Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഒരു മഴക്കാല ഓർമ്മ

ഒരു മഴക്കാല ഓർമ്മ

മടുപ്പിക്കുന്നതും അവർത്തിക്കപ്പെടുന്നതുമായ ദിനചര്യകളിൽ നിന്നും വ്യത്യസ്തമായിരുന്നു എനിക്ക് ദിവസം . യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ നിമിഷം. കോളേജിൽ നിന്നും വീട്ടിലേയ്ക്കുള്ള ബസ് യാത്രയിൽ കൗതുകകരവും ചിന്തിപ്പിക്കുന്നതുമായ പല കാഴ്ചകൾക്ക് ഞാൻ മൂകസാക്ഷിയായിട്ടുണ്ട് . ഇന്നത്തെ കാഴ്ച്ചകളല്ല നാളെയുടെത് .അത് ചിലപ്പോൾ പ്രത്യാശയുടേതാകാം മറ്റു ചിലപ്പോൾ നിരാശയുടേതും.

അന്നു വൈകിട്ട് ബസ്സിന്റെ സൈഡ് സീറ്റിൽ ഇരുപ്പുറപ്പിച്ച ഞാൻ ക്ലാസ്സിലെ രസകരമായ  സംഭവങ്ങളെ കുറിച്ച്   ചിന്തിക്കുകയായിരിന്നു . സമയത്താണ് ഓർമ്മകൾക്ക് വിള്ളൽ വീഴ്ത്തികൊണ്ടു കണ്ടക്ടർ ചേട്ടന്റെ ആഗമനം. എസ്.റ്റി കൊടുത്ത എന്നെ അദ്ദേഹം മനോഹരമായ വാക്കുകൾ കൊണ്ട് അഭിസംബോധന ചെയ്തു.ചേട്ടനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.കാരണം അത് എൽ.എസ് ആയിരുന്നു. എന്താണെങ്കിലും കേട്ട് തഴമ്പിച്ചതുകൊണ്ടു അതൊരു പുതുമയായിട്ടു തോന്നിയതുമില്ല.

വെളിയിൽ ചാറ്റൽ മഴയുണ്ടായിരുന്നു.പിന്നീട് മഴയ്ക്കു അൽപ്പം ശക്തി പ്രാപിക്കുകയും ചെയ്തു."ഓരോ തുള്ളി മഴയ്ക്കും ഓരോ കഥകൾ പറയുവാനുണ്ട് ", എന്ന് ആടയാളങ്ങളിൽ പ്രിയംവദ എന്ന കഥാപാത്രത്തിലൂടെ എം .മുകുന്ദൻ പറഞ്ഞത് മനസ്സിലൂടെ ആവർത്തിക്കുകപ്പെടുകയായിരുന്നു. വൈകുന്നേരമായതിനാൽ റോഡിൽ നല്ല തിരക്കുണ്ടായിരുന്നു , പോരാത്തതിനു മഴയും.ബസ് നിരങ്ങിയാണ് നീങ്ങിയിരുന്നത്.എന്റെ അടുത്ത് ഇരുന്ന സ്ത്രീ ആവശ്യപെട്ടത് പ്രകാരം ഞാൻ ഷട്ടർ താഴ്ത്തി.എങ്കിലും പാതി പൊക്കിയ ഷട്ടറിൽ നിന്നും നനവാർന്ന കാഴ്ചകൾ ഞാൻ ആസ്വദിക്കുകയായിരുന്നു.കുട ചൂടിയിട്ടുണ്ടെങ്കിലും മഴയ്ക്കൊപ്പം  എത്തുന്ന വികൃതികാറ്റ് കാൽനടക്കാരോട് കുസൃതി കാട്ടുന്നുണ്ടായിരുന്നു.അപ്പോഴാണ് മനസ്സിനെ ആഴമായി സ്പർശിച്ച കാഴ്ച്ച ഞാൻ കാണുന്നത്.ചെളി പുരണ്ടതും, കീറിയതുമായ, നിക്കറും ബനിയനും ധരിച്ച, അനുസരണ ഇല്ലാതെ അലസമായി കിടക്കുന്ന ചുരുൾ മുടിയും , ഏകദേശം 10-11 വയസ്സ് പ്രായം തോന്നിക്കുന്ന തീരെ മെലിഞ്ഞു ക്ഷീണിച്ച ഒരു ബാലൻ; അപകടം പറ്റി , ശരീരം മുഴുവൻ ചോര പുരണ്ട്, ഒരിറ്റു കാരുണ്യത്തിനായി കേഴുന്ന ഒരു പട്ടികുട്ടിക്ക്,താൻ അന്നു ഭിക്ഷ യാചിച്ചു ലഭിച്ച ഭക്ഷണവും,ഒപ്പം ദാഹജലവും കൊടുക്കുന്നു.കൂടാതെ അവൻ ധരിച്ചിരുന്ന ബനിയൻ ഊരി പട്ടികുട്ടിയെ പുതപ്പിച്ച്, അതിനെ നെഞ്ചോടു ചേർത്തു നടന്നകലുന്ന കാഴ്ച്ച എന്റെ കണ്ണുകളെ ഈറനണിച്ചൂ.ഷട്ടർ മെല്ലെ താഴ്ത്തി, പിന്നീടൊരു കാഴചയും കാണുവാൻ മനസ്സ് അനുവദിച്ചില്ല.

ബസ്സിറങ്ങി വീട്ടിലേയ്ക്ക് നടക്കുമ്പോഴും ഞാൻ എന്താണ് ജീവിതത്തിൽ നേടിയത് എന്ന ചിന്ത വല്ലാതെ എന്നെ വേട്ടയാടി.ഒരുപാട് ഡിഗ്രികൾ വാരികൂട്ടിയതുകൊണ്ട്, ജീവിതത്തിൽ വിജയിക്കുവാൻ സാധിക്കുകയില്ല എന്ന പരമ സത്യം ബാലനിലൂടെ ഞാൻ പഠിച്ചു.പുസ്തകത്താളുകളിലെ അക്ഷരലോകം വളരെ ചെറുതാണെന്നും, അതു മാത്രം കണ്ടു വളർന്ന എനിക്ക് ജീവിതം എന്ന പുസ്തകത്തിലെ അക്ഷരങ്ങളുടെ പൂട്ടുതുറക്കുവാൻ ഒരുപാട് സഞ്ചരിക്കേണ്ടിരിക്കുന്നു എന്ന ഉൾബോധം ഉണ്ടായി . വീട്ടിലേയ്ക്കു അര നാഴിക മാത്രം ഉള്ളപ്പോൾ, ഇളം  ചുണ്ടിൽ വെൺപുഞ്ചിരിയുമായി, എന്റെ ആഗമനത്തിനായി അപരിചിതനായ, ഞാൻ റോഡിൽ കണ്ട അതേ ബാലൻ എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു; ഒപ്പം അവന്റെ നെഞ്ചോടു ചേർത്തു പട്ടികുട്ടിയും.......

Srishti-2022   >>  Short Story - Malayalam   >>  ജം

Abhishek SS

Acsia Technologies

ജം

രാകി മൂര്‍ച്ച കൂട്ടിയ ക്ഷൗരക്കത്തിഅരയില്‍ കെട്ടിയ പച്ച ബെല്‍റ്റിന്‍റെ തുഞ്ചത്ത് തലോടിച്ച് പപ്പുവാശാന്‍ വേല തുടര്‍ന്നു. മംഗലത്തെ കുഞ്ഞിരാമന്‍ വൈദ്യരുടെ ഇടത്തേച്ചെവിയുടെ കടുക്കനില്‍ താളത്തിലൊന്ന് പിടിച്ച്കണ്ണ് മേല്‍പ്പോട്ടാക്കി മനസ് കൊണ്ട് പവന്‍റെ തൂക്കം അളന്നു. 

 “സൂക്ഷംകാല്‍ പവന്‍”.  

ക്ഷൗരഗതിയിലെ മന്ദതയും, കടുക്കനിലെ അസാമാന്യ തട്ടും തിരിച്ചറിഞ്ഞ വൈദ്യര്‍ ഒന്ന് മൂളി-

“ങ്ങും..ന്താ...” 

പപ്പുവാശന്‍ കത്തിയിലേക്ക് മെയ്യും മനസും തിരികെ വിളിപ്പിച്ച് മറുമൂളല്‍ മൂളി.

“ഓ..ഒന്നൂല്ലാ വൈദ്യരേ...അടയ്ക്കാ കാച്ച് ചിരിച്ച് നില്‍ക്കുവാ..”

കത്തിയ്ക്ക് നല്ല ബഹുമാനം കൊടുത്തുകൊണ്ട് തന്നെഇടം കണ്ണ് മേല്പ്പോട്ട് ചരിച്ച് പപ്പുവാശാനോടായി-

“അതിന് നിനക്കെന്താടാ? അടക്കയാകുമ്പോ പൂക്കും കായ്ക്കും!!”.

വൈദ്യന്‍ കത്തി ഇച്ചിരി താഴേക്ക് പായിച്ച്തൊണ്ടയ്ക്ക് മേലെ തലോടി.

“കുരുമുളകും ചൊകന്നു നില്‍പ്പുണ്ട്... പിന്നെ തെക്കേ പറമ്പിലെ ഇരട്ടത്തലയന്‍ വരിക്ക ചക്ക മൂക്കിലെ പൂട വിറപ്പിച്ചങ്ങനെ നില്‍പ്പാ... 

ഇന്ന് പോകുമ്പോ അടിയന്‍???”.

അതും പറഞ്ഞ് വൈദ്യര്‍ തൊണ്ടക്കുഴിയിലെ തല പൊക്കിയ ഈര്‍ച്ച രോമങ്ങളില്‍ കത്തി കൊണ്ട് ആഞ്ഞുഴിഞ്ഞു.

മറുപടി വളരെ പെട്ടെന്നായിരുന്നു..    

“ആയിക്കോ ആയിക്കോ...”.

പിന്നെ എണ്ണിക്കൊണ്ട് നാല് മിനുട്ടില്‍ വൈദ്യരുടെ മുഖം മാര്‍ബിള്‍ ആയി.

കാരക്കല്ല് വെള്ളത്തില്‍ മുക്കിപപ്പുവാശാന്‍ വൈദ്യരുടെ മുഖവടിവിന് മെഴുകിന്‍റെ മാറ്റ് പകര്‍ന്നു.

ആശാന്‍പോകും വഴി രണ്ട് കുല അടയ്ക്കയും ഒരു കൈ കുരുമുളകുംഒരു സ്വയമ്പന്‍ വരിക്ക ചക്കയും തോളത്ത് കയറ്റിതോടിലേക്ക് നടന്നിറങ്ങി.

വൈദ്യര്‍ കഴുത്തിന്‌ ചുറ്റും കൈപ്പത്തിയോടിച്ച് ഭരദൈവങ്ങളെ നീട്ടി വിളിച്ച്കുളക്കടവിലേക്ക് നടന്നു.

“വേറെ ഒരുത്തരേം പേടിക്കണ്ടാ.. പക്ഷെ ഇവരെ ഭയക്കാണ്ട് പറ്റുവോ... തൊണ്ടക്കുഴിയിലല്ലേ കത്തി ശിവ..ശിവാ...”

ഇതെല്ലാം കണ്ടുകൊണ്ട്, ഉമ്മറത്തെ ചെമ്പന്‍ തൂണില്‍ ചാരി നിന്ന പെങ്ങള്‍ദേവുക്കുട്ടിയുടെനുണക്കുഴി തെളിഞ്ഞ മുഖത്തെ പാതി പൊതിഞ്ഞ ചിരി മറച്ചുകളഞ്ഞു.

ആഴ്ചയില്‍ രണ്ട് തവണയുള്ളപച്ച ബെല്‍റ്റിന്‍റെ വാലില്‍ തൂകിയപാറപ്പൊടിയില്‍ ഉരസുന്ന കത്തിനാവിന്‍റെ പരുപരുത്ത ശബ്ദത്തിന് പതിയെപ്പതിയെ ഒരു താളമുള്ളതായി ദേവുക്കുട്ടിക്ക് തോന്നി തുടങ്ങിയ ഒരു ചൊവ്വാഴ്ച്ച. മാസത്തില്‍ ആറോ ഏഴോ മാത്രം നടന്നിരുന്ന ക്ഷൗരക്രീയ ഇപ്പോള്‍ പത്തും പന്ത്രണ്ടും തവണയായി.

