Skip to main content
Srishti-2022   >>  Poem - Malayalam   >>  ധീരജവാന്ആദരാഞ്ജലികൾ

Jayanthan.P.R

Clinipace Worldwide

ധീരജവാന്ആദരാഞ്ജലികൾ

ഇന്നലെപ്പെയ്ത മഴക്കുമുളച്ചൊരു

കാട്ടുതകരതൻ പാഴ്ചെടിയല്ലിവൾ

വേദേതിഹാസപുരാണങ്ങളാധാര-

മായൊരു സംസ്കൃതവൃക്ഷമീ ഭാരതി

എല്ലാമതസ്ഥരുമൊന്നിച്ചു വാഴുന്ന

പുണ്യസ്ഥലമാണ് ഭാരതമണ്ഡലം

പാരതന്ത്ര്യത്തിന്റെ ചങ്ങലപ്പൂട്ടുകൾ

ആറുപതീറ്റാണ്ടു മുൻപേ തകർത്തിവൾ

വിശ്വം നമിക്കുന്നിവളുടെ കാൽകലായ്

വിശ്വം ഭരിക്കുവാൻ പ്രാപ്തയാണിന്നിവൾ

ആരോടുമിന്നിവൾക്കില്ലാ പരിഭവം

മാനവസേവന മന്ത്രം മുഴക്കുവോൾ

ഭീകരവാദികൾക്കാവില്ലൊരിക്കലും

മുള്ളുവിതറുവാനീവഴിത്താരയിൽ

ഒരു തളിർ നുള്ളിയാളായിരം നാമ്പുകൾ

പൊട്ടികിളിർക്കും വടവൃക്ഷമാണിവൾ

നാളെയീഛായയിൽ സായുജ്യമാർന്നിടാൻ

വിശ്വം മുഴുവനുമെത്തിടാൻ വെമ്പിടും

അവളെത്തടുത്ത കരം തടഞ്ഞീടവെ

ജീവൻ വെടിഞ്ഞ സഹോദരാ കൂപ്പുകൈ

കോടികൾ ഞങ്ങളിതാ നിന്റെ ധീരത

കണ്ടൂനമിക്കുന്നു ഗദ്ഗദകണ്ഠരായ്

കോടികൾ ഞങ്ങളിതാ നിന്റെ ധീരത

കണ്ടൂനമിക്കുന്നു ഗദ്ഗദകണ്ഠരായ്

ഇല്ലാനിനക്കു മരണം സഹോദരാ

എന്നൂമമരനായ് വാണീടും ഞങ്ങളിൽ

ഞങ്ങൾതൻ ജീവിതപാതയിൽ നീയൊരു

ഭാസുരദീപമായ് കത്തിജ്വലിച്ചിടും.

Srishti-2022   >>  Poem - Malayalam   >>  ഉത്തരം നൽകാതെ ജീവിതവും മരണവും

Kripa Abraham

Allianz Technologies

ഉത്തരം നൽകാതെ ജീവിതവും മരണവും

കുക്കറിന്റെ ഒന്നാമത്തെ വിസിൽ അടിച്ചു

ഇനിയും രണ്ട്‌ വിസിൽ കൂടി വേണമെന്ന് 

മനസിൽ കണക്ക്‌ കൂട്ടുമ്പോഴാണ്

തൊട്ടപ്പുറത്തെ വീട്ടിൽ നിന്നും

ആർത്തലച്ച്‌ കരയുന്നവരുടെ ശബ്ദം

എന്റെ ജനലഴികളിൽ ചിതറിത്തെറിച്ചത്‌.

 

ആരാവും കരയുന്നത്‌ എന്ത്‌ പറ്റിയതാവും.

ഞാൻ ഉത്കണ്ഠയോടെ 

കതകിന്റെ വിടവിലൂടെ നോക്കി.

 വീടിനു പുറത്ത്‌ അഞ്ചെട്ട്‌ പേരുണ്ട്‌ അവർ,

തിടുക്കപ്പെട്ട്‌ എന്തൊക്കെയോ തയ്യാറെടുപ്പുകൾ

നടത്തുകയാണെന്ന്

ഒറ്റനോട്ടത്തിൽ തോന്നും.

ഒന്നിനു പുറകെ ഒന്നായ്‌‌ കാറുകൾ‌ നിർത്തുന്നു,

അതിനകത്ത്‌ നിന്നും സ്ത്രീകൾ 

വാവിട്ട്‌ കരഞ്ഞു കൊണ്ട്‌ അകത്തേക്ക്‌ ഓടി.

കുട്ടികൾക്ക്‌‌ ചാറ്റൽ മഴ കണ്ടതിലുള്ള സന്തോഷം

ആണുങ്ങൾ മുഖത്ത്‌ ഗൗരവത്തിന്റെ വലിയ

തിരശീല വലിച്ചു കെട്ടിയിരിക്കുന്നു.

 

എന്റെ മനസ്‌ പറഞ്ഞു

അവർക്ക്‌ പ്രിയപ്പെട്ട ഒരാൾ മരിച്ചിരിക്കുന്നു.

ആരായിരിക്കാം അത്‌,

ഒരിക്കൽ ഒരുപക്ഷെ അവരെ തലോടി 

ഉറക്കിയിരുന്ന കൈകളാകാം

വെയിലും മഴയുമേറ്റ്‌ അവർക്കായി മാത്രം

ഉഴച്ച ശരീരമാകാം

പണികഴിഞ്ഞ്‌ വരുമ്പോൾ‌ മടിക്കുത്തിൽ നിന്നും

വിയർപ്പിൽ മുങ്ങിയ സമ്മാനപ്പൊതി 

അവർക്കായ്‌ നീട്ടിയ സ്നേഹമാകാം‌. 

അരവയറിൽ കഞ്ഞി‌‌‌യും‌ 

ബാക്കിയിൽ സ്നേഹവും നിറച്ച്‌‌ 

സ്വപ്നങ്ങൾ കാണാൻ പഠിപ്പിക്കുമ്പോഴും

അവരെ മാത്രമോർത്ത്‌ വിതുമ്പിയ ചുണ്ടുകളാകാം.

 

ഇത്‌ അവസാനത്തെ അവസരമാണവർക്ക്

 മുഖം ഒരു വട്ടം കൂടി കാണാൻ 

ഒന്ന് കെട്ടിപ്പിടിക്കാൻ

ഇനിയാ സ്ഥാനത്ത്‌ നിറയുന്ന ശൂന്യതയോർത്ത്

അവരെന്റെ ആരുമല്ലാതിരുന്നിട്ടും 

മനസിന്‌ വല്ലാത്ത ഭാരം തോന്നി.

 

ഭൂമി ജീവിതത്തിൽ അയാൾക്ക്‌ 

നീതി ലഭിച്ചിരിക്കുമോ.

ഇത്രയും നാൾ കൂടെയുണ്ടായിരുന്ന 

ബന്ധങ്ങളുടെ നൂലിഴകളിൽ നിന്നും 

പൊട്ടിയകന്ന്,

തനിച്ച്‌ പുതിയ ഏതോ ഒരു ലോകത്തിൽ‌ 

അയാൾക്ക്‌ പേടി തോന്നുന്നുണ്ടാകുമോ

ചിന്തകൾക്ക്‌ പൂർണ്ണവിരാമം ഇടുവാനെന്ന പോലെ

കുക്കർ വിസിൽ അടിച്ചു.

ഇതെത്രാമത്തെയാണെന്ന് ഓർക്കുന്നില്ലല്ലൊ 

വെന്ത്‌ പോയിട്ടുണ്ടാകുമോ 

ആശങ്കൾ നിറഞ്ഞ‌ ജീവിതത്തിലേക്ക്‌ 

വീണ്ടുമെനിക്ക്

തിരികെ നടന്നല്ലേ പറ്റൂ

Srishti-2022   >>  Poem - Malayalam   >>  ആദ്യാക്ഷരം

Vinod appu PG

QuEST Global

ആദ്യാക്ഷരം

                          ബാല്ല്യത്തിലാ-

                         കൊച്ചു കളിവീടുകള്‍ തന്‍ നാളില്‍ 

                         ആദ്യമായ് ചൊല്ലിയൊരക്ഷരമെന്നാരൊ -

                         ചൊല്ലിയറിഞ്ഞു ഞാനെന്നമ്മയെ 

 

   കൗമാരത്തില്‍ ,

   ചോരത്തിളപ്പിന്റെ  നാളില്‍ 

   ഉള്ളപ്പോലറിയാത്ത  കണ്ണിന്റെ 

   വിലയായിരുന്നമ്മ .

