Skip to main content
Srishti-2022   >>  Poem - Malayalam   >>  ഓര്‍മ്മകള്‍

Richu Eapen George

Stabilix Solutions

ഓര്‍മ്മകള്‍

ഓര്‍ക്കാതിരിക്കുവാനോര്‍ക്കും ഞാന്‍

ഓര്‍ക്കാതിരിക്കുമ്പോള്‍ ഓര്‍ത്തുപോകും

ഓര്‍മ്മകളെല്ലാം കിനാക്കളായി മാറും

ഓരോ കിനാക്കളും ഓര്‍ത്തുപോകും

 

ഇത്തിരി നേരം തനിച്ചിരുന്നാല്‍ മിഴികളില്‍

ഒത്തിരി ഓര്‍മ്മകള്‍ കൂട്ടായി ഓടിയെത്തും.

കാലത്തിന്‍ പടികള്‍ ചവിട്ടിയിറങ്ങി ഞാന്‍

നുണയട്ടെ മധുരിക്കും ഓര്‍മ്മകള്‍ ഓരോന്നായി.

 

ജനനം മുതല്‍ മരണം വരെ മര്‍ത്ത്യന്

സ്വന്തം ഓര്‍മ്മകള്‍ തന്‍ നന്മകള്‍ മാത്രം.

ഇനി ഒരുനാള്‍ സ്മരിക്കുമെങ്കില്‍ അതും

ഇന്നലെ തന്‍ നന്മകള്‍ കൊണ്ടുമാത്രം.

 

സ്വപ്‌നങ്ങള്‍ കൊഴിഞ്ഞു വീഴുമീ പന്ഥാവില്‍

മണ്ണിനോട് ഞാന്‍ ചേരുന്ന നാള്‍ തുണയായി

എനിക്കൊരെയൊരാള്‍ മാത്രം ഭൂവില്‍

അതെന്നുടെ ഓര്‍മ്മകള്‍ തന്‍ നിഴലുകള്‍.

Srishti-2022   >>  Poem - Malayalam   >>  കുരിശിന്റെ വഴി

Arun Chullikkal

NewageSys Solutions

കുരിശിന്റെ വഴി

വെള്ളിയാഴ്ച

കുരിശു ചുമക്കാൻ

അവരൊരു ക്രിസ്തുവിനെ

തിരയുകയായിരുന്നു

 

പടയാളികളും

ചാട്ടവാറുകളും

മുഖമൊപ്പാൻ

കീറിയൊരു തുണിയും

ഇടക്ക് വീണാൽ

കുരിശെടുക്കാൻ

ഒരു പകരക്കാരനും

തയാറായി നിന്നിരുന്നു

 

ആണികൾ

രാകി രാകി മിനുക്കി

രാത്രി തീരുവോളം

അവർ ക്രിസ്തുവിനെ

തിരഞ്ഞു കൊണ്ടേയിരുന്നു

പീഡാനുഭവം

പകർത്തിയെഴുതാൻ

വന്നവരും

ഉറക്കം ചടച്ച

കണ്ണുകൾ തിരുമി

കാത്തിരുന്നു

 

പക്ഷെ

തെല്ലുമാറി

ഒരു ക്രിസ്തു

കടന്നു പോയത്

അവരാരും കണ്ടില്ല

ഒരു തോളിൽ

പ്രേയസിയുടെ

മരവിച്ച  പിണ്ഡവും

മറുതോളിൽ പന്ത്രണ്ടു

വയസുകാരിയുടെ

കലങ്ങിയ കണ്ണുകളും

പേറി

അപ്പോളവൻ തന്റെ

കുരിശിന്റെ വഴി

പതിയെ നടന്നു

തീർക്കുകയായിരുന്നു

Srishti-2022   >>  Poem - Malayalam   >>  മാറ്റമില്ലാത്ത മനുജൻ

ANU P BENNY

Animations Media

മാറ്റമില്ലാത്ത മനുജൻ

പ്രകൃതിതൻ പരിലാളനമേറ്റവർ തന്നെയവളുടെ 

മാറിൽ കഠാര തറച്ചപ്പോൾ 

വേദന കൊണ്ടവൾ കുതിച്ചുപാഞ്ഞു 

മനുഷ്യനോ അവളുടെ കോപത്തിന്  സാക്ഷിയായ് 

 

ദൈവമോ നിസ്സഹായനായി 

അവളുടെ കണ്ണുനീരിന്റെ മുൻപിൽ  നിശബ്ദനായി 

മരണമെത്തിയ നേരത്തു മനുജനോ 

എല്ലാം മറന്നൊന്നായ് 

 

സ്നേഹമേറെ കൊടുത്തു വളർത്തിയ-

പോന്നോമനകൾതൻ അലമുറ കേട്ടൊരാ 

'അമ്മതൻ  മനസമോ പിടഞ്ഞു 

തൻ വേദന ഉള്ളിലൊതുക്കിയവളെല്ലാം മറന്നു 

 

കഴുത്തറ്റമെത്തിയ പ്രളയത്തിൽ

അപരിചിതരോ കൂടപ്പിറപ്പുകളായി 

എരിയുന്ന വയറിന്റെ പഷിണി മാറ്റുവാൻ 

ഒരു ഉരുള പോലും പങ്കിട്ടവരിരുന്നു 

 

'അമ്മ തൻ തേങ്ങലമർന്നു 

എല്ലാം പൂർവ സ്ഥിയിലേക്കും എത്തി 

കൂടപ്പിറപ്പായവർ അശുദ്ധിയായി,തീണ്ടാപാടകലെയായി 

മാറിയെന്നോർത്ത പലതുമെല്ലാം ഒരിക്കലും മാറില്ലയെന്നുമായി 

 

