Skip to main content
Srishti-2022   >>  Poem - Malayalam   >>  ആ കുഞ്ഞിനോട് അവസാനമായി

ആ കുഞ്ഞിനോട് അവസാനമായി

വൃണങ്ങളാൽ എൻ ഹൃദയത്തിൻ പ്രതലത്തിൽ,

ഒരിക്കലുമടങ്ങാത്ത വേദന,

ഇരു കണ്ണടച്ചാൽ തൂങ്ങിയാടും രണ്ടു -

ശിശുക്കൾ തൻ രോദനം അലയടിക്കേ,

കരഞ്ഞു തളർന്നൊരാ അമ്മതൻ നോട്ടമെൻ 

കഴുത്തിനു ചുറ്റും മരണപാശമായ് തീരെ,

വിറയാർന്ന ശബ്ദമെൻ അന്തരാത്മാവിൽ നിന്നുയർന്നു,

" കുഞ്ഞേ പൊറുക്കുക, മാപ്പ് നൽകൂ ".

 

ആരോ ജലം തേടി കുഴിച്ച ഗർത്തത്തിൽ -

വീണൊരാ കുഞ്ഞിന്റെ രൂപമെൻ

ചങ്കിലേക്കാഞ്ഞിറക്കുന്നു മരണത്തിൻ കഠാര.

പ്രാർത്ഥനയാൽ ലോകം നിശ്ചലമാകവേ,

തൻ പിഞ്ചോമനയെ രക്ഷിക്കാനാ അമ്മ,

തുന്നി ചേർത്തോരാ സഞ്ചി

കഴുകിൽ തൂങ്ങിയാടുമെൻ ജഡത്തിൻ

മുഖം പൊതിയുവാനായി ഞാൻ കടം വാങ്ങവേ,

ഒഴുകുന്ന കണ്ണീർത്തുടച്ചു ഞാൻ കേഴുന്നു -

" കുഞ്ഞേ പൊറുക്കുക, മാപ്പ് നൽകൂ ".

 

വിറയാർന്ന കൈകളാൽ മൂടിപ്പുതപ്പിച്ച -

തുണി മാറ്റിയൊരാതാഥൻ അലറിക്കരയുന്നു,

എന്തു പിഴച്ചുവെൻ പിഞ്ചോമന പിന്നെ,

എന്തിനു നീയെന്നെ ബാക്കി വച്ചു?

നിൻ ചോരയിൽ പിറന്നൊരാ മുകുളത്തെ

കൊല്ലുവാൻ കാപാലികന്നു വഴി പറയവേ,

ഒരു മാത്രയോർത്തെങ്കിൽ നീയാ കുഞ്ഞിനെ,

നിറവയറിൽ ചുമന്നു നടന്ന കാലം,

നിലവിളിയിൽ മനസ്സും, ശരീരവും പുഴുവരിയ്ക്കുമ്പോൾ,

നിലവിളിച്ചോതി ഞാനീ നാലു ദിഗന്തങ്ങൾ പൊട്ടുമാറുച്ചത്തിൽ,

" കുഞ്ഞേ പൊറുക്കുക, മാപ്പ് നൽകൂ ".

 

വിരലുകൾ തൂങ്ങി നടന്നൊരാ, വീട്ടിന്നരികിലായുള്ളയാ -

അപ്പുപ്പൻ നീട്ടിയ ചുവന്ന മിഠായി നുണയവേ,

തഴുകി തലോടിയോരാ ഭ്രാന്തന്റെ കണ്ണിലെ

കാമാഗ്നി കാണുവാനായില്ല ,

അറിവില്ലാതെയായ് പോയൊരാ ബാല്യത്തിനെ ,

കറുത്ത കരങ്ങളാൽ ശ്വാസം മുട്ടിച്ചു കൊല്ലുമ്പോൾ,

ചിരിച്ചു ചെകുത്താൻ, തന്നെ കടത്തിവെട്ടിയല്ലോ -

മർത്ഥ്യാ നമിച്ചു നിന്നെ ഞാൻ,

ഒരിക്കലുമിനി ലോകം കാണാൻ കഴിയാതെ,

അടയ്ക്കുമാ പാദാരവിന്തത്തിൽ വീണപേക്ഷിച്ചു ഞാൻ,

" കുഞ്ഞേ പൊറുക്കുക, മാപ്പ് നൽകൂ ".

 

 

Srishti-2022   >>  Poem - Malayalam   >>  പുത്രാ നിനക്കായ്

Ceethu Venugopal

IBS Software Pvt. Ltd.

പുത്രാ നിനക്കായ്

എൻ ശ്വാസം നീയല്ലോ

എൻ ജീവനും നീയല്ലോ

 

എൻ ഹൃദയമിടിപ്പൂo  നിനക്കായ്

എൻ സർവ്വസ്വവും നിനക്കായ്

 

വരമായി വാങ്ങിയ പുത്രാ

എന്നെന്നും ദീർഘായുസ്സ് നിനക്കായ്

 

പൈതലാം ഉണ്ണി , വളരാതെ  ശീഘ്രo  നീ

കൊതിയോടെ ആസ്വദിപു , നിൻ വികൃതികളൊക്കെയും

 

എന്നെന്നും താലോലിപ്പാൻ , എൻ കരങ്ങൾ നിനക്കായ്

നേരായ് വളർത്തീടുവാൻ , എൻ കരുതൽ നിനക്കായ്

 

കാലം പോയ്മറയും , ഒരു ചെറുനിദ്രപോൽ

നിൻ കളിചിരികൾ , മായരുതൊരിക്കലും

 

അമ്മതൻ ആത്മാവു കാവലുണ്ടെപ്പോഴും

ധീരനായ് പോവുക ദൃഢനിശ്ചയത്താൽ 

 

മത്സരബുദ്ധിയാൽ ഉന്മത്തനാവാതെ

വളരൂ നീയൊരു മനുഷ്യനായ്

 

കാലം നിന്നിലെ നന്മയെ ചേർക്കും

കർമ്മത്തിൻ ഉച്ചകോടിയിൽ

 

