Skip to main content
Srishti-2022   >>  Poem - Malayalam   >>  അനാഥ

Anjana CS

Infosys

അനാഥ

കണ്ണുനീർത്തുള്ളിയില്ലവിങ്ങലില്ല

ആർത്തലച്ചുള്ള ഭാവപ്രകടനവുമില്ല

ഉള്ളതൊന്നുമാത്രം സ്തംബ്ദമാമീയൊരു

മരവിപ്പ്!

നെഞ്ചിനുള്ളിൽകൈകാലുകളിൽ ,

 ദിശയറിയാ തലച്ചോറിലും..

 

എരിഞ്ഞൊടുങ്ങുമാ തെക്കേകോണിൽ,

ആറടിമണ്ണിലഗ്നിശുദ്ധി നടത്തീടുന്നു,

മോക്ഷമേകീടുന്നു , മന്ത്രമോതീടുന്നു,

 പുകച്ചുരുളുകൾക്കിടയിലെവിടെയോ

ഒരു മർമ്മരംഒരു നഗ്നസത്യമെൻ

കാതിലോതീടുന്നു - അനാഥ!

 

 മുലപ്പാൽ മാധുര്യമെൻ നാവിലൂറീടുന്നു

 ചന്ദനമണമെന്നെനിലയില്ലാക്കയത്തിലാഴ്ത്തീടുന്നു.

ഇനി  ബന്ധങ്ങളില്ലബന്ധനങ്ങളില്ല

 പൊക്കിൾക്കൊടിബന്ധത്തിനപ്പുറ

മവശേഷിക്കുന്നതീയൊരുപറ്റം കപടാഭിനയമുഖങ്ങൾ

ഇല്ലഇനിയവയൊക്കെ വിളക്കിച്ചേർത്താലു 

മറ്റുപോകുമോരോ നേർത്ത ചങ്ങലകണ്ണികൾ...!!!

Srishti-2022   >>  Poem - Malayalam   >>  പ്രളയം ഒരു കലാപം

Suvas .S

UST Global

പ്രളയം ഒരു കലാപം

പ്രളയം കലാപക്കൊടിയുയർത്തി 

പ്രകൃതിയെ സ്നേഹിച്ച മഴയെയും കൂട്ടി 

ഇന്നെൻ പടി വാതിലോളമെത്തി

 

അയിത്തം വരച്ചിട്ട അതിരുകളൊക്കെയും 

എതിരു നിൽക്കാതെ തകർന്നു വീഴെ 

നെഞ്ചിടിപ്പിൻ ആഴമളക്കുവാൻ 

വാതിലിടയിലൂടൊഴുകിയെൻ അരികിലെത്തി 

 

മുട്ടോളമെത്തി കഴുത്തോളമെത്തി

ശ്വാസം നിലയ്ക്കുന്ന വക്കോളമെത്തി 

കുത്തിയൊലിക്കും മഴ തണുപ്പിൽ മുങ്ങി 

ഉറ്റവർ കുമിളയായി മാഞ്ഞു പോയി 

ഓർമ്മകൾ പേറി തളർന്നുറങ്ങാൻ മാത്രം

എന്നെയിന്നിവിടെ ബാക്കിയാക്കി   

 

വിശുദ്ധമാം ദേവാലയങ്ങൾ പോലും 

അശുദ്ധമായ് ചെളിവന്നടിഞ്ഞു കൂടി 

നിശബ്ദനായ് വിശ്വാസി നോക്കി നിൽക്കേ 

വിശ്വാസമെല്ലാം അപ്രസക്തമായി 

 

രക്ഷകനായി കാത്തുകൈനീട്ടി നിൽക്കേ 

ജീവൻ തിരഞ്ഞവരോടിയെത്തി  

കടലിനോടും കടൽത്തിരകളോടും 

പൊരുതി നിൽക്കും മനക്കരുത്തുമായി 

പൊട്ടിപൊളിഞ്ഞ പാഴ്ക്കൂട്ടിൽ നിന്നും 

എത്തി പിടിച്ചേറെ ജീവിതങ്ങൾ 

 

മഴയോടു മല്ലിട്ടൊഴുക്കിൽ തുഴയിട്ട് 

തളരാതെ  തലയെടുപ്പോടെ നിൽക്കേ

മഴ തളർന്നു പെയ്തൊഴിഞ്ഞു 

കൂടെ പ്രളയവും പതിയെ പിൻവലിഞ്ഞു...

Srishti-2022   >>  Poem - Malayalam   >>  സൗഹൃദം

Daya Abraham

Oracle India

സൗഹൃദം

അനന്തതയുടെ പര്യായമേ...

എന്റെ ഉറവകൾ വറ്റിവരണ്ടാലും,

അടിയൊഴുക്കുകൾ നിലച്ചാലും,

കടൽ എന്നെ വിഴുങ്ങിയാലും...

പരസ്പരം എന്നും വാൽക്കണ്ണാടിയായിരുന്ന 

നമുക്ക്, നമ്മെ മറക്കാതിരിക്കാൻ -

നിന്റെ പുഞ്ചിരി എനിക്ക് കടം തരുമോ...?

Srishti-2022   >>  Poem - Malayalam   >>  കർമഫലം

കർമഫലം

ഇവിടെയൂറുന്നൊരീ നീർമഞ്ഞുതുള്ളിക്കു

മകരമാസത്തിൻ മിടിപ്പറിയാം

കുളിരുന്ന കാറ്റിനും കൊഴിയുന്നയിലകൾക്കുമറിയുന്ന

ഭാവങ്ങളിനിയുമേറെ

കാറ്റുഞാൻ തഴുകാതെ തലയറുത്തിടുന്നതിന്നുത്തരം

നിങ്ങൾതൻ കയ്യിലുണ്ട്

ഒഴുകുന്ന പുഴകൾക്കുമതിലെ കയങ്ങൾക്കുമറിയാം

വിപത്തിന്റെ സ്പന്ദനങ്ങൾ

വിത്തുപാകീട്ടതിൽ നീർതൊട്ടു വളമിട്ടു

നെഞ്ചോരമെത്തിച്ചു പുഞ്ചിരിച്ചു

ഒരുനാളതിന്റ വിഷക്കായ നിന്നെയാ 

മരണക്കയത്തോളമെത്തിക്കവെ

വിറപൂണ്ടുവെട്ടിയെറിഞ്ഞു നീ മരണത്തിൻ

വിത്തുപാകീടുന്നോരാ കുഞ്ഞുവൃക്ഷം

കരുതുന്നു നീയിനി കയ്ക്കുന്ന വിഷവുമായ് 

പുനർജനിക്കില്ലയാ വൃക്ഷമെന്ന്

നിനക്കും വരുന്നൊരാ തലമുറക്കും നേർ

ചുണ്ടുന്ന ശാഖകൾ ചേർത്തുവെച്ച്

ഇടവപ്പാതിതൻ കുത്തൊഴുക്കിൽ 

നിന്നൊരുകൈവഴിക്കായി കാത്തിരിപ്പൂ

നീപണ്ടുപാകിയ വിത്തിന്റെ വേരുകൾ

അണയാത്ത പകയായ് പ്രതികാരമായ്

Srishti-2022   >>  Poem - Malayalam   >>  സ്വം

Ullas T S

Visual IQ

സ്വം

The poem is available as part of Prathidhwani Kochi unit's Srishti 2018..