കഥയേതുമില്ലാത്ത കാര്യത്തിൻ 

പിന്നാലെ മനുഷ്യനിന്നു പായുമ്പോൾ 

കാവലായി തുണയായി നിന്നൊരാ-

ദൈവത്തിനും വേണമിന്നൊരു കാവലാൾ 

Srishti-2022   >>  Poem - Malayalam   >>  രണ ഭേരി

രണ ഭേരി

പൊരുതുക നാം ഇതിലെ, വഴി വെട്ടത്തിൽ 

തളരരുതേ , അരുതേ, നോവുകളിൽ 

കരകയറും നമ്മളീ കരകാണാ കണ്ണീർ 

കയത്തിൽ  നിന്നും ,വിജയ ഭേരി മുഴക്കി 

 

പ്രളയത്തെ ചെറുത്തു നമ്മൾ തോൽപിച്ചു, ഒറ്റക്കെട്ടായി 

പേമാരിതൻ താണ്ഡവത്തിൽ കടപുഴുകാതെ നാം നിന്നു 

ജാതിയും , വർണ്ണവും ,മതഭ്രാന്തിൻ  വേലികെട്ടും 

തകർത്തെറിഞ്ഞ പുതിയൊരു മാനവ വിപ്ലവം.

 

ഇറങ്ങി വന്നു ദൈവം നാട്ടിൽ 

ഉരുക്കിൻ പടച്ചട്ടയുമായി ,

ഇരുണ്ടു നിന്നാ കണ്ണീർ കണങ്ങൾ 

തുടച്ചു വിണ്ണിൽ ഉയർത്താനായി 

 

തരിച്ചു നിന്നു വിണ്ണും ,മണ്ണും, കടലിൻ-

യോദ്ധാക്കളിൻ രണ വീര്യം കണ്ട് 

പതുക്കെ മാളത്തിൽ ഒളിച്ചു അഭിനവ -

ശകുനിയും ,യൂദാസുമാരും.

 

മൃതിയടയും ഭൂമിയെ കാക്കേണ്ടതുണ്ട്,

പൊരുതേണം ഒത്തു നാം ഇനിയും മണ്ണ് കാക്കാൻ 

കരകയറും നമ്മളീ കരകാണാ കണ്ണീർ 

കയത്തിൽ  നിന്നും ,വിജയ ഭേരി മുഴക്കി 

Srishti-2022   >>  Poem - Malayalam   >>  ഓണം

Muhammed Saifal

Finastra Solutions

ഓണം

ഓണമായ്‌ ഈണമായ്‌ ഒരായിരം വർണ്ണമായ്‌,കാനന വീണതൻ രാഗ മധുരമായ്‌.

പഞ്ചമി പൂവിതൾ പൊഴിയുന്ന രാത്രിയായ്‌,ചിന്തയിലെവിടെയോ ചാരുത ശിൽപമായ്‌.

പുഞ്ചിരി തൂകുന്ന നിത്യ വസന്തമായ്‌, പൂമ്പാറ്റയായി നീ നൃത്തമാടി.

ആ മധുര സ്വപ്നതിൽ, ഊഞ്ഞാലിലേറി സൗരഭം വിതറുവാൻ തെന്നലെത്തി.

ആയിരം കൈകളാൽ പൂക്കളം വിരിയിച്ചു പൊൻക്കതിർ വിതറി പുലരിയെത്തി.

അധരത്തിലമൃദുമായ്‌ പൂവിതൾ തഴുകി, കരിവരിവണ്ടുകൾ ഗാനമായി.

ഓണമേ ദേവതേ നിൻ മന്ദഹാസം തുമ്പപൂവായ്‌ പൊഴിയുന്നു ഈ രാഗ സദസ്സിൽ.

ഇനിയെന്തു വേണ്ടു ഈ മമഭൂവിനു ഇതിലേറെ സായൂജ്യം ഇവിടുണ്ടോ പാരിൽ.

Srishti-2022   >>  Poem - Malayalam   >>  ബാഷ്പഹാരം

Arya Ajayakumar

IBS Software

ബാഷ്പഹാരം

ഇതളണിയാൻ കഴിയാതെപോയ എൻ സ്വപ്നങ്ങൾക്ക്
മിഴിനീർ മുത്തുകൾ കോർതൊരു ബാഷ്പഹാരം...
 
ഏകമാം യാമങ്ങളിൽ,
നോവണിഞ്ഞ മിഴികളി,
നിദ്രതൻ ഓമൽ തലോടൽ എത്താൻ വൈകും രജനികളിൽ,
എൻ മുന്നിൽ അന്ധകാരത്തിലൂടെ വെള്ളക്കുപ്പായമണിഞ്ഞ്
കടന്നുപോകാറുള്ളവക്ക്  ആത്മാവിൻ ഉപഹാരം!
 
ആരെങ്കിലും കാണും മുൻപേ,
ചിതറിവീണ് ഭൂമിയെ അശുദ്ധമാക്കും മുൻപേ,
എൻ നീർമണികളെ ഓരോന്നായി കോർത്തെടുത്ത്
ഞാൻ പണിയും ഹാരമണിഞ്ഞ്
എൻ ഹൃദയത്തിൻ ഒരു കോണിൽ ഒതുങ്ങുക നീ...
 
വീണ്ടും വൃർഥമായി കിനാവുകൾ കാണാതിരിക്കാൻ,
ഏന്നിൽ പിന്നെയും ചപലമാം മോഹങ്ങ മുളയിടാതിരിക്കാൻ...

Srishti-2022   >>  Poem - Malayalam   >>  പ്രളയരാത്രി

BISMITHA B

Accelfrontline

പ്രളയരാത്രി

ഒരു മഹാപ്രളയത്തിനൊടുവിലൊരുനാളിലെല്ലാം

ത്യജിച്ചേകനായ ലയുന്നു മരുഭൂവിലെന്നപോൽ ഞാൻ.

എരിയുന്ന താപവുംനുരയുന്ന കോപവും

ചൊരിയുന്ന കണ്ണീരും ,വേർപിരിയുന്ന പ്രാണനും

ഒട്ടും നിനയ്ക്കാതൊരു മാത്ര കൊണ്ട് ,ഞാൻ കെട്ടിപ്പടുത്ത സാമ്രാജ്യമൊക്കെയും യാത്ര പറയാതൊലിച്ചു പോയി...