അനുഗ്രഹം നേരുന്നു നിൻ മാതാവ് ,

പ്രാർത്ഥനയോടെ എന്നെന്നും പുത്രാ നിനക്കായ്  

Srishti-2022   >>  Poem - Malayalam   >>  ചിരിയുടെ പരിണാമം

Sree Lakshmi Ravisankar

Seaview Support Systems

ചിരിയുടെ പരിണാമം

ആത്മാവറ്റ ചിരികൾക്കു
നടുവിൽ പെട്ടൊരുനാൾ
ഞാൻ ചിരിയെ പഠിക്കാനിറങ്ങി .
മുൻ പിൻ നോക്കാതെ
പൊട്ടിചിരിച്ചിരുന്നവളിൽ നിന്നും
ചിരിക്കാൻ മറന്നവളിലേക്കുള്ള
ദൂരം വളരെ ചെറുതായിരുന്നെന്ന-
തിരിച്ചറിവിലാകണമത്..
മായം കലരാതെ
ഞാൻ കണ്ട ചിരികൾ ചുരുക്കം
വഴിവാണിഭക്കാരിലെ
വർണ്ണാഭരണം പോലെ
വേടിച്ചണിയുന്ന ചിരികൾ
ഇല്ലാ... ജീവനുള്ള
ചിരികളേയില്ല
ജീവിതപ്രാരബ്ധം
തീണ്ടാത്ത ബാല്യത്തിൽ
ചിരിയുണ്ടാവുമെന്ന്
മനസുപറഞ്ഞു
പകുതി ശരിയായിരുന്നു.
തിരിച്ചറിവുറയ്ക്കും മുന്നേയുള്ളയെൻ
പൈതലിന്റെ ചിരിയെ മനസ്സിലാവാഹിച്ചു
അവളുടെ ഇന്നുകളിലേക്കു
നോക്കിയപ്പോൾ അതും പോയി.
ചിത്രകഥകളിലുറക്കെ ചിരിച്ച
നമ്മുടെ ബാല്യത്തിൽ നിന്നും
പബ്‌ജി പടയോട്ടങ്ങളിലേക്കു
ചേക്കേറിയപ്പോൾ
എന്റെ കുഞ്ഞുബാലികയും
ചിരിക്കാൻ മറന്നു
മനസ്സുനിറഞ്ഞു ചിരിക്കേണ്ട
മംഗള മുഹൂർത്തങ്ങളെല്ലാം
ഫോട്ടോഷൂട്ടായപ്പോൾ
ക്യാമറക്കാരന്റെ യുക്തിക്കൊത്തു
ചിരിക്കുന്നവരായെല്ലാരും
കാര്യ സാധ്യതയ്ക്കായേറെ
ചിരികൾ മാറി .
ചിരിക്കു പിന്നിൽ ചതിവുകളും
ചിരിക്കുള്ളിൽ പരിഹാസങ്ങളും
ചിരിയോടൊപ്പം ഒളിയേറുകളുമായ്
ചിരിക്കഥയങ്ങുജ്ജ്വലമായി .
നീണ്ടു നിവർന്ന
തിരക്കുകൾ
ജീവിതഭാരങ്ങൾ
താരതമ്യങ്ങൾ
നെടുവീർപ്പുകൾ
ഭയങ്ങൾ
വിദ്വേഷങ്ങളൊക്കെയും
ചിരിയെ മാറ്റിയെത്രേ
പണ്ട് പഠിച്ച പരിണാമ സിദ്ധാന്തം
ഞാനോർത്തു
അതുപോലെ കാലം കഴിയുംതോറും
ചിരിയിൽ പരിണാമം വന്നതാവണം...
എങ്കിലും
മനസ്സുനിറഞ്ഞു എനിക്കൊന്നു
ചിരിക്കാനായെങ്കിൽ...

 

Srishti-2022   >>  Poem - Malayalam   >>  സ്ത്രീ

സ്ത്രീ

അമ്മയെന്നോരാ രൂപത്തില്‍
എന്‍റെ മുന്നിലിതാ വന്നൊരു ദൈവമേ 
നിന്നിലൂടെ ഞാന്‍ കാണുന്നു ഈ ലോകത്തെ
വരും ജന്മമുണ്ടെങ്ങില്‍ പിറന്നീടണ൦
ആ തോളില്‍ കിടന്നോന്നു മയങ്ങീടാനായി, ആ അമ്മതന്‍ കയ്യിലെ ഒരുറള ചോറിനായി   
മടിയിലെ മധുരമാം ലാളനക്കായി, ആ ചുണ്ടിലെ താരാട്ടു പാട്ടിനായി

കാലങ്ങള്‍ മാറുന്ന വേളയില്‍
മാറിയ രൂപമായ്‌ കണ്ടു ഞാന്‍ ഇന്നെന്‍റെ കൊച്ചു പെങ്ങളെ
നിന്നിലൂടെ അറിയുന്നു ഞാനിന്നു സ്നേഹമെന്തെന്നും
അതിനുള്ളിലെ വാത്സല്യമെന്തെന്നും  
എനിക്കായ് അമ്മ പകുത്തു നല്കിയോരാ ജീവന്‍റെ പാതി
ഞാനിന്നിതാ നിനക്കായ്‌ ബലിയര്‍പ്പിച്ചീടുന്നു
പടിയിറങ്ങീടുമ്പോള്‍ നീയെന്നും വിങ്ങലായ് നെഞ്ജിലമാരുന്നു

നാളത്തെ ജീവിതം എന്നിലര്‍പ്പിച്ചു വന്നുകേറുന്നൊരാ എന്‍ സഖീ  
നിന്നിലലിയുന്നു എന്നിലെ പാതി ജീവന്‍
എന്‍ ജീവന്‍റെ ജീവനായ നിനക്കായ്‌ പകര്‍ത്തു നല്‍കീടുന്നു
എന്‍റെ ഹൃദയത്തില്‍ ഓരോ തുടിപ്പു൦
അവസാന ശ്വാസവും പുറത്തെക്കെടുക്കുംവരേയും നിനക്കെന്‍റെ നെഞ്ചിലഭയം   

 

സ്ത്രീയെന്നെ വാക്കിനു കാമമെന്നോരാ അര്‍ത്ഥം ചമക്കുന്ന
കാട്ടളവര്‍ഗമേ നീയിനിയും അറിഞ്ഞീടണ൦
ആ വാക്കിന്‍റെ അര്‍ത്ഥവും വ്യാപ്തിയും
നിന്നെ നീയായി ജനിപ്പിച്ചതും, നിന്നെ നീയായി വളര്‍ത്തിയതും
അവള്‍ അനുഭവിച്ചോരാ വേദനയും സഹനവും

അവള്തന്‍ കണ്ണു കലങ്ങീടുമ്പോള്‍ ലോകം കാര്‍മേഘ ഭരിതമായീടുന്നു
പൊഴിയാതെ നോക്കീടണ൦ അവള്‍ തന്‍ കണ്ണിലെ കണ്ണുനീരിനെ
സ്ത്രീയെന്നോരാ സങ്കല്പം അവസാനിക്കുന്നീ ലോകത്തു
പുതുജീവന്‍ എന്നതു വെറും മിഥ്യാ മാത്രം

Srishti-2022   >>  Poem - Malayalam   >>  പെയ്തൊഴിയാതെ...

LEKSHMI J KRISHNAN

QBURST TECHNOLOGIES PVT LTD

പെയ്തൊഴിയാതെ...

മഴയെന്റെ മനസ്സിന്റെ വാതായനങ്ങളിൽ
നിണമണിഞ്ഞൊരോർമ്മയായ്  മുട്ടിടുമ്പോൾ
പകൽവെളിച്ചത്തിന്റെ നേർത്തൊരു കിരണങ്ങൾ
നൂറു മോഹങ്ങളായ്  വിടർന്നിടുന്നൂ ...

എന്തിനെന്നറിയാതെ കാറ്റിന്റെ മർമ്മരം 
എൻ കാതിലെന്തോ മൂളിടുമ്പോൾ
ദൂരെയെവിടെയോ പാണന്റെ തുടികൾ
കേവലം മരുപ്പച്ചയായ് മാറിടുന്നൂ ...

