെ അടുത്ത് കൊണ്ടിറക്കി.

ഇതൊക്കെ എന്നാരുന്നു എന്ന് ചോദിച്ചപ്പോ വിജയൻ സാർ ഒന്നേ പറഞ്ഞൊള്ളൂ.

"എല്ലാം കർത്താവിനറിയാം."

വീട്ടിലോട്ടു പോണ ഇടവഴീടെ അപ്പുറത്തൊള്ള കവലേൽ ഇറക്കി വിട്ടേച്ച് സാർ അങ്ങ് പോയി. സാർ എന്നൊക്കെ വിളിക്കുവേലും വിജയൻ അനിയനെപ്പോലാ ഔസേപ്പിന്. പഠിപ്പിന് പോകാതെ അലഞ്ഞു തിരിഞ്ഞു നടന്നവനെ വളയം പിടിപ്പിക്കാൻ പഠിപ്പിച്ച് ഒരു ജീവിത മാർഗം ഉണ്ടാക്കി തന്ന വർക്കിയാശാന്റെ മോൻ കപ്പടാ മീശയൊക്കെ വച്ച് പോലീസായേലും ചിരിക്കുമ്പ ആ കണ്ണില് ഇപ്പഴും കാണാം വർക്കിയാശാന്റെ നല്ല മനസിന്റെ തെളക്കം.

പോണ വഴി കുരിശു പള്ളീടെ മുമ്പി നിന്ന് ഒന്ന് പ്രാർത്ഥിച്ചപ്പോ ഔസേപ്പിന് ഒരു കുളിരു തോന്നി. കണ്ണ് തുറന്നു നോക്കിയപ്പോ കുരിശേ കെടക്കണ കർത്താവിൻറെ മീശയ്ക്കു രണ്ടറ്റത്തും മേലോട്ട് ഒരു വളവുണ്ടോ? ശെടാ കപ്പടാ മീശ വച്ച കർത്താവോ. ഒന്ന് പോയെടാവേ, തനിക്കു വട്ടായെന്നു ഔസേപ്പിന് തോന്നി. ഒരു ചിരീം ചിരിച്ച് ഔസേപ്പ് ഇടവഴി കേറിയതും ചാനൽ ക്യാമെറയിൽ നോക്കി ചന്ദ്രൻ അലറാൻ തൊടങ്ങിയതും ഒന്നിച്ചായിരുന്നു.

"മീനടം ടോമി വധക്കേസിൽ അടുത്ത വഴിത്തിരിവ്. രാഷ്ട്രീയ കൊലപാതകം എന്ന സാധ്യത പോലീസ് തള്ളിക്കളഞ്ഞിരിക്കുന്നു. മോഷണശ്രമത്തിനിടയിൽ ഉണ്ടായ കൊലപാതകം എന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട് സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്‌തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള തിരുട്ടു സംഘത്തിൽ പെട്ടവർ എന്ന് സംശയിക്കുന്ന ഇവർ പകൽ തേപ്പു തൊഴിലാളികളായി അഭിനയിച്ചു രാത്രി മോഷണം നടത്തുന്ന രീതിയാണ് പിന്തുടരുന്നത്. കൂടുതൽ വിശദാംശങ്ങൾ ഉടനെ തന്നെ അറിയാൻ കഴിയും എന്നാണ് പ്രതീക്ഷ.”

 

"സാറേ...വിജയൻ സാറേ." സനീഷിനു പിന്നേം തൊടങ്ങി.

“എന്നാടാ മൈ...മൈത്താണ്ടി?”

“സാറേ ഇവന്മാര് തിരുട്ടു സംഘമൊന്നുമല്ലെന്നാ എനിക്ക് തോന്നണേ, അതിൽ ഒരുത്തനെ എനിക്കറിയാമെന്നെ. കൊറേ കാലമായിട്ടു ഇവിടെ ഒക്കെ ഉള്ളതാ. ഒരു പാവം തേപ്പുകാരൻ. ഇവമ്മാരെങ്ങിനെ ഇതിന്റകത്തു പെട്ടെന്നാ മാനസിലാവാത്തെ.”

കൊച്ചു പിള്ളേർക്ക് പറഞ്ഞു കൊടുക്കണ പോലെ ക്ഷമയോടെ വിജയൻ സാർ പറഞ്ഞു തൊടങ്ങി.

"എൻറെ സനീഷേ, നിനക്കറിയാല്ലോ കുറ്റം ചെയ്താ ശിക്ഷിക്കപ്പെടണം. അല്ലെ?"

"അതെ"

"ആ, ഇവിടിപ്പോ ഒരു കുറ്റം നടന്നു, എന്നാ പറ്റിയേ? ചാവേണ്ട ഒരുത്തൻ ചത്തു. അതിന് ആരെ ശിക്ഷിക്കും? ജീവിച്ചിരുന്നിട്ട് വല്യ കാര്യമൊന്നുമില്ലാത്ത ആരേലും ഒരുത്തനെ. അത്രേ ഉള്ളൂ."

"അല്ല, അപ്പൊ..."

സനീഷിന്റെ ബാക്കി സംശയങ്ങളെ ഇടനാഴീൽ കൂടി പാഞ്ഞു പറിച്ചു വന്ന ബൂട്ട് ശബ്ദങ്ങൾ ചവിട്ടി കൂട്ടി ഒരു മൂലയ്ക്കിട്ടു.

Srishti-2022   >>  Short Story - Malayalam   >>  ഹിമമായ് മഴയായ്

ഹിമമായ് മഴയായ്

കണ്ണടച്ചു പ്രാർത്ഥിക്കുകയായിരുന്ന സിത്താര അറിഞ്ഞില്ല വാതിലിനിരു പുറവും രണ്ട് ആൾ രൂപങ്ങൾ വന്നു മറഞ്ഞു നിന്നത്. കണ്ണ് തുറന്ന് അവൾ തിരിഞ്ഞതും..

ഒന്ന് .. രണ്ട്.. മൂന്ന്.. 

അലർച്ചയോടെ രണ്ടു പേർ അവൾക്കു നേരെ ചാടി വീണു. പേടിച്ചു പോയ അവൾ ഒരു നിമിഷം ഞെട്ടിത്തരിച്ചു് കൈകൾ കൊണ്ട് ചെവി  രണ്ടും പൊത്തിപ്പിടിച്ചു.. അയ്യോ.. അവൾ കണ്ണുകൾ ഇറുക്കിയടച്ചു..

മോളുടെയും കെട്ടിയോൻെറയും  പൊട്ടിച്ചിരി കേട്ടപ്പോഴാണ് അവൾക്കു കാര്യം മനസ്സിലായത്.

"മതി മതി.. കളി കുറച്ചു കൂടുന്നുണ്ട്. എൻെറ ജീവൻ പോയി"

മോളുടെ ചിരി അപ്പോഴും നിന്നില്ല.

"ഇന്നത്തെ ദിവസം ഏതാണെന്നു ഓർമ്മയുണ്ടോ"

പേസ്റ്റും ബ്രഷും എടുക്കുമ്പോൾ പിന്നിലൂടെ നടന്നു നീങ്ങിയ സിത്താര ഒരു ചോദ്യം എറിഞ്ഞിട്ടു പോയി.

അധികം സമയം വേണ്ടി വന്നില്ല, കിരൺ ആലോചിച്ചെടുത്തു.

"തൻെറ ബർത്ത് ഡേ ഞാൻ മറന്നു കളയുമെന്നാണോ വിചാരിച്ചത്. ഇന്നലെ ഒരു ഗിഫ്റ്റ് വാങ്ങി വെക്കണം എന്നു വിചാരിച്ചതാ.  ഓഫീസിൽ നിന്ന് ഇറങ്ങാൻ ലേറ്റ് ആയ കാരണം പറ്റിയില്ല. പകരം ഇന്ന് വൈകിട്ട് നമുക്ക് ഒരു സിനിമക്ക് പോയാലോ"

മനസ്സ് കൊതിച്ച കരുതലിൻെറ ആ തലോടൽ അവളുടെ ചുണ്ടിൽ ഒരു പനീർപ്പൂ വിരിയിച്ചു.

സത്യത്തിൽ കിരൺ അത്  ഓർത്ത് വെച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ എപ്പോഴൊക്കെ ആ ചോദ്യം സിത്താര ചോദിച്ചാലും അതിൻെറ ഉത്തരം അവന് പെട്ടന്ന് ഓർത്തെടുക്കാൻ പറ്റും. കാരണം അവളുടെ മനസ്സിലെ ഒരു  

ചെറു കലണ്ടറിൽ കുറിച്ചിട്ടേക്കുന്ന തീയതികൾ കുറച്ചേ ഉള്ളു. അവളുടെയും കുഞ്ഞിൻെറയും തൻെറയും ജന്മ ദിനങ്ങൾ. പിന്നെ വിവാഹ ദിനം. 

[ പക്ഷേ ഇതു കൂടാതെ,  തന്നെ പെണ്ണു കാണാൻ വന്നതിൻെറയും വിവാഹ നിശ്ചയത്തിൻെറയും തീയതികൾ  സിത്താര ഓർമയിൽ സൂക്ഷിക്കുന്നുണ്ടായിരുന്നു ]

വൈകുന്നേരം ഓഫീസിൽ നിന്നും കിരൺ കുറച്ച് നേരത്തെ ഇറങ്ങി. വരുന്ന വഴിക്ക് നഗരത്തിലെ അറിയപ്പെടുന്ന നല്ലൊരു ബേക്കറിയിൽ കയറി. ചോക്ലേറ്റ് പേസ്റ്ററി കേക്ക് വാങ്ങുമ്പോഴാണ് അവിടെ കോഫി ടേബിളിൽ ഇരുന്ന സ്ത്രീയെ അവൻ ശ്രദ്ധിച്ചത്. അത് .. അത് ഹിമ അല്ലേ.. അതേ.

അവൻ ടേബിളിനെ സമീപിച്ചു  "ഹിമ അല്ലേ"

"യെസ്" അവൾ തല ഉയർത്തി 

"എന്നെ മനസ്സിലായോ"

മനസ്സിൽ അവൾ സ്‌കാൻ ചെയ്‌തു  കൊണ്ടിരിക്കുമ്പോൾ അവൻ സ്വയം പരിചയപ്പെടുത്തി 

"ഞാൻ കിരൺ ആണ്. N.S.S. കോളേജിൽ നമ്മൾ..."

"ആഹ്.. എടോ താനോ.. എനിക്കാദ്യം മനസ്സിലായില്ല. അന്നത്തേതിൽ നിന്നും താൻ മാറി"

"ഹിമക്ക് ഒരു മാറ്റോം ഇല്ല. അന്നത്തെ പോലെ തന്നെ. അതാ ഞാൻ പെട്ടന്ന് തിരിച്ചറിഞ്ഞെ".

"ഇരിക്കെടോ. കോഫി or ജ്യൂസ്. എന്താ വേണ്ടെ"

"ഒന്നും വേണ്ട. കുടുംബത്തെയും കൂട്ടി ഒരു ഫിലിം കാണാൻ പോകണം. ഇരുന്നാൽ വൈകും".

"എന്നാ പിന്നെ നടക്കട്ടെ. carry on. കാണാം".

ഫോൺ നമ്പറുകൾ കൈ മാറി പിരിഞ്ഞു.

സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ കിരണിൻെറ മനസ്സിൽ ഒരു ഭാഗത്ത് ഹിമയെ പറ്റിയുള്ള ഓർമകളും ചിന്തകളും ആയിരുന്നു. 

കോളേജിലൂടെ അവൾ നടന്നു നീങ്ങുമ്പോൾ വീശുന്ന പെർഫ്യൂമിൻ്റെ ആ ഒരു സുഗന്ധം.. അവളെ കടന്നു പോകുന്ന ആരും ഒരു നിമിഷം കണ്ണടച്ച് ശ്വാസം ഉള്ളിലേക്കെടുക്കും.. ഒപ്പം വശ്യമാർന്ന അവളുടെ മുഖവും!

കോളേജ് പഠന കാലത്ത്,  രാഷ്ട്രീയത്തിലൂടെയാണ് തമ്മിൽ പരിചയം വരുന്നത്. യൂണിയൻ ചെയർ മാനായി താനും ആർട്സ് ക്ലബ്ബ് സെക്രട്ടറി ആയി ഹിമയും ജയിച്ചു. വ്യത്യസ്‌ത പാർട്ടികളിൽ ആയിരുന്നെങ്കിലും, കഴിവും പ്രാപ്തിയും ഉള്ളവരെ മനസ്സുകൾ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്‌തു പോന്നു.

രാഷ്ട്രീയ മത ഭേദമന്യേ അവളുടെ മനസ്സിൽ ഇടം നേടാൻ പലരും വോട്ട് ചെയ്തു നോക്കി. പക്ഷേ അതെല്ലാം അവൾ അസാധുവാക്കി. എന്തോ.. തനിക്കന്ന് അങ്ങനെ പിറകെ നടക്കാൻ തോന്നിയില്ല. പണവും പ്രതാപവും കഴിവും പിന്നെ ആരും ശ്രദ്ധിച്ചു പോകുന്ന ആ സൗന്ദര്യവും കൂടിക്കലർന്ന്, ഉയരത്തിൽ പടർന്നു നിൽക്കുന്ന ഒരു വല്ലരിയെ പിടിക്കാൻ എന്തിന് വെറുതെ ശ്രമിക്കണം! മാത്രമല്ല, ഒരു സുഹൃത്തായി മാത്രമേ അവൾ അന്നു തന്നെ കാണുന്നുണ്ടായിരുന്നുള്ളൂ. ഒരുപാടു നേരം അങ്ങനെ സംസാരിച്ചിരിക്കുമായിരുന്നു... പല വിഷയങ്ങളെക്കുറിച്ച്, പല വാർത്തകളെക്കുറിച്ച്, തങ്ങളെക്കുറിച്ച് തന്നെയും...   