 

ഇത് മണ്ണ്,എനിക്കുയിർ തന്ന പെണ്ണ്...

ഇത് മരം,എന്നെ താരാട്ടിയ കളിയൂഞ്ഞാൽ....

ഇത് കുളം,എന്നിൽ തണ്ണീരിറ്റിച്ച കുളിരുറവ.

ഇത് കാറ്റ്.....എന്നെ തഴുകിയുറക്കിയ ചങ്ങാതി....

ഇവൾ പ്രകൃതി,അമ്മ....

സ്വയമുരുകിയൊലിച്ചിട്ടുമെന്നും എനിക്കായി മാത്രം ശ്വാസം കാത്തുവച്ചവൾ....

അറിഞ്ഞില്ലയെന്നോ,അറിയാൻ ശ്രമിച്ചില്ലയെന്നോ ഞാൻ.....

മറന്നതല്ലമ്മേ...മനപ്പൂർവം മറക്കാൻ പഠിച്ചതാണ് ഞാൻ നിന്നെ....

 

 

നിൻ മാറിൽ ഉയിർ പെറ്റു,നിൻ നീരിൽ കളിയാടി 

നിൻ തണലിൽ മയങ്ങി

നിന്റെ നാഭിയിൽ നിന്നൊരു വട-

വൃക്ഷമായി പന്തലിച്ചിടത്തൂർന്ന വേരുകൾ നിന്നിലേക്കാഴ്ത്തി 

നിന്റെ മേൽ ആനന്ദ നൃത്തമാടി.....

ഞാൻ ഉന്മാദിയായി മാറി .....

 

ഒരു തുള്ളിക്കൊരു കൂപം തണ്ണീർ കവിഞ്ഞിട്ടു-

മൊരിറ്റു നീരിനായി കേഴുന്നു ഞാൻ...

രാത്രി ഇനിയും വരാതിരിക്കട്ടെ, പേമാരി പെയ്തൊഴിഞ്ഞീടട്ടെ,

ഞാനെന്നഹന്ത നീരിലൂടൊഴുകി തീരം തേടട്ടെ....

Srishti-2022   >>  Poem - Malayalam   >>  ദൃശ്യം! - ഇതൊരു അന്ത്യശാസനയോ??

Meera Radhakrishnan

UST Global

ദൃശ്യം! - ഇതൊരു അന്ത്യശാസനയോ??

ആടും ജലറാണികൾ രോഷാകുലരായ്

ഹോമകുണ്ഡത്തിൻ തീഷ്ണനോട്ടവുമായ്

പേറ്റുനോവിൻ അലമുറകൾ കീറിമുറിച്ച്

കടികളും  വേദനകളും കടിച്ചമർത്തിയ

അമ്മിഞ്ഞപ്പാലിനും കലിപൂണ്ട നിമിഷം

 

 

പാഴ്ജന്മങ്ങളെന്നറിഞ്ഞിട്ടും മാറോടടക്കിയതിൻ

ചേതനയറ്റ സ്നേഹസ്വരൂപത്തിൻ  താണ്ഡവം

ഇതൊരു നൊമ്പരത്തിൻ ആവിഷ്കാരത്തണലിൽ

വെന്തെരിഞ്ഞോരു കനലിൻ പ്രതികാരദാഹം!

 

 

അഹോരാത്രം കിണഞ്ഞു പണിപ്പെട്ടു വെട്ടിച്ച

നിറക്കാഴ്ചകളിലൊക്കെയും കരിനിഴൽ പതിച്ചുപോയ്

വിധിയുടെ വിളയാട്ടത്തിൽ കാലചക്രം ഊറിച്ചിരിച്ചുകൊണ്ടു 

അനാഥത്വം പേറിയ ജീവശ്ചവങ്ങളെ മുറുക്കിത്തുപ്പിയിട്ടു 

അസ്ഥിപഞ്ജരങ്ങൾ  കുലുങ്ങി ചിരിച്ചിട്ടും

ഒടിയാതെ ബാക്കി വെച്ചതെന്താഹം നിഴലിക്കുന്നു

 

 

ഇച്ഛിച്ചതൊക്കെ  തുച്ഛത്തിൽ തഞ്ചത്തിൽ

ഒതുക്കി മുന്നേറും വിരുതന്മാർ, മാന്തിപ്പറിച്ച്

ചോരയൊഴുക്കി പേക്കൂത്തുകൾ ആടിയ തീരത്തിന്ന് 

കടൽപ്പക്ഷികൾ അങ്ങ് മാനത്തു വട്ടമിട്ടു പറക്കുമ്പോൾ 

അറിഞ്ഞിരുന്നില്ല, എല്ലാം അഴുകി ചീഞ്ഞുനാറിയ ഗന്ധം!

 

 

കാലം കോമരം കണക്കെ ഉറഞ്ഞുതുള്ളുമ്പോൾ 

കണ്ടത് , ഒരു നുള്ളു പ്രകാശത്തിനായ് 

അശ്രാന്ത പരിശ്രമത്തിൽ പരാജിതനായി

 ദയനീയമായി എത്തിനോക്കി കൈനീട്ടും

കരിപുരണ്ട വികലാംഗൻ ചിമ്മിനി വിളക്കുകൾ!

 

 

ഉടുതുണിക്ക് മറുതുണി തേടി കിതച്ചുപായും മനുഷ്യാ 

മണത്തറിയുന്നു ഞാൻ നിൻ ഇടനെഞ്ചിലെ ആന്തൽ ഒരു 

തീഗോളമായി വെന്തെരിഞ്ഞു പൊലിഞ്ഞുപോകയോ?

രക്തക്കറ പുരണ്ട കാലത്തിൻ  കോമ്പല്ലുകൾ

തുളച്ചുകയറി ചൂഴ്ന്നെടുത്തപ്പോൾ താഴേക്ക് 

ഉരുണ്ടു പോകയോ കരിമ്പൂപൂച്ചകളുടെ ഉണ്ടക്കണ്ണുകൾ ?

