Skip to main content
Srishti-2022   >>  Short Story - Malayalam   >>  സ്നേഹപ്പൂ

Praveen Ramachandran

H n R Block

സ്നേഹപ്പൂ

കർക്കിടക മഴ പെയ്തു ഒഴിയുന്നില്ലെങ്കിലും കലശൽ അല്ല.കുട മടക്കി വീടിൻറെ പടി കയറി ചെന്നപ്പോൾ ചേട്ടൻ നേരത്തെ എത്തിയിട്ടുണ്ട്.ഇന്ന് അച്ഛൻറെ ആണ്ടാണ്.മഴ തുള്ളി എടുക്കുന്ന നോക്കി മാനത്തെ കണ്ണുംനട്ട് ഇലകളിൽ ഇറ്റുവീഴുന്ന തുള്ളികൾ നോക്കിയിരുന്നപ്പോൾ കേൾക്കാം എൻറെ മകൻറെ യും ചേട്ടൻറെ മകളുടെയും ഗംഭീര അലമുറകൾ

“ചേച്ചി”

വെള്ളാരം പല്ലുകൾ കാട്ടി അവൻറെ വിളി കേൾക്കുമ്പോൾ അവൻറെ ചേച്ചി വരുന്നു, പിന്നെ നിഷ്കളങ്കത തുളുമ്പുന്ന അവരുടെ ലോകത്തേക്കാണ്. കുറച്ച് സമയമേ കാണൂ ആ ലോകത്തിൻറെ ആയുസ്സ് പക്ഷേ വീണ്ടും വേറൊരു പാരലൽ യൂണിവേഴ്സ് അവർ നെയ്തെടുക്കും.ചിരാതുകൾ മിന്നിമറയുന്ന വേഗത്തിൽ കൂടുവിട്ട് കൂടുമാറുന്ന അവരുടെ കളികൾ കൗതുകത്തോടെ നോക്കി ഇരുന്നപ്പോൾ ഞാൻ ശ്രദ്ധിച്ചു ചേട്ടനും അത് നോക്കി ഇരിക്കുവാണ്.അച്ഛൻ ഇവിടെ ഒണ്ടാരുന്നേൽ അരികിൽ അച്ഛൻറെ നിത്യ ശാന്ത ഭാവത്തിൽ ഇരുന്നേനെ ഇത് നോക്കി . അത് ഓർത്തപ്പോൾ ഒരു മല വെള്ള പാച്ചിൽ ആയിരുന്നു. ഫോട്ടോ ഫ്രെയിംസ് കണക്കെ എൻറെ ഓർമ്മകളും മനസ്സും പിറകോട്ട് ചക്രം വച്ച് കുതിച്ചു. എൻറെ യൗവ്വനം, അവിടുന്ന് ചേട്ടനെയും എൻറെയും ബാല്യം അച്ഛൻറെ പേരിൽ മാത്രം ഇപ്പോഴും ഞങ്ങളെ ഓർക്കുന്ന അച്ഛൻറെ നാട് ഒക്കെയും എൻറെ മുന്നിൽ തിരനോട്ടം കണക്കേ വന്നുപോകുന്നു.

എല്ലാവരും ഒന്നിച്ച് കഴിക്കാനിരുന്നപ്പോൾ നിറവ്. പക്ഷേ എൻറെ മനസ്സ് നൂല് പൊട്ടിച്ച് പറന്നു തുടങ്ങിയിരുന്നു. അച്ഛൻറെ ഓർമ്മകളിൽ ഒരു പടി മുകളിൽ അച്ഛൻ എന്നും മനസ്സിൽ കൊണ്ടുനടന്നിരുന്നു നാടിൻറെ വർണ്ണ ചായങ്ങൾ.ഇടയ്ക്ക് ഞാൻ ഒന്നു പാളിനോക്കി. പറഞ്ഞില്ലേലും എനിക്കറിയാം ചേട്ടനും ചരട് പൊട്ടിച്ച് മനസ്സിനെ മേയാൻ വിട്ടിരിക്കുകയാണ് എന്ന്. ഒരുമിച്ച് വിധിയുടെ കടലിൽ വീണ തായിരുന്നു ഞങ്ങൾ .പക്ഷേ ഞങ്ങൾക്ക് ഒരിക്കലും വാക്കുകൾ വേണ്ടായിരുന്നു മനസ്സ് വായിക്കാൻ. അച്ഛൻ പഠിപ്പിച്ചു പോയ പാഠം..അതും മൗനമായി പഠിപ്പിച്ച പാഠം .പെട്ടെന്ന് ചേച്ചി വിളി വീണ്ടും .കാതങ്ങൾ, ഓർമ്മകൾ പിന്നെ ചായം തേച്ച വർണ കൂടുകൾ താണ്ടി ഒരു കുന്നിൻ ചെരുവിലേക്കു മനസ് നീളുകയാണ് …..

ബസിൽ ഇരിക്കുമ്പോ എനിക്ക് വല്ലാത്ത ആകാംശ ആയിരുന്നു . ഇന്ന് പോയി അരുവിയിൽ കുളിക്കണം .പർവത നിര യുടെ മുകളിൽ ആകാശം തൊട്ടു മേഘം പറക്കുന്നത് കാണണം .ഞാൻ ചേട്ടനോട് പറയുന്നുണ്ട് ആവശ്യങ്ങളെ കുറിച്ച് .കവലയിൽ ബസ് ഇറങ്ങി ,വണ്ടി പോയി കഴിയുമ്പോ പരക്കുന്ന ഒരു നിഗൂഢ സുന്ദര നിശബ്ദദ ഒണ്ടു ,മരങ്ങൾ ഇടതൂർന്നു നിക്കുന്ന ,ചീവീടുകൾ കുറുകുന്ന നിശബ്ദത .റോഡ് കടന്നു വളവു തിരിയുമ്പോ ചെമ്മൺ പാത ആയി .

ചെമ്മൺ വഴി കടന്നു എത്തി നിക്കുന്നത് ഒരു മണ്ണ് കൊണ്ടുള്ള മതിൽ കെട്ടിന് മുന്നിൽ ആണ്.അത് കടന്നാൽ പിന്നെ കണ്ണെത്താ ദൂരം റബര് തോട്ടം .കുന്നിന്റെ ചെരിവാണ് .ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് അച്ഛൻറെ വീട്ടിലേക്ക് പോകുന്നത്.അച്ഛൻ മുന്നേ പോകുന്നു പുറകെ ഞാനും ചേട്ടനും .ഒരു വളവും ഇറക്കവും പിന്നിട്ടപ്പോൾ എതിരെ വരുന്നു രണ്ട് മധ്യവയസ്കർ.അതിലെ തടിയുള്ള ആൾ എന്നെ നിഷ്കളങ്ക സംശയത്തോടെ നോക്കിയപ്പോൾ മറ്റേയാൾ പറഞ്ഞു

“ നമ്മുടെ രവിയുടെ മക്കളാണ് “

നമ്മുടെ രവി… രവിയുടെ മക്കൾ. അതെന്നയായിരുന്നു ഞങ്ങളുടെ അന്നെത്തെയും ഇന്നെത്തെയും എന്നത്തേയൂം വല്യ ഐഡന്റിറ്റി.

കുന്നിൻചെരുവിൽ അടുക്കടുക്കായി മൺകട്ട കൊണ്ടുള്ള വീടുകൾ. ഇലകളുടെ മേലെ കൈ ഓടിച്ചു പൂ നുള്ളി വരമ്പുകൾ ചാടി കടന്നു പച്ചപ്പിലൂടെ അതീവ ഉണർവോടെ നിറഞ്ഞ സന്തോഷത്തോടെ അച്ഛന്റെ വീട്ടിൽ ചെന്ന് എത്തുന്ന ഓർമ്മകൾ.പിന്നീട് തോർത്ത് ഉടുത്തു താഴെ കുത്തനെ ഇറക്കം ഇറങ്ങി ഒരു പോക്കാണ് .താഴ്ത്തെ അരുവിയിലേക്കു …അപ്പോഴേക്കും വിളി വന്നു

" മക്കളെ …”

സ്നേഹപ്പൂ അമ്മുമ്മ ആണ് …അമ്മുമ്മേടെ വീട് ആ ഇറക്കത്തിൽ ആണ് .വളവോടു കൂടിയ ഒരു ഇറക്കത്തിൽ .ഇന്ന് ഈ മേശയിൽ ഇരിക്കുമ്പോ ചൂടിനെ പറ്റിയും വണ്ടികളെ പറ്റിയും പിന്നെ ലോക അവലോകനം ഒക്കെ ചെയ്യുമ്പോ ഞാൻ മറന്നു പോയ സ്നേഹപ്പൂ അമ്മുമ്മ .എന്നെ മൂന്ന് വയസു വരെ നോക്കിയത് അമ്മുമ്മ ആയിരുന്നു .അതിന്റെ സ്നേഹം ആണ് എന്നെ കാണുമ്പോ മക്കളെ എന്ന് വിളിച്ചു കവിളിൽ ഒരു ഉമ്മ .അന്ന് എനിക്ക് അത് ഇത്തിരി കുറച്ചിലും പിന്നെ ലേശം അരോചകവും ഉളവാക്കിയെങ്കിലും ഇന്ന് ഓർക്കുമ്പോ അത്ര ആത്മാർത്ഥ സ്നേഹം, കരുതൽ ഇന്നൊക്കെ കാണാ കണി ആണ് . ആ സ്നേഹത്തിന് വിലമതിക്കാൻ എൻറെ കണക്കിലെ നൈപുണ്യം തികയില്ല.മൗനം മനസ്സിൽ വന്നു നിറയുന്നു .. കുറച്ചു കണ്ണ് നീരും . അവരുടെ മരണം പോലും ആരോ എപ്പോഴാ പറഞ്ഞു അറിയുക ആണ് ചെയ്തത്.വീണ്ടും മൗനം കൂട്ടായി ഉള്ളത് കൊണ്ട് ഒറ്റ പെട്ടില്ല ..

അമ്മൂമ്മയുടെ പിടിയിൽ നിന്നും കുതറിമാറി ഓടി അരുവിയിൽ ചാടുമ്പോ വെള്ളത്തിന്റെ കുളിർമയിൽ മനസ് നിറഞ്ഞു തുടിക്കുമ്പോൾ കൗതുകം കൂടും .ഞാനും ചേട്ടനും അരുവി മുറിച്ചു താണ്ടി നടന്നു .പാറ കെട്ടുകൾ ഉള്ള ഒരു പ്രദേശം ആണ്.അതിലൂടെ നൂഴ്ന്നു കയറി വരമ്പ് താണ്ടി കണ്ടം ചാടി മേലോത്തെ വീടിന്റെ മുന്നിൽ എത്തി.അന്നത്തെ അത്യാവശ്യം വല്യ വീടായിരുന്നു .പുറകു വശത്തു പോയി നിക്കുമ്പോ കാണുന്ന സഹ്യാ പർവത നിരകൾ .തെളി നീര് പോലെ എന്റെ മനസിനെ പാക പെടുത്തി എടുത്ത കാഴ്ചകൾ .എന്നിലെ ഫോട്ടോഗ്രാഫറെ ആദ്യമായി തൊട്ടുണർത്തിയ കാഴ്ചകൾ .പിന്നിൽ നിന്നുള്ള ഓരോ വിളികൾ ,ഓരോ കുറുക്കലുകൾ ,മൺ മറഞ്ഞ എന്റെ സ്വന്തമായ ഓർമ്മകൾ,പച്ച മനുഷ്യർ ഇതൊക്കെയും തന്ന തിരിച്ചറിവ് ഒന്നായിരുന്നു . അച്ഛന്റെ വേരുകൾ ഇവിടെ ആണ് എൻ്റെ യും .

അച്ഛൻ തന്നിട്ട് പോയ പൈതൃകം ... എന്നിലൂടെ ചേട്ടനിലൂടെ..ഞങ്ങളുടെ മക്കളിലൂടെ ..അവരുടെ മക്കളിലൂടെ ഒഴുകി സ്നേഹപ്പൂക്കൾ ആയി പടരാൻ ഉള്ള പൈതൃകം .ഞാൻ ഓർത്തു ഒരിക്കലും എൻറെ അച്ഛൻ നാടിനെ കുറിച്ചുള്ള ഇഷ്ടത്തെ പറ്റിയോ വേരുകളെ പറ്റിയോ വാചാലനായിട്ടില്ല .എന്നിട്ടും ഇന്നത്തെ ദിവസം ഞാൻ ഇതൊക്കെ ഓർക്കാനും തിരിച്ചറിയാനും കാരണം എന്തേലും ഉണ്ടേൽ അത് പൈതൃകം മാത്രം ആണ്.ചേട്ടന്റെ മൗനത്തിൽ നിന്ന് ഞാൻ വായിച്ച എടുത്തതും അത് തെന്നെ ആയിരുന്നു .അച്ഛൻ ഞങ്ങൾക്ക് പകർത്താടിയ വല്യ പാഠം.തന്റ്റെതായ അനുഭവങ്ങളിൽ കൂടി പഠിക്കുക അറിയുക പാക പെടുക .അങ്ങനെ ഒരു നാൾ ഞാൻ നിങ്ങളോടു നിങ്ങള്ക്ക് പകർന്നു തരാൻ നിനച്ചതൊക്കെ കാലം പറയാതെ പറയും .അച്ഛൻ ചേട്ടൻ ഞാൻ ..മൗനത്തിന്റെ നൂലിൽ ഞങ്ങളെ കോർത്തിണക്കിയ കാലം .എനിക്കറിയാം യവനികയുടെ അങ്ങേ തലയ്ക്കൽ അച്ഛൻ ഇപ്പോഴും എന്നെ കൊണ്ട് ചെയ്യിപ്പിക്കാൻ ഒന്നും ഉണ്ടാവില്ല്ല ഒന്നൊഴിച്ചു

"..എടാ നീ കണ്ടെത്തു അങ്ങനെ കണ്ടെത്തുന്നതെ നില നിൽക്കൂ "

തെല്ലു കുറ്റബോധത്തോടെയും അതിലേറെ വിസ്മയത്തോടേയും ഞാൻ ഓർത്തു എത്ര സ്നേഹപ്പൂക്കൾ ആണ് എന്റെ വഴിത്താരയിൽ വന്നു പോയതു ,,അമ്മുമ്മ ..അച്ഛൻ ..പിന്നെ എന്നിലെ ചിന്തയെ ആദ്യമായി ഉണർത്തിയ.. എൻറെ കണ്ണിനെ കാണാൻ പഠിപ്പിച്ച .. എൻറെ അച്ഛന്റെ നാട്ടിലെ കാഴ്ചകൾ..അവയൊക്കെയും എനിക്ക് സ്നേഹപൂക്കൾ ആണ് എന്നോ വറ്റിപ്പോയ അരുവിയും ഒഴുക്ക് നിലയ്ക്കാത്ത എൻറെ മനസ്സും

കാവലായി സ്നേഹ പൂക്കളും ഉള്ളപ്പോൾ എനിക്ക് നിറവാണ് ..എൻറെ ആത്മാവിൽ നിറയുന്ന നിറവ്

“ചേച്ചി”

വീണ്ടും ഞാനും ചേട്ടനും ഒരുമിച്ച നോക്കി. അനന്തരം ഓർമ്മപൂക്കൾ ഞങ്ങളുടെ ഇടയിൽ സ്നേഹ പൂക്കളായി പ്രയാണത്തിനു ഒരുങ്ങി നിൽക്കവേ അച്ഛനെ ഞാൻ കണ്ടു എന്നിൽ

Srishti-2022   >>  Short Story - Malayalam   >>  പാവക്കൂത്ത്

Sreejamol N S

UST Global Trivandrum

പാവക്കൂത്ത്

നഗരത്തിന്‍റെ ഒരു മൂലയിലാണ് പഴയ ശിവ് മന്ദിര്‍.അവിടെയ്ക്കുള്ള ഊടു വഴിയുടെ ഇരുപുറവും കച്ചവടക്കാര്‍ കയ്യടക്കിയിരുന്നു.വില കുറഞ്ഞ സുഗന്ധ ദ്രവ്യങ്ങളും,ഡ്യൂപ്ലിക്കേറ്റ്‌ വാച്ചുകളും,ഏതെടുത്താലും പത്തു രൂപ കണക്കിന് വില്‍ക്കുന്ന സാധനങ്ങളും കൂടി കിടന്ന വഴിയില്‍,തുറന്ന ഓടകള്‍ക്ക് ഇടയിലൂടെ എല്ലാ ശനിയാഴ്ചയും ഇത്ര തത്രപ്പെട്ടു ക്ഷേത്രത്തില്‍ പോകുന്നത് എന്തിനാണ്?ഇന്നാണെങ്കില്‍ ചാറ്റല്‍ മഴയും കൂടെ പെയ്തതിനാല്‍ വഴിയാകെ ചെളിയും ദുര്‍ഗന്ധവും ആണ്.

സാരിയില്‍ ചെളി പറ്റാതിരിക്കാന്‍ അല്പം ഉയര്‍ത്തിപ്പിടിച്ചു വളരെ പതുക്കെയാണ് നടന്നത്.റിടയര്‍മെന്റിനു ശേഷമുള്ള ശീലങ്ങളില്‍ ഒഴിവാക്കാന്‍ ആവാത്ത ഒന്നായിരിക്കുന്നു ഈ ക്ഷേത്ര ദര്‍ശനം.അതിനു സത്യത്തില്‍ എന്റെ ഈശ്വര വിശ്വാസവുമായി വലിയ ബന്ധമില്ല.മക്കളുടെയും കൊച്ചു മക്കളുടെയും

ഇഷ്ടത്തിന് മാത്രം ചലിക്കുന്ന പാവയായിരിക്കുന്നു താന്‍.അതില്‍ നിന്നുള്ള രക്ഷപെടല്‍ ആണ് ഈ യാത്രകള്‍ ഒക്കെ.സ്ത്രീ ആകുമ്പോള്‍ പുറത്തേയ്ക്കുള്ള യാത്രയ്ക്ക് എപ്പോളും കാരണങ്ങള്‍ ഉണ്ടാവണം.പ്രായമാകുമ്പോള്‍ അസ്വാതന്ത്ര്യത്തിന്റെ ചരടുകള്‍ വീണ്ടും മുറുകുന്നു

" അമ്മ ഈ നേരത്ത് എങ്ങോട്ടേക്ക് ആണ് ?"

"ലൈബ്രറി വരെ "

"ഓ ഇനിയിപ്പോള്‍ അതിന്റെ കുറവാണു.ഇവിടെ എന്തെല്ലാം പുസ്തകങ്ങള്‍ ഇരിക്കുന്നു.അതൊക്കെ വായിച്ചു കഴിഞ്ഞോ?"

പുസ്തകങ്ങളുടെ കാര്യത്തില്‍ പോലും സ്വന്തമായി ഇഷ്ടങ്ങള്‍ പാടില്ല എന്നാണോ?അല്ലെങ്കില്‍ തന്നെ ലൈബ്രറി എന്നാല്‍ എനിക്ക് പുസ്തകങ്ങള്‍ തിരയാന്‍ ഒരിടം മാത്രമല്ല.പുതിയ മുഖങ്ങള്‍ കാണാനും പരിചയപ്പെടാനും സംസാരിച്ചിരിക്കാനും ഒരിടം കൂടെ ആണ്.അല്പം നടന്നാല്‍ എത്തുന്ന ഉടുപ്പി ഹോട്ടലില്‍ നിന്ന് ചൂടോടെ ഒരു മസാല ദോശയും ചായയും.ചെറുപ്പ കാലത്ത് ഒരു കൂട്ടില്ലാതെ പുറത്തേയ്ക്ക് ഇറങ്ങുകയോ ഒരു നാരങ്ങ വെള്ളം കുടിക്കുകയോ പോലും ചെയ്യാതിരുന്ന ഞാന്‍ ഇപ്പോള്‍ എത്ര മാറി.ചെറിയ ചെറിയ ഇഷ്ടങ്ങള്‍ സാധിക്കാന്‍ ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കേണ്ടതില്ല എന്ന് പഠിച്ചത് എത്ര വൈകി ആണ്?

ഭീമാകാരമായ ഈശ്വര പ്രതിമകള്‍ ഉണ്ടാക്കുന്നതിനു പിന്നിലെ വികാരം എന്താണ്? നമ്മളെക്കാള്‍ വളരെ വലുതാണ്‌ ഈശ്വരന്‍ എന്ന ബോധം ഉണ്ടാക്കാനോ?അതോ ഉള്ളില്‍ ഒരു ഭീതി ജനിപ്പിക്കാനോ? ആവോ അറിയില്ല.എന്‍റെ മനസ്സിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഒക്കെ ഗൂഗിളിനോടാണ് ചോദിക്കുക.കൃത്യമായ ചോദ്യം ഉന്നയിക്കാഞ്ഞത് കൊണ്ടാവാം ഗൂഗിളും ഉത്തരമൊന്നും തന്നില്ല.കളഞ്ഞു പോയ സൌഹൃദങ്ങള്‍ മുതല്‍ എന്‍റെ കൊഴിഞ്ഞു പോയ സ്വപ്നങ്ങളെ വരെ ഗൂഗിളില്‍ തിരയുന്നത് ഒരു ശീലമായിരിക്കുന്നു.ഈ വിശാലമായ വലയ്ക്കുള്ളില്‍ എല്ലാം അടങ്ങുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ടോ? ചില നേരങ്ങളില്‍ ഗീതു എന്ന എന്‍റെ ഓമനപ്പേര് പോലും ഞാന്‍ ഇതില്‍ തിരയാറുണ്ട്.അപ്പോള്‍ എത്ര ഗീതുമാരെ ആണ് കാണുന്നതെന്നോ?ഞാന്‍ കാണാത്ത,കേള്‍ക്കാത്ത,ഒരേ പേര്‍ പങ്കിടുന്നു എന്ന ഒറ്റ കാരണത്താല്‍ അടുപ്പമുള്ള ഇഴകള്‍.

ചിന്തകളുടെ ഒപ്പം ഒഴുകിയത് കൊണ്ടാവാം ക്ഷേത്രത്തില്‍ എളുപ്പമെത്തി.വഴിയിലെ ദുര്‍ഗന്ധവും കച്ചവടക്കാരുടെ വിലപേശലും ഒന്നും ഞാന്‍ അറിഞ്ഞതേയില്ല.അല്ലെങ്കിലും മനസ്സിന്റെ ശക്തി അപാരമല്ലേ.അതൊന്നു കൊണ്ട് മാത്രം ഏതു ദുരിത ദുഖത്തിലും ഒന്നുമറിയാതെ മുന്‍പോട്ടു പോകാമല്ലോ.മരുഭൂമിയില്‍ വരണ്ടുണങ്ങുമ്പോളും,ദൂരെ ഉള്ളൊരു മഴത്തുള്ളിയെ പ്രണയിച്ചു കരിഞ്ഞു വീഴാതെ ജീവിക്കാം.ആള്‍ക്കൂട്ടത്തിലും തനിയെ കടല്‍ കാറ്റ് ആസ്വദിച്ചു നടക്കാം,നിലാവില്‍ അലിയാം.അങ്ങനെ എന്തെല്ലാം.ഇതൊക്കെ എനിക്ക് പഠിപ്പിച്ചു തന്ന ആള്‍ എവിടെ ആണ്?ജീവിതമെന്ന നിലയ്ക്കാത്ത ഒഴുക്കില്‍ അതെല്ലാം ഒലിച്ചു പോയിരിക്കുന്നു.നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒന്നും യാദൃശ്ചികമല്ല.കടന്നു വരുന്ന ഓരോ വ്യക്തിക്കും ഒരു ഉദ്ദേശമുണ്ട്.പരസ്പരം പഠിക്കാനും അറിയാനും പലതും ഉണ്ട്. എവിടെ നിന്നോ വന്നു എങ്ങോട്ടെയ്ക്കെന്നു യാത്ര പറയാതെ പോയ അദ്ദേഹവും അങ്ങനെ പലതും പഠിപ്പിച്ചു.

വഴിപാടുകള്‍ നടത്തുന്ന ശീലമില്ലാത്തത് കൊണ്ട് ക്യു നില്‍ക്കാതെ,തിക്കിലും തിരക്കിലും പെടാതെ നടന്നു.അപ്പോള്‍ ദാ തൊട്ടു മുന്‍പില്‍ ഒരു കൊച്ചു മിടുക്കി.ഒരു മകള്‍ പിറക്കാതെ പോയതിന്റെ നോവും നഷ്ടബോധവും ആണോ?അതോ ദൂരെ എവിടെയോ ഉള്ള ഞാന്‍ കാണാത്ത എന്‍റെ മാനസപുത്രിയെ ഓര്‍ത്തുള്ള നോവോ.എന്തായാലും പെണ്‍കുട്ടികളെ എന്നും ഇഷ്ടമായിരുന്നു.ചന്തത്തില്‍ ഒരുങ്ങി അമ്മയുടെ കയ്യില്‍ തൂങ്ങി നടക്കുന്ന പൂമൊട്ടുകള്‍.വാലിട്ടു കണ്ണെഴുതിക്കാനും പൊട്ടു തൊടുവിക്കാനുമൊക്കെ ഞാന്‍ എത്ര കൊതിച്ചെന്നോ?

പക്ഷെ ഇവള്‍ ഇത്തിരി കൂടുതല്‍ ഒരുങ്ങിയിട്ടില്ലേ?ചുണ്ടുകളില്‍ ചായം പുരട്ടി ചുവപ്പിച്ചിട്ടുണ്ട്.കവിളില്‍ ഇല്ലാത്തൊരു നാണം വിരിയിക്കാന്‍ ആരോ ശ്രമിച്ചത് പോലെ.ഒതുക്കമില്ലാത്ത മുടി പാറി കളിക്കുന്നു.ഹൈ ഹീല്‍ ചെരിപ്പും ആവശ്യത്തില്‍ കൂടുതല്‍ ഇറുകിയ വേഷവും ഒരു കൊച്ചു കുട്ടിയെന്നതിലേറെ വിളിച്ചു പറയുന്നു.മാധ്യമങ്ങള്‍ ആണോ എന്തിനെയും ഏതിനേയും സംശയത്തോടെ മാത്രം കാണാന്‍ പഠിപ്പിച്ചത്.

നമ്മുടെ നാട്ടിലെ പോലെയല്ല.ഇവിടെ ദൈവങ്ങളെ തൊടാം.സ്റ്റെപ് കയറി തുടങ്ങിയപ്പോള്‍ ആരോ കയ്യിലൊരു ചരട് തന്നു.ഇവിടുത്തെ ശിവന്റെ കയ്യില്‍ ചരട് കെട്ടി എന്ത് പ്രാര്‍ഥിച്ചാലും നടക്കുമെന്നാണ്.എനിക്ക് ചോദിക്കാന്‍ ഒന്നുമില്ല.ജീവിതത്തെ അതിന്റെ വഴിക്ക് വിടുന്നതാണ് നല്ലത്.ഈ നിമിഷം സുഖമായാലും ദു:ഖമായാലും അതിനെ സ്വീകരിച്ചു അനുഭവിക്കുക.ഒന്നിനോടും എതിര്‍പ്പില്ല.ആ നിമിഷത്തിനപ്പുറം അതിനെ മനസ്സില്‍ വയ്ക്കാതെയുമിരിക്കണം.ആരെങ്കിലും തറപ്പിച്ചൊന്നു നോക്കിയാല്‍ കണ്ണ് നിറച്ചിരുന്ന തൊട്ടാവാടിയില്‍ നിന്ന് ഇതിലേയ്ക്ക് തന്നെ മാറ്റിയെടുത്തത് ജീവിതമെന്ന മഹാത്ഭുതം അല്ലാതെ എന്താണ്.ശിവനെ ഒന്ന് വലം വച്ച്,കണ്ണടച്ചു.ഭഗവാനെ.ഇടനാഴി കടന്നു ഭജന മണ്ഡപത്തില്‍ എത്തി.

ആളുകള്‍ ശാന്തരായി ഇരിക്കുന്നു.കുറെ പേര്‍ ഭജനയില്‍ അലിഞ്ഞു ഉറക്കെ ഉറക്കെ പാടുന്നുണ്ട്.അലസ ഭാവത്തോടെ ചുറ്റുപാടും ഉള്ളവരെ നോക്കിയിരിക്കുന്നവരും,കണ്ണടച്ചു സ്വന്തം ലോകത്തില്‍ മുഴുകി ഇരിക്കുന്നവരും ഒക്കെ ഉണ്ട്.ദീപാരാധനയുടെ നേരമായി.പ്രാര്‍ത്ഥനയും മണിയടിയും ഉച്ചസ്ഥായിയില്‍ ആയി.ഭക്തി ജനിപ്പിക്കാന്‍ ഇങ്ങനെ ഉള്ള അന്തരീക്ഷം വേണമോ?ഈശ്വരനെ അറിയുക എന്നാല്‍,നമ്മളെ തന്നെ അറിയുക എന്നല്ലേ.ഞാനും നീയും രണ്ടല്ലെന്ന അറിവ്.ജീവിതത്തിന്റെ അന്ത്യപാദത്തില്‍ എങ്കിലും ഈ അറിവിലേയ്ക്ക് കണ്‍തുറക്കാന്‍ കഴിഞ്ഞല്ലോ.

അന്തരീക്ഷത്തില്‍ കര്‍പ്പൂരത്തിന്റെ ഗന്ധം.അടുത്തിരിക്കുന്ന നോര്‍ത്തി കുട്ടിയുടെ കണ്ണുകള്‍ സജലങ്ങളാണ്.ഓം നമശിവായ ഓം നമശിവായ.അവള്‍ ജപിച്ചു കൊണ്ടേ ഇരുന്നു.പ്രസാദ വിതരണവും കഴിഞ്ഞു.ആളുകള്‍ കൊഴിഞ്ഞു കൊണ്ടേ ഇരുന്നു.എനിക്ക് മടങ്ങാന്‍ തോന്നിയില്ല.വെറുതെ ഇങ്ങനെ ഒന്നും ചെയ്യാതെ ഒന്നും ചിന്തിക്കാതെ ഇരിക്കണം.ഒന്‍പതു മണി കഴിയുന്നു.ഇനിയും വൈകിയാല്‍ ചോദ്യങ്ങള്‍ കൂടും.എണീറ്റ്‌ മെല്ലെ നടന്നു.

കടകള്‍ മിക്കതും അടച്ചു തുടങ്ങി.ഇരുള്‍ വീണ വഴിയില്‍ മെല്ലെ നടന്നു.മുകളില്‍ നക്ഷത്രങ്ങളും നിലാവും.നിന്നെ ഓര്‍മ്മിക്കാന്‍ എന്നെ കുളിര്‍ന്നു നില്‍ക്കുന്ന ഈ നിലാവ് മാത്രം മതി.നീ അറിയുന്നുവോ എന്‍റെ മനസ്സ്.കടമകളുടെ ബന്ധനത്തില്‍ അകപ്പെട്ടു പോയ എന്‍റെ പ്രിയ സ്വപ്നമേ,എന്‍റെ ജീവനും തേജസ്സുമായി കൂടെയുണ്ട് ആ ഓര്‍മ്മകള്‍.ഒരു നഷ്ടബോധവും ബാധിക്കാതെ, എന്‍റെ ജീവനായി കരുത്തായി എന്നില്‍ അലിഞ്ഞു ചേര്‍ന്ന്. നീ പകര്‍ന്നു തന്ന സ്നേഹ സ്വപ്‌നങ്ങള്‍ എന്‍റെ വഴിയില്‍ വെളിച്ചമാകുന്നു.ഒറ്റയ്ക്കാകാന്‍ ഒരിക്കലും അനുവദിക്കാതെ കാതോടു ചേര്‍ന്ന് സ്വകാര്യം പറഞ്ഞു കൂടെ കൂടുന്നു.ഹാ ജീവിതം എത്ര മനോഹരം എന്നെന്നെ കൊണ്ട് ചിന്തിപ്പിക്കുന്നു.

ബസ്‌ സ്റ്റോപ്പില്‍ ആള്‍തിരക്കില്ല.സ്ത്രീകള്‍ കുറവാണ്.പക്ഷെ പേടിക്കാനില്ല.നാട്ടിലെ പോലെ പിച്ചലും

തോണ്ടലും ഒന്നും ഒരിക്കലും ഇവിടെ ഉണ്ടായിട്ടില്ല.സ്റ്റോപ്പ്‌ന്റെ ഇരുള്‍ പറ്റി ആ കൊച്ചു പെണ്‍കുട്ടിയും മറ്റു ചിലരും.ആകാംക്ഷ അടക്കാന്‍ ആയില്ല.അവിടെ ഒരു വില പേശല്‍ ആണ്.

"മാല്‍ നയാ ഹേ തോ സ്യാദ ദേന പടെഗാ നാ?

ഇസ്ക ഉമര്‍ തോ സോചോ.സോചോ ജല്‍ദി സോചോ.

പൈസ നഹിന്‍ ഹേ തോ ചോട് ദോ സാബ്

ഇസ്സെ അച്ഛാ കസ്റ്റമര്‍ മിലേഗ ഹമേ"

കൂടുതല്‍ കേള്‍ക്കാന്‍ ആവാതെ കാതുകള്‍ അടഞ്ഞു.എന്‍റെ കണ്ണുകള്‍ അവളുടെ മുഖത്ത് തറഞ്ഞിരുന്നു.ബാല്യത്തിന്റെ നിഷ്കളങ്കതയോ കൌമാരത്തിന്റെ കൌതുകമോ ഒന്നും ഇല്ലായിരുന്നു അവിടെ.ഭയം തീരെയും ഉണ്ടായിരുന്നില്ല.പാവക്കൂത്തുകാരന്റെ കയ്യിലെ ചരടിനോപ്പം ആടിതിമിര്‍ക്കുന്ന പാവയുടെ മുഖ ഭാവം മാത്രം.അതിനപ്പുറം ഒന്നുമില്ല.അവളുടെ മുഖത്തെ കൂസലില്ലായ്മ എന്നെ ഭയപ്പെടുത്തി.

കാലങ്ങള്‍ക്കപ്പുറം നിന്ന് പോയ,എന്നെ മാസാമാസം മുള്‍മെത്തയില്‍ കിടത്തുന്ന ആ വേദന.വേദന കൊണ്ട് കുനിഞ്ഞു പോയി ഞാന്‍.മകളെ നീ പിറക്കാതിരുന്നത് എത്ര നന്നായി.അല്ലെങ്കില്‍ തന്നെ അവിടെ നില്‍ക്കുന്ന പാവക്കുട്ടിയും ഒരു മകള്‍ അല്ലെ? എന്‍റെ ഗര്‍ഭപാത്രത്തില്‍ ഞാന്‍ വഹിച്ചില്ല എന്നത് കൊണ്ട് മാത്രമാണോ ഞാന്‍ ഇവിടെ നിസ്സഹായായി കാഴ്ചക്കാരിയായി നില്‍ക്കുന്നത്.നിന്റെ കയ്യും പിടിച്ചു ഈ ഭൂമിയുടെ അറ്റം വരെ ഓടാന്‍ ഉള്ള ധൈര്യം എനിക്കില്ലാതെ പോയത് എന്താണ് മകളെ.എന്‍റെ മാതൃത്വം എത്ര വില കുറഞ്ഞതാണ്.എന്‍റെ മുന്‍പില്‍ നീ വിലപേശപ്പെടുമ്പോള്‍,ആള്‍ക്കൂട്ടത്തില്‍ ഒരുവളായി, അന്യയായി ബസ്‌ പെട്ടന്ന് വരുവാന്‍ പ്രാര്‍ഥിച്ചു ഞാനും നില്‍ക്കുന്നതെന്തേ?

 

Srishti-2022   >>  Short Story - Malayalam   >>  വേർപിരിയും മുൻപേ..!

Ganga S Madhu

H n R Block

വേർപിരിയും മുൻപേ..!

"തിരികെ പോകുകയാണ്...3 വർഷം,3 പതിറ്റാണ്ടിന്റെ ഓർമകൾ സമ്മാനിച്ചിരുന്നു എനിക്ക്.. കാരണക്കാരായ വ്യക്തികളും സന്ദർഭങ്ങളും ഇനിയെന്റെ ഓർമകളിൽ ഉണ്ടാകരുത്..ഉപേക്ഷിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ല..! ഒരു യാത്രപറച്ചിലിന് വഴിയൊരുക്കാതെ ഒളിച്ചോടുകയാണ് ഞാൻ..."

തേങ്ങലോടെ അവസാനവാക്കും പൂർത്തിയാക്കി അവൾ പുസ്തകം ബാഗിലേക്ക് വച്ചു...പായ്ക് ചെയ്തു വച്ചിരുന്ന ലഗ്ഗേജുമായി ഗംഗ ഫ്ലാറ്റിനു പുറത്തെത്തി...തികച്ചും അസ്വസ്ഥയായിരുന്നു അവൾ...ഒറ്റപ്പെട്ടുവെന്ന തോന്നൽ അവളെ അലട്ടികൊണ്ടേയിരുന്നു..അയല്പക്കകാരോട് പോലും യാത്ര പറയാതെ അവൾ താഴെ വെയിറ്റ് ചെയ്തിരുന്ന യൂബറിൽ കയറി...റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി കാർ മുന്നോട്ട് ചലിച്ചു...കാറിന്റെ വേഗത ഗംഗയെ പഴക്കം ചെന്ന ചില ഓർമകളിൽ കൊണ്ടെത്തിച്ചു..

3 വർഷങ്ങൾക്ക് മുൻപാണ് ഗംഗ ബാംഗ്ലൂരിലേക്ക് ചേക്കേറിയത്.. ഗവണ്മെന്റ കോളേജിൽ എന്ജിനീറിങ് പഠനം പൂർത്തിയാക്കിയതിന് പുറമെ ക്യാംപസ് പ്ലേസ്മെന്റിൽ കിട്ടിയ ജോലിയാണ് ടെക് മഹിന്ദ്രയിൽ..കോളേജിലെ മെക്ക് റാണിയായിരുന്നു ഗംഗ..അവളുടെ സുഹൃദ് വലയത്തിനു പരിമിതികൾ ഇല്ലായിരുന്നു.എന്നിരുന്നാലും പ്രണയത്തിലേക്ക് വഴുതി വീഴാൻ തക്ക ബന്ധങ്ങൾ ഒന്നും അവൾക്ക്

ഉണ്ടായിട്ടില്ല..

കഥ ആരംഭിക്കുന്നത് ഗംഗയുടെ കോളേജിലെ ഫെയർവെൽ ദിനത്തിൽ നിന്നാണ്.4 വർഷക്കാലത്തെ ഓർമകളും അനുഭവങ്ങളും ഉൾപ്പെടുത്തി ഒരു തകർപ്പൻ പ്രസംഗം കാഴ്ച വച്ചതിനു ശേഷം ബാക്ക്സ്റ്റേജിൽ നിൽക്കുകയായിരുന്നു ഗംഗ..സ്റ്റേജിൽ അടുത്ത ഇനത്തിന്റെ അനൗൻസ്മെന്റ് മുഴങ്ങി..

'Introduce your favourite Senior.'

ഉടൻ തന്നെ തേർഡ് ഇയർ മെക്കിന്റെ റെപ്പ് സഖാവ് അഭിമന്യു രാഘവ് സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടു..കാണികളെ നിറഞ്ഞ പുഞ്ചിരിയോടെ നോക്കി അവൻ ആരംഭിച്ചു.

"നമസ്തേ സുഹൃത്തുക്കളെ..ഞാൻ അഭിമന്യു രാഘവ്..തേർഡ് ഇയർ മെക്കാനിക്കൽ വിദ്യാർത്ഥി ആണ്..കാണികളായിട്ടുള്ളവരിൽ കുറച്ചു പേർക്കെങ്കിലും എന്നെ അറിയാമെന്ന് വിശ്വസിക്കുന്നു. നമ്മുടെ തലമൂത്ത ചങ്ങാതിമാർക്ക് അതായത്, നമ്മുടെ സ്വന്തം സീനിയർസിന് വിട പറയുന്ന ചടങ്ങാണ് ഇവിടെ അതിവിപുലമായി നടന്നുകൊണ്ടിരിക്കുന്നത്... Introduce ur fav senior എന്ന ഈ റൗണ്ടിൽ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് നിങ്ങൾക്ക് എല്ലാവർക്കും സുപരിചിതമായ ഒരു കഥാപാത്രത്തെ ആണ്..നമ്മുടെ സ്വന്തം മെക്ക് റാണി...സോറി..നമ്മുടെ സ്വന്തം ഗംഗ ചേച്ചി..!"

അഭിമന്യുവിന്റെ പ്രസംഗം കേട്ട് ഗംഗ ഒരു നിമിഷം സ്തംഭിച്ചു നിന്നു..തന്നോട് ഇന്നേവരെ‌ക്കും സംസാരിച്ചിട്ടില്ലാത്ത,തന്റെ പേര് പോലും ഉച്ചരിച്ചു കേൾക്കാത്ത ഒരു വ്യക്തി..പരിചിതമായ മുഖം ആണ്..എന്നിരുന്നാലും വ്യക്‌തിപരമായി തീർത്തും അപരിചിതനാണ്..ഗംഗ അല്പം മുന്നോട്ട് നിന്ന് ബാക്കി ഭാഗം ശ്രദ്ധിക്കാൻ തുടങ്ങി..അവൻ തുടർന്നു..

"ഒരുപക്ഷേ എന്നെ ഏറ്റവുമധികം സ്വാധീനിച്ച ഈ കോളേജിലെ വ്യക്തിത്വം ഗംഗ ചേച്ചി ആണ്...സജീവമായി പ്രവർത്തിച്ചിട്ടുള്ള ഏതൊരു പരിപാടിക്കും വിജയം മാത്രമായിരുന്നു മുന്നിൽ..ഈ ഒരു ചുറുചുറുക്ക് പകർന്നു നല്കിയിട്ടാണ് ഈ കോളേജിൽ നിന്നും ചേച്ചി പടിയറങ്ങുന്നത്...ഇനിയും തുടർപ്രവർത്തനങ്ങൾക്ക് പൂർവവിദ്യാർഥി എന്ന രീതിയിലുള്ള സമ്പൂർണ സഹകരണം പ്രതീക്ഷിക്കുന്നു..ലാൽ സലാം..!"

കാണികളിൽ കയ്യടിശബ്ദം ഉയർന്നു..ഒച്ച പുറത്തേക്ക് വരാതെ ഗംഗ വിയർക്കുന്നുണ്ടായിരുന്നു..വേദി വിട്ടുപോയ മറ്റു 9 പേരിൽ 4 പേരും അവളെപ്പറ്റി സംസാരിച്ചുവെങ്കിലും മനസ്സിൽ ഉടക്കിയത് അഭിമന്യുവിന്റെ പ്രസംഗം ആയിരുന്നു...താൻ അറിയാതെ തന്നെ ഇത്രത്തോളം മനസിലാക്കിയ സുഹൃത്തിനെ ഒന്നു

പരിചയപ്പെടാം എന്ന ഉദ്ദേശത്തോടെ ഗംഗ ഹാളിൽ നിന്ന് പുറത്തിറങ്ങി...ഗ്രൗണ്ടിലും കോറിഡോറിലും ഒക്കെ തിരഞ്ഞുവെങ്കിലും നിരാശ ആയിരുന്നു ഫലം...തിരികെ ഹാളിലേക്ക് കയറുന്നതിനു മുൻപ് ഗംഗ അവളുടെ സുഹൃത്തുക്കളോട് അഭിമന്യുവിനെ കുറിച്‌ അന്വേഷിച്ചു.

"ടാ..രാഹുലെ...ഒന്നു വന്നേ..

"ഓ...എന്താണ് ഗംഗ മാഡം...ആളാകെ പോപുലർ ആയല്ലോ..

"ഓഹ്..!അല്ല, ഞാനൊന്നു ചോദിച്ചോട്ടെ...ഈ അഭിമന്യുവിന് എന്നെ എങ്ങനെ അറിയാം...? എനിക്ക് അവനെ തീരെയും പരിചയം ഇല്ലല്ലോ..

"ഏത്...ആ തേർഡ് ഇയർ റെപ്പ് ഓ?

"അതെന്നെ..

"നീ ഇലക്ഷന് ഒക്കെ നിന്നിട്ടില്ലേ... പിന്നെ ഓൾ റൗണ്ടർ ആയിരുന്നല്ലോ...ആരാധന മൂത്ത് പ്രാന്ത് ആയതാകും.."

"ആഹാ...എനിക്ക് അവനെ ഒന്നു കണ്ടേ പറ്റൂ.. തിരഞ്ഞു..കിട്ടിയില്ല...ഒരു വട്ടം കൂടി ശ്രമിച്ചു നോക്കട്ടെ..

"അവൻ എവിടേലും കാണും..നീ നോക്ക്.."

യാത്രപറച്ചിലിന്റെ തിരക്കിനിടയിൽ അഭിമന്യുവിന് വേണ്ടിയുള്ള തിരച്ചിൽ ഭാഗികമായി നിർത്തിവച്ചു.

താഴേക്കിറങ്ങി കോളേജ് ബസിനായി കാത്തു നിൽക്കുമ്പോഴാണ് പാർക്കിങ്ങ് ഏരിയയിൽ അവനെ കണ്ടത്...സംസാരിക്കാനായി മുൻപോട്ട് നടക്കാൻ തുടങ്ങിയപ്പോഴേക്കും അവൻ അടുത്തെത്തി.

"ഹേയ്...

ചേച്ചിക്ക് എന്നെ മനസിലായോ..? ഞാൻ അഭിമന്യു..!ഒത്തിരി നാളായി സംസാരിക്കണമെന്ന് വിചാരിക്കുന്നു.. പക്ഷെ സാധിച്ചിട്ടില്ല..

"ഹായ്...ഞാൻ തന്നെ അന്വേഷിക്കുന്നുണ്ടായിരുന്നു....തനിക്ക് എന്നെ ഇത്രത്തോളം ബഹുമാനം ആണെന്ന് ഞാൻ അറിഞ്ഞില്ല...

"Actually.. ബഹുമാനം അല്ല..ആരാധന ആണ്...ഇന്നെന്തായാലും സംസാരിക്കാനും പരിചയപ്പെടാനുമൊക്കെ സാധിച്ചല്ലോ...ഹാപ്പി ആണ് ഞാൻ.."

"ഓഹ്...ആദ്യമായാണ് ഇങ്ങനൊക്കെ കേൾക്കുന്നത്...anyway.. കണ്ടതിൽ സന്തോഷം...! പോകുന്നില്ലേ താൻ.? അതോ..എന്തേലും കലാപരിപാടികൾ ബാക്കി ഉണ്ടോ..?"

"ഏയ്...ഒന്നുമില്ല... എന്റെ കാമറ ക്ലാസ്സിൽ വച്ച് മറന്നു ഞാൻ...ഫ്രണ്ട് എടുക്കാൻ പോയെക്കുവാ...അവൻ വന്നിട്ട് പോകും..."

"താൻ ഫോട്ടോഗ്രാഫർ ആണോ..?

"എന്തൊരു ചോദ്യം ആണ് ഇത്...ഇവിടുത്തെ എല്ലാ പ്രോഗ്രാമിംസിന്റെയും ഫോട്ടോഗ്രാഫർ ചുമതല എനിക്കാണ്...എന്നിട്ടും എന്നെ ശ്രദ്ധിച്ചിട്ടില്ല..?

"ഇല്ലെടോ...പേര് പരിചിതമാണ്...പക്ഷെ താൻ...

അതിശയം തോന്നുന്നു...

"അതിശയം അവിടെ നിൽക്കട്ടെ...ചേച്ചി കോളേജ് ബസിൽ അല്ലെ...? ദേ നോക്കിക്കേ...ബസ് പോയി കേട്ടോ..

"അയ്യോ...ഇയാളോട് സംസാരിച്ചു സമയം പോയതറിഞ്ഞില്ല...ഇനിയിപ്പോ എന്താ ചെയ്ക? എനിക്കിന്ന് നാട്ടിൽ പോകേണ്ടതാ..

"ടെൻഷൻ ആകണ്ട..എവിടാണെന്നു വച്ചാൽ ഞാൻ ഡ്രോപ്പ് ചെയ്യാം...

സംഭാഷണം നീളുന്നത് അവർ പോലും അറിയുന്നുണ്ടായിരുന്നില്ല...അവന്റെ നിർബന്ധം സഹിക്കവയ്യാതെ ഗംഗയെ അവൻ ബസ് സ്റ്റോപ്പിൽ കൊണ്ടുചെന്നാക്കി..

"താങ്ക്സ് അഭി...

"അതൊന്നും വേണ്ടെന്നെ...സേഫ് ആയിട്ട് എത്തിയെച്ചാൽ മതി...എത്തിക്കഴിഞ്ഞു ഒന്നു ടെക്സ്റ്റ് ചെയ്താൽ നന്ന്...!

"തന്റെ ഫോൺ നമ്പർ തന്നെക്കു...

"എന്തിനും എളുപ്പമാർഗം സ്വീകരിക്കുന്നതിനോട് എനിക് യോജിപ്പില്ല..പ്രയാസത്തിലൂടെ നേടിയെടുത്തതിലെ ആയുസ്സ് ഉള്ളു...തയ്യാറാണെങ്കിൽ ഞാൻ ഒരു ടാസ്‌ക് തരാം..."

"താൻ ഇതെന്തൊക്കെയാ പറയുന്നത്... എനിക്കൊന്നും മനസിലാകുന്നില്ല..."

"കോളേജിൽ എല്ലാരുമായി നല്ല പിടിപാടുള്ള ആളല്ലേ.. എന്റെ ഫോൺ നമ്പർ കണ്ടുപിടിച്ച് ടെക്സ്റ്റ് ചെയ്തോളുട്ടോ.."

"താൻ ആള് കൊള്ളാലോ...ഇതിനാണോ പ്രയാസം... അങ്ങനെ ആകട്ടെ... അപ്പോ ശരി...ബൈ..!"

വീട്ടിലേക്കുള്ള യാത്രക്കിടയിലും മനസ്സു നിറയെ കോളേജ് ഓർമകൾ ആയിരുന്നു..വൈകികിട്ടിയ സുഹൃത്തിനെയും ഉൾപ്പെടുത്താതിരുന്നില്ല..

എങ്ങനെയെങ്കിലും ഫോൺ നമ്പർ ഒപ്പിക്കണം എന്നതായി അടുത്ത ചിന്ത...കോളേജ് ഗ്രൂപ്പുകളിലെല്ലാം പരതിയെങ്കിലും അഭിയുടെ നമ്പർ കണ്ടെത്താനായില്ല...കൂട്ടുകാരുടെ പക്കൽ ഉണ്ടാകുമെന്നു കരുതിയെങ്കിലും ആ സാധ്യതയും പരാജയപെട്ടു...

"ഉയിരിൽ തൊടും തളിർ..."

ഫോണിന്റെ ശബ്ദം അവളെ ഓർമകളിൽ നിന്നു ഉണർത്തി.

"ഹലോ ഗംഗേ... നീ എവിടെയാ...നീ എന്തു പണിയാ കാണിച്ചേ... എനിക് നിന്നെ കാണണം...

"ഇനി അവിടെക്കില്ല ദേവി..മടുത്തു എനിക് അവിടം...തിരികെ പോകുകയാണ് ഞാൻ..5.30 ന് ആണ് ട്രെയിൻ..നീ ഇവിടേക്ക് വരാൻ നിൽക്കേണ്ട...

"അതിനും വേണ്ടി എന്താ സംഭവിച്ചേ....നമുക്ക് പരിഹാരം ഉണ്ടാക്കാം...നീ വായോ...

"ഒന്നിനെപ്പറ്റിയും ഓർക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല..So..Just leave me alone..!"

ദേവിയുടെ വാക്കുകൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ഗംഗ ഫോൺ കട്ട് ചെയ്തു.

കാറിൽ നിന്നു പുറത്തിറങ്ങി അവൾ റെയിൽവേ സ്റ്റേഷന് ഉള്ളിലേക്ക് കയറി..പകുതി ഭാഗം കണ്ട ചലച്ചിത്രം പോലെ മനസ്സിൽ ഓർമകൾ കുമിഞ്ഞു കൂടിയിരുന്നു..

--------------------------------------------------------------------------

"പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടല്ലേ...."

നോട്ടിഫിക്കേഷനിൽ പുതുതായി കണ്ട മെസ്സേജിന് ധൃതഗതിയിൽ അവൾ റിപ്ലൈ ചെയ്യാൻ തുനിഞ്ഞു..

മറുപടി അയക്കുന്നതിനു മുൻപ് തന്നെ അവൾ ബാക്കി മെസ്സേജുകൾ വായിക്കാൻ തുടങ്ങി.