                                 

                                         യൗവ്വ നത്തില്‍,

                                         അജ്ഞാതവാസതിന്റെ നാളില്‍           

                                         പെയ്യുന്ന മഴയെഅമ്മതന്‍ സ്നേഹത്തോടു-

                                         പമിചിരുന്നു  ഞാന്‍ .

 ഇനിയും നീളുന്നോരെന്‍ നടപ്പാതയില്‍  

മെഴുകുതിരിനാളമായ് നീളുന്നതിന്നു  നീ.

ഒടുവിലൊരു മുറിപ്പാടയെന്‍-

ഹൃദയത്തിങ്കലലിയുമെന്നോര്ക്കെ 

അറിയാതെന്‍  മിഴിയിണ തുളുമ്പുന്നുവോ,

അറിയാതെന്‍  മിഴിയിണ തുളുമ്പുന്നുവോ.....

Srishti-2022   >>  Poem - Malayalam   >>  ഇതളൂർന്ന കിനാക്കൾ

Juwel Anto

UST Global

ഇതളൂർന്ന കിനാക്കൾ

കൊതിയോടെ ജൻമം കാത്തിരികാം ഞാൻ 

നിൻ മടി തട്ടിൽ മയങ്ങാൻ 

നിറമേഴും സ്വപ്നങ്ങൾ കണ്ടുണരാൻ 

 

കണി  മഞ്ഞു  മായുന്നു

കരൾ നീറും  ഓർമയായി

ഇരുൾ വീണുറങ്ങു ന്നു

മിഴിനീർ കിനാവുമായ്

 

അകലെ എൻ കിനാകളും

അടുത്തൊരി  വിങ്ങലും

സ്വപ്നമേ എവിടെ നീ

സർഗ്ഗ സംഗീതമേ എവിടെ നീ

 

ഇതൾ നീർത്തൊരനുരാഗ വനികയിൽ എന്നും 

കൊഴിയാതെ നിൽക്കുന്ന പൂവാണ് നീ 

നിൻ സുഗന്ധത്തിനെ ആത്മാവിൽ അലിയിക്കാൻ 

വഴി തെറ്റി അലയുന്ന കാറ്റാണ് ഞാൻ 

 

ഒരുപാട് നൊമ്പരം ഉരുകുമെൻ കരളിലെ 

കാണാത്ത ചെപ്പിലെ നിധിയാണ് നീ 

ഒരുപാട് ജന്മങ്ങൾ  നിൻ ചാരെ നിന്നിട്ടും

അറിയാതെ പോയൊരു വിധിയാണ് ഞാൻ 

ഒരു നേർത്ത ചിരിയോടെ നീ നടന്നകലുമ്പോൾ 

ഇനി ഇല്ലി ജന്മത്തിൻ  അനുരാഗങ്ങൾ 

 

ഇന്നുമെൻ മിഴിയിനി

നനയിൽലോരി കലും

വെളിച്ചമേ പുല്കു നീ

സപ്ത സ്വരങ്ങളായ്  പുണരു നീ

Srishti-2022   >>  Poem - Malayalam   >>  വേഴാമ്പൽ

Krishna Ramkumar

Allianz

വേഴാമ്പൽ

ജീവിതമെന്ന മായാനൂലുകളാൽ 

ബന്ധനസ്ഥരായ നാം ഏവരും 

എന്തെന്നറിയാതെ ആരെന്നറിയാതെ 

പാരിൽ അങ്ങൊളം ഇങ്ങോളം അലയുമ്പോൾ 

ഓർക്കുക മർത്യരെ !

ഈ ജീവിതം വെറും മിഥ്യയെലോ 

അനന്തമായ ഏകാന്തതയുടെ 

ബ്രമണത്തിലേക്കുള്ള ചവിട്ടുപടികൾ !!!

 

മനസിൽ നന്മകൾ  നാമ്പിട്ടാൽ 

പരമമായ ശാന്തതയുടെ വിഹായുസ്സിൽ ലയിച്ചിടാം 

വിധിയുടെ കാർമേഘങ്ങളിൽ പെട്ടുഴലാതെ 

ആശ്വാസത്തിൻ പൊൻകിരണങ്ങളിൽ തളിർത്തിടാം 

ജീവിതമാകുന്ന പൂന്തോട്ടത്തിലെ വർണ്ണശലഭങ്ങൾ ആകാം 

 

എന്നാൽ ചിത്തം വിഷപൂരിതമായാൽ 

വേർപാടിൻ തീച്ചൂളയിൽ മുങ്ങിതാണു 

ഹൃദയം നോവാൽ തുടിച്ചിടും 

 

ദൈവം വിരൽത്തുമ്പുകളാൽ തീർത്ത 

വിസ്മയമല്ലോ നാം ഏവരും 

ആ പ്രപഞ്ചശക്തിയിൽ അലിഞ്ഞുതീരാൻ  

വിധിക്കപ്പെട്ടവർ 

ആ പുണ്യനിമിഷത്തെ പുണരാൻ 

വെമ്പിനിൽക്കുന്ന  വേഴാമ്പലുകൾ ! ! !

Srishti-2022   >>  Poem - Malayalam   >>  പിൻനിലാവ്

Gopakumar Palat

QuEST Global

പിൻനിലാവ്

രാവിന്റെ യാമങ്ങളിൽ കുളിരും കൊണ്ടു വന്നു നീ

ഒപ്പം അൽപ്പം സ്നേഹവും കൂടെ പ്രതീക്ഷയും

അന്തരാത്മാവിന്റെ ആഴങ്ങളിൽ

നീലാംബരങ്ങൾ നിറച്ചവൾ നീ.

ഒരുപാടൊരുപാട് ഓർമ്മകൾ തൻ

മണിമന്ദിരം തീർത്തു തന്നവൾ നീ.

നിദ്രതൻ ശയ്യയിൽ വീണിടാതെ

നിർവികാരനായ് നിന്നെ നോക്കി നിൽക്കെ,

തൂവെൺമയോലും നിൻ കിരണങ്ങളിൽ

നീരാടി നിശ്ചലനായി നിൽക്കെ,

പരിചിതമാം നിൻ വെൺരശ്മികൾ

പതിയുന്ന നേരം ഞാൻ ചാരിതാര്ത്ഥ്യൻ.

നിഴലുകൾ നീന്തും നിൻ വഴികൾ നോക്കി

പിന്നിട്ട ജീവിത പാതകൾ തേടി,

അറിയാതെ അണയുന്നു ശാന്തിതീരം

തേടലും തേങ്ങലും തീർന്നപോലെ.

പകലിന്റെ മിഴിയിലെ തെളിമയേക്കാൾ

അറിയുന്നു നിൻ മിഴിയിലെ മങ്ങലിനെ

ഒരുപാട് ചോദ്യത്തിനുത്തരമായ്

നീ കാത്തു വച്ചോരു മൂകതയെ.

കുലകുലയായ് സമർപ്പിപ്പൂ നന്ദിതൻ മലരുകൾ

എന്നിൽ നീ ചാർത്തിയ കാൽപാടുകളിൽ.

Srishti-2022   >>  Poem - Malayalam   >>  കൃത്യം

കൃത്യം

മിസ്റ്റർ കരുണൻ, കടം വാങ്ങിയ ഒരു തീപ്പെട്ടിക്കൊള്ളിയുടെ ബന്ധമേ നമ്മൾ തമ്മിലുണ്ടാകുമായിരുന്നുള്ളു; ആ മിനുക്കത്തിൽ നിന്റെ മുഖം നിന്നെ ഒറ്റിയില്ലായിരുന്നെങ്കിൽ.

 

തിരിച്ചേൽപ്പിക്കാതെ  കായലോളങ്ങളിലേക്ക് ഞാനാ തീപ്പെട്ടി വലിച്ചെറിയുമ്പോൾ കാലിയായിരുന്നോ എന്ന് നീ നെറ്റി ചുളിച്ചില്ല. 

ഒരപകടവും ഭാവിച്ചില്ല.

