Skip to main content
Srishti-2022   >>  Short Story - Malayalam   >>  ജാനകി റാം

ജാനകി റാം

2004 ഏപ്രിൽ മാസം, പ്ലസ്ടു കഴിഞ്ഞ് വേനലവധിക്ക് വട്ടചിലവിന് കാശ് ഉണ്ടാക്കാൻ വേണ്ടിയായിരുന്നു അന്നത്തെ ലൈറ്റ് പിടിത്തം അന്നൊക്കെ അത്‌ ഒരു ഹരം ആയിരുന്നു കൂടെ ക്യാമറ പണിയും പടിക്കാല്ലോ. നല്ല പുത്തൻ ഉടുപ്പ് കൂട്ടുകാരിൽ നിന്നും ഒരു ദിവസത്തേക്ക് ഇരന്ന് വാങ്ങിയാകും പോകുന്നത് ഒരുപാട് പെണ്ണപിള്ളേർ വരുന്ന സ്ഥലമാണല്ലോ ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന സ്റ്റുഡിയോയിലേ പ്രധാന വീഡിയോ ഗ്രാഫർ ആണ് വേണുവേട്ടൻ. കല്യാണ പാർട്ടിയുടെ കയ്യിൽ നിന്നും നല്ല പൈസ വർക്കിന്‌ മേടിക്കും എന്നിട്ട് ഞങ്ങൾ അസിസ്റ്റൻസിന് തരുന്നതോ നക്കാപിച്ച പൈസ. അന്നത്തെ വീട്ടിലെ ചുറ്റുപാട് കാരണം മടിക്കാതെ പോകും. അതുപോലെ തന്നെ ആൾ ബാക്കിയുള്ളവരുടെ മുന്നിൽ ആളാകാൻ വേണ്ടി ഞങ്ങളെ മനപ്പൂർവം ശകാരിക്കും. ഒരു ചീപ്പ് ഷോമാൻ ആയിരുന്നു അയാള്. ഞാൻ എല്ലാം സഹിച്ഛ് നിൽക്കും ക്യാമറ പണി പടിക്കണമല്ലോ!

അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ ഞാൻ വായനശാലയിൽ ഇരിക്കുമ്പോൾ വേണുവേട്ടൻ ബൈക്ക് ചവിട്ടിയിട്ട് "ടാ മോനെ ഇന്നൊരു വർക്കുണ്ട് കുറച്ച് ദൂരെയാ സ്ഥലം  ഒരു ജോഡി തുണി കൂടി എടുത്തോ, വൈകിട്ട്‌ മൂന്ന് മണിക്കെങ്കികും തിരിക്കണം പെണ്ണിന്റെ വീടാണ് ഇന്ന് വൈകിട്ടത്തെ റീസെപ്ഷനും നാളത്തെ കെട്ടും കഴിഞ്ഞേ നമ്മൾ തിരിച്ചു വരുള്ളൂ. ഇന്ന് നമ്മൾ അവിടെയായിരിക്കും സ്റ്റേ. കൃത്യം മൂന്നു മണിക്ക് കടയിലോട്ട് വാ" താമസിക്കരുത് എന്നൊരു താക്കീതും. കുറച്ച് പൈസക്ക് ആവശ്യമുള്ള സമയമായിരുന്നു, "ഉവ്വ് വരാം" എന്ന് ഞാനും. ഏതായാലും പറഞ്ഞ സമയത്ത് തന്നെ ഞാൻ കടയിൽ എത്തി. വേണുവേട്ടന്റെ ഹീറോ ഹോണ്ട സ്പ്ലെണ്ടറിൽ ആണ് ഞങ്ങൾ പോകാറ്. ഒരു ക്യാമറ ബാഗും രണ്ട് ചെറിയ ലൈറ്റ് ബാഗും തൂക്കി ഞാൻ പുറകിൽ ഇരിക്കും, നല്ല വെയിറ്റുള്ള ബാഗ് ആയതുകൊണ്ട്  ദൂരെ യാത്രയിൽ  കൈ കഴയ്ക്കാറുണ്ട്

പെണ്ണിന്റെ വീട് ജംഗ്ഷനിൽ നിന്നും അരമണിക്കൂർ ഉള്ളിലോട്ട് പോകണം വഴിയറിയാതെ ഒരുപാട് ചുറ്റി, ഒരു ചായ പോലും വാങ്ങി തന്നില്ല ദുഷ്ടൻ. അങ്ങനെ കറങ്ങി തിരിഞ്ഞ് ഒരുവിധത്തിൽ പെണ്ണിന്റെ വീടെത്തി. ഇറങ്ങിയപാടെ തന്നെ അവിടെ തലമൂത്ത കാർനോര് "മ്മ്...എന്താ വൈകിയേ സമയത്തിനും കാലത്തിനും ഇറങ്ങികൂടെ" എന്നൊരു ശകാരവും, പിന്നെ ധൃതി പിടിച്ച് ബാഗിലെ സാധനങ്ങൾ ഒക്കെ എടുത്ത് സജ്ജമായി നിന്നു. പതിവുപോലെ പെണ്ണ് ഒരുങ്ങുന്നതെ ഉള്ളു, അതിനാണ് ആ കാർണോർ കിടന്ന് ചാടിയത്, എല്ലാ കല്യാണ വീട്ടിലും കാണുമല്ലോ ഷോ കാണിക്കുന്ന വയസ്സന്മാർ. ഏതായാലും വേണുവേട്ടന് ഒരു കൂട്ടായി.

അങ്ങനെ സമയം അഞ്ചരയായി ആളുകൾ വന്നുതുടങ്ങി വീടിനോട് ചേർന്ന പറമ്പിലാണ് പന്തൽ കെട്ടിയിക്കുന്നത്. പാനസോണിക്കിന്റെ വലിയ ക്യാമറയും തൂക്കിപിടിച്ച് വേണുവേട്ടനും, ലൈറ്റും വയറുമായി പുറകെ ഞാനും നിന്നു. അപ്പോഴാണ് പെണ്ണും കൂടെ ഒരു തോഴിയും പന്തലിലേക്ക് വരുന്നത്‌, എന്റെ കണ്ണിൽ പെട്ടന്ന് ഒരു പ്രകാശം പതിച്ചു, മനോഹരമായ നയണങ്ങളോട് കൂടി കല്യാണപെണ്ണിന്റെ ചെവിയിൽ എന്തോ പറഞ് ഒരു നേർത്ത ചിരിയോടെ വരുന്നു അവൾ, സഹോദരിയോ? അല്ലെങ്കിൽ കൂട്ടുകരിയോ ആവനാണ് സാധ്യത ഞാൻ അറിയാതെ ലൈറ്റ് അവളിലേക്ക് തിരിച്ചുപോയി. "ലൗ അറ്റ്‌ ഫസ്റ്റ് സൈറ്റ്" എന്നൊക്കെ പറയാറില്ലേ,  ഇടതൂർന്ന ചുരുളൻ മുടിയും, എഴുതിയ കണ്ണുകളും, വെള്ളരിപല്ലുകളുമായ്‌ ഒരു നാടൻ പെൺകുട്ടി. കൈ മെയ് മറന്ന് ലൈറ്റ് വേറെ ഏതോ ദിശയിലേക്ക്  ഞാൻ പിടിച്ചു വേണുവേട്ടൻ എന്തോ പറയുന്നുണ്ടായിരുന്നു, ഞാൻ വേറൊരു മായിക ലോകത്തായിരുന്നു, പെട്ടന്നാണ് തലകിട്ട് ഒരു കൊട്ട് കിട്ടിയത് "എവിടെ നോക്കിയാടാ കഴുതെ ലൈറ്റ് പിടിക്കുന്നത്" പല്ലും കടിച്ച ദേശ്യത്തിൽ വേണുവേട്ടൻ, അവിടെ ഉള്ളവർ എല്ലാം അതു കണ്ടു, അവളും! എല്ലാരുടെയും മുന്നിൽ ഞാൻ നാണംകെട്ടു കൂട്ടത്തിൽചിലർ അടക്കം പറഞ്ഞ് ചിരിച്ചു. അവൾ എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഞാൻ നോക്കി, അവളും സഹതാപത്തോടെ എന്നെ നോക്കി ചിരിച്ചു. അവളെ കണ്ടതുമുതൽ യാന്ത്രികമായിരുന്നു എന്റെ പ്രവർത്തികൾ ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടും ആ സായാഹ്നത്തിൽ വന്ന എല്ലാ ചെറുപ്പകാരുടെയും കണ്ണുകളും അവളിലേക്കായിരുന്നു. സമയം ഏഴരയോടായി കല്യാണപെണ്ണിനെ കാണാൻ സമ്മാനങ്ങളുമായി നല്ല തിരക്കുളള നേരം, തിരക്കിട്ട് വീഡിയോ പിടിത്തത്തിലാണ് വേണുവേട്ടൻ, പുറകെ ലൈറ്റുമായി ഞാനും, അവൾ എന്തോ ആവശ്യത്തിന് വീടിനകത്ത് പോയി, ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യാൻ നിൽക്കുന്ന കല്യാണപെണ്ണിന്റെ കോളെജ് ഫ്രണ്ട്‌സ് കൊള്ളാം എല്ലാരും നല്ല സുന്ദരിമാർ പക്ഷെ ഒന്നും എന്റെ പെണ്ണിനോളം വരൂലാ എന്ന് മനസ്സിലൊന്നു പുച്ഛിച്ചു, പെട്ടന്നാണ് അത് സംഭവിച്ചത്, ഞാൻ പിടിച്ചുകൊണ്ടിരുന്ന ലൈറ്റ് തനിയെ ഓഫായി, പിന്നെ പറയണ്ട ചീത്തവിളിയുടെ  മേളമായിരുന്നു വേണുവേട്ടന്  

കോളേജ് പിള്ളേരുടെ മുന്നിൽ ഷോ കാണിക്കാൻ കിട്ടിയ ചാൻസ് നല്ലോണം മുതലെടുത്തു  "മര കഴുതെ, കോവർ കഴുതെ"പറയാത്ത ചീത്തയില്ല, അവിടെ കളിച്ചുകൊണ്ടിരുന്ന ഏതോ ഒരു കുട്ടി പ്ലഗ് പോയിന്റിൽ കൊടുത്ത കണക്ഷൻ ഊരിയിട്ടതാ എന്ന് അതുവഴി പോയ ചേട്ടൻ പറഞ്ഞു. അതിനാണ് എന്റെ മെക്കിട്ട് കേറിയത്. പിറുപിറുത്ത് കൊണ്ട് ശരിയാക്കാൻ പോയപ്പോൾ പെട്ടന്ന് ലൈറ്റ് ഒണ്ണായി അന്തിച്ചു നിന്ന ഞാൻ കണ്ടത് അവൾ എന്നെ  സഹായിക്കാൻ ആ പ്ലഗ് പോയിന്റിൽ കണക്റ്റ് ചെയ്തു തന്നു, എന്നിട്ട് ജന്നലിലൂടെ  എന്നെ നോക്കി ഒരു ചിരിയും. എന്റെ മുഖം തിളങ്ങി, ആയിരം വാട്ട്സ്‌ ലൈറ്റ് കത്തിച്ചത് പോലെ. ഞാൻ അതൊട്ടും പ്രതീക്ഷിച്ചിലായിരുന്നു.

അങ്ങനെ അന്നത്തെ പരിപാടിയൊക്കെ കഴിഞ്ഞ്  ആളൊഴിഞ് തുടങ്ങിയിരുന്നു എല്ലാരും കഴിച്ചു കഴിഞ്ഞ്‌ അവസാനമായിരിക്കും ക്യാമറമേനും കൂട്ടരും കഴിക്കുന്നത്. പലപ്പോഴും വിരുന്നിലെ എല്ലാ വിഭവങ്ങളും കിട്ടിയെന്ന് വരില്ല ഉള്ളത് കൊണ്ട് ഓണം പോലെ കഴിക്കും. ഞങ്ങൾക്ക് തങ്ങാനായി തൊട്ടടുത്ത കളപുറയിൽ സൗകര്യം ഒരുക്കിയിരുന്നു. വേണുവേട്ടൻ നേരത്തെ കിടന്നു എനിക്ക് ഉറക്കം വന്നില്ല ഞാൻ പുറത്തേക്കിറങ്ങി നല്ല നിലാവുള്ള രാത്രി അവളെ വീണ്ടും ഒരുനോക്ക് കാണാൻ കൊതിച്ചു. ദൈവം എന്റെ വിളി കേട്ടു അതാ ടെറസിൽ കല്യാണപെണ്ണിന് അവൾ മൈലാഞ്ചി ഇട്ട് കൊടുക്കുന്നു. നിലാവിന്റെ വെട്ടത്തിൽ അവളുടെ സുന്ദരമുഖം തെളിഞ്ഞു കാണാം. ഇരുട്ടിന്റെ മറവിൽ കുറെനേരം നോക്കി നിന്നു.

പിറ്റേന്ന് വെളുപ്പിനെ അഞ്ചു മണിക്ക് തന്നെ എണീറ്റ്‌ ഇരന്ന് വാങ്ങിയ പുത്തൻ ഉടുപ്പും ഇട്ട് അമ്പലത്തിൽ തൊഴുന്ന വീഡിയോ പിടിക്കാൻ സജ്ജമായി തൊട്ടടുത്തുള്ള അമ്പലമായതിനാൽ കാറിൽ പോകാമെന്ന് കല്യാണ പെണ്ണിന്റെ ചേട്ടൻ കാറുമായി വന്നു നിന്നു മുന്നിലത്തെ സീറ്റിൽ നേരത്തെ വേണുവേട്ടൻ സ്ഥാനം ഉറപ്പിച്ചു പുറകിൽ കല്യാണ പെണ്ണും പിന്നെ അവളും, 

എനിക്ക് അവളുടെ അടുത്തു വേണം ഇരിക്കാൻ എന്റെ ഹൃദയമിടിപ്പ് കൂടി, അവളാണ് എനിക്ക് ഡോർ തുറന്ന് തന്നത്, നീല പട്ടുപാവാടയും ബ്ലൗസും കണ്ണെഴുതി പൊട്ടും തൊട്ട് മുല്ലപൂവും ചൂടി അതാ ഇരിക്കുന്നു ആ നാടൻ സുന്ദരി, ഒരു പരുങ്ങലോടെയും, നാണത്തോടെയും ഞാൻ അവളുടെ അടുത്തിരുന്നു അവൾക്ക് മുഖം കൊടുക്കാൻ ധൈര്യമില്ലാതെ പുറത്തോട്ടു നോക്കി ഇരുന്നു. അവളുടെ മുല്ലപ്പൂവിന്റെ വാസന മൂക്കിൽ തുളച്ചു കേറി. ഒട്ടും പ്രതീക്ഷിക്കാത്ത തരുണം. ഒളികണ്ണിട്ട് ഇടക്ക് നോക്കും അവളും എന്നെ നോകുന്നോ  എന്നറിയാൻ പണ്ടേ പെണ്ണുങ്ങളോട് സംസാരിക്കാൻ എനിക്ക് ചമ്മലായിരുന്നു, ഞാൻ പഠിച്ചത് ബോയ്സ് സ്കൂളിലാണ്. മിടിക്കുന്ന ഹൃദയവുമായി ആ സുന്ദര തരുണം ആസ്വദിച്ഛ് തിരിച്ചെത്തി.

 

വീട്ടുമുറ്റത്ത് ആൾക്കാരെ കൂട്ടാൻ വാനും കാറും സജ്ജമായി. കല്യാണ പെണ്ണ് വീട്ടിൽ നിന്ന് ഇറങ്ങി ഇനി മണ്ഡപത്തിലാണ് ബാക്കി പരിപാടികൾ  പൊതുവെ ഞങ്ങൾ ക്യാമറ ടീം കല്യാണ ദിവസം രാവിലെ നല്ല തിരക്കിലായിരിക്കും ഒരു ചായയും വടയുമായിരിക്കും പ്രാതൽ. നേരത്തെ മണ്ഡപത്തിൽ ചെന്ന് സ്‌ഥാനം ഉറപ്പിക്കണം. അലങ്കരിച്ച കതിർമണ്ഡപത്തിന്റെ വീഡിയോ, കല്യാണത്തിന് വന്ന ആൾകൂട്ടത്തിന്റെ വീഡിയോ തുടങ്ങിയവ നേരത്തെക്കൂട്ടി എടുത്ത് വയ്ക്കും. അധ്യമൊക്കെ സ്റ്റേജിൽ കേറി ആൾക്കാരെ അഭിമുഖികരിക്കാൻ ഭയങ്കര ചമ്മലായിരുന്നു എല്ലാരും എന്നെ മാത്രം നോക്കുന്നത് പോലെ ചില വാല് പെണ്ണ്കുട്ടിയോളുടെ കണ്ണെടുക്കാതെയുള്ള നോട്ടവും, അടക്കപറച്ചിലും, ഓഹ് അവിടെ നിന്ന് ഉരുകി പോകാറുണ്ട്. വേണുവേട്ടന്റെ ഇടക്കുള്ള ദേഷ്യപെടലും, മറ്റുള്ളവരുടെ മുന്നിൽ എന്നെ തരംതാഴ്ത്തിയുള്ള ഷോ കാണിക്കലും പതിവ് പോലെ നടന്നു ഇന്നത്തെ പോലെ എൽഈഡി ബൾബ് അല്ല അന്ന് ചൂട്‌ കൂടിയ ഹാലോജൻ ലൈറ്റും, സ്വിച്ചിബോക്സും വയറും തൂക്കിപിടിച്ഛ് ക്യാമറമാന്റെ കൂടെ നടക്കണം ക്യാമറ പഠിക്കാൻ വേണ്ടി എല്ലാം സഹിച്ചു നിൽക്കും. ചില വയസ്സന്മാരുടെ മുഖത്ത് വെട്ടമടിക്കുമ്പോൾ ഉള്ള ഭാവവ്യത്യാസം, പിറുപിറുക്കൽ, മറ്റ്‌ ചിലവരുടെ മസ്സില് പിടിത്തം, ചെറുപ്പക്കാരികളുടെ കുണുങ്ങി ചിരി, മുതുക്കന്മാരുടെ ഗൗരവം എല്ലാംകൂടി ചിരിക്കാൻ ഉണ്ട് ഒരുപാട്.

 

കതിർമണ്ഡപത്തിൽ വരനും മാതാപിതാക്കളും എത്തി, ഞങ്ങളുടെ ക്യാമറ  ബാഗും മറ്റ് സാധനങ്ങളും കല്യാണപെണ്ണിന്റെ മേക്കപ്പ് റൂമിലാണ് വച്ചിരിക്കുന്നത്.  ബാറ്ററി ചാർജ് ചെയ്യാൻ എന്ന വ്യാജേന ഇടക്ക് അവളെ കാണാൻ പോകാറുണ്ട് എന്നെ കാണുംപോളുള്ള അവളുടെ ഭാവമാറ്റങ്ങൾ ഞാൻ പലപ്പോഴായി ശ്രദ്ധിച്ചിരുന്നു ആ ഇടകണ്ണിട്ടുള്ള നോട്ടവും, നാണിച്ചു തലതാഴ്ത്തിയുള്ള ചിരിയുമൊക്കെ അവൾക്കും എന്നോട് ഇഷ്ടമാണെന്ന് മനസ്സ് മന്ത്രിച്ചു. പക്ഷെ മിണ്ടാൻ ഇപ്പോഴും എന്തൊ ഒരു മടിപോലെ അവളെ ഒറ്റക്ക് കിട്ടാൻ മനസ്സ് ആഗ്രഹിച്ചു. കല്യാണപെണ്ണിനെ ഒരുക്കുന്നത് അവളാണ്, ഒരുക്കങ്ങളൊക്കെ കഴിഞ്ഞ് താലപ്പൊലിയും ഏന്തി കുരുന്നുകൾ ക്കൊപ്പം അവളും പുറകിൽ കല്യാണപെണ്ണും എത്തി, ആൾകൂട്ടത്തിനിടയിൽ അവളുടെ കണ്ണുകൾ എന്നെ പരതുന്നുണ്ടായിരുന്നു, ഞാൻ നിൽക്കുന്ന സ്ഥലം അവൾ ഉറപ്പുവരുത്തി എനിക്ക് കാണാൻ കണക്കിന് അവളും നിന്നു. മുഹൂർത്ത സമയമാകുമ്പോൾ താലികെട്ട് കവർ ചെയ്യാൻ രണ്ട് വീട്ടുകാരുടെ ക്യാമറ ടീമും ചുറ്റും കൂടിനിന്ന് പൊരിഞ്ഞ മത്സരമായിരിക്കും എന്റെ അറിവിൽ ഇന്നേവരെ കെട്ട് കാണാനുള്ള യോഗം കാണികൾക്ക് കിട്ടി കാണില്ല എന്നതാണ് സത്യം. പലപ്പോഴും താഴെ ഇരിക്കുന്നവരിൽ നിന്നും നല്ല താക്കിതു ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. "ശ്ശ്.. ച്ഛ്..മാറങ്ങോട്ട്"...ഇവന്മാർ ഇതെന്തോന്ന് കാണിക്കണത്" എന്ന സ്‌ഥിരം പല്ലവി, എനിക്ക് നല്ല പോക്കമുള്ളത് കൊണ്ട് കൂടുതലും വാങ്ങികൂട്ടിയത് ഞാനായിരിക്കും. നാഥസ്വരമേളം കേട്ടു, ചെറുക്കൻ പെണ്ണിന്റെ കഴുത്തിൽ താലി കെട്ടി അന്തരീക്ഷമാകെ പുഷപവർഷം ചൊരിഞ്ഞു. അവളെ ഞാനും അവൾ എന്നെയും ഒരുഞൊടി നോക്കി നിന്നു. അവൾക്ക് എന്നോട് എന്തോ പറയാനുള്ളത് പോലെ അവളുടെ മാന്ത്രികകണ്ണിലെ പ്രേമം ഞാൻ വായിച്ചെടുത്തു ആദ്യമായാണ് അങ്ങനെ ഒരാനുഭൂതി. സ്വപ്നലോകത്തായിരുന്ന ഞാൻ "ടാ മരങ്ങോടാ ലൈറ്റ് താഴ്ത്തിപിടിക്കട" എന്ന വേണുവേട്ടന്റെ വിളികേട്ട് ഞെട്ടി. ഓർക്കാപുറത്തെ തെറിവിളിയുടെ ചമ്മൽ മാറ്റാൻ നല്ലൊണോം ബുദ്ധിമുട്ടി. അവൾ അത്‌ ശ്രദ്ധിച്ചോ എന്ന് ഒളികണ്ണിട്ട് നോക്കി. 

കെട്ട് കഴിഞ്ഞാലുടൻ സദ്യ തുടങ്ങും പിന്നെ അവിടെയാണ് വീഡിയോ കവറേജ് കൗതുകമുള്ള കുറെ കാഴ്ചകൾ കാണാം, അവിയലും, തോരനും, കാളനും, പുളിശ്ശേരിയും, പായസവുമൊക്കെ കൂടി വെട്ടിവീശുന്ന ചില ആശാന്മാരുടെ ക്യാമറാ കാണുമ്പോലുള്ള ഭാവവ്യത്യാസവും, ഒതുക്കവും എല്ലാംകൂടി ചിരിക്കാനുണ്ട് ഒരുപാട്. വധുവും വരനും പിന്നെ കൂട്ടിന് അവളും ഒരുമിച്ചായിരുന്നു കഴിച്ചത് . അവരുടെ എതിർവശത്തായാണ്  ഞങ്ങൾ ഇരുന്ന് കഴിച്ചത് ഇടയ്ക്ക് ഇടയ്ക്ക് എന്നെ അവൾ നോക്കുന്നുണ്ടായിരുന്നു. സമയം വൈകുംതോറും എന്റെ നെഞ്ച് പിടക്കാൻ തുടങ്ങി അവളോട് പ്രണയാഭ്യർഥന നടത്താൻ ഇപ്പോഴും ധൈര്യം ഇല്ല എന്നതാണ് സത്യം.

സമയം രണ്ട് മണി കഴിഞ്ഞിരുന്നു കല്യാണപെണ്ണിന്‌ ഇറങ്ങാൻ സമയമായി എല്ലാരും മണ്ഡപതത്തിന്റെ പുറത്താണ് ലാളിച്ചുവളർത്തിയ മാതാപിതാക്കളെവിട്ട്  പുതിയ വീട്ടിലേക്ക് പോകാൻ വീട് വിട്ടിറങ്ങുന്ന പെണ്ണിന്റെ മുഖം വിളറി അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു ഇനി പുതിയ വീട്ടിലാണ് ശിഷ്ടകാലമൊത്തവും. എന്റെ കണ്ണുകൾ അവളെ തിരഞ്ഞു, ആ പരിസരത്ത് ഒന്നും കണ്ടില്ല വേണുവേട്ടനോട് ക്യാമറയുടെ ബാഗ്  മേക്കപ്പ് റൂമിലാണെന്നും പറഞ്ഞ് അവളെ തപ്പിയിറങ്ങി മണ്ഡപം മൊത്തം തിരഞ്ഞു എങ്ങും കണ്ടില്ല എന്റെ ഹൃദയമിടിപ്പ് കൂടി മേക്കപ്പ്റൂമിലാകുമെന്ന് കരുതി അവിടെ പോയി ഞാൻ ഒരു നിമിഷം അമ്പരന്ന് നിന്നുപോയി അവളെന്നെയും കാത്ത്‌ നിൽക്കുന്നു. ക്യാമറബാഗ്ഗ് എടുക്കാൻ വരുമെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു, ഓടിവന്ന കിതപ്പും, ടെൻഷനും അവളെ കണ്ട സന്തോഷവും എല്ലാംകൂടി ചേർന്ന് ഞാൻ നിന്ന് വിയർത്തു. ആ മുറിയിൽ ഞങ്ങൾ മാത്രം, അവളും ടെൻഷനിൽ തലകുനിച്ച് നിൽക്കുന്നു. എനിക്ക് എങ്ങനെ തുടങ്ങണമെന്നറിയില്ലാ, എന്റെ ഉള്ളംകൈ വിയർക്കുന്നു, തൊണ്ടവെള്ളം വറ്റി തുടങ്ങി, അവളും വിയർക്കുന്നുണ്ട് സകലദൈവങ്ങളെയും വിളിച്ച് ധൈര്യം സംഭരിച്ഛ് അവളോട് ഞാൻ ചോദിച്ചു "എ...എന്താ പേര്" ആദ്യമായാണ് ഞാൻ പേടികൂടാതെ അവളുടെ കണ്ണിലേക്ക് നോക്കിയത് അവൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ പുറത്ത് നിന്ന് ആരോ "മോളെ ജാനകി" എന്ന് വിളിചോണ്ട്‌ അകത്തേക്ക് വന്നു അവളുടെ അമ്മയായിരുന്നു അത്, "നീ എവിടെയായിരുന്നു.....വാ സമയമായി, നാല് മണിക്കാണ് ട്രെയിൻ...വേഗം വാ"...എന്നും പറഞ്ഞ് അവളുടെ കൈയ്യും പിടിച്ച് കൂട്ടി കൊണ്ട് പോയി. പോകുമ്പോൾ അവൾ എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു ആ കണ്ണുകൾ കലങ്ങിയിരുന്നു, എന്തോ പറയാൻ ബാക്കി വച്ച ചുണ്ടുകൾ. എന്റെ ഹൃദയം തകർന്ന നിമിഷമായിരുന്നു അത്. ഞാൻ ബാഗും എടുത്ത് പുറകിൽ പോയി. അവൾ  കാറിൽ കയറിയിരുന്ന് എന്നെ തിരിഞ്ഞു നോക്കി ഞാൻ എന്ത്ചെയ്യണമെന്ന് അറിയാതെ വിഷമിച്ഛ്

നിന്നു അവളുടെ കാർ നീങ്ങി തുടങ്ങി. എല്ലാം കെട്ടിപ്പെറുക്കി ഞങ്ങളും ഇറങ്ങി. അവളുടെ കാറിന്റെ തൊട്ട് പുറകിലായി ഞങ്ങളും ഉണ്ടായിരുന്നു, ഒരു ജംക്ഷനിൽ അവളുടെ കാർ മറ്റൊരു ദിശയിലേക്ക് തിരിഞ്ഞു പോയി  ഞങ്ങൾ വേറെ ദിശയിലും.

 

പറയാതെ പോയ എന്റെ ആദ്യ പ്രണയം ഇന്നും മനസ്സിന്റെ ഒരു മൂലയിൽ നോവ്വായി നീറി തുടിക്കുന്നുണ്ട്. അന്ന് ആ മേക്കപ്പ് മുറിയിൽ വച്ച് എന്റെ പേര് അറിയാൻ ആകാംഷയോടെ നിന്ന ജാനകിയെ ഞാൻ ഇപ്പോഴും ഓർക്കുന്നു. അന്ന് ഈ ധൈര്യമില്ലാത്തവന് പറയാൻ സാധിച്ചില്ല. 

ഇപ്പൊ പറയുന്നു "എന്റെ പേര് റാം".

Srishti-2022   >>  Short Story - Malayalam   >>  എൻറെ പുസ്തകം

Aswany Ajith

UST

എൻറെ പുസ്തകം

കൊറോണക്കാലത്തെ അത്ര പരിചയമില്ലാത്ത ഒരു ജോലി സാധ്യതയെ കുറിച്ച് ഞാൻ പറയാം
പഠിക്കുമ്പോൾ തന്നെ വിവാഹിതയാവുകയും അത് പൂർത്തിയായ ഉടനെ ഒരു അമ്മയെ ആവുകയും ചെയ്ത ഒരു പെണ്ണിൻറെ കഥ . രാവിലത്തെ കാപ്പിയും ഉച്ചയ്ക്കത്തെ ഊണ് എന്തിനു പറയുന്നു അമ്മായിയപ്പൻ പ്രഷറിന് ഗുളിക വരെ തൊട്ടടുത്ത ടേബിളിൽ വെച്ചിട്ട്

കോളേജിൽ പോകാൻ. അധികം വൈകേണ്ട വന്നില്ല രാവിലെ കോളേജിലേക്കുള്ള ബസിന്ടെ ഓട്ടപ്പാച്ചിലിൽ തിരക്കുകൾ തീർന്നപ്പോഴേക്കും എൻറെ മാറിൽ അമ്മിഞ്ഞ ഗന്ധം വന്നുതുടങ്ങിയിരുന്നു.പുസ്തകങ്ങൾ വിൽക്കുന്ന വലിയ ബാഗിൽ നിന്നും ഡയപറും പാൽ കുപ്പിയും  മാറ്റപ്പെട്ട ഒരു പരിവർത്തനം.കൂടെ പഠിച്ച കൂട്ടുകാർ ഒക്കെ പലവിധ ജോലിക്ക് പോയി തുടങ്ങിയപ്പോഴും എൻറെ മുമ്പിൽ ഡോറയും ബുജിയും പിന്നെ കുറച്ച് ബിസ്ക്കറ്റും പാലും ഒക്കെയായി.കുഞ്ഞിന് ആറുമാസം ആയപ്പോഴേക്കും അടുത്തുള്ള ഒരു സ്കൂളിൽ ഒരു ചെറിയ ജോലിക്ക് പോയി തുടങ്ങി എങ്കിലും അധിക ദിവസം എനിക്ക് ചെയ്യേണ്ടി വന്നില്ല.അപ്പോഴേക്കും അമ്മായിയപ്പനെ പ്രഷറും അമ്മായിഅമ്മ ഷുഗർ പിന്നെ ഉണ്ണിക്കുട്ടനെ പാലും ബിസ്കറ്റും എല്ലാം ഒരു വിധം ആയിരുന്നു.ജോലി എന്ന സ്വപ്നം അതോടെ തീർന്നു.10 18 വർഷം ഇന്ത്യൻ വേണ്ടി പഠിച്ചു എന്ന് ആലോചിക്കാൻ ഉള്ള സമയം ദൈവം സഹായിച്ചു എനിക്ക് കിട്ടിയിരുന്നില്ല ഭർത്താവിനെ കോഫി രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് എല്ലാം അത് മുങ്ങി പോയിരുന്നു.വർഷങ്ങൾ പോയി ഇഴഞ്ഞു നടന്നു മകൻ നടക്കാൻ തുടങ്ങി പതിയെ എൻറെ നെഞ്ചിലെ അമ്മിഞ്ഞ മണം മാറിത്തുടങ്ങി.ആയിടയ്ക്കാണ് കൊറോണ വന്നത് ടെസ്റ്റ് മുതൽ ഇൻറർവ്യൂ കഴിഞ്ഞ് ജോലി വരെ ഓൺലൈൻ ആക്കിയ സമയം വെറുതെ ഒന്ന് ശ്രമിച്ചതാണ് ഇതിനായി ഒരു ദിവസത്തെ പ്രഷർ ഗുളിക യും പാലും ബിസ്കറ്റും രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ഒന്നും കൊടുക്കണ്ടല്ലോ.അപ്പോഴാണ് ആരോ എവിടുന്ന് ഷെയർ ചെയ്ത് കൈയിൽ എത്തിയ ഒരു വേക്കൻസി ഒരു ക്ലിക്കും ഒരു മെയിലും പിന്നെ കുറച്ച് പ്രൊസീജിയർ സും എല്ലാം കൂടിയായപ്പോൾ കേരള സ്വപ്നത്തിൽ പോലും വിചാരിക്കാത്തസാലറി യുമായി ഒരു ജോലി.നാളെ മുതൽ തന്നെ വീട്ടിലിരുന്നു ലോഗിൻ ചെയ്തോളാൻ.ഇപ്പോൾ പ്രഷറിന് ഗുളിക എന്ത് സ്വപ്നവും ഒറ്റയടിക്ക്.കൊറോണ വന്നതുകൊണ്ട് നാളുകൾ പോയത് അറിയേണ്ടി വന്നില്ല ഇപ്പോൾ എൻറെ മോൻ യുകെജി ഓൺലൈനായി പഠിക്കുന്നു.ഓഫീസിന് അവരുടെ ജോലി ചെയ്യാൻ എനിക്ക് തന്ന ലാപ്ടോപ് വാങ്ങാൻ പോലും എനിക്ക് എൻറെ വീടിന് പുറത്തേക്കിറങ്ങി വന്നില്ല. കൊറോണയും ഡെൽറ്റ ഇപ്പൊ ദാ ഒമിക്രോൺ

വന്നപ്പോഴും അതിൽ മനസ്സുകൊണ്ടെങ്കിലും സന്തോഷിക്കുന്നു കുറച്ചു പേരെങ്കിലും കാണും ഇതുപോലെയുള്ള കുറച്ചുപേർ.ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കുറവായിരിക്കും എൻറെ ടീം മെമ്പേഴ്സ് നും മാനേജർക്കും ഞാൻ ഈ അവസരത്തിൽ നന്ദി പറയുന്നു.ഇതു ഞാൻ ആണെന്ന് ചിലർക്കെങ്കിലും തോന്നിയെങ്കിൽ അത് വെറും യാദൃശ്ചികം മാത്രം

Srishti-2022   >>  Short Story - Malayalam   >>  തത്വമസി - അത് നീയാകുന്നു

Reshmi Radhakrishnan

Wipro

തത്വമസി - അത് നീയാകുന്നു

ചന്ദനത്താൽ പൊതിഞ്ഞ കുഞ്ഞിക്കണ്ണന്റെ രൂപം കണ്മുന്നിൽ നിറഞ്ഞാടുന്നു. നൂറുദീപങ്ങളുടെ പ്രഭയിൽ ശ്രീകൃഷ്ണൻ കത്തിജ്വലിച്ചു നിൽക്കുകയാണ്. അമ്മയുടെ വാക്കിൽ പറഞ്ഞാൽ "ഭഗവാനെ ഈ രൂപത്തിൽ കാണുന്നത് തന്നെ മുജ്ജന്മ സുകൃതമാ ". അതുകൊണ്ടാണല്ലോ എന്നും ഇവിടെ ഇത്രയും തിരക്ക്. "നന്നായി തൊഴൂ മോളെ ". കേട്ടതും കണ്ണടച്ച് ഭഗവാന്റെ തിരുനടയിൽ ഭഗവാനിലലിഞ്ഞു അവൾ നിന്നു. " ഇനി അഞ്ചാം ക്ലാസ്സിലേക്കാണ്. കൃഷ്ണാ കാത്തോളണേ. " പെട്ടന്ന് മറിയാമ്മ ടീച്ചർ പറഞ്ഞത് അവൾ ഓർത്തു.  നമ്മൾ  അപ്പോഴും നമുക്ക് വേണ്ടി മാത്രം പ്രാർത്ഥിച്ചാൽ ദൈവം കേൾക്കില്ല.  എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം. " ഇത്രയും നാൾ എനിക്കു തന്ന എല്ലാ സൗഭാഗ്യങ്ങൾക്കും നന്ദി പറയുന്നു. എല്ലാ തെറ്റുകൾക്കും ക്ഷമ ചോദിക്കുന്നു. ലോകത്തിലെ എല്ലാവർക്കും നല്ലത് മാത്രം വരുത്തണേ. " "അയ്യോ " അവൾ പെട്ടെന്ന് തിരിഞ്ഞു.  " പെട്ടെന്ന്  തൊഴുതു മാറൂ  എന്താ കുട്ടീ നടയിൽ നിന്നു തിരിഞ്ഞു കളിക്കുന്നേ.  വേഗം അങ്ങോട്ട് മാറ് " പോലീസിന്റെ വാക്കുകൾ കേൾക്കാതെ അവൾ അങ്ങനെ സ്തംഭിച്ചു നിന്നു. 

