Skip to main content
Srishti-2022   >>  Short Story - Malayalam   >>  ചോദ്യങ്ങൾ

Anas Abdul Nazar

Envestnet Asset Management

ചോദ്യങ്ങൾ

ചോദ്യം 1 

അത്താഴം കഴിച്ച് കൊണ്ടിരുന്നപ്പോൾ ആറ് വയസ്കാരൻ അരുമ മകൻ ചോദിച്ച ചോദ്യം കേട്ട് അച്ചൻ അഭിമാനിതനായി. മകന് പ്രശംസ, ഒപ്പം തലച്ചോർ കൊണ്ട് ചിന്തിക്കേണ്ടതിന്റെയും ചോദ്യങ്ങൾ ചോദിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചുള്ള വാചാലത. ശേഷം തലച്ചോർ തന്ന സർവ്വശക്തന് സർവ്വസ്തുതിയും രേഖപ്പെടുത്തി മകന്റെ ചോദ്യത്തിന് ഉത്തരം നൽകുന്നു.

 

 ചോദ്യം 2

ദീർഘയാത്രയ്ക്കായി കുടുംബ സമേതം വീട് പൂട്ടി ഇറങ്ങിയപ്പോൾ

മകന് മൂന്നാം തവണയും മൂത്രശങ്ക. തോന്നൽ മാത്രമാണെന്ന് പറഞ്ഞിട്ടും അവൻ കേൾക്കുന്നില്ല. ഒടുവിൽ എല്ലാം കഴിഞ്ഞ് വന്നിട്ടും അച്ഛന്റെയും അമ്മയുടേയും ശകാരം തീരുന്നില്ല. 

 

കാർ മുന്നോട്ട് നീങ്ങുകയാണ്. പിൻസീറ്റിൽ പുറത്തെ കാഴ്ചകളും കണ്ട് കൊണ്ടിരിക്കെ മകന്റെ ശാന്തമായ ചോദ്യം.

'ഈ ലോകം സൃഷ്ടിച്ചത് സർവ്വശക്തനായ ദൈവം അല്ലേ അച്ഛാ?' അച്ഛന്റെ ദേഷ്യം പുഞ്ചിരിക്ക് വഴി മാറുന്നു. മകന്റെ ചോദ്യത്തിന് അതേ എന്ന മറുപടി.

'ഈ ലോകത്തിലെ എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്നത് ആ സർവ്വശക്തൻ അല്ലേ?' മകന്റെ ദൈവ വിചാരത്തിൽ അച്ഛന് വല്ലാത്ത മതിപ്പ്. വീണ്ടും അതേയെന്ന മറുപടി.

 

ഒടുക്കത്തെ ചോദ്യം...

'അപ്പോ എന്നെ എന്തിനാ അച്ഛനും അമ്മയും വഴക്ക് പറഞ്ഞേ? എനിക്ക് മുള്ളാൻ തോന്നിപ്പിച്ച സർവ്വശക്തനെയല്ലേ വഴക്ക് പറയണ്ടേ?' അച്ഛൻ വലിയ ശബ്ദത്തിൽ വണ്ടി ചവിട്ടി നിർത്തി. അച്ഛനുമമ്മയും ഇരുവാതിലുകളിലൂടെ മകനടുത്തേക്ക് നടന്നു.

ആ മകൻ പിന്നീട് ചോദ്യമൊന്നും ചോദിച്ചിട്ടില്ല. അനുസരണയുള്ള, ഭയഭക്തിയുള്ള കുട്ടിയായി അവൻ വളർന്നു.

Srishti-2022   >>  Short Story - Malayalam   >>  മടിയൻ

Jinto K Thomas

Infosys

മടിയൻ

രാത്രി 1:36, ഉറക്കത്തിൽ നിന്നും ചുമ്മാ ഉണർന്നെണീറ്റു ഫോണിൽ നോക്കിയ അയാൾ വെറുത ചിരിച്ചു. ഇത്രയും സമയമായതെയുള്ളോ? അലാറം വെച്ചിരിക്കുന്ന സമയത്തിലേക്കു ഇനിയുമുണ്ട് 1.. 2... 3.. 4 മണിക്കൂർ... വിരൽ മടക്കി എണ്ണി അയാൾ ഉറപ്പ് വരുത്തി. കണ്ട സ്വപ്നം കഥയാക്കിയാൽ ആരു വായിച്ചാലും ജഞാനപീഠം ഉറപ്പ്... ആദ്യത്തെ കഥയ്ക്ക് തന്നെ അതൊക്കെ വാങ്ങി വെറുതെ ആൾക്കാരുടെ കണ്ണുകടി കൂടെ വാങ്ങാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് അയാൾ ഉറപ്പിച്ചു അത് വേണ്ടാ. കഥയ്ക്ക് തലക്കെട്ട് വരെ സ്വപ്നത്തിൽ നിന്നും കിട്ടിയതായിരുന്നു എന്നിട്ടും അയാൾ അത് വേണ്ടാന്ന് വെച്ചു...എന്താല്ലേ!

 

ഇനിയിപ്പോൾ എന്ത് ചെയ്യും, ഇഷ്ടം പോലെ സമയം അങ്ങനെ കിടക്കുവല്ലേ, ഇപ്പൊൾ എണീറ്റു ജോലി ചെയ്താലോ? ആവശ്യമില്ലാത്ത ചിന്തകളെ അപ്പോൾ തന്നെ ഞെക്കിക്കൊല്ലാൻ ഓൺലൈൻ ക്ലാസ്സ്‌ കൂടിയ അയാൾ ട്രെയിനർ പറഞ്ഞത് പോലെ തന്നെ ചെയ്തു....സാവധാനം ശ്വാസം ഉള്ളിലേക്കെടുത്തു.... പിടിച്ചു വെച്ചു... എന്നിട്ടെണ്ണി... 1.. 2.. 3.. എപ്പോളോ എണ്ണം തെറ്റി, അപ്പോൾ തന്നെ വിട്ടേച്ചു... നമ്മളില്ലേ.. (വാത്സല്യം മമ്മൂട്ടി.ജെപെഗ്)

 

തിരിഞ്ഞും മറിഞ്ഞും കിടന്ന അയാളുടെ മനസിലേക്ക് ഒരു വഴി തെളിഞ്ഞു വന്നു.. പ്രാർത്ഥിക്കാം... ഈയിടെയായി പ്രാർത്ഥിക്കാൻ അയാൾക്ക്‌ പ്രിത്യേകിച്ചു കാരണം ഒന്നും വേണ്ടല്ലോ.. ചുമ്മാ ഇരിക്കുക, ഒന്ന് ചിരിക്കുക, കണ്ണ് അടക്കുക പിന്നെ പ്രാർത്ഥനകൾ ഇടമുറിയാതെ അങ്ങനെ ശറപറാന്നു വരികയായി. (നാടോടിക്കാറ്റ് ശങ്കരാടി. ജെപെഗ്). ദിവസേന 20 ലിറ്റർ കറക്കുന്ന 2 സിന്ധി പശുക്കളെ വാങ്ങിയ ദാസനും വിജയനും അവസാനം പാലിൽ വെള്ളം ചേർക്കേണ്ടി വന്നതുപോലെ പ്രാർത്ഥനയിൽ വെള്ളം ചേർക്കേണ്ടി വരുന്നത് കണ്ടപ്പോൾ അയാളും അത് നിർത്തി. 

 

പെട്ടെന്ന് കിട്ടിയ ഉൾവിളിയുടെ പ്രേരണയിൽ മൂത്രം ഒഴിച്ച് വന്ന് വീണ്ടും കിടന്നപ്പോൾ സമയം 1.57. നീങ്ങിയിരിക്കുന്നു, നോം അറിയാതെ തന്നെ സമയം വല്ലാണ്ടങ്ങു നീങ്ങിയിരിക്കുന്നു.. (ഏതോ സിനിമ നമ്പൂതിരി.ജെപെഗ്) 

 

ഇനി ഒന്നും നോക്കാനില്ല ഒരു കഥഎഴുതുക തന്നെ. രണ്ടാമത് തോന്നിയ തലക്കെട്ട് തന്നെ ആദ്യം ഫോണിൽ ടൈപ്പ് ചെയ്തു.

 

... ആവശ്യമുണ്ട്.

 

ഇനി കഥ എഴുതിയാൽ മതി.പക്ഷെ എന്തെഴുതും? പേപ്പറിൽ പേന വെച്ചാണ് എഴുതുന്നതെങ്കിൽ പേന ഒന്ന് കുടഞ്ഞു അങ്ങ് തുടങ്ങാമായിരുന്നു. പക്ഷെ ഫോണിൽ മംഗ്ലീഷിൽ കുത്തിക്കുറിക്കുന്നവനെന്തു പേന? എന്ത് പേപ്പർ? നെറ്റ് ഉണ്ടേൽ Englishil കുത്തിയാൽ ഇംഗ്ലീഷ് വരും, അല്ലേൽ Englishum വരും. അങ്ങനെയൊന്നും ജിയോയെ തോൽപ്പിക്കാൻ ആവില്ല മക്കളെ (No movie റഫറൻസ് here! ചേഞ്ച്‌ വേണമത്രേ ചേഞ്ച്‌)

 

പിന്നെ അയാൾ എഴുത്ത് തുടങ്ങി അറഞ്ചം പുറഞ്ചം എഴുത്തോടെ എഴുത്ത്.. കഥാപാത്രങ്ങൾ, സാഹചര്യങ്ങൾ, ട്വിസ്റ്റോടു ട്വിസ്റ്റുകൾ.. 

ഒരെണ്ണമെങ്കിലും നന്നായി വന്നാൽ മതിയായിരുന്നു.അയാൾ എഴുതിയ ആദ്യ കഥ, സോറി 2മത്തെ ആണ് (പണ്ട് നാട്ടിലുള്ള ഒരാളെക്കുറിച്ചു അയാളുടെ ജീവിതം അതേപോലെ എഴുതി വെച്ചു ആരുടെയൊക്കെയൊ കയ്യടി വാങ്ങിയ കാലം പെട്ടെന്ന് ഓർമ വന്നത് കൊണ്ട്)

 

അയാൾ എഴുതിയ രണ്ടാമത്തെ കഥ 

***

... ആവശ്യമുണ്ട്

 

പത്രത്തിലെ ക്ലാസ്സിഫൈയ്ഡ് കോളം ചുമ്മാ വായിച്ചു കോൾമയിർ കൊണ്ടിരുന്ന അവൻ ആ ബോക്സ്‌ കോളം അപ്പോളാണ് കണ്ടത്

 

ആവശ്യമുണ്ട്

അതിഭീകരമായി ലഭിക്കാൻ പോകുന്ന പണം അതി മനോഹരമായി കൈകാര്യം ചെയ്യാൻ അസാമാന്യ കഴിവുള്ള അവിവിവാഹിതനായ യുവാവിനെ ആവശ്യമുണ്ട്. സ്വന്തം കഴിവിൽ അശേഷം സംശയമില്ലാത്തവർ ബന്ധപെടുക 9747******. അടുത്തെങ്ങാനും അതിഭീകരമായി പണം കൈകാര്യം ചെയ്തതിന്റെ തെളിവുണ്ടെങ്കിൽ മുകളിൽ പറഞ്ഞ നമ്പറിൽ വാട്സാപ്പ് ചെയുക. 

 

ഉണ്ടല്ലോ, അതീവ ഭീകരമായി പണം കൈകാര്യം ചെയ്തതിനു നാട്ടുകാർ കൈകാര്യം ചെയ്തതിന്റെ എല്ലാ രേഖകളും അവൻ അപ്പോൾ തന്നെ ആ നമ്പറിലേക്കു വാട്സാപ്പ് ചെയ്തു. ഒന്നും പിന്നത്തേക്കു വയ്ക്കാതെ അന്നത്തെ അപ്പം ചോദിച്ചു വാങ്ങുന്ന എന്നോടോ ബാലാ? 

 

പ്ലിംഗ്. റിപ്ലൈ ഇത്രയും പെട്ടന്നോ? പരസ്യം ഇട്ടവൻ ഏതോ പൊട്ടനാണെന്നു തോന്നുന്നു. Unread മെസ്സേജ് ഞെക്കിത്തുറന്ന അവൻ ചുമ്മാ ഞെട്ടി 

You are appointed.

തുടർന്ന് കുറെ വോയിസ്‌ മെസ്സേജുകൾ. ഒന്നൊഴിയാതെ എല്ലാ മെസ്സേജുകളും കുത്തിയിരുന്ന് ഒറ്റയിരുപ്പിൽ കേട്ട അവൻ തലയിൽ കൈവെച്ചു ശേഷം ഇങ്ങനെ ചിന്തിച്ചു 

"എന്തെ എനിക്ക് ഈ ബുദ്ധി നേരത്തെ തോന്നിയില്ല?"

അപ്പോളാണ് അടുത്ത മെസ്സേജ് കിട്ടിയത്. ഘനഗംഭീര ശബ്ദത്തിൽ അവൻ അത് ഇങ്ങനെ കേട്ടു, 

"ഓരോന്നിനും അതിന്റെതായ സമയം ഉണ്ട് മയൂർ!"

 

മയൂർ! അപ്പൻ തനിക്കിട്ട പേര് മറ്റാരേക്കാളും കൂടുതൽ താൻ തന്നെ ഉപയോഗിക്കുന്നതിൽ അവന് പണ്ടൊക്കെ ഒരുപാട് കുറ്റബോധം തോന്നാറുണ്ടായിരുന്നു, പക്ഷെ കൊറോണ വന്നതിനു ശേഷം അതൊന്നും അശേഷം അവനെ ബാധിക്കാറില്ല. 

 

ബോസ്സ് പറഞ്ഞത് പോലെ മയൂർ അവന്റെ ജോലി ആരംഭിച്ചു.

ആദ്യം 3 വാട്സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. 256 കോണ്ടാക്ട്സ് വീതം 3 ഗ്രൂപ്പുകൾ, 768 ആൾക്കാർ ഉള്ള 3 ഗ്രൂപ്പുകളുടെ അഡ്മിൻ. സസൂക്ഷ്‌മം ഗ്രൂപ്പുകളുടെ പേരുകൾ ഓരോന്നായി അവൻ ഇട്ടു.

 

പരസഹായം 1

പരസഹായം 2

പരസഹായം 3

 

എല്ലാം സെറ്റ് ആക്കിയതിനു ശേഷം ബോസ് അയച്ച ആദ്യത്തെ വിഡിയോയും വോയിസ്‌ ക്ലിപ്പും ഗാലറിയിൽ നിന്നും ഗ്രൂപ്പുകളിൽ ആഡ് ചെയ്തതിനു ശേഷം അവൻ ആ ടെക്സ്റ്റ്‌ മെസ്സേജ് ടൈപ്പ് ചെയ്തും ഇട്ടു. 

...if you are human enough, kindly donate to the account number of ABC Bank 123456790. Or Google Pay to number 9747******

 

ഇതൊക്കെ ചെയുമ്പോളും അവനു ഉറപ്പായിരുന്നു ബോസിന് മുതുവട്ടാണ്. ബോധമുള്ള ആരെങ്കിലും ചെയുന്ന കാര്യമാണോ അയാൾ എന്നെകൊണ്ട് ചെയ്യിപ്പിച്ചത്? പക്ഷെ സ്വന്തം കോൺടാക്ട് ലിസ്റ്റിലുള്ള പലർക്കും പുറമെ മറ്റു unknown നമ്പറുകളിൽ നിന്നും മെസ്സേജ് വന്ന് തുടങ്ങിയപ്പോളാണ് തന്റെ പേര് അവൻ ഓർത്തത്‌ മയൂർ!

 

Please check and confirm whether you received the amount.

 

കഴുത്തിനു മുകളിൽ തലയുണ്ടെന്നും സ്വന്തം കണ്ണുകൾ അവിടെ തന്നെയുണ്ടെന്നും തപ്പി നോക്കി ഉറപ്പ് വരുത്തിയ അവൻ ബോസിന് മെസ്സേജ് അയച്ചു. ബോസ്, നിങ്ങൾ വെറും ബോസ്സല്ല. നിങ്ങൾ തലബോസ് ആണ് തല.

 

മയൂർ മാത്രമാവണം അഡ്മിൻ എന്നും ഗ്രൂപ്പിലേക്ക് ജോയിൻ ചെയ്യാനുള്ള ലിങ്കുകളും ഗ്രൂപ്പിൽ ഇടണമെന്ന് ബോസ് സോറി തല പറഞ്ഞത് അവൻ അപ്പോൾ ഓർത്തു. പുറത്തു ഇറങ്ങുന്നില്ലെങ്കിലും മാസ്ക് ധരിച്ചും സാനിറ്റീസെർ ഉപയോഗിച്ച് കൈകൾ ശുചിയാക്കിയതിനു ശേഷം വേണം ഇതെല്ലാം ചെയ്യണമെന്നും പറഞ്ഞിരുന്ന തലയുടെ 3മത്തെ വോയിസ്‌ ക്ലിപ്പ് ഓർത്ത മയൂർ തലയുടെ ആരോഗ്യപരിരക്ഷശുഷ്‌കാന്തിയോർത്തു വീണ്ടും തന്റെ പേര് സ്വയം വിളിച്ചു. 

 

4 ദിവസങ്ങൾക്കു ശേഷം തലയുടെ ആ വോയിസ്‌ ക്ലിപ്പ് അവനെ ഞെട്ടിച്ചു. എല്ലാ വാട്സാപ്പ് ഗ്രൂപ്പുകളും ഡിലീറ്റ് ചെയ്യാനും, പുതിയ സിം എടുക്കാനും പറഞ്ഞതിന് ശേഷം ബോസ് ഒന്ന് കൂടെ പറഞ്ഞു.

Please check and confirm whether you received your agreed lamount.

 

സ്വന്തം അക്കൗണ്ട് ബാലൻസ് പരിശോധിച്ച മയൂർ തന്റെ പേര് വീണ്ടും വിളിച്ചു, അല്പം ഉറക്കെത്തന്നെ... 

 

പുതിയ സിം എടുക്കാൻ പുതിയ മാസ്കും ധരിച്ചു പുറത്തിറങ്ങിയ മയൂറിനെ അകത്തേക്ക് കേറ്റാൻ തയ്യാറായി മാസ്ക് വെച്ച അവർ കാത്തു നിൽപ്പുണ്ടായിരുന്നു, കൂടെ സെൻസേഷണൽ ജേർണലിസത്തിന്റെ പുതിയ വാർത്തകൾക്കിടയിൽ തട്ടിപ്പിന്റെ പഴയ വാർത്തകൾ ചുമ്മാ കുത്തികേറ്റാൻ ഒട്ടും മടിയില്ലാതെ കുറേയേറെ മാധ്യമപ്രവർത്തകരും. 

 

"ഇല്ലാത്ത മാരകഅസുഖത്തിന്റെ വല്ലായ്മകൾ പെരുപ്പിച്ചു കാട്ടി പൊതു ജനത്തിന്റെ പരസഹായ മനസിന് മാസ്കിട്ട പുത്തൻ സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യ സംഘടകൻ പോലീസ് പിടിയിൽ. പിന്നിലുള്ള അധോലോകബന്ധം തിരയാൻ 12മത്തെ ഏജൻസി'.

 

ദിക്ക് പൊട്ടുമാറ് തൊണ്ട കീറി വിളിച്ചു കൂവുന്ന റിപ്പോർട്ടേഴ്സിന്റെ വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ചിരുന്ന മയൂറിന്റെ നേരെ നീണ്ട ചാനൽ മൈക്കുകൾ പല ചോദ്യങ്ങൾ വിളിച്ചു ചോദിച്ചു 

ആരാണ് നിങ്ങൾ, ആരൊക്കെയാണ് ഇതിനു പുറകിൽ, 

ഇപ്പോൾ എന്ത് തോന്നുന്നു? 

 

എല്ലാത്തിനും അവന് ഒരുത്തരമേ ഉണ്ടായിരുന്നുള്ളു 

മയൂർ...

 

കൊറോണകാലവും കഴിഞ്ഞില്ല, മാസ്കിന്റെ കാലവും കഴിഞ്ഞില്ല, പക്ഷെ വിചാരണതടങ്കൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയ മയൂർ കുറച്ചു നാളുകൾ കഴിഞ്ഞ് പത്രത്തിൽ ഒരു പരസ്യം ചെയ്തു 

 

ആവശ്യമുണ്ട്... 

****

 

സമയം ഇപ്പോൾ 3:39

അലാറം അടിക്കാൻ ഇനിയുമുണ്ട് 1..2 മണിക്കൂർ 

അയാൾ കഥയെഴുത്തു നിർത്തി... 

ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു... 

പിടിച്ചു വെച്ചു... 

എന്നിട്ട് പ്രാർത്ഥിക്കാൻ തുടങ്ങി 

 

ശറപറാന്ന് മലവെള്ളം പോലെ ഒഴുകി വരുന്ന പ്രാർത്ഥനകൾ കണ്ടും കേട്ടും ഞെട്ടിയ അയാൾ കരുതി.  

 

ഒടിയനെടുത്ത സംവിധായകനെ ഒന്ന് വിളിക്കണം, രണ്ടാമൂഴം നടക്കാത്ത വിഷമത്തിലിരിക്കുന്ന അദ്ദേഹത്തിന് ഒരു മൂന്നാമൂഴത്തിനുള്ള കഥ കൊടുക്കണം.

 

മടിയൻ!

Srishti-2022   >>  Short Story - Malayalam   >>  നിധി

Sooraj Jose

EY

നിധി

കള്ളങ്ങളുടെ അനവധി ആവരണങ്ങൾ കൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്ന നിധിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്ന ഭാഗ്യാന്വേഷിയെ പോലെ, തിങ്ങി നിറഞ്ഞ ഇലകൾക്കിടയിലൂടെ നുഴഞ്ഞിറങ്ങുന്ന സൂര്യൻ. ആ വെളിച്ചത്തെ അവൾ കൈകുമ്പിളിൽ ആക്കി, അതിനേക്കാൾ തെളിച്ചത്തിൽ തൂവെള്ള പല്ലുകൾ കാട്ടി ചിരിച്ചു. കവിളിലേക്ക് വീണ് കിടന്ന ചുരുണ്ട മുടിയിഴകൾ വകഞ്ഞ് മാറ്റിയപ്പോൾ വെള്ളാരം കല്ല് പോലെ തിളങ്ങുന്ന അവളുടെ കണ്ണുകൾ കാണാം. മറ്റെല്ലാം, അവളും ഈ കാടും കറുത്തതാണ്. അവൾക്ക് പിന്നിലായി ഒരാൾ കൂടി ഉണ്ട്. ക്ഷീണത്താൽ അരയിൽ കൈകുത്തി, വിറയ്ക്കുന്ന കാൽമുട്ടുകളിൽ ഒന്ന് മടക്കി, അവളെ നോക്കി നിൽക്കുന്ന ചെറുപ്പക്കാരൻ. അയാളുടെ നിറവും തോളിലെ ബാഗും ഈ കാട് അവന്റേതല്ല എന്ന് സംശയമേതുമില്ലാതെ പറയുന്നു. 

“ ഭാ.. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്.. രണ്ട് മലകൾ.. പിന്നെയും മല.. പിന്നെ പുഴ... അവിടെ... “ 

ഓരോ വാക്കുകളും പെറുക്കിയെടുത്ത് പറയുന്നതിൽ നിന്നും ഈ ഭാഷ അവൾക്കും കാടിനും അത്ര പരിചിതമല്ല എന്ന് മനസിലാക്കാം. 

28 വയസ്സോളം പ്രായമുള്ള ചെറുപ്പക്കാരനും 12 വയസ്സുള്ള പെൺകുട്ടിയും ചേർന്നുള്ള ഒരു സാഹസിക സഞ്ചാരം, അവളുടെ വീട്ടിലേക്കുള്ള യാത്ര. ആ പെൺകുട്ടിയുടെ പേരാണ് നിധി             

അധ്യായം 1 : നിധി 

നിധി കേരളത്തിലെ ഒരു ഗവണ്മെന്റ് ഓർഫനേജ് ഇൽ ആണ് വളരുന്നത്. മറ്റ് കുട്ടികളിൽ നിന്നും വ്യത്യസ്തമായ രൂപവും സ്വഭാവവും, അവളെ എല്ലാവരും ഒരു പ്രത്യേക ജീവി ആയി കണ്ടു. കാരണം നിധി അവരുടെ ലോകത്തെ കുട്ടിയല്ല. പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട് കിടന്നിരുന്ന ഒരിടത്തുനിന്നും മരണാസന്നയായ അവളെ കളഞ്ഞ് കിട്ടിയതാണ്. 

കൂട്ടിലടച്ചിട്ടിരിക്കുന്ന കിളികളിൽ ഒന്നിനെ പറത്തി വിടാൻ ശ്രമിച്ച അവളെ ഹോസ്റ്റൽ വാർഡൻ തടഞ്ഞു. “മനുഷ്യരുടെ കൂടെ കഴിഞ്ഞ അതിന് ഇനി ഒറ്റയ്ക്ക് ജീവിക്കാൻ കഴിയില്ല. മറ്റ് പക്ഷികൾ അതിനെ കൊത്തി ഓടിക്കും” നിധിയെ തിരിച്ച് ദ്വീപിലെ കാട്ടിലേക്ക് തന്നെ അയക്കണം എന്ന് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടപ്പോഴും ഉയർന്ന മറു വാദം ഇത് തന്നെ ആണ്. തിരികെ പോയാലും അവൾക്ക് അവിടെ ജീവിക്കാൻ ആകില്ല. ഇതിന് മറ്റൊരു വശം കൂടി ഉണ്ട്. ഇന്ത്യ സ്വതന്ത്രം ആകുന്നതിനും മുൻപ്, കുറച്ച് ബ്രിട്ടീഷ് നരവസംശ ശാസ്ത്രജ്ഞർ പരിഷ്‌കൃത മനുഷ്യർ കടന്ന് ചെല്ലാത്ത നോർത്ത് സെന്റിനൽ എന്ന ദ്വീപിൽ നിന്നും 2 വൃദ്ധരെയും 4 കുട്ടികളെയും പരീക്ഷണാർത്ഥം തട്ടികൊണ്ട് വന്നു. കരയിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ വൃദ്ധർ മരിച്ചു. കാരണം മറ്റ് മനുഷ്യവർഗങ്ങളുമായും കരയുമായും ബദ്ധമില്ലാതെ ഐസൊലേറ്റഡ് ആയി കഴിഞ്ഞ അവർക്ക് ഇവിടുത്തെ വൈറസ് നെയും ബാക്ടീരിയകളെയും മറ്റും ചെറുക്കാൻ ഉള്ള ശക്തിയില്ലായിരുന്നു. കുട്ടികൾക്കും അപായം സംഭവിക്കുമെന്ന് ഭയന്ന് അവരെ തിരികെ കൊണ്ടുപോയി വിട്ടു. നന്മ എന്ന് തോന്നാമെങ്കിലും അതിന് ശേഷം ചിലപ്പോൾ വലിയ ഒരു അപകടം നടന്നിരിക്കാം. കരയിലെ രോഗാണുക്കളുമായി ദ്വീപിലെത്തിയ ആ കുട്ടികളിലൂടെ അവിടെ എത്രപേർ മരണപ്പെട്ടിട്ടുണ്ടാകും. അതല്ലെങ്കിൽ ദ്വീപിലെത്തിയ ഉടനെ അവർ സ്വന്തം ആളുകളാൽ കൊല്ലപ്പെട്ടിരിക്കാം. ഈ വാദങ്ങളൊക്കെയും നിധിയുടെ കാര്യത്തിലും ഉണ്ടായി. കേസ് ഇപ്പോഴും കോടതിയിൽ നടക്കുന്നു. 

8 വയസ്സുള്ളപ്പോൾ എത്തിയ ഈ പുതിയ ഇടത്തെ പിന്നീടുള്ള നാല് വർഷങ്ങൾകൊണ്ട് നിധി മനസ്സിലാക്കി. കണ്ടതിനും അപ്പുറമുള്ള ലോകത്തെ  അവൾ വായിച്ചറിഞ്ഞു. ഇവിടെ അവൾ ഇഷ്ടപ്പെടുന്നവരും അവളെ ഇഷ്ടപ്പെടുന്നവരും ഒക്കെ ഉണ്ട്. കായിക മത്സരങ്ങളിൽ നിധി സ്കൂളിന്റെ അഭിമാനമായി. അസൂയ പൂണ്ട ചിലർ അവളെ വംശീയമായി അധിക്ഷേപിച്ചു. എന്നാൽ നിധിയെ ചേർത്ത് പിടിക്കാൻ ഒരുപാട് സുഹൃത്തുക്കൾ മുന്നോട്ട് വന്നു. 

കാഴ്ച്ചകൾ തിരികെ ദ്വീപിലെ കാട്ടിലേക്കും നിധിയുടെയും യുവാവിന്റെയും സാഹസിക യാത്രയിലേക്കുമായി. നിധിയെ അവളുടെ പ്രിയപെട്ടവരുടെ അരികിലെത്തിക്കാം എന്നതിനപ്പുറം അവന്റെ ഉള്ളിൽ മറ്റെന്തൊക്കെയോ ലക്ഷ്യങ്ങൾ കൂടി ഉണ്ട്. 

അധ്യായം 2 : അവൻ

വിശ്വാസങ്ങളെയും ആചാരങ്ങളെയുമൊക്കെ മുറുകെ പിടിച്ചുകൊണ്ട് ഭാഗ്യാന്വേഷിയായി നടക്കുന്ന ചെറുപ്പക്കാരൻ. വിശ്വാസങ്ങളെ നിയമങ്ങൾ വച്ച് വിധി എഴുതുന്നതിനെതിരെ അവന് ശക്തമായ പ്രതിക്ഷേധമുണ്ട്. എല്ലാ ആചാരങ്ങൾക്കും പൈതൃകവും കാലിക പ്രസക്തിയുമുണ്ട് എന്ന് അവൻ വാദിക്കുന്നു. ധനാകർഷക യന്ത്രങ്ങളെക്കുറിച്ചും അമ്പലഗോപുരത്തിലെ ഇറിഡിയം ലോഹത്തിന്റെ ശക്തിയെക്കുറിച്ചുമെല്ലാം വളരെ ആധികാരികമായി സംസാരിക്കാൻ കഴിയുന്ന ഒരാൾ. ജപ്‌തി ചെയ്ത് പോയ തന്റെ ഇല്ലം പൊളിച്ചപ്പോൾ നിധി കിട്ടിയതറിഞ്ഞ് സമനില തെറ്റിയ നാരായണൻ നമ്പൂതിരിയുടെ മകന് നിധി ഭ്രാന്തില്ലെങ്കിൽ അല്ലെ അത്ഭുതം ഉള്ളു. സ്വബോധത്തിൽ അല്ലെങ്കിലും നാരായണൻ നമ്പൂതിരി പറഞ്ഞ പല കാര്യങ്ങളിലും സത്യമുണ്ടായിരുന്നു, അല്ലെങ്കിൽ അർദ്ധ സത്യങ്ങൾ. അതിനാൽ തന്നെ ആ ആഗ്രഹങ്ങളെല്ലാം അവനിലും ഉണ്ടായി. 

ഓർഫനേജിൽ ജോലിക്ക് കയറിയ ദിവസം തന്നെ അവൻ നിധിയെ പരിചയപെട്ടു. കാഴ്‌ചയിൽ വ്യത്യസ്തമായ ആ പെൺകുട്ടി എല്ലാവർക്കും എന്നപോലെ അവനും ഒരു കൗതുകമായിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ അവർ അടുത്തു. അവളിൽ നിന്നാണ് ആ നിധിയുടെ കഥ അവൻ കേൾക്കുന്നത്. കടൽ ചുഴിയിൽ പെട്ട ഒരു ചരക്ക് കപ്പൽ അവളുടെ ദ്വീപിൽ വന്നടിഞ്ഞു. അതിലെ ജീവനക്കാരിൽ ചിലർ ദ്വീപ് നിവാസികളാൽ കൊല്ലപ്പെട്ടു. മറ്റുളളവരെ ഗവൺമെന്റ് രക്ഷപെടുത്തി. എന്നാൽ ആ കപ്പലും ഹൈദരാബാദ് നിസാമിന്റെ അമൂല്യമായ വജ്ര ശേഖരവും ഇപ്പോഴും ദ്വീപിലുണ്ട്. കരയിൽ നിന്നും വന്ന മറ്റെന്തിനെയും പോലെ ദ്വീപ് നിവാസികൾ അവരുടെ ആവാസ സ്ഥലത്തുനിന്നും വളരെ മാറ്റി അത് കുഴിച്ചുമൂടി. വാമൊഴിയായി പകർന്ന് വന്ന നിധിയുടെ ഈ കഥ അവളിൽ നിന്നും അറിഞ്ഞ  രാത്രിയിൽ അവൻ ഉറങ്ങിയിട്ടില്ല. ദ്വീപിന് ഉള്ളിലെ പുഴയും, പുഴയുടെ നടുവിലെ തുരുത്തും, അതിന് നടുവിൽ മിന്നാമിനുങ്ങുകളാൽ പൊതിഞ്ഞ് നില്കുന്ന വയസ്സൻ മരവും, മരത്തിന് താഴെയായുള്ള ഗുഹയിൽ നിറയെ വജ്രങ്ങളും രത്നങ്ങളും. അതിൽ ഒന്ന് മതി ജീവിതകാലം മുഴുവൻ ആഡംബരത്തിൽ മുഴുകി കഴിയാൻ. ബീജത്തിൽ തന്നെ അവനിലെത്തിയ നിധി ഭ്രാന്തും അവൾ, നിധി പകർന്ന് നൽകിയ പ്രതീക്ഷകളും കൂടി ചേർന്നപ്പോൾ ഒരുനാൾ ആ നാട്ടിലേക്ക്, നിധിയുടെ ദ്വീപിലേക്ക്‌ പോകാൻ അവൻ തീരുമാനിച്ചു. 

കാഴ്ച വീണ്ടും ദ്വീപും കാടും അവരുടെ യാത്രയുമാകുന്നു. 

അധ്യായം 3 : ലക്‌ഷ്യം

വെളിച്ചം തെല്ലും കടന്ന് ചെല്ലാത്ത ഉൾവനങ്ങളും, പുൽമേടുകളും, മൊട്ടക്കുന്നുകളും ഒക്കെ കടന്ന് അവർ മുന്നോട്ട്  നടക്കുന്നു. ബാഗിൽ അവശേഷിച്ചിരുന്ന ആഹാരം ഇരുവരും പങ്ക് വച്ച് കഴിച്ചു. തിരികെ പോരുമ്പോൾ കഴിക്കാനായി കാട്ടരുവിയിൽ നിന്നും ശേഖരിച്ച വെള്ളമല്ലാതെ മറ്റൊന്നും ഇല്ല എന്നത് അവനെ വ്യാകുലപ്പെടുത്തി. കാട്ട് മൃഗങ്ങളുടെ ശബ്ദം ഇടയ്ക്കിടെ കേൾക്കുന്നുണ്ടെങ്കിലും ഒന്നും കണ്ണിന് മുന്നിൽ വന്നിട്ടില്ല. എന്നിട്ടും അവൻ അരയിൽ കരുതിയിരിക്കുന്ന ആയുധത്തിൽ ഇടയ്ക്കിടെ കൈ അമർത്തി. സത്യത്തിൽ അവൻ വന്യ മൃഗങ്ങളെക്കാൾ ഭയന്നിരുന്നത് ആ ദേശത്തെ മനുഷ്യരെ ആയിരുന്നു. അമ്പ് ഏയ്തും കുന്തം കൊണ്ട് കുത്തിയും കീഴ്പെടുത്തുന്ന എന്തിനെയും പച്ചയായി ഭക്ഷിക്കുന്നവർ. നിധിയെ മുന്നിൽ നിർത്തി അവരിൽ നിന്നും രക്ഷനേടാം എന്ന പ്രതീക്ഷ ഉണ്ടെങ്കിൽ കൂടി ചുറ്റും ഉള്ള ഓരോ ചലനങ്ങളിലും അവൻ കാതോർത്തു. വള്ളി പടർപ്പുകളാൽ ബന്ധിതമായ പാലത്തിലൂടെ പുഴ കടക്കുമ്പോൾ ക്ഷീണം കൊണ്ടും ഭയം കൊണ്ടും അവന്റെ കാൽ മുട്ടുകൾ വിറച്ചു. താഴെ ശക്തമായി ഒഴുകുന്ന പുഴയുടെ ഇരമ്പലിലേക്ക് ഒന്ന് കണ്ണ് പായിച്ചതും ആ കാഴ്‌ചയോടൊപ്പം അവൻ താഴേക്ക് പതിച്ചു. എന്നാൽ അതി സാഹസികമായി നിധി അവനെ വലിച്ച് കരയിലേക്ക് എത്തിച്ചു. ആ വീഴ്‌ചയുടെ ഭയവും ക്ഷീണവും അകന്നപ്പോൾ അവർ യാത്ര തുടർന്നു.  

യാത്രയ്ക്കിടെ രണ്ടാളും നടത്തുന്ന സംഭാഷണങ്ങൾക്കിടയിൽ അവന്റെ പല ചിന്തകളെയും തച്ചുടക്കുന്ന മറുപടികൾ നിധിയിൽ നിന്നും ഉണ്ടായി. കാരണം അവളുടെ ലോകം, രാജ്യം, ജീവികൾ, മനുഷ്യർ എല്ലാം അവിടെയാണ്. അവിടെ വേറൊരു ലോകവും വേറിട്ട ചിന്തകളുമാണ്. 

“നിങ്ങളുടെ ഒരു ദൈവത്തിന്റെ പുസ്തകത്തിലും ഞങ്ങളുടെ നാടിനെ കുറിച്ച് ഒന്നും ഇല്ലല്ലോ ? അത് ദൈവങ്ങൾക്ക് ആർക്കും ഞങ്ങളെ അറിയാത്ത കൊണ്ടാണോ ? അതോ അവ എഴുതിയവർക്കോ ?!”

നിധിയുടെ ഇത്തരം ചോദ്യങ്ങൾക്ക് ഒന്നും അവന് ഉത്തരം ഇല്ലായിരുന്നു, എങ്കിലും മനുഷ്യരും മതങ്ങളും ദൈവങ്ങളും ആചാരങ്ങളും ആഗ്രഹങ്ങളും, എല്ലാത്തിനെയും കുറിച്ചും അവനിൽ അനവധി സംശയങ്ങൾക്ക് അവ ജന്മം നൽകി. ചിന്തകളുടെ ഭാരം പരസ്പരം കൈമാറി ഇരുവരും മുന്നോട്ട് നടന്നു. പതിയെ നിധിയുടെ നിഷ്കളങ്കതയും, എന്തിന്‌ ആ പുഞ്ചിരി പോലും അവന്റെ മുഖത്ത് തെളിഞ്ഞു. എന്നാൽ മുത്തശ്ശൻ മരത്തിന്റെ ചുവട്ടിലെത്തിയപ്പോൾ, ജനനം മുതൽ തേടി നടക്കുന്ന നിധി തന്റെ മുന്നിലുണ്ടെന്ന ബോധ്യം വന്നപ്പോൾ, തന്ത്രശാലിയായ ആ നാടൻ മനുഷ്യന്റെ ഭാവം മാറി. അവൻ അവൾക്ക് നേരെ ആയുധം എടുത്തു. അവൻ അത് വരെ കാണിച്ച സ്നേഹവും കരുതലുമെല്ലാം ബൗദ്ധികമായ ആ നിധിയിലേക്ക് എത്തുവാനുള്ള മാർഗം മാത്രമായിരുന്നു എന്ന് മനസ്സിലാക്കിയപ്പോൾ, ആദ്യമായി വിശ്വസിച്ച, സ്നേഹിച്ച മനുഷ്യൻ തന്നെ ചതിക്കുക ആയിരുന്ന എന്ന തിരിച്ചറിവിൽ അവൾ തളർന്ന് പോയി. എല്ലാ നേരവും പുഞ്ചിരി വിടർന്നിരുന്ന നിധിയുടെ കവിളിലൂടെ കണ്ണുനീർ ഒഴുകി. ഒറ്റയ്ക്ക്, നിരായുധയായി, മരണം മുന്നിൽ കണ്ട് നിൽക്കുന്ന അവൾ ദൂരെ ഒരു മലയിലേക്ക് ചൂണ്ടി സംസാരിച്ച് തുടങ്ങി, 

“ അവിടെ ആയിരുന്നു ഞങ്ങൾ ജീവിച്ചിരുന്നത്, ആ വലിയ കുന്നിനും അപ്പുറം. ഇനി എന്റെ പ്രിയപെട്ടവരുടെ അരികിലേക്ക് തിരികെ ചെന്നാലും അവർ എന്നെ സ്വീകരിക്കില്ല. മനുഷ്യരുടെ വിഷം പുരണ്ട മറ്റെന്തിനെയും പോലെ ജീവി വാസമില്ലാത്ത ഒരിടത്ത് കുഴിച്ച് മൂടും.”

അവൾ ഒന്ന് നിർത്തി, വീണ്ടും സംസാരം തുടർന്നു

“എല്ലാ നാടുകളിലും ചില ആചാരങ്ങൾ ഉണ്ട്. അത് മാറ്റാൻ ആകില്ല. അശുദ്ധമായവർക്ക് ഒപ്പം ജീവിച്ചാൽ ശിക്ഷ മരണം ആണ്. അത് പ്രകൃതിയുടെ കൂടി നിയമം ആണ്… പക്ഷെ ശുദ്ധി ആകാൻ ഒരു മാർഗം ഉണ്ട്. ഇവിടെ മറ്റൊരു ആചാരവുമുണ്ട്... ” 

അവൻ കാര്യം മനസ്സിലാകാതെ അന്തിച്ച് നിന്നു

“...യുവാവിന്റെ ഹൃദയത്തിലെ ചൂടുള്ള രക്തം കൊണ്ട് സ്നാനം ചെയ്താൽ..!”

അത് പറഞ്ഞ് കഴിഞ്ഞതും വന്യമായ ഭാവത്തോടെ അവൾ അവന്റെ നേരെ പാഞ്ഞടുത്തു. 

Srishti-2022   >>  Short Story - Malayalam   >>  അമ്മയാണ് തീരം

അമ്മയാണ് തീരം

തിരുവനന്തപുരത്തെ ഒരു സ്വകാര്യ IT  സ്ഥാപനത്തിൽ ആണ് ഗിരീഷ് ജോലി ചെയ്യുന്നത്. എല്ലാ ആഴ്ചത്തെയും പോലെ ശനി,ഞായർ ദിവസങ്ങൾ വീട്ടിൽ ചിലവഴിക്കാനുള്ള യാത്രയിലാണയാൾ.

സമയം 7മണിയോടടുക്കുന്നു. ധനുമാസത്തിന്റെ കുളിരിന് കാഠിന്യമേകുവാൻ ഇരുട്ട് പടർന്നു കൊണ്ടിരുന്നു.’ലോ-ഫ്ളോർ’ ബസിനുള്ളിലെ തിരക്ക് കൂടിക്കൊണ്ടിരുന്നു.കാത്തിരുന്ന് കിട്ടിയ സ്ഥാനക്കയറ്റത്തിന്റെ സന്തോഷം പങ്കിടാൻ വീട്ടിലേക്ക് ഫോൺ ചെയ്തെങ്കിലും പ്രതികരണം ഉണ്ടായില്ല; നേരിട്ട് കാണുമ്പോൾ അറിയിക്കാം - അത്ഭുതം നിറഞ്ഞ സന്തോഷത്തോടെ.

3 വർഷങ്ങൾക്കു മുൻപ് 'അപ്പോയിന്റ്മെന്റ് ലെറ്റർ’ മുന്നിൽ വെച്ച് നേരിയ അന്ധാളിപ്പോടെ ഇരുന്ന തനിക്ക് വഴിതെളിച്ചത് അച്ഛന്റെ വാക്കുകളാണ്. 

പുത്തൻതുരുത്തിലെ അലയടങ്ങാത്ത ആ സന്ധ്യയിലേക്ക് ഗിരീഷിന്റെ ഓർമ്മകൾ നീങ്ങി. ഗിരീഷ്:”നമ്മൾ ആഗ്രഹിക്കുന്നതും കണക്ക് കൂട്ടുന്നതും ഒന്നും നമ്മുടേതാവില്ല; പഠിച്ച സിവിൽ എഞ്ചിനീയറിങ്ങിൽ ഒരവസരവും  വിളിച്ചില്ല. കിട്ടിയ ഈ പിടിവള്ളി കൊണ്ട് ഞാനെന്റെ അന്വേഷണം അവസാനിപ്പിച്ചാൽ അതൊരു തോൽവിയല്ലേ?”

ഒരു ചിരിയിൽ ഒരുപാട് ഓർമ്മകൾ                 ഒതുക്കിക്കൊണ്ട് അച്ഛൻ ഗോപി:”ആ കടൽ നീ കാണുന്നില്ലേ, പണ്ട് സ്കൂളിലെ പഠിത്തം കഴിഞ്ഞ് കോളേജിൽ ചേരാൻ അച്ഛനോട് അനുവാദം വാങ്ങാൻ വന്നപ്പോൾ ഞാൻ കണ്ടത്  മഞ്ഞപ്പിത്തം ബാധിച്ചു കിടക്കുന്ന അച്ഛന് മരുന്ന് വാങ്ങാൻ കാശ് തികയാതെ ഈ തീരത്തെ വീടുകളിൽ കയറിയിറങ്ങി കടംചോദിക്കുന്ന അമ്മയെയാണ്. വല തുന്നാനും കടലിൽ പോയി നീട്ടി എറിയാനും അന്നേ ഈ ഗോപിക്കറിയാം; പിന്നെ വേണ്ടത് ധൈര്യം - അത് അന്നുണ്ടായി. പിന്നീട് ഒരിക്കലും അമ്മയ്ക്ക് ആ ഗതി വരുത്തിയിട്ടില്ല. ഒരു വർഷം നീ പഠിച്ച പഠിപ്പിന് ജോലി തേടി നടന്നു. പക്ഷേ ഈ ജോലി അതിന്റെ എല്ലാ പരീക്ഷകളും ജയിച്ചു നീ നേടിയതാണ്; നിനക്ക് വേണ്ടിയാണ് ഇതുവരെ എല്ലാം ചിലവാക്കിയത്.

ഇപ്പോ ഹരീഷ് സ്കൂളിൽ ആയിട്ടെ ഉള്ളൂ;.ഇനി അവന്റെ കാര്യങ്ങൾ നീ വേണം നോക്കാൻ.” ഒരു ദീർഘ നിശ്വാസത്തോടെ ഗോപി തുടർന്നു:

“ഞാൻ കടലിൽ പോകുമ്പോൾ തിരകയറുന്നതും കാറ്റ് വീശുന്നതും മാനത്ത് കാറ് കൊള്ളുന്നതും ഒക്കെ നോക്കും. ഈ ജോലി ആ കടലാണെന്ന് വിചാരിക്ക്; അക്കര വരെ നീന്താമെന്ന് നിനക്ക് ഉറപ്പുണ്ടെങ്കിൽ നീ ധൈര്യമായിട്ട് പൊയ്ക്കോ; ചാകര നിന്റെ വലയിൽ കുടുങ്ങും”

കണ്ടക്ടർ വിളിച്ചുണർത്തിയപ്പോഴാണ് ബസ് സ്റ്റാന്റിൽ എത്തിയെന്ന് ശ്രദ്ധിച്ചത്.

