Skip to main content
Srishti-2022   >>  Poem - Malayalam   >>  ഞാൻ .......?!

ഞാൻ .......?!

ഞാൻ .......?!

ഈ രണ്ടക്ഷരത്തിലോ എന്റ്റേയും നിന്റ്റെയും ആത്മാവ് വസിക്കുന്നു.

ഈ രണ്ട് അക്ഷരങ്ങളുടെ അർത്ഥമറിയൽ തന്നെ ജീവിതമാകുമ്പോൾ ,

....?!

നിനക്കെങ്ങനെ എന്നേയും എനിക്കെങ്ങനെ നിന്നേയും തിരിച്ചറിയാൻ കഴിയും

.... ?!

Srishti-2022   >>  Poem - Malayalam   >>  പ്രത്യാശ

Akhila A R

Park Centre

പ്രത്യാശ

മറുനാട്ടില്‍ പിറവിയെടുത്തൊരു മഹാമാരിയാല്‍
ചൂടു ചുള്ളമേല്‍ മൃതദേഹങ്ങള്‍ വാരിയെറിയുന്നു നാം
എന്തിനീ ക്രൂരത മാംസപിണ്ഡത്തോടും
നാളെ നാമെയും ഇതിനാല്‍ നെരിപ്പോടാക്കിടും
 
ഓരോരോ ജീവനാംശത്തെയും കാര്‍ന്നു തിന്നും കവര്‍ന്നും
മനുഷ്യരില്‍ ജീവന്‍റെ പകുതിനാള്‍ വഴിയേ
ഉറ്റവരെയും ഉടയവരെയും  ഇല്ലാതാക്കിയ മഹാവിപത്തേ
നിന്നോളം വരില്ല മറ്റൊരു വിപത്തും 
 
നാടിന് നാശം വിതച്ച നിന്‍ ചെറുകണികകള്‍
അണുതെല്ലുവിടാതെ സ്പര്‍ശിച്ചു മാനവ കരങ്ങളില്‍
ചെറുതെന്നോ വലുതെന്നോ വേര്‍തിരിവില്ലാതെ
പ്രപഞ്ചത്തിലാകെ പടര്‍ന്നു പന്തലിച്ചുപോയി
 
പൊരുതുവാന്‍ കല്‍പ്പിച്ചൊരു കൂട്ടര്‍ വന്നു
മുന്നിലേക്കിറങ്ങി വൈറസ്സിന്‍ ചങ്ങല പൊട്ടിച്ചെറിയുവാന്‍
കരുതലും കാവലും നല്‍കിയവര്‍ മാനവ രക്ഷയ്ക്കായി
പാറിനടന്നു പല പല ദിക്കുകളിലായി
 
വാക്ചാതുര്യത്താല്‍ പ്രവര്‍ത്തിയാലവര്‍ നമ്മെ
അകലം പാലിക്കുവാന്‍ അനുനയം കാട്ടുവാന്‍
മുഖാവരണമണിഞ്ഞു നടക്കാന്‍ പ്രേരിപ്പിച്ചു
അതുമെല്ലെ ശീലമായി ജീവിത ശൈലിയായി
 
പലതരം ഭീതിയാല്‍ പിന്മാറി ഒരു കൂട്ടര്‍
ഒന്നിനേയും വകവെച്ചീടില്ലീ അവസ്ഥയില്‍
മരണം പടിവാതുക്കല്‍ കാത്തു നില്‍പ്പുണ്ടെന്നറിയാതെ
പോര്‍വിളികളുയര്‍ത്തി തമ്മില്‍ പരസ്പരം
 
കൂട്ടമായി വന്നവര്‍ ഓട്ടപ്രദക്ഷിണം
വീട്ടിലായി കൂട്ടിലടച്ചൊരു കിളിയെന്നപോല്‍
പതിനാലു ദിനങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ
പതിനാലു സംവല്‍ത്സങ്ങള്‍ കഴിഞ്ഞെന്നപോല്‍ തോന്നി
 
മുന്നോട്ടുപോകുമോരോ വഴിത്താരയില്‍
പ്രതീക്ഷതന്‍ പൂമഴ പെയ്തിരുന്നു
നേരിടാന്‍ ചങ്കൂറ്റ മുണ്ടെന്ന തോന്നലാല്‍
പ്രതിരോധ മരുന്നിന്‍റെ ആഗമനമായി
 
രണ്ടാം തരംഗവും മൂന്നാം തരംഗവും
ആകസ്മികമായി കടന്നു വന്നീടുകില്‍
പുതിയ വകഭേതത്തിന്‍ ഓമനപ്പേരുകള്‍
ചൊല്ലിപ്പടിപ്പതു പുതിമയായി മാറി
 
തോല്‍ക്കുവാന്‍ മനസില്ലാ പ്രാണന്‍ പിടയുമ്പോള്‍
നോക്കാന്‍ പരക്കെയാ മാലാഖ കാവലായ്
ഒറ്റയ്ക്ക് പോരാടും മനിതനീ ഭൂവിയില്‍
ഒരുമയാല്‍ നേരിടും കൊറോണ നാശത്തിനെ
 
ഇനിയൊരു വിപത്തിലെക്കിറങ്ങാതിരിക്കാം
മുന്നോട്ട് സുരക്ഷാ പ്രയാണം തുടങ്ങാം
കാലമേ നീ കാത്തു വയ്ക്കുമീ നല്ലൊരു നാളെക്കായ്
ഒത്തൊരുമിച്ചീ ജന്മത്തില്‍ നമുക്ക് പ്രത്യാശിക്കാം.
 

Srishti-2022   >>  Poem - Malayalam   >>  മുറ്റമില്ലാത്തവർ

Jyothish Kumar CS 

RM Education

മുറ്റമില്ലാത്തവർ

മുള്ളുകൾ പൂക്കുന്നൊരന്തിയിൽ
ചെമ്മണ്ണ് പാറുന്നൊരുച്ചയിൽ
അതുമല്ലെങ്കിൽ 
ഈറൻ ചോർന്നൊലിക്കും 
കർക്കിടക രാത്രിയൊന്നിൽ 
നമ്മിലൊരാൾ പോകും.
ഞാനാദ്യമെങ്കിൽ
ഈ ഇറയത്ത് മാന്തണം.
മണ്ണിട്ട് മൂടണം.
ചാണകം മെഴുകണം.
 