 

"എനിക്ക് തോന്നിയതാണോ? പ്രാർത്ഥിച്ചു നിൽക്കുമ്പോൾ ആരോ പിറകിൽ പിടിച്ച പോലെ.  തോന്നിയതാകും."  "ഭഗവാനെ മാത്രം വിചാരിച്ചു നടക്കൂ മോളെ " എന്ന് പറഞ്ഞു അമ്മ അവളുടെ കൈ പിടിച്ച് തൊട്ടടുത്ത ഗണപതി കോവിലേക്ക് കടന്നു. "ദാ ഈ ചില്ലറ മുഴുവൻ നടയിൽ വെക്കണംട്ടോ " വെക്കാം എന്നർത്ഥത്തിൽ അവൾ തലയാട്ടി. "ഗണപതി,  എല്ലാ തടസങ്ങളും മാറ്റണേ " എന്താ മോളെ കണ്ണടക്കാത്തത്. കണ്ണടച്ച് പ്രാർത്ഥിക്കൂ. " അവൾ ലോകത്ത് ഏറ്റവും വിശ്വസിക്കുന്ന ദൈവത്തിന്റെ അടുത്തായിട്ടും  കണ്ണടക്കാൻ അവൾക്ക് പേടി. എന്നാലും കണ്ണടച്ച് പ്രാർത്ഥിക്കാൻ തുടങ്ങി. "എല്ലാ നന്മകൾക്കും നന്ദി പറയുന്നു. എല്ലാ തെറ്റുകൾക്കും ക്ഷമ ചോദിക്കുന്നു. എല്ലാവർക്കും നന്മ വരുത്ത... " പെട്ടെന്ന് പുറകിലൂടെ അവളുടെ നെഞ്ചിലമർന്ന ബലിഷ്ഠമായ കൈ അവൾ തട്ടിമാറ്റി.അവളുടെ കയ്യിൽ നിന്നും നടയിൽ  വെക്കാൻ  അമ്മ  തന്ന ഉഴിഞ്ഞിട്ട നാണയതുട്ടുകൾ ചിതറി തെറിച്ചു.  "എന്താ മോളെ ഇത്? "  തിരിഞ്ഞു നോക്കിയപ്പോൾ അമ്മ അവളുടെ തല  തിരിച്ചു കൈകൾ കൂപ്പി നിർത്തി.  "പ്രാർത്ഥിക്ക് മോളെ.. കാഴ്ചകണ്ടു നില്കാതെ ". അമ്മ ശകാരിച്ചപ്പോൾ  അതോർത്തല്ലാതെ അവളുടെ കണ്ണുകൾ നിറഞ്ഞു. കയ്യും കാലും വിറക്കാൻ തുടങ്ങി. 

 

കോവിലിനു ചുറ്റും വലം വെക്കുമ്പോൾ അവൾ ആലോചിച്ചു. " ആരാണയാൾ?  എല്ലാവരെയും രക്ഷിക്കുന്ന ഭഗവാന്റെ നടയിലാണ് ഞാൻ. എന്നിട്ടും എനിക്കെന്താണിങ്ങനെ?. ഞാൻ അത്രക്കും തെറ്റുകൾ ചെയ്തോ കൃഷ്ണാ. സങ്കടങ്ങളും പേടിയുമൊക്കെ മാറുന്നത് അമ്പലത്തിൽ വരുമ്പോഴാണ് എന്ന് എല്ലാരും പറയാറുണ്ടല്ലോ.  എനിക്ക് മാത്രം  എന്താ ഇങ്ങനെ.  എന്നെ കാണുമ്പോൾ  എന്താ അയാൾക്ക്‌ ഇങ്ങനെ പിടിക്കാൻ തോന്നുന്നത്? അയാൾ ഇതിനാണോ അമ്പലത്തിൽ വരുന്നത്? ". അമ്മ വീണ്ടും അടുത്ത കോവിലിലേക്ക് അവളെ വിളിച്ചു. " ഞാൻ ഇല്ലമ്മേ. നല്ല തിരക്കാണ്. അമ്മ പൊയ്ക്കോളൂ. ". "ദൈവ ദോഷം പറയല്ലേ മോളെ. ഇങ്ങുവാ ". മനസ്സില്ലാ മനസ്സോടെയും അതിലേറെ പേടിയോടെയും ആദ്യമായി പ്രാർത്ഥിക്കാൻ നിന്നു. പ്രാർത്ഥിക്കുന്ന ദൈവത്തെക്കാൾ വിശ്വാസം തൊട്ടപ്പുറത്ത് നിൽക്കുന്ന പോലീസ് മാമനിലായിരുന്നു.  വീണ്ടും തനിക്കു നേരെ വന്ന കൈകൾ അവൾ പിടിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ അവളുടെ  അമ്മയുടെ ഒരു ഇളയച്ഛന്റെ പോലെ  മുഖമുള്ള ഒരാൾ." ഞാൻ പിടിച്ചേ " എന്ന് വിളിച്ചു കൂവാൻ ആണ് അവൾക്കപ്പോ തോന്നിയത്. പക്ഷേ കയ്യും കാലും അടിമുടി വിറക്കുകയായിരുന്നു.  ആ തിക്കിലും തിരക്കിലും  അവളുടെ ശബ്‌ദം ആരെങ്കിലും കേൾക്കാൻ തയ്യാറാകുമോ എന്നവൾ ഭയന്നു.  കൈ വിറച്ചിട്ടും അയാളുടെ കൈ മുറുക്കി പിടിച്ചു അവൾ അങ്ങനെ സ്തംഭിച്ചു നിന്നുപോയി.  "എങ്ങനെ പറയും?  അമ്പലമാണ്. ഇത്രയും പരിപാവനമായിടം. ദൈവദോഷമുള്ള കുട്ടി എന്ന് പറഞ്ഞു എല്ലാവരും ഒറ്റപെടുത്തും. ബസ്സിൽ ഒരാൾ എന്തോ ചെയ്തെന്നു പറഞ്ഞ നീനയെ പിന്നെ സ്കൂളിൽ കണ്ടിട്ടില്ല.  ആ ഗതി  തന്നെയാകില്ലേ എനിക്കും. " ആലോചിച്ചു നിന്നപ്പോഴേക്കും അവളുടെ കൈ തട്ടി മാറ്റി അയാൾ തിരക്കിനിടയിലേക്ക് മറഞ്ഞു. "കണ്ണടക്കുമ്പോൾ ആ ബലിഷ്ഠമായ കയ്യും അയാളുടെ മുഖവുമാണ് മനസ്സിൽ വരുന്നത്. എങ്ങനെ ഇനി സമാധാനത്തോടെ അമ്പലനടയിൽ നിന്ന് പ്രാർത്ഥിക്കും?  ". 

 

"തൊഴുതു നീങ്ങൂ,  നടയിൽ ഇങ്ങനെ നില്കാതെ " പെട്ടെന്ന് അവൾ കണ്ണു തുറന്നു. തന്റെ മുൻപിൽ ചേർത്തുനിർത്തിയ മകളുടെ കൈ പിടിച്ചു ഗണപതി കോവിലേക്ക് അവൾ നടന്നു. " അമ്മേ അവടെ നല്ല തിരക്കാ.. ഞാൻ ഇല്ല. അമ്മ പൊയ്ക്കോ ". 

ഒരു നിമിഷം അവൾ ഒന്ന് ഞെട്ടി.  18 വർഷങ്ങൾ..  അമ്പലങ്ങൾ മാറി.. വഴിപാട് വിലകൾ മാറി..  മനുഷ്യൻ മാറി.. സാങ്കേതിക വിദ്യകൾ മാറി.. നിയമങ്ങൾ പോലും മാറി..  എന്നിട്ടും തിരക്കിലും ആരും എല്ലായിടത്തും കുട്ടികളെ ഉപദ്രവിക്കാം.. അവർ ആരോടും പറയില്ല എന്ന വിചാരം ആർക്കും മാറിയിട്ടില്ല. ഇന്നും  അമ്പലനടയിൽ നിൽകുമ്പോൾ  ആ  ദുരനുഭവം മാത്രമാണ് ആദ്യം അവളുടെ  മനസ്സിൽ.. 

"മോളെ ആരാ പിടിച്ചത്.. അമ്മയോട് പറ ".  ആ ചേട്ടനാ  അമ്മേ..  തിരക്കിലേക് ചൂണ്ടി അവൾ പറഞ്ഞു. ചന്ദനക്കുറിയിട്ട ഒരു നിഷ്കളങ്കൻ എന്ന് തോന്നിപ്പിക്കുന്ന  ചെറുപ്പക്കാരൻ. ഓടി ചെന്ന് "അവന്റെ ഒരു കുറി " എന്ന് പറഞ്ഞതും അവന്റെ മുഖത്തു കൈ പതിഞ്ഞതും ഒരുമിച്ചായിരുന്നു. മകളെ വാരിയെടുത്ത് പിൻവാതിൽ നോക്കി അവൾ നടന്നു. 

"ദൈവങ്ങളും മനുഷ്യരും വെറും വിഗ്രഹങ്ങൾ മാത്രമാകുമ്പോൾ നമ്മൾ സ്വയം ദൈവമാകണം.  മോളെ.  അമ്പലങ്ങളിൽ മോളു കണ്ടിട്ടില്ലേ തത്വമസി  എന്ന്.  "

Srishti-2022   >>  Short Story - Malayalam   >>  മഴ നന്മകളായി നമുക്കിടയിൽപെയ്ത കാലങ്ങൾ

Ananthakrishnan P N

Digital mesh software pvt.ltd.

മഴ നന്മകളായി നമുക്കിടയിൽപെയ്ത കാലങ്ങൾ

മഴയുടെ താളത്തിൽ ചിരിക്കുന്ന ഓട് മേഞ്ഞ കെട്ടിടത്തിന് താഴെ ജയദേവൻ മാഷ് മലയാളം ക്ലാസ് എടുക്കുന്നു.

"ഈ വാക്യത്തിന്റെ ഒടുവിൽ ഒരു മഴതുടങ്ങും,
ആ മഴയുടെ വക്കത്തെ ഒരു നൗക കാണാം.
ദ്വീപുകൾ എല്ലാം പതുക്കെപ്പതുക്കെ കണ്ണിൽ നിന്ന് മായും, നൗക സഞ്ചരിച്ചുകൊണ്ടിരിക്കും.
തുറമുഖങ്ങളെക്കുറിച്ചുള്ള ഒരു വംശത്തിന്റെ വിശ്വാസം മുടൽമഞ്ഞിൽ പെട്ടുപോകും.
ആ മുടലിലേക്ക് മായും മുൻപ് ഞാനോ മറന്നത്? നിയോ മറന്നത് ?
ഞാൻ ആയിരിക്കാം , മഴക്കാലമല്ലയോ..!"

രാധ ടിച്ചർ പുറത്തുനിന്ന് ക്ലാസ് കേൾക്കുക ആയിരുന്നു.

ഇന്ന്  മാർച്ച് 20 , ഈ അധ്യായന വർഷത്തെ അവസാനത്തെ ക്ലാസ് ആണ്, ക്ലാസ് കഴിഞ്ഞു ജയദേവൻ മാഷ് ഇറങ്ങി വന്നു ,

ടിച്ചറെ ,

സാറേ ,

അവർ പരസ്പരം സംബോധന ചെയ്തു , രണ്ടു സംബോധനകൾ , ഒരു വ്യാഴവട്ടത്തിന്റെ പരിജയത്തിന്റെ , വേർപിരിയലിന്റെ , എല്ലാവികാരങ്ങളും ആ സംബോധനകളിൽ ഉരുകികലർന്നിരുന്നു.

കോരിച്ചൊരിച്ചിലിൽ നിന്ന് ചാറ്റലിലേക്ക് എത്തിയ മഴ നനഞ്ഞു അവർ ക്ലാസ്സിൽ നിന്ന് ഇറങ്ങി നടന്നു , അവരെ കടന്ന് ഒരു പറ്റം കുട്ടികൾ ഓടിപ്പോയി,  നനഞ്ഞ തെങ്ങിൻ തടങ്ങളിൽ നിന്ന് ഇയ്യൽ കൂട്ടം പറന്ന് ഉയർന്നു.

സംബോധനകൾക്ക് ശേഷം അവർ ഒന്നും സംസാരിച്ചില്ല,അവർക്കിടയിൽ മൗനം   പെയ്തുതീർന്ന കാലവർഷങ്ങളുടെ ഒഴുകാത്ത വെള്ളംപോലെ തളം കെട്ടി കിടന്നു.

പന്ത്രണ്ടാം ക്ലാസിലെ കുട്ടികളും ആയി റിസർവ് ഫോസ്റ്റിലെ അവധിക്കാല പഠന ക്യാമ്പിൽ പങ്കെടുക്കവേ കാടിനു നടുവിലെ ജലാശയത്തിലൂടെ അവർ ഒരുമിച്ചു  നടത്തിയ തോണിയാത്രയെക്കുറിച്ചു ഓർത്തു പരസ്പരം പുഞ്ചിരിച്ചു.

നടത്തത്തിന് ഇടയിൽ ടിച്ചറുടെ ഇടത്തെ കയ്യിലെ കരിവളകളിൽ ചിലതിൽ അറിയാതെ വിരൽ കൊണ്ടപ്പോൾ മാത്രം ജയദേവൻ മാഷ് പറഞ്ഞു,
Sorry!

പൊതു നിരത്തിലെ വിപരീത ദിശകളിലെ ബസ്സ്റ്റോപ്പുകളിലേക്ക് നീങ്ങും മുൻപ്  അവർ പരസ്പരം നോക്കി , അവസാനം ആയി ചിരിച്ചു.

24 വർക്ഷങ്ങൾക്ക് ശേഷം ഇന്ന് മാർച്ച് 20, വാർധക്യതത്തിന്റെ അവസാനത്തെ നരയിടുക്കങ്ങളുമായി പത്രം എടുത്ത ജയദേവൻ മാഷ് പതിവുപോലെ 8ആം പേജിലേക്ക് കണ്ണോടിച്ചു , പതിവ് തെറ്റിയിട്ടില്ല ,
"24 - ആം ചരമ വാർഷികം  ,  പക്ഷെ ഒരു വെത്യാസം ഉണ്ടായി , പതിവായി നൽകാറുള്ള ഫോട്ടോ ക്ക് പകരം രാധയുടെ പഴയ, കുട്ടിക്കാലത്തെ ഫോട്ടോയാണ് , പടർന്ന കൺമഷി കണ്ണുകളും , പാൽപ്പാട ചുണ്ടുകളും കണ്ട് അന്ന് ആദ്യമായി അയാൾ കരഞ്ഞു.

Srishti-2022   >>  Short Story - Malayalam   >>  സുഹൃത്ത്

Farshadudheen k

Phases

സുഹൃത്ത്

' എടാ..  നീ  ഇറങ്ങുന്നില്ലേ.. '  
   സത്യം പറഞ്ഞാൽ  ഹരിയുടെ  ചോദ്യത്തിൽ  നിന്നാണ്  സമയം  എന്തായി എന്നുള്ള ഒരു ബോധം  എങ്കിലും  വന്നത്.. 
 'ഇപ്പൊ ഇറങ്ങുമെടാ   ഈ പോയിന്റ്  ഒന്ന്  കമ്മിറ്റ്  ചെയ്തോട്ടെ..'  
അവനെ ഒന്ന്  തിരിഞ്ഞു പോലും  നോക്കാതെയാണ് ഇത്രയും   പറഞ്ഞത്..  
 ആദ്യമൊക്കെ നേരത്തെ ഇറങ്ങുമായിരുന്നു..  അന്നൊക്കെ ലാപ്ടോപ്പും കൂടെ കൂട്ടും.. വീട്ടിലിരുന്നു  ചെയ്യാറായിരുന്നു  പതിവ്..  പിന്നെ  പിന്നെ അതിനോടൊരു മടുപ്പായി.. വേറൊരു  കാരണം കൂടെയുണ്ട്.. 
  വൈകുന്നേരം  വരെ ഇതിന്  മുമ്പിൽ  കുത്തിയിരുന്ന്  വീട്ടിലെത്തിയാലെങ്കിലും  നിനക്കിത്  ഒഴിവാക്കികൂടെ  എന്ന  സുഹൃത്തിന്റെ ചോദ്യത്തിൽ നിന്നുള്ള ഒരു പ്രചോദനം എന്നും  പറയാം.. 
സമയം  ഏഴുമണി    ആകാറായി...  ഇപ്പോഴെങ്കിലും  ഇറങ്ങിയാലേ  ഒമ്പതു  മണിക്ക് മുമ്പെങ്കിലും വീട്ടിലെത്താൻ കഴിയൂ.. ഒന്നര മണിക്കൂറോളം ദൂരമുണ്ട്  വീട്ടിലേക്ക്..
ഒരു വിധം  കഴിയാറായി  എന്ന് തോന്നയപ്പോഴേക്ക്..  അടുത്ത  ബഗ്ഗ്‌  കാണിക്കുന്നുണ്ടാകും... കഴിഞ്ഞ ദിവസം ടെസ്റ്റിംഗിന് പോകേണ്ട  പോയിന്റായിരുന്നു    ഇത് വരെയും കൊടുക്കാൻ പറ്റിയിട്ടില്ല.. ഇനിയും ഇതിന് മുന്നിൽ   ഇരിക്കാൻ  വയ്യ    ഇനിയിപ്പോ എന്തായാലും  വയ്യ   നാളെ നേരത്തെ നോക്കാം..  
ലാപ്ടോപ്പും  മടക്കിവെച് ബാഗുമെടുത്തു ഇറങ്ങി.. 
ഇന്നാണെൽ  പതിവിലേറെ  നേരം  വൈകിയിട്ടുണ്ട്. ബസ് കിട്ടിയാൽ മതിയായിരുന്നു.. 
 നേരത്തെ  ഇറങ്ങുവാണേൽ   കണ്ണൂർ - ഷൊർണുർ  പാസഞ്ചറാണ് ആശ്രയം.. ട്രെയിനിൽ  യാത്ര  ചെയ്യാൻ ഒരു പ്രത്യേക രസമാണ്..  തിക്കും  തിരക്കുമൊന്നുമില്ലാതെ ഇടക്കൊന്ന് മയങ്ങി..    കയ്യിലൊരു പുസ്തകവും കൂടി  ഉണ്ടേൽ  അന്തസ്സായി.. ഇടക്ക് ചെറുതായി ലേറ്റായി വരുന്നതൊഴിച്ചാൽ ആളൊരു മിടുക്കനാണ്...  
 നേരത്തെ ഇറങ്ങിയാലുള്ള കാര്യമാണ് ഇത്രേം വലിച്ചു നീട്ടി പറഞ്ഞത്... നേരെ തിരിച്ചാണെങ്കിൽ..  ശരിക്കുമൊരു  ബുദ്ധിമുട്ട്  തന്നെയാണ്.. സീറ്റ്‌  കിട്ടിയാൽ ഭാഗ്യം  എന്ന് തീർത്തു പറയാം..  ചില സമയത്ത് കാല് കുത്താൻ പോലുമുള്ള ഇടം കിട്ടാറില്ല.. 
ബസ്റ്റോപ്പിൽ അധിക നേരം നിൽക്കേണ്ടി വന്നില്ല.. മുമ്പിലൊരു ബസ്  വന്നു  നിർത്തി..  കാല് കുത്താൻ പോലുമുള്ള ഇടമില്ല.. സീറ്റും  നോക്കി നിന്നാൽ ഇന്ന് വീട്ടിലെത്തില്ല..  എങ്ങനെയോ..  തിക്കി തിരക്കി ഉള്ളിലോട്ടു കയറി...
സീറ്റ്‌  കിട്ടിയാൽ  അഞ്ചു  മിനിറ്റുനിള്ളിൽ തന്നെ ഉറങ്ങിത്തുടങ്ങും..
 തിരക്കാണേൽ പിന്നെ  പറയേണ്ട സമയത്തെത്താനുള്ള ബസിന്റെ മരണപ്പാച്ചിലിനിടയിൽ ബാലൻസ് ചെയ്യാൻ  വേണ്ടി ഒരു അഭ്യാസി കണക്കെ ബസ്സിന്റെ കമ്പിയിൽ പിടിച്ചു നിക്കേണ്ട അവസ്ഥ.. 
 കക്കാട് വരെ എത്തിയപ്പോഴേക്കും കുറച്ചു  തിരക്കൊഴിഞ്ഞു.  ശ്വാസം വിട്ടു നിൽക്കാം എന്ന ഒരവസ്ഥയായി. 
ചുറ്റുമുള്ള  സീറ്റിലേക്കൊന്ന് കണ്ണോടിച്ചു.. എല്ലാം നല്ല ഉറക്കത്തിലാണ്..  ഇപ്പോഴടുത്തൊന്നും  സീറ്റ്‌ കിട്ടുമെന്ന് തോന്നുന്നില്ല...  പിന്നത്തെ  ഒരാശ്വാസം  ഫോണാണ്.. ഫോൺ കയ്യിലെടുത്തു കുറച്ചു നേരം അതിൽ കളിച്ചിരുന്നു..  പിന്നെ അതും  ഒരു ബോറടിയായി.. 
 പെട്ടെന്ന്  ഒന്ന് വീട്ടിലെത്തിയാൽ മതി  എന്ന അവസ്ഥയായി.. നാളത്തെ  വർക്കിനെ കുറിച്ചും മറ്റും ആലോചിക്കുന്നതിനിടയിൽ..  ഒരു കൂട്ടച്ചിരി കേട്ടു.. ഒരു മിനിട്ടിന്  എല്ലാവരുടെയും ശ്രദ്ധ അവിടെക്കായി..
കുറച്ചു  കോളേജ് പിള്ളേരാണ്..  ഒരഞ്ചു പേരുണ്ട്..  എല്ലാവരുടെയും നോട്ടം പതിഞ്ഞത് കൊണ്ടാകണം.. ശബ്ദം പെട്ടെന്ന് തന്നെ കുറഞ്ഞു പോയത്.. 
പെട്ടെന്ന്  ഇവരെ കണ്ടപ്പോ.. ഒരു രണ്ടു വർഷം പിറകിലോട്ടു പോയ പോലെയായി.. 
കുറച്ചു നേരം അവരെ ശ്രദ്ധിച്ചിരുന്നപ്പോ തന്നെ ഒരു കാര്യം മനസ്സിലായി..  അവിടൊരു ചെറിയ ബുള്ളിയിങ് നടക്കുവാണെന്ന്..  കൂട്ടത്തിലൊരുത്തനെ എല്ലാം കൂടിയിട്ട് ഒരു പാവയെപോലെ കളിപ്പിക്കുന്നുണ്ട്..  അവൻ ചെയ്യുന്ന അല്ലേൽ പറയുന്ന ഓരോ കാര്യങ്ങളിൽ പോലും അവനെ ഒരു കോമാളിയാക്കി ചിത്രീകരിക്കുന്നുണ്ട്.. കുറച്ചു നേരം അവനെയൊന്ന് ശ്രദ്ധിച്ചു..  അവഗണനയുടെ ഇടയിലും കൂട്ടുകാർക്കിടയിൽ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ കഷ്ടപ്പെടുന്ന വിളറിയ ഒരു ചിരി അവന്റെ മുഖത്തു കാണുന്നുണ്ട്... ഈ  ചിരി ഇതെന്നോടുള്ള ഒരോര്മപ്പെടുത്തലാണ്. അറിവില്ലാത്ത പ്രായത്തിലാണെങ്കിലും ഇനിയൊരിക്കലും   തിരുത്താൻ കഴിയാത്ത..  തിരുത്താനതിലേറെ ആഗ്രഹിക്കുന്ന ഒരു തെറ്റിനെ കുറിച്..  കുറച്ചു കാലം പുറകിലോട്ട് പോകേണ്ടി വരും..   ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന സമയം..  അഞ്ചാം ക്ലാസ്സു മുതൽ പഠിക്കുന്ന സ്കൂളായത് കൊണ്ട്.  സൗഹൃദങ്ങൾക് ഒരു കുറവുമുണ്ടായിരുന്നില്ല..  ഒമ്പതിലെത്തിയപ്പോഴും  ചുറ്റും എപ്പോഴും ഒരു സൗഹൃദ വലയമുണ്ടായിരിക്കും.. അങ്ങനെയുള്ള ഞങ്ങളുടെയിടയിലേക്കാണ് അവൻ വന്നത്..  ക്ലാസ്സു തുടങ്ങി രണ്ടു മാസം കഴിഞ്ഞാണ് അവൻ വന്നത്..  നേരെ ഫസ്റ്റ് ബെഞ്ചിൽ പോയിരുന്ന  അവൻ രൂപം  കൊണ്ടും ഭാവം കൊണ്ടും എല്ലാം അന്ന് തന്നെ ഒരു കോമാളിയായി ഞങ്ങളുടെയിടയിൽ  ചിത്രീകരിക്കപ്പെട്ടു..  പച്ചക്കുതിര എന്ന പേര് അന്ന് തന്നെ ഞങ്ങളവനു ചാർത്തി കൊടുത്തു.. പഠിക്കാനത്യാവശ്യം മിടുക്കനായിരുന്നത് കൊണ്ടും..  സത്യവാനായിരുന്നത് കൊണ്ടും.  അധ്യാപകർക്ക് അവനെ വലിയ വിശ്വദമായിരുന്നു..  ആ ഒരു കാരണം കൊണ്ട് തന്നെ.. ഞങ്ങളുടെ ചെറിയ ചെറിയ കള്ളത്തരങ്ങളെല്ലാം ഉടനടി സ്റ്റാഫ്‌റൂമിൽ  എത്തിയിരുന്നു.. 
 ഇതവനോട് ഞങ്ങൾക്കുള്ള ദേഷ്യം ഒന്ന് കൂടെ കൂട്ടാനിരയാക്കി.. പിടി  പീരിയഡുകളിലും മറ്റും  അവനൊരിക്കൽ പോലും ഞങ്ങളുടെ കൂടെ കൂടിയിരുന്നില്ല..  അതവന്റെ ആസ്മ പ്രശ്നം കൊണ്ടായിരുന്നോ..  അതോ ഞങ്ങളവനെ കളിക്കാൻ കൂട്ടില്ല എന്ന് കരുതിയിട്ടാണോ എന്നിപ്പോഴുമറിയില്ല.. ഈ പരിഹാസങ്ങൾക്കിടയിലും അവൻ ഞങ്ങളോട് സൗഹൃദം പുലർത്താൻ പരമാവധി അവൻ ശ്രമിച്ചിരുന്നു..  വിളറിയ ആ ചിരി പലപ്പോഴും അവന്റെ മുഖത്തു പ്രകടമായിരുന്നു..  അത് ഞങ്ങൾക്കൊരാവേശമായിരുന്നു അന്നൊക്കെ..  മറ്റുള്ളവരെക്കാൾ കുറച്ചു കൂടെ എനിക്കവനെ അറിയാമായിരുന്നു.. വീടിനടുത്തുള്ള ട്യൂഷൻ സെന്ററിൽ ഞാനും അവനും ഒരുമിച്ചായിരുന്നുണ്ടായിരുന്നത്.. പരസ്പരം പരിചയമുള്ളത്  ഞങ്ങൾ രണ്ടു പേർക്ക് മാത്രം..  ഇവൻ എന്റെ സുഹൃത്താണെന്ന് പറയാനുള്ള മടി കൊണ്ടും മറ്റും ഞാൻ മാറി നടന്നിട്ടുണ്ട്.. 
 അതിലേറ്റവും നശിച്ച ഒരു നിമിഷം ഏതെന്നാൽ.  ഒരിക്കൽ ട്യൂഷൻ കഴിഞ്ഞു വരുന്ന വഴി..  ഞങ്ങൾ കുറച്ചു പേർ സംസാരിക്കുന്നതിനിടയിൽ ഇവൻ കയറി വന്നു..  ഞങ്ങൾ ഒരു ക്ലാസ്സിലാണെന്നു പറഞ്ഞു  എന്റെ തോളിൽ കൈ വെച്ചു.. ഉടനെ ആ കൈ ഞാൻ തട്ടി മാറ്റി.. ഒരു നീരസം പ്രകടിപ്പിച്ചു കൊണ്ട്  പെട്ടെന്ന് ഞങ്ങൾ അവിടെ നിന്ന്  മാറി നിന്നു .  അന്നവന്റെ  മുഖത്തു വന്ന ആ ഒരു നിരാശ  എവിടെയൊക്കെയോ ഒന്ന് കൊണ്ട പോലെ..  തോന്നി. പ്രായത്തിന്റെ ചാപല്യത്തിൽ അന്നത് മനസ്സിലാകാതെ പോയി.. പിന്നെ പത്താം ക്ലാസ്സിൽ ഞാനും അവനും വേറെ വേറെ ക്ലാസ്സിലായി..  വല്ലപ്പോഴും അവനെ കാണാറായി പിന്നെ..  ഇതിനിടയിലെല്ലാം..  അവനെ കളിയാക്കുന്നതിലൊന്നും ഒരു വിട്ട് വീഴ്ചയും വരുത്തിയിരുന്നില്ല.. പത്താം ക്ലാസും കഴിഞ്ഞ്..  പ്ലസ് വൺ ക്ലാസ്സു തുടങ്ങിയ സമയം..  രണ്ടു മാസമേ ആയിട്ടുള്ളു ക്ലാസ്സു തുടങ്ങിയിട്ട്.. ആരുമായും അധികം അടുപ്പമായിട്ടില്ല..  അങ്ങനെയിരിക്കെയാണ്..  ആ വാർത്ത വന്നത്.. ആദ്യമൊന്നും വിശ്വസിക്കാൻ പറ്റിയില്ല..  അവൻ പോയിന്ന്..  ആസ്മ കൂടി കുറച്ചു നാളായി ഹോസ്പിറ്റലിൽ ആയിരുന്നു  അവൻ..  അവിടെ നിന്നു തന്നെ അവൻ പോയി.. അറിഞ്ഞപോ തന്നെ എന്തൊക്കെയോ ഒരു കുറ്റബോധം പോലെ..  ഒരു  ആഴ്ച കഴിഞ്ഞ് ഞങ്ങൾ കുറച്ചു പേർ അവന്റെ വീട്ടിലേക്കു പോയി..
  വീടെന്നോന്നും  പറയാൻ പറ്റില്ല..  മേൽക്കൂരയില്ല..  പകരം ടാർപോളിൻ കൊണ്ട് മറച്ചിരിക്കുകയാണ്..  നിലമൊന്നും തേക്കാതെ നല്ലൊരു വാതിലു  പോലുമില്ല..   ഒരു നിമിഷം ഞങ്ങളെല്ലാം ഒന്ന് പരസ്പരം നോക്കി..  ആരും ഒന്നും പറഞ്ഞതുമില്ല..  അമ്മയും അച്ഛനും അനിയനും മാത്രമുള്ളു..  അവന്റെ കൂടെ പഠിച്ചതാണെന്  ആ അമ്മയുടെ കണ്ണൊന്നു നിറഞ്ഞു ഒന്ന് വിതുമ്പി..  ആകെ വല്ലാതായിപോയ ഒരു അവസ്ഥയിലായിരുന്നു.  ഞങ്ങൾ.. മോനെ പ്പറ്റി എന്റെ ഉണ്ണി എപ്പോഴും പറഞ്ഞിട്ടുണ്ട്..  നിങ്ങളൊരുമിച്ചല്ലേ ട്യൂഷൻ പോയിരുന്നത്.. നിങ്ങളെല്ലാവരെ കുറിച്ചും. ക്ലാസ്സിലെ കാര്യങ്ങളെല്ലാം അവൻ പറയും..  നിങ്ങൾ കളിയാക്കുന്നതിനെ കുറിച്ചുമെല്ലാം..  നിങ്ങളെയൊക്കെ അവനു വലിയ കാര്യമായിരുന്നു.. എന്ന് പറഞ്ഞു ആ അമ്മയുടെ കരച്ചിൽ ഇന്നും..  ഉള്ളിൽ നിന്ന് പോയിട്ടില്ല.. കണ്ണു കലങ്ങിയാണ് അവിടെ നിന്ന് പടിയിറങ്ങിയത്.. 
 കാലമെത്ര. കഴിഞ്ഞാലും...  ഒരു മുറിവായി അവൻ കൂടെ തന്നെയുണ്ട്.. പിന്നീടിന്ന് വരെ ഒരാളെ പോലും അവരുടെ രൂപവും ഭാവവും നോക്കി അകറ്റി നിർത്തിയിട്ടില്ല.. 
വളാഞ്ചേരി   ഇറങ്ങുന്നില്ലെന്ന് കണ്ടക്ടറുടെ ചോദ്യത്തിൽ നിന്നാണ്.. പരിസര ബോധം വന്നത്... ബസ്സിൽ നിന്നിറങ്ങി നടക്കുമ്പോഴും മനസ്സിൽ നിന്നാ കാര്യങ്ങൾ പോയിട്ടില്ല.. 
ഒരിക്കലെങ്കിലും ഇനിയൊരു   ഒരു സെക്കന്റ്‌  ചാൻസ്  കിട്ടിയിരുന്നെങ്കിൽ.  അവനെ    ഒന്ന് ചേർത്ത് പിടിക്കാൻ.. അവന്റെ തോളിൽ കൈ വെച്ച് ഒരുമിച്ച് നടക്കാൻ ഒരവസരം കൂടി ലഭിച്ചിരുന്നെങ്കിൽ...

Srishti-2022   >>  Short Story - Malayalam   >>  ആ സ്നേഹമിഴികൾ

ആ സ്നേഹമിഴികൾ

"ഏട്ടാ, മോളുടെ മുടി ഒന്ന് വെട്ടണം, പിറകിലൊക്കെ ജട  പിടിക്കാൻ തുടങ്ങി. മൊട്ട അടിച്ചോളൂ. ഇതിന് മുൻപ് ഒരു വർഷം മുൻപല്ലേ വെട്ടിയത് "

 

മീനുവിന്റ വാക്കുകൾ എനിക്ക് ഒരു ചെറിയ ടെൻഷൻ ഉണ്ടാക്കി. എന്നാലും ഞാൻ ശരിയെന്നു  പറഞ്ഞു.

 

നിവി മോൾക്ക്‌ രണ്ട് വയസ്സായി, അപ്പോഴാണ് മീനു രണ്ടാമത്  പ്രെഗ്നന്റ് ആകുന്നത്. അതറിഞ്ഞത്  മുതൽ നിവി മോളുടെ ഓരോ കാര്യവും എനിക്ക് കൈകാര്യം ചെയ്യാൻ ടെൻഷൻ ആണ്.അവളുടെ എല്ലാ കാര്യവും,ഇത്രയും നാള് ചെയ്തുകൊണ്ടിരുന്നത്  മീനു ആണ്.  ഒരാഴ്ച മുൻപാണ് മീനുന്റെ പ്രെഗ്നൻസി കാര്യങ്ങൾ ടെസ്റ്റ്‌ ചെയ്തു മനസ്സിലായത്. ഡോക്ടർ റസ്റ്റ്‌ പറഞ്ഞതിനാൽ ഭാരിച്ച   ജോലികൾ ചെയ്യിപ്പിക്കാൻ പറ്റില്ല. ഒരു കാര്യത്തിനും അമ്മയെ കിട്ടാത്തതിനാൽ നിവി മോൾക്കാണെങ്കിൽ നല്ല വാശിയും.  മീനുവിന്, ഞാൻ വർക്ക്‌ ഫ്രം ഹോം ആണെന്നുള്ളത് ആശ്വാസമാണെങ്കിലും, നിവി മോളുടെ ദൈനദിന കാര്യങ്ങൾ എങ്ങനെ വാശി പിടിപ്പിക്കാതെ ചെയ്യും എന്നാലോചിച്ചാണ് എനിക്ക് ടെൻഷൻ. അമ്മയില്ലാത്തതിന്റെ വില ഇപ്പോഴാണ് ശരിക്കും അറിയുന്നത്.