Srishti-2022   >>  Poem - Malayalam   >>  മുഖമില്ലാത്ത ലിംഗങ്ങൾ

Indu V.K.

IBS

മുഖമില്ലാത്ത ലിംഗങ്ങൾ

വാക്കുകളിൽ കട്ടപിടിച്ചിരുന്ന

മൂകതയെൻ ഹൃദയധമനി -

നുറുക്കി ചോരയിറ്റീടവേ,

വീണ്ടുമാരോ പറഞ്ഞു 'ഞാനും.. '

ഭിത്തിയിൽ മുട്ടിയാ വാക്കുതന്നെ -

യെല്ലാ ദിക്കുമേറ്റു പറയവേ,

ഉള്ളിലേയുള്ളിലെപ്പൊഴോ 

ജീവനോടെ കുഴിച്ചിട്ടിട്ടുമിപ്പോഴും

കരയുന്ന ആ കുഞ്ഞോർമ്മകളു-

മാരുമേ കേൾക്കാതെ പറഞ്ഞീടുന്നു,

ഞാനും, ഞാനും, ഞാനും....

പണ്ടേ പറയാമായിരുന്നില്ലേയെന്ന്,

ആക്രോശിക്കുന്നവരെ കണ്ടപ്പോ -

ഴാണായോർമ്മകളെന്നെത്തേടി വന്നത്;

പെറ്റിക്കോട്ടിട്ട കാലത്തായിരുന്നുവല്ലോ,

നരകയറിയ കൈകളെന്നെയാദ്യം

അരുതാതെ തഴുകിയത്...

അടഞ്ഞിട്ട വാതിലുകൾക്കുള്ളിലല്ല,

മണിമുഴങ്ങുന്ന ദേവ സന്നിധിയിലാണെന്റെ

വളരുന്ന തളിർ നെഞ്ചം,

 അജ്ഞാത കരങ്ങളിൽ പെട്ടുഴലിയത്;

വേദനയാൽ, അതിശയത്താൽ, സംശയത്താൽ,

 തിരിഞ്ഞു നോക്കുന്നേരം,

ആൾക്കൂട്ടത്തിനിടയിലൊരു ഞരക്കം മാത്രം;

അന്ന് മാത്രമല്ല, വീണ്ടും പലപ്പോഴും,

അരുതാത്ത തലോടലുകൾ, 

മുഖമില്ലാത്ത ലിംഗങ്ങളായിരുന്നു;

ആളു നിറഞ്ഞ വീഥിയുടെ അരികു ചേർന്ന്,

കിന്നാരം പറഞ്ഞു ചിരിച്ചും കൊണ്ട്,

കുഞ്ഞു പാവാടയുടെ ഞൊറികളൊതുക്കി,

അമ്മയെ പറ്റി നടക്കുമ്പോൾ

പോലുമെന്നെയല്ല, ഞൊടിയിടയിലവന്റെ കൈകളിലമർന്നയെന്റെ മാറിടം

മാത്രമാണവൻ കണ്ടത്;

ഉള്ളിലെ ക്രോധം കല്ലായവന്റെ

മേലെറിയുമ്പോളമ്മ മനം കലങ്ങിപ്പോയി;

കൂടുന്ന ജനത്തിനിടയിൽ നിന്ന് അമ്മക്കൈകൾ

വലിച്ചു കൊണ്ടു പോരുമ്പോഴും, തീർന്നിരുന്നിരുന്നില്ല,

അമ്മയുടെ ക്രോധവുമെന്റെ അന്ധാളിപ്പും;

പീടികയിൽ നിന്ന് സാധനം വാങ്ങുമ്പോൾ,

വണ്ടിക്കൂലി കൊടുക്കുമ്പോൾ,

എന്തിനാണിങ്ങനെ കൈകൾ തഴുകുന്നത്?

ആരോടാണ് ഞാൻ പരാതി പറയേണ്ടത്?

ആരോരുമില്ലാത്ത വീഥിയിലരുതാത്ത

ചിത്രകൾ കാട്ടി തന്ന ചേട്ടനോടോ?

അതോ വണ്ടിയിൽ നിന്ന് ഇറങ്ങുന്നേരം,

പിൻഭാഗം തഴുകി,

കാതിലരുതാത്തത് പറഞ്ഞ അപ്പൂപ്പനോടോ?

അറയ്ക്കുന്ന തമാശ പറഞ്ഞ അമ്മാവനെ,

ചിരിച്ചു പ്രോത്സാഹിപ്പിച്ച കണ്ടക്റ്ററോടോ?

അതോ പല്ലിളക്കാനെന്ന വ്യാജേന,

കൈകൾ മാറിലൂന്നിയ ഡോക്ടറോടോ?

ഉത്തര കടലാസ്സു തരുമ്പോഴറിയാതെ മുൻഭാഗം മുട്ടുന്ന മാഷിനോടോ?

അശ്ലീലമല്ലിതു കൂട്ടരേ,

ഒരു സാധാരണ കുഞ്ഞു പെണ്ണായി മാറുന്ന,

മുന്നിലേ നടന്ന, നടക്കുന്ന അരുതുകളാണ്;

ഇതാണോ നേർത്തേ പറയേണ്ടിയിരുന്നത്?

എനിക്കു തെറ്റു പറ്റി, 

എന്റേതാണ് തെറ്റ്,

അരുതാത്ത ചെയ്ത ചേട്ടനല്ല,

മാഷല്ല, കണ്ടക്ടറല്ല, പലചരക്കുകാരനല്ല,

ഡോക്ടറല്ല, അമ്മാവനുമല്ല..

പ്രായമില്ലാ പ്രായത്തിൽ,

നേർത്തെ പറഞ്ഞിരുന്നേൽ,

ഇവരെല്ലാം തെറ്റു മനസ്സിലാക്കിയേനെ,

എന്നെ പത്രങ്ങൾ പ്രകീർത്തിച്ചേനെ...

കഷ്ടം, അല്ലാതെന്തു പറവൂ...

കഷ്ടം, അല്ലാതെന്തു പറവൂ...