തിരി വേണ്ട. തരിയോളം
നിന്നു തിരിയാനിടം മതി...
 
നീയാദ്യമെങ്കിൽ
അടുക്കളച്ചുമർ പൊളിച്ച -
വിടെ കുഴിച്ചിടാം.
തണുക്കാതിരിക്കും 
കനലെരിച്ചൊരാ കൈയുകൾ
കനവെരിച്ചൊരാ കരളകം..
 
നമ്മളുള്ളിടത്തല്ലേ 
നമ്മളുണ്ടാവേണ്ടത്!
 
 

Srishti-2022   >>  Poem - Malayalam   >>  പൂട്ടിയടയ്ക്കപ്പെട്ടവന്റെ ഓണം 

Vishnulal Sudha

ENVESTNET

പൂട്ടിയടയ്ക്കപ്പെട്ടവന്റെ ഓണം 

ചെത്തി പൂത്തുലഞ്ഞു, വാടി 
 
യോട്ടിയെന്നുദരമായ് 
 
ചെമ്പകം കൊഴിഞ്ഞു, താണി 
 
തിന്നിതെൻ പ്രതീക്ഷപോൽ 
 
ഓർമ്മകൾ വിതുമ്പി, വിങ്ങി 
 
വർണ്ണവും വസന്തവും 
 
ചോരയിൽ പുഴുക്കൾ, തിങ്ങി 
 
ചിന്തയിൽ ചിതലുകൾ 
 
 
ഓണമെന്നതോതി, തേടി 
 
ചാരെയെത്തി ചിങ്ങവും 
 
ചാരമില്ലാ ചേറു, നോക്കി 
 
ചേർന്നിരുന്നു മൂകമായ് 
 
കീശയിൽ പരതി, നേടി 
 
ഞാൻ നനയ്ച്ച നോവുകൾ 
 
രാത്രിയിൽ കിളിർത്തു, പൊന്തി 
 
ആർത്തി പൂണ്ട നാവുകൾ 
 
 
ആടയിൽ കൊരുത്തു, തൂങ്ങി 
 
ആടുവാൻ മുകുളവും 
 
മേലെ മൂടും കോടി, ചൂടി 
 
മോചനം കൊതിച്ചുപോയ്‌ 
 
ഇല്ല തോൽക്കുകില്ല, ഇന്നി 
 
പഞ്ഞവും കടന്നിടും 
 
കീടമൊക്കെ മാറി, മോടി 
 
കൂടി മന്നനെത്തിടും.
 

Srishti-2022   >>  Poem - Malayalam   >>  ഇനിയെന്തു  ബാക്കി ?

Rini A

UST

ഇനിയെന്തു  ബാക്കി ?

പിരിയാൻ വയ്യൊരുനാളുമീയുലകൊഴി-ഞ്ഞൊരുസ്വർഗ്ഗമെനിക്കുവേണ്ടാം 
ഉറങ്ങാമീ പതുമെത്തയിലെന്നും പടുലോകത്തിൻ കരിയിലിറങ്ങാതെ.
 
ഇലനീക്കി, നിലം നീക്കി, മണൽ നീക്കി, 
നിൻ കരിനീല- കൈയ്യെത്താത്തൊരാഴംവരെ,
പോകണമെനിക്കു ദൂരെ-
യൊരു കുമ്പിൾ സ്നേഹം മാത്രം ബാക്കിവെയ്ക്കണ-
മെനിക്കുള്ളിൽ
നാടും നിലവും നീയെടുത്തു കൊൾക,
മണ്ണും മനവും നീ വഹിച്ചുകൊൾക,
കാടും കുളിരും നീ കവർന്നുകൊൾക
കാറ്റും കടലും നീ കരിച്ചുകൊൾക
 
 പോകണമെനിക്കു ദൂരം, നീയെത്താ ദൂരം വരെ...
മനുഷ്യാ നീ കാണാ തീരം വരെ...
നീ വേരൂറ്റും മണ്ണിൽ ജനിച്ചാലിവിടെന്തു ബാക്കി ? ഇനിയെന്തു  ബാക്കി ?
 

Srishti-2022   >>  Poem - Malayalam   >>  ഹാങ്ങ് ഓവർ

ഹാങ്ങ് ഓവർ

കറുത്ത ദ്രാവകം കുതിർത്ത രാത്രിയിൽ
മനസ്സ് കോപ്പയിൽ മറിഞ്ഞ് വീഴവേ
മുളക് തേച്ച വാക്കുകൾ കൊണ്ട് നീ
കരുണയില്ലാതെ കരൾ വരഞ്ഞതും
 
പൊരിച്ച മാംസം കടിച്ചെടുക്കു മ്പോൾ
കരിഞ്ഞ മണം മനം തുളക്കു മ്പോൾ
നീല ദ്രാവകം നുണഞ്ഞു കൊണ്ട് നീ
കഴിഞ്ഞ ഓർമ്മകൾ വറുത്തെ ടുത്തതും
 
പതഞ്ഞു പൊങ്ങിയ പഴയ സൗഹൃദം
നുണയുവാൻ ഞാൻ കൊതിച്ചു നിൽക്കവേ
പീത പീയൂഷം പകർന്നു കൊണ്ട് നീ
തലച്ചോറിനെ പകുത്തെടു ത്തതും
 
ലഹരി തീണ്ടിയ വ്യഥിത മാനസം
കറ പുരട്ടിയ കപട സൗഹൃദം
വ്യർത്ഥമാം വാക്കുകൾക്കക്കരെ യിക്കരെ
അർത്ഥമറിയാതെ പതറി നിന്നതും
 