                               *****

അതേ ദിവസം പുത്തൻതുരുത്തിലെ വൈകുന്നേരം. ഏതാനും മണിക്കൂറുകളായി പെയ്യുന്ന മഴ ഇതുവരെ ശമിച്ചില്ല. ആലപ്പാട്ടെ എല്ലാവരെയും പോലെ ഗോപിയും ഭീതിയിലാണ് - കടലും കായലും ഒന്നിച്ച് കരയെ ഏത് നിമിഷവും വിഴുങ്ങാൻ കാത്തുനിൽക്കുന്നു. എങ്കിലും ആവോളം അറിയുന്ന തൊഴിൽ ചെയ്യാതെ വീടിനുള്ളിൽ ഇരിക്കാനും മനസ് അനുവദിച്ചില്ല - അയൽവാസിയായ ഖാദറിനൊപ്പം പതിവ് പോലെ കടലിൽ പോയി തിരിച്ചു വരുന്ന വഴി ആ കാഴ്ച അവർ കണ്ടു. കൊട്ടൂർ അമ്പലത്തോട് ചേർന്ന് കിടക്കുന്ന ഭൂമിയിൽ ഉയരുന്ന വെള്ളം.പണ്ട് കൃഷി ചെയ്തിരുന്ന ആ മണ്ണ് അനുമതി ഇല്ലാതെ ഈ തീരത്ത് ഖനനം തുടങ്ങിയതിൽ പിന്നെ തരിശായി. ചെയ്യാൻ ജോലി ഇല്ലാതെ വന്നപ്പോൾ ഒരുപാട് കുടുംബങ്ങൾ ഈ കര വിട്ട് പോയി. ആ പാടത്ത് വെള്ളം കയറിയാൽ കന്നേറ്റിക്കരയിലെ ബണ്ടും കൊറ്റിക്കുളത്തെ പാലവും മാത്രമെ മണ്ണിന് താങ്ങുണ്ടാവൂ; ഇവ രണ്ടും കരകവിയാൻ മണിക്കൂറുകൾ മതി. അങ്ങനെ സംഭവിച്ചാൽ പുത്തൻതുരുത്ത് മുഴുവനും വെള്ളത്തിനടിയിലാവും. ഹരീഷിന് 6 വയസ്സുള്ളപ്പോൾ ഉണ്ടായ ഒരു കടൽക്ഷോഭത്തിൽ അവർക്ക് അമ്മയെ നഷ്ടമായി.അന്ന് നടന്ന പ്രതിഷേധങ്ങളുടെ ഫലമാണ് ഒന്നര കിലോമീറ്റർ നീളമുള്ള കടൽഭിത്തി. ഇനി ആരുടെയും ജീവൻ കടലെടുക്കില്ലെന്ന വിശ്വാസം ഇവിടുത്തുകാർക്ക് ഉണ്ടായിരുന്നു. എന്നാൽ,

കോരിയെടുത്ത മണൽത്തരികൾക്കൊപ്പം ആ വിശ്വാസവും ഇവിടെ നിന്ന്   അപ്രതീക്ഷിതമായിരിക്കുന്നു.

 ചിന്തകളിൽ നിന്നും ഉണർത്തിയത് തന്നെ അന്വേഷിച്ചെത്തിയ ഹരീഷിന്റെ വള്ളം. നേരം ഇരുട്ടി തുടങ്ങിയിരുന്നു.

ഖാദർ:”എന്താ ഇപ്പൊ ചെയ്യേണ്ടത് ഗോപിയേട്ടാ?”

ഗോപി:”ഞാനും ഹരിയും കൂടി അമ്പലമുറ്റത്തൊരു ബണ്ട് കെട്ടാം.കൊറ്റിക്കുളത്തെ ആൾക്കാരെ പന്മനയ്ക്ക് മാറ്റാൻ നിനക്ക് പറ്റുമോ?കരയിലെത്തി നമ്മുടെ പിള്ളേരെയും കൂട്ടിക്കോ”

                               ****

സ്റ്റാന്റിലെ ഓർഡിനറി ബസ് ലക്ഷ്യം വെച്ച് നടന്ന ഗിരീഷിനെ തടഞ്ഞുകൊണ്ട് ബക്കറ്റ് പിരിവുമായി ഒരുപറ്റം ചെറുപ്പക്കാർ എത്തി. 'സേവ് ആലപ്പാട്’ എന്ന വാചകത്തോടൊപ്പം ഗിരീഷിന് മുന്നിൽ പരിചിത മുഖങ്ങൾ. ഗിരീഷ് ബസ്സിലേക്ക് നോക്കി - പകുതി യാത്രക്കാർ , അടുത്ത ബസ്സിലെ കണ്ടക്ടറുമായി വാഗ്വാദത്തിൽ ഏർപ്പെട്ടിരിക്കുന്ന ഡ്രൈവർ.

ഒരു സംഭാവനക്കായി കാത്ത് നിന്ന അവരോട് ബക്കറ്റിന്റെ നിറം നോക്കാതെ ഗിരീഷ് പറഞ്ഞു: “കുറെ അണികൾക്കും അതിനുമേലെ ഉള്ള നേതാക്കൾക്കും കൊത്തിത്തിന്നാൻ വേണ്ടി ആ തീരത്തെ കാരണമാക്കരുത്.

യഥാർഥ സ്നേഹമാണ് നിങ്ങൾക്ക് നാടിനോട് ഉള്ളതെങ്കിൽ അവശേഷിക്കുന്ന മണ്ണ് നിലനിർത്താൻ ശ്രമിക്കുന്ന പാവങ്ങൾക്ക് വേണ്ടി ആ തീരത്ത് കാവൽ നിൽക്ക് “

തർക്കത്തിന് നിൽക്കാതെ അണികൾ പിൻവാങ്ങി.

പുത്തൻതുരുത്തിലേക്കുള്ള ബസ് അതിന്റെ യാത്ര തുടങ്ങി.  

                               ***

മഴ വീണ്ടും ശക്തി പ്രാപിച്ചു. വഞ്ചിയിൽ കരുതിയിരുന്ന പിക്കാസും മറ്റുമായി ഇരുവരും ബണ്ട് നിർമ്മാണത്തിൽ മുഴുകി. മഴ തുടങ്ങിയപ്പോൾ തന്നെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നതിനാൽ ഇരുവരും നന്നേ ബുദ്ധിമുട്ടി. സമീപത്തുള്ള വീടുകളിൽ നിന്ന് സഹായം ചോദിക്കാൻ ഹരീഷ് പോയി. എന്നാൽ, കുതിച്ചുയരുന്ന അഷ്ടമുടിക്കായലിന്റെ വേഗം ഗോപിയുടെ താളം തെറ്റിച്ചു;ഒഴുക്കിനൊപ്പം അയാൾ ദൂരെയെത്തി. ശബ്ദം കേട്ട് പിന്നാലേ ചാടിയെങ്കിലും കണ്ണെത്താത്ത ദൂരത്തെ ഇരുട്ടിൽ എന്ത് ചെയ്യണമെന്ന് അറിയാതെ ഹരീഷ് കുഴങ്ങി.

                                 **

അതേ ദിവസം രാവിലെ തലസ്ഥാനത്ത് എഞ്ചിനീയർസ് ഫോറം എന്ന കൂട്ടായ്മയും സ്ഥലം എംഎൽഎ യും ഖനനത്തിനായി കരാർ ഒപ്പിട്ട കമ്പനിയും ഉൾപ്പെട്ട യോഗം. ഈ കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചതും ഊട്ടി ഉറപ്പിച്ചതും ഗിരീഷ് ആയിരുന്നു. വിദേശ രാജ്യങ്ങളിലെ സമാനസാഹചര്യങ്ങളുടെ അനുഭവസമ്പത്തുമായി വന്ന ഒരു വിദഗ്ധ എഞ്ചിനീയർ പറഞ്ഞു

“എണ്ണ, ധാതുക്കൾ എന്നിവ പോലെ അല്ല മണൽ ഖനനം ചെയ്യുമ്പോൾ.ആ ഭൂമിയുടെ ഘടന, മണ്ണിന്റെ ഉള്ളടക്കം എന്നിവ തന്നെ എന്നെന്നേക്കുമായി മാറുന്നു. ഒരു ഗ്രാമത്തിൽ ഇന്ന് സംഭവിക്കുന്നത് നാളെ ഈ ജില്ലയ്ക്ക് തന്നെ ഭീഷണിയായി മാറിയേക്കാം”

മുന്നണി നയങ്ങളും നിലപാടുകളും എതിർവാദഗതികളും കൊണ്ട് ആ മുറി പ്രകമ്പനം കൊണ്ടു. പരിസ്ഥിതി സംരക്ഷണ സമിതിയുടെ മുന്നറിയിപ്പുകൾ അവഗണിക്കുവാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ സോഷ്യൽ മീഡിയകളിലൂടെ പുറത്ത് വന്നിരുന്നു. കീഴടങ്ങലിന്റെ വക്കെത്തിയ പോരാട്ടത്തിൽ നേതാവിന്റെ മറുപടിയ്ക്കായി ഗിരീഷും സംഘവും കാത്ത് നിന്നു.

                              *

 മഴ ശമിച്ചു.ഏതാനും നിമിഷങ്ങൾ നീണ്ട നിശബ്ദതയുടെ ഒടുവിൽ കുറച്ചു അകലത്തായി ഒരു വഞ്ചിയിൽ റാന്തൽ വിളക്കുകൾ തിരിയുയർത്തി.  ഖാദർ അയച്ച ചെറുപ്പക്കാർ ഗോപിയെ ഒഴുക്കിൽ നിന്നും കരകയറ്റി. 

ബണ്ടിന്റെ ബാക്കി ജോലികൾ അവർ ഏറ്റെടുത്തു. അവശനായിരുന്ന ഗോപിയെയും കൊണ്ട് ഹരീഷ് വീട്ടിൽ എത്തി. 

ജംഗ്ഷനിൽ നിന്നും ഗിരീഷ് നടന്ന് വീട്ടിൽ എത്തിയപ്പോഴേക്കും ഗോപി ഊർജസ്വലതയോടെ തന്റെ റേഡിയോ ഓൺ ആക്കി.

“ദീർഘനേരത്തെ ചർച്ചകൾക്ക് ഒടുവിൽ ഖനനം നിർത്തിവെക്കുവാനും തീരദേശം   ജനവാസയോഗ്യമാക്കുവാനും സർക്കാർ തീരുമാനം പുറപ്പെടുവിച്ചു.”

അന്നത്തെ അത്താഴത്തിന് അവർക്ക് പരസ്പരം പങ്കുവെയ്ക്കാൻ ഒരു വലിയ കഥ തന്നെ ഉണ്ടായിരുന്നു - ഒരു നാടിനെ രക്ഷിച്ച കഥ !

തിരികെ എത്താൻ ഒരു തീരം ഉണ്ടെന്ന വിശ്വാസത്തിൽ മറുനാടുകളിൽ പോകുന്ന ഏവർക്കും നാടിന്റെ വേദന അമ്മയുടെ ശാസന പോലെ തീഷ്ണമാണ്..

 

 

പ്രതീക്ഷകൾ കൺതുറക്കുന്ന ഒരു ശുഭദിനം നമ്മുടെ തീരുമാനങ്ങളിലൂടെ, പ്രവർത്തികളിലൂടെ, വാക്കുകളിലൂടെ പിറക്കുവാൻ നമുക്ക് പ്രത്യാശിക്കാം...

Srishti-2022   >>  Short Story - Malayalam   >>  യാത്ര

യാത്ര

ബസിൽ ഇരുന്നു പുറം കാഴ്ചകളിലേക്കു കണ്ണുകളെ മേയാൻ വിട്ടിരുന്നെങ്കിലും മനസ് ആ കൂടെ പോയിരുന്നില്ല. അത് വേറെ ഏതോ ലോകത്ത്‌ എന്തൊക്കെയോ കണ്ടെത്താനുള്ള ശ്രമത്തിൽ ആയിരുന്നു. അവസാന സ്റ്റോപ്പ് എത്തി ബസ് അവിടെ നിർത്തി എല്ലാരും ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് മനസും, കണ്ണുകളും യാഥാർത്ഥ്യത്തിലേക്ക് തിരികെ വന്നത്. വളരെ വേഗത്തിൽ തന്നെ അയാളും ആ ബസിൽ നിന്നിറങ്ങി.

അധികം തിരക്കില്ലാത്ത സ്ഥലം. ഒരു ചെറിയ തീർഥാടന കേന്ദ്രമാണിവിടം. കാടിനോട് ചേർന്ന പ്രദേശം, തൊട്ടടുത്ത കാടിനോട് ചേർന്നുള്ള ആ ചെറിയ മലയിൽ ഒരു ആരാധനാലയം ഉണ്ട്. അവിടെ സന്ദർശിക്കാൻ വരുന്ന തീർഥാടകർ ആണ് കൂടുതലും. എന്നാൽ ഇപ്പോൾ തീർഥാടന കാലം അല്ലാത്തതിനാൽ തിരക്ക് തീരെ ഇല്ല. അയാൾ ചുറ്റുപാടും നോക്കി കുറച്ചു നേരം എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് നിന്നു. എന്നിട്ടു പതുക്കെ ആ കുന്നിൻ മുകളിലെ ആരാധനാലയം ലക്ഷ്യമാക്കി നടന്നു തുടങ്ങി.

ആരാധനാലയത്തിലേക്കു അധികം ദൂരമില്ലെങ്കിലും വളരെ ദുർഘടമായ പാതയാണ്. വലിയ കയറ്റവും, പാറക്കൂട്ടങ്ങളും നിറഞ്ഞ ചെറിയ പാത. പാതയ്ക്കിരുവശവും കാടാണ്. ആരോഗ്യമുള്ളവർക്കെ ഇതിലൂടെ സഞ്ചരിക്കാൻ പറ്റു. അയാൾ പതിയെ ആ മല കയറിക്കൊണ്ടിരുന്നു.

അയാൾ കുറച്ചു ദൂരം കയറിയതിനുശേഷം ചുറ്റുപാടും നോക്കി. അയാളുടെ മുൻപിൽ കുറച്ചു ആൾക്കാർ മല കയറുന്നതു കണ്ടു. പക്ഷെ അയാളുടെ കൂടെയോ, പുറകിലോ ആരും തന്നെ ഇല്ല. അയാൾ കുറച്ചുനേരം അവിടെ അടുത്തുകണ്ട പാറയിൽ ഇരുന്നു. അല്പസമയം വിശ്രമിച്ചതിനു ശേഷം അയാൾ എഴുന്നേറ്റു, "ഇപ്പോൾ ആരും തന്നെ തന്റെ മുൻപിലോ, പിറകിലോ ഇല്ല! , ഇത് തന്നെ പറ്റിയ സമയം" അയാൾ സ്വയം പിറുപിറുത്തുകൊണ്ട് വളരെ വേഗത്തിൽ ആ വഴിയിൽ നിന്ന് മാറി ആ കാടിനുള്ളിലേക്ക് നടക്കുവാൻ തുടങ്ങി.

അയാൾ തന്റെ നടത്തത്തിന്റെ വേഗം കൂട്ടികൊണ്ടിരുന്നു. ഇപ്പോൾ കാടിനുള്ളിൽ വളരെയേറെ ദൂരത്തിലേക്കു എത്തി പെട്ടിരിക്കുന്നു എന്ന് അയാൾക്ക്‌ മനസിലായി. അയാൾ ചുറ്റും നോക്കി, ചുറ്റും മരങ്ങളും, പച്ചപ്പും. വളരെ മനോഹരമായ സ്ഥലമാണിതെന്നു അയാൾക്ക് തോന്നി. "മരണത്തെ കൂട്ട് വിളിക്കാൻ സമയമായി" അയാൾ സ്വയം പറഞ്ഞു. ചെറിയ ഒരു പുഞ്ചിരി അയാളുടെ ചുണ്ടുകളിൽ വിരിഞ്ഞു.

"ഈ മണ്ണ് എന്നെ വിഴുങ്ങും... എന്റെ രക്തം ഈ മണ്ണിൽ ഒഴുകിയിറങ്ങും... ഈ മരങ്ങളും, ചെടികളും എന്നെ അവയുടെ വേരുകളിലേക്കു വലിച്ചെടുക്കും... അവ തളിർക്കും, പൂക്കും... അങ്ങനെ ഞാൻ ഈ പ്രകൃതിയിൽ ലയിക്കും..." അയാൾ അൽപ്പം സ്വരമുയർത്തി പറഞ്ഞു കൊണ്ട്, കീശയിൽ നിന്ന് ഒരു ചെറിയ കത്തി കൈകളിൽ എടുത്തു. എന്നിട്ടു തന്റെ ഇടതു കൈത്തണ്ടയിലെ ഞരമ്പു മുറിക്കുവാൻ തയ്യാറായി നിന്നു.

എന്നാൽ അയാൾക്ക്‌ അതിനു കഴിഞ്ഞില്ല, എന്തോ ഒന്ന് അയാളെ പിന്തിരിപ്പിക്കുന്നത് പോലെ അയാൾക്ക് അനുഭവപെട്ടു. അത് മനസ്സിനുള്ളിലെ ഭയമാണോ? അതോ ഈ പ്രകൃതി ആണോ? എന്തായാലും മനസ്സിനും , ശരീരത്തിനും ഒരു കുളിർമ അനുഭവപ്പെടുന്നത് പോലെ അയാൾക്ക് തോന്നിത്തുടങ്ങി. കൂടാതെ മനസിനുള്ളിൽ ഒരു ശാന്തതയും അയാൾക്കനുഭവപ്പെട്ടു. ഈ പ്രകൃതി തന്നെ ആശ്വസിപ്പിക്കുന്നതു പോലെ അയാൾക്കനുഭവപ്പെട്ടു.

മരണത്തെ ഇപ്പോൾ കൂട്ട് വിളിക്കേണ്ട എന്നയാൾ തീരുമാനിച്ചു. ഈ പച്ചപ്പിലേക്ക്, ഈ പ്രകൃതിയിലേക്ക് സഞ്ചരിക്കാൻ അയാൾ തീരുമാനിച്ചു. അയാൾ വീണ്ടും മുൻപോട്ടു നടന്നു തുടങ്ങി. "എന്റെ ഈ യാത്രയിൽ മരണം എന്നെ പിടികൂടട്ടെ, അത് ചിലപ്പോൾ വിഷപാമ്പുകളുടെ രൂപത്തിലോ, അല്ലെങ്കിൽ വന്യജീവികളുടെ രൂപത്തിലോ ആകട്ടെ." അയാൾ ശബ്ദമുയർത്തി പറഞ്ഞു കൊണ്ട് കൂടുതൽ കൂടുതൽ ദൂരത്തിലേക്കു നടന്നുപ്പോയിക്കൊണ്ടേയിരിന്നു.

വളരെയേറെ ദൂരം നടന്ന അയാൾ മനോഹരമായ ഒരു കാട്ടു ചോല കണ്ടു. നല്ല തെളിഞ്ഞ ജലം പാറക്കൂട്ടങ്ങൾക്കിടയിലൂടെ വഹിച്ചുകൊണ്ട് പോകുന്ന കാട്ടു ചോല. അയാൾ ആ ചോലയിലെ ഒഴുക്കിൽ നിന്ന് മതിയാവോളം വെള്ളം കുടിച്ചു ദാഹം അകറ്റി. എന്നിട്ടു തന്റെ വസ്ത്രങ്ങൾ എല്ലാം ഊരി  മാറ്റി, നഗ്നനായി  അയാൾ ആ തെളിഞ്ഞ വെള്ളത്തിൽ ഇറങ്ങി. ആ തണുത്ത വെള്ളത്തിൽ അയാൾ മുങ്ങി കിടന്നു. ശരീരത്തിന്റെയും , മനസിൻെറയും ക്ഷീണമെല്ലാം ആ ചോലയിലെ ജലത്തോടൊപ്പം ഒഴുകി പോകുന്നതുപോലെ അയാൾക്ക് തോന്നി.

പതിയെ ആ ചോലയിൽ നിന്ന് കയറി വസ്ത്രമെല്ലാം ധരിച്ചതിനുശേഷം അവിടെ കണ്ട ഒരു വലിയ പാറയിൽ കയറി കിടന്നു. ചിന്തകൾ മുറിവേൽപ്പിക്കാൻ തുടങ്ങിയപ്പോൾ ആണ് അയാൾ നാടും വീടും വിട്ടിറങ്ങി ഈ കാട് കയറിയത്. മുറിവേൽപ്പിക്കുന്ന ചിന്തകൾ ഇപ്പോൾ തന്നെ വിട്ടുപോയതായി അയാൾക്ക്‌ തോന്നി. എന്നാൽ മരണത്തെ കൂട്ട് വിളിക്കണം എന്ന ചിന്ത മാത്രം അയാളെ വിട്ടു പോയിരുന്നില്ല !

Srishti-2022   >>  Short Story - Malayalam   >>  പുകമണക്കുന്ന പൂക്കൾ

Reshma P Chandran

Infosys

പുകമണക്കുന്ന പൂക്കൾ

ആൾത്തിരക്കുള്ള മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം.
ഉച്ചത്തിലുള്ള നിലവിളി കേൾക്കാം.ശബ്ദം കേട്ടാൽ അറിയാം യുവാവാണ് .വേദനിച്ചിട്ടുള്ള കരച്ചിലാണ്.

"അയ്യോ എന്റെ കൈ....അയ്യോ എന്തേലും സെഡേഷൻ താടാ..
എന്റെ കയ്യു ഒടിഞ്ഞിട്ട്ട്..എന്തൊരു വേദനയാ..അയ്യോ "
എനിക്ക് വേദന എടുക്കുവാനേ..."

അടുത്തുനിന്ന അറ്റൻഡർ പറയുന്നുണ്ട്
"ഇവനൊക്കെ ഇതുപോര..
വെള്ളമടിച്ചിട്ടുള്ള വണ്ടിയോടിക്കല..
അതെങ്ങനാ പതിനെട്ടുകഴിഞ്ഞാൽ കാർന്നോന്മാര് ലക്ഷങ്ങൾ ഉള്ള വണ്ടി അല്ലെ മേടിച്ചു കൊടുക്കുള്ളു..
പണിയില്ല കൂലിയും ഇല്ലാതെ ഇങ്ങനെ കോലു കളിച്ചു നടപ്പല്ലേ..
അവന്റെയൊക്കെ യോഗം."

"നമ്മളെയൊക്കെ കാർന്നോന്മാര് തിരിഞ്ഞുപോലും നോക്കിട്ടില്ല
ഈ പ്രായം വരെ.കാശിന്റെ വില അറിയാത്തവർ.
ഹാ എന്തേലും തക്കത് കിട്ടുമ്പോൾ മനസ്സിലാകും."

"ഹോ എന്താടോ താനിങ്ങനെ ഒച്ചവെക്കുന്നെ " നേഴ്സ് സഹികെട്ടു ചോദിച്ചു.
"നീ പോടീ നീ ആരാ എന്നെ ചോദ്യം  ചെയ്യാൻ ?
നിനക്കു വല്ല ഇൻജെക്ഷൻ തരാൻ പറ്റുമോ?
ഇല്ലേൽ നീ പോടീ  *&%^#$$"(കട്ട തെറികൾ )

ഇവന് അമ്മേം പെങ്ങളും ഇല്ലേ (നേഴ്സ് സഹ നേഴ്സ് നോട് )

"എല്ലാ ചേച്ചി എനിക്ക് ഇല്ലാ, ചേച്ചിക് ഈ പറഞ്ഞത് , ഏതു  ?പെങ്ങള് ഉണ്ടേൽ, എനിക്ക് തന്നേരെ.. ഞാൻ നോക്കിക്കോളാം "

"ഓഹ് ഇവൻ druggaa  നീ ഒന്നും പറയാൻ നിൽക്കേണ്ട  " സഹ നേഴ്സ്

ആരും അടുക്കുന്നില്ല .കൈ ഒടിഞ്ഞിട്ടുണ്ട്..അതും തോളില്..എല്ലിന് പൊട്ട്

"ഉത്തരവാദിത്തപെട്ടവര് വരട്ടെ ,വാർഡിലേക്ക് മാറ്റാം" ഡോക്ടർ പറഞ്ഞു.

ഒരു മണിക്കൂർ കഴിഞ്ഞു കാണും..
രണ്ടു പേര് വന്നു ..
അവരെ കണ്ടതും അവൻ അക്രമാസക്തമായി.
ചീത്തയും തെറിയും മാത്രം ..

"എടി നീ ഒക്കെ ഒരു തള്ളയാണോ?
നിന്റെ ഒടുക്കത്തെ പ്രാക്കാണ്..എന്റെ  തലവിധി അല്ലാതെന്താ ?

നോക്കി നിന്നവർക്ക് ഇപ്പോൾ ഒരു ഏകദേശ രൂപം കിട്ടിയിട്ടുണ്ട്..
മുൻപേ പറഞ്ഞ , ആ ഉത്തരവാദികൾ തന്നെ !
ഇവന് വളർത്തുദോഷം സമ്മാനിച്ച നികൃഷ്ട ജന്മങ്ങൾ .

അഭിപ്രായങ്ങളും മനോവിചാരങ്ങളും പാടെ മാറ്റേണ്ടി വന്നു കണ്ടു നിന്നവർക്ക്.കാരണം കാശിന്റെ തിളപ്പല്ല..

അവന്റെ അപ്പന്റെ കാലിൽ പണി കഴിഞ്ഞു വന്ന സിമെന്റിന്റെ അവശേഷിപ്പുകൾ ഏതോ കഥയെ തുറക്കുന്നുണ്ട്.
നടുവും താങ്ങി  നിൽക്കുന്ന അമ്മയെ കണ്ടാലറിയാം
ഒരു ആയുസ്സിന്റെ സർവവും താങ്ങിയതു ആ നാടുവിലാണെന്നു.

വാർദ്ധക്യം കാലം തെറ്റിവന്ന വെയിലിനെ  പോലെ നോക്കി നിൽക്കുകയാണ്.
പെട്ടെന്ന് പ്രായമാകുന്ന മക്കളുണ്ടെങ്കിൽ വാർദ്ധക്യം കാലം പോയിട്ട കണ്ണാടി പോലും നോക്കാതെ എത്തുന്ന പാവം ഒരു വിരുന്നുകാരനാണ് .

ആ നാലു കണ്ണുകൾക്കു എന്തോ പറയാനുണ്ട്.

നിശബ്തതയുടെ താഴ്‌വാരം.താഴ്വരങ്ങൾക് ഒരുപാട് കഥകൾ പറയാനുണ്ടാകും ,അതും പറയാതെ പറയുന്ന കഥകൾ കാറ്റിനും മഴയ്ക്കും ഭാവങ്ങളുണ്ടാകും .എന്തിനേറെ പറയാൻ മണ്ണിനും  marangalkkumnund parayanere.

മക്കള്ക്കുവേണ്ടിയ ഞാൻ ജീവിച്ചത് മക്കൾക്കുവേണ്ടി മാത്രം.
അതെ അവരുടെ കണ്ണിലെ ചിരി കാണാൻ മാത്രം ഞാൻ എല്ലുമുറിയെ പണിയെടുത്തു.

ഇന്ന് വാർദ്ധക്യം എന്നെ തേടി വന്നിരിക്കുകയാണ്.
ഹാ പ്രളയത്തിന് പോലും സമയവും കാലവും ഇല്ലാ.പിന്നെയാണ്   വാർദ്ധക്യം.

ആരുമില്ലാത്തവന് ദൈവം   തുണ  എന്ന്‌ കേട്ടിട്ടുണ്ട്.
പഴയ കമ്മ്യൂണിസ്റ്റ് ആയതിനാൽ ദൈവത്തെ  വിശ്വസിക്കാൻ ഒരു ഭയം.
ഹാ അങ്ങേരു തന്ന കുഞ്ഞുങ്ങളെ ദൈവമായി കാണാല്ലോ അല്ലെ.

അങ്ങനെ ഞാൻ എന്റെ മക്കളെ സ്നേഹിച്ചു..എന്റെ എല്ലാ പ്രവർത്തികളും
ഞാൻ അവർക്കുവേണ്ടി സമർപ്പിച്ചു .
എന്റെ സന്തോഷം മാത്രമല്ല എന്റെ വയറും നിറച്ചിരുന്നു, അവരുടെ കണ്ണിലെ മായാത്ത ചിരി ആയിരുന്നു.
ഞാൻ കണ്ട ഉയരങ്ങൾ എന്റെ വീടായിരുന്നെകിൽ അവരുടെ ഉയരങ്ങൾ ലോകമാകണമെന്നു  ഞാൻ ശഠിച്ചു.
 
അല്ലെങ്കിലും പഴം പുരാണം ആർക്കും പിടിക്കില്ല
മൂത്തത് രണ്ടു പെങ്ങന്മാരായതുകൊണ്ടും താഴെ രണ്ടെണ്ണം ഉള്ളതുകൊണ്ടും
പഠിക്കാനൊന്നും പറ്റിയില്ല .സ്കൂളിൽ പോകുന്നതിനേക്കാൾ വീട്ടിലുള്ളവരുടെ വയറു നിറക്കുന്നതിനല്ലേ സന്തോഷം .
അതുകൊണ്ട് തന്നെ സ്വന്തം മക്കളെ പഠിപ്പിക്കാൻ ഒരുപാട് കൊതിച്ചു.കൂലി പണിക്കാരൻ പണിയെടുത്തത് അതിനു വേണ്ടി മാത്രമാണ്.
തനിക്കു നേടാൻ കഴിയാത്തത് മക്കളെകൊണ്ട് നേടിയെടുക്കണം എന്ന് എല്ലാ ശരാശരി അപ്പനമ്മമാരുടെ ആഗ്രഹമാണ് ..
എന്റെ മക്കൾക്ക് എല്ലാവിധ സ്വാതന്ത്ര്യവും കൊടുത്തു ..
എവിടെയാണോ എനിക്ക് പിഴച്ചത് ?

ഇല്ലായ്മകളിലും ജീവിക്കാൻ പഠിപ്പിച്ചു ..
ഇഷ്ടമുള്ളതിനു വാശിപിടിക്കാതെ ഉള്ളതിൽ തൃപ്തി പെട്ട് ജീവിക്കാൻ പഠിപ്പിച്ചു .
ആലംബരെയും അശരണരെയും സഹായിച്ചു  മനുഷ്യത്വത്തിന്റെ മഹനീയതയിൽ ജീവിക്കാൻ പഠിപ്പിച്ചു
ഇല്ലാത്തവന് ഉള്ളതിന്റെ ഒരു പങ്കു നല്കാൻ പഠിപ്പിച്ചു .

ഒന്നുമില്ലായ്മയിൽ നിന്ന് സ്വന്തമായ ഒരു നിലനില്പുണ്ടാക്കാൻ പറ്റുമെന്ന്
സ്വന്തം ജീവിതം കൊണ്ട് കാണിച്ചു കൊടുത്തു .
ഇതൊന്നും ഒരു കോളേജിലും അവനു കിട്ടാത്ത പാഠങ്ങളാണ്..

എങ്ങനെ ഞാൻ വളർത്തിയ മോനാണ് ..നാട്ടുകാര് പറയുന്നത് എന്റെ വളർത്തുദോഷമാണെന്നു..

അതെ മക്കളറിവെക്കുന്ന കാലത്തു,അവർക്കു നല്ല വഴി കാണിക്കുന്ന അപ്പനാകാൻ  ദുശ്ശീലങ്ങൾ നിർത്തിയ ഞാൻ ചെയ്തത് തെറ്റാണോ?

ആ അപ്പൻ മക്കൾ സമ്പാദിക്കണ്ട കാലത്തു രാത്രികളിൽ നെഞ്ചിലെ തീ കാഞ്ഞിരുന്നത്  എന്തിനു വേണ്ടിയായിരുന്നു ?

നാട്ടുകാരുടെ കണ്ണിൽ "മകനെ താങ്ങുന്ന അപ്പൻ!!"
ജന്മം കൊടുത്തെന്ന പേരിൽ ,നെഞ്ചിന്റെ ഉള്ളറകളിൽ അവരോടുള്ള സ്നേഹം വറ്റാതെ ഇന്നും തീയായി  അവശേഷിക്കുന്നത് കൊണ്ട്
അവൻ വരണേ എന്നു ഉള്ളുരുകി പ്രാർത്ഥിച്ചതുകൊണ്ടാണ് അവനിന്നും ഇങ്ങനെ മുന്നിലിരിക്കുന്നത്.

ജീവിതം കൊണ്ടുതന്നെ ഒരുപാട് പക്ക്വത ആര്ജിച്ചിച്ചത് കൊണ്ട് ,ക്ഷമ കൈമുതലായെന്നു പറയാം.എന്നാലും എല്ലാവര്ക്കും ഒരുപോലെ ആകണമെന്നില്ല ,പ്രതീക്ഷ കൈവിടുമ്പോൾ ആരും പൊട്ടിത്തെറിക്കും
അവന്റെ അമ്മയും അത്രേ ചെയ്തുള്ളു..

ആറ്റുനോറ്റുഉണ്ടായ മകനാണ് ..
പഠിക്കാൻ മടിയ.എങ്കിലും നല്ല ബുദ്ധിയാ.ആളുകളോട് നന്നായി പെരുമാറാനറിയാം .നന്നേ ചെറുപ്പത്തി ചെറിയ വാശികൾ ഉണ്ടായിരുന്നതല്ലാതെ ഒരു അലംമ്പിനും പോയിട്ടില്ല .
വാശികൾ എന്നു വെച്ചാൽ ,ഉടുപ്പ് വാങ്ങാൻ പോയവന് ഉടുപ്പുവേണ്ട ,പകരം ഒരു വണ്ടി മതി .
അല്ലാ തീപ്പെട്ടി പെട്ടി കൊണ്ട് വണ്ടി ഉണ്ടാക്കി കളിക്കുന്നവന് ആശിച്ചുടെ ?
കള്ളും വെള്ളവും , അടിയും പിടിയും ,തെറിയും ബഹളവും
ഒന്നും ഞാനായിട് കാണിച്ചു കൊടുത്തിട്ടില്ല
അവൻ അതെല്ലാം പഠിച്ചു..
ഒരമ്മയെയും പറയാൻ പാടില്ലാത്തതും അവൻ പറഞ്ഞു ..
അമ്മയുടെ നേർക്ക് അവന്റെ കൈകൾ ആഞ്ഞു പതിച്ചു .
അച്ഛന് നേർക്കും ആ കൈകൾ പിന്തുടർന്ന് ..
നാട്ടുകാർ അതിരുകളിൽ പാത്തിരുന്നു.
ചിലർ സന്തോഷിച്ചു ,ചിലർ സഹതപിച്ചു ..
ചിലർ വെറുത്തു ..ചിലർ പരിഹസിച്ചു
ചിലർ മാറ്റി നിർത്തി ..

"അവനോ മൂത്ത കഞ്ചാവാ..    
അതിലാണ് തുടങ്ങ്യയത് ഇപ്പൊ അതൊന്നുമല്ല..
വമ്പൻ ടീമാണ് കൂട്ട്..
കോട്വാഷൻ ടീമും  ഇവന്റെതന്നെ.
ഇനി എന്തൊക്കെ കേൾക്കും ആവോ"

"മക്കളെ വളർത്തനറിയില്ല
വളത്തുദോഷം അല്ലാതെന്താ ?
കയറൂരി വിട്ടേക്കുവല്ലേ ..ഇതൊക്കെ എങ്ങോട്ടേലും പോയാമതിയായിരുന്നു. "    
എത്തിനോക്കിയവരും സഹതപിച്ചവരും പലരും പിന്നെ തിരിഞ്ഞു നോക്കാതായി .ഒരുത്തൻ വരുത്തി വെച്ച പുകിലിന് മറ്റേതിന്റെ തന്തയെയും തള്ളയേയും ഇല്ലാതാക്കണ്ടല്ലോ എന്നു വെച്ച് ജീവൻ കളഞ്ഞില്ല .

പോലീസ് കേസ്കളും  തല്ലും വഴക്കും പതിവായി .
സഹിക്കാൻ ഞങ്ങൾ മാത്രം .
ആക്‌സിഡന്റുകൾ ഓരോന്നായി കാലിന്റെയും കയ്യിന്റെയും വില അറിയിച്ചു കൊണ്ടിരുന്നു .
വണ്ടിയുടെ ഭാഗങ്ങൾ ഓരോന്നായി മാറിക്കൊണ്ടിരുന്നു .
അവന്റെ മനസിന് മാത്രം മാറ്റം വന്നില്ല.
പിന്നെ മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായതുകൊണ്ട് കിടപ്പാടം കയ്യിൽ തന്നെയുണ്ട്.
മുണ്ടുമുറുക്കിയുടുത്തു കുടുംബം പോറ്റിയ ജന്മംങ്ങൾ ,പന്ത്രണ്ടാമത്തെ വയസ്സിൽ കൽപ്പനി കാരൻ ആയ അപ്പന്റെയും പതിനഞ്ചാമത്തെ വയസ്സി ഇരുമ്പു ചവിട്ടി തുടങ്ങിയ തയ്യൽകാരിയുടേം മകൻ .

പ്രൊഫഷണൽ കോഴ്സ് പഠിച്ച മൂത്തതിന്റെ ഒപ്പം ജോലി കിട്ടാൻ ഇളയത്തിനെ പിജി ക്കു വിട്ടു .മാർക്കിന്റെ ദൈന്യതയിലും ലോകത്തിന്റെ പരിചയത്തിനും അന്യ സംസഥാനത്തിലേക് അവനെ പറിച്ചു നട്ടു.

ആദ്യമൊക്കെ അവൻ തിരിച്ചുപോരട്ടെയെന്നു ചോദിക്കുമായിരുന്നു.
കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നേൽ അവൻ ഇങ്ങനെ ആകുമായിരുന്നില്ല  .കൂട്ടുകെട്ടും നോക്കാൻ ആരുമില്ലാത്തതിന്റെ സ്വാതന്ത്ര്യവും .

കോളേജിൽ പഠിക്കുന്ന കാലത്തു ആരോ തന്ന ഒരുപൊതി കഞ്ചാവിൽ ജീവിതം തല കുത്തനെ മറിഞ്ഞു പിന്നെ രുചിക്കാത്തതും അറിയാത്തതും ആയ ഒരുപാട് ലോകങ്ങൾ ഒരുപാട് വലയങ്ങൾ.തരുന്നതെന്തും ഉപയോഗിച്ച് .സുഹൃത്തും വഴികാട്ടിയും ആയതു ലഹരി തന്നെ അല്ലാതെ തരുന്നവരല്ല .
നീളമുള്ള മുടിയിഴകൾ കണ്ണിന്റെ മയക്കം മറച്ചപ്പോള്, നീണ്ട മീശയും താടിയും ചൊടികളിലെ തടിപ്പും കറുപ്പും മറച്ചു .ആർക്കും പിടികൊടുക്കാതെ അന്തര്മുഖനായി നടന്നു..ചോദ്യം ചെയ്തവരെ ദേഷ്യക്കാരനായി ചൊൽപ്പടിക്ക് നിർത്തി.ഞാൻ എന്റെ ലോകം തീർത്തു .

ഗുണ്ടാത്തലവനും കോളേജ് വിദ്ധാർത്ഥികളും എന്തിനു പറയുന്നു സ്കൂൾ കുട്ടികൾ വരെ ആ  ലോകത്തിലെ അന്തേവാസികളായിരുന്നു.എപ്പോളോ കാൽവഴുതി വീണതായിരുന്നു ആ ലോകം , വീണതല്ല വീഴ്ത്തിയതാണ് .
ബലഹീനതകളിൽ വള്ളി ചുഴറ്റി ,ആഞ്ഞു വലിച്ചും വീഴ്ത്തി.
പല ആക്‌സിഡന്റുകളും ആശുപത്രി വാസവും അവനെ  ആ വീഴ്ചയിൽ നിന്ന് കരകയറ്റാൻ സ്രെമിച്ചെങ്കിലും ആസക്തി അടങ്ങുന്നതായിരുന്നില്ല

ഡീഅഡിക്ഷന് വാസങ്ങൾ  വിരലിൽ എണ്ണി തീർന്നു .പുറത്തിറങ്ങുന്ന   ദിവസങ്ങളിൽ മനസ്സ്  കാത്തു  നിന്നു.അടുത്ത ലഹരിക്കായി .
കാരണങ്ങൾക്കായി മനഃസമാധാനമില്ലായ്മക്കു കൂട്ടുപിടിച്ചു .

നാളെ നന്നാകാം ..
ഇന്ന് ഇതുംകൂടി ..
നാളെ ആകുമ്പോൾ , ഇന്ന് എനിക്ക് വേണ്ട
മണിക്കൂറുകൾക്കു ശേഷം ..എനിക്ക് പറ്റുന്നില്ല..
ഫോൺ എവിടെ..
എടാ അളിയാ ..നീ എവിടാ..
സാധനം ഉണ്ടോ ? ഞാൻ വരാം..  

ശേഷം വീട്ടിൽ
"ഞാൻ പ്രായപൂർത്തിയായ ചെറുക്കന് ആണ്
ഞാൻ എനിക്ക് തോന്നിയപോലെ നടക്കും
നിങ്ങൾക് നിങ്ങളുടെ കാര്യം നോക്കിയാപ്പോരേ ?"

"നിന്നെ ഞാൻ എന്ത് കഷ്ടപെട്ടാടാ പഠിപ്പിച്ചേ
 ബാങ്കിലെ ലോൺ അങ്ങനെ ..
നാട്ടുകാരോട് വായ്പ മേടിച്ചതു കൊടുക്കണം
പച്ചവെള്ളം പോലും കുടിക്കാതെ നീ എന്താ ഇങ്ങനെ നടക്കണേ?
നാട്ടുകാരെന്തൊക്കെയാ പറയണത് ?
പിജി കഴിഞ്ഞു നീ ഇങ്ങനെ തെണ്ടിത്തിരിഞ്ഞു നടന്നാമത്യോ?
ഈ അപ്പനേം അമ്മയേം ഇങ്ങനെ തീ തീറ്റികണോ?

"നിങ്ങള് എനിക്ക് വേണ്ടി എന്ത് കോപ്പാണ് ചെയ്തത്?
ഞാൻ എൻ്റെ കഴിവ് കൊണ്ട് പഠിച്ചു .
എന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും
നിങ്ങള് വരുത്തി വെച്ച കടം ഞാൻ മേടിച്ചതല്ല
എനിക്ക് കുറച്ചു കാശു വേണം
പെട്രോൾ അടിക്കണം , റീചാർജ് ചെയ്യണം "

എന്ന്‌ പറഞ്ഞു അപ്പന്റെ ഷിർട്ടിന്റെ പോക്കറ്റ് വലിച്ചു കീറി അവൻ പോയപോക്കാണ് .അപ്പനെ തള്ളിയിട്ടതിന്റെ അടയാളമായി ആ തലയിൽ ഒരു മുറിവ് അവശേഷിച്ചു ..

"നീ ഒരുകാലത്തും ഗുണം പിടിക്കാനല്ല.പോകുന്നപോക്കിനു നിനക്ക് കിട്ടും.'

അങ്ങനെ ആ പോക്കിന് കിട്ടിയതാ.കൈയൊടിഞ്ഞു കിടപ്പാ..
കഴിഞ്ഞ ആക്‌സിഡന്റിൽ  സമ്മാനമായി കിട്ടിയ കമ്പി കാലിനകത്തിരുന്നു ഒടിഞ്ഞ കയ്യിനെ നോക്കി പുഞ്ചിരിച്ചു .

അടുത്ത കളികൾക്കായി അവനിലെ പുലി പതുങ്ങി .
പുലി പതുങ്ങുന്നതു അടുത്ത ചുവടിനായി, തക്കം പാർത്തു അവൻ.


"വളർത്തുദോഷം  അപ്പനും അമ്മയ്ക്കും അവകാശപ്പെട്ടതാണ് .
കാലങ്ങളായി അവർക്കുമാത്രം ചാർത്തി കിട്ടുന്ന  പട്ടം .
ഒരുവൻ കാണുന്ന ലോകം അപ്പനും അമ്മയും മാത്രമല്ല .
അയലത്തെ ചേട്ടനും ചേച്ചിയും പിള്ളേരും വല്യപ്പനും വല്യമ്മയും ഒക്കെയാണ്  
അതുകൊണ്ട് മാറിനിന്നു കാണുന്നവർ മാത്രമേ പഴിച്ചു മാറി നില്ക്കു .നിങ്ങളും ഈ പാപത്തിൽ പങ്കാളികൾ ആണ് ..കുറ്റം ചെയ്യാത്തവർ കല്ലെറിയട്ടെ .കൂടെ നിൽക്കുന്നവർ കൂടെ നിൽക്കും ,ഉത്തരവാദിത്തം എന്റെയും കൂടി ആണെന്ന് കരുതും.കൂടെ കൂട്ടുക ,ചേർത്ത് നിർത്തുക .അവരും മനുഷ്യരാകാട്ടെ. "

Srishti-2022   >>  Short Story - Malayalam   >>  ഗോദ്രയുടെ ബാക്കിപത്രങ്ങൾ

Jince Tom Varghese

Infosys Limited

ഗോദ്രയുടെ ബാക്കിപത്രങ്ങൾ

കനത്ത മഴയിലും ഞാൻ മുന്നോട്ടു നടന്നു കൊണ്ടേയിരുന്നു. ചുറ്റിലും ഉയരുന്ന അപൂർണങ്ങളായ ശബ്ദശകലങ്ങൾക്കു ചെവി കൊടുക്കാതിരിയ്ക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു. എന്റെ മനസ്സിനെ അവ തെല്ലും അലട്ടിയില്ല എന്നു തന്നെ പറയേണ്ടി വരും. നെറ്റിയിലെ മുടിയിഴകളിൽ നിന്നും ഊർന്നിറങ്ങുന്ന വെള്ളത്തുള്ളികൾ പലപ്പോഴും എന്റെ കാഴ്ചയെ മറയ്ക്കുന്നുണ്ടായിരുന്നു.

 

കടമ്മനിട്ടയുടെ വരികൾ ഞാൻ ആവർത്തിച്ചു ഉരുവിട്ടുകൊണ്ടേയിരുന്നു.

 

"നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നില്ലേ".

 

ജീവിച്ചു തീർത്ത നാളുകളെത്രയോ ... ഏയ് , തെറ്റിയോ. മരിച്ചു തീർത്ത നാളുകൾ എന്നു പറയുന്നതാകും ഉചിതം.

 

പ്രയാണമായിരുന്നു നാളത്രയും. ലക്ഷ്യമില്ലാത്ത പ്രയാണം. അഖണ്ഡ ഭാരതത്തിന്റെ നാലറ്റങ്ങളെയും കൂട്ടി മുട്ടിക്കാൻ ഉള്ള പ്രയാണം. സ്വയം പൊട്ടിച്ചിരിക്കാൻ തോന്നി. ഇതിനൊക്കെ നീ മതിയാകുമോ എന്ന സ്വയം വിമർശനം കേട്ടിട്ടാകും പിന്നെ അഖണ്ഡ ഭാരതത്തിന്റെ സുസ്ഥിര നില നില്പിനെ പറ്റി കൂടുതലൊന്നും ചിന്തിച്ചില്ല.

 

മഴ കുറച്ചു കുറഞ്ഞ പോലെ.അൽപം കൂടി വേഗത്തിൽ നടന്നുകൊണ്ടേയിരുന്നു. ഇനിയും ദൂരമെത്ര പോകാനുണ്ട്. ജീവിതത്തിന്റെ മൈൽക്കുറ്റികളിലൊക്കെയും എഴുത്തുകൾ മാഞ്ഞു തുടങ്ങിയിരിക്കുന്നു.

 

വഴിയരികിൽ പലയിടത്തും കത്തിക്കരിഞ്ഞ ജഡാവശിഷ്ടങ്ങൾ കാണാം. ആർക്കൊക്കെയോ വേണ്ടപ്പെട്ടവർ. ഒന്നിനെയും കാണാതെ മുന്നോട്ടു പോകേണ്ടി വരിക എന്നത് ഏറെ ശ്രമകരമായ ഒരു കാര്യമാണ്.

 

ആരൊക്കെയോ ഉറക്കെ വിളിച്ചു പറയുന്നത് കേൾക്കാം. " ഇതൊരു തുടക്കം മാത്രം ".

 

എങ്ങു നിന്നോ മുഹമ്മദ് റാഫിയുടെ ഒരു ഗാനം അവ്യക്തമായി കേൾക്കാമായിരുന്നു.

 

"ബഹാരോം ഫൂൽ ബർസാവോ .." മരണമില്ലാത്ത ഗാനങ്ങളിൽ ഒന്ന്. അച്ഛനും ഒരുപാടിഷ്ടമായിരുന്നു ഇത്. തന്നെ മടിയിലിരുത്തി മുഹമ്മദ് റാഫിയെ പറ്റി വാചാലനാകുന്ന അച്ഛൻ. പുകയില കറ പിടിച്ച പല്ലുകൾ പുറത്തു കാട്ടി അച്ഛൻ ചിരിക്കും. അച്ഛൻ ചിരികുമ്പോ എന്തോ വല്യ സന്തോഷമാണ് തനിക്കും.