കോളേജ് കാലം കഴിഞ്ഞു. എല്ലാരും പല ഇടങ്ങളിലേക്ക് ചേക്കേറി. ബന്ധങ്ങൾ കുറഞ്ഞു വന്നു. ഹിമയുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നെങ്കിലും പോകാൻ കഴിഞ്ഞില്ല. അന്നു തന്നെ ആയിരുന്നു പെങ്ങളുടെ കുഞ്ഞിൻെറ ചോറൂണ്. തൻെറ കല്യാണ സമയത്ത് അവൾ വിദേശത്തായിരുന്നു. വർഷങ്ങൾക്കിപ്പുറം ഇന്നാണ് നേരിൽ കാണുന്നത്

അന്നു ബേക്കറിയിൽ വെച്ച് അധികം സംസാരിക്കാൻ പറ്റാഞ്ഞത് നന്നായെന്ന് കിരണിനു തോന്നി. ഫോണിലെ ചാറ്റിങ്ങിൻെറ ജാലകം തുറക്കാൻ അതൊരു കാരണമായി. നഗരത്തിലെ ഒരു ഫ്ലാറ്റിലാണ്  അവളുടെ താമസം. ഭർത്താവ് വിദേശത്താണ്. മകൾ ഊട്ടിയിലെ ഗുഡ് ഷെപ്പേർഡ് സ്‌കൂളിൽ പഠിക്കുന്നു. 

ഇടയ്ക്കിടെ ഉള്ള മെസ്സേജിങ്ങും സ്മൈലികളും കിരണിൻെറ ദിവസങ്ങളെ ഉത്സാഹമുള്ളതാക്കി മാറ്റി.

ഷോപ്പിംഗ് മാളുകളിലോ കോഫീ ഷോപ്പിലോ വല്ലപ്പോഴും അവർ കണ്ടു മുട്ടി. അവളുടെ സംസാരവും, ചിരിയും, പ്രസരിപ്പും എല്ലാം, കിരണിൻെറ മുഖത്ത്‌   പ്രസന്ന തയും ഹൃദയത്തിൽ താളവും ചുണ്ടിൽ മൂളിപ്പാട്ടുകളും കൂടു കൂട്ടാൻ കാരണമായി.

നെഞ്ചിലെ രാഗം ഒരു കുന്നിക്കുരുവിൽ നിന്നും ഒരു കുന്നോളം വളർന്നിരിക്കുന്നു. ഒരു കാലത്ത് അങ്ങകലെയായിരുന്ന ഒരു സ്വപ്നം, ഇന്ന് കൈ എത്തും ദൂരത്ത്, ഒരു അപ്പൂപ്പൻ താടി പോലെ പറന്ന് ഈ നഗരത്തിൽ തൻെറ അടുത്ത് എത്തിയിരിക്കുന്നു.  

മധുരം നിറച്ചതും കുസൃതികൾ ഒളിപ്പിച്ചതുമായ അവൻെറ മെസ്സേജുകളെ നിശബ്ദത കൊണ്ടും, കാല താമസം വരുത്തിയും, ഉത്തരങ്ങൾക്കു പകരം വെറുതെ  സ്മൈലികൾ മാത്രം അയച്ചും ഹിമ അവനെ നിരുത്സാഹപ്പെടുത്തി. 

പക്ഷേ അവനു വിട്ടു കളയാൻ ഭാവമില്ലായിരുന്നു. "കാണണം.. ഒരുമിച്ചു ചെലവഴിക്കണം.." പിന്നെപ്പിന്നെ അവൻ തൻെറ ആഗ്രഹം അറിയിച്ചു കൊണ്ടേ ഇരുന്നു. 

"ഹേയ് അതൊന്നും വേണ്ട.. ശെരിയാകില്ല" ഹിമ അവനെ പിന്തിരിപ്പിക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു.

"വേണം.. വേണം" അവൻ അവളെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

അവസാനം ഒരു ദിവസം അവൾ മെസ്സേജ് ചെയ്തു  "ശെരി.. നാളെ evening meet ചെയ്യാം"

"എവിടെ വെച്ച്"

"എൻെറ ഫ്ലാറ്റിൽ വെച്ച്"

അവൻെറ മനസ്സിൽ ഒരു ഹിമ മഴ പെയ്തു തുടങ്ങി!

 പിറ്റേന്ന് ഒരു നാലു മണിയോടെ കിരൺ ഓഫീസിൽ നിന്നും ഇറങ്ങി.

ഫ്ളാറ്റിലെ കാളിങ് ബെല്ലിൽ വിരലമർത്തുമ്പോൾ അവൻെറ ഉള്ളം ഹിമം പോലെ തണുത്തുറഞ്ഞിരുന്നു.

പച്ചയും മഞ്ഞയും ഇട കലർന്ന നല്ല ഭംഗിയുള്ള ചുരിദാറിൽ ഹിമ വന്നു വാതിൽ തുറന്നു. 

"വാ.."

ഷേക്ക് ഹാൻഡ് കൊടുക്കുമ്പോൾ അവൾ പറഞ്ഞു "തൻെറ കൈയ്ക്ക് എന്തൊരു തണുപ്പ്"!

"ഒന്നു ഫ്രഷ് ആയിട്ടു വാ. അപ്പോഴേക്കും ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കാം"

നൂഡിൽസ് കഴിച്ചിട്ട്  അവൻ കൗച്ചിൽ ഇരുന്ന് ന്യൂസ് പേപ്പർ വെറുതെ മറിച്ചു നോക്കിക്കൊണ്ടിരുന്നു. 

കിച്ചണിൽ നിന്നും വന്ന ഹിമ പതിയെ അവൻെറ അരികെ വന്നിരുന്നു.

"താൻ എന്തെങ്കിലും ഒക്കെ പറ" ഹിമ നിശബ്ദത ഭേദിച്ചു.

കിരണിനു വാക്കുകൾ ഒന്നും പുറത്തേക്ക് വന്നില്ല. ഒരു പക്ഷിയുടെ നിർത്താതെയുള്ള ചിറകടി പോലെ അവൻെറ ഹൃദയം പിടച്ചു കൊണ്ടിരുന്നു. അവൾ ആ ശബ്ദം കേൾക്കുന്നുണ്ടോ..!

"ഹലോ.." എന്നു പറഞ്ഞു കൊണ്ട് അവൾ അവൻെറ തോളിൽ തട്ടിയുണർത്തി.

പെട്ടെന്ന് അവൻ അവളുടെ ആ കൈത്തലം എടുത്തു തൻെറ കൈകൾക്കുള്ളിലാക്കി. ഹോ.. എന്തൊരു മാർദ്ദവം! എങ്ങു നിന്നോ ഒരു മെലഡി സോങ്ങ് അപ്പൂപ്പൻ താടി പോലെ അവിടെ പറന്നു വന്നു..

അവളുടെ കൈത്തണ്ടയിൽ അവൻ ചുംബിച്ചു. നെയ്യും പഞ്ചസാരയും ചേർത്തുണ്ടാക്കിയ ഒരു മധുര  പലഹാരം നാവിൽ മൃദുവായ് അലിഞ്ഞു ചേരുന്ന പോലെ അവനു തോന്നി.

ഹിമ പതിയെ അവനെ പിടിച്ച് തൻെറ മടിയിൽ കിടത്തി. അവൻെറ മുഖത്തും മുടിയിലും കൈ വിരലുകൾ ഓടിച്ചു കൊണ്ട് അവനെ ഓമനിച്ചു. 

 "കിരൺ മനസ്സിൽ ഇപ്പോ ചിന്തിക്കുന്നതെന്താണെന്നു ഞാൻ പറയട്ടെ"

"ഉം.. പറയ്"

"ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ ഞാൻ ആണെന്നല്ലേ"

"ഓഹ്.. എങ്ങനെ മനസ്സിലായി.."!

"ഉം.. അതേ  ഞങ്ങൾ പെണ്ണുങ്ങൾക്ക് നിങ്ങൾ ആണുങ്ങടെ മനസിൽ എന്താണെന്നു  വായിച്ചെടുക്കാൻ നല്ല കഴിവാ.. നിങ്ങൾ ഒന്നും സംസാരിക്കണമെന്നില്ല"

"പിന്നെ.. കിരണിനു തരാൻ ഞാൻ ഒരു സമ്മാനം കരുതി വെച്ചിട്ടുണ്ട്".

ഇവളേക്കാൾ വലിയൊരു സമ്മാനം ഇനി എന്ത്!. 

"എന്താണാവോ ആ സമ്മാനം"

"ഒരു സർപ്രൈസാ. പോകുമ്പോ നീ അറിയാതെ തന്നു വിടാമെന്നാ ആദ്യം വിചാരിച്ചേ"

"പെർഫ്യൂം"?

"അല്ല.."

"വാച്ച്"?

"അല്ലല്ല"

"എന്നാ താൻ തന്നെ പറയ്".. സമയം അങ്ങനെ വൃഥാ നീട്ടിക്കൊണ്ടു പോകാൻ അവന് താല്പര്യം തോന്നിയില്ല.

അവൾ തൻെറ ചുണ്ട് അവൻെറ കാതിനോട് അടുപ്പിച്ചു. ഒരു നിശ്വാസത്തിനൊപ്പം അവൾ ആ രഹസ്യം പതിയെ മൊഴിഞ്ഞു 

"എയ്‌ഡ്‌സ്‌ (AIDS)"!!

ഒട്ടും പ്രതീക്ഷിക്കാത്ത ആ വാക്കു കേട്ടപ്പോൾ അവൻെറ ഉള്ളിൽ നിന്നും പൊടുന്നനെ എല്ലാ ഊർജ്ജവും വലിഞ്ഞു നീങ്ങി വരണ്ടതു പോലെയായി. എന്താണവൾ ഇങ്ങനെ പറയുന്നത്. സ്മാർട്ട് ആയ ഒരു പെണ്ണ്, പരിഭ്രാന്തിയുണ്ടാക്കി രസിക്കാൻ പറഞ്ഞ ഒരു കളി വാക്കണോ.. എങ്കിലും സന്ദർഭത്തിനു യോജിക്കാത്ത ഒരു തമാശ വാക്കായി അതിനെ തള്ളിക്കളയാനും അവൻെറ ചേതനക്കു കഴിഞ്ഞില്ല. കാരണം, അൽപ്പ സമയത്തിനുള്ളിൽ സംഭവിക്കാൻ പോകുന്ന രസങ്ങളുടെ തിരകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന  അപായത്തിൻെറ ഒരു സൈറൺ മുഴക്കം ആ വാക്കിൽ ഉണ്ട്! 

നിറം മങ്ങിയ അവൻെറ മുഖത്തേക്ക് നോക്കി ഗൗരവത്തോടെ ഹിമ പറഞ്ഞു 

"ഞാൻ ഒരു എയ്‌ഡ്‌സ്‌ രോഗി ആണ്"

അതി ശക്തമായ ഒരു ഇടി മുഴക്കം അവൻെറ തലക്കുള്ളിൽ കൂടി കടന്നു പോയി. അവളുടെ സ്ഥാനത്ത് ഇപ്പോൾ ഒരു യക്ഷി!

                                                      @@@@@@@@@@@@@@@@@@

കായൽ തീരത്തെ ആളൊഴിഞ്ഞ ബെഞ്ചിൽ കിരൺ ഒരു ഇടം കണ്ടെത്തി. കഴിഞ്ഞ കുറെ മണിക്കൂറുകൾക്കുള്ളിൽ എന്തൊക്കെ കാര്യങ്ങളാണ് ഒരു ഉരുൾ പൊട്ടൽ പോലെ തൻെറ ജീവിതത്തിലൂടെ കടന്നു പോയത്. ഭാഗ്യത്തിൻെറ കൊടുമുടി ഓടിക്കയറാൻ പോയ താൻ, ഭാഗ്യത്തിൻെറ തല നാരിഴക്കു രക്ഷപ്പെട്ടിരിക്കുന്നു! താനായിട്ട് രക്ഷപ്പെട്ടതല്ല,  അവൾ തന്നെ രക്ഷപ്പെടുത്തിയതാണ്..

ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല.. അതിനേക്കാൾ, ഇതൊന്നും accept ചെയ്യാൻ പറ്റാത്തതു പോലെ. ഉന്നത നിലയിൽ എത്തിച്ചേരും എന്നു നമ്മൾ ഉറച്ചു വിശ്വസിക്കുന്ന ഒരാൾ, ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ജീവിതത്തിൽ നശിച്ചു പോയതു അറിയുമ്പോൾ തോന്നുന്ന ആ ഒരു അമ്പരപ്പ്.. അസ്വസ്ഥത..പ്രത്യേകിച്ചും ആ ആൾ മനസ്സിൽ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടി ആകുമ്പോൾ.

ആദ്യമായാണ് തൻെറ ജീവിതത്തിൽ ഇപ്രകാരം ഒരു സംഭവം.. ശിരസ്സു മുതൽ പാദം വരെ, കറുത്ത വസ്ത്രങ്ങൾ ധരിച്ചു നടക്കുന്ന ഒരു പ്രേത രൂപം പോലെ അവളെ ഇപ്പോൾ തോന്നുന്നു. പകയുടെ തീക്കനൽ ഉള്ളിൽ ഒളിപ്പിച്ചു വെച്ച്, തന്നെ സമീപിക്കുന്നവർക്കു, അവസാനം മരണത്തിൻെറ വിഷ ദ്രാവകം കുടിക്കാൻ കൊടുക്കുന്ന യക്ഷി.. 

പക്ഷേ മറു വശം ചിന്തിക്കുമ്പോൾ, അവളെ എങ്ങനെ കുറ്റപ്പെടുത്തും. അവളായിട്ട് നാശത്തിൻെറ ഈ വഴി തിരഞ്ഞെടുത്തതല്ലല്ലോ.. മറിച്ചു് അവളെ ഇങ്ങനെ ആക്കി തീർത്തതല്ലേ...

തങ്ങളോട് ചേർച്ചയുള്ള നല്ലൊരു കുടുംബത്തിലേക്കാണ് ഹിമയെ വിവാഹം ചെയ്‌തയച്ചത്. ഭർത്താവിന് വിദേശത്തു ജോലി. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം അയാൾ നാട്ടിൽ വന്നു പോയി. ഇടയ്ക്കു ചിലപ്പോ അവൾ വിദേശത്തേക്കും പോയി വന്നു.

"അതു വരെ ആർക്കും കൊടുക്കാതെ കൂട്ടി വെച്ച സ്നേഹമെല്ലാം എൻെറ ചേട്ടനു ഞാൻ കൊടുത്തു. ചേട്ടനും എന്നെ പ്രാണനായിരുന്നു. ചേട്ടൻെറ വീട്ടുകാരും അങ്ങനെ തന്നെ.. നല്ല സ്നേഹമുള്ളവരായിരുന്നു.

