Skip to main content
Srishti-2022   >>  Poem - Malayalam   >>  ഏലസ്സ്

ഏലസ്സ്

മരണം വിധിയെഴുതപ്പെട്ടിട്ടും,

കണക്കെടുപ്പുകാരന്റെ കണ്ണു വെട്ടിച്ച്

നില നിന്നു പോയൊരു ജന്മമായിരുന്നു ഞാൻ.

ഉള്ളു നീറിപ്പിടയുമ്പോഴും

കാരണം തിരിയാതെ പൊട്ടിക്കരഞ്ഞിരുന്നു ഞാൻ.

ഇവിടം എന്നിൽ നിന്നെത്രയോ

അകലെയാണെന്നു സ്വയം പഴി പറഞ്ഞിരുന്നു ഞാൻ.

'കണ്ണു പെട്ടു എന്റെ കുഞ്ഞിന്!'

എന്നോതി മൂവട്ടം ഉഴിഞ്ഞു കളഞ്ഞൊരു

മുത്തശ്ശിയുണ്ടിന്നും ഓർമകളിലെവിടെയോ.

മനസ്സു വേർപെട്ടു പോയൊരു

മരവിച്ച ഹൃദയത്തിന്റെ മിടിപ്പ്

എനിക്ക് ഉയർന്നു കേൾക്കാമായിരുന്നു.

ഭയമായിരുന്നു എനിക്ക്..

എന്നിലെ എന്നെ തുറന്നു കാട്ടുവാൻ.

ശ്വാസം മുട്ടി പിടയുന്ന എന്റെ മാറിൽ

ഏലസ്സുകൾ കോർത്തിട്ട് 

ആറിത്തണുക്കുന്നതും കാത്തിരുന്നു അവർ.

ഇന്നീ ആറടി മണ്ണിനടിയിൽ 

സ്വസ്ഥമായി ഉറങ്ങുമ്പോഴും

എനിക്കവരോടു വിളിച്ചു പറയണമെന്നുണ്ടായിരുന്നു,

വിഷാദരോഗത്തിനു രക്ഷകൾ മരുന്നാകില്ലെന്നു!

Srishti-2022   >>  Poem - Malayalam   >>  ആൺ ഗർഭം

ആൺ ഗർഭം

നിന്റെ സ്വപ്നങ്ങളുടെ ബീജം

എന്റെ ഉള്ളിൽ ഗർഭം ധരിക്കും

 

അതിൽ എന്റെ സ്വപ്നങ്ങളും ചേർത്തുവച്ച്

ആ  ഭ്രൂണത്തിനു ഞാൻ ജീവൻ കൊടുക്കും

 

സ്വപ്നങ്ങളുടെ ഭാരത്താൽ

ഗർഭ കാലം വർഷങ്ങൾ നീളാം

 

വേനലും വർഷവും ശിശിരവും കടന്നു പോകും

വെയിലും മഞ്ഞും മഴയുമേറ്റു അതു വളർന്നു തുടങ്ങും.

 

കാലങ്ങൾ കഴിയുമ്പോൾ, അങ്ങകലേ കാണുന്ന

വഴിയമ്പലത്തിൽ ഞാൻ പ്രസവിക്കും

 

എന്റെ സ്വപ്നങ്ങളോ നിന്റെ സ്വപ്നങ്ങളോ അല്ല

നമ്മുടെ സ്വപ്നങ്ങളെ ഞാൻ പ്രസവിക്കും

 

ഇനി നീ പറയുമോ... ആണായാതുകൊണ്ട്

പേറ്റുനോവ് എനിക്കറിയില്ലയെന്നു..

Srishti-2022   >>  Poem - Malayalam   >>  അപൂർവ്വരാഗം

Pooja Narayanan

UST Global

അപൂർവ്വരാഗം

ആരോ പാടുന്നു വീണ മീട്ടി

ഏതോ ഒരപൂർവ്വരാഗം

പാട്ടിനു കാതോർത്ത്

ഞാനുമിരുന്നു ഏകയായ്

എൻ ജാലകവാതിലിൽ…

 

നിശയുടെ നിശബ്ദതയിൽ

അലതല്ലുമാ രാഗം

എവിടെ നിന്നോ ...എവിടെ നിന്നോ?

 

മഴ തൻ ശ്രുതിയിൽ

പ്രകൃതി തൻ താളത്തിൽ

ഹൃദയത്തിൻ ഈണത്തിൽ

ഏതോ ഒരപൂർവ്വരാഗം…

 

അനുപമാരാഗം

എവിടെ നിന്നറിയില്ല

ഇന്നുമെനിക്കറിയില്ല

അതെൻ ഹൃദയത്തിൻ രാഗമോ?

 

പാട്ടിനു കാതോർത്ത്

വീണ്ടുമിരുന്നു ഞാൻ

ഏകയായ് എൻ ജാലകവാതിലിൽ…

Srishti-2022   >>  Poem - Malayalam   >>  നീയും ഞാനും

നീയും ഞാനും

ദൂശീലങ്ങളുടെ മഹാസാഗരത്തിൽനിന്നും
കൈ പിടിച്ചുയർത്തിയ നക്ഷത്രമേ......
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും
ജീവൻ തന്ന പൊൻതാരകമേ
നീ ഇല്ലാതെ ഒരു ദിനമില്ലെനിക്ക് .....
നീ തെളിയിച്ച തിരികൾ എൻ മനസ്സിൽ
വിളക്കായി മാറിയതുപോലെ ....
ഇല കൊഴിയിച്ച വേനലിനോട്
പൂക്കൾ മൗനമാകുന്നതുപോലെ........
നിൻ മൗനം ഒരു മധുരമായി മാറി
ഒരു വസന്തം വന്നെത്തിയപ്പോൾ
നിൻ കണ്ണുകളിലെ കൃഷ്ണമണിയായി മാറി
ജീവിതം നീന്തിത്തുടിക്കുന്നപോലെ..........
 ഭൂമിയിൽ നിന്റ ഒപ്പം ജീവിച്ചു
നിന്റ ഓര്മകളുള്ള ഒരു മനുഷ്യനായി..
ദേവലോകത്ത് എത്തിടുമ്പോൾ
വീണ്ടും കാണുക എന്നുണ്ടാവില്ല
ചുംബിച്ച ചുണ്ടുകൾക്ക് വിട ........................