Srishti-2022   >>  Poem - Malayalam   >>  എഴുത്തെഴുന്നേൽപ്പ്

Sarath Chandran Pulluttiparambil

EY

എഴുത്തെഴുന്നേൽപ്പ്

മറവീ, നിന്നുടെ മാറാലപ്പുര

നിറയാൻ മാത്രം യാതൊന്നും

കരുതീലാ ഞാ, നൊറ്റക്കരുവിൽ

നീറീ, മദ്ദിനരാത്രങ്ങൾ.

 

മൃതനോ, കേവല, മാതന്നോ* കൈ-

മുതലായുള്ളൊരു നിർമമത.

ആവർത്തത്തിന്നായിരമിഴകളിൽ

നാവു പെടും കർമോന്മുഖത.

 

എന്നെ നോക്കി വിടർന്ന സുമത്തിനു-

മെന്നോടേറ്റൊരു വൈരിക്കും,

മോശം പറയരുതൊരു വിധമൊക്കും

മൂശയിൽ പൊട്ടിയ ഭാവങ്ങൾ!

 

എങ്കിലുമോരോ നരനും പാരിൽ

ശങ്കയിലനുദിനമുഴലുമ്പോൾ

കാണില്ലെന്നോ, യെളുതെന്നാലും

വെന്നിയ സ്വന്തം കൊടുമുടികൾ?

 

മൊഴിയാകാതെ, വികാരാവേഗ-

പ്പൊഴിയിൽ തട്ടിയുടഞ്ഞാലും,

ദൂരത്തേതോ തീരത്തീരടി

വരയും കടലിന്നല പോലെ.

 

കവിത തിളച്ച മനസ്സിൻ മൺകല-

മാകുലമരിമണി തേടുമ്പോൾ,

കാണാമവികലമെന്നു പുകഴ്ത്തിയൊ-

രേണിൽ കവിയുടെ പോറലുകൾ.

 

എഴുതുമ്പോൾ കരമിടറുകിലും, പഴി 

പറയാൻ വയ്യാ പ്രായത്തെ,

മിഴികളിരുട്ടു കുടിക്കുകിലും, നൊടി വെറുതെയിരിക്കാനാവില്ല.

 

ഞാനെഴുതുന്ന കുറിപ്പു കവർന്നു

കുതിക്കാനോങ്ങും ദൗഹിത്രൻ

പോലെ മറവീ, യരികിൽ നിൽപ്പൂ

കുസൃതീ, മായ്ക്കാൻ നീയെല്ലാം!

 

എന്നിലെയിത്തിരി തീയുടെ തിരി നീ

ചെന്നു കെടുത്തും മുന്നം ഞാൻ,

വാക്കുകൾ കൊണ്ടു പടർന്നാ-

ലൊക്കുകി, ലങ്കിതമായാൽ തൂലികയാൽ.

 

മായ്ച്ചു കളഞ്ഞൊരു ലതയിൽ പൂക്കൾ

വായ്ച്ചു തുടങ്ങും മാന്ത്രികത.

അനുമാനിക്കാമവയുടെ ഗന്ധം

തൊട്ടാ ചെടിയുടെയാകെ കഥ!

 

*ആതൻ (അർഹതൻ, arahant) - ബുദ്ധന്റെ ഉപദേശങ്ങളാൽ പരിപൂർണ്ണമായി ഉൽബുദ്ധനായവൻ.

Srishti-2022   >>  Poem - Malayalam   >>  പാലപ്പൂക്കൾ

Priya Koranchirath

Allianz

പാലപ്പൂക്കൾ

പാല പൂത്തിട്ടുണ്ട് ;

 കാറ്റ്  പറഞ്ഞതാണ് .

അത് ഒരോര്മപെടുത്തൽ ആയിരുന്നുവോ ?

മനസ് അസ്വസ്ഥമാകുന്നു .

കിനാവിന്റെ താഴ്വരകളിൽ മഞ്ഞുരുകി തുടങ്ങിയിരിക്കുന്നു .

 

നമ്മുടെ മനസ്സുകൾ പരസ്പരം പുറംതിരിഞ്ഞിരിക്കുന്നുവെങ്കിലും 

എനിക്കു ചുറ്റിലും നിന്റെ മണമാണ്.

ഒറ്റപ്പെടലുകൾ മനസ്സുമടുപ്പിക്കുമ്പോൾ ഞാൻ-

നിന്നെ ഗാഢമായി ശ്വസിക്കുന്നു 

നിന്നിലൂടിന്നൊരുന്മാദത്തിനായി.

 

ഇന്നലെകളിലെ രാജകുമാരൻ ഓർമ്മക്കോട്ടയിലെ-

പാലമരത്തിലേക്  ഓടി മറഞ്ഞപ്പോൾ എവിടെയോ ഒരു- 

ഒരു നേർത്ത വെള്ളിടിവെട്ടി .

 

തിരസ്കരിക്കപ്പെട്ടവന്റെ നിരാശ,

 വഞ്ചിക്കപെട്ടവന്റെ ആത്മനിന്ദ,

എല്ലാം തലയ്ക്കുമുകളിൽ  വട്ടമിട്ട്  പറക്കുന്ന പോലെ 

എങ്കിലും മനസ്സ്   പുതു സ്വപ്നം  പടിയിറങ്ങി.

 

ഈ അഴികൾക്കപ്പുറത് കനത്ത ആകാശം 

 ചങ്ങലകൾ  പൊട്ടിച്ചെറിഞ്ഞ ഭ്രാന്തിയെപ്പോലെ-മഴ 

കറുത്തിരുണ്ട മാനം നിറയെ പെയ്തോഴിയാത്ത സ്വപ്നങ്ങളോ ;

അറിയില്ല ;

 

അവനു ചിരി ഇഷ്ടമായിരുന്നു മഴയും വൈകുന്നേരങ്ങളും .

 

മഴ കനത്തു,  ഇത് തുലാവർഷം

 

മഴകാണണം മുറ്റത്തേക്കിറങ്ങണം 

പക്ഷേ;

മുറ്റം നിറയെ പാലപ്പൂക്കൾ.

Srishti-2022   >>  Poem - Malayalam   >>  ആശയ ദാരിദ്ര്യം

Sree Lakshmi. S

Seaview Support Systems

ആശയ ദാരിദ്ര്യം

സത്യം,

ആശയദാരിദ്ര്യം ഒരു പ്രശ്നം തന്നെ!

എനിക്കു കവിഭാവനയില്ലെന്നു-

പറഞ്ഞ മനുഷ്യന്

ഭാവനയേയില്ലെന്ന് പ്രഖ്യാപിച്ചു -

എഴുതാനിരുന്നപ്പോഴാണ്

ആശയദാരിദ്ര്യം വില്ലനായത്

എന്തുചെയ്യാൻ

എഴുതാതെ വയ്യ

എന്നാലൊട്ടെഴുതാനൊന്നുമില്ല

വിഷയമെന്ത്?