“പപ്പുവേഇന്ന് ചൊവ്വയല്ലേചൊവ്വയ്ക്ക്‌ വെട്ടിയാല്‍ നേരെ ചൊവ്വേ ആകുവോ?”

വൈദ്യര്‍കിറിക്ക് താഴെ തലപൊക്കിയ വെളുത്ത കുറ്റിരോമങ്ങള്‍ തലോടികോക്കത് നടയ്ക്ക് അരികിലായി നിന്ന പപ്പുവശാനെ നോക്കിചോദിച്ചു.

“പണ്ടത്തെപ്പോലല്ലല്ലോ വൈദ്യരേകത്തിക്ക് മൂര്‍ച്ച കൂടിയാല്‍കിളിര്‍ക്കുന്ന രോമത്തിന്റേം മൂപ്പ് കൂടും ന്നാ...”. അതും പറഞ്ഞാശാന്‍ പിന്‍കഴുത്ത് തടവി.

പത്തായപ്പുരയുടെ ഓടാമ്പല്‍ തള്ളി നീക്കുന്നതിനിടയില്‍വൈദ്യര്‍ചെവിക്കുഴിക്ക് അരികിലായിഞാറ് മുളച്ച പോലെ നിന്നിരുന്ന നീളന്‍ മുടി ചുരുട്ടി പറഞ്ഞു.     

“ശരിയാഎന്നാ... നീ പണി തുടങ്ങിക്കോ...”.

ചെന്തെങ്ങിന്‍റെ ചോലയില്‍കിഴക്കോട്ട് നോക്കിവേപ്പില്‍ പണിത കസേരയിട്ട് കുഞ്ഞിരാമന്‍ വൈദ്യര്‍ ഇരുന്നു. തെറ്റുടുത്ത ബാലരാമപുരം കൈത്തറി ഒറ്റമുണ്ട്. വയറിന് മുകളിലേക്ക് വലിച്ച് കയറ്റി ഒന്ന് മുറുക്കി. പപ്പുവശാന് മുന്നില്‍ തലയൊന്ന് ചെറുതായി കുനിച്ചു.  

കത്തി രാകി മിനുക്കുന്ന സമയത്ത് എന്തോ ഓര്‍ത്തത് പോലെ വൈദ്യര്‍ പറഞ്ഞു- 

“ങ്ങ്ഹാ...നിനക്ക് ചൊവ്വ മുടക്ക് പോലെഅകത്തൊരാള്‍ ഇരിപ്പുണ്ട്.. അവള്‍ക്കും മുടക്ക് ചൊവ്വയാ..”

പെട്ടന്ന്പിന്നിലേക്ക് തിരിഞ്ഞ പപ്പുവാശന്‍റെ നോട്ടമെത്തുന്നതിന് മുന്‍പേതൂണിന്‍റെ മറ പറ്റി നിന്നിരുന്ന രണ്ട് കണ്ണുകള്‍ പിന്‍വലിഞ്ഞിരുന്നു.      

ഇത്തവണ പറമ്പിലെ മൂവാണ്ടന്‍ മാങ്ങയെപ്പറ്റിയോവളപ്പിലെ പൂങ്കള്ളി വഴക്കുലയെപ്പറ്റിയോ പപ്പുവാശന്‍ മിണ്ടിയില്ല. വൈദ്യരോട് എന്തോ പറയണം എന്നുണ്ടായിരുന്നു. നെഞ്ച് തട്ടി വന്ന വാക്കുകളെ തൊണ്ടക്കുഴി ഉമിനീരിട്ട് മൂടിക്കളഞ്ഞു.  

“ആയ കാലത്ത് തൊട്ടും തൊടാതെയും നോക്കിയും നോക്കാതെയും രോഗം ഭേദമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തനിക്കറിയോ ചില രോഗങ്ങള്‍ക്ക് പച്ചവെള്ളമാണ് മരുന്ന്!. ചിലതിന് ഉപ്പും. മാന്തളിരില ചുണ്ണാമ്പില്‍ മുക്കിയൊരു വേലയുണ്ട്വാതത്തിന് പഷ്ടാ..പറഞ്ഞിട്ടെന്താ ഒരനന്തരവന്‍ ഇല്ലാണ്ട് പോയില്ലേ...ചൊല്ലിക്കൊടുക്കാന്‍... ചോവ്വേം വ്യഴോം ഒന്നും ഇല്ലാന്ന് പറഞ്ഞ ഒരു നാസ്തികനായിരുന്നു അവളുടെ സംബന്ധക്കാരന്‍. താലി കെട്ടി നാഴിക കഴിഞ്ഞില്ല. കോക്കത് നടയില്‍ ഇടത് കാല്‍ വച്ചാ കേറിയേ...ചിറ കഴിഞ്ഞ് പാലം കടന്ന് ഞാന്‍ ഓടിയെത്തുമ്പോഴേക്കും കഴിഞ്ഞിരുന്നുഎല്ലാം... ചിലത് ദൈവം ചെയ്യിക്കണതാ...ചെയ്യുന്നവര്‍ പഠിക്കാന്‍...വേറെ ചിലത് കാണണോര്‍ക്കും... ങ്ങും..ചിലര് പഠിക്കും...വേറെ ചിലര് വീണ്ടും വീണ്ടും പഠിച്ചോണ്ടന്നേ കാലം തീര്‍ക്കും. വാഴക്കല്യാണം തീര്‍ക്കേണ്ട ദോഷം അയാളിലൂടെ തീര്‍ന്നൂന്ന് പറയാന്‍ ദണ്ഡം ഉണ്ട്..ങ്ങും.. താന്‍ പോകുമ്പോചിറ കഴിഞ്ഞ് ചീവീട് കരയണുണ്ടോന്നു നോക്കുക...ഉണ്ടേല്‍ ഒന്ന് ഓരിയിട്ടേര്... വേറൊന്നിനും അല്ല...ഉച്ച തിരിഞ്ഞ് അസാധ്യമായി കൂമന്‍ കൂകുന്നത് കേട്ടു...നാളെ രാവിലെ പാല്‍ വേണ്ടി വരില്ലാന്നൊരു തോന്നല്‍..അരത്തുടം വേണ്ടാ... കാല്‍ മതി എന്ന് കറവക്കരനോട് പറഞ്ഞേച്ചു പൊക്കോളൂ.”

ഇത്രയും പറയുന്നതിനകം തന്നെ പപ്പുവാശന്‍ വേല തീര്‍ത്തിരുന്നു.

നാസികാസ്ഥിക്ക് മുകളിലെ വിയര്‍പ്പ് ഒപ്പിതിരിഞ്ഞു നടക്കുന്നതിനിടയില്‍ വൈദ്യര്‍ ആരോടെന്നില്ലാതെ പറഞ്ഞു- 

“കിഴക്കൂന്ന് ഒരു കൂട്ടര് വരും ന്നാ ഗൗളി പറഞ്ഞെ...അവരെന്തായാലും ഞാന്‍ നോക്കിയാല്‍ തീരണ വ്യധിക്കാരല്ലാ ന്ന് തോന്നണു. അതോ എനിക്ക് നോക്കാന്‍ തരപ്പെടാത്തതാണോ?. അറിയില്ല..”

പപ്പുവാശന്‍ മിണ്ടിയില്ല. തന്‍റെ സ്ഥിരം കുസൃതിത്തരങ്ങള്‍ക്ക് കൂട്ടം വയ്ച്ച് നില്‍ക്കുന്ന ആളാണ്,മീനച്ചൂടില്‍ പുളി പൊട്ടുന്നത് പോലെ അത് പറഞ്ഞത്.

അന്ന് രാത്രി അയാള്‍ക്ക് ഉറങ്ങാന്‍ സാധിച്ചില്ല. കയറ്റു പായത്തലയ്ക്കല്‍ ക്ഷൗരക്കത്തി വയ്ക്കുന്നതിന് മുന്നേ വെള്ളാരക്കല്ല് കൊണ്ടുള്ള മിനുസപ്പെടുത്തല്‍. ഓരോ തവണ കത്തിത്തല തിളങ്ങുമ്പോഴും ആരുടെയോ മുഖം തെളിഞ്ഞു വരുന്നത് പോലെ തോന്നി അയാള്‍ക്ക്.

എന്ത് തന്നെ സംഭവിച്ചാലും പിറ്റേന്ന് വൈദ്യരോട് പറയണമെന്ന് കരുതി അയാള്‍ കിടന്നു.

പിറ്റേന്ന് ഇട്ടിവിര മുതലാളിക്ക് മുണ്ഡനക്രീയ നടത്തുമ്പോഴാണ് ആ വാര്‍ത്ത‍ കേട്ടത്.

“കൊത്തിയവനെ വിളിച്ച് വരുത്തിവിഷമിറക്കിക്കുകകൊടിയ കര്‍മം തന്നെ. ചെയ്ത ദോഷം തന്നെയാ വൈദ്യരെ വീഴ്ത്തിയത്”- വാര്‍ത്ത‍ കേട്ടയുടനെ ഇട്ടിവിര അനുതപിച്ചു. പാതി വടിച്ച തല അതേപടി നിറുത്തി പപ്പുവാശന്‍ അങ്ങാടിക്കടയിലേക്ക് ഓടി.  

പൂവും മാവിറകും ചാക്കിലാക്കി പപ്പുവാശന്‍ മംഗലത്തേക്ക് ഓടി. ഏഴ് നാള്‍ക്കുള്ളില്‍ ഭൂമിദേവിയെ തണുപ്പിച്ചു കൊള്ളാം എന്ന വാക്കില്‍ വൈദ്യരെ ഉണക്ക തൊണ്ടിന്മേല്‍ കിടത്തി. തലയ്ക്കല്‍ ഊന്നിയ ചെറു ചേമ്പില്‍വെള്ളം തൂകി ദേവുക്കുട്ടി ഏങ്ങലടിച്ച് അകത്തേക്ക് ഓടിപ്പോയി. അവസാന മാവിറകും വൈദ്യരുടെ കാല്‍ക്കല്‍ സമര്‍പ്പിച്ച്‌ പപ്പുവാശന്‍ ഒന്ന് നോക്കി.

ദോഷങ്ങള്‍ ഒത്തിരിയുള്ള തറവാടാണ്. വിഷഹാരിയായിരുന്നു വൈദ്യര്‍. ദൂര ദേശങ്ങളില്‍ നിന്ന് തന്നെ പലരും ചികിത്സക്കായി എത്തിയിരുന്നു. ആകെയുള്ളത് ഈ പെങ്ങളാണ്. പ്രകൃതിയും അതിന്‍റെ നിയമങ്ങളും നോക്കാതെയുള്ള ചില ചികിത്സകള്‍ചില കര്‍മങ്ങള്‍അതിന്‍റെ ഫലമാണ് ആ കുടുംബത്തിന്‍റെ ശാപം എന്ന് പലരും പറഞ്ഞു നടന്നു.

ഒന്നരമാസം കഴിഞ്ഞു.

നടവഴിയില്‍ ചെറു പുറ്റുകള്‍ കണ്ടു തുടങ്ങി. കിണറിനു ചുറ്റും പതിവില്‍ കൂടുതല്‍ തവളകളും എലികളും പെറ്റ് പെരുകി. വീടിന്‍റെ ഉത്തരത്തില്‍ കടന്നല്‍ കൂട് കെട്ടി. അകത്ത് ദേവുക്കുട്ടി എന്നൊരാള്‍ ജീവനോടെ ഉണ്ട് എന്ന് തന്നെ തോന്നാത്ത വിധം വീടും പരിസരവും നശിച്ചു കൊണ്ടേ ഇരുന്നു. എല്ലാ ദിവസവും രാവിലെ ആ വഴി പോകാറുണ്ടെങ്കിലും പപ്പുവാശന്‍ അവിടെ കേറിയില്ല.  