Srishti-2022   >>  Poem - Malayalam   >>  ഒന്നു മരിക്കണമെനിക്ക്....!

ഒന്നു മരിക്കണമെനിക്ക്....!

ഒന്നു മരിക്കണമെനിക്ക് ,ഒരിക്കൽ കൂടി ജനിക്കുവാൻ ....

വിണ്ടു കീറാത്ത ഭൂമി തൻ മാറിൽ ,

അന്തമില്ലാത്തൊരാകാശക്കീഴിൽ,

ഒട്ടും ഭയക്കാതോരന്തിക്കു എല്ലാം മറന്നുറങ്ങുവാൻ

ഒരു പെണ്ണായി വീണ്ടും പിറക്കുവാൻ 

ഒന്ന് മരിക്കണമെനിക്ക് ....

 

 

ഒരു വാല്നക്ഷത്രമായച്ഛന്റെയുള്ളിൽ പിറക്കണം . 

ഒരു നൂലിഴത്തുമ്പിലൂടമ്മതൻ ചില്ലയിൽ ചേക്കേറണം . 

അച്ഛന്റെയുമ്മകൾ ഏറ്റുവാങ്ങി,

അമ്മത്തലോടലിൻ കുളിരിൽ മുങ്ങി,

ഉണ്ണിക്കിടാവായ് കുഞ്ഞിക്കുളത്തിൽ

ഉള്ളം നിറയുവോളം നീരാടണം .

 

ഒൻപതിനന്ത്യത്തിൽ കണ്മണി പൈതലായി

അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുണയണം .

താതന്റെ കൈവിരൽ തുമ്പൊരു താങ്ങായി

പിഞ്ചിളം പാദങ്ങൾ മണ്ണിനെ പുണരണം ..

കുഞ്ഞരി പല്ലുകൾ കൊഞ്ചല് കാട്ടുമ്പോൾ

ഉള്ളം നിറഞ്ഞമ്മ പുഞ്ചിരിക്കേണം ..

 

അമ്മയെ നന്മയായി ,അച്ഛനെ ഉണ്മയായി

ഒരു തുള്ളി ചോപ്പിനാൽ പൂക്കളം തീർക്കണം ...

നീലാകാശമേ ...നിന്റെ കൂടെ അന്തമില്ലാതെനിക്കും ഉയരണം .

ആഴിക്കുളിരേ....നിന്റെ ഉടലിനെ  ആവേശത്തോടെ പുണരണം.

 

"പെണ്ണാണ് നീ....,അരുതെന്നു" ചൊല്ലുന്ന നാവിനെ

ഒരു നോക്കിനാൽ നിശബ്ദമാക്കാൻ കരുത്തേകണം ..

"പെണ്ണേ ,ചിരിക്കരുത് ...കരയരുത് .....

അടക്കമായി ,ഒതുക്കമായി ,ആടാതെ ,കുഴയാതെ

ആണിനെ നോക്കാതെ , ആടകളുടയാതെ

നമ്രശിരസ്കയായി  നടന്നിടേണം  "

"കീറി പറിച്ചാലും, കൊത്തി വലിച്ചാലും

കണ്ണീരിനാൽ നീ കദനം മറക്കണം .."

 

കാലം പഠിപ്പിച്ച വാക്കിന്റെ മുനകളെ

കണ്ണകിയായി കത്തിച്ചു ചാമ്പലാക്കാൻ ..,

പാതിവ്രത്യം കൊതിച്ചൊരു പാവന  സീതയായി 

രാമനെ വേൽക്കാതെ ,ഭൂതലം പൂകാതെ പവിത്രയാകാൻ ...

ഉടയാടയഴിയാതെ നയനാഗ്നിയാൽ-പെണ്ണിന്റെ ഉടമയായി 

ഉടൽമൂടി ഉയിർകൊള്ളും പാഞ്ചാലിയായി മാറുവാൻ ......

 

കൂരിരുൾ മടകളിൽ കാമം കൊതിക്കുന്ന 

കാലന്റെ , - കാലനായി കുതികൊള്ളുവാൻ....,

കൊത്തിപ്പറിക്കുവാൻ , കത്തിച്ചൊടുക്കുവാൻ

കീറിമുറിക്കുവാൻ ,കാറിക്കടിക്കുവാൻ.... ,

കൗശലം മൂപ്പിച്ച  കണ്ണിൽ കനിവിന്റെ വിഷം പുരട്ടി-

യെന്റെ ഗാത്രം കൊതിക്കുന്ന നര ജന്മ -

മോഹങ്ങൾക്കിരയാകുവാതിരിക്കാൻ.....,

ഒന്ന് മരിക്കണമെനിക്ക് ......,

 

ഒരു പെണ്ണായി വീണ്ടും  പിറക്കണമെനിക്ക്  ....

ഈ ഭൂമിയെന്റെയെന്നുറക്കെ ചൊല്ലണമെനിക്ക് ...

മതിവരുവോളം  പാറി പറന്നു നടക്കണമെനിക്ക് .......

മകളായി ...പ്രിയതയായി ...ഭാര്യയായമ്മയായി 

ഒരു കുലം കാക്കുന്ന ദൈവമായി കൊതി തീരെ വരം തേടണമെനിക്ക് ...

 

ഒരു പെണ്ണായി വീണ്ടും  പിറക്കണമെനിക്ക് .......!!!!!!!!!!!!!!