കയ്യേറിയ കാടുപോലെ

ആശയങ്ങളും കയ്യേറ്റം ചെയ്യപ്പെട്ടിരിക്കുന്നു .

ഇങ്ങനെപോയാൽ

മിക്കവാറും

'ആശയ ദാരിദ്ര്യ'മെന്ന വിഷയത്തിലൂടെ

ചാനൽ ചർച്ചകളവസാനിക്കും.

വന്ന് വന്ന്

കുടിവെള്ള ക്ഷാമത്തെക്കാൾ

രൂക്ഷമത്രേ  ആശയക്ഷാമം.

ഒന്നിനു മറ്റൊന്നിനെ

പഴിചാരി ശീലിച്ചോരെല്ലാം

ആശയക്ഷാമത്തിനാരെ

പഴിചാരും

നിർവ്വാഹമില്ലെങ്കിൽ

ഭാഷയെത്തന്നെ പഴിപറയാമെന്നു

സോഷ്യൽ മീഡിയ ബുദ്ധിജീവികൾ 

മുൻപൊക്കെ

എഴുത്തുകാരെ മാത്രം

ബാധിച്ചിരുന്ന ഒന്നായിരുന്നെത്രേയിത്

പക്ഷേ,

മാറിയകാലം

ആശയദാരിദ്ര്യത്തിനു

ഒരു സാമൂഹിക പ്രശ്ന പരിവേഷം

നല്കുമ്പോൾ

തുടർന്നുവരുന്ന കുറേനാളുകൾ

ഇതിൽ പിടിച്ചങ്ങ്

കടന്നു പോകുമായിരിക്കും.

Srishti-2022   >>  Poem - Malayalam   >>  ഉണരൂ കേരളനാടേ

Lekshmi J Krishnan

QBURST TECHNOLOGIES

ഉണരൂ കേരളനാടേ

ദാഹവും പേറി ഞാൻ പോകയാണോ 

ദിക്കറിയാതെ അനന്തമായീ... 

 

മഴയൊന്നു താണ്ഡവമാടിയപ്പോൾ 

വഴിതെറ്റി എല്ലാം കവർന്നെടുത്തൂ...  

അവളങ്ങു മാനത്തു പെയ്തുമറഞ്ഞപ്പോൾ 

വിണ്ടുവരണ്ടുപോയ്  കേരളഭൂമിയും 

 

ഇന്നില്ല പുഴയൊന്നും നീർത്തടാകങ്ങളും 

മണ്ണിട്ടു മൂടിയീ ശാപഭൂവിൽ 

നിത്യമാം ഹരിതവനങ്ങൾ പോലും 

ഓർമകളായങ്ങു മാഞ്ഞുപോകേ... 

എങ്ങോട്ടു പോകേണ്ടു ഞാനിന്നെൻ -

വ്യാകുലമായ മനസ്സുമായീ 

 

കൊയ്ത്തും മെതിയും വിളവെടുപ്പും 

കാലത്തിൻ ജല്പനമായിടവേ..

 

അറിയുന്നതീലയോ  മർത്യാ, ഇന്നു 

നിൻ ചെയ്തികൾ നാളെ തൻ നാശമാം..

ജാതികൾ മതങ്ങളും, പലവർണ്ണക്കൊടികളും 

അത്യാഗ്രഹത്തിൻ പ്രതീകങ്ങളാകവേ...

മീതോഷ്ണമായൊരെൻ ഭൂമിമാതാവിനേ 

മരുഭൂമിയായിന്നു  മാറ്റിടവേ..

 

എന്തിനു വേണ്ടി നീ വിലപിച്ചിടുന്നൂ 

നീ തന്നെയല്ലയോ 

സർവ്വനാശത്തിൻ നാരായവേരുകൾ...

 

ഉണരുവിൻ മക്കളേ നിങ്ങൾ,

മാവേലിനാടിൻ സ്മൃതികളുമായ്.. 

ഒരുമതൻ ചങ്ങലക്കണ്ണിയായ്... 

പൂവിളിയുമാതിരയും  വിഷുക്കണിയുമായ്  

നല്ലൊരു പുതുയുഗപ്പിറവിക്കായ്..

Srishti-2022   >>  Poem - Malayalam   >>  കറുപ്പ്

Vineetha Anavankot

Infosys Limited

കറുപ്പ്

രാത്രിയുടെ

കാടിന്റെ

കടലാഴത്തിന്റെ

ഇടതൂർന്ന പനങ്കുലത്തലമുടിയുടെ

പ്രിയപ്പെട്ട വട്ടപ്പൊട്ടിന്റെ

നഖങ്ങൾ അലങ്കരിക്കുന്ന തിളങ്ങുന്ന പശയുടെ 

കൃഷ്ണമണിയുടെ 

കണ്ണിറുക്കെയടയ്ക്കുമ്പോഴും തെളിയുന്ന കാഴ്ച്ചയുടെ

ഏറ്റവും വശ്യമായ പെൺസൗന്ദര്യത്തിന്റെ 

അമ്മയുടെ ഗര്ഭപാത്രഭിത്തിയുടെ 

ഗുഹാന്തരങ്ങളുടെ 

പെരുമഴയത്ത് പുതയ്ക്കുന്ന കരിമ്പടത്തിന്റെ 

കിണറടിത്തട്ടിന്റെ 

മരപ്പൊത്തിന്റെ 

മലയിടുക്കിന്റെ 

കാർമേഘത്തിന്റെ 

നിറപൂർണ്ണതയുടെ..

നിറമില്ലായ്മയുടെ.... 

കറുപ്പ് ......

Srishti-2022   >>  Poem - Malayalam   >>  ഋതുകന്യകേ നിന്നെ.

Raji Chandrika

Allianz Technologies

ഋതുകന്യകേ നിന്നെ.

ഋതുകന്യകേ നിന്നെയോർക്കുന്നു ഞാൻ.. 

ഈ തെളിനിലാവിന്നിടനാഴിയിൽ തെല്ലു നേരം 

എന്നോർമ്മയിൽ തെളിയുന്നു നിൻ മുഖം 

ഋതുകന്യകേ നിന്നെയോർക്കുന്നു ഞാൻ..