കടന്നലിന്‍റെ കൂട് ഏതാണ്ട് ഒരു കൂഴച്ചക്കയോളം വലുപ്പത്തില്‍ വളര്‍ന്നിട്ടുണ്ട്. മറ്റൊന്നാലോചിക്കാതെ,തലയില്‍ കെട്ടിയിരുന്ന തോര്‍ത്ത്തോട്ടുവക്കിലെ ചേറ് മുങ്ങിയ വെള്ളത്തില്‍ ഒന്ന് പരത്തി, ഇരു കൈയും വീശി കടന്നല്‍ക്കൂട്ടില്‍ ചേര്‍ത്തൊന്നു പിടിച്ചു. ചില ഞെരുക്കങ്ങള്‍... മൂളലുകള്‍. ചീറ്റലുകള്‍. തോര്‍ത്തിന്‍റെ നിറം മാറി വരുന്നുണ്ട്. എല്ലാം ചത്ത ലക്ഷണം ഇല്ല... കാട്ടു കടന്നല്‍ ആണ്..വീറും മൂപ്പും കൂടും... കൂട് കുറച്ചു നേരത്തിനുള്ളില്‍ ചതഞ്ഞ തൊണ്ട് പോലെ നിലത്തു വീണുരുണ്ടു.

ഒരു മലക്കം മറിച്ചിലില്‍ പപ്പുവാശാനും നിലത്ത്.

മുഖത്ത് കുത്തി നില്‍ക്കുന്ന കടന്നലുകളെ അയാള്‍ ആവതും അകറ്റിയോടിക്കാന്‍ ശ്രമിച്ചു. മുഖം നീലിച്ചു. കണ്ണുകള്‍ തടിച്ചു വീര്‍ത്തു. അയാള്‍ മുഖം നിലത്തിട്ടുരച്ചു.

കാലില്‍ തടഞ്ഞ പഴയൊരു മണ്ണെണ്ണ വിളക്ക്. ഉടുമുണ്ട് ഊരിഅതില്‍ മണ്ണെണ്ണയൊഴിച്ച് ആഞ്ഞു വീശിഅരയില്‍ കരുതിയ തീപ്പെട്ടി കൊള്ളി ഒന്നുരസി. ചോരയൊലിച്ചിറങ്ങിയ മുഖത്ത് പടര്‍ന്ന നീലിമ കഴുത്തിലേക്ക് വ്യാപിച്ചു. പോരാളികള്‍ കരിഞ്ഞു നിലത്ത് വീണു.

ആള്‍ക്കാര്‍ വന്നു തുടങ്ങിയിട്ടുണ്ട്.. പലരും അടക്കം പറയുന്നുണ്ട്.

“മുന്തിയ ഇനമാ... രാവ് താണ്ടൂലാ.. കട്ടായം.”

“അല്ലെദോഷമുള്ള മണ്ണാ... എന്തൊക്കെ ചെയ്താ കുഞ്ഞിരാമന്‍ പോയതെന്ന് ആര്‍ക്കറിയാം... കന്നിക്കോണിലെ പനയില്‍ പട്ടു ചുറ്റിയ ആണി കണ്ടവരുണ്ട്... അപ്പൊ പിന്നെ മണ്ണില്‍ കാലു കുത്തിയാല്‍ തന്നെ ഉറപ്പാ...”. 

അതും പറഞ്ഞു നാട്ടുകാരില്‍ ഒരാള്‍ പിന്തിരിഞ്ഞു തുപ്പി.

“ബ്രഹ്മചാരിയാണ് എന്നൊരു കൂട്ടര്‍..നാലും അഞ്ചും സംബന്ധം ഉണ്ട് എന്ന് ചിലര്‍...പക്ഷെ ഈ തായ് വഴിയില്‍ കര്‍മം കാക്കാന്‍ വേറെ ആന്തരി ഇല്ലല്ലോ..വൈദ്യര്‍ മുശടനാണേലും നാടിന് നല്ലവനായിരുന്നു. അല്ല ഈ ആശാന് ഇതെന്തിന്‍റെ കേടായിരുന്നു... ഈ വഴി  വന്നുകൂടാന്നറിഞ്ഞിട്ടും!!!”.

അതിനെ പിന്താങ്ങിയും മറു ചൊല്ല് പറഞ്ഞും ആള്‍ക്കാര് വന്നും പോയും ഇരുന്നു...

ഏതാനും നിമിഷങ്ങള്‍.

ചിതല് തിന്ന ഓടാമ്പല്‍ പതിയെ ഞെരങ്ങി നീങ്ങി.

ചെറുതായി ജടപിടിച്ച മുടിയിഴകള്‍. ചുവന്ന കണ്ണുകള്‍. കൈത്തലത്തില്‍ പച്ച നിറം. മുറ്റത്തും വേലിമേലും നിന്നിരുന്ന ആള്‍ക്കാര്‍ കാലുകള്‍ പിന്നോട്ട് നീക്കി.

പച്ച നനച്ച കൈത്തലത്തില്‍ എന്തോ ഞെരിഞ്ഞമര്‍ന്നു.

നിലത്ത് കിടന്ന പപ്പുവശാന്‍റെ തലയൊന്ന്ചരിപ്പിച്ച് വീണ്ടും ആ കൈ മുറുകി.

അയാളുടെ ചുണ്ട് നനയും വിധം കുഴമ്പ് രൂപത്തില്‍ ഒരു ദ്രാവകം അവളുടെ വിരലുകള്‍ക്കിടയിലൂടെ അയാളുടെ അണ്ണാക്കിന്‍റെ നനുത്ത പിന്‍ഭാഗം കടന്ന് അരിച്ചിറങ്ങി. അയാളൊന്ന് ചുമച്ച് തുപ്പി.

പുരികങ്ങളിലെ തടിപ്പ് വക വയ്ക്കാതെ അയാളൊന്ന് കണ്ണ് തുറന്നു.

നിലത്ത് കിടന്ന തോര്‍ത്ത് അരയില്‍ ചുറ്റിഒന്നെണീറ്റു.

മുന്നിലായി ഒരു സ്ത്രീ രൂപം നില്‍പ്പുണ്ട്. അവള്‍ ഒന്ന് തിരിഞ്ഞു.

പപ്പുവാശാന്‍റെ അരയില്‍ നിന്ന് വീണ ക്ഷൗരക്കത്തിയില്‍ ഇപ്പോള്‍ പച്ചിലക്കറയുണ്ട്. മുറുകെ പിടിച്ച ആ കത്തിഅയാള്‍ക്ക് നേരെ നീട്ടിദേവൂട്ടിഒന്ന് മൂളി.

ഉമ്മറത്തെ പൊടി തൂകിയ കസേരകുളക്കടവിലേക്ക് എടുപ്പിച്ചു.

“ജട മുറിയണം...ചോര പൊടിയരുത്... ഇന്ന് സന്ധ്യക്ക് മുന്നേ ഒരു കൂട്ടര് വരും... വടക്കൂന്നാ...ചന്ദ്രന്‍ തെളിയണ മുന്നേ തീരേണ്ട കര്‍മ്മമാണ്... ചിറ കടന്ന് അപ്പുറം എത്തുമ്പോഴേക്കും ഒന്ന് ഉറക്കെ ഓരിയിടണം... അറിയാനാണ്വരമ്പിന്‍റെ ഘനം....വരുന്നോരുടെ വേഗവും...”.

ദേവൂട്ടിയുടെ കൈയ്യില്‍ നിന്ന് കത്തി വാങ്ങിപപ്പുവാശാന്‍ പതിയെ പച്ച ബെല്‍റ്റിലേക്ക് കൈ നീട്ടി.

അപ്പോഴും അയാള്‍ക്ക് എന്തോ പറയണം എന്നുണ്ടായിരുന്നു... അയാള്‍ മിണ്ടിയില്ല.

Srishti-2022   >>  Short Story - Malayalam   >>  തിരികെ

Surya C G

UST Global

തിരികെ

നന്നേ പ്രായമായിരുന്ന ബസ് ഞരങ്ങിയും മൂളിയും ഒരു നീണ്ട നെടുവീർപ്പോടെ നിന്നപ്പോഴാണ് അവൾ ഉറക്കമുണർന്നത്. പതിവുകളൊന്നും തെറ്റിയിട്ടില്ല. അവൾ മന്ദഹസിച്ചു. അധികം ബാഗുകൾ ഒന്നുമില്ല.. വേണ്ടെന്നു വച്ചിട്ടാണ്.  ശ്രദ്ധയുള്ള നാട്ടുകാരുടെ സ്നേഹസംഭാഷണങ്ങളെ ഭയന്നിട്ടോ, പിന്നിൽ ഉപേക്ഷിക്കാൻ തീരുമാനിച്ച ജീർണിച്ചുതുടങ്ങിയ ജീവിതത്തിന്റെ ശേഷിപ്പുകൾ ഇനിയും താങ്ങാൻ ആഗ്രഹമില്ലാതിരുന്നിട്ടോ..?  അവൾക്കു നിശ്ചയമില്ല.

 ജീവിതത്തിനുള്ളിൽ കയറി സൂക്ഷ്മമായി നിരീക്ഷിക്കുന്ന കണ്ണുകളെയൊന്നും പരിചയം ഭാവിക്കാതെ അവൾ നടപ്പിന് വേഗത കൂട്ടി. ഉത്തരങ്ങൾ ഒന്നും പറഞ്ഞു പഠിച്ചു വച്ചിട്ടില്ല.. അതാണ് ശീലം.

പോകുന്നത് സ്വന്തം വീട്ടീലേക്കല്ല. മുത്തശ്ശിയുടെ വീട്ടിലേക്കാണ്.കാടും പടലും പിടിച്ചു കിടക്കുകയാണ് അവിടം. നീണ്ട നാല്പതു വർഷങ്ങൾക്ക്‌ ശേഷവും ഇന്നുംഅവൾ സ്വപ്നത്തിൽ 'വീട്' ആയി കാണുന്നത് ഈ തറവാടാണ്. അതിനൊരു കാരണമുണ്ട്. ഇവിടെ അവൾക്ക് അഭിനയിക്കേണ്ടതില്ല. മനസ്സ് തുറന്നു ജീവിക്കാൻ പോന്ന ഭൂമിയിലെ ഒരേ ഒരിടം.  

വളരെ പ്രായമായി മുത്തശ്ശിക്ക്. ഓർമ്മ നശിച്ചുതുടങ്ങിയിരിക്കുന്നു എന്നാണു കേട്ടത്. 'എങ്കിലും എന്നെ മറക്കുകയില്ല'  അവൾ മനസ്സിൽ ഒരു കുസൃതിച്ചിരിചിരിച്ചു.

ഇടുങ്ങിയ നടപ്പാത ആണ്. കഷ്ടിച്ച് ഒരു കാറിനു കടന്നുപോകാം. ഈ വഴി കടക്കുമ്പോൾ, എന്നും ഒരുനൊമ്പരമാണ്.. തെല്ലു സുഖമുള്ള ഒരു നൊമ്പരം.. എത്തിപ്പിടിക്കാനാകാത്ത വിധം, ദൂരെയെങ്ങോ മാഞ്ഞുപോയ ബാല്യത്തിന്റെ  അവശേഷിപ്പുകൾ നാമ്പുകൾ പൊട്ടിവിടരാൻ വെമ്പി നിൽക്കുന്ന വഴിത്താരകൾ. നേർത്ത വിഷാദം കലർന്ന പുഞ്ചിരിയോടെ അവൾനടന്നു.

കുട്ടിക്കാലത്തു ഇവിടെ വരുമ്പോൾ, ഓടി വന്നു കൗതുകത്തോടെ നോക്കി നിൽക്കുന്ന ഒരുപാട് മുത്തശ്ശിമാർ ഉണ്ടായിരുന്നു. മുത്തശ്ശിക്ക് സഹായത്തിനു നിന്നവരാണ്. ഇന്നവരാരുമില്ല. വീട് നിശ്ചലമായത്പോലെ.