 

എല്ലാം എത്ര പെട്ടെന്നാണ് മാറി മറിഞ്ഞത്, ജീവിതം എന്നൊന്ന് കരുപ്പിടിപ്പിക്കാൻ സ്വപനങ്ങളെ ഒക്കെ മറക്കേണ്ടി വന്നു. പല നാൾ പലയിടത്തും ചുറ്റിത്തിരിഞ്ഞു ഒടുവിൽ എത്തിച്ചേർന്നത് ഇവിടെ.

 

അന്ന് താനുമുണ്ടായിരുന്നു ഗോധ്രയിൽ, ആളിക്കത്തുന്ന അഗ്നി ജ്വാലകൾക്കിടയിൽ പച്ചമാംസം വേവുന്ന ഗന്ധം തലച്ചോറിനുള്ളിൽ ഇപ്പോഴും ചുറ്റിത്തിരിയുന്നു, ഇപ്പോഴെങ്ങും പിൻവാങ്ങാൻ താല്പര്യം ഇല്ലെന്ന മട്ടിൽ. എങ്ങനെയൊക്കെയോ തിരികെ മുറിയിൽ എത്തിച്ചേർന്നതും അച്ഛനൊരു കത്തെഴുതി.

 

പ്രിയ അച്ഛാ,

ഇവിടെ ഇനി വയ്യ. എന്തൊക്കെയോ സംഭവിക്കാൻ പോകുന്ന പോലെ. മറ്റെവിടേക്കെങ്കിലും പോയെ തീരു.

 

ഇത്ര മാത്രമേ എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞുള്ളു. മനസ്സ് മരവിച്ചിരുന്നു.

 

എങ്ങനെ എങ്കിലും പോയെ തീരു. കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കണോ? മനസ്സ് തുലാസിൽ കിടന്നു അങ്ങോട്ടുമിങ്ങോട്ടും ആടുന്ന പോലെ. അധിക ദിവസങ്ങൾ ഒന്നും കാക്കേണ്ടി വന്നില്ല. അതിനു മുൻപേ അപലക്ഷണങ്ങൾ കണ്ടു തുടങ്ങി. രഹസ്യ കൂടിയാലോചനകൾ. വിജനമാകാൻ തുടങ്ങുന്ന തെരുവുകൾ. എവിടെ ഒക്കെയോ എത്തിപ്പെടാനെന്ന പോലെ പരക്കം പായുന്ന ആളുകൾ.

 

ഒടുവിൽ നാലു ദിവസങ്ങൾക്കു ശേഷം അവ്യകതമായ നിലവിളികൾ കേട്ട് തുടങ്ങി. പിന്നൊന്നും ആലോചിച്ചില്ല. കൈയിൽ കിട്ടിയതെല്ലാം എടുത്ത് ചാടിയിറങ്ങി. അത് പക്ഷെ എങ്ങും എത്തിപ്പെടാൻ പോകുന്നില്ലാത്ത ഒരു യാത്രയുടെ തുടക്കമായിരുന്നു അത് എന്ന് അന്ന് മനസ്സിലാക്കാൻ പറ്റിയില്ല.

 

ദിവസങ്ങളായി ഈ തെരുവുകളിൽ കിടന്നു ചുറ്റിത്തിരിയാൻ തുടങ്ങിയിട്ട്. എങ്ങോട്ടു തിരിഞ്ഞാലും അഗ്നി ജ്വാലകൾ മാത്രം. ഒന്നും നേടാനില്ലാത്ത ഹതഭാഗ്യരുടെ നിലവിളികൾ മാത്രം. ഉച്ചത്തിലുള്ള കൊല വിളികളും അട്ടഹാസങ്ങളും മാത്രം.

 

എങ്ങനെയും അച്ഛന്റെ അടുത്ത എത്തുക, എന്നു മാത്രമേ ഇപ്പോൾ മനസ്സിലുള്ളു. പക്ഷെ എങ്ങനെ. മാർഗ്ഗങ്ങൾ ഒന്നുമില്ല. എന്തും വരട്ടെ എന്ന് കരുതി മുന്നോട്ട് നടന്നു.

 

ഒടുവിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, ഒരു കൂട്ടം ആളുകൾ അതാ മുൻപിൽ. അവർക്കു മറ്റൊന്നും അറിയണ്ട, എന്റെ മതം മാത്രം. ഞാൻ പറഞ്ഞത് ഒന്നും അവർ വിശ്വസിക്കുന്നില്ല.

 

അവർ മുൻവിധി എഴുതി. ഇതാണ് നിന്റെ തെരുവ് എങ്കിൽ നിന്റെ മതവും ഇത് തന്നെ. കൂടുതൽ കേൾക്കാൻ അവർ നിന്നില്ല. ഒരാളുടെ കയ്യിലിരുന്ന വാൾ എന്റെ നെഞ്ചിൽ ഒരു ചിത്രം വരച്ചു.

 

നിലത്തേയ്ക്കു വീഴുമ്പോഴും എന്റെ മനസ്സ് നിറയെ മുഹമ്മദ് റാഫിയെ പറ്റി സംസാരിക്കുന്ന അച്ഛനായിരുന്നു. പിന്നെ അച്ഛനു ഞാൻ എഴുതിയ കത്തിൽ എഴുതാൻ വിട്ടുപോയ ഒരു വരിയെ കുറിച്ചുള്ള ഖേദവും.

 

അതിത്ര മാത്രമായിരുന്നു.

 

"അച്ഛാ, എന്തു വന്നാലും തെക്കേ പറമ്പിലെ മാവു വെട്ടരുത്. അതിന്റെ മാമ്പഴത്തിനു നല്ല മധുരമാ"

Srishti-2022   >>  Short Story - Malayalam   >>  കടലാസുതോണി

Aparna Mohan

Tata Elxsi

കടലാസുതോണി

വിധിയുടെ തിരകളിൽ ഉയർന്നും താഴ്ന്നും എത്തിപ്പെട്ട തുരുത്തിൽ തിരിച്ചറിവ് നഷ്ടപ്പെട്ടയാൾ നിന്നു.മുൻ‌കൂർ നിശ്ചയിക്കപ്പെട്ടതും അപരിചിതവുമായ യാത്രയുടെ മധ്യാഹ്നത്തിൽ എത്തിയിരിക്കുന്നു എന്ന സത്യം മനസ്സിനെ തെല്ലും അസ്വസ്ഥമാക്കിയില്ല.തുടങ്ങുന്ന മാത്രയിൽ തന്നെ തിരികെ എത്തിക്കുന്ന കാലചക്രത്തിന്റെ സൂക്ഷ്മവും സങ്കീർണവുമായ കാന്തിക ശക്തിയെ ഭേദിക്കാൻ ആവുമെന്ന ആത്മവിശ്വാസത്തിൽ ചവുട്ടി നേടിയതെല്ലാം ഒരു കൈപ്പാടകലെ സ്വന്തമെന്നു അയാളുടെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.

                                                          അതിജീവനത്തിന്റെ കരുത്തിൽ കൊരുത്തതാണീ ലോകമെന്നു പറഞ്ഞു ശീലിച്ചതും അതിനു പകരമെന്നോണം നഷ്ടപ്പെടുത്തിയ ബാല്യകൗമാര മാധുര്യങ്ങളും സ്വപ്നങ്ങളും മനസ്സിനെ മഥിക്കാൻ ഒരിക്കലും അനുവദിച്ചിരുന്നില്ല. ജീവിതത്തിന്റെ ആദ്യപടികളിൽ കാലിടറി വീണുപോകുമെന്നു വിധിച്ച നാളുകളിൽ നിന്നും തന്റേതായ കഴിവിനാൽ മാത്രം പിടിച്ചു കേറിയ മനസ്സസായിരുന്നു രവിയുടേത് . മനസ്സിൽ വരുന്ന ഏത് പേരിട്ടും വിളിക്കാം അയാളെ. പിന്നീടങ്ങോട് വിധിയാൽ തട്ടിത്തെറിപ്പിക്കപ്പെട്ട സൗഭാഗ്യങ്ങൾ ഒന്നൊന്നായി നേടാൻ വെമ്പൽ  കൊണ്ട് പരതി നടന്നപ്പോളും മാനുഷിക വിചാരങ്ങൾക്കോ മറ്റോ സ്ഥാനം നല്കാൻ  അയാൾ ആഗ്രഹിച്ചില്ല..ജനിച്ചുവീണ അനാഥത്വത്തിൽ നിന്നും സ്വപ്നം കണ്ട മാരിവില്ലുകളിലേക്കുള്ള ദൂരം മാത്രം അളന്നു തിട്ടപെടുത്തി ജീവിച്ചവൻ . മുന്നിൽ തെളിഞ്ഞ വഴികളും സ്വന്തമായി  വെട്ടിയുണ്ടാക്കിയവയും അതിലേക്കുള്ള പടവുകൾ മാത്രം ആയി മാറ്റിയവൻ. ഇന്നിൻറെ വിജയപ്രതീകമായി ചിലരാൽ വാഴ്ത്തപ്പെട്ടവൻ ..

                                                     അകത്തളങ്ങളിൽ പടരുന്ന ഇരുട്ടിന്റെ കാഠിന്യം ഏറി വരുന്നതായി അയാൾക്ക് തോന്നി.ചുറ്റുമുള്ളതിനെ ഒന്നും വേർതിരിച്ചു അറിയാനാകാത്ത വിധം അത് വർധിക്കുന്നതായും  തന്നെ ചുറ്റപെടുന്നതായും തോന്നി.ഇതുവരെ പരിചിതമല്ലാതിരുന്ന ഭയത്തിന്റെ നിഴൽ പാടുകൾ മനസ്സിൽ തെന്നി മായുന്നത് പോലെ.പിന്നിട്ട വഴികളിൽ ഒന്നും ഭയമെന്ന വികാരത്തിന് പ്രസക്തി ഉണ്ടായിരുന്നില്ല. സ്വന്തമായി സൃഷ്ടിച്ച തിരക്കുകളിലും കല്പിച്ചുണ്ടാക്കിയ ആദരവിലും ജീവിച്ചു തീർത്ത വഴികളിലേക്ക് അയാൾ എത്തിനോക്കാൻ ശ്രമിച്ചു .

                       ഇടതു നെഞ്ചിൽ കൊളുത്തിവലിച്ച വിധിയുടെ ചൂണ്ടയിൽ നിന്നും തെന്നി മാറാനുള്ള  തീവ്രശ്രമത്തിനിടയിൽ നീർകുമിളകളായി മിന്നിമാഞ്ഞവയിലൊന്നും ഒരായുഷ്കാലം അയാൾ താണ്ടാൻ ആഗ്രഹിച്ച ദൂരങ്ങൾ ഉണ്ടായിരുന്നില്ല.ചുടുനിണത്തിൻ്റെ ചുവപ്പിൽ അലങ്കരിച്ച പ്രതാപത്തിന്റെ പ്രൗഡി ഉണ്ടായിരുന്നില്ല.തലമുറകളായി പകർന്നു കിട്ടിയ ആഢ്യത്തത്തിന്റെ പെരുമ ഉണ്ടായിരുന്നില്ല.

                     ജീവിതത്തിന്റെ അഭ്രപാളികളിൽ നടത്തിയ പകർന്നാട്ടങ്ങളിൽ ചമയങ്ങളുടെ സാധ്യതകൾ ഏറിയപ്പോൾ  നഷ്ടപ്പെട്ടവയെല്ലാം അയാളുടെ കണ്ണുകളെ ഈറനുറ്റതാക്കി. അജ്ഞാതമായ മയക്കത്തിന്റെ അനന്തതയിലേക്ക് ഊർന്നിറങ്ങവേ അടർന്നു വീണ ആ കണ്ണുനീർ തുള്ളികൾക്ക്  എരിഞ്ഞു തീരാറായ പാഴ്കനലിന്റെ തീക്ഷണതയുണ്ടായിരുന്നു.

Srishti-2022   >>  Short Story - Malayalam   >>  എന്‍റെ മകൾക്കൊരു ഹൃദയമുണ്ടായിരുന്നു

Sajeeth Sathyan

Allianz Service Pvt Ltd

എന്‍റെ മകൾക്കൊരു ഹൃദയമുണ്ടായിരുന്നു

വെയിൽ ചാഞ്ഞുതുടങ്ങിയിരിക്കുന്നു.

മുൻവശത്തെ വാതിൽ പുറത്തു നിന്നും പൂട്ടി രജനി പുറത്തേയ്ക്കിറങ്ങി. വലതു കയ്യിൽ ഭാരിച്ച ഒരു പ്ലാസ്റ്റിക്ക് ബാഗ് തൂക്കിപിടിച്ചിരുന്നു. ഉമ്മറത്തെ തടിത്തൂണിൻ മുകളിലായി വാതിലിന്‍റെ താക്കോല്‍ വച്ചു തിരിഞ്ഞതും മുറ്റത്തു നിന്ന് ഒരു വിളി കേട്ടു.

"രജനി"

രജനി സംശയത്തോടെ മുറ്റത്ത് നില്‍ക്കുന്ന മദ്ധ്യവയസ്കനെ നോക്കി.

"ആരാ?"

"ഞാൻ  സിദ്ധാർഥൻ. കുറച്ച് വടക്കുന്നാണ്"

അയാള്‍ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.രജനി ഒന്നും മിണ്ടാതെ വീണ്ടും സംശയഭാവത്തിൽ അയാളെ നോക്കി നിന്നു.

അതുമനസ്സിലാക്കിയിട്ടാവണം അയാൾ  അപേക്ഷ സ്വരത്തിൽ ചോദിച്ചു.

"എനിക്ക് പതിനഞ്ചു മിനിറ്റ് സമയം തരണം. കുറച്ച് സംസാരിക്കുവാനുണ്ട്"

രജനി അയാളുടെ കുഴിഞ്ഞ കണ്ണുകളിലേയ്ക്ക് നോക്കി നിന്നു. അയാൾ വളരെയധികം ക്ഷീണിതനാണ്.

എന്തായിരിക്കും അയാൾക്ക്‌  തന്നോട് പറയുവാനുളളത്.

"എന്‍റെ മകൾ ആശുപത്രിയിൽ കിടക്കുവാണ്. ഞാൻ ചെന്നിട്ട് വേണം ഈ ആഹാരം കൊടുക്കുവാൻ .അല്പം ധൃതിയുണ്ട്."

രജനിയുടെ ശബ്ദത്തിൽ ഒരു വെപ്രാളം നിഴലിച്ചിരുന്നു.

"ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം.

നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും എനിക്കറിയാം .മകളുടെ അസുഖത്തെക്കുറിച്ചും , സാമ്പത്തിക പരാധീനതകളെക്കുറിച്ചും എല്ലാം മനസ്സിലാക്കിയിട്ട് തന്നാണ് ഞാനിവിടെ നിങ്ങളെ തിരഞ്ഞ് എത്തിയത് . എനിക്ക്..................എനിക്ക് വേണ്ടി ഒരല്പം സമയം തരണം. നമ്മളെ രണ്ടാളെയും സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ട സമയത്തിന്  വേണ്ടിയാണ് ഞാൻ അപേക്ഷിക്കുന്നത്."

അയാൾ കൈകൂപ്പി നിന്നു. കാവി ജുബയും വെളളമുണ്ടും ധരിച്ച് തോളിൽ ഒരു തുണിസഞ്ചിയും തൂക്കി നിന്ന ആ സാധുവിനെ നോക്കി രജനി കണ്ണുകൾ വിടർത്തി.

"നിങ്ങൾ ആരാണ് ?  ഞങ്ങളെപ്പറ്റി നിങ്ങൾക്കെങ്ങനെ അറിയാം ?"

അയാൾ തോളിൽ നിന്നും സഞ്ചിയെടുത്തു. അതിന്‍റെ സിബ് തുറന്ന് പഴയ ഒരു പത്രക്കടലാസ് പുറത്തെടുത്തു. എന്നിട്ട് അത് രജനിയുടെ നേർക്ക് നീട്ടി.

രജനി അത് സംശയത്തോടെ വാങ്ങി നിവർത്തി നോക്കി.

                പതിനാറുകൊല്ലം  മുൻപുള്ള ഒരു പത്രമായിരുന്നു അത്. അതിലെ വാർത്ത കണ്ട് രജനിയുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി. തന്‍റെ ഭര്‍ത്താവിന്‍റെ അപകട മരണത്തെക്കുറിച്ചുളള വാർത്തയായിരുന്നു  അത്.

"നിങ്ങളെന്തിനാണിപ്പോൾ ഇതും കൊണ്ട് വന്നത്. താങ്ങാനാവുന്നതിലും അപ്പുറത്തുളള വേദനയിലൂടെയാണ് ഞാനും എന്‍റെ മോളും പൊയ്ക്കൊണ്ടിരിക്കുന്നത്. അതിനിടയിൽ വീണ്ടും ഞങ്ങളെ വേദനിപ്പിക്കാൻ വേണ്ടി എന്തിനാണ് ഈ കടലാസും കൊണ്ട് നിങ്ങൾ ഇവിടേയ്ക്ക് വന്നത്?"

അയാൾ ആ പത്രം രജനിയുടെ കൈയിൽ നിന്നും തിരികെ വാങ്ങി.

"രജനിയെ വിഷമിപ്പിക്കാൻ വേണ്ടി വന്നതല്ല ഞാൻ. ചില സത്യങ്ങൾ രജനിയെ അറിയിക്കണമെന്ന് തോന്നി."

രജനി മുഖമുയർത്തി അയാളെ നോക്കി.

"രജനി വിചാരിക്കുംപോലെ സഖാവ് അജയന്‍റേത് ഒരു അപകട മരണമല്ല"

രജനിയുടെ കണ്ണുകൾ വിടർന്നു. അതിൽ നിന്നും നൂറായിരം ചോദ്യങ്ങൾ ഉയരുന്നുണ്ടായിരുന്നു.

"പിന്നെ?"

"അതൊരു കൊലപാതകമാണ്"

രജനി ഒരു ഞെട്ടലോടെ വിശ്വസിക്കാനാകാതെ അയാളെ നോക്കി നിന്നു.

"വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ?"

അയാൾ രജനിക്കരികിലേക്ക് വന്നു.

"എനിക്കറിയാം രജനി ഇത് വിശ്വസിക്കില്ല എന്ന്. കാരണം മരണമൊഴിയിൽ അജയൻ തന്നെ പറഞ്ഞതാണല്ലോ താൻ അപകടത്തിൽപെട്ടതാണെന്ന്."

രജനിയുടെ തലച്ചോറിലൂടെ ആവേഗങ്ങൾ പതിനാറു കൊല്ലങ്ങൾക്കു പിന്നിലേക്ക് പായാൻ തുടങ്ങി.

പാർട്ടി പ്രവർത്തകനായിരുന്ന തന്‍റെ ഭർത്താവ് പീരുമേട്ടിൽ ഒരു സംഘടനാ പ്രവർത്തനത്തിനായി പോയിമടങ്ങിവരും വഴി ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും ഇറങ്ങവേ ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ച് വീഴുകയായിരുന്നു. പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.

മരിക്കുന്നതിന്  മുൻപ്  പാർട്ടി പ്രവർത്തകരോടും, ആശുപത്രിയിൽ വച്ച് ഡോക്ടർമാരോടും അജയൻ പറഞ്ഞതും ഇതേ സംഭവം തന്നെയായിരുന്നു.

രജനി കണ്ണുകൾ തുടച്ചു രൂക്ഷഭാവത്തിൽ അയാളെ നോക്കി.

"എന്‍റെ ഭർത്താവിന് പാർട്ടിക്കകത്തും പുറത്തും ഒരുപാട് ശത്രുക്കൾ ഉണ്ടായിരുന്നെന്ന് എനിക്കറിയാം. മരിച്ചു കഴിഞ്ഞാലും ആ പാവത്തിനെ വെറുതെ വിട്ടുകൂടെ. ? നിങ്ങൾക്കിപ്പോ എവിടന്നു കിട്ടി ഈ പുതിയകഥ ?"    

രജനിയുടെ ശബ്ദം കടുത്തിരുന്നു,.

"രജനി അങ്ങനല്ല !"

അയാൾ പറഞ്ഞു തുടങ്ങും മുൻപേ അവൾ കൈയുയർത്തി.

"മതി ! ഇനിയിപ്പോ നിങ്ങൾ പറയുന്നത് സത്യമാണെങ്കിലും എനിക്കിപ്പോ കേൾക്കാൻ സമയവും മനോധൈര്യവുമില്ല!

നിങ്ങൾ ഇപ്പോ പോകണം."

അയാൾ ദയനീയമായി അവളെ നോക്കി.

"രജനി, നിങ്ങളെപ്പോലെ എനിക്കും സമയത്തിന് വിലയുണ്ട് .എന്നിട്ടും ഇക്കണ്ട ദൂരം താണ്ടി ഞാൻ  വന്നത് ആ സത്യം രജനിയെ അറിയിക്കാൻ  വേണ്ടി മാത്രമാണ്."

"എന്ത് സത്യം ? എന്‍റെ ഭർത്താവിന്റെ നാവിൽ നിന്നും ഞാൻ  കേട്ടതിനപ്പുറം ഒരു സത്യവുമില്ല."

രജനി ധൃതിയിൽ നടന്നു നീങ്ങി.

"ഞാനിവിടുണ്ടാകും. രജനി തിരികെ വരും വരെ"

അയാൾ ശബ്ദം താഴ്ത്തിപ്പറയുന്നത് ശ്രദ്ധിക്കാതെ രജനി നടന്നു നീങ്ങി.

വണ്ടാനം മെഡിക്കൽ കോളേജിലെ ഇന്‍റന്‍സീവ് കാര്‍ഡിയാക് കെയർ യൂണിറ്റിലെ വാതിലിനരികിൽ രജനി എന്തോ ആലോചിച്ച് നില്‍ക്കവേ, നഴ്സ് വന്നു വിളിച്ചു.

രജനി ചെരിപ്പ് അഴിച്ച് വെളിയിൽ വച്ച ശേഷം അകത്തേയ്ക്ക് കയറി.

പതിനാലാം നമ്പർ ബെഡിൽ കിടക്കുന്ന തന്‍റെ മകളുടെ അടുത്തേയ്ക്ക് നടന്നു ചെന്നു.

ഒരു മാസം മുൻപാണ് കോളേജിൽ വച്ച് ലക്ഷ്മി തളർന്നു വീണത്.

                                പലസ്ഥലത്തും കൊണ്ടുപോയെങ്കിലും ഒടുവിൽ വണ്ടാനം മെഡിക്കൽ കോളേജിലെ ഡോക്ടമാരാണ് അവളുടെ അസുഖം കണ്ടെത്തിയത്. അവരുടെ ഭാഷയിൽ പറഞ്ഞാൽ വെൻട്രികുലാർ അരിത്മിയാസിസ്. കൂടാതെ, ട്രീറ്റ്മെന്‍റ് പുരോഗമിച്ചപ്പോൾ വാല്‍വിനും തകരാറുണ്ടെന്നും കണ്ടെത്തി. ഇനി തന്‍റെ മോളുടെ ജീവൻ രക്ഷിക്കാൻ ഒരേ ഒരു മാർഗമേ ഉളളൂ, ഹൃദയം മാറ്റിവയ്ക്കൽ ! അതിനായി ഒരു ദാതാവിനേയും പ്രതീക്ഷിച്ച് കിടക്കുകയാണ് തന്‍റെ പൊന്നുമോൾ. പാർട്ടി  പ്രവർത്തകരും, ഡോക്ടർമാരുടെ കൂട്ടായ്മയുമെല്ലാം അവരുടേതായ രീതിയിൽ പരിശ്രമിക്കുന്നുണ്ട്. സഖാവ് അജയന്‍റെ മകളോട് പലർക്കും സ്നേഹവും സഹതാപവും തോന്നുന്നതിൽ അത്ഭുതമില്ല. ജനങ്ങൾക്കിടയിൽ അത്രയും സ്വാധീനവും , ക്ലീൻ ഇമേജും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു സഖാവ് അജയൻ !

ഓഡ്സ് ചെറുചൂടോടെ ലക്ഷ്മിയുടെ വായിലേക്ക് സ്പൂണ്‍കൊണ്ട് കോരി കൊടുത്തു കൊണ്ടിരിക്കവേ ഹെഡ് നേഴ്സ് വന്നു വിളിച്ചു.

"നിങ്ങളെ ഡോക്ടർ രാമചന്ദ്രൻ അന്വേഷിക്കുന്നു. വേഗം ചെല്ലാൻ പറഞ്ഞു."

രജനി സാരി തലപ്പുകൊണ്ട് ലക്ഷ്മിയുടെ ചുണ്ടു തുടച്ചു കൊടുത്തു.

"അമ്മ നാളെ രാവിലെ വരാം".

 

രജനി കൈയ്യിലിരുന്ന ഓഡ്സ് പാത്രം അടുത്തു നിന്ന നഴ്സിന്‍റെ കൈകളിൽ കൊടുത്ത ശേഷം പുറത്തേയ്ക്ക് നടന്നു.

രാമചന്ദ്രൻ ഡോക്ടറുടെ കാബിനിലേക്ക് കയറി ചെല്ലുമ്പോൾ അദ്ദേഹം മറ്റ് രണ്ട് ജൂനിയർ ഡോക്ടറുമായി എന്തോ ഡിസ്ക്ഷനിലായിരുന്നു. അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. രജനിയെ കണ്ടതും അദ്ദേഹം അവളെ അകത്തേക്കു ക്ഷണിച്ചു.

"വരൂ രജനി, ഞങ്ങൾ മൊബൈലിൽ ഒരുപാട് ശ്രമിച്ചു. സ്വിച്ച് ഓഫ് ആയിരുന്നു."

"അത് ഡോക്ടർ, ചാര്‍ജ്ജ് തീർന്നു, ഞാൻ വീട്ടിൽ ചാര്‍ജ്ജ് ചെയ്യാൻ വച്ചിരിക്കുകയാ. ക്ഷമിക്കണം."

"ഏയ് കുഴപ്പമില്ല ഞങ്ങൾ വിളിച്ചത് ഒരു സന്തോഷ വാർത്ത പറയാനാണ്."

രജനി എല്ലാപേരെയും മാറി മാറി നോക്കി. അവരുടെ മുഖത്തെ സന്തോഷം കണ്ടിട്ടാവണം. രജനിയിൽ വല്ലാത്തൊരു ഭാവം വിടർന്നു. ആ കണ്ണുകളിൽ പറഞ്ഞറിയിക്കാനാകാത്ത ഒരു പ്രതീക്ഷയുടെ വെട്ടം തെളിഞ്ഞു.

ഡോക്ടർമാർക്ക്  എന്താണ് പറയാനുളളതെന്ന ആകാംഷയോടെ അവൾ കണ്ണുകൾ വിടർത്തി നിന്നു.

"യെസ് രജനി , ലക്ഷ്മി മോൾക്ക് ഒരു ഡോണറിനെ കിട്ടി !"

ഡോക്ടർ രാമചന്ദ്രൻ അതു പറയുമ്പോൾ വിശ്വസിക്കാനാകാതെ രജനി കൈകൂപ്പി നിന്നു.

"എല്ലാം പെര്‍ഫെക്ട്. എവരിതിംഗ് ഈസ് മാച്ചിംഗ്. ഇനി എത്രയും പെട്ടെന്ന് വേണ്ട പ്രിപ്പറേഷന്‍സ് സ്റ്റാര്‍ട്ട് ചെയ്യാം."

രജനിയുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി. വാക്കുകൾ തൊണ്ടയിൽ വന്നുടക്കി നിന്നു.

"ആരാണു ഡോക്ടര്‍ ?

ആരാണ് ഈ മഹാമനസ്കത എന്‍റെ മോളോടു കാട്ടിയത് ?" രജനി ഒരു വിധം ചോദിച്ചു.

"പീരുമേട്ടിലെ ഒരു കുട്ടിയാണ്. ഒരാക്സിഡന്റിൽപെട്ട് ബ്രെയിന്‍ ഡെത്തായി. കുട്ടിയുടെ അച്ഛൻ തന്നെ നേരിട്ട് വന്ന് പറഞ്ഞതാണ്.

സിദ്ധാർഥൻ എന്നാണ് അയാളുടെ പേര്. ഞാൻ രജനിയുടെ വിലാസവും നമ്പറും അയാൾക്ക് കൊടുത്തിട്ടുണ്ടായിരുന്നു. അയാൾ നിങ്ങളെ നേരിട്ട് കാണാൻ വരുമെന്ന് പറഞ്ഞിട്ടുണ്ട്."

രജനിക്ക്, താൻ അന്തരീക്ഷത്തിലേയ്ക്കുയരുന്ന പോലെ തോന്നി. ശരീരത്തിന് ഭാരം ഇല്ലാത്തതുപോലെ . ഡോക്ടർമാർ വേറെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും അവൾ കേട്ടില്ല.

അപ്പോൾ വീട്ടിൽ വന്നത് ?

ആരാണയാൾ ?

രജനി തിരികെ വീടെത്തും വരെ പ്രാർത്ഥിക്കുകയായിരുന്നു. അയാൾ അവിടെത്തന്നെയുണ്ടാകണേ എന്ന പ്രാർഥന ! അയാൾക്ക് പറയാനുളളത് കേൾക്കാൻ പോലും നിൽക്കാതെ താനയാളെ അവഗണിച്ച് നടന്നു പോയതിൽ അവൾക്കു പശ്ചാത്താപം തോന്നി.

രജനി ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങി വീടിന്‍റെ മുറ്റത്തേയ്ക്ക് നടന്നു.

നിറഞ്ഞു തുളുമ്പിയ കണ്ണുകളിലൂടെ അവൾ കണ്ടു ; ആ പാവം മനുഷ്യൻ ഉമ്മറത്തെ പടിക്കെട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു, ഇരുട്ടു പരന്ന വരാന്തയിലേക്ക് നോക്കി.

രജനിയെ കണ്ടതും അയാൾ മെല്ലെ എഴുന്നേറ്റു.

"രജനി വേഗം തിരികെ വരുമെന്ന് എനിക്കറിയാമായിരുന്നു."

"ആരാണ് നിങ്ങൾ ? എന്തിന് ഞങ്ങളോട് ഇത്രയും വലിയ ഒരു ത്യാഗം ചെയ്യുന്നു ? അതിനും മാത്രം എന്ത് കടപ്പാടാണ് നിങ്ങൾക്ക്  ഞങ്ങളോടുള്ളത് ? "

തെക്കു നിന്നും ചെറുകുളിരുള്ള ഒരു കാറ്റ് അതുവഴി കടന്നു പോയി.

"നിങ്ങളാരാ ? ഞങ്ങളെ നിങ്ങൾക്കെങ്ങനെ അറിയാം?"

രജനി വീണ്ടും ചോദിച്ചു.

അയാൾ ദീർഘമായൊന്നു നിശ്വസിച്ചു.

"ഒരുപാടുത്തരങ്ങൾക്കുള്ള ചോദ്യങ്ങളാണ് രജനി ഒറ്റ ശ്വാസത്തിൽ ചോദിച്ചത്.

ഞാൻ ഇനി പറയാൻ പോകുന്നത് കേൾക്കാനുള്ള  ക്ഷമ രജനിക്കുണ്ടാകണം."

രജനി പ്രത്യേകിച്ച് ഒരു മറുപടിയും പറയാതെ അയാളെ നോക്കി നിന്നു.

"ഞാൻ സിദ്ധാർഥൻ. പീരുമേടാണ് എന്‍റെ സ്ഥലം. അത്യാവശ്യം കൃഷിയും കാര്യങ്ങളുമൊക്കെയായി സന്തോഷത്തോടെ ഉള്ളത് കൊണ്ട് ഓണം പോലെ ഞങ്ങൾ അവിടെ ജീവിച്ച് പോന്നു. പ്രസവത്തിൽ ഭാര്യ മരിച്ചതോടെ ഞാനും എന്‍റെ മകളും മാത്രമായിത്തീർന്നു  ആ വീട്ടിൽ. എന്‍റെ മോൾക്ക് ഞാൻ അമ്മയായും, കൂട്ടുകാരനായും, അച്ഛനായും ഒരു ലോകം തീർത്തു.

എന്‍റെ മകളിലൂടെ ഞാൻ നഷ്ടപ്പെട്ടുപോയ എന്‍റെ സന്തോഷങ്ങളെ കണ്ടെത്തുകയായിരുന്നു. ഈ ഭൂമിയിൽ എനിക്കു സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ദൈവം തന്നിട്ടുപോയ മാലാഖ ! എന്‍റെ പൊന്നുമോള്‍ !

പക്ഷേ ആ സന്തോഷത്തിന് മൂന്ന് വർഷമേ ആയുസുണ്ടായിരുന്നുള്ളൂ.

അവൾക്കു മൂന്ന് വയസ്സുള്ളപ്പോൾ ക്ഷണിക്കപ്പെടാത്ത ഒരതിഥി ഞങ്ങളുടെ വീട്ടിലെത്തി. എന്‍റെ ഒരു കളിക്കൂട്ടുകാരൻ ! പഴയ ചങ്ങാതി!

സഖാവ് അജയൻ !

ഞങ്ങളുടെ സ്വകാര്യതയിലേയ്ക്ക് സന്തോഷവും, പഴയ തമാശകളുമായി അജയൻ കടന്നു വന്നപ്പോൾ എന്‍റെ ചെറിയ ചെറിയ വേദനകളെ ഞാൻ മറക്കുകയായിരുന്നു.

എന്‍റെ മകൾ അജയനുമായി പെട്ടെന്നടുത്തു. അവർ വലിയ കൂട്ടുകാരായി.

വിപ്ലവഗാനങ്ങൾ പാടിക്കൊടുത്തും, അവളുടെ വിരലിൽ പിടിച്ച് തൊടിയിലൂടെ നടന്നും, അവളുടെ ഇഷ്ടങ്ങള്‍ക്ക് കുടപിടിച്ചും അജയൻ

അവൾക്ക് പ്രിയപ്പെട്ട അങ്കിളായി തീർന്നു.

ഒരാഴ്ചയോളം അജയൻ അവിടെ ഉണ്ടായിരുന്നു. എല്ലാം മാറി മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു."

സിദ്ധാർഥൻ ഒന്നു നിർത്തിയശേഷം രജനിയെ നോക്കി.

അവൾ ഒരു കഥ കേൾക്കുന്ന ആകാംഷയിലായിരുന്നു. അവളുടെ നെഞ്ചിടിപ്പിന്‍റെ വേഗത, സിദ്ധാർത്ഥന് അനുഭവപ്പെടുന്നുണ്ടായിരുന്നു.

"മനുഷ്യനും മൃഗവും തമ്മിലുള്ളവ്യത്യാസം എന്താണെന്ന് അറിയാമോ  രജനിക്ക്?"

രജനി മറുപടിപറയാതെ അയാളെ നോക്കി നിന്നു.

"ഒരു മൃഗത്തിന് ഒരിക്കലും മനുഷ്യനായി മാറാനോ ചിന്തിക്കാനോ കഴിയില്ല. എന്നാൽ മനുഷ്യന് മൃഗമായി മാറാൻ നമ്മൾ കണ്ണടയ്ക്കുന്ന നിമിഷം മതി."

സിദ്ധാർഥൻ കണ്ണുകൾ തുടച്ചു.

"അന്നൊരു ബുധനാഴ്ചയായിരുന്നു. നല്ല മഴയുള്ള വൈകുന്നേരം. എനിക്ക് അത്യാവശ്യമായി ടൗണ്‍ വരെ പോകേണ്ടി വന്നു.

എന്‍റെ മകളെ അജയൻ നോക്കിക്കൊള്ളാം എന്നു പറഞ്ഞപ്പോൾ ആ വാക്കിനേയും സഖാവ് അജയൻ എന്ന കറകളഞ്ഞ വ്യക്തിത്വത്തേയും ഞാൻ വിശ്വസിച്ചു.

അങ്ങനെ ആദ്യമായി എന്‍റെ മകളെ കൂട്ടാതെ ഞാൻ പുറത്തേയ്ക്ക് പോയി.

എന്നാൽ മഴ കാരണം യാത്ര പകുതിക്ക് നിർത്തി എനിക്ക് തിരികെ പോരേണ്ടി വന്നു. വീട്ടിൽ അനക്കമൊന്നും കേൾക്കാതിരുന്നത് കൊണ്ട്  സംശയത്തോടെ ഞാൻ അകത്തേക്ക് ചെന്നു. അപ്പോൾ ഞാൻ കണ്ടത് എന്‍റെ മോളുടെ വായപൊത്തിപ്പിടിച്ച് കാമവെറി തീർക്കുന്ന അജയൻ എന്ന പിശാചിനെയാണ്.

തുടയിലൂടെ ചോര വാർന്നൊഴുകിയിട്ടും, ഒന്നലറിക്കരയാൻ പോലും സമ്മതിക്കാതെ ആ പിഞ്ചുകുഞ്ഞിനെ അവൻ പിച്ചിചീന്തുന്ന കാഴ്ച പടു പാപിയായ ഈ അച്ഛന്  കാണേണ്ടി വന്നു.

എന്‍റെ കൈയ്യിൽ കിട്ടിയത് പഴയ ഇസ്തിരിപ്പെട്ടി ആയിരുന്നു. അലറിക്കരഞ്ഞു കൊണ്ട് ഞാനവന്‍റെ തലയ്ക്കടിച്ചു വീഴ്ത്തി."

പൊട്ടിക്കരയുന്ന രജനിയെ നോക്കി സിദ്ധാർഥൻ നിന്നു.

രജനി സാരിത്തലപ്പുകൊണ്ട് കണ്ണുനീരൊപ്പി. അവളുടെ ഉള്ളിൽ നിന്നും സഖാവ് അജയൻ എന്ന തന്‍റെ ഭര്‍ത്താവിനോടുള്ള വെറുപ്പും സങ്കടവുമെല്ലാം അണപൊട്ടി ഒഴുകുകയായിരുന്നു.

നെഞ്ചിൽ നിന്നും ഒരു വലിയ ഭാരമിറങ്ങിയ ആശ്വാസത്തിൽ സിദ്ധാർഥൻ ഇരുളിലേയ്ക്ക് നോക്കിനിന്നു.

"അന്ന് തൊഴുതുകൊണ്ട്, തലക്കേറ്റ മാരകമായ മുറിവുമായി ഇരുട്ടിലേയ്ക്ക് ഓടി മറഞ്ഞ അജയൻ, പിറ്റേന്ന് അപകടത്തിൽ മരിച്ചുവെന്നറിഞ്ഞപ്പോൾ നേരെ പോലീസിൽ പോയി സത്യം പറയാനാണ് എനിക്ക് തോന്നിയത്.

എന്‍റെ മകളെയോർത്തു ഞാനത് ചെയ്തില്ല. അടുത്ത സുഹൃത്തായ ഒരു ഡോക്ടറാണ് എന്‍റെ മോളെ രക്ഷിച്ചത്. ഈ രഹസ്യം അറിയാവുന്ന മറ്റൊരാള്‍ ആ ഡോക്ടറാണ്. ഇന്ന് അയാള്‍ ജീവിച്ചിരിപ്പില്ല."

രജനി സിദ്ധാർഥന്‍റെ കാല്‍ക്കൽ വീണു

അലറിക്കരയുന്ന ആ പാവം സ്ത്രീയെ ആശ്വസിപ്പിക്കാൻ ബുദ്ധിമുട്ടുകയായിരുന്നു സിദ്ധാർഥൻ.

"രജനി നമുക്ക് സമയം കളയാനില്ല. നിന്‍റെ മകളുടെ ജീവൻ രക്ഷിക്കണം. ഇനി അതിനെപ്പറ്റി മാത്രം ചിന്തിച്ചാൽ മതി."

രജനി കണ്ണുകൾ തുടച്ചുകൊണ്ട് എഴുന്നേറ്റു.

"ആ മോള്‍ ഇപ്പോൾ എവിടെയാണ്?  അവൾക്കെന്താണ് സംഭവിച്ചത്?. "

രജനി ഒറ്റ ശ്വാസത്തിൽ ചോദിച്ചു.

സിദ്ധാർഥന്‍റെ തൊണ്ടയിടറിപ്പോയി.

"അവൾക്ക് മൂന്ന് ദിവസം മുൻപ് ഒരാക്സിഡന്‍റ് ഉണ്ടായി. ഇന്നിപ്പോ ബ്രെയിൻ ഡത്തും സംഭവിച്ചു.

അവളുടെ ജീവൻ രക്ഷിക്കാൻ ഈ അച്ഛന് കഴിയില്ല. എങ്കിലും നിങ്ങളുടെ മകളിലൂടെ എന്‍റെ മകളുടെ ഹൃദയം തുടിക്കണം. എനിക്ക് അതുമതി."

സിദ്ധാര്‍ത്ഥൻ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.

രജനി അയാൾക്ക് നേരെ കൈകൂപ്പി നിന്നു.

"നിങ്ങളുടെ ജീവിതത്തെ ഇത്രയും മാറ്റി മറിച്ച, ദ്രോഹിച്ച ഒരുത്തന്റെ മകൾക്കു വേണ്ടി എന്തിനാണ് ഈ ത്യാഗം നിങ്ങൾ ചെയ്യുന്നത്. ?"

രജനിയുടെ ചോദ്യം കേട്ട് സിദ്ധാര്‍ത്ഥൻ പുച്ഛത്തോടെ ചിരിച്ചു.

"ഇത് ത്യാഗമല്ല രജനി എന്‍റെ പ്രതികാരമാണ്. ആത്മാവ് എന്നൊന്നുണ്ടെങ്കിൽ അവൻ അറിയണം. അവന് നോവണം, അവന്‍റെ മകളുടെ നെഞ്ചിൽ തുടിക്കുന്നത്, ഒരിക്കൽ അവൻ പിച്ചിചീന്തിയ എന്‍റെ പൊന്നുമോളുടെ ഹൃദയമാണെന്ന്. അവൻ അന്ന് കശക്കിയെറിഞ്ഞത് ഒരർത്ഥത്തിൽ അവന്‍റെ മകളെതന്നെയായിരുന്നുവെന്ന്."

സിദ്ധാര്‍ത്ഥൻ ഇരുളിലേയ്ക്ക് നടന്നകലുന്നതും നോക്കി നിറഞ്ഞകണ്ണുകളോടെ രജനി നിന്നു

സഖാവ് അജയൻ മൃഗമായി മാറിയപ്പോൾ സിദ്ധാര്‍ത്ഥൻ എന്ന മനുഷ്യൻ ഈശ്വരനായി അവതരിച്ചത് ഒരു വിങ്ങലോടെ അവൾ അനുഭവിച്ചറിയുകയായിരുന്നു.