കുടിച്ച് വീർത്ത വ്യാളീമുഖം കാണവേ
പുകഞ്ഞു തീർന്ന ധൂമപത്രം പാറവേ
നനഞ്ഞു പോയ സ്നേഹ പ്രകടനം
തീൻ മേശയിൽ പടർന്നു വീണതും
 
മുനിഞ്ഞു കത്തിയ നിയോൺ വെളിച്ചം
മണിപ്പന്തലിൽ നിഴൽ പരത്തവേ
പുള്ളോൻ കളം നിറഞ്ഞാടവേ
പകച്ചു നിന്നു കരിവണ്ടുകൾ മൂളിയ
രാത്രിയെന്ന കരിപൂശിയ കമ്പളം
 
അടുത്ത ദിവസം ഉണർന്നെണീ ക്കവേ
കടുത്ത നോവുകൾ തല പിളർ ക്കവേ
വ്രണിത സ്മരണകൾ ചികഞ്ഞെ ടുത്തു നീ
പകർത്തിയെഴുതിയ ദുരിത നാടകം
വിസ്മരിക്കുവാൻ വിഷം തിരയവേ
ഭ്രാന്ത ചിന്തകൾ തുളുമ്പി നിന്നൊരാ
സ്ഫടിക ഭാജനം ഒഴിഞ്ഞിരിക്കുന്നു
 

Srishti-2022   >>  Poem - Malayalam   >>  കാത്തിരിപ്പ് 

Shilpa T A

Lanware Solutions

കാത്തിരിപ്പ് 

മഞ്ഞു പെയ്തൊരു പുലർകാലാകാശത്തിന്നു കീഴേ
ഭൂമികാടുംപുതച്ചുറങ്ങയായി.
നിറമുള്ള ഒരു സ്വപ്നത്തിൻ കാറ്റ് വീശി 
ധരണി ഗാഢനിദ്ര പുൽകി.
കാടുകൾ വെട്ടിത്തളിച്ചു ചിലരവർതൻ 
സ്വാർത്ഥ താത്പര്യമാഘോഷിച്ചു.
സുഖശീതള നിദ്രയിലായൊരു ധരിത്രിതൻ 
നിദ്രാ ഭംഗമന്നേരം സംഭവിച്ചു.
തണുത്തുറഞ്ഞുമരവിച്ച ഭൂമിക്കു 
പിന്നെയുറങ്ങാൻ കഴിഞ്ഞതില്ല.
തിരിഞ്ഞും ചരിഞ്ഞുമസ്വസ്ഥതയോടെ 
ഉറങ്ങാൻ കഴിയാതെ തരിച്ചനേരം,
തന്നിലായമരുന്ന മൺവെട്ടിതൻ മൂർച്ചയറിഞ്ഞുമന്നേരം 
പ്രതികരിക്കാനാവാതെയവളിരുന്നു.
കാലം തെറ്റി വെയിലും പിന്നെ നിർത്താതെ മഴയും
പിന്നെയുരുൾപൊട്ടലും വന്നണഞ്ഞു. 
വിപത്തുകളകന്നീല പതിനായിരങ്ങൾ തകർന്നടിഞ്ഞു.
സർവ്വനാശത്തിന്നും മുന്നേ 
തൻ്റെ സൃഷ്ടികൾക്കൊരു തവണ കൂടെ ധരിത്രി നൽകി.
എല്ലാമവസാനിച്ചെന്നോർത്ത് 
മലയും പുഴയും ശാന്തത വീണ്ടും കൈവരിക്കെ,
വിഡ്ഢിയാം മാനുഷൻ വീണ്ടുമിറങ്ങി 
തൻ ചുറ്റുപാടുകൾ മലിനമാക്കാൻ.
ബുദ്ധിമാനാണെന്ന ഭാവത്തിലവൻ 
വീണ്ടുമെല്ലാ പൊരുളുമപഹരിച്ചു.
സംഹാരരൂപിണിയായി പ്രകൃതി 
തൻ താണ്ഡവമാരംഭിച്ചു. 
സർവ്വം തകർത്തു സർവ്വസംഹാരത്തിലാറാടിയവൾ 
തന്നെ ശുദ്ധയാക്കി,
പുതുപുൽനാമ്പിനായ് കാലങ്ങളോളം കാത്തിരുന്നു.
 

Srishti-2022   >>  Poem - Malayalam   >>  വേഷം

Rugma M Nair

Ernst&Young

വേഷം

പലതുണ്ടു് വേഷങ്ങൾ അണിയുവാനാടുവാൻ
എന്നുമീ ഉലകമാം നാട്യരങ്ങിൽ.
പൈതലായി പെറ്റുവീണൊരന്നു തൊട്ടെന്നു,
മണ്ണിന്റെ മാറിലായ് ചേരുവോളം.
 
കൈകാൽ കുടഞ്ഞും കമിഴ്ന്നും മലർന്നും,
പാൽപ്പല്ല് കാട്ടി കുലുങ്ങി ചിരിച്ചും,
ഓമൽക്കുരുന്നിന്റ്റെ ലീലകൾ നെയ്യുമീ
വേഷമതീശ്വരതുല്യമതില്ലൊരുസംശയം.
 
വേലത്തരങ്ങളും  കൂട്ടുപിടിച്ചി-
ട്ടോടി നടക്കും പലവഴിയങിലായി,
തർക്കവും പോർക്കളുമുള്ളൊരു വേഷമുണ്ട-
ച്ഛന്റ്റെയുള്ളിലെ  അച്ഛനുണരുവാൻ.
 
പിന്നെയും പോകേ അണിയേണ്ടതായ് വരും
കേവലൻ, വിദ്യാകാംക്ഷകൻ, ഉത്തമൻ.
സഖിയായ്, സഖാവായ്, ഗുരുഭക്ത്യപൂർവ്വമായി,  
ആടുവാനുണ്ടെത്ര വർഷവും ശൈത്യവും.  
 