നേരെ ചെന്നത് മുത്തശ്ശന്റെ കല്ലറയിലേക്കാണ്.അല്ല... അതൊരു കല്ലറയല്ല. മുത്തശ്ശനെ ദഹിപ്പിച്ചസ്ഥലമാണ്. അവിടെ ഇന്നൊരു കൂറ്റൻ തെങ്ങു വളർന്നു നിൽക്കുന്നു. ആ വൃക്ഷം ഇന്നവൾക്കു മുത്തശ്ശനാണ്. എല്ലാവരും മറന്നു തുടങ്ങിയിരിക്കുന്നു. അയല്പക്കത്തെ കുട്ടികൾ അത് വഴി ഓടി കളിക്കുന്നുണ്ടായിരുന്നു. അവളെ കണ്ടു തെല്ലു നാണത്തിൽ സംശയത്തോടെ അവർ അങ്ങനെ നിന്നു. അവരെ നോക്കി കുസൃതിയോടെ അവൾ ചിരിച്ചു. ഇത് അവരുടെ കളിസ്ഥലം അല്ലെന്നു മനസിലായിട്ടാകണം, അവർ അല്പം അകന്നു നിന്നു.

ഒരു പക്ഷെ, ഇന്നും മുത്തശ്ശനെ ഓർക്കുകയും, സ്വകാര്യമായി സംസാരിക്കുകയും ചെയ്യുന്നത് അവൾ മാത്രമായിരിക്കണം. മുട്ട് കുത്തി നിന്നു അവൾ മുത്തശ്ശനോട് എന്തോ സ്വകാര്യം പറഞ്ഞു. ഒരിറ്റു കണ്ണുനീർ അവളുടെ കണ്ണുകളിൽ പൊടിഞ്ഞു. അകലെ മാറി നിന്ന കുട്ടികൾ അമ്പരന്നു പരസ്പരം നോക്കി. അവൾ വീണ്ടും ചിരിച്ചു. കണ്ണുകൾ ഇറുക്കിയടച്ചു 'വെറുതെ' എന്ന് ആംഗ്യം കാണിച്ചു.

ഒരുപാട് പറയാനുണ്ട് മുത്തശ്ശിയോട്. ബോധമണ്ഡലത്തിലെങ്ങോ ഇനി നാമ്പുകൾ മുളക്കാത്ത വണ്ണം കുഴിച്ചു മൂടിയ ഓർമ്മകൾ.. ആരെയും തുറന്നു കാണിക്കാൻ ആഗ്രഹിക്കാത്ത, ജീവിതം പോറി വരച്ചിട്ട വിങ്ങുന്നൊരധ്യായം. മുത്തശ്ശിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഒടുവിലത്തെ സമ്മാനം. എല്ലാം ആരോടെങ്കിലും തുറന്നു പറഞ്ഞു പൊട്ടിക്കരയാൻ കഴിഞ്ഞിരുന്നെങ്കിലെന്നു പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. കഴിയില്ല... കരിങ്കല്ലിനെക്കാൾ കാഠിന്യമേറിയ ഒരു മനസ്സാണ് ജീവിതം അവൾക്കുസമ്മാനിച്ചത്..'ഒരു പക്ഷെ, എല്ലാം മുത്തശ്ശിയോട്പറയാൻ കഴിഞ്ഞേക്കും'. അവൾ ഒരു നെടുവീർപ്പോടെ ചിന്തിച്ചു.

മുത്തശ്ശി ശകാരിക്കും,'ബുദ്ധിയില്ലാത്ത പെണ്ണ്' എന്ന് പറഞ്ഞ തലയ്ക്കു കിഴുക്കും, എല്ലാംസഹിക്കുവാൻ ഉപദേശിക്കും. എന്നിട്ടും എല്ലാം മുത്തശ്ശിയോട് പറയാൻ ആഗ്രഹിക്കുന്നത്, മറ്റാരുടെയും ശകാരം ഏറ്റു വാങ്ങാൻ ശക്തിയില്ലാത്തതു കൊണ്ടാണ്.

പതിവ് പോലെ പടിപ്പുരവാതിൽ തുറന്നാണ് കിടക്കുന്നത്. മറ്റാരുമില്ലെന്നു ഉറപ്പു വരുത്താൻ മെല്ലെ അവൾ വാതിൽ തുറന്നെങ്കിലും, വയസ്സേറിയ വിജാഗിരികൾ അവൾക്കു നേരെ അടക്കി ചിരിച്ചു. അറുപതു വർഷങ്ങൾ പഴക്കമുള്ള വീടാണ്. അറുപതുവർഷങ്ങളുടെ ഓർമ്മകൾ പേറുന്ന ചുമരുകൾ..

കിടപ്പുമുറിയിൽ ഞരങ്ങിയും മൂളിയും വ്യസനിച്ചു ഫാൻ കറങ്ങുന്നുണ്ടായിരുന്നു. മുത്തശ്ശി തിരിഞ്ഞു കിടന്നു ഉറങ്ങുകയാണ്. ഇനിയൊന്നും പ്രതീക്ഷിക്കാനില്ലാത്ത ദൈന്യഭാവം... അവൾ മെല്ലെ നടന്നു മുത്തശ്ശിയുടെ കാൽക്കൽ ഇരുന്നു. അസുഖം ബാധിച്ച കാലുകളിൽ മെല്ലെ വിരലോടിച്ചു. "ആരാത്..?" അവൾ മുത്തശ്ശിയെ താങ്ങിയെഴുന്നേല്പിച്ചു. 

              ഒരായിരംസ്വപ്‌നങ്ങൾ സാക്ഷാത്കരിച്ച ഭാവം! അവളെ ചേർത്ത് നിർത്തി മുത്തശ്ശി ചോദിച്ചു.."നീ എവിടെയായിരുന്നുഎന്റെ കുട്ടീ...? എന്തേ മുത്തശ്ശിയെ കാണാൻ വരാതിരുന്നത്..??"

അതിനവൾക്കു മറുപടി ഉണ്ടായിരുന്നില്ല. ഇടറുന്ന വാക്കുക്കൾ പുറപ്പെടുവിക്കാൻ അവൾ മുതിർന്നില്ല. ഒന്നും മിണ്ടാതെ അവൾ മുത്തശ്ശിയുടെ മടിയിൽ തലചായ്ച്ചു കിടന്നു.

മുത്തശ്ശി ശകാരിച്ചില്ല, എന്തേ എന്റെ കുട്ടി കരയുന്നത് എന്ന് ചോദിച്ചില്ല, എല്ലാം സഹിക്കുവാൻ ഉപദേശിച്ചില്ല. അവളുടെ മുടിയിഴകൾ തലോടിക്കൊണ്ട് മുത്തശ്ശി പറഞ്ഞു, "എന്റെ കുട്ടി ഇനി തിരികെപോകണ്ട.." അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി മുത്തശ്ശിയുടെ മടിമേൽ വീണു കൊണ്ടിരുന്നു.

Srishti-2022   >>  Short Story - Malayalam   >>  ബന്ധം

ബന്ധം

'ഹലോ, സേതുവല്ലേ' അർദ്ധരാത്രി ഉറക്കത്തിനിടയിൽ വന്ന ഫോൺകോൾ കണ്ടപ്പോൾ തന്നെ തോന്നി എന്തോ അപകടം ഉണ്ടായിട്ടുണ്ട് എന്ന്. അല്ലെങ്കിൽ സമയത്ത് മാധവേട്ടൻ വിളിക്കേണ്ടതില്ല. ' മാധവേട്ടാ, എന്താ രാത്രിയിൽ, ശബ്ദത്തിൽ എന്തോ ഒരു പതർച്ച പോലെ!' എന്റെ മീനു പോയെടാ, അവളെന്നെ വിട്ടു പോയി' സംസാരത്തോടൊപ്പം കരച്ചിലും ഉയർന്നു കേട്ടു ഉടൻ തന്നെ ഫോൺകോൾ കട്ടാകുകയും ചെയ്തു.

'നീ വേഗം ഇറങ്ങ് നമുക്ക് മീനുചേച്ചിയുടെ വീട് വരെ പോണം'സേതു ബാത്റൂമിൽ നിന്നും ഇറങ്ങിവന്ന മൃദുലയോട് പറഞ്ഞു. എത്ര ചോദിച്ചിട്ടും സേതു മൃദുലയോട് കാര്യം പറഞ്ഞില്ല, ഒടുവിൽ കാര്യം അറിയാതെ കാറിൽ കയറില്ല എന്നായപ്പോൾ അർദ്ധരാത്രിയിൽ തേടിയെത്തിയ ദുഃഖസത്യം മൃദുലയോട് പറഞ്ഞു. ഉറക്കെയുള്ള ഒരു കരച്ചിൽ പ്രതീക്ഷിച്ച സേതുവിനെ നോക്കി ഒരു ദീർഘ നെടുവീർപ്പിട്ടുകൊണ്ട് 'പോകാം' എന്ന് പറഞ്ഞു അവൾ കാറിൽ കയറി.

അവർ മരണവീട്ടിൽ എത്തിയപ്പോൾ ചില ബന്ധുക്കളും അയൽവീട്ടുകാരും അവിടെയുണ്ടായിരുന്നു. മൃദുലയെക്കണ്ടതും മാലിനിയുടെ ദുഃഖം അണപൊട്ടിയൊഴുകാൻ തുടങ്ങി. മാലിനിയെ തോളോട് ചേർത്ത് അവൾ അകത്തേക്ക് ചെന്നു.

കേറിചെല്ലുന്ന വിശാലമായ ഹാളിൽ കിടത്തിയിരുന്ന മീനാക്ഷിയുടെ മുഖം കണ്ടതും മൃദുലയുടെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അടർന്നുവീണു, കണ്ണുനീർ ഒരു പുഴയായി തീരാൻ അധികനേരം വേണ്ടിവന്നില്ല, അവൾ മീനാക്ഷിയുടെ (ശവശരീരം എന്ന് പറയുന്നില്ല) അടുത്തിരുന്ന് കൈകൾ തന്റെ കൈകൾക്കുള്ളിൽ മുറുക്കെപ്പിടിച്ചു. ശോഷിച്ചുപോയ കൈകൾ.

'അയ്യോ അമ്മേ, ദാ മീനു എന്നെ തല്ലുന്നു, അമ്മേ മദല എന്റെ തലമുടിക്ക് പിടിച്ചു വലിച്ചു. ദേ, എന്നെ മദല എന്ന് വിളിച്ചാലുണ്ടല്ലോ, എന്റെ പേര് മൃദുല എന്നാ.

അങ്ങനെ തന്നെ വിളിക്കും മദല, മദല, മദല. ആഹാ നീ പോടീ മീനച്ചട്ടി. അപ്പോഴേക്കും മാലിനിയുടെ വക കമന്ററി തുടങ്ങി. 'അമ്മേ ദേ രണ്ടും കൂടി തമ്മിൽ തമ്മിൽ ചീത്ത പറഞ്ഞും തല്ലിയും ഭയങ്കര വഴക്ക്'. അമ്മ അടുക്കളയിലെ ധൃതിക്കിടയിൽ കയ്യിൽകിട്ടിയ രണ്ട് തവിയുമായി വന്നു, 'എടീ, ദാ രണ്ടും കൂടി തമ്മിൽ തമ്മിൽ തല്ലി ചാക്. മനുഷ്യന് സ്വസ്ഥത തരില്ല, അല്ലെങ്കിലേ ഇവിടെ പണി ഒഴിഞ്ഞ നേരമില്ല, അതിനിടയിൽ ഇതുങ്ങളുടെ പ്രശ്നങ്ങളും. മൂന്ന് പെൺമക്കൾ ഉണ്ടായിട്ടെന്ത് കാര്യം. ഒറ്റയൊരെണ്ണം അടുക്കളയിൽ കേറില്ല, മൂത്തവൾക്ക് പഠിപ്പൊഴിഞ്ഞ നേരമില്ല, എന്നാപ്പിന്നെ ഇളയതുങ്ങൾ നിങ്ങൾക്കെങ്കിലും എന്നെ വന്നൊന്ന് സഹായിച്ചൂടെ. അതെങ്ങനെ, തല്ലൊഴിഞ്ഞീട്ട് നേരമുണ്ടെങ്കിലല്ലേ പറ്റൂ.

നിങ്ങൾ രണ്ടുപേരും സഹോദരങ്ങൾ തന്നെയല്ലേ, നാണമില്ലല്ലോ, അപ്പുറത്തെ ഭവാനിയുടെ വീട്ടിൽപോയി നോക്ക്. അവിടെയുമുണ്ട് പിള്ളേർ, ഇതുപോലെയാണോ'.