എന്നെ അവഗണിച്ച് നീ നിന്റെ പുറന്തോടിനുളളിലെ നിഗൂഢതകളിലേയ്ക്ക്  ഊളിയിട്ടു പോയി. 

തികച്ചും സ്വാർത്ഥമായത്.

അപരിചിത സാന്നിദ്ധ്യത്തിന്റെ  നിരുപദ്രവകരമായ പര്യവസാനം എന്നു നീ.

നീറും മനോവ്യഥയ്ക്കിതാ പര്യവസാനം എന്ന് ഞാൻ.

 

ഒരേ തോണിയിൽ യാത്ര ചെയ്യാൻ 

സമയം തെറ്റിയെത്തിയ രണ്ട് യാത്രക്കാർ. 

രാത്രിയിൽ മുടിക്കെട്ടഴിഞ്ഞു പോയൊരു പുഴയും കാത്തിരിക്കും കാമുക ശിൽപം പോലൊരു കടവും.

ഓളങ്ങളിൽ വീണു തെന്നിപ്പോകുന്ന വെളിച്ചത്തുണ്ടുകൾക്കിപ്പുറം

 മൗനം പുകച്ചു തള്ളുന്ന രണ്ട് കരിങ്കുറ്റികൾ നമ്മൾ പുറം തിരിഞ്ഞിരിക്കുന്നു.

അകലങ്ങളിൽ ബോട്ടിന്റെ തുരുമ്പു വെളിച്ചം.  

ലക്ഷ്യമടുത്തു എന്നു നീയും ഏറെയടുത്ത് എന്ന് ഞാനും.

 

നിന്റെ ചിന്തകളും ബോട്ടുലഞ്ഞ ഓളപ്പരപ്പും ഒപ്പമാണ്...

വ്യതിചലനങ്ങളിൽ നിന്നെ വായിക്കാനുള്ള 

എന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുമെന്ന് 

നീ വൃഥാ മോഹിക്കുന്നു.

മിസ്റ്റർ കരുണൻ, നിന്റെ മുഖം തിരിച്ചുള്ള ഇരിപ്പിനും എന്റെ കാത്തിരിപ്പിനും 

ഈ നിമിഷം അടിസ്ഥാനമില്ലാതാവുകയാണ്.

 

കാറ്റിലുലയുന്ന ഓലത്തുമ്പിലും

ഓളത്തിലലയുന്ന പലകത്തുണ്ടിലും ദ്രുതം പാഞ്ഞടുക്കുന്ന നിന്റെ ജാഗ്രത.

കൗശലത്തിന്റെ പിൻ ക്യാമറ.

കുഞ്ഞുപെൺകരുത്തിനെ കശക്കി 

ഞെരിച്ചാഹ്ളാദിച്ച നിന്റെ ദൃഢ പേശികൾ.

പച്ച രക്തം നുണയുന്ന പല്ലിന്റെ ക്രൗര്യം.

ഇവയ്ക്കൊന്നും എന്റെ വേഗത്തെ  ചെറുക്കാനാവില്ല.

 

ഒരു കുതിപ്പ്. 

 

അടിതെറ്റിയ നിന്റെ ശിരസ്, ചവിട്ടുപലകകൾക്കടിയിൽ

ദാ ഇങ്ങനെ കായലിൽ മുക്കിപ്പിടിക്കാൻ എനിക്ക് അര നിമിഷം മതി. 

ഉലയുന്ന ഇരുട്ടിൽ ഉയരട്ടെ

അലർച്ചകൾ,

ആയിരം പൂത്തിരികൾ പതഞ്ഞു പരക്കട്ടെ.

പ്രണയ പ്രവാഹത്താൽ ഉളളം 

നിറയട്ടെ.

നന്നായി തണുക്കട്ടെ,

നിന്റെ കാമനകൾ.

 

വെയിലായിരുന്നെങ്കിൽ,

കുഞ്ഞ് കുമിളകളിൽ ഒഴുകിപ്പറന്ന്, നീ മാരിവില്ലുകൾ വിരിയിക്കുമായിരുന്നോ?

പകലിന്റെ ഉടലിനെ ത്രസിപ്പിക്കുമായിരുന്നോ?

അവൾ ചിരിക്കട്ടെ...

സ്ഥലനാമം മാത്രമുള്ള പെൺകിടാവ്.

ഒരു വെയിൽപ്പാതിയിൽ, നീ ഊതിപ്പറപ്പിച്ച അവളുടെ 

ചിരി മുത്തുകളിലൊന്ന് 

പാറി വീണുടഞ്ഞത് 

എന്റെ ഹൃദയത്തിലാണ്.

 

മിസ്റ്റർ കരുണൻ, ഇത് അവൾക്ക് വേണ്ടി ഞാൻ അന്നേ കടം കൊണ്ട  തീക്കൊള്ളി.

ആ ഒരു ബന്ധമേ നമ്മൾ തമ്മിലും ഉണ്ടായിരുന്നുള്ളൂ.

Srishti-2022   >>  Poem - Malayalam   >>  കലിയുഗത്തിൻ സ്ത്രീ

Aparna Asok

Infosys Limited

കലിയുഗത്തിൻ സ്ത്രീ

ഞാൻ ആദിയിൽ നിന്നും  ഭൂമിതൻ ,ജീവൻറെ ഗർഭം ധരിച്ചു...

ഞാൻ തൊടികളിൽ നിന്നും കനികൾതൻ ,സ്വാദിന്റെ ലോകം പടുത്തു .

ഇരുളിന്റെ മറവിലായ് അന്ധതയ്ക്കു ഉള്ളിലെ ,

അറിവിന്റെ നാളം ചികഞ്ഞു ...

അടിമയെ പോലെ ഞാൻ പകലുകൾ പിന്നിട്ടു,

ഇരവിന്റെ ഉള്ളിൽ പകച്ചിരുന്നു...

നാളുകൾ പിന്നിട്ടു ലോകം വളർന്നു പടവുകൾ താണ്ടി ഞാൻ അറിവ് തേടി ...

വിദ്യ നേടി... കലകൾ നേടി ...വാള് ഉയർത്തി ഞാൻ റാണി ആയി,

തൂലിക തുമ്പിലെ വാക്കുകൾ കൊണ്ടു ഞാൻ,

തീവ്രമാം അധികാരം ഏറ്റെടുത്തു !

എന്നിട്ടും... എവിടെയും... എന്തിനീ ഗർഭപാത്രത്തിലും,

സ്ത്രീ എന്ന പേരിൽ ഞാൻ ചിതയിലേറി !

ഭൂമി പിളർന്നു പോം ജാനകിയായും ,

മാറ് മറയ്ക്കാത്ത തീയ്യതിയായും ,

കാലത്തിൻ പടവുകൾ താണ്ടിയിട്ടും,

പിന്നെയും ഞാൻ വെറും ചിഹ്നമായി !     

 

ഇന്നു ഞാൻ ആരോ അതു അർത്ഥമല്ല !

ഇരവ് എനിക്ക് എന്നും ഒരു പോലെയായി!

കതകിന്റെ മറവിൽ ഒളിച്ച  നൂറ്റാണ്ടിൽ ,

ആരോ ? അതു തന്നെ ഇന്നുമീ ഞാൻ ...                       

 

നാം ഉദിച്ചു ഉയരുന്നു ലോകത്തിനൊപ്പം,

ഭാരതാംബയെ എനിക്ക് എവിടെ നേട്ടം ?

അവൾ വെറും പെണ്ണ് വലിച്ചു കീറാം...

അവളിലെ ചുംബനം പകർത്തെടുക്കാം !!

കാർമുകിൽ തോൽക്കും  മുടിയിഴകൾ,

കടന്നു പിടിച്ചു ! വലിച്ചിഴക്കാം!!                                     

 

എൻ മുലനാമ്പിൽ നിന്നാദ്യം നുണഞ്ഞിട്ടു്,

പിച്ചവെച്ചല്ലോ ഒരു ആൺ ജനിപ്പു ?

പേറ്റു നോവേറ്റൊരു അമ്മതൻ കവിളത്തു ,

ഉമ്മ നൽകും സ്നേഹം അല്ലേ മകൻ ?

 നിമിനേരത്തു എൻറെ ആത്മാവിൻറെ ആശ്വാസവും, തണലും അല്ലേ അവൻ ?

എന്നിട്ടും എങ്ങിനെ നീയാം മനുഷ്യന് രാവിൻറെ മറവിലായ്,  സ്ത്രീ കാമമായി ?    