ചെല്ലേ ഒരുനാൾവരുമൊരാൾ കൂട്ടിനായ്,
പാണി ഗ്രഹിച്ചിടും, ചേർത്തു പിടിച്ചിടും.
താങ്ങായ്, തണലായ്, ദിനരാത്രങ്ങളൊക്കുമേ
പേറാനൊരു വേഷം, താണ്ടാൻ ഒരു കാതം
 
ഒരു ചെറു ജീവനെ തഴുകി വളർത്തി,
വേനൽ ചൂടിലും തണലായ്‌ കാത്തിട്ടാ-
തളിർ വളർന്നൊരു വന്മരമാകും  
വേഷം സൃഷ്ടാവിനു സമമ്മല്ലോ.
 
പൊയ്മുഖമണിയണം, നോവ് മറക്കണം,
ജീവിതമൊന്നേയുള്ളെന്നറിയണം.
വേഷമേതാകിലും ആടിത്തിമിർക്കണം
കാണും മുഖത്തൊരു പുഞ്ചിരി നൽകണം
 

Srishti-2022   >>  Poem - Malayalam   >>  അഹം

Jisha T Lakshmi

QuEST Global

അഹം

അഹമെന്ന ഭാവം ഇഹത്തിൽ വിളയാടാതിരിക്കാൻ  
ജിഹ്വയിൽ വികട സരസ്വതി വരാതിരിക്കണം 
ത്യജിക്കണം ഓരോ നരനും ഞാനെന്ന ഭാവം 
ധരണിയിൽ വിരിയുന്ന ഓരോ പൂവിതളിനും ചൊല്ലുവാനേറെയുണ്ട് അഹത്തിന് താപമേറ്റ പൊള്ളലുകൾ 
നികത്തുവാനാകാത്ത അപരാധങ്ങൾ ചെയ്യുമ്പോൾ 
ഓരോ നരനിലും ജ്വലിക്കുന്നു അഹമെന്ന ഭാവം
തിരുത്തുവാനാകാത്ത പാപ 
ഭാണ്ഡവുമേന്തി അലയുന്ന്‌  അഹത്തിന് തേരിലേറിയവർ 
നിനക്കുമെനിക്കുമുണ്ട് അഹത്തിന് നിഴൽ ഏറിയ നാളുകൾ 
നീയോ ഞാനോ മുക്തരായിട്ടില്ല അഹത്തിന്
  ബന്ധനത്തിൽ നിന്നും 
ഇനിയുമേത് ഗംഗയിൽ മുങ്ങണം അഹത്തിൻ നിഴൽ നീങ്ങുവാൻ
തമസാൽ പാതി വഴിയിൽ  നിന്ന് പോയ ഓരോ പഥികനെയും ഉണർത്തു അഹമെന്ന വിപത്തിൽ നിന്നും
 

Srishti-2022   >>  Poem - Malayalam   >>  ഒരു കാറ്റു പറഞ്ഞത്....

George Philip Manamel

UST Global

ഒരു കാറ്റു പറഞ്ഞത്....

പുലരൊളികരതീർത്ത പൊന്നാഭയിൽ മുങ്ങി

വേളിക്കൊരുങ്ങിയുണർന്നിളം കാറ്റവൾ

മഞ്ഞിൻ മറക്കൂട്ടിലൊളിഞ്ഞും തെളിഞ്ഞും  

വെയിൽ കാഞ്ഞുലഞ്ഞൊരീ പൂമരക്കൊമ്പിലെ

സ്നിഗ്ധമാമിത്തിരി സുഗന്ധം കവർന്നും

 

ഇലച്ചാർത്തിലൂർന്നോരീ മഞ്ഞിൻകണങ്ങളിൽ

ഇക്കിളിതീർത്തുകുലുങ്ങിപ്പൊഴിഞ്ഞതും...

ഇത്തിരിതേൻ ചേർത്തു കുറിയിട്ട പൂക്കളിൽ

മോഹത്തിൻ പൂമ്പൊടി വാരിപ്പകർന്നതും...

 

ഈറൻമുടിത്തുമ്പുലച്ചാർത്തൊഴുകിയോ-

രരുവിയിൽ മുങ്ങിനീരാടി വിറച്ചതും...

വളയിട്ടകൈകളാൽ മുഖംമറച്ചാടിയ-

മുളങ്കാടിനുള്ളിൽ കുരവായിട്ടാർത്തതും...

 

ഈപകൽചേക്കേറാനായുംമുമ്പൊരിക്കലൂടീ-

മരക്കൂട്ടങ്ങൾക്കൊത്തു ചാഞ്ചാടിയും...

ഇനിയും മതിയാകാതിനിയുമൊരുവട്ടംകൂടീ-

ജീവനുണർന്നുവീണുതിർന്ന താഴ്വരകളിൽ

 

ചുറ്റിത്തിരിഞ്ഞുപടർന്നിറങ്ങുമ്പോഴും

വേവുമൊരോർമ്മയായുള്ളിൽ പിടയുന്നു...

ദിക്കറിയാതെ തിരഞ്ഞോടിയെത്തിയ...

ശകുനം പിഴച്ചഴിഞ്ഞാടിയെൻ നാൾവഴികൾ

 

കാലമുണർത്തിയ മോഹങ്ങൾ പങ്കിടാൻ

ഇമയിടറാതെ ഞാൻ കാത്തൊരു പൂങ്കാറ്റേ...

പേർത്ത കിനാക്കളിൽ നിൻ നെഞ്ചിൽ മിഴിപൂട്ടി-

യുറങ്ങുവാനെന്നുമേ മോഹിച്ചിരുന്നു ഞാൻ

തെളിഞ്ഞില്ലെനിക്കു നിലാവിൻ നിഴൽക്കൂത്തിൽ

ദുരമൂത്തിറുങ്ങിയിരുണ്ട നിൻകണ്ണുകൾ  

 

 

ഈ മരുയാത്രയിലതിരുകൾ മായ്ച്ചു-

പലവികട താളങ്ങളുമുടൽ ചേർന്നുനോവിച്ച

മലകളും മരങ്ങളുമെന്തൊരു പുൽക്കൊടിയും

തകർത്തുടച്ചലറിയ നോവിന്നിരവുകൾ

 

കണിയുണർത്താനൊരു പുൽനാമ്പും പിറന്നില്ല

കടക്കണ്ണെറിഞ്ഞൊരു ദലംപോലുമുണർന്നില്ല

ദിഗന്തം നടുങ്ങിപ്പിടഞ്ഞാർത്ത നാദത്തിൽ

തകർത്തു ചീന്തിയെറിഞ്ഞ തൻചില്ലകളിടറി-

പ്പുഴകിയ മരങ്ങൾ കബന്ധങ്ങൾ...