അമ്മയുടെ നിർത്താതെയുള്ള ശകാരം കേട്ട് കുഞ്ഞു മീനാക്ഷിയും മൃദുലയും തല്ക്കാലം അടങ്ങി. ഒന്നും മിണ്ടാതെ രണ്ടുപേരും രണ്ടു വഴിക്കു പോയി. അമ്മ രംഗത്തു നിന്നും പോയെന്ന് ഉറപ്പായപ്പോൾ ഓരോ മുറികളുടെ അപ്പുറത്തും ഇപ്പുറത്തും അറ്റത്ത് ഒളിച്ചുനിന്ന് തമ്മിൽ തമ്മിൽ കൊഞ്ഞണം കുത്തിക്കാണിച്ചു രണ്ടുപേരും.

വിവാഹപ്രായം എത്തിയ സമയത്തുപോലും രണ്ടുപേരും എന്തെങ്കിലും കാര്യം പറഞ്ഞ് തല്ല് കൂടുമായിരുന്നു.

പഠിപ്പിസ്റ്റായ മാലിനി ചേച്ചി പഠിച്ച് പഠിച്ച് ഒരു ടീച്ചർ ആയി, ഒരു സർക്കാരുദ്യോഗസ്ഥനെക്കൊണ്ട് അച്ഛൻ ചേച്ചിയുടെ വിവാഹം നല്ല രീതിയിൽ കഴിപ്പിച്ചു.

പിന്നെയുണ്ടായിരുന്നത് രണ്ടു കുറുമ്പികൾ.

വീട്ടിൽ മൃദുലയോടു മാത്രം ശൗര്യം കാണിച്ചിരുന്ന മീനാക്ഷി ഒരു പ്രണയബന്ധത്തിൽ താൻ അകപ്പെട്ടെന്ന് ആദ്യം പറഞ്ഞത് അവളുടെ മദലയോടാണ് (മൃദുല). ഒരു ചമ്മലോടെ തന്നെ നോക്കി നിൽക്കുന്ന മീനാക്ഷിയെ നോക്കി 'അപ്പൊ മീനച്ചട്ടി പ്രേമ വെള്ളത്തിൽ വീണു അല്ലേ, സാരമില്ല. അച്ഛനോട് പറഞ്ഞ് ഞാൻ ശരിയാക്കാം പക്ഷെ പണ്ട് ഒരു പ്രാവശ്യം നീ എന്നെ പീച്ചിയിട്ടു ഓടിക്കളഞ്ഞു അതിനുപകരം ഞാൻ ഇപ്പൊ രണ്ടു പ്രാവശ്യം നിന്നെ പിച്ചും. സമ്മതമാണോ' ചോദിച്ചു.

'അയ്യടാ, എന്നാ ഇതുകൂടി പിടിച്ചോ' ഒരു നുള്ളുകൂടി കയ്യിൽ കൊടുത്ത് മീനാക്ഷി ഓടി. മൃദുല ചിരിച്ചുകൊണ്ട് ശരിയാക്കിത്തരാം എന്ന ഭാവത്തിൽ നിന്നു.

മാധവനും മീനാക്ഷിയും. പേരിലെ സാമ്യത അവരുടെ ജീവിതത്തിലുടനീളം ഉണ്ടായിരുന്നു. മീനാക്ഷിയുടെ നാട്ടിലെ ബാങ്കിലായിരുന്നു മാധവന് ജോലി. ഒരു ഡിഡി അയക്കാൻ വേണ്ടി ബാങ്കിലേക്ക് ചെന്നപ്പോഴാണ് മീനാക്ഷി മാധവനെ കാണുന്നത്. പിന്നീട് അമ്പലത്തിൽ വച്ചും ബസ്റ്റോപ്പിൽ വച്ചും അവരുടെ കണ്ണുകൾ തമ്മിലുടക്കിയിരുന്നു.

കോളേജ് വിട്ടു വീട്ടിലേക്ക് വരികയായിരുന്ന മീനാക്ഷി പുറകിൽ നിന്നും ഒരു ചുമ കേട്ട് തിരിഞ്ഞുനോക്കി. മാധവൻ മീനാക്ഷിയെനോക്കി ചിരിച്ചു. 'അതേയ് ഒന്ന് നിൽക്കണേ, ഒരു കാര്യം പറയാനുണ്ട്'. 'കാര്യം എന്നോട് പറഞ്ഞാൽ മതിയോ?' പുറകിൽ നിന്നുമുള്ള ശബ്ദം കേട്ട് രണ്ടുപേരും തിരിഞ്ഞുനോക്കി. മൃദുല. 'അതേ മാഷേ ഞാൻ താങ്കൾക്ക് കാര്യം പറയാൻ തോന്നുന്ന ആളുടെ അനിയത്തിയാ. എന്നോട് പറഞ്ഞാൽ പോരെ'.

മാധവൻ മീനാക്ഷിയുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു 'പോരാ, എനിക്ക് പാവക്കുട്ടിയുടെ കൺപീലികളുള്ള കുട്ടിയോടാണ് പറയേണ്ടത്'. ' എന്നാൽ ആയിക്കോ' മൃദുല മുൻപോട്ടു പോകാൻ തുടങ്ങിയതും മീനാക്ഷി കയ്യിൽ പിടിച്ചുനിർത്തി.

'അതേയ്, മീനു, ഞാൻ അങ്ങനെയേ വിളിക്കൂ, ഇയാൾ ബാങ്കിൽ ഡിഡി അയക്കാൻ വന്നില്ലേ, ഞാൻ പേര് അതിൽ നോക്കി മനസ്സിലാക്കിയിരുന്നു, എനിക്ക് മീനാക്ഷി എന്ന് നീട്ടി വിളിക്കാൻ ഒന്നും സാധിക്കില്ല, ഇയാൾ എന്റെയാ. എന്നോടും ഇഷ്ടമാണെന്ന് അറിയാം, എന്നാലും കേൾക്കാൻ ഒരാഗ്രഹം. ഇന്ന് പറയണ്ടാ, ഒരു കട്ടുറുമ്പ് കൂടെയുണ്ട്. നാളെ വൈകുന്നേരം അമ്പലത്തിൽ വരുമ്പോൾ പറഞ്ഞാൽ മതി'. മൃദുല വിട്ടില്ല, 'ഹലോ നിങ്ങളുടെ പാവക്കണ്ണി അമ്പലത്തിൽ വരണമെങ്കിൽ കട്ടുറുമ്പ് കൂടെ വേണം, വീട്ടിൽ മാത്രം ശൗര്യമുള്ള ആളാ ഇദ്ദേഹം. അതുകൊണ്ട് അമ്പലത്തിൽ വിളിച്ചോണ്ട് വരണേൽ എന്നോട് സോറി പറ.

'ഹയ്യോ ക്ഷമിച്ചേക്കണേ, ചതിക്കല്ലേ ' മാധവൻ ചിരിച്ചുകൊണ്ട് നടന്നകന്നു. അന്നാണ് മീനാക്ഷി തനിക്കും മാധവനെ ഇഷ്ടമാണെന്ന് മൃദുലയോട് പറഞ്ഞത്.

മാധവന്റെ അച്ഛനും അമ്മയും വന്നു പെണ്ണുകാണൽ ചടങ്ങുകളൊക്കെ നടത്തിപ്പോയി. പ്രത്യേകിച്ച് ആർക്കും ഒരെതിർപ്പും ഉണ്ടായിരുന്നില്ല. നല്ലരീതിയിൽ തന്നെ കല്യാണം നടന്നു. മീനാക്ഷി ഇനി തന്റെ കൂടെ വീട്ടിൽ കാണില്ല എന്ന കാര്യം ആദ്യം അംഗീകരിക്കാൻ മൃദുലയ്ക്കായില്ല. ചടങ്ങുകളൊക്കെ കഴിഞ്ഞ് മാധവന്റെ വീട്ടിലേക്ക് പോകാനായി കാറിലേക്ക് കയറുന്നതിനു മുന്നേ നിറകണ്ണുകളോടെ മീനാക്ഷി മൃദുലയുടെ അടുത്ത് ചെന്നു. 'ടീ, ചെറുതിലെ രണ്ട് നുള്ള് കടം ഉള്ളതല്ലേ, നീ അതിപ്പോ തന്നേക്ക്'. മൃദുല ഒന്നും പറയാതെ മീനാക്ഷിയെ കെട്ടിപ്പിടിച്ചു. കണ്ണുകൾ തുളുമ്പാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.

അന്ന് രാത്രി അമ്മയോടും മുത്തശ്ശിയോടുമൊപ്പം ഉറങ്ങാൻ കിടക്കുമ്പോൾ അവൾക്ക് വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു. തന്റെ അപ്പുറവും ഇപ്പുറവുമായി ഉണ്ടായിരുന്ന രണ്ട് ചേച്ചിമാർ. അവർ പോയപ്പോൾ തനിക്കുണ്ടായ സങ്കടം. അത് പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. പണ്ട് പരസ്പരം കെട്ടിപ്പിടിച്ചു കിടന്നു ഉറങ്ങിയിരുന്ന തങ്ങളെനോക്കി 'ഇത്ര സ്നേഹത്തോടെ കഴിയുന്ന മൂന്നെണ്ണവും എങ്ങനെയാണോ പിരിഞ്ഞിരിക്കാൻ പോകുന്നത്' എന്ന് സ്വയം മുത്തശി പറഞ്ഞു വിതുമ്പിയപ്പോൾ പാതിമയക്കത്തിൽ അത് കേട്ട തനിക്ക് ഒന്നും തോന്നിയില്ല. പക്ഷെ ഇപ്പോൾ മനസ്സിലാവുന്നു.

സേതുവേട്ടനുമായുള്ള തന്റെ വിവാഹവും കഴിഞ്ഞു. പിന്നീട് ഓരോ പ്രാവശ്യവുമുള്ള കണ്ടുമുട്ടൽ ഒരാഘോഷമായി മാറി തങ്ങൾക്ക്. വഴക്ക് എന്ന കാര്യമേ തങ്ങൾ തമ്മിൽ പിന്നെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല.

മീനാക്ഷിക്ക് ഒരു കാലത്തും സമയം ഉണ്ടായിരുന്നില്ല. എപ്പോൾ എവിടെ പോകണം എന്ന് പറഞ്ഞു വിളിച്ചാലും അവൾക്ക് സമയം ഇല്ലായിരുന്നു, മാധവേട്ടന്റെ കാര്യങ്ങൾ നോക്കണം, വീട്ടിൽ ധാരാളം പണിയുണ്ട് എന്നൊക്കെയായിരുന്നു എപ്പോഴും പറച്ചിൽ. ഒരു മോൻ കൂടിയായപ്പോൾ പറയുകയേ വേണ്ട. അവൾ സ്വയം ജീവിതം ഉഴിഞ്ഞുവച്ചു കുടുംബത്തിനായി. ഒരു ചെറിയ യാത്ര പോകുന്നതിൽ പോലും അവൾ മകന്റേയും മാധവേട്ടന്റെയും ഇഷ്ടം നടപ്പിലാക്കാൻ ശ്രമിച്ചിരുന്നു. കണ്ണൻ (ഞങ്ങൾ മീനാക്ഷിയുടെ മകനെ വിളിച്ചിരുന്നത് അങ്ങനെയാണ്) വലുതായി അവന്റെ കാര്യങ്ങൾ നോക്കാറായപ്പോഴേക്കും മീനാക്ഷി ഒരു വൃദ്ധയായിക്കഴിഞ്ഞിരുന്നു. ശരീരം കൊണ്ടല്ല മനസ്സ് കൊണ്ട്. അമ്പത്തിയഞ്ച് വയസ്സിൽ തന്നെ മീനാക്ഷിയുടെ രൂപം അറുപത്തഞ്ച് വയസ്സ് പ്രായം തോന്നിച്ചിരുന്നു.

ഇടയ്ക്ക് താൻ എടീ മീനച്ചട്ടി എന്ന് വിളിച്ചപ്പോൾ മാത്രം അവൾ പഴയ മീനാക്ഷിയായി ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു ' പോടീ മദലേ'.

കഴിഞ്ഞ ആഴ് കണ്ടപ്പോൾ പോലും അവൾ പറഞ്ഞിരുന്നു. ' മൃദു എനിക്ക് ശരീരമൊക്കെ വല്ലാത്ത വേദന, അധികം ദൂരം നടക്കാൻ കഴിയുന്നില്ല. ഞാൻ ഇനി അധികനാൾ കാണില്ല എന്നാ എനിക്ക് തോന്നുന്നത്. ഞാൻ പോയാൽ നീ കരയുമോടി?'.