 

Srishti-2022   >>  Poem - Malayalam   >>  ഈയൽ

SAHIL SANAVULLA

Triassic Solutions

ഈയൽ

പൊള്ളുന്ന വെയിലിന്റെ ഉള്ളം നിറയ്ക്കുവാൻ,

മണ്ണും മനവുമൊന്നായി നിനച്ചുവോ.

വർഷം വിഷണ്ണയായി നിലതെറ്റി വീഴുവാൻ,

പിശകുന്നുവോ തെല്ലു മടിയോടെയിന്ന്.

 

മണ്ണിൻ മണിമേടിൽ മാനവും നോക്കി,

മിഴിനീരു വറ്റിയിന്നൊരു ഈയലിരിക്കയായി.

തളിരിട്ട ചിറകുകൾ പതിയെ വിടർത്തിയിന്ന-

ലയുന്ന മേഘവും നോക്കിയിരിക്കയായ്.

 

കരയുന്ന ഭൂമിതൻ ഹൃദയം മുഴങ്ങുന്ന,

അരുതെന്ന വാക്യവും ആകെപ്പരക്കയായി.

പകലിന്റെ പകപോക്കൽ പതിയെ പടരുമ്പോൾ,

ഈയാംപാറ്റയും ഉരുകിയിരിക്കയായ്.

 

സായാഹ്ന സൂര്യന്റെ നയനം മറച്ചിന്ന്,

കാർമേഘശകലങ്ങൾ വീശിയടിച്ചിതോ.

തുരുതുരെ പൊഴിയുന്ന തെളിനീരു വീണിന്ന്,

മണ്ണിൻ മറയെങ്ങോ ഒഴുകി മറഞ്ഞുവോ.

 

അണപൊട്ടുമാവേശ ധ്വനിയും മുഴക്കിയി-

ന്നീയാംപാറ്റകൾ കൂട്ടമായി പാറിയോ.

നനവുള്ള കാറ്റിന്റെ കുളിരും പേറിയിന്ന-

വരോ വെളിച്ചവും തേടിപ്പറക്കയോ.

 

വരവും വിളിച്ചോതി ദുർഗന്ധവും ചൂടി,

അവരിന്നു തിരയുന്നതിരുളിൻ മോക്ഷമോ.

എരിയും വിളക്കിന്റെ നിറവും ബോധിച്ചു,

ചിലരിന്ന് അഗ്നിയിൽ ജീവൻ ത്യജിച്ചുവോ.

 

ചിറകും പൊഴിഞ്ഞിന്ന് ചലനവും മാത്രമായി,

ഓടിക്കിതച്ചുവോ ഒരു നോവ് മാത്രമായി.

ഗൗളിതൻ ചുംബന സുഖവും തേടിയിന്നു,

ചിലരോ തിരക്കിട്ടു ഭോജ്യമായി തീർന്നുവോ.

 

തിരപോലെ വന്നവർ തിരികെയും പോയതോ,

ഒരു നൂറു കനവിന്റെ നിറവും മറന്നിന്ന്.

അകലുമ്പോളവരിന്ന് മഴയെയും നോക്കി,

ചെറുനോവിൻ പുഞ്ചിരി തിരികെ മടക്കിയോ..

Srishti-2022   >>  Poem - Malayalam   >>  വേരോർമകൾ

Vineeth Krishnan

Infoblox

വേരോർമകൾ

വേരുകൾ തേടിപ്പോകരുത്;

വേരുകൾക്ക് മരണമില്ലത്രേ

 

അത് പടർന്ന് പടർന്ന് പാതാളത്തോളം ചെല്ലും 

പാതാളം താണ്ടിയത് ശൂന്യതയിലേക്കും കടക്കും

 

ജനിച്ചാലുടൻ വേര് മുറിച്ചു കൊള്ളുക

പ്രപഞ്ചത്തോളം പ്രായമുള്ളൊരറുപഴഞ്ചൻവേരിന്റെ ഇങ്ങേയറ്റമാണത്

 

ഇനിയൊരാവശ്യവുമില്ലാത്ത വെറുമൊരു പിടിവള്ളിക്കഷ്ണം

 

പഴയ ഓർമകളുണ്ടാവാനാണത്രേ

വയറ്റിൽ പ്രപഞ്ചത്തോളം ചെറിയൊരു പൊക്കിൾക്കൊടിച്ചുഴി

 

ചുഴിഞ്ഞു ചുഴിഞ്ഞു പോയാൽ

ആ പ്രപഞ്ചത്തോളം തന്നെ പഴയൊരോർമ ഭയപ്പെടുത്തും;

ആദിമവേരിന്റെ ഓർമ

 

പണ്ടൊരാൾ ആ വേര് -തേടിപ്പോയങ്ങേത്തലയോളം ചെന്നെത്തിയത്രേ!

ഓർമകളിലയാൾ ഭയപ്പെട്ടില്ലത്രേ!

 

പകരം പുഞ്ചിരിച്ചുകൊണ്ടേയിരുന്നു

 

ഭയപ്പെട്ടത് മുന്നിലുള്ള വലിയ ലോകമാണ്

ഭയമാകകൊണ്ട്തന്നെ ലോകമയാളെ ദൈവമെന്ന് വിളിച്ചു;

ബുദ്ധനെന്ന് വിളിച്ചു

 

അന്തമില്ലാത്ത ഓർമ്മകളുടെ വേരിന്റെ

രണ്ടറ്റവും കൂട്ടിക്കെട്ടിക്കൊണ്ടയാൾ പറഞ്ഞു ;

 

നോക്കൂ..,

ഈ ചക്രം

ഈ കാണുന്ന ധർമചക്രം,

ഇതാണ് സത്യം

ശുദ്ധം

ശൂന്യം

 