കണ്ണൊന്നു ചിമ്മുമ്പോൾ ഒരു മഴത്തുള്ളിയെൻ
നെഞ്ചിലൊരു മഴവില്ലു വരച്ചിടുന്നൂ
പേടിപ്പെടുത്തുന്ന മിന്നലിൻ വർണ്ണങ്ങളാൽ- 
ഉണർന്നുപോയ് തെല്ലൊരു ഞെട്ടലോടെ...

കാർമേഘം മൂടിയ മനസ്സിലെന്തോ
വെള്ളിവെളിച്ചമായ് ഞാൻ കണ്ട സ്വപ്നം... 
ഒരു മഴക്കാലത്തിൻ സ്‌മൃതിയെത്തിയെന്നെ- 
നീ എന്ന മിഥ്യതൻ  വാതിൽക്കലെത്തിച്ചൂ

ഹേമന്തം പോയിട്ടും വസന്തം വന്നിട്ടും
പെയ്തൊഴിയാത്ത ശ്യാമമേഘങ്ങളേ
ഇടവപ്പാതിക്ക് തോരാതെ പെയ്തിട്ടും
കണ്ണുനീർ വാർക്കുന്നതെന്തേ ....

 

Srishti-2022   >>  Poem - Malayalam   >>  മഴ

Priya S Krishnan

UST Global

മഴ

ആരൊരുമറിയാതെ അന്നൊരു നാൾ
എൻ തോഴിയായ് വന്ന മഴയേ ...
ഇന്ന് നിനക്കെന്തേ കളിക്കൊഞ്ചലില്ല
എന്നെ പാടിയുറക്കും ഇളം നാദമില്ല

എന്തേ ഇന്ന് നിൻ ഭാവപ്പകർച്ചകൾ
എല്ലാം തച്ചുടയ്ക്കും ഉഗ്രരൂപമായി
എന്നോ മെല്ലെ പതിഞ്ഞ പദനിസ്വനം
ഇന്ന് ദിക്കുവിറയ്ക്കും രുദ്രതാളമായി

എന്നും നിൻ കാവലായ് ഉയർന്ന മലകളെ
കാർന്നു തിന്നതോ നിൻറെ വേദന ...
നിൻ പദതാളത്തിൽ ഒഴുകിയ നദികളെ
മണ്ണിൽ പുതച്ചതോ നിൻറെ യാതന ...

അണപൊട്ടിയൊഴുകുമാ കണ്ണീർ തോരാൻ
ഉരുൾപൊട്ടിച്ചിതറുമാ മനസ്സ് നിറയാൻ
തിരികെ നൽകാം നമുക്കാ മലകളും മരങ്ങളും
നിറയട്ടെ നദികളും പുഴകളും ... തളിർക്കട്ടെ ഭൂമി

 

Srishti-2022   >>  Poem - Malayalam   >>  പ്രളയം ഒരു സന്ദേശം

പ്രളയം ഒരു സന്ദേശം

ആർത്തിരമ്പുമൊരു കാറ്റിനെ കണ്ടു് ഞാൻ 

അലറി അടുക്കുമാ  കടലിനെയും
അലമുറയിട്ടു ഒഴുകുമാ നദിയെ കണ്ടു് ഞാൻ 
അലഞ്ഞു നടക്കും അവൾ തൻ മക്കളെയും
നിറഞ്ഞു ഒഴുകും അവൾ‌ തൻ പരിഭവം കണ്ടു് ഞാൻ 
അല തല്ലും അവൾ‌ തൻ രോക്ഷഭാവങ്ങളും
കരയോട് കോപിക്കും അവൾ‌ തൻ മേനിയും കണ്ടു് ഞാൻ 

ചുവന്നു രൗദ്രമാം കണ്ണുകളും
പ്രകൃതി തൻ പരിഭവം മഴയായ് പൊഴിക്കുന്നതു കണ്ടു് ഞാൻ 

അവൾ തൻ സിംഹ ഗർജ്ജനവും
കനിവ് ഇല്ലാതെ പെയ്തൊഴിയും  അവൾ തൻ കണ്ണീരു കണ്ടു് ഞാൻ 

മിന്നി മറയുന്ന കൺ ഇമ തൻ തീഷ്ണ ജ്വാലകളും

 

ഒരു സംഹാര രുദ്രയെ പോലെ ഒഴുകുന്നു അവൾ അനന്തമായ്......

 

നിറഞ്ഞൊഴുകുമാ  നഷ്ടസ്വപ്നമുണ്ടതിൽ

തച്ചുടച്ച ഓർമ തൻ നേർത്ത നെടുവീർപ്പ് ഉണ്ടതിൽ 

കാത്തു വെച്ചോരു മനുഷ്യ പ്രയത്നം ഉണ്ടതിൽ 

മാനം മുട്ടെ കെട്ടിപ്പൊക്കിയ മനോഹര മാം മാളിക ഉണ്ടതിൽ

ചോര മണക്കുമാ ജീവന്റെ രോദനം ഉണ്ടതിൽ

കാലത്തിൻ കഥപറയുമാ ദീർഘ ചരിത്ര മുണ്ടതിൽ 

ഭൂമിയിൽ ജീവന്റെ സ്പന്ദനമാം മര ക്കാടുകൾ ഉണ്ടതിൽ

നിസ്വാർത്ഥ സ്നേഹം കാട്ടുമാ മിണ്ടാപ്രാണി കൾ ഉണ്ടതിൽ

മണ്ണിനു മനുഷ്യൻ നൽകിയ മാലിന്യ കൂമ്പാര മുണ്ട തിൽ 

ചേതനയറ്റ ജീവനിൻ ശോഭകെട്ട പിണങ്ങൾ ഉണ്ടതിൽ 

കാല വർഷത്തിൻ കരുത്ത് താങ്ങാത്തൊരാ

കുരുന്നു കുഞ്ഞുങ്ങൾ ഉണ്ടതിൽ

 

അധിനിവേശത്തിൻ കഥകൾ ഇല്ലിവിടെ
മത ചിന്തതൻ ചുറ്റു വരമ്പുകൾ ഇല്ലിവിടെ
പണത്തിൻ പ്രൗ ഡിയി ല്ലിവിടെ പിന്നെ കന കത്തിൻ അഹംബോധവും ഇല്ലിവിടെ
ദുരഭിമാനത്തിൻ തീഷണമാം ചിന്തകൾ ഇല്ലിവിടെ
പുലമ്പി പാടുമാ തെറ്റു കുറ്റങ്ങൾ ഇല്ലിവിടെ
അഴിമതിതൻ നെറി കെട്ട ചേരി തിരിവ് ഇല്ലിവിടെ
പഠിച്ചുറപ്പിച്ച മുദ്രാ വാക്യങ്ങൾ ഇല്ലിവിടെ
പഴകി പതിഞ്ഞോരാ ചിഹ്നങ്ങൾ ഇല്ലിവിടെ
പ്രൗഡിയോടെ ഉയർത്തി പിടിക്കുമാ കൊടി തോരണങ്ങൾ ഇല്ലിവിടെ
ഉള്ളതു സൗഹൃദത്തിൻ വിപ്ലവ ഗാനങ്ങളും
പിന്നെ മനുഷ്യ മനസ്സിന്റെ ദൃഢമാം ചിന്തകളും
മാളിക ഉള്ളവനാകിലും പുൽകുടിലു ഉള്ളവനാകിലും
അന്തി ഉറങ്ങുന്നു ഒരു കുടക്കീഴിൽ ഇവിടെ
രുചിയേറുമാ അനവധ്യ വിഭവങ്ങളില്ലിവിടെ
പകരമോ ഒരു നേരം വയറിനുള്ള ജീവൻ മാത്രം