'പിന്നെ അതിനു വേറെ ആളെ നോക്കണം ഞാൻ പണ്ടത്തെ ബാക്കി വച്ചിരുന്ന നുള്ളു വച്ചുതരും മരിച്ചാൽ' താനും ചിരിച്ചുകൊണ്ട് പറഞ്ഞു.

അവൾക്ക് ഇടയ്ക്കിടയ്ക്ക് നെഞ്ചെരിച്ചിൽ വരാറുണ്ടായിരുന്നു, താൻ ചോദിക്കുമ്പോഴൊക്കെ ', അത് സാരമില്ല ഇത്തിരി കഴിയുമ്പോൾ മാറും' ഇതായിരുന്നു അവളുടെ മറുപടി. ഒരുപ്രാവശ്യം താൻ നിർബന്ധിച്ച് ഒരു ഡോക്ടറെ കൊണ്ടുപോയി കാണിച്ചു. ഇസിജി എടുത്തപ്പോൾ വേരിയേഷൻ കണ്ടു. ഡോക്ടറുടെ വാക്കുകൾ കേട്ട് ഞെട്ടിപ്പോയി. രണ്ടു പ്രാവശ്യം അവൾക്ക് സൈലന്റ്റ് അറ്റാക്ക് വന്നിരിക്കുന്നു! ഇനി ഒന്നുകൂടി ചിലപ്പോൾ താങ്ങാൻ സാധിച്ചെന്നു വരില്ല.

താൻ അവളോട് ഇതൊന്നും പറഞ്ഞില്ല. മാധവേട്ടനോട് പറഞ്ഞു, അദ്ദേഹം കൊച്ചുകുട്ടികളേക്കാൾ കഷ്ടമായി കരയാൻ തുടങ്ങി. ഒരുവിധത്തിലാണ് സമാധാനിപ്പിച്ചത്. അവൾക്ക് മനസ്സിന് ടെൻഷൻ ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യുകയോ പറയുകയോ ചെയ്യരുത് എന്ന് പറഞ്ഞേൽപ്പിച്ചു. പൊതുവെ അവളെ ഒന്നുമേ പറയാതില്ല്ലാതിരുന്ന മാധവേട്ടൻ അവളുടെ കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധാലുവായി.

ഒരു ദിവസം ഒരു ഫോൺകോൾ വന്നു. വിദേശത്ത് ജോലിക്കായി പോയ മോനും മരുമകളുമാണ് വിളിച്ചത്. അവർക്ക് സ്ഥലം വളരെ ഇഷ്ടപ്പെട്ടു. അവിടത്തെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഡോക്ടർമാർ ആയി അവർക്ക് ജോലി കിട്ടി. ഇനി നാട്ടിലേക്കില്ല. ഇതായിരുന്നു വിളിയിലെ സന്ദേശം.

അന്ന് വൈകുന്നേരം അവൾ തന്നെ വിളിച്ചിരുന്നു കരഞ്ഞുകൊണ്ടാണ് പറഞ്ഞത് 'മൃദു കുട്ടികൾ ഇനി നാട്ടിലേക്കില്ലെന്ന്, അവർ അവിടെ നല്ല രീതിയിൽ സെറ്റിൽഡ് ആയെന്ന്'. അവൾ പറഞ്ഞതിൽ പകുതി സന്തോഷവും പകുതി നൊമ്പരവും തനിക്ക് അനുഭവപ്പെട്ടിരുന്നു.

അവളെ സമാധാനിപ്പിക്കാനായി ' പിന്നെ, അവർക്ക് അവരുടെ കാര്യങ്ങൾ നോക്കണ്ടേ, നിന്നെപ്പോലെ മാധവേട്ടാ എന്നും വിളിച്ചുകൊണ്ട് ഇവിട ഇരുന്നാൽ മതിയോടി മീനച്ചട്ടി".

അപ്പോൾ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു 'പോടീ മദലേ'.

മൃദു, മൃദു മാലിനി ചേച്ചി കുലുക്കി വിളിച്ചപ്പോഴാണ് അവൾ ഓർമ്മകളിൽ നിന്നും ഉണർന്നത്. മീനാക്ഷി ചിരിച്ചുകൊണ്ട് കിടക്കുന്നതായാണ് അവൾക്ക് തോന്നിയത്. അവളെ അവസാനമായി കാണാൻ അവളുടെ കണ്ണൻ കരഞ്ഞുകൊണ്ട് ഓടി വന്നു. അവൻ വരുന്നത് വരെയും അവളെ മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു.

എല്ലാ ചടങ്ങുകളും പൂർത്തിയായി. അവസാനമായി മൃദുല അടുത്ത് ചെന്ന് അവളുടെ കയ്യിൽ രണ്ടു നുള്ളു കൊടുത്തു. മീനാക്ഷിയുടെ മുഖം കൈകൾ കൊണ്ട് ചേർത്തുപിടിച്ചുകൊണ്ട് കണ്ണുനീർ അഭിഷേകം ചെയ്ത് അവൾ പറഞ്ഞു "ഒരു കടവും ബാക്കി വേണ്ട എന്റെ മീന............"

Srishti-2022   >>  Short Story - Malayalam   >>  ബ്ലാക്ക് മെയിൽ

Praveen Raj BR

Tata Elxsi

ബ്ലാക്ക് മെയിൽ

ബ്ലാക്ക്മെയിൽ 

"ഹലോ മാളൂ
"
ഹലോ, എന്താ സഞ്ചൂ പതിവില്ലാതെ?"
"
നീ തിരക്കിൽ ആണോ?"
"
ഏയ്, ഞാൻ വീട്ടിലാ"
"
സംസാരിക്കാൻ പറ്റുമോ, അടുത്ത് ആരെങ്കിലും ഉണ്ടോ?"
"
എഹ്, എന്ത് സംസാരിക്കാൻ? "
"
ഇച്ചിരി സീരിയസ് മാറ്റർ ആണ്, ഇപ്പൊ പറ്റില്ലേൽ നീ ഫ്രീ ആകുമ്പോൾ വിളിക്ക്"
"
സഞ്ചു പറഞ്ഞോളൂ, ഞാൻ മുകളിലാ, ഇവിടെ ആരും ഇല്ല"
"
ഓക്കെ, ഞാൻ പറയുന്നത് മുഴുവൻ ശ്രദ്ധിച്ചു കേൾക്കണം"
"
എന്താ സഞ്ചൂ, പ്രശ്നം എന്തെങ്കിലും?"

"ഏയ്, അങ്ങിനെ ഒന്നും അല്ല, ഞാൻ പറയാം"
"
പറ"
"
കഴിഞ്ഞ ഓണം സെലിബ്റേഷന് നിങ്ങൾ തിരുവാതിര കളിച്ചില്ലേ?"
"
ഊവ്"
"
അന്ന് നിങ്ങൾ ഡ്രസ്സ് മാറാൻ കയറിയ കമ്പ്യൂട്ടർ ലാബിൽ വികാസ് ഒരു ഒളിക്യാമറ വച്ചിട്ടുണ്ടായിരുന്നു"
"
സഞ്ചൂ, വാട്ട് ആർ യു സെയിങ് ?" - മാളുവിന്റെ ശ്വാസം നിലയ്ക്കുന്നത് പോലെ അവൾക്ക് തോന്നി.

"പേടിക്കേണ്ട മാളൂ, അതറിഞ്ഞതും ഞാൻ അവനുമായി ഉടക്കി, അന്ന് തന്നെ മെമ്മറി കാർഡ് ഊരി എടുത്തിട്ടുണ്ട്. യു ഡോൺ വറി എബൌട്ട് ഇറ്റ്"
"
എന്നിട്ട്?"
"
പേടിക്കാതെ, അതെൻറെ കയ്യിൽ ഉണ്ട്, ആരും കോപ്പി ഒന്നും ചെയ്തിട്ടില്ല"
"
അത് നശിപ്പിച്ച് കളയണം, എത്രെയും വേഗം കോളേജിൽ കാര്യം അറിയിക്കണം"

"ഓഹ്, അതിന്റെ ഒന്നും ആവശ്യം ഇല്ല. എന്തിനാ വെറുതെ കോളേജിൽ ഒക്കെ അറിയിക്കുന്നെ, അവർ അറിഞ്ഞാൽ പോലീസിൽ അറിയിക്കും. അവന്മാർ പിന്നെ ഇത് കാണണം എന്നൊക്കെ പറയും"
"
എന്റെ മാത്രം അല്ലലോ, എല്ലാ പിള്ളേരുടെയും ഇല്ലേ, നമ്മൾ മിണ്ടാൻഡ് ഇരിക്കണം എന്നാണോ?"
"
നീ വിഷമിക്കാതെ, കാർഡ് നമുക്ക് നശിപ്പിക്കാം, പക്ഷെ.."
"
പക്ഷെ?? എന്താ ഒരു പക്ഷെ?"

"അല്ല, ഒന്നുമില്ല, നിനക്കറിയാമല്ലോ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണെന്ന്, വേറെ വല്ല പെണ്ണിന്റെയും കാര്യം ആയിരുന്നേൽ ഞാൻ അവനുമായി ഉടക്കി ഇത് കൈക്കൽ ആക്കാൻ ഒന്നും ശ്രമിക്കുക പോലുമില്ല..."
"
അതോണ്ട്, നിനക്ക് എന്നെ മാത്രം അല്ലലോ, ക്ലാസ്സിലെ എല്ലാ പിള്ളേരെയും ഇഷ്ടമല്ലേ?"
"
അങ്ങിനെ അല്ല മാളൂ, നീ സ്പെഷ്യൽ ആണ്, "
"
അതോണ്ട്?"

"നീ നാളെ കോളേജിൽ വന്നിട്ട് നമുക്ക് എന്റെ വീട്ടിലോട്ട് പോകാം, എന്നിട്ട് അവിടെ വച്ച് കാർഡ് നമുക്ക് നശിപ്പിക്കാം, നിന്റെ മുന്നിൽ വച്ച് തന്നെ നശിപ്പിച്ചേക്കാം.."
"
നീ എന്നെ ബ്ലാക്മെയ്ൽ ചെയ്യുകയാണോ?"
"
അയ്യേ , എന്താ മാളൂ ഇത്?, നിന്നോട് ഞാൻ അങ്ങിനെ വല്ലോം ചെയ്യുമോ? നീ ധൈര്യമായി വാ, അവിടെ ആരുമില്ല, നമുക്ക് ഇച്ചിരി നേരം ഒരുമിച്ച് ഇരിക്കാം, എന്നിട്ട് കാർഡ് അങ്ങ് നശിപ്പിച്ചേക്കാം, എന്നെന്നേക്കുമായി?"
"
ഞാൻ അവിടെ വന്ന് കിടന്നു തരണം എന്നാണോ സഞ്ചു പറഞ്ഞു വരുന്നത്?"

