Skip to main content
Srishti-2022   >>  Poem - Malayalam   >>  എന്താണ് ശരി?

Surya C G

UST Trivandrum

എന്താണ് ശരി?

 

തുളസിത്തറയിൽ തിരി തെളിച്ചൊരാ-

മുത്തശ്ശി ഉമ്മറത്ത് വന്നെന്നോട്,

"ത്രിസന്ധ്യനേരം മയങ്ങുന്ന കന്യക

നാടിനും വീടിനും ശാപം!"

 

എന്താണ് ശരി?

 

ആർത്തവനേരം സ്വാമിയാം അച്ഛനെ

തേടി നടന്നപ്പോൾ അമ്മ എന്നോട്,

"പാടില്ല സ്വാമിയെ തൊട്ടു തീണ്ടുവാൻ,

മഹാപാപം! അശുദ്ധം!"

 

എന്താണ് ശരി?

 

യാത്രക്കിറങ്ങുമ്പോളാ കരിമ്പൂച്ച

പാഞ്ഞത് കണ്ടെൻ അച്ഛൻ,

"ഇനിയിന്നു വേണ്ട, ഈ നശിച്ച

നേരം ആപത്തു സുനിശ്ചിതം!"

 

എന്താണ് ശരി?

 

ജാതകം നോക്കി തലകുനിച്ചു

ജ്യോൽസ്യൻ എന്റെ പ്രിയപ്പെട്ടവരോട്,

ചൊവ്വാദോഷം! ഇനിയീ ജന്മം

വിവാഹം കഠിനം! മുജ്ജന്മപാപം!

 

എന്താണ് ശരി?

 

തേടിയിറങ്ങി ഞാനെൻ ശരികളെ

അന്ധമാം മൂടുപടങ്ങളെ ഛേദിച്ചു

തേടിയിറങ്ങി ഞാൻ മാറ്റങ്ങങ്ങളെ

എന്നിലെ ഞാൻ എന്നോട്, "ഞാനാണ് ശരി!"

Srishti-2022   >>  Poem - Malayalam   >>  യാത്ര

Sithara Sanish

SE-Mentor Solutions

യാത്ര

 

നിഴലുകൾ നൃത്തം ചെയ്യുന്ന നിലാവിൽ അങ്ങകലെ നിന്നും

തഴുകി വീശുന്ന കുളിർക്കാറ്റിൽ

ആരോ പുരട്ടിയ

ചന്ദനത്തൈലത്തിൻ സുഗന്ധം...

 

നടുമുറ്റത്തെ കോലായിൽ

പണ്ടേ ഇരുപ്പുറപ്പിച്ചു

പിത്തളപാത്രത്തിൽ

തെറിച്ചു വീഴുന്ന മഴത്തുള്ളികൾ-തുള്ളിക്കളിക്കുന്ന

താളത്തിൽ ലയിച്ചു,

ഞാനാ മരക്കട്ടിലിൽ കിടക്കവേ...

 

എന്നെ കൊണ്ട് പോകാനുള്ള 

സമയം അടുത്തുവോ

അതിനെ ഓർമ്മപ്പെടുത്തികൊണ്ടു നാഴികമണി അടിച്ചുവോ...

ആയുസ്സിൻ അവസാന നാഡിമുറിക്കുവാൻ

വാളോങ്ങിയെത്തുന്നിതാ കാലൻ ആരാച്ചാരുടെ വേഷത്തിൽ...

 

ചുമരിലെ നാഴികമണിയിലെ

സൂചിയുടെ ചലനവും 

എന്റെ ഹൃദയത്തിന്റെ സ്പന്ദനവും

ഒരേ താള ബോധത്തോടെ

തുടിക്കുമ്പോൾ...

 

ആരോ പാരായണം ചെയ്യുന്ന

മഹത് ഗ്രന്ഥത്തിന്

അർത്ഥപുഷ്ടമായ വരികളുടെ ആഴങ്ങളറിയാൻ ആശിച്ചുവോ...

 

വിട പറയുന്നത് കേൾക്കാൻ കൊതിക്കയാണോ

പലരുമെന്നരികിൽ

പകലിലും പാതിരാവിലും...

 

കിടപ്പുമുറിയുടെ തറയിൽ

കണ്ണീർ വറ്റി കലങ്ങിയ കണ്ണുകളിൽ

ചേതനയറ്റുപോയൊരു മനസ്സുമായി

വിതുമ്പുന്ന അധരങ്ങൾ

പറഞ്ഞുതീർക്കാനാകാത്ത ഗതകാലത്തിൻ നൊമ്പരമൂറും സ്മരണകളിലൂടെ

പാഞ്ഞു പോകുന്നുവോ...

 

സമയമെത്തുമ്പോൾ

എന്നരികിൽ മഞ്ചലുമായി

വന്ന മാലാഖമാർ

എന്നാത്മാവുമേറ്റി 

അനന്ത വിഹായസ്സിലെങ്ങോ

പറന്നുയരുന്നതും കാത്തിരിക്കെ...

 

വടക്കേ മുറ്റത്തെ മാവിന്റെ

കാതലായ ചില്ലകളാരോ വെട്ടി മുറിക്കുന്നുവോ...

 

പറമ്പിന്റെ തെക്കേമൂലയിലാരോ ഒരുക്കുന്ന ചിതയിലേക്കെന്റെ ദേഹമെടുക്കുമ്പോൾ

പൊട്ടിക്കരയുനാരുമില്ലേ...