 

വഴിമുടക്കിയണപൊട്ടിയണച്ചാർത്തോ-

രരുവികൾ നദികൾ അതിൽപൂണ്ട സ്വപ്‌നങ്ങൾ

വിളികൾ വിഴുങ്ങിയെൻ ഹുങ്കാരമടക്കത്തിൻ

ദൈന്യത്താൽ വിങ്ങിയിഴഞ്ഞ മിടിപ്പുകൾ

 

കൈയിലിഴചേർന്നു വീശും കരുത്തിൻ കരങ്ങളെ-

ക്കുടഞ്ഞെറിയാൻ വെമ്പിപ്പിടഞ്ഞൊരുവേളയിൽ

മൊഴിഞ്ഞിരുന്നു ഞാൻ ഇനിയുമെൻ ദുഖമാ-

യണയരുതെ നീ കൊടുങ്കാറ്റായൊരുനാളും

 

ഒഴിഞ്ഞരാഗങ്ങൾ പിടഞ്ഞു നാഗങ്ങളാ-

യിഴഞ്ഞമൺപാത്രമിതുടയാതെയേന്തുവാൻ

കെൽപില്ലെനിക്കിനിയിരയായി തകരുവാൻ

തൃപ്തയായിരുന്നു ഞാനെന്നുമെൻ ചെറുകൂട്ടിൽ,

തൃപ്തയായിരുന്നു ഞാനെന്നുമെൻ ചെറുകൂട്ടിൽ....

Srishti-2022   >>  Poem - Malayalam   >>  കയ്യെഴുത്ത്

Nishad Narayanan

Aspire Systems

കയ്യെഴുത്ത്

എഴുതാൻ ചലിപ്പിച്ചു വിരലുകൾ എങ്കിലും

മനസ്സെഴുതുന്നതല്ലിതിൽ തെളിയുന്നത്

എന്തെയെൻ വിരലുകൾ പതറുന്നത്

ഓർത്തുനോക്കൂ നിന്നിലുണ്ടതിന്നുത്തരം

 

എത്ര നാളായ് നീയീ പേനയിൽ തൊട്ടിട്ട്

എത്ര നാളായ് നീയൊരക്ഷരം വരഞ്ഞിട്ട്

ഒരു കൗതുകത്താൽ പോലുമിന്നുനീ

ഇടക്കെങ്കിലുമൊരക്ഷരം എഴുതാത്തതെന്തേ

 

പേനയല്ലിന്നെന്റെ ചൂണ്ടു വിരലാണ്‌

ഞാനെഴുതുവാൻ വെമ്പുമ്പോളൊക്കെയെടുക്കുന്നു    

കടലാസിലല്ല ഈ ചില്ലു ചതുരത്തിലാണിന്നു-

ഞാനക്ഷരം ചേർത്തുവെക്കുന്നത്

 

അതുമാത്രമാണതിന്നുത്തരം നീ ഇന്ന്

ചെയ്യേണ്ടതെന്തെന്നു ബോധിച്ചുവെങ്കിൽ

എഴുതുക പേനകൊണ്ടെഴുതുക

വിരിയട്ടെ അക്ഷരങ്ങൾ നിന്റെ കയ്യെഴുത്തിൽ...

Srishti-2022   >>  Poem - Malayalam   >>  വയൽപച്ച

Salini V S

TCS

വയൽപച്ച

'വ' എന്ന അക്ഷരത്തിലൂടെ

കുന്നു കേറിയ 

കുട്ടി താഴേക്ക് നോക്കി

ഒരു വയൽ

അക്ഷരം പ്രതി

അച്ചടിച്ചു വച്ചിരിന്നു പുസ്തകം

വരികളിൽ 

ഉറ്റു നോക്കി നിൽക്കുന്ന കുട്ടി

ഞാറുകൾക്കപ്പുറം

ഒരു കൊക്കിനെ കാണുന്നു

കൊക്കിൻ്റെ കണ്ണിലുടക്കി

വിളറി വെളുത്ത വെയിൽ

തെന്നി തെറിച്ച്

തെളി വെള്ളത്തിലേക്ക് ഊളിയിട്ട് 

പോവുന്നു

കൊക്കും വെയിലും

വയൽ പച്ചകളിലൂടെ നിശ്ശബ്ദം ചലിക്കുന്നു

അവസാനം 

ഓടിത്തളർന്ന വെയിൽ

പോയ വഴിയേ

കൊക്കും പറന്നകലുന്നു

അകം പൊള്ളയായ ഇളംകാറ്റ് 

അന്നേരം 

വയാലാകെ വീശുന്നു

ഇനി ബാക്കിയുള്ളത് 

ഒരു കൊയ്ത്ത് പാട്ടാണ്

കറ്റ മെതിക്കാൻ വരുന്ന കുരുവിയെപ്പറ്റി.

Srishti-2022   >>  Poem - Malayalam   >>  പെണ്ണായിരുന്നെങ്കിൽ ഞാൻ

Rohith K A

TCS

പെണ്ണായിരുന്നെങ്കിൽ ഞാൻ

മൂന്ന് ആൺപിള്ളേരുടെ കൂടെ

മലമുകളിൽ പോയി

സെൽഫി എടുത്തതിനു നിങ്ങൾ,

'പോക്കുകേസ്' എന്ന് വിളിച്ചേനേ..

തിരിച്ചെത്താൻ

എട്ട് മണി കഴിഞ്ഞതിനുള്ള ചീത്ത

ചെന്നുകേറുമ്പോൾ തന്നെ

ചെകിട്ടത്തു കിട്ടിയേനേ..