 

മനുഷ്യർ  ഒന്നായി അണിചേരൂ മാ ശ്രേഷ്ഠമാം സ്ഥാനമിത്
പ്രകൃതി മനുഷ്യന് നൽകിയ മാതൃ സ്ഥാനമിതു
ക്രിസ്തുവും കൃഷ്ണനും നബിയും ഒന്നാകുമാ മാതൃ ക്ഷേത്രം ഇത്
ഒന്നിച്ചിറങ്ങുന്നു നാം ഒരു വിപ്ലവത്തി നെന്ന പോൽ
ദാനം നൽ കിടുന്നു നമ്മൾ തൻ സ്നേഹവും സമ്പാദ്യവും
അണിചേരുന്നു ചോര തിളയ്ക്കുമാ യുവ ശക്തികൾ
നാടിന്റെ മാനം കാക്കാൻ വരുമാ ഓമന കുഞ്ഞുങ്ങൾ
പങ്കായമേന്തി വരുന്നു കടലിന്റെ മക്കൾ പുഞ്ചിരിയോടെ നൽകുന്നു ജീവന്റെ സ്നേഹ സ്പന്ദനം
 

 

ഒന്നാകുന്നു ഇവിടെ നമ്മൾ തൻ ജീവശ്വാസം
ഒന്നാകുന്നു ഇവിടെ നമ്മൾ തൻ സംസ്കാരം
ഒന്നാകുന്നു ഇവിടെ രക്ത ബന്ധങ്ങൾ
ഒന്നാകുന്നു ഇവിടെ നമ്മൾ തൻ സംഘടിത ശക്തി
അണിനിരക്കുന്നു നാടിന്റെ നാനാ ഭാഗവും
പണിതുയർത്തുന്നു സ്നേഹത്തിൻ രാജ ഗോപുരങ്ങൾ.....

Srishti-2022   >>  Poem - Malayalam   >>  അന്യഗൃഹജീവി

Renjith Rajeev

Allianz

അന്യഗൃഹജീവി

അങ്ങു ദൂരെ നിന്നും വന്ന ജന്തുജാലമേ

എന്ത് കാട്ടാൻ വന്നു നീ ഇന്ദ്രജാലമോ

 

നീണ്ടു മേലിഞ്ഞൊരു നിൻ ശരീരപ്രകൃതി

എന്നിട്ടും നിൻ പേടകത്തിനെന്തിനീ ഗോളകൃതി

 

കണ്ണുകൾ കുഴിഞ്ഞിരിക്കുന്നു യാത്രാക്ഷീണമോ

ആന്റിന പോലുള്ള നിൻ കൊമ്പുകൾക്കെന്തർത്ഥം

 

ഭൂവിലേക്കു ക്ഷണിച്ചതാര് നിന്നെ നാസയോ

അതോ ഭൂവിനെ സന്ധിക്കാനുള്ള നിൻ ജിജ്ഞാസയോ

 

പ്രപഞ്ചത്തിന്റെ ഉത്‌കൃഷ്ടതയിൽ നിന്നും അവതരിച്ചതെന്തിന് നീ

ഈ ഭൂഗോളത്തിന്റെ വിനാശമോ നിൻ ലക്ഷ്യം

 

ഭൂസംഹാരമോ നിൻ ലക്ഷ്യമെങ്കിൽ ഓർത്തുകൊള്ളുക നീ

നശിപ്പിക്കാൻ ഈ ഭൂവിലൊന്നും ബാക്കി വച്ചിട്ടില്ല മനുഷ്യൻ.

Srishti-2022   >>  Poem - Malayalam   >>  Viriyatha Mottukal

Rajeesh Rajagopalan

ThinkPalm Technologies Pvt Ltd

Viriyatha Mottukal

അഹോ... കഷ്ടം അതി ക്രൂരമീ കാണുന്ന കാഴ്ചകൾ ചുറ്റിലും

ഭരതസ്ത്രീനിൻ സംരക്ഷണത്തിനായ് ആരുമില്ലെന്നത് കഷ്ടം

ബാല്യകാലത്തിലെ മൊട്ടായിരിക്കുമ്പോഴേ ചില ദുഷ്ടജന്മങ്ങൾ 

മകളെ വിരിയാൻ വിടാതെ ടിച്ചെടുക്കുന്നു നിർദ്ദയം നിന്നെ

കണ്ടു നിൽക്കുന്നവർ കൂട്ടുനിൽക്കുന്നവർ അവരെല്ലാവരുംചേർന്നു -

പിന്നെയാ മൊട്ടു വിടർത്തിയ ചെടിയിൽ കുറ്റമാരോപിക്കുന്നു

അവിടെയച്ചെടികളെ കാക്കേണ്ടൊരുദ്യാനപാലകൻ താമസം-

കൂടാതെയാചെടിയെ വേരോടെയുൻമൂലനം ചെയ്യുന്നു നാടിനായ്

ആരുമില്ലാരോരുമില്ലച്ചെടിക്കിന്നു സഹായത്തിനായി സ്വന്തം

കുഞ്ഞിനെ കാക്കേണ്ട കൈകളാൽ അതോടിക്കപെട്ടിടുമ്പോൾ

'പെണ്'കുഞ്ഞായി ജനിച്ചൊരാ നാളുതൊട്ടച്ചനും അമ്മയും

അവൾതൻ കൈകൾ മുറുക്കെപ്പിടിക്കുന്നു പേടിയോടെ

ടിച്ചെടുക്കപ്പെടാതെയാ മൊട്ടിനു പൂവായി മാറുവാൻ

കഴിയാൻ ദൈവമേ എന്ന പ്രാർത്ഥനയോടെ ......... 

Srishti-2022   >>  Poem - Malayalam   >>  നീ"തീയാകുക"

നീ"തീയാകുക"

ചിന്തയുടെ മഴുമുന കൊണ്ട് മുറിഞ്ഞവൾ 

 

ഒരു കുമ്പസാരം കഴിഞ്ഞിറങ്ങയാണ് 

 

നെറ്റിത്തടം തൊട്ടിറങ്ങിയ വിയർപ്പിന് 

 

വിപ്ലവത്തിന്റെ രുചിയായിരുന്നോ ?