ഇതറിഞ്ഞവൻ ബുദ്ധൻ

ഇതറിഞ്ഞവൻ മാത്രം ബുദ്ധൻ

Srishti-2022   >>  Poem - Malayalam   >>  മയിൽപ്പീലി

Manukumar Madhusudhan

H&R Block

മയിൽപ്പീലി

പിന്നിലേക്ക് മാഞ്ഞു പോയ ബാല്യം എന്ന സുവർണ്ണകാലത്തെ മധുരതരമായ ഓർമ്മകളിൽ ഇന്നും മായാതെ തിളക്കമാർന്നു നിലനിൽക്കുന്ന ഒന്ന്. പ്രസവിച്ചു  കുട്ടിയുണ്ടാവുന്നതും കത്ത് ഏതോ പഴയ പുസ്തകത്താളിനുള്ളിലോ അല്ലെങ്കിൽ ചിലരുടെ ഹൃദയത്തിനുള്ളിൽ തന്നെയോ  മാനം കാണാതെ വെളിച്ചം തട്ടാതെ  ഇപ്പോഴും വീർപ്പുമുട്ടി ഇരിക്കുന്നുണ്ടാവും ഒരുപാടു ഓർമ്മകളുടെ ഒരു നനുത്ത ഭൂതകാല കുളിരുപോലെ എക്കാലവും.

 

കൊതിയേറെ തോന്നിയ ബാല്യത്തിലെപ്പൊഴോ

സൂക്ഷിച്ചുവച്ചൊരു ഓർമ്മതൻ ശേഷിപ്പ്

 

ഇരുട്ടിൻറെ മറവിൽ വിരിയുന്നതും കത്ത്

കാലമേറെ പാർത്തു കാവലാളായി ഞാൻ

 

തന്നവളോടുള്ള സ്നേഹമാണോ അതോ

കുതുകിയാം മനസ്സിന്റെ തോന്നലാണോ

 

എന്തിനെന്നറിയില്ല കാത്തുസൂക്ഷിച്ചത്

ഇന്നും തുടരുന്നു ഓർമ്മകൾ മാത്രമായി

 

വിലയേറെ ഉള്ളവ പലതും ലഭിക്കിലും

ഇതിനോളമെത്തില്ല അവയൊന്നുമൊരിക്കലും

 

ലാഭനഷ്ടങ്ങൾ തൻ കണക്കു പുസ്തകത്തിൽ

എഴുതേണ്ടതെവിടെയെന്നറിയാതെ ഉഴറുന്നു

 

പലവട്ടം പതറിയ മനസ്സിനു തുണയായി

പതിയെ വിരിഞ്ഞു നീ പലവേളയെന്നുള്ളിൽ

 

പാതിര സ്വപ്നത്തിൽ എന്നും വിടർന്നു നീ

പുഞ്ചിരി തൂകി കൊതിപ്പിച്ചു ജീവിക്കാൻ

 

വെറുതെയായില്ല സൂക്ഷിച്ചതരുമയായി

സുഖമുള്ള നോവാം നിൻ  ചെറു രൂപത്തെ

 

ബാക്കിയായി ഉള്ളത്തിലുതിരുന്നതൊരു ചോദ്യം

ഇന്നും ഞാൻ സ്നേഹിപ്പവതവളെയോ നിന്നെയോ ?

Srishti-2022   >>  Poem - Malayalam   >>  തപാൽക്കവിത

Sreejamol N.S

UST Global

തപാൽക്കവിത

മേൽവിലാസക്കാരനില്ലാത്തതിനാൽ
എന്നുമെന്നും
എന്നിലേയ്ക്ക്  തന്നെ
മടങ്ങിയെത്തുന്നൊരു കത്താണ്  ഞാൻ.

തുരുമ്പു മണക്കുന്ന തപാൽപ്പെട്ടിയുടെ
ഇത്തിരി വെളിച്ചത്തിൽ നിന്ന്
കാടിറങ്ങി
മലയിറങ്ങി
പുഴ കടന്നു
മഴ നനഞ്ഞോ
വിയർത്തൊലിച്ചോ
ആയാസപ്പെട്ട്‌ നടന്നോ
സൈക്കിളിലേറിയോ
സഞ്ചിക്കുള്ളിൽ ഞെങ്ങി ഞെരുങ്ങിയും
കക്ഷത്തിലടുക്കി പിടിച്ചും
പല താളത്തിൽ
തെളിഞ്ഞും മാഞ്ഞും
നെഞ്ചിൽ പതിക്കുന്ന മുദ്രകൾ

എത്ര ഇടങ്ങളിങ്ങനെ കടക്കണം
കാത്തിരിക്കുന്നൊരു
കൈകളിലെത്തിച്ചേരാൻ
വരും വരുമെന്ന് കാത്തു കുഴഞ്ഞോ
വന്നില്ലെങ്കിൽ എനിക്കെന്തെന്ന ഭാവത്തിൽ
വായനാമുറിയിലേതോ വരികളിലുടക്കിയ നാട്യത്തിലോ
എങ്ങനെയാവും എങ്ങനെയാവും?

എഴുത്തുപലകയിലോ
തലയിണയിലോ
എവിടെ  വച്ചാവും
ആദ്യാവസാനം കൊതിയോടെ
വായിച്ചു തീർക്കുക
ആവർത്തിച്ചാവർത്തിച്ചു
വായിച്ചുറപ്പിക്കുക
വിയർത്ത ഉള്ളംകയ്യും
അറിയാതെ നിറഞ്ഞ കണ്ണും
വാക്കുകളെ കൂട്ടിക്കലർത്തി
ഭൂപടം വരച്ചു പഠിക്കുക
നീണ്ട ഇടവേളകളില്ലാതെ
വീണ്ടും വീണ്ടും സ്വന്തമാക്കുക .

സ്വപ്നവേഗങ്ങളിലങ്ങനെ  പാറിപ്പറക്കെ
പതിവ് പോലെ
മടങ്ങിയെത്തിയിട്ടുണ്ട് ഞാൻ
എന്നിലേയ്ക്ക് തന്നെ .