"അയ്യേ, അങ്ങിനെ ഒന്നും അല്ല, ഞാൻ വീഡിയോ ഒരു വട്ടം ഓടിച്ചൊന്നു കണ്ടു, അത് കണ്ടപ്പോൾ മുതൽ നിന്നെ ഒന്ന് കാണാൻ ആഗ്രഹം. ഇച്ചിരി നേരം, നമ്മൾ മാത്രം, നിനക്ക് ഒരു നഷ്ടവും വരില്ല, ആരും അറിയാനും പോകുന്നില്ല.."
"
അല്ലേൽ എനിക്കെന്ത് നഷ്ടം വരാനാ?"
"
അങ്ങിനെ അല്ല പെണ്ണെ, ഇതിപ്പോ എനിക്ക് കിട്ടിയില്ലായിരുന്നേൽ, അവൻ നെറ്റിൽ ഇട്ടിരുന്നേൽ.."
"
ഇട്ടിരുന്നേൽ.."
"
അങ്ങിനെ വച്ച് നോക്കുമ്പോൾ ഇത് നമ്മുടെ ഇടയിൽ അങ്ങ് തീരില്ലേ?"
"
ഹും, സഞ്ചൂന് ഉറപ്പാണോ ഇത് നമ്മുടെ ഇടയിൽ അങ്ങ് തീരുമെന്ന് ?? "

"പിന്നല്ലാണ്ട്, നാളെ നീ വരുവാണേൽ നിന്റെ മുന്നിൽ വച്ച് തന്നെ ഞാൻ അത് ഡിലീറ്റ് ചെയ്യും, അവനു ഞാൻ നല്ലത് കൊടുത്തിട്ടുണ്ട്, അവൻ ഇതൊന്നും ആരോടും പറയാനും പോകുന്നില്ല"
"
അതല്ല സഞ്ചൂ, ഞാൻ നാളെ വന്ന് നിനക്ക് വഴങ്ങി തന്നാൽ, നീ പിന്നേം ചോദിക്കില്ല എന്ന് എന്താ ഉറപ്പ്?"
"
അയ്യേ, എന്താ മാളു ഇങ്ങിനെ, ഇത് നാട്ടിൽ നടക്കാത്ത കാര്യങ്ങൾ ഒന്നും അല്ലലോ, നമുക്ക് ഇഷ്ടപ്പെട്ടാൽ വീണ്ടും ആവാലോ? "
"
അല്ല, ഇനിയിപ്പം നാളെ കഴിയുമ്പോൾ നീ പറയും വികാസിന്റെ കയ്യിൽ ഒരു കോപ്പി ഉണ്ട്, അവന്റെ കൂടേം കിടക്കണം എന്ന്"

"അയ്യേ മാളൂ, അത്ര ചീപ്പ് ആണോ ഞാൻ??"
"
മോനെ സഞ്ചൂ, നീ ചീപ്പ് ആണെന്ന് നീ തന്നെ തെളിയിച്ചല്ലോ ??" - സഞ്ചുവിന്റെ ഉള്ളിലെ കഴുകനെ മാളു തിരിച്ചറിഞ്ഞു.

"ഞാൻ പറയാൻ ഉള്ളത് പറഞ്ഞു, ബാക്കി നിന്റെ ഇഷ്ടം, നീ വന്നില്ലേൽ ഇത് ഞാൻ വികസിന്റെ കയ്യിൽ തന്നെ കൊടുക്കും.. ആലോചിച്ചിട്ട് പറഞ്ഞാൽ മതി
"
ആലോചിക്കാൻ ഒന്നും ഇല്ല സഞ്ചൂ, നിന്നെ പോലെ ഉള്ളവന്മാർ വിളിച്ചങ്ങു പേടിപ്പിച്ചാൽ വന്നു വഴങ്ങി തരാൻ വേറെ ആളെ നോക്കണം, ഫോൺ വച്ചാൽ, ഞാൻ ചെയ്യാൻ പോകുന്ന അടുത്ത കാര്യം ഇതെന്റെ അച്ഛനോടും, അമ്മയോടും പറയും എന്നതാണ്. അവർക്കെന്നെ നല്ല പോലെ അറിയാം, കാര്യം പറഞ്ഞാൽ ചെയ്യേണ്ടത് അവർ ചെയ്തോളും."

"മാളൂ, നീ അബദ്ധം ഒന്നും കാണിക്കരുത്"
"
ഭാ ചെറ്റേ, ഞാൻ കാണിക്കാൻ പോകുന്നതല്ല അബദ്ധം, നീയും അവനും ഒക്കെ കാണിച്ചു കൂട്ടിയതാ"
"
സോറി മാളൂ, ഞാൻ അത് കളഞ്ഞേക്കാം"
"
ഇല്ല സഞ്ചൂ, നീ എന്നെ ട്രൈ ചെയ്തു കിട്ടിയില്ലേൽ കൂട്ടത്തിൽ ഉള്ള വേറെ ആരേലും ട്രൈ ചെയ്യും, എല്ലാർക്കും എന്നെ പോലെ ധൈര്യം ഉണ്ടാവണം എന്നില്ലലോ? ശരിയായ കാര്യങ്ങൾ ചെയ്യേണ്ടേ സമയത്ത് ചെയ്യണം"

"പ്ളീസ് മാളൂ, നശിപ്പിക്കരുത്" - സഞ്ചുവിന്റെ ശരീരം വിയർത്തു കുളിച്ചു.
"
പിന്നെ, നിനക്കൊക്കെ മാനം പോകുമെന്ന് ആയപ്പോ ടെൻഷൻ, നീയൊക്കെ എന്താ വിചാരിച്ചേ? എന്റെ ശരീരം അങ്ങ് വീഡിയോ പിടിച്ച് നാലാളെ കാണിച്ചാൽ, ഞാൻ അങ്ങ് പോയി തൂങ്ങി ചാകുമെന്നോ? മോനെ, നിന്റെ അമ്മയ്ക്കും, പെങ്ങൾക്കും ഉള്ളതേ എനിക്കും ഉള്ളൂ, ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വീഡിയോ കാണുന്ന ആർക്കും മനസ്സിലാവും. ഇച്ചിരി നന്മയും, മേന്മയും ഉള്ള ആണൊരുത്തനും വീഡിയോ കണ്ട് സുഖം പിടിക്കില്ല, അല്ലാതെ കണ്ട് സുഖം പിടിക്കുന്ന തെണ്ടികൾ ഇത് കണ്ടില്ലേലും അങ്ങിനെ ഒക്കെ തന്നെ ആയിരിക്കും. ഇങ്ങിനെ ഒരു വീഡിയോ വൈറൽ ആയാൽ പോലും അതെന്റെ ലൈഫിനെ ഒരു തരത്തിലും ബാധിക്കാൻ പോകുന്നില്ല, ഞാൻ പഠിച്ചു നല്ല ജോലി മേടിച്ചു അന്തസ്സായി ജീവിക്കും. ഇത് കണ്ടിട്ട് ഒളിച്ച് ചിരിക്കുന്ന ഒരുത്തനെ ജീവിതത്തിൽ കണ്ടു മുട്ടിയാൽ, അവൻ എത്തരക്കാരൻ ആണെന്ന് മനസിലാക്കാൻ കഴിഞ്ഞതിന്റെ ആനന്ദം മാത്രമേ എനിക്കുണ്ടാവൂ. ഇതൊക്കെ സെൻസിൽ എടുക്കുന്ന ഒരു ചെക്കൻ എന്നെ കല്യാണവും കഴിക്കും, ഇനി ആരും വന്നിലേലും എനിക്കൊരു ചുക്കുമില്ല. എൻറെ അച്ഛനും അമ്മയ്ക്കും എന്റെ കഴിവിൽ നല്ല വിശ്വാസമുണ്ട്, എന്റെ ഭാവി നല്ല സുരക്ഷിതമാണെന്ന് അവർക്കു നല്ലോണം അറിയാം. ഒരു തെറ്റും ചെയ്യാത്ത ഞാൻ നീ പറയുന്നതും കേട്ട് നാളെ അങ്ങോട്ട് ഇറങ്ങിത്തിരിച്ചാൽ, അത് ഞാൻ അറിഞ്ഞു കൊണ്ട് ചെയുന്ന ഒരു തെറ്റാകും. നിനക്ക് നാണമാവില്ലേ, ഒരു പെണ്ണിന്റെ ഇഷ്ടമില്ലാതെ അവളെ പ്രാപിക്കാൻ ശ്രമിക്കാൻ, തൂ..." - ആട്ടൽ സഞ്ചുവിന്റെ അഹങ്കാരത്തിന്റെ മുന ഉടച്ചു.

"മാളൂ, ഞാൻ ഇതിപ്പോൾ തന്നെ ഡിലീറ്റ് ചെയ്തേക്കാം, ആം സൊ സോറി, ഞാൻ നിന്റെ കാൽ പിടിക്കാം.."
"
ഇല്ല സഞ്ചൂ, പണ്ടൊരുപാട് പെൺകുട്ടികൾ ഇങ്ങിനെ മിണ്ടാണ്ട് പോയത് കൊണ്ടാണ് ഇവിടെ ഒരുപാട് ആത്മഹത്യകൾ ഉണ്ടാവുന്നത്. നമ്മുടെ മനസ്സിനെക്കാളും, സ്വഭാവത്തിനെക്കാളും ഒന്നും വലുതല്ല , നമ്മൾ തെറ്റ് ചെയ്യാതെ നമ്മുടെ ശരീരം നാലാള് കാണുന്നത് എന്ന് ഇവിടെ ഉള്ള എല്ലാ പെണ്ണുങ്ങളും മനസ്സിലാക്കണം"

"പ്ളീസ് മാളൂ, ഇനി ആവർത്തിക്കില്ല"
"
ഇല്ല സഞ്ചൂ, ഞാൻ മിണ്ടും, പ്രതികരിക്കേണ്ട പോലെ പ്രതികരിക്കും, ഞാൻ നിന്റെ അമ്മയെയും, വികാസിന്റെ ചേച്ചിയെയും എല്ലാം വിളിച്ചു പറയും, ഞാനിത് ചെയ്തില്ലെങ്കിൽ നാളെ നിന്നെപ്പോലെ ഒരുപാടുപേർ ഉണ്ടാവും സമൂഹത്തിൽ.."

"അയ്യോ മാളൂ, പ്ളീസ്...." - അവന്റെ അപേക്ഷ കേൾക്കാൻ നിൽക്കാതെ, അങ്ങേത്തലക്കൽ ഫോൺ കട്ട് ചെയ്ത മാളു, അവളുടെ മാതാപിതാക്കളുടെ അടുത്തേക്ക് ഓടിയിരിന്നു..

Srishti-2022   >>  Short Story - Malayalam   >>  ഹനുമാൻ പണ്ടാരം

ഹനുമാൻ പണ്ടാരം

ഹനുമാൻ പണ്ടാരം

എന്‍റെ കുഞ്ഞുനാളിലെ കുസൃതികളിൽ പലതും ഇന്നും എനിക്കോർമ്മയുണ്ട്. അമ്മയെ ധാരാളം കഷ്ടപ്പെടുത്തിയ ചെയ്തികള്‍. അച്ഛനന്ന് തളിപ്പറമ്പിൽ ആണ് ജോലി. ഞങ്ങൾ തിരുവനന്തപുരത്തും. ഞങ്ങൾ എന്നു പറയുമ്പോൾ, ഞാനും എന്‍റെഅനിയനും . എനിക്ക് കഷ്ടി മൂന്നു വയസ്സ് , അനിയന്‍ തൊട്ടിലില്‍ . ഒരു നിമിഷം നിര്‍ത്താതെ ഓടി നടക്കുന്ന എന്‍റെ ചെയ്തികള്‍ അമ്മക്ക് തലവേദനയായി..മുട്ടക്കാരി മുട്ടകൊണ്ടുവരുമ്പോള്‍, മുട്ട എടുത്തുകൊണ്ടു ഓടും . അമ്മ പുറകെ വന്നു പിടിക്കുമ്പോള്‍ മുട്ട താഴെ ഇട്ടു കളയും. അപ്പൂപ്പന്‍ പല്ല് തേക്കാന്‍ വെള്ളം എടുക്കുന്ന കിണ്ടിയില്‍ മൂത്രം ഒഴിക്കും . കളിപ്പാട്ടങ്ങള്‍ എടുത്ത് കിണറ്റില്‍ ഇടും . ഒരു ദിവസം വീട്ടിലെ പൂച്ചയെ എടുത്ത് കിണറ്റില്‍ ഇട്ടു. ഭാഗ്യത്തിന് ചത്തില്ല. എല്ലാത്തിനും അമ്മേടെ കയ്യില്‍ നിന്നും നല്ല പെട കിട്ടും എന്നാലും കുസൃതികള്‍ സുഗമമായി മുന്നോട്ടു പോയി . അമ്മ തലയില്‍ കൈ വെച്ചു പറഞ്ഞു , ഇവനു ആരെയും പേടിയില്ല , ആ ഹനുമാന്‍ പണ്ടാരം ഇങ്ങു വരട്ടെ, പിടിച്ചു കൊടുക്കാം .