 

നെഞ്ചിൽ നെരിപ്പോടുമായവൾ നിന്നു 

 

കൈവിലങ്ങിൽ കുരുങ്ങി എല്ലുകൾ ഞെരിഞ്ഞു 

 

ചേർന്ന് നിന്ന ജീവന്റെ ചൂടേറ്റ് 

 

രോമകൂപങ്ങൾ തളർന്നു താഴ്ന്നു 

 

തുന്നിക്കെട്ടി വെള്ള പുതച്ച മാംസം 

 

മുന്നിലിറക്കി വെച്ചേരമവൾ കാറിത്തുപ്പി 

 

അങ്ങിങ്ങു പറ്റിയ ചോരക്കണങ്ങളിൽ 

 

കൂരമ്പുകണ്ണുകൾ ആഴ്ന്നിറങ്ങി 

 

തെക്കേ മൂലക്കാറടി മണ്ണിൽ മൂടി 

 

തിരികെ നോക്കാതെ നടന്നവൾ 

 

മുഷിഞ്ഞ ചേലത്തുമ്പിൽ പിടിച്ച 

 

കുഞ്ഞു വിരലിന്റെ വിറയലവൾ അറിഞ്ഞു

 

ആത്മനിന്ദയാൽ ചിതയൊരുക്കി 

 

അതിൽ സ്വയം വെണ്ണീറാകാൻ

 

അരുതെന്നവൾ സ്വയം വിലക്കി 

 

നാളെയാണ് വെളുപിനെ നാലിനാണ് 

 

പോകയാണ് മറുജന്മത്തിനായ് 

 

അയാൾ തീണ്ടിയ ദേഹം പൊള്ളുന്നു 

 

കൂടെ കിടന്നോനെ കീറി മുറിച്ചു 

 

അമ്മ വളർന്നു പോയി അവളിലെ ഭാര്യയെക്കാൾ 

 

പറയണം ഒടുവിലത്തെ മോഹവും കുഞ്ഞേ 

 

"ഒരു മഞ്ഞപത്രത്തിലെന്റെ കുട്ട്യേ 

 

നിന്നെ പിച്ചിച്ചീന്തി അച്ചടിപ്പിക്കല്ലേ 

 

അങ്ങനെ ഒരുവനിനി വന്നാൽ 

 

നീ"തീയാവുക" അമ്മയെപ്പോലെ"

 

ചോര കല്ലിച്ച നെറുകിൽ ചുംബിച്ചു 

 

മൂകമായ് യാത്ര ചോദിച്ചവർ 

 

കാക്കിയിട്ട കാവലാൾക്കൊപ്പം 

 

മടക്കമില്ലാതവൾ പോകയായി 

 

വെളുത്ത പെറ്റിക്കോട്ട് കൺമറയും വരെ 

 

ചളി പുതച്ചു മണ്ണിൽ വേച്ചു വെച്ചവൾ 

 

നീ"തീയാവാൻ" നടന്നകന്നു 

 

-മിഴി 

 

 

Srishti-2022   >>  Poem - Malayalam   >>  കരുണയും കാത്ത്...

Meera Radhakrishnan

UST Global

കരുണയും കാത്ത്...

അറ്റുവീഴുന്നു കണ്ണീർ നിൻ നേത്രങ്ങളീ-

ന്നുറ്റു നോക്കുന്നു നിന്നെ ലോകർ

ചുറ്റുമുള്ളവയെല്ലാം തേങ്ങുന്നു

വിറ്റുപോകുന്നു നിന്നെ മാതാവും!

 

                ചുട്ടെരിഞ്ഞ പാതയിലൂടെ നീ ഏകനാം

               ചുഴിഞ്ഞ കൺകളിൽ നിന്നിറ്റു വീഴുന്നു

               ചുടുരക്തം വറ്റി വരണ്ടപോൽ

               ചുട്ടടങ്ങിയ  ഗ്രാമവീഥിയിൽ

              

 

വറ്റിനിൻ ദാഹജലം കുടിപ്പാൻ

വഴുതി വീഴുന്നു നീ തേങ്ങുന്നു

വരണ്ട കിനാക്കളാൽ നെയ്തൊരാ

വലിയ സ്വപ്നങ്ങൾ തകർന്നുപോകയോ?

 

             

                 ഉടഞ്ഞു പോകുന്നു നിന്നാശകൾ

                 ഉയിരിനായ് കേഴുന്നുതേങ്ങുന്നു

                 ഉയരുവാൻ മറ്റു മാർഗ്ഗമില്ലാതലയുന്നു നീ

                 ഉയരുവാൻ കൊതിക്കുന്ന കിനാക്കൾ നെയ്തുകൂട്ടി

 

 

ഒന്നുമില്ലെന്നു മുദ്രകുത്തി നിന്നെ

ഒന്നുമില്ലാത്തവനാക്കി തീർത്തു ലോകർ

ഒട്ടുമറിവ് കൂടാതെയോ നിന്നെ

ഒറ്റിക്കൊടുത്തുവോ നിൻ മാതാപിതാക്കൾ

 

 

                കിടക്കാനിടമില്ലാതെ നീ അലയുമ്പോൾ

                കിടക്കാനായി ഒരിടം തേടി അലയുന്നുവോ?

                കടത്തിണ്ണയിൽ കഴിച്ചു നിൻ രാത്രങ്ങൾ

                കിടക്കാൻ കടത്തിണ്ണതന്നെ ആശ്രയം !

 

 

അന്ധമാം നിൻ മധുര സ്വപ്നങ്ങൾ

അലതല്ലി ഇരമ്പുന്നുവോ ?

അന്ധനാം നിന്നെ വഴിയിൽ കളഞ്ഞ

അന്ധരോ നിൻ മാതാപിതാക്കൾ?

 

      

                 വഴിമരച്ചോട്ടിലിരുന്നു നീ

                 വഴിത്തണലിനായ് കേഴുന്നുവോ

                 വഴിയിലിരുന്നു പഥികരോട് കേണിരക്കുന്ന

                 വരാകനാം കുരുടനോ നീ?

 

 

ഇരുണ്ടു മൂടിടും താഴ്വരയിൽ നീ

ഇരുളിന് കൂട്ടായ് നിൽക്കയോ

ഇരമ്പലോടെ പെയ്തു വന്നൊരാ

ഇരുട്ടിനു കാവൽക്കാരൻ നീയോ?

 

 

                  ചുടുവെള്ളം കുടിപ്പാനൊരു മോഹവുമായി നീ

                  ചായക്കടയ്ക്കു മുന്നിൽ ഇരക്കുന്നുവോ

                  ചുടുവെള്ളം തരുന്നതിനു പകരമോ

                  ചുടുവെള്ളം കോരിയൊഴിച്ചു നിന്നിൽ!

 

 

വാർത്ത കണ്ണീരുമായ് നീ

വീണ്ടും ചുടുവെള്ളത്തിനിരക്കുന്നുവോ?

വലിഞ്ഞു കയറുന്നവർക്കില്ലെന്നുചൊല്ലി നിന്നെ

വഴിയിലേക്ക് ആട്ടിപ്പായിക്കുവോ?

 

                   വറ്റി നിൻ ആശകളെല്ലാം

                   വാടിക്കരിഞ്ഞു പോയ് നിൻ മൂകസ്വപ്നങ്ങൾ

                   വഴുതി വീണു നീ മെല്ലെ

                   വഴിയിലായ്  നീ വീഴുകയോ?

 

 

അടർന്നു വീണ നിൻ ജീവിതത്തിൻ

അറുതി നീ കാണുന്നുവോ

അന്ത്യമാം അന്ധകാരത്തിലോ നീ

അറിയാതെ  മറയുന്നുവോ !