Srishti-2022   >>  Short Story - Malayalam   >>  കുടുംബ സംഗമം

Sarath Kannath

QWY Technologies

കുടുംബ സംഗമം

"'അമ്മെ...അമ്മെ..., അമ്മ എന്താ ഇവിടെ വന്നു ഇരിക്കുന്നേ" ഹേമ തിരക്കി
"ഞാൻ നിന്റെ  അമ്മാമയെ നോക്കി വന്നതാ"
കുറച്ചു അപ്പുറത്തു ആയി ഉമ്മറത്തോടു ചേർന്ന് ഉള്ള തിണ്ടിന്മേൽ ഇരിക്കുന്ന തന്റെ  അമ്മയെ നോക്കികൊണ്ട്‌ പദ്മ പറഞ്ഞു
"അമ്മാമ എന്താ അവിടെ ചെന്ന് ഇരിക്കുന്നേ , എല്ലാവരും ഉള്ളിൽ പാട്ടും ഡാൻസും ഒക്കെ ആയി ആഘോഷിക്കാണല്ലോ" ഹേമ പറയുന്നു
"' കുടുംബ സംഗമം മുഖ്യ സംഘാടക  ആയ അമ്മ അമ്മമ്മയേം നോക്കി ഇരിക്കാണോ ഇവിടെ" ഹേമ ചിരിച്ചു ചോദിക്കുന്നു
പദ്മ ഹേമയെ നോക്കി ഒന്ന് ചിരിച്ചു എണിറ്റു
"'അമ്മ ഹാപ്പി അല്ലെ " ഹേമ ചോദിച്ചു  
"ഒരുപാട് സന്തോഷം ഉണ്ട്, എല്ലാവരും ഇന്ന് നിന്നെപ്പറ്റിയും നിന്ടെ ഏട്ടനെ പറ്റിയും സംസാരിക്കുന്നു." പദ്മ പറയുന്നു
"'അമ്മ ആഗ്രഹിച്ചത് അല്ലെ ഇത് ഒരുപാട് , ഞാനും ഏട്ടനും കഷ്ടപെടുമ്പോൾ ഒക്കെ" ഹേമ ചോദിക്കുന്നു
എന്തോ ആലോചിച്ചു കണ്ണ് നിറഞ്ഞു പദ്മ പറയുന്നു
"അതെ, എന്റെ മക്കളെ വീട്ടുകാരും നാട്ടുകാരും ഒക്കെ പരിഹസിക്കുമ്പോൾ,പക്ഷെ ആഗ്രഹിച്ച പോലെ തന്നെ നിങ്ങൾ നേടിയല്ലോ "
പദ്മ വീണ്ടും തന്റെ അമ്മയെ നോക്കി പറയുന്നു
"ഇത് പോലെ 'അമ്മ മാറി നിന്ന് കരയുന്നത് ഞാൻ കണ്ടിട്ട് ഉണ്ട് , എനിക്ക് ഓർമ്മ വെച്ച സമയം. അത്ര കൃത്യമായി സാഹചര്യം ഓർത്തു എടുക്കാൻ പറ്റുന്നില്ല, പക്ഷെ എന്റെ ഓർമകളിൽ ഉണ്ട്. നിന്റെ അച്ഛന്റെ തറവാട്ടിൽ, 'അമ്മ ഇപ്പൊ ഇരിക്കുന്നിടത് ഏകദേശം ആയിട്ട്  ഒരു വടുക്കോറം ഉണ്ടായിരുന്നു. അവിടെ ഇരുന്ന് കയ്യിൽ എന്തോ കടലാസ്സ് പിടിച്ചു ദൂരേക്ക് നോക്കി കരയുന്നു "
"അമ്മാമക്ക് എഴുത്തും വായനയും ഒക്കെ പണ്ടേ അറിയും അല്ലെ " ഹേമ ചോദിക്കുന്നു
ആ ചോദ്യം അത്ര ഇഷ്ടം ആകാത്ത രീതിയിൽ പദ്മ പറയുന്നു
"അതെന്താ നീ അങ്ങിനെ ചോദിക്കുന്നെ,"
 'അമ്മ പണ്ടത്തെ ഒൻപതാം ക്ലാസ് ആണ്. "  അഭിമാനത്തോടെ പദ്മ പറയുന്നു
"അയ്യോ അമ്മെ , അത് അങ്ങിനെ ചോദിച്ചതല്ല" ഹേമ ഘേദത്തോടെ പറയുന്നു
പദ്മ അവളെയും കൂട്ടി അവിടെ ഒരിടത്തു ഇരിക്കുന്നു
"ഹേമേ.. നീ ആഗ്രഹിച്ച പോലെ പഠിച്ചു സിവിൽ സർവീസ് കിട്ടാൻ പല നല്ല  പിന്തുണ കിട്ടിയിട്ട് ഉണ്ട് , അതിൽ എന്റെ ഭാഗത നിന്നും ഞാൻ ചെയ്തു തന്ന വലിയ കാര്യം എന്താണ് " പദ്മ ചോദിക്കുന്നു
ഒട്ടും ആലോചിക്കണ്ട ആവശ്യമില്ല എന്നോണം ഹേമ പറയുന്നു
"എന്റെ ഇഷ്ടത്തിന്, എന്റെ ആഗ്രഹത്തിന് പഠിക്കാൻ വിട്ടു , സമയം എടുത്ത്  എന്റെ  ആഗ്രഹം സഫലമാക്കാൻ അനുവദിച്ചു "
"ശരി, എന്നാൽ അതിനു എനിക്ക് സഹായം ആയത് എന്താണ് എന്ന് അറിയുമോ ?" പദ്മ ചോദിക്കുന്നു
"അമ്മക്ക് ജോലി ഉണ്ടായിരുന്നു, അച്ഛനും ആയി വേർപിരിഞ്ഞിട്ടും 'അമ്മ സ്വന്തം കാലിൽ നിന്നും ഞങ്ങളെ പഠിപ്പിച്ചു . സപ്പോർട്ട് ചെയ്തു. 'അമ്മ അമ്മയുടെ പല സുഖങ്ങളും വേണ്ടന്ന് വെച്ച് , പല ആഗ്രഹങ്ങളും മാറ്റി വെച്ച് ഞങ്ങൾക്ക് വേണ്ടി ഒപ്പം നിന്നു " ഹേമ പറയുന്നു
"ശരിയാണ്..എനിക്ക് അങ്ങിനെ ഒപ്പം നിക്കാൻ പറ്റിയത് എന്റെ അമ്മ കാരണം ആണ്, എനിക്ക് വേണ്ടി എന്റെ 'അമ്മ ത്യജിച്ച സന്തോഷങ്ങളുടെയും ത്യാഗങ്ങളുടെയും പ്രതിഫലനം ആണ് ഞാൻ നിങ്ങൾക് വേണ്ടി ചെയ്തത് " പദ്മ പറയുന്നു
ഹേമ ഒന്നും മിണ്ടാതെ കേട്ട് നില്കുന്നു
"എനിക്ക് ഒരു അമ്മാവൻ ഉണ്ട് , ഞാൻ ഇത് വരെ കണ്ടിട്ട് ഇല്ലാത്ത അമ്മാവൻ. " പദ്മ പറയുന്നു
"ഇത് വരെ കാണാത്ത അമ്മാവനോ , അമ്മമ്മയുടെ അനിയൻ ?" ഹേമ ചോദിക്കുന്നു
"അതെ..ഒരു ദിവസം ഞാൻ അമ്മയോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ 'അമ്മ പറഞ്ഞതാണ് " പദ്മ പറയുന്നു


***********


"അമ്മെ, പണ്ട് എന്റെ ഓർമയിൽ , എപ്പോഴാണ് എന്ന് ഓർമയില്ല. 'അമ്മ കരയുന്നത് കണ്ടിട്ട് ഉണ്ട്. അതിനു ശേഷം പിന്നെ ഞാൻ കണ്ടിട്ട് ഉള്ളത് അച്ഛൻ മരിച്ചപ്പോളാണ് " പദ്മ ചോദിക്കുന്നു
ഒരു കസേരയിൽ ഇരുന്ന് പത്രം വായിച്ചു കൊണ്ടിരിക്കുന്ന 'അമ്മ പദ്മയെ നോക്കി ചിരിക്കുക മാത്രം ചെയുന്നു
"കയ്യിൽ ഒരു കടലാസ്സ് എന്തോ ഉണ്ടായിരുന്നു കരയുമ്പോൾ. വേറെ ഒന്നും  ഓർമ്മ കിട്ടുന്നില്ല . പക്ഷെ ഒന്ന്  എനിക്ക് ഓർമ്മ ഉണ്ട്, കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു "  പദ്മ പറഞ്ഞു നിർത്തുന്നു
പത്രം വായിച്ചു കൊണ്ടിരിക്കുന്ന 'അമ്മ പത്രം താഴ്ത്തി പദ്മയെ നോക്കുന്നു . ശേഷം പത്രം മാറ്റി വെച്ച് ഉള്ളിൽ പോകുന്നു. ശേഷം ഒരു പഴയ ഡയറി  എടുത്ത് വന്ന് അതിന്റെ ഉള്ളിൽ നിന്നും ഒരു കത്ത് എടുക്കുന്നു. ഒരു പഴയ ഇൻലൻഡ്‌ കത്ത് . അത് എടുത്ത് പദ്മക്ക് കാണിച്ചു കൊടുക്കുന്നു
പദ്മ അത് വാങ്ങി വായിക്കുന്നു


"പ്രിയപ്പെട്ട ഏടത്തി
ഞാൻ ബോംബയിൽ എത്തി. കിഴുപള്ളി അപ്പുവേട്ടന്റെ മകൻ രവിടെ ഒപ്പം ആണ്. എനിക്കും രവിക്കും ആർമിയിൽ സെലക്ഷൻ കിട്ടി. ഇനി ആ നാട്ടിലേക്ക് ഞാൻ ഇല്ല, ആ നാടും നശിച്ച വീടും എനിക്ക് പേടി ആണ്. ഇനി എന്ന് കാണും , ഇനി കാണുമോ എന്ന് പോലും എനിക്ക് പറയാൻ പറ്റില്ല ഏട്ടത്തി. ഏട്ടത്തി പിള്ളേരെ പഠിപ്പിക്കണം. പദ്മയെ ഒരു ടീച്ചർ ആക്കണം, കുട്ടനെ പോലീസ് ആക്കണം. എവിടെ ആണെങ്കിലും നന്നായി ഇരിക്കാൻ ഏട്ടത്തി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം."
എന്ന് സ്വന്തം അനിയൻ
ഉണ്ണികൃഷ്ണൻ


"പിന്നെ കണ്ടിട്ടില്ലേ, കാണാൻ വന്നിട്ടില്ലേ " പദ്മ ചോദിക്കുന്നു
"ഇല്ല, ഒരുപാട് കാലം അവൻ നാട്ടിലേക്ക് വന്നിട്ടില്ല. പിന്നെ എപ്പോഴോ വന്നിരുന്നു എന്ന് കേട്ടു, അപ്പോഴേക്കും നിങ്ങളെയും കൂട്ടി നമ്മൾ പട്ടണത്തിലേക്ക് മാറിയിരുന്നു . പിന്നെ കാണാനും അന്വേഷിക്കാനും പറ്റിയില്ല " 'അമ്മ പറയുന്നു
"ഇക്കാലത്തിന് ഇടക്ക് എപ്പോഴെങ്കിലും എന്നോട് പറയാമായിരുന്നില്ലേ, അച്ഛൻ ഉള്ളപ്പോൾ അച്ഛനോട് പറയാമായിരുന്നില്ലേ " പദ്മ ചോദിക്കുന്നു
'അമ്മ ദൂരേക്ക് നോക്കി എന്തോ ആലോചിച്ചു കൊണ്ട് പറയുന്നു
"എന്റെ പതിനഞ്ചാമത്തെ വയസ്സിൽ ആണ് എന്റെ കല്യാണം കഴിയുന്നത്, അപ്പൊ ഉണ്ണിക്ക് ഒൻപതു വയസ്സ് കാണും. എന്റെയും എന്റെ അമ്മയുടെയും കല്യാണം ഒരുമിച്ച് ആണ് കഴിയുന്നത് " 'അമ്മ ചിരിച്ചു കൊണ്ട് പറയുന്നു
"എന്ത് " ? പദ്മ ആശ്ചര്യത്തോടെ ചോദിക്കുന്നു
"ഞങ്ങടെ അച്ഛൻ മരിച്ചപ്പോൾ, അമ്മക്ക് വേറെ കല്യാണാലോചന വന്നു. അതും നല്ല തറവാട്ടിന്ന്. അയാളുടേം ആദ്യ ഭാര്യ മരിച്ചത് ആയിരന്നു. ഒറ്റ നിര്ബന്ധമേ ഉണ്ടായിരുന്നുള്ളു, പെൺകുട്ടിയെ പോറ്റാൻ അവർക്ക് വയ്യ. ഉണ്ണിയെ അവർ കൊണ്ടുപൊക്കോളാം എന്ന് . അമ്മാവന്മാർ എല്ലാരും ചേർന്ന് പത്തിൽ പഠിക്കുന്ന എന്റെ കല്യാണം നടത്തിച്ചു വളരെ പെട്ടന്ന് തന്നെ. കൊല്ലപരീക്ഷക്ക് രണ്ടു മാസം മുൻപ് , ഒരു വെള്ളിയാഴ്ച വന്നു പെണ്ണ് കണ്ടു , അടുത്ത ബുധനാഴ്ച എന്റെ കല്യാണം. ഞായറാഴ്ച എന്റെ മ്മടെ കല്യാണം" സങ്കടം കലർന്ന ഒരു ചിരിയോടെ 'അമ്മ പറഞ്ഞു നിർത്തുന്നു
"ഇതൊന്നും 'അമ്മ ഞങ്ങളോട് പറഞ്ഞിട്ട് ഇല്ലാലോ. ചെറുപ്പത്തിലേ ഉള്ള കല്യാണം ആണ് എന്ന് എനിക്ക് അറിയാമായിരുന്നു . 'അമ്മ പണ്ടും ഇങ്ങനെ തന്നെ ആണ്, ഒന്നും പറയില്ല. ഒന്നും പ്രകടിപ്പിക്കില്ല. ദേഷ്യവും സങ്കടവും സന്തോഷവും ഒന്നും " പദ്മ പറയുന്നു
"എപ്പോഴോ അതൊക്കെ നഷ്ടപ്പെട്ടു.  അച്ഛന്റെ വീട്ടിൽ ,അത് കൂട്ട് കുടുംബം ആയിരുന്നു. അച്ഛന്റെ അനിയന്മാരും അനിയത്തിമാരും. പത്തു ഏക്കർ പാടം, പിന്നെ കുറെ പറമ്പും… പണിക്കാരും. അച്ഛനും നല്ല അധ്വാനി ആയിരുന്നു, എത്ര പറ നെല്ല് കൊയ്ത്തു എടുത്തിരുന്നു ഒരു കാലത്തു. പിന്നെ ഒക്കെ നഷ്ടം ആയി, ശോഷിച്ചു. വിറ്റു പെറുക്കി നിങ്ങള്ടെ പഠിത്തത്തിന് ആയി പട്ടണത്തിലേക്ക് കയറി. " 'അമ്മ ഒന്ന് നെടുവീർപ്പ് ഇട്ടു പറയുന്നു
************
"അമ്മമ്മ നന്നായി ബുദ്ധിമുട്ടിയിട്ട് ഉണ്ടല്ലേ" ഹേമ പറയുന്നത് കേട്ടു എന്തോ ആലോചനയിൽ ആയിരുന്ന പദ്മ ഉണരുന്നു
"അധ്വാനം ആയിരുന്നു എപ്പോഴും, നമ്മുടെ വീട്ടിലും അമ്മമ്മ വെറുതെ ഇരിക്കുന്നത് കണ്ടിട്ട് ഉണ്ടോ ? കുട്ടന്റെ അവിടെ പോയാലും ഇങ്ങനെ തന്നെ. പണി എടുക്കാതെ ഇരിക്കാൻ പറ്റില്ല. പതിനഞ്ചു വയസ്സ് മുതൽ ശീലം ആയത് ആണ്. പണിക്കാർക്കും വീട്ടുകാർക്കും എല്ലാം വെച്ച് ഉണ്ടാക്കി കൊടുത്തു,പാടത്തെ പണി ഒക്കെ എടുത്ത് ,ബാക്കി ഉള്ള ഭക്ഷണം വല്ലതും ഉണ്ടെങ്കിൽ കഴിച്ചു ...അമ്മടെ ഇഷ്ടങ്ങൾ ഒക്കെ മറന്നു പോയി മരവിച്ച അവസ്ഥ ആയി കാണും. അതായിരിക്കും ഇങ്ങനെ ആയത്. " പദ്മ പറയുന്നു
"അച്ചാച്ചൻ എങ്ങിനെ ആയിരുന്നു " ഹേമ ചോദിക്കുന്നു
"നല്ല മനുഷ്യൻ ആയിരുന്നു, അനിയന്മാരെയും പെങ്ങന്മാരെയും അവരുടെ മക്കളെയും ഒക്കെ നോക്കി നന്നാക്കി. പക്ഷെ മെല്ലെ മെല്ലെ കൃഷി ഒക്കെ നഷ്ടം അകാൻ തുടങ്ങി, ഞാനും കുട്ടനും പഠിക്കുകയാണ് ആ സമയത്. പുറം പണിക്കും കൃഷി പണിക്കും ആള് കുറഞ്ഞപ്പോളും 'അമ്മ കൂടുതൽ അധ്വാനിച്ചു. എന്റെയും കുട്ടന്റേയും പഠിത്തം മുടങ്ങാതിരിക്കാൻ. അതിനു വേണ്ടി "  പദ്മ പറയുന്നു
"അതിന് ഇടയിൽ അനിയനെ മറന്നു കാണും അല്ലെ ?" ഹേമ പറയുന്നു
"സ്വന്തം വ്യക്തിത്വമേ മറന്നു , പിന്നെ ആണോ " പദ്മ കണ്ണ് നിറഞ്ഞു പറയുന്നു
"നീ പറഞ്ഞില്ലേ ഞാൻ പല ആഗ്രഹങ്ങളും മാറ്റി വെച്ച് നിങ്ങടെ ഒപ്പം നിന്നു എന്ന്. എന്റെ 'അമ്മ പല ആഗ്രഹങ്ങളും മാറ്റി വെച്ചത് കൊണ്ടാണ് എനിക്ക് അങ്ങിനെ നില്ക്കാൻ ഉള്ള ത്രാണി ഉണ്ടായത് . ആ ത്രാണി വെച്ചാണ് ഞാൻ നിങ്ങളുടെ ഒപ്പം നിന്നത് " പദ്മ പറയുന്നു
പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഒരു കാർ കടന്നു വരുന്നു. അതി നിന്നും ഒരു ഫാമിലിയും വയസായ ഒരാളും ഇറങ്ങുന്നു.
അവരെ കണ്ടതും പദ്മ വേഗം എഴുനേറ്റ് പോകുന്നു,അവരോട് സംസാരിക്കുന്നു, അവരെ സ്വാഗതം ചെയുന്നു അകത്തേക്ക്.
അവിടെ ഇരിക്കുന്ന അമ്മയെ അവർക്ക് പരിചയപ്പെടുത്തുന്നു. വന്നിരിക്കുന്നത് തന്റെ അനിയൻ ആണ് എന്ന് മനസ്സിലാക്കിയ 'അമ്മ അനിയനെ കെട്ടിപ്പിടിക്കുന്നു. ഒരുപാട് കാലങ്ങൾക്ക് ശേഷം കണ്ടു മുട്ടിയത് ആണെങ്കിലും എന്താണ് പറയേണ്ടത് എന്ന് അറിയാതെ അവർ നില്കുന്നു. പരസ്പരം മക്കളെ എല്ലാം പരിചയപ്പെടുത്തുന്നു, ശേഷം അകത്തേക്ക് പോകുന്നു.
ഒരുപാട് വർഷങ്ങൾക്ക് ശേഷം ചേച്ചിയും അനിയനും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു.
വന്നയാൾ ആർമി വിശേഷങ്ങളും ഓർമകളും എല്ലാം സദസ്സിനോട് പങ്കുവെക്കുന്നു.
ബാക്കി പരിപാടികൾ നടക്കുന്നതിന് ഇടയിൽ ചേച്ചിയേം കൂട്ടി അനിയൻ പുറത്തേക്ക് പോകുന്നു. ചേച്ചി ഇരുന്ന വരാന്തയിൽ വന്നിരിക്കുന്നു.
"ഏടത്തി...എത്ര കാലം ആയി. ഇനി ഈ ജന്മത്തിൽ കാണാൻ പറ്റും എന്ന് വിചാരിച്ചതല്ല " ഉണ്ണികൃഷ്ണൻ പറയുന്നു
"ഞാൻ വന്നിരുന്നു ഒരിക്കൽ ഏടത്തിയെ കാണാൻ വേണ്ടി മാത്രം , പക്ഷെ ഏടത്തി അപ്പൊ വേറെ എവിടേക്കോ മാറിയിരുന്നു. പിന്നെ ഓഫിസിലേക്ക് പെട്ടന്ന് തിരിച്ചു വിളിച്ച കാരണം ആ ലീവിന് കാണാൻ പറ്റിയില്ല. പിന്നെ ഓരോ ലീവുകളും കഴിഞ്ഞു , ഓരോ തിരക്കുകളും..കല്യാണവും പിള്ളേരുടെ പഠിത്തവും ...അങ്ങിനെ അങ്ങിനെ " ഉണ്ണികൃഷ്ണൻ പറഞ്ഞു നിർത്തുന്നു
ഏടത്തി ഒന്നും മിണ്ടാതെ അനിയനെ നോക്കി ഇരിക്കുന്നു
"ഈ വീട് പദ്മ വാങ്ങിയോ " അനിയൻ ചോദിക്കുന്നു
"ഇല്ല, ഈ പരിപാടിക്ക് വേണ്ടി ചോദിച്ചു രണ്ടു ദിവസത്തേക്ക് വാടകക്ക് എടുത്തതാണ്. വിറ്റു കൈമാറി പോയി , ഇപ്പൊ കാനഡയിൽ ഉള്ള ആരുടെയോ കയ്യിൽ ആണ് "  ഏടത്തി പറയുന്നു
"നല്ല നിലാവ് ...." അനിയൻ പറയുന്നു
"പണ്ട് അമ്പിളി അമ്മാവനെ കണ്ടാലേ നീ ചോറ് കഴിക്കു.. അമാവാസിക്ക് ഒട്ടും കഴിക്കില്ല " ഏടത്തി ഓർത്തു ചിരിച്ചു പറയുന്നു
"പിന്നെ എന്നും അമാവാസി  ആയിരുന്നു ഏടത്തി. അമ്മയെ കാണാൻ പോലും വല്ലപ്പോഴുമേ കഴിയുമായിരുന്നുള്ളു. 'രണ്ടാനച്ഛന്റെ വീട്ടിൽ ..ഒറ്റക്ക് ..ഒരു മുറിയിൽ കിടന്ന് പേടിച്ചു കരഞ്ഞു തീർത്തിട്ട് ഉണ്ട് ഞാൻ പല രാത്രികളും. ഇപ്പോഴും ഒറ്റക്ക് ഒരു മുറിയിൽ കിടക്കാൻ പേടിയാ ഏടത്തി. ലൈറ്റ് ഓൺ ആക്കിയ കിടക്ക ഞാൻ  ഒറ്റക്ക് എവിടേലും രാത്രി ചെന്നാൽ. ഉറക്കം വരില്ല, പണ്ടത്തെ ആ പേടി കാരണം. "
ഒന്ന് നിർത്തി എന്തോക്കെയോ ആലോചിച്ചു തുടരുന്നു
"വെള്ളം കോരനും, വിറക് കീറാനും, പറമ്പു തേവാനും ...അവിടത്തെ അനിയത്തിമാരുടെ കാര്യം നോക്കാനും ഒക്കെ  ഞാൻ വേണം. പണി എല്ലാം കഴിഞ്ഞു നാല് അഞ്ചു മാണി ആകുമ്പോഴേക്കും വിശക്കും ഏടത്തി. അവിടത്തെ കുട്ടികൾക്ക് അടയും അവില് കുഴച്ചതും ഒക്കെ കിട്ടുമ്പോൾ എനിക്ക് പിന്നെയും കാത്തു ഇരിക്കണം കഞ്ഞി കാലാവാൻ" അനിയൻ ഓർത്തു പറയുന്നു
"എന്റെ അവിടേക്ക് വരരുന്നില്ലേ ഉണ്ണി നിനക്ക് , ഏടത്തി ഉണ്ടായിരുന്നിലെ ? മൂപർക്കും ഒരു വിരോധവും ഇല്ലായിരുന്നു അതിന് " നീ വന്നില്ലല്ലോ " ഏടത്തി ചോദിക്കുന്നു
"കുറച്ചു വലുതായപ്പോൾ ഓർത്തതാ...ആട്ടും തുപ്പും വിവേചനവും കൂടിയപ്പോൾ. പിന്നെ നിങ്ങള്ടെ അവിടെയും കൃഷി ഒക്കെ  നഷ്ടം ആയിത്തുടങ്ങി, ഞാൻ കൂടി വന്നാൽ അത് പദ്മക്കും കുട്ടനും ..അവരുടെ കാര്യങ്ങൾക്കും , ഭാവിയിലെ അവരുടെ പഠിത്തത്തിനും മറ്റും തടസ്സം ആകുമോ എന്ന് കരുതി വരാതെ ഇരുന്നതാ. " അനിയൻ പറഞ്ഞു നിർത്തുന്നു
"ആർമിയിൽ ചേർന്നതോടെ ഒരുവിധം ശരി ആകാൻ തുടങ്ങി" ചിരിച്ചു പറയുന്നു
"നീ ഈ ഹിന്ദിക്കാരിയെ എവിടെന്നു കണ്ടുപിടിച്ച " ഏടത്തി ചോദിക്കുന്നു
"അത് ഒരു കഥയാ ഏടത്തി...." അനിയൻ തുടരുന്നു
അമ്മമ്മയെ അന്വേഷിച്ചു പുറത്തു വന്ന ഹേമ ഇത് കാണുന്നു. അവൾ പദ്മയെ വിളിച്ചു ഇത് കാണിക്കുന്നു
"ചേച്ചിയും ഏട്ടനും മാറി നിന്നു സംസാരിക്കണല്ലോ" ഹേമ പറയുന്നു
"സംസാരിക്കട്ടെ....ഒരുപാട് കൊല്ലങ്ങളുടെ സംസാരം ബാക്കി ഉണ്ടാകും " പദ്മ സന്തോഷത്തോടെ പറയുന്നു
"എന്റെ ഒരു വലിയ ആഗ്രഹം ആയിരുന്നു ഇവരെ തമ്മിൽ കണ്ടു മുട്ടിക്കണം എന്ന്. അതിനു കൂടി ആണ് കുടുംബ സംഗമം ഞാൻ മുൻ കൈ എടുത്ത് നടത്തിയത്. നീ ഇപ്പോൾ നേടിയ ഈ നേട്ടങ്ങൾക്കു എല്ലാം അറിഞ്ഞോ അറിയാതെയോ ഒരു പങ്കു അവർക്കും ഉണ്ട്. പോകും മുൻപ് വല്യമ്മാമാടെ കയ്യിൽ നിന്നും അനുഗ്രഹം വാങ്ങണം നീ " പദ്മ പറയുന്നു
"The sacrifice , price of success , not one sacrifice but many  " ഹേമ പറയുന്നു
"നിനക്ക് ഞാൻ ഒരു കൂട്ടം കൊണ്ട് വന്നിട്ട് ഉണ്ട്, നീ വരുന്നുണ്ട് എന്ന് അറിഞ്ഞപ്പോ മുതൽ ആലോചിച്ചു വെച്ചതാ " കയ്യിൽ ഉള്ള പ്ലാസ്റ്റിക് കവറിൽ നിന്നും പത്ര കടലാസ്സിൽ പൊതിഞ്ഞ ഒരു പൊതി എടുത്ത് ഏടത്തി അനിയൻ കൊടുക്കുന്നു
പൊതി അഴിച്ചു ഒരു ചെറിയ പാത്രത്തിൽ ഉള്ള അച്ചാർ എടുത്ത് ഉണ്ണി നോക്കുന്നു
"അയ്യോ...ഇരുമ്പാമ് പുളി" അനിയൻ ചിരിച്ചു പറയുന്നു
അവർ അങ്ങിനെ ചിരിച്ചു വീണ്ടും എന്തൊക്കെയോ സംസാരിക്കുന്നു.
ഹേമ പദ്മയേം കൂടി അകത്തേക്ക് പോകുന്നു. 
                                                     
 

Srishti-2022   >>  Short Story - Malayalam   >>  തോട്ട

Jithin P Jose

Suyati Technologies

തോട്ട

ഇടിച്ചുകുത്തി പെയ്യുന്ന പെരുമഴയും നോക്കി, ചേന്നൻ തൻ്റെ ഓല കൂരയുടെ ചാണകം മെഴുകിയ ഭിത്തിയിൽ ചാരി ഇരിക്കുകയാണ്. ആ ഇരുപ്പു തുടങ്ങിയിട്ട് നേരം കുറെ ആയി.

 

മുറ്റത്തു തളം കെട്ടിയ മഴവെള്ളം മുള്ളുവേലിക്കിടയിലൂടെ ഒഴുകി ഇറങ്ങാൻ ഉള്ള വെപ്രാളത്തിൽ ആയിരുന്നു. ആ കൊച്ചു പ്രളയത്തിൽ ആവാസസ്ഥലം നഷ്ട്ടപെട്ട ഒരു പോക്കാച്ചിത്തവള ചേന്നൻ്റെ അടുത്തു വന്നിരുന്നു.

 

മേൽക്കൂരയിലെ ഓലകീറിനിടയിലൂടെ നുഴ്ന്നിറങ്ങുന്ന മഴത്തുള്ളികൾ, ആ ഒറ്റമുറി കുടിലിലെ മൺതറയിൽ മേഘ ചിത്രങ്ങൾ വരക്കുന്നുണ്ട്. മഴത്തുള്ളികളുമായി വീശി അടിക്കുന്ന കാറ്റിൻ്റെ ലക്ഷ്യം ചേന്നൻ ആണ്. കാരിരുമ്പിൻ്റെ നിറമുള്ള ചേന്നൻ്റെ തൊലിക്കുള്ളിലേക്കു പടർന്നിറങ്ങാൻ ശ്രമിച്ചു അത് പരാജയപ്പെട്ടു.

 

നിന്ന് പെയ്താലും, നീണ്ട് പെയ്താലും ചേന്നൻ അനങ്ങില്ലെന്ന് മനസ്സിലാക്കിയപ്പോൾ, മഴമേഘങ്ങൾ തോൽവി സമ്മതിച്ചു പിൻവാങ്ങി തുടങ്ങി.

 

മഴ ഒതുങ്ങിയപ്പോൾ ചേന്നൻ എഴുന്നേറ്റു.ആ ഓലകൂരയെ താങ്ങി നിർത്തിയ, ദ്രവിച്ച അടക്കാമരത്തിൻ്റെ നാരുള്ള പട്ടിക്കക്കു ഇടയിൽ നിന്നും, പന കൈ വെട്ടി, കണ്ണപ്പ് ഒരുക്കി, ചുടാക്കി വഴക്കി എടുത്ത ചൂണ്ട കണ എടുത്തു.

 

മൺതറയുടെ ഓരത്തു, ഓലകീറിൻ്റെ തണലിൽ, കുഴിയാന ചുഴിയുടെ അരികിൽ നിന്നും കണ്ണില്ലാത്ത ഒരു ചിരട്ട ചേന്നൻ തപ്പി എടുത്തു. എന്നിട്ടു അത് അലക്കു കല്ലിൽ കൊട്ടി വൃത്തിയാക്കി. വാഴത്തോപ്പിനിടയിലെ കരിയില ചിഞ്ഞു കറുത്ത മണ്ണിൽ, മുറ്റത്തു കിടന്ന ചെറുകവര കൊമ്പ് കൊണ്ട് അയാൾ മണ്ണ് മാന്തി നോക്കി.

 

മണ്ണിളകി വെളിച്ചം കണ്ടപ്പോൾ വീണ്ടും മണ്ണിൽ ഒളിക്കാനായി പാഞ്ഞു നീണ്ട മണ്ണിരകൾ. ചേന്നൻ അതിനെ പിറക്കി എടുത്തു ചിരട്ടയിൽ ഇട്ടു. മണ്ണ് തപ്പി ചിരട്ടക്കുള്ളിൽ ഇരുവശത്തേക്കും അലഞ്ഞു നടന്ന അവറ്റകൾക്കു ആശ്വാസമായി, ചേന്നൻ ഒരു പിടി ചിഞ്ഞ മണ്ണ് വാരി ചിരട്ടയിൽ ഇട്ടു.

 

അയാൾ ആ ഓലക്കുടിലിൽ ഒറ്റക്കായിട്ടു വർഷങ്ങൾ ഒരുപാടായി. തന്തയെ കണ്ട ഓർമ്മയില്ല, തള്ള അവനു പത്തു വയസുള്ളപ്പോൾ ദീനം പിടിച്ചു ചത്തു. കപ്പയുടെ ചോട് മാന്തിയും, ഒടിഞ്ഞ വാഴക്കുല വെട്ടിയും ചാലിച്ചിറയിൽ ചൂണ്ട ഇട്ടും അവൻ വളർന്നു.

 

വേനലിൽ കായ്ക്കുന്ന പ്ലാവും മാവും അവൻ്റെ നാവിനെ രുചിയറിയിച്ചു. അവൻ ആരോടും മിണ്ടാറില്ല. അവൻ ഊമ ആണോ എന്ന സംശയം ചാലിക്കരയിലെ പല കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടായിരുന്നു.

 

പുറമെ ശാന്തമായി ഒഴുകുന്ന ചാലിച്ചിറയുടെ ഉള്ളിൽ ഒരുപാടു രഹസ്യങ്ങൾ ഉണ്ട്. ഒച്ച ഉണ്ടാകാതെ, ഓളം ഉണ്ടാകാതെ കടും പച്ച നിറത്തിൽ ഒഴുകുന്ന ചിറയുടെ അടിയിൽ ആഴത്തിലുള്ള കുളങ്ങൾ ഉണ്ട്, നിലയില്ലാത്ത കിണറുകൾ ഉണ്ട്, അരികുകളിൽ നട്ടുച്ചക്കും വെയിലിനെ കടത്തി വിടാത്ത പച്ചപ്പും ഉണ്ട്. ഇല്ലിക്കാടും പാതാള ചുഴിയും ഉണ്ട്.

 

ഇല്ലിക്കാടും പാതാള ചുഴിയും ചാലിക്കരയുടെ പേടി സ്വപ്നം ആണ്. ചാലിച്ചിറ ഇല്ലിക്കാട്ടിലേക്കു ഒഴുകി എത്തുമ്പോൾ, ഒരു കൈവഴിയിൽ കേറി പാതാള ചുഴിയെ വലം വെച്ച് പുറത്തേക്കു ഒഴുകി വരും. അവിടെ നിലയില്ലാത്ത ആഴത്തിൽ ഒരു കിണർ ഉണ്ടെന്നും, പാതാള ചുഴിയിലേക്കു പോയ മനുഷ്യനും മൃഗങ്ങളും ഒരിക്കലും തിരികെ വരില്ല എന്നും കേട്ടറിവുകൾ ഉണ്ട്.

 

മഹാബലി ഓണത്തിന് പാതാളത്തിൽ നിന്നും വരുന്നതും പോകുന്നതും ആ ചുഴിയിലൂടെ ആണെന്ന് അവിടത്തെ കുട്ടികൾ വിശ്വസിക്കുന്നുണ്ട്. പൂർവികർ പറഞ്ഞു പേടിപ്പിച്ച ഇല്ലിക്കാട്ടിലേക്കും പാതാളച്ചുഴിയിലേക്കും ആരും പോകാറില്ല, ചേന്നൻ ഒഴികെ. അയാളെ പറഞ്ഞു പേടിപ്പിക്കാൻ പൂർവികർ ആരും ഇല്ലാത്തതു കൊണ്ട് അയാൾ മാത്രം ചുണ്ട കണയുമായി എന്നും അവിടെ പോകും. വാഴവള്ളിയിൽ കോർത്ത മീനുകളുമായി തിരികെ വരും.

 

ചേന്നൻ്റെ ചുണ്ടയിൽ ചില്ലൻ കൂരിയും, പള്ളത്തിയും, വരാലും അങ്ങനെ പല മീനുകളും കൊത്തും. പിടിക്കുന്ന മീനിന് അവനൊരു കണക്കുണ്ട്, അതിൽ കൂടുതൽ ഒരിക്കലും പിടിക്കില്ല. കിട്ടിയ മീനുകളെ എല്ലാം വാഴവള്ളിയിൽ കോർത്ത് ചെത്തുകാരൻ കോരനു കൊടുക്കും. അയാൾ അവനു ഒരു മൊന്ത കള്ളും കൊടുക്കും.

 

"എടാ ചേന്നാ ...നീ പിടിക്കുമ്പോൾ കുറച്ചു അധികം പിടിക്കടാ ...ആറ്റു മീനിനെ ഷാപ്പിലെ മാപ്പിളക്ക് കൊടുത്താൽ ചോദിക്കുന്ന കാശ് തരും."

 

കോരൻ പലപ്പോഴും ചേന്നനോട് അത് പറയാറുണ്ട്. അത് കേൾക്കുമ്പോൾ ചേന്നൻ തിടുക്കത്തിൽ മൊന്തയിലെ കള്ള് വാങ്ങി കുടിച്ചിട്ട് ഓടി രക്ഷപ്പെടും. ഒന്നും ആവശ്യത്തിൽ അധികം എടുക്കാൻ ചേന്നന് ആവില്ല, അത് കൊടിയ പാപം ആണ്.

 

പെരുമഴ തോർന്നു കഴിഞ്ഞു തോളത്തു ചുണ്ട കണയുമായി, ഇടം കൈയ്യിൽ കണ്ണില്ലാ ചിരട്ടയിലെ മണ്ണിരകളുമായി, ഇല്ലിക്കാടിനടുത്തുള്ള പെണ്ണുങ്ങളുടെ കുളിക്കടവിനു മുന്നിലൂടെ ചേന്നൻ നടന്നു. ചേന്നനെ കണ്ടാൽ കുനിഞ്ഞു നിന്ന് അലക്കുന്ന പെണ്ണുങ്ങൾ തോർത്തുമുണ്ട് കൊണ്ട് മാറ് ഒളിപ്പിക്കാറില്ല, നാണിക്കാറില്ല കാരണം അവൻ പെണ്ണിനെ നോക്കാറില്ല. അവൻ പോയിക്കഴിയുമ്പോൾ അലക്കു കൂട്ടത്തിലെ പെണ്ണുങ്ങൾ കളി പറയും.

 

"ചേന്നൻ ആണാണോ എന്ന് സംശയം ഉണ്ട്?"

 

"പെണ്ണിൻ്റെ മുലയിൽ നോക്കാത്ത ആണുങ്ങൾ ഉണ്ടോ?"

 

"അതെങ്ങനെയാ പെണ്ണിൻ്റെ ചൂട് അറിയാനും ഒരു യോഗം വേണം."

 

അവരുടെ കളിയാക്കലുകൾ കൂടിയപ്പോൾ അലക്കികൊണ്ടിരുന്ന നീലി പറഞ്ഞു.

 

"ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ. ഒരു ശല്യവും ഇല്ലാതെ പോകുന്ന അവനെ കളിയാക്കുന്നത് എന്തിനാ?"

 

"ഓ ..പെണ്ണിന് മുത്തല്ലോ... അതെങ്ങനെയാ കെട്ടിക്കൊണ്ട് വന്ന മൂന്നാം മാസം കെട്ടിയവൻ്റെ തള്ള ചത്തു.. ആണ്ട് തികയുന്നതിനു മുന്നേ കെട്ടിയവനും ഇട്ടേച്ചു പോയി.."

 

"തള്ളേ ...തൊള്ള തുറക്കല്ലേ..സൂക്ഷിച്ചു സംസാരിക്കണം."

 

നീലി വേലത്തിയുടെ മരുമകൾ ആണ്. വേലത്തിയുടെ കാലം കഴിഞ്ഞു വലിയ വീടുകളിലെ വിഴുപ്പു അലക്കിയാണ് ജീവിക്കുന്നത്.

 

അലക്കു കൂട്ടത്തിലെ പെണ്ണുങ്ങളില്ലാത്ത  ഒരിക്കൽ ചേന്നൻ ഇല്ലിക്കാട്ടിലേക്ക് നടക്കുന്നത് നീലി കണ്ടു. വേഗത്തിൽ നടന്ന ചേന്നനെ നീലി ഉറക്കെ വിളിച്ചു.

 

"ചേന്നാ...ഇല്ലിക്കാട്ടിലേക്കു എനിക്ക് വരാമോ?"

 

ചേന്നൻ അവളെ ഒന്ന് തിരിഞ്ഞു നോക്കി, എന്നിട്ട് ഒന്നും മിണ്ടാതെ ഇല്ലിക്കാട്ടിലെ നടവഴിയിലൂടെ മുന്നോട്ടു നടന്നു. നീലി ചിറയിലെ വെള്ളത്തിൽ സോപ്പ് പത കഴുകി മുണ്ടിൽ തുടച്ചു, ചേന്നൻ നടന്ന വഴിയിലൂടെ ഇല്ലിക്കാട്ടിനുള്ളിലേക്കു കേറി.

 

മനുഷ്യൻ ശല്യപ്പെടുത്താത്ത പച്ചപ്പിൻ്റെ കലവറ. പരിചയം ഇല്ലാത്ത കാലൊച്ച കേട്ടപ്പോൾ ഇഴജന്തുക്കൾ തല പൊക്കി നോക്കി. തവളകൾ വെള്ളത്തിലേക്ക് എടുത്തു ചാടി. മീനുകൾ നീരാട്ട് നിർത്തി എത്തി നോക്കി. മുന്നോട്ടു ഇഴഞ്ഞെത്തിയ ഒരു മൂർഖൻ അവളുടെ വഴി തടഞ്ഞു നിന്നു. പരിഭ്രമിച്ചു പോയ അവൾ അടഞ്ഞ ശബ്ദത്തിൽ വിളിച്ചു.

 

"ചേന്നാ..."

 

അത് കേട്ട ചേന്നൻ പച്ചപ്പിനിടയിൽ നിന്നും എത്തി നോക്കി, മുർഖനോട് വഴി മാറാൻ ആംഗ്യം കാട്ടി. അത് കണ്ട മൂർഖൻ അനുസരണയുള്ള ഒരു നായക്കുട്ടിയെ പോലെ ഇഴഞ്ഞു മാറി നിന്നു. നീലി ചേന്നനു പിന്നിലായി ആ നടവഴിയിലൂടെ നടന്നു.

 

അവർ എത്തിച്ചേർന്നത് ഇല്ലിക്കാട്ടിന് നടുവിൽ ഉള്ള ചാലിച്ചിറയുടെ കൈവഴിയിൽ ആയിരുന്നു. ചുറ്റും മരങ്ങളും ഇല്ലിയും പടർന്നു നിൽക്കുന്ന കുളം പോലെ തോന്നുന്ന ആ ചിറയുടെ ഉർജ്ജ സ്രോതസ്സിൽ. ചേന്നൻ മിനുസം ഉള്ള ഒരു പാറയിൽ ഇരുന്നു, തൻ്റെ ചുണ്ടയിൽ ഇര കോർത്ത് ചിറയിലേക്കു എറിഞ്ഞു, പൊങ്ങ് അനങ്ങുന്നതിനായി  കാത്തിരുന്നു.

 

നീലി ആ അത്ഭുത ലോകത്തെ കാഴ്ചകൾ ആസ്വദിച്ചു. പച്ചപ്പ്‌ നിറഞ്ഞ ആ ഇല്ലിക്കാട്ടിൽ തവള കുഞ്ഞുങ്ങൾ ചാടി കളിക്കുന്നു. കിളികൾ പതിവില്ലാതെ ഒരു അതിഥിയെ കണ്ടപ്പോൾ ഉത്സാഹിച്ചു പാട്ട് പാടി. മീനുകൾ തെളിഞ്ഞ വെള്ളത്തിലൂടെ നീന്തി തുടിക്കുന്നു. കാട്ടിലെ പച്ചപ്പിനിടയിലൂടെ പല ജീവികളും എത്തി നോക്കുന്നു. ചേന്നൻ മാത്രം അവളെ ശ്രദ്ധിക്കാതെ, ഒന്നും മിണ്ടാതെ, ചൂണ്ട പൊങ്ങ് അനങ്ങുന്നതും നോക്കി ഇരുന്നു.

 

നീലി അവളുടെ വെളുത്ത കാൽവിരലുകൾ കൊണ്ട്, ആ തെളിഞ്ഞ വെള്ളത്തിൽ തൊട്ടു. അവിടെ നിന്നും ഉൽഭവിച്ചു പടർന്ന ഓളങ്ങൾ കണ്ട് ചേന്നൻ അവളുടെ കാൽ വിരലുകളിലേക്ക് നോക്കി. ചേന്നൻ്റെ നോട്ടം എത്തിയപ്പോൾ അവളുടെ കാലുകളെ മറച്ചിരുന്ന, വെള്ള മുണ്ടിൻ്റെ നനഞ്ഞ തുമ്പു പതിയെ അവൾ വലിച്ചുയർത്തി.

 

വെണ്ണപോലുള്ള ആ കാലുകളിൽ നിന്നും നോട്ടം എടുക്കാൻ ചേന്നനു കഴിഞ്ഞില്ല. അത് കണ്ട നീലി എഴുന്നേറ്റു ചേന്നനു അടുത്തേക്ക് വന്ന്, നഗ്നമായാ അവൻ്റെ നെഞ്ചിൽ കൈകൾ അമർത്തി. അവനെ പാറയിടുക്കിലെ പച്ചപ്പിലേക്ക് തള്ളി. കമ്യൂണിസ്റ് പച്ചയുടെ തണ്ടുകൾ വളഞ്ഞു അവനായി മെത്ത ഒരുക്കി. ഉടയാടകൾ അവളുടെ ദേഹത്ത് നിന്നും ഇല്ലികൊമ്പിലെക്കു ചെക്കേറി, ചെറുകാറ്റിൽ നൃത്തം ആടിക്കൊണ്ടിരുന്നു. അവൻ്റെ മുകളിലെ നിശ്വാസങ്ങൾ പതിയെ കിതപ്പുകൾ ആയി മാറി. അവളുടെ കിതപ്പുകൾക്ക് താളവും വേഗതയും കൂടിക്കൊണ്ടിരുന്നു. അവൾ കിതച്ചുകൊണ്ട് ചെറുകുന്നുകളും പർവതങ്ങളും കൊടുമുടികളും കീഴടക്കി താഴ്വാരങ്ങളിലേക്കു എടുത്തു ചാടി.

 

നഗ്നമായ അവനെ പൊതിഞ്ഞു കിടക്കുമ്പോൾ നീലി ചോദിച്ചു.

 

"എന്നെ കൂടെ പൊറുപ്പിക്കാമോ?.. പുതപ്പിൻ്റെ തണലിലും, ചിറയുടെ തണുപ്പിലും, ഉള്ളിലെ മോഹങ്ങൾ അടക്കാൻ കഴിയുന്നില്ല.... എനിക്ക് ഒരു ആണിൻ്റെ ചൂട് വേണം."

 

"നീ കെട്ടിയത് ആണോ?"

 

ചേന്നൻ്റെ ശബ്‌ദം ആദ്യമായി അവൾ കേട്ടു.

 

"ഉം...കഴിഞ്ഞ വൃശ്ചികത്തിൽ കരിമഷിയും കുപ്പിവളകളുമായി വരാം എന്ന് പറഞ്ഞു പോയതാ ... തിരികെ വന്നില്ല."

 

ചേന്നൻ്റെ നെഞ്ചിലെ കറുത്ത രോമങ്ങൾക്കിടയിലൂടെ നീലി വിരലുകൾ കൊണ്ട് തഴുകി, അതിൽ നിന്ന് ഒന്നിനെ പിഴുതെടുത്തു.

 

ചേന്നൻ്റെ അമ്മയുടെ മരണ ശേഷം, അവൻ്റെ ചെറ്റക്കുടിലിൽ വീണ്ടും ഒരു സ്ത്രീയുടെ പാദം പതിഞ്ഞു. പുതിയ അതിഥിയെ കണ്ടപ്പോൾ മാറാല കെട്ടിയ മൂലകളിൽ നിന്നും പല്ലികൾ തല ഉയർത്തി നോക്കി. സ്വയം നെയ്ത് വലക്കുള്ളിൽ ഇര വന്നുവീഴുന്നതിനായി കാത്തിരുന്ന ചിലന്തികൾ അവളുടെ നേരെ കണ്ണെറിഞ്ഞു. പഴകി ദ്രവിച്ച ആ കുടിലും, ഒരു കീറപായും അവളെ എതിരേറ്റു.

 

കീറപായിൽ അന്ന് രാത്രിയും ചേന്നനും നീലിയും കുന്നുകളും പർവതങ്ങളും തേടി വീണ്ടും യാത്ര പോയി. അവൻ്റെ പൗരഷത്തിനു മുകളിൽ നീലി കാലുകൾ വിടർത്തി, നഗ്നമായ അവളുടെ പുറത്തഴിഞ്ഞു കിടന്ന മുടി വാരികെട്ടി നൃത്തമാടി. ഒടുവിൽ തളർന്നു വിയർപ്പു പൊടിഞ്ഞ അവൻ്റെ ദേഹത്ത് ഒട്ടികിടക്കുമ്പോൾ അവൾ പറഞ്ഞു.

 

"നാളെ മുറ്റത്തൊട്ടു ചാഞ്ഞു നിൽക്കുന്ന ആ തെങ്ങിൽ നിന്നും ഒരു കൈ വെട്ടണം. ഓല കീറി ചൂല് കെട്ടി ഇവിടെ എല്ലാം ഒന്ന് വൃത്തിയാക്കണം."

 

അങ്ങനെ തെങ്ങും കൈ കുറ്റിച്ചൂലായി മാറി. കുലച്ചു നിന്ന പന, ചട്ടികളും കലങ്ങളുമായി മാറി. മൂത്തുവിളഞ്ഞു നിന്ന നാളികേരം വെള്ള അരിയും, ചായ പൊടിയും, പഞ്ചസാരയും ഒക്കെയായി മാറി. പതിയെ ചേന്നൻ്റെ ചെറ്റക്കുടിലും ഒരു വീടായി മാറി.

 

ഒരിക്കൽ ചൂണ്ട കണയുമായി മുറ്റത്തേക്ക് ഇറങ്ങിയ ചേന്നനോട് നീലി ചോദിച്ചു.

 

"മീൻ കൊടുക്കുമ്പോൾ ചെത്തുകാരൻ കോരനോട്, കള്ളിന് പകരം അല്പം കാശ് തരാൻ പറഞ്ഞാൽ വീട്ടു സാധനങ്ങൾ മേടിക്കാമായിരുന്നല്ലോ?"

 

അന്ന് ചേന്നൻ കോരനോട് ആദ്യമായി മിണ്ടി. അവൻ ഊമ അല്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ കോരൻ ആദ്യം ഒന്ന് ഞെട്ടി, പിന്നെ പറഞ്ഞു.

 

"എൻ്റെ കൈയ്യിൽ എവിടന്നാ ചേന്നാ കാശ്. കാശു വേണമെങ്കിൽ നീ ഷാപ്പിലെ മാപ്പിളക്ക് കൊണ്ട് പോയി കൊടുക്ക്."

 

പിറ്റേ ദിവസം പിടിച്ച മീനുമായി ചേന്നൻ ഷാപ്പിലെ മാപ്പിളയുടെ അടുത്ത് ചെന്നു. അയാൾ ആ വാഴവള്ളിയിലെ മീനുകളെ എടുത്തുയർത്തി നോക്കി. എന്നിട്ട് മേശയുടെ അറയിൽ നിന്നും ഒരു നൂറു രൂപ എടുത്തു, തല ചൊറിഞ്ഞു നിൽക്കുന്ന ചേന്നനു കൊടുത്തു.

 

ചേന്നൻ തിടുക്കത്തിൽ വീട്ടിലെത്തി, കാശ് നീലിയുടെ കൈയ്യിൽ കൊടുത്തു. അപ്പോൾ അവളുടെ മുഖത്തു വിടർന്ന പുഞ്ചിരിക്കും ആ ഒറ്റനോട്ടിൻ്റെ തിളക്കം ഉണ്ടായിരുന്നു.

 

അന്ന് രാത്രിയിലെ അവളുടെ കിതപ്പുകൾക്ക് താളവും വേഗതയും കൂടുതലായിരുന്നു. അവൾ കിതച്ചുകൊണ്ട് ചെറുകുന്നുകളും പർവതങ്ങളും കൊടുമുടികളും കീഴടക്കി താഴ്വാരങ്ങളിലേക്കു എടുത്തു ചാടി. ഒടുവിൽ തളർന്നു വിയർപ്പു പൊടിഞ്ഞ അവൻ്റെ ദേഹത്ത് ഒട്ടികിടക്കുമ്പോൾ അവൾ ചോദിച്ചു.

 

"മീൻ അല്പം കൂടുതൽ കൊടുത്താൽ ഷാപ്പിലെ മാപ്പിള കൂടുതൽ കാശ് തരില്ലേ?"

 

അങ്ങനെ ചേന്നൻ പിടിക്കുന്ന മീനുകളുടെ എണ്ണം കൂടി, വാഴവള്ളികൾ കൂടി. അവളുടെ ആവശ്യങ്ങളും കൂടി.