അന്ത്യകർമ്മങ്ങൾ നിറവേറ്റിയെന്നാത്മാവിനു

ശാന്തി പകരുവാനാരുമില്ലേ...

Srishti-2022   >>  Poem - Malayalam   >>  ഭീഷണവസ്തു

Umesh C U

Katzion Koch

ഭീഷണവസ്തു

നിറവേറ്റി പല കടമകൾ ദൗത്യങ്ങളേറെ,

അറിവുകളുമില്ലിനി നൽകാൻ, ജീവനുമില്ല ഓജസുമില്ല.

 

അലസമായ് അലയുന്നിനി ആകാശഗംഗയിൽ,

അഴുകുന്നില്ല പഴകുന്നില്ല മായുന്നില്ലിനി.

 

ദൂരങ്ങൾ താണ്ടിയെത്രയും ഇങ്ങെത്താൻ,

അത്രയും താണ്ടണം കൂടണയാൻ.

 

ധരയാം മടിത്തട്ടിലിടമില്ലിനി എറിയാൻ,

കുമിയുന്നൊരു കുന്നായ് മലയായിനി ഇവിടെ.

 

ജയിക്കുന്നതാരിനി ശാസ്ത്രമോ? അഹന്തയോ?

ആരവങ്ങൾ കരഘോഷങ്ങളെല്ലാം മാഞ്ഞു,

ആശങ്കകൾ മാത്രമായിനി.

 

ഉയരങ്ങൾ താണ്ടിയ അറിവിന്റെ പ്രതീകമേ,

ഇപ്പോൾ നീ വെറും ഭീഷണവസ്തു

 

**ആയിരത്തിലേറെ കൃത്രിമ ഉപഗ്രഹങ്ങൾ പല കർത്തവ്യങ്ങളുമായി ഭൂമിയെ വലം വെയ്ക്കുന്നു. ഓരോ കൃത്രിമ ഉപഗ്രഹങ്ങളുടേയും കാലാവധി കഴിയുമ്പോൾ അവയ്ക്ക് എന്ത് സംഭവിക്കും? എന്ന് നമ്മൾ ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. ഈ വിഷയം ആസ്പദമാക്കി രചിച്ച കവിതയാണ് ഭീഷണവസ്തു.

 

 

Srishti-2022   >>  Poem - Malayalam   >>  താണ്ഡവം

താണ്ഡവം

ശൂന്യതയിലാടുന്നു ലോകം.

ഈ ശൂന്യതയിലാടുന്നു ലോകം.

തങ്ങളിൽ വാളെടുക്കുന്ന ലോകം.

സുന്ദര പ്രകൃതിയെ കൊല്ലുന്ന ലോകം. 

അത്യാഗ്രഹികൾ ജനിക്കുന്ന ലോകം.

സത്യാഗ്രഹികൾ മരിക്കുന്ന ലോകം.

 

കാശിനു പിന്നാലെ പായുന്ന ലോകം. 

സ്നേഹത്തിൻ മൂല്യം കുറയുന്ന ലോകം.

സത്യത്തിനെന്തു വില ഈ ലോകത്തിൽ.

മിഥ്യയ്ക്കു പൊന്നു വില ഈ ലോകത്തിൽ.

 

പ്രകൃതി അക്ഷമയായി തുടങ്ങിയ-

തിൻ ലക്ഷണങ്ങൾ കണ്ടു കണ്ടു തുടങ്ങി.

കാറ്റായി മഴയായി വരുന്നു പ്രകൃതി.

രുദ്രയായി ക്രുദ്ധയായി ഭദ്രയായി പ്രകൃതി.

 

 

ആഞ്ഞടിക്കുന്നു തിരയിൻ രൂപത്തിൽ.

ആഞ്ഞടിക്കുന്നു കാറ്റിൻ രൂപത്തിൽ.

കണ്ടിട്ടും കണ്ടിട്ടും കാണാത്ത പോലെ-

മര്‍ത്യന്‍ തൻ കർമ്മം ആവർത്തിക്കുന്നു.

 

അന്ത്യത്തിൽ ലോകത്തിൽ ശൂന്യത മാത്രം.

ശൂന്യമീ ലോകം .... ശൂന്യമീ ലോകം.

 

 

Srishti-2022   >>  Poem - Malayalam   >>  വന്ദനം

Divya Rose R

Oracle India Pvt Ltd

വന്ദനം

ഇന്ത്യ എന്ന വാക്കിലെന്റെ ജീവനുണ്ട് കേൾക്കൂ 

സിരകളിൽ നിറഞ്ഞൊഴുകും വീര്യമുണ്ട് നോക്കൂ 

പ്രാണനേക്കാൾ സ്നേഹമുണ്ട് അമ്മയെ പോൽ കരുതലുണ്ട് 

അഭിമാനത്തോടെ വന്ദിക്കുന്നു എന്റെ പ്രിയ ദേശത്തെ 

 

മൂന്നു പ്രിയ വർണ്ണങ്ങൾ കാറ്റിലാടി ഉയരവെ 

തലയുയർത്തി മിഴി വിടർത്തി വന്ദനം ഞാൻ പാടിടാം 

എത്ര സുന്ദരം ഈ വന്ദേ മാതരം 

ഒത്തു ചേർന്ന് കൈ പിടിച്ചു നമ്മൾ പാടുമ്പോൾ 

 

ഏതു ജാതി ഏതു മത ദേശ ഭാഷയാകിലും 

മാതാവൊന്നേ നമ്മൾക്കുള്ളൂ ഭാരതമാതാവ് 

എത്ര മോഹനം ഈ പുഴയും പൂക്കളും 

ഒരുമയോടെ സ്നേഹത്തോടീ മണ്ണിൽ വാഴുമ്പോൾ

 

Srishti-2022   >>  Poem - Malayalam   >>  എന്റെ കണ്ണന്.....