അക്കരെയും ഇക്കരെയും ഇങ്ങനെ നിൽക്കാതെ കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങി പോരാം എന്നൊക്കെയായിരുന്നു ഞങ്ങളുടെ പ്ലാൻ. 

ഒരിക്കൽ, ലീവിനു വന്ന ചേട്ടൻ, കൂട്ടുകാരോടൊത്തു കുറച്ചു ദിവസം ഒരു ടൂറിന് പോയി. അവർ ആണുങ്ങൾ മാത്രം. കൂടെ പോകാൻ പറ്റാത്തതിൽ എനിക്ക് നീരസം ഉണ്ടായിരുന്നു. മൂന്നു നാലു ദിവസം 

കൊഴിഞ്ഞു പോകുന്നതിൻെറ സങ്കടം ഞങ്ങൾക്ക് രണ്ടാൾക്കും ഉണ്ടായിരുന്നു. അല്ലേലും നിങ്ങൾ ആണുങ്ങൾക്ക് മാത്രം അവകാശം ചാർത്തിക്കിട്ടിയതിൽ ഒന്നാണല്ലോ കൂട്ടം ചേർന്നുള്ള ഈ  ഊരു ചുറ്റൽ. ഞങ്ങൾ പെണ്ണുങ്ങൾക്ക് ഇതൊന്നും പറഞ്ഞിട്ടില്ലല്ലോ. 

കറക്കം ഒക്കെ കഴിഞ്ഞുള്ള മടക്ക യാത്രയിൽ, കൂട്ടത്തിൽ ചിലരുടെ നിർബന്ധ പ്രകാരം അവർ എല്ലാവരും ഒരു whorehouse (വേശ്യാലയം) സന്ദർശിച്ചു. സത്യത്തിൽ ചേട്ടന് അതിന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. പിന്നെ കൂട്ടുകാരുടെ ഇടയിൽ ഒറ്റപ്പെടേണ്ട എന്നുള്ളത് കൊണ്ടും, ഉള്ളിലെ മദ്യത്തിൻെറ വീര്യം കൊണ്ടും കാലിടറി വീണു.

ആഘോഷങ്ങളും അവധിയും കഴിഞ്ഞ് ചേട്ടൻ തിരികെ വിദേശത്തേക്ക് പോയി. ഒന്നു രണ്ടു മാസങ്ങൾ കഴിഞ്ഞപ്പോഴാണ് തനിക്ക് മനസിലായത് - ചേട്ടൻ തനിക്കൊരു സമ്മാനം തന്നിട്ടാണ് പോയിരിക്കുന്നത്. താൻ ഗർഭിണിയാണ്! 

മാസങ്ങൾ കഴിഞ്ഞു.തീയതി അടുത്തു വരുന്നു.  ഹോസ്പിറ്റലിൽ ചെക്കപ്പ് ചെയ്യുന്നതിനിടയിൽ ഡോക്ടർമാർക്ക് ഒരു സംശയം. ചില ടെസ്റ്റുകൾ കൂടി നടത്തിയ ശേഷം ഹിമയെ റൂമിലേക്ക് വിളിപ്പിച്ചു. 

"ഹിമ.. ഹിമക്കൊരു അസുഖം ഉണ്ടെന്ന് ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്"

"ഓ.. ഡോക്ടർ, എന്താ ചെയ്യേണ്ടേ. ട്രീറ്റ് ചെയ്‌താൽ മാറുന്നതല്ലേ"

"ഇല്ല ഹിമ. ഇതു ട്രീറ്റ് ചെയ്താൽ മാറില്ല. മാത്രമല്ല ഇതു ഹിമയുടെ കുഞ്ഞിനേയും ബാധിച്ചിട്ടുണ്ട്"

"ഓ, ജീവിത കാലം മുഴുവൻ മെഡിസിൻ കഴിക്കേണ്ടി വരുമോ. അത് എന്ത് അസുഖമാണ് ഡോക്ടർ"

"അത്.. മെഡിക്കൽ സയൻസിന് ഇതു വരെ അതിന് മരുന്ന് കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല..  ഹിമക്ക് HIV പോസിറ്റീവ് ആണ്"!

ഒരു ഇടി മിന്നൽ തലയിൽ നിന്നും കാൽ വരെ പാഞ്ഞു പോയി  "എയ്‌ഡ്‌സ്‌ (AIDS)"!

"പക്ഷേ.. എനിക്കെങ്ങനെ.. ഇത്.. ഇല്ല ഡോക്ടർ.. എനിക്കൊരിക്കലും ആ അസുഖം വരില്ല"

"കൂൾ ഹിമ... ഹിമയായിട്ട് അത് കൊണ്ടു വരില്ല എന്ന് ഞങ്ങൾക്കറിയാം. പക്ഷേ.. ഹിമയുടെ ഹസ്ബൻഡ് ആൾ എങ്ങനെയാ.. ഇനി ഹിമ അറിയാതെ.. അയാൾ വഴിയാണോ... "

"Nooo... ഇല്ല ഡോക്ടർ.. എൻ്റെ ചേട്ടൻ അത്തരത്തിൽ ഒരാളല്ല. എന്നെ വിട്ട് ചേട്ടൻ വേറൊരാളുടെ അടുത്ത് പോകില്ല.."

"ok.. ok.. എന്നാലും സാവകാശം അയാളോട് ഒന്ന് ചോദിച്ചു നോക്കൂ.."

അവൾ അപ്പോൾ തന്നെ ചേട്ടനെ ഫോണിൽ വിളിച്ചു...

"ചേട്ടാ.. ഡോക്ടർമാർ പറയുന്നു എനിക്കും മോൾക്കും എയ്‌ഡ്‌സ്‌ ഉണ്ടെന്ന്. അവർ സംശയം പറഞ്ഞു ചേട്ടൻ വഴിയെങ്ങാനുമാണോ ഇത് എനിക്ക് കിട്ടിയതെന്ന്. അല്ലെന്നു ഞാൻ തർക്കിച്ചു. പിന്നെങ്ങനെയാ ചേട്ടാ ഇതെനിക്കു വന്നേ"

പക്ഷേ അവൾ പ്രതീക്ഷിച്ച പോലെ അതിനെ നിഷേധിക്കുന്ന വാക്കുകളോ, സ്വാന്ത്വന സ്വരമോ ഒന്നുമായിരുന്നില്ല മറുപടി. അങ്ങേത്തലയ്ക്കൽ കനത്ത നിശബ്ദത. 

ആ മൂകതയിൽ നിന്നും അവൾ ആ സത്യം വായിച്ചെടുത്തു. തൻെറ ചേട്ടനിൽ നിന്നുമാണ് തനിക്ക് ഈ അസുഖം കിട്ടിയത്. വലിയ വിസ്ഫോടനങ്ങൾ അവളുടെ ഉള്ളിൽ ഒന്നിനു പിറകേ ഒന്നായി പൊട്ടിത്തെറിച്ചു. നിരപരാധിയായ താൻ മരണത്തിനു കീഴടങ്ങാൻ പോകുന്നു. തൻെറ സ്വപ്‌നങ്ങൾ, ആഗ്രഹങ്ങൾ എല്ലാം ഇവിടം കൊണ്ട് അവസാനിച്ചിരിക്കുന്നു. താൻ മാത്രമോ, ഒന്നുമറിയാത്ത എൻെറ കുഞ്ഞ്. അവൾ എന്തു പിഴച്ചു. ഞാൻ എന്ത് തെറ്റു ചെയ്‌തു. ഒരു നല്ല വീട്ടിൽ വളർന്നു വന്നവളാണ്‌ ഞാൻ. വിദ്യാഭ്യാസവും, ആരോഗ്യവും, സൗന്ദര്യവും, കഴിവുകളും പാകത്തിനുണ്ട്. എന്നിൽ നിന്നും കിട്ടാത്ത എന്തു കാര്യം തേടിയാണയാൾ മറ്റൊരു പെണ്ണിൻെറ അടുക്കലേക്ക് പോയത്. എൻെറ ശരീരവും മനസ്സും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. എൻെറ മാത്രമല്ല എൻെറ വീട്ടുകാരുടെയും. അയാളോടുള്ള രോഷം അവളുടെ തലക്കുള്ളിൽ ഒരു തീക്കുണ്ഡം പോലെ എരിഞ്ഞു തുടങ്ങി. അയാളോടു മാത്രമല്ല കളവു കാണിക്കുന്ന ആണുങ്ങളോടെല്ലാം ആ പകയുടെ തീ ആളി പടർന്നു.

'കൊല്ലണം.. എനിക്കു കിട്ടിയ അതേ അസുഖം അവറ്റകൾക്കു തിരികെ കൊടുക്കണം..'

ഭർത്താവ് വിദേശത്ത് ആത്മഹത്യ ചെയ്തു എന്ന വാർത്ത അവളെ ഒട്ടും സങ്കടപ്പെടുത്തിയില്ല.

"കിരണിനറിയാമോ, എൻെറ മോൾ ഊട്ടിയിലെ സ്കൂളിൽ അല്ല പഠിക്കുന്നത്. ഒരു പാലിയേറ്റിവ് കെയർ യൂണിറ്റിലാ. പാവം. എത്ര നാൾ ആണോ ആയുസ്സ്. ഉണ്ടെങ്കിൽ തന്നെയോ, വേദനയുടെയും വിട്ടു മാറാത്ത അസുഖങ്ങളുടെയും ചെറിയൊരായുസ്സ്".

"ഹിമയുടെ ആരോഗ്യത്തെ പറ്റി ഡോക്ടർ എന്തു പറയുന്നു"

"ഇമ്മ്യൂണിറ്റി മെയിൻറ്റെയിൻ ചെയ്യാനുള്ള മരുന്ന് കഴിക്കുന്നുണ്ട്.  കുറെ വർഷങ്ങൾ കൂടി വല്യ കുഴപ്പമില്ലാതെ പോകും. അതു കഴിഞ്ഞാൽ ചെറുതും വലുതുമായ അസുഖങ്ങൾ ഒന്നൊന്നായി വന്നു തുടങ്ങും. അങ്ങനെ ഞാൻ കടന്നു പോകും".

ഭയജനകമായ ഇത്രയും കാര്യങ്ങൾ കേട്ടു തണുത്തു മരവിച്ചു പോയ കിരണിൻെറ നേരെ പകയുടെ കനൽചിരിയോടെ അവൾ പറഞ്ഞു "പക്ഷേ കടന്നു പോകുന്നതിനു മുൻപ് കുറേ ചതിയന്മാർക്ക് ഈ അസുഖം ഞാൻ പകർത്തും. കുറച്ചു പേർക്ക്  ഇതിനോടകം ഞാൻ കൊടുത്തു കഴിഞ്ഞു.."

ഇപ്പോഴാണ് കിരൺ ശരിക്കും സ്തബ്ദനായിപ്പോയത്! എന്തൊക്കെയാണീ കേൾക്കുന്നത്.  അവസാനം അവൾ പറഞ്ഞു നിർത്തിയ ആ കുറച്ചു പേരിൽ താനും ഉൾപ്പെട്ടു പോകുമായിരുന്നല്ലോ.. ദൈവമേ.. ബലം നഷ്ടപ്പെട്ട അവൻ താനിരുന്ന കസേരയുടെ കൈകളിൽ മുറുകെ പിടിച്ചു.

 കേട്ട വാക്കുകളുടെ ജാള്യത മറച്ചു കൊണ്ട് അവൻ ചോദിച്ചു.. "ആർക്കൊക്കെ.. ഇതൊക്കെ എങ്ങനെ.."

"കിരൺ, കാണാൻ ഭംഗിയുള്ള ഒരു പെണ്ണിനോട്  കൂട്ടു കൂടാൻ, അടുത്തും അകലെയും ചുറ്റുപാടുകളിലും എപ്പോഴും ആണുങ്ങൾ ഉണ്ടാകും. കുറച്ചു മണിക്കൂറുകൾ ... അവൻെറ ജീവനു മേൽ മരണത്തിൻെറ വിത്തുകൾ വാരിയെറിഞ്ഞിട്ടു ഞാൻ പോരും. വീണ്ടും കാണാൻ  അവർ ഇടയ്ക്കിടെ എന്നെ ക്ഷണിച്ചു കൊണ്ടിരിക്കും. പക്ഷേ അവരറിയുന്നില്ലല്ലോ ഇനി ഒരിക്കലും എനിക്ക് അവരെ കാണണ്ട കാര്യം ഇല്ലെന്ന്‌.. ഹ ഹ.."

                                                         @@@@@@@@@@@@@@@@@

ആ കായലോരത്ത് അങ്ങനെ ഇരിക്കുമ്പോൾ കിരൺ ഹിമക്ക് മെസ്സേജ് അയച്ചു: "എനിക്കിട്ട് ഹിമ എന്താ പണി തരാഞ്ഞത്. എന്നെ എന്തു കൊണ്ട് ഒഴിവാക്കി"

"അത്.. എന്തോ.. കിരണിനോട് അങ്ങനെ ഒരു ചതി ചെയ്യാൻ എനിക്ക് തോന്നിയില്ല. ഓർമ്മയിൽ സൂക്ഷിക്കുന്ന 

എൻെറ നല്ല കാലങ്ങളിലെ ഒരാൾ. അന്ന് മനസ്സിൽ  എന്നോട് തോന്നിയ ഒരു  മോഹം, ഇപ്പോൾ ഈ സാഹചര്യത്തിൽ പുറത്തു വന്നതാണെന്നേ ഞാൻ കരുതുന്നുള്ളൂ. നമ്മൾ പഴയകാല ഫ്രണ്ട്സ് അല്ലേ. 

എന്നെ സമീപിച്ചവരിൽ, മരണ ശിക്ഷ ഒഴിവാക്കി ഞാൻ വെറുതെ വിട്ട ഒരേ ഒരാൾ താൻ മാത്രമാ. കുറേ തെറ്റുകൾക്കിടയിൽ ചെയ്യാൻ തോന്നിയ ഒരു ശരി".

തണുത്ത വിരലുകൾ കൊണ്ട് ഒരു സ്മൈലി മാത്രം അവൻ തിരിച്ചയച്ചു.