 

 

ആക്രാന്തത്താൽ കാർന്നുതിന്നു മുടുപ്പിച്ചു പടുത്തുയർത്തിയ

-തൊക്കെയും  അമറുന്ന ഗർജ്ജനങ്ങളിൽ തല്ലിയലച്ചു വീണുപോയ്  

ഇനിയും മരിക്കാത്ത ഓർമകളും പാഴ്ക്കിനാക്കളും 

വക്രിച്ച മുഖത്തോടെ ഇളിച്ചുകാട്ടുമ്പോൾ 

തെളിഞ്ഞത് ആടിയുലഞ്ഞ കോമാളിക്കോലങ്ങൾ 

പോർക്കളം മുറുകുമ്പോഴും, കണ്ടിരുന്നു കാണാം

 ഇനിയുമെന്തെന്നു; ഒട്ടും വിദൂരതയിൽ അല്ലാത്ത ഭീകര ദൃശ്യം!!

Srishti-2022   >>  Poem - Malayalam   >>  പന്ത്

പന്ത്

ഓണമാണ് ഓണം അവധിയാണ് സ്കൂളിന്

ഉണ്ണി വന്നു കെഞ്ചി അച്ഛനോട് കെഞ്ചി 

ഉണ്ണിയ്ക്ക് കളിയ്ക്കാൻ വാങ്ങിതരോ പന്ത്

വാങ്ങിത്തരില്ല ഉണ്ണീ വാങ്ങിത്തരില്ല പന്ത്

 

ഉണ്ണി ചെന്ന് കെഞ്ചി അമ്മയോട് കെഞ്ചി 

ഉണ്ണിയ്ക്ക് കളിയ്ക്കാൻ വാങ്ങിതരോ പന്ത്

വാങ്ങിത്തരില്ല ഉണ്ണീ വാങ്ങിത്തരില്ല പന്ത്

 

ഉണ്ണി വന്നു കെഞ്ചി അപ്പുപ്പനോട്  കെഞ്ചി 

ഉണ്ണിയ്ക്ക് കളിയ്ക്കാൻ വാങ്ങിതരോ പന്ത്

വാങ്ങിത്തരില്ല ഉണ്ണീ വാങ്ങിത്തരില്ല പന്ത്

 

ഉണ്ണി മുഖം വാടി, ഉണ്ണിക്കണ്ണു നിറഞ്ഞു 

കെഞ്ചി തളർന്നുണ്ണി, താനെ കിടന്നു ഉറങ്ങി

 

അർക്കനുദിച്ചുയർന്നപ്പോൾ ഉണ്ണി കണ്ണ് തുറന്നു 

അപ്പുപ്പൻ ഉണ്ണിയെ കൂട്ടി, പറമ്പിലേക്ക് നടന്നു

അപ്പുപ്പൻ ഓലക്കാൽ എടുത്തു, പന്തുണ്ടാക്കി കൊടുത്തു

ഉണ്ണി മുഖം വിടർന്നു....ഉണ്ണി തുള്ളി ചാടി...

 

ഹായ് ഹായ് പന്ത് ...ഹായ് ഹായ് ഓല പന്ത് 

ഉണ്ണിക്കു കളിക്കാൻ, പ്ലാസ്റ്റിക് പന്ത് വേണ്ടേ വേണ്ട 

കടയിലെ പന്ത് വേണ്ടേ വേണ്ട...പറമ്പിലെ പന്ത് മതിയല്ലോ!

 

ഭൂമി കേടാക്കാത്ത പന്ത്.... 

സസ്യങ്ങൾക്ക് വളമാകും പന്ത്...

ഓസോൺ നശിപ്പിക്കാത്ത പന്ത്...

Srishti-2022   >>  Poem - Malayalam   >>  പ്രപഞ്ച കാവ്യം

Akash Anand

UST Global

പ്രപഞ്ച കാവ്യം

പ്രകൃതി, പ്രണയത്താല്വിരചിതമായൊരു

പ്രപഞ്ച സത്യമായ് സ്നേഹ സാഗരമായ്

നാരായ തുമ്പിനാല്കോറിയിട്ടൊരു

മനോഹരപ്രണയ കാവ്യമായ്...

 

നീഹാര നിരഞ്ജന ചാരുസ്മിതത്താല്

നിറമാല ചാര്ത്തുമീ പുല്നാമ്പിലും

പ്രകൃതി തൻ പ്രണയം ചാലിച്ചുവച്ചൊരാ

മഴവില്ലിനേഴു വര്ണ്ണങ്ങള്പോലെ... 

 

തഴുകി വരുമാ തിരമാല തൻ

സ്നേഹ ലാളനങ്ങൾക്കായ്

പ്രണയം തുളുമ്പുമാ സ്വകാര്യത്തിനായ്

മണൽത്തരികളെന്നും കാതോർക്കുന്നുവോ... 

 

പൂനിലാവിൽ നിദ്രതൻ

ആലസ്യമേലാതെ ഹിമാംശുവിൻ

മിഴിയിഴകളെ നോക്കി നില്ക്കും

നീലോൽപ്പലത്തിനും പ്രണയശൃംഗാരമോ...

 

കാർമേഘത്തിനിരുളിൽ പീലി

നിവർത്തി ആടുമാ മയൂരവും

മഴയാം പ്രണയിനിതൻ സ്വരരാഗം

നെഞ്ചോട് ചേർക്കുന്നുവോ...

 

ക്രുദ്ധമായി ജ്വലിക്കുന്ന നയനങ്ങൾ

ഇന്ദീവരത്തിൻ കവിളണയിൽ

തഴുകുന്ന മാത്രയിൽ പ്രണയ

നൈർമ്മല്യമായ് തീരുമോ സൂര്യനും... 

 

മന്ദമാരുതൻ തഴുകിയുണർത്തുമ്പോൾ

പാഴ്മുളതൻ സംഗീതം വേണുഗാന

മനോഹാരിതയിൽ എന്നും

കർണവശ്യമായ് മാറുന്നുവോ... 