 

ഗ്രീഷ്മങ്ങൾ പൂത്തു നിന്നെരിയും മനസ്സുമായ് 

ദീർഘനിശ്വാസത്തിലുരുകുന്ന കാറ്റുമായ്

എൻറെ ജീവനിൽ നാമ്പിട്ടൊരായിരം ആശകൾ ചൂടേറ്റു കരിയവേ

ഇന്നു ഞാൻ പിന്നിട്ടൊരീ വഴിത്താരയിൽ നിന്റെയാത്മാവിൻ കനൽക്കാടു തെളിയവേ  

ഓർത്തു ഞാൻ നിൻ മുഖം ഓമലേ 

നിൻ ക്രൂര താണ്ഡവം കണ്ടെൻ മിഴിപ്പൂക്കൾ വാടവേ

ഉടുചേല  കത്തിയൊരു പകൽപക്ഷിയിന്നെന്റെ 

തരളമാം സന്ധ്യയിൽ മുഖമമർത്തീടവേ 

തുടുത്തൊരാ ചക്രവാളത്തിൻ നെറുകിലൊരു കറുത്തമുത്തായി നീ, നിൻ മുഖം മങ്ങവേ  

കേട്ടുഞാൻ നിൻ തേങ്ങൽ , നിൻറെ യാത്രാമൊഴികൾ, പിന്നെയൊരു വർഷകാലത്തിന്നിരമ്പൽ..

 

നിൻറെ നയനങ്ങൾ പൊഴിയുന്ന ബാഷ്പധാരയാം ഇടവപ്പാതിയിൽ 

പിന്നെയൊരു തുലാവർഷപ്പകർച്ചയിൽ..

നിറയുന്ന, കവിയുന്ന, നീർച്ചോലകൾ നീന്തി 

നിറയുന്ന, കവിയുന്ന, നീർച്ചോലകൾ നീന്തിയൊരു കടവിലേക്കണയുന്നു കാലം

ദാഹിച്ചു നിന്നൊരീ ഭൂമിയിൽ നീ തീർത്ത 

സാഗരച്ചുഴികളിൽ നീന്തി വലഞ്ഞു ഞാൻ 

മുങ്ങി മരിക്കുന്നിതായെൻറെയോർമ്മകൾ

മുങ്ങാതെ നീ മാത്രമൊഴുകുന്നു..

പിന്നെയും നിൻ തിരശ്ശീലകൾ മായവേ

പിന്നിലായെന്നെ വിളിപ്പൂ വസന്തം.

 

എന്നോർമ്മതൻ മുറ്റത്തു നീ വരച്ചിട്ടൊരാ പൂക്കളം നോക്കി ഞാൻ നിൽക്കെ 

മലർവീണവീഥികളിലൊരുകുഞ്ഞുകുയിലിൻറെ പൂവിളികൾ കേട്ടു ഞാൻ നിൽക്കെ

നീ തന്ന പുടവയുമുടുത്തു ഞാൻ ഒരു സ്‌മൃതിയിലാരെയോ

വരവേൽക്കുവാൻ കാത്തിരിപ്പൂ 

നിൻറെ  പുലരികളിലൊരു ലതിക ഇതൾനീർത്തി വിടരുമ്പോൾ 

നിൻറെ ഹിമമുടിയിലൊരു  കണിക കുളിർതൂകി മറയുമ്പോൾ

എൻ മുന്നിലൊരു കുമ്പിൾ മലരുമായ് ഒരു കുടം മധുരമായ്

കണി വച്ചുണർത്തുവാൻ എത്തിയിന്നാവണി ..

 

ഋതുകന്യകേ നിന്നെയോർക്കുന്നു ഞാൻ ..

 

നീങ്ങുന്നു ഞാൻ വെറും മണ്ണിലോടെന്തിനോ, നീങ്ങുന്നു നീയുമെന്നൊപ്പം 

ഏതോ നിശീഥത്തിൽ ഞാനുമെന്നോർമ്മകളു- 

മേതോ കൊടുംതണുപ്പേറ്റു  വലഞ്ഞു 

ആയിരം പാളികൾക്കുള്ളിൽ കിടന്നും 

ഞാനാപാദചൂഡം വിറച്ചു 

എൻറെ നെറുകയിൽ നീ മഞ്ഞു പെയ്തു 

എന്നെ നിന്നിളം വിരൽത്തുമ്പുകൾ തൊട്ടു 

നിന്റെ നിശ്വാസത്തിൽ, നിൻറെയുന്മാദത്തിൽ 

നിന്നിൽ നിന്നകലുമ്പോളെൻ മനം നൊന്തു 

നിന്നോടു ചേരുമ്പോളെൻ സ്വപ്നം പൂത്തു..

 

ഋതുകന്യകേ നിന്നെയോർക്കുന്നു ഞാൻ 

ഈ തെളിനിലാവിന്നിടനാഴിയിൽ തെല്ലു നേരം 

എന്നോർമ്മയിൽ  തെളിയുന്നു നിൻ മുഖം 

ഋതുകന്യകേ നിന്നെയോർക്കുന്നു ഞാൻ....

Srishti-2022   >>  Poem - Malayalam   >>  തപം

VISHNULAL SUDHA

ENVESTNET

തപം

മോക്ഷഹേതു സമർപ്പിതം പിണ്ഡം

മോക്ഷഹിതം വർജ്ജിതം ചരിതം

അശ്രുപൂജിതംപാപ മോചിതം

മുക്തിമാർഗ്ഗംതവതീർതഥ രാഗം.

 അഗ്രപാദം അഭിനവ വൃത്തം

ഭാവുകംവേദി ചലിതംവിശേഷം

സൂക്തസംഹിതം ഘനമൂലസാരം

ദീർഘമേറും  ആചാരംകിരാതം.

 വിപ്ലവം യൗവ്വനെ വിശ്വപാശം

വീതശോകം വിരാജിതം വർണ്യം

വിനതാനന വർജ്ജ്യെ വിനയവും

വൈചിത്യ്രംവർഗ്ഗം വിമാർഗ്ഗം.

 തോരും അര്ത്ഥംതിടുക്കംഒടുക്കം

ചാരെയോരം ചെറുപ്പം കിതയ്ക്കും

ശോകമൂകം കിടക്കും മലക്കം

വേഗമേറും തുടിപ്പും നിലയ്ക്കും.

 ലാഭലോപ ലക്ഷ്യാലസ്യ  ഖണ്ഡം

കാതൽ മായും സുഖലോല ഭാണ്ഡം

കാലകോല കലുക്ഷിത യാമം

കാതിലോതി ബൃഹത്താം പുരാണം.

 

ശോണിതംതീവ്ര ഭാവം തുടക്കം

ആർത്തനാദംഅരോചകം അന്ത്യം

കാലമധ്യേ കൃതാർത്ഥമാം കർമം,

കീർത്തി മാർഗംനിതാന്ത പ്രയാണം.