Srishti-2022   >>  Poem - Malayalam   >>  നെയ്ത്തിരിനാളം

Aravind Sarma

QuEST Global

നെയ്ത്തിരിനാളം

ശ്രീലകത്തായി തെളിഞ്ഞ

നെയ്ത്തിരിനാളം നിൻ നോട്ടത്താൽ

ജ്വലിച്ചൊരു നീരാഞ്ജനമായി

പ്രതിധ്വനിച്ചൊരു മന്ദഹാസം

 

ചന്ദമേറീടുന്നു നിൻ നോട്ടത്തിൽ

ബാഷ്പമായി എരിഞ്ഞൊരെൻ കണ്ണുനീർ

ഇനിയും പൊടിയുകയില്ല എന്നിരുന്നാലും

ഏകീടേണം യശസ്സും ദൈർഘ്യവും മാനവർക്കതേവർക്കും

 

കാഹളം മുഴക്കിയത് പലരിൽ ചിലർ

ചിലരായത് അവരറിയാതെയും

വിളിച്ചത് ഞാൻ സ്വാമിയെന്നും

പലരെയും വിളിക്കേണ്ടത് അസ്വാമിയെന്നുമേ..

 

അർപ്പിച്ചത് ഞാൻ നെയ്‌ത്തേങ്ങയെങ്കിൽ

അർപ്പണബോധം അത് തപസ്സായി മാറീടേണം

കലിയുഗത്തിൽ ആവുകില്ല ഇനിയൊരു

ശക്തിക്കും പ്രഭചൊരിയുമൊരു ഐശ്വര്യമാകുവാൻ

 

Srishti-2022   >>  Poem - Malayalam   >>  ശൂർപ്പണഖ

Anish Chandran

UST Global

ശൂർപ്പണഖ

പ്രിയേ നീ പ്രകൃതിഞാൻ പുരുഷൻസനാതനപ്രപഞ്ചസത്യത്തിൻ്റെ ഇഴപിരിയാത്ത ഉടലുയിരുകൾ നമ്മൾ.

നീ കാറ്റാവുകകളകളംകൊഞ്ചുന്ന കിളികളെത്താലോലിച്ചരുമയാം പൂവിൻ്റെ ഗന്ധമായ്മാറുക.
ഇടയിൽ ഞാൻ പരിഭവം പറയുന്നമാത്രയിൽപ്രചണ്ഡപ്രവാഹമാം കൊടുങ്കാറ്റായി മാറുക.

നീ മഴയാവുകഒരുവേനലറുതിക്കുകാക്കുന്ന വേഴാമ്പൽ കുഞ്ഞിന്നുമധുവായി കനിവോടെ പൊഴിയുക.
ഇടയിൽ ഞാൻ നിന്നേ പുലഭ്യം പറയുകിൽകുലം കുത്തിയൊഴുകുന്ന പ്രളയപ്രവാഹമായ്‌ തീരുക.

നീ അഗ്നിയാവുകഅന്ധകാരത്തിന്നകക്കാമ്പിലുയിരിടും പ്രത്യാശാദീപപ്രഭയായി തീരുക.
താപമേറുമ്പോൾ ഇടക്കു ശപിക്കിലാ തീജ്വാല കൈകളാലെന്നെ സ്ഫുടം ചെയ്യുക.

നീ പ്രപഞ്ചമാവുകഉറങ്ങാതെ കണ്ണു ചിമ്മി കളിക്കുന്ന താരകകുഞ്ഞിന്നു മുലയൂട്ടുമമ്മയായ് തീരുക.
ഇടയിൽ നിൻ പ്രഭയിൽ തെല്ലസൂയ പൂണ്ടീടുകിൽമേഘഗർജനത്താൽ ശകാരിച്ചു നീ നിർത്തുക.

നീ മണ്ണായിമാറുകഅന്നമൂട്ടി തണലേകി പടർക്കുന്ന വൃക്ഷജാലങ്ങളുടെ വേരിനേ പുൽ കുക.
ഒടുവിൽ ഞാൻ നീയായിമാറുന്ന മാത്രയിൽനിന്നുടലിലോരുപിടി മണ്ണായി ചേർക്കുക.

പെണ്ണേ, ഇതാണെൻ്റെ പ്രണയവാഗ്ദാനങ്ങൾ ചുരുക്കത്തിൽഇനിയുമിതുനിർദ്ദയം തള്ളിക്കളഞ്ഞിടുകിൽ
മുഖവുമുടലും വെന്തുരുകിയരൂപിയായ് തീരുന്ന അമ്ലവർഷത്തിന്നും ഒരുങ്ങി ഞാൻ നിൽക്കുന്നു.
പ്രണയനഷ്ടത്തിന്നരൂപികൾകൊക്കെയും ശൂർപ്പണഖ യെന്നൊരേപേരുലകിതിൽ.

 

Srishti-2022   >>  Poem - Malayalam   >>  മനുഷ്യപ്രഹരം

Rajesh Kumar KV

Flytxt

മനുഷ്യപ്രഹരം

നമ്മളീ മണ്ണിന്റെ മണമാകേണം

നമ്മളീ മണ്ണിന്റെ മനസാകേണം

നമ്മുടെ ഹൃദയത്തില്‍ കേള്‍ക്കണം 

ഞാന്‍ ഇത് എന്‍റെ  സ്വത്വമാണെന്ന്

എന്തിനാണെന്നറിയില്ല ചിലര്‍ 

എന്തിനു വേണ്ടിയാണെന്നു അറിയില്ല 

ആര്‍ക്കെങ്ങിലും വേണ്ടിയാവണം 

അത് അന്തികമല്ല എന്നറിഞ്ഞു കൊള്‍ക

 

വറ്റിവരണ്ട പുഴകളും കുറ്റിമുള്‍ ചെടികളും 

പച്ചില തീണ്ടാത്ത വഴിയിടങ്ങളും

പ്രഭാത കിരണ തീക്ഷ്ണ  തീച്ചൂളകളും

കാലം തെറ്റുന്ന പ്രളയ  പെരുംമഴയും 

മാനത്ത് മുഴങ്ങുന്ന ഇരുള്‍ പ്രകമ്പനങ്ങളും 

മന്ദഹാസം മങ്ങിയ മുഖമിഴിച്ചാലുകളും

ഒരു നല്ല പ്രഭാതത്തിന്നായിരിക്കില്ല

അത് വെണ്മയുടെ പ്രകാശമായിരിക്കില്ല

 

എന്താണ് നേടിയത് എവിടെയാണ് വിജയിച്ചത് 

തലമുറകളിലൂടെ സ്വന്തമായ ഭൂപ്രകൃതിയെതന്നെ

ക്ഷണികമീജീവിതത്തില്‍ എന്തിനു തകര്‍ക്കണം നമ്മള്‍ 

ഓര്‍ക്കുക ഇനിയും വരാനുണ്ട് ഒരുപാടു കുരുന്നുകള്‍ 

ഈ ജീവജനവീഥികളെ  ചലിപ്പിക്കാന്‍ സ്വപ്നംകാണാന്‍ 

അവര്‍ക്ക് വേണ്ടി ഒരുക്കേണം കൈകുമ്പിളില്‍ കാക്കേണം 

 

Srishti-2022   >>  Poem - Malayalam   >>  നിനക്കായി....

Anas Abdul Nazar

ENVESTNET

നിനക്കായി....