"സാരമില്ല...പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടി ആണല്ലോ...

ഞാൻ അഭി ആണ്...ധൈര്യമായി നമ്പർ സേവ് ചെയ്തോളൂ..."

എന്തിനെന്നില്ലാത്ത സന്തോഷം അവളുടെ മുഖത്തു പ്രകടമായിരുന്നു...ദിവസങ്ങളോളം, ആഴ്ചകളോളം,മാസങ്ങളോളം നീണ്ടു നിന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പതിയെ ഫോൺ വിളികളിലേക്ക് വഴി മാറി...ദിവസങ്ങൾ കടന്നുപോയത് അവർ അറിഞ്ഞിരുന്നതെ ഇല്ല...ബാംഗ്ലൂരിലെ ജോലിയുമായി അവൾ ഒരു വർഷം പൂർത്തിയാക്കി..കോളേജ് പഠനം കഴിഞ്ഞ് അഭിയും ജോലി അന്വേഷിച്ചു തുടങ്ങി..അവളുടെ സഹായത്തോടെ അവൻ ബാംഗ്ലൂരിൽ തന്നെ മറ്റൊരു കമ്പനിയിൽ ജോലി തരപ്പെടുത്തി... ആഴ്ചയിലൊരിക്കലുള്ള കൂടികാഴ്ച്ചകൾ അവരുടെ ബന്ധത്തെ ഏറെ ദൃഢപ്പെടുത്തുകയായിരുന്നു..

തിരക്കൊഴിഞ്ഞ ഒരു വൈകുന്നേരം...ബീച്ച് റോഡിലെ പടികെട്ടിൽ അഭിയെയും കാത്തിരിക്കുകയാണ് ഗംഗ..അസ്തമയത്തിന് സമയം ആയി വരുന്നു...എന്നിട്ടും അവൻ എത്തിയിട്ടില്ല... മനസ്സിൽ വിചാരിച്ച് പിന്നിലേക്ക് നോക്കിയതും ഓടിപിടച്ചു വരുന്ന അഭിയെയാണ് കണ്ടത്..

"നിനക്കു വല്ലാത്ത ഭാഗ്യം ആണ് കേട്ടോ...10 മിനുറ്റ് കൂടി വൈകിയിട്ടുന്നേൽ ഞാൻ നിന്നോട് പറയാതെ തിരികെ പോയേനെ...

"ഓ പിന്നെ... ഒന്നു പോയെടി...ഇവിടെത്തെ ട്രാഫിക് ബ്ലോക്ക് നിനക്കു അറിയാഞ്ഞിട്ടാണോ..?"

"തർക്കിക്കാൻ ഞാനില്ല...നേരത്തെ ഇറങ്ങാൻ വയ്യേ നിനക്ക്..?

"നീ പിണങ്ങാതെ....,! നിനക്ക് ഈ ക്ലൈമറ്റ് ഒന്നു ആസ്വദിച്ചൂടെ? എന്നതാ ഒരു ഫീൽ.."

അഭി പറയുന്നതൊന്നും ഗംഗ ശ്രദ്ധിച്ചിരുന്നില്ല..മറ്റേതോ ചിന്തയിൽ അവളുടെ മനസ്സ് ചലിക്കുകയായിരുന്നു..ഒരു ദീര്ഘനിശ്വാസത്തോടെ അവൾ അവനോട് ചോദിച്ചു..

"അഭി...നിനക്കു എന്റെ ചോദ്യത്തിന് നീ വ്യക്തമായ മറുപടി തരാമോ?

" നീ ചോദിക്...നോക്കാം..

"ഞാൻ നിന്റെ ആരാണ്..??"

ഇടിവെട്ടേറ്റ പോലെ അവൻ ഒരുനിമിഷം സ്തംഭിചിരുന്നു..അപ്രതീക്ഷിതമായി കേട്ട ചോദ്യത്തിന്റെ മറുപടി അവൻ ഉള്ളിൽ തിരയുന്നുണ്ടായിരുന്നു.."സത്യത്തിൽ അവൾ എന്റെ ആരാണ്..!'

"ടാ...ഇത്രയും നേരം വേണോ ആലോചിക്കാൻ...മറുപടി പറയ്..

"വേണം...ഇക്കാലമത്രയും പോരാതെ വരും..കാരണം, ഈ ചോദ്യത്തിന്റെ മറുപടി എന്റെ പക്കൽ ഇല്ല.."

"ഓ... അങ്ങനെയാണോ...എങ്കിൽ ശെരി...യെസ്/നോ പറഞ്ഞാൽ മതി..!ഓക്കെ?

"ഹും!

"ഞാൻ നിന്റെ സഹോദരി അല്ലെടാ..?

"നോ..!

"പിന്നെ..?

"നീ ഒന്നു നിർത്തുന്നുണ്ടോ..കുറെ നേരമായല്ലോ തുടങ്ങിയിട്ട്... വാ...എന്തേലും കഴിക്കാം...ഹോസ്റ്റലിൽ പോകണ്ടേ നിനക്ക്.."

താൽകാലികമായി അവൻ ആ സംഭാഷണം അവസാനിപ്പിച്ചു...വാസ്തവത്തിൽ ആ ചോദ്യത്തിന്റെ മറുപടി അവന്റെ ഒഴിഞ്ഞുമാറലുകളിൽ നിന്നു അവൾക്ക് വ്യക്തമായിരുന്നു...

--------------------------------------------------------------------

"Your Attention Please..!"

റെയിൽവേ സ്റ്റേഷനിലെ അനൗൻസമെന്റ് കേട്ട് അവൾ പരിസരം നോക്കി...പ്ലാറ്റ്‌ഫോമിൽ നിന്ന് ലഗ്ഗേജ് എടുത്ത് അവൾ ട്രെയ്നിനുള്ളിലേക്ക് കയറി.. നിരന്തരമായി ശബ്ദിച്ചു കൊണ്ടിരുന്ന ഫോൺ കോളുകൾ ഒന്നും അവൾ ചെവിക്കൊണ്ടില്ല...ട്രെയിൻ പതിയെ ചലിച്ചു തുടങ്ങിയപ്പോഴേക്കും നിയന്ത്രണമില്ലാതെ ഗംഗ കരയുന്നുണ്ടായിരുന്നു..കണ്ണുനീർ നിയന്ത്രിച്ച് അവൾ മുന്നോട്ട് നടന്ന് സീറ്റ് കണ്ടെത്തി..ജനാലക്കരികിലുള്ള സീറ്റിലേക്ക് അവൾ തല ചായ്ച്ചു..ക്ഷീണവും അസഹ്യമായ തലവേദനയും കാരണം അവൾ ചെറുതായൊന്നു മയങ്ങി...

"ടാ..നല്ല മഴക്കാർ ഉണ്ട്...ഇന്നത്തേക്ക് കളി നിർത്തിക്കോ....എന്നെ വേഗം ഹോസ്റ്റലിൽ കൊണ്ടുചെന്നാക്കണം.."

"ടീ..ഒരു 15 മിനുറ്റ്....ഇപ്പോൾ വരാം...വൈകിയാൽ എന്താ...ഞാൻ ഇല്ലേ കൂടെ.."

ചാറ്റൽമഴ പെരുമഴ ആയി മാറാൻ അധിക സമയം വേണ്ടി വന്നില്ല...പ്ലൈഗ്രൗണ്ടിന്റെ കാർ പാർക്കിങ്ങിൽ ഇരുവരും ഓടിക്കയറി.

"മഴ കുറയുന്ന ലക്ഷണമില്ല.. വായോ..നമുക്ക് പോയേക്കാം..

"ഈ മഴയത്തോ..? ഞാൻ എങ്ങോട്ടും ഇല്ല....

"ഇവിടെ വാ പെണ്ണേ.."

അഭി അവളുടെ കൈ പിടിച്ച് അവന്റെ നെഞ്ചോടു ചേർത്തു..അവളുടെ ഹൃദയമിടിപ്പിന്റെ താളം അവന് കേൾക്കാമായിരുന്നു...ഇരുവരും കൈകൾ മുറുകെ പിടിച്ച് ഗ്രൗണ്ടിന്റെ നടുവിലേക്ക് ഇറങ്ങിച്ചെന്നു..മഴയ്ക്ക് ശക്തി കൂടുന്നുണ്ടായിരുന്നു..സ്വപ്നമോ യാഥാർഥ്യമോ എന്നറിയാതെ, കോരിച്ചൊരിയുന്ന മഴ അവർ ആസ്വദിച്ചു..അവളുടെ കണ്ണുകൾ അഭിക്ക് കൂടുതൽ ആകര്ഷണീയമായി തോന്നി..

"നീ എന്താ ഇങ്ങനെ തുറിച്ചു നോക്കുന്നെ..? നമുക്ക് പോകാം...ഒത്തിരി വൈകി...

"കണ്ടു കൊതി തീർന്നില്ല പെണ്ണേ...!!"

ഗംഗയുടെ മുഖത്ത് പുഞ്ചിരി വിടർന്നു.. നാണത്താൽ അവളുടെ മുഖമാകെ ചുവന്നിരുന്നു..

അവളുടെ വിരലുകൾ പതിയെ അവന്റെ മുടിയിഴകളെ തലോടുന്നുണ്ടായിരുന്നു..പറയാതെ പറഞ്ഞ അവരുടെ പ്രണയത്തിനു മഴയും സാക്ഷ്യം വഹിച്ചു...ഇക്കാലമത്രയും എഴുതിയ ഡയറിക്കുറിപ്പുകളിൽ ഹൃദയം കൊണ്ടെഴുതിയത് ഈ ദിവസം ആയിരുന്നു...

മനസ്സാൽ അംഗീകരിച്ച ദിനം മുതൽ ഒന്നരവര്ഷത്തോളം യാതൊരു ആശങ്കകളും ഇല്ലാതെ അവർ പ്രണയിച്ചു..

എന്നാൽ ഭാവിയെക്കുറിചുള്ള ചിന്തകൾ മാറ്റിനിർത്താനാകില്ല എന്നു തിരിച്ചറിഞ്ഞതോടെ

അവർക്കിടയിൽ ചോദ്യങ്ങൾ കടന്നുവന്നു...ഗംഗയുടെ വീട്ടിൽ അവതരിപ്പിക്കാൻ പ്രയാസം ഉണ്ടായിരുന്നില്ല...അവൾ പറയുന്നതെന്തും ഉൾകൊള്ളാൻ അച്ഛനമ്മമാർ തയ്യാറായിരുന്നു..

അഭിയുടെ വീട്ടുകാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ അവൻ നന്നേ ബുദ്ധിമുട്ടി..നിരന്തരമായുള്ള ആക്ഷേപങ്ങളും പരിഹാസങ്ങളും അവനിൽ മാറ്റം വരുത്തുന്നതായി അവൾക് തോന്നിതുടങ്ങിയിരുന്നു..ഗംഗയ്ക്ക് ഈ അവഗണന സഹിക്കാവുന്നതിലും അധികമായിരുന്നു...നേരിട്ട് കാണണമെന്ന് അവൾ ആവശ്യപ്പെട്ടുവെങ്കിലും അവൻ അതിനു കൂട്ടാക്കിയില്ല..ഒടുവിൽ രണ്ടും കല്പിച്ച് അവൾ അഭിയുടെ ഫ്ലാറ്റിലേക് പോയി.

വാതിൽ തുറന്ന അഭിക്ക് മുന്നിൽ നിൽക്കുന്ന ഗംഗയെ കണ്ട് ഭാവവ്യത്യാസം ഒന്നും ഉണ്ടായില്ല.അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..

"എന്താ നിന്റെ ഉദ്ദേശ്യം.? നീ എന്താ എന്റെ കാൾ എടുക്കാത്തത്..? അങ്ങനെ അവോയ്ഡ് ചെയ്യാൻ പറ്റുമോ നിനക്ക്?

അവളുടെ ചോദ്യങ്ങൾക് അവൻ നിശബ്ദത പാലിച്ചു..

"നീ എന്താ മിണ്ടാതെ നിക്കുന്നത്..? നിനക്കിത് എന്തു പറ്റി അഭി.? എന്തേലും പ്രശ്നം ഉണ്ടെങ്കിൽ നമുക്ക് ഒന്നിച്‌ സോൾവ് ചെയ്യാം.."

"നീ ആണ് എന്റെ പ്രശ്‌നം എങ്കിലോ?

അവന്റെ മറുപടി കേട്ട് അവൾ സ്തംഭിച്ചു നിന്നു..

"അഭി...

"അതേ...നീ തന്നെയാണ് എന്റെ പ്രശ്‌നം..എനിക് ടോളേറേറ്റ് ചെയ്യാവുന്നതിലും അധികം ആണ് സംഭവിക്കുന്നത്...ഐ ആം ഫെഡ് അപ് ഗംഗ..!

മറുത്തൊന്നും പറയാതെ അവൾ പുറത്തേക്കിറങ്ങി...മനസ്സ് ശൂന്യമായിരുന്നു..പിൻവിളി പ്രതീക്ഷിച്ചുവെങ്കിലും അത് ഉണ്ടായില്ല...ദിവസങ്ങൾ കഴിഞ്ഞുപോയി...അഭിയുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല...കേവലം ഡയറികുറിപ്പുകളിൽ അവളുടെ വിഷമം ഒതുങ്ങി നിന്നു..യാന്ത്രികമായുള്ള അവളുടെ രീതികളിൽ മറ്റു സുഹൃത്തുകൾക്കും നീരസം തോന്നിത്തുടങ്ങി...

പതിയെ എല്ലാം മടുത്തുതുടങ്ങിയപ്പോൾ ഒരു മാറ്റം അനിവാര്യമാണെന്ന് അവൾ മനസ്സിലാക്കി.

അധികനാൾ ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് കരുതി അവൾ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു..

എടുത്തുചാട്ടം ആകാതിരിക്കാൻ വീണ്ടും അഭിയെ ഫോണിൽ വിളിച്ചു..മറുപടിക്ക് കാത്തു നിൽക്കാൻ മനസ്സ് അനുവദിചില്ല..ഈ മടങ്ങിപോക്കിലൂടെ 3 വർഷം സമ്മാനിച്ച എല്ലാ ഓർമകളും മായ്ച്ചു കളയണമെന്ന ഉദ്ദേശ്യം മാത്രമേ ഗംഗയ്ക് ഉണ്ടായിരുന്നുള്ളൂ..

"എസ്ക്യൂസ്‌ മി മാഡം...ടിക്കറ്റ് പ്ലീസ്..

ടി.ടി.ആർ ന്റെ ശബ്ദം കേട്ട് ഗംഗ ഉണർന്നു..ഉറക്കച്ചടവ് മാറ്റി അവൾ ടിക്കറ്റ് കാണിച്ചു...പരിശോധനയ്ക്കു ശേഷം ചെറുതായൊന്നു പുഞ്ചിരിച് അയാൾ അവിടെ നിന്നും പോയി..ചാഞ്ഞും ചരിഞ്ഞും ക്ഷീണം കാരണം അവൾ വീണ്ടും മയങ്ങി..

പിറ്റേന്ന് രാവിലെ 7 മണിയോടെ ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ എത്തി..ലഗ്ഗേജുമായി പുറത്തേക്കിറങ്ങിയ ഗംഗ

തന്നെ കാത്തുനിന്നിരുന്ന ആളെ കണ്ട് ഞെട്ടി നിന്നു...കഴിഞ്ഞു പോയ കയ്പ്പ് നിറഞ്ഞ ദിവസങ്ങൾ സമ്മാനിച്ച വ്യക്തി..

'അഭിമന്യു രാഘവ്..'

ഗംഗയെ കണ്ട പാടെ ചിരിച്ചു കൊണ്ട് അഭി അടുത്തേക്ക് ചെന്നു..

"ട്രെയിൻ 30 മിനിറ്റ് നേരത്ത ആണല്ലോ..

നീ ആകെ ക്ഷീണിച്ചു...വാ...നമുക്ക് വീട്ടിലേക്ക് പോകാം...

പൊടുന്നനെ കരണം പുകയുമാറ് ഗംഗ അവനെ തല്ലി...ദിവസങ്ങളോളം അടക്കി വച്ചിരുന്ന രോഷം പുറത്തു കാട്ടാൻ ഈ മാർഗമേ അവൾക്ക് തോന്നിയുള്ളൂ...

"ഉഫ്ഫ്...!! സാരല്യ.. ഞാൻ ഇത് പ്രതീക്ഷിച്ചു...ഇനി എന്തേലും കലാപരിപാടികൾ ഉണ്ടോ..? ഇല്ലെങ്കിൽ കാര്യത്തിലേക്ക് കടക്കാം...

"എനിക്കൊന്നും പറയാനും കേൾക്കാനും ഇല്ല...കുറച്ചു മനസമാധാനത്തിനാണ് ഇങ്ങോട്ടേക് വന്നത്...പ്ളീസ്...ഒന്നു പോയി തരാമോ..

"എനിക് പറയാനുള്ളത് പറഞ്ഞിട്ട് ഞാൻ പൊയ്കോളം..

നിന്റെ മനസിലെ വില്ലൻ കഥാപാത്രം ആണ് എനിക് ഇപ്പോൾ എന്നറിയാം..നിന്നെ ചതികണമെന്ന ഉദ്ദേശ്യം ആയിരുന്നേൽ എനിക് മുൻപേ ആകാമായിരുന്നു.. പ്രായം എനിക് ഇന്നേവരേകും നമ്മുടെ ബന്ധത്തിന് തടസ്സമായ ഒരു കാരണം ആയി തോന്നിയിട്ടേയില്ല...ഒരു പെണ്കുട്ടി എന്ന നിലക്ക് നീ നിറവേറ്റേണ്ട ഒത്തിരി അവതാരങ്ങൾ തിരിച്ചറിഞ്ഞിട്ടുള്ളവനാണ് ഞാൻ..സോ, അടുത്ത റോൾ...അതായത് എന്റെ ഭാര്യയായി ഞാൻ ക്ഷണിക്കുകയാണ്...വെൽക്കം!

"നീ ഇനി എന്തൊക്കെ പറഞ്ഞാലും കഴിഞ്ഞ കുറച്ചു നാളുകളായി ഞാൻ അനുഭവിച്ച വിഷമത്തിന് പകരം ആകില്ല അഭി...

"ഐ നോ...എന്റെ തീരുമാനം ശെരിയാണെന്ന്

വീട്ടുകാരെ ബോധിപ്പിക്കാനുള്ള താമസം ആണ് നീ ഇപ്പോൾ ഉദ്ദേശിച്ച കഴിഞ്ഞ നാളുകൾ...പിന്നെ നീ അന്ന് ഫ്‌ളാറ്റിൽ വന്നപ്പോൾ എനിക് അങ്ങനെയേ റിയക്ട് ചെയ്യാൻ പറ്റിയുള്ളൂ...കാരണം, നിന്റെ കണ്ണുനീർ എന്നെ തളർത്തും...അതാണ് നിന്നെ മാറ്റിനിർത്താൻ ഞാൻ ശ്രമിച്ചത്...നമുക്ക് വേണ്ടിയല്ലേ...

പറഞ്ഞു തീർന്നതും ഗംഗ അവനെ വാരിപ്പുണർന്നു..

അവളുടെ കണ്ണിൽ നിന്നും ധാരയായി കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു..

"കരയാതെടി പെണ്ണേ..ഞാൻ ഉണ്ടല്ലോ കൂടെ...

അവൻ അവളുടെ നെറുകയിൽ ചുംബിച്ചു...അവളെയും ചേർത്തു പിടിച്ച് അവർ പതിയെ നടന്നു നീങ്ങി..

പ്രണയം ചിലപ്പോൾ ഇങ്ങനെയാണ്...എല്ലാ വിഷമത്തിന് പിന്നിലും ഇത്തരത്തിൽ ഒരു കുസൃതി ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും..ജീവിതം മാധുര്യമുള്ളതാക്കാൻ അതു തന്നെ ധാരാളം....!!

 

Srishti-2022   >>  Short Story - Malayalam   >>  ഉപ്പ്

Abhishek S S

Acsia Technologies

ഉപ്പ്

അലസമായി കിടന്നിരുന്ന കടലിൽ നിന്ന് നല്ലൊരു തിര വന്ന് തട്ടി. കാലൊന്ന് കുളിർന്നു. കൈവിരലുകൾക്കിടയിലൂടെ താഴേക്ക് വീണുകൊണ്ടിരുന്ന മണൽ തരികൾക്കിടയിൽ അയാളുടെ നരച്ച കാഴ്ച്ച കടല് കീറി മുന്നോട്ട് പോയി.

 

"ഇനിയിപ്പോ ഇന്ന് നോക്കീട്ട് കാര്യമില്ല സാറേ... നാളെ രാവിലെ ഇറങ്ങാം..."

 

കോസ്റ്റ് ഗാർഡിന്റെ പറച്ചിലിൽ ആ വയസ്സൻ കാഴ്ച മങ്ങിയില്ല.

 

മണൽ ഭിത്തിക്ക് അപ്പുറം പാർക്ക് ചെയ്തിരുന്ന ജീപ്പിന്റെ ഉള്ളിൽ വാക്കിടോക്കി മുരൾച്ച കണക്കെ എന്തൊക്കെയോ ശബ്ദിച്ചു കൊണ്ടേ ഇരുന്നു.

 

"സാറ് വരണം...ഞങ്ങൾ വീട്ടിൽ കൊണ്ട് ചെന്നാക്കാം.."

 

സ്റ്റേഷൻ ചാർജ് ഉണ്ടായിരുന്ന ഇൻസ്‌പെക്ടർ, വൃദ്ധന്റെ തോള് തന്നോട് ചേർത്ത് പിടിച്ച് ഒരു ശ്രമം നടത്തി നോക്കി.

കാഴ്ചക്ക് നേരെ പട വെട്ടിയെന്നോണം കടൽ കാക്കകൾ തിരകളൊഴിഞ്ഞ ഒരു ഭാഗത്ത് വട്ടമിട്ട് പറന്നു. വൃദ്ധൻ മണൽഭിത്തി വിട്ട് തിരികെ നടക്കാൻ കൂട്ടാക്കിയില്ല. അയാളുടെ കുറച്ചു മുന്നേയെറിഞ്ഞ നോട്ടമൊട്ട് പിന്നോക്കം വന്നതുമില്ല.

സൂര്യൻ താണു.

ആൾക്കാരോട് തീരം വിടാൻ പറഞ്ഞുകൊണ്ട് പോലീസുവണ്ടികൾ റോന്ത് തുടങ്ങി.

വൃദ്ധന്റെ കണ്ണ് തട്ടി ഒരു ഉപ്പുകാറ്റ് റോഡിലേക്കോടി മറഞ്ഞു. കൺപോളകളിലുടക്കിയ ചെറുപൊടിക്കാറ്റിന്റെ മറ നീക്കി അയാൾ കടലിലെ പരപ്പിലേക്ക് ഉറപ്പിച്ചു നോക്കി. അതാ അവിടെ, ഒരു മീൻ, തല പൊക്കി നോക്കി താണു പോയി. വീണ്ടും വന്നു നോക്കി. തന്നെത്തന്നെ നോക്കി എന്നുറപ്പിക്കാൻ അയാൾക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല.

തല പൊന്തിച്ചു നോക്കി താണ മീൻ, അടിത്തട്ടിലെ ചെറുപാറകൾക്കിടയിലൂടെ താഴേക്ക് നീന്തി. ആദ്യമായി നീന്തുന്നത് പോലെ. വല്ലാത്തൊരു ഉത്സാഹം അവന്റെ നീന്തലിൽ! അവന്റെ കലങ്ങിയ കണ്ണുകളിൽ നിറഞ്ഞിരുന്ന ഉപ്പ് ചുറ്റിലുമായി പണ്ടേ പരന്നിരുന്ന ഉപ്പിൽ ചേർന്നില്ലാതായിട്ട് മണിക്കൂറുകളായി തുടങ്ങിയിരുന്നു.

 

ഊളിയിട്ട് അടിയിലേക്ക് പോകുന്തോറും അവന്റെ മുഖഭാവം മാറി. അവന്റെ മുഖത്ത് മിനിട്ടുകൾക്ക് മുന്നേ വരെ ഇല്ലാതിരുന്ന മീശ തിരികെ വന്നു. ഉടലിന് ബലം കൂടി. മിനുസമുള്ള തൊലിക്ക് പഴയ ഗോതമ്പ് നിറം കൈ വന്നു. എല്ലാം പഴയത് പോലെ തന്നെ. പക്ഷെ കാലുകൾ ഇല്ല. അടുക്കിക്കെട്ടിയ തഴുതാമ പോലെ ചെവികൾ ആടിക്കൊണ്ടേ ഇരുന്നു. സാധാരണ, വെള്ളം കയറിയാൽ കുറുകുറെ കേൾപ്പിക്കുന്ന ചെവികൾ ശാന്തഭാവത്തിൽ പ്രവർത്തിച്ചു കൊണ്ടേ ഇരിക്കുന്നു.

അവൻ ഒരിക്കൽ കൂടെ മുകളിലേക്ക് ഊളിയിട്ട് പരപ്പിലെത്തി, മണൽ തിട്ടയിലേക്ക് നോക്കി. അപ്പോഴും വൃദ്ധൻ അവന്റെതായി തിരികെ എത്തിച്ച ഷൂസിൽ മണൽ നിറച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു. അവൻ കൈകൾ ഉയർത്തി നോക്കി. ഇല്ല, ഇതുവരെ ഉണ്ടായിരുന്ന കൈകൾ കാണുന്നില്ല. പകരം ചെറിയ ചിറകുകൾ പോലെ എന്തോ ഒന്ന്.

രണ്ടുമൂന്ന് വട്ടം കറങ്ങി, അവൻ വീണ്ടും താഴേക്ക് പോയി. മീശ വീണ്ടും കിളിർത്തു. കുടലിന്റെ വളവറിയാൻ കണക്കെ വയറിൽ വരകൾ തെളിഞ്ഞു. പക്ഷെ കാലുകളുടെ സ്ഥാനത്ത് ഇപ്പോഴും വാല് മാത്രം.

ചന്ദ്രൻ തെളിമ അറിയിച്ചു തുടങ്ങി. ഒരു വാട്ടർ സ്പിരിറ്റ് അവന്റെ മുന്നിലൂടെ വേഗത്തിൽ പാഞ്ഞു.

പെട്ടെന്നൊരു കൈവന്ന് തോളത്ത് വീണത് പോലെ തോന്നി.

 

"ഹലോ.. പുതിയ ആളാണല്ലേ?"

 

അവൻ തല കുലുക്കി.

 

"ഹ്മ്മ്.. ഞാൻ അറിഞ്ഞു. കുറച്ചു കൂടെ ടൈം എടുക്കും..."

 

അവൻ സംശയ രൂപേണ അയാളെ നോക്കി.

 

"ഐ ആം ഡേവിഡ്. ഒരു ചെറിയ ഉലകം ചുറ്റും വാലിഭൻ ആയിരുന്നു.”

 

ഒന്ന് നിറുത്തി മുകളിലേക്ക് നോട്ടം എറിഞ്ഞ് അയാൾ തുടർന്നു-

 

“ദേ അവിടെ വന്നപ്പോ പായ്ക്കപ്പലിനും ഒന്ന് ചുറ്റണം എന്ന് തോന്നിക്കാണും. പായ്ക്കപ്പൽ ഒന്ന് ചുറ്റി. വക്ക് പൊട്ടി. ഞാൻ ഇങ്ങ് പൊന്നു. കപ്പലൊന്നും അല്ലാ കേട്ടോ...ഒരു ബോട്ട്..എന്റെ സന്തോഷത്തിന് കപ്പൽ എന്ന് പറയും.. വേറെ പേരുണ്ടായിരുന്നു ഇപ്പൊ മറന്നു..ഇനിയിപ്പോ ഇപ്പൊ ഈ പറഞ്ഞതും മറക്കുമായിരിക്കും ...പ്രോസസ്സ് ഓഫ് അൺലേർണിംഗ് നടന്നോണ്ടിരിക്കുവാ... ശേ, അതിലും നല്ല വാക്ക് അറിയാമായിരുന്നു..നേരത്തെ പറഞ്ഞില്ലേ..മറവി... അത് നാച്ചുറൽ ആയി നടന്നോളും...കുറച്ചു മണിക്കൂറുകൾ ...."

 

അവൻ അയാളെ അതിശയത്തോടെ നോക്കി. അയാളുടെ വാലിന് തന്റേത് കണക്കെ ചാഞ്ചാട്ടമില്ല. ഒരു മിതത്വം മൊത്തത്തിൽ കാണാനുണ്ട്.

 

"മോൻ വാ..."

 

അയാൾ അവനെയും കൂട്ടി നീന്തി മുന്നോട്ട് പോയി. അതിനോടകം അവന്റെ ബലിഷ്ഠമായ കാലിലെ അസ്ഥികൾ പണിപ്പെട്ടെന്ന വണ്ണം വളഞ്ഞു പുളയാൻ തുടങ്ങിയിരുന്നു.

 

"ഈ ഏകകങ്ങൾ ആക്ച്വലി ഒരു പറ്റിക്കലാണ്. പ്ളീസ് ഡോണ്ട് ട്രസ്റ്റ് യൂണിറ്റ്സ്. അതാണ് ഞാൻ നേരത്തെ ‘മണിക്കൂറുകൾ’ എന്ന് മുഴുമിച്ച് പറയാത്തത്. അവിടെ, അതായത് മോൻ നേരത്തെ എത്തിനോക്കിയിടത്താണ് മണിക്കൂറും സെക്കന്റും ഒക്കെ..ഇവിടെ അത് നിമിഷങ്ങളാണ്..സോറി എഗൈൻ യൂണിറ്റ്സ്..മൈ ബാഡ്...അൺലേർണിംഗ് നടക്കുന്നതേ ഉള്ളൂ..ഇറ്റ് വിൽ ടേക് ടൈം...അതിനും വേറെ നല്ല സെന്റെൻസ് ഉണ്ടായിരുന്നു...ഞാൻ മറന്നു...മറവീടെ കാര്യം പറഞ്ഞപ്പോഴാ…”

 

ശ്വാസം വിഴുങ്ങി ഡേവിഡ് തുടർന്നു-

 

“ഞാൻ ഇടക്ക് ഓർമ്മിക്കാൻ വേണ്ടി ചിലതൊക്കെ ഇവിടത്തെ ചില പാറകളിൽ ഒക്കെ കുറിച്ചിട്ടിരുന്നു. അത്യാവശ്യം കുറെ വാക്കുകൾ...പക്ഷെ പാറകൾ എവിടെയാണെന്ന് ഞാൻ മറന്നു പോകും!...അത് വേറെ കാര്യം...ഉദാഹരണത്തിന് എന്റെ പേര്! കഴിഞ്ഞയാഴ്ച വെയിലടിക്കാൻ നേരം ഒരു പൊട്ടിത്തെറി... നാല് പാറ പൊട്ടി.. തവിടു പൊടി...ഒരു സ്‌മോൾ സ്കെയിൽ അഗ്നി പർവതം...കാരണം ഉണ്ട്..എന്നെക്കൂടാതെ ഒരു പത്തായിരം ടീംസ് പാറയുടെ മറ്റേ സൈഡിൽ എന്തൊക്കെയോ എഴുതി വച്ചിട്ടുണ്ടായിരുന്നെന്ന്!...ഈ എഴുതിയവനെയൊക്കെ എന്തു ചെയ്യാനെന്നു നോക്കണേ!!..ചിലവന്മാർ നക്ഷത്രം, ജാതകം ഒക്കെ കുറിച്ചിട്ടുണ്ടായിരുന്നെന്ന്..വൻ സംഗതികൾ ആണ് ഇവിടെ..അവിടത്തെ പോലെ അല്ലേയല്ല...ഒൺലി സ്ട്രാറ്റജിക് മൂവ്സ്... ചില സമയത്ത് സർജിക്കലും...മിണ്ടാൻ സമയം കിട്ടൂലാ..നമ്മൾ മനസ്സിൽ കാണുമ്പോ അവര് വെള്ളത്തിൽ കാണും... "

 

ആരാ അവര് എന്നയര്ത്ഥത്തിൽ അവൻ ഒന്ന് നോക്കി.

 

"അതൊക്കെ വഴിയേ മനസിലാകും...ആദ്യം നേരെ ചൊവ്വേ മറക്കാൻ പഠിക്ക്...ങ്ങും.."

 

മരതക നിറത്തിൽ തങ്ങളെ കടന്നുപോയ മത്സ്യത്തെ നോക്കി അവൻ ഒരു നിമിഷം നിന്നു.

 

"ഡേ പയ്യൻ...ആ പരിപാടി ഒക്കെ വെള്ളത്തിനപ്പുറം..ഇവിടെ അതൊന്നും നടക്കൂലാ.. വീ ആർ വെരി സ്‌ട്രിക്‌ട്..."

 

ഒന്ന് ശങ്കിച്ചെന്ന വണ്ണം അയാൾ മാറ്റി പറഞ്ഞു -"ഐ മീൻ ദേ ആർ.."

 

കുറച്ചധികം മുന്നോട്ട് നീങ്ങി താഴത്തേക്ക് പോകും വഴി, കൊട്ടാരം കണക്കെ ഒരു രൂപം. കല്ലിൽ തീർത്തത്. വക്കുകളിൽ പിരിയൻ ശംഖുകൾ പിടിപ്പിച്ചിട്ടുണ്ട്. തൂണുകളിൽ ആഫ്രിക്കൻ വള്ളിച്ചെടികൾ കൊണ്ട് അലങ്കരിച്ചത് പോലെ അവന് തോന്നി.

കാഴ്‌ചകൾ കണ്ട് ഇത്തിരി മുന്നിലായ അവന്റെ വാലിൽ തട്ടിക്കൊണ്ട് അയാൾ അവനു നേരെ തന്റെ പല്ലുകൾക്കിടയിൽ കിടന്നിരുന്ന ഒരു പായൽ വള്ളി കൊടുത്തു.

"കഴിച്ചോ...ഇവിടെ ഇതൊക്കെയേ ഉള്ളൂ.. കുറെ കഴിയുമ്പോ ഡയറ്റ് പ്ലാൻ മാറും.. ഭാഗ്യം ഉണ്ടേൽ.. "

 

അവനത് വലിച്ചു ചവച്ചു.

 

"ചവർപ്പായിരിക്കും എന്നാണ് കരുതിയതെങ്കിൽ തെറ്റി, ഇനിയങ്ങോട്ട് ഇത് മധുരിച്ചു തുടങ്ങും..ആ വളവ് കഴിഞ്ഞു നാല് പാറയും മൂന്ന് നക്ഷത്ര പൊത്തും കടന്നാൽ നീലത്തട്ടാണ്. അതാണ് പുതിയ ആൾക്കാരുടെ സ്ഥലം. ആരേലും ചോദിച്ചാൽ 5 സ്റ്റാർ ആണെന്ന് പറഞ്ഞേക്കണേ. അയ്യോ! പറയാൻ വിട്ടു. ഞാൻ ആണ് മോന്റെ മെന്റർ... സ്റ്റാർ റേറ്റിംഗ് താഴെ പോയാൽ ഡിമാൻഡ് ഇടിയും. നേരത്തെ പറഞ്ഞ ഡയറ്റ് പ്ലാൻ തെറ്റും. എന്ന് വച്ചാൽ, വീണ്ടും പച്ചയും വള്ളിയും ആകും ഫുഡ്.. സൊ എന്റെ ആരോഗ്യം മോന്റെ കൈയിലാണ്..."

 

അതും പറഞ്ഞുകൊണ്ട് ഡേവിഡ് നീന്തി അകലേക്ക് പോയി, അവൻ മുന്നോട്ടും.

 

കിനാവള്ളി ചുറ്റിയ കണക്കെ ഒരിടം. ചില പ്രത്യേകയിനം പൂക്കൾ. അവയ്ക്കുള്ളിൽ ചെറു മൽസ്യങ്ങൾ ഒളിച്ചു കളിക്കുന്നത് പോലെ അവനു തോന്നി. ഒരു നക്ഷത്രയാമ പതിയെ അവന്റെ അരിക് തട്ടി കടന്നു പോയി.

 

നല്ലൊരു കാറ്റ്. ചൂരൽ ചുറ്റ് പോലെ ഇളകിയാടുന്ന ഒരു തുരങ്കത്തിലൂടെ അവൻ കൂടുതൽ വെളിച്ചമുള്ള സ്ഥലത്തേക്ക് എടുത്തെറിയപ്പെട്ടത് പോലെ തോന്നിച്ചു. ഒന്ന് രണ്ടു കരണം മറിഞ്ഞു കൊണ്ട് അവൻ നിലത്ത് വാലൂന്നി നിന്നു. നേരത്തെ ഡേവിഡ് പറഞ്ഞ അയാളുടെ ബോട്ടിലെ കണ്ണാടി തന്റെ മുന്നിൽ മുറിഞ്ഞു കിടപ്പുണ്ട്. തന്റെ മുന്നിലെ പൊട്ടിച്ചിതറിയ തന്റെ പ്രതിബിംബം കണ്ട് അവൻ ഞെട്ടി. ഒരു തിരിച്ചറിവ്. ഒരു തരം മരവിപ്പ് പോലെ. പിന്നെയവൻ കണ്ണാടി കഷ്ണങ്ങളിലേക്ക് നോക്കിയില്ല.

 

വീണ്ടും കാറ്റ് വീശി, കണ്ണാടി വെള്ള മണലിനടിയിൽ പുതഞ്ഞു താണു..

 

എന്തോ ചവച്ചു കൊണ്ട് ഒരാൾ ചുമല് തട്ടി മുന്നോട്ട് നീങ്ങി. വീണ്ടും ഡേവിഡ്.

 

"ഇന്നത്തെ ഫുഡ് കൊള്ളാം... എന്താ മോന്റെ പകപ്പ് മാറിയില്ലേ? പതിയെ മാറും..എത്ര പതിയെ എന്ന് ചോദിക്കരുത്.. എത്രയോ ഒരു പതിയെ...ഞാൻ ഈ യൂണിറ്സ് നെ പറ്റി പറഞ്ഞില്ലേ..അത് ഇവിടെയും ആപ്ലിക്കബിൾ ആണെന്ന് മനസിലാക്കിയാൽ മതി. ഈ മുകളിൽ ഉള്ളവരെ..."

 

"ങേ" അവൻ സംശയ രൂപത്തിൽ നോക്കി.

 

"മണ്ണിൽ ജീവിക്കുന്നവർ..കൺട്രി ഹ്യൂമൻ ബീയിങ്സ്... അവരിപ്പോഴും അവർക്ക് മുകളിലേക്ക് നോക്കിയാ തൊഴുന്നത്...അവരെ കൊണ്ട് താഴേക്ക് നോക്കി തൊഴീക്കാനാ ഇനിയുള്ള കാലം...കാലം മീൻസ് എഗൈൻ ഒരു യൂണിറ്റ്ലെസ്സ് സംഗതി.. ദാറ്റ്സ് ഓൾ മൈ ഡിയർ..."

 

അവന്റെ കണ്ണുകൾ ചെറുതായി അടഞ്ഞത് പോലെ.

 

"ഹേ കമോൺ ബോയ്... യുവർ അപ്പൂപ്പൻ വിൽ ബീ ഓൾറൈറ്.."

 

ഡേവിഡ് അവനെ ചേർത്ത് പിടിച്ചു.

 

"വേണേൽ നീ ഇടക്കിടെ പോയി അപ്പൂപ്പനെ കണ്ടിട്ട് വാ...വല്യ കാര്യം ഒന്നും ഇല്ല! നിനക്ക് കാണാം അത്ര തന്നെ... “- ഡേവിഡ് തെല്ലൊരു ലാഘവത്തോടെ പറഞ്ഞു.

 

അരികിലുണ്ടായിരുന്ന ഒരു ചെടിക്കുളളിൽ നിന്ന് മണൽ തരികൾ പാറി. കുറേയെധികം മീൻ കുഞ്ഞുങ്ങൾ ഒരു നിമിഷാർദ്ധത്തിൽ പുറത്തേക്ക് ചാടി, പല വഴിക്ക് പിരിഞ്ഞു പോയി.

ഇത്തിരി മുന്നോട്ട് നീന്തിയെങ്കിലും തിരികെ അവനരികെ എത്തി അയാൾ തുടർന്നു.

 

“ഡേയ് മോനെ, നീ Chosen ആണ് ...സ്പെഷ്യൽ ആണ്...ഓക്കേ....നീ മാത്രം അല്ല.. നമ്മളെ പോലെ കുറേപ്പേർ.. നേരെത്തെ വന്നവർ...നമ്മുടെ നാട്ടുകാർ പറയണത് പോലെ, കടലിലേക്കിടക്കുന്നത് എല്ലാം കടല് തിരിച്ചു കൊടുക്കൂലാ...ചിലത് കടല് സൂക്ഷിച്ചു വയ്ക്കും...ചിലതേ തിരികെ കൊടുക്കൂ... എനിക്കത് ഇവിടെ വന്നപ്പോ മനസിലായതാ...പോകപ്പോകെ നിനക്കത് കൂടുതൽ മനസിലാകും... ഇവിടെ, അവിടെത്തെ പോലെ തന്നെയാണ്..പക്ഷെ എല്ലാം മായ്ച്ചു കളയുന്നത് വരെ ശരിക്കുള്ള സ്ഥലത്തേക്ക് പോകാൻ പറ്റൂലാന്നെ ഉള്ളൂ.. പിന്നെ ..ഒരു കാര്യത്തിലാണ് സാമ്യം ഉള്ളത്... അതവിടേം അങ്ങനെ ആണല്ലോ...ആളെ കൂട്ടുക..എല്ലാത്തിനും... അതിന് മാത്രം ജാതി-മത വ്യത്യാസം ഇല്ലല്ലോ...ഇവിടെ എന്റെ അറിവിൽ അങ്ങനെ ഒരു തിരിവില്ല...പക്ഷെ അംഗബലം കൂട്ടുക...ആ ടാർജറ്റ് ഉണ്ട്...അഥവാ ഈ വിവരമില്ലാത്ത മനുഷ്യൻമാർ ഏതെങ്കിലും കാലത്ത് യുദ്ധം എന്നെങ്ങാനും പറഞ്ഞു വന്നാ പിടിച്ചു നിക്കാൻ പറ്റണ്ടേ? അതിനാണ്..അല്ലെങ്കിലേ വംശനാശ ഭീഷണിയിലാണ്!"

 

അത് കേട്ട് അവനൊന്നു ചിരിച്ചു.

അതിനോടകം അവർ വളരെ ദൂരം എത്തിയിരുന്നു. അവർ കുറെയേറെ സംസാരിച്ചു. ചിരിച്ചു. അവൻ ഇടക്ക് കരഞ്ഞു.

 

"ഞാൻ എവിടെയാണെന്ന് അപ്പൂപ്പനെ അറിയിക്കാൻ എന്തേലും??"

 

ഡേവിഡ് ഒന്ന് തിരിഞ്ഞു. 90 ഡിഗ്രി ചരിഞ്ഞൊന്ന് നിവർന്ന് നിന്നു.

 

"അങ്ങനെ അറിയിച്ചിട്ട് എന്തെങ്കിലും?

 

"വേണം..അപ്പൂപ്പൻ മാത്രമേ ഉള്ളൂ...എന്നെ നോക്കി ഇരിക്കും..."

 

"എന്താ, പുള്ളിയെ ഇങ്ങോട്ട് കൊണ്ട് വരണോ? അതിനുള്ള ലിസ്റ്റ് ഒക്കെ റെഡി ആകാൻ ടൈം എടുക്കും...നിന്നെപ്പോലെ അല്ലെടെ അങ്ങേര്!!!..ഹീ ഈസ് എ പുണ്യാത്മാവ്...ശേ..അതിനും വേറെ നല്ല വാക്കുണ്ടായിരുന്നു...മറന്നു.. എന്താപ്പോ ചെയ്യാൻ പറ്റുക?"

 

റോന്ത് ചുറ്റിയ ജീപ്പുകൾ പല വഴിക്ക് പിരിഞ്ഞു. ഒന്ന് രണ്ടു പോലീസുകാർ പാറക്കെട്ടിനടുത്ത് മണൽ ഭിത്തി തുടങ്ങുന്ന ഭാഗത്ത് കാവൽ എന്ന വണ്ണം നിന്നു.

 

വൃദ്ധൻ, മണൽ നിറഞ്ഞു തുളുമ്പി നിന്ന ഷൂസ് തല കീഴായി കമഴ്ത്തി. അത് വരെ നിറച്ചു കൊണ്ടിരുന്ന മണൽ തരികൾ നിലത്ത് വീണു. ആ കണ്ണുകൾ സ്ഫടികം പോലെ തോന്നിച്ചു. പോലീസുകാർ അയാളുടെ കൈയ്യിലുണ്ടായിരുന്ന ഒറ്റക്കാൽ ഷൂസിൽ നിന്ന് മണൽ പാടെ കളഞ്ഞശേഷം അതയാളെ തിരികെ ഏൽപ്പിച്ചു.

 

അതുവരെ ശാന്തമായി കിടന്നിരുന്ന ഭാഗത്ത് നിന്ന് ഒരു വൻതിര, മണൽ ഭിത്തി ലക്ഷ്യമാക്കി എത്തിക്കൊണ്ടേ ഇരുന്നു. പതപ്പ് പിൻവാങ്ങിയപ്പോ ആ വഴി ഓടിക്കളിച്ച ഞണ്ടിൻ കൂട്ടങ്ങളുടെ പിന്നിൽ രണ്ടാമത്തെ ഷൂസ് വെള്ളം നനഞ്ഞു കിടന്നു. ആ നനവിന്റെ ഒരറ്റത്തു വൃദ്ധന്റെ ബലം കുറഞ്ഞ കാൽപ്പാടുകൾ കാണാമായിരുന്നു.

അയാൾ മണ്ണിലേക്ക് താണ കാൽ വലിച്ചു പൊക്കി, തിരമാല തന്നിട്ട് പോയ മറ്റേ ഷൂസെടുത്ത് നെഞ്ചോട് ചേർത്തു.

ആ ഷൂസിൽ ഒരു ചെറിയ പായൽ വള്ളി ചുറ്റിക്കിടന്നു. വൃദ്ധൻ പായൽ വള്ളി മാറ്റി, വെള്ളം ഇറ്റ് വീണു കൊണ്ടിരുന്ന ആ ഷൂസ് നെഞ്ചോട് ചേർത്ത് പിൻവാങ്ങുന്ന തിര നോക്കി നിന്നു. കാഴ്ച കീഴ്പ്പോട്ടാക്കി കണ്ണുകൾ ഇറുക്കെ അടച്ചു. അടഞ്ഞ പോളകൾക്കിടയിൽ ചെറു നനവ് ഒരു വര തീർത്തു. പതിയെ കണ്ണുകൾ തുറക്കാൻ തുടങ്ങി.

അകലെയായി തലപൊക്കി നോക്കിയ ഒരു മൽസ്യം, ദൂരെ നിന്നുള്ള ആ നോട്ടം തന്നിലേക്കാണെന്നറിഞ്ഞെന്ന വണ്ണം ജലോപരിതലത്തിൽ നിന്ന് പതിയെ ശരീരം താഴേക്ക് താഴ്ത്തി.

പതിയെ ആണെങ്കിലും, ചിലപ്പോൾ വരിപിടിച്ചെന്നും ചിലപ്പോൾ അല്ലാന്നും തോന്നിച്ച കുറെ കാല്പാടുകളിൽ പതയൂറിയ ഉപ്പുവെള്ളം നിറഞ്ഞു. അടയാളങ്ങൾ വെള്ളത്തിൽ ചേർന്ന് കടലിലേക്ക് തന്നെ തിരികെപ്പോയി.

Srishti-2022   >>  Short Story - Malayalam   >>  നിമിത്തമല്ല - അയാൾ സത്യമാണ്

Krishnamoorthy S (Zafin - Trivandrum)

Zafin Labs

നിമിത്തമല്ല - അയാൾ സത്യമാണ്

എന്നുമുള്ളതുപോലൊരു രാത്രി അല്ലായിരുന്നു അവനന്ന്. ഒരു മനുഷ്യായുസ്സിന്റെ പകുതിയിൽ എത്തി നിൽക്കുന്ന തന്റെ ജീവിതത്തിൽ, ഒരുവൻ ഏറ്റവും അധികം സന്തോഷിക്കാൻ ആഗ്രഹിക്കുന്ന നിമിഷം. അതിലുമുപരി ആശ്വാസമായി ഒരു ചെറു സന്തോഷത്തോടെ മയങ്ങേണ്ട ഒരു രാത്രി.

പക്ഷെ, ചിന്തകൾ കളിത്തോഴനായ അവന് അതുകൊണ്ടാണോ അതോ ഉറക്കമില്ലായ്മ ഒരു ശീലമായതു കൊണ്ടാണോ ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. പല ചിന്തകളേയും അവന്റെ ബോധമനസ്സ് മാറി മാറി പരീക്ഷിച്ചു നോക്കി, സ്വന്തം കണ്ണുകളിൽ തളർച്ച അനുഭവപ്പെടുത്താനായി. അവിടെയും അവന് വിജയിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. സമയം അതിന്റെ ഇടവേളകൾ ഭേദിച്ച് ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു. ഇടയിലെവിടെയോ അവന് ദാഹം തോന്നിത്തുടങ്ങി. അടുത്തുണ്ടായിരുന്ന വെള്ളം ഒരല്പം കുടിച്ച് ദാഹം തീർത്ത ശേഷം വീണ്ടും ഉറക്കത്തിനു വേണ്ടിയുള്ള അവന്റെ ശ്രമങ്ങളിലേക്ക് ഊളിയിട്ടിറങ്ങി. പല ചിന്തകളിൽ കൂടെ കടന്ന് പോകുന്ന അവന്റെ മനസ്സ്, തളരാതെ തളർന്ന മനസ്സും ശരീരവും, ഉറങ്ങാൻ സമ്മതിക്കില്ല എന്ന ദൃഢപ്രതിജ്ഞയുമായി സ്വന്തം കണ്ണുകൾ, തന്റെ ചുറ്റും എന്ത് നടക്കുന്നു എന്നറിയാതെ മരവിച്ച ചെവികൾ, പിന്നെ കൂടെ ഇരുട്ടിന്റെ കൂട്ടും രാത്രിയുടെ ചൂടും.

ഇടയ്ക്ക് എപ്പൊഴോ കൂമന്റെ മൂളലുകൾക്ക് മീതെ കുറച്ചു ദൂരെ നിന്നായി ഒരു മനുഷ്യന്റെ ഉച്ചത്തിലുളള ശബ്ദം. ആ രാത്രിയിൽ ഇത്രയും ഉച്ചത്തിൽ തന്റെ ചെവികളിൽ തുളച്ചു കയറിയ ശബ്ദത്തിൽ അവൻ കാതോർത്തിരുന്നു. അവൻ സമയം നോക്കി. അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. എല്ലാവരും ഗാഢനിദ്രയിൽ ആയിക്കഴിഞ്ഞ ഈ അസമയത്ത് ഇതാരാണ്? അയാൾ ആരോടാണ് സംസാരിക്കുന്നത്? ഒരായിരം ചോദ്യങ്ങൾ അവന്റെ മനസ്സിൽ അലയടിച്ചു.

ഉച്ചത്തിലും പതിയെയുമുള്ള ആ മനുഷ്യന്റെ ശബ്ദം, എന്തൊക്കെയോ വിളിച്ച് കൂവുന്നതുപോലെ, ഒന്നും മനസ്സിലാകുന്നില്ല. അവൻ തന്റെ ചെവികൾ കൂർപ്പിച്ച് കാതോർത്തിരുന്നു. പരസ്പരബന്ധമൊന്നുമില്ലാതെ എന്തൊക്കെയോ പുലമ്പുന്നതു പോലെ. അതിൽ ശകാരം, പാട്ട്, പിന്നെ മനസ്സിലാക്കാൻ കഴിയാത്ത പലതും ഉള്ളതുപോലെ തോന്നി. ഒടുവിലെപ്പൊഴോ ആ ശബ്ദം പതിയെ ഇല്ലാതെയായി. ഒരു പക്ഷെ ആ മനുഷ്യൻ സംസാരിച്ചു തളർന്ന് ഉറങ്ങിയിട്ടുണ്ടാകാം. പലതും ആലോചിച്ചു കിടന്ന് അവനും എപ്പൊഴോ ഉറങ്ങിപ്പോയി.