Srishti-2022   >>  Poem - Malayalam   >>  കിനാവ്

കിനാവ്

അന്നും തുടക്കം ഒരു ചിരിയിലായിരുന്നു

 എന്നെ നോക്കി ചിരിച്ചത് ആ കണ്ണുകളായിരുന്നു;  

 

പിന്നീടാച്ചിരി ചിരി വാക്കുകളിലേക്കുള്ള വഴിയായിമാറി

അലഞ്ഞു പറന്നു നടന്ന വാക്കുകളൊക്കെയും

 പറഞ്ഞുതീരാത്ത കഥകളായി നമുക്കിടയിൽ ഒളിച്ചു കളിച്ചു .  

ആ കഥകളുടെ മണമാണ്-ഈ മുറി നിറയെ;

ഓര്മകളിലേക്കുള്ള ഊടുവഴികളാണ്.

 

താങ്കളിൽ നിന്ന് നിങ്ങളിലേക്കും-

താനിലേക്കും പിന്നെ നീയിലേക്കും;

അതിനോക്കെയും ശേഷം വളർന്നു

വളർന്നു സ്വയം ചുരുങ്ങി ചുരുങ്ങി

നമ്മളൊന്നായതിന്ടെ എന്റെ ആകാശവും നിറങ്ങളും നമ്മുടേതായതിന്ടെ  ഓർമ്മകൾ .

 

എഴുതി തീരാത്ത വാരിയയും

കേട്ട് മതിവരാത്ത കഥയായും

 

നമ്മളെവിടേക്കൊക്കെയോ ഒഴുകി നടക്കുമ്പോൾ

ഈ ഇരുണ്ട മുറിയിലെ തണുത്ത ചുവരുകൾ

വീണ്ടും വീണ്ടുംതേടുന്നത് ആ കഥകളെയാണ്.

നമ്മളറിയാതെ നമ്മളെ അറിയാതെ.

 

ഈ ചുവരുകൾ പറയുന്നതൊന്നും 

ഇന്ന് നമുക്ക് കേൾക്കാതായിരിക്കുന്നു

 

അവരുടെ കാത്തിരിപ്പ് നമ്മളറിയതായിരിക്കുന്നു

 

ചിലപ്പോൾ  മനസ്സിലെ  കല്ലറയുടെ ജീർണിച്ച-

ചുവരുക്കൾക് എല്ലാം വ്യക്തമാകുന്നുണ്ടായിരിക്കാം

 

ഓടി ഓടി ഓർമകൾക്കും പിന്നിലേക്ക് നമ്മളകന്നത് 

സ്വാതന്ത്ര്യത്തിനു വർണ്ണച്ചിറകുകൾ നൽകാനാണെന്നു അവരറിയുന്നില്ലല്ലോ.

Srishti-2022   >>  Poem - Malayalam   >>  അമ്മയുടെ തേങ്ങൽ......

Reji Thomas Mathew

Tech Masters

അമ്മയുടെ തേങ്ങൽ......

അമ്മയുടെ നെഞ്ചിൽ ചവിട്ടി നിന്നുകൊണ്ട് അവർ ആർത്തലച്ചു.. 

ഈ മല നാളെ വീടുകളാകും; 

ഇവിടം ഒരു ഷോപ്പിംഗ് കോംപ്ലക്സ് ആവും.. 

വെട്ടി നിരത്തി പാടങ്ങൾ... 

വെട്ടി നിറച്ചു തടഞ്ഞൂ നീർചാലുകൾ... 

വിറ്റു തീർത്തു നല്ലയിടങ്ങൾ...

കീശ വീർത്തു ഭൂമാഫിയകൾ തൻ....

ഭൂമി ദേവിയെ വെട്ടി വിറ്റു,

പിതൃസ്വത്തുക്കൾ പങ്കുവെക്കും പോലെ....

ഓർത്തില്ല ആരും വരാനുള്ളൊരു വിപത്തിനെ...

മനപ്പൂർവം വിസ്മരിച്ചു വരും തലമുറയെ...

അമ്മയുടെ മനസ് നൊന്തു പിടഞ്ഞു കേണു...

ആ മാതൃ ശരീരം വിലപിച്ചു..

കണ്ണുകൾ നിറഞ്ഞൊഴുകി..

അശ്രുബാഷ്പം തൻ സാഗരത്തിൽ വീണു...

ഭയന്നില്ല ആ വലിയ കോംപ്ലക്സ്ഉടമകൾ.... 

ഭൂമാഫിയകൾ വിറച്ചില്ല .. പക്ഷെ വിറച്ചു പാവം ജനം.. 

ഭൂമി ദേവീ കോപിച്ചതോ എന്ന ഗദ്ഗദവും 

മതഭ്രാന്തന്മാർ ചൊല്ലി ദൈവ കോപം ...

ഭൂമിയും ദൈവവും ഒന്ന് തന്നെ സോദരാ....

താങ്ങുവാനാവില്ല നിനക്ക് അവയുടെ കോപവും ... കോപമല്ലിത് രോദനമാണ്.. നിന്റെ അമ്മയുടെ തേങ്ങൽ....

അതെ സോദരാ നിന്റെ പൊന്നമ്മയുടെ..

നിന്റെ പെറ്റമ്മയുടെ ..

നിന്നെ താങ്ങുന്നഭൂമി ദേവിയാം നിൻ അമ്മയുടെ തേങ്ങൽ......