ഭാവി തന്നാശാഭാവം

തൂകുന്ന തുടിപ്പുകൾ

മൂകമുണരുന്നതാം 

ചെമ്പനീർ പൂവുമായി 

വെമ്പുന്നു മാനസം

നിൻ സ്മിതം കാണുവാൻ

 

മേലെയാ നീലയൊഴുക്കിനും

താളം പിടിക്കുമോളപ്പരപ്പിനും

നിൻ മുഖമാണവയ്ക്കൊക്കെയും

നിൻ ഗന്ധമാണെനിക്കെവിടെയും 

 

നിന്നോരത്തു ചായുവാൻ മൊഴി

മുത്തുകൾ കേൾക്കുവാൻ

പാതിയടഞ്ഞ നിൻ കൺകളിൽ 

എൻ ചുണ്ടുകൾ ചേർക്കുവാൻ

 

പരിഭവം കേൾക്കുവാൻ പാതി

രാവോളം നോക്കിയിരിക്കുവാൻ ആശയാണോമലെ ജീവിതാ

ഭി  ലാഷമാണോമനേ

Srishti-2022   >>  Poem - Malayalam   >>  പൂമൊഴി

പൂമൊഴി

പുഞ്ചിരി മൊഴിയാക്കി, മിണ്ടാൻ പഠിക്കണം
നന്ദിവാക്കോതുവാൻ നൽച്ചിരി വിടർത്തണം

ഒരുദിനം കൊണ്ടേയൊടുങ്ങുമീ ജീവിതം
പരിഭവമേതുമില്ലാതെ ചിരിക്കണം

മുള്ളുള്ള പൂച്ചെടിച്ചുണ്ടിലും വിടരണം
മുറ്റത്തെ പുൽക്കൊടിത്തുമ്പിലും വിടരണം    

രാവിലെ പെയ്ത മഴയോടും ചിരിക്കണം
വൈകീട്ടു ചാഞ്ഞ വെയിലോടും ചിരിക്കണം

ഇനിയൊരു കാറ്റത്തു ഞെട്ടറ്റു വീഴിലും
ഈ പകല്മായുവോളം ചെമ്മേ ചിരിക്കണം 

 

Srishti-2022   >>  Poem - Malayalam   >>  അതുല്യ ബാല്യം

അതുല്യ ബാല്യം

നിറമഞ്ഞിൽ വഴി കീറി, വന്നെത്തി ഇളവെയിൽ ,

പൊൻതൂവൽ വീശിയൊരു , പുലർകാല പക്ഷിയായ് ..

പാതിയോളം വീണ്ട പാട വരമ്പേറി ,

കുളിർമഞ്ഞിൻ കുറിയിട്ട തളിർപുല്ലിൻ തലോടലിൽ ,

ഇളവെയിൽ ചൂടിൻ സുഖമറിഞ്ഞു നടന്നു നാം ,

 

ഇഴവിട്ട നിക്കറും പുസ്തക സഞ്ചിയും,

കയ്യിലും തോളിലും താങ്ങി നടക്കവേ,

ഇടവഴിക്കിരുവശം ആരാന്റെ അതിരിലെ,

ചുവന്ന ചാമ്പക്കയിൽ  വിശപ്പൊളിപ്പിച്ചന്നു ,

പാടത്തിനരികിലായ് കതിർ തഴുകി ഒഴുകുന്ന ,

ചോലയിലെ വെള്ളം മോന്തിക്കുടിച്ചേറെ,

നോക്കെത്താ ദൂരത്തെ സ്കൂളിലേക്കോടി നാം ..

 

അന്നെന്റെ ഹൃദയത്തിനൊരുകൊച്ചു പൂവും ,

തരള മന്ദസ്മിതം തന്നിരുന്നു ..

അന്നെന്റെ മനസ്സിനെ പരവശമാക്കുവാൻ ,

ആ പാൽ എസിൻ മണി പോന്നതായി,

അൻപതു പൈസയിൽ ആകാശം നേടി ഞാൻ ,

അഞ്ചു രൂപയാൽ കുബേരനായ നാൾ ..

നൽതളിർ തിന്നെന്നും പൊൻതൂവൽ വീശുന്ന,

പൂമ്പാറ്റയോടൊത്തു കളിച്ചു നിൽക്കവേ,

വെയിലുമായ് മഴയൊന്നും പറയാതെ വന്നാലും,

പിണങ്ങാതെ കുറുക്കനെ കെട്ടിച്ച നാളുകൾ..

 

എപ്പോഴോ വഴിയിലെ നഗ്നപാദത്തിൽ ,

തറച്ച മുള്ളന്നൊരു തിരിച്ചറിവായതും ,

എന്നുമെൻ ചൂടിൽ സ്വയം തണലായ്‌ മാറിയ ,

പടുവൃക്ഷം എന്നിൽ പകർന്ന സന്ദേശവും ,

വിശപ്പറിഞ്ഞെന്ന പോൽ ഒരുകൊച്ചു മാമ്പഴം ,

കാറ്റിന്റെ കൈകളാൽ അയക്കുമാ കോമാവും ,

മാഞ്ചുന വീണു തുടുത്ത കവിളത്തമ്മ,

ദിനം തരും സ്നേഹം ഒരുക്കിയ മുത്തവും,

പെയ്തൊഴിയാത്തൊരീ ഓർമ്മ തൻ മഴയിലായ് ,

ഇന്നിന്റെ ചൂടിലും ഹൃദയം തളിർക്കുന്നു ,

എന്റെ ഇന്നിന്റെ ചൂടിലും ഹൃദയം തളിർക്കുന്നു...

Srishti-2022   >>  Poem - Malayalam   >>  സ്മൃതിമണ്ഡപം

സ്മൃതിമണ്ഡപം

ഇത് ഓർമകളുടെ ശ്മശാനഭൂമി;

ഇവിടെ  ഞാനേകാന്ത പഥികൻ...

വഴിയേറെ പിന്നിട്ടിരിക്കുന്നു,

യാത്രയിൽ സഹയാത്രികരെല്ലാം

എന്നിൽ നിന്നും കാതങ്ങൾ അകലെയാണ്,

അറിയുന്നു ഞാനതെങ്കിലും!

ഘോരമാം വേനലിൽ എന്റെ കാലിടറവേ,

കണ്ഠം വരളവേ; ആരെങ്കിലും,എന്നെങ്കിലും?

വ്യർത്ഥമാം മോഹങ്ങൾക്കപ്പുറം 

സാഫല്യത്തിൻ തീർത്ഥജലം തേടുമൊരു

വേഴാമ്പലായി ഞാൻ മാറവേ,

എന്നോ എത്തുമൊരാ ലക്ഷ്യവും

തേടിയീ  പ്രയാണം തുടരവേ,

ആരെങ്കിലും ഒരു വഴികാട്ടിയായി എന്നെങ്കിലും...

വരും, വരാതിരിക്കാനവർക്കാവുകില്ലെന്ന്

ഞാൻ നിനക്കവേ നിത്യ-

സഞ്ചാരിയാം അരുണൻ

ആഴിയിൽ മറയവേ, കൂരിരുൾ വീഴവെ

ഇവിടെ ഞാൻ, ഞാൻ മാത്രം...