പിറ്റേദിവസം പ്രഭാതത്തിൽ ഉണർന്നു. കൂട്ടിന് ആവി പറക്കുന്ന ഒരു ചായയുമായി അവൻ പുറത്തേക്ക് നോക്കി ഉമ്മറപ്പടിയിൽ ഇരുന്നു. അപ്പോഴും മനസ്സിൽ രാത്രിയിലെ ആ മനുഷ്യനെക്കുറിച്ചുള്ള ചിന്തകൾ ആയിരുന്നു. ആ മനുഷ്യനെ താൻ ഇന്നുവരെ നേരിട്ട് കണ്ടിട്ടില്ല. പക്ഷെ ആ നിമിഷം, തന്റെ മുന്നിലുള്ള വഴിയിലൂടെ പോകുന്ന ഒരു മനുഷ്യനെ കണ്ടപ്പോൾ അവൻ ആശ്ചര്യപ്പെട്ടു പോയി. താൻ രാത്രിയിൽ കേട്ട ആ ശബ്ദത്തിനുടമ, ആരോടെന്നില്ലാതെ ഒറ്റയ്ക്ക് സംസാരിച്ചുകൊണ്ട് പോകുന്നു. ആ മനുഷ്യനെ കണ്ടാൽ ഒരിക്കലും പറയാൻ കഴിയില്ല മനസ്സ് കൈവിട്ടു പോയ ഒരാളാണെന്ന്. കാരണം, അത് നേരിട്ടു കണ്ടാലെ മനസ്സിലാക്കാൻ കഴിയുള്ളൂ. അല്ലെങ്കിൽ നിങ്ങൾക്ക് സ്വയമേ വായിച്ചെടുക്കാം ആ മനുഷ്യനെ. കാരണം ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടാകാം കാണാതെ കണ്ടു മറന്ന അതു പോലൊരു രൂപം.

പല ചിന്തകൾക്കുമുള്ള ഉത്തരം ആ മനുഷ്യനിൽ നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞതു പോലെ അവനു തോന്നി...!

എന്തിനാണ് താൻ ഇതൊക്കെ ആലോചിച്ചു കൂട്ടുന്നത് എന്ന് അവനു അറിയില്ല. എന്നിരുന്നാലും മനുഷ്യൻ മനുഷ്യനോട് സംസാരിക്കാൻ ഇഷ്ടപ്പെടാത്ത അല്ലെങ്കിൽ അതിൽ നിന്നും അകലം പാലിച്ച് പുറംതിരിഞ്ഞോടുന്ന ഈ കാണുന്ന ചുറ്റുപാടിൽ ആ മനുഷ്യന് ഒരുപാട് പ്രസകതി ഉണ്ട് എന്നൊരു തോന്നൽ.

ആ മനുഷ്യന് സമയമോ സ്ഥലമോ ആളുകളോ ചുറ്റുപാടുകളോ ഒന്നും ഒരു പ്രതിസന്ധിയേ അല്ലായിരുന്നു. തന്റെ മനസ്സിന് പറയണമെന്ന് തോന്നിയ കാര്യങ്ങൾ അയാൾ പ്രകടിപ്പിക്കുകയായിരുന്നു എല്ലാത്തിനും അതീതമായി മനസ്സ് തുറന്ന് ഒരു കൂച്ചുവിലങ്ങുകളുമില്ലാതെ പ്രകൃതി എന്ന സത്യത്തിലേക്ക്. ഒരു പക്ഷെ ആ മനുഷ്യന് താൻ സംസാരിക്കുന്നതിനും ചോദിക്കുന്നതിനും ഉള്ള ഉത്തരങ്ങൾ കിട്ടുന്നുണ്ടാവും തിരിച്ചും, ഇഷ്ടപ്പെടാത്ത കണ്ണുകൾക്ക് കാണാനാകാത്ത വിധം.

പല ദിശയിൽ നിന്നും ചിന്തിക്കുമ്പോൾ കുറേയേറെ ചോദ്യങ്ങളും അതിനുള്ള ഉത്തരവും ആ മനുഷ്യനിൽ ഉണ്ടായിരുന്നു. പലർക്കും പലതും മറിച്ചു ചിന്തിക്കുവാനുള്ള ഒരു നിമിത്തം ആയിരിക്കാം ആ മനുഷ്യൻ....!

പക്ഷെ, ആ മനുഷ്യൻ വെറുമൊരു ഉദാഹരണം മാത്രമല്ല, മറിച്ച് സ്നേഹം എന്തെന്ന് മനസ്സിലാക്കി കൊടുക്കാൻ അവനു മുന്നിൽ എത്തിയ മറ്റൊരു നിമിത്തം.

ലോകം അല്ല നമ്മൾ മനുഷ്യർ തന്നെ ഭ്രാന്തനെന്നു മുദ്രകുത്തിയ ആ മനുഷ്യൻ വിവാഹിതനാണ്. അയാൾക്ക് ഭാര്യയും മക്കളും ഉണ്ട്. പക്ഷെ ഇടയ്ക്കെപ്പൊഴോ മനസ്സിന്റെ താളം ചെറുതായൊന്നു തെറ്റി. എല്ലായിടത്തും സംഭവിക്കുന്നതു പോലെ ഭാര്യയും മക്കളും അവരുടെ സ്ഥലത്തേക്ക് ചേക്കേറി.

പക്ഷെ ആ ഒരു സത്യം അറിഞ്ഞപ്പോൾ അവനു അയാൾ ഒരത്ഭുതമായി തോന്നി. കാരണം അയാൾ തന്റെ ഭാര്യയേയും മക്കളേയും കാണുവാൻ പോകും. അതും നാന്നൂറോളം കിലോമീറ്ററുകൾ തനിച്ചു യാത്ര ചെയ്ത്. പിന്നെയൊരിക്കൽ അവൻ അറിഞ്ഞു, ഈ നിമിഷം ആ മനുഷ്യൻ സ്വന്തം കുടുംബത്തോടൊപ്പം സുഖമായി ജീവിക്കുന്നു, ഒരു കുഞ്ഞു പുതിയ അതിഥിയും കൂടെ.

ബന്ധങ്ങൾക്കും സ്നേഹത്തിനും പുല്ലുവില കല്പിക്കുന്ന, സ്വയം പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന നമ്മൾ ഓരോരുത്തർക്കും ഇടയിൽ,

സമൂഹവും കുടുംബവും ഭ്രാന്തനെന്നു മുദ്രകുത്തിയെങ്കിലും,

ലാഭേച്ഛ ഇല്ലാതെ, താൻ തന്റെ പകുതിയായി കണ്ട പ്രേയസിയേയും ജീവനായ മക്കളേയും സ്നേഹിക്കുന്ന...

ഹേ സോദരാ...

താങ്കളാണ് യഥാർത്ഥ മനുഷ്യൻ... ഇപ്പോൾ താങ്കൾ അവനൊരു നിമിത്തമല്ല, സത്യമാണ്!

ദൈവത്തിന് ഏറ്റവും പ്രീയപ്പെട്ടവൻ...!

ശിരസ്സു നമിക്കുന്നു, താങ്കളുടെ നിസ്വാർത്ഥമായ സ്നേഹത്തിനു മുന്നിൽ...

സ്വരം തെറ്റിയ താളം ഇമ്പമുള്ള സംഗീതമായി മാറാൻ പ്രാർത്ഥിച്ചു കൊണ്ട്...

ബന്ധങ്ങളുടെ അർത്ഥം ലോകം അറിയട്ടെ എന്ന പ്രത്യാശയോടെ... പ്രതീക്ഷയോടെ...!

Srishti-2022   >>  Short Story - Malayalam   >>  ഷൻ്റോയുടെ അച്ഛൻ

ഷൻ്റോയുടെ അച്ഛൻ

" എടാ .. ഓർമയുണ്ടോ? " ഈ ചോദ്യം കേട്ടാണ് ഞാൻ മുഖം തിരിഞ്ഞു നോക്കുന്നത്.

ഒരു പ്രായം ആയ ആൾ ആണ് മുന്നിൽ നിൽക്കുന്നത്. മുഖം കണ്ടിട്ട് നല്ല പരിചയം തോന്നുന്നു. പക്ഷെ ആരാണ് എന്ന് പെട്ടെന്ന് ഓർത്തെടുക്കാൻ പറ്റിയില്ല.

" നീ ഇപ്പൊ എവിടെയാ, ഇപ്പൊ കാണാരേ ഇല്ലല്ലോ?" പരിചിത ഭാവത്തിൽ സംസാരിക്കുന്ന അയാളുടെ ശൈലി ശ്രദ്ദിച്ചപ്പോൾ ആണ് എനിക്ക് ആളെ പിടി കിട്ടുന്നത്.

"ഷാന്റോയുടെ അച്ഛൻ."

"ഞാൻ ഇപ്പൊ എറണാകുളത്തു ആണ്. ആഴ്ചയിലെ നാട്ടിൽ വരാറുള്ളൂ"

"നീ അപ്പൊ മൈസൂർ നിന്നു പൊന്നോ"

"അയ്യോ, അവിടുന്നു പൊന്നിട്ട് 10 കൊല്ലം കഴിഞ്ഞു"

"ഓഹ് ഞാൻ അറിഞ്ഞില്ല, മുൻപ് എപ്പോഴോ അച്ഛനെ കണ്ടപ്പോ നീ മൈസൂർ ആണെന്ന് പറഞ്ഞു. വർഷങ്ങൾ എന്തു വേഗം ആണല്ലേ കടന്നു പോവുന്നെ."

"ശരിയാ" ഞാൻ പറഞ്ഞു.

അതു കേട്ട് പുള്ളി കുറച്ചു സമയം മിണ്ടാതിരുന്നു. എന്നിട്ട് തുടർന്നു.

"നീ അറിഞ്ഞല്ലോ അല്ലെ. ഞങ്ങൾക്ക് ഇപ്പൊ ഒരു മോളുണ്ട്"

"ആ ഉവ്വ, എനിക്കറിയാം" ഞാൻ പറഞ്ഞു.

" അറിഞ്ഞല്ലേ.. നന്നായി. നാളെ അവൾക്ക് രണ്ടു വയസ് ആകും. ചെറിയ രീതിയിൽ ഒരു പരിപാടി നടത്താം എന്നു കരുതി. അതിനു കുറച്ചു സാധനങ്ങൾ വാങ്ങാൻ വന്നതാ. എന്നാ ഞാൻ അങ്ങോട്ട് നീങ്ങാട്ടെ..." അതു പറഞ്ഞു പുള്ളി സാധങ്ങൾ എടുക്കാൻ ആയി നീങ്ങി അകന്നു.

പുള്ളി പറഞ്ഞതിൽ എനിക്ക് എന്തോ ഒരു പിശക് തോന്നി. എന്തോ ഒരു പൊരുത്തക്കേട്. പുള്ളി രണ്ടു വയസ് എന്നാണോ അതോ 20 വയസു എന്നാണോ പറഞ്ഞത് എന്നൊരു സംശയം.

കടയിൽ ബില്ല്‌ അടച്ചു, വണ്ടി എടുത്തു നീങ്ങുമ്പോഴിമ എന്തോ ഒരു അസ്വസ്ഥത മനസിൽ നിഴലടിച്ചിരുന്നു. പുള്ളി പറഞ്ഞത് മനസിൽ തിരിഞ്ഞു മറഞ്ഞു കിടന്നു.

സ്കൂൾ കാലഘട്ടത്തിൽ എനിക്ക് ഉണ്ടായിരുന്ന ഏറ്റവും അടുത്ത സുഹൃത്ത് ആണ് ഷാന്റോ. പ്ലസ് ടു പഠനം ഒരുമിച്ച് ആയിരുന്നു. ഷാന്റോയുടെ മാതാപിതാക്കൾ സർക്കാർ ഉദ്യഗസ്ഥർ ആണ്. ഷാന്റോ ഒറ്റപുത്രൻ ആയിരുന്നു. അതു കൊണ്ട് കൂടുതൽ സ്നേഹം മാതാപിതാക്കൾ കൊടുക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.

പ്ലസ് ടു പരീക്ഷക്ക് ഒരാഴ്ച മുമ്പ് ഞാനും ഷാന്റോയും ട്യൂഷന് പോവാതെ മാസ് തീയേറ്ററിൽ സിനിമ കാണാൻ പോയി. അത് വീട്ടിൽ അറിഞ്ഞത് ആണ് പ്രശ്നങ്ങൾക്ക് തുടക്കം. അതു കഴിഞ്ഞു ഷാന്റോയുടെ വീട്ടിൽ പോയപ്പോൾ അവർ എന്നെ ഒരു മയം ഇല്ലാതെ ആണ് ചീത്ത പറഞ്ഞത്. അതോടെ ഷാന്റോയുടെ വീട്ടിലേക്ക് ഉള്ള എന്റെ പോക്ക് കുറഞ്ഞു.

പിന്നീട് ഷാന്റോയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയത്തു ഒരു ഇക്കിളി സിനിമ കണ്ടതും പിടിക്കപ്പെട്ടു. അതോടെ പിന്നെ ഞാൻ അങ്ങോട്ട് പോയിട്ടെ ഇല്ല.

ഡിഗ്രി ഒരുമിച്ചു പഠിക്കണം എന്നു ഞങ്ങൾക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അതിനു സാധിച്ചില്ല. ഷാന്റോ ബാഗ്ലൂരും, ഞാൻ കോയമ്പത്തൂരും ആണ് ഡിഗ്രി പഠിച്ചത്. പ്ലസ് ടു കഴിഞ്ഞതിനു ശേഷം നാലോ അഞ്ചോ തവണ ആണ് ഷാന്റോയെ കണ്ടിട്ടുള്ളത്.

പിന്നീട് ബിരുദ പഠനത്തിന്റെ അവസാന വർഷം ഷാന്റോ ഒരു ബൈക്ക് അപകടത്തിൽ ബാംഗ്ലൂര് വച്ചു മരണപെട്ടു എന്നാണ് അറിയുന്നത്.

ശവസംസ്‌കാര ചടങ്ങുകൾക്ക് ഞാൻ വീട്ടിൽ പോയിരുന്നു. എന്റെ ജീവിതത്തിലെ ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല എന്ന് ഉറപ്പാണ്.

പിന്നീട് കേൾക്കുന്നത്, ഷാന്റോയുടെ മാതാപിതാക്കൾ ഒരു പത്തു വയസുകാരിയെ ദത്തെടുത്തു എന്നാണ്.

ഇന്ന് വരെ ഞാൻ ആ പെണ്കുട്ടിയെ കാണാൻ പോലും ശ്രമിച്ചിട്ടില്ല എന്തു കൊണ്ട് ആണെന്ന് എനിക്ക് ഇന്നും അറിയില്ല.

അവൾ പഠിക്കാൻ മിടുക്കി ആണെന്ന് 'അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.

ഇപ്പൊ പുള്ളി രണ്ടു വയസ് എന്ന് പറഞ്ഞത് എന്നെ വളരെ ആശയ കുഴപ്പത്തിൽ ആണ് എത്തിച്ചത്. എന്തു കൊണ്ടായിരിക്കും അങ്ങിനെ പറഞ്ഞത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. അതു തന്നെ അല്ല. കുട്ടികളുടെ പിറന്നാൾ ആഘോഷത്തിന് വേണ്ട സാധങ്ങൾ ആയിരുന്നു പുള്ളിയുടെ കയ്യിൽ കണ്ടത്.

ഞാൻ അമ്മയോട് തല്ലു പിടിച്ചു പിണങ്ങി നിൽക്കുന്ന സമയം. എനിക്ക് ഈഗോ കൂടുതൽ ആയതു കൊണ്ട് ആവണം, സംസാരിച്ചിട്ട് രണ്ടു ദിവസം ആയിരുന്നു.

എന്തായാലും ഈഗോ ഒക്കെ കളഞ്ഞു ഇതിനെ കുറിച്ചു അമ്മയോട് ചോദിക്കാൻ തീരുമാനിച്ചു.

ഞാൻ അമ്മയോട് പോയി കാര്യം പറഞ്ഞു. ഞാൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ കലി തുള്ളി നിന്നിരുന്ന 'അമ്മ കാര്യം കേട്ടതോടെ ശാന്ത ആയി.

" നീ ചുറ്റുപാടും നടക്കുന്നത് ഒന്നും അറിയുന്നില്ലേ.?" അത് ചോദിക്കുമ്പോൾ അമ്മയുടെ മുഖത്തു നിരാശ ആയിരുന്നു.

എനിക്ക് അതിയായ അരിശം വന്നു. "ഉപദേശിക്കാൻ നിൽക്കാതെ 'അമ്മ കാര്യം പറയ്"

"അതല്ലേ പറഞ്ഞു കൊണ്ടിരിക്കുന്നെ, നീ സമാധാന പെടു" അമ്മക്കും ദേഷ്യം വന്നു.

കാര്യം എന്താണ് എന്നറിയേണ്ടത് കൊണ്ട് ഞാൻ മിണ്ടാതിരുന്നു.

'അമ്മ തുടർന്നു. " അവർ ദത്തെടുത്ത പെണ്കുട്ടി ഒരു അന്യ മതസ്ഥാനയ ഓട്ടോകാരന്റെ കൂടെ ഓടി പോയി"

"നന്നായി, അടിപൊളി" ഞാൻ പറഞ്ഞു.

" ഇപ്പൊ ആ പെണ്കുട്ടി സ്വത്ത് വേണം എന്ന് പറഞ്ഞു വീട്ടിൽ വന്നു ബഹളം ഉണ്ടാക്കാറുണ്ട്"

"അവരാണെങ്കിൽ ഒന്നും കൊടുക്കില്ല, ധന സഹായം ഒക്കെ ചെയ്യാറുണ്ട്. പക്ഷെ സ്വത്ത് ഒന്നും കൊടുക്കില്ല എന്നാ പറയുന്നെ."

"അപ്പൊ ഏതാ ഈ രണ്ടു വയസുള്ള പെണ്കുട്ടി, വീണ്ടും ധത്തെടുത്തോ?" ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു.

"അത് അവർ വീണ്ടും പ്രസവിച്ചു"

"എന്തു, ഈ വയസാൻ കാലത്തോ" ഞാൻ ചോദിച്ചു.

"അന്ന് അവർക്ക് 67 വയസ് ഉണ്ടായിരുന്നു. എന്തോ ചികിത്സ ഒക്കെ നടത്തി ആണ് അത് ചെയ്തത്. കുട്ടി നല്ല ആരോഗ്യം ഉള്ള മിടുക്കി ആണ്"

ഞാൻ ഒന്നും മിണ്ടാതെ നിന്നു.

" ആ പെണ്കുട്ടി ഓടി പോയ വാശിയിൽ ചെയ്തത് ആവണം. അവരുടെ കാല ശേഷം കുട്ടിയെ നോക്കാൻ ആരെയോ ഇപ്പൊ ഏർപാടാക്കിയിട്ടുണ്ട് എന്നൊക്കെ കെട്ടു."

അതൊക്കെ കേട്ട് ഞാൻ മിണ്ടാതെ നിന്നു. പണ്ട് ട്യൂഷന് പോവാതെ സിനിമക്ക് പോയപ്പോൾ, എന്നെ ചീത്ത പറഞ്ഞതിന് ഞാൻ ഷാന്റോയുടെ അച്ഛനെ ഒരുപാട് മനസിൽ തിരിച്ചു ചീത്ത പറഞ്ഞിട്ട് ഉണ്ട്. അതിൽ എനിക്ക് വിഷമം തോന്നി.

ഒരു പാട് പഴയതും പുതിയതും ആയ കാര്യങ്ങൾ മനസിനെ കലുഷിതമാക്കി.

എന്തായാലും ഞാൻ അതോടെ പതിനാല് വർഷങ്ങൾക്ക് ശേഷം ഷാന്റോയുടെ വീട്ടിൽ പോവാൻ തീരുമാനിച്ചു.. അവന്റെ കുഞ്ഞനിയത്തിയുടെ വിളിക്കാത്ത പിറന്നാളിന് സദ്യ ഉണ്ണാൻ

Srishti-2022   >>  Short Story - Malayalam   >>  അവർ കാത്തിരുന്നു , മറ്റുള്ളവർക്ക് വേണ്ടി

Ananthakrishnan

Digital mesh - Kochi

അവർ കാത്തിരുന്നു , മറ്റുള്ളവർക്ക് വേണ്ടി

സദാനേരവും മഞ്ഞ നിറത്തിൽ ഉള്ള പൂക്കൾ നിറഞ്ഞുനിൽക്കുന്ന കുന്നിൻ ചെരുവിൽ ഉള്ള ഗ്രാമം ആണ് ഈയം. കുന്നിന്റെ അപ്പുറത്തുള്ള പട്ടണത്തിലെ വീടുകളിൽ നിന്നും തുണിത്തരങ്ങൾ വാങ്ങി അലക്കി വൃത്തി ആക്കി നൽകുന്ന ജോലി പരമ്പരാഗതമായി ചെയ്യുന്നവർ ആണ് ആ ഗ്രമത്തിലെ ആളുകൾ.

കാലപ്പഴക്കത്തിന്റെ കറുപ്പ് പുരണ്ട കരിങ്കൽ ഭിത്തികൾക്ക് മുകളിലിരിക്കുന്ന പള്ളിമണിയിൽ കപ്യാർ ആദ്യത്തെ മണിമുഴക്കുന്നതിന് ഒരുപാട് മുൻപ്‌ തന്നെ സെലീന ഉണർന്നിരുന്നു. അന്നേദിവസം എത്തിച്ചുകൊടുക്കുവാനുള്ള കുപ്പായങ്ങൾ തേച്ചു മടക്കുക ആയിരുന്നു അവൾ.

പാരമ്പര്യം ആയി അവൾക്ക് കിട്ടിയ ഭാരിച്ച തേപ്പ്പെട്ടി കൊണ്ട് ഓരോ വസ്ത്രങ്ങൾ അവൾ ശ്രദ്ധയോടെ മടക്കിയെടുത്തു.

ജനാലയിലൂടെ കടന്ന് വന്ന ശീതകാറ്റ് അവളുടെ മുറിയെ ആകെ തണുപ്പിച്ചു. ഇപ്പോൾ എന്താണ് ഇങ്ങനെ ഒരു കാറ്റ് എന്ന് അവൾ സംശയിച്ചു എങ്കിലും അവളുടെ ജോലിയുടെ അയാസത്തെയും മനസിനെയും ആ കാറ്റ് തണുപ്പിച്ചു.

തേപ്പ്പെട്ടിയുടെ വിടവിലൂടെ കടക്കുന്ന കാറ്റ് കനൽകട്ടകളിൽ നിന്ന് തീപ്പൊരി പറത്തി. തുണിത്തരങ്ങളിൽ തീപ്പൊരികൾ വീഴാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. എടുത്തു മാറ്റിവച്ച തുണിത്തരങ്ങൾക്ക് ഒടുവിൽ നിന്ന് അവൾ പ്രത്യേകമായി മാറ്റിവച്ച അദ്ദേഹത്തിന്റെ ആർമി യൂണിഫോം എടുത്തു.യൂണിഫോമിൽ പ്രത്യേകമായി മുക്കിയ സുഗന്ധം പോയിട്ടില്ല എന്ന് അവൾ ഉറപ്പുവരുത്തി.

യൂണിഫോമിൽ വീണുകിടക്കുന്ന ഓരോ ചുളിവുകളും തേച്ചു നിവർത്തവേ അവൾ അത് കൈമാറിയപ്പോൾ അയാൾ പറഞ്ഞത് ഓർത്തു.

"നോർത്ത് ഫ്രണ്ട് ൽ വാർ തുടങ്ങാൻ പോകുകയാണ് വീണ്ടും , എനിക് പോവേണ്ടി വരും പോകുമ്പോൾ ഇടാൻ ഉള്ളതാണ്, നീ പതിവായി നിറക്കാറുള്ള സുഗന്ധം ഈ യൂണിഫോം ലും ധാരാളം നിറക്കണം , യുദ്ധം കഴിഞ്ഞു ഞാൻ മടങ്ങിവരികയാണെങ്കിൽ അപ്പോളും ആ സുഗന്ധം ഈ യൂണിഫോം ൽ ഉണ്ടാവേണം !, അല്ല ഞാൻ മടങ്ങിവരും ,ചെമ്പക പൂക്കളുടെ സുഗന്ധവും ആയി കാത്തിരിക്കുന്ന നിന്നെ കാണാൻ എനിക്ക് മടങ്ങിവന്നല്ലേ പറ്റു!"

അത് പറയുമ്പോൾ അദ്ദേഹത്തിന്റെ കവിളുകളും കഴുത്തും പടിഞ്ഞാറിന്റെ അരുണിമ വീണ് ചുവന്നിരുന്നു.

ഭൂമിയിലെ സ്വർണത്തിന്റെ തരികൾ വലിച്ചെടുക്കുന്ന കൊണ്ടാണ് ചെമ്പകപ്പൂകൾക്ക് ഇത്ര നിറം, മുത്തശ്ശി ഉണ്ടായിരുന്നപ്പോൾ പറഞ്ഞിട്ടുണ്ട്.അവൾ മുറ്റത്തെ ചെമ്പകത്തിൽ നിന്നിറുത്ത പൂക്കളും നിത്യമുല്ലയുടെ പൂക്കളും യൂണിഫോം ന്റെ പോക്കറ്റിൽ നിറച്ചു.

തുണിത്തരങ്ങൾ ഓരോന്നും ചുരുങ്ങാതെ അടുക്കിയെടുക്കവേ ആണ് പതിവില്ലാത്ത ഒരു കൂട്ടമണിയടി പള്ളിയിൽനിന്ന് കേട്ടത് , എന്തോ അപായം ഉണ്ടെന്ന് മനസിലാക്കി അവൾ പള്ളിയിലേക്ക് ഓടി, അൾത്താരയിൽ പുരോഹിതൻ വിഷമത്തോടെ നിൽക്കുന്നത് കണ്ട അവൾക്ക് എന്തോ ഗൗരവം ഉള്ള കാര്യം ആണെന്ന് മനസിലായി, പതിയെ അൾത്തര ഗ്രാമത്തിലെ ആളുകളെക്കൊണ്ടു നിറഞ്ഞു.പുരോഹിതൻ സംസാരിച്ചുതുടങ്ങി ,

"പ്രിയരേ നിങ്ങൾക്കറിയാം നിങ്ങളും , നിങ്ങളുടെയും എന്റെയും പുർവികരും മറ്റുള്ളവരുടെ അഴുക്ക് കളയുന്ന ജോലിയാണ് ചെയുന്നത് ,എന്നാൽ നമ്മളിൽ ഇന്ന് ഒരു അഴുക്ക് പറ്റിയിരിക്കയാണ്, നമ്മളിലെ കുറെ കുടുംബങ്ങളിൽ ആരും ക്ഷണിക്കാത്ത ഒരു അഥിതി കയ്യേറുകയാണ്, പ്ലെഗ് ! നമുക്കു ഓടാം ,പക്ഷേ ഇപ്പോൾ നമ്മൾ ഓടുന്ന എല്ലാ ഇടങ്ങളിലും ഇത് പടരും , മറ്റുള്ളവരുടെ അഴുക്ക് കളഞ്ഞു ശീലിച്ച നമുക്കു അത് വയ്യല്ലോ!"

പുരോഹിതൻ മറ്റൊന്നും പറഞ്ഞില്ല എന്നാൽ അവർക്ക് എല്ലാം മനസിലായി. അവർ അവരുടെ വീടുകളിലേക് പോയി, അവർ അവർക്കിടയിലുള്ള സന്തോഷങ്ങളിലും സുഗന്ധങ്ങളിലും അവർ മുഴുകി, അവൾ ഒരിക്കലും തിരിച്ചു കൊടുക്കാൻ കഴിയില്ലാത്ത ആ യൂണിഫോമും ആയി വീട്ടിൽ ഇരുന്നു.

രാജ്യത്തിൽ പ്ലെഗ് പടരുന്നതിനാൽ യുദ്ധം വെടിഞ്ഞു പട്ടാളം ഗ്രാമങ്ങളിലേക്ക് വന്നു, ആ സംഘങ്ങളിൽ ഒന്നിൽ ആയാളും ഉണ്ടായിരുന്നു, കുന്നിന്റെ ഇപ്പുറത്തെ ചെരുവിൽ നിന്ന് അപ്പുറത്തേക്ക് കടത്താതെ പ്ലെഗ് നെ തളച്ച ആ ഗ്രാമത്തിലെ ഓരോ കുടിലുകളിലും അവർ കയറിയിറങ്ങി , മരിച്ചു കാലം കഴിഞ്ഞ മണം നിറഞ്ഞ അവളുടെ കുടിലിലേക്ക് മുക്ക് പൊത്തി കയറിയ അയാൾക്ക് തന്റെ യൂണിഫോം നെഞ്ചോട് ചേർത്ത് കിടക്കുന്ന പഴകിയ മൃതദേഹം തിരിച്ചറിയാൻ ആയില്ല ,എന്നാൽ അവൾ വസ്ത്രങ്ങളിൽ പടർത്താറുള്ള ആ നറുമണം ആ യൂണിഫോം ന് അപ്പോളും ഉണ്ടായിരുന്നു.

Srishti-2022   >>  Short Story - Malayalam   >>  ഉപദേശി

Sujith Dan Mammen

UST Global Trivandrum

ഉപദേശി

വാരാന്ത്യ അവധിക്കു നാട്ടിൽ ചെന്നപ്പോൾ തന്നെ മുറ്റത്തു ക്ലോസപ്പ് പുഞ്ചിരിയുമായി ദിവാകരൻ അമ്മാവൻ നില്കുന്നു.

"ആ ...ഈ വഴിയൊക്കെ അറിയാമോ ?"

അമ്മാവൻ രാവിലെ തന്നെ ചൊറിയാൻ തയാറായി ആണ് നിൽപ്പ്.

"അതെന്താ അമ്മാവാ..ഇത് എൻ്റെ വീടല്ലേ..തിരക്കായതോണ്ട് ഇടക്കെ വരൂ എന്ന് വെച്ച് വഴി ഒന്നും മറന്നിട്ടില്ല."

അമ്മാവൻ ഒരു വലിയ തമാശ കേട്ടത് പോലെ ചിരിച്ചു

" അല്ല ...സാവിത്രിയേച്ചി ഇവിടെ ഒറ്റയ്ക്കാണ്..ആ ബോധം വല്ലതും നിനക്കുണ്ടോ? ഈ വീട്ടിൽ നിന്ന് ബസ് പിടിച്ചു ജോലിക്കു പോയി വന്നാൽ നിനക്കും നല്ലതല്ലേ? വാടക കൊടുക്കണ്ട, വീട്ടിലെ ഭക്ഷണം കഴിക്കാം , നീ ഇങ്ങനെ ഒരു മണ്ടൻ ആയല്ലോ "

രാവിലെ അഞ്ചു നിമിഷം താമസിച്ചു ജോലിക്കു ചെന്നാൽ "ഇറങ്ങാനുള്ള ശുഷ്‌കാന്തി കേറാൻ ഇല്ലല്ലോ രമേഷാ" എന്ന ബോസ്സിന്റെ വാചകം എൻ്റെ ചെവിയിൽ മുഴങ്ങി.

"അമ്മെ ഒരു ചായ " എന്ന് പറഞ്ഞു ഞാൻ അകത്തേക്ക് കയറി.

"ആ..നീ വന്നോ ? നീ വരുമെന്ന് പറഞ്ഞപ്പോൾ ദിവാകരൻ നിന്നെ കണ്ടിട്ടേ പോകൂ എന്ന് ഒറ്റ വാശി." 'അമ്മ മെല്ലെ ഒരു ഗ്ലാസിൽ ചായയുമായി വന്നു.

"അമ്മാവൻ പെട്ടെന്ന് പോകുമോ?"

"അമ്മാവൻ അങ്ങനെ പെട്ടെന്നൊന്നും പോവില്ല." മുറ്റത്തു നിന്ന അമ്മാവൻ വായു വേഗത്തിൽ അകത്തേക്ക് വന്നു.

പെട്ടെന്നു മൊബൈൽ ബെൽ അടിച്ചു.

കൂടെ ജോലി ചെയ്യുന്ന സൗമ്യ ആണ് . ഇന്നലെ ഒരു ഫയൽ അയക്കാം എന്ന് പറഞ്ഞത് തിരക്കിൽ മറന്നു, അതിനാവും.

"ആരാ ഈ സൗമ്യ? ഗേൾ ഫ്രണ്ട് ആണോടാ ? അച്ഛനെ പോയിട്ടുള്ളൂ ..ഞങ്ങൾ ഉത്തിരവാദിത്തപെട്ടവർ ഒക്കെ ഇവിടെ തന്നെ ഉണ്ട് കേട്ടോ. പ്രായം ആകുമ്പോഴേ ഞങ്ങൾ ഒരു പെണ്ണിനെ അങ്ങ് കണ്ടു പിടിച്ചു തരും കേട്ടോ .."

അമ്മാവൻ സ്വന്തം തമാശ ആസ്വദിച്ച് ചിരിച്ചു..എൻ്റെ പെരുവിരൽ മുതൽ ദേഷ്യം അരിച്ചു കയറി..ഫോൺ എടുത്തു ഒരു മൂലയ്ക്ക് മാറി നിന്നു. സൗമ്യ നല്ല ദേഷ്യത്തിൽ ആയിരുന്നു..

"രമേഷാ..ആ ഫയൽ നീ അയച്ചില്ലല്ലോ.അത് കിട്ടാത്തത് കൊണ്ട് എൻ്റെ പണിയും ഇന്നലെ നടന്നില്ല..നീ അത് തിങ്കളാഴ്ച എങ്കിലും തരുമോ ?"

"തരാം..ഇന്നലെ വേറെ കുറെ പണികൾ വന്നോണ്ടാ..ശെരി ആക്കാം"

ദിവാകരൻ അമ്മാവൻ മാനത്തു പറക്കുന്ന കാക്കയുടെ എണ്ണം എടുക്കുന്ന പോലെ ജനലരികിൽ നിന്നു പുറത്തേക്കു നോക്കുന്നുണ്ടെങ്കിലും ചെവിയും ശ്രദ്ധയും എന്നിൽ തന്നെ ആണെന്ന് മനസ്സിലായി.

ഞാൻ ഫോൺ വെച്ചപ്പോൾ തന്നെ അമ്മാവൻ എത്തി..

"പ്രെശ്നം വല്ലതും ഉണ്ടോടാ ? വേണേൽ ഞാൻ ഇടപെടാം..നിനക്ക് എന്തും എന്നോട് പറയാം കേട്ടോ "

അമ്മാവനോട് പറയുന്നതും മലയാള മനോരമ പത്രത്തിൽ പരസ്യം ഇടുന്നതും ഒരു പോലെ ആണല്ലോ എന്ന് പറയാൻ തോന്നി എങ്കിലും ഒന്നും പറഞ്ഞില്ല..

"സാവിത്രിയേച്ചിയെ ..കുറച്ചു ചൂട് വെള്ളം ഇങ്ങു എടുത്തോ ..വല്ലാത്ത ദാഹം.."

ഇത്രയും പറഞ്ഞു അമ്മാവൻ പത്രവും എടുത്തു ഇറയത്തെ ചാരുകസേരയിൽ ഇരുപ്പായി.

"പെണ്ണ് ചെറുക്കന് ജ്യൂസ് കൊടുത്തു കൊന്നെന്നു..രമേഷാ ജ്യൂസ് ഒന്നും ആരുടെയും കൈയിൽ നിന്നു വാങ്ങി കുടിക്കല്ലേ.."

അമ്മാവൻ വിടുന്ന മട്ടില്ല..

"രമേശാ.." അടുക്കളയിൽ നിന്നു അമ്മയുടെ വിളി വന്നു

അകത്തേക്ക് ചെന്നതും 'അമ്മ തിളക്കുന്ന വെള്ളം ഒരു ഗ്ലാസ്സിലേക്കു മാറ്റുക ആയിരുന്നു..

"എടാ ഇതൊന്നു രണ്ടു മിനിറ്റ് കഴിഞ്ഞു അമ്മാവന് കൊടുക്കണേ.."

"ആ കൊടുത്തേക്കാം ..അമ്മാവൻ ഇന്ന് എന്താ ഈ വഴിക്കു ?"

"നിന്നോട് പറഞ്ഞില്ലേ ?"

"എന്ത് പറയാൻ?"

'അമ്മ മെല്ലെ ചിരിച്ചു

"ദേ അമ്മെ..ഒന്നാമതേ അമ്മാവന്റെ ചൊറി കാരണം ഇവിടെ മനുഷ്യൻ വട്ടായി ഇരിക്കുവാ..എന്തുവാ കാര്യം?"

"എടാ അമ്മാവന്റെ മോളില്ലേ..ഗ്രീഷ്മ..അവളെ നിനക്ക് കല്യാണം ആലോചിക്കാനാ അമ്മാവൻ വന്നത്..നിന്നെ ഇപ്പോൾ കാണാൻ എങ്ങനെ ഉണ്ടെന്നു അറിയാനാ കാത്തു നിന്നത്..നിന്റെ പുതിയ ഫോട്ടോ അവർ ഏതാണ്ട് ഇൻസ്റ്റോയോ ഓൺലൈനോ എന്തോ കണ്ടപ്പോൾ തോന്നിയത്രേ നിനക്ക് നല്ല ജോലി ഒക്കെ ആയി..ഇനി കല്യാണം നടത്താലോ എന്ന്.."

എൻ്റെ ഓർമ്മകൾ ഒരു ഏഴു വര്ഷം പിന്നിലേക്ക് പാഞ്ഞു. ഗ്രീഷ്മയും ഞാനും അന്ന് ഒരു കോളേജിൽ ആണ് പഠിക്കുന്നത്..ഒരിക്കൽ ഞാൻ അവളോട് ചിരിച്ചു സംസാരിച്ചു എന്ന് പറഞ്ഞു അമ്മാവൻ അവളെ വഴക്കു പറഞ്ഞു.."അവന്റെ പഞ്ചാര കേട്ട് ഇളിച്ചോണ്ടു നിക്കണ്ട..കടം കയറിയ കുടുംബമാ..ഇവനെ ഒന്നും അടുപ്പിക്കണ്ട..അകന്ന ബന്ധമാ എന്ന് കരുതി പാമ്പിനെ തോളിൽ ഇടേണ്ട "

കാലത്തിന്റെ ഒരു മാറ്റമേ..കടങ്ങൾ തീർത്തു സ്ഥിര വരുമാനം ആയപ്പോൾ ബന്ധുക്കൾ ഒക്കെ തല പൊക്കി തുടങ്ങി

"നീ എന്തുവാടേ നിന്നു ദിവാസ്വപ്നം കാണുന്നെ? " അമ്മയുടെ ശബ്ദം എന്നെ പെട്ടെന്നു ഞെട്ടിച്ചു

"എയ് ഒന്നുമില്ല..ഞാൻ അമ്മാവന് പെട്ടെന്നു വെള്ളം കൊടുക്കട്ടെ "

ഞാൻ വെള്ളവുമായി ചെന്നപ്പോൾ അമ്മാവൻ പത്രത്തിന്റെ അകം താളുകൾ ഇരുത്തി വായിക്കുക ആയിരുന്നു..

"ഇതെന്താ അമ്മാവാ നാളെ പരീക്ഷ ആണോ ?"

അമ്മാവൻ മെല്ലെ പത്രം താഴ്ത്തി..

"അതെന്താടാ അങ്ങനെ ഒരു ചോദ്യം ?"

"അല്ല അമ്മാവന്റെ ശ്രദ്ധ കണ്ടു ചോദിച്ചതാ ..അമ്മാവൻ എന്തോ ആലോചന ഒക്കെ കൊണ്ട് വന്നു എന്ന് കേട്ടല്ലോ "

അമ്മാവന്റെ മുഖത്തു തെല്ലൊരു ജാള്യത വന്നു..

"ആ...അത് അമ്മാവന്മാർ ആകുമ്പോൾ കുറച്ചു ഉത്തരവാദിത്തം ഒക്കെ കാണിക്കും ..ഗ്രീഷ്മക്കു എൻ്റെ അതെ സ്വഭാവം ആണ്.അവൾ ആകുമ്പോൾ ഇവിടെ സാവിത്രിയേച്ചിക്ക് ഒരു കൂട്ടും ആകും..അവൾക്കു ഇവിടെ അടുത്തുള്ള കോളേജിൽ ആണ് ഇപ്പോൾ ജോലി കിട്ടിയേക്കുന്നെ..നിനക്കും ഇവിടുന്നു പോയി വരാലോ ."

ദേഷ്യം എന്തോ തികട്ടി വന്നപ്പോൾ ഞാൻ പറഞ്ഞു : " കടം കയറി നട്ടം തിരിഞ്ഞപ്പോൾ ഒരു കുമ്മാവനെയും ഈ വഴി കണ്ടിട്ടില്ല..മിണ്ടാതെ വന്ന വഴി വിട്ടോണം..പ്രായത്തിന്റെ ബഹുമാനം ഞാൻ തന്നിട്ടുണ്ട്..ഇനി ചൊറി വർത്തമാനവും കൊണ്ട് ഈ വഴി എങ്ങാനും വന്നാൽ ചൂട് വെള്ളം എടുത്തു ഞാൻ മുഖത്തു ഒഴിക്കും..അപ്പോൾ അമ്മാവൻ ഇന്ന് തന്നെ പോകുവല്ലേ..ഈ വെള്ളം അങ്ങ് കുടിക്കു.."

ഞെട്ടി നിൽക്കുന്ന അമ്മാവന്റെ കൈയിലേക്ക് ഗ്ലാസ്സ് നൽകി പോകുമ്പോൾ ചെയ്തത് ശെരിയോ തെറ്റോ എന്നല്ല..കുറെ പഴ ഓർമ്മകൾ ആണ് മനസ്സിൽ മിന്നി മാഞ്ഞത് .

Srishti-2022   >>  Short Story - Malayalam   >>  കടൽ

Krishna Chandran K R

Saasvaap Techies Pvt Ltd

കടൽ

കുട്ടിക്കാലത്ത് വിലക്കപ്പെട്ട കാര്യങ്ങളില്‍ ഒന്നായിരുന്നു കടപ്പുറത്തെക്ക് പോകുന്നത്. ആദ്യം ധിക്കരിച്ച ആജ്ഞയും, സഹസികയാത്രയും അതുതന്നെ.

രണ്ടിലോ മൂന്നിലോ പഠിക്കുന്ന കാലം. വള്ളിനിക്കറും സ്ഥാനം തെറ്റി കുടുക്കിട്ട ഷര്‍ട്ടുമിട്ട് ഞാനും ഓടി കൂട്ടുകാരോടപ്പം. ദുരം അധികമൊന്നുമില്ല. തെക്കോട്ട്‌ സ്കൂളിലേക്ക് നടക്കുന്ന ദുരം പടിഞ്ഞാറോട്ട് നടന്നാല്‍ കടപ്പുറമായി.

വിശ്വസിക്കാന്‍ ആവാത്ത വിസ്മയ കാഴ്ചയായി മുന്നില്‍ കടല്‍. കഥകളില്‍ കേട്ടപോലെ സൗമ്യതയും സൌന്ദര്യവുമായിരുന്നില്ല കടല്‍. ഇണങ്ങാത്ത, കൂട്ടിലടക്കപ്പെട്ട ആയിരമായിരം ചീറ്റപുലികളുടെ മുരള്‍ച്ചകളുമായി അവന്‍ കുതറി തെറിച്ചു കൊണ്ടിരിക്കുന്നു.സ്ഥായിയായ അക്ഷമതയോടെ.

അലകളില്‍ താണും പൊന്തിയും കുറെ തോണികള്‍ കരയിലെക്കുവരുന്നു. അതോ കടലിലേക്ക്‌ പോകുന്നുവോ. സത്യനും കൊട്ടാരക്കരയുമൊക്കെ കാണുമായിരിക്കും. പറഞ്ഞത് ബാലനായിരുന്നു. ഞാന്‍ തിരുത്തി, എന്റെ വിജ്ഞാനം വിളമ്പി.'ഇവിടെ പുസല്‍മാന്‍മാർ മാത്രമേ ( ഒരു മുസ്ലിം വിഭാഗം ) കാണു'. ആരും ഞാന്‍ പറഞ്ഞത് ശ്രദ്ധിച്ചില്ല. ഞാന്‍ കുട്ടത്തില്‍ ചെറുതായിരുന്നല്ലോ. ചെറിയ കാര്യങ്ങളെ പറയാവു എന്നും ഉണ്ട്.

കടലിനെപോലെ സദാ ഉലഞ്ഞുകൊണ്ടിരിക്കുന്ന കുടിലുകള്‍, വിവസ്ത്രരായി നടക്കുന്ന കൊച്ചുകുട്ടികള്‍..

കരക്കടുക്കുന്ന തോണിയിലൊക്കെ മത്തി ചാകര. ഈച്ചകളെപോലെ തോണിയിലേക്ക് ആര്‍ത്തു പായുന്ന കുട്ടികള്‍...വരേണ്ടായിരുന്നു എന്ന് തോന്നി എനിക്ക്.

കുറച്ചുനേരം നോക്കിനിന്നു മങ്ങിയ മനസ്സുമായി തിരിച്ചുവരാന്‍ ഒരുങ്ങവെ കറുത്ത ഒരു കൊച്ചുരൂപം ചെറുകുട്ടയില്‍ കുറെ മത്തിയുമായി ഞങളുടെ അടുത്തേക്ക് ഓടിവരുന്നു . ഞങ്ങള്‍ അതിശയിച്ചുപോയി. .ബഷീർ.

ഞങ്ങള്‍ ഒന്നിച്ചെന്നപോലെ പറഞ്ഞു- 'നീ എന്താ സ്കൂളില്‍ വരാത്തെ. നിന്‍റെ പേര് വെട്ടി'.

അവന്‍ പറഞ്ഞു കഴിഞ്ഞ കാറ്റിലും കോളിലും ബാപ്പ കടലില്‍ പോയി . ഇനി വരില്ല. എനിക്ക് എന്‍റെ ഉമ്മയെയും പെങ്ങമാരെയും നോക്കണം. തോണി വലിച്ചുകേറ്റാന്‍ സഹായിച്ചാല്‍ ഇതുപോലെ മീന്‍ കിട്ടും ഇവിടെ വരുന്നവര്‍ക്ക് അത് വില്‍ക്കും. 'പക്ഷെ ഇതിനു നിങ്ങള്‍ പൈസ തരണ്ട'. ..

ഞങള്‍ ഇവിടെ വന്നത് വീട്ടില്‍ അറിഞ്ഞിരിക്കും ശാസനയും ഉണ്ടാവും. പക്ഷെ അതൊന്നും അപ്പോള്‍ ഓര്‍ത്തില്ല. കുട്ടയിലെ മീനുകളുടെ ചത്ത കണ്ണുകള്‍ പോലെ അവന്‍റെ കണ്ണുകള്‍ എന്നെ വേട്ടയാടികൊണ്ടിരുന്നു...

Srishti-2022   >>  Short Story - Malayalam   >>  മാലാഖ മത്സ്യങ്ങളുടെ ഒപ്പ്

Shine Shoukkathali

EY Kochi

മാലാഖ മത്സ്യങ്ങളുടെ ഒപ്പ്

"Many men go fishing all of their lives without knowing that it is not fish they are after." - Henry David Thoreau

ആന്റോ ചുമരിൽ തൂങ്ങിക്കിടന്ന കലണ്ടറിലെ ചിത്രത്തിലേക്ക് നോക്കി.

ബഹുവർണ്ണ നിറങ്ങളുള്ള മത്സ്യത്തിന്റെ രൂപം കടലാസ്സിൽ ഒഴുകുന്നു. പരന്ന ശരീരമുള്ള മത്സ്യം. നീളത്തേക്കാൾ കൂടുതൽ പൊക്കം. തിളങ്ങുന്ന വെള്ളി നിറം. കുറുകെ കറുത്ത പട്ടകൾ.

ചെറിയ ഫോണ്ടിൽ താഴെ പേര് കൊടുത്തിരിക്കുന്നു.

ഏയ്ഞ്ചൽ ഫിഷ്.

മാലാഖ മത്സ്യം. ഗബ്രിയേലിന്റെ തോഴൻ. വെള്ളത്തിലെ മാലാഖ.

കൂട്ടുകാരൻ റീജോ തന്ന പൊട്ടിപ്പൊളിഞ്ഞ മൊബൈൽ നോക്കി.

അസ്ഥിവാരം പൊട്ടാതെ നിൽക്കുന്നത് റബ്ബർ ബാൻഡിലാണ്. സ്‌ക്രീനിൻ ടച്ച് കുഷ്ഠരോഗികളുടെ പോലെ അങ്ങിങ്ങായി മരവിച്ചിരിക്കുന്നു. ബ്രൗസറിൽ കൃത്യമായി ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല. ഒരുപാട് പ്രയത്നത്തിന് ശേഷം ഒപ്പിച്ചു.

“എയ്ഞ്ചൽ മത്സ്യം"

വിക്കിപ്പീഡിയയിലെ വിവരണം തെളിഞ്ഞു.

“ഭംഗിയേറിയ ഒരിനം വളർത്തു മത്സ്യമാണ് എയ്ഞ്ചൽ മത്സ്യം. ഇവയുടെ വളർന്നു നിണ്ട പൃഷ്ഠ-ഗുദപത്രങ്ങൾക്ക് മാലാഖയുടെ ചിറകിനോട് സദൃശ്യമുള്ളതിനാലാണ് ഇവയ്ക്ക് എയ്ഞ്ചൽ മത്സ്യം എന്ന പേരു ലഭിച്ചത്. ഭംഗിയേറിയ ഒരു വളർത്തു മത്സ്യമായ ഇവയെ ഭക്ഷ്യ മത്സ്യമായി ഉപയോഗിക്കാറില്ല.”

മീനുകൾ മഴയായി പെയ്തു. ഉള്ളിൽ കുളിര്.

അവൻ അടുക്കളയിലേക്ക് നടന്നു. അമ്മ എൽസി ചാള നന്നാക്കുന്നു.

"അമ്മച്ചീ. അക്വേറിയം സെറ്റാക്കണം. മാലാഖ മത്സ്യത്തിന് സ്വർഗ്ഗരാജ്യമൊരുക്കാൻ."

അവർ മീൻ നന്നാക്കുന്നതിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

"അപ്പൻ ഇതിനൊന്നും പൈസ തരില്ല. നീയാണെങ്കി പണിക്കും പൂവില്ല."

മൂലയിലിരിക്കുന്ന പൊട്ടിയ സ്ഫടിക പാത്രം ശ്രദ്ധയിൽ പെട്ടു. വക്കുകൾ പോയിട്ടുണ്ടെങ്കിലും അത്യാവശ്യം ആഴമുള്ള പാത്രം. വൃത്തിയാക്കിയെടുത്താൽ ഫിഷ് ടാങ്കായി.

"ഇത് മതി."

അവൻ പദ്ധതി വ്യക്തമാക്കി. എൽസി സംസാരത്തി ൽ കാര്യമായ ശ്രദ്ധ കൊടുക്കാതെ മീൻ നന്നാക്കിക്കൊണ്ടിരുന്നു. ചിതമ്പലുകൾ നീക്കിയിട്ടും തൃപ്തി വരാത്ത പോലെ ആകെയുള്ള രണ്ടു മീൻ നന്നാക്കാൻ അവർ കാണിക്കുന്ന ബദ്ധപ്പാട് അവനെ അതിശയിപ്പിച്ചു. കുട്ടിയെ കുളിപ്പിച്ച് കൊല്ലുന്ന പ്രതീതി.

"ന്താ ചാള! എന്നും ഇതന്നെ."

"ശരവണൻ ചേട്ടൻ കച്ചവടം കഴിഞ്ഞു പോവുമ്പോ ഫ്രീയായി തരണതാന്നറിയാലോ."

"ന്നാലും ചേട്ടന് ഇടയ്ക്ക് വേറെ എന്തെങ്കിലും തന്നൂടെ."

അവർ മീൻ വെയ്സ്റ്റ് ഡബ്ബയിൽ ഇട്ടു.

"ഇതെന്താ ചീഞ്ഞതാ?"

"വെറുതെ കിട്ടണ പശൂന്റെ പല്ലെണ്ണണ്ട. പോയി വല്ല പണി നോക്കടാ ചെക്കാ."

വക്കുകൾ പോയ പാത്രം വൃത്തിയാക്കി വെള്ളമൊഴിച്ചതും ഞൊടിയിടയിൽ സമുദ്രലോകം സൃഷ്ടിക്കപ്പെട്ടെങ്കിലും ജീവൻ സൃഷ്ടിക്കാൻ കഴിയാത്ത നൈരാശ്യം അവൻ മറച്ചു വെച്ചില്ല.

മാലാഖ മത്സ്യം വാങ്ങാനുള്ള ബഡ്‌ജറ്റ്‌ തൽക്കാലം ഇല്ല. വെള്ളത്തിൽ നോക്കി ഭാവന വികസിപ്പിക്കേണ്ടി വരും.