Srishti-2022   >>  Poem - Malayalam   >>  ജരാനര

വിഷ്ണുരാജ് ആർ

SRS Global Technologies Pvt Ltd

ജരാനര

ഒരു പിടി ഓർമ്മതൻ നിറമുള്ള ലോകത്ത്
ചിറകു വിടർത്തിപ്പറന്ന നാളും
മാനത്തുമഴകിന്റെ മാരിവിൽ ശോഭതൻ
വർണം മനസ്സിൽ വിടർന്നകാലം
അറിയാൻ ശ്രമിച്ചില്ല ആരും പറഞ്ഞില്ല
വരുവാൻ ഒരുങ്ങുന്ന ശിഷ്ടകാലം
പടികടന്നെത്തും നമുക്കുമാക്കാലം
തടുക്കുവാനാകില്ല എന്നും നിരീച്ചില്ല
തുടിക്കും യുവത്വം മനസ്സിനു ചിറകേകി
അറിയാതലഞ്ഞു പല ദേശങ്ങളും
നേരിൻ നിറങ്ങളും കനിവിൻ കരങ്ങളും
ചിത്തത്തിനുള്ളിലായ് ചിതലരിച്ചു
എവിടെയോ മറന്നു ഞാൻ എൻ ബാല്യവും
അമ്മതൻ ലാളന മൊഴിച്ചിരികളും
അന്ധകാരപുക ആഴത്തിലായ് അതി-
വ്യർത്ഥമാം ചിന്തകൾ ചക്ഷുസ്സിലായ്
തിരിച്ചു പിടിക്കുവാൻ ആകില്ല
ഇന്നെനിക്കാനാളുകൾ പ്രിയചിന്തകളും
അറിയുന്നു ഞാനിന്ന് എൻ ബാഹ്യ
ജരാനരകളിൽ നഷ്ടപ്പെടുത്തിയ എൻ നന്മകൾ
ഇന്ന് ഈ ജരാനര നിനക്കുനൽകുന്നിതാ
മരണമേ പുണരൂ നീ ഈ മാറിടം


 

Srishti-2022   >>  Poem - Malayalam   >>  ഓര്‍മകളുടെ ഹെര്‍ബെറിയം

ഓര്‍മകളുടെ ഹെര്‍ബെറിയം

വരണ്ട  ഓര്‍മകളില്‍ ഈര്‍പ്പം  തിരയുന്നത്

പാഴ് വേല ആണെങ്കിലും

ചെറു നനവില്‍ നിന്ന് മുളപ്പിച്ച് എടുക്കാം

മുന്തിരി വള്ളികള്‍ .

പരതിനോക്കി തളരുമ്പോള്‍ മടുക്കില്ല

പാതിരാവ് ആണെങ്കിലും

ഇരിട്ടിലും തിരിച്ചറിയാം

സ്പന്ദിക്കുന്ന അസ്ഥികള്‍

പ്രണയത്തിന്‍റെ വിത്തിന് ഈര്‍പ്പം കാണും

പെട്ടെന്ന് മുളക്കും

നിരാശയുടെ വിത്തിനു ചെറു ചൂട്

ആറുമ്പോള്‍ പൊട്ടും

കുന്നുകൂട്ടി ഇട്ടിരിക്കുന്ന വിത്തുകള്‍

പലതും മുളക്കില്ല

ജന്നലിലൂടെ നോക്കുമ്പോള്‍ കാണാം

ഉറുമ്പുകള്‍ ചുമന്നു കൊണ്ടുപോകുന്നത്

അപസ്മാരം പിടിച്ച സ്മരണകളുടെ

മരിക്കാത്ത യാത്ര

Srishti-2022   >>  Poem - Malayalam   >>  മാനിഷാദ

Jisha T Lakshmi

Quest Global Technopark

മാനിഷാദ

കലികാലമോ ഇത്

എവിടെയും ദീനരോദനങ്ങൾ 

ഒരു ചാൺ കയറിൽ തൂങ്ങിയാടുന്നു

പിഞ്ചു ബാല്യങ്ങൾ

ചിറകറ്റ ശലഭമായവൾ പിടഞ്ഞു

വീണപ്പോഴും കൊതിച്ചതല്ലേ

നിറമാർന്നൊരു നാളേയ്ക്കായ്

എവിടെയും കഴുക കണ്ണുകൾ

ഇനിയൊരു നിർഭയ അത് നീയോ ഞാനോ

ഭയക്കുന്ന നിയമങ്ങൾ വരട്ടെ

ജ്വലിക്കട്ടെ ഓരോ കണ്ണുകളും

പറക്കട്ടെ ഓരോ ശലഭവും

ഉണരട്ടെ നീതികൂടവും

അറിയട്ടെ അവളുടെ ഗർജനം

വിറയ്ക്കട്ടെ ഓരോ കാപാലികനും 

തണലേകട്ടെ ഓരോ മനവും

അഴിയട്ടെ ഓരോ പൊയ്യ് മുഖങ്ങളും

ആരവമുയരട്ടെ അവൾക്കായ്

ചലിക്കട്ടെ ഓരോ തൂലികയും

ഒരുങ്ങട്ടെ അഗ്നിശയ്യകൾ

ഹനിക്കട്ടെ ഓരോ ഗോവിന്ദ ചാമിയെയും

വരട്ടെ ഓരോ പെൺകൊടിക്കും 

കാവലായ് ഒരു സമൂഹം

Srishti-2022   >>  Poem - Malayalam   >>  അവൾ  അശുദ്ധയത്രേ

Dr. Anjana P Das

Tata Elxsi

അവൾ  അശുദ്ധയത്രേ

അവളോടൊപ്പം  കളിപ്പാട്ടങ്ങൾ പങ്കിടാം 

അവളോടൊപ്പം  പാഠങ്ങൾ പഠിക്കാം 

അവളോടൊപ്പം പാട്ടുകൾ പാടാം 

അവളുടെ അമ്മിഞ്ഞപ്പാൽ നുണഞ്ഞു കുടിക്കാം 

അവളുടെ മടിയിൽ ചാഞ്ഞുറങ്ങാം 

അവൾ കോപ്പുകൂട്ടിയതു പങ്കിടാം 

അവൾ വെച്ചു വിളമ്പുന്നത് ഉണ്ണാം 

അവൾക്കൊപ്പം വേലയ്ക്കു പോകാം 

അവളെ വേളി കഴിച്ചീടാം 

അവളോടൊപ്പം രമിക്കാം രസിക്കാം 

അവളുടെ തലോടലിനായി തോളിൽ ചാരം 

അവളെന്നോരാശ്രയവും  അവനു വേണം 

അവളെ  അമ്മയെന്നും പെങ്ങളെന്നും ഭാര്യയെന്നും മകളെന്നും വിളിക്കാം 

അവളെകൂട്ടി  ക്ഷേത്രദർശനം  പാടില്ലത്രേ 

അവൾ ആർത്തവ രക്തത്താൽ അശുദ്ധയത്രേ !!!