Hridya K T

UST Kochi

എന്റെ കണ്ണന്.....

 

കാലത്തിന്റെ പ്രയാണത്തിലെപ്പോളോ 

ഞാൻ വഴി മാറി നിൽക്കവേ

എന്റെ തൂലികയിൽ വിങ്ങിയ അക്ഷരങ്ങളെ

നിങ്ങൾക്ക് യാത്രാമൊഴിയേകിയിരുന്നു.

 

ഒരു നാളെന്റെ കാർവർണനവൻ

നിങ്ങളിൽ വെണ്ണയായ് നിറയാതിരിക്കില്ല.

നിങ്ങളിൽ അവൻ എന്നെ തേടാതിരിക്കില്ല.

 

എന്നുടെ നോവുകൾക്ക് ചിരി പടരുന്ന നാൾ

പരിശ്രമത്തിൻ മുള്ളുകളിൽ ഭാഗ്യത്തിൻ തേൻ തുള്ളികൾ നിറയുന്ന നാളതിൽ

നിങ്ങളിലൂടെ ഞാൻ അവനെ കാത്തു നിൽപ്പൂ.

 

കണ്ണാ...!

 

ഈ അക്ഷരങ്ങളിലോരോന്നിലും 

ഞാൻ നിൻ പേര് കോർത്തിടട്ടെ

ഒരു നേർത്ത പുഞ്ചിരിയിലാൽ അലിയാത്ത പരിഭവങ്ങൾ നമ്മളിലിന്നുമുണ്ടോ?

 

Srishti-2022   >>  Poem - Malayalam   >>  വിദ്യ അഭ്യാസം

ARAVIND SARMA T S

VVDN Technologies

വിദ്യ അഭ്യാസം

ബാലകർക്കു ചില തോന്ന്യവാസ-

മതിനുള്ളരങ്ങ് പഠനാലയം

നല്ല പേരു കലഹാലയം വലിയ

ചന്ത പോലെ ബഹളാലയം

തല്ല് പോർ വിളികൾ ഏറ് 

കൂക്കുവിളി വെല്ലുവിളി കലി 

തുള്ളലും കാല് വാരൽ തെറി പാടൽ 

അട്ടിമറി തൊട്ട പാഠ്യ വിഷയങ്ങളും..!

Srishti-2022   >>  Poem - Malayalam   >>  അമ്മയ്ക്കെന്നും ഒരോ മണമാണ്

Annu George

TCS

അമ്മയ്ക്കെന്നും ഒരോ മണമാണ്

"അമ്മയ്ക്കെന്നും ഒരോ മണമാണ്.

ചില ദിവസങ്ങളിൽ പിന്നാമ്പുറത്തെ കമ്പോസ്റ്റ് കുഴിയുടെ,

ചില ദിവസങ്ങളിൽ കറി വയ്ക്കാൻ വെട്ടിയ മീനിൻ്റെ,

ചില ദിവസങ്ങളിൽ ചക്കവൈനിൻ്റെ.

ഒന്നാഞ്ഞ് വലിച്ചിട്ട്,

ചിലരതിന് സ്നേഹമെന്ന്

പേരിട്ടു,

അമ്മ ദൈവമാണ്, ത്യാഗമാണ്

എന്ന്  ഇടയ്ക്കിടെ

ഓർമ്മപ്പെടുത്തി.

അങ്ങനെ

കാലങ്ങളായി അമ്മ

 ചുമക്കുന്ന വിഴുപ്പിൻ്റെ

 ഗന്ധം

സുഗന്ധമായി

ആ മണം പേറി

അമ്മ ഇന്നും നടക്കുന്നു.

അലങ്കാരമോ അപമാനമോ എന്ന്

പിടിയില്ലാതെ.

Srishti-2022   >>  Poem - Malayalam   >>  പെണ്ണായിരുന്നെങ്കിൽ ഞാൻ

Rohith K A

TCS

പെണ്ണായിരുന്നെങ്കിൽ ഞാൻ

മൂന്ന് ആൺപിള്ളേരുടെ കൂടെ
മലമുകളിൽ പോയി
സെൽഫി എടുത്തതിനു നിങ്ങൾ,
'പോക്കുകേസ്' എന്ന് വിളിച്ചേനേ..

തിരിച്ചെത്താൻ
എട്ട് മണി കഴിഞ്ഞതിനുള്ള ചീത്ത
ചെന്നുകേറുമ്പോൾ തന്നെ
ചെകിട്ടത്തു കിട്ടിയേനേ..

മുടിത്തുമ്പ് മുറിച്ചതിന്,
മാലയിടാതെ നടന്നതിന്,
കമ്മലിന് നീളം കൂടിപ്പോയത്തിന്,
അമ്മ നെഞ്ച് പൊട്ടിക്കരഞ്ഞേനേ..

'സ്ലീവ് ലെസ്സ്' ഇട്ട്
നാട്ടിലൂടെ നടന്നതിന് നിങ്ങൾ,
'വെടി'യെന്ന് വിളിച്ചേനേ..

അതികാലത്തെണീറ്റ്,
മുറ്റമടിക്കാനും അടുപ്പ് കത്തിക്കാനും
വിഴുപ്പലക്കാനും
വിദഗ്ധ പരിശീലനം തന്നേനേ.