വെള്ളത്തിൽ ഊളിയിട്ട് പോകുന്ന നിറക്കൂട്ടുകൾ സ്‌ക്രീനിൽ തെളിഞ്ഞു. വിവിധ വർണ്ണങ്ങളിലുള്ളവ. നീലയും മഞ്ഞയും ദൃശ്യവിരുന്നിന് മാറ്റു കൂട്ടി. മത്സ്യങ്ങൾ കലൈഡോസ്‌കോപ്പിലെ ചീളുകളായി മാറുന്ന പരിണാമ പ്രക്രിയ.

അമ്മയുടെ വിലാപം കേട്ട് ചലച്ചിത്രത്തിന് തിരശ്ശീല.

ശരവണേട്ടൻ പോയത്രേ. ലോറി വന്ന് തട്ടിയതാണ് പോലും.

രണ്ട് ചാള കിട്ടുന്നതും ഇല്ലാതായി. എല്ലാ ദിവസവും എംഎയ്റ്റിയിൽ ഗമയിൽ പോകുന്ന ശരവണേട്ടൻ ഇനി സ്വപ്നം മാത്രം. നാട്ടിലെ പൂച്ചകളും ദുഖിക്കുന്നുണ്ടാവും.

പുറത്തേക്ക് നടന്നു. ലക്ഷ്യം നാട്ടിലെ അറിയപ്പെട്ട പെറ്റ്ഷോപ്പ് തന്നെ.

കയറിച്ചെന്നപ്പോൾ കണ്ട കാഴ്ച്ച. കഴുത്തിൽ ചുകന്ന റിബ്ബൺ ധരിച്ച വെള്ള പഞ്ഞിക്കെട്ട് പോലെ ഒരു സുന്ദരിപ്പൂച്ച. കണ്ടാൽ അറിയാം. നല്ല തറവാടിൽ പിറന്ന കുറുഞ്ഞി.

"ന്താ ആന്റോ. നായകളെ കുളിപ്പിക്കാൻ പിന്നെ കണ്ടില്ല. കൊറച്ച് പണി ഇണ്ടേ."

"നായേം പൂചെം നിക്കട്ടെ. എനിക്ക് ഒരു മീൻ വേണം."

ടാങ്കിലെ സ്വർണ്ണമീനുകൾ റഡാർ സന്ദേശം ലഭിച്ച പോലെ നോക്കി.

"ഗോൾഡ്‌ഫിഷ് മതിയോ? അതാവുമ്പോ ചീപ്പാ. വെറുതെ തരാം."

അവൻ മാലാഖ മത്സ്യത്തെ പറ്റി സൂചിപ്പിച്ചു.

"അതൊന്നും ഇല്ല. ഫൈറ്റർ ഉണ്ട്. ഇത് ചെറിയ കടയല്ലേ."

"അതൊക്കെ വേസ്റ്റാ. ഇവനാ മൊതല്. എയ്ഞ്ചൽ ഫിഷ്."

"വരുത്തേണ്ടി വരും. വെല വരും. വെറുതെ തരാൻ പറ്റില്ല."

"നായേനെ പിന്നെ കുളിപ്പിക്കാം. മൂഡില്ല."

അവൻ വീട്ടിലേക്ക് തിരിച്ചു.

കടലാസ്സിൽ മാലാഖ മത്സ്യത്തെ വരയ്ക്കാൻ തുടങ്ങി. നീളത്തേക്കാൾ കൂടുതൽ പൊക്കമുള്ള മീനിനെ പകർത്താൻ എളുപ്പമായിരുന്നു.

"ടാ ആന്റോ. പണിയൊന്നും കിട്ടീലെ."

അവൻ നിശബ്ദനായി.

"ഇന്ന് ചെല്ലാൻ ഡോക്ടറല്ലേ പറഞ്ഞേ. ജോലിയൊക്കെ പിന്നെ. ആദ്യം ആരോഗ്യം."

സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ മുറിയിൽ അന്ന് പതിവ് പോലെ തിരക്കുണ്ടായിരുന്നു. ഊഴം വന്നപ്പോൾ കയറി.

ഡോക്ടർ പരിശോധനയ്ക്ക് ശേഷം വിശദമായി കാര്യങ്ങൾ വിവരിച്ചു. വൈറ്റമിൻ ഡിയുടെ കുറവ് പരിഹരിക്കണം.

"മീനെണ്ണ ഗുളിക മേടിക്കണം. ഇവടെ കോഡ് ലിവർ ഓയിൽ ഗുളിക ഇല്ല."

"പൊറത്തിന്ന് വാങ്ങുമ്പോ കാശ് ആവും ലെ?"

"ഏതാണ്ട് മുന്നൂറ്. ചവച്ച് തിന്നാൻ നോക്കല്ലേ. സംഗതി നല്ല കയ്പ്പാ."

ഡോക്ടറുടെ കയ്യിലെ പേനയിലേക്ക് നോക്കി. മുന്തിയ ഫൗണ്ടൈൻ പേന. ഏതോ മരുന്ന് കമ്പനിയുടെ ലേബലുണ്ട്.

"മീൻ നന്നായി കഴിക്കണം ട്ടോ. കാൽസ്യത്തിന്റെ കുറവുണ്ട്.”

ഫാർമസിയിലെ ചില്ലലമാരയിൽ മീനെണ്ണ ഗുളികയുടെ ബോട്ടിൽ കണ്ടപ്പോൾ അവന് കൗതുകം പൊട്ടി.

സ്വർണ്ണക്കല്ലുകൾ നിറച്ച ബോട്ടിലിനെ അനുസ്മരിപ്പിക്കുന്ന ബോട്ടിൽ. ഗുളികകളിൽ സ്വർണ്ണ മീനുകൾ നീന്തുന്ന പ്രസരിപ്പ്.

എൽസി ബൈബിളിലെ യോനായുടെ പുസ്തകം വായിക്കുകയാണ്.

കടലിൽ പതിച്ച യോനായെ വിഴുങ്ങാൻ യഹോവ കൂറ്റൻ മത്സ്യത്തെ അയച്ചു. മത്സ്യം പ്രവാചകനെ വിഴുങ്ങി. അദ്ദേഹം മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ ഉദരത്തിൽ കഴിഞ്ഞു. യോനാ ദൈവത്തിനു സ്തുതികീർത്തനം പാടി. ഒടുവിൽ മത്സ്യം യോനായെ വരണ്ട ഭൂമിയിൽ ഛർദ്ദിച്ചു.

"അമ്മേ. യോനാ പ്രവാചകനെ വിഴുങ്ങിയ മത്സ്യം തിമിംഗലം ആയിരിക്കും ലെ."

"ആയിരിക്കും."

"നമ്മളെ ഒക്കെ വിഴുങ്ങാൻ അങ്ങനെ ഒരു മത്സ്യം ഉണ്ടായിരുന്നെങ്കിൽ... മടങ്ങി വരണ വരെ ഇവിടത്തെ കഷ്ടപ്പാട് കാണണ്ടല്ലോ."

അവൻ മീനെണ്ണ ഗുളികയുടെ വില വിവരിച്ചു.

"ശരവണൻ ചേട്ടൻ ഉള്ളപ്പോ... ഇനി പണിക്ക് പോയാലേ മീൻ വെട്ടിവിഴുങ്ങാൻ പറ്റൂ."

"ഞാൻ പഴേ ഹോട്ടലില് ജോലിക്ക് പൂവാ. അവിടെ സീഫുഡുണ്ട്. മീൻ സ്‌പെഷ്യൽസ്."

ഹോട്ടലിൽ ദിവസവും നൂറുക്കണക്കിന് ആളുകൾ കഴിക്കാൻ വരും. നന്നായി പണിയെടുത്താൽ ഇടയ്ക്ക് മുതലാളി ഒരു ഫിഷ് ബർഗർ തരും. അതിൽ സോസ് ഒഴിച്ച് ഓരോന്ന് സ്വപ്നം കണ്ട് കഴിക്കുന്നതിലും സുഖം മറ്റൊന്നിനുമില്ല.

ആന്റോ നേരെ കട ലക്ഷ്യമാക്കി നടന്നു.

"കൊറേ നാളായല്ലോ ആന്റോ."

"സാറേ. സുഖല്ലായിരുന്നു. ഞാൻ അടുക്കളേക്ക് ചെല്ലട്ടെ."

ഉച്ചക്ക് കഴിക്കാൻ മീൻ വേണമെന്ന് ഒപ്പം ജോലി ചെയ്യുന്ന മിഥുനിനോട് ഉണർത്തി.

"മുതലാളി ചൂടാവും. സ്റ്റാഫിന് കൊടുക്കണ ഫ്രീ ഭക്ഷണത്തില് ഇറച്ചീം മീനും പാടില്ലാന്നാ. ചപ്പാത്തീം കുറുമേം മാത്രം."

"അതൊക്കെ മുതലാളി അറിയോ. നീയെടുക്ക്. മീൻ കഴിക്കാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്."

മിഥുൻ ഒരു പാത്രത്തിൽ ഫിഷ് ബർഗർ കൊടുത്തതും അവൻ ഉത്സാഹത്തോടെ വാങ്ങി. അപ്പോഴാണ് മുതലാളിയുടെ വരവ്. അദ്ദേഹത്തിന്റെ നോട്ടം അവനെ തളർത്തി.

"ഇത് നിന്റെ വീടല്ല. തരണത് തിന്നോളണം. ആ ഫിഷ് ബർഗർ കസ്റ്റമറിന് ഉള്ളതാ."

ആന്റോ അടുക്കളയിൽ പോയി പത്രങ്ങൾ കഴുകാൻ തുടങ്ങി.

അല്പം കഴിഞ്ഞ ശേഷം മുതലാളി വിളിച്ചു.

"പുതിയ ഫിഷ് ടാങ്കിലെ മീൻ ചത്തു. എടുത്ത് കള. വല്ല കസ്റ്റമേഴ്‌സും കണ്ടാ അത് മതി."

പുതിയ ഫിഷ് ടാങ്ക് അവനിൽ കൗതുകമുണർത്തി. അതിലെ മത്സ്യത്തെ എവിടെയോ കണ്ട പോലെ.

വിക്കിപ്പീഡിയയിലെ വിവരണം തെളിഞ്ഞു.

“ഭംഗിയേറിയ ഒരിനം വളർത്തു മത്സ്യമാണ് എയ്ഞ്ചൽ മത്സ്യം. ഇവയുടെ വളർന്നു നിണ്ട പൃഷ്ഠ-ഗുദപത്രങ്ങൾക്ക് മാലാഖയുടെ ചിറകിനോട് സദൃശ്യമുള്ളതിനാലാണ് ഇവയ്ക്ക് എയ്ഞ്ചൽ മത്സ്യം എന്ന പേരു ലഭിച്ചത്. ഭംഗിയേറിയ ഒരു വളർത്തു മത്സ്യമായ ഇവയെ ഭക്ഷ്യ മത്സ്യമായി ഉപയോഗിക്കാറില്ല.”

ഇത് അവൻ തന്നെ.

മാലാഖ മത്സ്യം. ഏയ്ഞ്ചൽ ഫിഷ്.

കൈകൾ വെള്ളത്തിലേക്ക് ഊളിയിട്ടപ്പോൾ അവന്റെ മനസ്സ് മന്ത്രിച്ചു.

ഭംഗിയേറിയ ഒരു വളർത്തു മത്സ്യമായ ഇവയെ ഭക്ഷ്യ മത്സ്യമായി ഉപയോഗിക്കാറില്ല പോലും. വിക്കിപ്പീഡിയക്കാരുടെ ഒരു കാര്യം.

അവൻ ചീനച്ചട്ടി ലക്ഷ്യമാക്കി നടന്നു.

Srishti-2022   >>  Short Story - Malayalam   >>  അന്ന

Rahul K Pillai

Oracle India Pvt Ltd

അന്ന

മലയാള മനോരമ പത്രത്തിൽ പണ്ട് സ്വർണ തംബോല എന്നൊരു ഗെയിം ഉണ്ടായിരുന്നു.... അതിൽ സ്വർണ നാണയം സമ്മാനം കിട്ടിയ ഒരു പെൺകുട്ടിയുടെ ഫോട്ടോ അതിനടുത്ത ലക്കം ബാലരമയിൽ ഒരു ഫുൾ പേജിൽ പ്രിന്റ് ചെയ്ത് വന്നു.. അന്ന് ഞാൻ സ്കൂളിൽ പോയത് ആ ബാലരമയും കൊണ്ടാണ്.. ഫസ്റ്റ് ഇന്റർവെൽ ടൈമിന് ക്ലാസ്സിന്റെ വരാന്തയിൽ ഇട്ട് എല്ലാവരും നോക്കി നിൽക്കെ ഞാൻ ആ ബാലരമ കത്തിച്ച് കളഞ്ഞു, കൂട്ടിന് എന്റെ ചങ്ക് ഫ്രണ്ട്സും... കത്തി തീരാത്ത ഭാഗം നിലത്തിട്ട് ചവുട്ടി അരച്ചു, ക്ലാസ്സിനകത്തേക്ക് കൊണ്ട് വന്ന് ഫുട്ബോൾ പരുവമാക്കി തട്ടി കളിച്ചു.. ഇതെല്ലാം കണ്ടു കൊണ്ട് ദേഷ്യം കടിച്ചമർത്തി ഒരു ഭാവ വ്യത്യാസവുമില്ലാതെ അവളും ക്ലാസ്സിൽ ഉണ്ടായിരുന്നു - സ്വർണം നേടിയവൾ - എന്റെ ബാല്യകാലത്തെ ഏറ്റവും വലിയ ശത്രു - "അന്ന ജോർജ്" !!

പതിനാറു വർഷങ്ങൾക്ക് ഇപ്പുറം, കഴിഞ്ഞ ആഴ്ച അവൾക്ക് ഞാൻ വാക്ക് കൊടുത്തു - നമ്മുടെ കഥ ഞാൻ എഴുതാം.. ഒരു സ്കൂൾ ഒന്നടങ്കം പ്രണയമാണെന്ന് സംശയിച്ച, ചുവരെഴുത്തുകൾ വീണ, സംഘട്ടനങ്ങൾ നടന്ന നമ്മുടെ കഥ..

"നമ്മൾ പ്രണയിതാക്കളല്ല, അത്രമേൽ മാറി നാം" !!

അവനവന്റെ അമ്മ പഠിപ്പിക്കുന്ന സ്കൂളിൽ പഠിക്കുന്ന ഒട്ടു മിക്ക എല്ലാ കുട്ടികളും അച്ചടക്കത്തിന് പേര് കേട്ടവരായിരിക്കും.. ഒരു പക്ഷേ ജന്മനാ അല്ലെങ്കിൽ പോലും നിർബന്ധിത പരിവേഷം കൊണ്ട് അച്ചടക്ക പൂരിതമായി പോയ ഒരു സ്കൂൾ ജീവിതമായിരുന്നു എനിക്കും..."ടീച്ചറിന്റെ മോൻ" - ചാർത്തികിട്ടിയ ആ 'പട്ടം' ഇറക്കാനും തുപ്പാനും വയ്യാതെ കൊണ്ട് നടക്കേണ്ടി വരുന്നത് കുറച്ചൊക്കെ ബുദ്ധിമുട്ടാണ് .. !

ഹൈ സ്‌കൂൾ കാലഘട്ടത്തിന്റെ തുടക്കത്തിൽ ആണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മിക്സ് ചെയ്ത് ക്ലാസ് നടത്തുന്ന രീതി ഞങ്ങളുടെ സ്കൂളിൽ കൊണ്ട് വന്നത് .. അത് വരെ രണ്ട് ഷിഫ്റ്റുകളായിട്ട് ആയിരുന്നു ക്ലാസുകൾ , രാവിലെ ബോയ്സിനും ഉച്ചയ്ക്ക് ഗേൾസിനും.. തൊട്ടപ്പുറത്തെ എൽ പി സ്കൂളിലെ ടീച്ചറിന്റെ മോൾ ഉച്ചയ്ക്കത്തെ ബാച്ചിൽ ഉണ്ടെന്നും, പഠിക്കാൻ മിടുക്കിയാണെന്നും ഒക്കെയുള്ള കഥകൾ കുറേ നാളായി കേൾക്കാൻ തുടങ്ങിയിരുന്നു.. അതുവരെ കേട്ടറിഞ്ഞതിനേക്കാൾ വലിയ സത്യമാണെന്ന് അറിയിച്ചാണ് "കലപിലകൂട്ടം" ക്ലാസിലെത്തിയത് .. ഞങ്ങളിൽ പല ആൺപിള്ളേർക്കും ഈ മിക്സിങ് അത്ര അങ്ങോട്ട് രസിച്ചില്ലെങ്കിലും, പതുക്കെ പതുക്കെ അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു.. പറഞ്ഞു വന്നത് പൊക്കം കുറഞ്ഞ, തീരെ വണ്ണമില്ലാത്ത, ആകെ കൂടി അടയ്ക്കാ കുരുവി പോലെയുള്ള കലപില കൂട്ടത്തിന്റെ ലീഡറിനെ കുറിച്ചാണ് - നേരത്തെ പറഞ്ഞ അതേ ടീച്ചറിന്റെ മകൾ .. വേണേൽ ഒറ്റ നോട്ടത്തിൽ ഒരു പ്രണയം ഒക്കെ തോന്നിയെന്ന് വരാം .. പിന്നെ ഞാൻ ഒരു ടീച്ചറിന്റെ മകൻ, അവളൊരു ടീച്ചറിന്റെ മകൾ .. രണ്ടു പേരും നന്നായിട്ട് പഠിക്കുന്നവർ , അപ്പൊ സെറ്റ് ആയി, വേറെന്ത് വേണം? .... ഇങ്ങനൊക്കെ നിങ്ങൾ കരുതിയെങ്കിൽ തെറ്റി .. പ്രണയമെന്നല്ല ഒരു മണ്ണാങ്കട്ടയും തോന്നിയില്ല എനിക്ക്, വന്നു കേറിയതോ മുളകുപൊടിയിൽ മൂക്കിപ്പൊടി മിക്സ് ചെയ്ത പോലത്തെ ഒരു ഐറ്റവും ..

സുഹൃത്തുക്കളായി നടക്കണം എന്നൊരു അജണ്ട ഞങ്ങൾ രണ്ടു പേർക്കും ഒട്ടും ഉണ്ടായിരുന്നില്ല, എന്താണെന്നറിയില്ല ആദ്യം മുതലേ ശത്രുതയും മത്സരവും ഒക്കെ തന്നെയാണ് ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നത്.. പഠന കാര്യത്തിലും ഇതര കാര്യങ്ങളിലും എന്നും വഴക്കും തല്ലും മാത്രം എന്ന രീതി ശത്രുതയെ അതിന്റെ പാരമ്യത്തിൽ എത്തിച്ചിട്ടുണ്ടായിരുന്നു.. ഒടുവിൽ സ്കൂളിലെ ടീച്ചർമാർ വരെ അറിയുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു.. സ്റ്റാഫ് റൂമിലെ സംസാരങ്ങൾ അമ്മ പറഞ്ഞ് എനിക്കറിയാമായിരുന്നു, "അന്നയും രാഹുലും എന്ത് പിള്ളേരാണ്, രണ്ടും അങ്ങോട്ടും ഇങ്ങോട്ടും വിട്ടുകൊടുക്കില്ല, ഇങ്ങനെയും ഉണ്ടോ വിരോധം" എന്നൊക്കെയുള്ള ഡയലോഗുകൾ നിത്യ സാധാരണം ആയിരുന്നു ...

പരീക്ഷകൾ കഴിഞ്ഞ് പേപ്പർ ക്ലാസ്സിൽ കൊണ്ട് വരുന്ന പല ടീച്ചേഴ്സിനും ഞങ്ങൾ പിള്ളേരെക്കാൾ ടെൻഷൻ ആയിരുന്നു.. രാഹുലിന് മാർക്ക് കൂടുതലും അന്നയ്ക്ക് കുറവും ആണെങ്കിൽ പ്രശ്നമാണ്.. അവളുടെ ബുദ്ധിയുടെ ആഴവും അളവും ഞാൻ അറിഞ്ഞത് അങ്ങനെ ഒരു പരീക്ഷ പേപ്പർ കിട്ടിയ ദിവസമാണ് .. എന്നേക്കാൾ ഒന്നോ രണ്ടോ മാർക്ക് കുറവായിരുന്നു അന്ന് അവൾക്ക്.. എന്നോട് വന്ന് പേപ്പർ ഒന്ന് തരുമോ എന്ന് ചോദിച്ചു .. പൊതുവെ "മണ്ടൻ" ആയിരുന്ന ഞാൻ പേപ്പർ കൊടുത്തു, ഒരു റൗണ്ട് തിരിച്ചും മറിച്ചും നോക്കിയിട്ട് എന്റെ പേപ്പറും കൊണ്ട് അവൾ ടീച്ചറിന്റെ അടുത്തേക്ക് പോകുന്നത് ഞാൻ കണ്ടു, ടീച്ചർ എന്തോ വെട്ടും തിരുത്തും നടത്തി പേപ്പർ എനിക്ക് തിരിച്ച് കിട്ടുമ്പോൾ എന്റെ ഒന്നോ രണ്ടോ മാർക്കിൽ ഓട്ട വീണിട്ടുണ്ടായിരുന്നു.. സംഭവം എന്റെ ടോട്ടൽ മാർക്കിൽ ടീച്ചറിന്റെ കണക്കു കൂട്ടൽ തെറ്റി പോയത് അവൾ കൊണ്ട് പോയി വെട്ടി തിരുത്തിച്ചതാണ്.. എന്റെ മാർക്ക് കുറച്ച് അവളുടെ മാർക്കിനൊപ്പം എത്തിച്ചപ്പോൾ എവറസ്റ്റ് കീഴടക്കിയ പോലെ പേപ്പർ വലിച്ച് എന്റെ നേരെ എറിഞ്ഞിട്ട് അവൾ പോവുന്നുണ്ടായിരുന്നു.. ഏതാണ്ട് "പ്ലിങ്ങിയ" അവസ്ഥയിൽ മണ്ടനായ ഞാനും !!!!!!

അതിനു ശേഷം പിന്നെ പല പരീക്ഷക്കും ഇത് പോലെ പേപ്പർ ചോദിച്ച് വന്നിട്ടുണ്ടെങ്കിലും ഞാൻ കൊടുത്തില്ല, ചിലപ്പോ വേറെ ചില സഖിമാർ വഴിയും പേപ്പർ റിക്വസ്റ്റ് വന്നു കൊണ്ടിരുന്നു, ഒന്ന് രണ്ട് വട്ടം ആ റൂട്ട് വഴിയും എന്റെ മാർക്കുകൾ തേയ്ക്കപ്പെട്ടിട്ടുണ്ട് - എത്ര കിട്ടിയാലും പഠിക്കാത്ത ഞാൻ !!!

ഞങ്ങൾക്ക് രണ്ടു പേർക്കും അന്നൊന്നും ഒരു സ്പെഷ്യൽ ട്യൂഷനും ഉണ്ടായിരുന്നില്ല, ഞാൻ ഇടയ്ക്ക് ലോയലിലും സ്റ്റുഡന്റസ് സെന്ററിലും (നാട്ടിലെ ട്യൂഷൻ സെന്ററുകൾ ആണ്) ഒക്കെ പോയിട്ടുണ്ടെങ്കിലും സ്ഥിരമായി എങ്ങും ഉറച്ച് നിന്നിരുന്നില്ല. എന്റെ ഓർമയിൽ അന്ന ട്യൂഷൻ സെന്ററുകളിൽ ഒന്നും പോയിട്ടില്ല.. പത്താം ക്ലാസ്സിലാണെന്ന് തോന്നുന്നു, ഞാൻ സ്കൂളിൽ വച്ച് ഒരു കാര്യം ശ്രദ്ധിച്ചത്.. ഇന്റർവെൽ സമയത്ത് അന്ന, സുമി, ജൂലി ടീം എന്തൊക്കെയോ എഴുതുന്നു, പഠിക്കുന്നു.. കുറെ ദിവസം സ്ഥിരമായി ഇത് കണ്ടപ്പോൾ ഞാൻ എന്റെ ചാര സംഘടനയെ രംഗത്ത് ഇറക്കി, ഞെട്ടിപ്പിക്കുന്ന ആ സത്യം മനസിലാക്കി.. അവർക്ക് 3 പേർക്കും അന്നയുടെ വീട്ടിൽ വച്ച് സദാശിവൻ സാർ മാത്‍സ് ട്യൂഷൻ എടുക്കുന്നുണ്ടെന്ന്.. കണക്കിന്റെ ഉസ്താദ് ആണ് സദാശിവൻ സർ.. KSRTC യിൽ ആണ് ജോലി എങ്കിലും ട്യൂഷൻ ആണ് മെയിൻ.. നാട്ടിൽ അന്നും ഇന്നും അറിയപ്പെടുന്ന ഏറ്റവും നല്ല കണക്ക് ട്യൂട്ടർ, അത് സദാശിവൻ സർ തന്നെയാണ് ... സാറിന്റെ ഹോംവർക്കുകൾ ആണ് ലവൾ ക്ലാസ്സിൽ ഇരുന്ന് ചെയ്ത് തീർക്കുന്നത്. ഞാനറിഞ്ഞാൽ പിന്നെ അത് ക്ലാസ് മൊത്തം അറിഞ്ഞത് പോലെയാണല്ലോ, സംഭവം പബ്ലിക് ആക്കി.. എങ്കിലും പത്താം ക്ലാസ്സിൽ സ്കൂൾ ഫസ്റ്റ് വാങ്ങാൻ വേണ്ടി അവളുടെ മുൻപിലും പിന്നിലും സൈഡിലും ഒക്കെയായി ഓടിക്കൊണ്ടിരുന്ന എനിക്ക് ആ സ്പെഷ്യൽ ട്യൂഷൻ പരിപാടി അത്ര അങ്ങട്ട് സഹിച്ചില്ല. പിന്നീടങ്ങോട്ട് പല വഴിക്കു നിന്നുള്ള ശുപാർശകൾക്കും, ഫോളോ അപ്പിനും, ഫോൺ വിളികൾക്കും എല്ലാം ഒടുവിൽ രണ്ടാഴ്ചയ്ക്കകത്ത് ആ മൂവർ സംഘത്തിന്റെ ട്യൂഷൻ ക്ലാസ്സിലേക്ക് (അന്നയുടെ വീട്ടിൽ) എന്റെ മാസ്സ് എൻട്രി ഉണ്ടായി, സാറിന്റെ നാലാമത്തെ സ്റ്റുഡന്റ് - ആ ക്ലാസ്സിലെ ഏക ആൺകുട്ടി !!!!

സാർ പൊതുവെ നല്ല സ്ട്രിക്റ്റ് ആയതു കൊണ്ടും, ഡെയിലി അടി കൊള്ളുന്നത് കൊണ്ടും ഞങ്ങൾക്ക് ആ ക്ലാസ്സ്മുറിയിൽ ഒരുപാട് നാൾ ശത്രുക്കളായി തുടരാൻ പറ്റിയില്ല. ശത്രുവിന്റെ ശത്രു മിത്രം എന്ന ആധാരത്തിൽ ഊന്നി പതുക്കെ ഞങ്ങളുടെ കോമൺ ശത്രുവായ സാറിന്റെ അടിയിൽ നിന്ന് ഒഴിവാകാനുള്ള ശ്രമങ്ങൾക്ക് ഇടയിൽ എപ്പോഴോ ഞങ്ങളിൽ ഒരു സൗഹൃദം മുള പൊട്ടി - രണ്ടു വർഷത്തോളമായി തുടർന്ന കടുത്ത ശത്രുതയൊക്കെ എവിടെയോ പതുക്കെ അലിയാൻ തുടങ്ങിയിരുന്നു... സാറിന് വരാൻ പറ്റാത്ത ദിവസങ്ങളിൽ 3 പെൺകുട്ടികളും അവരുടെ ഇടയിലെ കൃഷ്ണൻ ആയ ഞാനും കൂടി അന്നയുടെ വീട്ടിൽ ആർത്തുല്ലസിച്ചു നടന്നിരുന്നു.. ക്യാമറയും ഫോണും ഒക്കെ പോപ്പുലർ ആവുന്നതിനു മുന്നേ ഉള്ള കാലമായതിനാൽ പലതിനും തെളിവില്ലെന്നേ ഉള്ളു - 3 ഉം കൂടി എന്നെ ഒരു ദിവസം മേക്ക് അപ്പ് ഒക്കെ ഇട്ട് പെണ്ണായി ഒരുക്കിയതിനുൾപ്പെടെ !!!!!!

പക്ഷേ സ്കൂളിൽ ഞങ്ങളെ കാത്തിരുന്നത് വേറെ കഥകൾ ആയിരുന്നു.. അന്നയുടെ വീട്ടിലെ തകർപ്പൻ അനുഭവങ്ങൾ ഒന്നും ഞങ്ങൾ സ്കൂളിൽ അത്ര പരസ്യമാക്കിയിരുന്നില്ലെങ്കിലും രണ്ടു രണ്ടര വർഷമായി കണ്ട ശത്രുത കാണാതെ വന്നപ്പോൾ ആർക്കൊക്കെയോ സഹിച്ചില്ല.. അന്നയുടെ ഫോട്ടോ ക്ലാസ്സിലിട്ട് കത്തിച്ച രാഹുൽ ഇപ്പോൾ അവളോട് കമ്പനി ആയത് സ്കൂളിലെവിടൊക്കെയോ പുതിയ കഥകൾ സൃഷ്ടിച്ചു.. പ്രശ്‍നം സീരിയസ് ആയത് സ്കൂൾ കെട്ടിടത്തിൽ പലയിടത്തും വലിയ ഹാർട്ട് ഷേപ്പിന്റെ ഉള്ളിൽ കരിക്കട്ട കൊണ്ട് വരച്ച "രാഹുൽ + അന്ന" ചിത്രങ്ങൾ പ്രത്യക്ഷപെട്ടപ്പോഴാണ്...നിങ്ങൾക്ക് അറിയാം, മറ്റേ അമ്പൊക്കെ ഉള്ള പടമില്ലേ? അത് തന്നെ..

ഏത് മഹാന്റെ പണി ആണെന്ന് അറിഞ്ഞിരുന്നില്ല, എങ്കിലും സ്കൂളിലെ കുട്ടികൾക്ക് പാടി നടക്കാൻ ഒരു പുതിയ പ്രണയ കഥ ആയിരുന്നു അത്, രണ്ട് ശത്രുക്കൾ പ്രണയിച്ച കഥ !!! ആദ്യം കുറച്ച് കാലം അതുമായിട്ട് അഡ്ജസ്റ്റ് ചെയ്യാനും ടീച്ചർമാരെ ഫേസ് ചെയ്യാനും കുറച്ച് കഷ്ടപ്പെട്ടു ഞങ്ങൾ, പതുക്കെ സാറിന്റെ അസൗകര്യം കാരണം ഞങ്ങളുടെ ട്യൂഷനും ഇല്ലാതെയായി.. സ്കൂൾ കാലഘട്ടത്തിന്റെ അവസാന കാലം അങ്ങനെ ഒരു മിക്സഡ് ഇമോഷൻസിൽ അങ്ങ് കടന്നു പോയി.. എങ്കിലും ഞാൻ അവളുടെ വീട്ടിലും അവൾ എന്റെ വീട്ടിലും ഒക്കെ ഇടയ്ക്ക് വന്നിരുന്നു, ഒരിക്കൽ പോലും പ്രണയത്തിന്റെ ഒരു കണിക പോലും എന്റെയോ അവളുടെയോ പെരുമാറ്റത്തിൽ ഉണ്ടായിട്ടില്ല, എന്റെ ഉള്ളിൽ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ......... ഞാൻ പുതിയ കള്ളങ്ങൾ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു !!!!

ഒരുപാട് പ്ലാനിംഗ് ഒന്നും ഇല്ലായിരുന്നു എങ്കിലും പ്ലസ്ടുവിനും ഞങ്ങൾ പുതിയ സ്കൂളിൽ ഒരേ ക്ലാസ്സിൽ തന്നെ വന്നു പെട്ടു.... ഞങ്ങളുടെ പഴയ ഹിസ്റ്ററി ഒന്നും അറിയുന്ന ആരും ആ ക്ലാസ്സിൽ ഉണ്ടായിരുന്നില്ല... പക്ഷേ അവളോടുള്ള ആ അടുപ്പം അത് പോലെ മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് ആ പുതിയ സ്കൂളിൽ കഴിഞ്ഞില്ല എന്നതാണ് സത്യം.. അവിടെ ഞാൻ പുതിയ സുഹൃദ് ബന്ധങ്ങൾ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു, ഇന്ന് കൂടെ ഇല്ലാത്ത ഒരുപാട് പാഴ് ബന്ധങ്ങൾ !!! ശരിക്കും പറഞ്ഞാൽ അമ്മയുടെ സ്കൂളിന്റെ പുറത്തേക്ക് വന്ന ഞാൻ കൂടു തുറന്ന് വിട്ട കിളി പോലെയായിരുന്നു.. ചുറ്റും എപ്പോഴും കൂട്ടുകാർ - സ്ഥായി അല്ലെന്ന് അന്ന് തിരിച്ചറിയാതെ പോയ കുറെ കൂട്ടുകാർ.. ഞാൻ തിരക്കിട്ട് കൂട്ട് കൂടി നടക്കുമ്പോഴും ഒറ്റപ്പെട്ടു പോയ അവളെ ഒരിക്കൽ പോലും ഞാൻ ശ്രദ്ധിച്ചില്ല.. അധികം ആരോടും കൂട്ട് കൂടാതെ, ഒറ്റയ്ക്ക് ഒതുങ്ങി പോയ, പഠിത്തത്തിൽ ഉഴപ്പി തുടങ്ങിയ അന്നയെ കണ്ടിട്ടും പലപ്പോഴും ഒഴിഞ്ഞു മാറി പോയിട്ടുണ്ട് ഞാൻ.. പലപ്പോഴും ക്ലാസ്സിൽ അവൾ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്.. ഒരിക്കൽ എപ്പോഴോ പോയി ഞാൻ സമാധാനിപ്പിച്ചിട്ടുമുണ്ട്, പക്ഷേ ഒന്ന് കൂടിരിക്കാനോ, അവളുടെ വിഷമം തിരക്കാനോ ഞാൻ സമയം കണ്ടെത്തിയിട്ടില്ല.. കൊച്ചേ, ഇന്നിത് എഴുതുമ്പോൾ നീ ഇരുന്ന സീറ്റും യൂണിഫോമും നിന്റെ കലങ്ങിയ കണ്ണും നോട്ടുബുക്കും ഒക്കെ എന്റെ കണ്ണിന്റെ മുന്നിൽ അങ്ങനെ വന്ന് നിൽക്കുന്നുണ്ട്, ഒരൽപ്പം കണ്ണുനീര് എന്റെ കാഴ്ച മറയ്ക്കുന്നതൊഴിച്ചാൽ എനിക്ക് അതെല്ലാം കാണാം ... !!!!!

ഇന്ന് അന്നയ്ക്ക് ഒരു മോളുണ്ട് - അവളുടെ ഫോട്ടോ കാണുമ്പോൾ എനിക്ക് ആ യൂണിഫോമിട്ട എന്റെ സ്കൂളിലെ ശത്രുവിനെ തന്നെയാണ് ഓർമ വരാറുള്ളത്.. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് അവളെന്ന് തിരിച്ചറിയാൻ എനിക്ക് കുറെ സമയം വേണ്ടി വന്നു, പക്വത പാകപ്പെടുത്തി എടുത്ത എന്റെ ബോധ മണ്ഡലങ്ങൾക്ക് നന്ദി !! ഇന്നെന്റെ ഏറ്റവും നല്ല സുഹൃത്തും സപ്പോർട്ടും ഒക്കെ അവൾ തന്നെയാണ്...

"എടാ ഇനി നാട്ടിൽ വരുമ്പോൾ നമുക്ക് രണ്ടു പേർക്കും കൂടി സ്കൂളിൽ പോകണം, കുറച്ച് നേരം അവിടൊക്കെ നടക്കണം, നീ കൊണ്ട് പോകുവോ?" ഈ ചോദ്യം ഞാൻ കുറെ നാളായി അവളിൽ നിന്ന് കേൾക്കുന്നുണ്ട്.. കൊണ്ട് പോകാം എന്ന് ആവർത്തിച്ച് ഞാൻ പറയാറുമുണ്ട് .. പലപ്പോഴും എനിക്കും തോന്നാറുണ്ട്, ആ സ്കൂളിന്റെ ഓരോ കോണിലും അവളുടെ കൂടെ പോയി നടക്കണമെന്ന്... പ്രണയിച്ചില്ലെങ്കിലെന്താ, ഒരു കുന്ന് നിറയെ ഓർമ്മകളുണ്ട് ഞങ്ങൾ രണ്ടാൾക്കും അവിടെ !!

വീണ്ടും ചെല്ലുമ്പോഴും ആ ചുമരെഴുത്തുകൾ അവിടെ ഉണ്ടായിരുന്നെങ്കിൽ !!

വാൽക്കഷ്ണം:-

"എടീ നിന്റെ കഥ ഞാൻ സൃഷ്ടി മത്സരത്തിന് അയക്കട്ടേ?, നിനക്ക് സമ്മതം അല്ലെ?" ഇന്നലെ ഞാൻ അവളോട് ചോദിച്ചു..

"അതിനു അത് ത്രില്ലെർ ഒന്നുമല്ലല്ലോ, അത് ക്ലിക്ക് ആവുമോ ?"

"ഇന്നേവരെ ഞാൻ ഒരു എഴുത്തും ഇത്രേം ഹൃദയത്തിൽ തട്ടി എഴുതിയിട്ടില്ല, അത്കൊണ്ട് ഇത് തന്നെ മതി.." എന്ന് ഞാൻ മറുപടി പറയുമ്പോൾ, 16 വർഷങ്ങളായി നിധി പോലെ സൂക്ഷിച്ചു വച്ചൊരു കരിക്കട്ട എന്നെ വല്ലാണ്ട് നോക്കുന്നുണ്ടായിരുന്നു.... !!

Srishti-2022   >>  Short Story - Malayalam   >>  ഓടി തീർക്കുന്ന ജീവിതങ്ങൾ

Abdulla Harry

UST Global Trivandrum

ഓടി തീർക്കുന്ന ജീവിതങ്ങൾ

“ See Mister Farhan you are not giving proper answers for any of the questions , you have completed your engineering before 2 years and have not done anything since then ,we are very sorry to inform you, we don’t think you will be suitable for us , Best of luck .” ചോദ്യങ്ങൾ ചോദിച്ചവരിൽ ഒരാൾ ഇതും പറഞ്ഞു ഫർഹാൻറ്റെ കൈകളിലേക്ക് അവൻറ്റെ ഫയൽ തിരിച്ചു നൽകി . ഫർഹാൻ അവർ ആരുടേയും മുഖത്തു നോക്കാതെ തൻറ്റെ കാലുകളിലേക്കു നോക്കി ഇരിക്കുകയായിരുന്നു . ഈ മാസം ഇത് തൻറ്റെ പതിമൂന്നാമത്തെ ഇൻറ്റർവ്യൂ ആണ് , ആദ്യത്തെ 5 -6 എണ്ണത്തിൽ തനിക്കു അറിയാവുന്ന ഉത്തരങ്ങൾ എല്ലാം ആത്മവിശ്വാസത്തോടെ എല്ലാവരുടെയും മുഖത്തു നോക്കി തന്നെ ആയിരുന്നു അവൻ പറഞ്ഞുകൊണ്ടിരുന്നത് ,പിന്നെയുള്ളതിൽ അവൻ്റെ നോട്ടം അവരുടെ ടൈകളിലേക്കും റൂമിലെ മറ്റു വസ്തുക്കളിലേക്കും മാറി ,മുന്നോട്ടു പോകുംതോറും ഒന്നും നേടാൻ കഴിയാത്ത അപമാനഭാരത്താൽ നിലത്തേക്ക് തല താഴ്ത്തി ഇരിക്കും അവൻ , അങ്ങനെ അത് ഒരു പതിവായി മാറി .ഒന്നിനും കൊള്ളാത്ത തന്നെ ചുമന്നു നടക്കുന്ന കാലുകളോട് അവൻ പുച്ഛമായി തുടങ്ങി .അറിയാവുന്ന ഉത്തരങ്ങൾ കൂടി പറയാൻ കഴിയാതെ തന്നിലെ അപകർഷതാബോധം കൂടി കൂടി വന്നു .ഇന്നത്തെ ഇൻറ്റർവ്യൂ ആ തിരിച്ചറിവിന്റെ എരിതീയിലേക്കു എണ്ണ ഒഴിക്കുകയാണ് ചെയ്‌തത്‌ .

വീട്ടിലേക്കു കേറി ചെല്ലുമ്പോൾ തൻ്റെ വരവും കാത്തിരിക്കുന്ന ഇമ്മച്ചിയെ അവൻ കണ്ടു , ഇൻറ്റർവ്യൂ എന്തായി എന്ന അർത്ഥത്തിൽ അവർ അവനെ നോക്കി ,അവൻ ഒന്നും പറയാതെ തൻറ്റെ മുറിയിലേക്ക് നടന്നു പോയി . ഈ മാസം ഇത് ഒരുപാട് കണ്ടത് കൊണ്ട് ഇമ്മച്ചിക്കു കാര്യം മനസിലായി . കൂടുതൽ ചോദ്യങ്ങൾ ഒന്നും നേരിടാൻ വയ്യാത്തത് കൊണ്ട് റൂമിലേക്ക് കേറുന്ന വഴിയേ ഫർഹാൻ വാതിൽ അടച്ചാണ് മുറിയിലേക്ക് കയറിയത് , തൻറ്റെ കൈയിൽ ഉള്ള ഫയൽ വലിച്ചെറിഞ്ഞു അവൻ ബെഡിൽ കിടന്നു . വീട്ടിനുള്ളിലെ നിശ്ശബ്ദതക്കിടയിൽ തൻറ്റെ തലയ്ക്കു മീതെ കറങ്ങുന്ന ഫാനിൻറ്റെ ശബ്ദം അവന് കേൾക്കാമായിരുന്നു . പണ്ട് താൻ ഏറെ ആസ്വദിച്ച വീട്ടിലെ ഈ നിശബ്ദത ഇപ്പോൾ അവനെ ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു .അടുക്കളയിൽ നിന്ന് ഇമ്മച്ചി എന്തോ പുലമ്പുന്നത് കേൾക്കാം , എന്താണെന്നു അവനു വ്യക്തമല്ല . ഇൻറ്റർവ്യൂ കഴിയുന്ന എല്ലാം ദിവസങ്ങളിലും താൻ എങ്ങനെ ഇവിടം വരെ എത്തി എന്ന് ഫർഹാൻ ആലോചിക്കും , മുമ്പ് എടുത്ത ഏതേലും തീരുമാനങ്ങളിൽ എന്തെങ്കിലും ഒന്ന് മാറ്റം വരുത്തിയിരുന്നെങ്കിൽ താൻ ഈ ദുരവസ്ഥയിൽ നിന്ന് രക്ഷപെടുമായിരുന്നോ , ആർക്കറിയാം .

ഇമ്മച്ചി അവനോടു എപ്പോഴും പറയുന്ന ഒരു കാര്യം ഉണ്ട് , എല്ലാ കാലത്തും ജീവിതം ഒരു ഓട്ടമത്സരം പോലെ ആണ് , ജയം കാണണമെങ്കിൽ ജയം ആഗ്രഹിച്ചു മുന്നോട്ടു ഓടണം , സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ പിന്നിലേക്ക് നോക്കി അതിനെ കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല , ഓടുക തന്നെ വഴി , ഒന്ന് വിശ്രമിക്കാൻ നേരമില്ല , ഈ സമയം കൊണ്ട് കൂടെ ഉള്ളവർ എല്ലാം വളരെ മുന്നിൽ ആയിക്കാണും പിന്നെ സങ്കടപ്പെട്ടിട്ടു കാര്യമില്ല , ജയിക്കണേൽ നമ്മൾ ആമ ആയിട്ട് കാര്യമില്ല ഉറങ്ങാത്ത മുയൽ ആയിട്ടും കാര്യമില്ല എതിരാളികളെ ഓടി തോല്പിക്കുന്ന ചീറ്റപുലി ആകണം എന്നാലേ എന്തേലും കാര്യമുള്ളൂ . ആദ്യമായി അവൻ ഈ വാക്കുകൾ കേൾക്കുന്നത് എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ഒരു വർഷത്തേക്ക് ബ്രേക്ക് എടുത്താലോ എന്ന അവൻറ്റെ ആലോച്ചന വീട്ടിൽ അറിയിക്കുമ്പോഴാണ് .ഇമ്മച്ചിക്കു ഒരിക്കലും ഉൾകൊള്ളാൻ പറ്റാത്ത ഒരു തീരുമാനം ആയിരുന്നു അത് , കൂടെ പഠിച്ചവരിൽ 5 -6 പേർക്ക് കോളേജ് തീരും മുന്നേ ജോലി ആയവർ ഉണ്ട് , ഈ ഒരു കൊല്ലം കഴിയുമ്പോൾ പിന്നെയും കൂടെയുള്ളവർ ജോലി കിട്ടി പോകും ഇതെല്ലം ആയിരുന്നു ഇമ്മച്ചിയുടെ പേടികൾ . ഇമ്മച്ചി അവൻറ്റെ ആ തീരുമാനത്തെ ഒരു വിധത്തിലും അംഗീകരിച്ചില്ല .അതൊന്നും ഫർഹാൻ കാര്യമാക്കിയില്ല , അവന് അവൻറ്റെതായ കാരണങ്ങളുണ്ടായിരുന്നു . ഇത് വരെ അവൻ പഠിച്ചതും ജീവിച്ചതും മറ്റുള്ളവർ പറയുന്നത് കേട്ടിട്ടായിരുന്നു ,ചെറുപ്പത്തിൽ തനിക്ക് നേരെ വന്നിരുന്ന വലുത് ആകുമ്പോൾ ആര് ആകാനാ ആഗ്രഹം എന്ന ചോദ്യത്തിന് മറ്റുള്ളവരുടെ ഉത്തരം കേട്ട് ഒരുപാട് കഥകൾ എഴുതണം എന്നും അതിലൂടെ ലോകം കീഴടക്കണം എന്നുള്ള അവൻറ്റെ ആഗ്രഹം അവൻ പുറത്തു പറഞ്ഞിരുന്നില്ല,പറയാൻ ധൈര്യം വന്നില്ല . ആഗ്രഹിക്കുമ്പോൾ നല്ലവണം സമ്പാദിക്കാൻ പറ്റിയ എന്തേലും ജോലി അല്ലെ ആഗ്രഹിക്കണ്ടത് എന്നായിരുന്നു ചോദ്യം , ഒരു ജോലിയുടെ കൂടെ ഹോബി ആയി ചെയ്യാവുന്നത് അല്ലേ ഈ എഴുത്തു എന്നാണ് അവനു ചുറ്റിലും ഉള്ളവർ അവനോടു പറഞ്ഞത് .

പത്താം ക്ലാസ്സിൽ ഫുൾ A + കിട്ടിയത് കൊണ്ട് മെഡിക്കൽ എൻട്രൻസ് കോച്ചിങ്നു പോയാൽ നന്നായിരിക്കുമെന്ന ഇമ്മച്ചിയുടെയും കുടുംബക്കാരുടെയും നിർബന്ധത്തിൽ ആ വഴിക്കു പോയി . തന്നെ കൊണ്ട് കഴിയില്ല എന്ന് ആദ്യ മാസം കഴിഞ്ഞു പറഞ്ഞപ്പോഴും ആദ്യമൊക്കെ ഇങ്ങനെ തന്നെയാ ,പിന്നെ ആ ട്രാക്കിൽ ആവും എന്നതായിരുന്നു ഉത്തരം . അവനെക്കാൾ ഒക്കെ ജീവിതം കണ്ട ആൾകാർ അല്ലെ ഈ പറയുന്നത് സംഗതി ശരിയാകും എന്ന പ്രത്യാശയിൽ അവൻ മുന്നോട്ടു പോയി ,ഒടുവിൽ ഇത് ചെന്ന് അവസാനിച്ചത് 6 ലക്ഷത്തിനു അപ്പുറമുള്ള നാണംകെട്ട റാങ്കിലും ,ആ നാണക്കേടിൽ നിന്ന് കര കേറാൻ തന്നെ റിപീറ്റിനു അയച്ചു ഡോക്ടർ ആക്കി എല്ലാവരുടെയും മുന്നിൽ നിർത്തുമെന്ന ഇമ്മച്ചിയുടെ വാശിയിലുമാണ് . തന്നോട് ഈ കാര്യം ഒന്നും ചോദിക്ക പോലും ചെയ്യാതെ അവിടെ അടുത്തു കോച്ചിങ്നു ചേർക്കുകയും ചെയ്തു .അത് കൊണ്ടൊന്നും റാങ്കിൽ വലിയ മാറ്റമുണ്ടായില്ല . ഈ കഷ്ടകാലത്തു അവൻ കുറച്ചു സമാധാനവും ധൈര്യവും നൽകിയത് ഗൾഫിലുള്ള വാപ്പച്ചിയുടെ വാക്കുകൾ ആയിരുന്നു .”നീ നിൻറ്റെ ഇഷ്ടം പോലെ ചെയ്യ് എന്തിനും ഞാൻ ഉണ്ട് കൂടെ” എന്ന് വാപ്പച്ചി അവനോടു പറഞ്ഞു ,വാപ്പച്ചി ഗൾഫിൽ നിന്നാണ് ആ വാക്കുകൾ പറഞ്ഞതെങ്കിലും തൻറ്റെ അടുത്ത് നിന്ന് തന്നെ കെട്ടിപിടിച്ചു പറയും പോലൊരു സുഖം ആ വാക്കുകളിൽ നിന്ന് കിട്ടിയിരുന്നു .

വാപ്പച്ചി എപ്പോഴും ഇത് പോലെ തന്നെ എന്ത് വേണേലും ചെയ്തോ ഇമ്മയെ വല്ലാതെ വിഷമിപ്പിക്കരുത് അത് ഒരു പാവം ആണെന്ന് ഇടയ്ക്കു പറയും .തൻറ്റെ ഏതു ഇഷ്ടത്തിനും സപ്പോർട്ട് ആണ് , വ്യക്തമായി ഒരു ലക്‌ഷ്യം ഇല്ലാത്തത്ത് കൊണ്ട് വാപ്പച്ചിക്ക് അങ്ങനെ ഒന്നും നോക്കാതെ തന്നെ സപ്പോർട്ട് ചെയ്യേണ്ട ഒരു അവസ്ഥ വന്നിട്ടില്ല . ജേർണലിസം അല്ലേൽ സിനിമ പഠിച്ചാലോ എന്ന ഒരു ആഗ്രഹം മനസ്സിൽ വന്നപ്പോഴേക്കും ഇമ്മച്ചി അത് മുളയിലേ നുള്ളി കളഞ്ഞു . ഇതിനെ കുറിച്ച് അറിയാൻ ഇമ്മ ചോദിച്ചവർ എല്ലാം അവരോടു പറഞ്ഞത് കേട്ട് പേടിച്ചു പോയ അവർ ഫർഹാന്‌ മുന്നിൽ വച്ച ഒരേ ഒരു കണ്ടീഷന് ഇതാണ് , “ആദ്യം ഒരു പ്രഫഷണൽ ഡിഗ്രി കമ്പ്ലീറ്റ് ചെയ്യ് എന്നിട്ടു നിനക്ക് ഇഷ്ടമുള്ളത് പഠിച്ചോ “. കേട്ടപ്പോൾ തെറ്റില്ലാത്ത ഒരു ഐഡിയ ആയി ഫർഹാന്‌ അത് തോന്നി .എന്നാ പിന്നെ എഞ്ചിനീയറിംഗ് ആയിക്കോട്ടെ എന്ന് അവനും കരുതി , ഇത് എടുത്താൽ വേറെ ഏതു ഫീൽഡിലേക്കും പോകാം അങ്ങനെ ഒരു ഗുണവും ഉണ്ട് ,അങ്ങനെ പോയ ഒരുപാട് തിരക്കഥാകൃത്തുക്കളെയും നോവലിസ്റ്റുകളെയും അവൻ അറിയാം .