 

ഈശനാം ശിൽപി പ്രണയലിപികളാൽ

പ്രപഞ്ചമെന്നൊരീ കാവ്യം രചിച്ചു

അതിലേക വരികളാം നാം

കൈകോർക്കുക കാവ്യ ചാരുതയേറുവാൻ.... 

Srishti-2022   >>  Poem - Malayalam   >>  ഭയം

Vineetha P

IBS Software

ഭയം

കതകിൽ മുട്ടുന്നാരോ,
ഇരുളിൽവീണ്ടും വീണ്ടും.
തുറന്നു നോക്കാനായി
പേടിയാണെനിക്കിപ്പോൾ.

വിശന്ന നേരം തിന്നു-
പോയതിൻ ബാക്കിപത്രം
ചികഞ്ഞു നോക്കാൻ വന്ന
ഭ്രാന്തന്മാരാണെങ്കിലോ.

അറിയാതെന്നോ പണ്ട്
കുറിച്ച വരികൾക്ക്
പകരം വിരൽ വാങ്ങാൻ
വരുന്നോരാണെങ്കിലോ.

ചിലപ്പോൾ പ്രണയിച്ചു
പോയ സാഹസത്തിന്ന്
വിധിക്കാൻ പുറപ്പെട്ട
ന്യായവാദികളാവാം.

കറുത്ത നിയമങ്ങൾ
എഴുതി വച്ചീടുമ്പോൾ
എതിർത്ത കുറ്റത്തിന്ന്
നിയമപാലകരാകാം.

അറിഞ്ഞ ശാസ്ത്രത്തിനാൽ
ഇരുളൊന്നകറ്റുമ്പോൾ
ഉറക്കം നഷ്ടപ്പെട്ട
യമകിങ്കരരാവാം.

പേരുകൾ പലതാവാ-
മെന്നിരുന്നാലും മുഖം-
മൂടിയൊന്നഴിഞ്ഞെന്നാൽ
എല്ലാരുമൊരുപോലെ.
നിറവും ഭാവങ്ങളും
വേറെയായേക്കാമെന്നാൽ
പറയും ഭാഷക്കെല്ലാം
എത്രയോ‌ സാഹോദര്യം.
പേരിവർക്കൊന്നേയുള്ളൂ
'ഭരിക്കുന്നവൻ', ബാക്കി-
യാടയാഭരണങ്ങൾ
മാറിമാറി വന്നേക്കാം.

ആരുമാവട്ടേ ഇനി
തുറക്കാനാവില്ലെനി-
ക്കോർമ്മകൾ കുഴിവെട്ടി
മൂടുവാൻ പഠിക്കണം.

'
തെറ്റ് കുറ്റങ്ങൾ'ക്കെല്ലാം
മാപ്പുകൾ പറയണം
മിണ്ടാതെയനങ്ങാതെ
ഉറങ്ങി‌ ജീവിക്കണം

Srishti-2022   >>  Poem - Malayalam   >>  ജീവന്‍റെ തുടിപ്പുകൾ

Sooraj L V

PIT solutions

ജീവന്‍റെ തുടിപ്പുകൾ

അറിയുന്നുവോ?
നിന്റെ സ്മൃതിമണ്ഡപത്തിന്റെ
വിജനമാം കോണിൽ ഒറ്റയ്ക്കു നില്ക്കുമീ
എന്റെ രൂപം ഓർക്കുന്നുവോ നീ?

ആദ്യമായ് നിന്നെ ഞാൻ കണ്ടയന്നാദ്യമായ്
കരളിന്റെ വേദന കണ്ടറിഞ്ഞാദ്യമായ്
പിന്നെയെന്നാത്മാവിൻ ചൈതന്യ വീചികൾ
എന്നെ വിട്ടെന്തിനോ തേടിയലഞ്ഞു പോയി

അലയുന്ന കാറ്റിന്റെ കൂടെയാ വീചികൾ
ശാന്തിമന്ത്രം തേടി പറന്നു തളർന്നു പോയി
പിന്നെയെന്നോ എന്റെ ഹൃദയമോതി തന്നു
നീ മാത്രമാണീ ദുഃഖകാരണം

നിന്റെ അന്തരാളത്തിനെ ചുട്ടു പൊള്ളിക്കുന്നൊരാ
എന്റെ ജീവനെ ശിഥിലമാക്കുന്നൊരാ
കണ്ണീരിൻ വേദനയെക്കെന്തു ചെയേണ്ടു?
പ്രാണൻ പകർന്നു ഞാൻ എന്ത് ചെയേണ്ടു?

നിന്റെ മാറിലെൻ ശൈശവപുഴയൊഴുകി അലതല്ലി
നിന്റെ സ്നേഹമാം പുഴയിൽ മദിച്ചു നടന്നു ഞാൻ
പിന്നെ ഞാൻ കണ്ടൊരു സംസ്കാര സാഗരം
എന്റെ കൺകെട്ടി നിന്നെ ഞാൻ അമ്പേ മറന്നു പോയി

വിഷ സംസ്കാര വിത്തുകൾ മുളച്ചു വളർന്നവ
ഭൗമ മണ്ഡലം മറച്ചു കളഞ്ഞത്
അതു കണ്ടു നിൻ മനം അലറിക്കരഞ്ഞതും
ഇന്നു ഞാൻ അറിയുന്നു മാപ്പിരക്കുമ്പോഴും

എവിടെ നിന്നാദ്യമായ് തളിരിട്ട നാമ്പുകൾ
അവയിൽ നിന്നാദ്യമായ് നീ തന്ന പൂവുകൾ
അവ പരത്തീടുമാ മധുരമാം ഗന്ധവും
തൊട്ടു വിളിച്ചില്ല എന്റെയാത്മാവിനെ

സാമാജ്യമെന്നൊരാ വ്യർഥ സ്വപ്നങ്ങളെ
പുൽകി പുണർന്നു പാഞ്ഞു നടന്നു ഞാൻ
ഉന്മത്ത മാനസം എന്നോട് ചൊല്ലി നീ
പോവുകയാണിന്നു പ്രപഞ്ചം ഭരിക്കുവാൻ