Srishti-2022   >>  Poem - Malayalam   >>  ഞാനും പൗരനാണ്

Suvas S

UST Global

ഞാനും പൗരനാണ്

ആണ്ടുകൾ ഏറെയായ്

ജീവിതം ഈ മണ്ണിൽ ആലായ് മുളച്ചിട്ട് 

നീണ്ടിറങ്ങി പോയദൃശ്യമായ് 

വേരുകൾ അത്രമേൽ ആഴത്തിൽ 

 

മഴയത്തൊഴുക്കിൽ അതിരുകൾ താണ്ടി 

അഭയാർത്ഥിയായിവിടെ വന്നതല്ല 

ദേശാടനപക്ഷി കൊക്കിൽ കൊരുത്തെടു- 

ത്തിവിടെ ഉപേക്ഷിച്ചു പോയതല്ല 

 

ഇവിടെ മുളച്ചതാണ് വളർന്നതാണ് 

പാഴ്ച്ചെടിയല്ല പിഴുതെടുക്കാൻ 

എറിയുവാൻ അതിരിന്റെ അപ്പുറത്ത് 

പറിച്ചു മാറ്റൽ അസാധ്യമാണ് 

മുറിച്ചെടുക്കാം കടയ്ക്കൽ വച്ച് 

വേരുകൾ ഓർമ്മയ്ക്ക് ബാക്കിയാക്കി 

Srishti-2022   >>  Poem - Malayalam   >>  ബാലവേല

Kannan Divakaran Nair

Infosys Limited

ബാലവേല

കാർമേഘമുത്തിൻ മിഴിതോർന്നൊരാനാളിൽ
ചാറ്റൽ  മഴ തോർന്നു വാനം തെളിഞ്ഞപ്പോൾ
വെള്ളിമേഘം  തീർത്ത തൂവലിൻ കെട്ടുകൾ
ആ നീല മാനത്തു പാറിനടക്കുന്നു

തിക്കും തിരക്കും ഒഴിഞ്ഞൊരാപാതയിൽ
വെക്കം നടന്നു ഞാൻ മുന്നോട്ടു നീങ്ങുമ്പോൾ
ഒരു  കൊച്ചുതേങ്ങലെൻ കർണപുടത്തിങ്കൽ
നുരചിന്തിയൊഴുകുന്ന പുഴയായലച്ചുപോയ്

മെല്ലെത്തിരിഞ്ഞു ഞാൻ നോക്കുന്നു സാകൂതം
തെല്ലിട നിർത്തിക്കരയും കുരുന്നിനെ
ചില്ലികൾ കൂർപ്പിച്ചു ചുറ്റും തിരഞ്ഞൊരെൻ
കണ്ണിലുടക്കുന്നു മറ്റൊരു ദേഹവും

ചില്ലറത്തുട്ടുകൾ തേടിത്തളർന്നൊരു
ഭിക്ഷുവിൻ വാട്ടമാക്കണ്ണിൽ നിറയുന്നു
തൻ കുഞ്ഞുപെങ്ങളെ വഴിവക്കിലിട്ടിട്ടു
വിരുതനാമാബാലൻ ചേറിൽ വിയർക്കുന്നു

അംഗവിക്ഷേപങ്ങൾ ചമച്ചാക്കുരുന്നിന്റെ
കണ്ണീർ തുടയ്ക്കുവാൻ കോമാളിയാകുന്നു
പുഞ്ചിരിപ്പൂക്കളാക്കവിളിൽ തിളങ്ങുമ്പോൾ
തഞ്ചത്തിലാബാലൻ കൈക്കോട്ടെടുക്കുന്നു

പട്ടുകുപ്പായങ്ങളിട്ട കുരുന്നുകൾ
പള്ളിക്കൂടത്തിലേക്കാവഴിവക്കിലൂ-
ടാടിക്കളിച്ചു ചിരിച്ചു ചരിക്കുമ്പോൾ
കണ്ണീർ പൊഴിക്കുന്ന ബാലനെക്കണ്ടു ഞാൻ

ആവോളമുണ്ടാക്കുരുന്നിന്റെ താരാട്ടായ്
സ്നേഹം പകരുവാനാഗ്രഹം ജ്യേഷ്ഠന്
സാഹചര്യത്തിന്റെയാവേലിയേറ്റത്തിൽ
മുങ്ങിത്തകർന്നതാണീക്കൊച്ചുബാല്യങ്ങൾ

ഓടിത്തളർന്നൊരീക്കൊച്ചു വയറുമായ്‌
മുണ്ടുമുറുക്കിപ്പണിയുന്നനേരത്തും
തന്നെത്തളർത്തുന്നതീ ചുടുവിശപ്പല്ല
കുഞ്ഞിളം ചുണ്ടിലെ തേങ്ങലിൻ ശീലുകൾ

സോദരസ്നേഹമാക്കൺകളിൽ കണ്ടു ഞാൻ
സാഗരം  തോൽക്കുന്ന മാനസം കണ്ടു ഞാൻ
ചോരന്റെ കാലുകൾ വേദികൾ വാഴുമ്പോൾ
ദൈനംദിനത്തിലെ ചോറിനായ് കേഴുന്നോർ

അന്നത്തെ അന്തിയിൽ  ബാലികാബാലന്മാർ
അന്നത്തിനായിക്കരയേണ്ടി വന്നില്ല
മണ്ണിലായിറ്റിറ്റു വീണു മറഞ്ഞുപോം
കുഞ്ഞുവിയർപ്പുകൾ കുമ്പിളിൽ കഞ്ഞിയായ്

അന്നുവിടർന്നൊരുപുഞ്ചിരി നിത്യവും
ആ മുഖത്തെത്തുമെന്നൊട്ടും ധരിക്കേണ്ട
നീറുന്ന ജീവന്റെ കത്തുന്ന ചൂളതൻ
ചൂടൊന്നു താങ്ങുവാനാകാത്ത താരുണ്യം

ചില്ലിട്ട കൂട്ടിലായ് മേവും  കുരുന്നുകൾ
ചെല്ലക്കിടാങ്ങളായ് വാഴും കുരുന്നുകൾ
ജീവിതഭാരമറിയാത്ത മുത്തുകൾ
എരിവെയിലിലുരുകുന്ന കരളുകൾ കാണണം

വേലയ്ക്കുപോകും കുരുന്നിനെയാ പാഠ-
ശാലയ്ക്കുകീഴിലായ് ചേർത്തുനിർത്തീടുക
ബാലരെ വേല ചെയ്യിക്കുമീ നാടിനെ
കാലയവനികയ്ക്കുള്ളിൽ അയയ്ക്കുക

വേരുള്ള ചിന്തകൾ നാടിന്റെ നാളെകൾ
നേരാം വഴിക്കു നയിക്കുമെന്നോർക്കുക
ചിന്തകൾ വേറിട്ടകൂട്ടരാണീക്കൊച്ചു-
പൈതലിൻ ദേഹത്തു മാറാപ്പ് കേറ്റുന്നോർ

ദൈന്യമീ വേഷങ്ങളാടുന്ന ജന്മങ്ങൾ
കാലമാമീത്തളിർ വേദിയിൽ വളരട്ടെ
സ്നേഹത്തിൻ പാലാഴിതീർക്കുന്ന ഹൃത്തുക്കൾ
നാടിനു വേണ്ടിത്തളരാതുയരട്ടെ 

Subscribe to Poem - Malayalam