വാപ്പയോടു ഫോണിൽ കാര്യങ്ങൾ അറിയിച്ചപ്പോൾ പതിവ് മറുപടി തന്നെ .”നീ നിൻറ്റെ ഇഷ്ടം പോലെ ചെയ്യ് “.അടുത്തുള്ള എഞ്ചിനീയറിംഗ് കോളേജിൽ അന്ന് ഏതു ബ്രാഞ്ചിൽ ആണോ സീറ്റുള്ളത് അത് തന്നെ എടുക്കാം എന്ന് തീരുമാനിച്ചു , ഇമ്മച്ചിയുടെ മനസ്സ് എങ്ങാനും മാറിയാലോ ,പിന്നെയും റിപീറ്റിനു പോകേണ്ടി വന്നാലോ ..

mbbs പോലെ സീറ്റ് കിട്ടാൻ കടിയും പിടിയും കൂടേണ്ട ആവശ്യം ഒന്നും വന്നില്ല . ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിലും , ഇലെക്ട്രിക്കൽ എനിജിനീറിങ്ങിലും ആവശ്യത്തിൽ കൂടുതൽ സീറ്റ് ഉണ്ടെന്നു മാനേജ്മെൻറ്റ് അറിയിച്ചു . കുറച്ചു കമ്മ്യൂണിക്കേഷൻ കൂടി കിടക്കട്ടെ എന്ന് കരുതി ECE തന്നെ എടുത്തു .സബ്ജെക്റ്റുകളും അവനും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ ഒരേ വേവ് ലെങ്ങ്തിൽ ഒന്നും അല്ലായിരുന്നെങ്കിലും എല്ലാ പേപ്പറുകളും തട്ടിയും മുട്ടിയും കറക്റ്റ് സമയത്തു തന്നെ പാസ് ആവാനും കാര്യങ്ങൾ എല്ലാം നീറ്റ് ആയി തീർക്കാനും അവൻ ശ്രദ്ധിച്ചിരുന്നു .കോളേജിലെ 4 വർഷങ്ങൾ കളിയും ചിരിയുമെല്ലാം ആയി അടിപൊളിയായിട്ടു തന്നെയാണ് പര്യവസാനിച്ചതും .

കോളേജിലെ ആരവങ്ങളും കൂടെ ഉള്ള കൂട്ടുകാർ എല്ലാം മെല്ലെ അകന്നു പോയി തുടങ്ങിയപ്പോൾ ആണ് ആണ് ഫർഹാന്‌ തനിക്കു ഇനി മുന്നോട്ടു എന്ത് ചെയ്യണം എന്ന കാര്യത്തിൽ ഒരു അന്തവും കുന്തവും ഇല്ലായിരുന്നു എന്ന കാര്യം മനസിലാക്കുന്നത് . മനസ്സിൽ ഒരു വഴി സ്വപ്നം കണ്ടിട്ട് പല വഴികളിലൂടെയാന്നെകിലും അത്യാവശ്യം കുറച്ചു സമയം എടുത്തിട്ട് ആയാലും താൻ ആഗ്രഹിച്ച ആ വഴിയിൽ എത്താം എന്ന് സ്വപ്നം കണ്ടു ,ഒടുവിൽ എത്തി ചേരേണ്ട വഴി മറന്നു പോയ ഒരു യാത്രകാരൻറ്റെ അവസ്ഥ ആയിരുന്നു അവനു . നിറയെ കഥകൾ എഴുതി ലോകം തന്നെ കിഴടക്കണം എന്ന തീരുമാനം എടുത്ത ഒരുവനിൽ നിന്ന് ഡോക്ടർ ആകാനുള്ള പഠനവും അതിൽ പരാജയപെട്ടു എഞ്ചിനീറിങ്ങിൽ എത്തിയ അവനു ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം ഇല്ലായിരുന്നു . ഇമ്മച്ചിയോടു ചോദിച്ചാൽ എഞ്ചിനീറിങ്ങിൽ ഇനി എന്തേലും Phd എടുത്തു കഥകൾ എഴുതാൻ പറയും .

ഈ ആശയകുഴപ്പത്തിന് ഒരു ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിൽ ആണ് അവൻ ഒരു വർഷം ബ്രേക്ക് എടുക്കാൻ തീരുമാനിച്ചത് .പതിവ് പോലെ വാപ്പയുടെ സപ്പോർട്ട് കൂടെ ഉണ്ടായിരുന്നു , ആ സപ്പോർട്ടിലും കൂടിയാണ് അവന് വീട്ടിൽ പിടിച്ചു നിൽക്കാൻ സാധിച്ചത് .ഈ സമയം കൊണ്ട് മനസ്സിലുള്ള കുറച്ചു സിനിമ കഥകളും ചെറുകഥകളും എഴുതണം എന്നായിരുന്നു പ്ലാൻ . പിന്നീടുള്ള ദിവസങ്ങളിൽ കഥകൾ എഴുതാനായി ഏകാഗ്രതയോടെ മുറിക്കുള്ളിൽ ഇരിക്കുന്ന ദിവസങ്ങൾ ആയിരുന്നു . ഒന്ന് രണ്ടു നല്ല കഥകളും മനസ്സിലെ സിനിമ കഥ രൂപപ്പെട്ടു വരുമ്പോഴേക്കും , ഇമ്മച്ചിയുടെ ഭീഷണിയുടെ സ്വരം നിറഞ്ഞ ഓർമ്മപ്പെടുത്തലുകൾ എത്തിതുടങ്ങി അധികം സമയം ഒന്നും ഇങ്ങനെ ഇരിക്കാം എന്ന് കരുതണ്ട ,ഇവിടെ ഒന്നും ശരിയായില്ലെങ്കിൽ കുവൈറ്റിലുള്ള മാമൻറ്റെ സൂപ്പർമാർക്കറ്റിലേക്കു സൂപ്പർവൈസർ ആയി പറഞ്ഞു വിടും എന്നും ഓർമിപ്പിച്ചു . തൻറ്റെ കൂടെ ഉള്ള ബാക്കിയുള്ളവരും ജോലി കിട്ടി പോകുന്നതിൻറ്റെ ടെൻഷൻ ആയിരുന്നു അത് എന്ന് ഫർഹാൻ തിരിച്ചറിഞ്ഞിരുന്നു .പിന്നീടുള്ള എല്ലാ ദിവസവും ഈ ഓർമ്മപ്പെടുത്തലുകൾ ആയിരുന്നു, അത് വേണ്ടായെങ്കിൽ കൂടെ ഉള്ളവർ ചെയ്ത പോലെ പ്രോഗ്രാമിങ് പഠിച്ചു നാട്ടിലെ ഏതേലും കമ്പനിയിൽ കയറിപ്പറ്റാൻ ഇമ്മച്ചി അവനോടു പറഞ്ഞു .എന്ത് വന്നാലും പ്രോഗ്രാമിങ് പഠിക്കാൻ എന്നെ കൊണ്ട് വയ്യാ എന്ന് അവൻ തീർത്തു പറഞ്ഞു . ഒരു വർഷം കഴിയുമ്പോഴേക്കും എങ്ങും എത്താത്ത കുറച്ചു കഥകളും പൂർത്തിയാക്കാൻ പറ്റാത്ത തിരക്കഥകളും മാത്രമേ കൈയിൽ ഉണ്ടായിരുന്നുള്ളു . ഓരോ ദിവസം കഴിയുംതോറും എന്തെങ്കിലും ഒക്കെ ചെയ്യാൻ പറ്റുമെന്ന ആത്മവിശ്വാസം കുറഞ്ഞു കുറഞ്ഞു വന്നു , ഒരേ സമയം തൻറ്റെ എഴുത്തും ജോലിയുടെ കാര്യങ്ങളും നോക്കാനുള്ള ശ്രമം തുടങ്ങി , രണ്ടിടത്തേക്കും ഒരേ പോലെ മനസ്സിനെ കൊണ്ടുവരാൻ ശ്രമിച്ചിട്ട് ഒരു സ്ഥലത്തും മനസ്സ് എത്തിയില്ല ,അവന്റെ മനസ്സ് നിറയെ ചോദ്യങ്ങളും അത് ഉണ്ടാക്കുന്ന വീർപ്പുമുട്ടലുകളും ആയിരുന്നു .

ഇമ്മച്ചി പറയും പോലെ ജീവിച്ചാ ഇപ്പോൾ എന്താ കുഴപ്പം , പ്രോഗ്രാമിങ് പഠിച്ചു നല്ല കമ്പനിയിൽ കേറീട്ടുള്ള ശമ്പളം വച്ച് സമാധാനത്തോടെ ജീവിച്ചൂടെ അപ്പോഴും എഴുതാൻ ആഗ്രഹം ഉണ്ടെങ്കിൽ ഒഴിവു സമയങ്ങളിൽ അത് ചെയ്യാമല്ലോ .എല്ലാവരും ജോലിക്കു പോകുന്നതല്ലേ പിന്നെ തനിക്കും അത് പോലെ ചെയ്താ എന്താ . ഇമ്മച്ചി പറയും പോലെ വാപ്പക്ക് പ്രായം ആയി വരികയല്ലേ ,അവനു താഴെയുള്ള രണ്ടു പെങ്ങന്മാർക്കും അനിയനും താങ്ങായി നിൽക്കണ്ടത് അവനല്ലേ , വാപ്പക് ആഗ്രഹം കാണില്ലേ അവിടുത്തെ പണി ഒക്കെ മതിയാക്കി നാട്ടിൽ വന്നു എല്ലാവരുടെയും കൂടെ സമയം ചിലവഴിക്കാൻ , ഇനി അങ്ങനെ ഒരു ആഗ്രഹം ഉണ്ടോ എന്ന് ചോദിച്ചാ തന്നെ വാപ്പച്ചി അത് പറയുകയും ഇല്ല , അല്ലെങ്കിൽ തന്നെ ഇതൊക്കെ ചോദിക്കാൻ നിൽക്കണോ മൂത്ത മകൻ എന്ന നിലയിൽ താൻ അറിഞ്ഞു ചെയ്യണ്ടത് അല്ലെ ഇതൊക്കെ . അവൻറ്റെ മനസ്സ് നിറയെ ഈ വിധം ചോദ്യങ്ങൾ ആയിരുന്നു . ഈ ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്തുന്നിതിനിടയിൽ ഇതിൻറ്റെ മറുചോദ്യങ്ങൾ അവനെ അലട്ടും .

അവൻറ്റെ വാപ്പയും ഇമ്മയും ജീവിക്കും പോലെ ആണോ ജീവിതം ജീവിച്ചു തീർക്കേണ്ടത് , എത്രയോ ആളുകൾ ആഗ്രഹിച്ച ജീവിതം അല്ല തെരെഞ്ഞെടുക്കുന്നത് , അത് പോലെ ഉള്ള എത്രയോ സുഹൃത്തുക്കളെ അവനു തന്നെ അറിയാം ,ഇമ്മച്ചി പറയും പോലെ മത്സരത്തിൽ തോറ്റു പോകാണ്ടിരിക്കാൻ ആകും . ആരാകും ഇമ്മച്ചിയെ ജീവിതം ഒരു മത്സരം ആയി കാണാൻ പഠിപ്പിച്ചിട്ടുണ്ടാകാ , ഇമ്മാമാ ആകും അവർക്കു അവരുടെ ഇമ്മ ആകും , തലമുറകൾ ആയി ഇങ്ങനെ തന്നെ ആവും ,കൂട്ടത്തിലെ ഒരാൾ പോലും മാറി ചിന്തിച്ചു കാണില്ലേ .ഇതിൻറ്റെ ഒക്കെ ആരംഭം എവിടെ നിന്നായിരിക്കും . ഫർഹാൻറ്റെ മനസ്സിലെ അന്ത്യമില്ലാത്ത സംശയങ്ങൾ ആയിരുന്നു ഇതൊക്കെ .അന്നന്നത്തെ അന്നം കണ്ടെത്താൻ കഷ്ടപെട്ടിരുന്ന മനുഷ്യർക്കെല്ലാം ജീവിതം ഒരു മത്സരം ആയി തോന്നി കാണണം , അന്ന് എന്തെങ്കിലും ആസ്വദിക്കാനോ ഒന്ന് വിശ്രമിക്കാനൊ നിന്നിരുന്നെങ്കിൽ തൻറ്റെ അന്നം വേറെ ആരുടെ എങ്കിലും കൈകളിൽ എത്തുമായിരുന്നേനെ. ആഗ്രഹങ്ങളുടെ പിന്നാലെ ഓടുന്ന സാധാരണകാരൻറ്റെ വീട്ടിൽ അരി എത്തില്ല എന്ന് തലമുറകളായി നമ്മളെ പഠിപ്പിക്കുന്നത് നമുക്ക് മുന്നേ ഉണ്ടായിരുന്ന തൻറ്റെ എന്തെങ്കിലും ആഗ്രഹങ്ങൾ നടക്കാത്ത അതിൻറ്റെ നഷ്ടബോധത്തിൽ ജീവിച്ചിരുന്ന ഇനി താൻ വിചാരിച്ച പോലെ തൻറ്റെ കാര്യങ്ങൾ നടന്നില്ലെങ്കിലും ഇനി വരാൻ പോകുന്ന തൻറ്റെ മക്കൾക്ക് ഇങ്ങനെ ഒരു അവസ്ഥ വരുത്തില്ലെന്ന് അവർ തീരുമാനിച്ചത് കൊണ്ട് കൂടിയാകണം . തോറ്റു പോകുമെന്ന ആ പേടി കൂടിയാകും അവർ ഇങ്ങനെ കൈമാറി കൊണ്ടിരിക്കുന്നതും .താനും തോറ്റു പോയവൻ ആണോ .ഈ ചിന്തകളിൽ നിന്നെല്ലാം അവനെ ഉണർത്തിയത് ഇമ്മച്ചിയുടെ ഭക്ഷണം കഴിക്കാനുള്ള വിളി ആയിരുന്നു .

മുറിക്കുള്ളിൽ നിന്ന് ഇറങ്ങി ഡൈനിങ് ടേബിളിൽ വന്നിരുന്ന അവൻറ്റെ അടുത്ത് വാപ്പച്ചിയും വന്നിരുന്നു . വാപ്പച്ചി നാട്ടിൽ എത്തിയിട്ട് രണ്ടു മാസത്തോളം ആയി . അവിടത്തെ ഫാക്ടറിയിലെ പണി വാപ്പച്ചിയെ ശാരീരികമായി ഏറെ തളർത്തിയിരുന്നു . ഒരു ദിവസം ജോലി കഴിഞ്ഞെത്തി തീരെ വയ്യാതെ വന്നപ്പോൾ ആശുപത്രിയിൽ കൊണ്ട് പോയി . ഇനി ജോലി ചെയ്യാനുള്ള ആരോഗ്യമില്ല എന്ന് ഡോക്ടർമാർ വിധി എഴുതി . വാപ്പച്ചി കുറച്ചു കാലം കൂടി പിടിച്ചു നിൽക്കാം എന്നാണ് കരുതിയത് , എന്നാ ഇത് അറിഞ്ഞ ഇമ്മ അവിടെ നിൽക്കാൻ സമ്മതിച്ചില്ല നാട്ടിലേക്കു ഉടനെ വരാൻ പറഞ്ഞു . അല്ലെങ്കിലും ഇനിയെങ്ങോട്ടാ , ആ മനുഷ്യനിപ്പോ പ്രായം 56 ആയി , ജീവിതത്തിൻറ്റെ ഒരു നല്ല ഭാഗം അവിടെ ചെലവഴിച്ചു തീർത്തു, വയ്യായ്ക വന്നില്ലായിരുന്നെകിൽ ഇനിയും ഈ കുടുംബത്തെ നോക്കിയിരുന്നെനെ . വല്ലാത്തൊരു ജീവിതം തന്നെ . തളരുവോളം പണി എടുക്കുക ശേഷം പിന്നെ തന്റെ ജീവിച്ചിരിക്കുക എന്ന പണി തീരുന്നതു വരെ ഒരു തളർച്ചയോടെ ജീവിച്ചു തീർക്കുക ,തന്നെ കൊണ്ടൊക്കെ ഇങ്ങനെ ജീവിക്കാൻ ഒരിക്കലും സാധിക്കില്ല എന്ന് ഫർഹാൻ ഉറപ്പിച്ചു .

നാട്ടിൽ വന്നതിനു ശേഷം അവനോടു അയാൾ കാര്യമായി ഒന്നും സംസാരിച്ചിരുന്നില്ല , എന്നും കാര്യങ്ങൾ അന്വഷിക്കും . വയ്യായ്കയുടെ ക്ഷീണം ഇപ്പോളും അയാളിൽ ഉണ്ടായിരുന്നു . താൻ കോളേജ് കഴിഞ്ഞു ഉടനെ ജോലിയിൽ കയറിയിരുന്നെങ്കിൽ വാപ്പക്ക് ഈ അവസ്ഥ വരുമായിരുന്നോ എന്ന് അവൻ ഇടയ്ക്കു ഇങ്ങനെ ചിന്തിക്കും . പിന്നെ പിന്നോട്ട് നോക്കീട്ടു കാര്യമില്ല എന്ന ഇമ്മച്ചിയുടെ ഉപദേശം ആലോചിക്കും .ഇമ്മച്ചിയുടെ മുന വച്ചുള്ള ഓര്മപെടുത്തലുകൾ സഹിക്കാതെ 5 മാസത്തെ നെറ്റ്‌വർക്കിങ് കോഴ്സ് ചെയ്തു ജോലി നോക്കുന്നതിനു ഇടയിൽ ആണ് വാപ്പച്ചി നാട്ടിൽ എത്തിയെ . അന്നേ കുവൈറ്റിലേക്ക് പാക്ക് ചെയാൻ നിന്ന ഇമ്മച്ചിയോടു നാട്ടിൽ തന്നെ ഈ സമയം കൊണ്ട് ജോലി മേടിക്കാം എന്ന് പറഞ്ഞത് ഫർഹാനാണ് .അങ്ങനെ ആണ് പ്രോഗ്രാമിങ് പഠിക്കാൻ അവൻ തുടങ്ങിയത് .ഒരു വിധം എല്ലാം കമ്പനികളും സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരെ നോക്കുന്നുണ്ട് . കുവൈറ്റിൽ പോയി കഷ്ടപെടുന്നതിനെകാൾ നല്ലതു നാട്ടിൽ നിന്ന് കഷ്ടപെടുന്നതാണ് എന്ന് അവന് തോന്നി . അല്ലെങ്കിലും അങ്ങനെ ആണെലോ നാട് വിട്ടു പോകണ്ട ഒരു അവസ്ഥ വരുമ്പോൾ നമ്മൾ നാട്ടിൽ എങ്ങനേലും പിടിച്ചു നിൽക്കാൻ നോക്കും അത് പോലെ തന്നെ ഫർഹാനും ,എങ്ങനെ എന്നോ എന്തെന്നോ അവൻ നോക്കിയില്ല നാട്ടിൽ നിൽക്കണം അത്ര മാത്രം മതിയായിരുന്നു അവനു ..

പിന്നെയുള്ള രണ്ടു മാസങ്ങൾ കൊണ്ട് രണ്ടു വർഷത്തെ കാര്യങ്ങൾ പഠിക്കാനുള്ള ഓട്ടത്തിൽ ആയിരുന്നു , അത്രയും ഗാപ് ഉള്ളത് കൊണ്ട് കമ്പനികളും നമ്മളിൽ നിന്ന് അത്ര അറിവ് പ്രതീക്ഷിക്കും .ഓരോ ഇൻറ്റർവ്യൂകൾ അറ്റൻഡ് ചെയ്യുംതോറും അവൻറ്റെ ഇമ്മച്ചി അവനോടു പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നു അവന് ബോധ്യമായി തുടങ്ങി . ഈ ഓട്ടത്തിൽ അവൻറ്റെ കൂടെ ഉണ്ടായിരുന്നവരെല്ലാം അവനെക്കാൾ ഏറെ മുന്നിലാണ് . സ്റ്റാർട്ട് ചെയ്യും മുന്നേ തന്നെ അവൻ മത്സരത്തിൽ നിന്ന് പുറത്തായിരുന്നു . രണ്ടു വർഷത്തെ ഗ്യാപ്പും രണ്ടു മാസത്തെ അറിവുമുള്ള ഒരു ക്യാൻഡിഡേറ്റിനെ ഒരു കമ്പനിക്കും ആവശ്യം ഇല്ലായിരുന്നു . ഇനിയെന്തു എന്നൊരു ചോദ്യം അവന് മുന്നിൽ ഇങ്ങനെ നെഞ്ചും വിരിച്ചു നിൽപ്പുണ്ടായിരുന്നു .

“ഇനി എന്താ നിൻറ്റെ അടുത്ത പരിപാടി “ പാത്രത്തിലേക്ക് ഇഡ്ഡ്ലി ഇട്ടു കൊണ്ടിരിക്കുമ്പോൾ ഇമ്മച്ചി അവനോടു ചോദിച്ചു . “കുറച്ചു ഇൻറ്റർവ്യൂകൾ ഉണ്ട് അടുത്ത മാസം അതിൽ ഏതെങ്കിലും ഒന്ന് കിട്ടും “. അവൻ ആരുടേയും മുഖത്തു നോക്കാതെ പറഞ്ഞു , താൻ കള്ളം പറയുകയാണെന്ന് എങ്ങാനും ഇമ്മച്ചിക്കു മനസിലായാലോ . “ഉം “ ഇമ്മച്ചി അത് കേട്ട് മൂളി . ഇമ്മച്ചിയുടെ നോട്ടത്തിൽ നിന്ന് രക്ഷപെടാൻ തൻറ്റെ മുഖം തിരിച്ച ഫർഹാൻറ്റെ കണ്ണുകൾ പോയത് തനിക്കു എതിരെയുള്ള ഷെൽഫിലേക്കാണ് അതിനുള്ളിൽ ഉള്ള ഫോട്ടോകളിലേക്കാണ് . അവൻറ്റെ വാപ്പ അവരുടെ നിക്കാഹിനു മുമ്പ് എടുത്ത കുറച്ചു ഫോട്ടോസ് ആണ് . ഇപ്പോഴത്തെ ക്യാമെറകളിൽ എത്രയോ ടെക്നോളോജികൾ ഉണ്ടായിട്ടും ഇത്രയും മനോഹരമായ ഫോട്ടോകൾ അവൻ ഇത് വരെ കണ്ടിട്ടില്ല . ഇമ്മച്ചി ഏറ്റവും സുന്ദരിയായി കാണപ്പെട്ടിരുന്നത് വാപ്പച്ചിയുടെ ഫോട്ടോകളിൽ ആണ് . ഇത്രയും മനോഹരമായ ഫോട്ടോസ് എടുത്തിരുന്ന വാപ്പച്ചി പെട്ടെന്ന് ഒരു ദിവസം എന്തേ ഫോട്ടോകൾ എടുക്കുന്നത് നിർത്തി എന്ന് അവൻ ഇടയ്ക്കു ആലോചിക്കാറുണ്ട് .

ഒരിക്കൽ അവൻ കുട്ടിയായിരിക്കെ അലമാരയിലെ പഴയ സാധനങ്ങൾക്കിടയിൽ വാപ്പച്ചിയുടെ ആ പഴയ ക്യാമറയും അവൻ കണ്ടു , ആവേശത്തോടെ അവൻ അത് കൈകളിൽ എടുത്തു വാപ്പച്ചിയുടെ അടുത്തേക്ക് ഓടിച്ചെന്നു തൻറ്റെ ഫോട്ടോ എടുക്കാമോ എന്ന് ചോദിച്ചു . ആ ക്യാമറ കൈകളിലേക്ക് വാങ്ങി അയാൾ ഒരു നിമിഷം അതിലേക്കു ഒന്ന് നോക്കിയിട്ട് അത് കേടാണെന്നും തിരിച്ചു കൊണ്ട് വച്ചോ എന്ന് പറഞ്ഞു അവനു തന്നെ കൊടുത്തു . അന്ന് അത് വിശ്വസിച്ചുവെങ്കിലും പിന്നീട് വലുതായി കഴിഞ്ഞു ആ ക്യാമറ ഒന്നും കൂടി കൈകളിൽ എത്തുമ്പോഴാണ് കേടായതു ക്യാമറ അല്ലെന്നു അവൻ മനസിലായത് .

“ഇനി നീ തീരുമാനിക്കും പോലെ നടക്കില്ല കാര്യങ്ങൾ “, ഫർഹാൻ ഇത് ശ്രദിക്കാതെ ഭക്ഷണം കഴിക്കാൻ ശ്രമിച്ചു , ഇമ്മ അവനോടായി തുടർന്നു “നിനക്ക് നിൻറ്റെ താഴെ ഉള്ളവരെ കുറിച്ച് ബോധമുണ്ടോ ഈ കുടുംബം എങ്ങനെയാ കഴിഞ്ഞു പോകുന്നെ എന്ന് ധാരണ ഉണ്ടോ ,അറിയാവുന്നവരുടെ ഒക്കെ അടുത്തിന്നു കടം വാങ്ങിയാ ഇവിടെ രണ്ടറ്റം മുട്ടിക്കുന്നേ ഇനി അത് നടക്കില്ല . അത് കൊണ്ട് ഞാനും വാപ്പയും ഒരു തീരുമാനം എടുത്തു .നീ അടുത്ത മാസം മാമൻറ്റെ അടുത്തേക്ക് പോകാന്നു . ടിക്കറ്റ് ഞങ്ങൾ എടുത്തിട്ടുണ്ട് “.ഇതും പറഞ്ഞു ഇമ്മച്ചി അകത്തേക്ക് എണീച്ചു പോയി . ഫർഹാൻ ഒരു നിമിഷം വാപ്പയെ നോക്കി , അയാൾ അവനു മുഖം കൊടുക്കാതെ ഭക്ഷണം കഴിക്കുകയായിരുന്നു .അയാളുടെ ,മുഖത്തെ നിസഹായാവസ്ഥ അവനു കാണാം ആയിരുന്നു , അവൻറ്റെ മുഖത്തെ നിരാശ അയാൾക്കും . രണ്ടു പേർ ഒന്നും മിണ്ടാതെ ബാക്കിയുള്ളത് കഴിച്ചു തീർത്തു .

അങ്ങനെ അവന് പോകാനുള്ള ആ ദിവസം വന്നെത്തി , വീട്ടിൽ നിന്ന് പടിയിറങ്ങുന്ന ആ അവസാനനിമിഷങ്ങൾ അവൻ ചെലവഴിക്കാൻ തീരുമാനിച്ചത് വാപ്പച്ചിയുടെ അടുത്ത് ഇരുന്നാണ് .കട്ടിലിൽ വിശ്രമിക്കുന്ന വാപ്പച്ചിയുടെ കൈകൾ പിടിച്ചു അതിനു അടുത്തായി അവൻ ഇരുന്നു , അവർ പരസപരം ഒന്നും സംസാരിച്ചില്ല , പറയാൻ ഒന്നുമില്ലാഞ്ഞിട്ടല്ല ഇതാണ് നല്ലതു എന്ന് തോന്നി രണ്ടാൾക്കും . ഇമ്മച്ചിയും മാമനും മറ്റു കുടുംബക്കാരും തിരക്കിട്ടു അപ്പുറത്തു പെട്ടി പാക്ക് ചെയ്യുന്നുണ്ടായിരുന്നു . എല്ലാ സാധനങ്ങളും പാക്ക് ചെയ്തെന്നു ഉറപ്പു വരുത്തി ഇമ്മ അവർ രണ്ടു പേരുമുള്ള മുറിയിലേക്ക് കടന്ന് വന്നു. “പാസ്സ്പോർട്ടും ടിക്കറ്റും ഒക്കെ നിൻറ്റെ ആ സൈഡ്ബാഗിൽ എടുത്തു വച്ചില്ലേ “ ഫർഹാനെ നോക്കി അവർ ചോദിച്ചു . ഫർഹാൻ ഉണ്ടെന്നു അർത്ഥത്തിൽ തലയാട്ടി , പിന്നെ മുഖം തിരിച്ചു . “ എനിക്ക് അറിയാം നിനക്ക് എന്നോട് നല്ല ദേഷ്യം കാണുമെന്ന് , നിൻറ്റെ തന്നെ നല്ലതിന് വേണ്ടിയാ ഞാൻ ഇത് ചെയ്യുന്നേ , നിനക്ക് അത് പിന്നെ മനസിലാകും , നീ ഈ പറയും പോലെയല്ല ജീവിതം , അത് ഇത്രയും കാലം ജീവിച്ച ഞങ്ങൾക്കറിയാം . നാളെ നിനക്ക് ഒരു കുടുംബവും കുട്ടികളും ഒക്കെ ആകുമ്പോൾ ഞാൻ ഈ പറയുന്നത് മനസിലാകും “. ഇമ്മച്ചി ചിരിച്ചു കൊണ്ട് അവനോടു പറഞ്ഞു. “ എൻ്റെ മക്കളേ ഞാൻ ഈ ഓട്ടത്തിന് വിടില്ല , അവരെ അവരുടെ ഇഷ്ടത്തിന് വിടും “. ഫർഹാൻ ആ പറഞ്ഞ കാര്യം അവൻറ്റെ വാപ്പ മാത്രമേ കേട്ടുള്ളൂ , അവൻ അവൻ്റെ മനസ്സിൽ പറയുന്ന ഒരു കാര്യം പോലെ അത്ര പതുക്കെയാണ് അത് പറഞ്ഞത് . മാമൻ ഇവർ ഉണ്ടായിരുന്ന മുറിയിലേക്ക് കടന്ന് വന്നു ഇറങ്ങാൻ സമയം ആയെന്നു അവരെ ഓർമ്മിപ്പിച്ചു . ഫർഹാൻ വാപ്പച്ചിയോടു യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങി .

മുറിയിൽ നിന്ന് പുറത്തിറങ്ങും മുമ്പ് ഫർഹാൻ വാപ്പ കിടക്കുന്നിടത്തേക്കു ഒന്ന് തിരിഞ്ഞു നോക്കി ,നിസ്സഹായാവസ്ഥയും നിരാശയും കലർന്ന ഒരു പുഞ്ചിരിയോടെ തന്നെ കൈ വീശി യാത്ര അയക്കുന്ന വാപ്പച്ചിയെ അവൻ കണ്ടു .എന്തായിരിക്കും ആ ചിരിയുടെ അർഥം ,താൻ ഇതുവരെ ഓടി കൊണ്ടിരുന്ന റിലേയുടെ ബാറ്റൺ അവൻ കൈമാറേണ്ടി വന്ന നിസ്സഹായാവസ്ഥ ആലോചിചതാകുമോ , അല്ലെങ്കിൽ പണ്ടൊരിക്കൽ ഇതിൽ നിന്ന് എല്ലാം കുതറി മാറാൻ ശ്രമിച്ചു പരാജയപ്പെട്ട് തൻറ്റെ അടുത്ത തലമുറയും അതിലേക്കു ഇറങ്ങി ചെല്ലുന്നത് കാണേണ്ടി വരുന്ന ഒരാളുടെ കുറ്റബോധം നിറഞ്ഞ ചിരിയാന്നോ , അല്ലെങ്കിൽ ഒരു പക്ഷെ ഈ ചിരി ഒരു തിരിച്ചറിവിൻറ്റെ ചിരി ആകാം , പണ്ടൊരിക്കൽ തൻറ്റെ വാപ്പയിൽ കണ്ട ഇതേ ചിരിയുടെ അർഥം ഒരു പക്ഷെ ഇന്ന് ആകും അയാൾക്ക്‌ മനസിലായി കാണുക . ആർക്കറിയാം ഈ ചോദ്യത്തിൻറ്റെ ഉത്തരം എന്നെങ്കിലും തനിക്കു കിട്ടുമോ , അല്ലെങ്കിൽ തൻറ്റെ ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ കൂട്ടത്തിലെ മറ്റൊരു ചോദ്യം ആയി മാറുമോ ഇതെന്ന്, എന്തായാലും ഒരു കാര്യം അവൻ മനസിലാക്കിയിരുന്നു അവൻറ്റെ ജീവിതം തന്നെയാകും എന്തായാലും ഇതിനുള്ള ഉത്തരം .

ഒരു നാൾ ഈ മത്സരത്തിൽ നിന്ന് വിട്ടു നില്ക്കാൻ പറ്റുമെന്നും തൻറ്റെ അടുത്ത തലമുറയെ ഇതിൽ നിന്ന് മോചിപ്പിക്കാം എന്ന പ്രത്യാശയോടെയും ഫർഹാൻ ആ വീട് വിട്ട് ഇറങ്ങി.തനിക്കു ഉണ്ടായ സ്റ്റാർട്ടിങ് ട്രബിൾ മറന്നു ഒരു ചീറ്റ പുലിയെ പോലെ കുതിച്ചു പായാൻ .….……………..,.....................................

Srishti-2022   >>  Short Story - Malayalam   >>  ഫിഷ് ബൗൾ

ഫിഷ് ബൗൾ

കിടപ്പുമുറിയിൽ ഞരങ്ങിയും മൂളിയും വ്യസനിച്ചു ഫാൻ കറങ്ങുന്നുണ്ടായിരുന്നു. ഓരോ ഞരക്കവും ഹൃദയത്തിൽ നിന്നെന്ന പോലെ അവളെ വീർപ്പു മുട്ടിച്ചു. എപ്പോഴോ ഓൺ ചെയ്തിരുന്ന ടിവി ആരോടെന്നില്ലാതെ സംസാരിച്ചു കൊണ്ടേയിരുന്നു. ചിതലരിച്ചു തുടങ്ങിയ കട്ടിലിനടിയിൽ നിന്നും മനസ്സ് മടുപ്പിക്കുന്ന കരാകരശബ്ദത്തോടെ അവൾ ഒരു പെട്ടി വലിച്ചെടുത്തു. മരുന്നുകൾ തീർന്നു തുടങ്ങിയിരിക്കുന്നു.

തലയിണയുടെ അടിയിൽ നിന്നും ഫോൺ പരതി അവൾ ആരെയോ വിളിച്ചു.

"ഡോക്ടർ, മരുന്ന് തീരാറായി. എനിക്ക് ഒരു മാറ്റവും തോന്നുന്നില്ല. എന്താ വേണ്ടതെന്ന് എനിക്കറിയില്ല."

"സീ, റീച്ചിങ് ഔട്ട് ഫോർ ഹെല്പ്, അത് തന്നെ വല്യ കാര്യമാണെന്ന് മനസിലാക്കൂ. മരുന്ന് ഞാൻ കുറിച്ച് തരാം. എന്തെങ്കിലും പെറ്റ്സ് നെ കൂടെ വാങ്ങിയാൽ നന്നായിരിക്കും. ലൈക് എ ഫിഷ് ഓർ സംതിങ്."

നാനാവർണങ്ങൾ മിന്നിമറയുന്ന മനോഹരമായ മീനുകൾ. തമ്മിൽ ഒതുക്കം പറഞ്ഞും കലപില കൂട്ടിയും അവ അങ്ങിങ്ങായി തെന്നി മാറുന്നു. എത്ര മനോഹരമായ കാഴ്ചയാണ്..!

"എന്താ വേണ്ടത്?"

"ഇതിൽ ഒന്ന് വേണം. ഏറ്റവും ഭംഗിയുള്ള ഒന്ന്. അതിനെ വളർത്താൻ ഭംഗിയുള്ള ബൗൾ വേണം."

"ഇവനാണ് ഇതിൽ ഏറ്റവും സുന്ദരൻ. പക്ഷെ വില അല്പം കൂടുതലാ."

"അത് സാരമില്ല. ഇത് തന്നെ എടുത്തോളൂ."

ഒരു ഗ്ലാസ്സെടുത്തു അയാൾ അതിനെ പിടിക്കാൻ ശ്രമിക്കുമ്പോൾ ഓരോ തവണയും അത് കുതറി മാറിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു വിധം അയാൾ അതിനെ പിടിച്ചു ഒരു കൊച്ചു ബൗളിൽ ഇട്ടു. തിളങ്ങുന്ന കണ്ണുകളോടെ അവൾ അതിനെ ഏറ്റു വാങ്ങി.

സ്ഥാനം തെറ്റി കിടക്കുന്ന പുസ്തകങ്ങൾ, കർട്ടനുകൾ ഇട്ടു മൂടിയ ജനലുകൾ.., അരണ്ട വെളിച്ചം പരന്നു കിടന്ന ആ മുറിയിൽ ഒരു കോണിൽ അവൾ ആ ബൗൾ വച്ചു. ഒരു നിമിഷം വാലാട്ടി തെന്നി നീന്തുന്ന മീനിനെ നോക്കി നിന്നു. പിന്നീട് ഫോൺ എടുത്ത് വീണ്ടും ഡയൽ ചെയ്തു.

"മരുന്ന് വാങ്ങി. മീനിനെയും. എനിക്കൊന്നിനും കഴിയുന്നില്ല ഡോക്ടർ. ഈ ഏകാന്തത എന്നെ കൊല്ലുകയാണ്...!"

അപ്പോഴും വയലറ്റ് നിറമുള്ള ആ സുന്ദരൻ മീൻ ബൗളിന്റെ ഭിത്തികളിൽ നാലുപാടും തട്ടി കുതറിമാറാൻ ശ്രമിക്കുകയായിരുന്നു. ഇരുണ്ട ആ മുറി അതിന്റെ തിളക്കം മായ്ച്ചു കളഞ്ഞിരുന്നു.

Srishti-2022   >>  Short Story - Malayalam   >>  നിള

നിള

പലപ്പോഴും അവളങ്ങനെ ആണ് പ്രതീക്ഷിക്കാതെ ഇരിക്കുമ്പോൾ ആയിരിക്കും ചിണുങ്ങിക്കൊണ്ടുള്ള ആ വരവ്. സ്ഥിരം പല്ലവിതന്നെ ...! കാണുമ്പോഴുള്ള സ്നേഹം മാത്രമേ ഉള്ളൂ, ആരെയും അന്വേഷിക്കുകയും വേണ്ട അറിയുകയും വേണ്ട ... എന്നൊക്കെ പറഞ്ഞുകൊണ്ട് കാതിൽ ഒരു വർഷത്തേക്ക് കേൾക്കാനുള്ള പരാതി മുഴുവനും പൊതിഞ്ഞു കെട്ടിയാണ് വരവ്.

പണ്ടപ്പും പരാതിയും ഇങ്ങനെ പറയുവാൻ സ്വാതന്ത്ര്യമുള്ള മറ്റൊരാൾ ജീവിതത്തിൽ ഇല്ലാത്തതിൻ്റെ സകല അധികാരവും ഉപയോഗിച്ച് കൊണ്ടാവും അവൾ താഴേക്കാവിലെ വീട്ടിലേക്ക് വരിക. അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതത്തിലേക്ക് നടന്നു കയറിയ നല്ലൊരു സുഹൃത്ത്. ലൈബ്രറിയിൽ നിന്നും ഉടലെടുത്ത വെറുമൊരു സുഹൃത്ത് ബന്ധം എപ്പോഴോക്കെയോ ആയി കാലം അഴത്തിലൂട്ടി ഉറപ്പിക്കുകയായിരുന്നു. ഞാനവളെ നിളയെന്ന് വിളിച്ചു. പരിചയപ്പെട്ട നാളിൽ അവൾ നൽകിയ അനുവാദമാണ് ഇഷ്ടമുള്ള പേര് നൽകി വിശേഷിപ്പിച്ചുകൊള്ളാൻ….!

നിളയിൽ നിന്നുമാണ് ഞാൻ എന്നെ മനസ്സിലാക്കിതുടങ്ങുന്നത്, മദ്യവും സിഗരറ്റും മനം മടുപ്പിച്ചു തുടങ്ങിയ നാളുകളിലാണ് ഒരു ബ്രേക്ക് വേണമെന്ന് തോന്നി അങ്ങാടിപ്പുറത്തെ ലൈബ്രറിയിൽ ഒരു അക്കൗണ്ട് തുടങ്ങിയത്. ലൈബ്രറി എന്ന് പറയുമ്പോൾ നല്ല പ്രായം ചെന്ന ഒരു കെട്ടിടമാണ് ടൗണിന്റെ ഒത്ത നടുക്ക് ഗീവർഗീസ് പുണ്യാളനെയും നോക്കി അതവിടെയെങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പ്രെസ്സിലെ ജോലി കഴിഞ്ഞ് കഴിവതും നേരത്തെ ലൈബ്രറിയിലെ ഒരു മൂലയിൽ പുസ് തകങ്ങളിലേക്ക് മറയുകയാണ് പതിവ്.

ഒരു ധനുമാസപ്പകലിൽ തെരുവ് നായ കണക്കെ ഒരു ലക്ഷ്യ ബോധമില്ലാതെ എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞു നടന്നിട്ട് ഇനിയെങ്ങോട്ട് എന്ന ചോദ്യം മനസിലുയർന്നപ്പോഴാണ് ലൈബ്രറി മനസ്സിലേക്ക് വന്നത്, ലൈബ്രറിയിൽ എത്തിയപ്പോൾ കണ്ണിൽ ഒരു സോഡാകുപ്പി ഗ്ലാസും അവിടെ ഇവിടെയായി നരച്ച രോമങ്ങൾ എത്തി നോക്കുന്ന താടിയുമായി നിൽക്കുന്ന ലൈബ്രറിയൻ അജയേട്ടനോട് ഒരു സലാം പറഞ്ഞു ബുക്കും എടുത്ത് സ്ഥിരം മൂലയിലേക്ക് ഒതുങ്ങാനായി ചെന്നപ്പോഴാണ് പരിചയമില്ലാത്ത മുഖം സാവധാനം പുസ്തകത്തിൽ നിന്നും മുഖമുയർത്തി പതിയെ സംശയത്തോടെ നോക്കി, ആ വിടർന്ന കണ്ണുകളിലേക്ക് നോക്കി എന്തെങ്കിലും പറയുന്നതിന് മുൻപേ അജയേട്ടൻ ചോദിച്ചു ... എന്താ അനി ഇന്ന് സ്ഥലം പോയോ..?! ഒരു ദീർഘ നിശ്വാസത്തിൽ മറുപടി കൊടുത്തുകൊണ്ട് തെല്ലിട ഞാൻ മാറിയിരുന്നു. പുസ്തകം കയ്യിലെടുത്തപ്പോഴേ ചോദ്യം വന്നു ഇവിടെ സ്ഥിരം വരുന്നതാണോ എന്ന്… തലയിട്ടികൊണ്ട് അതെ എന്ന് പറഞ്ഞു. സമയം കടന്നു പോയതറിഞ്ഞില്ല, അജയേട്ടനോട് യാത്ര പറഞ്ഞ് അയ്യപ്പേട്ടന്റെ കടയിൽ നിന്ന് ഭക്ഷണവും വാങ്ങി താഴെകാവിലേക്ക് ബസ് കയറി.

പാന്റ് വലിച്ചു കേറ്റിയിട്ടുകൊണ്ട് ഒരു പുഴുങ്ങിയ ചിരി ചിരിച്ചു ടിക്കറ്റ് നൽകാൻ വന്ന രമേശൻ എടുത്ത വായ്ക്കു കുശലം ചോദിച്ചതു രേണുകയെ പറ്റിയായിരുന്നു സുഖമായിരിക്കുന്നു എന്ന് മറുപടി ഒറ്റവാക്കിലൊതുക്കി മറ്റുള്ളവയെ എല്ലാം ഒഴിവാക്കി പുറത്തേക്ക് നോക്കിയിരുന്നു. കാലം തെറ്റി എവിടെയോ മഴപെയ്യുന്നു എന്നൊരു തോന്നൽ ..! വണ്ടിയിരച്ചു തുടങ്ങിയതും കാറും കോളും കൊണ്ട് ആകാശം മാറിത്തുടങ്ങി വിൻഡോ ഷീറ്റ് മൂടിയിട്ടതും കുത്തിയൊലിച്ചുകൊണ്ട് ഓർമകളും ആ മഴയിൽ....

രമേശൻ തട്ടിവിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്. സ്റ്റെപ്പിൽ നിന്നും വെള്ളക്കെട്ടൊഴിവാക്കിക്കൊണ്ട് ചാടിയിറങ്ങി ബസ് സ്റ്റോപ്പിൽ കയറിയതും, നശിച്ച മഴ യാതൊരുവിധ ദയവുമില്ലാതെ ഉറഞ്ഞു തുള്ളുകയായിരുന്നു. പിച്ചും പേയും പറഞ്ഞുകൊണ്ട് ആരെയൊക്കെയോ മനസ്സിൽ ചീത്ത വിളിച്ചുകൊണ്ടു ഒരു മൂലയിലേക്കു മാറി നിന്ന് നനഞ്ഞു കുതിർന്ന കൈകൾ കൊണ്ട് തലയിലെ വെള്ളം കുടഞ്ഞുകൊണ്ട് നിൽക്കുമ്പോൾ ആണ് ബസ്റ്റോപ്പിൽ മറ്റൊരാൾ കൂടെയുണ്ടെന്ന ബോധ്യം വന്നത്. തല മെല്ലെ ചെരിച്ചുകൊണ്ട് നോക്കിയപ്പോൾ ഞാൻ കാണുന്ന കാഴ്ച.... സ്വയം പുണർന്നുകൊണ്ട് തന്നിലേക്ക് അലിഞ്ഞു ചേരുന്ന മഴത്തുള്ളികളെ കണ്ണുകളടച്ചു മുഖം തെല്ലൊന്നു പൊക്കി വിടർന്ന പുഞ്ചിരിയോടെ അകമഴിഞ്ഞാസ്വദിക്കുകയാണവൾ ഇതുപോലെ മഴയെ ഒരാൾ ആസ്വദിക്കുന്നത് ഞാൻ കണ്ടിട്ടില്ല, കാപ്പിപ്പൊടി കളറുള്ള ഷിഫോൺ സാരിയിൽ അവൾ കൊച്ചു സുന്ദരിയായിരുന്നു കാറ്റിൽ അവളുടെ സാരി മെല്ലെ പറക്കുന്നുണ്ടായിരുന്നു. ഒരു സംശയമുനയിൽ ഞാൻ വിമ്മിഷ്ടത്തോടെ ചോദിച്ചു ലൈബ്രറിയിൽ ഉണ്ടായിരുന്ന...! മുഴവനാക്കും മുൻപേ മുഖത്തേക്ക് പറ്റിക്കിടന്ന മുടി ഒതുക്കിക്കൊണ്ട് " അതെ," എന്നൊരു മറുപടിയും തന്നുകൊണ്ടവൾ ഒരു നേർത്ത മൗനത്തിനു ശേഷം പറഞ്ഞു "അമ്മയുടെ വീട് ഇവിടെയാണ് ഇവിടേയ്ക്ക് വരുമ്പോൾ ഇടക്കു ലൈബ്രറിയിൽ വരും... അനി എന്നാണല്ലേ പേര്..?", "അതെ.." എന്ന് ഞാനും, എങ്ങനെ മനസിലായി എന്ന് ചോദിക്കേണ്ടതായി തോന്നിയില്ല കാരണം അജയേട്ടൻ പേരും ജാതകവുമെല്ലാം വിളിച്ചു ചോദിച്ചത് അടുത്ത ദേശത്തെ ആൾക്കാർ വരെ കേട്ടിട്ടുണ്ടാകും. എന്താണ് പേരെന്ന് ചോദിച്ചപ്പോൾ.. കുസൃതി കലർന്ന സ്വരത്തിൽ എന്തിനാ എന്ന് ചോദിച്ചുകൊണ്ടവൾ ഇഷ്ടമുള്ള പേര് വിളിച്ചോളൂ എന്ന് പറഞ്ഞു... നിളയിലേക്കുള്ള യാത്ര അവിടെ തുടങ്ങുകയായിരുന്നു...!

Srishti-2022   >>  Short Story - Malayalam   >>  സാന്ദ്രസ്വപ്നം

Divya Rose R

Oracle India

സാന്ദ്രസ്വപ്നം

അവൾ വീണ്ടും കയ്യിലെ വാച്ചിൽ സമയം നോക്കി. മണി രണ്ടു കഴിഞ്ഞിരിക്കുന്നു. നല്ലതു പോലെ ഉറക്കവും വരുന്നുണ്ട്. പക്ഷെ ഉറങ്ങാൻ ഇപ്പോൾ പേടി ആണ്. കഴിഞ്ഞ മൂന്നു മാസങ്ങൾ ആയി ഒന്ന് സമാധാനമായി ഉറങ്ങിയിട്ട്. എന്നും കുറെ സ്വപ്‌നങ്ങൾ. ചിലപ്പോൾ നല്ല സന്തോഷമുള്ള സ്വപ്‌നങ്ങൾ. ചിലപ്പോൾ നെഞ്ച് പറിക്കുന്ന പോലെ വേദനിപ്പിക്കുന്ന സ്വപ്‌നങ്ങൾ. ചിലപ്പോൾ മുഴുവൻ നിഗൂഡത ഉള്ള സ്വപ്‌നങ്ങൾ. എത്രയോ രാത്രികളിൽ അവൾ ഞെട്ടി ഉണർന്നു അലറി വിളിച്ചിരിക്കുന്നെന്നോ. ബാക്കി ഉള്ളവരുടെ ഉറക്കം കൂടി കളയാൻ ഓരോന്ന് വന്നിട്ടുണ്ട് എന്ന പഴിയും കേട്ട് ആ ഹോസ്റ്റൽ റൂമിൽ എത്രയോ രാത്രികൾ അവൾ പേടിച്ചും കരഞ്ഞും തീർത്തിട്ടുണ്ടെന്നോ. എന്താണ് ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഇവൾ സാന്ദ്ര. അനാഥാലയത്തിൽ വളർന്ന ഇവൾക്കു സ്വന്തം എന്ന് പറയാൻ ആരും ഇല്ല. പൊതുവെ ആരോടും അധികം സംസാരിക്കാത്ത ആളായത് കൊണ്ട് സുഹൃത്തുക്കളും അങ്ങനെ ഇല്ല. എല്ലാം സ്വയം സഹിച്ചു ഇനിയും വയ്യ. മതിയായി.

അങ്ങനെ ഇരിക്കെ,സാന്ദ്ര പഠിപ്പിക്കുന്ന കോളേജിൽ ഒരു സെമിനാർ എടുക്കാൻ പ്രശസ്തനായ ഒരു സൈക്കിയാട്രിസ്റ് എത്തി. അദ്ദേഹത്തിന്റെ പ്രസംഗം എല്ലാവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഡോക്ടർ നാഥ്. പേരിൽ തന്നെ ഉണ്ട് ഒരു ഗമ. സെമിനാറിന്റെ അവസാനം ചോദ്യങ്ങൾ ചോദിക്കാൻ ഉള്ള അവസരം ഉണ്ടായിരുന്നു. എല്ലാവരുടെയും ചോദ്യങ്ങൾ പേപ്പറിൽ എഴുതി ഒരു ബോക്സിൽ ഇട്ടു. അക്കൂട്ടത്തിൽ സാന്ദ്രയും അവളുടെ സംശയങ്ങൾ എഴുതി ഇട്ടു. ഡോക്ടർ ഓരോ ചോദ്യം എടുക്കുമ്പോളും, അവളുടെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടേ ഇരുന്നു. പക്ഷെ വിധി അവളെ അവിടെയും തോൽപ്പിച്ചു.അവളുടെ ചോദ്യം ഡോക്ടർ എടുത്തില്ല. അതിനുള്ളിൽ തന്നെ സമയം കഴിഞ്ഞു പോയി. അതുകൊണ്ടു തന്നെ ഡോക്ടർ അദ്ദേഹത്തിന്റെ ഫോൺ നമ്പർ എല്ലാവർക്കുമായിട്ടു പറഞ്ഞു കൊടുത്തിട്ടാണ് വേദിയിൽ നിന്നും പോയത്.