 

ഓരോ നിമിഷവും പൂഴിക്കു ബാക്കിയായ് ഒഴുകിയെത്തി ,

നിർഭയയെ നിൻ ചുടുനിണം !!!

ചോദ്യവും പേറി ഞാൻ വിഷാദലോകത്തിൽ !

തീക്കനൽ തിന്നു ഞാൻ കാത്തിരുപ്പു!

ആരോടും ഉരിയിടാതെ കൺചുവപ്പിച്ചു ,

മാധ്യമങ്ങൾക്കവിടെ  ഉത്സാഹമായി !

ആരതെൻറെ മാനം കവർന്നെന്നു ചോദിച്ചു ,

ആരാന്റെ കൈയ്യിൽ നിന്നുത്തരം മേടിച്ചു ...

ഇത് ഭാരതം ആർഷസംസ്കാര പണ്ഡിതർ ,

ഊന്നി പറഞ്ഞു എൻ സംസ്കാര ശൂന്യത...     

 

കാവി ഉടുപ്പോ… നീ ലോഹയോകൊന്തയോ ?

മുണ്ടുമാറ്റി കുത്തും ഉന്നതശ്രേഷ്ഠനോ,

ആരും ആരും എന്നെ മാറി തഴുകിടും,

മാറോടു അടക്കി പിടിച്ചിട്ടു ചീന്തിടും...

ദീനമാം എൻ കരങ്ങൾ പിടഞ്ഞിട്ടു,

രോദനം മാത്രം മുഴങ്ങി തിമിർക്കുന്നു !                         

 

പിറവിതൻ നാമ്പു നട്ടീടുവാൻ ദൈവം ,

എൻറെ ഉദരത്തിൻ ശാഖ എടുത്തിട്ടും,

മാസങ്ങളോളം ചുമന്നു ഞാൻ പെറ്റിട്ട ശേഷം ,                         

എന്തേ ഞാൻ അശുദ്ധയായി മാറിയോ ?

 

നിർവൃതിപൂണ്ടു  അകത്തളത്തിൽ  നിൽക്കുന്ന,

ഓരോ പാദസ്വരത്തിനും കേൾക്കുവാൻ,

ഉച്ചത്തിൽ എൻ വിരൽത്തുമ്പു ചലിക്കുന്നു..സോദരീ..

നിൻ ധ്വനി കേൾക്കുവാൻഒത്തൊരുമിക്കുവാൻ,

കൈകോർത്തു മുന്നോട്ടു പോകിടാനായി,                                            

കാത്തിരിപ്പൂ ജ്വലിക്കും കനലുമായി

 

ഞാൻ… കലിയുഗത്തിന്റെ സുറുമ എഴുതിയ,

കാരിരുമ്പിൻ കരുത്തുള്ള തന്വഅംഗി !             

Srishti-2022   >>  Poem - Malayalam   >>  #MeToo ഒരു അഗാധ ഗർത്തമാണ്.

Githanjali Krishnan

Zafin Labs

#MeToo ഒരു അഗാധ ഗർത്തമാണ്.

#MeToo ഒരു അഗാധ ഗർത്തമാണ്.
ആ‍രും അതിൽ വീണുപോകാം.

അടുത്ത ബന്ധുക്കൾ, അധ്യാപകർ, 
വഴിയിലും ബസ്സിലും കണ്ട സഹയാത്രികർ,
ഒപ്പം പണിയെടുത്ത സഹപ്രവർത്തകർ.
ആരും ആ ഗർത്തത്തിൽ വീണുപോകാം.

ഇതിലാരെയാണുൾപ്പെടുത്തേണ്ടതെന്നറിയില്ല.
കുട്ടിയായിരുന്നപ്പോൾ തൊട്ടുനോവിച്ചവർ,
ബസ്സിൽ തട്ടിയും മുട്ടിയും സ്നേഹിച്ചവർ,
ഇടവഴികളിൽ പിന്തുടർന്നവർ,
സ്പർശത്തെ വെറുക്കാൻ പഠിപ്പിച്ചവർ!

അവന്റെ അറയ്ക്കുന്ന ആ അവയവം 
ശരീരത്തിൽ തൊടുമോ എന്നു ഭയന്നാണ് 
തിരക്കുള്ളയിടങ്ങളിലെ നിൽപ്പ്.
ബസ്സിൽ, ട്രെയ്നിൽ, എന്തിന് അമ്പലത്തിൽ പോലും!

രണ്ട്
--------

ഇത്രനാളും മിണ്ടാഞ്ഞത് പുശ്ചം കൊണ്ടാണ്.
പണിയെടുക്കാതെ, ഭിക്ഷചോദിക്കുന്നവനോടുള്ള
അതേ പുശ്ചം, നാണമില്ലാത്ത യാചകൻ.
മടിയൻ, മോഷ്ടാവ്, വിഡ്ഡി.
കെണിയൊരുക്കുന്ന കുറുക്കൻ.
ഇരന്നു തിന്നുന്ന കഴുതപ്പുലി.

സ്ത്രീയുടെ സ്നേഹത്തിനായി അദ്ധ്വാനിക്കണം.
കാത്തിരിക്കണം, പണിയെടുക്കണം.
ഒരിക്കലെങ്കിലും സ്നേഹത്തിനുള്ളിൽ രമിച്ചവൻ
മറ്റൊരുവളെ സ്പർശിക്കുമോ?
ബലാത്സംഗം രതിയല്ലെന്നറിയുമോ?

മൂന്ന്
----------
കത്തുന്ന തീയിലേക്കെടുത്തു ചാടിയപ്പോൾ 
സീതാദേവി പറഞ്ഞില്ലേ?#MeToo എന്ന്?
“ പടുരാക്ഷസ ചക്രവർത്തിയെൻ 
ഉടൽ മോഹിച്ചതു ഞാൻ പിഴച്ചതോ?* “ എന്ന്?

ദുശ്ശാസനൻ വസ്ത്രം വലിച്ചു കീറിയപ്പോൾ
പാഞ്ചാലിയും പറഞ്ഞില്ലേ #MeToo?
നിന്റെ നെഞ്ചിലെ രക്തം പുരണ്ടിട്ടേ
ഞാനീ അഴിഞ്ഞ തലമുടി കെട്ടൂ എന്ന്?

രേണുക, അഹല്യ, സത്യവതി, മാധവി.
ഇവരെല്ലാം തന്റേതല്ലാത്ത കുറ്റത്തിനു
#MeToo എന്നു പറഞ്ഞ് ഇടം നേടിയോർ.
വികാരമില്ലാതെ കല്ലായോർ.

#MeToo ഒരു അഗാധ ഗർത്തമാണ്.
ആ‍രും അതിൽ വീണുപോകാം.


*കുമാരനാശാൻ: ചിന്താവിഷ്ടയായ സീത

Srishti-2022   >>  Poem - Malayalam   >>  പ്രണയവർണങ്ങൾ

Sudheesh Kumar T S

Flytxt Mobile Solutions

പ്രണയവർണങ്ങൾ

എന്നെ പ്രണയിച്ചുകൊള്ളുക...

എന്നെ പ്രണയിച്ചുകൊള്ളുക... 

മുകളിലാകാശം താഴെ ഭൂമിയ്ക്കിടക്ക്,

നിമിഷങ്ങളിലൊന്നിൽ നീയെന്നെ പുണർന്നുകൊള്ളുക.

 

എൻറെ ശിരസ്സിൽ ചുംബിച്ചു അധരങ്ങളിലൂടെ,

പിന്നെയെൻ നെഞ്ചിനകത്തെ ഹൃദയത്തിലൂടെ,

ധമനികളിലൊഴുകുന്ന രക്തത്തിൽ നീ നിന്റെ-

നനുത്ത തണുപ്പ് പടർത്തുക...

 

മൃദുതാളഗതിയാർന്നു നീയെന്നെ തലോടുക.പിന്നെ,

ആസുരഭാവമാർന്നെൻമനസ്സിൽ പെയ്തിറങ്ങുക.