Srishti-2022   >>  Poem - Malayalam   >>  ഊഴം

Aswathy Reghukumar

UST Global

ഊഴം

ഊഴമെത്താൻ കാത്തുനിന്നില്ല,രണഭൂവിൽ

ഊരാടി വന്നു , കരിയേറി!

ഉയിർ തന്ന താതനു താങ്ങായ്‌ ,കൊടുംകാട്ടിൽ

ജനനിയുടെ കാട്ടാള ഹൃദയം

കുലമല്ല,ഗുരുവല്ല,ധർമ്മമല്ലുരുവിട്ട

വാക്കല്ല,ഉയിരാണു സത്യം

നിയതിയുടെ ബീജമാണു,ടൽവാർത്ത

ഗേഹമാണവളാ- ണൊടുങ്ങാത്ത സത്യം

പടനയിച്ചെത്തിയോൻ,ഒരു മഹാശൃംഗമായ്

വരുതിക്കു കാത്തുനിൽക്കുമ്പോൾ

പിൻവിളിക്കാൻ പോലുമരുതാതെ,കനലായ്

എരിഞ്ഞൊരു പെണ്ണാണു കണ്ണിൽ

ജീർണ്ണകബന്ധങ്ങളുരുളുന്ന കുരുക്ഷേത്ര

ഭൂമിയിൽ കൂടെനടക്കെ,

പിച്ചനടത്താത്ത പുത്രന്റെ വിരലുകൾ

കത്തുകയാണെന്നു തോന്നി

ആലോലനെറുകയിൽ തൊട്ടുതലോടാത്ത

നഷ്ടങ്ങളോരോന്നു മോർക്കെ,

ഉത്തുംഗ ശീർഷനായ്കണ്ണിൽ തിളക്കുന്ന

വെന്നിക്കൊടി കണ്ടുചൂ ളി

പോർക്കളമാളും കരുത്താണ-വർണ്ണനാ-

ണെങ്ങനെ കൂടെ ക്ഷണിക്കും?

അണിയറത്താവള രാജതളങ്ങളിൽ

ക്ഷത്രിയ രക്തം തിളക്കും

ചരമാർക്ക സാക്ഷിയായ്സാരഥിയന്നത്തെ

വീരതയോരോന്നു പാടി

കുടിലതന്ത്രം മെനഞ്ഞർജ്ജുന രക്ഷയ്ക്ക്

കുരുതി കൊടുത്തതാണത്രേ

പഴുതേയീ ജന്മം, പതിതനായ്പുത്രന്റെ

ചിതയിലാണെരിയുന്നു ധർമ്മം

Srishti-2022   >>  Poem - Malayalam   >>  എഴുതാപ്പുറങ്ങൾ

Hanubindh

IBS Software

എഴുതാപ്പുറങ്ങൾ

ഒരു പെരുമഴയുടെ ഒഴുക്കിൽ അലിഞ്ഞൊഴുകി

ചില എഴുതാപ്പുറങ്ങൾ.

പ്രളയമതിൽ അലിഞ്ഞു ചേർന്നു 

പല കണ്ണുനീർത്തുള്ളികൾ.

 

ഒരുപാടൊരുപാട് ശ്രുതിപിഴച്ചൊരു ഗാനം പോലെ

ഇടി അലറിമുഴങ്ങി.

അതിന് അഘോര താളത്തിൽ താണ്ഡവമാടി 

ചില നീരാളികൾ.

 

ഒരു കാലനായി മാറി പുഴ കരകവിഞ്ഞു 

പിടി മുറുക്കി.

അതിൻ കഠോരാലിംഗനത്തിൽ പൊളിഞ്ഞൊടുങ്ങി

പല കരകാണാസ്വപ്നങ്ങൾ.

 

ഒരു പ്രളയമണി മുഴങ്ങി ഇവിടെ  

ഭിന്നതകളുടെ കെട്ടുപൊളിക്കാൻ.

അതിൽ പൊഴിയട്ടെ  തകർന്ന അടിയട്ടെ

വേർതിരിവുകളുടെ  മുൾവേലികൾ.

 

ഒരുമയുടെ  സംഘഗാനം  പാടി ഉണരാം

നമുക്കു ഉയരാം.

പൊലിമയുടെ  ശംഖൊലി മുഴക്കി  വിരിയട്ടെ

ഒരു നവകേരളം!

Srishti-2022   >>  Poem - Malayalam   >>  എത്ര മഴവില്ലുകളെയാണ് ഞാൻ ശേഖരിച്ചുവെച്ചിരുന്നതെന്നോ?

Vinod Kadungoth

Tata Elxsi

എത്ര മഴവില്ലുകളെയാണ് ഞാൻ ശേഖരിച്ചുവെച്ചിരുന്നതെന്നോ?

അവൾ ഏഴാം തരത്തിൽ പഠിക്കുമ്പോൾ ഓലമേഞ്ഞ ക്ലാസ്സ്മുറിയിലെ 
ചോർച്ചയിലൂടെ ഞാൻ ഒലിച്ചിറങ്ങുമ്പോഴാണ്
അവളെ ആദ്യമായി കാണുന്നത്. 
അന്ന് ഡെസ്കിൽ തുറന്നിട്ട നോട്ടുപുസ്തകം നനച്ചുകളഞ്ഞെന്ന് പറഞ്ഞ് അവളുടെ നല്ല കൈപ്പടയിൽ നിന്ന് എന്നെയവൾ തട്ടിമാറ്റി.
സാരമില്ല പോട്ടെ..
ഇന്റെർവെല്ലിന്ന് ഒരുനോക്കുകൂടി കാണാലോ എന്നുവെച്ച് 
സ്കൂൾ മുറ്റത്ത് ഞാൻ നിന്നു പെയ്തു... 
പെയ്ത് പെയ്ത് തീർന്നതല്ലാതെ 
ആ മുറിപ്പാവാടപെണ്ണ് ക്ലാസ്സ്‌ മുറിവിട്ട് പുറത്തുവന്നില്ല.
എന്നിട്ടും,വൈകുന്നേരംവരെ അവൾ വരുന്ന ഇടവഴിയിൽ കാത്തുനിന്നു.
പക്ഷേ, കുടചൂടി..
മുഖം മറച്ച്‌ 
എന്നെ നോക്കാതെ 
അവൾ നടന്നുപോയി. 
ചിലപ്പോൾ എതിരെവന്ന ശങ്കരേട്ടനെ കണ്ടുഭയന്നിട്ടാകണം 