 

എല്ലാ ദിവസവും രാവിലെത്തോട്ടു വാശിയാണ്, നിവി മോൾക്ക്‌ പല്ല് തേയ്ക്കാനും, പാല്  കുടിക്കാനും, കുളിപ്പിക്കാനും കഴിപ്പിക്കാനും ഒക്കെ. ഓരോ ദിവസവും രാവിലെ ഇത് എങ്ങനെ ചെയ്യിക്കും എന്നുള്ള ടെൻഷനിൽ  ആണ് എഴുന്നേൽക്കുന്നത്. എന്തായാലും ഇന്നത്തേക്കുള്ള അധിക ടെൻഷൻ ആയി.

 

ഒരു വർഷം മുൻപ് ബ്യൂട്ടി പാർലറിൽ പോയിട്ടാണ് മുടി വെട്ടിയത്.  ഹോ അന്ന് മീനു പറഞ്ഞിട്ട് പോലും നിവി മോള് കരച്ചിൽ നിർത്തിയില്ല. കരച്ചിൽ കാരണം വൃത്തിയായിട്ട് വെട്ടാനും കഴിഞ്ഞില്ല. അത് ആലോചിക്കുമ്പോൾ ഇപ്പോൾ എങ്ങനെ ഇതൊക്കെ ചെയ്യും എന്ന് ആലോചിച്ചു നല്ല ടെൻഷൻ ഉണ്ട്. ഇത്തവണ ബാർബർ ഷോപ്പിൽ കൊണ്ട് പോകാം എന്ന് ഞാൻ വിചാരിച്ചു.  ഒരു സഹായത്തിന്  അച്ഛനും വരട്ടെ. അച്ഛനോട് റെഡി ആയിക്കോളാൻ ഞാൻ ആവശ്യപ്പെട്ടു. 

 

ഒരു ദിവസം മീനു എടുക്കണം എന്ന് പറഞ്ഞു നിവി മോള്‌ നല്ല കരച്ചിലായിരുന്നു. കരഞ്ഞു  കരഞ്ഞു അവസാനം അത് ഛർദിലായി മാറി. കണ്ടു നിന്ന അച്ഛനും ഞാനും പേടിച്ചു പോയി.

 

മുടിവെട്ടുമ്പോൾ കരഞ്ഞു കരഞ്ഞു ഛർദിക്കാതിരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. അതുകൊണ്ട്  ഞാൻ ഒരു പ്ലാസ്റ്റിക് കവർ സ്കൂട്ടറിലേക്ക് എടുത്ത് വച്ചു.

 

ഈ ഈയിടെ ആയി മാസ്ക് ഇട്ടു കൂടെ സ്കൂട്ടറിൽ വരാൻ മോൾക്ക്‌ നല്ല ഇഷ്ടമാണ്. അപ്പോൾ ടാറ്റാ പോകുകയാണെന്നു പറഞ്ഞാൽ  കൂടെ വന്നോളും.

 

ഇത് പോലെ ഒരു ദിവസം പുറത്തേക്കു സാധങ്ങൾ മേടിക്കാൻ പോയപ്പോൾ, കുറച്ചു നേരത്തെക്കല്ലേ എന്ന് വിചാരിച്ച്, ഡയപ്പർ ഇടീച്ചില്ല. പക്ഷെ കടയിലെത്തിയപ്പോൾ അവളെനിക്ക് പണി തന്നു. " അച്ഛാ, പിസ്സ് " ഇതാണ് കോഡ്. എന്നിട്ട് കാര്യം സാധിക്കും. ഹോ! അന്ന് ഞാൻ ശരിക്കും പ്രയാസപ്പെട്ടു. പിന്നെ, വീട്ടിലുണ്ടായിരുന്നിട്ടും എനിക്ക് വേറെ ഡയപ്പറും, നിക്കറും മേടിക്കേണ്ടി വന്നു,

 

നിവി മോളെ അടക്കി നിർത്താൻ പറ്റുന്ന ഏറ്റവും നല്ല ഉപാധിയാണ് യൂട്യൂബിൽ ഞാൻ ഇടയ്ക്ക് കാണിക്കുന്ന കാത്തു എന്നാ പൂച്ചയുടെ കാർട്ടൂൺ. അത് കണ്ടുകൊണ്ടിരിക്കുമ്പോൾ പിന്നെ ചുറ്റുമുള്ളതൊന്നും അവളുടെ  കണ്ണിൽപ്പെടില്ല, അതാണ്‌ എന്റെ പ്രധാന  ബലം. ബാർബർ ഷോപ്പ് എത്തുമ്പോൾ കാത്തുവിന്റെ കാർട്ടൂൺ കാണിക്കാം എന്നുള്ള ധാരണയിൽ, ഞാൻ അതിനെ വിശ്വസിച്ചിരുന്നു.

 

ഇങ്ങനെ ജെയിംസ് ബോണ്ട് സ്റ്റണ്ടിനു മുൻപ് പോകുന്നത് പോലെ ഉള്ള തെയ്യാറെടുപ്പുകളായിട്ടാണ് ഞാൻ ഇറങ്ങിയത്. കാര്യങ്ങൾ മീനുനും  അച്ഛനും വിശദീകരിച്ചപ്പോൾ മീനു ഒന്നും മിണ്ടിയില്ല. ഒരു പക്ഷെ എന്റെവസ്ഥ  അറിയാവുന്നതുകൊണ്ടായിരിക്കും. 

 

"ശരി ശരി, ഇവൻ SSLC ക്കു പോലും ഇത്രേം ടെൻഷൻ അടിക്കുന്നത് ഞാൻ കണ്ടട്ടില്ല " അച്ഛൻ അതിനിടക്ക് ഗോൾ  അടിച്ചു.

 

നിവി മോളെ ഡയപ്പറും ഡ്രെസ്സും, മാസ്ക് ഒക്കെ ധരിപ്പിച്ചു റെഡിയാക്കിയിരുത്തി. അച്ഛനോട് സ്കൂട്ടർ ഓടിക്കാൻ ആവശ്യപ്പെട്ട്, ഞാനും മോളും പിറകിൽ  ഇരുന്നു.

 

ബാർബർ ഷോപ്പ് എത്തിയപ്പോൾ, വേഗം യൂട്യൂബ്  എടുക്കാനായി മൊബൈൽ എടുത്തു. സ്വിച്ച് ഓൺ ചെയ്യാൻ നോക്കിയപ്പോൾ, എന്ത് ചെയ്തിട്ടും ഓൺ ആയില്ല.

 

" അച്ഛാ, മൊബൈൽ  എടുത്തിട്ടുണ്ടോ? " ഞാൻ അച്ഛനോട് ടെൻഷനോടെ ചോദിച്ചു.

 

"ഈ അടുത്തുവരെ വന്നാൽ മതിയല്ലോ എന്നു വിചാരിച്ച് ഞാൻ മൊബൈൽ എടുത്തില്ല " അച്ഛൻ മറുപടി പറഞ്ഞു 

 

"ഹോ! അല്ലേലും പ്രശ്നം വരുമ്പോൾ എല്ലാം കൂടി ഒരുമിച്ചേ വരൂ " ഞാൻ മനസ്സിൽ ചിന്തിച്ചു. പരീക്ഷക്ക്‌ question പേപ്പർ കിട്ടുമ്പോൾ, പഠിച്ച questions ഒന്നും വരാത്ത ഒരാളുടെ മാനസികാവസ്ഥ ആയിരുന്നു അപ്പോൾ എനിക്ക്. 

 

വരുന്നത് വരട്ടെ എന്നാ കാഴ്ചപ്പാടിൽ ഞാൻ ബാർബർ ഷോപ്പിന്റെ ഉള്ളിൽ കയറി. അധികം തിരക്കില്ലാതിരുന്നതിനാൽ, പെട്ടെന്ന് തന്നെ ഇരിപ്പിടം കിട്ടി.

 

"മോളുടെ തല മൊട്ടയടിച്ചോളൂ" ഞാൻ ആവശ്യം അറിയിച്ചു

 

മോളെ ഒറ്റയ്ക്ക് ഇരുത്തിയാൽ മതിയല്ലോ എന്നാ ധാരണയിൽ നിവി മോളെ, ഞാൻ പൊക്കിയെടുത്തു. ആ ശ്രമം തടഞ്ഞുകൊണ്ട്, ബാർബർ ഷാപ്പുകാരൻ പറഞ്ഞു, " കൊച്ചിനെ ഒറ്റക്ക് ഇരുത്താൻ പറ്റില്ല റിസ്ക് ആണ്, കുതറി മാറും. താങ്കൾ ഇരുന്നിട്ട് കൊച്ചിനെ മടിയിൽ വയ്ക്കു. അതാണ്‌ ഞങ്ങൾ ചെയ്യിപ്പിക്കാറ് "

 

അത് ഒരു നല്ല കാര്യാമായിട്ട് എനിക്ക് തോന്നി. ഓക്കേ എന്ന് പറഞ്ഞു, മോളെ മടിയിൽ വച്ചു ഞാൻ കസേരയിൽ കയറി ഇരുന്ന്. കരഞ്ഞാൽ, എന്തും ചെയ്യാൻ ഞാൻ റെഡി ആയിരുന്നു.

 

പക്ഷെ പിന്നെ ഞാൻ അങ്ങോട്ട്‌ അത്ഭുതപ്പെട്ടു. ബാർബർ ഷോപ്പിൽ കയറുമ്പോഴും, മറ്റുള്ളവരുടെ മുടി വെട്ടുമ്പോഴും, കസേരയിൽ എന്നോടൊപ്പം, ഇരുന്ന് മുടി വെട്ടുമ്പോഴും അവൾ കരഞ്ഞില്ല. മുടി വെട്ടി കഴിയുന്നത് വരെ അവൾ അവളെ തന്നെ കണ്ണാടിയിൽ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

 

എല്ലാം കഴിഞ്ഞപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു "ഇതിപ്പോൾ വളരെ ഈസി ആയിപ്പോയല്ലോ?"

 

" കാര്യം നിസ്സാരം, അല്ലേ? നമ്മുടെ ജീവിതത്തിൽ ഒട്ടുമിക്ക കാര്യങ്ങളും ഇങ്ങനെ ആണ്. ഒരു കാര്യം നേരിട്ടാലല്ലേ, പ്രശ്നം വിഷമമുള്ളതാണോ അതോ എളുപ്പമുള്ളതാണോ എന്ന് അറിയൂ. അപ്പോൾ നാം, പ്രശ്നങ്ങൾ നേരിടാൻ ഭയക്കരുത്. പിന്നെ നിവി മോളുടെ കാര്യം. നീ ആ ടെൻഷൻ മാറ്റിവച്ചിട്ട്, മനസ്സിലുള്ള മുഴുവൻ സ്നേഹം വച്ചു അവളുടെ കാര്യങ്ങളിൽ ഇടപെട്ട് നോക്കിക്കേ, കാര്യങ്ങളിൽ വ്യത്യാസമുണ്ടാകും. ആ കണ്ണുകൾ ഒന്ന് നോക്കിക്കേ, ഒരിറ്റു സ്നേഹമല്ലേ മോള്‌ ആ കണ്ണുകളിൽ കൂടെ ചോദിക്കുന്നുള്ളു. അത് നിന്റെ അടുത്ത് നിന്ന് കിട്ടാത്തതുകൊണ്ടല്ലേ അമ്മയുടെ അടുത്ത് പോകാൻ എപ്പോഴും വാശി പിടിക്കുന്നത്. " ഇത്രയും പറഞ്ഞു അച്ഛൻ എന്റെ തോളിൽ തട്ടി " എല്ലാം ശരിയാകും " എന്ന് കൂടി കൂട്ടിച്ചേർത്തു പറഞ്ഞു.

 

സ്കൂട്ടറിൽ തിരിച്ചു വീട്ടിലേക്ക് പോകുമ്പോൾ നിവി മോൾ സീറ്റിൽ എഴുന്നനേറ്റു നിന്നു " അച്ഛാ.... " എന്ന് കൊഞ്ചുന്ന പോലെ പറഞ്ഞു ഒന്ന് ചിരിച്ചിട്ട് എന്നെ കെട്ടിപിടിച്ചു. ആ സന്തോഷത്തിൽ ഞാൻ ആ സ്നേഹ മിഴികളിൽ നിന്ന് വായിച്ചെടുത്തു. " ശരിയാണ്, മോളും ആഗ്രഹിക്കുന്നത് , സ്നേഹമാണ്"

Srishti-2022   >>  Short Story - Malayalam   >>  ഭാനുവും കള്ളനും

Vishnulal Sudha

ENVESTNET

ഭാനുവും കള്ളനും

കള്ളൻ. ഇനിയുള്ള വിവരണങ്ങളിൽ തന്റെ പേരിനോടൊപ്പം ചാർത്തിത്തരുന്ന വിശേഷണം തെല്ല് ആശങ്കയോടെ തന്നെ കുഞ്ഞനാശാരി തിരിച്ചറിഞ്ഞിരുന്നു. പൂർവ്വികർ ചെയ്തിരുന്ന ജോലിയിൽ നിന്നും സമൂഹം കല്പിച്ചു തന്ന ജാതിപേരിനിമുതൽ… ഈ രാത്രി മുതൽ… പുതിയ വിളിപ്പേരിന് വഴി മാറും. ഒരു പക്ഷെ തന്റെ വരും തലമുറയ്ക്ക് ഭാരമായി തോന്നിയേക്കാവുന്ന പുതിയൊരു ജാതി. കള്ളൻ.

 

അമ്പലകുളത്തിനരുകിലെ പൂത്ത തൊട്ടാവാടി ചെടികൾ ചവുട്ടി ഞെരുക്കിയിരുന്നു മൂത്രമൊഴിക്കുന്നതിനിടയിൽ കുഞ്ഞൻ വീണ്ടും ഭാനുവിനെ ഓർത്തു. പളുങ്കു മണികൾ പോൽ കണ്ണും നിതംബം മറയുമാറ് കറുത്ത മുടിയിഴകളും ഇറുകിയുറച്ച ഇടുപ്പും പരസ്പരം കലഹിച്ചു അകന്നു മാറിയ മാറുകളുമുള്ള അവളെ അവൻ വേളി ചെയ്തു കൊണ്ട് വന്നപ്പോൾ തുറന്നു നിന്ന വാ വട്ടങ്ങളും തുറിച്ചു നിന്ന കണ്ണുകളും ഇന്നും കുഞ്ഞനോർമ്മയുണ്ട്. അവളുടെ നിറം ഗോതമ്പുപോലെന്ന് ശ്രീദേവി തമ്പ്രാട്ടി പറഞ്ഞിരുന്നു. പക്ഷെ പുലർവെട്ടത്തിൽ തങ്കത്തിന്റെ നിറവും നിലാവിൽ ആളുന്ന തീയുമായാണ് കുഞ്ഞന് തോന്നിയിട്ടുള്ളത്. നിലാവ് മായ്ഞ്ഞു കിടന്നുറങ്ങുമ്പോൾ ഒലിച്ചിറങ്ങി ഒഴുകി നീങ്ങുന്ന നീർച്ചാഴിൽ കെടാതെ കത്തി തേങ്ങുന്ന ആ വെളിച്ചം കുഞ്ഞൻ കണ്ടിരുന്നില്ല. ആ തീയുടെ ചൂട് കുഞ്ഞനെക്കാൾ കൂടുതൽ തിരിച്ചറിഞ്ഞത് ദാസപ്പനാണ്. 

 

ദാസപ്പൻ ശക്തനാണ്. അരയിൽ ഒളിച്ചിരുന്നുറങ്ങുന്ന അവന്റെ കത്തി, ഉണർന്നപ്പോഴൊക്കെ ചുവന്നു കറപിടിക്കുമായിരുന്നു. ദാസപ്പന് കുഞ്ഞനെ വല്യ കാര്യമാണ്. എന്നും രാത്രി കുഞ്ഞന് ബോധം പോകുവോളം കുടിക്കാനും കഴിക്കാനും വാങ്ങി നൽകുക ദാസപ്പനാണ്. കുടിച്ചു ചർദ്ദിച്ച്  ബോധം പോകുന്നതിനിടയിൽ കുഞ്ഞനന്നു ദാസപ്പനോട് ഭാനുവിന് മീൻകറിയോടുള്ള ആസക്തി പറഞ്ഞിരുന്നു. പിന്നൊരിക്കലെപ്പഴോ ഷാപ്പിലെ മീൻകറി തീർന്നുപോയെന്നു പറഞ്ഞതിന് ദാസപ്പൻ കുഞ്ഞാപ്പിയുടെ ചെകിടത്തടിച്ചതും നക്ഷത്രങ്ങളെ നോക്കി ഭാനുവിനിപ്പോൾ ചെങ്കല്ലിന്റെ നിറമാണെന്നു പറഞ്ഞതും കുഞ്ഞന്റെ മനസിന്റെ അടഞ്ഞു പോയ അദ്ധ്യായങ്ങളിൽ അടയാളപ്പെടുത്തിയിരുന്നു. 

 

അവസാന തുള്ളിയും ഒഴിച്ച് തീർന്നെന്നു രണ്ടാമതൊന്നുകൂടി ഉറപ്പു വരുത്തിയിട്ട് കുഞ്ഞൻ കയ്യിൽ പാതി കത്തിത്തീർന്നിരുന്ന ബീഡി ഒന്നൂടെ വലിച്ചു, പുകച്ചു, വലിച്ചെറിഞ്ഞു. ഉടുമുണ്ട് അഴിച്ചു മടക്കി തൊട്ടാവാടിക്കടുത്തു ചെളി പറ്റാത്തൊരിടത്തു വെച്ചു. അങ്ങിങ്ങായി ഒറ്റപെട്ടു നിന്നിരുന്ന നക്ഷത്രങ്ങളെ നാണിപ്പിക്കുംപോൽ അവന്റെ നഗ്ന ശരീരം ഇരുട്ടിൽ അലിഞ്ഞില്ലാതായി. ഭാനുവിന്റെ നിറം കിട്ടാത്തതിൽ പലവട്ടം തോന്നിയിട്ടുള്ള പരിഭവം കുഞ്ഞന് ഇപ്പോൾ തോന്നിയില്ല. കുളത്തിനരികിലെ തൊട്ടാവാടിച്ചെടികൾക്കു മുകളിലൂടെ അവൻ നടന്നു നീങ്ങി. വിണ്ടു കീറിയ അവന്റെ പാദങ്ങളെ അലോസരപ്പെടുത്താൻ തൊട്ടാവാടി ദംഷ്ട്രകൾക്കോ അതിനിടയിൽ ഒളിച്ചിരുന്ന കല്ലുകൾക്കോ കള്ളിമുൾ ചെടികൾക്കോ പറ്റുമായിരുന്നില്ല. കാരണം കുഞ്ഞനെ നോവിക്കാൻ ഭാനുവിനെ കഴിയുമായിരുന്നുള്ളൂ.

 

മീൻ പൊരിക്കുന്ന മണം തട്ടിയുണർത്തിയതുകൊണ്ടാണ് കുഞ്ഞനന്നു നേരത്തെ എണീറ്റത്. ഉച്ചവെളിച്ചം തെല്ല് ഭയപെടുത്തിയെങ്കിലും പതിവില്ലാതുള്ള മണത്തെ പറ്റി തിരക്കാൻ കുഞ്ഞൻ മറന്നില്ല. വൈകിയാണെങ്കിലും ഭാനുവിന്റെ പിറന്നാളാണന്നു എന്ന് മനസിലാക്കിയ കുഞ്ഞൻ ചാപ്പന്റെ കടയിലേക്ക് നടന്നു. പിറന്നാൾ സമ്മാനമായി ഭാനുവിന് കണ്മഷി വാങ്ങണം. വിടർന്ന കണ്ണുകളിൽ കറുത്ത കണ്മഷിയുമായി ഇന്ന് നിലാവ് പെയ്തൊഴിയുന്നതോർത്തു അവന്റെ ഉള്ളിലെ പുരുഷനു തിടുക്കമായി. ചാപ്പനോട് കടം പറഞ്ഞു കണ്മഷി വാങ്ങി കുഞ്ഞൻ വീട്ടിലേക്കോടി. ദാസപ്പന്റെ കൂടെ കൂടിയേ പിന്നെ ആരും കുഞ്ഞന് കടം കൊടുക്കാതിരുന്നിട്ടില്ല. 

 

വീടിനു മുന്നിലത്തെ വാഴച്ചോട്ടിൽ വലിച്ചെറിഞ്ഞ വാഴയിലയിലെ എച്ചിൽ അപ്പുറത്തെ നാണിയുടെ നായ നമ്രമുഖനായി നിന്ന് തിന്നുന്നത് കണ്ടപ്പോഴേ വിരുന്നിനാരോ വന്നെന്നു കുഞ്ഞനുറപ്പായി. പിണങ്ങി പോയ അവളുടെ വല്യമ്മയല്ലാതെ വിരുന്നു വരാൻ ആരുമില്ലാത്തോണ്ട് ശങ്കിച്ച കാൽ വെയ്പോടെയാണ് കുഞ്ഞനകത്തു കയറിയത്. അരികത്തായി നിവർത്തി വെച്ച നൂല് പൊട്ടിയ പായിൽ പൊടിഞ്ഞു വീണ മീൻ മുള്ളുകളിൽ ചോണനുറുമ്പുകൾ വന്നു മൂടിയിരുന്നു. കുഞ്ഞന്റെ ഹൃദയമിടുപ്പ് കൂടിക്കൊണ്ടിരുന്നു. അടുക്കള വാതിൽ പടിയിലിരുന്നു അവന്റെ കാൽപ്പെരുമാറ്റം കേട്ട ഭാനു മീൻ ചട്ടി കഴിവുന്നതിനിടയിൽ തല ഉയർത്തി നോക്കി.

 

“ദാസപ്പേട്ടൻ വന്നിരുന്നു. ഇവിടന്നാ ഉണ്ടേ. എന്നേം കൂടെ ഇരുത്തി ഉണ്ണിച്ചു. തങ്കത്തിന്റെ ഒരരഞ്ഞാണം സമ്മാനവും തന്നു.”

 

ചാമ്പൽ ചകിരിയിൽ തേച്ചു മീൻ ചട്ടി തേവുന്നതിനിടയി ഭാനു പറഞ്ഞ ആ വാക്കുകൾ കേട്ട് അവന്റെ കൈ മുതൽ പാദം വരെ തണുത്തുറഞ്ഞു. തേകിയ മീൻ ചട്ടി കമിഴ്ത്തി അടുപ്പിനരികിൽ വെച്ച് അഴയിൽ തൂക്കിയിരുന്ന തുണിയെടുത്തു മാക്സിയ്ക്കു മുകളിലൂടെ ഇട്ടിട്ടു അവൾ പുറത്തേക്കിറങ്ങി.

 

“ദേഹമാസകലം വിയർപ്പായിരുന്നു. ദാസപ്പേട്ടൻ എന്ത് വിചാരിച്ചു കാണുമോ എന്തോ. ഞാനാ ചാപ്പന്റെ കടയിൽ പോയി ഒരു കുളി സോപ്പ് വാങ്ങിയിട്ട് വരാം. അരഞ്ഞാണം ഇട്ടേക്കുന്നതു കാണാൻ വൈകിട്ട് വരാമെന്നാ പറഞ്ഞേക്കുന്നതു.”

 

മുന്നോട്ടു നീങ്ങിയ ഭാനു എന്തോ ഓർത്തിട്ടെന്നോണം ഒന്ന് നിന്ന്. തിരിഞ്ഞവന്റെ കണ്ണുകളിൽ നോക്കി തുടർന്നു.

 

“വൈകിട്ട് നേരത്തെ പൊയ്ക്കോണം. വെറുതെ ദാസപ്പേട്ടനെ കാണാൻ നിക്കണ്ട.”

 

അവൾ നടന്നു നീങ്ങുന്നതും നോക്കി കുഞ്ഞൻ നിന്നു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. നൂല് പൊട്ടിയ പായിൽ അവൻ കമിഴ്ന്നു കിടന്നു. അതിലപ്പോഴും പൊരിച്ച മീനിന്റെ ഗന്ധമുണ്ടായിരുന്നു. അവൻ കൈകൾകൊണ്ട് വാ പൊത്തി കരഞ്ഞു. അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകിയപ്പോൾ അവനു വല്ലാതെ വേദനിച്ചു. ഇടയ്ക്കെപ്പോഴോ അവൻ ഉറങ്ങി.

 

കാക്കകൾ ചേക്കേറുന്ന ശബ്ദകോലാഹലം കേട്ടാണ് അവൻ എണീറ്റത്. നടന്നതെല്ലാം വെറും ഭ്രമമാകണേ എന്നവൻ ആശിച്ചു. എന്നാൽ മുല്ല മൊട്ടു ചൂടി സെറ്റ് സാരി ചാർത്തി കണ്ണുകളിൽ കണ്മഷിയെഴുതുന്ന ഭാനുവിനെ കണ്ടപ്പോൾ അവൻ വീണ്ടും വിങ്ങി പൊട്ടി. തന്നെയൊന്നു നോക്കുക പോലും ചെയ്യാത്ത അവളെ കണ്ടു നിൽക്കാനാവാതെ അവൻ പുറത്തേക്കിറങ്ങി. ദാസപ്പൻ അപ്പോഴേക്കും വാതിക്കലെത്തിയിരുന്നു. 

 

“നീ വല്ലോം കഴിച്ചോ.” 

 

ദാസപ്പൻ ജിജ്ഞാസയോടെ തിരക്കി. കുഞ്ഞൻ വിറയാർന്ന ചുണ്ടുകളുമായി അവനെ നോക്കി നിന്നു. 

 

“ഷാപ്പിൽ പോയി കഴിച്ചോ. കാശ് ഞാൻ കൊടുത്തോളാം.”

 

അവന്റെ  തോളിലൊന്ന് തട്ടിയിട്ട് ദാസപ്പൻ അകത്തേക്ക് കയറി. വാതിൽ തുറന്നു കിടന്നിരുന്നെങ്കിലും അവനു തിരിഞ്ഞു നോക്കാൻ ശക്തി ഇല്ലായിരുന്നു. ദൂരെയായി നാണിയുടെ നായ മിച്ചം വെച്ച എച്ചിലിലേക്കവന്റെ കണ്ണുകളെത്തി. മീൻ മുള്ളുകൾ അതിലപ്പോഴും ബാക്കിയുണ്ടായിരുന്നു. പുറത്തേക്കു നീളുന്ന വഴി അവൻ കുറെ നേരം നോക്കി നിന്നു. കാലുകൾക്കു മുന്നോട്ടു പോകാനുള്ള ശേഷിയില്ലാതായെന്നു അവനു തോന്നി. അവനു വിശപ്പോ ദാഹമോ തോന്നിയില്ല. താങ്ങാനാവാത്ത വിഷമങ്ങൾ വരുമ്പോൾ എന്നുമവനാശ്രയം കുന്നോത്ത് കാട്ടിൽ ദേവിയാണ്. പെറ്റമ്മ മരിച്ചപ്പോഴും അച്ഛൻ വേറെ സംബന്ധം തേടി പോയപ്പോഴുമൊക്കെ അവൻ പോയത് അവിടെയാണ്.

 

ദേവിയെ കണ്ടവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഞെഞ്ചിനുള്ളിലെ നീറ്റൽ പതഞ്ഞു പുറത്തേക്കു നുരഞ്ഞിറങ്ങി. മെലിഞ്ഞുണങ്ങിയ ശരീരവും ഇരുണ്ട നിറവും പാതിയുറങ്ങിയ മനസും തന്ന ദേവിയോട് ആദ്യമായി അവൻ നന്ദി പറഞ്ഞത് ഭാനുവിനെ അവനു കിട്ടിയപ്പോഴാണ്. ആ ഭാനുവിനെയും തിരിച്ചെടുക്കുവാണോ എന്ന് ചിന്തിച്ചവൻ വിങ്ങി പൊട്ടി. യവനികയ്ക്കു പിന്നിൽ നിന്ന് കഥയെഴുതി ആട്ടമൊരുക്കിയവനോട് ആട്ടമാടി കല്ലേറ് ഏറ്റുവാങ്ങിയ ആട്ടക്കാരന്റെ രോക്ഷം മുള പൊട്ടി. അവൻ രൂക്ഷമായി ദേവിയെ നോക്കി. മെല്ലെ അവന്റെ നോട്ടം ദേവിയെ അണിയിച്ചൊരുക്കിയിരിക്കുന്ന ആടയാഭരണങ്ങളിലേക്കു വഴുതി മാറി. തങ്കത്തിൽ പൊതിഞ്ഞ ആ വിഗ്രഹത്തിൽ തങ്ക അരഞ്ഞാണവും ചാർത്തി ദാസപ്പന്റെ മാറിൽ മയങ്ങുന്ന ഭാനുവിനെ അവൻ കണ്ടു. അതുപോലെ നൂറോളം അരഞ്ഞാണങ്ങൾ പണിയാൻ കഴിയുന്ന ദേവിയുടെ ആടയാഭരണങ്ങൾ കൊതിയോടെ അവൻ നോക്കി. അവന്റെ കണ്ണുകൾ തിളങ്ങി.തങ്ക അരഞ്ഞാണത്തിനായി ദാസപ്പനു ഊണൊരുക്കിയ ഭാനു തിരിച്ചു വരണമെങ്കിൽ അതുപോലെ നൂറ് അരഞ്ഞാണങ്ങൾ പണിയാൻ തനിക്കു പറ്റണം. അവൻ തീരുമാനമെടുത്തിരുന്നു.

 

മോഷ്ടിച്ച മുതലുമായി അധികനേരം ഇവിടാവില്ല. എത്രയും പെട്ടെന്ന് ഭാനുവുമായി എങ്ങോട്ടെങ്കിലും പോകണം. ദാസപ്പൻ ഒരിക്കലും എത്തിപ്പെടാത്ത എങ്ങോട്ടെങ്കിലും.

കുളത്തിനോട് ചേർന്ന അമ്പല മതിലിൽ വലിഞ്ഞു കയറുമ്പോൾ കുഞ്ഞൻ അത് ഉറപ്പിച്ചിരുന്നു. മതിലിനു മുകളിലൂടെ കുറച്ചു നടക്കണം. പക്ഷെ കാൽ  വഴുതിയാൽ നേരെ കുളത്തിലാവും വീഴുക. നീന്താനറിയാത്ത കുഞ്ഞന് വല്ലാത്ത പേടി തോന്നി. അവൻ മതിലിലിരുന്ന ശേഷം ഇഴഞ്ഞു മുന്നോട്ടു നീങ്ങി. അവന്റെ തുടയും പൃഷ്ഠവും ലിംഗാഗ്രവുമൊക്കെ കൽമതിലിലെ കൂർത്ത മുനകളിൽ ഉരഞ്ഞു മുറിഞ്ഞു. വേദന കടിച്ചമർത്തി അവൻ മുന്നോട്ട് നിരങ്ങി. ശ്രീകോവിലിനു പിൻവശത്തെത്തിയപ്പോൾ ഒരു കൈ കൊണ്ട് മതിലിൽ താങ്ങി അവൻ ശ്രീകോവിലിനു മുകളിലെക്കു എടുത്തു ചാടി. ചാട്ടത്തിന്റെ ശക്തിയിൽ അരയിലെ കറുത്ത ചരടിൽ കെട്ടി വെച്ചിരുന്ന കണ്മഷി തെറിച്ചു അവിടെവിടെയോ വീണു. കാലുകൾ പതിച്ച സ്ഥലത്തെ ഓടുകൾ പൊട്ടി അവൻ ശ്രീകോവിലിനകത്തേക്കു പതിച്ചു. നിലാവിൽ ദൂരെയെവിടെയോ ഇരുന്നു നക്ഷത്രങ്ങൾ അവനെ കാണുന്നുണ്ടായിരുന്നു.

 

കാൽ മുട്ടിടിച്ചു വീണ അവന്റെ ഉള്ളിൽ നിന്നും അലർച്ച അവിടമാകെ പ്രതിധ്വനിച്ചു. അവന്റെ വലത്തേ കാലു താഴെ കുത്താൻ അവനു കഴിയുന്നിലായിരുന്നു. പെട്ടെന്നുണ്ടായ തിരിച്ചറിവിൽ അവൻ കൈകൾ കൊണ്ട് വായ പൊത്തി പിടിച്ചു. അവനിലെ അലർച്ച നിശബ്ദതയുടെ മൂടുപടം ചാർത്തി എവിടെയോ മറഞ്ഞു. കുറച്ചു മാറി വിഗ്രഹത്തോടു ചേർന്ന് ഒരു വിളക്ക് അപ്പോഴും കത്തുന്നുണ്ടായിരുന്നു. അമ്പലമടച്ചിട്ടും വിളക്ക് കെടുത്താത്തതിൽ അവനു കൗതുകവും ആരെങ്കിലും അവിടുണ്ടോ എന്ന പരിഭ്രമവും  ഉടലെടുത്തു. ചുറ്റുപാടും നോക്കി അവിടാരും ഇല്ലെന്നു അവൻ ഉറപ്പു വരുത്തി. വിറച്ച കാൽവെയ്പുകളോടെ അവനാ വിഗ്രഹത്തിനടുത്തേക്കു നടന്നു. 

 

അവിടെ കണ്ട കാഴ്ച്ച അവനെ സ്തബ്ധനാക്കി. വിഗ്രഹത്തിലെ ആഭരണങ്ങൾ കാണ്മാനില്ല. ശ്വാസമെടുക്കാനാകാതെ, തളർന്ന ശരീരവുമായി അവനവിടെ ഇരുന്നു. ശ്രീകോവിൽ പൂട്ടി പോയ തിരുമേനി ആഭരണം കൊണ്ട് പോകുമെന്ന കാര്യം അവനറിവില്ലായിരുന്നു. അവൻ ഭ്രാന്തനെ പോലെ അവിടമാകെ പരതി. അവന്റെ വലത്തേ കാൽ ഒടിഞ്ഞിരുന്നു. ശരീരത്തിന്റെ അവിടിവിടങ്ങളിലായി രക്തം പൊടിയുന്നുണ്ടായിരുന്നു. പരതി നിരാശനായപ്പോൾ അവൻ അവിടെ തളർന്നിരുന്നു. അവൻ തേങ്ങി കരയുവാൻ തുടങ്ങി. എല്ലാം നഷ്ടപെട്ട അവൻ തോൽവി സമ്മതിച്ചിരുന്നു.

 

എത്ര നേരം അവൻ അങ്ങനെ ഇരുന്നെന്നു അറിയില്ല. നേരം പുലരാറായതുപോലെ അവനു തോന്നി. അവൻ പയ്യെ എഴുന്നേറ്റു പുറത്തേക്കു പോകുവാനൊരുങ്ങി. പെട്ടെന്ന് എന്തോ ആലോചിച്ചെന്ന പോലെ അവൻ നിന്നു. വിഗ്രഹം മോക്ഷ്ടിക്കുന്ന കള്ളന്മാരെ കുറിച്ച് അവൻ കേട്ടിട്ടുണ്ട്. പക്ഷെ വിഗ്രഹം ആർക്കാണ് വിൽക്കേണ്ടതെന്നും എത്ര കാശ് കിട്ടുമെന്നും അവനറിയില്ല. ഇന്ന് തന്നെ ഭാനുവിനെയും കൊണ്ട് ഇവിടുന്നു പോകണം. അവളെ എങ്ങനെയും പറഞ്ഞു സമ്മതിപ്പിക്കണം. ജീവിക്കാൻ കാശ് വേണം. അതിനു ദേവി എന്റെ കൂടെ വേണം.

 

വിഗ്രഹത്തെ മാറോടു ചേർത്ത് അവൻ ആ പട്ടികയിൽ വലിഞ്ഞു കയറാൻ ശ്രമിച്ചു. നല്ല ഭാരമുള്ള കൽ വിഗ്രഹമായതുകൊണ്ടു തന്നെ അവനത്തിനു പറ്റിയില്ല. എന്ത് ചെയ്യണമെന്നറിയാതെ അവൻ ചുറ്റുപാടും നോക്കി. ഒരു നെടു വീർപ്പോടെ ദൂരെയായി ചുരുട്ടി ഒതുക്കി വെച്ചിരിക്കുന്ന കയർ അവൻ കണ്ടു. അവിടെ എന്തിനാണ് അങ്ങനെ ഒരു കയർ വെച്ചിരുന്നതെന്നു അവനു മനസിലായില്ല. പക്ഷെ ചോദ്യങ്ങൾ ചോദിക്കാൻ അവന്റെ മനസ്സ് വിസമ്മതിച്ചു. ദാസപ്പൻ പോയി കാണും. എത്രയും പെട്ടെന്ന് ഭാനുവിന്റെ അടുത്തെത്തണം.