സാന്ദ്രക്കു കിട്ടിയ ആകെ ഉള്ള കച്ചിത്തുരുമ്പായിരുന്നു ആ ഫോൺ നമ്പർ. പക്ഷെ എങ്ങനെ വിളിക്കുമെന്നോ എന്ത് പറയണമെന്നു അവൾക്കു അറിയില്ലായിരുന്നു. പല രീതികളിൽ അവളുടെ അവസ്ഥ പറഞ്ഞു നോക്കി എപ്പോഴോ അവൾ അറിയാതെ ഉറങ്ങി പോയി. സ്വപ്നാ.... സ്വപ്നാ.... എണീക്കു സ്വപ്ന... കണ്ണ് തുറക്ക് സ്വപ്നാ... ഹേമന്ത് സ്വപ്നയുടെ നിർജീവമായ ശരീരത്തിനടുത്തിരുന്നു തേങ്ങി തേങ്ങി കരഞ്ഞു.. സ്വപ്നാ... പോകല്ലേ സ്വപ്നാ... അയാളുടെ കരച്ചിൽ കേട്ട് കൂടി നിന്നവരും അറിയാതെ കരഞ്ഞു പോയി. എല്ലാവരുടെയും കരച്ചിലിന്റെ ശബ്ദം കൂടി കൂടി വന്നു. സാന്ദ്ര അലറി വിളിച്ചു ഞെട്ടി എണീറ്റു. അവളുടെ സ്വപ്നങ്ങളിൽ എന്നും വരുന്ന സ്വപ്ന. അത് വേറെയാരും അല്ല. താൻ തന്നെ ആണെന്ന് അവൾക്കറിയാം. തന്നെ പോലെ തന്നെ... പക്ഷെ സ്വപ്ന കൂടുതൽ സുന്ദരി ആണ്.. കൂടുതൽ സൗകര്യങ്ങളോടെ ജീവിക്കുന്നവൾ ആണ്. തന്റെ ഭാവി ആണോ സ്വപ്നം ആയി കാണുന്നത്? അറിയില്ല. സാന്ദ്രക്കു അവളുടെ തല പൊട്ടിത്തെറിക്കുന്ന പോലെ തോന്നി. അവൾ പുസ്തകം എടുത്തു അന്നത്തെ തീയതി എഴുതി, കണ്ട സ്വപ്നം വള്ളിപുള്ളി തെറ്റാതെ എഴുതി വച്ചു. ഇനിയും ഇത് സഹിക്കാൻ വയ്യ. നാളെ തന്നെ ഡോക്ടർ നാഥിനെ കാണണം എന്നവൾ തീരുമാനിച്ചു.

അടുത്ത ദിവസം രാവിലെ തന്നെ സാന്ദ്ര ഡോക്ടർ നാഥിന്റെ നമ്പറിലേക്കു വിളിച്ചു. രണ്ടു പ്രാവശ്യം വിളിച്ചിട്ടും ആരും എടുത്തില്ല. നിരാശയോടെ അവൾ ഒരിക്കൽ കൂടി വിളിക്കാൻ തീരുമാനിച്ചു. എടുത്തത് ഒരു സ്ത്രീ ആണ്. അവർ ഡോക്ടറിന്റെ അസിസ്റ്റന്റ് ആണെന്നും ഒരാഴ്ച കഴിഞ്ഞു ഹോസ്പിറ്റലിലേക്ക് വന്നു കണ്ടോളാനും അവർ പറഞ്ഞു. സാന്ദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്തിനാണ് ദൈവം തന്നോട് മാത്രം ഇങ്ങനെ. ഒരാഴ്ച കൂടി വയ്യ. ആത്മഹത്യ ചെയ്താലോ? ഇങ്ങനെ ജീവിക്കുന്നതിലും ഭേദം അതല്ലേ? പക്ഷെ അതിനുള്ള ധൈര്യം പോലും തനിക്കില്ലെന്ന് അവൾക്കു അറിയാമായിരുന്നു. അടുത്ത ഏഴു ദിവസങ്ങൾ അവൾക്കു ഏഴു വർഷങ്ങൾ പോലെ തോന്നി. ഒന്ന് കണ്ണടക്കാൻ തന്നെ പേടി തോന്നി. കണ്ണടക്കുമ്പോൾ ജീവനില്ലാത്ത കിടക്കുന്ന സ്വപ്ന ആയിരുന്നു മുന്നിൽ.

എട്ടാം ദിവസം രാവിലെ സാന്ദ്ര തന്റെ പുസ്തകവുമായി ഡോക്ടർ നാഥിന്റെ ആശുപത്രിയിലേക്ക് പോയി. ഒരു സൈക്കിയാട്രിസ്റ്റിന്റെ മുറിക്കു മുന്നിൽ തന്നെ ആരും കാണേണ്ട എന്നോർത്ത് അവൾ തന്റെ ഷാൾ കൊണ്ട് മുഖം മറച്ചു വച്ചു. അൽപ്പ സമയത്തെ കാത്തിരിപ്പിനൊടുവിൽ ഡോക്ടർ എത്തി. നേഴ്സ് മുറിയിൽ നിന്ന് പുറത്തു വന്നു ഉറക്കെ വിളിച്ചു സാന്ദ്ര.. സാന്ദ്ര ആരാണ്. സാന്ദ്ര ഞെട്ടി എണീറ്റ് നഴ്‌സിന്റെ അടുത്തേക്ക് ഓടി ചെന്ന് പറഞ്ഞു, പതുക്കെ വിളിക്കൂ.. ആരെങ്കിലും കേൾക്കും. നേഴ്സ്നു അൽപ്പം ദേഷ്യം തോന്നിയെങ്കിലും, ഒരു സൈക്കിയാട്രിസ്റ്റിനെ കാണാൻ വരുന്ന ആളെ സമൂഹം നോക്കി കാണുന്ന രീതി ആലോചിച്ചപ്പോൾ ചിരിച്ചു കൊണ്ട് സാൻഡ്രയെ മുറിയിലേക്ക് കൊണ്ട് പോയി. പുസ്തകം ഡോക്ടറിന്റെ കയ്യിൽ കൊടുത്തിട്ടു അവൾ തല കുനിച്ചിരുന്നു പറഞ്ഞു, എല്ലാം ഞാൻ കണ്ട സ്വപ്‌നങ്ങൾ ആണ്. എനിക്കിതിൽ നിന്നും ഒരു മുക്തി വേണം. അവൾ തല കുനിച്ചു തന്നെ ഇരുന്നു.

ഡോക്ടർ പുസ്തകത്തിലെ ഓരോ സ്വപ്നവും ശ്രെദ്ധയോടെ വായിച്ചു. ആദ്യത്തെ മൂന്നു സ്വപ്‌നങ്ങൾ വായിച്ച ശേഷം അദ്ദേഹം സാന്ദ്രയോടു ചോദിച്ചു, 'സ്വപ്നയെ കുട്ടി അറിയുമോ?' ഒരു ഞെട്ടലോടെ സാന്ദ്ര ഡോക്ടറുടെ മുഖത്തു നോക്കി. സാന്ദ്രയുടെ മുഖം കണ്ട ഡോക്ടർ അതിലും വലിയ ഞെട്ടലോടെ ഇരുന്ന കസേരയിൽ നിന്നും ചാടി എണീറ്റു. പതിഞ്ഞ ശബ്ദത്തിൽ അദ്ദേഹം സാൻഡ്രയെ നോക്കി വിളിച്ചു... "മോളെ... സ്വപ്ന മോളെ..." എന്താണ് സംഭവിക്കുന്നതെന്ന് സാന്ദ്രക്കു മനസിലായില്ല. അവൾ പതുക്കെ എണീറ്റ് ഡോക്ടറോട് പറഞ്ഞു. ഞാൻ സാന്ദ്ര ആണ്. സ്വപ്ന എന്റെ സ്വപ്നത്തിൽ വരുന്ന എന്റെ അതെ രൂപസാദൃശ്യം ഉള്ള സാങ്കൽപ്പിക വ്യക്തി ആണ്. ഡോക്ടർ പതുക്കെ കസേരയിൽ ഇരുന്നു. അല്പനേരത്തെ മൗനം കഴിഞ്ഞു അദ്ദേഹം സാന്ദ്രയോടു സംസാരിക്കുവാൻ തുടങ്ങി.

"സാന്ദ്ര... നിന്റെ സ്വപ്നങ്ങളിൽ വന്നു നിന്റെ ഉറക്കം കെടുത്തുന്ന സ്വപ്ന വെറും സാങ്കല്പിക വ്യക്തി അല്ല. സ്വപ്ന... സ്വപ്ന എന്റെ മകളാണ്. സ്വപ്ന മാത്രമല്ല. സാന്ദ്രാ... നീയും എന്റെ മകൾ ആണ്." സാന്ദ്രക്കു തന്റെ കാതുകളെ വിശ്വസിക്കാൻ പറ്റിയില്ല. ഇനി താൻ സ്വപ്നം കാണുന്നതാണോ? അവൾ സ്വയം ഒന്ന് നുള്ളി നോക്കി. അല്ല സ്വപ്നമല്ല. സാന്ദ്ര ഉള്ളിൽ തിരയടിക്കുന്ന സങ്കടത്തോടെ പറഞ്ഞു. "സാറിനു എന്തോ തെറ്റ് പറ്റി. ഞാൻ ഒരു അനാഥയാണ്." ഡോക്ടർ നാഥ് പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു. " അല്ല മോളെ... നീ അനാഥയല്ല. നിനക്ക് അച്ഛനും അമ്മയും ഒരു പെങ്ങളും... എല്ലാവരും ഉണ്ട്." സാന്ദ്ര പൊട്ടിക്കരഞ്ഞു. അവൾ വിതുമ്പി വിതുമ്പി പറഞ്ഞു, "എല്ലാവരും ഉണ്ടായിട്ടു പിന്നെ ഞാൻ എങ്ങനെ അനാഥയായി.." ഡോക്ടർ നാഥ് അവളുടെ അടുത്ത് പോയി, കൈകൾ രണ്ടും പിടിച്ചു പറഞ്ഞു, "നീയും സ്വപ്നയും ഇരട്ടകുട്ടികളായിരുന്നു. നിങ്ങൾ ജനിച്ചു മൂന്നു മാസമായപ്പോൾ ബോംബെയിൽ നിന്നും നാട്ടിലേക്ക് വരികയായിരുന്നു. നമ്മൾ വന്ന ട്രെയിൻ ആക്സിഡന്റ് ആയി. ചെറിയ പരിക്കുകളോടെ സ്വപ്നയേയും സരസ്വതിയെയും.... സരസ്വതി, നിന്റെ അമ്മയാണ്... " ഡോക്ടർ കണ്ണുകൾ തുടച്ചു തുടർന്നു, "സ്വപ്നയേയും സരസ്വതിയെയും ചെറിയ പരിക്കുകളോടെ കിട്ടി. എത്ര അന്വേഷിച്ചിട്ടും നിന്നെക്കുറിച്ചു ഒരു അറിവും കിട്ടിയില്ല. ഒടുവിൽ നീ മരിച്ചു പോയി എന്ന് എല്ലാവരും വിശ്വസിച്ചു." ഡോക്ടർ കരഞ്ഞു കൊണ്ട് പറഞ്ഞു. "നീ എന്റെ മകൾ ആണെന്ന് തെളിയിക്കാൻ എനിക്ക് മറ്റൊന്നും വേണ്ട. സ്വപ്നയും നീയും... നിങ്ങൾ ഐഡന്റിക്കൽ ട്വിൻസ് ആണ്." സാന്ദ്രക്കു ഇതെല്ലം ഒരു സ്വപ്നം പോലെ തോന്നി. കണ്ണുകൾ തുടച്ചു ഇടറിയ ശബ്ദത്തിൽ അവൾ ചോദിച്ചു, "സ്വപ്ന?". ഡോക്ടർ പതുക്കെ എണീറ്റ് ജനലിന്റെ അരികിൽ പോയി നിന്നു. സാന്ദ്രയുടെ മുഖത്തു നോക്കി അത് പറയാൻ അദ്ദേഹത്തിന് ആവുമായിരുന്നില്ല. "സ്വപ്ന പോയി മോളെ... നമ്മളെ ഒക്കെ വിട്ടു സ്വപ്ന പോയി... മൂന്നു മാസങ്ങൾക്കു മുൻപ് നടന്ന ഒരു കാർ അപകടത്തിൽ അവൾ പാരലൈസ്ഡ് ആയി. കിടപ്പായിരുന്നു." "മൂന്നു മാസങ്ങൾക്കു മുൻപാണ്, സ്വപ്നയെ എന്റെ സ്വപ്നത്തിൽ ഞാൻ കണ്ടു തുടങ്ങിയത്." സാന്ദ്ര ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു. ഡോക്ടർ വീണ്ടും അവളുടെ അടുത്ത് ചെന്നിരുന്നു. "മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾക്കും അപ്പുറം എന്തൊക്കെയോ ഉണ്ടല്ലോ മോളെ... അവൾ... സ്വപ്ന.. ശരീരം തളർന്നു കിടന്ന അവൾ ചിലപ്പോൾ മനസ്സ് കൊണ്ട് നിന്നോട് സംസാരിച്ചതാകും... നിന്റെ സ്വപ്നങ്ങളിലൂടെ... കാണണമെന്ന് കൊതിച്ചിട്ടുണ്ടാകും... അറിയില്ല... എനിക്കറിയില്ല... ഒരു മകളെ കിട്ടിയപ്പോൾ മറ്റൊരു മകളെ എനിക്ക് നഷ്ട്ടമായല്ലോ." ഡോക്ടർ സാൻഡ്രയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

ഡോക്ടർ നാഥ് സാന്ദ്രയെയും കൂട്ടി വീട്ടിലേക്കു ചെന്ന്. അവളെ കണ്ട എല്ലാവരും അത്ഭുതപ്പെട്ടു. എല്ലാവരും കരഞ്ഞു കൊണ്ട് പരസ്പരം കെട്ടിപ്പിടിച്ചു നിന്ന്. സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാതെ... പെട്ടെന്നൊരു കുഞ്ഞിന്റെ കരച്ചിൽ കേട്ട് സാന്ദ്ര ഞെട്ടി തിരിഞ്ഞു നോക്കി. ഒരു കുഞ്ഞുമോൾ... ഉറക്കത്തിൽ നിന്നും എണീറ്റ് വന്നതാണ്... സാൻഡ്രയെ കണ്ടതും അവൾ ഓടി ചെന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു... സാൻഡ്രയെ നോക്കി അവൾ ചോദിച്ചു... "'അമ്മ എവിടെ പോയതാ... എന്നെ വിട്ടിട്ടു? ഇനി എങ്ങും പോവല്ലേ... എപ്പോം എന്റെ കൂടെ തന്നെ ഇരിച്ചനെ..." സാന്ദ്രക്കു സങ്കടം അടക്കാൻ കഴിഞ്ഞില്ല. സാന്ദ്ര മോളെ കെട്ടിപ്പിടിച്ചു പറഞ്ഞു... "ഇല്ല മോളു.. അമ്മ ഇനി എവിടേം പോവില്ല".

 

Srishti-2022   >>  Short Story - Malayalam   >>  ഇടത്താളുകളിലെ രഹസ്യം

Irshad I

way.com

ഇടത്താളുകളിലെ രഹസ്യം

ഞാനീ കഥയുടെ സാക്ഷിയാണു. ഈ കഥയുടെ എഴുത്തുകാരനെ എനിക്കടുത്തറിയാം. എന്നാലാ കഥാപാത്രം സുകുമാരനെയിതുവെരെ ഒരുപിടിയും കിട്ടിയിട്ടുമില്ല. കഥ തുടങ്ങുന്നതേയുള്ളു. നിങ്ങളോടൊപ്പം ഞാനും കഥ വായിക്കുകയാണു. വഴിയിലെവിടെയെങ്ങിലും നിങ്ങളാ സുകുവിനെ തിരിച്ചറിഞ്ഞാൽ അപ്പോൾതന്നെ എനിക്കും പറഞ്ഞുതരിക.

സാക്ഷിയായതു കൊണ്ടു കഥയിലുടനീളം എന്നെ നിങ്ങൾക്കുകാണാം. നമുക്കിടക്കു സംസാരിച്ചിരിക്കാം. എഴുത്തുകാരനെ ശല്യപ്പെടുത്താതെ, അയാൾ കഥ എഴുതട്ടെ.

ഞാനും എഴുത്തുകാരനും വളരെ മുൻപേ ആത്മബന്ദം സ്ഥാപിച്ചവരാണു. ചിന്തിക്കാനും നിരൂപിക്കാനും കഥയിലിടയ്ക്കു ഇടപെടാനും എന്നെ അനുവദിച്ചിട്ടുമുണ്ടു. എന്റെ അതീന്ദ്ര കഴിവുകളോടു അയാൾക്കു വല്യ മമതയാണു. എന്നാലയാളുടെ വിളി എനിക്കു തീരെപിടിച്ചിട്ടില്ല, ‘ഭൂതം.!!!’ ഇത്ര സൌന്തര്യവും സൌരഭ്യവുമുള്ള എന്നെ ഭൂതമെന്നു.! ചോദിച്ചാൽ പറയും ഇന്ത്യ ഒരു ജനാതിപത്യ രാജ്യമാണു, എഴുത്തുകാരന്റെ തൂലികക്കു വിലങ്ങിടാനാകില്ലെന്നു...!

നമ്മുടെ വിഷയം സുകുമാരന്റെ കഥയാണു. എഴുത്തുകാരൻ എന്നോടായി പറഞ്ഞൊരു രഹസ്യമുണ്ടു. ഈ കഥയുടെ രഹസ്യം.! അയാളെന്നെ വിശ്വസിചു സാക്ഷിയാക്കിയതുതന്നെ അതിനാണു. രഹസ്യങ്ങൾ സൂക്ഷികാനുള്ള എന്റെ കഴിവിൽ തൃപ്തനായിക്കൊണ്ടു. രഹസ്യം സൂക്ഷിക്കുന്നവൻ, അങ്ങനെയൊന്നുണ്ടുണ്ടെന്നു പറയുബോഴാണു അയാൾ രഹസ്യങ്ങൾ സൂക്ഷിക്കുവാൻ അർഹനാകുന്നതു. ആകാംഷജനിപ്പിചു,ചുറ്റും ആളെകൂട്ടുകയാണു രഹസ്യസൂക്ഷിപ്പുകാരന്റെ ഉത്തരവാദിത്വം. എന്നാലയാൾ അതെന്തെന്നു മാത്രം ഒരിക്കളും വെളിപ്പെടുത്തുകയില്ല. ഇവിടെ എഴുത്തുകാരന്റെ ഈ സാക്ഷി ഭൂതം നിങ്ങളെ കൈവിടുകയില്ല. ഞാനാ രഹസ്യം കഥയുടെ ഒടുവിൽ പറയാം. എഴുത്തുകാരനറിയാതെ...!

എഴുത്തുകാരന്റെ കഥയുടെ ഇടമാണു നമ്മളീ അപഹരിക്കുന്നതു. അയാൾ എഴുതട്ടെ. നിങ്ങൾ വായിക്കൂ.. ഞാൻ സാക്ഷിയാകാം.

““സ്ഥലത്തെപ്പറ്റി ഏകദേശധാരണതയയുള്ളൂ,മാത്രവുമല്ല നല്ല

മഴക്കാറുമുള്ളതിനാൽ നേരത്തേ തന്നെ ഇറങ്ങി. ഫാക്ട് * ഏരിയ വിട്ടപ്പോഴേക്കും അന്തരീക്ഷം അല്പം തെളിഞ്ഞിരുന്നുവെൻകിലും വെളിച്ചത്തിനു സന്ധ്യയുടെ ക്ഷീണം വന്നിരുന്നു. മെട്രോയുടെ പണിനടക്കുന്നതു കാരണം കല്ലൂരാകെ പൊടിപടർന്നും റോഡുകൾ ഇടുങ്ങിയും കിടന്നു. ഇടത്തോട്ടു സൂചനാ ബോർഡ് കണ്ടു തിരിഞ്ഞെൻകിലും ഇനിയുമെത്രയെന്നു നിശ്ചയമുണ്ടായിരുന്നില്ല. ചുവരിൽ പേരുകണ്ടു അകത്തേക്കു സ്കൂട്ടർ ഓടിചു കയറിയപ്പോഴും ഉറപ്പില്ലായിരുന്നു.

“Café Pa..pa..’papaya”. ജയ് ആണു papaya എന്നു പൂരിപ്പിചതു. ഹെല്മറ്റൂരി ചപ്പിയമുടി നിവർത്തുംബോഴേക്കും അവൻ ആകാശത്തേക്കുതുറന്ന, ഭംഗിയായ മുറ്റത്തേക്കു നടന്നു കഴിഞ്ഞിരുന്നു. സുകുമാരൻ നിന്നിടത്തിനു മുകളിൽ വള്ളിപ്പടർപ്പിൽ വയലറ്റ് കോളാംബിപൂക്കൾ വിടർന്നു നിന്നിരുന്നു...

സുകുമാരൻ ‘ജയ്’യെ തലയാട്ടി വിളിചുകൊണ്ടു ആ കെട്ടിടത്തിന്റെ പ്രധാന വാതലിലേക്കു നടന്നു. പുറത്തെ നോട്ടീസ് ബോർഡിൽ ‘ താഴ്വരയുടെ സംഗീതം, താവോ ദർശനം: ഷൗകത്ത്** എന്നു എഴുതി ഒരു താടിരൂപത്തിന്റെ ചിത്രവും ചേർത്തിട്ടുള്ളൊരു പോസ്റ്റ്ർ പതിച്ചിരുന്നു. ആശ്വാസം, ഇതുതന്നെ ഇടം.

അകത്തു നിരത്തിയിരുന്ന മേശക്കരികിലെ കസേരകളിൽ ആളുകൾ എന്തൊക്കെയോ കഴിച്ചും കുടിച്ചും വർത്തമാനം പറഞ്ഞിരിക്കുന്നു. വിളക്കുകളുടെ വെളിചം നിയന്ത്രിച്ചും പോപ്പ് സംഗീതവും ശീതളിനിയുടെ തണുപ്പുംകൊണ്ടു ഉള്ളം ഹൃദ്യമായിരുന്നു. നിരത്തിയിരുന്ന മേശകളിലെല്ലാം ആളുകളാണു. സുകുമാരനും ജയ്യും കൂടി പുറകിലെ സോഫാകോച്ചിലേക്കു ചെന്നിരുന്നു.

Café Papaya എന്നെഴുതിയ T shirt ഇട്ട ഒരുവൻ എന്തെൻകിലും വേണമോയെന്ന മട്ടിൽവന്നു മെനുകാർഡ് നീട്ടി.

“അല്ല, ഞങ്ങൾ പ്രോഗ്രാമിനു വന്നതാണു” സുകുമാരൻ പറഞ്ഞു. “ഹോ..സാർ പ്രോഗ്രാം 6 മണിക്കുതന്നെ തുടങ്ങും.” ഒന്നു തിരിഞ്ഞുനോക്കി “ഇവരൊക്കെ ഇപ്പോൾതന്നെ ഇറങ്ങുമെന്നുകൂടി പറഞ്ഞു ചിരിചു.” പ്രതീക്ഷിക്കാത്ത ഭവ്യത ആ ചെറുപ്പക്കാരൻ തങ്ങളോടു കാട്ടുന്നതായി സുകുവിനുതോന്നി. പോകും മുൻപു “എന്തെൻകിലും വേണമോസാർ” എന്നവൻ പിന്നെയും തിരക്കി. ഒന്നും കഴിക്കാൻ പദ്ധതിയില്ലായിരുന്നിട്ടും മെനുകാർഡ് കയ്യിൽ വാങ്ങി വെറുതേ മറിചു. മെനു കാർഡിൽ നിന്നും തെറ്റി ആളുകൾ കഴിക്കുന്നതെന്തൊക്കെയെന്നു ചുമ്മാ നോക്കി.

“എനിക്കൊരു ഓറഞ്ഞ് ജൂസ്” ജയ്യാണു പറഞ്ഞത്. “എനിക്കൊരു ചായ മതി” സുകു പറഞ്ഞു. കൂടുതൽ വിടർന്നൊരു ചിരിസമ്മാനിചു ആ പയ്യൻ ഉള്ളിലേക്കു നടന്നു പോയി.

മുറിയിലാകെ കറുത്ത ചായം എഴുന്നു നിന്നുവെൻകിലും അതിന്റെ ഉള്ളിൽ വെള്ളപൂശിയ ഒരു ഭാഗമുണ്ടു. ആ മുറിയുടെ ഹൃദയം അതാണെന്നു തോന്നി..

നാനാ ഭാഷകളിൽ സ്നേഹമെന്നും സമാധാനമെന്നും സന്തോഷമെന്നും നമ്മൾ ഒന്നാണെന്നും ഒരു മരമായി വളർന്നു വിരിഞ്ഞു നില്പ്പുണ്ടു അതിനുള്ളിൽ. സുകു ആ മരത്തിന്റെ തണലിലേക്കു കണ്ണുനട്ടിരുന്നു... അതിനിടയിൽ ജയ്യുടെ കണ്ണുകൾ പരതികണ്ടെത്തിയ ലൈബ്രറിയിലേക്കവൻ എഴുന്നേറ്റു നടന്നു. സുകു എന്നാൽ മരത്തണലിൽ ചില്ലകളിലേക്കു കാണ്ണോടിചു അവിടെ തന്നെയിരുന്നു...

ജയ് പോയപ്പോഴേക്കും തൊട്ടടുത്ത മേശക്കരികിലിരുന്നവർ എഴുന്നേറ്റു പോയി. വെയിറ്റർ പയ്യന്മാർ സാധനങ്ങൾ കൊടുക്കുകയും മേശകൾ വൃത്തിയാക്കുകയും ചെയ്തുകൊണ്ടിരുന്നു...

പെട്ടെന്നാണുആ മേശയിലേക്കു രണ്ടു പെൺകുട്ടികൾ വന്നിരുന്നത്. സുകു ആദ്യം ശ്രദ്ധിച്ചതേയില്ല.

ഞാൻ (സാക്ഷി): “നിങ്ങൾ കേട്ടല്ലോ രണ്ടു പെൺകുട്ടികൾ വന്നിരുന്നിട്ടു സുകു ശ്രദ്ധിചില്ലാപോലും...അവനും നമ്മുടെ എഴുത്തുകാരനെ പോലെ നൈരാശ്യം പിടിച്ചിരിക്കയാണോ.. ആദ്യം ശ്രദ്ധിചില്ലെന്നല്ലേ പറഞ്ഞുള്ളു.. ബാക്കി കാണട്ടെ.”

വീണ്ടും മൂന്നുപേർ കൂടി കടന്നുവന്നു. പ്രായത്തെ നരകൊണ്ടു വെളുപ്പെടുത്തിയവർ. അവർക്കായി കസേരകൾ ഒഴിഞ്ഞിട്ടെന്നപോൽ ആ പെൺകുട്ടികൾ എഴുന്നേറ്റു സുകു ഇരുന്ന സോഫയുടെ ഒരുഭാഗത്തേക്കു വന്നിരുന്നു. മുഖം പരസ്പരമുടക്കിയതിനാൽ ഒരു ചിരിയേവരിലും വിരിഞ്ഞു...

“പ്രോഗ്രാമിനു വന്നതാണോ.?” ഒരു പെൺകുട്ടി ചോദിചു.

“അതെ”. എന്നുമാത്രം സുകു പറഞ്ഞു.

അവനേറെ ആറ്റുനോറ്റു വളർത്തികൊണ്ടു വന്ന ബന്ദങ്ങൾ പലതും, ഒടുവിൽ സമ്മാനിചു കടന്നുപോയതു വേദനമാത്രമായിരുന്നു. ഒരോ പുതിയ ബന്ദങ്ങളേയും അവനിപ്പോൾ അത്രമേൽ സംശയത്തേടെയാണു നോക്കിയിരുന്നത്. സത്യതിൽ, പുതിയ ബന്ദങ്ങളോടു അവനു ഭയമായിരുന്നു.

ഞാൻ: “മനുഷ്യൻ എന്തിനാണു പറയുന്നതെല്ലാം സത്യപെടുത്തുന്നതു.? ഈ സുകു എഴുത്തുകാരനേക്കാൾ കഷ്ടപെട്ട ഉയിരാണല്ലോ..!!!”

“എവിടെന്നാ.?” ആ പെൺകുട്ടി വീണ്ടും ചോദിചു.

ആ ചോദ്യത്തിന്റെ ഉത്തരത്തിനായി ഒരു ചിന്ത തെല്ലുനേരം അവന്റെയുള്ളിൽ നിന്നുവെങ്ങിലും,ഒടുവിൽ “തിരുവനന്തപുരം” എന്നുപറഞ്ഞു സോഫായിലൊന്നുനിവർന്നിരുന്നു...

ആ പെൺകുട്ടിയുടെ പുരികവും കണ്ണും ഉയർന്നു എന്തോയെന്നു കേൾക്കാൻ ബാക്കിയായതു പോലെ നിന്നു. സുകു അതുകൂടി പൂരിപിച്ചുകൊടുത്തു.

“ട്രിവാന്ദ്രം ആണു വീടു. പക്ഷെ ഇപ്പോൾ ഫാക്റ്റിൽ എൻജിനീയർ ട്രയ്നിയായി ജോലി നോക്കുന്നു.”

ആ പെൺകുട്ടി വീണ്ടും ചിരിചു.

“എന്താപേരു?”

സുകുമാരൻ പേരുപറഞ്ഞു. “അവിടെയോ?”

“ഞാൻ പല്ലവി. ഇതെന്റെ സുഹ്രുത്തു നീതു.”

എഴുത്തുകാരൻ ഡയറിയുടെ താളുമറിചു. പിന്നേടുള്ള കുറേതാളുകൾ അവിടെയുണ്ടായിരുന്നില്ല. ബ്ലയ്ഡ് വെചു അവമുറിചു മാറ്റപ്പെട്ടതായി കണ്ടു. എഴുത്തുകാരൻ അസ്വസ്തനായിക്കൊണ്ടു ശേഷിക്കുന്ന താളുകൾ മറിചുകൊണ്ടേയിരുന്നു.

ഇതിപ്പോൾ എന്താണു നടക്കുന്നതു. എഴുത്തുകാരന്റെ മുഖം ഒട്ടും സുഖകരമല്ല. നിങ്ങളല്പ്പം സമയം തരൂ. ഞാൻ എഴുത്തുകാരനുമായൊന്നു സംസാരിക്കട്ടെ.

എഴുത്തുകാരൻ ആകെ പിരിമുറുക്കത്തിലാണു. ജീവിതത്തോടും പുതുമയോടുമുള്ള കൌതുകമാണു അയാളെയാ മേശക്കരികിൽ പിടിചിരുത്തിയതു. ഒരു വരി പിറക്കുന്നതിനു മുന്നിലെ ആലോചന, അതിനു തൊങ്ങലുകൾ പിടിപ്പിക്കുന്നതിനു മുൻപു അയാളുടെയുള്ളിലെ ഭാവനാഘടികാരം എത്രവട്ടം ചുഴലികൾ തീർത്തിരിക്കണം. എഴുത്തുകാരൻ എഴുത്തിൽ അർദ്ദനഗ്നനാണു. എഴുത്തുചൂടു അയാളെ സദാ വിയർപ്പിൽ കുതിർക്കുന്നു. അതിതീവ്രമായ ഭാരം കെട്ടിവലിക്കും പോലെ ഹൃദയത്തിലും തലചോറിലും കുരുക്കിട്ടു, അയാൾ തന്റെ വിരൽതുബിലെ പേനയിലൂടെ കുതറിയിടുന്ന വാക്കുകൾ എത്ര നാഴിയയുടെ ചിന്താഭാരമാണു പേറുന്നതു. ചിലപ്പോളയാൾ അതൊക്കെയും നിസ്സാരമായ ഒരുവര കുറുകേപായ്ച്ചു വിഭലമാക്കികളയും. എനിക്കറിയാം, അതിൽ പലതും എന്നെ പുളകമണിയിച്ചിട്ടുള്ള വരികളാണു. കുറുകെയുള്ള വരകൾതീർത്ത ജയിലിൽ നിത്യതടവുകാരായി പുറത്തിറങ്ങാതെ മരിചുപോകുന്ന ഉന്മയുടെ വരികൾ...

ഇന്നയാൾ സുകുമാരന്റെ കഥയെഴുതാനിരുന്നതാണു. ആ മുറിയിൽ എഴുത്തുകാരൻ താമസം തുടങ്ങിയിട്ടു അധികമായിട്ടില്ല. ഫാക്ടിൽ AOCP**** ട്രയ്നിയായി വന്നതാണു. മഹാരാജാസിൽ പടിക്കുക എന്ന ആഗ്രഹമാണു ഇഷ്ട് വിഷയം സാഹിത്യമായിട്ടും കെമിസ്ട്രി എടുത്തു പടിച്ചതു. ആ ക‌ലാലയത്തിൽ പടിക്കുന്നകാലത്താണു, മാതൃഭൂമിയുടെ ‘കോളേജ് മാഗസ്സിൻ’ ഭാഗത്തു ഒരു കഥ പ്രസിദ്ധീകരിചു വന്നതും. പിന്നെയും എഴുതി. പക്ഷെ, പിന്നേടൊരിക്കലും എവിടെയും പ്രസിദ്ധീകരിചുവന്നില്ല. തന്നിലെ എഴുത്തുകാരന്റെ കഴിവു ക്ഷയിചുവോ എന്നയാൾ ചിന്തിചു, തന്റെയുള്ളിൽ തന്നെ പലയിടത്തുമലഞ്ഞു. ഉള്ളിലെവികാരങ്ങളേയും ചിന്തകളേയും അയാൾ നിരന്തരം പകർത്തുന്ന ശീലം മാത്രം നിർത്താതെ തുടർന്നു. കോളേജുകഴിഞ്ഞു വീട്ടുകാരുടെ നിർബന്ദമാണു ഒടുവിൽ ഫാക്റ്റിൽ കയറാൻ തീരുമാനിച്ചതു.

ഫാക്ട് മൈതാനത്തിനു കിഴക്കുഭാഗതുള്ള കോട്ടേസിലെ ഒരു മുറി എഴുത്തുകാരനും സുഹൃത്തും ചേർന്നെടുത്താണു താമസം. വൈപ്പിൻകാരൻ സുഹൃത്തു അപൂർവമായേ ആ മുറിയിൽ തങ്ങാറുള്ളു. എഴുത്തുകാരനെന്ന സ്വപ്നജീവിക്കു ഏകാന്തത സമ്മാനിചു അവൻ വീട്ടിലേക്കു പോകും.

മുൻപു താമസിച്ചയാൾ ഉപേക്ഷിച്ചുപോയ സാധനങ്ങളുടെ കൂട്ടത്തിൽ മേശക്കകത്തുകിടന്ന ഒരു ഡയറിയിൽ നിന്നാണു എഴുത്തുകാരൻ വായിക്കപെട്ട ആ ഭാഗം കിട്ടിയതു.

മന:പൂർവം കീറിമാറ്റിയപോലെ ആ ഡയറിയിൽ കുറെയേറെ താളുകൾ കാണ്മാനില്ല. അവിടെയവിടെയായ് കുറേ ഈരടികളും ചെറുകവിതകളും കുറുപ്പുകളും ഉണ്ടെൻകിലും പ്രധാനഭാഗമെന്നു തോന്നിക്കുന്ന ഏറിയ പേജുകളും നഷ്ടപെട്ടിരിക്കയാണു.

എന്നാലാ താളുകളിൽ മറന്നുവെചപോൽ ഓർമയുടെ ഒരു തുണ്ടു എഴുത്തുകാരൻ കണ്ടെടുത്തു. ആ ഡയറിത്താളിൽ വരചിട്ടപോൽ ഉണങ്ങി കറപടർത്തി പറ്റിചേർന്നിരുന്ന ഒരു കോളാബിപ്പൂവ്. എഴുത്തുകാരനതെടുത്തു തന്റെ മൂക്കിനോടടുപ്പിച്ചു. കരിഞ്ഞിട്ടില്ലാത്ത ഒരു പ്രണയത്തെ അയാളാ ഗന്ദത്തിൽ നിന്നുതിരിചറിഞ്ഞു, ഞാൻ സാക്ഷി.

“എന്തോ എനിക്കുപലപ്പോഴും ഈ എഴുത്തുകാരുടെ ഭാഷ മനസ്സിലാവുകയില്ല”: ഞാൻ

എഴുത്തുകാരൻ അടുത്തതാളിലേക്കു നീങ്ങി. ശേഷിക്കുന്ന താളുകളിൽ നിന്നു ബാക്കിയറിയാൻ എനിക്കും കൊതിയായി.

“Author PerumalMuruhan is dead. He is no God. Hence he will not resurrect. Hereafter only

P. Murugan, a teacher will live. “

“ഒരു കവി മരിചിരിക്കുന്നു. ദൈവമല്ലാത്തതിനാൽ ഉയർത്തെഴുന്നേൾക്കുന്നില്ല.” എഴുത്തുകാരൻ നിശബ്ദനാകുംബോൾ സാധാരണക്കാരന്റെ ശബ്ദമാണു നിലച്ചുപോകുന്നതു. അവന്റെ പ്രതിരേധമാണു കീഴ്പ്പെട്ടുപോകുന്നതു. ഇനിയും ആളുകൾ നിശബ്ധരാക്കപ്പെടും...

സ്വതന്ത്രചിന്തകരായ വിദ്ധ്യാർത്തികൾ, ബുദ്ധിജീവികൾ, എഴുത്തുകാർ എന്നിവരെ അവർക്കു ഭയമാണു, അവരെക്കൂടി മൌനത്തിലാഴ്ത്തി സ്വന്തം അജൻടകൾ ജനങ്ങൾക്കുമേൽ അടിചേല്പ്പിക്കയാണു ഗൂഡസംഘങ്ങളുടെ ലക്ഷ്യം. സമീപ ഭൂതകാലചരിത്രം അതാണുകാട്ടിത്തരുന്നതു. നരേന്ദ്ര ധബോല്ക്കറേയും, എം എം കല്ബുർഗിയേയും നമ്മെപ്പോലുള്ള വിദ്ധ്യാർത്തികളേയും കൊന്നൊടുക്കുകയും നിശബ്ദരാക്കപ്പെടുകയും, രാഷ്ട്ര ഭരണഘടനതന്നെ കാർന്നു തിന്നുകയുമാണവർ. ഈ സവർണ്ണഹൈന്ദവ മേലാളന്മാരുടെ കെട്ടിമാറാപ്പുകൾക്കു താളം പിടിക്കാൻ ഭരണകർത്താക്കളും കൂടെക്കൂടുന്നതാണു ഇന്ത്യയുടെ എറ്റവും വല്യദുരന്തം,ജനാതിപത്യത്തിൽ വിശ്വസിക്കുന്ന സാധാരണക്കാരന്റെ ഭയം, പരാജയം.

എം.ഫ് ഹുസൈനും തസ്ളീമയും നാടുകടത്തപ്പെട്ട ഇന്ത്യയുടെ അസഹിഷ്ണത മുൻപേ ബോദ്ധ്യപെട്ടിട്ടുള്ളതാണു. സത്യസന്ധമായ അറിവുകൊണ്ടേ ഇതിനെ പ്രതിരോധിക്കാനാകൂ. ആ പ്രതിരോധം എന്നിൽ നിന്നു നമ്മളോരോരുത്തരിൽ നിന്നും തുടങ്ങട്ടെ, പരക്കട്ടെ...

സമൂഹത്തിൽ ആശയങ്ങളും അതുണ്ടാക്കുന്ന ചിന്തകളുമാണു മാറ്റങ്ങൾക്ക്, വിപ്ലവങ്ങൾക്ക് തിരികൊളുത്തിയിട്ടുള്ളതു...

‌എന്റെ ആയുധം ഈ അക്ഷരങ്ങളാണു. എന്റെ ബ്ലോഗിലും എഫ്ബി**യിലുമായി എഴുതുന്നതും പ്രചരിക്കുന്നതിനും ഇന്നു വായനക്കാർ ഏറെയുണ്ടു. ഞാനും പലരേയും പിൻപറ്റുന്നവനാണു. എഫ്ബിയിലെ തുറന്ന കൂട്ടായിമകൾ, ഞാനുൾപ്പെടെ നേതൃത്വം കൊടുക്കുന്ന അത്തരം പേജുകൾ, അവ മുന്നോട്ടു വെക്കുന്ന ആശയങ്ങളിൽനിന്നു ആർജവമുൾക്കൊണ്ടു ഇന്ത്യയിലെംബാടുമുള്ള വിദ്യാർത്ഥികൾ, യുവാക്കൾ, ചിന്തകർ അതിൽ അങ്ങമായികൊണ്ടിരിക്കുന്നു. നമ്മുടെ പ്രതിരോധം തുടങ്ങിക്കഴിഞ്ഞു.

“പാപിയല്ലാത്ത ഈ ജനം,

കല്ലെറിഞ്ഞു കൊന്നാലും ശരി,

അവസാന ശ്വാസവരെയെൻ നാവു-

ഉറക്കെ ശബ്ദിചു കൊണ്ടിരിക്കും,

മനുഷ്യത്വം നഷ്ട്ടപെട്ട മനുഷ്യനും,

ആത്മീയത കളവുപോയ മതങ്ങൾക്കുമെതിറരെ.

..............................................................................................

എഴുത്തുകാരൻ ദീർഘമായൊന്നു നിശ്വസിചു. കണ്ണുകൾ ആ ഡയറിത്താളുകളിൽ ഇറക്കിവെചു കുറേനേരം ചലനമറ്റിരുന്നു. അയാളുടെ മിഴികൾപോലും 34 സെക്കൻസ് ഇമവെട്ടിയിരുന്നില്ല: ഞാൻ സാക്ഷി.

എഴുത്തുകാരൻ ആ രാത്രി എറെ അസ്വസ്ത്തനായിരുന്നു. മുറിയിലങ്ങോട്ടുമിങ്ങോട്ടും ആലോചനയിൽ നടന്നു.. ഒരാൾ ചിന്തിക്കുന്നതു, അതു പൂർണ്ണമായും മനസ്സിലാക്കാൻ മനുഷ്യനിനിയും സാധ്യമല്ലലോ... ഭൂതമായ എനിക്കതും വായിക്കാം. ഞാനതുകണ്ടു, ഏറെ വ്യാകുലപ്പെട്ടു. അതു നിങ്ങളോടു പറയുക നിർവാഹമില്ല. മറ്റൊരു രഹസ്യമായതും എന്റെയുള്ളിൽ കുടിയേറി.

പിറ്റേന്നു വൈകുന്നേരം മുറിയിൽ വന്നപ്പോഴേക്കും എഴുത്തുകാരൻ പരിക്ഷീണിതനായി കണ്ടു. ഇന്നു ഫാക്ട്ടിലെ പല എൻജിനിയേഴ്സിന്റെ- യടുത്തും സുകുമാരൻ എന്ന യുവാവിനേയും, ജയ് എന്ന പയ്യനേയുംപറ്റി തിരഞ്ഞുപരാചയപ്പെട്ടാണു വന്നിരിക്കുന്നതു. പേരുകൾ അയാൾ കള്ളം ചമച്ചതാകാം... വ്യക്തിവിവരങ്ങൾക്കുമേൽ ഒരു മറ അയാൾ മനപ്പൂർവം തീർത്തിട്ടുള്ളതായ് എഴുത്തുകാരനു തോന്നി. രഹസ്യങ്ങൾ ഒരു വല്യ പ്രതിരോധം തന്നെയാണു

എന്തോ ആവശ്യമെന്നുപറഞ്ഞു നാട്ടിലേക്കുപോയ ഒരു ആന്ദ്രയുവാവു പിന്നെ മടങ്ങി വന്നിട്ടില്ലെന്ന ഒരു വിവരംമാത്രം സംശയിക്കത്തരത്തിൽ ലാബ്ഹെഡ് അശോകൻ സാറിൽ നിന്നുകിട്ടി. ആ പയ്യന്റെ പേരുകൃത്യമായി ഒർമിക്കുന്നില്ലെൻകിലും അയാൾക്കു വിക്കുള്ളതായി സാർ പറയുന്നു. ഒരു ദിവസം ഊണു കഴിഞ്ഞു പുറത്തുനില്ക്കുംബോൾ, കയ്യിന്നുവീണതെന്തോ കുനിഞ്ഞെടുത്തു നിവർന്നപ്പോൾ തുറന്നുകിടന്ന ജനൽപ്പാളിയിൽ തട്ടി തല മുറിഞ്ഞൊരുയുവാവിനെ സാർ ആണു ഫസ്റ്റ്എയ്ട് റൂമിലേക്കു കൊണ്ടുപോയതു. അന്നു സാർ അയാളോടു സംസാരിചിട്ടുണ്ടു. രാഹുലെന്നോ മറ്റോയാണു പേരെന്നു സാറിന്റെ ഒർമയിൽ നിന്നു പറഞ്ഞു, എന്നാൽ അതും ഉറപ്പല്ല. അതേ...അയാളുടെ കാര്യം ആർക്കും ഒരുറപ്പുമില്ല.

എഴുത്തുകാരന്റെയുള്ളിൽ ആശങകൾ നിറഞ്ഞു പൊങ്ങി. അയാളെപറ്റിയുള്ള അവ്യക്തമായ വിവരങ്ങൾ, എങ്ങുമെത്താത്ത അനേഷണങ്ങൾ, ഡയറിക്കുറിപ്പുകൾ, ചിന്തകൾ, അയാളുടെ പ്രണയം എല്ലാം അയാളെകാര്യമായി ബാധിക്കുന്നതായി തോന്നി.

എന്നും വൈകുന്നേരങ്ങളിൽ മുറിയിൽ വന്നശേഷം, കുളിചു ഫാക്ടിന്റെ മൈതാനത്തുപോയിരുന്നു ഫുട്ബാൾകളി കാണുകായാണു അയാളുടെ പതിവു. ഇന്നു കുളിചുവന്നു വീണ്ടും മേശക്കരികിലെ കസേരയിലേക്കാണയാൾ വീണിരുന്നത്. അയാളന്നു തലതോർത്തികണ്ടില്ല. വെള്ളം മുടിയിഴകളിലൂടെ ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു. മൂന്നു തുള്ളികളാണു ആദ്യം താഴെ വീണത്: ഞാൻ സാക്ഷി.

സുകുമാരന്റെ ഡയറിയിലേക്കുതന്നെ അയാൾ നീങ്ങി, “സുകുവിന്റെ ഡയറി ..” അങ്ങനെ പറയാമോയെന്നറിയില്ല. എന്തിനേയും മനുഷ്യനൊരുപേരിട്ടല്ലേ മതിയാകൂ.

ശേഷിച ചില താളുകളിലേക്കു എഴുത്തുകാരൻ വീണ്ടും മനസ്സിരുത്തി.

“...അന്നവളെക്കാണുബോൾ ആദ്യപ്രണയത്തിന്റെ നഷ്ടം എന്നെ പൂർണ്ണമായും ഒറ്റപ്പെടുത്തിയിരുന്നു. ഇനിയില്ലെന്നറിഞ്ഞിട്ടും ഉണ്ടാകണമെന്നാശിക്കുകയും, അതുളവാക്കുന്ന ശൂന്യത, അതിങ്ങനെ തൊട്ടടുത്തു വായുപോലും കയറാൻമടിചു പ്രേതാത്മാവുപോലെ നിലകൊള്ളുന്നതായി സുകുമാരനു തോന്നി. ആ ശൂന്യത നികത്താൻ ആർക്കും കഴിയില്ലെന്നു നിനച്ചിരിക്കുംബോഴാണു യോഗാത്മമായ ആ അന്തരീക്ഷത്തിൽവെച്ചവൾ കടന്നുവന്നതു. പിരിയുംബോൾ ആ പുതുമഴയിൽ നനഞ്ഞുകൊഴിഞ്ഞ കോളാബിപൂക്കളിലൊന്നവൾ കയ്യിലെടുത്തു താലോലിച്ചു, പുഞ്ചിരിച്ചു തന്നിലേക്കു നോക്കിയ ആ നോട്ടം... തിരകെ നടക്കുബോൾ അലസമായെന്നപോൽ സുകുമാരന്റെ സ്കൂട്ടറിന്റെ സീറ്റിലേക്കു വെചു പോയതെന്തിനായിരുന്നുവെന്നിപ്പോളവനു തീർച്ചയാണു.

“പ്രണയത്തിന്റെ പനിനീർപുഷ്പം, അതൊരു ഋതുകാലം മാത്രമല്ല പൂക്കുന്നതും സുഗന്ദം പരത്തുന്നതും മധുവൂറുന്നതും, വർണ്ണങ്ങൾ നിറയ്ക്കുന്നതും. അതു വരും ഋതുകാലങ്ങളിലും തളിരിടുകയും പുഷ്പിക്കുകയും ഉള്ളിൽ നിറയുകയും ചെയും. പ്രണയിതാക്കളുടെ ഒരോ ഹൃദയസ്പന്ദനങ്ങളിലുമതു പുനർജനിക്കുകയും ചക്രവാളസീമകൾക്കപ്പുറം, അതിന്റെ സൌരഭ്യം പരക്കുകയും ചെയ്യും.””

എഴുത്തുകാരൻ പുംജിരിക്കുന്നതായി കണ്ടു. ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുവന്ന പ്രത്യാശയുടെ ആ ചിരി എനിക്കപരിചതമായിരുന്നു. എന്നാലിന്നു ആ സൌരഭ്യം ഞാനുമുൾക്കൊള്ളുന്നു.

എഴുത്തുകാരൻ ആവേശപൂർവം പിന്നെയും താളുകൾ മറിചു. അയാൾ പ്രതീക്ഷിചതല്ല അവിടെകണ്ടതെന്നു അയാളുടെ സംഗീർണമായമുഖം വ്യക്തമാക്കി.

പുറത്തു ഒരൂക്കൻ ഇടിവെട്ടി. എഴുത്തുകാരന്റെ ഹൃദയത്തിലുമതൊരു പ്രകംബനമുണ്ടാക്കി. അയാളെഴുന്നേറ്റു കതകുതുറന്നു. പുറത്തു ആദ്യമഴക്കു കാത്തുനില്കുന്ന കൊച്ചിയിലെ ചെടികളും മണ്ണും മനുഷ്യനും, അപ്പുറത്തെങ്ങോ അറബിക്കടലും.!

ആദ്യം മാനം നനഞ്ഞു. പിന്നെ മണ്ണും. ഇടവപ്പാതി കൊയ്തെടുത്ത നെല്മണികൾ തുള്ളികളായി ചൊരിഞ്ഞിറങ്ങി.

ഹാ..നിങ്ങളിതു ശ്രദ്ധിചുവോ എഴുത്തുകാരനോടൊത്തുകൂടി എനിക്കുമിതാ നല്ലഭാഷ കൈവന്നിരിക്കുന്നു. എനിക്കിതാ ഉള്ളിൽ സന്തോഷം: ഞാൻ സാക്ഷി.

നനഞ്ഞ മണ്ണും ഫാക്റ്റിന്റെ പരിസരം നിറഞ്ഞുള്ള രസചണ്ടികളും ചേർന്നു അഴുകിയ ഒരു ഗന്ദം അവിടെയാകെ നിറിഞ്ഞു. ദുസ്സഹമായപ്പോൾ എഴുത്തുകാരൻ അകത്തുകയറി കതകടിച്ചു. വീണ്ടും കസേരയിലേക്കുതന്നെ വന്നിരുന്നു. മഴയിൽ നനയാത്ത, തോർത്താത്ത മുടിയിൽ ഈർപ്പമപ്പോഴും നിന്നു. അതിൽ 21 മുടിനാരുകൾ ഉയർന്നു നിന്നിരുന്നു: ഞാൻ സാക്ഷി.

അടയാളം വെചിരുന്ന ആ താളിലേക്കു എഴുത്തുകാരന്റെ ശ്രദ്ധ വീണ്ടും നീങ്ങി.

“....സുകുമാരന്റെ 3 ഫെയ്സ്ബുക്ക് പോസ്റ്റുകൾ കഴിഞ്ഞ ദിവസം തന്റെ ചുവരിൽ നിന്നു മാറ്റം ചെയ്യപ്പെട്ടു. ആശയങ്ങളെ അധികാരം കൊണ്ടു തടയിടുംബോൾ പ്രതിരോധത്തിന്റെ ചുവരുകൾ ഇനിയും ഉയരണം, അതിൽ നിശേധിക്കപ്പെടുന്നവനും അടിചമർത്തപ്പെട്ടവനും കൈതാങ്ങും, ജനാതിപത്യത്തെ രാഷ്ട്രസ്നേഹത്തിന്റെ പേരിൽ അട്ടിമറിക്കുന്ന സംഘങ്ങൾക്കെതിരെയുള്ള ഉറച്ച മറുപടികളുമായിമാറണം. അതിനു ഇലക്ട്രോണിക്ക് ജാലകങ്ങൾ വിട്ടു സമൂഹത്തിലേക്കു ഇറങ്ങിയേതീരൂ.. കൂടുതൽ ക്യാബസുകളിലേക്കും തെരുവിലേക്കുമതു വളർന്നുകഴിഞ്ഞു, തിരിചറിഞ്ഞുകഴിഞ്ഞു...

നാളെ ജയന്തിക്കു ടിക്കറ്റ് എടുത്തിരിക്കയാണു, ഹൈദ്രാബാദിലേക്കു. അവിടെ യൂണിവേഴ്സിറ്റിതലത്തിൽ ഇപ്പോൾ നമ്മുടെ സംഘടനക്കു വേരുകൾ ഉണ്ടു. ന്യൂനപക്ഷത്തിന്റെ വേർതിരിവും അടിചമർത്തലും തെക്കിനേക്കാൾ ഇന്ത്യയുടെ മുകളിലേക്കുള്ള പാതകളിലാണുഏറുന്നത്. ഒരു കീഴ്ജാതിക്കാരനുണ്ടാകുന്ന അവഗണന എന്തുമാത്രമാണെന്നു ജീവിതം കൊണ്ടെനിക്കു ബോദ്ധ്യപ്പെട്ടിട്ടുള്ളതാണു.