അവളെങ്ങനെ നടന്നുപോയത്.
രാത്രിയിൽ ആരും കാണതെ 
അവൾ എന്നെ കൈനീട്ടി തൊട്ടുനോക്കുമെന്നും
കുളിരണിയുമെന്നും മോഹിച്ച് ,
അവളുടെ ജനലരികിലെ മുല്ലപ്പൂവള്ളികളിൽ ഞാൻ കാത്തിരുന്നു.
പക്ഷെ ജനാലകൾ തുറക്കപ്പെട്ടതേയില്ല.
ഒരു വർഷകാലംമൊത്തം ഞാൻ അവളുള്ളിടത്തെല്ലാം ആർത്തുപെയ്തു..
മരക്കൊമ്പുകളിൽ ഒളിച്ചിരുന്ന് 
അപ്രതീക്ഷിതമായി അവളിലേക്ക് എടുത്തുചാടാൻ കാറ്റിനെ ഒരുപാടുവട്ടം ചട്ടംകെട്ടി.. 
വേനലിലും ഇടക്കൊക്കെ അവളെ കാണാൻവേണ്ടിമാത്രം പൊള്ളുന്ന വെയിലിലൂടെ ഞാൻ ഇറങ്ങി നടക്കാറുണ്ടായിരുന്നു.
എന്നിട്ടും,
എന്റെ പ്രണയത്തിന്റെ ഒഴുക്കിലേക്ക് 
ഒരു ചെറുകളിവള്ളം പോലും അവൾ സമ്മാനിച്ചില്ല...
അവൾക്കുകൊടുക്കാൻ എത്ര 
മഴവില്ലുകളെയാണ് ഞാൻ ശേഖരിച്ചുവെച്ചിരുന്നതെന്നോ..?

Srishti-2022   >>  Poem - Malayalam   >>  മരം ഒരു വരം

മരം ഒരു വരം

നമസ്കാരം,

നാം ഇന്നു ജീവിക്കുന്ന ഈ ആധുനിക യുഗത്തില്‍ ത്യാഗത്തിനും സ്നേഹത്തിനും വില കല്‍പ്പിക്കുന്ന വളരെ കുറച്ചു ആള്‍ക്കാര്‍ മാത്രം ഉള്ള ഈ ലോകത്തില്‍ അനശ്വരമായ സ്നേഹം എന്തെന്നറിയുവാന്‍ നമുക്കു മുന്നില്‍ പ്രകൃതി തന്നെ കാണിച്ചു തരുന്ന ഒരു വലിയ ഉദാഹരണമാണ്‌ നമ്മുടെ വൃക്ഷ സമ്പത്ത്.  നമ്മുടെ ചില പ്രവര്‍ത്തികള്‍ കൊണ്ട് ഈ പ്രകൃതി തന്നെ നമ്മോടു കലഹിക്കുന്ന ഒരു സാഹചര്യമാണ് ഇന്നു നിലനില്‍ക്കുന്നത്. നമ്മളില്‍ നിന്നു ഒന്നുമേ പ്രതീക്ഷിക്കാതെ ഭൂമിയുടെ നിലനില്പിനായ്  സ്വജീവിതം മാറ്റി വച്ച വൃക്ഷ സമ്പത്തിനെ നമ്മള്‍ നശിപിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ ചെറിയ കവിത മറന്നു പോയ നമ്മുടെ ഉത്തരവാദിത്തം ഓര്‍മിക്കുവാന്‍ ഉള്ള അവസരം നല്‍കട്ടെ  എന്ന് ആഗ്രഹിച്ചുകൊണ്ട്‌  ഈ കവിത ഞാന്‍ സമര്‍പ്പിക്കുന്നു. തെറ്റുകള്‍ സദയം ക്ഷമിക്കണമെന്നു അപേക്ഷിക്കുന്നു.

മരം ഒരു വരം

പ്രകൃതിയാം അമ്മതന്‍ മടിത്തട്ടില്‍ കിടന്നുറങ്ങി നീ

കാലം ചൊരിഞ്ഞു പേമാരി നിന്‍ നേര്‍ക്കു

സൂര്യന്‍ തന്‍ കിരണങ്ങളാല്‍ നല്‍കി നിനക്കു ജീവനും ഊര്‍ജവും

ഉണര്‍ന്നു നീ ഒരു നാള്‍ ദീര്‍ഘ സുഷുപ്തിയില്‍ നിന്നു

അറിഞ്ഞു നീ പ്രകൃതിയാം അമ്മ തന്‍ സ്നേഹവും വാത്സല്യവും

 

വളര്‍ന്നു നീ മാനം മുട്ടുമൊരു വട വൃക്ഷമായ് ഈ നഗരമധ്യത്തില്‍

നുകര്‍ന്നു നീ മനുഷ്യര്‍ പുറം തള്ളും വിഷ വായുവിനെ

പകരം നല്‍കി നീ കുളിരേകും തണലും ശുദ്ധവായുവും

 

കാലങ്ങള്‍ ഓരോന്നും നിന്നെ തലോടി കടന്നുപോയി 

പിന്നെ വന്നൂ വസന്ത കാലവും നിന്‍  ജീവനില്‍

ചൊരിഞ്ഞു  നീ ചുറ്റും പൂക്കളും സുഗന്ധവും

അണഞ്ഞു വണ്ടുകള്‍ കുതുകത്തോടെ നിന്‍ അരികത്തായ്

നുകര്ന്നൂ അവര്‍ നിന്‍ പൂന്തേന്‍ ആവോളം

 

കൊടുത്തു സ്നേഹത്തോടെ നിന്‍ കൈത്തണ്ടുകള്‍ പറവകള്‍ക്കു

പടുത്തുയര്‍ത്തി അവകള്‍ മനോഹരമാം ഭവനങ്ങള്‍ നിനക്കു മേല്‍

നല്കീ നീ സുരക്ഷ പക്ഷി കിടാങ്ങള്‍ക്ക് ഒരു അമ്മയെന്നപോല്‍

 

എടുത്തു നിന്‍ കരങ്ങളെ മനുഷ്യകുലം

പിന്നെ പടുത്തുയര്‍ത്തി രമ്യമാം ഹര്‍മ്യങ്ങള്‍

അപ്പോഴും ചൊരിഞ്ഞു നീ ഞങ്ങള്‍ക്കു

സ്നേഹത്തോടെ നിന്‍ കുളിരും ശുദ്ധവായുവും

 

ദാനം നല്‍കി നിന്‍ മേനി മനുഷ്യര്‍ക്കു

നിര്‍മിച്ചു അവര്‍ വര്‍ണാഭമാം കടലാസു താളുകള്‍

വെട്ടി നശിപ്പിച്ചു കൊണ്ടിരിക്കുന്നു നിന്‍ കുലത്തെ

അവര്‍ സ്വാര്‍ത്ഥ താല്‍പര്യത്തിനായ്....