 

അവൻ വിഗ്രഹത്തെ നെഞ്ചോട്‌ ചേർത്ത് വെച്ച് കെട്ടി. എന്നിട്ടു നീളമുള്ള ഒരു വിളക്കിന്റെ അരികിൽ ചവുട്ടി നിന്ന് പട്ടികത്തടിയുടെ മുകളിലേക്ക് വലിഞ്ഞു കയറി. അവിടുന്ന് മതിലിലേക്കു ചാടണം. പക്ഷെ കാൽ തെറ്റിയാൽ കുളത്തിൽ വീഴും. പക്ഷെ വേറെ വഴിയില്ല. താഴെ ഇറങ്ങിയാൽ ഈ വലിയ മതിൽകെട്ടിന് മുകളിൽ ഈ ഭാരവുമായി കയറാൻ ആവില്ലെന്നവനറിയാമായിരുന്നു. അവൻ ചാടി മതിലിലേക്കിരുന്നു. അവന്റെ വൃഷണങ്ങൾ ചതഞ്ഞു. അവൻ അലർച്ച കടിച്ചമർത്തി. കണ്ണുകളിൽ വേദന ഒലിച്ചിറങ്ങി. കുളത്തിൽ വീഴാതിരുന്നതിനു അവൻ നെഞ്ചോടു ചേർത്ത് കെട്ടിയിരുന്ന ദേവിയുടെ നെറുകയിൽ ചുംബിച്ചു. നേരം പുലരാൻ ഇനി അധിക സമയമില്ല. കവലകളിൽ ആളുകൾ ഇപ്പൊ വന്നു തുടങ്ങും. അവൻ വന്നതുപോലെ തിരിച്ചു നിരങ്ങാൻ തുടങ്ങി. പെട്ടെന്ന് ദൂരെയെവിടെയോ ഒരു നായുടെ കുര അവൻ കേട്ടു. അവന്റെ ഉള്ളിൽ പരിഭ്രാന്തി ഉടലെടുത്തു. അവൻ വേഗത കൂട്ടി. മതിലിനറ്റമെത്തിയപ്പോൾ ഒരു കയ്യിൽ താങ്ങി അവൻ ചാടാനാഞ്ഞു. പെട്ടെന്ന് അവന്റെ കയ്യിൽ മാംസളമായ എന്തോ തടഞ്ഞു. ഒരു നിമിഷത്തിൽ അവൻ തിരിച്ചറിഞ്ഞു അവൻ കൈ താങ്ങിയിരിക്കുന്നതു ഒരു ഓന്തിന്റെ നടുവിലായിരുന്നു. പെട്ടെന്നുണ്ടായ നടുക്കത്തിൽ അവന്റെ താളം തെറ്റി. അവൻ കുളത്തിലേക്ക് വീണു.

 

ഭാരമുള്ള വിഗ്രഹം അവനെ കുളത്തിന്റെ അടിത്തട്ടിലേക്ക് വലിച്ചുകൊണ്ടു പോയി. മുത്തശ്ശിക്കഥകളിൽ കേട്ടു മറന്ന കുളത്തിനകത്തെ കിണറിനെ അവൻ അറിഞ്ഞു തുടങ്ങിയിരുന്നു. 

 

കുറച്ചു നേരത്തിനുള്ളിൽ ശ്രീകോവിൽ വീണ്ടും തുറന്നു. വിശിഷ്ട ദിവസമായതുകൊണ്ടു തന്നെ അന്ന് കോവിലിൽ ആളുകൾ കൂടി. ആടയാഭരണങ്ങളിൽ അണിഞ്ഞൊരുങ്ങി നിന്ന ദേവിയെ എല്ലാരും കൺ കുളിർക്കെ കണ്ടു.

 

ഭാനുവിനെ ഉപേക്ഷിച്ചു നാടുവിട്ടുപോയ കുഞ്ഞനെ പിന്നെ ആരും കണ്ടിട്ടില്ല. ഒറ്റയ്ക്കായ ഭാനുവിനെ ദാസപ്പൻ കൂടെ കൂട്ടി.

 

ശ്രീകോവിലിനരികിൽ മതിലിനോട് ചേർന്ന് കിടന്ന കണ്മഷി ആരോ അവിടുന്നെടുത്തു പുറത്തേക്കെറിഞ്ഞു.

Srishti-2022   >>  Short Story - Malayalam   >>  പെയ്ത് തോരാതെ.!

Asish P K

Kyndryl

പെയ്ത് തോരാതെ.!

തിരക്ക് പിടിച്ചൊരു ഓഫീസ് ദിവസത്തിന്റെ അവസാനത്തിലേക്കാണ് പ്രതീക്ഷകളൊന്നും നല്കാതെ വേനൽ മഴ പെയ്ത് തുടങ്ങിയത്. ചെയ്ത് കൊണ്ടിരുന്ന ജോലിക്കിടയിലും അവൻ്റെ ശ്രദ്ധ ജാലകങ്ങൾക്ക് പുറത്ത് പെയ്ത് തുടങ്ങിയ മഴയിലായിരുന്നു. 

മഴയുടെ ശബ്ദങ്ങളുടെ ഏറ്റ കുറച്ചിലുകളൊക്കെ അവനെ അസ്വസ്ഥമാക്കുന്നത് അവൾ നോക്കി കൊണ്ടിരിക്കുന്നതിനിടയ്ക്കാണ്. മെസ്സെഞ്ചറിൽ നോട്ടിഫിക്കേഷൻ വന്നത്.

"ഇലിയാ.. നീ വരുന്നോ ഒരു കോഫി കുടിക്കാൻ.?!" 

അവൾക്ക് പെട്ടെന്ന് ചിരിയാണ് വന്നത്. എനിക്കറിയാമായിരുന്നു അധികനേരം അവനിങ്ങനെ ഈ കോൾഡ് സ്റ്റോറേജിനുള്ളിൽ പിടിച്ചിരിക്കാൻ കഴിയില്ലെന്ന്. ഈ മഴയ്ക്കല്ലാതെ ഇങ്ങനെ നിന്നെ അസ്വസ്ഥനാക്കാൻ മറ്റാർക്കാണ് കഴിയുകയെന്ന്.

കോറിഡോറിൽ രണ്ടു ചായ കപ്പുകൾക്കിടയിൽ ഒരു മഴ പെയ്ത് നിറയുകയായിരുന്നു. 

ഇതിങ്ങനെ കണ്ട് കൊണ്ടിരിക്കാൻ എന്ത് ഭംഗിയാണല്ലേ.?! 

ഒരു മഴക്കാലത്താണ് ഞാൻ ജനിച്ചത്. മഴ കൊണ്ട് കളിച്ചു നടന്നതിനു അമ്മ എന്നെ എത്ര തവണ തല്ലിയിട്ടുണ്ടെന്ന് അറിയാമോ നിനയ്ക്ക്?! അനുസരണക്കേട് കാട്ടുന്നവനായി പിന്നെയും പിന്നെയും ഞാൻ മഴ കൊണ്ടു.

മഴ പെയ്ത് കുത്തിയൊലിക്കുന്ന വെള്ളത്തെ തട്ടി തെറിപ്പിച്ചു കുട വീശി നടന്ന പത്തു വയസ്സുകാരൻ, പാട വരമ്പത്തു നിന്ന് പരൽ മീനുകളെ പിടിച്ച് കുപ്പിയിലിട്ട് അത് പെറ്റു പെരുകുന്നത് സ്വപ്നം കണ്ടിരുന്ന അവൻ്റെ രാത്രികൾ. അത്ര നനുത്ത സ്വപ്‌നവും കാലവും എനിക്ക് പിന്നീട് ഉണ്ടായിട്ടില്ല.!

നിരതെറ്റിയ ഓടിന്റെ ഇടയിലൂടെ പാത്രങ്ങളിൽ ഉറ്റി വീഴുന്ന മഴ കവിതകൾ. തോരാതെ ഇരുണ്ട് പെയ്ത് ഒരു കള്ള കർക്കിടകം കവർന്നെടുത്ത അച്ഛമ്മയുടെ കഥക്കൂട്ടുകൾ.. നനയാൻ കൂട്ട് വന്ന് ഒരു വേനൽ ചൂട് പകുത്തകന്ന അവളോർമ്മകളെ, ഈ തിരക്കിലേക്ക് പറിച്ചു നട്ട ഒരു ജൂൺ മാസത്തിന്റെ ആദ്യ മഴക്കുളിരുകളെ.. ഒറ്റയ്ക്കൊരിടത്തു മഴ ചാറ്റലേറ്റ് പനിച്ച് കിടന്നവന്റെ ഓർമ്മച്ചൂടുകളെ.!

പിന്നെ പപ്പേട്ടൻ സമ്മാനിച്ച മഴയെ.. നമ്മുടെ ക്ലാരയെ.

" ഓ.! അതെന്താ പറയാത്തതെന്നു വിചാരിച്ചിരിക്കുന്നായിരുന്നു.."

അതല്ല.. നീ ആലോചിച്ചു നോക്കിയേ ക്ലാരയ്ക്ക് കൂട്ടായിട്ട് ആ മഴയെ.. അതിന്റെ നനുത്ത കുളിരല്ലാതെ വേറെ എന്തേലും ചേരുവോ.?! വിരഹത്തിൻ്റെ, നഷ്ടത്തിന്റെ, സ്നേഹത്തിന്റെ, സന്തോഷങ്ങളുടെ, കരുതലുകളുടെ ഓർമ്മകൾ അല്ലെ.. ഇലിയാ ഒക്കെ.!

മാനത്തു നിന്ന് ഓരോ തുള്ളിയും തണുത്തുറഞ്ഞു പെയ്ത് നിറയുന്നത് ഈ മണ്ണിലേക്കാണെന്നാണോ?! അല്ലെ.. അല്ല.! 

ഈ ഗന്ധം അത് ഓർമ്മകളുടേതാണ്. ഉഷ്ണക്കാറ്റേറ്റു വരണ്ടു കിടക്കുന്ന ഹൃദയത്തിലേക്കാണ് ഓരോ മഴക്കാലവും പെയ്ത് നിറയുന്നത്.

ഒരു പെരു മഴ പെയ്ത് പോലെ എന്തൊക്കെയോ പറഞ്ഞ് നിർത്തി അവൻ ചോദിച്ചു., ഈ മഴ കാണുമ്പോൾ നിനക്ക് എന്താ തോന്നുന്നേ ഇലിയാ.? 

മഴയെന്ന് കേൾക്കുമ്പോൾ, പെയ്യുമ്പോൾ പിടഞ്ഞെണീറ്റ് ഓടുന്ന നിന്റെ മനസ്സിനെ.. അല്ലാതെ മറ്റെന്താണ് എന്നിലേക്ക് ആദ്യം ഓടിയെത്തുക.

നിന്നോളം ഈ മഴയെ സ്നേഹിക്കാൻ വാചാലനാവാൻ ആർക്കാണ് കഴിയുക.!

അവൾ ഉള്ളിലെ ഉത്തരത്തെ മൗനത്തിൻ്റെ നനവിൽ ഉളിപ്പിച്ച് എന്തോ പുലമ്പി പെയ്യുന്ന മഴയുടെ ഓരത്തേക്ക് ചേർന്നിരുന്നു.!

Srishti-2022   >>  Short Story - Malayalam   >>  നയനയുടെ തിരക്കഥ

Sooraj Jayaraj

Speridian Technologies

നയനയുടെ തിരക്കഥ

അഞ്ചു മണിയോടെ ലാബിലെ ഡ്യൂട്ടി കഴിയും. ആന്റിജൻ ടെസ്റ്റിനായി വന്ന അവസാനത്തെ ആളാണ് മുന്നിൽ.നയന തിരക്കിട്ടു മൂക്കിലേക്ക് ട്യൂബ്    കയറ്റിയപ്പോ അയാളൊന്നാഞ്ഞു നോക്കി. ഭയപ്പാടോടെ അവളൊന്നു ചിരിച്ചു.

 

“ചേട്ടാ, കഴിഞ്ഞു. റിസൾട്ട് വാട്സാപ്പ് ചെയ്യാം .”

 

ഇത്രയേ പറഞ്ഞുള്ളു.ബാഗും മൊബൈലും സാനിറ്റീസിറും എടുത്തു അവളോടി. ഡിറക്ടറെ കാണാനാണ്. നയനയുടെ പഴയൊരു ക്ലാസ്സ്‌മേറ്റ് ആണയാൾ. തമാശയാണ് കക്ഷിയുടെ ഇഷ്ട വിഷയം. കല്ല്യാണ വീഡിയോ ഒക്കെ എടുത്തു പരിചയമുള്ള ഒരു ക്യാമറാമാനും കൂടെയുണ്ട് .ഈ കൂട്ടായ്മയുടെ ആദ്യ ഹ്രസ്വചിത്രം കാണാനുള്ള തിരക്കാണവൾക്ക് . ഓട്ടോയിൽ നിന്നിറങ്ങി കാശും കൊടുത്തു അവൾ എഡിറ്റിംഗ് റൂമിലേക്ക്   ഓടി.

മുറിയിൽ എല്ലാവരും ചിരിയിലാണ്.

“എന്തെ ചിരിക്കാൻ ?”     നയന അക്ഷമയോടെ ചോദിച്ചു.

 

"നീയിതു കാണ് .എല്ലാരും നന്നായിട്ടുണ്ടെന്നാ പറേന്നേ ." ഡയറക്ടർ ചിരി നിർത്തിയിട്ടില്ല .

അവളൊരു കസേര നീക്കി അവിടിരുന്നു. എഡിറ്റർ ഒന്ന് കൂടി സ്റ്റാർട്ട് കൊടുത്തു ഫുൾ സ്ക്രീൻ ആക്കി . തിരശീല തെളിഞ്ഞു

            “Based on True events.” 

നയന ഡിറക്ടറെ തറപ്പിച്ചൊന്നു നോക്കി.അയാളുടെ കണ്ണ് മോണിറ്ററിൽ തന്നെയാണ്.

 

“തിരക്കഥ : നയന”    

അവളും ഒന്ന് പ്രസന്നയായി. സിനിമ ഏതായാലും തുടങ്ങിക്കഴിഞ്ഞു.

 

         കണ്ണൂർ ജില്ലയിലെ ഓടിട്ട, അത്യാവശ്യം പഴക്കം ചെന്ന ഒരു വീടാണ് പശ്ചാത്തലം. വീടാകെ, പണ്ടൊക്കെ കല്യാണത്തിന് കാണാറുള്ളതു  പോലെ ചുവപ്പും നീലയും കലർന്ന തുണി കൊണ്ട് പന്തലിട്ടിരിക്കുകയാണ്.   

 

 കല്യാണമാണ് .മുറ്റത്തെ കസേരയിൽ മൂന്ന് അമ്മാവന്മാർ പഴവും മിച്ചറും കഴിച്ചു കൊണ്ടിരിക്കുന്നു.

          ഒരു ആൾട്ടോ കാർ ആ വീടിനു ദൂരെയായി വന്നു നിർത്തുകയാണ്.വണ്ടി നന്നായി അലങ്കരിച്ചിട്ടുണ്ട്.വരനും വധുവും കാറിൽ നിന്നും ഇറങ്ങുന്നു. തൊട്ടടുത്ത വീട്ടിലെ പെണ്ണുങ്ങളൊക്കെ വന്നു നോക്കുന്നുണ്ട്.

      പയ്യന് നീണ്ട മുടിയാണ്. മീശ സ്വൽപ്പം ഇറക്കി വച്ചിരിക്കുന്നു.ചിരിച്ചു കൊണ്ട് കയ്യാട്ടിയാണ് വരവ്.കയ്യിലുള്ള മാലയും ബൊക്കെയും ഒപ്പമാടുന്നുണ്ട്.വധു അയാളുടെ തൊട്ടു പുറകിലായുണ്ട്.വീടിന്റെ പടി കയറിയതെ ഉള്ളൂ.ഒരു കമൻറ് വന്നു.

 

" ഡാ.. ചിരിയാ .. നിനക്കും അങ്ങനെ പെണ്ണായി അല്ലെ"?

 

പയ്യന്റെ മുഖം പെട്ടെന്ന് മാറി.

 

"അതേടാ. വെറും പെണ്ണല്ല. ഡോക്ടറാ…. ഡോക്ടർ ."

പുറകിൽ നിന്ന വധു ഞെട്ടലോടെ അയാളെ നോക്കി.വലിയ ഗൗരവത്തിൽ നിന്നും അയാളുടെ മുഖം പിന്നെയും ചിരിയിലായി.അപ്പോഴാണ് കയ്യിലെ മിച്ചറിൻറെ പൊടിയും തട്ടിമാറ്റി അവന്റെ അച്ഛൻ അങ്ങോട്ടേക്ക് ഓടി വന്നത്.അഭിമാനം കലർന്ന മുഖത്തോടെ അയാൾ അവനെ കെട്ടിപ്പിടിച്ചു.പിന്നെ മെല്ലെ ശ്രദ്ധ പുറകിലെ വധുവിലെക്കായി.പെട്ടെന്ന് മകനെ വിട്ട് അവളെ കെട്ടിപിടിക്കാനായി അയാളടുത്തു.

    

    അവളാകെ പേടിച്ചു. ചിരിയൻ മുൻകൈയെടുത്താണ് അത് തടഞ്ഞത്.കൂടെ തൊട്ടടുത്തുള്ള ഒരു വയസ്സനെ  നോക്കി അവന്റെ സ്വതസിദ്ധമായ  കണ്ണടച്ചൊരു ചിരിയും.

"ഇയാക്ക് പിന്നേം കൂടീന്നാ തോന്നുന്നേ."       ആരൊക്കെയോ മുറു മുറുക്കുന്നുണ്ടായിരുന്നു.ഞെട്ടി നിന്ന അവളുടെ കയ്യിലേക്ക് വയസ്സായ ഒരു സ്ത്രീ വന്ന് വിളക്കെടുത്തു കൊടുത്തു.

"ഞാനമ്മായിയാ.." അവര് പറഞ്ഞു.

അവൾ വിളക്കെടുത്തു അകത്തേക്ക് കയറി.വീട്ടിൽ നിന്നും കൊണ്ടാക്കാനായി പത്തു പേരെ വന്നിട്ടുള്ളൂ.ആകെ ഒരു മുറിയെ ആ വീട്ടിലുള്ളു.പിന്നൊരു ഹാളും. അടുക്കളയും.   അവൾ നേരെ റൂമിലേക്ക് ചെന്നിരുന്നു.അങ്ങ് നിന്നും വന്നൊരു സുഹൃത്ത്‌ അവിടേക്ക് വന്ന് അവളുടെ കൈ പിടിച്ചു.

 

"അമ്മായി അമ്മേടെ പ്രശ്നം ഇല്ല .ഭാഗ്യാ .."  രണ്ടാളും ചിരിച്ചു.

 

"സുമതിയേച്ചിയെ അയാൾ കൊന്നതല്ലേ." ഏതോ ഒരു സ്ത്രീ ജനലിന്റെ അടുക്കൽ നിന്നും പറയുന്നത് കേട്ട് രണ്ടാളും ഞെട്ടി. തിരിഞ്ഞു നോക്കുമ്പോഴേക്കും അവരവിടെ നിന്നും പോയിരുന്നു.

 

"നീ ഭക്ഷണം കഴിക്ക് ." നിസ്സംഗതയോടെ സുഹൃത്തിനെയും കൂട്ടി അവൾ പുറത്തേക്ക് വന്നു.

 

    വീടിന്റെ ഇറയത്ത്‌ ഒരു വശത്തായി അച്ഛനും അച്ഛന്റെ സുഹൃത്തുക്കളും. മറു വശത്തു ഭക്ഷണം വിളമ്പാനായി എടുത്തു വയ്ക്കുന്ന ചിരിയനും അവന്റെ കൂട്ടുകാരും.ചിരിയൻ അവന്റെ ഇരട്ട പേരാണ് .പൊങ്ങച്ചം അച്ഛന്റെയും മകന്റെയും പാരമ്പര്യ സ്വത്താണ്.രണ്ടാളും രണ്ടു ഭാഗത്തു നിന്നായി വെടി പൊട്ടിക്കുകയാണ് .

 

"മോൻ മാനേജറാണല്ലോ. ഓനൊന്നിനും നേരൊല്ല.മൂവായിരം പേരുടെ പരിപാടിയായിരുന്നു എന്റെ മനസ്സിൽ.അവനാ പറഞ്ഞെ ഇത്ര ആള് മതീന്ന്."

 

 "അല്ല അതിനവൻ സൂപ്പർ മാർക്കറ്റിലെ ജോലിക്കാരനല്ലേ ." കൂട്ടത്തിലൊരു വയസ്സൻ ചോദിച്ചു.

 

"ഏ .. അവൻ മാനേജറാ . പെണ്ണാണെ പണ്ടം കുറച്ചു കുറവാണെങ്കിലും (അടക്കത്തിൽ ) സുന്ദരിയാ."

 

കണ്ണടച്ച് കൊണ്ട് അച്ഛൻ അവരോടു പറയുന്നത് അവളും കേട്ടു.

 

തോട്ടിപ്പുറത്തു ചിരിയനും കൂട്ടരും അപ്പോഴേക്കും വൻ ഇടി തുടങ്ങിയിരുന്നു.കുറച്ചു പേർ പിടിച്ചു വക്കാൻ  ശ്രമിക്കുന്നുണ്ട്‌.അവളും പേടിയോടെ അങ്ങോട്ടേക്കോടി.നാട്ടിലെ മുഖ്യൻ പ്രശ്നത്തിന്റെ തീർപ്പിനായി അവസാനം മുന്നോട്ടു വന്നു.

"എനിക്കും ഓക്കും ആദ്യം ചോറ് വേണം.  ഓള് ഡോക്ടറാ .. ഞാനും ഓളും കഴിച്ചിട്ട് മതി വേറെ ആള് കഴിക്കാൻ ."

 

"ഞാൻ നേഴ്സ് ആണ് ." കരഞ്ഞു കൊണ്ട് അവൾ ഉച്ചത്തിൽ പറഞ്ഞു.

 

"നീ വാ . നമ്മളാദ്യം തിന്നും ." എന്നും പറഞ്ഞു ഒരു കസേര നീക്കി ചിരിയൻ അവളെ പിടിച്ചിരുത്തി. അയാളും ഇരുന്നു .

 

ഭക്ഷണം വിളമ്പാൻ തുടങ്ങി. ബിരിയാണിയാണ് .അടിയുണ്ടാക്കിയവർ തന്നെയാണ് വിളമ്പുന്നെ.

 

  ചിരിയൻ പിന്നെയും ചിരി തുടങ്ങി. രണ്ടു പ്ലേറ്റോളം ബിരിയാണി അയാളുടെ ഇലയിലുണ്ട്.ആർത്തിയോടെയുള്ള കഴിപ്പാണ് .വറ്റുകൾ ചുറ്റും തെറിക്കുന്നുണ്ട് .കോഴിയുടെ കാല് കടിച്ചു പൊട്ടിക്കുന്ന ശബ്ദം കേൾക്കാം.കുറച്ചു എല്ലും ചോറും അവളുടെ പ്ലേറ്റിലേക്കിട്ട് അയാൾ അവളെ നോക്കി ചിരിച്ചു.

 

"ഭർത്താവ് കഴിച്ചെന്റെ ബാക്കി കഴിച്ചോ ."അവളുടെ ചെവിയോട് ചേർന്നത് പറയുമ്പോഴാണ് അവളുടെ പ്ലേറ്റിലെ അച്ചാർ അവൻ ശ്രദ്ധിച്ചത്. തന്റെ ഇലയിൽ അതില്ല !!!

 

            കണ്ണോടിച്ചപ്പോ രമേശനാണ് അച്ചാർ വിളമ്പുന്നെ.   നേരത്തെ അടിയുണ്ടായതും അവനോട്  തന്നെ.ചെറിയൊരു റാഗിങ്ങ് രമേശനും കൂട്ടുകാരും പദ്ധതി ചെയ്തതാണ്.ഏറ്റവും അവസാനം പ്രത്യേക കറികൾ കൊണ്ട് വരനും വധുവിനും പ്രത്യേക ഭക്ഷണം. ചിരിയൻ അത് പൊളിച്ചു. അവന്റെ തുറിച്ചു നോട്ടം കണ്ടപ്പോ രമേശനും പ്രതികാരം കലർന്ന ഒരു ചിരി ചിരിച്ചു.

 

   പോരെ പൂരം. ചിരിയന്റെ കവിളുകൾ ചുവന്നു. കണ്ണുകൾ ജ്വലിച്ചു. കസേരയിൽ നിന്നും എണിറ്റു പതുക്കെ രമേശന്റെ അടുത്തേക്ക് അവൻ നടന്നു.

 

  ഒന്ന് . രണ്ട് . മൂന്ന് . എത്രയെണ്ണം കൊടുത്തെന്നോ കിട്ടിയെന്നോ ആർക്കും അറിയില്ല.

ചേരി തിരിഞ്ഞു എല്ലാരും തമ്മിലടിച്ചു.അവളുടെ വീട്ടിൽ നിന്നും വന്നവരെല്ലാം ജീവനും കൊണ്ടോടി.അവളുടെ മേലാകെ അടിക്കിടയിൽ തെറിച്ച സലാഡും അച്ചാറും വീണു നാശമായിരുന്നു.   അടി ഏതാണ്ടൊതുങ്ങി.

 

   സാരി കഴുകാനായി അവൾ കുളി മുറിയിലേക്കു പോയി. കരയുന്നുണ്ട്.   വീട്ടിൽ നിന്നും മാറിയാണ് കുളിമുറി. പുറകു വശത്തായി രണ്ടു പയ്യന്മാർ ഫോണിൽ കുത്തിയിരിപ്പുണ്ട്. അടുത്ത വീട്ടിലേതാണ് .അവൾ കുളിമുറിയിൽ കയറിയതും രണ്ടാളും നാണത്തോടെ പരസ്പരം നോക്കി.പിന്നെ മെല്ലെ വലിഞ്ഞു ജനാലക്കരികിൽ എത്താനുള്ള ശ്രമമാണ് .ഒളിഞ്ഞു നോട്ടം തന്നെ. ഇടയ്ക്കു രണ്ടാളും വീഴുന്നുമുണ്ട്.

 

   സാരി കഴുകുന്നതിനിടെ എന്തോ ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്. മുകൾ ഭാഗത്തായുള്ള ജനാലയിൽ രണ്ടു കണ്ണുകൾ. സർവ ശക്തിയുമെടുത്തു അവൾ ഒച്ച വച്ചു. പിള്ളേരും പേടിച്ചു.ഒച്ച കേട്ട് എല്ലാരും അങ്ങോട്ട് ഓടിയെത്തി. അവശനാണെങ്കിലും ചിരിയനും വന്നു .പ്രതികളവിടെ തന്നെയുണ്ട് .ചിരിയന്റെ  അച്ഛനെന്തായാലും പ്രശ്നം വിടാൻ ഒരുക്കമല്ല.

 

പ്രതികളിലൊരുത്തന്റെ അമ്മയും അങ്ങോട്ടു വന്നതോടെ രംഗം കൊഴുത്തു.

 

"അല്ല. ചിരിയാ ..നീയും നിന്റച്ഛനും മാന്യന്മാരാണല്ലോ . ഈ നാട്ടിലെ ഏതേലും പെൺകുട്ടിക്ക് സമാധാനത്തോടെ ഷഡി അയയിൽ  ആറിയിടാൻ പറ്റോ. എല്ലാം നീയും നിന്റച്ഛനും ഇങ്ങു കൊണ്ട് വരുവല്ലോ .  ഇതിപ്പോ എന്റെ മോനൊന്നിതിലൂടെ പോയതിനാ. ഇവളാണേ  ഒരു ശീലാബതി ." ആ സ്ത്രീ അവളെ തുറിച്ചു നോക്കികൊണ്ട്‌ പറഞ്ഞു.

 

അവളാകെ പേടിച്ചിരിക്കുകയാണ്.

 

"നീയെല്ലാം കാണിച്ചു കൊടുത്തിട്ടല്ലേ." എന്നും പറഞ്ഞു ചിരിയൻ അവളുടെ ചെകിട്ടത്തു ഒന്ന് കൊടുത്തു. അവളുടെ കണ്ണിൽ നിന്നും പൊന്നീച്ച പാറി.

 

"എന്റെ ഭാര്യേടെ സീൻ കണ്ട ഒരുത്തനേം വിടില്ലടാ ." എന്നും പറഞ്ഞു അവൻ തിരിച്ചു  നടന്നു .രംഗം സമാധാനമായി.പെട്ടെന്നാണ്, അവന്റെ അച്ഛൻ അപ്രതീക്ഷിതമായി ആ സ്ത്രീയെ ആക്രമിച്ചത് .

 

പിന്നെയും കൂട്ടയിടി. എല്ലാരും ചെളിയിലും മണ്ണിലും കിടന്നുരുളുന്നു.ചിരിയന്റെ മുണ്ടടക്കം എല്ലാം നഷ്ടപ്പെട്ടിരുന്നു.പേടിയോടെ ആ പെൺകുട്ടി ആ വീട്ടിൽ നിന്നും ഇറങ്ങി ഓടുകയാണ്.ക്യാമറയും ഒപ്പമോടുന്നുണ്ട് .സ്‌ക്രീനിൽ ടൈറ്റിൽ തെളിയുന്നു.

 

       "ഒരു ചിരിക്കഥ."

 

നയന നോക്കുമ്പോ ഡയറക്ടർ അഭിമാനത്തോടെ സ്‌ക്രീനിൽ നോക്കിയിരിപ്പാണ്.

 

"കൊഴപ്പമില്ല." എഡിറ്റർ അലസമായി പറഞ്ഞപ്പോ ഡിറെക്ടരുടെ  മുഖം ഒന്ന് വാടി .

 

"എങ്ങനെയുണ്ട് ?" അയാൾ നയനയോടു ചോദിച്ചു.

 

"ഞാൻ തന്ന കഥ ഒരു സീരിയസ് സബ്ജെക്ട് ആയിരുന്നില്ലേ?" അവൾ തൃപ്തയല്ലയിരുന്നു

 

"യൂട്യൂബിന്ന്  വ്യൂ കിട്ടണേ  തമാശ വേണം."അയാൾ പറഞ്ഞു.

 

"അവളുടെ മാനസികാവസ്ഥ നിങ്ങക്കറിയോ?"

 

"ആരെയും വേദനിപ്പിക്കാതെ നൂറു ശതമാനം നിർദോഷമായൊരു ചിരി ലോകത്തുണ്ടായിട്ടില്ല മോളെ."

എന്നും പറഞ്ഞു അയാൾ അവിടെ നിന്നും എണിറ്റു,

 

  എഡിറ്റിംഗ് റൂമിൽ നിന്നും താഴേക്കിറങ്ങി ഓട്ടോക്കായി നില്കുമ്പോ ബാഗിലെ ഡിവോഴ്സ് പേപ്പറെടുത്തു അവളൊന്നു മറിച്ചു നോക്കി. പിന്നെ ഓട്ടോക്ക് കാത്തു നില്കാതെ ദൂരേക്ക് അവൾ നടന്നു.

Srishti-2022   >>  Short Story - Malayalam   >>  പൈതൃകം

Indu V K

IBS Software

പൈതൃകം

പച്ച വിരിച്ച പാടത്തിൻ്റെ വരമ്പത്തൂടെ മുണ്ട് മടക്കി കുത്തി കാലൻ കുടയുടെ മറവിൽ രാഘവേട്ടൻ ധൃതിയിൽ നടക്കുന്നുണ്ട്..

" രാഘവേട്ടാ.. എങ്ങോട്ടാ ഇത്ര ധൃതിയില് ? കൈയ്യിലെന്താ?"
പാടത്ത് പണിയെടുത്തു നിന്ന വേലായുധൻ ചോദിച്ചു.

"ചന്തയിൽ നിന്നാ, കുറച്ച് നല്ല മത്തി കിട്ടിയിട്ടുണ്ട്. "

"ആ നടക്കട്ടെ."

കോലായിൽ വച്ചിരുന്ന കിണ്ടിയിൽ നിന്ന് കാലു കഴുകി കുട മുകളിൽ ഓടിൻ്റെ പട്ടിയലിൽ തിരുകി രാഘവേട്ടനുറക്കെ നീട്ടി വിളിച്ചു.

"എടീ പെണ്ണേ, ഒന്നിങ്ങു വന്നേ... "

"എന്തേ?" സാരിത്തലപ്പു കൊണ്ട് മുഖം തുടച്ചു കൊണ്ട് സുധാമ്മ എത്തി.

" സുധാമ്മേ, നല്ല മത്തി കിട്ടിയിട്ടുണ്ട്. ഇങ്ങു കേറുമ്പോ പറമ്പിൽ നിന്ന് ഒരു മൂട് കപ്പയും പിഴുതു.  തേങ്ങ അരച്ച മത്തിക്കറിയും കപ്പ പുഴുക്കും കഴിക്കാൻ ഒരു പൂതി തോന്നി പെണ്ണേ.. "

"ആ അതിനെന്താ ഉണ്ടാക്കാലോ." കൈയ്യിലെ സംഭാരം രാഘവേട്ടന് നൽകി മീനും കപ്പയുമായി സുധാമ്മ അടുക്കളയിലോട്ട് കേറി.

പുറത്ത് കളിച്ചു കൊണ്ടിരിക്കുന്ന പേരക്കുട്ടി അപ്പൂട്ടനെ അപ്പോഴാണ് രാഘവേട്ടൻ ശ്രദ്ധിച്ചത്.

"എന്താടാ നിൻ്റെ കയ്യില് ?"

" അടമാങ്ങയാണ് അപ്പൂപ്പാ. പത്തായപുരയില് അമ്മൂമ്മ പുളിയെടുക്കാൻ കേറിയപ്പൊ പുറകിലൂടെ കേറി ഭരണിയിൽ നിന്ന് ഒന്ന് രണ്ടെണ്ണം എടുത്ത് ഒറ്റ ഓട്ടം. ഭാഗ്യത്തിന് തല്ല് കിട്ടിയില്ല. അപ്പൂപ്പന് വേണോ.. "

" ഹ ഹ അപ്പൂപ്പന് വേണ്ട. പക്ഷെ അപ്പൂപ്പന് മക്കള് വെറ്റില ഇടികല്ലേൽ ഇടിച്ചു തരാമോ?"

"ഓക്കെ അപ്പൂപ്പാ" ഒറ്റയോട്ടത്തിന് വെറ്റില ചെല്ലം റെഡി. വെറ്റിലയിൽ ചുണ്ണാമ്പു തേച്ച് പാക്ക് തിരുകി ഇടികല്ലിൽ ചതച്ച ആ ചുവന്ന മിശ്രിതം പുകയിലയോടൊപ്പം കൈമാറി അപ്പൂപ്പനെ അവൻ അഭിമാനത്തോടെ നോക്കി നിന്നു.

"അസ്സലായി മക്കളെ. ഇനി മോൻ പോയി കളിച്ചോ."

ആ വലിയ പറമ്പിൻ്റെ ഒരറ്റത്ത് നിന്ന് അവൻ കളിക്കുന്നത് കാണാൻ തന്നെ നല്ല ശേല്. പല നിറത്തിലുള്ള പൂക്കളുടെ ഇടയിൽ ഒരു കുഞ്ഞു പൂവായ് അവനും.
അടുക്കളയിൽ നിന്ന് മത്തിക്കറിയുടെ മണം വന്നപ്പോൾ രാഘവേട്ടനങ്ങോട്ടൊന്ന് എത്തി നോക്കാൻ തോന്നി. അടുക്കളയോട് ചേർന്നുള്ള കിണറിൽ നിന്ന് മരുമകൾ  വെള്ളം കോരുകയാണ്. തെന്നിതെന്നി വെള്ളത്തുള്ളികൾ ഇറ്റിച്ച് കൊണ്ട് ഒരു ഞെരക്കത്തോടെ തൊട്ടി മുകളിലേയ്ക്ക് കേറി വന്നു.
"മോളേ, ഇത്തിരി വെള്ളം ഇങ്ങോട്ടൊഴിച്ചേ."

" അകത്ത് അനത്തിയ വെള്ളമുണ്ട് അച്ഛാ.. "

" വേണ്ടിതു മതി"
കൈക്കുമ്പിളിൽ നിറഞ്ഞൊഴുകുന്ന ആ ജലം മൊത്തി കുടിക്കുമ്പോൾ രാഘവേട്ടന് നല്ല മധുരം തോന്നി.