നീ പെയ്തു തീരുമ്പോൾ ആകാശം ഒഴിയുമ്പോൾ

ഭൂമിയിൽ നിന്ന് നിന്നോർമകൾ എന്നാത്മാവിലേക്കരിച്ചിറങ്ങട്ടെ 

 

 

പ്രതലങ്ങൾ തെളിയുമ്പോൾ, സൂര്യന്റെ കഠിനമാം ചൂടിൽ എരിയുമ്പോൾ,

പുതിയ ചക്രവാളങ്ങൾ തേടി നിൻ യാത്ര തുടരുമ്പോൾ

ഓർമ്മകൾ  മറയാതെ വേദനയിലുരുകാതെ 

ഞാൻ വീണ്ടും ഒരു മഴക്കാലം കാത്തിരിക്കും.

Srishti-2022   >>  Poem - Malayalam   >>  കൈരളിയുടെ നാട്ടിൽ

Rakesh R

IBS Software

കൈരളിയുടെ നാട്ടിൽ

ജലം ജലം ജലം ..
ഭൂമി ദേവിതൻ മാറു പിളർന്നുകൊണ്ട്
ജലം സംഹാര താണ്ഡവമാടി
ലക്ഷോപ ലക്ഷങ്ങൾ പ്രാണ ഭയത്താൽ
സർവവും തേജിച്ചു പലായനം ചെയ്തു

ഭൂതകാലത്തിലെ ശത്രു മിത്രമായി മാറി
മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞു
മതങ്ങളും ജാതിയും വർണങ്ങളും
ആ ജലവാഹിനിയിൽ ഒലിച്ചു പോയി
പുതിയൊരു സ്നേഹ മതം ജനിച്ചു

ജലം ജലം ജലം ..
കൈരളിയൊന്നായി സാന്ത്വനമേകി
ഒരുമയുടെ ആ അണക്കെട്ടു ഭേദിക്കാൻ
പ്രകൃതിക്കുമായില്ല
വിഷപ്പാമ്പുകൾ മൗനത്തിലായി

വർഷം തണുത്തു
പ്രളയം മറഞ്ഞു
മണ്ണും മനുഷ്യനും മാത്രമായി
സൂര്യൻ തെളിഞ്ഞു മനം തെളിഞ്ഞു
കാലം പുതു ഗാഥയെ പുകയ്ത്തി

നവ കൈരളി നിർമിക്കാൻ
ഏവരുമൊന്നായി പൊരുതി
മാനസം കറുത്തു
മൈത്രി പൊലിഞ്ഞു
വിഷപ്പാമ്പുകൾ പാതിയെ ഉണർന്നു

മനുഷ്യൻ മരിച്ചു
മതങ്ങൾ വളർന്നു
ജാതിയും കുലവും തിരഞ്ഞു
പുതു യുഗപ്പിറവിക്കാന്ത്യമായി
സ്നേഹം ചരമമടഞ്ഞു

Srishti-2022   >>  Poem - Malayalam   >>  പിൻവിളി

പിൻവിളി

മറന്നതെന്തേ ബുദ്ധൻ?

തപസ്സിൽ നിന്നുണരാൻ

മറക്കുവതെന്തേ  ഗുരുവും?

മത്തു പിടിപ്പു മനുഷ്യന്

മതത്താൽ മദമിളകുന്നു.

പഠിച്ചതെല്ലാം മറക്കുന്നു മനുഷ്യൻ 

മനുഷ്യത്വവും മരിക്കുന്നു.

മറക്കുന്നു ബന്ധങ്ങളും ബന്ധുത്വവും

ബാല്യവും ചൂഷണത്തിന് ഇരയാകുന്നു.

വിശ്വാസവും നിയമങ്ങളും തമ്മിലെതിരിടുന്നു

പോരാടിടുന്നു ചോരപ്പുഴ ഒഴുകിടുന്നു.

നന്മതൻ തിരിവെളിച്ചം ഒളി മങ്ങുന്നു

കരിന്തിരി എരിയുന്നു.

കാത്തിരിപ്പൂ കാലം കാവലാളിനായി

വൈകുവതെന്തേ ബുദ്ധൻ?

ഗുരുവും സ്വാമിയും ഇനിയും വന്നതില്ലേ?

പിൻവിളിപ്പൂ കാലം വീണ്ടും

ഒരിക്കലൂടി ഈ വഴി വന്നാലും.

Srishti-2022   >>  Poem - Malayalam   >>  ബുള്‍ഡോസര്‍

Jithesh RV

Oracle

ബുള്‍ഡോസര്‍

തെരുവ്. 

വഴികള്‍ സൊറ  പറയാനിരിക്കുന്നത്
തെരുവിലെ വിളക്ക് കാലിനു കീഴിലാണ്.
പക്ഷെ ഉന്മത്തനായ ഒരു മദ്യക്കുപ്പി 
വിളക്ക് തകര്‍ത്തു  തിരികെ വീഴുമ്പോള്‍ 
വഴികള്‍  പരസ്പരം പറഞ്ഞു,
ഇനി നമുക്ക് സ്വല്പ നേരം ഇരുട്ടത്തിരിക്കാം.
ശേഷം വഴികള്‍  പരസ്പരം പുണര്‍ന്നു കിടന്നു. 

അച്ഛന്‍.
നിര നിരയായി വെച്ച മിട്ടായി പാക്കറ്റുകള്‍ക്കും 
തട്ടുകള്‍ക്കുമിടയില്‍  ചലിക്കുന്ന നിഴല്‍.  
ഇടയില്‍ നിഗൂഡഭാവത്തോടെ 
അകത്തേക്ക് പോവുന്ന രൂപം.
തിരിച്ചു വരുമ്പോള്‍ കയ്യില്‍ മുറുക്കി പിടിച്ച കടലാസ് കെട്ട്‌.
കൈ മാറുമ്പോള്‍ കിട്ടുന്ന നോട്ടുകള്‍. 
ഒളിക്കച്ചവടത്തിന്റെ പ്രതിഫലങ്ങള്‍.

അവന്‍.
ആകസ്മികതകളുടെ കുത്തൊഴുക്കില്‍ ആണ്.
ചില സംഭവങ്ങള്‍ നമുക്കിടയില്‍  വന്നു  ചാടുന്നത്. 
അവസരങ്ങള്‍,
ചിലവ വേഷപ്പകര്‍ച്ചകളാണ്.   
അച്ഛനില്ലാത്ത നേരം 

അതൊരു ചില്ലുപാത്രത്തിന്റെ രൂപത്തിലുമാവാം.

ഭാഗ്യത്തിന്റെ മുഖംമൂടി മാറ്റുമ്പോള്‍ 
നീണ്ടു നില്‍ക്കുന്ന തേറ്റകള്‍.
തിരുത്താന്‍ പറ്റാത്ത കയ്യബദ്ധങ്ങള്‍   
പൊട്ടിപ്പോയ ചില്ലു കഷണങ്ങള്‍ പെറുക്കുമ്പോള്‍
മണ്ണില്‍ പുതഞ്ഞ നിരാശകള്‍.
തൊലിയില്‍ ഉണങ്ങിയ മുറിപ്പാടുകള്‍, 
അവയുടെ ഉള്ളു തുരന്നു വരുന്ന ശിക്ഷയുടെ ഭയപ്പാടുകള്‍.

ബുള്‍ഡോസര്‍.

തെരുവിന്റെ  ഒരു  വശത്ത്  നിന്നും നിര നിരയായി
രണ്ടു ചക്രങ്ങളുടെ മുരള്‍ച്ചയില്‍ 
എല്ലാത്തിനെയും തകര്‍ക്കുന്ന നിസംഗത
ചിലത് ചെറിയ ചെറുത്തു നില്‍പ്പോടെ. 
ചിലതോ നെടുവീര്‍പ്പോടെ.
തെറ്റും ശരിയും തകര്‍ക്കാനും കുഴിച്ചു മൂടാനും 

അതിനു  ക്ഷണ നേരം മതി.  


ഭയം.  
ബുള്‍ഡോസര്‍  ആണു ആദ്യമെങ്കില്‍ 
അവനു പേടിക്കാനില്ല.  
പൊട്ടിതകര്‍ന്ന മേല്‍ക്കൂരയ്ക്കുള്ളില്‍
അവന്റെ കൈപ്പിഴയുടെ കഷണങ്ങള്‍  
എങ്ങനെ പെറുക്കാനാണ്? 

എമ്പാടും തെറ്റുകള്‍ അടിഞ്ഞ തെരുവില്‍ 
 ഒരു തെറ്റ് ആര് ഗൌനിക്കാനാണ്?