"മാത്രമല്ല കിരൺ..  എനിക്കിത് ആരോടെങ്കിലും ഒന്ന് ഷെയർ ചെയ്യണ്ടേ. മനസ്സിൻെറ ഭാരം ഒന്ന് ഇറക്കി വെക്കണ്ടേ. വിശ്വാസമുള്ള ഒരാളോടല്ലേ ഇതൊക്കെ പറയാൻ പറ്റൂ. വിധിയായിട്ട് അതിന് എൻെറ മുന്നിൽ കൊണ്ടെത്തിച്ചതാകും നിന്നെ. എൻെറ ശ്വാസം നിലയ്ക്കുന്ന സമയം എനിക്കാശ്വാസിക്കാമല്ലോ, എല്ലാം അറിയുന്ന ഒരാളെ ബാക്കി വെച്ചിട്ടാണ് ഞാൻ കടന്നു പോകുന്നതെന്ന്.. 

താൻ പോയി ജീവിക്ക്.. അവർക്കു രണ്ടു പേർക്കും താൻ മാത്രമല്ലേ ഉള്ളൂ. ഒരു രണ്ടാം ജന്മം കിട്ടിയെന്നു വിചാരിച്ചാൽ മതി"

സന്ധ്യയായി. കായലിലെ കാറ്റിന് നേർമയേറിയ തണുപ്പ്. ഫ്ളാറ്റിലെ ജനാലയിൽ നിന്ന് ഹിമയും ആ കായലിലേക്ക് നോക്കി അങ്ങനെ നിൽക്കുന്നുണ്ടായിരുന്നു.

കിരണിൻെറ മൊബൈൽ ഫോൺ റിങ് ചെയ്‌തു. സിത്താരയാണ്. 

"ചേട്ടാ ഓഫീസിൽ നിന്നിറങ്ങിയോ.. വരാൻ താമസിക്കുമോ. മോൾ കാത്തിരിക്കുന്നു"

"ദേ ഞാൻ ഇറങ്ങുകയായി"

കിരൺ ബൈക്ക് സ്റ്റാർട്ട് ചെയ്തു.

കുളിക്കുമ്പോൾ ഒരു സുഖം. തണുത്ത വെള്ളം തൻെറ ജീവിതത്തെ കഴുകി തണുപ്പിച്ച് ഒഴുകി പോകുന്നു. 

ദോശ ചുടുകയായിരുന്ന സിത്താരയുടെ അടുത്ത് ചെന്ന് അവളെ പിന്നിൽ കൂടി കെട്ടിപ്പിടിച്ചു.

"ഉം.. എന്തു പറ്റി.. ഒരു സ്നേഹ പ്രകടനം" അത് ആസ്വദിച്ചു കൊണ്ട് അവൾ അൽപ്പം കൂടി ചേർന്ന് നിന്നു കൊടുത്തു.

"ഒരു അപകടത്തിൽ നിന്നും ഞാൻ ഇന്നു തല നാരിഴക്ക് ഞാൻ രക്ഷപ്പെട്ടു. വലിയൊരു ആക്‌സിഡൻ്റിൽ നിന്നും.."

"ഓ ആണോ.. ആരുടെ ഭാഗത്താരുന്നു തെറ്റ്. ചേട്ടൻെറ ഭാഗത്തോ അതോ മറ്റേ ആളിൻെറ ഭാഗത്തോ"

"ഉം.. രണ്ടു പേരുടെ ഭാഗത്തും തെറ്റുണ്ട്"

"ഓ ആണോ.. സാരമില്ല.. ഏതായാലും ഒന്നും പറ്റിയില്ലല്ലോ"

"ഹാ.. നിൻെറ പ്രാർത്ഥന കൊണ്ടാകും"

ആ ഒരു സന്ധ്യ തൻെറ ജീവിതത്തിൽ കുറെയേറെ മാറ്റങ്ങൾ കൊണ്ടു വന്ന പോലെ. മനസ്സിന് ഒരു ഇരുത്തം വന്നു. അനാവശ്യമായ തിടുക്കമോ, പരിഭവങ്ങളോ കുറഞ്ഞിരിക്കുന്നു. ഒരു സ്വച്ഛത ജീവിതത്തിൽ കടന്നു വന്നിരിക്കുന്നു. 

സിത്താരയും ഇപ്പോൾ ഏറെ സന്താഷവതിയായി. ചേട്ടൻ തന്നെ ഇപ്പോൾ കൂടുതൽ care ചെയ്യുന്ന പോലെ. ഒരു ആക്‌സിഡൻ്റിന് ഇത്രയൊക്കെ മാറ്റങ്ങൾ കൊണ്ടു വരാൻ കഴിയുമോ. ഏതായാലും അതു നന്നായി!

ഹിമയോടുള്ള ഫോൺ വിളികളും മെസ്സേജിങ്ങും കിരൺ തീരെ കുറച്ചു. തങ്ങൾക്കിടയിലെ കനത്ത നിശബ്‌ദത മാറ്റാൻ ഒന്നു രണ്ടു പ്രാവശ്യം ഹിമ അവനെ വിളിച്ചു. ഒരു പ്രാവശ്യം അവളോടൊപ്പം ഹോസ്പിറ്റൽ ചെക്ക് അപ്പിന് കൂട്ട് പോയി. അന്ന് സന്ധ്യക്ക് അവൻ അവൾക്ക് മെസ്സേജ് ഇട്ടു.

"ഹിമ.. വിഷമം തോന്നല്ലേ.. ഇനി കഴിവതും നമ്മൾ തമ്മിൽ കാണുകയോ ഫോൺ വിളികളോ ഒന്നും വേണ്ട. വേറൊന്നും കൊണ്ടല്ല.. എന്നെങ്കിലും ഒരു ദിവസം നിൻെറ ഫോൺ പൊടുന്നനെ നിശ്ചലമാകും.  അത് അറിയുമ്പോൾ എൻെറ മനസ്സിന് വല്ലാത്തൊരു നീറ്റലായിരിക്കും.. 

എവിടെയെങ്കിലും നീ ജീവിച്ചിരിപ്പുണ്ടായിരിക്കും എന്ന് ഞാൻ വെറുതെ കരുതിക്കൊള്ളാം. ചില സത്യങ്ങൾ അറിയാതെ ഇരിക്കുന്നതാണ് നല്ലത്. മറക്കില്ലൊരിക്കലും. ഒരു ഹിമ മഴയായ് എൻെറ മനസ്സിൽ എന്നും നീ ഉണ്ടാകും.".

ആ മറുപടി കണ്ടപ്പോൾ ഹിമക്ക് നീരസം തോന്നിയില്ല. ആത്മാർത്ഥതയുള്ള ആ മനസ്സിൻെറ നല്ല വാക്കുകൾ കേട്ടപ്പോൾ  മനസ്സിൽ സന്തോഷം തോന്നി. അവനെ വെറുതെ വിട്ടത് എത്ര നന്നായി. സ്വസ്ഥതയോടെ തനിക്കീ ലോകത്തു നിന്നും എന്നെങ്കിലും കടന്നു പോകാം. എല്ലാം അറിഞ്ഞിട്ടും താൻ നന്നായിരിക്കണമെന്ന് ആഗ്രഹിക്കുന്ന  മനസ്സ് ഉള്ള .. തന്നെ മനസ്സിലാക്കുന്ന ഒരാളെ ബാക്കി വെച്ചിട്ടാണല്ലോ താൻ കടന്നു പോകുന്നത്. ആ രാത്രിയുടെ ഉറക്കത്തിലേക്ക് അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു. 

Srishti-2022   >>  Short Story - Malayalam   >>  ചെറുവേരുകൾ

Elsamma Tharian

UST Global

ചെറുവേരുകൾ

"എന്തൊരു പെങ്കൊച്ചാണിത്, എപ്പോ നോക്കിയാലും അവന്മാർടോടെ തെണ്ടിനടന്നോ,  കുളീം വേണ്ട ജപോം വേണ്ട. ആ മുടി ഇരിക്കണത് കണ്ടാമതി. നീയാ മോളമ്മയെ കണ്ട് പഠി. നാലക്ഷരം പഠിച്ചാ വല്ല ജോലീം കിട്ടും, അല്ലേ എന്നെപ്പോലെ അടക്കളേല് തന്നെ കിടന്നു നരകിക്കാം." ഓടിക്കിതച്ച് വന്ന എന്നെനോക്കിയാണ്  കലിതുള്ളി നിന്ന അമ്മ  സ്ഥിരം പല്ലവി ആവർത്തിച്ചെങ്കിലും, അവസാനത്തെ വാചകം അപ്പനുള്ളതായിരുന്നു. ഞെട്ടിക്കുന്ന ഒരു വാർത്ത വിളമ്പാൻ കിട്ടിയത്തിൻ്റെ ആവേശത്തിൻ ഞാനതു ഗൗനിച്ചതേയില്ല.

മോചനം കിട്ടാതെ കൂടിനുള്ളിലിരുന്ന് പൂപ്പലരിക്കാൻ വിധിക്കപ്പെട്ട പഴയ റൊട്ടിക്കഷ്ണങ്ങൾ കണക്കേ, അടുക്കടുക്കായുള്ള പത്തുനൂറു വീടുകളിൽ ഒന്നാണ് എൻ്റേതും. സയാമീസ് ഇരട്ടകൾ പോലെ ഉsൽ പങ്കിടുന്ന ഒരുവശം. ശ്വാസമെടുക്കാനായി മറുവശത്തു മാത്രമായി ജനാലകൾ.  ഇരട്ടവീടുകൾക്കിടയിൽ മണ്ണിനും മണ്ണിരയ്ക്കുമൊക്കെയായി അല്പം ഇടം അവശേഷിപ്പിച്ചിടത്ത് മാവും പ്ലാവും മുരിങ്ങയുമെന്നുവേണ്ട, കൈയ്യൂക്കുള്ളവരൊക്കെ സ്ഥാനം പിടിച്ചിരുന്നു. അവയുടെ അവകാശത്തെ ചൊല്ലിയുള്ള അല്ലറചില്ലറ കോലാഹലങ്ങളാണ് അയൽപക്ക ബന്ധങ്ങളെ സജീവമാക്കി നിർത്തിയിരുന്നത്. അവയ്ക്കിടയിലൂടെ നുഴഞ്ഞു കയറി അതിർത്തി തിരിക്കാനൊരു മുൾകമ്പിവേലിയുമുണ്ട്. എന്തിനാണിങ്ങനെ കമ്പിവേലിക്കിടയിൽ ഓട്ടകളെന്നാലോചിച്ച് ഞാൻ അന്നൊക്കെ തലപുകച്ചിട്ടുണ്ട്. ഇപ്പുറത്തെ തെറിവിളിയും ഗതികേടും അല്പം പോലും അരിച്ചു മാറ്റാതെ അപ്പുറത്തെത്തിക്കാൻ മാത്രമായിട്ടാണ് ഓട്ട ഇട്ടിരിക്കുന്നതെന്ന് വൈകി വന്ന തിരിച്ചറിവാണ്. അതും ഒരുതരത്തിൽ നല്ലതാ, അപ്പുറത്തുള്ളവരും എന്തെങ്കിലും സന്തോഷമറിയണ്ടെ !


ഇങ്ങനെ മുഖത്തോട് മുഖം നോക്കിനിൽക്കുന്ന നീണ്ട രണ്ടു വരി വീടുകൾക്ക് നടുവിലായി വീതികുറഞ്ഞതെങ്കിലും ടാറിട്ട റോഡുതന്നെ. അതിലെ സൈക്കളും ചില സ്കൂട്ടറുകളും മാത്രമേയങ്ങനെ കൂടുതലും പോകാറുള്ളു.  അമ്പാസിഡർ കാറും ജീപ്പുമൊക്കെ ദിവസത്തിൽ ഒന്നോ രണ്ടോ. ഇത്തിരി വലിയ ചേട്ടന്മാരും ചേച്ചിമാരും സൈക്കളോടിക്കാൻ പഠിക്കുന്നത് ഇതിലേയാണ്.  എങ്ങനെയും അവരോളമെത്തിയിട്ട് വേണം അപ്പൻ്റെ സൈക്കിളിൽ സ്വന്തമായി സവാരിക്കിറങ്ങാനെന്നതും അക്കാലത്തെ ഒരു കൊച്ചു സ്വപ്നമങ്ങനെ.

വൈകുന്നേരങ്ങളിൽ പെറ്റിക്കോട്ടു മാത്രമിട്ട ഞാനും, ബട്ടൻസും സിപ്പും പോയാൽ പിന്നുകുത്തി നിക്കറിടുന്ന കുറേ ചെക്കന്മാരും ഈ റോഡിലുണ്ടാകും. വേറെയും പെൺപിള്ളേരൊക്കെയൊണ്ടേലും എൻ്റെ കളികൾ കൂടുതലും ഈ ചെക്കന്മാർക്കൊപ്പമാണ്. അവരാകുമ്പോ പിണങ്ങിയാലും ഇണങ്ങാനങ്ങനെ പുറകെ നടന്ന് കെഞ്ചണ്ട. ഇത്തിരി ജാതിഭേദങ്ങൾ അതിനിടയിൽ ഇടംപിടിക്കാറുണ്ടായിരുന്നു എന്നതും ഒരു സത്യം.

വലിയ അവധിക്ക് സ്കൂള് പൂട്ടിയാൽ  കൂട്ടത്തിൽ ചെറിയ ഞാൻ തന്നെ കുരുത്തക്കേടിനൊക്കെ ചരടുവലിക്കുന്ന ചട്ടക്കാരി.  ഉച്ചയൂണു കഴിഞ്ഞാൽ പിന്നെ പരിസരത്തെ അമ്മച്ചിമാര് അങ്ങിറങ്ങും അഞ്ചും എട്ടുമൊക്കെ പ്രായമുള്ള പെൺപിള്ളേരെ ഓടിച്ചിട്ട് പിടിച്ച് കൂട്ടമായി തലയിലെ പേൻപിടിക്കാൻ.  കൂട്ടത്തിൽ പേൻ കൂടുതലുള്ള എൻ്റെ തലയ്ക്ക് ആവശ്യക്കാർ കൂടുതലാണ്. ചാകരയ്ക്ക്  കടൽതീരത്ത് മത്തിയടിയുന്ന പോലെയാണ് പല തലകളിൽ നിന്നായി, ഇളയതും മൂത്തതും ഈരുകുഞ്ഞുങ്ങളുമൊക്കെയായി കളം നിറയുന്നത്.  ഞെക്കികൊന്നും ഞൊട്ടികൊന്നും അവറ്റകളുടെ തല പൊട്ടിത്തെറിക്കുന്ന  ശബ്ദം അവർ അങ്ങ് ആസ്വദിച്ചു. അമ്മച്ചിമാരുടെ ഉള്ളിൽനിന്ന് പരോളിലിറങ്ങുന്ന കൊലയാളികൾ കലിതീരുവോളം അങ്ങനെ വിളയാടും. ഇതിനിടയിൽ വീണു കിട്ടുന്ന ചില അന്തർജന വിശേഷങ്ങൾ ഇവിടുന്ന് ചോർത്തിയെടുത്ത് ചെക്കൻമാർക്കിടയിൽ അവതരിപ്പിച്ചാണ് പലപ്പോഴും ഞാൻ കേമിയാകുന്നത്.  അതിനു വേണ്ടി മാത്രമാണ് പേൻകടിയേക്കാൾ അസഹ്യമായ പേൻ ചീപ്പിനെ ഞാൻ സഹിച്ചിരുന്നത്.