എനിക്ക് ആകെപേടിയുണ്ടായിരുന്നത്‌ ഹനുമാന്‍ പണ്ടാരത്തെ ആയിരുന്നു . ചുവന്ന മുഖവുമായി (മാസ്ക്) വന്നിട്ട്, അലറും. “പല്ല് തേക്കാത്ത കുട്ടികളുണ്ടോ, പറഞ്ഞാല്‍ അനുസരിക്കാത്ത കുട്ടികളുണ്ടോ , അവരെ പിടിച്ചു വിഴുങ്ങി , ഞാന്‍ ഒരു കിണ്ടി വെള്ളവും കുടിക്കും “ ഇത് കേള്‍കുമ്പോള്‍ പേടിച്ചു എനിക്ക് മുള്ളാന്‍ മുട്ടും .

വേലാണ്ടി എന്ന് വിളിക്കുന്ന വേലു പണ്ടാരം , വയസ്സനാണ്. അപ്പൂപ്പന്‍റെഒരു ശിങ്കിടി . അപ്പൂപ്പന്‍റെ മുന്നില്‍ ഭയ ഭക്തി ബഹുമാനത്തോടെ നില്കും. അപ്പൂപ്പന്‍ ആംഗ്യം കാണിച്ചാല്‍ ഉടന്‍ നരച്ച തോള്‍ സഞ്ചിയുമായി ചെമ്പരത്തി ചെടികളുടെ ഇടയിലേക്ക് പോകും. ഞാന്‍ പേടിയോടെ നോക്കി നില്കുമ്പോള്‍, ചുവന്ന, ഭീതിയുണര്‍ത്തുന്ന ഹനുമാന്‍റെ മുഖംമ്മൂടി അണിഞ്ഞ്,ചാടി തുള്ളി അലറിക്കൊണ്ട്‌ ഓടി ഉമ്മറത്തേക്ക് വരും . അമ്മ പിടിച്ചു വെച്ചിരിക്കുന്നത് കൊണ്ട് ഓടാന്‍ പറ്റില്ല. അമ്മേടെ സാരിയുടെ പിറകില്‍ ഒളിക്കും . “ഇങ്ങോട്ട്വാടാ, ദേ പണ്ടാരമേ ഇവനെ കൊണ്ട് പൊയ്ക്കോ , ഇവന്‍പറഞ്ഞാല്‍ കേള്‍ക്കത്തില്ല”. “പറഞ്ഞാല്‍കേള്‍ക്കാത്ത കുട്ടികളുണ്ടോ , അവരെ വിഴുങ്ങി ഞാന്‍ ഒരു കിണ്ടി വെള്ളവും കുടിക്കും “ എന്ന് പണ്ടാരം അട്ടഹസിക്കും . ഞാന്‍ വേണ്ടമ്മ വേണ്ട എന്ന് പറഞ്ഞു കരയും . ഇനി പറഞ്ഞാല്‍ അനുസരിക്കുമോ ? അനുസരിക്കാം എന്ന് ഞാന്‍ കരഞ്ഞു കൊണ്ട് മൂളുകയും തലയാട്ടുകയും ചെയ്യും. ഇത്തവണ പോട്ടെ പണ്ടാരമേ എന്ന് അമ്മ പറയുമ്പോള്‍ ഉണ്ടാകുന്ന ആശ്വാസം പറഞ്ഞറിയിക്കാന്‍ പറ്റില്ല . പണ്ടാരം വീണ്ടും ചെമ്പരത്തി ചെടികളുടെ ഇടയിലേക്ക് പോകും . മുഖംമൂടി മാറ്റി സാത്വിക ഭാവത്തോടെ വരും. നരച്ച സഞ്ചിയില്‍ നിന്നും ഭസ്മമെടുത്ത്‌ അപ്പൂപ്പന് കൊടുക്കും .അപ്പൂപ്പന്‍ ചില്ലറ തുട്ടുകള്‍ ഭസ്മം വെച്ച പാത്രത്തില്‍ ഇട്ടുകൊടുക്കും. പിന്നെഅമ്മയ്ക്കും എനിക്കും ഭസ്മം തരും . നെറ്റിയില്‍ ഭസ്മം പൂശിയ , പഴകിയ ഉടുപ്പും ,മുഷിഞ്ഞ മുണ്ടും ഉടുത്ത സാത്വിക ഭാവമുള്ള ആ പണ്ടാരത്തെ  അപ്പോള്‍ എനിക്ക് പേടി തോന്നാറില്ല .

ഒരു ദിവസം ഇതുപോലെ ഹനുമാന്‍ പ്രകടനവും കഴിഞ്ഞ്, മുഖം മൂടി സഞ്ചിയിലാക്കി , പത്രത്തില്‍ ഭാസ്മവുമായി അപ്പൂപ്പന്‍റെ അടുത്തുചെന്നു. അപ്പൂപ്പന്‍ ഭസ്മം എടുത്ത് നെറ്റിയില്‍ ഇട്ട ശേഷം കുറച്ചു നാണയത്തുട്ടുകള്‍ ആ പത്രത്തില്‍ ഇട്ടു. അങ്ങുന്നുനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു . എന്താടാ വേലാണ്ടി , എന്തായാലും പറഞ്ഞോ. എന്‍റെ മൂത്ത മോന്‍, പത്താന്തരം കഴിഞ്ഞ് നിക്കുവാന്നെ, ഫഷ് ക്ലാസ്സുണ്ട്‌ . ഇനി അങ്ങോട്ട്‌ പഠിപ്പിക്കാന്‍ എന്നൊക്കൊണ്ട് പാങ്ങില്ലേ. അങ്ങുന്നു വല്ല്തും സഹായിക്കണം . വേലണ്ടിക്ക് വേറെ വഴിയില്ല. നീഎന്തുവാടാവേലാണ്ടി ഈ പറയുന്നെ , നിന്‍റെമോനെന്താ പഠിച്ചു പേഷ്കാര്‍ ആകാന്‍ പോകുന്നോ . നിന്‍റെ കാലം കഴിഞ്ഞാല്‍ ഇവിടൊരു ഹനുമാന്‍ പണ്ടാരം വേണ്ടേ .നീഅതൊക്കെ പഠിപ്പിച്ചു കൊടുത്താല്‍ മതി . അങ്ങനെ പറയല്ലേ എന്‍റെ പൊന്നു ഏമാനെ, അവനെ പഠിപ്പിച്ചു പപ്പനാവന്‍റെ പത്ത്ചക്രം കിട്ടുന്ന എന്തെങ്കിലും ഒരു ഉദ്യോഗം ,ഹജൂര്‍ കച്ചേരി യിലോ മറ്റോ .... മതി നിര്‍ത്ത് , എടാ കൊക്കിലോതുങ്ങുന്നത്തെ  കൊത്താവു. നില മറന്നു സംസാരിക്കരുത് . ഏമാനെ  ഈ ഹനുമാന്‍ പണ്ടാരത്തിന്റെ പേര് പറഞ്ഞു പിച്ചയെടുത്തു കിട്ടുന്ന കാശു , പിള്ളേര്‍ക്ക്ഒരു നേരത്തെ കഞ്ഞിക്കു തികയില്ല.പെമ്പര്‍ന്നോതിക്ക് സുഖമില്ല.അവള്‍ക്ക് മരുന്ന് വാങ്ങാന്‍ പോലും...വേലാണ്ടി വിങ്ങിപ്പൊട്ടി . ആദ്യമായി എനിക്ക് ഹനുമാന്‍ പണ്ടാരത്തോട് ദയയോ സ്നേഹമോ സഹതാപമോ ഒക്കെ തോന്നി.എന്‍റെ കണ്ണുകള്‍ നിറഞ്ഞു .ഞാന്‍അമ്മയുടെ മുഖത്തേക്ക് നോക്കി , നിര്‍വികാരമായി അമ്മ അത് കേട്ടുകൊണ്ട് നിന്നു. കരഞ്ഞുകൊണ്ട്‌ വേലാണ്ടി തുടര്‍ന്നു. ഏമാനെ അവനു പുസ്തകം വാങ്ങാനുള്ള കാശെങ്കിലും ......വേലാണ്ടിഇവിടെ നിന്ന് കരഞ്ഞതുകൊണ്ട് ഒരു പ്രയോജനവും ഇല്ല നീ പോ . വേലാണ്ടി കണ്ണുതുടച്ച്‌ കൊണ്ട് അമ്മയുടെ അടുത്ത് വന്നു ഭസ്മം കൊടുത്തു . എന്‍റെ നെറ്റിയില്‍ ഭസ്മം തൊട്ടു ,നിറഞ്ഞ കണ്ണുകളോടെ അയാളെ ഞാന്‍ നോക്കി ,എന്നിട്ട് എന്‍റെ താടിയില്‍പിടിച്ചു പറഞ്ഞു കുഞ്ഞേ നന്നായി പഠിക്കണം വലിയ ആളാകണം . ഈ പണ്ടാരവും പ്രാര്‍ത്ഥിക്കാം. അവസാനമായി അമ്മയെയും അപ്പൂപ്പനെയുംമാറി മാറി നോക്കി അയാള്‍ പുറത്തേക്കു നടന്നു . പോകുന്ന വഴി അയാള്‍ ചെമ്പരത്തി ചെടികളെ തലോടി . തടി ഗേറ്റ് പകുതി തുറന്നു അയാള്‍ എന്നെ നോക്കി ചിരിച്ചു ആ കണ്ണുകള്‍ അര്‍ദ്രമായിരുന്നു . ഞാന്‍ അമ്മയോട് ചോദിച്ചു ,എന്തമ്മേ അപ്പൂപ്പന്‍ അയാള്‍ക്ക് പൈസ കൊടുക്കാത്തത് . പിന്നേ അയാള്‍ടെ മോന്‍ പഠിച്ചു മയിസ്രെട്ട് ആകാന്‍ പോകുകയല്ലേ , ചുമ്മാകള്ള്കുടിക്കാനുള്ള വേല.

പിന്നൊരിക്കലും വേലാണ്ടി വന്നില്ല. ആരും അന്വേഷിച്ചതും ഇല്ല . പണ്ടാരത്തിന്‍റെ പേര് പറഞ്ഞു അമ്മ എന്നെ പേടിപ്പിച്ചില്ല . ഒരു ദിവസം ഞാന്‍ അമ്മയോട് ചോദിച്ചു . ഹനുമാന്‍ പണ്ടാരം എന്തമ്മേ വരാത്തെ. അമ്മ വിശ്വാസം വരാതെ കുറച്ചു നേരം എന്നെ നോക്കി , എന്നിട്ട് പറഞ്ഞു അയാള് ചത്ത്‌ പോയിക്കാണും . ഹനുമാന്‍ പണ്ടാരം പിന്നെ അമ്മക്ക് പറയാനുള്ള കഥകളായി മാറി .

കാലങ്ങള്‍പറന്നു പോയി . ഞാന്‍ എന്‍റെ ഗള്‍ഫിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ തിരിച്ചു നാട്ടില്‍ വന്നു സെറ്റില്‍ ആയി. അനുജന്‍സര്‍ക്കാര്‍ ഉദ്യോഗത്തില്‍നിന്നു റിട്ടയര്‍ ആയി . ഒരുദിവസം ഒരു ചാറ്റല്‍ മഴയത്ത് ഞാനും അനുജനും മെയിന്‍ റോഡിലെ കട വരാന്തയില്‍ സംസാരിച്ച് നില്കുമ്പോള്‍ , ഒരു കാര്‍ പാഞ്ഞു പോയി . ജില്ല കളക്ടര്‍ എന്ന ചുവന്ന ബോര്‍ഡ്‌ വെച്ച വെള്ള കാര്‍ . അനുജന്‍ പറഞ്ഞു , അതാരാണെന്നു അറിയാമോ? ഇല്ല എന്ന് ഞാന്‍ തലയാട്ടി . നമ്മുടെ പഴയ ഹനുമാന്‍ പണ്ടാരം വേലാണ്ടി യുടെ കൊച്ചു മകനാണ് . ആ കാര്‍ കണ്ണില്‍നിന്നു മറയുന്നവരെ ഞാന്‍ നോക്കി നിന്നു. പതുക്കെ ഞാന്‍ കട വരാന്തയില്‍ നിന്ന് പുറത്തേക്കു നടന്നു . ഓര്‍മ്മകള്‍ ഒരു ചാറ്റല്‍ മഴയായി എന്‍റെ മനസ്സിലേക്ക് പെയ്തിറങ്ങി .

Subscribe to Short Story - Malayalam