ആ ഈർപ്പം നിറഞ്ഞ അന്തരീക്ഷത്തിൽ നിന്ന്‌ അടുക്കളയിൽ അടുപ്പിനടുത്തെത്തുമ്പോൾ അടുപ്പിലിരുന്ന് മത്തിക്കറി തിളച്ചു മറിയുകയാണ്.
" ഉപ്പും പുളിയും പാകാണോന്ന് നോക്കിയേ.." ഒരു തവിയിൽ മീൻ കറിയെടുത്ത് ചൂടാറ്റി സുധാമ്മ രാഘവേട്ടന് നൽകി.

"ആഹാ, എല്ലാം സമാസമം.. "
പുകയടുപ്പിൻ്റെ കരി സുധാമ്മയുടെ മുഖത്ത് നിന്ന് തുടച്ചെടുത്ത് കൊണ്ട് രാഘവേട്ടൻ പറഞ്ഞു.

"രാഘവേട്ടാ, എത്ര ശ്രമിച്ചാലും നിങ്ങടെ ഉള്ളിലെ പിടപ്പ് എനിക്കറിയാൻ പറ്റും.
കഴിഞ്ഞ ദിവസം അവൻ അത് പറഞ്ഞതു മുതലാന്നും അറിയാം. നമ്മുടെ മോനല്ലേ, പറഞ്ഞാൽ അവന് മനസ്സിലാവില്ലേ? നിങ്ങളിങ്ങനെ തീ വിഴുങ്ങിയ പോലെ നടക്കാതെ.. " ഉള്ളിലെ തേങ്ങൽ പുറത്ത് കേൾക്കാതെ അവൾ പറഞ്ഞു.

"പോടി പെണ്ണേ.. " കലങ്ങി തുടങ്ങിയ കണ്ണുകൾ അവളുടെ നോട്ടത്തിൽ നിന്നടർത്തി രാഘവേട്ടൻ അടുക്കളയിൽ നിന്നിറങ്ങി ഊണുമുറിയുടെ നേരെ നടന്നു. അമ്മയുടെ പ്രസവവേദനയുടെ സാക്ഷിയായ  പേറ്റു മുറിയുടെ മുമ്പിലൂടെ  കടന്ന് പോയപ്പോൾ അവിടെയിരിക്കുന്ന ചെറിയ ഗോവണിയുടെ മുകളിൽ കയറി തൻ്റെ അമ്മ മച്ചിലെന്തോ തിരയും പോലെ തോന്നി രാഘവേട്ടന്.  ഊണുമേശയുടെ ഒരു വശത്ത് ആ പേപ്പറുകൾ ഇരിപ്പുണ്ട്. മകളുടെ കല്യാണത്തിനായി വാങ്ങിയ കടത്തിന് പരിഹാരമായി ജനിച്ചു വളർന്ന വീടും പറമ്പും നൽകാനുള്ള സമ്മതപത്രം. പഴമയ്ക്കിന്ന് മോഹവിലയാണത്രെ റിസോർട്ടുകാർ പറഞ്ഞത്. അല്ല അവനിൽ തെറ്റൊന്നുമില്ല, എൻ്റെ കുട്ടിക്കും ആഗ്രഹമുണ്ടാവില്ലേ കടമെല്ലാം തീർത്ത് ഈ പട്ടിക്കാട്ടിൽ നിന്ന് രക്ഷപ്പെടാൻ.
അയാളോരോന്നോർത്തു കൊണ്ട് കോലായിലെ ചാരുകസേരയിൽ നിവർന്നു കിടന്നു. അപ്പൂട്ടൻ പറമ്പിലെ മാവിന് കല്ലെറിയുകയാണ്. ഒരു കുല മാങ്ങ വന്ന് പതിച്ചത് അയാളുടെ ഓർമ്മകളിലായിരുന്നു. വിളഞ്ഞ മാങ്ങ പത്തായപുരയിൽ നെല്ലിൽ പുഴ്ത്തി വച്ച് പഴുപ്പിക്കുന്നതും, അത് തങ്ങൾ സഹോദരങ്ങൾ പങ്കിട്ടെടുക്കുന്നതും, ചന്തയിൽ പോയി ചില്ലറ പൈസയ്ക്ക് ഓരോന്ന് വില പേശി വിൽക്കുന്നതുമെല്ലാം വെറുതെയോർത്ത് അയാൾ ചിരിച്ചു.

"ആശയോടെ മേടിച്ചു വച്ചിട്ട്, ഒന്നും കഴിച്ചില്ലല്ലോ.. " ഊണു വിളമ്പി കൊണ്ട് മേശയരിക്കിൽ നിന്ന് സുധാമ്മ കെറുവിച്ചു.
" ഇറങ്ങുന്നില്ലെടീ.. ഈ ഉരുള നീ കഴിയ്ക്ക്.. " സ്നേഹം കൂട്ടി കുഴിച്ച് രാഘവേട്ടൻ കൊടുത്തത് സുധാമ്മയ്ക്ക് തിരസ്കരിക്കാനായില്ല.
" അപ്പൂപ്പാ, എനിക്കും.." അപ്പൂട്ടനും കിട്ടി ഒരുരുള.

വീണ്ടും സമയമതിൻ്റെ വഴിയ്ക്ക് ആരേയും കാത്തു നിൽക്കാതെ പൊയ്ക്കൊണ്ടേയിരുന്നു. ഒരിക്കലും തമ്മിൽ കാണാൻ കഴിയാത്ത രാവിനും പകലിനുമിടയിൽ സന്ധ്യ വന്നു നിന്നു. കിണറിൻ്റെ തലയ്ക്കൽ ഭംഗി തൂകി നിൽക്കുന്ന ചെമ്പരത്തിപ്പൂക്കൾ വിളക്കിൻ്റെ തട്ടത്തിനു ചുറ്റും അത്തം തീർത്തിരുന്നു. പൂമുഖത്തെ ഉടമ്പറയുടെ മുകളിൽ നിന്ന് തൂങ്ങി കിടക്കുന്ന ഭസ്മച്ചട്ടിയിൽ നിന്ന് കുറി തൊട്ട്, കത്തുന്ന നിലവിളക്കിൻ്റെ ചുറ്റിലും അമ്മൂമ്മയും അപ്പൂട്ടനും പതിവു സന്ധ്യക്കാഴ്ച തീർത്തു.

അധികം വൈകാതെ അഖിലെത്തി. കുറച്ചു ദിവസങ്ങളായി, ചാരുകസേരയിൽ ചിന്താമഗ്നനായിരിക്കുന്ന അച്ഛനാണ് ഓഫീസു വിട്ടു വരുമ്പൊ സ്ഥിരം കാഴ്ച.
വന്നപാടെ അവനച്ഛൻ്റെ അരികിലിരുന്നു.
"അച്ഛാ, ഇത്തിരി വിഷമത്തിലായപ്പൊ അതാലോചിച്ചാലോ എന്ന് പറഞ്ഞൂന്നേയുള്ളൂ. കടലാസ്സുകൾ ശരിയാക്കി കൊണ്ടു വരാൻ അച്ഛനല്ലേ പറഞ്ഞത്. ഇത്ര വിഷമമാണേൽ വേണ്ടച്ഛാ.. നമുക്ക് വേറെ വല്ല മാർഗ്ഗവും നോക്കാം."

"ഏയ്, ഒന്നൂല മോനേ. ഇത്തിരി വിഷമമൊക്കെ ഉണ്ട്. പക്ഷെ എൻ്റെ മോനല്ലല്ലോ കുടുംബ മഹിമ കാണിക്കാൻ നിൻ്റെ അനിയത്തീടെ കല്യാണത്തിന് വേണ്ടി  അച്ഛനുണ്ടാക്കി വച്ചതല്ലേ ഈ കടമൊക്കെ.. മോൻ പോയി വല്ലതും കഴിയ്ക്ക്."

"രാഘവേട്ടാ.. കഞ്ഞിയെടുത്തു വച്ചിട്ടുണ്ട്.. അത്താഴ പഷ്ണി കിടക്കണ്ട. ഉച്ചയ്ക്കേ മര്യാദയ്ക്കൊന്നും കഴിച്ചിട്ടില്ല. " സുധാമ്മ വന്നു വിളിച്ചപ്പോ മറുത്തൊന്നും പറയാതെ കഴിച്ചു കഴിച്ചില്ല വച്ച് രാഘവേട്ടൻ മുൻവശത്തെ തിണ്ണയിൽ വന്നു  കിടന്നു.

" രാഘവേട്ടാ, തറയിൽ കിടന്ന് ഒന്നും വരുത്തണ്ട,  വന്നേ "

"ഞാൻ വന്നോളാം.. ഇതു പോലെ ഈ തറയുടെ തണുപ്പ് പറ്റി ഇനി എത്രനാൾ കിടക്കാൻ പറ്റുമെന്നറിയില്ലല്ലോ.. " കണ്ഠമിടറി ഇതു പറഞ്ഞൊപ്പിക്കുമ്പോൾ അനുവാദത്തിന് കാത്തു നിൽക്കാതെ രണ്ടു തുള്ളി അയാളുടെ കണ്ണുകളിൽ നിന്നുതിർന്നു വീണു. സുധാമ്മ കാണാതെ അയാളതു തൂത്തു മാറ്റി.
വേദനിച്ചെങ്കിലും അയാൾക്കാ സമയം അനുവദിച്ച് സുധാമ്മ അകത്തെ മുറിയിലേയ്ക്ക് പോയി.

രാത്രിയുടെ നിലാവിൽ അയാൾ മുറ്റത്തിറങ്ങി. നിറയെ നക്ഷത്രങ്ങളുള്ള ആകാശത്തിൻ്റെ കീഴിൽ തലയെടുപ്പോടു കൂടി നിൽക്കുന്ന തൻ്റെ വീടിൻ്റെ ചിത്രം കണ്ണിൽ അയാൾ വരച്ചിട്ടു. രാത്രിയോടി വന്ന കാറ്റ് കുളിരിനോടൊപ്പം ആ വീടിൻ്റെ സുഗന്ധവും  പകർന്നതായി അയാൾക്കു അനുഭവപ്പെട്ടു.
നിദ്രാദേവി അയാളോട് ഒട്ടും തന്നെ കനിഞ്ഞില്ല. പൂമുഖത്തെ ചുമരിൽ തൂക്കിയിട്ടിരുന്ന മാല ചാർത്തിയ അച്ഛനമ്മമാരുടെ എണ്ണഛായ ചിത്രം വീണ്ടുമാ ഗതകാല സ്മരണകൾ അയാളിലുണർത്തി. പണിക്കാരുടെ പ്രശ്നങ്ങൾക്ക് തീർപ്പു കൽപ്പിക്കുന്ന അച്ഛനും, കാർത്ത്യായനി ചേട്ടത്തിയും അമ്മയും ചായ്പ്പിലിരുന്ന് അരിയുമുഴുന്നും  അരയ്ക്കുന്നതും, കിണറ്റിലെ വെള്ളം ചൂടാക്കുന്ന പുറത്തെ  കുളിമുറിയിലെ വലിയ കരിപുരണ്ട കലത്തിനടിയിലെ ചാരത്തിൻ്റെ ഗന്ധവുമെല്ലാം രാഘവേട്ടൻ്റെ മുന്നിലൂടെ കടന്നു പോയി. പണ്ടു ആ വീട്ടിലിരുന്നു പറഞ്ഞ പല സംഭാഷണങ്ങളും അയാൾ പിറുപിറുത്തു കൊണ്ടിരുന്നു.

" അച്ഛൻ ഇവിടെ തന്നെ കിടന്നുറങ്ങിയോ?" രാവിലെ അഖിൽ ഉറക്കമെഴുന്നേറ്റു വന്ന്, അച്ഛൻ്റെയടുത്ത്‌ ചുമരിൽ ചാരിയിരിക്കുന്ന അമ്മയോടായി ചോദിച്ചു.

" ഉം. അച്ഛനുറങ്ങി മോനേ, ഇവിടെ തന്നെ കിടന്നുറങ്ങി... " അതു വരെ പിടിച്ചു വച്ച ഏങ്ങൽ പുറത്തു വിട്ടു കൊണ്ട് സുധാമ്മ വാവിട്ടു കരയാൻ തുടങ്ങി.

അകത്തെ ഊണുമേശയുടെ പുറത്ത് വെറ്റില ചെല്ലത്തിൻ്റെ അടിയിൽ വച്ചിരുന്ന സമ്മതപത്രത്തിലെ കയ്യൊപ്പും കണ്ണീരിലിത്തിരി പടർന്നിട്ടുണ്ടായിരുന്നു.

Srishti-2022   >>  Short Story - Malayalam   >>  ഡിസംബർ 28

ഡിസംബർ 28

2019  ഡിസംബർ 28,അന്നായിരുന്നു ആ കൂടിച്ചേരൽ. നീണ്ട 25 വർഷങ്ങൾ, 1994 ബാച്ച്  10 ക്ലാസ്സ്കാരുടെ സിൽവർ  ജൂബിലി .

എറണാകുളത്തെ വിസ്മയ ഫ്ലാറ്റിന്റെ പന്ത്രണ്ടാമത്തെ   നിലയിൽ നിന്നും വയനാട്ടിലെ ചെറുകരയിലേയ്ക്ക്  ഉള്ള ക്രിസ്തുമസ് അവധി യാത്ര,  മറ്റുവർഷങ്ങളിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു . പള്ളിക്കരയിലെ തന്റെ പഴയ കുട്ടുകാരെയും പഠിപ്പിച്ച ടീച്ചേഴ്സിനെയും കാണാൻ, സ്കൂൾ മുറ്റത്തെ വാകമരത്തണലിൽ ഇരിക്കാൻ ,   സർവോപരി ഒരു ഏകാന്ത യാത്ര നടത്താൻ അങ്ങനെ അങ്ങനെ ...

 

 സിൽവർ ജൂബിലി ആഘോഷങ്ങൾ തുടങ്ങുന്നതിന് മുൻപായി ആരംഭിച്ച വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ധാരാളം കഥകൾ വന്നു കൊണ്ടിരുന്നു. മാവിൽ എറിഞ്ഞ കല്ല് കൊണ്ട് സ്കൂൾ കെട്ടിടത്തിന്റെ ഓട് പൊട്ടിച്ചതിന് സാറിന്റെ കയ്യിൽ നിന്നും അടി വാങ്ങിയ കഥകൾ മുതൽ  പെൺകുട്ടികൾക്ക് കത്തു കൊടുത്തത് വരെ.

 സാനുവിന്റെ  കഥകൾക്കു  ആരാധകർ കൂടുതലായിരുന്നു. എല്ലാ  ദിവസവും തുടയ്ക്ക് അടി മേടിക്കുന്നതിനാൽ വേദനയറിയാതിരിക്കാൻ നോട്ട് ബുക്ക് മുണ്ടിനടിയിൽ  തിരുകി വന്നിരുന്ന സാനുവിന്റെ  കഥ മുതൽ നൂറിലേറെ പ്രേമലേഖനം ലഭിച്ച ദിവ്യയുടെ കഥകൾ വരെ. ജിനുവിൻറെ കഥകൾ  മറ്റൊരുതരത്തിലുള്ളതായിരുന്നു , വീട്ടിലെ ഇരുമ്പൻ പുളി സ്ഥിരമായി പെൺകുട്ടികൾക്ക് നൽകി അവരുടെ ഇഷ്ടം നേടാൻ നോക്കിയ കഥകൾ.

 ജിനുവും  വിപിനും  തമ്മിലുള്ള കഥകളായിരുന്നു ഒന്നു കേൾക്കേണ്ടത്, മുയൽ കച്ചവടം  മുതൽ ഓറഞ്ച് കച്ചവടം വരെ.സൈക്കിൾ വാങ്ങാൻ എല്ലാ വിഷയത്തിനും പാസായി വരാനാണ് ജിനു വിനോട് വീട്ടുകാർ പറഞ്ഞത് ,എത്ര ശ്രമിച്ചിട്ടും പാസ്സാകാത്ത ജിനു ഒടുവിൽ ഓട് പൊളിച്ച് സ്റ്റാഫ് റൂമിൽ കയറി എല്ലാ വിഷയത്തിനും മാർക്ക് തിരുതേണ്ടീ വന്നു. ഈ കഥകൾ വിപിൻ കറക്റ്റ് ആയി ടീച്ചേഴ്സിനെ അറിയിച്ച് വഴി സൈക്കിളിന് പകരമായി ചൂരൽ കഷായം  ആണ് കിട്ടിയത്.  പൊൻ വണ്ടിനെ പിടിക്കാൻ തീപ്പെട്ടിയും ആയി സ്കൂളിൽ എത്തുന്നവരും  ടീച്ചേഴ്സിന് അടി കിട്ടാതിരിക്കാൻ  മാനിപുല്ലിൽ കെട്ട് ഇട്ടു  ക്ലാസിൽ വരുന്നവരുടെ കഥകളാൽ സമ്പന്നമായിരുന്നു വാട്സ്ആപ്പ്

പേജുകൾ .

 ചെറുകരയിൽ നിന്ന് പള്ളിക്കര പോകണമെങ്കിൽ കബനി നദി മുറിച്ചു കടക്കണം, അന്നത്തെ കാലത്ത് തോണിയിൽ ആണ് പുഴ കടന്നു  സ്കൂളിൽ പോയിക്കൊണ്ടിരുന്നുത്. കബനി നദിയിൽ  പല കടവുകൾ ഉണ്ടായിരുന്നു.  മാടായി കടവ്, ഇഞ്ചി കടവ് ,കണ്ടൽ കടവ് അങ്ങനെ കടവുകൾ ധാരാളം  . ചെറുകരയിൽ നിന്ന് മാടായി കടവ് കടന്ന് നമ്പ്യാർ  തോട്ടത്തിലെ പുളിയും പെറുക്കി  ആമ്പൽ കുളങ്ങളും കണ്ട് ആ വഴിയിലൂടെ സ്കൂളിലേക്കുള്ള യാത്ര, ഒരിക്കൽ കൂടി  ഈ വഴിയിലൂടെ ഈ പടവുകളിലൂടെ സ്കൂളിലേക്ക് ഒരു  ഏകാന്ത  യാത്ര , 

ഈ വഴി ധാരാളം ചരിത്രസംഭവങ്ങൾക്ക്  സാക്ഷ്യം വഹിച്ചതാണ് . നക്സൽ  ജോസഫ് ഇറക്കിയ  ഹിറ്റ്  ലിസ്റ്റിൽ പേരുകേട്ടവനും തിരുവിതാംകുർ നിന്നും കുടിയേറി വന്നവർക്ക് സ്ഥലം പാട്ടത്തിന് നൽകുകയും പാട്ടം നല്കാനാവതെ മലമ്പനി പിടിച്ചവരുടെ സ്ഥലം പിടിച്ചെടുക്കുകയും പാവപെട്ട ആദിവാസികൾക്ക്  കൂലി നൽകാതെ പണി  എടുപ്പിച്ചു മൂക്കറ്റം റാക്ക് കുടിച്ചു   ഉല്ലസിചിരുന്ന തെളളി വക്കീൽ താമസിച്ചിരുന്ന

 കണ്ടക്കടവ്, തെള്ളി  വക്കീൽസഹായിയും നല്ല ഒരു വേട്ടക്കാരനും ഒടുവിൽ ഭ്രാന്ത് പിടിച്ചു മരിച്ച  സിഡി നാണപ്പൻ  പിന്നെ   പേപ്പർ വിറ്റ് നടന്നിരുന്ന ഒറ്റക്കണ്ണൻ അചപ്പൻ,   ചുമപ്പ് ഷർട്ട് മാത്രം ധരിച്ചിരുന്ന ദാസപ്പൻ ഇങ്ങനെ  പേരുകേട്ട ആൾക്കാരുടെ  വീടും കടന്നു സ്കൂൾ കുട്ടികൾക്കു ഉണ്ടപൊരി  വിൽക്കുന്ന വർഗീസ് ചേട്ടന്റ ചായ കടയുടെ മുമ്പിലൂടെ  ഒരിക്കൽ കൂടി എന്റെ വിദ്യ യാലയത്തിലേക്കു .  എറണാകുളത്തുനിന്ന്  ചെറുകരയിലേക്കു ഈ  യാത്ര തന്നെ ക്രിസ്മസ് ആഘോഷം കഴിഞ്ഞുള്ള  കൂടിച്ചേരലിൽ പങ്കെടുക്കാൻ  ആയിരുന്നു .  അങ്ങനെ  മനസ്സിൽ കാത്തുസൂക്ഷിച്ച ദിനം . ഡിസംബർ 28.

 

വളരെ സംഭവബഹുലമായിരുന്നു   കൂടിച്ചേരൽ. സനീഷ്  തെങ്ങിൽ നിന്നും  ചെത്തിഎടുത്ത  കള്ളുമായി എത്തിയപ്പോൾ വിനീത് എത്തിയത്  ട്രാക്ടറിലാ യിരുന്നു. ലണ്ടനിൽനിന്ന് നിമ്മിയും  സൗദിയിൽനിന്ന്  ബിന്ദു  വിനുവും എത്തി. ദുബായിൽ നിന്നാണ് വിപിൻ എത്തിയത്. എല്ലാവരുടെയും പരിചയപ്പെടലും  വിശേഷം പങ്കിടലും  ഉദ്ഘാടന സമ്മേളനവും  കഴിഞ്ഞ ശേഷം  ടീച്ചർമാർ അവരുടെ എക്സ്പീരിയൻസ് ഷെയർ ചെയ്യാൻ തുടങ്ങി.  ബിരിയാണിയോടു കൂടി  സമ്മേളനം അവസാനിച്ചു.

 ശരിക്കുമുള്ള സമ്മേളനം ഉച്ചക്ക് ശേഷം ആയിരുന്നു.  സംഗീതവും കഥപറയലും ആയി. സാജന്റെ  ലൈൻ കളെ  ക്കുറിച്ചുള്ള  കഥകളായിരുന്നു  ഫസ്റ്റ്.  ലിസിയെ കെട്ടിച്ച് തരുമോ എന്ന്  അപ്പനോട് വരെ  ചോദിച്ചിരുന്നു പോലും.  അങ്ങനെ ആറുപേരുടെ  പുറകെ നടന്നിട്ടും ആരും കണ്ടഭാവം നടിച്ചില്ലത്രേ.

 

"ഇതൊക്കെ നേരത്തെ ഞങ്ങളോട്  നേരിട്ട് ചോദിക്കണ്ടേ .നേരത്തെ എവിടെയാ പോയി കിടന്നത്"

ലിസിയുടെ മറുപടി. ഇതിനു ശേഷം

 ദിവ്യയുടെ നൂറു കത്തുകൾ പുറത്തെടുത്തത്.  എല്ലാത്തിന്റെയും  കാര്യങ്ങൾ ഏകദേശം ഒരേ പോലെ ആയിരുന്നെങ്കിലും  പേരോ  അഡ്രസോ  ഉണ്ടായിരുന്നില്ല . ഇന്നെങ്കിലും  ആളെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ദിവ്യ  കത്തുമായി എത്തിയതെങ്കിലും   ആളെ മനസ്സിലാക്കാനായി ആയി ഇനി ചിലപ്പോൾ അമ്പതാം വാർഷികം വരെ കാത്തിരിക്കണം എന്ന് തോന്നി. 

അവസാനമായി ആയി  സനീഷന്റെയും  ജോയിയുടെയും ലുങ്കി ഡാൻസ്, പാട്ടിനോടൊപ്പമുള്ള  താളം കൊട്ടൽ  സോനുവിന്റെ വകയായിരുന്നു.  ഇതിനിടയിൽ  സമയം  പൊയ്ക്കൊണ്ടിരുന്നു.

 ഓരോരുത്തരായി യാത്രപറഞ്ഞു പിരിയും തോറും  മൈക്കിലൂടെ  ഉള്ള സംഗീതത്തിനനുസരിച്ച് ഡാൻസിന്റെ വേഗവും കൂടി കൂടി വന്നു .സമയം സായാഹ്നം.  പെട്ടെന്നാണ് അത് സംഭവിച്ചത്.

നിന്ന നിൽപ്പിൽ നിന്നും വെട്ടിയിട്ട

 വാഴ പോലെ സോനു നിലത്തേക്കു പതിച്ചു.

 സംഗീതം നിലച്ചു. എല്ലാവരും കിട്ടിയവണ്ടിയിൽ  ആശുപത്രിയിലേക്ക് .കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത് പിന്നീട് ആയിരുന്നു. ഹൃദ്  രോഗിയായിരുന്നു  സോനുഎന്നും,  തലേന്നു മുതൽ കൂടിച്ചേരലിന്റെ  ഒരുക്കത്തിനിടക്ക്  മരുന്ന് കഴിക്കാൻ മറന്നു എന്നും.  രാവിലെയും ഉച്ചക്കും  ഒന്നും കഴിക്കാതെ ഓടിനടക്കൽ  കൂടിയായപ്പോൾ . അതെ ഒത്തിരി ചിരിപ്പിച്ച    സോനു നമ്മോട് വിട പറഞ്ഞരിക്കുന്നു.

Srishti-2022   >>  Short Story - Malayalam   >>  കാൻഡിൽ ലൈറ്റ് ഡിന്നർ

കാൻഡിൽ ലൈറ്റ് ഡിന്നർ

മായയുടെ കണ്ണുകൾ തുറന്നിട്ട ജനാലയ്ക്കപ്പുറം കുങ്കുമം പുരണ്ട മേഘശകലങ്ങളിലും കൂടണയാൻ വെമ്പുന്ന പറവകൾക്കൊപ്പവും അലഞ്ഞുനടന്നു. വാതിൽക്കലെ കാൽപ്പെരുമാറ്റം വീണ്ടും ജനാലയ്ക്കുള്ളിലെ മരുന്നിൻ്റെ മണമുള്ള കിടക്കയിലേക്ക് അവളെ വലിച്ചിട്ടു. ഒരു സുന്ദരസ്വപ്നം മുറിഞ്ഞ നീരസത്തോടെ അവൾ കണ്ണുകളിറുക്കിയടച്ചു. ഞൊടിയിടയിൽ ലോകം മുഴുവൻ കീഴ്മേൽ മറിഞ്ഞു. സർവതും ഭാരം നഷ്ടപ്പെട്ട് മുകളിലേക്കുയർന്നു. അവൾ കണ്ണുകൾ വലിച്ചുതുറന്നു. ഇല്ല! ഒന്നും മാറിയിട്ടില്ല. അതേ ആശുപത്രിക്കിടക്ക തന്നെ. 

 

വാതിൽ തുറന്ന് അകത്തേക്ക് വന്ന നഴ്‌സ്, ഡ്രിപ് സ്റ്റാൻഡ് അവളുടെ അരികിലേക്ക് നീക്കി വച്ച് പുതിയൊരു കുപ്പി ഡ്രിപ് ഇടാനുള്ള തയ്യാറെടുപ്പിലാണ്. 

 

പിന്നിൽ മനുവിൻ്റെ അമ്മ! 

 

അവൾ എഴുന്നേറ്റിരിക്കാൻ ഒരു വിഫലശ്രമം നടത്തി. 

 

എണീക്കണ്ട! ക്ഷീണം കാണും. ബ്ലഡ് ഒത്തിരി പോയതല്ലേ. ഈ ഡ്രിപ് കൂടി കഴിഞ്ഞാൽ വീട്ടിൽ പോകാം നഴ്സ് പറഞ്ഞു. 

 

കൈപ്പത്തിയുടെ പുറകിൽ പിടിപ്പിച്ച സൂചിയിലേക്ക് ആദ്യം ഒരു ഇൻജക്ഷനും പിന്നീട് ഡ്രിപ്പിൻ്റെ കുഴലും പിടിപ്പിച്ച്, ഡ്രിപ്പ് കയറുന്നുണ്ടെന്ന് ഉറപ്പാക്കി അവർ പോയി. 

 

മനുവിൻ്റെ അമ്മ അപ്പോഴേക്കും കട്ടിലിൻ്റെ വശത്തേക്ക് അമർന്നിരുന്നു.  

 

അവൻ എന്തെടുത്താ നിന്നെ എറിഞ്ഞത്? അമ്മ ശബ്ദം താഴ്ത്തി ചോദിച്ചു. 

 

അവളുടെ വിരലുകൾ അറിയാതെ നെറ്റിത്തടത്തിൽ പരതി.

 

 

മനുവിൻ്റെ അമ്മയുടെ ചുണ്ടിൻ്റെ കോണിൽ ഒരു പരിഹാസച്ചിരി മിന്നിമാഞ്ഞു. ഗൗരവം വീണ്ടെന്നുത്ത് അവർ തുടർന്നു.

 

അവനെ ദേഷ്യം പിടിപ്പിക്കാതെ നോക്കണം. മൂക്കത്താ ദേഷ്യം! എന്തേലും പറയണേൽ തന്നെ അപ്പുറത്തോ ഇപ്പുറത്തോ മാറിനിന്ന് പറയണം. 

 

നിനക്കറിയാല്ലോ അവൻ്റെ സ്വഭാവം. 

 

അവൻ്റെ അച്ഛനും വലിയ ദേഷ്യക്കാരനായിരുന്നു. എന്നെ എന്തോരം തല്ലുമായിരുന്നു. ഇപ്പൊ പിന്നെ മക്കളൊക്കെ വലുതായപ്പോഴല്ലേ...! ഒരു ദീർഘനിശ്വാസം ഉതിർന്നു പൊലിഞ്ഞു.

 

ഒരു കുഞ്ഞൊക്കെ ആവുമ്പോ അവനും മാറും. 

 

ഒരാഴ്ച കടന്നു പോയിരിക്കുന്നു. മനുവിൻ്റെ അമ്മ നാട്ടിലേക്ക് തിരിച്ചു പോയിരുന്നു. ജീവിതം വീണ്ടും  ശീലങ്ങളിലേക്ക് മടങ്ങി. കലിയുടെ കൊടുമുടിയിൽ മനു ഒരിക്കൽ എറിഞ്ഞുടച്ച പളുങ്ക് ഹൃദയം പോലെ നിവൃത്തിയില്ലായ്മയുടെ പശതേച്ചൊട്ടിച്ച ദാമ്പത്യത്തിൻ്റെ ഒന്നാം വാർഷികചിത്രം അവളുടെ ടൈം ലൈനിൽ ഇടം പിടിച്ചു.

 

 

മോളൂ, ഇന്നെനിക്കൊരു ക്ലൈൻ്റ് മീറ്റിംഗ് ഉണ്ട്. നമുക്ക് കാൻഡിൽ ലൈറ്റ് ഡിന്നർ വീക്കെൻഡിൽ ആക്കാം. ഓക്കേ?

 

അവൾ സമ്മതപൂർവ്വം തലയിളക്കി.

 

പതിവില്ലാതെ ഫോണിൽ അമ്മയുടെ മിസ്ഡ് കാൾ. അവൾ തിരിച്ചുവിളിച്ചു. 

 

ഹലോ, അമ്മേ!

 

മോളേ, സുഖമാണോ? അച്ഛനാണ് ഫോൺ എടുത്തത്. അവൾ ഒരു നിമിഷം സ്തബ്ദയായി.

 

ഹലോ... മോളേ!

 

അച്ചനെന്നോട്... മുഴുമിപ്പിക്കാൻ അവൾക്ക് കഴിഞ്ഞില്ല.

 

നിന്നോട് പിണങ്ങാൻ എനിക്കു പറ്റുമോ മോളേ.

 

അതൊക്കെ പോട്ടെ! 

 

ഒരു ഗുഡ് ന്യൂസ് ഉണ്ട്! നീ ഹയർ സ്റ്റഡീസിന് അപ്ലൈ ചെയ്തിരുന്നില്ലേ, അതിൻ്റെ ലെറ്റർ വന്നിട്ടുണ്ട്. സ്കോളർഷിപ്പുണ്ട്.

 

ഹാപ്പിയല്ലേ?

 

മ്മം. 

 

അച്ഛൻ വെക്കട്ടെ! അമ്മയ്ക്ക് മരുന്നുകൊടുക്കാൻ സമയമായി. 

 

അമ്മയ്ക്കെന്ത് പറ്റി?

 

ഒന്നൂല്ല. അല്പം ബിപി കൂടി. ഇപ്പൊ വീട്ടിലുണ്ട്.

 

എനിക്ക് ആമ്മയെ കാണണം!

 

എന്നാ പോരേ. ആ! പിന്നെ, നെറ്റിയിലെ മുറിവ് വഴുക്കി വീണതാണെന്ന് പറഞ്ഞാമതി. 

 

അങ്ങേതലയ്ക്കൽ ഫോൺ കട്ടായി.

 

അച്ഛൻ എല്ലാം അറിഞ്ഞിരിക്കുന്നു. അവളുടെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ കടന്നുപോയി.

 

ആരാ ഫോൺ ചെയ്തത്?

 

അപ്പുറത്തെ മറ്റവനാണോ?

 

മനുവിൻ്റെ ചോദ്യം കേട്ട് മായ ഒന്നുഞെട്ടി.

 

ആണെങ്കിൽ? അവളുടെ ശബ്ദമുയർന്നു. 

 

താൻ തെരഞ്ഞെടുത്ത ജീവിതപങ്കാളി മോശക്കാരനായിപ്പോയി എന്നു അച്ഛനും അമ്മയും അറിയരുതെന്നൊരു വാശി അവളിൽ രൂഢമൂലമായിരുന്നു. അതുവരെയുണ്ടായിരുന്ന ഒരു ചങ്ങല പൊട്ടിച്ചെറിഞ്ഞ ഊർജ്ജം അവളിൽ നിറഞ്ഞു. 

 

പെട്ടെന്നുള്ള അവളുടെ ഭാവമാറ്റം മനുവിനെ തെല്ലൊന്നമ്പരപ്പിച്ചു.

 

അടങ്ങെടോ! ഞാനൊരു തമാശ പറഞ്ഞതല്ലേ. 

 

മനൂ, യു ഹാവ് ടു ട്രസ്റ്റ് മീ.

 

താൻ നാളെ ആരുടെയെങ്കിലും കൂടെ ഇറങ്ങി പോകില്ല എന്നാരു കണ്ടു!

 

പോയാൽ? അവളുടെ ശബ്ദം കനത്തു.

 

മനുവിൻ്റെ മുഖം വിളറി.

 

താനൊരു ചുക്കും ചെയ്യില്ല! പോകാത്തത് എൻ്റെ ഗുണം. മായ അടിമുടി വിറയ്ക്കുകയായിരുന്നു.

 

ഏതു നിമിഷവും തൻ്റെ മുടിക്ക് കുത്തിപ്പിടിച്ച് ചുമരിലോ തറയിലോ ചേർത്തേക്കാം. അത്തരമൊരു ആക്രമണത്തെ ചെറുക്കാൻ അവൾ മനസ്സുകൊണ്ട് തയ്യാറെടുക്കുകയാണ്. അന്നതുണ്ടായില്ല. 

 

 

വിധിപോലെ അവർക്കിടയിലേക്ക്  സംശയത്തിൻ്റെ നിഴൽ വീഴ്ത്തിയത് തൊട്ടടുത്ത ഫ്ളാറ്റിലെ താമസക്കാരനായ അരവിന്ദാണ്. അയാളുടെ കണ്ണുകൾക്ക് വല്ലാത്തൊരു ആകർഷണമുണ്ടായിരുന്നു. അലിവാർന്ന ആ കണ്ണുകൾ അവളിൽ പതിക്കാൻ അധികം വൈകിയില്ല. അതിനു കാരണമായത് ശോഭേച്ചിയാണ്. ഫ്ലാറ്റിലെ വിശേഷങ്ങൾ പറഞ്ഞുപരത്തുന്നതിൽ പ്രത്യേകവൈഭവം തന്നെയുണ്ട് ശോഭേച്ചിക്ക്. 

 

അയാളൊരു ദുഷ്ടൻ സാറേ! പാവം കൊച്ച്,  ഒരുമിച്ച് ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്നവരാ. അവൻ്റെ ചക്കരവാക്കും കേട്ട് വീട്ടിൽ നിന്നിറങ്ങിപ്പോന്നത് നരകത്തലേക്കാ. അന്നുതൊട്ട് പാവം കണ്ണീരു കുടിക്കുവാ. അതിൻ്റെ ജോലീം കളയിച്ചു. ഇനിയിപ്പോ തിരിച്ചു ചെന്നാൽ വീട്ടുകാർ സ്വീകരിക്കുമോ? 

 

അരവിന്ദ് ശ്രെദ്ധിക്കാത്തമട്ടിൽ തൻ്റെ റൈറ്റിങ് പാഡിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു. 

 

പിന്നെ, സാറൊന്ന് കരുതിയിരിക്കുന്നത് നല്ലതാ. പെണ്ണല്ലേ വർഗ്ഗം! അവിടെ ഗതികെട്ടാൽ ഇങ്ങോട്ടേക്കു ചാഞ്ഞുകൂടെന്നില്ല.