കയറിച്ചെല്ലേണ്ട വീടിനെക്കുറിച്ച്
ഒന്നു വീതം മൂന്നു നേരം ഓർമിപ്പിച്ച്
സ്വന്തം വീട്ടിൽ
ദിവസങ്ങൾ എണ്ണിക്കഴിയേണ്ടി വന്നേനേ...

'കല്യാണം കഴിഞ്ഞാലും പഠിക്കാലോ'ന്ന്
പച്ചകള്ളം പറഞ്ഞെന്നെ പറ്റിച്ചേനേ..

ഇരുപത്തെട്ട് വയസ്സായിട്ടും
കെട്ടാതെ നടക്കുന്നതിനു പിന്നിൽ
കാക്കത്തൊള്ളായിരം
കെട്ടുകഥകൾ പിറന്നേനേ..

സമത്വത്തെക്കുറിച്ച് പറഞ്ഞതിന്,
സ്വന്തമായി രാഷ്ട്രീയമുണ്ടായതിന്,
നിങ്ങളെന്നെ,
'ഫെമിനിച്ചി' യെന്ന് ചാപ്പ കുത്തിയേനേ..

എങ്കിലും,
അടുത്ത മലമുകളിലേക്ക്,
താഴേക്ക് തിരിഞ്ഞു നോക്കാതെ,
തനിച്ചു ഞാനൊരു
യാത്ര പോയേനേ...

Srishti-2022   >>  Poem - Malayalam   >>  ഭയം

Aravind Kesav K

Allianz

ഭയം

ഇരുട്ട്.

ഇരുട്ടിന്‍റെ നിറമെന്താണ്? കറുപ്പോ?

ഇനി എന്തിന് ഇരുട്ടിനെ ഭയക്കണം.

 

ഇവിടെ ഈ ഇരുട്ടിൽ ആഴിയ്ക്കരികെ നിമിഷാർദ്രം കൊണ്ട് മാടൻ മുതൽ മറുതയായി വരെ രൂപം മാറുന്ന നിഴലുകൾക്ക് മദ്ധ്യേ യിരുന്നിട്ടും ഭയം എന്നെ കീഴ്പ്പെടുത്താത്തത് എന്തുകൊണ്ടാണ് ?

 

ഒരുപക്ഷെ മുത്തശ്ശി പറഞ്ഞു തന്ന യക്ഷി പ്രേത പിശാചുക്കളെ ചെറുത്ത് നിൽക്കുവാനുള്ള മന്ത്രം അബോധത്തിൽ ഉരുവിടുന്നത് കൊണ്ടാകുമോ.

 

അതോ, ഒരിക്കൽ തട്ടിൻപുറത്തെ ഇരുണ്ടകോണിൽ അയാളുടെ ശ്വാസ നിശ്വാസങ്ങൾക്കിടയിൽ പെട്ട് ഭയം പണ്ടേ ഭയപ്പെട്ട് തീർന്നതാകുമോ.

 

പിന്നൊരിക്കൽ ഗോവണിയുടെ കീഴെ നനുത്ത തറയുടെ തണുപ്പേറ്റ് മരവിച്ച തന്‍റെ ശരീരം രക്ഷപ്പെടാൻ വെമ്പിയ അന്ന് രാത്രി ഭയം മരവിച്ചു മരിച്ചു പോയതാകുമോ.

 

പിന്നൊരിക്കൽ അയാളുടെ കൈക്കരുത്തിൽ നിന്നും രക്ഷ നേടാനാവാതെ നിലയില്ലാക്കയത്തിലേക്ക് വീണപ്പോളുയർന്ന നിലവിളിയ്ക്കൊപ്പം മത്സരിച്ച് ഭയം പരാജയപ്പെട്ട് പിന്മാറിയതാകുമോ.

 

പിന്നൊരിക്കൽ തോർത്തു കൊണ്ട് വായ മൂടിക്കെട്ടി കട്ടിലിൽ ചേർത്ത് ബന്ധിച്ചപ്പോൾ നിസഹായയായി കരഞ്ഞന്നേരം ഭയം ശരീരം വിട്ടു പോയതാകുമോ.

 

അയാൾ ബാക്കി വെച്ച് പോയ കഴുത്തിലെയും നാഭിയിലെയും തുടയിലെയും നഖക്ഷതങ്ങൾ വർഷങ്ങൾക്കിപ്പുറവും വേദനിപ്പിക്കുന്നത് എന്ത് കൊണ്ടാണ്.

 

ചൂടുകാറ്റേറ്റ് പറക്കുന്ന തന്‍റെ മുടിയിഴകൾക്കും പറയുവാനുണ്ടാകും സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ശ്വാസം മുട്ടിയ പല രാത്രികളുടെ വേദന.

 

കത്തിയെരിയുന്ന ആഴിയിൽ അച്ചന്‍റെ ചിതയ്‌ക്കരികെയിരിക്കുമ്പോൾ എന്‍റെ ശരീരവും മനസും നോവുന്നില്ല മറിച്ച് ഇതുവരെ തോന്നാത്ത ഒരു സുഖം അനുഭവപ്പെടുന്നു.

 

ഇരുട്ട്.

ഇരുട്ടിന്‍റെ നിറമെന്താണ്? കറുപ്പോ?

ഇനി എന്തിന് ഇരുട്ടിനെ ഭയക്കണം.

Srishti-2022   >>  Poem - Malayalam   >>  ചുടുകാട്ടിൽ

Ranjini V

Finastra Solutions

ചുടുകാട്ടിൽ

നിതാന്ത നിശബ്ദത -ഇവിടെ
നിശ്ചല നിഗൂഢത
ഉയർന്നു പൊങ്ങുമീ ധൂമ പടലം
ഒരു പിടി നെടുവീർപ്പുകൾ- മനുഷ്യരുടെ
ഒരു പിടി നെടുവീർപ്പുകൾ!
 