മുടിത്തുമ്പ് മുറിച്ചതിന്,

മാലയിടാതെ നടന്നതിന്,

കമ്മലിന് നീളം കൂടിപ്പോയത്തിന്,

അമ്മ നെഞ്ച് പൊട്ടിക്കരഞ്ഞേനേ..

'സ്ലീവ് ലെസ്സ്' ഇട്ട്

നാട്ടിലൂടെ നടന്നതിന് നിങ്ങൾ,

'വെടി'യെന്ന് വിളിച്ചേനേ..

അതികാലത്തെണീറ്റ്,

മുറ്റമടിക്കാനും അടുപ്പ് കത്തിക്കാനും

വിഴുപ്പലക്കാനും

വിദഗ്ധ പരിശീലനം തന്നേനേ.

കയറിച്ചെല്ലേണ്ട വീടിനെക്കുറിച്ച്

ഒന്നു വീതം മൂന്നു നേരം ഓർമിപ്പിച്ച്

സ്വന്തം വീട്ടിൽ

ദിവസങ്ങൾ എണ്ണിക്കഴിയേണ്ടി വന്നേനേ...

'കല്യാണം കഴിഞ്ഞാലും പഠിക്കാലോ'ന്ന്

പച്ചകള്ളം പറഞ്ഞെന്നെ പറ്റിച്ചേനേ..

ഇരുപത്തെട്ട് വയസ്സായിട്ടും

കെട്ടാതെ നടക്കുന്നതിനു പിന്നിൽ

കാക്കത്തൊള്ളായിരം

കെട്ടുകഥകൾ പിറന്നേനേ..

സമത്വത്തെക്കുറിച്ച് പറഞ്ഞതിന്,

സ്വന്തമായി രാഷ്ട്രീയമുണ്ടായതിന്,

നിങ്ങളെന്നെ,

'ഫെമിനിച്ചി' യെന്ന് ചാപ്പ കുത്തിയേനേ..

എങ്കിലും,

അടുത്ത മലമുകളിലേക്ക്,

താഴേക്ക് തിരിഞ്ഞു നോക്കാതെ,

തനിച്ചു ഞാനൊരു

യാത്ര പോയേനേ...

Characterized by

 

Srishti-2022   >>  Poem - Malayalam   >>  കൂടെ കൂട്ടാം

കൂടെ കൂട്ടാം

കാവലാളായ് ഞാൻ കൂട്ടുനിൽക്കാം

കാലം വരേയ്ക്കും കൂടെ നിൽക്കാം

ഈ വഴിയൊക്കെയും കൊണ്ടു പോകാം

സ്വപ്നങ്ങളൊക്കെയും ചിറകിലേറ്റാം

കൂരിരുട്ടാകാത്ത സ്വപ്നമാകാം

കാലത്തിനൊത്തൊരു പറവയാകാം

ആശതൻ നൊമ്പരമാകില്ല ഞാൻ

പെറ്റമ്മതൻ സ്നേഹ വയമ്പുമാകാം

അച്ഛൻ തൻ കൊഞ്ചലും കൂടെയാകാം

കൂടെപ്പിറപ്പിൻ ഒപ്പമെത്താം

 

കലപില കൂട്ടുന്ന കൂട്ടുകാരാം

അച്ചടക്കത്തിൻ മാഷുമാകാം

കണ്ണിമ ചിമ്മാത്ത നിഴലുമാകാം

കാലവും കോലവും പായുന്നൊരീ ഭൂവിൽ

കാലത്തിനൊത്തൊരു കോലമാകാം

വെള്ളയാമ്പൽ പൂവ കായാം നിൻ്റെ കണ്ണു

വയ്ക്കാത്തൊരു കോല മാകാം

കൂട്ടിന്നു വേണമിന്നെനിക്കൊരു കൂട്ടുകാരിയാം

പെണ്ണേ.... കൂടെ പറക്കുവാൻ കൂടുമോ നീ?