 

ചേച്ചി എന്തൊക്കെയാ പറയുന്നത്. കല്യാണം കഴിഞ്ഞ് കുടുംബമായി ജീവിക്കുന്നവരെക്കുറിച്ച് അപവാദം പറയുന്നത് ശരിയല്ല.

 

ഇതതൊന്നുമല്ല... ഏതാണ്ട് ലിവിംഗ് ടുഗദറാ.

 

അരവിന്ദിന് അതൊരു പുതിയ അറിവായിരുന്നു.

 

ഇതൊന്നുമറിയാതെ മായ ബാൽക്കെണിയിലെ പനിനീർ ചെടികൾക്ക് വെള്ളമൊഴിച്ച് അവരെ പരിപാലിച്ചു കൊണ്ട് നിൽക്കുകയായിരുന്നു. അവളുടെ പതിവുകൾ ഹൃദിസ്ഥമാക്കാൻ അരവിന്ദിന് അധികനാൾ വേണ്ടിവന്നില്ല.

 

ചില പുഞ്ചിരികൾക്ക് അവളുടെ മറുപടി കിട്ടിയതൊഴിച്ചാൽ മായ മിക്കപ്പോഴും തന്നിലേക്കൊതുങ്ങി, അവനിൽ നിന്ന് തെന്നിമാറിക്കൊണ്ടിരുന്നു.

 

അതേയ്, ഒരു പൂവ് തരുമോ? എനിക്ക് ഒരാൾക്ക് കൊടുക്കാനാ!

 

അവൾ കേൾക്കാത്തമട്ടിൽ തിരിഞ്ഞുനടന്നു. 

 

ഹാ! വെറുതേ വേണ്ടെടോ.

 

അതും കേട്ടു കൊണ്ടാണ് മനു അവിടേക്ക് വന്നത്. 

 

മുറിയിലേക്ക് കയറിവന്ന മനുവിന് ഒരു ചെകുത്താൻ്റെ രൂപമായിരുന്നു.

 

മുടിക്ക് കുത്തിപ്പിടിച്ച് ചുമരിലിടിച്ചത് മാത്രമേ അവൾക്ക് ഓർമയുണ്ടായിരുന്നുള്ളൂ. കണ്ണുകൾ തുറക്കുമ്പോൾ അവൾ ആശുപത്രിയിലായിരുന്നു.

 

വീട്ടിൽ തിരിച്ചെത്തിയപ്പോൾ ബാൽക്കെണിയിലേക്കുള്ള വാതിൽ പൂട്ടിയ നിലയിലായിരുന്നു. അവളുടെ പനിനീർച്ചെടികൾ കരിഞ്ഞുണങ്ങി. 

 

സോറി, തന്നെ മറ്റാരും നോക്കുന്നത് പോലും എനിക്ക് സഹിക്കില്ല. പലപ്പോഴായി പറഞ്ഞുകേട്ട ആ വരികളുടെ അർഥം അവൾക്ക് അപ്പോൾ വ്യക്തമായിരുന്നു. തനിക്കിഷ്ടമുള്ള എല്ലാറ്റിൽ നിന്നും അടർത്തിമാറ്റി ഒറ്റപ്പെടുത്തുന്ന അവൻ്റെ സ്നേഹം അവളിൽ ഭയമായി രൂപാന്തരം പ്രാപിച്ചു.

 

മോളു, വൈകിട്ട് ഞാൻ വരുമ്പോൾ റെഡി ആയി ഇരിക്കണം. കാൻഡിൽ ലൈറ്റ് ഡിന്നർ, ഓക്കേ?

 

വേണ്ട, ഞാനുണ്ടാക്കാം!

 

അവൻ്റെ മുഖം വികസിച്ചു. 

 

ഓഫീസിൽ നിന്ന് തിരിച്ചെത്തുമ്പോൾ അവൾ  എല്ലാം ഒരുക്കി വച്ചിരുന്നു. കുളിച്ചുവരുമ്പോൾ  ബെഡ്റൂമിലും ബാത്ത്റൂമിലും ചില മാറ്റങ്ങളും ശ്രദ്ധയിൽ പെട്ടു.  

 

ബൽക്കെണിക്ക് അഭിമുഖമായി ടേബിളിൽ വിഭവങ്ങൾ നിരത്തി, അവൾ ഒരു ചുവന്ന മെഴുകുതിരി കൊളുത്തി വച്ചു. 

 

ഇരിക്കൂ... ഞാനിപ്പോ വരാം.

 

അവൾ പതിയെ മുറിയിലെ ലൈറ്റ് അണച്ച് പുറത്ത് കടന്നു. എന്നിട്ട് ഡൈനിംഗ് റൂമിൻ്റെ വാതിലടച്ചു പുറത്ത് നിന്ന് കുറ്റിയിട്ടു. 

 

മനു കസേരയിൽ നിന്ന് ചാടിയെണീറ്റു. 

 

ഡൈനിംഗും ലിവിംഗും വേർതിരിക്കുന്ന ജാളിയിലൂടെ മനു ആ കാഴ്ച കണ്ട് നടുങ്ങി. അവൾ നേരത്തേ തയ്യാറാക്കി വച്ചിരുന്ന പെട്ടിയുമായി പോകാനൊരുങ്ങുന്നു.

 

നീയെങ്ങോട്ടാ?

 

ഗുഡ്ബൈ മനു.

 

യൂ ചീറ്റ്! എനിക്കറിയാം, നീ അവൻ്റെ കൂടെ പോകാനല്ലേ? മനു അലറി.

 

നിന്നെ ഞാൻ! അവൾടെ ഒടുക്കത്തെ പ്രേമം!

 

മനു, അവളെ ഒന്നും ചെയ്യരുത്. ബാൽക്കെണിയിലെ ജനലക്കൽ അരവിന്ദിനെ കണ്ട് ഇരുവരും അമ്പരന്നു. 

 

 

അതെ, എനിക്ക് പ്രേമമാണ്... എന്നോട് തന്നെ!

 

അതു കൊണ്ട് ഞാൻ പോവാ!!!

 

ചവിട്ടിപ്പൊളിക്കണ്ട!

 

വീടിൻ്റെ താക്കോൽ പോകുന്ന വഴിക്ക് മനുവിൻെറ അമ്മയുടെ കൈയിൽ കൊടുത്തേക്കാം.

 

 

പിന്നെ, അവൾ അരവിന്ദിനോടായി പറഞ്ഞു. സോറി, നിങ്ങളുടെ പേര് എനിക്കറിയില്ല. എന്നാലും ഞാൻ പോകുന്നതുവരെ നിങ്ങൾ ഇയാളെ തുറന്നുവിടരുത്. 

 

 

മുനിഞ്ഞു കത്തുന്ന മെഴുകുതിരിക്കഭിമുഖമായി അവരിരുവരും പകച്ചു നിൽക്കേ, അവൾ പെട്ടിയുമെടുത്ത് പുറത്ത് കാത്തുകിടന്ന ടാക്സി കാർ ലക്ഷ്യമാക്കി നടന്നു.

Srishti-2022   >>  Short Story - Malayalam   >>  ജീവൻ

Ajin K Augustine

Cognizant

ജീവൻ

ആംസ്റ്റർഡാമിന്റടുത്തുള്ള ഒരു പഴയ മ്യൂസിയത്തിലേക്ക് രാത്രി കാർ ഓടിച്ചു പോകുമ്പോൾ മനസ്സിൽ മുഴുവനും അപ്പച്ചൻ ആയിരുന്നു.. അര മണിക്കൂർ മുൻപുള്ള ഫോൺ കോളിൽ പറഞ്ഞ കാര്യങ്ങൾ കേട്ട് മനസ്സു മുഴുവനും മരവിച്ചു.. 

 

എന്റെ പേര് മാത്യു.. കട്ടപ്പനയിലാണ് എന്റെ വീട്.. പഠിപ്പ് കഴിഞ്ഞു ആംസ്റ്റർഡാമിലുള്ള അപ്പച്ചന്റെ പഴയ ഒരു സുഹൃത്തിന്റെ  സഹായത്തോടെ ഇവിടെ എത്തി.. ദൈവകൃപ കൊണ്ട് ജോലിയും വിവാഹവും കഴിഞ്ഞു.. ഇപ്പോൾ ഞാൻ 3 പിള്ളേരുടെ അപ്പനാണ്.. നാട്ടിൽ എനിക്ക് അമ്മയും അപ്പനും  3 ചേട്ടന്മാരാ പിന്നെ 2 പെങ്ങൾമാരും.. 

ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ആയി പോകുമ്പോഴാ വീട്ടിലെ അപ്പൻ വണ്ടി ഓടിച്ചു അസിസിഡന്റായി വീഴുന്നത് അറിഞ്ഞത്.. 

 

6 കൊല്ലത്തോളം അപ്പനെ നാട്ടിലെ ചേട്ടന്മാർ ചികിത്സിച്ചു.. വീട്ടിലേക്ക് അപ്പന് വേണ്ട പൈസ എല്ലാം മുടക്കം വരുത്താതെ അയച്ചു.. പക്ഷെ കിടന്ന കിടപ്പിൽ തന്നെ ഒന്നും ചെയ്യാൻ ആവാതെ അപ്പൻ വലിയ ഒരു രോഗിയായി.. നോക്കി നോക്കി അമ്മയ്ക്കും ചെറിയ രോഗങ്ങളും തുടങ്ങി.. 

 

ഇന്ന് മൂത്ത ചേട്ടനായ ബേബിയുടെ ഫോൺ കാൾ ഉണ്ടായിരുന്നു.. അവർ 3 പേരും അപ്പച്ചന്റെ കാര്യത്തിൽ ഒരു തീരുമാനം എടുത്തു.. ഒന്നുങ്കിൽ എന്റെ അടുത്തേക്ക് വിമാനം കയറ്റി അപ്പച്ചനെ ഞാൻ നോക്കണം.. അല്ലെങ്കിൽ ആരും അറിയാതെ ചെറിയ മരുന്ന് അപ്പച്ചന് സുഖമരണം കൊടുക്കാം..

 

അപ്പച്ചന്റെ മുഴുവൻ കാര്യങ്ങളും എനിക്ക് നോക്കാൻ സാമ്പത്തികമായി ഒരുപാട് പ്രശ്നങ്ങളുണ്ട്.. രണ്ടാമത്തെ വഴി ദൈവം പോലും പൊറുക്കൂല..

മറുപടി പറയാൻ പോലും കഴിയാതെ നിന്നപ്പോഴാണ് എന്റെയും അപ്പച്ചന്റെയും സുഹൃത്തായ ഫ്രാൻസിസ് ചേട്ടന്റെ അടുത്തു പോകാൻ തീരുമാനിച്ചത്..

 

ഫ്രാൻസിസ് ചേട്ടന്റെ അടുത്ത് കാര്യങ്ങൾ പറഞ്ഞു..

 

"എടാ മാത്യു.. നിനക്ക് ഞാൻ ഇവിടെ ആംസ്റ്റർഡാമിൽ വന്നത് എങ്ങനെ ആണെന് അറിയാമോ"

 

"ഇല്ല.."

 

"ഒരു പഴയ ചൈനക്കാരിയാണ് എനിക്ക് ആദ്യമായി ജോലി തന്നത്.. അതും ഒരു ഹോട്ടല് ക്ലീനർ ആയി.. പിന്നീട് അവരുടെ കൊച്ചു മുറിയിൽ എന്നെ താമസിച്ചു ഭക്ഷണം തന്നു"

 

"ഈ കഥ എനിക്കറിയില്ല"

 

"എന്നാൽ പറയാം.. അന്നം തേടി വന്ന എന്നെ ഊട്ടി ജോലി തന്ന ആ അമ്മച്ചി പിന്നീട് എന്നെ കൊറേ കാലം നോക്കി.. ജോലി തേടി ഞാൻ ഒരുപാട് അലഞ്ഞു.. അങ്ങനെ അത്യാവശ്യം നല്ല സ്ഥിതിയിൽ പിന്നീട് അവരെ കാണാൻ പോയപ്പോൾ ദയാവധത്തിന് കൊല്ലാൻ ഇവിടെത്തെ സർക്കാർ വിധിയെഴുതിക്കുവാ അവർക്ക്.. കാരണം മാരകമായ രോഗം.. വയസ്സായി കഴിഞ്ഞാൽ ബന്ധുക്കാർക്ക് അങ്ങനെ കൊടുക്കാൻ ഇവിടെ നിയമം ഉണ്ട്..  ഈ ദയാവധം അനുവദിക്കുന്ന 2 രാജ്യങ്ങളാ ലോകത്തുള്ളത്.. ഒന്ന് നെതിർലാണ്ട്സും പിന്നെ ബെൽജിയും.. ഞാൻ ഒരുപാട് നിയമയുദ്ധം നടത്തി പണം ചിലവാക്കി അവരെ നോക്കി.. ഒന്നും രണ്ടും അല്ല.. 8 കൊല്ലത്തോളം എന്നെ കൊണ്ട് പറ്റുന്ന പോലെ നോക്കി.. പിന്നീട് അവർ നല്ല മരണം പ്രാപിച്ചു.. ഇനി നീ ചിന്തിക്ക്.. അപ്പനെ ഇങ്ങോട്ട് കൊണ്ട് വാ.. നിനക്ക് വേണ്ടെങ്കിൽ ഞാൻ നോക്കാം.. ജീവന്റെ വില എനിക്കറിയാം.. തമ്പുരാൻ തന്ന ജീവൻ കളയാൻ നമ്മൾ വളർന്നാട്ടില്ലല്ലേടാ.."

 

തിരിച്ചു ഒരു മറുപടിയും പറഞ്ഞില്ല.. വീട്ടിലേക്ക് ഞാൻ വിളിച്ചു പറഞ്ഞു.. അപ്പച്ചൻ ഇനി എന്റെ കൂടെ ഇവിടെ ഉണ്ടാവുമെന്ന്..

Srishti-2022   >>  Short Story - Malayalam   >>  തണുപ്പ്‌

Navaneeth Nair

EY

തണുപ്പ്‌

ഇന്ന് അല്പം തണുപ്പ് കൂടുതൽ ആണെന്ന് മനസ്സിൽ വിചാരിച്ചു വേണു തന്റെ സ്ഥിരം പ്രഭാതസവാരി തുടർന്നു  പരിചിത മുഖങ്ങൾ ആണെങ്കിലും ആർക്കും ഒന്നിനും സമയം ഇല്ല . പ്രഭാതസവാരി ആർക്കോ വേണ്ടി ചെയ്യുന്ന  പോലെയാണ്. പലർക്കും മനസ്സിൽ ഭയമാണ് . ചിലർക്ക്  ഇത് കഴിഞ്ഞു വേണം ജോലിക്കു പോകാൻ, ചിലർക്ക് വീട്ടിൽ നിന്ന് മാറി നിൽക്കാനുള്ള  അവസരമാണ്  ഈ പ്രഭാതസവാരി .  റിട്ട . പോലീസ് സൂപ്രണ്ട് വർമ്മ സാർ ഇന്ന് അല്പം ഗൗരവത്തിലാണ് . ആരെയും നോക്കുന്നില്ല. തൊട്ടു പിറകെ രണ്ടു പെൺകുട്ടികൾ മൊബൈൽ ഫോണിൽ നിന്ന് കണ്ണെടുക്കുന്നില്ല . വേണു തന്റെ ഒരു നിമിഷം നിന്ന്. വീട്ടിലെ കാര്യം ആലോചിച്ചു. രാവിലെ  തന്നെ അയാളുടെ ഭാര്യ ശ്രീദേവി അടുക്കള യജ്ഞം തുടങ്ങി കാണും . താനൊരിക്കലും സഹായിക്കില്ല എന്ന പതിവ് പല്ലവി തുടങ്ങി കാണും എന്നാലോചിച്ചപ്പോൾ അയാളുടെ മുഖത്ത് ഒരു മന്ദഹാസം വന്നു .  കിന്നു മകന് രാവിലെ ക്ലാസ്സുണ്ടെന് പറയുന്നത് കേട്ട്. അവൻ ഇപ്പോൾ പഠിക്കാൻ താല്പര്യം കുറവാണു പോലും. കോളേജ് പിള്ളേരല്ലേ എന്നൊക്കെ താൻ പറഞ്ഞു അതിനെ ലഖുവായി സമീപിച്ചത് ശ്രീദേവിക്ക്‌ അത്ര ഇഷ്ടപ്പെട്ടില്ല. മൂത്ത മകൾ ഇന്നലെ ദുബൈയിൽ നിന്ന് വിളിച്ചിരുന്നു. ഭർത്താവിന് ലീവ് കിട്ടുന്നില്ല പോലും. കല്യാണം കഴിച്ചു വിട്ടാൽ അവരുടെ ജീവിതമായി എന്ന് പറഞ്ഞതും പുള്ളികാരിക്ക് ഇഷ്ടപ്പെട്ടില്ല.  കഴിഞ്ഞ ബുധനാഴ്ച രാത്രി ഇതിനെ  ചൊല്ലി അവളുമായി കുറെ തർക്കിച്ചു. വാശി കാരണം പിന്നെ സംസാരിക്കാൻ തോന്നിയതുമില്ല. എന്തായാലും കഷ്ടമായി പോയി എന്ന് പിന്നീട് തോന്നി. അവളുടെ ജീവിതം എനിക്കും കുട്ടികൾക്കും വേണ്ടി ആയിരുന്നു. ഇന്നു  എന്തായാലും അവളോട് ഒരു സോറി പറഞ്ഞു  വഴക്കു തീർക്കണം. ഇതൊക്കെ ആലോചിച്ചു വീടിന്റെ മുന്നിൽ എത്തിയത് അറിഞ്ഞില്ല. തൊട്ടു മുന്നിലെ പോസ്റ്റിൽ പതിപ്പിച്ച നോട്ടീസ് നോക്കി  . വേണുഗോപാൽ (56 ) . ഏഴാം ചരമദിനം !!! . വേണുവിന് വീണ്ടും തണുപ്പ് തോന്നി

Srishti-2022   >>  Short Story - Malayalam   >>  പറക്കാൻ അറിയാത്ത ചുരുണ്ട മുടിക്കാരി

Vishnu S. Potty

QuEST Global

പറക്കാൻ അറിയാത്ത ചുരുണ്ട മുടിക്കാരി

ചുരുണ്ട മുടിയായിരുന്നു കാത്തുവിന്. കറുത്ത, ചുരുണ്ട , എണ്ണ മയമുള്ള മുടിയിഴകൾ. ഏതു കാറ്ററിലും പാറി പറക്കാതെ ആ മുടിയിഴകൾ അങ്ങനെ നിൽക്കുമായിരുന്നു. പഠിക്കാൻ മിടുക്കി. പഠിച്ച എല്ലാ ക്ലാസ്സിലും അവൾക് ഒന്നാം റാങ്ക് ആയിരുന്നു. ഒരു സാധാരണ മലയാളി കുടുംബത്തിൽ ജനനം. തനി നാട്ടിൻ പുറത്തുകാരി. ചെറിയ വീട്, കൊച്ചു ഗ്രാമം. പക്ഷെ, അവളുടെ സ്വപ്‌നങ്ങൾ ചെറുതല്ലായിരുന്നു. പഠിച്ചു മിടുക്കി ആയി നല്ല ജോലി വാങ്ങണം എന്നത് അവളുടെ സ്വപ്നം ആയിരുന്നു. മോശമല്ലാത്ത രീതിയിൽ അവൾ ഡിഗ്രി വരെ പഠിച്ചു. അപ്പോഴാണ് അവൾക് ഒരു 'നല്ല' വീട്ടിൽ നിന്നും ആലോചന വരുന്നത്. നല്ല തറവാട്. സാമ്പത്തികവും പ്രശ്നമല്ലാത്ത കുടുംബം. എല്ലാ മലയാളി വീട്ടുകാരെയും പോലെ അവരും കരുതി, മകളുടെ ഭാവി സുരക്ഷിതം ആയെന്നു. നാട്ടിൽ അന്വേഷിച്ചപ്പോൾ പയ്യന് യാതൊരു ദുസ്വഭാവവും ഇല്ല. മദ്യപിക്കില്ല, പുക വലി ഇല്ല. എന്തിനു, മുറുക്കാൻ പോലും ചവക്കാത്ത നല്ല പയ്യൻ. അങ്ങനെ കല്യാണം കഴിഞ്ഞു. അവസാന എക്സാം കഴിഞ്ഞു മൂന്നാം നാൾ ആയിരുന്നു അവളുടെ കല്യാണം. ആഭരണങ്ങളും പട്ടു വസ്ത്രങ്ങളും അണിഞ്ഞു മാലാഖയെ പോലെ അവൾ ആ വീട്ടിലേക്ക് കടന്നു ചെന്നു. ആദ്യ നാളുകൾ സന്തോഷത്തിന്റേതായിരുന്നു. വലിയ വീട്, കൂട്ട് കുടുംബം, മറ്റെല്ലാ സന്തോഷങ്ങളും. പക്ഷെ, ഏറെ വൈകാതെ അവൾക് മനസിലായി, തന്റെ ഭർത്താവ് തന്നെ ഒരു ഭാരം ആയി ആണ് കാണുന്നത് എന്ന്. എന്തിനും ഏതിനും പിശുക്കുന്ന ആ മനുഷ്യന് ഭാര്യ ഒരു ഭാരം ആയിരുന്നു. എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി വിവാഹം കഴിക്കുന്ന ആളിന് എങ്ങനെ സ്നേഹം തോന്നാൻ!  തൊട്ടതിനും പിടിച്ചതിനും ഒക്കെ അയാൾ അവളോട് ദേഷ്യപ്പെട്ടു. അവൾക്ക് ആവശ്യ സാധനങ്ങൾ വാങ്ങാൻ പോലും അയാൾക് പിശുക്ക് ആയിരുന്നു. കിട്ടുന്ന പണം മുഴുവൻ വെറുതെ സമ്പാദിച്ചു വെക്കൽ മാത്രം ആയിരുന്നു അയാളുടെ ഉദ്ദേശം. പല പ്രശ്നങ്ങൾ കുടുംബത്തിൽ ഉണ്ടായി. എന്നിട്ടും എല്ലാം അവൾ ഉള്ളിൽ ഒതുക്കി. ആർത്തവത്തിന് പാഡ് വാങ്ങാൻ പോലും അയാൾ കണക്കു പറഞ്ഞു തുടങ്ങി. എന്നിട്ടും അവൾ ഉള്ളിൽ വിഷമങ്ങൾ ഒതുക്കി. പതിയെ അവൾ ഒരു 'അമ്മ ആയി. അപ്പോഴും അയാളുടെ പിശുക്കു മാറിയിരുന്നില്ല. അയാൾ പൂർവാധികം മടിയനും പിശുക്കനും ആയി. പലപ്പോഴും ജീവൻ ഒടുക്കാൻ അവൾക്ക് തോന്നി. എന്തിനായിരുന്നു ഡിഗ്രി വരെ പഠിച്ചത്? അടുക്കളയിലെ കരി പുരണ്ട പത്രങ്ങളോട് അവൾ ഇത് പല പ്രാവശ്യം ചോദിച്ചു. മകൾക്ക് വസ്ത്രം വാങ്ങാനും അയാൾ പിശുക്ക് തുടങ്ങിയപ്പോൾ അവൾ ആ തീരുമാനം എടുത്തു. അവൾക് ആ ജീവിതം മടുത്തു. എങ്ങനെയും ജോലി വാങ്ങാൻ അവൾക് ആവേശം ആയി. യൂട്യൂബ് ലെ പി എസ് സി ചാനലുകൾ അവൾക് ആവേശം പകർന്നു. പതിയെ, അവൾ പഠിച്ചു. മുന്നേറി. ചില റാങ്ക് ലിസ്റ്റിൽ കയറി. ഒടുവിൽ അയാളോടൊപ്പം ഉള്ള ജീവിതം അവസാനിപ്പിക്കാൻ തന്നെ തീരുമാനിച്ചു. ഒരു ജോലി ഇല്ലാതെ പിടിച്ചു നില്ക്കാൻ പറ്റില്ല എന്ന് നല്ല ബോധ്യം ഉള്ളത് കൊണ്ടും നാട്ടുകാർ ഒക്കെ എന്ത് പറയും എന്ന ഭയം കൊണ്ടും അവൾ ഇത്രയും നാൾ പിടിച്ചു നിന്നു. ഒടുവിൽ പി എസ് സി യിൽ നിന്നും അഭിമുഖവും കഴിഞ്ഞു. പഠിച്ച ഉത്തരങ്ങൾ അവൾ ആവേശത്തോടെ പറഞ്ഞു. ഏറെക്കുറെ ജോലി ഉറപ്പിച്ചു അവൾ മടങ്ങി. മാസങ്ങൾ കടന്നു പോയി. ജോലിയുടെ ഉത്തരവും കാത്ത് അവൾ ഓരോ ദിവസവും തള്ളി നീക്കി. വര്ഷം രണ്ടു കടന്നു. ചായ ഉണ്ടാക്കുന്നതിനിടെ ടെലിവിഷനിൽ ആ വാർത്ത വന്നു - - പി എസ് സി യുടെ റാങ്ക് ലിസ്റ്റ് പുതുക്കിയില്ല. ഇതോടെ 2018 ലെ റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടു. ഞെട്ടലോടെ അവൾ ആ വാർത്ത കേട്ടു. പൊട്ടി കരയാൻ അവൾ ഏറെ ആഗ്രഹിച്ചു. പക്ഷെ, പെണ്ണിന് കരയാൻ എവിടെ നേരം? അടുക്കളയിലെ കരി പുരണ്ട പത്രങ്ങൾ അവളെ കാത്തിരിക്കുകയല്ലേ? എന്തൊക്കെ പറഞ്ഞാലും വിവാഹ മോചനം നടന്നാൽ അത് പെണ്ണിന്റെ മാത്രം തെറ്റായി കാണുന്ന സമൂഹം ഇന്നും ഇവിടെ ഉണ്ട്.. സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി അവൾ അടുക്കളയിലേക്ക് നടന്നു. ചുരുണ്ട കറുത്ത മുടി അപ്പോഴും പാറി പറക്കാതെ, ഒതുങ്ങി നിന്നു. ചുരുണ്ട മുടിക്ക് പറക്കാൻ പറ്റില്ലല്ലോ?

Srishti-2022   >>  Short Story - Malayalam   >>  എഴുതപ്പെടേണ്ട വികാരം

SHERIN MARIAM PHILIP

Envestnet Pvt Ltd

എഴുതപ്പെടേണ്ട വികാരം

പൊട്ടി പൊളിഞ്ഞു കിടന്ന ആ പ്രധാന റോഡിൻറെ നടുവിലൂടെ ഞാൻ നാലുകാലിൽ നടന്നുവരികയായിരുന്നു. ആഹാ...... എന്ത് ഭംഗി ഉള്ള സ്ഥലം. പകുതി കുഴിയും ബാക്കി പകുതി ടാറും. ഇരുവശങ്ങളിലും ആവശ്യത്തിലധികം   പുല്ലുകളും തിന്നാൻ പറ്റാത്ത അവശിഷ്ടങ്ങളും. ഇത്തരം അവശിഷ്ടങ്ങൾക്ക് പകരം തിന്നാൻ കൊള്ളാവുന്ന വല്ലതും ആയിരുന്നെങ്കിൽ നന്നായേനെ.

 

വിശന്നു വിശന്ന് വയർ എൻറെ എല്ലിനോട് ഒട്ടി ഇരിക്കുന്നു.ഒന്നു കുനിഞ്ഞു നോക്കി. ആഹാ വയർ ഏതാ എല്ല്  ഏതാ എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല. എന്തായാലും ഇന്നലെ മഴ പെയ്തത് കാര്യമായി.കുഴി മുഴുവൻ വെള്ളം. അതെങ്കിലും കുടിക്കാം.നാവു നീട്ടി കുഴിയിൽ നിന്നും വെള്ളം നക്കി നക്കി  കുടിച്ചു.ദാഹം മാറി. വിശപ്പോ? അത് ഇപ്പോഴും പഴയ പോലെ തന്നെ.

 

വരുന്ന വഴിയിൽ പല  കടകളുടെയും മുന്നിൽ നാവുനീട്ടി നിന്നു. മുതലാളിമാരെ നോക്കി വാലാട്ടി കാണിച്ചു. ഇടയ്ക്ക് കുനിഞ്ഞ്  വയറിലേക്ക് നോക്കി.വിശക്കുന്നു.... എന്തെങ്കിലും..... ബാക്കിവന്ന അവശിഷ്ടം എങ്കിലും  താ എന്ന് ഇതിലും നന്നായി ഞാൻ എങ്ങനെയാണ് മനുഷ്യരെ പറഞ്ഞ് മനസ്സിലാക്കുക. എങ്ങനെ പഴകിയ ഭക്ഷണം വരാനാണ് ഇവിടെ? ദിവസങ്ങൾ പഴക്കമുള്ളവ ചൂടാക്കി ചൂടാക്കി ഫ്രഷ് എന്നും ടുഡേ സ്പെഷ്യൽ എന്നും പറഞ്ഞ് വിളമ്പുന്നു. ചൂടാക്കാൻ പറ്റാത്തവയാകട്ടെ പുതിയ രൂപത്തിൽ ആയി അലങ്കാര പെട്ട പ്ലേറ്റിൽ എത്തുന്നു. കുറച്ച് ആൾക്കാർ എന്നെ ആട്ടിയോടിച്ചു.  മറ്റുപലർ  ആകട്ടെ അഴുക്കുവെള്ളം കോരിയൊഴിച്ചു. അതിൻറെ ആകും   ദേഹത്തിന് ഒരു നാറ്റം. എന്തായാലും ഈ കുഴിയിലെ വെള്ളത്തിൽ തന്നെ ഒന്നും മുങ്ങാം. ദേഹത്തുവീണ്  വെള്ളത്തിനേക്കാൾ വൃത്തി ഉണ്ട്.

 

 

വഴിയരികിൽ കണ്ട പല കാഴ്ചകളെയും പറ്റി ആലോചിച്ച് കൂട്ടത്തിലേ വലിയ കുഴിയിൽ മുങ്ങികുളിച്ചു കൊണ്ടിരുന്നപ്പോൾ അതാ പാഞ്ഞു പോകുന്നു ഒരു ബൈക്ക്. പുറകിൽ എന്തോ ഒരു കവറും. ഫോണിൽ സംസാരിച്ചുകൊണ്ടാണ് ആശാൻറെ യാത്ര. ഈ കുണ്ടും കുഴിയുമുള്ള റോഡിൽ ഇങ്ങനെ ഇത്രയും സ്പീഡിൽ ഫോണിൽ സംസാരിച്ചുകൊണ്ട് പോകാൻ ധൈര്യം വേണം...... അസാമാന്യ ധൈര്യം. അല്ല ഇവൻ മണ്ടൻ ആണോ? അതോ മണ്ടനായി അഭിനയിക്കുകയാണോ? ഇങ്ങനെ ആലോചിച്ചിരുന്നപ്പോൾ ആ ബൈക്കിൻറെ പിന്നിലെ കവറിൽ നിന്നും ഒരു പൊതി താഴേക്ക് വീണു.

 

 

വീഴ്ചയിൽ പൊതിയുടെ പ്ലാസ്റ്റിക് കവറിംഗ് ഒക്കെ നഷ്ടപ്പെട്ടു. ബൈക്കുകാരൻ ഒന്നും അറിഞ്ഞിട്ടില്ല. അല്ല ഫോൺ കയ്യിൽ കിട്ടിയാൽ സ്വന്തം ഹൃദയം ആരെങ്കിലും അടിച്ചോണ്ടു പോയാൽ പോലും ഈ മനുഷ്യഗണം അറിയുന്നില്ലല്ലോ. ഞാൻ എന്തായാലും പൊതിയുടെ അരികിലെത്തി. മുൻ കാലുകൾ കൊണ്ട് പേപ്പറും വാഴയിലയും പതിയെ മാറ്റിനോക്കി. ദൈവമേ ഭക്ഷണം. ആഹാ...... എന്താ ഇതിൻറെ ഒരു മണം. തിന്നാൻ വേണ്ടി പൊളിച്ചതും എൻറെ മുതുകിൽ ആരോ തൊട്ടു.

 

 

"എനിക്ക് തരുമോ ഈ ഭക്ഷണം"? ഒരു  ബാലൻ.... എന്നെ പോലെ തന്നെ. കറുത്ത്  മെലിഞ്ഞു എല്ലിനോട് ഒട്ടിയ പള്ളയും. "കഷ്ട്ടമുണ്ട്... അഞ്ചു ദിവസമായി വല്ലതും കഴിച്ചിട്ട്".  അവൻ എൻറെ മുന്നിൽ നിന്നും കരയാൻ തുടങ്ങി. ഒരു ശ്വാനൻ ആയ  എന്നോട് ഒരു മനുഷ്യ കുഞ്ഞ് അപേക്ഷിക്കുന്നു. അവൻറെ അവസ്ഥ അപ്പോൾ എന്നെക്കാൾ  കേമം ആയിരിക്കും.  ആ...... അവനു കൊടുത്തേക്കാം. ഒന്നൂടെ നോക്കാം. എനിക്ക് എന്തെങ്കിലും തിന്നാൻ കിട്ടാതിരിക്കില്ല. ഞാൻ  പതിയെ മുന്നോട്ടു നടന്നു. ഉടനെ അവൻ പിന്നെയും എന്നെ തൊട്ടു. അല്ല ഇനി എന്താ വേണ്ടേ? എൻറെ കയ്യിൽ ഒന്നുമില്ല. ഒരു  മുഷിച്ചിലോടെ ഞാൻ അവനെ തിരിഞ്ഞു നോക്കി. "അല്ലെങ്കിൽ നമുക്ക് ഒരുമിച്ച് കഴിക്കാം".

 

 

അവൻ ആ ഭക്ഷണം പൊതിഞ്ഞ പേപ്പർ പകുത്തു. പകുതി ഭക്ഷണം അതിലേക്ക്  മാറ്റി. ബാക്കി ഭക്ഷണം അവനും എടുത്തു. റോഡിൻറെ സൈഡിൽ   മാറിയിരുന്നു രണ്ടു പേപ്പർ കഷ്ണങ്ങളിൽ ഞങ്ങൾ ആ ഭക്ഷണം പങ്കിട്ടു കഴിച്ചു. കഴിക്കുന്നതിനിടയിൽ അവൻ പറയുന്നുണ്ടായിരുന്നു. "ഞാൻ ഒരുപാട് വീടുകളുടെയും  കടകളുടെയും മുന്നിൽ ചെന്ന് കരഞ്ഞ് പറഞ്ഞു. എനിക്ക് വിശക്കുന്നു. വല്ലോം കഴിക്കാൻ തരുമോ എന്ന് ചോദിച്ചു. എല്ലാവരും എന്നെ ആട്ടിയോടിച്ചു. ഇച്ചിരി ആഹാരം എനിക്ക് തന്നു കൂടായിരുന്നോ അവർക്ക്". അവൻറെ കരച്ചിൽ ഞാൻ നോക്കി.  അതെ.... അവൻറെ അവസ്ഥയും എന്നെപ്പോലെ തന്നെ. ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു.

 

 

ഉയർന്ന ശബ്ദത്തിലെ പാട്ടും, ഡാൻസും, ബഹളവും ഒക്കെയായി ഒരു കോളേജ് ടൂർ ബസ് അതു വഴി വന്നു. ഇത്രയും കുഴിയുള്ള റോഡ് അല്ലേ... വണ്ടിയുടെ വേഗത കുറഞ്ഞു.   ഡ്രൈവർക്ക് ധൈര്യം അല്പം കുറവാണെന്ന് തോന്നുന്നു! പെട്ടെന്ന് ഒരു അലർച്ച.  "ദാണ്ടെഡാ നോക്ക്!  ഒരു  കൊച്ചും പട്ടിയും ഒരു ഇലയിൽ നിന്ന് ആഹാരം കഴിക്കുന്നു. ഇപ്പൊ തന്നെ ഒരു ഫോട്ടോ എടുക്കട്ടെ. ആഹാ.... നല്ല അടിപൊളി ഫോട്ടോ. ഇത് ഞാൻ സോഷ്യൽ മീഡിയയിൽ ഇടും. ഒരു 10K ലൈക്ക് എങ്കിലും കിട്ടാതെ ഇരിക്കില്ല. ഇവന്മാര് എല്ലാവരും  എടുക്കുന്നോ ഫോട്ടോ. എന്നാ ആദ്യം ഞാൻ തന്നെ ഇടും". എല്ലാവരും ഫോട്ടോ എടുക്കാനും അത് പോസ്റ്റ് ചെയ്യാനുമുള്ള തിരക്കിൽ.