 

ആഗ്രഹങ്ങൾ എത്തിപ്പിടിക്കാൻ ചേന്നനു കഴിയാതായപ്പോൾ കീറപായിലെ അവളുടെ ആവേശങ്ങൾ കുറഞ്ഞു വന്നു. കുന്നുകളും പർവതങ്ങളും തേടിയുള്ള യാത്രകളും മടുത്തു തുടങ്ങി.

 

അടുത്ത തുലാവർഷത്തിനു മുൻപ് മേൽക്കൂരയിലെ പഴകി ദ്രവിച്ച ഓല മാറണം. നീലി അലക്കി മടക്കി വെച്ച വെള്ള മുണ്ടിൻ്റെ ഇടയിലെ നോട്ടുകൾ എടുത്ത് എണ്ണി നോക്കി നിരാശയോടെ പറഞ്ഞു.

 

"അതെങ്ങനെയാ ദിവസവും ഒരു ചൂണ്ട കണയും, ഒറ്റ കൊളുത്തും ആയി പോയാൽ എത്ര മീൻ കിട്ടാനാ. ആണുങ്ങൾ ആണെങ്കിൽ വല്ലോ വീശുവല എറിഞ്ഞോ, തൊട്ട പൊട്ടിച്ചോ കാശ് ഉണ്ടാകാൻ നോക്കും. "

 

അത് കേട്ടിട്ടും ഭാവ വിത്യാസം ഒന്നും ഇല്ലാത്ത ചേന്നനെ കാണുമ്പോൾ നീലി അരിശത്തോടെ പറയും.

 

"മനുഷ്യനെ ഊറ്റി ജീവിക്കാൻ ആയി കുറെ എണ്ണങ്ങൾ ഉണ്ട്. മറ്റുള്ളവരുടെ കഷ്ടപ്പാട് വല്ലതും അറിയണോ? എന്ത് പൊട്ടബുദ്ധിക്കാണോ ഈ തെണ്ടികൂട്ടത്തിലേക്ക് ഇറങ്ങി പോരാൻ തോന്നിയത്, അന്ന് മുതൽ അനുഭവിച്ചു തുടങ്ങിയതാ. അതെങ്ങനെയാ ആരു ചത്തിട്ടായാലും കഷ്ട്ടപ്പെട്ടിട്ടു ആണെങ്കിലും സ്വന്തം കാര്യങ്ങൾ ഒക്കെ നടക്കുന്നുണ്ടല്ലോ, വെറുതെ ഇരുന്നു തിന്നാൽ മതിയല്ലോ?"

 

ഇതുവരെ ചേന്നനെ ഇടവപ്പാതിയും തുലാവർഷവും ഒന്നും ഭയപ്പെടുത്തിയിരുന്നില്ല. ഇടിച്ചു കുത്തി പെയ്യ്ത പെരുമഴയും, ചുട്ടുപൊള്ളിച്ച വേനലും ഒന്നും അവൻ വേർതിരിച്ചിരുന്നില്ല. എല്ലാം ഒരുപോലെ ആയിരുന്നു. പക്ഷേ ഇപ്പോൾ, അവൻ്റെ ഉള്ളിൽ എന്തോ ഒരു വിറയൽ.

 

ശാപ വാക്കുകൾ കേട്ട് മടുത്ത ഒരു വൃശ്ചിക പുലരിയിൽ, ചേന്നൻ ചൂണ്ട കണയും മണ്ണിരകളും ഇല്ലാതെ ഇല്ലിക്കാട്ടിലേക്ക് നടന്നു. പതിവായി കേട്ടിരുന്ന കാലടികളുടെ പ്രകമ്പനം കൂടുന്നത് ഇല്ലിക്കാടും അന്തേവാസികളും അറിഞ്ഞു. അവറ്റകൾ പച്ചില മറയിൽ ചേന്നനെ എത്തി നോക്കി. ചേന്നനും നീലിയും കെട്ടുപിടഞ്ഞു ഇണചേർന്ന ആ പാറക്കല്ലിൽ അയാൾ കുത്തിയിരുന്നു. അരയിൽ ഒളിപ്പിച്ച ചാക്ക് നൂലുകൊണ്ട് വലിഞ്ഞു കെട്ടി മുറുക്കിയ തോട്ട പുറത്തെടുത്തു. കരിമരുന്നു പുരട്ടി നീണ്ടു കിടന്ന ആ കറുത്ത തിരിയിൽ അയാൾ ചുണ്ടിലെ ബീഡികുറ്റികൊണ്ട് തീ പകർന്നു. ചെറുപൂത്തിരി വിടർത്തി എരിഞ്ഞു കയറിയ ആ തിരി കണ്ട് ഇല്ലിക്കാട് വിറച്ചു. എരിച്ചിൽ കടയോട് അടുത്തപ്പോൾ ചേന്നൻ ആ തോട്ട, പാതാള ചുഴിയിലേക്ക് വലിച്ചെറിഞ്ഞു.

 

"ഭും"

 

ഭയാനകമായ ഒരു ശബ്ദത്തോടെ പാതാള ചുഴിയിലെ വെള്ളം ഇല്ലിപൊക്കത്തിൽ കുതിച്ചു ചാടി.

 

ചതി കൊടുംചതി.

 

ചെളിക്കുണ്ടിൽ തുള്ളികളിച്ച താവളക്കുഞ്ഞുങ്ങൾ പിന്നോട്ട് ചാടി, ഭയത്തോടെ ചേന്നനെ നോക്കി. കിളികൾ പാട്ട് നിർത്തി. ഇല്ലിക്കാട്ടിലെ പച്ചപ്പിനിടയിലെ ജീവികൾ ഭയന്നു മാളത്തിൽ ഒളിച്ചു. തെളിവെള്ളത്തിൽ നീന്തി കളിച്ചിരുന്ന മീനുകൾ ചത്തു മലർന്നു പാതാള ചുഴി ചുറ്റിയോഴുകി.

 

മൂകത ശ്മാശാനമൂകത.

 

നിശബ്തതയെ ഭേദിച്ചു കൊണ്ട് ഇഴഞ്ഞെത്തിയ കരിമൂർഖൻ ചേന്നൻ്റെ വഴി തടഞ്ഞു. മിനുസ്സമുള്ള ആ പറയിലേക്കു ഇഴഞ്ഞുകേറി ചേന്നൻ്റെ നേരെ പത്തി വിടർത്തി ചീറ്റി. ഭയന്നു പിന്നോട്ടു മാറിയ ചേന്നൻ്റെ കാലുകൾ ആദ്യമായി ആ പാറയിൽ വഴുതി. അയാൾ മലർന്നു പാതാള ചുഴിയിലേക്കു പതിച്ചു. നിലയില്ലാ കിണറിൻ്റെ ആഴങ്ങളിലേക്ക് പാതാള ചുഴി വലിച്ചടുപ്പിച്ചപ്പോൾ, നീലിയോട് അവൻ അവസാനം പറഞ്ഞ വാക്കുകൾ ഓർത്തു.

 

"കരിമഷിയും കുപ്പിവളകളുമായി തിരികെ വരാം".

Srishti-2022   >>  Short Story - Malayalam   >>  പരിണാമം

Rugma M Nair

EY

പരിണാമം

"പരേതന്റ്റെ പേര്?"

 

"ഗണപതി അയ്യർവയസ്സ് എൺപത്തി രണ്ടു മരണകാരണം സ്വാഭാവികംവാർദ്ധക്യ സംബന്ധം"

 

"ഉം" ഒന്ന് മൂളിപണിക്കർ രണ്ടു കയ്യും തന്റെ രോമാവൃതമായ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചുകണ്ണുകൾ പകുതി അടച്ചുകൃഷ്ണമണികൾ മേല്പ്പോട്ടുയർത്തി ധ്യാനിച്ചു "അമ്മേ ഭഗവതി ദേവീമഹാമായേഗണപതി അയ്യർക്ക് പറയുവാനുള്ളത് അടിയന്റെ ഉള്ളിൽ തെളിയിക്കണേ"

 

മുറ്റത്തു തടിച്ചു കൂടിയ ജനാവലിപണിക്കരുടെ ചേഷ്ഠകൾ ഉറ്റുനോക്കികൊണ്ടേ ഇരുന്നു. കുറച്ചുപേർ നിരയായി ഒന്നിന് പുറകിൽ ഒന്നായിപണിക്കരെ കാണാനുള്ള ഊഴവും കാത്തു നിൽക്കുന്നുബാക്കിയുള്ളവർ കാഴ്ച്ചക്കാരായോകൂട്ടുവന്നവരോ ആണ്. ചെറിയ കൂട്ടമായിഅങ്ങിങ്ങു നിന്ന് എല്ലാവരും പതിഞ്ഞ സ്വരത്തിൽ പണിക്കരുടെ പല കഥകളായി വര്ണിക്കുന്നുണ്ടായിരുന്നു. കാലങ്ങളായി തങ്ങളുടെ ഈ കൊച്ചു ഗ്രാമത്തിന്റെ അഭിമാനമായ പണിക്കരെ അവിടുത്തെ നാട്ടുകാർ ഭക്ത്യാദരവോടെയാണ് സേവിച്ചു പോന്നത്. "പണിക്കരുടെ അച്ഛന്റെ അച്ഛൻവലിയപണിക്കർ ഉള്ള കാലംഅന്ന്ഈ പണിക്കര് തീരെ ചെറുപ്പമാഏറിയാൽ രണ്ടോ മൂന്നോ വയസ്സ് പ്രായംതോർത്തുമുണ്ടുമുടുത്തു ഇവിടെ ഓടി നടക്കുന്നത് എന്റെ മുത്തച്ഛൻ ഇപ്പോഴും പറയും. ഒരു  ദിവസംവലിയ പണിക്കര് വൈകുന്നേരത്തെ സന്ധ്യാ പ്രാർത്ഥന കഴിഞ്ഞറങ്ങിയ വഴിക്ക്കുഴഞ്ഞുവീണു, "ഡിം"തീർന്നു!! ആ ചിത എരിയും മുന്നേ നമ്മുടെ കൊച്ചു പണിക്കര് കൊഞ്ചി പറഞ്ഞത്രേ "ദേവിയുടെ വെച്ചാരാധന ഇവിടെ നടത്തരുതെന്ന് മുത്തശ്ശൻ പറഞ്ഞുപുറത്തു ഒരു പുര ഒരുക്കിഅതിലേക്ക് മാറ്റണമെന്ന്". അന്നതാരും ചെവിക്കൊണ്ടില്ലെങ്കിലും പിന്നീട് ഓരോ അനർഥങ്ങളായി കണ്ടു തുടങ്ങിയപ്പോൾ പ്രശനം വെച്ചതിൽ ഇതേ വിഷയം തെളിഞ്ഞു. അതോടെ കൊച്ചു പണിക്കര് പണിക്കരായി മാറി. മഹാ സിദ്ധനാ മരണശേഷം ആഗ്രഹം എന്തെങ്കിലും ബാക്കിയുള്ള ആത്മാക്കളുടെ മോക്ഷകൻ! എത്രയെത്ര കഥകൾ ഉണ്ടെന്നോ!

                                                 കൂട്ടത്തിൽ പാന്റും ഷർട്ടുമണിഞ്ഞ ഒരു ചെറുപ്പക്കാരനുമുണ്ട്. പരേതൻ ഗണപതി അയ്യരുടെ അനന്തരവനാണ്. പട്ടണത്തിൽ ആൺ ജനിച്ചതും വളർന്നതും. ഈ പ്രവചനത്തിൽ ഒന്നും ഒരു തരി വിശ്വാസമില്ല എന്ന് മാത്രമല്ല ഇതിനോടൊക്കെ പരമപുച്ഛവുമാണ്. ചോര തിളയ്ക്കുന്ന ഒരു യുക്തിവാദി എന്ന നിലയിൽപണിക്കരുടെ കള്ളി വെളിച്ചതാക്കാൻ എന്ന ഭാവത്തിൽ കൈകൾ പുറകിൽ കെട്ടിയാണ് അവന്റെ നിൽപ്പ്.

                                                                   ദേവീ സ്തോത്രം ഉരുവിട്ട് കൈകൾ കൂപ്പിയുള്ള പണിക്കരുടെ ഇരിപ്പ് തുടങ്ങിയിട്ടു കുറച്ചധികം സമയമായി.ചുറ്റും കൂടീരിക്കുന്നവരുടെ അക്ഷമയോടെയുള്ള നോട്ടവും നെടുവീർപ്പും അയാൾ അറിഞ്ഞു. അയാൾ നാളിതു വരെ അനുഭവിച്ചിട്ടില്ലാത്ത വണ്ണം മനഃക്ലേശത്തിലായിരുന്നു. എത്ര ശ്രമിച്ചിട്ടും മനസ്സിൽ തെളിയുന്ന ഉത്തരം ഒന്ന് തന്നെ. എന്നാൽ പരേതൻ ഗണപതി അയ്യരുമായി ആ ഉത്തരത്തിനു വല്ലാത്ത ഒരു പൊരുത്തക്കേട്. തന്റെ അഞ്ചാമത്തെ വയസ്സിൽ ലഭിച്ച അനുഗ്രഹ സിദ്ധിഈ നിമിഷം വരെ പിഴച്ചിട്ടില്ലപറഞ്ഞതെല്ലാം നേരായിട്ടേ ഉള്ളുപരേതരുംതന്റെ മനസ്സിൽ തെളിയുന്ന അവരുടെ ആഗ്രഹങ്ങളും എന്നും ബന്ധപ്പെട്ടതായിരുന്നു. എന്നാൽഇന്ന്...എത്ര പ്രാർത്ഥിച്ചിട്ടുംഭഗവതിയെ വിളിച്ചിട്ടും വേറൊന്നും കാണിക്കുന്നില്ല. "എന്റെ ദേവയേ ഈ എഴുപതാംപക്കത്തിലാണോ ഇങ്ങനെ ഒരു പരീക്ഷണം"

 

                                                             "ഇതൊക്കെ ചുമ്മാ തട്ടിപ്പല്ലേ! മരിച്ചവരേ പറ്റി വിശദമായി പഠിച്ചിട്ട്അവരുടെ എന്തെങ്കിലും ഇഷ്ടത്തിനെ അവസാന ആഗ്രഹം എന്ന് വെച്ച് കാച്ചും. മറിച്ചു പറയാൻ ആരുമില്ലല്ലോ! ഇതൊക്കെ വിശ്വസിക്കാൻ കുറേ മണ്ടന്മാരും. വെറും റിലീജിയസ് ഗിമ്മിക്‌സ് ! ഞാൻ ഇതിനെ പറ്റി ഒരു കോളം വായിച്ചിരുന്നുകഴിഞ്ഞ ദിവസം. ഇങ്ങനെ ആളെപറ്റിക്കുന്നവരുടെ മുഖംമൂടി അഴിക്കുന്ന ഒരു സ്പ്ളെൻഡിഡ് പീസ് ഓഫ് ന്യൂസ്യു ഷുഡ് ഓൾ റീഡ് ഇറ്റ്." പട്ടണപരിഷ്‌കാരിയുടെ വാചകമടി ഈ ഗതിയിൽ പുരോഗമിച്ചതോടെ അയാൾക്കെന്തോ മാറാവ്യാധി ഉള്ള മട്ടിൽ ചുറ്റും കൂടി നിന്നവർ പതുക്കെ ഒഴിഞ്ഞു നീങ്ങി നിന്നു. പ്രസംഗത്തിന്റെ അവസാന ഭാഗം കേൾക്കാൻനിവർത്തിയില്ലാതെ പെട്ട് പോയ രണ്ടു മൂന്നു പേർ മാത്രമേ ഉണ്ടായുള്ളൂ. "എന്റെ അമ്മാവൻ Mr ഗണപതി അയ്യർഹി വാസ് എ ഗ്രേറ്റ് മാൻ അദ്ദേഹം എല്ലാ ആഗ്രഹങ്ങളും തീർന്നാണ് മരിച്ചത്അപ്പോ പിന്നെ ഈ പണിക്കര് എന്താണ് പറയുന്നതെന്ന് അറിയണമെനിക്ക്!"

 

                              "ഇദ്ദേഹത്തിന് അങ്ങനെ പൂർത്തീകരിക്കാത്തതായി ആഗ്രഹങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു" എന്ന് പറഞ്ഞൊഴിഞ്ഞാലോ എന്ന തോന്നൽ വന്നു പണിക്കർക്ക്പക്ഷെ കത്തിച്ചു വെച്ച നിലവിളക്കിനു മുന്നിൽ ഭഗവതിയെ സാക്ഷിയാക്കി കള്ളം പറയാൻ വയ്യ. ഇനി അധികനേരം വൈകിക്കുന്നതിൽ അർത്ഥമില്ല. ഉള്ളത് പറയുക തന്നെഭഗവതിയുടെ ഹിതം തടയാൻ താൻ ആളല്ലല്ലോ. ഒടുവിൽ ഏറെ ബുദ്ധിമുട്ടിപണിക്കരാ തീരുമാനം എടുത്തു. "ഗണപതി അയ്യരുടെനടക്കാത്ത ഒരു ആഗ്രഹം കോഴി ബിരിയാണി കഴിക്കണമെന്നുള്ളതായിരുന്നു."

 

പണിക്കരുടെ വാക്കുകൾ കേട്ട്ഗണപതി അയ്യരുടെ മകൻവേദരാമൻ ഒന്നമ്പരന്നു. അയാൾ ചെവി നന്നായി തൂത്തുകണ്ണുകൾ നല്ലോണം തിരുമ്മിഒരു വിഡ്ഡി ചിരിയോടെ  ചോദിച്ചു "ഒന്നും കൂടെ പറയുവോ പണിക്കരെകേൾവിക്ക് ചെറിയ അസ്കിത തുടങ്ങിയെന്നു ഭാര്യ പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചിരുന്നില്ലഇപ്പഴാ ബോധ്യമായേ"

 

                                   "ഹും ചെവിക്ക് കുഴപ്പമൊന്നുമില്ലതന്റെ അച്ഛന്റെ ബാക്കിയായ ആഗ്രഹം കോഴി ബിരിയാണി കഴിക്കണമെന്നതായിരുന്നു\. ഭഗവതി തെളിയിച്ചുഞാൻ പറഞ്ഞു." വേദരാമനാകെ വിഷമത്തിലായി, "പക്ഷെ പണിക്കരേഅച്ഛൻജീവിതത്തിലൊരിക്കലും....."

"അറിയാംഅദ്ദേഹം മാംസാഹാരം ഭക്ഷിച്ചിട്ടില്ല എന്നല്ലേഞാൻ പറഞ്ഞല്ലോമനസ്സിൽ തോന്നിച്ചതാണ് എന്റെ സൃഷ്ടിയല്ല" ഒരൽപം നീരസത്തോടെ പണിക്കര് പറഞ്ഞു നിർത്തി.

 

                                     നിസ്സഹായനായി നിൽക്കുന്ന വേദരാമന്റെ പിന്നില്ലെ ആളുകളെ ഒന്ന് നോക്കിആരോടെന്നില്ലാതെ പണിക്കര് പറഞ്ഞു , " ഇന്നിനി ആരെയും കാണുന്നില്ലപോയി നാളെ വരൂബുദ്ധിമുട്ടിനു ക്ഷമ ചോദിക്കുന്നു." പണിക്കര് എഴുന്നേറ്റു ഭഗവതിയെ വണങ്ങി അകത്തേക്ക് നടന്നു.

 

മുറ്റത്തെ ജനക്കൂട്ടം മാഞ്ഞു തുടങ്ങി. ആളുകൾ കൂട്ടത്തോടെ പിറുപിറുത്തു തിരികെ നീങ്ങി.കാഴ്‌ച കാണാൻ വന്നവർ നിരാശരായില്ലപ്രതീക്ഷിച്ചതിലും മികച്ച ഒരു കാഴ്‌ചയാണല്ലോ അവിടെ അരങ്ങേറിയത്. "പണിക്കർക്ക് പത്തെൺപതു വയസ്സായില്ലേ സിദ്ധി കുറഞ്ഞു വരുന്നതാ ഈ കാണുന്നേ." എന്ന് ചിലർ.

 

മറ്റൊരുവൻ ശെരി വെച്ചു "കഴിഞ്ഞമാസം,  മരണപ്പെട്ട എന്റെ അമ്മുമ്മയുടെ അന്ത്യാഭിലാഷായിഒരു

നേന്ത്രകുലഇണ്ടിളയപ്പനു സമർപ്പിക്കാൻപണിക്കര് പറഞ്ഞപ്പഴേ എനിക്ക് സംശയം തോന്നിയതാഅമ്മുമ്മയ്ക്ക് രസകദളി ആയിരുന്നേ പ്രിയം.!"

 

"ഈ പണിക്കരുടെ കാരണവന്മാരിൽ ചിലർക്കൊക്കെ ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവത്രേ" ചിലർ അടക്കം പറഞ്ഞു.

 

യുവാക്കൾക്കിടയിൽ എന്നാൽപട്ടണത്തിൽ നിന്ന് വന്ന ഗണപതി അയ്യരുടെ അനന്തരവനായിരുന്നു ചർച്ചാവിഷയം. "ആളെ ഒന്ന് കാണണംനല്ല മിടുക്കനാണെന്നാ കേട്ടേ."

 

ഇങ്ങനെ ഓരോന്നൊക്കെ പറഞ്ഞു ആളുകൾ ഒഴിഞ്ഞുമുറ്റം ഏറെ കുറേ ശൂന്യമായി തുടങ്ങി.

 

പക്ഷെ ഇതൊന്നും കേൾക്കാതെനിന്നിടത്തു തന്നെ തരിച്ചു നിൽപ്പുണ്ടായിരുന്നു ആ ചെറുപ്പക്കാരൻ. പണിക്കരുടെ വായിൽ നിന്നും വീണ വാക്കുകൾ കേട്ടപ്പോഴാണ് ഒരു ഫ്ലാഷ്ബാക്ക് പോലെ അവന്റെ മനസ്സിൽ ഒരു വെക്കേഷൻ കാലം ഓർമ വന്നത്. സ്കൂളിലെ സമ്മർ വെക്കേഷൻ ആഘോഷിക്കാൻ അമ്മവീട്ടിലെത്തിയതായിരുന്നു. എല്ലാം കഴിഞ്ഞിറങ്ങാൻ നിന്ന അനന്തരവനെ അടുത്തു വിളിച്ചുമറ്റാരും കേൾക്കാതെ ആ അമ്മാവൻ ചോദിച്ചു "എടാ നിങ്ങൾ നോൺ വെജ് ഒകെ കഴിക്കാറുണ്ടല്ലോപറയ് ടൗണിൽ വെച്ച് കോഴി ബിരിയാണി കഴിച്ചിട്ടുണ്ടോ" ഉണ്ടെന്ന് തല കുലുക്കിയപ്പോൾഅതിന്റെ രുചി വിശദമായി വർണിക്കാൻ ആവശ്യപ്പെട്ടു. "ഹാവൂമരിക്കണേന് മുന്നേ ഒരു തവണ എങ്കിലും ഒന്ന് രുചിക്കാൻ....." നെടുവീർപ്പോടെ ഗണപതി അയ്യർ നടന്നു നീങ്ങിയത്ആ ചെറുപ്പക്കാരൻ കൺമുന്നിൽ വീണ്ടും കണ്ടു!

 

പക്ഷെ താൻ പോലും മറന്നു പോയമറ്റാർക്കും അറിയില്ലാത്ത ആ സംഭവംപണിക്കരെങ്ങനെ അറിഞ്ഞു! ഇയാൾ ശെരിക്കും സിദ്ധനാണോ! ആധുനികശാസ്ത്രത്തിന്റെ അകമ്പടിയോടെ യുക്തിവാദത്തിൽ തീർത്ത തന്റെ വിശ്വാസത്തിന്റെ അടിത്തറ ഒന്ന് പാളിയോ. ഉത്തരമില്ലാതെ ആ ചെറുപ്പക്കാരൻ അവിടെ നിന്നും മടങ്ങി.

 

 

പണിക്കരുടെ വീടിന്റെ അകത്തളത്തിൽ എവിടോ ടെലിവിഷനിൽ പരസ്യ വാചകം മുഴങ്ങി. "വിശ്വാസം, അതല്ലേ എല്ലാം"

Srishti-2022   >>  Short Story - Malayalam   >>  അനന്തരം

Sarath Chandran V.S

KSITIL

അനന്തരം

ആഴിയിലേക്ക് മുങ്ങാൻ വെമ്പി നിൽക്കുന്ന സൂര്യനെയും നോക്കി അയാൾ ഇരുന്നു. പകലിൻ്റെ രോഷം മുഴുവൻ ഉള്ളിൽ പേറുന്നത് കൊണ്ടാണോ എന്നറിയില്ല, സൂര്യൻ അന്ന് പതിവിലും കൂടുതൽ ചുവന്നു പൂക്കുന്നുണ്ടായിരുന്നു. നനഞ്ഞ പൂഴി മണ്ണിൽ കാൽ വിരലുകൾ കൊണ്ട് കോറി വരക്കുമ്പോൾ ഈ ഭൂമിക്ക് നോവുന്ന് ഉണ്ടാകുമോ എന്ന ചിന്ത അയാളുടെ മനസ്സിൽ മിന്നി മറഞ്ഞു.

 

അവള് പറയാറുള്ളത് പോലെ ആയാൾ എന്നും ഒരു ദുർബല ഹൃദയൻ ആയിരുന്നു. അവളുടെ കാതിൽ കിടന്നിരുന്ന ഇത്തിരി പൊന്ന് വിറ്റു കിട്ടിയത് ആയിരുന്നു ആ പണം. അത് ആലോചിച്ചപ്പോൾ അയാൾ വിങ്ങിപ്പോയി. തിരക്ക് കുറഞ്ഞു വരുന്നുണ്ട്. കുറച്ച് കൂടി കഴിയട്ടെ. എന്നിട്ട് ആകാം.  ഈ സൂര്യ രശ്മികൾ ആഴിയിൽ  വിലീനമാകും പോലെ അയാളുടെ ശരീരവും ഇന്ന്  ഇതിൽ ലയിക്കും. ഇനിയും കുറച്ചു നിമിഷങ്ങൾ മാത്രം ബാക്കി. 

 

നഗരം വളരെ അപകടം പിടിച്ചത് ആണ്. ഇവിടെ കാണുന്നവർക്ക് എല്ലാം കഴുകൻ്റെ കണ്ണുകൾ ഉള്ളത് പോലെ. അവരുടെ വശ്യമായ ചിരിക്ക് പുറകിൽ രക്തം കൊതിക്കുന്ന ദംഷ്ട്രകൾ  തെളിയുന്നുമുണ്ട്.

 

ഇടിഞ്ഞു തകർന്ന കുപ്പ തൊട്ടിയിൽ നിന്നും ഉയർന്നു വന്ന രൂപം ഒരു മനുഷ്യൻ്റെത് ആണ് എന്ന് മനസ്സിലാക്കാൻ അയാൾ കുറച്ച് സമയം എടുത്തു.  ഏഴോ എട്ടോ വയസ്സ് തോന്നുന്ന അവൻ്റെ കഴുത്തിലേക്ക് പാറി വീഴുന്ന ചെമ്പൻ തലമുടിയിൽ വിശപ്പിൻ്റെ നീറ്റൽ പറ്റി പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. വീങ്ങിയ പോളകൾക്ക് ഇടയിലൂടെ തെളിയുന്ന കണ്ണുകളിൽ ഒളിഞ്ഞ് ഇരിക്കുന്ന  നിഗൂഢത. തിരമാലകളിൽ ആർത്തു ഉല്ലസിക്കുന്നവരെയും ഉറ്റ് നോക്കി കൊണ്ട് അവൻ മന്ദം മന്ദം കടലിനെ ലക്ഷ്യമാക്കി നടന്നു. പൂഴിയിൽ മാളിക പണിയുന്ന കുട്ടികളിൽ അവൻ്റെ കണ്ണ് ഉടക്കി നിന്നു. അവരുടെ സൃഷ്ടിവൈഭവം പൂർണതയിലേക്ക് അടുക്കുന്നതിൻ്റെ സന്തോഷം ആ കുട്ടികളുടെ മുഖത്ത് പ്രകടം ആയിരുന്നു.

 

ഒന്ന് കൈ ഉയർത്തിയാൽ തൊടാം എന്ന് തോന്നുന്ന ദൂരത്തിൽ മേഖാവൃതമായ ആകാശം പടർന്നു കിടക്കുന്നു.  തൻ്റെ ജീവിതവും ഇത് പോലെ കറുത്ത് ഇരുണ്ടത് ആണെന്ന് അയാൾക്ക് തോന്നി. കാറ്റിനോട് മത്സരിച്ച് കുതിച്ചു പൊങ്ങുന്ന തിരമാലകൾ കരയിലേക്ക് എത്തുമ്പോൾ ശാന്തമാകൂന്നു. നമ്ര ശിരസ്കരായി കരയുടെ പാദങ്ങളെ തഴുകി തലോടി കൊണ്ട് അവ തിരിച്ചു പോകുന്നു. തിരകളും അഭിനയിക്കുന്നുണ്ട് എന്ന് അയാൾ പിറുപിറുത്തു. 

 

ഈർപ്പമില്ലാത്ത മണൽതിട്ടയിൽ തല ചായ്ച്ചു അയാൾ കിടന്നു. ഓർമ്മകൾ  ശലഭങ്ങളായി  പറന്നു  വന്ന്  അയാളിൽ വർണ്ണങ്ങൾ വിതറി. ആ വർണ്ണങ്ങളിൽ അയാൾ അമ്മയുടെ കൈ  ഉരുളയുടെ മാധുര്യം അറിഞ്ഞു. പൊക്കാളി പാടത്തു നിന്നും വീശി അടിക്കുന്ന കാറ്റിന്റെ കുളിരറിഞ്ഞു. ആളൊഴിഞ്ഞ നാട്ടു വഴികളിൽ കൈമാറിയ പ്രണയത്തിന്റെ ചൂര് അറിഞ്ഞു.

 

പെട്ടെന്ന് കുട്ടികളുടെ കരച്ചിൽ അയാളെ ചിന്തയിൽ നിന്ന് ഉണർത്തി. പൂർണ്ണതയിലേക്ക് അടുത്തിരുന്ന അവരുടെ കൊട്ടാരം തകർന്നിരിക്കുന്നു. കണ്ണുകളിൽ ഒളിപ്പിച്ച നിഗൂഢത തൻ്റെ ചുണ്ടുകളിലേക്കും പകർന്ന് തെരുവിൻ്റെ പുത്രൻ ഉറച്ച കാലടികളോടെ നടന്ന് അകലുന്നു. 

 

ദേഹത്ത് പറ്റിയിരുന്ന മണ്ണ് തട്ടി കളഞ്ഞ ശേഷം അയാൾ എഴുന്നേറ്റു. എന്തോ കണ്ടെത്തിയ ആത്മ വിശ്വാസത്തോടെ ആകാശത്തേക്ക് നോക്കി. ആകാശം തെളിഞ്ഞിരുന്നു. കറുത്ത മേഘ പാളികൾ ഇല്ല. അയാൾ ഒന്ന് ചിരിച്ചു. വന്യമായ ചിരി. പുതുതായി മുളച്ച ദംഷ്ട്രകളിൽ ചോരയുടെ നിഴൽപ്പാടുകൾ. പുറകിൽ ആർത്തു ഇരമ്പുന്ന ജനസമുദ്രത്തെ ലക്ഷ്യമാക്കി അയാൾ നടന്ന് അകന്നു.

 

സിംഹ രൂപം പൂണ്ട മാരിക്കാർ കൂട്ടങ്ങൾ തെളിഞ്ഞ ആകാശം ലക്ഷ്യമാക്കി കുതിക്കുന്നത് അയാൾ കണ്ടതേ ഇല്ല....

Srishti-2022   >>  Short Story - Malayalam   >>  ഒരു ഏഴുമണി ചായക്കഥ

Nithin R Krishna

Accenture

ഒരു ഏഴുമണി ചായക്കഥ

ഒരു ഏഴുമണി ചായക്കഥ

 

ഭാഗം ഒന്ന്

 

കൊല്ലവർഷം ഏതാണെന്ന് ഓർമയില്ല.. എന്തായാലും 2-3 വർഷത്തിന് മുകളിൽ ആയിട്ടുണ്ടാവില്ല..

 

എങ്ങനെയെങ്കിലും ഓഫീസിൽ നിന്ന് ഇറങ്ങിയോടണം എന്ന വിചാരം മനസ്സിൽ വന്നതോടെ എങ്ങനെയൊക്കെയോ പണിയൊക്കെ ഒതുക്കി ലാപ് മടക്കി ബാഗിലാക്കി പോവാൻ തയ്യാറായി നിന്നു.. ഫോൺ എടുത്ത് റീസെന്റ് ലിസ്റ്റ് ൽ നിന്നും ഉയിർ നൻപന്റെ നമ്പറിൽ വിളിച്ചു.. ഒരു ചപ്പാത്തി മുഴുവനായി മടക്കി കിഴങ്ങ് കറിയിൽ മുക്കി വായിൽ കയറ്റി വ്യായമം ചെയ്തിരുന്ന അദ്ദേഹം, കഴിച്ചു കഴിഞ്ഞു വരാം എന്നു പറഞ്ഞതോടെ പോസ്റ്റ്‌ എന്നു മനസ്സിൽ വിചാരിച്ചു ഞാൻ ഫോൺ വെച്ചു..

 

സ്വതവേ മടിയനും നടക്കാൻ തീരെ താല്പര്യം ഇല്ലാതിരുന്നതിനാലും ശേഷിക്കുന്ന സമയം ഏഴാം നിലയിലെ ഫുഡ്‌ കോർട്ട് ൽ പോയി ഒരു ചായ കുടിച്ചു കളക്ഷൻ എടുക്കാം എന്നു കരുതി. അവിടെ ഒരു പണിയും ഇല്ലെങ്കിലും എന്തിനോ വേണ്ടി ലാപ് ൽ മസ്സിൽ പിടിക്കുന്ന താടി നരച്ച കിളവനെ കൂട്ടി ലിഫ്റ്റ് ന്റെ മുൻപിലേക്ക് നടന്നു..

 

നിരയായി കിടക്കുന്ന ലിഫ്റ്റുകളിൽ ആദ്യമെത്തുന്ന ലിഫ്റ്റ് ൽ കയറാൻ അവിടെ ആരൊക്കെയോ കാത്തു നില്കുന്നുണ്ടായിരുന്നു.. സാധാരണ 360 ഡിഗ്രി നിന്നു കറങ്ങി കളക്ഷൻ എടുത്തിരുന്ന കൂടെപ്പിറപ്പ് പതിവില്ലാതെ, ഒന്നും മൊഴിയാതെ ഒരു സർവൈലൻസ് ക്യാമറ പോലെ അരികിൽ നിന്ന ആരെയോ നോക്കി കാര്യമായി ഡ്യൂട്ടി ചെയുന്നുണ്ട്.. പെട്ടന്ന് തിരിഞ്ഞു നോക്കാൻ പാടില്ല എന്ന എഴുത്തപ്പെടാത്ത നിയമം പ്രാബല്യത്തിൽ നിലനിൽക്കുന്നതിനാൽ കോളേജിൽ പയറ്റിതെളിഞ്ഞ "യാദൃശ്ച്ചികം" കളിക്കാം എന്നു മനസ്സിൽ ഉറപ്പിച്ചപ്പോളേക്കും ലിഫ്റ്റ് മുൻപിൽ തുറക്കപ്പെട്ടിരുന്നു..

 

നല്ല സമയത്തെ മനസ്സിൽ പഴിച്ച് ലിഫ്റ്റ് ൽ കയറി 7 അമർത്തിയ ഞാൻ ആളുകളുടെ തിരക്കു കാരണം ആ ആൾക്കൂട്ടത്തിൽ ഏറ്റവും പിന്നിലായി കിളവന്റെയൊപ്പം നിലയുറപ്പിച്ചു. ഒരു കള്ളച്ചിരിയോടെ നിന്നിരുന്ന ജന്മനാ കള്ളലക്ഷണം ഉള്ള കിളവനോട് പതിഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചു ആരാണെന്ന്..! പച്ച എന്നു മറുപടി കിട്ടി..!

 

ലിഫ്റ്റ് നു മുകളിലെ വലിയ ഫാനിന്റെ കാറ്റു ഉള്ളിലേക്ക് വീശുന്നുണ്ടായിരുന്നു..! സ്വതവേ അപരിചിതരായി അവിടേക്ക് എത്തുന്ന ആളുകൾക്കിടയിൽ സാധാരണയായ നിശബ്ദതയും മുകളിലെ ഫാനിന്റെ ഞരക്കവും നിഴലിച്ചു നിന്നു.. അതിനിടയിലും എന്റെ കണ്ണുകൾ പരിചിതം എന്ന പോലെ അവരെ തിരഞ്ഞുകൊണ്ടിരുന്നു..

 

ഏകദേശം എന്റെയൊപ്പം ഉയരവും അധികമോ കുറവോ അല്ലാത്ത വണ്ണവും. ഓണത്തിനും മറ്റും ഓഫീസിലെ പെൺ സുഹൃത്തുക്കൾ അണിഞ്ഞു വരാറുള്ള ചന്ദനക്കളറിൽ കടും നീല നിറത്തിൽ സ്ട്രാപ്പ് ഓട് കൂടിയ ചെരുപ്പും.. ഒട്ടും പരിഷകൃതം എന്നു പറയാൻ കഴിയാത്ത വേഷ വിധാനങ്ങൾ.. ഒരു നീണ്ട ദിവസത്തെ ജോലിക്ക് ശേഷം അനുസരണ ഇല്ലാതെ തെറിച്ചു നിന്നിരുന്ന മുടിച്ചുരുളുകൾ കൈ കൊണ്ട് കോതിയൊതുക്കി ചെവിക്കു പിന്നിലേക്ക് വെക്കാൻ അലസമായി ശ്രെമിക്കുന്നുണ്ട്. സാധാരണയിൽ കൂടുതൽ നീളമുള്ള മുടി ഭംഗിയായി പിന്നിയിട്ടിരിക്കുന്നു..! നീളൻ മുടിയോട് എന്നും എനിക്കുള്ള പ്രണയത്തിനു മുകളിൽ എന്തോ ഒന്ന് എന്നെ വല്ലാതെ ആകർഷിക്കുന്നു. മാസങ്ങളായി വന്നു പോവുന്ന ഈ ഫുഡ്‌ കോർട്ട് ൽ കണ്ടു മറന്ന ആയിരക്കണക്കിന് മുഖങ്ങളിൽ കാണാൻ കഴിയാത്ത ഈ മുഖം മാത്രം..!

 

പഴക്കം ചെന്ന് നിറം മങ്ങിയ കടും ചുവപ്പ് ടാഗ് കഴുത്തിൽ ചുറ്റിക്കിടന്ന ആ ഇളം പച്ച ചുരിദാറുകാരി മുൻപിൽ നിന്ന സുഹൃത്തിനോട് എന്തൊക്കെയോ ചെവിയിൽ പറയുന്നുമുണ്ട്.. കൂടി നിന്ന ആൾക്കൂട്ടത്തിൽ മുഖം കാണാൻ കഴിയുന്നില്ല എന്നൊരു നിരാശ എനിക്കുണ്ടെങ്കിലും ഫുഡ്‌ കോർട്ട് എത്തിയാൽ കാണാം എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു..

 

ലിഫ്റ്റ് നു മുകളിലെ LCD ഡിസ്പ്ലേ ൽ 7 എന്നു തെളിഞ്ഞപ്പോഴേക്കും ഫോൺ റിംഗ് ചെയ്തു..! ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടു മനസ്സിൽ ചീത്ത പറഞ്ഞു കൊണ്ട് പതിഞ്ഞ സ്വരത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു.. "I have finished the chart. Also sent a status mail.. Can you please check and let me know?". അപ്പോഴേക്കും ആളുകൾ ലിഫ്റ്റിൽ നിന്നും ഇറങ്ങി തുടങ്ങിയിരുന്നു.. ഫോൺ കട്ട്‌ ചെയ്തു പോക്കറ്റിൽ ഇടുന്നതിനൊപ്പം കിളവനൊപ്പം പുറത്തേക്ക് ഇറങ്ങിയ എന്റെ കണ്ണുകൾ ലിഫ്റ്റിൽ കയറാനായി തിരക്കു കൂടി നിന്നവരുടെ ഇടയിൽ അപ്രത്യക്ഷമായ ആ പച്ച ചുരിദാറുകാരിയെ തിരഞ്ഞുകൊണ്ടേയിരുന്നു..!

 

 

 

 

ഭാഗം രണ്ട്

നേരം ഇരുട്ടി തുടങ്ങിയിരുന്നു..

 

ഒരു ഫുട്ബോൾ കോർട്ടിനോളം വലുപ്പം തോന്നിക്കുന്ന വിശാലമായ ഡൈനിങ് സ്പേസ്. അതിനു ഇരു വശങ്ങളിലുമായി ഇടം പിടിച്ചിരിക്കുന്ന ഭക്ഷണ ശാലകൾ.. സ്വദേശി ആയ നാടൻ കപ്പയും മീനും മുതൽ വിദേശിയായ ഡോമിനോസ് പിസ്സ വരെ ഇവിടെ ലഭിക്കും.

 

ഓരോ കടകൾക്ക് മുൻപിലും അക്ഷമരായി തങ്ങളുടെ ഭക്ഷണത്തിനായി കാത്തുനിൽക്കുന്ന ആൾക്കൂട്ടങ്ങൾ.. പാകമായ ഭക്ഷണം വാങ്ങി ഇരിപ്പിടങ്ങൾ തേടി പോവുന്നവരെയും ഇക്കൂട്ടത്തിൽ നിന്നും കാണാം. ചിക്കൻ കറിയിൽ ചാറില്ല എന്ന് പിറുപിറുത്തു പോവുന്ന ഒരു അന്യ സംസ്ഥാന സ്നേഹിതനെ കാണുവാൻ ഇടയായി.. ഭാഗ്യം, അദ്ദേഹം എന്നെ കണ്ടില്ല എന്നു തോന്നുന്നു.. അതി വിശിഷ്ടമായ ഒരു കലവറ തന്നെയാണ് ഇവിടുത്തെ ഫുഡ്‌ കോർട്ട്. വൈവിധ്യങ്ങളായ വിഭവങ്ങൾ കൊണ്ട് സമ്പന്നമാണ് പത്തിനടുത്തു വരുന്ന ഇവിടുത്തെ ഭക്ഷണ ശാലകൾ.

 

അധികം തിരക്ക് ഇല്ലാത്ത ഭാഗത്തു ഒരു ടേബിൾ കണ്ടെത്തി ഞാൻ ഇരിപ്പ് ഉറപ്പിച്ചു.. ഇനി ചായ വാങ്ങി വരാൻ പോയ കിഴവനെ കാത്തുള്ള ഇരിപ്പാണ്. സഞ്ചാരം വീഡിയോസ് നിങ്ങളെ പോലെ ഞാനും കണ്ടിട്ടുണ്ടെന്ന് മനസ്സിൽ പറഞ്ഞു ചുറ്റുപാടും നിരീക്ഷിക്കുന്നതിൽ ആയി എന്റെ ശ്രദ്ധ മുഴുവൻ.

 

അധികം അകലെ അല്ലാതെ എന്റെ റൂം മേറ്റ്‌, ഒരു കോട്ടയംകാരൻ അച്ചായൻ ഒരു പടക്കൊപ്പം പൊറോട്ട ചാറിൽ മുക്കി അകത്താകുന്നുണ്ട്.. സ്ഥിരമായി മൂവർ സംഘമായി കാണപ്പെട്ടിരുന്ന ഇവരുടെ കൂടെ പുതിയതായി ജോയിൻ ചെയ്ത ചില പെൺകുട്ടികൾ ഉണ്ടായിരുന്നതിനാൽ ആവാം.. കൂടുതൽ ശ്രെദ്ധിക്കാൻ പോയില്ല.. അപ്പോഴും, ആൾക്കൂട്ടത്തിൽ നഷ്ടമായിരുന്ന ആ പച്ച ചുരിദാറുകാരി എവിടെ എന്നു ആ ഫുഡ്‌കോർട്ട് മുഴുവൻ എന്റെ കണ്ണുകൾ പരതികൊണ്ടേയിരുന്നു.

 

കിഴവൻ വരും മുൻപ് എഴുന്നേൽക്കേണ്ടി വന്നാൽ സീറ്റ്‌ നഷ്ടപ്പെടും എന്ന റിസ്ക് എടുക്കാൻ കഴിയാത്തതിനാൽ എന്റെ നിരീക്ഷണം ആ ടേബിൾ നിന്നും കണ്ണെത്തുന്ന ദൂരം വരെ എനിക്ക് പരിമിതപ്പെടുത്തേണ്ടി വന്നു. സ്ഥിരമായി കാണാറുള്ള പല മുഖങ്ങളും കടന്നു പോവുന്നു.. തേടിക്കൊണ്ടിരുന്ന, മുഖം കണ്ടിട്ടില്ലാത്ത ഒരാളെ മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല..

 

ഒരു മയത്തിനൊക്കെ എന്നൊരു കമ്മെന്റും കയ്യിൽ പിടിച്ച രണ്ടു ചായയുമായി അങ്ങേർ എത്തി. എന്ത് തിരക്കാടെ അവിടെ.. ടേബിൾ നു പിന്നിലെ ചെയർ വലിച്ചിട്ടു ഇരിക്കുന്നതിനിടയിൽ അങ്ങേരു പറഞ്ഞൊപ്പിച്ചു. ചൂട് ചായ ഊതിക്കുടിക്കുമ്പോൾ ഞാൻ വീണ്ടും ചോദിച്ചു, എങ്ങനെ ഉണ്ടായിരുന്നു പച്ച?? ഏഹ് നി കണ്ടില്ലെ, സാധാരണ ഇതൊന്നും വിടാത്തത് ആണല്ലോ.. ഇല്ല ബ്രോ.. മുഖം കണ്ടില്ല.. ഞാൻ പറഞ്ഞു. ആ തരക്കേടില്ല.. ഒരു താല്പര്യം ഇല്ലാത്ത പോലെ പുള്ളിക്കാരൻ മറുപടി പറഞ്ഞു.

 

എങ്ങനെയെങ്കിലും ഒന്നുകൂടി കണ്ടിരുന്നെങ്കിൽ എന്ന് മനസ്സിൽ പലവട്ടം ഓർത്തു.. പതിയെ ചുറ്റും കണ്ടിരുന്ന കാഴചകളിലേക് ഞങ്ങളുടെ സംസാരം നീണ്ടെങ്കിലും കാണാതെ കണ്ടു പോയ ആ ഇളം പച്ച നിറം എന്നെ അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു..

 

ചായകുടി അവസാനിപ്പിച്ചു എഴുന്നേൽക്കാൻ തുടങ്ങുമ്പോളേക്കും എന്റെ ഫോൺ വീണ്ടും റിംഗ് ചെയ്തു.. മാഡി ആണ്.. എന്നെ പിക്ക് ചെയ്യാൻ താഴെ എത്തിയിട്ടുണ്ട് ആൾ.. ഞാൻ ഫോൺ വെച്ച് കിഴവനുമായി ധൃതിയിൽ പുറത്തേക്കു നടന്നു.. വീണ്ടും ഒരു ലിഫ്റ്റ് പിടിക്കണം.. ദൂരെ നിന്നു തന്നെ ലിഫ്റ്റിന് മുന്പിലെ ആൾക്കൂട്ടം കാണമായിരുന്നു..

 

പതിവ് പോലെ ലിഫ്റ്റ് എടുക്കുവാൻ ഉള്ള ആൾ തിരക്ക് ആണ്.. അവിടെ എത്തുമ്പോളേക്കും ഒരു ലിഫ്റ്റ് തുറക്കപ്പെട്ടിരുന്നു.. തപ്പിയും തടഞ്ഞും അതിലക്ക് ഇടിച്ചു കയറിക്കൊണ്ടിരുന്ന ആൾക്കൂട്ടത്തെ നോക്കി അടുത്തതിൽ പോവാം എന്ന് മനസ്സിൽ കരുതി കുറച്ചു മുൻപിലേക് കയറി നിന്നു.. അവിടെ അവശേഷിച്ച ചിലരിലേക്ക് നിരാശയോടെ വെറുതെ ഒന്ന് നോക്കി.