അയാൾക്ക് ഭ്രാന്താണെന്നാണ് എങ്ങനൊക്കെയോ മുതിർന്നുപോയവർ പറഞ്ഞു പഠിപ്പിച്ചിരുന്നത്. ത്രികോണാകൃതിയിലുള്ള മുഖത്തെ ലോല ഭാവങ്ങളെ മറയ്ക്കുമാറ് വളർന്ന് പന്തലിച്ച താടിയും മുടിയും അയാൾക്ക് ആവശ്യത്തിൽ കവിഞ്ഞ ഭ്രാന്ത് ചാർത്തി കൊടുത്തു. കൂട്ടത്തിൽ അരക്കെട്ടും കഴിഞ്ഞ് താഴേയ്ക്ക് നീളുന്ന  നീണ്ട വള്ളികളുള്ള ഒരു തുണിസഞ്ചിയും, പോക്കറ്റ് തൂങ്ങിയ ഒരു മുഷിഞ്ഞ ജുബയും. ഇത്രയൊക്കെ തന്നെ ധാരാളമാണ് ഒരാൾക്ക് ഭ്രാന്തനാവാൻ.


ഇടയ്ക്ക്  ഭ്രാന്ത് മൂർച്ഛിക്കുമ്പോ ഊളൻപാറയിൽ കൊണ്ടുപോകുമെന്നുള്ള കുട്ടികൾക്കിടയിലെ അടക്കംപറച്ചിൽ  എൻ്റെ ഭ്രാന്താലയ സങ്കല്പങ്ങൾക്ക് ആൾരൂപമേകി....ഷോക്കടിപ്പിക്കുമ്പോൾ അടിമുടി  വിറയ്ക്കുന്ന രംഗം അഭിനയിക്കുന്നത് ഓമനക്കുട്ടൻ്റെ കുത്തകയാണ്. കപ്പ (മരച്ചീനി ) യുടെ ഇല അങ്ങോട്ടുമിങ്ങോട്ടും തിരിച്ച് മാലയുണ്ടാക്കിയുള്ള ഓസ്കർ സമ്മാനമെന്നും അവനുള്ളതാ..

കാടാറുമാസം നാടാറുമാസം എന്ന കണക്കേ, വല്ലപ്പോഴും മാത്രം കാണുന്ന കഥാനായകൻ അവശേഷിക്കുന്ന കാലം ഭ്രാന്താലയത്തിലെ അന്തേവാസിയായിരിക്കുമെന്ന്  എൻ്റെ കുഞ്ഞു മനസ്സ് ഉറപ്പിച്ചു. അക്രമിയായി ഒരിക്കലും നേരിൽ കണ്ടിട്ടില്ലെങ്കിലും, ഭ്രാന്തിൻ്റെ നിർവചനത്തിൽ ഞാൻ അതും ഉൾപ്പെടുത്തി. ടിവി വന്നിട്ടില്ലാത്ത കാലമായതുകൊണ്ടും മൃഗശാലയിലൊന്നും  പോയിട്ടുമില്ലാത്തകൊണ്ടും, ഒരു ഏഴുവയസ്സുകാരിയുടെ പേടിസ്വപ്നങ്ങളിലെ നിത്യസന്ദർശകനായി ചാത്തൻകുട്ടി ചേട്ടനെന്ന ഈ അയൽവാസി....

ആളെണ്ണം കൂടുതലുള്ള വീടുകളിൽ എല്ലാവർക്കും അകത്തു കിടക്കാനിടമില്ലാത്തകൊണ്ട്, മുറ്റത്ത് വീടിനോട് ചേർത്ത് ഷീറ്റുപോലൊന്ന് വലിച്ചുകെട്ടിയ ചിലതും അക്കൂട്ടത്തിലുണ്ട്. അങ്ങനൊന്നാണ് ചാത്തൻകുട്ടി ചേട്ടൻ്റേതും. സമപ്രായക്കാരായ ആരും തന്നെ അവിടെയില്ല. ജാതീയമായും സാമ്പത്തികമായും ഏറ്റവും താഴെയാണവർ. കറുപ്പൊക്കെ കുറച്ചിലാണെന്ന് ആ പ്രായത്തിലെ തിരിച്ചറിഞ്ഞ എനിക്ക്, ഒരു ബ്ലൗസും ലുങ്കിയും മാത്രമുടുത്ത മുടിയോളം തന്നെ കറുത്ത് മെലിഞ്ഞ ചാത്തൻകുട്ടി ചേട്ടൻ്റെ അമ്മ ഒരിക്കലും അമ്മമാരുടെ ഗണത്തിലായിരുന്നില്ല. അലിവുമില്ല ആദരവുമില്ല.

ഒരു കൈയകലത്താണ് വീടുകളെങ്കിലും അങ്ങനെ പല പല കാരണങ്ങൾകൊണ്ട് അവരുമായുള്ള സമ്പർക്കം നന്നേ കുറവാണ്.  പോരാത്തതിന് ഭ്രാന്തുള്ള കുടുംബവും ! .

നന്നായി ചിത്രം വരയ്ക്കുന്നയാളാണ് ഈ ഭ്രാന്തൻ ചേട്ടൻ. വീടിൻ്റെ മുൻഭിത്തിയിൽ മഞ്ഞയും നീലയും ചുമപ്പുമൊക്കെ കലർന്ന ഒരു സ്ത്രീരൂപം വരച്ചിട്ടിട്ടുണ്ട്. ഞാൻ അങ്ങോട്ട് അധികം നോക്കാറില്ല, പേടിയാണ്; നാക്കൊക്കെ നീട്ടിയ ആ ചേച്ചിയെ നോക്കിയാൽ ഭ്രാന്തു പകരുമെന്ന പേടി!

തൊട്ടടുത്ത് ഞാനൊരിക്കലേ പോയിട്ടുള്ളൂ. ഭ്രാന്തില്ലാത്ത സമയമാണതെന്നൊക്കെ കൂട്ടുകാരിൽ നിന്നറിഞ്ഞിരുന്നു. അങ്ങനെ ഒരുദിവസം ചിക്കിപ്പറിച്ച് നടക്കുന്ന കോഴിയെപ്പോലെ ഒരു കോലും കൊണ്ട് തേരാപാരാ നടക്കുന്ന എന്നെ വിളിച്ചതാണ്. "ശൂ ശൂ ഇങ്ങു വാ ".
പോകണോ വേണ്ടയോ? കൈയ്യിൽ കോലുണ്ടല്ലോ എന്ന ധൈര്യത്തിൽ അല്പം അകലം പാലിച്ച് അടുത്തുചെന്നു നിന്നു. "ഈ പടം വേണോ ? അമ്പലക്കുളത്തിലെ താമരയാ."
അമ്പലക്കുളം എനിക്കന്ന് പേടിയാ. എൻ്റെ ദൈവമല്ലാത്തതൊക്കെ പിശാചിൻ്റെ ദൈവമാണെന്നാണ് ഏതോ 'ദൈവവിശ്വാസി' പഠിപ്പിച്ചുതന്നത്.  അതുകൊണ്ടുതന്നെ
'കൗസല്ല്യ സുപ്രജരാമ പൂര്‍വ  ..... ' കേട്ടാലും അഞ്ചുനേരത്തെ വാങ്ക് വിളി കേട്ടാലും, പിള്ളേരെ പിടുത്തക്കാർ ചാക്കുമായി വരുമെന്നപോലെ, പിശാചുദൈവങ്ങൾ ഇരുട്ടിൻ്റെ മറവിൽ വന്ന് ചോരകുടിക്കുന്ന രംഗം എൻ്റെ ഞരമ്പുകളെ വലിഞ്ഞുമുറുക്കും. ഞാൻ ഓടി ആരുടെയെങ്കിലും ഓരം ചേരും.
എന്നിട്ടും പക്ഷേ അമ്പലക്കുളത്തിലെ താമരയുടെ ചിത്രം ഞാൻ വാങ്ങി. എനിക്കാദ്യമായി കിട്ടിയ ഒരു സമ്മാനം !

സ്കൂളിൽ പോയിവരുന്ന വഴിയിൽ അല്പം ദൂരം ആളൊഴിഞ്ഞ ഒരു റബ്ബർ തോട്ടത്തിലൂടെ നടന്നാൽ എളുപ്പം വീട്ടിലെത്താം. ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ ഇടയ്ക്കിടയ്ക്ക് മാത്രമേ സൂര്യൻ കനിയൂ. ഇരുട്ടാണ് കൂടുതലും. കൂട്ടം തെറ്റി ഒറ്റയ്ക്കുവരുന്ന ദിവസങ്ങളിൽ ഞാൻ കുടുതലും പിന്നോട്ട് നോക്കിയാണ് മുന്നോട്ട് നടക്കാറ്. ഇരുട്ടിൽ വരുന്ന പ്രേതങ്ങളെയാണ് എനിക്ക് അവിടെ എത്തുമ്പോൾ ഓർമ്മവരുന്നത്. കൂട്ടത്തിൽ ഭ്രാന്തൻ അയൽവാസിയെയും. രണ്ടും എനിക്ക് ഒരേപോലെ.

അതൊരു ശനിയാഴച്ചയായിരുന്നു. കളികഴിഞ്ഞ് ഊണുകഴിക്കാൻ ഞങ്ങൾ പിരിഞ്ഞു. എല്ലാരും തിരിച്ചെത്തിയ ശബ്ദങ്ങൾ കേൾക്കാം. ഞാൻ മാത്രം കഴിച്ചിട്ടില്ല. അമ്മയ്ക്ക് തലേന്ന്തൊട്ട് ആരോടോ എന്തിനോടോ ഉള്ള കലിപ്പ് തീർന്നിട്ടില്ല, അതുകൊണ്ട് എല്ലാം പയ്യെയാണ്, ചോറ് വേവുന്നേയുള്ളൂ. കാര്യമന്വേഷിക്കാൻ ചെന്നാൽ, വടികൊടുത്ത് അടിവാങ്ങുന്ന പോലെയായതുകൊണ്ട് ഞാൻ അകത്തും പുറത്തുമല്ലാത്തപോലെ അടുക്കളവാതിലിൽ ചാരി ആടിയാടി നിന്നു. പെട്ടന്നാണ് ചങ്ങാതിക്കൂട്ടത്തിലേയ്ക്ക് ഓമനക്കുട്ടൻ എന്നെ കൊതിപ്പിക്കുന്ന ഒച്ചയുണ്ടാക്കി ഓടിവന്നത്.  ഞാൻ പയ്യെ ജനലരികിൽ പോയി എത്തി നോക്കി. റോഡുപണിക്കിടയിൽ അവര് കാണാതെ അപ്പൻ അഞ്ചാറ് ചട്ടി മെറ്റല് വാരി  മുറ്റത്തിൻ്റെ മൂലയ്ക്ക് കൂമ്പാരം കൂടിയിട്ടുണ്ട്. അതാണ് ഞങ്ങളുടെ സ്ഥിരം ഇരിപ്പിടം. മെറ്റലിൻ്റെ അളവ് കുറയുന്നതിന് അപ്പനെന്നെ ഇടയ്ക്ക് ചെറിക്ക് പിടിക്കാറുമുണ്ട്. ഓമനക്കുട്ടൻ എന്തോ കഥപറയുന്നു. അവൻ്റെ അച്ഛൻ തൊപ്പിയുള്ള പോലീസുകാരനാ. അതുകൊണ്ടുതന്നെ അവൻ ധീരകഥകളൊക്കെ പറയുമ്പോൾ ഞങ്ങൾ ആരാധനയോടെ കേട്ടിരിക്കാറുണ്ട്. ഇന്നത്തെ കഥയിൽ എല്ലാവരും സംസാരിക്കുന്നു, അതിശയം പ്രകടിപ്പിക്കുന്നു ! വിശപ്പിനെ ഞാൻ തൽക്കാലം മറന്നുകളഞ്ഞ്, അമ്മ കാണാതെ പുറത്തുചാടി.  എല്ലാവരും തിരക്കിട്ട് അവനവൻ്റെ സിദ്ധാന്ദങ്ങൾ വിളമ്പുന്നതിനിടയിൽ മാക്രിമാത്തനാണ് എന്നോട് കാര്യം പറഞ്ഞത്. "റബ്ബർതോട്ടത്തിനപ്പറത്തെ ആ പഴയ അമ്പലക്കുളത്തിലൊരു ശവം പൊങ്ങി !!  കണ്ടാ തിരിച്ചറിയൂല, ചീഞ്ഞനാറ്റാ, പായേല് പൊതിഞ്ഞ് പോലീസ്സാര് കൊണ്ടോയി. ഓമനക്കുട്ടൻ്റെ അച്ഛൻ പറഞ്ഞത് അത് ചാത്തൻകുട്ടിയാണെന്നാണ്. "

കിട്ടിയ വിവരം ആദ്യമെത്തിക്കാൻ എല്ലാരും നാലുപാടുമോടി. ഞാനും ഓടി വീട്ടിലേയ്ക്ക്, അമ്മയോട് ഈ ഞെട്ടിക്കുന്ന വാർത്ത പറയാൻ. കേട്ടതും കലിതുള്ളി നിന്ന അമ്മയ്ക്കും പെട്ടന്നെന്തൊരു ഭാവമാറ്റം! ആരാൻ്റമ്മക്ക് ഭ്രാന്ത് പിടിക്കുമ്പോഴാണ് വീട്ടലെ പലരുടെയും ഭ്രാന്തിന് ശമനമുണ്ടാകുന്നത് എന്നതും ഒരു വിരോധാഭാസമാണ്.