നഷ്ട്ടപ്പെട്ടതൊക്കെ വീണ്ടും സീമകളില്ലാതെ തന്നുനിറച്ച പ്രിയപ്പെട്ടവളെക്കൂടിയൊന്നും അറിയിക്കുന്നില്ല... ഒരു യാത്രികന്റെ മടങ്ങിവരവു തീർത്തും അനിശ്ചിതത്വം മാത്രമാണു.

ഈ 233 നബർ മുറി എനിക്കൊരിക്കലും മറക്കാനാകില്ല. ഞാനിവിടെ ജീവിച്ചിരുന്നു എന്നതിനു തെളിവായി എന്തെൻകിലും ശേഷിപ്പിക്കണമല്ലോ.! എന്റെ ഡയറിക്കുറിപ്പുകൾ ഇവിടെ ഉപേക്ഷിക്കുന്നു. ഇനിയൊരിക്കലും പ്രകാശിതമാകാൻ ഇടയില്ലാത്ത കവിതകളും ചിന്തകളും കൂടെക്കൂട്ടുന്നു. എഴുത്തുകാരനാകാൻ കൊതിച്ച എനിക്കിനിയെന്തെന്നു തീർച്ചയില്ല. എവിടെയായാലും ജീവിക്കണം, സ്വന്തം അസ്ഥിത്വവും ചിന്തയും പണയം വെക്കാതെ. അതിനെതിരെ ഉയരുന്ന ആക്രോഷങ്ങല്ക്കെതിരെ പോരാടിക്കൊണ്ടു. എന്നെങ്ങിലും ഞാൻ...”

ഇല്ലാ...ആ താളിനപ്പുറം പിന്നെ ഒന്നും ശേഷിചിരുന്നില്ല... എഴുത്തുകാരൻ നിശബ്ദനായി കസേരയിലേക്കു ചാഞ്ഞിരുന്നു. “ഞാൻ...” ചുണ്ടുകൾ ആ ശബ്ദം അവ്യക്തമായി ഉച്ചരിക്കുന്നതായി തോന്നി. അയാളെന്തോപറയാൻ തുടങ്ങുകയായിരുന്നു...

‌ “ടക് ടക്..” പുറത്തു കതകിലാരോ ശക്തിയായിമുട്ടുന്ന ശബ്ദം. എഴുത്തുകാരനൊപ്പം ഞാനും ഞെട്ടിത്തരിചു പോയി. ഡയറി കൈയിൽനിന്നു താഴേക്കൂർന്നുവീണു. വീണ്ടുമാ ശബ്ദം കേട്ടു. പുറത്തു വീണ്ടും ശക്തമായൊരു ഇടിവെട്ടി. മഴയിൽ കുതിർന്നാ ശബ്ദം വിക്കുന്നതായി തോന്നി... ഞാൻ സാക്ഷി.!

സമർപ്പണം: ചിന്തയും ഭാവനയുമുള്ള സർഗാത്മഹൃദയങ്ങളായ നിങ്ങൾക്ക്. പിന്നിട്ട കാലത്തിന്റെ ഒർമയെന്നപോൽ ഞാനെന്ന ഭൂതം നിങ്ങളോടൊപ്പമെന്നുമുണ്ടു; തൊട്ടുമുൻപു വായിചു നിർത്തിയ നിമിശത്തിന്റെ അവകാശിയായി. വായന ചിന്തക്കു വഴിമാറി നിങ്ങളുടെയുള്ളിൽ വിരിയുന്ന ഭാവനയാൽ കഥപൂർത്തിയാകുംബോഴാണു എഴുത്തുകാരന്റെ ജോലി പൂർണ്ണമാകുന്നതു. അങ്ങന്നെ നിങ്ങളിൽതന്നെയാ എഴുത്തുകാരൻ പുനർജ്ജനിക്കുന്നു,അതേ നിങ്ങൾതന്നെയാണു എന്റെ യഥാർത്ഥ യജമാനൻ, എഴുത്തുകാരൻ.

നമ്മുടെയീ കഥയുടെ രഹസ്യവും ഞാനാരോടും പറയുകയില്ല. വാക്ക്. ഞാൻ നിത്യ സാക്ഷി.

Srishti-2022   >>  Short Story - Malayalam   >>  കാവില്ലാത്ത ഭഗവതി....

Hridya KT

UST Kochi

കാവില്ലാത്ത ഭഗവതി....

ചുറ്റിലും ദൈവികമായ ചുവപ്പ് നിറം..... മുല്ലപ്പൂ പല്ലുകൾ കാട്ടി ഭഗവതി ചിരിക്കുന്നു... ആ ശോഭയിൽ നാട് മുഴുവൻഐശ്വര്യത്താൽ നിറയുന്നു...,

ഉത്സവം കഴിഞ്ഞു... കൊടിയിറങ്ങി.... കച്ചവടക്കാർ പൂരപ്പറമ്പോഴിഞ്ഞു....

കുട്ടികൾ വീണ്ടും അമ്പലപ്പറമ്പിൽ കളി തുടങ്ങി... അമ്പലകുളത്തിൽ കളി പന്ത് എറിഞ്ഞു നീന്തി കളിച്ചു... തലേന്ന് കഴിഞ്ഞ പൂരത്തെ അഭിനയിച്ചു തകർക്കലായിരുന്നു കുട്ടികളുടെ ഇഷ്ട വിനോദം... ഇനിയും എരിഞ്ഞടങ്ങിയിട്ടില്ലാത്ത കനൽ വാരിയും, ചാരത്തിലൂടെ ഓടി കളിച്ചും അവർ ഉല്ലസിച്ചു.. ഇതെല്ലാം കാണാൻ ഭഗവതിക്കും ഇമ്പമായിരുന്നു.... അമ്പലകുളത്തിൽ കുളികഴിഞ്ഞെത്തുന്ന സുന്ദരിമാർക്കിടയിലൂടെ ഭഗവതിയും പൂ ചൂടി നടന്നു.... എല്ലാം ശുഭം.... എങ്ങും നന്മ... പൂർണത....

ആ നാടിന്റെയും തറവാടിന്റെയും ഐശ്വര്യം ഭഗവതിയുടെ മുഖപ്രസാദം എന്ന കാര്യത്തിൽ തർക്കമില്ല...

വർഷങ്ങൾ കടന്നു പോയി.. റോഡ് വീതി കൂട്ടലിന്റെ ഭാഗമായി അമ്പല പരിസരം അളന്നെടുത്തു.... ഭഗവതി പെരുവഴിയിലായി... മുല്ലപ്പൂ നൈർമ്മല്യമുള്ള ഭഗവതി കരിയിൽ പുരണ്ടു.... ശോഭ മങ്ങി... ആരും ദേവിയെ തിരിച്ചറിഞ്ഞില്ല.. കുട്ടികൾ കല്ലെറിഞ്ഞു....

പാവം ഭഗവതി... ദീപാരാധനയും, വഴിപാടുകളുമായി കഴിഞ്ഞ ഭഗവതി തെരുവിൽ അലഞ്ഞു നടന്നു...

ഒടുവിൽ ഭഗവതിക്ക് ക്ഷമ കെട്ടു... കോപത്താൽ ജ്വലിച്ചു... നാട്ടിൽ മാറാ വ്യാധികൾ വിതറി... തറവാട്ടിലെ ഇളം തലമുറയ്ക്ക് ശാപമേറ്റ് തുടങ്ങി.... ചിലർക്കു ഭഗവതിയുടെ കോപ ജ്വാലയിൽ മനോനില തെറ്റി തുടങ്ങി... എന്നിട്ടും ഭഗവതിക്ക് കലിയടങ്ങിയില്ല..

ദുശകുനങ്ങൾ കണ്ടു തറവാട്ടു കാരണവർ പ്രശ്നം വെച്ചു... അപ്പോഴതാ ശ്രീകോവിലിൽ ഇരിക്കേണ്ട ഭഗവതി രോഷാകുലയായി അങ്ങിങ്ങു അലഞ്ഞു നടക്കുന്നു... തറവാട് വേരോടെ നിലമ്പതിക്കുമെന്ന് മനസ്സിലായ കാരണവർ എല്ലാരേയും വിളിച്ചു കൂട്ടി.... "ഒരു ശ്രീകോവിൽ പണിയേണം. ഭഗവതിയെ സർവലങ്കാര വിഭൂഷിതയായി പൂജ ചെയ്യേണം.. തെറ്റുകൾക്ക് മാപ്പപേക്ഷിക്കേണം..."

എല്ലാവരും സമ്മതിച്ചു... സ്ഥലമന്വേഷണം തുടങ്ങി.... പറ്റിയ സ്ഥലം കിട്ടുന്നില്ല.. ഓരോന്നിനും ഓരോ മുടക്കം.. എല്ലാവരും തിരച്ചിൽ നിർത്തി.....

ഭഗവതിക്ക് ഇതെല്ലാം കണ്ടു കണ്ണിൽ തീ കത്തി....

ഇവരെയാണോ താനിത്രെയും സ്നേഹിച്ചത്... ഇവർക്കു വേണ്ടിയാണോ മണ്ണിലവതരിച്ചത്... നാട്ടിൽ മാറാവ്യാധികൾ കൂടി കൂടി വന്നു....

ഒടുവിൽ എല്ലാവരും ചേർന്നു തത്കാലം ഒരു പ്രശ്നം കണ്ടു.... ക്ഷേത്രത്തിനു സ്ഥലം ലഭിക്കുന്നത് വരെ തറവാട്ടിൽ എല്ലാ ദിവസവും നാമജപം വെക്കണം... പൂജയും കഴിക്കാം.... ഭഗവതി തത്കാലം അടങ്ങി....

എല്ലാ ദിവസവും പൂജയും നാമജപവും തുടങ്ങി... പക്ഷേ ഓരോ ആസ്വാരസ്യങ്ങൾ കാരണം എന്നും വീട്ടുകാർ തമ്മിൽ വഴക്ക്... പൂവിനും, പൂജാ ദ്രവ്യത്തിനും... എന്തിനു ഉണ്ടാക്കുന്ന പ്രസാദത്തിന്റെ പേരിൽ വരെ അടി... എല്ലാവരുടെയും ശ്രദ്ധ ഭക്തിയിലല്ലായിരുന്നു ... ആർക്ക് ക്ഷേത്ര പരിപാലത്തിന്റെ മേൽനോട്ടം എന്നതിലായി... ഭഗവതി നിസ്സഹായയായി....

ഇതിലൊന്നും പെടാത്ത ഒരു പാവമായിരുന്നു സുമതി... അവൾ എന്നും തറവാട് മുഴുവൻ അടിച്ചു വാരി വൃത്തിയാക്കും.... പൂജാ ദ്രവ്യങ്ങൾ ഒരുക്കും... ആളുകളുടെ പ്രഹസനങ്ങൾ ശ്രദ്ധിക്കാതെ ഭക്തിയോടെ നാമം ജപിക്കും... മറ്റുള്ളവരുടെ വമ്പിച്ച കനമുള്ള നോട്ടുകൾക്കിടയിലും സുമതിയുടെ ഒരു രൂപ തുട്ട് തിളങ്ങാറുണ്ടായിരുന്നു... ഭഗവതി അവളെ ശ്രദ്ധിച്ചു .

ഏഴു സഹോദരന്മാരുടെ ഒറ്റ പെങ്ങളായ സുമതി.... അച്ഛനും അമ്മയും താഴത്തും തലയിലും വെക്കാതെ വളർത്തിയവൾ.... ഗ്രാമീണതയുടെ വസന്തത്തിൽ ജനിച്ചു വളർന്ന അവൾ ഒറ്റപെട്ട നഗരത്തിൽ സ്വാർത്ഥതയുടെ നടുവിൽ ജീവിച്ചു പോവുകയാണ്... ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ, ഒരു പ്രഹസനത്തിലും പെടാതെ ഒരിത്തിരി നന്മയും മുറുകെ പിടിച്ച്...

സുമതിയായിരുന്നു പ്രായമായ തറവാട്ടമ്മയെ നോക്കുന്നത്... മക്കളെല്ലാവരും ഉപേക്ഷിച്ചു പോയ തൊണ്ണൂറ് കഴിഞ്ഞ ആ വൃദ്ധയെ സുമതി പരിചരിക്കുന്നത് കണ്ണിൽ ആർദ്രത യോടെ യാണ് ഭഗവതി നോക്കി കണ്ടത്..... സ്വന്തം അമ്മയെ തിരിഞ്ഞു നോക്കാത്ത തറവാട്ടുകാർ തനിക്ക് ക്ഷേത്രം പണിയാത്തതിലും, പൂജ കഴിക്കാത്തതിലും ഭഗവതിക്ക് ഒരു അത്ഭുതവും തോന്നിയില്ല....

ഭഗവതിക്ക് അവളൊരു ആശ്വാസമായിരുന്നു.... ഭഗവതി അവളോട് പറഞ്ഞു.. "സുമതി... നമ്മൾ തുല്യ ദുഃഖിദരാണ്... പ്രഹസനങ്ങളിൽ നമ്മുടെ നിഷ്കളങ്കത പോലും തെറ്റിദ്ധരിക്കപ്പെട്ടേക്കാം... നീ ഭക്തിയോടെ സമർപ്പിക്കുന്ന ഒരു നുള്ള് പ്രസാദം മതി എനിക്ക്.. ആ ഒരു തിരി വെളിച്ചം മതി എനിക്ക്.. ഈ ബഹളത്തിലും ഞാൻ കേൾക്കുന്നത് നിന്റെയുള്ളിലെ പ്രാർത്ഥനയാണ്..

സുമതി മന്ദഹസിച്ചു... അവർ പരസ്പരം ഒരിക്കലും ഒറ്റപ്പെടുത്തിയില്ല... ഏറെ കാലം സന്തോഷത്തോടെ തറവാട്ടിൽ കഴിഞ്ഞു....

മനുഷ്യന്റെ സ്വാർത്ഥതയിലും, ആത്മാർത്ഥതയില്ലായ്മയിലും പെട്ടു ഈശ്വരന്മാർ പോലും നിസ്സഹായരാവരുണ്ടാവാം.. മനുഷ്യന് ഊഹിക്കാവുന്നതിലും വലിയ പരിതാപകരമായ അവസ്ഥ അവർക്കുമുണ്ടാവാം... ഒരു കുഞ്ഞു ഹൃദയത്തിലെ ഇത്തിരി നന്മയും തേടി അമൂർത്തമായി അവർ നമുക്ക് ചുറ്റുമുണ്ടാവാം...!!!!

 

Image removed.

8You, Rajeev Krishnan, Rahul Chandran and 5 others

Srishti-2022   >>  Short Story - Malayalam   >>  മഴ

SREEJITH K S

Fakeeh Technologies

മഴ

ഇന്നും ആ കുഞ്ഞു മനസ്സ് വേദനിച്ചിട്ടുണ്ടാകും. പക്ഷെ എന്ത് ചെയ്യാനാണ്. തനിക്കു കിട്ടുന്ന തുച്ചമായ വരുമാനം, അത് മാത്രമാണിന്നു തന്റെയും മകന്റെയും ആശ്വാസം.
ചില കാര്യങ്ങളിൽ കുഞ്ഞിനോട് പോലും ദേഷ്യപ്പെടുന്നു.
എല്ലാ കുഞ്ഞുങ്ങളും നല്ല ഉടുപ്പും നിറമുള്ള കുടകളും മറ്റുമായി സ്കൂളിൽ വരുമ്പോൾ അവന്റെ മനസ്സു അങ്ങനെ ഒന്ന് ആഗ്രഹിച്ചത് അവന്റെ തെറ്റല്ല. എന്നാലും താൻ പറയുന്ന പരാധീനതകൾ അവന്റെ കുഞ്ഞു മനസ്സ് ഉള്‍ക്കൊള്ളാൻ തയ്യാറാകുന്നു. എന്നും മഴയത്ത് തന്റെ കൂടെ സ്കൂളിലേക്ക് പോകുമ്പോൾ അവൻ പറയും,

"അമ്മെ അടുത്ത മഴക്കാലത്ത്‌ നമുക്ക് നല്ല നിറമുള്ള ഒരു കുട വാങ്ങണം "

ഉറപ്പായും അമ്മ വാങ്ങി തരാം" , നടക്കില്ലെന്നു അറിയാഞ്ഞിട്ടല്ല,
പക്ഷെ ഈ പ്രായത്തിൽ മുതിർന്നവർ പറയുന്ന ഇത്തരം ചില വാക്കുകളാണല്ലോ കുഞ്ഞുങ്ങൾക്കാശ്വാസം.
ഇവിടെ തന്റെ മകന് ധൈര്യം തന്റെ ഈ വാക്കുകൾ മാത്രമാണ്.
കിട്ടുന്ന ശമ്പളത്തിൽ നിന്നും മിച്ചം വച്ച് ഒരു കുട വാങ്ങണമെന്ന് കരുതിയിട്ടു ഇതുവരെ നടന്നില്ല.
ഇന്ന് സ്കൂളിൽ നിന്നും വന്നപ്പോൾ മുതൽ ഈ ചിന്തയിലാണ് ദേവു.
അവന്റെ അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് നാല് വര്ഷം കഴിഞ്ഞു.
തന്നെയും മോനെയും പോന്നു പോലെ നോക്കണം എന്ന ചിന്ത മാത്രമായിരുന്നു എപ്പോഴും. അതിനു വേണ്ടി എത്ര കഷ്ടപ്പെടാനും ഒരുക്കവുമായിരുന്നു അദ്ദേഹം. പക്ഷെ വിധി ഞങ്ങൾക്കായി കാത്തു വച്ചത് മറ്റൊന്നായിരുന്നു. താൻ അച്ഛനാകുന്നു എന്നറിഞ്ഞപ്പോൾ തുടങ്ങി കുഞ്ഞിനു വേണ്ട ഒരുക്കങ്ങൾ. ഒരു പക്ഷെ ആരൊക്കെയോ അത് കണ്ടു, കണ്ണ് വെച്ചതാകാം . ഞങ്ങളുടെ കുഞ്ഞിനു അവന്റെ അച്ഛന്റെ സ്നേഹം അനുഭവിച്ചു കൊതി തീരും മുന്‍പേ....

"എന്താ ഇന്നും പതിവ് ആലോച്ചനയാണോ ചേച്ചി?" പെട്ടന്നാണ് ബോധം വന്നത്.
ചോദിച്ചത് മാളു ആയിരുന്നു.
സ്കൂളിൽ നിന്ന് വന്നിട്ട് അതുപോലെ വരാന്തയിൽ നില്‍ക്കുകയായിരുന്നു.
മഴയത്ത് നിന്നും കയറി വന്നിട്ട്, നിന്നിരുന്നിടമെല്ലാം നനഞ്ഞു..

"ഇനി ഇത് കൂടെ ഒന്ന് തുടച്ചു കളയാതെ......... അല്ലാ മഴയും പോയോ.....എന്നും അതെ എന്റെ കുഞ്ഞിന്റെ മനസ്സ് വേദനിപ്പിക്കാ൯ ഈ നശിച്ച മഴ കൃത്യമായി പെയ്യും."

"മതി മതി ചേച്ചി ഇറങ്ങാൻ നോക്ക്." മാളുവും ഞാനും ഒന്നിച്ചാണെന്നും ഓഫീസിലേക്ക് പോകുന്നത്.
അടുത്ത വീട്ടിലെയാണെങ്കിലും സ്വന്തം അനിയത്തിയെപ്പോലെയായിരുന്നു അവൾ.

ജീവിതം വരുന്ന വഴിയെ പോട്ടെ. എങ്ങനെയും നമ്മൾ അതിനെ നേരിടണം.തളരരുത്. എവിടെയും. ആരുടെയും മുന്നില്‍ തോല്‍ക്കരുത്‌. ഇതൊക്കെയാണ് മാളുവിന്റെ പ്രമാണങ്ങൾ. അതുകൊണ്ട് എന്ത് പറഞ്ഞാലും തിരിച്ചൊന്നും ദേവു പറയില്ല. അനുസരിക്കും.
മാളുവിന്റെ ശകാരത്തിനു മറുത്തൊന്നും പറയാതെ അകത്തേക്ക് പോയപ്പോൾ അറിയാതെ മോനെ ഓര്‍ത്തു.
പെട്ടന്ന് ബാഗും എടുത്തു പുറത്തു വന്നു. വീട് പൂട്ടി, താക്കോൽ പതിവ് പോലെ ബാഗിൽ വച്ചു.

നടന്നു ഞങ്ങൾ കവലയിലേക്കു എത്തി , ഇന്ദിര ഗാന്ധിയുടെ ഒന്നാം ഓര്മ ചരമ വാർഷികം ആയതു കൊണ്ട് അവിടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തുന്നു .

"ഇന്ന് ആ ബസ്‌ കിട്ടുമോ ആവോ, ഈ ചേച്ചിയാ എന്നും എന്റെ സമയം കൂടി കളയുന്നത്.
ഇനി മുതൽ ആലോചിക്കാനുള്ളത് രാത്രി തന്നെ തീർത്തു വച്ചേക്കണം. ഇല്ലെങ്കിൽ ഞാൻ നേരത്തെ അങ്ങ് പോകും. കാത്തു നില്ക്കാൻ ഞാനുണ്ടാകില്ല."

ഇവൾക്കിതെന്നും എന്നോട് പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ലേ....മനസ്സിൽ പറഞ്ഞു.
ഉറക്കെ പറഞ്ഞാൽ അവളെന്നെ നോക്കി ഭാസ്മമാക്കും.
എന്തും പറയുമെങ്കിലും, എന്നെ കൂട്ടാതെ ഇത് വരെ അവൾ പോയിട്ടില്ല.
അമ്മ മരിച്ചതിൽപ്പിന്നെ അച്ചനാണവൾക്കെല്ലാം. വയ്യാത്തത് കൊണ്ട് അച്ഛൻ പുറത്തു ജോലിക്കൊന്നും പോകുന്നില്ല. അത്യാവശ്യം വീട്ടു ജോലികൾ ചെയ്തു കൊടുക്കും. അവർ അടുത്തുള്ളതാണ് തന്റെയും ഏറ്റവും വലിയ ആശ്വാസം.

ബസ്സ്‌ കണ്ടാലെ മാളുവിനു സമാധാനമാകൂ.
ബസ്‌ സ്റ്റോപ്പില്‍ ഉള്ള കടയിലെ ചേട്ടനോട് എന്നും ചോദിക്കണം,
ചേട്ടാ ഞങ്ങളുടെ ബസ്‌ പോയോ?".
നിനക്കെന്നും ആ ചേട്ടനോട് മിണ്ടാനല്ലേ ഈ ചോദ്യം എന്ന് പറഞ്ഞു ഞാൻ കളിയാക്കും.

സമയത്ത് തന്നെ ഞങ്ങളെത്തി. ഒരേ സ്റ്റോപ്പിലാണ് രണ്ടു പേരും ഇറങ്ങുന്നത്.
മാളു മറ്റൊരു ഓഫീസിലാണ്. "ചേച്ചി ഇന്ന് ഉച്ചക്ക് വരണേ, കാണാം." പറഞ്ഞിട്ട് മാളു പോയി.

ഒരു ചെറിയ ഓഫീസ് ആയിരുന്നു ദേവുവിന്റെത്. വിരലിലെണ്ണാവുന്ന സഹപ്രവര്‍ത്തകർ മാത്രം. എങ്ങനെയും ഒന്ന് വൈകുന്നേരമായാൽ മതി എന്ന് വിചാരിച്ചാണ് എന്നും തന്റെ ജോലി. ഈ ഓഫീസിലെ അന്തരീക്ഷം അത്ര പിടിക്കുന്നില്ല.എന്നാലും വരാതെ നിവൃത്തിയില്ലല്ലോ.
ഓരോന്ന് ആലോചിച്ചിരുന്നു ജോലി ചെയ്യുമ്പോൾ പെട്ടെന്ന് ആകാശത്ത് കാർമേഘം ഉരുണ്ടു കൂടി.

"ഇന്നും നല്ല മഴയ്ക്ക് സാധ്യതയുണ്ട്."പ്യൂൺ പറഞ്ഞു."അതെ".

പെട്ടന്നാണ് മാനജേരുടെ മുറിയിൽ നിന്നും ബെൽ അടിച്ചത്.

"എവിടെയെങ്കിലും ഇരിക്കുന്നത് കണ്ടാൽ ഉടനെ അങ്ങേരു തുടങ്ങിക്കോളും". പറഞ്ഞത് മുഴുമിപ്പിക്കാതെ പ്യൂണ്‍ പോയി.
ഒരു പാവം മനുഷ്യനാണ്. സകുടുംബം സുഖമായി കഴിയുന്നു. വയസു അൻപത്തിയഞ്ചു ആയിക്കാണും.
ഇതുവരെ മോശമായി ഒരു നോട്ടം പോലും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഓഫീസിൽ ആകെ സംസാരിക്കുന്നത് അദ്ദേഹത്തോടാണ്‌. അത് പോലും മോശം കണ്ണ് കൊണ്ട് കാണുന്ന മറ്റു രണ്ടു സ്ത്രീ സഹപ്രവര്‍ത്തകരോട് ദേവു അധികം ഇടപെടാറില്ല. തന്റെ ജോലി തീർത്തു സമയത്ത് തന്നെ ഇറങ്ങും. അതാണ് പതിവ്.

നല്ല സന്തോഷത്തോടെയാണ് പ്യൂൺ തിരിച്ചു വന്നത്.

"ദേവു, ശമ്പളം വാങ്ങിക്കാനാണ് വിളിച്ചത്, ചെല്ലാൻ പറഞ്ഞിട്ടുണ്ട് "

മാനജേരുടെ റൂമിൽ ചെന്ന് ശമ്പളവും വാങ്ങി സീറ്റിൽ വന്നിരുന്നു.
എന്നിയപ്പോ ശെരിക്കും സങ്കടം വന്നു. മോന് വയ്യത്തപ്പോ എടുത്ത ലീവും കഴിച്ചു കുറച്ചു മാത്രമാണ് കൈയിൽ കിട്ടിയത്.

മോനൊരു കുട……….. അത് ഈ മാസവും നടക്കില്ല. മോന്റെ ഫീസും പലചരക്കും എല്ലാം ഇതില്‍ ഒതുക്കണം.
അപ്പോൾ പുറത്തു മഴ തകർത്തു പെയ്യുകയായിരുന്നു.....

"ഈ നശിച്ച മഴ വീണ്ടും വന്നോ!" അറിയാതെ പറഞ്ഞു പോയി.
മോനെപ്പറ്റി ഓർത്താൽ അപ്പൊ കണ്ണ് നിറയും.എല്ലാം ശെരിയാകും.

സമയം എത്ര പെട്ടന്നാണ് പോയത്.

ശമ്പളം കിട്ടിയാൽ ഉച്ചക്ക് ഇറങ്ങണമെന്ന് മാളു നേരത്തെ തന്നെ പറഞ്ഞിരുന്നു. മാനേജര്‍ സമ്മതിക്കുകയും ചെയ്തു.
ഊണ് കഴിച്ച ഉടനെ ഇറങ്ങി. അപ്പോഴേക്കും മഴയും മാറിയിരുന്നു. എന്തായാലും മഴ പോയി.
നനയാതെ പോകാമല്ലോ. എന്ന് മനസിലോര്‍ത്തു.
പെട്ടന്ന് ചെന്നില്ലെങ്കിൽ മാളു വഴക്ക് തുടങ്ങും. വേഗം എല്ലാം ഒതുക്കി ഇറങ്ങി.

ശമ്പളം കിട്ടിയാൽ എന്തെങ്കിലുമൊക്കെ വാങ്ങിക്കാനുണ്ടാവും അവള്‍ക്ക്.
പതിവുള്ള കടയിൽകയറി എല്ലാം വാങ്ങി.
ഒരു ഹോര്‍ലിക്ക്സ് വാങ്ങി , മോന് കൊടുക്കുന്ന വിശേഷപ്പെട്ട ഒരു കാര്യം അത് മാത്രമാണ്.

കടയിൽ നിന്നിറങ്ങുമ്പോൾ ആരോ മാളുവിനെ പുറകിൽ നിന്നും വിളിച്ചു. അവള്‍ക് ആളെ പെട്ടന്ന് മനസിലായില്ലെങ്കിലും പേരെടുത്തു വിളിച്ചപ്പോ ആരാണെന്നു ശ്രദ്ധിച്ചു . ആരോ കാറിൽ നിന്നിറങ്ങി. ഒരു പെണ്‍കുട്ടിയായിരുന്നു.
"നീയെന്താ ഇവിടെ? എത്രനാളായി കണ്ടിട്ട് "
മാളു അവളെ കണ്ടു വല്ലാതെ ആശ്ചര്യത്തോടെ ചോദിച്ചു.
“ഞാൻ നിന്നെ കാണാൻ വേണ്ടി വന്നതാണ്‌. ഒരു അത്യാവശ്യമുണ്ട്. വീട്ടിൽ പോയിരുന്നു. അച്ഛനാണ് പറഞ്ഞത് ഇവിടെ കാണുമെന്ന്."
“എന്താ കാര്യം?. നീയെന്താ വല്ലാതെ” നല്ല അടുപ്പമുള്ളത് പോലെയാണ് മാളു സംസാരിച്ചത്.
"എനിക്ക് നിന്റെ ഒരു സഹായം വേണം മാളു.ഇവിടെ നിന്നെയല്ലാതെ എനിക്ക് വേറെ ആരെയും അറിയില്ല.അതാ ഞാന്‍ നിന്റെ അടുത്തേക്ക് തന്നെ വന്നത്"
അവർക്കിടയിൽ പെടേണ്ട എന്ന് കരുതി ദേവു മാറി നിന്നു.
കോളേജിൽ പഠിക്കുമ്പോൾ മാളു എല്ലാവർക്കും പ്രിയങ്കരിയയിരുന്നു. വന്ന കുട്ടിയുടെ സംസാരത്തിൽ നിന്നും അവർ തമ്മിലുള്ള അടുപ്പം മനസ്സിലായി ദേവുവിന്.
അവർ എന്തോ കാര്യമായിട്ട് പറയുന്നുണ്ട്. ഇടയ്ക്കാ കുട്ടി കണ്ണ് തുടക്കുന്നുണ്ട്. കാര്യം അറിയാൻ ഒരു തിരക്കു തോന്നി ദേവുവിന്.
"ചേച്ചീ" മാളു വിളിച്ചു.
"എന്താ മാളു"
"ഇതെന്റെ കൂട്ടുകാരി ലേഖ. കോളേജില്‍ ഒരുമിച്ചുണ്ടായിരുന്നതാ. ഇപ്പൊ ബാംഗ്ലൂർ വര്‍ക്ക്‌ ചെയ്യുന്നു. വീട് ഇവിടെ അടുത്താ."
"എന്താ മാളു പ്രശ്നം?
എന്തോ വല്ലാതിരിക്കുന്നല്ലോ ഈ കുട്ടി?"
"അതെ ചേച്ചി. ഇവള്‍ക്കൊരു ആവശ്യം വന്നു. സഹായിക്കാ൯ ആരുമില്ല. ചേച്ചി അച്ഛനോട്‍ പറഞ്ഞാൽ മതി. ഞാൻ ഇവളുടെ കൂടെ ഹോസ്പിറ്റൽ വരെ ഒന്ന് പോകട്ടെ."
"എന്തായാലും എന്നോട് കൂടെ പറയു മാളു." ദേവു ചോദിച്ചു.
"ചേച്ചി ഇവളുടെ സഹോദരൻ ഹോസ്പിറ്റലിൽ ആണ്. ഇവര്‍ ബാംഗ്ലൂര്‍ നിന്നും വന്ന വണ്ടി ആക്‌സിഡന്റിൽ പെട്ടു. നല്ല പരിക്ക് ഉണ്ടായി ആരും കാണാത്ത കിടന്നു കൂറേ അധികം രക്തം പോയി .പെട്ടന്ന് തന്നെ ബ്ലഡ്‌ വേണമെന്ന് ഡോക്ടർ പറഞ്ഞു. ബ്ലഡ്‌ ബാങ്കിൽ നിന്നും സെയിം ഗ്രൂപ്പ്‌ കിട്ടിയില്ല. ഇനി ആരെങ്കിലും തരാൻ തയ്യാറായാലെ കാര്യം നടക്കു. അമ്മയും ഇവളും മാത്രമേ ഒള്ളു. അമ്മയാണെങ്കില്‍ അകെ മോശമായ അവസ്ഥയിലാണ്. പറയാൻ വേറെ ആരുമില്ല. ഞാനും കൂടെ പോയാലെ കാര്യം നടക്കു. അച്ഛനോട് ചേച്ചി പറഞ്ഞാൽ മതി."

അവർ കാറിൽ കയറാൻ തുടങ്ങി. അപ്പോഴാണ് ദേവു ഓർത്തത്, ബ്ലഡ്‌ ഗ്രൂപ്പ്‌ ചോദിച്ചില്ല..
"മാളു..ഏതാ ബ്ലഡ്‌ ഗ്രൂപ്പ്‌?"
പെട്ടന്ന് മാളു തിരിഞ്ഞു നിന്നു.
ലേഖയാണ് മറുപടി പറഞ്ഞത്..

"AB നെഗറ്റീവ് ."

ദേവുവിന് വല്ലാത്ത സന്തോഷം തോന്നി.
"മാളു അവിടെ നില്ക്. ഞാനും വരുന്നു". ദേവു ഓടി കാറിൽ കയറി.
"ഇത് നേരത്തെ പറയണ്ടേ. എന്റെയും ഇതു തന്നെയാ."

ലേഖയുടെ മുഖം സന്തോഷം കൊണ്ട് വികസിക്കുന്നത് പോലെ തോന്നി.

അവർ നേരെ ഡോക്ടർ‍ടെ അടുത്തെത്തി. എല്ലാം വളരെ വേഗത്തിൽ തന്നെ നടന്നു.
സമയം ഏകദേശം 4 .30 കഴിഞ്ഞു. അപ്പോഴാണ് മോന്റെ കാര്യം ഓര്‍ത്തത്‌. സ്കൂള്‍ വിട്ടു കാണും. മോൻ‍ തന്നെ കാണാതെ പേടിക്കും. മാളുവിനോട് കാര്യം പറഞ്ഞു.
പോയിട്ട് നാളെ വരാമെന്ന് പറഞ്ഞു ഞങ്ങൾ ഇറങ്ങി.
എന്ത് പറയണമെന്നറിയാതെ നിന്ന ലേഖ ഓടി അടുത്ത് വന്നു. "ചേച്ചി എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്ത് തന്നാലും മതിയാവില്ല. എന്നാലും ഇതിരിക്കട്ടെ."

അവൾ ദേവുവിന്റെ കൈയിലേക്ക്‌ കുറച്ചു നോട്ടുകൾ വച്ച് കൊടുത്തു.

"ഞാൻ ഇത് ചെയ്തത് പകരം ഒന്നും പ്രതീക്ഷിച്ചല്ല. ഇത് കുട്ടി കൈയിൽ വച്ചോളു. ഇവിടെ ഇനിയും ആവശ്യം വരും."
"ഇല്ല. ഇത് ചേച്ചിക്കുള്ള പ്രതിഫലം അല്ല. എന്റെയും കുടുംബത്തിന്റെയും സന്തോഷത്തിന് ഇത് വാങ്ങണം.

"ചേച്ചി ഇതവളുടെ സന്തോഷമാണ്. വാങ്ങിയില്ലെങ്കിൽ അവൾക്കു വിഷമമാകും " ലേഖയുടെ കൂടെ മാളുവും പറഞ്ഞു.
"ശെരി, ഇതാ ഇത് ഞാൻ എടുക്കുന്നു. ഇത്ര മാത്രം. നൂറ് രൂപ. ഇത് മതി."
ബാക്കി പണം തിരികെ കൊടുത്തു. മാളുവിനെയും കൂട്ടി ഇറങ്ങി.

മനസ്സിൽ തെളിഞ്ഞ മുഖം, ആ മുഖത്തിന്‌ പതിവിലേറെ തിളക്കമുണ്ടായിരുന്നു.
അതെ തന്റെ മോ൯. ഇന്ന് അവനേറ്റവും സന്തോഷിക്കും. മാളുവിനെയും കൂട്ടി നേരെ ഒരു കടയിൽ കയറി. നല്ല നിറങ്ങളുള്ള ഒരു കുട വാങ്ങി.
ദേവുവിന് അടക്കാനാവാത്ത സന്തോഷം തോന്നി. "മാളു സമയം 4.45 കഴിഞ്ഞു.
നല്ല മഴക്കാറുണ്ട് നീ നടന്നോളു. ഞാൻ മോനെ വിളിച്ചിട്ട് വരാം"
“ശെരി ചേച്ചി”

മാളു വീട്ടിലേക്കു പോയി. ദേവു നേരെ സ്കൂളിലേക്ക് നടന്നു.
മഴയ്ക്ക് മുന്‍പേ സ്കൂളിൽ‍ എത്തണം. ഓടിയാണോ താന്‍ പോകുന്നതെന്ന് അവൾ‍ക്ക് തോന്നി. എത്രയും പെട്ടന്ന് മോനെ കാണണം. ചെല്ലുമ്പോൾ മോന്‍ മറ്റു കുട്ടികളുടെ കൂടെ കളിക്കുകയാണ്. ദേവുവിനെ കണ്ടതും അവന്‍ ബാഗ്‌ എടുത്തു ഓടി വന്നു.
"അമ്മയെന്താ വൈകിയത്. ഞാന്‍ കുറെ നേരമായി നോക്കി നില്‍ക്കുന്നു."
"അമ്മ ഒരു സ്ഥലം വരെ പോയി. മോനൊരു സാധനം വാങ്ങാന്‍‍.കാണണ്ടേ എന്താണെന്നു"

"ഉം എന്താ അമ്മെ?"

ദേവു പേപ്പർ ബാഗിൽ നിന്നും കുട എടുത്തു. അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നു.

"ഹായ് !!!!!!!! നല്ല കുട.ഇതെവിടുന്നാ അമ്മെ?"

"മോന് വേണ്ടി അമ്മ വാങ്ങിയതാ. ഇഷ്ടമായോ"

"ഇഷ്ടമായല്ലോ.അമ്മെ ഞാൻ ഇത് നിവർ‍ത്തി നോക്കട്ടെ?"

"നിവർത്തിക്കോ"

ആരോടും ഒന്നും ചോദിക്കാതെയും പറയാതെയും മഴ പെയ്യാ൯ തുടങ്ങി. മോ൯ കുട നിവർ‍ത്തി മഴയത്ത് കളിക്കുന്നു.

ഇന്നാദ്യമായി മഴ പെയ്തപ്പോള്‍ ദേവു മനസ്സില്‍ പറഞ്ഞു.

"പെയ്തു കൊള്ളൂ........................ഇനി പെയ്താൽ ഞാൻ നിന്നെ വഴക്ക് പറയില്ല. കാരണം ഇപ്പൊ എന്റെ മോനും നിന്നെ ഇഷ്ടമാണ്. ആരെക്കാളും ഞാനും നിന്നെ സ്നേഹിക്കുന്നു"....അവളുടെ കണ്ണിൽ നിന്നും വീണ കണ്ണുനീർ ആ മഴയിൽ അലിഞ്ഞില്ലാതായി....

"അയ്യോ അമ്മ കുടയെടുക്ക്. നനയുന്നു.എന്റെ കുടയില്‍ ഞാൻ അമ്മയെ കയറ്റില്ല."
ആ സന്തോഷത്തിൽ അതിലേറെ സന്തോഷിച്ച്‌ അവളും മോനോടൊപ്പം കുടയില്ലാതെ നടന്നു ... 

 

Srishti-2022   >>  Short Story - Malayalam   >>  മാരീച ചക്രവാളം

Sudeep R K

Tata Elxsi

മാരീച ചക്രവാളം

ചക്രവാളം. ചിലർക്ക് അത് വ്യക്തിപരമായ ഒരു അനുഭവമാണ്. അത് കടലിനക്കരെ ആവാം, മലകൾക്കപ്പുറത്താവാം. രൂപാന്തരണം സംഭവിച്ചും,  ചുരുങ്ങിയും വികസിച്ചും ചിലരുടെ ജീവിതം തന്നെ അതുമായി ബന്ധപ്പെട്ടിരിക്കുന്നു!!! തോണിക്കാരൻ വിജയേട്ടൻ എന്നും മദ്യത്തിൽ മുങ്ങിക്കുളിച്ചു മാത്രമേ ഓർക്കാൻ പറ്റുന്നുള്ളൂ. പീച്ചാളികൾ എന്ന് നമ്മൾ വിളിക്കുന്ന കുഞ്ഞു ഞണ്ടുകൾ ഓടിക്കളിക്കുന്ന തോട്ടുവക്കത്തുള്ള ജാഗ എന്ന് വിളിക്കുന്ന കൊച്ചു കൂരയിലാണത്രെ വിജയേട്ടൻ കുടുംബമായി താമസിച്ചിരുന്നത്. പാറപ്രം നാട്ടുകാർ ബസ് ക്ഷാമം കാരണം വിജയെട്ടൻ്റെയോ അല്ലെങ്കിൽ കോയിപ്പറമ്പ് എന്ന് വിളിക്കുന്ന കടത്തോ കടന്നാണ് യഥേഷ്ടം ബസുകൾ പിടിച്ചു അവരവരുടെ ജീവിതത്തിൻ്റെ സമയ നിഷ്ടകളോട് നീതി പുലർത്തിയത്. രാവിലെയും വൈകിട്ടും ആണ് വിജയെട്ടനു കോളു കിട്ടുന്നത് എന്നാണ് അച്ഛനും മറ്റു മുതിർന്നവരും വിജയെട്ടനോടുള്ള നർമ സംഭാഷണത്തിൽ പറയാറ്. എന്നാൽ നർമവും ചിരിയും ഒട്ടും ചോരാതെ മാഷേ ഒരു അമ്പത് രൂപ അല്ലെങ്കിൽ നൂറു രൂപ കടം നോട്ടെ എന്ന് പറയുമ്പോ എവിടെയോ ഒരു പിടച്ചിൽ, ഒരു ദൈന്യതയുടെ നോട്ടം ഓളം വെട്ടി. നർമം ഒട്ടും ചോരാതെ, നിനക്ക് പട്ട അടിച്ചു വല്ലെടത്തും വീണുരുളാനല്ലെ, എന്നിട്ട് നമ്മൾ തോണിയും നോക്കി ഒരു മണിക്കൂർ ഇവിടെ നിക്കണം എന്നൊക്കെയുള്ള കുറ്റപ്പെടുത്തലോടെ, പോക്കറ്റിൽ നിന്ന് രൂപ എടുത്തു കൊടുക്കുന്ന അച്ഛൻ്റെ രൂപം അൽഭുതത്തോടെയും അഭിമാനത്തോടെയും രോമാഞ്ചതോടെയും ഇന്നും ഓർക്കാൻ പറ്റും. 

 

പുഴയ്ക്കു അതിരിടുന്ന തെങ്ങുകൾ നിര നിരയായി പുഴയ്ക്കൊപ്പം വളഞ്ഞു പുളഞ്ഞു ഏതോ ചക്രവാളത്തിൽ ചെന്ന് അലിഞ്ഞു ചേരുന്നത് സായാഹ്ന സൂര്യൻ്റെ തളർന്ന വെയിൽ വകവെക്കാതെ വിജയെട്ടൻ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ എന്നെ പോലെ വിജയെട്ടൻ്റെയും ചക്രവാളം അങ്ങ് ദൂരെ യാണെന്ന് തോന്നി. ഒരു നെട് വീർപ്പു മൂപ്പരുടെ ശ്വാസകോശങ്ങളിലൂടെ പുറത്ത് വന്നു അലിഞ്ഞില്ലാതായത് മൂപ്പര് പോലും അറിഞ്ഞ ലക്ഷണമില്ല. തോണി ഇറങ്ങി, വീടെത്താൻ ആഞ്ഞാഞ്ഞു നടക്കുമ്പോൾ വിജയേട്ടൻ മാറി വൈകിട്ടത്തെ കളി, ചായ, കടി എന്നിവയിലേക്ക് ചിന്തകൾ വഴി മാറിയിരുന്നു. വിമതർ ചേർന്ന് ഫൈവ് സ്റ്റാർ ക്ലബ് വിഘടിപ്പിച്ച് ഗോൾഡൺ ക്ലബ്ബ് ഉണ്ടാക്കിയതും, അവരെ ഒരു മാച്ചചിന് പൊട്ടിച്ചതും അവരെ ചില്ലറയല്ല അലട്ടിയത്. കാണാതായ ബാറ്റ്, കള്ളന്മാർ എടുത്ത് കാണും എന്നു പറഞ്ഞതും, അവരുടെ ക്യാപ്ടൻ ആ ബാറ്റ് തപ്പി കണ്ട് പിടിച്ച് എടുത്ത് സ്ഥലം വിട്ടതും അവരുടെ പരാജയം മികച്ചതാക്കി മാറ്റി. വിമത നിരയിൽ പെട്ട ഞാൻ ഫൈവ് സ്റ്റാറിൻ്റെ ഒരു നോട്ട പുള്ളി ആയിട്ടുണ്ട്. ഇനി ഇപ്പൊ ഏതെങ്കിലും ഒരു ടീമിൻ്റെ കൂടെയെ നിക്കാൻ പറ്റൂ. 

 

എൻ്റെ ചക്രവാളം എന്നെ ആദ്യമായി മാടി വിളിച്ചത്  പണ്ടെങ്ങോ  അമ്മയുടെ കൈയും പിടിച്ചു നാട്ടിലെ അമ്പലത്തിലേക്ക് വരമ്പും വെള്ളക്കെട്ടും കടന്നു തോണി കേറി പോയി തിരിച്ചു വന്നപ്പോളാവണം. പുഴയും കടന്ന് പോവുമ്പോൾ  ചക്രവാളതിൻ്റെ അരികുപ റ്റിയുള്ള ഏതോ വിദൂര ക്ഷേത്രത്തിലേക്ക് പോവുന്നു എന്നാണ് സങ്കൽപിച്ചത്. അവിടെ എത്തിയിട്ടും ദൂരങ്ങൾ വ്യാപിച്ചു കിടക്കുന്ന വയല്പരപ്പും മരങ്ങളും കൂടെ ഇളം പച്ചയും കടും പച്ചയും കറുപ്പും കലർത്തി എൻ്റെ അന്നത്തെ ചാക്രവാള സീമകൾ മനോഹരമായി അലങ്കരിച്ചിരുന്നു. കൊക്കുകൾ കൂടണയാൻ പോവുന്നത് പോലും ഭാവിയിലെന്നോ ഞാനുമായി ബന്ധപ്പെട്ട് കിടക്കാൻ പോവുന്ന ഏതോ സ്ഥലത്തേക്കാണെന്നാണ് 

തോന്നിയത്. 

 

പിന്നീട് കൊഴിഞ്ഞു പോയ എത്രയോ സായാഹ്നങ്ങൾ, ചില അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും യാത്ര പറച്ചിൽ ഒക്കെ ഏതൊക്കെയോ ചക്രവാള സീമകളിലേക്കുള്ള ക്ഷണക്കത്ത് ഏൽപ്പിച്ചു പോയതായി സങ്കൽപ്പിച്ച് മനസ്സിനെ സ്വസ്ഥമാക്കി. എന്തു കൊണ്ട് വൈകുന്നേരങ്ങൾ തനിക്ക് പ്രധാനപ്പെട്ടതാണ് എന്ന തിരിച്ചറിവുകൾ ഒട്ടൊരു ഉന്മേഷം തന്നു. പക്ഷേ കോളേജ് വിദ്യാഭ്യാസകാലത്തും അതിനു ശേഷവും ഒട്ടു മിക്ക സൂര്യാസ്തമയം തനിക്ക് അന്യമായ എന്തൊക്കെയോ ആണ് കാണിച്ചു തന്നത്. അവിടെയൊന്നും ക്ഷണക്കത്ത് പോയിട്ട്  പ്രതീക്ഷയുടെ തിരിനാളങ്ങൾ പോലും കണ്ടെത്താൻ പാടു പെട്ടു, പലപ്പോഴും. ആർക്കും ആരെയും കാത്തു നിൽക്കാൻ യാതൊരു സാധ്യതയും ഇല്ലാത്ത ഒരു മാന്ത്രിക കുതിപ്പാണോ അതു?യാന്ത്രികതയോ കർത്തവ്യ ബോധമോ എന്തൊക്കെയോ കൂടെ അതിൻ്റെ ഇടയിലൊക്കെ ഉണ്ടായിരുന്നിരിക്കണം. തീക്ഷ്ണ യൗവനം കടന്നു വരേണ്ട സമയം സ്വച്ചത പ്രതീക്ഷിക്കാൻ പാടില്ലായിരിക്കാം. കലുഷിതമായ ചക്രവാളങ്ങൾ യുദ്ധക്കളത്തിലേക്കുള്ള പെരുമ്പറയാണോ അപ്പോൾ മുഴക്കിയത് എന്ന് തോന്നി. 

വിദേശ യാത്ര നടത്താനുള്ള സാധ്യത തെളിഞ്ഞപ്പോൾ തൻ്റെ ചക്രവാളമാണോ മാടി വിളിക്കുന്നതെന്ന് പലകുറി ചിന്തിച്ചുറപ്പിച്ചു. ആവാം എല്ലാ സാധ്യതയുമുണ്ട്. നമ്മുടെ പോളോ ആശാൻ പറഞ്ഞത് വെച്ച്, പ്രകൃതിയും മറ്റാരോക്കെയോ നമ്മക്ക് വേണ്ടി ഗൂഢാലോചന നടത്തി നമ്മളെ അങ്ങെത്തിക്കും എന്നാണല്ലോ. എന്നാ പിന്നെ പോവ്വന്നെ.

 

കിഴക്കിൻ്റെ വിളി, ഉദയ സൂര്യൻ്റെ നാട്. ചൈനയൊ ജപ്പാനോ ഞാൻ പോലും അറിയാതെ എൻ്റെയുള്ളിൽ,  ഏതൊക്കെയോ ഫോട്ടോകളുടെ രൂപത്തിലും സംഗീതത്തിൻ്റെ രൂപത്തിലും, എന്തൊക്കെയോ  അടയാളങ്ങൾ കോറിയിട്ടിരിക്കുന്നു. അത് വളരെ അൽഭുതത്തോടെയാണ് മനസ്സിലാക്കിയത്. കിഴക്കിലേക്ക് അടുക്കും തോറും ആ അടയാളങ്ങൾ എന്നിൽ കിടന്നു ചിലമ്പാൻ തുടങ്ങിയിരിക്കുന്നു എന്നത് കൗതുകത്തിന് മോടി കൂട്ടി. ഒരിക്കൽ കിഴങ്ങ് നന്നാക്കി കൊണ്ടിരുന്നപ്പോൾ അതെവിടുന്നാ ന്നു ചോദിച്ചപ്പോ അമ്മമ്മ പറഞ്ഞത് അങ്ങ് കിഴക്ക് കോളയാട് നിന്നാണെന്ന്. അന്നു കോളയാട് എൻ്റെ മനസ്സിൽ കുഞ്ഞു ചക്രവാളത്തിൻ്റെ കിഴക്കൻ അതിര് തീർത്തിരുന്നു. 

 

അധ്വാനത്തിൻ്റെ ദിനങ്ങൾ ഒരിക്കലും അവസാനിക്കാത്ത പോലെ തോന്നി. രാത്രി 12 മണിക്ക് ഓഫീസിൽ നിന്ന് ഇറങ്ങുന്നത് ഒരു ദിന ചര്യ പോലെയായി. ഇങ്ങനെ എല്ലു മുറിയെ ജോലി ചെയ്ത ജനത റിലാക്സ് ചെയ്യാൻ പുലരുവോളം ബീർ പാർലറിലോ ഗെയിമിംഗ് ഹൗസുകളിലോ ചിലവഴിക്കുമത്രേ. മൂന്നു വർഷം ഞാൻ ഇവിടെ നിന്നാൽ ശരിയാവില്ല എന്നതിൻ്റെ ആദ്യ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയ സ്ഥിതിക്ക് ഇനി കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം, ബീറോ പുലരുവോളം ഗെയിം കളിക്കുന്നതോ നമ്മക്ക് പറ്റിയ പരിപാടി അല്ല തന്നെ.