 

Srishti-2022   >>  Poem - Malayalam   >>  ഒറ്റ

Sarija Sivakumar

Navigant

ഒറ്റ

തിരിച്ചു പോക്കുകളില്ലാത്ത

 യാത്രകളാണെനിക്കിഷ്ടം

കാരണം തിരിച്ചു ചെല്ലുന്നിടം

അറിയാത്തവിധം മാറിപ്പോയിരിക്കും

ഓർമ്മകളധികപ്പറ്റുകളായ്

അസ്വസ്ഥതപ്പെടുത്തും

സ്വന്തമായിരുന്നയിടങ്ങളിൽ

അന്യനെപ്പോലെ പകച്ചുനിൽക്കും

ഒറ്റയായിത്തീർന്നൊരാത്മാവ്

ഒടുവിൽ തിരിച്ച് വഴികളില്ലാത്ത

യാത്രയിലേക്ക് ഇറങ്ങിപ്പോകും.

Srishti-2022   >>  Poem - Malayalam   >>  അമ്മ നാമം

അമ്മ നാമം

പൊഴിഞ്ഞു വീഴും നിലാവിൽ കുളിക്കുമാ ,

ഉമ്മറത്തിണ്ണയിൽ കൊളുത്തി വച്ചിരിക്കുന്ന ,

സന്ധ്യാദീപം ചാഞ്ഞും ചെരിഞ്ഞും ഇടയ്ക്കിടെ,

ഒരു നോട്ടമെന്റെ പിന്നാമ്പുറം വരെ ...

 

എന്തെന്നാൽ ,

സൂര്യനെത്തി ജോലി തീർത്തു മടങ്ങി ഏറെ ആയിട്ടും,

ഒപ്പം ഉണർന്നൊരെൻ അമ്മയിന്നും അവിടെ,

കരിവീണ പാത്രങ്ങൾ കഴുകി അതിലൊരു,

നിലാവിന്റെ പ്രതിബിംബം തെളിഞ്ഞ മുഖവുമായ് ,

വന്നെത്താൻ വൈകുന്നത് തേടുന്നതാകയാം ...

 

എന്തെന്നാൽ ,

ദീപതിനണയുവാൻ ആകുമോ ദിനം,

സന്ധ്യയിൽ പൂമുഖത്തു ഐശ്വര്യം ഒരുക്കാതെ,

'അമ്മ തൻ തിരുനാമ കീർത്തനം കേൾക്കാതെ,

ആ പൂ വിരൽ തുമ്പിൻ തലോടലിനാൽ അല്ലാതെ ....

Srishti-2022   >>  Poem - Malayalam   >>  കുട്ടിക്കാലം

കുട്ടിക്കാലം

ഉമ്മറപ്പടിയിലിരുന്ന് ഓർത്തിരിക്കെ 

എൻ ഉന്മാദമാം കുട്ടിക്കാലം ......

യൗവനകാല ഓർമകളിൽ വാർദ്ധക്യം 

വെറുമൊരു കാലം മാത്രം .......

 

ഉണ്ണിയായിയിരിക്കെ അമ്മതൻ 

കൈകളാൽ ഉള്ള മൃതു സ്പർശവും 

വാത്സല്യവും ചുടുചുംബനവും 

എൻ ഓർമകളിൽ നിറയുന്നു 

ഒരു സുന്ദര സ്വപ്നംപോൽ ......

 

പിതാവുതൻ വിയോഗ വേളയിൽ 

പൊട്ടികരഞ്ഞു എൻ അമ്മ 

നെഞ്ചോടു ചേർത്തു പിടിച്ചു 

എന്നെ താങ്ങി നിർത്തി .......

 

പത്താംതരം പഠിക്കേ പന്ത് കളി കഴിഞ്ഞു 

വീട്ടിൽ എത്തവേ .....

അമ്മതൻ ശകാരവാക്കുകൾ 

എൻ കാതുകളിൽ മുഴങ്ങുന്നു 

ഒരിടിമുഴക്കം പോൽ .......

 

അമ്മതൻ സ്നേഹനയനങ്ങൾ 

എൻ ഓർമയിൽ നിറയുന്നു 

എന്നും എന്നും .......

 

കൂട്ടുകാരുമൊത്തു 

കളിച്ചു നടന്നൊരുകാലം 

എൻ ഓർമയിൽ നിറയുന്നു 

എന്നും എന്നും........

തിരിച്ചു കിട്ടുമോ ആ 

സുന്ദരസുദിനങ്ങൾ 

എൻ ആയുസ്സിൽ 

മറന്നിടത്തൊരു സുദിനങ്ങൾ......

Srishti-2022   >>  Poem - Malayalam   >>  സ്നേഹസമ്മാനം

സ്നേഹസമ്മാനം

ഇരുകരകളെ മുഖമുദ്രയാക്കിനാം

ഇരുപ്പുറപ്പിച്ചു പാറകൾ പോലവെ ,

അരണ്ട വെട്ടം കാട്ടിയ ദീപങ്ങൾ

അങ്ങകലെയായ് കൺ ചിമ്മി നിൽക്കവെ,

പതിയെ കൊക്കനക്കുവാൻ തുടങ്ങിയെൻ

കണ്ഠമാo പക്ഷിയെ പിടിച്ചുകെട്ടിയാൾ

വെളിച്ചം  പകർന്നെത്തി .

നേർത്ത ദീപത്തിൻ നൃത്ത ലഹരിയിൽ

ഒരു പുഞ്ചിരിയാൽ ശോഭിച്ചു നിൻ മുഖം .