അപ്പോഴും നല്‍കുന്നു നീ കുളിരും ശുദ്ധവായുവും

 

തിരികെ ഒന്നുമേ പ്രതീക്ഷ വെയ്ക്കാതെ നല്‍കുന്നു

നിന്നാലാം വിധം സഹായങ്ങള്‍ ലോകത്തിനു

 

ഹേ മനുഷ്യാ..... ചിന്തിക്കൂ നിങ്ങള്‍ ഒരു വട്ടം

എന്തു നല്‍കീ നിങ്ങള്‍ തിരികെ ഈ ജീവജാലങ്ങള്‍ക്കു

നല്‍കീ അവര്‍ നിങ്ങള്‍ക്കു വിലയേറുമീ ജീവിത സന്ദേശം

"പരോപകാരമീ പ്രണവ പ്രപഞ്ചം"

 

നിങ്ങളാണു ശ്രേഷ്ഠമാം ഈശ്വര സൃഷ്ടി

നിങ്ങളില്ലാതെ  നിലനില്‍കയില്ല ഈ പ്രപഞ്ചം

 

നട്ടു വളര്‍ത്താം ഒരു വൃക്ഷം നമുക്ക് ഭവനങ്ങളില്‍

പകര്‍ന്നു നല്‍കാം ജീവവായു പുതു തലമുറയ്ക്ക്

 

ഓര്‍ക്കുന്നു ഞാന്‍ നിന്‍ ത്യാഗപൂര്‍ണമാം ജീവിതം

കാക്കും നിന്നെ എന്‍ ജീവനില്‍ അവസാന നാള്‍ വരെ ...........

Srishti-2022   >>  Poem - Malayalam   >>  നീ

sreedevi gopalakrishnan

UST Global

നീ

മഴയുടെ  കാലൊച്ച കേട്ടനേരം

ജനല്പാളിയിലൂടെ   തെളിഞ്ഞതാവാം

ഒരു  മേഘപടലത്തിനപ്പുറം

നിന്റെ  പുഞ്ചിരിക്കുന്ന  മുഖം

ഓർമ്മകേലകിയ  നെരിപ്പോടുമായി

നീ  മൗനത്താൽ   തീർത്ത

മൺവിളക്കിൽ  ഞാനെന്റെ

പ്രതീക്ഷയുടെ  തിരിതെളിയിക്കും

കാത്തിരിക്കാനായ്  ഞാനും

നിന്റെ  ഓര്മകളെകിയ  വസന്തവും

ഇങ്ങുതാഴെ  ഒരുമേഘപടലത്തിനിപ്പുറം

ഒരിക്കലും   മായാതെകിടപ്പുണ്ടാവും

ആകാശപഥത്തിൽ  അബ്ദങ്ങൾ

സഞ്ചരിക്കുമ്പോൾ  ഒന്നോർക്കുക

ക്ഷതി   സംഭവിച്ച   ഓർമകൾക്ക്

ക്ഷിതിയോളം   വലുപ്പമുണ്ടായിരുന്നു

നിലക്കാത്ത   സംഗീതം  ഒഴുകിയെത്തുമ്പോൾ

അറിയാതെ    ഹൃദയം മന്ത്രിച്ചുപോവുന്നു

കാരണം     നീയേകിയ കനവുകൾ

ഒരു  ഹൃദയമിടിപ്പിനരികത്തുണ്ട്

   കടലിന്റെ ഓളങ്ങളിൽനിന്നും

ശാന്തമായ   സ്നേഹതീരമണയുമ്പോൾ

പറയാൻ   ബാക്കിവെച്ചതെല്ലാം

  സ്നേഹത്തിരകൾ    മന്ത്രിക്കുന്നുണ്ടാവും

Srishti-2022   >>  Poem - Malayalam   >>  എന്ന് നിന്റെ പെണ്ണ്‌

എന്ന് നിന്റെ പെണ്ണ്‌

എന്റെ ശരീരം നീ

കീഴടക്കുമ്പോളല്ല

ഞാൻ നിന്റെയാകുന്നത്

എന്റെ മനസ്സ് കീഴടക്കുമ്പോളാണ്

 

നിന്റെ വികാരങ്ങൾക്കായി

കിടന്നു തരുമ്പോളും

ഞാൻ നിന്റെയാകുന്നില്ല

നിന്റെ വികാരങ്ങളുടെ കെട്ടടങ്ങിയിട്ടും

നിന്റെ നെഞ്ചോട് ചേർക്കുമ്പോളാണ്

മാസം തോറുമുള്ള

അടിയൊഴുക്കിൽ ആരോടും

പരാതി പറയാതെ വയറിൽ മുറുകെ

പിടിച്ചു കമിഴ്ന്നു കിടക്കുമ്പോൾ

എന്നിൽ നിന്നും അകന്നു മാറി 

കിടക്കുമ്പോളും ഞാൻ നിന്റെയാകുന്നില്ല

 

സാരമില്ല പെണ്ണേ എന്നു

പറഞ്ഞു എന്നെ വരിഞ്ഞു മുറുക്കി

നിന്റെ ചുംബനത്തിന്റെ കുളിരിൽ

നിന്റെ കൈകൾ എന്റെ അടിവയറ്റിൽ

തരുന്ന തണുപ്പിൽ ഞാൻ 

വേദന മറക്കുമ്പോളാണ്

Srishti-2022   >>  Poem - Malayalam   >>  ഉൾകാഴ്ച

Srthi S.Thampi

Animations Media

ഉൾകാഴ്ച

ബോധമില്ല ബോധമില്ല 

എന്ന പരാതികൾക്കൊടുവിൽ 

ബോധം വെയ്കുവാൻ 

ഒരു മരം തേടി ഞാനലഞ്ഞു .

ബോധി വൃക്ഷത്തിൻ കീഴിൽ 

മറ്റൊരു  ബുദ്ധനായി 

തീരാൻ  കിനാവ് കണ്ടു .

ഇവിടെയുള്ള മരങ്ങളൊന്നും  

എൻ മരങ്ങളല്ല  എന്ന് കരുതി 

കൃത്രിമ  മരുന്ന്  കുത്തിവെച്ചോരു 

 ചെറുചെടിയെ ഞാൻ 

മറ്റൊരു വടവൃക്ഷമാക്കിത്തീർത്തു   .

അതിൻ  ചുവട്ടിൽ  ധ്യാന-

നിരതനായി ബ്രഹ്‌മത്തെ തിരഞ്ഞു .

വേര് പറിഞ്ഞടർന്ന തരുവിൻ 

കീഴിൽ അമർന്നു ഞെരിയവേ,  

മൃത്യു എന്നെ ചുറ്റിവരിയവേ 

ഞാനറിഞ്ഞു ഞാനിതുവരെ 

അറിഞ്ഞതൊക്കെ കളവാണെന്ന്.

Subscribe to Poem - Malayalam