മോഹങ്ങളില്ലിവിടെ,
മോഹഭംഗങ്ങളില്ലിവിടെ,
 
സുഖികളില്ലിവിടെ,
ദുഃഖികളില്ലിവിടെ,
മതങ്ങളില്ലാത്ത ഭൂമി - ഇത്
മരണത്തിൻ മരുഭൂമി!
 
വികാരരഹിത ഭൂമി,
വിപ്ലവരഹിത ഭൂമി,
സ്വർഗ്ഗരാജ്യമിവിടെ,
രാമരാജ്യമിവിടെ,
വിഹരിക്കുന്നിവിടെ,
വിലസുന്നിവിടെ.
ഒരു വിഷാദസത്യം മാത്രം,
മരണത്തിൻ നിഴൽ മാത്രം!
 

Srishti-2022   >>  Poem - Malayalam   >>  നമ്മൾ പ്രണയിക്കയെന്നോ?

Raji Chandrika

GUIDEHOUSE

നമ്മൾ പ്രണയിക്കയെന്നോ?

നമ്മൾ പ്രണയിക്കയെന്നോ?
ചത്ത മനസ്സും ചതഞ്ഞ കിനാക്കളും 
ഒത്തിണങ്ങാനൊരുങ്ങാത്ത ഹൃദന്തവും 
എത്തിപ്പിടിക്കാനാകലമില്ലെങ്കിലും 
തട്ടിയെറിയാനൊരുങ്ങും കരങ്ങളും 
പൊട്ടിയുടഞ്ഞ പ്രണയചിത്രങ്ങളിൽ ഒട്ടും നിറംപുരളാത്ത മുഖങ്ങളും 
നമ്മൾ പ്രണയിക്കയെന്നോ?
പ്രണയത്തിനെന്തിനു പൊയ്മുഖങ്ങൾ, അഴിഞ്ഞു വീഴുന്ന മുഖംമൂടികൾ 
പ്രണയത്തിനെന്തിനു പാഴ്‌വാക്കുകൾ 
അളന്നു തൂക്കുവാനാക്ഷരങ്ങൾ 
പ്രണയത്തിനെന്തിനു നീയും ഞാനും 
നമ്മളായ്‌ പടരേണ്ട നിറങ്ങൾ മാത്രം 
പ്രണയത്തിനെന്തിനു പ്രതിഫലങ്ങൾ
പ്രതിഫലനമായ് വിടരേണ്ട 
സ്വപ്‌നങ്ങൾ മാത്രം..
പ്രണയമുണ്ടാകാമവിടെ- 
വറ്റെണ്ണി  ഒടുക്കിയ വിശപ്പിൽ 
തുട്ടെണ്ണിയൊളിപ്പിച്ച മടിക്കുത്തിൽ 
മണ്ണോടുടൽ ചേർന്ന പായത്തലപ്പിൽ 
മണ്ണെണ്ണവിളക്കിൻ നിഴൽ നാളങ്ങളിൽ 
ഉണ്ടാകാം പ്രണയമവിടെ-
വെള്ളിനൂലിഴവീണ വയൽവരമ്പോരങ്ങളിൽ 
വെറ്റിലച്ചാറേറ്റു ചുവന്ന മൂവന്തിയിൽ 
പല്ലുപൊഴിഞ്ഞ ചിരിയോർമ്മകളിൽ 
എല്ലുതേഞ്ഞൊരൂന്നു  വടിത്താങ്ങിൽ...
കത്തിയെരിഞ്ഞ കനലല്ല, കരൾചിപ്പിയിൽ ഉയിർക്കൊണ്ട മഴമുത്താണ്‌ പ്രണയം...
തുടയിടുക്കിൽ തിരുകി നൽകുന്ന നനവല്ല,
തുറന്നിട്ട മനസ്സിലെ അലിവാണ് പ്രണയം.
പ്രണയമുണ്ടാകട്ടെയിനിയും...
എന്നെ നിനക്കായ് പകുത്തെടുക്കാതെ 
എന്നിലെയെന്നെ മുറിച്ചു നീക്കാതെ 
ഞാനിടങ്ങളിൽ ഒതുങ്ങി നോവാതെ 
നാമ്പിടട്ടെ നമ്മളിലിനിയും...
 

Srishti-2022   >>  Poem - Malayalam   >>  മുന്നിലേക്ക്...

Vysakh S

Kyndryl

മുന്നിലേക്ക്...