സങ്കല്പ്പ സൗഭാഗ്യ സ്വപ്ന സൗധങ്ങളും
വീഞ്ഞ് നിറച്ചുള്ള പാന പാത്രങ്ങളും
സൃഷ്ടി സംഹാരത്തിന്റെ മാതൃത്വ രൂപവും
നിന്നെ മറക്കാനെന്നെ തുണച്ചുവോ

ചിന്തകൾ വ്യാപരിച്ചെങ്ങുമെത്താതെയും
എന്റെ മോഹ സ്വപ്നങ്ങൾ തൻ പൂ വിടരാതെയും
സായാഹ് സൂര്യൻ പോലെരിഞ്ഞടങ്ങുമ്പോഴും
ഞാനറിയാതെ എന്തോ തിരഞ്ഞുവോ

ഒടുവിൽ അറിഞ്ഞു, പൊടുന്നനെ ഞാൻ ഞെട്ടി
വാഴ് വിന്റെ കണികയും എന്നെ വിട്ടകലുന്നോ
ജീർണ മാനസം തന്നിൽ അപ്പോൾ തെളിഞ്ഞുവോ
മൃതിയിൽ ലയിക്കുന്ന നിൻ ദുഃഖ ചിത്രം

ആർത്തലയ്ക്കുന്നൊരാ തിരമാലയിൽ പെട്ട്
ആഞ്ഞടിക്കുന്നൊരാ ദൈവ നിശ്വാസത്തിന്റെ
അനിവാര്യമായൊരഗ്നിപാതത്തിൽ പെട്ടെൻ
ആത്മാവ് കടപുഴകി ഞാനേ തകർന്നു പോയി

ഞാൻഎന്നെ വിട്ടെങ്ങോ അകന്നു പോയി
പൂർവികർ തെളിച്ചുള്ള രഥചക്ര പാതകൾ
അവിടേയ്ക്കു തിരിയുമ്പോൾ പിന്നിലുളവായ്
തലമുറകൾ കൈമാറുമാമന്ദഹാസം

Srishti-2022   >>  Poem - Malayalam   >>  രണ്ടേരണ്ടു മാമ്പഴം

Lamiya Basheer

QuEST Global

രണ്ടേരണ്ടു മാമ്പഴം

തേങ്ങീലമിഴിനിറഞ്ഞെങ്കില്ലുംതേങ്ങരുതെന്ന് സ്വയമോതി
ഒരേയൊരാഗ്രഹം മാത്രം കുരുന്നെനോടായി അരുളി
രണ്ടേരണ്ടു മാമ്പഴംഅങ്കണമാവിലെരണ്ടേരണ്ടു മാമ്പഴം;
കേട്ടിതു ഞാൻ സ്വയമോതിതേങ്ങരുത്അരുതിവിടെയരുത്.

ക്യാൻസർ കാർന്നൊരു ബാല്യംതിളക്കമില്ലാക്കുഞ്ഞു മിഴികളിൽ,
വിറയാർന്ന ചുണ്ടുകൾക്കില്ലൊരു കുഞ്ഞു കഥ ചൊല്ലുവാൻ,
മത്സരിക്കാനറിഞ്ഞീടാത്തകുരുന്നിനായി ഉരുകുന്ന
ഒരച്ഛനുമ്മയും നിൽപൂ അതാ  നീർജ്ജീവമായി.

നാളെ ഡോക്ടർ വിധിയെഴുതിയ ചീട്ടുമായിറങ്ങുമവരാശുപത്രിപ്പടി
എത്തണമതിനു മുൻപായിഒന്നുകൂടി കാൺമാൻ കുരുന്നിനെ
രണ്ടു മാമ്പഴമേകുവാൻഒരുമ്മ നൽകുവാൻമാറോടണയ്ക്കാൻ;
എത്ര ക്ഷണികമീ ജീവിതംഇത്രയും ക്ഷണികവുമാവരുതായിരുന്നു.

എന്റെ മാവിലെയേറ്റവും മാധുര്യമാർന്നരണ്ടു മാമ്പഴമാകണേയെൻ കരങ്ങളിലണയാൻ,
 കുഞ്ഞു വിളക്ക്ഞാനെത്തും വരേയ്ക്കും കെടാതെ കാക്കണേ
മാമ്പഴങ്ങളാ വായിലലിയും വരേയ്ക്കുമവൾക്കായുസ്സേകണേ;
അല്ലഎന്നുമെൻ മാവിലെ മാമ്പഴം നുകരുവാനായുസ്സവൾക്കായി നൽകേണമേ.

രണ്ടേരണ്ടു മാമ്പഴമതുവരെയെത്തിക്കാനായുസ്സെനിക്കും നൽകേണമേ;
എത്ര ക്ഷണികമീ ജീവിതംഇത്രയും ക്ഷണികവുമാവരുതായിരുന്നു

Srishti-2022   >>  Poem - Malayalam   >>  പ്രത്യാശ

Roshini Abraham

QuEST Global

പ്രത്യാശ

നിലാവിൻ കാലൊച്ച 

കേട്ടു മയങ്ങുമീ 

പൂവിനിന്നറിയുമോ 

പൂഴി തൻ തേങ്ങൽ 

 

കാട്ടിൻ ചിലമ്പഴിച്ചൊഴുകി 

അകലുന്നൊരു കാറ്റി-

നിന്നറിയുമോ രാവിൻ 

തേങ്ങലോളങ്ങൾ 

 

നിന്നുടലിലും ചോര

അവനുടലിലും ചോര

മർത്യാ നമ്മൾ തൻ 

ഞരമ്പുകളിൽ ചോര 

 

നാനാവിധം മഹത്

വ്യക്തികൾ ഘോഷിക്കും 

നാനാവിധം മഹത്

വചനങ്ങൾ മന്ത്രിക്കും 

 

ജീവൻ തുടിക്കും 

നാഡീഞരമ്പുകളിൽ 

ഒഴുകുന്ന ചോര തൻ 

നിറമൊന്നു തന്നെ 

 