 

വിരുന്നു വന്ന ബന്ധുക്കൾ തിരികെ പോകുമ്പോൾ തോന്നാറുള്ള ആ വിഷാദ ഭാവം എന്റെ മുഖത്തും ഉണ്ടായിട്ടുണ്ടാവണം.. വേഗം മടങ്ങി വരൂ എന്നൊരു യാത്രമൊഴി ലിഫ്റ്റിനു മനസ്സിൽ ചൊല്ലി ആളുകൾ കയറിക്കഴിഞ്ഞ ലിഫ്റ്റിലേക് അലസമായി നോക്കി ലിഫ്റ്റ് ന്റെ വാതിലിനു പുറത്തെ ഇരുമ്പ് വരികളിൽ ചാരി ഞാൻ നിന്നു. 

 

തികച്ചും അപ്രതീക്ഷിതമായി, അടഞ്ഞു തുടങ്ങിയ ലിഫ്റ്റ്ന്റെ ഇരുമ്പ് പാളികൾക്കുള്ളിൽ പുറത്തെ വെളിച്ചത്തിലേക് അലസമായി തുറന്നു വെച്ചിരുന്ന ഒരു ജോഡി കണ്ണുകളിൽ എന്റെ ശ്രദ്ധ ഉടക്കി.. ലിഫ്റ്റിലെ പതിഞ്ഞ വെളിച്ചത്തിലും വീതിയുള്ള കണ്മഷിക്കൂട്ടുകൾ ചാലുകൾ തീർത്ത ആ നീളൻ കണ്ണുകൾ ഒരു നിമിഷം എന്നെ പിടിച്ചു നിർത്തി.. മാഞ്ഞു തുടങ്ങിയ കണ്മഷിയിൽ തീർത്ത നേരിയ വാൽക്കണ്ണുകൾ, കൂടെയുള്ള സുഹൃത്തിനെ നോക്കി ചിരിക്കുമ്പോൾ കണ്ണുകൾക്ക്‌ ചുറ്റുമുണ്ടായ ചുഴികളിൽ അപ്രത്യക്ഷമാവുന്നുണ്ടായിരുന്നു.. വില്ലുപോലെ വളഞ്ഞു നിൽക്കുന്ന കറുത്തിരുണ്ട പുരികങ്ങൾ ഒരു ചുവർ ചിത്രത്തിലെ നർത്തകിയുടേതുപോലെ ജീവനുള്ളതായി തോന്നി..!

 

അനുസരണയില്ലാതെ നെറ്റിത്തടത്തിലേക്ക് ചാഞ്ഞിറങ്ങുന്ന മുടിച്ചുരുളുകൾ ഇടം കൈകൊണ്ട് ഒതുക്കി, ഒരു ദിവസത്തെ മുഴുവൻ ജോലിഭാരം നിഴലിക്കുന്ന കണ്ണുകൾ കൊണ്ട്ആ ലിഫ്റ്റ് നു പുറത്തെ അപരിചിതമായ കാഴ്ചകൾ നോക്കി കാണുന്നതിനിടയിൽ അടയുന്ന വാതിലിനു പുറത്ത് നിന്നും തന്നെ ശ്രദ്ധിക്കുന്ന ഒരു ജോഡി കണ്ണുകൾ പുറത്ത് ഉണ്ടെന്ന് തിരിച്ചറിയുന്ന നിമിഷം തെല്ലു കപടമായൊരു ഗൗരവ ഭാവം മുഖത്ത് വരുത്തി തന്റെ ശ്രദ്ധ മറ്റെവിടേക്കോ തിരിച്ചു വിട്ടു.

 

ഈ സിനി‍മയിൽ ഒക്കെ കാണില്ലേ.. എവിടെനിന്നോ ഓടിവരുന്ന നായികയെ കണ്ടു സ്‌തബ്ദൻ ആയി നിന്നു പോവുന്ന നായകൻ.. ഏകദേശം അതേപോലെ ആയിരുന്നു എന്റെ അവസ്ഥ.. പക്ഷെ സത്യത്തിന്റെ മുഖം വികൃതം ആണെന്ന് ആണല്ലോ വെയ്പ്പ്.. പെട്ടന്നുണ്ടായ അന്ധാളിപ്പിൽ പാതി തുറന്ന വായും ചലനമാറ്റ നിൽപ്പും അത്രമാത്രം വികൃതം ആയിട്ടുണ്ടാവണം..

 

സ്ഥലകാല ബോധം വീണ്ടു കിട്ടുമ്പോഴേക്കും പാതി അടഞ്ഞ വാതിലുകൾക്ക് ഇടയിലൂടെ 

കൂട്ടുകാരിയുടെ ചെവിയിലേക് എന്തോ പറയാൻ പോവുമ്പോഴും, തെല്ലൊരു സങ്കോചത്തോടെ ഇടംകണ്ണെറിഞ്ഞു നോക്കിയതും ഉടക്കിയ കണ്ണുകൾ മുഖത്ത് ഒരു ചിരിയായി വിരിഞ്ഞതും ഒരു സ്ലോ മോഷൻ സിനിമ പോലെ എന്റെ മനസ്സ് രേഖപ്പെടുത്തി..!

 

അന്ന് അവിടെ വിരിഞ്ഞ ചിരിക്ക് മുല്ലമൊട്ടിന്റെ ഭംഗിയുള്ള പല്ലുകളും, വിരിയുന്ന പൂവിന്റെ ഭംഗിയുള്ള നുണക്കുഴികളും കൂട്ടിനുണ്ടായിരുന്നു..

 

അന്നും ആ പൂവിനു ഒരു ഇളം പച്ച നിറമായിരുന്നു...

 

ഭാഗം മൂന്ന്

ഓഫീസിലെത്തി ബാഗ് തോളിൽ കയറ്റി പാർക്കിംഗ് ഏരിയ യിലേക്ക് നടക്കുമ്പോഴും അല്പം മുൻപ് കണ്ട കാഴ്ച എന്റെ മനസ്സിൽ നിന്നും പോവുന്നുണ്ടായിരുന്നില്ല.. നിമിഷങ്ങൾ മാത്രം നീണ്ട കണ്ടുമുട്ടൽ അപ്പോഴും എന്നിൽ ഒരു ചിരി ബാക്കി വെച്ചിരുന്നു..  സാധാരണ ജോലിക്ക് ശേഷം തികച്ചും ക്ഷീണിതനായി എന്നെ സ്ഥിരമായി കാണാറുള്ള മാഡിക്ക് ചെറുപുഞ്ചിരിയുമായി നടന്നെത്തിയ എന്നെ കണ്ടിട്ട് സംശയം തോന്നേണ്ടതാണ്.. പക്ഷെ യൂ നോ, മാഡി ഈസ്‌ എ ജെം.. എങ്ങനെ തന്റെ ജോലി ഭാരം കുറക്കാം എന്ന് മാത്രം ആലോചിച് ഓരോ നിമിഷവും ജീവിക്കുന്ന അദ്ദേഹം ബൈക്ക് ൽ നിന്ന് ഇറങ്ങി ഒരു സ്വാതസിദ്ധമായ ഇളിയും സമ്മാനിച്ച് താക്കോൽ എന്റെ നേരെ നീട്ടി..

തർകിച്ചു നില്കുന്നതിൽ യാതൊരു ഫല സിദ്ധിയും ഉണ്ടാവില്ല എന്നെ പൂർണ ബോധ്യം ഉള്ളതിനാൽ അത് കൈ നീട്ടി വാങ്ങി ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. എന്റെ ബാഗ് തോളിലിട്ട് ഒരു ടാസ്ക് എന്നെ കൊണ്ട് ചെയ്യിച്ചു എന്ന ചാരിതാർഥ്യത്തോടെ അവൻ എന്റെ പിന്നിൽ കയറി.. ഇന്ന് ഇനി പണി ഒന്നും ഇല്ലല്ലോ അല്ലേ.. അവൻ ചോദിച്ചു.. ഇല്ല അളിയാ എന്നു പറഞ്ഞു ഞാൻ ഞങ്ങളുടെ സ്ഥിരം കടയിലേക്ക് വണ്ടിയൊടിച്ചു..

 

യാത്രമദ്ധ്യേ ഇടവേളകൾ ഇല്ലാതെ ചിലച്ചുകൊണ്ടിരുന്ന എന്റെ ഫോൺ കടയിലെത്തി എടുത്ത് നോക്കി.. 2 മിസ്സ്കാൾ ഭീകുവിന്റെ നാമത്തിൽ തെളിഞ്ഞു കണ്ടു.. വാട്സ്ആപ്പ് ൽ മെസ്സേജ് ഉണ്ട്.. ഒരു പാക്കറ്റ് ലൈറ്സ്, ഒരു സെവൻ അപ്പ്‌.. ഉദ്ദേശം വ്യക്തമാണ്.. സാധനങ്ങൾ ഒക്കെ വാങ്ങി ഞങ്ങൾ ഞങ്ങളുടെ തറവാട്ടിലേക് വെച്ച് പിടിച്ചു..

 

വീട്ടിൽ എത്തി ബൈക്ക് സ്റ്റാൻഡിൽ വെച്ച് ഇറങ്ങുബോഴേക്കും ഉള്ളിൽ നിന്നും ഉച്ചത്തിൽ എന്തോ സംസാരം നടക്കുന്നുണ്ടായിരുന്നു.. പാതിയായ ഒരു ബാലന്റൈൻസ് കുപ്പിക്കും ഉമ്മറം മുതൽ ഊണ്മേശ വരെ പരന്നു കിടക്കുന്ന, മിച്ചർ മുതൽ ബീഫ് ഫ്രൈ വരെ എത്തുന്ന ടച്ചിങ്‌സ്കൾക്കും ഇടയിൽ പാതി കൂമ്പിയ കണ്ണുകളും  വിറയാർന്ന കൈകളുമായി ആ പിഞ്ചുകുഞ്ഞുങ്ങൾ.. യാതൊരു കാരണവും ഇല്ലാതെ ഒരു ബിയർ കുപ്പിയും കയ്യിൽ പിടിച്ചു ഇടതടവില്ലാതെ ചിരിച്ചു മറിയുന്ന ജിബി മോൻ.. ഇടയിൽ എവിടെയോ ചിന്നിചിതറുന്ന സിനിമ മുതൽ രാഷ്ട്രീയം വരെ എത്തുന്ന അവസാനിക്കാത്ത വാഗ്വാദങ്ങൾ..

 

എന്റെ ബാഗ് അവിടെ കണ്ട ആദ്യത്തെ കസേരയിൽ വെച്ച് മാഡിയും അവർക്കൊപ്പം ചേർന്നു. എന്നെ കണ്ട മാത്രയിൽ പച്ച മലയാളത്തിൽ സ്വാഗതം ചെയ്ത ഭീഗുവിനെ ഗൗനിക്കാതെ ഞാൻ വേഗം ഡ്രസ്സ്‌ മാറി വന്നു.. ബ്ലൂട്ടൂത് സ്പീക്കർ ൽ ഫോൺ കണക്ട് ചെയ്തു വേഗം തന്നെ ഞാനും അവരുടെ ഒപ്പം ചേർന്നു.. കാന്തൻ വെച്ച് നീട്ടിയ ഒരു ഗ്ലാസ്‌ വാങ്ങി ഞാനും ആ സദസ്സിന്റെ ഭാഗമായി..

 

ഇന്ന് കണ്ട കാഴ്ചകൾ പങ്കുവെക്കണം എന്ന് ഉണ്ടായിരുന്നു എങ്കിലും അതിനു സാധിക്കാതെ സിരകളിൽ പടർന്ന സ്കോട്ലാൻഡ് വിസ്കിയിലും നിർത്താതെ സ്പീക്കർ ൽ ഒഴുകുന്ന ഗസലിലും ഞാൻ അലിഞ്ഞു ചേർന്നു.. 

 

                                                *     *    *

 

ഫോണിൽ അലാറം നിർത്താതെ ചിലക്കുന്നു.. എഴുന്നേൽക്കണം എന്നുണ്ട്.. പക്ഷെ തലക്ക് വല്ലാത്ത ഭാരം.. ഫോൺ എടുത്തു നോക്കി.. 9 മണി കഴിഞ്ഞിരുന്നു.. എങ്ങനെയൊക്കെയോ എഴുന്നേറ്റ് ഡൈനിങ് ടേബിൾ ൽ ഇരുന്ന ഒരു കുപ്പി വെള്ളത്തിന്റെ പാതിയോളം കുടിച്ചു വറ്റിച്ചു.. ക്ഷമ വേണം.. സമയമെടുക്കും.. ഞാൻ മനസ്സിൽ ഓർത്തു.. പതിയെ മുഖം കഴുകി തിരികെ നടക്കുമ്പോൾ ആളൊഴിഞ്ഞ ഉത്സവപ്പറമ്പ്  പോലെ കിടക്കുന്ന ആ ഹാൾ ഞാൻ ഒരു കുറ്റബോധത്തോടെ നോക്കി..

 

യാതൊരു ഹാങ്ങോവർ ബുദ്ധിമുട്ടുകളും ഇല്ലാതെ പയറുപോലെ ഓടി നടക്കുന്ന കാന്തനെ ഞാൻ അത്ഭുതം കൂറുന്ന കണ്ണുകളോടെ നോക്കി.. എങ്ങനെ സാധിക്കുന്നു അളിയാ.. ഞാൻ ചോദിച്ചു..  ഒരു നിഷ്കളങ്ക പുഞ്ചിരിയോടെ, "ഇതൊക്കെ യെന്ത്.." കാന്തൻ മറുപടി പറഞ്ഞു.. അല്ല രാവിലെ എങ്ങോട്ടാണ്.. ഇന്ന് ഓഫീസ് ഇല്ലേ.. ഇല്ല അളിയാ, ഒരു കല്യാണം.. ലീവ് എടുത്തു.. അവൻ പറഞ്ഞു.. ഓഹ് വെറുതെ അല്ല.. ആന്നേ, ഓണം ആയാൽ പിന്നെ കല്യാണത്തിന്റെ മേളം ആണ്.. ഇനിയുള്ള 15 മിനിട്ടോളാം നീളുന്ന മുടി ചീകൽ കർമത്തിലേക് കടക്കും മുൻപ് അവൻ പറഞ്ഞു നിർത്തി.

 

കാന്തന്റെ ലൈഫ് ആണ് ലൈഫ് എന്ന ആക്കാലത്തെ ഹിറ്റ്‌ ഡയലോഗ് വിളിച്ചു കൂവി ഞാൻ എന്റെ റൂമിലേക്കു നടന്നു..

 

                                                 *     *     *

 

കാര്യമായ ജോലി ബാക്കി ഇല്ലെങ്കിലും

ഇന്നലത്തെ ഹാങ്ങോവർ സംഭാവന ചെയ്യുന്ന ക്ഷീണം എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. 11 മണിക്ക് പതിവുള്ള ചായ കമ്മറ്റി ഇന്ന് ഉണ്ടാവും എന്ന് തോന്നുന്നില്ല.. ഞാൻ പതിയെ എഴുന്നേറ്റ് ഓഫീസിനു പിൻവാതിൽക്കൽ കൂടി പുറത്ത് ഇറങ്ങി.. വരാന്തയിലെ ഇരുമ്പ് വരികളിൽ ചാരി അവിടുത്തെ രണ്ടു കടകളിലും പൊട്ടും കമ്മലും മുതൽ ചോക്ലേറ്റ് വരെ വാങ്ങാൻ വന്നു പോവുന്ന ആളുകളെ നോക്കി അങ്ങനെ നിന്നു..

 

അധികം വൈകാതെ, അല്പം അകലെയായി പാർക്കിംഗിനു പുറത്ത് വന്നു നിന്ന കാറിൽ നിന്നും ഓഫീസിൽ ജോലി ചെയ്യുന്ന ദിവ്യ കൈക്കുഞ്ഞിനേയും കൊണ്ട് ഇറങ്ങി നടന്നു വരുന്നുണ്ടായിരുന്നു. കുറച്ചു കാലങ്ങളായി ഇത് ഒരു പതിവ് കാഴ്ചയാണ്.. പതിവുപോലെ വരുന്ന വഴി, കടകളിൽ ഒന്നിൽ കയറിയ മിയക്കുട്ടി അമ്മയുടെ ചുമലിൽ ഇരുന്ന് ഒരു ചോക്ലേറ്റ് കയ്യിൽ പിടിച്ചു പുറത്തേക്കു വന്നു.. 

 

എന്താ ഇവിടെ നിക്കണേ.. ദിവ്യ ചോദിച്ചു.. എയ്യ് വെറുതെ.. ചിരിച്ചു കൊണ്ട് ഞാൻ മറുപടി പറഞ്ഞു.. ചായകുടി കഴിഞ്ഞോ.. പതിയെ നടന്നു കൊണ്ട് ദിവ്യ ചോദിച്ചു.. ഓഹ് ഇല്ല.. എല്ലാവരും ബിസി ആണെന്ന് തോന്നുന്നു.. അവരെ അനുഗമിച്ചു ആ വരാന്തയിൽ കൂടി നടന്നുകൊണ്ട് ഞാൻ പറഞ്ഞു.. എങ്കിലിനി പാൻട്രിയിൽ പോയി ഒരു ചായ കുടിക്കാം.. ഞാൻ മനസ്സിൽ കരുതി. മുളച്ചു വരുന്ന കിന്നരി പല്ലിൽ ഒട്ടിയിരുന്ന ചോക്ലേറ്റ് കാട്ടി മിയക്കുട്ടി എന്നെ നോക്കി ചിരിച്ചു.. അമ്മയുടെ ചുമലിൽ ഇരുന്ന് "ചൈൽഡ് കെയർ ഹബ്ബിലേക്" മറയുന്ന അവളെ നോക്കി ഞാൻ ഓഫീസിനു പിന്നിലെ പാൻട്രിയിലേക്ക് നടന്നു..

 

സ്വിച്ച് ഇട്ടാൽ ശറ പറാന്ന് വരുന്ന ഒരു ഗ്ലാസ്‌ ചായയും എടുത്ത് ഞാൻ അവിടെ നിരത്തിയിട്ടിരിക്കുന്ന ടേബിൾ ൽ ഒന്നിൽ ഇരിപ്പുറപ്പിച്ചു.. CC ഹബ്ബിൽ വന്നു പോവുന്ന കുരുന്നുകളും അതിനോട് ചേർന്നുള്ള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ൽ വരുന്ന പെൺകൊടികളെയും നോക്കി ആശ്വാസം കണ്ടെത്താൻ ഞാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു..

 

വെള്ളിയാഴ്ച്ച ആയതിനാൽ ആവണം.. 5 മണി കഴിഞ്ഞപ്പോഴേക്കും ഓഫീസ് ഏറെക്കുറെ വിജിനമായിരുന്നു.. ലേറ്റ് ആയി വന്നതും പോരാതെ ചായകുടിയും ഊണും ഒക്കെ ആയി ഏറെനേരം പുറത്ത് ആയിരുന്നത് കൊണ്ട് ഓഫീസ് ഇൻടൈം കുറവായിരുന്നു..

 

ഇഴഞ്ഞു നീങ്ങുന്ന സമയത്തെ, വാച്ചിൽ തുറിച്ചു നോക്കി പേടിപ്പിച്ച് ഓടിക്കുവാൻ ഒരു വൃഥാ ശ്രമം നടത്തി നോക്കി ഞാൻ പരാജിതനായി.. ഏറെക്കുറെ നോർമൽ ആയി കഴിഞ്ഞിരുന്ന ഞാൻ വാച്ചിൽ നോക്കി അബ്നോര്മലായായി എന്തോ പിറുപിറുക്കുന്നത് നോക്കി കിളവൻ എന്തരടെ പ്രശ്നം എന്ന് ചോദിച്ചു.. പാടിപ്പഴകിയ ഒരു പഴയ പല്ലവി ഞാൻ ആവർത്തിച്ചു, കുറച്ചു ഇൻടൈം ഉണ്ടാവോ എടുക്കാൻ..??

 

ഇത് കേട്ടു കുറച്ചു മാറി ഇരുന്ന ടെസ്റ്റർ പാറു ഏതോ പാവം ഡെവലപ്പർക്ക് വീക്കെൻഡ് പണി കൊടുത്ത ചാരിതാർഥ്യത്തിൽ ലാപ് ഒക്കെ മടക്കി ഞങ്ങളുടെ അടുത്തേക്ക് വന്നു..! ഈ പാപം ഒക്കെ ഇവൾ എവിടെ കൊണ്ട് ഒഴുക്കുമോ ആവോ!! ഞാൻ മനസ്സിൽ കരുതിയത് കിളവൻ ഉറക്കെ ചോദിച്ചു.. താൻ പോടോ എന്നു പറഞ്ഞു  അവിടെ ഉണ്ടായിരുന്ന ഒരു ചെയർ വലിച്ചിട്ടു പാറു ഞങ്ങൾക്ക് അരികിൽ സ്ഥാനം പിടിച്ചു..

 

സ്വഭാവികമായും ജോലിയെയും നാട്ടുകാരെയും കുറ്റം പറഞ്ഞു തുടങ്ങുന്ന ഞങ്ങൾ, ആ സഭ അവസാനിക്കുമ്പോഴേക്കും എക്സിസ്റ്റിംഗ് ആയിട്ടുള്ള സകലരെയും സകലതിനെയും പറ്റി പരദൂഷണം പറഞ്ഞിട്ടുണ്ടാവും.. അന്നും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.. ജോലി കഴിഞ്ഞ മുറക്ക് ഐശുവും ലത ചേച്ചിയും മാർട്ടിൻ ചേട്ടനും ഒക്കെ ഞങ്ങൾക്കൊപ്പം ചേർന്നു.

 

നേരം ഇരുട്ടി തുടങ്ങുമ്പോഴേക്കും ബാക്കി ഉണ്ടായിരുന്നവരും ഓഫീസ് വിട്ടു തുടങ്ങിയിരുന്നു.. പതിവ് പോലെ ഏഴുമണിച്ചായ എന്നൊരു ആഗ്രഹം മനസ്സിൽ ഉണ്ടെങ്കിലും സാധാരണ ഗതിയിൽ വെള്ളിയാഴ്ച തിരക്കൊഴിഞ്ഞ ഫുഡ്‌ കോർട്ട് ൽ എനിക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല.. എങ്കിലും മനസ്സിൽ മായാതെ കിടന്ന ഒരു ഇളം പച്ച നിറം വീണ്ടും എന്റെ പ്രതീക്ഷകൾക്ക് നിറം പകർന്നു..

 

കിഴവനെ കൂട്ടി ഞാൻ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു തുടങ്ങി.. ഓഫീസ് വാതിൽക്കൽ നിന്നും അടുത്ത് തന്നെ പോവാൻ തയ്യാറായി വെറുതെ കിടക്കുന്ന ലിഫ്റ്റ്കൾ എന്റെ പ്രതീക്ഷകൾക്ക് സാരമായ മങ്ങൽ ഏല്പിച്ചു എന്നു തന്നെ പറയേണ്ടി വരും.. ലിഫ്റ്റ് ൽ കയറി 7 അമർത്തി നിന്ന ഞങ്ങൾക്കിടയിലേക് കടന്നു വന്ന 2 ഹിന്ദിക്കാരികൾ ഒഴിച്ചാൽ ആശ്വാസത്തിനു വകയായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല..

 

ഫുഡ്‌ കോർട്ട് ന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.. അങ്ങിങ്ങായി പാർസൽ വാങ്ങി പോവാൻ കാത്തു നിൽക്കുന്ന ആളുകൾ മാത്രം ഉണ്ടായിരുന്ന അവിടം നിരാശ തന്നെ ബാക്കിയാക്കി.. വിശ്രമം ഇല്ലാതെ എന്റെ കണ്ണുകൾ, അക്കൂട്ടത്തിൽ ഇളം പച്ച നിറത്തിൽ ഒരു വട്ടം മാത്രം ഞാൻ കണ്ടു പോയ മുഖം ഉണ്ടോ എന്നു തേടിക്കൊണ്ടേയിരുന്നു..

 

അവിടുത്തെ ചായക്കടകളിൽ ഒന്നിൽ 2 കട്ടൻ ചായ പറഞ്ഞിട്ട് നില്കുന്നതിനിടയിൽ നിരാശയോടെ ചുറ്റും നോക്കി നിന്ന എന്നെ, കിഴവൻ സംശയത്തോടെ നോക്കി..

 

എന്ത് പറ്റി ബ്രോ..

 

ഒന്നുല്ല ബ്രോ.. ഞാൻ മറുപടി പറഞ്ഞു..

 

ഒരു ടേബിൾ നു ഇരു വശങ്ങളിലായി ചൂട് കട്ടൻ ചായ ഊതിക്കുടിക്കുന്നതിനിടയിൽ പതിവില്ലാത്ത ഒരു മൂകത ഞങ്ങൾക്കിടയിൽ തളം കെട്ടി നിന്നിരുന്നു.. മടുത്തിട്ടാവണം, കിളവൻ ഫോൺ എടുത്ത് എന്തൊക്കെയോ നോക്കുന്നുണ്ട്.. പുള്ളിക്കാരനെ പോസ്റ്റ്‌ ആകുന്നതിൽ തെല്ലൊരു സങ്കടം തോന്നിയെങ്കിലും ഒന്നും സംസാരിക്കുവാൻ തോന്നിയിരുന്നില്ല.. 

 

അപ്പോഴും ആവി പറക്കുന്ന, തേയില ചുവയ്ക്കുന്ന ആ കട്ടൻ താഴെ വെച്ച്, കട്ടൻ വാങ്ങാൻ തോന്നിയതിനെ മനസ്സിൽ പഴി പറഞ്ഞു ഞാനും ഫോൺ കയ്യിലെടുത്തു..

ഇമെയിൽ മുതൽ ഇൻസ്റ്റാഗ്രാം വരെ നോട്ടിഫിക്കേഷൻ ബാറിൽ തെളിഞ്ഞ സകലതും, എന്തിനോടോ ഉള്ള ദേഷ്യം തീർക്കാൻ എന്ന വണ്ണം ഞാൻ ദൃതിയിൽ വകഞ്ഞു മാറ്റി.. ശേഷം, ബാക്കിയായ വാട്സ്ആപ്പ് ഗ്രൂപ്പ്‌ മെസ്സേജുകളിൽ ഒന്നിൽ വിരലമർത്തി.. ഓരോ ഗ്രൂപ്പുകളിക്കും വന്ന മെസ്സേജ് എടുത്ത് റെഡ് ആക്കി എന്റെ വിരസതയെ തല്ലി കെടുത്താൻ ശ്രമിച്ചു പരാജിതനായികൊണ്ടിരുന്നു..

 

അലസമായി സ്വൈപ് ചെയ്തു സ്റ്റാറ്റസ് ടാബ് ൽ എത്തിയ ഞാൻ അതിൽ കണ്ട മാഡി യുടെ സ്റ്റാറ്റസ് എടുത്തു.. ആൾ എവിടെയോ കളിക്കാൻ പോയി എന്നു തോനുന്നു.. ഫുട്ബോൾ ടർഫ് ന്റെ ഫോട്ടോ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.. ഇന്ന് പോസ്റ്റ്‌ ആയല്ലോ ദേവ്യേ.. നടന്നു പോവേണ്ടി വരും.. ഞാൻ മനസ്സിൽ കരുതി..

 

അവൻ പോസ്റ്റ്‌ ചെയ്ത 3-4 ചിത്രങ്ങളിൽ കൂടി സ്റ്റാറ്റസ് തെന്നി മാറിക്കൊണ്ടിരുന്നു.. ആരൊക്കെയോ ട്രെയിനിൽ വീട്ടിലേക് പോവുന്നതൊക്കെയും സ്റ്റാറ്റസ് ആക്കിയിരുന്നു.. സ്റ്റാറ്റസ് പോസ്റ്റുകൾ മാറി മാറി വരുമ്പോഴേക്കും അതിനു മുകളിൽ തെളിഞ്ഞ പേരുകളും മാറി മാറി വന്നു കൊണ്ടേയിരുന്നു.. കട്ടൻ എടുത്ത് ഊതി ഒരു സിപ് കൂടി എടുക്കുമ്പോഴും അലസമായി ഓടിപ്പോവുന്ന സ്റ്റാറ്റസ് പോസ്റ്റുകൾ അലക്ഷ്യമായി ഞാൻ നോക്കിയിരുന്നു..

 

അതിൽ ഒന്നായിരുന്നു ഇന്നത്തെ കാന്തൻ സ്പെഷ്യൽ കല്യാണ ഫോട്ടോസ്..! അണിഞ്ഞൊരുങ്ങിയ കാന്തനെയും പിന്നെ കൂടെ പോയ പെൺകുട്ടികളെയും കാണാം എന്ന സദ് ഉദ്ദേശത്തോടെ തിരക്കിട്ട് പോവാൻ തുടങ്ങുന്ന അവന്റെ ആദ്യത്തെ ഫോട്ടോ ഞാൻ പിടിച്ചു നിർത്തി.. വധു വരന്മാർക്ക് വിവാഹ മംഗളാശംസകൾ നേർന്ന നന്മയുള്ള കാന്തൻ.. ഞാൻ അടുത്തതിലേക്ക് കടന്നു.. മഞ്ഞ കുർത്തയും മുള്ളൻപന്നിയുടെ മുള്ളു പോലെ പുറത്തേക്ക് തെറിച്ചു നിക്കുന്ന മുടിയോടു കൂടിയ കാന്തൻ, സിംഗിൾ -1.. ചെറിയൊരു ചിരി എന്റെ മുഖത്ത് വന്നിട്ടുണ്ടാവണം..

 

കിളവൻ മുഖമുയർത്തി എന്നെ നോക്കി.. അങ്ങേരെ നോക്കി ചെറിയൊരു ചിരി പാസ്സ് ആക്കി, ഒരു കവിൾ കട്ടൻ കൂടി ഇറക്കുമ്പോഴേക്കും കഴിഞ്ഞു പോയ മൂന്നാമത്തെ ഫോട്ടോ സ്വൈപ് ചെയ്തു വീണ്ടും എടുത്തു.. ഒരു ഗ്രൂപ്പ്‌ ഫോട്ടോ ആണ്.. വധൂ വരന്മാർക്ക് ഒപ്പം കാന്തനും അവരുടെ കുറച്ചു സഹപ്രവർത്തകരും..

 

എന്റെ ഹൃദയമിടിപ്പ് ഒരു നിമിഷം നിലച്ചിട്ടുണ്ടാവണം.. കണ്ണുകൾ വിടർന്നിട്ടുണ്ടാവണം.. അത്ഭുതം ആണോ സന്തോഷം ആണോ കൂടുതൽ എന്ന് എനിക്ക് തന്നെ നിശ്ചയം ഉണ്ടായിരുന്നില്ല..!

 

ഓടിമറയാൻ ശ്രമിക്കുന്ന സ്റ്റാറ്റസ് വിൻഡോ, കണ്മുന്നിൽ അടഞ്ഞു തുടങ്ങിയ ലിഫ്റ്റ് ന്റെ പാളികൾ പോലെ, നിമിഷങ്ങൾ മാത്രം നീണ്ടു നിന്ന കഴിഞ്ഞ ദിവസത്തെ കണ്ടുമുട്ടൽ അനുസ്മരിപ്പിക്കുന്നതായി തോന്നി. 

 

ഉള്ളിൽ എവിടെയോ ഇളം പച്ച പുതച്ചു തറച്ചു പോയ ഒരു പുഞ്ചിരി, ഒരു വട്ടം കൂടി ഞാൻ കണ്ടിരുന്നു, ലിഫ്റ്റിലെ ആൾക്കൂട്ടത്തിനിടയിൽ കണ്ടതു പോലെ..

 

നിർജീവമായ ആ ഫോട്ടോയിൽ, ജീവനുള്ള ഒരു പുഞ്ചിരിയായി..!

 

ഭാഗം നാല്

പൊട്ടിയ ജനൽ ചില്ലിനിടയിലൂടെ അരിച്ചിറങ്ങുന്ന നേരിയ വെളിച്ചം.. ചൂട് കൂടി വരുന്നതിനൊപ്പം ഉറക്കത്തിൽ എപ്പോഴോ എന്റെ കാലുകൾ വകഞ്ഞു നീക്കി മാറ്റിയിരുന്ന പുതപ്പ് മുട്ടോളം എത്തിയിരുന്നു..! ഉറക്കം നഷ്ടമായെങ്കിലും എഴുന്നേൽക്കാൻ തോന്നുന്നില്ല.. ഒരു മയക്കത്തിനുള്ള സമയം ഇല്ലെന്ന് അറിയാമായിരുന്നിട്ടും സ്വയം സമാധാനിപ്പിക്കാൻ വെറുതെ കണ്ണുകളടച്ചു തിരിഞ്ഞു കിടന്നു..

 

അടുക്കളയിൽ പാചകം തകൃതിയായി നടക്കുന്ന ഒച്ചപ്പാടും ബഹളവും.. നമ്മുടെ കോട്ടയംകാരൻ അച്ചായൻ ചാക്കോച്ചൻ ഹാളിൽ പുട്ടും പഴവും തട്ടുന്നു.. ഏറെക്കുറെ മാറ്റമില്ലാതെ എന്നും കണി കണ്ടുണരുന്ന നന്മ..! കിടക്ക വിട്ട് എഴുന്നേറ്റു.. മുഖം കഴുകി അടുക്കളയിൽ കയറി ഹാജർ വച്ചു.. ആഹാ നേരത്തെ എഴുന്നേറ്റോ! എന്തു പറ്റി..! ഞങ്ങളുടെ കാവൽ മാലാഖയും ട്രിവാൻഡ്രം ലോഡ്ജ് ന്റെ കൺകണ്ട ദൈവവും സർവോപരി ഞങ്ങളുടെ അന്നദാതാവുമായ ഞങ്ങളുടെ അമ്മയാണ്.. സ്ഥിരമായി എനിക്ക് കൗണ്ടർ അടിക്കൽ ആണ് ഹോബി!

 

അതിരാവിലെ ഷിഫ്റ്റ്‌ നു പോയ മാഡി എത്തിയിട്ടില്ല.. അവനു ഇന്ന് ഓണം സെലിബ്രേഷൻ ഉണ്ടെന്ന് പറഞ്ഞിരുന്നു.. മുണ്ടുടുക്കാൻ നേരത്തെ എത്തുമെന്ന് തോന്നുന്നു.. ടെക്‌നോപാർക്കിൽ പല ഓഫീസുകളിലും ഇന്നും നാളേയുമൊക്കെ ആയിട്ടാണ് ഓണം സെലിബ്രേഷൻസ്.. കളക്ഷൻ എടുക്കാൻ ഇതിലും പറ്റിയ സമയം വേറെ ഇല്ല.. ഞാൻ മനസ്സിൽ ഓർത്തു.. അതുകൊണ്ട് തന്നെ പതിവിനു വിപരീതമായി ഓഫീസിൽ പോവാൻ ഒരു ഉന്മേഷം ഒക്കെ തോന്നിയിരിക്കണം..

 

മുറിയിൽ കയറി ഫോൺ എടുത്തു.. വൈശാഖ് മാച്ചു എന്ന ചാക്ക രഘുവിനെ വിളിച്ചു.. ഓഫീസിൽ പോവാൻ പതിവുപോലെ ഇന്നും ചാക്ക രഘു തന്നെ ശരണം.. ഡെയ് പോസ്റ്റ്‌ തരാൻ ആണെങ്കിൽ ഞാൻ വരൂല്ല..

.. ഇല്ല ബ്രോ.. ഇങ്ങള് ബാ.. ഇന്നും പതിവു മുടക്കാതെ ഞാൻ പറഞ്ഞു.. പോസ്റ്റ്‌ കിട്ടും എന്നു പുള്ളിക്കും പോസ്റ്റ്‌ കൊടുക്കും എന്ന് എനിക്കും അറിയാം.. എങ്കിലും ഫോണിൽ കൂടി ഉള്ള ഈ ചടങ്ങ് എന്നും നിർബാധം തുടരും.. രാവിലെ വീട്ടിൽ എത്തി എന്നെ അണിയിച്ചൊരുക്കി എന്നും ഓഫീസിൽ കൊണ്ടുപോവുന്നത് സ്നേഹത്തിന്റെ ഈ നിറകുടം ആണ്..

 

ഓഫീസിലേക്ക് വൈശാഖേട്ടന്റെ ബൈക്കിനു പിന്നിൽ ഇരുന്ന് പോവുമ്പോഴും റോഡിനു ഇരുവശങ്ങളിലായി കണ്ട കാഴ്ചകൾ ഏതൊരു മലയാളി ചെറുപ്പക്കാരനും സ്വല്പം ഗൃഹാതുരുത്വവും അതിനോടൊപ്പം ലേശം മനസ്സുഖവും നൽകുന്നതായിരുന്നു..

 

അൽപ്പം മങ്ങിയ സ്വർണ ഛായ തോന്നുന്ന സെറ്റ് സാരികളും ദാവണികളും, അങ്ങിങ്ങായി പാട്ടുപാവാടകളും, എല്ലാത്തിനുമൊപ്പം വിടർന്ന മുല്ലപ്പൂ മാലകളും. ആ പഞ്ചായത്ത്‌ റോഡ് അതിനകം തന്നെ ഒരു രാജവീഥി ആണോ എന്നു സംശയം തോന്നും വിധം വർണശബളം ആയി കഴിഞ്ഞിരുന്നു.. 

 

ഇതൊക്കെ വായിച്ച് ഒരു തികഞ്ഞ വായിനോക്കിയായി എന്നെ കാണരുത്.. എങ്കിലും ഓണക്കാലം ഒരു പൂക്കാലം തന്നെ ആണെന്ന് ഉള്ളതിൽ എന്റെ ഫെല്ലോ ബോയ്സ് ഫ്രം ടെക്നോ പാർക്കിന് മറിച്ചൊരു അഭിപ്രായം ഉണ്ടാവാൻ സാധ്യതയില്ല..

 

ബൈക്ക് പാർക്ക്‌ ചെയ്തു വൈശാഖ് ചേട്ടനൊപ്പം ഓഫീസിന്റെ പിൻവാതിൽക്കലേക്ക് നടന്നടുക്കുമ്പോൾ അരികിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നിന്നും ജേക്കബിന്റെ സ്വർഗ്ഗ രാജ്യം സിനിമയിലെ ആ ഓണപ്പാട്ട് ഒഴുകി വരുന്നുണ്ടായിരുന്നു.. പൊതുവേ നാടിനോടും നാടൻ രീതികളോടും ഒരിക്കലും ആണായാത്ത പ്രണയം ഉള്ളിൽ സൂക്ഷിക്കുന്ന എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. ഒരു ചെറു പുഞ്ചിരി ഉള്ളിൽ ഒളിപ്പിച്ച് ഒരു മൂളിപ്പാട്ടായി ആ പാട്ടും ചുണ്ടിൽ കരുതി, വരാന്തയിലെ ഇരുമ്പ് വരികളിൽ ചെറു താളം പിടിച്ചു ഓഫീസിലേക്കു ഞാൻ നടന്നു കയറി..

 

                                         ***

 

ഓണക്കാലം എല്ലാവരെയും പോലെ ഒരു ഓർമ്മക്കാലമാണ് എനിക്കും.. ഓഫീസിൽ അടുത്ത ദിവസം ആണ് ഓണാഘോഷം എങ്കിലും ഏറെക്കുറെ ഒരു ആഘോഷത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന ഒരുക്കങ്ങളും തയ്യാറെടുപ്പുകളും.. പൂക്കളങ്ങളുടെ ഡിസൈൻ, ഓണപ്പാട്ടുകളുടെ പ്രാക്ടീസ്, നാലു പേരെങ്കിലും നാല്പതായി തിരിഞ്ഞു തിരുവാതിരയുടെ പേരിൽ വഴക്കിടുന്ന ആസ്ഥാന നർത്തകിമാർ എന്നു വേണ്ട.. ആകെ മൊത്തം ഒച്ചപ്പാടും ബഹളവും..

 

ഉച്ചയോട് അടുക്കുമ്പോഴേക്കും ചുറ്റും നടക്കുന്ന കോലാഹലങ്ങൾ ഒന്നും ശ്രെദ്ധിക്കാതെ പതിവുപോലെ കിളവനും ഡ്യൂഡ് സാറും ഉച്ചക്ക് എന്ത് കഴിക്കണം എന്ന തിരക്കിട്ട ചർച്ചയിലാണ്.. എത്രയൊക്കെ ചർച്ച ചെയ്താലും ഫുഡ്‌ കോർട്ട് എത്തിയാൽ യന്ത്രികമായി ബിരിയാണി മാത്രം വാങ്ങുന്നതാണ് എന്റെ ശീലം.. അവരുടെ അടുത്തേക്ക് നടന്നെത്തി പോയാലോ എന്നു ചോദിച്ചു.. കേൾക്കേണ്ട താമസം, രണ്ടാളും റെഡി.. പെട്ടെന്ന് തന്നെ ലാപ് ഒക്കെ അടച്ച് വാഷ്റൂം ഒക്കെ പോയി രണ്ടാളും തയ്യാറായി വന്നു.. പോവാനായി ഇറങ്ങുമ്പോഴേക്കും ഞാനും ഉണ്ട് എന്നു പറഞ്ഞു സൗമ്യജിയും ഞങ്ങൾക്കൊപ്പം ചേർന്നു..

 

എന്നത്തേയും പോലെ ഇന്നും ഉച്ചനേരം ലിഫ്റ്റ് കയറാൻ ഉള്ള ആൾതിരക്ക് കൂടുതൽ ആണ്.. പക്ഷെ ഓണാഘോഷങ്ങൾ കാരണം ഇന്നത്തെ ആൾതിരക്കിനു സെറ്റും മുണ്ടും നൽകിയ ഒരു മലയാളത്തനിമയുണ്ടായിരുന്നു.. അസാമാന്യ തിരക്ക് ഉണ്ടായിരുന്നു എങ്കിലും എങ്ങനെയൊക്കെയോ ഭക്ഷണം വാങ്ങി ഞങ്ങൾ ഒഴിഞ്ഞ ഒരു ടേബിൾ ൽ ഒത്തുകൂടി.. കഴിക്കുന്നതിനിടയിൽ കിളവന്റെയും ഡ്യൂഡ് സർന്റെയും തല തിരിയുന്നത് നോക്കി ടാർഗറ്റ്സ് ലോക്കറ്റ് ചെയ്തു വായിനോക്കുന്ന കലാപരിപാടി അതിഗംഭീരമായി ഞാൻ നടപ്പിലാക്കുകയും ചെയുന്നുന്നുണ്ട്.. ഓണക്കാലം ആയതു കൊണ്ട് പിന്നെ പറയുകയും വേണ്ടല്ലോ.. 

 

ഭക്ഷണത്തിനു ശേഷം കൈ കഴുകി കൂടെ വന്നവർക് വേണ്ടി വെയിറ്റ് ചെയ്യുന്ന സമയത്താണ് കുറച്ചു അകലെയായി കാന്തനെ കാണാൻ ഇടയായത്.. കഴിച്ചു കഴിഞ്ഞു എന്നു തോന്നുന്നു.. വീക്കെൻഡ് വീട്ടിൽ ആയിരുന്ന കാന്തനോട് ആ ഫോട്ടോയിൽ കണ്ട ആളെ പറ്റി തിരക്കണം എന്നു കരുതിയിരുന്നെങ്കിലും അവനെ കാണാൻ കഴിഞ്ഞിരുന്നില്ല.. അവനെ കണ്ടപാടേ മറ്റുള്ളവർക് വേണ്ടി കാത്തു നില്കാതെ ഞാൻ അവനു നേരെ നടന്നടുത്തു..

 

എന്നെ കണ്ടപ്പോളേക്കും ആഹ് അളിയാ.. എന്നു പറഞ്ഞുകൊണ്ട് അവനും വന്നു.. എന്താ അളിയാ ഒറ്റക്കെ ഉള്ളോ.. അല്ലടാ ശ്രീജി ഒക്കെ ഉണ്ട്.. അവർ കൈ കഴുകാൻ പോയി.. ഇപ്പോ വരും.. ആഹ് ഓക്കേ.. കല്യാണം കഴിഞ്ഞു എന്താ റൂമിലേക്കു വരാതിരുന്നത് എന്നൊരു മുഖവുരയോടെ ഞാൻ കാര്യത്തിലേക്ക് 

കടക്കുബോഴേക്കും കിളവനും സംഘവും എന്റെ അടുത്തേക്ക് എത്തിയിരുന്നു.. സൗമ്യജി ഒഴികെ ബാക്കി രണ്ടാൾക്കും കാന്തനെ അറിയാം.. കാന്തനെ കേരളീയ വേഷത്തിൽ കണ്ടതോടെ അതിന്റെ വിശേഷങ്ങളിലേക്ക് സംസാരം നീണ്ടു.. ഞങ്ങളുടെ പിന്നിലായി പോസ്റ്റ്‌ ആയി സൗമ്യജിയും നിലയുറപ്പിച്ചു.. അഞ്ചു മിനിട്ടോളാം മാത്രം നീണ്ട സംസാരം അവസാനിപ്പിച്ചു ഞങ്ങൾ കാന്തനോട് യാത്ര പറഞ്ഞുകൊണ്ട് നിൽകുമ്പോൾ പിന്നിൽ നിന്നും കാന്തനും പോവാൻ ഉള്ള വിളി എത്തി.. അവന്റെ ഫ്രണ്ട്‌സ് ആവും.. അവൻ കൈ ഉയർത്തി അവരെ ആംഗ്യം കാണിച്ചു..

 

എങ്കിൽ നടക്കട്ടെ അളിയാ.. വൈകിട്ട് റൂമിൽ കാണാം.. അവന്റെ ചുമലിൽ തട്ടി, അല്പം മുൻപിലേക്ക് നടന്നുകൊണ്ട് പാതി തിരിഞ്ഞു അവനെ വിളിച്ച ഭാഗത്തേക്ക് നോക്കി യാത്ര പറയുമ്പോഴേക്കും അവനും നടന്നു തുടങ്ങിയിരുന്നു.. ഒരു നിമിഷം, എന്റെ കാലുകൾ ചലനമറ്റു.. കണ്ണുകളിൽ ഒരു പൂത്തിരി കത്തുന്ന വെളിച്ചമുണ്ടായി.. തൊണ്ട വരളുന്നത് പോലെ..! നട്ടുച്ച നേരത്തും വീശുന്ന കാറ്റിനു കുളിരുന്ന തണുപ്പ് തോന്നി.. ഒന്നിലേറെ തവണ കണ്ടിട്ടുണ്ടെങ്കിലും, തട്ടത്തിൻ മറയത്ത് സിനിമയിൽ നിവിൻ പറയും പോലെ.. ഓരോ തവണ കാണുമ്പോഴും അവളുടെ മൊഞ്ചു കൂടി കൂടി വന്നു..!! 

 

ഒരു ഇളം പച്ച നിറത്തിൽ ഞാൻ മനസ്സിൽ കുറിച്ചിട്ട ഒരു മുഖം.. അത് ഞാൻ വീണ്ടും കണ്ടു.. ഭംഗിയായി ഞൊറിഞ്ഞുടുത്ത 

കസവിന്റെ കരയുള്ള സെറ്റ് സാരിയും കൈ മുട്ടോളം നീളമുള്ള, നെയ്ത്തു പണികൾ പൂക്കളം തീർത്ത ഇളം ചുവപ്പുള്ള ബ്ലൗസും, നെറ്റിയിൽ അടർന്നു തുടങ്ങിയ ഒരു ചെറു ചന്ദനക്കുറിയും ആ മുഖത്തിന്‌ മിഴിവു പകർന്നു.. ഓരോ ചെറു പുഞ്ചിരിയും നെയ്‌വിളക്കിലെ ദീപം കണക്കെ പ്രകാശം പരത്തുന്നത് പോലെ എനിക്കു തോന്നി..

 

ഞാൻ കാണുമ്പോഴേക്കും അവരും തിരികെ നടന്നു തുടങ്ങിയിരുന്നു.. ഭംഗിയായി കോതിയൊതുക്കിയ, അടക്കമുള്ള നീളൻ മുടിയിൽ കോർത്തെടുത്ത മുല്ലപ്പൂ മാല..