Srishti-2022   >>  Poem - Malayalam   >>  സ്വർഗ്ഗം

Divya Rose R

Oracle India Pvt Ltd

സ്വർഗ്ഗം

മരണമുടനെ എത്തുമെന്നറിയുന്ന വേളയിൽ
ഹാ എത്ര ഭാഗ്യവാൻ ഓർക്കുന്നു ഞാൻ
മക്കളാറെണ്ണം പന പോലെ നിൽപ്പൂ മുന്നിൽ
മരുമക്കളും കുശലം പറഞ്ഞുണ്ടടുത്തു
പേരക്കിടാങ്ങൾതൻ ചിരി ബഹളത്തിനിടയിലും
അറിയുന്നു പ്രാണസഖിയുടെ ചെറു തേങ്ങലുകൾ
സ്വർഗ്ഗരാജ്യത്തൊരിരുപ്പിടം പണ്ടേ ഉറപ്പിച്ചതാണ്
ദൈവമെന്നിൽ പ്രീതിപ്പെടാൻ വേണ്ടതെല്ലാം ചെയ്തിട്ടുമുണ്ട്
ദൈവസന്നിധിയിൽ മുട്ടിൽ നിന്നേറെ നേരം
നേർച്ചപ്പെട്ടിയിലും നോട്ടുകെട്ടുകൾ ഇടാൻ മറന്നില്ല
കടമുള്ള ദിവസങ്ങളൊന്നും ഒഴിവുകൾ ഓർത്തിട്ടു പോലുമില്ല
എവിടെ നിൻ രൂപം കണ്ടാലും കൈകൂപ്പി നമസ്കരിച്ചിരുന്നു
അതുകൊണ്ടു തന്നെ ഈ മരണമിന്നെനിക്കൊരു ഭാഗ്യം
ജീർണിച്ചു തുടങ്ങിയ ശരീരത്തിൽ നിന്നൊരു മോചനം
ഈ കപട വസ്ത്രം കളഞ്ഞെൻറെ അവകാശങ്ങളിലേക്കു
പറക്കട്ടെ ഉയരട്ടെ സ്വർഗ്ഗരാജ്യം പുൽകട്ടെ
ഇനി നിങ്ങളൊരു കൂട്ടക്കരച്ചിലിനൊരുങ്ങിക്കോളൂ
ഞാനിനി അധികം വൈകിക്കാതെ യാത്ര പറയട്ടെ
എത്തി പുതിയൊരു ലോകത്തു, ദേഹി മാത്രം കൂട്ടിനു
സ്വർഗമിതെവിടെ, എന്റെ പുതിയ ഗൃഹം എവിടെ
എന്നെ സ്വീകരിക്കുവാൻ മാലാഖമാർ ആയിരങ്ങളെവിടെ
ഇടതും വലതും കണ്ണെത്താ ദൂരം നീലാകാശം മാത്രം
ഇടയിലെവിടെയോ കണ്ടു ഞാനൊരു പൊൻ വെട്ടം
അത് തന്നെ സ്വർഗം, ഞാൻ തേടും സ്വർഗം, മന്ത്രിച്ചെൻ അന്തരംഗം
പറന്നിറങ്ങി ഞാൻ വെട്ടം വരും വഴിയിലേക്ക്
പകച്ചു പോയ് ഉള്ളം അഗ്നി എന്നെ ഒന്നായ് വിഴുങ്ങവേ
പുക മറയിലൂടെ തിരഞ്ഞു ഞാൻ കരയുന്ന കണ്ണുകൾക്കായ്
അറിഞ്ഞില്ല, യാത്രയാക്കിയവരെല്ലാം എന്നേ പിരിഞ്ഞു പോയി
ഒരു പിടി ചാരവും എന്റെ ദേഹിയും മാത്രം ബാക്കിയായ്‌
ഞാനോ അവർക്കു ഭിത്തിയിൽ തൂങ്ങിയ വെറുമൊരു ചിത്രമായ്
ദിവസങ്ങൾ ഒന്നൊന്നായ് കഴിയവേ, മക്കൾതൻ പുഞ്ചിരി കൂടവേ
എന്നെ ഓർത്തൊരിറ്റു കണ്ണുനീർ പോലും പൊഴിക്കാത്ത ദുഷ്ടരോ ഇവർ
എന്തിനാണെനിക്കീ വിധി? മരണത്തിലും കഠിനമാം ശിക്ഷ
ദൈവമാണോ അറിയില്ല, ഒരു അശരീരി പോലെ കേട്ടു ഞാനാ സ്വരം
“സ്നേഹമെന്തെന്നറിയാത്തവർക്കു സ്വർഗ്ഗമെന്നന്നേക്കും നിഷിദ്ധം”
താൻ താൻ നിരന്തരം ചെയ്തിടും, ബാക്കി ഓർത്തെടുക്കൂ നിങ്ങളെങ്കിലും

Srishti-2022   >>  Poem - Malayalam   >>  അന്തരം

Anila Kumary

Allianz Services India

അന്തരം

ബന്ധങ്ങൾക്കാകാമോ അന്തരം 
കാലചക്രമുരുളുമ്പോൾ 
എന്തിനും കാതലാം സ്നേഹത്തിനനുപാതം 
നിർവ്വചിച്ചീടും നിന്നിലന്തരം 
 
നിന്നിലെ മോഹമെന്നിൽ തൊടുത്തപ്പോൾ 
അറിഞ്ഞുവല്ലോ പുഴപോലോരന്തരം 
അകന്നുനിൽക്കാൻ  തുനിയവെ ഞാനറിഞ്ഞു 
ഉറ്റവരോടുള്ളൊരു നൂലന്തരം 
 
പിരിയാനാകില്ലെന്നൊരു ദിനമറിയവേ 
നിന്നിലേക്കന്തരം ശൂന്യമാകെ 
ഏറ്റകുറച്ചിലുകൾ എന്നുമുണ്ടാവാം 
എന്നിലും നിന്നിലും എല്ലാരിലും 
 
നാം ഒന്നാണെന്നോതുന്ന ഓരോരോവാക്കും 
ശിഥിലമാക്കിടും പ്രണയാന്തരം 
സ്നേഹമതല്ലോ ഒരുവളെ പ്രിയമുള്ളതാക്കുവതും 
അതില്ലാതെയാകയാൽ ഏവരും തുല്യം
 
താങ്ങുക തണലാവുക കരുത്തേകിടുക നിത്യം 
പൊഴിയട്ടെ സ്നേഹകണം ഏവരിലും 
പരക്കട്ടെ സമാധാനം എങ്ങെങ്ങും 
തോൽക്കട്ടെ അന്തരം മനുഷ്യമനസ്സിൽ.
 

Srishti-2022   >>  Poem - Malayalam   >>  ഓൺലൈൻ ശാക്തീകരണം

Surya C G

UST Global

ഓൺലൈൻ ശാക്തീകരണം

കാലങ്ങളെത്ര കടന്നു പോയ്, സ്ത്രീയുടെ-
ഭാവശുദ്ധിക്കൊരു മാറ്റം പിണഞ്ഞുവോ?
 
തലമുറകൾ തോറും അവൾക്കായി നിഷേധിച്ച
യഥാന്യായമെവിടെ? ആക്രോശിച്ചു നീ!
 
അവളെ പിന്തള്ളിയോരാ സമൂഹത്തിനെതിരെ
കൊടും പ്രതിസ്പന്ദനം കാട്ടി നീ
 
ഫേസ്ബുക്കിലും, പിന്നെ  യൂട്യൂബിലും കേറി
വാക്കുകളാലേ എതിർബലം കാട്ടി നീ
 
അവളെ തളർത്തുന്ന പോസ്റ്റുകൾക്കെതിരായി
ഘോരഘോരം അക്ഷരമ്പുകൾ എയ്തു നീ
 
ഇതിനൊക്കെയിടയിലും ഓടി നടന്നു നീ
നൂറു പവനുള്ള വകയും സ്വരൂപിച്ചു
 
പി.വി.സിന്ധുവും, പി.ടി.ഉഷയും, മുടങ്ങാതെ
നിന്നുടെ പോസ്റ്റിൽ ഇടം നേടി
 
അതിനിടെ ഭാര്യതൻ അട്ടഹാസം കേട്ട്
തെല്ലൊന്നു പുരികം ചുളിച്ചു നീ ചോദിച്ചു:
 
"ഒരു പെൺകുട്ടിയാ വളർന്നു വരുന്നതെന്ന
വല്ല വിചാരവുമുണ്ടോ നിനക്ക്!!"