സ്വർഗത്തെ തേടി 

അലയുന്ന നിങ്ങളോ 

അറിഞ്ഞീടുക 

സ്വർഗ്ഗമീ മണ്ണിലാണെന്നും 

 

വണങ്ങീടുകിൻ 

നിൻ മാതാവിനെ 

വണങ്ങീടുകിൻ 

നിൻ ഭൂപ്പെറ്റ മക്കളെ 

മതമല്ല ജീവൻ 

മതമല്ല ലോകം 

മതമല്ല നിൻ 

പ്രാണനിൻ ആധാരം 

 

സ്നേഹമാണീ ഭൂമി തൻ 

പ്രാണനും ശോഭയും 

ജാതിയല്ല ഇന്നീ

വായുവിൻ ഉറവിടം 

 

മതമെന്ന വാളാൾ 

മമതയെന്നൊരു ചിന്തയെ 

വേർപ്പെടുത്തീടല്ലേ 

മർത്യാ നിൻ ഉടലിൽ നിന്ന് 

 

സ്നേഹിച്ചിടൂ നിങ്ങൾ

സേവിച്ചിടൂ നിങ്ങൾ

മനുഷ്യത്വമെന്ന കണ്ണിയാൽ 

ബന്ധിതർ നാം 

 

സമുദ്രം തൻ തീരം,

പൂവ്  തൻ ഗന്ധം,

മാനവരാശി തൻ 

കർമ്മമിന്നു സ്നേഹം 

 

അറിയൂ  നിങ്ങളിന്ന് 

വരും തലമുറതൻ 

അറിവിനായ് പകരൂ 

നിങ്ങളിന്ന് 

 

സാഹോദര്യത്തിൻ 

മഞ്ഞുബാഷ്പങ്ങളാൽ 

പണിതിടു സ്വർഗ്ഗമിന്ന് 

മാനവഹൃദയത്തിൽ 

Srishti-2022   >>  Poem - Malayalam   >>  പൂവോർമ്മകൾ

Vineeth Krishnan

Infoblox

പൂവോർമ്മകൾ

പറക്കാനാഗ്രഹിച്ച പൂക്കളാണത്രേ 

പിന്നീട്  പൂമ്പാറ്റകളായ് ജനിക്കുന്നത് 

പാറിപ്പാറിത്തിമിർക്കുന്നതിനിടെ

ഒരര നിമിഷം കൊണ്ട് പൂവിനെപ്പുണർന്നൊരുമ്മ കൊടുക്കുന്നത് 

പഴയ ഓർമ്മകളുള്ളതുകൊണ്ടാണത്രേ 

ചിലപ്പോഴത്, അമ്മയുടെ ഒക്കത്തിരുന്നുകൊണ്ടാകാശം നോക്കി 

നിറഞ്ഞു ചിരിക്കുന്ന കുഞ്ഞനിയനൊരു ചക്കരയുമ്മ 

മറ്റു ചിലപ്പോൾ, അമ്മയുടലിന്റെ മണം നുകർന്നുകൊണ്ടൊരുതുള്ളി

യമ്മിഞ്ഞപ്പാലുനുണഞ്ഞു കൊണ്ട് അമ്മമാറിനമർന്നൊരുമ്മ 

ഓർമ്മകളുള്ളവയാണ് പൂമ്പാറ്റകൾ 

അതുകൊണ്ടാണത്രേ നട്ടുവളർത്തിയവനെങ്കിലും മനുഷ്യനെ കണ്ടാൽ പാറിപ്പറന്നോടിയൊളിക്കുന്നത് 

ഓർമകൾ തികട്ടി വരികയാണ് 

എടുത്ത തണലിനു പകരം മരത്തിന് മരണം പകരുന്നവൻ 

നുണഞ്ഞ പാലിന് നിണമൊഴുക്കി കടം വീട്ടുന്നവൻ 

ഗർഭപാത്രത്തിന്റെ വാടക കാലടിയളന്ന് പകർന്ന്‌  തീർക്കുന്നവൻ 

ഓർമ്മകളുള്ളവയാണ് പൂമ്പാറ്റകൾ

അതുകൊണ്ടു തന്നെ ഭയമുള്ളവയാണ് പൂമ്പാറ്റകൾ 

പറന്നു പോവാൻ പൂവാഗ്രഹിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ

Srishti-2022   >>  Poem - Malayalam   >>  വെറുപ്പ്

വെറുപ്പ്

എൻ്റെ പ്രതിഷേധത്തിൻറെ ജ്വാലകൾ-

നിന്നെ വിഴുങ്ങുമെന്ന മിഥ്യാധാരണ

എൻ്റെ ഇച്ഛാശക്തിക്ക് തോന്നിയ-

വെറും തെറ്റിദ്ധാരണയാന്നെന്ന് 

കാലം വൈകാതെ തന്നെ-

എന്നെ ബോധ്യപ്പെടുത്തി.

 

എൻ്റെ പ്രയാണം നിന്നിലേക്കുള്ള-

കാൽവെപ്പുകളാണെന്ന എൻ്റെ അഹങ്കാരത്തിന് 

തീവ്രമായ നിൻറെ അവഗണന 

മറുപടിയായി വർത്തിച്ചപ്പോൾ,

പൊട്ടിക്കരഞ്ഞ എൻ്റെ മനസ്സിനെ-

ഞാനിന്ന് ജീവനോടെ കുഴിച്ചു മൂടിയിരിക്കുന്നു  .

 

കാര്യങ്ങളെ നിസ്സാരവത്കരിക്കാനുള്ള-

നിൻെറ മനോഭാവത്തെ -

നിസ്സഹായതയോടെയാണ് ഞാൻ തിരിച്ചറിഞ്ഞത്.

മനസ്സിനെ ഓർമ്മകളിൽ നിന്നും പറിച്ചുനടുവാൻ-

എങ്ങനെ ഒരു സ്ത്രീശക്തിക്ക് സാധിക്കുന്നു?