നെഞ്ചിലേ അടഞ്ഞ ശബ്ദവും
സ്വതന്ത്രമാക്കി മുന്നിലേക്ക് വന്നു ചേരണം...
ഇടറുമീ സ്വരങ്ങളല്ലിനി നമുക്ക് വേണം
പൊരുതുവാനുറച്ച ശബ്ദവും...
അകലെ ഉള്ള സൗഹൃദങ്ങളെ
നമുക്കുചേർന്ന് അരികിലേക്ക് കൈപിടിച്ചിടാം...
നാളെയെന്ന പേടിവേണ്ടിനി
നമുക്ക് വേണം കരുതി വെച്ച നല്ല നാളുകൾ...
കഠിനമാം ദിനങ്ങൾ വന്നുപോം
മരിക്കുകില്ല നല്ലകാല മധുര നിനവുകൾ...
പറയുവാനുറച്ച വാക്കുകൾ
പറഞ്ഞിടേണം നാളെയെന്ന പേടിവേണ്ടിനീ...
നാളെയെന്ന നല്ലനാളുകൾ
വിദൂരമല്ല അതിനുവേണ്ടി കൈപിടിച്ചിടാം...
കഥകളായ് പറഞ്ഞു പോയിടും
ഇന്നിവിടെ  വന്ന കഠിനകാലവും...
പൊരുതി വന്ന നമ്മളെന്നുമേ
ഉരുക്കുപോലെ കരളുറച്ചു കഥകൾ ചൊല്ലിടും...
മധുരമാം ദിനങ്ങൾ വന്നിടും
ഇങ്ങിവിടെ  നമ്മളൊത്തുചേർന്ന് കൈപിടിച്ചിടും...
നെഞ്ചിലേ അടഞ്ഞ ശബ്ദവും
സ്വതന്ത്രമാക്കി മുന്നിലേക്ക് വന്നു ചേരണം...
 
 

Srishti-2022   >>  Poem - Malayalam   >>  മണ്ണിൽ തിളയ്ക്കുന്ന കാപ്പിച്ചെടി

Shine Shoukkathali

Ernst&Young

മണ്ണിൽ തിളയ്ക്കുന്ന കാപ്പിച്ചെടി

കാപ്പിനിറച്ചുണ്ടുകൾ  
കോഫീബീനുകളെ
തലോടിയ നേരം.
 
തോട്ടത്തിലെ കാപ്പിച്ചെടി
ഇൻസ്റ്റന്റ് കോഫിയായി
മണ്ണിൽ തിളയ്ക്കുന്നു.
 
ശലഭലഹരി നുരഞ്ഞ
ഹിമകണങ്ങൾ
ചൂടേറ്റ് വഴുതി വീഴുന്നു.
 
കാപ്പിസുഗന്ധം
ഇലഞരമ്പിലൂടെ
പൊട്ടിയൊലിക്കുന്നു.
 
എന്നാൽ പ്രണയിയെ
ഉണർത്തിയത്
അതൊന്നുമല്ല.
 
കാപ്പിച്ചെടി ചുരന്നപ്പോൾ  
മുള പൊട്ടിയ  
കടുംചെമപ്പ് ഹൃദയങ്ങൾ!
 

Srishti-2022   >>  Poem - Malayalam   >>  അമ്മ !!!

Jinju Thulaseedharan

UST Global

അമ്മ !!!

പോയിടലുണ്ണി  നീ പോയിടല്ലേ
ദൂരേക്കു  കളിയാടിടാൻ  പോയിടല്ലേ
തെക്കേ പുരക്കലെ മാവിൻ ചുവട്ടിലാ
ഭ്രാന്തിയുണ്ടവിടെക്കു പോയിടല്ലേ
 
ഉണ്ണിക്കിടാങ്ങളെ കണ്ടാൽ അടുത്തിടും
ഭ്രാന്തിയുണ്ടവിടെക്കു പോയിടല്ലേ
ഉണ്ണിക്കിടാവിനോ ഭ്രാന്തിയെ പേടിയായി
ഉണ്ണി അവിടേയ്ക്കു പോയതില്ല
 
പിന്നീടൊരു ദിനം നിനച്ചിരിക്കാതെ
വന്നൊരാ കോരിച്ചൊരിയും പേമാരിയിൻ  
മദ്ധ്യേ അകപ്പെട്ടു ഏകനായൊരാ ഉണ്ണി
ഏറെ വിഷണ്ണനായി നടന്നകലുമ്പോൾ
 
അയ്യോ പതിച്ചു !! അടിതെറ്റി ഹാ കഷ്ട്ടം,
ആ നിലയില്ലാതൊഴുക്കും ജലാശയത്തിൽ  !!
അമ്മേ  എന്നുറക്കെ വിളിച്ചു കൊണ്ടാ
അഗാധതയിലേക്ക്  ആഴ്ന്നിറങ്ങവേ   
 
മകനേ  എന്നുറക്കെ വിളിച്ചു കൊണ്ടാ രൂപം
നിലയില്ലാ ജലാശയത്തിൽ പതിച്ചു
ക്ഷണ നേരത്തു  നീന്തി തുഴഞ്ഞു
ഉണ്ണിയെ കാത്തിടുന്നു !!!  
 
നാഴികയനേകം കഴിഞ്ഞുപിന്നൊരാ
പൈതൽ പതിയെ കൺ തുറന്നമ്മയെ  തേടുന്നു  
പൊട്ടിക്കരഞ്ഞു തളർന്നോരു മുഖവുമായി
ഉണ്ണിക്കിടാവിനു ചാരെ അവൾ, പെറ്റമ്മ ..
അമ്മേ,എന്നോതി ആ ഉണ്ണി പറയുന്നു
 ഭ്രാന്തിയാണമ്മേ എന്നെ രക്ഷിച്ചത് !!! 
 
ഉണ്ണി തൻ വാക്ക് മുഴുകിപ്പിക്കാതമ്മ  മൊഴിഞ്ഞു
ഭ്രാന്തിയല്ല മകനെ അവൾ.....
തന്റെ പൊന്നുണ്ണിയെ  നഷ്ടമായതാൽ
മനംഉടഞ്ഞൊരു  പാവം " അമ്മ " ആണത്രേ അവൾ  !!!!
 