മരണങ്ങളിൽ ജീവനുണരുന്ന നാട്! മരണമാണ് ഏറ്റവും വലിയ ആലോഷമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പന്തലിടാൻ, പെട്ടിവാങ്ങാൻ, കരയാൻ വരെ എല്ലാവർക്കും  ഒരേ മനസ്സ്, ഒരേ ആവേശം! ചില തലതല്ലികരച്ചിലും എണ്ണിപ്പെറുക്കലുകളും, പിന്നെ അതിൻ്റെ ഗുണനിലവാരമനുസരിച്ച് മരിച്ചയാളോടുള്ള സ്നേഹത്തിൻ്റെ തോത് നിശ്ചയിക്കലും ഒക്കെയായി ജീവചരിത്രം ആട്ടക്കഥ  പിന്നേയും കുറേ ദിവസങ്ങളങ്ങനെ അരങ്ങേറും.
മരണം എനിക്കും വലിയ ഇഷ്ടമാ. ആരേലും മരിക്കുമ്പോ തൊട്ടുള്ള കൊതിയാണ്, ഏഴ് അല്ലെങ്കിൽ സഞ്ചയനത്തിനുള്ള പായസത്തോട്. പിള്ളേരുടെ കൊതിക്ക് അഭിമാനപ്രശ്നങ്ങളന്ന്  അനുഭവപ്പെട്ടിരുന്നില്ല.

പെട്ടന്ന് തന്നെ അവിടെ ആൾക്കൂട്ടമായി ബഹളമായി, രംഗം ഉഷാറായി. നിഗമനങ്ങൾ പലതായി.

"ഭ്രാന്ത് മൂത്തപ്പോ ചാടിചത്തായിരിക്കും."  
"ഏയ്, കൈയ്യിലിരിപ്പതായകൊണ്ട് വല്ലോനും തല്ലികൊന്നിട്ടതായിരിക്കും."

തല്ലികൊന്നതാണെങ്കിൽ അമ്മയല്ലാതെ പിന്നതാരായിരിക്കും !   എന്നെ ഓടിച്ചിട്ട് ഈർക്കലികൊണ്ട് തല്ലിക്കൊല്ലാൻ നോക്കുന്ന അമ്മയെ മാത്രമേ എനിക്കന്നറിയൂ.

അധികം താമസിയാതെ ഔദ്യോഗിക അറിയിപ്പെത്തി;
'മരിച്ചത് ചാത്തൻകുട്ടി തന്നെ.'

ചാത്തൻകുട്ടി ചേട്ടൻ്റെ ചത്ത് ചീഞ്ഞ മുഖമെൻ്റെ ഉൾവായുവിനെ കട്ടിയാക്കി. അവ അകത്തേക്കും പുറത്തേക്കും പോകാൻ വിസ്സമതിച്ച്, കഴുത്തിൽ കട്ടപിടിച്ചു. ഇനി എന്നെ പിൻതുടരാൻ പുതിയൊരു പ്രേതംകൂടി ! കണ്ണുതുറന്നാലും കൈനീട്ടിയാലും എന്നെ പിടിക്കാവുന്ന ദൂരമേയുള്ളൂ.  ചെക്കന്മാരുടെ കൂട്ടത്തിൽ കൂടാൻ അവരെപ്പോലെ ധൈര്യശാലിയായി അഭിനയിക്കുന്ന ഞാൻ എങ്ങനെ ആരോടെങ്കിലും ഈ പ്രേതപ്പേടി പറയും ! ഞാൻ തീർത്തും ഒറ്റയ്ക്കായി.

അന്ന്  പോസ്റ്റ്മോർട്ടം എന്നൊന്നും ആരും പറഞ്ഞുകേട്ടതായി ഓർക്കുന്നില്ല, ഇനി ഉണ്ടായിരിന്നോ, എങ്ങനെ ആളെ തിരിച്ചറിഞ്ഞു എന്നൊന്നുമുള്ള സംശയങ്ങൾ എൻ്റെ ഇളം ബുദ്ധിയിൽ തോന്നിയില്ല. മുറ്റത്ത് പണ്ടേ ഷീറ്റ് വലിച്ച് കെട്ടിയിരുന്നകൊണ്ടും പന്തലിനുള്ള പ്രൗഡി അവർക്കില്ലാഞ്ഞകൊണ്ടും അങ്ങനൊന്നുണ്ടായില്ല. കൂട്ടം കൂടി കാര്യങ്ങളൊക്കെ അന്വേഷിക്കുന്നുണ്ടെങ്കിൽ എല്ലാവരിലും  ഒരു ദുർമരണത്തിൻ്റെ അറപ്പ് കാണുന്നുണ്ടാ. വലിയ സഹാനുഭൂതിയൊന്നും ആരിലുമില്ല.
കിംവദന്തികൾക്കു പക്ഷേ കുറവൊന്നുമില്ലാഞ്ഞകൊണ്ട് ഞങ്ങൾക്ക് അവിടെയുമിവിടെയും നടന്ന് കേൾക്കാനൊരുപാടുണ്ടായിരുന്നു. ശവമെങ്ങനെ കൊണ്ടുവരും, തുറന്നുകാണിക്കാൻ വഴിയില്ല; നാറും, അമ്മയെ ചിലപ്പോ കാണിക്കും എന്നിങ്ങനെ പലതും. അമ്മയെ കാണിച്ചാൽ ആ തക്കത്തിന് എങ്ങനെയും ഒന്നു കാണണമെന്ന് ഞാനും കരുതി, ഇങ്ങനൊരെണ്ണം ഇതുവരെ കണ്ടിട്ടില്ലല്ലോ!

ഈ മനുഷ്യന് വേണ്ടിയും ആളുകൾ ഇങ്ങനെ കാത്തിരിക്കുമോ!! അക്ഷമരായി രണ്ടുമണിക്കൂറോളം റോഡിൻ്റെ ഓരം ചേർന്ന് മുതിർന്നവർക്കൊപ്പം ഞങ്ങളും ഇടം പിടിച്ചു. ആളുകൾ കൂടുന്നയിടമായതുകൊണ്ട് പെറ്റിക്കോട്ട് മാറ്റി, താരതമ്യേന ഭേദപ്പെട്ട ഒരുടുപ്പിട്ടിട്ടുണ്ട്, അതിലെനിക്ക് അല്പം അഭിമാനവും തോന്നി.

കാത്തിരിപ്പിനൊടുക്കമായി. മാക്രിമാത്തൻ പറഞ്ഞപോലെ, പായയിൽ പൊതിഞ്ഞ് നാലഞ്ചുപേര് തോളത്തു വച്ച് കൊണ്ടുവരുന്ന എൻ്റെ സങ്കല്പങ്ങൾക്ക് മങ്ങലേറ്റിരിക്കുന്നു. പ്രതീക്ഷകളൊക്കെ തെറ്റിച്ച് രാജകീയമായ വരവ്. ഞാൻ അന്നുവരെ കണ്ടിട്ടുള്ളത്തിൽ വച്ച് ഏറ്റവും ചന്തമുള്ള ഒരു വലിയ വെളുത്ത വണ്ടി. ഇംഗ്ലീഷൊക്കെ കൂട്ടിവായിക്കാൻ പഠിച്ചു തുടങ്ങിയതിൻ്റെ ആത്മവിശ്വാസത്തിൽ വണ്ടിയുടെ മുന്നിൽ എഴുതിയത് വായിക്കാൻ ഞങ്ങൾ പരസ്പരം വെല്ലുവിളിച്ചു. 'ƎƆИA⅃UꓭMA'  പലരും പലതും പറഞ്ഞെങ്കിലും, കുട്ടത്തിൽ പഠിപ്പിൽ അല്പം ഭേദപ്പെട്ട  എൻ്റെ  'എംമ്പളം' എന്ന കണ്ടുപിടുത്തം എല്ലാവരും ശരിവച്ചു. ഞാൻ പെട്ടന്ന് അഹങ്കാരിയായി, ഈ ഇംഗ്ലീഷറിയാത്തവന്മാരാണല്ലോ എൻ്റെ കൂട്ടെന്ന് സ്വയം പരിതപിച്ചു.

തിക്കിതിരക്കി ഞങ്ങളും വണ്ടിയുടെ പരിസരത്തൊക്കെയെത്തി. പായയിലല്ല, പെട്ടിയിലാണ് ചേട്ടൻ്റെ കിടപ്പ്. ഇത്രയും നേരം വെള്ളത്തിൽ കിടന്നകൊണ്ട് നാറ്റം വരാതെ പെട്ടിയിലാക്കിയിരിക്കുവാണെന്ന് അതിനിടയിൽ നിന്ന് ആരോ പറഞ്ഞു കേട്ടു. ചന്ദനത്തിരി, കർപ്പൂരം, കുന്തിരിക്കം എന്നുവേണ്ട പുകയും മണവുമുള്ള എല്ലാം വാരിക്കോരി കത്തിക്കാൻ തുടങ്ങി. അന്നുമുതൽ പിന്നിങ്ങോട്ട് എക്കാലവും  എനിക്ക് ചന്ദനത്തിരിമണമറിഞ്ഞാൽ ഉളളിൽ പതുങ്ങിയിരിക്കുന്ന പ്രേതങ്ങൾക്ക് പ്രാണവായു കൊടുക്കുന്നപോലെയാകും.

പെട്ടി പയ്യെ  മുറ്റത്തോട്ട് എടുത്ത് വച്ചതും വീടിൻ്റെ ഉള്ളിൽ നിന്ന് അലറിക്കരഞ്ഞുകൊണ്ട് അമ്മയും ഫുൾപ്പാവാടയും ഷർട്ടുമിട്ട, പൊക്കത്തിൽ ഒരിഞ്ചൊക്കെവച്ച് വ്യത്യാസമുള്ള അഞ്ചാറ് ചേച്ചിമാരും പുറത്തെത്തി. എല്ലാവരും ഏറെക്കുറേ ഒരുപോലൊക്കെ.
ചാത്തൻകുട്ടി ചേട്ടന് മൂന്ന് ചേട്ടൻമാർ കുടിയുള്ളത് എനിക്കറിയാം, പുറത്തുപോകുന്നതും വരുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഇതൊക്കെയാരാ, ആവോ ! ഇത്രയും പേർ ഈ വീടിനകത്തെ അന്തേവാസികളാണെന്ന്  പിന്നീടാണറിഞ്ഞത്. പട്ടിണി മൂത്ത് ഭ്രാന്തായ കുടുംബമാണെന്നതും വൈകി വന്ന തിരിച്ചറിവാണ്.

അപ്പോഴേയ്ക്കും ഇത്തിരിപ്പാേന്ന മുറ്റത്ത് തിക്കിഞെരുക്കി ആളുകൾ ബഹളമായി. വലിയ കാലുകൾക്കിടയിൽ കൈയ്യും തലയുമിട്ട് ഇടമുണ്ടാക്കി ഞാൻ ഒരുതരത്തിൽ പെട്ടിയുടെ ഒരുവശത്തായി എത്തിപ്പെട്ടു. 'പെട്ടി തുറക്കരുത്, അവിടെ തൊടരുത്, ഇവിടെ പിടിയെടാ.. ' എന്നൊക്കെയുള്ള ആക്രോശങ്ങൾക്കിടയിലും, ''എൻ്റെ പൊന്നുമോനേ, അമ്മയ്ക്ക് നിന്നെ ഒന്നൂടെ കാണണോടാ " എന്ന അലർച്ച ശ്രദ്ധിക്കപ്പെട്ടു. എനിക്കാദ്യമായി അവരോട് അലിവുതോന്നി. എനിക്ക് മാത്രമല്ല, വേറെ ആർക്കോ കൂടി തോന്നി.
"അമ്മയെ എന്തായാലുമൊന്ന് കാണിച്ചിട്ട് കൊണ്ടുപോയാൽ മതി." അയാളൊറ്റയ്ക്ക് ഉച്ചത്തിൽ തീരുമാനിച്ചു.
അങ്ങനെ പെട്ടി പയ്യെ തുറക്കാൻ തുടങ്ങുന്നു. സ്ത്രീകൾ സാരിതുമ്പുകൊണ്ടും പുരുഷന്മാർ കൈമുട്ടുകൊണ്ടും നേരത്തേതന്നെ മൂക്കുപൊത്തിത്തുടങ്ങി. പുക നിറഞ്ഞിട്ട് കൃത്യമായൊന്നും കാണാതായി. ആകാംഷകൊണ്ട് എല്ലാവരും തന്നെ പാദങ്ങളിൽ നിന്ന് പെരുവിരളിലേയ്ക്ക് ശരീരത്തെ നിയന്ത്രിച്ച് നിർത്താനുള്ള ശ്രമമാരംഭിച്ചിരിക്കുന്നു.
ഒരു വശത്തുനിന്ന് പെട്ടിയുടെ അടപ്പ് തുറന്നു തുടങ്ങിയതും, തലകളൊക്കെ അങ്ങോട്ട് ആകർഷിക്കപ്പെട്ടു. കാണുന്നതും ശ്വസിക്കുന്നതും പുകതന്നെ. പേടിച്ചിട്ട് ഞാൻ അടുത്തുനിന്ന കാലിൽ വട്ടം പിടിച്ചു. കരച്ചിലുകളുടെ ഒച്ചയും കൂടി.
"ഒന്ന് കണ്ടിട്ട് പെട്ടന്നടച്ചോ ." പിന്നാലെ നിന്ന് ഒരു ശബ്ദം.
"ഇയാളെന്തു പേടിതൊണ്ടനാ, കാണാൻ പേടിയാണേൽ പിന്നെന്തിനാ ഇങ്ങു പോന്നേ?
ആ ബഹളത്തിനിടയിൽ എൻ്റെ ശബ്ദം ആര് കേൾക്കാൻ! എനിക്കെങ്ങനെയും കണ്ടേ മതിയാകൂ, ഈ കാര്യത്തിൻ ഞാൻ കൂട്ടുകാർക്കായി കാത്തുനിന്നില്ല. പെട്ടിയുടെ തുറന്നവശത്തേയ്ക്ക്  കുത്തിഞെരുക്കി എത്തി. എന്നെ മുടിക്ക് പിടിച്ച് ആരോ ശകാരിച്ചു. ''എങ്ങോട്ടാണീ പോണത്, മാറിപ്പോടി." വഴക്കും വേദനയും എനിക്ക് ഏശിയതേയില്ല. മുന്നോട്ട് വച്ച കാല് മുന്നോട്ട് തന്നെ.