എങ്ങാനും അച്ഛനാണ് ആദ്യമെങ്കിലോ
എന്റമ്മേ,യടിയുറപ്പ്!

Srishti-2022   >>  Poem - Malayalam   >>  നന്മ

Karl Max

EY

നന്മ

രണ്ട്‌ നൂറ്റാണ്ടിനും മുമ്പ് ആദ്യമായി ഈ ലോകം നിന്നെ പുണർനനപോൾ... 

നിന്‍ യൗവ്വനം തുളുബൂം കാലത്ത്‌,  പ്രകൃതിയാല്‍ അനുഗ്രഹീദമാഠ ലോക മോ പ്രതിക്ഷിചില്ല. .. 

ജ്വലിക്കുന്ന വാക്കുകള്‍ക്ക് നിന്റെ കൈയ്യൊപ്പ് ചാര്‍ത്തപെടും എന്നും ... 

നീയാണ് ലോകം കണ്ടത്തില്‍‍ വച്ച് ഏറ്റവും വലിയ മനുഷ്യ സ്നേഹം എന്നും... 

 

നന്മ എന്ന വാക്കിന് വേറൊരു പര്യായമാഠ വിധം, തിളങ്ങി നിന്ന വിപ്ലവ സൂര്യനെ... 

തലമുറ കളിലൂടെ കടന്നു പോയവരും, ഇനി വരും തലമുറകളും, വിചാരിച്ചതിനെ  കാൾ... 

എണ്ണിയാല്‍ തിരാത്താ എത്രയോ മനോഹരമാണ് നിന്‍ എളിമയുള്ള ജീവിതം...

അതാണ്‌ അല്ലയോ ചോരയുടെയും പ്രണയത്തിന്റെയും ചുവപ്പ് നിറം നിന്‍ പതാക...

 

മൂലധനത്തില്‍ ഉടെ മനുഷ്യ നന്മയുടെ കാവല്‍ ആയ കമ്യൂണിസത്തിന്‍ ശില്‍പ‍പിയെ...

പോരാട്ടത്തില്‍ കനല്‍ വഴിയിലും, ജീവിത സഖി യെ നെഞ്ച് ഓട് ചേര്‍ത്ത് അണച പ്രണയ കാവ്യ മെ...

മനുഷ്യ നന്മയുടെ മാര്‍‍ക്‌സിയൻ ആശയങ്ങള്‍ എല്ലായ്പ്പോഴും കടൽ പോലെ വിശാലമാണു... 

അതാണ്‌ കാലം പലതു കടന്നിട്ടും നിന്‍ ആശയത്തിന്റെ ശക്തിയും വികാരവും... 

 

മാര്‍‍ക്‌സിന് ചെങ്കൊടി അതാണ് ലോകത്തിന് നന്മയുടെ മായനദി...

ഈസഠ...കമ്യൂണിസം.....

Srishti-2022   >>  Poem - Malayalam   >>  പ്രളയം

Jisha T Lakshmi

QuEST Global

പ്രളയം

മഴയ്ക്കായി കേണ  വേഴാമ്പലായ്  മഴഴേ  കാണാൻ കൊതിച്ചപ്പോൾ

അറിഞ്ഞില്ല അതൊരു പേമാരിയായി എൻ  നവ കേരളത്തെ ഈറനണിയിക്കുമെന്ന്

കണ്ടതെല്ലാം  തുടച്ചു  നീക്കാൻ വെമ്പിനിൽക്കുന്ന   തീഗോളത്തേപ്പോൽ 

താണ്ഡവമാടി ഒരു  സംഹാരദുർഗ്ഗയായി

അറിഞ്ഞില്ല മനുജ ജന്മത്തെ ഒടുക്കുവാൻ തോന്നിയ കാരണത്തെ

സമത്വമെന്ന വാക്കുമോതി മനുജർ തേരിലേറി നിൽക്കുമ്പോൾ

പ്രതീക്ഷ തൻ നാദമേകി ഓരോ മാനസങ്ങളിലും

കറുപ്പെന്നോ  വെളുപ്പെന്നോ  ജാതിയേതെന്നോ നോക്കിയില്ല

കനിവിൻറ്റെ തിരി നാളം നിറഞ്ഞ നയനങ്ങൾ തേടി നാം

സഹജീവിക്കായി  ഒരുമിച്ചു നാം  പ്രതീക്ഷ തൻ പൊൻ തൂവൽ തേടി

ഉറ്റവരെന്നോ ഉടയവരെന്നോ നോക്കിയില്ല എനിക്ക്  പ്രിയപ്പെട്ടവർ നിങ്ങളെല്ലാം

എന്ന്  ചൊല്ലി പ്രാത്ഥിച്ചു  ഓരോ  ആയുസ്സിനായി

അറിയാം  പ്രകൃതിയെ  നീ എനിക്ക്  തന്ന പാഠമിതെന്നു

ഒത്തൊരുമിച്ചു നമുക്ക്  ചൊല്ലാം 'മാറ്റി വെക്കാം  മനുജാ  നിൻ  ഗർവമെല്ലാം  ഒത്തൊരുമിക്കാം  നല്ലൊരു  നാളേയ്ക്കായി'

Srishti-2022   >>  Poem - Malayalam   >>  കുഞ്ഞു ദൈവം

കുഞ്ഞു ദൈവം

ആർത്തവമുള്ളോരമ്മതൻ മാറിൽ

ചേർന്നുറങ്ങുന്നൊരു കുഞ്ഞുദൈവം

കോർത്തൊരു പൂമാലപോൽ കരങ്ങൾ

ചാർത്തി തന്നമ്മതൻ പൊൻകഴുത്തിൽ

 

കോമളഭാവമാർന്നീശരൂപം

അമ്മയ്ക്ക് കണ്ണിന്നു പൊൻകണിയാം

ലോകമഖിലവും കൈവെള്ളയിൽ

തൂമയിൽപ്പീലിയായ് വീണപോലെ

 

പാൽമണം ചോരുമാ പുഞ്ചിരിയിൽ

പൂതനമാരോ ഭയന്നിരിക്കാം

പിഞ്ചു കാൽപാദങ്ങൾ പിച്ചവയ്ക്കേ

കാളിയനോ തലതാഴ്ത്തി നിൽക്കാം

 

നന്മവിളക്കു തെളിച്ചവർക്കോ

വാത്സല്യപൂരം കാണായ്‌വരും

കണ്ണനെ ഉള്ളാൽ സ്മരിച്ചിരിക്കെ

കണ്ണിന്നു മുന്നിൽത്തെളിഞ്ഞപോലെ

 

നന്മതൻ മൂർത്തിമത്ഭാവമല്ലോ

അമ്മയുപാസിക്കും കുഞ്ഞുദൈവം

നിർമ്മലസ്നേഹവിശുദ്ധിയാലേ

ശ്രീലകം പൂകുന്നിതമ്മയെന്നും

 

കേവലമാനവചിന്തകളിൽ

പാരം അശുദ്ധികലർന്നിരിക്കാം

സ്നേഹം വ്രതമായറിഞ്ഞവർക്കേ

വിശ്വാസത്തിൻ്റെ പൊരുളറിയൂ!

 

Srishti-2022   >>  Poem - Malayalam   >>  കാലം ഇതെല്ലാം മറക്കുമോ ടീച്ചറെ

IRFAN TT

ENVESTNET

കാലം ഇതെല്ലാം മറക്കുമോ ടീച്ചറെ

ഓർക്കുന്നുവോ ഓർക്കുന്നുവോ 
ടീച്ചറെ അങ്ങ് ഓർക്കുന്നുവോ
അന്നൊരിക്കൽ നിൻ പാദം തൊട്ട് 
ഞാനിരുന്ന ക്ലാസ് മുറി.

ഓലമേഞ്ഞ കൂരയും 
മണ്ണിൻ ഗന്ധമുള്ള എഴുത്താണിയുമുള്ള  ക്ലാസ് മുറി
ഇന്നെൻ മകൻ പഠനം
ആധുനിക ക്ലാസ് മുറിയിലാ ടീച്ചറെ.

 എന്നത് അമ്മയെന്നും  
 എന്നത് മഞ്ചാടി എന്നും പഠിപ്പിച്ച ടീച്ചറെ
 ഫോർ ആപ്പിൾ എം ഫോർ  മമ്മി 
എന്നുമണ് എൻ മകൻ മൊഴി.