Srishti-2022   >>  Poem - Malayalam   >>  നിഴൽ 

Prasanth S 

Softland India Ltd

നിഴൽ 

                   ----------
നിഴലുമറിയാതെ കാവലാകുന്ന        
നിൻ രൂപമല്ലോ ജീവനായ്    
നിൻ രൂപമല്ലോ ജീവനായ്    
കാലം മായ്ച്ചു കോലവും മായ്ച്ചു         
എൻജീവ താളം മറഞ്ഞിരുന്നു         
എൻജീവ താളം മറഞ്ഞിരുന്നു          
ജീവിത യൗവ്വന കാല കാലാന്തരം
ലയ താള പഞ്ചമ കാല യെവനിയിൽ        
ജീവിതമാകുന്ന സുഖ: ദുഃഖങ്ങളെ കാലം യെവനിയിൽ മായ്ച്ചുകളഞ്ഞു കാലം യെവനിയിൽ മായ്ച്ചുകളഞ്ഞു        
ഇത്രയും നാളുകൾ നിനക്കുവേണ്ടി ജീവിതമത്രയും ജീവിച്ചു തീർത്തു         
ഇനിയുമെത്രയോ രാവുകൾ ബാക്കി ഇനിയുമെത്രയോ യാമങ്ങൾ ബാക്കി ഇനിയൊരു ജന്മം എനിക്കുതരൂ        
ഇനിയൊരു ജന്മം എനിക്കുതരൂ        
നിഴലുമറിയാതെ കാവലാകുന്ന        
നിൻ രൂപമല്ലോ ജീവനായ്
നിൻ രൂപമല്ലോ ജീവനായ്....
 

Srishti-2022   >>  Poem - Malayalam   >>  ലോക്ഡൗൺ

ലോക്ഡൗൺ

മിന്നി മറഞ്ഞീടും രാപ്പകൽ നേരവും
ഓടിയൊളിച്ചീടും ഘടികാര സൂചിയും
ക്ഷണികമാം ഒരു ദിനം മറഞ്ഞങ്ങ് പോയിടും.
വികൃതമാം രൂപത്തിൽ ഇരുളും വരെ
നിദ്രയിൽ മുങ്ങി കുളിച്ചിടും പകലുകൾ.
നിദ്രയില്ലാ പല ദിന രാത്രികൾ
എന്തിനോ ഏതിനോ എന്നെന്നറിയാതെ.
 
എന്നാലും ഒന്നിനും നേരമില്ല.
 

Srishti-2022   >>  Poem - Malayalam   >>  അസുരനായകന്മാർ

Prasad TJ

PIEDISTRICT

അസുരനായകന്മാർ

കലികാലത്തിന്റെ ഭാവനയിൽ
കൊമ്പുകുലുക്കി നാടുവിറപ്പിച്ച്
അലറിവിളിചു രണഭേരിമുഴക്കി,
മണ്ണിലിറങ്ങിയ അസുരന്മാരായ് അവർ,
 
തീപിടിച്ച ഇന്നലെകളിൽ
ഭയന്നുവിറച്ച ഓർമ്മകളിൽ
അവർ നുള്ളിയെടുത്ത കതിരുകൾ,
ചുട്ടുകരിച്ച ജന്മങ്ങൾ
ശിഥിലമാക്കിയ കുടുംബങ്ങൾ,
കളങ്കപ്പെടുത്തിയ സ്ത്രീരത്നങ്ങൾ
അടിച്ചമർത്തപ്പെട്ട വികാരങ്ങൾ,
ആത്മാവില്ലാത്ത അന്യഗ്രഹജീവികളെപ്പോലെ
അട്ടഹസിച്ച് അഹങ്കാരത്തിന്റെ അമാവാസികൾ
ആഘോഷമാക്കിയവർ,
 
 
കാലം മാറി, കഥ മാറി, കോലവും മാറി
ഇപ്പൾ ഇവർക്കും ആരാധകർ,
ഇവർ നായകന്മാരായി സിനിമകൾ വരുന്നു,
ചാനലുകളിൽ സംവദിക്കുന്നു
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു
പുതിയ കഥകളിൽ പുതിയ ചിന്തകളിൽ
ഇവർ ചരിത്രനായകന്മാർ
കലികാലത്തിന്റെ വിളയാട്ടമോ?
വിനാശത്തിഅസുരനായകന്മാർ
 
കലികാലത്തിന്റെ ഭാവനയിൽ
കൊമ്പുകുലുക്കി നാടുവിറപ്പിച്ച്
അലറിവിളിചു രണഭേരിമുഴക്കി,
മണ്ണിലിറങ്ങിയ അസുരന്മാരായ് അവർ,
 
തീപിടിച്ച ഇന്നലെകളിൽ
ഭയന്നുവിറച്ച ഓർമ്മകളിൽ
അവർ നുള്ളിയെടുത്ത കതിരുകൾ,
ചുട്ടുകരിച്ച ജന്മങ്ങൾ
ശിഥിലമാക്കിയ കുടുംബങ്ങൾ,
കളങ്കപ്പെടുത്തിയ സ്ത്രീരത്നങ്ങൾ
അടിച്ചമർത്തപ്പെട്ട വികാരങ്ങൾ,
ആത്മാവില്ലാത്ത അന്യഗ്രഹജീവികളെപ്പോലെ
അട്ടഹസിച്ച് അഹങ്കാരത്തിന്റെ അമാവാസികൾ
ആഘോഷമാക്കിയവർ,
 
 
കാലം മാറി, കഥ മാറി, കോലവും മാറി
ഇപ്പൾ ഇവർക്കും ആരാധകർ,
ഇവർ നായകന്മാരായി സിനിമകൾ വരുന്നു,
ചാനലുകളിൽ സംവദിക്കുന്നു
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു
പുതിയ കഥകളിൽ പുതിയ ചിന്തകളിൽ
ഇവർ ചരിത്രനായകന്മാർ
കലികാലത്തിന്റെ വിളയാട്ടമോ?
വിനാശത്തിന്റെ സൂചനകളോ?
ന്റെ സൂചനകളോ?
 