 

ചുറ്റും ഒന്ന് ശ്രദ്ധിച്ചത് അപ്പോളാണ്. ഏറ്റവും പുതിയ gadgetum ലാപ്ടോപ്പും ഇൻ്റർനെറ്റും കിട്ടിയാൽ 24 മണിക്കൂറും റൂമിൻ്റെ ഉള്ളിൽ ഇരിക്കാൻ താല്പര്യപ്പെടുന്നു ഒരുത്തൻ. ജപ്പാൻകാർ ആയ സുഹൃത്തുക്കളോടൊപ്പം ക്ലബ്ബുകളും വീടുകളും കയറിയിറങ്ങി പാർട്ടി നടത്തുന്ന വേരോരുത്തൻ, പ്രാർത്ഥന, കണക്ക് നോട്ടം, ഓസ്ട്രേലിയയിലുള്ള ഗേൾ ഫ്രണ്ട് മായി ചാറ്റിംഗ് ഒക്കെയായി വേറോരുതൻ, അവനെ ഞാൻ കുറ്റം പറയില്ല, കാരണം നന്നായി കുക്ക് ചെയ്തു വിളമ്പി തന്നതിൻ്റെ നന്ദി. എന്തൊക്കെയായാലും ലക്ഷണങ്ങൾ ശുഭകരമല്ലാണ്ടായിക്കൊണ്ടിരിക്കുന്നൂ. കാരണം വേറൊന്നുമല്ല, ക്ലച്ച് പിടിക്കുന്നില്ല, സ്റ്റേഷൻ കിട്ടുന്നില്ല എന്നൊക്കെ പറയില്ലേ, അതന്നെ.

 

എന്നാലും 12 മണിക്ക് വണ്ടിയുമായി വന്നു സ്നേഹത്തോടെ നമ്മളെയൊക്കെ വിളിച്ചു ഭക്ഷണം വാങ്ങിച്ചു തന്നു, തിരിച്ചു വീട്ടിൽ കൊണ്ട് വിട്ട നൊരികോ ചേച്ചി, അവരുടെ ഭർത്താവും നമ്മുടെ മാനേജരും ആയ പ്രഗീത് സാൻ, പിന്നെ അവിടെ എല്ലാ കറക്കങ്ങളും, പാചകം, ടൂറുകൾ ഒക്കെ സജീവമാക്കിയ ഒരു കൂട്ടം നല്ല സുഹൃത്തുക്കൾ ഒക്കെ ഒരിക്കലും മറക്കാനാവാത്ത സ്നേഹമുള്ള ഓർമകൾ. പ്രഗീത് സാൻ മുൻ കൈ എടുത്ത് എത്ര എത്ര ടൂറുകൾ പോയിരിക്കുന്നു. എന്നും എല്ലാരോടും സ്നേഹം മാത്രമുള്ള മനുഷ്യൻ.

 

ഇത്രയൊക്കെയാണെങ്കിലും, തിരിച്ചു പോരാൻ നിർബന്ധിച്ചത് എൻ്റെ ചക്രവാളങ്ങൾ തന്നെ. മാരീചൻ സ്വർണമാനായി വന്നു കൊതിപ്പിച്ചു പോയ പോലെ, എൻ്റെ ചക്രവാളങ്ങൾ നിറവും രൂപവും മാറി. നടക്കാൻ പോയപ്പോൾ കണ്ട് താഴ്വരകൾ, മലയിടുക്കുകൾ ഒക്കെ കിഴക്ക് ദേശത്തിൻ്റെ സ്വത്വം പകർന്നു തന്നെങ്കിലും, അവയിലൂടെ ഞാൻ തിരിച്ചറിഞ്ഞത് എൻ്റെ നാടാണ് എന്നും ഇന്നും എന്നെ കൊതിപ്പിച്ചു കൊണ്ടിരുന്നത് എന്ന ഒരു വൻ ട്വിസ്റ്റ് ആയിരുന്നു. പോയില്ലേ എല്ലാം. ഇനി എൻ്റെ യഥാർത്ഥ ചക്രവാളം മറ്റെങ്ങോ ആണോ? വീട്,  നാട്  നൊക്കെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ആകർഷണം തോന്നുന്നത് എന്താണാവോ?  എന്തായാലും ചുരുങ്ങിയ കാലം കൊണ്ട് നാട് പിടിക്കുക തന്നെ...

Srishti-2022   >>  Short Story - Malayalam   >>  മാരി സെൽവി ജിൻസൺ

മാരി സെൽവി ജിൻസൺ

തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി കൊതിക്കാത്ത ഒരു ഗ്രാമമായിരുന്നു എന്റേത്. അതുകൊണ്ട് ആ കോളേജ് അവധിക്കാലം പോണ്ടിച്ചേരിയിൽ  തന്നെ ആഘോഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞാൻ മുനീർ, വിനീഷ് ഒഴികെ ബാക്കി എല്ലാവരും നാട്ടിൽ പോയി. സമയം രാവിലെ 11 മണി. ഞാൻ ഉറക്കം എണീറ്റു.ഇന്ന് കോളേജിൽ പോകണ്ട. ഇന്നത്തെ ദിവസം എത്ര മനോഹരമായിരിക്കും എന്ന് ഓർത്ത് ഞാൻ പുളകിതനായി. ഉറക്കത്തിന്റെ അബോധാവസ്ഥയിൽ മുനീർ എഴുന്നേറ്റു ചമ്രം മടിഞ്ഞി‌രിക്കുന്നുണ്ട്. അവനെ കുലുക്കി കുറച്ച് ബോധം വരുത്തിച്ചു. അടുക്കളയിൽ പോയി ഒരു കട്ടനിട്ട്, വീടിന്റെ പുറത്ത് അലക്കുകല്ലിൽ അതും കുടിച്ച് കഥ പറഞ്ഞിരുന്നു. രാവിലെ തന്നെ തള്ള് പറഞ്ഞിരിക്കാൻ നല്ല രസമാണ്. കുറച്ച് കഴിഞ്ഞ് വിനീഷും കൂടെ കൂടി. അവൻ ആണെങ്കിൽ കട്ട ഫോം. ഒരു മയമില്ലാത്ത തള്ള്. പെട്ടെന്ന് ഞങ്ങളുടെ മുന്നിൽ ഒരു ഉപ്പൻ കുണുങ്ങി നടന്നു പോകുന്നു. ഭാരിച്ച ചന്തിഭാരം കാരണമാകാം, അതിനു പറക്കാൻ പറ്റുന്നില്ല. വിനീഷ് ചാടി ഒരു പച്ച ഇലയിൽ തൊട്ടു. "നല്ല ഫുഡ്‌ വേണേൽ വേഗം തൊട്ടോ" അവൻ ഞങ്ങൾക്ക് ഒരു മുൻകരുതൽ നൽകി. ഞാനും വിനീഷും വിശ്വാസം ഇല്ലെങ്കിലും അവനു മാത്രം നല്ല ഭക്ഷണം കിട്ടണ്ട എന്നോർത്ത് ഒരു പച്ച ഇലയിൽ ഞെക്കി.പെട്ടന്ന് ഗേറ്റിന്റെ അവിടെ നിന്നും "മച്ചാനെ......" എന്ന നീണ്ട ഒരു വിളി. ഇത്രയും പെട്ടെന്ന് ഫുഡും കൊണ്ടുവന്നതാരാ എന്നാ മട്ടിൽ വിനീഷ് നോക്കി നിൽക്കുന്നു. ഞാനും അങ്ങോട്ട് നോക്കി. ബാഗും തൂക്കി രണ്ടു പേർ. ഒരൊറ്റ ഫ്രയ്മിൽ ആ രണ്ട് പേരെയും ഒരുമിച്ച് കണ്ടത് എനിക്ക് വിശ്വസിക്കാനായില്ല.

ഒരാൾ എന്റെ ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി - മാരി സെൽവി ഫ്രം റെഡിയാർപ്പാളയം, പോണ്ടിച്ചേരി.മറ്റൊരാൾ സ്കൂളിൽ ഒരുമിച്ച് പഠിച്ച ജിൻസൺ ജോൺ ജേക്കബ് ഫ്രം കടവന്ത്ര, എറണാകുളം. ഞാൻ വിനീഷിനെ നോക്കി. വിനീഷ് മുനീറിനെ നോക്കി. മുനീർ എന്നെ നോക്കി.ഞങ്ങൾ മൂന്നു പേരും അവരെ നോക്കി. അവർ രണ്ട് പേരും ഞങ്ങളെ നോക്കി. സ്കൂൾ ബാഗും തൂക്കി സാരിയും ഉടുത്ത് നിൽക്കുന്ന മാരി സെൽവിയുടെ കൈകളെ മുറുകെ പിടിച്ചിരിക്കുന്ന 3/4 ട്രൗസറും ടി ഷർട്ടും ഇട്ടു നിൽക്കുന്ന ജിൻസൺ. ആകെമൊത്തം അലുവയും മത്തി കറിയ്ക്കും വെല്ലുവിളിയാകുന്ന ഒരു ജോഡി പൊരുത്തം. എന്റെ ഉള്ളിന്റെ ഉള്ളിൽ ആംബുലൻസിന്റെ സൈറെൻ "ഗ്യാവൂ ഗ്യാവൂ" എന്ന് ഉച്ചത്തിൽ മുഴങ്ങി. എന്തോ മാരകമായ ഐറ്റം, ജോഡിയായി കൈകോർത്ത് വരുന്ന പോലെ. വീണ്ടും ഒരു നീണ്ട "മച്ചാനെ" വിളിയോട് കൂടി അവൻ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു.പാണ്ടിപ്പടയിൽ ദിലീപിനെ ആദ്യം കാണുമ്പോൾ ഹരിശ്രീ അശോകൻ ഡ്രെസ്സൊക്കെ ഊരി കയ്യിൽ കൊടുത്ത് വിനീതമായി കൈ തൊഴുതു നിൽക്കുന്ന പോലെ എനിക്ക് തൊഴാൻ തോന്നി. ബോക്സർ മാത്രം ഇട്ടു നിന്ന എനിക്ക് മാരി സെൽവിയുടെ മുന്നിൽ ആ  സാഹസം കാണിക്കാനുള്ള ധൈര്യം കിട്ടിയില്ല. ഉദ്ദേശം മനസിലായില്ല എന്ന രീതിയിൽ ഞാൻ അവനെ നോക്കി. അമ്പട സണ്ണി കുട്ടാ"! എന്ന രീതിയിൽ അവൻ എന്നെയും നോക്കി. "അണ്ണാ അണ്ണാ" എന്നും പറഞ്ഞു മാരി സെൽവി എന്നോട് എന്തോ പറയാൻ വന്നു. അവൾ "അണ്ണാ അണ്ണാ" എന്ന് തന്നെ അല്ലെ വിളിച്ചത് എന്ന് ഞാൻ തലയിൽ റിവയിൻണ്ട് അടിച്ചു നോക്കി.

ഒരേ ക്ലാസ്സിൽ ആണെങ്കിലും ഇതുവരെ പുച്ചത്തോടെ അല്ലാതെ ഇവൾ എന്നെ നോക്കിയിട്ടില്ല.ഒരിക്കെ ക്ലാസ്സിലിരിക്കെ തലക്കുള്ളിൽ പെട്ടെന്ന് ഏതോ ഒരു പാട്ട് വന്നു. എന്റെ നിഷ്കളങ്കമായ മനസിന്‌ അതൊന്നു മൂളണം എന്ന് തോന്നി. വെറും ഒരു മൂളൽ.പതിയെ. ലോലമായി. ഇരു ചെവി അറിയാതെ. ഒഴുക്കിൽ വേറെ പല പാട്ടുകളും വന്നു പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു വശത്തു നിന്നും എന്നെകാളും വൃത്തികെട്ട മറ്റൊരു മൂളൽ. ഒരു പെൺ അശരീരി. കണ്ണാ!!!!!... ലഡ്ഡു തിണ്ണ ആസയ!!!!!. എന്റെ പാട്ടിനു ഡ്യുവറ്റ് അടിക്കാൻ ഒരാളോ?!.. ആരാത്?!.. ഞാൻ നോക്കി. ങേ!!.. മാരി സെൽവി ആണല്ലോ!.. വേണ്ടായിരുന്നു.. വേറെ ആരേലും മതിയായിരുന്നു. മാരി സെൽവിക്കു ചുറ്റും കുറച്ച് പെൺപിള്ളേരും ഉണ്ടല്ലോ!.. മാരി സെൽവി മൂളിയതല്ല. മോങ്ങിയതായിരുന്നു.. മാരി സെൽവി എന്തിനാ കരയണേ?. മാരി സെൽവിക് എന്റെ പാട്ടിന്റെ വൈബ് ആസ്വദിക്കാൻ പറ്റാത്തതിൽ എനിക്ക് സഹതാപം തോന്നി. "എന്നാച്ച് എന്നാച്" എന്ന് സുബ്ബു ലക്ഷ്മി, പൂവരസിയും അവളോട്‌ ചോദിക്കുന്നുണ്ട്. ഇല്ല!.. മാരി സെൽവിക്കു വിങ്ങുന്നതിനിടയിൽ സംസാരിക്കാൻ പറ്റുന്നില്ല. അവസാനം ടീച്ചർ വന്നു ചോദിച്ചു. മണി ഡെയിലി എന്നെ നോക്കി പാടാറുണ്ടെന്നും, എന്റെ വീട്ടിൽ അറിഞ്ഞാൽ എന്റെ അപ്പാ എന്നൈ കൊണ്ട്രു പോടുവാർ എന്നും, എന്നെ നിർബന്ധിക്കരുത്, മനസ്സിലാക്കൂ പ്ലീസ് എന്നും പറഞ്ഞ് അവൾ എന്നെ നോക്കി കൈ കൂപ്പി തൊഴുതു. ശേഷം എല്ലാ കണ്ണുകളും എന്റെ നേർക്ക്. നിനക്ക് വേറെ ആരെയും കിട്ടിയില്ലേ എന്ന രീതിക്ക് ജോസ് എന്നെ നോക്കി.എനിക്ക് ചിരി വന്നു. മാരി സെൽവിടെ കുറുമ്പ് ഇച്ചിരി കൂടുന്നുണ്ട്. ക്ലാസ്സിന്റെ ഇടയ്ക്ക് വെച്ചാണ്...!. കുറുമ്പത്തി!

ചിരിക്കുന്ന എന്നെ കണ്ട് "തിരുട്ടു മുണ്ടം, സ്റ്റാൻഡ് അപ്പ്‌" എന്ന് ടീച്ചർ അലറി. പണി പാളി, സീൻ കോമഡി അല്ലെന്ന് എനിക്ക് മനസിലായി. തല്ലിന്റെ മണമടിച്ച ജോസ് സ്വല്പം നീങ്ങിയിരുന്നു. "എരുമ്മ മാട്.. ഇൻഗ വാടാ" എന്നും പറഞ്ഞ് ടീച്ചർ എന്നെ സ്റ്റാഫ്‌ റൂമിലോട്ട് കൊണ്ട് പോയി. എനിക്ക് അറിയാവുന്ന തമിഴിൽ ഞാൻ മൂളിയ പാട്ടിന്റെ ടോൺ മാരി സെൽവി തെറ്റിധരിച്ചതിന്റെ പ്രശ്നം ആണെന്ന് പറഞ്ഞ് നോക്കി. ഇല്ല. ആരും കേൾക്കുന്നില്ല. നാല് ദിശയിലേക്കും ആന്റി ക്ലോക്ക് ദിശയിൽ പമ്പരം കണക്കിന് കറങ്ങി, കൈ മലർത്തി, "ഞാൻ ഒണ്ണും പണ്ണലൈ...ഞാൻ ഒണ്ണും പണ്ണലൈ" എന്ന് പറഞ്ഞ് നോക്കി. ഇല്ല ആരും വിശ്വസിക്കുന്നില്ല. അവർക്ക് വഴക്ക് പറഞ്ഞ് ബോർ അടിച്ചപ്പോൾ എന്നോട് പൊയ്ക്കോളാൻ പറഞ്ഞു. അപമാനിതനായി, വിശണ്ണാനായി.. അതിലുപരി വേറെ എന്തൊക്കെയോ ആയി ഞാൻ തിരിച്ച് ക്ലാസ്സിൽ കയറി. തളർന്നു നിൽക്കുന്ന എന്നെ നോക്കി വീണ്ടും കൈകൂപ്പി "എന്നെ വിടൂ, പ്ലീസ്‌"  എന്ന് നോക്കി നിൽക്കുന്ന മാരി സെൽവിയെണു ഞാൻ അവസാനമായി കണ്ടത്. പിന്നെ അവൾ ഉള്ള എക്സാം ഹാളിൽ കയറി ചെല്ലാൻ വരെ എനിക്ക് ഒരു പേടിയായിരുന്നു.ശേഷം കേൾക്കുന്നത് ഈ "അണ്ണാ അണ്ണാ" എന്നുള്ള ഈ വിളിയാണ്.

മാരി സെൽവിയും ജിൻസണും ഇൻസ്റ്റാഗ്രാം വഴി കടുത്ത പ്രണയത്തിൽ ആയെന്നും അവൾ ആരും അറിയാണ്ട് കുറിപ്പ് എഴുതി വീട് വിട്ടു ഇറങ്ങിയെന്നും. അവളെ കല്യാണം കഴിക്കാനാണ് അവൻ പോണ്ടിച്ചേരിയിൽ വന്നതെന്നും, നിങ്ങളുടെ മാനസിക ശാരീരിക സാമ്പത്തിക കട്ട സപ്പോർട്ട് വേണമെന്നും അവർ പറഞ്ഞു. മാരി സെൽവിയെ എന്റെ റൂമിൽ എല്ലാവർക്കും അറിയാം. സൗന്ദര്യം ഉള്ള വിശ്വസിക്കാൻ പറ്റാത്ത ഒരു സാധനം. ജിൻസനേയും ചെറിയ രീതിക്ക് അറിയാം. ചാടി കയറി എന്തോ പറയാൻ പോയ വിനീഷിന്റെ വാ ഞാൻ പൊത്തി, പിടിച്ചു മാറ്റി നിർത്തി. അവന്റെ നെഞ്ച് തടവികൊണ്ട് ഞാൻ പറഞ്ഞു "ആവേശം വേണ്ടാ.. ആവേശം വേണ്ടാ... നിനക്ക് അറിഞ്ഞൂടാ ആ ജിൻസണെ!.. ബ്രേക്കിങ് ബാഡ് കണ്ട് എന്തോ ഉണ്ടാകാൻ നോക്കി കെമിസ്ട്രി ലാബിന് തീ ഇട്ടവനാണ്.!. ഇവനെ കോഴിന്ന് വിളിച്ചാൽ അത് കോഴിക്കാണ് നാണക്കേട്.. ഇവന്റെ പേര് കേട്ടിട്ടുണ്ട് എന്ന് പറഞ്ഞാൽ തന്നെ നാട്ടിൽ ആരും വീട്ടിൽ കേറ്റില്ല!... നോ.!. നെവർ!.. ഇല്ല!.. പറ്റില്ലാ!.. അങ്ങനെ എന്തേലും ഒക്കെ പറഞ്ഞ് രണ്ടിനെയും പറഞ്ഞ് വിടടാ!.. ഞാൻ മാത്രം പറഞ്ഞാൽ ആ അലവലാതി പോവില്ല…”

“പ്രണയത്തിന്റെ നൊമ്പരം, ഒത്തു ചേരാൻ പറ്റാത്തതിന്റെ മനോവിഷമം... താജ്മഹൽ.. മുംതാസ്.. ഇതൊക്കെ നിനക്കെന്തേലും അറിയോട!!!! " എന്നും പറഞ്ഞ് എന്നെ വെറും പുച്ചത്തോടെ നോക്കി. ഹു!! ഈ വികാരജീവിയെ ഞാൻ  എങ്ങനേ പറഞ്ഞു മനസിലാക്കും എന്ന് ഓർത്ത് ഞാൻ ടെൻഷനടിച്ചു. അവിടെ മുനീറിനോട് ജിൻസൺ കൈയും കാലും കൊണ്ടൊക്കെ ആക്ഷൻ കാണിച്ചു എന്തൊക്കെയോ തള്ളി മറിക്കുന്നുണ്ട്. ജിൻസണും മാരി സെൽവിയും എല്ലാവരെയും നാക്കിട്ടടിച്ചു വീഴ്ത്തി. അവരുടെ വിശുദ്ധ പ്രണയത്തിനു തുണയെക്കാൻ എന്റെ റൂംമേറ്റ്സ് വെമ്പൽ കൊള്ളുന്ന പോലെ എനിക്ക് തോന്നി. ഞാൻ കണ്ണൊക്കെ ഇറുക്കി വേണ്ടാ വേണ്ടാ എന്ന് പല തവണ പറഞ്ഞ് നോക്കി. ഇല്ല!,കാര്യങ്ങൾ കൈ വിട്ടുപോയിരിക്കുന്നു. മുനീർ ജിൻസനോട് പ്ലാൻ എന്താണെന്ന് ചോദിച്ചു. ജിൻസൺ മുഖം കുറച്ചൂടെ സീരിയസ് ആക്കി,  "ആദ്യം കല്യാണം, ഫസ്റ്റ് നൈറ്റ്‌, ഇവിടെ ഒരു വീട്, ജോബ്, പിന്നെ മാരി സെൽവിടെ അച്ഛൻ അമ്മയുടെ പിണക്കം.. അത് ഒരു കുഞ്ഞി കാലു കാണിച്ചു കൊടുത്താൽ മാറികോളും.".. അവൻ പറഞ്ഞ്  നിർത്തി. ഞാൻ എല്ലാവരെയും തിരിഞ്ഞും മറിഞ്ഞും നോക്കി. അവർക്ക് എല്ലാവർക്കും പ്ലാൻ ഇഷ്ടപെട്ട മട്ടാണ്. എനിക്ക് അത് കണ്ട് ദേഷ്യം വന്നു. "എടാ മാങ്ങാണ്ടി ജിൻസാ!.. നിനക്ക് ഇവള്ടെ അച്ഛനെ പറ്റി അറിയതോണ്ടാണ്!.. കുഞ്ഞി കാലിണ്ടക്കാൻ  നീ ചെല്ല്!..നിന്നെ കുന്തത്തിൽ കുത്തി തന്തൂരിയടിച്ച് ടച്ചിങ്‌സ് ആയിട്ട് തിന്നും!... എടാ അയാള് ഇവിടെത്തെ വല്യ കവുണ്ടറോ കോണാണ്ടാറോ ഒക്കെയാണ്..നീ തിരിച്ച് നാട്ടിൽ പോക്കേ ജിൻസാ!..നിനക്ക് ഈ വ്യാളി പരിപാടിയൊക്കെ നിർത്തിക്കൂടെ!"..ജിൻസൺ ഒരു സെക്കന്റ്‌ മൗനത്തിനു ശേഷം വളരെ പക്വതയോടെ എന്റെ തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു. "ഈ ഒളിച്ചോട്ടം എന്ന സമ്പ്രദായത്തിൽ രണ്ട് ഇടി ഇണ്ടാകും!.. കുറച്ച് ചോര ഒഴുകുന്നതൊക്കെ സർവ സാധാരണം.. കൊറച് തീയും പുകയും... കൊറച്ച് ആളുകളുടെ അമറലും ചീറ്റലുമൊക്കെയുണ്ടാക്കും!... അതൊക്കെ സ്വാഭാവികമെല്ലെടാ മണിയെ! ". അവസാനമായി ഈ ജിൻസൺ എന്നവനെ കണ്ടത് ഏതോ ഒരു മണിചെയിൻ ജോബിന് ചേരുന്നുണ്ടോ എന്നും ചോദിച്ചു വന്നപ്പോളാണ്. പിള്ളേരെ പറ്റിച്ച പൈസയും കൊണ്ട് ‘ലേ ലാഡക്ക്’ പോയവനെ കാണണത് ഇപ്പോഴാ. എനിക്ക് ഉള്ള ചോര തന്നെ എന്റെ ശരീരത്തിൽ ഇല്ല!. ഇനി ഞാൻ ഇവനു വേണ്ടി.. അതും ഈ മാരി സെൽവിക്കും കൂടെ വേണ്ടി, ഞാൻ അത് ഒഴുക്കി കളയണം പോലും!. ഞാൻ എല്ലാവരെയും പറഞ്ഞ് മനസിലാക്കിപ്പിക്കാൻ നോക്കി. ആരും വിട്ടുമാറുന്ന പ്രശ്നമില്ല. എല്ലാവരും ഒളിച്ചോട്ടത്തിൽ പങ്ക് ചേരാനുള്ള ആവേശത്തിലാണ്.അങ്ങനെ മനസില്ലാ മനസോടെ ഞാനും കൂടെ കൂടി. ആദ്യം അടുത്തുള്ള അമ്പലത്തിൽ പോയി താലി കേട്ടാമെന്ന് മാരി സെൽവി പറഞ്ഞു. ഫുഡ്‌ കഴിച്ചിട്ട് ആകാമെന്ന് ജിൻസൺ. ജിൻസൺ പറഞ്ഞ ആ പോയിന്റ്.. അതെനിക് ഇഷ്ടപ്പെട്ടു. ആദ്യം കല്യാണ സദ്യ, പിന്നെ താലിക്കെട്ട്. കൊള്ളാം!.

റിച്ച് ലുക്ക്‌ തോന്നിക്കുന്ന ഒരു വല്യ റെസ്റ്റെറന്റിൽ ജിൻസൺ ഞങ്ങളെ നിർബന്ധിച്ച് കയറ്റി. ഓർഡർ എടുക്കാൻ വന്ന തമിഴ് അണ്ണനോട് ജിൻസൺ ചിക്കൻ പൊട്ടി തെറിച്ചത് ഉണ്ടോന്ന് ചോദിച്ചു. എനിക്ക് അവന്റെ അണ്ണാക്കിലോട്ട് കുറച്ച് സോസ് ഒഴിച്ച് മിണ്ടാണ്ടിരിക്കാൻ പറയാൻ തോന്നി. മുനീർ മുൻകൈയെടുത്ത് പറക്കുന്നതും നടക്കുന്നതും നീന്തുന്നതുമായാ എല്ലാം ഓർഡർ ചെയ്തു. പിന്നെ ഒരു യുദ്ധമായിരുന്നു. ചിക്കനെ ഒക്കെ വലിച്ചു കീറി. പ്ലേറ്റിൽ എല്ലു വീഴുന്ന "ട്യൂൺഗ് ട്യൂൺഗ്" ശബ്ദം ഇടയ്ക്കിടെ കേട്ടു. മട്ടണിന്റെ എല്ലിൽ വിനീഷ് വിസിലൂതി. മയോണിസ് ഒക്കെ സേമിയ പായസം കുടിക്കണ പോലെ കിണ്ണത്തോടെ എടുത്ത് മാരി സെൽവി മോന്തി. പെട്ടെന്ന് ജിൻസൺ വളരെ മൃദുലമായി പൊരിച്ച മീനിന്റെ വാലിന്റെ അറ്റത്ത് പിടിച്ച് എയറിൽ നിർത്തി ഒരു സൂത്രം കാണിച്ചു തരട്ടെ എന്ന് ചോദിച്ചു. എന്തേലും വ്യാളി പരിപാടിയിരിക്കും. ഞാൻ എന്തായിരിക്കും അതെന്ന് നോക്കിയിരുന്നു. മാരി സെൽവി "കമോൺ കമോൺ" എന്ന രീതിയ്ക്കു തലയാട്ടി. ഇടയ്ക്കൽ ഗുഹ പോലെത്തെ അവന്റെ വാ തുറന്നു. മീൻ മുഴുവനായി അകത്തു കടത്തി. വായടച്ചു. തിരിച്ചു പതിയെ എടുത്തു. മുള്ളു മാത്രമായി പുറത്തേക്ക് വന്നു. മാരി സെൽവിക്ക് ആണെങ്കിൽ ആ സൂത്രം കണ്ടിട്ട് കൈയടിക്കാതെ ഇരിക്കാൻ പറ്റണില്ല!. ആ സൂത്രം കണ്ട് വിനീഷിന് ഏകദേശം ജിൻസണെ പറ്റി കത്തി തുടങ്ങി. ജെസിബി മണ്ണ് മാന്താണ പോലെ ജിൻസൺ ബിരിയാണിയിൽ ഒരു പിടി പിടിച്ചു. എല്ലാവരും വയറു നിറയേ ആർമാദിച്ച് ഫുഡ്‌ കഴിച്ചു. ഞാൻ നക്കി വടിച്ച് എടുത്ത എന്റെ പ്ലേറ്റിൽ നോക്കിയാൽ ആധാർ കാർഡിലെ ഫോട്ടോ പോലെ എന്നെ കാണാം. ഷവർമ പോലെത്തെ ഒരു റോളായി ബില്ല് വന്നു. 4500 രൂപ. കാർഡ് ആണോ ക്യാഷ് ആണോന്ന് അയാൾ ജിൻസനോട് ചോദിച്ചു. അവൻ ഓരോരുത്തരുടെയും നേർക്ക് കൈ ചൂണ്ടി വളരെ വേഗത്തിൽ പിറുപിറുത്തുകൊണ്ട്  "ഒരമ്മ കടയിൽ പോയി.. ഒരു ഡസൻ വള വാങ്ങി..." എന്ന് പാടാൻ തുടങ്ങി. സൂത്രശാലിയായ ജിൻസന്റെ ഒരു സൂത്രമാണിതെന്ന് മാത്രം എനിക്ക് മനസിലായി.വിരൽ അവസാനം മുനീറിന്റെ നേർക്കു നിന്നു. കോളടിച്ചല്ലോ കുട്ടാ!! എന്ന രീതിക്ക് ജിൻസൺ അവനെ നോക്കി. അവനോടു ഇടത്തെ കൈ നീട്ടാൻ പറഞ്ഞു. അവൻ നീട്ടി. ഒരൊറ്റ അടി കൈ വെള്ളയിൽ അടിച്ചിട്ട് ചോദ്യം പാസ്സ് എന്നും പറഞ്ഞു, അവന്റ കവിളത്ത് നുള്ളി!. മുനീർ തിടുക്കത്തിൽ കൈ തുടച്ച്കൊണ്ട് "ഇല്ല.. വേണ്ടാ... വേണ്ടാ... എനിക്ക് പാസ്സ് വേണ്ടാ" എന്ന് പറഞ്ഞു. മുനീർ ഞങ്ങളെ നോക്കി. ആരുടേയും കയ്യിൽ പൈസയില്ല. തിന്ന കോഴിയൊക്കെ വിയർത്തൊലിച്ചു പോകുന്ന പോലെ തോന്നി. ഹോട്ടലിന്റെ ഇരിപ്പ് വശം കണ്ടിട്ട് മാവാട്ടാനും ദോശ ചുടാനുമൊക്കെ പുതിയ ഒരാളുടെ ആവശ്യം ഉണ്ടന്ന് തോന്നുന്നില്ല. എന്റെ കയ്യിൽ പൈസയുണ്ട്. കോളേജിലെ ട്രിപ്പിനു ക്ലാസ്സിലെ തമിഴ്, മണിപ്പൂർ, മലയാളി, ബംഗാളി, ഹിന്ദികാര് എന്നിങ്ങനെ എല്ലാവരുടെയും അടുത്ത് നിന്ന് മേടിച്ച പൈസ. അതിൽ ഞാൻ ഇപ്പോൾ തൊട്ടാൽ, ഇന്ത്യയുടെ നാനാ സംസ്ഥാനങ്ങളിൽ വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരുടെ അടുത്ത് നിന്നും ഒരുമിച്ച് ഇടിക്കാനുള്ള സുവർന്നാവസരത്തിനു കുഴി തോണ്ടുന്ന പോലെയാകും. മാരി സെൽവിക്കു ഇതിനെ പറ്റി അറിയാം. കള്ളി. കാട്ടു കള്ളി. കാട്ടു കോഴിക്ക് ചേർന്ന കള്ള കള്ളി. ആ പൈസ കൊടുക്കെന്നും, മാരി സെൽവിടെ കയ്യിലുള്ള ഗോൾഡ് പോകുന്ന വഴിയ്ക്കു പണയം വെച്ച് തിരികെ തരാമെന്നും ജിൻസൺ അവന്റെ നെഞ്ചത്തടിച്ചു പറഞ്ഞു. പിന്നെ!!! രണ്ട് പേന ഉണ്ടോന്ന് ചോദിച്ചാ അച്ഛനേം അമ്മേനേം വിളിച്ചോണ്ട് വരണ ടീമാണ് ഈ മാരി സെൽവി. ഇവള് സ്വർണം പണയം വെച്ച് ചിക്കന്റെയും മീനിന്റെയും പൈസ തരാൻ പോണു. ജിൻസൺ നെഞ്ചത്തടിച്ചു അത്ര ഉറപ്പിച്ച് പറഞ്ഞതുകൊണ്ട് മാത്രം എനിക്ക് ഒട്ടും വിശ്വാസമായില്ല. വേറെ വഴിയില്ലാത്തോണ്ട് ഞാൻ ആ പൈസ വീശി. ശ്യൂ...

എല്ലാവരും പുറത്തിറങ്ങി. ഒരു ആകാംഷയുടെ പുറത്ത് അവരുടെ കയ്യിൽ എത്ര രൂപയുണ്ടെന്ന് ഞാൻ ചോദിച്ചു. രണ്ടുപേരുടെയും കയ്യിൽ ആകെ 800 രൂപ!. കപ്പലണ്ടി മുട്ടായി മേടിക്കാനുള്ള പൈസക്ക് ഒളിച്ചോടി കുഞ്ഞിക്കാലുണ്ടാകാൻ ഇറങ്ങിയേക്കുന്ന നല്ല ബെസ്റ്റ് കപ്പിൾസ്... സഭാഷ്!!..ഞാൻ വിനീഷിനോട് പറഞ്ഞു."ഇപ്പോഴും വൈകിയിട്ടില്ല.. ഇവനെ നാട്ടിലേക്കും... ഇവളെ വീട്ടിലേക്കും നമ്മക്ക് പിരിച്ചുവിടാം".അവൻ ഒരടി പോലും പിന്നോട്ടില്ല എന്ന് തറപ്പിച്ചു പറഞ്ഞു. രണ്ടടി കിട്ടുമ്പോ തനിയെ പിന്നിലേക്കു ഒരടി വെച്ചോളും എന്നെനിക്ക് ഉറപ്പായിരുന്നു.

ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന മുഹൂർത്തമാണ് കല്യാണം. അതുകൊണ്ട് എല്ലാവർക്കും പുതിയ ഡ്രസ്സ്‌ എടുക്കണം എന്നും പറഞ്ഞു ജിൻസൺ ഞങ്ങളെ ഒരു കടയിൽ കയറ്റി. കാഞ്ചിവരം സാരിയില്ലാതെ താലി കെട്ടാൻ കഴുത്ത് നീട്ടില്ലെന്ന്  മാരി സെൽവി വാശിപിടിച്ചു. ഉച്ചയ്ക്ക് കാഞ്ചിവരം കിട്ടില്ല.. അതുകൊണ്ട് കല്യാണം നിർത്തി എല്ലാവർക്കും വീട്ടിലേക്ക് പിരിഞ്ഞു പോകാമെന്ന് ഞാൻ പറഞ്ഞു നോക്കി. വ്യത്യസ്തമായി ഒന്നും സംഭവിച്ചില്ല. അതും ഏറ്റില്ല. ഞങ്ങൾ റൂമിലെ എല്ലാവർക്കും വെള്ള ഷർട്ട്, മണവാട്ടിക്ക് ചുവപ്പ് സാരി, മണവാളന്  ചുവപ്പ് ഷർട്ട്‌.എന്റെ കാർഡ് വീണ്ടും ഉരസി. അതിങ്ങനെ ഉരസുമ്പോളൊക്കെ നെഞ്ചിൽ ഒരു എക്സ്ട്രാ "ടുപ്പ് ടുപ്പ്" ശബ്ദം കേൾക്കുന്നത് പോലെ തോന്നി. രാംരാജ് പരസ്യത്തിലെ പോലെ ഞങ്ങളെല്ലാവരും ഒരുമിച്ച് പുറത്തേക്ക് നടന്നു വന്നു. ഒരു യൂബർ വിളിച്ച് നേരെ അമ്പലത്തിലോട്ട് വിട്ടു. സേവ് ദി ഡേറ്റ് ഇല്ലാത്ത ഒരു കല്യാണം എന്നുള്ള സങ്കടം ജിൻസൻ ഇടയ്ക്കിടെ പറഞ്ഞു. മഞ്ഞളും മഞ്ഞ ചരടും മേടിച്ച്, അത് താലിയായി കേട്ടമെന്ന് മാരി സെൽവി. ഞാൻ അവളെ ശരിക്കും ഒന്ന് നോക്കി. ഇവളുടെ ആദ്യത്തെ ഒളിച്ചോട്ടം തന്നെ ആണോ?. ക്ലാസ്സിൽ ട്രിപ്പിന്റെ കാര്യം ചർച്ച ചെയ്തപ്പോൾ, സന്ധ്യ കഴിഞ്ഞു വീട്ടീന്ന് ഇറങ്ങിയാൽ "അപ്പ തിട്ടും!!.. സാമി കണ്ണ കുത്തും!" എന്നൊക്കെ ഡയലോഗ് അടിച്ചവളാ!. ഇപ്പോൾ പുട്ട് കുറ്റിന്ന് പുട്ട് വരുന്ന പോലെയാ കാഞ്ജീവരം, മഞ്ഞൾ, ചരട് ന്നൊക്കെ ഓരോന്നും വരുന്നത്. ഞാൻ പിന്നെ ജിൻസണെ നോക്കി. നല്ല അടിപൊളി ജോഡി. പത്ത് പേർക്ക് പണി കൊടുത്തണേലും ജീവിച്ചു പൊയ്ക്കോളും. വണ്ടി ഒരു കടയ്ക്കു മുന്നേ നിർത്തി.എല്ലാം ഞാൻ മേടിച്ചോളാം എന്നും പറഞ്ഞു  ഞാൻ മാത്രം ഇറങ്ങി. എല്ലാവരും കൂടെ ഇറങ്ങിയാൽ എന്റെ കാർഡ് താങ്ങില്ല. ഞാൻ ബാലൻസ് ചെക്ക് ചെയ്തു. ട്രിപ്പിനു പോകുമ്പോൾ എല്ലാവർക്കും ഒരു മൊട്ട പപ്പ്സ് മേടിച്ചു കൊടുക്കാനുള്ള പൈസ ബാക്കിയുണ്ട്. എന്റെ ധന ലക്ഷ്മി!!!!... എന്നെ കാത്തോളണേ!!... കടയിൽ നിന്നും രണ്ട് പൂമാലയും, മഞ്ഞളും, ചരടും മേടിച്ചു. പെട്ടെന്ന് എന്നെ തട്ടി മാറ്റി ഒരു ആറടി ഭീകരൻ കടകരോനോട് ഒരു ഫോട്ടോ കാണിച്ച് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. അയാൾ പേടിച്ചുകൊണ്ട് ഇല്ല എന്ന് തലയാട്ടി. അയാൾ എന്റെ നേർക്കു തിരിച്ചു തിരിഞ്ഞു. ഫോട്ടോ കാണിച്ചു. മാരി സെൽവിയുടെ ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോ. അയാളുടെ പിൻവശത്ത് യൂബറിന്റെ ഉള്ളിൽ മാരി സെൽവി ജിൻസന്റെ മാരകമായ എന്തോ ഒരു ചളി കേട്ട് ആഞ്ഞു ചിരിക്കുവാണ്. ഫോട്ടോയിലെ മാരി... യൂബറിലെ മാരി... രണ്ട് മാരിയിലേക്കും എന്റെ കൃഷ്ണമണി മാറി മാറി നോക്കി.അയാളെ കണ്ടാൽ ഇപ്പോൾ എന്നെ പീഡിപ്പിക്കും എന്ന മട്ടാണ്. പേടിച്ചിട്ട് ഉമിനീര് ഇറക്കാൻ പറ്റണില്ല. എന്റെ കൽമുട്ടുകൾ കുട്ടിയിടിച്ചു. കയ്യിലുള്ള മഞ്ഞൾ അയാളുടെ കണ്ണിൽ തേച്ചിട്ട് ഓടിയാലോ എന്ന് തോന്നി. ഞാൻ ഇല്ലന്ന് തലയാട്ടി. എന്തോ വശപ്പിശ ക് ഉള്ളതുപോലെ അയാൾ എന്റെ കയ്യിലുള്ള മാല നോക്കി. "അപ്പൂപ്പൻ സെത്ത് പോയി!!.. അവരുക്കു പോടാതുക്ക്" എന്നും പറഞ്ഞു ഞാൻ ഒരു കരച്ചിൽ കരഞ്ഞു. ഭീകരൻ ചുമ്മാ ഫ്ലാറ്റ്!.. എന്റെ തോളിൽ തട്ടി ആശ്വാസിപ്പിച്ചു പുള്ളി നടന്നകന്നു!. പെട്ടെന്നു ഒരു ശബ്ദം. "മണി... സീക്രമം വാ!!.. അപ്പ ആള് പാത്ത സീൻ.... സീൻ ആയിടും". കടക്കാരൻ, ഭീകരൻ തിരിഞ്ഞു നോക്കി. കാറിൽ ഇരുന്നു എന്നെ "വാങ്കോ വാങ്കോ" എന്ന് മാടി വിളിക്കുന്ന മാരി സെൽവി. ഭീകരൻ എന്നെ നോക്കി. ഞങ്ങളുടെ രണ്ട് പേരുടെയും തലക്കുള്ളിൽ "അപ്പൂപ്പൻ സെത്ത് പോയി" എന്നുള്ള ഡയലോഗും "ങ്ങീ.. ങ്ങീ" എന്നുള്ള എന്റെ മോങ്ങലും മുഴങ്ങി കേട്ടു. അയാൾ എന്റെ കോളേറിൽ പിടിച്ചു തൂക്കി. യൂബറുക്കാർനോട് "വണ്ടി വിട് അണ്ണാ!!!!!" എന്ന് ജിൻസൺ അലറുന്നത് ഞാൻ കേട്ടു. എന്നെ വിട്ടിട്ട് പോകാനുള്ള പ്ലാൻ. എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല. ജിൻസന്റെ ഓരോരോ കുഞ്ഞി കുഞ്ഞി സൂത്രങ്ങളെ!.പക്ഷേ ഇത്തവണ ഏറ്റില്ല. ഭീകരന്റെ ഭീമന്മാർ വണ്ടി അങ്ങ് വളഞ്ഞു. ഞങ്ങളെ മൊത്തത്തിൽ അങ്ങ് പൊക്കി!.

ഏതോ ഒരു വീട്ടിൽ ഭീകരനും ഭീമന്മാരും ഞങ്ങളും നിന്നു. ചീറി പാഞ്ഞു  വന്ന് ശടാന്ന് ബ്രേക്കിട്ട് രണ്ട് സ്കോർപിയോ നിന്നു. പൊടിക്കാറ്റിൽ മുങ്ങി നിന്ന സ്കോർപിയോയിൽ നിന്ന് കാവി മുണ്ടുടുത്ത ഒരാൾ ഇറങ്ങി വന്നു. മാരി സെൽവിയുടെ ചുണ്ടുകൾ "അപ്പാ" എന്ന് പിറുപിറുത്തു. നടന്നു വരുംതോറും അയാളുടെ പിന്നിൽ ഭീമന്മാരുടെ എണ്ണം കൂടി. വിസിൽ അടിക്കാൻ മുട്ടി നിൽക്കുന്ന കുക്കറിന്റെ പോലെത്തെ അയാളുടെ മുഖത്തു നിന്നും രണ്ട് തെറി ഇപ്പോൾ പായും എന്ന് ഞാൻ പ്രതീക്ഷിച്ചു. ശോ! ബസ് കയറി പോണ്ടിച്ചേരിയിൽ വന്ന് ഇടി കൊണ്ട് ചാവാനുള്ള ജിൻസന്റെ തലവിധി ഓർത്ത് എനിക്ക് സങ്കടം വന്നു. അയാൾ വേഗം വന്നു മാരി സെൽവിയുടെ മുഖത്തേക്ക് തന്നെ നോക്കി. രണ്ട് പേരും കുറച്ചു നേരം മുഖത്തോട് മുഖം നോക്കി നിന്നു. പെട്ടെന്ന് അയാൾ "തങ്കമേ" എന്നും പറഞ്ഞു അവളെ കെട്ടിപിടിച്ച് ഒരൊറ്റ കരച്ചിൽ!. ഇതെന്ത് പണ്ടാരമാണ്!. ഒരുമാതിരി അവാർഡ് പടം പോലെ. ആകെ ശോകമൂകം. ഫുൾ കരച്ചിലും കെട്ടിപിടിത്തവും. സമാധാനിപ്പിക്കലും. വല്യ മീശ വെച്ചിട്ട് ആ മൊണ്ണ ഒരു പഞ്ച് ഡയലോഗ് പോലും അടിക്കാണ്ട് കിടന്ന് മോങ്ങണ്. മ്ലേച്ചൻ!. ആ ട്രിപ്പിന്റെ പൈസ കിട്ടിയിരുന്നേൽ പോകാമായിരുന്നു എന്ന മട്ടിൽ ഞങ്ങൾ നിന്നു. പെട്ടെന്ന് കാറിന്റെ ഡോർ ആഞ്ഞടിക്കുന്ന ശബ്ദം കേട്ടു, ഞങ്ങൾ അങ്ങോട്ടേക്ക് നോക്കി. സാരിയും മടക്കികുത്തി പല്ലും കടിച്ച് വരുന്ന സീനിയർ മാരി സെൽവി. അമ്മ - മുത്തു മാരി!. വായിലെ കടുത്ത ചുവപ്പ് നിറഞ്ഞ മുറുക്കാൻ പുറത്തേക്ക് ആഞ്ഞു തുപ്പി. ആഞ്ഞു ഉരുണ്ടു വന്ന അവരുടെ ചെരുപ്പുകൾ കാലിൽ നിന്നും തെറിച്ചു. കെട്ടഴിഞ്ഞ കറുത്ത മുടികൾ ഒരു സർപ്പത്തെ പോലെ ആടി. മുറുക്കാനിൽ ചുവന്ന ചുണ്ടുകൾ ദേഷ്യത്തിൽ വിറച്ചു. നാലടി പൊക്കമുള്ള ഒരു തിരി കൊളുത്തിയ ഡൈനമൈറ്റ് ഉരുണ്ടു വരുന്ന പോലെ എനിക്ക് തോന്നി. നിരന്നു നിൽക്കുന്ന ഞങ്ങൾ രാംരാജ് ബോയ്സിലേക്ക് അവർ പാഞ്ഞാടുത്തു. ആരുടെ നേർക്കാണ് വരണ്ടത്ത് എന്നറിയാത്ത ഒരു വരവ്. അവിടെയാണ് ജിൻസൺ ഒരു പുതിയ സൂത്രം കാണിച്ചത്. ഒരടി അവൻ പിന്നോട്ട് നിന്നു. എന്നിട്ട് എന്നെ നോക്കി ഉറക്കേ "തലേ!..... ഇനി നമ്മ എണ്ണ പണ്ണും?" എന്ന് ചോദിച്ചു. എന്റെ കണ്ണ് തള്ളി!. കാള ചുവപ്പ് കണ്ടപോലെ തള്ള എന്റെ നേർക്കു വന്ന് ചാടി വലതു കൈ പിറകിലോട്ട് ഓങ്ങി ഒരൊറ്റ ഒരു അടി.  ലെയ്സിന്റെ പാക്കറ്റ് പൊട്ടിയതുപോലെ ഒരു ശബ്ദം. എന്റെ താടിയെല്ല് ഒന്ന് ഇടേത്തേ അറ്റം പോയി തിരികെ വന്നു. തലച്ചോറ് ഗുളു ഗുളുന്ന് ഒന്ന് ഇളകി. നട്ടുച്ചക്ക് മാരി സെൽവിടെ അമ്മക്ക് ചുറ്റും മിന്നാമിനുങ്ങിനെ ഞാൻ മാത്രേ കണ്ടുള്ളു. ഞാൻ ഇപ്പോൾ കേൾക്കുന്നത് "ക്കൂൂയ്... കൂയ്...' ന്നൊരു മൂളക്കം മാത്രം. രണ്ട് പെഗും ഒരു സിഗരറ്റും വലിച്ചാൽ കിട്ടുന്ന കിക്ക് ഒരു ചെറിയ സ്പർശനത്തിൽ എനിക്ക് കിട്ടി. താഴെ വീഴാതെ ഒരു മൂൺ വാൾക് ഇട്ട് തൊട്ട് അടുത്തുള്ള മതിലിൽ ചാരി, താഴേക്ക് ഞാൻ ഊർന്നിറങ്ങി. ഞാൻ മങ്ങിയ കാഴ്ച്ചയിൽ ജിൻസണെ നോക്കി. ഒന്നും പറയാനില്ലടാ എനിക്ക്!. ഒന്നും!. അവരെ ഒന്നും ചെയ്യണ്ട എന്ന് കവുണ്ടർ അപ്പൻ അമ്മയെ തടഞ്ഞു. ഈ അലവലാതിക്ക് ഇത് നേരത്തെ പറഞ്ഞൂടായിരുന്നോ!, എന്ന് എനിക്ക് തോന്നി. താനൊന്ന് പോക്കേടോ എന്ന രീതിയ്ക്ക് അയാളെ അമ്മ തള്ളി മാറ്റി!!.. ഭീകരി!.. എന്നിട്ട് മുട്ട് മടക്കി ജിൻസന്റെ മർമ ഭാഗത്ത് നോക്കി ഒരിടി. ജീവിതത്തിൽ സങ്കടം വരുമ്പോൾ ഓർത്ത് സന്തോഷിക്കാൻ അതൊരു ചിത്രം പോലെ എന്റെ ഓർമയിലേക്ക് സൂക്ഷിച്ചുവെച്ചു. പക്ഷേ, സന്തോഷതിലുപരി അവൻ കണ്ടത് മിന്നാമിനുങ് തന്നെ ആയിരിക്കോ അതിലും കൂടിയത് ആയിരിക്കുമോ എന്നുള്ള എന്റെ സംശയം എന്നെ അലട്ടി. അവൻ ഒന്ന് ഉഷാറാകുമ്പോ ചോദിക്കണം. അവൻ എന്റെ അടുത്ത് വന്ന് കിടന്നു. എന്തായാലും കുഞ്ഞികാലിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. ആവേശകാരൻ വിനീഷിന് സ്പർശന സുഖം കിട്ടിയത് നെഞ്ചാംകൂട്ടിലായിരുന്നു. നിന്ന നിൽപ്പിൽ അവൻ എങ്ങലിടിച്ച് “വെള്ളം വെള്ളം” എന്ന് പറഞ് താഴെ വീണു. മാരി, അമ്മ, അച്ഛൻ കട്ട സെന്റി സംഭാഷണം ആണ്. "കൂയ് കൂയ്" ശബ്ദം ഒന്ന് മങ്ങി തുടങ്ങി.ഇനിയും ഇടി കിട്ടിയാലോ എന്നോർത്ത് ഞാൻ എഴുന്നേറ്റില്ല. അവസാനം ഞാൻ നോക്കുമ്പോ മാരിയും കുടുംബക്കാരും കെട്ടി പിടിച്ചു കരഞ്ഞുകൊണ്ട് പോകാനൊരുങ്ങുന്നു. മുനീർ എങ്ങനെയുണ്ടടാ എന്നും ചോദിച്ചു എന്റെ അടുത്ത് വന്നു. അവനു മാത്രം ഇടി കിട്ടാത്തതിൽ എനിക്കിച്ചിരി സങ്കടം തോന്നി. പോകുന്ന വഴിയേ അവളുടെ ഒരു അണ്ണൻ വടി കൊണ്ട് മുനീറിന്റെ പിന്നിൽ ഒരൊറ്റ ഒരു അടി. അവന്റെ ചന്തിയിലെ മാംസങ്ങൾ ഒരു തിരമാല പോലെയിളകി. ഹു.. എന്തൊരു സന്തോഷം!!.. എല്ലാവർക്കും പ്രണയത്തിന്റെ പങ്ക് ഇച്ചിരി എങ്കിൽ ഇച്ചിരി കിട്ടിയിരിക്കുന്നു. കുടുംബക്കാര് പുറത്ത് പോയി കഴിഞ്ഞ് ഭീകരൻ ചേട്ടൻ ഷട്ടർ ഒന്ന് താഴ്ത്തി തിരിഞ്ഞ് ഞങ്ങളെ ഒന്ന് നോക്കി.. വീണ്ടും സഭാഷ്‌!!!!!

Subscribe to Short Story - Malayalam