എന്തൊരു പ്രപഞ്ച സത്യമാണത്

 

എന്നെ ഭ്രാന്തുപിടിപ്പിക്കുന്ന-

നിൻറെ മാദകത്തെ ഞാനിന്ന്-

തീക്ഷ്ണമായി വെറുക്കുന്നു,

കാരണം അവയെല്ലാം കളങ്കപ്പെടുത്തുന്നത്-

ഒരായിരം കിനാവുകളെയാണ്,

ഒരായിരം പ്രതീക്ഷകളെയാണ്.

 

കലയുടെ നാൾവഴികളിൽ-

നിന്നെ ചിത്രീകരിക്കുവാൻ മടിച്ച,

വർണ്ണങ്ങളെ ഞാൻ എന്നിലേക്ക് ആവാഹിക്കും,

കാരണം എൻ്റെ പകയുടെ തീച്ചൂളയിൽ-

കത്തിയണയുന്നത് നിന്നിൽ ഞാനർപ്പിച്ച,

എൻ്റെ വിശ്വാസങ്ങളാണ്

Srishti-2022   >>  Poem - Malayalam   >>  കേരളം കേരളം തന്നെ

കേരളം കേരളം തന്നെ

കേരളം കേരളം തന്നെകേരളം കേരളം തന്നെ 
വെള്ളം ആർത്തിരമ്പി ഒഴുക്കി കളഞ്ഞൊരാ 
മതഭ്രാന്തും ജാതിപ്പോരും ഇതാ വീണ്ടും 

മലയാളി എത്തി പിടിച്ചിരിക്കുന്നു.
കേരളം പുനർ നിർമ്മിക്കുവാൻ 

ശ്രമിക്കേണ്ടുന്ന സമയം, അതാ അവൻ 

വീണ്ടും ഹർത്താലിനായി കൈപൊക്കുന്നു
മലയാളികൾ ലോകത്തെ മുന്നോട്ടു നയിക്കുമ്പോൾ 
ഇവിടെ മലയാളികൾ കേരളത്തെ പിന്നോട്ടു നയിക്കുന്നു.
നിർത്തു സോദരാ നിന്റെയീ മത ഭ്രാന്ത്
സ്ത്രീക്ക് രാജ്യം ഭരിക്കാമെങ്കിൽ 
എന്തെ അയ്യപ്പനെ കാണാൻ വിലക്ക് ?

Srishti-2022   >>  Poem - Malayalam   >>  പൊട്ടുകള്‍

പൊട്ടുകള്‍

ഞാന്‍ സ്വപ്നങ്ങള്‍ക്ക് കാവലിരുന്നു..
അവള്‍ യാഥാര്‍ത്യങ്ങള്‍ തേടിയലഞ്ഞു..
ഞങ്ങള്‍ക്കിടയില്‍ ദൂരം ഒരു കാര്‍മേഘമായി കുമിഞ്ഞുകൂടി..
ഞാന്‍ കാത്തുവെച്ച സ്വപ്നങ്ങളും തേടി അവള്‍ ഇനി വരില്ല..
അവള്‍ക്ക് കൂട്ടായി അലയാന്‍ എനിക്കും ഇനി കഴിയില്ല..
കാലം ഞങ്ങളിലെ ഓര്‍മ്മകള്‍ പൊടി പൊട്ടുകളാക്കി,
ഏതോ പുതപ്പിന്‍ പുറങ്ങളില്‍ ഒട്ടിമായാന്‍ പോകുന്ന പൊടിപൊട്ടുകള്‍..
 

Srishti-2022   >>  Poem - Malayalam   >>  വാക്കുകൾ

വാക്കുകൾ

കവിമനസ്സിൽ  വാക്കുകൾ

ഉന്മാദരായി പൊഴിയുകയായി.

 

ജന്മാന്തരങ്ങളിൽ കേട്ട് പഠിച്ചവ,

സ്മൃതിഭ്രംശം വന്നു വഴി മാറിപോയവ,

 

മുറിവേറ്റ നൊമ്പര ലിപികൾ ,

പ്രണയ വചസ്സുകൾ,

ദുഖഗീതങ്ങൾ ,ഗൂഢ വചസ്സുകൾ .

 

മരണമൊഴികൾ,

കൊഞ്ചലുകൾ ,നാട്ടുചൊല്ലുകൾ

പിന്നെയുമായിരം നാമധേയങ്ങൾ...

 

ചിതറിയ  കുമിളകണക്കെ

വാക് പ്രവാഹം ചിന്തകളിൽ

പെയ്തിറങ്ങി.

 

എങ്കിലുമാ കവിഹൃദയം

പ്രകൃതിയിലും

മാതൃ ഹൃദയത്തിലും

തളക്കപ്പെട്ട പെണ്ണിലും

കണ്ണ് നട്ടിരുന്നു.

 

കൈയ്യിലെ തൂലിക,

പറയാത്ത വാക്കുകളോടൊപ്പം

അടുത്ത കവിതയിലേക്കു യാത്രയായ്

Srishti-2022   >>  Poem - Malayalam   >>  ഉറുമ്പുകൾക്കെല്ലാം അറിയാം

Rahid Abdul Kalam

Finastra Solutions

ഉറുമ്പുകൾക്കെല്ലാം അറിയാം

മയ്യത്തിന് ചാരത്തു

നിന്നുകൊണ്ടൊരുറുമ്പ്  ചൊല്ലി

അറിയാം എനിക്കെല്ലാം..

മരണം വേദനയാണ്..

 

കത്തി തീരുന്ന ചന്ദന തിരികൾക്ക് ...

വെട്ടേറ്റ വാഴയിലകൾക്ക് ..

തെക്കേലെ മാവിന്റെ വേരുകൾക്ക് ..

 

നിങ്ങൾ പടുത്തുയർത്തിയ

ഖബറിൽ ചുട്ടെരിച്ചത്

നാമാവശേഷമായ അവനെ മാത്രമല്ല

എൻ്റെ കുടുംബത്തെ കൂടിയാണ് ..

 

എങ്കിലും

ഞാൻ വേദന കടിച്ചമർത്തും

കാരണം

എനിക്കെല്ലാം അറിയാം .

Subscribe to Poem - Malayalam