ഇത്രയൊക്കെ അദ്ധ്വാനിച്ചത് വെറുതെയായി. പെട്ടിയ്ക്കകത്ത് ഒരു വെള്ള തുണിയിൽ മുഴുവനായും പൊതിഞ്ഞ് നേർത്ത ഒരു വള്ളി കൊണ്ട് വലിച്ചു മുറുക്കി കെട്ടിയിരിക്കുന്നു.
"ആ തുണി അഴിക്കാൻ പറ്റില്ലാ.." ഓമനക്കുട്ടൻ്റെ അച്ഛൻ കല്പനയിറക്കി. പെട്ടി വീണ്ടും അടയ്ക്കപ്പെട്ടു. "ഇയാളാരാ അത് തീരുമാനിക്കാൻ,  എനിക്ക് കാണണം." പോലീസുകാരനോട് ഉറക്കെ ചോദിക്കാനുള്ള വലിപ്പമില്ലാത്ത എൻ്റെ മനസ്സ് പയ്യെ പ്രാകി.  സർവ്വശക്തിയുമെടുത്ത് വീണ്ടും വീണ്ടും ആഞ്ഞു വലിച്ച് നോക്കിയിട്ടും എനിക്ക് ശവം ചീഞ്ഞ മണമേതാണെന്ന് മനസ്സിലായില്ല. മരണത്തിൽ തോന്നാത്ത വേദന, ആ ചീർത്തു ചീഞ്ഞ മുഖം കാണാനാവാത്തതിൽ എനിക്കും, പിന്നെ എല്ലാവർക്കും തോന്നി. 

വലിയ താമസമില്ലാതെ ശവം തിരിച്ച് വണ്ടിയിൽ കയറ്റാനാനുള്ള ശ്രമമായി. മാക്രിമാത്തനും ഓമനക്കുട്ടനും ജോസപ്പും ഞാനും കൂടിയാലോചന തുടങ്ങി. ''ശവം കത്തിക്കുന്നതെങ്ങനാ, ചൂട്ടുകൊണ്ടാണോ?" ജോസപ്പൻ്റ സംശയത്തിന്  ആർക്കും കൃത്യമായ ഉത്തരമില്ലായിരുന്നു.
"ഞങ്ങളേക്കെ കത്തിക്കൂലാ, കുഴിച്ചിടുവാ. ഇന്നാള് എൻ്റപ്പാപ്പൻ മരിച്ചപ്പോ വല്യ കുഴിലേക്ക് വള്ളിയൊക്കെ കെട്ടിയാ ആ പെട്ടി അങ്ങനെ എറക്കിയേ. കാണണ്ട കാഴ്ചയാ!  ഞാൻ ദേ ഇങ്ങനെ തൊട്ടടുത്തുന്ന് കണ്ടതാ."
ആത്മപ്രശംസ കലർന്ന ആത്മഗതം കൂടി അവൻ കൂട്ടിച്ചേർത്തു. എനിക്കും മാത്തനും ആവേശമായി. ഒന്ന് ആഞ്ഞ് ഓടിയാൽ എത്താവുന്ന ദൂരമേയുള്ളൂ ശ്മശാനത്തിലേയ്ക്ക്. സ്കൂളിലേക്ക് ചുറ്റിക്കറങ്ങിപ്പോകുന്ന വഴിയിൽ നിന്ന് നോക്കിയാൽ കാണാവുന്നതാണ് ശ്മശാനം. ആലോചിക്കാനോ വീണ്ടുവിചാരത്തിനോ സമയമില്ല.  ഓമനക്കുട്ടൻ പക്ഷേ നിലപാടു മാറ്റി. ഞങ്ങളെയും പിൻതിരിപ്പിക്കാനുള്ള ശ്രമത്തിൽ മാക്രിമാത്തൻ വീണു. ഞാനും എന്നേക്കാൾ രണ്ടോ മൂന്നോ വയസ്സ് മൂപ്പുള്ള ജോസപ്പും, അവൻ്റെ വാലായി നടക്കുന്ന അനിയൻ അന്ത്രുവും ശവക്കോട്ട ലക്ഷ്യമാക്കി ഓടാൻ തുടങ്ങി. ഒരല്പം കയറ്റം കയറി വേണം അവിടെയെത്താൻ. ശ്വാസംമുട്ടിത്തുടങ്ങി. എന്നാലും വണ്ടിയെത്തും മുമ്പേ ഞങ്ങളെത്തി. പണ്ട് കെട്ടിടം പണിയാൻ ചെങ്കല്ല് വെട്ടിയെടുത്ത ഒരു വലിയ കുഴിയെ രൂപം മാറ്റി ശ്മശാനമാക്കിയതാണ്.  കല്ലുവെട്ടിയുണ്ടാക്കിയ ചവിട്ടുപടികൾ ഇറങ്ങിവേണം മുഴുവൻ തുറന്നുകിടക്കുന്ന ശ്മശാനത്തിന് ഉളളിൽ കയറാൻ. ഞങ്ങൾ അതിൻ്റെ മുകളിൽ ഒരുവശത്തായി സ്ഥാനം പിടിച്ചു.  അവിടെ നിന്നാൽ എല്ലാം കാണാം. ആരും ഓടിച്ചു വിടുകയുമില്ല. താമസിയാതെ വണ്ടിയുമെത്തി. സ്ത്രീകളാരുമില്ല കൂടെ. പെണ്ണുങ്ങളിതൊന്നും കാണാൻ പാടില്ലാന്നാ വിശ്വാസമെന്ന് ജോസപ്പ് പറഞ്ഞു. ദുഷ്ടൻ, അവിടെ വച്ച് അവനത് പറഞ്ഞില്ല. കണ്ടാലെന്താകുമെന്ന പേടി എനിക്ക് കൂനുമ്മേൽ കുരുപോലെയായി. വന്ന സ്ഥിതിക്ക് കാണാതെ പോകാനും വയ്യ.


പെട്ടിയിൽ നിന്ന് പുറത്തെടുത്ത വെള്ള പൊതിഞ്ഞ ശരീരം പടികളിറക്കി താഴെയെത്തിച്ച് നിലത്ത് വച്ചു. തൊട്ടടുത്തായി ഒരാൾവലുപ്പത്തിൽ കുറച്ച് കമ്പുകളും കോലുകളും നിരത്തിയിട്ടുണ്ട്. പ്രാർത്ഥനപോലെ ഒരാൾ എന്തോ ചിലതൊക്കെ പറയുന്നു, ശവമെടുത്ത് കമ്പുകൾക്ക് മേലെ വച്ചു. പിന്നെ ചാണകം വട്ടത്തിൽ പരത്തി ഉണക്കിയവ അതിനു മുകളിലായി അടുക്കിയടുക്കി വച്ചു. അധികം താമസിയാതെ ശവം കാണാതായി.  ആരാണതിന് തീകൊളുത്തിയതെന്നൊന്നും ഞാൻ ശ്രദ്ധിച്ചില്ല. നാലുവശത്തുനിന്നും തീ പടർന്നുകയറാൻ തുടങ്ങുന്നു. മുകളിൽ നിൽക്കുന്ന ഞങ്ങളെ ലക്ഷ്യമാക്കി പുക പാഞ്ഞെത്തി. പേടിച്ചരണ്ട ഞാനാണ് ഏറ്റവും മുന്നിലോടി തിരിച്ചെത്തിയത്.
ചാത്തൻകുട്ടി ചേട്ടൻ്റെ പ്രേതപ്പുക പിൻതുടരുന്നുണ്ടെന്ന തോന്നൽ എന്നെ വല്ലാതെ ഭയപ്പെടുത്തി, എൻ്റെ ഓട്ടത്തിൻ്റെ വേഗത കൂടി. പണ്ട് കാണുമ്പോൾ പേടി തോന്നിയിരുന്ന രൂപം ഇപ്പോൾ സർവ്വവ്യാപിയായി, പുകയായി, വായുവായി, ശ്വാസമായി. ഞാൻ ശ്വസിക്കുന്നതിനൊക്കെ ചാണകം കരിച്ച മണം!!

അന്ന് ഞാൻ കുളിച്ചില്ല, കുളിമുറിയിൽ കയറിയപ്പോ, ജനലരികിൽ പുക കണ്ടപോലൊരു തോന്നൽ. അമ്മയോട് എന്തെന്നില്ലാത്ത സ്നേഹം, അടുക്കളയിൽ അമ്മയ്ക്കരിൽനിന്നു ഞാൻ മാറിയില്ല. അമ്മയും കുളിക്കാൻ പോകാതിരുന്നെങ്കിലെന്ന് ഞാനാഗ്രഹിച്ചുപോയി. പിന്നീടൊരുപാടു കാലം കണ്ണുതുറന്നു മാത്രമാണ് ഞാൻ സോപ്പിട്ടിരുന്നതും കുളിച്ചിരുന്നതും. കണ്ണടച്ചാലുള്ള ഇരുട്ട് എൻ്റേത് മാത്രമാണെന്ന് അന്നറിയില്ല. വിറച്ചു വിറങ്ങലിച്ച് ഞാനാദിവസങ്ങളിലൊക്കെ രാത്രി കിടന്നുമുള്ളുമായിരുന്നു. രാവിലെ എണീക്കുമ്പോ ആ വകയിൽ കുറേ ചീത്തവിളിയും നാണക്കേടിൻ്റെ ഭാരവും വേറെ.

ദിവസങ്ങളങ്ങനെ പയ്യെ കടന്നുപോയി, പേടി മാത്രം പോയില്ല. അപ്പോഴാണ് ഓമനക്കുട്ടൻ ആഴ്ച്ചപ്പതിപ്പിൻ്റെ പുതിയ ലക്കം ഇറക്കിയത്. ചാത്തൻകുട്ടി ചേട്ടൻ്റെ അസ്ഥിയും ചാരവും വാരി എവിടെയോ ഒഴുക്കിയെന്ന്. അങ്ങനൊന്ന് ഞാനാദ്യമായി കേൾക്കുന്നതാ. അതെന്തിനാണെന്ന എൻ്റെ സ്വാഭാവിക സംശയത്തിന് , ആത്മാവിനെ ഈ ലോകത്തുനിന്ന് എന്നേയ്ക്കുമായി പറഞ്ഞുവിട്ടു, ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു. അവനെ പഠിപ്പിച്ച 'ദൈവവിശ്വാസി' നല്ലവനാണ്. എനിക്കതൊരു വലിയ ആശ്വാസമായി.  ഓമനക്കുട്ടന് വാർത്തകൾക്ക് ക്ഷാമമില്ല, അവൻ അടുത്തതിലേയ്ക്ക് കടന്നു. ശവം ചത്തുപൊങ്ങിയ റബ്ബർത്തോട്ടത്തിനുത്തുള്ള പഴയ അമ്പലക്കുളം വൃത്തിയാക്കിയെടുക്കാൻ പോകുന്നുവെന്ന്.

അല്പമൊന്ന് ആശ്വസിച്ച എനിക്ക് പെട്ടന്ന് ഷോക്കടിച്ചപോലെ. ഞാൻ സൂക്ഷിച്ചുവച്ചത് ആ കുളത്തിലെ താമരപ്പൂവല്ലേ ! അതും
ചാത്തൻകുട്ടി ചേട്ടൻ വരച്ചത്. പെട്ടന്നു തന്നെ കളം വിട്ട് ഞാൻ ഓടി വീട്ടിലെത്തി. പഴയൊരു മാസികയ്ക്കകത്താണ് അത് വച്ചിരിക്കുന്നത്. ഇനി അതിലെങ്ങാനും ആത്മാവിൻ്റെ വല്ല അംശവുമുണ്ടെങ്കിലോ !  തൊടാനെനിക്ക് പേടിയായി. പയ്യെ മാസികയുടെ ഒരറ്റത്തു തൂക്കിപ്പിടിച്ച് ഞാനത് വീടിൻ്റെ പുറകിലെ പടിയിൽ കൊണ്ടിട്ടു. ഓമനക്കുട്ടൻ്റെ ആദ്യ കഥ പിന്നെയും ഓർമ്മയിൽ വന്നു. അതെ, ഇതും കത്തിച്ച് അസ്ഥിയും ചാരവും ഒഴുക്കാൻ ഞാൻ തീരുമാനിച്ചു. തീയുണ്ടാക്കി കളിക്കുന്നതിന് എനിക്ക് വഴക്ക് കേൾക്കുന്നത് പുത്തരിയല്ല. ഞാൻ അമ്മകാണാതെ തീപ്പട്ടി എടുത്ത് ആരെങ്കിലും വരുന്നതിനു മുമ്പ് മാസികയോടുകൂടി തന്നെ കത്തിച്ചു. തീപ്പട്ടി മുക്കാലോളം തീരാറായി, കൈയ്യുമല്പമൊന്നു പൊള്ളി. രണ്ടും ഞാൻ ഗൗനിച്ചില്ല. അടുത്തത് ചാരം വാരൽ. അതിനു ചെറു ചൂടുണ്ട്. പെറ്റിക്കോട്ടിൻ്റെ അടിവശം കൊണ്ട് തുടച്ചുകൂട്ടി. പയ്യെ കൈകൊണ്ട് തട്ടി പെറ്റിക്കോട്ടിലേയ്ക്കിട്ടു. അതുംകൊണ്ടോടി അടുക്കളയിലെ വെള്ളം പോകാനിട്ടിരിക്കുന്ന ഓവിലൂടെ ഒഴുക്കിവിട്ടു. ഭാഗ്യത്തിന് പുറകുവശത്ത്  അലക്കുകല്ലിനോട് ചേർന്ന് ഒരു പൈപ്പും ഉണ്ടായിരുന്നു. കൈയ്യിലും പെറ്റിക്കോട്ടിലും ഒട്ടിപ്പിടിച്ചതിനെയൊക്കെ അവിടെ കഴുകി ആത്മാവിൻ്റെ അവസാന തരിയും ഒഴുക്കി കളഞ്ഞ് മോക്ഷം കൊടുത്തു. എന്തൊരാശ്വാസം !