അന്ന് സ്കൂൾ വഴി ഞാൻ എണ്ണിയ കമ്മ്യൂണിസ്റ്റു  പച്ചയും 
തിരിച്ചുപോകുമ്പോൾ ചൂണ്ട ഇട്ട മീനുകളും 
ഇന്നെൻ മകൻ പോകുന്ന 
സ്കൂൾബസിൽ ശൂന്യതയാണ് ടീച്ചറെ.

അന്ന് പെയ്ത മഴയിൽ 
എൻ ഉച്ചക്കഞ്ഞിയും പയറും  വെള്ളമേറിയത്  ഓർക്കുന്നുവോ   
ഇന്ന് എൻ മകന്  ചോറ്റുപാത്രത്തിൽ
ബിസ്ക്കറ്റ് തികയുന്നില്ല ടീച്ചറ.

അന്ന് എൻ തെറ്റിന് പാട് വീണ കൈകളും
പിച്ചിയ  ചെവിയുമാണ് പകരം എങ്കിൽ 
ഇന്ന് എൻ  മകനെ ശിക്ഷിക്കാൻ ഭയമാണ്
നിയമത്തെ ഭയമാണ് ടീച്ചറെ.

നിയമമാണ് ഇന്നെല്ലാം ടീച്ചറെ  
പെണ്ണ് അമ്മയാണെന്നും ദൈവമാണെന്നും പഠിപ്പിച്ച ടീച്ചറെ 
ഇന്നെൻ അനിയത്തിമാരുടെ വേദനകൾക്ക് 
നിയമം കടിഞ്ഞാൺ ഇടുമോ  ടീച്ചറെ.

അന്ന് നാം നൽകിയ സ്നേഹത്തിന് പകരം 
വിളകളും മഴയും നൽകി അനുഗ്രഹിച്ച പ്രകൃതി 
ഇന്ന് പകരത്തിന് പകരം
പ്രളയമാണ്  മുന്നിൽ എൻ  മക്കൾക്ക്.

 

മഗ്രിബ് ബാങ്ക് വിളി കേട്ട് വിളക്ക് വെച്ച് വീടും 
ശബരിമല മക്ക പോലെ കാണണമെന്ന മൊഴിയും
മാല ഇട്ടവനെ സ്വാമി എന്ന വിളിപ്പേരും
ഇന്നില്ല ടീച്ചറെ.

ടീച്ചറെ അങ്ങ്  എന്തിനാ മൗനം പാലിക്കുന്നത് 
അങ്ങയുടെ മൈലാഞ്ചിച്ചെടികൾകെന്താ ഇത്ര ചലനം 
 പള്ളിക്കാട്ടിനെന്താ അത്തറിൻ ഗന്ധം 
എന്താ ഇതിനെല്ലാം അർത്ഥം.

കാലം ഇതെല്ലാം മറക്കുമെന്നൊ...
കാലം ഇതെല്ലാം മറക്കുമെന്നൊ...

Srishti-2022   >>  Poem - Malayalam   >>  ഞാൻ

Visakh Karunakaran

Allianz Technologies

ഞാൻ

അടിച്ചമർത്താൻ വരുമൊരു നേരം
ഉദിച്ചുയർന്നു ഞാൻ സൂര്യനായി മാറും
ജ്വലിച്ചു നിൽക്കാൻ പണ്ടേ ഞാനീ
കനൽ തിരികൾ മനസിൽ കാത്തു.

വരണ്ട ഭൂവിൽ ഇരുട്ട് വിതറി നീ
ഭയപ്പെടുത്താൻ നോക്കിയില്ലേ
ആ ഭയതിനെ ഞാൻ ഭയപ്പെടുത്തിയ
കഥയതു ചൊല്ലാം കെട്ടിരുന്നോ

അശാന്തി പടരാൻ എൻ മനസ്സിൽ നീ
ജാതി എന്നൊരു വിത്തു വിതച്ചു 
ഒരു മരമായി മാറിയ ബീജത്തെ ഞാൻ
മുറിച്ചു നീക്കാൻ ശക്തനായി

എനിക്കു ചുറ്റും വിരിഞ്ഞു നിന്നു
പുഞ്ചിരിച്ച കുഞ്ഞു പൂക്കളെ
അറുത്തു മാറ്റി ഭോഗിച്ചവരെ
വെള്ള പൂശി നീ വിശുദ്ധരാക്കി

ദേവ സൂക്തം ഉരുവിട്ടിപ്പോൾ
ദേവനു വേണ്ടി പടവെട്ടും നീ
പൈശാച്ചിക്കനെന്നറിഞ്ഞ നേരം
നിന്നുടെ അന്ത്യം ആഗമമായി

ഓർക്കുക ഭൂത പരിജ്ഞാനത്തെ
വൻ മരങ്ങളും വീണിട്ടുണ്ട്
കോട്ട മുകളിൽ നിന്നു ചിരിക്കാൻ
എന്നും നിനക്ക് ആവുകയില്ല

അശക്തരായൊരു ജനതായ്കയി
വിശുദ്ധ യുദ്ധം പോരാടും ഞാൻ
എരിഞ്ഞുണങ്ങിയ ആയുധമായി
നിനക്കു മുന്നിൽ വന്നു നിൽക്കും

ഇല്ലൊരയുദ്ധം ഇല്ലൊരു പടയും
ഇല്ലൊരു രാജ്യവും ഇല്ലൊരു തന്ത്രം
കാലിൽ കെട്ടിയ അടിമച്ചങ്ങല
പൊട്ടിച്ചേരിയാൻ സമയമതായി

അശുദ്ധി ചൊല്ലും നിന്നുടെ നാവാൽ
വിശുദ്ധി എല്ലാം ചൊല്ലിക്കും ഞാൻ
നിശബ്ദമായ നാവുകൾ ഇപ്പോൾ
ശബ്ദമുയർത്തും നേരമതായി

പുതിയൊരു ലോകം പാടുത്തുയർത്താൻ
ഭീമ തരംഗ രൂപവും പേറി
വരുന്നു നവീനമായൊരു ജനത
അടിപതറും നീ അവർക്കുമുന്നിൽ

മറച്ചുവച്ച ചിറകുകൾ രണ്ടും
വിരിച്ചിടാനായ് പോവുകയാണ്.
ഞാൻ പറന്നുയരും നേരത്തിൽ നീ
ഇരുട്ടിലേക്ക് ഓടി മറഞ്ഞോ.

ഇരുട്ട് നിന്റെ കാവലാളായി
ഉള്ളൊരു മാത്രയിൽ അറിയുക നീയും
ഇരുട്ടിനെ ഞാൻ വെല്ലും നാളും
വിദൂരമല്ല  വിദൂരമല്ല.

Srishti-2022   >>  Poem - Malayalam   >>  ചിത്രഗുപ്തൻറെ ദുഃഖം

Visakh Soman

QBURST TECHNOLOGIES

ചിത്രഗുപ്തൻറെ ദുഃഖം

കർമ്മനിരതനാം ചിത്രഗുപ്തൻ ഞാൻ, ബ്രഹ്‌മാവ്‌ പണ്ട് പടച്ചുവിട്ടോൻ

പാപഭാരംപേറി ആത്മാക്കളെത്രയെൻ കൈകളിലൂടെക്കടന്നുപോയി.

നാരായമേന്തിയിക്കാലമത്രയും കണക്കുകൾ കൃത്യമായ് കുറിച്ചുവച്ചു

ആശയുണ്ടവധിയെടുക്കുവാനെങ്കിലും, ഏൽപ്പിച്ചു പോകുവാൻ ആരുമില്ല.

 

വന്നവർ വന്നവർ പറഞ്ഞുകേട്ടെത്രയോ ഭൂമിതൻ സൗന്ദര്യമൊന്നു വേറെ തന്നെ

മനോഹരമത്രേ പൂക്കളും, പുഴകളും, കാട്ടിൽ വിലസുന്ന പക്ഷിമൃഗാദിയും

കാണണം, അറിയണം, ഒരുവട്ടമെങ്കിലും മാനവൻ വാഴുമാവിശിഷ്ടഗ്രഹം

സവിനയമുണർത്തിച്ചു യമദേവനോടായ്, ശങ്കകൂടാതെയെൻ ഇങ്കിതങ്ങൾ.