 

 

അപ്പോഴാണ് അവരുടെ കൂടെ ഉണ്ടായിരുന്ന അധ്യാപകൻ ആ കാഴ്ച കണ്ടത്. "ഓഹോ! അൾട്രാ സ്പീഡിൽ ഉള്ള നമ്മുടെ നാടിൻറെ അവസ്ഥ  കണ്ടില്ലേ.....". അദ്ദേഹം മനസ്സിൽ ഓർത്തു. മനസ്സിൽ മനുഷ്യത്വത്തിൻറെ ഒന്നോ രണ്ടോ കണികകൾ ബാക്കി ഉള്ളത് കൊണ്ട് ആകാം.... അദ്ദേഹത്തിൻറെ കണ്ണുകൾ  അറിയാതെ തന്നെ നിറയാൻ തുടങ്ങി.  പതിയെ അദ്ദേഹം ചിന്തിച്ചു. "അതെ!  ലോകത്തിൽ ഏറ്റവും കൂടുതൽ ചിന്തിക്കേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതും എഴുതപ്പെടേണ്ടതും   ആയ വികാരം പ്രണയമല്ല  മറിച്ച് വിശപ്പാണ്". എല്ലാ ജീവജാലങ്ങൾക്കും ഉള്ള ഒരേ വികാരം....... വിശപ്പ്!!!!!!!

Srishti-2022   >>  Short Story - Malayalam   >>  ഒരു ക്ളീഷേ കഥ

ഒരു ക്ളീഷേ കഥ

പണ്ട് പണ്ട് പണ്ട് നടന്ന കഥയൊന്നുമല്ല. ഇത്തിരി പണ്ട്. അത്രേം മതി. വേറൊന്നുംകൊണ്ടല്ല. പറയാൻ പോകുന്നത് എന്നെക്കുറിച്ചാണ്. അപ്പോപ്പിന്നെ കൃത്യം വർഷവും തിയതിയും ഒക്കെ പറഞ്ഞാൽ ഞാൻ ന്യൂ ജനെറേഷൻ അല്ലാന്ന് ആരെങ്കിലും അപഖ്യാതി പറഞ്ഞാലോ. അതുപോലെ  തന്നെ ഇത് വല്യ പുതുമയൊന്നുമുള്ള കഥയുമല്ല. പലപ്പോഴും  പലവട്ടം പറഞ്ഞും കേട്ടും തഴമ്പിച്ച, പണിയെടുക്കാൻ മടിപിടിച്ച് ഉറക്കംതൂങ്ങിയിരിക്കുന്ന 'ഉച്ചകഴിഞ്ഞുകളിൽ' വിളിക്കാതെ കയറിവരുന്ന - ചിലപ്പോൾ തേടിപ്പിടിച്ചു ചെന്ന്  പിടിച്ചു വലിച്ചുകൊണ്ടുവരുന്ന ഒരുപിടി ക്ളീഷേ ഗൃഹാതുരത്വസ്മരണകൾ,  ഉള്ളിന്റെയുള്ളിൽ എവിടെയൊക്കെയോ ഒളിഞ്ഞിരിക്കുന്ന ടൈംലൈൻ ഒന്നുമില്ലാത്ത ചിതറിയ ചില ഓർമപ്പൊട്ടുകൾ.

 

അപ്പോൾപിന്നെ ഇത്തിരി വർഷങ്ങൾക്കു മുൻപ് ഒരു നട്ടപ്പാതിരക്ക് ഞാൻ ജനിച്ചു. കുറച്ചു ദിവസം കഴിഞ്ഞ് ആശുപത്രിയിലെ തിരക്കിൽ നിന്നും ജീപ്പും പിടിച്ച് ഞങ്ങൾ വീട്ടിലെത്തി. സത്യൻ അന്തിക്കാട് സിനിമകളിലൊക്കെ കാണുന്നതുപോലെയുള്ള പച്ചപ്പും ഹരിതാഭയും നിറഞ്ഞ നാട്ടിൻപുറം. തോടും കാടും മലയും, ബസും, ജീപ്പും, കുറെ കുറെ ആളുകളും, അവർക്കൊക്കെ പോകാൻ അമ്പലവും പള്ളിയും അവിടെയൊക്കെ ലൗഡ് സ്പീക്കറുകളുമുള്ള ഒരു വെറും സാധാരണ നാട്ടിൻപുറം. കൂട്ടത്തിൽ ജങ്ഷനിൽ  ചായക്കടയും പലചരക്കുകടയും. രണ്ടും ഓരോന്ന് വീതം.

 

 വീട്, മുറ്റം, മുറ്റത്തിന്റെ വലത്തേ മൂലക്ക് എപ്പോളും നിറയെ പൂക്കളുമായി  നിൽക്കുന്ന ഒരു എമണ്ടൻ ചെത്തി മരം. അതിൽ വന്നിരിക്കുന്ന പല പല നിറങ്ങളിലുള്ള പൂമ്പാറ്റകൾ, ചെത്തിയുടെ  ചുവട്ടിൽ നിന്നും കൃത്യം പന്ത്രണ്ട് കുഞ്ഞിക്കാലടികൾ ഇടത്തോട്ട് മാറി നിൽക്കുന്ന രാജമല്ലി, രാജമല്ലിയുടെ ചുവട്ടിൽ പടർന്നു കിടക്കുന്ന  മുല്ല, മുല്ലയുടെ ഇടയിലൂടെ ഒളിഞ്ഞു നോക്കുന്ന പിങ്ക് പൂവുള്ള ഏതോ ഒരു ചെടി. കാര്യം കുഞ്ഞാണെങ്കിലും ഇടയിൽ വിരിയുന്ന ആ പിങ്ക് പൂക്കൾ മുല്ലപ്പൂക്കൾക് പുതിയൊരു ഭംഗി കൊടുത്തിരുന്നു.   തൊടിയിൽ നിൽക്കുന്ന തെങ്ങും കവുങ്ങും മുരിങ്ങയും. തിണ്ണയിൽ ഇരുന്നു തെങ്ങുകളുടെ  ഇടയിലൂടെ ദൂരേക്ക് നോക്കിയാൽ കാണാൻ പറ്റുന്ന, എല്ലാ വർഷവും ഇഷ്ടം പോലെ മാങ്ങ തരുന്ന രണ്ട് കാട്ടുമാവുകൾ. അതിന്റെയും താഴെ മൺതിട്ട ഇറങ്ങിച്ചെന്നാൽ പറമ്പിന്റെ അതിരിൽ തോടാണ്. എപ്പോളും വെള്ളമുള്ള, മഴക്കാലത്ത് കവിഞ്ഞൊഴുകുന്ന, ഇഷ്ടം പോലെ മീനുകളുള്ള, കരയിൽ വളഞ്ഞ തെങ്ങുകളുള്ള, ഒരു കുഞ്ഞു കയമുള്ള, അന്നത്തെ എനിക്ക് വലുതായിത്തോന്നിയ, എന്നാൽ അധികം വലുതല്ലാത്ത ഒരു തോട്. അന്ന് ആ തോടിനു കുറുകെ ഒരു തടിപ്പാലം ആയിരുന്നു. ആരുടേയും കൈ പിടിക്കാതെ തനിയെ ആ പാലം കടന്നുവന്നാൽ യുദ്ധം ജയിച്ച സന്തോഷമാണ്. രാവിലെ ജോലിക്കു പോകുന്ന അച്ഛനും അമ്മയും തിരിച്ചു വരുന്നതും നോക്കി, ദൂരെയുള്ള ആ തടിപ്പാലത്തിലേക്കു കണ്ണുംനട്ട്, മുത്തശ്ശിക്കൊപ്പം കുഞ്ഞു ഗംഗ മണിക്കൂറുകളോളം വരാന്തയുടെ മൂലയ്ക്ക് നോക്കി നിൽക്കുമായിരുന്നു. ശ്ശെ ഗംഗയല്ല. കുഞ്ഞ് ഞാൻ. 

 

ഇതൊക്കെ എന്തിനാ ഞാൻ ഇവിടെ പറയുന്നേ എന്ന് ചോദിച്ചാൽ, കുറച്ച് മാസങ്ങൾക്ക് മുൻപ്, 'നഷ്ടസ്‌മൃതികളാം മാരിവില്ലിൻ വർണ്ണപ്പൊട്ടുകൾ' പെറുക്കിയെടുത്ത് റീൽസ്  ഉണ്ടാക്കാം എന്ന് വിചാരിച്ച് ഞങ്ങളൊരു യാത്രപോയി. യു പി സ്കൂൾ കാലഘട്ടത്തിനുശേഷം ഒരിക്കൽപ്പോലും തിരിച്ചുപോയിട്ടില്ലാത്ത ആ നാട്ടുവഴികളും തിരഞ്ഞ് ഇറങ്ങുമ്പോൾ ഹൃദയമുടിപ്പു കൂടുന്നുണ്ടായിരുന്നു. എത്രയോകാലത്തെ എന്റെ ഓർമകളാണ് - മറക്കാൻ സമ്മതിക്കാതെ കാലുപിടിച്ചു കൂടെ നിർത്തിയിരിക്കുന്ന ഓർമകളാണ് - വീണ്ടും കണ്മുന്നിൽ തെളിയാൻ പോകുന്നത് എന്നൊക്കെ വിചാരിച്ച് വിചാരിച്ച് കൂർക്കം വലിച്ചുറങ്ങിയ ഞാൻ കണ്ണ് തുറന്നത് "മ്മെ മ്മൾ എത്തിയോ....ഇദാണോ മ്മ പഞ്ഞ സലം"  എന്ന രണ്ടര വയസുകാരന്റെ തോണ്ടി വിളിച്ചുള്ള ചോദ്യം കേട്ടാണ്. 

 

പുറത്തേക്കു നോക്കിയ ഞാൻ "ഏയ് അല്ലട കുഞ്ഞാ.... ഇത് വേറെ എങ്ങാണ്ടാണ്‌...അമ്മ ഇച്ചിരി കൂടെ ഉറങ്ങട്ടെയെ" എന്നും പറഞ്ഞു കണ്ണടക്കുന്നതിനു മുൻപേ ഡ്രൈവിംഗ് സീറ്റിൽ നിന്നൊരു അശരീരി വന്നു. " കണ്ണ് തുറന്നു ഒന്നൂടെ ഒന്നു നോക്കിക്കെ".

 

ഞെട്ടൽ ഒന്ന്, രണ്ട്, മൂന്ന്. പിന്നീടങ്ങോട്ട് കുറച്ചു നേരത്തേക്ക് ഞെട്ടാൻ മാത്രമേ എനിക്ക് സമയം കിട്ടിയുള്ളൂ. 

 

"ഇത് ഏതു സ്ഥലം !!!". 

 

രണ്ടു മൂന്നു വട്ടം ഗൂഗിൾ മാപ്പ് എടുത്തു തിരിച്ചും മറിച്ചും തലകുത്തിയും നോക്കി. 

 

ഇല്ല, മാറ്റമൊന്നുമില്ല. ഇതുതന്നെ അത്. പക്ഷെ ഈ കാണുന്നതൊക്കെ എന്താന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ലല്ലോ എന്റെ ദൈവമേ. ഇനി അതും ഗൂഗിളിനോട് ചോദിക്കേണ്ടി വരുമല്ലോ. 

 

നിങ്ങൾക്ക് ഏറ്റവും അടുത്തറിയാം എന്ന് വിചാരിക്കുന്ന, ഹൃദയത്തിനോട് ചേർന്നുനിൽക്കുന്ന ഒരു സ്ഥലത്ത് തികച്ചും അപരിചിതനായി / അപരിചിതയായി പോകുന്ന ചില സന്ദർഭങ്ങളുണ്ടല്ലോ. വാക്കുകൾകൊണ്ട് പറഞ്ഞുതരാൻ അൽപ്പം പാടാണ്. ആ നിമിഷത്തിൽ ജീവിച്ചു തന്നെ അറിയണം. 

 

എന്തായാലും ഞെട്ടി ഞെട്ടി ഞങ്ങൾ അവസാനം ആ തോട് കണ്ടു പിടിച്ചു. തോട് ഉണ്ടായിരുന്ന സ്ഥലം എന്ന് പറയുന്നതാവും അൽപ്പം കൂടെ മര്യാദ. ഉണങ്ങി വരണ്ടു തുടങ്ങിയ ഒരു ചെറിയ ചാൽ. ഇരു വശങ്ങളിലും വലിയ കരിങ്കൽ മതിലുകൾ. ഒരുകാലത്ത്  ആ നാടിൻ്റെ പല തലമുറകളുടെ ദാഹം മാറ്റിയിരുന്ന, ഭക്ഷണം കൊടുത്തിരുന്ന, ഇരു കരയിലെയും നെൽപ്പാടങ്ങളെ ഫലപൂയിഷ്ടമാക്കിയുന്ന, ഒരുപാട് കുട്ടികളുടെ കളിസ്ഥലമായിരുന്ന ആ  പുഴയെ ആ നാട് തന്നെ ഞെരിച്ച് ഞെരിച്ച് കൊന്നു കളഞ്ഞു. 

 

മറ്റൊന്നുമുണ്ടായിരുന്നില്ല എനിക്ക് തിരഞ്ഞു പിടിക്കാനായി. ഓർമയിലെ നെൽപ്പാടങ്ങളിൽ റബ്ബർ മരങ്ങൾ തലയുയർത്തി നിന്നു. ഒരു മൺവഴി മാത്രമുണ്ടായിരുന്ന അന്നിൽ നിന്നും ഇന്ന് തലങ്ങും വിലങ്ങും ടാർ റോഡുകൾ. ഞങ്ങളുടെ വീട് നിന്നിരുന്നത് എന്ന് എനിക്ക് തോന്നിയ സ്ഥലം ഇന്നൊരു അലൂമിനിയം ഫാബ്രിക്കേഷൻ കടയാണ്. അത് തന്നെയാണോ എന്ന് യാതൊരു ഉറപ്പുമില്ല. എല്ലാം അത്രത്തോളം മാറിപ്പോയി. എന്തായാലും ആ കടയുടെ  വശത്തായി കൂട്ടിയിട്ടിരുന്ന മെറ്റൽ അവശിഷ്ടങ്ങൾക്കിടയിലൂടെ പുറത്തേക്കു തലനീട്ടിയ, കഷ്ടിച്ച് ഒരു അടി മാത്രം നീളമുള്ള ഒരു കുഞ്ഞ് ചെത്തി, അതിൽ ഒരു പൂങ്കുല, അത് എന്നെ നോക്കി കണ്ണിറുക്കുന്നതായി എനിക്ക് മാത്രം തോന്നി. പതിയെ ചെന്ന് ഇരു കൈകളും ചേർത്ത് പിടിച്ചു   ആ പൂക്കളെ തലോടി യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ, എല്ലാം ഒരിക്കൽക്കൂടി ഒരുനോക്കു കാണണം എന്ന എന്റെ ആഗ്രഹങ്ങൾ, എന്റെ ജീവിതത്തോളം പഴക്കമുള്ള ഓർമ്മകൾ, മാമ്പൂക്കളായി പൊലിഞ്ഞു പോയത് കണ്ട്, ചരിത്രാതീത കാലം മുതൽക്കേയുള്ള കണ്ടു മടുത്ത എല്ലാ ക്ളീഷേ സീനുകളിലെയും പോലെ എന്റെ കണ്ണും നിറഞ്ഞു. 

 

നമ്മൾ മാറുകയാണ്. അതിലും വേഗത്തിൽ നമ്മുടെ ചുറ്റുപാടുകളും മാറുകയാണ്. ഓർമകളിലെ നാട്ടുവഴികൾ, നമ്മൾ നടന്നു തുടങ്ങിയ ആ  പ്രിയപ്പെട്ട വഴികൾ, വഴിയോരത്തു കണ്ട കാഴ്ചകൾ, ഹൃദയത്തിൽ കുറിച്ചുവച്ച അടയാളങ്ങൾ,  ഒരുവട്ടം കൂടി ഒരുനോക്കുകാണാൻ ആഗ്രഹിക്കുന്ന  ആളുകളോടാണ് എനിക്ക് പറയാനുള്ളത്. 

 

പ്രിയപ്പെട്ട സുഹൃത്തേ. ദേ ഈ നിമിഷം ഇറങ്ങിക്കോളൂ. നാളത്തെ പ്രഭാതത്തിൽ ആ നാട്ടുവഴികൾ മണ്ണിട്ട് നികത്തപ്പെട്ടേക്കാം, ഓർമകളിലെ ചെത്തിമരങ്ങൾ മുറിച്ചു കളഞ്ഞേക്കാം, എപ്പോളോ കാൽ നനച്ചു കളിച്ച പുഴയോരങ്ങൾ കെട്ടിയടക്കപ്പെട്ടേക്കാം, അന്നത്തെ സൗഹൃദങ്ങൾ എന്നേക്കുമായി നഷ്ടപ്പെട്ടേക്കാം, തിരിച്ചു ചെല്ലുമ്പോൾ നമുക്കായി കാത്തിരിക്കുന്നുണ്ടാവും എന്ന് നമ്മൾ കരുതുന്ന ഓരോന്നും നമ്മളെ  വിട്ടകന്നുപോയിരിക്കാം. നാളെ തിരക്കുകൾഅവസാനിപ്പിച്ച്  അന്വേഷിച്ചു ചെല്ലുമ്പോൾ ചിലപ്പോൾ  നിങ്ങൾക്കു മുൻപിൽ ബാക്കിയാവുക എന്നോ മരിച്ച ഒരു പുഴയുടെ വറ്റിയ കണ്ണ്നീർച്ചാലുകൾ മാത്രമായിരിക്കും..

Srishti-2022   >>  Short Story - Malayalam   >>  സ്നേഹത്തിന്റെ പേറ്റുനോവ്

Kannan Divakaran Nair

Infosys

സ്നേഹത്തിന്റെ പേറ്റുനോവ്

ബോധം തെളിഞ്ഞപ്പോൾ ശരീരം മരവിച്ച അവസ്ഥയിലായിരുന്നു.മിഴിനീർതുള്ളികൾ വീണലിയുംപോലെ നോർമൽ സലൈൻ സിരകളിലേക്ക് അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരുന്നു ഡ്രിപ്പിലൂടെ. ഫാനിന്റെ കറക്കം ശരീരത്തെ മറച്ചിരുന്ന നീലപ്പുതപ്പിൽ ചലനങ്ങളുണ്ടാക്കി.ചുറ്റും മരണത്തിന്റെ മണമുള്ള ഏകാന്തത.മുൻപെങ്ങോ സ്വപ്നത്തിൽ കണ്ടുമറന്ന കറുത്തദിനം. 

    ഇന്നലെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി,  അല്പസമയത്തിനുശേഷം നട്ടെല്ലിനരികെ സൂചിയിറങ്ങിയതോർമ്മയുണ്ട്.ആഴ്ചകളായി ഹോസ്പിറ്റലിലെ കിടക്കയിലായിരുന്നു.ഒന്നരാടൻ ഡയാലിസിസ് റൂമിലേക്ക്‌ സ്‌ട്രെച്ചറിൽ പോകുമ്പോൾ മാത്രമായിരുന്നു ആ മുറിയുടെ നിശ്ശബ്ദതയിൽ നിന്നൊരു മോചനം.

 പണത്തിനു പഞ്ഞമില്ലാത്തതിനാൽ സിറ്റിയിലെ മുന്തിയ ഹോസ്പിറ്റലിൽ താങ്ങായി ഉറ്റവരുടെ സഹായമാവശ്യമില്ലായിരുന്നു.

പെറ്റുവളർത്തിയ അമ്മയെ പണത്തിനായുള്ള തിരക്കിട്ട  പാച്ചിലിനിടയിൽ അഗതിമന്ദിരത്തിലുപേക്ഷിച്ചപ്പോൾ ആവോളം സ്നേഹം വിളമ്പിയ നീട്ടിയ കരങ്ങൾ തിമിരം ബാധിച്ച അവന്റെ കണ്ണുകൾ കണ്ടില്ല.

പണത്തിനു പകരംവെയ്ക്കാനാവാത്ത വിലയേറിയ പലതുമുണ്ടെന്നുള്ള തിരിച്ചറിവ് നേടിയപ്പോഴേക്കും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ഭാര്യയെയും മക്കളെയും വരെ, ഇരുകൈകളും അറ്റുപോകുന്നത് സ്വപ്നം കണ്ട് ദിവസങ്ങൾക്കുശേഷം.

 അസ്വസ്ഥമായ മയക്കങ്ങളവനെ  സ്വപ്നലോകത്തിലേക്കെത്തിച്ചു.

 മരുഭൂമിയുടെ നടുവിലവൻ ഒരിറ്റു ദാഹജലത്തിനായി കേണുകൊണ്ടലഞ്ഞുതിരിയുന്നു.ചൂടുപടരുന്ന പരുപരുത്ത മണലിൽ  നഗ്‌നപാദങ്ങൾ വേച്ചു പൊയ്ക്കൊണ്ടിരുന്നു.പാതികൂമ്പിയ കണ്ണുകളിൽ ക്ഷീണം.സൂര്യകിരണങ്ങൾ തളർത്തിയ മേനിയിൽ വിയർപ്പുകണങ്ങൾ വറ്റിയ അവസ്ഥ.മരുപ്പച്ചകൾ തേടിയുള്ള യാത്രയിൽ കണ്ണെത്താദൂരത്തോളം നിരാശയുടെ പൊടിക്കാറ്റുകൾ.

ദൂരെനിന്നും  പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ.മുട്ടിലിഴഞ്ഞവൻ ദിവസങ്ങൾ മാത്രം പ്രായമെഴുതിയ പൈതലിനരികിലെത്തി.നുണയുന്ന ചെഞ്ചുണ്ടിൽ രക്തത്തുള്ളികൾ.കുരുന്നുജീവൻ നിലനിർത്താൻ അവസാനശ്രമവും പാഴായി, സ്നേഹത്തിന്റെ പാലാഴിചുരത്തുന്ന മാറിൽ രക്തക്കറകളും ബാക്കിയാക്കി ചലനമറ്റ ദേഹം ആ പിഞ്ചുകൈകളോട്  ചേർന്നങ്ങനെ കിടന്നു.

"അമ്മേ..." അയാൾ ഞെട്ടിയുണർന്നു.സൂചികയറ്റിയ കൈകൾ ഉയർന്നുതാണപ്പോൾ ഡ്രിപ്പ് തൂക്കിയിരുന്ന മുക്കാലൻ സ്റ്റാൻഡ് ആടിയുലഞ്ഞു.

മാസങ്ങൾക്കു ശേഷം ആളൊഴിഞ്ഞ മാളികയിലേക്കു ഡിസ്ചാർജാകാനൊരുങ്ങുമ്പോൾ അവൻ ആശുപത്രി രേഖകൾ പരിശോധിച്ചു.

"അമ്മക്കിളിക്കൂട്" എന്നെഴുതിയ  ഗേറ്റിനു മുൻപിലെത്തി കാർ നിന്നു.തലേന്നാൾ നടന്നൊരു പ്രോഗ്രാമിന്റെ തോരണങ്ങളും ആളൊഴിഞ്ഞ കസേരകളും വേദിയും അവനെ ആ   അങ്കണത്തിലേക്ക് വരവേറ്റു .മുൻപെങ്ങോ കണ്ടുമറന്ന ദൃശ്യം.

കണ്ണീർ കവിളിൽ നീർച്ചാലുകൾ തീർത്തനർഗനിർഗ്ഗളം ഒഴുകി.അഗതിമന്ദിരത്തിലെ ഓഫീസ് മുറിയിൽ നിന്നും റൂം നമ്പർ നൂറ്റിയൊന്നിലേക്കവൻ ഓടി.വിറയാർന്ന കൈകൾ വാതിലിന്റെ വശങ്ങളിൽ താങ്ങിനിന്നവൻ വിങ്ങിപ്പൊട്ടി.മുറിയിലെ ആ കാഴ്ചകണ്ട് മുട്ടുകുത്തി നിലത്തിരുന്നുപോയി.

കത്തിച്ചുവെച്ച നിലവിളക്കിനു മുൻപിൽ,  നിലത്തു കൈയൂന്നി വെണ്ണകട്ടുണ്ണുന്ന പൊന്നുണ്ണിക്കണ്ണനോട് കരഞ്ഞുപ്രാർത്ഥിച്ചുകൊണ്ട് ഒരമ്മ.ഉണ്ണിക്കണ്ണന്റെ കാല്പാദങ്ങളിലർപ്പിച്ച ചുളിവാർന്ന വിരലുകൾക്കിടയിൽ,   അമ്മയുടെ മാറോടണഞ്ഞു  വാത്സല്യത്തേനുണ്ണുന്ന അവന്റെ മങ്ങിയ ചിത്രം.

 

അമ്മയെ തോളോടുചേർത്ത് "അമ്മക്കിളിക്കൂടി"ന്റെ കിളിവാതിലിലൂടെ വാതിലിലൂടെ വെളിയിലേക്കിറങ്ങുമ്പോൾ വേദിയിലെ ക്യാൻവാസിൽ ചായം കൊണ്ടെഴുതിയ വാചകം കണ്ണീരോടെയവൻ തിരിഞ്ഞുനോക്കി വായിച്ചു.

"വൃക്കദാനം ചെയ്ത ശാരദാമ്മയ്ക്ക് സ്നേഹാദരം"

ആ  സുവർണലിപികൾ പതുക്കെ കണ്ണുനീർത്തുള്ളികളിൽ മറഞ്ഞു.

Srishti-2022   >>  Short Story - Malayalam   >>  നാഗമാണിക്യം

Pramod Chandran

IBS Softwares

നാഗമാണിക്യം

ദൂരെ ഏതോ മരത്തിൽ നിന്നും കൊള്ളിക്കുറവന്റെ ശബ്ദം കേൾക്കുന്നുണ്ട്. കൊള്ളിക്കുറവൻ കരഞ്ഞാൽ പിറ്റേന്ന് മരണ വാർത്ത കേൾക്കും എന്നാണു അമ്മമ്മ പറയാറുള്ളത്. ജനൽപാളികൾക്കിടയിലൂടെ നിലാവ് മുറിയിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. കൊള്ളിക്കുറവന്റെ ശബ്ദം എന്നെ വല്ലാതെ പേടിപ്പിച്ചുകൊണ്ടിരുന്നു. ചുളുങ്ങി ചുരുങ്ങിയ അമ്മമ്മയുടെ ദേഹത്തേക്ക് ഞാൻ പറ്റിക്കൂടി. ആ ദുർബലമായ കൈകൾ എന്നെ ചുറ്റിപ്പിടിച്ചു. .. എന്നത്തേയും പോലെ..
ചില പുലരികൾ പിറക്കാതിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കില്ലേ .. ജീവിതം ഒരു ദിവസം പിറകിലേക്ക് പോയിരുന്നു എങ്കിലെന്ന് .. ആരോ ഒരാൾ വന്നു ജീവിതത്തിന്റെ ചില പേജുകൾ കീറി എറിഞ്ഞിരുന്നു എങ്കിലെന്ന് ..ഒരാൾ വന്നു ചില കാര്യങ്ങൾ മായ്ച്ചു കളഞ്ഞിരുന്നു എങ്കിലെന്നു.. ചിന്തകൾ കാടുകയറിയപ്പോൾ ഞാൻ അമ്മമ്മയുടെ കൈകൾ പതുക്കെ വിടുവിച് കട്ടിലിൽ നിന്നും എണീച്ചു.. ജനലരുകിലേക്ക് നടന്നു.. ജനാലയുടെ കർട്ടൻ മാറ്റി ഞാൻ പുറത്തേക്കു നോക്കി. തെക്കേപറമ്പിലെ രണ്ടു തെങ്ങിൻ തൈകൾ. അമ്മയും അച്ഛനും.. തൈകളുടെ നിഴലുകൾ വീടിന്റെ വരാന്ത വരെ എത്തിയിരുന്നു. ആ നിഴലുകളിൽ പിടിക്കാൻ ഞാൻ കൈ നീട്ടി.. കൈകളുടെ നീളം എന്നെ നിസ്സഹായയാക്കി. മറക്കാൻ ആഗ്രഹിക്കുന്ന പുലരിയിൽ വെള്ള പുതപ്പിച്ച രണ്ടു രൂപങ്ങൾ കോലായിലെ തിണ്ണയിൽ കിടക്കുമ്പോളും ആരോ പറയുന്നത് കേട്ടു .. ” ഇന്നലെ കൊള്ളിക്കുറവൻ കൂവുന്നത് കേട്ടപ്പോളെ വിചാരിച്ചതാ…”

ദൂരെ ഏതോ മരത്തിൽ നിന്നും ആ പക്ഷി പറന്നു പോകുന്നതു കേട്ടു .. ആ രണ്ടു തെങ്ങിൻ തലപ്പുകൾ നീണ്ടു വന്ന് എന്നെ കെട്ടിപ്പിടിച്ചു തഴുകിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.. വീണ്ടും കിടക്കയിൽ വന്നു കിടന്നു.. അമ്മമ്മയുടെ കൈകൾ എന്നെ ചുറ്റിപ്പിടിച്ചു.. “അമ്മമ്മ ഉറങ്ങിയില്ലേ… ” മറുപടി പറയാതെ ആ കൈകൾ എന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു… എപ്പോളോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു..

തറവാടിന്റെ ഒരു ഭാഗം വലിയൊരു സർപ്പക്കാവാണ്.. വന്മരങ്ങൾ തിങ്ങി നിറഞ്ഞ, മുകളിൽ നിന്നും വലിയ വള്ളികൾ താഴെ മുട്ടി നിൽക്കുന്ന, നട്ടുച്ച സമയത്തു പോലും ചീവീടുകൾ നിർത്താതെ ശബ്ദമുണ്ടാക്കുന്ന വലിയ ഒരു സർപ്പക്കാവ്.. നടുക്കുള്ള വലിയ കുളത്തിൽ നിറയെ പായലുകൾ. നാഗ പ്രതിഷ്ഠയിലേക്ക് എത്തുന്ന ചെറിയ വഴി.. അതിലൂടെ നടന്ന്‌ ഞാനും അമ്മമ്മയും എല്ലാ വൈകുന്നേരങ്ങളിലും സന്ധ്യാ ദീപം തെളിക്കാൻ പോകും.. വിളക്ക് വച്ച് തിരിഞ്ഞു നടക്കുമ്പോൾ എന്നും അമ്മമ്മ ഓർമപ്പെടുത്തി ” തിരിഞ്ഞു നോക്കണ്ട കുട്ടിയെ… ” വിളക്കു കാണാൻ നാഗരാജാവ് പുറത്തിറങ്ങി വരും എന്ന് ചെറുപ്പത്തിൽ അമ്മമ്മ എന്നെ വിശ്വസിപ്പിച്ചിരുന്നു.. നമ്മൾ തിരിഞ്ഞു നോക്കിയാ വരില്ലത്രേ..

ധനുമാസത്തിലെ കുളിരിൽ, കാവിലെ പാലപ്പൂക്കളുടെ മാദക ഗന്ധം പരക്കുമ്പോൾ തറവാട്ടിലെ മുറിയിൽ എന്നെ ചേർത്ത് കിടത്തി അമ്മമ്മ നാഗദൈവങ്ങളുടെ കഥകൾ പറഞ്ഞു കേൾപ്പിച്ചു.. നാഗമാണിക്യത്തിന് കാവലിരുന്ന നാഗരാജാവിന്റെ കഥ. കദ്രുവിനും വിനതക്കും ഉണ്ടായ നാഗങ്ങളുടെ കഥകൾ.. കൗതുകം കൊണ്ട് വിടർന്ന എന്റെ കണ്ണുകൾ ഇരുട്ടിലും അമ്മമ്മയെ തുറിച്ചു നോക്കി. അമ്മമ്മയെയും എന്നെയും രാത്രീയിലും കാത്തു രക്ഷിക്കുന്നത് നാഗരാജാവാണത്രേ.. ആ സംരക്ഷണത്തിന്റെ ആശ്വാസത്തിൽ ഞാനും അമ്മമ്മയും ആരെയും പേടിക്കാതെ കിടന്നുറങ്ങി..

പകൽ സമയങ്ങളിൽ അമ്മമ്മയുടെ കണ്ണ് വെട്ടിച്ചു ഞാൻ കാവിലേക്ക് സഞ്ചരിച്ചു.. അമ്മമ്മയുടെ കഥകളിൽ ഉള്ള വള്ളിപ്പടർപ്പുകളിൽ തൂങ്ങി ആടുന്ന നാഗരാജാവിനെ കാണാൻ.. സർപ്പക്കുളത്തിൽ നീരാടാൻ എത്തുന്ന സ്വർണ നിറമുള്ള നാഗരാജാവിനെ കാണാൻ. രാത്രി സമയങ്ങളിൽ ജനാലകൾ തുറന്നു വച്ചു ഞാൻ പുറത്തേക്കു നോക്കി നിന്നു .. അമ്മമ്മക്കും കൊച്ചു മകൾക്കും സംരക്ഷണം ഒരുക്കുന്ന നാഗരാജാവിനെ നേരിട്ട് കാണാൻ.. അന്തിത്തിരി കത്തിച്ചു വച്ച പുറകോട്ടു നടക്കുമ്പോൾ അമ്മമ്മ കാണാതെ ഞാൻ തിരിഞ്ഞു നോക്കി.. വിളക്കു കാണാൻ എത്തുന്ന സർപ്പത്താനെ കാണാൻ..

സർപ്പകോപം കൊണ്ടാണത്രേ അച്ഛനും അമ്മയും നേരത്തെ മരിച്ചത്.. പണിക്കർ കവടി നിരത്തി അങ്ങനെയാണ് പറഞ്ഞത്.. അതിനു ശേഷം എല്ലാ വർഷവും നാഗദൈവങ്ങൾക്ക് സർപ്പക്കളം വരച്ചു നൂറും പാലും നൽകി വന്നു.. പുള്ളോർക്കുടം പാടിയിരുന്നെങ്കിലും ആരും തുള്ളിയില്ല. എല്ലാ വർഷവും, ആരുടെയെങ്കിലും ശരീരത്തു സർപ്പം വന്നു തുള്ളി അനുഗ്രഹിക്കണമെന്നു അമ്മമ്മ ആഗ്രഹിച്ചു.. തറവാടിന്റെ ഭാവിയും ദോഷവും പറയുമത്രെ.. അമ്മമ്മ ആ പഴയ കഥകൾ പറഞ്ഞു തന്നിരുന്നു..എല്ലാ വർഷവും ഞാനും അമ്മമ്മയും അതിനായി കാത്തിരുന്നു. മറ്റു ബന്ധുക്കൾ വെറും കാഴ്ചക്കാർ മാത്രമായിരുന്നു..

ഉച്ച സമയങ്ങളിൽ ഞാൻ നാഗക്കാവിൽ പോയിരുന്നു.. കാടിനിടയിൽ ഇഴഞ്ഞു നീങ്ങുന്ന പാമ്പുകളെ നോക്കിയിരുന്നു.. നാഗമാണിക്യം തുപ്പുന്ന നാഗത്താനെ നോക്കി എന്റെ കണ്ണുകൾ ചിത്രകൂടത്തിലേക്കു നീണ്ടു.. എന്റെ കണ്ണുകൾ അവയോടു കഥ പറഞ്ഞു.. അച്ഛനെയും അമ്മയെയും ഇല്ലാതാക്കിയ നാഗ ദൈവങ്ങളോട് ഞാൻ കലഹിച്ചു.. ആ കോപത്തിന് കാരണമായതിൽ പലവട്ടം ക്ഷമ ചോദിച്ചു.. ആ പ്രതിഷ്ഠയിൽ നിന്നും പുറത്തിറങ്ങി വന്നു സർപ്പ ദൈവം എന്നെ അനുഗ്രഹിക്കാൻ ഞാൻ ആഗ്രഹിച്ചു.. കണ്ണുകൾ പരതി നടന്നു.. ” അവിടേക്കു പോകരുതെന്ന് പറഞ്ഞിട്ടില്ലേ കുട്ടീ നിന്നോട്.. ” അമ്മമ്മയുടെ ശകാരം സ്ഥിരം പല്ലവിയായി..

മേടമാസം വന്നെത്തി.. സർപ്പക്കാവിൽ പൂജകൾക്കായി അമ്മമ്മ ഓടി നടന്നു.. പൂക്കൾ ഒരുക്കാനും, പൂജാ സാധനങ്ങൾ എത്തിക്കാനും .. ബന്ധുക്കൾ തറവാടിന് ചുറ്റും വെടിവട്ടം പറഞ്ഞിരുന്നു.. രാത്രീയുടെ അന്ത്യ യാമങ്ങളിൽ പോലും ഗ്ളാസുകളിൽ മദ്യം നുരഞ്ഞു പൊങ്ങി.. ഞാനും അമ്മമ്മയ്ക്കും ആ ചെറിയ മുറിയിൽ ഉറങ്ങാതെയിരുന്നു..