Srishti-2022   >>  Poem - Malayalam   >>  ഇനിയീ കൊറോണയും മാഞ്ഞു പോകും ...!  

ഇനിയീ കൊറോണയും മാഞ്ഞു പോകും ...!  

ഒരു പ്രളയകാലം കടന്നു പോയി ,
ഒരു ചുഴലി രോദനം കെട്ടു പോയി ,
ഒരു നിപ്പ വന്നെന്റെ നാടിനെ വിഴുങ്ങവെ-
ഒരുമയാൽ കൈ കോർത്തു മുന്നേറി നാം .
 
ഇനിയീ കൊറോണയും മാഞ്ഞു പോകും 
ഈ ദുരിത കാലവും യാത്രയാകും 
ഇവിടെ നാമൊന്നായി വീണ്ടുമുണരും 
അതിജീവനത്തിന്റെ കഥകൾ പാടും .
 
അരികത്തു നിൽക്കുന്ന പ്രിയരോടെല്ലാം 
കൈമെയ് അകലം പാലിച്ചിടാം 
ഒരു മുഴം തുണി വേണ്ട ,മാസ്ക് പോരെ 
ഇരു ശ്വാസബന്ധങ്ങൾ അകലെയാകും 
ഈ മഹാമാരിയും വിട്ടു പോകും 
 
തുപ്പരുതെ ..,നിങ്ങൾ തോറ്റു പോകും 
കൈ കഴുകു നിങ്ങൾ , കൊറോണ പോകും .
പല കൈകൾ ചേരുന്ന ചങ്ങല കണ്ണികൾ 
പൊട്ടിച്ചെറിഞ്ഞത് തോൽക്കാനല്ല ....
കൈകോർത്തു നിൽക്കുന്ന നല്ലൊരു നാളേക്കായി 
കൈവിട്ടു നിന്നിടാം ,പോരാടിടാം ...  


 

Srishti-2022   >>  Poem - Malayalam   >>  കനവുതൻ കനലുകൾ

Vimal George

Innovatise Technology

കനവുതൻ കനലുകൾ

മഞ്ഞും മഴയും പെയ്തൊരീ രാവിൻ
മാറിൽ നിന്നും മായാക്കനവുമായി
ഉണരൂ നീ...  ഉണരൂ നീ...
 
പുതിയ പുലരിയിൽ
വിരിയും ഇതളിലെ
കണിക പോൽ നിൻ
കനവുകൾ
 
അതിനൊരഴകുമായി
കിരണമണയവേ
അകലെയായി നിൻ
അഴലുകൾ…
 
 

Srishti-2022   >>  Poem - Malayalam   >>  ധൃതരാഷ്ട്രം

Dileep Perumpidi

Tata Consultancy Services

ധൃതരാഷ്ട്രം

 

ഇഹത്തിൽ വിരിയുന്ന ഓരോ  തുടിപ്പിനും 

ധന്യമാം ജീവിതം നല്കുന്നതെന്തോ 

അതുതാനീ ഭൂമിയെ  സ്വർഗമാക്കുന്നതും 

സ്നേഹമാം ആഴിതൻ അലകൾ നിസ്സംശയം 

 

എങ്കിലും നാമെല്ലാം മനസ്സിൽ കരുതണം 

അലകൾ  വളർന്നാലും നാശം  വിതച്ചിടാം 

ഇഹത്തിൽ  നരകത്തിൻ  വിത്തുകൾ  പാകിടാം 

അമിതമാം സ്നേഹവും വിഷമതു നിശ്ചയം 

 

തന്നോട് തന്നുള്ള സ്നേഹം വളർന്നിടാം 

ഞാൻമാത്രം ഈലോകം എന്നുധരിച്ചിടാം 

ഹീനമാം വഴിയിൽ എന്തും നേടിടാം 

താന്താൻ ചെയുന്ന  അതിസ്നേഹം സ്വാർത്ഥ 

 

ജാതിമതാതികളെ  അമിതമായ്  രമിച്ചിടാം 

വർഗത്തെ  മാത്രം മനസിൽ പതിച്ചിടാം 

ഉള്ളത്തിൽ  മുളളുള്ള വേലികൾ പണിതിടാം 

അതിസ്നേഹം വർഗീയ വിഷമെന്നും ഓർക്കണം 

 

അധികാരിവർഗ്ഗങ്ങൾ  അഴിമതി  കാട്ടിടാം 

അനർഹരെപോലും അര്ഹരായ്മാറ്റിടാം 

അർഹരെകാണുമ്പോൾ  കൈകൾ മലർത്തിടാം 

സ്വജ്ജന സ്നേഹത്തിൻ  തിരുശേഷിപ്പുകൾ

 

ധൃതരാഷ്ട്ര സ്നേഹത്തിൽ  അന്ധരാകും ചിലർ 

എന്തിനും ഞാനുണ്ടെന്നോതി വളർത്തീടും 

തെറ്റുകൾ  സ്നേഹത്തിൽ കാണാതെ പോയീടാം 

ധനത്തിൽ ധർമത്തെ മറക്കും അനീതികൾ 

 

സത്യത്തിൻ ദീപം മുറുകെ പിടിക്കണം 

ധർമ്മമാം എണ്ണ  തുളുമ്പാതെ കാക്കണം 

ഉലയാതെ നോക്കണം നീതിതൻ തിരികൾ 

സ്ഫുരിക്കുന്ന നാളങ്ങൾ  പ്രകാശം പരത്തട്ടെ

Subscribe to Poem - Malayalam