 

തൽക്ഷണം അനുവാദമേകിയദ്ദേഹം, പോയ്‌വരൂ സോദരാ എന്നനുഹ്രഹിച്ചു.

വിശാലമാം ഭൂമിയിൽ എവിടേക്കു പോകണം? ഒരു പകലും രാവുമേ കയ്യിലുള്ളൂ.

ദൈവത്തിൻ സ്വന്തം നാടത്രേ കേരളം, അതുതന്നെ ഉചിതമെന്നോർത്തുപോയി

വൃശ്ചികമാസം പുലർന്നൊരാവേളയിൽ സന്തോഷത്തോടെ ഞാൻ യാത്രയായി.

 

മനോഹരമീ സുപ്രഭാതവും, അർക്കരശ്മികൾ ചിന്നിച്ചിതറിയ സാഗരവും

തിരമാലകൾ പുൽകിയ പുളിനങ്ങളിൽ കടൽപ്പക്ഷികൾ എന്തിനോ കാത്തുനില്പ്പൂ.

വലയിൽ കുടുങ്ങിയ മീനങ്ങളുംപേറി തോണികൾ ഒന്നൊന്നായടുത്തിടുന്നു

അണയുന്നു മാനവർ ആമോദത്തോടെ, ഓടിയൊളിക്കുന്നൂ ഞണ്ടുകൾ അങ്ങുമിങ്ങും.

 

പാലപ്പൂവിൻ ഗന്ധം വഹിച്ച മാരുതൻ എന്നെയും ആശ്ലേഷിച്ചു കടന്നുപോയി

മഴത്തുള്ളികൾ എന്നിൽ വീണലിഞ്ഞ നേരം അറിയാതെ കോരിത്തരിച്ചുപോയി

കാണുന്നു ദൂരെ മേഘങ്ങൾ മകുടമണിയിച്ച മലനിരകളും ഭൂരുഹങ്ങളും

പറയാതെ വയ്യാ, ഭാഗ്യവാന്മാർ ഇവർ, സ്വർഗ്ഗതുല്യം ഈ ലോകത്തു ജനിച്ചുവല്ലോ.

 

എന്താണെന്നറിയീല മാനുഷർ ആരും സന്തോഷവാന്മാരായ് കാണുന്നീല

പുഞ്ചിരിയാം മൂടുപടത്തിനുള്ളിൽ കാണുന്നു പ്രകടമായ് ഭയവും ജിജ്ഞാസയും

സുന്ദരദൃശ്യങ്ങൾ കാണുവാനാരും അന്ധമാം മിഴികൾ തുറക്കുന്നീല

പാപപുണ്ണ്യങ്ങൾ എനിക്കന്ന്യമല്ലെങ്കിലും വിചിത്രമായ് തോന്നുന്നു ഇവരുടെ ജീവിതം.

 

തിളങ്ങുന്ന താലങ്ങൾ കൈകളിലേന്തി നോക്കിനിൽക്കുന്നൂ ചിലർ കണ്ണെടുക്കാതെ

മൃത്യുഭയം തെല്ലുമില്ലാതെ ശകടങ്ങൾ മിന്നൽപ്പിണർ പോലെ പാഞ്ഞിടുന്നു

അദൃശ്യനായ് ഇവകണ്ടു നിന്നൊരെൻ നേർക്ക് ചുഴറ്റിയെറിഞ്ഞാരോ ആ ധവളവസ്തു

ദുർഗന്ധം വമിക്കുന്ന മാലിന്യമാണത്, പഴകിയ മാംസമോ അതോ വിസർജ്യമോ?

 

തീർത്ഥാടനത്തിനായ് പോകുന്നു ഭക്തർ, ശരണം വിളികളാൽ ഭൂമി മുഖരിതമായ്

ആവില്ലെനിക്കിനി അയ്യപ്പദർശനം, പോകാനൊരുങ്ങി ഞാൻ ആ കൂട്ടരോടൊപ്പം

തേങ്ങയില്ല, മലരില്ല, പൂക്കളില്ല, ഇരുമുടിക്കെട്ടിൽ കല്ലും കഠാരയും

ഭയന്നുപോയ് ഞാൻ ഒരു മാത്ര നേരം, ആക്രമിക്കുന്നൂ അവർ സ്ത്രീകളേയും.

 

ഇതിൻ പൊരുൾ എന്തെന്നറിയുവാനായില്ല, എങ്കിലും ‘തത്ത്വമസി’ അവർ മറക്കയാണോ?

പോകുവാൻ എനിക്കു നേരമായി, പ്രാർത്ഥിച്ചൂ ഞാൻ ലോകനന്മക്കായി.

കാണും ഞാൻ ഒരു നാൾ ഏവരെയും, കല്ലെറിഞ്ഞവരും ഏറുകൊണ്ടവരും

വരുമവിടെ മതവും വിദ്വേഷവുമില്ലാതെ, മറ്റൊരു പ്രളയം വിദൂരമല്ല...

Srishti-2022   >>  Poem - Malayalam   >>  അജ്ഞാനത്തിലേക്ക് ഒരു മടക്കയാത്ര

Surya C G

UST Global

അജ്ഞാനത്തിലേക്ക് ഒരു മടക്കയാത്ര

പൊടിമഴ പെയ്തൊരാ

കുന്നിൻ ചെരിവിൽ നീ,

കൊടി നാട്ടി നിന്നിലെ

ചോരത്തിളപ്പിനാൽ.

 

പുഴയുംപ്രഭാതവും

സഹ്യനും, മേഘങ്ങൾ-

പേറുമാ അംബര-

ത്തിന്നും നടുവിലായ്.

 

കുത്തിനോവിച്ചു നീ

ഭൂമിയാം അമ്മതൻ

നെഞ്ചിൽ പൊടിഞ്ഞു

ചുടുരക്തം കണക്കിനെ.

 

പേശികൾ മുറുകുമീ

ക്രോധത്തിനിടയിൽ നീ

കണ്ടില്ല ഭൂമിതൻ

കണ്ണിലെ ചോരയെ.

 

കറുകറെ കാർമുകിൽ

പെയ്തിറങ്ങി നിന്റെ

കൊടികൾ വിഴുങ്ങുവാ-

നെന്ന പോലെ.

 

മണലുംമരങ്ങളും,

കൊടികളും കാലക്കെടുതിയിൽ

മുങ്ങി നിൻ

പ്രജ്ഞകളോരോന്നും.

 

ഒലിച്ചു പോയ്‌ നിന്നുടെ

വസ്ത്രത്തലപ്പിൽ നി-

ന്നൊഴുകി അഹന്തതൻ

ചുടുമഷിച്ചിത്രങ്ങൾ.

 

കേണു നീ രക്ഷയ്ക്ക്

കൊടിനിറം നോക്കാതെ,

അലറിക്കരഞ്ഞു നീ

മനുഷ്യനെ കാണുവാൻ.

 

വെളുപ്പായിരുന്നില്ലവൻ

നിന്നുടെ പ്രജ്ഞകൾ-

ക്കൊതിരുന്നില്ലവൻ

മത്സ്യബന്ധനം ചെയ്തവൻ.

 

കൈ നീട്ടി നീ

നിന്ദിച്ച കറുത്ത കൈകൾ

ചുടുരക്തം തിളക്കുന്ന

ശക്തമാം പേശികൾ.

 

അവനുടെ ചുമലുകളി-

ലേറി നീ അമ്മതൻ

കൈകളിൽ ചോര-

ക്കിടാവിനെ പോൽ.

 

വാഴ്ത്തി നീ അവനുടെ

സാഹസത്തെ,

മെനഞ്ഞു നീ രക്ഷതൻ

കഥകളേറെ.  

 

മേഘങ്ങളെല്ലാം

ചിതറിത്തെറിച്ചു പോയ്

സൂര്യകിരണങ്ങൾ

വന്നു പതിച്ചു നിൻ നെറുകിലായ്.

 

സട കുടഞ്ഞുണരുന്നു

നിന്നിലെ രക്ത-

ത്തിളപ്പിൽ ജനിച്ചൊരാ

വർഗീയവാദിയും.

 

ഭ്രാന്തമായ് പരതി നീ   

നിൻ കൊടിക്കായ്‌,

ചോര വാർന്നു കിടന്നൊരാ

സഹജർക്കിടയിലും.

Subscribe to Poem - Malayalam