വലുപ്പം കൂടുതലോ കുറവോ അല്ലാത്ത സ്വർണത്തിൽ തീർത്ത ജിമിക്കി കമ്മൽ..

ഒരു നോക്ക് കൂടി കണ്ട സന്തോഷം ഉള്ളിൽ ഒളിപ്പിക്കുവാൻ ഒരു ശ്രമം നടത്തിയെങ്കിലും ഒരു പുഞ്ചിരിയായി എന്റെ ചുണ്ടിൽ അത് പുറത്തേക്ക് വന്നിട്ടുണ്ടാവണം..

 

സന്തോഷത്തിന്റെ ഒരു പെരുമ്പറ ഉള്ളിൽ മുഴങ്ങുമ്പോഴും, പേരു പോലും അറിയില്ലെങ്കിലും, അടുത്തൊന്നു കാണുവാൻ കഴിഞ്ഞില്ലല്ലോ എന്നൊരു സങ്കടം ബാക്കിയായി.. കാന്തനോട് ചോദിക്കുവാൻ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ കരുതി ഞാൻ അവർക്കൊപ്പം തിരികെ നടന്നു..

 

                                          ****

സമയം വൈകുന്നേരം ആറു മണിയോട് അടുക്കുന്നു..

 

ശേഷിച്ച കുറച്ചു ജോലികൾ തീർത്ത ശേഷം ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ പോയി ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടികൾ കാണാൻ പോകുവാൻ കിളവനെ വിളിച്ചു എങ്കിലും പുള്ളിക്കാരന്റെ ജോലി കഴിഞ്ഞിരുന്നില്ല.. മടുപ്പ് തോന്നിയ ഞാൻ ലാപ്പ് ഒക്കെ ഓഫ്‌ ആക്കി കുറച്ചു നേരം ഓഫീസിൽ കറങ്ങി നടന്ന് അവിടെ ഇരുന്ന ആളുകളെ ശല്യം ചെയ്ത് എന്റെ മടുപ്പിനെ തല്ലി കെടുത്താൻ ശ്രമിച്ചു..

 

ഒടുവിൽ ഓഫീസ് പ്രദക്ഷിണം മടുത്ത ഞാൻ ഓഫീസിന്റെ പിൻവാതിലിനോട് ചേർന്ന എന്റെ സീറ്റിലേക് തിരികെ നടന്നു.. ചെയറിൽ ഇരുന്നാൽ ചുറ്റുപാടും കാണാൻ കഴിയാത്തതിനാൽ ടേബിൾ നു മുകളിൽ കയറി ഇരുന്ന് ചുറ്റുപാടും വീക്ഷിച്ചു കിളവനെ ശല്യം ചെയാം എന്നു കരുതി. എങ്കിലും കാര്യമായ എന്തോ കോളിൽ സംസാരിച്ചിരുന്ന അങ്ങേരെ ചൊറിയാൻ നിന്നാൽ ആരോഗ്യത്തിന് ഹാനികരം എന്നു മനസിലാക്കി ഞാൻ എന്റെ ഉദ്യമത്തിൽ നിന്നും പിന്മാറി..

 

കുറച്ചു നേരം കൂടി അങ്ങേരുടെ തള്ള് കേട്ട് അവിടെ ഇരുന്നെങ്കിലും അതും മടുത്ത ഞാൻ അങ്ങേരുടെ ബാഗിൽ നിന്നും ബ്ലൂട്ടൂത് ഇയർഫോൺസ് തപ്പി എടുത്ത് എന്റെ ഫോൺ ൽ കണക്ട് ചെയ്തു.. യൂട്യൂബ് ൽ ലാലേട്ടൻ ഹിറ്റ്സ് സെർച്ച്‌ ചെയ്തു.. ചിത്രം സിനിമയിലെ ആദ്യം കണ്ട പാട്ട് ഓപ്പൺ ചെയ്തു പിൻവാതിൽ വഴി പുറത്തേക്ക് ഇറങ്ങി.. പുറത്തെ ഇരുമ്പ് വരികളിൽ ചാരി, ലാലേട്ടന്റെ ഹിറ്റ്‌ പ്രണയ ഗാനങ്ങളുടെ അകമ്പടിയോടെ അവിടുത്തെ കടകളിൽ വന്നു പോവുന്ന മലയാളി മങ്കമാരെ യാത്രയാക്കി സമയം കളഞ്ഞു..

 

ആകാശത്തിന് ആരോ പൂശിയ ഒരു സ്വർണ നിറം വന്നു തുടങ്ങി.. വരാനിരിക്കുന്ന ഓണക്കാലവും ആഘോഷങ്ങളും ഒക്കെ ഓർത്തു ചെവിയിൽ മുഴങ്ങുന്ന മധുര ഗാനങ്ങളിൽ മയങ്ങി എത്ര നേരം നിന്നു എന്നറിയില്ല.. വല്ലാത്തൊരു സമാധാനവും സന്തോഷവും അപ്പോൾ തോന്നിയിരുന്നു..

 

ഇടയ്ക്കിടെ രസംകൊല്ലി ആയി എത്തുന്ന യൂട്യൂബ് പരസ്യങ്ങാളാണ് ആകെ അപവാദം.. ഒരു പരസ്യം ഒഴിവാക്കാൻ വേണ്ടി ഫോൺ കയ്യിലെടുക്കവേ ഞാൻ മനസ്സിൽ ഓർത്തു.. സ്കിപ് അമർത്തി ഫോൺ ആ വരിയിൽ താഴ്ത്തി വച്ചു തല ഉയർത്തി.. ജാനകിയമ്മയുടെ മധുര സ്വരം കേൾക്കുമ്പോൾ തന്നെ എന്റെ മുഖം വിടർന്നു.. ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ.. ഇയർഫോൺ പാടി തുടങ്ങി.. വല്ലാത്തൊരു ഇഷ്ടമുണ്ട് ഈ പാട്ടിനോട്.. പണ്ട് എവിടെയോ നഷ്ടപ്പെട്ടു പോയ ഒരു സുഹൃത്തിനെ കണ്ടു മുട്ടുന്ന സന്തോഷം തോന്നി ഈ പാട്ട് വീണ്ടും കാലങ്ങൾക്ക് ശേഷം കേട്ടപ്പോൾ..

 

അല്പം അകലെയായി പാർക്കിംഗ് കാണാം.. 

എവിടെ നിന്നോ വന്നു നിന്ന ഒരു നീല നിറമുള്ള കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും പുറത്തിറങ്ങി, എന്റെ നേരെ നടന്നടുക്കുന്ന ആ മുഖം കണ്ട് ഞാൻ സ്ഥബ്ധനായി.. ചെവിയിൽ ഒഴുകുന്ന മധുര സംഗീതം ഒരു സിനിമയിലെന്ന പോലെ പശ്ചാത്തല സംഗീതം മാത്രമായി തോന്നി.. അവിടെ വീശുന്ന തണുത്ത കാറ്റിനു എന്തെന്നില്ലാത്ത സുഗന്ധം ആയിരുന്നുവോ.. എനിക്ക് അറിയില്ല..

 

ഒതുക്കി കെട്ടിയിരുന്ന അവളുടെ നീളമുള്ള മുടിയിഴകൾ അനുസരണയില്ലാതെ പാറി നടക്കാൻ തുടങ്ങിയിരുന്നു.. കാറിന്റെ ഡോർ അടച്ച ശേഷം എന്റെ നേരെ നടന്നടുത്ത എന്റെ ഓർമയിലെ ആ പച്ച ചുരിദാറു കാരി സെറ്റ് സാരിയിൽ പതിന്മടങ്ങു സുന്ദരിയായ്‌ തോന്നി.. ഓണാഘോഷം കഴിഞ്ഞതിന്റെ നേരിയ ക്ഷീണം മുഖത്ത് നിഴലിച്ചിരുന്നു എങ്കിലും ഓരോ തവണ പുഞ്ചിരിക്കുമ്പോഴും ആ കവിളുകളിൽ മൊട്ടിട്ട ചെറു നുണക്കുഴിക്ക്

ഒരു ചെന്താമരയിതളിന്റെ ഭംഗി തോന്നിയിരുന്നു.. 

 

അലതല്ലുന്ന സന്തോഷത്തിലും കണ്ണിമ ചിമ്മാതെ ഒരു കൊച്ചു കുട്ടിയെ പോലെ പകച്ചു നിൽക്കുന്ന എന്റെ മുൻപിലൂടെ, ഒരു കുളിർ തെന്നലായി അവൾ കടന്നു പോവുന്നു.. ഒരു ഇരുമ്പ് വരികൾക്കിപ്പുറം, ദിവസങ്ങളെണ്ണി കാത്തിരുന്ന എന്റെ ഹൃദയതാളം കടിഞ്ഞാണില്ലാത്ത കുതിച്ചുകൊണ്ടിരുന്നു.. കണ്ണെത്തും ദൂരത്ത് ഓഫീസിനു പിന്നിലെ വഴിയിലേക്ക് മറഞ്ഞ പേരറിയാത്ത എന്റെ കനവിലെ പ്രണയിനി തിരികെ വരുന്നതും കാത്ത് ഞാൻ നിന്നു..

 

ഒരു അഞ്ചു മിനിറ്റ് ആയിട്ടുണ്ടാവില്ല.. കോൺക്രീറ്റ് കെട്ടിടങ്ങൾ തണലു തീർക്കുന്ന, മിനുസമുള്ള ഇന്റർലോക്ക് വിരിച്ച പാതയിൽ, അല്പം അകലെയായി അവളെ ഞാൻ കണ്ടു.. ഒരു നിമിഷം കൂടി, നിലച്ച ഹൃദയ താളം ഞാൻ വീണ്ടെടുത്തു.. എന്റെ കണ്ണുകളിലെ പ്രകാശം എങ്ങോ പോയി മറഞ്ഞിരുന്നു..

 

പതിയെ വീശുന്ന ഇളം കാറ്റിൽ പാറി നടന്ന തന്റെ മുടി വലം കൈ കൊണ്ട് കോതിയൊതുക്കി, ഒരു ചെറു പുഞ്ചിരിയോടെ അവൾ നടന്നടുത്തു.. ചൈൽഡ് കെയർ ഹബ്ബിൽ കാത്തിരുന്നു മുഷിഞ്ഞ ഒന്നര വയസ്സോളം പ്രായം വരുന്ന തന്റെ മകനെ ഇടം കയ്യിൽ നെഞ്ചോടു ചേർത്തുകൊണ്ട്..!!

 

ചെവിയിൽ ഒഴുകുന്ന ഗാനം അവസാനത്തോടെടുക്കുന്നു.. ജാനകിയമ്മയുടെ മധുര സ്വരം ഗാനഗന്ധർവ്വനു വഴി മാറിയിരുന്നു..

 

മോഹ ഭംഗ മനസ്സിലെ ശാപ പങ്കില നടകളിൽ..!!

 

ലാലേട്ടൻ കുത്തേറ്റു വീണു കഴിഞ്ഞു..!

 

യോഗമില്ല അമ്മിണിയേ..!! മനസ്സിൽ പറഞ്ഞു ഞാൻ തിരികെ നടന്നു..!!

 

(ശുഭം)

Srishti-2022   >>  Short Story - Malayalam   >>  ഒരു മിനിക്കഥ

Praveen Parameswaran

Cognizant

ഒരു മിനിക്കഥ

ദിനേശൻ ഓഫീസിലേക്കിറങ്ങാൻ ഉമ്മറത്തെത്തിയ നേരം മിനിയും അടുക്കളയിൽ നിന്നോടി  ഉമ്മറത്തേക്കു വന്നു. ദിനേശൻറെ അച്ഛൻ ഉമ്മറത്ത് പതിവ് പോലെ തൻറെ ഇഷ്ട ഇംഗ്ലീഷ് പത്രം വായിച്ചിരിപ്പുണ്ട്. അമ്മയെ ഒന്ന് പരതിയ അവൾ അകത്തു മുറിയിൽ കട്ടിലിൽ ഏതോ വാരികയും പിടിച്ചു കിടക്കുന്നത് കണ്ടു.

 

"അമ്മേ ഞാൻ ഇറങ്ങാണ്..." ദിനേശൻ നീട്ടി വിളിച്ചു.

 

ഒരു മിനിട്ട് നിൽക്കൂ എന്ന് ദിനേശേട്ടനോട് ആംഗ്യം കാണിച്ച്‌ മിനി പതിഞ്ഞ സ്വരത്തിൽ അച്ഛനെ വിളിച്ചു

"അച്ഛാ... ഞാനൊന്ന് വീടുവരെ പോയി രണ്ടീസം നിന്നിട്ട് വന്നാലോന്നാ..."

 

മ്... എന്താപ്പൊ വിശേഷിച്ച്‌..?

 

അതുശരി; എൻറെ സ്വന്തം വീട്ടിൽ പോയി രണ്ടു ദിവസം നിൽക്കാൻ എനിക്ക് പ്രത്യേകിച്ച് വിശേഷം വല്ലതും വേണോ അച്ഛാ..?

 

എന്താണ് പെട്ടെന്ന് സംഭവിച്ചത് എന്നറിയാതെ ദിനേശൻ അന്തംവിട്ട് നിന്നു.

അച്ഛൻ കണ്ണടക്കും പുരികത്തിനുമിടയിലൂടെ അവളെ രൂക്ഷമായി നോക്കി.

 

നോക്കി പേടിപ്പിക്കണ്ട... ഇവിടെ എന്ത് വിശേഷമുണ്ടായിട്ടാണ് എൻറെ അനിയത്തിയുടെ കല്യാണത്തിന് രണ്ടീസം മാത്രം എൻറെ വീട്ടിൽ വന്നു നിന്ന ദിനേശേട്ടൻ കല്യാണപ്പിറ്റേന്ന് കാലത്തു തന്നെ ഇങ്ങോട്ട് പോന്നത്..!? ഇത്ര പെട്ടെന്ന് പോണോ എന്ന് അമ്മ ചോദിച്ചപ്പോ ഏട്ടൻ പറഞ്ഞത് ഇവിടെ അമ്മയും അച്ഛനും തനിച്ചാണെന്നാന്ന്..! അനിയത്തീടെ കല്യാണ ശേഷം ഇത്രയും കാലം എൻറെ അമ്മ വീട്ടിൽ തനിച്ചാണ്... അത് പറഞ്ഞാ ദിനേശേട്ടന് ഉത്തരമില്ല... സിനിമ സ്റ്റൈലിൽ പറയും നീ ഇപ്പൊ പോണ്ടാ എന്ന്...

 

ഇവിടെ നിങ്ങളെന്നെ ദ്രോഹിക്കുന്നു എന്നൊന്നുമല്ല ഞാൻ പറഞ്ഞു വരുന്നത്... ചിലപ്പോ ചില സമയത്തു അമ്മയെയും അച്ഛനെയും ഞാൻ വല്ലാതെ മിസ് ചെയ്യും... അപ്പൊ അച്ഛനില്ലാതെ ഒറ്റയ്ക്ക് കഴിയുന്ന അമ്മയെ ചെന്നൊന്ന് കെട്ടിപ്പിടിക്കാൻ തോന്നും. ഉടനെ ഒന്ന് ഫോൺ വിളിക്കും. അത് കണ്ടു വരുന്ന ദിനേശേട്ടൻ പറയും ഞാനിപ്പൊഴും ഇള്ളക്കുട്ടിയാണെന്ന്!! എൻറെ അമ്മക്ക് നിങ്ങളെ ആരെയും വിശ്വാസമില്ല. മകളെ ദ്രോഹിക്കുണ്ടോന്ന് ഇടക്കിടക്ക് വിളിച്ചു ചോദിക്ക്യാണ് എന്നൊക്കെ...

 

എടി നിർത്തടീ... നീ ആരോടാണ് സംസാരിക്കുന്നതെന്ന് ഓർമ്മ വേണം...

ദിനേശനിലെ പൗരുഷം സടകുടഞ്ഞു.

 

എന്താടാ അവിടെ ഒരു ബഹളം..? മാസികയും പിടിച്ചു അമ്മ പതിയെ ഉമ്മറത്തേക്ക് വന്നു. അച്ഛൻ ഒരക്ഷരം മിണ്ടാതെ അനങ്ങാതെയിരുന്നു. ഇത്തവണ ദൃഷ്ടി പത്രത്തിലായിരുന്നു.

 

ഒന്നൂല്യമ്മേ ഞാൻ രണ്ടീസം എൻറെ വീട്ടിൽ പോയി നിന്നോട്ടെ എന്ന് ചോദിച്ചതാ..?

ഏഹ്..? എന്താപ്പൊ അവിടെ വിശേഷം..? ഒന്നുമറിയാതെ അമ്മയും അതേ ചോദ്യമാവർത്തിച്ചു.

 

അതോ... എൻറെ തള്ള ചത്തു. അതെന്നെ... എന്തേ ഇക്ക് രണ്ടീസം അവിടെ പോയി നിന്നൂടെ..!!?

അങ്ങന്യാച്ച രണ്ടീസല്ല പത്തു പതിനാലു ദിവസം നിക്കാലോ ലെ.!!? ന്നിട്ടെന്തിനാ...??

സകല നിയന്ത്രണവും നഷ്ട്ടപ്പെട്ട് മിനി പൊട്ടിത്തെറിച്ചു.

 

മിനി... എടി മിനിയേ... നീയല്ലേ അച്ഛനോട് എന്തോ ചോദിക്കണം എന്ന് പറഞ്ഞത്...? ഇപ്പൊ ചോദിച്ചോ...

ഗാഢനിദ്രയിൽ നിന്നാരോ തട്ടി എഴുന്നേൽപ്പിച്ചാലെന്നപോലെ മിനി ഒരു നിമിഷത്തേക്ക് സ്ഥലകാല ബോധമില്ലാതെ സ്തബ്ധയായി.

 

എന്താ മോളെ..? അച്ഛൻ പത്രവായന നിർത്തി അവളെ നോക്കി.

 

അല്ലാച്ചാ അതുപിന്നെ അമ്മക്ക് നല്ല സുഖമില്ല.. രണ്ടീസായത്രേ തുടങ്ങീട്ട്... ഞാൻ പോയി ഒന്ന് ഡോക്ടറെ കാണിക്കാൻ കൊണ്ടോയാലോന്നാ...

 

അതിനെന്താ പോയിട്ടുവാ...

 

അല്ല രണ്ടീസം അമ്മക്കൊരു കൂട്ടായി അവിടെ നിന്നാല്ലോന്നുണ്ട്...

 

അതിനു മറുപടിയൊന്നും പറയാതെ അച്ഛൻ പത്രത്തിലേക്ക് മുഖം തിരിച്ചു.

 

മോളേ... ഒന്നിങ്ങട് വന്നേ... ആ ഫാനൊന്ന് ഇട്ടിട്ട് പോ... രാവിലെത്തന്നെ നല്ല ചൂട്...

വായനക്ക് ഭംഗം വരുത്താതെ അമ്മ മുറിയിൽ നിന്ന് വിളിച്ചു പറഞ്ഞു.

 

മിനി ദിനേശേട്ടനെ ഒന്ന് നോക്കി അകത്തേക്ക് പോയി. പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത പോലെ ദിനേശൻ ബാഗുമെടുത്തു ഓഫീസിലേക്ക് പുറപ്പെട്ടു.

 

(അല്പസമയത്തിന് ശേഷം ദിനേശന്റെ മുറിയിൽ മിനി അമ്മയോട് ഫോണിൽ സംസാരിക്കുന്നു)

 

ഇല്ലമ്മ... അങ്ങനെ സമ്മതമൊന്നും കിട്ടീട്ടല്ല. പിന്നെ മൗനം സമ്മതം എന്ന് കേട്ടിട്ടില്ലേ... അവൾ ഉണ്ടാക്കിച്ചിരിച്ചത് അമ്മക്ക് പെട്ടെന്ന് മനസിലായി.

 

എന്നാപ്പിന്നെ മോള് ഇപ്പൊ വരണംന്നില്ല രണ്ടാഴ്ച കഴിഞ്ഞാ സൗമ്യയും ഭർത്താവും വരിണ്ടല്ലോ... അപ്പൊ ദിനേശനേം കൂട്ടി വാ...

 

നടന്നതെന്നേ... അമ്മക്കറീലെ... ദിനേശേട്ടന് കല്യാണ ശേഷം വേറെ ഒരിടത്തു കിടന്നാലും ഒറക്കം വരില്ലാന്ന്... പിന്നെ ദിനേശേട്ടൻറെ കല്യാണം കഴിഞ്ഞ ആ സെക്കൻഡിൽ ഇവിടുത്തെ അച്ഛനും അമ്മയ്ക്കും വയസ്സായി... ഒറ്റയ്ക്ക് ഭക്ഷണം വെക്കാനും പാത്രം കഴുകാനും ഒന്നും വയ്യാണ്ടായി... എന്നാ ഒന്നരക്കൊല്ലം മുന്നേ ദിനേശേട്ടൻറെ ഏട്ടന്റെ കല്യാണം കൈഞ്ഞപ്പോ ഇപ്പറഞ്ഞ ഒരു പ്രശ്നവും ഉണ്ടായില്ലട്ടോ... ഏട്ടനും ചേച്ചിയും കൂടി സിംഗപ്പൂർക്ക് പോയപ്പോ അച്ഛന് നാലാളോട് മേനിപറയാൻ ഒരു കാര്യം കൂടി ആയി.

 

എന്താടി പെണ്ണേ നീയിന്ന് നല്ല ദേഷ്യത്തിലാണല്ലോ... ദിനേശൻ വഴക്ക് പറഞ്ഞോ..?

 

ഏയ് ദിനേശേട്ടൻ എന്ത് പറയാൻ... അതാരോടും ഒന്നും പറയില്ലല്ലോ!!

അതൊന്നല്ലമ്മാ... രണ്ടീസം മുന്നേ അച്ഛൻ സ്വപ്നത്തിൽ വന്നു. അമ്മ ഒറ്റക്കല്ലേടി രണ്ടീസം അവിടെ പോയി നിക്ക് എന്നൊക്കെ പറഞ്ഞു. അപ്പൊ മുതൽ ഒരു വിമ്മിട്ടം. അത്രേള്ളൂ.

ഇന്ന് ഉച്ചതിരിഞ്ഞു ഞാൻ ഇവിടുന്ന് ബസ് കേറും. സാരി അടുക്കിവെക്കുന്നതിനിടെ മിനി അമ്മയോട് വാചാലയായി.

 

ഹമ്... ശരി നീ വാ...

 

ആ അമ്മേ... പിന്നൊരു കാര്യം അത് പറയാനാ ഇപ്പൊത്തന്നെ വിളിച്ചത്... അങ്ങോട്ട് വരാൻ സമ്മതം ചോദിക്കാൻ നേരം ഞാൻ ഇവിടുത്തെ അച്ഛനോട് അമ്മക്ക് സുഖമില്ലാന്ന് കള്ളം പറഞ്ഞു... പറഞ്ഞു കഴിഞ്ഞപ്പോ ഏതോ വല്ലാതെ പോലെ തോന്നി. പെട്ടെന്ന് വായിൽ വന്നത് പറഞ്ഞതാ... അമ്മക്ക് കുഴപ്പൊന്നൂല്യാല്ലോ...?

 

അമ്മക്കെന്ത് കുഴപ്പം... ഒരു കൊഴപ്പോല്യാ... അങ്ങനെ പറഞ്ഞതൊന്നും കാര്യാക്കണ്ട... നീവിടെ വന്നിക്കണത് അമ്മക്ക് സന്തോഷള്ള കാര്യല്ലേ... നീ വാ... ഇത്തവണ ഉണ്ടാക്കി ചിരിച്ചത് അമ്മയാണ്. പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്‌തു അമ്മ നന്നായൊന്നു ചുമച്ചു.

 

എന്താ ദേവകിയമേ... മോള് വന്നോ... അവളോട് വിളിച്ചു പറഞ്ഞിട്ടുണ്ട്ന്ന് പറഞ്ഞിട്ടെന്തായി... അധികം വൈകാതെ ഒരു ഡോക്ടറെ കാണുന്നതാ നല്ലത്... രാത്രി ഒക്കെ വയ്യാണ്ടായ എപ്പോഴും ഞങ്ങള് കണ്ടൂന്ന് വരില്ല്യാ... പശുവിനെ കെട്ടാൻ കൊണ്ടുപോകും വഴി അയൽക്കാരൻ നാണു നായര് വിളിച്ചു പറഞ്ഞു.

 

ഇങ്ങള് പേടിക്കണ്ട നായരേ... ഇന്നെൻറെ മോള് വരും. അവള് വന്നാ തീരാവുന്ന പ്രശ്‌നേ പ്പക്ക്ള്ളൂ...

ദേവകിയമ്മ ഫോണും പിടിച്ചു പതിയെ ഉമ്മറപ്പടിയിൽ നിന്നെഴുന്നേറ്റ് ഇടനാഴിയുടെ ഇരുട്ടിലേക്ക് നടന്നു.

Srishti-2022   >>  Short Story - Malayalam   >>  സ്വപ്നം

Anoop Rajan

EYGBS

സ്വപ്നം

"അമ്മേ..എനിക്ക് വിശക്കുന്നു !" സ്കൂൾ വിട്ടു വന്ന അപ്പു നേരെ മേശപ്പുറത് കേറി ഇരുന്നു . അപ്പൂന് ഇഷ്ടപെട്ട അവിലും ശർക്കരയും പഴവും ഒക്കെ അമ്മ ഉണ്ടാക്കി വെച്ചിരുന്നു .. എലാം ആസ്വദിച്ചു അപ്പു കഴിച്ചു.

"അമ്മേ നാളെ എനിക്ക് ഉണ്ണിയപ്പം ഉണ്ടാക്കി തരുമോ ? അമ്മ തലയാട്ടി ചിരിച്ചു.

 

*****-----------*********-----------******-------******-------

 

 "അപ്പു !!അപ്പു!!.. എന്താ ചിരിക്കുന്നത് ??" അച്ഛന്റെ ചോദ്യം കേട്ട് അവൻ കണ്ണ് തുറന്നു . അപ്പൂനെ ഒന്ന് ചിരിപ്പിക്കാൻ അമ്മ സ്വപ്നത്തിൽ വന്നതാവാം കുട്ടിക്കാലത്തെ ഓർമ്മകളുമായി.

ഇതു വരെ കൂടെ ഉണ്ടായിരുന്ന അമ്മ, ഇന്ന് കൂടെ ഇല്ല എന്നുള്ള സത്യം അച്ഛനേയും , ബാക്കി എല്ലാവരെയും പോലെ അവനും ഉൾകൊള്ളാൻ ബുദ്ധിമുട്ടായിരുന്നു . 

 

"ഇനി ഇപ്പോ എനിക്ക് ഒന്നും ചെയ്യാൻ ഇല്ല , ഇഷ്ടം പോലെ സമയമുണ്ട്. അല്ലെങ്കിൽ അമ്മക്കുള്ള ഭക്ഷണം ഉണ്ടാകണം, അമ്മയുടെ മരുന്ന് ശെരിയാകണം, അമ്മയുടെ കാര്യങ്ങളിൽ ഒരു ദിവസം പോവുന്നത് അറിയില്ല. അമ്മക്ക് എലാം ഞാൻ ചെയ്‌താൽ തന്നെ തൃപ്തിയും ഉള്ളു . പറ്റുന്ന കാലത്തു നമ്മുടെ എലാ കാര്യങ്ങളും ചെയ്ത തന്നിട്ടുമുണ്ട് . നമ്മൾ ഒന്നും അറിയേണ്ടി വന്നിട്ടുമില്ല . പക്ഷേ ഇത്രക്ക് പെട്ടെന്ന് ഇങ്ങനെ പോവുമെന്ന് വിചാരിച്ചില്ല".

അച്ഛൻ മനസ് കൊണ്ട് തളരുന്നത് ഇന്നേ വരെ അപ്പു കണ്ടിരുന്നില്ല .

 ഏതു സാഹചര്യത്തിലും തളരാത്ത അച്ഛൻ ഇതിൽ നിന്നും കടന്നു വരും.അപ്പു ഉറപ്പിച്ചു . ഫോൺ നിർത്താതെ അടിച്ച കൊണ്ടേ ഇരുന്നു , പക്ഷേ എന്നും തന്നേ മുടങ്ങാതെ വിളിച്ചിരുന്ന , താൻ അങ്ങോട്ടും വിളിച്ച് വിശേഷങ്ങൾ പറഞ്ഞിരുന്ന അമ്മയുടെ ഫോൺ കോൾ ഇനി ഇല്ല ..സമയം എടുക്കും എലാം ഒന്ന് ഉൾകൊള്ളാൻ ..

 

*****-----------*********-----------******-------******-------

 

 "അമ്മേ വിശക്കുന്നുണ്ടോ ? ഇന്ന് കഞ്ഞി ആണ് , നാളെ അമ്മക്ക് ഇഷ്ടപെട്ട ചപ്പാത്തിയും തക്കാളി കറിയും ഉണ്ടാകാം.." അമ്മ തലയാട്ടി ചിരിച്ചു..

Srishti-2022   >>  Short Story - Malayalam   >>  ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലെ മുറി

ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലെ മുറി

ജനലഴികളിലേക്കു മുഖം ചേർത്തു അന്നാമ്മ മഴത്തുള്ളികളെ ചുംബിച്ചു .മണ്ണിന്റെ മണം അന്നമ്മയുടെ നാസാരന്ദ്രങ്ങളിലേക്കു പടർന്നു കയറി , ആ മഴയും മണ്ണിന്റെ മണവും അന്നമ്മയെ ജോണിച്ചന്റെ ഓർമകളിലേക്ക് യാത്രയാക്കി . ഒരു മഴക്കാലത്താണ് ജോണിച്ചന്റെ കൈയും പിടിച്ചു മാളിയേക്കൽ തറവാടിലേക്ക് കയറി വന്നത് .ജോണിച്ചന്റെ ആദ്യ ഭാര്യ എന്തോ ദീനം വന്നു ചത്തു പോയ ഒഴിവിലേക്ക് രണ്ടാനപ്പാണ് അന്നമ്മയെ പിടിച്ചു കൊടുത്തത് .അന്നമ്മയ്ക്കും , അന്നമ്മയുടെ അമ്മച്ചിക്കും ആദ്യം ജോണിയോട് എതിർപ്പ് ആയിരുന്നെങ്കിലും ജോണിയുടെ കരവലയത്തിൽ  അന്നമ്മ സുരക്ഷിതത്വം അനുഭവിക്കുന്നു എന്ന തിരിച്ചറിവിൽ ഇരുവർക്കും ജോണി പ്രിയങ്കരനായി മാറി. ജോണിയുടെ ആദ്യ ഭാര്യയുടെ മകനായ ആറുവയസുകാരൻ ജിമ്മിക്ക് അന്നാമ്മച്ചിയെ ജീവനായിരുന്നു , അന്നമ്മയ്ക്കും അങ്ങിനെ തന്നെ .ജീവിതം മനോഹരമായ തീരങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു .അന്നമ്മയ്ക്കും ജോണിക്കും ജിമ്മിയെ കൂടി ചേർത്തു മക്കൾ നാലായി. രണ്ടു പെണ്ണും രണ്ടാണും .എല്ലാവരെയും കുടുംബങ്ങളാക്കി വാർധക്യ ജീവിത്തത്തിലേക്കു കടക്കവേ ആണ് ജോണിക്കു ദൈവവിളി വന്നതും അന്നമ്മ ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലേക്ക് പറിച്ചു നട്ടതും.

ജിമ്മിയെ മൂവർക്കും വലിയ പിടുത്തമില്ലായിരുന്നു എങ്കിലും ജോണിച്ചനെ പേടിച്ചു ആരും അവനോടു മുഖം കറുപ്പിക്കാറില്ലായിരുന്നു , മലവെള്ള പാച്ചിലിലിൽ വീടും കൂടും നഷ്ടപ്പെട്ട ഒരു അനാഥ പെങ്കൊച്ചിനെ ജിമ്മി മിന്നു കെട്ടിയതോടെ അവരൊക്കെ ഒളിഞ്ഞും തെളിഞ്ഞും അവനെ ഓരോന്ന് പറയാൻ തുടങ്ങി , ജോണിച്ചനെ വിഷമിപ്പിക്കാതിരിക്കാൻ ഒന്നും കണ്ടില്ലെന്നു വച്ച് നടന്ന ജിമ്മിയോടു അന്നമ്മയ്ക്കു ഒരു പടി വാത്സല്യം കൂടുതലാണ് ,എന്നും ...!

ജോണിച്ചൻ പോയതോടെ എല്ലാവരും ചേർന്ന് ജിമ്മിയെയും പുറത്താക്കി , മൂവർ സംഘം കണക്കു പറഞ്ഞപ്പോൾ വർഷത്തിൽ നാല് മാസം വീതം അന്നമ്മച്ചി പങ്കുവയ്ക്കപ്പെട്ടു, ജോണിച്ചനെ  ഒന്ന് കാണാൻ അന്നമ്മയുടെ മനസ്സ് വല്ലാതെ കൊതിക്കുമ്പോഴെല്ലാം ഇടവഴിയിൽ അപ്പന്റെ തനിപ്പകർപ്പായ ജിമ്മിയുടെ തലവെട്ടം തെളിഞ്ഞു കാണാറുണ്ട് ,അത് കൊണ്ട് മാത്രം ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലെ മുറി അന്നമ്മച്ചിക്ക് ഒരുപാട് ഇഷ്ട്ടമാണ്. ലൂക്കയും കുടുംബവും ഞായറാഴ്ച്ച പള്ളിക്കു പോകുന്ന സമയം നോക്കി ജിമ്മി വരാറുണ്ട്, അമ്മച്ചിക്ക് ഇഷ്ടപ്പെട്ട പാലപ്പവും സ്റ്റൂവും  കൊണ്ട്..വാരി കഴിപ്പിച്ചു അന്നമ്മച്ചിയുടെ വയറും മനസ്സും നിറയുന്നത് നോക്കി അവനിരിക്കുന്നതു കാണുമ്പോൾ അന്നമ്മച്ചിക്ക് ജോണിച്ചൻ മരിച്ചിട്ടില്ലെന്ന് തോന്നും ...ആ വൃദ്ധ അവനെ വാരിപ്പുണർന്നു ഒരുപാട് കരയും , പഴയ കഥകളൊക്കെ അവനോടു പറഞ്ഞു സ്വയം സന്തോഷിക്കും ...

വെള്ളിയിഴകൾ സമൃദ്ധിയുടെ അടയാളമാണെന്നു അന്നമ്മയുടെ കുട്ടി നര നോക്കി ജോണിച്ചൻ പറയാറുണ്ടായിരുന്നു. പ്രായമായപ്പോൾ വെള്ളിയിഴകൾ  എല്ലാവർക്കും ബാധ്യത ആണെന്ന് അനുഭവത്തിലൂടെ അന്നമ്മച്ചി പഠിച്ചു. പങ്കുവയ്ക്കലും ബാധ്യത ആണെന്ന് പെൺമക്കൾക്ക് തോന്നിയതോടെ മാളിയേക്കൽ തറവാടിന്റെ ഉടമസ്ഥനായി അന്നമ്മച്ചിയുടെ രക്ഷാകർത്താവ് .മാളിയേക്കൽ തറവാടെന്ന പേര് ആരുമിപ്പോൾ പറയാറില്ല , ലൂക്കയുടെ വീട്. അന്നമ്മച്ചിയും അങ്ങിനെ പറഞ്ഞു പഠിച്ചിരിക്കുന്നു .

തനിച്ചാവുക എന്തെന്ന് തിരിച്ചറിയുന്നത് മറുപാതി നഷ്ടമാകുമ്പോൾ ആണത്രേ, ആ ഒഴിവു ഒരു വലിയ വിടവായി അവസാന ശ്വാസം വരെയും കൂടെ കാണും.ഇരുട്ടിലെ ദീർഘനിശ്വാസങ്ങൾക്കും തേങ്ങലുകൾക്കും ആ മറുപാതിയുടെ മണം ആയിരിക്കും , മരണം കാത്തു കിടക്കുന്ന ജീവനുകൾക്കു ആകെയുള്ള ആശ്വാസമാണ് ആ മണം .

Image removed.



ആദ്യത്തെ ആണ്ട് നാടടക്കം വിളിച്ചു കൂട്ടി മക്കൾ കെങ്കേമമാക്കി. ജിമ്മി മാത്രം അപ്പന്റെ കുഴിമാടത്തിൽ അന്നമ്മച്ചിയേയും കൂട്ടി പോയി വൈകും വരെ കാവലിരുന്നു ഓർമ്മകൾ അയവിറക്കി. ആണ്ടുകളൊന്നും ഓർക്കാൻ അന്നമ്മച്ചിക്കിപ്പോൾ കഴിയുന്നില്ല .ആണ്ട് നാലായെന്നും പള്ളിയിൽ പോയി അപ്പനെ കണ്ടെന്നും എന്നോ ഒരിക്കൽ ജിമ്മി പറഞ്ഞ ഓർമ മാത്രം അന്നമ്മച്ചിയുടെ മനസ്സിൽ എവിടെയോ ഉടക്കി കിടന്നു .
മനുഷ്യ വാസമുള്ള വീടാണിതെന്നു തോന്നാറേ ഇല്ല. ലൂക്ക തന്നെ എന്നേ മറന്നിരിക്കുന്നു.അമ്മച്ചി എന്ന ആദ്യത്തെ കൺമണിയുടെ വിളി കേൾക്കാൻ അന്നമ്മയുടെ മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ടെങ്കിലും ലൂക്ക അതറിയാറേ ഇല്ല.അമ്മച്ചിയെ നോക്കാനുള്ള ബാധ്യത ലൂക്കയ്ക് ആണെന്ന് പറഞ്ഞു റബേക്കയും മരിയയും ചേർന്നാണ് ഒരു ദിവസം അന്നമ്മയെ കൊണ്ട് ലൂക്കയുടെ വീട്ടിലാക്കിയത് . പിന്നീടങ്ങോട്ട് പെണ്മക്കളുമില്ല ,മകനുമില്ല ...

 മനസ്സ് വിചാരിക്കുന്നിടത്തു കൈയും കാലും എത്താറില്ല , എത്ര ദിവസം കൂടുമ്പോൾ ആണ് കുളിക്കുന്നതെന്നു പോലും ഓർമയില്ല ,വാതിലിനിടയിലൂടെ കടന്നു വരുന്ന ആഹാരം നിറച്ച പാത്രങ്ങൾ ആണ് ഇപ്പോൾ വിരുന്നുകാർ. രാത്രികളിൽ എപ്പോഴോ ലൂക്ക വന്നു വാതിൽ തുറന്നു അന്നമ്മച്ചിക്കു ജീവനുണ്ടെന്നു ഉറപ്പു വരുത്തി പോകാറുണ്ട്. മനുഷ്യരുടെ സംസാരങ്ങൾക്കും കുഞ്ഞുങ്ങളുടെ ചിരികൾക്കുമായി ഇടയ്ക്കൊക്കെ ആ വാതിൽ പകുതി തുറന്നു അന്നമ്മച്ചി കാതോർക്കാറുണ്ട്. വാർദ്ധക്യവും ,വൈധവ്യവും ഒന്നിച്ചു പിടികൂടുമ്പോൾ നൊന്തു പെറ്റ മക്കളൊക്കെ അന്യരാകും. നിറങ്ങളൊക്കെ പിന്നെ മനസ്സിലേക്കൊതുങ്ങി മരണം കാത്തു കഴിയും .വളർത്തുമക്കൾ ഒന്നുകിൽ വാലാട്ടി നായ്ക്കളോ അല്ലെങ്കിൽ വന്യമൃഗങ്ങളോ ആകാറാണ് പതിവ് .ജിമ്മി പക്ഷെ ഇത് രണ്ടുമല്ല , ജോണിച്ചനാണവൻ, വാത്സല്യത്തിന്റെയും, കരുതലിന്റെയും നിറകുടമാണവൻ .ജിമ്മി വരുമ്പോൾ ആണ് ലോകം ഉണ്ടെന്നും ഇന്നൊരു ഞായറാഴ്ച ആണെന്നും ആ വൃദ്ധ തിരിച്ചറിയുന്നത് .

ആ ഞായറാഴ്ച്ച അപ്പന്റെ ആണ്ട് കൂടിയായിരുന്നു എന്ന് ജിമ്മി പറയുമ്പോൾ അന്നമ്മച്ചിക്കെന്തോ സന്തോഷം തോന്നി .അപ്പന് പ്രിയപ്പെട്ട പോത്ത് വരട്ടിയതും കരിമീൻ പൊള്ളിച്ചതും താറാവ് ഉലർത്തിയതും കള്ളൊഴിച്ചുണ്ടാക്കിയ അപ്പവും , ബിരിയാണിയും ചേർത്തു ഒരു വലിയ വിഭവ സമൃദ്ധമായ തീൻമേശ തന്നെ ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലെ മുറിയിൽ ജിമ്മി അന്നമ്മയ്ക്കായി ഒരുക്കി. കഴിഞ്ഞ ദിവസങ്ങളിൽ  മുറിയിലേക്ക് വിരുന്നുകാർ എത്തിനോക്കാൻ മറന്നത് കാരണം അന്നമ്മയ്ക്കു അന്ന് നല്ല വിശപ്പ് തോന്നിയിരുന്നു.ലൂക്ക കുടുംബസമേതം ഭാര്യയുടെ അനിയത്തിയുടെ കൊച്ചിന് മാമോദീസ ചടങ്ങിന് പോയേക്കുന്ന കാരണം അന്ന് പതിവിലും കൂടുതൽ നേരം ജിമ്മി അന്നമ്മയോടൊപ്പം ഇരുന്നു.അവരുടെ വെള്ളിയിഴകളിൽ തലോടിയും ,ആ കവിൾത്തടങ്ങളിൽ അരുമയായി മുത്തം വച്ചും ആ മകൻ അന്നമ്മയ്ക്കു പരമാനന്ദമേകി.അന്നമ്മ ഉറങ്ങി എന്ന് ഉറപ്പു വന്ന ശേഷം ജിമ്മി തിരികെ യാത്രയായി .

പുലർച്ചെ എവിടെയോ കോഴി കൂവുന്ന ശബ്ദം കേട്ടാണ് അന്നാമ്മ കണ്ണ് തുറന്നത്. കണ്ണ് തുറന്നു നോക്കുമ്പോൾ മുന്നിലുണ്ട് ജോണിച്ചൻ.
"എന്നതാടി അന്നാമ്മേ , നിനക്കൊന്നു കുളിച്ചു സുന്ദരിയായി ഇരുന്നു കൂടെയോ ,കണ്മഷി ഒന്നും എഴുതാതെ കണ്ണൊക്കെ കുഴിഞ്ഞു പോയല്ലോടി, പോയി കുളിച്ചു സുന്ദരിയായി വാടി അന്നാമ്മേ ..." അതും പറഞ്ഞു ജോണിച്ചൻ വഷളൻ ചിരി ചിരിച്ചു , ജോണിച്ചൻ അങ്ങനെ ചിരിച്ച പുലരികളിലാണ് ലൂക്കയും , മരിയയും ,റബേക്കയും പിറന്നത്. അത് ഓർത്തതും അന്നമ്മയ്ക്കു ചിരിയടക്കാൻ കഴിഞ്ഞില്ല. അന്നമ്മയുടെ തേങ്ങലുകൾ മാത്രം കേട്ട് പരിചയിച്ച ആ ചുവരുകൾക്ക് അവരുടെ ചിരിയുടെ മണികിലുക്കം ഒരു പുതിയ അനുഭൂതി ആയിരുന്നു.

ഓർമകൾക്ക് വല്ലാത്ത ശക്തിയാണ് , മരണക്കിടക്കയിലേക്കു വലിച്ചെറിയാനും , ജീവിതത്തിലേക്ക് തിരികെ വിളിക്കാനും ഓർമ്മകൾ തന്നെ ധാരാളം .അന്നമ്മയ്ക്കെന്തോ പുതിയ ഉന്മേഷം കിട്ടിയ പോലെ.അവർ കട്ടിലിനടിയിൽ നിന്നും തകരപ്പെട്ടി വലിച്ചു നീക്കിയെടുത്തു ,ജോണിച്ചന്റെ ഓർമകളുറങ്ങുന്ന ആ പെട്ടി അന്നമ്മ തുറന്നു .ചുവപ്പിൽ വെള്ള പൂക്കളുള്ള ഫുൾ വായൽ സാരി..ആദ്യമായി ജോണിച്ചൻ വാങ്ങിക്കൊടുത്ത സാരി.പ്രായം വീണ്ടും എൺപത്തിയൊന്നിൽ നിന്നും പതിനെട്ടിലേക്കു പോയ പോലെ .

പെട്ടെന്ന് തന്നെ അന്നമ്മ  കുളിച്ചു സുന്ദരിയായി ജോണിച്ചൻ വാങ്ങിക്കൊടുത്ത സാരിയുമുടുത്തു കണ്മഷിയും എഴുതി ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലുള്ള മുറിയിലെ പൊടിപിടിച്ചു മാറാല കെട്ടിയ  കണ്ണാടിയിലേക്കു നോക്കി ..ആ മാറാല കെട്ടിനിടയിലൂടെ അന്നാമ്മ തന്റെ മുഖം വർഷങ്ങൾക്കു ശേഷം ഒന്ന് കൂടി കണ്ടു . പിന്നെ ഒരു നേർത്ത ചിരിയോടെ,നാണത്തോടെ അന്നമ്മ കട്ടിലിലേക്ക് നോക്കി, ജോണിച്ചൻ ഒരു വശം ചരിഞ്ഞു തന്നെ നോക്കി വഷളൻ ചിരി ചിരിക്കുന്നുണ്ട്. അന്നമ്മ ജോണിച്ചനരികിലേക്ക് കിടന്നു ..അയാളുടെ കരവലയത്തിൽ മിഴികൾ കൂമ്പി ഒരു താമരയിതൾ പോലെ ....

ലൂക്കയും കുടുംബവും തിരിച്ചെത്തുമ്പോഴേക്കും പിറ്റേ ദിവസം രാത്രി ആയിരുന്നു , താനറിയാതെ ജിമ്മി ഞായറാഴ്ചകളിൽ വരുന്നത് അയാൾക്കറിയാമായിരുന്നു. താനില്ലാത്ത ദിവസങ്ങളിൽ ജിമ്മി അമ്മച്ചിയെ നോക്കാറുണ്ടെന്ന ഉറപ്പിന്മേലാകണം അന്നമ്മയുടെ മുറിയിലേക്കുള്ള രാത്രി നോട്ടത്തിനു ലൂക്കയ്ക്കു താല്പര്യം തോന്നിയില്ല. ലൂക്കയ്ക്കെന്തോ അന്നമ്മയെ തീരെ ഇഷ്ടമല്ല , അപ്പന്റെ മകനായ ജിമ്മിച്ചനോട് കാണിക്കുന്ന വാത്സല്യം അന്നമ്മയ്ക്കു തന്നോടില്ലെന്ന തോന്നലാകണം അതിനു കാരണം , കാരണങ്ങളും കാര്യങ്ങളും നികത്താൻ മിന്നു കെട്ടലോടെ ലൂക്ക മറന്നു പോയിരിക്കുന്നു , അതോടൊപ്പം മനപ്പൂർവം അയാൾ അന്നമ്മച്ചിയെ മറക്കുകയായിരുന്നു. രണ്ടാം നിലയിലെ തെക്കേ അറ്റത്തെ മുറിയിലേക്ക് നോക്കി ഒരു ദീർഘ നിശ്വാസവും നൽകി ലൂക്ക തിരിഞ്ഞു നടന്നു .
**********
പതിവ് തെറ്റിച്ചു കൊണ്ട് വാതിൽക്കൽ നിൽക്കുന്ന ജിമ്മിയെ കണ്ടതും ലൂക്കയ്ക്ക് വല്ലാതെ ദേഷ്യം തോന്നി .ലൂക്ക എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ അയാളെ തട്ടി മാറ്റി ജിമ്മി രണ്ടാം നിലയിലെ മുറിയിലേക്ക് ഓടി .പടപടാ മിടിക്കുന്ന ഹൃദയത്തോടെ അവൻ ആ വാതിൽ തുറന്നു . ചുവപ്പിൽ വെള്ള പൂക്കളുള്ള സാരിയും ചുറ്റി ഒരു വശം ചരിഞ്ഞു കിടന്നുറങ്ങുന്ന അന്നമ്മയെ അവൻ തൊട്ടു നോക്കി, പിന്നെ ഒരു ഞെട്ടലോടെ നിലവിളിയോടെ അവൻ രണ്ടടി പുറകിലേക്ക് നീങ്ങി .തണുത്തു മരവിച്ച അന്നമ്മച്ചിയേയും കോരിയെടുത്ത് ജിമ്മി പടികളിറങ്ങുന്നതു കണ്ട ലൂക്ക തളർന്നു മരവിച്ചു തറയിലേക്ക് വീണു .അന്നമ്മച്ചിയേയും കൊണ്ട് ജിമ്മി തനിക്കരികിലേക്കു നിറകണ്ണുകളോടെ നടന്നടുക്കുന്നതു കണ്ട ജോണിച്ചന്റെ മരിച്ച ഹൃദയം ഉറക്കെ തേങ്ങി , ആ കണ്ണുനീർത്തുള്ളികൾ മഴയായി അന്നമ്മച്ചിയേയും ജിമ്മിയെയും നനയിച്ചു ...മണ്ണിന്റെ മണം..അന്നമ്മച്ചിക്കു കുളിരു കോരിയെന്നു തോന്നുന്നു,അവരുടെ വരണ്ട ചുണ്ടിൽ എവിടെ നിന്നോ ഒരു പുഞ്ചിരി വന്നു നിറഞ്ഞ പോലെ...