എതിർ ദിശകളിൽ ഉറ്റുനോക്കുന്നു നാം

ഇരുകരകളിൻ സമദൂര യാത്രികർ

ഒറ്റവാക്കിനായ് കിണയുന്നു കണ്ഠങ്ങൾ

ആദ്യമായാരു ചൊല്ലേണ്ടതെന്നുമെന്തെന്നും .

ഒന്നു നാം എന്നു മറ്റുള്ളോർ നിനക്കിലും

ഉള്ളിൽ നാം രണ്ടു നേർ രേഖകൾമാത്രമായ് .

അവളുടെ ശബ്ദത്തെ കാതോർത്തിരുന്ന -

പോൽ ,എൻ്റെ കണ്ഠവും പതിയെ പിടഞ്ഞെത്തി .

ഒന്നായിരുന്നു നാം പണ്ടെന്നോ പലനാൾകളിൽ

ഇന്നതൊരന്യന്റെ കൺകളിൽ മാത്രമായ് .

താലിച്ചരടിനാൽ ബന്ധിച്ച കൊണ്ടാവാം ,

നമ്മൾ തൻ  സൗഹൃദം മാറി  മറഞ്ഞുപോയ്

കളിക്കുട്ടുകാരായിരുന്നു നാം ബാല്യത്തിൽ

കൗമാര കാലത്തിൽ പ്രണയശലഭങ്ങളായ് നാം

കാലം തയ്യിച്ചിട്ട വിവാഹക്കോലം കെട്ടി നാം

ലോകം നേടിയെന്നാർത്തു പലപ്പോഴും

ഇന്നതോർക്കുമ്പോൾ വൻ തമാശയായ് ,

ബാല്യത്തിൽ ചുട്ട മണ്ണപ്പം പോലവെ

ഏറെ ആശിച്ചു നേടിയ കൊണ്ടാവാം

ഏറെ ദുഃഖം നാം പേറി പലപ്പോഴും

ഒന്നിച്ചിയാത്ര തുടങ്ങിയ നാം

ഇന്ന് ,ഇരു കരകളിൻ സഞ്ചാരികൾ മാത്രം .

അവസാനമായിപിരിയുന്ന നേരത്തീ

മിഴികളറിയാതെ നിറയുന്നതെന്തിനോ?

ഒരു പക്ഷെ നിന്നെ സ്നേഹിക്കയാലാവാം

ഏറെ സ്നേഹമായ് എന്റെയീ "സമ്മാനം "

Srishti-2022   >>  Poem - Malayalam   >>  കാട്ടുദൈവം

കാട്ടുദൈവം

കാടൊന്നളക്കണം , കാടിന്റെ മക്കളിൽ എണ്ണമെടുക്കണം .

കാടളന്ന്  ഇന്നെനിക്കതിര്‌  തീർക്കണം .

മഴവന്നു ഛായങ്ങൾ മാഞ്ഞുപോകും  പോലെന്റെ -

കാടിന്ന്  മാഞ്ഞു മറഞ്ഞുപോകേ ....

 

കാടറുത്ത്  പകുത്തവർ,

മഴുവെറിഞ്ഞു മരങ്ങളെ ഒളിഞ്ഞു മറിച്ചവരിവിടെ -

കെട്ടിടകോമരങ്ങൾ നാട്ടി നീളെ നീളെ , 

പിന്നതിൽ മേലെ മേലെ ...

 

കാടുമാന്തി, മലമാന്തിമാറ്റി 

മണ്ണിലെ  തെളിച്ചോലനീരൂറ്റി കുടിച്ചു.

അവനെന്റെ കാടിനെ കപടകൈയാമം വച്ചു .

 

കാട് നീങ്ങി, കാവ്  തീണ്ടിയവർ  നാടൊരുക്കി ,

പിന്നെ  നഗരമാക്കി .

 

മാളമില്ല പാമ്പുകൾ നാടുതേടി.

കാട്ടാനയും കടുവയും സിംഹവും 

നഗരിയുടെ മൃഗശാലകളിൽ -

ഗർജ്ജിച്ചു , മൗനമായി  നടിച്ചു .

 

കാടിന്റെ കറുത്ത  മക്കളെവിടെ ,

കാടിൻ കറുത്തതണലെവിടെ ?

കാടിൻ കറുത്തമണ്ണെവിടെ ?

കാടിന്റെ വെളുത്ത നീരെവിടെ ?

കാടിൻ കുളിരുന്ന നദിയെവിടെ , മരമെവിടെ ... കാടെവിടെ ?

 

നാടിനു ചുറ്റിലും കാടെന്നകാലം കൊഴിഞ്ഞു പോയി.

ഇന്നീശിഷ്ടകാടിന്  ചുറ്റിലും കെട്ടിടകമാനങ്ങൾ മാത്രം.

പണ്ടു കാട് നഗരത്തെ ചുറ്റിയിന്ന് -

നഗരം കാടിനെ ചുറ്റിപിണഞ്ഞുകേറി .

 

കാട്ടുദൈവങ്ങളെ വർണങ്ങൾപൂശി ,

അവർ നാട്ടുദൈവങ്ങളാക്കിടുന്നു.

കറുത്ത ദൈവങ്ങളെ പേരുമാറ്റി ,

ഉടയാടയാഭരണങ്ങൾ ചാർത്തി ,

നഗരിയുടെ ശീതികരിച്ചമുറിയിലേക്ക് പുനഃപ്രതിഷ്ഠിച്ചു.

ഞാൻ , അവരിനിയും അറിയാത്ത കാട്ടുദൈവം.

എന്നെ പേരുമാറ്റി ഉടയാടചാർത്തി,

കൊണ്ടുപോയിടും മുന്നേ കാടൊന്നളക്കണം.

ബാക്കി വച്ചൊരീ മണ്ണൊന്നളന്നു അതിരുതീർക്കണം

Subscribe to Poem - Malayalam