Srishti-2022   >>  Poem - Malayalam   >>  സൗഹാർദ്ദ സമർപ്പണം

സൗഹാർദ്ദ സമർപ്പണം

സൗഹാർദ്ദമേ നിന്നോളം ഹൃദയത്തിലൂറിയ  വാക്കില്ല എന്നിൽ...
നിന്നോളം ആത്മാവിൽ ലയിച്ച ഒരു വാക്കും വേറെയില്ല...
നിന്നോളം അഗ്നി ഉതിർക്കുന്ന ഒരു അവസാനവുമില്ലയെന്നിൽ...
നിന്നോളം നീ തന്നെ!
അത്രമാത്രം...
 
പ്രണയം, ഇടയ്ക്കിടെ താഴെ വീഴുന്ന-
പിച്ചള പാത്രം കണക്കെ വക്ക് കോടുമെങ്കിലോ.
സൗഹൃദം എന്നും പുഞ്ചിരിയാൽ പുതുമഴ പെയ്യിച്ചുകൊണ്ടേയിരിക്കും.
ആ പുതുമഴയിൽ ഊറുന്ന മധുര സ്മൃതിയിൽ,
അവൾ ഏകിയ മയിൽപ്പീലിത്തുണ്ട് മാനം കാണാതെ കാത്തു വെച്ചതും...
അവനോടു തല്ലുകൂടി കൈക്കുള്ളിൽ കുത്തി മുറിവേറ്റ് ചോര പൊടിയിച്ച കുപ്പിവള നുറുങ്ങുകളും....
അവരോടൊത്ത് മണ്ണപ്പം ചുട്ടതും മഴയിൽ കുളിച്ചതും ....
പിന്നെ, ഇത്തിരി കണ്ണീരിൻ നോവും...!
 
കലാലയ മുറ്റത്തെ തണൽ മരങ്ങൾ
അത്ര പ്രിയമായി മാറിയത് നിന്നിലൂടെയായിരുന്നു.
ഒരില ചോറിൽ നൂറു കൈകൾ വന്നിട്ടും, 
അതിൻ്റെ വറ്റാത്ത രുചി അറിയിച്ചിരുന്നതും നീ തന്നെ.
 
കരയിച്ച പ്രണയത്തേക്കാൾ എനിക്കേറെ പ്രിയം, കണ്ണീരാലും പൊട്ടിച്ചിരിക്കാൻ പഠിപ്പിച്ച സൗഹൃദ ചുരുളുകളാണ്.
 
സൗഹൃദം അത് വെറുമൊരു വാക്കല്ല...
ആത്മാർത്ഥതയിൽ  ജനിച്ച് , ജീവിച്ചു...
ഒരിക്കലും മരിക്കാത്ത നീരുറവ!
 

Srishti-2022   >>  Poem - Malayalam   >>  ഒരു നല്ല കൂട്ട് 

Sanvy Ancy John 

Allianz Technologies

ഒരു നല്ല കൂട്ട് 

മനസിലെ മായാ വർണങ്ങളിൽ എന്നും
മാരിവില്ലിനഴക് തീർക്കും ചില നിമിഷങ്ങൾ
അതിന് ദൈര്ക്യമെത്രയെന്നോ നാമറിയാതെ
ആ ഓളമതിൽ നാം നടന്നു നീങ്ങവേ 
കിനാക്കൾ നെയ്തു കൂട്ടീടും ഒന്നൊന്നായി 
കാണാ ലോകത്തെത്തീടും ഓരോ നിമിഷവും 
 
പൂവിന് ഇതളുകൾ ചേർന്നിരിക്കും ഭംഗിയാൽ 
പൂക്കാലമതു മെനയും നമ്മുടെ ഉള്ളിൽ 
അറിയുകയില്ല നാം ആ പൂവിൻ ഭംഗി
അകലെത്താകുമെന്നു ഒരു കാലമപ്പുറം
ഓരോ ഇതളായത് കൊഴിഞ്ഞു തുടങ്ങുമ്പോ
ഓർത്തു തുടങ്ങും നാം തനിച്ചായോ എന്ന്
 
മാറി വരും രാവും പകലും പോലെ
മാറി വരും ആ നല്ല കാലവും അപ്പോൾ 
മനസിലുയരും ഒരായിരം സമസ്യകൾ
മന്ദമായി തളർന്നീടും നമ്മിലെ ചിരിയും
ആ ചെറു നോവിലും പുഞ്ചിരിക്കാൻ നോക്കവേ
അഭിനയിച്ചു തുടങ്ങും നാം ജീവിതമപ്പോൾ 
 
തളർന്നീടുമാ മനസ്സിൽ തണലായി
തെല്ലൊന്നാശ്വാസമേകാനും കൂടണയാനും 
നാം പറയാതെ നമ്മെ അറിയുമൊരു തണൽ
നേരിന്റെ വഴിയേ നയിച്ചീടുവാനുമായി 
ഒരാൾ നമുക്കപ്പോഴുമുണ്ടെൽ അതാണ്
ഒരിക്കലും പിരിയാത്ത നമ്മുടെ കൂട്ട് ..
—----
 

Subscribe to Poem - Malayalam