ഇങ്ങനെയൊക്കെ ആണെങ്കിലും ഭയം പൂർണ്ണമായും എൻ്റെ പിടിവിട്ടില്ല. എങ്കിലും ചിന്തകൾ വഴിമാറിത്തുടങ്ങിയപ്പോൾ, ഭയത്തിനും വഴിമാറാതെ തരമില്ലെന്നായി. അഞ്ചാറുമാസം കടന്നുപോയി. ക്രിസ്മസ്സ് പരീക്ഷയുടെ അവസാനത്തെ ദിവസം. ഒന്നിടവിട്ട ക്ലാസ്സുകാർക്ക് രാവിലെ ആണെങ്കിൽ, മറ്റു ക്ലാസ്സുകാർക്ക് ഉച്ചയ്ക്കാണ് പരീക്ഷ. കൂട്ടത്തിൽ എനിക്ക് മാത്രം ഉച്ചയ്ക്ക് ശേഷമാണ്. വൈകുന്നേരം അവസാനത്തെ പരീക്ഷയും തീർന്ന് അവധി തുടങ്ങുന്നതിൻ്റെ സന്തോഷത്തിൽ ഓടിക്കിതച്ചാണ് മടങ്ങിയെത്തിയത്.  ദൂരെനിന്നുതന്നെ അവധി ആദ്യം തുടങ്ങിയ കൂട്ടരുടെ ബഹളങ്ങൾ കേൾക്കാം. ഓമനക്കുട്ടൻ്റെ പുതിയ കഥകേൾക്കാൻ യൂണിഫോമിൽ തന്നെ ബാഗുംകൊണ്ട് ഞാനും കൂടെക്കൂടി. എന്നെനോക്കി അവനൊന്ന് നെടുവീർപ്പിട്ടു. "നീ ഒറ്റയ്ക്കാണോ വന്നേ ? റബ്ബർത്തോട്ടത്തിലൂടെയാണോ പോന്നത്? ഭാഗ്യമായി നീ തിരിച്ചെത്തിയത്." കാര്യമറിയാൻ ഞാൻ എല്ലാരേയുമൊന്ന് നോക്കി. ഓമനക്കുട്ടൻ ആ സത്യം പറഞ്ഞു. "ചാത്തൻകുട്ടി ചേട്ടൻ്റെ പ്രേതം റബ്ബർത്തോട്ടത്തിൽ ആരോ കണ്ടു." 

എൻ്റെ കാൽമുട്ടുകൾ കൂട്ടിയിടിച്ചു. പിന്നെയൊന്നും കേൾക്കാൻ നിന്നില്ല, ഓടി വന്ന് കട്ടിലിൽ ചുരുണ്ടു കിടന്നു. എന്നെപ്പിടിക്കാനായിരിക്കും റബ്ബർത്തോട്ടത്തിലെത്തിയത്. ഞാൻ താമര കത്തിച്ചതായിരിക്കും കാരണം. രക്ഷപ്പെടാൻ ഒരു പോംവഴിയും മുന്നിൽ കാണുന്നില്ല. സ്കൂള് പൂട്ടിയത് നന്നായി. ഇനി പത്ത് ദിവസത്തേയ്ക്ക് ആ വഴി പോകണ്ടല്ലോ. എന്നാലും, ഒരു സമാധാനവുമില്ല. ആ അവധിക്കാലം ഞാൻ അധികം പുറത്തിറങ്ങിയില്ല. നല്ലകുട്ടി ചമഞ്ഞ് അടുക്കളയിൽ അമ്മയ്ക്ക് സഹായിയായി കൂടി. അമ്മക്ക് പോലും അതിൽ അത്ഭുതം തോന്നി, പക്ഷേ ഞാൻ പിടികൊടുത്തില്ല. പെട്ടന്നൊരു ദിവസം പതിവില്ലാതെ അമ്മമാരുടെ സമ്മേളനം, കമ്പിവേലിയിൽ പിടിച്ച് ഇപ്പുറത്ത് അമ്മയും, അപ്പുറത്ത് വേറെ മൂന്ന്നാല് അമ്മച്ചിമാരും. ജനലരികിൽ നിന്ന് ഞാനും എത്തിനോക്കി  കേൾക്കാൻ ശ്രമിച്ചു. ജാനകിയമ്മ പറയുന്ന കേട്ടു, ''ഇതൊരു ചതിയായിപ്പോയി, ചത്തെന്ന് കരുതി അവറ്റകളിത്തിരി സമാധാനിച്ചതാ. ഇനി ശരിക്കും ചാകുമ്പോഴും കൊണ്ടുപോയി കത്തിക്കണ്ടേ."  കാര്യം വ്യക്തമാവാതിരുന്നകൊണ്ട് അമ്മ കയറി വന്നപ്പോ ജാനകിയമ്മ പറഞ്ഞതെന്താന്ന് ഞാനൊന്ന് ചോദിച്ചു.
"അന്ന് ചാത്തൻകുട്ടിയല്ല മരിച്ചത്, വേറാരോ ആയിരുന്നു. അവനെവിടോ തെണ്ടിത്തിരിഞ്ഞ് തിരിച്ചെത്തി."

അപ്പോ പിന്നെ മരിച്ചതാരായിരുന്നു ? ആവോ, മരിച്ചയാൾ പോലും മറന്നിരിക്കുന്നു, പിന്നെ ഇനി അതിനെന്തു പ്രസക്തി!

വേർപാടിൻ്റെ വേദനയൊക്കെ തീർന്ന് ആശ്വസിക്കാൻ തുടങ്ങിയപ്പോ മരിച്ചവൻ മടങ്ങിയെത്തിയതിൻ്റെ വേദന ആ വീട്ടിൽ തളം കെട്ടി നിന്നു. ചാത്തൻകുട്ടി ചേട്ടൻ്റെ പുനർജന്മത്തിൽ ആത്മാർത്ഥമായി സന്തോഷിച്ചത് ഞാൻ മാത്രമാണ്. താമരയുടെ അസ്ഥികളെ ഇനി പേടിക്കണ്ടാലോ!

Srishti-2022   >>  Short Story - Malayalam   >>  സ്വപ്നം

സ്വപ്നം

അങ്ങനെ ഞാൻ പഠിച്ചു വളർന്നു ഒരു ജോലിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങി.... അപ്പോഴാണ് ആ സമയത്തു ഒരു കോളേജിൽ ജോബ് ഫെയർ ഉണ്ടെന്നു കേട്ടത്. ജോലിക്കായുള്ള തീവ്രശ്രമത്തിൽ ഉള്ള എല്ലാ ഫയലുകളും രേഖകളും എടുത്തു കൊണ്ട് ഞാൻ അതാ ജോബ് ഫെയർ നടക്കുന്ന സ്ഥലത്ത് എത്തുകയായി. ആദ്യമായി ആണ് ഇങ്ങനെ ഒരു സ്ഥലത്ത് ജോലിക്ക് വേണ്ടി എത്തുന്നത്. 

 

രാവിലെ തന്നെ എത്തിയത് കൊണ്ട് തന്നെ അത്യാവശ്യം കുറച്ച് ആളുകൾ  മാത്രം ആണ് അവിടെ ഉണ്ടായിരുന്നത്.... പാസ് എടുത്ത് അകത്തോട്ട് കയറി. അപ്പോഴാണ് രാവിലെ 10 മണി തൊട്ട് മാത്രമേ മിക്ക സ്ഥാപനങ്ങളിലേക്കും ഉള്ള  പരിപാടികൾ തുടങ്ങുകയുള്ളു. 

 

ഞാൻ ബാക്കിയുള്ള അവിടെ എത്തേണ്ട കൂട്ടുകാരേയും വിളിച്ചു.. "മച്ചാനെ ഞാൻ എത്തി ഇവിടെ കുറച്ചു പേരെ ഉള്ളു പെട്ടെന്ന് വരൂ.." അങ്ങനെ കൂടെ പഠിച്ച ആറ് പേരോളം എത്തി. ഞങ്ങൾ കുശലം പറഞ്ഞു ഇരുന്നു. 10 മണി ആയി മിക്ക സ്ഥാപനങ്ങളും തുറന്നിരിക്കുന്നു. ഞങ്ങൾ ഒരുമിച്ചു തന്നെ ഒരോ സ്ഥാപനങ്ങളിൽ ബയോഡാറ്റ ഇട്ടു. ആകെ 4 സ്ഥാപനങ്ങളിൽ ബയോഡാറ്റ ഇട്ടു. 

 

അങ്ങനെ വളരെ മികച്ച ഒരു സ്ഥാപനം തന്നെ ഞങ്ങളെ അകത്തോട്ട് വിളിച്ചു "ടെസ്റ്റ് ഉണ്ട് അതു കഴിഞ്ഞ് ഇന്റർവ്യു നിങ്ങൾ ഇവിടെ ഇരിക്കൂ എന്ന് പറഞ്ഞു. ഒരു ഹാളിലേക്ക് ഞങ്ങളെ കൊണ്ട് പോയി. ഡോർ തുറന്നപ്പോ ത്രിശൂർ പൂരം നടക്കുന്ന സ്ഥലം പോലെ നിറയെ ആളുകൾ. മനസ്സിൽ അപ്പോ തന്നെ ഒരു കാര്യം കടന്നുപോയി. "ഹെൻ്റമ്മേ ഇതേത് ജില്ല".. 

 

അങ്ങനെ ഞങ്ങൾ അകത്ത് കയറി ഇരുന്നു എഴുത്ത് പരീക്ഷക്ക് തയ്യാറായി. എല്ലാവർക്കും ചോദ്യങ്ങൾ കൊടുത്തു. അത്യാവശ്യം എളുപ്പമുള്ള ചോദ്യങ്ങൾ തന്നെയായിരുന്നു. എഴുത്ത് പരിക്ഷ കഴിഞ്ഞു റിസൽട്ട് അനുകൂലമാകുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഇന്റർവ്യൂ ചോദ്യങ്ങൾ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു തുടങ്ങി. കൂടെ ഉണ്ടായിരുന്ന രണ്ടു പേർക്ക് മുൻപേ ഇൻ്റർവ്യൂന് പോയി ശീലം ഉണ്ടായിരുന്നു അത് നമ്മുക്ക് വളരെ അധികം ഉപകാരപ്പെട്ടു.

 

റിസൽട്ട് വന്നു അവിടെ ഉണ്ടായിരുന്ന മിക്കവരും പാസ്സായി.. അപ്പോഴേക്കും ഉച്ച ആയിരുന്നു. ഇത്രയും പേരെ എങ്ങനെ ഇൻ്റർവ്യൂ ചെയ്യുമെന്ന് ഞങ്ങളും ആലോചിച്ചു. അപ്പോൾ ഒരു എച് ആർ വന്നു പറഞ്ഞു "എല്ലാവർക്കും കൂടെ ഒരു റൗണ്ട് കൂടെ കാണും എന്നിട്ടേ ഇൻ്റർവ്യൂ ഉള്ളു എന്ന്." എല്ലാവരും ആ നേരം ചർച്ചയിൽ ആയിരുന്നു എന്തായിരിക്കും ആ രണ്ടാം റൗണ്ട്...

 

അങ്ങനെ അവിടെ തന്നെ ഇരുന്നു എഴുത്ത് പരീക്ഷ പാസ്സായ ഞങ്ങളെ കാത്തിരുന്നത് അത്യാവശ്യം ടിപ് ടോപ്പായി എത്തിയ ഒരു മനുഷ്യൻ ആയിരുന്നു. ആളെ കണ്ടതും എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി പിറുപിറുത്തു. 

 

പെട്ടന്ന് ഒരു ചോദ്യം നിങ്ങൾക്ക് എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ.. എല്ലാവരും നിശബ്ദം. ഒന്നും രണ്ടു പേർ സ്ഥാപനത്തെ പറ്റി ചോദിച്ചു. ഇതുകേട്ട് എൻ്റെ ചോര തിളച്ചു. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എനിക്കും ചോദിക്കണം എന്നു വെച്ച് ഒരു ചോദ്യം ചോദിച്ചു.. 

 

"വാട്ട് ഈസ് ദ ബിഗ്ഗസ്റ്റ് പോസിഷൻ യു ഡ്രീം ടും ബികം ഇൻ ദിസ് കംബനി?. 

 

ചോദിച്ചു കഴിഞ്ഞു ഒരു ഹിമാലയൻ പർവതത്തിന്റെ മുകളിൽ നിൽക്കുന്ന വെയ്റ്റോടെ ഞാൻ നിന്നു..... 

 

അപ്പോൾ അതാ ഉത്തരം... "ഐ ആം ദി സി ഇ ഓ & ഫൗണ്ടർ ഓഫ് ദി കംബനി". എന്നിട്ട് ഒരു പുച്ഛ നോട്ടവും.

 

ഒരു നിമിഷം തൊട്ടടുത്ത് ഇരുന്ന കൂട്ടുകാരെ ഞാനാന്ന് നോക്കി. അടുത്തിരുന്ന ആൾ അപ്പോ ഒരു വാക്കിൽ തന്നെ എനിക്കുള്ള എല്ലാ മറുപടിയും തന്നു. "അടിപൊളി വാ പോകാം" 

 

ആ സമയം സ്ഥാപന ഉടമ ഏതോ ഒരാളുടെ പേര് വിളിച്ചു പറഞ്ഞിട്ട് "ബാക്കിയുള്ള എല്ലാവർക്കും പോകാം". അങ്ങനെ ഞങ്ങൾ നിരാശരായി അവിടുന്ന് ഇറങ്ങി. സമയം അപ്പോൾ 3 മണി. 

 

പെട്ടന്നാണ് ആരോ എന്നെ വിളിക്കുന്നത് കേട്ടത്. ഇതാരപ്പാ വിളിക്കുന്നത് എന്ന് കിളി പോയി തിരിഞ്ഞും മറഞ്ഞിം നോക്കി പെട്ടെന്ന് ഞെട്ടിയുണർന്നു ഞാൻ കണ്ടത് ഉച്ചയായി കിടന്നുറങ്ങാതെ വല്ലതും കഴിക്ക് എന്നു പറയുന്ന അമ്മയെയാണ്. എണീറ്റ് നോക്കുപോൾ മുന്നിലുള്ള ലാപ്ടോപിൽ ക്ലിംഗ് ക്ലിംഗ് ശബ്ദം ക്ലയന്റ് മെസേജ് അയച്ചു അയച്ചു മടുത്തു ഓഫ്‌ലൈൻ ആയി. അവസാനം അയാളെ വിളിച്ചു വരുത്തി സമാധാനിപ്പിച്ചു പിന്നെ കണ്ട സ്വപ്നവും ആലോച്ചിച്ച് ഒന്നു ചിരിച്ചു താഴേക്ക് പോയി.

Subscribe to Short Story - Malayalam