പുള്ളുവന്മാർ രാവിലെ തന്നെ എത്തി.. പുള്ളോർക്കുടം ശ്രുതി ചേർത്തു തുടങ്ങി.. അമ്മമ്മ രാവിലെ തന്നെ എണീച്ചു കുളിച്ചു വിലക്ക് കൊളുത്തി വച്ചു … നാഗരാജാവിന്റെ വലിയ കളം കാവിന്റെ മുറ്റത്തു തയ്യാറായി.. പല നിറങ്ങളിൽ തീർത്ത ആ കളത്തിലേക്ക് എന്റെ കണ്ണുകൾ പലതവണ എത്തി നോക്കി.. ഭക്തിയുടെ അന്തരീക്ഷം വീട്ടിൽ നിറഞ്ഞു നിന്നു ..

തറവാട്ടിലെ എല്ലാവരും കളത്തിനു ചുറ്റും വലതു വച്ചു .. പുള്ളോർക്കുടം പാടാൻ തുടങ്ങി.. ” നാഗരാജാവ് നല്ല നാഗ യക്ഷിയമ്മ….” .. അമ്മമ്മ തൊഴുകൈകളോടെ എന്നെ ചേർത്ത് നിർത്തി.. “പ്രാർത്ഥിച്ചോളൂ.. ഇത്തവണ നാഗരാജാവ് വരും.. ” അമ്മമ്മ പിറുപിറുത്തു..

എനിക്കും ചുറ്റും ദീപപ്രഭ വളർന്നു വന്നു.. ആ ദീപങ്ങൾ കൂടി ചേർന്ന് എന്റെ കണ്ണിനു മുന്നിൽ ഒരു ഗോളമായി.. ഞാൻ കണ്ണുകൾ അടച്ചു.. എനിക്ക് മുന്നിൽ തൊണ്ടയിൽ നാഗമാണിക്യവുമായി സ്വർണ നിറമുള്ള നാഗരാജാവ് പ്രത്യക്ഷപ്പെട്ടു.. കാലുകളിൽ വിറ പടരുന്നത് ഞാൻ അറിഞ്ഞു.. എന്റെ ചെവിക്കു ചുറ്റും ആർപ്പുവിളികൾ ഉയർന്നു.. സ്ത്രീകൾ കുരവയിട്ടു … എന്റെ കൈകളിൽ കുറെ പൂക്കുലകൾ ആരോ വച്ചുതന്നു.. ഉറക്കാത്ത കാലുകളോടെ ഞാൻ ആ കളത്തിലേക്ക് കയറി.. ചുറ്റും നടന്നു.. ഫണം വിടർത്തി ആടുന്ന നാഗരാജാവ് എനിക്ക് വഴി കാട്ടി.. അപ്പോളും പുള്ളോർക്കുടം പാടിക്കൊണ്ടിരുന്നു.. പുള്ളുവൻ പാട്ടിന്റെ ഈണത്തിനൊപ്പം എന്റെ കാലുകൾ ചലിച്ചു.. എന്റെ കണ്ണുകളിൽ നാഗരാജാവ് മാത്രം.. നാഗമാണിക്യം എനിക്കു തന്നു നാഗരാജാവ് എവിടെയോ മറഞ്ഞു.. ഞാൻ ബോധ രഹിതയായി  കളത്തിൽ വീണു.. കാവിലെ അന്തിത്തിരി അണഞ്ഞു..

Srishti-2022   >>  Short Story - Malayalam   >>  ചെമ്പകം

Abhishek S S

Acsia Technologies

ചെമ്പകം

“മുരുകാ...ഇന്ന് കണി കണ്ടവനെ എന്നും കണികാണിക്കണേ!”

 

ആരെയോ മനസ്സിലോർ‍ത്ത്, മുന്നിലിരുന്നിരുന്ന വേൽ മുരുകന്റെ പ്രതിമ തൊട്ട്, കണ്ണൊന്നടച്ച് “ആണ്ടവൻ‍” ഓട്ടോ ഡ്രൈവര്‍ ജയന്‍കുട്ടന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു.

 

ഇടക്ക് കണ്ണാടിയില്‍ നോക്കി, തലമുടി ഒന്ന് ചീകിയെടുത്ത്, കീഴ്ച്ചുണ്ടിനു താഴെ അങ്ങിങ്ങായി തലപൊക്കിയ ചെറുരോമങ്ങളെ ഓമനിച്ച്, ജയന്‍കുട്ടന്‍ ഗിയര്‍ മാറ്റി.

 

“ലൈഫില്‍ ആദ്യമായിട്ടാ ഇത്രേം ലോങ്ങ്‌ ഓട്ടം...അപ്പൂപ്പന് സ്ഥലം അറിയാമല്ലോ അല്ലേ?... അല്ല...ഇല്ലെങ്കിലും കുഴപ്പമില്ല, അവിടെ നമ്മുടെ പിള്ളേരൊണ്ട്... നമുക്ക്‌ ശരിയാക്കാം...കൊണ്ട് വരേണ്ട സാധനം നല്ല വെയിറ്റ് ഉള്ളതാണോ? എന്നാലും പ്രശ്നമില്ല! നമുക്ക്‌ സെറ്റ്‌ ആക്കാം..”

 

“എടാ..ഒന്നുകില്‍ നീ ചോദ്യം ചോദിക്കണം, അല്ലേല്‍ ചോദിച്ചതിന് മറുപടി പറയാന്‍ സമയം തരണം...അല്ലാതെ..എല്ലാം കൂടെ നീ പറയാനാണേ പിന്നെന്തിനാടാ എന്നോട് ചോദിക്കുന്നത്?”

 

കടവായുടെ അറ്റത്ത് പറ്റിയിരുന്ന വെറ്റിലത്തണ്ട് ചൂണ്ടുവിരല്‍ കൊണ്ടിളക്കിയെടുത്ത്, പിന്നിലിരുന്നയാള്‍ മുഷിച്ചില്‍ രേഖപ്പെടുത്തി.

 

പൊടുന്നനെയുള്ള മറുപടികേട്ട്‌ ജയന്‍കുട്ടന്‍ ഒന്ന് പരുങ്ങി. എങ്കിലും അത് പുറത്ത് കാണിക്കാതെ, അവന്‍ ചെറുതായി ചിരിച്ചു.

 

ഒന്ന് രണ്ടു നിമിഷങ്ങള്‍.

 

ഓട്ടോയില്‍ പുതുതായി പിടിപ്പിച്ച ഓഡിയോ പ്ലയെര്‍  ഓണ്‍ ചെയ്തു.

 

“മധുരയ്ക്ക്‌ പോകാതെടീ അന്ത മല്ലിപ്പൂ....”

 

പാട്ടിനനുസരിച്ച് പിന്നിലെ സീറ്റിനിരുവശത്തും പിടിപ്പിച്ച ചെറിയ LEDകള്‍ ചുവപ്പിലും നീലയിലും റോന്ത്‌ ചുറ്റി.  

 

വലത് വശത്ത് രജനികാന്തും, ഇടത് വശത്ത് 'തല അജിത്തും' പിന്‍സീറ്റില്‍ ഇരുന്ന അപ്പൂപ്പനെ തന്നെ നോക്കി ചിരിച്ചു കൊണ്ടേ ഇരുന്നു.

 

അപ്പൂപ്പന്‍ : “എടേയ് നിന്‍റെ പേരിലെ കേസോക്കെ തീര്‍ന്നോടെ?”

 

ജയന്‍കുട്ടന്‍: ”കേസ്‌ തീര്‍ന്നാല്‍ പിന്നെ ലൈഫില്‍ ഒരു ത്രില്ല് വേണ്ടേ അപ്പൂപ്പാ...അതങ്ങനെ കിടക്കും... ഇതൊക്കെ ഇല്ലാതെ ജീവിതത്തിന് ഗുമ്മുണ്ടോ!”. അതും പറഞ്ഞവൻ ഷർട്ടിന്റെ കോളറിന്റെ അറ്റം പിടിച്ചൊന്ന് പൊക്കി.

 

പുറത്തോട്ട് നോക്കി കൊണ്ട് അപ്പൂപ്പന്‍ അതിന് മറുപടി കൊടുത്തു.

 

“ഗുമ്മിനല്ലല്ലോ അവളെ ഇഷ്ടമായോണ്ടല്ലേ നീ അടിച്ചോണ്ട് വന്നത്...അവന്‍റെയൊരു ഗുമ്മ് !. രണ്ടു വട്ടം നിന്നെ ഇറക്കി കൊണ്ട് വന്നത് ഞാനാന്ന് ഓര്‍ക്കണം നീ... പിന്നെ അവളുടെ തന്ത സുകുമാരനെ എനിക്ക് കൊല്ലങ്ങളായിട്ട്...”

 

പുറത്തേക്ക് വന്ന ചമ്മല്‍ അകത്തേക്ക് വിഴുങ്ങി ജയകുട്ടന്‍ സൈഡ് മിറര്‍ വഴി അപ്പൂപ്പനെ നോക്കി.

 

“പിന്നില്ലാതെ...ആ ഓര്‍മ ഉള്ളതോണ്ടാണല്ലോ രാത്രിയായിട്ടും ഞാന്‍ വണ്ടി എടുത്തത്..അവളടത്ത് ഞാന്‍ പറഞ്ഞില്ല, അപ്പൂപ്പനേം കൊണ്ടാണ് എറങ്ങിയെക്കുന്നതെന്ന്.... മരുമകൻ ഗോപാലകൃഷ്ണന്‍ സാര്‍ സ്ഥലത്തില്ലേ?. അല്ല, അപ്പൂപ്പന്‍ ഈ സമയത്ത് ഇറങ്ങിയോണ്ട് ചോദിച്ചതാ...”

 

ആ ചോദ്യം, അത്ര സുഖിക്കാത്തത് പോലെ അപ്പൂപ്പന്‍ തല വെട്ടിച്ച് പുറത്തേക്ക് നോക്കി ഇരുന്നു.

 

“നീ എന്തിനാ വണ്ടി ഓടിക്കുന്നെ?”

 

ജയന്‍കുട്ടന്‍: ”വേറെ എന്തിന്? പൈസയ്ക്ക്...”

 

അപ്പൂപ്പന്‍: ”എന്നാ നേരെ നോക്കി വണ്ടി വിട്...നീ   ചോദിക്കാറാകുമ്പോ ഞാന്‍ പറയാം..”

 

ഒന്ന് നിറുത്തിയ ശേഷം, ഇത്തിരി ഘനത്തിൽ ഒരു തിരുത്തൽ പോലെ, ജയൻകുട്ടനോടായി

 

അപ്പൂപ്പൻ: “പിന്നെ…മരുമകനല്ല...അനന്തിരവൻ...അനിയത്തിയുടെ മോൻ...”

 

ജയന്‍കുട്ടന്‍: “ഈ കലിപ്പ് ഇല്ലെങ്കില്‍ അപ്പൂപ്പനെ പണ്ടേ കാക്ക കൊത്തിക്കൊണ്ട് പോയേനെ!”

 

അവന്‍ തന്നെ പറഞ്ഞ്, അവന്‍ തന്നെ ചിരിച്ച് പ്ലയറില്‍ പാട്ട് മാറ്റി.

 

”മരണോം മാസ് മരണോം....”

 

“എടാ, ഗുരുത്വ ദോഷി, അഹങ്കാരം പിടിച്ചവനേ.....ഒരു യാത്രക്കിറങ്ങുമ്പോ ഇമ്മാതിരി പാട്ടാണോടാ ഇടുന്നേ?”

 

മറുപടി പറയാതെ തന്നെ ജയന്‍കുട്ടന്‍ പാട്ട് മാറ്റി.

 

”തിരുപ്പതി ഏഴുമല വെങ്കിടേശാ...കാതലുക്ക് പച്ചക്കൊടി ...”  

 

“ആരൽവായ്മൊഴി കഴിഞ്ഞിട്ട് ഒരു ഒന്നര ഫർലോങ്...ഒരു ചെറിയ ദാബ ഉണ്ട്...നല്ല പൊറോട്ടയും തന്ഗ്രി കബാബും കിട്ടും...അവിടെ എത്താറാകുമ്പോ വിളിക്ക്...”

 

ജയൻകുട്ടൻ, പാട്ടിന്റെ ഒച്ചയൊന്ന് കുറച്ചുകൊണ്ട്, അപ്പൂപ്പനെ നോക്കി ചോദിച്ചു- "എവിടാന്ന്? ആരൽവായ്മൊഴിയാ...അതിന് ഇനീം ഒരു മണിക്കൂർ എടുക്കും....അപ്പൂപ്പൻ ഉറങ്ങാൻ പോവുവാണോ? അപ്പോൾ ഞാൻ ഒറ്റയ്ക്ക്???"

 

അപ്പൂപ്പൻ :"എടേ, നീ എന്തിന് പേടിക്കണത്?..സമയം പത്തര അല്ലേ ആയുളളൂ...നൂത്ത്‌ ഓടിച്ചാ മതി..."

 

അതും പറഞ്ഞയാൾ ഫോൺ പതിയെ ഞെക്കി സൈലന്റിൽ ആക്കി, തലൈവരുടെ ഫോട്ടോയിലേക്ക് ചാഞ്ഞു.

 

ജയൻകുട്ടൻ  ചെറിയൊരാധിയോടെ, പിന്നിലേക്ക് കഴുത്ത് ചായ്ച് ചോദിച്ചു -

 

"അല്ല...ഈ രാത്രി തന്നെ പോയി കൊണ്ട് വരേണ്ട സാധനമാണോ? നമ്മളവിടെ എത്തുമ്പോ മൂന്ന് നാല് മണിയാകും!"

 

അപ്പൂപ്പൻ പോക്കറ്റിൽ നിന്ന് രണ്ടായിരത്തിൻറെ ഒരു നോട്ട് അവന് നേരെ നീട്ടി...ഒന്നും പറയാതെ പിന്നെയും രജനികാന്തിന്റെ തോളത്തോട്ടു  ചാഞ്ഞു..

 

തുടർന്ന് കണ്ണടച്ച് കൊണ്ട് തന്നെ അവനോടായി പറഞ്ഞു -

 

"ഇന്നത്തെ വിലയ്ക്ക് ഫുൾ ടാങ്കിന് 2100 രൂപ ആകും...ബാക്കി നൂറ് നീ കൈയ്യീന്നിട്ടേര്...കഴിഞ്ഞ ആട്ടത്തിരുവാതിരയുടെ അന്ന് മുടി എഴുന്നള്ളത്തിന് വാങ്ങിയതിൽ 350 തരാൻ ഉണ്ട് നീ..."

 

"താടിയിൽ ഒറ്റ കറുപ്പില്ല...എന്നാലും കാഞ്ഞ ഓർമയാണ്!”- അവൻ മനസ്സിൽ പറഞ്ഞു.

 

എന്തോ ഓർത്തെന്ന വണ്ണം അപ്പൂപ്പൻ : "ടാ...പിന്നേ, വേണേൽ കന്നാസിൽ ഇച്ചിരി കരുതിക്കോ...തിരികെ വരുമ്പോ നിറുത്തി അടിക്കാൻ പറ്റിയില്ലെങ്കിലോ ?"

 

ജയൻകുട്ടൻ ഒന്ന് ചിന്തിച്ചത് പോലെ തോന്നിച്ചെങ്കിലും, അടുത്തുള്ള പമ്പിനരുകിൽ നിറുത്തി,വണ്ടിയുടെ പിന്നിലിരുന്ന കന്നാസ് എടുത്ത് പുറത്തേക്ക് പോയി.

 

കുറച്ച് നിമിഷങ്ങൾ കൊഴിഞ്ഞു വീണു.

 

മുന്നിലെ വിജനമായ റോഡ് നോക്കി ജയൻകുട്ടൻ -"ഞാൻ ഒരു കാര്യം ചോദിക്കട്ടാ, അപ്പൂപ്പൻ എന്താണ് കെട്ടാത്തത്?"

 

മറുപടി ഇല്ല..

 

പിന്നിൽ നിന്നുളള കൂർക്കം വലി കേൾക്കാതിരിക്കാൻ ജയൻകുട്ടൻ വീണ്ടും പ്ലെയറിന്റെ ശബ്ദം കൂട്ടി..      

 

ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞു കാണണം.

 

പശ്ചാത്തലത്തിലെ ഹിന്ദി പാട്ടിന്റെ ശബ്ദം കേട്ട് അപ്പൂപ്പൻ ഉണർന്നു... പോക്കറ്റിൽ കരുതിയിരിന്ന കവറിൽ നിന്ന് ഒരു ഗുളിക പൊട്ടിച്ച് പാതി വിഴുങ്ങി...

 

മുന്നിലെ ദാബയിൽ നിന്ന് രണ്ട് പ്‌ളേറ്റ് പൊറോട്ടയും പൊരിച്ച കോഴിക്കാലുമായി ജയൻകുട്ടൻ  നടന്നു വരുന്നുണ്ടായിരുന്നു.

 

"ഒഴിക്കാൻ ഒന്നും ഇല്ലേടേയ് ?? ഓ ...ഇച്ചിരി കോഴിച്ചാറ് വാങ്ങിച്ചോണ്ട് വാ.."

 
“അപ്പൂപ്പന് ഈ കട മുതലാളിയെ നേരത്തെ അറിയാമല്ലേ? അങ്ങേര് നിങ്ങളെ കണ്ടപ്പോ കൈ കാണിച്ചത് ഞാൻ കണ്ടു..”

 

“ഓ..കുറച്ചൊക്കെ അറിയാം” - ആ  ചോദ്യത്തിന് വലിയ പ്രസക്തി ഇല്ല എന്ന മട്ടിൽ ആപ്പൂപ്പൻ വെളിയിലേക്കെവിടെയോ നോക്കി മറുപടി പറഞ്ഞതായി ഭാവിച്ചു.

 

അപ്പൂപ്പൻ ഓട്ടോയിൽ ഇരുന്ന് തന്നെ പൊറോട്ടയുള്ള പ്ളേറ്റ് വാങ്ങി മടിയിൽ വച്ചു. ചാറുമായി വന്ന ജയൻകുട്ടന്റെ കൈയ്യിൽ നിന്ന് പാതി വാങ്ങി, കീറിയിട്ട പൊറോട്ടയുടെ മേൽ പരത്തി ഒഴിച്ചു.

 

കോഴിത്തുടയുടെ നല്ലൊരു ഭാഗം മുറിച്ചെടുത്തു ചവച്ചു... ബാക്കി ജയൻകുട്ടന് കൊടുത്തു.അവൻറെ മുഖത്ത് എന്തെന്നില്ലാത്ത ഒരു തിളക്കം. അപ്പൂപ്പൻ കിറി തുടച്ച്, കൈയിൽ കരുതിയ കുപ്പിയിൽ നിന്ന് വായ് കുലുക്കി തുപ്പി.

 

"ടേയ്  വേഗം...നേരത്തേ എത്തേണ്ടതാ..."

പോക്കറ്റിൽ നിന്ന് ഒരു ഇരുനൂറു രൂപ നോട്ട് അവന് നേരെ നീട്ടി, ദാബയുടെ മുതലാളിക്ക് കൈ നീട്ടി സലാം പറഞ്ഞ് അപ്പൂപ്പൻ ഓട്ടോയുടെ സീറ്റിൽ ചാരിയിരുന്നു.

 

വേൽ പിടിച്ചിരുന്ന സാക്ഷാൽ മുരുകനെ ഒന്ന് വണങ്ങി, ഡ്രൈവർ ജയൻകുട്ടൻ വണ്ടി സ്റ്റാർട്ട് ചെയ്തു...

 

"എടാ...ചെറുക്കാ...തിന്നത് ചിക്കൻ...മുട്ടയിട്ട് ഉണ്ടാക്കിയ പൊറോട്ട ! നിന്റെ മുരുകന് ഇഷ്ട്ടപ്പെടുവോടേയ്? "

 

ഡ്രൈവർ ജയൻകുട്ടൻ ഒന്ന് അമാന്തിച്ചു.


"ശരിയാണല്ലോ..." അവൻ ചെറു സങ്കോചത്തോടെ അപ്പൂപ്പനെ നോക്കി..

 

"എൻറെ അപ്പൂപ്പാ നിങ്ങളല്ലേ കയറിയപ്പോ ചിക്കൻ കഴിക്കണമെന്ന് പറഞ്ഞത്. എന്നിട്ട് അതും ഇതും പറയല്ലേ...അല്ലേൽ തന്നെ രാത്രി ഓട്ടം! "

 

"ഹഹഹ..." അപ്പൂപ്പൻ അത് കേട്ട് നന്നായൊന്നു ചിരിച്ചു.

 

ജയൻകുട്ടൻ:" ഇനി നിങ്ങൾ ഉറങ്ങണ്ടാ...എൻറെ കോൺഫിഡൻസ് അങ്ങ് പോയി..പോരാത്തതിന് പാണ്ടി ലോറികൾ അറഞ്ചം പുറഞ്ചം വരണ റോഡാണ്...മുരുകാ.."

 

അവനത് പറഞ്ഞു കൊണ്ട്, മുന്നിലിരുന്ന മുരുക വിഗ്രഹം ഒന്ന് തൊട്ട്, തൊഴാൻ തുടങ്ങി.

 

"അല്ലേ വേണ്ട..."

 

തൊടാതെ തന്നെ, മുരുകാന്ന് ഒന്ന് കൂടെ വിളിച്ച്, വണ്ടി ഗിയറിൽ ഇട്ടു...

 

അപ്പൂപ്പൻ റോഡിലേക്ക് ഒന്ന് നോക്കി അവനോടായി പറഞ്ഞു –

 

"വള്ളിയൂര് കയറി, നഞ്ചൻകുളം വഴി വിട്ടോ...നെൽവേലി പിടിക്കണ്ടാ...റോഡ് നല്ല പാളീഷാണ്..."

 

"ഇതൊക്കെ ഉള്ളത് തന്നേ?..രാത്രിയാണ്...ആരേലും വന്ന് ചാർത്തീട്ട് പോയാലും അറിയൂല...പറഞ്ഞില്ലാന്നു വേണ്ടാ..."

 

അപ്പൂപ്പൻ ഇത്തിരി ഗൗരവത്തിൽ പറഞ്ഞു -"പറയണത് കേട്ട് വണ്ടി ഓടിച്ചാൽ മതി..അറിയാല്ലാ... അവളുടെ തന്ത സുകുമാരനെ ഇരുപത്തിയെട്ട് കൊല്ലത്തെ പരിചയമാണെനിക്ക്...അന്ന് നീ രണ്ടിടത്തായിരുന്നു! ങ്ങും.."

 

അപ്പൂപ്പൻ ഒന്ന് ഇരുത്തി മൂളി..  

 

ടെസ്റ്റിന് ശേഷം ആദ്യമായി ഇൻഡിക്കേറ്റർ തെളിഞ്ഞ സന്തോഷത്തിൽ, ഓട്ടോ ഇടറോഡിലേക്ക് ഇറങ്ങി.

 

അന്തരീക്ഷത്തിന് തണുപ്പ് കൂടി.  ചീവീടുകളുടെ അലോസരപ്പെടുത്തുന്ന ഒച്ച. അതിനെ കീറി മുറിച്ചു കൊണ്ട് ജയൻകുട്ടൻ പറഞ്ഞു-

 

"മധുര എത്തിയാൽ എനിക്കൊരു സ്ഥലം വരെ പോകണം...അപ്പൂപ്പനെ ഇറക്കിയിട്ട് ഞാൻ അവിടം വരെ ചെന്നിട്ട് വരാം...വൈകീട്ട് നാലിന് തിരിക്കാം...എന്താ?"

 
ചെറിയ ഉറക്കത്തിൽ നിന്നെന്നവണ്ണം അപ്പൂപ്പൻ എന്തോ പറയാൻ തുനിഞ്ഞു..


പറയാതെ വന്ന ഒരു തികട്ടൽ. എരിഞ്ഞുയർന്ന പുളിപ്പ്, തൊണ്ട കാറി, കണ്ണിരുത്തിയടച്ച് ചെറു വൈഷമ്യത്തോടെ ഒന്നിറക്കി.

 

"അതിനിവിടെ ആരാ മധുരയ്ക്ക് പോകുന്നത്?"

 

ജയൻകുട്ടൻ ഞെട്ടി.

 

"നമ്മൾ പോകുന്നത്...കോവിൽപ്പെട്ടിക്ക് അടുത്ത് അയ്യനേരി എന്ന സ്ഥലത്താണ്... സൂക്ഷം പറഞ്ഞാൽ ഇവിടെ നിന്ന് കഷ്ടിച്ച് ഒന്നര മണിക്കൂർ....പിന്നെ നീ ഓടിക്കുന്നത് പോലെ ഇരിക്കും."

 

ജയൻകുട്ടൻ അറിയാതെ തന്നെ ഓട്ടോ സ്ലോ ആയി...എതിർ ഭാഗത്ത് നിന്നും വണ്ടികൾ ഒന്നും തന്നെയില്ല. അങ്ങിങ്ങായി കുറുനരിയുടേത് പോലെ തോന്നിച്ച ഓരിയിടൽ കേൾക്കാം!

 

അവൻ നന്നേ പരുങ്ങി. മുന്നിലിരുന്ന മുരുകനെ അവൻ ശരിക്കൊന്ന് നോക്കി.

 

ജയൻകുട്ടൻ :" അപ്പൂപ്പാ...ഇത്...ഇത്..."

 

അപ്പൂപ്പൻ:" നീ പേടിക്കാതെ വണ്ടി ഓടിക്കെടാ ചെറുക്കാ.."

 

സമയം പുലർച്ചെ മൂന്ന് മണി.

 

അയ്യനേരിക്കടുത്ത്, ചെറുവീരി ഗ്രാമം.

 

നീണ്ടു നിവർന്നു കിടക്കുന്ന തെരുവ്. രണ്ടു മൂന്ന് പട്ടികൾ, റാന്തൽ തെളിച്ച ഒരു വീടിൻറെ ഓരത്ത് കിടന്നുറങ്ങുണ്ട്.

 

അകലെയുള്ള ഒരു കള്ളിമുൾക്കൂട്ടത്തിനടുത്ത് ഓട്ടോ ഒതുക്കി, ജയൻകുട്ടൻ പുറത്തിറങ്ങി...

 

"ഇനിയെങ്കിലും ഒന്ന് പറയാമോ? ആരെ കാണാനാ?"

 

അപ്പൂപ്പൻ വിരൽ പൊക്കി, ശബ്ദമുണ്ടാക്കാതെ 'കൂടെ വാ' എന്ന് ആംഗ്യം കാണിച്ചു.

 

"ഒരാളെ രക്ഷിക്കാനുണ്ട്....ഇന്ന് പറ്റിയില്ലെങ്കിൽ ഇനി പറ്റൂലാ ...ഒരിക്കലും...".

 

കൈയ്യിൽ കരുതിയിരുന്ന ഒരു ചെറിയ ഫോട്ടോ അവന് നേരെ നീട്ടി.

 

അതുവരെ കാണാതിരുന്ന ഒരു തിടുക്കം ഉണ്ടായിരുന്നു അയാളുടെ ശരീര ഭാഷയിൽ.

 

ഫോട്ടോ തിരികെ കീശയിൽ ഇട്ട്, പതിയെ മുന്നോട്ട് നീങ്ങി.

 

ഏതാണ്ട് അരക്കിലോമീറ്റർ അകലയെയായി ഒരു വീടിൻറെ മുൻഭാഗത്ത് പച്ചയോല പന്തൽ കെട്ടിയ രീതിയിൽ കാണപ്പെട്ടു.. അപ്പൂപ്പന്റെ മുഖം വിളറി... അയാൾ പരവശപ്പെട്ടത് പോലെ തോന്നിച്ചു...

 

അയാളുടെ നടത്തത്തിന്റെ വേഗം കൂടി. ആ വീട് ലക്ഷ്യമാക്കി അയാൾ നടന്നു...

 

പൊടുന്നനെ, ഒരു കൂട്ടം ആൾക്കാർ ഒരു കസേരയുയർത്തി തമിഴിൽ എന്തോ ഉറക്കെ പാടിക്കൊണ്ട് അപ്പൂപ്പന് നിൽക്കുന്നതിന് രണ്ട് വീട് മുന്നേ എന്നവണ്ണം നടന്നു നീങ്ങി.. ആ കസേരയിൽ ഏതാണ്ട് എഴുപത്തഞ്ചിനോടടുത്ത പ്രായമുള്ള ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു..

 

അവരുടെ നെറ്റിയിൽ പതിച്ചിരുന്നു ഒരു രൂപ നാണയം നിലത്തേക്ക് ഉരുണ്ടു പോയി, അരികിലെ ഓടയിലേക്ക്  വീണു.

 

അപ്പൂപ്പൻ, ഒരു നിമിഷം ചലനമറ്റത് പോലെ നിന്നുപോയി.

 

അപ്പൂപ്പന് പിന്നാലെ വന്ന ജയൻകുട്ടൻ ആ വീടിൻറെ, വലത്തേക്ക് തിരയുന്ന ഭാഗത്തേക്ക് ഒന്ന് മാറി നിന്നു. ആദ്യം കണ്ട വീടിൽ നിന്ന് കുറെയധികം സ്ത്രീകളും, ആ ആൾക്കൂട്ടത്തിന് പിന്നാലെ പോയി.

 

ഏതാനും നിമിഷങ്ങൾ.

 

എന്തോ കണ്ണിലുടക്കി എന്ന നിലയിൽ ജയൻകുട്ടൻ അപ്പൂപ്പനെ നോക്കി.

 

അവൻ കൈയ്യുയർത്തി അയാളെ വിളിക്കാൻ ശ്രമിച്ചു. ഒടുവിൽ ശബ്ദം കേൾപ്പിക്കാതെ നടന്ന് അപ്പൂപ്പന്റെ അരികിൽ എത്തി, തൊട്ടടുത്തുള്ള വീടിന്റെ തുറന്ന ജനാലയിലേക്ക് അവൻ വിരൽ ചൂണ്ടി.


അവർ ജനാലയ്ക്ക് അരികിലേക്ക് നടന്നു.

 

ആ ജനാലയുടെ കൈവരിയിലായി എന്തൊക്കെയോ വച്ചിരിക്കുന്നു...നാലഞ്ച് കരിക്കുകൾ...രണ്ടു പാത്രത്തിയാലായി തണുപ്പിച്ച തൈര്...ചുവട്ടിൽ ഒരു വലിയ ഭരണിയിൽ നല്ലെണ്ണയും...


അപ്പൂപ്പൻ ആകാംക്ഷയോടെ ഉള്ളിലേക്ക് തന്നെ നോക്കി... കുറച്ചു മാറി ഒരു ചൂരൽ കസേര...അതിൽ ഒരാൾ ഇരുന്നുറങ്ങുന്നുണ്ടായിരുന്നു... ഏതാണ്ട് എഴുപതിനു മുകളിൽ പ്രായമുള്ള ഒരമ്മൂമ്മ...

 
ജയൻകുട്ടൻ, ചുറ്റും നോക്കി ആരുമില്ലായെന്ന് ഉറപ്പ് വരുത്തി അകത്തേക്ക് കയറി... അമ്മൂമ്മ ഇരുന്നിരുന്ന കസേരയുടെ ഒരു കൈയ്യിൽ പിടിച്ചു...
 

അരമണിക്കൂർ കഴിഞ്ഞ്...
 

ആണ്ടവൻ ഓട്ടോ മുന്നോട്ട് തള്ളുന്നതിനിടയിൽ അപ്പൂപ്പനോടായി
 

ജയൻകുട്ടൻ: "അവരിപ്പോ വന്നാലോ?"


ഒരു ചെറിയ പ്രതീക്ഷയുള്ള ചിരിയോടെ അപ്പൂപ്പൻ പറഞ്ഞു -"ഇപ്പോൾ ഒരാളെ കസേരയിൽ കൊണ്ടു പോയില്ലേ, ആ ചടങ്ങ് ഒക്കെ കഴിഞ്ഞേ എന്തായാലും ആണുങ്ങൾ എത്തുള്ളൂ...അതിനുള്ളിൽ നമുക്കെത്തേണ്ടിടത്ത്  എത്താം... ഇതീ നാട്ടിൽ പതിവാ....ഒരു പ്രായം കഴിഞ്ഞാൽ കുറച്ചു പേർ ചേർന്നങ്ങു തീരുമാനിക്കും...ദയാവധം എന്നൊക്കെയാ ഇവന്മാർ പറയുന്നത്...വധത്തിൽ എവിടെയാ ദയ...അല്ലേ? കഴിഞ്ഞ ആഴ്ച ഞാൻ ഇവിടെ വന്നിരുന്നു... കഴിഞ്ഞയാഴ്ച എന്നല്ല, ഇടക്കിടെ ഞാൻ വരുമായിരുന്നു ഈ നാട്ടിൽ...  പലപ്പോഴും ശ്രമിച്ചതുമാണ്...പക്ഷേ, നടന്നില്ല.. കഴിഞ്ഞ ആഴ്ച അറിഞ്ഞതാ ഇവളുടെ കാര്യം…നമ്മൾ എത്തുന്നതിന് മുന്നേ നറുക്ക് വീണ വേറെ ഏതോ ഒരാൾ...അവരെയാണ് നമ്മൾ ആദ്യം കണ്ടത്... രണ്ടു നാൾ എണ്ണ തലയിൽ ഒഴിച്ച് മുറിയിൽ ഒരു മൂലയ്ക്കിരുത്തും....കുടിക്കാൻ തൈരും, തണുപ്പിച്ച കരിക്കിൻ വെള്ളവും....മൂന്ന് നാൾ തികയ്ക്കാറില്ല ആരും! "
 

അപ്പോഴേക്കും തലയിൽ തൂകിയ എണ്ണ വാർന്ന് അമ്മൂമ്മയുടെ മുഖത്തേക്ക് പടർന്നിരുന്നു. അപ്പൂപ്പൻ മുണ്ടിന്റെ തലപ്പ് കൊണ്ട് അവരുടെ മുഖം തുടച്ചു. അമ്മൂമ്മ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു.

 
ഒന്നര മണിക്കൂറിന് ശേഷം.
 

അപ്പൂപ്പന്റെ തോളിൽ ചാരി മയങ്ങുന്ന അമ്മൂമ്മയെ നോക്കി ജയൻകുട്ടൻ

ചോദിച്ചു - "എൻറെ പൊന്നപ്പൂപ്പാ ഇന്നലെ ഞാൻ ശരിക്കും പേടിച്ചു പോയി...ഇനി ചോദിക്കാല്ലോ?...ഇതാരാ?"

 
അപ്പൂപ്പൻ വെളുത്ത താടിയൊന്ന് തടവി... ഒരു ചെറു ചിരിയോടെ പറഞ്ഞു.

" ഇതാണ് ചെമ്പകം...ഇവിടത്തെ ഒരു പഴയ ഗവൺമെന്റ് സ്‌കൂളിൽ ഒരു പതിനഞ്ച്  കൊല്ലം തമിഴ് വാധ്യാരായി ജോലി നോക്കിയിട്ടുണ്ട് ഞാൻ... അങ്ങനെ…"

 
ഒരു ചിരിയോടെ ജയൻകുട്ടൻ തുടർന്നു - "ബാക്കി പറയണ്ടാ...ഞാൻ ഊഹിച്ചോളാം... എനിക്കൊരു കാര്യത്തിൽ സമാധാനം ആയി...അവളെ ഇറക്കി കൊണ്ട് വരാൻ സഹായിച്ച കാര്യം പറഞ്ഞ്, ഇനി എന്നെ വിരട്ടൂലല്ലോ...?"

 
അപ്പൂപ്പൻ, മറുപടി ഒരു ചെറുചിരിയിൽ ഒതുക്കി, നന്നേ തണുത്തു വിറച്ചിരുന്നിരുന്ന ചെമ്പകം അമ്മൂമ്മയെ ചേർത്ത് പിടിച്ചു. നനുത്ത സൂര്യപ്രകാശം, അമ്മൂമ്മയുടെ കൺകോണിൽ തട്ടി തിളങ്ങി. 
  

അതേസമയം, ചെറുവീരിയിലെ ഏതോ ഒരു വീട്ടിൽ, ആരോ ഒരാൾ, ആർക്കോ വേണ്ടി തണുത്ത തൈരും, ഒരു പാത്രം നിറയെ എണ്ണയും നിറയ്ക്കുന്ന തിരക്കിലായിരുന്നു..

Subscribe to Short Story - Malayalam