Srishti-2022   >>  Short Story - Malayalam   >>  പേരില്ലാത്തവൻ

Ramkumar A V

Unisys

പേരില്ലാത്തവൻ

നീണ്ട 17 മണികൂർ നേരത്തെ ജനറൽ കംപാർട്മെന്റ് യാത്രയിൽ എപ്പഴോ തളർച്ചയുടെ  മൂർധന്യത്തിൽ ആ പേരില്ലാത്തവൻ (ടിക്കറ്റും ഇല്ല ) ബോംബെയിലെ ” ഡോൺ ” ഉദോഗ്യവും സ്വപ്നം കണ്ട് കണ്ട് കണ്ണു കഴച്ചു ..ട്രെയിനിലെ ടോയലെറ്റിന്റെ വാതിലിൽ  ചാരി നിന്നു ഉറങ്ങി പോയിരുന്നു.

ഉറക്കം ഒന്നു തലക്കു പിടിച്ചപ്പോൾ ആണ്… ആ മണം  ഇരു ഗുഹക്കും  മുന്നിലുള്ള ഇട തൂർന്ന കണ്ടൽ വനങ്ങളെ ഭേദിച്ചു അവന്റെ രണ്ടു നാസിക ദ്വാരങ്ങളിലേൽകും ഇരച്ചു കയറിയത് … മൂക്കിനുള്ളിൽ ആണോ കക്കൂസ് അതോ കക്കൂസിനുള്ളിൽ ആണോ തന്റെ മൂക്കു എന്നു ഒരു നിമിഷം ആലോചിച്ചു പോയി…. അതു പക്ഷെ അവൻ പ്രതീക്ഷിച്ചതു പോലെ ആ ടോയ്ലെറ്റിന്റെ സുഗന്ധം ആയിരുന്നില്ല… ആ സ്റ്റേഷൻ ന്റെ ആയിരുന്നു… “ധൗണ്ട്.. ദി ധൗണ്ട് “എന്ന ഒരു എപ്പോൾ വേണേ നാമാവശേഷം  അവൻ തയ്യാറെടുത്തു സ്വയം കുഴി കുത്തി കാത്തിരിക്കുന്നു തീവണ്ടികൾക് പോലും വേണ്ടാത്ത ‘മലേ’ റിയ ബാധിച്ച സ്റ്റേഷൻ… 

ഒരു സ്റ്റേഷൻ എത്ര വൃത്തിക്കേടാകൻ പറ്റുമോ അതിനും മേലെ ആയിരുന്നു ആ സ്റ്റേഷൻ

  അവിടെ വണ്ടിക് 1  മിനുറ്റ് സ്റ്റോപ്പ് ആണ് ഉള്ളത്.. എന്നാൽ ഇതു സ്റ്റോപ് അല്ല എന്നു 10 മിനുറ്റ് കഴിഞ്ഞിട്ടും വണ്ടി അനങ്ങാതിരുന്നപ്പോൾ ‘സമജ് ഗയ…. ‘

‘പൂനെയിലും ബോംബെയിലും കനത്ത മഴ… വണ്ടി പിടിച്ചു ഇട്ടിരിക്കയാണ്… അടുത്ത ഒരു അറിയിപ്പുണ്ടാകും വരെ….!!”

തീവണ്ടിക്കുളിലെ മനം പിരട്ടൽ അവസാനിപ്പിക്കാൻ  അഭിനവ ഡോൺ പുറത്തേക്കിറങ്ങി …

സന്തോഷം..!! 

പിടിച്ചിടാൻ പറ്റിയ സ്റ്റേഷൻ ..!!
ഇത്രയും നാറ്റം ലാലൂർ മാലിന്യ പ്ലാന്റിൽ പാ വിരിച്ചു കിടന്നാൽ പോലും കിട്ടില്ല…

വെളിച്ചം മങ്ങി മങ്ങി ഇരുട്ടിലേക്ക് പോകും തോറും  ആ സ്റ്റേഷനിലെ മനുഷ്യരുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്നു അതിനു പതിന്മടങ്ങായി കൊതുകിന്റെയും പട്ടിയുടെയും എണ്ണം കൂടി..!!

മനസമാധാനം കിട്ടാൻ കയ്യിലുണ്ടായിരുന്ന പനാമ സിഗരറ്റിൽ ഒന്നെടുത്തു കത്തിച്ചു ആഞ്ഞു വലിച്ചു !!  സിഗരറ്റിന്റെ മണം അവനു ചുറ്റും ഒരു സുഗന്ധ വലയം സൃഷ്ടിച്ചു..

അധികം വൈകാതെ , അവസാന ശ്വാസവും അറ്റു പനാമ മരണമടഞ്ഞു.. പേരില്ലാത്തവൻ  കുറ്റി നിലത്തിട്ടു , കാലുകൊണ്ട് ചവിട്ടി അരച്ചു , മരണം ഉറപ്പു വരുത്തി തെക്കോട്ടു നോക്കി നിന്നു , എപ്പോളെങ്കിലും ജീവന്റെ ചുവന്ന സിഗ്‌നൽ മാറി പച്ച കത്തുമോ എന്നറിയാൻ…!

റെയിൽവേ സ്റ്റേഷനിലേ കൊതുകടി കാരണം ഉറങ്ങാൻ പറ്റാതിരുന്നു അന്നൗന്സമെന്റ് കാരി  ” കോളാമ്പി”  ഹിന്ദിയിലും ഇംഗ്ലീഷ് ലും.. ആയി വിളിച്ചു കൂവി !!

“കേരൾ സെ മുബൈ തക് ജാനേവാലി ഘാടി ഒന്നും ഇനി പോയ്‌ പോവുല്ല….. കൊതുകടി കൊണ്ടു കെടന്നോറങ്ങിക്കോ  ബാക്കി നാളെ രാവിലെ നോക്കാം ” എന്നു…!!

ചിങ്ങം ഒന്നിന് തന്നെ ബോംബെയിൽ എത്തി…!!
ടാക്സിയിൽ കേറി 65 രൂപ മീറ്റർ ചാർജ് കൊടുത്തു കേളപ്പേട്ടൻ പറഞ്ഞ ധാരാവി എത്തി .. അവിടെത്തെ മെയിൻ  ഡോൺ നെ കണ്ടു പിടിച്ചു… രാഹു കാലത്തിനു മുന്നേ തന്നെ അങ്ങേരെ പരലോകത്തെക്കു പറഞ്ഞു വിട്ടു… അവന്റെ കസേരയിൽ കയറി ഇരുന്നു… ഓണത്തിന് മുന്നേ തന്നെ അവന്റെ ശിങ്കിടി കളെ വച്ചു തന്നെ ധാരവിയും , ബോംബെയും അണ്ടറിൽ ആക്കി … തിരുവോണത്തിന് സദ്യയും കഴിച്ചു വേണം ,  ഇടയിൽ വേറെ തസ്ഥികകൾ ഇല്ലാതെ നേരെ  ഡോൺ ആയ പേരില്ലാത്തവന് കൊള്ളാവുന്ന ഒരു അധോലോക നാമം ഇടാൻ…!!!
ദാവൂദ് ഇബ്രാഹിം… ചോട്ടാ രാജൻ… ചോട്ടാ ഷക്കിൽ  സഞ്ജയ് ദത് .. ദേവ് ഡി , വിൻസെന്റ് ഗോമസ്… കേളപ്പൻ ഭായി … ഒകെ പോലെ..!!

ഒറ്റ ദിവസം കൊണ്ട് എങ്ങനെ ഡോൺ ആവാം എന്നു വിവരിക്കുന്ന കേളപ്പേട്ടന്റെ  “ശാന്താരാജൻ  ” എന്ന “കോണ്ണാട്ടു കുന്നത്തെ” ബെസ്റ്റ് സെല്ലർ വായിച്ചാണ് പേരില്ലാത്തവൻ പേരുണ്ടാക്കാൻ ഇറങ്ങി തിരിച്ചത്…!!

എന്നാൽ ആ ബുക്കിൽ എവിടെയും മലേറിയ കൊതുക് കളുടെയും , പേപ്പട്ടി കളുടെയും അധോലോകമായാ ധൗണ്ട് നെ കുറിച്ചോ.. താൻ ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന ആക്രമണങ്ങളെ ചെറുക്കാനുള്ള ഉപായങ്ങളെ കുറിച്ചോ പറഞ്ഞിരുന്നില്ല…!! അല്ലെങ്കിൽ തന്നെ എന്തു കേളപ്പേട്ടൻ …. കുരുക്ഷേത്ര ഗ്രൗണ്ടിൽ കൗരവ ടീമിനെതിരെ  ഫൈറ്റ് ചെയ്യാൻ 5 പേരെ വച്ചു കളിക്കിറങ്ങി പാണ്ഡവ ടീമിനെ വിൻ ചെയ്യിപ്പിച്ച  കൃഷ്ണേട്ടന്റെ ബുക്കിൽ പോലും ഇല്ല ഇതിനു ഒരു ഉത്തരം..!!

പുണെയിലെ  കനത്ത മഴ താത്കാലിമായി നിന്ന കാരണം  ,  മൂന്നു … മൂന്നര ദിവസം കൊണ്ട് ,  ബോംബെയിൽ എത്തിയ സന്തോഷത്തിൽ തീവണ്ടി  ഡിജിറ്റൽ ഡോൾബി അൾട്രാ സറൗണ്ടിങ്സിൽ  കൂകി  വിളിച്ചു , ആദ്യം ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു , മൂന്നാം ദിവസം ഇന്നിങ്‌സ് തോൽവി ഏറ്റു വാങ്ങി , അവാർഡ് സെറിമണികു ബംഗ്ലാ ക്യാപ്റ്റൻ   പറഞ്ഞ കൂട്ട് 
” ഇങ്ങനാണേ ഞാൻ ഈ കളിക്കില്ല ”  എന്ന അവസ്‌ഥ ആയി പേരില്ലാത്തവന്…!!

ശരീരം ആസകലം പൊള്ളുന്ന ചൂട്.  പൊരി വെയിലത്തും കിടു കിട വിറക്കുന്നു… !! തലകറങ്ങുന്ന പോലെ …!! കയ്യും കാലും നിലത്തു ഉറക്കുന്നില്ല..!! അവസ്ഥ തീരെ പന്തിയല്ലാതായി…!!  എന്നിരുന്നാലും കേളപ്പെട്ടൻ പറയും പോലെ “നമ്മൾ ഒരു കാര്യത്തിന് ഇറങ്ങി തിരിച്ചാൽ , ലോകം മുഴവനും ദാ  നമ്മടെ കൺമുന്നിൽ വന്നു നിൽക്കും സഹായം വേണൊന്നും ചോദിച്ചോണ്ടു..  ” എന്നു പറഞ്ഞപോലെ ഒരു ടാക്‌സി കാരൻ വന്നു ചോദിച്ചു….!!  ആപ്കോ ധാരവി ജാനേ ക ഹേ ? യാ…. കാമച്ചി …

അപ്പോളേക്കും , ആത്മവിശ്വാസം 10 ഇരട്ടി വർധിച്ചു പേരില്ലാത്തവൻ പറഞ്ഞു…

“ചലോ…നേരെ ധാരവിയിലോട്ടു….!! “

അവിടെ ഇറങ്ങി കേളപ്പേട്ടൻ പറഞ്ഞ , അധോലോകക്കാർ വരുന്ന ” ജാൻ മാൻ ” ഡാൻസ് ബാറിലേക്…!!
പ്രതീക്ഷിച്ചപോലെ തന്നെ അവിടെ ഇരുന്നു ഹുക്ക വലിക്കുന്ന , കാർലോസ്.

സ്വപ്നവും യാഥാർഥ്യവും  വെറും 5 മേശയ്ക്കു അപ്പുറവും ഇപ്പുറവും …!!   കാർലോസ് ന്റെ സിംഹാസനവും അതിനു ചുറ്റും ഉള്ള പരിവാരങ്ങളെയും നോക്കി.. ഇനി അതൊക്കെ തന്റേതാണല്ലോ എന്നു ഓർത്തു പുളകിതൻ ആയി…!! തൊട്ടടുത്ത മേശയിൽ ഒഴിച്ചു വച്ചിരുന്ന മൂന്നു പെഗ് ഒറ്റ വലിക് കുടിച്ചു ബീർ ബോട്ടിൽ കയ്യിലെടുത് അയാൾ നടന്നു..!!

മേശകൾ കടന്നു പോയി  കൊണ്ടിരുന്നു 1…2..3…!!!!

നാലാമത്തെ മേശ…!! 

അപ്രതീക്ഷിതമായിരുന്നു , പിന്നിൽ നിന്നുള്ള ആ അടി…!!

” കള്ളു കട്ടു കുടിക്കൊന്നോടാ…പൊന്നു നാറി കഴുവേറി ടെ മോനെ….. നിനയ്ക്കൊന്നും മലയാളികളെ ശരിക്കറിയില്ല”

നാട്ടിൽ ഇത്രോം മലയാളികൾ ഇണ്ടായിട്ടും… ബോംബെയിൽ വന്നു മലയാളിടെ തല്ലു കൊണ്ടു ചാവണ്ട ഗതി കേടു ആലോചിച്ചു… അബോധവസ്ഥയിലേക്കു പോകുമ്പോൾ അയാളുടെ ചെവിയിൽ മൂന്നു കാര്യങ്ങൾ മുഴങ്ങി കേട്ടു ..!!

1. കാർലോസ് “ഡോൺ” കൂട്ടുകാരായ ശിവൻകുട്ടി ഡോണി നോടും , കുഞ്ഞി ഖാദർ ഡോണിനോടും  പറഞ്ഞു ചിരിക്കുന്നത് അയാൾ കേട്ടു ..!!
ഷാരുഖ് ഖാന്റെ പ്രശസ്തമായ…

” ഡോൺ കോ പക്കഡ്ന മുഷികിൽ ഹി നഹി നാമുമ്കിൻ ഹേ… ”  അങ്ങനെ എന്തെരോ…

2. കേളപ്പേട്ടന്റെ ശബ്ദത്തിൽ

“നമ്മൾ ഒരു കാര്യത്തിന് ഇറങ്ങി തിരിച്ചാൽ , ലോകം മുഴവനും ദാ  നമ്മടെ കൺമുന്നിൽ വന്നു നിൽക്കും സഹായം വേണൊന്നും ചോദിച്ചോണ്ടു.. “

3 . പേരില്ലാത്തവന്  നാമകരണം ചെയ്യപ്പെടാൻ പോകുന്നു

” അത്ജ്ഞാതൻ ” … മരിച്ച നിലയിൽ….!!!!

ഇല്ല… !!! അത്ജ്ഞാതൻ ആയി മരിക്കാൻ തയ്യാറല്ല..!! അവൻ തലിപൊട്ടി ചോര ഒലിക്കുമ്പോഴും.. സർവശക്തിയും എടുത്ത്  എഴുന്നേറ്റ് , ബീർ ബോട്ടിൽ കറക്കി അടിക്കാൻ ഒരുങ്ങി നിന്നതും നെഞ്ചത്തു ചവിട്ടു കൊണ്ട് പിന്നിലേക്ക് 2 തവണ കരണം മറഞ്ഞതും ഒപ്പം ആയിരുന്നു… അതിനിടയിൽ  കയ്യിലെ ബീർ ബോട്ടിൽ സ്ലോ മോഷനിൽ കറങ്ങി കറങ്ങി… 

ബാൽക്കണിയിൽ ,  സൂര്യാസ്ഥാമയവും കണ്ടു സിഗരറ്റും വലിച്ചു നിന്നിരുന്ന ഒരുത്തന്റെ തലയുടെ പിന്നില്ലേ കൃത്യം മെടുലഒബ്ലാംഗേറ്റ യിൽ ചെന്ന് പതിച്ചു …!!

സ്പോട്ട് ഡെഡ്…!!

ആ ബാർ ഒന്നടങ്കം നിശ്ചലവും ശ്മശാന മൂകവും ആയി..!!

കഴിഞ്ഞ പത്തു വർഷമായി ബോംബെ നഗരം ആഗ്രഹിച്ചിരുന്ന ആ ദിവസം… കാർലോസ് ഡോണും… കൂട്ടു കാര് ഡോണും…നോക്കിയിട്ട് പറ്റാതിരുന്നു സംഭവം … അതു ആണ് അവിടെ നടന്നത്..!!

കാർലോസ് ഡോൺ ന്റെ മൂത്ത ഡോൺ ..!! റിയൽ ഡോൺ …!! ആണ് അവിടെ ചത്തു മലച്ചു കിടക്കുന്നത്…!!

ബാറിലെ ഒരു വലത്തെ മൂലയിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു…!!

It is Drunken Monkey style…!! Most Dangerous..!!

അവിടെ ആ വൈകുനേരം  ഒരു സൂര്യൻ അസ്തമിച്ചപ്പോൾ… മറ്റൊരു സൂര്യൻ ഉദിച്ചു..

ഡോൺ Big “M”.. !! 
” Don Madirasi “.

അങ്ങനെ പേരില്ലാത്തവന് ഒരു പേരായി….!!വേറെ ഒരുത്തൻ തല അടിച്ചു പൊട്ടിക്കുന്ന വരെ ഒരു ജോലിയും…!!

M ” ദി ഡോൺ..”

Srishti-2022   >>  Short Story - Malayalam   >>  മുക്തി

AISWARYA P M

Experion Technologies

മുക്തി

തുടർച്ചയായുള്ള മൊബൈലിൻ്റെ ബെല്ലടി ശബ്ദം കേട്ട് സഹിക്കാൻ വയ്യാതെ ആണ് മായ കിടന്നലറിയത് മോഹൻ സ്വന്തം ഫോൺ അല്ലെ റിങ് ചെയ്യണെ. ഒന്ന് അറ്റൻഡ് ചെയ്തൂടെ എനിക്കിനിയും ഒരുങ്ങുവാൻ ഉണ്ട്. നാട്ടിൽ നിന്നാകും ഇന്ന് വരില്ലാന്ന് പറഞ്ഞതല്ലേ പിന്നേം എന്തിനാ അവർ കിടന്ന് വിളിക്കണെ.

ഒരിടത്ത് ഇരിക്കാനും സമ്മതിക്കില്ലല്ലോ എന്നും പറഞ്ഞു ഫോണിനടുത്തേക്ക് വന്ന മോഹൻ ഒരു നിമിഷം അതിലേക്ക് നോക്കി ആലോചിച്ചു നിന്നു നാട്ടിന്നു അമ്മയാണല്ലോ ഇന്ന് അമ്മയുടെ പിറന്നാളാ. ഇന്നലെ അമ്മ വിളിച്ചു പറഞ്ഞപ്പോഴാ ഓർക്കുന്നെ സാധാരണ അമ്മയുടെ പിറന്നാൾ അറിയുക പോലുമില്ല. എന്നാലും ഞാൻ ഒറ്റ മോനായതു കൊണ്ട് എൻ്റെ എല്ലാ പിറന്നാളും ആഘോഷിച്ചിട്ടുണ്ട്. ഇപ്പോ എന്താ അമ്മയ് ക്കൊരു പുതുമ.

ഇനീപ്പോ കാറോട്ടിച്ച് അവിടം വരെ പോകാന്ന് വച്ചാ. നാളെ ഓഫീസും ഉള്ളതാ. ജോലി ബാഗ്ലൂർ ലേക്ക് ആയപ്പോ ഭാര്യയേയും മക്കളേയും കൂട്ടി ഇങ്ങു പോന്നതാ. 10 വർഷം കഴിഞ്ഞിരിക്കുന്നു. നാട്ടിൽ അമ്മ മാത്രേ ഉള്ളൂ. വർഷത്തി ലൊരിക്കൽ പോയി ഒരാഴച്ഛ തങ്ങാർ ഉണ്ട്. കുട്ടികൾക്കും ഭാര്യയ്ക്കും ഇവിടെ ത്തന്നെയാ ഇഷ്ടം. ഇവിടെ ത്തേപ്പോലെ ടേസ്റ്റി ഫുഡ് അവിടെയില്ലല്ലോ കളിക്കാൻ പാർക്കില്ലല്ലോ എ.സി ഇല്ലല്ലോ എന്തൊരു ചൂടാ എല്ലാരും എന്ത് ഭാഷയാ സംസാരിക്കണെ ആർക്കും ഇംഗ്ലീഷ് അറിയില്ല. അവിടത്തെ കുട്ടികൾക്ക് മൊബൈൽ ഉപയോഗിക്കാൻ കൂടി അറിയില്ല. ഇവിടുത്തെ വിശേഷങ്ങൾ പറയുമ്പോൾ എന്തോ അതിശയം കേട്ടതു പോ ല യാ. ഒന്നു ഉറങ്ങാൻ കൂടി അമ്മൂമ്മ സമ്മതിക്കില്ല. രാവിലെ തട്ടിയുണർത്തി അമ്പലത്തിലേക്ക് കൊണ്ടോകും. ഞങ്ങൾക്ക് പറ്റില്ല. പരാതി പ്രളയം തന്നെയാകും അതു മടുത്താ അങ്ങോട്ടു പോകാൻ തന്നെ മടിയ്ക്കണെ. എന്താ മോഹൻ... മായ തട്ടി വിളിച്ചപ്പോഴാണ് ബോധത്തിലേക്ക് വന്നത്. അപ്പോഴേക്കും ഫോൺ ബെല്ലടിച്ചു നിന്നിരുന്നു. ഇന്നലെ വിളിച്ചപ്പോ കുറച്ച് ദേഷപ്പെടുകയും ചെയ്തു. എന്നും രാവിലെയും വൈകിട്ടും പതിവു തെറ്റാതെ അമ്മ വിളിച്ചിരുന്നു. ഞങ്ങടെ ഇവിടുത്തെ തിരക്കു പറഞ്ഞാൽ അമ്മയ്ക്ക് മനസ്സിലാകില്ലല്ലോ. എന്നാൽ ഒരിക്കൽ പോലും ഞാൻ അങ്ങോട്ട് വിളിച്ചിട്ടില്ല. അമ്മ ഇങ്ങോട്ട് വിളിക്കാതെ ഇരുന്നിട്ടുമില്ല. ഈ അമ്മയക്ക് ബോർ അടിക്കില്ലേ ചോദിച്ചത് തന്നെ വീണ്ടും ചോദിക്കാനും കേട്ടതു തന്നെ വീണ്ടും കേൾക്കാനും.

പതിവു കാര്യങ്ങളും വിശേഷങ്ങളും വീണ്ടും വീണ്ടും കേക്കേണ്ടിയും പറയേണ്ടിയും വന്നില്ലല്ലോ എന്നാലോചിച്ച് ഒരു നീർഘനിശ്വാസത്തേടെ തിരിഞ്ഞു നടക്കവേ ദാ വീണ്ടും...

ഒന്നു പെട്ടെന്ന് വാ മോഹൻ ഞങ്ങൾ റെഡിയായി. ഇനിയും വൈകിയാൽ സിനിമ തുടങ്ങും. അമ്മയോട് വിശേഷം പറഞ്ഞു നിന്നാൽ ഒന്നും നടക്കില്ല. ഇതിനിടയിൽ മക്കൾ അവർക്കു എന്തൊക്കെ ഫുഡ് വേണം എന്ന് അമ്മയോട് പറഞ്ഞു ഉറപ്പിക്കുന്നുണ്ടായിരുന്നു. എന്തായാലും ഫോൺ എടുത്തിട്ടു പോകാം ഇല്ലെങ്കിൽ വിളിച്ചോണ്ടേയിരിക്കും.

ഹലോ ... എന്താ മ്മേ.... ഞാൻ രാവിലെ പറഞ്ഞതല്ലേ വിശേഷങ്ങളൊക്കെ. പിന്നെ എന്തിനാ ഇങ്ങനെ കിടന്ന് വിളിക്കണെ. ഇവിടെ പുതിയ വിശേഷങ്ങൾ ഒന്നുമില്ല. എൻ്റെ വിഷമങ്ങൾ അമ്മയക്ക് അറിയണ്ടല്ലോ. ഞങ്ങൾ ഒരിടം വരെ പോകാൻ നിക്കാ. നാളെയെങ്ങാനും വിളിക്കാം. മോനേ..... ആ വിളി കേട്ടതും എൻ്റെ ശബ്ദം താനെ നിന്നു പോയി. നല്ല പരിചയമുള്ള ശബ്ദം അമ്മയുടെ അല്ല. മോനേ.... ഞാൻ വീടിനടുത്തുള്ള ശ്രീദേവി ടീച്ചറാ. അമ്മയ്ക്ക് നല്ല സുഖമില്ല. മയങ്ങു വാ ഹോസ്പിറ്റലിന്ന് കൊണ്ടു വന്ന യുള്ളൂ.... നല്ല ക്ഷീണമുണ്ട് ആരേലും കൂടെ വേണം നിങ്ങളൊന്ന് നാട്ടിലേക്ക് വരാവോ. ശരി ടീച്ചറമ്മേ എന്നു പറഞ്ഞു ഫോൺ വയ്ക്കുമ്പോ തൊണ്ട ശരിക്കും വരണ്ടുണങ്ങി ശബ്ദം ഇടറിയിരുന്നു.

ശരിക്കും ചമ്മിപ്പോയോ ഞാൻ അമ്മയാ ണെന്നു കരുതിയാ ഞാൻ ശരിക്കും അങ്ങനെ യൊക്കെ പറഞ്ഞേ. ഒരു ചെറിയ കുറ്റബോധം ഉള്ളിലെവിടയോ തട്ടി മുറിവേൽപ്പിച്ചുവോ.

രാവിലെ ഏണീറ്റപ്പോ തന്നെ 10 കഴിഞ്ഞിരുന്നു. തലേന്ന് സിനിമയും ഡിന്നറും കഴിഞ്ഞു വന്നപ്പോ വൈകിയിരുന്നു. ഉറക്കച്ചടവോടെ ഒരാഴ്ച്ചത്തേക്ക് കുട്ടികൾക്കും എനിക്കും സ്കൂളിന്നും ഓഫീസിന്നും ലീവും പറഞ്ഞു ഒരുങ്ങാൻ തുടങ്ങിയപ്പോ ഇന്നലെ വൈകിട്ട് പുറത്ത് പോയ അത്രേം സന്തോഷം ആരിലും കണ്ടില്ല. ഈ എന്നിൽ പോലും.

യാത്ര തുടങ്ങി പകുതി ആയപ്പോ വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. മേനേ അവിടുന്ന് തിരിച്ചോ... വീണ്ടും ശ്രീദേവി ടീച്ചറുടെ ശബ്ദം കാറിൽ മുഴുവൻ മുഴങ്ങി കേട്ടു. തിരിച്ചു പകുതിയോളമായി. അപ്പോഴേയ്ക്കും ഭാര്യ ഫോൺ വാങ്ങി ഓഫ് ചെയ്തു. ഇവർക്കെന്താ ഇത്ര ധൃതി. വേറെ ജോലി ഒന്നുമില്ലല്ലോ. കുറച്ചൊന്നവിടെ ഇരുന്നൂടെ. നമ്മൾ ഇത്ര ദൂരം അങ്ങ് ചെല്ലണ്ടെ.

നമ്മൾക്ക് അമ്മയെ കൂടെ കൂട്ടിയാലോ മായേ... വയ്യാതെ ഇരിക്കയല്ലേ. ചോദിച്ചു തീരു മുന്നേ ഉത്തരം തന്നു അവൾ. അതെന്തായാലും വേണ്ട. നൂറു കൂട്ടം ഉപദേശങ്ങളാ. നമ്മളിപ്പോഴും കൊച്ചു കുഞ്ഞാന്നാ വിചാരം. എനിക്കാണേൽ പിള്ളേരുടെ കാര്യം തന്നെ നോക്കാൻ സമയമില്ല. ഒരാഴ്ച തന്നെ കൂടുതലാ. എന്തെല്ലാം കാര്യങ്ങളാ മുടങ്ങണെ. ഒരു നിസ്സഹായനെ പ്പോലെ യാത്ര തുടർന്നു.

വീട്ടിലെത്താറയതും കോരിച്ചൊരിയുന്ന മഴ. ഉമ്മറത്തൊക്കെ ആളുകൾ. എന്തോ പന്തികേട് പോലെ. ഉള്ളിലൂടെ ഒരു തീക്കനൽ ആഴ്ന്നിറങ്ങിയ പോലെ. വണ്ടിയൊതുക്കുക പോലും ചെയ്യാതെ കാർ നിർത്തി ഞാൻ അകത്തേയ്ക്ക് എന്തു പറ്റിയ ന്നറിയാതെ കൂടി നിന്നവരുടെ മുഖത്തേയ്ക്ക് അക്ഷമയോടെ നോക്കി അകത്തേയ്ക്ക് വച്ച കാൽപ്പാദങ്ങളിൽ ഒരു തണുപ്പു അരിച്ച് കയറി. കണ്ണുകളിൽ ഇരുട്ടു കയറുന്നതു പോലെ ആ കാഴ്ച എൻ്റെ എന്നേയ്ക്കും ഉള്ള നോവായി. വെള്ള പുതപ്പിച്ച് നിത്യ നിദ്രയിലാണ്ട് കത്തിച്ചു വച്ചു നിലവിളക്കിനു കീഴെ. ഞാൻ ഇതുവരെ ആസ്വദിച്ച മണമായിരുന്നില്ല ആ ചന്ദനത്തിരികൾക്ക്. ഇനി എന്നെ ശല്യപ്പെടുത്താൻ അമ്മയിനി വരില്ല എന്ന യാഥാർത്ഥ്യം പതിയെ ഞാൻ മനസ്സിലാക്കി...

ചടങ്ങുകൾ കഴിഞ്ഞ് കണ്ണുകൾ അടച്ച് ഉമ്മറക്കോലായിലെ ചാരുകസേരയിൽ തളർന്നിരുന്ന എൻ്റെ തോളിൽ ഒരു ചൂടു കരസ്പർശം. ശ്രീദേവി ടീച്ചർ..ഈ വിവരം പറയാനാ ഞാൻ വിളിച്ചേ. അപ്പോഴേക്കും ഫോൺ കട്ടായി. ദാ ഈ കത്ത് അമ്മ നിനക്കായി തന്നതാ. ഞാൻ പോകുന്നു. ഒരു ആശ്വാസവാക്കും ഞാൻ അർഹിക്കുന്നില്ലാവാം.

ആ ഉമ്മറക്കോലായിൽ നിന്ന് എത്ര ദൂരം ഞാൻ സഞ്ചരിച്ചു അല്ലേ. ഈ വൃദ്ധസദനത്തിൻ്റെ പടിവാതിൽ വരെ. എന്നെത്തന്നെ ബോധ്യപ്പെടുത്തി കണ്ണുകൾ തുറന്നപ്പോൾ സന്ധ്യ മയങ്ങിയിരുന്നു. കണ്ണുകൾ ഈറനണിഞ്ഞില്ല. കരയാൻ മറന്നിരിക്കുന്നു. ചുരുട്ടി പിടിച്ച കൈകൾ അയച്ച് അതിൽ എഴുതിയ അമ്മയുടെ വാക്കുകൾ വീണ്ടും വായിച്ചു. മോനേ.... ആ വാക്കിൽ അമ്മയുടെ സാന്നിധ്യം എപ്പോഴും അനുഭവിക്കുന്നു ഞാൻ. മോൻ്റെ സന്തോഷമാണ് മോനേ അമ്മയുടേതും. അമ്മയക്കൊരു യാത്ര പോകാൻ നേരമായി നീ വരുമ്പേഴേക്കും അമ്മയുണ്ടാകുമോന്നറിയല്ല. എൻ്റെ മോൻ എപ്പോഴും സന്തോഷവാനായിരിക്കണം. അമ്മയുടെ കർമ്മങ്ങളെല്ലാം കഴിഞ്ഞിരിക്കുന്നു.

അമ്മയുടെ ശല്യപ്പെടുത്തലുകൾ കൊതിച്ചു തുടങ്ങിയ കാലം. എനിക്കിന്ന് അതിനു പോലും അവകാശമില്ലമ്മേ....

അമ്മേ.... അമ്മ എൻ്റെ സന്തോഷമല്ലേ ആഗ്രഹിച്ചത്. പക്ഷേ ഞാനിപ്പോൾ അമ്മയുടെ അതേ പാതയിലല്ലേ. അമ്മയീ കത്തെഴുതോ മ്പോഴും ഞാൻ വരും എന്ന വിശ്വാസം അമ്മയ്ക്കുണ്ടായിരുന്നു. എനിയ്ക്ക് ഇന്ന് ഇല്ലാത്തത് അതാണ്. നല്ല വിദ്യാഭ്യാസം തന്നു. നല്ല ജോലി നേടി തന്നു.നല്ല ശീലങ്ങൾ പഠിപ്പിച്ചു. എന്നിട്ടും എനിക്ക് ഇന്ന് അമ്മ ആഗ്രഹിച്ച സന്തോഷം ഇല്ലെങ്കിൽ എവിടെയാണമ്മേ എനിക്കും അമ്മയ്ക്കും നമ്മളെ പോലുള്ളവർക്കും തെറ്റു പറ്റിയത്. ഞാനും അതു പോലെ എൻ്റെ മക്കളുടെ സന്തോഷമല്ലേ ആഗ്രഹിച്ചത്. അമ്മ എന്നെ പഠിപ്പിച്ച അതേ പാഠങ്ങളാണ് അവർക്കും ഞാൻ കൊടുത്തത്.

അതെ നമ്മളെല്ലാവരും നമ്മുടെ മക്കളുടെ എന്നത്തേയും സന്തോഷം ആഗ്രഹിക്കുന്നെങ്കിൽ പാഠപുസ്തങ്ങൾക്കോ, പണത്തിനോ, ഉയർന്ന പദവികൾക്കോ മാത്രം അത് നേടി കൊടുക്കാനാകില്ല. മത്സരബുദ്ധിയും വാശിയും ഉണ്ടങ്കിലേ മുന്നോട്ട് നയിക്കൂ എന്ന് നമ്മെ പഠിപ്പിച്ചത് മുതിർന്നവർ തന്നെയല്ലേ. അവിടെ നഷ്ട്ടപ്പെട്ടത് പരസ്പര സ്നേഹവും ദയയും ആയിരുന്നോ?

ഒന്നും മനസ്സിലാകുന്നില്ല അമ്മേ. എൻ്റെ മക്കളാഗ്രഹിച്ചതിനപ്പുറവും ഞാൻ നൽകി എന്നിട്ടും ജരാനരകൾ മനസ്സിനെയും ശരീരത്തെയും ബാധിക്കുമ്പോൾ ഇരുട്ടിൻ്റെ ഉള്ളറകളിലേയ്ക്ക് തള്ളിക്കളയുന്ന നമ്മുടെ പുതു തലമുറയ്ക്ക് നമ്മൾ കൊടുക്കുന്ന അറിവിൽ എന്തോ നമ്മൾ മുതിർന്നവർ വിട്ടു പോകുന്നു. എന്താണത്? ഇന്ന് അമ്മയെ പ്പോലെ ഞാനും ഒറ്റപ്പെട്ടു പോയങ്കിൽ അമ്മ ആഗ്രഹിച്ച സന്തോഷം എന്നിലോ... എന്നേപ്പോലെ എൻ്റെ മക്കളിലും ഇല്ലാതായാൽ അതിനർത്ഥം എൻ്റെയും അമ്മയുടേയും കർമ്മം പൂർത്തിയായിട്ടില്ല. അതല്ലേ സത്യം. മനസ്സിലാകുന്നില്ല അമ്മേ.. ലാഭേശ്ച ഇല്ലാത്ത കർമ്മം. സുഖഭോഗങ്ങളെക്കാൾ ധർമ്മമാണ് വലുതെന്ന് നാം പഠിപ്പിക്കാൻ മറന്ന് പോയതു കൊണ്ടാണോ?

എൻ്റെ കർമ്മം തീരുന്നതുവരെ എൻ്റെ മോക്ഷവും ബാക്കിയാകുകയാണോ?

Srishti-2022   >>  Short Story - Malayalam   >>  ഭയം

Elixir Vasundharan

RR Donnelley

ഭയം

"അന്ന് സ്കൂളിന്റെ പുറകിൽ ഒരു പറമ്പ്  ഉണ്ട്..  അത് വഴി വന്നാൽ പെട്ടെന്ന് വീടെത്താം നമ്മൾ രണ്ടൂന്നു പേരുണ്ട് നമ്മൾ എന്നും ഉച്ച ആകുമ്പോ അതുവഴി ചാടി ഓടി വന്നു വീട്ടീന്ന് ചോറും തിന്നിട്ടൊക്കെ പോകും... വെള്ളിയാഴ്ച കൊച്ചുങ്ങൾ അത് വഴി പൊക്കൂടന്നു വലിയണ്ണനും അമ്മയും ഒക്ക പറഞ്ഞിട്ടൊണ്ട് നമ്മൾ അതൊന്നും ശ്രെദ്ദിക്കൂല്ല... വരും.. തിന്നും.. പോകും.." 

 

മക്കൾക്കു ഉറക്കം വരുന്നാ...?

കഥ കേട്ടോണ്ട് കിടന്ന മോനോട്  അയാൾ ചോദിച്ചു.. 

 

"ഉച്ചക്കും പൊക്കൂടെ..?"..മോന്റെ സംശയത്തിന് പൊക്കൂടാ എന്നയാൾ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു...."അഹ് എന്നിട്ടാ"..."എന്നിട്ട് എന്തോന്ന് നമ്മൾ എന്നും വന്നു ചോറും തിന്നിട്ടു പോകും... അങ്ങനെ ഒരു വെള്ളിയാഴ്ച നമ്മൾ അത് വഴി വന്ന്... നമ്മക്ക് മനസ്സിൽ ഈ പേടി കിടക്കയല്ലേ.. എന്നാലും ധൈര്യം സംഭരിച്ചു നടന്നു അത് വഴി കുറെ ചെന്നപ്പോ 'ശൂ ശൂ' എന്നാരോ പുറകെന്നു വിളിക്കുന്നപോലെ" 

 

ഇത്രേം പറഞ്ഞു അയാൾ മോനെ നോക്കി 

 

"പേടി ആവുന്നുണ്ടോ മക്കൾക്ക്‌..? "...

"കൊഴപ്പം ഇല്ല "... "പറ എന്നിട്ട് " 

 

"ഹെഹെ... അങ്ങനെ  അവിടെ നിന്നു ചുറ്റും നോക്കി അവിടെ ഒന്നും ആരേം കാണാൻ ഇല്ല...അമ്മള്  വരണ വഴിയിൽ മൊത്തം പുറുത്തി കാട് പിടിച്ചു കിടക്കെയാണ് അതിന്റെ ഇടയിൽ നിന്നു ആണ് ശബ്ദം കേട്ടത്.. അമ്മള്  അങ്ങോട്ട് പോയി നോക്കി അവിടെ പുറുത്തി കാടിന്റെ ഇടയിൽ ഒരു നിഴൽ...നോക്കിയപ്പോ പെൻസിൽ ന്റെ പകുതി പൊക്കം ഉള്ള ഒരു സ്ത്രീ....അമ്മള്  ഓടി.. അപ്പൊ പുറകെന്ന്  "മക്കളേ നിങ്ങൾ പേടിക്കണ്ട ഞാൻ നോക്കിയിരിക്കുന്ന ആള് ഇനി വരെ ഉള്ളൂ.. പേടിക്കാതെ വീട്ടിൽ പോ.. എന്നെ കണ്ട കാര്യം ആരോടും പറയല്ലേ" എന്ന്  പറയണ്  അമ്മളക്ക നല്ലോണം പേടിച്ച്..പിന്നെ ഓട്ടം ഒന്നുല്ല പയ്യ നടന്നു വീട്ടിൽ പോയി... ഇതു വരെ അച്ഛൻ ഇതു ആരോടും പറഞ്ഞിട്ടില്ല കേട്ടാ".. 

 

"അപ്പൊ ഇപ്പൊ പറഞ്ഞതാ " 

 

"അത് മക്കളോട് അല്ലെ കുഴപ്പം ഇല്ല യക്ഷി അതൊക്കെ മറന്നു കാണും" 

 

"കൊച്ചിന്റടുത്തു ആയതു കൊണ്ട് പേടിക്കണ്ട എന്തര് വേണമെങ്കിലും തള്ളി വിടാലോ" കണ്ണടച്ച് കിടന്ന ഭാര്യയുടെ ശബ്ദം കേട്ടു അയാൾ ചിരിച്ചു 

 

"അപ്പൊ നീ ഉറങ്ങിയില്ലേ കഥയും കേട്ടു കിടക്കേണ... ഇതൊക്കെ അമ്മൾക്കു കൊച്ചിലെ ഉള്ള അനുഭവങ്ങളാ നിനക്ക് എന്തര് അറിയാം... ഉറങ്ങിയില്ലെങ്കിൽ പോയൊരു കട്ടൻ ഇട്ടോണ്ട് വാ" 

 

"എനിക്ക് ഇനി വയ്യ" 

 

"എങ്കിൽ ഞാൻ തന്ന പൊക്കോളാം.. എനിക്ക് വെള്ളം കുടിക്കണമെങ്കിൽ ഞാൻ തന്ന പോണമല്ലോ.." അയാൾ മോനോട് ഇപ്പൊ വരാം എന്ന് ആംഗ്യം കാണിച്ചു എഴുനേറ്റു അടുക്കളയിലേക്ക് പോയി, മനസ്സിൽ നിറയെ യക്ഷി ആയിരുന്നു... അയാൾ ഓരോന്ന് പിറുപിറുക്കുകയായിരുന്നു 

 

"ഇത്രേം കാലം ആയില്ലേ ഇനി ഇതു വെളിയിൽ പറഞ്ഞാലും കുഴപ്പം കാണില്ല.. വലിയണ്ണൻ അന്ന് പറഞ്ഞു കൊച്ചുങ്ങളെ യക്ഷി ഒന്നും ചെയ്യൂല്ലെന്നു അതാണ്‌ അമ്മളെ അന്ന് കൊന്നു തിന്നാത്തത്..അഹ് എന്തേലും ആയിക്കോട്ട്.." 

 

ഓരോന്ന്  പറഞ്ഞു കൊണ്ട് അയാൾ അടുക്കളയിൽ പോയി ഒരു  കുപ്പിയിൽ വെള്ളം എടുത്തു മുറിയിലേക്ക് നടന്നു മുറിയുടെ വാതിലിന്റെ മുന്നിലെത്തിയപ്പോൾ കറന്റ്‌ പോയി... 

 

"അല്ലെങ്കിലേ മനുഷ്യൻ ഓരോന്ന് ആലോചിച്ചു പേടിച്ചു ഇരിക്കണു അപ്പഴാണ് പുല്ല് കറന്റ്‌ "... 

 

അയാൾ ഇരുട്ടിൽ ചുവരിലൂടെ കയ്യോടിച്ചു വാതിൽ അന്വേഷിച്ചു... 

 

"ഈ ഡോർ ഇതു എവിടെ ഇരിക്കണ" 

 

ചെവിയുടെ പിന്നിൽ തണുത്ത കാറ്റു വീശുന്നത് പോലെ അയാൾക് അനുഭവപ്പെട്ടു അയാൾ അവിടെനിന്ന്... "എടിയേയ് ആണ് ഫോൺ എടുത്തോണ്ട് വാ ഇങ്ങോട്ട് "... എന്ന്  ഭാര്യയോട് ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു പക്ഷെ ശബ്ദം പുറത്തു വരുന്നുണ്ടായിരുന്നില്ല.. അയാൾ ധൃതി പെട്ടു അവിടെ മുഴുവൻ പരതി ഒടുവിൽ ഡോർ കിട്ടി.. അയാൾ ഡോർ തുറന്നു.. അകത്തു ഇരുട്ട് അയാൾ ഇരുട്ടിൽ തപ്പി തടഞ്ഞു കട്ടിൽ കണ്ടെത്തി കിടന്നു..."ഹോ പേടി... ഇങ്ങനെ ഉണ്ടോ പേടി.. കറന്റ്‌ പോയപ്പോ പേടിച്ചു പോയി കേട്ടാ.. " അയാൾ ഭാര്യയോട് പറഞ്ഞു... കുറച്ചു സമയം ഇക്കാര്യം ആലോചിച്ചു കിടന്നു അയാൾ ഉറക്കത്തിലേക്ക് വഴുതി വീണു .. 

 

മുറിയിൽ ഇപ്പോളും  തണുത്ത കാറ്റു നിറഞ്ഞു നില്കുന്നത് അയാൾക് അറിയാം ഉറങ്ങാതെ കണ്ണുകൾ  തുറന്നു അയാൾ എണീറ്റ് ഇരുന്നു.. 

 

ശൂ ശൂ.....ശൂ ശൂ.... 

 

പിന്നിൽ നിന്നു ശബ്ദം കേട്ടു അയാൾ വിളറി വിയർത്തു, അയാൾ മെല്ലെ തല തിരിച്ചു പിന്നോട്ട് നോക്കി... ഉറങ്ങി കലങ്ങിയ കണ്ണും  തള്ളിപ്പിടിച്ചു ഭാര്യ അയാളെ തന്നെ നോക്കിയിരിക്കുന്നു.... 

 

"എന്താ... എന്താടീ " അയാൾ ഭയത്തോടെ ചോദിച്ചു 

 

"എന്തിനാ അത് പറഞ്ഞത്.... ആരോടും പറയരുതെന്ന് പറഞ്ഞതല്ലേ..." 

 

ഭാര്യയുടെ ചോദ്യം കേട്ടു അയാൾ പേടിച്ചു 

 

"അത് മോൻ... അപ്പൊ ഓർമവന്നു... ക്ഷമിക്കണം.." അയാൾ വിറച്ചു കൊണ്ട് പറഞ്ഞു 

 

"എനിക്ക് സമാധാനം തരൂല്ലെന്നു വല്ല വഴിപാടും ഒണ്ടാ... ഉറങ്ങാനും സമ്മതിക്കൂല എണീറ്റിരുന്നു ഓരോ പ്രാന്തുകൾ പറഞ്ഞോളും.. പേടി ആണെങ്കിൽ അങ്ങനെ ഇരിക്കണം അല്ലാതെ കൊച്ചിനെ  കാണിക്കാൻ ധൈര്യം കാണിക്കല്ല്... ഉറങ്ങുന്നില്ലെങ്കിൽ വായും വെച്ച് ചുമ്മാ ഇരി.... ബാക്കി ഉള്ളവര് ഒറങ്ങട്ട്..." 

 

ചമ്മിയ ഒരു ചിരിയോടെ അയാൾ പുതപ്പു തലവഴി  പുതച്ചു കിടന്നു... 

 

"യക്ഷി ആയിരുന്നു ഭേദം "

Subscribe to Short Story - Malayalam